സ്വഹീഹുല്‍ ബുഖാരി: വിമര്‍ശനങ്ങളും വസ്തുതയും – 01

സ്വഹീഹുല്‍ ബുഖാരി: വിമര്‍ശനങ്ങളും വസ്തുതയും - 01

പ്രവാചകന്റെ ഹദീസുകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് കുറെയേറെ പഴക്കമുണ്ട്. ഹദീസുകളെ വിമര്‍ശിക്കുന്നവര്‍ ഹദീസ് ഗ്രന്ഥങ്ങളെയും മുഹദ്ദിസുകളെയുമാണ് പ്രഥമമായി വിമര്‍ശന ശരങ്ങള്‍ ഏല്‍പിക്കുക. അതില്‍ തന്നെ സ്വഹീഹുല്‍ ബുഖാരിയാണ് പലരുടെയും ഒന്നാമത്തെ ലക്ഷ്യം. അതിന് പലതുണ്ട് കാരണങ്ങള്‍.

മുസ്‌ലിംലോകം ഒന്നടങ്കം വിശുദ്ധ ക്വുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാമാണികമായി കണക്കാക്കുന്ന ഗ്രന്ഥമാണ് ഇമാം ബുഖാരിയുടെ സ്വഹീഹുല്‍ ബുഖാരി. സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകള്‍ മുഴുവനും സ്വീകാര്യയോഗ്യ(സ്വഹീഹ്)മാണെന്നതിന് മുസ്‌ലിം സമൂഹത്തിന്റെ ഏകോപിത അഭിപ്രായം ഉള്ളതായി പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വഹീഹുല്‍ ബുഖാരിയിലും ദുര്‍ബല ഹദീസുകളുണ്ടെന്ന പിഴച്ച വാദം ചിലര്‍ ഉന്നയിച്ചുവരുന്നുണ്ട്. ബുഖാരിയിലെ മുഴുവന്‍ ഹദീസുകളും സ്വീകാര്യമാണെന്ന് പറയണമെങ്കില്‍ അതിന് പ്രമാണം വേണമെന്നും അതിലെ മുഴുവന്‍ ഹദീസുകളും സ്വീകരിക്കുന്നവന്‍ അന്ധവിശ്വാസിയായി തീരുമെന്നുമുള്ള ചില അപശബ്ദങ്ങള്‍ നമ്മുടെ നാട്ടിലും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

അതുകൊണ്ട് ആരാണ് ഇമാം ബുഖാരി, എന്താണ് സ്വഹീഹുല്‍ ബുഖാരി, അതിന് മുസ്‌ലിം ലോകത്തുള്ള സ്ഥാനമെന്താണ്, അതിലെ ഹദീസുകളെ വിമര്‍ശിക്കുന്നവര്‍ ആരൊക്കെയാണ്, അവരുടെ ഗൂഢലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിഞ്ഞിരിക്കല്‍ നല്ലതാണ്. അത്തരം ഒരു അന്വേഷണമാണിവിടെ ഉദ്ദേശിക്കുന്നത്.

അബൂഅബ്ദില്ലാ മുഹമ്മദ് ഇബ്‌നു ഇസ്മാഈല്‍ അല്‍ബുഖാരി എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. ഖുറാസാനിലെ ‘ബുഖാറ’ എന്ന സ്ഥലത്ത് ഹിജ്‌റ 19ല്‍ ശവ്വാല്‍ 13ന് ജനിച്ചു. പത്താം വയസ്സില്‍തന്നെ അദ്ദേഹം ഹദീസ് പഠനം ആരംഭിച്ചു. തന്റെ ജന്മനാടായ ബുഖാറയില്‍ നിന്നു തന്നെയാണ് ഇമാം ബുഖാരി(റഹി) വിജ്ഞാനത്തിന്റെ വഴിയിലേക്കുള്ള ആദ്യ കാല്‍വയ്പ് നടത്തുന്നത്. നാട്ടിലെ വിജ്ഞാന സമ്പാദനത്തിന് ശേഷം അറിവ് അന്വേഷിച്ച് ഇമാം ബുഖാരി(റഹി) ഹിജാസിലേക്കാണ് പോയത്. ഹിജ്‌റ 210ല്‍ മാതാവിനോടും സഹോദരനോടുമൊപ്പം പതിനാറാം വയസ്സില്‍ ഹജ്ജിനായി മക്കയില്‍ എത്തി. ഹജ്ജിന് ശേഷം അദ്ദേഹം മക്കയില്‍ തന്നെ കഴിച്ചു കൂട്ടി. മക്കയില്‍ നിന്നുള്ള വിജ്ഞാന സമ്പാദനമായിരുന്നു ലക്ഷ്യം. മക്കയില്‍ നിന്നും വിജ്ഞാനം നേടിയ ശേഷം ഹിജ്‌റ 212 ല്‍ അദ്ദേഹം മദീനയില്‍ എത്തി.

വിജ്ഞാനം അന്വേഷിച്ച് ഇമാം ബുഖാരി പിന്നീട് ബസ്വറയിലേക്കാണ് നീങ്ങിയത്. അതിനുശേഷം കൂഫയിലേക്കും പിന്നീട് ബാഗ്ദാദിലേക്കും യാത്ര ചെയ്തു. ബാഗ്ദാദിലെ അദ്ദേഹത്തിന്റെ ഉസ്താദുമാരില്‍ ഏറ്റവും പ്രഗല്‍ഭനാണ് ഇമാം അഹ്മദ്ബിന്‍ ഹമ്പല്‍(റഹി).

ഏതെങ്കിലുമൊരു നാട്ടില്‍ ഹദീസ് അറിയുന്ന പണ്ഡിതന്‍ ഉണ്ടെന്നറിഞ്ഞാല്‍ ആ പണ്ഡിതന്റെ അടുത്ത് ചെന്ന് പഠിക്കുകയായിരുന്നു ഇമാം ബുഖാരി(റഹി)യുടെ രീതി. 16 വര്‍ഷം കൊണ്ടാണ് അദ്ദേഹം സ്വഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥം തയ്യാറാക്കിയത്. അതിലെ ഓരോ ഹദീസും സ്വയം പഠിച്ചു. അതിന്റെ പരമ്പര (സനദ്) ശരിയാണെന്ന് ഉറപ്പുവരുത്തി. പിന്നീട് രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിച്ച്, പിഴവുകള്‍ വരാതിരിക്കാന്‍ അല്ലാഹുവോടു പ്രാര്‍ഥിച്ച ശേഷമാണ് ഹദീഥുകള്‍ അദ്ദേഹം രേഖപ്പെടുത്തിയിരുന്നത്. ഇമാം ബുഖാരി തന്റെ ഗ്രന്ഥരചന പൂര്‍ത്തിയാക്കിയ ശേഷം ഇമാം അഹ്മദ്, ഇബ്‌നുല്‍ മഈന്‍, ഇബ്‌നുല്‍ മദീനി തുടങ്ങിയ അക്കാലത്തെ ഏറ്റവും പ്രമുഖ പണ്ഡിതന്മാര്‍ക്ക് അത് വായിച്ചു കേള്‍പ്പിക്കുകയും അവര്‍ അത് അംഗീകരിക്കുകയും ചെയ്തു. ഹിജ്‌റ 256ല്‍ അറുപത്തിരണ്ടാമത്തെ വയസ്സില്‍ അദ്ദേഹം മരണപ്പെട്ടു.

മറ്റു ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് ‘സ്വഹീഹുല്‍ ബുഖാരി’യെ വേര്‍തിരിക്കുന്ന നിരവധി പ്രത്യേകതകളുണ്ട്. അദ്ദേഹത്തിന് മുമ്പ് ജീവിച്ചവരും സമകാലികരുമായ ഹദീസ് പണ്ഡിതന്മാര്‍ സ്വീകാര്യമാണെന്ന് ഏകകണ്ഠമായി അംഗീകരിച്ച ഹദീസുകള്‍ മാത്രമാണ് ‘സ്വഹീഹുല്‍ ബുഖാരി’യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹദീസുകള്‍ സ്വഹാബിയില്‍നിന്ന് പ്രബലരായ രണ്ടു താബിഉകളും അവരില്‍നിന്ന് ഇമാം ബുഖാരിയില്‍ എത്തുന്നത് വരെയുള്ള ഘട്ടങ്ങളില്‍ വിശ്വസ്തരായ രണ്ടു പ്രാമാണികരും റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്ന കര്‍ശനമായ നിബന്ധന അദ്ദേഹം പുലര്‍ത്തിയിരുന്നു. മാത്രമല്ല, റിപ്പോര്‍ട്ടു ചെയ്ത വ്യക്തിയും (റാവി) ആരില്‍നിന്നാണോ റിപ്പോര്‍ട്ടു ചെയ്തത് ആ വ്യക്തിയും ഒരേ കാലത്ത് ജീവിച്ചവരാണെന്ന് മാത്രമല്ല, തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ടെന്ന് കൂടി സംശയലേശമന്യെ സ്ഥാപിതമാവുകയും ചെയ്താല്‍ മാത്രമെ ഇമാം ബുഖാരി(റഹി) ആ റിപ്പോര്‍ട്ട് സ്വീകരിക്കുമായിരുന്നുള്ളൂ. ഇത്രയധികം സൂക്ഷ്മത പാലിച്ചതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും സ്വീകാര്യമായ ഹദീസ് ഗ്രന്ഥം എന്ന ബഹുമതി നേടാന്‍ സ്വഹീഹുല്‍ ബുഖാരിക്ക് സാധിച്ചത്.

സ്വഹീഹുല്‍ ബുഖാരിക്ക് എണ്‍പതില്‍ അധികം വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രശസ്തമായ വ്യാഖ്യാനമാണ് ഇമാം ഇബ്‌നുഹജര്‍ അസ്‌ക്വലാനിയുടെ ‘ഫത്ഹുല്‍ ബാരി’.

സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകളെല്ലാം സ്വഹീഹാണെന്ന് പറയുമ്പോള്‍ ഈ ഗ്രന്ഥത്തില്‍ സനദോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീഥുകള്‍ മുഴുവനും സ്വഹീഹാണെന്നാണ് ഉദ്ദേശിക്കുന്നത്.

ഇങ്ങനെ ലോകത്തിലെ ഏറ്റവും സ്വീകാര്യമായ ഹദീസ് ഗ്രന്ഥമെന്ന ബഹുമതി നേടിയ സ്വഹീഹുല്‍ ബുഖാരിയിലും ദുര്‍ബലമായ ഹദീസുകളുണ്ടെന്നാണ് ചില പിഴച്ച കക്ഷികള്‍ പറയുന്നത്! സ്വഹീഹുല്‍ ബുഖാരിയിലെ ഹദീസുകളോടുള്ള അരിശം ഹദീസ് വിരോധികള്‍ക്ക് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നൂറ്റാണ്ടുകളുടെ പഴക്കം അതിനുണ്ട്. ഖവാരിജുകളില്‍ തുടങ്ങി മുഅ്തസിലികളിലൂടെയും ശിയാക്കളിലൂടെയും കടന്നുവന്ന് ഇന്ന് ഇത്തരം അക്വ്‌ലാനികളില്‍ എത്തിനില്‍ക്കുകയാണത്. സ്വഹീഹുല്‍ ബുഖാരിയില്‍ പലതും കൊള്ളാത്തതുണ്ട് എന്ന് വരുത്തിത്തിര്‍ക്കലാണ് ഈ കക്ഷികളുടെയെല്ലാം ഉന്നം. ഇത്തരമൊരു അവസ്ഥയില്‍ പൂര്‍വസൂരികളുടെ അടുക്കല്‍ സ്വഹീഹുല്‍ ബുഖാരിക്ക് എന്ത് സ്ഥാനമാണുണ്ടായിരുന്നതെന്നും അതിലെ ഹദീസുകളോട് മുസ്‌ലിം ഉമ്മത്തിലെ പൗരാണികരും ആധുനികരുമായ പണ്ഡിതന്മാര്‍ എന്തു നിലപാട് സ്വീകരിച്ചെന്നും അന്വേഷിക്കുന്നത് നന്നായിരിക്കും.

ഇമാം അബൂഇസ്ഹാഖ് അസ്ഫറാഈനി(റഹി) (ഹിജ്‌റ 18) പറയുന്നു: ‘ബുഖാരിയിലെയും മുസ്‌ലിമിലെയും മുഴുവന്‍ ഹദീസുകളും സനദിന്റെയും (പരമ്പര) മത്‌നിന്റെയും (ആശയം) അടിസ്ഥാനത്തില്‍ പൂര്‍ണമായും ശരിയാണെന്ന കാര്യത്തില്‍ മുഹദ്ദിസുകള്‍ ഏകാഭിപ്രായക്കാരാണ്. ഈ അഭിപ്രായത്തില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ല’ (അന്നൂകത്ത് അലാ ഇബ്‌നിസ്‌സ്വലാഹ്: സര്‍കശി, പേജ് 13).

ഇമാം ഇബ്‌നു സ്വലാഹ്(റഹി) പറയുന്നു: ‘ബുഖാരിയും മുസ്‌ലിമും ഏകോപിച്ച് നിവേദനം ചെയ്ത ഹദീസുകളും ഒരാള്‍ സ്വന്തം ഉദ്ധരിച്ച ഹദീസുകളും എല്ലാം തന്നെ സ്വഹീഹാണെന്ന കാര്യം ഖണ്ഡിതമാണ്’ (മുക്വദ്ദിമതു ഇബ്‌നു സ്വലാഹ്, പേജ് 28).

ക്വാദി അബൂയഅ്‌ല അല്‍ഫറാഅ്(റഹി) പറയുന്നു: ‘മുസ്‌ലിം ഉമ്മത്ത് ഏകോപിച്ച് ഒരു കാര്യം സ്വീകരിച്ചാല്‍ അത് കൊണ്ട് തെളിവെടുക്കല്‍ നിര്‍ബന്ധമാണ് (ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളെ പോലെ). കാരണം മുസ്‌ലിം സമൂഹം ഒരു തിന്മയില്‍ യോജിക്കില്ല. ഉമ്മത്തിന്റെ സ്വീകരണം അവയിലുള്ളത് മുഴുവന്‍ സ്വഹീഹാണെന്ന കാര്യമാണ് അറിയിക്കുന്നത്’ (അല്‍ഉദ്ദ ഫീ ഉസ്വൂലില്‍ ഫിക്വ്ഹ്: 3/900).

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറയുന്നു: ‘ക്വുര്‍ആനിന് ശേഷം ആകാശത്തിന് ചുവട്ടില്‍ ബുഖാരി, മുസ്‌ലിമിനെക്കാള്‍ ശ്രേഷ്ഠകരമായ മറ്റൊരു ഗ്രന്ഥമില്ല’ (മജ്മൂഉല്‍ ഫതാവാ:18/74).

ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു: ‘അറിയുക, ശൈഖുല്‍ ഇസ്‌ലാം അബൂഅംറിനെ പോലെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ അബൂത്വാഹിറിനെ പോലെയുമുള്ള പണ്ഡിതന്‍മാര്‍ പറഞ്ഞതുപോലെ ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകള്‍ ഈ ഗണത്തില്‍പെടും. അവയെ മുഹദ്ദിസുകള്‍ പൂര്‍ണമായും സ്വീകരിച്ച് സത്യപ്പെടുത്തിയിട്ടുണ്ട്. അവമൂലം ഖണ്ഡിതമായ ജ്ഞാനം ലഭിക്കുന്നതാണ്. അവയിലെ ഹദീസുകളെ കുറിച്ച് ഉസ്വൂലികളും അഹ്‌ലുല്‍ കലാമിന്റെ ആളുകളുമായ ചിലര്‍ ചില എതിര്‍പ്പുകള്‍ പറഞ്ഞത് ഒട്ടും പരിഗണനീയമല്ല. കാരണം മതകാര്യങ്ങളിലെ ഇജ്മാഇല്‍ പരിഗണിക്കുന്നത് മതപണ്ഡിതരുടെ വാക്കിനെയാണ്; ഇത്തരക്കാരുടെയല്ല’ (മുഖ്തസ്വറുസ്സവാഇക്വില്‍ മുര്‍സല: 2/374).

ഹാഫിള് സ്വലാഹുദ്ദീന്‍ അല്‍അലാഇ(റഹി) (ഹിജ്‌റ 761) പറയുന്നു: ‘ബുഖാരിയിലെയും മുസ്‌ലിമിലെയും മുഴുവന്‍ ഹദീസുകളും സ്വഹീഹാണെന്നതില്‍ മുസ്‌ലിം ഉമ്മത്തിന്റെ ഇജ്മാഅ് ഉണ്ട്’ (തഹ്ക്വീക്വുല്‍ മുറാദ് ഫീ അന്നന്നഹ്‌യാ യക്തദി അല്‍ഫസാദ്: പേജ് 114).

അല്ലാമാ അബ്ദുല്‍ ഫൈദ് അല്‍ഫാരിസി(റഹി) (ഹിജ്‌റ 837) പറയുന്നു: ‘ബുഖാരിയും മുസ്‌ലിമും യോജിച്ച് ഉദ്ധരിച്ചതോ അല്ലെങ്കില്‍ ആരെങ്കിലും ഒരാള്‍ ഉദ്ധരിച്ചതോ ആയ മുഴുവന്‍ ഹദീഥുകളും സ്വഹീഹാണെന്ന കാര്യം ഖണ്ഡിതമാണ്’ (ജവാഹിറുല്‍ ഉസ്വൂല്‍: 20,21).

അല്ലാമാ മുല്ല അലിയ്യുല്‍ ക്വാരി(റഹി) പറയുന്നു: ‘ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകളെ പൂര്‍ണമായും സ്വീകരിക്കേണ്ടതാണെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചിരിക്കുന്നു’ (അല്‍ മിര്‍ക്വാത്ത്: 1/15).

നവാബ് സ്വിദ്ദീക്വ് ഹസന്‍ഖാന്‍(റഹി) പറയുന്നു: ‘ബുഖാരിയും മുസ്‌ലിമും ഏറ്റവും സ്വഹീഹായ ഗ്രന്ഥങ്ങളാണ്. ആരെങ്കിലും അവയെ ആക്ഷേപിക്കുകയോ അവയിലെ ഹദീസുകളെ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്താല്‍ അവന്‍ മുബ്തദിഉം (നൂതനവാദി) വിശ്വാസികളുടെ മാര്‍ഗത്തില്‍ നിന്ന് തെറ്റിയവനുമാണ്. മുഴുവന്‍ പണ്ഡിതന്‍മാരും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്’ (അസ്സിറാജുല്‍ വഹ്ഹാജ്: പേജ് 3).

അല്ലാമാ അഹ്മദ് മുഹമ്മദ് ശാകിര്‍(റഹി) പറയുന്നു: ‘ബുഖാരിയിലെയും മുസ്‌ലിമിലെയും മുഴുവന്‍ ഹദീസുകളും സ്വഹീഹാണ്. ദുര്‍ബലമോ ആക്ഷേപാര്‍ഹമായതോ ആയ ഒന്നുംതന്നെ അവയിലില്ല’ (അല്‍ബാഇസുല്‍ ഹസീസിന്റെ ഹാശിയ: പേജ് 22).

ഇബ്‌നു കസീര്‍(റഹി) പറയുന്നു: ‘അതിലുള്ളത് (സ്വഹീഹുല്‍ ബുഖാരിയില്‍) സ്വഹീഹാണെന്നതിലും അവ സ്വീകരിക്കണമെന്നതിലും പണ്ഡിതന്മാര്‍ യോജിച്ചിരിക്കുന്നു.അതുപോലെ ഇസ്‌ലാമിലെ മുഴുവന്‍ ആളുകളും’ (അല്‍ബിദായ വന്നിഹായ).

ഇബ്‌നു സുബ്കി(റഹി) പറയുന്നു: ‘അദ്ദേഹത്തിന്റെ (ഇമാം ബുഖാരി) ഗ്രന്ഥം അല്‍ജാമിഉ സ്വഹീഹ് അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ ഏറ്റവും മഹത്തായ ഗ്രന്ഥമാകുന്നു’ (ത്വബകാതുശ്ശാഫിഈയതുല്‍ കുബ്‌റാ).

അബൂഅംറ് ഇബ്‌നു സ്വലാഹ് (റഹി) പറയുന്നു: ‘അവര്‍ രണ്ടാളുടെയും (ഇമാം ബുഖാരി, ഇമാം മുസ്‌ലിം) ഗ്രന്ഥങ്ങള്‍ (സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്‌ലിം) പ്രതാപവാനായ അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥങ്ങളാകുന്നു.’ അതിന് ശേഷം അദ്ദേഹം പറയുകയുണ്ടായി: ‘ആ രണ്ട് ഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപകാരവും ശരിയായതും ഇമാം ബുഖാരിയുടെ ഗ്രന്ഥമാകുന്നു’ (ഉലൂമുല്‍ ഹദീഥ്).

ഇമാം നവവി(റഹി) പറയുന്നു: ‘പ്രതാപവാനായ അല്ലാഹുവിന്റെ ഗ്രന്ഥം കഴിഞ്ഞാല്‍ ഏറ്റവും ശരിയായ ഗ്രന്ഥങ്ങള്‍ രണ്ട് സ്വഹീഹുകളായ സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹ് മുസ്‌ലിമുമാകുന്നു എന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിരിക്കുന്നു. മുസ്‌ലിം സമുദായം അത് സ്വീകരിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ആ രണ്ട് ഗ്രന്ഥങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപകാരപ്രദവും ശരിയായതും ഇമാം ബുഖാരിയുടെ ഗ്രന്ഥമാകുന്നു'(സ്വഹീഹ് മുസ്‌ലിമിന്റെ വിശദീകരണത്തിന്റെ മുഖവുരയില്‍ നിന്ന്).

ആധുനികനായ മുഹദ്ദിസ് ശാഹ് വലിയുല്ലാഹി അദ്ദഹ്‌ലവി(റഹി) പറയുന്നു: ‘ബുഖാരിയിലെയും മുസ്ലിമിലെയും മുഴുവന്‍ ഹദീസുകളെ സംബന്ധിച്ച്, അവ പൂര്‍ണമായും സ്വഹീഹാണ് എന്നതിലും അവ രണ്ടും അതിന്റെ ഗ്രന്ഥകാരന്മാരിലേക്ക് മുതവാത്വിറായിത്തന്നെ എത്തിച്ചേരുന്നു എന്ന വിഷയത്തിലും മുഴുവന്‍ ഹദീസ് പണ്ഡിതന്മാരും യോജിച്ചിരിക്കുന്നു. ആരെങ്കിലും ആ ഗ്രന്ഥങ്ങളിലെ ഹദീസുകള്‍ക്കെതിരെ നിസ്സാര സ്വഭാവത്തില്‍ സംസാരിച്ചാല്‍ അവന്‍ പുത്തന്‍വാദിയും വിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്‍പറ്റിയവനുമാണ്’ (ഹുജ്ജത്തുല്ലാഹില്‍ ബാലിഗ:1/134).

