മരണം നടന്നാല്‍ അവിടെ സന്നിഹിതരായവര്‍ക്കും മറ്റും അനുവദിക്കപ്പെട്ട കാര്യങ്ങള്‍. [തല്‍ഖീസു അഹ്കാമില്‍ ജനാഇസ് – അല്‍ബാനി. അദ്ധ്യായം: 4].

അദ്ധ്യായം: 4
മരണം നടന്നാല്‍ അവിടെ സന്നിഹിതരായവര്‍ക്കും മറ്റും അനുവദിക്കപ്പെട്ട കാര്യങ്ങള്‍
[തല്‍ഖീസു അഹ്കാമില്‍ ജനാഇസ് - അല്‍ബാനി]

(ശൈഖ് അല്‍ബാനി റഹിമഹുല്ലയുടെ മരണാനന്തര കര്‍മ്മങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥത്തിന്‍റെ സംക്ഷിപ്ത രൂപമായ, അദ്ദേഹം തന്നെ രചിച്ച: تلخيص أحكام الجنائز എന്ന ഗ്രന്ഥത്തിന്‍റെ വിവര്‍ത്തനമാണിത്)

അവര്‍ക്ക് മയ്യിത്തിന്റെ മുഖത്തെ മറ നീക്കി ഇരുകണ്ണുകള്‍ക്കുമിടയിലായി (നെറ്റിയില്‍) ചുംബിക്കാം. കാരണം നബി(ﷺ) യുടെ വഫാത്തിനു ശേഷം അബൂബകര്‍ (റ) അദ്ദേഹത്തെ അപ്രകാരം  ചുംബിച്ചിട്ടുണ്ട്. അതുപോലെ മൂന്ന്‍ ദിവസം വരെ മരണപ്പെട്ടയാളെയോര്‍ത്ത് കരയാം.

(ഇവിടെ കരയുക എന്നത് അല്ലാഹുവിന്‍റെ വിധിയെ പഴിച്ചുകൊണ്ടും, ആ വിധിയിലുള്ള അതൃപ്തിയാലുമുള്ള നിഷേധത്തിന്‍റെ  കരച്ചിലല്ല. സ്വാഭാവികമായും ഒരു ഒരാള്‍ മരണപ്പെട്ടാല്‍ അവരുടെ ബന്ധുമിത്രാതികള്‍ക്ക് ഉണ്ടാകുന്ന ദുഃഖമാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്നാല്‍ വിധിയെ പഴിച്ചുകൊണ്ടും, അതില്‍ അതൃപ്തി കാണിച്ചുകൊണ്ടും കരയുക എന്നുള്ളത് വിലക്കപ്പെട്ടതാണ്. ഒരു പക്ഷെ അതില്‍ അതിരുകവിയുന്നത് കുഫ്റിലേക്ക് വരെ എത്തിച്ചേക്കാം, ശബ്ദമുയര്‍ത്തിക്കൊണ്ട് വാവിട്ടുകരയുന്നതും റസൂല്‍(ﷺ) വിരോധിച്ചിട്ടുണ്ട്. എന്നാല്‍ വിയോഗത്തിലുള്ള ദുഃഖത്താല്‍ കണ്ണീര്‍പ്പൊഴിക്കുക എന്നതേ ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. അത് തുടര്‍ന്നുള്ള ഹദീസില്‍ നിന്നും വ്യക്തമാണ് -വിവര്‍ത്തകന്‍.)

ആഇശ (റ) ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

عن عائشة رضي الله عنها قالت: أقبل أبو بكر رضي الله عنه على فرسه من مسكنه بالسنح حتى نزل فدخل على المسجد، وعمر يكلم الناس، فلم يكلم الناس حتى دخل على عائشة رضي الله عنها، فتيمم النبي صلى الله عليه وسلم وهو مسجى ببردة جرة، فكشف عن وجهه، ثم أكب عليه فقبله بين عينيه، ثم بكى فقال: بأبي أنت وأمي يا نبي الله ، لا يجمع الله عليك موتتين، أما الموتة التي عليك فقد متها، وفي رواية: بلقد مت الموتة التي لا تموت بعدها.

ആഇശ (റ) യില്‍ നിന്നും നിവേദനം. അവര്‍ പറഞ്ഞു: "സുന്‍ഹ് പ്രദേശത്തെ തന്‍റെ വീട്ടില്‍ നിന്നും അബൂ ബക്കര്‍(റ) കുതിരപ്പുറത്ത് കയറിക്കൊണ്ട് വരുകയുണ്ടായി. താഴെ ഇറങ്ങിയ ശേഷം അദ്ദേഹം പള്ളിയിലേക്ക് പ്രവേശിച്ചു. അപ്പോള്‍ ഉമറുബ്നുല്‍ ഖത്താബ് (റ) ആളുകളുമായി സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ആരോടും  സംസാരിക്കാതെ ആഇശ (റ) യുടെ അരികിലേക്ക് പ്രവേശിച്ചു. (യമനില്‍ നിന്നുള്ള) ഹിബറ പുതപ്പ് കൊണ്ട് മൂടപ്പെട്ട് കിടക്കുന്ന റസൂല്‍(ﷺ) യെ ലക്ഷ്യമാക്കി അദ്ദേഹം നീങ്ങി. റസൂല്‍(ﷺ)യുടെ  മുഖത്ത് നിന്നും പുതപ്പ് നീക്കി. ശേഷം അദ്ദേഹത്തിലേക്ക് കുനിഞ്ഞുകൊണ്ട് അദ്ദേഹത്തിന്‍റെ ഇരുകണ്ണുകള്‍ക്കുമിടയിലായി ചുംബിച്ചു. ശേഷം അദ്ദേഹം കരഞ്ഞുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു: "എന്‍റെ ഉപ്പക്കും ഉമ്മക്കും പകരം അങ്ങാണ് യാ നബിയ്യല്ലാഹ്.. (ഇത് അറബി ഭാഷയില്‍ അങ്ങേയറ്റത്തെ സ്നേഹവും ആദരവും സൂചിപ്പിക്കുന്ന ഒരു പ്രയോഗമാണ്. അങ്ങേക്ക് വേണ്ടി എനിക്കേറ്റവും ഇഷ്ടപ്പെട്ടവരെ പകരം നല്‍കാന്‍ ഞാന്‍ തയ്യാറാണ് എന്ന അര്‍ത്ഥത്തില്‍ ഉള്ള ഭാഷാപ്രയോഗം). അങ്ങേക്ക് അല്ലാഹു രണ്ട് മരണം നല്‍കുകയില്ല. താങ്കളുടെ മേല്‍ (അല്ലാഹു വിധിച്ച) മരണം അങ്ങ് മരണപ്പെട്ടിരിക്കുന്നു.  മറ്റൊരു റിപ്പോര്‍ട്ടില്‍: ഇനി ശേഷമൊരു മരണമില്ലാത്ത മരണം അങ്ങ് മരിച്ചിരിക്കുന്നു. എന്നും കാണാം." 

[സ്വഹീ ഹുല്‍ ബുഖാരി: 3/89]

അനസ് (റ) വിന്റെ ഹദീസില്‍ ഇപ്രകാരം കാണാം.

عَنْ أَنَسِ بْنِ مَالِكٍ رضي الله عنه قَالَ: دَخَلْنَا مَعَ رَسُولِ اللَّهِ -صلى الله عليه وسلم- عَلَى أَبِي سَيْفٍ  وَكَانَ ظِئْرًا لإِبْرَاهِيمَ عَلَيْهِ السَّلاَمُ، فَأَخَذَ رَسُولُ اللَّهِ -صلى الله عليه وسلم- إِبْرَاهِيمَ فَقَبَّلَهُ وَشَمَّهُ، ثُمَّ دَخَلْنَا عَلَيْهِ بَعْدَ ذَلِكَ، وَإِبْرَاهِيمُ يَجُودُ بِنَفْسِهِ، فَجَعَلَتْ عَيْنَا رَسُولِ اللَّهِ -صلى الله عليه وسلم- تَذْرِفَانِ. فَقَالَ لَهُ عَبْدُ الرَّحْمَنِ بْنُ عَوْفٍ رضي الله عنه : وَأَنْتَ يَا رَسُولَ اللَّهِ ؟!، فَقَالَ: يَا ابْنَ عَوْفٍ إِنَّهَا رَحْمَةٌ ،  ثُمَّ أَتْبَعَهَا بِأُخْرَى فَقَالَ -صلى الله عليه وسلم- : إِنَّ الْعَيْنَ تَدْمَعُ، وَالْقَلْبَ يَحْزَنُ، وَلاَ نَقُولُ إِلاَّ مَا يَرْضَي رَبُّنَا، وَإِنَّا بِفِرَاقِكَ يَا إِبْرَاهِيمُ لَمَحْزُونُونَ.

അനസ് (റ) വില്‍ നിന്നും നിവേദനം: അദ്ദേഹം പറയുന്നു: "ഞങ്ങള്‍ റസൂല്‍(ﷺ) യുടെ കൂടെ അബൂ സൈഫിന്‍റെ അരികില്‍ പ്രവേശിച്ചു. അദ്ദേഹം നബി(ﷺ) യുടെ മകന്‍ ഇബ്റാഹീം അലൈഹിസ്സലാമിന്‍റെ മുലകുടി ബന്ധത്തിലുള്ള പിതാവായിരുന്നു. റസൂല്‍(ﷺ) ഇബ്രാഹീമിനെ എടുത്ത് വാരിപ്പുണരുകയും ചുംബിക്കുകയും (ഇബ്രാഹീമിന്‍റെ സുഗന്ധം) ആസ്വദിക്കുകയും ചെയ്തു. അല്പം കഴിഞ്ഞ ശേഷം ഞങ്ങള്‍ അദ്ദേഹത്തിന്‍റെ അരികിലേക്ക് വീണ്ടും പ്രവേശിച്ചു: അപ്പോള്‍ ഇബ്റാഹീം മരണവെപ്രാളത്തിലായിരുന്നു. റസൂല്‍(ﷺ) യുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകാന്‍ തുടങ്ങി. അപ്പോള്‍ അബ്ദു റഹ്മാനുബ്നു ഔഫ്‌ (റ) അദ്ദേഹത്തോട് പറഞ്ഞു: " അല്ലാഹുവിന്‍റെ റസൂലേ അങ്ങ് (കരയുകയോ) ?. റസൂല്‍(ﷺ) പറഞ്ഞു: അല്ലയോ ഇബ്നു ഔഫ്‌, അത് കാരുണ്യത്തിന്‍റെ (കണ്ണുനീരാണ്). ശേഷം തുടര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: "കണ്ണുകള്‍ കണ്ണുനീര്‍ പൊഴിക്കുന്നു, ഹൃദയം ദുഃഖത്താല്‍ വിങ്ങിപ്പൊട്ടുന്നു. പക്ഷെ നാം നമ്മുടെ റബ്ബിന് തൃപ്തികരമാല്ലാത്ത ഒന്നും തന്നെ പറയുകയില്ല.  തീര്‍ച്ചയായും ഇബ്റാഹീം.. നിന്‍റെ വിയോഗത്തില്‍ ഞങ്ങള്‍ ദു:ഖിതരാണ്."

[സ്വഹീഹുല്‍ ബുഖാരി: 3/35, (متفق عليه)]

(ഈ ഹദീസിന്‍റെ മറ്റൊരു റിപ്പോര്‍ട്ടില്‍ അബ്ദുറഹ്മാന്‍ ബ്നു ഔഫ്‌ (റ) റസൂല്‍(ﷺ) യോട് ഇപ്രകാരം ചോദിച്ചതായിക്കാണാം: അലാഹുവിന്‍റെ റസൂലേ, അങ്ങ് കരയുകയോ, അപ്പോള്‍ അങ്ങ് കരയുന്നത് വിലക്കിയിട്ടില്ലേ ?!. ആ സന്ദര്‍ഭത്തില്‍ റസൂല്‍(ﷺ) അദ്ദേഹത്തിന് അനുവദനീയമായ കരച്ചിലും, നിഷിദ്ധമാക്കപ്പെട്ട കരച്ചിലും വിശദീകരിച്ച് കൊടുത്തു. അതില്‍ നിന്നും മനസ്സിലാക്കാം, അല്ലാഹുവിന്‍റെ വിധിയെക്കുറിച്ച് മോശമായി സംസാരിക്കാതെ, അനാവശ്യവാക്കുകള്‍ പറയാതെ, വാവിട്ട് കരയാതെ, മാന്യമായി കരയുകയും കണ്ണുനീര്‍ പോഴിക്കുകയും ചെയ്യുന്നത് അല്ലാഹു മനുഷ്യരില്‍ നിക്ഷേപിച്ച കാരുണ്യത്തിന്‍റെ ഭാഗമാണ്. അതില്‍ തെറ്റില്ല. അത് മനുഷ്യസഹചം മാത്രമാണ് - വിവര്‍ത്തകന്‍). 

അതുപോലെ ജഅഫര്‍ (റ) വിന്‍റെ ഹദീസില്‍ ഇപ്രകാരം കാണാം:

عن عبد الله بن جعفر رضي الله عنه: " أن النبي صلى الله عليه وسلم أمهل آل جعفر ثلاثا أن يأتيهم، ثم أتاهم فقال: لا تبكوا على أخي بعد اليوم.."

അബ്ദുല്ലാഹിബ്നു ജഅഫര്‍ (റ) നിവേദനം: " നബി(ﷺ) ജഅഫര്‍ കുടുംബത്തിന്. അവരെ വിലക്കിക്കൊണ്ട് അവരുടെ അരികിലേക്ക് വരാതെ, മൂന്ന്‍ ദിവസത്തെ സാവകാശം കൊടുത്തു. മൂന്ന്‍ ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം അവരുടെ അരികില്‍ വന്നുകൊണ്ട്‌ പറഞ്ഞു: "എന്‍റെ സഹോദരന്‍റെ മേല്‍ ഇന്ന്‍ മുതല്‍ നിങ്ങള്‍ കരയരുത് "

[അബൂദാവൂദ്: 2/124, നസാഇ: 2/292. അല്‍ബാനി: 'ഇത് ഇമാം മുസ്‌ലിം റഹിമഹുല്ലയുടെ നിബന്ധനകള്‍ പ്രകാരം സ്വഹീഹ് ആണ്'].

അല്ലാഹു അനുഗ്രഹിക്കട്ടെ....
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference:fiqhussunna.com

മരണം സംഭവിച്ചാല്‍ അവിടെ സന്നിഹിതരായവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ – [തല്‍ഖീസു അഹ്കാമില്‍ ജനാഇസ് – അല്‍ബാനി. അദ്ധ്യായം: 3]

അദ്ധ്യായം: 3
മരണം സംഭവിച്ചാല്‍ അവിടെ സന്നിഹിതരായവര്‍ ചെയ്യേണ്ട കാര്യങ്ങള്‍
[തല്‍ഖീസു അഹ്കാമില്‍ ജനാഇസ് - അല്‍ബാനി]

(ശൈഖ് അല്‍ബാനി റഹിമഹുല്ലയുടെ മരണാനന്തര കര്‍മ്മങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥത്തിന്‍റെ സംക്ഷിപ്ത രൂപമായ, അദ്ദേഹം തന്നെ രചിച്ച: تلخيص أحكام الجنائز എന്ന ഗ്രന്ഥത്തിന്‍റെ വിവര്‍ത്തനമാണിത്)

മരണം സംഭവിക്കുകയും റൂഹ് (ആത്മാവ്) വേര്‍പ്പെടുകയും ചെയ്‌താല്‍ അവിടെ സന്നിഹിതരായവര്‍ ചെതിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്: ഒന്നാമതായി: മയ്യിത്തിന്റെ കണ്ണുകള്‍ അടക്കണം. രണ്ടാമതായി: മയ്യിത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യണം. ഉമ്മു സലമ റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇത് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അവര്‍ പറയുന്നു:

"دخل رسول الله صلى الله عليه وسلم على أبي سلمة، وقد شق بصره، فأغمضه، ثم قال : إن الروح إذا قبض تبعه البصر، فضج ناس من أهله، فقال : لا تدعوا على أنفسكم إلا بخير، فإن الملائكة يؤمنون على ما تقولون."

“നബി (സ) അബൂ സലമയുടെ അരികിലേക്ക് പ്രവേശിച്ചു. അദ്ദേഹത്തിന്‍റെ കണ്ണുകള്‍ തുറന്ന് നില്‍ക്കുകയായിരുന്നു. അദ്ദേഹം അത് അടച്ചു. ശേഷം ഇപ്രകാരം പറഞ്ഞു: “തീര്‍ച്ചയായും റൂഹ് പിടിക്കപ്പെട്ടാല്‍ കാഴ്ച അതിനെ പിന്തുടരും”. അപ്പോള്‍ അബൂ സലമയുടെ ബന്ധുക്കളില്‍പ്പെട്ട ചിലര്‍ (ദു:ഖത്താല്‍) ശബ്ദം വെച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ നിങ്ങള്‍ക്കു മേല്‍ നല്ലതല്ലാതെ പ്രാര്‍ഥിക്കരുത്. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് മലക്കുകള്‍ ആമീന്‍ പറയുന്നുണ്ട്. ശേഷം അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ചു:

" اللهم اغفر لأبي سلمة، وارفع درجته في المهديين، واخلفه في عقبه في الغابرين، واغفر لنا وله يا رب العالمين، وافسح له في قبره، ونور له فيه."

“അല്ലാഹുവേ നീ അബൂ സലമക്ക് പൊറുത്ത് കൊടുക്കണേ. സന്മാര്‍ഗദര്‍ശികളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്‍റെ പദവി നീ ഉയര്‍ത്തേണമേ. അദ്ദേഹത്തിന് ശേഷം അദ്ദേഹം വിട്ടേച്ച് പോയവര്‍ക്കായി നീ തുണയാകണേ. സര്‍വലോക രക്ഷിതാവായ അല്ലാഹുവേ അദ്ദേഹത്തിനും ഞങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ. അദ്ദേഹത്തിന്‍റെ ഖബറിടം നീ വിശാലമാക്കുകയും, പ്രകാശപൂരിതമാക്കുകയും ചെയ്യേണമേ.” 

