ജന്തുക്കളോടും കരുണ കാണിക്കുക

ജന്തുക്കളോടും കരുണ കാണിക്കുക

സ്‌കൂളിലെയും മദ്‌റസയിലെയും വാര്‍ഷിക പരീക്ഷ കഴിഞ്ഞ സന്തോഷത്തിലാണ് ഉസാമ. ഇനി കുറെ ദിവസങ്ങള്‍ കളിയില്‍ മുഴുകാം. വിരുന്നു പോകാം…

”ഉമ്മാ, എനിക്ക് അമ്മാവന്റെ വീട്ടിലേക്ക് വിരുന്നു പോകണം” അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുകയായിരുന്ന ഉമ്മയുടെ അടുത്തുചെന്ന് ഉസാമ പറഞ്ഞു. 

”അതിനെന്താ? പോകാമല്ലോ! സ്‌കൂളും മദ്‌റസയുമൊക്കെ പൂട്ടിയതല്ലേ. നീ മാത്രമല്ല നമ്മള്‍ എല്ലാവരും പോകും, നാളെത്തന്നെ.”

ഉമ്മയുടെ ഈ വാക്കുകള്‍ ഉസാമയെ സന്തോഷഭരിതനാക്കി. അമ്മാവന്റെ വീട്ടില്‍ കൂടെ കളിക്കാന്‍ സമപ്രായക്കാരനായ ഫാരിസുണ്ട്. വീടിനടുത്ത് കളിക്കുവാന്‍ വിശാലമായ മൈതാനമുണ്ട്. 

പിറ്റേദിവസം തന്നെ അവര്‍ വിരുന്നു പോയി. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് അവര്‍ തിരിച്ചുപോയത്. തിരിച്ചുവരുമ്പോള്‍ ഒരു പൂച്ചക്കുഞ്ഞ് ഉസാമയുടെ കയ്യിലുണ്ടായിരുന്നു. അമ്മാവന്റെ മകന്‍ നല്‍കിയ സമ്മാനം. അമ്മാവന്റെ വീട്ടില്‍ ഒരു തള്ളപ്പൂച്ചയും മൂന്ന് കുഞ്ഞിപ്പൂച്ചകളുമുണ്ടായിരുന്നു. കൗതുകം തോന്നിയ ഉസാമ ഒരു പൂച്ചക്കുഞ്ഞിനെ എനിക്ക് തരുമോ എന്ന് ചോദിച്ചു. വെള്ളയില്‍ കറുത്ത പുള്ളികളുള്ള ഭംഗിയുള്ള ഒരു പൂച്ചക്കുഞ്ഞിനെ ഒരു സഞ്ചിയിലിട്ട് ഉസാമക്ക് നല്‍കിക്കൊണ്ട് ഫാരിസ് പറഞ്ഞു: 

”ഇവന്‍ നല്ല തീറ്റക്കാരനാ. നല്ലവണ്ണം ഭക്ഷണം നല്‍കണം.”

ഉസാമയും കുടുംബവും വീട്ടില്‍ തിരിച്ചെത്തി. അന്ന് പകല്‍ പൂച്ചക്കുഞ്ഞിന്റെ കൂടെയായിരുന്നു ഉസാമ. അതിന്റെ ചാട്ടവും കളിയുമൊക്കെ അവന്‍ ആസ്വദിച്ചു. എന്നാല്‍ രാത്രിയായപ്പോഴേക്കും അവന് മടുത്തു. ഇതിനെ കൊണ്ടുവരേണ്ടായിരുന്നു എന്ന് അവന് തോന്നി. ആരും കാണാതെ അവന്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞു നടന്ന് മുറ്റത്തെ പൂന്തോട്ടത്തിന്റെ മൂലയില്‍ പൂച്ചക്കുഞ്ഞിനെ കെട്ടിയിട്ടു. എന്നിട്ട് ഒന്നും അറിയാത്ത പോലെ ഭക്ഷണം കഴിച്ച് ഉറങ്ങാനായി തന്റെ മുറിയിലേക്ക് പോയി.  

കുറെ കഴിഞ്ഞപ്പോഴേക്കും വിശപ്പും തണുപ്പും സഹിക്കാനാവാതെ പൂച്ചക്കുഞ്ഞ് കരയാന്‍ തുടങ്ങി. നായകള്‍ കുരക്കുന്നതു കേട്ട് അത് ഭയന്നുവിറച്ചു. കെട്ടിയിട്ടതിനാല്‍ ഓടിപ്പോകാനും കഴിയില്ലല്ലോ. ഇതൊന്നും ഉസാമ അറിയുന്നുണ്ടായിരുന്നില്ല. 

കിടക്കാനുള്ള ഒരുക്കത്തിനിടയിലാണ് ഉസാമയുടെ പിതാവ് അവന്റെ മുറിയിലേക്ക് ചെന്നത്. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു വീഡിയോ സീഡിയുണ്ടായിരുന്നു. 

”അസ്സലാമു അലൈക്കും. മോനേ ഉറങ്ങുന്നതിനു മുമ്പ് ഇതൊന്ന് കാണണം” സീഡി അവന്റെ നേരെ നീട്ടിക്കൊണ്ട് ഉപ്പ പറഞ്ഞു. 

സലാം മടക്കിക്കൊണ്ട് അവനത് വാങ്ങി. ഉപ്പ മുറിയില്‍ നിന്നും പോയ ഉടനെ ഉസാമ ആകാംക്ഷയോടെ സീഡി കംപ്യൂട്ടറിലിട്ട് പ്ലേ ചെയ്തു. മൃഗങ്ങളോട് കരുണകാണിക്കേണ്ടതിനെക്കുറിച്ചുള്ള മനോഹരമായ ഗാനങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ഉപ്പ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവന് മനസ്സിലായി. തനിക്ക് കിട്ടിയ പൂച്ചക്കുഞ്ഞിനോട് കരുണ കാണിക്കണമെന്ന് ഉണര്‍ത്തുവാന്‍ തന്നെയാണ്. എന്നാല്‍ അവന്‍ സ്വയം പറഞ്ഞു: രാത്രി കുറെയായി. പുറത്ത് നല്ല തണുപ്പ്. പൂന്തോട്ടത്തില്‍ നല്ല ഇരുട്ടും. നേരം വെളുക്കട്ടെ. എന്നിട്ടാവാം… അങ്ങനെ അവന്‍ ഉറങ്ങാന്‍ കിടന്നു.

അന്ന് അവന്‍ ഒരു സ്വപ്‌നം കണ്ടു. അവനെ ഒരു കയറില്‍ കെട്ടിയിട്ടിരിക്കുന്നു. അടുത്ത് ഒരു കൃഷിക്കാരനും ഒരു കശാപ്പുകാരനുമുണ്ട്. അവരെയും കെട്ടിയിട്ടിരിക്കുകയാണ്. ഒരു വലിയ മനുഷ്യന്‍ കസേരയില്‍ ഇരിക്കുന്നു. അയാളുടെ മുമ്പില്‍ ചെറിയൊരു പൂച്ചക്കുഞ്ഞും ഒരു ഒട്ടകവും ഒരു കഴുതയുമുണ്ട്. അവ മനുഷ്യരെ പോലെ സംസാരിക്കുന്നു!

പൂച്ചക്കുഞ്ഞ് അവന്റെ നേരെ കൈചുണ്ടിക്കൊണ്ട് ആ വലിയ മനുഷ്യനോട് പറഞ്ഞു: ”ഇവന്‍ ഭക്ഷണം തരാതെ എന്നെ കെട്ടിയിട്ടു. തണുപ്പും വിശപ്പും ഭയവും സഹിക്കാതെ ഞാന്‍ നിലവിളിച്ചതൊന്നും ഇവന്‍ കേട്ടില്ല. എന്നോട് അല്‍പം പോലും കാരുണ്യം കാട്ടിയില്ല.”

ഒട്ടകം കശാപ്പുകാരനെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: ”ഇവന്‍ എന്നെ ഭക്ഷണത്തിനായി അറുത്തപ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പാലിച്ചില്ല. അറുക്കുന്നതിനു മുമ്പ് വെള്ളമോ ഭക്ഷണമോ നല്‍കിയില്ല. കാരുണ്യം കാണിച്ചില്ല. മൂര്‍ച്ചയില്ലാത്ത കത്തികൊണ്ട് ദയ കാണിക്കാതെയാണ് എന്നെ അറുത്തത്.” 

കഴുത പറഞ്ഞു: ”ഈ കര്‍ഷകനോട് പ്രതികാരം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇയാള്‍ എനിക്ക് വഹിക്കാന്‍ കഴിയാത്തത്ര ഭാരം എന്നെ വഹിപ്പിച്ചു. കാരണമുണ്ടെങ്കിലും ഇല്ലെങ്കിലും കഠിനമായി മര്‍ദിക്കും. പട്ടിണിക്കിടും. താങ്കള്‍ കരുണയുള്ള ന്യായാധിപനാണെങ്കില്‍ ഇയാളോട് പകരം വീട്ടാന്‍ എന്നെ അനുവദിക്കണം.”

മൂന്നു പേരിലേക്കും തിരിഞ്ഞുകൊണ്ട് ന്യായാധിപന്‍ ചോദിച്ചു: ”ഈ പാവപ്പെട്ട മൃഗങ്ങള്‍ പറഞ്ഞ വല്ലകാര്യവും നിഷേധിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?”

ആര്‍ക്കും മറുപടിയില്ലായിരുന്നു. മൂന്നുപേരും തലതാഴ്ത്തിനിന്നു. 

”ഹേ പട്ടാളക്കാരേ, ഈ അക്രമത്തിന് വിധേയരായ പാവം ജീവികള്‍ക്ക് അവരോട് അക്രമം കാണിച്ചവരോട് പ്രതികാരം ചെയ്യാന്‍ സൗകര്യം ചെയ്തുകൊടുക്കൂ” ന്യായാധിപന്‍ കല്‍പിച്ചു. 

ഉടനെ പട്ടാളക്കാര്‍ ആ മൂന്നു മൃഗങ്ങളെയും ഉസാമയടക്കം മൂന്നുപേരെയും കൊണ്ട് ശിക്ഷ നടപ്പാക്കാനുള്ള സ്ഥലത്തേക്ക് പുറപ്പെട്ടു. 

‘വേണ്ടാ…വേണ്ടാ… എന്നെ ശിക്ഷിക്കരുതേ…’ എന്ന് അലറിക്കൊണ്ട് ഉസാമ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. 

താന്‍ തന്റെ മുറിയില്‍ കിടക്കുകയാണ് എന്ന് ബോധ്യമായപ്പോഴാണ് അവന് സമാധാനമായത്. ഉടന്‍ അവന്‍ ചാടിയെണീറ്റു. നേരെ അടുക്കളയിലേക്കാടി. ഫ്രിഡ്ജില്‍നിന്നും ഭക്ഷണമടുത്ത് ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ പുന്തോട്ടത്തിലേക്കോടി. പൂച്ചക്കുഞ്ഞിന് ഭക്ഷണവും വെള്ളവും നല്‍കി. അതിന്റെ കെട്ടഴിച്ച് വീടിനകത്ത് തണുപ്പുകൊള്ളാത്ത സുരക്ഷിതമായ സ്ഥലത്ത് അതിനെ വെക്കുകയും ചെയ്തു. പിന്നീട് ആശ്വാസത്തോടെ പോയി കിടക്കുമ്പോള്‍ ഉസാമയുടെ ചുണ്ടുകള്‍ ‘അല്ലാഹുവേ, എന്നോട് പൊറുക്കണേ’ എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു. 

കൂട്ടുകാരേ, ഒരു സ്ത്രീ പൂച്ചക്ക് ഭക്ഷണം കൊടുക്കാതെ അതിനെ കെട്ടിയിടുകയും അതിന് സ്വന്തമായി വല്ലതും തേടിപ്പിടിച്ച് ഭക്ഷിക്കുവാന്‍ അവസരം നല്‍കാതെ തടഞ്ഞുവെക്കുകയും ചെയ്തതിന്റെ പേരില്‍ നരകത്തില്‍ പ്രവേശിച്ചതായി നബി ﷺ പറഞ്ഞത് നിങ്ങള്‍ കേട്ടിട്ടുണ്ടാകുമല്ലോ. എല്ലാ ജീവികളോടും കാരുണ്യം കാണിക്കണമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നമ്മള്‍ അങ്ങനെയുള്ള ഉത്തമ സ്വഭാവത്തിനുടമകളായി ജീവിക്കണം. 

