ക്വുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം

ക്വുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം

ജനങ്ങള്‍ക്ക് മാര്‍ഗദീപമായും വഴികാട്ടിയായും അല്ലാഹു ഇറക്കിയ ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. ‘തീര്‍ച്ചയായും ഈ ക്വുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുന്നു…’ (ക്വുര്‍ആന്‍ 17::9). കേവലം പാരായണം ചെയ്യുക എന്നതിലുപരി അത് പഠിക്കലും പ്രാവര്‍ത്തികമാക്കലും നമ്മുടെ മേല്‍ അനിവാര്യമാണ്. 

വഴിപിഴച്ചുപോകാതിരിക്കാനുള്ള ഏകമാര്‍ഗം അല്ലാഹുവില്‍ നിന്നുള്ള മാര്‍ഗദര്‍ശനം പിന്‍പറ്റുക എന്നതു മാത്രമാണ്. അല്ലാഹു പറയുന്നത് കാണുക: ”എന്നാല്‍ എന്റെ പക്കല്‍ നിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോള്‍ എന്റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റുന്നുവോ അവന്‍ പിഴച്ച് പോകുകയില്ല, കഷ്ടപ്പെടുകയുമില്ല” (ക്വുര്‍ആന്‍ 20:123). 

മാത്രവുമല്ല ഉത്തമനായ വിശ്വാസിയുടെ സ്വഭാവമായി പഠിപ്പിക്കപെട്ട കാര്യമാണ് ക്വുര്‍ആന്‍ പഠനം. നബി ﷺ  പറഞ്ഞതായി ഉഥ്മാന്‍(റ) ഉദ്ധരിക്കുന്നു: ”നിങ്ങളില്‍ ഉത്തമന്‍ ക്വുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തവനാകുന്നു” (ബുഖാരി). 

ക്വുര്‍ആന്‍ പഠനത്തിലൂടെ നാം ലക്ഷ്യമാക്കേണ്ടത് ഇരുലോക വിജയമാണ്. അത്തരക്കാരാണ് യഥാര്‍ഥ ഉല്‍ബുദ്ധത കൈവരിച്ചവര്‍. അല്ലാഹു പറയുന്നത് കാണുക: ”നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി” (ക്വുര്‍ആന്‍ 38:29).

ക്വുര്‍ആന്‍ പഠനത്തിന്റെ മഹത്ത്വം

ക്വുര്‍ആന്‍ പഠനത്തിന്റെ മഹത്ത്വം വിവരിക്കുന്ന ചില ഹദീഥുകള്‍ നമുക്ക് പരിചയപ്പെടാം.

1. ‘ക്വുര്‍ആനില്‍ നിപുണരായവര്‍ ആദരണീയരും പരിശുദ്ധരുമായ മലക്കുകളുടെ കൂടെയാണ്.’ (ബുഖാരി, മുസ്‌ലിം) 2. ‘ക്വുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസിയുടെ ഉപമ മധുരനാരങ്ങയെ പോലെയാണ്. അതിനു നല്ല രുചിയും പരിമളവുമാണുള്ളത്. ക്വുര്‍ആന്‍ പാരായണം ചെയ്യാത്ത വിശ്വാസിയുടെ ഉപമ കാരക്കയെപ്പോലെയാണ്. അതിന് രുചിയാണുള്ളത്; യാതൊരു പരിമളവുമില്ല’ (ബുഖാരി, മുസ്‌ലിം). 3. ‘ക്വുര്‍ആന്‍ നിങ്ങള്‍ പാരായണം ചെയ്യുക. അത് ക്വിയാമത്തു നാളില്‍ തന്റെയാളുകള്‍ക്കായി ശുപാര്‍ശ ചെയ്യും’ (മുസ്‌ലിം). 4. ‘നിങ്ങളാരെങ്കിലും പ്രഭാതത്തില്‍ പള്ളിയിലേക്ക് പുറപ്പെടുകയും അവിടെ നിന്നും രണ്ട് ആയത്തുകള്‍ പഠിക്കുകയോ പാരായണം ചെയ്യുകയോ ചെയ്താല്‍ അത് നിങ്ങള്‍ക്ക് രണ്ട് പെണ്ണൊട്ടകങ്ങള്‍ ലഭിക്കുന്നതിനെക്കാള്‍ ഉത്തമമാണ്. മൂന്ന് ആയത്തുകള്‍ മൂന്ന് ഒട്ടകത്തെക്കാളും നാല് ആയത്തുകള്‍ നാല് ഒട്ടകത്തെക്കാളും ഓരോ എണ്ണവും ഓരോ ഒട്ടകം ലഭിക്കുന്നതിനെക്കാളും ഉത്തമമാകുന്നു’ (മുസ്‌ലിം). 5. ‘അല്ലാഹുവിന്റെ ഭവനങ്ങളില്‍ ക്വുര്‍ആന്‍ പാരായണത്തിനും പരസ്പര പഠനത്തിനുമായി ഒരുമിച്ച് കൂടിയവരില്‍ (അല്ലാഹുവിന്റെ) സമാധാനമിറങ്ങുകയും (അല്ലാഹുവിന്റെ)കാരുണ്യം അവരെ പൊതിയുകയും മലക്കുകള്‍ അവരെ വലയം ചെയ്യുകയും അല്ലാഹു അവരെക്കുറിച്ച് തന്റെ അടുക്കലുള്ളവരോട് അനുസ്മരിക്കുകയും ചെയ്യും’ (മുസ്‌ലിം). ഇത്തരത്തില്‍ ക്വുര്‍ആന്‍ പഠനത്തിന്റെ മഹത്ത്വം പരിചയപ്പെടുത്തുന്ന ധാരാളം സ്വഹീഹായ ഹദീഥുകള്‍ നമുക്ക് കാണുവാന്‍ സാധിക്കും.

തിരിഞ്ഞ് നടക്കുന്നവന്റെ ഉപമ

അല്ലാഹുവില്‍ നിന്നുള്ള ഉല്‍ബോധനമാണ് ക്വുര്‍ആന്‍. അതില്‍ നിന്നും തിരിഞ്ഞ് നടക്കുന്നവനെ കഴുതയോടാണ് അല്ലാഹു ഉപമിച്ചത്. അല്ലാഹു പറയുന്നത് നോക്കൂ: ”എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു. അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു. സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍)” (ക്വുര്‍ആന്‍ 74:49-51). 

മുന്‍ഗാമികളില്‍ നിന്നും, വേദം ലഭിച്ചിട്ട് അത് ജീവിതത്തില്‍ പകര്‍ത്താത്ത, അതിനുവേണ്ടി പ്രയത്‌നിക്കാത്ത ആളുകളെയും ഇത് പോലെ തന്നെയാണ് അല്ലാഹു വിമര്‍ശിച്ചത്: ”തൗറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത!…” (ക്വുര്‍ആന്‍ 62:5). 

പഠിച്ചത് ജീവിതത്തില്‍ പകര്‍ത്താതെ തന്നിഷ്ടത്തെ പിന്‍പറ്റുന്നവനെ അല്ലാഹു ഉപമിച്ചത് നോക്കൂ: ”നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കിയിട്ട് അതില്‍ നിന്ന് ഊരിച്ചാടുകയും അങ്ങനെ പിശാച് പിന്നാലെ കൂടുകയും എന്നിട്ട് ദുര്‍മാര്‍ഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവന്റെ വൃത്താന്തം നീ അവര്‍ക്ക് വായിച്ചുകേള്‍പിച്ചു കൊടുക്കുക. നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷേ, അവന്‍ ഭൂമിയിലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും സ്വദേഹങ്ങള്‍ക്ക് തന്നെ ദ്രോഹം വരുത്തിക്കൊണ്ടിരിക്കുകയും ചെയ്ത ആളുകളുടെ ഉപമ വളരെ ചീത്ത തന്നെ” (ക്വുര്‍ആന്‍ 7:175-177). അത് കൊണ്ടുതന്നെ ഇത്തരത്തില്‍ ഉപമിക്കപ്പെട്ട ആളുകളുടെ കൂട്ടത്തില്‍ നിന്നും നാം രക്ഷപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം വമ്പിച്ച നഷ്ടമാണ് നമ്മെ കാത്തിരിക്കുന്നത്.

ഉത്തരം പറയാന്‍ തയ്യാറാവുക.

ക്വബ്‌റിലെ രക്ഷാശിക്ഷകളില്‍ വിശ്വസിക്കുന്നവരാണല്ലോ നാം. ക്വബ്‌റിലെ ചോദ്യങ്ങളില്‍ സുപ്രധാനമായ ഒരു ചോദ്യം നമ്മുടെ അറിവിനെ കുറിച്ചാണ്. വിശ്വാസികള്‍ അതിനു പറയുന്ന മറുപടി നബി  ﷺ  നമുക്ക് പഠിപ്പിച്ചുതന്നിട്ടുണ്ട്. അത് ഇപ്രകാരമാകുന്നു: ‘ഞാന്‍ അല്ലാഹുവിന്റെ ഗ്രന്ഥം വായിച്ചു. അതില്‍ ഞാന്‍ വിശ്വസിച്ചു. അതിനെ ഞാന്‍ സത്യപ്പെടുത്തി’ (മുസ്‌ലിം). 

നമുക്ക് ഈ ഉത്തരം പറയുവാന്‍ കഴിയുേമാ? നാം അതിന് തയ്യാറായിട്ടുണ്ടോ? ഒരിക്കലും ദുരന്തം പേറേണ്ട അവസ്ഥ നമ്മില്‍ ഉണ്ടാകരുത്. തലയിലേക്ക് വലിയ പാറക്കല്ലുകള്‍ എറിയപ്പെടുകയും തല ഛിന്നഭിന്നമാക്കപ്പെടുകുയും ചെയ്യുന്ന വമ്പിച്ച ശിക്ഷ ലഭിക്കുന്നവര്‍ നിര്‍ബന്ധ നമസ്‌കാരത്തിന്റെ സമയത്ത് കിടന്നുറങ്ങുകയും ക്വുര്‍ആന്‍ ലഭിച്ചിട്ടും അത് തിരസ്‌കരിക്കുകയും ചെയ്തവരാണെന്ന് (ബുഖാരി) നബി ﷺ  നെമ്മ അറിയിച്ചത് നാം എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. പഠിക്കാന്‍ അവസരം ലഭിച്ചിട്ടും പഠിക്കാത്തവരും പഠിച്ചത് ജീവിതത്തില്‍ പകര്‍ത്താതിരിക്കുന്നവരുമെല്ലാം ഈ ഗണത്തിലാണ് ഉള്‍പെടുക.

താക്കീതിനെ കണ്ടില്ലെന്ന് നടിക്കരുത്

അല്ലാഹു പറയുന്നു: ”എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വരുന്നതുമാണ്. അവന്‍ പറയും: എന്റെ രക്ഷിതാവേ, നീ എന്തിനാണെന്നെ അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ട് വന്നത്? ഞാന്‍ കാഴ്ചയുള്ളവനായിരുന്നല്ലോ! അല്ലാഹു പറയും: അങ്ങനെ തന്നെയാകുന്നു. നിനക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വന്നെത്തുകയുണ്ടായി. എന്നിട്ട് നീ അത് മറന്നുകളഞ്ഞു. അത് പോലെ ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. അതിരുകവിയുകയും തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അപ്രകാരമാണ് നാം പ്രതിഫലം നല്‍കുന്നത്. പരലോകത്തെ ശിക്ഷ കൂടുതല്‍ കഠിനമായതും നിലനില്‍ക്കുന്നതും തന്നെയാകുന്നു” (20:124-127) 

ഇത് അല്ലാഹു നല്‍കുന്ന താക്കീതാണ്. ഇത് കണ്ടില്ലെന്ന് നാം നടിക്കരുത്. നമുക്ക് വേണ്ടി ക്വുര്‍ആന്‍ ശുപാര്‍ശ പറയണമെങ്കില്‍ ക്വുര്‍ആനിനനുസരിച്ച് നാം ജീവിതത്തെ ക്രമപ്പെടുത്തണം. നബി ﷺ  പോലും നമുക്കെതിരില്‍ സാക്ഷിയായി കടന്നുവരുന്ന മഹാദുരന്തത്തില്‍ നാം അകപ്പെടരുത്. അല്ലാഹു പറയുന്നു: ”(അന്ന്) റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ക്വുര്‍ആനിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു” (ക്വുര്‍ആന്‍ 25:30).

 

ഷബീബ് സ്വലാഹി തിരൂരങ്ങാടി
നേർപഥം വാരിക

പാക്കിസ്ഥാനിയായ മോഷ്ടാവും ശൈഖ് ഇബ്‌നുബാസും

പാക്കിസ്ഥാനിയായ മോഷ്ടാവും ശൈഖ് ഇബ്‌നുബാസും

അയാള്‍ തന്നെ തുടങ്ങട്ടെ: ”ഞാന്‍ പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ത്വാഇഫിലെ ഒരു വ്യവസായ ശാലയില്‍ പാറാവുകാരനായി ജോലിയെടുത്തു വരികയായിരുന്നു. അതിനിടയില്‍ ഒരു സങ്കടവാര്‍ത്ത കടല്‍ കടന്നെത്തി. എന്റെ മാതാവിന് ഗുരുതരമായ രോഗം ബാധിച്ചിരിക്കുന്നു. കിഡ്‌നി മാറ്റിവെക്കുന്ന ഓപ്പറേഷന്‍ നടത്തണം. കിട്ടിയ വിവരമനുസരിച്ച് 7000 സൗദി രിയാലിന്നു തുല്യമായ സംഖ്യ വേണം. കയ്യിലുള്ളതാകട്ടെ അരമുറുക്കി സ്വരൂപിച്ച 1000 രിയാല്‍ മാത്രം. പലരോടും കടം ചോദിച്ചു. കിട്ടിയില്ല. ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ലോണ്‍ ആവശ്യപ്പെട്ട് നോക്കി. അവര്‍ നിരസിച്ചു. 

മാതാവിന്റെ രോഗം ദിനം പ്രതി കൂടിവരുന്നതായും ഒരാഴ്ചക്കുള്ളില്‍ ഓപറേഷന്‍ നടന്നില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്തുക പ്രയാസമായിരിക്കുമെന്നും നാട്ടില്‍ നിന്നുള്ള മുന്നറിയിപ്പെത്തി. എന്ത് ചെയ്യും? തന്നെ ഊണും ഉറക്കവുമൊഴിച്ചു വളര്‍ത്തി വലുതാക്കിയ ഉമ്മയുടെ രോഗം… ചികില്‍സിക്കാന്‍ പണമില്ലാത്തതിന്റെ വിഷമം… മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ. ആ ദിവസം മുഴുവന്‍ കരഞ്ഞു തീര്‍ത്തു. ഒടുവില്‍ ആ സാഹസത്തിന്നു തയ്യാറായി. 

ഭവനഭേദനം! രാത്രി രണ്ടു മണിയായിക്കാണും. ജോലിസ്ഥലത്തിനടുത്തുള്ള ഒരു വീടിന്റെ മതില്‍ചാടി അകത്തെത്തി. മുന്‍പരിചയമില്ലാത്ത ഒരു വേലയുടെ തത്രപ്പാടുണ്ടാക്കിയ ശബ്ദം വീട്ടുകാരെ ഉണര്‍ത്തി! കൂട്ടബഹളത്തിന്നിടയില്‍ കുതിച്ചെത്തിയ പോലീസുകാര്‍ വാരിയെടുത്ത് അവരുടെ വാഹനത്തിലേക്കെറിഞ്ഞ് കുതിച്ചോടി. എന്റെ കണ്ണില്‍ ഇരുട്ട് പടര്‍ന്നു. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ, നേരം പുലരുന്നതിന്നു മുമ്പു തന്നെ മോഷണത്തിന്നു ചാടിയിറങ്ങിയ അതേ വീട്ടിലേക്കു പോലീസുകാര്‍ തിരികെ കൊണ്ടുവന്നു. ആ വീട്ടിലെ മജ്‌ലിസിലേക്ക് എന്നെ കയറ്റിയിരുത്തി പോലീസുകാര്‍ തിരിച്ച് പോയി. അല്‍പ സമയത്തിന്നുള്ളില്‍ ഒരു ചെറുപ്പക്കാരന്‍ ആഹാരവുമയിട്ടെത്തിയിട്ട് പറഞ്ഞു: ‘ബിസ്മി ചൊല്ലി കഴിക്കൂ.’ നടക്കുന്നതൊന്നും എനിക്കു വിശ്വസിക്കാനായില്ല. സുബ്ഹി ബാങ്കു കൊടുത്തപ്പോള്‍ അവരെന്നോട്  വുദൂഅ് എടുത്തു നമസ്‌കാരത്തിന്ന് തയ്യാറാവാന്‍ പറഞ്ഞു. ഞാന്‍ ആ സമയം ചകിതനായി എന്റെ നിലയോര്‍ത്ത് തലതാഴ്ത്തിയിരിക്കുകയായിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു വയോധികനെ ഒരു യുവാവു കൈപിടിച്ചു ആ സദസ്സിലേക്കു കൊണ്ടു വന്നു. അദ്ദേഹം ‘ബിശ്ത്’ (ദിശ്ദാശക്കു മുകൡലിടുന്ന ആചാര വസ്ത്രം) ധരിച്ചിട്ടുണ്ട്. എന്റെ അടുത്ത് വന്ന് കൈ പിടിച്ച് സലാം ചൊല്ലി. ഭക്ഷണം കഴിച്ചില്ലേ എന്നു ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞു. എന്റെ വലതു കൈ പിടിച്ചു അദ്ദേഹം പള്ളിയിലേക്കു നടന്നു. ഞങ്ങള്‍ സുബ്ഹ് നമസ്‌കരിച്ചു. പന്നീട് മസ്ജിദിന്റെ മുന്‍ഭാഗത്തായി ഒരുക്കിവെച്ച കസേരയില്‍ അദ്ദേഹം ഇരുപ്പുറപ്പിച്ചു. നമസ്‌കാരത്തിനെത്തിയവരടക്കം ധാരാളം പേര്‍ ആ കസേരക്കു ചുറ്റും ആ വയോധികന്റെ സംസാരം കേള്‍ക്കാന്‍ കാതോര്‍ത്തു. ലജ്ജകൊണ്ടും ആശങ്കകൊണ്ടും ഞാന്‍ തലയില്‍ കൈ വെച്ചു പോയി! അല്ലാഹുവേ, എന്തു വിഡ്ഢിത്തമാണു ഞാന്‍ ചെയ്തത്? ഞാന്‍ കളവു നടത്താന്‍ കയറിച്ചെന്നതു ശൈഖ് ഇബ്‌നു ബാസിന്റെ വീട്ടിലേക്കോ? അദ്ദേഹത്തെ പേരുകൊണ്ട് അറിയാം.  ഞങ്ങളുടെ നാടായ പാക്കിസ്ഥാനില്‍ അദ്ദേഹം പ്രസിദ്ധനാണ്. 

ക്ലാസ്സ് കഴിഞ്ഞപ്പോള്‍ വീണ്ടും അവരെന്നെ ശൈഖിന്റെ വീട്ടിലേക്കു തന്നെ കൂട്ടിക്കൊണ്ടു പോയി. ശൈഖ് എന്റെ കൈപിടിച്ചിരുത്തി. നിരവധി ചെറുപ്പക്കാരോടൊപ്പം ഞങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ചു. ശൈഖ് എന്നെ അദ്ദേഹത്തിന്റെ അരികിലേക്ക് അടുപ്പിച്ചിരുത്തി. ആഹാരം കഴിക്കുന്നതിന്നിടയില്‍ ചോദിച്ചു: ‘പേരെന്താ?’ ‘മുര്‍ത്തദാ!’ ‘എന്തിനാണു മോഷ്ടിക്കാന്‍ തുനിഞ്ഞത്?’ അപ്പോള്‍ ഞാന്‍ എന്റെ കഥയുടെ ചുരുളുകള്‍ നിവര്‍ത്തി. കഥ കേട്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നിനക്ക് ഞാന്‍ 9000 രിയാല്‍ തരാം.’ ‘അത്രയും വേണ്ട. എനിക്ക് 7000 രിയാലിന്റെ ആവശ്യമേ ഉള്ളൂ.’ ‘അതാവട്ടെ, ബാക്കി നിന്റെ ചെലവിന്നുമെടുക്കുക. പക്ഷേ, ഒരു കാര്യം; മേലാല്‍ മോഷണത്തിന് മുതിരരുത്.’ ഞാന്‍ പണം വാങ്ങി അദ്ദേഹത്തിന്നു നന്ദി പറഞ്ഞു പാക്കിസ്താനിലേക്കു പറന്നു. മാതാവിന്റെ ഓപറേഷന്‍ നടന്നു. അവര്‍ അല്ലാഹുവിന്റെ തുണയാല്‍ സുഖം പ്രാപിച്ചു. അഞ്ച് മാസങ്ങള്‍ക്കു ശേഷം ഞാന്‍ സൗദിയില്‍ തിരികെയെത്തി. ശൈഖ് അപ്പോള്‍ രിയാദിലാണെന്നറിഞ്ഞപ്പോള്‍ അങ്ങോട്ട് അദ്ദേഹത്തെ തിരക്കിച്ചെന്നു. അദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഞാന്‍ സ്വയം പരിചയപ്പെടുത്തി.  അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. ഉമ്മയുടെ രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ബാക്കിയുണ്ടായിരുന്ന 1500 രിയാല്‍ തിരികെ കൊടുത്താപ്പോള്‍ അതു നിന്റെ ആവശ്യത്തിന്നു തന്നെ ഉപയോഗിക്കുക എന്നു പറഞ്ഞു വാങ്ങാന്‍ വിസമ്മതിച്ചു. 

