നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലൽ ഏറെ പുണ്യമുള്ള ഒരു കർമ്മമാകുന്നു. നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലാന്‍ വേണ്ടി അല്ലാഹു സത്യവിശ്വാസികളോട് കല്പിച്ചിട്ടുള്ളതായി കാണാവുന്നതാണ്.
തീര്‍ച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും നബിയോട്
കാരുണ്യം കാണിക്കുന്നു. സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെ മേല്‍ (അല്ലാഹുവിന്റെ) കാരുണ്യവും
ശാന്തിയുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക. (ഖു൪ആന്‍: 33/56)
صلوة (സ്വലാത്ത്) എന്ന വാക്കിന് അനുഗ്രഹം, ആശീര്‍വ്വാദം, പ്രാര്‍ത്ഥന എന്നൊക്കെ അര്‍ത്ഥം വരും. അല്ലാഹു നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചെയ്യുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു മലക്കുകളോട് നബി(സ്വ)യെ പ്രശംസിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. മലക്കുകള്‍ നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവ൪ നബിക്ക്(സ്വ) വേണ്ടി പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്. ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ അബുല്‍ ആലിയയില്‍ നിന്നും അപ്രകാരമാണ് ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അല്ലാഹു മലക്കുകളുടെ അടുക്കല്‍ വെച്ച് നബി(സ്വ)യെ പ്രശംസിച്ചുകൊണ്ടിരിക്കുന്നുവെന്നും ആ പ്രശംസകള്‍ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും ചുരുക്കം.
يُصَلُّونَ (യുസ്വല്ലൂന) എന്നാല്‍ ‘അനുഗ്രഹത്തിനായി പ്രാ൪ത്ഥിക്കുകയെന്നാണ്’ വിവക്ഷയെന്ന് ഇബ്നു അബ്ബാസി(റ)യില്‍ നിന്ന് ഇമാം ബുഖാരി(റ) തന്നെ ഉദ്ധരിക്കുന്നുണ്ട്. അല്ലാഹു നബി(സ്വ)ക്ക് അനുഗ്രഹവും കാരുണ്യവും നല്‍കുന്നുവെന്നും നബി(സ്വ)ക്ക് അനുഗ്രഹവും കാരുണ്യവും ലഭിക്കുന്നതിന് വേണ്ടി മലക്കുകള്‍ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്നും സത്യവിശ്വാസികളും അപ്രകാരം പ്രാ൪ത്ഥിക്കണമെന്നും താല്പര്യം.
ഇവയില്‍ ഏറ്റവും അനുയോജ്യമായത് അബുല്‍ ആലിയയില്‍ നിന്നു ഉദ്ധരിച്ചതാണെന്ന് ഇബ്നു ഹജറുൽ അസ്ഖലാനി(റ) തന്റെ ഫത്ഹുൽ ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ഇബ്നുല്‍ ഖയ്യിം(റ), ശൈഖ് ഉഥൈമീന്‍(റ) എന്നിവരെല്ലാം ഈ അഭിപ്രായക്കാരാണ്.
اللَّهُمَّ صَلِّ عَلَى مُحَمَّدٍ (അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ) എന്നാൽ, ‘അല്ലാഹുവേ നീ മുഹമ്മദ് നബിയെ പ്രശംസിക്കണമേ’ എന്നാണ്. നാം സ്വലാത്ത് ചൊല്ലിയില്ലെങ്കിലും അല്ലാഹു നബിയെ പ്രശംസിച്ചു കൊണ്ടിരിക്കുന്നതാണ്. അപ്പോള്‍ പുതിയ ഒരു കാര്യത്തിനുള്ള പ്രാ൪ത്ഥനയല്ല ഇത്, മറിച്ച് നിലവിലുള്ള പ്രശംസിച്ച് പറയലിനെ വ൪ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രാ൪ത്ഥനയാണിത്.
