പ്രവാസജീവിതം അവസാനിപ്പിച്ചയാളുടെ ഒറ്റപ്പെടല്‍

പ്രവാസജീവിതം അവസാനിപ്പിച്ചയാളുടെ ഒറ്റപ്പെടല്‍
ചോദ്യം: ഞാന്‍ 36 വര്‍ഷത്തോളം വിദേശത്തായിരുന്നു. ഇപ്പോള്‍ 62 വയസ്സ്. ഇനിയുള്ളകാലം ഭാര്യയോടും മക്കളോടും കൂടെ സമാധാനത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ച് നാട്ടില്‍ വന്നു. എന്നാല്‍ അവര്‍ എല്ലാ കാര്യത്തിലും ഒന്നിച്ചുനിന്ന് എന്നെ ഒറ്റപ്പെടുത്തുന്നു. രോഗങ്ങളുണ്ട്. അല്ലെങ്കില്‍ വല്ല വൃദ്ധസദനത്തിലും പോയി ജീവിക്കാമായിരുന്നു. ഞാനെന്തു ചെയ്യണം?
ഉത്തരം: പ്രവാസം അനിവാര്യമായ ജീവിത സാഹചര്യത്തില്‍ മാത്രം സ്വീകരിക്കേണ്ട ഒന്നാണ്. മാത്രവുമല്ല അത് കുടുംബത്തോടൊപ്പമായിരിക്കാന്‍ ശ്രദ്ധിക്കണം. സാധ്യമാവാത്തവര്‍ കാലദൈര്‍ഘ്യം പരമാവധി കുറക്കണം. കുടുംബത്തില്‍ നിന്ന് മാറി ദീര്‍ഘകാലം വിദേശത്ത് ജീവിക്കുന്നവര്‍ക്ക് സംഭവിക്കുന്ന സ്വാഭാവികമായ പരിണിതിയാണ് ഈ ഒറ്റപ്പെടല്‍. കുടുംബ നാഥന്‍ വീട്ടില്‍ ഇല്ലാതെ വരുമ്പോള്‍ എല്ലാ കാര്യവും ഭാര്യക്ക് നിര്‍വഹിക്കേണ്ടി വരുന്നു. ക്രമേണ വീട്ടിലെ മുഴുവന്‍ കാര്യങ്ങളും അവളില്‍ കേന്ദ്രീകരിക്കപ്പെടുന്നു. ഭര്‍ത്താവ് ആവശ്യത്തിന് പണം നല്‍കുന്നവന്‍ മാത്രമായി ചുരുങ്ങുന്നു. അതുകൊണ്ടാണ് ഒരു 45 വയസ്സുകാരനെ കമ്പനി പിരിച്ചു വിട്ടതറിഞ്ഞപ്പോള്‍ 'നിങ്ങള്‍ നാട്ടില്‍ നിന്നാല്‍ നാമെന്ത് ചെയ്യും' എന്ന് അയാളുടെ ഭാര്യ ചോദിച്ചത്. ഇവിടെ പണം ലഭിക്കുന്ന ഒരു കേന്ദ്രമെന്നതിലുപരി അവളുടെയും അയാളുടെയും ജീവിതത്തില്‍ വേറെ ചിലതുണ്ടെന്ന് അവള്‍ മറന്നു.

ഭാര്യയും കുട്ടികളും വര്‍ഷങ്ങളായി ശീലിച്ച ശീലങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ ഒറ്റപ്പെടും. ഭാര്യയും മക്കളും ഒന്നിച്ചുനിന്ന് പ്രതിരോധിക്കും. അന്നേരം അവര്‍ക്ക് വേണ്ടി ചെലവഴിച്ചതില്‍ ദുഃഖം തോന്നും. കണക്കു പറയും, പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും. ചിലപ്പോള്‍ വേര്‍പിരിഞ്ഞെന്നും വരാം. തുടര്‍ന്ന് മറ്റൊരു വിവാഹം കഴിക്കുമ്പോള്‍ വീണ്ടും ഒരു കുടുംബഭാരം ഏറ്റെടുക്കലായിരിക്കും അത്.
ഈ അവസ്ഥക്ക് പലരും പല പരിഹാരമാണ് കണ്ടെത്താറുള്ളത്. പരിചയത്തിലുള്ള ഒരാള്‍ പുതിയൊരു വിവാഹം കഴിക്കുകയാണ് ചെയ്തത്. നിലവിലുള്ള മക്കള്‍ക്കും ഭാര്യക്കും ഉള്ള സമ്പത്തിന്റെ വലിയൊരു വിഹിതം നല്‍കി പ്രശ്‌നങ്ങളൊതുക്കി. ബാക്കിയുള്ളത് കൊണ്ട് പുതിയൊരു വീട് വാങ്ങി. മൂന്ന് മക്കളുമൊത്ത് അയാളുടെ ജീവിതം മുന്നോട്ട് പോകുന്നു. മറ്റൊരാള്‍ 20 വര്‍ഷം വിദേശത്ത് നിന്നു. പത്ത് വര്‍ഷമായി നാട്ടിലാണ്. വിദേശത്ത് ജീവിച്ച പോലെ ഇവിടെയും ജീവിക്കുന്നു! അതായത് രാവിലെ എഴുന്നേറ്റ് സ്വയം ചായയുണ്ടാക്കി കുടിക്കും. കുളിച്ച് കിട്ടിയ ഭക്ഷണവും കഴിച്ച് കടയില്‍ പോകും. രാത്രി വൈകി തിരിച്ചെത്തും. ഒറ്റയ്‌ക്കൊരു റൂമില്‍ ഉറങ്ങും. അതിനാല്‍ പ്രശ്‌നങ്ങളില്ല.

താങ്കളുടെ പ്രശ്‌നങ്ങള്‍ക്ക് ചില പരിഹാരമാര്‍ഗങ്ങള്‍ പറയാം:

1. ലീവിന് വന്ന ഒരാളെപ്പോലെ നിന്ന് ഭാര്യയുടെയും മക്കളുടെയും ജീവിതം നിരീക്ഷിക്കുക. വലിയ കുഴപ്പങ്ങളില്ലെങ്കില്‍ കൂട്ടത്തിലൊരാളായി കൂടെക്കൂടുക.

2. ഒരിക്കലും വീട്ടില്‍ വെറുതെ ഇരിക്കരുത്. ശമ്പളം കുറഞ്ഞാലും എന്തെങ്കിലും ജോലി ചെയ്യുക. വരുമാനമൊന്നും ഇല്ലാതിരുന്നാല്‍ ഭാര്യക്കും മക്കള്‍ക്കും ആശങ്കയുണ്ടാകും. അത് അവര്‍ പ്രകടിപ്പിക്കും. അപ്പോള്‍ ദേഷ്യം വരും. പ്രതികരിക്കും പ്രശ്‌നമാകും.

3. എല്ലാം നടന്നു പോകുന്നുണ്ടല്ലോ. എന്റെ കൈക്കേ നടക്കാവൂ എന്ന് എന്തിന് വാശി പിടിക്കണം? അത്രയും ഭാരവും ടെന്‍ഷനും കുറഞ്ഞ് കിട്ടിയല്ലോ എന്ന് സമാധാനിക്കുക.

4. ഞാന്‍ ഏറ്റവും ബഹുമാനിക്കേണ്ട വ്യക്തി ഭര്‍ത്താവാണെന്നും അയാള്‍ എന്റെ സ്വര്‍ഗവും നരകവുമാണെന്ന ബോധം ഭാര്യയില്‍ ഉണ്ടാക്കിയെടുക്കുക.

5. പിതാവിന്റെ തൃപ്തി അല്ലാഹുവിന്റെ തൃപ്തിക്ക് അനിവാര്യമാണെന്ന ബോധം മക്കളിലുണ്ടാക്കുക. അപ്പോള്‍ അവര്‍ ഏത് നിലയ്ക്കും സഹകരിക്കും.

6. എല്ലാം നാം വിചാരിച്ച പോലെയാക്കാന്‍ നമുക്ക് കഴിയില്ലെന്നും എല്ലാറ്റിലും അല്ലാഹുവിന്റെ ചില ഹിക്മത്തുണ്ടെന്നും വിശ്വസിച്ച് സമാധാനിക്കുക.

7. മനസ്സിന്റെയും ശരീരത്തിന്റെയും വേദനകള്‍ പരീക്ഷണങ്ങളാണെന്ന് മനസ്സിലാക്കുക. അതിന് പരലോകത്ത് പ്രതിഫലം പ്രതീക്ഷിക്കുക.

8. എന്തും പരിഹരിക്കുവാന്‍ കഴിയുന്ന അല്ലാഹുവോട് എല്ലാം തുറന്ന് പറഞ്ഞ് ഉറപ്പോടെ പ്രാര്‍ഥിക്കുക.

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

മദ്യപാനിയോടുള്ള സമീപനം

മദ്യപാനിയോടുള്ള സമീപനം
ചോദ്യം: മദ്യപാനിയായ ഒരാളെ നിര്‍ബന്ധിപ്പിച്ച് ഡി അഡിക്ഷന്‍ സെന്ററിലെത്തിക്കുന്നത് കൊണ്ട് പ്രയോജനമുണ്ടോ?
ഉത്തരം: മദ്യപാനം ഇസ്‌ലാം ശക്തമായി വിരോധിച്ച കാര്യമാണ്. അല്ലാഹു പറയുന്നു:

''സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം'' (ക്വുര്‍ആന്‍ 5:90).

നബി ﷺ പറഞ്ഞതും 'നിരന്തരം മദ്യം കഴിക്കുന്നവന്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ല' എന്നാണ്. ബന്ധുക്കളും മാതാപിതാക്കളും സുഹൃത്തുക്കളും ശ്രമിച്ചാല്‍ ഒരു പരിധി വരെ മദ്യപാനത്തില്‍ അകപ്പെട്ടവരെ മോചിപ്പിക്കുവാനാകും. കാരണം ഏതൊരു മദ്യപാനിയും തന്റെ ദുഃശ്ശീലത്തില്‍ നിന്ന് മോചിതനാകാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, പലരും നിസ്സഹായരാണ്. ചെറിയൊരവസരം പോലും അവരെ മാറ്റിയേക്കാം. എത്ര ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നവനും മദ്യപാനിയെങ്കില്‍ അവന്റെ സ്ഥാനം 'കള്ളുകുടിയന്‍' എന്നതു തന്നെ. സാമ്പത്തിക നഷ്ടം കണക്കാക്കുക പ്രയാസമാണ്. ആരോഗ്യപ്രശ്‌നങ്ങളും അയാളെ പ്രയാസപ്പെടുത്തുന്നു.

