ഗര്‍ഭാവസ്ഥയിലെ ബ്ലീഡിംഗ് നമസ്കാരം തടയുകയില്ല.

ഗര്‍ഭാവസ്ഥയിലെ ബ്ലീഡിംഗ് നമസ്കാരം തടയുകയില്ല.

ചോദ്യം: ഗര്‍ഭാവസ്ഥയില്‍ ചില സ്ത്രീകള്‍ക്കുണ്ടാകുന്ന ബ്ലീഡിംഗ് നമസ്കാരം തടയുന്ന കാര്യമാണോ ?.

ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

സ്ത്രീകള്‍ക്ക് നമസ്കാരം തടയുന്നതായ രക്തങ്ങള്‍ ‘ഹൈള്’ അഥവാ ആര്‍ത്തവം, ‘നിഫാസ്’ അഥവാ പ്രസവരക്തം തുടങ്ങിയവയാണ്. മാസമുറക്കാണ് ആര്‍ത്തവം എന്ന് പറയുന്നത്.

നിഫാസ് ആകട്ടെ, പ്രസവാനന്തരമോ പ്രസവത്തിന് തൊട്ട് മുന്‍പോ, അഥവാ ഭ്രൂണം ശരീരത്തില്‍ നിന്നും പുറത്ത് പോകുന്നതിന് മുന്നോടിയായി ഒന്നോ രണ്ടോ ദിവസങ്ങള്‍ മുന്‍പോ പ്രസവാനന്തരമോ കാണപ്പെടുന്ന രക്തമാണ്. കുഞ്ഞ് രൂപം പ്രാപിക്കുകയോ, മാംസപിണ്ഡമായിത്തീരുകയോ ചെയ്താലാണ് നിഫാസ് ആയി പരിഗണിക്കുന്നത്. വളരെ നിസാരമായ വലുപ്പം ആണെങ്കിലും 6 ആഴ്ച ആകുമ്പോഴേക്ക് കുഞ്ഞിന് മനുഷ്യ രൂപം ലഭിക്കുന്നു എന്നത് ആധുനിക വൈദ്യശാസ്ത്ര മാധ്യമങ്ങളിലൂടെ ബോധ്യമായ ഒരു വസ്തുതയാണ്. തന്‍റെ ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തി പ്രസവത്തിന് മുന്‍പ് ഒന്നോ രണ്ടോ മൂന്നോ ദിനങ്ങള്‍ മുന്‍പ് മാത്രം ആരംഭിക്കുന്നതായ ബ്ലീഡിംഗും, പ്രസവ ശേഷം തുടരുന്നതായ ബ്ലീഡിംഗും നിഫാസ് ആണ്. സാധാരണ നിലക്ക് Mucus Plug അഥവാ ഗര്‍ഭാശയത്തിന്‍റെ വായഭാഗത്തുള്ള കട്ടിയേറിയ ദ്രവരൂപത്തിലുള്ള അടപ്പ്, അത് പുറത്ത് പോയതിന് ശേഷമാണ് അത് ആരംഭിക്കാറ്. അതുപോലെ പൂര്‍ണ വളര്‍ച്ചയെത്തുന്നതിന് മുന്‍പ് ഗര്‍ഭം അലസിപ്പോകുന്ന സ്ത്രീകള്‍ക്കും അതിന് തൊട്ടു മുന്‍പും ശേഷവുമായി ഉണ്ടാകുന്ന ബ്ലീഡിംഗ് നിഫാസ് ആണ്. എന്നാല്‍ അലസിപ്പോകുമെന്നത് ഉറപ്പാകാത്ത ഘട്ടങ്ങളില്‍ പ്രത്യേകിച്ചും ഡോക്ടര്‍മാര്‍ റെസ്റ്റ് നിര്‍ദേശിക്കുന്ന ഘട്ടങ്ങളില്‍ ഉണ്ടാകുന്ന ബ്ലീഡിംഗ് നിഫാസല്ല.  നമസ്കാരം തടയുകയുമില്ല. അവര്‍ക്ക് ശാരീരികമായി സാധ്യമാകുന്ന വിധേന നമസ്കാരം നിര്‍വഹിക്കേണ്ടതുണ്ട്.

 സംഗ്രഹം: ഹൈളോ, നിഫാസോ അല്ലാത്ത, ഗര്‍ഭിണിയായിരിക്കെ ചില സ്ത്രീകള്‍ക്ക്  ഉണ്ടാകുന്നതായ, സാധാരണ ‘സ്പോട്ടിംഗ്’ , ‘ബ്ലീഡിംഗ്’ എന്നൊക്കെ പറയാറുള്ള രക്തം നമസ്കാരം തടയുന്ന കാര്യമല്ല. ചില സ്ത്രീകള്‍ക്ക് ഗര്‍ഭസമയം തുടര്‍ന്നുകൊണ്ടിരിക്കെത്തന്നെ ചിലപ്പോഴെല്ലാം ബ്ലീഡിംഗ് ഉണ്ടാകാറുണ്ട്. ചിലത് ഗൌരവതരും ചിലത് നിസാരവുമാണ്. ഗര്‍ഭാശയത്തില്‍ നിന്നോ, അല്ലാതെയോ അതുണ്ടാകാം, ഗര്‍ഭമോ മറ്റു കാരണങ്ങളാലോ അതുണ്ടാകുകയുമാവാം. ഇത് നിഫാസോ ഹൈളോ അല്ല. അതുകൊണ്ടുതന്നെ നമസ്കാരം ഉപേക്ഷിക്കാവതല്ല. അതുപോലെ ഇത് കുളി നിര്‍ബന്ധമാക്കുന്ന കാര്യവുമല്ല. അതുകൊണ്ട് ശുദ്ധി വരുത്തി, വുളുവെടുത്ത ശേഷം നമസ്കരിക്കാവുന്നതാണ്. ഇനി അത് തുടര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ് എങ്കില്‍ അത് നമസ്കാരത്തിന്‍റെ സ്വീകാര്യതയെ ബാധിക്കില്ല. അതുപോലെ നിന്ന് നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ ഇരുന്നോ, ഇരുന്ന്‍ നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ കിടന്നോ നിര്‍വഹിച്ചാല്‍ മതി. അത്തരം ഒരവസ്ഥയില്‍ തന്‍റെ സാഹചര്യവും കുഞ്ഞിന്‍റെ ആരോഗ്യവും പരിഗണിച്ചു വേണം നമസ്കാരം നിര്‍വഹിക്കാന്‍ എന്നര്‍ത്ഥം.

എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ‘ഹൈള്’ ഉണ്ടാകുമോ, അഥവാ നോര്‍മല്‍ പീരിയഡ്സ് ഉണ്ടാകാന്‍ ഇടയുണ്ടോ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുള്ള കാര്യമാണ്. വൈദ്യശാസ്ത്ര രംഗത്തെ പ്രഗല്‍ഭരായ പലരും അതിന് യാതൊരു സാധ്യതയുമില്ല എന്ന് പറയുന്നുണ്ടെങ്കിലും പലപ്പോഴും തനിക്ക് സാധാരണ മാസമുറ ഉണ്ടാകാറുള്ള സാഹചര്യങ്ങളില്‍ ഒട്ടും വ്യത്യസ്ഥമല്ലാത്ത രക്തം പുറത്ത് വരാറുണ്ട്. ഗര്‍ഭാവസ്ഥയില്‍ 6 മാസം വരെയൊക്കെ കൃത്യമായി അത് തുടര്‍ന്ന് പോന്ന  തങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ പലരും രേഖപ്പെടുത്തിയത് വായിക്കാനും സാധിച്ചു. വളരെ വിരളമാണെങ്കിലും കൂടുതല്‍ പഠന വിധേയമാക്കേണ്ട കാര്യമാണ്. ഏതായാലും തനിക്ക് ഗര്‍ഭിണിയായിരിക്കെ സാധാരണ മാസമുറയുണ്ടാകുന്ന സമയത്ത് ആര്‍ത്തവ രക്തമാണ് എന്ന് തിരിച്ചറിയാവുന്നതായ രൂപത്തില്‍ രക്തസ്രാവം ഉണ്ടായാല്‍ അവര്‍ നമസ്കാരം ഉപേക്ഷിക്കേണ്ടതാണ്. നേരത്തെ നാം പറഞ്ഞ  ബ്ലീഡിംഗില്‍ നിന്നും വ്യത്യസ്ഥമായി രക്തത്തിന്‍റെ നിറത്തിലും ഗന്ധത്തിലുമെല്ലാം ഈ അവസ്ഥയില്‍ വ്യത്യാസം ഉണ്ടാവുകയും ചെയ്യും.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു:

“الحامل لا تحيض، كما قال الإمام أحمد -رحمه الله-، إنما تعرف النساء الحمل بانقطاع الحيض، والحيض -كما قال أهل العلم- خلقه الله تبارك وتعالى لحكمة غذاء الجنين في بطن أمه، فإذا نشأ الحمل انقطع الحيض، لكن بعض النساء قد يستمر بها الحيض على عادته كما كان قبل الحمل، فيكون هذا الحيض مانعاً لكل ما يمنعه حيض غير الحامل، وموجباً لما يوجبه، ومسقطاً لما يسقطه.

والحاصل أن الدم الذي يخرج من الحامل على نوعين:

– النوع الأول: نوع يحكم بأنه حيض، وهو الذي استمر بها كما كان قبل الحمل، لأن ذلك دليل على أن الحمل لم يؤثر عليه فيكون حيضاً.

– والنوع الثاني: دم طرأ على الحامل طروءاً، إما بسبب حادث، أو حمل شيء، أو سقوط من شيء ونحوه، فهذا ليس بحيض وإنما هو دم عرق، وعلى هذا فلا يمنعها من الصلاة ولا من الصيام فهي في حكم الطاهرات.

“സാധാരണ നിലക്ക് ഗര്‍ഭിണികള്‍ക്ക് ഹൈള് (ആര്‍ത്തവം) ഉണ്ടാകാറില്ല. ഇമാം അഹ്മദ് (റ) പറഞ്ഞത് പോലെ ആര്‍ത്തവം നിലക്കുക എന്നതുതന്നെ ഗര്‍ഭിണിയാണ് എന്നത് സൂചിപ്പിക്കുന്ന കാര്യമാണ്. പണ്ഡിതന്മാര്‍ പറഞ്ഞതുപോലെ ഗര്‍ഭസ്ഥശിശുവിന് മാതാവിന്‍റെ ഉദരത്തില്‍ ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാനായി അല്ലാഹു ഒരുക്കിയ സംവിധാനമാണ് ആര്‍ത്തവ രക്തമായി പുറത്ത് വരുന്നത്. അതുകൊണ്ടുതന്നെ ഗര്‍ഭം ഉണ്ടായാല്‍ ആര്‍ത്തവം നിലക്കുന്നു. പക്ഷെ ചില സ്ത്രീകളില്‍ ഗര്‍ഭാവസ്ഥക്ക് മുന്‍പുള്ള ക്രമ പ്രകാരം ആര്‍ത്തവം തുടരാം. അപ്രകാരം ഉണ്ടായാല്‍ ഗര്‍ഭിണിയല്ലാത്ത ഒരാള്‍ക്ക് ആര്‍ത്തവം കാരണത്താല്‍ എന്തെല്ലാം നിഷിദ്ധമാകുമോ അതെല്ലാം അവള്‍ക്കും നിഷിദ്ധമാകും. അതുപോലെ അതുകാരണം നിര്‍ബന്ധമാകുന്നത് (കുളി), അതുകാരണം അവരില്‍ നിന്നും ഒഴിവാകുന്നതും (നമസ്കാരം) എല്ലാം അവര്‍ക്കും ബാധകമാകും.

ചുരുക്കിപ്പറഞ്ഞാല്‍: ഗര്‍ഭാവസ്ഥയില്‍ പുറത്ത് വരുന്ന രക്തം രണ്ട് വിധമാണ്:

ഒന്ന്: അത് ആര്‍ത്തവം തന്നെയാണ് എന്ന് പറയാന്‍ സാധിക്കുന്നത്. താന്‍ ഗര്‍ഭിണിയാകുന്നതിന് മുന്‍പുള്ള അതേ മാസമുറപ്രകാരം തുടരുന്നതായ രക്തമാണത്. ഗര്‍ഭാവസ്ഥ (സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി) തന്‍റെ മാസമുറക്ക് മാറ്റം വരുത്തിയിട്ടില്ല എന്നതാണത് സൂചിപ്പിക്കുന്നത്.

രണ്ട്: ഗര്‍ഭിണികളില്‍ ചില സമയങ്ങളില്‍ അനിശ്ചിതമായി ഉണ്ടാകുന്നതായ രക്തം. എന്തെങ്കിലും അപകടം പറ്റിയതിനാലോ, ഭാരമുള്ള വസ്തുക്കള്‍ ചുമന്നതിനാലോ, എന്തില്‍ നിന്നെങ്കിലും താഴെ വീണതിനാലോ ഒക്കെ ഉണ്ടാകുന്നതുപോലുള്ള രക്തം. അത് ഹൈളിന്‍റെ രക്തം അല്ല. അത് കേവലം രക്തക്കുഴലുകളില്‍ നിന്നും പുറത്ത് വരുന്ന രക്തമാണ്. അത് നമസ്കാരത്തെയോ നോമ്പിനേയോ തടയുന്നില്ല. ശുദ്ധിയുടെ അവസ്ഥയിലുള്ള സ്ത്രീകളെപ്പോലെത്തന്നെയാണ് അവരും. – [مجموع فتاوى ورسائل الشيخ محمد صالح العثيمين – المجلد الحادي عشر – باب الحيض.] 

ഇമാം ശാഫിഇ (റ) വിരളമെങ്കിലും ഗര്‍ഭിണിക്ക് ഹൈള് ഉണ്ടാകാം എന്ന അഭിപ്രായക്കാരനാണ്. ഇതാണ് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയുടെയും അഭിപ്രായം. വ്യക്തിപരമായ ചിലരുടെ അനുഭവങ്ങള്‍ പരിശോധിച്ചാല്‍ ഈ അഭിപ്രായത്തില്‍ വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല. എന്നാല്‍ ഫുഖഹാക്കളില്‍ നിന്നും അതൊരിക്കലും സംഭവിക്കുകയില്ല എന്ന് രേഖപ്പെടുത്തിയവരും ധാരാളം ഉണ്ട്.

ഇമാം ഇബ്നു ഖുദാമ (റ) പറയുന്നു:

والحامل لا تحيض، فإن رأت دمًا، فهو دم فاسد؛ لقول النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ” ولا حائل حتى تستبرأ بحيضة ” يعني تستعلم براءتها من الحمل بالحيضة، فدل على أنها لا تجتمع معه

“ഗര്‍ഭിണിക്ക് ഹൈള് ഉണ്ടാവുകയില്ല.  അവര്‍ രക്തം കണ്ടാല്‍ അത് ഫസാദിന്‍റെ രക്തം മാത്രമാണ്. “ഗര്‍ഭിണിയല്ലാത്തവര്‍ ഒരു ഹൈള് കൊണ്ട് തെളിയുന്നത് വരെ” എന്ന നബിവചനം അതിനുള്ള തെളിവാണ്. അഥവാ ഒരു ഹൈള് ഉണ്ടാവുക വഴി അവര്‍ ഗര്‍ഭിണിയല്ല എന്നത് തെളിയട്ടെ എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ ഗര്‍ഭവും ഹൈളും ഒരേ സമയം സംഗമിക്കുകയില്ല എന്നതിന് ഈ ഹദീസ് തെളിവാണ്”.  – (الكافي : 1/140).

ഏതായാലും കര്‍മ്മശാസ്ത്രം എന്നതിനേക്കാള്‍ വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെടേണ്ട ഒരു കാര്യമാണത്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍…

 

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Ref: fiqhussunna

വലിയ ശുദ്ധി

വലിയ ശുദ്ധി

കുളി  

ശരീരം മുഴുക്കെ വെള്ളം ഒഴുക്കിക്കഴുകലാണ് കുളികൊണ്ട് ഉദ്ദേശിക്കുന്നത്.

കുളി നിർബന്ധമാക്കുന്ന കാര്യങ്ങൾ:-

സുഖാനുഭവത്തോടെ ഇന്ദ്രിയ സ്ഖലനം ഉണ്ടാവൽ.

അത് സംയോഗം, സ്വയംഭോഗം, ലൈംഗിക ചിന്ത, സ്വപ്നസ്ഖലനം പോലെയുള്ള ഏത് കാരണങ്ങൾ കൊണ്ടാണെങ്കിലും ശരി. അല്ലാഹു പറയുന്നു: ‘നിങ്ങൾ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാൽ (കുളിച്ച്) ശുദ്ധിയാകുക’ (മാഇദ: 6).

‘ഖിതാനൈൻ’ തമ്മിൽ കൂടിച്ചേരൽ. 

പുരുഷ ലിംഗത്തിന്റെ (ചേലാകർമ്മം ചെയ്യപ്പെട്ട) തലഭാഗം സ്ത്രീയുടെ യോനിയിൽ മറയുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം, അത് കാരണം ഇന്ദ്രിയ സ്ഖലനം ഉണ്ടായിട്ടില്ലെങ്കിലും ശരി. ഇപ്രകാരം സംഭവിച്ചാൽ രണ്ട് പേരും കുളിക്കൽ നിർബന്ധമാണ്. നബി (സ്വ) പറഞ്ഞു:

‘അവൻ അവളുടെ നാല് അവയവങ്ങൾക്കിടയിൽ ഇരിക്കുകയും പിന്നീട് അവളെ ഞെരുക്കുകയും ചെയ്താൽ തീർച്ചയായും കുളി നിർബന്ധമായി, ഇന്ദ്രിയം സ്ഖലിച്ചാലും ഇല്ലെങ്കിലും ശരി’ (മുസ്‌ലിം).

ആർത്തവ- പ്രസവ രക്തങ്ങൾ നിലക്കൽ. അല്ലാഹു പറയുന്നു: 

‘ആർത്തവത്തെപ്പറ്റി അവർ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാൽ ആർത്തവ ഘട്ടത്തിൽ നിങ്ങൾ സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കേണ്ടതാണ്. അവർ ശുദ്ധിയാവുന്നതുവരെ നിങ്ങൾ അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ അവർ ശുചീകരിച്ചു കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപ്പിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്ത് ചെന്ന് കൊള്ളുക. തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു'(ബഖറ:222)

ഫാത്വിമ ബിൻത് അബീഹുബൈശി(റ)നോട് നബി (സ്വ) പറഞ്ഞു:

‘നിനക്ക് ആർത്തവമുണ്ടാകുന്ന അത്രയും ദിവസങ്ങൾ നീ നമസ്‌കാരം ഒഴിവാക്കുക, ശേഷം നീ കുളിക്കുകയും നമസ്‌കരിക്കുകയും ചെയ്യുക’ (ബുഖാരി, മുസ്‌ലിം).

മരണം

ഒരു മുസ്‌ലിം മരണപ്പെട്ടാൽ അദ്ദേഹത്തെ കുളിപ്പിക്കൽ ജീവിച്ചിരിക്കുന്നവരുടെ ബാ ധ്യതയാണ്. ഉമ്മുഅത്വിയ്യ(റ)വിൽ നിന്നും നിവേദനം. അവർ പറയുന്നു: ‘നബി (സ്വ) ഞങ്ങളുടെ അടുക്കൽ പ്രവേശിച്ചു, ഞങ്ങൾ അദ്ദേഹത്തിന്റെ പുത്രിയെ കുളിപ്പിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: അവളെ നിങ്ങൾ മൂന്നോ, അഞ്ചോ, ആയി(എണ്ണത്തിൽ ഒറ്റയായി)കുളിപ്പിക്കുക. അതിൽ കൂടുതൽ ആവശ്യമെന്ന് നിങ്ങൾക്ക് തോന്നിയാൽ അപ്രകാരം ചെയ്യുക. വെള്ളം കൊണ്ടും താളികൊണ്ടും, അവസാനമായി കർപ്പൂരം (കലർത്തിയ വെള്ളം കൊണ്ടും നിങ്ങൾ കുളിപ്പിക്കുക). അങ്ങനെ ഞങ്ങൾ അതിൽ നിന്ന് വിരമിച്ചപ്പോൾ ഞങ്ങൾ അദ്ദേഹത്തിന് വരാൻ അനുവാദം കൊടുത്തു. പിന്നീട് അദ്ദേഹം ഞങ്ങൾക്ക് അരയുടുപ്പ് പോലെയുള്ള ഒരു തുണി (മുണ്ട്) ഇട്ടുതന്നു. ‘ഇത് കൊണ്ട് നിങ്ങൾ അവളെ പൊതിയുക’ എന്നദ്ദേഹം പറയുകയും ചെയ്തു’ (ബുഖാരി, മുസ്‌ലിം).

കുളിയുടെ പൂർണ്ണ രൂപം

നിയ്യത്ത്. 

വലിയ അശുദ്ധിയെ നീക്കം ചെയ്യാൻ കുളിക്കുന്നു എന്ന് മനസ്സിൽ കരുതുക. (അത് ജ നാബത്ത് കാരണമാണെങ്കിലും, ആർത്തവം, പ്രസവം പോലെയുള്ളകാരണങ്ങൾ കൊണ്ടാണെങ്കിലും ശരി) നിയ്യത്ത് നാവുകൊണ്ട് ചൊല്ലിപ്പറയാൻ പാടില്ല. കാരണം നബി (സ്വ) തന്റെ കുളിയിലോ വുദ്വുവിലോ നമസ്‌കാരത്തിലോ മറ്റേതെങ്കി ലും ആരാധനകളിലോ നിയ്യത്ത് ഉച്ചരിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിൽ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. അല്ലാഹുവാകട്ടെ ഹൃദയങ്ങളിൽ ഉള്ളത് അറിയുന്നവനുമാണ്. ‘ഉദ്ദേശ്യത്തിനനുസരിച്ചാണ് കർമ്മങ്ങൾ (വിലയിരുത്തപ്പെടുന്നത്) ഓരോ മനുഷ്യനും അവൻ ഉദ്ദേശിച്ചതാണുണ്ടായിരിക്കുക’ (അൽജമാഅ:) ഉമർ(റ) നിവേദനം ചെയ്ത ഈ ഹദീസാണ് ഇതിന് ആധാരം.

ബിസ്മില്ലാ എന്ന് പറഞ്ഞുകൊണ്ട് തന്റെ രണ്ട് കൈകളും കഴുകുകയും ശേഷം ഗുഹ്യസ്ഥാനം കഴുകി അവിടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്യുക. 

ആയിശ(റ)യിൽ നിന്നും നിവേദനം. അവർ പറയുന്നു:

‘നബി (സ്വ) ജനാബത്ത് കുളിക്കുമ്പോൾ തന്റെ കൈപ്പടങ്ങൾ കഴുകിക്കൊണ്ട് തുടങ്ങുകയും, ശേഷം വലതു കൈകൊണ്ട് വെള്ളം കോരി ഇടത്തെ കൈയിലേക്ക് ഒഴിക്കുകയും എന്നിട്ട് അതു കൊണ്ട് തന്റെ ഗുഹ്യസ്ഥാനം കഴുകുകയും ചെയ്യുമായിരുന്നു. ശേഷം നമസ്‌കാരത്തിന് വുദ്വു എടുക്കുന്നതു പോലെ വുദ്വു എടുക്കും, പിന്നീട് വെള്ളം എടുത്ത് (തലയിൽ ഒഴിച്ച്) തന്റെ വിരലുകൾ മുടിയിഴകളിലൂടെ പ്രവേശിപ്പിക്കും. അങ്ങനെ അവ ശുദ്ധിയായി എന്ന് കണ്ടാൽ അദ്ദേഹം തന്റെ തലയിൽ മൂന്ന് കോരൽ വെള്ളം കോരിയൊ ഴിക്കും. ശേഷം തന്റെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ കഴുകുകയും ഒടുവിൽ തന്റെ ഇരുകാലുകളും (പാദങ്ങൾ) കഴുകുകയും ചെയ്യും’ (മുസ് ലിം).

ശേഷം അദ്ദേഹം നമസ്‌കാരത്തിന് വുദ്വു എടുക്കുന്നതു പോലെ പൂർണ്ണമായ വുദ്വു എടുക്കും, (എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്).എന്നാൽ കാലുകൾ രണ്ടും കഴുകൽ തന്റെ കുളി കഴിയുന്നതു വരെ അദ്ദേഹം പിന്തിപ്പിക്കാറുമുണ്ട്. ആയിശ(i) യുടെ നേരത്തെ പറഞ്ഞ ഈ ഹദീസിന്റെ അടി സ്ഥാനത്തിൽ (അദ്ദേഹം രണ്ടുരൂപത്തിലും ചെയ് തിരുന്നു എന്ന് മനസ്സിലാക്കാം).

തന്റെ തലമുടിയുടെ മുരട്ടിലും തലയുടെ തൊ ലിയിലും വെള്ളം എത്തിക്കുന്നതിന് വേണ്ടി കൈവിരലുകൾ കൊണ്ട് തന്റെ തലയിലെയും താടിയിലെയും മുടിയിഴകളെ വിടർത്തുകയും തലയിൽ മൂന്ന്‌കോരൽ വെള്ളം കോരി ഒഴിക്കുകയും ചെയ്യുമായിരുന്നു അദ്ദേഹം. മൈമൂന(i)യി ൽ നിന്നും നിവേദനം. അവർ പറയുന്നു: ‘നബി (സ്വ) ക്ക് കുളിക്കുവാൻ ഞാൻ വെള്ളം എടുത്തു വെച്ചു. അങ്ങനെ അദ്ദേഹം തന്റെ ഇരു കൈപ്പടങ്ങളിലും വെള്ളം ഒഴിക്കുകയും രണ്ടോ മൂന്നോ പ്രാവശ്യം കഴുകുകയും ചെയ്തു. ശേഷം വലതു കൈ കൊണ്ട് ഇടതു കൈയിലേക്ക് വെളളം കോരിയൊഴിക്കുകയും ഇടതു കൈകൊണ്ട് തന്റെ ഗുഹ്യസ്ഥാനം കഴുകുകയും ചെയ്തു. ശേഷം അദ്ദേഹം കൈ തറയിൽ ഉരച്ചുകഴുകി. ശേഷം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റി വൃത്തിയാക്കുകയും ചെയ്തു. ശേഷം മുഖവും കൈകളും കഴുകി. ശേഷം മൂന്ന് പ്രാവശ്യം അദ്ദേഹം തന്റെ തല കഴുകുകയും പിന്നീട് ശരീരത്തിൽ (ബാക്കി ഭാഗങ്ങൾ) വെള്ളം ഒലിപ്പിച്ചു കഴുകുകയും, ശേഷം അദ്ദേഹം നിൽക്കുന്ന സ്ഥാനത്തു നിന്നും മാറി നിന്നുകൊണ്ട് തന്റെ പാദങ്ങൾ രണ്ടും കഴുകുകയും ചെയ്തു’ അവർ പറയുന്നു: ‘അങ്ങനെ ഒരു തുണിക്കഷ്ണവുമായി ഞാൻ അദ്ദേഹത്തി ന്റെ അടുക്കൽ ചെന്നു. അദ്ദേഹം അത് സ്വീകരിച്ചില്ല, തന്റെ കൈകൾ കൊണ്ട് അദ്ദേഹം വെള്ളം കുടഞ്ഞുകളയാൻ തുടങ്ങി’ (ബുഖാരി,മുസ്‌ലിം).

അദ്ദേഹം തന്റെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിൽ വെള്ളം കോരിയൊഴിക്കുകയും വലതുഭാഗത്തുനിന്നും ആരംഭിച്ചുകൊണ്ട് സാധ്യമാവുന്നത്ര ശരീരഭാഗങ്ങൾ ഉരച്ച് കഴുകുകയും ചെയ്യും. രണ്ട് കക്ഷങ്ങൾ, ചെവികൾ, പൊക്കിൾ എന്നിവിടങ്ങളിൽ വെള്ളം നനയാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. മാംസള ശരീരമുള്ളവർ അവരുടെ ശരീരത്തിന്റെ ഒന്നിനു മീതെ ചേർന്നു കിടക്കുന്ന മടക്കുഭാഗങ്ങൾ (വെള്ളം ചേർക്കാൻ പ്ര ത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്). -ഇപ്രകാരം മാംസള ഭാഗങ്ങൾ ഒന്നിനുമീതെ മറ്റൊന്ന് അടഞ്ഞു കിടക്കുന്നുണ്ടെങ്കിൽ വെള്ളം ഒഴിക്കുന്ന അവസരത്തിൽ അത് മുകളിൽ നിന്നും താഴോട്ടു ഉതിർന്നു പോവുകയും ഇത്തരം മറഞ്ഞ മടക്കുകളിൽ വെള്ളം നനയാതെ ഉണങ്ങിയ നിലയിൽത്തന്നെ അവശേഷിക്കുകയും ചെയ്യും- 

ആയിശ(റ)യിൽ നിന്നും നിവേദനം. അവർ പറയുന്നു: ‘നബി (സ്വ) ജനാബത്ത് കുളിക്കുമ്പോൾ കറവു പാത്രം പോലെ യുള്ള(ഒരു ചെറിയ പാത്രം) ആവശ്യപ്പെടുകയും, തന്റെ കൈകൊണ്ട് അത് പിടിച്ച് ആദ്യം തന്റെ തലയുടെ വലതുഭാഗത്തും, ശേഷം ഇടതുഭാഗത്തുമായി തലയിലൂടെ വെള്ളം ഒഴിക്കുകയും ചെയ്യും’ (ബുഖാരി, മുസ്‌ലിം).

*****************

കേവലം മതിയാവുന്ന കുളി

• വൃത്തികേടുകൾ കഴുകിക്കളയുക.

• ജനാബത്തിൽ നിന്നും ശുദ്ധിയാവാൻ വേണ്ടി കുളിക്കുന്നുവെന്ന് മനസ്സിൽ കരുതുക, ഉച്ചരി ക്കാൻ പാടില്ല.

• ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിൽക്കൂടി വെള്ളം ഒലിപ്പിച്ചു കഴുകുക, അല്ലെങ്കിൽ വെള്ളത്തിൽ മുങ്ങുക. രണ്ട് കക്ഷങ്ങളിലും ചെവികളിലും പൊക്കിളിലും തടിച്ച മാംസള ശരീര മുള്ളവർ തങ്ങളുടെ ശരീര മടക്കുകളിലും വെള്ളം സ്പർശിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഉമ്മു സലമ(റ)യോട് നബി (സ്വ) പറഞ്ഞു:

‘നിന്റെ തലയിൽ മൂന്ന് കോരൽ വെള്ളം ഒഴിക്കുകയും ശേഷം (ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിൽ) വെള്ളം ഒലിപ്പിച്ച് ശുദ്ധിയാക്കുകയും ചെയ്യുക’ (മുസ്‌ലിം).

*****************

സുന്നത്തായ കുളികൾ

ജുമുഅ നമസ്‌കാരത്തിന് വേണ്ടി: 

അബൂഹുറൈറ(റ)വിൽ നിന്നും നിവേദനം, അദ്ദേഹം പറയുന്നു: നബി (സ്വ) പറഞ്ഞു:

‘ആരെങ്കിലും കുളിക്കുകയും പിന്നീട് ജുമുഅക്ക് വരികയും ശേഷം അവന് കണക്കാക്കപ്പെട്ടത് (രണ്ട് റക്അത്ത് തഹിയ്യത്തുൽ മസ്ജിദ്) നമസ്‌കരി ക്കുകയും, ശേഷം ഇമാം തന്റെ ഖുത്വ്ബയിൽ നി ന്നും വിരമിക്കുന്നത് വരെ മൗനമായി (ശ്രദ്ധിക്കു കയും) ശേഷം അദ്ദേഹത്തോടൊപ്പം നമസ്‌കരിക്കുകയും ചെയ്താൽ ആ ജുമുഅക്കും അടുത്ത ജുമുഅക്കും ഇടയിലുള്ള പാപങ്ങളും, മൂന്ന് ദിവസത്തേത് കൂടുതലും പൊറുക്കപ്പെടുന്നതാണ്’ (മുസ്‌ലിം).

രണ്ട് പെരുന്നാൾ നമസ്‌കാരങ്ങൾക്ക് വേണ്ടി: 

പ്രവാചകൻ (സ്വ) ചെയ്യാറുണ്ടായിരുന്നതായി ഫാകതുബ്‌നു സഅദ്(റ) റിപ്പോർട്ട് ചെയ്യുന്നു.

‘തീർച്ചയായും നബി (സ്വ) വെള്ളിയാഴ്ചയും ചെറിയ പെരുന്നാൾ, ബലി പെരുന്നാൾ എന്നിവക്കു വേണ്ടിയും കുളിക്കാറുണ്ടായിരുന്നു'(അഹ്മദ്, ഇബ്‌നുമാജ:, ബസ്സാർ).

ഹജ്ജിന്നും ഉംറക്കും ഇഹ്‌റാം ചെയ്യാൻ വേണ്ടി: 

സൈദുബ്‌നു ഥാബിത്(റ)വിൽ നിന്നും നി വേദനം. 

‘(ഹജ്ജിനും ഉംറക്കും) ഇഹ്‌റാമിൽ പ്രവേശിക്കാൻ വേണ്ടി നബി (സ്വ) കുളിക്കുന്നതായി അദ്ദേഹം കണ്ടു’ (തുർമുദി, ദാറു ഖുത്വ്‌നി, ബൈഹഖ്വി, ത്വ ബ്‌റാനി).  

മക്കയിൽ പ്രവേശിക്കുവാൻ:

മക്കയിൽ പ്രവേശിക്കുവാൻ വേണ്ടി ഇബ്നു ഉമർ(റ) കുളിക്കാറുണ്ടായിരുന്നു.(ഒരു റിപ്പോർട്ടിൽ കാണാം) ‘ദീ ത്വുവാ എന്ന സ്ഥലത്ത് പ്രഭാതം വരെ രാത്രി താമസിക്കുകയും കുളിക്കുകയും ചെയ്തിട്ടല്ലാ തെ അദ്ദേഹം മക്കയിൽ പ്രവേശിക്കാറുണ്ടായിരുന്നില്ല. പകലായിരുന്നു അദ്ദേഹം മക്കയിൽ പ്രവേശിച്ചിരുന്നത്. പ്രവാചകൻ (സ്വ) അപ്രകാരം ചെയ് തെന്ന് അദ്ദേഹം സ്മരിക്കുകയും ചെയ്തിരുന്നു’ (മുസ്‌ലിം).

അവിശ്വാസി മുസ്‌ലിമായാൽ. 

അവനും കുളി നിർബന്ധമാണ്. ഖൈസുബ് നു ആസ്വിം(h)വിൽനിന്നും നിവേദനം, അദ്ദേഹം പറയുന്നു: ‘ഇസ്‌ലാം ആശ്ലേഷിക്കുവാൻ ആഗ്രഹിച്ചു കൊണ്ട് ഞാൻ നബി (സ്വ) യുടെ അടുക്കൽ ചെന്നു.  ‘നീ വെള്ളവും താളിയും ഉപയോഗിച്ച് കുളിക്കുക’ എന്ന് അദ്ദേഹം എന്നോട് കൽപ്പിച്ചു’ (അബൂദാവൂദ്, നസാ ഇ).

അതുപോലെ, അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. ‘ഥുമാമത്തുൽ ഹനഫീ ഇസ്‌ലാം സ്വീകരിച്ചപ്പോൾ നബി (സ്വ) അദ്ദേഹത്തെ അബൂത്വൽഹയുടെ ഒരു തോട്ടത്തിലേക്ക് (വളപ്പിലേക്ക്) പറഞ്ഞയക്കുകയും അദ്ദേഹത്തോട് കുളിക്കാൻ കൽപ്പിക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം കുളിക്കുകയും രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്തു. അപ്പോൾ നബി (സ്വ) പറഞ്ഞു: ‘നിങ്ങളുടെ സഹോദരന്റെ ഇസ്‌ലാമിനെ അവൻ നന്നാക്കിയിരിക്കുന്നു’ (അ ഹ്മദ്).

*****************

ജനാബത്തുള്ളവർക്ക് നിഷിദ്ധമായ കാര്യങ്ങൾ

1. നമസ്‌കാരം: 

അല്ലാഹു പറയുന്നു: 

‘സത്യവിശ്വാസികളേ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങൾ നമസ്‌കാരത്തെ സമീപിക്കരുത്, നിങ്ങൾ പറയുന്നതെന്തെന്ന് നിങ്ങൾക്ക് ബോധമുണ്ടാകുന്നത് വരെ. ജനാബത്തുകാരായിരിക്കുമ്പോൾ നിങ്ങൾ കുളിക്കുന്നതുവരെയും (നമസ്‌കാരത്തെ സമീപിക്കരുത്) (നിസാഅ്: 43).

2. കഅ്ബയെ ത്വവാഫ് ചെയ്യൽ: 

ആയിശ(റ)യിൽ നിന്നും നിവേദനം, അവർ പറയുന്നു: ‘ഞാൻ ആർത്തവകാരിയായിരിക്കെ മക്കയിൽ വന്നു. ഞാൻ കഅ്ബയെ ത്വവാഫ് ചെയ്യുകയും സ്വഫാമർവാക്കിടയിൽ നടക്കുകയും ചെയ്തില്ല. അവർ പറയുന്നു: ‘അങ്ങനെ ഞാനത് പ്രവാചകൻ (സ്വ) യോട് ആവലാതിപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു:

‘നീ ശുദ്ധിയാകുവോളം കഅ്ബ ത്വവാഫ് ചെയ്യലൊഴികെ, ഹാജിമാർ ചെയ്യുന്ന പോലെയെല്ലാം നീയും ചെയ്യുക. (ബുഖാരി, മുസ്‌ലിം).

3. മുസ്ഹഫ് സ്പർശിക്കലും ചുമക്കലും: 

അബൂബകർബിൻ മുഹമ്മദ്ബ്ൻ അംറി(റ) ൽ നിന്നും നിവേദനം. ‘നബി(സ്വ) യമൻകാർക്ക് എഴുതിയ കത്തിൽ ഇപ്രകാരം ഉണ്ടായിരുന്നു, 

 ശുദ്ധിയുള്ളവരല്ലാതെ ഖുർആൻ സ്പർശിക്കരുത്’ (നസാഇ, ദാറുഖുത്വ്‌നി, ബൈഹഖ്വി).