‘ശൈഖ്! എനിക്കു താങ്കളോട് ഒരു വിനീതമായ അപേക്ഷയുണ്ട്..’ ഞാന്‍ പറഞ്ഞു. ‘അതെന്താ കുട്ടീ?’ അദ്ദേഹം ആകാംക്ഷയോടെ ചോദിച്ചു. ‘എനിക്ക് താങ്കളുടെ ഭൃത്യനായി താങ്കളൊടൊത്തു കഴിയണം. എന്റെ ഈ വിനീതമായ അപേക്ഷ തള്ളരുത്.’ നല്ലത് എന്ന് പറഞ്ഞ് അദ്ദേഹം എന്റെ ആവശ്യം അംഗീകരിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ മരണം വരെ ആദ്ദേഹത്തിന്നു സേവനം ചെയ്ത് കഴിയാന്‍ എനിക്കു സൗഭാഗ്യമുണ്ടായി. 

ശൈഖിനോട് അടുപ്പമുണ്ടായിരുന്ന ഒരൂ യുവാവ് എന്റെ കഥയുടെ ചില അനുബന്ധങ്ങള്‍ പിന്നീട് എന്നോട്  പറയുകയുണ്ടായി: ”അന്ന് മോഷണത്തിന്നായി താങ്കള്‍ മതില്‍ ചാടിയ നേരത്ത് ശൈഖ് രാത്രി നമസ്‌കാരം നിര്‍വഹിക്കുകയായിരുന്നു. വീടിന്റെ പരിസരത്ത് അസാധാരണ ശബ്ദം കേട്ടപ്പോള്‍ അദ്ദേഹം ബെല്‍ അമര്‍ത്തി. സാധാരണ എല്ലാ ദിവസവും നമസ്‌കാരങ്ങള്‍ക്കായി വീട്ടുകാരെ വിളിച്ചുണര്‍ത്താന്‍ അദ്ദേഹം ഉപയോഗിക്കുന്ന ബെല്ലായിരുന്നു അത്. അസമയത്ത് ബെല്ലു കേട്ട് എല്ലാവരും ഉറക്കമുണര്‍ന്നു. അദ്ദേഹം ശബ്ദം കേട്ടകാര്യം പറഞ്ഞപ്പോള്‍ കാവല്‍ക്കാരിലൊരാള്‍ പോലീസിനെ വിളിച്ചു വരുത്തി. അവര്‍ താങ്കളെ പിടികൂടി. അത് ശൈഖ് അറിഞ്ഞു. മോഷ്ടിക്കാന്‍ വന്നവനെ പൊലീസ് കൊണ്ടുപോയി എന്നറിഞ്ഞപ്പോള്‍ അദ്ദേഹം കുപിതനായി. ‘പറ്റില്ല… പറ്റില്ല…. പൊലീസിനെ വിളിക്കൂ. അയാളെ തിരികെ കൊണ്ടു വരട്ടെ. എന്തെങ്കിലും അത്യാവശ്യമുള്ളതു കൊണ്ടായിരിക്കണം അയാള്‍ അതിന്നു മുതിര്‍ന്നത്’ എന്ന് ശഠിച്ചു. അതുകൊണ്ടാണ് താനും മാതാവും രക്ഷപ്പെട്ടത്.”

ഇത് പറയുമ്പോള്‍ ആ പാക്കിസ്ഥാന്‍ സ്വദേശിയുടെ കണ്ണകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ച് ജീവിച്ച അന്ധനായിരുന്ന ആ മഹാപണ്ഡിതന്‍ ഇസ്‌ലാമിനു വേണ്ടി ചെയ്ത സേവനങ്ങള്‍ ചെറുതല്ല. അല്ലാഹു അദ്ദേഹത്തിന്റെ ക്വബ്‌റിനെ പ്രകാശപൂരിതമാക്കി കൊടുക്കുമാറാകട്ടെ.

 

പി.എന്‍. അബ്ദുല്ലത്വീഫ് മദനി
നേർപഥം വാരിക

മൃതദേഹം എംബാമിങ്ങ്: ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍

മൃതദേഹം എംബാമിങ്ങ്: ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍

ജീവന്‍ നിലനില്‍ക്കുമ്പോള്‍ മാത്രമല്ല, മരണശേഷവും ആദരിക്കപ്പെടേണ്ടതാണ് മനുഷ്യശരീരം എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ദൂരെ ദിക്കുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി, ജൈവികഘടനയില്‍ മാറ്റം വരാതിരിക്കാന്‍എംബാമിങ്ങ് ചെയ്യുന്ന രീതി ഇന്ന് സാര്‍വത്രികമാണ്. ഇസ്‌ലാമിക വിശ്വാസ-കര്‍മാനുഷ്ഠാനങ്ങളുമായി ഇത് എത്രമാത്രം യോജിക്കുന്നുണ്ട്? സങ്കീര്‍ണതകളൊഴിവാക്കാന്‍ മരണപ്പെടുന്ന സ്ഥലത്ത് തന്നെ സംസ്‌കരിക്കുകയാണോ ഉത്തമം? പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കിയ ഗവേഷണ ലേഖനം

ഇസ്‌ലാമിക ശരീഅത്ത് ജീവനുള്ള അവസ്ഥയിലെന്ന പോലെ ജഡാവസ്ഥയിലും മനുഷ്യന്‍ ആദരിക്കപ്പെടേണ്ടതായാണ് പഠിപ്പിക്കുന്നത്. മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ടതും ക്വബ്‌റുകളുമായി ബന്ധപ്പെട്ടതുമായ ഇസ്‌ലാമിക വിധികള്‍ ഈ ആദരവിന്റെ  പ്രകടമായ അടയാളങ്ങളാണ്. ഈ ആദരവിന്റെ പ്രയോഗവല്‍കരണമായി ഇസ്‌ലാം നല്‍കുന്ന ചില നിര്‍ദേശങ്ങള്‍ കാണുക:

1. മയ്യിത്തിന്റെ കണ്ണുകള്‍ അടച്ച് കൊടുക്കുകയും കൈകാലുകള്‍ നെരെയാക്കുകയും  (തുണികൊണ്ട്) മൂടുകയും ചെയ്യുക.

2. കുളിപ്പിക്കുക,  കഫന്‍ ചെയ്യുക, നമസ്‌കരിക്കുക. 

3. മറവു ചെയ്യുക.

4. ക്വബ്‌റുകളിന്‍ മേല്‍ ഇരിക്കുന്നതും ചവിട്ടുന്നതും അനിവാര്യമായ കാരണത്താലല്ലാതെ ക്വബ്‌റുകള്‍ മാന്തുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു. 

5. മനുഷ്യജഡം വികൃതമാക്കി അപമാനിക്കുന്നതിനെ വിലക്കി.

6. മയ്യിത്തിന്റെ മുന്‍കാല  ജീവിതത്തിലെ നല്ല വശങ്ങളല്ലാത്തത് പരാമര്‍ശിക്കുന്നതിനെ നബി ﷺ വിലക്കി.

മറമാടുന്നതിലെ പൊതുവിധി

മരണം സംഭവിച്ചാല്‍ കഴിവതും വേഗം മറമാടുകയെന്നത്, ഇസ്‌ലാമിക സമൂഹത്തിന്റെ നിര്‍ബന്ധ ബാധ്യതകളില്‍ (ഫര്‍ദ് കിഫായ) ഒന്നാണ്. അല്ലാഹു മനുഷ്യന്ന് തുടക്കം മുതലേ അതിന്റെ രീതി പോലും പഠിപ്പിച്ചിട്ടുണ്ട്.  അല്ലാഹു പറയുന്നു: ”അപ്പോള്‍ തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടത് എങ്ങനെയെന്ന് അവന്ന് കാണിച്ചുകൊടുക്കുവാനായി നിലത്ത് മാന്തി കുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: എന്തൊരു കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരുടെ കൂട്ടത്തിലായിത്തീര്‍ന്നു” (ക്വുര്‍ആന്‍ 5:31).

മറവ് ചെയ്യുകെയന്നത് ആദ്യതലമുറയില്‍ നിന്ന് തന്നെ മനുഷ്യന്‍  അനന്തരമായെടുത്തതാണ് എന്ന് വ്യക്തം

കുര്‍ആനില്‍ സൂറഃ അബസയിലെ 21ാം വചനം കാണുക: ”അനന്തരം അവനെ മരിപ്പിക്കുകയും ക്വബ്‌റില്‍ മറയ്ക്കുകയും ചെയ്തു.” ഇമാം ക്വുര്‍ത്വുബി(റഹ്) ഈ ആയത്തിനെ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ‘വന്യമൃഗങ്ങളും പക്ഷികളും തിന്നുപോകുന്നതില്‍ നിന്ന് സംരക്ഷണമായി അഥവാ ആദരവ് എന്ന നിലയില്‍ അവനെ മറവു ചെയ്യുന്ന ക്വബ്‌റുകള്‍ ഉണ്ടാക്കിക്കൊടുത്തു” (തഫ്‌സീറുല്‍ ക്വുര്‍ത്വുബി). സൂറഃ അല്‍മുര്‍സലാത്തിലെ 25, 26 വചനങ്ങളും ഇത് തന്നെ സൂചിപ്പിക്കുന്നു. ഇതെല്ലാം ചേര്‍ത്തു കൊണ്ടാണ് മയ്യിത്തിനെ മറമാടുകയെന്നത് നിര്‍ബന്ധമാണെന്ന് വിധി പറയുന്നത്. അഥവാ മയ്യിത്ത് മറവ് ചെയ്യാതെ സൂക്ഷിച്ചു വെക്കുന്നത് ഇസ്‌ലാമിക വിരുദ്ധവും പ്രകൃതി വിരുദ്ധവുമാണന്നര്‍ഥം. അത് കഴിവതും വേഗമാകണമെന്നാണ് നബി ﷺ യുടെ നിര്‍ദേശം.

നബി ﷺ പറഞ്ഞു: ”ജനാസയെ നിങ്ങള്‍ വേഗത്തിലാക്കുക. കാരണം അത് നല്ലതാെണങ്കില്‍ അതിനെ അതിലേക്ക് (പുണ്യത്തിലേക്ക്) എത്തിക്കുന്നതാണ് ഏറ്റവും ഉത്തമം, ഇനി അതല്ലെങ്കില്‍ ഒരു ബുദ്ധിമുട്ട് നിങ്ങളുടെ പിരടിയില്‍ നിന്ന് ഇറക്കി വെക്കുകയും ചെയ്യാം” (ബുഖാരി, മുസ്‌ലിം). 

ഇബ്‌നു ഉമറി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു നബിവചനത്തില്‍ ഇപ്രകാരമാണുള്ളത്: നബി ﷺ പറഞ്ഞു: ”നിങ്ങളില്‍ നിന്ന് ആരെങ്കിലും മരണപ്പെട്ടാല്‍ നിങ്ങള്‍ അതിന്റെ പിടിച്ച് വെച്ചേക്കരുത്(വൈകിപ്പിക്കരുത്).  മറവു ചെയ്യാന്‍ നിങ്ങള്‍ ധൃതി കാണിക്കണം.”  

സ്വഹാബിയായ ത്വല്‍ഹത്ത് ബ്‌നുബറായെ രോഗം മൂര്‍ഛിച്ച നേരത്ത് സന്ദര്‍ശിക്കുകയും അദ്ദേഹം മരിച്ചതായി കുടുംബത്തെ അറിയിക്കുകയും ചെയ്ത് കൊണ്ട് നബി ﷺ പറഞ്ഞു: ”ഒരു മുസ്‌ലിമിന്റെ മയ്യിത്ത് കുടുംബത്തിന്നു മുന്നില്‍ ഇങ്ങനെ പിടിച്ചുവെക്കുന്നത് (മറവുചെയ്യാന്‍ വൈകിപ്പിക്കുന്നത്) നല്ലതല്ല” (അബൂദാവൂദ്). ഇതിനെ അവലംബിച്ചു കൊണ്ട് ഇമാം അഹ്മദ് പറഞ്ഞു: ‘വേഗം മറവു ചെയ്യുകയെന്നത് മയ്യിത്തിനെ ആദരിക്കലില്‍ പെട്ടതാണ്.’

ചുരുക്കത്തില്‍, മരിച്ചാല്‍ മണ്ണില്‍ മറവു ചെയ്യുകയെന്നതും അത് വൈകിപ്പിക്കാതിരിക്കുകയെന്നതുമാണ് ഇസ്‌ലാമിന്റെ പൊതുവിധി. അതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്നു മയ്യിത്തിന്റെ നല്ല അവസ്ഥക്ക് മാറ്റം സംഭവിക്കുന്നതിനെ തടയുകയെന്നതാണ്.

അനിവാര്യ ഘട്ടങ്ങളിലെ വൈകിപ്പിക്കലും മയ്യിത്തിനെ ഒരു നാട്ടില്‍ നിന്നു മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യലും

അനിവാര്യ ഘട്ടങ്ങളില്‍ മയ്യിത്ത് മറവു ചെയ്യുന്നത് വൈകിപ്പിക്കേണ്ടി വന്നേക്കാം. (നബി ﷺ യുടെ ക്വബ്‌റടക്കം മരണം സംഭവിച്ച രണ്ട് ദിവസം കൊണ്ടാണ് മറവ് ചെയ്തത്). അജ്ഞാത ജഡം തിരിച്ചറിയുന്നത് വരെ, ദുരൂഹ സാഹചര്യത്തിലെ മരണം കാരണം ഉറപ്പിക്കുന്നത് വരെ തുടങ്ങിയ സന്ദര്‍ഭങ്ങള്‍ ഉദാഹരണം. അതില്‍ ഒന്നാണ് മരണം സംഭവിച്ച സ്ഥലത്ത് നിന്നും മറ്റൊരു നാട്ടിലേക്ക് മയ്യിത്തു നീക്കം ചെയ്യേണ്ടി വരല്‍. ഇതിന്റെ ഇസ്‌ലാമിക വിധി പണ്ഡിതന്മാര്‍ വിശദീകരിച്ചതിന്റെ ചുരുക്കം താഴെ കൊടുക്കാം.

1. മരിച്ച സ്ഥലത്തെ മുസ്‌ലിം ക്വബ്ര്‍സ്ഥാനിയില്‍ തന്നെ മറവ് ചെയ്യലാണ് പ്രബലമായ സുന്നത്ത് എങ്കിലും മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പൊകുന്നതില്‍ തെറ്റില്ല. (ഇബ്‌നു ആബിദീന്‍(റഹ്) പോലുള്ള ഹനഫി പണ്ഡിതര്‍ ഈ അഭിപ്രായക്കാരാണ്. അതിന്റെ തെളിവ്: സ്വഹാബികളായ സഅദ്ബിന്‍ അബീവക്വാസും സഈദ് ബ്‌നു സൈദ് ബ്‌നു അംറും അക്വീക്വ് എന്ന പ്രദേശത്ത് മരണമടയുകയും അവരെ ഏഴു മൈല്‍ അകലത്തുള്ള മദീനയില്‍ കൊണ്ട് വന്നു മറമാടുകയും ചെയ്തു.(ഇമാം മാലിക് തന്റെ മുവത്വയില്‍ ഉദ്ധരിക്കുന്നത്). എന്നാല്‍ ഈ സംഭവത്തെ നിലനിര്‍ത്തികൊണ്ട് തന്നെ (അതിന്ന് ചില പ്രത്യേക കാരണങ്ങല്‍ ഉള്ളതിനാലാവാം) പൗരാണികരും ആധുനികരുമായ ഭൂരിപക്ഷം പണ്ഡിതന്മാരും (ഇമാം നവവി, ഇമാം ഔസാഈ, ഇബ്‌നു മുന്‍ദിര്‍ അടക്കം) പറയുന്നത് ഏറ്റവും ശരിയായ കാരണമില്ലാതെ മയ്യിത്ത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ട് പോകുന്നത് അനുവദനീയമല്ല എന്നാണ്. അതാവട്ടെ മയ്യിത്തിന്ന് പ്രയാസം ഇല്ലാതാക്കാനും മയ്യിത്തിന്റെ അവസ്ഥയില്‍ മാറ്റം സംഭവിക്കുന്നതില്‍ നിന്ന് മയ്യിത്തിനെ സംരക്ഷിക്കാനുമാണ്. ശരിയായ കാരണങ്ങളുടെ ഉദാഹരണങ്ങളില്‍ ചിലത്: 

1. മറവു ചെയ്യുന്ന മയ്യിത്തിനോട് പ്രസ്തുത സ്ഥലത്ത് അനാദരവ് ഉണ്ടാകുമെന്ന് ഭയപ്പെടുക, യുദ്ധം, ശത്രുത മൂലം മയ്യിത്തിനെ അവമതിക്കുമെന്ന് ഭയമുള്ള സന്ദര്‍ഭം.(ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംകളുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് കൊണ്ട് പൊകല്‍ നിര്‍ബന്ധമാണ്).

2. സ്വന്തം ആളുകളുടെ അടുത്താവാനും ബന്ധുക്കള്‍ക്ക് സന്ദര്‍ശനം നടത്താനും അവസരം ഉദ്ദേശിക്കുക.

അബ്‌സീനിയയില്‍ വെച്ച് മരണപ്പെട്ട സ്വഹാബി അബ്ദുര്‍റഹ്മാനുബ്‌നു അബൂബക്‌റി(റ)ന്റെ മയ്യിത്ത് മക്കയില്‍ കൊണ്ട് വന്നു മറവു ചെയ്തതില്‍ സഹോദരിയും വിശ്വാസികളുടെ മാതാവുമായ ആഇശ(റ) നീരസം പ്രകടിപ്പിച്ചത് ഇതിനോട് പണ്ഡിതമാര്‍ ചേര്‍ത്ത് വെക്കുന്നു. മയ്യിത്ത് മറ്റൊരു നാട്ടിലേക്ക് മാറ്റാന്‍ മയ്യിത്തിന്റെ തന്നെ വസ്വിയ്യത്തുെണ്ടങ്കില്‍ പോലും അത് നടപ്പിലാക്കേണ്ടതില്ലെന്നാണ് ഇമാം നവവി(റ) അടക്കമുള്ളവരുടെ അഭിപ്രായം (അല്‍ അദ്കാര്‍).  ഈ വിഷയത്തില്‍ ലജ്‌നതുദ്ദാഇമയോട് (സൗദിയുടെ ഔദ്യോഗിക ഫത്‌വ ബോര്‍ഡ്) ഉള്ള ചോദ്യത്തിന്ന് നല്‍കിയ മറുപടിയുടെ ചുരുക്കം ഇപ്രകാരമാണ്:

നബി ﷺ യുടെയും സ്വഹാബത്തിന്റെയും കാലത്തെ പ്രായോഗിക സുന്നത്ത് പ്രകാരം മരിച്ചിടത്ത് മറവ് ചെയ്യുകയെന്നതാണ് വേണ്ടത്. രക്തസാക്ഷികളെ പോലും അവര്‍ മരിച്ചിടത്ത് മറവു ചെയ്യാന്‍ നബി ﷺ കല്‍പിക്കുകയാണ് ചെയ്തത്. അതിനാല്‍ ശരിയായ കാരണങ്ങള്‍ കൊണ്ടല്ലാതെ മയ്യിത്ത് മറ്റു നാടുകളിലേക്ക് കൊണ്ടുപോകുന്നത് നല്ലതല്ല. അതിന്നുള്ള കാരണങ്ങള്‍:

1. മുന്‍ഗാമികളുടെ ചര്യ പിന്‍പറ്റുകയന്നതിനാല്‍.

2. പ്രയാസങ്ങളെ ഒഴിവാക്കുക എന്നതിനാല്‍.

3. മയ്യിത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള മാറ്റങ്ങള്‍ ഇല്ലാതെ മയ്യിത്തിനെ സംരക്ഷിക്കാന്‍.

4. കഴിവതും വേഗം മറവു ചെയ്യുകയെന്ന നബികല്‍പന നടപില്‍ വരുത്താന്‍.

5. മയ്യിത്തിന്റെ സംരക്ഷണത്തിന്റെ പേരില്‍  ശരീരത്തില്‍ നടത്തേണ്ടി വരുന്ന നടപടികള്‍ ഒഴിവാക്കിക്കിട്ടാന്‍. 

എംബാമിങ്ങും ഇസ്‌ലാമിക വിധി വിലക്കുകളും

 എന്താണ് എംബാമിങ്ങ്?

മയ്യിത്ത് സാധാരണയില്‍ കവിഞ്ഞ സമയത്തേക്ക് മറമാടാതെ സൂക്ഷിക്കേണ്ടി വരുന്ന അവസ്ഥയില്‍, മയ്യിത്തിനെ അതിന്റെ തല്‍സ്ഥിതിയില്‍ നിലനിര്‍ത്താന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ശരീരത്തിന്റെ അകത്തോ പുറത്തോ ചെയ്യുന്ന രീതിക്കാണ് മൊത്തത്തില്‍ എംബാമിങ്ങ് എന്ന് പറയുന്നത്.  

ആധുനിക കാലത്ത് അനുവദനീയമായ കാരണങ്ങളാല്‍ മയ്യിത്ത് ദീര്‍ഘ ദൂരത്തേക്ക് കൊണ്ട് പൊകേണ്ടി വരുമ്പോഴും അവ കേടുവരാതെ സൂക്ഷിക്കാന്‍ എംബാം ചെയ്യാറുണ്ട്. ഇതിന്ന് അറബിയില്‍ ‘തഹ്‌നീത്വ്’ എന്നാണ് പറയുക. സത്യത്തില്‍ മയ്യിത്തില്‍ സുഗന്ധം പൂശുന്നതിനാണ് ഇൗ പദം ഉപയോഗിച്ചിരുന്നതെങ്കിലും പിന്നിട് മെഡിക്കല്‍ എംബാമിങ്ങിന്ന് സാങ്കേതികമായി ഇത് ഉപയോഗിച്ച് തുടങ്ങകയായിരുന്നു. 

