ജ്ഞാനമാര്‍ഗം ശാസ്ത്രം മാത്രമോ?

ജ്ഞാനമാര്‍ഗം ശാസ്ത്രം മാത്രമോ?

‘നിങ്ങളെന്തുതന്നെ യുക്തിയും ന്യായങ്ങളും തത്ത്വങ്ങളും കൊണ്ടുവന്നു തെളിയിച്ചാലും ശാസ്ത്രം തെളിയിക്കാത്തിടത്തോളം കാലം ദൈവത്തിലോ മതത്തിലോ ഞങ്ങള്‍ വിശ്വസിക്കാന്‍ പോകുന്നില്ല!’

ബഹുഭൂരിപക്ഷം നിരീശ്വരവാദികളെയും തങ്ങളുടെ ദൈവമില്ലാ വാദത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന ഒന്നാണ് സയന്റിസം (Scientism) അഥവാ ശാസ്ത്രമാത്രവാദം. വേറെന്ത് മാര്‍ഗത്തിലൂടെയുള്ള തെളിവുകളും എനിക്കാവശ്യമില്ല, ശാസ്ത്രം മാത്രമാണ് ഞാന്‍ സ്വീകരിക്കുന്ന ഒരേയൊരു ജ്ഞാനമാര്‍ഗം എന്ന ഒരുതരം വാശിയുടെ പേരാണ് സയന്റിസം. ശാസ്ത്രം മാത്രമാണ് അറിവ് നേടാനുള്ള വഴിയെന്നും ആ മാര്‍ഗത്തിലൂടെയല്ലാതെ ഒരു വിജ്ഞാനവും നമുക്ക് നേടാനാവില്ലെന്നും ശാസ്ത്രമാണ് എല്ലാറ്റിന്റെയും അന്തിമവാക്കെന്നുമുള്ള വിശ്വാസങ്ങളാണ് യഥാര്‍ഥത്തില്‍ ഇതിന്റെ അടിത്തറ. അറിവ് നേടാനുള്ള ഒരേയൊരു മാര്‍ഗം ശാസ്ത്രമായത് കൊണ്ടുതന്നെ ശാസ്ത്രം തെളിയിക്കാത്തതൊന്നും അംഗീകരിക്കുകയില്ലെന്നും ഇവര്‍ വാദിക്കും.

യഥാര്‍ഥത്തില്‍ ശാസ്ത്രത്തെ പറ്റിയുള്ള അജ്ഞതയില്‍ നിന്നാണ് ഈ വാദം ഉടലെടുക്കുന്നത്. ശാസ്ത്രത്തെ വിശദീകരിക്കുന്ന ഏത് നിര്‍വചനവും പറയുന്നത് ഗവേഷണ നിരീക്ഷണങ്ങളിലൂടെ സ്വതന്ത്രമായി പ്രപഞ്ചത്തെയും പ്രകൃതിയെയും പഠിക്കാനുള്ള ഒരു മാര്‍ഗമാണ് ശാസ്ത്രം എന്നാണ്. ശാസ്ത്രം എന്താണെന്നും എന്തല്ലെന്നും കൃത്യമായി ഈ ലളിതമായ നിര്‍വചനങ്ങളില്‍ തന്നെയുണ്ട്. പ്രപഞ്ചത്തിനുള്ളിലുള്ളതിനെ -നമുക്ക് നിരീക്ഷണ വിധേയമായതിനെ- പഠിക്കാന്‍ മാത്രം പ്രാപ്തമാണ് ശാസ്ത്രം എന്ന കാര്യത്തില്‍ ആര്‍ക്കാണ് തര്‍ക്കമുള്ളത്? നമ്മുടെ നിരീക്ഷണ പരിധിയില്‍ വരാത്തതോ ഗവേഷണ യോഗ്യമല്ലാത്തതോ പദാര്‍ഥപ്രപഞ്ചത്തിന് പുറത്തുള്ളതോ ആയ കാര്യത്തെ പറ്റി എന്തെങ്കിലും പറയാന്‍ ശാസ്ത്രത്തിന് സാധിക്കുകയില്ല എന്നര്‍ഥം. അത്തരത്തിലുള്ള അറിവിനും വിജ്ഞാനത്തിനും നാം മറ്റു ജ്ഞാനമാര്‍ഗങ്ങള്‍ തേടണമെന്ന് ചുരുക്കം.

ഏറെ രസകരമായ വസ്തുതയെന്തെന്നു വെച്ചാല്‍, ‘ശാസ്ത്രീയമായി തെളിയിക്കാത്തതൊന്നും സ്വീകരിക്കരുത്’ എന്ന ഈ പ്രസ്താവന സ്വയം തന്നെ ഖണ്ഡിക്കുന്നതാണ് എന്നതാണ്. അഥവാ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തത് ഒന്നും സ്വീകരിക്കരുത്’ എന്ന പ്രസ്താവന തന്നെ ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കില്ല! ശാസ്ത്രീയമായി തെളിയിക്കണമെങ്കില്‍ അത് ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താന്‍ യോഗ്യമായിരിക്കണം. ഈയൊരു വാചകമോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വാചകമോ തെറ്റോ ശരിയോ എന്ന് തെളിയിക്കാന്‍ പോലും ശാസ്ത്രം കൊണ്ട് സാധിക്കുകയില്ല.

ശാസ്ത്രത്തിന്റെ അടിസ്ഥാനം ശാസ്ത്രമല്ല!

ശാസ്ത്രമല്ലാത്ത ഒരു ജ്ഞാനമാര്‍ഗവും സ്വീകരിക്കില്ലെന്ന് വാശിപിടിക്കുന്നവര്‍ക്ക് ശാസ്ത്രത്തെ തന്നെ തള്ളേണ്ടി വരും എന്നതാണ് മറ്റൊരു രസകരമായ വസ്തുത. കാരണം ശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ ഏതാനും തത്ത്വശാസ്ത്രപരമായ അനുമാനങ്ങള്‍ (Philosophical Assumptions) ആണ്! അതില്‍ ചിലത് നമുക്ക് പരിശോധിക്കാം:

1. കാര്യകാരണബന്ധം

പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും കാര്യകാരണ ബന്ധിതമാണ് (Cause effect relation) എന്ന അനുമാനത്തിലാണ് ശാസ്ത്രം മുന്നോട്ട് പോകുന്നത്. ഈയൊരുകാര്യം നിരീക്ഷണങ്ങളിലൂടെ യുക്തിപരമായി നാം അനുമാനിച്ച ഒരു കാര്യമാണ്. ഏതെങ്കിലും ഒരു ലബോറട്ടറിയില്‍ അല്ലെങ്കില്‍ ഒരു ശാസ്ത്രീയമായ പരീക്ഷണത്തിലൂടെ കണ്ടെത്തിയതോ കണ്ടെത്താനാകുന്നതോ അല്ല ഇത്.

2. ഗണിതശാസ്ത്രം

ഗണിതത്തെ ഒരു സാര്‍വലൗകിക ഭാഷയായി അംഗീകരിച്ചുകൊണ്ടാണ് ശാസ്ത്രം മുന്നോട്ട് പോകുന്നത്. 1+1=2 എന്നത് ഒരു ഗവേഷണ ശാലയിലും പരീക്ഷിച്ചു തെളിയിക്കപ്പെട്ടതല്ല.

3. Spacial Regularity

ശാസ്ത്രീയമായി ഒരു വിഷയത്തില്‍ നാമെത്തുന്ന conclusion മറ്റൊരിടത്തും അതേപോലെ ബാധകമാണ് എന്ന അനുമാനത്തിലാണ് ശാസ്ത്രം മുന്നോട്ട് പോകുന്നത്. അഥവാ ഇന്ത്യയില്‍ ഒരു പരീക്ഷണം നടത്തിയാല്‍ നമുക്ക് കിട്ടുന്ന ഫലം തന്നെയായിരിക്കും അമേരിക്കയില്‍ അതേ പരീക്ഷണം നടത്തിയാലും ലഭിക്കുക. ഈയൊരു അനുമാനം സ്വീകരിച്ചില്ലെങ്കില്‍ എല്ലാ പരീക്ഷണവും ലോകത്തിന്റെ യ ഓരോ മുക്കിലും മൂലയിലും പോയി പരീക്ഷിച്ച് തെളിയിച്ചാലേ സ്വീകരിക്കൂ എന്ന് പറയേണ്ടി വരും.

4. Temporal Regularity

നിരീക്ഷിക്കുന്ന ഏതൊരു ശാസ്ത്രീയ പ്രതിഭാസത്തിനും നിത്യമായ നിലനില്‍പ് ഉണ്ട് എന്ന അനുമാനമാണിത്. കാലാന്തരത്തില്‍ പ്രകൃതിനിയമങ്ങള്‍ നിത്യമാണ് അഥവാ ഇന്ന് നാം പരീക്ഷണം നടത്തി തെളിയിച്ചത് ഇന്നലെയും നാളെയും ആയിരം കൊല്ലം കഴിഞ്ഞും അങ്ങനെ തന്നെയായിരിക്കും എന്ന അനുമാനം. ഈ അനുമാനമില്ലെങ്കില്‍ എല്ലാ പരീക്ഷണങ്ങളും ഓരോ സെക്കന്റിലും ആവര്‍ത്തി ച്ചു തെളിയിച്ചാലേ അത് ശാസ്ത്രീയമായി തെളിയിച്ചെന്ന് പറയാനൊക്കൂ! അഥവാ ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണം അന്ന് കണ്ടെത്തിയെന്നു വെച്ച് അത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു എന്ന് പറയാനൊക്കില്ല. അത് ഓരോ പ്രദേശത്തും ഓരോ സെക്കന്റിലും ആവര്‍ത്തിച്ചു തെളിയിച്ചുകൊണ്ടേയിരിക്കണം!

ഇങ്ങനെ ശാസ്ത്രം മുന്നോട്ട് പോകുന്നത് തന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത, തെളിയിക്കാന്‍ സാധ്യമല്ലാത്ത അനുമാനങ്ങളെ അടിസ്ഥാനമാക്കിയാണ്. ജ്ഞാനമാര്‍ഗമായി ശാസ്ത്രമല്ലാതെ ഒന്നും അംഗീകരിക്കുകയില്ലെന്ന് വാദിക്കുന്നവര്‍ ശാസ്ത്രത്തെ തന്നെ തള്ളിപ്പറയേണ്ടി വരുമെന്ന് ചുരുക്കം. കാരണം ശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ ശാസ്ത്രത്തിലല്ല!

ശാസ്ത്രം സര്‍വകാല സത്യങ്ങളല്ല

ശാസ്ത്രത്തെ പരിചയപ്പെടുത്തുന്നത് തന്നെ തുടര്‍ച്ചയായ പഠനപ്രക്രിയ (continuous process of learning) എന്നാണ്. ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ച് ധാരണകള്‍ തിരുത്തി മുന്നോട്ട് പോകുന്ന ഒരു അവസാനിക്കാത്ത വിജ്ഞാനസമ്പാദന രീതിയാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ ഒരിക്കലും അവസാനവാക്കുകളില്ല. ഒരു കാര്യത്തിലും ശാസ്ത്രം അന്തിമമായ തീര്‍ച്ചയിലേക്ക് എത്തുകയില്ല.

ശാസ്ത്രത്തിന്റെ രീതിശാസ്ത്രം മനസ്സിലാക്കാന്‍ സാധാരണായി എടുക്കുന്ന black swan analogy തന്നെയെടുക്കാം. അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള ഒരു ശാസ്ത്രീയ ഗവേഷണമാണ് ഇത്. ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് ഇത്തരത്തില്‍ ഒരു പരീക്ഷണം ചെയ്യുന്നത് വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള അരയന്നങ്ങളെ നാം പഠനവിധേയമാക്കിയാണ്. അങ്ങനെ ആയിരം അരയന്നങ്ങളെ നാം നിരീക്ഷിച്ചു എന്ന് കരുതുക. നാം നിരീക്ഷിച്ച ആയിരം അരയന്നങ്ങള്‍ക്കും വെളുത്ത നിറമാണ്. എങ്കില്‍ സ്വാഭാവികമായും അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള നമ്മുടെ ശാസ്ത്രീയ പഠനത്തിന്റെ അവസാനം നാം എത്തുന്ന നിഗമനം ‘അരയന്നങ്ങളുടെ നിറം വെളുപ്പാണ്’ എന്നതായിരിക്കും. എന്നാല്‍ ആയിരത്തി ഒന്നാമത്തെ അരയന്നം ഒരുപക്ഷേ, കറുത്ത നിറമുള്ളതായിരിക്കാം. അത് നമ്മുടെ നിരീക്ഷണ പരിധിയില്‍ വരാത്തിടത്തോളം കാലം ‘അരയന്നങ്ങളുടെ നിറം വെളുപ്പാണ്’ എന്നത് തന്നെയാണ് അംഗീകരിക്കപ്പെടുക. ഇതാണ് ശാസ്ത്രത്തിന്റെ രീതി. ഇവിടെ അരയന്നങ്ങളുടെ നിറം കറുപ്പാണ് എന്നത് ഒരിക്കലും അവസാനവാക്കായി പരിഗണിക്കപ്പെടാന്‍ പറ്റില്ല. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടരുന്നത് കൊണ്ട് തന്നെ ഏതു നിമിഷവും പുതിയ കാര്യങ്ങള്‍ നിരീക്ഷിക്കപ്പെടാനും ശാസ്ത്രത്തിന്റെ നിഗമനങ്ങള്‍ മാറാനും സാധ്യതയുണ്ട്.

കാള്‍പോപ്പര്‍ മുന്നോട്ട് വെച്ച Falsifiabiltiy എന്ന രീതി ഇക്കാര്യം നമുക്ക് വ്യക്തമാക്കിത്തരും. ഒരു കാര്യം ശാസ്ത്രീയമാകണമെങ്കില്‍ അത് ‘ഫാള്‍സിഫിയബിള്‍’ ആയിരിക്കണം എന്ന കാര്യമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ശാസ്ത്രത്തില്‍ ഒരു കാര്യം ശരിയാണെന്ന് തെളിയിക്കുന്നതോടൊപ്പം അത് തെറ്റാണെന്ന് തെളിയിക്കാന്‍ സാധിക്കുന്നതായിരിക്കണം എന്നതാണ് Falsifiabiltiy. ശാസ്ത്രം തെളിയിക്കുന്ന ഏതൊരു കാര്യത്തിലും അത് തെറ്റാനോ മാറാനോ ഉള്ള സാധ്യത അവശേഷിപ്പിച്ചുകൊണ്ടായിരിക്കും അത് തെളിയിക്കുന്നത്.

പലപ്പോഴും ഈയൊരു വസ്തുത മനസ്സിലാക്കാതെയാണ് പലരും ശാസ്ത്രത്തെ ആത്യന്തിക സത്യമായി അവതരിപ്പിക്കുന്നത്. ശാസ്ത്രം ഒരു കാര്യം പറയുന്നെങ്കില്‍, നമ്മുടെ നിരീക്ഷണ പരിധിയില്‍ ഇപ്പോഴുള്ള നിഗമനം അങ്ങനെയാണ് എന്ന് മാത്രമാണ് അതിന്റെ അര്‍ഥം. മതഗ്രന്ഥങ്ങളില്‍ അശാസ്ത്രീയത തിരയുന്ന യുക്തിവാദികള്‍ പലപ്പോഴും വിസ്മരിക്കുന്നതും ഈയൊരു വസ്തുതയാണ്.

ഉദാഹരണത്തിന് ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെ ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിരുന്നത് സൂര്യന്‍ ചലിക്കാതെ അങ്ങനെത്തന്നെ നില്‍ക്കുകയാണ് എന്നതായിരുന്നു. അന്നത്തെ നമ്മുടെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും അത്തരത്തില്‍ ഒരു നിഗമനത്തിലാണ് നമ്മെ എത്തിച്ചത്. അക്കാലത്ത് ഒരുപാട് ഇസ്‌ലാം വിമര്‍ശകരുടെ ഏറ്റവും പ്രധാന ആയുധവും ഇത് തന്നെയായിരുന്നു. കാരണം ക്വുര്‍ആനില്‍ സൂര്യന്‍ ചലിച്ചുകൊണ്ടിരിക്കുന്നു എന്ന ഒരു വാചകമുണ്ട്. അത് ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ‘കണ്ടോ ക്വുര്‍ആനില്‍ പച്ചയായ അബദ്ധം’ എന്ന് പറഞ്ഞ് എത്രയോ പേജുകളും സ്‌റ്റേജുകളുമാണ് ഇസ്‌ലാം വിമര്‍ശകര്‍ ആഘോഷിച്ചത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് തന്നെ സൂര്യന്റെ ചലനം നമ്മുടെ നിരീക്ഷണത്തില്‍ പെടുകയും ചലിക്കുന്നില്ലെന്ന നിഗമനം തിരുത്തുകയും ചെയ്തു. ശാസ്ത്രത്തിന്റെ അന്നത്തെ ആ ഒരു നിഗമനം സര്‍വകാല സത്യമാണെന്ന് കരുതി ആഘോഷിച്ചു നടന്നവരുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?

ശാസ്ത്രവും ദൈവവും

പദാര്‍ഥങ്ങളെ പറ്റിയുള്ള പഠനമാണ് ശാസ്ത്രം എന്ന് പറയുമ്പോള്‍ തന്നെ പദാര്‍ഥങ്ങള്‍ക്ക് അതീതമായ ദൈവം, പരലോകം, ആത്മാവ്, സ്‌നേഹം, വെറുപ്പ് എന്നിവയെല്ലാം ശാസ്ത്രത്തിന്റെ ജ്ഞാനമാര്‍ഗ പരിധിയുടെ പുറത്താണ് എന്ന് വ്യക്തമാണ്. അഥവാ ഇവയെ പറ്റിയൊന്നുമുള്ള അറിവ് ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് നമുക്ക് നേടിയെടുക്കാന്‍ സാധിക്കുകയില്ല. ഇത് ശാസ്ത്രത്തിന്റെ ഒരു പോരായ്മയായി പറഞ്ഞ് ശാസ്ത്രത്തെ വിലകുറച്ച് കാണുന്നത് വിശ്വാസികളല്ല. മറിച്ച് ശാസ്ത്രത്തിന്റെ മേഖലയല്ലാത്ത ഒന്നില്‍ ശാസ്ത്രത്തിന് പറയാന്‍ സാധിക്കണം എന്ന് വാശിപിടിക്കുന്നവരാണ് യഥാര്‍ഥത്തില്‍ ശാസ്ത്രത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. ദൈവത്തെ കുറിച്ചോ ആത്മാവിനെ കുറിച്ചോ പരലോകത്തെ കുറിച്ചോ ഒക്കെ ശാസ്ത്രം എന്തുകൊണ്ട് സംസാരിക്കുന്നില്ലേ എന്ന ചോദ്യം തീവണ്ടി ആകാശത്തുകൂടെ യാത്ര ചെയ്യാത്തത് എന്തുകൊണ്ട് എന്ന് ചോദിക്കുന്നത് പോലെ ബാലിശമാണ്.

ശാസ്ത്രത്തിന്റെ മേഖല മനസ്സിലാക്കാന്‍ സാധാരണ ഉപയോഗിക്കാറുള്ള ഉദാഹരണം തന്നെയെടുക്കാം. ഒരു കവിതയെടുത്ത് അതിന്റെ സാഹിത്യഭംഗി ശാസ്ത്രീയമായി തെളിയിക്കാന്‍ ഒരാള്‍ നമ്മോട് ആവശ്യപ്പെട്ടാല്‍ എങ്ങനെയുണ്ടാകും? എങ്ങനെയാണ് ഒരു കവിതയുടെ സാഹിത്യഭംഗി ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുക? കവിതയെടുത്ത് മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ കാണുമോ സാഹിത്യം? കവിത അരച്ചുകലക്കി ടെസ്റ്റ് ട്യൂബില്‍ മറ്റു മിശ്രിതങ്ങളുടെ കൂടെയിട്ട് പരീക്ഷിച്ചാല്‍ സാഹിത്യഭംഗി തെളിഞ്ഞു വരുമോ? ഒരിക്കലും ഏത് ശാസ്ത്രീയ പരീക്ഷണ രീതികള്‍ ഉപയോഗിച്ചാലും ഒരു ലബോറട്ടറിയിലും ഒരു കവിതയുടെയും സാഹിത്യഭംഗി തെളിയിക്കപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ട് ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ ഒന്നും അംഗീകരിക്കില്ലെന്ന പിടിവാശിക്കാര്‍ കവിതകളുടെ സാഹിത്യഭംഗിയെ നിഷേധിക്കുമോ ആവോ? സാഹിത്യം എന്നത് പദാര്‍ഥലോകത്ത് ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി കണ്ടെത്താന്‍ പറ്റുന്ന ഒന്നല്ല. ശാസ്ത്രീയമായി തെളിയിച്ചാലേ ഞാന്‍ ഈ കവിതക്ക് സാഹിത്യഭംഗിയുണ്ട് എന്ന് വിശ്വസിക്കൂ എന്നൊരാള്‍ വാശിപിടിച്ചാല്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും? അത് ശാസ്ത്രത്തിന്റെ മേഖലയല്ലെന്നും പദാര്‍ഥങ്ങളെ പറ്റിയുള്ള പഠനമാണ് ശാസ്ത്രമെന്നും പറഞ്ഞ് മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.

മറ്റൊരുദാഹരണം പറയുകയാണെങ്കില്‍, സ്‌നേഹം, ഭയം, വെറുപ്പ് തുടങ്ങി മനുഷ്യന്റെ വികാരങ്ങള്‍ ‘ശാസ്ത്രീയമായി’ തെളിയിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും? ‘ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കാത്ത കാലത്തോളം ദൈവമില്ല’ എന്ന് പ്രസംഗിക്കുന്ന നിരീശ്വരവാദികള്‍ ഒരുപാടുണ്ടല്ലോ. അവരോട് അവരുടെ  ഭാര്യമാര്‍ ‘ചേട്ടന് എന്നോട് സ്‌നേഹമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാതെ ബന്ധം മുന്നോട്ടുപോകില്ലെന്ന്’ പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ എന്നര്‍ഥം! എങ്ങനെയാണ് സ്‌നേഹവും പ്രേമവുമെല്ലാം ശാസ്ത്രീയമായി തെളിയിക്കാനാവുക? ഇതൊന്നും ശാസ്ത്രത്തിന്റെ മേഖലയല്ല എന്നത് തന്നെയാണ് ഒറ്റവാക്കിലുള്ള ഉത്തരം. സ്‌നേഹമോ പ്രേമമോ ദേഷ്യമോ ഭയമോ ഒന്നും തന്നെ ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനോ അളക്കാനോ സാധ്യമല്ല. ശാസ്ത്രത്തിന്റെ മേഖല പദാര്‍ഥ പ്രപഞ്ചത്തെ പറ്റിയുള്ള പഠനമാണ്. ഇതൊക്കെ ആര്‍ക്കും  മനസ്സിലാക്കാന്‍ സാധിക്കുന്ന കേവലമായ യുക്തിയാണ്. ഇതൊക്കെ അംഗീകരിക്കാന്‍ പറ്റുമെങ്കില്‍ ഈ പദാര്‍ഥ  പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ച, പദാര്‍ഥങ്ങള്‍ക്ക് അതീതനായിട്ടുള്ള, സൃഷ്ടി പ്രപഞ്ചത്തിന് പുറത്തുള്ള ആ സ്രഷ്ടാവിനെ ഈ ഉപകരണങ്ങള്‍ ഉപയോഗിച്ച് തെളിയിക്കാതെ വിശ്വസിക്കില്ല എന്ന് പറയുന്നത് വെറും വാശിയല്ലാതെ മറ്റെന്താണ്?

ഇവിടെയാണ് സയന്റിസം ബാധിച്ച തലച്ചോറുകളില്‍ നിന്ന് വരുന്ന ‘ശാസ്ത്രീയമായി തെളിയിക്കാതെ ദൈവത്തില്‍ വിശ്വസിക്കുകയില്ല’ എന്ന യുക്തി എത്രമാത്രം ബാലിശമാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. വിശ്വാസികള്‍ ഉണ്ടെന്ന് വാദിക്കുന്ന ദൈവം ഒരിക്കലും പ്രപഞ്ചത്തിനകത്തുള്ള എന്തെങ്കിലും ഭൗതികവസ്തുവല്ല. മറിച്ച് പ്രപഞ്ചാതീതനായ, പദാര്‍ഥാതീതനായ ഒരു അസ്തിത്വത്തെ പറ്റിയാണ് വിശ്വാസികള്‍ സംസാരിക്കുന്നത്. പ്രപഞ്ചത്തിനുള്ളിലുള്ള, ഗവേഷണനിരീക്ഷണ യോഗ്യമായവയെ പറ്റി മാത്രം പഠിക്കാന്‍ യോഗ്യമായ ശാസ്ത്രം ഉപയോഗിച്ച് പ്രപഞ്ചത്തിന് അതീതനായ, പദാര്‍ഥങ്ങള്‍ക്ക്  അതീതനായ സ്രഷ്ടാവിനെ തെളിയിക്കണം എന്ന് പറയുന്നത് ശുദ്ധ അജ്ഞതയല്ലെങ്കില്‍ മറ്റെന്താണ്? സൃഷ്ടിപ്രപഞ്ചത്തിനുള്ളിലുള്ള കാര്യങ്ങളെ പറ്റി പഠിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് ശാസ്ത്രം. അതുപയോഗിച്ച് ആ പ്രപഞ്ചത്തിന് പുറത്തുള്ള സ്രഷ്ടാവിനെ നേരിട്ട് കാട്ടിക്കൊടുക്കണം എന്ന് പറയുന്നത് എത്രത്തോളം പരിഹാസ്യമാണ്!

ചുരുക്കിപ്പറഞ്ഞാല്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ നേരിട്ട് തെളിയിച്ചുതരാന്‍ ശാസ്ത്രത്തിന് ഒരിക്കലും സാധ്യമല്ല. കാരണം ശാസ്ത്രത്തിന്റെ പരിധികള്‍ക്കും അപ്പുറത്താണ് ദൈവം. പദാര്‍ഥ പ്രപഞ്ചത്തില്‍ തന്നെയുള്ള എന്തെങ്കിലും വസ്തുവിനെയോ പ്രതിമകളെയോ വ്യക്തികളെയോ ആണ് ദൈവം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. എന്നാല്‍ ദൈവം പദാര്‍ഥ പ്രപഞ്ചത്തിന് അതീതനായിട്ടുള്ളവനാണ് എന്നത് കൊണ്ട് തന്നെ അവനെ കുറിച്ച് നേരിട്ട് അറിയാനോ പഠിക്കാനോ ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും പ്രാപ്തമല്ല. അതിനാല്‍ തന്നെ ദൈവമുണ്ട് എന്നത് ഒരു വിശ്വാസമാണെങ്കില്‍, ദൈവമില്ല എന്നതും ഒരു വിശ്വാസം തന്നെയാണ്!

അബ്ദുല്ല ബാസിൽ സി.പി
നേർപഥം വാരിക

യുക്തി: അന്വേഷണ മാര്‍ഗമോ ആത്യന്തിക സത്യമോ?

യുക്തി: അന്വേഷണ മാര്‍ഗമോ ആത്യന്തിക സത്യമോ?

രണ്ടു വാട്ടര്‍ബോട്ടിലുകള്‍; ഒന്നില്‍ നിറയെ വെള്ളമുണ്ട്. മറ്റേത് കാലിയാണ്. ഈ രണ്ടു ബോട്ടിലുകളും വീടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ഇടുകയാണെങ്കില്‍ ഏതായിരിക്കും ആദ്യം താഴെയെത്തുക?

ഈ ചോദ്യം മുമ്പ് കേട്ടിട്ടില്ലാത്തവരും പരീക്ഷിച്ചു നോക്കിയിട്ടില്ലാത്തവരും കൂടുതല്‍ ചിന്തിക്കാതെ തന്നെ പറയുന്ന ഉത്തരം വെള്ളം നിറച്ച ബോട്ടില്‍ ആദ്യം താഴെയെത്തും എന്നായിരിക്കും. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍ നമുക്കൊരു മറുപടിയേയുള്ളൂ; അത് സാമാന്യയുക്തി (Common Sense) ആണല്ലോ എന്ന്! വെള്ളം നിറച്ച ബോട്ടിലിന് ഭാരം കൂടുതലായിരിക്കും. അതുകൊണ്ട് അതായിരിക്കും ആദ്യം താഴെയെത്തുന്നത്. ഇതാണ് അതിലെ സാമാന്യ യുക്തി.

എന്നാല്‍ ഈ കാര്യം ശാസ്ത്രീയ സമവാക്യങ്ങള്‍ ഉപയോഗിച്ചു കണക്കുകൂട്ടിയാലോ പരീക്ഷിച്ചു നോക്കിയാലോ മാത്രമാണ് നമ്മുടെ സാമാന്യയുക്തി പറയുന്നതല്ല യാഥാര്‍ഥ്യം എന്ന് നമുക്ക് ബോധ്യപ്പെടുന്നത്. വെള്ളം നിറച്ച ബോട്ടിലും കാലിയായ ബോട്ടിലും ഒരേ സമയത്ത് താഴെ പതിക്കും എന്നതാണ് വസ്തുത. പരീക്ഷിച്ചു ബോധ്യപ്പെടുന്നത് വരെ നമുക്കാര്‍ക്കും ദഹിക്കാത്ത ഒരുപാട് യാഥാര്‍ഥ്യങ്ങളില്‍ ഒന്ന് മാത്രമാണിത്.

ഇങ്ങനെ നമ്മുടെ സാമാന്യയുക്തിയില്‍ നാം ശരിയെന്ന് സംശയലേശമന്യെ വിധിയെഴുതുന്ന എത്രയെത്ര കാര്യങ്ങളാണ് തീര്‍ത്തും  അബദ്ധമാണെന്ന് ശാസ്ത്രീയമായിത്തന്നെ നമുക്ക് നേരിട്ട് ബോധ്യപ്പെടുന്നത്! ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന ഒരാളുടെയും ഭൂമിയില്‍ തന്നെ താമസിക്കുന്ന മറ്റൊരാളുടെയും കയ്യിലുള്ള വാച്ചില്‍ ഒരേ സമയം സെറ്റ് ചെയ്താല്‍, പിന്നീട് അവര്‍ തിരിച്ചു സംഗമിക്കുമ്പോള്‍ ഭൂമിയില്‍ തന്നെ താമസമാക്കിയ ആള്‍ കൂടുതല്‍ സമയം ജീവിച്ചിട്ടുണ്ടാകുമെന്നും യാത്രികന് അതില്‍ കുറവ് സമയം മാത്രമെ കിട്ടിയിട്ടുണ്ടാവുകയുള്ളൂ എന്നുമുള്ള സമയത്തിന്റെ ആപേക്ഷികത ശാസ്ത്രം നമ്മോട് പറയുമ്പോള്‍ അത് വിസ്മയത്തോടെ കേട്ടിരിക്കാനും അംഗീകരിച്ചുവെന്ന് വരുത്തിത്തീര്‍ക്കാനുമല്ലാതെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍  എത്രപേര്‍ക്ക് കഴിയും?

സാമാന്യയുക്തിയും ശാസ്ത്രവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ശാസ്ത്ര സെമിനാറുകളില്‍ സ്ഥിരം ചര്‍ച്ചാവിഷയമായി മാറുമ്പോള്‍ അത് ചില പുനര്‍വിചിന്തനങ്ങളിലേക്കാണ് നമ്മെ നയിക്കേണ്ടത്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെയോ ക്വാണ്ടം ഭൗതികത്തിന്റെയോ ‘യുക്തിക്ക് നിരക്കാത്ത’ വസ്തുതകളെപ്പറ്റി മാത്രമല്ല, ദൈനംദിന ജീവിതത്തില്‍ നമുക്ക് നേരിട്ട് ബോധ്യപ്പെടാവുന്ന വസ്തുതകള്‍ പോലും പരീക്ഷിച്ചു ബോധ്യപ്പെടുന്നത് വരെ നമുക്ക് അയുക്തിയായി തോന്നുന്ന വസ്തുതകളും ഒരുപാടാണ്. പറഞ്ഞുവരുന്നത്, നമ്മുടെ സാമാന്യയുക്തിയുടെ പരിമിതികളെപ്പറ്റി തന്നെയാണ്. ഭൗതികലോകത്ത് നമുക്ക് പരീക്ഷിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്ന യാഥാര്‍ഥ്യങ്ങളെ പോലും പലപ്പോഴും പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ നമ്മുടെ സാമാന്യയുക്തിക്ക് സാധിക്കാറില്ല എന്നത് ഒരു വസ്തുതയാണ്. യുക്തിയുടെ ഈ പരിമിതി സമ്മതിക്കാന്‍ പോലുമുള്ള വിനയം നമ്മളില്‍ പലരും കാണിക്കാറില്ല എന്ന് മാത്രം.

‘യുക്തിക്ക് നിരക്കാത്തതെല്ലാം തള്ളിക്കളയണം!’