4. ഖുർആൻ പാരായണം ചെയ്യൽ:

അലി(റ)വിൽനിന്നും നിവേദനം, അദ്ദേഹം പറയുന്നു: ‘നബി (സ്വ) വുദ്വുവെടുക്കുകയും, ശേഷം അൽപ്പം ഖുർആൻ പാരായണം ചെയ്യുകയും ചെയ്തു. ശേഷം അദ്ദേഹം പറഞ്ഞു: 

‘ഇപ്രകാരമാണ് ജനാബത്തില്ലാത്തവൻ ചെയ്യേണ്ടത്. എന്നാൽ ജനാബത്തുകാരനാണെങ്കിൽ ഒരു ആയത്ത് പോലും പാടില്ല’ (അഹ്മദ്, അബൂയഅ് ലാ).

5. പള്ളിയിൽ താമസിക്കൽ:

 നബി (സ്വ) പറഞ്ഞു:

‘തീർച്ചയായും ആർത്തവകാരിക്കോ ജനാബത്തുകാരനോ പള്ളി അനുവദനീയമാവുകയില്ല’ (ഇബ്നുമാജ:, ത്വബ്‌റാനി).

*****************

കുളി: ചില അനിസ്‌ലാമികതകൾ

  ചില ആളുകൾ തന്റെ ഇണയുമായി സംയോഗത്തിലേർപ്പെടുന്നു. എന്നാൽ, അവർക്ക് രണ്ട് പേർക്കും കുളി നിർബന്ധമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ, രണ്ട് പേർക്കും സ്ഖലനം ഉണ്ടായെങ്കിലല്ലാതെ കുളിക്കുകയോ അവളോട് കുളിക്കാൻ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. നബി (സ്വ)  പറയുന്നു:

‘അവൻ അവളുടെ നാല് അവയവങ്ങൾക്കിടയിൽ ഇരിക്കുകയും പിന്നീട് അവളെ ഞെരുക്കുകയും ചെയ്താൽ തീർച്ചയായും കുളി നിർബന്ധമായി, ഇന്ദ്രിയം സ്ഖലിച്ചാലും ഇല്ലെങ്കിലും ശരി’ (മുസ്‌ലിം). 

  അതുപോലെ ചിലർ തന്റെ ഭാര്യയുമായി ബന്ധപ്പെട്ട ശേഷം കുളി ഫജ്‌റിന് മുമ്പ് വരേക്കും പിന്തിപ്പിക്കുകയും, വുദ്വുവില്ലാതെ ആ രാത്രി അവർ കഴിച്ചു കൂട്ടുകയും ചെയ്യുന്നു. ഇത് സുന്ന ത്തിനെതിരാണ്. അമ്മാറുബ്‌നു യാസിർ (റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറയുന്നു: 

‘ജനാബത്ത്കാരൻ തിന്നുവാനോ കുടിക്കുവാനോ ഉറങ്ങുവാനോ ഉദ്ദേശിച്ചാൽ നമസ്‌കാരത്തിന് വുദ്വുവെടുക്കുന്നതുപോലെ വുദ്വു എടുക്കാൻ നബി (സ്വ) ഇളവു നൽകി(നിർദ്ദേശിച്ചു)’ (അഹ്മദ്, തുർമുദി).

  ജനാബത്തുകാരായി രാത്രി ഉറങ്ങിയ ആളുകൾ സൂര്യോദയത്തിന് അൽപ്പം മുമ്പായാണ് ഉണർന്നതെങ്കിൽ, താൻ കുളിക്കാൻ ഒരുമ്പെട്ടാൽ നമസ്കാര സമയം വിട്ടുകടക്കുമെന്ന് കരുതി തയമ്മും ചെയ്യാറുണ്ട്. യഥാർത്ഥത്തിൽ ഇത് അനുവദനീയമല്ലാത്തതാണ്. ‘ജനാബത്ത്കാരനായി സൂര്യോദയത്തിന് അൽപ്പം മുമ്പ് ഉണർന്ന ഒരാൾ, താൻ കുളിക്കാൻ നിന്നാൽ സൂര്യൻ ഉദിക്കുമെന്ന് ഭയപ്പെടുന്നു. ഈ അവസരത്തിൽ അയാൾ തയമ്മും ചെയ്ത് നമസ്‌കരിക്കുകയാണോ, അതല്ല കുളിച്ച് ശേഷം നമസ്‌കരിക്കുകയാണോ വേണ്ടത് എന്ന ചോദ്യത്തിന് മറുപടിയായി ശൈഖ് അബ്ദുൽ അസീസ് ബ്ൻബാസ് (റ) പറയുന്നു: ‘കുളിച്ച് പൂർണ്ണ ശുദ്ധി വരുത്തി ശേഷം നമസ്‌കരിക്കുകയാണ് നീ ചെയ്യേണ്ടത്. മേൽ പറയപ്പെട്ട അവസ്ഥയിലും നിനക്ക് തയമ്മുംചെയ്യാൻ പാടില്ല. കാരണം, മറന്നുപോയവനും ഉറങ്ങിയവനും ഓർമ്മവരികയും, ഉണർന്നെണീക്കുകയും ചെയ്താൽ നമസ്കാരത്തിലേക്കും അതുമായി ബന്ധമുള്ള മറ്റു നിർബന്ധ കാര്യങ്ങളിലേക്കും ധൃതികാണിക്കാനാണ് കൽപ്പിക്കപ്പെട്ടിരിക്കുന്നത്. നബി (സ്വ) പറയുന്നു:

‘ആരെങ്കിലും നമസ്‌കാരത്തെ വിട്ട് ഉറങ്ങിപ്പോവുകയോ മറന്നു പോവുകയോ ചെയ്താൽ, ഓർമ്മ വന്നാൽ അവൻ ഉടൻ നമസ്‌കരിക്കട്ടെ, അതല്ലാതെ അവൻ മറ്റ് പ്രായശ്ചിത്തമൊന്നും ചെയ്യേണ്ടതില്ല’നമസ്‌കാരം ശുദ്ധിയോടു കൂടിയല്ലാതെ സ്വീകരിക്കപ്പെടുകയില്ലെന്നത് അറിയപ്പെട്ട കാര്യമാണ്. നബി (സ്വ) പറയുന്നു: ശുദ്ധിയോടു കൂടിയല്ലാതെ ഒരു നമസ്‌കാരവും സ്വീകരിക്കപ്പെടുകയില്ല. വെള്ളം ലഭിക്കുമെങ്കിൽ വെള്ളം കൊണ്ട് ശുദ്ധീകരിക്കണം. അത് ലഭ്യമാവാത്ത അവസരത്തിൽ മാത്രമേ അവൻ തയമ്മും ചെയ്ത് നമസ്‌കരിക്കാവൂ. അല്ലാഹു പറയുന്നു:

‘എന്നിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയതുമില്ലെങ്കിൽ നിങ്ങൾ ശുദ്ധിയുള്ള ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ടതുകൊണ്ട് നിങ്ങളുടെ മുഖങ്ങളും കൈകളും തടവുക. തീർച്ചയായും അല്ലാഹു ഏറെ മാപ്പു നൽകുന്നവനും ഏറെ പൊറുക്കുന്നവനുമാകുന്നു’ (നിസാഅ്: 43).

  ചില സ്ത്രീകൾ പ്രസവശേഷം 40 ദിവസങ്ങൾക്കു മുമ്പ് ശുദ്ധിയായാലും കുളിക്കുകയോ നമ സ്‌കരിക്കുകയോ നോമ്പുപിടിക്കുകയോ ചെയ്യുകയില്ല. ശൈഖ് ഇബ്‌നുബാസ്(റ) ഈ വിഷയത്തിൽ പറയുന്നത് കാണുക. ‘പ്രസവിച്ചവൾ നാൽപ്പത് ദിവസത്തിന് മുമ്പ് ശുദ്ധിയായാൽ, കുളിക്കലും നമസ്‌കരിക്കലും റമദ്വാനിൽ നോമ്പു പിടിക്കലും അവൾക്ക് നിർബന്ധമാണ്. പണ്ഡിതരുടെ ഐക്യകണ്ഠാഭിപ്രായത്തിൽ അവളുടെ ഭർത്താവിന് അവളെ സംയോഗം ചെയ്യലും അനുവ ദനീയമായിത്തീരുന്നു. പ്രസവരക്തത്തിന്റെ ചുരു ങ്ങിയ കാലാവധിക്ക് നിശ്ചിത കാലയളവൊന്നുമി ല്ല’ 

  തന്റെ ഭാര്യ പ്രസവരക്തത്തിൽ നിന്നോ ആർത്തവത്തിൽ നിന്നോ ശുദ്ധിയായ ശേഷം കുളിക്കുന്നതിന് മുമ്പായി അവളെ സംയോഗം ചെയ്യുന്നു ചിലർ. ഇത് സംബന്ധമായി ചോദിക്കപ്പെട്ട പ്പോൾ ശൈഖ് ഇബ്‌നുബാസ്(റ) മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ‘ഭാര്യ ആർത്തവകാരിയായിരിക്കെ അവളെ സംയോഗം ചെയ്യൽ നിഷിദ്ധമാണ്. അല്ലാഹു പറയുന്നു:        

‘ആർത്തവത്തെപ്പറ്റി അവർ നിന്നോട് ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാൽ ആർത്തവഘട്ടത്തിൽ നിങ്ങൾ സ്ത്രീകളിൽ നിന്ന് അകന്ന് നിൽക്കേണ്ടതാണ്. അവർ ശുദ്ധിയാവുന്നതുവരെ നിങ്ങൾ അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ ശുചീകരിച്ചു കഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപ്പിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്ത് ചെന്ന് കൊള്ളുക’ (ബഖറ: 222).     

അതിനാൽ ആരെങ്കിലും അപ്രകാരം ചെയ്തിട്ടുണ്ടെങ്കിൽ അല്ലാഹുവോടവൻ പാപമോചനം തേടുകയും അവനോട് പൊറുക്കലിനെ തേടുകയും ചെയ്യൽ നിർബന്ധമാണ്. അതിനു പുറമെ പ്രായശ്ചിത്തമായി ഒരു ദീനാറോ അര ദീനാറോ ധർമ്മം നൽകുകയും വേണം. ഇബ്‌നുഅബ്ബാസ് (റ) വിൽ നിന്നും നിവേദനം. ആർത്തവകാരിയായ തന്റെ ഭാര്യയെ സംയോഗം ചെയ്യുന്നവന്റെ കാര്യത്തിൽ നബി (സ്വ) പറഞ്ഞു:

‘അവൻ ഒരു ദീനാറോ അര ദീനാറോ ധർമ്മം ചെയ്യണം’ (അഹ്മദ്, അസ്വ്ഹാബുസ്സുനൻ). ഇതിൽ ഏത് ധർമ്മം ചെയ്താലും മതിയാകുന്നതാണ്. അതുപോലെ അവൾ ശുദ്ധിയായ ശേഷം അഥവാ രക്തം നിലച്ച ശേഷം കുളിക്കുന്നതിന്റെ മുമ്പായി അവളെ ഭോഗിക്കലും അനുവദനീയമല്ല. അല്ലാഹുപറയുന്നു:

‘അവർ ശുദ്ധിയാവുന്നതു വരെ നിങ്ങൾ അവരെ സമീപിക്കുവാൻ പാടില്ല. എന്നാൽ ശുചീകരിച്ചുകഴിഞ്ഞാൽ അല്ലാഹു നിങ്ങളോട് കൽപ്പിച്ച വിധത്തിൽ നിങ്ങൾ അവരുടെ അടുത്ത് ചെന്ന് കൊള്ളുക’ (ബഖറ:222). രക്തം നിൽക്കുന്നതുവരെയും ശുദ്ധിയാവുന്നതു വരെയും-അഥവാ കുളിക്കുന്നതുവരെയും ആർത്തവ കാരിയെ ഭോഗിക്കുവാൻ അല്ലാഹു അനുവാദം നൽകിയിട്ടില്ല. ആരെങ്കിലും കുളിക്കുന്നതിനു മുമ്പായി അവളെ ഭോഗിച്ചാൽ അവൻ ചെയ്തത് കുറ്റമാണ്, പ്രായശ്ചിത്തം നൽകൽ അവന് നിർബന്ധവുമാണ്.എന്നാൽ ആർത്തവ ഘട്ടത്തിലെ സംയോഗത്തിൽ അവൾ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്താൽ ആ കുഞ്ഞിന് ഹറാം പിറന്ന സന്താനമെന്ന് പറയാവതല്ല. അവൻ നിയമാനുസൃത സന്താനം തന്നെയാണ്’.

  പ്രസവിച്ച സ്ത്രീകൾ പ്രസവാനന്തര വിശ്രമകാലഘട്ടം കഴിയാതെ തന്റെ വീടുവിട്ടു പുറത്തുപോവാൻ പാടില്ലെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ പ്രവസിച്ചവളും മറ്റു സ്ത്രീകളെപ്പോലെയാണെന്നുള്ളതും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വീടുവിട്ട് പുറത്ത് പോവുന്നതിന് യാതൊരു വിരോധവുമില്ലെന്നതുമാണ് യാഥാർത്ഥ്യം. എന്നാൽ പ്രത്യേകിച്ച് ആവശ്യമില്ലെങ്കിൽ വീടുവിട്ട് പുറത്തു പോവാതിരിക്കൽ തന്നെയാണ് എല്ലാ സ്ത്രീകൾക്കും ഏറ്റവും ഉത്തമം. അല്ലാഹു പറയുന്നു:

‘നിങ്ങൾ നിങ്ങളുടെ വീടുകളിൽ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യ പ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങൾ നടത്തരുത്’ (അഹ്‌സാബ്: 33).

  ആർത്തവകാരിക്കും പ്രസവിച്ചവൾക്കും ഖുർ ആൻ വിവരണങ്ങളും ഹദീസ് ഗ്രന്ഥങ്ങളുമൊ ന്നും വായിക്കാൻ പാടില്ലെന്ന് ചില സ്ത്രീകൾ ധരിച്ചിക്കുന്നു. (ഇത് അബദ്ധധാരണയാണ്). ഇക്കാര്യത്തെക്കുറിച്ച് ശൈഖ് ഇബ്‌നുബാസ്(റ) ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം ഇപ്രകാരം മറുപടി നൽകി: ‘ആർത്തവകാരിക്കും പ്രസവിച്ചവൾക്കും ഖുർആൻ വിവരണങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ വായിക്കുന്നതിനോ ഖുർആൻ പാരായണം ചെയ്യുന്നതിനോ, പണ്ഡിതന്മാരുടെ രണ്ട് അഭിപ്രായങ്ങളിൽ കൂടുതൽ ശരിയായ വീക്ഷണപ്രകാരം മുസ്വ്ഹഫിൽ സ്പർശിക്കാതെയാവുമ്പോൾ വിരോധമില്ല. എന്നാൽ ജനാബത്ത്കാരൻ കുളിക്കു ന്നതുവരെ അവന് ഖുർആൻ പാരായണം ചെയ്യാൻ തീരെ പാടില്ല. എങ്കിലും ഖുർആൻ തഫ് സീറുകളും ഹദീസ് ഗ്രന്ഥങ്ങളും അവയിൽ ഉൾക്കൊള്ളുന്ന ഖുർആൻ വചനങ്ങൾ ഒഴികെ വായിക്കുന്നതിന് വിരോധമില്ല. വലിയഅശുദ്ധി ഒഴികെ മറ്റൊന്നും ഖുർആൻ പാരായണം ചെയ്യുന്നതിൽ നിന്നും അദ്ദേഹത്തെ തടഞ്ഞിരുന്നില്ല’ എന്ന് ന ബി (സ്വ) യിൽനിന്നും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. ഇമാം അഹ്മദ് ശരിയായ പരമ്പരയോടെ ഉദ്ധരിച്ച ഒരു ഹദീസിൽ പ്രവാചക (സ്വ) ന്റെ വാക്കുകളായി ഇപ്രകാരം കാണാം: ‘എന്നാൽ ജ നാബത്ത്കാരൻ ഒരു വചനം പോലും (വായിക്കാൻ) പാടില്ല’ (അഹ്മദ്).

  ആർത്തവത്തിൽ നിന്നും ശുദ്ധിയായ ശേഷം കുളിക്കാനായി മറ്റൊരു സമയത്തേക്ക് പിന്തിപ്പിക്കുന്നു ചില സ്ത്രീകൾ. മുഹമ്മദ്ബ്ൻ സ്വാലിഹ് അൽ ഉസൈമീൻ(r)പറയുന്നു: ‘ചില സ്ത്രീകൾ നമസ്‌കാര സമയം (അവസാനിക്കുന്നതിന് മുമ്പ്) ശുദ്ധിയാവുന്നു, എന്നിട്ട് മറ്റൊരു നമസ്‌കാര സമയം വരെ കുളിക്കൽ പിന്തിപ്പിക്കുകയും ചെയ്യുന്നു. അതിനുമുമ്പുള്ള സമയത്ത് പൂർണ്ണമായി ശുദ്ധിയാക്കുവാൻ അവൾക്ക് സമയം ലഭിക്കുകയില്ലെന്നാണ് അതിനവൾ പറയുന്ന ന്യായം. എന്നാൽ ഇത് (നമസ്‌കാരം ഒഴിവാക്കാൻ) ന്യായമോ ഒ ഴികഴിവോ അല്ല. കാരണം (അവൾ ഉദ്ദേശിക്കുന്നുവെങ്കിൽ) കുളിയുടെ ഏറ്റവും കുറഞ്ഞ നിർ ബന്ധ ഘടകങ്ങളിൽ കുളി അവൾക്ക് പരിമിതപ്പെടുത്തി നമസ്‌കാരം അതിന്റ സമയത്ത് തന്നെ നിർവ്വഹിക്കാവുന്നതാണ്. ശേഷം സമയവിശാല തയനുസരിച്ച് പൂർണ്ണമായ ശുദ്ധീകരണം അവൾക്ക് നിർവ്വഹിക്കാവുന്നതുമാണ്’

  നമസ്‌കാര സമയം പ്രവേശിച്ചിരിക്കെ ആർത്തവകാരികളായ സ്ത്രീകളിൽ പലരും, പിന്നീട് അവൾ ശുദ്ധിയായ ശേഷം തനിക്ക് നഷ്ടപ്പെട്ട (ആർത്തവം തുടങ്ങിയപ്പോഴത്തെ) നമസ്‌കാരം വീട്ടി നിർവ്വഹിക്കുന്നില്ല. ശൈഖ് ഉസൈമീൻ (റ)പറയു ന്നു: ‘ഒരു നമസ്‌കാരത്തിന്റെ സമയം പ്രവേശിച്ച ശേഷം ആർത്തവം ഉണ്ടായാൽ, ഉദാഹരണമായി സൂര്യൻ മധ്യത്തിൽ നിന്ന് നീങ്ങി അരമണിക്കൂർ കഴിഞ്ഞ ശേഷമാണ് ആർത്തവമുണ്ടായത് എങ്കിൽ, ശുദ്ധിയുള്ള അവസരത്തിൽ അവൾക്ക് നിർബന്ധമായ ആ നമസ്‌കാരം (ളുഹ്ർ) അവൾ ആ ർത്തവത്തിൽ നിന്ന് ശുദ്ധിയായ ശേഷം, ‘ഖദ്വാ’ ആയി നിർവ്വഹിക്കണം.

അല്ലാഹു പറയുന്നു:

‘തീർച്ചയായും നമസ്‌കാരം സത്യവിശ്വാസികൾക്ക് സമയം നിർണ്ണയിക്കപ്പെട്ട ഒരു നിർബന്ധ ബാധ്യതയാകുന്നു’ (നിസാഅ്: 103).

    ചില സ്ത്രീകൾ ആർത്തവത്തിൽ നിന്നും ശുദ്ധിയായാൽ ശുദ്ധിയായ ആ വഖ്തിലെ നമസ്‌കാരം നിർവ്വഹിക്കാറില്ല. പലപ്പോഴും അടുത്ത വഖ് തിലെ നമസ്‌കാരം കൊണ്ടാണ് അവൾ തുടങ്ങുന്നത്. ഈ വിഷയകമായി ശൈഖ് മുഹമ്മദ് അൽ ഉസൈമീൻ (റ) പറയുന്നു: ‘ഒരു റക്അത്തോ അതിൽ കൂടുതലോ നമസ്‌കാരം കിട്ടുന്ന രൂപത്തിൽ സമയം അവശേഷിക്കുമ്പോൾ ആർത്തവത്തിൽ നിന്നും ശുദ്ധിയായാൽ, ശുദ്ധിയായ ആ വഖ്തി ലെ നമസ്‌കാരം അവൾ നിർവ്വഹിക്കണം. നബി (സ്വ) പറഞ്ഞു: 

‘സൂര്യൻ അസ്തമിക്കുന്നതിന് മുമ്പ് ആർക്കെങ്കിലും അസ്വ്‌റിൽ നിന്നും ഒരു റക്അത്ത് ലഭിച്ചാൽ അവന് അസ്വ്ർ ലഭിച്ചു’ (ബുഖാരി, മുസ്‌ലിം). ഇതിന്റെ അടിസ്ഥാനത്തിൽ സൂര്യാസ്തമയത്തിനു മുമ്പായോ സൂര്യോദയത്തിന് മുമ്പായോ ഒരു റക് അത്ത് നമസ്‌കാരം നിർവ്വഹിക്കുവാൻ കഴിയുന്ന രൂപത്തിൽ ഒരുവൾ ആർത്തവത്തിൽ നിന്നും ശുദ്ധിയായാൽ അവൾ ഒന്നാമത്തെ അവസ്ഥയിൽ ആ അസ്വ്‌റിനെയും രണ്ടാമത്തെ അവസ്ഥയിൽ ആ സ്വുബ്ഹിയെയും ഖദ്വാ ചെയ്ത് നമസ്‌കരി ക്കേണ്ടതാണ്’.

 
അബ്ദുൽല്ലത്തീഫ് സുല്ലമി മാറഞ്ചേരി

പുകവലി മാരകമാണ്, നിഷിദ്ധവും.​

പുകവലി മാരകമാണ്, നിഷിദ്ധവും.

സ്തുതികൾ മുഴുവനും അല്ലാഹുവിന് മാത്രമാകുന്നു. നമ്മുടെ പ്രവാചകൻ മുഹമ്മദ് നബി ﷺ യിലും അദ്ദേഹത്തിന്റെ കുടുംബത്തിലും അനുചരന്മാരിലും അദ്ദേഹത്തിന്റെ മാർഗ്ഗത്തിൽ വഴിനടന്നവരിലും സ്വലാത്തും സലാമും അല്ലാഹുവിൽ നിന്ന് വർഷിക്കുമാറാകട്ടെ

അല്ലാഹു സത്യവിശ്വാസികളുടെ ശരീരങ്ങളെ ഉപദ്രവിക്കുന്നതും അവരുടെ ദീനിനെ നഷ്ടപ്പെടുത്തുന്നതും കർമ്മങ്ങളെ തകർക്കുന്നതുമായ മുഴുവൻ ലഹരി പദാർത്ഥങ്ങളേയും നിരോധിച്ചിരിക്കുന്നു. അപ്രകാരം വിശ്വാസികൾക്ക് ബുദ്ധിപരവും ശാരീരികവുമായി തളർച്ചയുണ്ടാക്കുന്ന എല്ലാ വസ്തുക്കളേയും ഹറാമായി പ്രഖ്യാപിച്ചിരിക്കുന്നു. അവരുടെ ആരോഗ്യം സംരക്ഷിക്കുവാനും അവരുടെ സുരക്ഷിതത്വത്തിൽ താൽപ്പര്യം കാണിച്ചുമാണ് അല്ലാഹു ഇവകൾ നിരോധിച്ചത്. അല്ലാഹു പറഞ്ഞു:

....... وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَآئِثَ ….

((.......നല്ല വസ്തുക്കൾ അവർക്ക് അദ്ദേഹം അനുവദനീയമാക്കുകയും, ചീത്തവസ്തുക്കൾ അവരുടെമേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു...........))

ഖുർആൻ 7:157

ഇവിടെ ‘ഖബാഇഥ് ‘ (ചീത്തവസ്തുക്കൾ) എന്നത് കൊണ്ട് അർത്ഥമാക്കുന്നത് മനുഷ്യപ്രകൃതി നികൃഷ്ടവും മ്ലേച്ഛവുമായി കാണുന്നവയാണ്; അവയുടെ ഉപയോഗം ഉപ ദ്രവകരവും രോഗമുണ്ടാക്കുന്നതുമായിരിക്കും. ഇത്തരം വസ്തുക്കൾക്കുള്ള ദീനിന്റെ അടിസ്ഥാനപരമായ വിധി ‘ഹറാം’ മാണല്ലോ?   

ഇത്തരം ‘ഖബാഇഥു’കളിൽ പെട്ടതാണ് പുകയിലയും നിക്കോട്ടിനും മറ്റും ചേർത്തുണ്ടാക്കുന്ന പുകയില ഉത്പ്പന്നങ്ങൾ. ആബാലവൃദ്ധം മുസ്‌ലീംകൾ അതിനാൽ പരീക്ഷിക്കപ്പെട്ടിരിക്കുന്നു. ധാർമ്മികനെന്നോ അധർമ്മകാരിയെന്നോ വ്യത്യാസമില്ലാതെ പലരും ജനങ്ങൾക്ക് മുമ്പിൽ  പരസ്യമായി പുകയില ഉൽപ്പന്നങ്ങൾ വലിച്ചൂതി നടക്കുന്നു. മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കാതെയും അവർക്ക് ആദരവ് കൽപ്പിക്കാതെയും അവരുടെ അവകാശങ്ങൾ വകവെക്കാതെയും നിർലജ്ജം ഇത്തരം ആൾക്കാർ മനുഷ്യർക്ക് മുന്നിലൂടെ പുകവലിച്ചൂതി നടക്കുന്നു.

പുകവലി ഭൂരിപക്ഷം ജനങ്ങൾക്കും ഇന്ന് അനുവദനീയമായ ഒരു സംഗതിപോലെയാണ്. ദീനിനെകുറിച്ചുള്ള വിവരമില്ലായ്മകൊണ്ടും തങ്ങൾക്ക് ഉപകാരമുള്ളതും ഉപദ്രവകരമായതുമായ കാര്യങ്ങളെക്കുറിച്ചുമുള്ള വിവരക്കേടു കൊണ്ടും മാത്രമാണ് അവർ അപ്രകാരം ചെയ്യുന്നത്. ചിലർ വിശിഷ്യാ ചെറുപ്രായക്കാർ വിചാരിക്കുന്നത്, പുകവലി അവരുടെ പൗരുഷത്വത്തിന്റേയും സ്ഥാനമാനങ്ങളുടേയും പുരോഗതിയുടേയും വകുപ്പിൽപ്പെട്ടതാണ് എന്നാണ്. അതിനാൽതന്നെ ഏതുസമയവും അവന്റെ കൈയ്യിൽ സിഗരറ്റ് മാത്രമാണ്. അവന്റെ ജൽപനപ്രകാരം അവൻ എവിടെ ചെന്നാലും ആസ്വാദനം കാണുന്നത് ചുരുട്ടികൂട്ടിയ പുകയില വലിച്ചൂതിവിടുന്നതിലുമാണ്.

അല്ലാഹുവേ ഈ നികൃഷ്ട വസ്തുവിൽനിന്നും നീ ഞങ്ങൾക്ക് സലാമത്തേകേണമേ. ഞങ്ങൾക്ക് നീ സൗഖ്യം പ്രദാനം ചെയ്യേണമേ…… 

പുകവലികാരണമായുണ്ടാകുന്ന രോഗങ്ങൾ

ക്യാൻസർ ഇന്ന് ലോകരെ ഭയാനകതയിലേക്ക് ആഴ്ത്തുന്ന മഹാരോഗമാണല്ലോ? ക്യാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ മനുഷ്യ ശരീരം ഞെട്ടിവിറക്കുകയാണ്. പുകവലിക്കുന്നവൻ തന്റെ ശരീരത്തെ യഥാർത്ഥത്തിൽ ക്യാൻസർ രോഗത്തിന്റെ മാരകമായ പിടുത്തത്തിലേക്ക് എറിഞ്ഞ് കൊടുക്കുകയാണ് ചെയ്യുന്നത്. അവൻ ഈ മാറാവ്യാധിയിലേക്ക്  സ്വയം കുതിക്കുകയുമാണ്. ഇത് ബുദ്ധിയുള്ള ഒരു മനുഷ്യന് ചേർന്നതാണോ എന്ന് ആലോചിക്കുക.  

അല്ലാഹു പറയുന്നു:

....... وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ….

''.....നിങ്ങളുടെ കൈകളെ നിങ്ങൾ തന്നെ നാശത്തിൽ തള്ളി ക്കളയരുത്…..''

ഖുർആൻ 2:195

കൂടാതെ, അപകടകരമായ പല മാരകരോഗങ്ങളുടേയും കാരണക്കാരനാണ് പുകവലി. അത് വായക്കും പല്ലുകൾക്കും ഉപദ്രവങ്ങൾ വരുത്തുന്നു, നെഞ്ചിടുക്കമുണ്ടാക്കുന്നു, ശ്വാസോച്ഛാസ തടസ്സമുണ്ടാക്കുന്നു. രക്ത ചംക്രമണം തടുക്കുന്നു. ചുമയും ശക്തമായ കഫകെട്ടും ഉണ്ടാക്കുന്നു; മുഖത്ത് വിളർച്ചക്കും മെലിച്ചിലിനും കാരണമാകുന്നു. പെട്ടന്നുള്ള മരണവും ശക്തമായ തലവേദനയും സമ്മാനിക്കുന്നു. ശാസകോശങ്ങളെ തകർക്കുന്നു, പുണ്ണുണ്ടാക്കുന്നു, ഉറക്കംകെടുത്തുന്നു, പെരുമാറ്റങ്ങളെ പരുഷമാക്കുന്നു. മൂത്രക്കുഴലിനേയും വൃക്കയേയും മൂത്രാശയത്തേയും ബാധിക്കുന്നു. മൂക്കിലും തൊണ്ടയിലും രോഗമുണ്ടാക്കുന്നു. അറ്റമില്ലാത്തരോഗങ്ങളുടെ അടിമയാണ് പുകവലിക്കാരൻ. ഇതെല്ലാം വൈദ്യശാസ്ത്ര രംഗത്ത് വിദഗ്ധർ വെളിപ്പെടുത്തിയ യാഥാർത്ഥ്യങ്ങളും സ്ഥിരീകരിച്ച വാർത്തകളുമാണ്. 

പുകവലി സാമ്പത്തിക ദുർവ്വ്യയമാണ്

പുകയില ഉത്പ്പന്നങ്ങൾ വിലക്കുവാങ്ങുന്നത് സമ്പത്തിനെ യാതൊരു ഉപകാരവുമില്ലാതെ ദുർവ്യയം ചെയ്യുന്നതിലാണ് എണ്ണപ്പെടുക. മാത്രമല്ല, സ്വന്തത്തെ കൊല്ലുവാനുള്ള വിഷദ്രവ്യം വിലക്ക് വാങ്ങുകയാണ് യഥാർത്ഥത്തിൽ അത്തരക്കാർ ചെയ്യുന്നത്. സമ്പത്ത് ദുർവ്യയം ചെയ്യുന്നത് അല്ലാഹു നിരോധിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു:

وَلاَ تُبَذِّرْ تَبْذِيرًا. إِنَّ الْمُبَذِّرِينَ كَانُواْ إِخْوَانَ الشَّيَاطِينِ وَكَانَ الشَّيْطَانُ لِرَبِّهِ كَفُورًا

((.......നീ (ധനം)ദുർവ്യയം ചെയ്തുകളയരുത്. തീർച്ചയായും ദുർവ്യയം ചെയ്യുന്നവർ പിശാചുക്കളുടെ സഹോദരങ്ങളാകു ന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു

ഖുർആൻ 17:26,27

 പുകവലി ധൂർത്തും പണം ദുർവ്യയം ചെയ്യലുമാണ്; തീർച്ച. പുകവലിയിലൂടെ പിശാചിനോട് ഒരാൾ മൈത്രിയിലാവുകയാണ്. പിശാചിനോട് സമരസപ്പെടുകയുമാണ്. യഥാർത്ഥത്തിൽ ഇതുമാത്രംമതി പുകവലിക്ക് പണം ചില വഴിക്കുന്നവൻ ഏറ്റവും മോശക്കാരനാണെന്നത് മനസ്സിലാക്കുവാൻ; പുകവലിക്കുന്നത്  ആക്ഷേപാർഹമാണ്  എന്ന് അറിയുവാനും. 

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: 

إِنَّ رِجَالاً يَتَخَوَّضُونَ فِي مَالِ اللهِ بِغَيْرِ حَقٍّ فَلَهُمُ النَّارُ يَوْمَ الْقِيَامَةِ

ചിലയാളുകൾ അല്ലാഹുവിന്റെ സമ്പത്തിനെ അനർഹമാ യി കൈകാര്യം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്നു. അവർക്കത്രെ അന്ത്യനാളിൽ നരകാഗ്‌നി

ബുഖാരി

ഒരാൾ ദിനംപ്രതി മൂന്ന് റിയാലുകൾ പിച്ചിച്ചീന്തി കളയുകയും അതിൽ ആസ്വാദനം കണ്ടെത്തുകയും ചെയ്താൽ ലോകം അയാളെക്കുറിച്ച് ഭ്രാന്തൻ എന്നു പറയും. അയാൾ ചികിത്സിക്കപ്പെടേണ്ടത് നിർബന്ധവുമാണ്. അപ്പോൾ അതിനേക്കാൾ വലിയ തുകക്ക് പുകയില ഉത്പ്പന്നങ്ങൾ വാങ്ങുകയും അവ കത്തിച്ച് ഊതിവിടുകയും അതിലൂടെ തനിക്ക് നാശം വിലക്ക് വാങ്ങുകയും ചെയ്യുന്നവന്റെ അവസ്ഥ എന്താണ്?!! 

പുകവലി വീരൻ യഥാർത്ഥത്തിൽ രണ്ട് വിപത്തുകളിലാണ് അകപ്പെടുന്നത്. 

ഒന്ന്: സമ്പത്ത് നശിപ്പിക്കുക. 

രണ്ട്: സ്വന്തത്തെ ഉപദ്രവിക്കുക. ഈ രണ്ടു വിഭാഗത്തിൽ ആരാണ് ഏറ്റവും കൂടുതൽ ആക്ഷേപത്തിനർഹർ?!

ചിലർ പുകയില ഉത്പ്പന്നങ്ങൾ വാങ്ങുവാൻ ചിലവഴിക്കുന്ന സമ്പത്തിനെ നിസ്സാരവൽക്കരിക്കാറുണ്ട്. അത്തരക്കാർ ഇതൊരു ധൂർത്തായി എണ്ണാറില്ല. അവരുടെ ദൃഷ്ടിയിൽ പുകയില ഉത്പ്പന്നങ്ങൾ വാങ്ങുവാൻ അവർ ചിലവഴിക്കുന്ന സമ്പത്ത്  നിസ്സാരമാണ്. വളരെ കുറവുമാണ്. പക്ഷെ പ്രസ്തുത സംഖ്യയുടെ ക്ലിപ്തി നിർണ്ണയത്തിലേക്ക് നാം കണ്ണോടിച്ചാൽ ഇവർ ഈ വിഷദ്രവ്യം വാങ്ങിക്കൂട്ടു വാൻ തുലക്കുന്ന പതിനായിരങ്ങളുടെ എണ്ണവും വണ്ണവും നമുക്ക് അറിയുവാൻ സാധിക്കും. ഇരുപത് വർഷം പുകവ ലിക്കുന്ന ഒരു മനുഷ്യൻ പ്രതിദിനം 40 സിഗരറ്റ് വലിക്കുന്നു വെങ്കിൽ അയാൾ ചിലവഴിക്കുന്ന സംഖ്യ 57,000 റിയാൽ ആയിരിക്കും. പ്രതിദിനം 60 സിഗരറ്റ് വലിക്കുന്ന ഒരാൾ 86, 000 റിയാൽ 20 വർഷം കൊണ്ട് തുലക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല എത്ര സമയാണ് ഈയൊരു പ്രവൃത്തിക്കുവേണ്ടി മനുഷ്യൻ ചിലവഴിക്കുന്നത്. ഒരു സിഗരറ്റ് വലിക്കുവാൻ ഒരാൾ അഞ്ച് മിനിറ്റ് സമയമെടുത്താൽ 40 സിഗരറ്റ് വലിക്കുവാൻ അയാൾ 200 മിനിറ്റ് സമയമെടുക്കും. അഥവാ അല്ലാഹുവിനെ ധിക്കരിക്കുവാൻ മൂന്നുമണിക്കൂറുകളിലേറെ അയാൾ സമയം തുലക്കുന്നു. അപ്പോൾ പിന്നെ ആദർശത്തേയും സമ്പത്തിനേയും സമയത്തേയും ആരോഗ്യത്തേയും ഒരുപോലെ നശിപ്പിക്കുന്ന ഈ പാതക ത്തേക്കാൾ വലിയ പാതകം വേറെ ഏതുണ്ട് ?!

പുകവലി നിഷിദ്ധമാണെന്നറിയിക്കുന്ന തെളിവുകൾ

ചില പുകവലി വീരന്മാർക്ക് പുകവലിക്കുന്നതിന്റെ മതവിധി അജ്ഞമായേക്കും. അല്ലെങ്കിൽ ശൈത്വാൻ കാര്യങ്ങൾ അവന് ആശയകുഴപ്പമാക്കുന്നു. പല കളവുകളും സന്ദേഹങ്ങളും പിശാച് അവനിലേക്ക് എത്തിക്കുന്നു. അവയാകട്ടെ പുകവലി നിഷിദ്ധമല്ലെന്നും പുകവലിക്കുന്നവൻ തെറ്റുകാരനാകില്ലെന്നും അവനിൽ തോന്നലുകളുണ്ടാക്കുന്നു.

ആയതിനാൽ തന്നെ പുകവലിക്ക് അടിമയായ എല്ലാവരും സത്യം ആഗ്രഹിക്കുന്നുവെങ്കിൽ വിശുദ്ധക്വുർആനിൽനിന്നും സുന്നത്തിൽനിന്നും തഴെവരുന്ന തെളിവുകൾ നാം ഹാജരാക്കുന്നു:

അല്ലാഹു പറയുന്നു:

… وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَآئِثَ ….

((.........നല്ല വസ്തുക്കൾ അവർക്ക് അദ്ദേഹം അനുവദനീയമാക്കുകയും, ചീത്തവസ്തുക്കൾ അവരുടെമേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു.......))

ഖുർആൻ 7:157

പുകവലി ചീത്ത വസ്തുക്കളിൽ പെട്ടതാണെന്നതിൽ ബുദ്ധിയുള്ളവരാരും തന്നെ സംശയിക്കുകയില്ല.