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

തെറ്റുകള്‍ കണ്ടില്ലെന്നു നടിക്കരുത്

തെറ്റുകള്‍ കണ്ടില്ലെന്നു നടിക്കരുത്

ഒരിക്കല്‍ കുറേ കച്ചവടക്കാര്‍ ചേര്‍ന്ന് കൂടുതല്‍ ലാഭം കിട്ടുന്ന ഒരു രാജ്യത്തേക്ക് തങ്ങളുടെ കച്ചവടച്ചരക്കുമായി പോകുവാന്‍ തീരുമാനിച്ചു. എന്നാല്‍ കടലിലുടെ യാത്ര ചെയ്താലേ അവിടെ എത്താന്‍ കഴിയൂ. രണ്ടുനിലകളുള്ള ഒരു കപ്പല്‍ അവര്‍ അതിനായി സ്വന്തമാക്കി. യാത്രയുടെ ദിവസം എല്ലാവരും ഒത്തുചേര്‍ന്നു. കപ്പലിലെ സ്ഥലത്തെ ഭാഗിച്ച് ഓരോരും അവനവനുള്ള ഭാഗം സ്വന്തമാക്കി. അങ്ങളെ മുകള്‍ത്തട്ടില്‍ കിട്ടിയവര്‍ മുകളില്‍ തങ്ങള്‍ക്ക് കിട്ടിയ സ്ഥലത്ത് കയറിയിരുന്നു. ബാക്കിയുള്ളവര്‍ താഴെയും.

കപ്പല്‍ ഓടിത്തുടങ്ങി. കടല്‍ ശാന്തമാണ്. കപ്പല്‍ സാധാനം മുന്നോട്ട് പോയിക്കൊണ്ടിരുന്നു. യാത്രക്കാരെല്ലാം വളരെ വലിയ സന്തോഷത്തിലായിരുന്നു. തിന്നും കുടിച്ചും കടലിന്റെ സൗന്ദര്യം ആസ്വദിച്ചും അവര്‍ സമയം കഴിച്ചു. താഴെയുള്ള യാത്രികര്‍ വെള്ളം ആവശ്യമായി വരുമ്പോള്‍ മുകളിലേക്ക് കയറി കയറില്‍ കെട്ടിയ ബക്കറ്റ് തായെഴയിറക്കി വെള്ളം നിറച്ച് അതുമായി താഴേക്ക് പോകും. 

ഒരിക്കല്‍ ഒരു യാത്രികന് വെള്ളം ആവശ്യമായി. അയാള്‍ ബക്കറ്റും കയറുമെടുത്ത് മുകളിലേക്ക് ചെന്നു. വെള്ളം കോരിയെടുത്ത് അതുമായി അയാള്‍ താഴേക്ക് പോകുന്നതിനിടയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരാളെ അറിയാതെ ചവിട്ടി അയാളുടെ മീതെ വീണു. ബക്കറ്റ് താഴെ വീണു; വെള്ളം പരന്നൊഴുകി. തറയില്‍ കിടക്കുന്നവര്‍ നനഞ്ഞു. മേലെ തട്ടിലെ യാത്രക്കാരെല്ലാം ഒച്ചവെച്ചു. അയാളോട് കയര്‍ത്തു സംസാരിച്ചു. അയാള്‍ മാപ്പു പറഞ്ഞ് വെള്ളമില്ലാതെ താഴേക്ക് പോയി.

ഇത് താഴെ തട്ടിലുള്ളവരെ പ്രയാസപ്പെടുത്തി. ഇതിനൊരു പരിഹാരം കാണുവാന്‍ അവര്‍ കൂട്ടായി ചിന്തിച്ചു. ഒരാള്‍ വലിയൊരു ആണിയും ചുറ്റികയും കയ്യിലെടുത്ത് പറഞ്ഞു: 

”ഞാന്‍ എനിക്കു കിട്ടിയ ഭാഗത്ത് ചെറിയൊരു ദ്വാരമുണ്ടാക്കാം. നമുക്ക് ആവശ്യമായ വെള്ളം അതിലുടെ കിട്ടും. ഇനി മുകളിലേക്ക് പോക്കും താേഴക്ക് ഇറങ്ങലും വേണ്ടാ…”

താഴെയുള്ളവര്‍ എല്ലാവരും ഇത് അംഗീകരിച്ചു. 

അങ്ങെന അയാള്‍ കപ്പിലിന് ദ്വാരമുണ്ടാക്കുവാന്‍ തുടങ്ങി. മുകള്‍ത്തട്ടിലെ യാത്രക്കാര്‍  ഇൗ സംഭാഷണം കേട്ടു. അവര്‍ വേഗം താഴേക്ക് ചെന്നു. കൂട്ടത്തില്‍ ഒരു വൃദ്ധനുമുണ്ടായിരുന്നു. അവരില്‍ ഒരാള്‍ ഓടിച്ചെന്ന് ദ്വാരമുണ്ടാക്കുന്നവനില്‍നിന്ന് ചുറ്റികയും ആണിയും പിടിച്ചുവാങ്ങി.

വൃദ്ധന്‍ േേചാദിച്ചു: ”എന്ത് വിഡ്ഢിത്തമാണീ ചെയ്യുന്നത്? നിന്റെ ബുദ്ധി നഷ്ടപ്പെട്ടുവോ?”

അന്നേരം അയാര്‍ പറഞ്ഞു: ”ഞങ്ങള്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്. വെള്ളത്തിനായി മുകളില്‍ കയറിയിറങ്ങി ഞങ്ങള്‍ക്ക് മടുത്തു.” 

വൃദ്ധന്‍ പറഞ്ഞു: ”നീ ചെയ്യുന്നത് വലിയ തെറ്റാണ്. എല്ലാവര്‍ക്കും ഇതുകൊണ്ട് അപകടമുണ്ടാകും.”

അയാള്‍ പറഞ്ഞു: ”ഞാന്‍ ദ്വാരമുണ്ടാക്കുന്നത് എനിക്ക് കിട്ടിയ ഭാഗത്താണ്. എനിക്ക് ഇവിട ഇഷ്ടമുള്ളത് ചെയ്യുവാനുള്ള സ്വാതന്ത്ര്യമുണ്ട്.”  

വൃദ്ധന്‍ സ്‌നേഹത്തോടെ പറഞ്ഞു: ”മകനേ, നിന്റെയീ പ്രവര്‍ത്തനത്താല്‍ കപ്പല്‍ മുഴുവനായും വെള്ളത്തില്‍ മുങ്ങും. നമ്മളെല്ലാം മുങ്ങിമരിക്കും.”

മറ്റുള്ളവരിലേക്ക് തിരിഞ്ഞു കൊണ്ട് വൃദ്ധന്‍ പറഞ്ഞു: ”ഈ തെറ്റില്‍ നിങ്ങളും പങ്കാളികളാണ്. ഇയാളുടെ പൊട്ടന്‍ തീരുമാനത്തെ നിങ്ങളും അംഗീകരിച്ചു. അയാളെ അതില്‍ നിന്ന് തടയുവാന്‍ നിങ്ങള്‍ ശ്രമിച്ചതുമില്ല. എന്റെ കുടെ നിങ്ങളെല്ലാവരും നിലകൊള്ളുക. അല്ലെങ്കില്‍ നമ്മള്‍ ഒന്നിച്ച് മുങ്ങിമരിക്കും.”

മറ്റുള്ളവര്‍ക്കെല്ലാം അപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്. അവര്‍ കൂടെ നില്‍ക്കാമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.

കൂട്ടുകാരേ, തെറ്റുകള്‍ കണ്ടാല്‍ അത് ചൂണ്ടിക്കാണിക്കണം. തിരുത്താന്‍ പറയണം. അല്ലെങ്കില്‍ അതിന്റെ അനന്തരഫലം നമ്മളും അനുഭവിക്കേണ്ടി വരും.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

തിരിച്ചറിവിന്റെ വഴിയില്‍

തിരിച്ചറിവിന്റെ വഴിയില്‍

അവന്റെ വലിയുമ്മ നമസ്‌കാര സമയത്തെക്കുറിച്ച് താക്കീത് നല്‍കുന്നത് അന്നും അവന്‍ കേട്ടു.: ”മോനേ, നമസ്‌കാരത്തെ അതിന്റെ അവസാന സമയത്തേക്ക് നീ നീട്ടിവെക്കരുത്.”

വലിയുമ്മക്ക് എഴുപത് വയസ്സായി. എങ്കിലും ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ അവര്‍ അത്യുല്‍സാഹത്തോടെ നമസ്‌കരിക്കാനൊരുങ്ങും. ഉറക്കിലാണെങ്കിലും എഴുന്നേറ്റ് നമസ്‌കരിക്കും. ഉപ്പയും ഉമ്മയും നേരത്തെ മരിച്ചതിനാല്‍ വലിയുമ്മയാണ് അവനെ വളര്‍ത്തുന്നത്. 

എന്നാല്‍ അങ്ങനെ എഴുന്നേല്‍ക്കാനൊന്നും അവന്‍ തയ്യാറായിരുന്നില്ല. നമസ്‌കരിക്കുകയൊക്കെ ചെയ്യും; അത് ഏറ്റവും അവസാന സമയത്തായിരിക്കുമെന്ന് മാത്രം. അതുവരെയും അവന്‍ നീട്ടിവെക്കും. എന്നിട്ട് വളരെ പെട്ടെന്ന് നിര്‍വഹിക്കും. അതാണ് അവന്റെ പതിവ്. പള്ളി വളരെ ദൂരത്തായതിനാല്‍ വീട്ടില്‍ വെച്ചാണ് നമസ്‌കാരം.

ഒരു ദിവസം ഇശാഅ് നമസ്‌കാരത്തിന് പതിനഞ്ചു മിനുട്ട് ബാക്കിയുള്ളപ്പോള്‍ അവന്‍ മഗ്‌രിബ് നമസ്‌കരിച്ചു. അവന്റെ നമസ്‌കാരത്തെക്കുറിച്ച് വലിയുമ്മ ആശ്ചര്യപ്പെടാറുള്ളത് അവന്‍ നമസ്‌കാരത്തിനിടയില്‍ ഓര്‍ത്തു. വലിയുമ്മയാകട്ടെ സാവധാനത്തില്‍ വളരെ ശാന്തമായാണ് നമസ്‌കരിക്കാറുള്ളത്. അന്ന് അവന്‍ അല്‍പം സമയമെടുത്ത് തന്നെ നമസ്‌കരിക്കുകയും അവിടെ തന്നെ കിടന്ന് അറിയാതെ ഉറങ്ങിപ്പോകുകയും ചെയ്തു.

അട്ടഹാസങ്ങളും നിലവിളികളും കേട്ടാണ് അവന്‍ ഉണര്‍ന്നത്. അവന്‍ നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു. അവന്‍ ചുറ്റിലും നോക്കി. എങ്ങും നിറയെ ആളുകള്‍! ചിലര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ചിലര്‍ എന്തിനോ കാത്തു നില്‍ക്കും പോലെ… ഒടുവില്‍ താന്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് അവന്‍ മനസ്സിലാക്കി. ഭയവും ആശങ്കയും അവനെ പൊതിഞ്ഞു. അവന്റെ ഹൃദയം അതിവേഗം മിടിക്കാന്‍ തുടങ്ങി. 

ഇത് വിധി ദിവസമാണ്! ജീവിച്ചിരിക്കുന്ന സമയത്ത് ഈ ദിവസത്തെക്കുറിച്ച് കുറെ കേട്ടിടുണ്ട്. എന്നാല്‍ അതൊക്കെ എത്രയോ കാലം കഴിഞ്ഞല്ലേ നടക്കുക എന്നാണവന്‍ കരുതിയത്. അത്തരം ചിന്ത അവനില്‍ ഒരു മാറ്റവും വരുത്തിയതുമില്ല. ഈ കാത്തിരിപ്പും ഭയവും സഹിക്കാന്‍ കഴിയുന്നില്ല. ചോദ്യം ചെയ്യല്‍ നടന്നുകൊണ്ടിരിക്കുന്നു. അവന്‍ പരിഭ്രാന്തിയോടെ ആളുകളോട് മാറിമാറി ചോദിച്ചു: ‘എന്റെ പേര് വിളിച്ചോ?’