മൂന്നാമതായി: മയ്യിത്തിന്റെ ശരീരം പൂര്‍ണമായും ഒരു തുണികൊണ്ട് മൂടണം. ആഇശ (റ) ഉദ്ദരിക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം:

"أن رسول الله صلى الله عليه وسلم حين توفي، سجي ببردة حبرة"

“നബി (സ) വഫാത്തായപ്പോള്‍ ഹിബറ (യമനില്‍ നിന്നും നെയ്യുന്ന വരകളുള്ള ഒരു പ്രത്യേക തുണി)  എന്ന് പറയുന്ന ഒരു പുതപ്പ് കൊണ്ട് മറക്കപ്പെട്ടു.”

മുഹ്’രിമല്ലാതെ മരിച്ച ആളുടെ കാര്യത്തിലാണ് അപ്രകാരം മൂടേണ്ടത്.  ഇബ്നു അബ്ബാസ് (റ) വിന്‍റെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് പോലെ മുഹ്’രിമിന്‍റെ (അഥവാ ഹജ്ജിനോ ഉംറക്കോ വേണ്ടി ഇഹ്റാം കെട്ടിയിട്ടുള്ള ആളുടെ) മുഖമോ, തലയോ മറക്കാന്‍ പാടില്ല.

"عن ابن عباس قال : "بينما رجل واقف بعرفة، إذ وقع عن راحلته فوقصته، أو قال : فأقعصته، فقال النبي صلى الله عليه وسلم : اغسلوه بماء وسدر وكفنوه في ثوبين، وفي رواية : في ثوبيه اللذين أحرم فيهما، ولا تحنطوه، وفي رواية : لا تطيبوه، ولا تخمروا رأسه ولا وجهه، فإنه يبعث يوم القيامة ملبيا".

ഇബ്നു അബ്ബാസ്(റ) പറഞ്ഞു: “ഒരാള്‍ അറഫയില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍, അദ്ദേഹത്തിന്‍റെ വാഹനമൃഗത്തില്‍ നിന്നും താഴെ വീഴുകയും, അതദ്ദേഹത്തെ തത്സമയം കൊലപ്പെടുത്തുകയും ചെയ്തു. അപ്പോള്‍ നബി (സ) പറഞ്ഞു: “നിങ്ങളദ്ദേഹത്തെ വെള്ളവും എലന്തമരത്തിന്‍റെ ഇലകൊണ്ടുള്ള താളിയും ഉപയോഗിച്ച് കുളിപ്പിക്കുക. എന്നിട്ടദ്ദേഹത്തെ രണ്ട് പുടവകളില്‍ കഫന്‍ ചെയ്യുക. (മറ്റൊരു റിപ്പോര്‍ട്ടില്‍ അദ്ദേഹം ഇഹ്റാം ചെയ്തിരിക്കുന്ന രണ്ട് പുടവകളില്‍ എന്ന് വന്നിട്ടുണ്ട്).  അദ്ദേഹത്തെ സുഖന്ധം പൂഷരുത്. അദ്ദേഹത്തിന്‍റെ മുഖമോ ശിരസോ മറക്കുകയും ചെയ്യരുത്. അന്ത്യദിനത്തില്‍ തല്‍ബിയത്ത് ചൊല്ലുന്നവനായിക്കൊണ്ടാകും അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുക.”

നാലാമതായി:  മരണം ഉറപ്പായാല്‍ വളരെ പെട്ടെന്ന് തന്നെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുകയും മയ്യത്ത് മറവു ചെയ്യാനായി എടുക്കുകയും വേണം. അബൂ ഹുറൈറ (റ) നബി(സ) യില്‍ നിന്നും ഉദ്ദരിക്കുന്നു:

أسرعوا بالجنازة

“നിങ്ങള്‍ ജനാസ പെട്ടെന്നാക്കുക”

അഞ്ചാമതായി: മരിച്ച നാട്ടില്‍ തന്നെ മറവ് ചെയ്യുക. മയ്യിത്തിനെ മറ്റുള്ളിടത്തേക്ക് കൊണ്ടുപോകരുത്. കാരണം നേരത്തെ സൂചിപ്പിച്ച അബൂ ഹുറൈറ(റ) വിന്‍റെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട ജനാസയെ ധൃതിയില്‍ അടക്കം ചെയ്യുക എന്ന കല്പനക്ക് അതെതിരാണ്.  അതിനാലാണ് ആഇശ (റ) തന്‍റെ സഹോദരന്‍ അബിസീനിയന്‍ താഴ്വരയില്‍ വച്ച് മരണപ്പെടുകയും അദ്ദേഹത്തിന്‍റെ മയ്യിത്ത് അവിടെ നിന്ന് വഹിച്ചുകൊണ്ടുവരപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഇപ്രകാരം പറഞ്ഞത്:

ما أجد في نفسي أو يحزنني في نفسي إلا أني وددت أنه كان دفن في مكانه

“എനിക്ക് ഒരു മനപ്രയാസമോ, എന്നെ വല്ലതും ദുഃഖപ്പെടുത്തുകയോ ചെയ്യുന്നില്ല. പക്ഷെ അദ്ദേഹത്തെ വഫാത്തായ പ്രദേശത്ത് തന്നെ അവര്‍ മറവ് ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി.”

ഇമാം നവവി (റഹിമഹുല്ല) അദ്ദേഹത്തിന്‍റെ അല്‍അദ്കാര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: “മറ്റൊരു നാട്ടിലേക്ക് കൊണ്ടുപോകണം എന്നൊരാള്‍ വസ്വിയത്ത് ചെയ്‌താല്‍ ആ വസ്വിയത്ത് നിറവേറ്റപ്പെടുകയില്ല. പൂരിഭാഗം ആളുകളും സ്വീകരിച്ചിട്ടുള്ള പ്രബലമായ അഭിപ്രായപ്രകാരം മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഹറാമാണ്. അത് മുഹഖിഖീങ്ങള്‍ വ്യക്തമാക്കിയിട്ടുമുണ്ട്.”

(ആധുനിക കാലഘട്ടത്തില്‍ ജീവിച്ച് മരണപ്പെട്ട പ്രമുഖരായ സലഫീ പണ്ഡിതരില്‍ ഒരാളും മലയാളിയുമായ അബ്ദുസ്സമദ് കാത്തിബ് റഹിമഹുല്ല ഈ വിഷയത്തില്‍ കണിശ നിലപാടുള്ള ആളായിരുന്നു. മദീനത്ത് മറവ് ചെയ്യണം എന്ന് അതിയായ ആഗ്രഹമുള്ള ഒരാളായിരുന്നു അദ്ദേഹം. പക്ഷെ റിയാദില്‍ വച്ചാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തിന്‍റെ ആഗ്രഹം അറിയാമായിരുന്നിട്ടും ഈ വിഷയത്തിലെ കണിശമായ അദ്ദേഹത്തിന്‍റെ നിലപാട് മുന്‍നിര്‍ത്തി റിയാദില്‍ ആണ് അദ്ദേഹം മറവ് ചെയ്യപ്പെട്ടത്. അദ്ദേഹത്തിന്‍റെ ഖബറിടം അല്ലാഹു വിശാലമാക്കുമാറാകട്ടെ. ശൈഖ് ഫലാഹ് ഇസ്മാഈല്‍ മന്‍ദകാര്‍ ഹഫിദഹുല്ലയുടെ വീട്ടില്‍ സന്ദര്‍ശിച്ച സമയത്ത് ഇതദ്ദേഹം പങ്ക് വച്ചിരുന്നു. ശൈഖ് അബ്ദുസ്സമദ് മരിച്ച സമയത്ത് അദ്ദേഹത്തിന്‍റെ മൂത്ത മരുമകന്‍ ശൈഖ് ആസ്വിം അല്‍ഖറയൂത്തിയെ വിളിച്ച് നിങ്ങളെന്തേ അദ്ദേഹത്തെ റിയാദില്‍ മറവ് ചെയ്തത് ?. അദ്ദേഹം മദീനയില്‍ മറവ് ചെയ്യപ്പെടാനാണ് ആഗ്രഹിച്ചിരുന്നത് എന്ന് നിങ്ങള്‍ക്കറിയില്ലേ ?!. എന്ന് ശൈഖ് ഫലാഹ് ചോദിച്ചു. അപ്പോള്‍ ശൈഖ് ആസ്വിം പറഞ്ഞത്: നിങ്ങളുടെ ശൈഖിനെ നിങ്ങള്‍ക്കറിയില്ലേ !. അദ്ദേഹം മയ്യിത്ത് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മറവ് ചെയ്യാനായി കൊണ്ടുപോകുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു... ശൈഖ് അബ്ദുസ്സമദ് കാത്തിബിന്റെ ശിഷ്യനാണ് ശൈഖ് ഫലാഹ് ഹഫിദഹുല്ല. പലപ്പോള്‍ കണ്ടുമുട്ടിയപ്പോഴും അദ്ദേഹം ശൈഖ് അബ്ദുസ്സമദ് റഹിമഹുല്ലയുടെ ഓര്‍മ്മകള്‍ അയവിറക്കാറുണ്ടായിരുന്നു. അല്ലാഹു നമ്മെയെല്ലാം സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ)

ആറാമതായി:  അവിടെ സന്നിഹിതരായവരില്‍ ചിലരെങ്കിലും മയ്യിത്തിന്റെ പണത്തില്‍ നിന്നുതന്നെ മയ്യിത്തിന്‍റെ കടം വീട്ടാന്‍ മുന്‍കയ്യെടുക്കണം. മയ്യിത്തിന്‍റെ സമ്പത്ത് മുഴുവന്‍ അതിനുവേണ്ടി വിനിയോഗിക്കപ്പെട്ടാലും കടങ്ങള്‍ വീട്ടണം. ഇനി മയ്യിത്തിന് സമ്പത്തില്ലാത്തപക്ഷം അയാള്‍ കടം വീട്ടാന്‍ വേണ്ടി പരിശ്രമിച്ചിരുന്ന വ്യക്തിയായിരുന്നുവെങ്കില്‍ ആ കടം രാജ്യം ഏറ്റെടുക്കണം. രാജ്യം അപ്രകാരം ചെയ്തില്ലെങ്കില്‍, അത് മറ്റാരെങ്കിലും ഏറ്റെടുത്താലും മതി. അതുമായി ബന്ധപ്പെട്ട ഹദീസുകള്‍ ഈ ഗ്രന്ഥത്തിന്‍റെ പൂര്‍ണരൂപത്തില്‍ കാണാം. (ഇത് സംക്ഷിപ്തമായ രൂപമാണ്).

അല്ലാഹു അനുഗ്രഹിക്കട്ടെ....
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference:fiqhussunna.com

‘തല്‍ഖീനുല്‍ മുഹ്തളര്‍’ അഥവാ മരണാസന്നനായ ആള്‍ക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞു കൊടുക്കല്‍ ​

അദ്ധ്യായം: 2
മരണാസന്നനായ ആള്‍ക്ക് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞു കൊടുക്കല്‍
[‘തല്‍ഖീനുല്‍ മുഹ്തളര്‍’ ]

(ശൈഖ് അല്‍ബാനി റഹിമഹുല്ലയുടെ മരണാനന്തര കര്‍മ്മങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥത്തിന്‍റെ സംക്ഷിപ്ത രൂപമായ, അദ്ദേഹം തന്നെ രചിച്ച: تلخيص أحكام الجنائز എന്ന ഗ്രന്ഥത്തിന്‍റെ വിവര്‍ത്തനമാണിത്).

1. ഒരാള്‍ മരണാസന്നനായാല്‍ അയാളുടെ അരികിലുള്ള ആള്‍ക്ക് ചില കടമകളുണ്ട്:
ഒന്നാമാതായി: അയാള്‍ക്ക് ശഹാദത്ത് തല്‍ഖീന്‍ ചെയ്തുകൊടുക്കണം. അഥവാ അത് ഉരുവിടാന്‍ പറഞ്ഞുകൊടുക്കണം. നബി(ﷺ) പറഞ്ഞു:

لقنوا موتاكم لا إله إلا الله [ من كان آخر كلامه لا إله إلا الله عند الموت دخل الجنة يوما من الدهر وإن أصابه قبل ذلك ما أصابه

നിങ്ങളില്‍ നിന്നും മരണാസന്നരായവര്‍ക്ക് നിങ്ങള്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞുകൊടുക്കുക. ഒരാളുടെ അവസാന വാചകം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ അഥവാ ‘അല്ലാഹുവല്ലാതെ ആരാധ്യനക്കര്‍ഹാനായി മറ്റാരുമില്ല’ എന്നാണെങ്കില്‍ എന്നെങ്കിലും ഒരിക്കല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അതിനുമുന്‍പ്‌ അവന് മറ്റെന്ത് തന്നെ സംഭവിച്ചാലും ശരി.”

[صححه الألباني في تلخيص أحكام الجنائز]

രണ്ടാമതായി: അയാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം. അതോടൊപ്പം അയാളുടെ സന്നിധിയില്‍ വച്ച് നല്ലതല്ലാത്തതൊന്നും തന്നെ പറയരുത്. നബി(ﷺ) പറഞ്ഞു: 

إذا حضرتم المريض أو الميت فإن الملائكة يؤمنون على ما تقولون

“നിങ്ങള്‍ രോഗിയുടെയോ മയ്യിത്തിന്‍റെയോ അരികില്‍ ചെന്നാല്‍ നല്ലത് മാത്രം പറയുക. കാരണം നിങ്ങള്‍ പറയുന്നതിന് മലക്കുകള്‍ ആമീന്‍ പറയുന്നുണ്ട്”

[صحيح الترغيب والترهيب : 3489]

2.   മരണാസാന്നനായ രോഗിയുടെ സാന്നിദ്ധ്യത്തില്‍ വച്ച് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ചൊല്ലുകയും മയ്യിത്തിനെ കേള്‍പ്പിക്കുകയും ചെയ്യുക എന്നതല്ല ‘തല്‍ഖീന്‍’ കൊണ്ട് ഉദ്ദേശിക്കുന്നത്. ചിലരെല്ലാം കരുതുന്നതില്‍ വ്യത്യസ്ഥമായി ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയാന്‍ മരണാസന്നനായ വ്യക്തിയോട് കല്‍പ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. അനസ് (റ) ഉദ്ദരിക്കുന്ന ഹദീസ് ആണ് അതിനുള്ള തെളിവ്:

أن رسول الله صلى الله عليه وسلم عاد رجلا من الأنصار فقال : ( يا خال قل : لا إله إلا الله ) . فقال : أخال أم عم ؟ فقال : بل خال فقال : فخير لي أن أقول : لا إله إلا الله ؟ فقال النبي صلى الله عليه وسلم : نعم.

“നബി(ﷺ) അന്‍സാരികളില്‍ പെട്ട (രോഗശയ്യയിലുള്ള)  ഒരാളെ സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു: അല്ലയോ അമ്മാവാ അങ്ങ് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറയുക. അപ്പോള്‍ അയാള്‍ ചോദിച്ചു: അമ്മാവനോ അതോ പിതൃവ്യനോ ?. നബി(ﷺ) പറഞ്ഞു: അതെ അമ്മാവന്‍ തന്നെ. അപ്പോള്‍ അയാള്‍ ചോദിച്ചു: ഞാന്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന്  പറയുന്നത് എന്‍റെ നന്മക്കാണോ ?. നബി(ﷺ) പറഞ്ഞു: അതെ”

[صححه الألباني في تلخيص أحكام الجنائز]

(മരണാസന്നനായ വ്യക്തി സ്വയം ‘ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് ചൊല്ലുകയാണല്ലോ വേണ്ടത്. അപ്പൊഴാണല്ലോ അയാളുടെ അവസാന വചനം അതാകുകയുള്ളൂ. അതുകൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറയൂ എന്ന് അവരെ ഓര്‍മ്മപ്പെടുത്തുകയാണ് ചെയ്യേണ്ടത്. അതിനാലാണ് ‘തല്‍ഖീന്‍’ ചെയ്യുക എന്ന പദത്തിന് ‘ശഹാദ പറഞ്ഞുകൊടുക്കുക’ എന്ന അര്‍ത്ഥം ഞാന്‍ നല്‍കിയത്. സാധാരണ പലരും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നിങ്ങനെ ആവര്‍ത്തിച്ച് ചൊല്ലുക മാത്രം ചെയ്യാറാണ് പതിവ്. എന്നാല്‍ നബി(ﷺ) യുടെ ചര്യ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് പറഞ്ഞുകൊടുത്തുകൊണ്ട് അത് പറയാന്‍ ആവശ്യപ്പെടലാണ്. അതാണ്‌ ശൈഖ് അല്‍ബാനി റഹിമഹുല്ല സൂചിപ്പിച്ചത്)

3. എന്നാല്‍ മരണാസന്നനായ ആളുടെ അരികില്‍ വച്ച് സൂറത്തു യാസീന്‍ പാരായണം ചെയ്യുന്നതും, അയാളെ ഖിബ്’ലക്ക് നേരെ തിരിച്ച് കിടത്തുന്നതുമായി ബന്ധപ്പെട്ട് സ്വഹീഹായ ഹദീസുകളൊന്നും തന്നെ വന്നിട്ടില്ല. മറിച്ച് സഈദ് ബ്നില്‍ മുസയ്യിബ് (റഹിമഹുല്ല) അദ്ദേഹത്തെ തിരിച്ച് കിടത്തിയതിനെ വെറുക്കുകയാണ് ചെയ്തത്. “മരണാസന്നനായ വ്യക്തിയെന്തെ ഒരു മുസ്‌ലിമല്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.”

