സ്രഷ്ടാവിന്റെ അനിഷ്ടം സമ്പാദിക്കുന്നവര്‍

സ്രഷ്ടാവിന്റെ അനിഷ്ടം സമ്പാദിക്കുന്നവര്‍

നമ്മെ ആരും വെറുക്കുന്നത് നാം ഇഷ്ടപ്പെടുന്നില്ല. എല്ലാവരും സ്‌നേഹിക്കണം എന്നാണ് നമ്മുടെയൊക്കെ ആഗ്രഹം. മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കാതിരിക്കാന്‍ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നവരാണ് നാം. മറ്റുള്ളര്‍വര്‍ക്ക് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കി തിരുത്താന്‍ നമ്മള്‍ തയ്യാറുമാണ്.

എന്നാല്‍ വിശ്വാസികളായ നാം നമ്മുടെ രക്ഷിതാവ് നമ്മെ വെറുക്കരുത് എന്നാഗ്രഹിക്കുകയും അവന്‍ വെറുക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കി അവ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ പരിശ്രമിക്കാറുണ്ടോ?

പ്രവാചകന്‍(സ്വ) അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന ഒരു പ്രാര്‍ഥന കാണുക:

സിയാദ്ബ്‌നു ഇലാഖ തന്റെ പിതൃവ്യനില്‍ നിന്ന് നിവേദനം ചെയ്യുന്നു: നബി(സ്വ) ഇപ്പ്രകാരം പറയാറുണ്ടായിരുന്നു: ”അല്ലാഹുവേ, മോശമായ പ്രവൃത്തികളില്‍ നിന്നും സ്വഭാവത്തില്‍ നിന്നും ഇച്ഛകളില്‍ നിന്നും ഞാന്‍ നിന്നോട് ശരണം തേടുന്നു” (തിര്‍മിദി).

മോശമായ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ പ്രവൃത്തികള്‍ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന ചില കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്:

അവിശ്വാസം

സ്രഷ്ടാവിനോട് കാണിക്കുന്ന നന്ദികേടാണ് അവിശ്വാസം. അതിനാല്‍ അവിശ്വാസികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല:

”പറയുക, നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അവിശ്വാസികളെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നില്ല” (ആലുഇംറാന്‍ 32).

കുഫ്ര്‍ (അവിശ്വാസം) എന്നത് ഈമാനിന്റെ (വിശ്വാസം) വിപരീത പദമാണ്. അതാണ് മുകളില്‍ പറഞ്ഞ വചനത്തില്‍ ഉദ്ദേശിക്കപ്പെട്ടത്. നന്മയും അനുഗ്രഹവും നിഷേധിക്കുക എന്ന അര്‍ഥത്തില്‍ ഇത് ഉപയോഗിക്കും. ‘കുഫ്ര്‍’ എന്ന പദത്തിന്റെ അര്‍ഥം ‘മറച്ചുവെക്കുക,’ ‘മൂടിവെക്കുക’ എന്നൊക്കെയാണ്. എണ്ണമറ്റ അനുഗ്രഹങ്ങള്‍ നല്‍കിയ അല്ലാഹുവിനെ അംഗീകരിക്കാതെ അവന്റെ സൃഷ്ടികളെ വിളിച്ച് പ്രാര്‍ഥിക്കുകയും അവരോട് സഹായം തേടുകയും ചെയ്യുന്നത് ഏറ്റവും വലിയ കുഫ്‌റാണ്. അങ്ങനെയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല: എന്നാണ് റബ്ബ് വിശദീകരിക്കുന്നത് .

അക്രമം

”…അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല” (ആലുഇംറാന്‍: 140).

ഏറ്റവും വലിയ അക്രമം ബഹുദൈവാരാധനയാണ്. സൂറത്തു ലുക്മാനില്‍ നമുക്കിങ്ങനെ കാണാം :

”ലുക്വ്മാന്‍ തന്റെ മകന് സദുപദേശം നല്‍കിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേര്‍ക്കരുത്. തീര്‍ച്ചയായും അങ്ങനെ പങ്കുചേര്‍ക്കുന്നത് വലിയ അക്രമം തന്നെയാകുന്നു” (ലുക്വ്മാന്‍: 13).

അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നത് സ്വഗം നിഷിദ്ധമാക്കുകയും നരകം ഉറപ്പാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ലോകത്ത് വന്ന മുഴുവന്‍ പ്രവാചകന്മാരും ഇക്കാര്യമാണ് പ്രഥമമായി ജനങ്ങളെ ഉപദേശിച്ചത്.

അതിരുകവിയല്‍

”സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ച് തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ പരിധി ലംഘിക്കുകയും ചെയ്യരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല” (അല്‍മാഇദ: 67).

ആരാധനയിലും ഭക്ഷിക്കുന്നതിലും ചെലവഴിക്കുന്നതിലുമൊന്നും അതിരുകവിയാന്‍ പാടില്ല. എല്ലാറ്റിലും മിതത്വം പാലിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.

”…നിങ്ങള്‍ തിന്നുകയും കുടി ക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്ന വരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല” (അല്‍ അഅ്‌റാഫ:് 31)

കുഴപ്പം

”അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിള നശിപ്പിക്കാനും ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. കുഴപ്പം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല” (അല്‍ബക്വറ: 205).

”…അവര്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുകയാണ്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല” (അല്‍മാഇദ: 64).

കുടുംബത്തില്‍, സമൂഹത്തില്‍, പ്രസ്ഥാനങ്ങളില്‍, കലാലയങ്ങളില്‍, രാജ്യങ്ങളില്‍… എവിടെയും കുഴപ്പമുണ്ടാക്കുന്നവരെ നാം കാണുന്നു. അരാജകത്വം സൃഷ്ടിക്കുക എന്നത് ചിലര്‍ക്ക് ഹരമാണ്. ”…കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു…” (2:217) എന്ന് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നത് ചിന്താര്‍ഹമാണ്.

വഞ്ചന

”തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച” (അല്‍ഹജ്ജ്: 38).

മുഹമ്മദ് നബി (സ്വ) പറഞ്ഞു: ”വഞ്ചന കാണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല” (മുസ്‌ലിം).

വഞ്ചന വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലുമെല്ലാമുണ്ട്. വിശ്വസ്തതയുടെ വിപരീതമാണത്. നനഞ്ഞ ഗോതമ്പ് അടിയില്‍ വെച്ച് ഉണങ്ങിയത് മുകളിലിട്ട് കച്ചവടം നടത്തിയവനോട് ഇത് വഞ്ചനയാണെനന്നും വഞ്ചന കാണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ലായെന്നും നബി(സ്വ) പറഞ്ഞ സംഭവം പ്രസിദ്ധമാണ്.

അഹങ്കാരം

”അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അവന്‍ അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല; തീര്‍ച്ച” (അന്നഹ്ല്‍: 23).

”നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല” (ലുക്വ്മാന്‍: 18).

നബി(സ്വ) പറഞ്ഞു: ”ആരുടെ മനസ്സിലാണോ അണുമണിത്തൂക്കം അഹങ്കാരമുള്ളത് അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല” (മുസ്‌ലിം).

നല്ല വസ്ത്രവും നല്ല ചെരിപ്പും ധരിക്കുന്നത് അഹങ്കാരമാണോ എന്ന് ചോദിച്ച അനുചരനോട് നബി (സ്വ) പറഞ്ഞത് അല്ലാഹു ഭംഗിയുള്ളവനാണ്, അവന്‍ ഭംഗിയെ ഇഷ്ടപ്പെടുന്നു. അഹങ്കാരം എന്നത് സത്യത്തെ നിഷേധിക്കലും ജനങ്ങളെ നിന്ദ്യരായി കാണലുമാണ്’ (മുസ്‌ലിം) എന്നാണ്.

പിശാച് അഹങ്കാരിയായതിനാലാണ് ആദമിന് സാഷ്ടാംഗം ചെയ്യാന്‍ വിസമ്മതിച്ചത്. അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കണം എന്ന് പറഞ്ഞാല്‍ അവിശ്വാസികള്‍ (കാഫിറുകള്‍) നല്‍കുന്ന മറുപടി ക്വുര്‍ആന്‍ പഠിപ്പിക്കുന്നു:

”അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കാരം നടിക്കുമായിരുന്നു” (സ്വാഫ്ഫാത്ത്: 35).

പ്രവര്‍ത്തിക്കാത്തതു പറയല്‍

അല്ലാഹു പറയുന്നു:

”ഹേ വിശ്വസിച്ചവരേ, നിങ്ങള്‍ ചെയ്യാത്തത് നിങ്ങള്‍ പറയുന്നത് എന്തിനു വേണ്ടിയാണ്? നിങ്ങള്‍ ചെയ്യാത്തത്പറയുക എന്നത് അല്ലാഹുവിങ്കല്‍ വളരെ വലിയ ക്രോധകരമായിട്ടുള്ളതാണ്” (അസ്സ്വഫ്ഫ്: 2,3).

ആളുകളോട് നല്ല കാര്യങ്ങള്‍ ഉപദേശിക്കുകയും അവ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്യുക എന്നത് അല്ലാഹുവിന് കോപമുണ്ടാക്കുന്ന വിഷയമാണ്. ഏകദൈവാരാധനയെ കുറിച്ച് പറയുകയും സമാധാനത്തിനുള്ള മാര്‍ഗം ഏക ദൈവത്തിലേക്കടുക്കലാണെന്ന് പ്രബോധനം ചയ്യുകയും സ്വന്തം ജീവിതത്തില്‍ സമാധാനം ലഭിക്കാന്‍ വേണ്ടി ജാറങ്ങളും ദര്‍ഗകളും സന്ദര്‍ശിച്ച് അവിടെ ആവലാതികള്‍ ബോധിപ്പിക്കുകയും ചെയ്യുന്നവര്‍ അല്ലാഹുവിന്റെ കോപം ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.

 

ശമീര്‍ മുണ്ടേരി
നേർപഥം വാരിക

പ്രാര്‍ഥന: അതാകുന്നു ആരാധന

പ്രാര്‍ഥന: അതാകുന്നു ആരാധന

ആരാധനാകര്‍മങ്ങള്‍ ഇസ്‌ലാം പഠിപ്പിച്ച മുറപ്രകാരവും രീതിയിലും നിലനിര്‍ത്തുക എന്നതാണ് മനുഷ്യജീവിതത്തിന്റെ പ്രഥമലക്ഷ്യം. അല്ലാഹു പറയുന്നു:

”ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല” (51:56).

മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവോ, വിഭാഗീയതയോ കാണിക്കാതെ മൊത്തത്തിലായാണ് ഇത് സംബന്ധമായ കല്‍പന അല്ലാഹു നല്‍കിയിരിക്കുന്നത്:

”ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്” (2:21).

അടിസ്ഥാനപരമായി ‘ഇബാദത്ത്’ എന്താണെന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) നിര്‍വചിച്ചതില്‍നിന്നു മനസ്സിലാക്കാം: ”പ്രത്യക്ഷവും, പരോക്ഷവുമായി അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മൊത്തത്തില്‍ പറയുന്ന പേരാണ് ഇബാദത്ത്”(അല്‍ ഉബൂദീയ്യ ഫില്‍ ഇസ്‌ലാം.പേ/4). ശൈഖ് നാസിറുസ്സഅദി(റ) സൂറഃ ഫാതിഹയുടെ വിശദീകരണത്തില്‍ ഇത് എടുത്ത് പറഞ്ഞിട്ടുണ്ട്. പരമമായ വിനയവും താഴ്മയും ഉള്‍ക്കൊണ്ടുള്ള മനസ്സിന്റെ തേട്ടമാകുന്ന പ്രാര്‍ഥന ആരാധനയില്‍ പ്രധാനമാണ്. അല്ലാഹു പറയുന്നു:

”അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന്നു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നതെല്ലാം വ്യര്‍ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും” (31:30).

അല്ലാഹുവിന് കീഴ്‌പ്പെട്ട് ആത്മാര്‍ഥമായി ആരാധന നിര്‍വഹിക്കാനാണ് ഇസ്‌ലാം കല്‍പ്പിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:

”പറയുക: കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ ആരാധിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. ഞാന്‍ കീഴ്‌പെടുന്നവരില്‍ ഒന്നാമനായിരിക്കണമെന്നും എനിക്ക് കല്‍പന നല്‍കപ്പെട്ടിരിക്കുന്നു” (39:11,12).

ഈ കല്‍പന ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഒരു മുസ്‌ലിമിന് അണുഅളവ് ശിര്‍ക്കുമായി പൊരുത്തപ്പെടാന്‍ കഴിയില്ല. എന്നാല്‍ പ്രാര്‍ഥനയും ആരാധനയും ഒന്നല്ലെന്നും പ്രാര്‍ഥനയാകുന്ന വിളിയും ആകാത്ത വിളിയുമുണ്ടെന്നും വിശ്വസിച്ച് അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് അനുവദനീയമാണെന്ന് വാദിക്കുന്നവരും പ്രചരിപ്പിക്കുന്നവരും മുസ്‌ലിം സമൂഹത്തിലുണ്ട്. ഇസ്‌ലാമിന്റെ കൊടിയ ശത്രുക്കളായ ശിയാക്കള്‍ മെനഞ്ഞുണ്ടാക്കിയ പൊള്ളയായ വിശ്വാസാചാരങ്ങളെ അടിമുടി പിന്‍പറ്റി പോരുന്ന സമസ്തവിഭാഗത്തിലെ ചില പണ്ഡിതന്മാര്‍ എഴുതിയത് കാണുക:

”മരിച്ചുപോയ അമ്പിയാക്കള്‍, ഔലിയാക്കള്‍, സ്വാലീഹീങ്ങള്‍ ഇവരുടെ ദാത്ത,് ജാഹ്, ഹഖ്, ബര്‍ക്കത്ത് എന്നിവ കൊണ്ടുള്ള തവസ്സുല്‍ നേരിട്ടുവിളിക്കല്‍, അവരോട് സഹായത്തിന്നപേക്ഷിക്കല്‍, ആസാറ്‌കൊണ്ട് ബര്‍ക്കത്തെടുക്കല്‍ എന്നിവയും മരിച്ചുപോയ മഹാത്മാക്കള്‍ക്കും മറ്റ് മുസ്‌ലിംകള്‍ക്കും കൂലി ലഭിക്കാനായി ധര്‍മം ചെയ്യല്‍, കോഴി, ആട് മുതലായ ധര്‍മം ചെയ്യാന്‍ നേര്‍ച്ചയാക്കല്‍, അവര്‍ക്കു വേണ്ടി ക്വുര്‍ആന്‍ ഓതലും ഓതിപ്പിക്കലും, ക്വബ്ര്‍ സിയാറത്തും, ക്വബ്‌റാളികള്‍ക്ക് സലാം ചൊല്ലലും അവര്‍ക്ക് വേണ്ടിയുള്ള ദുആയും, സിയാറത്തിനായുള്ള യാത്രയും ആയത്ത്, ഹദീഥ്, മുഅള്ളമായ അസ്മാഅ് എന്നിവ കൊണ്ടുള്ള മന്ത്രവും ഉറുക്കും നൂല്‍, വെള്ളം എന്നിവ ജപിച്ചു കൊടുക്കലും, ബുര്‍ദ ഓതി മന്ത്രിക്കലും, ഖാദിരിയ്യ, ശാദുലിയ്യ, രിഫാഇയ്യ തുടങ്ങിയ ശരിയായ ത്വരീഖത്ത് തുടര്‍ച്ചയായും റാതീബും, ത്വരീഖത്ത് ദിക്‌റുകള്‍ചൊല്ലലും ദലാഇലുല്‍ ഖൈറാത്ത്, ഹിസ്ബുന്നബവി, അസ്മാഉന്നബവി, അസ്മാഉല്‍ ബദ്‌രീയ്യീന്‍, ഹിസ്ബുല്‍ ബഹര്‍ മുതലായ ദിക്‌റുകള്‍ പതിവാക്കലും, തസ്ബീഹ്മാല ഉപയോഗിക്കലും, മന്‍ഖൂസ് മുതലായ മൗലിദുകള്‍, ബദ്‌രീയ്യത്ത് ബൈത്ത്,മ ുഹ്‌യിദ്ദീന്‍മാല, രിഫാഈമാല മുതലായ നിരാക്ഷേപം മുസ്‌ലിംകളില്‍ നടന്ന് വരുന്നതും അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ഉലമാക്കളാല്‍ ദീനില്‍ അറിയപ്പെട്ടതുമായ കാര്യങ്ങള്‍ മതവിരുദ്ധമാണെന്നോ ശിര്‍ക്കാണെന്നോ പറയുന്നവര്‍ സുന്നികളല്ല. അവര്‍ ഖാസി, ഖത്തീബ്, ഇമാം എന്നീ സ്ഥാനത്തേക്ക് അര്‍ഹരുമല്ല.” (ഇവരെ എന്ത് കൊണ്ട് അകറ്റണം/ചാലിയം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍/പേ:14,15). 

ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തിയുടെ അധ്യക്ഷതയില്‍ 1933ല്‍ ഫറോക്കില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 6-ാം സമ്മേളനം അംഗീകരിച്ചു പാസ്സാക്കിയ എട്ടാം പ്രമേയമാണിത്. ‘മുഹ്‌യുദ്ദീന്‍ ശൈഖേ രക്ഷിക്കണേ,’ ‘ബദ്‌രീങ്ങളേ കാക്കണേ’ പോലെ മരിച്ചുപോയ മഹാത്മക്കളെ വിളിച്ച് പ്രാര്‍ഥിക്കല്‍ ശിര്‍ക്കല്ല മുബാഹ്(അനുവദനീയം)ആണെന്ന് സുന്നികള്‍ ‘സുന്നി-മുജാഹിദ് വാദപ്രതിവാദ’ത്തിനായി 1974 ജൂണ്‍ 2ന് കുണ്ടുതോട് ചേര്‍ന്ന സംയുക്തയോഗം തീരുമാനിച്ച വ്യവസ്ഥയില്‍ നിന്നാണിത് (കുണ്ടുതോട് വാദപ്രതിവാദം പേജ്/2).

”അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയുടെ ഉദാഹരണം ക്വുര്‍ആനില്‍ കാണിക്കണമെന്നായിരുന്നു മൗലവിയുടെ മറ്റൊരുവാശി. മരിച്ചുപോയവരെ വിളിച്ചു പ്രാര്‍ഥിക്കാമെന്ന് ക്വുര്‍ആന്‍കൊണ്ട് തന്നെ എ.പി സ്ഥാപിച്ചപ്പോള്‍ അവിടെയും മൗലവി മുഖം കുത്തി”(ഒ.എം തരുവണ/കൊട്ടപ്പുറം സംവാദം).

”മുഹിയിദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണ എന്നിങ്ങനെ മരിച്ചുപോയവരെ വിളിച്ചു പ്രാര്‍ഥിക്കുന്നത് അനുവദനീയമാണ്”(പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍/ഫതാവാ മുഹ്‌യിസ്സുന്ന-2/പേജ്/38).

”പ്രാര്‍ഥന അല്ലാഹുവിനോട് മാത്രം എന്ന പ്രമേയം സാക്ഷാല്‍ ഇബ്‌ലീസിന്റെ പ്രമേയമാണെന്ന് സുന്നി പണ്ഡിതര്‍ വഹാബികളെ തെര്യപ്പെടുത്തി”(ഹാശിം നഈമി/വഴി പിരിഞ്ഞവര്‍ക്ക് എന്തുപറ്റി/പേജ്/37).

ഇസ്‌ലാമിന് തീര്‍ത്തും അന്യമായ വിശ്വാസമാണിത്. എന്തെന്നാല്‍ ‘പ്രാര്‍ഥന; അതുതന്നെയാണ് ആരാധന’ എന്നതാണ് ഇസ്‌ലാമിന്റെ സന്ദേശം. അല്ലാഹു പറയുന്നു:

”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച”(40:60).

നുഅ്മാനുബ്‌നു ബഷീര്‍(റ)വില്‍ നിന്ന. നബി(സ്വ)പറഞ്ഞു:”പ്രാര്‍ഥന അതാകുന്നു ആരാധന”(തിര്‍മുദി).

വിശ്വാസപരമായി മതരംഗത്തുണ്ടായിരുന്ന തെറ്റുകള്‍ ചൂണ്ടിക്കാട്ടി കെ.എം മൗലവിയുടെ നേതൃത്വത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച കാലഘട്ടത്തില്‍ അദ്ദേഹം എഴുതുകയും അന്നത്തെ പണ്ഡിതസഭയായ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിദ്ധീകരിക്കുകയും ചെയ്ത ‘പ്രാര്‍ഥനയും ആരാധനയും’ എന്ന പുസ്തകം ആരംഭിക്കുന്നത് തന്നെ ഈ ആയത്ത് കൊണ്ടാണ്. 

സുന്നീ പണ്ഡിതരില്‍ പ്രധാനിയായിരുന്ന അബ്ദുര്‍റഹ്മാന്‍ മഖ്ദൂമി പൊന്നാനി തന്റെ തഫ്‌സീറിലും  ഈ സത്യം തുറന്നെഴുതിയത് കാണുക: ”പ്രാര്‍ഥന ഒരു ആരാധനയാണ് എന്ന് മാത്രമല്ല പ്രാര്‍ഥനയില്ലാത്തതൊന്നും ആരാധനയാവുകയില്ല. പ്രാര്‍ഥനയും ആരാധനയും അല്ലാഹുവിനോട് മാത്രം. പ്രാര്‍ഥിക്കുക; അവന്‍ നമുക്കുത്തരം ചെയ്യും. അഹങ്കാരികള്‍ മാത്രമെ അല്ലാഹുവിനെ ആരാധിക്കാനും അവനോട് പ്രാര്‍ഥിക്കാനും വിസമ്മതം കാണിക്കുകയുള്ളൂ. ശാശ്വതവും നിന്ദ്യവുമായ നരകീയ ജീവിതമാണവര്‍ക്ക് ലഭിക്കാന്‍ പോകുന്നത്”(ക്വുര്‍ആന്‍ പരിഭാഷയും,വ്യാഖ്യാനവും 2/1032).

ലോകത്ത് വന്ന എല്ലാ പ്രവാചകന്മാരും ഒരു പോലെ സമൂഹത്തെ കേള്‍പിച്ച ഈ സത്യം നബി(സ്വ)യും തന്റെ സമൂഹത്തില്‍ പ്രഖ്യാപിച്ചു. അല്ലാഹു പറയുന്നു:

”(നബിയേ,) പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല” (72:20).

പരമ കാരുണികന്റെ യഥാര്‍ഥ അടിമകള്‍ റബ്ബിനോട് മാത്രം പ്രാര്‍ഥിക്കുന്നവരാണെനും ക്വുര്‍ആന്‍ വ്യക്തമാക്കുന്നു: 

”അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും”(25:68).

പ്രാര്‍ഥന അല്ലാഹു അല്ലാത്തവരോടുമാകാം എന്ന് വാദിക്കുന്നതിനും വിശ്വസിക്കുന്നതിനും യാതൊരുവിധ തെളിവുമില്ലെന്ന് പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു: 

”വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്ന പക്ഷം- അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ- അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച” (23:117).

പ്രാര്‍ഥനയില്‍ ശിര്‍ക്കെന്ന മായം കലര്‍ത്താന്‍ ദുര്‍ന്യായങ്ങള്‍ നിരത്താന്‍ പരിശ്രമിക്കുന്നവര്‍ ക്വുര്‍ആനിന്റെ താക്കീത് കണ്ടില്ലെന്ന് നടിക്കുകയാണ്. അല്ലാഹു പറയുന്നു:

”അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും” (46:5,6).