وقال الحليمي في الشعب معنى الصلاة على النبي صلى الله عليه وسلم تعظيمه فمعنى قولنا اللهم صل على محمد عظم محمدا والمراد تعظيمه في الدنيا بإعلاء ذكره وإظهار دينه وابقاء شريعته وفي الآخرة باجزال مثوبته وتشفيعه في أمته وابداء فضيلته بالمقام المحمود وعلى هذا فالمراد بقوله تعالى صلوا عليه ادعوا ربكم بالصلاة عليه
നബിയുടെ(സ്വ) മേലുള്ള സ്വലാത്ത് എന്നാൽ നബി(സ്വ)യെ പുകഴ്ത്തലാണ്. اللَّهُمَّ صَلِّ عَلى محمدٍ (അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിൻ) എന്നാൽ, ‘അല്ലാഹുവേ നീ മുഹമ്മദ് നബിയെ പുകഴ്ത്തേണമേ’ എന്നാണ്. അത് ഐഹിക ജീവിതത്തിൽ അദ്ദേഹത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കലും അദ്ദേഹത്തിലുടെ പൂർത്തീകരിക്കപ്പെട്ട മതത്തിന്റെ സ്വീകാര്യത പ്രകടമാക്കലും (വർദ്ധിപ്പിക്കലും), അദ്ദേഹം നൽകിയ ശരീഅത്തിനെ നിലനിർത്തലുമാണ്. പാരത്രിക ജീവിതത്തിലാകട്ടെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകലും, തന്റെ സമുദായത്തിനുള്ള ശുപാർശക്കുള്ള അവസരം നൽകലും, മഖാമൻ മഹ്മൂദൻ എന്ന പദവിയിൽ അദ്ദേഹത്തിനെ ഉന്നതനാക്കലുമാണ്. അതിനാൽ ‘സ്വല്ലൂ അലൈഹി’ എന്ന് പറയുമ്പോൾ ഇവക്കെല്ലാമുള്ള പ്രാർത്ഥനയാണ് അതിലടങ്ങിയിട്ടുള്ളത്. (ഫത്ഹുൽ ബാരി : 11/156)
ഇമാം ഇബ്നുല്‍ ഖയ്യിം(റ) പറയുന്നു: നബി(സ്വ)ക്ക് വേണ്ടി സ്വലാത്ത് ചൊല്ലാന്‍ അല്ലാഹു കല്‍പ്പിക്കുന്നതിന്റെ ഉദ്ദേശ്യം, അല്ലാഹുവും മലക്കുകളും എന്തൊരു സ്വലാത്താണോ നി൪വ്വഹിക്കുന്നത് അതിനായി പ്രാ൪ത്ഥിക്കാനാണ് എന്നാണ്. അതായത് അദ്ദേഹത്തെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ മഹത്വവും ശ്രേഷ്ടതയും പ്രകടമാക്കലും അദ്ദേഹത്തെ ബഹുമാനിക്കലും അദ്ദേഹത്തിന് അല്ലാഹുവുമായുള്ള സാമീപ്യത്തെ അധികരിപ്പിക്കാന്‍ ഉദ്ദേശിക്കലുമാണ്. അത് അല്ലാഹു അദ്ദേഹത്തിന് നല്കിയ ആദരവുകളെ എടുത്ത് പറയലും അതിനായി അല്ലാഹുവോട് തേടലുമാണ്. പ്രസ്തുത തേട്ടത്തേയും പ്രാ൪ത്ഥനയേയുമാണ് ഇവിടെ സ്വലാത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്. (ജലാഉല്‍ അഫ്ഹാം ഫിസ്സ്വലാത്തി അലാ ഖൈരില്‍ അനാം)
ശൈഖ് ഉഥൈമീന്‍(റ) പറയുന്നു: “ഈ വിഷയത്തില്‍ പറയപ്പെട്ടിട്ടുള്ള ഏറ്റവും നല്ല അഭിപ്രായം അബുല്‍ ആലിയയുടേതാണ്. അദ്ദേഹം പറഞ്ഞു: ‘പ്രവാചക(സ്വ)ന്റെ മേലുള്ള അല്ലാഹുവിന്റെ സ്വലാത്ത് ഉന്നതമായ (മലക്കുകളുടെ) സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കലാണ്. ‘അല്ലാഹുമ്മ സ്വല്ലി അലൈഹി’ എന്ന് പറയുന്നതിന്റെ അര്‍ത്ഥം ‘അല്ലാഹുവേ, ഉന്നതമായ സംഘത്തില്‍ വെച്ച് അദ്ദേഹത്തെ പ്രശംസിക്കണേ’, എന്നാണ്. അതായത് അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളുടെ അടുത്ത് വെച്ച്.’” (അശ്ശറഹുല് മുമ്തിഉ : 3/163)
സ്വലാത്തിന്റെ ഭാഷാര്‍ത്ഥങ്ങളില്‍ പെട്ട ഈ രണ്ട് നിര്‍വചനങ്ങളും സ്വീകരിച്ചാലും പരസ്പര വിരുദ്ധമാകുന്നില്ലെന്നതാണ് വസ്തുത.