നിര്‍ബന്ധിപ്പിക്കല്‍ ആദ്യഘട്ടത്തില്‍ എതിര്‍ത്താലും പിന്നീട് അയാള്‍ ബോധ്യപ്പെടുമ്പോള്‍ അംഗീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. മദ്യപിക്കാന്‍ പോകാന്‍ വിളിച്ച ഓട്ടോക്കാരന്‍ മദ്യം കൂടുതല്‍ വാങ്ങിക്കൊടുത്ത് അവശനാക്കി ഡി അഡിക്ക്ഷന്‍ സെന്ററിലെത്തിച്ച് മാറ്റിയ സംഭവം ഇതിനു തെളിവാണ്. മദ്യപിച്ച് കലാപമുണ്ടാക്കിയ വ്യക്തിയെ കൈകാല്‍ കെട്ടി ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ച് മാറ്റം വന്നതും ആ വ്യക്തി തന്നെ പറഞ്ഞതാണ്.

മദ്യപാനിയെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:

1. ഒരു രോഗിയെപ്പോലെ കണ്ട് രോഗത്തെ വെറുക്കുകയും രോഗിയോട് സ്‌നേഹത്തോടെ പെരുമാറുകയും ചെയ്യുക.

2. മദ്യപാനത്തിന് സഹായിക്കുന്ന സുഹൃത്തുക്കളില്‍ നിന്ന് അകറ്റുക.

3. ഒരു നല്ല ഡോക്ടറുടെ പരിചരണം നല്ലതാണ്.

4. മാനസിക സംഘര്‍ഷങ്ങള്‍ കൗണ്‍സിലിംഗിലൂടെ പരിഹരിച്ച് സമാധാന ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരിക.

5. അകന്നുപോയ ഭാര്യയടക്കമുള്ള ബന്ധുക്കളെ തിരിച്ച് കൊണ്ട് വരാന്‍ ശ്രമിക്കുക.

6. ചിട്ടയുള്ള ഒരു ജീവിതത്തിനുള്ള മാര്‍ഗരേഖ ഉണ്ടാക്കി നല്‍കുക.

7. പഴയ സാഹചര്യങ്ങളെ മാറ്റി പുതിയ സാഹചര്യങ്ങളുണ്ടാക്കിക്കൊടുക്കുക.

8 ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക.

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

ഭാര്യയെ അടിക്കുന്ന ഭര്‍ത്താവ്

ഭാര്യയെ അടിക്കുന്ന ഭര്‍ത്താവ്
ചോദ്യം: അടികിട്ടിയാല്‍ മാത്രമെ എന്റെ ഭാര്യ എന്തെങ്കിലും എനിക്ക് ചെയ്തു തരൂ. അവളെ മാറ്റിയെടുക്കാന്‍ ഞാന്‍ എന്ത് ചെയ്യണം?
ഉത്തരം: നബി ﷺ ദുര്‍ബലരായി പരിഗണിക്കുകയും പ്രത്യേകം അനുകമ്പയോടെ പെരുമാറുവാന്‍ നിര്‍ദേശിക്കുകയും ചെയ്ത രണ്ട് വിഭാഗമാണ് സ്ത്രീകളും അനാഥകളും. ഹദീഥ് ഗ്രന്ഥങ്ങളില്‍ ഈ വിഷയത്തില്‍ അധ്യായങ്ങള്‍ തന്നെയുണ്ട്. മറ്റുള്ളവര്‍ക്ക് കീഴില്‍ ജീവിക്കേണ്ടിവരുന്നതിനാല്‍ തന്നെ ഉപദ്രവിക്കപ്പെടുവാനുള്ള സാധ്യതയും കൂടുതലാണ്. ഈ ചോദ്യകര്‍ത്താവ് ഭാര്യയെ പതിവായി അടിക്കാറുണ്ടെന്നത് വ്യക്തമാണ്.

ഇതുപോലെ സ്ഥിരമായി അടികിട്ടുന്ന മറ്റൊരു വിഭാഗം നമ്മുടെ മനസ്സില്‍ വരുന്നുവെങ്കില്‍ അത് പഴയ കാലത്തെ അടിമകളാണ്. ഒരു പക്ഷേ, എന്തിന് നിങ്ങള്‍ ഭാര്യയെ അടിക്കുന്നു എന്ന് ചോദിച്ചാല്‍ മറുപടി അവള്‍ അടി ചോദിച്ച് വാങ്ങുകയാണ് എന്നായിരിക്കും! ജീവിതത്തില്‍ ഏറ്റവും മനസ്സടുത്ത് ജീവിക്കേണ്ടവര്‍, ശരീരവും മനസ്സും ഒന്നാകേണ്ടവര്‍ അടിയെ പേടിച്ചും അടിച്ചു പേടിപ്പിച്ചും മുന്നോട്ട് പോയാല്‍ സ്‌നേഹവും കാരുണ്യവും ലഭിക്കേണ്ട ദാമ്പത്യമെവിടെ? നബി ﷺ പറഞ്ഞത് എത്ര സത്യം: ''നിങ്ങളിലൊരാളും അടിമയെ അടിക്കുന്നതു പോലെ തന്റെ ഭാര്യയെ അടിക്കരുത്. എന്നിട്ട് അവളുമായി രാത്രിയില്‍ കൂടിച്ചേരുകയും ചെയ്യുക!'' (ബുഖാരി).

സ്ത്രീകളെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും ചില തകരാറുകള്‍ സ്വഭാവികമാണ്. അത് ശരിയാക്കുവാന്‍ ആരെങ്കിലും അടി ശീലിക്കുന്നുവെങ്കില്‍ മരണം വരെ അവളെ തല്ലിക്കൊണ്ടേയിരിക്കേണ്ടിവരും. ചിലര്‍ക്ക് സംശയരോഗമായിരിക്കും. എപ്പോഴും അതുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. ചിലര്‍ക്ക് അനുസരണകേടായിരിക്കും. മറ്റ് ചിലര്‍ പറയുന്നതിനെല്ലാം തര്‍ക്കുത്തരം പറഞ്ഞ് കൊണ്ടിരിക്കും. ഇതിനൊന്നും പരിഹാരം അടിയല്ല. ആ അവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ട് അവളെ അനുഭവിക്കാന്‍ കഴിയണം. ആവശ്യമായതിനെ പ്രോല്‍സാഹിപ്പിച്ചും അനാവശ്യമായതിനെ നിരുല്‍സാഹപ്പെടുത്തിയും മുന്നോട്ട് പോവുക. സ്‌നേഹപൂര്‍ണമായ പെരുമാറ്റത്തിലൂടെ ആരെയും കീഴ്‌പെടുത്തുവാനാവും. ലാളന ഇഷ്ടപ്പെടുന്നവളാണ് സ്ത്രീ. അതിന്ന് സാധിക്കുന്ന ഏതൊരു ഭര്‍ത്താവിനും തന്റെ ഇണയെ പൂര്‍ണമായി ജീവിതത്തില്‍ ഉപയോഗപ്പെടുത്തുവാനാവും. അടിക്കുന്നവര്‍ക്ക് ആ തെറ്റിന്റെ ഗൗരവം മനസ്സിലാകുവാന്‍ ചില പ്രമാണവചനങ്ങള്‍ താഴെ കൊടുക്കുന്നു:

1. ''അവളോട് മാന്യമായി പെരുമാറുക'' എന്ന ക്വുര്‍ആന്‍ വചനത്തിന് എതിരാണ് ഭാര്യയെ അടിക്കല്‍.

2. അക്രമം ആരോടാണെങ്കിലും ഇസ്‌ലാം വിരോധിച്ചതാണ്. ഒരു ക്വുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നു: ''എന്റെ അടിമകളേ, എന്റെമേല്‍ ഞാന്‍ അക്രമം നിഷിദ്ധമാക്കിയിരിക്കുന്നു, നിങ്ങള്‍ക്കിടയിലും ഞാനതിനെ നിഷിദ്ധമാക്കുന്നു. നിങ്ങള്‍ അക്രമം കാണിക്കരുത്.''

3. പലപ്പോഴും പലരും അടിക്കാറുള്ളത് മുഖത്താണ്. അതാവട്ടെ പ്രത്യേകം നിരോധിക്കപ്പെട്ടതുമാണ്.ജാബിര്‍(റ) നിവേദനം ഒരു ഹദീഥില്‍ ''മുഖത്തടിക്കുന്നതിനെ നബി ﷺ നിരോധിച്ചു'' എന്ന് കാണാം.

4. ഉമ്മയെ അടിക്കുന്നത് മക്കളില്‍ ദുരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.

5.നിരന്തരമായ മര്‍ദനങ്ങള്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമായാല്‍ ജീവിതം തന്നെ പ്രയാസകരമാകും.

അല്ലാഹുവിന്റെ നാമത്തില്‍ ഏറ്റെടുത്ത ഒരു അമാനത്താണ് ഭാര്യയെന്ന് മനസ്സിലാക്കി മാന്യവും സ്‌നേഹപരവുമായ സമീപനത്തിലൂടെ ഒരു നല്ല ദാമ്പത്യത്തിനു വഴിയൊരുക്കുവാന്‍ ചോദ്യകര്‍ത്താവിന് സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

‘ഇന്റര്‍നെറ്റ്’ വലയില്‍ കുരുങ്ങിയ കൗമാരം

'ഇന്റര്‍നെറ്റ്' വലയില്‍ കുരുങ്ങിയ കൗമാരം
ചോദ്യം: പതിനാറ് വയസ്സുള്ള എന്റെ മകന്‍ പത്താം ക്ലാസ് കഴിഞ്ഞതോടെ സ്‌കൂള്‍ പഠനം നിര്‍ത്തിയിരിക്കുകയാണ്. തീരെ അനുസരണയില്ല. ഇന്റര്‍നെറ്റില്ലാതെ അവന് ജീവിക്കാന്‍ കഴിയില്ല. ഏത് സമയത്തും ഗെയിമിന്റെ ലോകത്താണ്. പിതാവ് ഗള്‍ഫിലായതിനാല്‍ ആരെയും ഭയമില്ല. ആവശ്യപ്പെട്ടത് കിട്ടിയില്ലെങ്കില്‍ അക്രമകാരിയാകും. സൈക്കോളജിസ്റ്റിനെ കാണിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല. ഇസ്‌ലാമിക ബോധം തീരെയില്ല. ഇവനെ മാറ്റിയെടുക്കുവാന്‍ എന്താണ് ചെയ്യേണ്ടത്?
ഉത്തരം: ഒരു മാതാവ് അയച്ച ദീര്‍ഘമായ കത്തിലെ പ്രസക്ത ഭാഗങ്ങളാണ് മുകളില്‍ കൊടുത്തിട്ടുള്ളത്. കുട്ടികളെ മാതാപിതാക്കളുടെ നിയന്ത്രണത്തില്‍ കിട്ടാതെ വരുന്ന അവസ്ഥ അങ്ങേയറ്റം ഭയാനകമാണ്. ഈ സഹോദരിയുടെ ചോദ്യത്തില്‍ അത്തരം ഒരു സാഹചര്യം ഉള്ളതുപോലെ തോന്നുന്നു. മനുഷ്യന്‍ ചില മൂല്യങ്ങളില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് അവന് സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നത് . ഈ മൂല്യങ്ങള്‍ കൈവിട്ട് പോയാല്‍ അവനെക്കാളും അപകടകാരിയല്ല മറ്റൊന്നും. ഇവിടെ രണ്ടു വശങ്ങള്‍ പഠന വിധേയമാക്കേണ്ടതുണ്ട്. ഒന്നാമതായി എന്തുകൊണ്ട് ഈ കൂട്ടി ഇങ്ങനെ ആയിത്തീര്‍ന്നു എന്നതാണ്