അല്ലാഹു മാത്രമാണ് എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും. ഒരു സൃഷ്ടിക്കും അതില്‍ പങ്കില്ല. സൃഷ്ടികളുടെ അറിവിനും കേള്‍വിക്കും പരിധിയും പരിമിതിയുമുണ്ട്. എന്നിട്ടും പ്രശ്‌നങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോള്‍ മുസ്‌ലിം സമൂഹത്തില്‍ പെട്ടവര്‍ പ്രമാണവിരുദ്ധവാക്കുകള്‍ കേട്ട് ജാറങ്ങളിലും മക്വ്ബറകളലും ചെന്ന് സുജൂദ് ചെയ്ത് പ്രാര്‍ഥിക്കുന്നു. നാട്ടിവെച്ച കല്ലിനെയും മരത്തെയും പൂജിക്കുന്നു. തെറ്റിന്റെ ഗൗരവം മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിയാതെ പോകുന്നു. അഥവാ അത് മനസ്സിലാക്കുന്നതില്‍നിന്ന് അവരെ പുരോഹിതന്മാര്‍ തടയുന്നു. അടിമകളുടെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കാത്തിരിക്കുന്ന സ്രഷ്ടാവുണ്ടല്ലോ എന്നറിയാത്തതാണ് ഏറ്റവും വലിയ അജ്ഞത. അല്ലാഹു പറയുന്നു:

”നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്” (2:186).

പ്രാര്‍ഥന എന്ന ഇബാദത്ത് അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ച് കൊടുക്കുന്നത് തീര്‍ത്തും തൊറ്റാണെന്ന് ബോധ്യമാക്കിത്തരാന്‍ ലളിതമായ ഉദാഹരണങ്ങളാണ് അല്ലാഹു നടത്തിയീട്ടുള്ളത്. അല്ലാഹു പറയുന്നു:

”അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു” (13:14).

”മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ” (22:73).

”അല്ലാഹുവിന് പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത് പോലെയാകുന്നു. അത് ഒരു വീടുണ്ടാക്കി. വീടുകളില്‍ വെച്ച് ഏറ്റവും ദുര്‍ബലമായത് എട്ടുകാലിയുടെ വീട് തന്നെ. അവര്‍ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കില്‍”(29:41).

ഇത്രമേല്‍ ഇസ്‌ലാം പ്രാധാന്യം നല്‍കിയതിനെ വളരെ  നിസ്സാരമായി കണ്ട് വന്‍ പാപമായ ശിര്‍ക്കിന്റെ വഴി വെട്ടിത്തെളിക്കാന്‍ പ്രമേയങ്ങളും ഫത്‌വകളുമിറക്കുന്നവര്‍ക്ക്  പരലോക രക്ഷയെക്കാള്‍ പ്രാധാന്യം ഇഹലോകനേട്ടമായിരിക്കും എന്നല്ലാതെ മറ്റെന്ത് പറയാന്‍! 

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

പ്രാര്‍ഥന സ്രഷ്ടാവിനോട് മാത്രം

പ്രാര്‍ഥന സ്രഷ്ടാവിനോട് മാത്രം

ഓരോ സത്യവിശ്വാസിയും ദിനേന അഞ്ച് നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍പതിനേഴ് തവണ’നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം ചോദിക്കുന്നു’ എന്ന് പ്രതിജ്ഞ ചെയ്യാറുണ്ട്. കൂടാതെ ഐഛിക നമസ്‌കാരങ്ങില്‍ ധാരാളം തവണയും. ഇതിന്റെ ആശയം അല്ലാഹുവിന്ന് മാത്രമെ നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് തരാന്‍ സാധിക്കുകയുള്ളൂവെന്നും അവന്‍ മാത്രമാണ് പ്രാര്‍ഥിക്കപ്പെടാന്‍ അര്‍ഹനെന്നുമാണ്.

പ്രവാചകന്‍(സ) പറഞ്ഞു:”പ്രാര്‍ഥന, അത് തന്നെയാണ് ആരാധന.”എന്നിട്ട് പ്രവാചകന്‍(സ) ഈ ആയത്ത് ഓതി: ”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്” (തിര്‍മിദി, അബൂദാവൂദ്, അഹ്മദ്).

ഇവിടെ അല്ലാഹു പറയുന്നത് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം എന്നാണ്. അതിനാല്‍ അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുക. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. ആയതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ഥിക്കരുത്”(72:18).

പ്രാര്‍ഥിക്കേണ്ടത് അല്ലാഹുവനോട് മാത്രം. അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുന്നത് അല്ലാഹു ഒരിക്കലും പൊറുത്ത് തരാത്ത പാപമാണ്. അത് അവനില്‍ പങ്കുചേര്‍ക്കലകണ് അഥവാ ശിര്‍ക്കാണ്. അത് അല്ലാഹുവിന്റെ പ്രവാചകനാവട്ടെ, വലിയ്യാവട്ടെ, ജാറത്തില്‍ കിടക്കുന്ന ഔലിയാക്കളോ, ബീവിമാരോ ആരുമാവട്ടെ അവരോടൊന്നും പ്രാര്‍ഥിക്കാന്‍ പാടില്ല. അത്തരത്തില്‍ സൃഷ്ടികളോട് പ്രാര്‍ഥിക്കുന്നവന്ന് ഇസ്‌ലാമില്‍ സ്ഥാനമില്ല. അല്ലാഹു പറയുന്നു: ”തന്നോട് പങ്ക് ചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവനുദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കുന്നതാണ്, ആര്‍ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നുവോ, അവന്‍ ബഹുദൂരം പിഴച്ച് പോയിരിക്കുന്നു” (നിസാഅ്:116).

”തീര്‍ച്ചയായും നിനക്കും നിന്റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപെട്ടിട്ടുള്ളത് ഇതത്രെ, (അല്ലാഹുവിന്ന്) നീ പങ്കാളിയേ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായി പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും” (സുമര്‍:65).

ശിര്‍ക്ക് ചെയ്താല്‍ പ്രവാചകന്മാര്‍ക്ക് പോലും രക്ഷയില്ല എങ്കില്‍ നമ്മുടെ കാര്യം പ്രത്യേകം പറയേണ്ടതുണ്ടോ?

മരണപ്പെട്ടവര്‍ കേള്‍ക്കുമോ?

മരിച്ച് പോയവര്‍പ്രാര്‍ഥന കേള്‍ക്കുമോ? അല്ലാഹു പറയുന്നു: ”നിങ്ങള്‍ അവരോട് പ്രാര്‍ഥന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുകയില്ല. ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളിലാവട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവിനെ) പോലെ നിനക്ക് വിവരം തരുവാന്‍ ആരുമില്ല”(ഫാത്വിര്‍:14).

ഇവിടെ അല്ലാഹു പറയുന്നത് മരിച്ച് മണ്‍മറഞ്ഞ് പോയവര്‍ കേള്‍ക്കില്ലെന്നാണ്. ഇനി വാദത്തിന് കേള്‍ക്കുമെന്ന് സമ്മതിച്ചാല്‍ തന്നെ നിങ്ങളുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുകയില്ലെന്നും പറയുന്നു. പിന്നെ എന്തിന് നാം ഈ പാഴ്‌വേല ചെയ്യണം? അല്ലാഹു ഉത്തരം തരാം എന്ന് പറയുമ്പോള്‍ നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിച്ചാല്‍ പോരേ?

പ്രവാചകന്(സ) ഒരുപാട് പ്രയാസങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കല്‍ പോലും അവിടുന്ന് മുന്‍കഴിഞ്ഞ പ്രവാചകന്മാരെ വിളിച്ചോ, ഔലിയാക്കളെ വിളിച്ചോ,ക്വബ്‌റിന്നരികില്‍ പോയിട്ടോ, ജാറത്തില്‍ പോയിട്ടോ പ്രാര്‍ഥിച്ചതായി കാണുന്നില്ല. മുഹമ്മദ്(സ) മാത്രമല്ല മുന്‍കഴിഞ്ഞ പ്രവാചകന്മാരാരും അങ്ങനെ ചെയ്തിട്ടില്ല. വിശുദ്ധ ക്വുര്‍ആനില്‍ ഒരുപാട് പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ നമുക്ക് കാണാനാവും. അതിലൊന്നും തന്നെ അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥനയില്ല. പിന്നെ എന്തിന് നാം അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കണം?

പ്രവാചകന്ന് ശേഷം സ്വഹാബികളുടെ ഇടയില്‍ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ട്. പ്രവാചകനെ എവിടെ മറമാടണം, ആരാണ് ഖലീഫയാകേണ്ടത്, സിഫ്ഫീന്‍, ജമല്‍ പോലെയുള്ള യുദ്ധങ്ങള്‍ തുടങ്ങിയവ ഉദാഹരണം. അപ്പോഴൊന്നും ഒരൊറ്റ സ്വഹാബി പോലും ലോകം കണ്ട ഏറ്റവും വലിയ വലിയ്യായ പ്രവാചകന്റെ ക്വബ്‌റിടത്തില്‍ പോയിട്ടോ അല്ലാതെയോ സഹായം തേടുകയോ പ്രാര്‍ഥിക്കുകയോ ചെയ്തതായി നമുക്ക് കാണാന്‍ സാധ്യമല്ല.

ഒരിക്കല്‍ ഖലീഫയായ ഉമര്‍(റ)ന്റെ കാലത്ത് കടുത്ത വരള്‍ച്ചയുണ്ടായി. ഉമര്‍(റ) അപ്പോള്‍ പ്രവാചകന്റെ ക്വബ്‌റിങ്കല്‍ പോയി സഹായം തേടുകയല്ല ചെയ്തത്, മറിച്ച് അല്ലാഹുവിലേക്ക് ഇരുകരങ്ങളും നീട്ടി മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കുകയാണ് ചെയ്തത്. ഇത് ഹദീഥില്‍ ഇപ്രകാരം കാണാം:

ഉമര്‍(റ)വിന്റെ കാലത്ത് അവര്‍ക്ക് ക്ഷാമമുണ്ടായപ്പോള്‍ (മഴ ഇല്ലാതിരുന്നപ്പോള്‍) അവര്‍ ഉമര്‍(റ)വിന്റെയടുത്ത് പോയി പറഞ്ഞു. ഉമര്‍(റ) അവരെയും കൂട്ടി പുറപ്പെട്ട് മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിച്ചു. തന്റെ രണ്ട് കൈകളും മേല്‍പോട്ടുയര്‍ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഞങ്ങളുടെ രക്ഷിതാവേ, പ്രവാചകന്റെ കാലത്ത് ഞങ്ങള്‍ക്ക് ക്ഷാമം പിടിപെട്ടാല്‍ ഞങ്ങള്‍ നബി(സ)യോട് പ്രാര്‍ഥിക്കുവാന്‍ പറയുകയും, അവിടുന്ന് പ്രാര്‍ഥിക്കുകയും മഴ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രവാചകന്‍ ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ. ആയതിനാല്‍ ഞങ്ങളിതാ പ്രവാചകന്റെ എളാപ്പയായ അബ്ബാസ്(റ)നോട് മഴക്ക് വേണ്ടി പ്രാര്‍ഥിക്കുവാന്‍ ആവശ്യപ്പെടുന്നു.’ എന്നിട്ട് പറഞ്ഞു: ‘അല്ലയോ അബ്ബാസ്! എഴുന്നേല്‍ക്കുക, മഴക്ക് വേണ്ടി പ്രാര്‍ഥിക്കുക.’അബ്ബാസ്(റ) എഴുന്നേറ്റ് അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. ജനങ്ങളെല്ലാം തന്നെ ആമീന്‍ പറയുകയും ചെയ്തു. അവര്‍ കരയുകയും കണ്ണീര്‍ പൊഴിക്കുകയും ചെയ്തു. അവരുടെ മുകളില്‍ കാര്‍മേഘം ഉരുണ്ട് കൂടുകയും മഴ വര്‍ഷിക്കുകയും ചെയ്യുന്നത് വരെ അവര്‍ പ്രാര്‍ഥിച്ചു.

ഒന്നുകൂടി നാം സ്വഹാബികളിലേക്ക് നോക്കുക, അവരാണ് നമ്മെക്കാള്‍ മതത്തില്‍ കൂടുതല്‍ അവഗാഹം നേടിയവര്‍. നബി(സ)യെ നമ്മെക്കാള്‍ കൂടുതല്‍ സേനഹിച്ചവര്‍ അവരാണ്. എന്നാല്‍ അവര്‍ക്ക് ആവശ്യങ്ങള്‍ നേരിട്ടപ്പോഴും പ്രയാസങ്ങളുണ്ടായപ്പോഴും അവരാരും പ്രവാചകന്റെ ക്വബ്‌റിന്നരികില്‍ പോയി അദ്ദേഹത്തെ വിളിച്ച് പ്രാര്‍ഥിച്ചിട്ടില്ല. കാരണം അവര്‍ക്കറിയാമായിരുന്നു മരിച്ചവരോടുള്ള പ്രാര്‍ഥന അനുവദനീയമല്ലായെന്ന്; അത് പ്രവാചകനാകട്ടെ, ഔലിയാക്കളാകട്ടെ, ആരുമാകട്ടെ.

നബി(സ)യുടെ ക്വബ്ര്‍ കെട്ടിയുയര്‍ത്തിയോ?

നബി(സ)യുടെ ക്വബ്ര്‍ കെട്ടിയുയര്‍ത്തി ജാറമാക്കിയിട്ടുണ്ടെന്ന് ചില തല്‍പര കക്ഷികള്‍ പാമരജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവരുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഓരോ മുസ്‌ലിമും അറിഞ്ഞിരിക്കണം. നബി(സ) മരിച്ച സ്ഥലത്ത് തന്നെയാണ് മറമാടപ്പെട്ടതും. ഹദീഥില്‍ വന്നപ്രകാരം പ്രവാചകന്മാര്‍ മരണപ്പെടുന്ന സ്ഥലത്ത്തന്നെ അവരെ മറമാടണം. ക്വബ്‌റിനെ പള്ളിയാക്കാതിരിക്കുവാന്‍ വേണ്ടി ആഇശ(റ)ന്റെ റൂമിലായിരുന്നു നബി(സ)യെ മറമാടിയത്. ഇതാണ് യഥാര്‍ഥ്യം.

ആഇശ(റ)യുടെ ഹദീഥില്‍ നമുക്ക് ഇപ്രകാരം കാണാം: ”നബി(സ) മരിക്കുന്നതിന്റെ തൊട്ട് മുമ്പ് രോഗശയ്യയില്‍ കിടന്ന് പറഞ്ഞു: ‘ജൂത-ക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ അവരുടെ പ്രവാചകന്മാരുടെ ക്വബ്‌റുകളെ പള്ളികളാക്കിയിരിക്കുന്നു.’ ആഇശ(റ) പറയുന്നു: ‘ഇത് ഭയപ്പെട്ടിട്ടില്ലായിരുന്നെങ്കില്‍ നബി(സ)യുടെ ക്വബ്‌റിനെ മറയ്ക്കാതെ തുറന്നിടുമായിരുന്നു”'(ബുഖാരി, മുസ്‌ലിം).

അതെ, നബി(സ)യെ മറമാടിയത് ആഇശാ(റ)യുടെ വീട്ടിലാണ്. ആ വീട് കിഴക്ക് ഭാഗത്ത് പള്ളിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. കാലം കടന്ന് പോയി,ജനങ്ങള്‍ വര്‍ധിച്ച് കൊണ്ടേയിരുന്നു. സ്വഹാബികള്‍ പള്ളി പല ഭാഗങ്ങളിലേക്കും വികസിപ്പിച്ചു. ക്വബ്‌റുള്ള ഭാഗം മാത്രം വികസിപ്പിച്ചില്ല. പടിഞ്ഞാറും തെക്കും വടക്കും പള്ളി വികസിപ്പിച്ചു. കിഴക്ക് മാത്രം വികസിപ്പിച്ചില്ല. കാരണം ക്വബ്ര്‍ അവര്‍ക്കതിന് തടസ്സമായിരുന്നു.ഹിജ്‌റ 88 ല്‍ (നബി(സ) മരിച്ച് 77 വര്‍ഷത്തിന് ശേഷം) മദീനയിലുണ്ടായിരുന്ന അധിക സ്വഹാബികളും മരിച്ച് കഴിഞ്ഞതിന് ശേഷം, ഖലീഫ ‘വലീദ്ബ്‌നുഅബ്ദുല്‍ മലിക്’പള്ളിയുടെ വികസനത്തിന് വേണ്ടി പള്ളി പൊളിക്കാനും എല്ലാ ഭാഗത്തും പള്ളി വികസിപ്പിക്കാനും നബി(സ)യുടെ ഭാര്യമാരുടെ വീടുകളും പള്ളിയിലേക്ക്കൂട്ടിച്ചേര്‍ക്കാനും കല്‍പിച്ചു. കിഴക്ക് ഭാഗത്ത് വികസിപ്പിച്ചപ്പോള്‍ആഇശ(റ)യുടെ റൂമായിരുന്ന, നബി(സ)യുടെ ക്വബ്‌റുള്ള സ്ഥലവും പള്ളിക്കുള്ളില്‍ വന്നു” (അര്‍റദ്ദ് അല്‍അഖ്‌നാഇ, പേജ്: 184; മജ്മൂഉല്‍ഫതാവ, വാള്യം 27, പേജ്: 323; താരീഖ് ഇബ്‌നുകഥീര്‍ വാള്യം: 9 പേജ്: 74).

‘ഇതാണ് പള്ളിയുടെയും ക്വബ്‌റിന്റെയും അവസ്ഥയും യാഥാര്‍ഥ്യവും.’സ്വഹാബികള്‍ക്ക് ശേഷം സംഭവിച്ച ഒരു കാര്യം ചൂണ്ടിക്കാണിച്ച് കൊണ്ട് തെളിവ് പിടിക്കാന്‍ ആര്‍ക്കും തന്നെ ഇസ്‌ലാമില്‍ അധി കാരമില്ല. കാരണം ക്വബ്ര്‍ പള്ളിയില്‍ കുട്ടിച്ചേര്‍ത്തത് ശരിയായ ഹദീഥിനും സലഫുസ്സ്വാലിഹുകളുടെ ചര്യക്കെതിരുമാണ്. ‘വലിദ്ബ്‌നു അബ്ദുല്‍ മലികിന് തെറ്റ് സംഭവിച്ചു (അല്ലാഹു അദ്ദേഹത്തിനത് പൊറുത്ത് കൊടുക്കുമാറാവട്ടെ).കാരണം നബി(സ) അത് വിലക്കിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ സ്വഹാബികള്‍ ചെയ്തത് പോലെ ക്വബ്‌റില്ലാത്ത ഭാഗം മാത്രമെ വികസിപ്പിക്കുവാന്‍ പാടുണ്ടായിരുന്നുള്ളൂ. ക്വബ്‌റിന് മുകളിലുള്ള ഖുബ്ബയുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. അത് നിര്‍മിച്ചത് നബി(സ)യോ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ ആയിരുന്നില്ല. ഹിജ്‌റ 678 ല്‍തുര്‍ക്കീ രാജാക്കന്മാരില്‍ പെട്ട മന്‍സൂര്‍ രാജാവെന്ന പേരില്‍ പ്രസിദ്ധിയാര്‍ജിച്ച ‘ഖാലവൂന്‍ സ്വാലിഹി’ ആണ് ഖുബ്ബ ഉണ്ടാക്കിയത്. (തഹ്ദീറുസ്സാജിദ്- അല്‍ബാനി, പേജ്: 93; സ്വറാഉന്‍ ബൈനല്‍ ഹക്ക്വി വല്‍ ബാത്വില്‍- സഅ്ദ് സ്വാദിഖ്, പേജ്: 106; തത്വ്ഹീറുല്‍ ഇഹ്തിക്വാദ്- പേജ്: 43).

നമ്മുടെ നാട്ടില്‍ ഏറെ അറിയപ്പെടുന്ന പണ്ഡിതനായ സൈനുദ്ദീന്‍ മഖ്ദും എഴുതിയ, പള്ളിദര്‍സുകളില്‍ പഠിപ്പിക്കപ്പെടുന്ന ഫത്ഉല്‍ മുഈനില്‍ എഴുതിവെച്ചിട്ടുള്ളത് ക്വബ്ര്‍ ഒരു ചാണിലധികം കെട്ടിപ്പൊക്കാന്‍ പാടില്ല എന്നാണ്. എന്നിട്ടും ഇതിന് വിരുദ്ധമായി ക്വബ്‌റുകള്‍ കെട്ടിപ്പൊക്കുന്നതും ആരാധനാ കേന്ദ്രമാക്കുന്നതും എന്തിനാണെന്ന് ചിന്തിക്കുക. നാം അല്ലാഹുവില്‍ അഭയം പ്രാപിക്കുക. ‘സ്വഹീഹ് മുസ്‌ലിമിന്റെ’വിശദീകരണത്തില്‍ ഇമാം നവവി(റഹി) പറയുന്നു: ”ക്വബ്ര്‍ കുമ്മായമിടാനോ, അവിടെ വിളക്ക് കത്തിക്കാനോ പാടില്ല”(ശറഹ് മുസ്‌ലിം).

മുസ്‌ലിം സമൂഹമേ! അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കുക. അവനില്‍ പൂര്‍ണമായി വിശ്വസിക്കുക. സലഫുസ്സ്വാലിഹുകളില്‍ ആരെങ്കിലും, നാല് ഇമാമുകളില്‍ പെട്ട ആരെങ്കിലും ക്വബ്ര്‍ കെട്ടിപ്പൊക്കാമെന്നും കുമ്മായം പൂശാമെന്നും പറഞ്ഞതായി തെളിയിക്കാന്‍ സാധ്യമല്ല. ക്വബ്‌റാളികളോട് അവര്‍ ഇസ്തിഗാഥ നടത്തിയതിനും ശുപാര്‍ തേടിയതിനും യാതൊരുതെളിവുമില്ല.

സലഫുസ്സ്വാലിഹുകള്‍ പ്രവാചകന്റെയോ അഹ്‌ലുബൈതിന്റെയോ സ്വഹാബിമാരുടെയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തിയുടെയോ ക്വബ്‌റിന്നരികില്‍ പോയി തങ്ങളുടെ പ്രയാസങ്ങള്‍ നീക്കുവാനും ആവശ്യങ്ങള്‍ നിറവേറ്റാനും വേണ്ടി ആവശ്യപ്പെട്ടതായി കാണാന്‍ സാധ്യമല്ല. പ്രവാചകന്‍(സ)യെക്കാളും സ്വഹാബികളെക്കാളും വലിയവരാണോ ഇന്ന് വിൡച്ചു തേടപ്പെടുന്ന രിഫാഈ ശൈഖും മുഹ്‌യുദ്ദീന്‍ ശൈഖും മുനമ്പത്തെ ബിവിയും മമ്പുറം തങ്ങളും ഏര്‍വാടി ശൈഖും ഓമാനൂര്‍ ശുഹദാക്കളും മറ്റും..?

ക്വബ്ര്‍ സന്ദര്‍ശനം

ക്വബ്ര്‍ സിയാറത്ത് സുന്നത്താണ്. പ്രവാചക തിരുമേനി(സ) ക്വബ്ര്‍ സ്വിയാറത്ത് ചെയ്യുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടെ അതിന്റെ ലക്ഷ്യവും വിശദീകരിച്ചിട്ടുണ്ട്. പ്രവാചകന്‍(സ) പറയുന്നു: ”നിങ്ങള്‍ ക്വബ്ര്‍ സന്ദര്‍ശിക്കുക. അത് നിങ്ങളെ മരണത്തെ ഓര്‍മിപ്പിക്കുന്നതാണ്” (മുസ്‌ലിം).