ആരും അവന് ഉത്തരം നല്‍കിയില്ല. പെട്ടെന്ന് അവന്റെ പേര് വിളിച്ചു. ആളുകള്‍ ഇരുവശേത്തക്കും മാറി അവന് പോകാന്‍ വഴിയൊരുക്കി. പരിചയമില്ലത്ത എണ്ണമറ്റ ആളുകള്‍ക്കിടയിലൂടെ അവന്‍ മുന്നോട്ട് ചെന്നു. മലക്കുകള്‍ക്കു മുമ്പില്‍ അവന്‍ തലതാഴ്ത്തി നിന്നു. അവന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ ഒരു സ്‌ക്രീനിലെന്നവണ്ണം അവന് കാണിക്കപ്പെട്ടു. കൂട്ടത്തില്‍ അവന്‍ വ്യക്തമായി ചില കാഴ്ചകള്‍ കണ്ടു. അവന്റെ ഉപ്പ ആളുകള്‍ക്ക് നന്മചെയ്യാനായി ഓടിനടക്കുന്നു. ഉമ്മ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കി സല്‍ക്കരിക്കുന്നു.  

ഞാനും നല്ല കാര്യങ്ങള്‍ ഒരുപാട് ചെയ്തിട്ടുെണ്ടന്ന് വിളിച്ചുപറയാന്‍ അവന്‍ കൊതിച്ചു. എന്നാല്‍ അവിടെ കാണിക്കപ്പെട്ടത് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമാണ്. താന്‍ വളെര കുറച്ച് നന്മകളേ ചെയ്തിട്ടള്ളൂ എന്ന് അവനറിയാം. അവന്‍ വിയര്‍പ്പില്‍ കുളിച്ചുനിന്നു; അവസാന വിധി പ്രതീക്ഷിച്ചുകൊണ്ട്. 

അന്നേരം രണ്ടു മലക്കുകള്‍ അവിടെയെത്തി. അവരുടെ കൈകളില്‍ വലിയ ലിസ്റ്റുണ്ട്. അവന്റെ കാലുകള്‍ വിറച്ചു. നരകത്തിലേക്കുള്ള ആളുകളുടെ പേര് വിളിക്കാന്‍ തുടങ്ങി. അതില്‍ തന്റെ പേരുണ്ടാകരുതേ എന്നവന്‍ ആഗ്രിച്ചു. പക്ഷേ, അവന്റെ പേരും വിളിച്ചു. അവന്‍ നിലവിളിയോടെ ചോദിച്ചു:”ഞാനെങ്ങനെ നരകത്തില്‍ പോകും? ഞാന്‍ നല്ല കാര്യങ്ങള്‍  ചെയ്തിട്ടുണ്ടല്ലോ.” 

എന്നാല്‍ മലക്കുകള്‍ അത് കേള്‍ക്കാത്ത ഭാവത്തില്‍ അവനെ പിടിച്ചുവലിച്ച് നരകത്തിലേക്ക് കൊണ്ടുേപായി. നിലവിളി കേട്ട് തന്നെ ആരും സഹായിക്കാന്‍ വരാത്തതില്‍ അവന് സങ്കടം വന്നു.  

”നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട നിര്‍ബന്ധ കര്‍മമാണെന്ന് അല്ലാഹു പറഞ്ഞത് നീഅറിഞ്ഞിട്ടില്ലേ? അഞ്ചു നേരം പുഴയില്‍ കുളിക്കുന്നയാളുടെ ദേഹം അഴുക്കില്‍ നിന്ന്ശുദ്ധിയാകുന്ന പോലെ അഞ്ചുനേരത്തെ നമസ്‌കാരം പാപങ്ങളെ കഴുകിക്കളയുമെന്ന് നബി ﷺ  പറഞ്ഞത് നീ അറിഞ്ഞിട്ടില്ലേ?” മലക്കുകള്‍ ചോദിച്ചു. 

അവന്‍ ഞെട്ടിപ്പോയി! നമസ്‌കാരം…നമസ്‌കാരം…

മലക്കുകള്‍ അവനെ നരകത്തിലേക്ക് വലിച്ചിഴക്കുകയാണ്. തീജ്വാലകളുടെ ചൂട് അരിച്ചെത്തുന്നുണ്ട്; അവന്റെ മുഖത്തെ പൊള്ളിക്കുന്നുണ്ട്. ഒരു മലക്കിന്റെ തള്ളലില്‍ നരകത്തീയിലേക്ക് വീഴാന്‍ നേരം അവനെ ആരോ പുറകിലേക്ക് വലിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് വെളുത്ത താടിയുള്ള ഒരു വൃദ്ധനെയാണ്. 

”നിങ്ങളാരാണ്?” അവന്‍ സന്തോഷത്തോടെ ചോദിച്ചു.

”ഞാന്‍ നമസ്‌കാരമാണ്.”

”എന്തേ ഇത്ര വൈകിയത്? ഞാന്‍ തീയിലേക്ക് പതിക്കുമായിരുന്നു. അവസാന നിമിഷത്തിലാണല്ലോ എന്നെ നീ രക്ഷിച്ചത്.” 

ആ വൃദ്ധന്‍ തലകുലുക്കി ചിരിച്ചുകൊണ്ട് പറഞ്ഞു: ”നീ എന്നെയും അവസാന സമയത്തേക്ക് വൈകിപ്പിച്ചിരുന്നില്ലേ? അത് നീ മറന്നോ?” 

പെട്ടെന്നാണ് അവന്‍ ഞെട്ടിയുണര്‍ന്നത്. ഇശാഅ് നമസ്‌കാരത്തിനുള്ള ബാങ്കുവിൡ അവന്റെ കാതുകളില്‍ മുഴങ്ങി. 

”മോനേ, ബാങ്കുവിളിച്ചു” വലിയുമ്മ വിളിച്ചു പറഞ്ഞു. 

കണ്ടതെല്ലാം വെറും സ്വപ്‌നമായിരുന്നെന്ന് അവന് അപ്പോഴാണ് ബോധ്യമായത്. അവന്‍ ധൃതിയില്‍ എഴുന്നേറ്റ് വുദൂഅ് ചെയ്യാന്‍ പോയി; ജീവിതത്തില്‍ ഇനിയൊരിക്കലും നമസ്‌കാരം വൈകിപ്പിക്കില്ലെന്ന തീരുമാനത്തോടെ.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

പരദൂഷണത്തിന്റെ പരിണിതി

പരദൂഷണത്തിന്റെ പരിണിതി

ഒരാള്‍ ഒരടിമയെ വാങ്ങാന്‍ അടിമച്ചന്തയില്‍ എത്തി. 

”നല്ല അടിമ ഏതാണ്?” അയാള്‍ ചാദിച്ചു.

 കച്ചവടക്കാരന്‍ ഒരടിമയെ തൊട്ടുകാണിച്ച് പറഞ്ഞു: ”ഇവന്‍ തരക്കേടില്ല. എന്നാല്‍ ഒരു ന്യൂനതയുണ്ട്. ഇവന്‍ പരദൂഷണക്കാരനാണ്.”

”അതു സാരമില്ല; അവന്‍ എന്നെ സേവിക്കലാണ് പ്രധാനം” അയാള്‍ പറഞ്ഞു.  

അങ്ങനെ അടിമയെ വാങ്ങി അയാള്‍ വീട്ടിലേക്ക് കൊണ്ടുപോയി.

ഒരു ദിവസം അടിമ യജമാനന്റെ ഭാര്യക്ക് ഒരു കത്തി കൊടുത്തു കൊണ്ട് പറഞ്ഞു: 

”നിങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ ഭര്‍ത്താവിന്റെ സ്‌നേഹം കിട്ടണമെങ്കില്‍ ഒരു പണി ചെയ്താല്‍  മതി.” 

”എന്താണത്?” അവള്‍ ആകാംക്ഷയോടെ ചോദിച്ചു.

”രാത്രി ഉറങ്ങുമ്പോള്‍ അയാളുടെ താടിരോമത്തില്‍ നിന്നു മൂന്നെണ്ണം ഈ കത്തി കൊണ്ട് മുറിച്ചു മാറ്റുക” അടിമ പറഞ്ഞു. 

ഒട്ടും സമയം കളയാതെ അവളുടെ ഭര്‍ത്താവായ യജമാനന്റെ അടുത്തെത്തി അയാളുടെ ചെവിയില്‍ അടിമ പറഞ്ഞു: ”കരുതണം! ഭാര്യ താങ്കള്‍ ഉറങ്ങുമ്പോള്‍ താങ്കളുടെ കഴുത്തറുത്തു കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്! സൂക്ഷിക്കുക.” 

യജമാനന്‍ ഉറക്കമഭിനയിച്ചു സ്വജീവന് കാവല്‍കിടന്നു! ഭാര്യയാകട്ടെ ഭര്‍ത്താവിന്റെ നിത്യഹരിത സ്‌നേഹം സ്വപ്‌നം കണ്ട് കത്തിയുമായി താടിരോമം മുറിക്കാനെത്തി. ഭാര്യയുടെ വരവറിഞ്ഞ ഭര്‍ത്താവ് പതിയെ കണ്ണ് തുറന്നു നോക്കി. അടിമ പറഞ്ഞത് സത്യംതന്നെ! അവള്‍ കത്തിയുമായാണ് വന്നിരിക്കുന്നത്.

അയാള്‍ ചാടിയെഴുന്നേറ്റ് ഭാര്യയില്‍നിന്നും കത്തി പിടിച്ചുവാങ്ങി ആ കത്തികൊണ്ട് ഭാര്യയെ തല്‍ക്ഷണം വകവരുത്തി! അടിമ ഉടനെ കൊല്ലപ്പെട്ട ഭാര്യയുടെ ഗോത്രത്തിലെത്തി വിവരം പറഞ്ഞു. ആ ഗോത്രക്കാര്‍ ഭര്‍ത്താവിന്റെ ഗോത്രത്തിനെതിരില്‍ തിരിഞ്ഞു. പിന്നീടു നടന്നത് രണ്ടു ഗോത്രങ്ങള്‍ തമ്മിലുള്ള ഘോരമായ യുദ്ധമാണ്. നിരവധി ജീവന്‍ പൊലിഞ്ഞു. ചോര ചാലിട്ടൊഴുകി! എങ്ങനെയുണ്ട് പരദൂഷണത്തിന്റെ ശക്തി? 

പ്രവാചകന്‍ ﷺ  ഒരിക്കല്‍ രണ്ടു ക്വബ്‌റുകളുടെ സമീപത്തുകൂടി നടന്നു പോകവെ പറഞ്ഞു:”ഈ രണ്ടു ക്വബ്‌റുകളില്‍ കഴിയുന്നവര്‍ ശിക്ഷിക്കപ്പെടുന്നു. വന്‍പാപങ്ങളുടെ പേരിലല്ല അവര്‍ ശിക്ഷിക്കപ്പെടുന്നത്; അതിലൊരാള്‍ പരദൂഷണം പറയുന്നവനായിരുന്നു…”  

മറ്റൊരിക്കല്‍ പ്രവാചകന്‍ ﷺ  പറഞ്ഞു: ”പരദൂഷണം പറയുന്നവന്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ല.”

പരദൂഷണം ഒരു മഹാവിപത്താണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും സഹോദരങ്ങള്‍ക്കിടയിലും മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമിടയിലും അയല്‍വാസികള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലുമെല്ലാം  ശത്രുത നട്ട് വളര്‍ത്തുന്ന; പരസ്പരം വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന മഹാപാതകമാണത്. കലാപങ്ങളിലേക്ക് നയിക്കാനും ചോരപ്പുഴയൊഴുക്കാനും ശേഷിയുള്ള മൂര്‍ച്ചയേറിയ ആയുധമാണത്. പിശാചിന്ന് ഏറ്റവും ഹൃദ്യവും അധ്വാനം കുറഞ്ഞതുമായ പണി. 

”അല്ലാഹുവിലും റസൂലിലും ആരെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മൗനവലംബിക്കട്ടെ” എന്ന നബിവചനം പ്രാവര്‍ത്തികമാക്കുവാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കുക.