സ്വഹീഹുല്‍ ബുഖാരിയില്‍ ഉള്‍പ്പെടുത്തേണ്ട ഓരോ ഹദീസും സുക്ഷ്മമായി പഠിച്ച് അതിന്റെ പരമ്പര (സനദ്) ശരിയാണെന്ന് ഉറപ്പുവരുത്തി പിന്നീട് രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കരിച്ച്, പിഴവുകള്‍ വരാതിരിക്കാന്‍ അല്ലാഹുവോടു പ്രാര്‍ഥിച്ചശേഷമാണ് അദ്ദേഹം ഹദീസുകള്‍ തന്റെ സ്വഹീഹില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇമാം ബുഖാരി(റഹി) തന്റെ ഗ്രന്ഥരചന പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തിന്റെ സമകാലികരായ ഹദീസ് വിജ്ഞാന രംഗത്തെ കുലപതികളായ ഇമാം അഹ്മദ്ബിന്‍ ഹമ്പല്‍(റഹി), യഹ്യബിന്‍ മഈന്‍ തുടങ്ങിയവര്‍ ആദ്യന്തം പരിശോധിച്ചു. അവര്‍ പറഞ്ഞ തിരുത്തുകള്‍ നടത്തിയ ശേഷമാണ് ഇമാം ബുഖാരി താന്‍ ക്രോഡീകരിച്ച കാര്യങ്ങള്‍ സമൂഹത്തിന് നല്‍കിയത്. പിന്നീട് വന്ന പണ്ഡിതന്മാരും ഹദീസ് വിജ്ഞാനത്തിന്റെ സകല മേഖലകളും മുന്നില്‍ വെച്ചുകൊണ്ട് ഈ ഹദീസുകളെ പരിശോധിച്ചു. എന്നിട്ടവര്‍ എത്തിച്ചേര്‍ന്ന അഭിപ്രായമാണ് മുകളില്‍ ഉദ്ധരിച്ചത്. അഹ്‌ലുസ്സുന്നത്തിന്റെ സുസമ്മതരും തലയെടുപ്പുള്ളവരുമായ ഇമാമീങ്ങളുടെ ഈ ഉദ്ധരണികള്‍ തട്ടിക്കളയാന്‍ അവരുടെ സമകാലികരോ പില്‍കാലക്കാരോ ആയ ഒരാള്‍ക്കും കഴിയില്ല; അവര്‍ എത്ര മഹാന്മാരാണെങ്കിലും. കാരണം, ഇവര്‍ ഹദീസുകളില്‍ അഗാധമായ പാണ്ഡിത്യമുള്ളവരും ഇല്‍മുല്‍ ഹദീസെന്ന വിജ്ഞാന ശാസ്ത്രത്തില്‍ അങ്ങേയറ്റം അവഗാഹമുള്ളവരുമാണ്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) പറയുന്നു: ‘സ്വഹീഹുല്‍ ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീഥുകള്‍ അവര്‍ രണ്ടുപോര്‍ മാത്രമല്ല നിവേദനം ചെയ്തിട്ടുള്ളത്. മറിച്ച് എണ്ണമറ്റ പണ്ഡിതരും മുഹദ്ദിസുകളും അതിന്റെ നിവേദകരാണ്. അവരുടെ പൂര്‍വികരും സമകാലികരും ശേഷക്കാരുമായ നിരവധിപേര്‍ അത് നിവേദനം ചെയ്തുവെന്ന് മാത്രമല്ല അവയെ സസൂക്ഷമം പരിശോധിച്ചിട്ടുമുണ്ട്. അന്നത്തെ ഹദീസ് നിരൂപകന്‍മാര്‍ നിരൂപണത്തില്‍ അഗ്രേസരന്‍മാരായിരുന്നു. ചുരുക്കത്തില്‍, ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീഥുകളെ റിപ്പോര്‍ട്ട് ചെയ്യുന്നതിലും അതിനെ സ്വഹീഹെന്ന് വിധിയെഴുതുന്നതിലും അവര്‍ രണ്ടുപേര്‍ മാത്രമല്ല ഉള്ളതെന്ന് സാരം’ (മിന്‍ഹാജുസ്സുന്ന).

അല്ലാമാ സ്വിദ്ദീക്വ് ഹസന്‍ഖാന്‍(റ) പറയുന്നു: ‘ബുഖാരിയും മുസ്‌ലിമും തങ്ങള്‍ ഉദ്ധരിക്കുന്ന ഓരാ ഹദീസും തങ്ങളുടെ ശൈഖുമാരെക്കൊണ്ട് പരിശോധിപ്പിച്ചതിന് ശേഷമല്ലാതെ അവരുടെ ഗ്രന്ഥത്തില്‍ അവയെ ചേര്‍ത്തിട്ടില്ല’ (ഇത്തിഹാഫുന്നുബലാഅ്, പേജ്: 138).

ഈ വിഷയത്തിലും മുസ്ലിം ഉമ്മത്തിന്റെ നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുക എന്നല്ലാതെ മറിച്ചൊരു നിലപാട് കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാന ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ ആദ്യകാല സലഫീ പണ്ഡിതന്മാര്‍ എഴുതിയ ചില വരികള്‍ നമുക്ക് വായിക്കാം.1950 മെയ് മാസത്തിലെ അല്‍മനാര്‍ മാസികയില്‍ (മൂന്നാം ലക്കം) എന്‍.വി. അബ്ദുസ്സലാം മൗലവി(റഹി) എഴുതി: ‘മുസ്ലിം ലോകത്ത് മുഴുവനും ശ്രുതിപ്പെട്ടിരിക്കുന്ന സ്വഹീഹുല്‍ ബുഖാരി ഇദ്ദേഹം രചിച്ചതത്രെ. ഈ കിതാബില്‍ സനദോടു കൂടി നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍ മുസ്ലിം പണ്ഡിതന്മാര്‍ ചോദ്യം ചെയ്യാതെ സ്വീകരിച്ചു വരാറുണ്ട്’ (പേജ്: 11).

കെ.എന്‍.എം പുറത്തിറക്കിയ ‘ഹദീഥ് ഗ്രന്ഥങ്ങള്‍ ഒരു പഠനം’ എന്ന ശൈഖ് മുഹമ്മദ് മൗലവിയുടെ കൃതിയില്‍ ഇപ്രകാരം കാണാം: ‘അതിലെ (സ്വഹീഹുല്‍ ബുഖാരിയിലെ) മുസ്നദായ (സനദോടുകൂടി പറയുന്ന) ഹദീഥുകളെല്ലാം സ്വഹീഹും ലക്ഷ്യത്തിനു പറ്റുന്നതുമാകുന്നു’ (പേജ്: 10).

ഇവിടെ സ്വാഭാവികമായും ചില സംശയങ്ങളും ഉയര്‍ന്നു വരാം. ബുഖാരിയിലെ ചില ഹദീഥുകളെ ചിലര്‍ വിമര്‍ശിച്ചിട്ടുണ്ടെന്നത് ശരിയല്ലേ? വിമര്‍ശിച്ചെന്നത് ശരിയാണ്. എന്നാല്‍ ആ വിമര്‍ശനങ്ങള്‍ എത്രമാത്രം ശരിയാണെന്നാണ് നാം മനസ്സിലാക്കേണ്ടത്. ഇമാം ദാറക്വുത്‌നി, ഇമാം നസാഈ എന്നിവര്‍ ബുഖാരിയിലെ ചില ഹദീസുകളെ സനദിന്റെ അടിസ്ഥാനത്തില്‍ വിമര്‍ശിച്ചെന്നത് ശരിയാണ്. എന്നാല്‍ ബുഖാരിക്കെതിരെയുള്ള മുഴുവന്‍ വിമര്‍ശനങ്ങള്‍ക്കും സമ്പൂര്‍ണ മറുപടികള്‍ പണ്ഡിതന്‍മാര്‍ നല്‍കിയിട്ടുണ്ട്. വിമര്‍ശനങ്ങളെ ആറ് ഭാഗങ്ങളായി തിരിച്ച് അവയ്ക്ക് ഓരോന്നിനും ഇബ്‌നു ഹജര്‍ അസ്‌ക്വലാനി(റഹി) മറുപടി പറയുകയും വിമര്‍ശനങ്ങള്‍ ശരിയല്ലെന്ന് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. (ഹദ്‌യുസ്സാരി: 346-484)

ഇബ്‌നു ഹജര്‍ അസ്‌ക്വലാനി(റഹി) പറയുന്നു: ‘ഇമാം ദാറക്വുത്‌നി ബുഖാരിയിലെ ചില ഹദീസുകളെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം വിമര്‍ശനങ്ങളെല്ലാം തന്നെ മുഹദ്ദിസുകളുടെ നിയമത്തിനെതിരും വളരെ ദുര്‍ബലവും ഭൂരിപക്ഷത്തിന്റെ നിലപാടിന് വിരുദ്ധവുമാണ്’ (ഹദ്‌യുസ്സാരി:346).

ഇമാം നവവി(റഹി) പറയുന്നു: ‘ബുഖാരിയും മുസ്‌ലിമും തങ്ങളുടെ ഗ്രന്ഥങ്ങളില്‍ തെളിവ് പിടിച്ച ആളുകളെ ചിലര്‍ വിമര്‍ശിച്ചത് അവ്യക്തവും ദുര്‍ബലവുമാണ്’ (ശറഹുമുസ്‌ലിം:1/25).

ബുഖാരിക്കും മുസ്‌ലിമിനും എതിരെയുള്ള ദാറക്വുത്‌നിയുടെ വിമര്‍ശനങ്ങള്‍ ഒന്നുപോലും ശരിയല്ലെന്ന് ഇമാം ഖത്വീബ് ബാഗ്ദാദി (റഹി) (ക്വവാഇദു തഹ്ദീസ്:190), ഇമാം സൈലഇ (റഹി) (നസ്ബുര്‍റായ്യ:1/3ര്‍1), ഇമാം അലാഇ (റഹി) (ജാമിഉ തഹ്‌സീല്‍, പേജ്:81), ഇമാം ശൗകാനി (റഹി) (ഖത്‌റുല്‍ വലിയ്യ, പേജ്:230), അല്ലാമാ ഇബ്‌നു ദഖീഖ് അല്‍ഈദ് (റഹി) (ഇഖ്തിറാഹ്:325), അല്ലാമാ ബദ്‌റുദ്ദീനുല്‍ ഐനി (റഹി) (ഉംദത്തുല്‍ ക്വാരി:1/1819, 2/54, 4/147, 10/120) എന്നിവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വിഷയത്തിലും മുസ്ലിം ഉമ്മത്തിന്റെ നിലപാട് തന്നെയാണ് കേരളത്തിലെ ഇസ്വ്‌ലാഹി പ്രസ്ഥാനത്തിനുമുള്ളത്. 1972 ഫെബ്രുവരി മാസത്തിലെ അല്‍മനാറില്‍ ശൈഖ് മുഹമ്മദ് മൗലവി എഴുതിയ ഒരു ലേഖനത്തിന്റെ തലവാചകം തന്നെ ‘സ്വഹീഹുല്‍ ബുഖാരി സ്ഥിരപ്പെട്ട നബിവചനങ്ങളുടെ വിലപ്പെട്ട സമാഹാരം’ എന്നായിരുന്നു. പ്രസ്തുത ലേഖനത്തില്‍ ഇപ്രകാരം കാണാം: ‘ദിവ്യവചനങ്ങളായ പരിശുദ്ധ ക്വുര്‍ആനിന് ശേഷം ഏറ്റവും സ്വീകാര്യവും സ്വഹീഹുമായ ഹദീസ് ശേഖരം, അതത്രെ സ്വഹീഹുല്‍ ബുഖാരി. സ്വഹീഹുല്‍ ബുഖാരിയുടെ സ്വീകാര്യതയും പാവനത്വവും അംഗീകരിക്കാത്ത ഒരൊറ്റ പണ്ഡിതനും മുസ്ലിം ലോകത്തുണ്ടായിട്ടില്ല. സ്വഹീഹുല്‍ ബുഖാരിയെപ്പറ്റി ഒട്ടേറെ ആക്ഷേപങ്ങളുണ്ട്. എല്ലാം ഈയിടെ പൊങ്ങിവന്നവ. യുക്തിയുടെ പേരില്‍ സ്വന്തം അഭിപ്രായങ്ങള്‍ക്കും തോന്നലുകള്‍ക്കും യോജിക്കാത്തതെല്ലാം തള്ളിപ്പറയുന്ന കുത്സിത ബുദ്ധികള്‍ ഞൊടിഞ്ഞുണ്ടാക്കുന്ന കള്ളപ്രചാരണങ്ങള്‍ വാസ്തവത്തില്‍ മറുപടിയേ അര്‍ഹിക്കുന്നില്ല. ഇക്കൂട്ടത്തില്‍ സ്വഹീഹുല്‍ ബുഖാരിയെ പറ്റിയുള്ള ആക്ഷേപങ്ങളും പെടുത്താം. തന്റെ ചില നിഗമനങ്ങളോട് വിയോജിച്ചതിനാല്‍ മാത്രം സ്വഹീഹുല്‍ ബുഖാരി തോട്ടിലെറിയണമെന്നു പറയുന്നവര്‍, നാടുനീളെ നാക്കിട്ടടിച്ചു നടക്കുന്നവര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്.’

 

അബ്ദുല്‍ മാലിക് സലഫി
നേർപഥം വാരിക

ജീവിത വിശുദ്ധി നിലനിര്‍ത്താന്‍ ചില മാര്‍ഗങ്ങള്‍

ജീവിത വിശുദ്ധി നിലനിര്‍ത്താന്‍ ചില മാര്‍ഗങ്ങള്‍

വിശ്വാസവും (ഈമാന്‍) സൂക്ഷ്മതയും (തക്വ്‌വ) നേടിയെടുക്കുക എന്നതിലേറെ ശ്രമകരമാണ് നേടിയെടുത്ത വിശുദ്ധി നിലനിര്‍ത്തുക എന്നത്.

മൂല്യമുള്ള ഒരു വസ്തു നിര്‍മിക്കാന്‍ ഏറെ സമയവും ത്യാഗവും അധ്വാനവും ആവശ്യമാണ്. എന്നാല്‍ അതിനെ നശിപ്പിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം മതി.

വ്രതകാലത്ത് ക്ഷമയിലൂടെയും സല്‍കര്‍മങ്ങളിലൂടെയും നേടിയെടുത്ത വിശുദ്ധി നൈമിഷിക സുഖങ്ങള്‍ക്കും താല്‍ക്കാലിക ആസ്വാദനങ്ങള്‍ക്കും വേണ്ടി തകര്‍ക്കരുത്.

മനുഷ്യന്റെ മുഖ്യശത്രുവായ പിശാച് എല്ലാവിധേനയും നമ്മെ വഴി തെറ്റിക്കാനും നമ്മുടെ വിശ്വാസത്തിന് പുഴുക്കുത്തേല്‍പിക്കാനും സദാ ശ്രമിച്ചുകൊണ്ടിരിക്കും.

അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്” (ക്വുര്‍ആന്‍ 35:6).

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ നമ്മുടെ തക്വ്‌വ നിലനിര്‍ത്താനും സല്‍കര്‍മങ്ങള്‍ പതിവാക്കാനും പരമവഞ്ചകനായ പിശാചിന്റെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടാനും നമുക്ക്  കഴിയും. അവയില്‍ ചിലത് താഴെ കൊടുക്കുന്നു:

1. നിര്‍ബന്ധമായ (ഫറദായ) കര്‍മങ്ങള്‍ക്ക് പുറമെ ഐഛികമായ (സുന്നത്തായ) കര്‍മങ്ങള്‍ കൂടി ചെയ്തു കൊണ്ട് അല്ലാഹുവിലേക്ക് അടുക്കുക:

ഫറദുകളില്‍ വരുന്ന ന്യൂനതകള്‍ പരിഹരിക്കാനും ഈമാനും വിശുദ്ധിയും നിലനിര്‍ത്താനും അതുവഴി അല്ലാഹുവിലേക്ക് അടുക്കാനും പിശാചിന്റെ ദുഷ്‌പ്രേരണകളില്‍ നിന്ന് രക്ഷപ്പെടാനും സുന്നത്തുകളിലൂടെ നമുക്ക് സാധിക്കും. ഫറദിന് പുറമെ സുന്നത്തായ കര്‍മങ്ങളിലൂടെ അല്ലാഹുവിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന അടിമയെ അല്ലാഹു ഏറെ ഇഷ്ടപ്പെടുമെന്ന് ക്വുദ്‌സിയായ ഹദീസില്‍ (അല്ലാഹു പറഞ്ഞതായി നബി ﷺ പറഞ്ഞുതന്നത്) കാണാം. (ബുഖാരി).

റവാത്തിബ് സുന്നത്തുകള്‍, രാത്രി നമസ്‌കാരം, ദുഹാ നമസ്‌കാരം, സുന്നത്തു നോമ്പുകള്‍, ദാനധര്‍മങ്ങള്‍ തുടങ്ങിയ നന്മകള്‍ കഴിയുന്നത്ര ഇനിയും ജീവിതത്തില്‍ തുടരാനായാല്‍ നാം അനുഗ്രഹീതരാണ്.

നബി ﷺ സ്വുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് നമസ്‌കാരത്തിന് മറ്റേത് റവാതിബിനെക്കാളും പ്രാധാന്യം നല്‍കിയിരുന്നു എന്നും അവ ഒരിക്കലും മുടക്കിയിരുന്നില്ല എന്നും ഹദീസുകളില്‍ കാണാം.

2. അര്‍ഥവും ആശയവും ചിന്തിച്ച് കൊണ്ട് ക്വുര്‍ആന്‍ പാരായണം ചെയ്യുക: ക്വുര്‍ആന്‍ പഠനവും പാരായണവും  പതിവാക്കുന്നവര്‍ നഷ്ടം വരാത്ത കച്ചവടത്തിലാണ്. അല്ലാഹു പറയുന്നു:

”തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരുമാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു” (35:29).

3. നാവ് കൊണ്ടും മനസ്സ് കൊണ്ടും റബ്ബിനെ കുറിച്ചുള്ള ഓര്‍മ നിലനിര്‍ത്തുക: വിശ്വാസിയുടെ ആത്മിയ ഭക്ഷണമാണ് ദിക്‌റുകള്‍. നബി ﷺ എപ്പോഴും റബ്ബിനെ സ്മരിക്കുമായിരുന്നു. ശേഖരിച്ചു വെക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്വത്ത് ദൈവ സ്മരണയാണെന്ന് നബി ﷺ പഠിപ്പിക്കുകയുണ്ടായി.

ഒരു ഹദീഥ് കാണുക: മുആദ്(റ)വില്‍ നിന്നും നിവേദനം; റസൂല ﷺ എന്റെ കൈപിടിച്ചു പറഞ്ഞു: ‘അല്ലാഹുവാണെ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. മുആദേ! ഓരോ നമസ്‌കാരത്തിനും ഒടുവില്‍ (സലാം വീട്ടുന്നതിന് തൊട്ടുമുമ്പായി) ഇങ്ങനെ പ്രാര്‍ഥിക്കുവാന്‍ നീ ഒരിക്കലും വിട്ടുപോകരുതെന്ന് നിന്നെ ഞാന്‍ ഉപദേശിക്കുന്നു: അല്ലാഹുവേ! നിന്നെ സ്മരിക്കുന്നതിനും നിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി ചെയ്യുന്നതിനും നല്ല രീതിയില്‍ നിന്നെ ആരാധിക്കുന്നതിനും എന്നെ നീ സഹായിക്കേണമേ” (അബൂദാവൂദ്).

4. നല്ലവരോടൊപ്പം സഹവസിക്കുക: സത്യസന്ധതയും മതബോധവും ധാര്‍മികനിഷ്ഠയുമുള്ളവരോടൊപ്പമായിരിക്കണം നമ്മുടെ സഹവാസം. ചീത്ത ചങ്ങാത്തം നമ്മെ തിന്മയിലേക്കെത്തിക്കാന്‍ കാരണമാകും.

5. ആത്മ വിചാരണ നടത്തുക: നമ്മുടെ വിശ്വാസത്തിലും കര്‍മങ്ങളിലും സ്വഭാവത്തിലും സമീപനങ്ങളിലും ഇടപാടുകളിലും ഇടപെടലുകളിലും എന്തെങ്കിലും ന്യൂനതകള്‍ വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടേയിരിക്കുക. ഉണ്ടെങ്കില്‍ പരിഹരിക്കുക.

6. മരണ ചിന്തയുണ്ടാവുക: നമ്മുടെ മരണം എപ്പോഴുമായേക്കാം എന്ന ചിന്തയും ഈമാനോട് കൂടി മരിക്കണം എന്ന ആഗ്രഹവും നമ്മെ നന്മകളില്‍ തുടരാന്‍ സഹായിക്കും.

7. മതസദസ്സുകളില്‍ ഹാജരാവുക: മതം പഠിക്കാനും ചോദിച്ചറിയാനും പറ്റുന്ന സദസ്സുകളിലും ക്വുര്‍ആന്‍ പഠന സംരംഭങ്ങളിലും വിജ്ഞാന വേദികളിലും മുടങ്ങാതെ ഹാജരാകുന്നത് തക്വ്‌വയുടെ വര്‍ധനവിന് വഴിയൊരുക്കും.

8. തക്വ്‌വ നിലനില്‍ക്കാന്‍ പ്രാര്‍ഥിക്കുക: മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം ഈമാനും വിശുദ്ധിയും നിലനിര്‍ത്തിത്തരാന്‍ അല്ലാഹുവിനോട് നിരന്തരമായി പ്രാര്‍ഥിക്കുക.

ക്വുര്‍ആന്‍ പഠിപ്പിക്കുന്ന പ്രാര്‍ഥന നോക്കൂ: ”ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു”(3:8).

പ്രവാചകന ﷺ ധാരാളമായി നടത്തിയിരുന്ന ഒരു പ്രാര്‍ഥന ഇപ്രകാരമാണ്: ”ഹൃദയങ്ങളെ മാറ്റി മറിക്കുന്നവനേ, നീ എന്റെ ഹൃദയത്തെ മതത്തില്‍ ഉറപ്പിച്ച് നിര്‍ത്തേണമേ.”

 

ടി.കെ.ത്വല്‍ഹത്ത് സ്വലാഹി
നേർപഥം വാരിക

സ്രഷ്ടാവ് സര്‍വവ്യാപിയോ?

സ്രഷ്ടാവ് സര്‍വവ്യാപിയോ?

ഇസ്‌ലാം മതം സമ്പൂര്‍ണമാണ്. അതില്‍വല്ലതും കൂട്ടുവാനോ കൂറക്കുവാനോ പാടില്ല. ഏത് കാര്യത്തിലും ഒരു വിശ്വാസി സ്വീകരിക്കേണ്ട നിലപാട് ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കനുസരിച്ചായിരിക്കണം. അതില്‍ നിന്ന് യാതൊരു വ്യതിചലനവും പാടില്ല. മതപരമായ ഏതെങ്കിലും ഒരു കാര്യത്തില്‍ ഭിന്നത വന്നാല്‍ അതിനുള്ള പരിഹാരം അന്വേഷിക്കേണ്ടത് ഇസ്‌ലാമിക പ്രമാണങ്ങളായ വിശുദ്ധക്വുര്‍ആനിലും തിരുസുന്നത്തിലുമായിരിക്കണം. ആ പ്രമാണങ്ങള്‍ ഒരു വിഷയത്തില്‍ ഖണ്ഡിതമായ തീരുമാനം നമുക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് സര്‍വാത്മനാ കീഴ്‌പ്പെടുകയാണ് വേണ്ടത്. വ്യക്തമായ തെളിവുകള്‍ കണ്ടിട്ടും ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് അതില്‍നിന്ന് കുതറിമാറുക എന്നത് ഒരു സത്യവിശ്വാസിയുടെ സ്വഭാവമല്ല. അല്ലാഹു പറയുന്നു:

”വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യാവസാനമുള്ളതും” (അന്നിസാഅ്:59).

”തനിക്ക് സന്മാര്‍ഗം വ്യക്തമായിക്കഴിഞ്ഞതിന് ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്തു നില്‍ക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (അന്നിസാഅ്:115).

”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ സ്ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു”(അല്‍അഹ്‌സാബ്: 36).

നബി ﷺ പറഞ്ഞു: ”നിങ്ങളില്‍ ഞാന്‍ രണ്ടു കാര്യങ്ങള്‍ വിട്ടേച്ച് പോകുന്നു. അത് രണ്ടും മുറുകെ പിടിക്കുകയാണെങ്കില്‍ നിങ്ങള്‍ ഒരിക്കലും വഴിപിഴക്കുകയില്ല; അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയും.”