”ഞാന്‍ നിങ്ങള്‍ക്ക് ആദ്യകാലത്ത് ക്വബ്ര്‍ സന്ദര്‍ശനം വിലക്കിയിരുന്നു. എന്നാല്‍ നിങ്ങള്‍ ക്വബ്ര്‍ സന്ദര്‍ശിക്കുക” (മുസ്‌ലിം).

നബി(സ) ക്വബ്ര്‍ സന്ദര്‍ശിക്കുമ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കുമായിരുന്നു: ”വിശ്വാസികളിലും മുസ്‌ലിംകൡലും പെട്ടവരേ, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ സമാധാനം ഉണ്ടാവട്ടെ. നിങ്ങള്‍ ഞങ്ങളുടെ മുന്‍ഗാമികളാണ്. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളോടൊപ്പം ഞങ്ങളും ചേരുന്നതാണ്. നിങ്ങള്‍ ഞങ്ങളെ കാത്തിരിക്കുന്നവരും ഞങ്ങള്‍ നിങ്ങളെ പിന്‍പറ്റുന്നവരുമാണ്. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും അല്ലാഹുവിനോട് രക്ഷ ചോദിക്കുന്നു” (മുസ്‌ലിം).

ക്വബ്ര്‍ സന്ദര്‍ശനത്തിന്റെ ഗുണങ്ങള്‍

അത് മരണത്തെ ഓര്‍മിപ്പിക്കും. അമിതമായ പ്രതീക്ഷ ഇല്ലാതാക്കും. ദുന്‍യാവില്‍ വിരക്തിയുണ്ടാക്കും. അതിലൂടെ ഹൃദയം ലോലമാവും. ഭയത്താല്‍ കണ്ണീര്‍ പൊഴിക്കാന്‍ കാരണമാകും. അശ്രദ്ധ ഇല്ലാതാവും… എന്നാല്‍ നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം മുസ്‌ലിംകളും ക്വബ്ര്‍ സിയാറത്ത് നടത്തുന്നത് എന്തിനാണ്? രോഗശമനത്തിന്, സന്താന സൗഭാഗ്യത്തിന്, കുട്ടികളെ കെട്ടിച്ചയക്കുവാന്‍, ആഗ്രഹ സഫലീകരണത്തിന് തുടങ്ങിയവക്ക്! മരണത്തെ ഓര്‍ക്കുവാന്‍ വേണ്ടി ഇക്കൂട്ടര്‍ ക്വബ്ര്‍ സന്ദര്‍ശിക്കാറുണ്ടോ? പ്രവാചകന്‍(സ) ക്വബ്ര്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ നിലവിളക്കും ചന്ദനത്തിരിയും കത്തിച്ചിരുന്നോ? കാണിക്ക അര്‍പ്പിച്ചിരുന്നോ?

”അല്ലാഹു തന്റെ ദാസന്ന് മതിയായവനല്ലയോ?”'(സുമര്‍:36).

 

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

ഇമാം ബുഖാരിയും സ്വഹീഹുല്‍ ബുഖാരിയും

ഇമാം ബുഖാരിയും സ്വഹീഹുല്‍ ബുഖാരിയും

അല്ലാഹു മാനവര്‍ക്കായി കാലാകാലങ്ങളില്‍ പ്രവാചകന്മാരിലൂടെ നല്‍കിയ മതമാണ് ഇസ്‌ലാം. ആദം നബി(അ) മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ്(സ്വ) വരെയുള്ള മുഴുവന്‍ പ്രാവാചകന്മാരും പ്രബോധനം ചെയ്ത മതം. അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഏക മതം. സമ്പൂര്‍ണമായി തന്റെ രക്ഷിതാവിന് തന്നെ സമര്‍പ്പിക്കലാണത്. അത് മുഹമ്മദ് നബി(സ്വ)യിലൂടെയും വിശുദ്ധ ക്വുര്‍ആനിലൂടെയും പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. ഇനി മാനവരുടെ മാര്‍ഗദര്‍ശനത്തിനായി പ്രവാചക നിയോഗമോ, വേദഗ്രന്ഥാവതരണമോ ഉണ്ടാവില്ല. 

വിശുദ്ധ ക്വുര്‍ആന്‍ അതിന്റെ അവതരണം മുതല്‍ അവസാന നാള്‍വരെയുള്ള മുഴുവന്‍ മനുഷ്യരുടെയും മാര്‍ഗദര്‍ശക ഗ്രന്ഥമാണ്. ക്വുര്‍ആന്‍ അനുസരിച്ച് ജനങ്ങള്‍ എങ്ങനെ ജീവിക്കണമെന്ന് ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് മാതൃകയാകുവാനാണ് അല്ലാഹു മുഹമ്മദ് നബി(സ്വ)യെ നിയോഗിച്ചത്. ദൈവിക ബോധനമനുസരിച്ചുള്ള പ്രവാചകന്‍(സ്വ)യുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളുമാണ് ഹദീഥ് എന്ന പേരില്‍ അറിയപ്പെടുന്നത്. ക്വുര്‍ആനിനെ കൃത്യമായി മനസ്സിലാക്കുവാനും യഥാര്‍ഥ മുസ്‌ലിമാകുവാനും പ്രവാചക ചര്യ സ്വീകരിച്ചേ മതിയാവൂ.  

വിശുദ്ധ ക്വുര്‍ആനും പ്രവാചകചര്യയും സംരക്ഷിക്കുമെന്നത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. ഹദീഥിന്റെ സംരക്ഷണം സനദുകളിലൂടെയാണ് അഥവാ നിവേദക പരമ്പരകളിലൂടെയാണ്.  നബി(സ്വ)യുടെ ഹദീഥുകള്‍ പല ഗ്രന്ഥങ്ങളിലായി വ്യാപിച്ചുകിടക്കുകയാണ്. ആ ഹദീഥ് ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ മുസ്‌ലിം സമൂഹം ഒന്നടങ്കം സ്വീകാര്യമായി അംഗീകരിച്ചിരിക്കുന്ന ഗ്രന്ഥങ്ങളാണ് സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹുല്‍ മുസ്‌ലിമും. സ്വാര്‍ഥതാല്‍പര്യങ്ങളും സങ്കുചിത ചിന്തകളും സംരക്ഷിക്കുവാനും നേടിയെടുക്കുവാനുമായി ഇസ്‌ലാമിന്റെ ശത്രുക്കളും ഇസ്‌ലാമിന്റെ കുപ്പായമിട്ട- ബുദ്ധിജീവികളെന്ന് സ്വയം നടിക്കുന്ന-വരും ഈ രണ്ടു ഗ്രന്ഥങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് പുതിയ സംഭവമല്ല. ഈ ഗ്രന്ഥങ്ങളില്‍ ബുദ്ധിക്ക് നിരക്കാത്ത ഒരുപാട് ഹദീഥുകളുണ്ടെന്ന് പറഞ്ഞ് അതെല്ലാം തള്ളുന്ന പ്രവണത കഴിഞ്ഞകാലങ്ങളില്‍ പ്രകടമായിട്ടുണ്ട്. ആ രോഗം ഇന്ന് അല്‍പം കൂടുതലായി കേരളത്തില്‍ ചിലര്‍ക്കിടയില്‍ കണ്ടുവരാന്‍ തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ആരാണ് ഇമാം ബുഖാരി, എന്താണ് സ്വഹീഹുല്‍ ബുഖാരി എന്ന് മനസ്സിലാക്കേണ്ടതുണ്ട്.

ഇമാം ബുഖാരി(റഹി)

പേര്: മുഹമ്മദുബ്‌നു ഇസ്മാഈലുബ്‌നു ഇബ്‌റാഹീമുബ്‌നുല്‍ മുഗീറതുബ്‌നു ബര്‍ദിസ്ബ. അപര നാമം: അബൂഅബ്ദുല്ലാഹ്. ഹദീഥ് പണ്ഡിതന്മാരുടെ ഇമാമാണ് ഇമാം ബുഖാരി. പിതാവ് ഇമാം മാലികിന്റെ ശിഷ്യന്മാരില്‍ പെട്ട ഹദീഥ് പണ്ഡിതനായിരുന്ന അബുല്‍ ഹസന്‍ ഇസ്മാഈല്‍. ചെറുപ്പത്തില്‍ ഇമാം ബുഖാരിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നെങ്കിലും അല്ലാഹു തിരിച്ചു നല്‍കി. അതിനായി ഉമ്മ ധാരാളമായി അല്ലാഹുവിനോടു പ്രാര്‍ഥിക്കാറുണ്ടായിരുന്നു എന്ന് ഗ്രന്ഥങ്ങളില്‍ കാണാം. ഖുറാസാനിലെ ബുഖാറ’എന്ന ദേശത്ത് ഹിജ്‌റാബ്ദം 194 ശവ്വാല്‍ 13നാണ് ജനിച്ചത്. ചെറുപ്പത്തിലേ പിതാവിന്റെ വിയോഗം കാരണം ഉമ്മയാണ് വളര്‍ത്തിയത്. പത്ത് വയസ്സായപ്പോള്‍ തന്നെ ഹദീഥ് പഠിക്കുവാനും മനഃപാഠമാക്കുവാനും ആരംഭിച്ചുവെന്ന് ഇമാം ബുഖാരി തന്നെ വ്യക്തമാക്കിയതായി കാണാം. ചെറുപ്പത്തില്‍ തന്നെ അന്നുണ്ടായിരുന്ന പല ഹദീഥ് പണ്ഡിതന്മാരുടെയും ശിഷ്യത്വം സ്വീകരിക്കുകയും ഹദീഥുകളിലെ സ്വഹീഹും ദ്വഈഫും (സ്വീകാര്യതയും ദുര്‍ബലതയും) വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. നിവേദകന്മാരെക്കുറിച്ച് ആഴത്തില്‍ പഠിച്ചിരുന്നു. 

പഠനത്തിനായുള്ള യാത്ര 

ഇമാം ബുഖാരിയുടെ പതിനാറാമത്തെ വയസ്സില്‍ ഹിജ്‌റ: 210ല്‍ ബുഖാറയില്‍ നിന്ന് ഹിജാസിലേക്ക് പോയി. വിജ്ഞാനം തേടിയുള്ള ഇമാം ബുഖാരിയുടെ പ്രഥമ യാത്രയായിരുന്നു അത്. മാതാവിനോടും സഹോദരനോടുമൊപ്പം ഹജ്ജിനായി മക്കയില്‍ പ്രവേശിച്ചു. അതിനു ശേഷം ഇമാം ബുഖാരി അവിടെ തന്നെ താമസിച്ചു. പിന്നീട് ഹിജ്‌റ: 212ല്‍ മദീനയിലേക്ക് യാത്ര തിരിച്ചു. ഈ യാത്രയില്‍ വെച്ചാണ് ഇമാം ബുഖാരി തന്റെ”താരീഖുല്‍ കബീര്‍”എന്ന ഗ്രന്ഥം രചിച്ചത്. അന്ന് അദ്ദേഹത്തിന്റെ പ്രായം പതിനെട്ട് വയസ്സ് മാത്രം. അതിനു ശേഷം ‘ബസ്വറയിലേക്കും, അവിടെ നിന്ന് കൂഫയിലേക്കും’ബാഗ്ദാദിലേക്കും യാത്രപോയി. ബസ്വറയിലേക്ക് നാല് പ്രാവശ്യമാണ് യാത്രപോയത്. ഇമാം ബുഖാരി പറയുന്നു: ”വിജ്ഞാനം തേടി ഹദീഥ് പണ്ഡിതന്മാരോടൊപ്പം കൂഫയിലേക്കും ബാഗ്ദാദിലേക്കും എത്ര പ്രാവശ്യമാണ് യാത്ര പോയതെന്ന് എനിക്കറിയില്ല, അത്ര കൂടുതല്‍ തവണ യാത്ര പോയിട്ടുണ്ട്.” ‘

ശാം, മിസ്വ്ര്‍, ജസീറത്തുല്‍ അറബ്, ഖുറാസാന്‍, മര്‍വ്വ്, ബലഖ്, ഹറാത്, നൈസാപൂര്‍, റയ്യ്തുടങ്ങിയ വിവിധ നാടുകളിലേക്ക് ഹദീഥ് വിജ്ഞാനം തേടി ഇമാം ബുഖാരി യാത്ര പോയി. ഇമാം ബുഖാരിക്ക് അല്ലാഹു നല്‍കിയ ബുദ്ധികൂര്‍മതയും മനഃപാഠമാക്കുവാനുള്ള കഴിവും ചെറുതല്ല. ഹദീഥ് വിജ്ഞാനത്തിനും അതിന്റെ വ്യാപനത്തിനുമായി ഇമാം ഒരുപാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഭരണാധികാരികളില്‍ നിന്നും മറ്റും അഭിമുഖീകരിച്ചിട്ടുണ്ട്. 

ഗ്രന്ഥങ്ങള്‍: സ്വഹീഹുല്‍ ബുഖാരി, താരീഖുല്‍ കബീര്‍, താരീഖുല്‍ ഔസത്വ്, താരീഖുസ്സ്വഗീര്‍, അല്‍ജാമിഉല്‍ കബീര്‍, ഖല്‍ഖു അഫ്ആലുല്‍ ഇബാദ്, അദബുല്‍ മുഫ്‌റദ്, ആദാബു മശ്‌യുന്‍ ഇലസ്സ്വലാത് തുടങ്ങി ഏകദേശം ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അതില്‍ മിക്കവയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

പണ്ഡിതന്മാരുടെ വാക്കുകളിലൂടെ

‘സ്വഹീഹുല്‍ ബുഖാരി”എന്ന ഒരു ഗ്രന്ഥം മുസ്‌ലിം സമൂഹത്തിന് സമര്‍പ്പിക്കാനുള്ള അല്ലാഹുവിന്റെ തൗഫീക്വ് ലഭ്യമായതിലൂടെ ഇമാം ബുഖാരിക്കും സ്വഹീഹുല്‍ ബുഖാരിക്കും മുസ്‌ലിം സമുദായത്തിലുള്ള പ്രത്യേകതയും സ്ഥാനവും പണ്ഡിതന്മാരുടെ വാക്കുകളിലൂടെ നമുക്ക് കാണാം. ഉദാഹരണത്തിന് ചിലത് കാണുക:

അബൂനഈം അഹ്മദ്ബ്‌നു ഹമ്മാദ് പറയുന്നു: ‘അദ്ദേഹം (ഇമാം ബുഖാരി) ഈ ഉമ്മത്തിന്റെ ഫഖീഹ് ആകുന്നു.’

ക്വുതൈബബ്‌നു സഈദ് പറയുന്നു: ‘ഭൂമിയുടെ കിഴക്ക് നിന്നും പടിഞ്ഞാറ് നിന്നും ഒരുപാട് വ്യക്തിത്വങ്ങള്‍ എന്റെയടുത്ത് വന്നിട്ടുണ്ട്; മുഹമ്മദ്ബ്‌നു ഇസ്മാഈലുല്‍ ബുഖാരിയെ പോലെ ആരും എന്റെയടുത്ത് വന്നിട്ടില്ല.’

അബൂമുഹമ്മദ് അബ്ദുല്ലാഹ് ബ്‌നു അബ്ദുര്‍റഹ്മാന്‍ അദ്ദാരിമി പറയുന്നു: ‘മുഹമ്മദ്ബ്‌നു ഇസ്മാഈലുല്‍ ബുഖാരി ഞങ്ങളെക്കാള്‍ അറിവുള്ളയാളും ഫിക്വ്ഹില്‍ പാണ്ഡിത്യമുള്ളയാളും വിജ്ഞാനമന്വേഷിക്കുന്നയാളുമാണ്.’

ഇസ്ഹാക്വ്ബ്‌നു റാഹവൈഹി പറയുന്നു: ‘അദ്ദേഹം (ഇമാം ബുഖാരി) എന്നെക്കള്‍ ഉള്‍ക്കാഴ്ചയും അറിവുമുള്ള വ്യക്തിയാകുന്നു.’

അബൂ ഹാതിം അര്‍റാസി പറയുന്നു: ‘ഇറാഖില്‍ പ്രവേശിച്ചവരില്‍ ഏറ്റവും അറിവുള്ളയാള്‍ മുഹമ്മദ്ബ്‌നു ഇസ്മാഈല്‍ ആകുന്നു.’

അഹ്മദ്ബ്‌നു ഹമ്പല്‍ പറയുന്നു: ‘ഖുറാസാന്‍ മുഹമ്മദ്ബ്‌നു ഇസ്മാഈലിനെ പോലെ മറ്റൊരാളെ പുറത്ത്‌കൊണ്ടു വന്നിട്ടില്ല.’

റജാഅ്ബ്‌നു റജാഅ്: പറയുന്നു: ‘അദ്ദേഹം (ബുഖാരി) ഭൂമിയിലൂടെ നടക്കുന്ന അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ഒരു ദൃഷ്ടാന്തമാകുന്നു.’

ഇബ്‌നു ഖുസൈമ പറയുന്നു: ‘ആകാശത്തിനു ചുവട്ടില്‍ മുഹമ്മദ്ബ്‌നു ഇസ്മാഈലുല്‍ ബുഖാരിയെക്കാള്‍ റസൂലുല്ലാഹി(സ്വ)യുടെ ഹദീഥുകളെ സംബന്ധിച്ച് അറിവുള്ള, മനഃപാഠമുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല.’ 

ഹാഫിളുദ്ദഅബി തന്റെ തദ്കിറതുല്‍ ഹുഫ്ഫാളില്‍ പറയുന്നു: ‘ഇമാം ബുഖാരി ബുദ്ധി കൂര്‍മതയിലും വിജ്ഞാനത്തിലും വിരക്തിയിലും ആരാധനയിലും നേതാവായിരുന്നു.’

ഹാഫിളു ഇബ്‌നു ഹജറുല്‍ അസ്ഖലാനി തന്റെ തഖ്‌രീബുത്തഅ്ദീബില്‍ പറയുന്നു: ‘അബൂഅബ്ദുല്ലാഹ് അല്‍ബുഖാരി മനഃപാഠത്തില്‍ പര്‍വതവും ദുന്‍യാവിന്റെ ഇമാമും ഹദീഥില്‍ സ്വീകാര്യനുമാകുന്നു.’

(ഈ ഉദ്ധരണികളെല്ലാം എടുത്തിരിക്കുന്നത് മദീനയിലെ ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ അബ്ബാദിന്റെ ‘ഇമാമുല്‍ ബുഖാരി വ കിതാബുഹു അല്‍ ജാമിഉ സ്സ്വഹീഹ്”എന്ന ഗ്രന്ഥത്തില്‍ നിന്നും ഹാഫിളുല്‍ മിസ്സിയുടെ തഹ്ദീബുല്‍ കമാലില്‍ നിന്നുമാണ്). 

മരണം

അവസാനനാള്‍ വരെയുള്ള മുസ്‌ലിം സമുഹത്തിന് വഴികാട്ടിയായ സ്വഹീഹുല്‍ ബുഖാരിയെന്ന അമൂല്യ ഗ്രന്ഥം സമ്മാനമായി നല്‍കി മഹാനായ മുഹമ്മദുബ്‌നു ഇസ്മാഈലുല്‍ ബുഖാരി(റഹി) ഹിജ്‌റ: 256ല്‍ തന്റെ അറുപത്തി രണ്ടാമത്തെ വയസ്സില്‍ ഈദുല്‍ ഫിത്വ്‌റിന്റെ രാത്രിയില്‍ മരണപ്പെടുകയുണ്ടായി. 

സ്വഹീഹുല്‍ ബുഖാരി

മുസ്‌ലിംകള്‍ക്കിടയില്‍ ‘സ്വഹീഹുല്‍ ബുഖാരി’ എന്ന പേരില്‍ പ്രസിദ്ധമായ ഇമാം ബുഖാരിയുടെ ഹദീഥ് സമാഹാരത്തിന്റെ പൂര്‍ണ നാമം ‘അല്‍ജാമിഅ് അല്‍മുസ്‌നദ് അസ്സ്വഹീഹുല്‍ മുഖ്തസ്വ്ര്‍ മിന്‍ ഉമൂരി റസൂലില്ലാഹി സ്വല്ലല്ലാഹു അലൈഹി വസ്സല്ലം വ സുനനിഹി വഅയ്യാമിഹി”എന്നാണ്. ഈ ഗ്രന്ഥത്തില്‍ ആവര്‍ത്തനം അടക്കം ഏഴായിരത്തി ഇരുന്നൂറ്റി എഴുപത്തിയഞ്ച് ഹദീഥുകളാണുള്ളത്. ആവര്‍ത്തനം കൂടാതെ നാലായിരം ഹദീഥുകളാണുള്ളത്. സനദില്ലാതെ വിഷയക്രമത്തിനും കൂടുതല്‍ തെളിവിനുമായി മുഅല്ലഖായി (അനുബന്ധം) കൊടുത്തിട്ടുള്ള ഹദീഥുകള്‍ ആയിരത്തി മുന്നൂറ്റി നാല്‍പത്തിയൊന്നാണ്. 

കാരണം 

ഇമാം ബുഖാരി ഈ ഗ്രന്ഥം രചിക്കുവാനുള്ള കാരണമായി പറയുന്നത്; ഒരിക്കല്‍ തന്റെ ശൈഖായ ഇസ്ഹാക്വ്ബ്‌നു റാഹവൈഹിയുടെ സദസ്സിലിരിക്കുമ്പോള്‍ അദ്ദേഹം പറയുകയുണ്ടായി: ‘നബി(സ്വ)യുടെ ഹദീഥുകളില്‍ സ്വഹീഹായത് മാത്രം തെരഞ്ഞെടുത്ത് ആരെങ്കിലും ക്രോഡീകരിച്ചിരുന്നെങ്കില്‍ എന്ന് ചിലയാളുകള്‍ നമ്മോട് പറഞ്ഞിരിക്കുന്നു.’ ഇത് കേട്ടപ്പോള്‍ അങ്ങനെ ഒരു ഗ്രന്ഥം എഴുതുവാന്‍ ആരംഭിക്കുകയുണ്ടായി. അങ്ങനെ അദ്ദേഹം മനഃപാഠമാക്കിയ ഹദീഥുകളില്‍ നിന്നാണ് സ്വഹീഹുല്‍ ബുഖാരി തയ്യാറാക്കിയത്.  