കേള്‍ക്കുമ്പോള്‍ വളരെ ആകര്‍ഷകമായി തോന്നുന്ന ഒരു വാക്യമാണിത്. സ്വന്തം ബുദ്ധിക്കും യുക്തിക്കും നിരക്കാത്തതെല്ലാം തള്ളിക്കളയുന്നതാണ് പലരുടെയും പ്രഖ്യാപിത ആദര്‍ശം! ഭൗതികപദാര്‍ഥ പ്രപഞ്ചത്തെ പറ്റി അറിവ് നേടാനുള്ള; ഏറ്റവും ആശ്രയിക്കാവുന്ന സ്രോതസ്സായ ശാസ്ത്രത്തിന്റെ രീതികളിലൂടെ തെളിയിക്കപ്പെടുന്ന കാര്യങ്ങളില്‍ പോലും പലതും നമുക്ക് സാമാന്യയുക്തികൊണ്ട് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല എന്ന് നാം കണ്ടു. ഇങ്ങനെയുള്ളവര്‍ യുക്തിക്ക് നിരക്കാത്ത, എന്നാല്‍ പരീക്ഷിച്ചു ബോധ്യപ്പെടാവുന്ന മേല്‍പറഞ്ഞ വിഷയങ്ങളില്‍ എന്ത് നിലപാടാണ് സ്വീകരിക്കുക? യുക്തിക്ക് നിരക്കുന്നില്ലെന്നു പറഞ്ഞ് അത്തരം യാഥാര്‍ഥ്യങ്ങളെ തള്ളിക്കളയുമോ അതോ അവിടെ തങ്ങളുടെ പ്രഖ്യാപിത പ്രമാണമായ ‘യുക്തി’യെ മാറ്റിവെക്കുമോ?

പലപ്പോഴും ദൈവത്തെ നിഷേധിക്കാന്‍ നിരീശ്വരവാദികള്‍ ഉന്നയിക്കുന്നതും ഇതേ വാദമാണ്. എന്തുകൊണ്ട് ദൈവത്തെ നിഷേധിക്കുന്നുവെന്ന ചോദ്യത്തിന് ഒട്ടുമിക്ക നിരീശ്വരവാദികളുടെയും ഒന്നാമത്തെ ഉത്തരം തന്നെ ദൈവവിശ്വാസം യുക്തിക്ക് നിരക്കുന്നതല്ല എന്നതാണ്. തങ്ങളുടെ യുക്തിയെ തെറ്റുപറ്റാത്തതും കുറ്റമറ്റതുമായി മനസ്സിലാക്കുന്ന ഒരുതരം അഹന്ത അറിഞ്ഞോ അറിയാതെയോ ബാധിച്ചവര്‍ക്ക്  മാത്രമെ ഇത്തരത്തില്‍ പ്രതികരിക്കാനാവൂ.

യുക്തി എന്നത് ആപേക്ഷികമാണെന്നും ഓരോരുത്തര്‍ക്കും വ്യത്യസ്തമാണെന്നുമുള്ള അടിസ്ഥാന വസ്തുത പോലും അംഗീകരിക്കാന്‍ തയാറാവാത്തവരാണ് പലരും. യുക്തി എന്നത് ഏകശിലാത്മകവും സാര്‍വത്രികവുമായ ഒന്നാണെന്ന തെറ്റുധാരണ ഇവരെ ബാധിച്ചിട്ടുണ്ടോ എന്ന് സംശയിപ്പിക്കുന്ന തരത്തിലാണ് പലപ്പോഴും ഇവരുടെ സംസാരങ്ങള്‍. എനിക്ക് യുക്തിയായി തോന്നുന്നത് മറ്റൊരാള്‍ക്ക്  അയുക്തിയായി തോന്നാം. നമ്മുടെ അറിവും ചിന്താശേഷിയും സാഹചര്യങ്ങളുമെല്ലാം നമ്മുടെ യുക്തിചിന്തയെ ബാധിക്കുന്ന ഘടകങ്ങളാണ്.

നമുക്ക് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ തലച്ചോറില്‍ നടക്കുന്ന വിവരപ്രക്രിയയാണ് ചിന്ത. യുക്തിയും അയുക്തിയും ആ ചിന്തയുടെ ഭാഗമാണ്. നമുക്ക് ലഭിക്കുന്ന അറിവുകള്‍ കൃത്യമല്ലെങ്കില്‍, അല്ലെങ്കില്‍ പൂര്‍ണമല്ലെങ്കില്‍ സ്വാഭാവികമായും നമ്മുടെ യുക്തിചിന്തയിലൂടെ നാം എത്തുന്ന തീരുമാനങ്ങളിലും അബദ്ധങ്ങള്‍ സ്വാഭാവികമാണ്. അറിവിനായി നാം ആശ്രയിക്കുന്ന പഞ്ചേന്ദ്രിയങ്ങളായാലും ശാസ്ത്രീയ വിജ്ഞാന മാര്‍ഗങ്ങളായാലും എല്ലാറ്റിനും പരിധിയും പരിമിതികളും ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്ത സ്ഥിതിക്ക് നമ്മുടെ യുക്തിക്ക് അപ്രമാദിത്വം കൊടുക്കുന്നത് എന്തടിസ്ഥാനത്തിലാണ് നാം ന്യായീകരിക്കുക?

യുക്തിചിന്ത ആവശ്യമില്ലെന്നാണോ?

ഒരിക്കലുമല്ല! നമ്മുടെ അറിവിന്റെയും ചിന്തയുടെയും യുക്തിയുടെയും പരിമിതികളെ പറ്റി പറയുന്നത് ഒരിക്കലും യുക്തിയുപയോഗിക്കേണ്ടതില്ല എന്നോ യുക്തിപരമായ അന്വേഷണങ്ങള്‍ അനാവശ്യമാണെന്നോ പറയാനല്ല. മറിച്ച് തങ്ങള്‍ക്ക് യുക്തിപരമായി തോന്നുന്നതാണ് ആത്യന്തിക സത്യം എന്ന നിലപാടിന്റെ അര്‍ഥശൂന്യത ബോധ്യപ്പെടുത്താനാണ്. ആപേക്ഷികമായി നമുക്ക് യുക്തിയെന്നു തോന്നുന്നത് ഒരിക്കലും സര്‍വകാല ആത്യന്തിക ശരികള്‍ ആയിക്കൊള്ളണം എന്നില്ല. എന്നാല്‍ അതേസമയം തന്നെ ആത്യന്തികമായ സത്യത്തിലേക്ക് നമ്മെ നയിക്കാന്‍ യുക്തിചിന്ത ഒരു മാര്‍ഗമായി ഉപയോഗിക്കാനും സാധിക്കും.

ആദ്യം പറഞ്ഞ ഉദാഹരണത്തിലേക്ക് തന്നെ തിരിച്ചുവരാം. സാമാന്യയുക്തി ഉപയോഗിച്ചപ്പോള്‍ ഭാരംകൂടിയ വസ്തു ആദ്യം നിലത്ത് പതിക്കും എന്നായിരുന്നു നാം അനുമാനിച്ചിരുന്നത്. അഥവാ ശാസ്ത്രീയമായി നമ്മള്‍ പരീക്ഷിച്ചു ബോധ്യപ്പെടുന്ന കാര്യമല്ല നമുക്ക് ആദ്യം യുക്തിപരമായി അനുഭവപ്പെട്ടത്. എന്നാല്‍ പരിമിതികള്‍ ഉണ്ടെങ്കിലും ശാസ്ത്രം എന്നത് ഭൗതിക പ്രപഞ്ചത്തെ പഠിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഒരു സ്രോതസ്സാണെന്നും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നമുക്ക് ഒരുപാട് യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താനാകും എന്നും യുക്തിപരമായി ചിന്തിച്ചാല്‍ നമുക്ക് ബോധ്യമാകും. ആ യുക്തിചിന്തയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ പരീക്ഷണം നടത്തുകയും താന്‍ സംഭവിക്കില്ലെന്ന് സാമാന്യ യുക്തികൊണ്ട് വിധിയെഴുതിയ കാര്യം സംഭവിക്കുമെന്ന് ബോധ്യപ്പെട്ടു എന്നും കരുതുക. എങ്കില്‍ അയാളെ സംബന്ധിച്ചിടത്തോളം ആ പരീക്ഷിച്ച് ബോധ്യപ്പെട്ട സത്യം ഉള്‍ക്കൊള്ളലാണ് കരണീയം. അതിനുപകരം വീണ്ടും തന്റെ സാമാന്യയുക്തിക്ക് നിരക്കുന്നില്ലെന്ന് പറഞ്ഞു നിഷേധിക്കുകയാണെങ്കില്‍ അതിനെയാണ് സാമാന്യയുക്തിയെ സത്യം കണ്ടെത്താനുള്ള മാര്‍ഗമാക്കുന്നതിന് പകരം സാമാന്യയുക്തിയെ തന്നെ ആത്യന്തിക സത്യമായി ഗണിക്കല്‍ എന്ന് പറയുന്നത്.

ഭൗതിക വിഷയങ്ങളില്‍ ഈയൊരു കാര്യം അംഗീകരിക്കുകയും അത് ഉള്‍ക്കൊള്ളുകയും ചെയ്യുന്ന നിരീശ്വരവാദികള്‍ക്ക് പക്ഷേ, ഇതേ തത്ത്വം മതത്തിന്റെ വിഷയത്തില്‍ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ദൈവാസ്തിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ യുക്തിപരമായ ഒരുപാട് വാദങ്ങള്‍ വിശ്വാസികള്‍ ഉന്നയിക്കുമ്പോള്‍ സത്യാന്വേഷണത്തിലെ ഒരു മാര്‍ഗമെന്ന നിലക്ക് യുക്തിചിന്തയെ ഉപയോഗിക്കാന്‍ തയ്യാറാവുന്നതിന് പകരം സ്ഥലകാല പരിമിതികള്‍ക്കുള്ളിലുള്ള തന്റെ പരിമിതമായ ‘സാമാന്യയുക്തി’ക്ക് ദൈവത്തെ അംഗീകരിക്കാനാവുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് യുക്തിവാദികള്‍ ചെയ്യാറുള്ളത്!

ഇവിടെയാണ് യുക്തിയെ പ്രമാണമാക്കുന്നതും യുക്തിയിലൂടെ പ്രമാണങ്ങളിലേക്ക് എത്തിച്ചേരുന്നതും വ്യത്യാസപ്പെടുന്നത്. സത്യം കണ്ടെത്താനുള്ള മാര്‍ഗമെന്ന നിലക്ക് ചുറ്റുപാടുകളിലേക്ക്  കണ്ണോടിക്കാനും യുക്തിചിന്തയെ ഉപയോഗിക്കാനും തന്നെയാണ് ക്വുര്‍ആനും ആവശ്യപ്പെടുന്നത്:

”ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്” (ക്വുര്‍ആന്‍ 88:17-20).

ഇങ്ങനെ പഠനത്തിനും ചിന്തക്കും പ്രോത്സാഹനം നല്‍കുക മാത്രമല്ല അങ്ങനെ ചെയ്യാത്തവരെ ശക്തമായ ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട് ക്വര്‍ആന്‍:

”…അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍” (ക്വുര്‍ആന്‍ 7:179).

കാണേണ്ടത് കാണുകയോ കേള്‍ക്കേണ്ടത് കേള്‍ക്കുകയോ കാര്യം ഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത ആളുകളെ നാല്‍കാലികളോട് ഉപമിക്കുകയും അവയെക്കാള്‍ മോശമാണ് ഇത്തരക്കാരുടെ അവസ്ഥയെന്ന് പറയുകയുമാണ് ഇവിടെ ക്വുര്‍ആന്‍. ഈ രീതിയില്‍ ചിന്തയുടെയും വിജ്ഞാനസമ്പാദനത്തിന്റെയും പ്രാധാന്യം ക്വുര്‍ആന്‍ ഊന്നിപ്പറഞ്ഞു. നിങ്ങള്‍ ചിന്തിക്കുന്നില്ലേ, നിങ്ങള്‍ ആലോചിക്കുന്നില്ലേ… എന്നിങ്ങനെ ധാരാളം സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിക്കുന്നു. ഇങ്ങനെ ചിന്തിക്കുകയും പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക്  ബോധ്യമാകുന്ന യാഥാര്‍ഥ്യത്തെ പറ്റിയും ക്വുര്‍ആന്‍ സൂചിപ്പിക്കുന്നു:

”തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെ പറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ” (ക്വുര്‍ആന്‍ 3:190,191).

അഥവാ, ഈ സൃഷ്ടിപ്പിനെ പറ്റിയും ചുറ്റുമുള്ള ദൃഷ്ടാന്തങ്ങളെ പറ്റിയും സദാ ചിന്തിച്ചു കൊണ്ടിരിക്കുന്നവര്‍ സൃഷ്ടിവൈഭവം ബോധ്യപ്പെട്ടുകൊണ്ട് സ്രഷ്ടാവിന്റെ പരിശുദ്ധിയെ വാഴ്ത്തും. പഠനങ്ങളും ഗവേഷണങ്ങളും അറിവുകളും സല്‍ബുദ്ധിയുള്ളവരെ സ്രഷ്ടാവിന്റെ അസ്തിത്വം കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ പഠിച്ചും ചിന്തിച്ചും അന്വേഷിച്ചും ദൈവത്തിന്റെ മഹത്ത്വം മനസ്സിലാക്കുവാനും ആ ഏകദൈവത്തിന് കീഴ്‌പെട്ട് ജീവിക്കുവാനുമാണ് ക്വുര്‍ആന്‍ ആവശ്യപ്പെടുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ യുക്തിയെ സത്യാന്വേഷണത്തിനുള്ള മാര്‍ഗമായി അവലംബിക്കുന്നവര്‍ക്ക് ഈ ലോകത്തിനൊരു സ്രഷ്ടാവുണ്ടെന്നും അവനെ അംഗീകരിക്കുകയും അവന്റെ കല്‍പനകള്‍ അനുസരിക്കുകയുമാണ് മോക്ഷത്തിന്റെ വഴിയെന്നും ബോധ്യപ്പെടാന്‍ പ്രയാസമില്ല. എന്നാല്‍ അതിനുപകരം തന്റെ പരിമിതമായ യുക്തിയെ തന്നെ അവസാനവാക്കായി സ്വീകരിക്കുകയും അതിനപ്പുറത്തേക്കുള്ള പഠനങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുന്നവര്‍ സ്വന്തം യുക്തിയില്‍ ഊറ്റംകൊള്ളുകയും സ്വയം ‘യുക്തിവാദി’യെന്നു വിശേഷിപ്പിച്ച് ദൈവാസ്തിത്വത്തെ നിഷേധിക്കുകയും ചെയ്യുന്നു.

വെളിപാടുകളിലെ യുക്തി

‘ദൈവാസ്തിത്വത്തിന് മതവിശ്വാസികള്‍ യുക്തിപരമായി ഉന്നയിക്കുന്ന വാദങ്ങള്‍ കേട്ടാല്‍ ആര്‍ക്കും  ദൈവമുണ്ടെന്ന് തോന്നിപ്പോകും. എന്നാല്‍ അതൊക്കെ അംഗീകരിച്ച് ഇവരുടെ മതത്തിന്റെ വിശ്വാസങ്ങളെ ഒന്ന് പരിശോധിച്ചാലോ, അവിടെ ഈ യുക്തിയൊന്നും ഒട്ടു കാണാനുമില്ല!’

കേരളത്തിലെ പ്രശസ്തനായ ഒരു നാസ്തിക പ്രചാരകന്‍ ഈയടുത്ത് പ്രസംഗിച്ചതാണിത്. യുക്തിപരമായി ദൈവാസ്തിത്വത്തിന് വിശ്വാസികളുടെ ഭാഗത്ത് നിന്നുന്നയിക്കുന്ന വാദങ്ങള്‍ക്ക്  മുമ്പിലുള്ള ഒരു കീഴടങ്ങല്‍ കൂടിയാണ് ഈ വാചകങ്ങള്‍. യുക്തിപരമായി മുന്‍വിധികളില്ലാതെ അന്വേഷിക്കാനിറങ്ങുന്നവര്‍ക്ക് ദൈവത്തെ അംഗീകരിക്കാതെ നിവൃത്തിയില്ല എന്നതിന്റെ അവസാനത്തെ ഒരുദാഹരണം മാത്രം. എങ്കിലും അദ്ദേഹം പിന്നീട് ഉന്നയിച്ചത് പലരും പൊതുവെ ഉന്നയിക്കാറുള്ള ഒരു കാര്യമാണ്. അഥവാ ദൈവമുണ്ടെന്ന് തെളിയിക്കാനും അവന്‍ പദാര്‍ഥങ്ങള്‍ക്കും പ്രപഞ്ചത്തിനും അതീതനാണെന്ന് തെളിയിക്കാനും അവന്‍ സര്‍വശക്തനാണെന്നും എല്ലാറ്റിനും കഴിവുള്ളവനാണെന്നും തെളിയിക്കാനും യുക്തിയുപയോഗിക്കുന്ന വിശ്വാസികള്‍, പിന്നീട് മതത്തിനകത്തേക്ക് എത്തുമ്പോള്‍ യുക്തിയുപയോഗിക്കുന്നില്ല എന്നതാണ് വിമര്‍ശനത്തിന്റെ ആകെത്തുക. മുഹമ്മദ് നബി ﷺ യുടെ ഇസ്‌റാഅ്, മിഅ്‌റാജ് യാത്രയും യൂനുസ് നബി(അ)യെ മത്സ്യം വിഴുങ്ങി കരയിലേക്ക് എത്തിച്ചതും ചന്ദ്രനെ പിളര്‍ത്തിയെന്ന വിഷയവുമെല്ലാം എടുത്തിട്ട് ഓരോന്നിന്റെയും യുക്തിയന്വേഷിക്കുന്നതാണ് ദയനീയമായ കാഴ്ച.

ചിന്തയിലൂടെയും പഠനഗവേഷണങ്ങളിലൂടെയും ഒരു വ്യക്തി കണ്ടെത്തുന്നത് പ്രപഞ്ചാതീതനായ, സര്‍വശക്തനായ, അറിവിനും കഴിവിനും പരിധിയോ പരിമിതിയോ ഇല്ലാത്ത ഒരു സ്രഷ്ടാവിനെയാണ്. ആ സ്രഷ്ടാവിന്റെ ദൂതനാണ് മുഹമ്മദ് നബി ﷺ  എന്നും അവന്റെ വചനങ്ങളാണ് വിശുദ്ധ ക്വുര്‍ആന്‍ എന്നും ബോധ്യപ്പെട്ട ഒരാളെ സംബന്ധിച്ച് ക്വുര്‍ആനിക വചനങ്ങള്‍ ദൈവത്തില്‍നിന്ന് ദിവ്യബോധനമായി (വഹ്‌യ്) ലഭിച്ചതാണ്. പ്രവാചക ചര്യ അഥവാ സുന്നത്ത് അല്ലാഹു പഠിപ്പിച്ച, ക്വുര്‍ആനിന്റെ വ്യാഖ്യാനമാണ്. സര്‍വജ്ഞനായ ദൈവത്തില്‍ നിന്നുള്ള വെളിപാടുകളില്‍ അബദ്ധങ്ങള്‍ ഉണ്ടാവുകയില്ലെന്നത് ദൈവത്തെ കണ്ടെത്തിയ ഒരാളെ സംബന്ധിച്ചിടത്തോളം സാമാന്യ യുക്തിയാണ്. തീര്‍ച്ചയായും മനുഷ്യന്റെ ബുദ്ധിക്കും ചിന്തക്കും പരിധികളുണ്ട്. അതുകൊണ്ട് തന്നെ ദൈവിക വചനങ്ങള്‍ക്ക് അവന്‍ തന്റെ ചിന്തകളെക്കാള്‍ പ്രാധാന്യം കൊടുക്കുക സ്വാഭാവികം. കാരണം, അവന്റെ ബുദ്ധിയെ പോലും സൃഷ്ടിച്ച, അറിവിനും കഴിവിനും പരിധികളില്ലാത്ത ദൈവത്തില്‍ നിന്നാണ് അത് എന്ന് അവന് പഠനത്തിലൂടെ ബോധ്യപ്പെട്ടതാണ്.

ഒരു ഉദാഹരണമെടുക്കാം; ഒരുപാട് പഠനങ്ങള്‍ക്കും ചിന്തകള്‍ക്കും ശേഷം, ദൈവമുണ്ടെന്നും ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണെന്നും ബോധ്യപ്പെട്ട ഒരു വ്യക്തി ക്വുര്‍ആന്‍ തുറന്ന് പാരായണം ചെയ്യുമ്പോള്‍ മുഹമ്മദ് നബി ﷺ  മസ്ജിദുല്‍ ഹറമില്‍നിന്ന് മസ്ജിദുല്‍ അക്വ്‌സയിലേക്കും അവിടെനിന്ന് ആകാശലോകത്തേക്കും രാപ്രയാണം നടത്തിയതായി കാണുന്നു. (എഴാകാശങ്ങള്‍ക്ക് അപ്പുറത്തേക്ക് ഒരു രാത്രികൊണ്ട് നബി ﷺ  യാത്രചെയ്ത് തിരിച്ചുവന്നതായി ഹദീഥുകളും വ്യക്തമാക്കിത്തരുന്നു). ഇവിടെ ചില ചോദ്യങ്ങള്‍ സ്വാഭാവികം: എങ്ങനെയാണ് ഒരു രാത്രികൊണ്ട് എഴാകാശങ്ങളുടെ അപ്പുറത്തേക്ക് പോയി തിരിച്ചുവരാന്‍ സാധിക്കുക? അതിനുള്ള സാങ്കേതികവിദ്യ അന്നുണ്ടോ? ബഹിരാകാശത്തിലൂടെ സഞ്ചരിക്കാന്‍ മുഹമ്മദ് നബി ﷺ ക്ക് ഓക്‌സിജന്‍ ആവശ്യമല്ലേ?

യഥാര്‍ഥത്തില്‍ ദൈവമുണ്ടെന്നും അവന്‍ സര്‍വശക്തനാണെന്നും മുഹമ്മദ് നബി ﷺ  അവന്റെ പ്രവാചകനാണെന്നും ബോധ്യപ്പെട്ട ഒരാളെ സംബന്ധിച്ചിടത്തോളം ഇതെല്ലാം തീര്‍ത്തും  ബാലിശമായ ചോദ്യങ്ങള്‍ മാത്രമാണ്. കാരണം അവന്‍ ബോധ്യപ്പെട്ടു വിശ്വസിച്ചത് എല്ലാറ്റിനും കഴിവുള്ള ഒരു ദൈവത്തിലാണ്. അഥവാ ഭൗതികമായ കാര്യകാരണങ്ങള്‍ക്ക് അതീതമായി ഇടപെടാന്‍ സാധിക്കുന്ന ഒരു അഭൗതിക അസ്തിത്വത്തിലാണ് അവന്‍ വിശ്വസിച്ചത്. അതുകൊണ്ട് തന്നെ ശ്വസിക്കാന്‍ ഓക്‌സിജന്‍ വേണമെന്നതും യാത്ര ചെയ്തുവരാന്‍ ഇത്ര സമയം ആവശ്യമായി വരുമെന്നതുമടക്കം എല്ലാ ഭൗതിക കാര്യകാരണങ്ങള്‍ക്കും അതീതമായി ഇടപെടാനും അതൊന്നുമില്ലാതെ തന്നെ എന്തും സാധ്യമാക്കാനും ആ ദൈവത്തിന് സാധിക്കും.

യുക്തിയുപയോഗിച്ച് അന്വേഷണ പഠനങ്ങളിലൂടെ അവന്‍ കണ്ടെത്തിയ സ്രഷ്ടാവിന്റെ കഴിവുകള്‍ക്ക് പരിധിയില്ല. ‘അവന്‍ എല്ലാറ്റിനും കഴിവുള്ളവനാകുന്നു’ എന്ന് ആവര്‍ത്തിച്ചു പറയുന്ന ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണ് എന്ന് അവന് പൂര്‍ണ ബോധ്യമുള്ളതാണ്. അങ്ങനെ ബോധ്യമുള്ള ഒരാളെ സംബന്ധിച്ച് എല്ലാറ്റിനും കഴിവുള്ള, കഴിവുകള്‍ക്ക് പരിധിയില്ലാത്ത സ്രഷ്ടാവിന് മുഹമ്മദ് നബി ﷺ യെ ഒരു രാത്രി കൊണ്ടെന്നല്ല ഒരു നിമിഷം പോലുമില്ലാതെ അവനുദ്ദേശിക്കുന്നിടത്തേക്ക് കൊണ്ടുപോകാനും ശ്വസിക്കാനും മറ്റെല്ലാറ്റിനും സൗകര്യമൊരുക്കാനും സാധിക്കും എന്നതില്‍ എന്താണ് യുക്തിരാഹിത്യമുള്ളത്? ‘പടച്ചവന്‍ എല്ലാറ്റിനും കഴിവുള്ളവനാകുന്നു’ എന്നത് മനസ്സിലാക്കിയ ഒരാള്‍ ക്ക് ഇതില്‍ ഒരു യുക്തിരാഹിത്യവും അനുഭവപ്പെടില്ല. ഇങ്ങനെയാണ് ഇവരുന്നയിക്കുന്ന ഏത് കാര്യത്തിന്റെയും അവസ്ഥ. മത്സ്യത്തിന്റെ വയറ്റില്‍ യൂനുസ് നബിൗക്ക് വേണ്ട സൗകര്യമൊരുക്കാനോ ചന്ദ്രനെ പിളര്‍ത്താനോ കഴിവുകള്‍ക്ക് പരിമിതിയില്ലാത്ത ദൈവത്തിന് സാധിക്കില്ലെന്ന് വന്നാലല്ലേ അത് യുക്തിക്ക് വിരുദ്ധമാവുകയുള്ളൂ!

ചുരുക്കിപ്പറഞ്ഞാല്‍ യുക്തിപരമായ അന്വേഷണത്തിലൂടെ സത്യപാതയായി ദൈവികമതത്തെ ഒരാള്‍ക്ക് ബോധ്യപ്പെട്ടാല്‍ പിന്നീട് അതിലെ വെളിപാടുകള്‍ ഒരു നിലക്കുള്ള സങ്കോചവുമില്ലാതെ സ്വീകരിക്കുക എന്നതാണ് ഏറ്റവും വലിയ യുക്തി! കാരണം അറിവിനോ യുക്തിക്കോ ചിന്തക്കോ കഴിവുകള്‍ക്കോ  യാതൊരുവിധ പരിധികളോ പരിമിതികളോ ഇല്ലാത്ത ദൈവത്തില്‍ നിന്നുള്ള വെളിപാടുകള്‍ക്കാണ് പരിമിതമായ അറിവും കഴിവും ചിന്താശേഷിയുമുള്ള നമ്മുടെ സാമാന്യയുക്തിയെക്കാള്‍ എന്തുകൊണ്ടും നാം വിലകല്‍പിക്കേണ്ടത്.

ഇസ്‌ലാമിക പ്രമാണങ്ങള്‍ ക്വുര്‍ആനും പ്രവാചകന്റെ ചര്യയും (സുന്നത്ത്) ആണ്. ക്വുര്‍ആനിലോ സ്ഥിരപ്പെട്ട ഹദീഥിലോ ഒരു കാര്യം വന്നെങ്കില്‍ പിന്നീട് അവിടെ തന്റെ പരിമിതമായ യുക്തിയുപയോഗിക്കുക എന്നതിനെക്കാള്‍ വലിയ യുക്തിരാഹിത്യം വേറെയില്ല! ഓരോ വചനവും തന്റെ ബുദ്ധിയിലും യുക്തിയിലും പരിശോധിച്ചു ബോധ്യപ്പെട്ടാല്‍ മാത്രം സ്വീകരിക്കുക എന്ന നിലപാട് സ്വീകരിക്കുന്നവര്‍ ഭൗതികവാദികളുടെ അളവുകോലുകള്‍ തങ്ങളെയും സ്വാധീനിച്ചോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. സ്വന്തം ബുദ്ധിക്കും യുക്തിക്കും അപ്രമാദിത്വം കല്‍പിക്കുന്ന യുക്തിവാദികളുടെ അതേ വഴിയിലാണ് അവരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഹദീഥ് നിഷേധപ്രവണതകളില്‍ നിന്ന് ദൈവനിഷേധത്തിലേക്കുള്ള ദൂരം വളരെ കുറഞ്ഞതാകുന്നതും അതുകൊണ്ട് തന്നെയാണ്.

 

അബ്ദുല്ല ബാസിൽ സി.പി
നേർപഥം വാരിക

06 – യുക്തി: ഇസ്‌ലാമിലും നിരീശ്വരവാദത്തിലും

06 - യുക്തി: ഇസ്‌ലാമിലും നിരീശ്വരവാദത്തിലും

(നിരീശ്വര വിശ്വാസം: യുക്തിയുടെ മരുപ്പറമ്പ്  6)

യുക്തിപരമായ സത്യാന്വേഷണം മനുഷ്യപ്രകൃതിയില്‍ പെട്ട കാര്യമാണ്. ദൈവത്തെ കുറിച്ചും ജീവിതത്തോടുള്ള സമീപനത്തെ കുറിച്ചും നന്മ തിന്മകളെ കുറിച്ചും വിശ്വാസങ്ങളെ കുറിച്ചുമെല്ലാം മനുഷ്യന്‍ അന്വേഷിച്ചുകൊണ്ടേയിരിക്കും. മുന്‍വിധിയില്ലാത്ത അന്വേഷണങ്ങള്‍ പലപ്പോഴും അവനെ സത്യം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യും. നിരീശ്വരവാദത്തിന്റെ യുക്തിയെപ്പറ്റി നാം നേരത്തെ ചര്‍ച്ച ചെയ്തതാണ്. സാമാന്യയുക്തിക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഭീമമായ അന്ധവിശ്വാസങ്ങളാണ് അതിന്റെ അടിത്തറ തന്നെ. ഒന്നുമില്ലായ്മയില്‍ നിന്ന് എന്തൊക്കെയോ ഉണ്ടായെന്നും യാദൃച്ഛികത വ്യവസ്ഥാപിതത്വത്തിന് വഴിമാറിയെന്നും അതിസൂക്ഷ്മമവും കൃത്യവുമായ ജൈവരംഗത്തെ രൂപകല്‍പനയും വ്യവസ്ഥാപിതമായ പ്രപഞ്ചത്തിന്റെ ചലനവുമെല്ലാം പിന്നിലൊരാളുമില്ലാതെ ഉണ്ടായതാണ് എന്നും വിശ്വസിക്കാന്‍ മുന്‍വിധിയില്ലാതെ സത്യം തേടിയിറങ്ങുന്ന ഒരാള്‍ക്ക് സാധ്യമല്ലല്ലോ.

ഒരു പുസ്തകത്തിലെ ഒരു പാരഗ്രാഫ് എങ്കിലും വിവിധ അക്ഷരങ്ങള്‍ കൂട്ടിയിട്ടപ്പോള്‍ തനിയെ ഉണ്ടായിത്തീര്‍ന്നു എന്ന് വിശ്വസിക്കാന്‍ ബുദ്ധിയും വിവേകവുമുള്ള ഒരാള്‍ക്ക് സാധ്യമല്ല. എങ്കില്‍ പിന്നെ എങ്ങനെയാണ് ആയിരക്കണക്കിന് എന്‍സൈക്‌ളോപീഡിയകളില്‍ ഉള്‍ക്കൊള്ളാനുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു കോശമെങ്കിലും തനിയെ ഉണ്ടായി എന്ന് ഒരു ജൈവശാസ്ത്രത്തിന്റെ ബാലപാഠമറിയാവുന്ന ഒരാള്‍ സമ്മതിച്ചു തരിക? പരസ്പര ബന്ധിതമായി അത്ഭുതകരമായ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മനുഷ്യശരീരത്തിന്റെ ഘടനാവിസ്മയം നേരിട്ടുപഠിക്കുന്ന ഒരു മെഡിക്കല്‍ വിദ്യാര്‍ഥിക്ക് എങ്ങനെയാണ് ഈ ഘടനകള്‍ യാദൃച്ഛികമെന്ന് സമ്മതിച്ചു തരാനാവുക? കണികകളുടെയും തന്മാത്രകളുടെയും ലോകത്തെ ആശ്ചര്യപ്പെടുത്തുന്ന വസ്തുതകള്‍ പഠിക്കുന്ന രസതന്ത്രവിദ്യാര്‍ഥിയുടെ അന്വേഷണങ്ങള്‍ക്ക് മുന്‍പില്‍ ദൈവമില്ലെന്ന് പറഞ്ഞുചെന്നാല്‍ അവനെങ്ങനെ അംഗീകരിക്കാനാണ്? ഭൗതികലോകത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്‍പില്‍, ആപേക്ഷികതാ സിദ്ധാന്തവും സ്ഥലകാലനൈരന്തര്യത്തെ പറ്റിയുള്ള വിവരങ്ങളും നല്‍കുന്ന തിരിച്ചറിവ് നേടിയ ഭൗതികശാസ്ത്ര വിദ്യാര്‍ഥിക്ക് മുന്‍പില്‍ ഈ യുക്തിരഹിതവാദങ്ങള്‍ എങ്ങനെ ചെലവാകാനാണ്?