ഈ ക്വുര്‍ആന്‍ വചനങ്ങളുടെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഒരു വിശ്വാസി മനസ്സിലാക്കേണ്ടത്, ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്ന ഒരു കാര്യം തള്ളിക്കളയാന്‍ പാടില്ല എന്നാണ്.

വിശുദ്ധ ക്വുര്‍ആന്‍ പലവുരു ആവര്‍ത്തിച്ച് പറഞ്ഞതാണ് അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ എന്നത്. അല്ലാഹുവിനെ ആരാധിക്കുന്നതിന് വിശുദ്ധ ക്വുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അവനെ നാം മനസ്സിലാക്കണം. അല്ലാഹുവിന് സുന്ദരമായ നാമങ്ങളും ഉന്നതമായ വിശേഷണങ്ങളും ഉണ്ടെന്ന് അല്ലാഹു തന്നെ വിശുദ്ധ ക്വുര്‍ആനിലുടെ നമ്മെ അറിയിച്ചിട്ടുണ്ട്. ഈ നാമവിശേഷണങ്ങളിലൊന്നും തന്നെ മറ്റാര്‍ക്കും യാതൊരു പങ്കുമില്ല. അല്ലാഹു പറയുന്നു:

 ”ആകയാല്‍ അല്ലാഹുവല്ലാതെ യതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക” (മുഹമ്മദ്:19).

അല്ലാഹുവിനെ മനസ്സിലാക്കുന്നതില്‍ പെട്ടത് തന്നെയാണ് അവന്‍ എവിടെയാണ് എന്ന കാര്യം ഗ്രഹിക്കുന്നത്. പ്രവാചകന ﷺ ഒരാള്‍ വിശ്വാസിയാണോ അവിശ്വാസിയാണോയെന്ന് തീരുമാനിക്കുവാന്‍ ചോദിച്ചിരുന്നത് അല്ലാഹു എവിടെയാണ് എന്ന ചോദ്യമായിരുന്നു. ഇതിന് വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും ഒരുപാട് തെളിവുകള്‍ കണ്ടെത്തുവാന്‍ സാധിക്കും.

അല്ലാഹു അര്‍ശിന് മുകളില്‍

അല്ലാഹു സിംഹാസനത്തില്‍ ഉപവിഷ്ടനാണെന്നാണ് ക്വുര്‍ആന്‍ സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:

”’പരമ കാരുണികന്‍ സിംഹാസനസ്ഥനായിരിക്കുന്നു”'(ത്വാഹാ:5).

അല്ലാഹു ഉപരിലോകത്തില്‍

അല്ലാഹു ഉപരിലോകത്താണെന്നുള്ളതിന് വിശുദ്ധ ക്വുര്‍ആനില്‍ ഒരുപാട് വചനങ്ങള്‍ കാണാന്‍ സാധിക്കും.

”’ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞ് കൊണ്ടിരിക്കും” (അല്‍മുല്‍ക്: 17).

”അതല്ല; ആകാശത്തുള്ളവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍ വര്‍ഷം അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ?” (അല്‍മുല്‍ക്: 18).

”അവര്‍ക്ക് മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടുകയും അവര്‍ കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു” (അന്നഹ്ല്‍: 50).

ഈസാ നബി(അ)യെ അല്ലാഹു തന്നിലേക്ക് ഉയര്‍ത്തിയെന്ന് പറയുന്നു. അല്ലാഹു എല്ലാ സ്ഥലത്തും ഉണ്ടെങ്കില്‍ എന്നിലേക്ക് ഉയര്‍ത്തിയെന്ന് പറയേണ്ടതില്ലല്ലോ. അല്ലാഹു പറയുന്നു:

”എന്നാല്‍ അദ്ദേഹത്തെ അല്ലാഹു അവങ്കലേക്ക് ഉയര്‍ത്തുകയത്രെ ചെയ്തത്” (അന്നിസാഅ്:158).

പ്രവാചക ചര്യയിലും ഇതിന് പിന്‍ബലം നല്‍കുന്നഒരുപാട് തെളിവുകള്‍ കാണാന്‍ കഴിയുന്നതാണ്. നബി ﷺ പറയുന്നു:

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; പ്രവാചകന ﷺ പറഞ്ഞു: ”എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ സത്യം; ഒരാള്‍ തന്റെ ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിച്ചിട്ട് അവള്‍ അതിന് വിസമ്മതിക്കുകയാണെങ്കില്‍ ഭര്‍ത്താവ് അവളില്‍ തൃപ്തിപ്പെടുന്നത് വരെ ആകാശത്തുള്ളവന്‍ അവളില്‍ കോപിക്കുന്നതാണ്”(മുസ്‌ലിം).

അബ്ദുല്ലാഹിബ്‌നു അംറ്(റ)വില്‍ നിന്ന് നിവേദനം; നബി ﷺ പറയുന്നു: ”കരുണ കാണിക്കുന്നവരോട് പരമകാരുണികനും കാരുണ്യം കാണിക്കുന്നതാണ്. ആയതിനാല്‍ ഭൂമിയിലുള്ളവരോട് നിങ്ങള്‍ കാരുണ്യം കാണിക്കുക; എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോടും കാരുണ്യം കാണിക്കുന്നതാണ്” (തിര്‍മിദി).

മുആവിയ്യ ഇബ്‌നു ഹകമുസ്സുലമിയില്‍ നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: ”എനിക്ക് ആടുകളെ നോക്കുന്ന ഒരു അടിമ സ്ത്രീ ഉണ്ടായിരുന്നു. ഒരു ദിവസം ചെന്നായ ഒരു ആടിനെ പിടിക്കുകയുണ്ടായി. ഞാന്‍ ആദം സന്തതിയില്‍ പെട്ടതായത് കൊണ്ട് തന്നെ എനിക്ക് സങ്കടം വന്നു. മാത്രമല്ല ഞാനവളെ അടിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഞാന്‍ ചെയ്തത് ഒരു വലിയ പാതകമാണെന്ന് എനിക്ക് ബോധ്യമായത്. അത് കാരണത്താല്‍ ഞാന്‍ പ്രവാചകന്റെയടുത്ത് പോയി കാര്യം പറഞ്ഞു: ‘അല്ലയോ തിരുദൂതരേ, ഞാനവളെ മോചിപ്പിക്കട്ടെയോ?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘നീ അവളെയും കൊണ്ട് വരൂ.” അങ്ങനെ ഞാന്‍ അവളെയും കൊണ്ട്‌വന്നു. അപ്പോള്‍ പ്രവാചകന ﷺ അവളോട് ചോദിച്ചു: ‘അല്ലാഹു എവിടെയാണ്?’അവള്‍ പ്രതിവചിച്ചു: ‘ആകാശത്തില്‍.’ഞാന്‍ ആരാണെന്ന് പ്രവാചകന ﷺ ചോദിച്ചു. അവള്‍ പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിന്റെ പ്രവാചകനാണ്.”അപ്പോള്‍ നബി ﷺ എന്നോട് പറയുകയുണ്ടായി: ‘നീ അവളെ മോചിപ്പിക്കുക. അവള്‍ സത്യവിശ്വാസിനിയാണ്” (മുസ്‌ലിം).

പ്രവാചകന ﷺ തന്റെ ആകാശാരോഹണ വേളയിലാണ് അല്ലാഹുവിനോട് സംസാരിച്ചത്. അതും അല്ലാഹു ആകാശത്താണെന്നുള്ളതിന് തെളിവാണ്.

നബി ﷺ ഇഹലോകവാസം വെടിഞ്ഞ സന്ദര്‍ഭത്തില്‍ മഹാനായ അബൂബക്ര്‍(റ) പറഞ്ഞ പ്രസിദ്ധമായ ഒരു വാക്യമുണ്ട്. അത് ഇപ്രകാരമാണ്: ”ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്നുവെങ്കില്‍ അല്ലാഹു ആകാശത്ത്, മരിക്കാതെ എന്നെന്നും ജീവിക്കുന്നവനാകുന്നു” (ദാരിമി ജഹ്മിയാക്കള്‍ക്കുള്ള മറുപടിയില്‍ സ്വഹീഹായ സനദോടുകൂടി ഉദ്ധരിച്ചത്).

ഹദീസ് പണ്ഡിതനായിരുന്ന അബ്ദുല്ലാഹിബ്‌നു മുബാറകിനോട് നമ്മുടെ രക്ഷിതാവിനെ നാം എങ്ങനെ അറിയുമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി കാണുക: ”അല്ലാഹു ആകാശത്തിന് മുകളില്‍ സൃഷ്ടികളില്‍ നിന്നെല്ലാം വേറിട്ട് സിംഹാസനത്തിലാണ്.”

ഇതിന്റെ ആശയം അല്ലാഹു സൃഷ്ടികളില്‍ നിന്നെല്ലാം വേറിട്ട് തന്റെ സത്തയോടുകൂടി സിംഹാസനത്തില്‍ ഉപവിഷ്ടനാണ് എന്നാണ്. സൃഷ്ടികളില്‍ ആര്‍ക്കും തന്നെ അല്ലാഹുവിന്റെ ഉന്നതിയില്‍ സാദൃശ്യമില്ല.

നാല് മദ്ഹബിന്റെ ഇമാമുകളും മനസ്സിലാക്കിയത് അല്ലാഹു തന്റെ അര്‍ശിന് മുകളിലാണെന്നും ഉന്നതിയില്‍ ഒരു സൃഷ്ടിയും തന്നെ അല്ലാഹുവിനോട് സാദൃശ്യപ്പെടുന്നില്ലെന്നുമാണ്.

എന്നാല്‍ ചിലയാളുകള്‍ വിശുദ്ധ ക്വുര്‍ആനിലെ സൂറഃ അല്‍ഹദീദിലെ ഒരു വചനമുദ്ധരിച്ചുകൊണ്ട് അല്ലാഹു എല്ലായിടത്തുമുണ്ടെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കാറുണ്ട്. ആ വചനം കാണുക:  ‘

”…നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട് താനും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു” (അല്‍ഹദീദ്: 4).

ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് പ്രമുഖ ക്വുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്‌സീര്‍ ഇബ്‌നു കസീറില്‍ പറയുന്നു: ‘അവന്‍ നിങ്ങളെ നിരീക്ഷിക്കുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും എങ്ങനെയായിരുന്നാലും നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവന്‍ കാണുന്നു.എല്ലാവരും അവന്റെ കാഴ്ചക്കും കേള്‍വിക്കും അറിവിനും വിധേയമാണ്.’

അല്ലാഹു എല്ലാ സ്ഥലത്തും ഉണ്ട് എന്നാണ് ഈ വചനത്തിന്റെ ആശയമെങ്കില്‍ ഇസ്‌ലാം പ്രചരിപ്പിക്കുവാനും ജനങ്ങള്‍ക്ക് ജീവിച്ച് മാതൃക കാണിക്കുവാനും വേണ്ടി അല്ലാഹു നിയോഗിച്ചയച്ച നബി ﷺ അത് അങ്ങനെ പഠിപ്പിച്ച് തരുമായിരുന്നു. പ്രവാചകന്റെ ചെറുതും വലുതുമായ വാക്കുകളും പ്രവൃത്തികളുമെല്ലാം നമുക്ക് കൈമാറിയ അനുചരനമാര്‍ ഈ ആശയവും നമുക്ക് പറഞ്ഞുതരുമായിരുന്നു. എന്നാല്‍ ഒരു സ്വഹാബി പോലും അല്ലാഹു എല്ലാ സ്ഥലത്തും ഉണ്ടെന്ന വിശ്വാസം വെച്ചുപുലര്‍ത്തിയതിന് യാതൊരു തെളിവും ലഭ്യമല്ല.

അല്ലാഹു സര്‍വ വ്യാപിയാണ് എന്നത് ഇസ്‌ലാമില്‍ നിന്നും പുറത്ത് പോയിട്ടുള്ള ജഹ്മിയാക്കളുടെ (ജഹ്മുബനു സ്വഫ്‌വാനെയും അദ്ദേഹത്തിന്റെ ആശയത്തെയും പിന്‍പറ്റുന്നവര്‍) വാദമാണ്. യഥാര്‍ഥ മുസ്‌ലിമായി ജീവിക്കുവാനും മുസ്‌ലിമായി മരിക്കുവാനും ആഗ്രഹിക്കുന്നവര്‍ വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന യഥാര്‍ഥ വിശ്വാസം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകേണ്ടതുണ്ട്. അതിനെതിരെയുള്ള വാദങ്ങള്‍ക്ക് യാതൊരു വിലയും നല്‍കുവാന്‍ പാടില്ല. അല്ലാഹുവിന്റെ ഈ വചനം കൂടി ശ്രദ്ധിക്കുക:

”ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധി കര്‍ത്താവാക്കുകയും നീ വിധി കല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നത് വരെ അവര്‍ വിശ്വാസികളാവുകയില്ല” (അന്നിസാഅ്: 65).

 

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

ഖബറുല്‍ ആഹാദ്: വിമര്‍ശനങ്ങളും വസ്തുതകളും

ഖബറുല്‍ ആഹാദ്: വിമര്‍ശനങ്ങളും വസ്തുതകളും

നബിചര്യ അഥവാ സുന്നത്ത് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാണ്. നബി ﷺ യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയാണ് സുന്നത്ത്‌കൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത്. ക്വുര്‍ആനിന്റെ ശരിയായ വിവരണവും ഇസ്‌ലാമിന്റെ പ്രായോഗികരൂപവും വിശ്വാസികള്‍ക്ക് കിട്ടുന്നത് സുന്നത്തിലൂടെയാണ്. മൊത്തത്തില്‍ സുന്നത്ത് പ്രമാണമാണെന്ന് അംഗീകരിക്കുന്നവരില്‍തന്നെ ചിലര്‍ക്ക് ആഹാദായ ഹദീസുകളെ സംബന്ധിച്ച് വ്യത്യസ്തമായ വീക്ഷണഗതികള്‍ ഉള്ളതായി കാണാം. ആഹാദായ ഹദീഥുകള്‍കൊണ്ട് ദൃഢമായ ഒരറിവ് ലഭിക്കുകയില്ലെന്നും കേവല നിഗമനങ്ങളേ അതിലൂടെ കിട്ടുകയുള്ളൂ എന്നും അതിനാല്‍ ആഹാദായ ഹദീസുകള്‍കൊണ്ട് അക്വീദ (വിശ്വാസകാര്യങ്ങള്‍) സ്ഥിരപ്പെടുകയില്ലെന്നും അത്‌കൊണ്ടുതന്നെ വിശ്വാസ കാര്യങ്ങള്‍ക്ക് ആഹാദായ ഹദീസുകള്‍ തെളിവാക്കാന്‍ പറ്റുകയില്ലെന്നുമാണ് ഇത്തരക്കാരുടെ വാദങ്ങളും വിമര്‍ശനങ്ങളും.

എന്താണ് ഖബര്‍ ആഹാദ്?

നബി ﷺ യുടെ ഹദീസുകള്‍ അഥവാ സുന്നത്തുകള്‍ നമുക്ക് എത്തിപ്പെട്ട റിപ്പോര്‍ട്ടുകളുടെയും നിവേദനങ്ങളുടെയും എണ്ണത്തെ അടിസ്ഥാനമാക്കി പണ്ഡിതന്മാര്‍ മൊത്തത്തില്‍ ഹദീസുകളെ രണ്ടായി തിരിച്ചിട്ടുണ്ട്:

1. കളവില്‍ ഏകോപിക്കാന്‍ സാധ്യമല്ലാത്തവിധം അസംഖ്യം പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍. 2. ഒന്നോ രണ്ടോ മൂന്നോ എന്നിങ്ങനെ നിര്‍ണിതമായ പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍. ഒന്നാമത്തേതിന് മുതവാതിറായ ഹദീസുകള്‍ എന്ന് സാങ്കേതിമായി പറയുമ്പോള്‍, മുതവാതിറല്ലാത്ത മറ്റെല്ലാ ഹദീസുകളെയും ഉദ്ദേശിച്ചുകൊണ്ട് രണ്ടാമത്തെ ഇനത്തിന് ആഹാദായ ഹദീസുകള്‍ എന്ന് പറയുന്നു. അഥവാ മുതവാതിറല്ലാത്ത എല്ലാ ഹദീസുകള്‍ക്കും പൊതുവില്‍ പറയുന്ന പേരാണ് ‘ഖബറുല്‍ ആഹാദ്’, അല്ലെങ്കില്‍ ‘ഖബറുല്‍ വാഹിദ്’ എന്നത്.

ഈ വസ്തുത അറിയാത്തതുകൊണ്ടോ ശ്രദ്ധിക്കാത്തതുകൊണ്ടോ മലയാളത്തില്‍ എഴുതപ്പെട്ട പല വിമര്‍ശനഗ്രന്ഥങ്ങളിലും തെറ്റായ വിവരണമാണ് ഖബറുല്‍ ആഹാദിനെക്കുറിച്ച് കാണാന്‍ സാധിക്കുന്നത്.

”ഒരാളോ രണ്ടാളോ ആയിക്കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസുകള്‍ക്കാണ് ഏക റാവി റിപ്പോര്‍ട്ട് (ഖബറുല്‍ ആഹാദ്)” എന്ന് ചിലപ്പോള്‍ പറഞ്ഞും മറ്റു ചിലപ്പോള്‍ ”പരമ്പരയില്‍ ഒറ്റയാള്‍ മാത്രമെ ഓരോ കണ്ണിയിലും ഉള്ളൂ”എന്നും പറഞ്ഞ് ആഹാദായ ഹദീസുകളുടെ ബലത്തില്‍ സംശയം ജനിപ്പിക്കുന്ന രീതിയാണ് പലരും സ്വീകരിച്ചു കാണുന്നത്.

പരമ്പരയിലെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഒരു റിപ്പോര്‍ട്ടറെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന ഹദീസുകള്‍ ആഹാദായ ഹദീസുകളുടെ വിവിധ രൂപങ്ങളില്‍ ഒന്നു മാത്രമാണ്. മുതവാതിറിന്റെ പരിധിയെത്താത്ത ഹദീസുകളുടെ കൂട്ടത്തില്‍ താരതമ്യേന ബലംകുറഞ്ഞ ഈ ഒരിനത്തെ എടുത്തു കാണിച്ച് അതാണ് ഖബറുല്‍ ആഹാദ് എന്ന് വിശദീകരിക്കല്‍ വസ്തുതകളെ വളച്ചൊടിക്കലോ വക്രീകരിക്കലോ ആണ്. ഇത്തരം ഹദീസുകള്‍ക്ക് ഗ്വരീബായ ഹദീസുകള്‍ എന്നാണ് പറയുന്നത്. ഗ്വരീബ് എന്നത് ആഹാദായ ഹദീസുകളിലെ താരതമ്യേന ബലംകുറഞ്ഞ ഒരിനം മാത്രമാണെന്നര്‍ഥം. അതുതന്നെയും പലരും പറയാറുള്ളതുപോലെ, നബി ﷺ യില്‍ നിന്ന് ഒരു സ്വഹാബി മാത്രം റിപ്പോര്‍ട്ട് ചെയ്യുക; അദ്ദേഹത്തില്‍ നിന്ന് ഒരു താബിഈ മാത്രം… ഇങ്ങനെ ഓരോ കണ്ണിയിലും ഒരാള്‍ മാത്രം വരുന്ന രീതിയുമല്ല. അതു വളരെ വിരളമാണ് ആഹാദായ ഹദീസുകളില്‍. അപ്പോള്‍ ആഹാദായ ഹദീസുകള്‍ക്ക് ‘ഏകസാക്ഷി റിപ്പോര്‍ട്ടുകള്‍’ എന്ന് വിവര്‍ത്തനം നല്‍കുന്നതും ‘പരമ്പരയില്‍ ഒറ്റ ആള്‍ മാത്രമെ ഓരോ കണ്ണിയിലും ഉള്ളൂ’ എന്ന് വിശദീകരിക്കുന്നതും വസ്തുതാപരമോ സത്യസന്ധമോ അല്ല എന്ന് സാരം.

ആഹാദായ ഹദീസുകൊണ്ട് ഖണ്ഡിതമായ അറിവ് കിട്ടുമോ?

ആഹാദായ ഹദീസുകളിലൂടെ ഒരു ഖണ്ഡിതമായ അറിവ് കിട്ടുകയില്ലെന്നും ദൃഢമല്ലാത്ത ഒരറിവ് അഥവാ നിഗമനം മാത്രമെ ലഭിക്കുകയുള്ളൂ എന്നുമാണ് ഇത്തരക്കാരുടെ ഒരു ആരോപണം. അതില്‍ സ്വഹാബത്തിന്റെ ഇജ്മാഅ്  ഉണ്ടെന്നുവരെ വാദിക്കുന്നു! അക്വീദക്ക് ദൃഢമായ അറിവ് വേണം. കര്‍മങ്ങള്‍ക്ക് അത് വേണ്ടതില്ല എന്നും ഇക്കൂട്ടര്‍ പറയുന്നു!

കര്‍മ കാര്യങ്ങളെയും വിശ്വാസ കാര്യങ്ങളെയും ഇങ്ങനെ വേര്‍തിരിച്ചതാരാണ്? എന്താണ് അതിന്റെ മാനദണ്ഡം? സത്യവിശ്വാസികള്‍ ആഹാദായ ഹദീസുകള്‍കൊണ്ട് ചെയ്യുന്ന ഏതൊരു കര്‍മത്തിനും വിശ്വാസം അടിസ്ഥാനപരമായി ഉണ്ടെന്നല്ലേ വസ്തുത? നബി ﷺ  അല്ലാഹുവില്‍നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തില്‍ പഠിപ്പിച്ച ഒരു കാര്യമാണിതെന്നും അത് അനുസരിച്ചാല്‍ സ്രഷ്ടാവ് പ്രതിഫലം നല്‍കുമെന്നും വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാത്ത ആരാണ് സത്യവിശ്വാസികളില്‍ ഉള്ളത്?