അല്ലാഹു പറയുന്നു: 

…….وَلاَ تُلْقُواْ بِأَيْدِيكُمْ إِلَى التَّهْلُكَةِ ….

((.........നിങ്ങളുടെ കൈകളെ നിങ്ങൾതന്നെ നാശത്തിൽ തള്ളികളയരുത്.......))

ഖുർആൻ 2:195

പുകവലി നാശഹേതുകങ്ങളായ രോഗങ്ങളിൽ മനുഷ്യനെ തള്ളിയിടും എന്നതിൽ സംശയം ഇല്ല; ഒരിക്കലും.

അല്ലാഹു പറയുന്നു:

….….وَلاَ تَقْتُلُواْ أَنفُسَكُمْ إِنَّ اللّهَ كَانَ بِكُمْ رَحِيمًا

((.........നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.......))

ഖുർആൻ 4:29

പുകവലി ഇഞ്ചിഞ്ചായി മനുഷ്യനെ കൊല്ലുന്ന കൊടുംപാതകിയാണ്. 

അല്ലാഹു പറഞ്ഞു:

…….وَلاَ تُبَذِّرْ تَبْذِيرًا.

((.......നീ (ധനം)ദുർവ്യയം ചെയ്തുകളയരുത്.))

ഖുർആൻ 17:26

പുകവലി ധൂർത്തും പണം ദുർവ്യയം ചെയ്യലുമാണ്; തീർച്ച.

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: 

لاَ ضَرَرَ وَلاَ ضِرَارَ

ഞാൻ ആരെയും ഉപദ്രവിക്കാനില്ല എന്നെ ആരും ഉപദ്രവിക്കുവാനും പാടില്ല

സ്വന്തത്തിനും കുടുംബത്തിനും കുട്ടികൾക്കും കൂടെയിരിക്കുന്നവർക്കും ഒരുപോലെ ഉപദ്രവകാരി മാത്രമാണ് പുകവലി.

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: 

مَنْ آذَى مُسْلِماً فَقَدْ آذَانِي وَمَنْ آذَانِي فَقَدْ آذَى اللهَ

ഒരാൾ ഒരു മുസ്‌ലിമിനെ ഉപദ്രവിച്ചാൽ അവൻ എന്നെ ഉപദ്രവിച്ചു. ഒരാൾ എന്നെ ഉപദ്രവിച്ചാൽ അവൻ അല്ലാഹുവിനെ ഉപദ്രവിച്ചു

പുകവലി അയൽവാസിക്കും കൂട്ടുകാർക്കും നമസ്‌കരിക്കുന്നവർക്കും കർമ്മങ്ങൾ രേഖപ്പെടുത്തുന്ന മലക്കുകൾക്കും ഒരു പോലെ ഉപദ്രവമാണ്.

പുകവലിയും അതുകൊണ്ടുള്ള ഇടപാടുകളും ഹറാമാണെന്ന് വിധിക്കുവാൻ വേറേയും ഹദീഥുകൾ പണ്ഡിതന്മാർ തെളിവിനായി കൂട്ടുപിടിച്ചിട്ടുണ്ട്. 

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: 

« مَنْ أَكَلَ ثُوماً أَوْ  بَصَلاً  فَلْيَعْتَزِلْنَا . أَوْ قَالَ : فَلْيَعْتَزِلْ مَسْجِدَنَا وَلْيَقْعُدْ فِي بَيْتِهِ »

ആരെങ്കിലും വെളുത്തുള്ളിയോ, ചുവന്നുള്ളിയോ ഭക്ഷിച്ചാൽ നമ്മളിൽനിന്നും (അല്ലെങ്കിൽ നബി ﷺ പറഞ്ഞു) നമ്മുടെ പള്ളികളിൽ നിന്നും വിട്ട്നിൽക്കട്ടെ. അവൻ അവന്റെ വീട്ടിൽ ഇരുന്നുകൊള്ളട്ടെ

ഇമാം മുസ്‌ലിം (റ) യുടെ മറ്റൊരു റിപ്പോർട്ടിൽ: 

« مَنْ أَكَلَ الْبَصَلَ وَالثُّومَ والكُرَّاثَ فَلاَ يَقْرَبَنَّ مَسْجِدَنَا ؛ فَإِنَّ الْمَلآئِكَةَ تَتَأَذَّى مِمَّا يَتَأَذَّى مِنْهُ بَنُو آدَمَ » 

ഉള്ളിയോ, വെളുത്തുള്ളിയോ. ഉള്ളിപുല്ലോ, തിന്നവൻ നമ്മുടെ പള്ളിയെ സമീപിക്കരുത്. മനുഷ്യർക്ക് ക്ലേശമുണ്ടാക്കുന്നത് മലക്കുകൾക്കും ക്ലേശമുണ്ടാക്കുന്നതാണ്

ഉമർ (റ) വെള്ളിയാഴ്ച ജുമുഅഃ ഖുതുബ നിർവ്വഹിക്കവെ ഇപ്രകാരം പറഞ്ഞു: 

( ثُمَّ إِنَّكُمْ أَيُّهَا النَّاسُ ، تَأْكُلُونَ شَجَرَتَيْنِ لاَ أَرَاهُمَا إِلاَّ خَبِيثَتَيْنِ: هَذَا البَصَلَ والثُومَ ، لَقَدْ رَأَيْتُ رَسُولَ اللهِ   إِذَا وَجَدَ رِيحَهُمَا مِنَ الرَجُلِ فِي المَسْجِدِ أُمِرَ بِهِ  فَأُخْرِجَ إِلىَ الْبَقِيعِ ، فَمَنْ أَكَلَهُمَا فَلْيُمِتْهُمَا طَبْخاً )

ജനങ്ങളെ, നിങ്ങൾ ഉള്ളിയും വെളുത്തുള്ളിയും തിന്നുന്നു. ഞാനാവട്ടെ അവ രണ്ടും ഉപദ്രവകാരികളായിട്ട് മാത്രമാണ് കാണുന്നത്. തീർച്ചയായും അല്ലാഹുവിന്റെ റസൂൽ ﷺ പള്ളിയിൽവന്ന ആരിലെങ്കിലും അവയുടെ വാസന അറിഞ്ഞാൽ അയാളെ ബക്വീഅ് (ക്വബ്‌റ്സ്ഥാന്റെ) ഭാഗത്തേക്ക് പുറത്താക്കാൻ കൽപ്പിക്കപ്പെടുമായിരുന്നു. നിങ്ങളിൽ ആ രെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ ഭക്ഷിക്കുന്നുവെങ്കിൽ വേവിച്ച് അതിന്റെ വാസന കളയുക''

തിന്നൽ അനുവദനീയമായ ഈ രണ്ട് ഭക്ഷ്യവസ്തുക്കളുടെ വാസനയുടെ വിഷയത്തിൽ അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞകാര്യമാണ് ഉപരിസൂചിത ഹദീഥുകൾ. അപ്പോൾ പിന്നെ സ്വന്തത്തേയും അന്യരേയും ഒരുപോലെ ഉപദ്രവിക്കുന്നതും ദുർഗന്ധം വമിക്കുന്നതും വൃത്തികെട്ടതുമായ പുകയില ഉത്പ്പന്നങ്ങളുടെ അവസ്ഥ എന്തായിരിക്കും ? അതിന്റെ ഗന്ധമാകട്ടെ ഉള്ളിയുടേയും വെളുതുള്ളിയുടേയും ഗന്ധത്തേക്കാൾ രൂക്ഷമാണുതാനും. 

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: 

..وَمَنْ شَرِبَ سُمًّا فَقتلَ نَفْسَهُ ، فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِداً مُخَلَّداً فِيهَا أَبَداً

ആരെങ്കിലും വിഷം കുടിക്കുകയും ആത്മഹത്യ നടത്തുകയും ചെയ്താൽ അവൻ നരകത്തീയിൽ നിത്യവാസിയായി അത് (വിഷം) കുടിച്ചുകൊണ്ടേയിരിക്കും

(ബുഖാരി, മുസ്‌ലിം)

പുകയില ഉത്പ്പന്നങ്ങളിൽ ധാരാളം വിഷവസ്തുക്കൾ ഉൾകൊള്ളുന്നതിനാൽ യഥാർത്ഥത്തിൽ പുകവലിക്കാരൻ ചെയ്യുന്നത് സ്വന്തത്തെതന്നെ ഇഞ്ചിഞ്ചായി കൊല്ലുകയാണ്.

ഈ തെളിവുകളെല്ലാം പുകവലിയും അതുകൊണ്ടുള്ള ഇടപാടുകളും ഹറാമാണെന്ന് അറിയിക്കുന്നു. ഈ കാര്യം ഒരു നിഷേധിയോ, മർക്കടമുഷ്ടിക്കാരനോ അല്ലാതെ നിഷേധിക്കില്ല.

പുകവലിക്ക് അടിമപ്പെട്ട സുഹൃത്തേ, പുകവലിക്കൽ നിഷിദ്ധമാണെന്നതിന് ഇതിൽപരം തെളിവുകൾ താങ്കൾക്ക് ആവശ്യമുണ്ടോ? വിശുദ്ധ ക്വുർആനിന്റെയും തിരുസുന്നത്തിന്റേയും വെളിച്ചത്തിൽ ഈ മതവിധികൾ കേട്ടതിൽ പിന്നെ വൃത്തികെട്ട പുകവലി താങ്കൾക്ക് ചേർന്നതാണോ? മനുഷ്യബുദ്ധിയുടെ താൽപര്യവും പുകവലി വൃത്തികെട്ടതാണെന്ന് നാം ഉണർത്തിയല്ലോ? 

 ഇത്തരമൊരു ദുഷിച്ച സമ്പ്രദായം താങ്കളെ അടിമപ്പെടുത്തുകയെന്നതും താങ്കൾ അതിന് ദാസ്യവേല ചെയ്യുകയെന്നതും നിന്ദ്യമല്ലേ? മില്യൻ കണക്കിന് ആളുകളെ ഈ ദുഷിപ്പ് തന്റെ ആധിപത്യത്തിന് കീഴിലാക്കിയിട്ടുണ്ട്. അവർ വിചാരിക്കുന്നതാകട്ടെ, പുകവലിക്കൽ പുരോഗതിയുടേയും, നാഗരികതയുടേയും, പൗരുഷത്തിന്റേയും പ്രഭാവത്തിന്റേ യും അഡ്രസ് ആണെന്നാണ്. യഥാർത്ഥത്തിൽ പുകവലിക്കൽ അല്ലാഹുവോടും അവന്റെ തിരുദൂതൻ ﷺ യോടു മുള്ള ധിക്കാരമാണ്. അതോടൊപ്പം തനിക്ക് ദോഷകരമാണ് എന്ന് ഉറപ്പുള്ള ഒരു സംഗതിയിലേക്ക് മുന്നേറുവാനുള്ള ഉദ്ദേശവും മനക്കരുത്തിന്റെ ദുർബലതയുമാണ് പുകവലിക്കുന്നതിലുള്ളത്. 

പുകവലി ഹറാമാണെന്ന് പറഞ്ഞ ഹനഫീ മദ്ഹബിലെ പണ്ഡിതന്മാർ:

1. ശൈഖ് മുഹമ്മദ് അൽഅയ്‌നി. അദ്ദേഹത്തിന് ഒരു ലഘുകൃതി പുകവലി ഹറാമാണെന്ന വിഷയത്തിൽ ഉണ്ട്. നാല് മാർഗ്ഗേണ പുകവലി ഹറാമാണെന്ന് അദ്ദേഹം അതിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

2. ശൈഖ് മുഹമ്മദ് അൽഖവാജ.

3. ഈസാ അശ്ശഹാവി അൽഹനഫി.

4. മക്കി ഇബ്‌നു ഫർറൂഖ്.

5. ശൈഖ് സഅ്ദ് അൽബല്ഖീ അൽമദനി.

6. ഉമർ ഇബ്‌നു അഹ്മദ് അൽമിസ്വ്‌രി അൽഹനഫി.

7. കോൺസ്റ്റാന്റിനോപ്പിൾ മുഫ്തി അബുസ്സഊദ്.

ഇവരെക്കൂടാതെ ഹനഫീ മദ്ഹബിലെ വേറേയും പണ്ഡിതന്മാർ പുകവലി ഹറാമാണെന്ന് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു.

പുകവലി ഹറാമാണെന്ന് പറഞ്ഞ മാലികീ മദ്ഹബിലെ പണ്ഡിതന്മാർ:

1. അല്ലാമാ അബൂസെയ്ദ് സയ്യിദീ അബ്ദുറഹ്മാൻ അൽ ഫാസി, അദ്ദേഹം പറഞ്ഞു: ”അവലംബിക്കൽ അനി വാര്യമായതും ദീനിന്റേയും ദുനിയാവിന്റേയും നന്മക്കു വേണ്ടി മടങ്ങേണ്ടതുമായ അഭിപ്രായം; പുകയില ഉത്പ്പന്നങ്ങൾ ഉപയോഗിക്കൽ ഹറാമാണ് എന്നതാണ്. പുകവലി ഹറാമാണെന്നത് പരസ്യം ചെയ്യലും വിളംബരപ്പെടുത്തലും മുസ്‌ലിംനാടുകളിൽ പ്രചരിപ്പിക്കലും നിർബന്ധമാണ്. കാരണം, അനുഭവസ്ഥരും വിവേകമുള്ളവരു മായ ധാരാളമാളുകൾ പുകയില ഉത്പ്പന്നങ്ങളുടെ ഉപയോഗം തളർച്ചയും മരവിപ്പും ഉണ്ടാക്കും എന്ന് അംഗീ കരിച്ചക്കുന്നു.

2. ശൈഖ് ഇബ്‌റാഹീം അല്ലക്ക്വാനി.

3. ശൈഖ് സാലിം അസ്സൻഹൂറി

ഇവരെക്കൂടാതെ മാലികീ മദ്ഹബിലെ ധാരാളം പണ്ഡിതന്മാർ പുകവലി ഹറാമാണെന്ന് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു.

പുകവലി ഹറാമാണെന്ന് ഫത്‌വ പറഞ്ഞ ശാഫിഈ പണ്ഡിതന്മാർ:

1. ഇബ്‌നു അല്ലാൻ. ‘റിയാദുസ്സ്വാലഹീനിനും, അൽഅദ്കാറിനും വിവരണം എഴുതിയ പണ്ഡിതനാണ് അദ്ദേഹം. പുകവലി ഹറാമാണെന്ന വിഷയത്തിൽ അദ്ദേഹത്തിന് രണ്ട് ലഘുകൃതികൾ ഉണ്ട്.

2. ശൈഖ് അബ്ദുർ റ്വഹീം അൽഗസ്സി.

3. ഇബ്‌റാഹീം ഇബ്‌നു ജംആൻ.

4. അബൂബക്കർ ഇബ്‌നു മുഹമ്മദ് അൽഅഹ്ദൽ

5. ക്വൽയൂബി.

6. ബുജയ്‌രിമി.

ഇവരെക്കൂടാതെ ശാഫിഈ മദ്ഹബിലെ ധാരാളം പണ്ഡിതന്മാർ പുകവലി ഹറാമാണെന്ന് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു.

പുകവലി ഹറാമാണെന്ന് പറഞ്ഞ ഹമ്പലീ മദ്ഹബിലെ പണ്ഡിതന്മാർ:

പുകവലി ഹറാമാണെന്ന വിഷയത്തിൽ ഹമ്പലീ മദ്ഹബിലെ പണ്ഡിതന്മാർ ­ ഒറ്റപ്പെട്ട, അവലംബയോഗ്യമല്ലാ ത്ത അഭിപ്രായങ്ങൾ മാറ്റിവെച്ചാൽ ­ എല്ലാവരും ഏകോപി ച്ചിരിക്കുന്നു.

1. ശൈഖ് മുഹമ്മദ് ഇബ്‌നു അബ്ദിൽവഹ്ഹാബ്.

2. ശൈഖ് മുഹമ്മദ് ഇബ്‌നു ഇബ്‌റാഹീം ആലു ശൈഖ്.

3. ശൈഖ് അബ്ദുർറഹ്മാൻ നാസ്വിർ അസ്സഅ്ദി.

4. അബ്ദുല്ല അബൂ ബത്വീൻ.

ചിന്തോദ്ദീപക നിർദ്ദേശങ്ങൾ 

ഒന്ന്: സുഹൃത്തേ, താങ്കൾ അല്ലാഹുവിനോടുള്ള അടിമത്വത്തിലാണെന്നതിന്റെ തേട്ടങ്ങളിൽ പെട്ടതാണ്; അവനെ അനുസരിക്കുക, അവനോട് അനുസരണക്കേട് കാണിക്കാതിരിക്കുക. അവന് നന്ദി കാണിക്കുക, അവനോട് നന്ദികേട് കാണിക്കാതിരിക്കുക. അവനെ സദാഓർക്കുക, അവനെ മറക്കാതിരിക്കുക എന്നീകാര്യങ്ങൾ. അപ്രകാരംതന്നെ അവൻ താങ്കൾക്ക് വിജയകരവും, ആരോഗ്യപരവുമായ കാര്യങ്ങളാണ് കൽപ്പിക്കുക. താങ്കൾക്ക് ഇഹത്തിലും, പരത്തിലും ചീത്തപര്യവസാനമുള്ളതും ദൗർഭാഗ്യകരവുമായത് മാത്രമാണ് അവൻ താങ്കളോട് വിലക്കുക എന്നത് താങ്കൾ അറിയലും താങ്കൾ അല്ലാഹുവിനോടുള്ള അടിമത്വത്തിലാണെ ന്നതിന്റെ തേട്ടങ്ങളിൽ പെട്ടതാണ്. പുകവലി അല്ലാഹു ഹറാമാക്കിയതാണെന്നതിൽ സംശയമില്ല. താങ്കൾ കൈ വെടിയണമെന്ന് അല്ലാഹു ആജ്ഞാപിക്കുകയും ചെ യ്തതാണെന്നതിൽ സംശയമില്ല. അങ്ങിനെ അല്ലാഹുവോടുള്ള താങ്കളുടെ വിധേയത്വത്തെ താങ്കൾ സത്യസന്ധമാക്കുക.

രണ്ട്: താങ്കളുടെ സമ്പത്തിനെക്കുറിച്ച് താങ്കൾ ചോദ്യം ചെയ്യപ്പെടും; അത് എവിടെ നിന്ന് സമ്പാദിച്ചു, എന്തിൽ വിനിയോഗിച്ചു. താങ്കളുടെ ആയുസ്സിനെകുറിച്ച് ചോദ്യം ചെയ്യപ്പെടും; അത് എന്തിൽ നശിപ്പിച്ചു എന്നതിനെകുറിച്ച്. താങ്കളുടെ യൗവ്വനം ചോദ്യംചെയ്യപ്പെടും; അത് എന്തിൽ പാഴാക്കിയെന്ന്. ആയതിനാൽ ഈ വിചാരണക്കുള്ള ഉത്തരം നൽകുവാൻ താങ്കൾ തയ്യാറാകുക. ഉത്തരം ശരിയായതുമാക്കുക. താങ്കളുടെ ആരോഗ്യത്തിൽ നിന്ന് രോഗം വരുന്നതിനുമുമ്പ് താങ്കൾ മുതലെടുക്കുക. താങ്കളുടെ സമ്പത്തുകൊണ്ട് ദാരിദ്ര്യം വരുന്നതിന് മുമ്പ് മുതലെടുക്കുക. താങ്കളുടെ ജീവിത കാലയളവിൽ നിന്ന് താങ്കൾക്ക് മരണം വരുന്നതിനുമുമ്പ് താങ്കൾ മുതലെടുക്കുക. ഇവ കൊണ്ട് ലാഭം നേടിയെടുക്കുവാനാണല്ലോ അല്ലാഹുവിന്റെ റസൂൽ  നമ്മോട് വസ്വിയ്യത്ത് ചെയ്തത്. 

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:

لا تَزُولُ قَدِمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ خَمْسٍ: عَنْ عُمُرُهِ فِيمَا أَفْنَاهُ ؟ وَعَنْ شَبَابِهِ فِيمَا أَبْلاهُ ؟ وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيمَا أَنْفَقَهُ ؟ وَعَنْ عَلِمهِ مَاذَا عَمِلَ فِيهِ؟

ആദം സന്തതികളുടെ ഇരുകാൽപ്പാദങ്ങളും അന്ത്യനാളിൽ (അല്ലാഹുവിന്റെ മുന്നിൽനിന്നും) നീങ്ങിപ്പോവുകയില്ല; അഞ്ച് കാര്യങ്ങളെക്കുറിച്ച് അവൻ ചോദിക്കപ്പെടാതെ. തന്റെ ആയുസ്സിനെക്കുറിച്ച്; അത് എന്തിൽ നശിപ്പിച്ചുവെന്ന്. തന്റെ യൗവ്വനത്തെക്കുറിച്ച്; അത് എന്തിൽ ക്ഷയിപ്പിച്ചുവെന്ന്. തന്റെ സമ്പത്തിനെക്കുറിച്ച്; അത് എവിടെനിന്നും സമ്പാദിച്ചു, അത് എന്തിൽ ചിലവഴിച്ചു. തന്റെ അറിവിനെക്കുറിച്ച്; അതുകൊണ്ട് എന്ത് കർമ്മം ചെയ്തു

اغتنم خمسا قبل خمس : شبابك قبل هرمك  ، وصحتك قبل سقمك ، وغناك قبل فقرك ، وفراغك قبل شغلك ، وحياتك قبل موتك

അഞ്ച് കാര്യങ്ങൾ(വന്നെത്തുന്നതിനു)മുമ്പ് അഞ്ച് കാര്യങ്ങൾ കൊണ്ട് താങ്കൾ പ്രയോജനമെടുക്കുക. താങ്കളുടെ വാർദ്ധ്യകത്തിന് മുമ്പ് താങ്കളുടെ യൗവ്വനംകൊണ്ട്, താങ്ക ളുടെ രോഗത്തിന് മുമ്പ് താങ്കളുടെ ആരോഗ്യം കൊണ്ട്, താങ്കളുടെ ദാരിദ്ര്യത്തിന് മുമ്പ് താങ്കളുടെ ഐശ്വര്യം കൊണ്ട്, താങ്കൾ ജോലിയിൽ വ്യാപൃതനാകുന്നതിന് മുമ്പ് താങ്കളുടെ ഒഴിവുസമയം കൊണ്ട്, താങ്കളുടെ മരണത്തിന് മുമ്പ് താങ്കളുടെ ജീവിതം കൊണ്ട്

മുന്ന്: ജനങ്ങൾ വർദ്ധിച്ചസമ്പത്തുക്കൾ സുഗന്ധവസ്തുക്കൾ വിലക്കുവാങ്ങാൻ ചിലവഴിക്കുന്നു. അത് അവർക്ക് നിർവൃതി പകരുന്നു. അവരുടെ ഹൃദയങ്ങളെ സന്തോഷഭരിതമാക്കുന്നു. എന്നാൽ പുകവലിക്കാരൻ അവനിൽ നിന്ന് ദുർഗന്ധമാണ് വമിക്കുന്നത്. അത് അവനിൽനിന്ന് ആളുകൾക്ക് അകൽച്ചയും അറപ്പുമാണ് ഉണ്ടാക്കുന്നത്.

നാല്: ബുദ്ധിമാന്മാർ ഔന്നത്യമാണ് അന്വേഷിക്കുന്നത്; അവരെ മറ്റുള്ളവർ മാതൃകയാക്കുന്നതിനുവേണ്ടി. എന്നാൽ പുകവലിക്കുന്നവൻ പതിതാവസ്ഥയിലേക്കാണ് ഇറങ്ങികൊണ്ടിരിക്കുന്നത്. അധോഗതിയുടെ ആഴങ്ങളിലേക്ക് അവൻ സ്വന്തത്തെ തള്ളിയിടുന്നു. അതിനാൽ അവൻ പുകവലിക്കാത്തവർക്ക് ചീത്ത മാതൃകയാകുന്നു. കുട്ടികളും മറ്റും അയാളിൽ സ്വാധീനിക്കുകയും പുകവലിക്കാരാവുകയും ചെയ്യുന്നു. പൊതുവെ പുകവലി തിന്മയുടെ കവാടമാണ്. അത് തുറക്കപ്പെട്ടാൽ അറ്റമില്ലാത്ത തിന്മകളാണ് വന്നണയുന്നത്. ഒരിക്കലും താങ്കൾ ഇത്തരമൊരു പാതാളത്തിലേക്ക് വീഴാൻ നിൽക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല.

അഞ്ച്: ബുദ്ധിയുള്ള മനുഷ്യർ മാത്രമാണ് ഈ ഹ്രസ്വമായ ജീവിതത്തിൽ എവിടെ നിലയുറപ്പിക്കണം എന്ന ബോദ്ധ്യമുള്ളവർ. കാരണം, ജീവിതം വളരെ ചുരുക്കമാണ്; അത് എത്ര ദീർഘിച്ചാലും മരണം വന്നെത്തും, നിസ്സംശയം. താങ്കളുടെ ആരോഗ്യവും, ജീവിതവും, സമ്പത്തും, അല്ലാഹു താങ്കളിലേൽപ്പിച്ച സൂക്ഷിപ്പുസൊത്താണ്. ഒരിക്കലും താങ്കൾ അതിൽ വീഴ്ചവരുത്തുവാൻ പാടില്ല താങ്കൾ ഉണരുക, താങ്കളിൽ അല്ലാഹു ബർക്കത്ത് ചൊരിയട്ടെ… താങ്കളുടെ സൂക്ഷ്മതയില്ലാത്ത ജീവിതത്തിന് വിരാമമിടുക. അല്ലാഹുവിനോട് തൗബ ചെയ്യുക. സഹായം അവനോട് മാത്രം അഭ്യർത്ഥിക്കുക. 

അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:

إِنَّ لِلْمَغْرِبِ بَابًا مَفْتُوحًا لِلتَّوْبَةِ مَسِيرَةُ سَبْعِينَ سَنَةً، لا يُغْلَقُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا

നിശ്ചയം അല്ലാഹു തൗബക്ക് ഒരു വാതിൽ പടിഞ്ഞാറിൽ നിശ്ചയിച്ചിട്ടുണ്ട്. അതിന്റെ വലുപ്പം എഴുപത് വർഷ ദൂരമാണ്. സൂര്യൻ അതിന്റെ പടിഞ്ഞാറിൽ നിന്ന് ഉദിക്കു ന്നതുവരെ അത് അടക്കപ്പെടുകയില്ല

പുകവലി ഉപേക്ഷിക്കുമെന്നതിൽ താങ്കൾ സത്യസന്ധനാണെങ്കിൽ, താങ്കൾ സംശയിക്കുന്നതും നീട്ടി വെക്കുന്നതും സൂക്ഷിക്കുക. കരുത്താർന്നതും, ഗൗരവമാർന്നതും, പെട്ടന്നുള്ളതുമായ ഒരു നിലപാട് താങ്കൾ സ്വീകരിക്കുക. കാരണം പെട്ടന്ന് വിട്ടുനിൽക്കുകയെന്നതാണ് ഏറ്റവും ഉപകാരപ്രദമായ മാർഗ്ഗം. പുകവലി ഉപേക്ഷിച്ചവർക്ക് ഇത് അനുഭവവേദ്യമായ വിഷയമാണ്. എന്നാൽ തൗബ ചെയ്യുന്നതിൽ അമാന്തിക്കലും നീട്ടിവെക്കലും പിശാചിന്റെ കവാടങ്ങൾ തുറക്കൽ തന്നെയാണ്.

തീർച്ചയായും, ഈ ജീവിത വിജയത്തിന്റെ രഹസ്യം മനുഷ്യന്റെ അഭിലാഷമാണ്. അത് മഹത്തുക്കളുടെ മേൽവിലാസവുമാണ്. അവർ ഒരുകാര്യം ഉദ്ദേശിച്ചാൽ, അവരെ ഒരിക്കലും യാതൊന്നും പ്രസ്തുത കാര്യത്തിൽനിന്ന് മടക്കിയിരുന്നില്ല. ആ കാര്യം തേടിപിടിക്കുവാൻ അവർ എല്ലാ മാർഗ്ഗങ്ങളിലും പ്രവേശിച്ചിരുന്നു. അതിനുവേണ്ടി അവർ എല്ലാ ദുർഘടങ്ങളും താണ്ടിയിരുന്നു. ആയതിനാൽ താങ്കൾ, ശക്തമായ അഭിലാഷങ്ങളും ഉന്നതമായ മനക്കരുത്തുമുള്ളവനാവുക. പുകവലി താങ്കളെ നശിപ്പിക്കുന്നതിന് മുമ്പ് താങ്കൾ അതിൽനിന്നും രക്ഷപ്പെടുക. താങ്കളെ പുകവലിക്കുവാൻ പ്രേരിപ്പിക്കുന്നവരിൽനിന്ന് താങ്കൾ അകന്ന് കഴിയുവാൻ താൽപ്പര്യം കാണിക്കുക. അതില്ലെങ്കിൽ പ്രതിരോധിക്കുവാൻ താങ്കൾക്ക് ശേഷിക്കുറവുണ്ടായെന്നുവരും. പുകവലിയെന്ന ദുശ്ശീലത്തിലേക്ക് താങ്കൾ വീണ്ടും മടങ്ങുകയും ചെയ്യും.

 
അബ്‌ദുൾ ജബ്ബാർ അബ്‌ദുള്ള

ശുദ്ധി

ശുദ്ധി

ശുദ്ധിയുടെ പ്രാധാന്യം

ശുദ്ധിക്ക് വലിയ സ്ഥാനം നൽകിയ മതമാണ് ഇസ്ലാം. “ഈമാനി ൻറ പകുതി ശുദ്ധിയാണ് ‘ എന്ന് ഹദീഥിൽ വന്നിട്ടുണ്ട്. അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:

“ശുദ്ധി ഈമാനിന്റെ പകുതിയാണ്……

അല്ലാഹു ശുദ്ധിയില്ലാതെ ഏതൊരു നമസ്കാരവും സ്വീകരിക്കു കയില്ല, തീർച്ച. അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:

“ശുദ്ധിയില്ലാതെ ഒരു സമസ്കാരവും അല്ലാഹു സ്വീകരിക്കുകയില്ല’ (മുസ് ലിം) അതിനാൽ ശുദ്ധികൈവരിക്കൽ ഒരു മുസ്ലിമിന് നിർബന്ധമാകുന്നു.

ശുദ്ധിയുടെ ഇനങ്ങൾ

ശുദ്ധി രണ്ടു വിധമാകുന്നു:

1. ആത്മീയശുദ്ധി: ശിർക്കിൻറ മാലിന്യങ്ങളിൽനിന്നും അല്ലാഹു  അല്ലാത്തവരെ ആരാധിക്കുന്നതിൽ നിന്നും മനസ്സിനെ ശുദ്ധമാക്കലാകുന്നു ആത്മീയ ശുദ്ധി കൊണ്ടുള്ള വിവക്ഷ.

അല്ലാഹു പറഞ്ഞു:

“സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികൾ അശുദ്ധർ തന്നെയാകുന്നു…’ (വി.ക്യു. 9:28)

2. ഭൗതികശുദ്ധി: ശരീരം ചെറിയ അശുദ്ധിയിൽനിന്നും വലിയ അശുദ്ധിയി ൽ നിന്നും ശുദ്ധിയാകലും നമസ്ക്കരിക്കുന്ന സ്ഥലവും വസ്ത്രവും നജസിൽ നിന്ന് ശുദ്ധിയാകലുമാകുന്നു ശാരീരിക ശുദ്ധികൊണ്ടുള്ള വിവക്ഷ.

വുദൂഇന്റെ ശ്രഷ്ഠത

അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:

“ഒരാൾ നമസ്ക്കാരത്തിന് വേണ്ടി വുദൂഅ് ചെയ്തു; അതിനെ പരിപൂർണ്ണമാക്കി. എന്നിട്ട് ഫർദ് നമസ്കാരത്തിനു വേണ്ടി പുറപ്പെടുകയും ജനങ്ങളോടൊപ്പം ഫർദ് നമസ്കരിക്കുകയും ചെയ്താൽ അവന്റെ പാപങ്ങൾ അല്ലാഹു പൊറുത്തുകൊടുക്കും’ (ബുഖാരി, മുസ്ലിം)

വുദൂഅ്, നമസ്ക്കാരം ശരിയാകുവാനുള്ള ശർത്വാകുന്നു. അല്ലാഹു വിന്റെ റസൂൽ (ﷺ) പറഞ്ഞു:

“നിങ്ങളിൽ ഒരാൾ അശുദ്ധിയായാൽ വുളൂഅ് എടുത്ത് ശുദ്ധിയാകുന്നതുവരെ അയാളുടെ നമസ്ക്കാരം സ്വീകരിക്കപ്പെടുകയില്ല. (ബുഖാരി, മുസ്ലിം)

വുദൂഇന്റെ ശർത്തുകൾ

വുദൂഇൻറ ശർതുകൾ പത്ത് കാര്യങ്ങൾ ആകുന്നു:

1. ഇസ്ലാം

2. ബുദ്ധി

3. വകതിരിവ്

4. നിയ്യത്ത്

5. വെള്ളം ശുദ്ധിയുള്ളതാകലും അനുവദനീയമാകലും

6. മലമൂത്ര വിസർജ്ജനം ചെയ്തവർ അതിൽനിന്ന് ശുദ്ധിയാകൽ

7. ശരീരത്തിൽ വെള്ളം ചേരുന്നതിന് തടസമാകുന്ന വസ്തുക്കൾ നീക്കം ചെയ്യൽ

8. നിത്യഅശുദ്ധിയുള്ളവൻ സമയമായതിനുശേഷം മാത്രം വുദൂഅ് ചെയ്യൽ

9. വുദൂഇൻറ അവസാനംവരെ നിയ്യത്ത് നിലനിർത്തൽ.

10. വുദൂഇനെ നിർബന്ധമാക്കുന്ന (വുദൂഇനെ നഷ്ടപ്പെടുത്തുന്ന) കാര്യങ്ങൾ നിലക്കൽ

വുദൂഇന്റെ നിർവ്വചനം

ചില നിർണ്ണിത അവയവങ്ങൾ (മുഖം, ഇരുകൈകൾ, ചെവി ഉൾപ്പെടെ തല, ഇരുകാലുകൾ) നിർണ്ണിത രൂപത്തിൽ കഴുകിയും തടവിയും അല്ലാഹുവിൻറെ സാമീപ്യം തേടലാണ് വുദൂഅ്.

അല്ലാഹു പറഞ്ഞു:

“സത്യവിശ്വാസികളേ, നിങ്ങൾ നമസ്കാരത്തിനൊരുങ്ങിയാൽ നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ രണ്ട് കൈകളും കഴുകുകയും നിങ്ങളുടെ തല തടവുകയും നെരിയാണിയുൾപ്പെടുത്തി രണ്ടു കാലുകൾ കഴുകുകയും ചെയ്യുക…’ (വി.ക്യൂ.5:6)

“വുദൂഇ’നെ നിർബന്ധമാക്കുന്ന കാര്യങ്ങൾ

അവ മൂന്ന് കാര്യങ്ങൾ ആകുന്നു:

1. നമസ്ക്കാരം:

അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:

“വുളൂഅ് എടുത്ത് ശുദ്ധിയാകുന്നതുവരെ നിങ്ങളിൽ വുദൂഅ് നഷ്ടപ്പെട്ടയാളുടെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല’ (ബുഖാരി)

2. കഅ്ബക്ക് ചുറ്റും ത്വവാഫ് ചെയ്യൽ:

അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: 

“ത്വവാഫ് നമസ്കാരമാകുന്നു. പക്ഷേ അല്ലാഹു ത്വവാഫിൽ സംസാരം അനുവദനീയമാക്കി അതിനാൽ അതിൽ നിങ്ങൾ സംസാരിക്കുന്നുവെങ്കിൽ നന്മയല്ലാതെ സംസാരിക്കരുത്’ അപ്പോൾ നമസ്കാരത്തിലെന്ന പോലെ ത്വവാഫിനും ശുദ്ധി ശർത്താണ്.

3. കുർആൻ സ്പർശിക്കൽ:

അല്ലാഹു പറഞ്ഞു:

لا يَمَسُّهُ إِلا الْمُطَهَّرُونَ

(പരിശുദ്ധി നൽകപ്പെട്ടവരല്ലാതെ അതിൽ സ്പർശിക്കുകയില്ല)

അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു :

(لاَ تمسَّ القرآنَ إِلاَّ وأنتَ طاهرٌ)

“നീ ശുദ്ധനായികൊണ്ടല്ലാതെ കൂർആൻ സ്പർശിക്കരുത്’ (ത്വബറാനി)

വുദൂഇന്റെ ഫർദുകൾ

അവ ആറ് കാര്യങ്ങൾ ആകുന്നു.

1. മുഖം കഴുകൽ:

സാധാരണ തലയിൽ മുടി മുളക്കുന്ന ഭാഗം മുതൽ താടിയെല്ലി ൻറ താഴ് ഭാഗം വരെ ഒരു പ്രാവശ്യം കഴുകൽ, അതിൽ വായിൽ വെള്ളം കൊള്ളലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലും ഉൾപ്പെടും.

അല്ലാഹു പറഞ്ഞു.

…فاغسلوا وجوهكم …

(… അപ്പോൾ നിങ്ങൾ നിങ്ങളുടെ മുഖങ്ങളെ കഴുകുക….)

അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:

( إذَا توضَّأْتَ فَمضْمضْ )

“നീ വുദൂവെടുത്താൽ വായിൽ വെള്ളം ചുഴറ്റി തുപ്പുക” (അബൂദാവൂദ്).

വീണ്ടും അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:

«……. وَإِذَا تَوَضَّأَ أَحَدُكُمْ فَلْيَجْعَلْ فِي أَنْفِهِ مَاءً، ثُمَّ لْيَنْتَثِرْ»

“നിങ്ങളിൽ ഒരാൾ വുദവെടുത്താൽ മൂക്കിൽ വെള്ളം കയറ്റുകയും അത് ചീറ്റുകയും ചെയ്യട്ടെ” (മുസ്ലിം)

2. ഇരുകൈകളും മുട്ടുകൾ ഉൾപ്പെടുത്തി കഴുകുക:

വിരലുകളുടെ അറ്റം മുതൽ രണ്ട് കൈകളും മുട്ടുകൾ ഉൾപ്പെടുത്തി കഴുകുക. അല്ലാഹു പറഞ്ഞു:

وأيديكم إلى المرافق …

(.മുട്ടുകൾ വരെ രണ്ട് കൈകൾ കഴുകുകയും ചെയ്യുക…)

അല്ലാഹുവിന്റെ റസൂൽ (ﷺ) യുടെ വുദൂഇൻറ രീതി വിവരിക്കവെ അബൂ ഹുറയ്റ (റ) പറഞ്ഞു:

(ثُمَّ غَسَلَ يدَهُ اليمنَى حَتى أَشْرَعَ في العضُدِ)

“പിന്നീട് അദ്ദേഹം വലതു കൈ കണം കയ്യിൽ പ്രവേശിക്കുന്നതുവരെ കഴുകി” (ഇബ്നു മാജ)

3. തലതടവൽ

അല്ലാഹു പറഞ്ഞു:

وامسحوا برؤوسكم… 

(…നിങ്ങളുടെ തലകൾ തടവുകയും ചെയ്യുക….)