ഇങ്ങനെ എല്ലാ നിലയ്ക്കും സാമാന്യയുക്തിയും ശാസ്ത്രീയവിജ്ഞാനങ്ങളും സ്രഷ്ടാവിലേക്ക് വിരല്‍ചൂണ്ടുമ്പോള്‍, മുന്‍വിധിയോടെയും ‘ദൈവമുണ്ടാകരുത്’ എന്ന നിര്‍ബന്ധത്തോടെയും മാത്രമെ ഗവേഷണനിരീക്ഷണങ്ങള്‍ നടത്താന്‍ പാടുള്ളൂ എന്ന് പറയുന്നിടത്തേക്ക് വരെ ഈയാളുകള്‍ എത്തി എന്നത് നാം കണ്ടു. എന്നാല്‍ അതേസമയം തന്നെ മതങ്ങള്‍ ചിന്തയ്ക്കും വിജ്ഞാനത്തിനും എതിരാണെന്ന കുപ്രചാരണം അഴിച്ചുവിടാനും ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. മതഗ്രന്ഥങ്ങളുടെ ചട്ടക്കൂടിനപ്പുറത്തേക്ക് ചിന്തിക്കുവാനോ പഠിക്കുവാനോ പാടില്ലെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത് എന്ന നിലയ്ക്കുള്ള പ്രചാരണങ്ങളും നടന്നുകൊണ്ടിരിക്കുന്നു. 

എന്നാല്‍ വസ്തുത നേരെ മറിച്ചാണ്. പഠിക്കുവാനും ചിന്തിക്കുവാനും സ്വതന്ത്രമായ അന്വേഷണങ്ങള്‍ നടത്തുവാനുമാണ് മതം പഠിപ്പിക്കുന്നത്. സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ഇവയെക്കുറിച്ചൊന്നും നിങ്ങള്‍ ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്നില്ലേ എന്ന് ചോദിച്ചുകൊണ്ട് ചിന്തയെ പ്രോത്സാഹിപ്പിക്കുകയാണ് ക്വുര്‍ആന്‍:

”ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്. ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അതെങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അതെങ്ങനെ പരത്തപ്പെട്ടിരിക്കുന്നു എന്ന്” (വിശുദ്ധ ക്വുര്‍ആന്‍ 88:17-20).

ഇങ്ങനെ ചുറ്റുപാടുകളിലേക്ക് നോക്കാനും കാര്യങ്ങളെ വീക്ഷിക്കുവാനും അവയെക്കുറിച്ച് ചിന്തിക്കുവാനുമാണ് ഇസ്‌ലാം മനുഷ്യരോട് ആഹ്വാനം ചെയ്യുന്നത്. പ്രോത്സാഹനം നല്‍കുക മാത്രമല്ല; അങ്ങനെ ചെയ്യാത്തവരെ ശക്തമായ ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട് ക്വുര്‍ആന്‍.

”അവര്‍ക്ക് മനസ്സുകളുണ്ട്, അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്, അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്, അതുപയോഗിച്ച് അവര്‍ കേട്ടുമനസ്സിലാക്കുകയില്ല. അവര്‍ നാല്‍കാലികളെ പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ വഴിപിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍” (വിശുദ്ധ ക്വുര്‍ആന്‍ 7:179).

കാണേണ്ടത് കാണുകയോ കേള്‍ക്കേണ്ടത് കേള്‍ക്കുകയോ കാര്യം ഗ്രഹിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത ആളുകളെ ചിന്താശേഷിയില്ലാത്ത നാല്‍കാലികളോട് ഉപമിക്കുകയും, അവയെക്കാള്‍ മോശമാണ് ഇത്തരക്കാരുടെ അവസ്ഥയെന്ന് പറയുകയുമാണ് ഇവിടെ ക്വുര്‍ആന്‍. ഈ രീതിയില്‍ ചിന്തയുടെയും വിജ്ഞാനസമ്പാദനത്തിന്റെയും പ്രാധാന്യം ക്വുര്‍ആന്‍ ഊന്നിപ്പറഞ്ഞു. നിങ്ങള്‍ ചിന്തിക്കുന്നില്ലേ, നിങ്ങള്‍ ആലോചിക്കുന്നില്ലേ എന്നിങ്ങനെ ധാരാളം സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ക്വുര്‍ആന്‍ ചോദിക്കുന്നതായി കാണാം. 

അങ്ങനെയാണ് കള്ളും പെണ്ണും മാത്രമാണ് ജീവിതം എന്ന് ധരിച്ചിരുന്ന ഒരു സമൂഹത്തെ ലോകത്തിന്റെ ഉന്നതികളിലേക്ക് ഇസ്‌ലാം കൈപിടിച്ചുയര്‍ത്തിയത്. ക്വുര്‍ആന്‍ അവര്‍ക്ക് ദിശാബോധവും മാര്‍ഗദര്‍ശനവും നല്‍കി. തീര്‍ത്തും അന്ധകാരത്തില്‍ ജീവിച്ചിരുന്ന ‘ജാഹിലിയ്യ’ അറബികളില്‍ നിന്ന് ആദ്യത്തെ യഥാര്‍ഥ ശാസ്ത്രജ്ഞന്‍ എന്നറിയപ്പെടുന്ന ഇബ്‌നു ഹൈതമും കെമിസ്ട്രിയിലെ മഹാനായ ശാസ്ത്രജ്ഞന്‍ ജാബിര്‍ ബിന്‍ ഹയ്യാനും വൈദ്യശാസ്ത്രരംഗത്തെ പ്രശസ്തരായ ഇബ്‌നു സീനയും സഹറാവിയും അല്‍റാസിയും അല്‍ഗോരിതം കണ്ടു പിടിച്ച അല്‍ഖവാരിസ്മിയുമടക്കം അനേകം ഉന്നതരായ ശാസ്ത്രജ്ഞന്മാരും തത്ത്വചിന്തകരും നേതാക്കളും ചരിത്രകാരന്മാരുമെല്ലാം ഉയര്‍ന്നുവന്നത് ഈ അധ്യാപനങ്ങള്‍ നല്‍കിയ അടിത്തറയില്‍ നിന്നാണ്. വിജ്ഞാനത്തിന് ഇസ്‌ലാം നല്‍കിയ പ്രാധാന്യം അവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ഭാഷകളില്‍ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിക ലോകത്തേക്ക് എത്തിക്കുവാനും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുവാനും പ്രേരിപ്പിച്ചു.

പറഞ്ഞുവന്നത്, ഇസ്‌ലാം വിജ്ഞാനത്തിനും ചിന്തക്കും നല്‍കിയ പ്രേരണ ഒന്നുമല്ലാതിരുന്ന ഒരു സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചാണ്. ഇങ്ങനെ ചിന്തിക്കുകയും പഠിക്കുകയും ഗവേഷണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ബോധ്യമാകുന്ന യാഥാര്‍ഥ്യത്തെ പറ്റിയും ക്വുര്‍ആന്‍ സൂചിപ്പിക്കുന്നു: 

”തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും രാപകലുകള്‍ മാറിമാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെ പറ്റി ചിന്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നവരത്രേ അവര്‍. (അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍. അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ” (ക്വുര്‍ആന്‍ 3:190,191).

പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളെ പറ്റി സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നവര്‍ സൃഷ്ടിവൈഭവം ബോധ്യപ്പെട്ടു കൊണ്ട് സ്രഷ്ടാവിന്റെ പരിശുദ്ധതയെ വാഴ്ത്തും. പഠനങ്ങളും ഗവേഷണങ്ങളും അറിവുകളും സല്‍ബുദ്ധിയുള്ളവരെ സ്രഷ്ടാവിന്റെ അസ്തിത്വം കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ പഠിച്ചും ചിന്തിച്ചും അന്വേഷിച്ചും ദൈവത്തെ കണ്ടെത്താനാണ് യാഥാര്‍ഥത്തില്‍ ഇസ്‌ലാം ആവശ്യപ്പെടുന്നത്. 

ഇത് പറയുമ്പോള്‍ സാധാരണയായി നിരീശ്വരവാദികള്‍ തിരിച്ചു പറയാറുള്ള കാര്യമാണ് ബുദ്ധിയുപയോഗിച്ച് കണ്ടെത്തിയ ഇസ്‌ലാമില്‍ ഒരാള്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഇസ്‌ലാമിക പ്രമാണങ്ങളില്‍ അതുപയോഗിക്കുന്നില്ലല്ലോ എന്നത്. ഇവിടെ കൃത്യമായി ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ചിന്തയിലൂടെയും പഠന ഗവേഷണങ്ങളിലൂടെയും ഒരു വ്യക്തി കണ്ടെത്തുന്നത് പ്രപഞ്ചാതീതനായ, സര്‍വശക്തനായ, അറിവിനും കഴിവിനും പരിധിയോ പരിമിതിയോ ഇല്ലാത്ത ഒരു സ്രഷ്ടാവിനെയാണ്. അവന്റെ ദൂതനാണ് മുഹമ്മദ് നബി ﷺ എന്നും അവന്റെ വചനങ്ങളാണ് വിശുദ്ധ ക്വുര്‍ആന്‍ എന്നും ബോധ്യപ്പെട്ട ഒരാളെ സംബന്ധിച്ച് ക്വുര്‍ആനിക വചനങ്ങളും പ്രവാചകന്റെ വാക്കുകളും ദൈവത്തില്‍ നിന്നുള്ള വെളിപാട് അഥവാ വഹ്‌യ് ആണ്. സര്‍വജ്ഞനായ ദൈവത്തില്‍ നിന്നുള്ള വെളിപാടുകളില്‍ അബദ്ധങ്ങള്‍ ഉണ്ടാവുകയില്ലെന്നത് ദൈവത്തെ കണ്ടെത്തിയ ഒരാളെ സംബന്ധിച്ചിടത്തോളം സാമാന്യയുക്തിയാണ്. തീര്‍ച്ചയായും മനുഷ്യന്റെ ബുദ്ധിക്കും ചിന്തക്കും പരിധികളുണ്ട്. അതുകൊണ്ട് തന്നെ ദൈവിക വചനങ്ങള്‍ക്ക് അവന്‍ തന്റെ ചിന്തകളെക്കാള്‍ പ്രാധാന്യം കൊടുക്കുക സ്വാഭാവികം. 

ഒരു ഉദാഹരണമെടുക്കാം: ഒരുപാട് പഠനങ്ങള്‍ക്കും ചിന്തകള്‍ക്കും ശേഷം ദൈവമുണ്ടെന്നും ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണെന്നും ബോധ്യപ്പെട്ട ഒരു വ്യക്തി ക്വുര്‍ആന്‍ തുറന്ന് പാരായണം ചെയ്യുമ്പോള്‍ മഹാനായ യൂനുസ് നബി(അ)യെ മത്സ്യം വിഴുങ്ങിയതും പിന്നീട് ആ മത്സ്യം തന്നെ കരക്ക് വന്ന് അദ്ദേഹത്തെ ഉപേക്ഷിച്ചതുമായ സംഭവം വായിക്കുന്നു. ‘ഈ സംഭവം എങ്ങനെയാണ് സാമാന്യ യുക്തിക്ക് നിരക്കുന്നത്, എങ്ങനെയാണ് മത്സ്യത്തിന്റെ വയറ്റില്‍ കേടുപാടുകള്‍ കൂടാതെ ഒരു മനുഷ്യന് ജീവിക്കാനാകുക, എങ്ങനെയാണ് മത്സ്യം കരക്ക് വന്ന് വയറ്റിലുള്ള മനുഷ്യനെ ഉപേക്ഷിച്ചു എന്ന് വിശ്വസിക്കാനാവുക’ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് യുക്തിവാദികള്‍ ചോദിച്ചേക്കാം. എന്നാല്‍ ഇതൊക്കെ തീര്‍ത്തും യുക്തിക്ക് യോജിക്കുന്നതാണ് എന്നാണ് വിശ്വാസികളുടെ മറുപടി. ഇത് സാധാരണ സംഭാവമായത് കൊണ്ടല്ല, മറിച്ച് യുക്തിയുപയോഗിച്ച് അന്വേഷണ പഠനങ്ങളിലൂടെ അവന്‍ കണ്ടെത്തിയ സ്രഷ്ടാവിന്റെ കഴിവുകള്‍ക്ക് പരിധിയില്ല എന്ന് മനസ്സിലാക്കുന്നതു കൊണ്ടാണ്. ‘അവന്‍ എല്ലാറ്റിനും കഴിവുള്ളവനാകുന്നു’ എന്ന് ആവര്‍ത്തിച്ചു പറയുന്ന ക്വുര്‍ആന്‍ ദൈവിക വചനങ്ങളാണ് എന്ന് അവന് പൂര്‍ണബോധ്യമുള്ളതാണ്. അങ്ങനെ ബോധ്യമുള്ള ഒരാളെ സംബന്ധിച്ച് എല്ലാറ്റിനും കഴിവുള്ള, കഴിവുകള്‍ക്ക് പരിധിയില്ലാത്ത സ്രഷ്ടാവിന് മത്സ്യത്തിന്റെ വയറ്റില്‍ യൂനുസ് നബിക്ക് ജീവിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കാനോ ഒരു കേടുപാടുകളുമില്ലാതെ കരക്കെത്തിക്കാനോ സാധിക്കും എന്നതില്‍ എന്താണ് യുക്തിരാഹിത്യമുള്ളത്? 

ഈ ലോകത്ത് എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാനാവശ്യമായ വായുവും അന്നവും മറ്റു സൗകര്യങ്ങളും ഏര്‍പെടുത്താന്‍ കഴിവുള്ള സ്രഷ്ടാവിന് അവനുദ്ദേശിക്കുന്ന സമയത്ത് ഒരു മത്സ്യത്തിന്റെ വയറ്റില്‍ അത് സംവിധാനിക്കാന്‍ കഴിവില്ലാതെ പോകില്ലല്ലോ. ‘പടച്ചവന്‍ എല്ലാറ്റിനും കഴിവുള്ളവനാകുന്നു’ എന്നത് മനസ്സിലാക്കിയ ഒരാള്‍ക്ക് ഇതില്‍ ഒരു യുക്തിരാഹിത്യവും അനുഭവപ്പെടില്ല. 

സ്വന്തം അറിവുകളുടെയും കഴിവിന്റെയും ചിന്താശക്തിയുടെയും പരിധികള്‍ മനസ്സിലാക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യം. ആ പരിമിതമായ അറിവിന്റെയും ചിന്താശക്തിയുടെയും മാനദന്ധങ്ങളുപയോഗിച്ച് പരിധിയില്ലാത്ത അറിവിന്റെ ഉടമയായ ദൈവത്തിന്റെ വചനങ്ങളെ അളക്കാന്‍ ശ്രമിച്ചാല്‍ പലപ്പോഴും പരാജയമായിരിക്കും സംഭവിക്കുക. നമുക്ക് എളുപ്പം മനസ്സിലാകുന്ന ചില ഉദാഹരണങ്ങളെടുക്കാം: കുറച്ചു കാലം മുന്‍പ് വരെ പ്രപഞ്ചത്തിന് തുടക്കമോ ഒടുക്കമോ ഇല്ലെന്ന സ്ഥിരസ്ഥിതി സിദ്ധാന്തമായിരുന്നു ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ടിരുന്നത്. അന്നത്തെ അറിവനുസരിച്ച് പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന ക്വുര്‍ആനിക വചനം തെറ്റാണെന്ന് പറയേണ്ടിവരുമായിരുന്നു. എന്നാല്‍ ശാസ്ത്രം ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ച് മാറുമെന്നും നമുക്ക് ലഭിക്കുന്ന തെളിവുകള്‍ അനുസരിച്ച് നാം പറയുന്ന നിഗമനങ്ങള്‍ ഒരുപക്ഷേ, യാഥാര്‍ഥ്യമായിരിക്കണം എന്നില്ലെന്നും തിരിച്ചറിയുന്ന ഒരാളെ സംബന്ധിച്ച് എല്ലാറ്റിനെയും സൃഷ്ടിച്ച, പ്രപഞ്ചത്തിന്റെ സ്രഷ്ടാവിന്റെ വചനങ്ങളെ ഒരു സംശയവുമില്ലാതെ അംഗീകരിക്കുക എന്നതാണ് അവിടെ യുക്തി. കാരണം യാഥാര്‍ഥ്യം പൂര്‍ണമായി പ്രതിഫലിപ്പിക്കാന്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം നിഗമനങ്ങളില്‍ എത്തുന്ന ശാസ്ത്രത്തിന് സാധിച്ചുകൊള്ളണം എന്നില്ല. അതുകൊണ്ട് തന്നെ ദൈവത്തെയും ദൈവത്തിന്റെ വചനങ്ങളെയും അതിന്റെതായ രീതിയില്‍ മനസ്സിലാക്കിയവര്‍ അന്നും പ്രപഞ്ചത്തിന് തുടക്കമുണ്ടെന്നു തന്നെ വിശ്വസിച്ചു. പിന്നീട് ലഭ്യമായ മറ്റു തെളിവുകള്‍ക്കനുസരിച്ച് ശാസ്ത്രവും പ്രപഞ്ചത്തിന് തുടക്കമുണ്ടെന്ന കാര്യം പ്രഖ്യാപിച്ചു.

നാം അവലംബിക്കുന്ന പ്രധാന വിജ്ഞാനസ്രോതസ്സായ ശാസ്ത്രത്തിന്റെ ഈയൊരു പരിധി മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലാണ് പലപ്പോഴും ക്വുര്‍ആനിലും ഹദീഥിലും യുക്തിക്ക് നിരക്കാത്തതായി എന്തൊക്കെയോ ഉണ്ടെന്ന തോന്നല്‍ ഉണ്ടാവുന്നത്. ശാസ്ത്രം അപ്പപ്പോള്‍ ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ചാണ് സിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നത്. ഇത് എളുപ്പത്തില്‍ മനസ്സിലാകാന്‍ പൊതുവെ പറയുന്ന ഒരു ലളിതമായ ഉദാഹരണം തന്നെയെടുക്കാം. അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള ഒരു ശാസ്ത്രീയ ഗവേഷണമാണ് നാം നടത്താന്‍ പോകുന്നത്. ശാസ്ത്രത്തിന്റെ രീതിയനുസരിച്ച് നാം ചെയ്യുന്നത് വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള അരയന്നങ്ങളെ പഠനവിധേയമാക്കുന്നു. അങ്ങനെ ആയിരം അരയന്നങ്ങളെ നാം നിരീക്ഷിച്ചു എന്ന് കരുതുക. നാം നിരീക്ഷിച്ച ആയിരം അരയന്നങ്ങള്‍ക്കും വെളുത്ത നിറമാണ്. എങ്കില്‍ സ്വാഭാവികമായും അരയന്നങ്ങളുടെ നിറത്തെ പറ്റിയുള്ള നമ്മുടെ ശാസ്ത്രീയ പഠനത്തിന്റെ അവസാനം നാം എത്തുന്ന നിഗമനം ‘അരയന്നങ്ങളുടെ നിറം വെളുപ്പാണ്’ എന്നതായിരിക്കും. എന്നാല്‍ ആയിരത്തി ഒന്നാമത്തെ അരയന്നം ഒരുപക്ഷേ, കറുത്ത നിറമുള്ളതായിരിക്കാം. അത് നമ്മുടെ നിരീക്ഷണ പരിധിയില്‍ വരാത്തിടത്തോളം കാലം ‘അരയന്നങ്ങളുടെ നിറം വെളുപ്പാണ്’ എന്നത് തന്നെയാണ് അംഗീകരിക്കപ്പെടുക. ഇതാണ് എല്ലാറ്റിന്റെയും അവസ്ഥ. നമ്മുടെ പരിമിതമായ അറിവിലും അന്വേഷണത്തിലും ഒരുപക്ഷേ, പലതും ഉള്‍പെട്ടില്ലെന്ന് വരാം. ജൈവലോകത്തെ 99.999% ജൈവവര്‍ഗങ്ങളെയും നിരീക്ഷിക്കുവാന്‍ പോലും ഇതുവരെ നമുക്ക് സാധിച്ചിട്ടില്ല. പ്രപഞ്ചത്തിന്റെ വലിപ്പം കണക്കാക്കാന്‍ പോലും നമ്മുടെ പരിമിതമായ കഴിവുകള്‍ വെച്ച് നമുക്ക് സാധിച്ചിട്ടില്ല. നാം നിരീക്ഷിക്കാത്ത, നമ്മുടെ നിരീക്ഷണത്തിന്റെ പരിധിയില്‍ വന്നിട്ടുപോലുമില്ലാത്തതാണ് നാം നിരീക്ഷിച്ചതിനെക്കാള്‍ എത്രയോ ആയിരക്കണക്കിന് ഇരട്ടി കൂടുതല്‍. എന്നിരിക്കെ ആ അറിവ് വെച്ചാണോ അറിവിന് പരിധിയില്ലാത്ത സ്രഷ്ടാവിന്റെ വചനങ്ങളെ നാം അളക്കുന്നത്?!

നമ്മുടെ ചിന്തകള്‍ക്കും പരിധിയുണ്ട്. തുടക്കമോ ഒടുക്കമോ ഇല്ലാത്ത സ്രഷ്ടാവിനെ പറ്റി പറയുമ്പോള്‍ ശാസ്ത്രത്തിന്റെ വരമ്പുകള്‍ക്കുള്ളില്‍ നിന്നല്ലാതെ ചിന്തിക്കില്ലെന്ന് വാശിപിടിച്ച് മുഖംചുളിച്ചവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ശാസ്ത്രം തന്നെ സമയം എന്ന ഡയമെന്‍ഷന്‍ ഇല്ലാത്ത അവസ്ഥയെ കുറിച്ചും അതിനെ കുറിച്ച് ചിന്തിക്കാന്‍ നമുക്കുള്ള പരിധിയെ കുറിച്ചും ബോധ്യമാക്കിത്തരികയാണ്. കര്‍മങ്ങള്‍ ഒന്നുമൊഴിയാതെ രേഖപ്പെടുത്തുമെന്നും അത് അന്ത്യനാളില്‍ പ്രദര്‍ശിപ്പിക്കപ്പെടും എന്നും പറയുമ്പോള്‍ അത് അവിശ്വസനീയമായിരുന്നു പലര്‍ക്കും. എന്നാലിന്ന് എല്ലാം ഒപ്പിയെടുക്കുന്ന റെക്കോര്‍ഡിംഗ് സാങ്കേതികവിദ്യകള്‍ ചെറിയ രൂപത്തിലെങ്കിലും മനുഷ്യന്‍ വികസിപ്പിച്ചെടുത്തപ്പോള്‍ അതിന് നിമിത്തമായ ബുദ്ധിയെ സൃഷ്ടിച്ചവന് ഇത് സാധ്യമല്ലേ എന്ന ചോദ്യം ഇന്ന് ആര്‍ക്കും ബോധ്യമാകും. കുറച്ച് മുന്‍പ് വരെ ഇക്കാര്യം പോലും ‘ബുദ്ധിക്ക് യോജിക്കാത്ത’തായിരുന്നു. 

നമ്മുടെ കഴിവില്ലായ്മയും അറിവിന്റെ പരിധികളും അംഗീകരിക്കുവാനുള്ള വിനയമുണ്ടാവുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. എല്ലാം തികഞ്ഞവനെന്നും എല്ലാം അറിയുന്നവനെന്നുമുള്ള അഹങ്കാരത്തോടെ ദൈവിക വചനങ്ങളെയും പ്രവാചകന്റെ ഹദീഥുകളെയും സമീപിക്കുമ്പോള്‍ പലതും ബുദ്ധിക്ക് യോജിക്കാത്തതും യുക്തിക്ക് നിരക്കാത്തതുമായി നമുക്ക് തോന്നിയേക്കാം. എന്നാല്‍ എന്റെ ഈ ബുദ്ധി ഒന്നുമല്ലെന്നും എനിക്കറിയാത്ത കാര്യങ്ങളാണ് അറിയുന്ന കാര്യങ്ങളെക്കാള്‍ കൂടുതലെന്നും എന്റെ ചിന്തകള്‍ക്ക് അംഗീകരിക്കാവുന്നതിലും അപ്പുറം യാഥാര്‍ഥ്യങ്ങളുണ്ടെന്നുമുള്ള തിരിച്ചറിവില്‍ അവ പരിശോധിക്കുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ല. കാരണം സ്രഷ്ടാവുണ്ട് എന്നത് യുക്തിപരമായ അന്വേഷണത്തിലൂടെ ബോധ്യപ്പെട്ട കാര്യമാണ്. ആ സ്രഷ്ടാവിന്റെ വചനങ്ങളാണ് ക്വുര്‍ആന്‍ എന്നതും അവന്റെ ദൂതനാണ് മുഹമ്മദ് ﷺ എന്നതും പഠിച്ചു ബോധ്യപ്പെട്ട കാര്യമാണ്. മലക്ക് ജിബ്‌രീല്‍ വഴി കിട്ടുന്ന ദിവ്യബോധനമാണ് ക്വുര്‍ആന്‍ എന്നും അതിന്റെ വിശദീകരണമായി അല്ലാഹു നബി ﷺ യെ അറിയിച്ചതാണ് ഹദീഥുകള്‍ എന്നും ബോധ്യപ്പെട്ട ഒരാള്‍ക്ക് അവയില്‍ യുക്തിരാഹിത്യം കണ്ടെത്തുവാന്‍ സാധ്യമല്ല. ആ സ്രഷ്ടാവിന് എല്ലാം സാധിക്കുമെന്നും അവന്റെ കഴിവുകള്‍ക്കും അറിവിനും പരിധികളില്ലെന്നുമുള്ളതാണ് ഇതിനൊക്കെ പിന്നിലുള്ള ഏറ്റവും വലിയ യുക്തി. 

എല്ലാറ്റിനെ കുറിച്ചുമുള്ള പൂര്‍ണമായ അറിവ് സ്രഷ്ടാവിന് മാത്രമായത് കൊണ്ട് തന്നെ നന്മയെന്തെന്നും തിന്മയെന്തെന്നും അറിയിച്ചു തരേണ്ടതും അവന്‍ തന്നെയാണ് എന്നതാണ് ഇസ്‌ലാമിന്റെ യുക്തി. ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് നന്മയും തിന്മയും തീരുമാനിക്കുകയെന്ന യുക്തിവാദ സിദ്ധാന്തത്തിന് പച്ചമലയാളത്തില്‍ ‘തോന്ന്യാസം’ എന്നാണ് പറയുക. ധാര്‍മികമായ വിധിവിലക്കുകളും നിയമങ്ങളും പാലിക്കാനുള്ള മടിയും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു പഴുതുമായാണ് പലരും ഈ ‘തോന്ന്യാസ’ക്കൂട്ടത്തെ കാണുന്നത്. ചിലരുടെ യുക്തിക്ക് മദ്യപാനം തെറ്റാവണമെന്നില്ല, ചിലര്‍ക്ക് പരിധികളില്ലാത്ത ലൈംഗികത തെറ്റായി തോന്നില്ല. പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ കൊണ്ട് പോയി ഉപേക്ഷിക്കുന്നതായിരിക്കും മറ്റു ചിലരുടെ യുക്തി. ഇങ്ങനെ ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ളതെല്ലാം ചെയ്യാന്‍ ഒരു പ്രത്യയശാസ്ത്ര ന്യായീകരണമായി യുക്തിവാദത്തെ ഉപയോഗിക്കുന്നു എന്ന് മാത്രം. മദ്യപാനമോ, വ്യഭിചാരമോ, മാതാപിതാക്കളെ ഉപേക്ഷിക്കലോ ‘തെറ്റാണ്’ എന്ന് വസ്തുനിഷ്ഠമായി പറയാന്‍ യുക്തിവാദത്തില്‍ വകുപ്പില്ല. ഏതൊരു കാര്യവും നന്മയെന്നോ തിന്മയെന്നോ തീര്‍ത്തുപറയാന്‍ അവിടെ സാധിക്കില്ല. അതുകൊണ്ട് തന്നെയാവണം പരസ്പര സമ്മതത്തോടെ പിതാവും മകളും തമ്മിലുള്ള ലൈംഗിക ബന്ധം പോലും തെറ്റാണെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയില്‍ അവരെത്തിയത്. 

മതാധിഷ്ഠിത ധാര്‍മികതക്ക് എതിരെ മാറുതുറന്നും തെരുവില്‍ ചുംബിച്ചും പ്രതിഷേധിക്കുന്നവര്‍ എന്താണ് ധാര്‍മികതയെന്നും സദാചാരമെന്നും വ്യക്തമായി വിവക്ഷിക്കാന്‍ തയ്യാറാവണം. സകല തോന്ന്യാസങ്ങള്‍ക്കും തങ്ങളുടെ യുക്തിയില്‍ പ്രശ്‌നം തോന്നുന്നില്ലെന്ന് പറഞ്ഞ് ന്യയീകരിക്കുന്നവര്‍ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് അപ്പോള്‍ മനസ്സിലാകും. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ സമൂഹത്തില്‍ നിവര്‍ന്നുനിന്ന് പറയാന്‍ മടിച്ചിരുന്ന പലതും ഇന്ന് തെറ്റല്ലാതായിരിക്കുന്നു! ഇന്ന് നാം അറപ്പോടെയും വെറുപ്പോടെയും കാണുന്ന പലതും നാളെയവര്‍ യുക്തിയുടെ കാലത്തിനനുസരിച്ച പരിണാമത്തിന്റെ പേര് പറഞ്ഞ് ന്യായീകരിക്കും. എതിര്‍ക്കുന്ന മതാധ്യാപനങ്ങളെ കാലഹരണപ്പെട്ടതെന്ന് പറഞ്ഞ് തള്ളുകയും ചെയ്യും. ഇത് പുരോഗതിയാണോ പ്രാകൃതത്വമാണോ എന്ന് മനസ്സില്‍ നന്മ ബാക്കിയുള്ളവര്‍ ചിന്തിക്കട്ടെ.

യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും സുന്ദരലോകത്തെ പറ്റി പറഞ്ഞ് യുവാക്കളെ ആകര്‍ഷിക്കുന്നവര്‍ എത്രമാത്രം യുക്തിരഹിതവും അപരിഷ്‌കൃതവുമായ ആശയത്തിലേക്കാണ് ക്ഷണിക്കുന്നത് എന്ന് ട്രെന്റുകള്‍ക്ക് പിന്നാലെ പോകുന്നവര്‍ അല്‍പ സമയം മാറ്റി വെച്ച് ചിന്തിക്കണം. ശാസ്ത്രത്തെയും യുക്തിയെയും തങ്ങള്‍ക്കൊപ്പിച്ചു മാത്രം വ്യാഖ്യാനിക്കുന്ന ഇവര്‍ പറയുന്ന ‘സ്വതന്ത്രചിന്ത’യുടെ അതിരുകള്‍ അവര്‍ തന്നെ നിശ്ചയിക്കുന്നത് നാം മനസ്സിലാക്കാതെ പോകരുത്. മതനിയമങ്ങള്‍ അനുസരിക്കാനുള്ള പ്രയാസവും വൈമനസ്യവും ഈ പാളയത്തിലേക്കാണ് നമ്മെ ആകര്‍ഷിക്കുന്നത് എങ്കില്‍ കുത്തഴിഞ്ഞ ജീവിതവും മുഴുസമയ മതവിമര്‍ശനവുമായി ജീവിതത്തിന്റെ ഏറ്റവും നല്ല കാലം നഷ്ടപ്പെടുത്തിയതിനു ശേഷം പിന്നോട്ട് തിരിഞ്ഞ് വിരല്‍ കടിച്ചത് കൊണ്ട് കാര്യമുണ്ടാകണമെന്നില്ല. സ്രഷ്ടാവൊരുക്കിയ യഥാര്‍ഥ ആസ്വാദനത്തിന്റെ ജീവിതത്തിലേക്ക് എപ്പോഴാണ് വിളിവരുന്നതെന്ന് നമുക്കാര്‍ക്കും അറിയുകയുമില്ല.

(അവസാനിച്ചു)

അബ്ദുല്ല ബാസിൽ സി.പി

05 – ജീവോല്‍പത്തി: പരിണാമവാദം കൊണ്ട് ഓട്ടയടക്കാനാവുമോ?​

05 - ജീവോല്‍പത്തി: പരിണാമവാദം കൊണ്ട് ഓട്ടയടക്കാനാവുമോ?

(നിരീശ്വര വിശ്വാസം: യുക്തിയുടെ മരുപ്പറമ്പ്: 5)

‘ബയോളജി വിദ്യാര്‍ഥിയല്ലേ? അതില്‍ പരിണാമം പഠിച്ചിട്ടും പിന്നെയുമെന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?’ ജീവോല്‍പത്തിയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ ഒരു നിരീശ്വരവാദി സുഹൃത്ത് ചോദിച്ച ചോദ്യമാണിത്. ജീവന്റെ തുടക്കമെന്താണ് എന്ന ചോദ്യങ്ങള്‍ക്കുത്തരമാണ് പരിണാമ സിദ്ധാന്തം എന്ന് ധരിച്ചുവെച്ചിരിക്കുന്ന അനേകം പേരുടെ പ്രതിനിധി മാത്രമാണ് ഇദ്ദേഹവും. ഈ ധാരണയില്‍ പരിണാമസിദ്ധാന്തമെന്നത് മതങ്ങളെയും ദൈവത്തെയും ഇല്ലാതാക്കിയ ഒരു നിരീശ്വരവാദ തിയറിയാണ് എന്ന അര്‍ഥത്തില്‍ ഇന്നും പരിണാമവാദ പ്രചാരകരായി നടക്കുകയാണ് ഒരുപാടാളുകള്‍. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തമാണ് ബൗദ്ധികമായി സംതൃപ്തിയുള്ള നിരീശ്വരവാദിയാകാന്‍ സഹായിച്ചത് എന്ന് നിരീശ്വരവാദികളുടെ ആഗോള പുരോഹിതന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലും പറയുമ്പോള്‍ ഈ സിദ്ധാന്തം അവര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല എന്ന് മനസ്സിലാക്കാം.