എല്ലാ കുട്ടികളും ശുദ്ധ പ്രകൃതിയോടെയാണ് ജനിക്കുന്നത് മാതാപിതാക്കള്‍ തന്നെയാണ് അവരെ നന്മയിലും തിന്മയിലും എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഒരു രക്ഷിതാവും തന്റെ കുട്ടിയെ ബോധപൂര്‍വം തിന്മയിലേക്ക് നയിക്കില്ലെന്നുറപ്പാണ്. എന്നാല്‍ നന്നാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കുമോ എന്ന് നാം ഭയപ്പെടണം. ഒരു കാരണവശാലും അവരെ നന്മയിലേക്ക് നയിക്കുവാനുള്ള ശ്രമങ്ങില്‍ നിന്ന് നാം പിന്‍വാങ്ങരുത്. കാരണം അത് നമ്മുടെ ബാധ്യതയാണ്.

ഇവിടെ പറയപ്പെട്ട കുട്ടിയുടെ കാര്യത്തില്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ നിര്‍ദേശിക്കട്ടെ. സ്‌ക്കൂള്‍ പഠനം നിര്‍ത്തി എന്ന് പറയുമ്പോള്‍ തികച്ചും നിരുത്തരവാദപരമായാണ് അവന്റെ കാര്യം മുന്നോട്ടു പോകുന്നത് എന്ന് വ്യക്തം.

ദുഃശ്ശീലങ്ങള്‍ തുടരുവാന്‍ എന്ത് വഴി സ്വീകരിക്കുവാനും അവന് മടിയില്ല എന്ന് വ്യക്തം. മാതാപിതാക്കളെ പൂര്‍ണമായും ധിക്കരിക്കുന്ന ഒരു നിലപാടാണ് അവനില്‍ കാണുന്നത്.

1. അവന് ആദരവും ബഹുമാനവുമുള്ള ഗുരുനാഥന്മാരോ വ്യക്തികളോ അവനെ ഉപദേശിക്കുക എന്നത് അവന്റെ മനസ്സ് മാറ്റാന്‍ സഹായകമാകും

2. ഇത്തരം ഒരു കുട്ടിയോട് പെരുമാറുമ്പോള്‍ സ്‌നേഹപൂര്‍വമായ സമീപനം പ്രയാസകരമായിരിക്കും. അതിലുള്ള മാറ്റം അവനെ ചിന്തിപ്പിച്ചേക്കാം.

3. നിലവിലുള്ള കൂട്ടുകാരില്‍ നിന്ന് മാറ്റി പുതിയവരും നല്ലവരുമായ ഒരു കൂട്ടുകെട്ടിലേക്ക് എത്തിക്കുന്നതും മാറ്റത്തിന് സഹായകരമാണ.്

4. ചില കാര്യങ്ങള്‍ വിരോധിക്കുന്നത് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നയിക്കുമെങ്കില്‍ ശ്രദ്ധിച്ച് വേണം അത് ചെയ്യാന്‍.

5. തന്റെ നിലപാട് തുടരുന്നത് ചില വിഷമങ്ങള്‍ തനിക്കുണ്ടാക്കുമെന്ന് അവനെ ബോധ്യപ്പെടുത്തുക. ശിക്ഷകള്‍ അതിന് സഹായകരമാണ്. വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണിത്.

6. പ്രാര്‍ഥന എത് കാര്യത്തിനും പരിഹാരമാണല്ലോ. പ്രത്യേകിച്ച് മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത്.

''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍'' (ക്വുര്‍ആന്‍ 25:74).

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

പ്രശ്‌നങ്ങളുണ്ടാക്കരുത്​

പ്രശ്‌നങ്ങളുണ്ടാക്കരുത്
ചോദ്യം: എന്റെ മകളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു മാസത്തോളമായി. മകളും ഭര്‍ത്താവും തമ്മില്‍ നല്ല സന്തോഷത്തിലും സഹകരണത്തിലും തന്നെയാണ് കഴിയുന്നത്. മതബോധമുള്ള ഒരാളെത്തന്നെയാണ് എന്റെ മകള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ വലിയൊരു പ്രശ്‌നമുണ്ട്; മരുമകന്‍ ഇടയ്ക്കിടെ അവളെ കുറ്റപ്പെടുത്തും; വഴക്ക് പറയും. ഞാനും ഭാര്യയും എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്നു. ഈ വിഷയത്തില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഉത്തരം: യഥാര്‍ഥത്തില്‍ ഇവിടെ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. എന്നാല്‍ നിങ്ങളുടെ ആശങ്ക പുതിയ പ്രശ്‌നങ്ങളിലേക്കുള്ള തുടക്കമാണ്. ഇത് പുതുതലമുറയുടെ ഒരു പ്രശ്‌നമാണ്. മകള്‍ ജനിച്ചതു മുതല്‍ നിങ്ങള്‍ അവളുടെ കാര്യം ശ്രദ്ധിച്ചും ആവശ്യമായ ഇടപെടലുകള്‍ നടത്തിയും വളര്‍ത്തി കൊണ്ടുവരികയാണ്. അത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മക്കള്‍ക്ക് പ്രായപൂര്‍ത്തിയായി എന്നതും അവരിപ്പോള്‍ വിവാഹിതരായി പുതിയൊരു കുടുംബമായി ജീവിക്കുന്നു എന്നതും അവര്‍ക്ക് അവരുടേതായ ചില സ്വകാ ര്യതകളും സ്വാതന്ത്ര്യവും ആവശ്യമാണെന്നതും വിവാഹിതരായ മക്കളുടെ മാതാപിതാക്കള്‍ മനസ്സിലാക്കണം. അവര്‍ തമ്മില്‍ സ്‌നേഹമുണ്ട് എന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെട്ടതിനാല്‍ അവരെ സ്വതന്ത്രമായി വിടുക. അവരില്‍ നിന്നും ഒരു പരാതി വരികയും ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്യുന്നതുവരെ അവരെ ബുദ്ധിമുട്ടിക്കരുത്.

താന്‍ ഇഷ്ടപ്പെടുന്ന ഭര്‍ത്താവിന്റെ തകരാറുകളെക്കുറിച്ച് മാതാവായ നിങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ മകള്‍ പതുക്കെ നിങ്ങളില്‍ നിന്ന് അകലാന്‍ സാധ്യതയുണ്ട്. പിണങ്ങാനും ഇണങ്ങാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. നമ്മളും ഒരുകാലത്ത് അങ്ങനെയായിരുന്നു. വ്യക്തമായ പ്രശ്‌നങ്ങളുണ്ടാകുമ്പോഴാണ് ഇടപെടേണ്ടത് എന്ന് അല്ലാഹു പറയുന്നു: ''ഇനി അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും നിയോഗിക്കുക. ഇരുവിഭാഗവും അനുരഞ്ജനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍, അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (ക്വുര്‍ആന്‍ 4:35). പല നവദമ്പതിമാര്‍ക്കിടയിലും പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന അറിവാണ് മാതാപിതാക്കളെ ആശങ്കാകുലരാക്കുന്നത്. യഥാര്‍ഥത്തില്‍ അത്തരം ഒരു ആശങ്ക ആവശ്യമില്ല. തികച്ചും അന്യരായ രണ്ടുപേര്‍ ഒന്നാകുമ്പോള്‍ അവരെ യോജിപ്പിക്കുന്നത് അല്ലാഹു തന്നെയാണ്. അതിനാല്‍ സ്വാഭാവികതക്ക് വിടുന്നതാണ് നല്ലത്. അമിതമായ ആശങ്ക എപ്പോഴും മക്കള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കും.

വര്‍ധിച്ച് വരുന്ന വിവാഹമോചനങ്ങള്‍ക്ക് ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരു കാരണമാണെങ്കിലും രണ്ടുപേരുടെയും മാതാപിതാക്കളുടെ അനാവശ്യമായ ഇടപെടലുകള്‍ ദാമ്പത്യത്തെ തകര്‍ക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. ആവശ്യമില്ലാത്ത ഇടപെടലുകള്‍ക്ക് ചില ഉദാഹരണങ്ങള്‍:

1. ദമ്പതികളില്‍ ഒരാളോട് നിലവിലുള്ള ജീവിതാവസ്ഥകളെക്കുറിച്ച് അന്വേഷിക്കുകയും തന്റെ ഇണയെക്കുറിച്ച് തെറ്റായ വിചാരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക.

2. ദമ്പതികള്‍ തമ്മിലുള്ള സ്‌നേഹബന്ധം തങ്ങളില്‍ നിന്ന് അകലാന്‍ കാരണമാകുമോ എന്ന ആശങ്കയില്‍ നിന്നുണ്ടാകുന്ന പെരുമാറ്റങ്ങളും പരാമര്‍ശങ്ങളും.

3. ദമ്പതികളുടെ താല്‍പര്യങ്ങള്‍ക്കും അഭിരുചികള്‍ക്കും തീരുമാനങ്ങള്‍ക്കും വിലകല്‍പിക്കാതെ അവരെ അനിഷ്ടകരമായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുക.

4. സാമ്പത്തിക ശേഷിയുള്ള രക്ഷിതാക്കള്‍ അനാവശ്യമായി പണം നല്‍കി ഭാര്യയുമൊത്തുള്ള സ്വതന്ത്രമായ ജീവിതത്തെ പ്രയാസപ്പെടുത്തുക.