അനുവാചകരുടെ തൃഷ്ണയെ പ്രോജ്വലിപ്പിക്കുമ്പോഴാണ് ഏതൊരു രചനയും ഉന്നതമാകുന്നത്. ഒരേസമയം ബുദ്ധിയെ തൃപ്തിപ്പെടുത്തുകയും മനഃശാസ്ത്രപരമായി കീഴടക്കുകയും ചെയ്യുന്ന ആശയങ്ങള്‍ കണ്ടെത്താനാവുക ഖുർആനിൽ മാത്രമെയുള്ളൂ. മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവ് മനുഷ്യന് നല്കുന്ന ഉപദേശങ്ങള്‍ അതുകൊണ്ട് തന്നെ പ്രായോഗികമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ആശയങ്ങള്‍ കൊണ്ട് മാത്രമല്ല ആശയ കൈമാറ്റ രീതി കൊണ്ടും ക്വുര്‍ആനികാധ്യാപനങ്ങള്‍ ദൈവികമെന്ന് തെളിയിക്കുന്നു.
ജീവിതത്തിന്റെ ഏത് രംഗങ്ങളില്‍ ഇടപെടുന്നവരും നിത്യേന ഗുരുനാഥന്മാരില് നിന്നോ, ജീവിതാനുഭവങ്ങളില്‍ നിന്നോ പുതിയ പുതിയ കാര്യങ്ങള്‍ ഗ്രഹിച്ചുകൊണ്ടേയിരിക്കുമല്ലോ. അതെല്ലാം പഠനബോധന മാര്‍ഗങ്ങളാണ്. ഏതെങ്കിലും ഒരു ഗ്രന്ഥത്തെ ആധാരമാക്കിയോ, ഏതെങ്കിലും വിദ്യാഭ്യാസ വിചക്ഷണന്മാരുടെ പഠനങ്ങളെ അടിസ്ഥാനമാക്കിയോ അല്ല ഈ ലേഖനത്തിലെ പോയിന്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. പ്രധാനമായും പഠന രംഗത്തും അധ്യാപനരംഗത്തും അനൗപചാരിക വിദ്യാഭ്യാസ രംഗത്തുമൊക്കെ ഏറ്റവും ഫലപ്രദമെന്നും ഉപകാരപ്രദമെന്നും തോന്നുന്ന രീതികളും ബോധന മനഃശാസ്ത്രവും (Teaching Psychology) ക്വുര്‍ആനില്‍ നിന്ന് ഗ്രഹിച്ചെടുക്കാന്‍ സാധിക്കുന്ന രൂപത്തില്‍ ചിട്ടപ്പെടുത്തിയതാണ് ഇത്. മനഃശാസ്ത്ര സമീപനങ്ങളോ, പോയിന്റുകളോ മനഃശാസ്ത്രജ്ഞന്മാര് പറയുന്ന രീതികളിലല്ല ഖുർആനിൽ വിവരിക്കുന്നത്.
ഇന്നയിന്ന തരത്തിലുള്ള തത്ത്വങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു എന്ന് എല്ലാ കാര്യത്തിലും എടുത്ത് പറയുന്ന രീതി ഖുർആനിനില്ല. അല്ലാഹുവും റസൂലും പറഞ്ഞത് അതേപടി ചെയ്താല്‍ മതി. അതിന്റെ ഗുണഫലമോ, അതിലൂടെ ഉണ്ടായിത്തീരുന്ന ഉപകാരമോ നമുക്ക് ലഭ്യമാവും. അതിന് വേണ്ടിയാണ് ഞാന്‍ ഇത് ചെയ്യുന്നത് എന്ന് ഉദ്ദേശിച്ചല്ല ചെയ്യേണ്ടത്. ഉദാഹരണമായി, നമസ്കാരം നിര്‍വഹിക്കുന്നതിലൂടെ പരലോക നേട്ടവും അല്ലാഹുവിന്റെ പ്രീതിയുമാണ് ഉദ്ദേശ്യം. അതായിരിക്കണം നിയ്യത്ത്. എങ്കിലും നമസ്കാരം കൃത്യമായി നിര്‍വഹിക്കുമ്പോള്‍ കൃത്യമായി രക്തത്തിന്റെ പമ്പിംഗ് നടക്കുന്നതും അതിലൂടെ ലഭിക്കുന്ന ശാരീരികവും മാനസികവുമായ നേട്ടങ്ങളും അതിന്റെ by-product ആയി നമുക്ക് കിട്ടുന്ന അധികമായ നേട്ടങ്ങളാണ്; പ്രധാനലക്ഷ്യമല്ല. ഖുർആനും ഹദീസും നന്നായി പഠിക്കുമ്പോള്‍ അതിലൂടെ ലഭിക്കുന്ന വിശ്വാസ (ഈമാന്‍) വര്‍ധനവും സ്വര്‍ഗപ്രവേശനവുമാണ് ലക്ഷ്യം. എങ്കിലും അതിലൂടെ ജോലി ലഭിക്കുകയാണെങ്കില്‍ അത് നമുക്ക് അധികമായി ലഭിക്കുന്ന അനുഗ്രഹവും അനുവദനീയമായ ജോലിയുമാണ്.