നിബന്ധനകള്‍

ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഒരു ഹദീഥ് രേഖപ്പെടുത്തുവാനായി ഹദീഥ് നിദാന ശാസ്ത്ര പ്രകാരമുള്ള നിബന്ധനകള്‍ സ്വീകരിച്ചിട്ടുണ്ട്. ആ നിബന്ധനകള്‍ ഇമാം ബുഖാരി തന്റെ ഗ്രന്ഥത്തിന് നല്‍കിയ പൂര്‍ണനാമത്തില്‍ നിന്ന് തന്നെ വ്യക്തമാണെന്ന് പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങൡ വ്യക്തമാക്കിയിട്ടുണ്ട്. അത്; ഹദീഥിന്റെ സനദിലെ റാവി(റിപ്പോര്‍ട്ടര്‍)മാര്‍ ഒരേ കാലത്ത് ജീവിക്കുകയും പരസ്പരം കണ്ടുമുട്ടുകയും കേള്‍ക്കുകയും ചെയ്യണം. അതോടാപ്പം റാവിമാര്‍ സത്യസന്ധരും നീതിമാന്മാരും ഹദീഥില്‍ നിപുണരും അറിവുള്ളവരും അല്ലാഹുവിനെ ഭയപ്പെടുന്നവരും ഹദീഥുകള്‍ മനഃപാഠമാക്കിയവരോ എഴുതിവെച്ചവരോ ആയിരിക്കുകയും ചെയ്യണം. ഒരു ഹദീഥിന് ഈ നിബന്ധനകളെല്ലാം  പൂര്‍ത്തിയായിയെന്ന് മനസ്സിലായാല്‍ തന്റെ സ്വഹീഹില്‍ രേഖപ്പെടുത്തുന്നതിനു മുമ്പ് ഇമാം ബുഖാരി കുളിക്കുകയും വുദൂഅ് ചെയ്യുകയും ചെയ്തു രണ്ട് റകഅത്ത് ഇസ്തിഖാറയുടെ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തിരുന്നു. ഈ ഗ്രന്ഥത്തിന് തുടക്കം കുറിച്ചത് മക്കയിലെയും മദീനയിലെയും ഹറമുകളില്‍ വെച്ചാണ്. സ്വഹീഹില്‍ രേഖപ്പെടുത്തിയതിനു ശേഷം വീണ്ടും വീണ്ടും പരിശോധിച്ചിരുന്നു. അങ്ങനെ മൂന്ന് പ്രാവശ്യം സ്വഹീഹുല്‍ ബുഖാരി രേഖപ്പെടുത്തിയതിന്റെ അവസാനത്ത രൂപമാണ് ഇന്ന് നാം കാണുന്ന സ്വഹീഹുല്‍ ബുഖാരി. തന്റെ ജീവിത കാലത്ത് തന്നെ അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തന്റെ ഗ്രന്ഥം ശൈഖുമാരെയും ഉസ്താദുമാരെയും കാണിക്കുകയും അവരെക്കൊണ്ട് പരിശോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ ‘അഹ്മദ്ബ്‌നു ഹമ്പല്‍, അലിയ്യുബ്‌നുല്‍ മദീനി, യഹ്‌യബ്‌നു മഈന്‍’തുടങ്ങിയ മുഹദ്ദിസുകളും ഉണ്ട്. അവര്‍ സ്വഹീഹുല്‍ ബുഖാരിയിലുള്ളത് മുഴുവനും സ്വഹീഹാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. സ്വഹീഹായ മുഴുവന്‍ ഹദീഥുകളും ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ രേഖപ്പെടുത്തിയിട്ടില്ല, മറിച്ച് സ്വഹീഹായത് മാത്രമെ തന്റ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ.

മുസ്‌ലിം ഉമ്മത്തിന്റെ ഇജ്മാഅ് 

സ്വഹീഹുല്‍ ബുഖാരിയിലും മുസ്‌ലിമിലുമുള്ള ഹദീഥുകള്‍ മുഴുവനും സ്വഹീഹാണെന്നതിനു മുസ്‌ലിം ഉമ്മത്തിന്റെ ഇജ്മാഅ് ഉള്ളതായി നമുക്ക് പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ കാണാന്‍ സാധിക്കും. ഉദാഹരണത്തിനു ചിലതു മാത്രം കാണുക:  

ഇബ്‌നു കഥീര്‍ തന്റെ ‘അല്‍ബിദായ വന്നിഹായ’യില്‍ പറയുന്നു: ‘അതിലുള്ളത് (അതായത് സ്വഹീഹുല്‍ ബുഖാരിയിലുള്ളത്) സ്വഹീഹാണെന്നതിലും അവ സ്വീകരിക്കണമെന്നതിലും പണ്ഡിതന്മാര്‍ യോജിച്ചിരിക്കുന്നു; അതുപോലെ ഇസ്‌ലാമിലെ മുഴുവനാളുകളും.’…’

ഇബ്‌നു സുബ്കി തന്റെ ‘ത്വബകാതുശ്ശാഫിഈയതുല്‍ കുബ്‌റ’യില്‍ പറയുന്നു: ‘അദ്ദേഹത്തിന്റെ (ഇമാം ബുഖാരിയുടെ) ഗ്രന്ഥം”അല്‍ ജാമിഉസ്സ്വഹീഹ്”അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ ഏറ്റവും മഹത്തായ ഗ്രന്ഥമാകുന്നു.’ 

അബൂഅംറുബ്‌നു സ്വലാഹ് തന്റെ ‘ഉലൂമുല്‍ ഹദീഥി’ല്‍ സ്വഹീഹുല്‍ ബുഖാരിയെയും സ്വഹീഹ് മുസ്‌ലിമിനെയും സംബന്ധിച്ച് വിശദീകരിക്കുമ്പോള്‍ പറയുകയുണ്ടായി: ‘അവര്‍ രണ്ടാളുടെയും (ഇമാം ബുഖാരി, ഇമാം മുസ്‌ലിം) ഗ്രന്ഥങ്ങള്‍ പ്രതാപവാനായ അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥങ്ങളാകുന്നു.’ 

ഇമാം നവവി(റഹി) സ്വഹീഹ് മുസ്‌ലിമിന്റെ വിശദീകരണത്തിന്റെ മുഖവുരയില്‍ പറയുന്നു: ‘പ്രതാപവാനായ അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥങ്ങള്‍ രണ്ട് സ്വഹീഹുകളായ സ്വഹീഹ് ബുഖാരിയും സ്വഹീഹ് മുസ്‌ലിമുമാകുന്നു എന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. മുസ്‌ലിം സമുദായം അത് സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ആ രണ്ട് ഗ്രന്ഥങ്ങളില്‍  ഏറ്റവും കൂടുതല്‍ ഉപകാരപ്രദവും ശരിയായതും ഇമാം ബുഖാരിയുടെ ഗ്രന്ഥമാകുന്നു.’ 

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറയുന്നു: ‘ക്വുര്‍ആനിനു ശേഷം ആകാശത്തിനു ചുവട്ടില്‍ ബുഖാരി, മുസ്‌ലിമിനെക്കാള്‍ ശ്രേഷ്ഠമായ മറ്റൊരു ഗ്രന്ഥമില്ല’ (മജ്മൂഉല്‍ ഫതാവാ: 18/74). (ഈ ഉദ്ധരണികളെല്ലാം എടുത്തിരിക്കുന്നത് മദീനയിലെ ശൈഖ് അബ്ദുല്‍ മുഹ്‌സിന്‍ അബ്ബാദിന്റെ ഇമാമുല്‍ ബുഖാരി വ കിതാബുഹു അല്‍ ജാമിഉസ്സ്വഹീഹ്”എന്ന ഗ്രന്ഥത്തില്‍ നിന്നാണ്). 

വിശദീകരണ ഗ്രന്ഥങ്ങള്‍

അഭിപ്രായ വ്യത്യാസമില്ലാതെ മുസ്‌ലിം സമുദായം ഒന്നടങ്കം സ്വീകരിച്ച സ്വഹീഹുഹുല്‍ ബുഖാരിക്ക് അഹ്‌ലുസ്സുന്നത്തിന്റെ മുന്‍ഗാമികളും പിന്‍ഗാമികളുമായ (ഹിജ്‌റ വര്‍ഷം 300 മുതല്‍ 1400 വരെയുള്ള വ്യത്യസ്ഥ കാലങ്ങളിലെ) ഏകദേശം നാല്‍പതോളം പണ്ഡിതന്മാര്‍ വിശദീകരണം എഴുതിയിട്ടുണ്ട്. ഇവരെല്ലാം തന്നെ മുസ്‌ലിം ലോകത്ത് സ്വഹീഹുല്‍ ബുഖാരിക്കുള്ള സ്ഥാനവും പ്രത്യേകതയും മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് അവ രചിച്ചിട്ടുള്ളത്. 

സ്വഹീഹുല്‍ ബുഖാരിയിലെ ചില ഹദീഥുകളെ സംബന്ധിച്ച് ഇമാം ദാറുക്വുത്വ്‌നി അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ മറ്റു പണ്ഡിതന്മാര്‍ക്കില്ലാത്ത അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് വസ്തു നിഷ്ഠമായി ഇമാം ഇബ്‌നു ഹജറുല്‍ അസ്‌ക്വലാനി മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്. അത് ഫത്ഹുല്‍ ബാരിയില്‍ കാണാവുന്നതാണ്.

സമാപനം

ആരാണ് ഇമാം ബുഖാരി, എന്താണ് സ്വഹീഹുല്‍ ബുഖാരി, ഇസ്‌ലാമിലും മുസ്‌ലിം ഉമ്മത്തിലും സ്വഹീഹുല്‍ ബുഖാരിക്കുള്ള സ്ഥാനമെന്താണ് എന്നെല്ലാം വസ്തുനിഷ്ഠമായി നാം മനസ്സിലാക്കുകയുണ്ടായി. സ്വഹീഹുല്‍ ബുഖാരിയിലെ ഹദീഥുകള്‍ ബുദ്ധിക്ക് യോജിക്കുന്നില്ലായെന്ന് പറഞ്ഞ് നബി(സ്വ)യുടെ ഹദീഥുകളെ തള്ളുകയും പരിഹസിക്കുകയും കൊച്ചാക്കുകയും ചെയ്യുന്നവരും, സംഘടനയെയും നേതാക്കളെയും തൃപ്തിപ്പെടുത്താനായി സ്വഹീഹായ ഹദീഥുകളെ തള്ളിക്കളയുന്നവരും, ഹദീഥുകളെ പരിഹസിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നവര്‍ക്ക് രഹസ്യമായോ പരസ്യമായോ സഹായം ചെയ്യുകയും പ്രസംഗിക്കാനും എഴുതാനും സ്‌റ്റേജും പേജും ഒരുക്കി ക്കൊടുക്കുകയും ചെയ്യുന്നവര്‍ ക്വുര്‍ആനിലെ താഴെ വരുന്ന ആയത്തുകള്‍ പാരായണം ചെയ്യട്ടെ: 

”അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശപറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്” (9/65,66)

 

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

ഇദ്ദ അഥവാ ദീക്ഷാകാലം

ഇദ്ദ അഥവാ ദീക്ഷാകാലം

മരണമോ വിവാഹ മോചനമോ മൂലം ഭര്‍ത്താവുമായി പിരിയേണ്ടി വരുമ്പോള്‍ പുനര്‍വിവാഹം നടത്താതെ ഒരു സ്ത്രീ കാത്തിരിക്കേണ്ട നിശ്ചിത കാലഘമാണ് ദീക്ഷാകാലം (ഇദ്ദ) എന്നത്‌കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഭര്‍ത്താവ് മരണപ്പെടുകയോ, വിവാഹമോചനം നടക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഒരോ സ്ത്രീയും നിര്‍ബന്ധമായും ഇദ്ദഃ അനുഷ്ഠിക്കണമെന്ന് വിശുദ്ധ ക്വുര്‍ആനും നബിചര്യയും പഠിപ്പിക്കുന്നുണ്ട്. അത്തരം സാഹചര്യത്തില്‍ ഒരു സ്ത്രീ ബോധപൂര്‍വം ഇദ്ദ ആചരിക്കല്‍ ഉപേക്ഷിച്ചാല്‍ അവര്‍ തെറ്റുകാരിയാണ്, പാപമോചനം നടത്തല്‍ നിര്‍ബന്ധവുമാണ്.

ഇദ്ദയുടെ ലക്ഷ്യങ്ങള്‍.

ഇദ്ദയുടെ ലക്ഷ്യങ്ങള്‍ പലതാണ്. അതില്‍ പ്രധാനപ്പെട്ടവ കാണുക:

1. പ്രഥമവും പ്രധാനവുമായി അല്ലാഹുവിനെ അനുസരിക്കേണ്ടവരാണ് അവന്റെ അടിമകള്‍. മരണം, വിവാഹമോചനം എന്നിവയ്ക്കനുബന്ധമായി വിശ്വാസിനിയുടെ അനുസരണ പ്രഖ്യാപനമാണ് ഇദ്ദയിലൂടെ നടപ്പിലാക്കുന്നത്.

2. മരണമോ വിവാഹ മോചനമോ മൂലം ഭര്‍ത്താവുമായി പിരിയേണ്ടി വരുമ്പോള്‍ അദ്ദേഹത്തില്‍ നിന്നും താന്‍ ഗര്‍ഭിണിയാണോ എന്ന് തിരിച്ചറിയുവാനും, അതിലൂടെ ജനിക്കുന്ന കുഞ്ഞിന് തന്റെ പിതാവില്‍ നിന്നും ലഭിക്കേണ്ട അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കുവാനും, കുലബന്ധത്തിന് തകര്‍ച്ച സംഭവിക്കാതിരിക്കാനും വേണ്ടി.

3. ഒന്നും രണ്ടും ത്വലാകുകളുടെ ഭാഗമായാണ് ഇദ്ദ അനുഷ്ഠിക്കുന്നതെങ്കില്‍ ദമ്പതികള്‍ക്ക് തങ്ങളില്‍ നിന്നും സംഭവിച്ച വീഴ്ചകള്‍ തിരിച്ചറിഞ്ഞ് പരസ്പരം തിരുത്തുവാനും വിഛേദിക്കപ്പെട്ട ബന്ധം ഒന്നിപ്പിക്കുവാനുമുള്ള അവസരം ഉണ്ടാക്കല്‍.

4. ബന്ധങ്ങള്‍ പവിത്രമാണെന്നും വിവാഹവും വിവാഹമോചനവും കളിതമാശയല്ലെന്നും ബോധ്യപ്പെടുത്തല്‍.

5. തനിക്ക് അല്ലാഹു നല്‍കിയ, അവന്റെ അനുഗ്രഹമായ തന്റെ ഇണ നഷ്ടപ്പെടുമ്പോള്‍ ഒരു ഇണക്ക് ദുഃഖമുണ്ടാകുക മനുഷ്യസഹചമാണ്. ആ ദുഃഖം ഏറ്റവും മാന്യമായി ആചരിക്കാനുള്ള അവസരം ഒരുക്കുക എന്നതും ഇദ്ദയുടെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്.

വിധവയും ദീക്ഷാകാലഘട്ടങ്ങളും

വിധവകളുടെ സാഹചര്യം വ്യത്യാസപ്പെടുന്നതിനനുസൃതമായി ഇദ്ദയുടെ കാലയളവിലും മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. സാധാരണ ഗതിയില്‍ നാലുമാസവും പത്ത് ദിവസവുമാണ് വിധവകള്‍ ഇദ്ദ അനുഷ്ഠിക്കേണ്ടത്.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു; ”നിങ്ങളില്‍ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ (ഭാര്യമാര്‍) തങ്ങളുടെ കാര്യത്തില്‍ നാലു മാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്”(ക്വുര്‍ആന്‍ 2:234).

ഭര്‍ത്താവ് മരണപ്പെടുന്ന സമയത്ത് ആര്‍ത്തവാവസ്ഥയിലുള്ളവരോ, ഗര്‍ഭിണികള്‍ അല്ലാത്തവരോ, പ്രായാധിക്യം കാരണത്താല്‍ ആര്‍ത്തവം നിലച്ചവരോ ആയ സ്ത്രീകള്‍, വിവാഹ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് തന്നെ ഭര്‍ത്താവ് മരണപ്പെട്ടവര്‍ എന്നിവര്‍ ഈ വിധിയുടെ പരിധിയില്‍ വരുന്നവരാണ്.

വഴക്കോ വക്കാണമോ മൂലം ഭര്‍ത്താവുമായി നിലവില്‍ ബന്ധമില്ല. എന്നാല്‍ അവര്‍ തമ്മില്‍ വിവാഹ മോചനം നടന്നിട്ടുമില്ല. ഇത്തരം സാഹചര്യത്തില്‍ വിധവയാകേണ്ടി വരുന്നവരും നാല് മാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിക്കേണ്ടാണ്. 

എന്നാല്‍ ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ ഒരു സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നത്‌വരെയാണ് അവളുടെ ഇദ്ദ കാലയളവ്. ഭര്‍ത്താവ് മരണപ്പെട്ട അടുത്ത സമയത്ത് തന്നെ അവള്‍ പ്രസവിച്ചാലും അവളുടെ ഇദ്ദ പ്രസവത്തോടെ അവസാനിക്കുന്നതാണ്. ഇത് സഅദ്ബ്‌നു ഖൗല(റ)വിന്റെ ഭാര്യയായിരുന്ന സുബൈഅത്തുല്‍ അസ്‌ലമിയ്യയുടെ സംഭവത്തില്‍ നിന്നും വ്യക്തമാണ്. ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഹദീഥിന്റെ സംക്ഷിപ്ത രൂപം കാണുക.

സഅദ്(റ) മരണപ്പെട്ട് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന സുബൈഅ(റ) പ്രസവിച്ചു. അതിനുശേഷം സുബൈഅ(റ) പുനര്‍ വിവാഹത്തിന് തയ്യാറായി. നാലു മാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിക്കാത്ത കാരണത്താല്‍ ബനുദ്ദാര്‍ ഗോത്രത്തില്‍പെട്ട ബഅകകിന്റെ മകന്‍ അബൂസനാബില്‍ സുബൈഅ(റ)യെ കുറ്റപ്പെടുത്തി സംസാരിച്ചു. തദവസരിത്തില്‍ സുബൈഅ(റ) നബി(സ്വ) യുടെ അടുക്കല്‍ ചെല്ലുകയും പ്രസ്തുത വിഷയത്തിലുള്ള മതവിധി തേടുകയും ചെയ്തു. അപ്പോള്‍ നബി(സ്വ) തന്നോട് പറഞ്ഞത് തന്റെ വാക്കിലൂടെ സുബൈഅ(റ) വ്യക്തമാക്കുന്നു: ”ഞാന്‍ പ്രസവിച്ചതോടെ എന്റെ ഇദ്ദ അവസാനിച്ചു. എന്നോട് നബി(സ്വ) വിവാഹം ചെയ്യാന്‍ കല്‍പിക്കുകയും ചെയ്തു.”

ഒരാള്‍ വിദേശത്തോ മറ്റോ വെച്ച് മരണപ്പെടുകയും ആ വിവരം നാട്ടിലറിയാതെ പോകുകയും ചെയ്തു. ഏറെ കാലത്തിനു ശേഷമാണ് മരണവാര്‍ത്ത അറിഞ്ഞതെങ്കില്‍ അത്തരം സാഹചര്യത്തില്‍ അയാളുടെ ഭാര്യ ഇദ്ദ അനുഷ്ഠിക്കേണ്ടതില്ല. ഇനി ഇദ്ദയുടെ കാലയളവ് തീരുന്നതിന് മുമ്പായി ആ വാര്‍ത്ത അറിയുകയാണെങ്കില്‍ അതില്‍ നിന്നും അവശേഷിക്കുന്ന ദിവസം അവള്‍ ഇദ്ദ അനുഷ്ഠിക്കേണ്ടതാണ്. നഷ്ടപ്പെട്ട ദിവസങ്ങള്‍ പിന്നീട് വീണ്ടെടുക്കേണ്ടതുമില്ല.

അകാരണമായി ആര്‍ത്തവവിരാമം ഉണ്ടാകുകയും ആര്‍ത്തവവിരാമത്തിന്റെ കാരണം അറിയാതെ പോകുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ വിരളമായെങ്കിലും ചില സ്ത്രീകളില്‍ കണ്ടുവരാറുണ്ട്. അത്തരം അവസ്ഥയില്‍ ഒരു സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെടുകയാണെങ്കില്‍ അവള്‍ ചന്ദ്രമാസ പ്രകാരം ഒരു വര്‍ഷം ഇദ്ദ അനുഷ്ഠിക്കേണ്ടതാണ്. മുലയൂട്ടല്‍, രോഗം മുതലായ കാരണങ്ങളാല്‍ താല്‍കാലികമായി ആര്‍ത്തവം നിലച്ച അവസ്ഥയിലാണ് ഒരു സ്ത്രീ വിധവയാകുന്നതെങ്കില്‍ നാലുമാസവും പത്ത് ദിവസവും തന്നെയാണ് ഇദ്ദ അനുഷ്ഠിക്കേണ്ടത്. അതിനിടയില്‍ അവള്‍ക്ക് മാസമുറ ഉണ്ടായില്ലെങ്കില്‍ അവള്‍ ആര്‍ത്തവകാരിയാകുന്നത് വരെ ഇദ്ദ അനുഷ്ഠിക്കേണ്ടതാണ്.

പ്രസ്തുത വിഷയത്തില്‍ മഹാന്മാരായ ഉമര്‍(റ), ഉഥ്മാന്‍(റ), അലി(റ) എന്നിവര്‍ ഇപ്രകാരമാണ് വിധി പ്രസ്താവിച്ചത്. 

വിവാഹമോചിത ഇദ്ദ അനുഷ്ഠിക്കുന്നതിനിടയില്‍ ഭര്‍ത്താവ് മരണപ്പെട്ടാല്‍

ഒന്നാമത്തെയോ രണ്ടാമത്തെയോ ത്വലാഖ് (വിവാഹ മോചനം) ചൊല്ലപ്പെടുകയും അതിന്റെ ഇദ്ദ അനുഷ്ഠിക്കപ്പെടുകയും ചെയ്യുന്ന അവസരത്തിലാണ് ഭര്‍ത്താവ് മരണപ്പെടുന്നത് എങ്കില്‍ മരണപ്പെട്ട നിമിഷം മുതല്‍ നാലുമാസവും പത്ത് ദിവസവും വിധവ എന്ന നിലയില്‍ സ്ത്രീ ദീക്ഷാകാലം അനുഷ്ഠിക്കണം.

അവള്‍ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നത്‌വരെയാണ് ദീക്ഷാകാലയളവ്. അവള്‍ ഭര്‍ത്താവില്‍ നിന്നുള്ള അനന്തരസ്വത്തിന് അര്‍ഹയുമാണ്. എന്നാല്‍ മൂന്നാമത്തെ ത്വലാഖിന്റെ ഇദ്ദ അനുഷ്ഠിക്കുന്ന അവസരത്തിലാണ് ഭര്‍ത്താവ് മരണപ്പെടുന്നതെങ്കില്‍ അവള്‍ വിധവ എന്നനിലക്ക് ദീക്ഷാകാലം അനുഷ്ഠിക്കേണ്ടതില്ല. അവള്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്നും അനന്തരമെടുക്കുകയുമില്ല.

ഇദ്ദയുടെ മര്യാദകള്‍

ഇദ്ദയുമായി ബന്ധപ്പെട്ട് ഇസ്‌ലാം പഠിപ്പിക്കാത്ത ധാരാളം നിബന്ധനകളും ദുരാചാരങ്ങളും നമ്മുടെ നാടുകളില്‍ ആചരിക്കപ്പെടാറുണ്ട്. ഇദ്ദ ഒരു ആരാധനയായതുകൊണ്ടുതന്നെ ഇസ്‌ലാം പഠിപ്പിക്കാത്ത ഒരു കാര്യവും ഇദ്ദയുമായി കൂട്ടിച്ചേര്‍ക്കാന്‍ പാടുള്ളതല്ല. അത് ബിദ്അത്തായി (പുത്തനാചാരം) ഗണിക്കപ്പെടുന്നതായിരിക്കും. തല്‍ഫലമായി പ്രതിഫലത്തിനു പകരം ശിക്ഷയായിരിക്കും നല്‍കപ്പെടുക. 

ഭര്‍ത്താവിന്റെ മരണം സംഭവിക്കുന്നതോടെയാണ് വിധവയുടെ ഇദ്ദ ആരംഭിക്കുന്നത്. പലപ്പോഴും നമ്മുടെ നാടുകളില്‍ മയ്യിത്ത് വീട്ടില്‍ നിന്ന് ഇറക്കിയതിനുശേഷമോ മറമാടപ്പെട്ടതിനുശേഷമോ ആണ് സാധാരണഗതിയില്‍ ഇദ്ദ തുടങ്ങാറുള്ളത്. ഇത് ശരിയായ നിലപാടല്ല.

ഇദ്ദക്കുവേണ്ടി പ്രത്യേകം കുളിക്കലും, പ്രത്യേക നിറത്തിലുള്ള വസ്ത്രം ഇദ്ദാനുഷ്ഠാന കാലയളവില്‍ ധരിക്കുന്നതായും കാണാം. ഇതൊന്നും പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട കാര്യങ്ങളല്ല. സാധാരണഗതിയില്‍ തങ്ങളുടെ വീടുകളില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ തന്നെ ഇദ്ദാകാലയളവില്‍ സ്ത്രീകള്‍ക്ക് ധരിക്കാവുന്നതാണ്. എന്നാല്‍ ഭംഗിയുള്ളതും തന്റെ ശരീരഭംഗിയെ വര്‍ധിപ്പിക്കുകയും ചെയ്യുന്ന വസ്ത്രമോ മറ്റു വസ്തുക്കളോ ഇദ്ദയുടെ കാലയളവില്‍ സ്ത്രീ ഉപയോഗിക്കരുതെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. 