ജീവോല്‍പത്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പരിണാമത്തിന് സ്ഥാനമില്ല എന്നത് തന്നെയാണ് ഒന്നാമത്തെ കാര്യം. പരിണാമം ഒരിക്കലും ജീവന്റെ ഉല്‍പത്തിയെ പറ്റി ചര്‍ച്ചചെയ്യുന്ന ശാഖയല്ല. പരിണാമത്തിന്റെ ഏറ്റവും ലളിതമായ നിര്‍വചനം തന്നെ ‘descent with modification’ അഥവാ ജീവികളുടെ പരിഷ്‌കരണങ്ങളോടെയുള്ള തുടര്‍ച്ച എന്നതാണ്. എന്നുവെച്ചാല്‍ നിലവിലുള്ള ജീവനുള്ള വസ്തുക്കളില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള പഠനമാണ് പരിണാമം. ജീവനുള്ളവയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ള പഠനം എങ്ങനെയാണ് ജീവന്റെ തുടക്കത്തെ പറ്റിയുള്ള അന്വേഷണങ്ങള്‍ക്ക് ഉത്തരമാവുക? ജീവന്‍ എങ്ങനെയുണ്ടായി എന്നല്ല, ഉണ്ടായ ജീവനില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ടോ എന്നതാണ് പരിണാമത്തിന്റെ മേഖലയെന്ന് ചുരുക്കം. അതിനാല്‍ ദൈവാസ്തിത്വവുമായും ജീവോല്‍പത്തിയുമായും ബന്ധപ്പെട്ട അടിസ്ഥാന ചര്‍ച്ചകളില്‍ പരിണാമം പറഞ്ഞുവരുന്നവര്‍ക്ക് പരിണാമമെന്തെന്നോ അതിന്റെ ചര്‍ച്ചാ വിഷയമെന്തെന്നോ മനസ്സിലായിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍.

അതുകൊണ്ട് തന്നെ ജീവന്‍ എങ്ങനെയുണ്ടായി എന്ന, എന്നും നിരീശ്വരവാദികളെ കുടുക്കുന്ന ചോദ്യത്തിന് പരിണാമത്തിലൂടെ ഉത്തരം കാണാനാകില്ല. ദൈവത്തെ നിഷേധിക്കാനും ജീവോല്‍പത്തിക്ക് ശാസ്ത്രീയമായ വിശദീകരണം നല്‍കാനും പരിണാമത്തിനാകില്ല. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന പരിണാമശാസ്ത്രജ്ഞരില്‍ മിക്കവരും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് എന്നതാണ് ഏറെ രസകരം. എന്തിനേറെ ഡാര്‍വിന്‍ പോലും പറഞ്ഞത് ഒരാള്‍ക്ക് ഒരേ സമയം ദൃഢവിശ്വാസിയും പരിണാമവാദിയും ആകാം എന്നായിരുന്നു. എന്നാല്‍ ഡാര്‍വിന്‍ വ്യക്തിപരമായ ചില പ്രയാസങ്ങളുമായി ബന്ധപ്പെട്ട് ഒരു അജ്ഞേയതാവാദിയാവുകയായിരുന്നു. അദ്ദേഹം പരിണാമം കാരണമല്ല മതത്തെ പറ്റി സംശയാലുവായത്, തിന്മകളുമായും ഇച്ഛാശക്തിയുമായും ബന്ധപ്പെട്ട ചില സംശയങ്ങളായിരുന്നു മതരഹിതനാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 

ഡാര്‍വിനിസ്റ്റുകള്‍ ഇന്ന് പ്രചരിപ്പിക്കുന്ന തരത്തിലൊക്കെ പരിണാമം നടന്നുവെന്ന് അപ്പടി വാദത്തിന് വേണ്ടി അംഗീകരിച്ചാല്‍ പോലും അതൊന്നും ദൈവമില്ലെന്നതിന് തെളിവാകുകയില്ല, ആദ്യത്തെ ജീവന്‍ എങ്ങനെ ഉണ്ടായെന്ന ചോദ്യത്തിന് ഉത്തരമാവുകയുമില്ല! എത്രയൊക്കെ പോയാലും ജീവനുള്ള ഒരു ഏകകോശ ജീവിയില്‍ നിന്ന് പരിണമിക്കുന്നത് മാത്രമെ ഈ സിദ്ധാന്തത്തിന് വിശദീകരിക്കാനാവൂ. ആ ജീവന്‍ എവിടെ നിന്ന്, എങ്ങനെ വന്നു എന്ന ചോദ്യം അവിടെ നിലനില്‍ക്കുക തന്നെ ചെയ്യും. 

ഈ വസ്തുത മറച്ചുവെക്കാന്‍ പരിണാമത്തെ സൃഷ്ടിവാദവുമായി കൂട്ടിക്കെട്ടി ചര്‍ച്ച ചെയ്ത് പുകമറ തീര്‍ക്കുകയാണ് ഭൗതികവാദികള്‍. പരിണാമവും സൃഷ്ടിവാദവും തമ്മിലുള്ള സംഘട്ടനം മാത്രമായി ചര്‍ച്ചകള്‍ ചുരുക്കുകയാണ് ഇവര്‍. സൃഷ്ടിവാദത്തെ കൂട്ടുപിടിക്കാതെ ഒറ്റയ്ക്ക് ചര്‍ച്ച ചെയ്യാന്‍ മാത്രം അടിത്തറയില്ലാത്തതാണോ പരിണാമശാസ്ത്രം?! ജീവന്റെ തുടക്കത്തെ പറ്റി പറയുന്ന ‘സൃഷ്ടിപ്പും’ തുടര്‍ച്ചയെ പറ്റി പറയുന്ന ‘പരിണാമവും’ അടിസ്ഥാനപരമായി നേരിട്ടുള്ള സംഘട്ടനത്തിലല്ല എന്നറിഞ്ഞിട്ടും പരിണാമം ചര്‍ച്ച ചെയ്യുന്നിടത്തൊക്കെ പുട്ടിനു തേങ്ങയിടുമാറ് സൃഷ്ടിവാദത്തെ തിരുകിക്കയറ്റിയില്ലെങ്കില്‍ ചിലര്‍ക്ക് സമാധാനം കിട്ടില്ലെന്ന് തോന്നുന്നു. എന്തിനേറെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ പോലും ഇത്തരത്തിലുള്ള ചില പുകമറകള്‍ കടത്തിക്കൂട്ടിയിരിക്കുന്നു. പന്ത്രണ്ടാം ക്ലാസ് ബയോളജി പാഠപുസ്തകത്തില്‍ പരിണാമം പഠിപ്പിക്കുന്ന ഭാഗത്ത് ഇങ്ങനെ കാണാം:

Conventional religious literature tells us about the theory of special creation. This theory has three connotations. One, that all living organisms (species or types) that we see today were created as such. Two, that the diversity was always the same since creation and will be the same in future also. Three, that earth is about 4000 years old. All these ideas were strongly challenged during the nineteenth century. (NCERT Textbook of Biology, page 128)

‘പരമ്പരാഗത  മതഗ്രന്ഥങ്ങള്‍ പ്രത്യേക സൃഷ്ടിപ്പിനെ പറ്റിയാണ് പറയുന്നത്. മൂന്ന് കാര്യങ്ങളാണ് ഇവയില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. ഒന്നാമത്, നാമിന്ന് കാണുന്ന എല്ലാ ജീവജാലങ്ങളും അതേപടി സൃഷ്ടിക്കപ്പെട്ടതാണ്. രണ്ട്, ജൈവവൈവിധ്യം എന്നും ഒരേ പോലെയായിരുന്നു, ഭാവിയിലും അതങ്ങനെ തന്നെയായിരിക്കും. മൂന്ന്, ഭൂമിയുടെ പ്രായം വെറും 4000 വര്‍ഷങ്ങള്‍ മാത്രമാണ്. ഈ ആശയങ്ങളെല്ലാം പത്തൊമ്പതാം നൂറ്റാണ്ടില്‍ ശക്തമായി ചോദ്യം ചെയ്യപ്പെട്ടു.

എന്നുവെച്ചാല്‍ ഇനി പഠിക്കാന്‍ പോകുന്ന പരിണാമവും അതിന് അവതരിപ്പിക്കുന്ന തെളിവുകളുമെല്ലാം മതത്തിനും മതഗ്രന്ഥങ്ങള്‍ക്കും വിരുദ്ധമാണ് എന്ന് തോന്നിപ്പിക്കണം! പ്രത്യേകം സൃഷ്ടിച്ചതല്ലെന്ന് വന്നാല്‍പോലും സൃഷ്ടിപ്പോ തുടക്കമോ വിശദീകരിക്കാന്‍ പരിണാമത്തിനാകില്ലെങ്കില്‍ പിന്നെന്തിനാണ് ഇത്തരമൊരാമുഖം? ജൈവവൈവിധ്യത്തെ പറ്റി ഏതെങ്കിലും മതഗ്രന്ഥങ്ങളില്‍ വന്നത് എന്തിനാണ് എല്ലാ മതങ്ങളുടെയും മേല്‍ അടിച്ചേല്‍പിക്കുന്നത്? ജൈവവൈവിധ്യം എന്നും മാറ്റമില്ലാതെ തുടരും എന്നതൊക്കെ മതാധ്യാപനമായി എവിടെയാണ്, ആരാണ് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്? ഭൂമിയുടെ പ്രായം ഏതെങ്കിലും ഒരു മതഗ്രന്ഥത്തില്‍ വന്നത് എന്തിനാണ് മൊത്തം മതങ്ങളുടെ വാദമായി അവതരിപ്പിക്കുന്നത്? വിദ്യാര്‍ഥികള്‍ക്ക് ഇനി പഠിക്കുന്നതെല്ലാം മതത്തിനെതിരാണ് എന്ന തോന്നലുണ്ടാക്കാന്‍ ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ എഴുതിചേര്‍ത്തത് ആരായാലും ഉദ്ദേശം വ്യക്തമാണ്. 

പരിണാമം എന്നത് വിശാലമായ ഒരു ശാസ്ത്ര മേഖലയാണ്. സൂക്ഷ്മപരിണാമത്തെയും സ്ഥൂലപരിണാമത്തെയും പറ്റിയുള്ള വിവിധ തരത്തിലുള്ള പഠനങ്ങളും ഗവേഷണങ്ങളും നടന്നു കൊണ്ടിരിക്കുന്നു. മറ്റേത് ശാസ്ത്ര സിദ്ധാന്തത്തെയും പോലെ കാലാന്തരത്തില്‍ ആദ്യം വിശ്വസിച്ചിരുന്ന പലതും ശരിയല്ലെന്ന് ബോധ്യപ്പെടും, പല നിഗമനങ്ങളും ഒഴിവാക്കേണ്ടി വരും, പലതും കൂട്ടിച്ചേര്‍ക്കേണ്ടി വരും. എന്നാല്‍ ചിലര്‍ക്ക് പരിണാമം എന്നാല്‍ ഡാര്‍വിന്‍ മാത്രമാണ്! എന്നാല്‍ സത്യത്തില്‍ ഡാര്‍വിനിസം എന്നത് പരിണാമവുമായി ബന്ധപ്പെട്ട അനേകം കാഴ്ചപ്പാടുകളില്‍ ഒന്ന് മാത്രമാണ്. Neo Lamarkian Evolution, Mutation driven evolution, Evolution by natural genetic engineering, Evolution by self organization, Symbiotic evolution എന്നിങ്ങനെ അനേകം ധാരകള്‍ പരിണാമശാസ്ത്രജ്ഞന്മാര്‍ക്ക് ഇടയില്‍ തന്നെയുണ്ട്. പുതിയ തെളിവുകള്‍ക്കും ആശയങ്ങള്‍ക്കും ഇടം കൊടുക്കാതെ ഡാര്‍വിന്റെ പഴകിപ്പുളിച്ച അബദ്ധധാരണകളില്‍ തന്നെ പരിണാമശാസ്ത്രത്തെ തളച്ചിടണം എന്ന് ആഗ്രഹിക്കുന്നവര്‍ ശാസ്ത്രബോധാമില്ലാത്തവരാണ്.

പരിണാമവും ഡാര്‍വിനിസവും പര്യായപദങ്ങളല്ല എന്ന ഈ തിരിച്ചറിവ് തന്നെയാണ് ഏറ്റവും പ്രധാനം. ജീവികളില്‍ ഉണ്ടാകുന്ന ജൈവപരമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മേഖലയാണ് പരിണാമം. ഡാര്‍വിന്റെ മുന്‍പും ശേഷവും ശാസ്ത്രലോകം ഏറെ ചര്‍ച്ച ചെയ്തിട്ടുള്ള മേഖലയാണിത്. ജീവികളില്‍ ഓരോ കാലഘട്ടത്തിലും മാറ്റങ്ങളുണ്ടാകുന്നുണ്ടോ, അതിന്റെ കാരണങ്ങള്‍ എന്താണ്, അവ എങ്ങനെ മനുഷ്യപുരോഗതിക്ക് ഉപകാരപ്രദമാക്കാം എന്നൊക്കെ ചര്‍ച്ച ചെയ്യുന്ന വിശാലമായ മേഖലയാണ് പരിണാമശാസ്ത്രം. എന്നാല്‍ ഡാര്‍വിനിസം എന്നത് ഈ പരിണാമത്തെ വ്യാഖ്യാനിച്ച് എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു എന്നും അവയ്‌ക്കെല്ലാം ഒരു പൊതുപൂര്‍വികന്‍ ആണെന്നുമുള്ള ഒരു പരിണാമവൃക്ഷം സമര്‍ഥിക്കലാണ്. പ്രസ്തുത പരിണാമ വൃക്ഷത്തില്‍ മനുഷ്യന്റെ പരിണാമം അദ്ദേഹം പ്രത്യേകം ചര്‍ച്ച ചെയ്യുകയും മനുഷ്യനും ഇതുപോലെ മറ്റൊരു ജീവവര്‍ഗത്തില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് എന്നും വാദിക്കുന്നു. ഇത് വ്യക്തമായും ഇസ്‌ലാമിക അധ്യാപനങ്ങള്‍ക്ക് എതിരാണ്. മനുഷ്യനെ പ്രത്യേകമായി സൃഷ്ടിച്ചതാണ് എന്ന് ഒരു അവ്യക്തതകള്‍ക്കും ഇടകൊടുക്കാതെ ക്വുര്‍ആന്‍ വ്യക്തമായി പഠിപ്പിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഇതിനുള്ള ശാസ്ത്രീയമായ തെളിവുകള്‍ അന്വേഷിക്കുക സ്വാഭാവികമാണ്.

ഡാര്‍വിനിസത്തിന് തെളിവ് ചോദിക്കുമ്പോള്‍ പരിണാമത്തിനുള്ള തെളിവ് കൊണ്ട് വരിക എന്നത് ഇത്തരക്കാരുടെ സ്ഥിരം കലാപരിപാടിയാണ്. ആന്റിബയോട്ടിക് റെസിസ്റ്റന്‍സും സൂക്ഷ്മപരിണാമത്തിനുള്ള തെളിവുകളും നിരത്തി അവര്‍ സ്ഥലം വിടും. ഇതൊക്കെ അംഗീകരിച്ചാല്‍ തന്നെ ജീവികളില്‍ ചെറിയ മാറ്റങ്ങളുണ്ടാകാം എന്നല്ലേ തെളിയുന്നുള്ളൂ, അവയെങ്ങനെയാണ് നിങ്ങള്‍ പറയുന്ന തരത്തിലുള്ള ഒരു പരിണാമവൃക്ഷത്തിനോ മനുഷ്യപരിണാമത്തിനോ തെളിവാകുക എന്ന ചോദ്യത്തിന് അവര്‍ക്കുത്തരമില്ല. താന്‍ പറഞ്ഞ തരത്തിലുള്ള പരിണാമവൃക്ഷത്തിന് അക്കാലത്ത് ഡാര്‍വിന്‍ ഉന്നയിച്ചിരുന്നത് ഫോസില്‍ തെളിവുകളായിരുന്നു. വ്യത്യസ്ത ജീവവര്‍ഗങ്ങള്‍ക്ക് ഇടയിലെ വിട്ടുപോയ കണ്ണികളുടെ ഫോസിലുകള്‍ ലഭ്യമായാല്‍ താന്‍ പറഞ്ഞത് തെളിയിക്കപ്പെടും എന്നായിരുന്നു ഡാര്‍വിന്‍ അവകാശപ്പെട്ടത്. എന്നാല്‍ ഇത്രയും കാലം എല്ലാംമറന്ന് തിരഞ്ഞിട്ടും അവ കിട്ടാതായപ്പോഴാണ് സൂക്ഷ്മപരിണാമത്തിന്റെ തെളിവുകള്‍ കൊണ്ട് തൃപ്തിപ്പെടാന്‍ ഇവര്‍ നിര്‍ബന്ധിതരായത്. കൃത്രിമമായി ഉണ്ടാക്കാന്‍ ശ്രമിച്ച ഫോസിലുകളാകട്ടെ ശാസ്ത്രലോകത്ത് കയ്യോടെ പിടിക്കപ്പെടുകയും ചെയ്തു.

പരിണാമ വൃക്ഷത്തിന് തെളിവായി അനേകം ജീവികളുടെ ഫോസില്‍ കിട്ടിയെന്ന് വാദിക്കുന്നവര്‍ എത്ര അറ്റുപോയ കണ്ണികളുടെ ഫോസിലുകള്‍ കിട്ടി എന്നന്വേഷിക്കുന്നത് നന്നാവും. ഒരു ജീവിയുടെ, ഉദാഹരണത്തിന് ദിനോസറിന്റെ ഫോസില്‍ കിട്ടി എന്നാല്‍ അതിനര്‍ഥം ആ കാലഘട്ടത്തില്‍ ദിനോസര്‍ ജീവിച്ചിരുന്നു എന്ന് മാത്രമാണ്. അല്ലാതെ അത് ഏതെങ്കിലും ഒന്നില്‍ നിന്ന് പരിണമിച്ചതാണ് എന്നത് വെറും നിഗമനം മാത്രമാണ്. ഇങ്ങനെ ജീവിച്ചിരുന്നതും ജീവിച്ചിരിക്കുന്നതുമായ ജീവികളെ അടുക്കിവെച്ച് സാമ്യതതോന്നുന്നവയെല്ലാം ഒന്നില്‍ നിന്ന് മറ്റൊന്ന് പരിണമിച്ചു എന്ന് സുന്ദരമായി വ്യാഖ്യാനിക്കാം എന്നല്ലാതെ തെളിവെന്ത് എന്ന് ചോദിച്ചാല്‍ കൈമലര്‍ത്തലല്ലാതെ രക്ഷയില്ല. അതില്‍ തന്നെ ആകെയുള്ള ജീവജാലങ്ങളില്‍ 99.999% ജീവികളെയും ഇതുവരെ നമുക്ക് നിരീക്ഷിക്കാന്‍ പോലും പറ്റിയിട്ടില്ല എന്ന് ശാസ്ത്രം പറയുമ്പോള്‍, ആകെ നിരീക്ഷിക്കാന്‍ സാധിച്ച 0.001% ജീവജാലങ്ങളെ വെച്ചാണ് ഈ നിഗമനങ്ങളൊക്കെ. എന്നിരിക്കെ ഇതൊക്കെ തെറ്റാനുള്ള സാധ്യത എത്രയെന്ന് ഒന്നാലോചിച്ചു നോക്കൂ.

മറ്റെല്ലാ ശാസ്ത്രശാഖകളും ഏറെ മുന്നോട്ട് കുതിക്കുമ്പോഴും പരിണാമശാസ്ത്രം മാത്രം ഡാര്‍വിന്‍ പറഞ്ഞതിനപ്പുറം പോകരുത് എന്ന് വാശിപിടിക്കുന്നവര്‍ ശാസ്ത്രത്തെ പിറകോട്ട് വലിക്കുകയാണ്. ശാസ്ത്രത്തോടും തെളിവുകളോടുമുള്ള ഈ നിഷേധാത്മക നിലപാട് തിരുത്തിയേ മതിയാകൂ. ഏകപൊതുപൂര്‍വികന്‍ എന്ന ആശയത്തിനെതിരെ ഒരുപാട് പൂര്‍വികന്മാരുണ്ടാകാം എന്നും, പരിണാമവൃക്ഷത്തിന് പകരം പരിണാമ ശൃഖലയും കാലക്രമേണ പതിയെയുള്ള മാറ്റങ്ങള്‍ക്ക് പകരം പെട്ടെന്നുള്ള മാറ്റങ്ങള്‍ ഉണ്ടാവാം എന്നുമടക്കം അനേകം തിരുത്തലുകളും പുതിയ ആശയങ്ങളും പരിണാമശാസ്ത്ര രംഗത്ത് വന്നിട്ടും അവയൊന്നും ചര്‍ച്ചക്കെടുക്കുക പോലും ചെയ്യാതെ ജെനറ്റിക്‌സോ മോളിക്കുലാര്‍ ബയോളജിയോ ഒന്നുമില്ലാതിരുന്ന കാലത്ത് ഡാര്‍വിന്‍ നടത്തിയ പ്രവചനങ്ങളിലും നിഗമനങ്ങളിലും വിശ്വസിച്ച് കാലം തീര്‍ക്കണമെന്ന് ആര്‍ക്കാണിത്ര നിര്‍ബന്ധം?

ശാസ്ത്രലോകത്ത് നടക്കുന്ന ചര്‍ച്ചകള്‍ അതിന്റെ മുറക്ക് നടക്കട്ടെ. ഇസ്‌ലാമികമായി പരിണാമമെന്ന് കേള്‍ക്കുമ്പോഴേക്ക് എതിര്‍ക്കേണ്ട ബാധ്യതയും മുസ്‌ലിംകള്‍ക്കില്ല. ജീവികളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്ന് തെളിയിക്കപ്പെട്ടാലോ ഇല്ലെന്ന് തെളിയിക്കപ്പെട്ടാലോ ഇസ്‌ലാമിക പ്രമാണങ്ങള്‍ക്ക് അത് വിരുദ്ധമാകുന്നില്ല. എന്നാല്‍ മനുഷ്യപരിണാമത്തെ അംഗീകരിക്കാന്‍ ഒരു വിശ്വാസിക്ക് സാധ്യമല്ല തന്നെ. കാരണം ശാസ്ത്രം ലഭിക്കുന്ന തെളിവുകള്‍ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. എന്നാല്‍ മുസ്‌ലിംകളെ സംബന്ധിച്ച് എല്ലാം സൃഷ്ടിച്ച പ്രപഞ്ചസ്രഷ്ടാവിന്റെ വചനങ്ങള്‍ ഖന്ധിതമായി ഒരു കാര്യം പറയുന്നുവെങ്കില്‍ ശാസ്ത്രലോകത്ത് പോലും അംഗീകരിക്കപ്പെടാത്ത കേവല നിഗമനങ്ങള്‍ക്കും സങ്കല്‍പങ്ങള്‍ക്കും പിന്നാലെ പോകേണ്ട ആവശ്യം അവര്‍ക്കില്ല. 

ജീവോല്‍പത്തിയെ പറ്റി പരിണാമത്തിനൊന്നും പറയാനില്ലെന്ന് വ്യക്തം. നിലവിലുള്ള ജീവജാലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മാത്രമാണ് പരിണാമത്തിന്റെ വിഷയം. എങ്കില്‍ ജീവന്‍ എവിടെ നിന്ന് എങ്ങനെ വന്നു എന്ന ചോദ്യം അവിടെ നിലനില്‍ക്കുന്നു. ഒരിക്കലും അവിടെയും ദൈവത്തെ അംഗീകരിച്ചുകൂടാ എന്ന വാശിപിടിച്ചിരിക്കുന്നവര്‍ക്ക് പക്ഷേ, ഭൂമിക്ക് വെളിയില്‍ നിന്ന് ജീവന്റെ ബീജബിന്ദുക്കള്‍ ഭൂമിയിലെത്തി ജീവനുണ്ടായതാണ് എന്ന പാന്‍സ്‌പെര്‍മിയ തിയറിയും (Panspermia theory) അന്യഗ്രഹ ജീവികള്‍ ജീവനെ രൂപകല്‍പന ചെയ്ത് ഭൂമിയില്‍ എത്തിച്ചതാണ് എന്ന ഡയറക്റ്റഡ് പാന്‍സ്‌പെര്‍മിയ തിയറിയും (Directed panspermia theory) മൂലകങ്ങള്‍ ഇടിയും മഴയും മിന്നലും കൊണ്ട് തനിയെ ജീവനുണ്ടായതാണ് എന്ന നാച്ചുറലിസ്റ്റിക് തിയറിയുമൊന്നും (Naturalistic theory) ശാസ്ത്രീയ സിദ്ധാന്തങ്ങളായി അംഗീകരിക്കാന്‍ മടിയില്ല! എത്ര തന്നെ യുക്തിശൂന്യമായ തിയറികള്‍ തലയിലേറ്റിയാലും അറിയാതെ പോലും ദൈവത്തെ അംഗീകരിക്കാന്‍ ഇടവരരുത് എന്ന ധാര്‍ഷ്ട്യം മാത്രം.

(അടുത്ത ഭാഗം: യുക്തി ഇസ്‌ലാമില്‍)

 

അബ്ദുല്ല ബാസിൽ സി.പി

04 – പ്രപഞ്ചോല്‍പത്തി: ഇരുട്ടില്‍ തപ്പുന്ന നിരീശ്വരവിശ്വാസികള്‍

04 - പ്രപഞ്ചോല്‍പത്തി: ഇരുട്ടില്‍ തപ്പുന്ന നിരീശ്വരവിശ്വാസികള്‍

(നിരീശ്വര വിശ്വാസം: യുക്തിയുടെ മരുപ്പറമ്പ്: 4)

പ്രപഞ്ചം എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതിനാല്‍ തന്നെ നിലവിലുള്ള പ്രപഞ്ചമെന്ന യാഥാര്‍ഥ്യത്തിന്റെ തുടക്കം എങ്ങനെയെന്ന അന്വേഷണവും സ്വാഭാവികമാണ്. പ്രപഞ്ചത്തിന്റെ തുടക്കം തേടിയുള്ള അന്വേഷണം എന്നും നിരീശ്വരവാദികള്‍ക്ക് ഒരു കീറാമുട്ടിയാണ്. എല്ലാറ്റിനും കാരണക്കാരനായ സ്രഷ്ടാവിനെ നിഷേധിച്ചേ മതിയാകൂ എന്ന വാശിയുമായി തുടക്കം തേടിയുള്ള യാത്ര ഇരുട്ടില്‍ തപ്പലല്ലാതെ മറ്റെന്താണ്? അതിനവര്‍ ഒരു പരിഹാരം കണ്ടു. ഈ പ്രപഞ്ചത്തിന് ഒരു തുടക്കമില്ലെന്നും പ്രപഞ്ചം അന്നും ഇന്നും എന്നും ഇതേ പോലെ നിലനില്‍ക്കുകയായിരുന്നു, അങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യും എന്ന steady state theory ആയിരുന്നു ഒരുപാട് കാലം അവരുടെ പിടിവള്ളി. പ്രപഞ്ചം അനാദിയായത് കൊണ്ട് തുടക്കം തേടിയുള്ള അന്വേഷണങ്ങളും നിരര്‍ഥകമാണ് എന്നവര്‍ വാദിച്ചു. തുടക്കമോ ഒടുക്കമോ ഇല്ലാത്ത ദൈവത്തെ പറ്റി പറയുമ്പോള്‍ മുഖം ചുളിക്കുന്നവര്‍ പ്രപഞ്ചത്തിലോ പ്രകൃതിയിലോ അത് ആരോപിക്കുമ്പോള്‍ കൈകൊട്ടി സ്വീകരിച്ചു. എങ്ങനെയെങ്കിലും ദൈവത്തെ നിഷേധിക്കണം എന്നത് മാത്രമാണ് ലക്ഷ്യം എന്ന് വ്യക്തം.

എന്നാല്‍ ശാസ്ത്രം ഏറെ പുരോഗമിച്ചു. ഗ്യാലക്‌സികളെ പറ്റിയുള്ള പഠനങ്ങള്‍ പുതിയൊരു തിരിച്ചറിവായിരുന്നു ശാസ്ത്രജ്ഞന്മാര്‍ക്ക് നല്‍കിയത്. ഗ്യാലക്‌സികളെ നിരീക്ഷിക്കുമ്പോള്‍ അവയെല്ലാം red shift ആണ് കാണിക്കുന്നത് എന്ന കാര്യം ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തി. അഥവാ എല്ലാ ഗ്യാലക്‌സികളും നമ്മില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്! ഇതിനെക്കുറിച്ച് വിശദമായി പഠിച്ച എഡ്വിന്‍ ഹബ്ള്‍ 1929ല്‍ വിപ്ലവകരമായ ഒരു പ്രഖ്യാപനം നടത്തി. ‘പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഒരു ബലൂണിലെ പുള്ളികള്‍ ബലൂണ്‍ വീര്‍പ്പിക്കുമ്പോള്‍ എങ്ങനെ പരസ്പരം അകലുന്നുവോ, അതേപടി ഗ്യാലക്‌സികള്‍ പരസ്പരം അകന്നുകൊണ്ടിരിക്കുകയാണ്.’ ഇത് പ്രഖ്യാപിക്കുക മാത്രമല്ല, പ്രപഞ്ചവികാസത്തെ അളക്കാനുള്ള സൂത്രവാക്യവും അദ്ദേഹം കണ്ടുപിടിച്ചു. ഒരു ഗ്യാലക്‌സി നമ്മില്‍ നിന്ന് അകന്നുപോകുന്നതിന്റെ വേഗത ആ ഗ്യാലക്‌സിയും നമ്മളും തമ്മിലുള്ള അകലത്തിന് ആനുപാതികമായി ആയിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. 

പ്രപഞ്ചം എന്നും ഒരേപോലെ നിലനില്‍ക്കുകയാണ് എന്ന് വാദിച്ചുനടന്നവര്‍ക്ക് ഇതൊരു ഞെട്ടല്‍ തന്നെയായിരുന്നു. വിശ്വാസികളെ സംബന്ധിച്ച് അവരുടെ പ്രമാണങ്ങളോട് യോജിച്ചുപോകുന്ന ഒരു കാര്യം തന്നെയായിരുന്നു പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്നത്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”ആകാശമാകട്ടെ നാം അതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു”(51:47).

പ്രപഞ്ചം വികസിക്കുന്നു എന്നതില്‍ നിന്നും സ്വാഭാവികമായി അതിനൊരു തുടക്കമുണ്ട് എന്ന് മനസ്സിലാക്കാം. അഥവാ സമയം മുന്നോട്ട് പോകുംതോറും ഗ്യാലക്‌സികള്‍ തമ്മില്‍ അകന്നുകൊണ്ടിരിക്കുകയാണ് എങ്കില്‍ സമയം പിന്നോട്ട് പോയാല്‍ അവയുടെ അകലം കുറഞ്ഞുവരുമല്ലോ. അങ്ങനെ കുറഞ്ഞ് കുറഞ്ഞ് അവ തമ്മിലുള്ള അകലം ഇല്ലാതാവുന്ന ഒരു സമയവും ഉണ്ടാകുമല്ലോ. ഈ ചിന്തകളാണ് മഹാവിസ്‌ഫോടനം (Big Bang) എന്ന ആശയത്തിലേക്ക് എത്തിച്ചത്. സമയം പിന്നോട്ട് സഞ്ചരിച്ചാല്‍ ഗ്യാലക്‌സികള്‍ തമ്മിലുള്ള അകലം പൂജ്യമായ, എല്ലാം ഒരു കേന്ദ്രത്തില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള അവസ്ഥ ഉണ്ടായിരുന്നു. ഘനത്വവും സ്ഥലകാലത്തിന്റെ വക്രതയും അനന്തമായ, ശാസ്ത്രീയ നിയമങ്ങള്‍ക്ക് അതീതമായ ആ അവസ്ഥയെ singularity എന്ന് വിളിക്കുന്നു. ഈ അവസ്ഥയില്‍ നിന്നുള്ള ശക്തമായ ഒരു പൊട്ടിത്തെറിയില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്നതാണ് മഹാവിസ്‌ഫോടനസിദ്ധാന്തം മുന്നോട്ട് വെക്കുന്ന ആശയം.

മറ്റു വിശദാംശങ്ങള്‍ നമുക്ക് പിന്നീട് സംസാരിക്കാം. എന്തായാലും ഇതോടെ പ്രപഞ്ചത്തിനൊരു തുടക്കമുണ്ട് എന്നത് ശാസ്ത്രലോകം അംഗീകരിച്ചു. പ്രപഞ്ചത്തിനു തുടക്കമോ ഒടുക്കമോ ഇല്ലെന്നും അതിനാല്‍ പ്രപഞ്ചോല്‍പ്പത്തി തേടി പോകേണ്ട ആവശ്യമോ അതിനൊരു സ്രഷ്ടാവിന്റെ ആവശ്യകതയോ ഇല്ലെന്ന വാദം ഇതോടെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ടു. പ്രപഞ്ചത്തിനൊരു തുടക്കമുണ്ട്. എങ്കില്‍പിന്നെ അതിനു നാല് സാധ്യതകളാണ് നമുക്ക് പരമാവധി എണ്ണാന്‍ സാധിക്കുക.