മനുഷ്യസമൂഹത്തെ ഏറ്റവും ഗുണകരമായ നിലയിലേക്ക് നയിക്കാന്‍ അല്ലാഹു നടപ്പാക്കുന്ന മാര്‍ഗങ്ങളില്‍ നിന്നുള്ള ഗുണപാഠങ്ങളും മാതൃകകളും ഗ്രഹിച്ച് നമ്മുടെ പരിധിയില്‍ പഠന ബോധന മാര്‍ഗങ്ങളില്‍ പ്രയോഗവത്കരിക്കുന്നത് വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വിജയിക്കാന്‍ ഒരു നൂതന മാതൃകയായിരിക്കുക തന്നെ ചെയ്യും. അധ്യാപകര്‍ക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങള്‍ക്കുമെല്ലാം വിജ്ഞാന സമ്പാദന രംഗത്ത് ഈ കാര്യങ്ങള്‍ ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആവര്‍ത്തിച്ച ചോദ്യങ്ങളിലൂടെ അംഗീകരിക്കല്‍
അധ്യാപകന് തന്റെ വിദ്യാർത്ഥിയോടോ, പിതാവ് തന്റെ മകനോടോ അവര്‍ക്ക് വേണ്ടി ചെയ്തുകൊടുത്ത സൗകര്യങ്ങള്‍ എടുത്ത് പറയുന്നു. ഉദാ. ഏത് കാര്യത്തിലാണ് നിനക്ക് ഞങ്ങള്‍ സൗകര്യം ചെയ്യാതിരുന്നത്? കുഞ്ഞായിരിക്കുമ്പോള്‍ നഴ്സറിയില്‍ ചേര്‍ത്തില്ലേ? സ്കൂളില്‍ പോകാന്‍ ബസ്സ് ഏര്‍പ്പാട് ചെയ്തില്ലേ? പഠനത്തിനാവശ്യമായ ശാസ്ത്ര സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങിത്തന്നില്ലേ? ഇങ്ങനെ തെളിവ് സഹിതം ചോദ്യം ചെയ്തുകൊണ്ടിരുന്നാല്‍ ‘തീര്‍ച്ചയായും എനിക്ക് നിങ്ങള്‍ സൗകര്യങ്ങള്‍ ഒരുക്കിത്തന്നിട്ടുണ്ട്. വേണ്ടതെല്ലാം ചെയ്തു തന്നിട്ടുണ്ട്. അതിന് അത്യധികം നന്ദിയുള്ളവനാണ് ഞാന്‍’ എന്ന് മനസ്സറിഞ്ഞ് പറയുവാനും സംതൃപ്തനായ, നന്ദിയുള്ളവനായ വിദ്യാര്‍ഥിയായി അല്ലെങ്കില്‍ മകനായി മാറുവാന്‍ ആ കുട്ടിക്ക് കഴിയും.
ഇതേപോലെ ജിന്നുകള്ക്കും മനുഷ്യര്‍ക്കും അല്ലാഹു ചെയ്തുകൊടുത്തതും തുടര്‍ന്ന് പരലോകത്ത് ചെയ്യാനിരിക്കുന്നതുമായ അനുഗ്രഹങ്ങള്‍ സൂചിപ്പിച്ച് ഒരു അധ്യായത്തില്‍(സൂറഃ അര്‍റ്വഹ്മാന്‍) 31 പ്രാവശ്യം ആവര്‍ത്തിച്ച് അല്ലാഹു ചോദിക്കുന്നു: “അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നിങ്ങള്‍ നിഷേധിക്കുന്നത്?”