മുസ്‌ലിം മയ്യിത്ത് എംബാമിങ്ങ് ചെയ്യുന്നതിന്റെ ലക്ഷ്യം?

നിയമപരമായ കാര്യങ്ങള്‍ക്കായി വൈകിക്കേണ്ടി വരുന്നതിന്ന് പുറമെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്ത് മയ്യിത്ത് എത്തിക്കാനുള്ള സമയമെടുക്കുന്നത് നിമിത്തവും മയ്യിത്ത് എംബാം ചെയ്യേണ്ടി വന്നേക്കാം.

വിവിധ തരം എംബാമിങ്ങും അവയുടെ ഇസ്‌ലാമിക വിധികളും

അഞ്ചു തരം എംബാമിങ്ങുകളാണ് വൈദ്യശാസ്ത്ര വിദഗ്ധര്‍ വിശദീകരിച്ച് തരുന്നത്. ആര്‍ട്ടീരിയല്‍, കാവിറ്റി, ഹൈപ്പൊ ടെര്‍മിക്, സര്‍ഫൈസ്, പ്ലാസ്റ്റിനിങ്ങ് എന്നിവയാണവ. വിശദീകരണ സൗകര്യത്തിനായി ഇവയെ മൂന്നായി തിരിക്കാം:

1. ആന്തരികമായ മാറ്റങ്ങളിലൂടെയുള്ള എംബാമിങ്. 

(ഉള്ളിലേക്കുള്ള നിക്ഷേപം, ഉള്ളില്‍ നിന്ന് പിന്‍വലിക്കല്‍ (രക്തം, അവയവങ്ങള്‍).

ആന്തരിക മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള എല്ലാതരം എംബാമിങ്ങും ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ വിലക്കപ്പെട്ടതാണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അത് മയ്യിത്തിനെ രൂപഭേദം വരുത്തുകയും അനാദരിക്കുകയും ചെയ്യുന്നതിന്നു തുല്യമാണ്. അവയവങ്ങള്‍ കീറി മാറ്റുക, രക്തം വലിച്ചെടുക്കുക തുടങ്ങിയ രീതിയില്‍ ചെയ്യുന്നതല്ലാം ഈ അനാദരവിന്റെ ഗണത്തില്‍ പെടും. നിരുപാധിക നിരോധനം ആണ് ഇവിടെ കാണുന്നത്, (ഇത് കൊണ്ടാണ് കുവൈത്ത് പോലുള്ള രാജ്യങ്ങളില്‍ ഈ അര്‍ഥത്തിലുള്ള എംബാമിങ്ങിനു നിരോധനമുള്ളത്). എന്നാല്‍ നിര്‍ബന്ധിത സാഹചര്യങ്ങളെ ഒഴിച്ചു നിര്‍ത്തുന്നു. (ഇസ്‌ലാമിന്റെ പൊതുനിയമ രീതി അനുസരിച്ച് വിലക്കുകള്‍ നിര്‍ബന്ധിത കാരണങ്ങളില്‍ അനുവദനീയമാവും). എന്നാല്‍ ശരീരം പിളര്‍ത്തുക, കീറിമുറിക്കുക തുടങ്ങിയ രീതികളൊന്നുമില്ലാതെ രക്ത ധമനികളിലേക്ക് ചില ലായനികള്‍ കുത്തിവെച്ചുകൊണ്ടുള്ള എംബാമിങ്ങ് അനുവദനീയമാണന്ന് അഭിപ്രായമുള്ളവര്‍ ഉണ്ട്. കാരണത്തെ വിലയിരുത്തുന്നതിലുള്ള വൈവിധ്യമാണ് ഗവേഷണ നിലപാടിലെ അഭിപ്രായ വ്യത്യാസത്തിന്നു കാരണം. ചുരുക്കത്തില്‍ മറ്റു മാര്‍ഗങ്ങള്‍ നിലവില്‍ ഇല്ലാതിരിക്കുകയും, കൊണ്ടുപോകല്‍ നിര്‍ബന്ധമായി വരികയും ചെയ്യുന്ന അവസ്ഥയില്‍, മറ്റ് കീറിമുറിക്കലുകളൊന്നുമില്ലാത്ത വിധം, രക്ത ധമനികളില്‍ കുത്തിവെപ്പിലൂടെ രാസവസ്തുക്കള്‍ പ്രവേശിപ്പിച്ചു കൊണ്ടുള്ള എംബാമിങ്ങ് മാത്രമെ ഈ വിഭാഗത്തില്‍ അല്‍പമെങ്കിലും അനുവദനീയമെന്നു പറയാന്‍ പറ്റുന്നതുള്ളൂ. (അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍). ഈ രംഗത്തുള്ള ആധുനിക ഗവേഷണാത്മക അഭിപ്രായം മാത്രമാണിത്. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാവതല്ലാത്തതൊന്നും മയ്യിത്തിനോടും പാടില്ലെന്നതാണ് ഇസ്‌ലാമിന്റെ പൊതു വിധി. നബി ﷺ പറഞ്ഞു: ”ഒരു മയ്യിത്തിന്റെ എല്ല് പൊട്ടിക്കല്‍ അതിനെ ജീവിനുള്ള അവസ്ഥയില്‍ പൊട്ടിക്കുന്നതിന്നു സമാനമാണ്” (അബൂദാവൂദ്).  

2. ബാഹ്യമായ എംബാമിങ്ങ് (ശരീരത്തില്‍ പുരട്ടല്‍)

ഇസ്‌ലാമിക ശരീഅത്ത് അനുവദിക്കുന്ന കാരണങ്ങള്‍ക്കാണ് ഈ തരം എംബാം നടത്തുന്നതെങ്കില്‍, മയ്യിത്തിന്റെ അവസ്ഥക്ക് രൂപമാറ്റമുണ്ടാക്കി അതിന്റെ മാന്യതയെ അവമതിക്കാത്ത രീതി എന്ന നിലയില്‍ ഇതിന്ന് വിലക്കില്ല. പക്ഷേ, ഉപയോഗിക്കുന്ന രാസവസ്തുക്കളോ മറ്റോ ഇസ്‌ലാം വിരോധിച്ചതാവരുെതന്നു മാത്രം. (പന്നി നെയ്യ്, ലഹരി വസ്തുക്കള്‍ പോലെ). എന്നാല്‍ മയ്യിത്ത് ഒന്നായി ലായനിയില്‍ മുക്കി എടുക്കുക പോലുള്ള രീതി മയ്യിത്തിനെ അവമതിക്കുന്ന ഗണത്തില്‍ പെടും. (അല്ലാഹുവാണ് ഏറ്റവും അറിയുന്നവന്‍).

3. പരിസരങ്ങളുടെ എംബാമിങ്ങ് (പെട്ടി, റൂം)

മയ്യിത്ത് സൂക്ഷിക്കുന്ന ഫ്രീസര്‍, നാട്ടിലേക്ക് കൊണ്ടുപോകാന്‍ വേണ്ടി തയ്യാറാക്കുന്ന മയ്യിത്ത് പെട്ടിയില്‍ നിക്ഷേപിക്കുന്ന പൊടികളും ലായനികളും എന്നിവ ഈ ഇനത്തില്‍ പെടും. മയ്യിത്തിനെ അഴുകുന്നതില്‍ നിന്ന് സൂക്ഷിക്കുകയെന്ന പൊതുലക്ഷ്യമായതിനാലും, മയ്യിത്തിന്റെ മാന്യതക്ക് പരിക്കേല്‍പിക്കാത്തതെന്ന നിലയ്ക്കും ഈ തരം എംബാമിങ്ങിന് ഇസ്‌ലാമിക വിലക്കുകളൊന്നും പണ്ഡിതന്മാര്‍ കാണുന്നില്ല. മറിച്ച് അനിവാര്യമായ കാരണത്താല്‍ മയ്യിത്ത് സൂക്ഷിക്കേണ്ടി വരുമ്പോള്‍ അതിന്റെ പവിത്രത സൂക്ഷിക്കാന്‍ അത് അവിവാര്യമാണെന്നാണ് പണ്ഡിതാഭിപ്രായം. കൂടാതെ എംബാമിങ്ങിന്റെ ആശയക്കുഴപ്പത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ഫ്രീസര്‍ സംവിധാനത്തെ വികസിപ്പിക്കുകയാണ് നല്ലതെന്ന നിര്‍ദേശവും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ മുന്നോട്ട് വെക്കുന്നുണ്ട്. 

(അവസാനത്തെ രണ്ട് വിഭാഗവും സാങ്കേതികാര്‍ഥത്തില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ ‘എംബാമിങ്ങ്’ ആയി പരിഗണിക്കുന്നില്ല.)

പ്രവാസികളും മയ്യിത്തും 

ഒരാള്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ ജീവിക്കുന്നവരുടെ ബാധ്യത ആ മയ്യിത്തിനെ എത്രയും പെട്ടെന്ന് ക്വബ്‌റടക്കുകയെന്നതാണല്ലോ. മയ്യിത്തിന്ന് നല്‍കുന്ന ആദരവും അതിനെ പ്രയാസപ്പെടുത്താതിരിക്കലുമാണ് അതിലൂടെ ലഭിക്കുന്നത്. ഈ വസ്തുത മുന്നില്‍ വെച്ചു വേണം പ്രവാസികളും നാട്ടിലുള്ള ബന്ധുക്കളും മയ്യിത്തിന്റെ വിഷയത്തില്‍ തീരുമാനമെടുക്കാന്‍. ഇസ്‌ലാമിക സമൂഹവും നിയമവും പരിരക്ഷയും വേണ്ടുവോളം ലഭിക്കുന്ന ഒരു സ്ഥലത്തു നിന്ന് ദിവസങ്ങളോളം എംബാമിങ്ങിലൂടെയും മറ്റും സംരക്ഷണം തീര്‍ത്ത് ഒരു മുസ്‌ലിം മയ്യിത്ത് നാട്ടില്‍ എത്തിക്കുന്നതില്‍ ഉള്ള ഉപകാരം, മയ്യിത്തിനോടുള്ള ഇസ്‌ലാമിക താല്‍പര്യങ്ങളെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നതാണോ എന്ന് പരിശോധിക്കുകയാണ് ആദ്യം അനിവാര്യമായിട്ടുള്ളത്. ഇവിടെയാണ് മയ്യിത്ത് കാണല്‍, കുടുംബങ്ങള്‍ക്കും മറ്റും ക്വബ്ര്‍ സന്ദര്‍ശനത്തിന്നും പ്രാഥനക്കും അവസരം ലഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടെന്ന കാര്യങ്ങള്‍ വിലയിരുത്തപ്പെടുന്നത്. മയ്യിത്തിന്നും അതിനെ കൈകാര്യം ചെയ്യുന്ന ആളുകള്‍ക്കും ഉണ്ടാകുന്ന പ്രയാസത്തെക്കാള്‍ ഇത് ഉയര്‍ന്നു നില്‍ക്കുമോ ഇല്ലയോ എന്നതിന്നനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കപ്പെടേണ്ടതെന്നര്‍ഥം. താല്‍ക്കാലിക സമയത്തെ കേവല വൈകാരികതക്കപ്പുറം ചിന്തിക്കാന്‍ മാത്രം ഈമാനികമായി നമ്മുടെ കുടുംബങ്ങളെയും സമൂഹത്തെയും ഉദ്ബുദ്ധരാക്കുകയാണ് ഇവിടെ അനിവാര്യം. മാത്രവുമല്ല അന്യ ദേശത്ത് മരണപ്പെടേണ്ടി വരുന്നവര്‍ക്ക് ലഭിക്കുന്ന പുണ്യത്തെ കുറിച്ച് നബി ﷺ നല്‍കിയ സന്തോഷവാര്‍ത്ത വിശ്വാസികള്‍ക്ക് സമാധാനം നല്‍കേണ്ടതുണ്ട്. 

നബി ﷺ ഒരിക്കല്‍ ഒരു സ്വദേശി മരിച്ചപ്പോള്‍ അയാള്‍ക്ക് വേണ്ടി മയ്യിത്ത് നമസ്‌കരിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: ”അദ്ദേഹം ജന്മ നാട്ടിലല്ലാത്തിടത്ത് വെച്ചു മരിച്ചിരുന്നെങ്കില്‍!” ‘അതന്ത് കൊണ്ടാണ് തിരുദൂതരേ’ എന്ന് സ്വഹാബികള്‍ ചോദിച്ചപ്പോല്‍ നബി തങ്ങള്‍ മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ”തന്റെ ജന്മനാട്ടിലല്ലാതെ മരിക്കുന്നവര്‍ക്ക് സ്വര്‍ഗത്തില്‍ അത്രയും ദൂരം അളന്ന് നല്‍കി പ്രതിഫലം നല്‍കുന്നതാണ്.” (നസാഈ).

എന്നാല്‍ അതില്‍ കുടുംബത്തിന്റെ വൈകാരികത പരിഗണിക്കാതെ കടുംപിടുത്തം പിടിക്കാതിരിക്കലുമാണ് ഇസ്‌ലാമിന്റെ കര്‍മശാസ്ത്ര വിശാലതയുടെ വെളിച്ചം നല്‍കുന്ന പാഠം. (അല്ലാഹുവാണ് എറ്റം നന്നായി അറിയുന്നവന്‍). 

മയ്യിത്ത് കാണുന്നതിന്റെ ഇസ്‌ലാമിക വിധി

എല്ലാവരും മയ്യിത്ത് കാണല്‍ സുന്നത്താണെന്ന നിലയില്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ലെങ്കിലും അനുവദനീയമാണ്. നബി ﷺ ഉസ്മാനുബ്‌നു മള്ഊനി(റ)ന്റെ മയ്യിത്ത് (മുഖം) തുറന്ന് ചുംബിച്ചിരുന്നു. (അബൂദാവൂദ്) നബിയുടെ വിശുദ്ധ ശരീരം അബുബക്ര്‍(റ) മുഖം തുറന്ന് നോക്കുകയും  ഉമ്മ വെക്കുകയും ചെയ്തിരുന്നു (ബുഖാരി). സുന്നത്ത് എന്ന് പറയുമ്പോള്‍ ആ കര്‍മത്തിന്ന് അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍ അനുവദനീയം എന്നാകുമ്പോള്‍ മനുഷ്യ താല്‍പര്യങ്ങളുടെ ഭാഗമായി ചെയ്യുന്ന, മതം വിലക്കാത്ത കാര്യങ്ങള്‍ ആണ്. 

ചുരുക്കം:

1. മയ്യിത്ത് വേഗം മറവു ചെയ്യുകയന്നതാണ് ഇസ്‌ലാമിക മര്യാദ.

2. അനിവാര്യ കാരണങ്ങളാല്‍ വൈകിപ്പിക്കാവുന്നതാണ്.

3. ബാഹ്യതലത്തിലെ എംബാമിങ്, മയ്യിത്ത് അഴുകുന്നതില്‍ നിന്നു സംരക്ഷിക്കുകയെന്ന ലക്ഷ്യമായതിനാലും മയ്യിത്തിന്റെ ഭൗതിക ശരീരത്തില്‍ പ്രയാസകരമായ ഇടപെടലുകള്‍ നടക്കാത്തതിനാലും അതില്‍ തെറ്റു കാണുന്നില്ല.

4. സംശയകരമായതില്‍ നിന്ന് മുക്തി നേടാന്‍ സഹായകരം എന്ന നിലക്ക് ഫ്രീസര്‍ സംവിധാനം വികസിപ്പിക്കുന്നതാണ് കൂടുതല്‍ നല്ലത്. 

5. മയ്യിത്ത് വേഗം മറവു ചെയ്യാനാണ് ബന്ധുക്കളടക്കം ജീവിച്ചിരിക്കുന്നവര്‍ സൗകര്യം അന്വേഷിക്കേണ്ടത്. അതിനാവശ്യമായ ഈമാനിക ബോധം വളര്‍ത്തുകയാണ് പരിഹാരം. 

6. അന്യദേശത്ത് മരിക്കേണ്ടി വരുന്നവര്‍ക്ക് അല്ലാഹു പ്രത്യേക പ്രതിഫലം നല്‍കുന്നതാണ്. 

7. ആവശ്യമുള്ളവര്‍ക്ക് മയ്യിത്ത് കാണുന്നതിലോ കാണിക്കുന്നതിലോ ഇസ്‌ലാമില്‍ വിലക്കില്ല. 

എന്റെ പഠനത്തിലും അന്വേഷണത്തിലും ബോധ്യമായ ചില കാര്യങ്ങളാണ് ഇവിടെ പറഞ്ഞത്. കൂടുതല്‍ വ്യക്തതയും തിരുത്തലുകളും ആവശ്യമുണ്ടായേക്കാം. വിഷയം ഗവേഷണാത്മകമായതിനാല്‍ ഒന്നിലധികം അഭിപ്രായങ്ങള്‍ക്ക് സാധുത ഉണ്ടാവുക സ്വഭാവികം. 

അല്ലാഹുവേ, ഞങ്ങള്‍ മറന്നതോ തെറ്റിയതോ മൂലം ഞങ്ങളെ നീ പിടികൂടരുതേ. ഏറ്റവും ശരിയായതിലേക്ക് നീ ഞങ്ങളെ വഴി നടത്തുകയും ചെയ്യേണമേ. (ആമീന്‍)

അവലംബം: 

1. ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍ മനുഷ്യ ജഡത്തെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിധിവിലക്കുകള്‍. ഗവേഷണപ്രബന്ധം. നാഷണല്‍ യൂനിവേഴ്‌സിറ്റി. ഫലസ്തീന്‍. 

2. ശൈഖ് മുഹമ്മദ് സ്വാലിഹ് അല്‍ മുനജ്ജിദിന്റെ മേല്‍നോട്ടത്തിലുള്ള വെബ് സൈറ്റ് (www.islamqa.info)

3. ഫിക്വ്ഹ് വിഞ്ജാനകോശം. കുവൈത്ത് ഔക്വാഫ് മന്ത്രാലയം

4. അഭിമുഖം: ഡോ.ആദില്‍ അല്‍ മുെത്വയ്‌റാത്. പ്രഫ.ഫിക്വ്ഹ് വിഭാഗം. കുവൈത്ത് യൂനിവേഴ്‌സിറ്റി.

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

NLP: ചൂഷണത്തില്‍ മുങ്ങിയ കപടശാസ്ത്രം

NLP: ചൂഷണത്തില്‍ മുങ്ങിയ കപടശാസ്ത്രം

മനഃസംഘര്‍ഷങ്ങളുടെ നടുവിലാണ് വര്‍ത്തമാനകാല മനുഷ്യ ജീവിതം. ഭൗതിക പരിഹാരങ്ങളെല്ലാം ക്ഷണികമാണെന്ന് മാത്രമല്ല, മറ്റൊരു പ്രശ്‌നത്തിന്റെ തുടക്കം കൂടിയാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണ് ഓരോരുത്തരും. ആത്മീയതയുടെയും മനഃശാസ്ത്ര പഠനങ്ങളുടെയും ചുവട് പിടിച്ച് നിരവധി മെഡിറ്റേഷന്‍ പ്രോഗ്രാമുകളാണ് ഈയിടെ ഉദയം കൊണ്ടത്. അതില്‍ കേരളത്തില്‍ വേര് പിടിച്ച ഒന്നാണ് NLP . എന്താണ് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്? എന്താണിതിന്റെ അടിസ്ഥാനം? വിശ്വാസികള്‍ക്ക് ഇതില്‍ എത്രമാത്രം ഭാഗവാക്കാവാന്‍ സാധിക്കും? അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു അവലോകനം.

പിശാചും അവന്റെ കൂട്ടാളികളും ഏതുകാലത്തും മനുഷ്യരെ വഴിപിഴപ്പിക്കാന്‍ വേണ്ടി ബദ്ധശ്രദ്ധരാണ്. കാലം മാറുന്നതിനനുസരിച്ച് അവരുടെ പ്രവര്‍ത്തന രീതിയും മാറിക്കൊണ്ടിരിക്കും. ആധുനിക കാലഘട്ടത്തില്‍ ജീവനകലക്കാരും സിദ്ധന്മാരും വ്യാജ ആത്മീയ ചികിത്സകന്മാരും ആളുകളെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ടല്ലോ. മനസ്സമാധാനം തേടി അലയുന്ന മനുഷ്യരുടെ വിശ്വാസവും അഭിമാനവും ചൂഷണം ചെയ്തുകൊണ്ടാണ് ഇത്തരക്കാര്‍ സമൂഹത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്. 

ഇന്ന് ലോകം പൊതുവെ ആത്മീയതയിലേക്ക് അടുത്തു തുടങ്ങിയിട്ടുണ്ട്. ആത്മീയതയുടെ ദാഹം തീര്‍ക്കാന്‍ കൊതിക്കുന്നവര്‍ക്ക് മുന്നില്‍ പാശ്ചാത്യര്‍ പല ചതിക്കുഴികളും അവതരിപ്പിക്കാറുണ്ട്. ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമാധാന സന്ദേശത്തിനു തുരങ്കം വെക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ജൂതന്മാര്‍ നിരവധി  പദ്ധതികള്‍ ഈ രംഗത്ത് ആവിഷ്‌കരിച്ചിട്ടുണ്ട്. പല പേരുകളിലും പല രൂപത്തിലും പല കോലത്തിലും അവര്‍ സമൂഹത്തില്‍ അത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.

പാശ്ചാത്യര്‍ അവതരിപ്പിക്കുന്ന എന്തും അതിന്റെ പിന്നാമ്പുറങ്ങള്‍ പരിശോധിക്കാതെ പ്രചരിപ്പിക്കാന്‍ ആവേശം കാണിക്കുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലും ഉണ്ട്. അതുമൂലം അവരുടെ വിശ്വാസവും ഇരുലോകത്തുള്ള സമാധാനവും തകരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചേരുക. 