വാസ്തവത്തില്‍ ഇസ്‌ലാമിക വിശ്വാസ കാര്യങ്ങളില്‍ ആശങ്കകളുയര്‍ത്തി ആശയക്കുഴപ്പം സൃഷ്ടിക്കാനും ഇസ്‌ലാമിന്റെ അടിത്തറ തകര്‍ക്കാനുമുള്ള ഗൂഢാലോചനയുടെ ഫലമാണ് ഇത്തരം പുത്തന്‍വാദങ്ങളെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ആ വാദഗതിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും പ്രസ്തുത വാദഗതി ആരുടെ ഉല്‍പന്നമാണ് എന്നതും ഒരുപക്ഷേ, അത് പേറിനടക്കുന്നവര്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ല. തങ്ങളുടെ ഈ ചിന്താഗതിക്കാരായിരുന്നു സലഫുകളില്‍ പലരുമെന്ന് വരുത്തിത്തീര്‍ക്കും വിധം സച്ചരിതരായ മുന്‍ഗാമികളില്‍ ചിലരിലേക്ക് ഈ പുത്തനാശയം ചേര്‍ത്തു പറയല്‍ ഗൂഢതന്ത്രവും ആരോപണങ്ങളും മാത്രമാണ്. ഈ വിഷയകമായ ചര്‍ച്ചക്കിടയില്‍ നിലവിലുള്ള വ്യത്യസ്ത വീക്ഷണങ്ങളെ അവതരിപ്പിക്കുമ്പോള്‍ അതില്‍നിന്ന് തങ്ങള്‍ക്കനുകൂലമായ ഭാഗം മാത്രം അടര്‍ത്തിയെടുക്കല്‍ വൈജ്ഞാനിക സത്യസന്ധതയും വിശ്വാസ്യതയും വെച്ചുപുലര്‍ത്തുന്നവര്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല. ഇത്തരത്തിലുള്ള കൃത്രിമത്വത്തിന് ഒരു ഉദാഹരണമാണ് ചിലര്‍ മുഹമ്മദുല്‍ അമീന്‍ ഇബ്‌നുല്‍ മുഖ്താര്‍ അശ്ശന്‍ക്വീതിയുടെ(റ) പേരില്‍ എഴുതിവിട്ടത്. ‘മുദക്കിറതു ഉസ്വൂലില്‍ ഫിക്വ്ഹ്’ എന്ന ഗ്രന്ഥത്തില്‍ (പേജ് 102) അദ്ദേഹം ഈ വിഷയത്തിലെ വ്യത്യസ്ത അഭിപ്രായങ്ങളില്‍ ഒന്ന് എടുത്തു പറഞ്ഞതാണ്. തുടര്‍ന്ന് മറ്റു അഭിപ്രായങ്ങളും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ശേഷം ആ ചര്‍ച്ച അവസാനിപ്പിക്കുന്നിടത്ത് ശൈഖ് ശന്‍ക്വീതി പറയുന്നത് കാണുക:

”അറിയുക; നിശ്ചയം ഈ വിഷയത്തില്‍ മാറ്റമില്ലാത്തതും സൂക്ഷ്മമായി സ്ഥിരീകരിച്ചതും സ്ഥിരപ്പെട്ട (സ്വഹീഹായ) ഖബറുല്‍ ആഹാദുകള്‍ മതത്തിന്റെ അടിസ്ഥാന കാര്യങ്ങളിലും സ്വീകാര്യമാണ് എന്നുതന്നെയാണ്. അതിനാല്‍ അല്ലാഹുവിന്റെ സ്വിഫാതുകളായി (ഗുണവിശേഷണങ്ങള്‍) നബി ﷺ യില്‍നിന്ന് സ്വഹീഹായ പരമ്പരകളിലൂടെ സ്ഥിരപ്പെട്ട എല്ലാം തന്നെ അല്ലാഹുവിന്റെ പൂര്‍ണതക്കും മഹത്ത്വത്തിനും യോജ ിക്കുന്ന വിധത്തില്‍ സ്ഥിരീകരിക്കല്‍ അനിവാര്യമാണ്. ‘അവനെ പോലെ യാതൊന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്’ എന്ന് അല്ലാഹു പറഞ്ഞതുപോലെ അവയെയും മനസ്സിലാക്കണം.

ഇതിലൂടെ ഇല്‍മുല്‍ കലാമിന്റെ ആളുകളും അവരെ അനുഗമിച്ചവരുമൊക്കെ വെച്ചുപുലര്‍ത്തുന്ന, ഖബറുല്‍ ആഹാദ് വിശ്വാസകാര്യങ്ങളില്‍ സ്വീകാര്യമല്ലെന്നും അത്തരം ഹദീസുകള്‍ കൊണ്ട് അല്ലാഹുവിന്റെ സ്വിഫാത്തുകളായി യാതൊന്നും സ്ഥിരപ്പെടുകയില്ലെന്നും ആഹാദായ ഹദീസുകള്‍ ദൃഢമായ അറിവ് പ്രദാനം ചെയ്യുന്നില്ലെന്നും അക്വീദക്ക് ദൃഢമായ അറിവ് അനിവാര്യമാണെന്നുമൊക്കെയുള്ള അവരുടെ ജല്‍പിത വാദങ്ങള്‍ അവലംബിക്കാന്‍ പറ്റാത്ത നിരര്‍ഥകവാദമാണെന്ന് നിനക്ക് മനസ്സിലാക്കാം” (‘മുദക്കിറതു ഉസ്വൂലില്‍ ഫിക്വ്ഹ്,’ പേജ് 105).

വാസ്തവത്തില്‍ അഹ്‌ലുസ്സുന്നയുടെ ഭൂരിഭാഗം പണ്ഡിതന്മാരും ആഹാദായ ഹദീസുകളിലൂടെ ദൃഢമായ അറിവ് ലഭിക്കും എന്ന വീക്ഷണക്കാരാണ്. മറിച്ചുള്ള ആശയം സ്വഹാബികളിലോ താബിഈങ്ങളിലോ പെട്ട ഒരാളില്‍ നിന്നുപോലും ഉദ്ധരിക്കപ്പെടുന്നില്ല. പ്രസിദ്ധരായ ഇമാമീങ്ങളില്‍ ഒരാളും ആ നിലപാടുകാരായിരുന്നില്ല. ഇമാം മാലിക്, ഇമാം അബൂഹനീഫ, ഇമാം ശാഫിഈ, ഇമാം അഹ്മദ്, ഇമാം ഇസ്ഹാക്വ്, ഇമാം ദാവൂദ്, ഇമാം ബുഖാരി, ഇമാം മുസ്‌ലിം, ഇമാം അബൂദാവൂദ് തുടങ്ങിയ ഒരു പണ്ഡിതനും ഇത്തരം ഒരാശയം പറഞ്ഞിട്ടില്ല.

അബുല്‍ മുളഫ്ഫര്‍ അസ്സംആനി പറയുന്നു: ”സ്വഹീഹായ പരമ്പരയിലൂടെ നബി ﷺ യില്‍നിന്നും ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഇസ്‌ലാമിക സമൂഹം അത് സ്വീകരിച്ചുവരികയും ചെയ്തിട്ടുണ്ടെങ്കില്‍ അതിലൂടെ ഖണ്ഡിതമായ അറിവ് തന്നെ കിട്ടുമെന്നാണ് സൂക്ഷ്മാലുക്കളായ ഹദീഥ് പണ്ഡിതന്മാര്‍ ഒന്നടങ്കം വ്യക്തമാക്കിയിട്ടുള്ളത്. മറിച്ചുള്ള വാദഗതി ക്വദ്‌രിയ്യാക്കളും മുഅ്തസിലിയാക്കളും പടച്ചുണ്ടാക്കിയ പുത്തന്‍ വാദമാണ്” (അല്‍ ഇന്‍തിസ്വാര്‍ ലി അഹ്‌ലില്‍ ഹദീഥ് എന്ന ഗ്രന്ഥത്തില്‍ നിന്ന്).

എന്നാല്‍ ആഹാദായ ഹദീസുകളിലൂടെ ‘ള്വന്നാ’ണ് (ഊഹം) ലഭിക്കുക എന്ന് അഹ്‌ലുസ്സുന്നയുടെ ചില പണ്ഡിതന്മാര്‍  പറഞ്ഞത് ഖണ്ഡിതമല്ലാത്ത നിഗമനം എന്ന അര്‍ഥത്തിലല്ല എന്ന് അവരുടെ വാക്കുകളും നിലപാടുകളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഇമാം ഇബ്‌നു അബ്ദില്‍ ബര്‍റും ഇമാം നവവിയുമൊക്കെ പലപ്പോഴും ആഹദായ ഹദീസുകളെ അക്വീദക്ക് തെളിവാക്കിയത് അവരുടെ തന്നെ ഗ്രന്ഥങ്ങളിലൂടെ വ്യക്തമാണ്. (വിശദ വിവരത്തിന് ശൈഖ് സുലൈമാനുബ്‌നു സ്വാലിഹിന്റെ  ‘മുഹമ്മദ് അമ്മാറ ഫീ മീസാനി അഹ്‌ലുസ്സുന്നഃ എന്ന ഗ്രന്ഥം, പേജ്  566 മുതല്‍ 590 വരെ കാണുക).

‘ആഹാദായ ഹദീസുകളില്‍നിന്നും ‘ള്വന്ന്’ (ഊഹം-നിഗമനം) മാത്രമെ ലഭിക്കുകയുള്ളൂ. വിശ്വാസ കാര്യങ്ങൡ അത് പിന്‍പറ്റാന്‍ പാടിെല്ലന്ന് ക്വുര്‍ആന്‍ പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്’ എന്നു പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുന്നവര്‍ വാസ്തവത്തില്‍ യാഥാര്‍ഥ്യങ്ങളെ തമസ്‌കരിക്കുകയാണ് ചെയ്യുന്നത്.

ക്വുര്‍ആനും സുന്നത്തും വിലക്കിയ ‘ള്വന്ന്’ പ്രബലമല്ലാത്ത കേവല ഊഹാപോഹങ്ങളാണ്. അത് വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല യാതൊന്നിലും സ്വീകരിക്കാന്‍ പറ്റില്ലതാനും. എന്നാല്‍ ക്വുര്‍ആന്‍ പല സ്ഥലങ്ങളിലും പ്രശംസിച്ചു പറഞ്ഞതും ഊഹാേപാഹങ്ങള്‍ക്കപ്പുറം അറിവും ദൃഢബോധ്യവും നല്‍കുന്ന ‘ള്വന്നി’നെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അഥവാ രണ്ടുതരം ‘ള്വന്നു’കളെ കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ പ്രതിപാദിച്ചിട്ടുണ്ട്. ഒന്ന് കേവലം നിഗമനങ്ങളും ഊഹാപോഹങ്ങളും മാത്രമാണെങ്കില്‍ രണ്ടാമത്തേത് െതളിവുകളുടെ അടിസ്ഥാനത്തിലുള്ള ദൃഢബോധ്യവും സ്ഥിരീകരണവുമാണ്. അറബി ഭാഷയിലും ഈ രണ്ടു പ്രേയാഗങ്ങളും സുപരിചിതമാണ്. ആദ്യത്തേതിന് പ്രബലമല്ലാത്ത നിഗമനം (ള്വന്ന് മര്‍ജൂഹ്) എന്ന് പറയുമ്പോള്‍ രണ്ടാമത്തേതിന് പ്രബലവും ആധികാരികവുമായ നിഗമനം അഥവാ ദൃഢബോധ്യം (ള്വന്നുര്‍റാജിഹ്) എന്നാണ് പറയുക.

ദൃഢബോധ്യം എന്ന അര്‍ഥത്തില്‍ ‘ള്വന്ന്’ എന്ന പദം പ്രേയാഗിച്ചതിന് ക്വുര്‍ആനില്‍നിന്ന് ചില ഉദാഹരണങ്ങള്‍ കാണുക:  ”തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു (ള്വനന്‍തു); ഞാന്‍ എന്റെ വിചാരണയെ നേരിടേണ്ടിവരുമെന്ന്. അതിനാല്‍ ഞാന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു. ഉന്നതമായ സ്വര്‍ഗത്തില്‍” (അല്‍ഹാക്ക്വ: 20-22).

”പിന്നേക്ക് മാറ്റിവെക്കപ്പെട്ട ആ മൂന്ന് പേരുടെ നേരെയും (അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു). അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവര്‍ക്ക് ഇടുങ്ങിയതായിത്തീരുകയും തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് ഞെരുങ്ങിപ്പോകുകയും അല്ലാഹുവിങ്കല്‍ നിന്ന് രക്ഷതേടുവാന്‍ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ മനസ്സിലാക്കുകയും (ള്വന്നൂ) ചെയ്തപ്പോള്‍. അവന്‍ വീണ്ടും അവരുടെനേരെ കനിഞ്ഞു മടങ്ങി…”(അത്തൗബ: 118).

”തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും അവങ്കലേക്ക് തിരിച്ചുപോകേണ്ടിവരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ (യള്വുന്നൂന) അവര്‍ (ഭക്തന്‍മാര്‍)” (അല്‍ബക്വറ: 146).

ഇവിടങ്ങളിലൊന്നും കേവല നിഗമനങ്ങള്‍, ഊഹാേപാഹങ്ങള്‍ എന്ന തരത്തില്‍ ‘ള്വന്നി’ന് അര്‍ഥകല്‍പന നടത്തുവാന്‍ സാധിക്കുകയില്ല തന്നെ. അതുകൊണ്ടാണ് ഭാഷയും പ്രമാണങ്ങളും മനസ്സിലാക്കിയ പണ്ഡിതന്മാര്‍ അവ രണ്ടും വേര്‍തിരിച്ച് പറഞ്ഞത്. (വിശദ വിവരത്തിന് സലീം അല്‍ഹിലാലിയുടെ ‘അല്‍അദില്ലതു വശ്ശവാഹിദ് അലാ വുജൂബില്‍ അക്വ്ദി ബി ഖബരില്‍ വാഹിദ്’ എന്ന ഗ്രന്ഥം കാണുക).

നിഷേധത്തിലെ അപകടങ്ങള്‍

സ്വഹീഹായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെടുന്ന ആഹാദായ ഹദീസുകള്‍കൊണ്ട് അക്വീദ സ്ഥിരപ്പെടുകയില്ലെന്നും അതിനാല്‍ അത്തരം ഹദീസുകള്‍ വിശ്വാസകാര്യങ്ങള്‍ക്ക് തെളിവാക്കാന്‍ പറ്റുകയില്ലെന്നുമുള്ള വാദഗതിയിലൂടെ അപകടകരമായ പലതും വന്നുചേരുന്നു എന്നത് പലരും ചിന്തിക്കാറില്ല.

അല്ലാഹുവിനെക്കുറിച്ച് നമുക്ക് വ്യക്തമായ അറിവും വിവരണവും നല്‍കുന്ന അല്ലാഹുവിന്റെ നാമങ്ങളും ഗുണവിശേഷണങ്ങളും അവന്റെ പ്രവര്‍ത്തനങ്ങളുമൊന്നും പ്രവാചക വചനങ്ങളിലൂടെ ലഭ്യമല്ലാതാക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഇതിലൂടെ വന്നുചേരുക. അതിന് പകരം ഇത്തരം ചിന്താഗതിക്കാര്‍ക്ക് സമര്‍പ്പിക്കാനുള്ളതോ പലരുടെയും മസ്തിഷ്‌കത്തില്‍ ഉരുത്തിരിയുന്ന പലതരത്തിലുള്ള ഊഹങ്ങളും നിഗമനങ്ങളും ഭാവനകളും മാത്രമാണ്. അതാണ് വാസ്തവത്തില്‍ ക്വുര്‍ആനും സുന്നത്തും ആക്ഷേപിച്ച നടേസൂചിപ്പിച്ച ‘അള്ള്വന്നുല്‍ മര്‍ജൂഹ്’ അഥവാ കേവല ഊഹാപോഹങ്ങള്‍.

അപ്രകാരം തന്നെ ഇസ്‌ലാമിക ലോകം സ്വഹാബത്തിന്റെ കാലം മുതല്‍ക്കേ തലമുറകളായി വിശ്വസിച്ചു േപാന്ന പലതും ഈ വാദക്കാര്‍ ഈയൊരു ന്യായം പറഞ്ഞ് തള്ളിക്കളയുകയും ഇസ്‌ലാമിക വിശ്വാസ കാര്യങ്ങളില്‍ ആശങ്കകളുയര്‍ത്തി ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് കാണാം.

സച്ചരിതരായ സലഫുകളാരും ഈയൊരു ചിന്താഗതി വെച്ചുപുലര്‍ത്തിയിരുന്നില്ല, പ്രത്യുത ക്വദ്‌രിയാക്കളും മുഅ്തസിലിയാക്കളുമടങ്ങളുന്ന പില്‍ക്കാല ബിദ്ഈ ചിന്താഗതിക്കാരാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍ എന്നത് മാത്രം മതി ഈ വാദഗതിയുടെ നിരര്‍ഥകത മനസ്സിലാക്കാന്‍.

ഈ വാദഗതിയുടെ പൊള്ളത്തരങ്ങള്‍

വൈരുധ്യങ്ങളും അബദ്ധങ്ങളും നിറഞ്ഞതാണീ വാദഗതി. നബി ﷺ യുടെ അധ്യാപനങ്ങള്‍ സ്വീകരിക്കണമെന്ന് പലവുരു ആവര്‍ത്തിക്കുന്ന വിശുദ്ധ ക്വുര്‍ആന്‍ വിശ്വാസ-കര്‍മ കാര്യങ്ങളെ തമ്മില്‍ വേര്‍തിരിക്കുകയോ സ്വീകാര്യതയുടെ വെവ്വേറെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുകയോ ചെയ്യുന്നില്ല. മറിച്ച് പ്രവാചകാധ്യാപനങ്ങള്‍ മുഴുവനും സ്വീകരിക്കുവാനാണ് ക്വുര്‍ആനിന്റെ ആഹ്വാനം. ഉദാഹരണത്തിന് 33: 36; 59:7 സൂക്തങ്ങള്‍ കാണുക.

അപ്രകാരം തന്നെ നബി ﷺ  മതത്തിന്റെ പല സുപ്രധാന കാര്യങ്ങളും (വിശ്വാസ കാര്യങ്ങളടക്കം) മറ്റുള്ളവരെ അറിയിക്കാന്‍ ഒന്നോ രണ്ടോ പേരെ മാത്രം പറഞ്ഞയച്ച നിരവധി സംഭവങ്ങള്‍ ഹദീഥിന്റെയും ചരിത്രത്തിന്റെയും ഗ്രന്ഥങ്ങളില്‍ കാണാം.

മതപരമായ കാര്യങ്ങള്‍ പഠിക്കുവാനും മറ്റുള്ളവരെ അതനുസരിച്ച് ഉദ്‌ബോധിപ്പിക്കുവാനും ക്വുര്‍ആന്‍ നിര്‍ദേശിക്കുമ്പോഴും ഈ രീതിതന്നെയാണ് അനുവര്‍ത്തിക്കുന്നത്.

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്ന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം (ത്വാഇഫത്) പുറപ്പെട്ട് പോയിക്കൂടേ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും കഴിയുമല്ലോ. അവര്‍ സൂക്ഷ്മത പാലിച്ചേക്കാം” (9:122).

അറബി ഭാഷയില്‍ ‘ത്വാഇഫത്’ എന്ന പദം ഒരാള്‍ക്കും പ്രയോഗിക്കാറുണ്ട്. ഇബ്‌നുല്‍ അഥീര്‍ തന്റെ അന്നിഹായയിലും ഇമാം ബുഖാരി തന്റെ സ്വഹീഹിലും ഇക്കാര്യം പ്രത്യേകം ചേര്‍ത്തിട്ടുണ്ട്. വിശുദ്ധ ക്വുര്‍ആനിലെ 49:9 വാക്യവും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഇക്കൂട്ടര്‍ കര്‍മങ്ങളനുഷ്ഠിക്കുവാന്‍ പറ്റുമെന്ന് പറയുന്ന ആഹാദായ ഹദീസുകളില്‍ വിശ്വാസകാര്യങ്ങളും കര്‍മകാര്യങ്ങളും ഉള്‍ക്കൊള്ളുന്നവയുണ്ട്. ഉദാഹരണത്തിന് നമസ്‌കാരത്തിലെ തശഹ്ഹുദിലും മറ്റും ക്വബ്‌റിലെയും നരകത്തിലെയും ശിക്ഷ, ദജ്ജാലിന്റെ ഫിത്‌ന തുടങ്ങിയ പലതില്‍ നിന്നും രക്ഷ തേടുവാന്‍ നബി ﷺ  നിര്‍ദേശിക്കുന്ന ഹദീസുകള്‍. അവയനുസരിച്ച് കര്‍മം ചെയ്യാം; എന്നാല്‍ അവയില്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വസിക്കുവാന്‍ അവ പര്യാപ്തമല്ല എന്ന വിചിത്രമായ വാദമാണ് ഇക്കൂട്ടര്‍ക്കുള്ളത്.

 

ശമീര്‍ മദീനി
നേർപഥം വാരിക

ആരാധനയുടെ അടിസ്ഥാന സ്തംഭങ്ങള്‍

ആരാധനയുടെ അടിസ്ഥാന സ്തംഭങ്ങള്‍

ഒരു മുസ്‌ലിം വിവിധങ്ങളായ ആരാധനകള്‍ ചെയ്യുവാന്‍ കല്‍പിക്കപ്പെട്ടവനാണ്. ആരാധനകള്‍ ഇഹലോകത്ത് സമാധാനവും പരലോകത്ത് സ്വര്‍ഗവും നേടിത്തരുന്നതാണ്. ആരാധനകള്‍ ആസ്വാദ്യകരമാകുവാനും പ്രതിഫലാര്‍ഹമാകുവാനും ഇസ്‌ലാം നിഷ്‌കര്‍ഷിച്ച അടിസ്ഥാന കാര്യങ്ങള്‍ അവയില്‍ ഉള്‍കൊള്ളേണ്ടതുണ്ട്.

നബി ﷺ ക്ക് വല്ല മനോവിഷമവും നേരിട്ടാല്‍ നമസ്‌കാരത്തിലേക്ക് ധൃതിപ്പെടുകയായിരുന്നു പതിവ്. പ്രവാചകാനുചരന്‍മാരിലും ഈ ഗുണങ്ങള്‍ കാണാം. അല്ലാഹുവിനെ ആരാധിക്കുന്നതില്‍ പരമാനന്ദം കണ്ടെത്തുവാന്‍ ഒരു വിശ്വാസിക്ക് സാധ്യമാകണം. സച്ചരിതരായ നമ്മുടെ മുന്‍ഗാമികള്‍ക്ക് ഇത്  സാധ്യമായത് എങ്ങനെയെന്ന് അന്വേഷിക്കുമ്പോള്‍ ആരാധനയുടെ ആത്മാവിനെ അവര്‍ ഉള്‍ക്കൊണ്ടു എന്ന മറുപടിയാണ് ചരിത്രം നമുക്ക് നല്‍കുന്നത്.

അല്ലാഹുവിനോടുള്ള സ്‌നേഹവും നബി ﷺ യെ പിന്‍പറ്റലും

ആരാധനയുടെ അടിസ്ഥാനങ്ങളില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സ്രഷ്ടാവിനോടുള്ള സ്‌നേഹം. കാരുണ്യവാനായ അല്ലാഹുവിനെ ഇഷ്ടപ്പെടല്‍ വിശ്വാസിയുടെ കടമയാണ്. അല്ലാഹു എന്തെല്ലാം ഇഷ്ടപ്പെടുന്നുവോ അതിനെയൊക്കെയും നാം ഇഷ്ടപ്പെടുകയും അവന്‍ എന്തിനെയെല്ലാം വെറുക്കുന്നുവോ അവയെയെല്ലാം നാം വെറുക്കുകയും വേണം.

അല്ലാഹുവിനോടുള്ള സ്‌നേഹത്തെക്കാള്‍ മറ്റെന്തിനെയെങ്കിലും മുന്തിച്ചാല്‍ അവന്‍ റബ്ബിന്റെ ശിക്ഷയെ ഭയപ്പെടണമെന്ന താക്കീത് ക്വുര്‍ആന്‍ നല്‍കുന്നുണ്ട്:

”(നബിയേ,) പറയുക: നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്‍മാരും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല” (ക്വുര്‍ആന്‍ 9:24).

ഒരാളുടെ സ്‌നേഹം സത്യസന്ധമാകുന്നത് അപ്പോള്‍ മാത്രമാണ്. അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കണമെങ്കില്‍ അവന്റെ റസൂലിന്റെ ജീവിത മാതൃക പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു:

”(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (ക്വുര്‍ആന്‍ 3:31).

റബ്ബിനോടുള്ള സ്‌നേഹം ആരുടെ ഹൃദയത്തിലാണോ സുദൃഢമാകുന്നത് അവന്‍ ആരാധനകളില്‍ അമാന്തം കാണിക്കുകയില്ല. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ അവന്റെ മനസ്സിനെ ശാന്തമാക്കുകയും ചെയ്യും. അല്ലാഹു പറഞ്ഞു:

”അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മകൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്” (ക്വുര്‍ആന്‍ 13:28).