ജിജ്ഞാസ വളര്‍ത്തല്‍
ശിഷ്യന്മാര്ക്ക് ജിജ്ഞാസ വളര്‍ത്താതെ വിജ്ഞാനം നല്കിയാല് ശ്രദ്ധ കുറയുകയും അത് മുഖേന മനസ്സില്‍ സ്വാധീനം ചെലുത്തുന്നതില്‍ കുറവ് വരികയും ചെയ്യും. ജിജ്ഞാസ വളര്‍ത്താന്‍ ക്വുര്‍ആന്‍ ഉപയോഗിച്ച ചില വചനങ്ങള്‍ നമുക്ക് കാണാം:
ഉദാ. 101ാം അധ്യായമായ അല്‍ക്വാരിഅയിലെ 1-3 വചനങ്ങള്‍.
ഈ മൂന്ന് വചനങ്ങളും പറയാന്‍ പോകുന്ന കാര്യം ജിജ്ഞാസയോടുകൂടി ശ്രദ്ധിക്കാന്‍ താല്‍പര്യമുണ്ടാക്കുന്നവയാണ്. പിന്നീട് 4,5 വചനങ്ങള്‍ മുതല്‍ കാര്യം പറയുന്നു:
“മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റയെപോലെയും പര്‍വതങ്ങള്‍ കടഞ്ഞെടുത്ത രോമം പോലെയും ആയിത്തീരുന്ന ദിവസം.”
“അത് എന്താണെന്ന് നിനക്കറിയാമോ?” എന്ന ചോദ്യത്തിന് ശേഷം വിഷയം വിശദീകരിച്ച് കൊടുക്കുന്ന ശൈലി 82:17, 82:18, 83:8, 83:19, 86:2, 90:12, 97: 2, 104:5 എന്നീ സൂക്തങ്ങളിലും കാണാം.
കഠിനാധ്വാനം ചെയ്ത് പഠിക്കുവാനും പതറാതെ പ്രശ്നങ്ങളെ നേരിടുവാനും ഇടക്കാലത്ത് വെച്ച് പഠനം നിര്‍ത്താതെ മുന്നേറുവാനും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം ലഭിക്കുവാന്‍, പഠനശേഷം വിദ്യാര്‍ഥികളെ കാത്തിരിക്കുന്ന ശോഭനമായ ഭാവിയെപ്പറ്റി അവര്‍ക്ക് അധ്യാപകര്‍ സന്തോഷ വാര്‍ത്ത അറിയിക്കുന്നതിനുള്ള മാതൃക ഇതില്‍ നിന്ന് ലഭ്യമാവുന്നു. നല്ല കാര്യങ്ങളില്‍ ഉയര്‍ന്ന സ്ഥാനം നേടുന്ന കുട്ടികള്‍ക്ക് സമ്മാനമുണ്ടെന്നറിയിച്ചാല്‍ അതും ഇത് പോലെ പ്രചോദനമാണ്.
ഖുർആൻ ആദ്യം സന്തോഷവാര്‍ത്തയും പിന്നെ ശിക്ഷയെപ്പറ്റിയുള്ള താക്കീതുമാണ് നല്‍കുന്നത്. അതേപോലെ അധ്യാപകര്‍ വിദ്യാർത്ഥികൾക്ക് ആദ്യം സന്തോഷവാര്‍ത്തയാണ് നല്‍കേണ്ടത്. എന്നിട്ടും ഒരിക്കലും വഴങ്ങാത്തവരോടാണ് താക്കീത് പ്രയോഗിക്കേണ്ടത്. താക്കീത് അനിവാര്യമായ ഘട്ടത്തിലേ പ്രയോഗിക്കാവൂ. ധിക്കരിച്ചാല്‍ അധ്യാപകന് ശിക്ഷ നടപ്പാക്കും എന്ന് വിദ്യാർത്ഥികൾക്ക് ഭയമുണ്ടാവണം.
കാരണം, ശിക്ഷ നടപ്പാക്കാന്‍ തക്കവണ്ണം അധികാരവും മനക്കരുത്തും ആത്മാര്‍ഥതയും ഉള്ളവനാണ് ഈ അധ്യാപകന് എന്നും ശിക്ഷ നടപ്പാക്കുന്ന കാര്യത്തിലും നീതിയും ആത്മാര്‍ഥതയും ഉള്ളവനാണ് എന്നും ബോധ്യമുണ്ടെങ്കിലേ ഈ ശിക്ഷ ഗുണകരമായി മാറുകയുള്ളൂ. അല്ലാഹു മേല്പറഞ്ഞ എല്ലാ ഗുണങ്ങളിലും സമ്പൂര്‍ണനാണ്.