ഇത്തരത്തില്‍ ഇന്ന് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു കപട ശാസ്ത്രമാണ്  NLP. അത് സംഘടിപ്പിക്കുന്നവര്‍ നല്‍കുന്ന പരസ്യവാചകങ്ങള്‍ ആരെയും ആകര്‍ഷിക്കാന്‍ കഴിവുള്ളവയാണ്.

”നിങ്ങള്‍ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ മിനുട്ടുകള്‍ കൊണ്ട് മാറ്റിയെടുക്കുവാന്‍ പറ്റുന്ന, ആധുനിക ലോകത്തെ ഏറ്റവും അത്ഭുതകരവും അതീവ രഹസ്യങ്ങളുമടങ്ങിയ  NLP  എന്ന മനഃശാസ്ത്ര കോഴ്‌സ്…” എന്ന് കാണുമ്പോള്‍ ആരാണ് അതൊന്ന് പരീക്ഷിച്ചു നോക്കാന്‍ ആഗ്രഹിക്കാതിരിക്കുക! 

NLP എന്ന ഓമനപ്പേരില്‍ സമൂഹത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ പ്രോഗ്രാം ഒരു പൈശാചിക വലയാണ് എന്ന കാര്യം തിരിച്ചറിയാന്‍ നാമിനിയും വൈകിക്കൂടാ.

NLPക്ക് (ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്) 1970 ല്‍ അമേരിക്കക്കാരായ ജോണ്‍ ഗ്രിന്‍ഡര്‍, റിച്ചാര്‍ഡ് ബന്‍ട്‌ലര്‍ എന്നീ രണ്ട് വ്യക്തികളാണ് രൂപം കൊടുത്തത്. 

മനുഷ്യന്റെ മനസ്സും ഭാഷയും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തി അവന്റെ മനഃസംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയും എന്ന ധാരണയിലാണ് ഈ സിദ്ധാന്തം പടുത്തുയര്‍ത്തപ്പെട്ടത്. കൗണ്‍സിലിംഗിന്റെയും മനഃശാസ്ത്രത്തിന്റെയും വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞാണ് ഈയൊരു പദ്ധതി അവര്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത്. 

നമ്മുടെ നാഡി വ്യവസ്ഥകളും നമ്മുടെ  ഭാഷയും നമ്മുടെ പെരുമാറ്റ ഗുണങ്ങളും പരസ്പരം ബന്ധിതമാണ്. ഇവയൊക്കെ ‘ഘടനകള്‍’ ആയി രൂപപ്പെടുകയാണ് ചെയ്യുന്നത്. ഇവ ഭൗതികമായ അവസ്ഥയിലാണ് ഉള്ളത്. പ്രസ്തുത ഘടനകള്‍ തിരികെ ഓര്‍മിച്ചെടുക്കാന്‍ നമുക്ക് സാധിക്കും. ഇത്പഠിച്ചു കഴിഞ്ഞാല്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തി ജീവിതത്തിലെ ലക്ഷ്യങ്ങള്‍ നേടുവാന്‍ നമുക്ക് സാധിക്കും. അഥവാ നമ്മുടെ ജീവിതത്തിലെ സംഭവങ്ങള്‍ തീരുമാനിക്കാന്‍ നമുക്ക് സാധിക്കും. അതുപോലെ ജീവിതത്തില്‍ വിജയം വരിച്ചവരുടെ ഈ വ്യവസ്ഥയെ പഠിച്ചറിഞ്ഞ് അവരെ മോഡല്‍ ആക്കിയാല്‍ നമുക്കും അവരെ പോലെ ആകാന്‍ കഴിയും, ഈ സംഗതിയിലൂടെ എയിഡ്‌സ്, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരെ മാറ്റുവാന്‍ കഴിയും, ഒരു വേള നാം ആഗ്രഹിക്കുന്ന എന്തും കൈക്കലാക്കാന്‍ കഴിയും… എന്നൊക്കെയാണ് ഇവരുടെ ‘തള്ളല്‍!’

ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് ഇത് എന്നും അവര്‍ തട്ടിവിടാറുണ്ട്. യഥാര്‍ഥത്തില്‍ ഇന്നുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ഒരു സിദ്ധാന്തമാണ് ഇത് എന്നത് ലോകത്ത് ഇന്ന് പരസ്യമായ ഒരു സംഗതിയാണ്.

http://bit.ly/NLP_not_Scientific

ഇതിനുപിന്നിലെ അപകടങ്ങള്‍ തിരിച്ചറിഞ്ഞ് മുസ്‌ലിം ലോകം തുടക്കത്തില്‍ തന്നെ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. മുസ്‌ലിം രാഷ്ട്രങ്ങളിലുള്ള, ഇതിന്റെ അപകടം മനസ്സിലാക്കാത്ത ചിലരെങ്കിലും ഇതിന് പിന്നാലെ പോയപ്പോള്‍; ഇസ്‌ലാമിക ലോകത്തുള്ള പണ്ഡിതന്മാര്‍ കക്ഷിഭേദമന്യെ ഈ തിന്മക്കെതിരെ ഫത്വ്‌വകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. 

എതാനും പണ്ഡിതാഭിപ്രായങ്ങളുടെ ലിങ്കുകള്‍ താഴെ നല്‍കുന്നു:

സൗദിഅറേബ്യയിലെ ഗ്രാന്‍ഡ് മുഫ്തി ആലുശൈഖ്: http://bit.ly/2SvG9by

ശൈഖ് ഫൗസാന്‍: http://bit.ly/2K ZFSvb

ശൈഖ് സല്‍മാന്‍ റുഹൈലി: http://bit.ly/2BU9bMG

ശൈഖ് ഖാലിദ് ബിന്‍ സഊദ്: http://bit.ly/2RGVOVp

ശൈഖ് ഫൈസല്‍ ഉതയ്ബി: http://bit.ly/2zKOJfE

ഇവരെ കൂടാതെ സ്വാലിഹ് അല്‍ മുനജ്ജിദ്, യുസുഫുല്‍ ഖര്‍ദാവി, വഹബ് സുഹൈലി, അബ്ദുല്‍ അസീസ് മുസ്തഫ, അബ്ദുല്‍ അസീസ് നുഹൈമിഷ്, മുഹമ്മദ് അരീഫി, സിഫ്‌റ് അല്‍ ഹവാലി, അബ്ദുറഹ്മാന്‍ മഹ്മൂദ് തുടങ്ങിയ പണ്ഡിതന്മാരും ഈ തിന്മക്കെതിരെ ശബ്ദമുയര്‍ത്തിയവരാണ്.(http://bit.ly/2SyVok6)

ഫതാവാ ഇസ്‌ലാം വെബിലെ ഫത്‌വയും ഈ വിഷയത്തിലുണ്ട്: http://bit.ly/2EilkNM

മുഹമ്മദ് നാബല്‍സിയും ഇതിനെതിരെ ശബ്ദിച്ചതായി കാണാം:http://bit.ly/2EiStJh

ഇത് അനിസ്‌ലാമികമാണെന്നതിന് പണ്ഡിതന്മാര്‍ നിരവധി കാരണങ്ങള്‍ നിരത്തുന്നുണ്ട്: http://bit.ly/2EiyKtm

ചുരുക്കത്തില്‍ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന പ്രശസ്ത സലഫീ പണ്ഡിതന്‍മാരും അല്ലാത്തവരും ഈ തിന്മക്കെതിരെ കൃത്യമായി  ബോധവല്‍ക്കരണം നടത്തിയവരാണ്. ഒരു ആധുനികവിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ഇങ്ങനെയൊരു ഏകോപനം അപൂര്‍വമാണ്.

എന്തുകൊണ്ട് ഈ ഒരു പദ്ധതി അനിസ്‌ലാമികമാണെന്ന് പറയുന്നു? അത് നാം കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. ഒന്നാമതായി മനഃശാന്തി നേടുവാനും മനഃസംഘര്‍ഷം കുറയ്ക്കുവാനും വേണ്ടിയാണ് ഈ ഒരു നൂതന സമ്പ്രദായം ആളുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ള സ്രഷ്ടാവായ അല്ലാഹുവിന്റെ മതത്തില്‍ മനുഷ്യര്‍ക്ക് ബാധിക്കാവുന്ന എല്ലാ പ്രയാസങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കുമുള്ള പരിഹാരം ഉണ്ട്. ഇത് വിസ്മരിച്ചു കൊണ്ടും ആ പരിഹാരമാര്‍ഗങ്ങള്‍ അവഗണിച്ചുകൊണ്ടുമാണ് പാശ്ചാത്യരുടെ ഈ പൈശാചികവലയത്തില്‍ ആളുകള്‍ വീഴുന്നത്. മനുഷ്യ മനസ്സില്‍ പൈശാചികത കുത്തി നിറക്കാന്‍വേണ്ടി തന്നെയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്.

മനുഷ്യന് യഥാര്‍ഥ മനഃശാന്തി ഇസ്‌ലാമിലൂടെ മാത്രമെ ലഭിക്കുകയുള്ളൂ എന്നുള്ളത് ലോകം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലാണ് ഇത്തരത്തിലുള്ള കപട ആത്മീയതയുടെ പുതിയ രൂപങ്ങള്‍ രൂപം കൊള്ളുന്നത്. ഹൈന്ദവ-ബുദ്ധ മതങ്ങളിലെ സന്യാസ മുറയാണ് NLPയുടെ ആകെത്തുക. കണ്ണടച്ച് ദീര്‍ഘനേരം ഇരിക്കുകയും ഒരു വാക്കു തന്നെ നിരന്തരം ആവര്‍ത്തിച്ചു പറയുകയും ഉച്ചത്തിലും പതുക്കെയുമായി അത് ഉരുവിട്ടുകൊണ്ടിരിക്കുകയും ചെയ്താല്‍  മനസ്സിനെ മാറ്റിയെടുക്കാന്‍ കഴിയും എന്ന അബദ്ധധാരണയാണ് ഇതിന്റെ വക്താക്കള്‍ മുന്നോട്ടുവെക്കുന്നത്.

എന്നാല്‍ മനുഷ്യന് മനഃശ്ശാന്തി ലഭിക്കാന്‍ ഇസ്‌ലാമില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ട്. ഒരാള്‍ വിശ്വാസി അഥവാ ‘മുഅ്മിന്‍’ ആകുന്നതോട് കൂടി തന്നെ അവന് വിശ്വാസ രംഗത്തുള്ള നിര്‍ഭയത്വം കടന്നുവരികയാണ്. മുഅ്മിന്‍ എന്ന വാക്കിന് നിര്‍ഭയത്വമുള്ളവന്‍ എന്ന അര്‍ഥംകൂടിയുണ്ടെന്നത് ഓര്‍ക്കുക. അല്ലാഹു പറയുന്നു:

”വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍” (ക്വുര്‍ആന്‍ 6:82).

നിര്‍ഭയത്വമാണ് ഏറ്റവും വലിയ സമാധാനം. വിധിയിലുള്ള അടിയുറച്ച ‘ഈമാന്‍’ ഒരു വിശ്വാസിക്ക് നല്‍കുന്നത് അനിര്‍വചനീയമായ ആഹ്ലാദവും പറഞ്ഞറിയിക്കാന്‍ പറ്റാത്ത മനഃശാന്തിയുമാണ്. തന്റെ മനസ്സിനെ തനിക്ക് കീഴ്‌പെടുത്താന്‍ കഴിയുമെന്നും അതിലൂടെ എല്ലാം സ്വയം ആര്‍ജിച്ചെടുക്കാന്‍ സാധിക്കുമെന്നുമുള്ള ഒരു കപടമായ ആത്മവിശ്വാസം ജനങ്ങള്‍ക്ക് നേടിക്കൊടുക്കുക എന്നതാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ശൈഖ് ഉഥൈമീന്‍(റഹി) വിധിവിശ്വാസം വിശ്വാസിക്ക് നല്‍കുന്നത് അനിര്‍വചനീയമായ ആഹ്ലാദവും മനഃശാന്തിയും ആണ് എന്ന് വിശദീകരിക്കുന്നത് കാണാനാവും.

അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുക എന്നതാണ് മനഃശാന്തി ലഭിക്കുവാനും പ്രയാസങ്ങളെ മനസ്സില്‍ നിന്ന് ഇറക്കിവെക്കുവാനും ഇസ്‌ലാം നിര്‍ദേശിക്കുന്ന മറ്റൊരു വഴി. അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മയിലൂടെയാണ് ഹൃദയങ്ങള്‍ക്ക് ശാന്തി ലഭിക്കുക എന്ന ക്വുര്‍ആന്‍ വചനം (13:28) ഈ വിഷയത്തില്‍ ഏറെ പ്രസക്തമാണ്. 

വിശുദ്ധ ക്വുര്‍ആനുമായി അടുക്കുക, ക്വുര്‍ആനിന്റെ പഠിതാവാകുക എന്നതു മനുഷ്യന് മനഃശാന്തി ലഭിക്കുവാനുള്ള പ്രധാന കാരണം തന്നെയാണ്. അഞ്ചുനേരത്തെ നമസ്‌കാരം ഒരു മനുഷ്യന് നല്‍കുന്ന ആത്മീയ നിര്‍വൃതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. എന്റെ കണ്‍കുളിര്‍മ നമസ്‌കാരത്തിലാണ് എന്ന നബിﷺയുടെ വാക്ക് ഈ വിഷയത്തിലെ വലിയ ഒരു ചൂണ്ടുപലകയാണ്. ഇഹലോകത്തിന്റെ നശ്വരത ഓര്‍മിച്ചുകൊണ്ടും പരലോകത്തിന്റെ ശാശ്വതത്വം വിസ്മരിക്കാതെയുമാണ് മനുഷ്യന്‍  ഭൂമിയില്‍ ജീവിക്കേണ്ടത്. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുക, തന്നെക്കാള്‍ താഴെയുള്ളവരിലേക്ക് കണ്ണോടിക്കുക, ഒരിക്കലും നിരാശപ്പെടാതിരിക്കുക തുടങ്ങിയ പാഠങ്ങള്‍ പ്രവാചകന്‍ﷺ നമുക്ക് പഠിപ്പിച്ചു തരികയും വിഷമങ്ങള്‍ ബാധിക്കുമ്പോള്‍ ചൊല്ലേണ്ട പ്രാര്‍ഥനകള്‍ വിശദീകരിച്ചുതരികയും ചെയ്തിട്ടുണ്ട്. ഇങ്ങനെ നിരവധി കാര്യങ്ങള്‍ മനഃപ്രയാസങ്ങള്‍ക്ക് പരിഹാരമായി ഇസ്‌ലാം നിശ്ചയിച്ചു തന്നിരിക്കെ എന്തിനാണ് സത്യവിശ്വാസികള്‍ പാശ്ചാത്യരുടെ നിഗൂഢമാര്‍ഗം പിന്തുടരുന്നത്? 

NLP എന്ന് പറയുന്ന ഈ പദ്ധതിയുടെ പിന്നിലെ  നിഗൂഢതകളും ഇതിന്റെ അനിസ്‌ലാമികതയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അതിന്റെ പ്രാഥമികമായ ട്രെയിനിങ്ങുകളില്‍ പങ്കെടുത്ത പലരും അതിലെ അനുഭവങ്ങള്‍ ഈ ലേഖകനോട് പങ്കുവെച്ചിട്ടുണ്ട്. വിവിധ മതക്കാരുടെ ആത്മീയ ചികിത്സാകേന്ദ്രങ്ങളില്‍കണ്ടുവരാറുള്ളത് പോലെ മോഹാലസ്യം, വിറയല്‍, മറിഞ്ഞുവീഴല്‍… എന്നിവയൊക്കെ ചഘജയിലും കാണാനാവും. 

നിരന്തരമായി ഒരു വാക്ക് ആവര്‍ത്തിച്ചു  പറഞ്ഞിട്ട് പ്രയാസങ്ങളെയെല്ലാം സൂര്യനിലേക്ക് വലിച്ചെറിഞ്ഞു എന്ന് ആഗ്യം കാണിക്കുന്ന ഒരു ഏര്‍പ്പാട് ഇതിലുണ്ട്. പിശാച് സേവകരുടെ ഇത്തരം ഏര്‍പ്പാടിനെ ഇസ്‌ലാമികമായി എങ്ങനെ സാധൂകരിക്കാന്‍ കഴിയും? 

മുസ്‌ലിം സഹോദരിമാരും സഹോദരന്മാരും വലിയ തുക ഫീസ് കൊടുത്ത് ഇതില്‍ പങ്കെടുക്കുന്നത് ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും എന്ന പ്രതീക്ഷയോടെയാണ്. ആളുകളെ മാരണത്തിന്റെ മായാവലയത്തില്‍ അകപ്പെടുത്തി, മുഷിപ്പ് തോന്നാത്തവിധത്തില്‍ ഒരേ വാക്കുകള്‍ ഉരുവിട്ട്, അവരുടെ മനസ്സുകളെ പൈശാചിക ലോകത്തേക്ക് ആനയിക്കുന്ന ഈ നിഗൂഢ പദ്ധതിക്ക് കേരളത്തില്‍ ഇപ്പോള്‍ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന വ്യക്തി ഇസ്‌ലാമിക പ്രമാണങ്ങളെ വികലമാക്കി അവതരിപ്പിച്ച് ഈ പൈശാചികതക്ക് തെളിവുണ്ടാക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുകയും ആളുകളുടെ കൈയില്‍നിന്ന് വളരെ ഭീമമായ ഫീസ് ഈടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്ന വസ്തുത സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ രൂപകല്പന ചെയ്ത ഈ ഏര്‍പ്പാടിന് മുസ്‌ലിംകള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കുവാന്‍ വേണ്ടി പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്ന പ്രവണതയെ ജനമധ്യത്തില്‍ തുറന്നു കാണിക്കല്‍ അനിവാര്യമാണ്. അല്ലെങ്കില്‍ അതിന്റെ മായാവലയത്തില്‍ പെടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കും. 

ഈ പദ്ധതിയുടെ പല രീതികളും ഹൈന്ദവ-ബുദ്ധ സന്യാസിമാരുടെ പ്രവര്‍ത്തനങ്ങളുമായി അത്ഭുതകരമാംവിധം സാമ്യപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ആള്‍ദൈവങ്ങളും കപടത്വരീക്വത്തുകളുടെ ശൈഖുമാരും ആളുകളെ പൈശാചിക വലയത്തില്‍ പെടുത്താന്‍ വേണ്ടി ഉപയോഗിക്കുന്ന ശുദ്ധമായ സിഹ്‌റ് തന്നെയാണ് ഈ ഒരു പദ്ധതിയിലും ഉള്‍ക്കൊണ്ടിട്ടുള്ളത് എന്ന് വിശദമായി പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാകുന്ന കാര്യമാണ്. 

ഇതിന്റെ ക്ലാസുകളില്‍ പങ്കെടുക്കുകയും കുറെ സംഗതികള്‍ മനസ്സിലാക്കുകയും ഇതിന്റെ പോക്ക് ശരിയല്ല എന്ന് തിരിച്ചറിഞ്ഞ് അതിനോട് വിട പറയുകയും ചെയ്ത ഒരു വ്യക്തിയാണു ഞാന്‍. നല്ല ഒരു കൗണ്‍സിലറെ തേടുന്നതിനിടയില്‍ ഈ എന്‍.എല്‍.പി ട്രെയ്‌നറെ കണ്ടുമുട്ടുകയും അദ്ദേഹം നടത്തുന്ന മൂന്ന് ദിവസത്തെ ബേസിക് കോഴ്‌സില്‍ പങ്കെടുക്കുകയും ചെയ്തു. ക്വുര്‍ആനും ഹദീഥുകളും ഉദ്ധരിച്ച് കൊണ്ട് കൂടുതല്‍ ശ്രദ്ധയാകര്‍ഷിപ്പിച്ച് നാമറിയാതെ മെല്ലെ മെല്ലെ പൈശാചിക വലയത്തില്‍ അകപ്പെടുത്തുകയാണ് അയാള്‍ ചെയ്യുന്നത്.

അന്ന് അദ്ദേഹത്തോട് ഏറെ ഇഷ്ടം തോന്നിയിരുന്നു. കേരള മുസ്‌ലിംകളിലെ എല്ലാ പ്രാസംഗികരെയും എന്റെ ഈ ക്ലാസ്സില്‍ എത്തിച്ചു തന്നാല്‍ അവരെയൊക്കെ നല്ല ശൈലിയില്‍ ക്ലാസ്സ് എടുക്കുന്നവരാക്കിത്തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ തോന്നിയ ഇഷ്ടം. 

ഒരുപാട് പുസ്തകങ്ങള്‍ എഴുതിയ ആളായത് കൊണ്ട് ക്ലാസ്സിനിടയില്‍ തന്റെ പുസ്തകങ്ങള്‍ മാര്‍ക്കറ്റിങ്ങ് ചെയ്യാനും ഇയാള്‍ ശ്രദ്ധാലുവായിരുന്നു. ഈ കോഴ്‌സിലൂടെ നാവിലെ അള്‍സര്‍ മാറി എന്നൊക്കെ അവകാശപ്പെടുന്ന ആളുകളെയും ഇടക്ക് പരിചയപ്പെടുത്തുമായിരുന്നു. അതൊക്കെ ഇന്റ്റര്‍ മീഡിയേറ്റ് (7000), അഡ്വാന്‍സ്(15000) എന്നീ ലെവലുകളിലാണ് നടക്കുന്നത് എന്ന് സൂചിപ്പിച്ച് അതിലേക്ക് ആകര്‍ഷിപ്പിക്കും.