സുര്‍അത്ത് ബ്നു അബ്ദുറഹ്മാനില്‍ നിന്നും നിവേദനം: സഈദ് ബ്നില്‍ മുസയ്യിബ് (റഹിമഹുല്ല) രോഗശയ്യയിലായ വേളയില്‍ അദ്ദേഹം സഈദ് ബ്നില്‍ മുസയ്യിബിന്‍റെ സന്നിധിയിലായിരുന്നു. അവിടെ അബൂസലമത്ത് ബ്നു അബ്ദു റഹ്മാനും ഉണ്ടായിരുന്നു. സഈദ് ബ്നില്‍ മുസയ്യിബ് (റഹിമഹുല്ല) യുടെ ബോധം നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്‍റെ കട്ടില്‍ കഅബക്ക് നേരെ തിരിച്ചിടാന്‍ അബൂ സലമത്ത് ബ്നു അബ്ദുറഹ്മാന്‍ കല്പിച്ചു. ആ സമയത്ത് അദ്ദേഹത്തിന് ബോധം വന്നു. അദ്ദേഹം ചോദിച്ചു: നിങ്ങളെന്‍റെ കട്ടില്‍ തിരിച്ചിട്ടുവോ ?. അപ്പോള്‍ അവര്‍ പറഞ്ഞു: അതെ. അപ്പോള്‍ അദ്ദേഹം അബൂ സലമയിലേക്ക് നോക്കി. എന്നിട്ട് പറഞ്ഞു: അത് നിന്‍റെ നിര്‍ദേശപ്രകാരമാണ് എന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം പറഞ്ഞു: അതെ, ഞാനാണ് അവരോടത് കല്പിച്ചത്. അപ്പോള്‍ തന്‍റെ കട്ടില്‍ നേരത്തെ ഉണ്ടായിരുന്നിടത്തേക്ക് തന്നെ തിരിച്ചിടാന്‍ സഈദ് ബ്നില്‍ മുസയ്യിബ് (റഹിമഹുല്ല) കല്പിച്ചു.

4. അവിശ്വാസിയായ ഒരാള്‍ മരണാസന്നനാകുമ്പോള്‍ അയാളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനായി ഒരു വിശ്വാസി അയാള്‍ക്കരികില്‍ പോകുന്നതില്‍ തെറ്റില്ല. അയാള്‍ ഇസ്‌ലാം സ്വീകരിച്ചെങ്കില്‍ എന്ന ആഗ്രഹാത്താലാണത്. അനസ് (റ) ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ കാണാം. അദ്ദേഹം പറഞ്ഞു:

كان غلام يهودي يخدم النبي صلى الله عليه وسلم، فمرض، فأتاه النبي صلى الله عليه وسلم يعوده فقعد عند رأسه، فقال له: أسلم، فنظر إلى أبيه وهو عنده ، فقال له: أطع أبا القاسم، فأسلم، فخرج النبي صلى الله عليه وسلم وهو يقول : الحمد لله الذي أنقذه من النار، فلما مات قال : صلوا على صاحبكم.

നബി(ﷺ) യുടെ സഹായിയാരുന്ന ഒരു ജൂത കുട്ടിയുണ്ടായിരുന്നു. അവന് രോഗം ബാധിച്ചു. അങ്ങനെ സന്ദര്‍ശനാര്‍ത്ഥം നബി(ﷺ) അവന്‍റെ പക്കല്‍ ചെന്നു. അദ്ദേഹം അവന്‍റെ തലയ്ക്കരികില്‍ ഇരുന്നു. എന്നിട്ടവനോട് പറഞ്ഞു: നീ മുസ്‌ലിമാവുക. അപ്പോള്‍ അവന്‍, തന്‍റെ അരികില്‍ നില്‍ക്കുന്ന തന്‍റെ പിതാവിലേക്ക് നോക്കി. അപ്പോള്‍ ആ പിതാവ് അവനോട് പറഞ്ഞു: അബല്‍ ഖാസിം പറയുന്നത് നീ അനുസരിച്ചുകൊള്ളുക. അങ്ങനെ അവന്‍ ഇസ്‌ലാം സ്വീകരിച്ചു. അവിടെ നിന്ന് ‘അവനെ നരകത്തില്‍ നിന്നും കാത്തുരക്ഷിച്ച അല്ലാഹുവിന് സര്‍വ്വ സ്തുതിയും’ എന്നു പറഞ്ഞുകൊണ്ട് നബി(ﷺ) ഇറങ്ങി. അവന്‍ മരണപ്പെട്ടപ്പോള്‍: ‘നിങ്ങളുടെ സഹോദരന് വേണ്ടി നിങ്ങള്‍ നമസ്കരിക്കുക’ എന്നദ്ദേഹം കല്പിക്കുകയും ചെയ്തു.”

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Ref: fiqhussunna

രോഗി പാലിക്കേണ്ട കാര്യങ്ങള്‍ – [തല്‍ഖീസു അഹ്കാമില്‍ ജനാഇസ് – അല്‍ബാനി. അദ്ധ്യായം: 1].

അദ്ധ്യായം: 1 - രോഗി പാലിക്കേണ്ട കാര്യങ്ങള്‍
[തല്‍ഖീസു അഹ്കാമില്‍ ജനാഇസ് - അല്‍ബാനി]

(ശൈഖ് അല്‍ബാനി റഹിമഹുല്ലയുടെ മരണാനന്തര കര്‍മ്മങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥത്തിന്‍റെ സംക്ഷിപ്ത രൂപമായ, അദ്ദേഹം തന്നെ രചിച്ച: تلخيص أحكام الجنائز എന്ന ഗ്രന്ഥത്തിന്‍റെ വിവര്‍ത്തനമാണിത്).

ഒന്ന്:   അല്ലാഹുവിന്‍റെ വിധിയിലും തീരുമാനത്തിലും തൃപ്തിപ്പെടുകയും, അവന്‍റെ വിധിയില്‍ ക്ഷമിക്കുകയും, തന്‍റെ റബ്ബിനെക്കുറിച്ച് നല്ലത് മാത്രം ചിന്തിക്കുകയും, എല്ലാം തന്‍റെ നന്മക്കാണ് എന്ന് കരുതുകയും ചെയ്യല്‍ രോഗിയെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാണ്‌. കാരണം റസൂല്‍ (സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു:

عجبا لأمر المؤمن إن أمره له كله خير، وليس ذلك لأحد إلا للمؤمن، إن أصابته سراء شكر فكان خيرا له، وإن أصابته ضراء صبر فكان خيرا له

“ഒരു സത്യവിശ്വാസിയുടെ കാര്യം എത്ര അത്ഭുതകരമാണ്. അവന് ഭവിക്കുന്നതെല്ലാം അവന്‍റെ നന്മാക്കാണ്. ആ (സൗഭാഗ്യം) ഒരു വിശ്വാസിക്കല്ലാതെ മറ്റൊരാള്‍ക്കുമില്ല. (കാരണം) അവന് വല്ല നന്മയുമുണ്ടായാല്‍ അവന്‍ അല്ലാഹുവിന് നന്ദി കാണിക്കുന്നു. അപ്പോള്‍ അതവന് നന്മയായി മാറുന്നു. അവന് വല്ല ദോഷവുമുണ്ടായാല്‍ അവന്‍ ക്ഷമിക്കുന്നു. അപ്പോള്‍ അതും അവന് നന്മയായി മാറുന്നു.”

[صحيح الترغيب والترهيب : 3398]

അതുപോലെ അദ്ദേഹം പറഞ്ഞു:

لا يموتن أحدكم إلا وهو يحسن الظن بالله عز وجل

“പരമോന്നതനായ അല്ലാഹുവിനെപ്പറ്റി നല്ലത് മാത്രം കരുതുന്നവരായിക്കൊണ്ടല്ലാതെ നിങ്ങളിലൊരാളും മരണപ്പെടരുത്.”

[صحيح الترغيب والترهيب : 3385].

രണ്ട് :  അതുപോലെ ഒരു രോഗി എപ്പോഴും ഭയത്തിനും പ്രതീക്ഷക്കും ഇടയിലായിരിക്കണം. അതായത് അല്ലാഹുവിന്‍റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും അവന്‍റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും. ഇമാം തിര്‍മിദിയും മറ്റു മുഹദ്ദിസീങ്ങളുമൊക്കെ റിപ്പോര്‍ട്ട് ചെയ്ത അനസ്(റ) ഉദ്ദരിക്കുന്ന പ്രസിദ്ധമായ ഒരു ഹദീസില്‍ ഇപ്രകാരം കാണാം:

عن أنس أيضا رضي الله عنه: أن النبي صلى الله عليه وسلم دخل على شاب وهو في الموت، فقال: كيف تجدك؟، قال: أرجو الله يا رسول الله، وإني أخاف ذنوبي، فقال رسول الله صلى الله عليه وسلم: لا يجتمعان في قلب عبد في مثل هذا الموطن إلا أعطاه الله ما يرجو وأمنه مما يخاف.

“മരണാസന്നനായ ഒരു യുവാവിന്‍റെ അടുക്കലേക്ക് റസൂല്‍ (സ) പ്രവേശിച്ചു. അദ്ദേഹം ചോദിച്ചു: എന്താണ് നിനക്കനുഭവപ്പെടുന്നത് ?. അവന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ ; അല്ലാഹുവാണ് സത്യം ഞാന്‍ അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. എന്‍റെ പാപങ്ങളെയോര്‍ത്ത് ഭയപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു: (ഭയവും പ്രതീക്ഷയും) അവ രണ്ടും ഒരടിമയുടെ ഹൃദയത്തില്‍ ഇത്തരം ഒരു സന്ദര്‍ഭത്തില്‍ സംഘമിക്കുകയാണെങ്കില്‍, അവന്‍ എന്താണോ പ്രതീക്ഷിക്കുന്നത് അതല്ലാഹു അവന് നല്‍കാതിരിക്കില്ല. എന്തില്‍ നിന്നാണോ അവന്‍ ഭയപ്പെടുന്നത് അതില്‍ നിന്നവന് നിര്‍ഭയത്വം നല്‍കാതിരിക്കുകയുമില്ല.”

[صحيح الترغيب والترهيب : 3383]

മൂന്ന്രോഗം എത്ര മൂര്‍ച്ചിച്ചാലും അവന്‍ മരണത്തെ ആഗ്രഹിക്കരുത്. നബി (സ) പറഞ്ഞു:

فإن كان ولا بد فاعلا، فليقل: اللهم أحيني ما كانت الحياة خيرا لي، وتوفني إذا كانت الوفاة خيرا لي

“അവനത് അനിവാര്യമായി വന്നാല്‍ അവനിപ്രകാരം പറഞ്ഞുകൊള്ളട്ടെ : “അല്ലാഹുവേ ജീവിച്ചിരിക്കുന്നതിലാണ് എനിക്ക് നന്മയുള്ളത് എങ്കില്‍ നീയെന്നെ ജീവിപ്പിക്കേണമേ. മരണപ്പെടുന്നതിലാണ് എനിക്ക് നന്മയുള്ളതെങ്കില്‍ നീയെന്നെ മരിപ്പിക്കേണമേ.”

[صحيح الترغيب والترهيب : 3370]

നാല്: മറ്റുള്ളവരോട് ബാധ്യതയോ കടപ്പാടോ ഉണ്ടെങ്കില്‍, സാധിക്കുന്നപക്ഷം അതവന്‍ അതിന്‍റെ അവകാശികള്‍ക്ക് നല്‍കണം. സാധിക്കാത്ത പക്ഷം അത് നിറവേറ്റാന്‍ വസ്വിയ്യത്ത് ചെയ്യണം. കാരണം റസൂല്‍ (സ) അപ്രകാരം കല്പിച്ചിട്ടുണ്ട്.

അഞ്ച്: അത്തരം വസ്വിയ്യത്തുകള്‍ പെട്ടെന്ന് തന്നെ എഴുതിവെക്കണം. (അതില്‍ അലംഭാവം കാണിക്കരുത്). റസൂല്‍ (സ) പറഞ്ഞു:

ما حق امرئ مسلم يبيت ليلتين وله شيء يوصي فيه إلا ووصيته مكتوبة عنده

“ഒരു മുസ്‌ലിമിന് ഒരു കാര്യത്തില്‍ വസ്വിയ്യത്ത് ചെയ്യാനുണ്ടായിരിക്കെ, അതവന്‍റെ തലയ്ക്കരികില്‍ എഴുതിവച്ചിട്ടല്ലാതെ രണ്ട് രാത്രികള്‍ അവന്‍ അന്തിയുറങ്ങരുത്.” ഇബ്നു ഉമര്‍ (റ) പറഞ്ഞു: “റസൂല്‍ (സ) അത് പറയുന്നത് കേട്ട ശേഷം എന്‍റെ വസ്വിയ്യത്ത് കൈവശമില്ലാത്ത ഒരൊറ്റ രാത്രിപോലും ഞാന്‍ കഴിച്ചുകൂട്ടിയിട്ടില്ല.”

– [صححه الألباني في صحيح وضعيف سنن الترمذي :974، سنن ابن ماجة :2699 ].

ആറ്:  തന്നില്‍ നിന്നും അനന്തര സ്വത്ത് ലഭിക്കാനിടയില്ലാത്ത (അനന്തരാവകാശികളല്ലാത്ത) ബന്ധുക്കള്‍ക്ക് വേണ്ടി വസ്വിയത്ത് ചെയ്യണം. കാരണം അല്ലാഹു പറയുന്നു:

كُتِبَ عَلَيْكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ إِن تَرَكَ خَيْرًا الْوَصِيَّةُ لِلْوَالِدَيْنِ وَالأَقْرَبِينَ بِالْمَعْرُوفِ حَقًّا عَلَى الْمُتَّقِينَ

“നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത്‌ ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക്‌ ഒരു കടമയത്രെ അത്‌.”- 

[അല്‍ബഖറ:180]

ഏഴ്:   തന്‍റെ സ്വത്തിന്‍റെ മൂന്നിലൊന്ന് വരെ ഒരാള്‍ക്ക് വസ്വിയ്യത്ത് ചെയ്യാം. മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയ്യത്ത് ചെയ്യാന്‍ പാടില്ല. ഇനി മൂന്നിലൊന്നിലും താഴെയാണ് ഒരാള്‍ വസ്വിയത്ത് ചെയ്യുന്നത് എങ്കില്‍ അതാണ്‌ ഉത്തമം. സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹ് മുസ്‌ലിമിലും ഉദ്ദരിക്കപ്പെട്ട സഅദ് ബിന്‍ അബീ വഖാസ് (റ) വിന്‍റെ ഹദീസില്‍ ഇപ്രകാരം കാണാം:

كنت مع رسول الله صلى الله عليه وسلم في حجة الوداع فمرضت مرضا أشفيت منه على الموت فعادني رسول الله صلى الله عليه وسلم فقلت : يا رسول الله إن لي مالا كثيرا وليس يرثني إلا ابنة لي أفأوصي بثلي مالي ؟ قال : لا . قلت : بشطر مالي ؟ قال : لا . قلت : فثلث مالي ؟ قال : الثلث والثلث كثير، إنك يا سعد؛ أن تدع ورثتك أغنياء خير لك من أن تدعهم عالة يتكففون الناس، [ وقال بيده ] إنك يا سعد لن تنفق نفقة تبتغي بها وجه الله تعالى إلا أجرت عليها، حتى اللقمة تجعلها في في امرأتك

“ഹജ്ജത്തുല്‍ വദാഇന്‍റെ വേളയില്‍ ഞാന്‍ റസൂല്‍ (സ) ക്കൊപ്പം  ഉണ്ടായിരുന്നു. ആ സന്ദര്‍ഭത്തില്‍ മരണത്തെ മുന്നില്‍ കാണുന്നപോലുള്ള ഒരു രോഗം എന്നെ ബാധിച്ചു. അങ്ങനെ റസൂല്‍ (സ) എന്നെ സന്ദര്‍ശിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ എനിക്കൊരുപാട് സമ്പത്തുണ്ട്. എനിക്കാണെങ്കില്‍ അനന്തരാവകാശിയായി ഒരു പെണ്‍കുട്ടി മാത്രമേയുള്ളൂ. ഞാനെന്‍റെ സമ്പത്തിന്റെ മൂന്നില്‍ രണ്ട് വസ്വിയത്ത് ചെയ്യട്ടെ ?. അദ്ദേഹം പറഞ്ഞു: പാടില്ല. ഞാന്‍ ചോദിച്ചു: എങ്കില്‍ സമ്പത്തിന്റെ പകുതി ?. അദ്ദേഹം പറഞ്ഞു: പാടില്ല. ഞാന്‍ ചോദിച്ചു: എങ്കില്‍ മൂന്നിലൊന്ന് ?. അദ്ദേഹം പറഞ്ഞു: മൂന്നിലൊന്ന്. മൂന്നിലൊന്ന് തന്നെ ധാരാളമാണ്. സഅദേ, തീര്‍ച്ചയായും നിന്‍റെ അനന്തരാവകാശികളെ ധന്യരായി വിട്ടേച്ച് പോകുന്നതാണ് അവരെ ആളുകള്‍ക്ക് മുന്‍പില്‍ കൈ നീട്ടുന്ന ആശ്രിതരായി വിട്ടേച്ച് പോകുന്നതിനേക്കാള്‍ നിനക്ക് നല്ലത്. അദ്ദേഹം തന്‍റെ തിരുകരങ്ങള്‍ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു: സഅദേ, അല്ലാഹുവിന്‍റെ മുഖം കാംക്ഷിച്ചുകൊണ്ട്‌ നീ ചെയ്യുന്ന ഏതൊരു ദാനധര്‍മ്മത്തിനും നിനക്ക് പ്രതിഫലം ലഭിക്കാതിരിക്കില്ല. അത് നിന്‍റെ ഭാര്യയുടെ വായില്‍ നീ വെച്ചുകൊടുക്കുന്ന ഒരു ഉരുളയാണെങ്കില്‍ പോലും.”  [അദ്ദേഹം പറഞ്ഞു: “അങ്ങനെ മൂന്നിലൊന്ന് വരെ നല്‍കല്‍ അനുവദിക്കപ്പെട്ടു.”].

[متفق عليه]

“സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന്‌ നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന്‌ പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട്‌ കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട്‌ കാണിക്കുകയില്ല. അവരോട്‌ കല്‍പിക്കപ്പെടുന്നത്‌ എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.”