 

1. ഒന്നുമില്ലായ്മയില്‍ നിന്ന് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു.

2. പ്രപഞ്ചം സ്വയം സൃഷ്ടിച്ചു.

3. സൃഷ്ടിക്കപ്പെട്ട എന്തോ ഒന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ചു.

4. സൃഷ്ടിക്കപ്പെടാത്ത, കാരണങ്ങള്‍ക്ക് അതീതനായ ഒരു സ്രഷ്ടാവ് പ്രപഞ്ചത്തെ സൃഷ്ടിച്ചു.

ഇതല്ലാത്ത ഒരു സാധ്യത നമുക്ക് മുമ്പിലില്ല. ഒന്നാമതായി, പലപ്പോഴും നിരീശ്വരവാദികള്‍ ഉന്നയിക്കാറുള്ള ഒരു വാദമാണ് പ്രപഞ്ചം ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടായി എന്നത്. സത്യത്തില്‍ എന്താണീ ‘ഒന്നുമില്ലായ്മ’? ഒന്നുമില്ലായ്മ എന്നാല്‍ എന്തോ ഒന്നാണ് എന്ന നിലയ്ക്കാണ് വളരെ പ്രഗത്ഭരായ നിരീശ്വരവാദ പ്രചാരകര്‍ പോലും സംസാരിക്കുന്നത്. ഒന്നുമില്ലായ്മ എന്നാല്‍ നമുക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള അക്ഷരാര്‍ഥത്തില്‍ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഘനമോ ഊര്‍ജമോ ഒന്നും ഇല്ലാത്ത  Absolute Nothingness.  ആ ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെയാണ് എന്തെങ്കിലും ഒന്ന് ഉണ്ടാവുക? സാമാന്യയുക്തിക്കും അടിസ്ഥാന ശാസ്ത്രനിയമങ്ങള്‍ക്കും എതിരല്ലേ അത്?

ഒന്നുമില്ലായ്മ വിശദീകരിക്കാന്‍ നിരീശ്വരന്മാര്‍ പാടുപെടുന്നത് കാണുമ്പോള്‍ ആര്‍ക്കാണ് സഹതാപം തോന്നാതിരിക്കുക! ‘A Universe From Not-hing’  എന്ന പുസ്തകമെഴുതിയ ലോകപ്രശസ്ത നിരീശ്വരവാദിയായ ലോറന്‍സ് ക്രോസ് പറയുന്നത് ഇങ്ങനെയാണ്:

‘Once you have some energy, using quantum rules and Dirac’s equation, you can create mass out of nothing’

അഥവാ അല്‍പം ഊര്‍ജമുണ്ടെങ്കില്‍ ക്വാണ്ടം നിയമങ്ങളും ഡിറാഖ് സൂത്രവാക്യങ്ങളും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒന്നുമില്ലായ്മയില്‍ നിന്ന് ഘനത്വം ഉണ്ടാക്കാം എന്ന്! ഒരു വാചകത്തില്‍ തന്നെ ഇത്ര വലിയ വൈരുധ്യം പറയാന്‍ മറ്റാര്‍ക്ക് സാധിക്കും?! ആദ്യം അല്‍പം ഊര്‍ജം ആവശ്യമാണെന്ന് പറഞ്ഞ അതേ ആളാണ് ഒന്നുമില്ലായ്മയില്‍ നിന്ന് ഘനമുണ്ടാക്കാം എന്ന് വാദിക്കുന്നത്. ഊര്‍ജം ആവശ്യമാണെങ്കില്‍ എങ്ങനെയാണ് സര്‍ അത് ഒന്നുമില്ലായ്മ ആവുക? ഒന്നുമില്ലായ്മയില്‍ ഊര്‍ജമുണ്ടാവുകയില്ലല്ലോ. ഊര്‍ജമുണ്ടെങ്കില്‍ അത് ഒന്നുമില്ലായ്മ അല്ലലോ!

ഇങ്ങനെ ഒന്നുമില്ലായ്മ എന്തെന്നോ അതില്‍ ഊര്‍ജം എവിടെ നിന്ന് വരുന്നുവെന്നോ വിശദീകരിക്കാനാവാതെ നട്ടം തിരിയുകയാണ് നിരീശ്വരന്മാര്‍. ദൈവത്തെ നിഷേധിക്കുവാന്‍ എത്ര വലിയ യുക്തിരഹിതമായ ആശയവും വാദിക്കാന്‍ ഇവര്‍ മടിക്കില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഒന്നുമില്ലായ്മയില്‍ നിന്ന് പ്രപഞ്ചമുണ്ടായി എന്ന് വാദിക്കാന്‍ ഇവര്‍ തയ്യാറാകുന്നത്. ആ ഒന്നുമില്ലായ്മ പോലും വിശദീകരിക്കുമ്പോള്‍ അത് ഒന്നുമില്ലായ്മയല്ലെന്നും അതില്‍ എന്തൊക്കെയോ ഉണ്ടെന്നും പറഞ്ഞ് പോകുന്ന നിസ്സഹായാവസ്ഥ! 

രണ്ടാമത്തെ സാധ്യതയാണ് പ്രപഞ്ചം സ്വയം സൃഷ്ടിക്കുക എന്നത്. ഈ വാദത്തില്‍ തന്നെ അതിന്റെ യുക്തിരാഹിത്യം വ്യക്തമാണ്. പ്രപഞ്ചം സ്വയം സൃഷ്ടിക്കുക എന്നാല്‍ പ്രപഞ്ചം ഉണ്ടാവാനുള്ള കാരണം അത് തന്നെയാണ് എന്നതാണ്. പ്രപഞ്ചം പ്രപഞ്ചത്തെ സൃഷ്ടിക്കണമെങ്കില്‍ ആദ്യം പ്രപഞ്ചം നിലവിലുണ്ടാവേണ്ടേ? അഥവാ നിലവിലില്ലാത്ത പ്രപഞ്ചം അതിന്റെ തന്നെ കാരണമാവുക! നിലവില്‍ ഇല്ലാത്ത ഒരു കാരണം എങ്ങനെയാണ് ഒരു കാര്യം സാധിക്കാനുള്ള കാരണമായി വര്‍ത്തിക്കുക? ഒന്നുകൂടി ലളിതമായി പറഞ്ഞാല്‍ ഇല്ലാത്ത ഒരു വസ്തു ഒരു കാര്യത്തിന്റെ കാരണമായി ഭവിക്കുക എന്ന ഭൂലോക അസംബന്ധമാണ് ഈ വാദം. 

മൂന്നാമത്തെ സാധ്യതയാണ് സൃഷ്ടിക്കപ്പെട്ട എന്തോ ഒന്ന് സൃഷ്ടിച്ചു എന്നത്. സ്വാഭാവികമായും അതിന്റെ സ്രഷ്ടാവിലേക്കുള്ള അന്വേഷണമായിരിക്കും പിന്നീട്. ഓരോന്നും സൃഷ്ടിക്കപ്പെട്ട വേറെയൊന്നിനാല്‍ സൃഷ്ടിക്കപ്പെട്ടു എന്നുള്ള വാദം ഒരിക്കലും പ്രപഞ്ചോല്പത്തി വിശദീകരിക്കാന്‍ പ്രാപ്തമല്ല. ‘അതിനെയാര് സൃഷ്ടിച്ചു’ എന്ന അന്വേഷണം അനന്തമായി നീളുമെന്നല്ലാതെ ആദ്യ സൃഷ്ടിപ്പിനെ പറ്റി വിശദീകരിക്കാന്‍ ഒരിക്കലും സാധ്യമാവുകയില്ല.

അവസാനത്തെ സാധ്യതയാണ് സൃഷ്ടിക്കപ്പെടാത്ത, കാരണങ്ങള്‍ക്ക് അതീതനായ ഒരു സ്രഷ്ടാവ് സൃഷ്ടിച്ചു എന്നത്. പ്രപഞ്ചത്തിനും പദാര്‍ഥങ്ങള്‍ക്കും കാലത്തിനും അതീതനായ ഒരു സര്‍വശക്തനായ ഒരു പടച്ചവന്‍ സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചം എന്ന് വിശ്വസിക്കുന്നതിനെക്കാള്‍ യുക്തിസഹമായി മറ്റെന്ത് സാധ്യതയാണ് ഉയര്‍ത്തിക്കാട്ടാനാവുക? 

”കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല. കണ്ണുകളെ അവന്‍ കണ്ടെത്തുകയും ചെയ്യും. അവന്‍ സൂക്ഷ്മജ്ഞാനിയും അഭിജ്ഞനുമാകുന്നു” (ക്വുര്‍ആന്‍ 6:103).

സാമാന്യയുക്തിക്കോ ബുദ്ധിക്കോ ഒരിക്കലും അംഗീകരിക്കാനാവാത്ത ഉള്ളുപൊള്ളയായ ‘ഒന്നുമില്ലായ്മാ’വാദങ്ങള്‍ വാദിച്ചു നടക്കുന്നവര്‍ക്ക് സ്രഷ്ടാവിനെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന മുന്‍വിധിയും അഹന്തയും മാത്രമാണ്. ഇങ്ങനെയൊക്കെ ഒരു യുക്തിയുമില്ലാത്ത വാദങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ദൈവവിശ്വാസത്തെ എങ്ങനെയെങ്കിലും യുക്തിരഹിതമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നിരീശ്വരന്മാര്‍. ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെ എന്തെങ്കിലും ഉണ്ടാവും, പ്രപഞ്ചം എങ്ങനെ സ്വയം സൃഷ്ടിക്കും, ഇത്ര വ്യവസ്ഥാപിതമായ പ്രപഞ്ചം എങ്ങനെ യാദൃശ്ചികമായി ആരും സൃഷ്ടിക്കാതെ ഉണ്ടായി തുടങ്ങിയ എണ്ണമറ്റ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരമില്ലാതാകുമ്പോള്‍ പതിനെട്ടാമത് അടവായി അവര്‍ തിരിച്ചു ചോദിക്കുന്ന ചോദ്യമാണ് ‘അങ്ങനെയെങ്കില്‍ ദൈവത്തെ ആര് സൃഷ്ടിച്ചു?’ എന്നത്.

തങ്ങളുടെ വാദങ്ങളുടെ യുക്തിരാഹിത്യം ബോധ്യപ്പെടുമ്പോള്‍ ഒഴിഞ്ഞുമാറാന്‍ നടത്തുന്ന ഒരു ശ്രമം മാത്രമാണീ ചോദ്യം. എന്തെന്നാല്‍ കാരണങ്ങള്‍ക്ക് അതീതനായ, സൃഷ്ടിക്കപ്പെടാത്ത, കാലത്തിനും പ്രപഞ്ചത്തിനും അതീതനായ ഒരു സ്രഷ്ടാവിനെ കുറിച്ചാണിവിടെ ചര്‍ച്ച തന്നെ. സൃഷ്ടിക്കപ്പെടാത്ത ഒന്നിനെ സൃഷ്ടിച്ചതാര്, കാലത്തിന് അതീതനായ ദൈവത്തിന്റെ തുടക്കമെന്ത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ തന്നെ അര്‍ഥശൂന്യമാണ്. 

അന്ധമായ നിരീശ്വരവിശ്വാസം വെടിഞ്ഞ് ശാസ്ത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പോലും ഇന്നീ ചോദ്യത്തിന്റെ യുക്തിരാഹിത്യം ബോധ്യമാകും. നേരത്തെ പറഞ്ഞ മഹാവിസ്‌ഫോടന സിദ്ധാന്തത്തിലേക്ക് തിരിച്ചുവരാം. വിസ്‌ഫോടനം നടക്കുന്നതിനു മുമ്പ് ഗ്യാലക്‌സികള്‍ തമ്മിലുള്ള അകലം പൂജ്യമായിരുന്ന അവസ്ഥയെ പറ്റി പറഞ്ഞല്ലോ. ആ സമയത്ത് ആ ബിന്ദുവിന്റെ ഘനത്വവും സ്ഥലകാല വക്രതയും അനന്തമായിരിക്കും. അനന്തമായ സംഖ്യകളെ കൈകാര്യം ചെയ്യാന്‍ ഗണിതത്തിനാവുകയില്ല എന്നതിനാല്‍ തന്നെ അവിടെ ഒരു ശാസ്ത്രീയ നിയമങ്ങളും ബാധകമല്ല. മഹാവിസ്‌ഫോടനത്തോടെയാണ് ഇന്ന് പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ആരംഭിക്കുന്നത്. അതിനാല്‍ തന്നെ ‘സമയം’ അല്ലെങ്കില്‍ ‘കാലം’ ആരംഭിക്കുന്നത് മഹാവിസ്‌ഫോടനത്തോടെയാണ് എന്നാണ് ഇന്ന് ശാസ്ത്രം പറയുന്നത്. എന്നുവെച്ചാല്‍ ‘മഹാവിസ്‌ഫോടനത്തിനു മുന്‍പ് എന്ത്’ എന്ന ചര്‍ച്ച തന്നെ അപ്രസക്തമാണ്, കാരണം അവിടെ മുമ്പെന്നോ ശേഷമെന്നോ പറയാന്‍ സമയം (time) എന്ന dimension നിലവിലില്ല എന്നത് തന്നെ!

സമയമില്ലാത്ത ഒരവസ്ഥയെ പറ്റി ചിന്തിക്കാന്‍ നമ്മുടെ ചിന്തകള്‍ക്ക് ചില പരിമിധികളുണ്ട്. സ്ഥലകാലനൈരന്തര്യത്തിനകത്ത് നിന്ന് ചിന്തിക്കുവാനേ നമുക്ക് സാധ്യമാവൂ. മൂന്ന് സ്‌പേസ് ഡയമെന്‍ഷനുകളും സമയത്തിന്റെ ഒരു ഡയമെന്‍ഷനും ചേര്‍ന്ന ഒരു ചതുര്‍മാന ലോകത്താണ് നാം ജീവിക്കുന്നത്. ഈ ചതുര്‍മാന ലോകത്തിനനുസരിച്ച്, അവ ഉള്‍ക്കൊള്ളാന്‍ മാത്രം പ്രാപ്തമായ, ഭൂമി കേന്ദ്രീകൃതമായി വികസിച്ച നമ്മുടെ മസ്തിഷ്‌കത്തില്‍ സമയം എന്ന ഡയമെന്‍ഷനെ ഒഴിവാക്കി ചിന്തിക്കാന്‍ പറ്റാത്ത പ്രശ്‌നമാണിത്. അതുകൊണ്ട് തന്നെ ബിഗ്ബാങ്ങിനു മുന്‍പ് എന്താണ് എന്ന ചോദ്യത്തിന് ഇന്ന് ഭൗതികശാസ്ത്രം തന്നെ നല്‍കുന്ന ഉത്തരം അങ്ങനെ ഒരു അവസ്ഥയില്ല എന്നതാണ്. കാരണം അവിടെ സമയം എന്ന ഡയമന്‍ഷന്‍ ഇല്ലാത്തത് കൊണ്ട് തന്നെ മുന്‍പെന്നോ ശേഷമെന്നോ തുടക്കമോ ഒടുക്കമോ ഒന്നും അവിടെയില്ല. ഇതാണ് നിരീശ്വരവാദികളുടെ ശാസ്ത്രക്ലാസുകളില്‍ പോലും അവര്‍ നല്‍കുന്ന ഉത്തരം!

ഇത് അംഗീകരിക്കാന്‍ ഒരു പ്രയാസവും തോന്നാത്തവര്‍ക്ക് എങ്ങനെയാണ് ബിഗ്ബാങ്ങിനും കാരണക്കാരനായ ദൈവത്തിനു തുടക്കമോ ഒടുക്കമോ ഇല്ലെന്നു പറയുമ്പോള്‍ നെറ്റിചുളിയുന്നത്? ബിഗ്ബാങ്ങോട് കൂടിയാണ് സമയം ഉണ്ടായത് എന്നതിനാല്‍ ബിഗ്ബാങ്ങിനു മുന്‍പ് എന്നൊരവസ്ഥ ഇല്ലെന്ന് പറയുന്നവര്‍ക്ക് ആ ബിഗ്ബാങ്ങിനും ഹേതുവായ സ്രഷ്ടാവിന് സമയം എന്ന അവസ്ഥ ബാധകമല്ല എന്ന് മനസ്സിലാക്കാന്‍ എന്താണ് പ്രയാസം? സമയം എന്ന ഡയമെന്‍ഷന് അതീതനായ സ്രഷ്ടാവിന് തുടക്കമോ ഒടുക്കമോ ഒന്നും ബാധകമല്ലല്ലോ. ആ സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം സമയത്തിനും കാലത്തിനും പദാര്‍ഥങ്ങള്‍ക്കും സ്ഥലകാല നൈരന്തര്യത്തിനും എല്ലാം അതീതനാണ് അവന്‍. സമയം ബാധകമല്ലാത്ത സ്രഷ്ടാവിന് തുടക്കം എന്ന ഒരു അവസ്ഥ ഇല്ല. തുടക്കമില്ലാത്ത ഒന്നിനെ ആരെങ്കിലും സൃഷ്ടിക്കണോ? ഒരിക്കലും വേണ്ട! അവന്‍ തുടക്കമോ ഒടുക്കമോ ഇല്ലാത്തവനാണ്, അവനെ ആരും സൃഷ്ടിച്ചിട്ടില്ല, ക്വുര്‍ആന്‍ നല്‍കുന്ന ഉത്തരം എത്ര കൃത്യം!

”പറയുക, കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു എല്ലാവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. അവന് തുല്യനായി ഒരാളും ഇല്ല താനും” (വിശുദ്ധ ക്വുര്‍ആന്‍: 112:1-4).

(അടുത്ത ഭാഗം: ജീവോല്‍പത്തി: പരിണാമം കൊണ്ട് ഓട്ടയടക്കാനാവുമോ?)

 

അബ്ദുല്ല ബാസിൽ സി.പി

03 – ദൈവാസ്തിത്വത്തിന് തെളിവുകളുണ്ടോ?

03 - ദൈവാസ്തിത്വത്തിന് തെളിവുകളുണ്ടോ?

(നിരീശ്വര വിശ്വാസം: യുക്തിയുടെ മരുപ്പറമ്പ്: 3)

ദൈവമുണ്ടോ എന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദൈവത്തെ നിഷേധിച്ചുകൊണ്ടും സ്ഥാപിച്ചുകൊണ്ടുമുള്ള വാദപ്രതിവാദങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഓരോ കാലത്തും അതാത് കാലത്തെ ലഭ്യമായ അറിവുകള്‍ വെച്ച് ‘ദൈവത്തെ ഇല്ലാതാക്കാന്‍’ നിരീശ്വരന്മാര്‍ ശ്രമിച്ചിട്ടുണ്ട്. ന്യൂട്ടോണിയന്‍ ഫിസിക്‌സിന്റെ കാലത്ത് മൂന്ന് ചലനനിയമങ്ങളോടെ ഇനിയൊരു ദൈവത്തിനു പ്രസക്തിയില്ലെന്ന് വീമ്പുപറഞ്ഞവരുണ്ടായിരുന്നു. പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ ഇന്നുമവര്‍ അറിഞ്ഞ മട്ടില്ല. അറുപതുകളില്‍ പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവര്‍ സ്‌റ്റോറി തന്നെ ‘ദൈവം മരിച്ചുവോ?’ എന്നായിരുന്നു. ശാസ്ത്രത്തിന്റെ പുരോഗതിയോടെ ദൈവവിശ്വാസം ഇല്ലാതാകുമെന്ന ഒച്ചപ്പാടുകളായിരുന്നു അന്ന് കേട്ടതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കടക്കുമ്പോള്‍ ‘എന്തുകൊണ്ടാണ് ശാസ്ത്രം ദൈവത്തെ നിഷേധിക്കാത്തത്?’ എന്ന ചര്‍ച്ചയാണ് അതേ ടൈം മാഗസിനില്‍ നടക്കുന്നത് (2014 ഏപ്രില്‍ 17). 

ദൈവമില്ല എന്ന് പഠിച്ചുബോധ്യപ്പെട്ടൊന്നുമല്ല ദൈവത്തെ നിഷേധിക്കാന്‍ ഇക്കൂട്ടര്‍ രംഗത്തിറങ്ങുന്നത്. തങ്ങള്‍ക്ക് മുകളില്‍ അനുസരിക്കപ്പെടേണ്ടവനായി ആരുമുണ്ടാകരുത് എന്നുള്ള അഹന്തയും ദൈവം നിശ്ചയിക്കുന്ന നിയമങ്ങളും അതിരുകളും കാര്യമാക്കാതെ തന്നിഷ്ടപ്രകാരം ജീവിക്കാനുള്ള ആഗ്രഹവുമാണ് ഒരാളെ ദൈവനിഷേധിയാക്കുന്നത്. ദൈവവിശ്വാസിയായി മതനിയമങ്ങള്‍ക്ക് വിധേയനായി ജീവിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. തനിക്ക് മുകളില്‍ സര്‍വശക്തനായ ഒരു സ്രഷ്ടാവുണ്ടെന്നും താന്‍ അവന്റെ അടിമ മാത്രമാണെന്നും അംഗീകരിക്കാന്‍ വിനയമുള്ളവര്‍ക്ക് മാത്രമെ സാധിക്കുകയുള്ളൂ. അതിനാല്‍ തന്നെ ഇതിനെയെല്ലാം തള്ളിക്കളഞ്ഞ് ഒരു ബോധ്യവുമില്ലെങ്കിലും ദൈവത്തെ നിഷേധിക്കാന്‍ മുന്നോട്ട് വരികയാണ് നാസ്തികര്‍ ചെയ്യുന്നത്. 

നിരീശ്വരവാദീ വേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ഒരു സുഹൃത്തിനോട് ദൈവാസ്തിത്വത്തെ പറ്റി ഫേസ്ബുക്കില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ദൈവമുണ്ടോ ഇല്ലേ എന്നതൊന്നും ഞങ്ങള്‍ക്ക് വിഷയമല്ല, ഏതായാലും നിങ്ങളുടെ കിതാബില്‍ പറയുന്ന തരത്തില്‍ ഒരു ദൈവമില്ല എന്ന കാര്യം ഉറപ്പാണ്’ എന്നാണ്! നോക്കൂ, ദൈവവിശ്വാസവും നിരീശ്വരവിശ്വാസവും തമ്മിലുള്ള അടിസ്ഥാന വിഷയത്തില്‍ പോലും ഇവരുടെ ആത്മാര്‍ഥത എത്രത്തോളമുണ്ട് എന്ന്! ക്വുര്‍ആനിലും ഹദീഥുകൡലും അല്ലാഹുവിനെ പറ്റി വന്ന വിശദാംശങ്ങളെ മതവിമര്‍ശന തൊഴിലാളികള്‍ വളച്ചൊടിച്ച് കോട്ടിമാട്ടി അവതരിപ്പിച്ചത് അതേപടി വിഴുങ്ങുകയും ഇങ്ങനെയാണെങ്കില്‍ ദൈവമില്ല എന്ന് പറയുകയും ചെയ്യുന്ന ദയനീയമായ അവസ്ഥ. ദൈവമുണ്ടോ എന്ന വിഷയത്തില്‍ കൃത്യമായ ഒരു പഠനമോ ദൈവാസ്തിത്വത്തിന്റെ തെളിവുകളെ പറ്റിയുള്ള ഒരന്വേഷണമോ ഇവര്‍ നടത്തിയിട്ടില്ല. 

ദൈവാസ്തിത്വത്തിന്റെ തെളിവുകളെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ഇസ്‌ലാം ആദ്യമായി തന്നെ മുന്നോട്ട് വെക്കുന്നത് മനുഷ്യന്റെ ശുദ്ധപ്രകൃതി തന്നെയാണ്. ദൈവത്തെ തേടി ആകാശങ്ങളുടെ പുറത്തേക്കോ ഭൂമിയുടെ ആഴങ്ങളിലേക്കോ പോകേണ്ടതില്ലെന്നും മനുഷ്യന്റെ ശുദ്ധപ്രകൃതിയില്‍ തന്നെ ആ വിശ്വാസം അന്തര്‍ലീനമായിരിക്കുന്നു എന്നതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.

”ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ചു നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്” (വിശുദ്ധ ക്വുര്‍ആന്‍ 30:30).

അതായത് ദൈവവിശ്വാസം എന്നത് മനുഷ്യന്റെ സൃഷ്ടിപ്പില്‍ തന്നെ അവനിലുള്ള ഗുണമാണ്. മനുഷ്യന്റെ ‘ഫിത്‌റത്ത്’ അഥവാ ശുദ്ധപ്രകൃതി അവന്റെ സ്രഷ്ടാവിനെ അംഗീകരിക്കുന്നു. പ്രകൃതിപരമായ പ്രവണതയായ ഒരു സ്രഷ്ടാവിലുള്ള വിശ്വാസം പ്രത്യേകം പഠിപ്പിച്ചെടുക്കേണ്ട ഒന്നല്ല, അത് നൈസര്‍ഗികമാണ് എന്ന് ചുരുക്കം. സാമൂഹ്യശാസ്ത്രത്തിലും നരവംശശാസ്ത്രത്തിലും നടക്കുന്ന പുതിയ പഠനങ്ങളും ഗവേഷണങ്ങളും ഈയൊരു കാര്യത്തെ സാധൂകരിക്കുന്നതാണ്. ദൈവത്തെ പറ്റി ഒരു തരത്തിലുള്ള അധ്യാപനവും നല്‍കാതെ ഒരു കുട്ടിയെ ഒറ്റപ്പെട്ട ഒരു ദ്വീപില്‍ കൊണ്ടുപോയി വളര്‍ത്തിയാല്‍ പോലും ആ ദ്വീപിന് ഒരു സ്രഷ്ടാവുണ്ട് എന്ന വിശ്വാസം അവനില്‍ രൂപപ്പെട്ടുവരും എന്ന തരത്തിലുള്ള പഠനങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. 

മനുഷ്യന്റെ ഈ ശുദ്ധപ്രകൃതിക്ക് എതിരാണ് നിരീശ്വര വിശ്വാസം. അതുകൊണ്ട് തന്നെ ദൈവമില്ല എന്ന കാര്യം പ്രത്യേകം പഠിപ്പിക്കേണ്ടി വരുന്നു. അതൊരിക്കലും പ്രകൃതിപരമായി മനുഷ്യന് ലഭിക്കുന്ന ഒന്നല്ല. അതുകൊണ്ടാണ് സോവിയറ്റ് റഷ്യപോലുള്ള രാജ്യങ്ങളില്‍ നിരീശ്വരവാദം സ്‌കൂള്‍ സിലബസില്‍ പോലും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കുട്ടികളില്‍ ഈയൊരു വിശ്വാസം അടിച്ചേല്‍പിക്കുവാന്‍ ശ്രമിച്ചത്. എന്നാല്‍ അവിടങ്ങളില്‍ പോലും ദൈവവിശ്വാസം തിരിച്ചുവരുന്നു എന്ന വസ്തുതയാണ് നമുക്ക് കാണാനാകുന്നത്. ശുദ്ധ നിരീശ്വരന്മാരായി വളര്‍ത്തിക്കൊണ്ട് വന്ന ഒരു തലമുറ പോലും ദൈവവിശ്വാസത്തിലേക്ക് പതിയെ തിരിച്ചു വരുന്നുണ്ടെങ്കില്‍ അത് മനുഷ്യന്റെ ശുദ്ധപ്രകൃതിയിലേക്കുള്ള തിരിച്ചുവരവ് തന്നെയാണ്.

നിരീശ്വരവാദത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ പോലും അറിയാതെ ചില സന്ദര്‍ഭങ്ങളില്‍ ദൈവത്തെ കുറിച്ച് സംസാരിച്ചത് അവരുടെ ഉള്ളിലുള്ള ഈ പ്രകൃതിപരമായ വിശ്വാസം കൊണ്ടാണ്. ആഗോള നിരീശ്വര വിശ്വാസികളുടെ പുരോഹിതനായ റിച്ചാര്‍ഡ് ഡോക്കിന്‍സ് പോലും ബി.ബി. സി റേഡിയോയുടെ ഒരു ഇന്റര്‍വ്യൂവിനിടയില്‍ പെട്ടെന്ന് ചില കാര്യങ്ങള്‍ ഓര്‍മയില്‍ വരാതിരുന്നപ്പോള്‍ അറിയാതെ വിളിച്ചു പോയത് ‘എന്റെ ദൈവമേ’ എന്നായിരുന്നു! കേരളത്തില്‍ തന്നെ നിരീശ്വരവാദിയായ ഒരു രാഷ്ട്രീയ നേതാവ് അവസാന കാലത്ത് ചില ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമപ്രവര്‍ത്തകര്‍ വല്ലാതെ ശല്യപ്പെടുത്തിയപ്പോള്‍ അവരോട് പറഞ്ഞത് ‘മുകളിലൊരാള്‍ ഉണ്ട് എന്ന് ഓര്‍മിക്കണം കേട്ടോ’ എന്നായിരുന്നു! എല്ലാവരുടെയും ഉള്ളിലുള്ള സ്രഷ്ടാവിലുള്ള വിശ്വാസം ചിലപ്പോഴെങ്കിലും അറിയാതെ പുറത്ത് വരുന്നു എന്ന് മാത്രം…! എങ്കില്‍ പോലും വരട്ടുന്യായങ്ങളും കുതര്‍ക്കങ്ങളും പറഞ്ഞ് അവര്‍ വീണ്ടും ദൈവത്തെ നിഷേധിച്ചുകൊണ്ടേയിരിക്കും!

ദൈവാസ്തിത്വത്തിനുള്ള മറ്റൊരു പ്രധാനപ്പെട്ട തെളിവ് ലോകത്ത് കഴിഞ്ഞുപോയ മുഴുവന്‍ പ്രവാചകന്മാരും അവരിലൂടെ അവതരിക്കപ്പെട്ട വേദഗ്രന്ഥങ്ങളും തന്നെയാണ്. ഒരു പ്രവാചകനും ദൈവത്തെ പറ്റി പഠിപ്പിക്കാതെ കടന്നുപോയിട്ടില്ല. ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണ് എന്ന് ബോധ്യപ്പെടുത്തുന്ന അമാനുഷിക ദൃഷ്ടാന്തങ്ങള്‍ (മുഅ്ജിസത്ത്) അവരിലൂടെ സമൂഹം നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. അന്ത്യപ്രവാചകനായ മുഹമ്മദ് നബി ﷺ യുടെ ഏറ്റവും വലിയ മുഅ്ജിസത്തായ വിശുദ്ധ ക്വുര്‍ആന്‍ ഇന്നും നമ്മുടെ മുന്‍പില്‍ ഏറ്റവും വലിയ ദൃഷ്ടാന്തമായി നിലനില്‍ക്കുന്നു. ക്വുര്‍ആന്‍ ദൈവത്തില്‍ നിന്നല്ല എന്ന് വാദിക്കുന്നവര്‍ക്ക് മുന്‍പില്‍ അത് തെളിയിക്കാനുള്ള അവസരങ്ങള്‍ ക്വുര്‍ആന്‍ ഒരുക്കി. 

”പറയുക, ഈ ക്വുര്‍ആന്‍ പോലുള്ള ഒന്ന് കൊണ്ടുവരാന്‍ മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചാലും അവര്‍ അതുപോലെയുള്ള ഒന്ന് കൊണ്ടുവരികയില്ല” (ക്വുര്‍ആന്‍ 17:88).

ക്വുര്‍ആന്‍ ദൈവികമല്ലെന്ന് വാദിച്ചവര്‍ക്ക് മുന്‍പില്‍ ക്വുര്‍ആന്‍ പോലുള്ള ഒന്ന് കൊണ്ട് വരാനുള്ള ഈ വെല്ലുവിളി ആവര്‍ത്തിക്കപ്പെട്ടു. ഒരാളും ഏറ്റെടുത്തില്ല, വീണ്ടും ക്വുര്‍ആന്‍ വെല്ലുവിളിച്ചു.

”അദ്ദേഹം ഇത് കെട്ടിച്ചമച്ചതാണ് എന്നാണോ നിങ്ങള്‍ പറയുന്നത്? എങ്കില്‍ പറയുക, കെട്ടിച്ചമക്കപ്പെട്ട ഒരു പത്ത് സൂറത്തുകളെങ്കിലും ഇതുപോലെ നിങ്ങള്‍ കൊണ്ടുവരുവിന്‍. അല്ലാഹുവിന് പുറമെ സാധ്യമായവരെയൊക്കെ നിങ്ങള്‍ വിളിക്കുകയും ചെയ്തുകൊള്ളുവിന്‍. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍” (ക്വുര്‍ആന്‍ 11:13).