കൈകൾ വെള്ളത്തിൽ മുക്കി തലതടവുക. കഴുകരുത്. അല്ലാഹുവിന്റെ റസൂൽ (ﷺ)യുടെ വുദൂഇൻറ രീതി വിവരിക്കവെ അബ്ദുല്ലാഹ് ഇബ്നു സെയ്ദ് (റ) പറഞ്ഞു:

(ثمَّ مسحَ رأْسهُ ، بيديهِ فأَقبلَ بهمَا وأدْبرَ ، بدأَ بمُقدِّمةِ رأْسِهِ حتّى ذهبَ بهما إلى قَفَاه ثُمَّ ردّهما إلى المكانِ إلىَ الّذي بدأَ منهُ) 

“പിന്നീട് പ്രവാചകൻ തന്റെ കൈകൾ പിന്നോട്ടും മുന്നോട്ടും കൊണ്ടു പോയി തലതടവി. തലയുടെ മുന്നിൽനിന്ന് ആരംഭിക്കുകയും പിരടിവരെ തടവുകയും ആരംഭിച്ചിടത്തേക്ക് തിരിച്ച് കൊണ്ടുവരികയും ചെയ്‌തു’ (ബു ഖാരി)

4. രണ്ടുകാലുകളും നെരിയാണികൾ ഉൾപ്പെടുത്തി കഴുകൽ

അല്ലാഹു പറഞ്ഞു:

وأرجلكم إلى الكعبين…

(..നെരിയാണികൾ ഉൾപ്പെടുത്തി രണ്ടുകാലുകൾ കഴുകുകയും ചെയ്യുക…)

ചിലർ കാലിൻറ മടമ്പ് കഴുകുന്നതിലും അവിടെ വെള്ളമെത്തിക്കുന്നതിലും അശ്രദ്ധ കാണിക്കാറുണ്ട്. അത് വുദൂഇനെ ബാത്വിലാക്കും. അല്ലാഹു വിന്റെ റസൂൽ (ﷺ) പറഞ്ഞു:

(ويلٌ للأعقابِ من الناَّر)

“(വുദൂഅ് ചെയ്യുമ്പോൾ നനയാത്ത) മടമ്പുകാലുകൾക്ക് നരക ശിക്ഷയു ണ്ട്.’ (ബുഖാരി)

4. ഫർദുകൾ ക്രമപ്രകാരം ചെയ്യൽ:

വിശുദ്ധ കുർആനിൽ അല്ലാഹു തുടങ്ങിയതുകൊണ്ട് തുടങ്ങു ക. അല്ലാഹു പറഞ്ഞു:

(يا أيها الذين آمنوا إذا قمتم إلى الصلاة فاغسلوا وجوهكم وأيديكم إلى المرافق وامسحوا برؤوسكم وأرجلكم إلى الكعبين) 

(സത്യവിശ്വാസികളേ, നിങ്ങൾ നമസ്കാരത്തിനൊരുങ്ങിയാൽ നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ രണ്ടു കൈകളും കഴുകുകയും, നിങ്ങളുടെ തലകൾ തടവുകയും നെരിയാണിയുൾപ്പെടെ രണ്ടുകാലുകൾ കഴുകുകയും ചെയ്യുക …))

ജാബിർ (റ)വിൽ നിന്നും ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീഥിൽ അല്ലാഹുവിന്റെ റസൂൽ (ﷺ) പറയുന്നു:

( ابْدَؤ بمَا بَدَأَ الله بِهِ )

“അല്ലാഹു ആരംഭിച്ചതു കൊണ്ട് ഞാൻ ആരംഭിക്കുന്നു ‘

6. വുദുവിൻറെ ഫർദൂകൾ ഇടമുറിയാതെ ചെയ്യുക:

അഥവാ വുദുവിൻറെ ഫർദുകൾ തുടർച്ചയായി ചെയ്യുക. പരമാവധി വുദൂഇൻറ ഒരു അവയവം കഴുകിയ വെള്ളം ഉണങ്ങും മുമ്പ് അടുത്തത് ആരംഭിക്കുക. എന്നാൽ ഒരാൾ ഒരു അവയവം ശുദ്ധിയാക്കിക്കൊണ്ടിരിക്കുമ്പോൾ മുമ്പ് ശുദ്ധിയാക്കിയ അവയവം ഉണങ്ങി, അല്ലെങ്കിൽ പെട്ടെന്ന് വെള്ളം നിലച്ചുപോയി, താമസം വിനാ വെള്ളം ലഭിക്കുകയും ചെയ്തു, അത്തരം ഇടമുറിച്ചിൽ കൊണ്ട് കുഴപ്പമില്ല.

കുറിപ്പ്:

തീപൊള്ളലേൽക്കുക അല്ലെങ്കിൽ ബാൻറജിടുക തുടങ്ങിയ കാര ണങ്ങളാൽ ഒരാൾക്ക് വെള്ളം ഉപയോഗിക്കുവാൻ കഴിയാതെ വന്നാൽ തിന്മേൽ തടവിയാൽ മതിയാകും.

നിർബന്ധമായി വെള്ളമെത്തേണ്ട ഒരു അവയവം മനഃപ്പൂർവ്വം ഒരാൾ ഉപേക്ഷിച്ച് നമസ്കരിച്ചാൽ അയാൾ പ്രസ്തുത നമസ്കാരം മടക്കി നിർവ്വഹിക്കണം. കാരണം ഒരാൾ നമസ്കരിക്കുന്നത് അല്ലാഹുവിന്റെ റസൂൽ (ﷺ) കണ്ടു, അയാളുടെ പുറം കാലിൽ ഒരു ദിർഹമിന്റെ വലിപ്പത്തിൽ വെള്ളം നനഞ്ഞിരുന്നില്ല. അപ്പോൾ അദ്ദേഹത്തോട് നബി(ﷺ) വുദ്യുഉം നമസ്കാരവും മടക്കി നിർവ്വഹിക്കുവാൻ കൽപിച്ചു. (അഹ്മദ്)

വുദൂഇന്റെ രൂപം

1. നിയ്യത്ത് കരുതുക.

നിയ്യത്തിന്റെ സ്ഥാനം ഹൃദയമാകുന്നു. അത് ചൊല്ലി പറയൽ

ബിദ്അത്താണ്. നിയ്യത്ത് അമലുകൾ സ്വീകരിക്കുവാനുള്ള ശർത്വാകുന്നു. അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:

( إِنَّما الأَعمالُ بِالنيات وَإِنَّما لكُلِّ امْرِئٍ مَا نَوى )

“തീർച്ചയായും കർമ്മങ്ങൾ (സ്വീകരിക്കപ്പെടുന്നത്) നിയ്യത്തുകൾ കൊണ്ട് മാത്രമാണ്. മനുഷ്യനും താൻ എന്താണോ നിയ്യത്ത് ചെയ്തത് അതാണുള്ളത്.’ (ബുഖാരി)

2. “ബിസ്മി ചൊല്ലൽ:

വുദൂഇൻറ അവസരത്തിൽ “ബിസ്മി’ ചൊല്ലേണ്ടതാകുന്നു. ചില പണ്ഡിതന്മാർ ബിസ്മി’ ചൊല്ലൽ വാജിബാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:

(لا صلاةَ لمنْ لا وُضوءَ لَهُ وَلاَ وُضُوءَ لمنْ لم يذكُرْ اسمَ اللهِ عَلَيهِ)

“വുദൂഅ് ഇല്ലാത്തവന് നമസ്ക്കാരമില്ല, ആരംഭത്തിൽ അല്ലാഹുവിനെ  സ്മരിക്കാത്തവന് (പൂർണ്ണ) വുദൂഅ് ഇല്ല.’ (അഹ്മദ്, അബൂദാവൂദ്)

പണ്ഡിതന്മാരിൽ മറ്റൊരുവിഭാഗം “ബിസ്മിചൊല്ലൽ സുന്നത്താണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ഏതായാലും നാം “ബിസ്മി’ കൊണ്ട് ആരംഭിക്കുകയാണ് വേണ്ടത്, എന്നാൽ അറിവില്ലാതെയോ മറന്നോ ഒരാൾ “ബിസ്മി’ ഉപേക്ഷിച്ചാൽ പ്രശ്നമില്ല.

3. വുദൂഇന്റെ ആദ്യത്തിൽ മുൻകൈകൾ മൂന്നു പ്രാവശ്യം കഴുകൽ:

മുൻകൈകൾ രണ്ടും കഴുകിക്കൊണ്ട് വുദൂഅ് ആരംഭിക്കുക. അ ല്ലാഹുവിന്റെ റസൂൽ (ﷺ) മൂന്ന് പ്രാവശ്യം മുൻകൈകൾ കഴുകുന്നത് കണ്ടതായി ഔസ് ഇബ്നു അബീ ഔസ് (റ) തൻറ പ്രപിതാവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഹദീഥിൽ കാണാം. കൈവിരലുകൾ ഇടകോർത്തു കഴുകൽ സുന്നത്താകുന്നു. അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:

( إذا قُمتَ إِلى الصلاةِ فَأَسْبِغِ الْوُضُوءَ وَاجْعَلِ الْمَاءَ بَيْنَ أَصَابِعِ يَدَيْكَ وَرِجْلَيْكَ )

“നിങ്ങൾ നമസ്കരിക്കുവാൻ ഉദ്ദേശിച്ചാൽ വുളൂഅ് എടുക്കുക, കൈവിരലുകൾക്കിടയിൽ വെള്ളം ചേർത്ത് കഴുകുകയും ചെയ്യുക.’ (ഇബ്നു മാജഃ)

4. വായിൽ വെള്ളം ചുഴറ്റി തുപ്പലും മൂക്കിൽ വെള്ളം കയറ്റി ചീറ്റലും

അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:

( فَمضْمِضْ وَاستنشِقْ وَاستنْثِرْ مِنْ ثَلاثِ غرفاتٍ )

“നീ മൂന്നു കോരൽ വെള്ളം കൊണ്ട് വായിൽ വെള്ളം കൊള്ളുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്യുക’ (അബൂ ദാവൂദ്) 

വുദൂഇൻറ അവസരത്തിൽ മിസ് വാക്ക് ചെയ്യൽ സുന്നത്താകുന്നു.

5. മുഖം മൂന്ന് പ്രാവശ്യം കഴുകുക.

മുഖം കഴുകേണ്ടത് തലയിൽ മുടിമുളച്ച് തുടങ്ങുന്ന ഭാഗം മുതൽ താടിയെല്ലിന്റെ താഴ്ഭാഗംവരേയും, രണ്ട് ചെവിക്കുറ്റികൾക്കിടയിലുള്ള ഭാഗവുമാകുന്നു.

അല്ലാഹു പറഞ്ഞു:

فاغسلوا وجوهكم …

((… അപ്പോൾ നിങ്ങൾ നിങ്ങളുടെ മുഖങ്ങളെ കഴുകുക. )) 

താടിരോമങ്ങൾക്കിടയിൽ വിരൽകോർത്ത് വെള്ളം ചേർത്ത് കഴുകൽ പ്രവാചകൻ (ﷺ) യുടെ സുന്നത്തിൽ പെട്ടതാകുന്നു.

6. രണ്ടുകൈകൾ മുട്ടുകൾ ഉൾപ്പെടുത്തി മൂന്ന് പ്രാവശ്യം കഴുകുക.

കൈവിരൽ തുമ്പുകൾ മുതൽ മുട്ടിന്റെ അറ്റം വരെ കഴുകണം; അല്ലാഹുവിൻറെ റസൂൽ (ﷺ) വുദൂഅ് ചെയ്തതിന്റെ രൂപം ഉഥ്മാൻ ഇ ബ്നു അഫ്ഫാൻ(റ) വിവരിക്കുന്നത് ഇപ്രകാരമാണ്.

7. തലമുഴുവനും രണ്ട് ചെവികൾ ഉൾപ്പെടുത്തി ഒരു തവണ തടവുക:

തലയുടെ മുൻഭാഗം മുതൽ പിരടി വരെ തടവുക, ശേഷം തടവൽ ആരംഭിച്ചിടത്തേക്ക് തിരിച്ച് തടവുക. പ്രവാചകൻ (ﷺ)യുടെ വുദ്യുവിനെ ക്കുറിച്ച് അബ്ദുല്ലാഹ് ഇബ്നു സെയ്ദ് (റ)വിവരിച്ചത് ഇപ്രകാരമാകുന്നു. അതിന് ശേഷം ചെവിതടവുക, പ്രവാചകൻ (ﷺ) യുടെ വുദവിനെക്കുറിച്ച് അബ്ദുല്ലാഹ് ഇബ്നു ഉമർ(റ) വിവരിച്ചത് ഇപ്രകാരമാകുന്നു:

( ثُمَّ مَسح برأْسِهِ ، فَأَدخَلَ إِصْبِعَيْهِ السباحتينِ فِي أُذُنَيهِ، وَمَسَحَ بإِبْهَامَيْهِ عَلى ظَاهِرِ أُذُنَيْهِ وبِالسباحتَيْنِ بَاطِنَ أُذُنَيْهِ )

(പ്രവാചകൻ (ﷺ) വുദ ചെയ്യുന്ന അവസരത്തിൽ) തല തടവി, പിന്നീട് ചൂണ്ടുവിരലുകൾ രണ്ടുചെവികൾക്കുള്ളിൽ പ്രവേശിപ്പിച്ചു. തന്റെ തള്ളവിരലുകൾ കൊണ്ട് ചെവികൾക്ക് പുറത്തും ചൂണ്ടുവിരലുകൾ കൊണ്ട് ചെവിയുടെ ഉൾഭാഗവും തടവി. (അബൂ ദാവൂദ്)

8. രണ്ടുകാലുകൾ നെരിയാണികൾ ഉൾപ്പെടുത്തി കഴുകൽ:

പ്രവാചകൻ (ﷺ)യുടെ ചര്യയനുസരിച്ച് കാല് കഴുകുമ്പോൾ മേൽ ഭാഗവും അടിഭാഗവും കഴുകണം.

ഉഥ്മാൻ ഇബ്നു അഫ്ഫാൻ (റ)വിൽ നിന്ന് നിവേദനം:

( ثمّ غسلَ رجلَهُ اليمنَى إِلى الكعبينِ ثلاثَ مرّاتٍ ثُمّ غسلَ اليُسرى مثلَ ذلك )

“പിന്നീട് പ്രവാചകൻ (ﷺ) തന്റെ വലതുകാൽ ഞെരിയാണിയുൾപ്പെടുത്തി മൂന്ന് തവണ കഴുകി, ശേഷം ഇടതുകാലും അപ്രകാരം കഴുകി. ‘(മുസ്ലിം)

വുദൂഇന്റെ സുന്നത്തുകൾ

1. ബിസ്മി ചൊല്ലൽ ചില പണ്ഡിതന്മാരുടെ അഭിപ്രായമനുസരിച്ച് വുദൂഇൻറ ആരംഭത്തിൽ ബിസ്മി ചൊല്ലൽ വാജിബാകുന്നു. അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:

(لا صلاةَ لمنْ لا وُضوءَ لَهُ وَلاَ وُضُوءَ لمنْ لم يذكُرْ اسمَ اللهِ عَلَيهِ)

“വുദൂഇല്ലാത്തവന് നമസ്കാരമില്ല, ആരംഭത്തിൽ അല്ലാഹുവിന്റെ നാമം സ്മരിക്കാത്തവന് (പൂർണ്ണ) വുളൂഅ് ഇല്ല.’ (അഹ്മദ്, അബൂദാവൂദ്)

മറ്റു ചില പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ഇത് സുന്നത്താകുന്നു. അതിന് അവർ തെളിവ് പിടിക്കുന്നത് പ്രവാചകൻ (ﷺ) യുടെ വുദവിന്റെ രൂപം ഉദ്ധരിച്ചവരിൽ അധികമാളുകളും പ്രവാചകൻ (ﷺ) ബിസ്മി ചൊല്ലിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല എന്നതാണ്. ശൈഖ് ഇബ്നു ഉഥമീൻ പറഞ്ഞു: “ബിസ്മി ചൊല്ലൽ നിർബന്ധമായിരുന്നുവെങ്കിൽ അത് നമ്മെ വിശുദ്ധകൂർആനിലും, തിരുസുന്നത്തിലും) ഉണർത്തുമായിരുന്നു’.

2. മിസ് വാക്ക് ചെയ്യൽ: വുദൂഇൻറ അവസരത്തിൽ മിസ് വാക്ക് ചെയ്യൽ സുന്നത്താകുന്നു.

അല്ലാഹുവിൻറ റസൂൽ (ﷺ) പറഞ്ഞു:

(لولا أنْ  أشُقّ على أُمَّتي لأمرتُهُمْ بالسِّواك عند كلِّ صلاةٍ)

“എൻറെ ഉമ്മത്തികൾക്ക് പ്രയാസകരമാകില്ലായിരുന്നു എങ്കിൽ എല്ലാ സകാരത്തിൻറ അവസരത്തിലും മിസ് വാക്ക് ചെയ്യാൻ ഞാൻ അവരോട് കൽപ്പിക്കുമായിരുന്നു.’ (ബുഖാരി)

3. രണ്ട് മുൻകൈകളും കഴുകുക: വുദൂഅ് ആരംഭിക്കുന്നതിന് മുമ്പ് മുൻകൈകൾ രണ്ടും മൂന്ന് പ്രാവശ്യം കഴുകൽ സുന്നത്താകുന്നു. ഉറക്കിൽ നിന്ന് എഴുന്നേറ്റയാൾ ഇപ്രകാരം മുൻകൈകൾ കഴുകുകതന്നെ വേണം. കാരണം അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു:

(وَإِذَا استيقظ أحدُكُم منْ نَومِهِ فلْيغْسِل يَديهِ قبلَ أَنْ يُدْخِلَهُمَا في الإِنَاءِ ثَلاَثاً )

“നിങ്ങളിലാരെങ്കിലും ഉറക്കിൽ നിന്ന് എഴുന്നേറ്റാൽ (വെള്ള) പാത്രത്തിലേക്ക് കൈകൾ പ്രവേശിപ്പിക്കുന്നതിന് മുമ്പ് മൂന്ന് പ്രാവശ്യം കഴുകുക ‘(ബുഖാരി)

4. മൂക്കിൽ വെള്ളം കയറ്റി ചീറ്റൽ: പരമാവധി മൂക്കിൽ വെള്ളം കയറ്റി ചീറ്റൽ സുന്നത്താകുന്നു. അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:

( وبَالغْ فِي الاسْتِنشاق إلاّ أن تكون صائماً )

“നിങ്ങൾ മൂക്കിൽ പരമാവധി വെള്ളം കയറ്റി ചീറ്റുക, നിങ്ങൾ നോമ്പുകാരൻ അല്ലെങ്കിൽ ‘ (അബൂദാവൂദ്)

5. താടിരോമങ്ങൾ ചികറ്റിക്കഴുകുക: വുദൂവിൽ മുഖം കഴുകുന്ന അവസരത്തിൽ പ്രവാചകൻ (ﷺ) താടിരോമങ്ങൾ ഇടകോർത്ത് കഴുകുമായിരുന്നു.

6. കൈകാൽ വിരലുകൾ അകറ്റി കഴുകുക: കെകാലുകൾ കഴുകുന്ന അവസരത്തിൽ വിരലുകൾ അകറ്റിക്കഴുകൽ സുന്നത്താകുന്നു. അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:

( إذا توَضّأتَ فخلِّلْ بينَ أصابع يديكَ ورجليكَ )

“നീ വുദൂഅ് എടുക്കുമ്പോൾ കൈകാൽ വിരലുകൾ വിടർത്തി കഴുകുക.’ (തിർമുദി)

7. അവയവങ്ങൾ തേച്ചുകഴുകുക: അവയവങ്ങളിൽ വെള്ളം ഒഴുക്കുന്നതോടൊപ്പം കൈകൊണ്ട് തേച്ച് കഴുകുകയും ചെയ്യുക. അബ്ദുല്ലാഹ് ഇബ്നു സെയ്ദ് (റ) പറയുന്നു:

(أَنَّ  النبيَّ  أُتيَ بثلثيْ مدِّ ماءٍ فتوضأ فجعل يَدلكُ ذِراعيه)

“നബി(ﷺ)ക്ക് ഒരു മുദ്ദിന്റെ മൂന്നിൽ രണ്ട് ഭാഗം വെള്ളം കൊണ്ടുവരപ്പെട്ടു. അതിൽ നിന്ന് അദ്ദേഹം വുദൂഅ് എടുത്തു. തന്റെ മുഴം കൈകൾ ഉരച്ച് കഴുകുവാൻ തുടങ്ങി’ (ഇബ്നു ഹിബ്ബാൻ)

8. വലതുഭാഗം കൊണ്ട് ആരംഭിക്കുക: വുദൂഇൻറ അവയങ്ങളിൽ വലതുഭാഗം കൊണ്ട് ആരംഭിക്കൽ സുന്നത്താകുന്നു. ആഇശ (റ) പറയുന്നു:

( كانَ النبيُّ يعجِبهُ التيمُّنَ في تنعُّلِهِ وترجُّلِهِ وطهوره وفي شأنِهِ كُلِّهِ )

“നബി(ﷺ) ചെരിപ്പ് ധരിക്കുമ്പോഴും, മുടി ചീകുമ്പോഴും, ശുദ്ധിയെടുക്കു മ്പോഴും അദ്ദേഹത്തിൻറ മറ്റുകാര്യങ്ങളിൽ മുഴുവനും വലതുകൊണ്ട് തു ടങ്ങൽ അദ്ദേഹത്തെ വളരെ ഇഷ്ടപ്പെടുത്തിയിരുന്നു.’ (ബുഖാരി)

9. വുദൂഇന് ശേഷമുള്ള “ദിക്സർ’ ചൊല്ലൽ: ഉമർ(റ)വിൽ നിന്ന് നിവേ ദനം, അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞിരിക്കുന്നു:

( ما منكم من أحدٍ يتوضَّأُ فيبلغ أو فيسبغ الوضوءَ ثمَّ يقول: أَشْهَدُ أَنْ لاَ إِلـَهَ إِلاَّ الله وَأَنَّ مُحَمَّداً عَبْدُهُ وَرَسُولُهُ ، إِلاَّ فُتِحَتْ لَهُ أَبْوَابُ الْجنّة الثَّمانِيَةِ ، يدخُلُ مِنْ أَيِّهَا شَاءَ )

“നിങ്ങളിൽ ആരും തന്നെ ഇല്ല; താൻ വുദൂവെടുക്കുകയും, അത് പരിപൂർ ണ്ണമാക്കിയതിന് ശേഷം

أشهد أن لا إله إلا الله وأن محمدا عبده ورسوله

(അർത്ഥം: അല്ലാഹു അല്ലാതെ യഥാർത്ഥ ആരാധ്യനായി ആരുമില്ലെന്നും മുഹമ്മദ് അവന്റെ ദാസനും തിരുദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.) എന്ന് പറയുകയും ചെയ്യാതെ, അയാൾക്ക് സ്വർഗ്ഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടും. താൻ ഉദ്ദേശിക്കുന്നതിലൂടെ അയാൾക്ക് (സ്വർഗ്ഗത്തിൽ) പ്രവേശിക്കുകയും ചെയ്യാം.’ (മുസ്ലിം)

10. രണ്ടോ മൂന്നോ തവണ കഴുകൽ: ഒരു പ്രാവശ്യം കഴുകൽ നിർബന്ധമാണ്. രണ്ടും മൂന്നും പ്രാവശ്യം കഴുകൽ സുന്നത്താകുന്നു. എന്നാൽ തലമുഴുവനും രണ്ട് ചെവികൾ ഉൾപ്പെടുത്തി ഒരു തവണയാണ് തടവേണ്ടത്. ഒന്നിലധികം തവണ തടവൽ സുന്നത്തല്ല.

11. വുദൂഇനു ശേഷം രണ്ട് റക്അത്ത് നമസ്കരിക്കൽ: സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും ഈ വിഷയത്തിൽ ഹദീഥുകൾ വന്നിട്ടുണ്ട്.

വുദൂഇൽ മക്‌റൂഹായ കാര്യങ്ങൾ

1.അനാവശ്യമായി മൂന്നിൽ കൂടുതൽ തവണ കഴുകൽ: അല്ലാഹുവിൻറ റസൂൽ (ﷺ) വുദൂഅ് എടുത്തതിന് ശേഷം പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു:

(هذا الوضوء فمن زاد على هذا فقد أساء وتعدّى وظلم)

“ഇതാണ് വുദ, ഇതിനേക്കാൾ ആരെങ്കിലും വർദ്ധിപ്പിച്ചാൽ അവൻ തിന്മ ചെയ്തു, അതിരുവിട്ടു, ആക്രമിച്ചു ‘ (ഇബ്നുമാജ)

2. വുദൂഇൻറ സുന്നത്ത് ഒഴിവാക്കുക: കാരണം അത് പ്രതിഫലം കുറയുന്നതിന് കാരണമാകും.

3. വെള്ളം ദുർവ്യയം ചെയ്യൽ: അല്ലാഹുവിന്റെ റസൂൽ (ﷺ) ഒരു മുദ്ദ് വെള്ളത്തിൽ വുദൂഅ് ചെയ്യുമായിരുന്നു.

4.നജസുള്ള സ്ഥലത്ത് വുദൂഅ് ചെയ്യൽ: നജസ് ശരീരത്തിൽക്കുന്നത് ഭയക്കുന്നതിനാലാണ് ഇത്.

വുദൂഅ് മുറിയുന്ന കാര്യങ്ങൾ

1. മുൻപിൻദ്വാരങ്ങളിലൂടെ വല്ലതും പുറപ്പെടൽ:

(പുറപ്പെടുന്നത് നജസായാലും അല്ലെങ്കിലും) പുറപ്പെടുന്നത് മനിയ്യ് (ബീജം) ആണെങ്കിൽ അപ്പോൾ കുളി നിർബന്ധമാകും.

2. ഗാഢമായ ഉറക്കം:

അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു:

“രണ്ടു കണ്ണുകൾ മലദ്ധ്വാരത്തി (ലൂടെ വല്ലതും പുറപ്പെടുന്നത് തടയുന്നതി) ൻറ അടപ്പാകുന്നു, അതിനാൽ ആരെങ്കിലും ഉറങ്ങിയാൽ അവൻ വുദൂഅ് ചെയ്യട്ടെ.’ (അബൂദാവൂദ്) നേരിയ ഉറക്കം വുദൂഇനെ നഷ്ടപ്പെടുത്തുകയില്ല.

3. ബോധം നശിക്കൽ:

ഭ്രാന്ത്, ബോധക്ഷയം, ലഹരി, രോഗം തുടങ്ങിയ കാരണങ്ങളാൽ ബോധം നഷ്ടപ്പെട്ടാൽ അത് ഉറക്കിനേക്കാൾ വുദൂഇനെ നഷ്ടപ്പെടുത്തുവാൻ കാരണമാകും. മാത്രവുമല്ല, വുദൂഇനെ നഷ്ടപ്പെടുത്തുന്ന വല്ലതും തന്നിൽ നിന്ന് സംഭവിച്ചിട്ടുണ്ടോ എന്ന് അവന് അറിയുകയുമില്ല.

4. ലൈംഗീകാവയവങ്ങൾ സ്പർശിക്കൽ:

(കൈപള്ളി കൊണ്ട് മറകൂടാതെ മനുഷ്യരുടെ മുൻദ്വാരമോ പിൻ ദ്വാരമോ സ്പർശിച്ചാൽ അത് വുദൂഇനെ നഷ്ടപ്പെടുത്തും) അല്ലാഹുവി ൻറ റസൂൽ (ﷺ) പറഞ്ഞു: “നിങ്ങളിൽ ഒരാൾ തന്റെ ഗുഹ്യാവയവം സ്പർശിച്ചാൽ അവൻ വുദൂ ചെയ്യട്ടെ’ (ഇബ്നു മാജഃ)

5. ഒട്ടകത്തിന്റെ മാംസം ഭക്ഷിക്കൽ:

ഒട്ടകത്തിന്റെ മാംസം വേവിച്ചതാണെങ്കിലും അല്ലെങ്കിലും അത് ഭക്ഷിച്ചാൽ വുദൂഅ് നഷ്ടപ്പെടും. ജാബിർ ഇബ്നു സമുറ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി (ﷺ) ചോദിക്കപ്പെട്ടു: “ഞങ്ങൾ ഒട്ടകമാംസം തിന്നാൽ വുദൂഅ് ചെയ്യേണമോ? അദ്ദേഹം പറ ഞ്ഞു: അതെ. ഞങ്ങൾ ആടിൻറ മാംസം തിന്നാൽ വുദൂഅ് ചെയ്യേണ മോ? അദ്ദേഹം പറഞ്ഞു: നീ ഉദ്ദേശിക്കുന്നുവെങ്കിൽ.’

(മുസ്ലിം)

6. ഇസ്ലാംമതം ഉപേക്ഷിക്കൽ:

അഥവാ ഇസ്ലാമിൽ നിന്ന് പുറത്താക്കുന്ന കാര്യങ്ങൾ (നവാക്വി ൽ ഇസ്ലാം) പ്രവൃത്തിക്കലാകുന്നു. അല്ലാഹു (സ) പറഞ്ഞു:

…(അല്ലാഹുവിന്) നീ പങ്കാളിയെ ചേർക്കുന്ന പക്ഷം നിന്റെ കർമ്മം നി ഷ്ഫലമായിപ്പോകും……’

(വി.ക്യു. 39:05) 

അപ്പോൾ ശിർക്ക് കർമ്മങ്ങളെ തകർക്കും; വുദൂഅ് ഒരു കർമ്മമാണ്. 

ശുദ്ധീകരിക്കുവാൻ ഒന്നും ലഭിക്കാത്തവന്റെ വിധി.

വുദൂഅ് ചെയ്യുവാനും തയമ്മും നിർവ്വഹിക്കുവാനും കഴിയാത്തവി ധം ഒരാൾ ഒരിടത്ത് തടഞ്ഞുവെക്കപ്പെട്ടു. നമസ്ക്കാര സമയം അവസാനിക്കുമെന്ന് അയാൾ ഭയന്നു, അത്തരക്കാർക്ക് എങ്ങനെയാണോ നമസ്ക്കരിക്കുവാൻ കഴിയുന്നത് അപ്രകാരം നമസ്കരിക്കുക. പിന്നീട് മടക്കേണ്ടതില്ല. ശുദ്ധിയാകുവാൻ കഴിയുന്നതുവരെ നമസ്ക്കാരം സമയം കഴിഞ്ഞും പിന്തിപ്പിക്കുവാൻ പാടില്ല. അല്ലാഹു (സ) പറഞ്ഞു:

“അതിനാൽ നിങ്ങൾക്ക് സാധ്യമായവിധം നിങ്ങൾ അല്ലാഹുവിനെ സൂക്ഷി ക്കുക…’ അല്ലാഹുവിൻറ റസൂൽ (ﷺ) പറഞ്ഞു:

എന്റെ സമുദായത്തിൽ ഏതൊരാൾക്ക് നമസ്കാരം വന്നെത്തിയോ അയാൾ നമസ്കാരം നിർവ്വഹിക്കട്ടെ’ (ബുഖാരി)

സംശയിച്ചവന്റെ വിധി

ഒരാൾ വുദൂഇൽ നിന്ന് വിരമിച്ചു. പിന്നീട് ഏതെങ്കിലും ഒരു വുദൂ ഇൻറ ഫർദ് താൻ ചെയ്തുവോ അതല്ല നഷ്ടപ്പെടുത്തിയോ എന്ന് സംശയിച്ചു; ഉറപ്പില്ല. എങ്കിൽ അയാൾ ആ സംശയത്തിലേക്ക് നോക്കേണ്ടതില്ല. നഷ്ടപ്പെടുത്തി എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം അയാൾ വുളൂഅ് പുതുക്കിയാൽ മതി. ഒരാൾ മറന്ന് വുദൂഅ് ഇല്ലാതെ നമസ്കരിച്ചു, എങ്കിൽ അയാൾ വുളൂഅ് എടുത്ത് വീണ്ടും നമസ്കരിക്കണം. ഒരാൾ വുദൂഅ് എടുത്ത് ശുദ്ധിവരുത്തിയവനായിരുന്നു. പിന്നീട് വുളൂഅ് നഷ്ടപ്പെട്ടോ ഇല്ല യോ എന്ന് സംശയിച്ചു. എങ്കിൽ സംശയം വെടിഞ്ഞ് അയാൾ (ശുദ്ധിയിലാണ് എന്ന് ഉറപ്പ് സ്വീകരിക്കണം. ഒരാൾ വുദൂഅ് ചെയ്ത് ശുദ്ധിവരുത്താ അവനായിരുന്നു, പിന്നീട് വുദൂഅ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് സംശയിച്ചു. അയാൾ സംശയം വെടിഞ്ഞ് വുദൂഅ് ചെയ്ത് ശുദ്ധിവരുത്തകയാണ് വേണ്ടത്.

 

അബ്‌ദുൾ ജബ്ബാർ അബ്‌ദുള്ള

പ്രകൃതിദുരന്തങ്ങളും ദൈവനിഷേധികളും

പ്രകൃതിദുരന്തങ്ങളും ദൈവനിഷേധികളും

പ്രളയം തകര്‍ത്ത ജീവിതങ്ങളെയും സ്വപ്‌നങ്ങളെയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ ജനങ്ങള്‍. മത-രാഷ്ട്രീയ-കക്ഷി ഭേദമന്യെ സുമനസ്സുകള്‍ കൈകോര്‍ത്ത് കാരുണ്യത്തിന്റെയും പരസ്പരസ്‌നേഹത്തിന്റെയും ഉദാത്ത മാതൃകകള്‍ തീര്‍ക്കുമ്പോഴും ഇരകള്‍ക്ക് വേണ്ടി ചെറുവിരലനക്കാതെ, മാറി നിന്ന് പരിഹസിക്കുന്ന ഒരു വിഭാഗത്തെ ഏറെ അത്ഭുതത്തോടെയാണ് മലയാളികള്‍ നോക്കിക്കണ്ടത് ! വെള്ളമിറങ്ങിയിട്ടും മനസ്സിലെ ചെളി നീക്കാന്‍ കഴിയാത്ത ഇത്തരം ദൈവനിഷേധികളുടെ ജല്‍പനങ്ങളില്‍ എന്തെങ്കിലും യുക്തിയുണ്ടോ?

വീണ്ടുമൊരു പ്രളയത്തിന് കൂടി കേരളം സാക്ഷിയായിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കൊണ്ട് കിടപ്പാടം നഷ്ടപ്പെട്ടവരെയും സ്വന്തം ശരീരം മാത്രം ബാക്കിയായവരെയും ഗ്രാമങ്ങള്‍ തന്നെ നാമാവശേഷമായതുമെല്ലാം വേദനയോടെ നാം കണ്ടു, അനുഭവിച്ചു. പ്രളയം തകര്‍ത്ത ജീവിതങ്ങളെയും സ്വപ്നങ്ങളെയും സാധിക്കുന്നിടത്തോളം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികള്‍. മനുഷ്യസ്നേഹത്തിന്റെയും അണപൊട്ടിയൊഴുകുന്ന കാരുണ്യത്തിന്റെയും ഉദാത്ത മാതൃകകള്‍ ബാക്കിവെച്ചാണ് ഇത്തവണയും വെള്ളമിറങ്ങുന്നത് എന്നത് ഏറെ സന്തോഷകരവും കൂടിയാണ്.

എന്നാല്‍ ഈ പ്രളയകാലത്ത് പോലും അതിനെ ഒരു ‘അവസരമായി’ കണ്ട് തങ്ങളുടെ ആശയപ്രചാരണത്തിന് ഉപയോഗിച്ച ചിലയാളുകളുണ്ട്. കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു ജനതയോട് ‘എവിടെ നിങ്ങളുടെ ദൈവം?’ എന്ന് ചോദിക്കുന്ന മഹാദുരങ്ങളുടെ അനൗചിത്യം സമൂഹമാധ്യമങ്ങളിലടക്കം ചര്‍ച്ചയായെങ്കിലും അവര്‍ ഉയര്‍ത്തിവിട്ട ചില ചിന്തകള്‍ കൃത്യമായ വിശകലനത്തിന് കൂടി വിധേയമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

ദൈവനിഷേധികളുടെ എക്കാലത്തെയും ആയുധമാണ് മനുഷ്യനെ ബാധിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും. ദൈവമുണ്ടെങ്കില്‍, ആ ദൈവം കാരുണ്യവാനും എല്ലാറ്റിനും കഴിവുള്ളവനുമാണെങ്കില്‍ എന്തുകൊണ്ട് ദുരന്തങ്ങള്‍ തടഞ്ഞില്ല? എല്ലാറ്റിനും കഴിവുള്ളവനാണെങ്കില്‍ എന്തുകൊണ്ട് ഈ ലോകത്ത് നടക്കുന്ന തിന്മകള്‍ തടയുന്നില്ല? അതുകൊണ്ട് തന്നെ പ്രയാസങ്ങളും ദുരിതങ്ങളും തിന്മകളും ഉണ്ടാകുന്നതിന്റെ അര്‍ത്ഥം ഒന്നുകില്‍ ദൈവമില്ല എന്നാണ്, അല്ലെങ്കില്‍ ആ ദൈവം നിങ്ങള്‍ പറയുന്നത് പോലെ കാരുണ്യവാനും എല്ലാറ്റിനും കഴിവുള്ളവനും അല്ല എന്നാണ്. ഇതാണ് ഇവരുടെ വാദത്തിന്‍റെ ആകെത്തുക.