 

പി.എന്‍. അബ്ദുല്ലത്വീഫ് മദനി
നേർപഥം വാരിക

യഥാര്‍ഥ അയല്‍വാസി

യഥാര്‍ഥ അയല്‍വാസി

വളരെ നല്ലവനും ധനികനുമായ ഒരാളാണ് മുനീര്‍. അദ്ദേഹത്തിന് അഹ്മദ് എന്നു പേരുള്ള ഒരു അയല്‍ക്കാരനുണ്ട്. അഹ്മദ് വളരെ ദരിദ്രനാണ്. എന്താവശ്യമുണ്ടെങ്കിലും മുനീര്‍ അഹ്മദിനെ സഹായിക്കും. ധനികനാണെന്ന നാട്യമോ അഹങ്കാരമോ അദ്ദേഹത്തില്‍ ഒട്ടുമില്ല.

ഒരിക്കല്‍ മുനീര്‍ കച്ചവടാവശ്യാര്‍ഥം ദൂരെയെങ്ങോ പോയി. ഇടയ്ക്കിടെ അങ്ങനെ പോകാറുണ്ട്. പിന്നീട് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞേ മടങ്ങിവരാറുള്ളൂ. ആയിടയ്ക്കാണ് അഹ്മദിന്റെ ഭാര്യ തീരെ സുഖമില്ലാതെ ആശുപത്രിയില്‍ കിടപ്പിലായത്. താമസിയാതെ അവര്‍ക്ക് ഒരു ഓപ്പറേഷന്‍ ആവശ്യമാണെന്നും അല്ലാത്തപക്ഷം ജീവന്‍ രക്ഷപ്പെടില്ലെന്നും അതിന് ഭീമമായ സംഖ്യ വേണ്ടിവരുമെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ അഹ്മദ് വളരെയധികം ദുഃഖിതനായി. കൂലിപ്പണിക്കാരനായ തനിക്ക് ഭീമമായ ഒരു സംഖ്യ ആരെങ്കിലും കടംതരുമോ? ആരോടെങ്കിലും യാചിച്ച് കാശുണ്ടാക്കാന്‍ മനസ്സ് സമ്മതിക്കുന്നുമില്ല. മുനീര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കില്‍ എന്തെങ്കിലും പോംവഴിയുണ്ടാകുമായിരുന്നു.

ഒടുവില്‍ അഹ്മദ് കാശുണ്ടാക്കാന്‍ ഒരു വഴി കണ്ടെത്തി; തന്റെ കൊച്ചുവീടും സ്ഥലവും വില്‍ക്കുക! ഭാര്യയുടെ ജീവനാണല്ലോ പ്രധാനം. അവള്‍ സുഖംപ്രാപിച്ച ശേഷം വല്ല വാടകവീട്ടിലും താമസിക്കാം.

വീടും സ്ഥലവും വില്‍ക്കാന്‍ തീരുമാനിച്ച വിവരമറിഞ്ഞ് ഒരു കച്ചവടക്കാരന്‍ അഹ്മദിനെ സമീപിച്ചു. അയാള്‍ വില പറഞ്ഞു; ഒരുലക്ഷം രൂപ.

”വെറും ഒരു ലക്ഷമോ” -അഹ്മദ് ചോദിച്ചു.

”അതുതന്നെ അധികമാണ്. അതിന്റെ പകുതിപോലും കിട്ടാന്‍ മാത്രം ഈ വീടും സ്ഥലവുമില്ല” -കച്ചവടക്കാരന്‍ തറപ്പിച്ചു പറഞ്ഞു.

”സ്‌നേഹിതാ! ഒരു ലക്ഷത്തിന് ഈ വീടും സ്ഥലവും ഇല്ലായിരിക്കാം. പക്ഷേ, ഈ വീടിന് ഒരു അയല്‍ക്കാരനുണ്ട്; മുനീര്‍. ഉദാരനും മാന്യനും ഭക്തനുമായ ഒരു മനുഷ്യന്‍. ഞാന്‍ രോഗിയായാല്‍ അയാള്‍ എന്നെ സന്ദര്‍ശിക്കും. എന്റെ ആവശ്യങ്ങള്‍ ചോദിച്ചറിയും. എന്റെ സുഖത്തില്‍ സന്തോഷിക്കും. എന്റെ ദുഃഖത്തില്‍ അയാളും ദുഃഖിക്കും. ഇന്നേവരെ അയാളില്‍നിന്ന് മോശമായ ഒരു വാക്കുപോലും കേള്‍ക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹം സ്ഥലത്തില്ല. എപ്പോള്‍ വരുമെന്നുമറിയില്ല. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ആവശ്യമായ സഹായം ചെയ്തു തന്നേനെ”- നല്ലവനായ അയല്‍വാസിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അഹ്മദിന്റെ കണ്ണുകള്‍ നിറഞ്ഞു.

ഈ വാക്കുകള്‍ കേട്ടപ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞു: ”മുനീറിനെപ്പോലുള്ള ഒരു അയല്‍വാസിയുണ്ടെങ്കില്‍ എത്രകിട്ടിയാലും ഈ വീട് വില്‍ക്കുന്നത് ശരിയല്ല. കാശിന് പടച്ചവന്‍ എന്തെങ്കിലും വഴി കാണിച്ചുതരും. ഞാന്‍ പോകുന്നു.”

ഇതും പറഞ്ഞ് കച്ചവടക്കാരന്‍ തിരിച്ചുപോയി. അഹ്മദ് കൂടുതല്‍ ദുഃഖിതനായി. ആകെയുള്ള ഒരു വഴിയായിരുന്നു വീടുവില്‍ക്കല്‍. അതും മുടങ്ങിയാല്‍ എന്തുചെയ്യും?

എന്നാല്‍ അന്നു രാത്രിതന്നെ മുനീര്‍ മടങ്ങിയെത്തി. വിവരങ്ങളെല്ലാം അറിഞ്ഞ മുനീര്‍ പിറ്റേദിവസം കാലത്തുതന്നെ ആശുപത്രിയിലെത്തി. അഹ്മദിന്റെ ഭാര്യയെ ആശ്വസിപ്പിച്ചു; രോഗശമനത്തിനു വേണ്ടി പ്രാര്‍ഥിച്ചു. അഹ്മദിനെ അരികില്‍ വിളിച്ചുകൊണ്ട് മുനീര്‍ പറഞ്ഞു:

”സഹോദരാ, നിനക്ക് ആകെയുള്ള കിടപ്പാടം നീ വില്‍ക്കരുത്. നിന്നെ അയല്‍ക്കാരനായി എനിക്കുവേണം. നിന്റെ ഭാര്യയെ ചികിത്സിക്കാന്‍ കാശില്ലാതെ നീ വിഷമിക്കേണ്ട്. എന്തുചെലവുവന്നാലും അത് ഞാന്‍ വഹിക്കാം”.  

സന്തോഷാധിക്യത്താല്‍ മുനീറിനെ കെട്ടിപ്പിടിച്ച് അഹ്മദ് വിതുമ്പിക്കരഞ്ഞു. ഈ വിവരമറിഞ്ഞ പലരും തങ്ങള്‍ക്ക് മുനീറിനെപ്പോലുള്ള ഒരു അയല്‍വാസിയെ കിട്ടിയെങ്കില്‍ എന്നാശിച്ചുപോയി.

 

അബൂഫായിദ
നേർപഥം വാരിക

കൃഷിക്കാരന്റെ നല്ല മനസ്സ്

കൃഷിക്കാരന്റെ നല്ല മനസ്സ്

ആ രാജാവ് നീതിമാനും നല്ലവനുമായിരുന്നു. എങ്കിലും അദ്ദേഹത്തെ മോശം രാജാവായി ചിത്രീകരിക്കുവാന്‍ ചില ദുഷ്ടബുദ്ധിക്കാര്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തില്‍ എന്തെങ്കിലും വീഴ്ചകള്‍ സംഭവിക്കുന്നുണ്ടോ എന്ന് നോക്കിനടക്കുമായിരുന്നു അവര്‍. കാര്യമായ ഒന്നും രാജാവിനെതിരില്‍ പറയുവാന്‍ അവര്‍ക്ക് കിട്ടിയിരുന്നില്ല.

എവിടെയെങ്കിലും റോഡ് തകരാറിലായാല്‍ പോലും അതിന്റെ പേരില്‍ അവര്‍ രാജാവിനെ കുറ്റം പറയും. സ്വന്തമായി സേവനം അവര്‍ ഒന്നും ചെയ്യില്ല. ഒക്കെ രാജാവ് ചെയ്യിക്കണം.

അങ്ങനെയിരിക്കെ ഒരു ദിവസം കുറച്ചകലെ ഒരു സ്ഥലത്ത് വഴി തടസ്സപ്പെടുത്തുന്ന രൂപത്തില്‍ വലിയ ഒരു കല്ല് കുന്നിന്‍ മുകളില്‍നിന്ന് ഉതിര്‍ന്നുവീണ് കിടക്കുന്ന വാര്‍ത്ത പടര്‍ന്നു. ആരുമത് എടുത്തു മാറ്റുവാന്‍ ശ്രമിച്ചില്ല. 

താന്‍ ഭടന്‍മാരെ അയച്ച് മാറ്റും വരെ മറ്റാരും അത് എടുത്തുമാറ്റില്ല എന്ന് അറിയാവുന്ന രാജാവ് വേഷം മാറി തനിച്ച് അങ്ങോട്ട് യാത്രയായി. അദ്ദേഹം അവിടെ മറഞ്ഞിരുന്ന് ശ്രദ്ധിക്കുവാന്‍ തുടങ്ങി. ധനികരായ കച്ചവടക്കാരും കൊട്ടാരത്തിലെ തന്നെ പല ജോലിക്കാരും അതുവഴി കടന്നുപോയി. ആരും തന്നെ അത് നീക്കുവാന്‍ തുനിഞ്ഞില്ല. 

അങ്ങനെയിരിക്കെ ഒരു കൃഷിക്കാരന്‍ അതുവഴി വന്നു. അദ്ദേഹത്തിന്റെ തലയില്‍ പച്ചക്കറികളുടെ ഭാരിച്ച ചുമടുണ്ട്. ആളുകളുടെ സഞ്ചാരത്തിന് തടസ്സമാകുന്ന വിധത്തില്‍ വഴിയില്‍ വലിയ പാറക്കല്ല് കിടക്കുന്നത് കൃഷിക്കാരന്‍ കണ്ടു. അയാള്‍ തന്റെ തലയിലുണ്ടായിരുന്ന ചുമട് താഴെയിറക്കി, എന്നിട്ട് പാറക്കല്ല് നീക്കുവാന്‍ ശ്രമിച്ചു. ആ സമയം അതുവഴി പലരും കടന്നുപോയെങ്കിലും ആരും അദ്ദേഹത്തെ സഹായിക്കുവാന്‍ തയ്യാറായില്ല. 

കൃഷിക്കാരന്‍ വളരെ പ്രയാസപ്പെട്ട് ഏറെ നേരം പരിശ്രമിച്ചതിന്റെ ഫലമായി കല്ല് ഒരു ഭാഗത്തേക്ക് തള്ളിനീക്കുവാന്‍ സാധിച്ചു. അയാള്‍ക്ക് വളരെ സന്തോഷമായി. പച്ചക്കറികളടങ്ങുന്ന ചുമട് വീണ്ടും തലയിലേറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആ കല്ല് കിടന്നിരുന്ന ഭാഗത്ത് ഒരു പണക്കിഴി കിടക്കുന്നത് കണ്ടത്. അയാള്‍ അതെടുത്ത് തുറന്നു നോക്കി. അത്ഭുതം…! അതില്‍ നിറയെ സ്വര്‍ണ നാണയങ്ങള്‍! അതില്‍ ഒരു കടലാസും ഉണ്ടായിരുന്നു. കൃഷിക്കാരന്‍ അതെടുത്ത് അതില്‍ എഴുതിയിരുന്നത് വായിച്ചു. അത് രാജാവിന്റെ എഴുത്തായിരുന്നു. ഈ കല്ല് വഴിയില്‍നിന്ന് ആര് നീക്കം ചെയ്യുന്നുവോ അവര്‍ക്കുള്ളതാണ് ഈ സ്വര്‍ണ നാണയങ്ങള്‍ എന്നാണ് അതില്‍ എഴുതിയിരുന്നത്. 