يَا أَيُّهَا الَّذِينَ آمَنُوا شَهَادَةُ بَيْنِكُمْ إِذَا حَضَرَ أَحَدَكُمُ الْمَوْتُ حِينَ الْوَصِيَّةِ اثْنَانِ ذَوَا عَدْلٍ مِّنكُمْ أَوْ آخَرَانِ مِنْ غَيْرِكُمْ إِنْ أَنتُمْ ضَرَبْتُمْ فِي الْأَرْضِ فَأَصَابَتْكُم مُّصِيبَةُ الْمَوْتِ ۚ تَحْبِسُونَهُمَا مِن بَعْدِ الصَّلَاةِ فَيُقْسِمَانِ بِاللَّهِ إِنِ ارْتَبْتُمْ لَا نَشْتَرِي بِهِ ثَمَنًا وَلَوْ كَانَ ذَا قُرْبَىٰ ۙ وَلَا نَكْتُمُ شَهَادَةَ اللَّهِ إِنَّا إِذًا لَّمِنَ الْآثِمِينَ

“സത്യവിശ്വാസികളേ, നിങ്ങളിലൊരാള്‍ക്ക്‌ മരണമാസന്നമായാല്‍ വസ്വിയ്യത്തിന്‍റെ സമയത്ത്‌ നിങ്ങളില്‍ നിന്നുള്ള നീതിമാന്‍മാരായ രണ്ടുപേര്‍ നിങ്ങള്‍ക്കിടയില്‍ സാക്ഷ്യം വഹിക്കേണ്ടതാണ്‌. ഇനി നിങ്ങള്‍ ഭൂമിയിലൂടെ യാത്രചെയ്യുന്ന സമയത്താണ്‌ മരണവിപത്ത്‌ നിങ്ങള്‍ക്ക്‌ വന്നെത്തുന്നതെങ്കില്‍ (വസ്വിയ്യത്തിന്‌ സാക്ഷികളായി) നിങ്ങളല്ലാത്തവരില്‍ പെട്ട രണ്ടുപേരായാലും മതി. നിങ്ങള്‍ക്ക്‌ സംശയം തോന്നുകയാണെങ്കില്‍ അവരെ രണ്ടുപേരെയും നമസ്കാരം കഴിഞ്ഞതിന്‌ ശേഷം നിങ്ങള്‍ തടഞ്ഞ്‌ നിര്‍ത്തണം. എന്നിട്ടവര്‍ അല്ലാഹുവിന്‍റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത്‌ പറയണം: ഇതിന്‌ (ഈ സത്യം മറച്ചു വെക്കുന്നതിന്‌) പകരം യാതൊരു വിലയും ഞങ്ങള്‍ വാങ്ങുകയില്ല. അത്‌ അടുത്ത ഒരു ബന്ധുവെ ബാധിക്കുന്ന കാര്യമായാല്‍ പോലും. അല്ലാഹുവിനുവേണ്ടി ഏറ്റെടുത്ത സാക്ഷ്യം ഞങ്ങള്‍ മറച്ച്‌ വെക്കുകയില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ കുറ്റക്കാരില്‍ പെട്ടവരായിരിക്കും.”

[മാഇദ:106]

فَإِنْ عُثِرَ عَلَىٰ أَنَّهُمَا اسْتَحَقَّا إِثْمًا فَآخَرَانِ يَقُومَانِ مَقَامَهُمَا مِنَ الَّذِينَ اسْتَحَقَّ عَلَيْهِمُ الْأَوْلَيَانِ فَيُقْسِمَانِ بِاللَّهِ لَشَهَادَتُنَا أَحَقُّ مِن شَهَادَتِهِمَا وَمَا اعْتَدَيْنَا إِنَّا إِذًا لَّمِنَ الظَّالِمِينَ

“ഇനി അവര്‍ ( രണ്ടു സാക്ഷികള്‍ ) കുറ്റത്തിന്‌ അവകാശികളായിട്ടുണ്ട്‌ എന്ന്‌ തെളിയുന്ന പക്ഷം കുറ്റം ചെയ്തിട്ടുള്ളത്‌ ആര്‍ക്കെതിരിലാണോ അവരില്‍ പെട്ട ( പരേതനോട്‌ ) കൂടുതല്‍ ബന്ധമുള്ള മറ്റ്‌ രണ്ടുപേര്‍ അവരുടെ സ്ഥാനത്ത്‌ ( സാക്ഷികളായി ) നില്‍ക്കണം. എന്നിട്ട്‌ അവര്‍ രണ്ടുപേരും അല്ലാഹുവിന്‍റെ പേരില്‍ ഇപ്രകാരം സത്യം ചെയ്ത്‌ പറയണം: തീര്‍ച്ചയായും ഞങ്ങളുടെ സാക്ഷ്യമാകുന്നു ഇവരുടെ സാക്ഷ്യത്തേക്കാള്‍ സത്യസന്ധമായിട്ടുള്ളത്‌. ഞങ്ങള്‍ ഒരു അന്യായവും ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികളില്‍ പെട്ടവരായിരിക്കും.”

[മാഇദ:107]

ذَٰلِكَ أَدْنَىٰ أَن يَأْتُوا بِالشَّهَادَةِ عَلَىٰ وَجْهِهَا أَوْ يَخَافُوا أَن تُرَدَّ أَيْمَانٌ بَعْدَ أَيْمَانِهِمْ ۗ وَاتَّقُوا اللَّهَ وَاسْمَعُوا ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ

“അവര്‍ (സാക്ഷികള്‍) മുറപോലെ സാക്ഷ്യം വഹിക്കുന്നതിന്‌ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌. തങ്ങള്‍ സത്യം ചെയ്തതിന്‌ ശേഷം (അനന്തരാവകാശികള്‍ക്ക്‌) സത്യം ചെയ്യാന്‍ അവസരം നല്‍കപ്പെടുമെന്ന്‌ അവര്‍ക്ക്‌ (സാക്ഷികള്‍ക്ക്‌) പേടിയുണ്ടാകുവാനും (അതാണ്‌ കൂടുതല്‍ ഉപകരിക്കുക.) നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും (അവന്‍റെ കല്‍പനകള്‍) ശ്രദ്ധിക്കുകയും ചെയ്യുക. ധിക്കാരികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.”

[മാഇദ:108]

ഒന്‍പത്: മാതാപിതാക്കള്‍ക്കോ അനന്തരാവകാശികളായ ബന്ധുക്കള്‍ക്കോ വേണ്ടി (സ്വത്ത്) വസ്വിയത്ത് ചെയ്യാന്‍ പാടില്ല. കാരണം അത് അനന്തരാവകാശത്തിന്‍റെ ആയത്തുകൊണ്ട് نسخ ചെയ്യപ്പെട്ടിട്ടുണ്ട്. അഥവാ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹജ്ജത്തുല്‍ വദാഇന്‍റെ ഖുത്ബയില്‍ ഒരു സംശയത്തിനിടവരുത്താത്തവിധം അത് വ്യക്തമാക്കിക്കൊണ്ട് റസൂല്‍ (സ) പറഞ്ഞു:

إن الله قد أعطى لكل ذي حق حقه فلا وصية لوارث

“അല്ലാഹു ഓരോരുത്തര്‍ക്കും അവര്‍ക്കുള്ള അവകാശങ്ങള്‍ നിര്‍ണ്ണയിച്ചുനല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അനന്തരാവകാശിക്ക് (വേണ്ടി സ്വത്ത്) വസ്വിയത്ത് ചെയ്യാന്‍ പാടില്ല.”

[صححه الألباني، سنن الترمذي : 2120].​

പത്ത്: ഉപദ്രവകരമായ രൂപത്തില്‍ വസ്വിയത്ത് ചെയ്യല്‍ ഹറാമാണ്. അതായത് ചില അനന്തരാവകാശികള്‍ക്ക് അനന്തര സ്വത്തില്‍ നിന്നും നല്‍കരുത്. അതല്ലെങ്കില്‍ അവരില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതല്‍ നല്‍കണം എന്നെല്ലാമുള്ള വസ്വിയത്തുകള്‍ നിഷിദ്ധമാണ്. (മറിച്ച് അല്ലാഹു നിര്‍ണ്ണയിച്ച തോതനുസരിച്ച് മാത്രമാണ് നല്‍കേണ്ടത്). കാരണം അല്ലാഹു തബാറക വ തആല പറയുന്നു:

لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالأَقْرَبُونَ وَلِلنِّسَاء نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ نَصِيبًا مَّفْرُوضًا

“മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചു പോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക്‌ ഓഹരിയുണ്ട്‌. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്‌. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത്‌ നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു”

[നിസാഅ്:7]

ശേഷം അല്ലാഹു പറഞ്ഞു:

مِن بَعْدِ وَصِيَّةٍ يُوصَى بِهَا أَوْ دَيْنٍ غَيْرَ مُضَارٍّ وَصِيَّةً مِّنَ اللَّهِ وَاللَّهُ عَلِيمٌ حَلِيمٌ

“ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അതൊഴിച്ചാണിത്‌. അല്ലാഹുവിങ്കല്‍ നിന്നുള്ള നിര്‍ദേശമത്രെ ഇത്‌. അല്ലാഹു സര്‍വ്വജ്ഞനും സഹനശീലനുമാകുന്നു”

[നിസാഅ്:12]

(വസ്വിയത്ത് ദ്രോഹകരമാകരുത് അഥവാ അല്ലാഹുവിന്‍റെ വിധിവിലക്കുകളെ മറികടക്കുന്നതാവരുത് എന്ന് ഈ ആയത്ത് പഠിപ്പിക്കുന്നു).അതുപോലെ റസൂല്‍ (സ) പറഞ്ഞു:

لا ضرر ولا ضرار ، ومن ضار ضاره الله ، ومن شاق شاقه الله.

“നിങ്ങള്‍ സ്വയം ഉപദ്രവിക്കുകയോ മറ്റുള്ളവര്‍ക്ക് ഉപദ്രവം ചെയ്യുകയോ ചെയ്യരുത്. ആരെങ്കിലും ഉപദ്രവം ചെയ്‌താല്‍ അല്ലാഹുവും അവനെ ഉപദ്രവിക്കും. ആര് അക്രമം പ്രവര്‍ത്തിക്കുന്നുവോ അല്ലാഹുവും അവനെ അക്രമിക്കും (ശിക്ഷിക്കും)”

[صححه الألباني في سلسلة الصحيحة – مختصرة :250]

(സമാനമായ കാര്യം സൂറത്തുല്‍ ഹഷ്റിന്‍റെ നാലാമത്തെ ആയത്തിലും അല്ലാഹു ഉണര്‍ത്തുന്നുണ്ട്: “വല്ലവനും അല്ലാഹുവുമായി മത്സരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.”)

പതിനൊന്ന്:  അന്യായമായ വസ്വിയത്ത് ബാത്വിലും (അസാധുവും) അസ്വീകാര്യവുമാണ്. കാരണം നബി (സ) പറഞ്ഞു:

" من عمل عملاً ليس عليه أمرنا ؛ فهو رد "

“നമ്മുടെ ഈ കാര്യത്തിലില്ലാത്തതിനെ (മതത്തിലില്ലാത്തതിനെ) ആരെങ്കിലും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ് (അസ്വീകാര്യമാണ്)”

[متفق عليه]

പന്ത്രണ്ട്:  നമ്മുടെ ഈ കാലഘട്ടത്തില്‍ ഒട്ടനവധി ആളുകളും മതത്തില്‍ പുത്തന്‍കാര്യങ്ങള്‍ കടത്തിക്കൂട്ടുന്നവരാണ്, പ്രത്യേകിച്ചും ജനാസയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്നതുകൊണ്ടുതന്നെ നബി (സ) യുടെ ചര്യപ്രകാരം തന്‍റെ  മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യപ്പെടാനും തന്നെ മറവ് ചെയ്യാനും വസ്വിയത്ത് ചെയ്യല്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമാണ്‌. അല്ലാഹുവിന്‍റെ കല്പനക്കുള്ള സാക്ഷാല്‍ക്കാരമാണത്. അല്ലാഹു പറയുന്നു

يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلائِكَةٌ غِلاظٌ شِدَادٌ لا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

“സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന്‌ നിങ്ങള്‍ കാത്തുരക്ഷിക്കുക. അതിന്‍റെ മേല്‍നോട്ടത്തിന്‌ പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട്‌ കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട്‌ കാണിക്കുകയില്ല. അവരോട്‌ കല്‍പിക്കപ്പെടുന്നത്‌ എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.”

[തഹ്’രീം:6]

അല്ലാഹുവിന്‍റെ റസൂലിന്റെ സ്വഹാബാക്കള്‍ അപ്രകാരം വസ്വിയത്ത് ചെയ്യാറുണ്ടായിരുന്നത്. അതുമായി ബന്ധപ്പെട്ട ധാരാളം അസറുകള്‍ അവരില്‍ നിന്നും വന്നിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്‍റെ പൂര്‍ണരൂപത്തില്‍ അവ ഉദ്ദരിച്ചത് നിങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്. അതില്‍പ്പെട്ടതാണ് ഹുദൈഫ (റ) വില്‍ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുള്ള മൊഴിയില്‍, അദ്ദേഹം പറയുന്നു: “ഞാന്‍ മരണപ്പെട്ടാല്‍ നിങ്ങളൊരാളെയും വിളംബരം ചെയ്യാന്‍ ഏല്‍പ്പിക്കരുത്. അത് നഅ്’യില്‍ (മരണവിളംബരത്തില്‍) പെട്ടതാണെന്ന് ഞാന്‍ ഭയപ്പെടുന്നു. റസൂല്‍(ﷺ) നഅ്’യ് (മരണവാര്‍ത്ത വിളംബരം ചെയ്യുന്നതിനെ) വിലക്കിയതായി ഞാന്‍ കേട്ടിട്ടുണ്ട്”.

(ഇവിടെ ഉദ്ദേശിക്കുന്ന വിലക്കപ്പെട മരണവിളംബരം, കൊട്ടിപ്പാടിയോ, ശബ്ദവാഹിനികള്‍ ഘടിപ്പിച്ചോ ഒക്കെ വിളംബരം ചെയ്ത് പോകുന്ന രീതിയാണ്. എന്നാല്‍ മരണവാര്‍ത്ത വിശ്വാസികള്‍ പരസ്പരം കൈമാറുന്നതിലോ, മരണവാര്‍ത്ത അറിയിക്കാന്‍ മെസ്സേജ്, ഇമെയില്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലോ തെറ്റില്ല. -വിവര്‍ത്തകന്‍).

അതുകൊണ്ടാണ് ഇമാം നവവി (റഹിമഹുല്ല) ഇപ്രകാരം പറഞ്ഞത്: “സാധാരണ നിലക്ക് ജനാസയുമായി ബന്ധപ്പെട്ട് ആളുകള്‍ ചെയ്തുവരാറുള്ള ബിദ്അത്തുകളും അനാചാരങ്ങളും വര്‍ജിക്കണമെന്ന് (തന്‍റെ വേണ്ടപ്പെട്ടവരോട്) വസ്വിയത്ത് ചെയ്യലും, അതിന്‍റെ ഗൗരവത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യല്‍ അത്യധികം  പുണ്യകരമാണ്.”

അല്ലാഹു അനുഗ്രഹിക്കട്ടെ....
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference: fiqhussunna.com

സോക്സിന് മേല്‍ തടവല്‍ – ഒരു പഠനം

സോക്സിന് മേല്‍ തടവല്‍ - ഒരു പഠനം

വുളു എടുക്കുമ്പോള്‍ നമ്മള്‍ സാധാരണ ധരിക്കാറുള്ള സോക്സിന് മുകളില്‍ തടവാമോ ?

ഉത്തരം: വുളുവോട് കൂടി ധരിച്ച കാലുറക്ക് മുകളില്‍ തടവല്‍ നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ടുവന്ന സുന്നത്താണ്. ഭൂരിപക്ഷം പണ്ഡിതന്മാരും നാം ഇന്ന് കാണുന്ന സോക്സും ആ ഇനത്തില്‍ പെടും എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. തണുപ്പിന് ഉപയോഗിക്കാറുള്ള നല്ല കട്ടിയുള്ള സോക്സിന് മേലും, അതുപോലെ എല്ലാ കാലാവസ്ഥകളിലും പറ്റുന്ന നാം സാധാരണ ഉപയോഗിക്കാറുള്ള  വലിയ കട്ടിയില്ലാത്തതും നന്നേ നേരിയതുമല്ലാത്ത ഇടത്തരം സോക്സിന് മേലും തടവാം. എന്നാല്‍ നന്നേ നേര്‍ത്തതായ സോക്സിന് മേല്‍ തടവാവതല്ല എന്നതാണ് സൂക്ഷ്മത. അതുപോലെ കാലുറക്ക് മേല്‍ തടവല്‍ അനുവദിക്കപ്പെടുന്നതിന് പൊതുവായുള്ള അതിന്‍റേതായ നിബന്ധനകളുമുണ്ട്. ഇതാണ് ഈ വിഷയത്തില്‍ ചുരുക്കിപ്പറയാന്‍ സാധിക്കുന്നത്. والله أعلم

വിശദമായി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുടര്‍ന്ന് വായിക്കാവുന്നതാണ്. ഈ വിഷയ സംബന്ധമായ ചര്‍ച്ചകളെ വേര്‍തിരിച്ച് വ്യക്തമാക്കാം. വ്യത്യസ്ഥ പണ്ഡിതാഭിപ്രായങ്ങളും സംക്ഷിപ്തമായി ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്:

 കാലുറക്ക് മുകളില്‍ തടവുന്നതിന്‍റെ നിബന്ധന: 

ഒന്ന്: അവ അംഗ ശുദ്ധി വരുത്തിയ ശേഷം ധരിച്ചതായിരിക്കണം. പലപ്പോഴും കാലുറക്ക് മുകളില്‍ തടവുന്ന പലരും അവ വുളുവിന് ശേഷം ധരിച്ചതാണോ എന്നത് പരിഗണിക്കാറില്ല. ഇത് ശരിയല്ല. വുളുവോടു കൂടി അവ ധരിച്ചവര്‍ക്കെ അതിനുമേല്‍ തടയുവാനുള്ള ഇളവുള്ളൂ.

രണ്ട്: അവയില്‍ നജാസത്ത് ഉണ്ടാകാന്‍ പാടില്ല. (അഥവാ നജാസത്ത് ഉള്ളതായി നമുക്ക് അറിയുമെങ്കില്‍ അതിനുമേല്‍ തടവാന്‍ പാടില്ല എന്നതാണ് ഇവിടെ ഉദ്ദേശിച്ചത്. ഊഹമോ വസ്’വാസോ ബാധകമല്ല).

മൂന്ന്: ‘ചെറിയ അശുദ്ധി’ അഥവാ വുളു നിര്‍ബന്ധമാകുന്ന കാര്യത്തില്‍ മാത്രമേ തടവുവാനുള്ള ഇളവുള്ളൂ. എന്നാല്‍ ഒരാള്‍ക്ക് വലിയ അശുദ്ധി ഉണ്ടാകുകയും കുളി നിര്‍ബന്ധമാകുകയും ചെയ്‌താല്‍ അവിടെ തടവല്‍ ഇല്ല.