ഉമ്മുസലമ(റ)യില്‍ നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: ”ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ (ഇദ്ദയുടെ കാലയളവില്‍) മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള (ഭംഗിയുള്ള) വസ്ത്രങ്ങള്‍ അണിയുകയോ ആഭരണങ്ങള്‍ ധരിക്കുകയോ മൈലാഞ്ചി ഉപയോഗിക്കുകയോ സുറുമ ഉപയോഗിക്കുകയോ (കണ്ണെഴുതുക) ചെയ്യരുത്” (അബൂദാവൂദ്).    

അതുപോലെ പരിമളം പരത്തുന്ന എണ്ണകള്‍, മറ്റു സുഗന്ധവസ്തുക്കള്‍ എന്നിവ പ്രസ്തുത കാലയളവില്‍ സ്ത്രീകള്‍ വര്‍ജിക്കേണ്ടതാണ്. കൂടുതല്‍ സമയം സുഗന്ധം തങ്ങിനില്‍ക്കാത്ത സോപ്പ്, ഷാമ്പൂ പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ച് കുളിക്കുന്നത് വിരോധിക്കപ്പെട്ട കാര്യമല്ല എന്നാണ് ആധുനികരായ പണ്ഡിതന്മാരുടെ അഭിപ്രായം.

വിധവകള്‍ ഇദ്ദ അനുഷ്ഠിഷ്ഠിക്കേണ്ടത് അവരുടെ ഭര്‍തൃഗൃഹങ്ങളിലാണ്. മതപരവും ശാരീരികവുമായ നിര്‍ഭയത്വം നഷ്ടപ്പെടുന്നതുവരെ ഭര്‍തൃഗൃഹം ഉപേക്ഷിച്ച് മറ്റു ഭവനങ്ങളില്‍ ഇദ്ദ അനുഷ്ഠിക്കുന്നത് ഇസ്‌ലാമികമായി തെറ്റാകുന്നു. ഇമാം അബൂദാവൂദ് ഉദ്ദരിച്ച ഒരു ഹദീഥിന്റെ സംക്ഷിപ്ത രൂപം കാണുക.

ഫരീഅ ബിന്‍ത് മാലിക്(റ)യുടെ ഭര്‍ത്താവ് നബി(സ്വ)യുടെ കാലത്ത് കൊല്ലപ്പെടുകയുണ്ടായി. തന്റെ സഹോദരന്മാരുടെ വീട്ടില്‍ ഇദ്ദ അനുഷ്ഠിക്കാനുള്ള അനുവാദം നബിയോട് മഹതി ചോദിച്ചു. ആദ്യം നബി(സ്വ) അനുവാദം നല്‍കി. മഹതി തിരിച്ചുപോകുമ്പോള്‍ നബി(സ്വ) അവരെ വിളിക്കുകയും ഇദ്ദയുടെ കാലം അവസാനിക്കുന്നതുവരെ തന്റെ (ഭര്‍ത്താവിന്റെ) വീട്ടില്‍ തന്നെ താമസിക്കുവാന്‍ ആവശ്യപ്പെട്ടു. അതുപ്രകാരം നാലുമാസവും പത്തുദിവസവും മഹതി അവരുടെ ഭര്‍ത്താവിന്റ വീട്ടില്‍ തന്നെ ഇദ്ദയനുഷ്ഠിക്കുകയുണ്ടായി.

ആരാധനാകര്‍മങ്ങള്‍ നില്‍വഹിക്കുവാനായി ഇദ്ദാകാലയളവില്‍ പള്ളികളിലേക്കും മറ്റും പോകല്‍ അനുചിതമാണ്. പ്രസ്തുത കാലയളവില്‍ ഹജ്ജ്, ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാനായി പുറപ്പെടലും നിഷിദ്ധമാണ്. എന്നാല്‍, ചികിത്സപോലുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ വീട്ടില്‍ നിന്നും പുറത്ത് പോകുന്നത് വിലക്കപ്പെട്ട കാര്യമല്ല. പഠനം, പരീക്ഷയില്‍ പങ്കെടുക്കുക മുതലായ കാര്യങ്ങള്‍ക്ക് ഇദ്ദയുടെ മര്യാദകള്‍ പാലിച്ച് കൊണ്ട് പുറത്ത് പോകുന്നത് വിരോധിക്കപ്പെടേണ്ട കാര്യമില്ല എന്ന പണ്ഡിതാഭിപ്രായമാണ് പ്രസ്തുത വിഷയത്തിലെ ശരിയായ നിലപാട്.

ദീക്ഷാകാലം കഴിയുന്നതിന് മുമ്പ് വിധവയെ മറ്റൊരാള്‍ വിവാഹം ചെയ്യുന്നത് വിലക്കപ്പെട്ട (ഹറാം) കാര്യമാണ്. അത്തരം സാഹചര്യങ്ങളില്‍ നടന്ന വിവാഹങ്ങള്‍ ഇസ്‌ലാമിക ദൃഷ്ടിയില്‍ അസാധുവാണ്. അത്തരത്തില്‍ വിവാഹിതരായവര്‍ പശ്ചാത്തപിക്കുകയും അവരുടെ വിവാഹ ബന്ധം തുടരണമെങ്കില്‍ ദീക്ഷാകാലത്തിനു ശേഷം പുതിയ വിവാഹം നടത്തുകയും ചെയ്യേണ്ടതുണ്ട്.

ദീക്ഷാകാലത്തും അല്ലാത്ത അവസ്ഥയിലും വിവാഹബന്ധം അനുവദനീയമായ പുരുഷന്മാരുമായി ഒരേ രൂപത്തില്‍ തന്നെയാണ് സ്ത്രീകള്‍ ഇടപെടേണ്ടത്. ദീക്ഷാകാലയളവില്‍ പ്രത്യേക സൂക്ഷ്മതയും അല്ലാത്ത സമയത്ത് പ്രത്യേക സ്വാതന്ത്ര്യവും ഇസ്‌ലാം നല്‍കുന്നില്ല എന്നും സൂചിപ്പിക്കേണ്ടതില്ലല്ലോ.

ഭര്‍ത്താവല്ലാത്ത ആരു മരണപ്പെട്ടാലും മൂന്ന് ദിവസത്തില്‍ കൂടുതല്‍ ദുഃഖം ആചരിക്കാന്‍ മതം ഒരാള്‍ക്കും അനുവാദം നല്‍കുന്നില്ല എന്നതും നബി വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. മതത്തിന് അന്യമായ നാട്ടാചാരങ്ങളും കൂട്ടിച്ചേര്‍ക്കലുകളും ഇത്തരം കാര്യങ്ങളിലും വര്‍ജിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് കര്‍മങ്ങളുടെ സ്വീകാര്യതയെ ബാധിക്കുമെന്ന് തിരിച്ചറിയുക. 

ശബീബ് സ്വലാഹി
നേർപഥം വാരിക

പ്രവാചകചര്യ: സത്യവിശ്വാസികള്‍ക്ക് പ്രമാണമാണ്

പ്രവാചകചര്യ: സത്യവിശ്വാസികള്‍ക്ക് പ്രമാണമാണ്

ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് പരിപൂര്‍ണമായി കീഴ്‌പെടാതെ, പല രൂപത്തിലും കോലത്തിലും പ്രമാണങ്ങളെ നിഷേധിക്കുന്ന പ്രവണത മുസ്‌ലിം സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. മുന്‍കാലങ്ങളില്‍ പ്രമാണ വിരോധികള്‍ ഏതു വഴികളാണോ അതിന് സ്വീകരിച്ചിരുന്നത് അതേ വഴികള്‍ തന്നെയാണ് നിഷേധികള്‍ ഇന്നും സ്വീകരിക്കുന്നത്. 

അല്ലാഹു പറയുന്നു: ”അവരുടെ ഹൃദയങ്ങളില്‍ വല്ല രോഗവുമുണ്ടോ? അതല്ല അവര്‍ക്ക് സംശയം പിടിപെട്ടിരിക്കുകയാണോ? അതല്ല അല്ലാഹുവും അവന്റെ റസൂലും അവരോട് അനീതി പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? അല്ല, അവര്‍ തന്നെയാകുന്നു അക്രമികള്‍! തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍” (ക്വുര്‍ആന്‍ 24:50,51).

ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ”ഇവിടെ അല്ലാഹുവിന്റെയും റസൂലി ﷺ ന്റെയും വിളിക്ക് ഉത്തരം നല്‍കുന്ന വിശ്വാസികളുടെ വിശേഷണത്തെ കുറിച്ചാണ് സൂചന. അല്ലാഹുവിന്റെ കിതാബും നബിയുടെ സുന്നത്തുമില്ലാതെ അവര്‍ ദീനിനെ കൊതിക്കുകയില്ല” (തഫ്‌സീര്‍ ഇബ്‌നു കഥീര്‍ 3:396).

എന്നാല്‍ ഇതിന് നേര്‍വിപരീതം പ്രവര്‍ത്തിക്കുന്നവര്‍, അതായത് ‘ഞങ്ങള്‍ കേള്‍ക്കുന്നു, ഞങ്ങള്‍ ധിക്കരിക്കുന്നു’ എന്നത് ജൂത-ക്രിസ്ത്യാനികളുടെ നിലപാടാണ്.

അല്ലാഹു പറയുന്നു: ”യഹൂദരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍). വാക്കുകളെ അവന്‍ സ്ഥാനം തെറ്റിച്ച് പ്രയോഗിക്കുന്നു. തങ്ങളുടെ നാവുകള്‍ വളച്ചൊടിച്ച് കൊണ്ടും മതത്തെ കുത്തിപ്പറഞ്ഞ് കൊണ്ടും സമിഅ്‌നാ വഅസൈ്വനാ എന്നും ഇസ്മഅ് ഗൈറ മുസ്മഅ് എന്നും റാഇനാ എന്നും അവര്‍ പറയുന്നു. സമിഅ്‌നാ വഅത്വഅ്‌നാ (ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു) എന്നും ഇസ്മഅ് (കേള്‍ക്കണേ) എന്നും ഉന്‍ളുര്‍നാ (ഞങ്ങളെ ഗൗനിക്കണേ) എന്നും അവര്‍ പറഞ്ഞിരുന്നെങ്കില്‍ അതവര്‍ക്ക് കൂടുതല്‍ ഉത്തമവും വക്രതയില്ലാത്തതും ആകുമായിരുന്നു. പക്ഷേ, അല്ലാഹു അവരുടെ നിഷേധം കാരണമായി അവരെ ശപിച്ചിരിക്കുന്നു. അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല; ചുരുക്കത്തിലല്ലാതെ” (ക്വുര്‍ആന്‍ 4:46).

അല്ലാഹുവിലേക്കും റസൂലി ﷺ ലേക്കും വിളിക്കപ്പെട്ടാല്‍ പുറംതിരിഞ്ഞ് പോകുന്നവര്‍ കപട വിശ്വാസികളാണ്.

അല്ലാഹു പറയുന്നു: ”അവര്‍ പറയുന്നു: ഞങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്. പിന്നെ അതിന് ശേഷം അവരില്‍ ഒരു വിഭാഗമതാ പിന്‍മാറിപ്പോകുന്നു. അവര്‍ വിശ്വാസികളല്ല തന്നെ. അവര്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും അവര്‍ വിളിക്കപ്പെട്ടാല്‍ അപ്പോഴതാ അവരില്‍ ഒരു വിഭാഗം തിരിഞ്ഞുകളയുന്നു” (ക്വുര്‍ആന്‍ 24:47,48).

പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടുവന്ന കാര്യങ്ങളില്‍ ചിലത് സ്വീകരിക്കുക, ചിലത് ഒഴിവാക്കുക എന്നത് സത്യനിഷേധികളുടെ സ്വഭാവമാണ്.

അല്ലാഹു പറയുന്നു: ”നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറുയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചുകൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്” (ക്വുര്‍ആന്‍ 9:65,66).

പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന് പകരം സംശയകരമായ നലപാട് സ്വീകരിക്കുന്നവര്‍ സത്യനിഷേധികളാണ്. അല്ലാഹ പറയുന്നു: ”എങ്കിലും അവര്‍ സംശയത്തില്‍ കളിക്കുകയാകുന്നു” (ക്വുര്‍ആന്‍ 44:9).

അല്ലാഹുവും റസൂലും ﷺ അറിയിച്ച കാര്യങ്ങളെ പരിഹസിക്കുക എന്നതും ഏറെ ഗൗരവമുള്ളത് തന്നെ. 

അല്ലാഹു പറയുന്നു: ”നീ അവരോട് (അതിനെപ്പറ്റി) ചോദിച്ചാല്‍ അവര്‍ പറയും: ഞങ്ങള്‍ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവന്റെ ദൃഷ്ടാന്തങ്ങളെയും അവന്റെ ദൂതനെയുമാണോ നിങ്ങള്‍ പരിഹസിച്ചു കൊണ്ടിരിക്കുന്നത്? നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍ തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ നല്‍കുന്നതാണ്” (ക്വുര്‍ആന്‍ 9:65,66).

തന്റെ അടിമകളോട് ഏറെ കാരുണ്യവാനായ രക്ഷിതാവ് പ്രമാണ വിരോധികളും പരിഹസിക്കുന്നവരുമായവരോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് പറഞ്ഞുതരുന്നത് കാണുക: 

”നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞു കളയുക. ഇനി വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്” (ക്വുര്‍ആന്‍ 6:68).

പ്രമാണങ്ങളുടെ പരിപൂര്‍ണ സംരക്ഷണം അല്ലാഹു ഏറ്റെടുത്തതാണ്: പരിപൂര്‍ണ സംരക്ഷണം അല്ലാഹുവിലാണെന്ന് പറഞ്ഞാല്‍ പ്രമാണങ്ങളിലേക്ക് എന്തെങ്കിലുമൊന്ന് കൂട്ടിച്ചേര്‍ക്കാനോ, ഉള്ളത് കുറച്ച് കളയാനോ സാധ്യമല്ലെന്നര്‍ഥം. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്” (ക്വുര്‍ആന്‍ 15:9).

പ്രമാണങ്ങള്‍ മനസ്സിലാക്കുന്നേടത്ത് നാം മാര്‍ഗം സ്വീകരിക്കേണ്ടത് ഉത്തമ തലമുറയുടേതാണ്.

ഉത്തമ തലമുറ എന്നാല്‍ നബി ﷺ എടുത്തു പറഞ്ഞ മൂന്ന് നൂറ്റാണ്ടില്‍ ജീവിച്ചവരാണ്. അബ്ദുല്ല (റ)വില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”ജനങ്ങളില്‍ ഉത്തമര്‍ എന്റെ തലമുറയാണ്. പിന്നെ അവരെ തുടര്‍ന്ന് വരുന്നവര്‍, പിന്നെ അവരെ തുടര്‍ന്ന് വരുന്നവര്‍” (ബുഖാരി: 2452).

ഇവരുടേതല്ലാത്ത ഒരു മാര്‍ഗം പിന്‍പറ്റുന്നവര്‍ നിശ്ചയം നരകത്തിന്റെ വഴിയില്‍ പ്രവേശിക്കുന്നതാണ്. അല്ലാഹു പറയുന്നു:

”തനിക്ക് സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നിര്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവര്‍ തിരിഞ്ഞവഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (ക്വുര്‍ആന്‍ 4:115).

ഇസ്‌ലാമിക വൃത്തത്തിലുള്ള കാര്യങ്ങള്‍ സമൂഹത്തിന് അറിയിച്ച് കൊടുക്കുന്ന അടിസ്ഥാന പ്രമാണങ്ങളിലൊന്നായ ഹദീഥുകള്‍ സ്വീകരിക്കുന്നേടത്ത് നാം എത്രത്തോളം കണിശത കാണിക്കുമെന്ന് ബോധ്യമാക്കിത്തരുന്ന ചില കാര്യങ്ങള്‍ നാം മനസ്സിലാക്കി. പ്രമാണങ്ങള്‍ മനസ്സിലാക്കുന്നേടത്ത് ഒന്നിനു പുറകെ മറ്റൊന്നായി അബദ്ധങ്ങള്‍ എക്കാലത്തും പിടികൂടാനുള്ള പ്രധാന കാരണം  ഈമാനും ഇഖ്‌ലാസും അറിവും വിവേകവും ഒന്നിക്കാത്തതാണ്. 

സ്വഹീഹായ ഹദീഥുകള്‍ സ്വീകരിക്കാതെ ദുര്‍ബല ഹദീഥുകളെ പിന്തുടരുന്നവരും ഹദീഥുകളെ പരിപൂര്‍ണമായി നിഷേധിക്കുന്നവരും, ഹദീഥുകളെ തങ്ങളുടെ പരിമിതമായ ബുദ്ധി ഉപയോഗിച്ച് അളക്കുന്നവരും, പലതും ആധുനിക ലോകത്ത് ജീവിച്ചിരിക്കുന്നവരെ കേള്‍പിക്കേണ്ടതില്ല; മാറ്റിവെക്കേണ്ടവയാണെന്ന് പുലമ്പുന്നവരും ഹദീഥുകള്‍ നിഷേധിക്കുന്നതില്‍ ഒരേ വൃത്തത്തില്‍ തന്നെയാണെന്നത് സംശയിക്കേണ്ടതില്ല. ഓര്‍ക്കുക, പരലോക മോക്ഷമാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ ഇസ്‌ലാമിന്റെ ആധാരമായ പ്രമാണങ്ങള്‍ അംഗീകരിക്കലും അവയ്ക്ക് കീഴ്‌പ്പെടലുമാണ് നല്ലത്. 

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

ഹദീഥ് സംരക്ഷണത്തില്‍ പൂര്‍വികരുടെ ത്യാഗപരിശ്രമങ്ങള്‍

ഹദീഥ് സംരക്ഷണത്തില്‍ പൂര്‍വികരുടെ ത്യാഗപരിശ്രമങ്ങള്‍

ബുഖാരി അബൂദര്‍റി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: ”നിങ്ങള്‍ വാള്‍ ഇവിടെ വെക്കുകയും (എന്നിട്ടദ്ദേഹം തന്റെ പിരടിയിലേക്ക് ചൂണ്ടി) ശേഷം നബി ﷺ യില്‍ നിന്ന് ഞാന്‍ കേട്ട ഒരു വചനം നഷ്ടപ്പെടുമോ എന്ന് ഞാന്‍ ഭയപ്പെടുകയും ചെയ്താല്‍. നിങ്ങളെന്നെ ‘യാത്രയാക്കുന്നതി’ന് മുമ്പ് ഞാനത് സംരക്ഷിക്കുന്നതാണ്” (ബുഖാരി, കിതാബുല്‍ ഇല്‍മ്; ദാരിമി, മുക്വദ്ദിമ).

ബിശ്‌റുബ്‌നു അബ്ദില്ലാ(റ)യില്‍ നിന്ന് ദാരിമി ഉദ്ധരിക്കുന്നു:  ”ഒരു ഹദീഥിനു വേണ്ടി ഒരു നാട്ടിലേക്ക് യാത്ര പോകേണ്ടി വന്നാലും ഞാനത് ചെയ്യുമായിരുന്നു.”

സഈദുബ്‌നു ജൂബൈറി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു: അദ്ദേഹം ഒരിക്കല്‍ നബി ﷺ യുടെ ഒരു ഹദീഥ് പറയുകയായിരുന്നു. അപ്പോള്‍ ഒരാള്‍ അദ്ദേഹത്തോടു പറഞ്ഞു: ‘അല്ലാഹുവിന്റെ കിതാബിലുള്ളത് ഇതിന് എതിരാണല്ലൊ.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ താങ്കളോട് നബി ﷺ യില്‍ നിന്ന് ഹദീഥ് പറയുകയും താങ്കളത് കുര്‍ആനുമായി ഒത്തുനോക്കുകയും ചെയ്യുന്നതിനെ നല്ലതായി ഞാന്‍ കാണുന്നില്ല. നബി ﷺ  താങ്കളെക്കാള്‍ അല്ലാഹുവിന്റെ കിതാബ് നന്നായി അറിയുന്നവനായിരുന്നു.’ ഇത് ഞാന്‍ (സുയൂത്വി) ദാരിമിയുടെ മുസ്‌നദില്‍ നിന്നെടുത്തതാണ്.

ലാലകാഇയുടെ ‘അസ്സുന്ന’ എന്ന ഗ്രന്ഥത്തില്‍ നിന്നും ഈ ആശയത്തില്‍ വന്ന ഏതാനും റിപ്പോര്‍ട്ടുകള്‍: ഉബയ്യ്ബ്‌നു കഅബി(റ)ല്‍ നിന്ന് തന്റെ സനദിലൂടെ അദ്ദേഹം ഉദ്ധരിക്കുന്നു: ”സുന്നത്തിന് വിരുദ്ധമായ കഠിനപ്രയത്‌നത്തെക്കാള്‍ എത്രയോ ഉത്തമമാണ് സുന്നത്തില്‍ മിതത്വം പാലിക്കല്‍.”

അബുദ്ദര്‍ദാഅ്(റ)വില്‍ നിന്നും ഇതേപോലെ ഉദ്ധരിക്കുന്നുണ്ട്.

ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ”സുന്നത്തിന്റെ വക്താക്കളില്‍പെട്ട ആളെ അന്വേഷിക്കുന്നതും സുന്നത്തിലേക്ക് ക്ഷണിക്കുന്നതും ബിദ്അത്ത് വിലക്കുന്നതും ഇബാദത്താണ്.”

ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: ”അല്ലാഹുവാണെ സത്യം! ഇന്ന് ഭൂമുഖത്തുള്ളവരില്‍ വെച്ച് എന്റെ നാശമായിരിക്കും പിശാചിന് ഏറ്റവും ഇഷ്ടമുള്ളത്.” അദ്ദേഹത്തോട് ചോദിച്ചു: ”എന്തുകൊണ്ട്?” അദ്ദേഹം പറഞ്ഞു: ”കാരണം അവന്‍ കിഴക്കോ പടിഞ്ഞാറോ ഒരു ബിദ്അത്തുണ്ടാക്കും. അതുമായി ആളുകള്‍ എന്റെ അടുത്തെത്തിയാല്‍ സുന്നത്തുകൊണ്ട് ഞാനതിനെ തരിപ്പണമാക്കും. അങ്ങനെ അത് അവനുണ്ടാക്കിയ നിലയില്‍ തന്നെ അവനിലേക്ക് തന്നെ മടങ്ങും.”  

അബുല്‍ ആലിയയില്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു: ”നിങ്ങള്‍ നിങ്ങളുടെ പ്രവാചകന്റെ ചര്യയും അദ്ദേഹത്തിന്റെ അനുചരന്മാര്‍ നിലകൊണ്ട മാര്‍ഗവും മുറുകെ പിടിക്കുക.”

ഹസന്‍(റ)വില്‍ നിന്നും ഉദ്ധരിക്കുന്നു: ”ഒരു വാക്കും പ്രവൃത്തിയുടെ അഭാവത്തില്‍ നന്നല്ല. നിയ്യത്തില്ലാതെ വാക്കും പ്രവൃത്തിയും നന്നാവില്ല. വാക്കും പ്രവൃത്തിയും നിയ്യത്തും സുന്നത്തുകൊണ്ടല്ലാതെ ശരിയാവുകയുമില്ല.”