അത് കൊണ്ട് തന്നെ മനുഷ്യസമൂഹത്തെ ഏറ്റവും ഗുണകരമായ നിലയിലേക്ക് നയിക്കാന്‍ അല്ലാഹു നടപ്പാക്കുന്ന മാര്‍ഗങ്ങളില്‍ നിന്നുള്ള ഗുണപാഠങ്ങള്‍ നമ്മുടെ പരിധിയില്‍ നമുക്ക് പഠനബോധന മാര്‍ഗങ്ങളില്‍ പ്രയോഗിക്കുന്നത് ഏറ്റവും വിജയകരമായ മാതൃകയായിരിക്കും.
താക്കീത്
സാധാരണ രൂപത്തില്‍ പറഞ്ഞിട്ടും ഭവിഷ്യത്തുകള്‍ പറഞ്ഞ് കൊടുത്തിട്ടും അനുസരിക്കാത്തവരെ അനുസരിപ്പിക്കാന്‍ വേണ്ടി നടത്തുന്ന ശാസനയാണ് താക്കീത്. അനുസരിച്ചില്ലെങ്കില്‍ ഇന്ന ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന മുന്നറിയിപ്പാണിത്. നബി ﷺ യെ അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ടാണ് അയച്ചത് എന്ന് ക്വുര്‍ആന്‍ 34ാം അധ്യായം (സബഅ്) 28ാം വചനത്തില്‍ പറയുന്നു.
“(നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്മാരെ വിവരമറിയിക്കുക. എന്റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക).” (ക്വുര്‍ആന്‍ 15:49,50)
മുന്‍കഴിഞ്ഞ പ്രവാചകന്മാരൊക്കെയും അവരുടെ ജനതയോട് ഏകദൈവ വിശ്വാസം ഉള്‍ക്കൊള്ളുവാനും സല്‍കര്‍മങ്ങള്‍ ചെയ്യുവാനും തങ്ങളെ ധിക്കരിച്ച് ജീവിച്ചാല്‍ കനത്ത ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആദ് സമുദായത്തിന് വരാനിരിക്കുന്ന ഭയാനകമായ കൊടുങ്കാറ്റ് എന്ന ശിക്ഷയെപ്പറ്റി ഹൂദ് നബി(അ)മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഖുർആൻ വ്യക്തമാക്കുന്നു:
“അങ്ങനെ അതിനെ (ശിക്ഷയെ) തങ്ങളുടെ താഴ്വരകള്ക്ക് അഭിമുഖമായിക്കൊണ്ട് വെളിപ്പെട്ട ഒരു മേഘമായി അവര്‍ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ഇതാ നമുക്ക് മഴ നല്കുന്ന ഒരു മേഘം! അല്ല, നിങ്ങള്‍ എന്തൊന്നിന് ധൃതികൂട്ടിയോ അതു തന്നെയാണിത്. അതെ വേദനയേറിയ ശിക്ഷ ഉള്‍കൊള്ളുന്ന ഒരു കാറ്റ്. അതിന്റെ രക്ഷിതാവിന്റെ കല്പന പ്രകാരം സകല വസ്തുക്കളെയും അത് നശിപ്പിച്ചുകളയുന്നു. അങ്ങനെ അവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത അവസ്ഥയില്‍ അവര്‍ ആയിത്തീര്‍ന്നു. അപ്രകാരമാണ് കുറ്റവാളികളായ ജനങ്ങള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.” (46:24,25)
ആസൂത്രണം
ഏതൊരു പ്രവര്‍ത്തനവും നടത്തുന്നതിന് മുമ്പ് പ്ലാനിംഗ് അത്യാവശ്യമാണ്. വലിയൊരു ബില്‍ഡിംഗിന്റെ നിര്‍മാണത്തിനു മുമ്പ് മനസ്സില്‍ ആ ബില്‍ഡിംഗ് പൂര്‍ണമായി പണിയണം. പിന്നീട് അതിനെ കമ്പ്യൂട്ടറിലെ Print out ആക്കണം. മൂന്നാം ഘട്ടത്തിലാണ് അതിന്റെ നിര്‍മാണം തുടങ്ങേണ്ടത്. ആസൂത്രണം ചെയ്ത ശേഷം പ്രവര്‍ത്തിച്ചു തുടങ്ങുന്നതാണ് യഥാര്‍ഥത്തിലുള്ള ദീര്‍ഘദൃഷ്ടി.