പാപങ്ങളുടെ തോതനുസരിച്ച് റബ്ബിനോടുള്ള സ്‌നേഹം ദുര്‍ബലപ്പെടുകയും ആരാധനയുടെ ആസ്വാദനം നഷ്ടപ്പെടുകയും അത് ഭാരമായി അനുഭവപ്പെടുകയും ചെയ്യുന്നതാണ്. ഒരാള്‍ റബ്ബിനോടുള്ള സ്‌നേഹത്തില്‍ നിന്ന് അകന്നാല്‍ പിശാച് അവനില്‍ ആധിപത്യം ചെലുത്തുകയും ഹൃദയത്തില്‍ കുടുസ്സത അനുഭവപ്പെടുന്ന ദുരവസ്ഥയിലേക്ക് അവന്‍ എത്തിച്ചേരുന്നതുമാണ്.

അല്ലാഹു പറയുന്നത് കാണുക: ”എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്” (ക്വുര്‍ആന്‍ 20:124).

റബ്ബിനെ ഭയപ്പെടുക

റബ്ബിനോടുള്ള സ്‌നേഹത്തോടൊപ്പം അവന്റെ ശിക്ഷയെ ഭയന്നും അതില്‍നിന്ന് രക്ഷനേടാനുള്ള കര്‍മമാണെന്ന വിചാരേത്താടും കൂടിയായിരിക്കണം ആരാധനകള്‍ നിര്‍വഹിക്കേണ്ടത്. അല്ലാഹുവിനെ ഭയപ്പെടുന്നത് പേലെ ഒരു സൃഷ്ടിയെയും ഭയപ്പെട്ടു കൂടാ. അല്ലാഹു പറയുന്നു:

”…അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക: നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍” (ക്വുര്‍ആന്‍ 3:175).

”…അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക…” (ക്വുര്‍ആന്‍ 5:44)

റബ്ബിനോടുള്ള ബാധ്യതകള്‍ താന്‍ നിര്‍വഹിക്കാതിരുന്നാല്‍ വിചാരണ നാളില്‍ തന്റെ അവസ്ഥ എന്തായിരിക്കുമെന്ന ഭീതി വിശ്വാസിയുടെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കേണ്ടതാണ്. ആരാണോ അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ അറിയുന്നത് അവനായിരിക്കും റബ്ബിനെ കൂടുതല്‍ ഭയപ്പെടുക.  അങ്ങനെയുള്ളവന്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച പാപങ്ങളെ എപ്പോഴും വേദനയോടെ ഓര്‍ക്കുകയും പശ്ചാതാപം സ്വീകരിക്കപ്പെടാതെ മരണപ്പെടുന്നതിനെ ഭീതിയോടെ കാണുകയും ചെയ്യുന്നതാണ്.

പ്രതീക്ഷ

അല്ലാഹുവില്‍ നിന്ന് പ്രതിഫലം കാംക്ഷിക്കുകയും അവന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുകയും പാപമോചനത്തെ ആഗ്രഹിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലാഹു പറയുന്നു:

”…ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ കാരുണ്യം സല്‍കര്‍മകാരികള്‍ക്ക് സമീപസ്ഥമാകുന്നു” (ക്വുര്‍ആന്‍ 7:56).

രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹുവിനെ ഭയപ്പെട്ടും പ്രതിഫലം ആഗ്രഹിച്ചും ആരാധനാനിരതരാകുന്നവരെക്കുറിച്ച് അല്ലാഹു പറയുന്നു:

”അതല്ല, പരലോകത്തെ പറ്റി ജാഗ്രത പുലര്‍ത്തുകയും തന്റെ രക്ഷിതാവിന്റെ കാരുണ്യം ആശിക്കുകയും ചെയ്തു കൊണ്ട് സാഷ്ടാംഗം ചെയ്തും നിന്നു പ്രാര്‍ഥിച്ചും രാത്രി സമയങ്ങളില്‍ കീഴ്‌വണക്കം ചെയ്യുന്നവനോ (അതല്ല സത്യനിഷേധിയോ ഉത്തമന്‍?) പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ” (ക്വുര്‍ആന്‍ 39:9).

പ്രവാചകന്മാര്‍ എപ്രകാരമാണ് ജീവിച്ചതെന്ന് അല്ലാഹു പറഞ്ഞുതരുന്നത് കാണുക:

”തീര്‍ച്ചയായും അവര്‍ (പ്രവാചകന്‍മാര്‍) ഉത്തമകാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും ആശിച്ച് കൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു” (ക്വുര്‍ആന്‍ 21:90).

ചുരുക്കത്തില്‍, റബ്ബിനെ സ്‌നേഹിച്ചും ഭയപ്പെട്ടും അവനില്‍ പ്രതീക്ഷയര്‍പ്പിച്ചുമാണ് ആരാധനകള്‍ നിര്‍വഹിക്കേണ്ടത്. ഇതില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാല്‍ ആരാധന കൊണ്ടുള്ള ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുകയില്ല. അതുകൊണ്ടാണ് പണ്ഡിതന്‍മാര്‍ ഇപ്രകാരം പറഞ്ഞിട്ടുള്ളത്: ‘അല്ലാഹുവിനോടുള്ള ഇഷ്ടം (ഹുബ്ബ്) കൊണ്ട് മാത്രം ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുകയാണെങ്കില്‍ അവന്‍ ദൈവ നിഷേധിയാണ്. (കാരണം അല്ലാഹുവെ പേടിക്കാതിരിക്കലും പ്രതീക്ഷിക്കാതിരിക്കലും നിഷേധത്തില്‍ ഉള്‍പ്പെടുന്നു). ആരെങ്കിലും റജാഅ് (അല്ലാഹുവിനോടുള്ള പ്രതീക്ഷ) കൊണ്ട് മാത്രം അല്ലാഹുവിനെ ആരാധിക്കുകയാണെങ്കില്‍ അവന്‍ മുര്‍ജിഅ് (വഴികേടിലായ ഒരു വിഭാഗം) ആകുന്നു. (കാരണം അല്ലാഹുവെ സ്‌നേഹിക്കാതിരിക്കലും നിഷേധത്തില്‍ ഉള്‍പ്പെടുന്നു. ആരെങ്കിലും ഖൗഫ് (അല്ലാഹുവിനോടുള്ള ഭയം) കൊണ്ട് മാത്രം അല്ലാഹുവിനെ ആരാധിക്കുകയാണെങ്കില്‍ അവന്‍ ഹറൂറി (ഖവാരിജ്-വഴികേടിലായ മറ്റൊരു വിഭാഗം) ആകുന്നു. എന്നാല്‍ ആരാണോ ഹുബ്ബ് (സ്‌നേഹം) കൊണ്ടും റജാഅ് (പ്രതീക്ഷ) കൊണ്ടും ഖൗഫ് (ഭയം) കൊണ്ടും അല്ലാഹുവിനെ ആരാധിക്കുന്നത് അവനാണ് യഥാര്‍ഥത്തിലുള്ള വിശ്വാസി. ഇപ്രകാരം ആരാധനകളില്‍ഏര്‍പ്പെടുന്നവര്‍ക്കാണ് സൗഭാഗ്യകരമായ ജീവിതം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.”

അല്ലാഹു പറയുന്നു: ”ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും” (ക്വുര്‍ആന്‍ 16:97).

ആരാധനകളിലൂടെ സംതൃപ്തിയും സമാധാനവും കരസ്ഥമാക്കുന്ന സൗഭാഗ്യവാന്‍മാരില്‍  ഉള്‍പ്പെടുവാന്‍ സത്യവിശ്വാസികള്‍ പരിശ്രമിക്കുക.

 

ഇന്‍ഷാദ് സ്വലാഹി
നേർപഥം വാരിക

കടത്തിലെ അപകടം!

കടത്തിലെ അപകടം!

ഇസ്‌ലാം സാമ്പത്തിക വിശുദ്ധിക്ക് വളരെയേറെ പ്രാധാന്യം നല്‍കുന്ന മതമാണ്. എന്നിട്ടും വിശ്വാസ കാര്യങ്ങളിലും കര്‍മാനുഷ്ഠാനങ്ങളിലും കണിശതയുള്ളവരില്‍ പോലും പല രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടുവരുന്നു. മോഷണവും പിടിച്ചുപറിയും പലിശയും കൈക്കൂലിയും കൊള്ള ലാഭവുമെല്ലാം തെറ്റാണെന്ന് അറിയുന്നവര്‍ പോലും കടം വാങ്ങുന്നതില്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ഥ്യം.

സമൂഹത്തില്‍ എല്ലാവരും ഒരേ സാമ്പത്തിക നിലവാരമുള്ളവരല്ല എന്നതിനാലും ആവശ്യങ്ങള്‍ വ്യത്യസ്തമായതിനാലും കടം വാങ്ങേണ്ടി വരിക എന്നത് സ്വാഭാവികമാണ്. ജീവിതത്തില്‍ കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാത്തവര്‍ ഉണ്ടാവില്ലെന്ന് തന്നെ പറയാം. ജീവിതഭാരവും ഉത്തരവാദിത്തബോധവും നമ്മെ ചിലപ്പോഴെങ്കിലും കടം വാങ്ങാന്‍ നിര്‍ബന്ധിതരാക്കാറുണ്ട്. അത്‌കൊണ്ടു തന്നെ കടം വാങ്ങുന്നതും കൊടുക്കുന്നതും ഇസ്‌ലാം അനുവദിച്ച കാര്യമാണ്. എന്നാല്‍ കടത്തിന്റെ കാര്യത്തില്‍ പലരും ഇസ്‌ലാമിക മര്യാദകള്‍ പാലിക്കാറില്ല എന്നതാണ് ഖേദകരം.

അത്യാവശ്യത്തിനും നിര്‍ബന്ധ സാഹചര്യത്തിലും മാത്രം കടംവാങ്ങുന്നതിന് പകരം അനാവശ്യങ്ങള്‍ക്കും വിനോദങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും ആഡംബരത്തിനും തുടങ്ങി ഏതാവശ്യത്തിനും കടം വാങ്ങുന്നവരുണ്ട്. തോന്നുമ്പോഴെല്ലാം കടം വാങ്ങി എപ്പോഴെങ്കിലും തിരിച്ചു കൊടുക്കാം എന്ന് വിചാരിക്കുന്നവര്‍, പലരില്‍ നിന്നും മാറി മാറി കടംവാങ്ങി ആരില്‍ നിന്ന് എത്ര വാങ്ങിയിട്ടുണ്ട് എന്ന് അറിയുക പോലും ചെയ്യാത്തവര്‍, തിരിച്ചുകൊടുക്കാന്‍ സാധിക്കുന്നതിലേറെ ഭീമമായ സംഖ്യ വാങ്ങുകയോ തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞിട്ടും അനാവശ്യമായി നീട്ടിവെക്കുകയോ ചെയ്യുന്നവര്‍… ഇതെല്ലാം ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധം തന്നെ. പണം കടംവാങ്ങുന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്റെ നിര്‍ദേശങ്ങളറിയുന്ന ഒരു സത്യവിശ്വാസി വളരെ ആലോചിച്ച് മാത്രമെ കടം വാങ്ങുകയുള്ളൂ.

മനുഷ്യന്റെ സ്വസ്ഥത തല്ലിക്കെടുത്തുന്ന, സമാധാനം തിന്നുതീര്‍ക്കുന്ന അപകടകാരിയാണ് കടം. ബാങ്കുകളില്‍ നിന്ന് പലിശയടക്കേണ്ടി വരുന്ന ലോണെടുത്ത് വീടുവെക്കുന്നവര്‍ പിന്നീട് വീടുവിറ്റ് ലോണടക്കേണ്ടി വരുന്ന ദുരവവസ്ഥയില്‍ എത്തിപ്പെടുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. വിശുദ്ധ ക്വുര്‍ആനിലെ ഏറ്റവും വലിയ സൂക്തം തന്നെ (അല്‍ബക്വറ: 282) കമിടപാടിനെക്കുറിച്ചുള്ളതാണ്.

കടം എത്ര ഗൗരവമുള്ള വിഷയമാണെന്നറിയാന്‍ താഴെ പറയുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍ കാണുക:

നബി ﷺ  ഏറ്റവുമധികം രക്ഷതേടിയ കാര്യം

നബി ﷺ  നിരന്തരമായി അല്ലാഹുവിനോട് കടബാധ്യതയില്‍ നിന്ന് കാവലിനെ ചോദിച്ചിരുന്നു. ഒരു ഹദീഥ് കാണുക: ആഇശ(റ)യില്‍ നിന്ന് നിവേദനം: ”പ്രവാചകന്‍ ﷺ  നമസ്‌കാരത്തില്‍ പാപങ്ങളില്‍ നിന്നും കടബാധ്യതകളില്‍ നിന്നും അല്ലാഹുവിനോട് രക്ഷ ചോദിച്ചിരുന്നു: ‘അല്ലാഹുവേ, പാപങ്ങളില്‍ നിന്നും കടക്കാരനാകുന്നതില്‍ നിന്നും നിന്നോട് ഞാന്‍ അഭയം തേടുന്നു.’ ഇത് കേട്ട ഒരാള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്തിനാണ് താങ്കള്‍ കടബാധ്യതയില്‍ നിന്ന് ഇത്രയധികം രക്ഷതേടുന്നത്?’ അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘ഒരാള്‍ കടത്തിലകപ്പെട്ടാല്‍ അവന്‍ സംസാരിക്കുമ്പോള്‍ കളവ് പറയുകയും വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുകയും ചെയ്യും” (ബുഖാരി).

ഗൗരവമുള്ള താക്കീത്

മുഹമ്മദ്ബ്‌നു ജഹ്ശ്(റ)വില്‍ നിന്ന് നിവേദനം: ”ഞങ്ങള്‍ നബി ﷺ യുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ അവിടുന്ന് തന്റെ തല ആകാശത്തേക്ക് ഉയര്‍ത്തുകയും തന്റെ കൈ നെറ്റിയില്‍ വെച്ച് ഇപ്രകാരം പറയുകയും ചെയ്തു: ‘അല്ലാഹു എത്ര പരിശുദ്ധന്‍, എത്ര ഗൗരവമുള്ള കാര്യമാണ് ഈ ഇറക്കപ്പെട്ടത്!’ (മുഹമ്മദ്ബ്‌നു ജഹ്ശ്(റ) പറയുന്നു:) ‘ഞങ്ങള്‍ അപ്പോള്‍ അതിനെക്കുറിച്ച് ചോദിച്ചില്ല. പിറ്റേന്ന് ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, എന്താണ് (താങ്കള്‍ പറഞ്ഞ) ആ കനത്ത താക്കീത്?’ അപ്പോള്‍ തിരുനബി ﷺ  പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം, ഏതെങ്കിലും ഒരാള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയും വീണ്ടും ജീവിക്കുകയും വീണ്ടും കൊല്ലപ്പെടുകയും വീണ്ടും ജീവിക്കുകയും വീണ്ടും കൊല്ലപ്പെടുകയും പിന്നീട് അയാള്‍ കടമുള്ളവനായിരിക്കെ കൊല്ലപ്പെടുകയും ചെയ്താല്‍ അയാളില്‍ നിന്ന് ആ കടം വീട്ടപ്പെടാതെ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല” (നസാഈ).

കടമുണ്ടെങ്കില്‍ രക്തസാക്ഷിക്കു പോലും പൊറുത്തു കൊടുക്കില്ല

എല്ലാ പാപങ്ങളും പൊറുത്ത് കിട്ടുന്ന രക്തസാക്ഷിക്ക് പോലും കടം പൊറുക്കപ്പെടില്ലെന്നുള്ളത് എത്രമാത്രം ഗൗരവകരമാണ്! അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം; പ്രവാചകന്‍ ﷺ  പറഞ്ഞു: ”കടം ഒഴിച്ചുള്ള എല്ലാ പാപങ്ങളും രക്തസാക്ഷിക്ക് അല്ലാഹു പൊറുത്തുകൊടുക്കും” (മുസ്‌ലിം: 1886).

മയ്യിത്ത് നമസ്‌കാരത്തില്‍ നിന്ന് നബി ﷺ  മാറിനിന്നു!

അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം: ”ഒരു മയ്യിത്ത് ഹാജരാക്കപ്പെട്ടാല്‍ നബി ﷺ  ചോദിക്കുമായിരുന്നു: ‘ഇയാള്‍ക്ക് കടമുണ്ടോ?’ ‘ഇല്ല’ എന്ന് പറഞ്ഞാല്‍ നബി ﷺ  മയ്യിത്ത് നമസ്‌കരിക്കും. ഉണ്ടെന്നറിഞ്ഞാല്‍ മുസ്‌ലിംകളോട് പ്രവാചകന്‍ ﷺ  ഇപ്രകാരം പറയും: ‘നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാരന് വേണ്ടി നമസ്‌കരിച്ചുകൊള്ളുക” (ബുഖാരി).

ജാബിറില്‍(റ) നിന്നുള്ള നിവേദനത്തില്‍ ഇപ്രകാരം കാണാം: ”…അങ്ങനെ നമസ്‌കരിക്കാനായി ജനാസയുടെ നേരെ കുറച്ച് കാലടികള്‍ വെച്ചുകൊണ്ട് വന്നു. പിന്നെ തിരുമേനി ചോദിച്ചു: ‘നിങ്ങളുടെ കൂട്ടുകാരന് ഒരുപക്ഷേ, കടം ഉണ്ടായേക്കാം.’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അതെ, രണ്ട് ദീനാര്‍.’ അപ്പോള്‍ നബി ﷺ  അവിടെ നിന്നും പിന്തിരിഞ്ഞു. അബൂക്വതാദ എന്ന് പേരുള്ള ഒരാള്‍ ഞങ്ങളില്‍ നിന്ന് എഴുന്നേറ്റ് പറയുകയുണ്ടായി: ‘പ്രവാചകരേ, അത് ഞാന്‍ ഏറ്റെടുത്തുകൊള്ളാം.’ അപ്പോള്‍ തിരുമേനി പറഞ്ഞു: ‘ആ രണ്ട് ദിനാര്‍ നിന്റെ സമ്പത്തില്‍ നിന്നും നീ വീട്ടണം. മയ്യിത്ത് അതില്‍ നിന്നും നിരപരാധിയായിരിക്കുന്നു.’ അപ്പോള്‍ അബൂക്വതാദ(റ) ‘അതെ എന്ന് മറുപടി പറഞ്ഞു. അങ്ങനെ പ്രവാചകന്‍ ﷺ  അദ്ദേഹത്തിന് വേണ്ടി നമസ്‌കരിച്ചു. പിന്നീട് നബി ﷺ  അബൂക്വതാദയെ കണ്ടപ്പോള്‍ ചോദിച്ചു: ‘മയ്യിത്ത് കടം വീട്ടാതെ പിന്തിപ്പിച്ച ആ രണ്ട് ദീനാര്‍ നീ എന്താണ് ചെയ്തത്?’ അദ്ദേഹം മറുപടി പറഞ്ഞു: ‘തിരുദൂതരേ, അദ്ദേഹം ഇന്നലെയല്ലേ മരിച്ചത്?’ അടുത്ത ദിവസം കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലയോ പ്രവാചകരേ, ഞാനത് വീട്ടിയിട്ടുണ്ട്.’ അപ്പോള്‍ തിരുമേനി ﷺ  പറയുകയുണ്ടായി: ‘ഇപ്പോഴാണ് അദ്ദേഹത്തിന്റെ(മയ്യിത്തിന്റെ) തൊലി തണുത്തത്” (അഹ്മദ്).

മരണപ്പെട്ടയാളുടെ സ്വത്ത് ഭാഗം ചെയ്യുമ്പോള്‍ അയാള്‍ക്ക് കടം ഉണ്ടെങ്കില്‍ അത് സ്വത്തില്‍ നിന്ന് വീട്ടിയെ ശേഷം മാത്രമെ സ്വത്ത് ഭാഗം ചെയ്യാന്‍ പാടുള്ളൂവെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്.

ആത്മാവ് ബന്ധിക്കപ്പെടും

കടം വീട്ടാത്ത അവസ്ഥയില്‍ മരണപ്പെടുകയാണെങ്കില്‍ അത് ആരെങ്കിലും കൊടുത്ത് വീട്ടുന്നത് വരെ അവന് അതിന്റെ പേരില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”കടം വീട്ടുന്നതുവരെ സത്യവിശ്വാസിയുടെ ആത്മാവ് അതുമായി ബന്ധിക്കപ്പെടും” (തുര്‍മുദി)

കടം മൂലം പ്രയാസപ്പെടാതിരിക്കാന്‍ പ്രാര്‍ഥിക്കണം

കടം മൂലം പ്രയാസപ്പെടാതിരിക്കാന്‍ നിരന്തരമായി നാം പ്രാര്‍ഥിക്കേണ്ടതാണ്. നബി ﷺ  ഇപ്രകാരം  പ്രര്‍ഥിക്കാറുണ്ടായിരുന്നു:

”അല്ലാഹുവേ, മനോവേദനയില്‍നിന്നും ദുഃഖത്തില്‍ നിന്നും അശക്തിയില്‍ നിന്നും അലസതയില്‍ നിന്നും ലുബ്ധതയില്‍ നിന്നും കടം അധികരിക്കുന്നതില്‍ നിന്നും മനുഷ്യരുടെ ബലപ്രയോഗത്തില്‍നിന്നും തീര്‍ച്ചയായും ഞാന്‍ നിന്നോടു രക്ഷതേടുന്നു” (തുര്‍മിദി).

കടമില്ലാതിരിക്കല്‍ സൗഭാഗ്യമാണ്

”ആരെങ്കിലും അഹങ്കാരത്തില്‍ നിന്നും വഞ്ചനയില്‍ നിന്നും കടത്തില്‍ നിന്നും ഒഴിവായിരിക്കെ മരണപ്പെട്ടാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചിരിക്കുന്നു” എന്ന് നബി ﷺ  പറയുകയുണ്ടായി” (തുര്‍മുദി).

വേഗത്തില്‍ വീട്ടാന്‍ പരിശ്രമിക്കണം

കടബാധ്യതയുള്ളവര്‍ കൃത്യമായി അത് എഴുതിവെക്കുകയും അവധി തെറ്റിക്കാതെ തിരിച്ചു കൊടുക്കയും ചെയ്യേണ്ടതാണ്. ക്വുര്‍ആന്‍ പറയുന്നു: ”സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അനേ്യാന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്…”(അല്‍ ബകറ: 282)

അവധി എത്തിക്കഴിഞ്ഞ് കടംതന്ന ആള്‍ ചോദിച്ചുവരുന്ന സാഹചര്യമുണ്ടാക്കരുത്. കടംവീട്ടാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ കാലാവധി നീട്ടിത്തരാന്‍ കടം തന്നയാളോട് അപേക്ഷിക്കുകയാണ് വേണ്ടത്. അല്ലാത്തപക്ഷം അവന്‍ കളവ് പറയാന്‍ നിര്‍ബന്ധിതനാകും. അതുണ്ടായിക്കൂടാ. കടം തിരിച്ച് കൊടുക്കേണ്ട അവധി എത്തിക്കഴിഞ്ഞിട്ടും തിരിച്ച് കൊടുത്തില്ലെങ്കില്‍ കടം നല്‍കിയവന് അത് തിരികെ ചോദിക്കാന്‍ അവകാശമുണ്ട്.

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: ”ഒരാള്‍ നബി ﷺ യുടെ അടുത്ത് വന്ന് തന്റെ കടം വീട്ടാന്‍ ആവശ്യപ്പെട്ടു. അയാള്‍ വളരെ പരുഷമായി സംസാരിച്ചു. അത് നബിയുടെ ﷺ  സ്വഹാബികള്‍ക്ക് മനഃപ്രയാസമുണ്ടാക്കി. അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘നിങ്ങള്‍ അയാളെ വിട്ടേക്കുക, അവകാശിക്ക് സംസാരിക്കാന്‍ അധികാരമുണ്ട്” (ബുഖാരി).