5. ദമ്പതികളെന്ന നിലയ്ക്ക് ഒന്നിച്ച് താമസിക്കുന്നതിനും സഞ്ചരിക്കുന്നതിനും സ്‌നേഹം പ്രകടിപ്പിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് തടസ്സം നില്‍ക്കുക.

ഇതുപോലുള്ള കാര്യങ്ങള്‍ തങ്ങളില്‍നിന്നുണ്ടാകുന്നത് ശ്രദ്ധിച്ച് ഏറ്റവും ആസ്വാദ്യകരവും സമാധാനപരവുമായ ഒരു കുടുംബ ജീവിതത്തിന് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്ത് അവരുടെ സന്തോഷത്തില്‍ സന്തോഷിക്കുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

പഠന സംവിധാനത്തിലെ വിയോജിപ്പ്

പഠന സംവിധാനത്തിലെ വിയോജിപ്പ്
ഞാന്‍ ഒരു ആറ് വയസ്സുകാരന്റെ പിതാവാണ്. അവന്റെ മദ്‌റസയില്‍ പരീക്ഷ അടുത്തുവന്നിട്ടുണ്ട്. പക്ഷേ, അവന്‍ ക്വുര്‍ആന്‍ മാത്രമെ അല്‍പമെങ്കിലും പഠിച്ചിട്ടുള്ളു. ഞാന്‍ ജോലി കഴിഞ്ഞ് വന്നതിനു ശേഷം ഉറങ്ങാന്‍ കിടക്കുമ്പോള്‍ മൊബൈലില്‍ കേള്‍പിച്ചിട്ടാണ് അവന്‍ പഠിക്കുന്നത്. ബാക്കിയുള്ള വിഷയങ്ങള്‍ പഠിപ്പിക്കാന്‍ എനിക്ക് സമയം കിട്ടുന്നില്ല.

എന്റെ ഭാര്യ അറബിക്കോളേജില്‍ പഠിച്ചവളാണ്. അവളുടെ സഹായം ഉണ്ടാകും എന്നുള്ള പ്രതീക്ഷയിലാണ് ഞാന്‍ പുതുതായി തുടങ്ങിയ വീക്കെന്റ് മദ്‌റസയില്‍ ചേര്‍ത്തത്. പക്ഷേ, അവളില്‍ നിന്ന് ഒരു നിലയ്ക്കുമുള്ള സഹായവും കിട്ടുന്നില്ല. എന്നു മാത്രമല്ല അവളില്‍ നിന്ന് ഒരു പാട് വെറുപ്പിക്കുന്ന സംസാരങ്ങള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യുന്നു. എന്റെ ക്ഷമ ചില സന്ദര്‍ഭങ്ങളില്‍ നഷ്ടപ്പെടുകയും ശകാരിക്കുകയും ചെയ്യേണ്ടി വരുന്നു. ഞങ്ങളുടെ ബന്ധത്തില്‍ ഇത് വലിയ വിള്ളല്‍ സൃഷ്ടിക്കുന്നുണ്ട്. ഈ രൂപത്തില്‍ കുട്ടിയുടെ പഠനം മുന്നോട്ടു കൊണ്ടുപോകുവാന്‍ ബുദ്ധിമുട്ടുണ്ട്. സാധാരണ മദ്‌റസയില്‍ ചേര്‍ത്താല്‍ പഠിപ്പിക്കാം എന്ന് അവള്‍ പറയുന്നു. എന്റെ ഉപ്പയും ഉമ്മയും അവളുടെ ഉപ്പയും ഉമ്മയും എല്ലാം അവള്‍ക്ക് സപ്പോര്‍ട്ടാണ്. ഞാന്‍ വല്ലാത്ത മാനസിക പ്രയാസത്തിലാണുള്ളത്. എന്നെ സംബന്ധിച്ചടത്തോളം നേരത്തെ വരാന്‍ കഴിയാത്ത ഒരു അവസ്ഥയാണ്. ദീനിബോധം നോക്കി കല്യാണം കഴിച്ചതാണ്. അല്‍പം സാമ്പത്തികമുള്ളത് ഒരു പ്രയാസമായി പോയി എന്ന് ഇപ്പോള്‍ തോന്നുന്നു. എന്ത് തീരുമാനെടുക്കണം എന്ന് അറിയില്ല. രാവിലെ കുട്ടിയെ എഴുന്നേല്‍പിക്കലും പ്രഭാതകൃത്യങ്ങള്‍ ചെയ്യിക്കലുമെല്ലാം ഞാന്‍ തന്നെ ചെയ്യണം. ചായ പോലും ഞാന്‍ ഉണ്ടാക്കണം. ഭക്ഷണം ഹോട്ടലില്‍ നിന്ന് വാങ്ങുകയും ചെയ്യുന്നു. ഭാര്യയുടെ സ്വഭാവം ഇന്നല്ലെങ്കില്‍ നാളെ മാറും എന്നുള്ള പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, വെറുപ്പുണ്ടാക്കുന്ന കാര്യങ്ങളാണ് അവളില്‍ നിന്ന് അനുദിനം എനിക്ക് കിട്ടുന്നത്. എന്താണ് ഞാന്‍ ചെയ്യേണ്ടത്?
ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സംഭവിക്കാറുള്ള ഭിന്നതകളുടെ പൊതുവായ കാരണവും നിര്‍ദേശിക്കാവുന്ന ഒരു പരിഹാരവുമാണ് ഈ ചോദ്യം വായിച്ചപ്പോള്‍ മനസ്സില്‍ വന്നത്. ഒരു കാര്യത്തില്‍ ഭിന്നവീക്ഷണങ്ങളുണ്ടാവുക എന്നത് സ്വാഭാവികമാണ്. കാരണം, രണ്ട് വ്യത്യസ്ത വ്യക്തികളുടെ കാഴ്ചപ്പാടുകള്‍ ഭിന്നമാവുന്നത് സ്വാഭാവികം മാത്രം. എന്നാല്‍ അത് ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലാകുമ്പോള്‍ ജീവിതം തന്നെ പ്രയാസകരമാവും. അത് കുട്ടികളുടെ കാര്യത്തിലാവുമ്പോള്‍ അവര്‍ മാനസികമായി തകരും. ഒരു വിഷയത്തെ മാതാവും പിതാവും രണ്ട് രൂപത്തില്‍ സമീപിച്ചാല്‍ മക്കള്‍ ആശയക്കുഴപ്പത്തിലാകും. വിട്ടുവീഴ്ച ചെയ്യാവുന്ന കാര്യങ്ങളാണെങ്കില്‍ ഒരാള്‍ വിട്ടുവീഴ്ച ചെയ്തിട്ടെങ്കിലും അഭിപ്രായ ഐക്യം ഉണ്ടാക്കണം. വിഷയങ്ങളില്‍ യോജിപ്പുണ്ടാക്കി സ്വസ്ഥതയും സമാധാനവും ഉണ്ടാക്കാവുന്ന ചില നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു:

1. കൂടിയാലോചന: കുടുംബവുമായി ബന്ധപ്പെട്ട പുതിയൊരു കാര്യം ദമ്പതികളില്‍ ഒരാള്‍ ചിന്തിച്ചുതുടങ്ങുമ്പോഴേക്കും ആ ആശയത്തില്‍ ഇണയുമായി കൂടിയാലോചന തുടങ്ങണം. ഇവിടെ ഉന്നയിച്ച കാര്യം തന്നെ നമുക്ക് ഉദാഹരണമായി എടുക്കാം. മദ്‌റസയില്‍ കുട്ടിയെ പഠിപ്പിക്കണമെന്ന കാര്യത്തില്‍ ഇവിടെ അഭിപ്രായ വ്യത്യാസമില്ല. അത് പ്രത്യേക സിലബസ്സോടും ലക്ഷ്യത്തോടും കൂടി നടത്തുന്ന വീക്കെന്റ് മദ്‌റസയിലാകണമോ അതോ സാധാരണയായി നടന്നുകൊണ്ടിരിക്കുന്ന മദ്‌റസയിലാകണമോ എന്ന വിഷയത്തിലാണ് ഇവിടെ തര്‍ക്കം. വീക്കെന്റ് മദ്‌റസ എന്ന ആശയത്തില്‍ തുടക്കത്തിലേ പരസ്പരം ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷേ, ഈ ഭിന്നത ഒഴിവാക്കാമായിരുന്നു. അപ്പോള്‍ അവളുടെ വിയോജിപ്പുകള്‍ അവള്‍ തുറന്നുപറയും; അത് പരിഹരിച്ച് മുന്നോട്ട് പോകുവാനും കഴിയും.

ഞായറാഴ്ച മാത്രമെ കുട്ടിയെ കൂടെക്കിട്ടൂ എന്നോ ആ ദിവസങ്ങളില്‍ പുറത്ത് പോകാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നോ ഒക്കെ ഒരു പക്ഷേ, അവളുടെ മനസ്സിലുണ്ടാകാം. അത് തീരുമാനമെടുക്കും മുമ്പ് മാത്രമെ അവള്‍ തുറന്ന് പറയൂ. അതിന് പ്രായോഗികമായ പരിഹാരമുണ്ടാക്കുകയോ അല്ലെങ്കില്‍ വീക്കെന്റ് മദ്‌റസയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുകയോ ചെയ്യാമായിരുന്നു. ഇനി അതിന് അവസരമില്ല. ചിലര്‍ തങ്ങളോട് ആലോചിക്കാതെ തീരുമാനിച്ചത് കൊണ്ട് മാത്രം വിയോജിക്കുന്നവരാണ്. അത്തരക്കാര്‍ ഒരു ചോദ്യം കൊണ്ട് മാത്രം കൂടെ നില്‍ക്കും. ഇതും കൂടിയാലോചനയുടെ ഗുണമാണ്. കൂടിയാലോചനകള്‍ ഇല്ലാതാകുന്നത് ഞാന്‍ ചെയ്യുന്നത് പൂര്‍ണമായും ശരിയാണ്, അതില്‍ ഇനി ഒരാളുടെയും അഭിപ്രായം ആവശ്യമില്ല എന്ന തെറ്റായ വിശ്വാസത്തില്‍ നിന്നുമാണ്. അത് താന്‍ സ്വന്തമായി ചെയ്യുന്ന കാര്യങ്ങളില്‍ ഭാഗികമായി ശരിയായിരിക്കാം. മറ്റൊരാളുടെ സഹകരണം വേണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ അയാളുമായി കൂടിയാലോചിച്ചേ പറ്റൂ. അത് കൊണ്ടാണല്ലോ വീഴ്ച വരുത്തിയവരോട് പോലും കൂടിയാലോചന നടത്താന്‍ നബി ﷺ യോട് അല്ലാഹു നിര്‍ദേശിച്ചത്.