ക്വുര്‍ആന്‍ പോലുള്ള ഒരു ഗ്രന്ഥം കൊണ്ടുവരാന്‍ സാധിക്കാത്തവരോട് പത്ത് അധ്യായങ്ങള്‍ എങ്കിലും ഇതുപോലുള്ളത് കൊണ്ടുവരാന്‍ ക്വുര്‍ആന്‍ വെല്ലുവിളിച്ചു. അതിനും അവര്‍ക്ക് സാധിച്ചില്ല. ക്വുര്‍ആന്‍ ഒന്നുകൂടി വെല്ലുവിളിച്ചു:

”നമ്മുടെ അടിയാന്റെ മേല്‍ നാം അവതരിപ്പിച്ചതിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് വല്ല സംശയവുമുണ്ടെങ്കില്‍ അത് പോലെയുള്ള ഒരു സൂറത്ത് നിങ്ങള്‍ കൊണ്ടുവരുവിന്‍. അല്ലാഹുവിന് പുറമെയുള്ള നിങ്ങളുടെ സാക്ഷികളെ നിങ്ങള്‍ വിളിച്ചു കൊള്ളുകയും ചെയ്യുവിന്‍. നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍” (ക്വുര്‍ആന്‍ 2:23)

ക്വുര്‍ആന്‍ പോലുള്ള ഒരു ഗ്രന്ഥമോ അതിലുള്ളത് പോലെയുള്ള പത്ത് അധ്യായങ്ങളോ കൊണ്ട് വരാന്‍ സാധിക്കാതിരുന്ന നിഷേധികളോട് ക്വുര്‍ആനിലുള്ളത് പോലെയുള്ള ഒരു അധ്യായമെങ്കിലും കൊണ്ട് വരാന്‍ ക്വുര്‍ആന്‍ വെല്ലുവിളിക്കുന്നു. കേവലം മൂന്ന് വചനങ്ങളുള്ള അധ്യായം പോലും ക്വുര്‍ആനിലുണ്ട്. അത്ര ചെറിയ ഒരു അധ്യായമെങ്കിലും കെട്ടിച്ചമച്ച് ഉണ്ടാക്കി ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ നിഷേധികള്‍ തയ്യാറായിരുന്നു എങ്കില്‍ അല്പമെങ്കിലും സത്യസന്ധത അവര്‍ക്കുണ്ട് എന്ന് വിചാരിക്കാമായിരുന്നു. എന്നാല്‍ നൂറ്റാണ്ടുകളായി ക്വുര്‍ആനിന്റെ ഈ വെല്ലുവിളി ഒരാളും ഏറ്റെടുക്കാതെ ഇന്നും നിലനില്‍ക്കുന്നു എന്നത് തന്നെയാണ് ഈ മഹത്തായ ഗ്രന്ഥം സര്‍വശക്തനായ ദൈവത്തില്‍ നിന്നുള്ളതാണ് എന്നതിന് മറ്റൊരു പ്രധാന തെളിവ്. മനുഷ്യന്‍ കെട്ടിച്ചമച്ച് ഉണ്ടാക്കിയതായിരുന്നു എങ്കില്‍ ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ആര്‍ക്കും ഒരു പ്രയാസവുമുണ്ടാകുമായിരുന്നില്ല. അതല്ല എന്നതിനാല്‍ തന്നെയാണ് അറബി സാഹിത്യത്തിന്റെ അത്യുന്നതിയിലെത്തിയ അക്കാലഘട്ടത്തിലെ അറബികള്‍ക്കോ ശേഷക്കാര്‍ക്കോ ഈ വെല്ലുവിളി ഏറ്റെടുക്കാനാവാതെ പോയത്. ക്വുര്‍ആന്‍ വീണ്ടും മനുഷ്യചിന്തയെ ഉണര്‍ത്തുന്നു:

”അവര്‍ ക്വുര്‍ആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നായിരുന്നുവെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യങ്ങള്‍ കണ്ടെത്തുമായിരുന്നു” (4:82).

വൈരുധ്യങ്ങളോ അവാസ്തവ പ്രസ്താവനകളോ അക്കാലഘട്ടത്തില്‍ സമൂഹത്തില്‍ ഉണ്ടായിരുന്ന അബദ്ധധാരണകളോ ഒന്നും ക്വുര്‍ആനില്‍ ഇടംപിടിച്ചില്ല എന്നത് തന്നെയാണ് ഇത് സര്‍വജ്ഞാനിയായ ഏകദൈവത്തില്‍ നിന്നുള്ളതാണ് എന്നതിന് ഏറ്റവും വലിയ തെളിവ്. ഈ വസ്തുതയെ നിഷേധിക്കുന്നവര്‍ക്ക് അവരുടെ വാദം തെളിയിക്കാനുള്ള അവസരവും ക്വുര്‍ആന്‍ ഒരുക്കി. എന്നാല്‍ ഇന്നേ വരെ അതിനാര്‍ക്കും സാധിച്ചിട്ടില്ല, ഇനിയൊട്ട് സാധിക്കുകയുമില്ല. അത് സാധിക്കാത്ത കാലത്തോളം ദൈവാസ്തിത്വത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട തെളിവായി ക്വുര്‍ആന്‍ നിലനില്‍ക്കുക തന്നെ ചെയ്യും.

ദൈവാസ്തിത്വത്തിന്റെ തെളിവായി ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മറ്റൊരു പ്രധാനകാര്യം യുക്തിപരമായ തെളിവുകളാണ്. ക്വുര്‍ആന്‍ ചോദിക്കുന്നു:

”അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല” (ക്വുര്‍ആന്‍ 52:35,36).

ഈ മഹാപ്രപഞ്ചവും അതിലുള്ള സകലചരാചരങ്ങളും ആരും സൃഷ്ടിക്കാതെ ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി എന്നതിനെക്കാള്‍ വലിയ എന്ത് യുക്തിരാഹിത്യമാണുള്ളത്? ചെറുതോ വലുതോ ആയ എന്തുകാര്യവും ആരും സൃഷ്ടിക്കാതെ തനിയെ ഉണ്ടാവില്ല എന്നത് സാമാന്യയുക്തിയാണ്. കേവലമൊരു മൊട്ടുസൂചി പോലും ഉണ്ടായി വരാന്‍ അനേകം പേരുടെ അധ്വാനവും പ്രയത്‌നവും ആവശ്യമാണ്. ആരെങ്കിലും ഒരു മൊട്ടുസൂചി കാണിച്ച് ‘ഇത് തനിയേ ഒരുപാട് മൂലകങ്ങള്‍ കൂടിച്ചേര്‍ന്ന് ഉണ്ടായതാണ്’ എന്ന് വാദിച്ചുകൊണ്ട് വന്നാല്‍ അവന് കാര്യമായെന്തോ പ്രശ്‌നമുണ്ട് എന്ന് നമ്മള്‍ ഉറപ്പിക്കും. എങ്കില്‍, ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്ന അതേ യുക്തിക്ക് എങ്ങനെയാണ് വലിപ്പം പോലും ഇതുവരെ കണക്കാക്കാന്‍ സാധിക്കാത്ത, അതിസങ്കീര്‍ണമായ വ്യവസ്ഥകളടങ്ങിയ ഈ മഹാപ്രപഞ്ചം തനിയെ ഉണ്ടായി എന്ന് അംഗീകരിക്കാനാവുക?!

ഇതോടൊപ്പം മുന്‍പേ പറഞ്ഞതുപോലെ ശാസ്ത്രരംഗത്തെ പുരോഗതികള്‍ ഓരോ രംഗത്തുമുള്ള സൃഷ്ടിപ്പിന്റെ സങ്കീര്‍ണതകള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ ഈ ചോദ്യങ്ങള്‍ക്ക് മൂര്‍ച്ചയേറി. പല പല തിയറികള്‍ കൊണ്ടുവന്ന് ഓട്ടയടക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാന്‍ അവയൊന്നും പ്രാപ്തമാകുന്നില്ല. എല്ലാ അന്വേഷണങ്ങളുടെയും അവസാനം മഹാനായ ഒരു സ്രഷ്ടാവിലേക്ക് തന്നെ എത്തിച്ചേര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ കാര്യങ്ങളോട് കണ്ണടക്കാതെ ഒരാള്‍ക്ക് ദൈവമില്ലെന്ന് പറയാനാകില്ല. തന്റെ മനസ്സാക്ഷിയെ വഞ്ചിച്ചു കൊണ്ടും കണ്‍മുന്നിലുള്ള ദൈവിക ദൃഷ്ടാന്തങ്ങളെ കണ്ടില്ലെന്ന് നടിച്ചും മുന്‍ധാരണകള്‍ക്കും അഹന്തയ്ക്കും വഴങ്ങി തന്റെ സാമാന്യ യുക്തിപോലും ഉപയോഗിക്കാതെ യാഥാര്‍ഥ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നവരെ എങ്ങനെ സത്യം ബോധ്യപ്പെടുത്താനാണ്?

ഒന്നുമില്ലായ്മയില്‍ നിന്നും യാദൃച്ഛികമായി ആരും നിയന്ത്രിക്കുവാനില്ലാതെ നടന്ന പൊട്ടിത്തെറിയില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത് എന്ന് വാദിക്കുന്നവര്‍ തങ്ങള്‍ വാദിക്കുന്നതെന്താണ് എന്ന് പോലും ചിന്തിക്കുന്നില്ല. എന്താണീ ‘ഒന്നുമില്ലായ്മ?’ ഒന്നുമില്ലായ്മയില്‍ നിന്ന് എങ്ങനെയാണ് ഒരു വികാസമോ പൊട്ടിത്തെറിയോ ഉണ്ടാവുക? യാദൃച്ഛികമായി ആരും നിയന്ത്രിക്കുവാനില്ലാതെ നടക്കുന്ന പൊട്ടിത്തെറി എങ്ങനെയാണ് വളരെ വ്യവസ്ഥാപിതമായ പ്രപഞ്ചത്തിന് രൂപം നല്‍കുക? യാദൃച്ഛികത എപ്പോഴാണ് വ്യവസ്ഥാപിതത്വത്തിനു വഴിമാറിയത്? ഇങ്ങനെ ഒരായിരം ചോദ്യങ്ങള്‍ ഇവരുടെ ഓരോ വാദത്തിനു നേരെയും സാമാന്യയുക്തിയില്‍ നിന്നും ഉയരുന്നു എന്നത് തന്നെയാണ് ഇവര്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. ഇതിനൊന്നും ഉത്തരമില്ലാതാകുമ്പോഴാണ് നേരത്തെ പറഞ്ഞത് പോലെ പഴകിപ്പുളിച്ച മതവിമര്‍ശനങ്ങളുടെ മാറാപ്പഴിച്ച് അവര്‍ തടിതപ്പുന്നതും.

(അടുത്ത ഭാഗം: പ്രപഞ്ചോല്‍പത്തി; ഇരുട്ടില്‍ തപ്പുന്ന നിരീശ്വരവിശ്വാസികള്‍)

 

അബ്ദുല്ല ബാസിൽ സി.പി

02 – നിരീശ്വരവാദികളും ശാസ്ത്രത്തോടുള്ള സമീപനവും​

02 - നിരീശ്വരവാദികളും ശാസ്ത്രത്തോടുള്ള സമീപനവും

(നിരീശ്വര വിശ്വാസം: യുക്തിയുടെ മരുപ്പറമ്പ്: 2)

‘ശാസ്ത്രീയമായി തെളിയിക്കാതെ ദൈവത്തിലോ മതത്തിലോ ഒന്നും ഞങ്ങള്‍ വിശ്വസിക്കുകയില്ല’ എന്ന തരത്തിലുള്ള സംസാരങ്ങള്‍ നിരീശ്വരവാദികളില്‍ നിന്ന് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ഏതൊരു കാര്യവും ശാസ്ത്രീയമായ ഗവേഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും തെളിഞ്ഞാല്‍ മാത്രമെ തങ്ങള്‍ അംഗീകരിക്കുകയുള്ളൂ എന്നവര്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ തെളിയാത്ത കാലത്തോളം ദൈവത്തെയും മതത്തെയും തങ്ങള്‍ നിഷേധിക്കുമെന്നും ‘തെളിവിന്റെ അഭാവം അഭാവത്തിന്റെ തെളിവാണ്’ എന്നുമുള്ള വരട്ടുന്യായമാണ് ഇന്നവര്‍ക്ക് ആകെയുള്ള ആശ്വാസം. ശാസ്ത്രീയമായ പഠനങ്ങളും ഗവേഷണങ്ങളും പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും വ്യവസ്ഥാപിതത്വവും ബോധ്യപ്പെടുത്തിയാലും സാമാന്യ യുക്തിപോലും അതിനൊക്കെ പിന്നിലൊരു സ്രഷ്ടാവിന്റെ കരങ്ങളുണ്ട് എന്ന് മനസ്സാക്ഷിയോട് പറഞ്ഞുകൊണ്ടേയിരുന്നാലും ഈയൊരു ന്യായം പറഞ്ഞ് ആത്മവഞ്ചന നടത്താനാണ് പലപ്പോഴും നിരീശ്വരവാദികള്‍ തയ്യാറാവാറുള്ളത്. 

ഇത് പറയുന്നവര്‍ക്ക് ശാസ്ത്രമെന്താണെന്നോ, ശാസ്ത്രത്തിന്റെ മേഖലയെന്തെന്നോ മനസ്സിലായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. പദാര്‍ഥ പ്രപഞ്ചത്തെ കുറിച്ചുള്ള പഠനമാണ് ശാസ്ത്രം. അതിനെക്കുറിച്ചുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളുമാണ് ശാസ്ത്രത്തിന്റെ മേഖല. ശാസ്ത്രീയമായ എന്ത് ഉപകരണങ്ങളായായും അതൊക്കെ പദാര്‍ഥ പ്രപഞ്ചത്തെ പഠിക്കാന്‍ പ്രാപ്തമായതാണ്. അതല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കാനോ പഠിക്കാനോ ശാസ്ത്രത്തിനു സാധ്യമല്ല. എന്നാല്‍ ദൈവം പദാര്‍ഥ പ്രപഞ്ചത്തിന് അതീതനാണ്. പിന്നെ എങ്ങനെയാണ് പദാര്‍ഥങ്ങള്‍ക്ക് അതീതനായ, പദാര്‍ഥങ്ങളുടെ തന്നെ സ്രഷ്ടാവിനെ ഈ ഉപകരണങ്ങളും ശാസ്ത്രീയമായ രീതികളും വെച്ച് തെളിയിക്കണം എന്ന് സാമാന്യം ശാസ്ത്രബോധമുള്ള ഒരാള്‍ പറയുക?! സൃഷ്ടിപ്രപഞ്ചത്തിനുള്ളിലുള്ള കാര്യങ്ങളെ പറ്റി പഠിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് ശാസ്ത്രം. അതുപയോഗിച്ച് ആ പ്രപഞ്ചത്തിന് പുറത്തുള്ള സ്രഷ്ടാവിനെ നേരിട്ട് കാട്ടിക്കൊടുക്കണം എന്ന് പറയുന്നത് എത്രത്തോളം പരിഹാസ്യമാണ്!

ഒരു സൗഹൃദചര്‍ച്ചയില്‍ ഒരു നിരീശ്വരവാദി സുഹൃത്ത് ഈയൊരു കാര്യം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തോട് ഞാനാവശ്യപ്പെട്ടത് ‘വൈലോപ്പിള്ളിയുടെ കവിതകള്‍ക്ക് സാഹിത്യഭംഗി തീരെയില്ല എന്നാണ് എന്റെ വാദം, അതുണ്ട് എന്ന് താങ്കള്‍ക്ക് ശാസ്ത്രീയമായി തെളിയിക്കാമോ’ എന്നാണ്. എത്രമാത്രം യുക്തിരഹിതമായ ചോദ്യമാണത് എന്നാര്‍ക്കും മനസ്സിലാകും. എങ്ങനെയാണ് ഒരു കവിതയുടെ സാഹിത്യഭംഗി ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കുക? കവിതയെടുത്ത് മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ കാണുമോ സാഹിത്യം? കവിത അരച്ചുകലക്കി ടെസ്റ്റ് ട്യൂബില്‍ മറ്റു മിശ്രിതങ്ങളുടെ കൂടെയിട്ട് പരീക്ഷിച്ചാല്‍ സാഹിത്യഭംഗി തെളിഞ്ഞു വരുമോ? ഒരിക്കലും ഏത് ശാസ്ത്രീയ പരീക്ഷണ രീതികള്‍ ഉപയോഗിച്ചാലും ഒരു ലബോറട്ടറിയിലും ഒരു കവിതയുടെയും സാഹിത്യഭംഗി തെളിയിക്കപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ട് ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ ഒന്നും അംഗീകരിക്കില്ലെന്ന പിടിവാശിക്കാര്‍ വൈലോപ്പിള്ളിയുടെ കവിതകള്‍ക്ക് സാഹിത്യഭംഗിയില്ലെന്ന് പറഞ്ഞു നടക്കുമോ ആവോ? സാഹിത്യം എന്നത് പദാര്‍ഥ ലോകത്ത് ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തി കണ്ടെത്താന്‍ പറ്റുന്ന ഒന്നല്ല. ശാസ്ത്രീയമായി തെളിയിച്ചാലേ ഞാന്‍ ഈ കവിതക്ക് സാഹിത്യഭംഗിയുണ്ട് എന്ന് വിശ്വസിക്കൂ എന്നൊരാള്‍ വാശിപിടിച്ചാല്‍ നമുക്കെന്ത് ചെയ്യാന്‍ പറ്റും? അത് ശാസ്ത്രത്തിന്റെ മേഖലയല്ലെന്നും പദാര്‍ഥങ്ങളെ പറ്റിയുള്ള പഠനമാണ് ശാസ്ത്രമെന്നും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല.

സ്‌നേഹം, ഭയം, വെറുപ്പ് തുടങ്ങി മനുഷ്യന്റെ വികാരങ്ങള്‍ ‘ശാസ്ത്രീയമായി’ തെളിയിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയുണ്ടാകും? ‘ദൈവത്തെ ശാസ്ത്രീയമായി തെളിയിക്കാത്ത കാലത്തോളം ദൈവമില്ല’ എന്ന് പ്രസംഗിക്കുന്ന നിരീശ്വരവാദികള്‍ ഒരുപാടുണ്ടല്ലോ. അവരോട് അവരുടെ  ഭാര്യമാര്‍ ‘ചേട്ടന് എന്നോട് സ്‌നേഹമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കാതെ ബന്ധം മുന്നോട്ടുപോകില്ലെന്ന്’ പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ എന്നര്‍ഥം! എങ്ങനെയാണ് സ്‌നേഹവും പ്രേമവുമെല്ലാം ശാസ്ത്രീയമായി തെളിയിക്കാനാവുക? ഇതൊന്നും ശാസ്ത്രത്തിന്റെ മേഖലയല്ല എന്നത് തന്നെയാണ് ഒറ്റവാക്കിലുള്ള ഉത്തരം. സ്‌നേഹമോ പ്രേമമോ ദേഷ്യമോ ഭയമോ ഒന്നും തന്നെ ശാസ്ത്രത്തിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് കണ്ടെത്താനോ അളക്കാനോ സാധ്യമല്ല. ശാസ്ത്രത്തിന്റെ മേഖല പദാര്‍ഥപ്രപഞ്ചത്തെ പറ്റിയുള്ള പഠനമാണ്. ഇതൊക്കെ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കുന്ന കേവലമായ യുക്തിയാണ്. ഇതൊക്കെ അംഗീകരിക്കാന്‍ പറ്റുമെങ്കില്‍ ഈ പദാര്‍ഥ പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ച, പദാര്‍ഥങ്ങള്‍ക്ക് അതീതനായിട്ടുള്ള, സൃഷ്ടി പ്രപഞ്ചത്തിന് പുറത്തുള്ള ആ സ്രഷ്ടാവിനെ ഈ ഉപകരണങ്ങള്‍ ഉപയോഗിച്ച് തെളിയിക്കാതെ വിശ്വസിക്കില്ല എന്ന് പറയുന്നത് വെറും വാശിയല്ലാതെ മറ്റെന്താണ്?

ചുരുക്കിപ്പറഞ്ഞാല്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ നേരിട്ട് തെളിയിച്ചുതരാന്‍ ശാസ്ത്രത്തിന് ഒരിക്കലും സാധ്യമല്ല. കാരണം ശാസ്ത്രത്തിന്റെ പരിധികള്‍ക്കും അപ്പുറത്താണ് ദൈവം. പദാര്‍ഥപ്രപഞ്ചത്തില്‍ തന്നെയുള്ള എന്തെങ്കിലും വസ്തുവിനെയോ പ്രതിമകളെയോ വ്യക്തികളെയോ ആണ് ദൈവം എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. എന്നാല്‍ ദൈവം പദാര്‍ഥപ്രപഞ്ചത്തിന് അതീതനായിട്ടുള്ളവനാണ് എന്നത് കൊണ്ട് തന്നെ അവനെക്കുറിച്ച് നേരിട്ട് അറിയാനോ പഠിക്കാനോ ശാസ്ത്രത്തിന്റെ ഉപകരണങ്ങളും രീതികളും പ്രാപ്തമല്ല. അതിനാല്‍ തന്നെ ദൈവമുണ്ട് എന്നത് ഒരു വിശ്വാസമാണെങ്കില്‍, ദൈവമില്ല എന്നതും ഒരു വിശ്വാസം തന്നെയാണ്! ശാസ്ത്രത്തിന്റെ രീതികളുപയോഗിച്ച് രണ്ട് വാദങ്ങളും നേരിട്ട് തെളിയിക്കാന്‍ സാധ്യമല്ല എന്നത് കൊണ്ട് തന്നെ ഉണ്ടെന്ന് വാദിക്കുന്നതും ഇല്ലെന്ന് വാദിക്കുന്നതും ഓരോരുത്തരുടെയും വിശ്വാസങ്ങള്‍ മാത്രം. തല്‍കാലം നമുക്കതിനെ ‘നിരീശ്വരവിശ്വാസം’ എന്ന് വിളിക്കാം!

ദൈവമുണ്ടെന്നോ ഇല്ലെന്നോ നേരിട്ട് തെളിയിക്കാന്‍ ശാസ്ത്രത്തിന് സാധ്യമല്ലെന്ന് വ്യക്തം. എന്നാല്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ശാസ്ത്രീയമായ ഓരോ അറിവും സര്‍വശക്തനായ ഒരു സ്രഷ്ടാവിന്റെ അത്യുന്നതമായ സൃഷ്ടിപ്പിലേക്ക് വിരല്‍ചൂണ്ടുന്നു എന്നതാണ് ഏത് ശാസ്ത്രമേഖലയിലും നമുക്ക് കാണാനാവുന്നത്. ഇത് നിരീശ്വരവിശ്വാസികള്‍ക്കും കൃത്യമായി മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ശാസ്ത്രത്തെ ഒരു മുന്‍വിധിയോടു കൂടി മാത്രമെ സമീപിക്കുകയുള്ളൂ എന്ന ഒരു നിലപാടിലേക്ക് അവര്‍ എത്തിപ്പെട്ടത്. ദൈവമില്ല, ദൈവം ഉണ്ടാവാന്‍ പാടില്ല എന്ന ശക്തമായ മുന്‍വിധിയോടെ മാത്രമെ ഓരോ ശാസ്ത്രീയ പഠനങ്ങളെയും ഇവര്‍ സമീപിക്കുകയുള്ളൂ! 

ഒരു ഉദാഹരണം പറയാം: ജൈവലോകത്തെ വിസ്മയിപ്പിക്കുന്ന വൈവിധ്യങ്ങളും അതിസൂക്ഷ്മവും സങ്കീര്‍ണവുമായ അവയുടെ സൃഷ്ടിപ്പും നേരിട്ട് പഠിക്കുന്ന ഒരു ജൈവശാസ്ത്ര വിദ്യാര്‍ഥിയെ സംബന്ധിച്ച് ഇതൊക്കെ തനിയെ ഉണ്ടായതാണെന്നോ കേവലം യാദൃശ്ചികമായി പരിണമിച്ചതാണെന്നോ വിശ്വസിക്കാന്‍ വലിയ പ്രയാസമാണ്. ഓരോ കോശത്തിലും, ഓരോ ജീനിലും അടങ്ങിയിരിക്കുന്ന അതിസൂക്ഷ്മമായ കോഡിംഗ് കേവല യാദൃച്ഛികതയുടെ ഉത്പന്നമാണെന്നു വിശ്വസിക്കാന്‍ അസാധ്യമാണെന്ന് തന്നെ പറയാം. ഇത് നവനാസ്തികരുടെ ആഗോള നേതാവായ റിച്ചാര്‍ഡ് ഡോക്കിന്‍സ് തന്നെ വളരെ കൃത്യമായി പറയുന്നുണ്ട്.

‘Biology is the study of complicated things that give the appearance of having been designed for a purpose’

‘ഒരു ഉദ്ദേശ്യത്തിനായി രൂപകല്‍പന ചെയ്യപ്പെട്ടു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളെ കുറിച്ചുള്ള പഠനമാണ് ജീവശാസ്ത്രം’ (ദ ബ്ലൈന്‍ഡ് വാച്‌മേക്കര്‍  റിച്ചാര്‍ഡ് ഡോക്കിന്‍സ്)

നോക്കൂ! നാഴികക്ക് നാല്‍പതുവട്ടം ഇതൊന്നും ആരും രൂപകല്‍പന ചെയ്തതല്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്ന, അത് പ്രചരിപ്പിക്കാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യന് പോലും ജീവശാസ്ത്രപഠനം അങ്ങനെ തോന്നിപ്പിക്കുമെന്ന് മനസ്സിലാവാഞ്ഞിട്ടല്ല! എത്രയൊക്കെ വ്യക്തമായാലും തങ്ങളുടെ അഹന്തയും മുന്‍ധാരണയും അവരെ സത്യം അംഗീകരിക്കാന്‍ സമ്മതിക്കില്ല!

ഇവിടെയാണ് ബയോളജി പഠിക്കുമ്പോള്‍ വേണ്ട ‘മുന്‍കരുതലുകള്‍’ എന്തൊക്കെയാണ് എന്ന് നിരീശ്വര വിശ്വാസികള്‍ക്ക് പഠിപ്പിക്കേണ്ടി വരുന്നത്. പ്രമുഖ ശാസ്ത്രജ്ഞനും നിരീശ്വരവാദിയുമായ ഫ്രാന്‍സിസ് ക്രിക്ക് പറയുന്നത് കാണുക:

Biologists must constantly keep in mind that what they see was not designed, but rather evolved. (What mad pursuit – Francis Crick)

‘തങ്ങള്‍ കാണുന്നവയോന്നും രൂപകല്‍പന ചെയ്യപ്പെട്ടവയല്ല, മറിച്ച് പരിണമിച്ച് ഉണ്ടായതാണ് എന്നകാര്യം ജീവശാസ്ത്രജ്ഞര്‍ നിരന്തരം മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്’ (വാട്ട് മാഡ് പേര്‍സ്യൂട്ട് ഫ്രാന്‍സിസ് ക്രിക്ക്).

വല്ലാത്തൊരു ദുരവസ്ഥ! ജൈവശാസ്ത്ര രംഗത്ത് പഠനങ്ങള്‍ നടത്തുമ്പോള്‍ ഇതിനൊന്നും ഒരു സൃഷ്ടികര്‍ത്താവില്ല എന്ന മനസ്സിലെ വിശ്വാസത്തിന് കോട്ടം തട്ടുമോ എന്ന് ഭയന്ന് ഇടയ്ക്കിടെ വിശ്വാസം ഊട്ടിയുറപ്പിക്കണമത്രേ! യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ ഒരുതരത്തിലും മനസ്സിനെ തുറക്കില്ലെന്ന് വാശിപിടിച്ചിരിക്കുന്ന ഹൃദയങ്ങളിലേക്ക് എങ്ങനെ സത്യത്തിന്റെ പ്രകാശം കടക്കാനാണ്?! 

മറ്റൊരു ഉദാഹരണമെടുക്കാം. പ്രപഞ്ചോല്‍പത്തിയെ പറ്റി പറയുമ്പോള്‍ ശാസ്ത്രജ്ഞരെല്ലാം ഒരേപോലെ അംഗീകരിക്കുന്ന ഒരു വസ്തുതയാണ് അതെത്ര സൂക്ഷ്മവും കൃത്യമായ വ്യവസ്തയോടും കൂടിയാണ് എന്നത്. അതിസൂക്ഷ്മമായ ഒരു വ്യതിചലനമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പ്രപഞ്ചം തന്നെ സാധ്യമാകില്ലായിരുന്നു!  ബിഗ് ബാങ്ങിന്റെ ബലം കോടിക്കണക്കിന് ആശംങ്ങളില്‍ (1/10^60) ഒരു അംശമെങ്കിലും കുറവായിരുന്നെങ്കില്‍ വികാസം നടക്കുകയോ ഇന്നീ കാണുന്ന തരത്തില്‍ നക്ഷത്രങ്ങളും ഗോളങ്ങളും ഗാലക്‌സികളും ഒന്നുമുണ്ടാവുയോ ചെയ്യുമായിരുന്നില്ല! പ്രപഞ്ചം സാധ്യമാവാന്‍ വേണ്ട അനേകം ഘടകങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ അനേകായിരം കോടി അംശങ്ങളില്‍ (പ്രയോഗത്തിന്റെ പരിമിധി കൊണ്ടാണ് ഇങ്ങനെ കണക്കാക്കി പറയുന്നത്, അതിലും എത്രയോ വലിയ സംഖ്യയാണ്) ഒരു അംശം വ്യത്യാസമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇന്നീ പ്രപഞ്ചം നിലനില്‍ക്കുമായിരുന്നില്ല. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ‘ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം പറയുന്നത് ഈ സൂക്ഷ്മ വ്യവസ്ഥയുടെ മറ്റൊരു ഉദാഹരണമാണ്

If the rate of expansion one second after the big bang had been smaller by even 1 part in a hundred thousand million million, It would have re collapsed before it reached its present size”

ഇങ്ങനെ പ്രപഞ്ചം സാധ്യമാകാന്‍ ആവശ്യമായ കോടിക്കണക്കിന് ഘടകങ്ങളില്‍ ഒരു ഘടകത്തില്‍ പോലും കോടിക്കണക്കിന് അംശങ്ങളില്‍ ഒരു അംശത്തിന്റെ  അതിസൂക്ഷ്മമായൊരു വ്യത്യാസം ഉണ്ടായാല്‍ ഇന്നീ പ്രപഞ്ചം നിലനില്‍ക്കുകയില്ല! ഇത്ര സൂക്ഷ്മമായ ആസൂത്രണം നേരിട്ട് പഠിച്ചു ബോധ്യപ്പെട്ടപ്പോള്‍ നിരീശ്വരവാദിയായ ഫ്രെഡ് ഹോയ്ല്‍ പറഞ്ഞത് ‘ഈ കാര്യങ്ങള്‍ എന്റെ നിരീശ്വരവാദത്തെ വല്ലാതെ ഉലച്ചുകളഞ്ഞു’ എന്നാണ്. എങ്കില്‍ പോലും തങ്ങള്‍ക്ക് മുകളിലുള്ള സ്രഷ്ടാവിനെ അംഗീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നത് മുന്‍ധാരണയും അഹന്തയും കൊണ്ടല്ലാതെ മറ്റെന്താണ്? 

ഇവിടെയാണ് വിനയത്തോടെയും മുന്‍ധാരണകളില്ലാതെയും വൈജ്ഞാനിക അന്വേഷണങ്ങള്‍ നടത്തുന്നതിന്റെ പ്രസക്തി വ്യക്തമാകുന്നത്. ഈ മഹാപ്രപഞ്ചത്തില്‍ താന്‍ ഒന്നുമല്ലെന്നും തനിക്ക് അറിയുന്നതിനെക്കാള്‍ കോടിക്കണക്കിന് ഇരട്ടി അറിയാത്ത കാര്യങ്ങളാണെന്നും തിരിച്ചറിയുന്ന, ആ ഒരു ബോധ്യത്തോടെ വിഷയങ്ങളെ സമീപിക്കുന്ന ആര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ പ്രയാസമില്ല. അതുകൊണ്ടാണ് ഇബ്‌നു ഹൈതമിനെയും ജാബിര്‍ ബിന്‍ ഹയ്യാനെയും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയും ഐസക് ന്യൂട്ടനെയും പോലെ ലോകത്തിലെ ഏറ്റവും ഉന്നതരായ ശാസ്ത്രജ്ഞര്‍ മിക്കവരും വിവിധ തരത്തിലാണെങ്കിലും ദൈവത്തിലോ പ്രപഞ്ചാതീതനായ ഒരു ശക്തിയിലോ വിശ്വസിച്ചതും, അവരുടെ കണ്ടുപിടിത്തങ്ങള്‍ വായിച്ചു പഠിച്ച ചിലരെങ്കിലും ‘എല്ലാം തികഞ്ഞെന്ന’ അഹന്തയില്‍ ദൈവം മരിച്ചിരിക്കുന്നു എന്ന് വിളിച്ചുപറയാനിറങ്ങിയതും! 