നാല്: തടവാന്‍ അനുവദിക്കപ്പെട്ട സമയപരിധി അവസാനിച്ചിരിക്കാന്‍ പാടില്ല. യാത്രക്കാരന് മൂന്ന്‍ ദിനരാത്രങ്ങളും അല്ലാത്തവന് ഒര് രാവും പകലും മാത്രമേ സമയപരിധിയുള്ളൂ.

അഞ്ച്: വുളുവിന്‍റെ അവയവം പൂര്‍ണമായി മറയുന്നതാകണം എന്ന നിബന്ധന നാല് മദ്ഹബിന്‍റെ ഇമാമീങ്ങളും പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇമാം ഇബ്നു ഹസം അത് നിര്‍ബന്ധമില്ല എന്ന അഭിപ്രായക്കാരനാണ്. കാലുറയില്‍ ദ്വാരമോ മറ്റോ വീണാല്‍ അത് തടവുന്നതിന് തടസ്സമല്ല എന്നതാണ് പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം നബി (സ) യുടെ കാലത്തും ആ അവസ്ഥ ഉണ്ടാകുമായിരുന്നുവല്ലോ. പ്രത്യേകിച്ചും സ്വഹാബത്തില്‍ ധാരാളം പേര്‍ ദാരിദ്രരായിരുന്നു. ദ്വാരമുള്ളതും ഇല്ലാത്തതുമായ കാലുറ അവര്‍ ഉപയോഗിച്ചിരിക്കാം. എന്നാല്‍ ദ്വാരമുള്ളവയില്‍ തടവരുത് എനദ്ദേഹം നിര്‍ദേശിച്ചില്ല. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.

തുകല്‍ കൊണ്ടല്ലാതെ നിര്‍മ്മിക്കപ്പെട്ട കാലുറക്ക് മേല്‍ തടവാമോ.

തുകല്‍ കൊണ്ടുള്ള കാലുറക്ക് خف എന്നും, കോട്ടന്‍, ചണം തുടങ്ങിയവ കൊണ്ടുള്ള കാലുറക്ക് جورب എന്നുമാണ് അറബിയില്‍ പ്രയോഗിക്കാറുള്ളത്.  ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ അതപ്രകാരം രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. – [ مواهب الجليل : 1/318 നോക്കുക].  

ചില ഹദീസുകളില്‍ നബി (സ)  مَسَحَ عَلَى الْجَوْرَبَيْنِ وَالنَّعْلَيْنِ ജൗറബിനും ചെരുപ്പിനും മുകളില്‍ തടവി എന്ന് പ്രത്യേകം പരാമര്‍ശവിധേയമായിത്തന്നെ വന്നിട്ടുണ്ട്. പക്ഷെ അപ്രകാരം ജൗറബ് എന്ന് പ്രത്യേകം പരാമര്‍ശവിധേയമായി വന്ന ഹദീസുകള്‍ ദുര്‍ബലമാണ്.  ഇമാം അഹ്മദ് (റ), സുഫ്‌യാന്‍ അസൗരി (റ), ഇബ്ന്‍ മഈന്‍ (റ), ഇമാം മുസ്‌ലിം (റ), ഇമാം നസാഇ (റ), ഇമാം ദാറഖുത്വനി (റ), ഇമാം ബൈഹഖി (റ) തുടങ്ങിയവരെല്ലാം جورب പരാമര്‍ശിക്കപ്പെട്ട ഹദീസ് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ജൗറബിന് മുകളില്‍ (അഥവാ കോട്ടന്‍, ചണം തുടങ്ങി തുണികൊണ്ടുള്ള കാലുറ) തടവിയതായി നബി (സ) യുടെ സ്വഹാബത്തില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. ഇമാം ഇബ്നുല്‍ മുന്‍ദിര്‍ (റ) പറയുന്നു: 

” رُوِيَ إِبَاحَةُ الْمَسْحِ عَلَى الْجَوْرَبَيْنِ عَنْ تِسْعَةٍ مِنْ أَصْحَابِ رَسُولِ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : عَلِيِّ بْنِ أَبِي طَالِبٍ ، وَعَمَّارِ بْنِ يَاسِرٍ ، وَأَبِي مَسْعُودِ ، وَأَنَسِ بْنِ مَالِكٍ ، وَابْنِ عُمَرَ ، وَالْبَرَاءِ بْنِ عَازِبٍ ، وَبِلَالٍ ، وَأَبِي أُمَامَةَ ، وَسَهْلِ بْنِ سَعْدٍ “. 

 “ജൗറബിന് (കോട്ടന്‍, ചണം തുടങ്ങി തുണികൊണ്ടുള്ള കാലുറയുടെ) മുകളില്‍ തടവല്‍ ഒന്‍പത് സ്വഹാബിമാരില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്: അലിയ്യ് ബ്ന്‍ അബീത്വാലിബ്‌ (റ), അമ്മാര്‍ ബ്ന്‍ യാസിര്‍ (റ), അബൂ മസ്ഊദ് (റ), അനസ് ബ്ന്‍ മാലിക്ക് (റ), ഇബ്നു ഉമര്‍ (റ), ബറാഅ് ബ്ന്‍ ആസിബ് (റ), ബിലാല്‍ (റ), അബൂ ഉമാമ (റ), സഹ്ല്‍ ബ്ന്‍ സഅദ് (റ)” – [الأوسط : 1/462].  

ഇവരെക്കൂടാതെ മറ്റ് നാല് സ്വഹാബിമാരില്‍ നിന്ന് കൂടി ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇമാം അബൂദാവൂദ് (റ) യെ ഉദ്ദരിച്ചുകൊണ്ട് ഇമാം ഇബ്നുല്‍ ഖയ്യിം (റ) വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം പറയുന്നു: 

“وَزَادَ أَبُو دَاوُدَ : وَأَبُو أُمَامَةَ , وَعَمْرُو بْنُ حُرَيْثٍ , وَعُمَرُ , وَابْنُ عَبَّاسٍ . فَهَؤُلَاءِ ثَلَاثَة عَشَر صَحَابِيًّا . وَالْعُمْدَة فِي الْجَوَاز عَلَى هَؤُلَاءِ رَضِيَ اللَّه عَنْهُمْ لَا عَلَى حَدِيث أَبِي قَيْسٍ”

“അബൂദാവൂദ് (റ) ഈ സ്വഹാബിമാരുടെ പേരുകള്‍ കൂടി അതിലുള്‍പ്പെടുത്തി: അബൂ ഉമാമ (റ), അംറു ബ്നു ഹുറൈസ് (റ), ഉമര്‍ (റ), ഇബ്നു അബ്ബാസ് (റ). അതുകൊണ്ടുതന്നെ അപ്രകാരം തടവിയ സ്വഹാബാക്കളുടെ എണ്ണം പതിമൂന്നായിത്തീരുന്നു. ഈ വിഷയത്തില്‍ ജൗറബിന് മുകളില്‍ തടവല്‍ അനുവദനീയമാണ് എന്നതിനുള്ള  അവലംബം ആ സ്വഹാബാക്കളുടെ പ്രവര്‍ത്തനമാണ്. അബൂ ഖൈസ് ഉദ്ദരിച്ച ഹദീസ് അല്ല.” – [تهذيب سنن أبي داود : 1/87].

ഇമാം അഹ്മദ് (റ) ഈ ഹദീസ് ദുര്‍ബലമാണ് എന്ന് പറഞ്ഞതിനോടൊപ്പം തന്നെ ജൗറബിന് മുകളില്‍ തടവുന്നതിന് കുഴപ്പമില്ല എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അത് അദ്ദേഹത്തിന്‍റെ നീതിബോധമാണ് എന്നും തുടര്‍ന്ന് ഇബ്നുല്‍ ഖയ്യിം രേഖപ്പെടുത്തുന്നുണ്ട്.

ഏതായാലും തുകല്‍ കൊണ്ടല്ലാതെ ചണം കൊണ്ടോ കോട്ടന്‍ കൊണ്ടോ മറ്റേതെങ്കിലും വസ്തുക്കള്‍ കൊണ്ടോ നിര്‍മിക്കപ്പെട്ട കാലുറയുടെ മേലും തടവാം എന്നത് സ്വഹാബത്തിന്‍റെ പ്രവര്‍ത്തിയില്‍ നിന്ന് തന്നെ മനസ്സിലാക്കാവുന്ന കാര്യമാണ്. അതുപോലെ خف തുകല്‍ കൊണ്ടും جورب ചണം, കോട്ടന്‍, കമ്പിളി തുടങ്ങിയവ കൊണ്ടും നിര്‍മ്മിക്കപ്പെട്ടു എന്ന വ്യത്യാസം അതിന്‍റെ മതവിധിയില്‍ വ്യത്യാസമുണ്ടാക്കുന്ന ഒന്നല്ല. രണ്ടിന്‍റെ മേലും തടവുവാനുള്ള സാഹചര്യവും ആവശ്യകതയും ഒരുപോലെയാണ് എന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) യും വ്യക്തമാക്കിയിട്ടുണ്ട്. – [مجموع فتاوى : 21/214 നോക്കുക].  

സോക്സ്‌ കട്ടിയുള്ളതാകേണ്ടതുണ്ടോ ?. അതല്ല വളരെ നേര്‍ത്ത സോക്സിന് മേല്‍ തടവാമോ ?. 

ഇട്ടുകൊണ്ട്‌ നടക്കാന്‍ സാധിക്കുന്നതും, കാലിന്‍റെ നിറം പുറത്ത് കാണിക്കാത്തതും, വുളുവിന്‍റെ അവയവം മറക്കുന്നതുമായ  സോക്സ്‌ ആയിരിക്കണം എന്നതാണ് ബഹുഭൂരിപക്ഷാഭിപ്രായം.

ഇമാം അഹ്മദ് (റ) പറയുന്നു: 

” لَا يُجْزِئُهُ الْمَسْحُ عَلَى الْجَوْرَبِ حَتَّى يَكُونَ جَوْرَبًا صَفِيقًا… إنَّمَا مَسَحَ الْقَوْمُ عَلَى الْجَوْرَبَيْنِ أَنَّهُ كَانَ عِنْدَهُمْ بِمَنْزِلَةِ الْخُفِّ ، يَقُومُ مَقَامَ الْخُفِّ فِي رِجْلِ الرَّجُلِ ، يَذْهَبُ فِيهِ الرَّجُلُ وَيَجِيءُ “

“കട്ടിയുള്ളതാണെങ്കിലല്ലാതെ ജൗറബിന് മുകളില്‍ തടവല്‍ അനുവദനീയമല്ല. തങ്ങള്‍ خف (തുകല്‍ കാലുറ) ഉപയോഗിക്കുന്ന അതേ സ്ഥാനത്തുപയോഗിച്ചിരുന്ന ഒന്നായതിനാലാണ് മുന്‍ഗാമികള്‍ അതിനുമേല്‍ തടവിയത്. ഒരാളുടെ കാലില്‍ തുകല്‍ കാലുറ ഉപയോഗിക്കുന്നത് പോലെത്തന്നെയായിരുന്നു അതും. അതിട്ട് അവര്‍ നടന്നു പോകുകയും വരുകയും ചെയ്യുമായിരുന്നു.” – [المغني لابن قدامة : 1/216].  ഇതേ അഭിപ്രായം ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) യും രേഖപ്പെടുത്തിയിട്ടുണ്ട്. – [مجموع الفتاوى: (21/213)]

ലജനതുദ്ദാഇമയുടെ ഫത്’വയില്‍ ഇപ്രകാരം കാണാം: 

” يجب أن يكون الجورب صفيقاً ، لا يَشِفُّ عما تحته”.

“(സോക്സിന് മേല്‍ തടവാന്‍) അതിന്‍റെ ഉള്ളിലുള്ളത് പ്രകടമാക്കാത്ത വിധം കട്ടിയുള്ളതായിരിക്കണം.” – [5/267].

ശൈഖ് മുഹമ്മദ്‌ ബ്ന്‍ ഇബ്റാഹീം (റ) പറയുന്നു: 

” أَما إِذا كان الشرَّاب رقيقاً حيث يصف البشرة … فإِنه لا يمسح عليه “.

 “സോക്സ്‌ കാലിന്‍റെ നിറം പ്രകടമാകുന്ന രൂപത്തില്‍ നേര്‍ത്തതാണ് എങ്കില്‍ അതിനു മേല്‍ തടവാന്‍ പാടില്ല.” – [فتاوى الشيخ محمد بن إبراهيم” (2/ 68)].

 ശൈഖ് ഇബ്നു ബാസ് (റ) പറയുന്നു: 

من شرط المسح على الجوارب : أن يكون صفيقا ساتراً ، فإن كان شفافاً لم يجز المسح عليه

“സോക്സിന് മുകളില്‍ തടവുന്നതിനുള്ള നിബന്ധനയില്‍ പെട്ടതാണ്: അത് കട്ടിയുള്ളതും വുളുവിന്‍റെ അവയവം മറക്കുന്നതുമായിരിക്കണം. എന്നാല്‍ ഉള്ളിലേക്ക് കാണുന്ന രൂപത്തില്‍ നേര്‍ത്തതാണെങ്കില്‍ അതിന്‍റെ മേല്‍ തടവാവതല്ല. – [فتاوى الشيخ ابن باز: (10/110)].

എന്നാല്‍ ചില പണ്ഡിതന്മാര്‍ നിരുപാധികം തടവാം എന്ന അഭിപ്രായക്കാരാണ്. അപ്രകാരം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് എന്നതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇമാം നവവി (റ) പറയുന്നു: 

” وَحَكَى أَصْحَابُنَا عَنْ عُمَرَ وَعَلِيٍّ رَضِيَ اللَّهُ عَنْهُمَا جَوَازَ الْمَسْحِ عَلَى الْجَوْرَبِ وَإِنْ كَانَ رَقِيقًا ، وحكوه عن أبي يوسف ومحمد واسحق وَدَاوُد ” .

“നമ്മുടെ ഇമാമീങ്ങള്‍ ഉമര്‍ (റ)വില്‍ നിന്നും, അലി (റ) വില്‍ നിന്നും നേര്‍ത്തതാണെങ്കില്‍പോലും ജൗറബിന് മേല്‍ തടവാം എന്ന് ഉദ്ദരിച്ചിട്ടുണ്ട്. അതുപോലെ ഇമാം ഖാളി അബൂ യൂസുഫില്‍ നിന്നും ഇമാം മുഹമ്മദ്‌ ബ്ന്‍ ഹസന്‍ അശൈബാനിയില്‍ നിന്നും, ഇസ്ഹാഖ് ബ്ന്‍ റാഹവൈഹിയില്‍ നിന്നും ദാവൂദ് അസ്ഖ്തിയാനിയില്‍ നിന്നും അവരതുദ്ദരിച്ചിട്ടുണ്ട്.” – [المجموع  (1/500)].

 കട്ടിയുള്ളത് നേര്‍ത്തത് എന്ന വ്യത്യാസമില്ലാതെ തടവാം എന്ന അഭിപ്രായമാണ് ശൈഖ് അല്‍ബാനി (റ), ശൈഖ് ഇബ്നു ഉസൈമീന്‍ (റ) തുടങ്ങിയവര്‍ പ്രബലമായ അഭിപ്രായമായി സ്വീകരിച്ചിട്ടുള്ളത്.

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) പറയുന്നു:

يجوز المسح على الخف المخرق ويجوز المسح على الخف الخفيف، لأن كثيراً من الصحابة كانوا فقراء، وغالب الفقراء لا تخلوا خِفافهم من خروق، فإذا كان هذا غالباً أو كثيراً في قوم في عهد الرسول صلى الله عليه وسلم، ولم يُنبّه عليه الرسول صلى الله عليه وسلم، دلّ ذلك على أنه ليس بشرط، ولأنه ليس المقصود من الخف ستر البشرة، وإنما المقصود من الخف أن يكون مدفئاً للرجل، ونافعاً لها، وإنما أجيز المسح على الخف، لأن نزعه يشق، وهذا لا فرق فيه بين الجورب الخفيف والجورب الثقيل، ولا بين الجورب المخرق والجورب السليم، والمهم أنه ما دام اسم الخف باقياً، فإن المسح عليه جائز لما سبق من الدليل.

“ദ്വാരം വീണതോ നേര്‍ത്തതോ ആയ കാലുറയാണെങ്കിലും അതിന് മുകളില്‍ തടവാം. കാരണം സ്വഹാബത്തില്‍ പലരും ദാരിദ്രരായിരുന്നു. ദരിദ്രരുടെ കാലുറകള്‍ പലപ്പോഴും ദ്വാരം വീണതായിരിക്കും. നബി (സ) യുടെ കാലത്ത് ആളുകള്‍ക്കിടയില്‍ ഭൂരിഭാഗവും അതല്ലെങ്കില്‍ ധാരാളം പേര്‍ക്കിടയില്‍  ഉണ്ടായിരുന്ന ഒരവസ്ഥയായിട്ട് കൂടി നബി (സ) അതിനെക്കുറിച്ച് പാടില്ല എന്ന് പ്രത്യേകം അനുശാസിച്ചില്ല. അതുകൊണ്ട് (ദ്വാരമുണ്ടാകാതിരിക്കുക, കട്ടിയുണ്ടാകുക) എന്നത് ഒരു നിബന്ധനയല്ല എന്ന് അതര്‍ത്ഥമാക്കുന്നു. കാരണം കാലിന്‍റെ തൊലി കാണാത്ത വിധം മറക്കുക എന്നതല്ല കാലുറയുടെ ലക്ഷ്യം. മറിച്ച് കാലിന് ചൂട് നല്‍കുകയും, ഉപകാരപ്പെടുകയും ചെയ്യുക എന്നതാണ് അതിന്‍റെ ലക്ഷ്യം. അത് (വുളുവെദുക്കുമ്പോഴെല്ലാം) ഊരുക എന്നത് പ്രയാസകരമാണ് എന്നതിനാലാണ് അതിനു മേല്‍ തടവല്‍ അനുവദിക്കപ്പെട്ടത്. ഈ കാര്യത്തില്‍ കട്ടിയുള്ള സോക്സോ നേരിയ സോക്സോ തമ്മില്‍ വ്യത്യാസമില്ല. ദ്വാരം വീണതോ വീഴാത്തതോ ആയവ തമ്മിലും വ്യത്യാസമില്ല. അതിന് കാലുറ എന്ന പേര് നിലനില്‍ക്കുന്നോ എന്നതാണ് സുപ്രധാനം. മുന്‍പ് ഉദ്ദരിച്ച തെളിവ് പ്രകാരം അതിനു മേല്‍ തടവല്‍ അനുവദനീയമാണ്” – [مجموع فتاوى ورسائل الشيخ محمد صالح العثيمين – المجلد الحادي عشر – باب المسح على الخفين.]