''(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പ്‌കൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്'' (3:159).

2. ഒന്നിച്ചുള്ള പഠനം: ഇണകളില്‍ ഒരാള്‍ക്കുണ്ടാകുന്ന മതപരമായ അറിവ് കൂടെയുള്ളവര്‍ക്ക് ലഭിക്കാതെ പോകുന്നു എന്നതാണ് മറ്റൊരു കാരണം. ഒന്നിച്ച് തന്നെ ജുമുഅകളിലും ക്വുര്‍ആന്‍ പഠനക്ലാസ്സുകളിലും മതപ്രഭാഷണങ്ങളിലും പങ്കെടുക്കുക എന്നതാണ് മറ്റൊരു പരിഹാരം. ഒരു പക്ഷേ, വീക്കെന്റ് മദ്‌റസയയുടെ ആശയം ചോദ്യകര്‍ത്താവിന് ലഭിച്ച അതേ വേദിയില്‍ നിന്ന് ഭാര്യക്കും ലഭിച്ചിരുന്നുവെങ്കില്‍ ഇങ്ങനെ ഒരു പ്രശ്‌നം തന്നെ ഉല്‍ഭവിക്കുമായിരുന്നില്ല.

3. ഭര്‍ത്താവിനെ അനുസരിക്കുക: മതവിരുദ്ധമല്ലാത്ത ഏതൊരു കാര്യത്തിലും ഭര്‍ത്താവിനെ അനുസരിക്കുവാന്‍ ഭാര്യക്ക് ബാധ്യതയുണ്ട്. ഏതൊരു സ്ഥാപനത്തിലും അനുസരിക്കപ്പെടുന്ന ഒരു നേതൃത്വം ഉണ്ടായേ പറ്റൂ. മക്കള്‍ മാതാവിനെ അനുസരിക്കാതിരുന്നാല്‍ എന്തായിരിക്കും അവസ്ഥ? അതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഭാര്യ ഭര്‍ത്താവിനെ അനുസരിക്കാതിരുന്നാലും.

ഒരു അനുബന്ധം കൂടി ചേര്‍ക്കട്ടെ; ചെറിയ അസ്വസ്ഥതകള്‍ കുടുംബത്തില്‍ സംഭവിക്കുമ്പോഴേക്കും ക്ഷമ കൈവിട്ട് വിവാഹാലോചനയുടെ പിഴവുകളിലേക്കും ബന്ധുവീട്ടിലെ നയവൈകല്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്നത് വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും.

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

സമാധാനം നല്‍കാത്ത ഭര്‍തൃമാതാവ്

സമാധാനം നല്‍കാത്ത ഭര്‍തൃമാതാവ്
ഭര്‍തൃമാതാവില്‍നിന്ന് (എന്റെ പിതാവിന്റെ ഉമ്മയില്‍നിന്ന്) എന്റെ ഉമ്മ അനുഭവിക്കുന്ന ശാരീരിക മാനസിക പീഡനങ്ങള്‍ കുട്ടിക്കാലം മുതലേ കണ്ടു വളര്‍ന്നവളാണ് ഞാന്‍. ഇപ്പോള്‍ സമാനമായ അനുഭവം എന്റെ ഭര്‍തൃമാതാവില്‍നിന്ന് ഞാനും അനുഭവിക്കുന്നു. വാക്കുകള്‍ കൊണ്ട് അസഹ്യമായ പീഡനമാണ് ഞാന്‍ അനുഭവിക്കുന്നത്. ജീവിതത്തോട് വെറുപ്പും ഒറ്റക്ക് ജീവിക്കാനുള്ള ആഗ്രഹവും വന്നുപോകുന്നു. ഭര്‍ത്താവ് ഉപദേശങ്ങള്‍ തരുന്നുണ്ട്. എന്നാല്‍ അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്റെയും ഉമ്മയുടെയും പ്രശ്‌നങ്ങള്‍ക്കിടയില്‍ അദ്ദേഹവും മാസനികമായി വിഷമിക്കുന്നുണ്ട്. പരലോകത്ത് ഇതെന്നെ ദോഷകരമായി ബാധിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഒരു പരിഹാരം നിര്‍ദേശിക്കുമല്ലോ.
ഭര്‍തൃ മാതാവുമായി സഹകരിച്ചു പോകാന്‍ കഴിയാത്തതിന്റെ വിഷമം ധാരാളം സഹോദരിമാരുടെ പ്രശ്‌നമാണ്. ജീവിതത്തിന്റെ ഒരു പ്രത്യേകമായ കാലഘട്ടത്തില്‍ നിലനില്‍ക്കുന്ന ഒരു പ്രശ്‌നം മാത്രമാണിത്. ഒരുപക്ഷേ, ഏതാനും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഈ മാതാവ് ഇന്ന് പ്രയാസങ്ങള്‍ അനുഭവിക്കുന്ന സഹോദരിയുടെ കീഴില്‍ വന്നു നില്‍ക്കേണ്ടി വന്നേക്കാം. ഇന്ന് നിങ്ങളാണ് പരാതി പറയുന്നതെങ്കില്‍ നാളെ നിങ്ങളുടെ മകന്റെ ഭാര്യയായിരിക്കും പരാതിക്കാരി. കാരണം ഒരു സ്ത്രീയും തന്റെ മകന്റെ ഭാര്യയെ ഉപദ്രവിക്കണമെന്ന് തീരുമാനിച്ച് കാത്തിരിക്കുന്നില്ല; ചില മാനസികാവസ്ഥകളില്‍ അങ്ങനെ സംഭവിച്ചു പോകുന്നു എന്ന് മാത്രം.

ഭര്‍തൃമാതാവിന്റെ ഇതേ ഉപദ്രവങ്ങള്‍ തന്റെ സ്വന്തം ഉമ്മയില്‍ നിന്നാെണങ്കില്‍ എന്ത് ചെയ്യും? അത് ഉമ്മയുടെ സ്വഭാവമാണെന്ന് മനസ്സിലാക്കി, അന്യായമായി തന്നോട് ചെയ്യുന്ന കാര്യങ്ങളില്‍ വിഷമിക്കുന്നതില്‍ അര്‍ഥമില്ലെന്നു വിചാരിച്ച് ക്ഷമിക്കും! ഭര്‍ത്താവിന്റെ ഉമ്മയെ തന്റെ സ്വന്തം ഉമ്മയുടെ സ്ഥാനത്ത് സങ്കല്‍പിച്ചാല്‍ ഒരുപക്ഷേ, പ്രയാസങ്ങള്‍ കുറഞ്ഞതു പോലെ അനുഭവപ്പെടും. മനസ്സ് മാറിക്കിട്ടാനുള്ള ആത്മാര്‍ഥമായ പ്രാര്‍ള്‍ഥനകളും ഒരു പരിഹാരമാണ്.

ഇവിടെ ഈ സഹോദരി തന്റെ ഉമ്മയുടെ അവസ്ഥയോട് തന്റെ അവസ്ഥയെ താരതമ്യം ചെയ്തതു കൊണ്ടായിരിക്കും പ്രതീക്ഷ നഷ്ടപ്പെട്ടത്. ഉമ്മ സ്വീകരിച്ചതില്‍നിന്നും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചാല്‍ തനിക്ക് മറ്റൊരനുഭവമുണ്ടാകും എന്ന് പ്രതീക്ഷിക്കാന്‍ കഴിയണം. അറിവില്ലായ്മയും തെറ്റായ പ്രതികരണ രീതികളും പല പ്രശ്‌നങ്ങളെയും സങ്കീര്‍ണമാക്കുന്നു.

ഭര്‍തൃമാതാവിന്റെ പെരുമാറ്റ മനഃശ്ശാസ്ത്രം സഹോദരി മനസ്സിലാക്കണം. നിങ്ങള്‍ ചെയ്യുന്ന ജോലിയിലെ ന്യൂനതകളോ കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ ധനം ചെലവഴിക്കുന്നതിലെ സൂക്ഷ്മതക്കുറവോ സ്വന്തം വീട്ടുകാരുമായുള്ള ബന്ധങ്ങളോ എല്ലാമായിരിക്കും കുറ്റപ്പെടുത്തുന്നതിലെ വിഷയങ്ങള്‍. എന്നാല്‍ യഥാര്‍ഥ കാരണം ഇവയാകണമെന്നുമില്ല. മകന്‍ അവന്റെ ഭാര്യയോടുള്ള അമിത സ്‌നേഹം കാരണം തന്നില്‍നിന്ന് അകലുമോ എന്ന ചിന്തയോ, തന്റെ മകള്‍ക്ക് കിട്ടാത്ത ദാമ്പത്യ ജീവിതം ഇവള്‍ക്ക് കിടുന്നതോ, തനിക്ക് ഇതുപോലെയുള്ള ജീവിതം കിട്ടിയില്ലല്ലോ എന്ന ദുഃഖമോ ഒരുപക്ഷേ, ആ മനസ്സിനെ അലട്ടുന്നുണ്ടാകും. അതിനാല്‍ അവരില്‍ നിന്നുണ്ടാകുന്ന അനിഷ്ടകരമായ കാര്യങ്ങളെ തല്‍ക്കാലം അവഗണിക്കുകയും അവരുടെ സ്‌നേഹം കരസ്ഥമാക്കാന്‍ തന്ത്രപരമായ സമീപനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ് ബുദ്ധി. വിഷമങ്ങള്‍ അധികരിക്കുമ്പോള്‍, എന്തിന് ഇതെല്ലാം സഹിക്കണം, ഭര്‍ത്താവിന്റെ മാതാവിനെ നോക്കാന്‍ എനിക്ക് മതപരമായി കടമയുണ്ടോ എന്നെല്ലാം ചിന്തിക്കുനവര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. ഭര്‍ത്താവുമായുള്ള ബന്ധം ഭംഗിയായും സ്‌നേഹത്തോടെയും മുന്നോട്ട് കൊണ്ടുപോകാന്‍ അയാളുടെ കുടുംബത്തോടും മാതാവിനോടും നല്ല ബന്ധം സ്ഥാപിച്ചേ പറ്റൂ. ഭാര്യ സമ്പന്നയാണെങ്കിലും അവള്‍ക്ക് ചെലവിനു നല്‍കാന്‍ ഭര്‍ത്താവിന് ബാധ്യതയുള്ളതുപോലെ ഭര്‍ത്താവിനും കുടുംബത്തിനും അല്ലാഹുവിന്റെ പ്രതിഫലമാഗ്രഹിച്ച് കഴിയാവുന്ന സേവനങ്ങള്‍ ചെയ്യാന്‍ ഭാര്യയും ശ്രമിക്കണം.