മദ്യം പൂര്‍ണമായും നിരോധിക്കണമെന്ന് അല്ലാഹു നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ അത് അഞ്ച് ഘട്ടമായി നടപ്പിലാക്കിയത് അല്ലാഹുവിന്റെ ആസൂത്രണത്തിന് മികച്ച ഉദാഹരണമാണ്. ഒന്നാം ഘട്ടത്തില്‍ അല്ലാഹുവിലും അവന്റെ തിരുദൂതരിലുമുള്ള വിശ്വാസം വളര്‍ത്തിയെടുക്കുകയാണ് ചെയ്തത്. അത് കൊണ്ടാണ് മക്കയില്‍ അവതരിപ്പിച്ച വചനങ്ങളില്‍ വിശ്വാസം ഉറപ്പിക്കുവാന്‍ ഏറെ ശ്രദ്ധിച്ചതായി കാണുന്നത്. മാത്രമല്ല സ്വര്‍ഗജീവിതത്തില്‍ ലഹരി ബാധിക്കാത്ത രുചികരമായ മദ്യം വേണ്ടുവോളം ആസ്വദിക്കാന്‍ കഴിയുമെന്നും അറിയിച്ചു:
“സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്റെ അരുവികളും കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്.” (47:15)
രണ്ടാം ഘട്ടത്തില്‍ അല്ലാഹുവും അവന്റെ ദൂതനും അവര്‍ക്ക് ഗുണകരമായത് മാത്രമെ കല്പിക്കുകയുള്ളൂ എന്നും അതിനാല്‍ ചോദ്യം ചെയ്യാതെയും സംശയിക്കാതെയും അനുസരിക്കണമെന്നും കല്പിച്ചു.
“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവന് വ്യക്തമായ നിലയില്‍ വഴിപിഴച്ചുപോയിരിക്കുന്നു.” (33:36)
മൂന്നാം ഘട്ടത്തില്‍ മദ്യത്തോട് വെറുപ്പുണ്ടാകാന്‍ പര്യാപ്തമായ രൂപത്തിലുള്ള സൂക്തം അവതരിപ്പിച്ചു.
“നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക, അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനവുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തെക്കാള്‍ വലുത്.” (2:219)
നാലാം ഘട്ടത്തില്‍ മദ്യത്തിന്റെ ഉപയോഗസമയം വെട്ടിക്കുറച്ചു. 5 നേരത്തെ നമസ്കാരത്തില്‍ ഓരോന്നും നിര്‍വഹിക്കുന്നതിന്റെ കുറെ മുമ്പ് തന്നെ മദ്യപാനം നിര്‍ത്തിവെക്കേണ്ടി വരുന്ന രൂപത്തില്‍ ലഹരി മുക്തമായിട്ടേ നമസ്കരിക്കാന്‍ വരാവൂ എന്ന കല്പന നല്കി.
“സത്യവിശ്വാസികളേ, ലഹരി ബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്. നിങ്ങള്‍ പറയുന്നതെന്താണെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാവുന്നത് വരെ […]” (4:43)
അഞ്ചാം ഘട്ടത്തില്‍ മദ്യം പരിപൂര്‍ണമായും നിരോധിച്ചു:
ഈ കല്പന വന്നതോടെ മദ്യം പരിപൂര്‍ണമായി നിരോധിക്കപ്പെട്ടു. മദ്യവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഇസ്ലാം നിഷിദ്ധമാക്കി.
“നബി ﷺ മദ്യത്തിന്റെ കാര്യത്തില്‍ 10 വിഭാഗത്തെ ശപിച്ചു. മദ്യം നിര്മിക്കുന്നവന്, നിര്‍മിക്കാന്‍ ആവശ്യപ്പെടുന്നവന്, കുടിക്കുന്നവന്, ചുമക്കുന്നവന്, ചുമക്കാന്‍ ആവശ്യപ്പെടുന്നവന്, കുടിപ്പിക്കുന്നവന്‍, വില്ക്കുന്നവന്, അതിന്റെ വില തിന്നുന്നവന്, വാങ്ങുന്നവന്, വരുത്തി കുടിക്കുന്നവന് എന്നിവരാണവര്‍.” (തുര്‍മുദി)
“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ മദ്യം വിളമ്പുന്ന തീന്മേശയില് ഇരിക്കാതിരിക്കട്ടെ.” (അഹ്മദ്)
അവസാനം സമ്പൂര്‍ണ നിരോധനം വന്നപ്പോള്‍ മദ്യത്തിന്റെ പാത്രങ്ങള്‍ ഉടച്ചുകളയാന് പോലും അത് ഉപയോഗിച്ചിരുന്നവര്‍ തയാറായി. അന്ന് മദീനയിലെ തെരുവുകളില്‍ മദ്യം ചാലിട്ടൊഴുകി എന്ന് ചരിത്രം പറയുന്നു.