കടം തിരിച്ചു കൊടുക്കുമ്പോള്‍ തന്നതില്‍ നിന്ന് കുറച്ച് കൂടുതല്‍ കൊടുക്കല്‍ നല്ലതാണ്. എന്നാല്‍ കടം കൊടുത്ത ആള്‍ അത് പ്രതീക്ഷിക്കുകയോ അത് പ്രതീക്ഷിച്ചുകൊണ്ട് പണം കടം കൊടുക്കുകയോ ചെയ്യാന്‍ പാടില്ല.

ജാബിറുബ്‌നു അബ്ദില്ല(റ) പറയുന്നു: ”നബി ﷺ  ദുഹാ സമയത്ത് പള്ളിയിലിരിക്കുമ്പോള്‍ ഞാന്‍ അവിടെ ചെന്നു. അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘രണ്ടു റക്അത്ത് നമസ്‌കരിക്കൂ.’ അവിടുന്ന് എനിക്ക് കടം തിരിച്ചുതരാനുണ്ടായിരുന്നു. അപ്പോള്‍ എനിക്ക് അത് തിരിച്ചുതന്നു, കുറച്ചു കൂടുതലും തന്നു…”(ബുഖാരി).

കൊടുത്തു വീട്ടാന്‍ ഉദ്ദേശമില്ലാതെ കടം വാങ്ങല്‍ വലിയ കുറ്റമാണ്. ഒരു ഹദീഥില്‍ ഇങ്ങനെ കാണാം:

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  അരുളി: ”കൊടുത്തുവീട്ടണമെന്നുദ്ദേശിച്ചു കൊണ്ട് ജനങ്ങളോട് വല്ലവനും ധനം കടംവാങ്ങിയാല്‍ അവന്നു വേണ്ടി അല്ലാഹു അതു കൊടുത്തുവീട്ടും. അതിനെ തിരിച്ചുകൊടുക്കണമെന്ന ഉദ്ദേശമില്ലാതെ വല്ലവനും കടം വാങ്ങിയാല്‍ അല്ലാഹു അവനെ നശിപ്പിച്ചു കളയും” (ബുഖാരി).

കടം വീടാന്‍ പ്രാര്‍ഥിക്കണം

കടം വീട്ടാന്‍ പ്രയാസപ്പെടുന്നവര്‍ അത് വീട്ടിക്കിട്ടുന്നതിന് വേണ്ടി അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിക്കേണ്ടതാണ്.

അലി(റ)വിന്റെ അടുക്കല്‍ വന്ന് കടബാധ്യതയെപ്പറ്റി പരാതിപ്പെട്ടവനോട് അദ്ദേഹം പറയുകയുണ്ടായി: ‘ഒരാള്‍ക്ക് (മക്കയിലെ) സ്വയ്‌റ് മലയോളം വലുപ്പത്തില്‍ കടബാധ്യത ഉണ്ടെങ്കിലും അത് അല്ലാഹു വീട്ടിത്തരുവാനുള്ള ഒരു വചനം നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. നീ ഇപ്രകാരം പറയുക: ‘അല്ലാഹുവേ, നീ അനുവദനീയമാക്കിയത് കൊണ്ട് എനിക്ക് തൃപ്തി (മതി) വരുത്തി, നീ നിഷിദ്ധമാക്കിയതില്‍ നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ. നിന്റെ ഔദാര്യം കൊണ്ട് എനിക്ക് സമൃദ്ധി വരുത്തി, നീയല്ലാത്തവരില്‍ നിന്ന് എന്നെ വിട്ടുനിര്‍ത്തേണമേ” (തുര്‍മുദി).

പ്രാര്‍ഥിച്ചാല്‍ മാത്രം പോരാ, പ്രവര്‍ത്തിക്കുകയും വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കേ അല്ലാഹുവിന്റെ സഹായം കിട്ടുകയുള്ളൂ.

കടം വീട്ടാന്‍ സഹായിക്കുക, ഇളവ് ചെയ്തു കൊടുക്കുക

കടം വാങ്ങല്‍ ഇത്ര ഗൗരവുമുള്ള കാര്യമാണെങ്കിലും കടം നല്‍കല്‍ വലിയ പുണ്യകര്‍മമാണ്.

നബി ﷺ  പറഞ്ഞു: ”ആരെങ്കിലും ഒരു പ്രയാസപ്പെടുന്നവന് എളുപ്പമാക്കിക്കൊടുത്താല്‍ അല്ലാഹു അവന് ഇഹലോകത്തിലും പരലോകത്തിലും എളുപ്പം നല്‍കും” (മുസ്‌ലിം).

കടക്കാരന് കടംവീട്ടുവാന്‍ സാധിക്കാത്തവിധം ഞെരുക്കം ബാധിച്ചാല്‍, അതിനുള്ള സൗകര്യം ഉണ്ടാകുന്നതുവരെ അവനെ ബുദ്ധിമുട്ടിക്കാതെ ഒഴിവുകൊടുക്കുന്നവന് അല്ലാഹു നല്ല പ്രതിഫലം നല്‍കുന്ന കാര്യമാണ്.

ചില നബിവചനങ്ങള്‍ കാണുക:

ഹുദൈഫ(റ) നിവേദനം; നബി ﷺ  അരുളി: ”നിങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ ജനതയിലൊരാളുടെ ആത്മാവിനെ മലക്കുകള്‍ ഏറ്റുവാങ്ങി. അവര്‍ പറഞ്ഞു: ‘നീ വല്ല നന്മയും പ്രവര്‍ത്തിച്ചിട്ടുണ്ടോ?’ ‘ഞെരുക്കക്കാരായ കടക്കാര്‍ക്ക് അവധി കൊടുക്കാനും പണക്കാരായ കടക്കാരോട് വിട്ടുവീഴ്ച കാണിക്കാനും ഞാനെന്റെ കാര്യസ്ഥന്മാരോട് കല്‍പിക്കാറുണ്ടായിരുന്നു’ എന്ന് അയാള്‍ മറുപടി പറഞ്ഞു. അതിനാല്‍ അല്ലാഹു അയാളുടെ പാപങ്ങള്‍ മാപ്പ് ചെയ്തുകൊടുത്തു” (ബുഖാരി).

അബൂക്വതാദ(റ) അദ്ദേഹത്തിന്റെ ഒരു കടക്കാരനെ തേടിച്ചെല്ലുമ്പോള്‍ കടക്കാരന്‍ വെളിക്കുവരാതെ ഒളിച്ചിരിക്കുകയുണ്ടായി. ഒരിക്കല്‍ അവര്‍ തമ്മില്‍ കണ്ടുമുട്ടി. ‘ഞാന്‍ ഞെരുക്കക്കാരനാണ്, എനിക്ക് കടം തന്നു തീര്‍ക്കുവാന്‍ കഴിവില്ല’ എന്ന് അദ്ദേഹം അറിയിച്ചു. അപ്പോള്‍ അബൂക്വതാദ(റ) ചോദിച്ചു: ‘അല്ലാഹുവില്‍ സത്യമായും അതെയോ?’ കടക്കാരന്‍ ഉത്തരം പറഞ്ഞു: ‘അല്ലാഹുവാണെ സത്യം, അതെ.’ അപ്പോള്‍ അബൂക്വതാദ(റ) കരഞ്ഞ് കൊണ്ട് പറഞ്ഞു: ‘അന്ത്യനാളിലെ ദുഃഖങ്ങളില്‍ നിന്ന് അല്ലാഹു തന്നെ രക്ഷപ്പെടുത്തുന്നത് ആര്‍ക്കെങ്കിലും സന്തോഷമാണെങ്കില്‍, അവന്‍ ഞെരുക്കക്കാരന് ആശ്വാസം നല്‍കുകയോ അവന് വിട്ടുകൊടുക്കുകയോ ചെയ്തുകൊള്ളട്ടെ എന്ന് റസൂല്‍ ﷺ  പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു” (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; നബി ﷺ  അരുളി: ”ഒരു കച്ചവടക്കാരന്‍ ജനങ്ങള്‍ക്ക് കടം കൊടുക്കാറുണ്ടായിരുന്നു. അയാള്‍ ഞെരുക്കക്കാരനെ കണ്ടാല്‍ തന്റെ കാര്യസ്ഥന്മാരോടു പറയും: ‘നിങ്ങള്‍ അയാള്‍ക്ക് വിട്ടുവീഴ്ച നല്‍കുവിന്‍; അല്ലാഹു എനിക്കും വിട്ടുവീഴ്ച നല്‍കിയേക്കാം.’ അപ്പോള്‍ അല്ലാഹു അദ്ദേഹത്തിന്ന് വിട്ടുവീഴ്ച നല്‍കി” (ബുഖാരി).

ക്വുര്‍ആന്‍ പറയുന്നത് കാണുക:”…ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍..” (അല്‍ ബകറ: 280).

 

ടി.കെ ത്വല്‍ഹത്ത് സ്വലാഹി
നേർപഥം വാരിക

വിശുദ്ധ ക്വുര്‍ആന്‍ തുറക്കുന്ന വിജ്ഞാന കവാടം

വിശുദ്ധ ക്വുര്‍ആന്‍ തുറക്കുന്ന വിജ്ഞാന കവാടം

അന്ധകാരം മുറ്റിനിന്ന കാലത്താണ് പ്രകാശത്തിന്റെയും വിജ്ഞാനത്തിന്റെയും ഗ്രന്ഥമായ ക്വുര്‍ആനിന്റെ അവതരണമുണ്ടാകുന്നത്. ഇരുട്ടിന്റെ അന്ധാളിപ്പില്‍നിന്ന് പ്രകാശത്തിന്റെ മനഃശാന്തിയിലേക്കാണ് ക്വുര്‍ആന്‍ വഴിനടത്തുന്നത്. അല്ലാഹു പറയുന്നു:

”അലിഫ് ലാം റാ. മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്” (ഇബ്‌റാഹീം 1).

വിജ്ഞാനമെന്ന വെളിച്ചമാണ് ക്വുര്‍ആന്‍ ഇരുട്ടിന്റെ ലോകത്ത് ആദ്യം പരത്തിയത്. വിശുദ്ധ ക്വുര്‍ആനിനെ പോലെ വൈജ്ഞാനിക പശ്ചാത്തലമുള്ളതും വിജ്ഞാനം പരത്തുന്നതുമായ ഒരു ഗ്രന്ഥം ലോകത്ത് നിലവിലില്ല. ഏറ്റവും വലിയ വിജ്ഞാനിയായ അല്ലാഹുവാണ് ഈ ഗ്രന്ഥത്തിന്റെ അവതാരകന്‍ എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ മഹത്ത്വം.

ക്വുര്‍ആനില്‍ 106 സ്ഥലങ്ങളില്‍ അല്ലാഹുവിനെ സംബന്ധിച്ച് ‘അലീം’ (സര്‍വജ്ഞാനി) എന്ന് വന്നിട്ടുണ്ട്. സര്‍വജ്ഞാനിയുടെ ഗ്രന്ഥം വിജ്ഞാന സാഗരമായിരിക്കുമെന്നതില്‍ സംശയമില്ലല്ലോ. ക്വുര്‍ആനിന്റെ അറിവുകള്‍ കേവല ഊഹത്തെയല്ല പ്രതിനിധീകരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. വൈജ്ഞാനിക ആഴിയുടെ ആഴങ്ങളിലേക്കാണ് അതിന്റെ ഓരോ ആയത്തിന്റെ കിരണങ്ങളും ചെന്ന് പതിക്കുന്നത്. ആ വൈജ്ഞാനിക ഗ്രന്ഥത്തിന്റെ അവതരണത്തിന് തന്റെ ഹൃദയം തെരഞ്ഞെടുക്കപ്പെട്ടതിലൂടെ നിരക്ഷരനായിരുന്ന പ്രവാചകന്‍ ﷺ  അറിവിന്റെ പ്രചാരകനായി മാറി. ലോകത്ത് ദൈവികവിജ്ഞാനീയങ്ങളുടെ പ്രചാരകനായതിലൂടെ വിജഞാനത്തിന്റെ ശ്രദ്ധാകേന്ദ്രം പിന്നീട് പ്രവാചകനായിത്തീര്‍ന്നു.

അതെ, പ്രവാചകന്‍ ﷺ  വിജ്ഞാനത്തിന്റെ പ്രചാരകന്‍കൂടിയായിരുന്നു എന്നര്‍ഥം. ആ പ്രവാചകന്റെ ഹൃത്തടത്തിലേക്ക് അവതരിക്കപ്പെട്ട ആദ്യത്തെ അഞ്ച് വചനങ്ങളിലും അറിവിന്റെ മുത്തുകള്‍ പരന്നുകിടക്കുന്നത് ദര്‍ശിക്കാനാവും. വായിക്കുക (ഇക്വ്‌റഅ്) എന്നതും പഠിപ്പിച്ചു (അല്ലമ) എന്നതും ഈരണ്ട് തവണയും പേന(ക്വലം) എന്നത് ഒരു തവണയും പ്രഥമമായി അവതരിക്കപ്പെട്ട അഞ്ച് സൂക്തങ്ങളില്‍ തന്നെ ക്വുര്‍ആനില്‍ കാണാമെങ്കില്‍ ഇതൊരു വിജ്ഞാന വിപ്ലവത്തിന്റെ മുന്നറിയിപ്പായിരുന്നു. ‘അറിയുന്നവനും അറിയാത്തവനും തുല്യരാവില്ലെന്ന’ ക്വുര്‍ആനിക വീക്ഷണം (സുമര്‍: 9) നിത്യപ്രസക്തമാണ്. ഏത് കാലത്തേക്കും ഏത് വിഷയത്തിലേക്കും ബാധകമാക്കാനുതകുന്നതാണ് ഈ അടിസ്ഥാനം. വിജ്ഞാനികളെ പുകഴ്ത്തി സംസാരിക്കുന്ന ധാരാളം സൂക്തങ്ങള്‍ ക്വുര്‍ആനില്‍ കാണാം.

വിജ്ഞാനത്തിന്റെ ആഴിയിലിറങ്ങിയവര്‍ക്കാണ് ദൈവഭയം കൂടുതലുണ്ടാവുക എന്നതും (ഫാത്വിര്‍: 28) വിജ്ഞാന മേഖലയിലെ ഒരു സുപ്രധാന ചൂണ്ടുപലകയാണ്. അജ്ഞതക്കു പരിഹാരം ചോദിച്ചു പഠിക്കലാണെന്നും ചോദിച്ചു പഠിക്കല്‍ വിജ്ഞാനികള്‍ ചെയ്യേണ്ട കാര്യമാണെന്നും ക്വുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്.

”നിനക്ക് മുമ്പ് മനുഷ്യന്‍മാരെയല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം സന്ദേശം നല്‍കുന്നു. നിങ്ങള്‍ക്കറിഞ്ഞ് കൂടെങ്കില്‍ (വേദം മുഖേന) ഉല്‍ബോധനം ലഭിച്ചവരോട് നിങ്ങള്‍ ചോദിച്ച് നോക്കുക” (നഹ്ല്‍ 43).

അറിവിന്റെ വര്‍ധനവിനായി സര്‍വശക്തനോട് അനുദിനം തേടണമെന്നും അവനാണ് വിജ്ഞാനവര്‍ധനവ് നല്‍കി അടിമകളെ ശക്തിപ്പടുത്തുന്നത് എന്നും അല്ലാഹു പറയുന്നുണ്ട്: ”സാക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ക്വുര്‍ആന്‍- അത് നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി -പാരായണം ചെയ്യുന്നതിനു നീ ധൃതി കാണിക്കരുത്. എന്റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക” (ത്വാഹാ 114).

അറിവാണ് മനുഷ്യന്റെ ബൗദ്ധിക വളര്‍ച്ചയുടെ മൂലകാരണം. മലക്കുകള്‍ പോലും അല്ലാഹുവിന്റെ കല്‍പന പ്രകാരം ആദം(അ)യുടെ മുന്നില്‍ സുജൂദ് ചെയ്തതിന് പിന്നില്‍ ഒരു വിജ്ഞാനത്തിന്റെ പശ്ചാത്തലമുണ്ടല്ലോ. മലക്കുകള്‍ക്കില്ലാത്ത വിജ്ഞാനം ആദം(അ)ക്ക് അല്ലാഹു നല്‍കിയ ശേഷമാണല്ലോ സുജൂദിന് കല്‍പനയുണ്ടാകുന്നത്: ”അവന്‍ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക് സ്‌തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വജ്ഞനും അഗാധജ്ഞാനിയും. അനന്തരം അവന്‍ (അല്ലാഹു) പറഞ്ഞു: ആദമേ, ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍ (ആദം) അവര്‍ക്ക് ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവന്‍ (അല്ലാഹു) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ? ആദമിനെ നിങ്ങള്‍ പ്രണമിക്കുക എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പ്രണമിച്ചു; ഇബ്‌ലീസ് ഒഴികെ. അവന്‍ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു” (അല്‍ബക്വറ 31-34).

വിജ്ഞാനികളെ അല്ലാഹു പദവികള്‍ ഉയര്‍ത്തി ആദരിക്കുെമന്ന അല്ലാഹുവിന്റെ പ്രസ്താവന വിജ്ഞാനമണ്ഡലത്തില്‍ ഒരു വിസ്‌ഫോനത്തിനാണ് തുടക്കംകുറിച്ചത്: ”…നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു” (മുജാദല 11).

ഇത്തരം പ്രഖ്യാപനങ്ങളെ ശിരസ്സാവഹിച്ചതാണ് അജ്ഞതയില്‍ കഴിഞ്ഞിരുന്ന ഒരു സമൂഹത്തെ ലോകോത്തര സമൂഹത്തിന്റെ നായകരാക്കി മാറ്റിയത്. അജ്ഞതയില്‍നിന്ന് അവര്‍ വിജ്ഞാനമണ്ഡലങ്ങളിലേക്ക് കുതിച്ചുകയറി. ലോകത്ത് ഇസ്‌ലാം വ്യാപിച്ചു. പിന്നീട് അവര്‍ തുടങ്ങിവെക്കാത്ത ഒരു വിജ്ഞാനശാഖയുമില്ല എന്നു പറയാം. മിക്ക വിജ്ഞാന മണ്ഡലങ്ങളിലും ക്വുര്‍ആനിന്റെ വക്താക്കളായിരിന്നു തുടക്കക്കാര്‍ എന്നു കാണാനാവും. അവര്‍ക്ക് അതിന് പ്രചോദനമായത് അനന്തമായിക്കിടക്കുന്ന ക്വുര്‍ആനിന്റെ വൈജ്ഞാനികപരിസരം തന്നെയായിരുന്നു. ചിന്തയുടെ ചക്രവാളങ്ങള്‍ കീഴടക്കി ലോകത്തിനു മുന്നില്‍ അത്ഭുതങ്ങള്‍ കാഴ്ചവെക്കാന്‍ ക്വുര്‍ആനിന്റെ അനുയായികള്‍ക്ക് സാധിച്ചത് ചിന്തിക്കാനുള്ള അതിന്റെ ആവര്‍ത്തിച്ചുള്ള കല്‍പനകളും നിര്‍ദേശങ്ങളും അവരെ സ്വാധീനിച്ചതകൊണ്ടായിരുന്നു. ”ആ ഉപമകള്‍ നാം മനുഷ്യര്‍ക്ക് വേണ്ടി വിവരിക്കുകയാണ്. അറിവുള്ളവരല്ലാതെ അവയെപ്പറ്റി ചിന്തിച്ച് മനസ്സിലാക്കുകയില്ല” (അന്‍കബൂത്ത് 43) എന്ന സൂക്തം ഈ ആശയത്തിലേക്കാണ് വിരല്‍ ചുണ്ടുന്നത്.

പ്രവര്‍ത്തനത്തിനു മുമ്പ് വിജ്ഞാനത്തിന്റെ വക്താക്കളാകുവാന്‍ ക്വുര്‍ആന്‍ (മുഹമ്മദ്: 14) നിര്‍ദേശിക്കുന്നത് സകലരംഗത്തേക്കുമുള്ള ഒരു വെളിച്ചമാണ്. ഒരുത്തന് അറിവു നേടാന്‍ യാത്രചയ്യേണ്ടതുണ്ടെങ്കില്‍ അതവന്‍ നിര്‍വഹിക്കുക തന്നെ വേണം. പ്രവാചകന്മാരാണെങ്കിലം ശരി! ക്വുര്‍ആനില്‍ ഖിള്ര്‍, മൂസാ(അ) എന്നിവരുടെ സുദീര്‍ഘ ചരിത്രത്തിലൂടെ ഈ പാഠമാണ് ക്വുര്‍ആന്‍ നല്‍കുന്നത്. വിജ്ഞാനദാഹികള്‍ക്ക് ഇതിനെക്കാള്‍ നല്ലൊരു കഥനം വേറെയില്ല. നമ്മള്‍  നേത്രങ്ങള്‍ കൊണ്ട് കാണുന്നത് മാത്രമല്ല അറിവെന്നും അതിനപ്പുറമുള്ള ചില തിരിച്ചറിവുകള്‍ കൂടി ഉണ്ടാകുമ്പോഴാണ് യഥാര്‍ഥ അറിവിന്റെ ആസ്വാദനം നമുക്ക് സാധ്യമാകുന്നത് എന്നുമുള്ള ഒരു പാഠവും ഈ കഥയിലുണ്ട്.

മനുഷ്യന്റെ അറിവുകള്‍ പരിമിതമാണ് (ഇസ്‌റാഅ്: 85) എന്നാണ് ക്വുര്‍ആന്‍ അറിയിക്കുന്നത്. അതിനാല്‍ തന്നെ അറിവിന്റെ പേരില്‍ അഹങ്കരിക്കുന്നതില്‍ അര്‍ഥമില്ല. വിനയത്തിന്റെ വഴിയിലൂടെയാവണം വിജ്ഞാനികള്‍ നടക്കേണ്ടത്. ഇല്ലെങ്കില്‍ അഹങ്കാരമെന്ന വിപത്ത് പിടികൂടി വിജഞാനത്തിെന്റപ്രകാശത്തെ അത് കെടുത്തിക്കളയും. അറിവിെന്റ പ്രകാശത്തെ മറച്ചുവെക്കാനുള്ള പരിശ്രമത്തെ കഠിന പാപമായിട്ടാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹുവും മലക്കുകളും അവരെ ശപിച്ചുകൊണ്ടിരിക്കും എന്ന ശക്തമായ താക്കീതാണ് അത്തരക്കാര്‍ക്ക് അല്ലാഹു നല്‍കുന്നത്: ”എന്നാല്‍ പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും, (സത്യം ജനങ്ങള്‍ക്ക്) വിവരിച്ചുകൊടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം ഞാന്‍ സ്വീകരിക്കുന്നതാണ്. ഞാന്‍ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ” (അല്‍ബക്വറ:160).

ലജ്ജയുട വാതിലുകള്‍ അറിവിന്റെ മേഖലയില്‍ കൊട്ടിയടക്കപ്പെടേണ്ടതാണ്. ”ഏതൊരു വസ്തുവെയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെ നാഥന്റെ പക്കല്‍നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല” (അല്‍ബക്വറ: 26).