മൊത്തത്തില്‍ ഒരു കച്ചവട തന്ത്രമായിരുന്നു അതെന്ന് തിരിച്ചറിയാന്‍ സാധിച്ചു. മൂന്നാം ദിവസത്തെ തെറാപ്പിയാണ് ശരിക്കും പൈശാചികതയുടെ അങ്ങേയറ്റം. എന്റെ ജീവിതത്തില്‍ എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു വ്യക്തിയുടെ ചെറിയ വൈകാരിക ഇടപെടലുകള്‍ എന്നെ വല്ലാതെ പ്രയാസപ്പെടുത്തുന്നു, ആ ഒരു പ്രയാസം മാറ്റണം എന്നതായിരുന്നു തെറാപ്പിക്ക് ഒരു വിഷയമായി ഞാന്‍ എടുത്തത്. മൂന്നാം ദിനം എല്ലാവരും പരസ്പരം തെറാപ്പി ചെയ്യുക എന്നതാണെങ്കിലും എനിക്ക് ഇയാള്‍ തന്നെ ചെയ്ത് തന്നു. കണ്ണടച്ചുകൊണ്ട്, പ്രയാസപ്പെടുന്ന ആ സന്ദര്‍ഭത്തെ മനസ്സില്‍ കാണാനും അതിനെ വലുതാക്കി വലുതാക്കി എന്ന് വേഗത്തില്‍ ഉരുവിട്ട് കൊണ്ട് പെട്ടെന്ന് ‘സ്വിഷ്’ എന്ന് പറഞ്ഞ് എന്റെ മുഖത്ത് തടവി അത് സൂര്യനിലേക്ക് വലിച്ചെറിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ എനിക്ക് എന്തൊക്കെയോ സംഭവിച്ചു. ഞാന്‍ നിലത്ത് വീണു. വലത്തേ കൈ കുറേ നേരത്തേക്ക് തരിച്ച് പോയി. അത് ശരിയാക്കാന്‍ അയാള്‍ക്ക് ഏറെ സമയം ചെലവഴിക്കേണ്ടി വന്നു. പിന്നെ കണ്ണ് തുറന്ന് അദ്ദേഹത്തെ ഒരു പാട് നേരം ആലിംഗനം ചെയ്തു. പിന്നീട് എന്റെ ആ പ്രയാസം മാറി എന്ന് പിശാച് തോന്നിപ്പിച്ചു. ഇതില്‍ പങ്കെടുത്ത പലരും എന്നോട് ഇതുപോലുള്ള അനുഭവം പങ്കുവെച്ചിട്ടുണ്ട്. അറിവില്ലായ്മയില്‍ സംഭവിച്ച ഈ തെറ്റിന് ഞാന്‍ അല്ലാഹുവിനോട് മാപ്പിരന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും ഇതിലെ നിഗൂഢതകളെക്കുറിച്ച് വിശ്വാസികള്‍ക്ക് താക്കീത് നല്‍കാന്‍ എനിക്ക് സാധിച്ചതില്‍ അല്ലാഹുവിന് സ്തുതി. 

മാരണത്തിന്റെ മായാവലയം തീര്‍ക്കുന്നതും മനുഷ്യരുടെ ഇരുലോക ജീവിതത്തെ തകര്‍ക്കുന്നതും സമ്പത്ത് കൊള്ളയടിക്കുന്നതുമായ ഒരു നിഗൂഢ പദ്ധതിയാണ് NLP എന്ന പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിശ്വാസികള്‍ ഇത്തരം പൈശാചികതകളെ കുറിച്ച് വ്യക്തമായ ബോധമുള്ളവരായിരിക്കണം. ഇതിന്റെ അടിമയായി മാറുന്നവര്‍ പിന്നീട് രക്ഷപ്പെടാനാവാത്ത വിധം പിശാചിന്റെ കരവലയത്തിനുള്ളില്‍ അമരാനുള്ള സാധ്യത ഏറെയാണ്. പണ്ഡിതന്മാരും ഈ കാര്യങ്ങള്‍ മനസ്സിലാക്കിയ ആളുകളും ഈ നിഗൂഢ പ്രവര്‍ത്തനത്തിനെതിരെ  ശബ്ദമുയത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

ഇഅ്ജാസ് ബിന്‍ ഇസ്മാഈല്‍
നേർപഥം വാരിക

 

നമസ്കാരത്തിൽ സുത്റ (മറ) സ്വീകരിക്കുക.

നമസ്കാരത്തിൽ സുത്റ (മറ) സ്വീകരിക്കുക.

ഇസ്ലാമിലെ ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണ് നമസ്കാരം. പരലോകത്ത് ആദ്യം വിചാരണ ചെയ്യുന്ന കർമ്മം. നമസ്കാരത്തിനുളള ശ്രേഷ്ഠതകളും പ്രത്യേകതകളും ഏറെയാണ്. നാം നമസ്കാരത്തിന്റെ രൂപവും രീതിയും പഠിക്കേണ്ടത് നബി (ﷺ) യിൽ നിന്നാണ്. നമസ്കാരവുമായി ബന്ധപ്പെട്ട് പലപ്പോഴും പലരും ശ്രദ്ധിക്കാതെ പോകുന്ന വിഷയമാണ് നമസ്കാരത്തിൽ മറ സ്വീകരിക്കുക എന്നത്.

എന്താണ് സുത്റ എന്നു പറഞ്ഞാൽ?

നമസ്കരിക്കുന്ന ആളുടെ മുമ്പിൽ, ഖിബ്’ലക്ക് നേരെ സുജൂദിന്റെ സ്ഥാനത്ത്‌ നിന്നും ഏതാണ്ട്‌ ഒരു മുഴം മാറി നമസ്ക്കരിക്കുന്നയാൾ വെക്കുന്ന ഒരു ‘മറ’യാണ്‌ സുത്‌റ.

ഇന്ന് പലരും  പള്ളിയില്‍ കയറി ഏതെങ്കിലും ഒരു ഭാഗത്ത് നിന്നു കൊണ്ട്  മുമ്പിൽ യാതൊരു മറയും ഇല്ലാതെ നമസ്ക്കരിക്കുന്നത്‌ കാണാൻ കഴിയും. സുത്റയുടെ പ്രാധാന്യം പ്രമാണങ്ങളിൽനിന്നും മനസ്സിലാക്കത്ത താണ് ഇതിന് കാരണം. 

حَدَّثَنَا يَزِيدُ بْنُ أَبِي عُبَيْدٍ، قَالَ كُنْتُ آتِي مَعَ سَلَمَةَ بْنِ الأَكْوَعِ فَيُصَلِّي عِنْدَ الأُسْطُوَانَةِ الَّتِي عِنْدَ الْمُصْحَفِ‏.‏ فَقُلْتُ يَا أَبَا مُسْلِمٍ أَرَاكَ تَتَحَرَّى الصَّلاَةَ عِنْدَ هَذِهِ الأُسْطُوَانَةِ‏.‏ قَالَ فَإِنِّي رَأَيْتُ النَّبِيَّ صلى الله عليه وسلم يَتَحَرَّى الصَّلاَةَ عِنْدَهَا

യസീദ് ബിന്‍ അബീ ഉബൈദ് (റ)പറയുന്നു : ഞാൻ സലമത് ബ്നുൽ അക്'വഇന്റെ കൂടെ വരുമ്പോൾ മുസ്വ്ഹഫിന്റെ അടുത്തുള്ള തൂണിന്റെ അരികിൽ അദ്ദേഹം നമസ്കരിച്ചു. അപ്പോൾ ഞാൻ ചോദിച്ചു: അല്ലയോ അബൂ മുസ്‌ലിം, എന്താണ് താങ്കൾ ഈ തൂണിന്റെയരികിൽ നമസ്കരിക്കുന്നതിൽ ജാഗ്രത കാണിക്കുന്നത്? അദ്ദേഹം പറഞ്ഞു:  'നിശ്ചയം, നബി (സ്വ) അതിന്റെയരികിൽ നമസ്കരിക്കാൻ ജാഗ്രത കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് 

(ബുഖാരി:502 )

عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ الْمُؤَذِّنُ إِذَا أَذَّنَ قَامَ نَاسٌ مِنْ أَصْحَابِ النَّبِيِّ صلى الله عليه وسلم يَبْتَدِرُونَ السَّوَارِيَ حَتَّى يَخْرُجَ النَّبِيُّ صلى الله عليه وسلم وَهُمْ كَذَلِكَ يُصَلُّونَ الرَّكْعَتَيْنِ قَبْلَ الْمَغْرِبِ، وَلَمْ يَكُنْ بَيْنَ الأَذَانِ وَالإِقَامَةِ شَىْءٌ‏

അനസ്(റ)ൽ നിന്ന് : പ്രവാചകൻ (ﷺ) യുടെ പ്രഗത്ഭരായ അനുചരന്മാർ മഗ്'രിബിന്റെ സമയത്ത് തൂണുകളുടെ സമീപത്തേക്ക് (സുന്നത്ത് നമസ്കരിക്കാൻ) ഓടിചെല്ലുന്നത് ഞാൻ കണ്ടിട്ടുണ്ട്.

(ബുഖാരി: 625)​

പള്ളിയില്‍ വെച്ചുള്ള നമസ്കാരത്തിന് മാത്രമല്ല, പെരുന്നാൾ ദിവസങ്ങളിലെ മൈതാനത്ത് വെച്ചുള്ള നമസ്കാരത്തിനും, യാത്രയിലെ നമസ്കാരത്തിനുമെല്ലാം നബി(ﷺ) സുത്റ സ്വീകരിച്ചിരുന്നു.

عَنِ ابْنِ عُمَرَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا خَرَجَ يَوْمَ الْعِيدِ أَمَرَ بِالْحَرْبَةِ فَتُوضَعُ بَيْنَ يَدَيْهِ، فَيُصَلِّي إِلَيْهَا وَالنَّاسُ وَرَاءَهُ، وَكَانَ يَفْعَلُ ذَلِكَ فِي السَّفَرِ، فَمِنْ ثَمَّ اتَّخَذَهَا الأُمَرَاءُ

ഇബ്നു ഉമറിൽ(റ) നിന്ന് നിവേദനം :  പെരുന്നാൾ ദിവസം നബി(സ്വ) (നമസ്കാരത്തിനായി) പുറപ്പെട്ടാൽ കുന്തം കൊണ്ടുവരാൻ കൽപിക്കുകയും അങ്ങിനെ അത് അദ്ധേഹത്തിന്റെ മുമ്പിൽ വെക്കപ്പെടുകയും അതിലേക്കു അദ്ദേഹം തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. അദ്ധേഹത്തിന്റെ പിന്നിൽ ജനങ്ങളുണ്ടാവും. അദ്ദേഹം യാത്രയിലും അങ്ങിനെ ചെയ്യാറുണ്ടായിരുന്നു. പിന്നീട് ഉമറാക്കളും അങ്ങിനെ ചെയ്യാൻ തുടങ്ങി. 

(ബുഖാരി: 494)​

സുത്റയായി സ്വീകരിക്കാന്‍ ഒന്നുമില്ലാത്ത തുറസ്സായ സ്ഥലത്ത് വെച്ച് നമസ്കരിക്കുകയാണെങ്കില്‍ പോലും നബി(ﷺ) എന്തെങ്കിലും വസ്തു സുത്റയായി സ്വീകരിച്ച് നമസ്കരിക്കുമായിരുന്നു.

(സുത്റയായി സ്വീകരിക്കാന്‍ ഒന്നുമില്ലാത്ത തുറസ്സായ സ്ഥലത്ത് വെച്ച്) നമസ്കരിക്കുമ്പോള്‍ തന്റെ മുന്നില്‍ ഒരു ചെറിയ കുന്തം നാട്ടിവെച്ച്  അതിലേക്ക് തിരിഞ്ഞ് അവിടുന്ന് നമസ്കരിക്കും. ജനങ്ങള്‍ പിന്നിലുണ്ടാകുകയും ചെയ്യും.(ബുഖാരി, മുസ്ലിം, ഇബ്നുമാജ)

ഒരിക്കല്‍ നബി(ﷺ) ഒരു മരത്തിന്റെ നേ൪ക്ക് തിരിഞ്ഞുകൊണ്ട് നമസ്കരിച്ചു.(നസാഇ, അഹ്മദ്)

عن ابن عمر رضي الله عنه أنه إذا لم يجد ما يستتر به قال لنافع رحمه الله ولني ظهرك

ഇബ്നു ഉമറിൽ(റ) നിന്ന് നിവേദനം : സുത്റയാക്കാൻ ഒന്നും കിട്ടിയില്ലെങ്കിൽ അദ്ദേഹം നാഫിഇനോട്(റ) പുറം തിരിഞ്ഞു നിൽക്കാൻ പറയുമായിരുന്നു.

(മുസ്വന്നഫ് ഇബ്നു അബീശൈബ)​

ഫ൪ളോ സുന്നത്തോ ആയ ഏതു നമസ്കാരമാണെങ്കിലും, നമസ്കരിക്കുന്ന ആളുടെ മുമ്പിൽ ഒരു മറ ഉണ്ടായിരിക്കേണ്ടതാണ്‌. നമസ്കരിക്കുന്നവന്റെ മുമ്പിൽ സുജൂദു ചെയ്യുന്ന ഭാഗത്താണ് സുത്റയുടെ സ്ഥാനം.  സുജൂദ് ചെയ്തു കഴിഞ്ഞാൽ ഒരു ആടിന് നടക്കാനുള്ള അകലമേ സുത്റക്കും നമസ്കരിക്കുന്ന ആൾക്കും ഇടയിൽ ഉണ്ടാവാൻ പാടുള്ളൂ.  സുത്റ, നമസ്കരിക്കുന്ന ആളുടെ മുമ്പിൽ ദൂരെ എവിടെയെങ്കിലും ആയാൽ പോര എന്നർത്ഥം. സുത്റയോട് അടുത്ത് നിൽക്കണമെന്നതാണ് നബിയുടെ(ﷺ) കൽപന.

عَنْ سَهْلِ بْنِ أَبِي حَثْمَةَ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ ‏: إِذَا صَلَّى أَحَدُكُمْ إِلَى سُتْرَةٍ فَلْيَدْنُ مِنْهَا لاَ يَقْطَعُ الشَّيْطَانُ عَلَيْهِ صَلاَتَهُ

നബി(ﷺ) പറയുന്നു :നിങ്ങളില്‍ ആരെങ്കിലും സുത്റ സ്വീകരിച്ചുകൊണ്ട് നമസ്കരിക്കുന്നതായാല്‍ അവന്‍ അതിനടുത്ത് നില്‍ക്കേണ്ടതാണ്. പിശാചിന് അവന്റെ നമസ്കാരം മുറിക്കാന്‍ സാധിക്കരുത്. 

(അബൂദാവൂദ്:695 - അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )​

നബി(ﷺ) സുത്റയുടെ അടുത്തായി നിൽക്കുമായിരുന്നു.എത്രത്തോളമെന്നാല്‍  അദ്ധേഹത്തിനും ചുമരിനും ഇടയില്‍ മൂന്നു മുഴം (അകലം) മാത്രമേ ഉണ്ടായിരുന്നുള്ളൂ.(ബുഖാരി, അഹ്മദ്)

നബി(ﷺ) സുജൂദ് ചെയ്യുന്ന സ്ഥലത്തിനും ചുമരിനും ഇടയില്‍ ഒരു ആടിന് നടന്നു പോകാനുള്ള സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ.(ബുഖാരി, മുസ്ലിം)

എന്തൊക്കെയാണ്‌ സുത്‌റയാക്കുവാൻ ഉപയോഗിക്കാവുന്നതെന്ന് മനസ്സിലാക്കേണ്ടതാണ്. ചുമരുകൾ, തൂണുകള്‍, മുമ്പിൽ നാട്ടപ്പെടുന്ന കുന്തം എന്നിവയെല്ലാം സുത്‌റയായി ഉപയോഗിക്കാവുന്നതാണ്. അതേപോലെ സുത്‌റയായി ഉപയോഗിക്കുന്നത്‌ വസ്തുവിന്റെ ഉയരവും നാം മനസ്സിലാക്കേണ്ടതാണ്.

عَنْ عَائِشَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم سُئِلَ فِي غَزْوَةِ تَبُوكَ عَنْ سُتْرَةِ الْمُصَلِّي فَقَالَ : كَمُؤْخِرَةِ الرَّحْلِ

ആയിശയില്‍ നിന്ന് നിവേദനം :  ഉഹ്ദു യുദ്ധദിവസം നമസ്കരിക്കുന്ന ആളുടെ സുത്റയെ കുറിച്ച് നബി (സ്വ)ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു : അത് ഒട്ടകക്കട്ടിലിന്റെ പിന്നറ്റം (ഒട്ടകപ്പുറത്ത് ഇരിക്കാൻ ഉപയോഗിക്കുന്ന ഒരു മരക്കഷണം) പോലെയുള്ളതാണ്‌

(മുസ്‌ലിം:500)​

ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ സുത്റക്ക് ഏതാണ്ട് ഒരു മുഴമെങ്കിലും ഉയരമുണ്ടായിരിക്കണമെന്നാണ് പണ്ഡിതന്മാർ പറഞ്ഞിട്ടുള്ളത്.

ഒറ്റക്ക് നമസ്കരിക്കുന്ന ആളുടെ മുമ്പിൽ  അത് ഏത് നമസ്കാരമാണെങ്കിലും എവിടെ വെച്ച് നി൪വ്വഹിക്കുകയാണെങ്കിലും ഒരു മറ ഉണ്ടായിരിക്കണമെന്ന് ചുരുക്കം. എന്നാല്‍ ജമാഅത്ത് നമസ്കാരമാണെങ്കിൽ സുത്റ ഇമാമിന് മാത്രം മതിയാകുന്നതാണ്.

എന്നാല്‍ സുത്റയായി നമസ്കരിക്കുന്നവന്റെ മുമ്പിൽ ഒരു വരയെങ്കിലും ഉണ്ടായാൽ സുത്റയായി എന്ന് ചിലർ പറയാറുണ്ട്‌. അതിന് തെളിവായി സ്വഹീഹായ ഹദീസുകളൊന്നും ലഭ്യമല്ല. 

സുത്റക്കും നമസ്കരിക്കുന്ന ആളിന്റേയും ഇടയിലൂടെ ആരും കടന്നുപോകരുത്. ഇക്കാര്യം പള്ളിയില്‍ പ്രവേശിക്കുന്ന ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.

عَنْ بُسْرِ بْنِ سَعِيدٍ، أَنَّ زَيْدَ بْنَ خَالِدٍ، أَرْسَلَهُ إِلَى أَبِي جُهَيْمٍ يَسْأَلُهُ مَاذَا سَمِعَ مِنْ، رَسُولِ اللَّهِ صلى الله عليه وسلم فِي الْمَارِّ بَيْنَ يَدَىِ الْمُصَلِّي فَقَالَ أَبُو جُهَيْمٍ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ لَوْ يَعْلَمُ الْمَارُّ بَيْنَ يَدَىِ الْمُصَلِّي مَاذَا عَلَيْهِ لَكَانَ أَنْ يَقِفَ أَرْبَعِينَ خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ ‏"‏‏.‏ قَالَ أَبُو النَّضْرِ لاَ أَدْرِي أَقَالَ أَرْبَعِينَ يَوْمًا أَوْ شَهْرًا أَوْ سَنَةً‏.‏

അബൂജഹ്മ്‌(റ) നിവേദനം: നമസ്കരിക്കുന്നവന്‍റെ മുമ്പിലൂടെ ഒരാള്‍ നടന്നാല്‍ അവനെക്കുറിച്ച്‌ തിരുമേനി(സ) പ്രസ്താവിച്ചത്‌ എന്താണെന്ന്‌ അന്വേഷിച്ചു കൊണ്ട്‌ അദ്ദേഹത്തോട്‌ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അരുളി: നമസ്കരിക്കുന്നവന്‍റെ മുമ്പിലൂടെ നടക്കുന്നവന്‍റെ പേരിലുള്ള കുറ്റമെന്തെന്ന്‌ അവന്‍ ഗ്രഹിച്ചിരുന്നെങ്കില്‍ നമസ്കരിക്കുന്നവന്‍റെ മുമ്പിലൂടെ നടക്കുന്നതിനേക്കാള്‍ അവിടെ നാല്‍പത്‌ നില്‍ക്കുന്നതാണ്‌ അവന്‌ ഉത്തമമാക്കുക. അബൂല്‍നള്‌റ്‌ പറയുന്നു. നാല്‍പത്‌ ദിവസമാണോ അതല്ല നാല്‍പത്‌ മാസമാണോ അതല്ല നാല്‍പത്‌ കൊല്ലമാണോ തിരുമേനി(സ) പറഞ്ഞതെന്ന്‌ എനിക്കുമറിയുകയില്ല

(ബുഖാരി:510)​

സുത്റക്കും നമസ്കരിക്കുന്ന ആളിന്റേയും ഇടയിലൂടെ ആരെങ്കിലും കടന്നുപോകുന്നുവെങ്കില്‍  നമസ്കരിക്കുന്ന ആളിന് അയാളെ തടയാവുന്നതാണ്.