പ്രതിഫലം ആഗ്രഹിച്ച് ചെയ്തതല്ലാത്തതിനാല്‍ അയാള്‍ ആ സ്വര്‍ണനാണയങ്ങള്‍ എടുക്കാന്‍ മടിച്ചു. എന്നാല്‍ രാജാവ് തൃപ്തിപ്പെട്ട് സമ്മാനിച്ചതാണെന്ന് ഓര്‍ത്തപ്പോള്‍ അയാള്‍ സ്വര്‍ണ നാണയങ്ങള്‍ സന്തോഷത്തോടെ തന്റെ പച്ചക്കറികള്‍ നിറച്ച കുട്ടയിലിട്ട് യാത്ര തുടര്‍ന്നു. രാജാവ് മറഞ്ഞിരുന്ന് ഇതെല്ലാം കാണുന്നുണ്ടെന്ന വിവരം അയാള്‍ അറിഞ്ഞതുമില്ല.

കൂട്ടുകാരേ… വഴിയില്‍ നിന്ന് ഉപദ്രവം നീക്കം ചെയ്യല്‍ സത്യവിശ്വാസത്തിന്റെ ഭാഗമാണെന്ന് മുഹമ്മദ് നബി ﷺ പഠിപ്പിച്ച കാര്യം നിങ്ങള്‍ക്കറിയുമോ? നമുക്ക് ചെയ്യാന്‍ സാധിക്കുന്ന നല്ല കാര്യങ്ങള്‍ നാം തന്നെ ചെയ്യുക; അതിന് മറ്റാരെയും കാത്തുനില്‍ക്കേണ്ടതില്ല. ഈ കഥയിലെ പാവപ്പെട്ട കൃഷിക്കാരന്‍ തന്നെ സഹായിക്കാന്‍ ആരും തയ്യാറാകാതിരുന്നിട്ടും വളരെ പ്രയാസപ്പെട്ട് ചെയ്തത് ഒരു സല്‍പ്രവര്‍ത്തനമാണ്. അയാള്‍ അതിന് ഇഹലോകത്ത് ആരെങ്കിലും പ്രതിഫലം തരുമെന്ന് ആഗ്രഹിച്ചല്ല അത് ചെയ്തത്.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

 

അടിയുറച്ച വിശ്വാസം

അടിയുറച്ച വിശ്വാസം


യാദൃച്ഛികമായാണ് ആ യുവാവിനെ വൃദ്ധന്‍ കണ്ടുമുട്ടിയത്. കാടും മേടും കടന്നുള്ള യാത്രയിലാണ് അവന്‍ എന്ന് വൃദ്ധന് ഉറപ്പായി. അവന്‍ എന്തൊക്കെയോ ചിലത് ഉരുവിടുന്നുണ്ടായിരുന്നു. വൃദ്ധന്‍ അവനോട് സലാം പറഞ്ഞു. അവന്‍ അത് മടക്കി. വൃദ്ധന്‍ ചോദിച്ചു:

”നീ എങ്ങോട്ടാണ് പോകുന്നത്?”

അവന്‍ പറഞ്ഞു: ”അല്ലാഹുവിന്റെ ഭവനത്തിലേക്ക്.”

”ഹജ്ജ് ചെയ്യാനായിരിക്കും അല്ലേ?”

”അതെ.”

”നീയെന്താണ് ഉരുവിടുന്നത്?”

അവന്‍ പറഞ്ഞു: ”ക്വര്‍ആന്‍ വചനങ്ങള്‍.”

”നിനക്ക് ഇപ്പോള്‍ ചെറുപ്രായമാണ്. ഹജ്ജിന് പോകുവാനും ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുവാനും  ഇനിയും സമയമുണ്ടല്ലോ. എന്തിനാണ് കഷ്ടപ്പെട്ട് ഇപ്പോള്‍ തന്നെ പോകുന്നത്?”

അവന്‍ പറഞ്ഞു: ”എന്നെക്കാള്‍ ചെറിയ പ്രായമുള്ളവരുടെ മരണത്തിന് ഞാന്‍ സാക്ഷിയായിട്ടുണ്ട്. അത് കൊണ്ട് തന്നെ മരണം എന്റെ വാതിലില്‍ വന്ന് മുട്ടുന്നതിന് മുമ്പെ ഞാന്‍ തയ്യാറാവേണ്ടതുണ്ട്.”

 വൃദ്ധന്‍ പറഞ്ഞു: ”നിന്റെ കാലടികള്‍ ചെറുതാണ്. സ്വപ്‌നമോ വലുതും.”

അപ്പോള്‍ അവന്‍ പറഞ്ഞു: ”എന്റെ ഉത്തരവാദിത്തം അല്ലാഹുവിലേക്ക് കാലടികള്‍ വെക്കുക എന്നതാണ്. അത് എന്നെ അവനോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ഉണര്‍ത്തുകയും എന്നെ എന്റെ സ്വപ്‌നത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.”

”എന്നിട്ട് നീ കരുതിയ സാമഗ്രികളും വാഹനവും എവിടെ?” വൃദ്ധന്‍ ചോദിച്ചു.

”എന്റെ വിശ്വാസമാണ് എന്റെ കരുതല്‍. എന്റെ കാല്‍പാദമാണ് ഞാന്‍ സഞ്ചരിക്കാനുപയോഗിക്കുന്നത്” അവന്‍ പറഞ്ഞു.

”ഞാന്‍ ചോദിച്ചത് നീ റൊട്ടിയോ വെള്ളമോ ഒന്നും കരുതിയിട്ടില്ലേ എന്നാണ്.”

”അല്ലയോ ശൈഖ്…! നിങ്ങളെ ഒരാള്‍ അയാളുടെ വീട്ടിലേക്ക് ക്ഷണിച്ചാല്‍ നിങ്ങള്‍ക്കുള്ള ഭക്ഷണവും കയ്യില്‍ കരുതി അങ്ങോട്ട് പോകുന്നത് ഉചിതമാണോ?”

”തീര്‍ച്ചയായും അല്ല.”

”ദീര്‍ഘ യാത്രയില്‍ കയ്യില്‍ പിടിക്കാന്‍ പറ്റുന്ന ഭക്ഷണവും വെള്ളവുമേ ഞാന്‍ എടുത്തിട്ടുള്ളൂ. എന്റെ സ്രഷ്ടാവാണ് അവന്റെ അടിമയായ എന്നെ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സൂക്ഷ്മതയാകുന്ന (തക്വ്‌വ) ഭക്ഷണമാണ് ഏറ്റവും നല്ല യാത്രാവിഭവം. അത് ഞാന്‍ കൂടെ കരുതിയിട്ടുണ്ട്. അല്ലാഹു എന്റെ പരിശ്രമങ്ങള്‍ പാഴാക്കിക്കളയുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?”

”ഒരിക്കലുമില്ല.”

”മോനേ, നിന്റെ ദൃഢവിശ്വാസവും നിശ്ചയദാര്‍ഢ്യവും അഭിനന്ദനീയമാണ്. അല്ലാഹു നിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റിത്തരുമാറാകട്ടെ.”

വൃദ്ധന്‍ അവനു വേണ്ടി പ്രാര്‍ഥിച്ച് അവനെ യാത്രയാക്കി.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

 

ദൈവമില്ലെന്നോ?

ദൈവമില്ലെന്നോ?

ഒരിക്കല്‍ ഒരു ചെറുപ്പക്കാരന്‍ മുടി വെട്ടുവാനായി ബാര്‍ബര്‍ ഷോപ്പില്‍ പോയി. മുടി വെട്ടുന്നതിനിടയില്‍ അയാള്‍ ബാര്‍ബറുമായി സംസാരത്തിലേര്‍പ്പെട്ടു. വ്യത്യസ്ത വിഷയങ്ങളെ സംബന്ധിച്ച് അവര്‍ ഒരുപാട് സംസാരിച്ചു. അങ്ങനെ അവരുടെ സംഭാഷണം ദൈവത്തെക്കുറിച്ചായി. ബാര്‍ബര്‍ പറഞ്ഞു: ”നോക്കൂ; ദൈവം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.”

അപ്പോള്‍ യുവാവ് ചോദിച്ചു: ”അതെന്താ നിങ്ങള്‍ അങ്ങനെ പറഞ്ഞത്?”

”അത് മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്. തെരുവിലേക്കൊന്നിറങ്ങിയാല്‍ മതി ദൈവമില്ലെന്ന് മനസ്സിലാക്കാന്‍. ദൈവമുണ്ടായിരുന്നെങ്കില്‍ എങ്ങനെയാണ് ഇവിടെ രോഗിയായ മനുഷ്യരുണ്ടാവുക? അനാഥരായ കുഞ്ഞുങ്ങളുണ്ടാവുക? ദൈവമുണ്ടായിരുന്നെങ്കില്‍ എങ്ങനെയാണ് ഇവിടെ ദുരിതവും വേദനകളും ഉണ്ടാവുക? ഇതെല്ലാം അനുവദിക്കുന്ന ഒരു ദൈവത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല. അതിനാല്‍ ദൈവമില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു”-ബാര്‍ബര്‍ പറഞ്ഞു.

യുവാവ് ഒരു നിമിഷം ചിന്തിച്ചു നിന്നു. അയാളുടെ വാദത്തെ എതിര്‍ക്കാന്‍ നില്‍ക്കാതെ അയാള്‍ മുടിവെട്ടക്കഴിഞ്ഞപ്പോള്‍ കാശുകൊടുത്ത് പുറത്തിറങ്ങി. കുറച്ചുദൂരം നടന്നപ്പോള്‍ അയാള്‍ നീണ്ട മുടിയും താടിയുമുള്ള ഒരാളെ തെരുവില്‍ കണ്ടു. ഒരുപാട് കാലമായി അയാള്‍ മുടിയും താടിയുമൊക്കെ നീക്കം ചെയ്തിട്ടെന്ന് അയാളെ കണ്ടാല്‍ തന്നെ മനസ്സിലാകും.

അയാളെ കണ്ട യുവാവിന്റെ ബുദ്ധിയില്‍ ചില ആശയങ്ങള്‍ രൂപംകൊണ്ടു. ഉടന്‍ ആ യുവാവ് ബാര്‍ബര്‍ഷോപ്പിലേക്ക് തിരിച്ചുനടന്നു. 

ജോലിയില്‍ മുഴുകയിരുന്ന ബാര്‍ബര്‍ യുവാവ് തിരിച്ചു വന്നത് കണ്ടപ്പോള്‍ ചോദിച്ചു: ”എന്തേ തിരിച്ചുവന്നത്? മുടി വെട്ടിയതില്‍ വല്ല കുഴപ്പവും…?”

”ഹേയ്, അതൊന്നുമല്ല”-യുവാവ് പറഞ്ഞു.

”പിന്നെ എന്താണ്?”-ബാര്‍ബര്‍ ചോദിച്ചു.

”വേറെ ഒരു കാര്യം പറയാന്‍ വന്നതാണ്.”

”അതെന്താണ്?” ബാര്‍ബര്‍ ആകാക്ഷയോടെ ചോദിച്ചു.

”ഈ ലോകത്ത് ഒറ്റ ബാര്‍ബറും ഇല്ല എന്ന് ഞാ ന്‍ ഉറച്ചു വിശ്വസിക്കുന്നു”- യുവാവ് പറഞ്ഞു.

”ഹ…ഹ…ഹ”-അത് കേട്ടപ്പോള്‍ ബാര്‍ബര്‍ പൊട്ടിച്ചിരിച്ചു.

”ശുദ്ധ മണ്ടത്തരം. നിന്റെ മുന്നില്‍ നില്‍ക്കുന്ന ഞാന്‍ ഒരു ബാര്‍ബറല്ലേ?”

”ഇല്ല. അങ്ങനെയൊരു വിഭാഗം ഇല്ല തന്നെ. ഉണ്ടായിരുന്നെങ്കില്‍ ഇവിടെ എങ്ങനെയാണ് നീണ്ട താടിയും മുടിയും ഉള്ളവര്‍ ഉണ്ടാവുക? ഞാന്‍ അങ്ങനെയൊരാളെ ഈ അങ്ങാടിയില്‍ തന്നെ കണ്ടു.”

”ഓ, അവര്‍ ഞങ്ങളുടെ അടുത്തേക്ക് വരാത്തതിന് ഞങ്ങളെന്ത് ചെയ്യാനാണ്? അതിനര്‍ഥം ലോകത്ത് ഒറ്റ ബാര്‍ബറുമില്ലെന്നാണോ?” ബാര്‍ബര്‍ പറഞ്ഞു.