സര്‍വ ജ്ഞാനത്തിന്റെയും ഉടമസ്ഥനായ അല്ലാഹു ജ്ഞാനം പകര്‍ന്നുതരുന്നതില്‍ എത്ര നിസ്സാര വസ്തുവെയും ഉപമയാക്കുന്ന കാര്യത്തില്‍ ലജ്ജ കാണിക്കില്ലെങ്കില്‍ അവന്റെ ദുര്‍ബലസൃഷ്ടികള്‍ എന്തിന് അറിവിന്റെ വിഷയത്തില്‍ ലജ്ജിക്കണം? സമൂഹത്തിന് ആവശ്യമായ നാനാവിധ കാര്യങ്ങളുടെ മൂലനിയമങ്ങള്‍ ക്വുര്‍ആനില്‍ നമുക്ക് കാണാനാവും. അതുല്യവും സമഗ്രഹവും കാലാതിവര്‍ത്തിയുമാണ് ക്വുര്‍ആനിന്റെ വൈജഞാനിക മണ്ഡലം. അതിന്റെ മധുനുകരാന്‍ സാധിച്ചവര്‍ മഹാഭാഗ്യശാലികള്‍. അതിന്റെ സുഗന്ധം ആസ്വദിക്കാന്‍ പോലും കഴിയാത്തവര്‍ മഹാ കഷ്ടത്തില്‍ തന്നെ!

 

അബ്ദുല്‍ മാലിക് സലഫി
നേർപഥം വാരിക

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങള്‍

പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്ന സമയങ്ങള്‍

സത്യവിശ്വാസികളുടെ അടയാളമാണ് പ്രാര്‍ഥന. ജീവിതത്തില്‍ കൂടെയുണ്ടാകേണ്ട അമൂല്യമായ ഒന്ന്. തന്റെ പ്രാര്‍ഥന സ്വീകരിക്കപ്പെടണമെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ടാകും. അതിനാല്‍ ഉത്തരം ലഭിക്കണമെന്ന അതിയായ ആഗ്രഹത്തോടെയായിരിക്കും നാം പ്രാര്‍ഥിക്കുന്നത്. തന്റെ സര്‍വവും സംവിധാനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഏകനായ സ്രഷ്ടാവിനോട് പ്രാര്‍ഥിക്കുന്നത് സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പറഞ്ഞറിയിക്കുവാന്‍ കഴിയാത്ത ഒരു ആത്മീയ അനുഭൂതി തന്നെയാണ്.

തന്റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുവാനായി ഓരോ വിശ്വാസിയും ഇസ്‌ലാം പഠിപ്പിക്കുന്ന പ്രാര്‍ഥനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ട്. അതില്‍പെട്ടതാണ് സമയങ്ങളും സന്ദര്‍ഭങ്ങളും അറിഞ്ഞ് അതിനനുസരിച്ച് പ്രാര്‍ഥിക്കുകയെന്നത്. ഉത്തരം ലഭിക്കുവാന്‍ കൂടുതല്‍ സാധ്യതയുള്ള സമയങ്ങള്‍ മുഹമ്മദ് നബി ﷺ വിവരിച്ച് തന്നിട്ടുണ്ട്. അവയില്‍ ചിലത് കാണുക:

1. രാത്രിയും രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് സമയവും:

ജാബിര്‍(റ)വില്‍ നിന്ന്: പ്രവാചകന്‍ ﷺ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ”തീര്‍ച്ചയായും രാത്രിയില്‍ ഒരു സമയമുണ്ട്. ആ സമയത്ത് ആരെങ്കിലും അല്ലാഹുവിനോട് ഇഹലോകത്തിലെയോ പരലോകത്തിലെയോ നന്മകള്‍ ചോദിക്കുകയാണെങ്കില്‍ നല്‍കാതിരിക്കുകയില്ല. ഇത് എല്ലാ രാത്രിയിലും ഉണ്ട്” (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”ഉന്നതനായ നമ്മുടെ രക്ഷിതാവ് എല്ലാ രാത്രിയുടെയും അവസാന മൂന്നിലൊന്ന് അവശേഷിക്കുമ്പോള്‍ ദുന്‍യാവിലെ ആകാശത്തേക്ക് ഇറങ്ങി വരുന്നു. എന്നിട്ട് ആരാണ് എന്നോട് പ്രാര്‍ഥിക്കുന്നത്; അവന് ഞാന്‍ ഉത്തരം നല്‍കാം, ആരാണ് എന്നോട് ചോദിക്കുന്നത്; അവന് ഞാന്‍ നല്‍കാം, ആരാണ് എന്നോട് പാപമോചനം തേടുന്നത്; അവന് ഞാന്‍ പാപം പൊറുത്ത് കൊടുക്കാം എന്ന് പറയുന്നു”(ബുഖാരി, മുസ്‌ലിം).

(അല്ലാഹു അവന്റെ മഹത്ത്വത്തിനും ഉന്നതിക്കും യോജിക്കുന്ന രൂപത്തില്‍ ഇറങ്ങുന്നു. അവന് തുല്യമായി ഒന്നും തന്നെയില്ല. അല്ലാഹു ഇറങ്ങുന്നതിന്റെ രൂപം അവന് മാത്രമെ അറിയുകയുള്ളൂ. അത് സൃഷ്ടികള്‍ക്ക് ആര്‍ക്കും അറിയുകയില്ല. അങ്ങനെ വിശ്വസിക്കുവാനാണ് പ്രവാചകനും സ്വഹാബികളും താബിഉകളും നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ഈ വിശ്വാസം തന്നെയാണ് യഥാര്‍ഥ അഹ്‌ലുസ്സുന്നത്തിവല്‍ ജമാഅത്തിന്റെ വിശ്വാസം. ഇത് തന്നെയാണ് വിശുദ്ധക്വുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്നത്).

2. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വന്ന് ഭവിക്കുമ്പോഴുള്ള പ്രാര്‍ഥന:

യൂനുസ് നബി(അ) മത്സ്യത്തിന്റെ വയറ്റില്‍ വെച്ച്‌കൊണ്ട് പ്രാര്‍ഥിച്ചു: ”അനന്തരം ഇരുട്ടുകളില്‍ നിന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍. തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു” (അല്‍അന്‍ബിയാഅ്: 87). 

3. ബാങ്കിന്റെയും ഇക്വാമത്തിന്റെയും ഇടയിലുള്ള പ്രാര്‍ഥന:

അനസ്ബ്‌നു മാലികി(റ)ല്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”ബാങ്കിന്റെയും ഇക്വാമത്തിന്റെയും ഇടയിലുള്ള പ്രാര്‍ഥന മടക്കപ്പെടുകയില്ല” (അഹ്മദ്).

4. ബാങ്ക് കൊടുക്കുമ്പോഴും ശത്രുക്കളോട് ജിഹാദ് ചെയ്യുമ്പോഴും:

സഅല്ബ്‌നു സഅദി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു: ”രണ്ടു വിഭാഗമാളുകളുടെ പ്രാര്‍ഥന തടയപ്പെടുകയില്ല – വിരളമായി മാത്രമെ തടയുകയുള്ളൂ- ബാങ്ക് കൊടുക്കുമ്പോഴുള്ള പ്രാര്‍ഥന, ശത്രുക്കളുമായുള്ള യുദ്ധം കഠിനമാകുമ്പോഴുള്ള പ്രാര്‍ഥന”(അബൂദാവൂദ്).

5. നമസ്‌കാരത്തില്‍ സൂജൂദ് ചെയ്യുമ്പോഴുള്ള പ്രാര്‍ഥന:

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു: ”തന്റെ രക്ഷിതാവിനോട് ഒരു അടിമ ഏറ്റവും കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് സുജൂദിലായിരിക്കുമ്പോഴാണ്. ആയതിനാല്‍ നിങ്ങള്‍ പ്രാര്‍ഥന അധികരിപ്പിക്കുക” (മുസ്‌ലിം).

6. വെള്ളിയാഴ്ചയിലെ ഒരു സമയം: 

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: അബുല്‍ ക്വാസിം ﷺ പറഞ്ഞു: ”ജുമുഅ ദിവസം ഒരു സമയമുണ്ട്. ഒരാള്‍ ആ സമയത്ത് അല്ലാഹുവിനോട് നന്മ ചോദിക്കുകയാണെങ്കില്‍ അല്ലാഹു അത് നല്‍കുന്നതാണ്” (മുസ്‌ലിം). 

മഹാനായ ഇമാം ഇബ്‌നു ഹജര്‍ അല്‍അസ്‌ക്വലാനി(റഹ്) പ്രബലമായ അഭിപ്രായമായി പറയുന്നത് ആ സമയം അസ്വ്‌റിന് ശേഷമാണ് എന്നാണ്. കാരണം ചില സ്വഹാബികളുടെ അഭിപ്രായം അതാകുന്നു.

7. ലൈലതുല്‍ ക്വദ്‌റില്‍: 

ലൈലതുല്‍ ക്വദ്ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമായതാണ്. പ്രവാചകന്‍ ﷺ പറഞ്ഞിട്ടുള്ളത് നിങ്ങള്‍ റമദാനിന്റെ അവസാന പത്തില്‍ ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കുക എന്നാണ്. അല്ലാഹു പറയുന്നു:

”തീര്‍ച്ചയായും നാം ഇതിനെ (ക്വുര്‍ആനിനെ) നിര്‍ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ” (അല്‍ക്വദ്ര്‍: 1-5).

8. സംസം വെള്ളം കുടിക്കുമ്പോള്‍:

ജാബിര്‍(റ) നിവേദനം: നബി ﷺ പറഞ്ഞു: ”സംസം വെള്ളം എന്തിനാണോ കുടിച്ചത് അതിനാകുന്നു” (ഇബ്‌നുമാജ, അല്‍ബാനി ഈ ഹദീഥ് സ്വഹീഹാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്). 

9. ഉറക്കില്‍ നിന്ന് ഉണര്‍ന്നാല്‍:

ഉബാദതുബ്‌നു സ്വാമിതി(റ)ല്‍ നിന്നും നിവേദനം: പ്രവാചകന്‍ ﷺ പറയുന്നു: ”ആരെങ്കിലും രാത്രിയില്‍ ഉണര്‍ന്നാല്‍ അവന്‍ ഇപ്രകാരം പറയട്ടെ: ‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി ആരും ഇല്ല. അവന് യാതൊരു പങ്കുകാരനും ഇല്ല. അവനാകുന്നു രാജാധികാരവും സര്‍വസ്തുതിയും. അവന്‍ എല്ലാത്തിനും കഴിവുള്ളവനാണ്. അല്ലാഹുവിനാണ് സര്‍വസ്തുതികളും. അല്ലാഹു എത്രയോ പരിശുദ്ധന്‍. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ല. അല്ലാഹുവാണ് ഏറ്റവും വലിയവന്‍. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവും അധികാരവുമില്ല.’ എന്നിട്ട് ‘അല്ലാഹുവേ, എനിക്ക് പൊറുത്ത് തരേണമേ’, എന്നോ അല്ലെങ്കില്‍ മറ്റാവശ്യങ്ങള്‍ക്കോ പ്രാര്‍ഥിച്ചാല്‍ ഉത്തരം ലഭിക്കും. വുദൂഅ് ചെയ്ത് കൊണ്ട് നമസ്‌കരിക്കുകയാണെങ്കില്‍ ആ നമസ്‌കാരം സ്വീകരിക്കപ്പെടും” (ബുഖാരി).

10. യൂനുസ് നബി(അ) പ്രാര്‍ഥിച്ച പോലെ പ്രാര്‍ഥിക്കുക:

സഅ്ദി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു: ”മത്സ്യത്തിന്റെ വയറ്റില്‍ വെച്ച്‌കൊണ്ട് യൂനുസ്‌നബി(അ) പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, നീയല്ലാതെ ആരാധനക്കര്‍ഹനായി ആരും തന്നെയില്ല. നീ എത്ര പരിശുദ്ധനാണ്. ഞാന്‍ അക്രമകാരികളില്‍ പെട്ട് പോയിരിക്കുന്നു.’ മുസ്‌ലിമായ ഒരാള്‍ ഇത്‌കൊണ്ട് പ്രാര്‍ഥിക്കുകയാണെങ്കില്‍ അല്ലാഹു അവന് ഉത്തരം നല്‍കാതിരിക്കുകയില്ല” (തിര്‍മിദി, അല്‍ബാനി ഈ ഹദീഥ് സ്വഹീഹാണ് വിശേഷിപ്പിച്ചിട്ടുണ്ട്).

11. കഷ്ടപ്പാടുകള്‍ വരുമ്പോഴുള്ള പ്രാര്‍ഥന:

ഉമ്മുസലമ(റ)യില്‍ നിന്ന്: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: ‘ഒരു മുസ്‌ലിമിന് ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ അല്ലാഹു പ്രാര്‍ഥിക്കുവാന്‍ കല്‍പിച്ച; ‘തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവില്‍ നിന്നാണ്, അവനിലേക്ക് തന്നെ ഞങ്ങള്‍ മടക്കപ്പെടുന്നതാണ്. അല്ലാഹുവേ, എന്റെ കഷ്ടപ്പാടില്‍ എനിക്ക് പ്രതിഫലം നല്‍കേണമേ, ഇതിനെക്കാള്‍ നല്ലതിനെ എനിക്ക് പകരം നല്‍കേണമേ’ എന്ന പ്രാര്‍ഥനപ്രാര്‍ഥിക്കുകയാണെങ്കില്‍ അല്ലാഹു അതിനെക്കാള്‍ ഉത്തമമായതിനെ പകരം നല്‍കുന്നതാണ്” (മുസ്‌ലിം).

12. മയ്യിത്തിന് വേണ്ടിയുള്ള ജനങ്ങളുടെ പ്രാര്‍ഥന:

ഉമ്മുസലമ(റ)യില്‍ നിന്ന്: ”നബി ﷺ അബൂസലമയുടെ അടുത്ത് പ്രവേശിച്ചു. അദ്ദേഹത്തിന്റെ കണ്ണ് തുറന്നിരിക്കുകയായിരുന്നു. അത് പ്രവാചകന്‍ ﷺ അടച്ചു, എന്നിട്ട് പറഞ്ഞു: ‘ആത്മാവ് പിടിക്കപ്പെട്ടാല്‍ കണ്ണുകള്‍ അതിനെ പിന്‍പറ്റും.’ അപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ബഹളങ്ങളുണ്ടാക്കി. അപ്പോള്‍ പ്രവാചകന്‍ ﷺ പറഞ്ഞു: ‘നിങ്ങള്‍ നല്ലതല്ലാതെ പ്രാര്‍ഥിക്കരുത്. കാരണം നിങ്ങള്‍ പറയുന്നതിന് മലക്കുകള്‍ ആമീന്‍ പറയുന്നതാണ്.’ എന്നിട്ട് അവിടുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, അബൂസലമക്ക് നീ പൊറുത്ത് കൊടുക്കേണമേ. സന്മാര്‍ഗികളുടെ കൂട്ടത്തില്‍ നീ അദ്ദേഹത്തിന്റെ പദവി ഉയര്‍ത്തിക്കൊടുക്കേണമേ. വരും തലമുറയില്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്ക് പകരം നല്‍കേണമേ. ലോക രക്ഷിതാവേ, ഞങ്ങള്‍ക്കും അദ്ദേഹത്തിനും നീ പൊറുത്ത് തരേണമേ. അദ്ദേഹത്തിന് നീ ക്വബ്‌റില്‍ വിശാലത നല്‍കേണമേ. അദ്ദേഹത്തിന് നീ അതില്‍ പ്രകാശം നല്‍കേണമേ” (മുസ്‌ലിം).

13. ഹജ്ജോ, ഉംറയോ ചെയ്യുന്നവന്റെ പ്രാര്‍ഥന:

ഇബ്‌നുഉമര്‍(റ) നിവേദനം: നബി ﷺ പറഞ്ഞു: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവനും ഹജ്ജ് ചെയ്യുന്നവനും ഉംറ ചെയ്യുന്നവനും അല്ലാഹുവിന്റെ യാത്രാ സംഘമാകുന്നു. അവരുടെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും. അവര്‍ ചോദിച്ചാല്‍ ഉത്തരം നല്‍കും” (ഇബ്‌നുമാജ. ഈ ഹദീഥ് ഹസനാണെന്ന് അല്‍ബാനി പറഞ്ഞിട്ടുണ്ട്).

14. അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുന്നവന്റെ പ്രാര്‍ഥന:

അബൂഹുറയ്‌റ(റ) നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു: ”മൂന്ന് വിഭാഗമാളുകള്‍, അവരുടെ പ്രാര്‍ഥനകള്‍ തടയപ്പെടുകയില്ല. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നവര്‍, അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, നീതിമാനായ ഭരണാധികാരിയുടെ പ്രാര്‍ഥന” (ബൈഹക്വി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചത്).

15. സദ്‌വൃത്തനായ സന്തതിയുടെ പ്രാര്‍ഥന:

അബൂഹുറയ്‌റ(റ) നിവേദനം: പ്രവാചകന്‍ ﷺ പറഞ്ഞു: ”ഒരു മനുഷ്യന്‍ മരിച്ചാല്‍ അവന്റെ കര്‍മങ്ങള്‍ മുറിഞ്ഞ് പോകുന്നതാണ്, മൂന്ന് കാര്യങ്ങള്‍ ഒഴിച്ച്: നിലനില്‍ക്കുന്ന ദാനധര്‍മം, ഉപകാരപ്പെടുന്ന വിജ്ഞാനം, അവന് വേണ്ടി പ്രാര്‍ഥിക്കുന്ന സദ്‌വൃത്തനായ സന്താനം” (മുസ്‌ലിം).

16. ഒരാളുടെ അസാന്നിധ്യത്തില്‍ അയാള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന:

പ്രവാചകന്‍ ﷺ പറഞ്ഞു: ”മുസ്‌ലിമായ ഒരു വ്യക്തി, തന്റെ സഹോദരന് വേണ്ടി അവന്റെ അസാന്നിധ്യത്തില്‍ പ്രാര്‍ഥിക്കുന്നത് സ്വീകരിക്കപ്പെടുന്നതാണ്. അവന്റെ തലയുടെ ഭാഗത്ത് (കാര്യങ്ങള്‍) ഏല്‍പിക്കപ്പെട്ട ഒരു മലക്കുണ്ട്, തന്റെ സഹോദരന് നന്മക്ക് വേണ്ടിയുള്ള ഓരോ പ്രാര്‍ഥനാവേളയിലും മലക്ക് പറയും: ആമീന്‍, നിനക്കും അതുപോലെയുണ്ടാവട്ടെ” (മുസ്‌ലിം).

17. നോമ്പ് തുറക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമുള്ള പ്രാര്‍ഥന:

പ്രവാചകന്‍ ﷺ പറഞ്ഞു: ”മൂന്ന് പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കും: നോമ്പുകാരന്റെ പ്രാര്‍ഥന, അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, യാത്രക്കാരന്റെ പ്രാര്‍ഥന” (അല്‍ബാനിയുടെ സില്‍സിലതുസ്സ്വഹീഹഃ).

18. മക്കള്‍ക്ക് വേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ഥന:

അബൂഹുറയ്‌റ(റ)യില്‍ നിന്ന്: പ്രവാചകന്‍ ﷺ പറഞ്ഞു: ”മൂന്ന് വിഭാഗമാളുകളുടെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും, അതില്‍ യാതൊരു സംശയവുമില്ല: അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, യാത്രക്കാരന്റെ പ്രാര്‍ഥന, മക്കള്‍ക്ക് വേണ്ടി മാതാപിതാക്കളുടെ പ്രാര്‍ഥന” (തിര്‍മിദി. അല്‍ബാനി ഈ ഹദീഥ് ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്).

19: നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷമുള്ള പ്രാര്‍ഥന:

അബൂഉമാമ(റ)യില്‍ നിന്ന്: ഞാന്‍ നബി ﷺയോട് ഏത് പ്രാര്‍ഥനയാണ് കൂടുതല്‍ കേള്‍ക്കപ്പെടുക എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ”രാത്രിയുടെ അന്ത്യയാമത്തിലുള്ള പ്രാര്‍ഥനയും നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷമുള്ള പ്രാര്‍ഥനയും” (തിര്‍മിദി. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചത്).

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

ആരാണ് പ്രാര്‍ഥനക്കര്‍ഹന്‍?

ആരാണ് പ്രാര്‍ഥനക്കര്‍ഹന്‍?

നമ്മുടെ ദൃഷ്ടികള്‍കൊണ്ട് കാണുവാന്‍ കഴിയുന്നതും കഴിയാത്തതുമായ കോടാനുകോടി വസ്തുക്കളെയും ഈ പ്രപഞ്ചത്തെയാകെയും യാതൊരു മുന്‍മാതൃകയും കൂടാതെ സൃഷ്ടിച്ചത് അല്ലാഹുവാണ്. ഒരു മൊട്ടുസൂചി പോലും അത് ഉണ്ടാക്കുന്നവനില്ലാതെ തനിയെ ഉണ്ടാവുകയില്ലെങ്കില്‍ വ്യവസ്ഥാപിതമായി ചലിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം എങ്ങനെ തനിയെ ഉണ്ടാകും? ബുദ്ധിയുള്ളവര്‍ക്ക് അങ്ങനെ ചിന്തിക്കുവാന്‍ പോലും കഴിയില്ല. വിശുദ്ധക്വുര്‍ആന്‍ ഖണ്ഡിതമായിത്തന്നെ, ഈ പ്രപഞ്ചത്തെയും അതിലെ സര്‍വ വസ്തുക്കളെയും സൃഷ്ടിച്ചു പരിപാലിക്കുന്നവന്‍ ഏകനായ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുന്നത് കാണാം. ഈ യാഥാര്‍ഥ്യം മക്കയിലെ സത്യനിഷേധികള്‍ പോലും അംഗീകരിച്ചിരുന്നു എന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്:

”ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനേയും കീഴ്‌പ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവ വിശ്വാസികളോട്) ചോദിക്കുന്നപക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?” (അല്‍ അന്‍കബൂത്: 61).

”അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞ് തരികയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?). എന്നിട്ടത് (വെള്ളം) മൂലം കൗതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കി തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ, അല്ല അവര്‍ വൃതിചലിച്ച് പോകുന്ന ഒരു ജനതയാകുന്നു. അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും അതിനിടയില്‍ നദികളുണ്ടാക്കുകയും അതിന് ഉറപ്പുനല്‍കുന്ന പര്‍വതങ്ങളുണ്ടാക്കുകയും രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല- അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ച് പ്രാര്‍ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ. അഥവാ, കരയിലെയും കടലിലേയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് വഴി കാണിക്കകയും തന്റെ കാരുണ്യത്തിന് മുമ്പില്‍ സന്തോഷ സൂചകമായി കാറ്റുകള്‍ അയക്കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അല്ലാഹു അതീതനായിരിക്കുന്നു. അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അതാവര്‍ത്തിക്കുകയും ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്മാരാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് നിങ്ങള്‍ കൊണ്ടുവരിക” (അന്നംല്: 60-64).

പ്രപഞ്ചവും അതിലെ സര്‍വ വസ്തുക്കളും സൃഷ്ടിക്കുവാന്‍ കഴിവുള്ളവന്‍ ആരാണോ അവനോട് മാത്രമെ നാം പ്രാര്‍ഥിക്കാവൂ. അതായത് സ്രഷ്ടാവ് ആരാണോ അവനോട് മാത്രമെ സൃഷ്ടികള്‍ പ്രാര്‍ഥിക്കുവാന്‍ പാടുള്ളൂ. 

നാം പ്രാര്‍ഥിക്കേണ്ടത് ആരോട്?

നമ്മുടെ അര്‍ഥനകള്‍ കേള്‍ക്കുകയും അതിന് ഉത്തരം നല്‍കുകയും ചെയ്യുന്നവനോടാണ് നാം പ്രാര്‍ഥിക്കേണ്ടത്. കേള്‍ക്കുകയോ കാണുകയോ ഉത്തരം നല്‍കുകയോ ചെയ്യാത്തവരെ വിളിച്ച് നാം പ്രാര്‍ഥിച്ചിട്ട് എന്ത് ഫലം? ഇബ്‌റാഹീം(അ) തന്റെ പിതാവിനോട് ഈ കാര്യം പറയുന്നത് വിശുദ്ധക്വുര്‍ആന്‍ നമുക്ക് അറിയിച്ച് തരുന്നുണ്ട്:

”'(അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ”എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത; താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു?” (മര്‍യം: 42).