നബി(ﷺ) തന്റേയും മറയുടേയും ഇടയില്‍കൂടി ഒന്നിനേയും കടന്നുപോകാന്‍ അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ അവിടുന്ന് നമസ്കരിച്ച് കൊണ്ടിരുന്നപ്പോള്‍ ഒരു ആട് അദ്ധേഹത്തിന്റെ മുന്നിലേക്ക് ഓടിയടുത്തു. അപ്പോള്‍ (ആട് മുന്നിലെത്തുന്നതിന് മുമ്പുതന്നെ) അവിടുന്ന് തന്റെ ഉദരം ചുമരിലേക്ക് ചേ൪ത്തിവെക്കും വരെ ധൃതിയില്‍ മുന്നോട്ട് നടന്നു.(അങ്ങനെ ആട് നബിയുടെ(ﷺ) പിന്നിലൂടെ കടന്നുപോയി) (സ്വഹീഹ് ഇബ്നു ഖുസൈമ:1/95/1 – ത്വബ്റാനി :3/14/3 – ഹാകിം സ്വഹീഹാണെന്ന് പറഞ്ഞു: ദഹബി അതിനേട് യോജിച്ചു)

നബി(ﷺ) പറയുമായിരുന്നു:മറ സ്വീകരിച്ചുകൊണ്ടല്ലാതെ നിങ്ങൾ നമസ്കരിക്കരുത്. നിങ്ങളുടെ മുമ്പിലൂടെ ആരെയും കടന്നുപോകാന്‍ അനുവദിക്കുകയും അരുത്.(തടയുമ്പോള്‍) ആരെങ്കിലും ചെറുത്തു നിന്നാല്‍ അവനുമായി മല്ലിടുക.കാരണം അവനോടൊപ്പം ഒരു കൂട്ടാളി (ശൈത്വാന്‍) ഉണ്ട്. (സ്വഹീഹ് ഇബ്നു ഖുസൈമ:1/93/1)

ഒരാള്‍ ഒറ്റക്ക് നമസ്കരിക്കുമ്പോള്‍ കൃത്യമായ അകലത്തില്‍ സുത്റ സ്വീകരിക്കുകയാണെങ്കില്‍ മാത്രമേ സുത്റക്കിടയിലൂടെ കടക്കുന്നവനെ തടയാന്‍ പാടുള്ളൂ. എന്നാല്‍ നമസ്കരിക്കുമ്പോള്‍ സുത്റ സ്വീകരിക്കാതിരിക്കുകയും അല്ലെങ്കില്‍ അകലം വ൪ദ്ധിപ്പിച്ച് സുത്റ സ്വീകരിക്കുകയാണെങ്കില്‍ സുത്റക്കിടയിലൂടെ കടക്കുന്നവനെ തടയാന്‍ പാടില്ല. ജമാഅത്ത് നമസ്കാരം നടന്നുകൊണ്ടിരിക്കെ ആരെങ്കിലും വുളൂ നഷ്ടപ്പെട്ടോ മറ്റോ പുറത്തേക്ക് നമസ്കരിക്കുന്നവരുടെ മുന്നിലൂടെ നടക്കുകയാണെങ്കില്‍ അവനേയും തടയാന്‍ പാടില്ല.

നമസ്കാരത്തിൽ സുത്‌റ സ്വീകരിക്കുന്നത് , നമസ്കാരത്തില്‍ ശൈത്വാന്‍ ശല്യപ്പെടുത്തുന്നതില്‍ നിന്നുള്ള രക്ഷയുമാണ്.

عَنْ سَهْلِ بْنِ أَبِي حَثْمَةَ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ ‏: إِذَا صَلَّى أَحَدُكُمْ إِلَى سُتْرَةٍ فَلْيَدْنُ مِنْهَا لاَ يَقْطَعُ الشَّيْطَانُ عَلَيْهِ صَلاَتَهُ

നബി(സ്വ) പറയുന്നു :നിങ്ങളില്‍ ആരെങ്കിലും സുത്റ സ്വീകരിച്ചുകൊണ്ട് നമസ്കരിക്കുന്നതായാല്‍ അവന്‍ അതിനടുത്ത് നില്‍ക്കേണ്ടതാണ്. പിശാചിന് അവന്റെ നമസ്കാരം മുറിക്കാന്‍ സാധിക്കരുത്. 

(അബൂദാവൂദ്:695 - അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )

നമസ്കാരത്തില്‍ സുത്റ സ്വീകരിക്കുന്നത് വാജിബ്‌ (നി൪ബന്ധം) ആണെന്നാണ് ഇമാം മാലിക്‌(റഹി), ഇമാം അഹ്മ്മദ്‌(റഹി), ഇമാം ശൗകാനി(റഹി), ഇമാം നാസ്വിറുദ്ദീൻ അൽബാനി(റഹി) എന്നിവരുടെ അഭിപ്രായം. സുത്റയില്ലാതെ നമസ്കരിക്കുന്നത് നബി(സ്വ) വിലക്കിയതും യാത്രയിലോ അല്ലാത്ത സമയത്തോ, പള്ളിയിലോ പുറത്തു വെച്ചോ നമസ്കരിച്ചപ്പോഴും സുത്റ സ്വീകരിചിരുന്നുവെന്നതും അതിനുള്ള തെളിവാണ്. സുത്റ ഇല്ലാതെ നബി (സ്വ) ഒരിക്കൽ പോലും നമസ്കരിച്ചതായി യാതൊരു രേഖയുമില്ല. 

നബിയുടെ(ﷺ) നമസ്കാരത്തെ കുറിച്ച് വിവരിക്കുന്ന ശൈഖ് നാസിറുദ്ദീൻ അല്‍ബാനിയുടെ(റഹി) ‘സ്വിഫത്തു സ്വലാത്തിന്നബിയ്യി മിന തക്ബീരി ഇല ത്തസ്ലീമി ക അന്നക്ക തറാഹാ’ എന്ന ഗ്രന്ഥത്തില്‍ നമസ്കരിക്കുന്നവന്റെ മുന്നിലെ മറയും അതിന്റെ അനിവാര്യതയും എന്നൊരു ശീ൪ഷകം തന്നെ കൊടുത്തിട്ടുണ്ട്. അതില്‍ ധാരാളം ഹദീസുകള്‍ അദ്ദേഹം എടുത്തു കൊടുത്തിട്ടുള്ളതായി കാണാം.

كان أحيانا يتحرى الصلاة عند الأسطوانة التي في مسجده

അദ്ദേഹം ചിലപ്പോള്‍  തന്റെ പള്ളിയിലുള്ള തൂണിന്റെ അരികിൽ വെച്ച് നമസ്കരിക്കുവാൻ ജാഗ്രത കാണിച്ചിരുന്നു

(ബുഖാരി, മുസ്ലിം)​

ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ശൈഖ് അൽബാനി (റഹി) പ്രസ്തുത ഗ്രന്ഥത്തില്‍ പറയുന്നു:

വലിയ പള്ളിയിലാണെങ്കിൽ പോലും, ഇമാമിനും ഒറ്റയ്ക്ക് നമസ്കരിക്കുന്നവനും സുത്റ അനിവാര്യമാണ്.   ഇമാം അഹ് മദിൽ നിന്നുള്ള മസാഇലിൽ(1/66) ഇബ്നു ഹാനി പറഞ്ഞു: ഒരു ദിവസം ഞാന്‍ മുന്നില്‍ മറയെന്നും കൂടാതെ നമസ്കരിക്കുന്നത് അബൂഅബ്ദില്ല (അതായത്ഇമാം അഹ് മദ് ബിന്‍ ഹമ്പൽ (റ)) കാണാനിടയായി. ഞാന്‍ അന്ന് അദ്ദേഹത്തോടൊപ്പം ജുമുഅ നടക്കുന്ന (വലിയ) പള്ളിയിലായിരുന്നു.  അപ്പോൾ അദ്ദേഹം പറഞ്ഞു: എന്തെങ്കിലും ഒരു വസ്തു കൊണ്ട് സുത്റ സ്വീകരിക്കുക. അങ്ങിനെ ഞാൻ ഒരാളെ സുത് റയായി സ്വീകരിച്ചു. സുത്റ സ്വീകരിക്കുന്ന വിഷയത്തിൽ വലിയ പള്ളിയെന്നോ, ചെറിയ പള്ളിയെന്നോയുള്ള വേ൪തിരിവ് ഇമാം അഹ്മദ് സ്വീകരിച്ചിട്ടില്ല എന്നൊരു സൂചന ഇതിലുണ്ട്. അതാണ്‌ സത്യവും. ഇക്കാര്യത്തിൽ ഇമാമുമാരും അല്ലാത്തവരുമടക്കം, നമസ്കരിക്കുന്നവരിൽ ഭൂരിഭാഗം പേരും വീഴ്ച വരുത്തുന്ന ഒരു സംഗതിയാണിത്. ഞാന്‍ സന്ദ൪ശിച്ച എല്ലാ നാടുകളിലും  അവിടെയുള്ള പള്ളികളിലെ ഇമാമുകള്‍ പോലും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.ഈ വർഷം (ഹിജ്റ 1410 ) റജബ് മാസത്തിൽ ഞാന്‍ സന്ദ൪ശിച്ച സഊദി അറേബ്യ പോലും ഇതില്‍ നിന്ന് ഒഴിവല്ല.അതിനാൽ പണ്ഢിതന്‍മാ൪ ഇതിനെ കുറിച്ച് – സുത്റയുടെ പ്രാധാന്യം – ജനങ്ങളെ ഉണ൪ത്തുകയും അതിനുവേണ്ടി ജനങ്ങളെ പ്രേരിപ്പിക്കുകയും  അതിന്റെ വിധികള്‍ വ്യക്തമാക്കി കൊടുക്കുകയും വേണം. ഇക്കാര്യത്തില്‍ പവിത്രമായ രണ്ട് ഹറമുകളും(മക്ക, മദിന) ഉള്‍പ്പെടും.(സ്വിഫത്തു സ്വലാത്തിന്നബിയ്യി മിന തക്ബീരി ഇല ത്തസ്ലീമി ക അന്നക്ക തറാഹാ)

നമസ്കാരത്തിലെ സുത്റയുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടും അത് അവഗണിക്കുന്നവ൪ നബിയുടെ(ﷺ) ഈ ഹദീസ് കൂടി ഓ൪ക്കേണ്ടതാണ്.

صَلُّوا كَمَا رَأَيْتُمُونِي أُصَلِّي

ഞാന്‍ എങ്ങനെ നമസ്കരിക്കുന്നതായി നിങ്ങൾ കണ്ടുവോ അതേ രൂപത്തിൽ നിങ്ങൾ നമസ്കരിക്കുവിൻ

(ബുഖാരി:6008)

സമ്പത്ത്: അനുഗ്രഹവും പരീക്ഷണവും

സമ്പത്ത്: അനുഗ്രഹവും പരീക്ഷണവും

അല്ലാഹു മനുഷ്യന് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ സുപ്രധാനമായ ഒന്നാണ് സമ്പത്ത് എന്നത്. ധനം ആരുടെയും കുത്തകയല്ല. മറിച്ച് അല്ലാഹു അവന്റെ ഇഷ്ടപ്രകാരം വീതിച്ച് കൊടുത്ത അനുഗ്രഹമാണ്. 

”അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്ക് വെച്ചു കൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക് വെച്ചുകൊടുത്തത്. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം”(ക്വുര്‍ആന്‍ 43:32).

ഈ നിലയ്ക്ക് അല്ലാഹു ധനം വീതിച്ചതിലുള്ള ഏറ്റക്കുറച്ചിലില്‍ കൃത്യമായ യുക്തിയും ലക്ഷ്യവും അല്ലാഹുവിനുണ്ട്.

”അല്ലാഹു തന്റെ ദാസന്‍മാര്‍ക്ക ് ഉപജീവനം വിശാലമാക്കിക്കൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ, അവന്‍ ഒരു കണക്കനുസരിച്ച്താന്‍ ഉദ്ദേശിക്കുന്നത് ഇറക്കിക്കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 42:27).

എല്ലാവര്‍ക്കും ഒരേപോലെ ധനം നല്‍കപ്പെട്ടാല്‍ ലോകത്തിന് പുരോഗമനമോ വളര്‍ച്ചയോ ഉണ്ടാകുമായിരുന്നില്ല. പ്രവര്‍ത്തനങ്ങള്‍ നടക്കുകയില്ല. മറിച്ച് എല്ലാം വെട്ടിപ്പിടിക്കാനുള്ള മത്സരവും അതിനുവേണ്ടിയുള്ള അക്രമങ്ങളും അതിലൂടെ മനുഷ്യരുടെ നാശവുമായിരിക്കും സംഭവിക്കുക.

ധനം ലഭിച്ചവര്‍ക്ക് ഉത്തരവാദിത്തങ്ങളുണ്ട്. അര്‍ഹരായവരിലേക്ക് എത്തിച്ച് കൊടുക്കുക എന്നതാണത്. ഇവിടെ കഷ്ടപ്പെടുന്നവരുണ്ട്. പട്ടിണി അനുഭവിക്കുന്നവരുണ്ട്. മാറാരോഗങ്ങളാല്‍ കണ്ണീര്‍ തോരാത്തവരുണ്ട്. ആരുടെയും അവസ്ഥകള്‍ ശാശ്വതമല്ല. അവസ്ഥകള്‍ എപ്പോഴും മാറാം. ഇന്നത്തെ ഉള്ളവന്‍ നാളത്തെ ഇല്ലാത്തവനാകാം.

പണമാണ് എല്ലാം; അതെനിക്കുണ്ട്, ഇനി എനിക്കെന്തുമാകാം എന്ന ചിന്താഗതി  ഒരു സത്യവിശ്വാസിക്ക് ഒരിക്കലും യോജിച്ചതല്ല. ഇരുതല മൂര്‍ച്ചയുള്ള വാളാണ് ധനം. ആരെയും വെട്ടാം. മനുഷ്യജീവിതത്തിലെ ഒരു വലിയ പരീക്ഷണം കൂടിയാണ് പണം. അല്ലാഹു പറയുന്നു:

”നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായിത്തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍” (ക്വുര്‍ആന്‍ 96: 6,7).

ധനത്തെക്കുറിച്ച് അല്ലാഹു സൂചിപ്പിച്ചേടത്തെല്ലാം വളരെ ഗൗരവകരമായ കാര്യങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. മരണശേഷം പണം ഫലം ചെയ്യില്ല എന്ന് പറയുന്നു: ”അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല” (ക്വുര്‍ആന്‍ 92:11). 

ധനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ക്വബ്‌റിനെക്കുറിച്ച് ഉണര്‍ത്തി: ”തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്‌നേഹം കഠിനമായവനാകുന്നു. എന്നാല്‍ അവന്‍ അറിയുന്നില്ലേ? ക്വബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ടു വരപ്പെടുകയും…” (ക്വുര്‍ആന്‍ 100:8,9). 

ധനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അന്ത്യദിനത്തെക്കുറിച്ചുണര്‍ത്തി:” അനന്തരാവകാശ സ്വത്ത് നിങ്ങള്‍ വാരിക്കൂട്ടി തിന്നുകയും ചെയ്യുന്നു. ധനത്തെ നിങ്ങള്‍ അമിതമായ തോതില്‍ സ്‌നേഹിക്കുകയും ചെയ്യുന്നു. അല്ല, ഭൂമി പൊടിപൊടിയായി പൊടിക്കപ്പെടുകയും നിന്റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും…”(ക്വുര്‍ആന്‍ 89: 19-22). 

അതുകൊണ്ട് തന്നെ സമ്പാദിക്കേണ്ടതുപോലെ സമ്പാദിക്കുകയും ചെലവഴിക്കേണ്ടിടത്ത് ചെലവഴിക്കുകയും ചെയ്തില്ലെങ്കില്‍ മനുഷ്യന്റെ നാശഹേതുവാണ് പണമെന്നകാര്യത്തില്‍ സംശയമില്ല.

മറ്റുള്ളവരെ എപ്പോഴും പരിഗണിക്കണം. അവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കരുത്. ‘തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളില്‍ ഒരാളും വിശ്വാസികളാവുകയില്ല’ എന്നാണല്ലോ നബി ﷺ  പഠിപ്പിച്ചത് (മുസ്‌ലിം).

നമ്മളെപ്പോലെ ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും ആഗ്രഹിക്കുന്നവര്‍ ഏറെയാണ് സമൂഹത്തില്‍. അവരെ പരിഗണിക്കാന്‍ പണമുള്ളവര്‍ ബാധ്യസ്ഥരാണ്. അധ്വാനിച്ചുണ്ടാക്കിയ പണം എടുത്തുകൊടുക്കാന്‍ ആര്‍ക്കും പ്രയാസമുണ്ടാകും. അതു കൊണ്ടുതന്നെ മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ തക്കതായ മനസ്സ് ഉണ്ടാക്കിയെടുക്കാന്‍ പ്രേരിപ്പിക്കുന്ന വചനങ്ങള്‍ അല്ലാഹു ക്വുര്‍ആനിലൂടെ അവതരിപ്പിച്ചു. നബി ﷺ യുടെ നാവിലൂടെ സമൂഹത്തെ പഠിപ്പിച്ചു. ക്വുര്‍ആന്‍ ഒരാവര്‍ത്തി വായിക്കുന്നവര്‍ക്ക് ദാനധര്‍മത്തിന്റെ മഹത്ത്വം കാണാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. അല്ലാഹു പറയുന്നു:

”അവരുടെ രഹസ്യാലോചനകളില്‍ മിക്കതിലും യാതൊരു നന്‍മയുമില്ല. വല്ല ദാനധര്‍മവും ചെയ്യാനോ, സദാചാരം കൈക്കൊള്ളാനോ, ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാനോ കല്‍പിക്കുന്ന ആളുകളുടെ വാക്കുകളിലൊഴികെ. വല്ലവനും അല്ലാഹുവിന്റെ പൊരുത്തം തേടിക്കൊണ്ട് അപ്രകാരം ചെയ്യുന്നപക്ഷം അവന് നാം മഹത്തായ പ്രതിഫലം നല്‍കുന്നതാണ്” (ക്വുര്‍ആന്‍ 4:114).

വമ്പിച്ച പ്രതിഫലമാണ് സമ്പത്ത് ചെലവഴിക്കുന്ന ആളുകള്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ്  ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ് ” (ക്വുര്‍ആന്‍ 2:261).

”അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചുകൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത്ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു”(ക്വുര്‍ആന്‍ 2:265).

ഇന്ന് മരിച്ചാല്‍ നാളെ പണം കൊണ്ട് ഗുണമില്ല. ഒരുരൂപ പോലും നമ്മുടെ ക്വബ്‌റിലേക്കില്ല; മരണത്തിനു മുമ്പായി നാം ചെലവഴിച്ചതൊഴികെ. ചെലവഴിക്കാന്‍ സമൂഹത്തില്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. അവസരങ്ങള്‍ നഷ്ടമാകുന്നതിനു മുമ്പ് ഉപയോഗപ്പെടുത്തുക. അഞ്ചോ ആറോ കുടുംബങ്ങള്‍ ഒന്നിച്ചു താമസിക്കുന്നിടത്ത് കിണര്‍ കുഴിച്ച് കൊടുക്കാം. പൈപ്പ് സംവിധാനം ഉണ്ടാക്കിക്കൊടുക്കാം. വെള്ളമില്ലാതെ കഷ്ടപ്പെടുന്ന എത്രയോ ആളുകളുണ്ട് സമൂഹത്തില്‍. നമ്മുടെ വീടുകളില്‍ വാങ്ങിവെച്ച ഡൈനിംഗ് ടേബിളിന്റെ അത്രയും കാശ് ചിലപ്പോള്‍ ഒരു കിണര്‍ കുഴിക്കാന്‍ വേണ്ടിവരില്ല. പക്ഷേ, അത്തരം കാര്യങ്ങളൊന്നും നാം പലപ്പോഴും ചിന്തിക്കാറില്ല എന്ന് മാത്രം. നബി ﷺ  പറയുന്നു: ”നല്ല സമ്പാദ്യത്തില്‍ നിന്നും വല്ലവനും ധര്‍മം ചെയ്താല്‍ അല്ലാഹു തന്റെ വലതു കൈകൊണ്ട് അത് സ്വീകരിക്കും. അല്ലാഹുവിന്റെ രണ്ട്‌കൈകളും വലതാണ്. അതൊരു ഈത്തപ്പഴമാണെങ്കില്‍ പോലും അത് അല്ലാഹുവിന്റെ കൈകളില്‍ വളരും. അത് മലയെക്കാള്‍ വലുതായിത്തീരും, നിങ്ങള്‍ ആട്ടിന്‍കുട്ടിയെ വളര്‍ത്തുന്നപോലെ.” 

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പണം ചെലവഴിക്കുന്നവര്‍ക്ക് പാപമോചനം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. മാത്രവുമല്ല നല്‍കുന്നതിനെല്ലാം പകരമായി പരലോകത്ത് തിരിച്ച് നല്‍കാമെന്ന വാഗ്ദാനവും അല്ലാഹു നല്‍കുന്നുണ്ട്. നബി ﷺ  പറയുന്നു: ”ദാഹിക്കുന്നവിശ്വാസിക്ക് ഒരു വിശ്വാസി വെള്ളം നല്‍കിയാല്‍ അന്ത്യദിനത്തില്‍ അവന് റഹീക്വുല്‍ മഖ്തൂം കുടിപ്പിക്കപ്പെടുന്നതാണ്. വസ്ത്രമില്ലാത്ത വിശ്വാസിക്ക് ഒരു വിശ്വാസി വസ്ത്രം നല്‍കിയാല്‍ അന്ത്യദിനത്തില്‍ സ്വര്‍ഗത്തിലെ വസ്ത്രങ്ങളില്‍ നിന്ന് അവരെ ധരിപ്പിക്കും”(തുര്‍മുദി). 

മറ്റുള്ളവരെ ഈ നിലയില്‍ സഹായിക്കുമ്പോള്‍ മനസ്സിന് ലഭിക്കുന്ന ഒരു ആശ്വാസവും കുളിര്‍മയുമുണ്ട്. ജീവിത സന്തോഷങ്ങളുടെ ഒരു വലിയ ഘടകം തന്നെയാണത്. ധനം ചെലവഴിക്കുന്നതിലൂടെ സമ്പത്തില്‍ കുറവ് വരുമെന്ന ഭയമേ വേണ്ടതില്ല. ആ ഒരു സന്തോഷവാര്‍ത്തയും അല്ലാഹു അറിയിച്ചിട്ടുണ്ട്. ബിലാല്‍(റ)നോട് നബി ﷺ  പറഞ്ഞു: ”ബിലാല്‍! നീ ചെലവഴിക്കുക; അര്‍ശിന്റെ ഉടമസ്ഥനില്‍ നിന്നും കുറവിന്റെ ഭയം നിനക്ക് വേണ്ട”(ബസ്സാര്‍). 