”എങ്കില്‍ ദൈവവും ഉണ്ട്. ജനങ്ങള്‍ ദൈവത്തെ അറിയാനും ദൈവത്തോട് അടുക്കാനും ശ്രമിക്കാത്തതാണ് ദൈവത്തെ കുറിച്ചുള്ള തെറ്റായ ധാരണക്ക് കാരണം. നമുക്ക് ലഭിക്കുന്ന ഗുണവും ദോഷവുമെല്ലാം ദൈവത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുവാനും അങ്ങനെ ഉറച്ചു വിശ്വസിക്കുവാനും നമുക്ക് കഴിയണം” യുവാവ് വിശദീകരിച്ചു.

”ശരിയാ, ഞാന്‍ അത്രക്കങ്ങ് ആലോചിക്കാതെ പറഞ്ഞതാ” – ബാര്‍ബര്‍ പറഞ്ഞു.

”ജീവിതവും മരണവും പരീക്ഷണമാണ് എന്നാണ് അല്ലാഹു ക്വുര്‍ആനിലൂടെ നമ്മെ അറിയിച്ചിട്ടുള്ളത്. സല്‍കര്‍മങ്ങള്‍ ചെയ്യുക എന്നതാണ് നമ്മുടെ കടമ. ക്വുര്‍ആനില്‍ സൂറതുല്‍ മുല്‍കിലെ രണ്ടാമത്തെ വചനത്തില്‍ അല്ലാഹു പയുന്നു: ‘നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.”

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

പ്രമാണങ്ങള്‍ക്കു മുമ്പില്‍ പ്രതിബന്ധം തീര്‍ക്കരുത്

പ്രമാണങ്ങള്‍ക്കു മുമ്പില്‍ പ്രതിബന്ധം തീര്‍ക്കരുത്


ഇസ്‌ലാം പ്രമാണബദ്ധമായ മതമാണ്. അല്ലാഹു മാനവരാശിക്ക് അവതരിപ്പിച്ച ക്വുര്‍ആനിലും ആ ക്വുര്‍ആനിന്റെ വശിദീകരണമായ പ്രവാചകചര്യയിലും തെളിവില്ലാത്ത ഒന്നും മതമായി ആചരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. വിശ്വസിക്കേണ്ട കാര്യങ്ങളായി ഇസ്‌ലാം പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളിലും വിശ്വസിക്കുകയും അനുഷ്ഠിക്കേണ്ടതായി പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളും അനുഷ്ഠിക്കുകയും ചെയ്യല്‍ സത്യവിശ്വാസിയുടെ ബാധ്യതയാണ്. 

പരിശുദ്ധ ക്വുര്‍ആനിലൂടെ അല്ലാഹു മനുഷ്യരോട് കല്‍പിച്ച കാര്യമാണ് ‘നിങ്ങള്‍ സദ്‌വൃത്തരാവുക’എന്നത്. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും നല്ലവരാവുക എന്ന നിര്‍ദേശമാണ് അല്ലാഹു നമുക്ക് അതിലൂടെ നല്‍കുന്നത്. ഇങ്ങനെ പോയാല്‍ പോരാ, നന്നാകണം, നല്ലവനാകണം, നല്ലവളാകണം എന്നത് ഏതൊരാളിലുമുള്ള ആഗ്രഹമാണ്. ആഗ്രഹങ്ങള്‍ ഉണ്ടായാല്‍ പോരാ, പ്രയോഗവത്കരണത്തിലൂടെയേ ഫലം കാണൂ എന്ന തിരിച്ചറിവില്ലായ്മയാണ് പലപ്പോഴും സദ്‌വൃത്തരാകാന്‍ അധികമാളുകള്‍ക്കും തടസ്സമാകുന്നത്.  

ഭൗതിക ജീവിതത്തിനായി നല്ലവരാവുക, അതുവഴി നേട്ടം കൈവരിക്കുക, സംതൃപ്തിയടയുക എന്നതല്ലല്ലോ നമ്മുടെ ജീവിതത്തിന്റെ മുഖ്യലക്ഷ്യം. അല്ലാഹു തൃപ്തിപ്പെട്ട് നമുക്ക് നല്‍കിയ മതനിയമങ്ങള്‍ മുഴുവനും അനുസരിച്ച,് അവന് കീഴ്‌പെട്ട,് ജീവിതത്തിന്റെ നാനാതുറകളിലും നല്ലവരായി ജീവിക്കുക, അങ്ങനെ പരലോകവിജയത്തിന് അര്‍ഹത നേടുക എന്നതാണ് പ്രധാനം. 

ഒരാള്‍ സദ്‌വൃത്തനായി മാറാന്‍ നിര്‍ബന്ധമായിട്ടുള്ളത് രണ്ട് കാര്യങ്ങളാണ്. ഇഖ്‌ലാസും (ആത്മാര്‍ഥത) ഇത്തിബാഉം (പ്രവാചകനെ പിന്‍പറ്റല്‍) ആണവ. മതഭൗതിക പ്രവര്‍ത്തനങ്ങളില്‍ ഈ കാര്യങ്ങളെ ഏതൊരുവന്‍ സൂക്ഷിക്കുന്നുണ്ടോ അവന്‍ മാത്രമാണ് സത്യസന്ധതയുടെയും വിജയത്തിന്റെയും അവകാശി. അവനു തന്നെയാണ് നല്ല പര്യവസാനവും. ഇവയില്‍ എത്രത്തോളം ശ്രദ്ധയുള്ളവരാകണമെന്ന് ബോധ്യപ്പെടുത്തുന്ന ചില ആയത്തുകള്‍ കാണുക:

”എന്നാല്‍ (കാര്യം) അങ്ങനെയല്ല. ഏതൊരാള്‍ സല്‍കര്‍മകാരിയായിക്കൊണ്ട് അല്ലാഹുവിന്ന് ആത്മസമര്‍പ്പണം ചെയ്തുവോ അവന്ന് തന്റെ രക്ഷിതാവിങ്കല്‍ അതിന്റെ പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. അത്തരക്കാര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല; അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല”(2:112).

ഇബ്‌നു കഥീര്‍ പറയുന്നു: ”അതായത് ഒരാള്‍ അല്ലാഹുവിന് കീഴ്‌പെടുകയും അതില്‍ നബി ﷺ യെ പിന്‍പറ്റുകയും ചെയ്യുക. നിശ്ചയം പ്രവര്‍ത്തനം സ്വീകരിക്കപ്പെടുന്നതിന് രണ്ടു നിബന്ധനകളുണ്ട്. ഒന്ന്, ആത്മാര്‍ഥതയോടെ അല്ലാഹുവിന് മാത്രമാവുക. രണ്ട്, ശരിയും മതനിയമത്തോട് യോജിക്കുന്നതുമാവുക. പ്രവര്‍ത്തനം നിഷ്‌കളങ്കമാണ്. പക്ഷേ, മതത്തില്‍ ഇല്ലാത്തതാണെങ്കില്‍ സ്വീകരിക്കപ്പെടുകയില്ല. ആഇശ(റ)യില്‍നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ‘നമ്മുടെ കല്‍പനയില്ലാത്ത ഒരു പ്രവൃത്തി ഈ കാര്യത്തില്‍ (മതത്തില്‍) ആരെങ്കിലും ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്’ (മുസ്‌ലിം).

പുരോഹിതന്മാരും അവരോട് സാദൃശ്യമുള്ളവരും നിര്‍ബന്ധമായ പ്രവൃത്തിയില്‍ ആത്മാര്‍ഥത കാണിക്കുന്നു. ലോകരിലേക്ക് മുഴുവനായി നിയോഗിക്കപ്പെട്ട റസൂലിനെ പിന്‍പറ്റുന്നതുവരെ അത് അവരില്‍നിന്ന് സ്വീകരിക്കുകയില്ല. എന്നാല്‍ പ്രത്യക്ഷത്തില്‍ മതനിയമത്തോട് യോജിക്കുന്ന പ്രവൃത്തി ചെയ്യുന്നവന് ആത്മാര്‍ഥതയില്ലെങ്കില്‍ അതും തള്ളപ്പെടും. ഈ അവസ്ഥ കപടവിശ്വാസികളുടെതാണ്” (ഇബ്‌നു കഥീര്‍, 1/223). 

ശൈഖ് നാസ്വിറുസ്സഅദി പറയുന്നു: ”അതായത് നിങ്ങളുടെ ആഗ്രഹങ്ങളോ വിളികളോ അല്ല. തന്റെ പ്രവര്‍ത്തനങ്ങളെ നിഷ്‌കളങ്കതയോടെ അവനിലേക്ക് ഹൃദയം തിരിച്ച് നിര്‍വഹിക്കുക. അവന്‍ നിയമമാക്കിയത്‌കൊണ്ടാണ് അവനെ ആരാധിക്കേണ്ടത്. അക്കൂട്ടര്‍ സ്വര്‍ഗത്തിന്റെ ആളുകളാണ്. നിശ്ചയം ഈ രീതിയില്‍ അല്ലാത്ത ഒരാള്‍ നരകാവകാശിയാണ്. ആത്മാര്‍ഥതയുള്ളവര്‍ക്കും റസൂലിനെ പിന്‍പറ്റിയവര്‍ക്കുമല്ലാതെ വിജയമില്ല. അറബികളില്‍ പെട്ട മുശ്‌രിക്കുകള്‍ ചെയ്ത പോലെ വേദക്കാര്‍ അസൂയ കൊണ്ടും തന്നിഷ്ടം കൊണ്ടും ചിലര്‍ ചിലരെ പിഴച്ചവരാക്കുകയും കാഫിറുകളാക്കുകയും ചെയ്തു. എല്ലാവിഭാഗവും മറ്റൊരു വിഭാഗത്തെ പിഴച്ചവരാക്കുകയും കാഫിറുകളാക്കുകയും ചെയ്തു. എല്ലാ വിഭാഗവും മറ്റൊരു വിഭാഗത്തെ പിഴച്ചവരായി കാണുന്നു. അല്ലാഹുവിന്റെ കല്‍പന അനുസരിച്ച്, അവന്‍ നിരോധിച്ചത് ഒഴിവാക്കി, എല്ലാ പ്രവാചകന്മാരെയും സത്യപ്പെടുത്തിയവനല്ലാതെ രക്ഷയില്ലെന്ന് തന്റെ അടിമകളെ അറിയിച്ചവനായ അല്ലാഹു പരലോകത്ത് സൃഷ്ടികള്‍ക്കിടയില്‍ നീതിയോടെ വിധി നടപ്പിലാക്കുന്നു. ഇത് ഒഴിവാക്കിയവന്‍ നശിച്ചവനാണ്” (തഫ്‌സീറുസ്സഅദി, പേജ് 60,61).

അല്ലാഹു പറയുന്നു: ”സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് കീഴ്‌പെടുത്തുകയും നേര്‍മാര്‍ഗത്തിലുറച്ച് നിന്നുകൊണ്ട് ഇബ്‌റാഹീമിന്റെ മാര്‍ഗത്തെ പിന്തുടരുകയും ചെയ്തവനെക്കാള്‍ ഉത്തമ മതക്കാരന്‍ ആരുണ്ട്? അല്ലാഹു ഇബ്‌റാഹീമിനെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു” (4:125).

ഇബ്‌നു കഥീര്‍ പറയുന്നു: ”നിശ്ചയം മതമെന്നത് ആഗ്രഹവും കാട്ടിക്കൂട്ടലുമല്ല. മറിച്ച് ഹൃദയംകൊണ്ടുള്ള അംഗീകാരവും പ്രവര്‍ത്തനങ്ങളിലുള്ള സത്യപ്പെടുത്തലുമാണെന്നതാണ് ഈ ആയത്തിന്റെ അര്‍ഥം. അതായത് നിങ്ങള്‍ക്കും അവര്‍ക്കും (ജൂതന്മാര്‍ക്കും) വെറും ആഗ്രഹംകൊണ്ട് രക്ഷയില്ല. അല്ലാഹുവിനെ അനുസരിക്കുന്നതിലും പ്രവാചകന്മാരെ പിന്‍പറ്റുന്നതിലുമാണ് വിജയം” (ഇബ്‌നുകഥീര്‍, 1/ 764).