അഥവാ നബി (സ) യുടെ കാലത്ത് തന്നെ തുകല്‍ കൊണ്ട് നിര്‍മ്മിച്ചതും അല്ലാത്തതുമായ കാലുറകളുണ്ട്. ദ്വാരം വീഴുക, നേര്‍ത്തതോ കട്ടിയുള്ളതോ ആയ കാലുറകളുണ്ടാകുക എന്നതെല്ലാം അന്നും ഉള്ള അവസ്ഥകളായിരിക്കുമല്ലോ. പ്രത്യേകിച്ചും ദാരിദ്ര്യം അതിന്‍റെ മൂര്‍ധന്യത്തില്‍ നിന്നിരുന്ന ആ കാലത്ത്. പക്ഷെ അതിനെക്കുറിച്ച് നബി (സ) പ്രതിപാദിക്കുകയോ കട്ടിയുള്ളതും ദ്വാരം വീഴാത്തതും മാത്രമേ തടവാന്‍ അനുയോജ്യമാവുകയുള്ളൂ എന്ന് പഠിപ്പിക്കുകയോ ചെയ്തില്ല. ശൈഖ് ഇബ്നു ഉസൈമീന്‍ (റ) യുടെ മറുപടി വളരെ ശക്തവും കൂടുതല്‍ പ്രായോഗികവുമാണ്. എങ്കിലും ഇന്ന് കാണുന്ന  വളരെ നേരിയ സോക്സിന് മേല്‍ തടവാതിരിക്കലാണ് സൂക്ഷ്മത.

സ്വാഭാവികമായും എത്രത്തോളം കട്ടിയുള്ളതായിരിക്കണം എന്ന് പറയുക പ്രയാസമാണ്. സാധാരണ നാം ഇന്ന് കണ്ടുവരുന്നത് മൂന്ന് തരം സോക്സുകളാണ്   തണുപ്പിന് ഉപയോഗിക്കുന്ന നല്ല കട്ടിയുള്ള കോട്ടന്‍ കൊണ്ടോ കമ്പിളി കൊണ്ടോ ഉണ്ടാക്കിയ സോക്സ്‌,  സാധാരണ എല്ലാ കാലാവസ്ഥകളിലും ഉപയോഗിക്കുന്ന അത്രതന്നെ കട്ടിയില്ലാത്തതും വളരെ  നേരിയതുമല്ലാത്ത തരത്തിലുള്ള സാധാരണ  സോക്സ്‌, വളരെ നേര്‍ത്ത രൂപത്തിലുള്ള സോക്സ്‌. ഇതില്‍ ആദ്യത്തെ രണ്ട് രൂപത്തിലുള്ള സോക്സിന് മുകളിലും തടവാം. വളരെ നേര്‍ത്ത സോക്സിന് മുകളില്‍ തടവാവതല്ല എന്നതാണ് സൂക്ഷ്മത ഈ വിഷയത്തിലെ അഭിപ്രായ ഭിന്നതയും വ്യത്യസ്ഥ അഭിപ്രായങ്ങളും നാം നേരത്തെ സൂചിപ്പിച്ചുവല്ലോ. അല്ലാഹുവാണ് കൂടുതല്‍ അറിയുവന്‍..

അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Ref: fiqhussunna

നിഷിദ്ധങ്ങളെ സൂക്ഷിക്കുക

നിഷിദ്ധങ്ങളെ സൂക്ഷിക്കുക

(പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍: 10)

ശിക്ഷയെ സംബന്ധിച്ച് ഖണ്ഡിതമായ തെളിവില്ല എന്നത് ശിക്ഷയില്ല എന്നതിനുള്ള രേഖയാണെന്ന് പറയാനൊക്കുകയില്ല. മുസ്വ്ഹഫിലുള്ളതിനെക്കാള്‍ അധികരിച്ചുവന്ന മുതവാത്തിറല്ലാത്ത ക്വിറാഅത്തുകളുടെ കാര്യത്തിലേതുപോലെ. തെളിവ് സ്ഥിരപ്പെട്ടില്ല എന്നുള്ളതുകൊണ്ട് ഒരു ആശയം ഇല്ല എന്നുവരുന്നില്ല. ഏതെങ്കിലും ഒരു വൈജ്ഞാനിക കാര്യം ഖണ്ഡിതമായ തെളിവ് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ പേരില്‍ ശക്തമായി നിഷേധിക്കുന്ന രീതി ചില വചന ശാസ്ത്ര (ഇല്‍മുല്‍ കലാം) വിഭാഗക്കാരുടെ രീതി പോലെ വ്യക്തമായ അബദ്ധമാണ്. എന്നാല്‍ ഒരു കാര്യം ഉണ്ടെന്നത് അതിനുള്ള തെളിവിനെ താല്‍പര്യപ്പെടുന്നുണ്ട് എന്നത് നാം മനസ്സിലാക്കിയാല്‍ പ്രസ്തുത തെളിവില്ലാത്തതിനാല്‍ അനുബന്ധമായ ആ കാര്യം ഇല്ലായെന്ന് നാം ഉറപ്പിക്കും.

അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ മതവും റിപ്പോര്‍ട്ടുചെയ്യാവുന്ന വിധം അതിനാവശ്യമായ ഘടകങ്ങളും സൗകര്യങ്ങളും യഥേഷ്ടമുണ്ടായിരുന്നു എന്നത് നമുക്ക് ബോധ്യമുള്ള സംഗതിയാണ്. മറ്റുള്ളവരിലേക്ക് കൈമാറല്‍ അനിവാര്യമായ ഏതെങ്കിലും ഒരു കാര്യം മറച്ചുവെക്കുകയെന്നത് ഈ സമുദായത്തെ സംബന്ധിച്ചിടത്തോളം ഉണ്ടാകുവാന്‍ പാടുള്ളതല്ല. അതിനാല്‍ അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരത്തിനു പുറമെ ആറാമതൊരു നിര്‍ബന്ധ നമസ്‌കാരമോ ക്വുര്‍ആനിലെ 114 അധ്യായങ്ങള്‍ക്കു പുറമെ വേറെ ഏതെങ്കിലും ഒരു അധ്യായമോ ഉദ്ധരിക്കപ്പെടാത്തിടത്തോളം അങ്ങനെയൊന്നില്ല എന്ന് നമുക്ക് ദൃഢമായ അറിവു നല്‍കുന്നുണ്ട്.

എന്നാല്‍ ശിക്ഷയെ സംബന്ധിച്ചു പറയുന്ന കാര്യം ഇപ്പറഞ്ഞ രൂപത്തിലല്ല. ഏതെങ്കിലും ഒരു കാര്യം ചെയ്താലുള്ള ശിക്ഷയെ പറ്റി പറയുന്ന ഹദീഥ് ‘മുതവാത്തിറായി’ ഉദ്ധരിക്കപ്പെടണമെന്ന് നിര്‍ബന്ധമില്ല; പ്രസ്തുത പ്രവര്‍ത്തിയുടെ മതവിധിയെ അറിയിക്കുന്ന റിപ്പോര്‍ട്ടുകളും മുതവാത്തിറാകണമെന്ന് നിര്‍ബന്ധമില്ലാത്തത് പോലെ തന്നെ. ശിക്ഷയെ സംബന്ധിച്ച് താക്കീത് ഉള്‍ക്കൊള്ളുന്ന ഹദീഥുകളുടെ താല്‍പര്യമനുസരിച്ച് പ്രവര്‍ത്തിക്കല്‍ അനിവാര്യമാണ്. അതായത്, ആ കാര്യം ചെയ്യുന്നയാള്‍ക്ക് പ്രസ്തുത ശിക്ഷകൊണ്ട് താക്കീതു നല്‍കപ്പെടണം. എന്നാല്‍ ആ ശിക്ഷ അയാള്‍ക്ക് ഏല്‍ക്കേണ്ടി വരുമോ എന്നത് ചില നിബന്ധനകളുടെ (ശുറൂത്വ്)യും ചില തടസ്സങ്ങളുടെ(മവാനിഅ്)യും അടിസ്ഥാനത്തിലാണ് പറയേണ്ടത്. ഈ തത്ത്വം ചില ഉദാഹരണങ്ങളിലൂടെ വ്യക്തമാകുന്നതാണ്.

നബി ﷺ  പലിശയുമായി ബന്ധപ്പെട്ട് ഇപ്രകാരം പറഞ്ഞതായി സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്: ”പലിശ തിന്നുന്നവനെയും അത് തീറ്റുന്നവനെയും അല്ലാഹു ശപിച്ചിരിക്കുന്നു” (മുസ്‌ലിം).

അപ്രകാരം തന്നെ ഒരു ‘സ്വാഅ്’ നല്ല കാരക്കയ്ക്ക് പകരം രണ്ട് ‘സ്വാഅ്’ താഴ്ന്ന കാരക്ക റൊക്കമായി വിറ്റയാളോട് ‘ഹാവൂ! തനിപ്പലിശ’ എന്നും നബി ﷺ  പറഞ്ഞത് സ്ഥിരപ്പെട്ടിട്ടുണ്ട് (ബുഖാരി).

ഗോതമ്പ് ഗോതമ്പുമായി കച്ചവടം ചെയ്യുമ്പോഴും തുല്യമായതല്ലായെങ്കില്‍ പലിശയാകുമെന്നും ഹദീഥില്‍ വന്നിട്ടുണ്ട് (ബുഖാരി, മുസ്‌ലിം).

ഈ ഹദീഥുകള്‍ അറിയിക്കുന്നത് രണ്ടുതരം പലിശകളും മേല്‍പറയപ്പെട്ട ഹദീഥിന്റെ താല്‍പര്യത്തില്‍ വരുമെന്നാണ്. അഥവാ മിച്ചപ്പലിശ(രിബല്‍ ഫദ്ല്‍)യും അവധിപ്പലിശ(രിബന്നസീഅ)യും. എന്നാല്‍ ‘പലിശ അവധിപ്പലിശയിലാണ്’ എന്ന പ്രവാചക വചനം ലഭിച്ചവരാകട്ടെ, രണ്ടു സ്വാഇനു പകരമായി ഒരു സ്വാഅ് റൊക്കമായി കച്ചവടം ചെയ്യുന്നത് അനുവദനീയമാണെന്ന് മനസ്സിലാക്കി; ഇബ്‌നു അബ്ബാസ്(റ)വും അദേഹത്തിന്റെ ശിക്ഷ്യന്മാരും മനസ്സിലാക്കിയതുപോലെ- അതായത്, അബൂശ്ശഅ്ഥാഅ്(റ), അത്വാഅ്(റ), ത്വാവൂസ്(റ), സഈദുബ്‌നു ജുബൈര്‍(റ), ഇക്‌രിമ(റ) മുതലായ മക്കയിലെ പണ്ഡിതന്മാര്‍. അവരാകട്ടെ അറിവുകൊണ്ടും കര്‍മംകൊണ്ടും ഈ ഉമ്മത്തിലെ ശ്രേഷ്ഠരായ വ്യക്തിത്വങ്ങളാണ്താനും. ഇവരില്‍ ആരെയെങ്കിലും ഒരാളെ സംബന്ധിച്ചോ, അതല്ലെങ്കില്‍ അവരെ പിന്‍പറ്റിക്കൊണ്ട് പറഞ്ഞ ആരെയെങ്കിലും സംബന്ധിച്ചോ പലിശ തിന്നുന്നവര്‍ക്കുള്ള ശാപം ഇവര്‍ക്കും ബാധിക്കുമെന്ന് ഒരു മുസ്‌ലിമിന് പറയാന്‍ പാടുള്ളതല്ല. എന്തു കൊണ്ടെന്നാല്‍ അവര്‍ അപ്രകാരം പറഞ്ഞത് മൊത്തത്തില്‍ വ്യാഖ്യാനത്തിന് സാധ്യതയുള്ള ഒരു വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാലവര്‍ ആക്ഷേപാര്‍ഹരല്ല. മാത്രവുമല്ല ഇബ്‌നു അബ്ബാസും(റ) തന്റെ ചില ശിഷ്യന്മാരും ഈ അഭിപ്രായത്തില്‍ നിന്ന് മടങ്ങിയതായും പറയപ്പെടുന്നുണ്ട്. എന്നാല്‍ ആ അഭിപ്രായത്തില്‍ നിന്നും മടങ്ങാത്തവരെ സംബന്ധിച്ചടത്തോളം അവര്‍ക്ക് ഈ വിഷയത്തിലുള്ള ഹദീഥ് ലഭിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ ഒഴികഴിവുള്ളവരാണ്.

അപ്രകാരം തന്നെ മദീനക്കാരായ ചില മഹത്തുക്കളില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന ഗുദമൈഥുനത്തെ സംബന്ധിച്ചുള്ള അഭിപ്രായം; നബി ﷺ  പറഞ്ഞതായി അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീഥുമായി ബന്ധപ്പെട്ടുത്തികൊണ്ട്. നബി ﷺ  പറഞ്ഞു: ”ആരെങ്കിലും തന്റെ ഇണയുമായി പിന്‍ദ്വാരത്തിലൂടെ ബന്ധപ്പെട്ടാല്‍ അയാള്‍ മുഹമ്മദ് നബിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ അവിശ്വസിച്ചിരിക്കുന്നു” (അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ, നസാഇ). ഇന്നയിന്ന ആളുകളൊക്കെ മുഹമ്മദ് നബി ﷺ ക്ക് ഇറക്കപ്പെട്ടതില്‍ അവിശ്വസിച്ചവരാണ് എന്ന് പറയാന്‍ ഒരു സത്യവിശ്വാസി ധൈര്യപ്പെടുമോ?

അപ്രകാരം തന്നെ മദ്യത്തിന്റെ വിഷയത്തില്‍ പത്ത് വിഭാഗം ആളുകളെ നബി ﷺ  ശപിച്ചതായി സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്. അതായത്, മദ്യമുണ്ടാക്കുന്നവരെയും മദ്യം ഉണ്ടാക്കിക്കുന്നവരെയും അത് കുടിക്കുന്നവരെയും തുടങ്ങി അത് ചുമന്നുകൊണ്ടുപോകുന്നവരെയും, ആര്‍ക്ക് വേണ്ടിയാണോ കൊണ്ടുപോകുന്നത് അവരെയും അത് കഴിപ്പിക്കുന്നവരെയും വില്‍ക്കുന്നവരെയും അതിന്റെ സമ്പാദ്യം ഭക്ഷിക്കുന്നവരെയുമൊക്കെപ്പറ്റി പറയുന്ന ഹദീഥ് (തിര്‍മിദി, ഇബ്‌നുമാജ) മുതലായവര്‍ ഉദ്ധരിച്ചത്. ശൈഖ് അല്‍ബാനി സ്വഹീഹെന്ന് സ്ഥിരീകരിച്ചു ‘ഗായത്തുല്‍ മറാം’ പേജ്: 60)

‘ലഹരിയുണ്ടാക്കുന്ന എല്ലാ പാനീയങ്ങളും മദ്യമാണ്’ എന്നും ‘ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണ്’ (ബുഖാരി, മുസലിം) എന്നും നബി ﷺ  പറഞ്ഞതായി വ്യത്യസ്ത വഴികളിലൂടെ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്.

മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും ഇടയില്‍വെച്ച് നബി  ﷺ യുടെ മിമ്പറില്‍ നിന്നുകൊണ്ട് ഉമര്‍(റ) പ്രസംഗിച്ചു: ”മദ്യമെന്നത് ബുദ്ധിയെ മറക്കുന്നതാണ്. മദ്യം നിഷിദ്ധമാണെന്ന് അല്ലാഹു വിധി അവതരിപ്പിച്ചിട്ടുണ്ട്. അതിന്റെ അവതരണ കാരണം ആളുകള്‍ മദീനയില്‍ മദ്യപിച്ചിരുന്നു എന്നതാണ്.” മൂപ്പെത്താത്ത കാരക്കകൊണ്ട് അവരുണ്ടാക്കിയിരുന്ന പ്രത്യേകതരം മദ്യമായിരുന്നു (ഫര്‍ഖ്). മുന്തിരിയുടെ കള്ള് അവരുടെ പക്കലുണ്ടായിരുന്നില്ല. എന്നാല്‍ കൂഫക്കാരായ ചില മഹത്തുക്കള്‍ വിശ്വസിച്ചിരുന്നത് മദ്യം (ഖംറ്) എന്നത് മുന്തിരിക്കള്ള് മാത്രമാണ് എന്നാണ്. മുന്തിരിയുടെയും ഈത്തപ്പഴത്തിന്റെതുമല്ലാത്ത വീഞ്ഞുകള്‍ ലഹരിയുണ്ടാക്കാത്തത്ര അളവില്‍ ഉപയോഗിക്കുന്നത് നിഷിദ്ധമല്ലെന്നു കരുതുകയും അനുവദനീയമെന്ന് അവര്‍ കരുതിയത് കുടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ ആ മഹാന്മാരെ കുറിച്ച്, ഹദീഥില്‍ വന്ന താക്കീതുകളും ആക്ഷേപങ്ങളും അവര്‍ക്കും ബാധകമാണെന്ന് പറയാന്‍ പറ്റുകയില്ല. കാരണം, അവരുടേതായി മറ്റ് പല തടസ്സങ്ങളും (മവാനിഅ്) ഉള്ളതിനാലും അപ്രകാരം പറയാന്‍ പറ്റില്ല. അവര്‍ കുടിച്ച പാനിയം ഹദീഥിലൂടെ ശപിക്കപ്പെട്ട പാനീയമായിരുന്നില്ല എന്നും പറയാന്‍ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ വ്യാപകാര്‍ഥത്തിലുള്ള പ്രസ്തുത പദത്തില്‍ അതൊക്കെ ഉള്‍പെടുന്നതാണ്.