ധനം ചെലവഴിക്കുന്നവരെ തക്വ്‌വയുള്ളവരെന്നും നേര്‍മാര്‍ഗം പ്രാപിച്ചവരെന്നും വിജയികളെന്നുമൊക്കെയാണ് അല്ലാഹു വിശേഷിപ്പിക്കുന്നത്.

”അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും പ്രാര്‍ഥന അഥവാ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുകയും നാം നല്‍കിയ സമ്പത്തില്‍ നിന്ന് ചെലവഴിക്കുകയും നിനക്കും നിന്റെ മുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും പരലോകത്തില്‍ ദൃഢമായിവിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (സൂക്ഷ്മത പാലിക്കുന്നവര്‍). അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍” (ക്വുര്‍ആന്‍ 2:3-5).

നബി ﷺ  ഒരിക്കല്‍ നടത്തിയ ഖുത്വുബ ജാബിര്‍(റ) പറഞ്ഞു തരുന്നു: ”അല്ലയോ ജനങ്ങളേ, മരണത്തിനു മുമ്പായി നിങ്ങളെല്ലാം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക. തിരക്ക് വരുന്നതിന് മുമ്പ് സല്‍കര്‍മങ്ങള്‍ കൊണ്ട് നിങ്ങള്‍ ഒരുങ്ങുക. അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റ്‌കൊണ്ട് അവനും നിങ്ങള്‍ക്കുമിടയിലുള്ള ബന്ധം ചേര്‍ത്തുകൊണ്ടിരിക്കുക. രഹസ്യവും പരസ്യവുമായുള്ള ദാനത്തിലൂടെയും അല്ലാഹുമായുള്ള ബന്ധംചേര്‍ക്കുക. നിങ്ങള്‍ക്ക് ഉപജീവനം നല്‍കപ്പെടും. സഹായം നല്‍കപ്പെടും…” (ഇബ്‌നുമാജ).

അന്ത്യനാളില്‍ ശക്തമായ പ്രയാസത്തിന്റെ സന്ദര്‍ഭത്തില്‍ ഏഴു വിഭാഗം ആളുകള്‍ക്ക് അല്ലാഹു തണല്‍ നല്‍കും. അതില്‍ ഒരു വിഭാഗം ആളുകള്‍ ഇടതുകൈ അറിയാത്ത വിധം വലതുകൈ കൊണ്ട് ചെലവഴിച്ചവരാണ്. നരകമോചനത്തിനുള്ള മാര്‍ഗമായും നബി ﷺ  പഠിപ്പിച്ചുതന്നത് ദാനധര്‍മം തന്നെയാണ്. ”ഒരു ചീളു കാരക്കകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ തടുക്കുക”(അഹ്മദ്) എന്നാണല്ലോ നബി ﷺ  പറഞ്ഞത്. 

ഉപജീവനത്തില്‍ വിശാലത ലഭിക്കുവാനും ദാനധര്‍മം കാരണമാണ്. പിശുക്കില്‍ നിന്നുള്ള മോചനമാര്‍ഗമാണ് ദാനം ചെയ്യുക എന്നത്.

”അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍”(ക്വുര്‍ആന്‍ 64:16).

നാളെ പരലോകത്ത് നമുക്ക് ഉപകാരപ്പെടുന്നത് നാം ചെലവഴിച്ചത് മാത്രമാണ്. വസ്ത്രം ധരിച്ചതും ഭക്ഷണം കഴിച്ചതുമെല്ലാം തീര്‍ന്നുപോയി. അവശേഷിക്കുന്നതാകട്ടെ നാം നല്‍കിയതുമാത്രം (മുസ്‌ലിം). ഒരു തരിമ്പുപോലും കുറവ് വരാതെ പരിപൂര്‍ണമായ പ്രതിഫലം അല്ലാഹു പരലോകത്ത് വെച്ച് നല്‍കുന്നതാണ്. 

”…നല്ലതായ എന്തെങ്കിലും നിങ്ങള്‍ ചെലവഴിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ നന്മയ്ക്ക് വേണ്ടി തന്നെയാണ്. അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ട് മാത്രമാണ് നിങ്ങള്‍ ചെലവഴിക്കേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെലവഴിച്ചാലും അതിന്നുള്ള പ്രതിഫലം നിങ്ങള്‍ക്ക്പൂര്‍ണമായി നല്‍കപ്പെടുന്നതാണ്. നിങ്ങളോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല”(ക്വുര്‍ആന്‍ 2:272).

ദാനധര്‍മത്തിന് പ്രേരണ നല്‍കാന്‍ വ്യത്യസ്ത ശൈലികളാണ് അല്ലാഹു സ്വീകരിച്ചിട്ടുള്ളത്. ക്വുര്‍ആനിക വചനങ്ങള്‍ പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കും. അതോടൊപ്പം അതിന് ഇസ്‌ലാം നല്‍കുന്ന സ്ഥാനവും നമുക്ക് വിലയിരുത്താനാകും. പ്രതിഫലങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രോത്സാഹനമാണ് ഒരു ശൈലി: 

”രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല”(ക്വുര്‍ആന്‍ 2:274).

”ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും”(ക്വുര്‍ആന്‍ 32:16).

‘ചെലവഴിക്കൂ’ എന്ന കല്‍പനാരീതിയിലുള്ള ശൈലിയും അല്ലാഹു സ്വീകരിച്ചിട്ടുണ്ട്. ഒരു താക്കീതിന്റെ സ്വരവും അത്തരം വചനങ്ങളില്‍ കാണുവാന്‍ സാധിക്കും: 

”സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്‌നേഹബന്ധമോ ശുപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍” (ക്വുര്‍ആന്‍ 2:254).

”സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധര്‍മങ്ങളില്‍) ചെലവഴിക്കുവാനായി കരുതിവെക്കരുത്. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക” (ക്വുര്‍ആന്‍ 2:267).

പരലോകത്തും ഇഹലോകത്തും കൂടുതല്‍ നല്‍കുമെന്ന വാഗ്ദാനം നല്‍കിക്കൊണ്ടും അല്ലാഹു ദാനധര്‍മത്തിന് വിശ്വാസികളെ പ്രേരിപ്പിക്കുന്നുണ്ട്:

”അല്ലാഹു പലിശയെ ക്ഷയിപ്പിക്കുകയും ദാനധര്‍മങ്ങളെ പോഷിപ്പിക്കുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല”(ക്വുര്‍ആന്‍ 2:276).

”നീ പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ” (സബഅ്: 39).

സമ്പത്ത് അല്ലാഹുവിന്റെതാണ്; നമ്മുടേതല്ല. താല്‍കാലികമായി നമ്മില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചു എന്ന് മാത്രം. അല്ലാഹു നമ്മെ ഏല്‍പിച്ചത് അവന്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ചെലവഴിക്കുവാന്‍ നാം ബാധ്യസ്ഥരാണ്: ”…അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കിസഹായിക്കുകയും ചെയ്യുക”(ക്വുര്‍ആന്‍ 24:33). 

”നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അവന്‍ നിങ്ങളെ ഏതൊരു സ്വത്തില്‍ പിന്തുടര്‍ച്ച നല്‍കപ്പെട്ടവരാക്കിയിരിക്കുന്നോ അതില്‍ നിന്നു ചെലവഴിക്കുകയും ചെയ്യുക. അങ്ങനെ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്തവരാരോ അവര്‍ക്ക് വലിയ പ്രതിഫലമുണ്ടായിരിക്കുന്നതാണ്” (ക്വുര്‍ആന്‍ 57:7).

ഒരിക്കലും നഷ്ടം ഭയപ്പെടേണ്ടതില്ലാത്ത ഒരു കച്ചവടമാണ് ദാനധര്‍മം: ”സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും നിങ്ങള്‍ സമരം ചെയ്യുകയും വേണം. അതാണ്‌നിങ്ങള്‍ക്ക് ഗുണകരമായിട്ടുള്ളത്. നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍” (ക്വുര്‍ആന്‍ 61: 10,11).

”തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന് അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനു പകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹുവാങ്ങിയിരിക്കുന്നു” (ക്വുര്‍ആന്‍ 9:111).

നാം ഇപ്പോള്‍ ഉള്ളത് റമദാന്‍ മാസത്തിലാണ്. സല്‍കര്‍മങ്ങള്‍ക്ക് ഏറെ പ്രതിഫലം നല്‍കപ്പെടുന്ന മാസം. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെ വിശപ്പിന്റെയും പ്രയാസങ്ങള്‍ അനുഭവിച്ചറിഞ്ഞ മാസം. നമ്മുടെ സഹോദരങ്ങളെ നമ്മള്‍ പരിഗണിക്കുക. അവരുടെ ദുഃഖങ്ങളില്‍ പങ്കുചേരുക. കുറച്ചുദിവസം നാം അനുഭവിക്കുന്ന വിശപ്പ് അവര്‍ എന്നും അനുഭവിക്കുന്നു. വിശപ്പിന്റെ വിലയും വിശക്കുന്ന സമയത്ത് ഭക്ഷണത്തിലേക്കുള്ള ആഗ്രഹവും നാം ഈ മാസത്തില്‍ അനുഭവിച്ചറിയുന്നു. മറ്റുള്ളവരുടെ പ്രയാസങ്ങളെ ദൂരീകരിക്കുന്നവന്റെ അന്ത്യദിനത്തിലെ പ്രയാസങ്ങള്‍ അല്ലാഹു അകറ്റിക്കൊടുക്കും എന്നാണല്ലോ നബി ﷺ  പഠിപ്പിച്ചത്. നബി ﷺ  വലിയ ധര്‍മിഷ്ഠനായിരുന്നു. ദാരിദ്ര്യം ഭയപ്പെടാത്ത വിധത്തില്‍ ധര്‍മം നല്‍കിയിരുന്നു. റമദാനില്‍ നബി ﷺ  അടിച്ചുവീശുന്ന കാറ്റുപോലെയായിരുന്നു. ധര്‍മം ല്‍കുന്ന വിഷയത്തില്‍ പ്രശസ്തരായ ഉസ്മാന്‍(റ)വും ആഇശ(റ)യും അസ്മ(റ)യും ഒക്കെ പോയ സ്വര്‍ഗത്തിലേക്കാണ് നമുക്കും പോകാനുള്ളത്.

സമ്പത്ത് ഒരിക്കലും ശാശ്വതമല്ല, നീങ്ങിക്കൊണ്ടിരിക്കുന്ന തണലാണ്. ഉള്ള കാലത്ത് ചെലവഴിച്ചാല്‍ അത് ഉപകാരപ്പെടും. അല്ലെങ്കില്‍ മരണ സന്ദര്‍ഭത്തില്‍ പോലും ഖേദിക്കേണ്ടിവരും 

”നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത് അവന്‍ ഇപ്രകാരം പറഞ്ഞേക്കും: എന്റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക് എന്താണ്‌നീട്ടിത്തരാത്തത്? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്. ഒരാള്‍ക്കും അയാളുടെ അവധി വന്നെത്തിയാല്‍ അല്ലാഹു നീട്ടികൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു”(മുനാഫിഖൂന്‍:10,11)

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നേർപഥം ക്വിസ് മത്സരം – 8 (ലക്കം 178)

നേർപഥം ലക്കം 178
ചോദ്യം

1) യാകൂത്ത് അല്‍ഹമാവി രചിച്ച, രാജ്യങ്ങളെ കുറിച്ച് വിശാലമായി പ്രതിപാദിക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥം?
(1) മുഅ്ജമുല്‍ ബുല്‍ദാന്‍. (2) താരീഖുല്‍ ബുല്‍ദാന്‍ (3) സീറത്തുല്‍ ആലം

ഉത്തരം: (1) മുഅ്ജമുല്‍ ബുല്‍ദാന്‍.

2) ‘ബിദഈ കക്ഷികളുടെ അടിസ്ഥാനം ഏഴ് വിഭാഗങ്ങളാണ്. മുഅ്തസിലി, ശീആ, ഖവാരിജ്, നജ്ജാരിയ്യ, ജബ്‌രിയ്യ, മുശബ്ബിഹ, ഹുലൂലിയ്യ എന്നിവരാണവര്‍. ഇവര്‍ യഥാക്രമം 20,22,20,3,1,5,1 എന്നീ എണ്ണം ഉപവിഭാഗങ്ങളായി പിന്നീട് ഭിന്നിച്ചു.’ ഇത് ആരുടെ വാക്കുകളാണ്?
(1) ഇമാം ശാഫിഈ (2) മുഹമ്മദ് ഇബ്‌നു അബ്ദില്‍ വഹാബ് (3) മുല്ലാ അലിയ്യുല്‍ഖാരി

ഉത്തരം: (3) മുല്ലാ അലിയ്യുല്‍ഖാരി

3) ഇസ്‌ലാമിക ചരിത്രകാരനായ ഇബ്‌നു ഖല്‍ദൂന്‍ ജീവിച്ചത്?
(1)10ാം നുറ്റാണ്ടില്‍ (2) 14ാം നുറ്റാണ്ടില്‍ (3) 16ാം നുറ്റാണ്ടില്‍

ഉത്തരം: (2) 14ാം നുറ്റാണ്ടില്‍

4) ആഫ്രിക്കയില്‍ അടിമക്കച്ചവടം നിരോധിച്ച വര്‍ഷം?
(1) 1875 (2) 1903 (3) 1850

ഉത്തരം: (1) 1875

5) ‘ഇദ്ദത്തുസ്സ്വാബിരീന്‍’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?
(1) ശൈഖ് ഫൗസാന്‍ (2) ഇമാം നവവി (3) ഇമാം ഇബ്‌നുല്‍ക്വയ്യിം

ഉത്തരം: (3) ഇമാം ഇബ്‌നുല്‍ക്വയ്യിം

6) ഹാരിഥ ഇബ്‌നു സുറാക്വ(റ)യുടെ മാതാവ്?
(1) ഉമ്മുറുബയ്യിഅ് ബിന്‍ത് അല്‍ബറാഅ (2) അസ്മാഅ് ബിന്‍ത് ഹകം (3) ഉമ്മുസുലൈം

ഉത്തരം: (1) ഉമ്മുറുബയ്യിഅ് ബിന്‍ത് അല്‍ബറാഅ

7) ഇന്ത്യയില്‍ അബോര്‍ഷന്‍ നിരോധിച്ച വര്‍ഷം?
(1) 1960 (2) 1965 (3) 1971

ഉത്തരം: (3) 1971

8)”എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ”(ക്വുര്‍ആന്‍ 37:100). ഇത് ഏത് പ്രവാചകന്റെ പ്രാര്‍ഥനയാണ്?
(1) സകരിയ്യാ(അ) (2) ഇബ്‌റാഹീം(അ) (3) യഅ്ഖൂബ്(അ)

ഉത്തരം(2) ഇബ്‌റാഹീം(അ)

9) ‘അന്നേരം അല്ലാഹുവിന്റെ ദൂതരേ, അവരാരെങ്കിലും പാദങ്ങള്‍ക്കു ചുവട്ടിലൂടെ നോക്കിയാല്‍ നമ്മെ കണ്ടെത്തുമല്ലോ’ എന്നു ഞാന്‍ പറഞ്ഞു. ഇത് ആരുടെ വാക്കുകളാണ്?
(1) ഉമര്‍(ര്‍) (2) അലി(റ) (3) അബൂബക്കര്‍(റ)

ഉത്തരം: (3) അബൂബക്കര്‍(റ)

10) മ്യാന്മറില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമായി ഒറ്റക്കുട്ടി നയം പ്രഖ്യാപിച്ച വര്‍ഷം?
(1) 2013 (2) 2017 (3) 2010

ഉത്തരം(1) 2013

പ്രകാശം പരത്തിയ പ്രവാചകന്മാർ

ഗ്രന്ഥകാരന്റെ കുറിപ്പ്

ഗ്രന്ഥകാരന്റെ കുറിപ്പ്

“പ്രവാചകന്മാരിലുള്ള വിശ്വാസം…

പ്രാഥമിക മതപഠന ഘട്ടം മുതൽ കേട്ടു തുടങ്ങിയ വിശ്വാസ കാര്യങ്ങളിലെ പ്രധാന വശം. പക്ഷേ എങ്ങനെയെല്ലാം വിശ്വസിക്കണം എന്നതും പരമ പ്രധാനമാണല്ലോ. സാധ്യമായ വായനകളിലൂടെ വിഷയം അവതരിപ്പിക്കാൻ തുടങ്ങി. 

ആരായിരുന്നു ആ പ്രവാചകന്മാർ? വിശുദ്ധ ഖുർആൻ സൂറഃ അൻ ആമിൽ നിരവധി പ്രവാചകന്മാരെ പറഞ്ഞ ശേഷം ഇങ്ങനെ കാണാം.

أوليك الذين هدى الله فبهداهم اقتده

അവരെയാണ് അല്ലാഹു നേർവഴിയിലാക്കിയിട്ടുള്ളത്. അതിനാൽ അവരുടെ നേർമാർഗത്തെ നീ പിന്തുടർന്ന്കൊള്ളുക. ‘

-(സൂറത്തുൽ അൻആം:6:90)

പ്രവാചകന്മാരുടെ ചരിത്രം പഠിക്കൽ ഇസ്ലാമിക വിജ്ഞാനം വർധിപ്പിക്കുന്നതിന് കാരണമാകുമെന്നതിൽ സംശയമില്ല. കാരണം അവർ ലോകത്തിന് നന്മ പഠിപ്പിക്കുവാൻ നിയുക്തരായ മഹാന്മാരാണ്. രാഷ്ടീയ നായകന്മാരുടെയോ, ശാസ്ത്രകാരന്മാരുടെയോ, കാലത്തിന്റെ പിന്നാമ്പുറങ്ങളിൽ അള്ളിപ്പിടിച്ച് നിൽക്കുന്ന ഏതെങ്കിലും സംഭവങ്ങളുടെയോ വിവരണങ്ങൾ കേൾക്കുന്നത് പോലെ കേട്ട് രസിക്കേണ്ടുന്നതോ പുളകംകൊള്ളണ്ടുന്നതോ ആയ ചരിത്രമല്ല പ്രവാചകന്മാരുടെ ചരിത്രം. അത് ജീവിതത്തിന് ദിശാബോധം നൽകുന്നതും ധാർമിക മൂല്യങ്ങൾക്കേ ജീവിതത്തിൽ വിജയം നേടിത്തരാൻ സാധിക്കു എന്ന് നമ്മുക്ക്  മനസ്സിലാക്കിത്തരുന്ന പാഠവുമാണ്.

കുറ്റമറ്റ കൃതിയല്ല. പിഴവുകൾ സ്വാഭാവികം. അറിയിച്ച് തരുന്നതിൽ സന്തോഷം. 

റബ്ബ! സ്വീകരിക്കേണമേ.

പുസ്തകമായി പുറത്തിറങ്ങാൻ അണിയറയിൽ പ്രവർത്തിച്ച സഹപ്രവർത്തകന്മാർ പ്രസാധനം ഏറ്റെടുത്ത വിസ്ഡം ബുക്സ് എല്ലാവർക്കും അല്ലാഹു പ്രതിഫലം നൽകട്ടെ… ശ്രദ്ധാപൂർവമുള്ള വായനയിലേക്ക് സ്വാഗതം.

 

ഹുസൈൻ സലഫി

 

മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമോ?

മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമോ?

മലപ്പുറം ജില്ല വര്‍ഗീയവാദികളുടെ നാടാണ് എന്ന വായ്ത്താരിക്ക് അതിന്റെ സ്ഥാപിതകാലം വരെ ചെന്നെത്തുന്ന പഴക്കമുണ്ട്. കുട്ടിപ്പാക്കിസ്ഥാനെന്നും മാപ്പിളസ്ഥാനെന്നുമുള്ള അപരനാമങ്ങളെ ശരി വെച്ചു കൊണ്ട് ഉത്തരവാദപ്പെട്ടവരുടെ സംസാരങ്ങള്‍ പക്വമതികളെ ചെറുതായൊന്നുമല്ല വേദനിപ്പിച്ചത്. മലപ്പുറത്തിന്റെ മനസ്സ് വര്‍ഗീയമാണോ? ഇതരരെ ഉള്‍ക്കൊള്ളുന്നതില്‍ അവിടുത്തുകാര്‍ അസഹിഷ്ണത കാണിക്കാറുണ്ടോ? ചരിത്ര യാഥാര്‍ഥ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള പഠനം.

മലപ്പുറം ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ചില രാഷ്ട്രീയപ്രതികരണങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മലപ്പുറത്തിന്റെ ഉള്ളടക്കം. മലപ്പുറത്ത് ഒരു വിഭാഗം നേടിയ വിജയത്തെ രാഷ്ട്രീയമായി വിമര്‍ശിക്കാനും അതിലെ ശരിതെറ്റുകളെ വിലയിരുത്താനും പരാജയപ്പെട്ട കക്ഷികള്‍ക്ക് അവകാശമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, വിമര്‍ശനം ഒരു ജില്ലയെ തന്നെ താറടിക്കുന്ന തരത്തിലാവുകയും വര്‍ഗീയമായ ചേരിതിരിവുകള്‍ സൃഷ്ടിക്കുന്ന തരത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നതാണെങ്കില്‍ അത്തരം വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് പറയുമ്പോള്‍ ആ ജില്ലയില്‍ താമസിക്കുന്ന മുഴുവന്‍ മതവിഭാഗങ്ങളെയും മനുഷ്യരെയും അധിക്ഷേപിക്കുന്നതിനു തുല്യമാണ്. 