ഒറ്റക്ക് ജീവിച്ചാലോ എന്ന് ചിന്തിച്ചും വിവാഹമോചനം ആവശ്യപ്പെടാന്‍ ആഗ്രഹിച്ചും മാനസിക നിലതെറ്റാവുന്ന അവസ്ഥയില്‍ തന്റെ ഭാര്യ എത്തിപ്പെടുന്നതില്‍ തീര്‍ച്ചയായും ഭര്‍ത്താവിന് ഉത്തരവാദിത്തമുണ്ട്. നബി(സ്വ) പറഞ്ഞു: ''സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അലാഹുവില്‍നിന്നുള്ള ഒരു അമാനത്തായാണ് നിങ്ങള്‍ അവരെ സ്വീകരിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ നാമത്താലാണ് അവര്‍ നിങ്ങള്‍ക്ക് അനുവദനീയമായിത്തീര്‍ന്നത്'' (മുസ്‌ലിം 2137).

സഹോദരി അനുഭവിക്കുന്നതു പോലുളള മാനസിക പ്രയാസത്തില്‍ അകപ്പെട്ട ഏതൊരു ഭാര്യയോടും വളരെ നല്ല പെരുമാറം ഭര്‍ത്താവില്‍നിന്നുണ്ടാകേണ്ടത് അനിവാര്യമാണ്. നബി(സ്വ) പറഞ്ഞു: ''സ്വന്തം ഭാര്യയോട് നന്നായി പെരുമാറുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍' (തുര്‍മുദി).

അതോടൊപ്പം ഒരു കാര്യം മനസ്സിലാക്കുക. മാതാവിന്റെ പെരുമാറ്റം നന്നാക്കുന്നതില്‍ മകനെന്ന നിലയില്‍ ഭര്‍ത്താവിന് ചില പരിമിതികളുണ്ട്. എന്നാല്‍ അപകടരഹിതമായ വഴികള്‍ അദ്ദേഹം കണ്ടെത്തേണ്ടതുണ്ട്. പ്രയാസങ്ങള്‍ എപ്പോഴും എളുപ്പത്തിലേക്കുള്ള വഴികളാണെന്ന ശുഭാപ്തി വിശ്വാസം വെച്ചുപുലര്‍ത്തുക. ക്ഷമയോടെ കാത്തിരുന്നാല്‍ ഇഹലോകത്തും പരലോകത്തും സന്തോഷിക്കാനാകും. അല്ലാഹു സഹായിക്കട്ടെ.

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

പിണക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍​

പിണക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍
ഞാനും ഭര്‍ത്താവും ഇടയ്ക്കിടെ ചെറിയ തോതില്‍ വഴക്കിടാറുണ്ട്. സൗന്ദര്യപ്പിണക്കം എന്നുപറയാവുന്ന പിണക്കവും ഉണ്ടാകും. മണിക്കൂറുകളേ ആ പിണക്കത്തിന് ആയുസ്സുണ്ടാകൂ. എപ്പോഴും പിണക്കം തീര്‍ക്കാനുള്ള ശ്രമം ഭര്‍ത്താവിന്റെ ഭാഗത്ത് നിന്നാണ് ഉണ്ടാകാറുള്ളത് എന്നതാണ് എന്റെ പ്രശ്‌നം. ആദ്യം മുന്‍കയ്യെടുത്ത് പ്രശ്‌നം തീര്‍ക്കാന്‍ എനിക്ക് കഴിയാറില്ല. തോറ്റുകൊടുക്കാന്‍ കഴിയാത്ത മനസ്സാണ് എനിക്കുള്ളത്. ഇതിന് ഒരു പരിഹാരം നിര്‍ദേശിക്കാമോ?
എല്ലാ പിണക്കങ്ങളിലും അവസാനം താന്‍ ജയിച്ചിട്ടും വലിയ കുറ്റബോധത്തോടെയാണ് സഹോദരി ഇവിടെ അതിനെ കുറിച്ച് പറയുന്നത്. ഇതുതന്നെയാണ് ആദ്യത്തെ പരിഹാരം. താന്‍ തന്റെ ഭര്‍ത്താവിനോട് അരുതാത്തത് ചെയ്യുന്നു എന്ന തോന്നല്‍ മതപരമായ അറിവില്‍ നിന്നും നല്ല മനസ്സില്‍ നിന്നും ഉണ്ടാവുന്നതാണ്. ഒരു സ്ത്രീ ഏറ്റവും ആദരിക്കേണ്ട വ്യക്തിയാണ് ഭര്‍ത്താവ്; ഒരുവേള മാതാപിതാക്കളെക്കാള്‍.

നബി(സ്വ) പറഞ്ഞു: ''ഭര്‍ത്താവ് സ്ഥലത്തുണ്ടായിരിക്കെ അയാളുടെ അനുവാദമില്ലാതെ (സുന്നത്ത്) നോമ്പെടുക്കാന്‍ ഒരു സ്ത്രീക്ക് അനുവാദമില്ല. അവന്റെ അനുവാദമില്ലാതെ അവന്റെ വീട്ടില്‍ ഒരാള്‍ക്ക് അനുവാദം കൊടുക്കാനും(അവള്‍ക്ക് പാടില്ല)'' (ബുഖാരി/4899).

ഇമാം അല്‍ബാനി(റഹി) ഈ ഹദീഥിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: 'ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവിന്റെ വൈകാരിക ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുക്കല്‍ നിര്‍ബന്ധമാണെന്നാകുമ്പോള്‍ അതിനെക്കാളും നിര്‍ബന്ധമാണല്ലോ മറ്റു പ്രധാനകാര്യങ്ങളില്‍; അതായത് മക്കളെ സംരക്ഷിക്കല്‍, കുടുംബത്തിന്റെ നന്മക്കു വേണ്ടിയുള്ള കാര്യങ്ങള്‍ എന്നിവയില്‍ അനുസരിക്കല്‍' (ആദാബുസ്സിഫാഫ്. പേജ് 282).

അഞ്ച് കാര്യങ്ങള്‍ ഒരു സ്ത്രീക്ക് സ്വര്‍ഗത്തിന്റെ ഏത് കവാടത്തിലൂടെയും പ്രവേശിക്കാന്‍ കാരണമാകുമെന്ന് നബി(സ്വ) പറഞ്ഞപ്പോള്‍ അതിലൊന്ന് 'ഭര്‍ത്താവിനെ അനുസരിക്കലാണ്' എന്ന് കാണാം.
''അല്ലാഹു അല്ലാത്ത ഒരാള്‍ക്ക് സുജൂദ് ചെയ്യാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നെങ്കില്‍ ഒരു സ്ത്രീയോട് അവളുടെ ഭര്‍ത്താവിന് സുജൂദ് ചെയ്യാന്‍ കല്‍പിക്കുമായിരുന്നു'' (ഇബ്‌നുമാജ) എന്ന നബിവചനം ഭര്‍ത്താവിനാടുള്ള കടമകളുടെ ഗൗരവം സൂചിപ്പിക്കുന്നു.

ഇമാം അഹ്മദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീഥില്‍ ഹുസൈനുബ്‌നു മുഹ്‌സിന്‍(റ) പറയുന്നു: തന്റെ പിതൃസഹോദരി ഒരിക്കല്‍ ഒരു ആവശ്യത്തിനുവേണ്ടി നബി(സ്വ)യുടെ അടുക്കല്‍ വന്നു. ആവശ്യം കഴിഞ്ഞപ്പോള്‍ നബി(സ്വ) അവരോട് ചോദിച്ചു: 'നിനക്ക് ഭര്‍ത്താവുണ്ടോ?' അവര്‍ പറഞ്ഞു: 'അതെ.' നബി(സ്വ) അവരോട് ചോദിച്ചു: 'നീ അവനോട് എങ്ങനെയാണ് പെരുമാറാറുള്ളത്?' 'എനിക്ക് കഴിയാവുന്ന ഒരു കാര്യത്തിലും വീഴ്ച വരുത്താറില്ല.' അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'അയാളോടുള്ള നിന്റെ നിലപാട് ശ്രദ്ധിക്കണം. അവന്‍ നിന്റെ നരകവും സ്വര്‍ഗവുമാണ്' (അഹ്മദ്/19025).

ഒരു സ്ത്രീക്ക് ഭര്‍ത്താവിനോടുള്ള ബാധ്യത മതത്തില്‍ എത്രമാത്രമുണ്ട് എന്ന് മനസ്സിലാക്കാന്‍ ഈ വചനങ്ങള്‍ തന്നെ ധാരാളമാണ്. എപ്പോഴാണ് ഒരു ഭാര്യ ഭര്‍ത്താവുമായി പിണങ്ങുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്. തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതോ ഇഷ്ടമില്ലാത്തതോ ആയ എന്തെങ്കിലും കാര്യങ്ങള്‍ ഭര്‍ത്താവ് പറഞ്ഞ് തുടങ്ങുമ്പോഴേക്കും ഭാര്യ പ്രതികരിച്ച് തുടങ്ങും. ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യപ്പെടേണ്ട ഒരു വ്യക്തി എന്തെങ്കിലും പറയുമ്പോള്‍ കേട്ടിരിക്കാനുള്ള ക്ഷമ വളരെ പ്രധാനപ്പെട്ടതാണ്. മറിച്ചാകുമ്പോള്‍ അനുസരണക്കേടും ധിക്കാരവും അനാദരവുമായിട്ടേ അതിനെ കാണാന്‍ കഴിയൂ. നമ്മുടെ ഭാര്യമാര്‍ക്ക് ഇതിന് കഴിയേണ്ടതുണ്ട്.

ചെറിയ ചെറിയ പിണക്കങ്ങള്‍ അത്ര ഗൗരവമാക്കേണ്ടതില്ല. അതില്‍ ചിലത് സ്‌നേഹപ്രകടനത്തിന്റെ ഭാഗമാണ്. കുട്ടികള്‍ തമ്മില്‍ വഴക്കടിച്ച് കൊണ്ടിരിക്കുന്നത് ശത്രുത കൊണ്ടാണെന്ന് പറയാവതല്ലല്ലോ! പക്ഷേ, അത് എപ്പോഴുമാകുമ്പോള്‍ പ്രയാസമാണ്.