സഈദുബ്‌നുജുബൈറി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു: ”പ്രവര്‍ത്തനമില്ലാത്ത വാക്ക് സ്വീകരിക്കപ്പെടുകയില്ല. വാക്കും പ്രവൃത്തിയും നിയ്യത്തില്ലാതെയും സ്വീകരിക്കപ്പെടുകയില്ല. വാക്കും പ്രവൃത്തിയും നിയ്യത്തും സുന്നത്തിനോടു യോജിച്ചു വന്നാലല്ലാതെ സ്വീകരിക്കപ്പെടുകയില്ല.”

ഹസനുല്‍ബസ്വ്‌രിയില്‍ നിന്നും ഉദ്ധരിക്കുന്നു. ”അല്ലയോ സുന്നത്തിന്റെ വക്താക്കളേ, നിങ്ങള്‍ ആളുകളിലേക്ക് വ്യാപരിക്കുക, കാരണം നിങ്ങള്‍ ന്യൂനപക്ഷമാണ്.”

യൂനുസുബ്‌നു ഉബൈദില്‍ നിന്നും ഉദ്ധരിക്കുന്നു: ”സുന്നത്തിനെക്കാള്‍ അപരിചിതമായൊന്നുമില്ല. അതിനോട് അപരിചിതത്വം പുലര്‍ത്തിയത് അതിനെ മനസ്സിലാക്കാത്തവരാണ്.”

ഇബ്‌നു ശൗദബില്‍നിന്നും റിപ്പോര്‍ട്ടു ചെയ്യുന്നു: ”ഒരു യുവാവിന് ലഭിക്കുന്ന മികച്ച നേട്ടമാണ് അയാള്‍ ഹജ്ജ് ചെയ്യുമ്പോള്‍ സുന്നത്തറിയുന്ന ഒരാളെ അയാളുടെ കൂടെ കിട്ടുക എന്നത്.”

ഇബ്‌നു ഔഫില്‍നിന്നും ഉദ്ധരിക്കുന്നു. ”മൂന്ന് കാര്യങ്ങള്‍ എനിക്കും എന്റെ സ്‌നേഹിതന്മാര്‍ക്കും ഞാന്‍ ഇഷ്ടപ്പെടുന്നു. ക്വുര്‍ആനും സുന്നത്തും പഠിക്കലും അനാവശ്യങ്ങില്‍ ജനങ്ങളില്‍ നിന്നും തിരിഞ്ഞു കളയലും.”

ഔസാഇയില്‍ നിന്നും ഉദ്ധരിക്കുന്നു: ”സുന്നത്ത് ചരിക്കുന്നതനുസരിച്ച് നീയും ചരിക്കുക.”

”നബി ﷺ യുടെ സ്വഹാബത്തും നന്മയില്‍ അവരെ പിന്‍പറ്റിയവരും അഞ്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെന്ന് പറയാറുണ്ട്. സുന്നത്ത് പിന്‍പറ്റലും സംഘത്തോടുകൂടെ നില്‍ക്കലും പള്ളി പരിപാലിക്കലും ക്വുര്‍ആന്‍ പാരായണവും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദും.”  

ഫുദൈലുബ്‌നു ഇയാദില്‍ നിന്നും ഉദ്ധരിക്കുന്നു: ”നാടുകള്‍ ജീവസ്സുറ്റതാക്കുന്ന അല്ലാഹുവിന്റെ ചില ദാസന്മാരുണ്ട്, അവരത്രെ സുന്നത്തിന്റെ ആളുകള്‍.”

ഇബ്‌നു ഔഫില്‍ നിന്നും ഉദ്ധരിക്കുന്നു: ”ആരെങ്കിലും ഇസ്‌ലാമിലും സുന്നത്തിലുമായിക്കൊണ്ട് മരണപ്പെട്ടാല്‍ അയാള്‍ക്ക് സര്‍വ നന്മകള്‍ കൊണ്ടുമുള്ള സന്തോഷ വാര്‍ത്തയുണ്ട്.”

ഹസന്‍(റ)വില്‍ നിന്നും: ”നബിയേ, പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (ആലുഇംറാന്‍:31) എന്ന ആയത്തിന്റെ വിവരണത്തില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: ”അവര്‍ക്ക് അല്ലാഹുവിനോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ് നബി ﷺ യുടെ സുന്നത്ത് അവര്‍ പിന്‍പറ്റുക എന്നത്.”  

”ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട് പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക” (ആലുഇംറാന്‍: 106).  

‘ചില മുഖങ്ങള്‍ പ്രകാശപൂരിതമാകുന്ന ദിവസം’ എന്നതിനെക്കുറിച്ച് ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു: ”അതായത്, സുന്നത്തിന്റെ ആളുകളുടെ മുഖങ്ങള്‍.’ ‘ചില മുഖങ്ങള്‍ കറുത്തിരുണ്ടിരിക്കും’ അതായത്, ‘ബിദ്അത്തിന്റെ ആളുകളുടെ മുഖങ്ങള്‍.”

അലാഉബ്‌നുല്‍ മുസ്വയ്യബ് തന്റെ പിതാവില്‍ നിന്നുദ്ധരിക്കുന്നു: ”നമ്മള്‍ പിന്‍പറ്റുകയാണ് പുതുതായി ഉണ്ടാക്കുകയല്ല. സുന്നത്ത് അനുധാവനം ചെയ്യുകയല്ലാതെ ബിദ്അത്തുണ്ടാക്കുകയില്ല. നമ്മള്‍ ഹദീഥ് മുറുകെ പിടിക്കുന്നിടത്തോളം വഴിപിഴക്കുകയേയില്ല.”

 

ശാദ്ദ്ബ്‌നു യഹ്‌യയില്‍ നിന്നും ഉദ്ധരിക്കുന്നു: ”സുന്നത്ത് പിന്‍പറ്റുന്നതിനെക്കാള്‍ സ്വര്‍ഗത്തിലേക്ക് വേറെ നല്ല എളുപ്പവഴി ഇല്ല.”

അഹ്മദുബ്‌നു ഹമ്പലില്‍ നിന്നും ഉദ്ധരിക്കുന്നു: ”നമ്മുടെയടുക്കല്‍ സുന്നത്ത് എന്നത് നബി ﷺ യുടെ കാല്‍പാടുകളാണ്. സുന്നത്ത് ക്വുര്‍ആനിന്റെ വിവരണവും അതിന്റെ അടയാളങ്ങളും വഴി കാട്ടിയുമാണ്.”

ശൈഖ് നസ്വ്ദുല്‍ മഖ്ദിസീയുടെ ‘അല്‍ഹുജ്ജത്തു അലാ താരികില്‍ മഹജ്ജ’ (തെളിഞ്ഞ വഴി ഉപേക്ഷിക്കുന്നവര്‍ക്കെതിരിലുള്ള തെളിവുകള്‍) എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ഏതാനും വാചകങ്ങളാണ് ചുവടെ:

അബുദ്ദര്‍ദാഅ്(റ)ല്‍ നിന്ന് തന്റെ സനദിലൂടെ അദ്ദേഹം (ശൈഖ് നസ്വ്ര്‍) ഉദ്ധരിക്കുന്നു. നബി ﷺ  പറഞ്ഞു: ”സുന്നത്തു നഷ്ടപ്പെടുന്നത് ഭയന്നുകൊണ്ട് രാവിലെയോ വൈകുന്നേരമോ സുന്നത്തന്വേഷിച്ചു പുറപ്പെടുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (യുദ്ധത്തിന്) രാവിലെയും വൈകുന്നേരവും പുറപ്പെടുന്നവനെ പോലെയാണ്. അല്ലാഹു പഠിപ്പിച്ചുകൊടുത്ത വല്ല അറിവും ആരെങ്കിലും മറച്ചുവെച്ചാല്‍ അന്ത്യനാളില്‍ തീയിനാലുള്ള ഒരു കടിഞ്ഞാണ്‍ അല്ലാഹു അയാളെ ധരിപ്പിക്കുന്നതാണ്.”

കഥീറുബ്‌നു അബ്ദില്ല തന്റെ പിതാവില്‍ നിന്നും അദ്ദേഹം പിതൃവ്യനില്‍ നിന്നുമായി ഉദ്ധരിക്കുന്നു. നബി ﷺ  പറഞ്ഞു: ”നിശ്ചയം, ഇസ്‌ലാം അപരിചിതാവസ്ഥയിലാണ് ആരംഭിച്ചത്. അത് അപരിചിതാവസ്ഥയിലേക്ക് തന്നെ മടങ്ങുന്നതാണ്. അപ്പോള്‍ ആ അപരിചിതര്‍ക്ക് മംഗളം.” നബി ﷺ യോട് ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, ആരാണ് ആ അപരിചിതര്‍?” അവിടുന്ന് പറഞ്ഞു: ”എന്റെ ശേഷം എന്റെ സുന്നത്തിനെ ജീവിപ്പിക്കുകയും അത് അല്ലാഹുവിന്റെ ദാസന്മാര്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നവര്‍.” (മുസ്‌ലിം 1/90, തിര്‍മിദി 3/363, ഇബ്‌നുമാജ 2/1319, ദാരിമി 2/311, അഹ്മദ് 1/398. മജ്മഉസ്സവാഇദ് 7/8, മഖാസ്വിദുല്‍ ഹസന 143, ജാമിഉല്‍കബീര്‍ 1/458 എന്നിവ നോക്കുക).

നബി ﷺ  പറഞ്ഞതായി അബുദ്ദര്‍ദാഅ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു. നബി ﷺ  പറഞ്ഞു: ”ആരെങ്കിലും എന്റെ ഉമ്മത്തിന് വേണ്ടി നാല്‍പത് ഹദീഥുകള്‍ സംരക്ഷിച്ചാല്‍ ഞാനയാള്‍ക്ക് അന്ത്യനാളില്‍ ശുപാര്‍ശകനാകുന്നതാണ്.”

ജുനൈദി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു: ”നബി ﷺ യുടെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരോ പ്രവാചക വചനങ്ങള്‍ അനുധാവനം ചെയ്യുന്നവരോ അല്ലാത്ത സൃഷ്ടികള്‍ക്കു മുമ്പില്‍ സന്മാര്‍ഗ പാത അടക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്…” (അല്‍ അഹ്‌സാബ്: 21).

അബ്ദുര്‍റഹ്മാനുബ്‌നു മഹ്ദിയില്‍ നിന്നുമുദ്ധരിക്കുന്നു: ”ഒരാള്‍ക്ക് തന്റെ ഭക്ഷണ പാനീയങ്ങളെക്കാള്‍ അത്യാവശ്യമാണ് ഹദീഥ് വിജ്ഞാനീയം. കാരണം ഹദീഥാണ് ക്വുര്‍ആനിനെ വിശദീകരിക്കുന്നത്.”

ഇബ്‌നുല്‍ മുബാറക് ഇങ്ങനെ ഒരു ഹദീഥ് പറഞ്ഞു: ”അന്ത്യനാള്‍ വരെ എന്റെ ഉമ്മത്തില്‍ നിന്ന് ഒരു സംഘം സത്യത്തിലായിക്കൊണ്ടേയിരിക്കും. അവരെ എതിര്‍ക്കുന്നവര്‍ അവര്‍ക്കൊരു ഉപദ്രവവും ഏല്‍പിക്കുകയില്ല.” എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘അവര്‍ ഹദീഥിന്റെ ആളുകളാണ്.”

ഇബ്‌നുല്‍ മദീനിയില്‍ നിന്നുമുദ്ധരിക്കുന്നു. മുകളില്‍ പറഞ്ഞ ഹദീഥിനെ കുറിച്ച് അദ്ദേഹം പറയുന്നു: ”അവര്‍ ഹദീഥിന്റെ ആളുകളും നബി ﷺ യുടെ മദ്ഹബ് സ്വീകരിക്കുന്നവരും വിജ്ഞാനത്തെ സംരക്ഷിക്കുന്നവരുമാണ്. അവരില്ലായിരുന്നെങ്കില്‍ ജഹ്മിയാക്കളും സ്വാഭിപ്രായക്കാരും മുര്‍ജിയാക്കളും റാഫിദികളും മുഅ്തസിലിയാക്കളുമെല്ലാം ജനങ്ങളെ നശിപ്പിച്ചു കളയുമായിരുന്നു.”

ഇബ്‌നു മസ്ഊദി(റ)ല്‍ നിന്നും അബൂദര്‍റി(റ)ല്‍ നിന്നും ഉദ്ധരിക്കുന്നു. നബി ﷺ  പറഞ്ഞു: ”നിങ്ങള്‍ക്കു പിന്നില്‍ സഹനത്തിന്റെ നാളുകളാണുള്ളത്. അപ്പോള്‍ നിങ്ങള്‍ നിലകൊണ്ട മാര്‍ഗത്തെ അവലംബിക്കുന്നവര്‍ക്ക് അമ്പതു പേരുടെ പ്രതിഫലമുണ്ട്.” അവര്‍ (സ്വഹാബത്ത്) ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, ഞങ്ങളില്‍ നിന്നോ? അതല്ല, അവരില്‍ നിന്നോ?” അവിടുന്ന് പറഞ്ഞു: ”നിങ്ങളില്‍ നിന്നു തന്നെ.” (ശൈഖ് അല്‍ബാനി ഈ റിപ്പോര്‍ട്ട് സ്വഹീഹാണെന്ന് പ്രസ്താവിക്കുന്നു. (സ്വഹീഹുത്തര്‍ഗീബ് 3172, സില്‍സില സ്വഹീഹ: 494).

ഇമാം ബുഖാരിയില്‍ നിന്നും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ”ഞങ്ങള്‍ മൂന്നോ നാലോ പേര്‍ ഇബ്‌നു അബ്ദില്ലയുടെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നു. അപ്പോഴദ്ദേഹം പറഞ്ഞു: ‘നിശ്ചയം എന്റെ ഉമ്മത്തില്‍ നിന്നൊരു വിഭാഗം സത്യത്തില്‍ തന്നെ ആയിക്കൊണ്ടേയിരിക്കും. അവരെ കയ്യൊഴിയുന്നവര്‍ അവര്‍ക്ക് യാതൊരുപദ്രവും ഏല്‍പിക്കുകയില്ല’ എന്ന ഈ ഹദീഥിന്റെ വിവക്ഷ നിങ്ങള്‍ തന്നെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. കാരണം, കച്ചവടക്കാര്‍ കച്ചവടവുമായും തൊഴിലാളികള്‍ തൊഴിലുമായും രാജാക്കന്മാരും ഭരണാധികളും അവരുടെ അധികാരവുമായും വ്യാപൃതരായിരിക്കുകയാണ്. നിങ്ങളാകട്ടെ, നബി ﷺ യുടെ സുന്നത്ത് ജീവിപ്പിക്കുകയും ചെയ്യുന്നു.”

ഇമാം അഹ്മദ് തന്റെ ‘സുഹ്ദി’ല്‍ ഉദ്ധരിക്കുന്നു. ക്വതാദ(റ) പറഞ്ഞു: ”അല്ലാഹുവാണെ സത്യം! സുന്നത്തിനെ ആര്‍ വെറുത്തുവോ അവന്‍ നശിച്ചു. അതിനാല്‍ നിങ്ങള്‍ സുന്നത്ത് സ്വീകരിക്കുക. ബിദ്അത്തിനെ സൂക്ഷിക്കുക. നിങ്ങള്‍ അറിവു നേടുക. ഊഹാപോഹങ്ങളെ കയ്യൊഴിക്കുകയും ചെയ്യുക.”

ഹാകിം ‘മുസ്തദ്‌റകി’ല്‍ ഉദ്ധരിക്കുന്നു. അബ്ദുര്‍റഹ്മാനുബ്‌നു അബ്‌സി പറയുന്നു: ”ഉഥ്മാന്‍(റ)ന്റെ പ്രശ്‌നത്തില്‍ ആളുകള്‍ മുഴുകിയപ്പോള്‍ ഞാന്‍ ഉബയ്യ്ബ്‌നു കഅ്ബി(റ)നോട് ചോദിച്ചു. ”എന്താണ് ഇതിനൊരു പരിഹാരം?” അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ കിതാബും നബി ﷺ യുടെ സുന്നത്തും. നിങ്ങള്‍ക്ക് വ്യക്തമായതനുസരിച്ച് നിങ്ങള്‍ പ്രവര്‍ത്തിക്കുക. നിങ്ങള്‍ക്ക് സംശയമുണ്ടാക്കുന്നത് അതിനെ കുറിച്ചറിയുന്നവരിലേക്ക് ഏല്‍പിച്ചു കൊടുക്കുക.” (ആശയ സംഗ്രഹം).

 

ഇമാം ജലാലുദ്ദീന്‍ അബ്ദുര്‍റഹ്മാന്‍ സുയൂത്തി
നേർപഥം വാരിക

പ്രാര്‍ഥന അല്ലാഹുവോട് മാത്രം: എന്തുകൊണ്ട്?

പ്രാര്‍ഥന അല്ലാഹുവോട് മാത്രം: എന്തുകൊണ്ട്?

സ്വര്‍ഗം കൊതിക്കുന്നവര്‍ അല്ലാഹുവിനോടല്ലാതെ പ്രാര്‍ഥിക്കുകയില്ല. അവനിലേക്കല്ലാതെ കൈകളുയര്‍ത്തുകയില്ല. സ്വര്‍ഗത്തില്‍ പ്രവേശിച്ച ശേഷം അവര്‍തന്നെ പറയുന്നത് ശ്രദ്ധിക്കുക:

”പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും. അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു. അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും രോമകൂപങ്ങളില്‍ തുളച്ചുകയറുന്ന നരകാഗ്‌നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു. തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും” (52:25-28).

സൃഷ്ടികളിലേക്കോ വിഗ്രഹങ്ങളിലേക്കോ ഇത്തരക്കാരുടെ ഹൃദയം നീങ്ങുകയില്ല. ഒരിക്കലും മരണമില്ലാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവിനോട് മാത്രമെ ഇവര്‍ പ്രാര്‍ഥിക്കുകയുള്ളൂ. അല്ലാഹു ഇവരെക്കുറിച്ച് പറയുന്നു: 

”ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല” (32:16-17).

എന്തുകൊണ്ട് പ്രാര്‍ഥന അല്ലാഹുവോട് മാത്രം? എന്തുകൊണ്ട് അവനിലേക്ക് മാത്രം കൈകളുയര്‍ത്തണം? എന്തുകൊണ്ട് അവന്റെ മുമ്പില്‍ മാത്രം സാഷ്ടാംഗം ചെയ്യണം?

സമൂഹം ഇൗ വിഷയത്തില്‍ വ്യതിചലിച്ച് പോയിട്ടുണ്ടെങ്കിലും സത്യം അറിയാനാഗ്രഹിക്കുന്നവര്‍ക്ക് അല്ലാഹു ക്വുര്‍ആനിലൂടെ നല്‍കുന്ന മറുപടികള്‍ എത്രയോ മതിയായതാണ്.

1). പ്രാര്‍ഥിക്കണമെന്നും അത് എന്നോട് തന്നെ ആകണമെന്നും നമ്മോട് കല്‍പിച്ചത് അല്ലാഹുവാണ്:

”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച” (40:60).

”താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. പരിധിവിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല” (7:55).

അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നബി(സ്വ) പറയുന്നു: ”ഉത്തരംകിട്ടുമെന്ന ഉറച്ച വിശ്വാസത്തോടെ നിങ്ങള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുക” (സില്‍സിലതുസ്സ്വഹീഹ: 594).

”സംഭവിച്ചതിനും സംഭവിച്ചിട്ടിട്ടില്ലാത്തതിനും പ്രാര്‍ഥന ഫലം ചെയ്യും. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുക” (സ്വഹീഹുല്‍ ജാമിഅ് 3403).

2). പ്രാര്‍ഥനയ്ക്കുത്തരം തരാമെന്നേറ്റവന്‍ അല്ലാഹു മാത്രമാണ്: 

”നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്” (2:186).” 

സൂറഃ അല്‍ബക്വറയിലെ, പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന 286-ാം വചനം നാം പ്രാര്‍ഥിച്ചാല്‍ അല്ലാഹു ‘ഞാന്‍ നിന്റെ പ്രാര്‍ഥന സ്വീകരിച്ചിരിക്കുന്നു’ എന്ന് പറയുമത്രെ. സൂറഃ ആലുഇംറാനിലും ഇങ്ങനെ ചില പ്രാര്‍ഥനകള്‍ കാണാം. (ആലുഇംറാന്‍ 192-196).

അതിനുശേഷം അല്ലാഹു പറയുന്നു: ”അവരുടെ റബ്ബ് അവര്‍ക്ക് ഉത്തരം നല്‍കി…”

3). ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് പ്രാര്‍ഥന. ആരാധനയുടെ ഇനത്തില്‍പെട്ട ഒന്നും അല്ലാഹുവിനോടല്ലാതെ പാടില്ല.

നബി(സ്വ) പറയുന്നു: ”പ്രാര്‍ഥന; അതുതന്നെയാണ് ആരാധന” (സ്വഹീഹുല്‍ ജാമിഅ് 3401). ശേഷം നബി(സ്വ) ഈ ആയത്ത് പാരായണം ചെയ്തു: ”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച” (40:60).

ഈ വചനത്തില്‍ പ്രാര്‍ഥനയെയാണ് അല്ലാഹു ആരാധനയായി പറഞ്ഞത്. മാത്രമല്ല നബി(സ്വ) പറഞ്ഞു: ”പ്രാര്‍ഥനയാണ് ഏറ്റവും ശ്രേഷ്ഠമായ ആരാധന” (സില്‍സിലതുസ്സ്വഹീഹ 1579). ”പ്രാര്‍ഥനയെക്കാള്‍ ആദരണീയമായ മറ്റൊന്ന് അല്ലാഹുവിന്റെ അടുക്കലില്ല” (തിര്‍മിദി 2284). ”പ്രാര്‍ഥനയില്‍ ന്യൂനത വരുത്തിയവനാണ് ഏറ്റവും വലിയ ന്യൂനതക്കാരന്‍” (സില്‍സിതുസ്സ്വഹീഹ 601).

4). അല്ലാഹുവോട് പ്രാര്‍ഥിക്കാത്തപക്ഷം അവന്‍ കോപിക്കും.

ആരാധിക്കപ്പെടുന്ന വസ്തുക്കളും വ്യക്തികളും അനേകമുണ്ടെങ്കിലും ഈ സ്വഭാവം അല്ലാഹുവിന് മാത്രമേയുള്ളൂ. അടിമ തന്നോട് ചോദിക്കുന്നതും അവര്‍ക്ക് ഉത്തരം നല്‍കുന്നതും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്: ”അല്ലാഹുവിനോട് വല്ലവനും ചോദിച്ചില്ലെങ്കില്‍ അല്ലാഹു അവനോട് കോപിക്കും” (തിര്‍മിദി 2686).

രാവും പകലും അല്ലാഹുവോട് ചോദിച്ചുകൊണ്ടിരിക്കുക. അവന്‍ കോപിക്കുകയില്ല. മനുഷ്യേരാട് ഒരുതവണ ചോദിച്ച് വീണ്ടും ആവര്‍ത്തിച്ചാല്‍ അവന്‍ കോപിക്കും. വാതില്‍ കൊട്ടിയടക്കും. എന്നാല്‍ അല്ലാഹു വാതില്‍ തുറന്നിട്ടിരിക്കുകയാണ്; തൗബ സ്വീകരിക്കാന്‍, മാപ്പ് കൊടുക്കാന്‍, പ്രാര്‍ഥനയ്ക്കുത്തരം നല്‍കാന്‍.