ഒരുപാട് സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രം ഉറങ്ങിക്കിടക്കുന്ന മണ്ണാണ് മലപ്പുറം. പക്ഷേ, പോരാട്ടങ്ങളിലൊന്ന് പോലും വര്‍ഗീയമായ പോരാട്ടങ്ങളായിരുന്നില്ല. അധിനിവേശ ശക്തികളില്‍ നിന്നും രാജ്യത്തെ സംരക്ഷിക്കാനും അന്യായമായി കയ്യടക്കി വെച്ചിരുന്ന സ്വത്തുക്കള്‍ അതിന്റെ അവകാശികള്‍ക്ക് നല്‍കുന്നതിനുവേണ്ടിയുമൊക്കെയുള്ള പോരാട്ടങ്ങളായിരുന്നു അത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തത്ത്വത്തിലൂടെ പോരാട്ടങ്ങളില്‍ ചിലതിനെ വര്‍ഗീയമാക്കാനുള്ള അധിനിവേശ ശക്തികളുടെ ഭാഗമായി ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടാറുണ്ടെങ്കിലും മലപ്പുറത്തെ ജനങ്ങള്‍ വര്‍ഗീയതയെ ഒരു നിലയ്ക്കും അംഗീകരിക്കാത്തവരാണ്. മതപരമായ വൈജാത്യങ്ങളും അഭിപ്രായാന്തരങ്ങളുമൊക്കെ സജീവമായി നിലനില്‍ക്കുമ്പോഴും വിശ്വാസങ്ങള്‍ക്കതീതമായി പരസ്പരം സ്‌നേഹിക്കാന്‍ മാത്രം ശീലിച്ചവരാണ് ആ നാട്ടുകാര്‍. 

മലപ്പുറം ഉള്‍ക്കൊള്ളുന്ന മലബാറിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഭൂമിയെ കുറിച്ചുള്ള അവകാശവാദങ്ങളും തര്‍ക്കങ്ങളും വളരെയധികം നിലനിന്നിരുന്ന പ്രദേശമായിരുന്നു അത്. ബ്രഹ്മസ്വത്തിന്റെ പേരില്‍ ബ്രാഹ്മണരായിരുന്നു ഭൂസ്വത്തുക്കളിലധികവും കൈവശം വെച്ചിരുന്നത്. 90 ശതമാനം ബ്രഹ്മസ്വത്തിനും ശിഷ്ടം വരുന്ന 10 ശതമാനം ദേവസ്വത്തിനുമായിരുന്നു. ടിപ്പു സുല്‍ത്താന്‍ ഭൂസ്വത്തുക്കള്‍ക്ക് നികുതി നടപ്പാക്കിയതോടെ ജന്മിമാരില്‍ അധികപേരും മലബാര്‍ വിട്ടുപോവുകയും പിന്നീട് ബ്രിട്ടീഷുകാരുടെ കാലത്ത് ഭൂമിയുടെ അവകാശികളായിരുന്ന കുടിയാന്മാരെ ഇറക്കിവിട്ട് ഭൂസ്വത്തുക്കള്‍ ജന്മിമാര്‍ക്ക് തന്നെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. ഇത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള കലാപങ്ങള്‍ക്ക് കാരണമായി. 

ബ്രിട്ടീഷുകാരുടെ ആദ്യകാലത്ത് ബോംബെ പ്രോവിന്‍സിന്റെ ഭാഗമായിരുന്ന മലബാര്‍ പിന്നീട് മദ്രാസ് പ്രസിഡന്‍സി രൂപീകരിച്ചതോടെ മദ്രാസിന്റെ ഭാഗമായി. മലബാറിലെ ജനവിഭാഗങ്ങളില്‍ ഭൂരിപക്ഷമായിരുന്ന മാപ്പിളമാരില്‍ അധികവും കുടിയാന്മായിരുന്നു. ജന്മിമാര്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ശക്തമായി നിലയുറപ്പിച്ച മാപ്പിളമാര്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ കനത്ത നിയമങ്ങള്‍ കൊണ്ടുവന്നു. മാപ്പിള ഔട്ട്‌റേജസ് ആക്ട് അതിലൊന്നായിരുന്നു. കണ്ടാല്‍ വെടിവെക്കാനുള്ള ഉത്തരവായിരുന്നു അത്. ഇത് മാപ്പിളമാരും ബ്രിട്ടീഷുകാരും തമ്മിലുള്ള കനത്ത പോരാട്ടങ്ങള്‍ക്ക് വഴിതെളിയിച്ചു. മാപ്പിളമാരുടെ പോരാട്ടവീര്യങ്ങള്‍ക്കു മുമ്പില്‍ പലപ്പോഴും ബ്രിട്ടീഷുകാര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. ഭൂമിക്ക് വേണ്ടിയുള്ള അവകാശത്തിനായുള്ള ഈ പോരാട്ടത്തെ വര്‍ഗീയമായി അവതരിപ്പിച്ചു ഹിന്ദു മുസ്‌ലിം കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി ലോയ്ഡ് ജോര്‍ജ് ‘മാപ്പിളമാരെ നമുക്ക് ഭരിക്കാനാവില്ല, അവര്‍ക്ക് സ്വാതന്ത്ര്യം കൊടുത്താലെന്താ’ എന്നു ചോദിക്കുന്ന അവസ്ഥയിലേക്കു വരെ കാര്യങ്ങള്‍ എത്തിപ്പെട്ടു. ഇപ്പോഴത്തെ മലപ്പുറം ജില്ലയുടെ ഭാഗമായിരുന്ന ഏറനാട്, വള്ളുവനാട് പ്രദേശത്തെ മാപ്പിള മക്കള്‍ ആയിരുന്നു മുഴുവന്‍ സമരവീര്യങ്ങളും പുറത്തെടുത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയത്. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് പ്രമുഖ സ്ഥാനം നല്‍കിയ മാപ്പിള ജനതക്ക് ജീവിത വ്യവഹാരങ്ങളിലും വിജ്ഞാന സമ്പാദനങ്ങളിലും മുമ്പോട്ട് കുതിക്കാന്‍ സാധിച്ചില്ല. നിരന്തരമായ പോരാട്ടങ്ങള്‍ ആ ജനതയുടെ പിന്നോക്കാവസ്ഥക്കുള്ള കാരണമായിത്തത്തീര്‍ന്നു. ചിലരെങ്കിലും ധരിക്കുന്ന പോലെ മലബാര്‍ സമരം ഒരിക്കലും ഒരു ഇസ്‌ലാമിക രാഷ്ട്രത്തിനായുള്ള പോരാട്ടമായിരുന്നില്ല. 

1956 നവംബര്‍ ഒന്നിന് ഐക്യകേരളം പിറന്നപ്പോള്‍ മുസ്‌ലിം സമുദായത്തില്‍ പെട്ട പണ്ഡിതന്മാരും നേതാക്കളും ഇതര മതവിഭാഗങ്ങളിലെ ഉന്നതരുമെല്ലാം ഏറനാടിന്റെയും വള്ളുവനാടിന്റെയും പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പ്രവിശാലവും ജനനിബിഡവുമായ ഒരു പ്രദേശത്തെ പിന്നോക്കാവസ്ഥ പരിഹരിക്കണമെങ്കില്‍ ഭരണസംവിധാനങ്ങളുമായി കൂടുതല്‍ അടുക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള ആസൂത്രണങ്ങളും അനിവാര്യമായിരുന്നു. ഭരണസിരാകേന്ദ്രങ്ങളെ പ്രാപിക്കുവാന്‍ സാധാരണക്കാര്‍ക്ക് സാധിക്കാത്ത വിധം അകലെയായിരുന്നു. മലപ്പുറത്തെ ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് പാലക്കാട് നഗരം വരെ യാത്ര ചെയ്തു തങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് മലപ്പുറം കേന്ദ്രമാക്കി ഒരു ജില്ല വേണമെന്ന ആവശ്യമുയരുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഭൂമിയിലെ അവകാശത്തിനുമായി പോരാട്ടം നടത്തിയ ഒരു ജനതയെ വിദ്യഭ്യാസപരമായും സാമൂഹികവുമായും മുന്‍പന്തിയിലേക്ക് കൊണ്ടുവരിക എന്നത് ഭരണകൂടങ്ങളുടെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തെ ഒരു ദേശീയ പ്രശ്‌നമായി ഏറ്റെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടവരാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. പക്ഷേ, ഈ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് പകരം മലപ്പുറത്തിനെതിരെ അനാവശ്യമായ പ്രചാരണങ്ങളും ആശങ്കകളും സൃഷ്ടിക്കുകയാണ് പലരും ചെയ്തത്. കുട്ടിപാക്കിസ്ഥാന്‍, മാപ്പിളസ്ഥാന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ നടത്തി ജില്ലാരൂപീകരണത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു പലരും. മലപ്പുറം ജില്ല വന്നാല്‍ പാക്കിസ്ഥാനില്‍ നിന്നും അറബിക്കടല്‍ തീരം വഴി ഭീകരവാദികള്‍ നുഴഞ്ഞുകയറുമെന്നും ആയുധക്കടത്തുകള്‍ ഉണ്ടാവുമെന്നും അത് കേരളത്തിനും ഇന്ത്യക്കും ഭീഷണിയാവുമെന്നുമൊക്കെയായിരുന്നു പ്രചാരണങ്ങള്‍. അക്കാലത്ത് മാതൃഭൂമി പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട് ഇങ്ങനെയായിരുന്നു: ”നിര്‍ദിഷ്ടമായ മലപ്പുറം ജില്ല രൂപവത്കരിക്കപ്പെട്ടാല്‍ അത് ഒരു കൊച്ചു പാകിസ്ഥാനായിരിക്കും. മലപ്പുറത്തെ അമുസ്‌ലിംകളെ മുസ്‌ലിംകള്‍ ശല്യപ്പെടുത്തിവരുന്നുണ്ട്. ആയിരക്കണക്കിന് അമുസ്‌ലിംകളെ മതപരിവര്‍ത്തനം ചെയ്ത് മുസ്‌ലിംകളാക്കുന്ന ഒരു ഇസ്‌ലാമിക സംഘടന പൊന്നാനിയില്‍ ഉണ്ട്. മലപ്പുറം ജില്ല ഒരു കടലോര പ്രദേശമാണ്. ജില്ലാ രൂപീകരണത്തോടെ അവിടെ തീരദേശബന്ധം സ്ഥാപിക്കുന്നതിന് സാധ്യതയില്ലെന്ന് പറഞ്ഞുകൂടാ…” (മാതൃഭൂമി ദിനപത്രം, 1969 ജൂണ്‍ 6).

പ്രാദേശിക സൗകര്യാര്‍ഥം രൂപപ്പെട്ട ഒരു ആശയമായിരുന്നു മലപ്പുറം ജില്ല എന്ന ആശയം. പാലക്കാടുമായി ബന്ധപ്പെടാനുള്ള വൈഷമ്യം ഉള്‍ക്കൊണ്ടുകൊണ്ട് പാങ്ങില്‍ കുറുവ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.കെ. ബാപ്പുട്ടിയാണ് ആദ്യമായി ഈ ആശയം ഒരു പ്രമേയമായി അവതരിപ്പിച്ചത്. ഇത് 1960ല്‍ ആയിരുന്നു. പിന്നീട് തിരുവിതാംകൂറുകാരനായിരുന്ന മങ്കട എം.എല്‍.എ. അഡ്വ. പി. അബ്ദുല്‍ മജീദ് നിയമസഭയില്‍ ഈ കാര്യം ഉന്നയിച്ചു. ബാഫഖി തങ്ങള്‍, സി.എച്ച്. മുഹമ്മദ്‌കോയ, എം.പി.എം. അഹ്മദ് കുരിക്കള്‍ എന്നിവര്‍ ഈ വിഷയത്തില്‍ ശക്തമായി ഇടപെട്ടു. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് മലപ്പുറം ജില്ലക്കാരനായിരുന്നു. തുടക്കത്തില്‍ ജില്ലയെ അദ്ദേഹം അനുകൂലിക്കുകയും ചെയ്തിരുന്നു.

നേരത്തെ സൂചിപ്പിച്ച പോലെ ഒരു ജില്ല പിറന്നാല്‍ അതൊരു സാമുദായിക ധ്രുവീകരണത്തിന് കാരണമാകുമെന്ന പ്രചാരണത്തിന് പിന്നില്‍ പ്രധാനമായും ഭാരതീയ ജനസംഘമായിരുന്നു. ഒ. രാജഗോപാല്‍ ആയിരുന്നു ജില്ലക്കെതിരെയുള്ള വര്‍ഗീയ ആരോപണത്തിന് മുന്നില്‍ നിന്നത്. എന്നാല്‍ കേരളഗാന്ധി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കെ. കേളപ്പന്‍ അടക്കമുള്ളവരും ഇത്തരം പ്രചാരണങ്ങളുടെ മുമ്പില്‍ നിന്നുവെന്നത് മതേതരസ്‌നേഹികളില്‍ വലിയ പ്രയാസം സൃഷ്ടിക്കുകയുണ്ടായി. അതോടെ വിഷയം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ഈ വിഷയത്തില്‍ അക്കാലത്ത് മലയാള മനോരമയില്‍ വന്ന ഒരു വാര്‍ത്ത വായിക്കുന്നത് വളരെ പ്രസക്തമായിരിക്കും: 

”മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു ജില്ല രൂപവത്കരിക്കുന്നതില്‍ കാര്യമായ ഒരു തെറ്റുമില്ല. ജില്ലകളുടെ രൂപവത്കരണം സംസ്ഥാന ഗവണ്‍മെന്റുകളുടെ ചുമതലയാണ്. മലപ്പുറം ജില്ല രൂപവത്കരിക്കുന്നതില്‍ വര്‍ഗീയ പരിഗണനയൊന്നുമില്ലെന്ന് കേരള ഗവണ്‍മെന്റ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മലപ്പുറം ജില്ല രൂപീകരിക്കുന്നതില്‍ സംസ്ഥാനത്തെ ഒരു വിഭാഗം ആളുകള്‍ക്ക് എതിര്‍പ്പുള്ളതായി കേന്ദ്ര ഗവണ്‍മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ല രൂപീകരിക്കുന്നത് ആശാസ്യമല്ലെന്ന് ശ്രീ. എസ്.എസ് ഭണ്ഡാരി(ജനസംഘം)യുടെ അഭിപ്രായം ചവാന്‍ തള്ളിക്കളഞ്ഞു. മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു ജില്ല രൂപീകരിക്കുന്നത് ദേശീയ താല്‍പര്യത്തിന് ഹാനികരമാണെന്ന ചിന്താഗതി നാം വളര്‍ത്തരുത്. ഇന്ത്യയില്‍ ന്യൂനപക്ഷമായ ഒരു വിഭാഗം പൗരന്മാരെപ്പറ്റി അടിസ്ഥാനപരമായ ദുഃശ്ശങ്കയുളവാക്കാന്‍ അത് ഇടയാക്കും” (മലയാള മനോരമ, 1969 മാര്‍ച്ച് 26). ജില്ലയെ വര്‍ഗീയമായി കണ്ടവര്‍ക്കുള്ള തിരിച്ചടിയായി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും കേന്ദ്ര ഗവര്‍മെന്റിന്റെയും നിലപാടുകള്‍. 

സര്‍ക്കാരുകളുടെ പിന്തുണ ജില്ലാ രൂപീകരണത്തിന് അനുകൂലമായതോടെ പ്രതിഷേധങ്ങള്‍ക്കിടയില്‍ 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല രൂപീകൃതമായി. കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന തിരൂര്‍, ഏറനാട് താലൂക്കുകളും പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്കുകളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ജില്ല രൂപീകരിച്ചത്. ആ ദിവസത്തെ ‘അടിയറവെക്കല്‍ ദിന’മായി ആചരിക്കാന്‍ കെ. കേളപ്പന്‍ ആഹ്വാനം ചെയ്തുവെങ്കിലും ജില്ലയിലെ ജനങ്ങള്‍ ആ ആഹ്വനം തള്ളിക്കളഞ്ഞു. ജനസംഘം സമരം തുടര്‍ന്നെങ്കിലും ജില്ലാരൂപീകരണത്തോടെ അവര്‍ നടത്തിവന്നിരുന്ന പ്രചാരണങ്ങള്‍ ആസ്ഥാനത്തായിരുന്നുവെന്നു പൊതുസമൂഹത്തിനു ബോധ്യപ്പെട്ടതോടെ അവര്‍ക്ക് സമരം നിര്‍ത്തിവെക്കേണ്ടി വന്നു. താനൂര്‍ കടപ്പുറത്ത് ചാരക്കപ്പല്‍ കണ്ടെന്ന മാതൃഭൂമിയുടെ കുപ്രചാരണം പോലെയുള്ള പല സംഭവങ്ങളും പിന്നീടുണ്ടായെങ്കിലും വര്‍ഗീയതക്ക് സ്ഥാനമില്ലാതിരുന്ന മലപ്പുറത്തെ ജനമനസ്സുകളില്‍ അതൊന്നും സ്വാധീനം ചെലുത്തിയില്ല. 

മലപ്പുറം ജില്ല രൂപം കൊണ്ട ശേഷം പ്രദേശത്ത് എടുത്തുപറയാവുന്ന സാമുദായിക സംഘര്‍ഷങ്ങളോ കലാപങ്ങളോ ഉണ്ടായിട്ടില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മതവിഭാങ്ങള്‍ക്കിടയിലെ സൗഹാര്‍ദം നിലനില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം. അങ്ങാടിപ്പുറത്തെ തളിക്ഷേത്രത്തിനു തീവെച്ച സംഭവത്തെ തുടര്‍ന്ന് ഉണ്ടായേക്കാമായിരുന്ന ഒരു വലിയ വര്‍ഗീയ കലാപത്തെ ഇല്ലാതാക്കിയത് മുസ്‌ലിം സമുദായ നേതാക്കളുടെ പക്വമായ ഇടപെടലായിരുന്നു. മറ്റു ജില്ലകളില്‍ നിന്നും മലപ്പുറത്തെത്തുന്ന വിവിധ സമുദായങ്ങളില്‍ പെട്ടവര്‍ മലപ്പുറവുമായി ഇഴുകിച്ചേര്‍ന്നതാണ് പിന്നീടുള്ള ചരിത്രം. മലപ്പുറത്തെ ഭീതിയോടെ കണ്ടു കൊണ്ട് ജില്ലയിലേക്ക് കടന്നുവന്നവര്‍ മലപ്പുറത്തിന്റെ സ്‌നേഹമനസ്സിനെ മുക്തകണ്ഠം പ്രശംസിക്കുന്നവരായി. അത്രമാത്രം പരസ്പരം ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും സഹകരിച്ചു ജീവിക്കാനും ശീലിച്ചവരാണ് മലപ്പുറത്തുകാര്‍. ജാതി മത ചിന്തകളുടെ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ടുള്ള അയല്‍പക്ക ബന്ധങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് മലപ്പുറം. നാരായണീയത്തിന്റെ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയും, ജ്ഞാനപ്പാനയുടെ കര്‍ത്താവായ പൂന്താനവും മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും പിറന്ന നാടാണ് മലപ്പുറം. അധിനിവേശ വിരുദ്ധതക്ക് വേണ്ടി തൂലിക പടവാളാക്കി ഹിന്ദുവായ സാമൂതിരിയെ രാജാവായി വാഴിച്ച സൈനുദ്ധീന്‍ മഖ്ദൂമിന്റെയും സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ആലി മുസ്‌ലിയാരുടെയും മുസ്‌ലിം നവോത്ഥാനത്തിന്റെ നായകനായിരുന്ന കെ.എം. മൗലവിയുടെയും കര്‍മഭൂമിയും മലപ്പുറം തന്നെ. 

ഇങ്ങനെയുള്ള മലപ്പുറത്തിന്റെ മനസ്സും ഉള്ളടക്കവും വര്‍ഗീയമാണെന്നു പറയുന്നവര്‍ രാഷ്ട്രീയ വിമര്‍ശനത്തിന് വേണ്ടി പറഞ്ഞതാണെന്ന് വിചാരിച്ചാല്‍ പോലും അതുകൊണ്ടുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ എന്തുമാത്രമായിരിക്കുമെന്നു മനസ്സിലാക്കേണ്ടതുണ്ട്. മലപ്പുറത്തിനെതിരെ ഇത്തരമൊരു പ്രസ്താവന വന്നിട്ടും അവിടുത്തെ ജനങ്ങള്‍ പ്രകോപിതരാകാതിരുന്നത് ആ ജില്ലയുടെ പാരമ്പര്യ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. 

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വാ തുറക്കുമ്പോള്‍ പറയുന്നതിന് മുമ്പ് ആലോചന അനിവാര്യമാണ്. ഒരു സമൂഹത്തെയോ സമുദായത്തെയോ പ്രദേശത്തെയോ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ എന്തുകൊണ്ടും അപലപനീയമാണ്. 

മതരംഗത്തും രാഷ്ട്രീയരംഗത്തും പലപ്പോഴും പ്രകടമാകുന്ന ഒരു ദുഃസ്വഭാവമാണ് തമ്മില്‍ തെറ്റിയാല്‍ അസഭ്യം പറയുകയെന്നത്. പക്വമതികള്‍ വിഹരിക്കേണ്ട മത, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകള്‍ ഇത്തരം വ്യക്തികള്‍ കയ്യടക്കുന്നത് തടയണമെങ്കില്‍ സാംസ്‌കാരിക ബോധമുള്ളവര്‍ പൊതുരംഗത്തേക്ക് കടന്നുവരേണ്ടതുണ്ട്. മാലാഖമാര്‍ കയറിച്ചെല്ലാന്‍ മടിക്കുന്നിടം ചെകുത്താന്മാര്‍ ഓടിക്കയറുമെന്ന ആപ്തമാക്യം ഇവിടെ സ്മരണീയമാണ്. മഹാനായ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) ഇപ്രകാരം പഠിപ്പിച്ചു: ”ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ നല്ലത് മാത്രം പറഞ്ഞുകൊള്ളട്ടെ; അല്ലെങ്കില്‍ മൗനമവലംബിക്കട്ടെ.”

 

സുഫ്‌യാന്‍ അബ്ദുസ്സലാം
നേർപഥം വാരിക