അല്ലാഹുവിന്റെ മുന്‍കൂട്ടിയുള്ള തീരുമാനം ഘട്ടം ഘട്ടമായി നടപ്പാക്കിയതാണ് വിജയകരമായ പര്യവസാനത്തിലേക്ക് എത്തിയത്.
വിദ്യാഭ്യാസ രംഗത്തും ഇതര രംഗങ്ങളിലുമെല്ലാം തന്നെ നേരത്തെ തന്നെ തികഞ്ഞ ആസൂത്രണമുണ്ടെങ്കില്‍ മാത്രമെ മികച്ച ഫലം കാണുകയുള്ളൂ. ലക്ഷ്യം നിര്‍ണയിക്കുകയും അതിലേക്കെത്താനാവശ്യമായ കാര്യങ്ങള്‍ ക്രമ പ്രകാരം നിര്‍വഹിക്കുകയും ചെയ്യല്‍ ആവശ്യമാണ്.
തലോടല്‍ ശൈലി
വളരെ മോശമായ സ്വഭാവമുള്ള വിദ്യാർത്ഥിയാണെങ്കിലും വിളിച്ച് സൗമ്യമായി ഉപദേശം നല്കിയാല് ഒരുപക്ഷേ, ഫലം കണ്ടേക്കാം. വഴിതെറ്റി ജീവിച്ചുകൊണ്ടിരിക്കുന്ന മകനെ അടുത്ത് വിളിച്ച് തലോടി ‘എന്റെ പ്രിയപ്പെട്ട മോനേ’ എന്ന് സംബോധന ചെയ്ത് ഉപദേശിച്ചാല്‍ മാറ്റമുണ്ടായേക്കാം. അത് പോലെ മോശം സ്വഭാവമുള്ള വിദ്യാർത്ഥികളോട് സ്നേഹമസൃണമായ രൂപത്തില്‍ അധ്യാപകന് ഇടപഴകിയാലും അവരെ മാറ്റിയെടുക്കാന്‍ കഴിഞ്ഞേക്കാം.
ഇതിനുള്ള മാതൃക ഖുർആനിൽ. നമുക്ക് കാണാം:
“പറയുക; സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാകരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന് തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. നിങ്ങള്‍ക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പ് നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും അവന് കീഴ്പെടുകയും ചെയ്യുവിന്‍. പിന്നെ നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല.” (39:53,54)
കര്‍ക്കശമായ ശൈലിയായിരുന്നില്ല പ്രവാചകന്റെത്. അല്ലാഹു പറയുന്നു:
“അല്ലാഹുവില്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിന ഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പ് കൊടുക്കുകയും അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്പിക്കുക. തന്നില്‍ ഭരമേല്‍പ്പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.” (ക്വുര്‍ആന്‍ 3:159)
ഗുണപാഠം
ഗുരുനാഥന് വിദ്യാർത്ഥികളുടെ കൂടെ ജീവിക്കുകയും എന്നാല്‍ നിലവാരമില്ലാത്തവനായി തരംതാഴാതിരിക്കുകയും ചെയ്താല്‍ വിദ്യാർത്ഥികൾക്ക് അയാളില്‍ മതിപ്പ് വര്‍ധിക്കുകയാണ് ചെയ്യുക. വിദ്യാർത്ഥികളോട് കൂടിയാലോചിച്ച ശേഷം എടുക്കാന്‍ പറ്റുന്ന തീരുമാനങ്ങള്‍ അപ്രകാരം ചെയ്യുക. എങ്കില്‍ അവര്‍ക്ക് ഒരു പങ്കാളിത്തബോധമുണ്ടാവുകയും അവര്‍ സഹകരിക്കുകയും ചെയ്യും. (അവസാനിച്ചില്ല)