ഒന്നാമതായി മതങ്ങള്‍, പ്രത്യേകിച്ചും ഇസ്‌ലാം പഠിപ്പിക്കുന്ന ദൈവസങ്കല്‍പ്പത്തെ പറ്റിയുള്ള അജ്ഞതയില്‍ നിന്നാണ് ഈ സംശയം ഇവരുന്നയിക്കുന്നത്. തീര്‍ച്ചയായും ഇസ്‌ലാം പഠിപ്പിക്കുന്ന അല്ലാഹു കാരുണ്യവാനും (ആര്‍റഹ്മാന്‍) എല്ലാറ്റിനും കാഴിവുള്ളവനും (അല്‍ഖദീര്‍) തന്നെയാണ്. എന്നാല്‍ ഇത് മാത്രമാണ് ദൈവത്തിന്റെ വിശേഷണങ്ങള്‍ എന്ന് കരുതിയേടത്താണ് ഭൌതികവാദികള്‍ക്ക് തെറ്റ്പറ്റിയത്. ഇതോടൊപ്പം തന്നെ മറ്റനേകം നാമഗുണവിശേഷണങ്ങള്‍ ദൈവത്തിനുണ്ട്. എന്നാല്‍ അങ്ങനെയുള്ള വിശേഷണങ്ങലെയെല്ലാം അവഗണിക്കുകയും കാരുണ്യവാന്‍, എല്ലാറ്റിനും കഴിവുള്ളവന്‍ എന്നീ രണ്ട് വിശേഷണങ്ങളെ മാത്രം പരിഗണിക്കുകയുമാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.

ഉദാഹരണത്തിന് ദൈവത്തിന്റെ മറ്റൊരു വിശേഷണമാണ് ‘അല്‍ഹകീം’ അഥവാ ഏറ്റവും വിവേകശാലിയായവന്‍ എന്നത്. എന്നുവെച്ചാല്‍ പടച്ചവന്റെ തീരുമാനങ്ങളെല്ലാം ആ ദൈവികമായ വിവേകത്തോട് ഒത്തുപോകുന്നവയാണ്. എന്തെങ്കിലും ഒരു കാര്യം അന്തര്‍ലീനമായിരിക്കുന്ന വിവേകത്തെ ആസ്പദമാക്കി വിശദീകരിക്കപ്പെട്ടാല്‍ അത് അങ്ങനെയൊന്ന് സംഭവിക്കാനുള്ള കാരണത്തെ സൂചിപ്പിക്കുന്നു. ഒരുപക്ഷെ നമ്മുടെ പരിമിതമായ അറിവും കഴിവും കൊണ്ട് എല്ലാറ്റിന്റെ പിന്നിലുമുള്ള ദൈവികമായ വിവേകം പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ നമുക്ക് സാധിച്ചുകൊള്ളണം എന്നില്ല. ദൈവത്തിന് അറിവിന്‍റെയും വിവേകത്തിന്റെയും പൂര്‍ണ്ണതയുണ്ടെന്നും നമ്മുടേത് പരിമിതമാണെന്നുമുള്ള തിരിച്ചറിവാണ് ഏറ്റവുമാദ്യം വേണ്ടത്. പ്രത്യക്ഷത്തില്‍ നമുക്ക് ദോഷകരമായി തോന്നുന്ന കാര്യങ്ങള്‍ക്ക് പിന്നിലും ദൈവികമായ ഒരു വിവേകമുണ്ട് എന്ന തിരിച്ചറിവ് വിശ്വാസികള്‍ക്ക് മനശക്തിയും ശുഭാപ്തിവിശ്വാസവുമാണ് ഉണ്ടാക്കുക. അപ്പോള്‍ എല്ലാറ്റിന് പിന്നിലും ഒരു കാരണമുണ്ട് എന്ന് അല്‍ഹകീം എന്ന വിശേഷണത്തിലൂടെ മനസ്സിലാക്കിയാല്‍ ഈ വാദങ്ങള്‍ക്ക് പിന്നെ നിലനില്‍പ്പില്ല.

ജീവിതത്തില്‍ നാമനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കുമെല്ലാം, അത് പ്രകൃതിദുരന്തങ്ങളാണെങ്കിലും മനുഷ്യര്‍ ചെയ്തുകൂട്ടുന്നതാണെങ്കിലും ഇസ്ലാമിക ജീവിതവീക്ഷണപ്രകാരം കൃത്യമായ വിശദീകരണങ്ങള്‍ നമുക്ക് നല്‍കാനാകും. അവയില്‍ ചിലത് മാത്രം സൂചിപ്പിക്കുകയാണ്:

1. ജീവിതം പരീക്ഷണമാണ്

‘കത്വയിലെ പിഞ്ചുകുഞ്ഞിനെ എട്ടുദിവസം മാറിമാറി പീഡിപ്പിക്കുന്നത് നോക്കി നിന്നവനാണ് നിങ്ങളുടെ ദൈവമെങ്കില്‍ ആ ദൈവത്തില്‍ എനിക്ക് വിശ്വാസമില്ല..’ എന്‍റെയൊരു ദൈവനിഷേധിയായ സുഹൃത്ത് പറഞ്ഞ വാചകമാണിത്.

ലോകത്ത് എന്ത് സംഭവിക്കുമ്പോഴും അപ്പപ്പോള്‍ ഇടപെട്ട് തീര്‍പ്പുണ്ടാക്കുന്ന ഒരു ദൈവമാണ് ഇവരുടെയൊക്കെ മനസ്സില്‍. അതിന് ദൈവത്തിന് കഴിവുണ്ടെങ്കില്‍ പോലും അങ്ങനെ ഇടപെടുന്നവനല്ല ദൈവം എന്ന് ഇസ്‌ലാമിക അധ്യപനങ്ങളിലൂടെ വ്യക്തമായ കാര്യമാണ്. ഈ ലോകത്തെ നമ്മുടെ ജീവിതം തന്നെ ഒരു പരീക്ഷണമാണ്. നന്മയും തിന്മയും സ്വീകരിക്കാനുള്ള സ്വതന്ത്രമായ ഇഛ മനുഷ്യന് നല്‍കിയാണ്‌ ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.

“കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാന്‍ വേണ്ടി. അങ്ങനെ നാം അവനെ കേള്‍വിയുള്ളനും കാഴ്ചയുള്ളവാനുമാക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദി കെട്ടവനാകുന്നു” (ഖുര്‍ആന്‍ 76:2,3)

എന്തുകാര്യത്തിലും നന്മയുടെ വഴി സ്വീകരിക്കാനും തിന്മയുടെ വഴി സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്‌. അത് വ്യക്തിപരമായി തിന്മകള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. എന്തിനങ്ങനെ മനുഷ്യരെ തിന്മകള്‍ ചെയ്യാന്‍ അനുവദിക്കണം എന്നതിന്റെ ഉത്തരം ജീവിതം പരീക്ഷണമാക്കി നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള അവസരം മനുഷ്യന് സ്രഷ്ടാവ് നല്‍കിയിട്ടുണ്ട് എന്നത് തന്നെയാണ്. നന്മയും തിന്മയും തിരഞ്ഞെടുക്കാന്‍ അവസരമില്ലെങ്കില്‍ പിന്നെ പരീക്ഷണം എന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?! നമ്മള്‍ തിന്മ ചെയ്യുമ്പോഴെല്ലാം ദൈവം ഇടപെട്ട് അത് ഇല്ലാതാക്കുകയോ തടയുകയോ ചെയ്യുകയാണെങ്കില്‍ പിന്നെ ‘പരീക്ഷണം’ അര്‍ത്ഥശൂന്യമാണ്. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥി തെറ്റ് എഴുതുമ്പോഴെല്ലാം ഇടപെട്ട് ശരിയുത്തരം ആക്കുകയാണെങ്കില്‍ പിന്നെ അതിനെ പരീക്ഷയെന്ന് പറയേണ്ട കാര്യമില്ലല്ലോ..

എന്നാല്‍ അതേസമയം ഇങ്ങനെ തിന്മകള്‍ നടക്കുന്നു എന്നത് സ്രഷ്ടാവിന് സ്വന്തം സൃഷ്ടികളെ അനുസരിപ്പിക്കാന്‍ കഴിയുന്നില്ല എന്നതിന് തെളിവാണോ? ഒരിക്കലുമല്ല. കാരണം എല്ലാം അനുസരിക്കുന്ന, നന്മ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സൃഷ്ടിവര്‍ഗ്ഗത്തെ – മാലാഖമാരെ – സൃഷ്ടിച്ച ദൈവത്തിന് അതിന് സാധിക്കും എന്ന് വ്യക്തമാണ്. അതില്‍ നിന്ന് വ്യത്യസ്തമായി നന്മയും തിന്മയും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള സൃഷ്ടികളേയും ദൈവത്തിന് സൃഷ്ടിക്കാനാവും എന്നതിന്‍റെ തെളിവാണ് മനുഷ്യരും ജിന്നുകളും.

ഇനി ഇങ്ങനെ പ്രകൃതിദുരന്തങ്ങളോ മനുഷ്യര്‍ ചെയ്തുകൂട്ടുന്ന തിന്മകളോ ഉണ്ടാകുമ്പോള്‍  നാം അതിനോടെങ്ങനെ പ്രതികരിക്കുന്നു എന്നതാണ് നമുക്കുള്ള പരീക്ഷണം. ക്ഷമ പരീക്ഷിക്കപ്പെടുന്ന പരീക്ഷണങ്ങളിലൂടെയാണ് ക്ഷമ എന്ന ഗുണം പരിപോഷിപ്പിക്കപ്പെടുന്നത്. സ്നേഹവും സഹാനുഭൂതിയും ദയയുമെല്ലാം അങ്ങനെത്തന്നെ. ഈ പരീക്ഷണങ്ങളില്‍ ഏറ്റവും നന്നായി പ്രതികരിക്കാന്‍ ഒരു വിശ്വാസിക്കാവുന്നു.

“മുഹമ്മദ്‌ നബി (സ) പറഞ്ഞു : ഒരു വിശ്വാസിയുടെ കാര്യം അത്ഭുതമാണ്. അവന് എന്ത് ബാധിച്ചാലും അതവനു നന്മയായി ഭവിക്കുന്നു. ഇത് വിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. എന്തെങ്കിലും നല്ല കാര്യം അവനെ ബാധിച്ചാല്‍ അവന്‍ നന്ദി ചെയ്യുന്നു, അതവന് നന്മയാണ്. എന്തെങ്കിലും മോശം കാര്യം അവനെ ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു, അതും അവന് നന്മയാണ്..” (മുസ്‌ലിം)

പ്രകൃതിദുരന്തങ്ങളില്‍ പ്രയസമാനുഭാവിക്കുന്നവര്‍ക്ക് അവരുടെ പ്രയാസം ഒരു പരീക്ഷണമാണ്. അതിനോട് അവരെങ്ങനെ പ്രതികരിക്കുന്നു എന്നുള്ള പരീക്ഷണം. ഒന്നുകില്‍ ക്ഷമയും സഹനവും ദൈവത്തില്‍ നിന്നുള്ള പ്രതിഫലത്തെ പറ്റിയുള്ള പ്രതീക്ഷയുമായി അവന് നന്മയുടെ വഴി സ്വീകരിക്കാം , അതല്ലെങ്കില്‍ എല്ലാറ്റിനെയും ശപിച്ച്, ദൈവത്തെ കുറ്റം പറഞ്ഞ്പരീക്ഷണത്തില്‍ പരാജയപ്പെടാം. ഈ ദുരന്തത്തില്‍ അകപ്പെടാത്തയാളുകള്‍ക്കും ഇതൊരു പരീക്ഷണം തന്നെയാണ്. തന്‍റെ സഹോദരങ്ങളെ ബാധിച്ച വിഷമത്തില്‍ അവരെ ശാരീരികമായും സാമ്പത്തികമായും സഹായിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ട് നിലകൊള്ളാനും അതേപോലെ തന്നെ തന്നെയല്ലല്ലോ ബാധിച്ചത് എന്ന ചിന്തയില്‍ പ്രയസപ്പെടുന്നവരെ അവഗണിക്കാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട് .

എന്തിനാണ് ഇത്തരത്തില്‍ പരീക്ഷണം? അവിടെയാണ് ‘ഏറ്റവും നീതിമാന്‍’ എന്ന നിരീശ്വരവാദികള്‍ അവഗണിച്ച ദൈവത്തിന്റെ മറ്റൊരു വിശേഷണം പ്രസക്തമാകുന്നത്. എല്ലാവരെയും മരണാനന്തരം സ്വര്‍ഗ്ഗത്തിലാക്കുകയാണെങ്കില്‍ അതൊരിക്കലും ഈ വിശേഷണത്തോട് യോജിക്കുകയില്ല. കത്വയില്‍ എട്ടു ദിവസം പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചവരും ആ കുഞ്ഞും ഭൗതികവാദിയുടെ കണ്ണില്‍ മരണശേഷം ഒരുപോലെയായിരിക്കാം. പക്ഷെ ഏറ്റവും നീതിമാനായ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയല്ല, അതിനുള്ള കൃത്യമായ നീതി നടപ്പിലാവുക തന്നെ ചെയ്യും!

2. കൂടുതല്‍ വലിയ നന്മകളിലേക്ക് നയിക്കുന്നു

പിന്നെയുള്ള പ്രശ്നം ഇത്തരം പ്രയാസങ്ങളും ദുരിതങ്ങളും ദൈവത്തിന്റെ മറ്റ് വിശേഷണങ്ങള്‍ കൊണ്ട് വിശദീകരിക്കാന്‍ സാധിച്ചേക്കാം, എന്നാല്‍ അത് ‘കാരുണ്യവാന്‍’ എന്ന വിശേഷണത്തിന് എതിരാവുകയില്ലേ എന്നതാണ്. നാം നമ്മുടെ വീക്ഷണകോണിലൂടെ മാത്രം കാര്യങ്ങളെ വിലയിരുത്തുകയും ദൈവത്തെ നമ്മെ പോലെയാണ് എന്ന് കരുതുകയും ചെയ്യുമ്പോഴുള്ള പ്രശ്നം മാത്രമാണിത്.

പ്രത്യക്ഷത്തില്‍ നമുക്ക് നല്ലതായി അനുഭവപ്പെടുന്ന പല കാര്യങ്ങളുമുണ്ട്. ഭൗതിക നേട്ടങ്ങള്‍, സന്തോഷങ്ങള്‍, വിഭവങ്ങള്‍ എന്നിങ്ങനെ പലതും. അവയെ നമുക്ക് ഫസ്റ്റ് ഓര്‍ഡര്‍ ഗുഡ് (first order good) എന്ന് വിളിക്കാം. പ്രത്യക്ഷത്തില്‍ നമുക്ക് തിന്മയായി അനുഭവപ്പെടുന്ന ഭൗതികമായ വിഭവ നഷ്ടം , ധന നഷ്ടം , ആള്‍ നഷ്ടം എന്നിങ്ങനെയുള്ളവയെ നമുക്ക് first order evil എന്നും വിശേഷിപ്പിക്കാം. ഇങ്ങനെയുള്ള പ്രത്യക്ഷത്തില്‍ നമുക്ക് ദോഷമായി ഭവിക്കുന്ന പലതും കൂടുതല്‍ വലിയ നന്മകളിലേക്ക് (second order good) വഴി വെക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും.

പ്രളയാനന്തര കേരളത്തിന്‌ ഇത് പ്രത്യേകിച്ച് വിശദീകരിച്ചു കൊടുക്കേണ്ടതുണ്ടെന്ന് കരുതുന്നില്ല. മഹാപ്രളയത്തില്‍ ഒലിച്ചു പോയ ഭൗതിക വിഭവങ്ങളെ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രളയം കൊണ്ട് നിറംകെടുത്തിയവരാണ് നമ്മള്‍ മലയാളികള്‍. ‘നമ്മളൊന്നും കൊണ്ട് പോകില്ലല്ലോ, എല്ലാം അവന്‍ തരും’ എന്ന് മുകളിലേക്ക് കൈചൂണ്ടിക്കൊണ്ട് ആത്മവിശ്വാസത്തോടെ കൈമറന്നു സഹായിക്കുന്ന നൗഷാദുമാര്‍ തന്നെ പോരേ ഇത് മനസ്സിലാക്കി തരാന്‍?! ഏതാനും വ്യക്തികള്‍ ചെയ്യുന്ന വലിയ നന്മകള്‍ മാത്രമല്ല, സമൂഹത്തില്‍ പൊതുവായി തന്നെ സ്നേഹവും കാരുണ്യവും സഹാനുഭൂതിയുമെല്ലാം വളര്‍ത്താന്‍ പ്രത്യക്ഷത്തില്‍ നമുക്ക് പ്രയാസമായി തോന്നുന്ന കാര്യങ്ങള്‍ വഴിവെക്കും എന്നതാണ് വസ്തുത. പ്രളയാനന്തരം എല്ലാ തിരക്കുകളും മാറ്റിവെച്ച് വീടുകള്‍ വൃത്തിയാക്കാനും മറ്റും ഒഴുകിയെത്തുന്ന യുവജനങ്ങളും വിവിധ ജില്ലകളില്‍ നിന്ന് നിര്‍ത്താതെ പ്രവഹിക്കുന്ന സാധനസാമഗ്രികളുടെ ‘ലോഡു’കളും വിവിധ മത-സാംസ്കാരിക സംഘടനകളുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുമെല്ലാം അതിന്‍റെ ഉദാഹരണങ്ങള്‍ മാത്രമാണ്. ആ നന്മകള്‍ക്ക് ഒരിക്കലും നമുക്ക് ഭൗതികമായി അനുഭവിക്കുന്ന തിന്മകളുടെ അതേ മൂല്യവുമല്ല!

“പറയുക, നല്ലതും ചീത്തയും സമമാവുകയില്ല. ചീത്തയുടെ വര്‍ദ്ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം..” (ഖുര്‍ആന്‍ 5:100)

ഇങ്ങനെ എല്ലാറ്റിന് പിന്നിലും ദൈവികമായ വിവേകവും നിശ്ചയവുമുണ്ട് എന്നതാണ് നാം മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനകാര്യം. മഹാനായ ശൈഖുല്‍ ഇസ്‌ലാം ഇബ്നു തെയ്മിയയുടെ ഈ വിഷയത്തിലെ പരാമര്‍ശം ഏറെ പ്രസക്തമാണ് :

“പടച്ചവന്‍ ഒരിക്കലും കേവലമായ തിന്മ സൃഷ്ടിക്കുന്നില്ല. മറിച്ച് അവന്‍ സൃഷ്ടിക്കുന്ന എല്ലാറ്റിലും എന്താണോ നന്മ എന്നതിന്റെ അടിസ്ഥാനത്തിലുള്ള ഒരു ദൈവിക നിശ്ചയമുണ്ട്. എന്നാല്‍ അതില്‍ ചിലര്‍ക്ക് ചില തിന്മകള്‍ ഉണ്ടായിരിക്കാം. അത് ഭാഗികമാണ്, അല്ലെങ്കില്‍ ആപേക്ഷികമാണ്. എന്നാല്‍ പൂര്‍ണ്ണമോ കേവലമോ ആയ തിന്മ എന്നതില്‍ നിന്നും പടച്ചവന്‍ ഒഴിവാണ്” (മജ്മഉല്‍ ഫതാവാ , വോള്യം 14, പേജ് 266)

എത്ര കൃത്യം, എത്ര വ്യക്തം! ആപേക്ഷികമായി നമുക്കനുഭവപ്പെടുന്ന ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും വേദനകള്‍ക്കും അപ്പുറം ആത്യന്തികമായ നന്മയും വിവേകവുമുണ്ടെന്ന തിരിച്ചറിവ് നല്‍കുന്ന ആശ്വാസവും മന:ശക്തിയും ചെറുതല്ല!

3. ഐഹികജീവിതത്തിന്റെ നിസ്സാരത ബോധ്യപ്പെടുത്തുന്നു

ഐകിക ജീവിതത്തിലെ നൈമിഷികമായ സന്തോഷങ്ങള്‍ ആസ്വദിക്കലല്ല ജീവിതലക്ഷ്യമെന്നും സ്രഷ്ടാവായ ദൈവത്തിന് ആരാധന അര്‍പ്പിക്കുന്നതിലൂടെ ഇഹത്തിലും പരത്തിലും കൈവരിക്കുന്ന മാനസികമായ സമാധാനമാണ് ലക്ഷ്യമാക്കേണ്ടത് എന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

“ജിന്നുകളെയോ മനുഷ്യരെയോ എന്നെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല” (ഖുര്‍ആന്‍ 51:56)

ഒരു യഥാര്‍ത്ഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇതാണ് മുഖ്യമായ കാര്യം. ബാക്കിയെല്ലാം അവന് രണ്ടാംതരം മാത്രമാണ്. എല്ലാ സൗകര്യങ്ങളും അനുഭവിച്ച് ഒരു പ്രയസവുമില്ലാതെ ജീവിച്ച് അതില്‍ മതിമറന്ന് ആരാധനകള്‍ ഒഴിവാക്കിയനെയും പ്രയാസങ്ങളിലും ദുരിതങ്ങളിലും പെട്ട് ജീവിതം മുന്നോട്ട് നീക്കാന്‍ സ്രഷ്ടാവില്‍ മാത്രമാണഭയം എന്ന് തിരിച്ചറിഞ്ഞ് ആരാധനകള്‍ ചെയ്തവനെയുമെടുത്താല്‍ രണ്ടാമനാണ് ഇസ്ലാമിക കാഴ്ചപ്പാടില്‍ ഉയര്‍ന്നവനും വിജയിച്ചവനും.

പ്രയാസങ്ങളും ദുരന്തങ്ങളും എത്ര നിസ്സാരമാണ് ഈ ലോക ജീവിതമെന്നും, നമ്മുടെ കഴിവുകള്‍ എത്രമാത്രം പരിമിതമാണെന്നും നമ്മോടു വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കുതിച്ചുപാച്ചിലില്‍ ഇനിയൊന്നും കീഴടക്കാനില്ലെന്ന അഹംഭാവമാണ് മൂന്നുദിവസം നിര്‍ത്താതെ പെയ്ത മഴയില്‍ ഒലിച്ചുപോയത്! ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാനും നഷ്ടം നികത്താനുമല്ലാതെ മറ്റൊന്നും നമ്മെ കൊണ്ട് സാധിക്കില്ലെന്നും എല്ലാം ‘മുകളിലുള്ളവന്റെ’ കൈകളിലാണെന്നും എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത് ആരും പറഞ്ഞു പഠിപ്പിച്ചതുകൊണ്ടല്ല, മറിച്ച് അനുഭവങ്ങളില്‍ നിന്ന് മനുഷ്യമനസ്സ് വായിച്ചെടുത്തതാണ്!

സ്വന്തം നിസ്സഹായാവസ്ഥ ഉള്ളറിഞ്ഞ് മനസ്സിലാക്കുമ്പോള്‍ ഹൃദയത്തില്‍ നിന്ന് സ്രഷ്ടാവിലേക്കുയരുന്ന ഒരു തേട്ടമുണ്ട്. അഹന്ത വെടിഞ്ഞ് , പരിമിതികള്‍ തിരിച്ചറിഞ്ഞ് , നിസ്സാരത ബോധ്യപ്പെട്ട് സകലതിനെയും നിയന്ത്രിക്കുന്ന സ്രഷ്ടാവിലേക്കുയരുന്ന ആ മനസ്സിന്റെ തേട്ടമാണ്‌ പ്രാര്‍ത്ഥന! അതാണ്‌ ആരാധനയുടെ മജ്ജയും.

“അഥവാ കഷ്ടപ്പെട്ടവന്‍ അവനെ വിളിച്ചാല്‍ അവന് ഉത്തരം കൊടുക്കുകയും അവന്റെ വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവന്‍ ആരാണ്? അല്ലാഹുവോടൊപ്പം വല്ല ആരാധ്യനുമുണ്ടോ? കുറച്ചു മാത്രമേ നിങ്ങള്‍ ആരാധിച്ചു മനസ്സിലാക്കുന്നുള്ളൂ!” (ഖുര്‍ആന്‍ 27:62)

ദുരന്തങ്ങള്‍ ഭൗതികവാദ കാഴ്ചപ്പാടില്‍

ദുരന്തങ്ങള്‍ വിശ്വാസിക്ക് മനശക്തിയും ശുഭാപ്തിവിശ്വാസവും നേടാനും സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞ് വിനയാന്വിതനായി സ്രഷ്ടാവിലേക്ക് മടങ്ങാനുമുള്ള വഴിതുറക്കുന്നു എന്നത് നാം മനസ്സിലാക്കി. എന്നാല്‍ ഭൗതികവാദികളുടെ വീക്ഷണപ്രകാരം ദുരന്തങ്ങള്‍ അര്‍ത്ഥശൂന്യമായ യാദൃശ്ചികതകള്‍ മാത്രമാണ്. അന്ധമായ ഏതൊക്കെയോ ചില ഭൗതിക പ്രക്രിയകളുടെ ‘ഇരകള്‍’ മാത്രമാണ് ഓരോ പ്രയാസമനുഭവിക്കുന്നവനും! അവന് കൂടുതല്‍ നല്ലത് എന്തെങ്കിലുമൊന്ന് പ്രതീക്ഷിക്കാനോ ആശ്വസിക്കാനോ യാതൊരു വകുപ്പുമില്ല! തങ്ങള്‍ അനുഭവിക്കുന്നതിന് ഭൌതികേതരമായ എന്തെങ്കിലുമൊരു കാര്യമോ കാരണമോ കണ്ടെത്താനാവാതെ നഷ്ടങ്ങള്‍ വെറും നഷ്ടങ്ങളായും പ്രയസങ്ങളനുഭവിച്ഛത് അര്‍ത്ഥശൂന്യമായും മാത്രം കാണാനേ അവര്‍ക്ക് സാധിക്കൂ.. ജീവിതം മുഴുവന്‍ പ്രയാസങ്ങളും ദുരിതങ്ങളും അനുഭവിച്ചവനും മണിമാളികകളില്‍ ആര്‍ത്തുല്ലസിച്ച് പ്രയസങ്ങളെന്തെന്നറിയാതെ ജീവിച്ചവനും മരിക്കുന്നതോടെ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന് വെറും ഭൗതികപദാര്‍ത്ഥങ്ങളായി ഇല്ലാതാകുന്നു! പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ തളര്‍ത്താനും വിഷാദരോഗികളാക്കാനും ഇതിനപ്പുറം വേറെന്തുവേണം?!

എന്നാല്‍ വിശ്വാസികളുടെ കാര്യമോ? അവന് ബാധിക്കുന്ന ഓരോ പ്രയാസവും, അവന്‍ അനുഭവിക്കുന്ന ഓരോ വേദനയും അവന്‍റെ മരണാനന്തര ജീവിതത്തിലേക്കുള്ള മുതല്‍ക്കൂട്ടാണ്.

“മുഹമ്മദ്‌ നബി (സ) പറഞ്ഞു : ഒരു മുസ്ലിമിനെ ഒരു ദുരിതവും ബാധിക്കുന്നില്ല.അവന്റെ ചില തിന്മകളെ അല്ലാഹു പൊറുത്തുകൊടുത്തിട്ടല്ലാതെ. അതൊരു കാലില്‍ മുള്ള് തറക്കുന്നതായാല്‍ പോലും” (ബുഖാരി)

എല്ലാറ്റിന് പിന്നിലും കാരുണ്യവാനും വിവേകിയും കരുണാനിധിയുമായ സ്രഷ്ടാവിന്റെ നിശ്ചയവും കല്പനയുമുണ്ട് എന്നും, ജീവിതമാകുന്ന പരീക്ഷയിലെ ഒരു പരീക്ഷണം മാത്രമാണിതെന്നും, യഥാര്‍ത്ഥവും അനന്തവുമായ ജീവിതം മരണശേഷമാണെന്നും ആ ജീവിതത്തിലേക്കുള്ള മുതല്‍ക്കൂട്ടായിരിക്കണം ഇപ്പോഴത്തെ തന്റെ പ്രവര്‍ത്തികള്‍ എന്നും ചിന്തിക്കുന്ന വിശ്വാസിയുടെ മാനസികനില ഭൗതികവാദികളുടേതുമായി താരതമ്യത്തിനെങ്കിലും യോഗ്യമാണോ?!

 
അബ്ദുല്ല ബാസിൽ സി.പി

തെറ്റും ശരിയും : ദൈവനിഷേധത്തിലും മതവിശ്വാസത്തിലും

തെറ്റും ശരിയും : ദൈവനിഷേധത്തിലും മതവിശ്വാസത്തിലും

‘നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്നു’. പത്രത്തിന്റെ ആദ്യപേജില്‍ പ്രാധാന്യത്തോടെ വന്ന ഒരു വാര്‍ത്തയാണിത്.

ഈ പ്രവൃത്തി ഒരു തിന്മയാണോ?

വികാരവും വിവേകവുമുള്ള ഒരു മനുഷ്യനോടും അത് പ്രത്യേകിച്ച് ചോദിക്കേണ്ടതില്ലല്ലോ. തെറ്റാണ്, സംശയമില്ല!

ഒരു ചോദ്യം കൂടി, ഈ പ്രവൃത്തി വസ്തുനിഷ്ഠമായി തെറ്റാണോ? എന്താണീ ‘വസ്തുനിഷ്ഠ’മെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

വസ്തുനിഷ്ഠത

വസ്തുനിഷ്ഠമായ (Objective) ഒരു കാര്യമെന്നാല്‍ മറ്റൊന്നിനെയും ബാധിക്കാത്ത വസ്തുത എന്നതാണ്. വ്യക്തിപരമായ തോന്നലുകളോ അഭിപ്രായങ്ങളോ കാലമോ ദേശമോ സമൂഹമോ ഒന്നും ബാധിക്കാത്ത തരത്തിലുള്ള വസ്തുതകള്‍ക്കാണ് നാം വസ്തുനിഷ്ഠമായ കാര്യം എന്ന് പറയുക. ആ അര്‍ഥത്തില്‍ അത് വ്യക്തിയുടെ പരിമിതമായ കഴിവുകള്‍ക്ക് പുറത്താണ്.

ഉദാഹരണം: 1+1=2 എന്നത് കാലത്തിനോ ദേശത്തിനോ വ്യക്തികള്‍ക്കോ സമൂഹത്തിനോ അനുസരിച്ചു മാറാത്ത ഒരു വസ്തുതയാണ്. അത് ഇന്നും ഇന്നലെയും ആയിരം കൊല്ലത്തിന് മുമ്പും പതിനായിരം കൊല്ലത്തിനു ശേഷവും അങ്ങനെത്തന്നെയായിരിക്കും. ഇന്ത്യയിലും അമേരിക്കയിലും ചൈനയിലും ആ ഒരു വസ്തുതയ്ക്ക് മാറ്റമൊന്നുമില്ല. ഇങ്ങനെ കാലമോ ദേശമോ വ്യക്തികളോ ഒന്നും ബാധിക്കാത്ത വസ്തുതകള്‍ക്കാണ് വസ്തുനിഷ്ഠമായ കാര്യം എന്ന് പറയുന്നത്.

ഇനി നാം ആദ്യം ചോദിച്ച ചോദ്യത്തിലേക്ക് തിരിച്ചു വരാം. നവജാത ശിശുവിനെ കഴുത്തറുത്ത് കൊല്ലുന്നത് വസ്തുനിഷ്ഠമായി തെറ്റാണോ?! എന്നുവച്ചാല്‍, ഒരു പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുന്നത് കാലമോ ദേശമോ വ്യക്തികളോ ബാധിക്കാത്ത തരത്തില്‍ തെറ്റാണോ? ഒരു ലക്ഷം വര്‍ഷം കഴിഞ്ഞാലും ‘പിഞ്ചുകുഞ്ഞിനെ കൊല്ലുന്നത് തെറ്റാണ്’ എന്ന ആ ഒരു മൂല്യത്തിന് മാറ്റമുണ്ടാവില്ലേ? ഉണ്ടാവില്ല എന്നാണ് നിങ്ങള്‍ക്ക് തോന്നുന്നതെങ്കില്‍ അതിനര്‍ഥം വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ (Objective Moral Values) നിലനില്‍ക്കുന്നുണ്ട് എന്നാണ്.

അതല്ല പിഞ്ചുകുഞ്ഞിനെ കഴുത്തറുത്തു കൊല്ലുന്നത് ഏതെങ്കിലും കാലത്തോ പ്രദേശത്തോ വ്യക്തികള്‍ക്കോ തെറ്റല്ലാതാവും എന്നാണ് വാദമെങ്കില്‍ നിങ്ങള്‍ വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് അംഗീകരിക്കുന്നില്ല. സാമാന്യം മൂല്യബോധമുള്ള ആരും അങ്ങനെ വാദിക്കുമെന്ന് തോന്നുന്നില്ല. എന്നാല്‍ തങ്ങളുടെ വികലവാദങ്ങള്‍ ന്യായീകരിക്കുവാന്‍ ഇപ്പോള്‍ ചിലര്‍ അങ്ങനെ വസ്തുനിഷ്ഠമായ മൂല്യങ്ങള്‍ നിലനില്‍ക്കുന്നില്ലെന്ന് വാദിക്കുന്നുണ്ട്. അവരിലേക്ക് നമുക്ക് പിന്നീട് വരാം.

വസ്തുനിഷ്ഠമായ ധാര്‍മികതയും ദൈവവും

ഒരു നവജാത ശിശുവിനെ കഴുത്തറുത്ത് കൊല്ലുന്നത് വസ്തുനിഷ്ഠമായി തെറ്റാണെന്ന് അംഗീകരിക്കുന്നവര്‍, അല്ലെങ്കില്‍ അത്തരത്തില്‍ വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് അംഗീകരിക്കുന്നവര്‍ ഒരു ചോദ്യത്തിന് കൂടി ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എന്തുകൊണ്ടാണ് അത് വസ്തുനിഷ്ഠമായി തെറ്റായത്?

വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് വ്യക്തിയുടെ പരിമിതികള്‍ക്ക് പുറത്താണ്, അല്ലെങ്കില്‍ ബാഹ്യമാണ്. എങ്കില്‍ അതിന്റെ യുക്തിപരമായ അടിത്തറ എവിടെയാണ്? വസ്തുനിഷ്ഠമായ ഒരു കാര്യം എന്നാല്‍ അത് പ്രപഞ്ചത്തിനകത്തെ ഒന്നുകൊണ്ടും ബാധിക്കാത്ത ഒന്നാണ് എന്ന് നാം നേരത്തെ മനസ്സിലാക്കി. അതുകൊണ്ട് തന്നെ ആ അടിത്തറ പ്രപഞ്ചത്തിന് അകത്തല്ല, അല്ലെങ്കില്‍ ഭൗതികപ്രപഞ്ചത്തിലല്ല എന്നുറപ്പാണ്. എന്നുവച്ചാല്‍ അതിന്റെ അടിത്തറ പ്രപഞ്ചത്തിന് പുറത്താണ്, അല്ലെങ്കില്‍ അഭൗതികമാണ്!

ചുരുക്കിപ്പറഞ്ഞാല്‍ വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് ഒരാള്‍ വിശ്വസിക്കുന്നു എങ്കില്‍ പ്രപഞ്ചാതീതനായ, അഭൗതികമായ ഒരു അസ്തിത്വത്തില്‍ വിശ്വസിച്ചേ തീരൂ! പ്രപഞ്ചാതീതനും പദാര്‍ഥാതീതനുമായ ആ അസ്തിത്വത്തെയാണ് നമ്മള്‍ ‘ദൈവം’ എന്ന് വിളിക്കുന്നത്. കാരണം ഇസ്‌ലാമിക അധ്യാപനങ്ങളിലെ ദൈവം പ്രപഞ്ചത്തിനകത്തെ എന്തെങ്കിലുമൊരു വസ്തുവോ കല്ലോ മരമോ മുരടോ മൂര്‍ഖന്‍ പാമ്പോ ഒന്നുമല്ല, മറിച്ച് പ്രപഞ്ചത്തിന് അതീതനായ ഒരു അസ്തിത്വമാണ് അവനുള്ളത്. അവന്‍ ഏറ്റവും പരിപൂര്‍ണതയുള്ള അസ്തിത്വമാണ്. എല്ലാത്തിനെ പറ്റിയുമുള്ള പൂര്‍ണമായ അറിവും കഴിവുമുള്ളവനാണ്. എല്ലാ നന്മകളുടെയും ഉറവിടമാണ്.

ഇങ്ങനെയുള്ള ദൈവം ഒരു ധാര്‍മികമായ കല്‍പന നടത്തുമ്പോള്‍ അത് അവന്റെ തീരുമാനത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. അവന്റെ തീരുമാനമാകട്ടെ ഒരിക്കലും എല്ലാ നന്മകളുടെയും ഉറവിടം എന്ന അവന്റെ പ്രകൃതിക്ക് വിരുദ്ധമാവുകയുമില്ല. അതുകൊണ്ട് ആ ദൈവം കല്‍പിക്കുന്നതെന്തോ അതാണ് നന്മ. അവന്‍ വിരോധിക്കുന്നതെന്തോ അതാണ് തിന്മ.

”…പറയുക: നീചവൃത്തി ചെയ്യുവാന്‍ അല്ലാഹു കല്‍പിക്കുകയേയില്ല…” (ക്വുര്‍ആന്‍ 7:28).

അഥവാ വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങള്‍ നിലനില്‍ക്കുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് – ബൗദ്ധികമായി സത്യസന്ധരാണെങ്കില്‍- ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കാന്‍ സാധ്യമല്ല. എന്നാല്‍ വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങളൊക്കെയുണ്ട്; പക്ഷേ, അവയ്ക്ക് ഇങ്ങനെയൊരു അടിത്തറ ആവശ്യമില്ല എന്ന് വാദിക്കുന്നവരാണ് നമ്മുടെ നാട്ടിലെ നിരീശ്വരവാദികളില്‍ ഭൂരിഭാഗവും. ഇവരുടെ ഈ വാദം അര്‍ഥശൂന്യമാണ്. വസ്തുനിഷ്ഠമായ ധാര്‍മികത നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് ഒരു വിശദീകരണം നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ എന്തുകൊണ്ട് അത് വസ്തുനിഷ്ഠമായി തെറ്റായി എന്ന ചോദ്യം അവശേഷിക്കും. ഒരു പിഞ്ചുകുഞ്ഞിനെ കൊല്ലുന്നത്, അല്ലെങ്കില്‍ ഒരു വയോധികയെ ഉപദ്രവിക്കുന്നത്, അതുമല്ലെങ്കില്‍ മറ്റൊരാളുടെ പണം അപഹരിക്കുന്നത് ഒക്കെ തര്‍ക്കമില്ലാതെ പൊതുവില്‍ വസ്തുനിഷ്ഠമായി തെറ്റാണെന്ന് അംഗീകരിക്കപ്പെടുന്ന കാര്യങ്ങളാണ്. ആരാണ് ഇതൊക്കെ തെറ്റാണ് എന്ന് പറഞ്ഞത്? എന്താണ് ഇതൊക്കെ തെറ്റാണെന്ന് പറയാനുള്ള അടിസ്ഥാനം? തെറ്റും ശരിയും നിര്‍ണയിക്കുന്നതെങ്ങനെയാണ്? എന്തിനാണ് നാം ഈ മൂല്യങ്ങള്‍ പാലിക്കുന്നത്? ഭൗതികേതരമായ ഒരസ്തിത്വത്തിലും വിശ്വസിക്കില്ലെന്ന് പറയുന്നവര്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ കൈമലര്‍ത്താനല്ലാതെ സാധിക്കുകയില്ല!