ശൈഖ് നാസ്വിറുസ്സഅദി പറയുന്നു: ”അതായത് ആത്മാര്‍ഥതയും സമര്‍പ്പണവുമുള്ളതോടൊപ്പം വേദഗ്രന്ഥങ്ങള്‍ ഇറക്കപ്പെടാനും പ്രവാചകന്മാര്‍ നിയോഗിക്കപ്പെടാനും കാരണമായ അല്ലാഹുവിന്റെ നിയമങ്ങളെ പിന്‍പറ്റുന്നവന്‍” (തഫ്‌സീറുസ്സഅദി, പേജ് 258).

അല്ലാഹു പറയുന്നു: ”വല്ലവനും സദ്‌വൃത്തനായിക്കൊണ്ട് തന്റെ മുഖത്തെ അല്ലാഹുവിന് സമര്‍പ്പിക്കുന്ന പക്ഷം ഏറ്റവും ഉറപ്പുള്ള പിടികയറില്‍ തന്നെയാണ് അവന്‍ പിടിച്ചിരിക്കുന്നത്. അല്ലാഹുവിങ്കലേക്കാകുന്നു കാര്യങ്ങളുടെ പരിണതി” (31:22).

ഇബ്‌നുകഥീര്‍ പറയുന്നു: ”അവന്‍ നിയമമാക്കിയത് പിന്‍പറ്റി അവന്റെ കല്‍പനക്ക് കീഴൊതുങ്ങി നിഷ്‌കളങ്കമായ പ്രവര്‍ത്തനവുമായി അവനിലേക്ക് മുഖം തിരിക്കുന്നവനെക്കുറിച്ചാണ് ഈ ആയത്തിലൂടെ അല്ലാഹു അറിയിക്കുന്നത്” (ഇബ്‌നുകഥീര്‍, 3/539).

ശൈഖ് നാസ്വിറുസ്സഅദി പറയുന്നു: ”അതായത് നിഷ്‌കളങ്കമായി മതനിയമങ്ങള്‍കൊണ്ട് പ്രവര്‍ത്തിച്ച് അല്ലാഹുവിന് കീഴൊതുങ്ങുക. ഒരാള്‍ ആരാധനാകര്‍മങ്ങള്‍ മുഴുവനും ചെയ്ത് അല്ലാഹുവിന് കീഴ്‌പെട്ടാല്‍ അവന്‍ അതില്‍ സദ്‌വൃത്തനാണ്. ഒരാള്‍ തന്റെ ബാധ്യതകള്‍ നിര്‍വഹിക്കുന്നവനായി അല്ലാഹുവിന് കീഴ്‌പെട്ടാല്‍ അവന്‍ അല്ലാഹുവിന്റെ അടിമകളില്‍ സദ്‌വൃത്തനായി” (തഫ്‌സീറുസ്സഅദി, പേജ് 910).

ഇതിലൂടെ ഉരുത്തിരിയുന്ന കാര്യങ്ങളെ ഇങ്ങനെ ചുരുക്കാം: 

1. ഏതൊരാളില്‍നിന്നും പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുക ഇഖ്‌ലാസിന്റെയും ഇത്തിബാഇന്റെയും അടിസ്ഥാനത്തിലായതിനാല്‍ റബ്ബിനെ കാണണമെന്ന ആഗ്രഹത്തോടെ പുണ്യങ്ങള്‍ പതിവാക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുന്നവരാരോ അവരാണ് യഥാര്‍ഥ സദ്‌വൃത്തര്‍. സല്‍കര്‍മങ്ങള്‍ സ്വീകരിക്കുന്നേടത്ത് ചെറുത്, വലുത് എന്നിങ്ങനെയുള്ള വേര്‍തിരിവ് അവര്‍ക്കിടയിലില്ല. അല്ലാഹു പറയുന്നു: ”അതിനാല്‍ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മം പ്രവര്‍ത്തിക്കുകയും തന്റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ” (18:110).

ഈ ആയത്ത് വിശദീകരിക്കുന്നേടത്തും ഇഖ്‌ലാസും ഇത്തിബാഉം നിലനിര്‍ത്തലാണ് ഇതിന്റെ താല്‍പര്യമെന്ന് മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്. 

2. ആദര്‍ശ സംരക്ഷണവും പ്രമാണനിഷ്ഠയും കാത്തുസൂക്ഷിക്കുക എന്നത് സദ്‌വൃത്തര്‍ക്കുള്ള ഗുണമാണ്. ഇവയില്‍ ആര് വീഴ്ച വരുത്തിയാലും അത് തീര്‍ത്തും തെറ്റാണ്. മതരംഗത്തുള്ളവരാണെന്ന് പറയുന്നവരിലൂടെ തെറ്റുകള്‍ പ്രചരിക്കുമ്പോള്‍ അത് സമൂഹ മധ്യേ തുറന്ന് കാണിക്കുക എന്നതും നല്ലവരുടെ സ്വഭാവം തന്നെ. എന്നാല്‍ ആരാണോ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധയും കണിശതയും കാണിക്കുന്നത് അവര്‍ പിഴച്ചവരും പുത്തന്‍വാദികളും മതം നശിപ്പിക്കുന്നവരുമായി ചിത്രീകരിക്കപ്പെടുന്ന വിരോധാഭാസമാണിന്ന് നാം കാണുന്നത്. തൗഹീദാകുന്ന നിര്‍ഭയത്വം കാത്തുസൂക്ഷിച്ച,് ശിര്‍ക്കിനെതിരെ മുന്നറിയിപ്പ് നല്‍കുന്ന മുവഹ്ഹിദുകളെ മുശ്‌രിക്കുകളും മതവിരുദ്ധരുമായി ചിത്രീകരിക്കുന്നു. സ്വഹീഹായ ഹദീഥുകളുടെ പവിത്രതയെ ആദരിക്കുന്ന സുന്നത്ത് വാഹകരെ മതത്തെ കുടുസ്സാക്കുന്നവരെന്നും അന്ധവിശ്വാസം വലിച്ചുകൊണ്ടവരുന്നവരാണെന്നും ആക്ഷേപിക്കുന്നു. പുത്തനാചാരങ്ങളെ സമൂഹത്തില്‍നിന്ന് പിഴുതെറിയാന്‍ ശ്രമിക്കുന്നവരെ ബിദ്അത്തുകളെ പ്രോത്സാഹിപ്പിക്കുന്നവരെന്നു വിശേഷിപ്പിക്കുന്നു. ആദര്‍ശരംഗത്തും പ്രമാണങ്ങള്‍ സ്വീകരിക്കുന്നേടത്തും സ്വയംവരുത്തിവെച്ച പിഴവുകളെ മറ്റുള്ളവരുടെ പിരടിയില്‍ വെച്ചുകെട്ടാന്‍ ശ്രമിക്കുന്നു. ഇത്തരക്കാരെ സദ്‌വൃത്തരെന്ന് പറയാന്‍ വിവേകമുള്ളവര്‍ക്ക് കഴിയുമോ?

3. കപടവിശ്വാസവും കാപട്യപ്രവര്‍ത്തനങ്ങളും സദ്‌വൃത്തര്‍ക്ക് പറഞ്ഞതല്ല. ആ ദുഃസ്വഭാവത്തിലേക്കെത്തിക്കുന്ന ഓരോ നിമിഷത്തെയും ഭയക്കുന്നവരും മോചനത്തിനായി പ്രാര്‍ഥിക്കുന്നവരുമാണവര്‍. നബി ﷺ യുടെ അനുചരന്മാര്‍ അങ്ങെനയായിരുന്നു. അവരാണല്ലോ സദ്‌വൃത്തരില്‍ മാതൃക. പ്രകടനപരതയിലല്ല കാര്യം; നിഷ്‌കളങ്കതയേടെ നബി ﷺ യെ പിന്‍പറ്റി പ്രവര്‍ത്തിക്കുന്നതിലാണ്. നിഷ്‌കളങ്കതയില്ലെങ്കില്‍ അതിന്റെ ലക്ഷ്യം മറ്റൊന്നാണ.് അതാണ് കാപട്യം. അല്ലാഹു പറയുന്നു: 

”തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്‌കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ച് മാത്രമെ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ” (4:142).

4. വഹ്‌യിന്റെ അടിസ്ഥാനത്തില്‍ നബി ﷺ പഠിപ്പിച്ച കാര്യങ്ങള്‍ പിന്‍പറ്റുന്നവരാണ് സദ്‌വൃത്തര്‍. പ്രവര്‍ത്തിക്കുന്നവന് ഇത്തിബാഇല്ലാതെ എത്ര ആത്മാര്‍ഥതയുണ്ടായിട്ടും കാര്യമില്ല. ഇന്ന് സമൂഹത്തില്‍ നടമാടുന്ന ബിദ്അത്തുകളിലേക്ക് കണ്ണോടിക്കുക. അത് ചെയ്യുന്നവര്‍ നിര്‍ബന്ധകര്‍മങ്ങള്‍ ചെയ്യുന്നതില്‍ കാണിക്കാത്ത ആത്മാര്‍ഥതയാണ് കാണിക്കുന്നത്. അത്രമാത്രം പ്രാധാന്യം അതിനുണ്ടെന്നാണ് അവര്‍ പഠിപ്പിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹു പറയുന്നു:

”(നബിയേ,) പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ. ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്” (18:103,104).

ഇത് പ്രത്യക്ഷത്തില്‍ സത്യനിഷേധികളെ കുറിച്ചാണെങ്കിലും മതനിയമത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരും ഇതില്‍ ഉള്‍പ്പെടും. ഇബ്‌നുകഥീര്‍ പറയുന്നു: ”സ്വീകരിക്കപ്പെടുന്നതും തൃപ്തിപ്പെടുന്നതും മതനിയമത്തിലില്ലാത്തതുമായ നിരര്‍ഥക പ്രവര്‍ത്തനങ്ങള്‍ അവര്‍ ചെയ്തു. അവര്‍ ഇഷ്ടപ്പെടുന്നവരും സ്വീകരിക്കപ്പെടുന്നവരുമാണെന്ന് തങ്ങള്‍ എന്ന് വിശ്വസിക്കുന്നു” (ഇബ്‌നു കഥീര്‍, 3/133).

മതവിഷയങ്ങള്‍ പ്രമാണങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്ക് തടസ്സമാകുന്നത് മുസ്‌ലിയാക്കന്മാര്‍ ശീലിപ്പിച്ച തക്വ്‌ലീദ് (അന്ധമായ അനുകരണം) ആണ്. തെളിവും ന്യായവും നോക്കാതെ ഒരാളില്‍നിന്ന് മതകാര്യങ്ങള്‍ സ്വീകരിക്കുക എന്നത് ഇസ്‌ലാമല്ല. നാല് മദ്ഹബിന്റെ ഇമാമുകളും അവരെ തക്വ്‌ലീദ് ചെയ്യുന്നതിനെ ശക്തമായി എതിര്‍ത്തവരാണ്. എന്നാല്‍ സമസ്ത പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നത് കാണുക:

1. ”ഇസ്‌ലാമില്‍ കര്‍മപരവും വിശ്വാസപരവുമായ കാര്യങ്ങളുണ്ട്. വിശ്വാസകാര്യങ്ങള്‍ ഇമാം അശ്അരിയും ഇമാം മാതുരീദിയും ക്രോഡീകരിച്ചിട്ടുണ്ട്. അതിനെതിരായ വിശ്വാസം ഇസ്‌ലാമിന്റെ വിശ്വാസമല്ല. കര്‍മപരമായ കാര്യങ്ങളില്‍ നാലിലൊരു മദ്ഹബ് അനുസരിച്ചാവലും മദ്ഹബ് അനുസരിച്ചാവലും അനിവാര്യമാണ്. വിശ്വാസവും കര്‍മവും ഇപ്പറഞ്ഞതിനെതിരായാല്‍ അത് ഇസ്‌ലാമല്ലാത്തതാണ്. ഇങ്ങെനയാണ് മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായ തീരുമാനം” (ഇവരെ എന്തുകൊണ്ട് അകറ്റണം?, ചാലിയം അബൂബക്കര്‍ മുസ്‌ലിയാര്‍, പേജ് 19).