5). അല്ലാഹു മാത്രമാണ് ധന്യന്‍. അവന്റെ ഖജനാവിലുള്ളത് അവസാനിക്കുകയില്ല. അവന്‍ നല്‍കാന്‍ തയാറുള്ളവനുമാണ്. മനുഷ്യര്‍ (അവര്‍ ആരോ ആകട്ടെ) ഒന്നുംതന്നെ ഉടമപ്പെടുത്തുന്നില്ല. ദരിദ്രരാണവര്‍. സ്വയം നിലനില്‍പില്ലാത്തവരാണവര്‍. നല്‍കാന്‍ കഴിയാത്തവരാണവര്‍. പ്രാര്‍ഥന കേള്‍ക്കാന്‍ അവരെക്കൊണ്ടാവില്ല.

”മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു” (35:15).

”രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്റെ നിയമത്തിന്) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല” (35:13,14).

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ  സ്വര്‍ഗക്കാരുടെ ഈ ലോകത്തെ  സവിശേഷതകള്‍ എടുത്തു പറയുന്നേടത്ത് ഇങ്ങനെ കാണാം: 

”ഇപ്രകാരം പറയുന്നുവരുമാകുന്നു അവര്‍: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും അത് (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു” (25: 65,66). 

”അല്ലാഹുവേ, നരകത്തില്‍ നിന്നും എന്നെ നീ രക്ഷിക്കണേ” (തിര്‍മിദി 2079) എന്ന് നബി(സ്വ) പ്രാര്‍ഥിക്കാറുണ്ടായിരുന്നു.

നരകമോചനം ആഗ്രഹിക്കുന്നവര്‍, മക്കളെ വേണ്ടവര്‍, രോഗശമനം കൊതിക്കുന്നവര്‍, ജീവിതത്തില്‍ അഭിവൃദ്ധി തേടുന്നവര്‍…എല്ലാവരും അല്ലാഹുവോട് പ്രാര്‍ഥിക്കുക. 

സ്വര്‍ഗാവകാശികളായി മാറിയ പ്രവാചകന്മാര്‍ പല പ്രയാസങ്ങളും ഉള്ളവരായിരുന്നു. മുമ്പ് കഴിഞ്ഞുപോയ ഒരു നബിയുടെയും ക്വബ്ര്‍ തേടി അവര്‍ പോയിട്ടില്ല. അല്ലാഹുവോടല്ലാതെ ആവലാതി പറഞ്ഞിട്ടില്ല. വയസ്സേറെയായിട്ടും മക്കളില്ലാത്തിന്റെ വിഷമം സഹിച്ചവരായിരുന്നു ഇബ്‌റാഹീംനബി(അ)യും സകരിയ്യാ നബി(അ)യും. അവരുടെ പ്രാര്‍ഥനകള്‍ കാണുക: 

”എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു” (37: 100-101).

”അവിടെ വെച്ച് സകരിയ്യാ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു”(3:38).

മക്കളിലൂടെ കണ്‍കുളിര്‍മ ലഭിക്കണമെങ്കില്‍ സ്വര്‍ഗക്കാരുടെ പ്രകൃതംതന്നെ സ്വീകരിക്കുക: ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍” (25:74).

ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ച പോലെ പ്രാര്‍ഥിക്കുകയും ചെയ്യുക: 

”എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ” (14:40).

ദുരിതങ്ങളിലും പ്രയാസങ്ങളിലും അകപ്പെട്ടാല്‍ യൂനുസ് നബി(അ)യുടെ പ്രാര്‍ഥനയില്‍ നമുക്ക് മാതൃകയുണ്ട്: ”…അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു” (21:87,88).

ദുന്‍യാവില്‍ ഒറ്റപ്പെട്ടു. എല്ലാവരും നമ്മെ കൈവിട്ടു. എന്നാലും നമ്മള്‍ നിരാശപ്പെടേണ്ട. ഒറ്റപ്പെട്ട സന്ദര്‍ഭത്തില്‍ മൂസാനബി(അ) അവലംബിച്ചത് പ്രാര്‍ഥനയെയാണ്. അതിന് ഉത്തരം ലഭിക്കുകയും ചെയ്തു:  ”അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു. അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നുചെന്നിട്ട്  പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് തന്റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു” (28:24,25). 

ആരുമില്ലാത്ത മൂസാനബി(അ)ക്ക് പ്രാര്‍ഥനയുടെ ഫലമായി കിട്ടിയത് ശത്രുവില്‍നിന്നുള്ള സുരക്ഷ, ജോലി, നല്ലവളായ ഭാര്യ തുടങ്ങിയ അനുഗ്രഹങ്ങളാണ്!

രാത്രിയുടെ അന്ത്യയാമങ്ങളില്‍ എഴുന്നേറ്റ് ഉള്ളുരുകി പ്രാര്‍ഥിക്കുക. തീര്‍ച്ചയായും അല്ലാഹു ഉത്തരം തരും. ‘ഏതു പ്രാര്‍ഥനയാണ് കൂടുതല്‍ സ്വീകരിക്കപ്പെടുക?’ എന്ന ചോദ്യത്തിന് നബി(സ്വ) നല്‍കിയ മറുപടി ‘രാത്രിയുടെ അവസാന ഭാഗത്തിലും നിര്‍ബന്ധ നമസ്‌കാര ശേഷവും ഉള്ളത്’ (തിര്‍മിദി 2782) എന്നായിരുന്നു. ‘ബാങ്കിനും ഇക്വാമത്തിനും ഇടക്കുള്ള സമയം തള്ളപ്പെടുകയില്ല. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുക’ എന്നും ഹദീഥില്‍ കാണാം (ഇര്‍വാഉല്‍ ഗലീല്‍ 244).

‘ഒരു അടിമ തന്റെ റബ്ബിലേക്ക് ഏറ്റവും അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കെയാണ്. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥന വര്‍ധിപ്പിക്കുക’ എന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.  അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളും വിശേഷണങ്ങളും ഉപയോഗിച്ച് പ്രാര്‍ഥിച്ചാല്‍ അത് സ്വരീകാര്യതക്ക് ശക്തി കൂട്ടും.”അല്ലാഹുവിനാണ് ഏറ്റവും നല്ല നാമങ്ങള്‍. അതിനാല്‍ അവകൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ഥിക്കുക” (7:180).

നമ്മള്‍ ചെയ്ത സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി നാം ചെയ്യുന്ന പ്രാര്‍ഥനകളും കൂടുതല്‍ സ്വീകാര്യതക്ക് കാരണമാണ്. ഹറാമായ സമ്പാദ്യംകൊണ്ട് ജീവിതം നയിക്കുന്നവന്‍ എത്ര പ്രാര്‍ഥിച്ചാലും അത് നിഷ്ഫലമായിരിക്കും. അതിനാല്‍ ഹലാലായ മാര്‍ഗത്തില്‍ സമ്പാദിച്ച് ഹലാലായത് തിന്നും കുടിച്ചും ധരിച്ചും ജീവിക്കുക. പ്രാര്‍ഥന സ്വീകരിക്കപ്പെടും. 

സ്വര്‍ഗം ലക്ഷ്യമാക്കി നീങ്ങുന്ന നമ്മള്‍ ഒരിക്കലും പ്രാര്‍ഥനയെ നിസ്സാരമായി കാണരുത്. തന്റെ ദുര്‍ബലതയും ഇല്ലായ്മയും വിനയവുമെല്ലാം സര്‍വശക്തന്റെ മുമ്പില്‍ പ്രകടമാക്കുന്ന, തുറന്നു പറയുന്ന ഭവ്യതയുടെ പ്രകടരൂപമാണ് പ്രാര്‍ഥന. പ്രാര്‍ഥനയില്ലായെങ്കില്‍ അല്ലാഹു നമ്മെ പരിഗണിക്കുകയേയില്ല എന്ന് ക്വുര്‍ആന്‍ നമ്മെ അറിയിക്കുന്നത് നാം ഗൗരവത്തില്‍ കാണുകതന്നെ വേണം.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

അതിരുവിട്ട പ്രാര്‍ഥന

അതിരുവിട്ട പ്രാര്‍ഥന

വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം പ്രാര്‍ഥനയാണ്. പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാത്തപ്പോഴും ഒരു വിശ്വാസിയുടെ മനസ്സ് പ്രാര്‍ഥനാ നിര്‍ഭരമായിരിക്കണം. തന്നെ സൃഷ്ടിച്ച; സംരക്ഷിച്ചുകൊണ്ടിരിക്കുന്ന സ്രഷ്ടാവിന്റെ ഒന്നിത്യവും മഹത്ത്വവും അംഗീകരിച്ച് കൊണ്ടും തന്റെ ദൗര്‍ബല്യവും ബലഹീനതയും തുറന്നു സമ്മതിച്ചുകൊണ്ടും ദൈവത്തിനു മുന്നില്‍ കീഴൊതുങ്ങലാണ് സാക്ഷാല്‍ പ്രാര്‍ഥന. അതിനാല്‍ സ്രഷ്ടാവിനോട് മാത്രമെ പ്രാര്‍ഥിക്കാവൂ. അവനോടല്ലാത്ത പ്രാര്‍ഥനകളൊക്കെ അന്യായമാണ്.

അല്ലാഹു പറയുന്നു: ”അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന് പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഗുണവും നല്‍കുന്നതല്ല…” (ക്വുര്‍ആന്‍ 13:14).

പ്രാര്‍ഥിക്കപ്പെടാന്‍ യോഗ്യത സ്രഷ്ടാവിനുമാത്രം എന്നത് എത്ര വ്യക്തം.

മറ്റൊരു വചനം കാണുക: ”അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന് പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതെല്ലാം വ്യര്‍ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും” (ക്വുര്‍ആന്‍ 31:30). സമാന ആശയം ക്വുര്‍ആന്‍ 22:62ലും കാണാം.

പ്രകൃതിമതമായ ഇസ്‌ലാം ഏതു രംഗത്തും ഉത്തമവും മധ്യമവുമായ നിലപാടാണ് പഠിപ്പിച്ചിട്ടുള്ളത്. അതിരു കവിയലിനെ വളരെ കണിശമായി വിലക്കിയ മതമാണ് ഇസ്‌ലാം. ആരാധനകളില്‍ പോലും അതിരുകവിയലിനെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നു. നേരം പുലരുവോളം നിസ്‌കരിക്കാന്‍ തീരുമാനമെടുത്തവനും കൊല്ലം മുഴുവന്‍ നോമ്പെടുക്കാന്‍ തീരുമാനിച്ചവനും വിവാഹം പോലും കഴിക്കാതെ ആരാധനയില്‍ തന്നെ മുഴുകാന്‍ തീരുമാനിച്ചവനുമെല്ലാം പ്രവാചകന്‍ ﷺ  നല്‍കിയ താക്കീത് വളരെ ഗൗരവമേറിയതായിരുന്നു. ഇതൊന്നും എന്റെ ചര്യയല്ലെന്നും എന്റെ ചര്യയെ താല്‍പര്യപ്പെടാത്തവന്‍ എന്നില്‍ പെട്ടവനല്ലെന്നുമായിരുന്നു പ്രവാചക പ്രതികരണം. വര്‍ഷം മുഴുവന്‍ നോമ്പെടുത്തവന്‍ യഥാര്‍ഥത്തില്‍ നോമ്പെടുത്തവനല്ല എന്നും അവിടുന്ന് ഉണര്‍ത്തി. തന്റെ സമ്പത്ത് മുഴുവന്‍ മരണാനന്തരം ദാനം ചെയ്യുവാന്‍ ഉദ്ദേശിച്ച അനുചരനെ ഉപദേശിക്കുകയും പരമാവധി സമ്പത്തിന്റെ മൂന്നില്‍ ഒരുഭാഗമെ വസ്വിയ്യത്തായി നിശ്ചയിക്കാവൂ എന്നും അതുതന്നെ അധികമാണെന്നും ഉണര്‍ത്തുകയും ചെയ്തു.

പ്രാര്‍ഥിക്കുവാന്‍ ഏറെ പ്രോത്സാഹനം നല്‍കിയ, പ്രാര്‍ഥനയില്ലെങ്കില്‍ അല്ലാഹു പരിഗണിക്കുകയില്ലെന്ന് പഠിപ്പിച്ച പ്രമാണങ്ങള്‍ പ്രാര്‍ഥനയില്‍ അതിരുകവിയരുത് എന്ന് പ്രത്യേകം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, പ്രാര്‍ഥനയില്‍ അതിരുകവിയുന്ന ഒരു സമൂഹം ഈ സമുദായത്തില്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് പ്രവാചകന്‍ ﷺ  പ്രത്യേകം മുന്നറിയിപ്പുനല്‍കുകയുണ്ടായി. (അബൂദാവൂദ്).

അല്ലാഹു പറയുന്നു: ”താഴ്മയോടുകൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. പരിധിവിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല” (ക്വുര്‍ആന്‍ 7:55)

എന്താണ് പ്രാര്‍ഥനയിലെ അതിരുവിടല്‍?

വിശുദ്ധ ക്വുര്‍ആനിലും തിരുചര്യയിലും പ്രാര്‍ഥനയുടെ മര്യാദകളായി പരിചയപ്പെടുത്തിയ കാര്യങ്ങളെ അടിസ്ഥാനമാക്കി പ്രാര്‍ഥനയില്‍ അതിരുകവിയല്‍ എങ്ങനെയെന്ന് മുന്‍കാല പണ്ഡിതര്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അവയുടെ ആകെത്തുക നമുക്ക് ഇങ്ങനെ മനസ്സിലാക്കാം:

പ്രാര്‍ഥനയില്‍ അതിരുവിടല്‍ ഉപയോഗിക്കുന്ന പദങ്ങളിലാവാം. അവയില്‍ പ്രധാനപ്പെട്ടവ നമുക്ക് പഠനവിധേയമാക്കാം.

1. പ്രാര്‍ഥനയില്‍ ശിര്‍ക്കിന്റെ വല്ല അംശവും ഉണ്ടാകല്‍

പ്രാര്‍ഥന ആരാധനയാണ്. ആരാധനകള്‍ അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ് താനും. അതിനാല്‍ പ്രാര്‍ഥനയുടെ വല്ല അംശവും അല്ലാഹു അല്ലാത്തവരിലേക്കുമായാല്‍ അത് അവരെ ആരാധിക്കലായി. അത് ഏറ്റവും വലിയ അതിരുവിടലാണ് താനും. പ്രവാചകര്‍, മറ്റു മഹത്തുക്കള്‍ എന്നിവരോടെല്ലാമുള്ള പ്രാര്‍ഥന ഈ ഗണത്തില്‍ പെടുന്നു. ഇന്ന് മുസ്‌ലിം സമൂഹത്തില്‍ പ്രചാരത്തിലുള്ള മാലകള്‍, മൗലിദുകള്‍, ക്വുതുബിയ്യത്ത്, റാതീബ്, പ്രശംസ, കാവ്യങ്ങള്‍ എന്നിവയില്‍ പലതും ഈ ഗണത്തില്‍ പെടുന്നു.

2. പ്രാര്‍ഥിക്കാന്‍ പാടില്ലാത്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാര്‍ഥനകള്‍

ഒരിക്കലും മരിക്കാതിരിക്കാന്‍, ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാതിരിക്കാന്‍, ഒരാളെയും നരകത്തില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍, ലോകത്തെ ഒന്നാകെ നശിപ്പിക്കാന്‍, ലോകം ഒരിക്കലും നശിക്കാതിരിക്കാന്‍ തുടങ്ങിയ ആശയങ്ങളിലുള്ള പ്രാര്‍ഥനകളൊക്കെ ഈ ഗണത്തില്‍ പെടുന്നു.

3. അസംഭവ്യമായ കാര്യങ്ങള്‍ക്കായി പ്രാര്‍ഥിക്കല്‍

വിവാഹം കഴിക്കാത്തവന്‍ ഒരു സന്താനത്തിനായി പ്രാര്‍ഥിക്കുക. കൃഷി ചെയ്യാതെ ധാരാളം വിളവ് ലഭിക്കുവാനായി പ്രാര്‍ഥിക്കുക. സ്വര്‍ണമഴ വര്‍ഷിക്കുവാനായി പ്രാര്‍ഥിക്കുക തുടങ്ങിയവ ഉദാഹരണം.

4. ദൃഢബോധ്യമില്ലാതെ പ്രാര്‍ഥിക്കുക

‘അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നുവെങ്കില്‍ എനിക്ക് നീ ഉത്തരമേകണേ’ എന്നത് ഉദാഹരണം.

5. തെറ്റായ കാര്യത്തിനുള്ള പ്രാര്‍ഥന

ഉദാ: കുടുംബ ബന്ധം മുറിക്കാനുള്ള പ്രാര്‍ഥന, ഒരു മോഷ്ടാവ് അല്ലെങ്കില്‍ വ്യഭിചാരി തന്റെ ദൗത്യം ഭംഗിയായി പൂര്‍ത്തിയാക്കാനായി നിര്‍വഹിക്കുന്ന പ്രാര്‍ഥന.

6. ആവശ്യത്തിലേറെ ശബ്ദമുയര്‍ത്തിയുള്ള പ്രാര്‍ഥന

ഒരാള്‍ ഒറ്റക്കാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍ താന്‍ മാത്രം കേള്‍ക്കുന്ന ശബ്ദത്തിലാണ് പ്രാര്‍ഥിക്കേണ്ടത്. മഴക്ക് വേണ്ടിയുള്ള പ്രാര്‍ഥന, ഖുത്വുബയിലെ പ്രാര്‍ഥന തുടങ്ങി സമൂഹമായി നിര്‍വഹിക്കുന്ന പ്രാര്‍ഥനയാണെങ്കില്‍ ആവശ്യത്തിന് ശബ്ദമുയര്‍ത്താം. എന്നാല്‍ അനാവശ്യമായി ശബ്ദമുയര്‍ത്തിയും ആര്‍ത്തുവിളിച്ചുമുള്ള പ്രാര്‍ഥഥനകള്‍ ഇസ്‌ലാം വിലക്കുന്നു. പ്രമുഖ താബിഈ പണ്ഡിതനായ ഇമാം ഹസനുല്‍ ബസ്വരി(റഹി) പറയുന്നു: ‘സ്വഹാബിമാരുടെ പ്രാര്‍ഥനകള്‍ അവര്‍ക്കും അല്ലാഹുവിനുമിടയിലുള്ള സ്വകാര്യ സംഭാഷണങ്ങളായിരുന്നു. അവരുടെ ശബ്ദം ഉയരുമായിരുന്നില്ല.’

7. താഴ്മയോടെയല്ലാത്ത പ്രാര്‍ഥന

വിനയവും താഴ്മയും പ്രാര്‍ഥനയുടെ മര്യാദകളാണ്. അതിനാല്‍ വിനയമില്ലാതെയും ധാര്‍ഷ്ഠ്യത്തോടെയും നിര്‍വഹിക്കപ്പെടുന്ന പ്രാര്‍ഥന അതിരുവിട്ട പ്രാര്‍ഥനയാണ്.

8. കൃത്രിമമായി പ്രാസം ഒപ്പിച്ചും പദങ്ങള്‍ അധികരിപ്പിച്ചുമുള്ള പ്രാര്‍ഥന

സഅദ്ബ്‌നു അബീവക്വാസി(റ)ന്റെ മകന്‍ പറയുന്നു: ”ഞാന്‍ ഒരിക്കല്‍ ഇപ്രകാരം പ്രാര്‍ഥിക്കുന്നത് എന്റെ പിതാവ് കേട്ടു: ‘അല്ലാഹുവേ, ഞാന്‍ നിന്നോട് സ്വര്‍ഗം ചോദിക്കുന്നു. അതില സുഖങ്ങളും  സൗകര്യങ്ങളും മറ്റും മറ്റും (ഓരോന്നായി എടുത്ത് പറഞ്ഞ്) ഞാന്‍ നിന്നോട് ചോദിക്കുന്നു. നരകത്തില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു. നരകയാതനകള്‍, അതിലെ ശിക്ഷകള്‍, ചങ്ങലകള്‍ മറ്റും മറ്റും (ഓരോന്നും എടുത്ത് പറഞ്ഞ്) തുടങ്ങി എല്ലാത്തില്‍ നിന്നും ഞാന്‍ നിന്നോട് കാവലിനെ തേടുന്നു.’

ഇത് കേട്ട എന്റെ പിതാവ് പറഞ്ഞു: ‘മോനേ, നബി ﷺ  ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: പ്രാര്‍ഥനയില്‍ അതിരുവിടുന്ന ഒരു സമൂഹം വഴിയെ ഉണ്ടാകും. അതിനാല്‍ നീ അത്തരക്കാരില്‍ ഉള്‍പ്പെടുന്നതിനെ സൂക്ഷിക്കുക. നിനക്ക് സ്വര്‍ഗം ലഭിച്ചാല്‍ തന്നെ അതിലെ സകല സുഖങ്ങളും ലഭിക്കുമല്ലോ. നരകത്തില്‍ നിന്ന് കാവല്‍ ലഭിച്ചാല്‍ അതിലെ സകല പ്രയാസങ്ങളില്‍ നിന്നും നിനക്ക് കാവല്‍ ലഭിക്കുകയും ചെയ്യുമല്ലോ” (അബൂദാവൂദ്).

9. ആര്‍ത്തുവിളിച്ചും അട്ടഹസിച്ചുമുള്ള പ്രാര്‍ഥന

സ്വാഭാവികമായി ഉണ്ടാകുന്ന കരച്ചില്‍ അംഗീകരിക്കപ്പെട്ടത് തന്നെ. എന്നാല്‍ കൃത്രിമമായി ഉണ്ടാക്കുന്ന കരച്ചിലുകളും ആര്‍ത്തുവിളിച്ചുള്ള പ്രാര്‍ഥനകളും അതിരുവിടലിന്റെ പ്രകടഭാവങ്ങളാണ്.

10. പ്രമാണങ്ങളില്‍ വന്നിട്ടില്ലാത്ത പ്രാര്‍ഥനകളും പ്രത്യേകം പഠിപ്പിക്കപ്പെട്ട പ്രാര്‍ഥനകളും ഉപയോഗിക്കല്‍

ഉദാഹരണം: ഒരു പ്രത്യേക സമയത്തോ സന്ദര്‍ഭത്തിലോ നിര്‍വഹിക്കുവാനായി പ്രത്യേക എണ്ണം നിശ്ചയിച്ചും രീതി നിശ്ചയിച്ചും പഠിപ്പിക്കുപ്പെടുന്നതും പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടില്ലാത്തതുമായ പ്രാര്‍ഥനകള്‍. കടം വീടുവാന്‍, സന്താനം ഉണ്ടാകുവാന്‍, ഉദ്ദിഷ്ട കാര്യം സാധിക്കുവാന്‍, നബി ﷺ യെ സ്വപ്‌നം കാണുവാന്‍ തുടങ്ങി പല ആവശ്യങ്ങള്‍ക്കുമായി പലരും നിര്‍മിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന പലവക ഏടുകള്‍. മന്‍സില്‍, മഫാസ്, കന്‍ജുല്‍ അര്‍ശ്, ദലാഇലുല്‍ ഖൈറാഅ്, നൂറുല്‍ ഈമാന്‍, ഹദ്ദാദ്, നാരിയ സ്വലാത്ത്, താജ് സ്വലാത്ത് തുടങ്ങിയവയെല്ലാം ഈ ഗണത്തില്‍ പെടുന്നു.