മാത്രമല്ല, നബി ﷺ  മദ്യം വില്‍ക്കുന്നവരെയും ശപിച്ചിട്ടുണ്ട്. ചില സ്വഹാബിമാരാകട്ടെ മദ്യം വിറ്റിട്ടുമുണ്ട്. അങ്ങനെ ആ വിവരം ഉമര്‍(റ) അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:

”അവര്‍ക്കറിഞ്ഞുകൂടേ ജൂതന്മാരെക്കുറിച്ച് നബി ﷺ  പറഞ്ഞത്? ‘ജൂതന്മാരെ അല്ലാഹു ശപിക്കട്ടെ! അവര്‍ക്ക് ശവത്തിന്റെയും പന്നിയുടെയും കൊഴുപ്പ് നിഷിദ്ധമായിരുന്നു. എന്നാല്‍ അവരത് ഉണ്ടാക്കി വില്‍ക്കുകയും അതിലൂടെ കിട്ടിയ വരുമാനം ഭക്ഷിക്കുകയും ചെയ്തു.”

മദ്യവില്‍പന നിഷിദ്ധമാണെന്നത് അദ്ദേഹത്തിനറിഞ്ഞുകൂടായിരുന്നു. എന്നാല്‍ ആ അറിവില്ലായ്മ പ്രസ്തുത കുറ്റത്തിന്റെ പ്രതിഫലത്തെ കുറിച്ച് വിശദമാക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞില്ല. പ്രത്യുത താനടക്കമുള്ള എല്ലാവരും അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് വേണ്ടി ആ അറിവ് ലഭിച്ചപ്പോള്‍ അദ്ദേഹം സംസാരിക്കുകയാണുണ്ടായത്.

 

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ ‘റഫ്ഉല്‍ മലാം’ എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)
(വിവര്‍ത്തനം: ശമീര്‍ മദീനി )

മതത്തെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുക

മതത്തെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുക

പ്രിയ സഹോദരിമാരേ, ഈ കുറിപ്പ് മനസ്സിരുത്തി വായിക്കണം എന്നാണ് ആദ്യമായി പറയാനുള്ളത്.  വായനക്ക് ശേഷം സ്വന്തം അവസ്ഥയെക്കുറിച്ച് നന്നായി ചിന്തിക്കുക. മതം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്, ജീവിതത്തിലുടനീളം മതത്തിന്റെ നിയമനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് പൂര്‍ണമായി ബോധ്യം വരുന്നുണ്ടെങ്കില്‍ സമാധാനിക്കാം. ഇല്ലെങ്കില്‍ നിരാശപ്പെടേണ്ട. മാറ്റം ഈ നിമിഷം മുതല്‍ തന്നെയാകട്ടെ.

അലക്കലും വെക്കലും വിളമ്പലും വീട്ടിലെ മറ്റു കാര്യങ്ങള്‍ നോക്കലും പുറമെ വാസ്ടാപ്പും ഫെയ്‌സ്ബുക്കുമൊക്കെയായി ദിനരാത്രങ്ങള്‍ കൊഴിയുമ്പോള്‍, പരലോകവിജയത്തിനായി ഒന്നും ചെയ്യാന്‍ സമയം ലഭിക്കാതെ വരുന്നില്ലേ? ഈ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ട്. നമ്മുടെ പാരത്രിക വിജയത്തിന് നമ്മള്‍തന്നെ പണിയെടുക്കേണ്ടതുണ്ട്.

ഇഹലോകത്ത് സമാധാനപൂര്‍ണമായ ജീവിതവും പരലോകത്ത് ശാശ്വതമായ സ്വര്‍ഗവും കൊതിക്കുന്നവരുടെ മുമ്പില്‍ പ്രതീക്ഷയുടെ തിരിനാളമാണ് വിശുദ്ധ ക്വുര്‍ആന്‍. അത് മനസ്സുകളിലെ ഇരുളുകളകറ്റുകയും അതിനെ വിമലീകരിക്കുകയും ചെയ്യുന്നു. മാത്രമല്ല ”തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുന്നു” എന്ന് ക്വുര്‍ആന്‍ (17:9) തന്നെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

എന്നിട്ടും സമൂഹം ഘനാന്ധകാരത്തില്‍നിന്നും കരകയറാത്തതിന് കാരണമെന്താണ്? ക്വുര്‍ആനിനോടും ഹദീഥിനോടും പുറംതിരിഞ്ഞു നില്‍ക്കുന്നതു തന്നെ കാരണം. അവ രണ്ടും പഠിക്കാന്‍ മാത്രം സമയമില്ല. ബിസിയോടു ബിസിയാണ് എല്ലാവരും!

ചിലര്‍ക്ക് റമദാനില്‍ മാത്രം ഓതാനുള്ളതാണ് ക്വുര്‍ആന്‍! അര്‍ഥവും ആശയവും മനസ്സിലാക്കേണ്ട ആവശ്യമേ ഇല്ലാത്തതു പോലെ! ഒരു ചടങ്ങെന്ന നിലയ്ക്ക് ആണ്ടുതോറും ഒരു വട്ടം ഓതിത്തീര്‍ക്കുന്നു. അതിന്റെ വെളിച്ചം സ്വീകരിക്കാന്‍ തയ്യാറാകുന്നുമില്ല. ചിന്തിക്കാനുള്ള ക്വുര്‍ആനിന്റെ ആഹ്വാനം അവര്‍ക്ക് ബാധകമല്ലാത്തതു പോലെ.

”അപ്പോള്‍ അവര്‍ ക്വുര്‍ആന്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ?”(47:24).

ഇന്റര്‍നെറ്റ്, ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ്, സംഗീതം…! ഇവ ദിനേന എത്രയോ മണിക്കൂറുകള്‍ അനാവശ്യമായി കാര്‍ന്നുതിന്നുന്നു! അതില്‍ ആര്‍ക്കും വിഷമമില്ല. അതിന് സമയക്കുറവില്ല; ബിസിയും!

മണിക്കൂറുകളും രാപ്പകലുകളും മാറിമറിയുമ്പോള്‍ ഇഹലോകത്ത് അനുവദിക്കപ്പെട്ട സമയത്തില്‍ വരുന്ന കുറവിനെക്കുറിച്ച് ചിന്തിക്കാന്‍ മിക്ക ആളുകളും തയ്യാറാകുന്നില്ല.

ഗതകാല ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കുക. അല്ലാഹു നല്‍കിയ എണ്ണമറ്റ അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ് നാം ജീവിച്ചത്; ഇപ്പോള്‍ ജീവിക്കുന്നതും. പരലോക വിജയത്തിനായി നാം എന്തൊക്കെ മുന്നൊരുക്കം നടത്തിയിട്ടുണ്ട്? നമ്മുടെ ജീവിത സമ്പാദ്യം കൊണ്ട് നന്മയുടെ തുലാസോ തിന്മയുടെ തുലാസോ കനം തൂങ്ങുക? പറയത്തക്ക നന്മയൊന്നും സമ്പാദ്യമായി ഇല്ല എങ്കില്‍, തിന്മയാണ് മുന്നിട്ടു നില്‍ക്കുന്നതെങ്കില്‍ ഇനിയും സമയം വൈകിയിട്ടില്ലന്നറിയുക. തെറ്റുകള്‍ മനുഷ്യസഹജമാണ്. സ്രഷ്ടാവിലേക്ക് ഖേദിച്ച് മടങ്ങുക. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക.

നമ്മുടെ വസ്ത്രധാരണ രീതിയും ജീവിത ശൈലിയും തീരുമാനിക്കുന്നത് പരസ്യക്കമ്പനികളോ സിനിമ, സ്‌പോര്‍സ് താരങ്ങളോ കൂട്ടുകാരോ ആയിക്കുടാ; ഇസ്‌ലാമിക പ്രമാണങ്ങളായിരിക്കണം. അതില്‍ അഭിമാനിക്കന്‍ നമുക്കാവണം. വസ്ത്രത്തിന്റെ ധര്‍മം ശരിയാംവണ്ണം നിര്‍വഹിക്കാത്ത, മാന്യതയ്ക്കും മനുഷ്യത്വത്തിനും നിരക്കാത്ത വസ്ത്രധാരണ രീതികൊണ്ട് നമുക്കെന്ത് നേട്ടം? കോട്ടങ്ങള്‍ എമ്പാടുമുണ്ട് താനും.

നേരെ നടന്നാല്‍ സമൂഹം പഴഞ്ചനെന്നും ആധുനിക ലോകത്ത് ജീവിക്കാന്‍ അര്‍ഹതയില്ലാത്തവന്‍ എന്നുമൊക്കെ മുദ്ര കുത്തിയേക്കാം. വെറുതെ ജീവിത സുഖങ്ങള്‍ പാഴാക്കിക്കളയുന്നവന്‍ എന്ന് പരിഹസച്ചേക്കാം. എന്നാല്‍ ഓര്‍ക്കുക; ഐഹിക ജീവിതം വളരെ ഹ്രസ്വമാണ്. അതില്‍ നഷ്ടപ്പെട്ട ഒരു സെക്കന്റ് പോലും തിരിച്ചു പിടിക്കാന്‍ കഴിയില്ല; ഒരാള്‍ക്കും.  

നബി ﷺ  പറഞ്ഞു: ”ആരെങ്കിലും ഇഹലോകത്തെ സ്‌നേഹിച്ചാല്‍ പരലോകത്ത് അത് നഷ്ടമുണ്ടാക്കും. ആരെങ്കിലും പരലോകത്തെ സ്‌നേഹിച്ചാല്‍ ഇഹലോകത്ത് അത് നഷ്ടമുണ്ടാക്കും. അതുകൊണ്ട് നശിക്കുന്നതിനെക്കാള്‍ ശേഷിക്കുന്നതിന് നിങ്ങള്‍ പ്രാധാന്യം നല്‍കുക” (അഹ്മദ്, ബൈഹഖി).

ഇബ്‌നുമസ്ഉൗദ്(റ) നിവേദനം. നബി ﷺ  പറഞ്ഞു: ”നിങ്ങളില്‍ ആര്‍ക്കാണ് സ്വന്തം സ്വത്തിനെക്കാള്‍ തന്റെ അനന്തരാവകാശികളുടെ സ്വത്തിനോട് പ്രിയമുണ്ടാവുക?” അവര്‍ പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലെല്ലാവര്‍ക്കും കൂടുതല്‍ പ്രിയം അവനവന്റെ സ്വത്തിനോടു തന്നെയാണ്. അങ്ങനെയല്ലാത്ത ഒരാളും ഞങ്ങളിലില്ല.” നബി ﷺ  പറഞ്ഞു: ”എന്നാല്‍ ഒരാളുടെ സ്വന്തം സ്വത്ത് അയാള്‍ മുന്‍കൂട്ടി ചെലവുചെയ്തതത്രെ. പിന്നേക്ക് എടുത്തുവെച്ചത് അയാളുടെ അനന്തരാവകാശികളുടെ സ്വത്താണ്”(ബുഖാരി).

സ്വത്തിനോടുള്ള അമിതാര്‍ത്തി ഇല്ലാതാക്കുകയും മരണചിന്തയുണര്‍ത്തുകയും ചെയ്യുന്ന നബിവചനമാണ് മുകളില്‍ കൊടുത്തത്. വര്‍ത്തമാനകാലത്ത് ഒരാള്‍ എന്തിന്റെയൊക്കെ ഉടമസ്ഥനും അധിപനുമാണെങ്കിലും അയാള്‍ക്കതെല്ലാം ഏതുനിമിഷവും നഷ്ടപ്പെട്ടേക്കാം. സര്‍വവിധ ആസ്വാദനങ്ങളെയും തകര്‍ത്തുകളയുന്ന മരണം ഒരു മനുഷ്യനെ അവന്‍ ഉടുത്തുകൊണ്ടിരിക്കുന്ന വസ്ത്രത്തിന്റെ പോലും ഉടമയല്ലാതാക്കി മാറ്റുന്നു! അയാളുടെ സ്വത്തിന്റെയും ഉടുതുണിയുടെ പോലും അവകാശി അവനല്ല; അവന്റെ അനന്തരാവകാശിയാണെന്നര്‍ഥം. അതിനാല്‍ മതത്തെ ജീവിതത്തിന്റെ ഭാഗമാക്കുക. അത് വിശ്വാസിയുടെ ജീവവായുവാണ്. ഓരോ സെക്കന്റിലും ഒരു മുസ്‌ലിം മുസ്‌ലിമായിരിക്കണം, മുഅ്മിനായിരിക്കണം.

 

ജംഷീന കല്‍പ്പറ്റ
നേർപഥം വാരിക

കുട്ടികളും സംശയങ്ങളും

കുട്ടികളും സംശയങ്ങളും

കുട്ടികള്‍ നിഷ്‌കളങ്ക ഹൃദയരാണ്. അവരുടെ നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ പലപ്പോഴും മാതാപിതാക്കളെ പ്രതിസന്ധിയിലാക്കാറുണ്ട്. പ്രത്യേകിച്ചും അവരുടെ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിയാതെ വരുമ്പോള്‍. ചോദ്യങ്ങള്‍ ചോദിക്കുന്ന സ്വഭാവം കുട്ടികളില്‍ ഒരു വയസ്സു മുതല്‍ തന്നെ കണ്ടുതുടങ്ങും. അത് ഏറ്റവും കൂടുതല്‍ കാണുന്നത് നാലു വയസ്സ് ആകുമ്പോഴാണ്. സാധാരണ ഗതിയില്‍ ഒരു കുട്ടി 95-100 ചോദ്യങ്ങള്‍ വരെ ഒരു ദിവസത്തില്‍ ചോദിക്കാം. അതില്‍ പകുതിയില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്കും അവര്‍ക്ക് ഉത്തരം ലഭിക്കാറില്ല. കാരണം മുതിര്‍ന്നവര്‍ അവരുടെ എല്ലാ ചോദ്യങ്ങളോടും പ്രതികരിക്കാറില്ല എന്നതു തന്നെ. പിന്നീട് സാവകാശം അവരിലെ ജിജ്ഞാസ കുറയുകയും ചോദ്യങ്ങള്‍ ചോദിക്കാനുള്ള താല്‍പര്യം കുറഞ്ഞുവരികയും ചെയ്യുന്നു.

ഒരു കുട്ടി അവന്റെ/അവളുടെ ബൗദ്ധികവികാസത്തിലൂടെ നിരന്തരം കടന്നുപോകുകയാണ്. ഈ വികാസം സാധ്യമാകുന്നത് ചുറ്റുപാടുകളുമായി സമ്പര്‍ക്കമുണ്ടാകുന്നതിലൂടെയും അറിയുന്നതിലൂടെയുമാണ്. കണ്ടും കേട്ടും തൊട്ടും അനുഭവിച്ചും ചുറ്റുപാടുകളെമനസ്സിലാക്കുന്നതിലൂടെ കുട്ടിയുടെ ബുദ്ധിപരമായ വികാസം ദ്രുതഗതിയില്‍ നടക്കുന്നുണ്ട്. അപ്പോള്‍ കൂടുതല്‍ കൂടുതല്‍ തന്റെ ചുറ്റുപാടില്‍ ഉള്ളതിനെ മനസ്സിലാക്കാനുള്ള ത്വരയാണ് സംശയങ്ങളുടെയും ചോദ്യങ്ങളുടെയും രൂപത്തില്‍ കുട്ടികള്‍ പ്രകടിപ്പിക്കുന്നത്.

ഇതിനൊക്കെ പുറമെ താന്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്, മാതാപിതാക്കളുടെ മുമ്പില്‍ വേണ്ടത്ര ശ്രദ്ധ കിട്ടുന്നുണ്ട് എന്ന തോന്നല്‍ സൃഷ്ടിക്കാനും കുട്ടികള്‍ പലപ്പോഴും സംശയങ്ങള്‍ ഉന്നയിക്കാറുണ്ട്. കുടുംബ സദസ്സുകളില്‍ ഒരു ശ്രദ്ധാകേന്ദ്രം ആകുന്നതിനും സംശയങ്ങള്‍ ചോദിക്കുന്ന കുട്ടികളുണ്ട്. അതിലൂടെ താന്‍ എല്ലാവരാലും സ്‌നേഹിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന തോന്നല്‍ അവരില്‍ ഉണ്ടാകുന്നു.

എങ്ങനെ പ്രോല്‍സാഹിപ്പിക്കാം?

ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിലൂടെ തന്നെ അലട്ടുന്ന ചോദ്യങ്ങളില്‍നിന്ന് കുട്ടിയെ വഴിതിരിച്ചു വിടാം.

ചെറിയ ചെറിയ ചോദ്യങ്ങള്‍ ചോദിച്ച് കുട്ടിയുടെ ചിന്താശക്തിയെ ഉത്തേജിപ്പിക്കുക.

കുട്ടികളുടെ സംശയങ്ങള്‍ ക്ഷമയോടെ കേള്‍ക്കുക. അവര്‍ക്ക് മനസ്സിലാകുന്ന രൂപത്തില്‍ ഉത്തരം നല്‍കുക.

‘വൃത്തികെട്ട ചോദ്യം’ എന്നു പറഞ്ഞ് കുട്ടിയെ കളിയാക്കാതിരിക്കുക

കുട്ടിയുടെ നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിച്ച് കുട്ടിയെ പരിഹാസ്യപാത്രമാക്കാതിരിക്കുക.

നാം തിരിച്ചറിയേണ്ടത്

മനുഷ്യന്റെ എല്ലാ ചിന്തകള്‍ക്കും കണ്ടുപിടുത്തങ്ങള്‍ക്കും ആധാരം മനസ്സില്‍ ഉരുത്തിരിയുന്ന ചോദ്യങ്ങളാണ.് അവയാണ് പുതിയ കണ്ടെത്തലുകളിലേക്കും ഉത്തരങ്ങളിലേക്കും നയിക്കുന്നത്. കുട്ടികള്‍ ധാരാളം സംശയങ്ങളും ചോദ്യങ്ങളും ചോദിക്കട്ടെ. ഉത്തരം നമുക്കറിയില്ലെങ്കിലും അവരെ തളര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക. അങ്ങനെ അവര്‍ കണ്ണും കാതും തുറന്നിരിക്കുന്ന ചിന്താശക്തിയുള്ള വ്യക്തികളായി വളരട്ടെ.