ഒരാള്‍ക്ക് കീഴ്‌പ്പെടുന്നതില്‍ ഒരു സുഖമുണ്ട്; അധ്യാപകനു മുമ്പില്‍, മാതാപിതാക്കള്‍ക്ക് മുമ്പില്‍, ഭര്‍ത്താവിനു മുമ്പില്‍... അതിന് മനസ്സിനെ തയ്യാറാക്കുകയാണ് മറ്റൊരു പരിഹാരം. മനസ്സിന്റെ പ്രശ്‌നങ്ങള്‍ ഇത്തരം പെരുമാറ്റങ്ങള്‍ക്ക് കാരണമാകാം. ക്വുര്‍ആന്‍ പഠനത്തിലൂടെ മനസ്സിനെ സമാധാനപൂര്‍ണമാക്കുക.

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

പിതാവിന്റെ പുനര്‍വിവാഹം ഇഷ്ടപ്പെടാത്ത മക്കള്‍

പിതാവിന്റെ പുനര്‍വിവാഹം ഇഷ്ടപ്പെടാത്ത മക്കള്‍
മുതിര്‍ന്ന മക്കളുള്ള ഒരാളുടെ ഭാര്യ മരണപ്പെട്ടു. പിന്നീട് അയാള്‍ വിവാഹം കഴിച്ചത് പ്രായം കുറഞ്ഞ എന്നെയാണ്. നിലവിലുള്ള മക്കളോട് ഞാന്‍ എങ്ങനെ പെരുമാറണം? അവര്‍ തിരിച്ച് എന്നോട് പെരുമാണേണ്ടതും എങ്ങനെയാണ്? പരസ്പരം അത്ര ഇഷ്ടമില്ലാതെ ജീവിക്കുന്ന ഇരുകൂട്ടര്‍ക്കുമിടയില്‍ രമ്യതയുണ്ടാക്കാന്‍, പരലോകം നഷ്ടപ്പെടാതിരിക്കാന്‍ പ്രായോഗിക മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാമോ?
നിങ്ങളെ വിവാഹം ചെയ്ത ഭര്‍ത്താവിന്റെ മുന്‍ ഭാര്യയിലുള്ള മക്കള്‍ നിങ്ങള്‍ക്കു മഹ്‌റം (വിവാഹം നിഷിദ്ധമാക്കപ്പെട്ടവര്‍) ആണ്. അല്ലാഹു പറയുന്നു: ''നിങ്ങളുടെ പിതാക്കള്‍ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കരുത്...'' (4:22).

ഈ വചനത്തില്‍ നിന്നും മനസ്സിലാകുന്നത് പിതാവോ പിതാവിന്റെ പിതാവോ വിവാഹം ചെയ്തവരെ മക്കള്‍ക്ക് വിവാഹം ചെയ്യാന്‍ പാടില്ലെന്നതാണ്. ഒരാള്‍ ഒരു സ്ത്രീയെ മതപരമായ നിലയില്‍ വിവാഹം ചെയ്താല്‍, അയാളുടെ മക്കള്‍, മക്കളുടെ മക്കള്‍, പെണ്‍മക്കളുടെ മക്കള്‍ എന്നിവര്‍ക്ക് ആ സ്ത്രീയെ വിവാഹം ചെയ്യല്‍ നിഷിദ്ധമാണ്. (അല്‍ ഫതാവാ ജാമിഅ്, അശ്ശൈഖ് സ്വാലിഹ് ബ്‌നു ഉസൈമീന്‍). അതുകൊണ്ട് തന്നെ അവരോടൊപ്പം ജീവിക്കുന്നതിനോ പെരുമാറുന്നതിനോ മതപരമായി തടസ്സമില്ല.

എന്നാല്‍ സഹോദരി ഇവിടെ ചില ആശങ്കകള്‍ പ്രകടിപ്പിക്കുന്നുണ്ട്. അതിന് ചില പ്രായോഗിക മാര്‍ഗങ്ങള്‍ നിര്‍ദേശിക്കട്ടെ.

ഒന്ന്: ഭര്‍ത്താവിന്റെ നിലവിലുള്ള മക്കള്‍ മുതിര്‍ന്നവരായതു കൊണ്ട് പ്രായം കുറഞ്ഞ ഒരു സ്ത്രീയെ ഉമ്മയുടെ സ്ഥാനത്ത് കണ്ട് പെരുമാറാന്‍ അവര്‍ക്കുള്ള വിഷമം ഒരുവശത്ത്. ഏകദേശം തന്നോളം പ്രായം വരുന്നവരെ മക്കളെ പോലെ കണ്ട് പെരുമാറാനുള്ള താങ്കളുടെ പ്രയാസം മറുവശത്ത്. ഇവിടെ ആശങ്കപ്പെടേണ്ട കാര്യമേ ഇല്ല. സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പാകതയും പക്വതയുമെത്തിയവരെ ചെറിയ കുട്ടികളെപ്പോലെ സംരക്ഷിക്കേണ്ട ആവശ്യമെന്ത്? സ്വന്തം ഉമ്മ ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ പോലും മുതിര്‍ന്ന മക്കള്‍ വളരുന്നതിനനുസരിച്ച് അകലമുണ്ടാകും. അതുപോലെ മാത്രമെ ഇവിടെയും വിചാരിക്കേണ്ടതുള്ളൂ. അവരുടെ വസ്ത്രം അലക്കിക്കൊടുക്കുകയോ അവര്‍ താമസിക്കുന്ന മുറി വൃത്തിയാക്കുകയോ ചെയ്യേണ്ട അനിവാര്യതയുണ്ടെങ്കില്‍ ചെയ്യുക. കഴിയുന്നതും അത് അവര്‍ സ്വന്തം നിര്‍വഹിക്കുന്നതാണ് നല്ലത്. വിവാഹിതരാകുന്നതോടൊപ്പം അതെല്ലാം അവരുടെ ഭാര്യമാര്‍ നിര്‍വഹിക്കും. മാത്രവുമല്ല, അവര്‍ അതോടെ പുതിയൊരു കുടുംബമായി മാറുകയും ചെയ്യും.

രണ്ട്: ഈ മുതിര്‍ന്ന മക്കളുടെ കാര്യത്തില്‍ സ്വന്തം മക്കളെപ്പോലെ പെരുമാറാനും പരിചരിക്കാനും സാധിക്കാതെ വന്നാല്‍ പരലോകം നഷ്ടപ്പെടുമല്ലോ എന്നതാണ് സഹോദരിയുടെ ആശങ്ക. ഉപകാരങ്ങളും സേവനങ്ങളും ചെയ്യുന്നതിലുപരി അവരുടെ വീട്ടില്‍ അവര്‍ക്ക് വിഷമകരമായ അവസ്ഥ സൃഷ്ടിക്കുന്ന രൂപത്തില്‍ പെരുമാറാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഓരോരുത്തരോടും അവരവരുടെ കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കാനേ അല്ലാഹു നിര്‍ദേശിച്ചിട്ടുള്ളൂ. അതിനാല്‍ സാധ്യമല്ലാത്ത കാര്യങ്ങളില്‍ വെറുതെ ആശങ്കപ്പെടേണ്ടതില്ല.

മൂന്ന്: പരസ്പരം ഇഷ്ടമില്ലാതെ ജീവിക്കുന്നവര്‍ക്കിടയില്‍ രമ്യത ഉണ്ടാക്കുവാന്‍ കഴിയാതെ പോകുന്നു എന്നതാണ് മറ്റൊരു ആശങ്ക. പിതാവിന്റെ പുനര്‍ വിവാഹത്തെ മക്കള്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് ചോദ്യത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഇതിന്റെ കാരണം തങ്ങളുടെ മാതാവിന്റെ സ്ഥാനത്ത് മറ്റൊരു സ്ത്രീയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാവാം. ഇത് സ്വാഭാവികം മാത്രമാണ്. അവരുടെ മാനസികാവസ്ഥ മനസ്സിലാക്കി ആ സ്ഥാനത്ത് ഞാനാണെങ്കിലും ഒരുപക്ഷേ, ഇതേ നിലപാടായിരിക്കും സ്വീകരിക്കുകഎന്ന് കരുതി സമാധാനിക്കുക.

ചിലരെങ്കിലും പിതാവിന്റെ പുനര്‍ വിവാഹം തങ്ങളുടെ അനന്തര സ്വത്തിനെ ബാധിക്കുമോ എന്ന് ഭയപ്പെടുന്നവരുണ്ട്. അത്തരം സ്വാര്‍ഥതകളെ ഒരു നിലക്കും പരിഗണിക്കേണ്ടതില്ല. ഭാര്യയില്ലാതെ ഒരാള്‍ക്ക് ജീവിക്കാന്‍ വളരെ പ്രയാസമാണ്. പ്രത്യേകിച്ചും പ്രായമായവര്‍ക്ക്. തങ്ങളടെ ഉമ്മക്ക് ഉപ്പയില്‍ നിന്നും ഇത്രയും നല്ലൊരു ജീവിതം ലഭിച്ചില്ലല്ലോ എന്ന് ചിന്തിക്കുന്നവരും മക്കളിലുണ്ടാകാം. ഇത്തരം മനോഗതികളൊന്നും നമ്മുടെ നിയന്ത്രണത്തിലല്ലാത്തതിനാല്‍ പരിഹാരമില്ല. ക്ഷമിച്ച് പ്രതിഫലം നേടാന്‍ ശ്രമിക്കുക മാത്രമെ വഴിയുള്ളൂ.

തിന്മയെ നന്മ കൊണ്ട് പ്രതിരോധിച്ചാല്‍ ഏതൊരാളും ആത്മ മിത്രമാകും എന്ന ക്വുര്‍ആന്‍ വാക്യം ജീവിതത്തില്‍ പ്രയോഗവല്‍ക്കരിക്കുക. അല്ലാഹു സഹായിക്കട്ടെ.