11. നീട്ടിവലിച്ച് കൃത്രിമ ശൈലികളിലൂടെയുള്ള പ്രാര്‍ഥന

ദുആ സമ്മേളനങ്ങള്‍, പ്രതിവാര/മാസ പ്രാര്‍ഥനാ മജ്‌ലിസുകള്‍, ധന സമ്പാദനാര്‍ഥം നിര്‍വഹിക്കപ്പെടുന്ന മറ്റുപ്രാര്‍ഥനകള്‍ തുടങ്ങിയ ചൂഷണാധിഷ്ഠിതമായ മുഴുവന്‍ മേഖലകളിലും ഈ ശൈലി നമുക്ക് ദര്‍ശിക്കാനാകും. ഹജ്ജ്, ഉംറ യാത്രാ വേളകളില്‍ പല അമീറുമാരും അനുയായികളെ വശീകരിക്കുവാനും സ്വാധീനിക്കുവാനുമായി ഈ ശൈലി ഉപയോഗിക്കുന്നത് കാണാം. മരണ വീടുകള്‍, വിവാഹ വീടുകള്‍ എന്നിവിടങ്ങളില്‍ ഇന്ന് സമൂഹത്തില്‍ പ്രചാരത്തിലുള്ള കൃത്രിമ പ്രാര്‍ഥനകളും ഈ വഴിവിട്ട രീതിയുടെ മകുടോദാഹരണങ്ങള്‍ തന്നെ.

ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ആരാധനയായ പ്രാര്‍ഥനയെ നിഷ്ഫലമാക്കാതിരിക്കുവാനായി പ്രമാണങ്ങളില്‍ വന്ന അധ്യാപനങ്ങള്‍ പൂര്‍ണമായും പഠിക്കുവാനും ഉള്‍ക്കൊള്ളുവാനും തയ്യാറാവുക. 

ശ്രദ്ധിക്കേണ്ട പൊതുമര്യാദകള്‍

1. പ്രാര്‍ഥന അല്ലാഹുവോട് മാത്രം നിര്‍വഹിക്കുക.

2. പൂര്‍ണമായും അല്ലാഹുവിന് കീഴ്‌പെട്ടുകൊണ്ട് വിനയത്തോടെ നിര്‍വഹിക്കുക.

3. ഉത്തരം കിട്ടുമെന്ന ഉറപ്പോടെയും അതിയായ താല്‍പര്യത്തോടെയും പ്രാര്‍ഥിക്കുക.

4. ധൃതി ഒഴിവാക്കുക. പ്രാര്‍ഥന ഹംദ്, സ്വലാത്ത് എന്നിവ കൊണ്ട് ആരംഭിക്കുക.

5. ക്വിബ്‌ലക്ക് മുന്നിട്ട് കൊണ്ടും ശുദ്ധിയോട് കൂടിയും നിര്‍വഹിക്കല്‍ അതിന്റെ പൂര്‍ണതയാണ്.

6. സ്വന്തത്തിന് മാത്രമാകാതെ എല്ലാവരുടെയും നന്മക്കും ഗുണത്തിനുമായി പ്രാര്‍ഥിക്കുക.

7. പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട പ്രാര്‍ഥനകള്‍ അങ്ങനെത്തന്നെ നിര്‍വഹിക്കുക (അതില്‍ ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യരുത്).

8. അല്ലാഹുവിന്റെ നാമങ്ങള്‍, ഗുണങ്ങള്‍, വിശേഷണങ്ങള്‍ എന്നിവ എടുത്തുപറഞ്ഞും അതിനെ തവസ്സുലാക്കിയും പ്രാര്‍ഥിക്കുക.

9. ചെയ്തുവെച്ച സല്‍കര്‍മങ്ങള്‍ മുന്‍നിറുത്തി പ്രാര്‍ഥിക്കുക.

10. ഉത്തരം കിട്ടാന്‍ സാധ്യത കൂടുതലുള്ള സ്ഥലങ്ങള്‍, സന്ദര്‍ഭങ്ങള്‍ എന്നിവ പ്രത്യേകം ഉപയോഗപ്പെടുത്തുക. (ഉദാ: അറഫ, കഅ്ബ, വെള്ളിയാഴ്ചയിലെ നിശ്ചിത സമയം, രാത്രിയുടെ അവസാന ഭാഗം, ഫര്‍ദ് നമസ്‌കാരത്തിന്റെ പിറകെ).

പ്രാര്‍ഥനയുടെ പൊതുമര്യാദയാണ് കൈ ഉയര്‍ത്തല്‍. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രത്യേക രൂപത്തില്‍ തന്നെ കൈ ഉയര്‍ത്താന്‍ പഠിപ്പിച്ചിട്ടുണ്ട്. നബി ﷺ  മഴക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ കക്ഷത്തിന്റെ വെള്ള കാണുമാറ് അവിടുന്ന് തന്റെ കൈകള്‍ ഉയര്‍ത്തുമായിരുന്നു.

ചില സന്ദര്‍ഭങ്ങളില്‍ നബി ﷺ  ഉയര്‍ത്താറുണ്ടായിരുന്നില്ല എന്ന് പ്രത്യേകം പ്രതിപാദിക്കപ്പെട്ട സ്ഥലങ്ങളില്‍ കൈ ഉയര്‍ത്താതിരിക്കുവാനും ശ്രദ്ധിക്കേണ്ടതാണ്. ഉദാ: ഖുത്വുബക്കിടയില്‍ ഉള്ള പ്രാര്‍ഥന, സുജൂദിലെ പ്രാര്‍ഥന.

ഫര്‍ദ് നമസ്‌കാരങ്ങളുടെ ശേഷമുള്ള പ്രാര്‍ഥനകളില്‍ നബി ﷺ  കൈ ഉയര്‍ത്തി എന്ന് പ്രത്യേകം ഉദ്ധരിക്കപ്പെടാത്തതിനാല്‍ ആ സന്ദര്‍ഭത്തില്‍ കൈ ഉയര്‍ത്തേണ്ടതില്ല എന്നതാണ് കൂടുതല്‍ പ്രബലമായ അഭിപ്രായം.

പ്രഭാഷണങ്ങള്‍, ക്ലാസ്സുകള്‍, വിജ്ഞാന സദസ്സുകള്‍ എന്നിവ അവസാനിക്കുമ്പോള്‍ നബി ﷺ  അധികവും പ്രാര്‍ഥന നിര്‍വഹിച്ചിട്ടേ എഴുന്നേല്‍ക്കാറുണ്ടായിരുന്നുള്ളൂ എന്ന് ഇബ്‌നു ഉമര്‍(റ) പറഞ്ഞത് ഇമാം തിര്‍മിദി സ്വീകാര്യയോഗ്യമായ പരമ്പരയോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രമാണങ്ങള്‍ പഠിപ്പിച്ച എല്ലാ മര്യാദകളും പാലിച്ചും തെറ്റായ രീതികളെ വര്‍ജിച്ചും താഴ്മയോടെയും വിനയാന്വിതരായും നമ്മുടെ സ്രഷ്ടാവിനോട് നമുക്ക് പ്രാര്‍ഥിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍!

 

ഫൈസല്‍ പുതുപ്പറമ്പ്
നേർപഥം വാരിക

ആദര്‍ശ ധീരതയുടെ ബദ്ര്‍

ആദര്‍ശ ധീരതയുടെ ബദ്ര്‍

പ്രമാണബന്ധിതമായ വിശ്വാസങ്ങളാലും ആചാരങ്ങളാലും പരിപൂര്‍ണമാക്കപ്പട്ട മതമാണ് ഇസ്‌ലാം. ഒരു മുസ്ലിം അവന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും എന്തു ചെയ്യണമെന്നും എന്ത് ചെയ്യാന്‍ പാടില്ലെന്നും എന്ത് വിശ്വസിക്കണമെന്നും എന്ത് വിശ്വസിക്കാന്‍ പാടില്ലെന്നും വളരെ കൃത്യമായി ക്വുര്‍ആനും നബിചര്യയും പഠിപ്പിപ്പിക്കുന്നുണ്ട്.

ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ പരലോക വിജയത്തിന് വേണ്ടി നിര്‍ബന്ധമായും ഐഛികമായും നിര്‍വഹിക്കുന്ന കര്‍മങ്ങളാണല്ലോ ആരാധനകള്‍. അതില്‍ പ്രമാണങ്ങള്‍ പഠിപ്പിച്ചതിനപ്പുറമായി ഒന്നും അധികരിപ്പിക്കുവാനും കുറയ്ക്കുവാനും ആര്‍ക്കും അധികാരമില്ല. ഒരു സത്യവിശ്വാസി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവന്‍ ഉദ്ദേശിക്കുന്നത് അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലവും അവന്റെ സാമീപ്യവുമാണ് എങ്കില്‍ അല്ലാഹു എന്താണോ പഠിപ്പിച്ചത് അത് മാത്രമാണ് അവന്‍ ചെയ്യേണ്ടത്. സ്വര്‍ഗവും നരകവും ഒരുക്കിവെച്ചത് അല്ലാഹുവാണ് എങ്കില്‍ ആ സ്വര്‍ഗത്തിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് പഠിപ്പിച്ചുതരേണ്ടതും അല്ലാഹു തന്നെയാണ്. അത്‌കൊണ്ടു തന്നെ അല്ലാഹുവിന്റെ കല്‍പനകള്‍ക്കും നിയമങ്ങള്‍ക്കും അപ്പുറമായി പ്രവര്‍ത്തിക്കുവാന്‍ ഒരു വിശ്വാസിക്ക് പാടുള്ളതല്ല. മതത്തിന്റെ ഭാഗമായി എന്തൊരു കാര്യമാണോ നബി ﷺ  പഠിപ്പിച്ചു തന്നിട്ടുള്ളത് അതിനെതിരെ പ്രവര്‍ത്തിക്കുവാനും ഒരാള്‍ക്കും അനുവാദമില്ല. അത്തരക്കാര്‍ക്ക് അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

”തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (ക്വുര്‍ആന്‍ 4:115).

ഇത്തരക്കാരുടെ കര്‍മങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യയോഗ്യവും അല്ല. ‘നമ്മുടെ ഈ (മതത്തിന്റെ) കാര്യത്തില്‍ വല്ലവനും അതില്‍ ഇല്ലാത്തത് കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളപ്പെടുന്നതാകുന്നു’ എന്നാണല്ലോ നബി ﷺ  പഠിപ്പിച്ചിട്ടുള്ളത്. നമ്മുടെ പാപങ്ങള്‍ പൊറുക്കപ്പെടാനും സല്‍കര്‍മങ്ങളുമായി അല്ലാഹുവിലേക്ക് അടുക്കുവാനുമുള്ള ഏറ്റവും നല്ല ഒരു വേദിയാണ് പരിശുദ്ധ റമദാന്‍ മാസം. റമദാനില്‍ നമ്മള്‍ നിര്‍വഹിക്കുന്ന ഏതൊരു ആരാധനയും അല്ലാഹു നമ്മോട് കല്‍പിച്ചതുകൊണ്ട് മാത്രമാണ് നാം നിര്‍വഹിക്കുന്നത്. എന്നാല്‍ ഈ പരിശുദ്ധ മാസത്തില്‍ പോലും നബി ﷺ യുടെ മാതൃകയില്ലാത്ത ഒട്ടനവധി പുത്തനാചാരങ്ങള്‍ ചെയ്യുന്നവരെ മുസ്ലിം സമൂഹത്തില്‍ കാണാന്‍ കഴിയുന്നു എന്നത് ഏറെ സങ്കടകരമായ കാര്യമാണ്. അത്തരത്തില്‍ പെട്ട ഒന്നാണ് ‘ബദ്‌രീങ്ങളുടെ ആണ്ട്’ എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍.  

മുസ്‌ലിം സമൂഹത്തിന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്തുകൊണ്ട് ജീവിക്കുന്ന പൗരോഹിത്യമാണ് ഇതിന്റെയെല്ലാം പിന്നിലുള്ളത്. ഒരു സത്യവിശ്വാസി ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം അകന്നു നില്‍ക്കേണ്ടതാണ്. നബി ﷺ യുടെയും അനുചരന്മാരുടെയും മദീനാജീവിത കാലഘട്ടത്തില്‍ മക്കയിലെ മുശ്‌രിക്കുകളുമായി ബദ്‌റില്‍ വെച്ചു നടന്ന യുദ്ധത്തില്‍ പങ്കെടുത്ത വിശ്വാസികളെ ഉദ്ദേശിച്ചാണ് ബദ്‌രീങ്ങള്‍ എന്ന് പറയുന്നത്.  ബദ്ര്‍യുദ്ധ ശേഷം ഏതാണ്ട് ഒന്‍പതു വര്‍ഷം നബി ﷺ  മദീനയില്‍ ജീവിച്ചിട്ടുണ്ട്. നബി ﷺ യോ സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട സ്വഹാബികളോ ബദ്‌റില്‍ പങ്കെടുത്ത മറ്റു മഹാന്മാരോ ഇത്തരമൊരു പ്രവര്‍ത്തനത്തിന് മാതൃക കാണിച്ചു തന്നിട്ടില്ല. അത് സല്‍കര്‍മമായിരുന്നുവെങ്കില്‍ നമ്മളെക്കാള്‍ കൂടുതല്‍ താല്‍പര്യത്തോടെയും ഉത്സാഹത്തോടെയും അത് നിര്‍വഹിക്കുക സ്വഹാബികളാണ്. പക്ഷേ, സ്വഹാബികളുടെ ജീവിതം പരിശോധിച്ചുനോക്കിയാല്‍ അത്തരം ഒരു കാര്യം നമുക്ക് കാണുക സാധ്യമല്ല.  

ഇസ്‌ലാം പഠിപ്പിക്കാത്ത പുതിയ ആരാധന രീതികള്‍ കടന്നുവരുമ്പോള്‍ അതിനകത്ത് ശിര്‍ക്ക് കൂടി ഉണ്ടാവുക എന്നുള്ളത് സ്വാഭാവികമാണ്. മഹാത്മാക്കളുടെയും ശുഹദാക്കളുടെയും പേര് പറഞ്ഞു കൊണ്ടും അവരോടുള്ള സ്‌നേഹവും ബഹുമാനവും എന്ന് വിശദീകരിച്ച് ന്യായീകരിച്ചു കൊണ്ടും അവരെ വിളിച്ചു പ്രാര്‍ഥിക്കുന്ന ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളാണ് ഇന്ന് സമൂഹത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആരാധനക്കര്‍ഹനായി അല്ലാഹു മാത്രമേയുള്ളൂ എന്നും മുഹമ്മദ് നബി ﷺ  അല്ലാഹുവിന്റെ പ്രവാചകനാണ് എന്നും പ്രഖ്യാപിച്ചതിന്റെ ഭാഗമായി സ്വന്തം നാടും വീടും കുടുംബവും വിട്ടു പോകേണ്ടി വന്നവരാണ് സ്വഹാബിമാര്‍. മക്ക വിട്ട് മദീനയിലേക്ക് പോയിട്ടു പോലും അവരുടെ സൈ്വരജീവിതം കെടുത്തുവാനായിരുന്നു സത്യനിഷേധികളുടെ ശ്രമം. കച്ചവടത്തില്‍നിന്നു ലഭിക്കുന്ന ലാഭം മുസ്‌ലിംകള്‍ക്കെതിരെ ഉപയോഗിക്കുവാന്‍ അവര്‍ ധൃഷ്ടരായി. ഈ ഘട്ടത്തില്‍ നിലനില്‍പിനു വേണ്ടി യുദ്ധം ചെയ്യുവാനുള്ള അനുവാദം അല്ലാഹു നല്‍കുകയായിരുന്നു. അങ്ങനെയാണ് ബദ്‌റില്‍ ഏറ്റുമുട്ടലുണ്ടായത്.

അല്ലാഹുവിന്റെ ഏകത്വം അഥവാ തൗഹീദ് അംഗീകരിക്കാത്തവരും അംഗീകരിക്കുന്നവരും തമ്മിലാണ് ബദ്‌റില്‍ ഏറ്റുമുട്ടിയത്. പക്ഷേ, ഇന്ന് നാം കാണുന്നതെന്താണ്? അല്ലാഹുവിനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്ന ആദര്‍ശത്തിന്റെ നിലനില്‍പിനായി പോരാടിയ ബദ്‌രീങ്ങളെത്തന്നെ വിളിച്ചു പ്രാര്‍ഥിക്കുന്ന ദുരന്തപൂര്‍ണമായ കാഴ്ചയാണ് സമൂഹത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്. നബി ﷺ യും ബദ്രീങ്ങളും പ്രാര്‍ഥിച്ചത് അല്ലാഹുവോടായിരുന്നു. അതിന്റെ പേരിലാണ് എല്ലാ പ്രയാസങ്ങളും അവര്‍ക്ക് സഹിക്കേണ്ടി വന്നത്.

എന്നാല്‍ ഈ ബദ്‌രീങ്ങളുടെ മദ്ഹ് പറയുന്നു എന്ന പേരില്‍ ബദ്ര്‍ മൗലിദും ബദ്ര്‍ മാലയും പാടുന്നവര്‍ അല്ലാഹുവിന്റെ ദീനിന്റെ പേരില്‍ ഈ കാട്ടിക്കൂട്ടുന്നത് കടുത്ത അക്രമമാണെന്ന് ചിന്തിക്കുന്നില്ല. ഏതൊരു ആദര്‍ശത്തിനു വേണ്ടിയാണോ ബദ്‌രീങ്ങള്‍ പോരാടിയത് അതിന് നേര്‍വിപരീതമായ പ്രവര്‍ത്തനമാണ് തങ്ങള്‍ ചെയ്യുന്നത് എന്നും ഇവര്‍ മനസ്സിലാക്കുന്നില്ല. പ്രയാസങ്ങളും രോഗങ്ങളും ദുഃഖങ്ങളും പരീക്ഷണങ്ങളും ഒക്കെ ഉണ്ടാകുമ്പോള്‍ ബദ്‌രീങ്ങളെ വിളിച്ച് സഹായം തേടുവാനാണ് ഇവര്‍ പഠിപ്പിക്കപ്പെടുന്നത്. ബദ്‌റില്‍ പങ്കെടുത്ത സ്വഹാബിമാരില്‍ 14 പേര്‍ മാത്രമാണ് ശഹീദായത്. ബാക്കിയുള്ള സ്വഹാബിമാരില്‍ പലരും രോഗം ബാധിച്ചും മറ്റു യുദ്ധങ്ങളില്‍ ശത്രുക്കളുടെ വെട്ടേറ്റുമൊക്കെയാണ് മരണപ്പെട്ടു പോയത്. ബദ്ര്‍ യുദ്ധത്തിന് ശേഷം ജീവിച്ചിരുന്ന സ്വഹാബിമാരില്‍ ആരും തന്നെ ബദ്‌റില്‍ ശഹീദായവരോട് പ്രാര്‍ഥിക്കുകയോ സഹായതേട്ടം നടത്തുകയോ ചെയ്തിട്ടില്ല.

അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥനകള്‍ വ്യര്‍ഥമാണെന്നും കടുത്ത അക്രമമാണെന്നും ക്വുര്‍ആനിലൂടെ വ്യക്തമായിത്തന്നെ അല്ലാഹു പഠിപ്പിക്കുന്നുണ്ട്. ഒരു വിശ്വാസി ചെയ്യുന്ന സല്‍കര്‍മങ്ങളെ പോലും തകര്‍ത്തു കളയുന്ന തരത്തിലുള്ള മഹാപാപമാണ് ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍.

”അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ”്യൂ(ക്വുര്‍ആന്‍ 10:106,107).

”അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല” (ക്വുര്‍ആന്‍ 35:18).

”അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ത്തില്‍ അവര്‍ ഇവരുടെ ശത്രു ക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും” (ക്വുര്‍ആന്‍ 46:5,6).

”അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന്നു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നതെല്ലാം വ്യര്‍ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും” (31:30).

”അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു” (ക്വുര്‍ആന്‍ 13:14).

പരിശുദ്ധ റമദാന്‍ മാസത്തില്‍ നാം നിര്‍വഹിക്കുന്ന നോമ്പും രാത്രി നമസ്‌കാരവും ദാനധര്‍മങ്ങളുമെല്ലാം നിഷ്ഫലമായിപ്പോകുന്ന പ്രവര്‍ത്തനമാണ് ശിര്‍ക്കെന്ന മഹാപാപം. പുണ്യകര്‍മങ്ങള്‍ക്ക് ഇരട്ടിയിരട്ടി പ്രതിഫലം ലഭിക്കുന്ന റമദാന്‍ മാസത്തില്‍ പോലും ബിദ്അത്തുകളും റബ്ബിനോടല്ലാത്ത പ്രാര്‍ഥനകളും മുസ്‌ലിം സമൂഹത്തില്‍ നിന്നും ഉണ്ടാകുമ്പോള്‍ അതില്‍ ഏറെ സന്തോഷിക്കുന്നത് പിശാചായിരിക്കുമെന്നതില്‍ സംശയമില്ല. പരമാവധി ആളുകള്‍ നരകാവകാശികളായിത്തീരുക എന്നതാണല്ലോ പിശാചിന്റെ പ്രവര്‍ത്തന ലക്ഷ്യം.  

റമദാന്‍ 17ന് പ്രത്യേകമായി നടത്തുന്ന നേര്‍ച്ചകളും അറവുകളും പ്രത്യേകമായി ചെയ്യുന്ന മറ്റു ആരാധനകളും ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ക്ക് അന്യമാണ്. പ്രവാചകന്റെയും സ്വഹാബത്തിന്റെയും ജീവിതത്തില്‍ നമുക്ക് ഇത്തരം കാര്യങ്ങള്‍ കാണുക സാധ്യമല്ല. ബദ്‌രീങ്ങളുടെ തൃപ്തിയും പൊരുത്തവും ലഭിക്കണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ബദ്‌രീങ്ങളുടെ പേരില്‍ മൃഗത്തെ നേര്‍ച്ചയാക്കുന്നതും ബലിയറുക്കുന്നതും. അല്ലാഹുവിന്റെ പേരിലും അല്ലാഹുവിന് വേണ്ടിയും മാത്രമെ ഇത്തരം കര്‍മങ്ങള്‍ ചെയ്യാവൂ. അല്ലാഹു അല്ലാത്തവരുടെ തൃപ്തിക്കു വേണ്ടി അറുക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നാണ് നബി ﷺ  പഠിപ്പിച്ചിട്ടുള്ളത്.

നമ്മുടെ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പ്രമാണങ്ങളുമായി നാം മാറ്റുരച്ചു നോക്കേണ്ടതുണ്ട്. സ്വഹാബിമാരും അവരെ തുടര്‍ന്ന് ജീവിച്ച താബിഉകളുമായിട്ടുള്ള സച്ചരിതര്‍ പുലര്‍ത്തിപ്പോന്ന വിശ്വാസങ്ങളും കര്‍മാനുഷ്ഠാനങ്ങളും മതി നമുക്കും പരലോകത്ത് രക്ഷ ലഭിക്കാന്‍. പുതിയ ഒരു ആരാധന നമ്മുടെ വകയായി നാം നിര്‍മിക്കേണ്ടതില്ല. മതത്തില്‍ നൂതനകാര്യങ്ങള്‍ (ബിദ്അത്ത്) കടത്തിക്കൂട്ടിയവര്‍ക്ക് നാളെ പരലോകത്തില്‍വെച്ച് ഹൗദ്വുല്‍ കൗഥറിലെ വെള്ളം കുടിക്കാന്‍ ലഭിക്കില്ലെന്നും അവര്‍ അതില്‍നിന്ന് ആട്ടിയകറ്റപ്പെടുമെന്നും നബി ﷺ  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബദ്‌റില്‍ പങ്കെടുത്ത പ്രവാചകാനുചരന്മാരുടെ പാത പിന്‍പറ്റി അചഞ്ചലമായി തൗഹീദിന്റെ മാര്‍ഗത്തില്‍ ജീവിതത്തിന്റെ അവസാനം വരെയും നിലകൊള്ളുന്നവരായി നാം മാറേണ്ടതുണ്ട്. അതിനായി റമദാനിന്റെ പുണ്യം നിറഞ്ഞ ദിനരാത്രങ്ങളില്‍ സര്‍വശക്തനോട് തേടിക്കൊണ്ടിരിക്കുക.

 

അബുല്‍ ഫദ്ല്‍ ഇഹ്‌സാനുല്‍ ഹഖ്
നേർപഥം വാരിക