വസ്തുനിഷ്ഠമായ ധാര്‍മിക മൂല്യങ്ങളേയില്ല?

വസ്തുനിഷ്ഠമായി ഒരു കാര്യം നന്മയെന്നോ തിന്മയെന്നോ അംഗീകരിച്ചാല്‍ അതെന്തുകൊണ്ട് എന്ന ചോദ്യം വരുമെന്നും അതിന്റെ അടിസ്ഥാനം തേടിയുള്ള യുക്തിപരമായ അന്വേഷണം ദൈവത്തില്‍ എത്തിച്ചേരുമെന്നും മനസ്സിലാക്കിയ ചില നിരീശ്വരവാദികളെങ്കിലും തങ്ങളുടെ മനഃസാക്ഷിയെയും ശുദ്ധപ്രകൃതിയെയുമെല്ലാം അവഗണിച്ചുകൊണ്ട് വസ്തുനിഷ്ഠമായ, സ്ഥായിയായ ധാര്‍മികമൂല്യങ്ങളേയില്ല എന്ന് വാദിക്കുന്നത് കാണാം. എന്ന് വെച്ചാല്‍ ഒരു പിഞ്ചുകുഞ്ഞിനെ കൊല്ലുന്നതോ മോഷ്ടിക്കുന്നതോ പോലും കാലത്തിനും ദേശത്തിനും വ്യക്തികള്‍ക്കും അതീതമായി ‘തെറ്റാണ്’ എന്ന് പറയാനാവില്ല എന്ന്!

തങ്ങളുടെ ‘ദൈവമില്ല’ എന്ന വിശ്വാസത്തെ സംരക്ഷിക്കാന്‍ വേണ്ടി എത്രമാത്രം അപകടകരമായ വാദമാണിവര്‍ പറയുന്നതെന്ന് നോക്കൂ! സ്ഥായിയായി അല്ലെങ്കില്‍ വസ്തുനിഷ്ഠമായി തെറ്റാണെന്നോ ശരിയാണെന്നോ പറയാവുന്ന ഒന്നുമില്ലെന്നും എല്ലാം കാലത്തിനും ദേശത്തിനും വ്യക്തികള്‍ക്കും അനുസരിച്ച് മാറുന്നതാണെന്നും വാദിക്കുന്നതിനെക്കാള്‍ മാനവവിരുദ്ധമായ മറ്റെന്ത് ആശയമാണുള്ളത്? വസ്തുനിഷ്ഠമായി ഒരു കാര്യത്തെ പറ്റിയും തെറ്റാണ് എന്ന് പറയാനാവില്ല എങ്കില്‍ ലോകത്ത് ഐസിസും സംഘപരിവാര്‍ ഫാസിസ്റ്റുകളും മറ്റു തീവ്രവാദികളും ചെയ്യുന്ന കാര്യങ്ങളെ പോലും വസ്തുനിഷ്ഠമായി തെറ്റാണെന്ന് പറയാന്‍ ഇവര്‍ക്കാവില്ല! വല്ലാത്തൊരു ഗതികേട്!

സ്ഥായിയായ തെറ്റും ശരിയുമായി യാതൊന്നുമില്ലെന്നും ഓരോരുത്തര്‍ക്കും യുക്തിക്ക് തോന്നുന്ന കാര്യങ്ങളാണ് തെറ്റും ശരിയും എന്ന പച്ചയായ ‘തോന്നിവാസ’ സിദ്ധാന്തമാണ് യഥാര്‍ഥത്തില്‍ നാസ്തികത. ഓരോരുത്തരുടെയും യുക്തിയും ചിന്താരീതികളും വ്യത്യസ്തമാണല്ലോ. എല്ലാവര്‍ക്കും അവരവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഒട്ടേറെ ന്യായീകരണങ്ങളുമുണ്ട്. ലക്ഷങ്ങളെ ഗ്യാസ് ചേമ്പറില്‍ ഇട്ട് കൊന്നൊടുക്കിയ ഹിറ്റ്‌ലറിനും കോടിക്കണക്കിനു മനുഷ്യരെ പട്ടിണിക്കിട്ട് കൊന്ന സ്റ്റാലിനും അഭയാര്‍ഥി ക്യാമ്പില്‍ പോലും ബോംബിട്ട പൈശാചിക ചെയ്തികള്‍ ചെയ്ത ഇസ്രയേലിനുമെല്ലാം തങ്ങള്‍ ചെയ്യുന്നതിന് നിരത്താന്‍ ആയിരം ന്യായങ്ങളുണ്ടായിരുന്നു. ഇന്നും ലോകത്ത് അസമാധാനവും കുഴപ്പങ്ങളുമുണ്ടാക്കുന്ന ഐസിസിനും ഫാസിസ്റ്റ് ശക്തികള്‍ക്കുമെല്ലാം തങ്ങള്‍ ചെയ്യുന്ന കൊടുംക്രൂരതകള്‍ക്ക് ന്യായീകരണങ്ങളുണ്ട്! എന്നുവച്ചാല്‍ അവരുടെയൊക്കെ യുക്തിക്ക് ‘ശരി’യെന്നു തോന്നിയ കാര്യങ്ങളായിരുന്നു അവരൊക്കെ ചെയ്തത്. നാസ്തിക ധാര്‍മികതയനുസരിച്ച് ഇതെല്ലാം അവരവരുടെ ‘ശരി’കളാണ്!

ഈ ‘തോന്ന്യാസ സിദ്ധാന്തം’ അംഗീകരിക്കാന്‍ സാമാന്യം മനുഷ്യത്വമുള്ളവര്‍ക്ക് സാധിക്കില്ലെന്ന് തോന്നിയ ചിലരെങ്കിലും പറയാറുള്ള ചില ബദലുകളുണ്ട്. അത് കൂടി നമുക്ക് പരിശോധിക്കാം:

1. സമൂഹധാര്‍മികത

ഒരു പൊതുസമൂഹത്തില്‍ ജീവിക്കുമ്പോള്‍ സുഗമമായ സാമൂഹ്യജീവിതത്തിന് അനുഗുണമായ ചില നിയമങ്ങള്‍ സമൂഹത്തിലുണ്ടാകും എന്നും അതാണ് ധാര്‍മികത എന്നുമാണ് പല നാസ്തിക പ്രമുഖരും വാദിക്കാറുള്ളത്. പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ധാര്‍മികതയുടെ അലവുകോലാക്കാന്‍ എങ്ങനെയാണ് ബുദ്ധിജീവി ചമയുന്ന ഈയാളുകള്‍ക്ക് സാധിക്കുന്നത് എന്നത് അത്ഭുതം തന്നെയാണ്. ഒരു സമൂഹം അങ്ങേയറ്റം അധഃപതിച്ചവരാണെങ്കില്‍ അവരോടൊപ്പം നമ്മളും ചീത്തയാകുക, സമൂഹം ധാര്‍മികമായി മുന്നിലാണെങ്കില്‍ നമ്മളും നല്ലവരാകുക എന്നതിനെക്കാള്‍ വലിയ കാപട്യവും മാനവിക വിരുദ്ധതയും മറ്റെന്താണുള്ളത്?

ഹിറ്റ്‌ലറിന്റെ കാലത്തെ നാസി ജര്‍മനിയില്‍ അന്ന് നിലനിന്നിരുന്ന പൊതുബോധം ജൂതന്മാരെ കൂട്ടക്കൊല ചെയ്യുന്നതിന് അനുകൂലമായിരുന്നു. ദക്ഷിണേന്ത്യയില്‍ പശുവിന്റെ പേരിലും മറ്റും നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആ ‘ആള്‍ക്കൂട്ട’ത്തിന്റെ പൊതുബോധം ആ കൊലപാതകങ്ങള്‍ക്ക് അനുകൂലമാണ്! ഈ സമൂഹങ്ങളില്‍ ജീവിക്കുന്ന നാസ്തികര്‍ ഇതൊക്കെ ധാര്‍മികമായി ശരിയാണെന്ന് വിശ്വസിക്കുന്നവരായിരിക്കണമല്ലോ, അവര്‍ മാത്രമെന്തിന് ‘സമൂഹധാര്‍മികത’യ്ക്ക് എതിരായി ചിന്തിക്കണം?

2. ഭരണഘടന

മതമൂല്യങ്ങള്‍ ഒരിക്കലും സ്വീകരിക്കില്ലെന്ന ധാര്‍ഷ്ഠ്യം ചിലരെയെങ്കിലും ഭരണഘടനയാണ് ധാര്‍മികമൂല്യങ്ങളുടെ അടിസ്ഥാനം എന്ന് വാദിക്കുന്നതിലേക്കാണ് എത്തിച്ചത്. ഭരണഘടന എന്നത് ഓരോ വ്യക്തിയെയും സദാചാര മൂല്യങ്ങള്‍ പഠിപ്പിക്കാനുള്ളതാണെന്ന് അതിന്റെ ശില്‍പികള്‍ പോലും അവകാശപ്പെടുന്നില്ല. അത് പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.

ഇന്ത്യ പോലെ അത്യാവശ്യം മെച്ചപ്പെട്ട ഭരണഘടനയുള്ള രാജ്യത്തെ മാറ്റിനിര്‍ത്താം, ഇത്തരത്തില്‍ നല്ലൊരു ഭരണഘടനയില്ലാത്ത ഒരു രാജ്യത്ത്, അല്ലെങ്കില്‍ ഭരണഘടനയില്ലാത്ത പ്രദേശങ്ങളില്‍ അവിടെയുള്ളവരുടെ ധാര്‍മികതയുടെ അടിസ്ഥാനമെന്താണ് എന്ന് വിശദീകരിക്കാന്‍ ഇവര്‍ക്ക് സാധിക്കുമോ?

ഇനി ഇന്ത്യന്‍ ഭരണഘടന തന്നെ അടിസ്ഥാനമാക്കിയെടുക്കാം, ഇത്തരത്തില്‍ ഭരണഘടനാ ധാര്‍മികതതയുമായി വാദിക്കാന്‍ വന്ന ഒരു സുഹൃത്തിനോട് ഞാന്‍ തിരിച്ചു ചോദിച്ചത് ‘മതനിന്ദ എന്നത് ഇന്ത്യന്‍ ഭരണഘടന പ്രകാരം തെറ്റാണ്, നിങ്ങളും അത് തെറ്റാണെന്ന് അംഗീകരിക്കുമോ?’ എന്നായിരുന്നു. ഒരിക്കലുമില്ലെന്നു പറഞ്ഞ അദ്ദേഹം പിന്നീട് ധാര്‍മികതയുടെ അടിസ്ഥാനമാക്കി ഭരണഘടനയെയും പൊക്കിപ്പിടിച്ച് വന്നിട്ടേയില്ല!

3. പരിണാമം

പരിണാമപരമായി ഉരുത്തിരിഞ്ഞു വരുന്നതാണ് ധാര്‍മികതയെന്നും അതിന് മറ്റൊരു അടിത്തറ ആവശ്യമില്ലെന്നുമാണ് മറ്റൊരു വാദം. ജൈവപരിണാമത്തിലെ ഏറ്റവും മൗലികമായ ഒരു തത്ത്വമാണ് ഓരോ വ്യക്തിയും സ്വാര്‍ഥനാണ് എന്നത്. തന്റെ അതിജീവനത്തിന് വേണ്ടി മറ്റുള്ളവര്‍ക്ക് മേല്‍ സ്വാര്‍ഥത കാണിക്കുന്നവനാണ് അതിജീവിക്കുക. ഈ സ്വാര്‍ഥതയ്ക്ക് അനുസരിച്ച് തോന്നിയത് പോലെ ജീവിക്കലാണ് ധാര്‍മികതയെന്നത് നേരത്തെ പറഞ്ഞ ‘തോന്ന്യാസ സിദ്ധാന്ത’ത്തിനപ്പുറം മറ്റൊന്നുമല്ല. ഇതുകൂടാതെ സമൂഹത്തിന് അംഗീകരിക്കാന്‍ പറ്റാത്ത ഒട്ടനേകം പ്രകൃതങ്ങള്‍ ഉള്‍ക്കൊള്ളുന്നവനാണ് മനുഷ്യന്‍. ഉദാഹരണത്തിന് ഓരോ വ്യക്തിയും പരിണാമപരമായി പരമാവധി ഇണകളോട് തല്‍പരനാണ്. മരണം വരെ മുന്നില്‍ കാണുന്ന എതിര്‍ലിംഗക്കാരെയെല്ലാം തന്റെ വര്‍ഗം പരിപോഷിപ്പിക്കാനുള്ള സാധ്യതകളായി കാണുന്ന മഹിതമനോഹരമായ ‘ധാര്‍മികത’ വീട്ടില്‍ പറയാതിരുന്നാല്‍ നാസ്തികര്‍ക്ക് കൊള്ളാം!

ചുരുക്കിപ്പറഞ്ഞാല്‍, ഓരോരുത്തര്‍ക്കും തോന്നിയതിനനുസരിച്ച് ജീവിച്ചും സമൂഹത്തിനൊപ്പം ഒഴുക്കിനനുസരിച്ച് തുഴഞ്ഞും സ്വന്തം ദേഹേഛകള്‍ക്ക് ബൗദ്ധിക ന്യായീകരണമുണ്ടാക്കല്‍ മാത്രമാണ് നാസ്തികത. നിരീശ്വരവാദികളില്‍ നല്ലവരില്ലെന്നോ അവരെല്ലാം അധാര്‍മികരാണെന്നോ അല്ല ഈ പറഞ്ഞതിന്റെ അര്‍ഥം. വിവാഹമടക്കം മതം സംഭാവന ചെയ്ത ധാര്‍മിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കുന്നവര്‍ നാസ്തികരില്‍ ഒരുപാടുണ്ട്. എന്നാല്‍ അവരുടെ ആശയപരമായ അടിത്തറ ധാര്‍മികരാഹിത്യമാണ് എന്നതാണ് ഇവിടെ വ്യക്തമാക്കിയത്.

തിന്നും കുടിച്ചും രമിച്ചും രസിച്ചും ജീവിതം പരമാവധി ആസ്വദിക്കാന്‍ തീരുമാനിച്ചവര്‍ എന്തിന് നന്മ തിന്മകളെ പറ്റി വേവലാതിപ്പെടണം? യാദൃച്ഛികമായി എങ്ങനെയോ താനേ ഉണ്ടായ പ്രപഞ്ചത്തില്‍ യാദൃച്ഛികമായി ഉടലെടുത്ത മറ്റെല്ലാ ജന്തുക്കളെയും പോലെ കേവലമൊരു ജീവിയായ താന്‍ എന്തിന് ഒരടിസ്ഥാനവുമില്ലാത്ത മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കണം എന്ന ചിന്തയാണ് ധാര്‍മികതയില്ലായ്മയാണ് നാസ്തികത എന്നുപറയാന്‍ കാരണം. അതിനപ്പുറത്തേക്ക് മൂല്യങ്ങളെ പറ്റിയും മാനവികതയെ പറ്റിയും ചിന്തിക്കുന്നവര്‍ പുനരാലോചനക്ക് സമയം കണ്ടെത്തട്ടെ!

അബ്ദുല്ല ബാസിൽ സി.പി

അസഹിഷ്ണുത, ഭീകരത : നാസ്തികരുടെ അൽബേനിയൻ മോഡൽ!

അസഹിഷ്ണുത, ഭീകരത : നാസ്തികരുടെ അൽബേനിയൻ മോഡൽ!

മതരാഹിത്യവും തമ്മിലുള്ള ചര്‍ച്ചകളില്‍ പലപ്പോഴും കടന്നുവരുന്ന ഒന്നാണ് ‘ഏതാണ് മാനവസമൂഹത്തിന് കൂടുതല്‍ ഗുണപ്രദം’ എന്ന ചോദ്യം. മതരഹിത സമൂഹം ഉണ്ടായിവന്നാല്‍ സ്വസ്ഥവും സമാധാനപൂര്‍ണവുമായ ഒരു സമൂഹസൃഷ്ടിയാണ് സാധ്യമാവുക എന്നത് നാസ്തികരുടെ സ്ഥിരം അവകാശവാദവുമാണ്. മതങ്ങള്‍ ലോകത്ത് സൃഷ്ടിക്കുന്നത് അസമാധാനവും ഭീകരാന്തരീക്ഷവുമാണ് എന്നും അവര്‍ വാദിക്കുന്നു. കലങ്ങിമറിഞ്ഞ സമകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തില്‍ വീണ്ടും തലപൊക്കുന്ന മാനവികതാ അവകാശവാദങ്ങള്‍ ചരിത്രത്തിന്റെ വെളിച്ചത്തില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.

 ഇരുപതാം നൂറ്റാണ്ടിനു മുമ്പുള്ള, ചര്‍ച്ചിന്റെ പൗരോഹിത്യ ആധിപത്യത്തില്‍ നടമാടിയ പീഡനങ്ങളും ജനങ്ങളനുഭവിച്ച പ്രയാസങ്ങളും ഉയര്‍ത്തിക്കാട്ടിയായിരുന്നു ‘ഹ്യൂമനിസ്റ്റുകള്‍’ രംഗത്തു വന്നത്. മനുഷ്യന്റെ അവകാശങ്ങളെ പൊലിപ്പിച്ചു കാട്ടിക്കൊണ്ട് രംഗത്തുവന്ന ഹ്യൂമനിസ്റ്റുകള്‍ മതം മാനവികതയ്ക്ക് വിരുദ്ധമാണെന്നും മതമൊരു മര്‍ദനോപാധി മാത്രമാണെന്നും പ്രസംഗിക്കുവാന്‍ തുടങ്ങി. മനുഷ്യനെ മനുഷ്യനായി കാണാന്‍ മതങ്ങള്‍ക്ക് സാധിക്കില്ലെന്നും മതങ്ങളുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാല്‍ മാത്രമെ അത് സാധ്യമാകൂ എന്നുമവര്‍ വീമ്പുപറഞ്ഞു! എല്ലാ പീഡനങ്ങള്‍ക്കും മതത്തെ പഴിചാരി ആവര്‍ സായൂജ്യമടഞ്ഞു.

എന്നാല്‍ ഇതിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിലേക്ക് മതത്തെ വലിച്ചെറിഞ്ഞുകൊണ്ട് കടന്ന യൂറോപ്പിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ടാണ് രണ്ടു ലോകമഹായുദ്ധങ്ങളും അനുബന്ധമായി അണുവിസ്‌ഫോടനങ്ങളും നടക്കുന്നത്. മതമാണ് സര്‍വ പീഡനങ്ങള്‍ക്കും കാരണമെന്ന് പാടിപ്പറഞ്ഞു നടന്നിരുന്നവര്‍ക്ക് ഒരു മതത്തിന്റെയും പേരിലല്ലാതെ നടന്ന ഈ കൊടിയ ക്രൂരതകള്‍ ഏല്‍പിച്ച ആഘാതം ചെറുതൊന്നുമായിരുന്നില്ല. കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ജീവനുള്ള വസ്തുവായി പോലും പരിഗണിക്കാതെ മനുഷ്യജന്മങ്ങളെ അതിക്രൂരമായി പീഡിപ്പിക്കുന്നതും ഗ്യാസ് ചേമ്പറുകളിലിട്ട് ശവക്കൂമ്പാരങ്ങളാക്കി മാറ്റുന്നതും ഒരു മതത്തിന്റെയും പേരിലല്ലെന്ന തിരിച്ചറിവ് ഇരുപതാം നൂറ്റാണ്ടോടെ യൂറോപ്പ് നേടിയെടുക്കുകയായിരുന്നു. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ അതിശയിപ്പിക്കുന്ന വളര്‍ച്ച മനുഷ്യപുരോഗതിക്കല്ല, തലമുറകളെ തന്നെ ഇല്ലാതാക്കാനും നശിപ്പിക്കാനുമാണ് ഉപയോഗിക്കുന്നതെന്ന തിരിച്ചറിവ് പലരിലും പുനര്‍വിചിന്തനത്തിന്റൈ അണുവിസ്‌ഫോടനം സൃഷ്ടിച്ചു. ഹ്യൂമനിസ്റ്റ് ഭൗതികവാദികള്‍ക്ക് തന്നെ തങ്ങള്‍ക്കിനി മാനവികത പ്രസംഗിച്ച് മതത്തെ ആക്രമിക്കാന്‍ പഴുതില്ലെന്ന് ബോധ്യപ്പെട്ടു.

അന്ന് മാളത്തിലൊളിച്ച മാനവികതാവാദികള്‍ ഇപ്പോള്‍ വീണ്ടും തലപൊക്കി പുറത്തുവരികയാണ്. കാരണം മറ്റൊന്നുമല്ല, ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്നത് ഐസിസും മിഡില്‍ ഈസ്റ്റും പാലസ്തീനും കശ്മീരുമാണ്. അവിടെയുള്ള പ്രശ്‌നങ്ങള്‍ക്ക് നേരിട്ടോ അല്ലാതെയോ ‘മതം’ ഉത്തരവാദിയാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈയൊരു സാഹചര്യം മുതലെടുത്താണ് വീണ്ടും ‘മതമാണ് സകല അസമാധാനത്തിനും കാരണം’ എന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നവനാസ്തികര്‍ അവതരിപ്പിക്കുന്നത്. തങ്ങളുടെ ആയുധക്കച്ചവടം പൊടിപൊടിക്കാനും ജിയോപൊളിറ്റിക്കല്‍ അജണ്ടകള്‍ നടപ്പിലാക്കാനും ഏതാനും ചില കുത്സിതബുദ്ധികളും സാമ്രാജ്യത്വ ശക്തികളും ചേര്‍ന്നാണ് മിക്കയിടങ്ങളിലും യുദ്ധം നിലനിര്‍ത്തുന്നത് എന്നും അതിനുവേണ്ടി മതത്തിന്റെ പേര് ഉപയോഗിക്കുക മാത്രമാണെന്നും ഈ പ്രശ്‌നങ്ങളെ ചെറുതായെങ്കിലും പഠിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും ബോധ്യമാകുന്നതാണ്.

ജിഹാദിന് വേണ്ടി തുനിഞ്ഞിറങ്ങിയെന്ന് മാധ്യമങ്ങള്‍ ആയിരംവട്ടം പറയുന്ന ഐസിസ് ഭീകരരുടെ കയ്യില്‍ നിന്ന് മതം പരിപൂര്‍ണമായി നിരോധിച്ച മയക്കുമരുന്നുകള്‍ ലോഡുകണക്കിന് കണ്ടെടുക്കുന്നതും അവര്‍ സ്വവര്‍ഗാനുരാഗികളും ആഭാസന്മാരുമായിരുന്നു എന്ന ചരിത്രങ്ങള്‍ പുറത്ത് വരുന്നതും അവരുടെ പേരില്‍ ബാറുകളും ഡാന്‍സ് ക്ലബ്ബുകളും വരെ ഉണ്ടാകുന്നതുമെല്ലാം മതവുമായി കൂട്ടിക്കെട്ടുന്നതിനിടയില്‍ വിമര്‍ശകര്‍ വിസ്മരിക്കുന്ന ചില പൊരുത്തക്കേടുകള്‍ മാത്രമാണ്. വിശ്വാസികള്‍ക്ക് വേണ്ടി മരിക്കാനിറങ്ങുന്ന പോരാളികള്‍ അറിയാതെയെങ്കിലും ഇസ്രായേലിലേക്കോ മറ്റോ ഒരു ഓലപ്പടക്കം പോലും എറിയാതെ ശ്രദ്ധിക്കുന്നതും തങ്ങളുടെ ഭീകരാക്രമണ പരീക്ഷണങ്ങള്‍ വിശ്വാസികളുടെ മേല്‍ തന്നെ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്നതുമെല്ലാം കൂട്ടിവായിക്കാന്‍ ആര്‍ക്കും പ്രയാസമുണ്ടാവുകയില്ല. എങ്കിലും മാധ്യമങ്ങളും ഇസ്‌ലാംവിരുദ്ധ പ്രചാരകരും കലക്കിയ വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാന്‍ തന്നെയാണ് നാസ്തികരും ശ്രമിക്കുന്നത്.

എന്നാല്‍ ചരിത്രം നിഷ്പക്ഷമായി വായിക്കുന്നവര്‍ക്ക് മുമ്പില്‍ മറ്റൊന്നാണ് യാഥാര്‍ഥ്യം എന്നത് വ്യക്തമാകും. ലോകമഹായുദ്ധങ്ങളും അനുബന്ധമായി നടന്ന മനുഷ്യാവകാശലംഘനങ്ങളുമൊന്നും ഒരു മതത്തിന്റെയും പേരിലല്ല ഉണ്ടായത് എന്നത് മാത്രമല്ല, മാനവചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേരെ കുഴിമാടത്തിലേക്ക് അയച്ചവരുടെ പട്ടിക തയ്യാറാക്കിയാല്‍ അതില്‍ ആദ്യസ്ഥാനങ്ങളെല്ലാം അലങ്കരിക്കുന്നത് മതമില്ലാത്ത, ‘മാനവികത പൂത്തുലഞ്ഞ’ വ്യക്തിത്വങ്ങളാണെന്ന് കാണാനാകും. അതില്‍ ആദ്യസ്ഥാനം വഹിക്കുന്ന വ്യക്തി സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന ജോസഫ് സ്റ്റാലിനാണ്! പട്ടിണിക്കിട്ടും പീഡിപ്പിച്ചും സ്റ്റാലിന്‍ കൊന്നൊടുക്കിയ മനുഷ്യജന്മങ്ങള്‍ എത്ര കോടികള്‍ ആണെന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ! കോടിക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ കാര്യത്തില്‍ സ്റ്റാലിനോട് മത്സരിക്കാന്‍ അടുത്ത ആദ്യ അഞ്ചു സ്ഥാനങ്ങളിലായി വരുന്നത് തന്നെ മാവോ സെ ദുങ്ങും ലെനിനും പോള്‍പോട്ടും അടക്കമുള്ള ദൈവനിഷേധികളാണ് എന്നിരിക്കെയാണ് നരഹത്യകളുടെ പേരില്‍ യാതൊരു മനക്കുത്തുമില്ലാതെ ഇവര്‍ മതങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്നത്!

മതമില്ലാത്ത ലോകം എത്ര സുന്ദരവും സമാധാനം നിറഞ്ഞതുമായിരിക്കും എന്ന നാസ്തികരുടെ സ്വപ്‌നകാവ്യങ്ങള്‍ക്ക് പ്രതികരണമായാണ് ഒരു മതത്തിന്റെയും പേരിലല്ലാതെ കോടികളെ കൊന്നൊടുക്കിയ മഹായുദ്ധങ്ങളും മതമുപേക്ഷിച്ചവര്‍ നടത്തിയ ക്രൂരമായ നരഹത്യകളും ഉദ്ധരിക്കുന്നത്. എന്നാല്‍ സ്റ്റാലിനും ലെനിനും മാവോയുമെല്ലാം കമ്യൂണിസ്റ്റുകാരായിരുന്നു എന്നും അതിന്റെ പേരിലാണ് അവര്‍ ക്രൂരതകള്‍ ചെയ്തതെന്നും അത് കേവലം നാസ്തികതയുടെ പേരിലല്ലെന്നുമാണ് ഇതിന് മറുപടിയായി നാസ്തികര്‍ പറയാറുള്ളത്. യഥാര്‍ഥത്തില്‍ ഈ മറുപടി വെറുമൊരു മറപിടി മാത്രമാണ്. ദൈവവിശ്വാസവും മതങ്ങളുമാണ് ഭീകരതക്ക് കാരണമെന്നതാണ് നാസ്തികരുടെ വാദങ്ങളുടെ മര്‍മം. മതം ഉപേക്ഷിച്ചാല്‍ മാനവികത കൈവരിക്കാം എന്നുമവര്‍ വീമ്പുപറയുന്നു. എന്നാല്‍ മാനവചരിത്രം കണ്ടതില്‍ വെച്ചേറ്റവും വലിയ ക്രൂരതകള്‍ ചെയ്തതെല്ലാം ഒരു മതവുമില്ലാത്ത, മതവും ദൈവവിശ്വാസവും തെറ്റാണെന്ന് വിശ്വസിക്കുന്ന, ഒരുവേള മതത്തെയും ദൈവവിശ്വാസത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച ആളുകളാണ്. മതമുപേക്ഷിച്ചവര്‍ക്ക് മാനവികത കൈവരുമെന്ന ഇവരുടെ സിദ്ധാന്തത്തിന് ഒന്നാന്തരം അപവാദം തന്നെയാണ് ശുദ്ധ ഭൗതികവാദത്തില്‍ അധിഷ്ഠിതമായ കമ്യൂണിസം.

ഇനി നാസ്തികരുടെ ഈ മറുവാദത്തെ കണക്കിലെടുത്ത് കൊണ്ട് തന്നെ ഒരു പരിശോധന കൂടി നമുക്ക് നടത്താം. ഇവരെല്ലാം നിരീശ്വരവാദികള്‍ ആയിരുന്നെങ്കിലും ഇവരാരും ഈ ക്രൂരതകള്‍ ചെയ്തത് ‘നിരീശ്വരവാദത്തിന്റെ പേരില്‍’ അല്ലല്ലോ എന്നതാണ് അത്. ചരിത്രം അതിനും കൃത്യമായ മറുപടി കാത്തുവെച്ചിട്ടുണ്ട്!

ലോകത്തെ ആദ്യത്തെ നിരീശ്വരവാദ രാഷ്ട്രം!

നിരീശ്വവാദത്തെ ഔദേ്യാഗികമായി തങ്ങളുടെ ആദര്‍ശമായി പ്രഖ്യാപിച്ച ഒരു ‘നിരീശ്വരവാദ രാഷ്ട്രം’ ലോകത്ത് ഉണ്ടായിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ ഇന്ന് നാസ്തികര്‍ പറയുന്നത് പോലെ സമാധാനവും സന്തോഷവും മാനവികതയുമെല്ലാം കളിയാടിയിരുന്ന ‘ഭൂമിയിലെ സ്വര്‍ഗം’ തന്നെയായിരിക്കണം അത്. അങ്ങനെയൊന്ന് ഉണ്ടായിരുന്നെങ്കില്‍ നിരീശ്വരവാദ പ്രചാരകര്‍ അത് നാഴികക്ക് നാല്‍പതു വട്ടം അഭിമാനപൂര്‍വം പറഞ്ഞുനടക്കുകയും ചെയ്യുമല്ലോ. എന്തോ ഇതുവരെ ഒരു നാസ്തിക പ്രചാരകനും അത്തരത്തിലൊരു നിരീശ്വരവാദ രാഷ്ട്രത്തെ പറ്റി ഒരക്ഷരം പറയുന്നതോ അതോര്‍ത്ത് അഭിമാനം കൊള്ളുന്നതോ കണ്ടിട്ടില്ല. എന്നാല്‍ ചരിത്രം പരിശോധിക്കുമ്പോള്‍ അത്തരത്തില്‍ ഒരു രാഷ്ട്രത്തെ നമുക്ക് കാണാനും സാധിക്കും, അതാണ് അല്‍ബേനിയ!

യൂറോപ്പിന്റെ തെക്കുകിഴക്ക് മെഡിറ്ററേനിയന്‍ തീരത്തുള്ള ഒരു രാജ്യമാണ് അല്‍ബേനിയ. സെര്‍ബിയ, ഗ്രീസ്, മാസിഡോണിയ, മോണ്ടനെഗ്രോ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യത്തില്‍ മൂന്നിലൊന്നോളം മുസ്‌ലിംകളും ബാക്കി ക്രൈസ്തവരുമായിരുന്നു ജീവിച്ചു പോന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അല്‍ബേനിയയില്‍ വിപ്ലവങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. യുദ്ധകാലത്ത് അല്‍ബേനിയയിലെ കമ്യൂണിസ്റ്റ് സംഘടനക്ക് ഐക്യകക്ഷികളുടെ സഹായവും ലഭിച്ചിരുന്നു. അങ്ങനെയാണ് 1944 നവമ്പറില്‍ കമ്യൂണിസ്റ്റ് ലേബര്‍ പാര്‍ട്ടിയുടെ നേതാവ് എന്‍വര്‍ ഹോജ(Enver Hoxha)യുടെ നേതൃത്വത്തില്‍ ഒരു ഗവണ്മെന്റ് രൂപീകരിക്കുന്നത്. മതങ്ങള്‍ക്കെതിരെ പടപ്പുറപ്പാടിനിറങ്ങിയ അദ്ദേഹം അല്‍ബേനിയയെ ലോകത്തെ ആദ്യത്തെ ‘നിരീശ്വരവാദ രാഷ്ട്ര’മായി (First Atheist Nation in the world) പ്രഖ്യാപിച്ചു.

പ്രസ്തുത നിരീശ്വരവാദ രാഷ്ട്രത്തിന്റെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 37ല്‍ ഇങ്ങനെ വായിക്കാം: ‘രാഷ്ട്രം ഒരു മതത്തെയും ഔദേ്യാഗികമായി അംഗീകരിക്കുന്നില്ല; എന്നുമാത്രമല്ല ഭൗതികവാദ, ശാസ്ത്രീയ മനോഭാവം വളര്‍ത്തിയെടുക്കാന്‍ നിരീശ്വരവാദ പ്രചാരണത്തെ പിന്തുണക്കുകയും ചെയ്യുന്നു.’

അധികാരത്തിലെത്തിയ ഉടനെ അദ്ദേഹം കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമത്തിലൂടെയായിരുന്നു (Agregarian Reform Law, 1946) അദ്ദേഹത്തിന്റെ മതത്തിനെതിരെയുള്ള യുദ്ധം ആരംഭിക്കുന്നത്. ചര്‍ച്ചുകളും പള്ളികളും ധ്യാനകേന്ദ്രങ്ങളും അടക്കമുള്ള മതസ്ഥാപനങ്ങളുടെ കയ്യിലുള്ള ഭൂമി പിടിച്ചെടുത്തുകൊണ്ടായിരുന്നു തുടക്കം. മതസ്ഥാപനങ്ങള്‍ ഭൂമി കൈവശം വെക്കുന്നത് നിരോധിക്കുകയും വിദേശികളായ, അല്‍ബേനിയയില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്തീകളെയും പുരോഹിതന്മാരെയുമെല്ലാം നാടുകടത്തുകയും ചെയ്തു. മുസ്‌ലിംകളും ക്രൈസ്തവരും നടത്തുന്ന വിദ്യാഭ്യാസ, ആതുരശുശ്രൂഷ, ആരോഗ്യ സ്ഥാപനങ്ങളും ആശുപത്രികളും അടപ്പിച്ചുകൊണ്ട് മതത്തെയും മതചിഹ്നങ്ങളെയും ഇല്ലാതാക്കാനുള്ള പ്രാഥമിക ശ്രമങ്ങള്‍ എന്‍വര്‍ ഹോജ പൂര്‍ത്തിയാക്കി. 1945 മുതല്‍ 1953 വരെയുള്ള ഈ പ്രാഥമിക പരിഷ്‌കരണങ്ങള്‍ കഴിയുമ്പോഴേക്ക് രാജ്യത്തെ കത്തോലിക്കാ ചര്‍ച്ചുകളുടെ എണ്ണം 253ല്‍ നിന്ന് നൂറിലെത്തിയിരുന്നു! എന്നുവെച്ചാല്‍ ഈ ചുരുങ്ങിയ കാലം കൊണ്ട് നശിപ്പിക്കപ്പെട്ട കത്തോലിക്കാ ദേവാലയങ്ങള്‍ മാത്രം 153 ആണ്! പള്ളികളും മറ്റു ദേവാലയങ്ങളും വേറെ.

അറുപതുകളോടെ വിശ്വാസത്തിനെതിരെയുള്ള ഈ യുദ്ധം കനത്തു. ലേബര്‍ പാര്‍ട്ടിയിലെ തന്നെ മെമ്പര്‍മാരുടെ പരാതികളെ പോലും വകവെക്കാതെ അക്രമാസക്തമായ നടപടികളാണ് പിന്നീട് ഈ നിരീശ്വരവാദരാഷ്ട്രം കൈക്കൊണ്ടത്. ചര്‍ച്ചുകളും പള്ളികളും ധ്യാനകേന്ദ്രങ്ങളുമെല്ലാം പിടിച്ചെടുക്കുകയും അവ ജിംനേഷ്യങ്ങളും വര്‍ക്ക്‌ഷോപ്പുകളും ആക്കി മാറ്റുകയും ചെയ്തു. നൂറുകണക്കിന് പുരോഹിതരെ തടവിലാക്കുകയും ബാക്കിയുള്ളവരെ വ്യാവസായിക, കാര്‍ഷിക മേഖലകളില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിക്കുകയും മറ്റു ചിലരെ പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്തു. ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും പേരുകളില്‍ ‘മതപരമായി’ തോന്നിപ്പിക്കുന്നവയെല്ലാം പുനര്‍നാമകരണം ചെയ്യുക വഴി സാംസ്‌കാരികമായ എല്ലാ ചരിത്ര അവശേഷിപ്പുകളെയും ഇല്ലായ്മ ചെയ്യുകയായിരുന്നു എന്‍വറും നിരീശ്വരവാദ പോരാളികളും കൂടി ചെയ്തത്. ഔദേ്യാഗികമായി ഭൗതികവാദ- നിരീശ്വരവാദ പ്രചാരണങ്ങള്‍ നടത്തി എന്നുമാത്രമല്ല മതപ്രബോധനവും പ്രചാരണവും മതഗ്രന്ഥങ്ങള്‍ സൂക്ഷിക്കുന്നതും വരെ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യവുമായി!