പ്രൊഫ: ഹാരിസ്ബിൻ സലീം
നേർപഥം വാരിക

അകലും മുമ്പ് ആലോചിക്കേണ്ടത്…

അകലും മുമ്പ് ആലോചിക്കേണ്ടത്...
ഞാൻ വളരെ വിഷമത്തിലാണ്‌. എന്റെ ഭർത്താവ്‌ വലിയ മുൻകോപക്കാരനും വാശിക്കാരനുമാണ്‌. ചില തെറ്റിദ്ധാരണകൾ കാരണമായി അദ്ദേഹം എന്റ വീട്ടുകാരോട്‌ വർഷങ്ങളായി പിണങ്ങിക്കഴിയുകയാണ്‌. മതപരമായി വലിയ അറിവൊന്നുമില്ലാത്ത അദ്ദേഹം തെറ്റിദ്ധാരണകൾ തിരുത്താൻ തയ്യാറല്ല. മാത്രമല്ല, ഞാനും അദ്ദേഹം ചെയ്യുന്നതുപോലെ എന്റെ സ്വന്തക്കാരോട്‌ പിണങ്ങിക്കഴിയാൻ അദ്ദേഹം നിർബന്ധിക്കുന്നു. ഈ വിഷയത്തിൽ അദ്ദേഹം പറയുന്നത്‌ ഞാൻ അനുസരിക്കേണ്ടതുണ്ടോ?
അടുത്ത് കഴിയേണ്ട ഇണകളില്‍ പലരും അകന്നുകൊണ്ടിരിക്കുന്ന കാഴ്ചകള്‍ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നത് നിഷേധിക്കാനാവാത്ത സാമൂഹ്യ യാഥാര്‍ഥ്യമാണ്. കുടുംബ കോടതികളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വിവാഹമോചന കേസുകള്‍ ഈ വസ്തുതയെ സാധൂകരിക്കുന്നതാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതി വരാന്തകള്‍ കയറിക്കൊണ്ടിരിക്കുന്ന മുസ്‌ലിംകളും കുറവല്ല. മറ്റു പരിഹാരങ്ങളില്ലാത്ത ഘട്ടത്തില്‍ മാത്രമാണ് ഇസ്‌ലാം വിവാഹമോചനം അനുവദിച്ചിട്ടുള്ളത്. പക്ഷേ, ഇതെല്ലാം പലപ്പോഴും വിസ്മരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ തന്‍മൂലമുണ്ടാകുന്ന കുടുംബപ്രശ്‌നങ്ങളും ദിനംതോറും അധികരിച്ചുകൊണ്ടിരിക്കുന്നു.

നിസ്സാര പ്രശ്‌നങ്ങള്‍ക്ക് വിവാഹമോചനം തേടുന്നവര്‍ സമുദായത്തിലുണ്ടാക്കുന്ന വിള്ളലുകള്‍ ചെറുതല്ല. കോടതിവരാന്തകളില്‍ സ്വന്തം മകള്‍ക്ക് വേണ്ടി വാദമുഖങ്ങല്‍ നിരത്തുമ്പോള്‍, പിഞ്ചുപൈതങ്ങളുടെ മാനസിക വ്യഥകള്‍ രക്ഷിതാക്കള്‍ മറന്നുപോകുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നത് നിഷേധിക്കാനാവില്ല. എപ്പോള്‍ വേണമെങ്കിലും എടുക്കുകയും ഒഴിവാക്കുകയുമൊക്കെ ചെയ്യാവുന്ന ഒരു കമ്പോളമായിട്ടല്ല ഇസ്‌ലാം വിവാഹത്തെയും വിവാഹ മോചനത്തെയും കാണുന്നത്. ജീവിതാവസാനം വരെ നിലനില്‍ക്കേണ്ട ബന്ധമായിക്കൊണ്ടാണ് ഇസ്‌ലാം വിവാഹജീവിതത്തെ നോക്കിക്കാണുന്നത്. കുടുംബ ജീവിതത്തില്‍ എന്തെങ്കിലും ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ രൂപപ്പെട്ടാല്‍ ഉടന്‍ തന്നെ ത്വലാഖ് ചെയ്യുക എന്നത് യഥാര്‍ഥ വിശ്വാസികളുടെ നിലപാടോ സ്വഭാവമോ അല്ല.

ഇണകള്‍ക്കിടയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ ഇസ്‌ലാം അവഗണിക്കുന്നില്ല. അവ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ പരിശുദ്ധ ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടൊന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നില്ലെങ്കില്‍ മാത്രമാണ് വിവാഹമോചനം അനുവദിക്കപ്പെട്ടിട്ടുള്ളത്. അതും കൃത്യവും വ്യക്തവുമായ നിബന്ധനകളോടെ മാത്രവും.

അജ്ഞാനകാലഘട്ടത്തിലെ അറബികള്‍ക്കിടയില്‍ വിവാഹവും ത്വലാഖും മടക്കിയെടുക്കലുമൊക്കെ യാതൊരു നിയന്ത്രണവുമില്ലാതെയായിരുന്നു നടന്നിരുന്നത്. അത് മൂലം സ്ത്രീകള്‍ തെല്ലൊന്നുമല്ല പ്രയാസപ്പെട്ടിരുന്നത്. വിവാഹം കൊണ്ട് ലഭ്യമാവേണ്ട ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ, എന്നാല്‍ വിവാഹമോചനം ചെയ്യപ്പെടാതെ ജീവിക്കേണ്ടി വരുന്ന ദുരവസ്ഥ! മറ്റു നിയമ വ്യവസ്ഥകളെപ്പോലെ വിവാഹമോചനത്തിന്റെ വിഷയത്തിലും നിലവിലിരുന്ന വ്യവസ്ഥയെ സംസ്‌കരിക്കുകയും മനുഷ്യപ്രകൃതിക്ക് തീര്‍ത്തും അനുയോജ്യമായ നിയമങ്ങള്‍ കൊണ്ടുവരികയുമാണ് ഇസ്‌ലാം ചെയ്തത്. പരസ്പര സ്‌നേഹത്തിലും ഐക്യത്തിലും ജീവിക്കേണ്ട ഇണകള്‍ക്കിടയില്‍ പിണക്കമുണ്ടായാലുള്ള പരിഹാരം ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നത് കാണുക: ''ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം വല്ല ഒത്തുതീര്‍പ്പും ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. ഒത്തുതീര്‍പ്പിലെത്തുന്നതാണ് കൂടുതല്‍ നല്ലത്. പിശുക്ക് മനസ്സുകളില്‍ നിന്ന് വിട്ടുമാറാത്തതാകുന്നു. നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (4:28). പരസ്പരമുണ്ടായ അകല്‍ച്ച വര്‍ധിക്കാതെ രണ്ടാളും യോജിക്കുന്ന വിധത്തില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കാനാണ് അല്ലാഹു ഉപദേശിക്കുന്നത്.

ഭാര്യയില്‍ നിന്നാണ് അസംതൃപ്തി ഉണ്ടാകുന്നതെങ്കില്‍ അതിനുള്ള പരിഹാരവും ക്വുര്‍ആന്‍ നിര്‍ദേശിക്കുന്നു: ''അനുസരണക്കേട് കാണിക്കുന്നുവെന്ന് നിങ്ങള്‍ ഭയപ്പെടുന്ന സ്ത്രീകളെ (ഭാര്യമാരെ) നിങ്ങള്‍ ഉപദേശിക്കുക. കിടപ്പുസ്ഥാനങ്ങളില്‍ അവരുമായി അകന്നുനില്‍ക്കുകയും ചെയ്യുക.(വേണ്ടിവന്നാല്‍) അവരെ അടിക്കുകയും ചെയ്തുകൊള്ളുക. എന്നിട്ട് അവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും നിങ്ങള്‍ തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു'' (4:34). ഹജ്ജത്തുല്‍ വിദാഇലെ പ്രസംഗത്തില്‍ നബി(സ്വ)യും ഇത് സംബന്ധമായ ഉപദേശങ്ങള്‍ നല്‍കിയതായി കാണാം. അവിടുന്ന് പറഞ്ഞു: ''ജനങ്ങളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാര്‍ക്ക് നിങ്ങളുടെ മേല്‍ ബാധ്യതകളുണ്ട്. നിങ്ങള്‍ക്ക് അവരുടെ മേലും ബാധ്യതകളുണ്ട്. നിങ്ങളുടെ കിടക്കയിലേക്ക് മറ്റൊരാളെ ചവിട്ടാന്‍ അനുവദിക്കാതിരിക്കുക, നിങ്ങള്‍ വെറുക്കുന്നവര്‍ക്ക് നിങ്ങളുടെ അനുവാദമില്ലാതെ പ്രവേശനാനുമതി നല്‍കാതിരിക്കുക, നീചമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാതിരിക്കുക എന്നിവ അവരുടെ മേലുള്ള ബാധ്യതകളാകുന്നു. അങ്ങനെ വല്ലതും അവര്‍ ചെയ്താല്‍ അവരെ ഗുണദോഷിക്കാനും കിടപ്പു സ്ഥാനങ്ങളില്‍ നിന്ന് അകറ്റിനിര്‍ത്തുവാനും പരിക്കേല്‍ക്കാത്ത നിലയില്‍ അടിക്കുവാനും അല്ലാഹു അനുവദിച്ചിരിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവര്‍ ഒഴിവാകുകയും നിങ്ങളെ അനുസരിക്കുകയും ചെയ്താല്‍ (അവരെ കഷ്ടപ്പെടുത്തരുത്) നീതിപൂര്‍വ്വം ഭക്ഷണവും വസ്ത്രവും അവര്‍ക്ക് നല്‍കേണ്ടതുമാണ്.''

ഇക്കാര്യങ്ങളെല്ലാം ത്വലാഖിന് മുമ്പ് ചെയ്യേണ്ടതാണ്. എന്നിട്ടും പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ഇരു പക്ഷത്തുനിന്നും മധ്യസ്ഥര്‍ ഇടപെട്ട് യോജിപ്പുണ്ടാക്കാന്‍ ശ്രമിക്കണമെന്നതാണ് ക്വുര്‍ആനിന്റെ നിര്‍ദേശം: ''ഇനി അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച് പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്റെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന് ഒരു മധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരുവിഭാഗവും അനുരഞ്ജനമാണുദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്. തീര്‍ച്ചയും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു''(4:35).

മധ്യസ്ഥര്‍ പരമാവധി രഞ്ജിപ്പുണ്ടാക്കാന്‍ ശ്രമിക്കണം. അതിന്നു ശേഷവും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ മാത്രമാണ് ത്വലാഖ് അനുവദനീയമാക്കിയിട്ടുള്ളത്. സ്ത്രീകളുടെ ശുദ്ധി കാലത്ത് മാത്രമായിരിക്കണം ത്വലാഖ് നടത്തേണ്ടതെന്നാണ് ക്വുര്‍ആനിന്റെ കല്‍പന. ക്വുര്‍ആനും ഹദീഥുകളും പരിശോധിക്കുമ്പോള്‍ ത്വലാഖ് ഒഴിവാക്കാന്‍ പരമാവധി പരിശ്രമിക്കണമെന്നാണ് കാണാന്‍ കഴിയുക. കുടംബം തകരുന്നതിനെ വളരെ ഗൗരവത്തിലാണ് ഇസ്‌ലാം കാണുന്നത് എന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാം.

മെഹബൂബ് മദനി ഒറ്റപ്പാലം
നേർപഥം വാരിക