തങ്ങള്‍ക്ക് വിജ്ഞാനമെന്ന മഹാസാഗരത്തില്‍ നിന്ന് ഒരു തുള്ളി മാത്രമെ ലഭിച്ചിട്ടുള്ളൂ എന്ന് പറഞ്ഞ് ആ തിരിച്ചറിവില്‍ മഹാശാസ്ത്രജ്ഞന്മാരും ജ്ഞാനികളും വിനയാന്വിതരായപ്പോള്‍ അല്‍പജ്ഞാനികള്‍ തങ്ങള്‍ അറിഞ്ഞതിനപ്പുറം ഒന്നുമില്ലെന്ന മിഥ്യാധാരണയില്‍ അഹന്ത നടിച്ച് സ്രഷ്ടാവിനെ തന്നെ ചോദ്യം ചെയ്യാനും നിഷേധിക്കാനും ഇറങ്ങി പുറപ്പെടുന്നു..! അത്തരക്കാര്‍ക്ക് എത്ര തന്നെ യുക്തിപരവും ശാസ്ത്രീയവുമായ കാര്യകാരണ സഹിതം ദൈവത്തെ ബോധ്യപ്പെടുത്തിക്കൊടുത്താലും തങ്ങളെ സൃഷ്ടിച്ച ഒരു സ്രഷ്ടാവുണ്ടെന്നും ആ ഏകദൈവത്തിന്റെ കല്‍പനകള്‍ അനുസരിച്ചു ജീവിക്കേണ്ട അടിമകളാണ് തങ്ങളെന്നും അംഗീകരിക്കാന്‍ അഹന്ത കൊണ്ട് മറതീര്‍ത്തിരിക്കുന്ന അവരുടെ ഹൃദയങ്ങള്‍ക്ക് സാധിക്കുകയില്ല!

ഹൃദയങ്ങളുണ്ടായിട്ടും കാര്യം ഗ്രഹിക്കാത്ത, കണ്ണുണ്ടായിട്ടും കാണേണ്ടത് കാണാത്ത, കാതുണ്ടായിട്ടും കേള്‍ക്കേണ്ടത് കേള്‍ക്കാത്ത ഇത്തരമാളുകളെ പറ്റി തന്നെയല്ലേ ക്വുര്‍ആന്‍ ‘അവര്‍ നാല്‍കാലികളെക്കാള്‍ അധഃപതിച്ചവരാണ്’ എന്ന് പറഞ്ഞത്!?

(അടുത്ത ഭാഗം: ദൈവമുണ്ടോ?!)

 

 

അബ്ദുല്ല ബാസിൽ സി.പി

 

01 – നിരീശ്വര വിശ്വാസം: യുക്തിയുടെ മരുപ്പറമ്പ്​

01 - നിരീശ്വര വിശ്വാസം: യുക്തിയുടെ മരുപ്പറമ്പ്

നിരീശ്വരവാദം വീണ്ടും ചര്‍ച്ചകളില്‍ സജീവമാവുകയാണ്. ഒരുകാലത്ത് അന്ധവിശ്വാസങ്ങളെയും പൗരോഹിത്യത്തിന്റെ ചൂഷണങ്ങളെയും തുറന്നുകാട്ടുകയും മിശ്രഭോജനം പോലുള്ള വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്ത അവര്‍ പതിയെ മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ എന്നതില്‍ നിന്ന് മതം തന്നെ ചൂഷണമാണ് എന്ന നിലപാടിലേക്ക് ചുവട് മാറ്റുകയായിരുന്നു. യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പ്രചാരകരെന്ന പരിവേഷം ഉപയോഗപ്പെടുത്തി വളര്‍ന്ന നിരീശ്വരവാദം ശാസ്ത്രത്തിന്റെ വളര്‍ച്ചയും യുക്തിചിന്തയുടെ വ്യാപനവും സാധ്യമായപ്പോള്‍ പതുക്കെ ഉള്‍വലിയുകയായിരുന്നു.

ഒരിടവേളക്ക് ശേഷം വീണ്ടും നിരീശ്വരവാദവും അനുബന്ധ വിഷയങ്ങളും ചര്‍ച്ചകളില്‍ സജീവമായിരിക്കുകയാണ്. ഒരുകാലത്ത് അന്ധവിശ്വാസങ്ങളോടും ജാതിവ്യവസ്ഥകള്‍ പോലുള്ള അനീതികളോടും പോരാടി കേരളമണ്ണില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിരുന്നു നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍. പൗരോഹിത്യത്തിന്റെ ചൂഷണങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാട്ടുകയും മിശ്രഭോജനം പോലുള്ള വിപ്ലവപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത അവര്‍ പതിയെ മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ എന്നതില്‍ നിന്ന് മതം തന്നെ ചൂഷണമാണ് എന്ന നിലപാടിലേക്ക് മാറുകയായിരുന്നു. യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പ്രചാരകരെന്ന പരിവേഷം നന്നായി ഉപയോഗപ്പെടുത്തിയ അവര്‍ മതമില്ലാത്ത ലോകത്തെ പറ്റി വാചാലരായി. ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ തന്നെ ‘ദൈവം മരിക്കുമെന്നും’ മതങ്ങള്‍ മണ്ണടിയുമെന്നും സ്വപ്‌നം കാണാന്‍ ആഗോളതലത്തിലുള്ള സംഭവവികാസങ്ങള്‍ അവരെ പ്രേരിപ്പിച്ചു. മനുഷ്യന്റെ അജ്ഞതയാണ് ദൈവവിശ്വാസത്തിന് കാരണമെന്നവര്‍ വിശ്വസിച്ചു. ശാസ്ത്രത്തിന്റെ വളര്‍ച്ച അജ്ഞതയില്ലാതാക്കുമെന്നും അതുവഴി ദൈവത്തെ പതിയെ സമൂഹം കൈവെടിയും എന്നുമായിരുന്നു അവര്‍ വിചാരിച്ചിരുന്നത്. ഓരോ ശാസ്ത്രീയ മുന്നേറ്റവും ദൈവത്തെയില്ലാതാക്കാനുള്ള പ്രക്രിയയിലെ ചവിട്ടുപടിയായി അവര്‍ ആഘോഷിച്ചു. 

എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ചയും യുക്തിചിന്തയുടെ വ്യാപനവും ദൈവത്തെ ഇല്ലാതാക്കിയില്ലെന്ന് മാത്രമല്ല നിരീശ്വരവാദികള്‍ പ്രചരിപ്പിച്ചത് പോലെയല്ല കാര്യങ്ങളെന്ന് കൂടുതല്‍ വ്യക്തമാകുന്നതുമായിരുന്നു കണ്ടത്. ശാസ്ത്രീയ പഠനങ്ങള്‍ പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും ജൈവലോകത്തെ അത്ഭുതങ്ങളും ബോധ്യമാക്കി തരികയും അതുവഴി സ്രഷ്ടാവിന്റെ അസ്തിത്വത്തിലേക്ക് തന്നെ വിരല്‍ ചൂണ്ടുകയും ചെയ്യുന്നതുമായിരുന്നു. പ്രാപഞ്ചിക പ്രതിഭാസങ്ങളിലെല്ലാം കാണപ്പെടുന്ന കൃത്യമായ ആസൂത്രണം ഒരു ആസൂത്രകനെ വ്യക്തമാക്കുന്നു എന്നതും പദാര്‍ഥ പ്രപഞ്ചത്തെ പോലും പൂര്‍ണമായി അറിയാനോ പഠിക്കാനോ പോലും സാധ്യമല്ല എന്ന തിരിച്ചറിവുമെല്ലാം ശാസ്ത്രത്തിന്റെ ചെലവില്‍ നിരീശ്വര വിശ്വാസം പ്രചരിപ്പിച്ചവര്‍ക്ക് തിരിച്ചടിയായി.

ശാസ്ത്രത്തിന്റെ ഊന്നുവടി നഷ്ടപ്പെടുമെന്ന തിരിച്ചറിവായിരിക്കണം ഇടക്കാലത്ത് മാനവികതയുടെ മുഖംമൂടിയണിഞ്ഞു രംഗത്ത് വരാന്‍ അവരെ പ്രേരിപ്പിച്ചത്. മനുഷ്യന്റെ അവകാശങ്ങളെ പൊലിപ്പിച്ചു കാട്ടിക്കൊണ്ട് രംഗത്തുവന്ന ഹ്യൂമണിസ്റ്റുകള്‍ മതം മാനവികതയ്ക്ക് വിരുദ്ധമാണെന്നും മതമൊരു മര്‍ദനോപാധി മാത്രമാണെന്നും പ്രസംഗിക്കുവാന്‍ തുടങ്ങി. മനുഷ്യനെ മനുഷ്യനായി കാണാന്‍ മതങ്ങള്‍ക്ക് സാധിക്കില്ലെന്നും മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാല്‍ മാത്രമേ അത് സാധ്യമാക്കൂ എന്നുമവര്‍ വീമ്പുപറഞ്ഞു! എല്ലാ പീഡനങ്ങള്‍ക്കും മതത്തെ പഴിചാരി അവര്‍ സായൂജ്യമടഞ്ഞു. എന്നാല്‍ ഇതിനധികം ആയുസ്സുണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിലേക്ക് മതത്തെ വലിച്ചെറിഞ്ഞുകൊണ്ട് കടന്ന യൂറോപ്പിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് രണ്ടു ലോകമഹായുദ്ധങ്ങളും അനുബന്ധമായി അണുവിസ്‌ഫോടനങ്ങളും നടക്കുന്നത്. മതമാണ് സര്‍വ പീഡനങ്ങള്‍ക്കും കാരണമെന്ന് പാടിപ്പറഞ്ഞു നടന്നിരുന്നവര്‍ക്ക് ഒരു മതത്തിന്റെയും പേരിലുമല്ലാതെ നടന്ന ഈ കൊടിയ ക്രൂരതകള്‍ ഏല്‍പിച്ച ആഘാതം ചെറുതൊന്നുമായിരുന്നില്ല. ഹ്യൂമണിസ്റ്റ് ഭൗതികവാദികള്‍ക്ക് തന്നെ തങ്ങള്‍ക്കിനി മാനവികത പ്രസംഗിച്ച് മതത്തെ ആക്രമിക്കാന്‍ പഴുതില്ലെന്ന് ബോധ്യപ്പെടും വിധം അവരുടെ മനുഷ്യസങ്കല്‍പം ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ദൈവത്തെയും മതങ്ങളെയും തള്ളിപ്പറഞ്ഞ് നടക്കുന്നവര്‍ക്ക് ബുദ്ധിജീവി പട്ടം ചാര്‍ത്തപ്പെട്ടിരുന്ന, നിരീശ്വരവാദം ഒരു ഫാഷനായിരുന്ന ക്യാമ്പസുകളില്‍ നിന്ന് പതിയെ നിരീശ്വരവാദിയാണെന്ന് പറയാന്‍ അപകര്‍ഷത തോന്നുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറി. ധാര്‍മികതയുടെയും മതനിയമങ്ങളുടെയും അതിരുകള്‍ ലംഘിച്ച് താന്തോന്നികളാകാന്‍ ആഗ്രഹിക്കുന്നവരുടെ ഒരു കൂട്ടം മാത്രമായി ചുരുങ്ങുകയായിരുന്നു അവര്‍. തിന്നുക കുടിക്കുക രമിക്കുക രസിക്കുക എന്നതിലപ്പുറം അജണ്ടകളോ അടിത്തറയോ ഇല്ലാത്ത അവര്‍ പിന്നീട് പ്രത്യയശാസ്ത്രങ്ങളുടെയും ഇസങ്ങളുടെയും കൂടെ അലിഞ്ഞില്ലാതാവുകയായിരുന്നു.

ഇങ്ങനെ ചക്രശ്വാസം വലിച്ച് മരണക്കിടക്കയിലായിരുന്ന നിരീശ്വര വിശ്വാസത്തിന് ഒരു പുനര്‍ജന്മമായാണ് ഭീകരവാദത്തെയും മതത്തെയും കൂട്ടിക്കെട്ടി കൊണ്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ഒന്നുകൂടെ കൃത്യമായി പറഞ്ഞാല്‍ 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഏറെക്കുറെ നിര്‍ജീവാവസ്ഥയിലായിരുന്ന നിരീശ്വരവിശ്വാസത്തിന് ‘നവനാസ്തികത’ (New Atheism) എന്ന പേരില്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അവസരം നല്‍കുകയായിരുന്നു. ഭീകരവാദ പ്രവണതകളുടെ മൊത്തം ഉത്തരവാദിത്വം ക്വുര്‍ആനിനും ഇസ്‌ലാമിനും മേല്‍ ചാര്‍ത്തി, പാശ്ചാത്യമാധ്യമങ്ങള്‍ ഉഴുതുമറിച്ചിട്ട പാടത്ത് ഇസ്‌ലാം വിരുദ്ധതയുടെ വിത്തെറിഞ്ഞ് വിളവെടുക്കാന്‍ അവര്‍ തന്ത്രം മെനഞ്ഞു. ദാര്‍ശനികമായി തങ്ങളുടെ വാദം സമര്‍ഥിക്കുന്നതിന് പകരം മതവിമര്‍ശനം വഴി മൈലേജുണ്ടാക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. ശാസ്ത്രത്തിന്റെയും യുക്തിയുടെയും പേരുപറഞ്ഞ് ആളെക്കൂട്ടിയവര്‍ കേവല മതവിമര്‍ശന തൊഴിലാളികളാകുന്നതാണ് പിന്നീട് നാം കണ്ടത്. 

ഭൗതികവാദത്തിന് ഏറ്റവും കൂടുതല്‍ ആശയപരമായ ആക്രമണം നേരിടേണ്ടി വന്നത് ഇസ്‌ലാമിക ലോകത്ത് നിന്നായത് കൊണ്ടാവണം, ഈ മതവിമര്‍ശനങ്ങളില്‍ മിക്കതും ഇസ്‌ലാമിന് നേരെ തന്നെയായിരുന്നു. സൈദ്ധാന്തികമായി ആശയം സമര്‍ഥിക്കാനോ മുസ്‌ലിം ലോകത്ത് നിന്ന് വന്ന വിമര്‍ശനങ്ങളെ പ്രതിരോധിക്കാനോ തയ്യാറാകാതെ ഇസ്‌ലാം വിരുദ്ധതയുടെ പ്രചാരണം മൊത്തത്തില്‍ ഏറ്റെടുത്ത അവര്‍ ക്വുര്‍ആന്‍ വചനങ്ങളെയും പ്രവാചക വചനങ്ങളെയും വളച്ചൊടിച്ചും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചും കിട്ടിയ അവസരം പരമാവധി മുതലെടുത്തു. അവയില്‍ പലതും ഓറിയന്റലിസ്റ്റുകളുടെയും മിഷനറിമാരുടേയും ഇസ്‌ലാം വിമര്‍ശനങ്ങള്‍ അതേപടി പകര്‍ത്തിയതായിരുന്നു. 

ഇങ്ങനെ, തങ്ങളുടെ യുക്തിക്കും ബുദ്ധിക്കും യോജിക്കാത്തത് കൊണ്ട് ഞങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്ന നിലപാടില്‍ നിന്നും ദൈവവിശ്വാസവും മതങ്ങളും തന്നെ തിന്മയാണെന്നും, അതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നുമുള്ള നിലപാട് മാറ്റമായിരുന്നു നവനാസ്തികതയുടെ കടന്നുവരവോടെ കണ്ടത്. ഈയൊരു മാറ്റം ലോകത്തെമ്പാടും കാണാനും തുടങ്ങി. കേരളത്തില്‍ ചില മുസ്‌ലിം നാമധാരികളും മറ്റും മുഴുസമയ മതവിമര്‍ശകരായി രംഗത്ത് വരുന്നത് അങ്ങനെയാണ്. ആശയപരമായ ചര്‍ച്ചകള്‍ക്കും മൗലികമായ ഖണ്ഡനങ്ങള്‍ക്കും പകരം വേദഗ്രന്ഥങ്ങളിലെ വചനങ്ങള്‍ കോട്ടിമാട്ടിയും ആധികാരികതയുടെ തരിമ്പ് പോലുമില്ലാത്ത ‘ചരിത്ര’ങ്ങള്‍ വരെ ഉദ്ധരിച്ചുകൊണ്ടുമുള്ള വാചകക്കസര്‍ത്തുകള്‍ക്ക് ‘യുക്തിവാദി’ വേദികളും പേജുകളും നീക്കിവെക്കപ്പെട്ടു. 

മതത്തെ മുന്‍പും നിരീശ്വരവാദികള്‍ വിമര്‍ശിച്ചിട്ടുണ്ട്. കേരളത്തില്‍ തന്നെ ഇടമറുകിനെ പോലുള്ളവര്‍ ‘ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല’ തുടങ്ങിയ പുസ്തകങ്ങളും ഇസ്‌ലാം വിമര്‍ശന ഗ്രന്ഥങ്ങളുമൊക്കെ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് അതൊക്കെ ചര്‍ച്ചയാവുകയും ഇസ്‌ലാമിക പണ്ഡിതന്മാര്‍ സുവ്യക്തമായ രീതിയില്‍ അവയ്ക്ക് മറുപടി പറയുകയും ചെയ്തിരുന്ന ചരിത്രമൊക്കെ നമുക്ക് കാണാനാകും. അതായത് തങ്ങളുടെ ആശയപ്രചാരണത്തിന്റെ ഭാഗമായി മതങ്ങളെയും അവയിലെ വിശ്വാസങ്ങളെയും വിമര്‍ശിക്കുക എന്നത് മുന്‍പും ഇവര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അന്നൊന്നുമില്ലാതിരുന്ന തരത്തില്‍ അന്ധമായ മതവിമര്‍ശനത്തിലേക്ക് ഒതുങ്ങിപ്പോകുന്ന തരത്തിലുള്ള മാറ്റം ഈ പറഞ്ഞ നവനാസ്തികതയുടെ കടന്നുവരവോടെയാണ് കാണാനായത്. ഇന്ന് ഏത് നിരീശ്വരവാദിയോട് ചര്‍ച്ച ചെയ്യാനിരുന്നാലും മതവിമര്‍ശനങ്ങളുടെ ഒരു നീണ്ട നിര തന്നെ അവന്‍ നിരത്തും. ഇതിനോരോന്നിനും കൃത്യമായ മറുപടികള്‍ കൊടുക്കുമ്പോഴേക്ക് അടുത്ത മതവിമര്‍ശനം ഉന്നയിക്കും. ഇങ്ങനെ ദൈവവിശ്വാസവും നിരീശ്വരവിശ്വാസവും തമ്മിലുള്ള ചര്‍ച്ചകള്‍ ‘നബിപത്‌നിമാരിലും സ്വര്‍ഗത്തിലെ ഹൂറിമാരിലും’ ഒതുങ്ങുന്ന പരിഹാസ്യമായ കാഴ്ചയാണ് വത്തമാനകാലത്ത് കാണാന്‍ സാധിക്കുന്നത്.

ഇവിടെയാണ് ഈ രണ്ട് ആശയധാരകള്‍ തമ്മിലുള്ള ഏറ്റവും മൗലികമായ വിഷയങ്ങളിലേക്ക് ചര്‍ച്ചകള്‍ കൊണ്ട് വരാതിരിക്കാനുള്ള ബോധപൂര്‍വമായ മുന്‍കരുതല്‍ കൃത്യമായി കാണാന്‍ സാധിക്കുന്നത്. എന്തുകൊണ്ടാണ് ദൈവമുണ്ടോ? പ്രപഞ്ചം ആകസ്മികമായി ഉണ്ടാവുമോ? ജീവന്റെ ഉല്‍പത്തി എങ്ങനെയാണ്? എന്നൊന്നും ചര്‍ച്ച ചെയ്യാന്‍ ഇന്നൊരു നിരീശ്വരവാദിയെയും കിട്ടാത്തത്! അവ ചര്‍ച്ച ചെയ്യാന്‍ തുടങ്ങുമ്പോഴേക്ക് എന്തിനാണവര്‍ പഴകിപ്പുളിച്ച, ഒരായിരം വട്ടം ഇസ്‌ലാമിക പണ്ഡിതന്മാര്‍ മറുപടി പറഞ്ഞ ആരോപണങ്ങളുന്നയിച്ച് ഓടിപ്പോകുന്നത്?! ഇനി, വാദത്തിനു വേണ്ടി നിങ്ങളീ പറയുന്ന തരത്തില്‍ മതങ്ങളുടെ സ്വര്‍ഗ-നരകങ്ങളുമായി ബന്ധപ്പെട്ട കാഴ്ചപ്പാടിലും പ്രവാചകന്മാരുടെയും മാതാചാര്യന്മാരുടെയും ജീവിതത്തിലും പ്രശ്‌നങ്ങളുണ്ട് എന്ന് തന്നെ സങ്കല്‍പിക്കുക. എങ്കില്‍പോലും എങ്ങനെയാണ് എല്ലാം തനിയെ ഉണ്ടായി എന്നും. ഒന്നുമില്ലായ്മ എന്തിനെയൊക്കെയോ സൃഷ്ടിച്ചു എന്ന തരത്തിലുള്ള നിങ്ങളുടെ യുക്തിരഹിതമായ ഭീമാന്ധവിശ്വാസങ്ങള്‍ക്ക് അത് തെളിവാകുക?! യാദൃശ്ചികമായി എന്തൊക്കെയോ എങ്ങനെയൊക്കെയോ കൂടിച്ചേര്‍ന്ന് ഉണ്ടായതാണ് ഈ മഹാപ്രപഞ്ചവും അതിലെ വിവിധ ജീവജാലങ്ങളുമെല്ലാം എന്ന ലോകത്തിലെ ഏറ്റവും വലിയ യുക്തിരാഹിത്യത്തിന്റെ ആഴം പൊതുജനം മനസ്സിലാക്കുന്നതില്‍ നിന്ന് തടയാന്‍ ഇതിന് സാധിക്കുമെന്നാണോ നിങ്ങള്‍ കരുതുന്നത്?!

ഇതായിരുന്നില്ല മതവും നിരീശ്വരവാദവും തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രം. ഡോ. ഉസ്മാന്‍ സാഹിബിനെ പോലുള്ള അന്നത്തെ നിരീശ്വരവാദികളും കെ.സി അബൂബക്കര്‍ മൗലവിയെ പോലുള്ള പണ്ഡിതന്മാരും തമ്മില്‍ ഭൗതികവാദത്തിന്റെ അടിസ്ഥാന വിഷയങ്ങളെ കുറിച്ചായിരുന്നു സംവദിച്ചിരുന്നത്. പിന്നീട് ഡോ. ഉസ്മാന്‍ സാഹിബ് ദൈവവിശ്വാസിയാകുന്നതും ‘സല്‍സബീല്‍ മാസിക’യിലൂടെ എം.സി ജോസഫിനെ പോലുള്ള നിരീശ്വരവാദികളോട് തൂലികാ സംവാദം നടത്തുന്നതും ചരിത്രത്തില്‍ കാണാനാകും. പ്രസ്തുത സംവാദങ്ങളില്‍ ഈ യുക്തിരഹിതവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ കൃത്യമായി പൊതുജനത്തിന് മനസ്സിലാവുകയും ചെയ്തു. ഈ സംവാദങ്ങള്‍ നല്‍കിയ തിരിച്ചറിവുകള്‍ തന്നെയായിരിക്കണം ഇടമറുകിനെ പോലുള്ളവരെ ഇന്നുള്ള തരത്തിലല്ലെങ്കിലും പതിയെ മതവിമര്‍ശനങ്ങളിലേക്ക് കടക്കാനും ചക്രശ്വാസം വലിക്കുന്ന യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമെങ്കിലും നേടിക്കൊടുക്കാനും പ്രേരിപ്പിച്ചത്. എന്നാല്‍ അക്കാലഘട്ടത്തിലെ ഇസ്‌ലാമിക പണ്ഡിതന്മാര്‍ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയും ഓരോന്നിനും അക്കമിട്ട് മറുപടി നല്‍കുകയും ചെയ്തതോടെ പതനം പൂര്‍ണമാവുകയായിരുന്നു.

ദാര്‍ശനിക ചര്‍ച്ചകളില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല എന്ന അന്നേയുള്ള തിരിച്ചറിവ് തന്നെയാണ് ഇന്നത്തെ നിലപാട് മാറ്റത്തിനും കാരണം. പുറമേക്ക് തങ്ങള്‍ ശാസ്ത്രത്തിന്റെ കാവലാളുകളാണ് എന്ന് വരുത്തിത്തീര്‍ക്കുകയും ‘ശാസ്ത്ര പ്രചാരകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുകയും എന്നാല്‍ മതവുമായുള്ള ആശയസംവാദങ്ങളില്‍ മതവിമര്‍ശനം മാത്രം നടത്തി തടിയൂരുകയും ചെയ്യുന്ന രീതി നവനാസ്തികര്‍ക്ക് വല്ലാതങ്ങ് ആശ്വാസം നല്‍കുന്നുണ്ടെന്ന് തോന്നുന്നു. എന്നാല്‍ ശാസ്ത്രീയമായോ യുക്തിസഹമായോ തങ്ങളുടെ വിശ്വാസം തെളിയിക്കാന്‍, അതുമായി ബന്ധപ്പെട്ടുവരുന്ന ചര്‍ച്ചകളോട് പ്രതികരിക്കാന്‍, അത്തരം ചര്‍ച്ചകളില്‍ ‘ചെന്നുപെടാതിരിക്കാന്‍’ അവര്‍ നല്ലവണ്ണം ശ്രദ്ധിക്കുന്നുണ്ട്. 

മതവിമര്‍ശനങ്ങളുടെ പ്രളയത്തില്‍ ദാര്‍ശനിക ചര്‍ച്ചകള്‍ അറിയാതെ മുങ്ങിപ്പോകുന്നതല്ല, മറിച്ച് ശാസ്ത്രരംഗത്ത് വന്നിട്ടുള്ള വളര്‍ച്ചകള്‍ തങ്ങള്‍ കരുതുന്നതിനപ്പുറമാണ് യാഥാര്‍ഥ്യങ്ങള്‍ എന്ന് അടിക്കടി ബോധ്യപ്പെടുത്തുന്നത് കൊണ്ടുള്ള ഒരു ഒളിച്ചോട്ടം തന്നെയാണത്. നൂട്ടോണിയന്‍ ഫിസിക്‌സിന്റെ ബലത്തില്‍ ഇനിയൊരു ദൈവത്തിന്റെ ആവശ്യമില്ലെന്ന് വിളിച്ചുപറഞ്ഞവര്‍, ന്യൂട്ടണ്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത തരത്തില്‍ മൂന്ന് ചലനനിയമങ്ങളെ ഉപയോഗിച്ച് മതങ്ങളുടെ ശവമടക്ക് നടത്താന്‍ തുനിഞ്ഞിറങ്ങിയവര്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തവും ഫിസിക്‌സിലെ കൂടുതല്‍ പഠനങ്ങളും പുറത്തുവന്നപ്പോള്‍ പതിയെ മാളത്തിലൊളിച്ചു. ജീവന്‍ നിസ്സാരമാണെന്ന് വിചാരിച്ചിരുന്ന, അതിന്റെ സങ്കീര്‍ണതകള്‍ അറിയാത്ത കാലത്ത് വിളിച്ചു പറഞ്ഞ ജീവോല്‍പത്തിയെ കുറിച്ചുള്ള ഭൂലോക മണ്ടത്തരങ്ങള്‍ ജൈവശാസ്ത്ര രംഗത്തെ പഠനങ്ങള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞു. പദാര്‍ഥപ്രപഞ്ചത്തെ പറ്റി പോലും പൂര്‍ണമായ അറിവില്‍ പഠിക്കാന്‍ സാധ്യമല്ലെന്ന കാര്യം ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെട്ടു. സൂക്ഷ്മപ്രപഞ്ചത്തില്‍ പോലും പൂര്‍ണമായ അറിവ് സാധ്യമല്ലെന്ന Uncertainty Principle പോലുള്ള സിദ്ധാന്തങ്ങളും സ്ഥൂലപ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുകയാണെന്നും നാം എത്ര തന്നെ പുരോഗമിച്ചാലും അതിനെ കുറിച്ച് പൂര്‍ണമായി പഠിക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവുകളും പദാര്‍ഥ പ്രപഞ്ചം പോലും പൂര്‍ണമായി മനസ്സിലാക്കാന്‍ സാധിക്കാത്ത ശാസ്ത്രത്തിന്റെ രീതികളിലൂടെയാണോ പദാര്‍ഥങ്ങള്‍ക്കും പ്രപഞ്ചത്തിനും തന്നെ അതീതനായ സ്രഷ്ടാവിനെ നേരിട്ട് കാട്ടിത്തരണം എന്ന് പറയുന്നതെന്ന മറുചോദ്യങ്ങള്‍ ഉയര്‍ന്നത് എത്രകാലം കണ്ടില്ലെന്ന് നടിക്കാനാവും?! 

ചുരുക്കത്തില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ ‘ദൈവം മരിക്കുമെന്ന്’ സ്വപ്‌നം കണ്ടവരെ നിരാശപ്പെടുത്തിക്കൊണ്ട് ശാസ്ത്രീയ വിജ്ഞാനങ്ങള്‍ തന്നെ പ്രപഞ്ചത്തിന്റെ സങ്കീര്‍ണതകളും അത്ഭുതപ്പെടുത്തുന്ന വ്യവസ്ഥാപിതത്വവും പ്രപഞ്ചത്തെ അറിയാനുള്ള ശാസ്ത്രത്തിന്റെ പരിമിതികളും അടിവരയിട്ടുകൊണ്ട് ആവര്‍ത്തിക്കുന്നതിലുള്ള വിഷമവും പ്രയാസവും ഇന്ന് നിരീശ്വരന്മാരില്‍ കാണാനാകും. ‘ദൈവം മരിച്ചി’ല്ലെന്ന് മാത്രമല്ല ഈ അറിവുകള്‍ സര്‍വശക്തനായ ഒരു പ്രപഞ്ചാതീത ശക്തിയിലേക്ക് തന്നെ വിരല്‍ചൂണ്ടിക്കൊണ്ടേയിരിക്കുന്നു എന്നുള്ള തിരിച്ചറിവ് അവരെ തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്. യുക്തിവാദ പ്രസ്ഥാനങ്ങളുടെ തളര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകളില്‍, ഇതായിരുന്നില്ല അറുപതുകളില്‍ തങ്ങള്‍ സ്വപ്‌നം കണ്ടത് എന്ന നേതാക്കന്മാരുടെ നെടുവീര്‍പ്പുകളില്‍ നിന്ന് അത് കൃത്യമായി വായിച്ചെടുക്കാനും സാധിക്കും.

ഇങ്ങനെ എല്ലാ നിലക്കും ശാസ്ത്രലോകത്തെ വൈജ്ഞാനിക പുരോഗതികള്‍ തങ്ങള്‍ക്കുമേല്‍ പ്രഹരമാകുമ്പോഴും നിരീശ്വരവാദത്തെ ശാസ്ത്രത്തിന്റെ പര്യായമായി അവതരിപ്പിക്കാനും ശാസ്ത്രത്തിന്റെ മൊത്തക്കുത്തക സ്വയം ഏറ്റെടുക്കാനും തയ്യാറായി വരുന്നയാളുകളെ കാണുമ്പോള്‍ ആര്‍ക്കാണ് ചിരി വരാതിരിക്കുക! യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും മനോഹരമായ ലോകത്തെ കുറിച്ച് വാചാലരായി ആളെക്കൂട്ടിയ ശേഷം വെറും നാലാംകിട മതവിമര്‍ശന തൊഴിലാളികളായി അവരെ പരിവര്‍ത്തിപ്പിച്ചെടുത്ത്, നാടിനോ സമൂഹത്തിനോ ക്രിയാത്മകമായി ഒന്നും നല്‍കാനില്ലാത്ത, സോഷ്യല്‍ മീഡിയയില്‍ പരിഹസിക്കാനും ആക്ഷേപങ്ങള്‍ ചൊരിയാനും മാത്രമറിയുന്ന പരിഹാസജീവികള്‍ മാത്രമാക്കി അധഃപതിപ്പിക്കുന്ന നവനാസ്തികരുടെ ‘ശാസ്ത്രപ്രചാരണത്തിന്റെ’ കോലവും ശാസ്ത്രത്തോടുള്ള അവരുടെ നിലപാടുകളും പൊതുജനത്തിന് മുന്‍പില്‍ തുറന്നു കാട്ടേണ്ടിയിരിക്കുന്നു.

(അടുത്ത ഭാഗം: നിരീശ്വരവാദികളും ശാസ്ത്രത്തോടുള്ള സമീപനവും)

 

അബ്ദുല്ല ബാസിൽ സി.പി

മനുഷ്യമസ്തിഷ്‌കം എന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍!

മനുഷ്യമസ്തിഷ്‌കം എന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍!

പലപ്പോഴും നാം ഈ ലോകത്തെ മനസ്സിലാക്കുന്നത് വളരെ ലളിതമായാണ്! നാം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നു! എന്നാല്‍ അതിന്റെ പ്രവര്‍ത്തനത്തിന് നിദാനമായ മൈക്രോപ്രോസസ്സറുകളെപ്പറ്റി നാം ചിന്തിക്കാറില്ല. അത് പോലെ തന്നെ നാം ഈ ലോകത്തെക്കുറിച്ചോ പ്രകൃതിയെക്കുറിച്ചോ അതിലെ അത്ഭുതങ്ങെള ക്കുറിച്ചോ ചിന്തിക്കാറില്ല! നമ്മുടെ ചിന്താശേഷി ഉണര്‍ത്തുവാന്‍ ഇവിടെ ഞാന്‍ തിരഞ്ഞെടുക്കുന്ന ഉദാഹരണം ചിന്തയ്ക്ക് കാരണമായ തലച്ചോറാണ്!

മനുഷ്യമസ്തിഷ്‌കം അഥവാ സൂപ്പര്‍ സൂപ്പര്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍! 