ഉത്തരം നല്‍കുന്നവരോടേ പ്രാര്‍ഥിച്ചിട്ട് കാര്യമുള്ളൂ. അല്ലാഹുവല്ലാത്ത ആരോട് പ്രാര്‍ഥിച്ചാലും നമുക്ക് ഉത്തരം ലഭിക്കുകയില്ല തന്നെ. എന്നാല്‍ അല്ലാഹു പറയുന്നത് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം എന്നാണ്. 

”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം” (അല്‍ഗാഫിര്‍: 60). 

പ്രാര്‍ഥന സര്‍വശക്തനോട് മാത്രം

സര്‍വശക്തനോടാണ് നാം പ്രാര്‍ഥിക്കേണ്ടത്. അല്ലാഹു പറയുന്നു:

”തീര്‍ച്ചയായും അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു” (അന്നഹ്ല്‍: 77).

പ്രാര്‍ഥന എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നവനോട് മാത്രം

എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവനോട് മാത്രമേ നാം പ്രാര്‍ഥിക്കാവൂ. അല്ലാഹു പറയുന്നു:

”അവനു തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു” (അശ്ശൂറാ: 11).

 ”നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളിയാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ) പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല” (അല്‍ ഫാത്വിര്‍:14).

പ്രാര്‍ഥന സ്രഷ്ടാവിനോട് മാത്രം

സൃഷ്ടികള്‍ തന്റെ വേവലാതികളും വ്യസനങ്ങളും എല്ലാം തന്നെ തുറന്ന് വെക്കേണ്ടത് ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിക്കുവാന്‍ കഴിയുവുള്ള സര്‍വശക്തന്റെ മുമ്പിലാണ്. ഇസ്‌ലാം സൃഷ്ടിപൂജയെ ശക്തമായ ഭാഷയില്‍ എതിര്‍ക്കുന്നത് കൊണ്ടുതന്നെ ഒരു സൃഷ്ടിയും ആരാധിക്കപ്പെടാന്‍ പാടില്ല. ആരാധിക്കപ്പെടേണ്ടത് സ്രഷ്ടാവ് മാത്രം. വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക:

”(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ അറിവിന്റെ വല്ല അംശമോ നിങ്ങള്‍ എനിക്ക് കൊണ്ടുവന്നു തരുവിന്‍” (അല്‍ അഹ്ക്വാഫ്: 4).

”നീ പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ എന്തൊന്നാണവര്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചു തരിക. അതല്ല, ആകാശങ്ങളില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ? അതല്ല, നാം അവര്‍ക്ക് വല്ല ഗ്രന്ഥവും നല്‍കിയിട്ട് അതില്‍ നിന്നുള്ള തെളിവിനനുസരിച്ചാണോ അവര്‍ നിലകൊള്ളുന്നത്? അതല്ല അക്രമകാരികള്‍ അന്യോന്യം വാഗ്ദാനം ചെയ്യുന്നത് വഞ്ചന മാത്രമാകുന്നു” (അല്‍ഫാത്വിര്‍: 40)

”മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെ പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തു ചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കലില്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്ന വനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ!” (അല്‍ഹജ്ജ്: 73)

ഒരു ഈച്ചയെ പോലും സൃഷ്ടിക്കുവാന്‍ കഴിവില്ലാത്ത സൃഷ്ടികളോട് എങ്ങനെ നാം പ്രാര്‍ഥിക്കും? അതുകൊണ്ട് എന്ത് നേട്ടം? സൃഷ്ടികളോടല്ല നാം പ്രാര്‍ഥിക്കേണ്ടത്; സ്രഷ്ടകര്‍ത്താവിനോട് മാത്രമെ നാം പ്രാര്‍ഥിക്കാവൂ, അവനെ മാത്രമെ നാം ആരാധിക്കാവൂ.

ദൃശ്യം-അദൃശ്യം, ഭൗതികം-അഭൗതികം എന്നീ അതിര്‍വരമ്പുകളില്ലാതെ എല്ലാം അറിയുന്നവനോട് മാത്രമെ പ്രാര്‍ഥിക്കാവൂ. 

”പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്?” (അല്‍അന്‍ആം: 50).

”അവന്റെ പക്കലാകുന്നു അദൃശ്യകാര്യങ്ങളുടെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കു ള്ളിലിരിക്കുന്ന ഒരു ധാന്യമണിയാവട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല” (അല്‍ അന്‍ആം: 59).

പ്രവാചകന്മാര്‍ക്ക് പോലും സ്വന്തത്തിന് ഒരു ഉപകാരം വരുത്തുവാനോ, തങ്ങള്‍ക്ക് വരുന്ന ബുദ്ധിമുട്ടുകളെ തടുക്കുവാനോ സാധിക്കുമായിരുന്നില്ല. ക്വുര്‍ആന്‍ പറയുന്നു:

”(നബിയേ,) പറയുക: എന്റെ സ്വന്തം ദേഹത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യ കാര്യമറിയുമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്” (അല്‍അഅ്‌റാഫ്:188).

ശത്രുക്കളുടെ മുന്നില്‍ തന്റെ പ്രവാചകത്വം സ്ഥാപിക്കേണ്ട സന്ദര്‍ഭം വന്നപ്പോള്‍ പോലും പ്രവാചകന് അദൃശ്യം അറിയുന്നില്ല. അല്ലാഹുവാണ് അദൃശ്യം അറിയുന്നവന്‍. ആയതിനാല്‍ ഞാനും നിങ്ങളെ പോലെ അല്ലാഹു അറിയിച്ച് തരുന്നത്‌വരെ കാത്തിരിക്കുന്നു എന്നാണ് പ്രവാചകന്‍ﷺ തന്റെ ശത്രുക്കളോട് പറയുന്നത്. അല്ലാഹു പറയുന്നു:

”അവര്‍ പറയുന്നു: അദ്ദേഹത്തിന് (നബിക്ക്) തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു തെളിവ്(നേരിട്ട്) ഇറക്കി ക്കൊടുക്കപ്പെടാത്തതെന്തുകൊണ്ട്? (നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു” (യൂനുസ്: 20).

”(നബിയേ,) പറയുക: ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയി; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല” (അന്നംല്: 65).

”താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു” (അല്‍ഹശ്ര്‍: 22). 

”കണ്ണുകളുടെ കള്ളനോട്ടവും ഹൃദയങ്ങള്‍ മറച്ചുവെക്കുന്നതും അവന്‍(അല്ലാഹു) അറിയുന്നു” (മുഅ്മിന്‍: 19).

പ്രവാചകന്മാരുടെ നേതാവും അവസാനത്തെ പ്രവാചകനും ലോകര്‍ക്ക് കാരുണ്യമായി നിയോഗിതനുമായിട്ടുള്ള മുഹമ്മദ് നബിﷺക്ക് അദൃശ്യം അറിയേണ്ട അനിവാര്യമായ ഒട്ടനവധി സന്ദര്‍ഭങ്ങള്‍ തന്റെ പ്രവാചക ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആ സന്ദര്‍ഭത്തില്‍ ഒന്നുംതന്നെ മറഞ്ഞ കാര്യം പ്രവാചകന്‍ﷺ അറിഞ്ഞിട്ടില്ല. മറിച്ച് അല്ലാഹുവിന്റെ വഹ്‌യ് കാത്തിരിക്കുന്നതാണ് നമുക്ക് കാണാനാവുന്നത്. അതിന് സാക്ഷിയായിട്ട് ഒരുപാട് സംഭവങ്ങള്‍ പ്രവാചകന്‍ﷺ തന്നെ തന്റെ ചര്യയില്‍ വിവരിക്കുന്നതായി ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. ആയതിനാല്‍ നാം നമ്മുടെ പ്രാര്‍ഥനയും ആരാധനയും അദൃശ്യം അറിയുന്ന അല്ലാഹുവിന് മാത്രമെ അര്‍പ്പിക്കുവാന്‍ പാടുള്ളു.

 

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി
നേർപഥം വാരിക

അവര്‍ പ്രാര്‍ഥിച്ചത് ആരോട്?

അവര്‍ പ്രാര്‍ഥിച്ചത് ആരോട്?

”ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല”  (ക്വുര്‍ആന്‍ 51:56).

മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യമെന്തെന്ന് ഈ ക്വുര്‍ആന്‍ വചനം വ്യക്തമാക്കുന്നു. അല്ലാഹു ലോകത്തിലെ വിവിധ സമൂഹങ്ങളിലേക്ക് വ്യത്യസ്ത കാലങ്ങളിലായി ദൂതന്മാരെ നിയോഗിച്ചതും ഇതേ കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുവാനായിരുന്നു. 

”തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി)…”(ക്വുര്‍ആന്‍ 16:36).

മുഹമ്മദ് നബി ﷺ യോട് അല്ലാഹു പറയുന്നു:

”ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല” (ക്വുര്‍ആന്‍ 21:25).

ആരാധനകള്‍ അഖിലവും സകല ലോകങ്ങളുടെയും പരിപാലകനു മാത്രം അവകാശപ്പെട്ടതത്രെ. സ്രഷ്ടാവും സംരക്ഷകനും പരിപാലകനുമായവനല്ലാതെ ആരാധിക്കപ്പെടാന്‍ അര്‍ഹതയുള്ളവര്‍ ആരുമില്ല.

”ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്. നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്‌കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്” (ക്വുര്‍ആന്‍ 2:21,22).

നുഅ്മാനുബ്‌നു ബശീര്‍(റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ റസൂല്‍ ﷺ  അരുളി: ”നിശ്ചയം പ്രാര്‍ഥന; അത് ആരാധന (ഇബാദത്ത്) തന്നെയാണ്.” ശേഷം നബി ﷺ  ഓതി: ‘നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച” (ക്വുര്‍ആന്‍ 40:60)(തിര്‍മിദി 2969).

പ്രാര്‍ഥന ആരാധനയാണ് എന്നതുകൊണ്ടുതന്നെ അത് അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. പരിശുദ്ധ ക്വുര്‍ആനില്‍ അനേകം പ്രാര്‍ഥനകളുണ്ട്. നബി ﷺ  ഒരാള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങുന്നതുവരെ വിവിധ സന്ദര്‍ഭങ്ങളിലായി ചൊല്ലേണ്ടുന്ന വ്യത്യസ്ത പ്രാര്‍ഥനകള്‍ പഠിപ്പിച്ചിട്ടുണ്ട്. എല്ലാം അല്ലാഹുവിനോട് മാത്രമുള്ള പ്രാര്‍ഥനകള്‍. 

പരിശുദ്ധ ക്വുര്‍ആനില്‍ നബിമാര്‍ നടത്തിയ ധാരാളം  പ്രാര്‍ഥനകള്‍ നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും.അവരെല്ലാവരും വിഷമഘട്ടങ്ങളിലും സന്തോഷ സന്ദര്‍ഭങ്ങളിലും പ്രാര്‍ഥിച്ചത് അല്ലാഹുവിനോട് മാത്രം. അവയില്‍ ചിലത് കാണുക:

ആദം നബി(അ)യുടെ പ്രാര്‍ഥന 

പറ്റിപ്പോയ അബദ്ധത്തില്‍ പശ്ചാത്തപിച്ച് ആദം നബി(അ)യും ഹവ്വാബീവിയും നടത്തിയ പ്രാര്‍ഥന ക്വുര്‍ആനില്‍ ഇപ്രകാരം കാണാം: ”അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും” (7:23). 

നൂഹ് നബി(അ)യുടെ പ്രാര്‍ഥന

തന്റെ മാതാപിതാക്കള്‍ക്കും വിശ്വാസികള്‍ക്കും വേണ്ടി നൂഹ് നബി(അ) പ്രാര്‍ഥിച്ചു: ”എന്റെ രക്ഷിതാവേ, എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ. അക്രമകാരികള്‍ക്ക് നാശമല്ലാതൊന്നും നീ വര്‍ധിപ്പിക്കരുതേ” (71:28)

ഇബ്‌റാഹീം നബി(അ)യുടെ പ്രാര്‍ഥന

അല്ലാഹുവിന്റെ കല്‍പന പ്രകാരം കഅ്ബ പടുത്തുയര്‍ത്തുമ്പോള്‍ ആ സല്‍കര്‍മം അല്ലാഹു സ്വീകരിക്കുവാനും പ്രതിഫലം ലഭിക്കുവാനുമായി ഇരുവരും പ്രാര്‍ഥിച്ചു: ”ഇബ്‌റാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരുന്ന സന്ദര്‍ഭവും (അനുസ്മരിക്കുക). (അവര്‍ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (2:127).

വിവിധ ആവശ്യങ്ങള്‍ സഫലീകൃതമാകുവാനായി മഹാന്മാരായ ആ രണ്ട് പ്രവാചകന്മാരും പ്രാര്‍ഥിച്ചത് കാണുക: 

”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഇരുവരെയും നിനക്ക് കീഴ്‌പെടുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാ ക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു” (2:128).

മുസാനബി(അ)യുടെ പ്രാര്‍ഥന 

അല്ലാഹു ഏല്‍പിച്ച പ്രബോധനമെന്ന മഹാദൗത്യം നന്നായി നിറവേറ്റുവാനാവശ്യമായ സഹായം ലഭിക്കുന്നതിനായി മൂസാനബി(അ) പ്രാര്‍ഥിച്ചത് കാണുക: ”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഹൃദയവിശാലത നല്‍കേണമേ. എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കിത്തരേണമേ. എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ. ജനങ്ങള്‍ എന്റെ സംസാരം മനസ്സിലാക്കേണ്ടതിന്” (20:25-28)

അയ്യൂബ് നബി(അ)യുടെ പ്രാര്‍ഥന

രോഗം ബാധിച്ചാല്‍ ശമനം ലഭിക്കുവാനായി അല്ലാഹുവല്ലാത്തവര്‍ക്ക് നേര്‍ച്ച നേരുകയും അല്ലാഹുവല്ലാത്തവരോട് രോഗമനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നവര്‍ സമൂഹത്തില്‍ ഏറെയുണ്ട്. കഠിനമായ രോഗം ബാധിച്ചപ്പോള്‍ അങ്ങേയറ്റം ക്ഷമയവലംബിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിച്ച അയ്യൂബ് നബി(അ)യുടെ ചരിത്രം അല്ലാഹു നമുക്ക് പറഞ്ഞുതരുന്നുണ്ട്.

”അയ്യൂബിനെയും (ഓര്‍ക്കുക). തന്റെ രക്ഷിതാവിനെ വിളിച്ച് കൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ” (ക്വുര്‍ആന്‍ 21:83).

സകരിയ്യാനബി(അ)യുടെ പ്രാര്‍ഥന

വിവാഹം കഴിഞ്ഞ് രണ്ടോമൂന്നോ വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തപക്ഷം വിവിധ ദര്‍ഗകളിലേക്ക് തീര്‍ഥയാത്ര നടത്തുന്നവരും ആത്മീയചൂഷകരെ സമീപിക്കുന്നവരും വാര്‍ധക്യത്തിലും നിരാശപ്പെടാതെ ഒരു സന്താനത്തിനു വേണ്ടി അല്ലാഹുവിനോട് നിരന്തരം പ്രാര്‍ഥിച്ച സകരിയ്യാനബി(അ)യുടെ ജീവിതത്തില്‍നിന്നും പാഠമുള്‍ക്കൊള്ളേണ്ടതുണ്ട്. 

”അവിടെ വെച്ച് സകരിയ്യാ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ, തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു” (ക്വുര്‍ആന്‍ 3:38).

യൂനുസ് നബി(അ)യുടെ പ്രാര്‍ഥന

തന്റെ ജനത എത്ര ഉപദേശിച്ചിട്ടും സത്യമാര്‍ഗത്തിലേക്ക് വരാത്തിനാലുള്ള വിഷമത്താല്‍ നാട്‌വിട്ടു പോയ യൂനുസ് നബി(അ) യാത്രാമധ്യെ കപ്പലില്‍നിന്ന് കടലിലെറിയപ്പെടുകയും അങ്ങനെ അദ്ദേഹത്തെ മത്സ്യം വിഴുങ്ങുകയുമുണ്ടായി. ഏറ്റവും വിഷമകരമായ ആ അവസ്ഥയില്‍, മത്സ്യത്തിന്റെ വയറ്റില്‍ നിന്ന് യൂനുസ് നബി(അ) പ്രാര്‍ഥിച്ചത് അല്ലാഹുവിനോട് മാത്രം. 

”ദുന്നൂനിനെയും (ഓര്‍ക്കുക). അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു” (ക്വുര്‍ആന്‍ 21:87)

ഇനിയും ഒരുപാട് പ്രാര്‍ഥനകള്‍  ക്വുര്‍ആനില്‍നിന്നും ഉദ്ധരിക്കാന്‍ സാധിക്കും. അവയെല്ലാം അല്ലാഹുവിനോട് മാത്രം; അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥനക്ക് ഒരു ഉദാഹരണമെങ്കിലും പരിശുദ്ധ ക്വുര്‍ആനില്‍ നിന്നോ പ്രവാചക അധ്യാപനങ്ങളില്‍ നിന്നോ ഉദ്ധരിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. അല്ലാഹുവല്ലാത്തവരെ വിളിച്ച് പ്രാര്‍ഥിക്കരുത് എന്നതിന് എത്രയോ തെളിവുകള്‍ ക്വുര്‍ആനിലും ഹദീഥുകളിലും നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും. 

അല്ലാഹു പറയുന്നു: ”വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്ന പക്ഷം അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ. അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.  (ക്വുര്‍ആന്‍ 23:117).

അല്ലാഹുവിന് പുറമെ യാതൊന്നിനോടും പ്രാര്‍ഥിക്കാത്തവരാണ് അവന്റെ യഥാര്‍ഥ ദാസന്മാര്‍ എന്ന് അല്ലാഹു നമ്മെ അറിയിച്ചിട്ടുമുണ്ട്:

”അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും അല്ലാഹു പവിത്രമാക്കിവെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചുകളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും” (ക്വുര്‍ആന്‍ 25:68).

അല്ലാഹുവിനെ മാത്രം ആരാധിച്ച് ജീവിക്കുവാന്‍ സ്വന്തം നാട്ടില്‍ കഴിയാതെ വന്നപ്പോള്‍ നാട് വിടാനൊരുങ്ങുകയും വഴിമധ്യെ ഒരു ഗുഹയില്‍ അഭയം പ്രാപിക്കുകയും ചെയ്ത, ഗുഹാവാസികള്‍ (അസ്ഹാബുല്‍ കഹ്ഫ്) എന്നറിയപ്പെടുന്ന യുവാക്കളുടെ പ്രഖ്യാപനം ക്വുര്‍ആനില്‍ കാണാവുന്നതാണ്.  

”ഞങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവ് ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നതേയല്ല, എങ്കില്‍ (അങ്ങനെ ഞങ്ങള്‍ ചെയ്യുന്ന പക്ഷം) തീര്‍ച്ചയായും ഞങ്ങള്‍ അന്യായമായ വാക്ക് പറഞ്ഞവരായി പോകും എന്ന് അവര്‍ എഴുന്നേറ്റ് നിന്ന് പ്രഖ്യാപിച്ച സന്ദര്‍ഭത്തില്‍ അവരുടെ ഹൃദയങ്ങള്‍ക്കു നാം കെട്ടുറപ്പ് നല്‍കുകയും ചെയ്തു. ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു. അവരെ (ദൈവങ്ങളെ) സംബന്ധിച്ച് വ്യക്തമായ യാതൊരു പ്രമാണവും ഇവര്‍ കൊണ്ടുവരാത്തതെന്താണ്? അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചവനെക്കാള്‍ അക്രമിയായി ആരുണ്ട്!” (ക്വുര്‍ആന്‍ 18:14,15).

ഇതുപോലെ ആത്മാര്‍ഥമായി പ്രഖ്യാപിക്കുവാന്‍ ഓരോ സത്യവിശ്വാസിക്കും കഴിയേണ്ടതുണ്ട്. അല്ലാഹുവിനു പുറമെ ആരെ വിളിച്ചു പ്രാര്‍ഥിച്ചാലും ആ പ്രാര്‍ഥിക്കുന്നവന്‍ ഏറ്റവും വഴിപിഴച്ചവരാണ് എന്നാണ് ക്വുര്‍ആന്‍ മുന്നറിയിപ്പ് നല്‍കുന്നത്:

 ”അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും” (ക്വുര്‍ആന്‍ 46:5,6).

മാത്രവുമല്ല അത്തരം വഴിമാറിയ പ്രാര്‍ഥന അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക എന്ന മഹാ ആക്രമമാണ്. അല്ലാഹുവിന് പുറമെയുള്ളവരെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ അവര്‍ ആ പ്രാര്‍ഥന കേള്‍ക്കില്ലന്നും അതിനുത്തരം നല്‍കില്ലെന്നും ക്വുര്‍ആന്‍ അറിയിക്കുന്നു. പരലോകത്ത് വെച്ച് തങ്ങളെ വിളിച്ച് പ്രാര്‍ഥിച്ചതിനെ അവര്‍ നിഷേധിക്കുകയും ചെയ്യും:

”നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല” (ക്വുര്‍ആന്‍ 35:14).

പ്രാര്‍ഥന അല്ലാഹുവല്ലാത്തവര്‍ക്ക് നല്‍കല്‍ ശിര്‍ക്കാണ് അഥവാ അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ് എന്നതാണ് ഉപരിസൂചിത വചനം അറിയിക്കുന്നത്. ഒരാള്‍ ശിര്‍ക്ക് ചെയ്താല്‍ അയാള്‍ക്ക് സ്വര്‍ഗം നിഷിദ്ധവും നരകം നിര്‍ബന്ധവുമായിരിക്കും. അതുകൊണ്ട് അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുക. 

”(നബിയേ,) പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല” (ക്വുര്‍ആന്‍ 72:20).

”പള്ളികള്‍ അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ച് പ്രാര്‍ഥിക്കരുത്” (ക്വുര്‍ആന്‍ 72:18).

സൂറതുല്‍ ഫാതിഹയിലൂടെ നമസ്‌കാരത്തില്‍ നാം ദിനേന പലതവണ ഇക്കാര്യം പ്രഖ്യാപിക്കുന്നുണ്ട് എന്നതോര്‍ക്കുക: ”നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു” (ക്വുര്‍ആന്‍ 1:5).

എന്നാല്‍ നമസ്‌കാരശേഷം പലരും ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നത് ഖേദകരമായ വസ്തുതയാണ്.

അല്ലാഹുവല്ലാത്ത ശക്തികളെയും വ്യക്തികളെയും സചേതന-അചേതന വസ്തുക്കളെയും വിളിച്ചുപ്രാര്‍ഥിക്കുന്നതിലെ നിരര്‍ഥകത വളരെ ഭംഗിയായി, മനസ്സില്‍ തട്ടുന്ന രൂപത്തില്‍ ക്വുര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്. 

”മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ” (ക്വുര്‍ആന്‍ 22:73).

”അവനോടുള്ളതുമാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു” (ക്വുര്‍ആന്‍ 13:14).

”അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ഏതൊന്നിനെ വിളിച്ച് പ്രാര്‍ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ഥകമായിട്ടുള്ളത്. അല്ലാഹു തന്നെയാണ് ഉന്നതനും മഹാനുമായിട്ടുള്ളവന്‍” (ക്വുര്‍ആന്‍ 22:62).

 

മുനവര്‍ ഫൈറൂസ്
നേർപഥം വാരിക