 

ശഹീദ
നേർപഥം വാരിക

പ്രബോധനം ‘ആത്മരക്ഷക്ക്’

പ്രബോധനം 'ആത്മരക്ഷക്ക്'

ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രചോദനം ആത്മരക്ഷയാണ്. പരലോകത്ത് രക്ഷപ്പെടാന്‍ വിശ്വാസവും പ്രവര്‍ത്തനങ്ങളും മാത്രം മതിയാകില്ല. സത്യവും സഹനശേഷിയും സ്വയം ഉള്‍ക്കൊള്ളുകയും അതിനായി പരസ്പരം ഉപദേശിക്കുകയും കൂടി ചെയ്യുമ്പോള്‍ മാത്രമെ നഷ്ടത്തില്‍ നിന്ന് പൂര്‍ണമായി രക്ഷപ്പെടുകയുള്ളൂ. അല്ലാഹു പറയുന്നത് നോക്കൂ:

”കാലം തന്നെയാണ് സത്യം. തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ” (ക്വുര്‍ആന്‍: 103:1-3).

ക്വുര്‍ആനും സുന്നത്തും സച്ചരിതരായ മുന്‍ഗാമികളുടെ (സലഫുകളുടെ) മാര്‍ഗവും അവംബിച്ചുകൊണ്ട് മുന്നേറുന്ന ഒരു വിഭാഗം ലോകാവസാനംവരെ ഇവിടെ നിലനില്‍ക്കുമെന്നത് നബി ﷺ യുടെ പ്രവചനമാണ്. പണ്ഡിതന്മാര്‍ ‘അല്‍ ജമാഅ’ എന്നാണ് ആ വിഭാഗത്തെ പരിചയപ്പെടുത്തിയ പേരുകളിലൊന്ന്. അതിനോടൊപ്പം ചേര്‍ന്നുനില്‍ക്കല്‍ വിശ്വാസികളുടെ ബാധ്യതയാണ്.

ക്വുര്‍ആന്‍ ഇക്കാര്യം  പഠിപ്പിക്കുന്നുണ്ട്: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും സത്യവാന്മാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക” (9:119).

സത്യമത പ്രബോധനം സംഘടിതമായി നിര്‍വഹിക്കുമ്പോഴാണ് കൂടുതല്‍ സല്‍ഫലങ്ങളും സുതാര്യതയും ഉണ്ടാകുന്നത്. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാന്‍ സംഘടിക്കുമ്പോള്‍ അത് ഒരു നേതൃത്വത്തിന്റെ കീഴിലായിരിക്കണമെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ പഠിപ്പിക്കുന്നത്.

മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങളില്‍ പെട്ടതാണ് മതപ്രബോധന സ്വാതന്ത്ര്യവും.

രാജ്യത്തെ സൊസൈറ്റി ആക്ട് പ്രകാരമുളള നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം സംഘംചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്. അതുകൊണ്ട് പ്രത്യേക ഭരണഘടനയും ചട്ടങ്ങളും സംഘടനക്ക് അത്യാവശ്യമായി വരുന്നു. സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഔദാര്യമോ സേവനമോ അല്ല എന്നും  പരലോക നഷ്ടത്തില്‍നിന്ന് സ്വയം രക്ഷപ്പെടാനുള്ള ഉത്തരവാദിത്ത നിര്‍വഹണമാണ് എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

പരലോക രക്ഷക്കുവേണ്ടി നാം സംഘടനയെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. വിവിധ കഴിവുകളുടെ സംയോജനമാണ് സംഘടനയിലൂടെ നടക്കുന്നത്. അറിവും സംഘാടനവും സമ്പത്തും മനുഷ്യവിഭവശേഷിയും ചിതറിക്കിടന്നാല്‍ പ്രബോധനരംഗത്ത് വ്യക്തികള്‍ക്ക് പരിമിതമായ ചില കാര്യങ്ങളല്ലാതെ കൂടുതലൊന്നും ചെയ്യാനാവില്ല. എന്നാല്‍, അതെല്ലാം കൂട്ടിയോജിപ്പിക്കുമ്പോള്‍ വമ്പിച്ച മുന്നേറ്റം സാധ്യമാകും. ഓരോരുത്തരുടെയും കഴിവുകള്‍ സംയോജിപ്പിച്ച് പ്രയോഗവത്കരിക്കാന്‍ സംഘടനയാകുന്ന പ്ലാറ്റ്‌ഫോം അനിവാര്യമാണ്.

നാം വാഹനത്തില്‍ യാത്ര ചെയ്യുന്നത് ഉടമസ്ഥന് വേണ്ടിയോ ജോലിക്കാര്‍ക്ക് വേണ്ടിയോ അല്ല; നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാണ്.

ഇതുപോലെ സംഘടനയിലെ ഭാരവാഹികള്‍ക്ക് വേണ്ടിയല്ല നാം പ്രവര്‍ത്തിക്കുന്നത്. നമ്മുടെ പരലോക രക്ഷക്കായി പ്രബോധനമെന്ന ബാധ്യത നിര്‍വഹിക്കുകയാണ്. ഒരാള്‍ സംഘടനയില്‍ ചേരുന്നതിന്റെ ഗുണവും അതില്‍നിന്ന് വിട്ടു നില്‍ക്കുന്നതിന്റെ ദോഷവും ആത്യന്തികമായി അയാള്‍ക്ക് തന്നെയാണ്.

നമ്മുടെ ബാധ്യത നിര്‍വഹിക്കുമ്പോള്‍ ജനങ്ങള്‍ സത്യം ഉള്‍ക്കൊള്ളുന്നത് സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. അതിലൂടെ പ്രസ്ഥാനം വളര്‍ന്നു പന്തലിക്കും. നമ്മുടെ പ്രബോധനത്തിലൂടെ ഒരാള്‍പോലും ആദര്‍ശം സ്വീകരിച്ചില്ലെങ്കിലും നാം പ്രയത്‌നിച്ചതിന്റെ പ്രതിഫലം നമുക്ക് അല്ലാഹുവിങ്കല്‍നിന്ന് ലഭിക്കും.

ബനൂ ഇസ്‌റാഈല്യരിലെ ഒരു വിഭാഗം, ശബ്ബത്ത് നാളില്‍ പാലിക്കാന്‍ അല്ലാഹു നല്‍കിയ വിധി ലംഘിച്ചുകൊണ്ട് മീന്‍ പിടിക്കാനൊരുങ്ങിയപ്പോള്‍ ഉറച്ച വിശ്വാസമുള്ളവര്‍ അവരെ ഗുണദോഷിച്ചു. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അതിലംഘിക്കുന്നതിലുള്ള അപകടം ചൂണ്ടിക്കാട്ടി. എന്നാല്‍ ഒരു വിഭാഗത്തിന് ഈ ഉപദേശം അനാവശ്യമാണെന്ന് തോന്നി. കുറ്റവാളികളെ അല്ലാഹു ശിക്ഷിച്ചുകൊള്ളുമല്ലോ, നമ്മളെന്തിന് അതിലിടപെടണം എന്നായിരുന്നു അവരുടെ നിലപാട്. ഈ ചോദ്യത്തിന് വിശ്വാസികള്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.

”നിങ്ങളുടെ രക്ഷിതാവിങ്കല്‍(ഞങ്ങള്‍) അപരാധത്തില്‍ നിന്ന് ഒഴിവാകുന്നതിന് വേണ്ടിയാണ്. ഒരു വേള അവര്‍ സൂക്ഷ്മത പാലിച്ചുവെന്നും വരാമല്ലൊ” (7:164).

തിന്മ വിരോധിക്കാതിരുന്നാല്‍ അല്ലാഹുവിന്റെ മുമ്പില്‍ നാം മറുപടി പറയേണ്ടിവരുമെന്ന് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. പ്രബോധനം സ്വന്തം കാര്യമാണെന്ന് ബോധ്യപ്പെടുമ്പോള്‍, തടസ്സവാദങ്ങള്‍ നിരത്തി മാറിനില്‍ക്കുകയില്ല. പ്രബോധന രംഗത്തെ പ്രതിബന്ധങ്ങള്‍ സ്വയം തട്ടിമാറ്റി ബാധ്യത നിര്‍വഹണ രംഗത്ത് നാം സ്വയം മുന്നേറും.

ഓരോരുത്തരും അവരവരുടെ വിശ്വാസവും ആചാരവും സ്വീകരിച്ച് ജീവിച്ചാല്‍ മതി, അതിലേക്ക് മറ്റുള്ളവരെ ക്ഷണിക്കേണ്ടതില്ല എന്ന് വാദിക്കുന്നവരുണ്ട്. ഇത് ശരിയായ നിലപാടല്ല. മറ്റുള്ളവര്‍ക്ക് കൂടി ഇസ്‌ലാമിക സന്ദേശം പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. അതിന് ശ്രമിക്കാതിരിക്കുന്നത് കുറ്റകരമായ കാര്യമാണ്. മറ്റൊരാളെ സത്യപാതയിലേക്ക് ക്ഷണിക്കുന്നത് അയാളോടുള്ള സ്‌നേഹം കൊണ്ടാണ്. താന്‍ സ്വീകരിച്ച സന്ദേശം മറ്റുള്ളവരും ഉള്‍ക്കൊള്ളുന്നതിലൂടെ സ്വര്‍ഗ പ്രവേശം സാധ്യമാകട്ടെയെന്ന അടങ്ങാത്ത ആഗ്രഹമാണ് ഒരു വിശ്വാസിയെ പ്രബോധകനാക്കുന്നത്. മതം മറ്റൊരാള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ നമ്മുടെ രാജ്യം അനുവാദം നല്‍കുകയും ചെയ്യുന്നുണ്ട്. തന്റെ മതത്തിലേക്ക് ക്ഷണിക്കുന്നതല്ല; നിര്‍ബന്ധിക്കുന്നതാണ് കുഴപ്പങ്ങള്‍ക്ക് കാരണമാവുക. ബലപ്രയോഗത്തിലൂടെയുള്ള പരിവര്‍ത്തനശ്രമം വിലക്കിയ മതമാണ് ഇസ്‌ലാം. മാറ്റം ആദ്യം മനസ്സിലാണ് വേണ്ടത്. മതപ്രബോധനം ആത്മരക്ഷയുടെ മാര്‍ഗമായതുകൊണ്ടാണ് ഇസ്‌ലാമിക പ്രബോധകര്‍ അനുസ്യൂതം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

 

ടി.കെ.അശ്‌റഫ്
നേർപഥം വാരിക

വായനയിലൂടെ വിജയത്തിലേക്ക്

വായനയിലൂടെ വിജയത്തിലേക്ക്

അധ്വാനിക്കാതെ കുറുക്കുവഴിയില്‍ കാര്യം നേടുകയെന്നത് പുതിയ കാലത്തിന്റെ പ്രവണതയാണ്. മതപരമായ വിജ്ഞാനം നേടുന്ന കാര്യത്തിലും ഈ സ്വഭാവം പ്രകടമാണ്. അറിവിന്റെ ലഭ്യമായ സ്രോതസ്സുകള്‍ പരിശോധിക്കാനും കാര്യങ്ങള്‍ കണ്ടെത്താനും പലരും പരിശ്രമിക്കാറില്ല. തന്റെ അലമാരയില്‍ ക്വുര്‍ആന്‍ പരിഭാഷകളും പുസ്തകങ്ങളും യഥേഷ്ടം ഉണ്ടെങ്കിലും സംശയ നിവാരണത്തിനായെങ്കിലും അതൊന്ന് തുറന്ന് നോക്കാന്‍ പലരും പരിശ്രമിക്കാറില്ല. സംശയമുള്ള വിഷയത്തില്‍ തന്റെയടുത്തുള്ള ഗ്രന്ഥങ്ങളും ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളും പരിശോധിക്കാനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. വായിച്ച ശേഷമുണ്ടാകുന്ന വ്യക്തതക്ക് വേണ്ടിയാവണം പരിചയമുള്ള ഏതെങ്കിലും പ്രബോധകനോട് അന്വേഷിക്കുന്നത്.

ഇസ്‌ലാമിക പ്രസിദ്ധീകരണത്തിന് വരിചേര്‍ക്കാന്‍ ചെല്ലുമ്പോള്‍ ചിലര്‍ ചോദിക്കുന്ന ചോദ്യത്തില്‍ നിന്ന് വായനയോടുള്ള അവരുടെ വിമുഖത വ്യക്തമാകും. ‘വീട്ടിലാരും വായിക്കാനില്ല,’ ‘വായിക്കാന്‍ വിചാരിച്ചാല്‍ തന്നെ സമയമെവിടെ?’ തുടങ്ങിയ ചോദ്യങ്ങളില്‍നിന്ന് മറ്റെന്താണ് മനസ്സിലാക്കാനാവുക? വീട്ടിലാരും വായിക്കാനില്ലെന്ന് പറയുമ്പോള്‍ പ്രതിയാകുന്നത് പറയുന്ന വ്യക്തി തന്നെയല്ലേ?

നല്ല വായന ആത്മാവിന്റെ ഭക്ഷണമാണ്. ശരീരത്തിന് ഭക്ഷണം ലഭിക്കാതെ വരുമ്പോഴുണ്ടാകുന്ന അപകടത്തെക്കാള്‍ വലിയ ദുരന്തമാണ് ആത്മാവിന് ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ സംഭവിക്കുന്നത്. വിശുദ്ധ ക്വുര്‍ആനും സ്രഷ്ടാവിനെക്കുറിച്ചുള്ള സ്മരണയുള്‍ക്കൊള്ളുന്ന മറ്റു ഗ്രന്ഥങ്ങളും പാരായണം ചെയ്യുമ്പോള്‍ ഭയഭക്തി വര്‍ധിക്കുമെന്നതില്‍ സംശയമില്ല. കാര്യങ്ങള്‍ പഠിച്ചറിഞ്ഞവര്‍ക്കും അല്ലാത്തവര്‍ക്കും ജീവിത കാഴ്ചപ്പാടില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകും.”…പറയുക, അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്മാര്‍ മാത്രമെ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ”(ക്വുര്‍ആന്‍ 39:9).

അറിവ് നേടല്‍ ഒരു സത്യവിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണന്ന് പ്രവാചകന്‍ ﷺ  പഠിപ്പിച്ചിട്ടുണ്ട്. വായിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥത്തിന്റെ വക്താക്കള്‍ എന്റെ വീട്ടില്‍ വായിക്കാനാരുമില്ലെന്ന് പറയുന്നത് ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. വായിക്കാനാളില്ല, സമയമില്ല, പണമില്ല… തുടങ്ങിയ തടസ്സവാദങ്ങള്‍ മതപരമായ വായനയുടെ കാര്യത്തില്‍ മാത്രമെ പലരും ഉന്നയിക്കാറുള്ളൂ. ടി.വി ചാനലുകള്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, അനിവാര്യമല്ലാത്ത ബൈക്ക്-കാര്‍ യാത്രകള്‍, സോഷ്യല്‍ മീഡിയയില്‍ വരുന്ന തമാശകള്‍… പണവും സമയവും ഇങ്ങനെയുള്ള പല വഴികളിലും നാം ഏറെ ചെലവഴിക്കാറുണ്ട് താനും!

ശാശ്വത ജീവിതം പരലോകത്താണ്. അവിടേക്കുള്ള ഒരുക്കത്തിന് വേണ്ടി നാം അറിയേണ്ട ആശയങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം. ഇഹലോകത്തിന് പ്രാമുഖ്യം നല്‍കുന്നതാണ് മതപരമായ വായനയില്‍ നിന്ന് അകലാന്‍ കാരണം. നാം നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന പല വിഷയങ്ങള്‍ക്കുമുള്ള പരിഹാരം നിര്‍ദേശിക്കുന്ന ലേഖനങ്ങളും കുറിപ്പുകളും ഒരുപക്ഷേ, നാം വാങ്ങിവെച്ച ആനുകാലിക പ്രസിദ്ധീകരണത്തിലുണ്ടാവും. അതിന്റെ റാപ്പര്‍ പോലും പൊട്ടിക്കാതിരിക്കുകയും തന്റെ പ്രശ്‌നങ്ങളെക്കുറിച്ചോര്‍ത്ത് ദുഃഖിക്കുകയും ചെയ്യുന്നവരെക്കുറിച്ച് എന്ത് പറയാനാണ്?!

ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള വായനക്കും പഠനത്തിനും സമയമില്ലന്ന് പറഞ്ഞ് മാറിനിന്നാല്‍ നമ്മുടെ കര്‍മരേഖ നിര്‍ബന്ധപൂര്‍വം വായിക്കേണ്ടി വരുന്ന ഒരു ദിനത്തില്‍ നാം ഖേദിക്കേണ്ടി വരും. മനുഷ്യന്റെ വിശ്വാസത്തെയും സംസ്‌കാരത്തെയും ഇളക്കി മാറ്റുന്ന ലിബറല്‍ ചിന്താഗതികള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ നേര്‍വഴിയിലേക്കുള്ള വായനയുടെ പ്രസക്തി വര്‍ധിക്കുകയാണ്. കാലാതിവര്‍ത്തിയായ ഇസ്‌ലാമിനെ കാലികമായി പ്രമാണത്തിലൂന്നിയവതരിപ്പിക്കുകയാണ് ‘നേര്‍പഥം’ വാരിക നിര്‍വഹിക്കുന്ന ദൗത്യം.

നവമ്പര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ അതിന്റെ പ്രചാരണ കാലമാണ്. കേള്‍വി മാത്രമല്ല; വായന കൂടി ഉണ്ടാകുമ്പോഴാണ് ആശയങ്ങള്‍ക്ക് മനസ്സില്‍ സ്ഥിരതയും വ്യക്തതയും ഉണ്ടാകുന്നത്. വിജ്ഞാനസമ്പാദനത്തില്‍ താല്‍കാലിക പരിഹാരമല്ല നാം അന്വേഷിക്കേണ്ടത്. നിരന്തരവും സമയബന്ധിതവും ലക്ഷ്യബോധവുമുള്ള ഒരു വായനാ സംസ്‌കാരത്തിലേക്ക് നാം ഉണര്‍ന്നെഴുന്നേല്‍ക്കണം.

 

ടി.കെ.അശ്‌റഫ്
നേർപഥം വാരിക