2. ”സാധാരണക്കാരന് മതപണ്ഡിതനെ പിന്‍പറ്റല്‍ നിര്‍ബന്ധമാണ്. പണ്ഡിതന്‍ സത്യം പറയട്ടെ, കളവു പറയട്ടെ. അല്ലെങ്കില്‍ ശരി പറയട്ടെ, അബദ്ധം പറയട്ടെ. സാധാരണക്കാരുടെ ബാധ്യത പണ്ഡിതന്‍ പറയുന്നത് സ്വീകരിക്കലാണെന്ന കാര്യത്തില്‍ ഇജ്മാഅ് ഉണ്ട്” (മുജാഹിദ് പ്രസ്ഥാനം എങ്ങോട്ട്? അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പേജ് 23). 

3.ഒരു മുസ്‌ലിയാര്‍ സ്വാവി പറഞ്ഞതായി എഴുതുന്നു: ”നാല് മദ്ഹബുകളല്ലാത്തതിനെ അനുഗമിക്കല്‍ ജാഇസല്ല. അത് ഒരുപക്ഷേ, സ്വഹാബത്തിന്റെ വാക്കിനോടും സ്വഹീഹായ ഹദീഥിനോടും ഒത്തുകണ്ടാലും ശരി. നാല് മദ്ഹബുകള്‍ക്കപ്പുറം ചവിട്ടിയവന്‍ വഴിതെറ്റിയവനും തെറ്റിക്കുന്നവനുമത്രെ” (മദ്ഹബുകളും ഇമാമുകളും: ഹ്രസ്വ പഠനം, എം.കെ.ഇസ്മാഈല്‍ മുസ്‌ലിയാര്‍, പേജ് 10).

പുറം നന്നാക്കി അകം മലിനമാക്കുന്ന ഇത്തരം വഴിവെട്ടിത്തെളിക്കുന്നവരെയല്ല ഇസ്‌ലാം സദ്‌വൃത്തര്‍ എന്ന് പറഞ്ഞത്. ക്വുര്‍ആന്‍ പഠിപ്പിച്ചതായ സദ്ഗുണങ്ങളോടെ സദ്‌വൃത്തരായി മാറാന്‍ പ്രാര്‍ഥനയും കര്‍മങ്ങളും മുന്‍നിര്‍ത്തി നാം മുന്നേറുക.

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

പശ്ചാത്താപം

പശ്ചാത്താപം

ശരീരത്തെയും മനസ്സിനെയും മാലിന്യമുക്തമാക്കുവാന്‍ ഇസ്‌ലാം ആവശ്യപ്പെടുന്നു. ശരീരത്തിലെ മാലിന്യം കഴുകിക്കളയാം. അങ്ങനെ ശരീരം വൃത്തിയാക്കാം. മനസ്സിലെ മാലിന്യം വൃത്തിയാക്കേണ്ടത് തെറ്റുകുറ്റങ്ങള്‍ വര്‍ജിച്ചുകൊണ്ടും പശ്ചാത്താപിച്ചുകൊണ്ടുമാണ്. അല്ലാഹു പറയുന്നു: 

”…തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു” (ക്വുര്‍ആന്‍ 2:222).

പശ്ചാത്താപത്തിന്റെ വാതില്‍ തുറന്നുതന്നു എന്നുളളത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ്. അല്ലാഹു പറയുന്നു: ”(നബിയേ) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്മാരെ വിവരമറിയിക്കുക” (ക്വുര്‍ആന്‍ 15:49). 

പശ്ചാത്തപിക്കാന്‍ പ്രേരിപ്പിക്കുന്നു

ഇമാം മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീഥില്‍ നബി ﷺ പറയുന്നു: ”പകല്‍ തെറ്റ് ചെയ്തവന്‍ പശ്ചാത്തപിക്കാന്‍ വേണ്ടി അല്ലാഹു രാത്രിയില്‍ കൈനീട്ടുന്നു. രാത്രി തെറ്റ് ചെയ്തവന്‍ പശ്ചാത്തപിക്കാന്‍ വേണ്ടി അല്ലാഹു പകല്‍ കൈനീട്ടുന്നു. അസ്തമയ സ്ഥാനത്ത് നിന്ന് സൂര്യന്‍ ഉദിക്കുന്നത് വരെ” (മുസ്‌ലിം). 

നബി ﷺ പറഞ്ഞു: ”ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. തീര്‍ച്ചയായും ഞാന്‍ ദിവസവും നൂറ് തവണ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നു” (മുസ്‌ലിം). 

അവസരം നഷ്ടപ്പെടുത്തരുത്

പശ്ചാത്തപിക്കാനുളള മഹത്തായ ഒരു അവസരമാണ് റമദാന്‍. ഈ അവസരം നഷ്ടപ്പെടുത്തുന്നവരില്‍ നാം ഉള്‍പെട്ടുകൂടാ. നബി ﷺ പറയുന്നു: ”ഒരു റമദാന്‍ ലഭിച്ചിട്ട് പാപം പൊറുക്കപ്പെടാത്തവന് നാശം” (തിര്‍മിദി). 

വിശ്വാസികളേ, അതിനാല്‍ പശ്ചാത്തപിക്കുക. അതിലേക്ക് ധൃതിപ്പെടുക. അടിമകള്‍ പശ്ചാത്തപിക്കുന്നത് അല്ലാഹുവിന് ഏറെ സന്തോഷമുളള കാര്യമാണ്. 

നബി ﷺ പറഞ്ഞു: ”തന്റെ അടിമ പശ്ചാത്തപിച്ചു മടങ്ങുമ്പോള്‍ അല്ലാഹു ഏറെ സന്തുഷ്ടനാണ്. മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന ഒരാളെ പോലെയാണവന്‍. അയാള്‍ക്ക് അയാളുടെ വാഹനം നഷ്‌പ്പെട്ടു. അതിന്റെ പുറത്താണ് അയാളുടെ വസ്ത്രവും ഭക്ഷണവും പാനിയവും. അപ്പോള്‍ അയാള്‍ക്ക് അതിന്റെ കാര്യത്തില്‍ നിരാശ തോന്നി. ഒരു മരത്തിന്റെ തണലില്‍ കിടന്നു. തന്റെ വാഹനത്തിന്റെ കാര്യത്തില്‍ അയാള്‍ തീര്‍ത്തും നിരാശനായി. അപ്പോഴതാ അത് അയാളുടെ അടുത്ത് നില്‍ക്കുന്നു. അയാളതിന്റെ കടിഞ്ഞാണ്‍ പിടിച്ച് സന്തോഷത്താല്‍ പറഞ്ഞു: ‘അല്ലാഹുവേ നീ എന്റെ അടിമയാണ്. ഞാന്‍ നിന്റെ രക്ഷിതാവും.’ സന്തോഷത്തിന്റെ ആധിക്യത്തില്‍ തെറ്റിപ്പോയതാണ്.” (മുസ്‌ലിം). 

രക്ഷ ലഭിക്കുന്ന ചില കാരണങ്ങള്‍

സത്യവിശാസി തെറ്റ് ചെയ്താല്‍ അതിന്റെ ശിക്ഷ ചില കാരണങ്ങള്‍ കൊണ്ട് ഇല്ലാതെയാകും. 

1. പശ്ചാത്തപിക്കുക. പാപം ചെയ്തതില്‍ പശ്ചാത്തപിക്കുന്നവന്‍ പാപം ചെയ്യാത്തവനെപ്പോലെയാണ്. അല്ലാഹു അവന് പാപം പൊറുത്ത് കൊടുക്കും. 

2. അല്ലാഹുവിനോട് പൊറുക്കലിനെ തേടുക. അപ്പോള്‍ അവന്‍ പൊറുത്ത് തരുന്നതാണ്. ആദം നബിൗ അല്ലാഹുവിനോട് പൊറുക്കലിനെ തേടിയത് അല്ലാഹു സുറത്തുല്‍ അഅ്‌റാഫില്‍ വിശദീകരിക്കുന്നുണ്ട്. 

3. പാപങ്ങളെ മായ്ച്ചുകളയുന്ന തരത്തില്‍ നന്മകള്‍ ചെയ്യുക. അല്ലാഹു പറഞ്ഞു: ”തീര്‍ച്ചയായും സല്‍കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ മായ്ച്ചു കളയുന്നതാണ്” (ക്വുര്‍ആന്‍ 11:14). 

4. അവനു വേണ്ടി സത്യവിശ്വാസികളായ സഹോദരങ്ങള്‍ പ്രാര്‍ഥിക്കുക.

5. മുഹമ്മദ് നബി ﷺ ശുപാര്‍ശ ചെയ്യുക. 

6. ഇഹലോകത്ത് വെച്ച് അല്ലാഹു അവനെ വിപത്തുകള്‍ കൊണ്ട് പരീക്ഷിക്കുക. ശരീരത്തിലോ, ധനത്തിലോ, ബന്ധുക്കളിലോ ആകാം പരീക്ഷണം. 

7. ബര്‍സഖില്‍ വെച്ചുളള പരീക്ഷണം. അതു മുഖേനേ അവന്റെ പാപങ്ങള്‍ മായ്ച്ചുകളയും.

8. ഖിയാമത്തിന്റെ ഭീകരത കൊണ്ട് അവനെ പരീക്ഷിക്കുക. 

9. പരമ കാരുണികന്‍ അവനോട് കരുണ കാണിക്കുക. 

തൗബയുടെ ശര്‍ത്വുകള്‍

1. പാപത്തില്‍ നിന്ന് വിട്ട് നില്‍ക്കുക.

2. ചെയ്തുപോയ തെറ്റിനെ കുറിച്ച് ഖേദമുണ്ടാവുക.

3. ആവര്‍ത്തിക്കില്ലെന്ന് തീരുമാനിക്കുക. 

4. അവകാശങ്ങള്‍ തിരിച്ച് നല്‍കുക. 

പശ്ചാത്തപിച്ച് മടങ്ങാന്‍ സന്നദ്ധരാവുക. നാളെയാവാം എന്ന് വിചാരിക്കണ്ട. എപ്പോള്‍ മരിക്കും എന്ന് പറയാന്‍ സാധ്യമല്ല. പിന്നീട് ചെയ്യാം എന്ന ചിന്ത ഉപേക്ഷിക്കുക. പാപം ചെയ്താല്‍ മാത്രമാണ് പശ്ചാത്താപം എന്നും കരുതേണ്ട. എത്ര നന്മകള്‍ ചെയ്താലും പശ്ചാത്തപിക്കാന്‍ മടിക്കരുത്. റവാത്തിബുകളില്‍ വീഴ്ച്ച വരുത്തിയിട്ടുണ്ടെങ്കിലും പശ്ചാത്തപിക്കുക. രാത്രിനമസ്‌കാരങ്ങള്‍ പാഴാക്കിയതിനെക്കുറിച്ച് ഓര്‍ത്ത്  പശ്ചാത്തപിക്കുക. പിശുക്കിനെക്കുറിച്ചോര്‍ത്ത്, കോപത്തെക്കുറിച്ച് ചിന്തിച്ച്, അസൂയയെക്കുറിച്ച് ആലോചിച്ച്, വിലപ്പെട്ട സമയം കളഞ്ഞതിനെ കുറിച്ച് ചിന്തിച്ച് പശ്ചാത്തപിക്കുക. 

എത്ര സൂക്ഷിച്ചാലും വന്നുചേരുന്നതാണ് ജീവിതത്തിലെ അബദ്ധങ്ങളും തെറ്റുകളും. അത് ആരിലും എപ്പോഴും സംഭവിച്ചേക്കാം; പ്രവാചകന്‍മാരല്ലാത്ത ഏത് വിശുദ്ധന്റെ ജീവിതത്തിലും. സംഭവിച്ചേക്കാം. തെറ്റാണ് ബോധ്യമായാല്‍ ഉടന്‍ ഖേദിച്ചു മടങ്ങണം. അല്ലാഹുവിലേക്ക് ആത്മാര്‍ഥമായി പശ്ചാത്തപിച്ചു മടങ്ങി പരിശുദ്ധി നേടുവാന്‍ ശ്രമിക്കണം.

തെറ്റു ചെയ്താല്‍ പശ്ചാത്തപിക്കുന്നവരുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെ ഉള്‍പെടുത്തട്ടെ. മരിക്കുന്നതിന് മുമ്പേ പശ്ചാത്തപിക്കാന്‍ നമുക്ക് അല്ലാഹു അവസരം നല്‍കട്ടെ.

 

സമീര്‍ മുണ്ടേരി
നേർപഥം വാരിക