മതപരമായ വിവാഹ ചടങ്ങുകള്‍ നിരോധിക്കപ്പെട്ടു. എങ്കിലും മതം വിശ്വസിക്കുന്നതും അനുഷ്ഠിക്കുന്നതും വലിയ കുറ്റകൃത്യമായിട്ടും ഒരുപാടുപേര്‍ രഹസ്യമായി മതം അനുഷ്ഠിച്ചുപോന്നു. അത്തരക്കാരെ തിരഞ്ഞുപിടിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ക്വുര്‍ആനോ ബൈബിളോ മതചിഹ്നങ്ങളോ കണ്ടെടുക്കുന്നവരെ കാലങ്ങളോളം തടവിലാക്കുകയും ചെയ്തു. രഹസ്യമായി വിശ്വാസം കൊണ്ടുനടക്കുന്നവരെ തിരിച്ചറിയാന്‍ നോമ്പുകാലത്ത് വിദ്യാലയങ്ങളിലും മറ്റും ഭക്ഷണവിതരണം നടത്തിയും മതം നിഷിദ്ധമാക്കിയ ഭക്ഷണങ്ങള്‍ വിതരണം ചെയ്തും കഴിക്കാന്‍ വിസമ്മതിച്ചവരെ ‘വിശ്വാസികളായി’ കണ്ടെത്തി ശിക്ഷിച്ചും ക്രൂരത കാട്ടി! വിദ്യാലയങ്ങളിലുള്ള പരിശോധനകള്‍ വഴി കുട്ടികളിലൂടെ പിടിക്കപ്പെടും എന്ന് മനസ്സിലാക്കിയ രക്ഷിതാക്കള്‍ തങ്ങളുടെ വിശ്വാസങ്ങള്‍ മക്കളിലേക്ക് കൈമാറാന്‍ ഭയന്നു. പൂര്‍ണമായും മതത്തെയും വിശ്വാസത്തെയും ഇല്ലാതാക്കാന്‍ തങ്ങളുടെ പൂര്‍വികര്‍ ചെയ്തുകൂട്ടിയ കഥകള്‍ നിരീശ്വരവിശ്വാസികള്‍ക്ക് വായിച്ചു പുളകം കൊള്ളാന്‍ ഇനിയുമേറെയുണ്ട്!

ഇത്രയേറെ ഭീകരമായും അസഹിഷ്ണുതയോടെയുമാണ് തങ്ങളുടെ ‘ദൈവമില്ല എന്ന വിശ്വാസ’മല്ലാത്ത എല്ലാറ്റിനെയും ഇല്ലാതാക്കാനും ഒരു ജനതയെ മൊത്തത്തില്‍ തങ്ങളുടെ ആദര്‍ശംഅടിച്ചേല്‍പിക്കാനും ലോകത്തെ ആദ്യത്തെ നിരീശ്വരവാദ രാഷ്ട്രം തയ്യാറായത് എന്ന് ചരിത്രം പറയുമ്പോഴാണ് നാസ്തികര്‍ നിരീശ്വരവാദം സ്വീകരിച്ചാലുള്ള മാനവികതയെ പറ്റി വാചാലരാകുന്നത്! അല്‍ബേനിയയില്‍ നടന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങളുടെയും ക്രൂരതകളുടെയും പേരില്‍ ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും വരെ ഇടപെടേണ്ടി വന്നു. വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കാത്ത, തങ്ങളുടെ ‘നിഷേധ’മല്ലാത്ത ഒന്നും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച ലോകത്തെ ആദ്യത്തെയും അവസാനത്തെയും നിരീശ്വരവാദ രാഷ്ട്രത്തിന്റെ നാറിയ കഥകള്‍ നാസ്തികര്‍ക്ക് ഓര്‍ക്കാന്‍ അത്ര ഇഷ്ടമുണ്ടാവുകയില്ലെങ്കിലും ഇവരുടെ മാനവികതാ അവകാശവാദങ്ങള്‍ കേള്‍ക്കുന്ന പൊതുജനം ഈ ചരിത്രങ്ങള്‍ വായിക്കരുതെന്ന് മാത്രം പറയരുത്.

കേരളത്തില്‍ ‘മതമുപേക്ഷിക്കൂ, മനുഷ്യരാവൂ’ എന്ന കാമ്പയ്‌നുമായി ഇറങ്ങിയ നാസ്തികരുടെ ആ പ്രചാരണ വാചകത്തില്‍ തന്നെയുണ്ട് മതമുപേക്ഷിക്കാത്തവരെ മനുഷ്യരായി പോലും കാണാന്‍ സാധിക്കാത്ത അവരുടെ ഇടുങ്ങിയ മനസ്സ്. ദൈവവിശ്വാസവും മതവും ഉപേക്ഷിക്കാത്ത ആരെയും മനുഷ്യരായി പോലും കാണാതെ അവരിലേക്ക് തങ്ങളുടെ ആദര്‍ശം അടിച്ചേല്‍പിക്കുന്ന അല്‍ബേനിയയിലെ കാഴ്ച ഈ മനോഭാവമുള്ളവര്‍ക്ക് അധികാരം ലഭിച്ചാല്‍ എന്താകുമെന്നതിന് ഒരു ഉദാഹരണം മാത്രമാണ്. അത്തരം ജീര്‍ണിച്ച ചരിത്രം പേറുന്നവര്‍ മാനവികത പ്രസംഗിച്ചു വന്നാല്‍ അത് അര്‍ഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയാന്‍ പൊതുജനം തയ്യാറാവണം.

 
അബ്ദുല്ല ബാസിൽ സി.പി

ജനസംഖ്യാ വിസ്‌ഫോടനം: സത്യവും മിഥ്യയും

ജനസംഖ്യാ വിസ്‌ഫോടനം: സത്യവും മിഥ്യയും

മലപ്പുറം ജില്ല അമ്പതാം വാര്‍ഷികാഘോഷം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങവെ പ്രാദേശിക പത്രമാധ്യമങ്ങളിലെല്ലാം ജില്ലയുടെ സമ്പൂര്‍ണ വികസനത്തെയും മുന്നോട്ടുള്ള പ്രയാണത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. മലപ്പുറം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി അവയിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത് ജനസംഖ്യാ വര്‍ധനവാണ്! 2011ലെ കാനേഷുമാരി പ്രകാരം 41.2 ലക്ഷം ജനങ്ങള്‍ ഈ ജില്ലയില്‍ അതിവസിക്കുന്നു. കേരളത്തിലെ വയനാട്, പത്തനംതിട്ട, ആലപ്പുഴ, കാസര്‍ക്കോട് എന്നീ 4 ജില്ലകളിലെ ആകെ ജനസംഖ്യ 44 ലക്ഷം മാത്രമാണ്. ഈ പ്രതിസന്ധിയെ നേരിടാന്‍ ജില്ലയെ വിഭജിക്കണം എന്ന ആവശ്യവുമായി ചില പ്രാദേശിക പാര്‍ട്ടികള്‍ ഈയിടെ ലോംഗ് മാര്‍ച്ച് പോലും സംഘടിപ്പിച്ചിരുന്നു. യഥാര്‍ഥത്തില്‍ സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരായ മാധ്യമങ്ങള്‍ സൃഷ്ടിച്ച ഒരു വിതണ്ഡവാദമാണ് ജനസംഖ്യാ വര്‍ധനവ് നാടിന്റെ വികസനത്തെ പിന്നോട്ടടിക്കുമെന്നത്. 

മൂന്നാം ലോക രാജ്യങ്ങളുടെ ഏറ്റവും വലിയ സമ്പത്ത് മാനവവിഭവ ശേഷിയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ മേലുള്ള തങ്ങളുടെ അധീശത്വത്തിനു കോട്ടം തട്ടാതിരിക്കാന്‍ ‘ശാസ്ത്രീയത’യുടെ പട്ടില്‍ പൊതിഞ്ഞ ഇത്തരം മിഥ്യാധാരണകളെ അവര്‍ പ്രചരിപ്പിക്കുകയാണ്. വസ്തുതയെന്തന്ന് തിരിച്ചറിയാത്ത പാമരജനങ്ങളാകട്ടെ ഇവരുടെ വാദങ്ങളെ വിശ്വസിച്ചു കൊണ്ട് തങ്ങളുടെ ഏറ്റവും വലിയ കരുത്തിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണ്. 

ടി. റോബര്‍ട്ട് മാല്‍ത്തൂസ് എന്ന ക്രൈസ്തവ പാതിരി 1798ല്‍ രചിച്ച ‘An Essay on the principle of population’ (ജനസംഖ്യയുടെ തത്ത്വത്തെക്കുറിച്ചുള്ള ഉപന്യാസം) എന്ന കൃതിയോടെയാണ് ജനങ്ങളില്‍ ജനസംഖ്യാ വിസ്‌ഫോടനത്തെ കുറിച്ചുള്ള ഭീതി പരക്കാന്‍ തുടങ്ങിയത്. ജനസംഖ്യാ വര്‍ധനവ് മനുഷ്യന്റെ നിലനില്‍പിനു പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം സമര്‍ഥിച്ചു. പിന്നീട് രണ്ട് നൂറ്റാണ്ടുകള്‍ക്കപ്പുറം 1968ല്‍ പോള്‍ എര്‍ലിച്ച് എഴുതിയ ‘The population Bomb’ എന്ന കൃതിയില്‍ അദ്ദേഹം പറയുന്നത് ലോക ജനസംഖ്യയെ നിയന്ത്രിച്ചില്ലെങ്കില്‍ 1985 ആകുമ്പോഴേക്കും ലോകത്താകമാനം ഭക്ഷ്യക്ഷാമം വ്യാപിക്കുമെന്നും സമുദ്രങ്ങള്‍ ഇല്ലാതാകുമെന്നും പല പാശ്ചാത്യനാടുകളും മരുഭൂമികളായി പരിണമിക്കുമെന്നും ലോകജനതയുടെ ആയുര്‍ദൈര്‍ഘ്യം 42 ആയി ചുരുങ്ങുമെന്നുമൊക്കെയാണ്. 

അതിനു ശേഷം ഇതഃപര്യന്തമുള്ള ചരിത്രം എന്താണ്? റോബര്‍ട്ട് മാല്‍ത്തൂസ് തന്റെ ആശയങ്ങള്‍ മുന്നോട്ടു വെക്കുമ്പോള്‍ ലോക ജനസംഖ്യ 90 കോടി ആയിരുന്നുവെങ്കില്‍ ഇന്ന് അതിന്റെ എട്ടിരട്ടിയിലധികമാണ് ഇവിടെ ജീവിക്കുന്നത്. ജനസംഖ്യാ വര്‍ധനവിനാല്‍ ഉണ്ടാകുമെന്ന് പ്രചരിക്കപ്പെട്ട ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ എവിടെ? വര്‍ധനവിന് അനുസൃതമായി സംഭവിക്കുമെന്ന് ഇദ്ദേഹം വാദിച്ച ഭക്ഷ്യക്ഷാമം, രോഗങ്ങളുടെ വ്യാപനം, പ്രതിശീര്‍ഷ വരുമാനത്തിലെ ഇടിവ്, തൊഴിലില്ലായ്മയിലെ വര്‍ധനവ് എന്നിവ കേവലം നിരര്‍ഥകമായിരുന്നുവെന്നത് പകല്‍പോലെ വ്യക്തമാണ്. മനുഷ്യന്‍ സൃഷ്ടിച്ച വൈജ്ഞാനിക മുന്നേറ്റങ്ങളും സാങ്കേതിക വിപ്ലവങ്ങളും ഭൂമിയെ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ചെയ്തത് എന്നത് വ്യക്തമാണ്. ഉദാഹരണത്തിന് യു.എന്‍.ഡി.പി. ഹ്യൂമന്‍ ഡവലപ്പ്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം 1950ല്‍ ലോകജനസംഖ്യ 252 കോടിയായിരുന്നപ്പോള്‍ ഭൂമിയിലെ മൊത്തം ഭക്ഷ്യ ഉല്‍പാദനം 62.4 കോടി ടണ്‍ ആയിരുന്നുവെങ്കില്‍ 1990ല്‍ ജനസംഖ്യ 520 കോടി ആയിരുന്നപ്പോള്‍ ഭക്ഷ്യ ഉല്‍പാദനം 180 കോടി ടണ്‍ ആയി ഉയര്‍ന്നു. ഇതിനു സമാനമാണ് മറ്റു മേഖലകളിലെ പുരോഗതിയും.

പാശ്ചാത്യന്റെ ഈ ജല്‍പനത്തെ പ്രയോഗവല്‍ക്കരിച്ചു കൊണ്ട് 1979 മുതല്‍ 4 പതിറ്റാണ്ട് കാലത്തോളം ജനസംഖ്യാ നിയന്ത്രണം ഏര്‍പെടുത്തിയിരുന്ന ചൈന പോലും ഒടുവില്‍ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു. 31 കൊല്ലക്കാലം നടപ്പില്‍ വരുത്തിയ ‘ഒറ്റക്കുട്ടി’ നയം അവര്‍ 2016ല്‍ എടുത്തുമാറ്റി. ഓരോ മണിക്കൂറിലും 1500ല്‍ പരം ഭ്രൂണഹത്യകള്‍ക്ക് നിദാനമായ ഈ ഡ്രാക്കോണിയന്‍ നിയമം ചെനയുടെ സാമൂഹിക ഘടനയെ തന്നെ താറുമാറാക്കി. രാജ്യത്ത് വൃദ്ധന്മാരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവും യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ ഇടിവും രേഖപ്പെടുത്തുവാന്‍ ഇതു കാരണമായി. മാനവവിഭവ ശേഷിയാണ് രാഷ്ട്രത്തിന്റെ യഥാര്‍ഥ സമ്പത്തെന്ന വസ്തുത വൈകിയാണെങ്കിലും ഭൗതിക പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ക്ക് ഉള്‍ക്കൊള്ളാനായി. വികസിത രാഷ്ട്രങ്ങളിലെല്ലാം ഇന്ന് നടക്കുന്നത് ജനസംഖ്യാ വര്‍ധനവിനു വേണ്ടിയുള്ള പദ്ധതികളാണ്. മാനവവിഭവശേഷിയിലെ വര്‍ധനവിനായി റഷ്യയില്‍ വ്‌ളാദിമര്‍ പുടിന്‍ 5300 കോടി ചെലവഴിച്ചു. അമേരിക്കയിലെ ‘ഫാദര്‍ ഹുഡ് ഇനീഷ്യേറ്റീവ്’ നല്‍കി വരുന്ന ‘ഫാദര്‍ഹുഡ് അവാര്‍ഡ്’ കൂടുതല്‍ കുട്ടികളെ രാജ്യത്തിനു സമ്മാനിക്കുന്നവര്‍ക്കുള്ള അംഗീകാരമാണ്. ആസ്‌ത്രേലിയ പോലുള്ള നാടുകളില്‍ അനധികൃത കുടിയേറ്റക്കാര്‍ക്കു പോലും പൗരത്വം നല്‍കി വരുന്നു. ഈയിടെ മുനമ്പം ഹാര്‍ബര്‍ വഴിയുള്ള മനുഷ്യക്കടത്ത് വളരെയധികം വാര്‍ത്തയായതാണല്ലോ. സിംഗപ്പൂര്‍ എന്ന കൊച്ചു രാഷ്ട്രത്തിന്റെ ഇന്നു കാണുന്ന വികസനത്തിനു കാരണവും ജനസംഖ്യയിലെ വര്‍ധനവാണ്.

എന്നാല്‍ സാമ്രാജ്യത്വത്തിന്റെ പാദസേവകരായ മാധ്യമങ്ങളും എന്‍.ജി.ഒകളും നിയന്ത്രിക്കുന്ന; മസ്തിഷ്‌ക പ്രക്ഷാളത്തിനു വിധേയരായ നാം ഇന്ന് കുടുംബാസൂത്രണ പദ്ധതികള്‍ എന്ന ഓമനപ്പേരിലുള്ള വന്ധ്യംകരണ പരിപാടികളുമായി മുന്നോട്ടു പോവുകയാണ്. 2018ല്‍ യു.എന്‍ പുറത്തുവിട്ട കണക്കു പ്രകാരം ചൈനക്ക് തൊട്ടു പിന്നില്‍ 136.2 കോടി ജനസംഖ്യയുമായി രണ്ടാമതാണ് നമ്മുടെ രാജ്യം. നമ്മുടെ ഏറ്റവും വലിയ കരുത്ത് മാനവവിഭവശേഷിയാണ്. ജനനനിരക്ക് നിയന്ത്രിക്കാനായി ഗര്‍ഭനിരോധന ഉപാധികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ‘നാം ഒന്ന്, നമുക്കൊന്ന്’ എന്ന നിലപാടില്‍ നിന്ന് ‘നാം ഒന്ന്, നമുക്ക് എന്തിന്?’ എന്ന അവസ്ഥയിലേക്ക് അധഃപതിക്കുകയാണ് നമ്മുടെ സമൂഹം. മാനവവിഭവശേഷിയെ ക്രിയാത്മകവും സൃഷ്ടിപരവുമായി ഉപയോഗിക്കുന്നതിനു പകരം നാം നമ്മുടെ പതനത്തിനുള്ള വഴിയൊരുക്കുകയാണ്.

ഒരു സത്യവിശ്വാസിക്ക് മുതലാളിത്ത തമ്പുരാക്കന്മാരുടെ പേടിപ്പെടുത്തലിനു മുന്നില്‍ ഇതികര്‍ത്തവ്യതാമൂഢനായി ഇരിക്കേണ്ട ആവശ്യമില്ല. ഭൂമിയെയും മനുഷ്യനെയും സൃഷ്ടിച്ച ജഗന്നിയന്താവിന്റെ വാക്കുകളാണ് അവന്റെ ഊര്‍ജം. 

”ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റെടുത്തതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥാനവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്” (ക്വുര്‍ആന്‍ 11:6). 

സൂക്ഷ്മ പ്രപഞ്ചത്തെയും സ്ഥൂല പ്രപഞ്ചത്തെയും സംവിധാനച്ച സ്രഷ്ടാവിന്റെ വാഗ്ദാനങ്ങളെ അവഗണിച്ചു ജീവിച്ച  ഭൗതികതയുടെ ഉപാസകന്മാര്‍ ഇന്ന് തങ്ങളുടെ അപചയത്തെ ഓര്‍ത്ത് വിലപിക്കുകയാണ്. 

‘ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു” (ക്വുര്‍ആന്‍ 17:31). 

മനുഷ്യന്റെ ഉപജീവനത്തിന്റെ ബാധ്യത സ്രഷ്ടാവ് ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ പിന്നെ നാം എന്തിന് ആശങ്കപ്പെടണം? മുന്നാംലോക രാജ്യങ്ങളുടെ മേലുള്ള തങ്ങളുടെ മേല്‍ക്കോയ്മ നഷ്ടപ്പെടാതിരിക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ പടച്ചുവിടുന്ന ഇത്തരം തന്ത്രങ്ങളില്‍ വഞ്ചിതരാകാതിരിക്കുക.

 

ഫൈസല്‍ അനന്തപുരി,
ജാമിഅ അല്‍ഹിന്ദ്

ഇസ്‌ലാം വിമര്‍ശകരുടെ ഇസ്‌ലാം ആശ്ലേഷണം

ഇസ്‌ലാം വിമര്‍ശകരുടെ ഇസ്‌ലാം ആശ്ലേഷണം

എണ്ണമറ്റ വിമര്‍ശനങ്ങളാണ് ദിനംപ്രതിയെന്നോണം ഇസ്‌ലാമിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. കടുത്ത മതാന്ധത മൂലവും തെറ്റുധാരണകളുടെ അടിസ്ഥാനത്തിലുമാണ് ഇതില്‍ ഏറിയ പങ്കും വിരചിതമായിട്ടുള്ളത്. എന്നാല്‍ വസ്തുനിഷ്ഠവും സോദ്ദേശ്യപൂര്‍വവുമുള്ള വിമര്‍ശനങ്ങളെ ഇസ്‌ലാം എന്നും സ്വാഗതം ചെയ്തിട്ടേയുള്ളു. അത്തരം വിമര്‍ശകരില്‍ പലരും പിന്നീട് ഇസ്‌ലാം പുല്‍കിയിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷിയാണ്. കടുത്ത ഇസ്‌ലാം വിമര്‍ശകനും ഹോളണ്ടിലെ ഫ്രീഡം പാര്‍ട്ടിയുടെ മെമ്പറുമായിരുന്ന ജോറം വാന്‍ ക്ലാവെറെന്റെ ഇസ്‌ലാം ആശ്ലേഷണത്തിന്റെ പിന്നിലും ഈ വൈജ്ഞാനിക സത്യസന്ധത ദര്‍ശിക്കാനാവും.

ജോറം വാന്‍ ക്ലാവെറെന്റെ ഇസ്ലാം ആശ്ലേഷണം ഇസ്ലാം വിരുദ്ധ കേന്ദ്രങ്ങളില്‍ വലിയ ഞെട്ടലുളവാക്കിയിരിക്കുകയാണ്. കടുത്ത ഇസ്ലാം- മുസ്ലിം വിരുദ്ധ പ്രചാരണത്തിന്റെ വക്താവ് കൂടിയായിരുന്ന ഈ നാല്‍പതുകാരന്‍ ഹോളണ്ടിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവും ഫ്രീഡം പാര്‍ട്ടിയുടെ പാര്‍ലമെന്റ് മെമ്പറുമായിരുന്നു. വിമോചനം, സമത്വവാദം, വര്‍ഗവിവേചനം ഇല്ലാതാക്കല്‍, തൊഴില്‍ ജനസംഖ്യ അനുപാതം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലായിരുന്നു ജോറം കേന്ദ്രീകരിച്ചിരുന്നത്. 2014 ലെ തെരഞ്ഞെടുപ്പിന് ശേഷം ഫ്രീഡം പാര്‍ട്ടിയുടെ സമുന്നത നേതാവായ ഗീര്‍ട്ട് വില്‍ഡേഴ്‌സ് ഹോളണ്ടിലെ മൊറോക്കന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ അഭിപ്രായപ്രകടനങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് ജോറം പാര്‍ട്ടി വിടുകയായിരുന്നു. സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്ന ജോറം ഇസ്ലാം വിമര്‍ശനത്തിന് വേണ്ടിയുള്ള ഗവേഷണത്തിലും രചനയിലുമായിരുന്നു പിന്നീട് സമയം ചെലവഴിച്ചത്. ‘ഇസ്ലാം കാപട്യമില്ലാത്ത കളവ്’, ‘ക്വുര്‍ആന്‍ വിഷമയം’, ‘മുഹമ്മദ് ഒരു വക്രബുദ്ധി’ തുടങ്ങിയ കമന്റുകള്‍ നിരന്തരം ഉപയോഗിച്ചു വന്നിരുന്ന ജോറം ഇസ്ലാമിനെ ഭീകരതയുടെയും നാശത്തിന്റെയും പ്രത്യയശാസ്ത്രമായി അവതരിപ്പിച്ചു. നേരത്തെ പ്രൊട്ടസ്റ്റന്റ് ചിന്താഗതി പിന്തുടര്‍ന്നു വന്നിരുന്ന ജോറം ഇസ്ലാം വിമര്‍ശനത്തിന് വേണ്ടി ധാരാളം സമയം ചെലവഴിച്ചിരുന്നുവെങ്കിലും ‘മതം’ എന്ന പ്രയോഗത്തിന്റെ അര്‍ഥതലങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലും മുഴുകിയിരുന്നു. ഇസ്ലാം മാനവികതയുടെ പ്രത്യയശാസ്ത്രമാണെന്നും മുഹമ്മദ് നബിﷺ  കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രവാചകനാണെന്നും മനസ്സിലാക്കി യഥാര്‍ഥ ദൈവിക മതത്തെ അദ്ദേഹം കണ്ടെത്തിയതോടെ മതത്തെ കുറിച്ചുള്ള ഗവേഷണം അവസാനിപ്പിക്കുകയാണുണ്ടായത്.

ഇസ്ലാമിനെതിരെ ഒരു സമ്പൂര്‍ണ പുസ്തകത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു ജോറം. ഇസ്ലാമില്‍ നില നില്‍ക്കുന്ന സംഘര്‍ഷങ്ങള്‍, ജൂത വിരുദ്ധ നിലപാടുകള്‍, മുസ്ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥ, ഇസ്ലാമിലെ സ്ത്രീ നിന്ദ തുടങ്ങിയ വിഷയങ്ങളാണ് ഇസ്ലാമിനെതിരെ പുസ്തകം രചിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഗ്രന്ഥരചന നിര്‍വഹിക്കാന്‍ വിവിധങ്ങളായ ഇസ്ലാമിക ഗ്രന്ഥങ്ങളും ലേഖനങ്ങളും ക്വുര്‍ആന്‍ വ്യാഖ്യാനങ്ങളും പരിശോധിക്കേണ്ടി വന്നതോടെ എഴുത്തില്‍ അദ്ദേഹത്തിന് ‘സംയമനം’ പാലിക്കേണ്ടി വന്നു. ഇസ്ലാമിക തീവ്രവാദം എന്ന ഒന്നില്ലെന്നും അതെല്ലാം ശത്രുക്കളുടെ ആരോപണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കണ്ടെത്തി. പുസ്തകരചനയില്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചിരുന്ന പലരും പുസ്തകം ഉദ്ദേശിച്ച രൂപത്തില്‍ ആകുന്നില്ലെന്നു കണ്ടപ്പോള്‍ വിമര്‍ശനവുമായി കടന്നുവന്നു. ഈ എഴുത്ത് വളരെ വരണ്ടതാണെന്നും അല്പംകൂടി തീവ്ര സ്വഭാവത്തില്‍ എഴുതണമെന്നും പലരും നിര്‍ബന്ധിച്ചു. പക്ഷേ, സത്യസന്ധമായിട്ടല്ലാതെ അതിരുകവിഞ്ഞ എഴുത്തുകളെഴുതി തട്ടിപ്പുകള്‍ നടത്താന്‍ സാധ്യമല്ലെന്നു അദ്ദേഹം തീരുമാനിച്ചു. മുന്‍ധാരണയോടെ എഴുതിയത് പലതും തിരുത്തി കൃത്യമായ പോയിന്റുകളോട് കൂടി മാത്രം എഴുതി വന്നപ്പോള്‍ അതൊരു ഇസ്ലാം അനുകൂല എഴുത്തായി മാറി. ഈ എഴുതുന്നതെല്ലാം താന്‍ അംഗീകരിച്ചുകൊണ്ട് എഴുതുന്നതാണെങ്കില്‍ അതോടു കൂടി തന്നെ താനൊരു മുസ്ലിമായി മാറുമെന്ന് അദ്ദേഹം മനസ്സിലാക്കി. നിത്യേന ഉപയോഗിച്ചുവന്നിരുന്ന ബൈബിള്‍ മേശപ്പുറത്തു വെച്ചുകൊണ്ട് തന്നെയാണ് വളരെ വെറുപ്പോടു കൂടി കണ്ടിരുന്ന ഇസ്ലാമിക ഗ്രന്ഥങ്ങള്‍ അതേ മേശപ്പുറത്ത് വെച്ച് വിമര്‍ശന പഠനങ്ങള്‍ നടത്തിയിരുന്നതെന്നും അദ്ദേഹം പറയുന്നു. ഇസ്ലാമിനോട് തനിക്ക് കടുത്ത വിരോധം ഉണ്ടായിരുന്നെങ്കിലും താനൊരു യഥാര്‍ഥ ദൈവാന്വേഷി ആയിരുന്നുവെന്നും ആ അന്വേഷണത്തിന്റെ ഉത്തരമാണ് ഇസ്ലാമിലൂടെ തനിക്കിപ്പോള്‍ ലഭിച്ചതെന്നും ജോറം വ്യക്തമാക്കി. 

ജോറം ഇസ്ലാം സ്വീകരിച്ചെന്നറിഞ്ഞപ്പോള്‍ ഭാര്യയുടെ പ്രതികരണം വളരെ പോസിറ്റിവ് ആയിരുന്നു. ഇസ്ലാമിലാണ് താങ്കള്‍ സന്തോഷം കണ്ടെത്തുന്നതെങ്കില്‍ അതിനെ തടയില്ലെന്ന് അവര്‍ പറഞ്ഞതായി ജോറം മാധ്യമങ്ങളോട് പറഞ്ഞു. ഫ്രീഡം പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്നപ്പോളും ഭാര്യ അത്ര സന്തോഷവതി ആയിരുന്നില്ലെന്നും ജോറം പറഞ്ഞു. തന്റെ പെണ്‍മക്കള്‍ക്ക് ഇപ്പോള്‍ ഇതിനെ കുറിച്ച് ചിന്തിക്കാനുള്ള പ്രായമായില്ലെന്നും അതിനുള്ള പക്വത കൈവരുമ്പോള്‍ അവര്‍ സ്വയം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സഹാദരന്മാര്‍ക്കും സഹോദരിമാര്‍ക്കും സമ്മിശ്ര പ്രതികരണമാണുള്ളത്. സുഹൃത്തുക്കളില്‍ പലരില്‍ നിന്നും പ്രോത്സാഹനജനകമായ നിലപാടല്ല ഉണ്ടായിട്ടുള്ളത്. മാധ്യമങ്ങളില്‍ ചിലര്‍ വളരെ രൂക്ഷമായ പ്രതികരണവുമായി പ്രത്യക്ഷപ്പെട്ടു. പക്ഷേ, എന്റെ നിലപാടുകള്‍ സ്വതന്ത്രമാണ്. ഫ്രീഡം പാര്‍ട്ടിയുടെ നേതാവായിരുന്നപ്പോളും പല കാര്യങ്ങളിലും പലരും വിമര്‍ശിച്ചിട്ടുണ്ടെന്നും അതുകൊണ്ട് വിമര്‍ശനങ്ങളെ താന്‍ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

പേരുമാറ്റത്തെ കുറിച്ചല്ല താനിപ്പോള്‍ ചിന്തിക്കുന്നതെന്നും ക്വുര്‍ആന്‍ പഠിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും ഫാതിഹയും ഇഖ്ലാസും മാത്രമാണ് ഇപ്പോള്‍ അറിയാവുന്നത് എന്നും ജോറം പറയുന്നു. അതുകൊണ്ട് തന്നെ ‘എനിക്കും ക്വുര്‍ആന്‍ പഠിക്കണം’ (I learn Kuran) എന്ന ഒരു ചെറുപുസ്തകത്തിന്റെ രചന  ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. പത്ത് വയസ്സ് വരെയുള്ള കുട്ടികളെ കൂടി ഉദ്ദേശിച്ചുകൊണ്ടാണ് ഈ ‘പിങ്ക് പുസ്തകം’ എന്നും അദ്ദേഹം പറഞ്ഞു. 

കടുത്ത ഇസ്ലാം വിമര്‍ശകനായിരുന്നു ഒരാളെ പെട്ടെന്ന് ഡച്ച് മുസ്ലിംകള്‍ അംഗീകരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി വളരെ കൃത്യമായിരുന്നു. ‘ഞാന്‍ മുസ്ലിമായത് മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടി മാത്രമാണ്. ആരൊക്കെ എന്തൊക്കെ നിലപാട് എടുത്താലും എന്റെ നിലപാടില്‍ മാറ്റമില്ല’. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ: ‘ക്രൈസ്തവതയില്‍ ഒരുപാട് നന്മകളുണ്ട്. പക്ഷേ, കുരിശുമരണം, ആദിപാപം, ത്രിയേകത്വം തുടങ്ങിയ വിഷയങ്ങളോട് എനിക്ക് ഒട്ടും സമരസപ്പെട്ടു പോവാന്‍ സാധ്യമല്ല. അവയില്‍ എനിക്കൊട്ടും വിശ്വാസമില്ല എന്നതുകൊണ്ട് തന്നെ എന്നെ ആരും ക്രിസ്ത്യന്‍ എന്ന് വിളിക്കേണ്ടതില്ല.’

ഹോളണ്ടിലെ മൊറോക്കന്‍ ജനതയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ: ‘ഇസ്ലാമിനെ പ്രതിക്കൂട്ടില്‍ കയറ്റുന്നതിനോട് യോജിക്കാന്‍ കഴിയില്ല. അവരില്‍ തീവ്രതയുണ്ടെങ്കില്‍ അത് ഇസ്ലാമിന്റെ പ്രശ്‌നമല്ല. അതൊരു ജനതയുടെ മാത്രം പ്രശ്‌നമായി കാണണം. ഹോളണ്ടിനെതിരെ ഇസ്ലാമിന്റെ പേരില്‍ ആരെങ്കിലും ഭീകരപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കില്‍ അംഗീകരിക്കാന്‍ കഴിയില്ല. ഇസ്ലാമിന്റെ പേരില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏഴാം നൂറ്റാണ്ടില്‍ ഖവാരിജുകള്‍ തുടങ്ങിവെച്ചതാണ്. അതിനു ഇസ്ലാമല്ല കാരണം. ഖവാരിജുകളുടെ ചിന്താഗതികള്‍ അസ്തമിച്ചിട്ടില്ല, അതിന്റെ ആധുനിക രൂപമാണ് ഐ.എസ് മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ അജ്ഞതകള്‍ കാരണം തീവ്ര നിലപാടുകള്‍ പുലര്‍ത്തുന്നവരുണ്ട്. അവരെ വിദ്യാഭ്യാസവല്‍ക്കരിക്കുകയാണ് പരിഹാരമാര്‍ഗം.’

മതസംഘര്‍ഷം, സ്ത്രീ നിന്ദ, ജൂത വിരോധം തുടങ്ങിയ വിഷയങ്ങളില്‍ കുറെ അതിശയോക്തികളാണുള്ളത്. ക്രിസ്തീയ മതം ഇസ്ലാം മതത്തോട് മത്സരിച്ചപ്പോള്‍ ഇസ്ലാം മതത്തിന്റെ മുഖത്തെ വികൃതമാക്കാന്‍ ചില ‘അയോഗ്യതകള്‍’ ഇസ്ലാമിന് നേരെ കൊണ്ടുവരികയും അത് ശക്തമായ പ്രചാരണമാക്കി മാറ്റുകയും ചെയ്തു. ഇസ്ലാം സംഘര്‍ഷമാണെന്നും മുസ്ലിം സ്ത്രീകള്‍ ഒട്ടും സ്വാതന്ത്ര്യമില്ലാത്തവരാണെന്നും തുടങ്ങിയ പ്രചാരണങ്ങള്‍ ഇങ്ങനെ വളര്‍ന്നു വന്നതാണെന്നും ജോറം പറഞ്ഞു. 

ഡച്ച് ഫ്രീഡം പാര്‍ട്ടിയില്‍ നിന്നും ഒരാള്‍ ആദ്യമായിട്ടല്ല ഇസ്ലാം സ്വീകരിക്കുന്നത്. ഇതിനു മുമ്പ് മറ്റൊരു എം.പി കൂടി ആയിരുന്ന ആര്‍നോഡ് വാന്‍ ഡൂണ്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. അതിന്റെ പശ്ചാത്തലം അതേ പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന ഗീര്‍ട്ട് വില്‍ഡേഴ്‌സ് ആവിഷ്‌കരിച്ച ‘ഫിത്‌ന’ എന്ന ഇസ്ലാം വിരുദ്ധ സിനിമയായിരുന്നു. ലോക മുസ്ലിംകളുടെ മുഴുവന്‍ പ്രതിഷേധവും അലയടിച്ച സിനിമയായിരുന്നു വില്‍ഡേഴ്സിന്റെ ‘ഫിത്‌ന’. 2008 ല്‍ പുറത്തിറങ്ങിയ സിനിമക്കെതിരെ വന്ന മുസ്ലിം ലോകത്തിന്റെ രചനാത്മകമായ പ്രതികരണമായിരുന്നു ആര്‍നോഡിന്റെ മനം മാറ്റത്തിന്റെ പിന്നില്‍. സിനിമ വിതരണം ചെയ്തതില്‍ വലിയ ഖേദം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 

‘ഫിത്‌ന’ എന്ന സിനിമ യൂറോപ്പിലുണ്ടാക്കിയ അലയൊലികള്‍ വലുതായിരുന്നു. ഇസ്ലാം വിമര്‍ശനത്തിന്റെ പേരില്‍ ലോകം അതിനെ അറിഞ്ഞപ്പോള്‍ ആ സിനിമയുടെ ഉള്ളടക്കത്തെ അപഗ്രഥിക്കാനാണ് മുസ്ലിം പണ്ഡിതര്‍ ശ്രമിച്ചത്. ഇസ്ലാം വിമര്‍ശിക്കപ്പെടരുതെന്ന അഭിപ്രായം മുസ്ലിംകള്‍ക്കില്ല. പക്ഷേ, വിമര്‍ശനങ്ങള്‍ തെറ്റിദ്ധരിപ്പിക്കല്‍ മാത്രം ലക്ഷ്യമാക്കപ്പെട്ടുകൊണ്ടായിരിക്കരുത്. ഏതൊരു ആദര്‍ശവും വിമര്‍ശിക്കപ്പെടുക സ്വാഭാവികമാണ്. ആരോഗ്യകരമായ വിമര്‍ശനങ്ങളും നിരൂപണങ്ങളും ആവിഷ്‌ക്കാരങ്ങളും മനുഷ്യസമൂഹത്തിന്റെ ചിന്താ മണ്ഡലങ്ങളില്‍ ഗുണപരമായ ചലനങ്ങള്‍ സൃഷ്ടിക്കും. ഇസ്ലാമിനെക്കുറിച്ചും ഇസ്ലാമികാദര്‍ശത്തെക്കുറിച്ചുമുള്ള പരാമര്‍ശങ്ങളെ മുസ്ലിംലോകം കണ്ണടച്ച് എതിര്‍ക്കാറില്ല. ഇസ്ലാമിനെതിരെ ആര്‍ക്കും ഒന്നും പറയാന്‍ അവകാശമില്ലെന്ന ധാരണയും മുസ്ലിംകള്‍ വെച്ചു പുലര്‍ത്താറില്ല. അബദ്ധധാരണകളില്‍ നിന്നും അജ്ഞതയില്‍ നിന്നും തെറ്റിദ്ധരിപ്പിക്കലുകളില്‍ നിന്നും ഉല്‍ഭൂതമാകുന്ന ചോദ്യങ്ങളെയും വിമര്‍ശനങ്ങളെയും ഇസ്ലാം ശത്രുതാപരമായി കാണാറില്ല. സദുദ്ദേശപരമായി അത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുകയും വിമര്‍ശിക്കുകയും ചെയ്തവരില്‍ പലര്‍ക്കും പിന്നീട് യഥാര്‍ഥ ദൈവിക മാര്‍ഗത്തെ പുല്‍കാന്‍ സാധിച്ചതായി നമുക്കു കാണാം. അതുതന്നെയാണ് ഇപ്പോള്‍ ആര്‍നോഡിന്റെയും ക്ലാവറെന്റെയും കാര്യത്തില്‍ നാം കണ്ടത്. 

സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തിന് മനുഷ്യനോളം പഴക്കമുണ്ട്. അസത്യം ചില സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക വിജയം നേടാറുണ്ടെന്നത് ശരിയാണെങ്കിലും അന്തിമ വിജയം എപ്പോഴും സത്യത്തിന്റെ കൂടെയാണ്. പരാജയപ്പെടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നത് അസത്യത്തിന്റെ മാത്രം സവിശേഷതയാണ്. ഭൂതകാലങ്ങളില്‍ ഇതുപോലെയുള്ള ഒട്ടനവധി ഗൂഢപദ്ധതികളെ ഇസ്ലാം അതിജീവിച്ചു. കാരണം അത് ദൈവികമതമാണ്. ഇസ്ലാമികാദര്‍ശത്തെ സംരക്ഷിക്കുകയെന്നത് ദൈവിക നിയമങ്ങളില്‍ പെട്ടതാണ്. 

യൂറോപ്പില്‍ ഇസ്ലാം ദ്രുതഗതിയില്‍ പടര്‍ന്നു പന്തലിക്കുന്നതിനെ തടയിടുന്നതിനാണ് ചിലര്‍ തെറ്റിദ്ധാരണാജനകമായ സിനിമകളും ആവിഷ്‌കാരങ്ങളും നിരന്തരം പടച്ചുവിടുന്നത്. മുസ്ലിം സമുദായത്തെ പ്രകോപിപ്പിക്കുകയും അതിലൂടെ മുസ്ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്. പതിനേഴ് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ‘ഫിത്‌ന’ ഇത്തരത്തിലുള്ള ലക്ഷ്യങ്ങളോടെ പിറന്നുവീണ ക്ഷുദ്രാവിഷ്‌കാരമാണ്. 

ഇസ്ലാം വിമര്‍ശകര്‍ ഇത്തരത്തിലുള്ള ക്ഷുദ്രാവിഷ്‌കരണത്തിലൂടെ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന തെറ്റിദ്ധരിപ്പിക്കലുകളെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം.

1. വിശുദ്ധ ക്വുര്‍ആനിലെ വചനങ്ങളെ അസാന്ദര്‍ഭികമായി ഉദ്ധരിക്കുകയും അര്‍ഥത്തില്‍ ഗുരുതരമായ കൃത്രിമങ്ങള്‍ നടത്തുകയും ചെയ്യുക.

ഉദാഹരണം: പ്രതിരോധ സന്നാഹങ്ങള്‍ ഒരുക്കുന്നതിന്നായി അവതരിക്കപ്പെട്ട വചനം:

‘അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും കെട്ടി നിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതു മുഖേന അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുവെയും അവര്‍ക്കു പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റു ചിലരെയും നിങ്ങള്‍ ഭയപ്പെടുത്താന്‍ വേണ്ടി’ (ക്വുര്‍ആന്‍ 8:60). ഈ വചനത്തിലെ ‘ഭയപ്പെടുത്താന്‍’ എന്ന പദം അടര്‍ത്തിയെടുത്ത് ഇസ്ലാം ഭീകരതക്ക് പ്രേരിപ്പിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.

യഥാര്‍ഥത്തില്‍ ഇന്ന് ലോക രാഷ്ട്രങ്ങളെല്ലാം സ്വന്തം രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിനു വേണ്ടിയും ശത്രു രാജ്യങ്ങളില്‍ നിന്നുള്ള അക്രമങ്ങളെ ചെറുക്കുന്നതിനു വേണ്ടിയും സൈന്യ സന്നാഹങ്ങള്‍ നടത്തുന്നതും ആയുധങ്ങള്‍ ശേഖരിക്കുന്നതും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതായ പ്രതിരോധ സംവിധാനങ്ങളുണ്ട്. അതിനെ ആരും ഭീകരവാദമായി കാണാറില്ല. അതിന്റെ ആവശ്യവുമില്ല. സമാധാനം ആഗ്രഹിക്കുന്നവരുമായി ഇസ്ലാം യുദ്ധം പാടില്ലെന്ന് പഠിപ്പിച്ചു. സമാധാനത്തിനു തയ്യാറായി വരുന്നവരുമായി ഉടനെ സമാധാന ഉടമ്പടികള്‍ ചെയ്യണമെന്ന് നടേ സൂചിപ്പിച്ച സൂക്തത്തിനു ശേഷം വരുന്ന വചനം പഠിപ്പിക്കുകയും ചെയ്യുന്നു. ‘ഇനി അവര്‍ സമാധാനത്തിലേക്ക് ചായ്‌വ് കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക് ചായ്‌വ് കാണിക്കുകയും അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുക.’ (ക്വുര്‍ആന്‍ 8:61).

ഇസ്ലാം ഭീകരതായാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വില്‍ഡര്‍സ് ദുര്‍വ്യഖ്യാനിച്ച് അവതരിപ്പിച്ച മറ്റൊരു ക്വുര്‍ആനിക വചനം ഇപ്രകാരമാണ്: ‘തീര്‍ച്ചയായും നമ്മുടെ തെളിവുകളെ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തു പോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ച് കൊണ്ടിരിക്കാന്‍ വേണ്ടിയാണത്.’ (ക്വുര്‍ആന്‍ 4:56).

ഇസ്ലാമിന്റെ വിമര്‍ശകരെ മുഴുവന്‍ കത്തിച്ചു കളയണമെന്നാണത്രെ ഈ വചനം പഠിപ്പിക്കുന്നത് സത്യ നിഷേധികള്‍ക്ക് സര്‍വശക്തനായ തമ്പുരാന്‍ പരലോകത്ത് സമ്മാനിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഈ വചനത്തെ എത്ര ക്രൂരമായാണ് വില്‍ഡര്‍സ് ദുര്‍വ്യാഖ്യാനിച്ചിരിക്കുന്നത്! ഇസ്ലാമിന്റെ ‘ക്രൂരതകളെ’ മാത്രം അന്വേഷിച്ചിറങ്ങിയ വിമര്‍ശകന്‍ തൊട്ടടുത്ത വചനം കാണാതെ പോയത് അയാളിലെ ഇസ്ലാം വിരുദ്ധ വികാരത്തിന്റെ ആഴത്തെ നമുക്കു മനസ്സിലാക്കിത്തരുന്നു: ‘വിശ്വസിക്കുകയും സല്‍ പ്രവൃത്തികളിലേര്‍പ്പെടുകയും ചെയ്തവരാകട്ടെ താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നാം അവരെ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ടായിരിക്കും. സ്ഥിരവും ഇടതൂര്‍ന്നതുമായ തണലില്‍ നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും.’ (ക്വുര്‍ആന്‍ 4:57).

2. കല്‍പിത ചിത്രങ്ങളും കെട്ടിച്ചമയ്ക്കപ്പെട്ട കഥകളുമാണ് വിമര്‍ശകരുടെ മറ്റു ചില ആയുധങ്ങള്‍

ഉദാഹരണം: ശിയാക്കളിലെ റാഫിദ വിഭാഗത്തില്‍പ്പെട്ടവര്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് സ്വയം മുറിവേല്‍പിക്കുകയും അവരുടെ ശിരസ്സുകളില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുകയും ചെയ്യുന്ന ഒരു ചിത്രം ഇസ്ലാമിന്റെ ഭീകരതക്കുദാഹരണമായി വില്‍ഡര്‍സ് കാണിക്കുന്നു. ഒന്നാമതായി ഇസ്ലാമിക ശരീഅത്ത് ഇങ്ങനെ ഒരാചാരം പഠിപ്പിക്കുന്നില്ല. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പേരില്‍ നിരവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. അവയിലൊന്നാണിതെന്ന് വിമര്‍ശകന് അറിയാഞ്ഞിട്ടല്ല. മറ്റു മതസ്ഥരെ ഇസ്ലാം പഠിപ്പിക്കാത്ത ഈ അനാചരത്തിലൂടെ ശിയാക്കള്‍ കുത്തിപ്പരിക്കേല്‍പിക്കുന്നില്ല എന്ന കാര്യവും വിമര്‍ശകനറിയാഞ്ഞിട്ടല്ല. എങ്കിലും ഇതിലൂടെ സാമാന്യ ലോകത്തിനു മുമ്പില്‍ ഇസ്ലാമിനെ മോശമായി ചിത്രീകരിക്കാന്‍ സാധിക്കുമല്ലോ എന്ന ആത്മനിര്‍വൃതിയാണ് അയാള്‍ക്ക് പ്രേരണയാവുന്നത്.

3. മുസ്‌ലിംകളെയും ഇതര മതസ്ഥരെയും തമ്മിലടിപ്പിക്കാന്‍ വേണ്ടി മാത്രം നിര്‍മിച്ച ചില വീഡിയോ ക്ലിപ്പിംഗുകള്‍.

ഉദാഹരണം: വാളെടുത്ത് യുദ്ധത്തിന് പ്രേരിപ്പിക്കുന്ന ഒരു ഖത്വീബിന്റെ വീഡിയോ ചിത്രമാണ് മറ്റൊന്ന്. വെള്ളിയാഴ്ച ദിവസങ്ങളില്‍ ലോകത്തുള്ള നിരവധി മുസ്ലിം പള്ളികളില്‍ ജുമുഅ നിര്‍വഹിക്കപ്പെടുന്നുണ്ട്. അവിടങ്ങളിലൊക്കെ പരലോകവിജയം കൈവരിക്കാന്‍ ഇഹലോകജീവിതത്തില്‍ ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നാണ് പഠിപ്പിക്കപ്പെടുന്നത്. സാമ്രാജ്യത്വ ശക്തികള്‍ പഠിപ്പിക്കുന്നതു പോലെ ലോകജനതയെ ആകമാനം കൊന്നൊടുക്കുവാന്‍ ഖത്വീബുമാര്‍ ആഹ്വാനം ചെയ്യാറില്ല. വിശുദ്ധ ക്വുര്‍ആന്‍ അപ്രകാരം ഉപദേശിക്കുന്നില്ല. മുഹമ്മദ് നബിﷺ  അത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല. ധാരാളം മുസ്ലിംകള്‍ കൊന്നൊടുക്കപ്പെട്ടിട്ടും ഒട്ടനവധി പീഡനങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടിട്ടും അങ്ങേയറ്റം അപഹാസിതനാവേണ്ടി വന്നിട്ടും പ്രവാചകന്‍ﷺ  പ്രതികാര നടപടി സ്വീകരിച്ചില്ല. പ്രവാചകനെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ടവരോട് വിട്ടുവീഴ്ചയുടെ മന്ത്രധ്വനികളുയര്‍ത്തുകയാണ് ആ മഹാനുഭാവന്‍ ചെയ്തത്. ‘നിങ്ങള്‍ക്ക് പോകാം; നിങ്ങള്‍ മോചിതരാണ്’ എന്ന ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രഖ്യാപനമാണ് പ്രവാചകന്‍ നടത്തിയത്. അതാണ് ഇസ്ലാമിന്റെ മാര്‍ഗം. അതാണ് മുസ്ലിംകള്‍ മാതൃകയാക്കുന്നതും മാതൃകയാക്കേണ്ടതും.

‘ഫിത്‌ന’ പോലെയുള്ള സിനിമകള്‍ നിര്‍മിക്കുന്നവരുടെ ഉദ്ദേശം ഇപ്രകാരം നമുക്ക് വിലയിരുത്താം:

1. പ്രസിദ്ധി, തിരഞ്ഞെടുപ്പിലെ വിജയം തുടങ്ങിയ വ്യക്തിപരമായ നേട്ടം.

2. ജൂതന്മാരെ പ്രീതിപ്പെടുത്തല്‍. ദശലക്ഷക്കണക്കിന് ജൂതന്മാരെ കൊന്നൊടുക്കിയത് ക്രിസ്ത്യന്‍ സമുദായ ത്തില്‍പ്പെട്ട ഹിറ്റ്‌ലറാണെന്ന കാര്യം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ഹിറ്റ്‌ലര്‍ തന്റെ പുസ്തകത്തില്‍ ഇത് ദൈവികല്‍പനപ്രകാരമാണെന്ന് പറഞ്ഞതും ഇത്ര പെട്ടെന്നു മറക്കാന്‍ സാധിക്കുമോ? ഗാസയിലും മറ്റു പലസ്തീന്‍ പ്രവിശ്യകളിലും ജൂതന്മര്‍ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന മുസ്ലിം ജനതയുടെ എണ്ണത്തിന് വല്ല കണക്കുമുണ്ടോ? ഗാസയിലെ ഓപറേഷനെ ‘പൂര്‍ണ നശീകരണം’ (holocaust) എന്നു വിളിച്ച് ആത്മാഭിമാനം പ്രകടിപ്പിച്ചവരാണ് ജൂത വിഭാഗം എന്നതും എന്തിന് മറക്കുന്നു?

3. യൂറോപ്പിലാകമാനം ഇസ്ലാം പടര്‍ന്നു പന്തലിക്കുന്നു എന്നു പ്രചരിപ്പിച്ച് പാശ്ചാത്യന്‍ രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുക.

മുസ്ലിംകള്‍ എങ്ങനെ പ്രതിരോധിക്കണം?

ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ അവ കാര്യങ്ങളെ വിവേചിച്ചറിയാവുന്ന പണ്ഡിതന്മാരിലേക്കും നേതാക്കളിലേക്കും മടക്കുവാനാണ് വിശുദ്ധ ക്വുര്‍ആനിന്റെ നിര്‍ദേശം. ‘സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നു കിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ അത് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു.’ (ക്വുര്‍ആന്‍ 4:83).

ഇസ്ലാം വിമര്‍ശകര്‍ ‘ഫിത്‌നകള്‍’ ആവിഷ്‌കരിച്ച് കുഴപ്പങ്ങള്‍ക്ക് മുതിരുമ്പോള്‍ അവയെ ബുദ്ധിപരമായും വൈജ്ഞാനികമായും നേരിടാനാണ് വിശ്വാസി സമൂഹം ശ്രമിക്കേണ്ടത്. സ്വന്തം നാടുകളില്‍ പ്രകടനങ്ങള്‍ നടത്തി സമാധാനാന്തരീക്ഷം തകര്‍ത്ത് രക്തച്ചൊരിച്ചിലുകള്‍ സൃഷ്ടിക്കുന്നത് വിശ്വാസികള്‍ക്ക് ഭൂഷണമല്ല. പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ മാത്രം ഇസ്ലാമിക ആവേശവും പ്രവാചകസ്‌നേഹവും ഉണ്ടാവുന്നതിനു പകരം ചെറുതും വലുതുമായ മുഴുവന്‍ കാര്യങ്ങളിലും ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുകയും പ്രവാചക നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുകയാണ് വേണ്ടത്. 

ഇസ്ലാമിനെക്കുറിച്ച് സ്വയം പഠിക്കാന്‍ തയ്യാറാവുകയും ഇസ്ലാമിക പ്രബോധന നിര്‍വഹണത്തില്‍ നിരതരാവുകയും ചെയ്യുക. ഇസ്ലാമിനെക്കുറിച്ച് പ്രചരിച്ചു കൊണ്ടിരിക്കുന്ന തെറ്റിദ്ധാരണകള്‍ തിരുത്തുവാന്‍ ഇത്തരം നടപടികളിലൂടെ മാത്രമെ സാധ്യമാവൂ. വിമര്‍ശനങ്ങളെ വൈകാരികമായി നേരിടുന്നതിന് പകരം കൃത്യമായ പഠനങ്ങളിലൂടെ മറുപടികള്‍ കണ്ടെത്തി ജനസമൂഹങ്ങളെ ബോധവല്‍ക്കരിക്കുക. മറുപടികളിലും പ്രതികരണങ്ങളും പക്വതയും സഹിഷ്ണുതയും കാത്തു സൂക്ഷിക്കുക. ആവേശത്തോടെയുള്ള ആക്രോശങ്ങളോ ഇടിവെട്ട് പ്രസംഗങ്ങളോ അല്ല, മനസ്സുകളെ സ്വാധീനിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്‌നേഹവും സമാധാനവും വിജ്ഞാനവും ഒത്തു ചേര്‍ന്ന അവധാനതയോടെയുള്ള മറുപടികളാണ് കാലഘട്ടം തേടുന്നത്.

 

സുഫ്‌യാന്‍ അബ്ദുസ്സലാം
നേർപഥം വാരിക

വിശ്വാസം: ഉല്‍പത്തി, യുക്തി, പ്രസക്തി

വിശ്വാസം: ഉല്‍പത്തി, യുക്തി, പ്രസക്തി

വിശ്വാസത്തെയും അവിശ്വാസത്തെയും സംബന്ധിക്കുന്ന തര്‍ക്കങ്ങള്‍ രണ്ടുകൂട്ടരുടെയും ലോകവീക്ഷണങ്ങളിലെ വ്യത്യാസം കൊണ്ടുള്ളതാണെന്ന് നാം മനസ്സിലാക്കി. ഈ ലോകവീക്ഷണ വ്യത്യാസം ചരിത്രത്തെ വിശദീകരിക്കുന്നതുമായി കൂടി ബന്ധപ്പെട്ടതാണ്. ലോകത്ത് വിശ്വാസവും  ആരാധനയും എന്ന് എങ്ങനെ ഉത്ഭവിച്ചു എന്നതിനെ പറ്റി ഭൗതികവാദികള്‍ക്കും ഇസ്‌ലാമിനും വ്യത്യസ്ത വ്യാഖ്യാനങ്ങളാണുള്ളത്.

വിശ്വാസത്തിന്റെ ഉല്‍പത്തി

വിശ്വാസത്തിന്റെ ഉല്‍പത്തിയെ പറ്റി ഭൗതികവാദികള്‍ വിശദീകരിക്കുന്നതും കലാലയങ്ങളില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ പഠിപ്പിക്കുന്നതും ഒരു അടിസ്ഥാനവുമില്ലാത്ത ചില അനുമാനങ്ങളാണ്. ‘പ്രകൃതിദുരന്തങ്ങളും ഹിംസ്ര ജന്തുക്കളുടെ ആക്രമണവും മനുഷ്യരെ അവയെ ഭയപ്പെടുന്നതിലേക്ക് എത്തിച്ചു. ആ ഭയം പിന്നീട് പ്രകൃതി ശക്തികളെ ആരാധിക്കുന്നതിലേക്ക് വഴിമാറി. പിന്നീട് ഈ പ്രകൃതി ശക്തികളുടെ പ്രതീകങ്ങളായി ചില മൂര്‍ത്തികളെ അവതരിപ്പിക്കുകയും അവയെ ആരാധിച്ചു പോരുകയും ചെയ്തു. ആ ഒരു രീതിയില്‍ ബഹുദൈവ ആരാധനാ രൂപങ്ങളായിരുന്നു ആദിമ സമൂഹങ്ങളില്‍ നിലനിന്നിരുന്നത്. കുറേക്കൂടി ബുദ്ധി വികസിച്ചപ്പോള്‍ ചിലര്‍ ഏകദൈവ വിശ്വാസത്തിലേക്ക് നീങ്ങി. വീണ്ടും പുരോഗമിച്ചപ്പോള്‍ ദൈവം തന്നെയില്ല എന്ന നിരീശ്വരവാദത്തിലേക്ക് മനുഷ്യന്‍ എത്തിച്ചേരുകയും ചെയ്തു.’ ഇതാണ് അനുമാനത്തിന്റെ ചുരുക്കം!

എന്നാല്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് ഇതിനോട് തീര്‍ത്തും വിരുദ്ധമായ ചരിത്രവസ്തുതയാണ്. മനുഷ്യചരിത്രത്തിന്റെ ഒന്നാം തീയതി മുതല്‍ക്കു തന്നെ മനുഷ്യന്‍ ഏകനായ സ്രഷ്ടാവിനുള്ള ആരാധന ആരംഭിച്ചിട്ടുണ്ടെന്നും തുടര്‍ന്ന് പൗരോഹിത്യത്തിന്റെയും സ്വാര്‍ഥരായ ഭൗതികതാല്‍പര്യക്കാരുടെയും ഇടപെടലുകള്‍ കൊണ്ട് മനുഷ്യര്‍ ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കുകയാണുണ്ടായത് എന്നുമാണ് ഇസ്‌ലാം വിശദീകരിക്കുന്നത്. അത്തരത്തിലുള്ള വ്യതിചലനങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രവാചകന്മാര്‍ കടന്നുവരികയും മനുഷ്യരെ ഏകദൈവ വിശ്വാസത്തിലേക്ക് തിരിച്ചു ക്ഷണിക്കുകയും ചെയ്യും. എങ്കിലും ഈ ഏകദൈവ വിശ്വാസത്തില്‍ നിന്നും തെറ്റിപ്പോകാനുള്ള പ്രവണത എക്കാലത്തും മനുഷ്യകുലം കാണിച്ചിട്ടുമുണ്ട്.

ഭൗതികവാദികള്‍ മുന്നോട്ട് വെക്കുന്നത് ബഹുത്വത്തില്‍ നിന്ന് എകത്വത്തിലേക്കും അതില്‍ നിന്ന് പൂര്‍ണ നിഷേധത്തിലേക്കുമുള്ള കേന്ദ്രീകരണ സ്വഭാവമുള്ള (converge) ഒരു മനുഷ്യപരിണാമ കഥയാണ്. മോശമായതില്‍ നിന്നും കൂടുതല്‍ കൂടുതല്‍ നല്ലതിലേക്കാന് മനുഷ്യന്‍ പരിണമിച്ചു കൊണ്ടിരിക്കുന്നത് എന്നാണവരുടെ കഥയുടെ ആകെത്തുക. എങ്കില്‍ ഏകദൈവ വിശ്വാസത്തില്‍ നിന്നും മനുഷ്യര്‍ ബഹുദൈവ വിശ്വാസങ്ങളിലേക്ക് തിരിച്ചുപോകാന്‍ പാടില്ലല്ലോ. എന്നാല്‍ ഇതിന് വിരുദ്ധമാണ് യാഥാര്‍ഥ്യം  എന്ന് ചരിത്രവും വര്‍ത്തമാനവും നമ്മോട് പറയുന്നു.

പൂര്‍ണമായ ഏകദൈവാരാധനയില്‍ അധിഷ്ഠിതമായ പല സംസ്‌കാരങ്ങളും മതങ്ങളും കാലക്രമേണ ബഹുദൈവാരാധനയുടെയും അന്ധവിശ്വാസങ്ങളുടെയും വിളനിലങ്ങളായതിന് ഉദാഹരണങ്ങള്‍ എമ്പാടുമാണ്. പുരാതന ഇന്ത്യന്‍ നാഗരികത ഏകദൈവ വിശ്വാസത്തില്‍ അധിഷ്ഠിതമായിട്ടും ഹൈന്ദവ വിശ്വാസികള്‍ ബഹുദൈവാരാധനയിലേക്ക് വഴുതിവീണു. ജൂത, െ്രെകസ്തവ മതങ്ങളിലെല്ലാം പല തരത്തിലും രൂപത്തിലുമുള്ള ബഹുദൈവ വിശ്വാസ പ്രവണതകള്‍  കാലക്രമേണ വന്നുപെട്ടതായി നമുക്ക് കാണാം. ഏകദൈവാരാധനയുടെ പേരില്‍ അറിയപ്പെടുന്ന ഇസ്‌ലാമിന്റെ പേരില്‍ പോലും പലയിടങ്ങളിലും നടക്കുന്ന കാട്ടിക്കൂട്ടലുകളും ശിര്‍ക്കന്‍ പ്രവണതകളും അന്ധവിശ്വാസങ്ങളും നാം കണ്ടുകൊണ്ടിരിക്കുന്നു. വിശ്വാസം ഇവര്‍ പറയുന്ന തരത്തിലുള്ള പരിണാമത്തിന് വിധേയമാണെങ്കില്‍ ഏകദൈവ വിശ്വാസത്തില്‍ നിന്നും നിരീശ്വരവാദത്തിലേക്കായിരുന്നു പരിണമിക്കേണ്ടിയിരുന്നത്. എന്നാല്‍ വാസ്തവം മറ്റൊന്നാണ്.

അതോടൊപ്പം തന്നെ ആരാധന ഭയത്തില്‍ നിന്നും ഉടലെടുത്തതാണെന്ന വാദവും ഒട്ടും യുക്തിസഹമല്ല. മനുഷ്യര്‍ തങ്ങളെ ‘ദ്രോഹിച്ച’ ശക്തികളെ ആരാധിച്ചു എന്നത് ഏത് തരത്തിലാണ് യുക്തിയാവുക? നമ്മെ ഉപദ്രവിക്കുകയോ പ്രയസപ്പെടുത്തുകയോ ചെയ്യുന്നവയോട് പ്രത്യക്ഷത്തില്‍ നാം വിധേയത്വം കാണിച്ചാല്‍ പോലും മനസ്സില്‍ അവയെ പ്രതിഷ്ഠിക്കും എന്ന് കരുതുന്നത് അസംബന്ധമാണ്. ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങള്‍ തങ്ങളെ ഉപദ്രവിക്കുന്ന ഇസ്രയേല്‍ പട്ടാളക്കാരെ ആരാധനയോടെ കാണുന്നു എന്ന് വാദിക്കുന്നത് പോലെ നിരര്‍ഥകമാണത്. പ്രത്യക്ഷത്തില്‍ ഇസ്രയേലിന്റെ ടാങ്കറുകള്‍ക്കും പട്ടാളക്കാക്കും മുമ്പില്‍ കീഴൊതുങ്ങി നിന്നാല്‍ പോലും മനസ്സില്‍ ഒരുതരത്തിലും അവരോട് ആരാധന തോന്നില്ലെന്നത് സാമാന്യയുക്തിയാണ്. ഭയം എന്ന വികാരം കൊണ്ട് മാത്രം ആരാധന ഉത്ഭവിക്കില്ലെന്നും ആരാധിക്കപ്പെടുന്ന മൂര്‍ത്തിയോട് സ്‌നേഹവും ആദരവും അതിന്റെ കഴിവിലുള്ള മതിപ്പും കൊണ്ടുകൂടിയാണ് അതിനെ ആരാധിക്കുന്നത് നല്ലതാണ് എന്ന വിശ്വാസം ഉടലെടുക്കുന്നത്.

ചുരുക്കത്തില്‍ വിശ്വാസത്തിന്റെ ഉല്‍പത്തിയെ പറ്റി ഭൗതികവാദികള്‍ കൊണ്ടുവരുന്ന കഥ തെളിവുകളില്ലാത്തതാണ് എന്ന് മാത്രമല്ല ആശയപരമായും നിലനില്‍പില്ലാത്തതുമാണ്. മാര്‍ക്‌സിനെ പോലുള്ള ചിലരുടെ ഭാവനകള്‍ എന്നതിനപ്പുറത്ത് അതിനൊരു യഥാര്‍ഥ്യവുമില്ല.

വിശ്വാസത്തിന്റെ യുക്തിയും പ്രസക്തിയും

എന്തിനാണ് ദൈവമുണ്ടോ ഇല്ലേ എന്ന വിഷയത്തിലുള്ള ചര്‍ച്ചകള്‍? ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിന് നേരിട്ട് പ്രത്യക്ഷപ്പെട്ടുകൂടായിരുന്നോ? അല്ലെങ്കില്‍ ആകാശത്തുനിന്ന് ഞാനാണ് ദൈവം എന്ന് വിളിച്ചു പറഞ്ഞുകൂടേ?

ദൈവാസ്തിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെ നിരീശ്വരവാദികളുടെ പതിനെട്ടാമത്തെ അടവാണ് ഈ ചോദ്യങ്ങള്‍. യുക്തിപരമായ അന്വേഷണങ്ങളും ചിന്തകളും ദൈവം എന്ന അസ്തിത്വത്തിലേക്ക് തന്നെ വീണ്ടും വീണ്ടും വിരല്‍ചൂണ്ടുമ്പോഴാണ് ‘നേരിട്ട് പ്രത്യക്ഷപ്പെട്ടുകൂടേ’ എന്ന ചോദ്യവുമായി ഇത്തരക്കാര്‍ തടിയൂരുന്നത്. തങ്ങളുടെ ദൈവമില്ലാവാദത്തിന്റെ യുക്തിശൂന്യത മറച്ചുവെക്കാനുള്ള ഒരു ശ്രമം മാത്രമാണിത്.

ഒന്നാമതായി, നമ്മുടെ വിശ്വാസം എന്നത് ദൈവത്തിന്റെ ആവശ്യമല്ല; അത് നമ്മുടെ ആവശ്യമാണ്. നാം പടച്ചവനില്‍ വിശ്വസിക്കാതിരിക്കുന്നത് കൊണ്ടോ അവന് ആരാധനകള്‍ അര്‍പ്പിക്കാതിരിക്കുന്നത് കൊണ്ടോ അവന് എെന്തങ്കിലും പ്രയാസമോ അവന്റെ ഔന്നത്യത്തിന് ലവലേശം കുറവോ ഉണ്ടാകുന്നില്ല. ഇസ്‌ലാം പഠിപ്പിക്കുന്ന പടച്ചവന്‍ പരാശ്രയം ആവശ്യമില്ലാത്തവനും പരിപൂര്‍ണനുമാണ്. അടിമകളുടെ ആരാധനയെ ആശ്രയിക്കേണ്ട അവസ്ഥ പടച്ചവനില്ല.

”മൂസാ(അ) പറഞ്ഞു: നിങ്ങളും ഭൂമിയിലുള്ള മുഴുവന്‍ പേരും കൂടി നന്ദികേട് കാണിക്കുന്ന പക്ഷം, തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാണ് (എന്ന് നിങ്ങള്‍ അറിഞ്ഞ് കൊള്ളുക) (ക്വുര്‍ആന്‍ 14:8).

അല്ലാഹു പറഞ്ഞതായി നബിﷺ  അറിയിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ”അല്ലാഹു പറയുന്നു; എന്റെ അടിയാന്മാരേ, നിങ്ങളില്‍ ആദ്യത്തെയും അവസാനത്തെയും വ്യക്തിയും ജിന്നുകളും മനുഷ്യരും എല്ലാംതന്നെ നിങ്ങളിലുള്ള ഏറ്റവും ഭയഭക്തനായ ഒരു മനുഷ്യന്റെ ഹൃദയത്തോട് കൂടിയിരുന്നാലും അത് എന്റെ രാജത്വത്തില്‍ നിന്നും യാതൊന്നും തന്നെ വര്‍ധിപ്പിക്കുകയില്ല. എന്റെ അടിയാന്മാരേ, നിങ്ങളില്‍ ആദ്യത്തെയും അവസാനത്തെയും വ്യക്തിയും ജിന്നുകളും മനുഷ്യരും എല്ലാംതന്നെ നിങ്ങളിലുള്ള ഏറ്റവും ദുഷിച്ച മനുഷ്യന്റെ ഹൃദയത്തോട് കൂടിയിരുന്നാലും അത് എന്റെ രാജത്വത്തില്‍ യാതൊരു കുറവും വരുത്തുകയില്ല” (മുസ്‌ലിം).

അഥവാ ഭക്തിയോടെയും നല്ലവനായും ജീവിക്കുന്നതും ദുഷിച്ച ജീവിതം നയിക്കുന്നതുമെല്ലാം നമ്മെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. പടച്ചവനില്‍ നാം വിശ്വസിക്കുന്നോ ഇല്ലയോ എന്നതോ അവനെ നാം ആരാധിക്കുന്നോ ഇല്ലയോ എന്നതോ ഒന്നും തന്നെ അവന്റെ മഹത്ത്വത്തെയോ ഔന്നത്യത്തെയോ ഒരുനിലക്കും ബാധിക്കുന്ന കാര്യങ്ങളല്ല. അതുകൊണ്ട് തന്നെ നമ്മുടെ വിശ്വാസം ദൈവത്തിന്റെ ആവശ്യമല്ല, മറിച്ച് നാമോരോരുത്തരുടെയും താല്‍പര്യവും ആവശ്യവുമാണ്. അതുകൊണ്ട് തന്നെ, ഞാന്‍ വിശ്വസിക്കണമെങ്കില്‍ പടച്ചവന്‍ ഇന്നത് ചെയ്യണം, ഇതുപോലെ പ്രവര്‍ത്തിക്കണം, ഈ രൂപത്തിലൊക്കെ ആയിരിക്കണം എന്ന് വാചകമടിക്കുന്നവര്‍ സ്വയം പരിഹാസ്യരാവുക മാത്രമാണ് ചെയ്യുന്നത്. നമ്മള്‍ വിശ്വസിക്കല്‍ പടച്ചവന്റെ ആവശ്യവും അനിവാര്യതയും ആയിരുന്നെങ്കില്‍ അത്തരം ‘കണ്ടീഷനുകള്‍’ക്ക് അര്‍ഥമുണ്ടാകുമായിരുന്നു. എന്നാല്‍ സത്യാസത്യങ്ങള്‍ വേര്‍തിരിച്ചു തന്ന ശേഷം വിശ്വസിക്കാനും അവിശ്വസിക്കാനും സ്വാതന്ത്ര്യം നല്‍കിയ, നമ്മുടെ വിശ്വാസത്തെ ഒരുതരത്തിലും ആശ്രയിക്കാത്ത പടച്ചവനോട് ഇത്തരം നിബന്ധനകള്‍ വെക്കുന്നത് അഹന്തയും യുക്തിശൂന്യതയും ഒരുമിക്കുമ്പോള്‍ സംഭവിക്കുന്ന ഒന്നാണ്.

പടച്ചവന്നാം അര്‍പ്പിക്കുന്ന ആരാധനകള്‍ അവന്റെ ഔന്നത്യവും മഹത്ത്വവും മനസ്സിലാക്കിക്കൊണ്ടുള്ളതാണ്. എന്തിനാണ് ആരാധന എന്ന ചോദ്യത്തിന് അത് പടച്ചവന്റെ അസ്തിത്വത്തിന്റെ അവകാശമാണ് എന്നത് തന്നെയാണ് ഉത്തരം. നാം ആരാധിക്കുന്നതോ ആരാധിക്കാതിരിക്കുന്നതോ അവനെ ബാധിക്കുകയില്ലെങ്കിലും ആ ആരാധന അര്‍ഹിക്കുന്നതാണ് അവന്റെ അസ്തിത്വവും നാമഗുണവിശേഷണങ്ങളും. അവന്‍ അര്‍ഹിക്കുന്ന ആരാധന നാം അവന് അര്‍പ്പിക്കാതിരിക്കുന്നത് നാം ചെയ്യുന്ന നന്ദികേടാണ്. അത് കൊണ്ടാണ് വിശ്വസിക്കുന്നതിനെ നന്ദിയായും അവിശ്വസിക്കുന്നതിനെ നന്ദികേടുമായി ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത്:

‘തീര്‍ച്ചയായും നാം അവനു വഴികാണിച്ചു കൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു, അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു” (ക്വുര്‍ആന്‍ 76:3).

വിശ്വാസം യഥാര്‍ഥത്തില്‍ വിശ്വാസമാകുന്നത് അദൃശ്യകാര്യങ്ങളിലുള്ള വിശ്വാസമാകുമ്പോഴാണ്. ക്വുര്‍ആന്‍ വിശ്വാസികളെ പരിചയപ്പെടുത്തുന്നത് തന്നെ അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ എന്നാണ്: ”അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും പ്രാര്‍ഥന അഥവാ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും (ചെയ്യുന്നവര്‍)” (ക്വുര്‍ആന്‍ 2:3).

നേര്‍ക്കു നേരെ നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ പരീക്ഷണ നിരീക്ഷണങ്ങള്‍ കൊണ്ടോ കാണാന്‍ സാധിക്കാത്ത കാര്യങ്ങള്‍ എന്നതാണ് ‘ഗയ്ബ്’ അഥവാ ‘അദൃശ്യകാര്യങ്ങള്‍’ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരത്തില്‍ അദൃശ്യവും അഭൗതികവുമായ കാര്യങ്ങളിലാണ് വിശ്വാസം ആവശ്യമായി വരിക. നേരിട്ട് കാണുന്ന ഒരു കാര്യം പിന്നീട് പ്രത്യേകം വിശ്വസിക്കുന്നോ എന്ന ചോദ്യത്തിന് തന്നെ അര്‍ഥമില്ല. നട്ടുച്ചക്ക് ഒരാളെ വിളിച്ചു വരുത്തി ഇപ്പോള്‍ പകലാണ് എന്ന് നീ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. അതുപോലെ തന്നെ പടച്ചവന്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടോ ആകാശത്ത് നിന്ന് വിളിച്ചു പറഞ്ഞോ എല്ലാവര്‍ക്കും പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് അനുഭവിക്കാന്‍ തക്ക രീതിയില്‍ അവതരിക്കുകയാണെങ്കില്‍ അവിടെ വിശ്വാസം അവിശ്വാസം എന്ന തിരഞ്ഞെടുപ്പിന് തന്നെ അര്‍ഥമില്ലാതാകും. പടച്ചവന്റെ ഔന്നത്യവും മഹത്ത്വവും തനിക്ക് നല്‍കിയ സൗഭാഗ്യങ്ങളും തിരിച്ചറിഞ്ഞ് നന്ദി കാണിക്കുന്നോ അതോ നന്ദികേട് കാണിക്കുന്നുവോ എന്ന പരീക്ഷണമാണ് യഥാര്‍ഥത്തില്‍ ജീവിതം. അവിടെ നേരിട്ട് പ്രത്യക്ഷപ്പെട്ട് അസ്തിത്വത്തെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത് പരീക്ഷണം എന്നതിന്റെ  പ്രസക്തിയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നാണ്. എല്ലാറ്റിനുമുപരി വിശ്വസിക്കുക, നന്ദികാണിക്കുക എന്നത് നമ്മുടെ ആവശ്യമാണ്, അതില്ലെങ്കിലും പടച്ചവനെ യാതൊരു തരത്തിലും അത് ബാധിക്കുകയില്ല.

യഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടച്ചും അഹന്ത കാട്ടിയും നിഷേധിക്കുകയും നന്ദികേട് കാണിക്കുകയും ചെയ്താല്‍ അവിടെ നഷ്ടം സംഭവിക്കുന്നത് മതത്തിനോ ദൈവത്തിനോ അല്ലെന്നും സ്വന്തത്തിനാണെന്നുമുള്ള തിരിച്ചറിവ് നമ്മെ വിനയാന്വിതരാക്കുന്നു. വിനയത്തോടു കൂടിയുള്ള അന്വേഷണങ്ങള്‍ സത്യത്തിന്റെ പ്രകാശത്തിലേക്കുള്ള നമ്മുടെ യാത്ര എളുപ്പമാക്കുകയും ചെയ്യുന്നു.

അബ്ദുല്ല ബാസിൽ സി.പി
നേർപഥം വാരിക