മനുഷ്യമസ്തിഷ്‌കത്തിന്റെ അടിസ്ഥാന ഘടകം ‘ന്യൂറോണ്‍’ എന്ന കോശമാണ്. വളര്‍ച്ച പ്രാപിച്ച ഒരു തലച്ചോറില്‍ 100 ബില്യണ്‍ അഥവാ 100000000000 ന്യൂറോണുകള്‍ ഉണ്ടാകും!

ഈ ന്യൂറോണുകള്‍ ഒരു വലിയ നെറ്റ്‌വര്‍ക്കിനു തന്നെ രൂപം നല്‍കുന്നു! ഓരോ ന്യൂറോണ്‍ കോശവും 1000 മുതല്‍ 2 ലക്ഷം വരെ കോശങ്ങളുമായി കണക്റ്റ് ചെയ്തിട്ടുണ്ടാകും. ഈ ബന്ധങ്ങളെ ‘സിനാപ്‌സ്’ എന്ന് വിളിക്കുന്നു!

അങ്ങനെയെങ്കില്‍ ഒരു ന്യൂറോണ്‍ കോശം ശരാശരി 10000 കോശങ്ങളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നു എന്നെടുത്താല്‍ തലച്ചോറിലെ ആകെ സിനാപ്‌സുകളുടെ എണ്ണം=10000000000000 x 10000 = 10^15  (ക്വാട്രില്യന്‍).

അതായത് 100  ബില്യണ്‍ ന്യൂറോണുകള്‍ അടങ്ങുന്ന അവ തമ്മില്‍ ഒരു ക്വാട്രില്യന്‍  കണക്ഷനുകള്‍ ഉള്ള ഒരു സിസ്റ്റം ആണ് മനുഷ്യ മസ്തിഷ്‌കം!

മനുഷ്യ മസ്തിഷ്‌കത്തിന്റെ സങ്കീര്‍ണത മനസ്സിലാക്കാന്‍ ഈയൊരു ഉദാഹരണം ശ്രദ്ധിച്ചാല്‍ മതി:

നമ്മുടെ ലോകത്തിലെ ഇന്നത്തെ ഏറ്റവും വലിയ നെറ്റ്‌വര്‍ക്കുകളില്‍ ഒന്നാണ് മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക്. 6 ബില്യണ്‍ മോബൈലുകള്‍ ലോകത്തുണ്ട് എന്ന് കണക്കാക്കപ്പെടുന്നു. (ശ്രദ്ധിക്കുക: ന്യൂറോണുകള്‍ 100 ബില്യണ്‍).

ഓരോ മൊബൈലിലും 500 കോണ്ടാക്റ്റ് നമ്പരുകള്‍ ഉണ്ട് എന്ന് കരുതുക! അങ്ങനെയെങ്കില്‍ മൊത്തം കണക്ഷനുകളുടെ എണ്ണം= 600000000 x 500 =30 x 10^11, അഥവാ മൂന്ന് ട്രില്യന്‍ (Trillion)

അതായത് ലോകം മുഴുവന്‍ വ്യാപിച്ചു നില്‍കുന്ന മൊബൈല്‍ ശൃംഖലയെക്കാള്‍ 1000 ഇരട്ടി വലുതാണ് ഒരാളുടെ തലച്ചോറിലെ ന്യൂറോണ്‍ കണക്ഷന്‍സ്! ആ തലച്ചോറിന്റെ ഭാരം 1.3 കിലോഗ്രാമും വ്യാപ്തി 14 cm x 16 cm x 9 cm മാത്രവും!

ഇനി ശ്രദ്ധിക്കുക!

ഈ തലച്ചോര്‍ ഒരു ലക്ഷത്തിലധികം സന്ദേശങ്ങള്‍ ഒരു സെക്കന്റിനുള്ളില്‍ കൈകാര്യം ചെയ്യുന്നു!

നിങ്ങളുടെ ശ്വസന പ്രക്രിയെയയും വിശപ്പിനെയും കൈകാലുകളുടെ ചലനത്തെയും എന്തിനേറെ, നിങ്ങളുടെ കണ്‍പീലികളുടെ ചലനത്തെ സംബന്ധിച്ച് വരെയുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നു!

ഒരു മൊട്ടുസൂചി പോലും തനിയെ ഉണ്ടായതാണ് എന്ന് വിശ്വസിക്കാത്തവരാണ് നാം. പിന്നെ എങ്ങനെയാണ് ലോകം മുഴുവനുള്ള മൊബൈല്‍ നെറ്റ്‌വര്‍ക്കിനെക്കാള്‍ സങ്കീര്‍ണമായ നമ്മുടെ മസ്തിഷ്‌കം യാദൃച്ഛികമായി ഉണ്ടായതാണ് എന്ന് ആ തലച്ചോര്‍ ഉപയോഗിച്ച് നമുക്ക് ചിന്തിക്കുവാന്‍ കഴിയുന്നത്? കേവലം ചില യാദൃച്ഛികതകളുടെ ഉല്‍പന്നമാണ് മനുഷ്യനും അവനു ചുറ്റുമുള്ള പ്രപഞ്ചവും എന്ന് വാദിക്കുന്നവര്‍ മനുഷ്യശരീരത്തെ സംബന്ധിച്ച് ഉറ്റാലോചിക്കേണ്ടതാണ്.

ഇനി, യാദൃച്ഛികമായി എല്ലാം രൂപപ്പെടുവാനുള്ള സാധ്യതകളെക്കുറിച്ച് നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഈ വിഷയം പെട്ടെന്ന് മനസ്സിലാകുവാന്‍ ഒരു ചെറിയ പരീക്ഷണം ഇവിടെ അവതരിപ്പിക്കാം: 

ഒരു ചെറിയ പരീക്ഷണം!

ഒന്ന് മുതല്‍ പത്തു വരെ രേഖപ്പെടുത്തിയ പത്ത് കടലാസ് കഷ്ണങ്ങള്‍ ഒരു സഞ്ചിയില്‍ ഇടുക.

ഇനി ഒന്ന് മുതല്‍ പത്ത് വരെയുള്ള അതേ ക്രമത്തില്‍ ആ കടലാസുകള്‍ തിരിച്ചെടുക്കുവാന്‍ ശ്രമിക്കുക (അതിലേക്കു നോക്കാതെ!). ഓരോ തവണ കടലാസ് എടുത്ത ശേഷവും അതിന്മേല്‍ രേഖപ്പെടുത്തിയ സംഖ്യ ശ്രദ്ധിച്ച ശേഷം തിരച്ചു നിക്ഷേപിക്കുക.

പത്ത് തവണ നിങ്ങള്‍ എടുത്താല്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള അതേ ക്രമത്തില്‍ നിങ്ങള്‍ക്ക് കടലാസുകള്‍ ലഭിക്കാനുള്ള സാധ്യത എന്ത്?

ആദ്യം എടുക്കുന്നത് ‘1’ ആവാനുള്ള സാധ്യത പത്തിലൊന്ന്! ഇനി അതോടൊപ്പം രണ്ടാമത്തേത് ‘2’ ആവാനുള്ള സാധ്യത നൂറിലൊന്ന്! അടുത്തത് മൂന്നിലൊന്ന് ലഭിക്കാനുള്ള സാധ്യത ആയിരത്തിലൊന്ന്! ഇങ്ങനെ ഒന്ന് മുതല്‍ പത്ത് വരെ ക്രമത്തില്‍ കിട്ടാനുള്ള സാധ്യത ആയിരം കോടിയിലൊന്നു മാത്രം! അതായത് ഈയൊരു ചെറിയ പരീക്ഷണത്തില്‍ തന്നെ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫലം കിട്ടുവാനുള്ള സാധ്യത ഇല്ല എന്ന് തന്നെ പറയാം! നിങ്ങള്‍ മനഃപൂര്‍വം നിങ്ങള്‍ക്കാവശ്യമുള്ള ഫലം ലഭിക്കുവാന്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നത് വരെ!

ഇതേ കേവലയുക്തി കൊണ്ട് തന്നെ ചിന്തിക്കുക!

കേവലം യാദൃച്ഛികത മൂലം, സാധ്യതകള്‍ മൂലം ഈ ഭൂമിയും അതില്‍ ജീവന്‍ നിലനില്‍ക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും അതിലെ ജീവജാലങ്ങളും നിലവില്‍ വരുമോ?

ചിന്തിക്കുക!

ഭൂമിയുടെ അച്ചുതണ്ട് 23 ഡിഗ്രി ചെരിഞ്ഞാണ് ഉള്ളത്. അതിനു ഇത്ര ചെരിവ് ഇല്ലായിരുന്നെങ്കില്‍ ഭൂഖണ്ഡങ്ങള്‍ തണുത്തുറഞ്ഞു പോകുമായിരുന്നു!

ഭൂമി സ്വന്തം അച്ചുതണ്ടില്‍ ഒരു മണിക്കൂറില്‍ ആയിരം മൈല്‍ വേഗത്തില്‍ കറങ്ങുന്നു. ആ കറക്കത്തിന്റെ വേഗത 100 മൈല്‍ ആയിരുന്നെങ്കില്‍ നമ്മുടെ രാപ്പകലുകളുടെ ദൈര്‍ഘ്യം പത്തിരട്ടിയാകുമായിരുന്നു. മാത്രമല്ല, അമിതമായ സൂര്യപ്രകാശം കാരണം ഒരിക്കലും ഇവിടെ ജീവന്‍ നിലനില്‍ക്കുകയുമില്ല!

ഈ പ്രപഞ്ചത്തിലെ ചെറിയ നക്ഷത്രങ്ങളിലൊന്നാണ് സൂര്യന്‍. സൂര്യന്റെ ഉപരിതലത്തിലെ താപനില 10000 ഫാരന്‍ഹീറ്റ് ആണ്. ഇത് ഭൂമിക്ക് ആവശ്യത്തിന് മാത്രമുള്ള ചൂട് പ്രദാനം ചെയ്യുന്നു. സൂര്യന്‍ പുറത്തു വിടുന്ന രശ്മികള്‍ അല്‍പം കുറവായിരുന്നെങ്കില്‍ നമ്മുടെ ഭൂമി ഒരു തണുത്തുറഞ്ഞ ഗ്രഹമായി മാറിയേനെ! അല്‍പം കൂടിയിരുന്നെങ്കിലോ? നാമെല്ലാം കരിഞ്ഞു പോയേനെ!

ചന്ദ്രന്‍ നമ്മോട് കുറച്ചു കൂടി അടുത്തായിരുന്നെങ്കില്‍ വേലിയേറ്റം  മൂലം ദിവസം രണ്ടു തവണ കര മുഴുവന്‍ മുങ്ങിപ്പോയേനെ! പര്‍വതങ്ങള്‍ ഒലിച്ചു പോയേനെ!

ഭൂമിയുടെ ഉപരിഭാഗം (crust) പത്തടി കൂടി മാത്രം കട്ടിയുണ്ടായിരുന്നെങ്കില്‍ ഇവിടെ ഓക്‌സിജന്‍ ഉണ്ടാകുമായിരുന്നില്ല!

സമുദ്രങ്ങള്‍ അല്‍പം കൂടി ആഴമുള്ളതായിരുന്നെങ്കില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് മുഴുവന്‍ അവ വലിച്ചെടുക്കുകയും സസ്യങ്ങളുടെ നിലനില്‍പ് അവതാളത്തിലാകുകയും ചെയ്യുമായിരുന്നു!

ഇവ ജീവന്റെ നിലനില്‍പിനാവശ്യമായ ചില ഘടകങ്ങള്‍ മാത്രം! എന്താണ് ഇവയെല്ലാം വളരെ യാദൃച്ഛികമായി നമ്മുടെ അസ്തിത്വത്തിന് അനുകൂലമായി വരാനുള്ള സാധ്യത? നിങ്ങള്‍ ഒരു മരുഭൂമിയിലൂടെ നടന്ന് നീങ്ങുമ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചു എന്ന് സങ്കല്‍പിക്കുക. നിങ്ങള്‍ എത്തുന്ന യുക്തിപരമായ അനുമാനം എന്തായിരിക്കും? കോടാനുകോടി വര്‍ഷം മരുഭൂമി ഏറ്റുവാങ്ങിയ കാറ്റിന്റെയും മഴയുടെയും സൂര്യപ്രകാശത്തന്റെയും ഇടിമിന്നലുകളുടെയും കാരണമായി മണലില്‍ നിന്ന് ഗ്ലാസും സിലിക്കണും ഉണ്ടായി അത് മണല്‍ക്കാടുകള്‍ക്കിടയില്‍ നിന്നുണ്ടായ എണ്ണയില്‍ നിന്ന് ഉണ്ടായ പ്ലാസ്റ്റിക്കുമായി സംഗമിച്ച് ഫോണ്‍ ആയി എന്നതായിരിക്കുമോ? അല്ലല്ലോ! പ്രകൃതിപ്രതിഭാസങ്ങളുടെ ഭാഗമായി ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടാകും എന്ന് പോലും വിശ്വസിക്കുവാന്‍ നമ്മുടെ മനസ്സ് നമ്മെ അനുവദിക്കുന്നില്ല എങ്കില്‍ ഫോണിനെക്കാള്‍ കോടാനുകോടി മടങ്ങ് സങ്കീര്‍ണമായ ഈ പ്രപഞ്ചത്തിന് പിന്നില്‍ ഒരു സ്രഷ്ടാവില്ല എന്ന് പറയുന്നത് യുക്തിപരമാണോ?!

 

മുഹമ്മദ് അജ്മല്‍. സി
നേർപഥം വാരിക

മഴനൂലുകളിലെ ദൈവിക ദൃഷ്ടാന്തം

മഴനൂലുകളിലെ ദൈവിക ദൃഷ്ടാന്തം

ജീവന്റെ അടിസ്ഥാന ഘടകമാണ് ജലം. ഭൂമിയില്‍ ജീവന്റെ നിലനില്‍പിന് ആധാരമായി വര്‍ത്തിക്കുന്ന ഘടകങ്ങളില്‍ അതിപ്രധാനമായ ഒന്നാണ് ജലമെന്നതില്‍ പക്ഷാന്തരമില്ല. മഴ കിട്ടാതിരിക്കുമ്പോഴാണ് അതിന്റെ വില നാം അറിയാറുള്ളത്. മഴയുടെ ലഭ്യതയില്‍ വിസ്മയകരവും ചിന്താര്‍ഹവുമായ പല കാര്യങ്ങളുണ്ട്. ചിന്തിക്കുന്ന മനുഷ്യര്‍ക്ക് സര്‍വശക്തനായ സ്രഷ്ടാവിന്റെ അസ്തിത്വം അംഗീകരിക്കുവാന്‍ തക്ക തെളിവുകള്‍ അവയില്‍നിന്ന് ലഭിക്കുമെന്നതില്‍ സംശയമില്ല. 

എങ്ങനെയാണ് മഴ പെയ്യുന്നത്? സമുദ്രജലം നീരാവിയായി മേലോട്ടുയുര്‍ന്ന് മേഘങ്ങളായി മാറുകയും ശേഷം മഴയായി ഭൂമിയില്‍ പതിക്കുകയും ചെയ്യുന്നു! എന്നാല്‍ മഴവെള്ളത്തിന് ഉപ്പുരുചിയില്ല. കയ്‌പോ ചവര്‍പ്പോ ഇല്ല! മഴവെള്ളത്തിനും പാറകളില്‍നിന്നും മലകളില്‍നിന്നും പൊട്ടിയൊഴുകുന്ന ഉറവകള്‍ക്കും കണ്ണീരിന്റെ തെളിമ! മഴ എങ്ങനെ ഉണ്ടാകുന്നു എന്ന കാര്യം മനുഷ്യര്‍ക്ക് തികച്ചും അജ്ഞാതമായിരുന്നു. കാലാവസ്ഥാ റഡാറുകളുടെ കണ്ടുപിടുത്തത്തോടെയാണ് മഴ രൂപംകൊള്ളുന്ന വിവിധ ഘട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചത്.

1687ല്‍ എഡ്മണ്ട് ഹാലി ഈ വസ്തുത ശാസ്ത്രീയമായി തെളിയിക്കുകയുണ്ടായി. എന്നാല്‍ ആ തെളിവുകള്‍ ലോകം അംഗീകരിക്കാന്‍ കാലങ്ങളെടുത്തു. ‘ഭൂഗര്‍ഭത്തിലൂടെയുള്ള ഒരു ജലപര്യയനവ്യവസ്ഥ സമുദ്രജലത്തെ പര്‍വതമുകളിലെത്തിക്കുന്നുവെന്നും അവിടെനിന്ന് അത് ശുദ്ധജലമായി പ്രവഹിക്കുന്നുവെന്നുമുള്ള ആശയം 18ാം നൂറ്റാണ്ടിന്റെ തുടക്കംവരെ നിലനിന്നിരുന്നു’എന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക ഓണ്‍ലൈന്‍ പറയുന്നു. മേല്‍പറഞ്ഞ എന്‍സൈക്ലോപീഡിയ തുടരുന്നു: ‘സമുദ്രജലം ബാഷ്പമായി അന്തരീക്ഷത്തിലേക്കുയരുകയും അവിടെവെച്ച് അത് ഘനീഭവിച്ച് ഭൂമിയിലേക്ക് മഞ്ഞായും മഴയായും പെയ്തിറങ്ങുകയും ചെയ്യുന്നു. ഈ വെള്ളം നദികളിലൂടെ ഒഴുകി വീണ്ടും സമുദ്രത്തിലെത്തുന്നു.’ 

ഗ്രീക്ക് തത്ത്വചിന്തകര്‍ വിശ്വസിച്ചിരുന്നത്, നദീജലത്തിന്റെ ഉറവിടം മഴയല്ല എന്നാണ്; സമുദ്രജലം എങ്ങനെയോ ഭൂമിക്കടിയിലൂടെ ഒഴുകി പര്‍വതമുകളിലെത്തിയിട്ട് ശുദ്ധജലമായി പ്രവഹിക്കുകയാണെന്ന് അവര്‍ പഠിപ്പിച്ചു!

എന്നാല്‍ മഴയെക്കുറിച്ച് പ്രതിപാദിക്കുന്ന ക്വുര്‍ആനിക വചനങ്ങള്‍ മഴ ഉണ്ടാകുന്നതെങ്ങനെ, അതിന്റെ തോത്, പ്രയോജനം എന്നീ കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായി കാണാം. ക്വുര്‍ആന്‍ മഴയെക്കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ ക്വുര്‍ആന്‍ അവതരിച്ച കാലഘട്ടത്തിലെ ജനങ്ങള്‍ക്ക് തികച്ചും അജ്ഞാതമായിരുന്നുവെന്ന സത്യം, വിശുദ്ധ ക്വുര്‍ആന്‍ അല്ലാഹുവിന്റെ വാക്യങ്ങളാണെന്നതിന് സാക്ഷ്യം വഹിക്കുന്നു. ക്വുര്‍ആന്‍ മഴയെക്കുറിച്ച് നല്‍കുന്ന ചില വിവരങ്ങള്‍ കാണാം:

”ആകാശത്തുനിന്ന് ഒരു തോതനുസരിച്ച് വെള്ളം വര്‍ഷിച്ചു  തരികയും ചെയ്തവന്‍, എന്നിട്ട് അതുമൂലം നാം നിര്‍ജീവമായ രാജ്യത്തെ പുനരുജ്ജീവിപ്പിച്ചു. അതുപോലെ തന്നെ നിങ്ങളും (മരണാനന്തരം) പുറത്തുകൊണ്ടുവരപ്പെടുന്നതാണ്” (ക്വുര്‍ആന്‍ 43:11).

ഈ വചനത്തിലെ ‘തോത്’ എന്ന പ്രയോഗം നിശ്ചിതമായ കണക്കനുസരിച്ചാണ് അല്ലാഹു മഴ വര്‍ഷിപ്പിക്കുന്നത് വ്യക്തമാക്കുന്നു. എല്ലാ കാലവര്‍ഷങ്ങളിലും ഭൂമിയില്‍ പെയ്തിറങ്ങുന്ന മഴയുടെ അളവ് ഒന്നു തന്നെയാണെന്നതിലേക്ക് ഇത് സൂചന നല്‍കുന്നു. 

അന്തരീക്ഷത്തില്‍ മേഘങ്ങള്‍ കാണപ്പെടുന്നത് ഭൂമിയില്‍ നിന്ന് ഏറ്റവും കുറഞ്ഞത് 1200 മീറ്റര്‍ ഉയരത്തിലാണ്. ഇത്ര ഉയരത്തില്‍ നിന്ന് സാധാരണ ഗതിയില്‍ മഴത്തുള്ളിയുടെ വലിപ്പവും ഭാരവുമുള്ള ഒരു വസ്തു അതീവ പ്രവേഗം കൈവരിച്ച് മണിക്കൂറില്‍ 558 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ വേഗതയില്‍ ഭൂമിയില്‍ വന്നിടിക്കുന്ന ഒരു വസ്തു തീര്‍ച്ചയായും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവെയ്ക്കും. മേല്‍ പറഞ്ഞ വേഗതയില്‍ മഴത്തുള്ളികള്‍ ഭൂമിയില്‍ പതിക്കാനെങ്ങാനും ഇട വന്നാല്‍ കൃഷിയിടങ്ങളും ആവാസകേന്ദ്രങ്ങളും വീടുകളും നശിക്കുമെന്ന് മാത്രമല്ല, മഴയത്ത് ആളുകള്‍ക്ക് പുറത്തിറങ്ങി നടക്കണമെങ്കില്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കേണ്ടിയും വരും. ഇത് 1200 മീറ്റര്‍ ഉയരത്തില്‍ നിന്നും പതിക്കുന്ന മഴയുടെ കാര്യം. 10,000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മേഘങ്ങളില്‍ നിന്നും ആപതിക്കുന്ന മഴത്തുള്ളികളുടെ വേഗത ഒന്നു സങ്കല്‍പിച്ചു നോക്കുക. 

എന്നാല്‍ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. എത്ര ഉയരത്തില്‍ നിന്നായാലും ഭൂമിയില്‍ പതിക്കുന്ന മഴത്തുള്ളികളുടെ വേഗത മണിക്കൂറില്‍ 8 മുതല്‍ 10 കിലോമീറ്റര്‍ വരെയാണ്. ഇതിന്നു കാരണം മഴത്തുള്ളികള്‍ കൈവരിക്കുന്ന അവയുടെ പ്രത്യേക രൂപമാണ്. ഈ പ്രത്യേക രൂപത്തിലുള്ള മഴത്തുള്ളികള്‍ കടന്നുപോകുന്ന അന്തരീക്ഷത്തില്‍ ഘര്‍ഷണം കൂട്ടുകയും അതിവേഗത കൈവരിക്കുന്നതില്‍ നിന്നും അതിനെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ സാങ്കേതിക ജ്ഞാനം അവലംബമാക്കിയാണത്രെ പാരച്യൂട്ടുകളുടെ രൂപകല്‍പന നിര്‍വഹിച്ചിട്ടുള്ളത്.

മഴ പെയ്യണമെങ്കില്‍ നീരാവി അന്തരീക്ഷത്തിലേക്കുയരണം. അത് മേഘമായി മാറണം. മേഘങ്ങള്‍ പിന്നീട് മഴയായി പെയ്തിറങ്ങുന്നു. അല്ലാഹു പറയുന്നു:

”അല്ലാഹുവാണ് കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ അവന്‍ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴ പുറത്തുവരുന്നതായി നിനക്കു കാണാം. എന്നിട്ട് തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു” (ക്വുര്‍ആന്‍ 30:48). 

മഴയുടെ ഓരോ ഘട്ടത്തെയും കുറിച്ച് വിശുദ്ധ ക്വുര്‍ആനിലെ ഈ വചനം ക്രമത്തില്‍ തന്നെ വിവരിച്ചിരിക്കുന്നു; ശാസ്ത്രം ഇത് കണ്ടെത്തുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ!

മഴയുടെ പ്രത്യേക ധര്‍മമായ ‘നിര്‍ജീവമായ ഭൂമിക്ക് ജീവന്‍ നല്‍കുന്നു’ എന്ന കാര്യം ധാരാളം സൂക്തങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നതായി കാണാം.

”തന്റെ (മഴവര്‍ഷമാകുന്ന) കാരുണ്യത്തിന്റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവന്‍ (അല്ലാഹു) തന്നെ. ആകാശത്തുനിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. നിര്‍ജീവമായ നാടിന് അതുമുഖേന നാം ജീവന്‍ നല്‍കുവാനും നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത് കുടിപ്പിക്കുവാനും വേണ്ടി. അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത് (മഴവെള്ളം) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട് കാണിക്കുവാനല്ലാതെ മനസ്സുവവന്നില്ല” (ക്വുര്‍ആന്‍ 25: 48-50).

 ”ആകാശത്തുനിന്ന് നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട് അതു മൂലം പല തരം തോട്ടങ്ങളും കൊയ്‌തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 50:9).

മണ്ണിന്റെ വളക്കൂറ് വര്‍ധിപ്പിക്കുന്ന കാല്‍സ്യം, മെഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ മഴയില്‍ അടങ്ങിയിരിക്കുന്നു. നൂറു കൊല്ലത്തോളം വൃഷ്ടിപ്രദേശത്തെ ഊഷരഭൂമിയെ ഫലഭൂയിഷ്ടമായി നിലനിര്‍ത്താന്‍ ഒരാണ്ടിലെ മഴയിലൂടെ ലഭിക്കുന്ന ഈ മൂലകങ്ങര്‍ക്ക് കഴിയുമെന്നാണ് കണക്ക്. 150 മില്ല്യണ്‍ ടണ്‍ വളം ഓരോ വര്‍ഷവും മഴ ഭൂമിയില്‍ നിക്ഷേപിക്കുന്നുണ്ട്. പ്രകൃത്യായുള്ള ഈ വളപ്രയോഗമില്ലെങ്കില്‍ ഭൂമിയില്‍ സസ്യജാലങ്ങള്‍ കുറയുമെന്നു മാത്രമല്ല പ്രകൃതിയുടെ സന്തുലിതത്വം നഷ്ടമാവുകയും ചെയ്യും.

ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് കണക്കില്ലാത്ത അനുഗ്രഹങ്ങള്‍ നല്‍കിയവനാണ് സ്രഷ്ടാവായ അല്ലാഹു. അതില്‍പെട്ട ഒന്നാണ് മഴ എന്നതിനാല്‍ ‘കാരുണ്യം’ എന്ന് അല്ലാഹു മഴയെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നു. ആ കാരുണ്യത്തിന്റെ ആഗമനത്തിനു മുന്നോടിയായി തണുത്ത കാറ്റടിച്ചുവീശുമ്പോള്‍ മഴ കാത്തിരിക്കുന്നവരുടെ മനംകുളിര്‍ക്കാറുണ്ടെന്നത് അനുഭവ യാഥാര്‍ഥ്യമാണ്. 

‘നീ കണ്ടില്ലേ, അല്ലാഹു ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു…”(ക്വുര്‍ആന്‍ 39:21).

”നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ മേഘത്തില്‍നിന്ന് അതിറക്കിയത്? അതല്ല നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അത് നാം ദുഃസ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിട്ടും നിങ്ങള്‍ നന്ദി കാണിക്കാത്തതെന്താണ്?” (ക്വുര്‍ആന്‍ 56:68-70).

ഒരു കണക്കനുസരിച്ചാണ് അല്ലാഹു മഴ നല്‍കുന്നത്. കിണറുകളും കുളങ്ങളുമൊക്കെ കുഴിച്ചാല്‍ വെള്ളം ലഭിക്കത്തക്ക വിധത്തില്‍ വെള്ളത്തെ ഭൂമിയുടെ അഗാധതയിലേക്ക് ഇറങ്ങാന്‍ അനുവദിക്കാതെ തടുത്തുനിര്‍ത്തുന്നതും അല്ലാഹു തന്നെ:

”ആകാശത്തുനിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് അതിനെ നാം ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചുകളയുവാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു” (ക്വുര്‍ആന്‍ 23:18).

വേനല്‍കാലമായാല്‍ ഈര്‍പ്പം നഷ്ടപ്പെട്ട് ഭൂമി വിണ്ടുകീറുന്നു. സസ്യലതാതികള്‍ ഉണങ്ങിക്കരിയുന്നു. എന്നാല്‍ നല്ലൊരു മഴയേല്‍ക്കുമ്പോള്‍ തന്നെ ഭൂമിക്ക് ജീവന്‍ വെക്കുകയായി. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: 

”നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് നാം അതില്‍ ജലം വര്‍ഷിച്ചാല്‍ അതിന് ചലനമുണ്ടാവുകയും അത് വളരുകയും ചെയ്യുന്നു. ഇത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ…” (ക്വുര്‍ആന്‍ 41:39). 

”അത്(വെള്ളം) മുഖേന ധാന്യവിളകളും ഒലീവും ഈത്തപ്പനയും മുന്തിരികളും അവന്‍ നിങ്ങള്‍ക്ക് മുളപ്പിച്ചുതരുന്നു. എല്ലാതരം പഴവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ചുതരുന്നു). ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്” (ക്വുര്‍ആന്‍ 16:11).–

ഭൂലോകത്ത് വെള്ളമെന്ന അനുഗ്രഹത്തെ നന്നായി ആസ്വദിക്കുകയും പരമാവധി ചൂഷണം ചെയ്യുകയും ചെയ്യുന്ന ഏക ബുദ്ധിജിവിയായ മനുഷ്യന് വളരെയേറെ ചിന്തിക്കുവാന്‍ അതില്‍ വകയുണ്ട്. എന്നിട്ടും ചിലര്‍ മഴയെ പ്രകൃതിയുടെ കനിവോ കോപമോ ആയി കാണുന്നു! ചിലരാകട്ടെ ഗ്രഹഫലവും ഗ്രഹപ്പിഴയും ഞാറ്റുവേലയുെട ദോഷവുമായി അതിനെ വ്യാഖ്യാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. മറ്റു ചിലരാകട്ടെ കണ്ണടച്ചുകൊണ്ട് ഇതെല്ലാം ആകസ്മികവും പ്രകൃതിയുടെ അനിവാര്യതയുമെന്നു പറഞ്ഞ് അതിനെ നിസ്സാരമായി കാണുന്നു. 

സെയ്ദ്ബ്‌നു ഖാലിദി(റ)ല്‍ നിന്ന് നിവേദനം:’ഹുദൈബിയയില്‍ വെച്ച് നബി ﷺ യോടൊപ്പം ഞങ്ങള്‍ സുബ്ഹി നമസ്‌കാരം നിര്‍വഹിച്ചു. തലേദിവസം രാത്രി മഴ പെയ്തിരുന്നു. നമസ്‌കാരത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് റസൂല്‍ ﷺ ഇങ്ങനെ ചോദിച്ചു: ”നിങ്ങള്‍ക്കറിയാമോ, നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞതെന്ന്?”’അവര്‍ പറഞ്ഞു: ”അല്ലാഹുവും അല്ലാഹുവിന്റെ റസൂലുമാണ് ഏറ്റവും നന്നായി അറിയുന്നവര്‍.” റസൂല്‍(സ)പറഞ്ഞു: ”അല്ലാഹു പറഞ്ഞിരിക്കുന്നു; ഈ പുലരിയില്‍ എന്റെ അടിമകളില്‍ എന്നില്‍ വിശ്വസിക്കുന്നവനും എന്നില്‍ അവിശ്വസിക്കുന്നവനും ഉണ്ടായിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താലും ഔദാര്യത്താലും ഞങ്ങള്‍ക്ക് മഴ ലഭിച്ചിരിക്കുന്നു എന്ന് പറയുന്നവന്‍ എന്നില്‍ വിശ്വസിക്കുകയും നക്ഷത്രങ്ങളില്‍ അവിശ്വസിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ നിര്‍ണിത ഞാറ്റുവേലകളാല്‍ (വാവുകള്‍ കാരണത്താല്‍) ഞങ്ങള്‍ക്ക് മഴ ലഭിച്ചിരിക്കുന്നു എന്നു പറഞ്ഞവന്‍ എന്നില്‍ അവിശ്വസിക്കുകയും നക്ഷത്രങ്ങളില്‍ വിശ്വസിക്കുകും ചെയ്തിരിക്കുന്നു”'(ബുഖാരി, മുസ്‌ലിം).

മഹത്തായ ഈ പ്രതിഭാസത്തിന്റെ പിന്നിലുള്ള അദൃശ്യവും അപാരവുമായ മഹാശക്തിയെക്കുറിച്ച് ആലോചിക്കുവാനും അവനോട് നന്ദിയും വിധേയത്വവും കാണിക്കുവാനും സന്‍മനസ്സു കാണിക്കുന്നവര്‍ വളരെ വിരളമാണ്. ഞാറ്റുവേലകളും നക്ഷത്രങ്ങളും ഗ്രഹങ്ങളുമൊക്കെയാണ് മഴ നല്‍കുന്നതെന്ന്‌വിശ്വസിക്കുന്നവര്‍ ഫലത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുന്നവരാണ്. അത്തരക്കാര്‍ അല്ലാഹുവില്‍ അവിശ്വസിച്ചവരാണെന്ന മുന്നറിയിപ്പ് വിശ്വാസികള്‍ ഗൗരവത്തിലെടുക്കേണ്ടതുണ്ട്.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക