തെളിവുകള്‍ സ്വീകരിക്കുന്നതിലെ കണിശത

തെളിവുകള്‍ സ്വീകരിക്കുന്നതിലെ കണിശത

(പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍: 09)

ഒരു വിഷയത്തില്‍ വ്യക്തമായ അറിവ് പ്രദാനം ചെയ്യുന്നതില്‍ ആ വിഷയത്തെക്കുറിച്ച് അറിയിക്കുന്ന ആളുകള്‍ക്കപ്പുറം പുറമെ നിന്നുള്ള സാഹചര്യത്തെളിവുകള്‍ക്കും സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നത് നാം പ്രത്യേകം പറയുന്നില്ല. കാരണം അത്തരം സാഹചര്യത്തെളിവുകള്‍ ചിലപ്പോള്‍ ആ വിഷയത്തിലുള്ള റിപ്പോര്‍ട്ടുകളുടെ അഭാവത്തില്‍ തന്നെ പ്രസ്തുത അറിവ് പ്രദാനം ചെയ്യാറുണ്ട്. അപ്പോള്‍ അവയ്ക്ക് സ്വയം തന്നെ ചിലപ്പോള്‍ അറിവ് പ്രദാനം ചെയ്യാന്‍ സാധിക്കുമെങ്കിലും അത് ഏതൊരു റിപ്പോര്‍ട്ടിനും എപ്പോഴും അനുബന്ധമായി ഉണ്ടായിരിക്കണമെന്നില്ല. മറിച്ച് ചിലപ്പോള്‍ അത് അറിവ് ലഭിക്കുന്നതിനുള്ള ഒരു മാര്‍ഗമായിരിക്കും. മറ്റുചിലപ്പോള്‍ നിഗമനത്തിനുള്ള വഴിയുമാകാം. ഖണ്ഡിതമായൊരു അറിവ് നല്‍കാനുതകുന്ന സംഗതികള്‍ ഒത്തുവരുന്നത് ചിലപ്പോള്‍ റിപ്പോര്‍ട്ടില്‍ നിന്നും സാഹചര്യത്തെളിവുകളില്‍ നിന്നും (അഥവാ രണ്ടില്‍ നിന്നും) ഒന്നിച്ചായിരിക്കും. മറ്റു ചിലപ്പോള്‍ അവയിലൊന്നില്‍ നിന്നുമായിരിക്കാം. ചിലപ്പോള്‍ നിഗമനങ്ങള്‍ മാത്രമായിരിക്കാം അതില്‍നിന്നു ലഭിക്കുക. റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് കൂടുതല്‍ അറിവുള്ളവര്‍ അതിന്റെ സത്യതയെ സംബന്ധിച്ചും വ്യക്തമായ ധാരണയുള്ളവരായിരിക്കും. എന്നാല്‍ അവരെപോലെയല്ലാത്തവര്‍ക്ക് ആ ഒരു ഖണ്ഡിതമായ അറിവുണ്ടാവുകയില്ല.

ചിലപ്പോള്‍ ഒരു ഹദീഥിന്റെ ആശയം ഖണ്ഡിമാണോ അല്ലേ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടാകാറുണ്ട്. പ്രസ്തുത ഹദീഥിലെ ആശയം വ്യക്തമായ പരാമര്‍ശമാണോ അതല്ല പ്രഥമഗ്രാഹ്യതയിലുള്ള കേവലം ബാഹ്യമായ ആശയം മാത്രമാണോ എന്ന് വിലയിരുത്തുന്നതിലുള്ള അഭിപ്രായവ്യത്യാസം അവര്‍ക്കിടയിലുള്ളതുകൊണ്ടാണ് ഇങ്ങളെ സംഭവിക്കുന്നത്. ഇനി കേവലം ബാഹ്യമായ ആശയമാണെങ്കില്‍ തന്നെ അതല്ലാത്ത മറ്റു ആശയസാധ്യതയെ നിരാകരിക്കുന്ന വല്ലതും അതിലുണ്ടോ ഇല്ലേ എന്നതിനാലും ഇങ്ങനെ സംഭവിക്കാം. ഇതും വിശാലമായ ഒരു മേഖലയാണ്. ചിലപ്പോള്‍ പണ്ഡിതന്മാരില്‍ ഒരു വിഭാഗം ചില ഹദീഥുകളുടെ ആശയം വെച്ച് ഖണ്ഡിതമായി പറയുമ്പോള്‍ മറ്റു ചിലര്‍ അവവെച്ച് ഖണ്ഡിതമായി പറയാറില്ല. ഒന്നുങ്കില്‍ പ്രസ്തുത ഹദീഥില്‍ നിന്നും അതല്ലാത്ത ആശയങ്ങള്‍ക്കൊന്നിനും സാധ്യതയില്ലെന്ന് അവര്‍ ഗ്രഹിച്ചതിനാലോ അതല്ലെങ്കില്‍ മറ്റു ആശയങ്ങള്‍ ഈ ഹദീഥിന്റെ താല്‍പര്യമായി ഗണിക്കുന്നതിന് വേറെ തടസ്സങ്ങളുള്ളതായി അവര്‍ക്കറിയുന്നതുകൊണ്ടോ അതുമല്ലെങ്കില്‍ മറ്റുവല്ല ന്യായങ്ങളും ഉള്ളതിനാലോ ആയിരിക്കാം അവര്‍ അങ്ങനെ ഖണ്ഡിതമായി പറയുന്നത്.

എന്നാല്‍ രണ്ടാമത്തേത് ബാഹ്യമായ ആശയം ആണ്. പരിഗണനീയമായ പണ്ഡിതന്മാരുടെ ഐക കണ്‌ഠേനയുള്ള അഭിപ്രായമനുസരിച്ച് മതപരമായ വിധിവിലക്കുകളില്‍ അഥവാ കര്‍മവിഷയങ്ങളില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ ചിലപ്പോള്‍ ചില താക്കീതകളും ഭീഷണികളും പോലുള്ള കര്‍മപരമല്ലാത്ത കാര്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നവയായിരിക്കും. അത്തരം റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ ചില കര്‍മശാസ്ത്ര വിഭാഗങ്ങള്‍ അഭിപ്രായപ്പെട്ടത് സ്വീകാര്യയോഗ്യനായ ഒരാളുടെ റിപ്പോര്‍ട്ട് ഒരു കാര്യം ചെയ്താലുള്ള താക്കീതുപോലുള്ളത് ഉള്‍ക്കൊള്ളുന്നുവെങ്കില്‍ ആ കാര്യം ചെയ്യല്‍ നിഷിദ്ധം (ഹറാം) ആണെന്നതിന് ഈ രേഖ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കല്‍ അനിവാര്യമാണ് എന്നാണ്. എന്നാല്‍ ആ താക്കീതിന്റെ വിഷയത്തില്‍ പ്രസ്തുത റിപ്പോര്‍ട്ട് ഖണ്ഡിതമായ രൂപത്തില്‍ സ്ഥിരപ്പെടുന്നതുവരെ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റില്ല എന്നുമാണ്. അപ്രകാരം തന്നെയാണ് ഒരു ഹദീഥിന്റെ പദങ്ങള്‍ ഖണ്ഡിതമായി സ്ഥിരപ്പെട്ടതും അതിന്റെ ആശയം കേവലം ബാഹ്യമായതും (ളാഹിര്‍) ആണെങ്കിലും (കര്‍മകാര്യങ്ങള്‍ക്കത് അവലംബിക്കാം, അതിനപ്പുറമുള്ള വിശ്വാസകാര്യങ്ങള്‍ക്ക് അത് അവര്യാപ്തമാണ് എന്ന് സാരം-വിവ.)

സൈദുബ്‌നു അര്‍ഖമിനോട്; ‘നിങ്ങള്‍ പറയുക; അദ്ദേഹം നബിﷺ യോടൊപ്പമുള്ള തന്റെ ജിഹാദ് നഷ്ടപ്പെടുത്തിയെന്ന്, പശ്ചാത്തപിക്കുന്നുവെങ്കിലൊഴികെ’ (അഹ്മദ്) എന്ന ആഇശ(റ)യുടെ വാക്കിനെ അത്തരത്തിലാണ് അവര്‍ കാണുന്നത്. (അതായത്, ആലിയ പറയുന്നു; ഞാനും ഉമ്മു മഹബ്ബയും മക്കയിലേക്ക് പോയി. അങ്ങനെ ഞങ്ങള്‍ ആഇശ(റ)യുടെ അടുക്കലേക്ക് ചെന്നു. സലാം പറഞ്ഞു. അപ്പോള്‍ ആഇശ(റ) ഞങ്ങളോട് ‘നിങ്ങള്‍ എവിടെ നിന്ന് വരുന്നവരാണ്’ എന്ന് ചോദിച്ചു. ‘ഞങ്ങള്‍ കൂഫക്കാരാണെ’ന്ന് മറുപടി നല്‍കി. അങ്ങനെ ഉമ്മുമഹബ്ബ ആഇശ(റ)യോട് പറഞ്ഞു: ‘ഉമ്മുല്‍ മുഅ്മീനീന്‍! എനിക്കൊരു അടിമസ്ത്രീയുണ്ടായിരുന്നു. ഞനവളെ സൈദ്ബ്‌നു അര്‍ഖമിന്ന് എണ്ണൂറ് ദിര്‍ഹമിന് വിറ്റു. അദ്ദേഹം അവളെ വില്‍ക്കാനുദ്ദേശിച്ചപ്പോള്‍ ഞാനവളെ അദ്ദേഹത്തിന്റെയടുക്കല്‍ നിന്ന് 600 ദിര്‍ഹമിന് വാങ്ങി.’ അപ്പോള്‍ ആഇശ(റ) പറഞ്ഞു: ‘നീ വിറ്റതും വാങ്ങിയതും എത്ര മോശം! നീ സൈദിനോട് പറഞ്ഞേക്കുക; പ്രവാചകനോടൊപ്പമുള്ള ജിഹാദ് അദ്ദേഹം വിഫലമാക്കിയെന്ന്; തൗബ ചെയ്യുന്നുവെങ്കിലൊഴികെ.’ അപ്പോള്‍ ഉമ്മുമഹബ്ബ ആഇശ (റ) യോട് ചോദിച്ചു: ‘ഞാന്‍ അദ്ദേഹത്തില്‍ നിന്ന് എന്റെ മൂലധനം മാത്രം വാങ്ങുന്നുവെങ്കിലോ?’ ആഇശ(റ) പറഞ്ഞു: ‘ആര്‍ക്കെങ്കിലും ഉപദേശം വന്ന് കിട്ടുകയും അതില്‍ നിന്ന് (നിഷിദ്ധത്തില്‍ നിന്ന്) വിരമിക്കുകയും ചെയ്യുന്നുവെങ്കില്‍ മുമ്പ് വാങ്ങിയത് അവന്നുള്ളത് തന്നെ -വിവ.)

ആ വിഭാഗം പണ്ഡിതന്മാര്‍ പറയുന്നു: ‘ആഇശ(റ) സൈദ്ബ്‌നു അര്‍ഖ(റ)മിനെ കുറിച്ച് അങ്ങനെ ഒരു താക്കീത് പറഞ്ഞത് അവര്‍ക്കതിനെക്കുറിച്ച് ബോധ്യമുള്ളതു കൊണ്ടാണ്. പ്രസ്തുത ഇടപാട് നിഷിദ്ധമാണെന്ന കാര്യം അവരുടെ റിപ്പോര്‍ട്ടനുസരിച്ച് മനസ്സിലാക്കി നമുക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ ഈ താക്കീത് നാം പറയുകയില്ല. കാരണം അത് ഒരാളുടെ റിപ്പോര്‍ട്ടിലൂടെ മാത്രമാണ് നമുക്ക് ലഭിച്ചത്.’

ഇക്കൂട്ടര്‍ക്ക് ഇതിനുള്ള ന്യായമിതാണ്: താക്കീത് എന്നത് കര്‍മ വിഷയമല്ല. അത് ഖണ്ഡിതമായ അറിവ് പ്രദാനം ചെയ്യുന്ന കാര്യത്തിലൂടെയല്ലാതെ സ്ഥിരപ്പെടുകയില്ല. അതോടൊപ്പം ഒരു കര്‍മം അനുവദനീയമെന്ന നിലയില്‍ ഒരു മുജ്തഹിദ് പ്രവര്‍ത്തിച്ചുവെന്നിരിക്കട്ടെ, അയാള്‍ക്കതിന്റെ ശിക്ഷയും താക്കീതുകളുമൊന്നും ബാധകമാവുകയില്ല. ഇക്കൂട്ടരുടെ വാദമനുസരിച്ച് താക്കീതുകളുള്‍ക്കൊള്ളുന്ന ഹദീഥുകള്‍ തെളിവാക്കിക്കൊണ്ട് പ്രസ്തുത പ്രവര്‍ത്തികള്‍ നിഷിദ്ധമാണെന്ന് പറയാം. എന്നാല്‍ ആ ശിക്ഷകളും താക്കീതുകളും ഖണ്ഡിതമായ മറ്റു തെൡവുകളുടെ അടിസ്ഥാനത്തിലല്ലാതെ ബാധകമാകുമെന്ന് പറയാന്‍ സാധിക്കുകയില്ല.

ഇതുപോലെയാണ്, ചില സ്വഹാബികളില്‍ നിന്ന് സ്ഥിരപ്പെട്ടു വന്ന ചില ക്വിറാഅത്തുകള്‍-അവ ഉഥ്മാന്‍ (റ)വിന്റെ മുസ്വ്ഹഫില്‍ ഇല്ലാതിരുന്നിട്ടും- ഭൂരിഭാഗം പണ്ഡിതന്മാരും അത് തെളിവാക്കാറുണ്ട്. കാരണം പ്രസ്തുത ക്വിറാഅത്തുകള്‍ വിശ്വാസവും കര്‍മവും ഉള്‍കൊള്ളുന്നവയാണ്. അതിനാല്‍ അവ കര്‍മങ്ങളുടെ കാര്യത്തില്‍ മാത്രം തെളിവാക്കുകയും ക്വുര്‍ആനായി സ്ഥിരപ്പെടുത്താതിരിക്കുകയുമാണ് അവര്‍ ചെയ്തത്. കാരണം ക്വുര്‍ആന്‍ വചനങ്ങള്‍ വിശ്വാസത്തിന്റെ കൂടിഭാഗമാണ്. അതാകട്ടെ സുദൃഢമായ കാര്യങ്ങളിലൂടെ യല്ലാതെ സ്ഥിരപ്പെടുകയില്ല.

എന്നാല്‍ ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നതും സലഫുകളുടെ പൊതുവിലുള്ള അഭിപ്രായവും ‘ഖബര്‍ ആഹാദായി’ വന്ന ഹദീഥുകള്‍ അവയുള്‍ക്കൊള്ളുന്ന കര്‍മങ്ങള്‍ക്കും കര്‍മേതര കാര്യങ്ങള്‍ക്കും (വിശ്വാസകാര്യങ്ങള്‍) തെളിവാണെന്നതാണ്.

എന്തുകൊണ്ടെന്നാല്‍ നബിﷺ യുടെ സ്വഹാബിമാരും അവര്‍ക്കു ശേഷമുള്ള താബിഈങ്ങളുമെല്ലാം ഇത്തരം ഹദീഥുകള്‍കൊണ്ട് കര്‍മങ്ങളോടൊപ്പം അവയുള്‍ക്കൊള്ളുന്ന ശിക്ഷകളെയും സ്ഥിരീകരിച്ചു പോന്നിരുന്നു. അത്തരും കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ആ ശിക്ഷകളും ബാധകമാണെന്ന് അവര്‍ വ്യക്തമായി പ്പറയുമായിരുന്നു. അത് അവരുടെ ഫത്‌വകളിലും സംസാരങ്ങളിലും സുപരിചിതമാണ്. കാരണം, ശിക്ഷ എന്നത് മതപരമായ നിയമങ്ങളില്‍ പെട്ടതാണ്. ചിലപ്പോള്‍ അത് ബാഹ്യമായ (ളാഹിര്‍) തെളിവുകളിലൂടെ സ്ഥിരപ്പെടും. ഇവിടങ്ങളിലൊന്നും പ്രസ്തുത ശിക്ഷകളെപ്പറ്റിയുള്ള പരിപൂര്‍ണമായ ദൃഢബോധ്യമെന്ന നിലയ്ക്കുള്ള തെളിവുകള്‍ ആവശ്യമില്ല. പ്രത്യുത, ദൃഢബോധ്യവും മികച്ച നിഗമനങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്ന തെളിവുകളേ ആവശ്യമുള്ളൂ. അതുതന്നെയാണ് കര്‍മകാര്യങ്ങള്‍ക്കുപരിയായ വിശ്വാസ കാര്യങ്ങളിലും അവശ്യമായുള്ളത്.

അല്ലാഹു ഇന്ന കാര്യം നിഷിദ്ധമാക്കിയിരിക്കുന്നു. ആ നിഷിദ്ധം പ്രവര്‍ത്തിക്കുന്നയാള്‍ക്ക് ചില ശിക്ഷകൊണ്ട് അല്ലാഹു താക്കീത് ചെയ്തിട്ടുണ്ട് എന്ന് ഒരാള്‍ മൊത്തത്തില്‍ വിശ്വസിക്കുന്നതും ഇന്ന കാര്യം അല്ലാഹു നിഷിദ്ധമാക്കുകയും അതിന് പ്രത്യേകമായ ഇന്നാലിന്ന ശിക്ഷയുണ്ടെന്ന്  വിശ്വസിക്കുന്നതും തമ്മില്‍ വ്യത്യാസമൊന്നുമില്ല. കാരണം രണ്ടിലുമുള്ളത് അല്ലാഹുവില്‍നിന്നുള്ള  അറിയിപ്പുകളാണ്. പൊതുവായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മൊത്തത്തില്‍ പറയല്‍  അനുവദനീയമെന്നതുപോലെ രണ്ടാമത്തേതും അനുവദനീയമാണ്. മാത്രവുമല്ല ശിക്ഷയുടെ കാര്യത്തില്‍ ആ സമീപനമാണ് കുറേകൂടി ഗൗരവമുള്ളത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ശരിയാണ്.

അതുകൊണ്ടാണ് നന്മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന (തര്‍ഗീബ്) ഹദീഥുകളുടെയും തിന്മകളെ നിരുത്സാഹപ്പെടുത്തുന്ന (തര്‍ഹീബ്) ഹദീഥുകളുടെയും സനദുകളുടെ കാര്യത്തില്‍ ചില ഇളവുകളും ഉദാസീനതയും പണ്ഡിതന്മാര്‍ കാണിക്കാറുള്ളത്. എന്നാല്‍ ഹറാമുകളും ഹലാലുകളും പ്രതിപാദിക്കുന്ന (അഹ്കാമുകളുടെ) ഹദീഥുകളില്‍ അത്തരമൊരു ഉദാസീന നിലപാടുകള്‍ അവര്‍ സ്വീകരിച്ചിരുന്നില്ല. കാരണം, ശിക്ഷയെ കുറിച്ചുള്ള വിശ്വാസം അക്കാര്യം ഉപേക്ഷിക്കുവാന്‍ പ്രേരണ നല്‍കുന്നതാണ്. ആ താക്കീത് തികച്ചും സത്യം തന്നെയാണെങ്കില്‍ ആ തിന്മ ഉപേക്ഷിക്കുന്നതു നിമിത്തം അയാള്‍ പ്രസ്തുത ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ പ്രസ്തുത താക്കീത് സത്യമായിരുന്നില്ല; അതിനെക്കാള്‍ കുറഞ്ഞ ശിക്ഷയേ അതിനുള്ളൂ എന്നിരുന്നാലും ആ തിന്മ ഉപേക്ഷിച്ചതിലൂടെ അയാള്‍ക്ക് യാതൊരു ദോഷവും സംഭവിക്കുന്നില്ല. മറിച്ച്, താന്‍ കൂടുതലുണ്ടെന്ന് കരുതിയ ശിക്ഷയുടെ കാര്യത്തില്‍ മാത്രമാണ് തെറ്റുപറ്റിയത്.

നേരെമറിച്ച് ശിക്ഷ കുറവാണെന്നായിരുന്നു അയാളുടെ വിശ്വാസമെങ്കില്‍ അയാള്‍ക്ക് പിഴവു സംഭവിക്കുകയും ചെയ്തിരുന്നേനെ. അപ്രകാരം തന്നെ കൂടിയ ശിക്ഷയെ പരാമര്‍ശിച്ച റിപ്പോര്‍ട്ടിനെ അയാള്‍ സ്ഥിരീകരിക്കാനോ ശിക്ഷയെ പരാമര്‍ശിച്ച റിപ്പോര്‍ട്ടിനെ അയാള്‍ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ തയ്യാറാവാതെ വന്നാലും അബദ്ധം പറ്റാന്‍ സാധ്യതയുണ്ട്. കാരണം ഇത്തരം ധാരണകള്‍ പ്രസ്തുത തെറ്റിന്റെ ഗൗരവം കുറച്ചു കാണിക്കുകയും അത് ചെയ്യുന്നതിലേക്ക് അയാളെ എത്തിക്കുകയും ആ അധികരിച്ച ശിക്ഷ സ്ഥിരപ്പെട്ടതാവുകയും ചെയ്താല്‍ അയാള്‍ ആ ശിക്ഷയ്ക്ക് അര്‍ഹനായിത്തീരുകയോ അല്ലെങ്കില്‍ ശിക്ഷയ്ക്ക് അര്‍ഹമാകുന്ന കാര്യം ചെയ്തവനെന്ന അവസ്ഥയിലോ അയിരിക്കും.

ചുരുക്കത്തില്‍ അബദ്ധം സംഭവിക്കുന്നത് രണ്ടുരൂപത്തിലുള്ള ധാരണകളിലാണ്. ശിക്ഷയെ സ്ഥിരീകരിക്കുന്ന വിധത്തില്‍ കണക്കാക്കുന്നതും സ്ഥിരീകരിക്കാതിരിക്കുന്ന വിധത്തില്‍ കണക്കാക്കുന്നതും സമമാണ്. എന്നാല്‍ ശിക്ഷയെ സ്ഥിരീകരിക്കുന്ന വിധത്തില്‍ കണക്കാക്കലാണ് ശിക്ഷയില്‍ നിന്ന് രക്ഷക്കുള്ള ഏറ്റവും ഗുണകരമായ മാര്‍ഗം. അതുകൊണ്ട് അതിനെയാണ് ഏറ്റവും കരണീയമായി കാണുന്നത്.

ഇക്കാരണത്താല്‍ പണ്ഡിതന്മാര്‍ പൊതുവില്‍ നിഷിദ്ധത്തിന്റെ തെളിവിനെയാണ് അനുവദനീയത്തിന്റെ തെളിവിനെക്കാള്‍ പ്രബലമായി പരിഗണിക്കുന്നത്. ഭൂരിഭാഗം പണ്ഡിതന്മാരും വിധിവിലക്കുകളുടെ കാര്യത്തില്‍ സൂക്ഷ്മതയുടെ മാര്‍ഗം അവലംബിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ വിവേക ശാലികള്‍ക്കിടയില്‍ പൊതുവില്‍ നല്ലതെന്ന് അഭിപ്രായപ്പെടുന്ന ഒരു കാര്യം ചെയ്യലാണ് അതിലെ സൂക്ഷ്മത. ശിക്ഷയെ സ്ഥിരീകരിക്കുന്നതിനെക്കാള്‍ അതിനെ നിരാകരിക്കലാണ് ഉത്തമമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ ചര്‍ച്ചയിലുള്ള പ്രസ്തുത ഹദീഥിനെ മാറ്റിനിറുത്തിയാല്‍ തന്നെ ശിക്ഷയുണ്ടെന്നും രക്ഷപ്രാപിക്കണമെന്നുമുള്ള ഏതിര്‍പ്പുകളില്ലാത്ത രണ്ടു തെളിവുകള്‍ ശേഷിക്കുകയാണ്.

 

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ ‘റഫ്ഉല്‍ മലാം’ എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)
(വിവര്‍ത്തനം: ശമീര്‍ മദീനി )

പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍ -08

പണ്ഡിതാഭിപ്രായങ്ങള്‍: മുസ്‌ലിമിന്റെ നിലപാട്

(പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍: 8)

ഖന്തക്വിന്റെ വര്‍ഷം നബിﷺ തന്റെ അനുചരന്മാരോട് പറഞ്ഞു: ‘ബനൂ ക്വുറൈളയില്‍ വെച്ചല്ലാതെ ആരും അസ്വ്ര്‍ നമസ്‌കരിക്കരുത്.’

യാത്രക്കിടയില്‍ വഴിയില്‍ വെച്ച് അസ്വ്ര്‍ നമസ്‌കാരത്തിന്റെ സമയമായപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞു: ‘ഞങ്ങള്‍ ബനൂക്വുറൈളയില്‍ എത്തിയിട്ടല്ലാതെ നമസ്‌കരിക്കുന്നില്ല.’ വേറെ ചിലര്‍ പറഞ്ഞു: ‘ഇതല്ല ആ പറഞ്ഞതിന്റെ ഉദ്ദേശ്യം.’ അങ്ങനെ അവര്‍ വഴിയില്‍ വെച്ച് നമസ്‌കരിച്ചു. എന്നാല്‍ നബിﷺ രണ്ടുകൂട്ടരെയും ആക്ഷേപിച്ചില്ല. (ബുഖാരി, മുസ്‌ലിം).

ഒന്നാമത്തെ വിഭാഗം അഭിസംബോധനത്തിലെ വ്യാപകാര്‍ഥത്തെ അവലംബിച്ചു. നമസ്‌കാരത്തിന്റെ സയമം നഷ്ടപ്പെടുന്നതും ആ വ്യാപകാര്‍ഥത്തില്‍ ഉള്‍പ്പെടുന്നതായി അവര്‍ മനസ്സിലാക്കി. എന്നാല്‍ മറുവിഭാഗത്തിന്റെ പക്കല്‍ വ്യാപകാര്‍ഥത്തില്‍ നിന്ന് ഈ സന്ദര്‍ഭത്തെ ഒഴിവാക്കാന്‍ നിര്‍ബന്ധിക്കുന്ന തെളിവുണ്ടായിരുന്നു. തടഞ്ഞുവെച്ചവരിലേക്ക് വേഗത്തിലെത്തണം എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യമെന്നും അവര്‍ നിഗമനം ചെയ്തു.

ഇത് പണ്ഡിതന്മാര്‍ക്കിടയില്‍ പ്രസിദ്ധമായ അഭിപ്രായ വ്യത്യാസമുള്ള ഒരു വിഷയമാണ്. അതായത്, വ്യാപകാര്‍ഥത്തെ ‘ക്വിയാസ്’ കൊണ്ട് പരിമിതപ്പെടുത്തുവാന്‍ പറ്റുമോ, ഇല്ലേ എന്ന വിഷയം. ഏതായാലും വഴിയില്‍ വെച്ച് നമസ്‌കരിച്ചവരുടെതാണ് ഏറ്റവും ശരിയായ പ്രവൃത്തി.

അപ്രകാരം തന്നെ ബിലാല്‍(റ)വിന്റെ കൈവശമുള്ള രണ്ട് ‘സ്വാഅ്’ ഈത്തപ്പഴം ഒരു ‘സ്വാഅ്’ മുന്തിയ ഇനം ഈത്തപ്പഴത്തിന് പകരമായി വിറ്റപ്പോള്‍ നബിﷺ അത് തിരിച്ചുകൊടുക്കാന്‍ കല്‍പിച്ചു. (ബുഖാരി, മുസ്‌ലിം).

അബൂസഈദില്‍ ഖുദ്‌രി(റ) നിവേദനം; അദ്ദേഹം പറയുന്നു: ‘ബുര്‍ണി’ എന്ന മുന്തിയ തരം ഈത്തപ്പഴവുമായി ബിലാല്‍(റ) നബിﷺയുടെ അടുക്കല്‍ ചെന്നു. അപ്പോള്‍ നബിﷺ അദ്ദേഹത്തോട് ചോദിച്ചു: ‘ഇത് എവിടുന്ന് കിട്ടി?’ അദ്ദേഹം പറഞ്ഞു: ‘ഞങ്ങളുടെ പക്കല്‍ താഴ്ന്ന തരം ഈത്തപ്പഴമുണ്ടായിരുന്നു. ഞാന്‍ അതില്‍ നിന്ന് രണ്ട് സ്വാഅ് ഇത് ഒരു സ്വാഇന് പകരമായി വിറ്റു.’ അപ്പോള്‍ നബിﷺ പറഞ്ഞു: ‘ഹൊ! തനിപ്പലിശ! അങ്ങനെ ചെയ്യരുത്. മറിച്ച് നീ അത് വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിന്റെ ഈത്തപ്പഴം വേറെ വില്‍ക്കുക. എന്നിട്ട് ആ വിലകൊണ്ട് നീ അത് വാങ്ങിക്കൊള്ളുക.’

എന്നാല്‍ ബിലാല്‍(റ) ഈ ചെയ്തതിന്റെ പേരില്‍ പലിശ വാങ്ങിയവന്റെ വിധി അദ്ദേഹത്തില്‍ ചുമത്തുകയോ ശാപമോ കുറ്റമോ ഒന്നും ആരോപിക്കുകയും ചെയ്തില്ല. കാരണം ആ കച്ചവടം പാടില്ലാത്തതായിരുന്നു എന്നത് അദ്ദേഹത്തിന് അറിയുമായിരുന്നില്ല.

അതേപോലെ അദിയ്യുബ്‌നു ഹാതിമും(റ) ഒരു വിഭാഗം സ്വഹാബികളും ‘കറുത്ത നൂലില്‍ നിന്നും വെളുത്ത നൂല്‍ വ്യക്തമാകുന്നത് വരെ’ എന്ന വചനത്തെ കുറിച്ച് അത് അക്ഷരാര്‍ഥത്തിലുള്ള കറുത്തനൂലും വെളുത്തനൂലുമാണെന്ന് കരുതുകയും കറുത്തതും വെളുത്തതുമായ രണ്ട് ചരടുകള്‍ എടുത്തുവെക്കുകയും അവ രണ്ടും വേര്‍തിരിച്ചറിയാന്‍ പറ്റുന്നതുവരെ ഭക്ഷണം കഴിക്കുകയും ചെയ്തതായി അറിഞ്ഞപ്പോള്‍ നബിﷺ അദിയ്യി(റ)നോട് പറഞ്ഞു: ‘അങ്ങനെയാവുമ്പോള്‍ നിന്റെ രാത്രിക്ക് ദൈര്‍ഘ്യമേറുമല്ലൊ; അതിന്റെ വിവക്ഷ പകലിന്റെ വെളുപ്പും രാത്രിയുടെ കറുപ്പുമാണ്’ (ബുഖാരി, മുസ്‌ലിം).

അതായത്, ആയത്തിന്റെ ശരിയായ വിവക്ഷ ഗ്രഹിച്ചില്ല എന്ന് സൂചിപ്പിച്ചു. എന്നാല്‍ അതിനെ തുടര്‍ന്ന് റമദാനില്‍ നോമ്പ് ഉപേക്ഷിച്ചവനെന്ന് ആക്ഷേപിച്ചില്ല. റമദാനിലെ വ്രതാനുഷ്ഠാനത്തില്‍ വീഴ്ച വരുത്തുകയെന്നത് ഗുരുതരമായ തെറ്റാണ്. എന്നിട്ടുകൂടി നബിﷺ ഇവിടെ അദ്ദേഹത്തെ ആക്ഷേപിച്ചില്ല. അതേസമയം തലയ്ക്കു മുറിവു പറ്റിയ ആള്‍ക്ക് തണുപ്പ് വകവെക്കാതെ നിര്‍ബന്ധമായും കുളിക്കണമെന്ന് ‘ഫത്‌വ’ നല്‍കിയതുമൂലം അയാള്‍ കുളിക്കുകയും അങ്ങനെ രോഗം മൂര്‍ച്ചിച്ച് മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ഇങ്ങനെയായിരുന്നില്ല നബിﷺയുടെ പ്രതികരണം. അവിടുന്ന് പറഞ്ഞു: ‘അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു, അവരെ അല്ലാഹു ശിക്ഷിക്കട്ടെ! അവര്‍ക്ക് അറിവില്ലെങ്കില്‍ ചോദിക്കാമായിരുന്നില്ലേ? അറിവില്ലായ്മയ്ക്കുള്ള പ്രതിവിധി ചോദിച്ചറിയലാണ്’ (അബൂദാവൂദ്).

കാരണം ഇവര്‍ ‘ഇജ്തിഹാദ്’ ചെയ്യാതെ അബദ്ധം സംഭവിച്ചവരാണ്. അവര്‍ പണ്ഡിതന്മാരായിരുന്നില്ല. അപ്രകാരം തന്നെ ‘ഹുറഖാത്ത്’ യുദ്ധ സന്ദര്‍ഭത്തില്‍ ‘ലാഇലാഹ ഇല്ലല്ലാഹു’ പറഞ്ഞയാളെ വധിച്ചതിന്റെ പേരില്‍ ഉസാമത്തുബ്‌നു സൈദി(റ)ന് പ്രായച്ഛിത്തമോ നഷ്ടപരിഹാരമോ പ്രതിക്രിയയോ ഒന്നും നബി ﷺ ചുമത്തിയില്ല. കാരണം പ്രസ്തുത വ്യക്തിയുടെ ഇസ്‌ലാം പ്രഖ്യാപനം കാപട്യമാണ് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ‘ആ ശത്രുവിനെ’ വധിക്കല്‍ അനുവദനീയമാണെന്നായിരുന്നു അദ്ദേഹം കരുതിയത്. എന്നാല്‍ ഇസ്‌ലാം പ്രഖ്യാപിച്ച ഒരാളെ വധിക്കാന്‍ പാടില്ലാത്തതാണ്.

ഇതനുസരിച്ചാണ് സച്ചരിതരായ മുന്‍ഗാമികളും ഭൂരിപക്ഷം പണ്ഡിതന്മാരും പ്രവര്‍ത്തിച്ചത്. ഹദീഥുകളില്‍ വന്ന താക്കീതുകള്‍ (വഈദ്) ബാധകമാക്കണമെങ്കില്‍ ഇത്തരം ഒരു കാര്യം ശ്രദ്ധിക്കണമെന്നത് ഓരോ വിഷയത്തിലും പ്രത്യേകം പറയേണ്ടതില്ല. കാരണം അത് എല്ലാവര്‍ക്കും ബോധ്യമുള്ള സംഗതിയാണ്.

ഒരു സല്‍കര്‍മത്തെക്കുറിച്ച് വന്ന പ്രതിഫല വാഗ്ദാനത്തിന്റെ (വഅ്ദ്) കാര്യത്തില്‍ ഇഖ്‌ലാസോടു കൂടി ചെയ്ത കര്‍മങ്ങള്‍ക്കാണ് അത് ബാധകമെന്നും മത പരിത്യാഗിയായല്ലാതെ മരിച്ചയാളുടെ മുന്‍കാല കര്‍മങ്ങള്‍ നിഷ്ഫലമാവുകയില്ലെന്നും പ്രത്യേകം പറയേണ്ടതില്ലാത്തതു പോലെ തന്നെയാണ് ഇതും. എന്നാല്‍ ഈ നിബന്ധന ഇത്തരം പരാമര്‍ശങ്ങളുള്ള ഓരോ ഹദീഥിലും പറയാറില്ല. ഇനി താക്കീത് അനിവാര്യമാക്കുന്ന ഘടകങ്ങളുള്ളതായി വന്നാല്‍ പോലും മറ്റുചില കാരണങ്ങള്‍കൊണ്ട് പ്രസ്തുത വിധി പറയാന്‍ പറ്റാത്തതായിവരും.

ശിക്ഷയും താക്കീതുകളും ബാധകമാകാതിരിക്കാനുള്ള കാരണങ്ങള്‍ പലതുണ്ട്. പശ്ചാത്താപം (തൗബ), പൊറുക്കലിനെ തേടല്‍ (ഇസ്തിഗ്ഫാര്‍), തിന്മകളെ ഇല്ലാതാക്കുന്ന നന്മകള്‍ (ഹസനാത്ത്), ഈ ലോകത്തെ ബുദ്ധിമുട്ടുകളും പരീക്ഷണങ്ങളും, നല്ലവരായ ആളുകളുടെ പ്രാര്‍ഥനകള്‍, സര്‍വോപരി പരമകാരുണികനായ അല്ലാഹുവിന്റെ കൃപാകടാക്ഷം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ഒരു കാര്യത്തിലെ ശിക്ഷയും ഭീഷണിയും അത് ചെയ്തുപോയ ആളാണെങ്കില്‍ കൂടി അയാള്‍ക്ക് അത് ബാധകമാകാതെ വരുന്നതാണ്.

ഇത്തരം സംഗതികളൊന്നും ഇല്ലാതിരിക്കുകയും ധിക്കാരവും തോന്നിവാസവും അനുസരണക്കേടും കാരണം അല്ലാഹുവിന്റെ വിധിവിലക്കുകളെ അവഗണിക്കുകയും ചെയ്തയാളാണെങ്കില്‍ ശിക്ഷകളും താക്കീതുകളും അയാള്‍ക്ക് ബാധകമാകുന്നതാണ്. അതായത്, താക്കീത് (വഈദ്) എന്നത് സത്യത്തില്‍ ഒരു വിശദീകരണമാണ്. ഇന്ന കാര്യം ചെയ്താല്‍ ഇന്ന ശിക്ഷക്ക് അത് കാരണമായിത്തീരുന്നതാണ്. അതിനാല്‍ അത് മോശപ്പെട്ടതും നിഷിദ്ധവുമാണ് എന്ന് ഗ്രഹിക്കണം. അതാണ് താക്കീതുകളുടെ താല്‍പര്യം.

എന്നാല്‍ ആ കാര്യം ചെയ്ത എല്ലാവര്‍ക്കും ആ ശിക്ഷ നിര്‍ബന്ധമായും ഉണ്ടാകും എന്ന അര്‍ഥത്തിലല്ല. കാരണം, ഒരു കാര്യം ബാധകമാക്കുന്ന നിര്‍ബന്ധ ഘടകങ്ങള്‍ (ശുറൂത്വ്) ഉണ്ടാവുകയും അതിന് തടസ്സമായി വരുന്ന സംഗതികള്‍ (മവാനിഅ്) ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമെ ഏതൊരു കാര്യവും നിലനില്‍ക്കുകയുള്ളൂ.

(അവസാനിച്ചില്ല)

 

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ ‘റഫ്ഉല്‍ മലാം’ എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)
(വിവര്‍ത്തനം: ശമീര്‍ മദീനി )

(പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍: 07)

പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ -02

(പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍: 07)

മതത്തിന്റെ തെളിവുകള്‍ എല്ലാവരിലേക്കുമായുള്ള അല്ലാഹുവിന്റെ ന്യായങ്ങളും രേഖകളുമാണ്. എന്നാല്‍ പണ്ഡിതാഭിപ്രായങ്ങള്‍ അങ്ങനെയല്ല. മതപരമായ തെളിവ് മറ്റൊരു എതിര്‍ത്തെളിവ് വരാത്തിടത്തോളം ഒരിക്കലും അബദ്ധമോ അസംബന്ധമോ ആയിരിക്കുകയില്ല. എന്നാല്‍ പണ്ഡിതാഭിപ്രായങ്ങള്‍ അതുപോലെയല്ല.

മേല്‍ വിവരിച്ച സാധ്യതകള്‍ പറഞ്ഞുകൊണ്ട് നമുക്ക് ലഭ്യമായ തെളിവുകള്‍ക്കുപരിയായി പണ്ഡിതാഭിപ്രായങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റുമായിരുന്നെങ്കില്‍ ഇത്തരം വിഷയങ്ങളില്‍ നമ്മുടെ പക്കല്‍ യാതൊരു തെളിവുകളും ശേഷിക്കുമായിരുന്നില്ല. പറഞ്ഞതിന്റെ ചുരുക്കം ഇതാണ്; ഒരു പണ്ഡിതന് ഒരു ഹദീഥ് മാറ്റിവെക്കാന്‍ എന്തെങ്കിലും ന്യായമുണ്ടായിരുന്നിരിക്കാം. അത്തരം പണ്ഡിതാഭിപ്രായങ്ങള്‍ മാറ്റിവെക്കാന്‍ നമുക്ക് പല ന്യായങ്ങളുണ്ട്. അല്ലാഹു പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണല്ലോ: ”അത് കഴിഞ്ഞുപോയ ഒരു സമൂഹമാകുന്നു. അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതല്ല” (അല്‍ബക്വറ: 136).

അല്ലാഹു പറയുന്നു: ”ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും (ക്വുര്‍ആനിലേക്കും) റസൂലിലേക്കും (സുന്നത്തിലേക്കും) മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്)” (അന്നിസാഅ്: 59).

ഒരാളുടെ വാക്കിനെയും ന്യായമാക്കിക്കൊണ്ട് നബി ﷺ യില്‍ നിന്നും സ്ഥിരപ്പെട്ടു വന്ന ഹദീഥിനെതിരായി നിലകൊള്ളുവാന്‍ ഒരാള്‍ക്കും പാടുള്ളതല്ല.

ഒരാള്‍ ഇബ്‌നു അബ്ബാസ്(റ)വിനോട് ചോദിച്ച ഒരു വിഷയത്തിന് നബി ﷺ യുടെ ഹദീഥുകൊണ്ട് അദ്ദേഹം മറുപടി പറഞ്ഞപ്പോള്‍ അയാള്‍ ഇബ്‌നു അബ്ബാസ്(റ)വിനോട് ഇങ്ങനെ പറഞ്ഞു: ”എന്നാല്‍ അബൂബക്കര്‍(റ), ഉമര്‍(റ) മുതലായവര്‍ ഇങ്ങനെയാണല്ലൊ പറഞ്ഞത്.” അപ്പോള്‍ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ”ആകാശത്ത് നിന്ന് ചരല്‍മഴ നിങ്ങള്‍ക്കു മേല്‍ വര്‍ഷിക്കാനായിരിക്കുന്നു! അല്ലാഹുവിന്റെ ദൂതര്‍ ﷺ പറഞ്ഞു എന്ന് ഞാന്‍ പറയുമ്പോള്‍ (അതിനെതിരായി) ‘അബൂബക്കറും ഉമറും ഇങ്ങനെ പറഞ്ഞിരുന്നു’ എന്ന് നിങ്ങള്‍ പറയുകയോ?”

മേല്‍ പറയപ്പെട്ട കാരണങ്ങളിലേതെങ്കിലുമൊക്കെ കൊണ്ടായിരിക്കും ഒരു പണ്ഡിതന്‍ ഒരു ഹദീഥ് സ്വീകരിക്കാതിരിക്കുന്നത് എന്ന് വരുമ്പോള്‍ അവരെക്കുറിച്ച് ഹലാലോ (അനുവദനീയം) ഹറാമോ (നിഷിദ്ധം) അല്ലെങ്കില്‍ വല്ല വിധികളോ നിരാകരിച്ചവരെന്നോ, അല്ലാഹു അവതരിപ്പിച്ചതല്ലാത്തതുകൊണ്ട് വിധിച്ചവരെന്നോ, അതിനാല്‍ അവര്‍ ശിക്ഷിക്കപ്പെടുമെന്നോ ഒരിക്കലും പറയാവുന്നതല്ല. അപ്രകാരം തന്നെ ഏതെങ്കിലും കാര്യം ചെയ്താല്‍ അതിന് ശാപമോ കോപമോ ശിക്ഷയോ പോലുള്ള എന്തെങ്കിലും താക്കീതുകളും ഭീഷണികളുമുള്‍ക്കൊള്ളുന്ന ഒരു ഹദീഥാണ് ഒഴിവാക്കപ്പെട്ടതെങ്കില്‍ ഇന്നത് അനുവദിച്ച, അല്ലെങ്കില്‍ ഇന്നത് ചെയ്ത ആ പണ്ഡിതന്‍ ഈ താക്കീതിന്റെ പരിധിയില്‍ വരുമെന്ന് പറയാനും പറ്റുകയില്ല.

ഇക്കാര്യത്തില്‍ ഇസ്‌ലാമിക ലോകത്ത് എന്തെങ്കിലും എതിരഭിപ്രായമുള്ളതായി നമുക്കറിയില്ല; ബിശ്ര്‍ അല്‍മിര്‍രീസിയെയും മറ്റും പോലുള്ള ബാഗ്ദാദിലെ ചില മുഅ്തസിലിയാക്കളില്‍ നിന്നുദ്ധരിക്കപ്പെടുന്ന ചില സംഗതികളൊഴികെ. അവര്‍ വാദിക്കുന്നത് മുജ്തഹിദുകളുടെ കൂട്ടത്തില്‍ പിഴവ് സംഭവിക്കുന്നവര്‍ക്ക് ആ പിഴവിന്റെ പേരില്‍ ശിക്ഷ കിട്ടുമെന്നാണ്.

നിഷിദ്ധമായ ഒരു കാര്യം ചെയ്തയാള്‍ക്ക് ആ വിഷയത്തിലുള്ള ശിക്ഷ ബാധകമാകണമെങ്കില്‍ അത് നിഷിദ്ധമാണെന്നത് അയാള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അതിന്റെ നിഷിദ്ധതയെ അറിയാനുള്ള സാഹചര്യം അയാള്‍ക്കുണ്ടായിരിക്കണം. അല്ലാതെ, ഏതെങ്കിലും കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരു വ്യക്തി അതല്ലെങ്കില്‍ അടുത്തകാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്ന ഒരാള്‍ മതത്തില്‍ നിഷിദ്ധമാക്കപ്പെട്ടതാണെന്നറിയാതെ വല്ല ഹറാമുകളും ചെയ്തുപോയാല്‍ അയാള്‍ കുറ്റക്കാരനാവുകയില്ല. അതിന്റെ പേരില്‍ അയാള്‍ക്കെതിരില്‍ ശിക്ഷാനടപടികള്‍ കൈകൊള്ളുകയുമില്ല-ആ നിഷിദ്ധത്തെ അനുവദനീയമായി കാണാനുതകുന്ന വിധത്തില്‍ മതപരമായ തെളിവുകളൊന്നും അയാളുടെ പക്കല്‍ ഇല്ല എന്നിരിക്കെ- നിഷിദ്ധത്തെ അറിയിക്കുന്ന ഹദീഥ് ലഭ്യമാകാതിരിക്കുകയും അനുവദനീയമാണെന്നതിന് മതപരമായ വല്ല തെളിവിനെയും അവലംബിക്കുകയും ചെയ്ത വ്യക്തി എങ്ങനെയാണ് കുറ്റക്കാരനാവുക? മറിച്ച്, അദ്ദേഹമാണ് ഒഴികഴിവിന് ഏറ്റവും അര്‍ഹതയുള്ളവന്‍.

അതുകൊണ്ട് തന്നെ തന്റെ വിധിയറിയാനുള്ള പരിശ്രമം(ഇജ്തിഹാദ്) കാരണമായി സ്തുത്യര്‍ഹമായ പ്രതിഫലം അയാള്‍ക്കുണ്ട് എന്നതാണ് വാസ്തവം.

അല്ലാഹു പറയുന്നു: ”ദാവൂദിനെയും (പുത്രന്‍) സുലൈമാനെയും (ഓര്‍ക്കുക). ഒരു ജനവിഭാഗത്തിന്റെ ആടുകള്‍ വിളയില്‍ കടന്ന് മേഞ്ഞ പ്രശ്‌നത്തില്‍ അവര്‍ രണ്ട് പേരും വിധികല്‍പിക്കുന്ന സന്ദര്‍ഭം. അവരുടെ വിധിക്ക് നാം സാക്ഷ്യം വഹിക്കുന്നുണ്ടായിരിന്നു. അപ്പോള്‍ സുലൈമാന്ന് നാം അത് (പ്രശ്‌നം) ഗ്രഹിപ്പിച്ചു. അവര്‍ ഇരുവര്‍ക്കും നാം വിധികര്‍തൃത്വവും വിജ്ഞാനവും നല്‍കിയിരുന്നു…”(അല്‍അമ്പിയാഅ്:78,79).

ഇവിടെ സുലൈമാന്‍ നബി(അ)ക്ക് പ്രത്യേകമായി ഗ്രാഹ്യത നല്‍കിയെന്ന് പരാമര്‍ശിക്കുകയും രണ്ടുപേര്‍ക്കും അറിവും വിധികല്‍പിക്കാനുള്ള അധികാരവും നല്‍കി എന്ന് പ്രശംസിക്കുകയും ചെയ്തു.

അപ്രകാരം തന്നെ സ്വഹീഹുല്‍ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും അംറുബ്‌നുല്‍ ആസ്വ്(റ) നിവേദനം ചെയ്ത ഹദീഥില്‍ നബി ﷺ പറയുന്നു: ”നിശ്ചയം ഒരു വിധികര്‍ത്താവ് അന്വേഷണ പരിശ്രമം (ഇജ്തിഹാദ്) നടത്തുകയും ശരിയാവുകയും ചെയ്താല്‍ അയാള്‍ക്ക് രണ്ട് പ്രതിഫലമുണ്ട്. ഇനി അയാള്‍ പരിശ്രമിച്ചിട്ടും അബദ്ധം പറ്റിയാലോ; അയാള്‍ക്ക് ഒരു പ്രതിഫലമുണ്ടായിരിക്കും.”

അപ്പോള്‍ ഒരു ഗവേഷകന് അബദ്ധം പറ്റിയാലും ഒരു പ്രതിഫലമുണ്ട് എന്ന് വ്യക്തമായി. അയാളുടെ അന്വേഷണ പരിശ്രമത്തിന്റെ കാരണത്താലാണത്. അയാള്‍ക്കു സംഭവിച്ച അബദ്ധമാകട്ടെ, പൊറുക്കപ്പെടുന്നതുമാണ്. എല്ലാ വിധികളിലും ഒരാള്‍ക്ക് ശരി പറ്റുക എന്നത് വിരളവും ശ്രമകരവുമാണ്. അല്ലാഹു പറയുന്നു:

”മത കാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല” (അല്‍ഹജ്ജ്: 78).

”നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല” (അല്‍ബക്വറ:185).

 

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ ‘റഫ്ഉല്‍ മലാം’ എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)
(വിവര്‍ത്തനം: ശമീര്‍ മദീനി )

പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ -06

പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ -06

പത്താമത്തെ കാരണം: ഒരു പണ്ഡിതന്‍ താന്‍ ദുര്‍ബലമായി കരുതുന്നതുകൊണ്ടോ മന്‍സൂഖാണെന്ന് കരുതുന്നതുകൊണ്ടോ വല്ല വ്യാഖ്യാനങ്ങളും ഉള്ളതുകൊണ്ടോ ഒരു ഹദീഥിന് എതിരായി സംസാരിക്കുന്നത്. എന്നാല്‍ മറ്റുള്ളവരാകട്ടെ അതിനെ അങ്ങനെ കാണുന്നില്ല. അതല്ലെങ്കല്‍ സത്യത്തില്‍ അത് അംഗീകൃത തത്ത്വങ്ങള്‍ക്ക് എതിരല്ലാതിരിക്കാം; ഭൂരിഭാഗം കൂഫീ പണ്ഡിതന്മാരും ക്വുര്‍ആനിക സൂക്തങ്ങളുടെ പ്രത്യക്ഷാര്‍ഥത്തിന് എതിരാണ് എന്ന ന്യായം പറഞ്ഞ് പല വിഷയങ്ങളിലും സ്വഹീഹായ ഹദീഥിന് എതിരായി സംസാരിക്കുന്നതുപോലെ. കാരണം, വ്യാപകര്‍ഥം പോലെയുള്ള ക്വുര്‍ആനിന്റെ പ്രത്യക്ഷ ആശയങ്ങള്‍ ഹദീഥിന്റെ പദങ്ങളെക്കാള്‍ മുന്‍ഗണനയര്‍ഹിക്കുന്നതാണെന്നാണ് അവര്‍ കരുതുന്നത്. കൂടാതെ ചിലപ്പോള്‍ പ്രത്യക്ഷാര്‍ഥമല്ലാത്തതിനെ പ്രത്യക്ഷാര്‍ഥമായി ഗണിക്കുകയും ചെയ്തുപോകാറുണ്ട്. ചില വാക്കുകള്‍ക്ക് വിവിധ ആശയങ്ങളുടെ മുഖങ്ങളുള്ളതിനാലാണ് അങ്ങനെ ഉണ്ടാവുന്നത്.

ഇക്കാരണത്താല്‍ കൂഫീ പണ്ഡിതന്മാര്‍ സാക്ഷ്യത്തിന്റെയും ശപഥത്തിന്റെയും ഹദീഥിനെ നിരാകരിച്ചു. എന്നാല്‍ മറ്റു പണ്ഡിതന്മാര്‍ മനസ്സിലാക്കുന്നത് ക്വുര്‍ആനിക വചനങ്ങളുടെ ബാഹ്യാര്‍ഥത്തിന് ഇത് എതിരാകുന്നില്ല എന്നാണ്.

ഇനി അവ തമ്മില്‍ വല്ല പൊരുത്തക്കേടും തോന്നിയാല്‍ തന്നെ സുന്നത്ത് അഥവാ ഹദീഥ് ക്വുര്‍ആനിന്റെ വിശദീകരണമാണ്; അതിനാല്‍ ഹദീഥനുസരിച്ചാണ് വിധിക്കേണ്ടത് എന്നാണ് അവരുടെ ന്യായം.

ഇമാം ശാഫിഈ(റഹി)ക്ക് ഈ വിഷയത്തില്‍ പ്രസിദ്ധമായ ചില പ്രസ്താവനകളുണ്ട്. നബി ﷺ യുടെ സുന്നത്ത് കൂടാതെ തന്നെ ക്വുര്‍ആനിന്റെ ബാഹ്യാര്‍ഥമനുസരിച്ച് വിധിപറയാമെന്ന വാദഗതിക്കാര്‍ക്ക് ഖണ്ഡനമായിക്കൊണ്ട് ഇമാം അഹ്മദി(റ)നും പ്രസിദ്ധമായ ഒരു പ്രബന്ധം തന്നെയുണ്ട്. ഇവിടെ നമുക്ക് വിശദീകരിക്കാന്‍ പരിമിതികളുള്ള നിരവധി തെളിവുകള്‍ അദ്ദേഹം ആ പ്രബന്ധത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

ക്വുര്‍ആനിന്റെ വ്യാപകാര്‍ഥത്തെ (ആമിനെ) പരിമിതപ്പെടുത്തുന്ന ഹദീഥുകള്‍, ക്വുര്‍ആന്‍ നിരുപാധികം പറഞ്ഞതിനെ സോപാധികമാക്കി വിശദീകരിക്കുന്ന ഹദീഥുകള്‍, ക്വുര്‍ആനില്‍ പരാമര്‍ശിച്ചതിനെക്കാള്‍ കുടുതലായി ഹദീഥുകളില്‍ വന്ന ഭാഗങ്ങള്‍ പോലുള്ളവയെല്ലാം നിരാകരിക്കല്‍ അതില്‍പെട്ടതാണ്. ഈ വാദഗതിക്കാര്‍ കരുതുന്നത്, നിരുപാധികം പറഞ്ഞതിനെ സോപാധികമാക്കിപ്പറയുന്നതും വ്യാപകാര്‍ഥത്തില്‍ പറഞ്ഞതിനെ പരിമിതപ്പെടുത്തിപ്പറയുന്നതുമൊക്കെ വചനത്തെക്കാള്‍ (നസ്സ്വ്) അധികരിച്ചു വന്നതാണെന്നും അതിനാല്‍ അത് ദുര്‍ബലമാണെന്നുമാണ്.

മദീനക്കാരായ ഒരു വിഭാഗം പണ്ഡിതന്മാര്‍ മദീനക്കാരുടെ പ്രവര്‍ത്തനങ്ങളെ ആധാരമാക്കിക്കൊണ്ട് സ്വഹീഹായ ചില ഹദീഥുകള്‍ക്ക് എതിരാകുന്നതും ഇതുപോലെയാണ്. ഹദീഥിന് എതിരായാണ് അവര്‍ ഏകോപിച്ചിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഏകോപനത്തെ (മദീനക്കാരുടെ ‘ഇജ്മാഇ’നെ) ഹദീഥിനെക്കാള്‍ പരിഗണിക്കേണ്ട പ്രമാണമായിട്ടാണ് അവര്‍ കാണുന്നത്.

ഈ തത്ത്വപ്രകാരം ‘ഖിയാറുല്‍ മജ്‌ലിസി’ന്റെ ഹദീഥുകള്‍ക്ക് ചിലര്‍ എതിരായത് ഉദാഹരണം. എന്നാല്‍ ഭൂരിപക്ഷം പണ്ഡിതന്മാരും സ്ഥിരീകരിക്കുന്നത്, മദീനക്കാരായ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ഏകാഭിപ്രായക്കാരല്ലെന്നാണ്. ഇനി അവര്‍ ഏകാഭിപ്രായക്കാരാണെന്ന് വന്നാല്‍ തന്നെ മറ്റ് പണ്ഡിതന്മാര്‍ അവരോട് വിയോജിച്ചിട്ടുണ്ട്. അപ്പോള്‍ തെളിവ് അഥവാ പ്രമാണം ഹദീഥില്‍ തന്നെയാണ്. (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി)ക്ക് ‘മദീനക്കാരുടെ പ്രവൃത്തി’ -അമലു അഹ്‌ലിന്‍ മദീന- എന്ന പേരില്‍ ഒരു പ്രബന്ധമുണ്ട്).

അപ്രകാരം തന്നെ രണ്ടു നാടുകളില്‍ നിന്നുള്ള ചില പണ്ഡിതന്മാര്‍ വ്യക്തമായ ക്വിയാസിനോട് എതിരാണെന്ന ന്യായം പറഞ്ഞുകൊണ്ട് ചില ഹദീഥുകള്‍ക്കെതിരില്‍ വിധി പറഞ്ഞതും ഇതുപോലെയാണ്. അതായത്, പൊതു തത്ത്വങ്ങള്‍ ഇതുപോലുള്ള ഹദീഥുകള്‍കൊണ്ട് നിരാകരിക്കപ്പെടുകയില്ല എന്നതാണ് അവരുടെ ന്യായം.

ഇത്തരത്തിലുള്ള വിയോജിപ്പുകളും എതിരഭിപ്രായങ്ങളും നിരവധിയുണ്ട്. വിയോജിച്ചവര്‍ ശരിയുടെ പക്ഷത്തോ അല്ലെങ്കില്‍ ശരികേടിന്റെ പക്ഷത്തോ ആകട്ടെ (ഇത്തരം എതിരഭിപ്രായങ്ങളില്‍) ഈ പത്ത് കാരണങ്ങള്‍ പ്രകടമാണ്.

നമ്മള്‍ മനസ്സിലാക്കിയിട്ടില്ലാത്ത ന്യായങ്ങള്‍ കാരണമയി ഒരു പണ്ഡിതന്‍ ഹദീഥ് അനുസരിച്ച് പ്രവര്‍ത്തിക്കാതിരുന്നേക്കാം. കാരണം, അറിവ് ആര്‍ജിക്കുന്നതിനുള്ള വഴികള്‍ വിശാലമാണ്. അവരുടെ മനസ്സിലുള്ളത് നമുക്ക് അറിഞ്ഞുകൂടല്ലോ.

ഒരു പണ്ഡിതന്‍ തന്റെ ന്യായം ചിലപ്പോള്‍ വ്യക്തമാക്കിയേക്കും. മറ്റുചിലപ്പോള്‍ വ്യക്തമാക്കാതെയും വരാം. വ്യക്തമാക്കിയാല്‍ തന്നെ ചിലപ്പോള്‍ അത് നമ്മിലേക്ക് എത്താം, എത്താതെയുമിരിക്കാം. ഇനി ആ ന്യായങ്ങള്‍ നമ്മുടെ പക്കല്‍ എത്തിയാല്‍ തന്നെ അദ്ദേഹം മനസ്സിലാക്കിയ ന്യായത്തിന്റെ വശം ചിലപ്പോള്‍ നമുക്ക് മനസ്സിലായേക്കാം. മറ്റു ചിലപ്പോള്‍ മനസ്സിലാകാതെയും വന്നേക്കും. അദ്ദേഹത്തിന്റെ ന്യായം ശരിയാണെങ്കിലും ഇല്ലെങ്കിലും ഇതാണ് അവസ്ഥ.

ഈ സാധ്യതയെ നാം അംഗീകരിക്കുന്നതോടൊപ്പം തന്നെ സ്വഹീഹായ ഒരു ഹദീഥു കൊണ്ട് തെളിവു ബോധ്യമായ ഒരുപറ്റം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ട ഒരു കാര്യത്തില്‍ നിന്ന് വേറെ ഏതെങ്കിലും ഒരു പണ്ഡിതന്റെ അഭിപ്രായത്തിലേക്ക് അന്ധമായി മാറാന്‍ പാടുള്ളതല്ല. ഈ തെളിവിനെ നിരാകരിക്കാവുന്ന മറ്റ് വല്ല തെളിവുകളും  അദ്ദേഹത്തിന്റെ പക്കല്‍ ഒരു പക്ഷേ ഉണ്ടായേക്കാം; അദ്ദേഹമാണ്  കൂടുതല്‍ അറിവുള്ള ആളെങ്കില്‍. എന്നാല്‍ നമുക്ക് ആ സാധ്യതയെ മാത്രമായി ന്യായമാക്കാന്‍ നിര്‍വാഹമില്ല. കാരണം, മതത്തിന്റെ പ്രമാണങ്ങളിലേക്ക് അബദ്ധങ്ങള്‍ കടന്നു വരുന്നതിനെക്കാള്‍ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളില്‍ അത് സംഭവിക്കുവാനാണ് സാധ്യതകള്‍ ഏറെയുള്ളത്. (അവസാനിച്ചില്ല)

 

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ ‘റഫ്ഉല്‍ മലാം’ എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)
(വിവര്‍ത്തനം: ശമീര്‍ മദീനി )

പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍

പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ -05

ചിലപ്പോള്‍ ഹദീഥില്‍ വന്ന പദം വ്യത്യസ്ത അര്‍ഥങ്ങളുള്‍ക്കൊള്ളുന്നതായിരിക്കും (ലഫ്‌ളു മുശ്തറക്). അല്ലെങ്കില്‍ സംക്ഷിപ്തമായി വന്ന പദം (മുജ്മല്‍) ആയിരിക്കും. അല്ലെങ്കില്‍ യഥാര്‍ഥ അര്‍ഥത്തില്‍ വന്നതാണോ അതല്ല ആലങ്കാരികമാണോ എന്ന് സംശയിക്കാവുന്ന രൂപത്തില്‍ ഒരു പദം വരുമ്പോള്‍ തനിക്ക് ഏറ്റവും അനുയോജ്യമെന്ന് തോന്നിയത് ഒരു പണ്ഡിതന്‍ പറയും. വാസ്തവത്തില്‍ മറ്റൊന്നായിരിക്കും അതിന്റെ വിവക്ഷ. നോമ്പുമായി ബന്ധപ്പെട്ട് ‘കറുത്തനൂലും വെളുത്തനൂലും’ എന്ന പ്രയോഗം ശരിക്കുള്ള നൂല്‍ ആണെന്ന് ആദ്യകാലത്ത് സ്വഹാബികളില്‍ ചിലര്‍ക്ക് തോന്നിയത്‌പോലെ. അദിയ്യുബ്‌നു ഹാതിം(റ) പറയുന്നു: ”കറുത്ത ഇഴകളില്‍ നിന്ന് വെളുത്ത ഇഴകള്‍ നിങ്ങള്‍ക്ക് വ്യക്തമാകുന്നത് വരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക’ എന്ന ആയത്ത് ഇറങ്ങിയപ്പോള്‍ ഞാന്‍ രണ്ട് ചരടുകളെടുത്തു; ഒന്ന് കറുത്തതും മറ്റൊന്ന് വെളുത്തതും. എന്നിട്ട് ഞാനത് എന്റെ തലയിണയുടെ അടിയില്‍ വെക്കും. അങ്ങനെ ഞാനതിലേക്കു നോക്കും. അതിലെ കറുത്തതും വെളുത്തതും എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചതുമുതല്‍ ഞാന്‍ നോമ്പെടുത്തു. രാവിലെയായപ്പോള്‍ ഞാന്‍ നബി ﷺ യുടെ അടുക്കല്‍ ചെന്നു. ഞാന്‍ ചെയ്ത സംഗതി നബി ﷺ യെ അറിയിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നിന്റെ രാത്രിക്ക് ദൈര്‍ഘ്യമേറുമല്ലോ! രാത്രിയുടെ കറുപ്പും പകലിന്റെ വെളുപ്പുമാണത്” (അഹ്മദ്, ബുഖാരി, മുസ്‌ലിം).

അപ്രകാരം തന്നെ തയമ്മുമുമായി ബന്ധപ്പെട്ട് ‘നിങ്ങള്‍ നിങ്ങളുടെ മുഖവും കൈകളും തടവുക’ (ക്വുര്‍ആന്‍ 4:43) എന്ന് പറഞ്ഞതിലെ കൈ എന്നതിന്റെ വിവക്ഷ കക്ഷം വരെയാണെന്ന് ചിലര്‍ ധരിച്ചു.

മറ്റു ചിലപ്പോള്‍ ഹദീഥിന്റെ ആശയം അവ്യക്തമായിരിക്കും. വാക്കുകളുടെ ആശയതലങ്ങള്‍ അതിവിശാലമാണ്. അത് ഗ്രഹിച്ചെടുക്കുന്നതില്‍ മനുഷ്യര്‍ ഒരേതലത്തിലല്ല ഉള്ളത്. സംസാരങ്ങളുടെ തലങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷി റബ്ബിന്റെ ഔദാര്യമനുസരിച്ചാണ്. ചിലപ്പോള്‍ അതിന്റെ മൊത്തത്തിലുള്ള ആശയത്തിലടങ്ങിയതാണ് ഇന്ന കാര്യവും എന്ന് ഒരു പക്ഷേ, അയാള്‍ക്ക് ഗ്രാഹ്യമായിട്ടുണ്ടാവില്ല. ചിലപ്പോള്‍ അത് ഗ്രഹിക്കുകയും പിന്നീടത് മറക്കുകയും ചെയ്യാം. ഇത് തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര പ്രവിശാലമാണ്. പടച്ചവന് മാത്രമെ അതറിയൂ. ചിലപ്പോള്‍ ഗ്രഹിക്കുന്നതിലും അബദ്ധം സംഭവിക്കാം. നബി ﷺ  നിയോഗിതനായ അറബി ഭാഷയനുസരിച്ച് സാധ്യതയില്ലാത്ത തെറ്റായ മനസ്സിലാക്കലും ഉണ്ടാകും.

ഏഴാമത്തെ കാരണം: ഹദീഥില്‍ അങ്ങനെയൊരു ആശയമില്ല എന്ന വിശ്വാസം. ഇതും ഇതിനുമുമ്പ് പറഞ്ഞതും തമ്മിലുള്ള വ്യത്യാസം എന്തെന്നാല്‍ ആദ്യത്തേതില്‍ ഹദീഥില്‍ ഇങ്ങനെയൊരു ആശയമുള്ള വശം മനസ്സിലാക്കുന്നില്ല. രണ്ടാമത്തേതില്‍ തെളിവു പറഞ്ഞ വശവും രീതിയും മനസ്സിലായി. പക്ഷേ, അത് ശരിയായ ഒരു തെളിവോ ആശയമോ ആയി അദ്ദേഹം അംഗീകരിക്കുന്നില്ല എന്ന് മാത്രം. കാരണം ഈ ആശയത്തെ ഖണ്ഡിക്കുന്ന എന്തെങ്കിലും തെളിവുകളോ അടിസ്ഥാനങ്ങളോ അദ്ദേഹത്തിന്റെ പക്കലുണ്ടായിരിക്കും. അത് ഒരു പക്ഷേ, ശരിയാകാം അല്ലെങ്കില്‍ തെറ്റാകാം. ഉദാഹരണത്തിന്:

1. പ്രത്യേകം വിവക്ഷിക്കപ്പെടുന്ന വ്യാപകാര്‍ഥത്തിലുള്ള പദങ്ങള്‍ (അല്‍ആമുല്‍ മഖ്‌സ്വൂസ്വ്) തെളിവാക്കാന്‍ പറ്റില്ല.

2. പ്രസ്താവിക്കപ്പെട്ടതില്‍ നിന്നും അതിന്റെ നേര്‍ വിപരീതം ഇന്നതാണ് എന്ന് ഗ്രഹിച്ചെടുക്കുന്നത് (മഹ്ഹൂമുല്‍ മുഖാലഫ) തെളിവല്ല.

3. ഒരു പ്രത്യേക കാരണത്താല്‍ വന്ന വചനത്തിന്റെ വ്യാപകാര്‍ഥം അതേ കാരണങ്ങളില്‍ മാത്രം പരിമിതമാണ് എന്ന തത്ത്വം.

4. ‘കേവല കല്‍പന നിര്‍ബന്ധത്തെ കുറിക്കുന്നില്ല’ എന്ന ന്യായം. അല്ലെങ്കില്‍ ‘കേവല കല്‍പന’ ഉടനെ ചെയ്യണമെന്ന് താല്‍പര്യപ്പെടുന്നില്ല എന്ന തത്ത്വം.

5. ‘അല്‍’ ചേര്‍ന്ന് വന്നതിലൂടെ ‘മ അരിഫത്'(അറിയപ്പെട്ടത്) ആയ പദങ്ങള്‍ക്ക് വ്യാപകാര്‍ഥം കല്‍പ്പിക്കാവതല്ല എന്ന തത്ത്വം.

6. നിഷേധ രൂപത്തിലുള്ള ക്രിയകള്‍ അതിന്റെ അസ്തിത്വത്തെയോ അതുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളെയുമോ നിരാകരിക്കുന്നില്ല.

7. ഒരു തെളിവില്‍ നിന്ന് സങ്കല്‍പിക്കപ്പെടുന്ന കാര്യങ്ങളുടെ വ്യാപകാര്‍ഥം പരിഗണിക്കേണ്ടതുണ്ടോ ഇല്ലയോ എന്ന ചര്‍ച്ച… തുടങ്ങി ഇതുപോലുള്ള ഇനിയും ദീര്‍ഘിച്ചുപോകുന്ന പല തത്ത്വങ്ങളും അഭിപ്രായങ്ങളുമുണ്ട.് ഉസ്വൂലുല്‍ ഫിക്വ്ഹിന്റെ ചര്‍ച്ചകളില്‍ പകുതിയോളം ഇത്തരം അഭിപ്രായ ഭിന്നതകളുള്ള വിഷയങ്ങളാണ്. ഇത്തരം ചര്‍ച്ചകളുടെയും വീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ ‘മസ്അല’കളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം.

എട്ടാമത്തെ കാരണം: ഹദീഥില്‍ നിന്നും മനസ്സിലാക്കപ്പെടുന്ന ഇന്ന ആശയത്തോട് വേറൊരു ഹദീഥ് എതിരായിവരുന്നു എന്നതിനാല്‍ ആ ആശയം ഇവിടെ ഉദ്ദേശിക്കപ്പെടുന്നില്ല എന്ന് ഒരു പണ്ഡിതന്‍ കരുതുന്നു. അതായത്, ഒരു പൊതുവായ ആശയത്തോട് (ആമ്) മറ്റൊരു പ്രത്യേകമായി പറഞ്ഞ കാര്യം (ഖാസ്സ്വ്) എതിരായി വരുന്നത് പോലെ. അല്ലെങ്കില്‍ നിരുപാധികം (മുത്വലക്വ്) പറയപ്പെട്ടതിനോട് സോപാധികം പറഞ്ഞത് (മുക്വയ്യദ്) എതിരായി വരുന്നത് പോലെ. അല്ലെങ്കില്‍ നിരുപാധികമായ കല്‍പന നിര്‍ബന്ധത്തെ നിഷേധിക്കുന്ന മറ്റ് ഒരു തെളിവിനോട് എതിരാകുന്നത് പോലെ. അല്ലെങ്കില്‍ ശരിയായ അര്‍ഥകല്‍പനയോട് (ഹക്വീക്വത്ത്) ആലങ്കാരികമാണ് (മജാസ്) ഉദ്ദേശിക്കപ്പടുന്നതെന്ന് അറിയിക്കുന്ന മറ്റ് പല തെളിവുകളും എതിരായി വരുന്നത് പോലെ. ഇതുപോലെയുള്ള പരസ്പര വിരുദ്ധമായി തോന്നാവുന്ന (മുആറളാത്ത്) ഇനങ്ങളുടെ മേഖല അതും അതിവിശാലമാണ് എന്നത് സ്മരണീയമാണ്. വാക്കുകളുടെ ആശയങ്ങള്‍ പരസ്പര വിരുദ്ധമായി വരുമ്പോള്‍ അവയിലൊന്നിന് പ്രബലത കല്‍പിക്കുന്ന (തര്‍ജീഹ്) സൂക്ഷ്മവും ചിന്തനീയവുമായ മേഖലയും സമുദ്രസമാനം വിശാലമാണ്.

ഒമ്പതാമത്തെ കാരണം: ഒരു ഹദീഥ് അതിന്റെ ദുര്‍ബലതയെ അറിയിക്കുന്നതോ അത് കാലഹരണപ്പെട്ട (മന്‍സൂഖ്) നിയമമാണെന്നറിയിക്കുന്നതോ അല്ലെങ്കില്‍ അതിന്റെ പ്രത്യക്ഷാര്‍ഥമല്ല ഉദ്ദേശ്യമെന്നറിയിക്കുന്നതോ ആയ മറ്റ് തെളിവുകളോട് എതിരായി വരുന്നതായി ഒരു പണ്ഡിതന്‍ കരുതിയാല്‍ ചിലപ്പോള്‍ അത് എല്ലാവരും അംഗീകരിക്കുന്ന-ആയത്തോ ഹദീഥോ ഇജ്മാഓ പോലുള്ള തെളിവുകളാവാം. ഇത് രണ്ട് രൂപത്തിലുണ്ടാകും: (1) എതിരായി വന്ന മറ്റ് തെളിവുകള്‍ മൊത്തത്തില്‍ പ്രബലമായി വരിക. അപ്പോള്‍ പ്രബലമായ പ്രസ്തുത തെളിവിന് മുന്‍ഗണന നല്‍കല്‍ അനിവാര്യമായി. ചിലപ്പോള്‍ അവയിലൊന്ന് കാലഹരണപ്പെട്ട(മന്‍സൂഖ്)തായി കരുതുന്നത് കൊണ്ടോ അല്ലെങ്കില്‍ വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട് എന്ന് കരുതുന്നത് കൊണ്ടോ ഒക്കെയാകാം ഒന്നിനെ മാറ്റി മറ്റൊന്നിനെ പ്രബലപ്പെടുത്തിയത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ വിലയിരുത്തലുകളില്‍ അബദ്ധം പറ്റിയിട്ടുള്ളതായി ബോധ്യപ്പെടാം. പില്‍കാലത്ത് വന്ന തെളിവിനെ മുന്‍കാലനിയമമായി തെറ്റിദ്ധരിച്ച് അത് കാലഹരണപ്പെട്ടതായി മനസ്സിലാക്കിയിരിക്കാം. മറ്റു ചിലപ്പോള്‍ ഹദീഥിന്റെ പദങ്ങളും പ്രയോഗങ്ങളും പിന്തുണക്കാത്ത വ്യഖ്യാനങ്ങള്‍ നല്‍കുന്നതിലൂടെ വ്യാഖ്യാനത്തിലും പിഴവ് സംഭവിക്കുകയുമാകാം.

അതല്ലെങ്കില്‍ അതിനെ നിരാകരിക്കുന്ന വല്ലതും ഉണ്ടായിരിക്കാം. അതായത് എതിരായി വന്നതായി കരുതിയ ആ തെളിവില്‍ അങ്ങനെ എതിരാകുന്ന ഒരാശയമില്ലാതിരിക്കാം. അതല്ലെങ്കില്‍ എതിരായിവന്ന റിപ്പോര്‍ട്ട് മറ്റേ റിപ്പോര്‍ട്ടിന്റെ അത്ര പ്രബലതയില്ലാത്തതാകാം. മുമ്പ് പറഞ്ഞ കാരണങ്ങളും മറ്റും ആദ്യ ഹദീഥിലും വരാം.

അപ്രകാരം തന്നെയാണ് ഇജ്മാഅ് (ഐകകണ്‌ഠ്യേനയുള്ള അഭിപ്രായം) അവകാശപ്പെടുന്ന കാര്യങ്ങളില്‍ മിക്കവാറും സംഭവിക്കാറുള്ളത്. എതിരഭിപ്രായങ്ങളെ കുറിച്ചുള്ള അജ്ഞതമൂലം ഇതിനെ (ഇജ്മാഇനെ) അവലംബിച്ച മഹാപണ്ഡിതന്മാരെ തന്നെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവരുടെ പക്കലുള്ള തെളിവുകളുടെ ബാഹ്യവശം തന്നെ അതിന് എതിരായി നില്‍ക്കുന്നതാണ് താനും.

എന്തുകൊണ്ടെന്നാല്‍, മുന്‍കാല പണ്ഡിതന്മാരാരും പറയാത്ത ഒരു അഭിപ്രായം സ്വന്തമായി പറയാന്‍ ഒരു പണ്ഡിതന്‍ ധൈര്യം കാണിക്കുകയില്ല. വിശിഷ്യാ; അതിനെതിരായി മുന്‍കാല പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട് എന്ന് കൂടി അദ്ദേഹം അറിഞ്ഞാല്‍. എത്രത്തോളമെന്നാല്‍ ചിലര്‍ ഇത്തരം സാഹചര്യങ്ങളില്‍ പരമാവധി പറയാറുള്ളത് ഇത്രയുമാണ്: ”ഈ വിഷയത്തില്‍ വല്ല ഇജ്മാഉം സ്ഥിരപ്പെട്ടിട്ടുണ്ടെങ്കില്‍ അതാണ് പിന്‍പറ്റുവാന്‍ ഏറ്റവും അര്‍ഹമായത്. അങ്ങനെ ഇജ്മാഅ് ഉണ്ടായിട്ടില്ലെങ്കില്‍ ഈ വിഷയത്തിലുള്ള എന്റെ അഭിപ്രായം ഇന്നതാകുന്നു.”

‘അടിമയുടെ സാക്ഷ്യം അനുവദിച്ച ഒരാളെയും എനിക്കറിയില്ല’ എന്ന് പറയുന്ന ഒരാളുടെ വാക്കുപോലെയാണത്. എന്നാല്‍ അടിമയുടെ സാക്ഷ്യം അംഗീകരിച്ചത് അലി(റ), അനസ്(റ) തുടങ്ങിയ സ്വഹാബികളില്‍ നിന്നും ശുറൈഹ്(റ)യില്‍ നിന്നുമൊക്കെ സ്ഥിരപ്പെട്ടുവന്നിട്ടുണ്ട്.

അപ്രകാരം തന്നെ വേറെ ചിലര്‍ പറയാറുണ്ട്; ‘ഭാഗികമായി സ്വതന്ത്രയാക്കപ്പെട്ട അടിമക്ക് അനന്തരാവകാശത്തിന് അര്‍ഹതയില്ല എന്നതില്‍ ഇജ്മാഉണ്ട്’ എന്ന്. എന്നാല്‍ ഭാഗികമായി മാത്രം മോചനം നല്‍കപ്പെട്ട അടിമക്ക് അനന്തരാവകാശം നല്‍കിയ സംഭവം അലി(റ), ഇബ്‌നുമസ്ഊദ്(റ) തുടങ്ങിയ സ്വഹാബികളില്‍ നിന്ന് പ്രബലമായിബ വന്നിട്ടുണ്ട്. നബി ﷺ യില്‍ നിന്ന് തന്നെ ഹസനായ ഒരു ഹദീഥ് ഈ വിഷയത്തില്‍ വന്നിട്ടുണ്ട്: (ഇബ്‌നു അബ്ബാസ്(റ) നിവേദനം. നബി ﷺ  പറഞ്ഞു: ”മോചനക്കരാറിലേര്‍പ്പെട്ട ഒരു അടിമ താന്‍ യജമാനന് അടച്ചുതീര്‍ത്ത തുകക്കനുസരിച്ച് മോചിപ്പിക്കപ്പെടുന്നതാണ്. മോചിപ്പിക്കപ്പെടുന്നതിനനുസരിച്ചാണ് അയാളില്‍ ഇസ്‌ലാമിക വിധി നടപ്പിലാക്കപ്പെടുന്നത്. മോചിപ്പിക്കപ്പെട്ടതിനനുസരിച്ച് അയാള്‍ക്ക് അനന്തരാവകാശം നല്‍കപ്പെടുകയും ചെയ്യും” (നസാഈ, അബൂദാവൂദ്, തിര്‍മിദി എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇമാം തിര്‍മിദി ‘ഹസനായ ഹദീഥ്’ എന്ന് പറയുകയും ചെയ്തിട്ടുണ്ട്).

വേറെ ചിലര്‍ ഇങ്ങനെ പറയുന്നു: ”നമസ്‌കാരത്തില്‍ നബി ﷺ യുടെ പേരില്‍ സ്വലാത്ത് പറയല്‍ നിര്‍ബന്ധമാണെന്ന് പ്രസ്താവിച്ച ഒരാളെയും എനിക്കറിയില്ല.” എന്നാല്‍ അത് നിര്‍ബന്ധമാണെന്ന് പ്രസ്താവിച്ചയാളാണ് അബൂജഅ്ഫര്‍ അല്‍ ബാഖിര്‍. (ഇമാം ശാഫിഈ(റഹി)യും മറ്റും ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഇബ്‌നുല്‍ക്വയ്യിം(റഹി)യുടെ ‘ജലാഉല്‍ അഫ്ഹം ഫിസ്സ്വലാത്തി അലാ ഖൈരില്‍ അനാം’ എന്ന ഗ്രന്ഥം നോക്കുക).

അതെന്തുകൊണ്ട് സംഭവിക്കുന്നവെന്നാല്‍, മിക്ക പണ്ഡിതന്മാരും പരമാവധി ശ്രമിക്കുന്നത് അവരുടെ നാട്ടിലെ പണ്ഡിതന്മാരുടെ വാക്കുകളും ഫത്‌വകളും അറിയാന്‍ മാത്രമാണ്. മറ്റു പണ്ഡിതന്മാരുടെ വാക്കുകള്‍ അവര്‍ക്കറിയുകയില്ല. മുന്‍കാല പണ്ഡിതന്മാരില്‍ നാം കൂടുതലായിക്കാണുക മദീനക്കാരുടെയും കൂഫക്കാരുടെയും അഭിപ്രായങ്ങളാണ്. പില്‍കാലക്കാരില്‍ ഭൂരിഭാഗം ആളുകള്‍ക്കും രണ്ടോ മൂന്നോ ഇമാമുകളുടെ അഭിപ്രായങ്ങള്‍ മാത്രമായിരിക്കും അറിവുണ്ടാവുക. അതില്‍ നിന്ന് വിഭിന്നമായ അഭിപ്രായങ്ങളൊക്കെ അവരുടെ പക്കല്‍ ‘ഇജ്മാഇന്’ (ഐകകണ്‌ഠ്യേനയുള്ള അഭിപ്രായത്തിന്) എതിരായിട്ടായിരിക്കും വിലയിരുത്തപ്പെടുക. കാരണം, അത്തരം അഭിപ്രായങ്ങള്‍ പറഞ്ഞവരെയൊന്നും അവര്‍ക്കറിഞ്ഞുകൂടാ. എന്നാല്‍ അവരുടെ കര്‍ണപുടങ്ങളില്‍ എതിരഭിപ്രായങ്ങള്‍വന്ന് അലയടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലും താന്‍ കേട്ട് പരിചയിച്ച അഭിപ്രായങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരഭിപ്രായം പറയാന്‍ അധികപേരും കൂട്ടാക്കുകയില്ല. ഇജ്മാഇന് എതിരായിപ്പോകുമോ തന്റെ അഭിപ്രയമെന്ന പേടിയാണ് അതിന് കാരണം.

അല്ലെങ്കില്‍ ‘ഇജ്മാഅ്’ മഹത്തരമായ തെളിവായിരിക്കെ അതിനെതിരായി വന്ന വല്ല ഹദീഥുമവലംബിച്ച് മതവിധി പറയുന്നതും ഇജ്മാഇനെതിരായിപ്പോകുമെന്ന ധാരണമൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്.

പല പണ്ഡിതന്മാരും ഉപേക്ഷിച്ച, മിക്കവാറും ഹദീഥുകളുടെയും അഭിപ്രായങ്ങളുടെയും കാര്യത്തില്‍ അവര്‍ക്കുള്ള ന്യായം ഇതാണ്. ചിലര്‍ക്ക് അത് വാസ്തവത്തില്‍ ഒരു ന്യായമാണ്. മറ്റുചിലര്‍ക്ക് സത്യത്തില്‍ ന്യായമല്ലെങ്കിലും അവര്‍ അത് ന്യായമായിക്കരുതുന്നവരാണ്. അത് തന്നെയാണ് മിക്ക കാരണങ്ങളുടെയും സ്ഥിതി.

 

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ ‘റഫ്ഉല്‍ മലാം’ എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)
(വിവര്‍ത്തനം: ശമീര്‍ മദീനി )

മുജ്തഹിദുകളായ പണ്ഡിതന്മാരും ഹദീഥുകളും -03

മുജ്തഹിദുകളായ പണ്ഡിതന്മാരും ഹദീഥുകളും -03

ആറാമത്തെ കാരണം: ഹദീഥിന്റെ ആശയമറിയാതിരിക്കല്‍. ചിലപ്പോള്‍ ഹദീഥിലെ പദങ്ങള്‍ അര്‍ഥം പരിചയമില്ലാത്ത(ഗരീബ് ആയ)വയായിരിക്കും. ഉദാ: ‘മുസാബത’ (ഈത്തപ്പനമരത്തില്‍ വെച്ച് തന്നെ പച്ചക്കാരക്ക ഉണങ്ങിയ ഈത്തപ്പഴത്തിന് പകരമായി വില്‍പന നടത്തല്‍), ‘മുഖാബറ’ (1/3 അല്ലെങ്കില്‍ 1/4 എന്നിങ്ങനെ ഒരു നിശ്ചിത വിഹിതത്തിന്മേല്‍ കുട്ടുകൃഷി നടത്തല്‍). വേറെയും അഭിപ്രായങ്ങള്‍ ഇതിനെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. ‘മുലാമസ’ (നീ എന്റെ വസ്ത്രത്തെയോ ഞാന്‍ നിന്റെ വസ്ത്രത്തെയോ തൊട്ടാല്‍ കച്ചവടം അനിവാര്യമായി എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു തരം കച്ചവടം എന്നും; വസ്തുവിനെ നേരിട്ട് കാണാതെ വസ്ത്രത്തിനുള്ളിലൂടെ അഥവാ മൂടിയിട്ട അവസ്ഥയില്‍ തൊട്ടു മനസ്സിലാക്കി കച്ചവടം ചെയ്യുന്ന രീതി എന്നും അഭിപ്രായം), ‘മുഹാക്വല’ (നിശ്ചിത ഓഹരി നിശ്ചയിച്ച് കൊണ്ട് ഭൂമി പാട്ടത്തിന് കൊടുക്കല്‍), ‘മുനാബദ’ (കച്ചവടമുറപ്പിക്കുന്നതിന് വേണ്ടി വസ്ത്രമെറിഞ്ഞുകൊടുത്തുകൊണ്ടുള്ള ഒരു പ്രത്യേക രീതിയാണിത്), ‘ഗറര്‍’ (ബാഹ്യമായി ഉപഭോക്താവിനെ കബളിപ്പിക്കുന്നതും സത്യാവസ്ഥ അജ്ഞാതവുമായ കച്ചവടമാണിത്)… ഇങ്ങനെയൊക്കെയുള്ള അപരിചിതമായ പദങ്ങള്‍ ഹദീഥുകളില്‍ വരുമ്പോള്‍ അതിന്റെ വിവക്ഷയെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. ഉദാഹരണത്തിന്: ”ലാത്വലാക്വ വലാ അതാക്വ ഫീ ഇഗ്‌ലാക്വ്” എന്ന ഹദീഥ്. അഥവാ ‘ബലാല്‍ക്കാരമായി ത്വലാക്വോ (വിവാഹ മോചനം) അടിമയെ മോചിപ്പിക്കലോ ഇല്ല.’ പണ്ഡിതനന്മാര്‍ ഇതിലെ ‘ഇഗ്്‌ലാക്വ്’ എന്ന പദത്തിന് ‘ബലാല്‍ക്കാരമായി നിര്‍ബന്ധിച്ച് ചെയ്യിക്കല്‍’ എന്ന വിവരണമാണ് നല്‍കിയിട്ടുള്ളത.് എന്നാല്‍ ഇതിന് എതിരായ പണ്ഡിതന്മാര്‍ ഈ വിശദീകരണത്തിനോട് യോജിക്കുന്നില്ല. ചിലപ്പോള്‍ ഹദീഥിലെ പദത്തിന്റെ ഭാഷയിലെ അര്‍ഥവും  വിവരിക്കുന്ന പണ്ഡിതന്റെ നാട്ടില്‍ പ്രചാരമുള്ള അര്‍ഥവും ആയിരിക്കില്ല നബി ﷺ  പറഞ്ഞതിന്റെ വിവക്ഷ. വിശദീകരിക്കുന്നയാള്‍ തന്റെ പരിചയത്തിലുള്ള അര്‍ഥം നല്‍കി വിശദീകരിക്കും. കാരണം, ഭാഷയിലെ പ്രയോഗം അങ്ങനെയാണ് എന്ന ധാരണയുടെ അടിസ്ഥാനത്തില്‍. (അഹ്മദ്, അബൂദാവൂദ്, ഇബ്‌നു ഹിബ്ബാന്‍, ഹാകിം. അദ്ദേഹം ഈ ഹദീഥ് സ്വഹീഹാണെന്ന് പറഞ്ഞു. ഇമാം ദഹബി ഇത് ദഈഫ് ആണെന്നും പറഞ്ഞു).

‘ഇഗ്‌ലാക്വ്’ എന്നതിന്റെ വിവക്ഷ ‘നിര്‍ബന്ധിക്കല്‍’ എന്നാണ്. അബൂക്വുതൈബ, ഖത്വാബി മുതലായവരില്‍ നിന്ന് ഈ വിശദീകരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അബൂഉബൈദ പറയുന്നു: ‘ഇഗ്‌ലാക്വ്  എന്നാല്‍ കുടുസ്സാക്കല്‍ അഥവാ ബുദ്ധിമുട്ടിക്കല്‍ ആണ്.’ നിര്‍ബന്ധിച്ച് ത്വലാക്വ് ചെയ്യിക്കുന്നവന്റെ ത്വലാക്വ് സാധുവാക്കുകയില്ലെന്ന് പറയുന്നവര്‍ ഈ ഹദീഥ് തെളിവാക്കിയിട്ടുണ്ട്. ഒരുപറ്റം പണ്ഡിതന്മാര്‍ ആ അഭിപ്രായക്കാരാണ്. എന്നാല്‍ മറ്റൊരു വിഭാഗം പറയുന്നത് ആ സാഹചര്യത്തിലും ത്വലാക്വ് സംഭവിക്കും എന്നാണ്. ഇബ്‌നുല്‍ ക്വയ്യിം(റഹി) പറയുന്നു: ‘നമ്മുടെ ഗുരുനാഥന്‍ (ഇബ്‌നു തൈമിയ(റഹി) പറഞ്ഞു: ‘ഇഗ്‌ലാക്വ്’ എന്നാല്‍ അറിവിന്റെയും ഉദ്ദേശ്യത്തിന്റെയും കവാടം അടയലാണ്. (അഥവാ ഉദ്ദേശ്യത്തോടെയോ അറിഞ്ഞുകൊണ്ടോ അല്ലാതെ ചെയ്യിക്കലാണ്). ബോധം നഷ്ടപ്പെട്ടവന്‍, മാനസിക രോഗി, ലഹരി ബാധിച്ചയാള്‍, കോപാകുലന്‍ തുടങ്ങി പറയുന്നത് ഗ്രഹിക്കുകയോ ബോധപൂര്‍വമോ ആകാതിരിക്കുന്ന ഏതൊരാളുടെയും ത്വലാക്വ്  സംഭവിക്കുകയില്ല എന്നത് ഇതിന്റെ വിവക്ഷയില്‍ വരുന്നതാണ്. കാരണം ഇവരുടെയൊക്കെയും അറിവിന്റെയും ഉദ്ദേശ്യത്തിന്റെയും കവാടമടഞ്ഞിരിക്കുകയാണ്. ഉദ്ദേശ്യത്തോടെയും അറിഞ്ഞുകൊണ്ടുള്ളതുമായ ത്വലാക്വ് മാത്രമെ സംഭവിക്കുകയുള്ളൂ. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍! അബൂദാവൂദ് പറയുന്നു: ”ഇഗ്‌ലാഖ് എന്നാല്‍ ഞാന്‍ കരുതുന്നത്, ദേഷ്യം പിടിക്കലാണ്.”

‘നബീദി’ന്റെ വിഷയത്തില്‍ ഇളവുള്ളതായി പറയുന്ന ചില റിപ്പോര്‍ട്ടുകള്‍ കണ്ട് അത് ലഹരിയുണ്ടാക്കുന്നു ചില പാനീയങ്ങളായിരിക്കുമെന്ന് ചിലര്‍ ധരിച്ചുവശായത് ഇതിന് ഉദാഹരണമാണ്.കാരണം, അവരുടെ ഭാഷയും പ്രയോഗവുമനുസരിച്ച് അങ്ങനെയാണര്‍ഥം. എന്നാല്‍ വാസ്തവമാകട്ടെ അതല്ലതാനും. സ്വഹീഹായ നിരവധി ഹദീഥുകളില്‍ വിശദമായിത്തന്നെ എന്താണ് ‘നബീദ്’ എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഉണക്കമുന്തിരി, ഈത്തപ്പഴം പോലെയുള്ള പഴങ്ങള്‍ വെള്ളത്തിലിട്ട് വെച്ച് ലഹരി വരുന്നതിന് മുമ്പ് പാനീയമായി ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ‘നബീദ്’ എന്ന് അവയില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

അപ്രകാരം തന്നെ മദ്യം(ഖംറ്) എന്ന് ക്വുര്‍ആനിലും ഹദീഥുകളിലും പറഞ്ഞിട്ടുള്ളതിനെ  മുന്തിരിയില്‍ നിന്നെടുത്ത ലഹരിയുള്ള പാനിയം എന്നാണ് ചിലര്‍ ധരിച്ചത്. കാരണം, അവര്‍ പരിചയിച്ച ഭാഷാ പ്രയോഗമനുസരിച്ച് അങ്ങനെയാണ് അതിന്റെ താല്‍പര്യം. എന്നാല്‍ സ്ഥിരപ്പെട്ട നിരവധി ഹദീഥുകളിലൂടെ ‘ഖംറ്’ എന്നതിന്റെ ശരിയായ വിവക്ഷ വിശദമാക്കപ്പെട്ടിട്ടുണ്ട്. അഥവാ ലഹരിയുണ്ടാക്കുന്ന എല്ലാറ്റിനും പറയുന്ന ഒരു പൊതുനാമമാണ് ‘ഖംറ്.’

ഇമാം ബുഖാരിയും(റഹി) ഇമാം മുസ്‌ലിമും(റഹി) ഉദ്ധരിക്കുന്ന ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം; ”ഉമര്‍(റ) നബി ﷺ യുടെ മിമ്പറില്‍ വെച്ച് ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ ഇപ്രകാരം പറഞ്ഞു:’ജനങ്ങളേ, മദ്യം (ഖംറ്) നിഷിദ്ധമാക്കിക്കൊണ്ടുള്ള നിയമം അവതരിച്ചു കഴിഞ്ഞതാണ്. അത്, മുന്തിരി, ഈത്തപ്പാഴം, തേന്‍, ഗോതമ്പ്, ബാര്‍ളി എന്നിങ്ങനെ അഞ്ച് വസ്തുക്കളില്‍ നിന്നാണ് ഉണ്ടാക്കുന്നത്. മദ്യം ബുദ്ധിയെ മറയ്ക്കുന്നതാണ്.”

ഇമാം ബുഖാരി(റഹി) അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു റപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: ”മദ്യം നിഷിദ്ധമാക്കിക്കൊണ്ടുള്ള നിയമം അവതരിച്ചു. ആ സമയത്ത് മദീനയില്‍ അഞ്ച്തരം പാനീയങ്ങളാണ് (മദ്യമായി) ഉണ്ടായിരുന്നത്. അതില്‍ മുന്തിരിയുടെ പാനീയമില്ലായിരുന്നു.”

ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിക്കുന്ന ഒരു റിപ്പോര്‍ട്ടില്‍ അനസ്(റ) പറയുന്നു: ”നിശ്ചയം, മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. മദ്യം അന്നുണ്ടാക്കിയിരുന്നത് പ്രധാനമായും കാരക്കയില്‍ നിന്നും ഈത്തപ്പഴത്തില്‍ നിന്നുമായിരുന്നു.”

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്: ”മദ്യം നിഷിദ്ധമാക്കപ്പെടുമ്പോള്‍ അത് പ്രധാനമായും ഉണ്ടാക്കിയിരുന്നത് ഒരു വസ്തുവില്‍ നിന്നായിരുന്നു. മുന്തിരിയില്‍ നിന്നുള്ള മദ്യം അപൂര്‍വമായിട്ടല്ലാതെ ഞങ്ങള്‍ കണ്ടിരുന്നില്ല. പൊതുവില്‍ മദ്യമുണ്ടാക്കിയിരുന്നത് ഈത്തപ്പഴത്തില്‍ നിന്നായിരുന്നു”(ബുഖാരി).

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയും വന്നിട്ടുണ്ട്: ”അല്ലാഹു മദ്യം നിഷിദ്ധമാക്കിക്കൊണ്ടുള്ള ആയത്തിറക്കി. അന്ന് മദീനയില്‍ ഈത്തപ്പഴത്തില്‍നിന്നുണ്ടാക്കുന്ന മദ്യമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്” (മുസ്‌ലിം).

അനസ്(റ) പറയുന്നു: ”ഞാന്‍ അബൂഉബൈദ, അബൂത്വല്‍ഹ, ഉബയ്യുബ്‌നു കഅ്ബ് മുതലായവര്‍ക്ക് ഈത്തപ്പഴത്തിന്റെ വീഞ്ഞ് പകര്‍ന്നു കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഒരാള്‍വന്ന് ഇപ്രകാരം പറഞ്ഞത്: ‘നിശ്ചയം, മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.’ അപ്പോള്‍ (മുതലാളി) അബൂത്വല്‍ഹ(റ) പറഞ്ഞു: ”അനസേ, നീ ആ മദ്യം ഒഴുക്കിക്കളയുക.’ അങ്ങനെ ഞാനത് ഒഴുക്കിക്കളഞ്ഞു” (ബുഖാരി, മുസ്‌ലിം).

ഇബ്‌നു ഉമര്‍(റ) പറയുന്നു; നബി ﷺ  പറഞ്ഞു: ”ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യം (ഖംറ്) ആണ്. എല്ലാ മദ്യവും നിഷിദ്ധവുമാണ്”(മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ വിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”മദ്യം (ഖംറ്) ഈ രണ്ടു സസ്യങ്ങളില്‍ നിന്നാണ്; അതായത്, ഈത്തപ്പനയും മുന്തിരിയും.” (അഹ്മദ്, അബൂദാവൂദ്)

(അവസാനിച്ചില്ല)

 

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ ‘റഫ്ഉല്‍ മലാം’ എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)
(വിവര്‍ത്തനം: ശമീര്‍ മദീനി )

മുജ്തഹിദായ പണ്ഡിതന്മാരും ഹദീഥുകളും -02

മുജ്തഹിദായ പണ്ഡിതന്മാരും ഹദീഥുകളും -02

നാലാമത്തെ കാരണം: സത്യസന്ധനും ഓര്‍മശക്തിയുമൊക്കെയുള്ള സ്വീകാര്യയോഗ്യനായ ഒരു നിവേദകന്റെ റിപ്പോര്‍ട്ടില്‍ ചിലര്‍ കൂടുതലായി വെക്കുന്ന നിബന്ധനകള്‍ കാരണമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായേക്കാം. അത്തരം അധിക നിബന്ധനകളില്‍ മറ്റു പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ളതാണ് ഇതിന് കാരണം. ഉദാഹരണത്തിന്, വിശ്വസ്തരായ വ്യക്തികളുടെ ആഹാദായ റിപ്പോര്‍ട്ടുകള്‍ ക്വുര്‍ആനിനോടും സുന്നത്തിനോടും ഒത്തുനോക്കണം എന്ന ചിലരുടെ നിബന്ധന. അതേപോലെ ഹദീഥിന്റെ നിവേദകന്‍ കര്‍മശാസ്ത്ര പണ്ഡിതന്‍ കൂടിയായിരിക്കണമെന്ന നിബന്ധന; വിശിഷ്യാ ക്വിയാസിന്റെ അടിസ്ഥാനങ്ങള്‍ക്ക് എതിരായി റിപ്പോര്‍ട്ട് ഉദ്ധരിക്കപ്പെടുമ്പോള്‍. അപ്രകാരം തന്നെ, എല്ലാവരെയും ബാധിക്കുന്ന പൊതുവായ ഹദീഥുകളാണ് എങ്കില്‍ പ്രചുര പ്രചാരം നേടാതെ പോയാല്‍ സ്വീകരിക്കാന്‍ നിര്‍വാഹമില്ല എന്ന നിലപാടും ഇതിനുദാഹരണമാണ്. ഇതല്ലാത്ത വേറെയും പല നിബന്ധനകള്‍ ഇത്തരം ചര്‍ച്ചാ മേഖലകളില്‍ സുപരിചിതമാണ്.

അഞ്ചാമത്തെ കാരണം: ഒരു പണ്ഡിതന് ഹദീഥ് സ്വഹീഹായി തന്നെ ലഭിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തതിന് ശേഷം അദ്ദേഹം അത് മറന്ന് പോകുന്നതിനാല്‍ ഹദീഥിനെതിരായി അദ്ദേഹത്തിന്റെ വാക്കുകള്‍ വരാം. ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും കാര്യത്തില്‍ ഒരു പണ്ഡിതന് ഇങ്ങനെ സംഭവിച്ചേക്കാം. ഉമര്‍(റ)വിന്റെ പ്രസിദ്ധമായ ഹദീഥ് ഇതിന് ഉദാഹരണമാണ്. ഒരിക്കല്‍ ഉമര്‍(റ)വിനോട് ഇങ്ങനെ ചോദിച്ചു: ”ഒരാള്‍ യാത്രയില്‍ വലിയ അശുദ്ധിയുള്ള (ജനാബത്ത്) ആളായി. കുളിച്ച് ശുദ്ധി വരുത്താന്‍ വെള്ളമാണെങ്കില്‍ ഇല്ലതാനും. അപ്പോള്‍ അയാള്‍ എന്തു ചെയ്യും?” വെള്ളം കിട്ടുന്നതുവരെ അയാള്‍ നമസ്‌കരിക്കേണ്ടതില്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അപ്പോള്‍ അമ്മാറുബ്‌നു യാസിര്‍(റ) ഉമര്‍(റ)വിനോട് പറഞ്ഞു: ”അല്ലയോ അമീറുല്‍ മുഅ്മിനീന്‍, നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? ഞാനും നിങ്ങളും ഒട്ടകങ്ങളുമായി പോകുമ്പോള്‍ നമുക്ക് വലിയ അശുദ്ധിയുണ്ടായതും അങ്ങനെ ഞാന്‍ ശുദ്ധിവരുത്താനായി മൃഗങ്ങള്‍ മണ്ണില്‍ കിടന്ന് ഉരുളുന്നത് പോലെ ഉരുണ്ട് മറിഞ്ഞതും നിങ്ങള്‍ നമസ്‌കരിക്കാതിരിക്കുകുയും ചെയ്ത സംഭവം? എന്നിട്ട് ഞാന്‍ അത് നബി ﷺ യോട് പറഞ്ഞപ്പോള്‍ അവിടുന്ന് ‘നിനക്ക് ഇങ്ങനെ ചെയ്താല്‍ മതിയായിരുന്നു’ എന്ന് പറഞ്ഞ് കൈരണ്ടും നിലത്തടിച്ച് അതുകൊണ്ട് മുഖവും കൈപ്പടങ്ങളും തടവിയത്.” അപ്പോള്‍ അമ്മാര്‍(റ)വിനോട് ഉമര്‍(റ) പറഞ്ഞു: ‘അമ്മാറേ, നീ അല്ലാഹുവിനെ സുക്ഷിക്കുക.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ല, താങ്കള്‍ അത് പറഞ്ഞു കൊള്ളുക.’ ഇത് ഉമര്‍(റ) സാക്ഷിയായ ഒരു സുന്നത്താണ്. പക്ഷേ, അദ്ദേഹമത് മറന്നുപോവുകയും അതിന് വിരുദ്ധമായി ‘ഫത്‌വ’ നല്‍കുകയും ചെയ്തപ്പോള്‍ അമ്മാര്‍(റ) പ്രസ്തുത സംഭവം ഓര്‍മിപ്പിക്കുന്നു. എന്നിട്ടും അദ്ദേഹത്തിനത് ഓര്‍മ വരുന്നില്ല! എന്നാല്‍ അമ്മാര്‍(റ) കളവാണ് പറഞ്ഞതെന്ന് പറയുകയോ തടയുകയോ ചെയ്യാതെ ആ ഹദീഥ് പറയുവാന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയും ചെയ്യുന്നു. (ഇമാം മുസ്‌ലിം ഇത് പൂര്‍ണമായി ഉദ്ധരിച്ചിട്ടുണ്ട്. ബുഖാരിയും അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ മുതലായവര്‍ സമാനമായ പദങ്ങളിലൂടെ ഇതിന്റെ സംക്ഷിപ്ത രൂപം ഉദ്ധരിക്കുന്നുണ്ട്).

ഇതിനെക്കാള്‍ അത്ഭുതകരമാണ് ഉമര്‍(റ) ഒരിക്കല്‍ ജനങ്ങളോട് ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ പറഞ്ഞത്: ”ആരെങ്കിലും നബി ﷺ  തന്റെ ഭാര്യമാര്‍ക്ക് നല്‍കിയ മഹ്‌റിനെക്കാളും അല്ലെങ്കില്‍ മക്കള്‍ക്ക് നിശ്ചയിച്ച മഹ്‌റിനെക്കാളും കൂടുതല്‍ മഹറ് അധികരിപ്പിച്ചാല്‍ ഞാനത് തിരിച്ച് കൊടുപ്പിക്കും.”

അപ്പോള്‍ ഒരു സ്ത്രീ അദ്ദേഹത്തോട്പറഞ്ഞു: ”അല്ലയോ അമീറുല്‍ മുഅ്മിനീന്‍! അല്ലാഹു ഞങ്ങള്‍ക്ക് അനുവദിച്ച് നല്‍കിയത് താങ്കള്‍ എന്തിന് തടയുന്നു?” എന്നിട്ട് അവര്‍ ”നിങ്ങള്‍ അവര്‍ക്ക് ഒരു കൂമ്പാരം നല്‍കിയാലും” എന്ന സുറതുന്നിസാഇലെ 20ാമത്തെ വചനം ഓതി. അപ്പോള്‍ ഉമര്‍(റ) ആ സ്ത്രീയുടെ വാക്ക് സ്വീകരിച്ചു. ആ ആയത്ത് മനഃപാഠമുള്ള ആളായിട്ടും അദ്ദേഹം അത് മറന്ന് പോയി. (ഈ ഹദീഥില്‍ രണ്ട് സംഗതികളുണ്ട്. (1) നബി ﷺ യുടെ പത്‌നിമാരുടെയും പെണ്‍മക്കളുടെയും മഹ്‌റിനെക്കാള്‍ കൂടുതല്‍ മഹ്‌റ് വാങ്ങുന്നതിനെ ഉമര്‍(റ) വിലക്കുന്നു എന്നത്. (2) ഒരു സ്ത്രീ ഉമര്‍(റ)വിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും അല്ലാഹുവിന്റെ വചനം തെളിവവയി ഉദ്ധരിക്കുകയും ചെയ്യുന്നു എന്നത്).

മഹ്ര്‍ വര്‍ധിപ്പിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉമര്‍(റ)വിന്റെ വാക്കുകള്‍ ഇമാം അഹ്മദും അബൂദാവൂദും തിര്‍മിദിയും നസാഇയും ഇബ്‌നു മാജയുമൊക്കെ വിവിധ പരമ്പരകളിലൂടെ മുഹമ്മദ്ബ്‌നു സീരിനില്‍ നിന്നും അദ്ദേഹം അബുല്‍ അജ്ഫാഉസ്സുലമിയില്‍ നിന്നും ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ”ഉമര്‍(റ) പറയുന്നതായി ഞാന്‍ കേട്ടു: ‘നിങ്ങള്‍ സ്ത്രീകളുടെ മഹ്‌റിന്റെ കാര്യത്തില്‍ അതിരുകവിയരുത്. അത് ദുന്‍യാവില്‍ ഒരു മഹത്ത്വമോ റബ്ബിന്റെ അടുക്കല്‍ ഒരു പുണ്യമോ ആയിരുന്നെങ്കില്‍ അതിന് നിങ്ങളിലേറ്റവും അര്‍ഹന്‍ നബി ﷺ യാണ്. അല്ലാഹുവിന്റെ തിരുദൂതന്‍ ﷺ  തന്റെ ഭാര്യമാരില്‍ ഒരാള്‍ക്കും അപ്രകാരം പെണ്‍മക്കളില്‍ ഒരാള്‍ക്കും തന്നെ 12 ഊഖിയയെക്കാള്‍ കൂടുതല്‍ മഹ്ര്‍ നല്‍കിയിട്ടില്ല.’ തിര്‍മിദി പറയുന്നു: ‘ഈ ഹദീഥ് സ്വഹീഹാണ്. മഹ്ര്‍ കൂട്ടലും കുറക്കലുമൊക്കെ വരന്റെ സാമ്പത്തിക ശേഷിക്കനുസരിച്ചാണ്. അബൂസലമതുബ്‌നു അബ്ദിര്‍റഹ്മാന്‍(റ) പറഞ്ഞതായി ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍  ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നു: ”എത്രയായിരുന്നു നബി ﷺ യുടെ മഹ്ര്‍ എന്ന് ഞാന്‍ പ്രവാചക പത്‌നി ആഇശ(റ) യോട് ചോദിച്ചു. പന്ത്രണ്ടര ഊഖിയയായിരുന്നു എന്ന് അവര്‍ പറഞ്ഞു. അതായത് 500 ദിര്‍ഹം. ഇതാണ് നബി ﷺ  തന്റെ ഭാര്യമാര്‍ക്ക് മഹ്‌റായി നല്‍കിയത്.”

അബൂഹുറയ്‌റ(റ)വില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: ”ഒരാള്‍ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: ‘ഞാന്‍ ഒരു അന്‍സ്വാരി സ്ത്രീയെ വിവാഹം ചെയ്തു.’ അപ്പോള്‍ നബി ﷺ  അദ്ദേഹത്തോട് ചോദിച്ചു: ‘എത്ര മഹ്ര്‍ നല്‍കിയാണ് നീ അവളെ വിവാഹം ചെയ്തത്?’ അദ്ദേഹം പറഞ്ഞു: ‘നാല് ഊഖിയ വെള്ളിക്ക്.’ അപ്പോള്‍ നബി ﷺ  അദ്ദേഹത്തോട് പറഞ്ഞു: ‘നാല് ഊഖിയ വെള്ളിക്കോ? നിങ്ങള്‍ ഈ മലയില്‍ നിന്ന് വെള്ളി മാന്തിയെടുക്കുന്നത് പോലുണ്ടല്ലോ!’ അദ്ദേഹത്തിന്റെ മോശം അവസ്ഥയും പരിതസ്ഥിതികളും അറിയാവുന്നത് കൊണ്ടും അയാള്‍ക്ക് അതിന് സാധിക്കുകയില്ല എന്ന് നബി ﷺ  മനസ്സിലാക്കിയത് കൊണ്ടുമാണ് അങ്ങനെ പ്രതികരിച്ചത്.

ഉമര്‍(റ) മഹ്‌റിന്റെ കാര്യത്തിലുള്ള അതിരുകവിച്ചിലിനെയാണ് വെറുത്തതും വിലക്കിയതും. ഇതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ ഉമര്‍(റ)വിനെ ഒരു സ്ത്രീ എതിര്‍ക്കുകയും ക്വുര്‍ആന്‍ സൂക്തം തെളിവാക്കുകയും ചെയ്ത കഥ അബൂയഅ്‌ല(റ)യാണ് ഉദ്ധരിച്ചത്. അതിന്റെ പരമ്പരയില്‍ മുജാലിദ്ബ്‌നു സഈദ് എന്ന വ്യക്തിയുണ്ട്. അയാള്‍ അസ്വീകാര്യനാണ്. അദ്ദേഹത്തെക്കുറിച്ച് ഇബ്‌നു ഹജര്‍ (റഹി) തന്റെ തഖ്‌രീജില്‍ പറഞ്ഞത് ‘അയാള്‍ പ്രബലനല്ല’ എന്നാണ്. അദ്ദേഹത്തിന്റെ അവസാനകാലത്ത് ഓര്‍മക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്. ഈ കഥ കണ്ണിമുറിഞ്ഞ (മുന്‍ക്വതിആയി) വേറെ പരമ്പരകളിലൂടെയും വന്നിട്ടുണ്ട്.

അപ്രകാരം തന്നെ ആ സ്ത്രീ ആയത്ത് തെളിവാക്കിയത് അസ്ഥാനത്താണ്. കാരണം പ്രസ്തുത ആയത്ത് പ്രതിപാദിക്കുന്നത് വിവാഹമോചനം (ഖുല്‍അ്) ചെയ്തവളെക്കുറിച്ചാണ്. അതായത്, ആയത്തിന്റെ വിവക്ഷ; നിങ്ങള്‍ മുന്‍ഭാര്യയെ വെറുക്കുകയും അവളുമായി നല്ല രൂപത്തില്‍ കഴിഞ്ഞു പോകാന്‍ സാധിക്കാതെ വരികയും വേറെ ഒരുവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുകയുമാണെങ്കില്‍-അവളാകട്ടെ വ്യക്തമായ ഒരു മ്ലേഛവൃത്തി ചെയ്തിട്ടുമില്ല- ഇത്തരം ഒരു സാഹചര്യത്തില്‍ നിങ്ങള്‍ അവള്‍ക്ക് ഒരു കൂമ്പാരം തന്നെ സ്വത്ത് മുമ്പ് നല്‍കിയിട്ടുണ്ടെങ്കിലും അതവള്‍ എടുത്തുപയോഗിച്ച് പോവുകയോ സൂക്ഷിച്ചു വെക്കുകയോ ചെയ്തതാണെങ്കിലും നിങ്ങള്‍ക്കതില്‍ അവകാശമില്ല. ഇനി അതല്ല നിങ്ങളവള്‍ക്ക് കൊടുക്കാമെന്ന് പറഞ്ഞ സ്വത്താണെങ്കില്‍ നിങ്ങളുടെ ഉത്തരവാദിത്തത്തിലുള്ള ഒരു കടമായി അത് മാറും. അതില്‍ നിന്ന് നിങ്ങള്‍ ഒന്നും എടുക്കാന്‍ പാടുള്ളതല്ല. പ്രത്യുത അതു മുഴുവന്‍ അവള്‍ക്ക് അവകാശപ്പെട്ടതാണ്. കാരണം, നിങ്ങള്‍ അവളെ ഒഴിവാക്കി വേറെ ഒരുവളെ സ്വീകരിക്കുന്നത് അവളിലുള്ള മതപരമായ വല്ല കുറ്റവും കൊണ്ടല്ല; മറിച്ച് നിങ്ങളുടെ സ്വന്തം താല്‍പര്യത്താലാണ്. അല്ലാതെ അവള്‍ നിങ്ങളില്‍ നിന്ന് വേര്‍പിരിയാനായി ഇങ്ങോട്ട് ആവശ്യപ്പെടുകയോ ‘ത്വലാക്വ്’ ചെയ്യാന്‍ പ്രേരിപ്പിക്കുകയോ മറ്റോ ആണെങ്കില്‍ മഹ്ര്‍ തിരിച്ചു വാങ്ങാമായിരുന്നു. അത്തരം യാതൊരു നടപടിയും അവളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് അവള്‍ക്ക് നല്‍കിയ സ്വത്തില്‍ നിന്നും വാങ്ങല്‍ നിങ്ങള്‍ക്ക് അനുവദനീയമാവുക?

അപ്രകാരം തന്നെ അലി(റ) ജമല്‍യുദ്ധ ദിവസം സുബൈര്‍(റ)വിനെ ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. നബി ﷺ  അലി(റ)വിനോടും സുബൈര്‍(റ)വിനോടും പറഞ്ഞ കാര്യമായിരുന്നു അത്. അപ്പോള്‍ അദ്ദേഹത്തിന് അത് ഓര്‍മവരികയും യുദ്ധത്തില്‍നിന്ന് പിന്തിരിയുകയും ചെയ്തു (ഇബ്‌നുകഥീറിന്റെ അല്‍ബിദായ വന്നിഹായ, 7/240 നോക്കുക). ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുന്‍കാലക്കാര്‍ക്കിടയിലും പിന്‍കാലക്കാര്‍ക്കിടയിലും ധാരാളമായി ഉണ്ടായിട്ടുണ്ട്.

 

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ ‘റഫ്ഉല്‍ മലാം’ എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)
(വിവര്‍ത്തനം: ശമീര്‍ മദീനി )

മുജ്തഹിദായ പണ്ഡിതന്മാരും ഹദീഥുകളും

മുജ്തഹിദായ പണ്ഡിതന്മാരും ഹദീഥുകളും

ഹദീഥുകള്‍ മുഴുവന്‍ അറിയാത്ത ഒരാള്‍ ‘മുജ്തഹിദാവുകയില്ല’ എന്ന് വാസ്തവമറിയുന്ന ഒരാളും പറയുകയില്ല. കാരണം, മതവിധികളുമായി ബന്ധപ്പെട്ട് നബി ﷺ  പറഞ്ഞ എല്ലാ കാര്യങ്ങളും അപ്രകാരം തന്നെ അവിടുന്ന് ചെയ്ത എല്ലാ സംഗതികളും ഒരു മുജ്തഹിദ് (ഗവേഷണ യോഗ്യതയുള്ള പണ്ഡിതന്‍) അറിഞ്ഞിരിക്കല്‍ അനിവാര്യമായ നിബന്ധന(ശ്വര്‍ത്വ്)യാണെന്ന് പറയുകയാണെങ്കില്‍ ഒരൊറ്റ മുജ്തഹിദും ഈ സമൂഹത്തില്‍ ഉണ്ടാവുകയില്ല. മറിച്ച്, ഒരു പണ്ഡിതനെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍ പ്രവാചകാധ്യാപനങ്ങളുടെ ഭൂരിഭാഗവും അയാള്‍ അറിഞ്ഞിരിക്കണം എന്നേ പറയാനൊക്കുകയുള്ളൂ. അതായത്, വളരെ കുറഞ്ഞ ചില വിശദാംശങ്ങളല്ലാത്തവയൊന്നും അദ്ദേഹം അറിയാതെ പോകരുത്. അതോടൊപ്പം, അദ്ദേഹത്തിന് ലഭിക്കാതെ പോയ ആ കുറഞ്ഞ ഹദീഥുകള്‍ ചിലപ്പോള്‍ അദ്ദേഹം മനസ്സിലാക്കിയ കാര്യങ്ങള്‍ക്ക് എതിരായി വരികയും ചെയ്‌തേക്കാം. (സ്വഹാബത്തിന്റെ ജീവിതത്തില്‍ നിന്നു തന്നെ അത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടു കഴിഞ്ഞു).

നബി ﷺ യില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഹദീഥുകള്‍ക്ക് എതിരായി പണ്ഡിതന്മാരുടെ വാക്കുകള്‍ വരാനുള്ള രണ്ടാമത്തെ കാരണം ആ വിഷയത്തിലുള്ള ഹദീഥ് ലഭിക്കാത്തതല്ല. പ്രത്യുത ആ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെയടുക്കല്‍ സ്വഹീഹായി (സ്വീകാര്യയോഗ്യമായി) സ്ഥിരപ്പെട്ടിട്ടുണ്ടാവുകയില്ല.

തന്നോട് പ്രസ്തുത സംഭവം റിപ്പോര്‍ട്ട് ചെയ്ത വ്യക്തിയോ അദ്ദേഹത്തോട് ആ ഹദീഥ് പറഞ്ഞ വ്യക്തിയോ അതുമല്ലെങ്കില്‍ അതിന്റെ പരമ്പര(സനദ്)യിലെ ഏതെങ്കിലും നിവേദകന്മാര്‍ (റാവികള്‍) ഹദീഥിന്റെ വിഷയത്തില്‍ സ്വീകാര്യയോഗ്യമല്ലാത്ത അജ്ഞാതരോ (മജ്ഹുല്‍) കളവ് പറഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടവരോ (മുത്തഹം) ഓര്‍മക്കുറവുള്ളവരോ (സയ്യിഉല്‍ ഹിഫ്ദ്വ്) പോലെയുള്ള അസ്വീകാര്യരായിരിക്കാം.

അതല്ലെങ്കില്‍ കണ്ണിമുറിയാത്ത കുറ്റമറ്റ പരമ്പരകളിലൂടെ പ്രസ്തുത ഹദീഥ് അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടാവില്ല. അതുമല്ലെങ്കില്‍ പ്രസ്തുത ഹദീഥിന്റെ പദങ്ങള്‍ ഇദ്ദേഹം കൃത്യപ്പെടുത്താതെയും വരാം. അതേ സമയം ഈ ഹദീഥ് മറ്റു പല പണ്ഡിതന്മാരുടെയും അടുക്കല്‍ കണ്ണിമുറിയാത്ത പരമ്പരയിലൂടെ കുറ്റമറ്റരീതിയില്‍ എത്തുകയും ചെയ്തിട്ടുണ്ടാവാം. അതായത്, അജ്ഞാതന്‍ (മജ്ഹൂല്‍) എന്ന് ഇദ്ദേഹം വിധിയെഴുതിയ നിവേദകന്‍ മറ്റു പലപണ്ഡിതന്മാരുടെയും അടുക്കല്‍ വിശ്വസ്തനും അറിയപ്പെട്ട ആളുമായിരിക്കാം. അതല്ലെങ്കില്‍ വിമര്‍ശന വിധേയരായ നിവേദകന്മാരിലൂടെയല്ലാതെ കുറ്റമറ്റ രീതിയില്‍ മറ്റുള്ളവര്‍ക്ക് പ്രസ്തുത ഹദീഥ് ലഭിച്ചിരിക്കാനും സാധ്യതയുണ്ട്. ചില ഹദീഥ് പണ്ഡിതന്മാര്‍ ഹദീഥിന്റെ പദങ്ങള്‍ സൂക്ഷ്മ പരിശോധനകളിലൂടെ ഉറപ്പ് വരുത്തിയിട്ടുള്ളത് കാണാം. അല്ലെങ്കില്‍ ആ റിപ്പോര്‍ട്ടിന് പിന്‍ബലമേകുന്ന മറ്റു റിപ്പോര്‍ട്ടുകള്‍ അഥവാ ‘ശവാഹിദു’കളും ‘മുതാബആത്തു’കളും മുഖേന അതിന്റെ പ്രബലത വ്യക്തമാക്കിയിട്ടുണ്ടാകും. ഇത്തരത്തിലുള്ള ധാരാളം റിപ്പോര്‍ട്ടുകള്‍ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളില്‍ കാണാം. ആദ്യകാലക്കാരായ സ്വഹാബത്തിലുള്ളതിനെക്കാള്‍ ഇത്തരം സംഗതികള്‍ കൂടുതലുള്ളത് താബിഈങ്ങളും തബഉത്താബിഈങ്ങളും മുതല്‍ അവര്‍ക്കു ശേഷമുള്ള പ്രമുഖരായ ഇമാമീങ്ങള്‍ വരെയുള്ളവരുടെ കാലങ്ങളിലാണ്.

ആളുകള്‍ക്കിടയില്‍ പ്രചരിക്കുകയും പ്രസിദ്ധമാവുകയുമൊക്കെ ചെയ്ത ചില ഹദീഥുകള്‍ പല പണ്ഡിതന്മാര്‍ക്കും ദുര്‍ബലമായ വഴികളിലൂടെയായിരിക്കും കിട്ടിയിട്ടുണ്ടാവുക. എന്നാല്‍ വേറെ ചിലര്‍ക്ക് ഈ ദുര്‍ബല വഴികളിലൂടെയല്ലാതെ കുറ്റമറ്റ പരമ്പരയിലൂടെ പ്രസ്തുത ഹദീഥുകള്‍ കിട്ടിയിട്ടുണ്ടാവുകയും ചെയ്യും. അപ്പോള്‍ കുറ്റമറ്റ വഴിയിലൂടെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രബലവും തെളിവിന് കൊള്ളുന്നവയുമായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലൊ. എന്നാല്‍ കുറ്റമറ്റ പരമ്പരയിലൂടെ പ്രസ്തുത ഹദീഥ്, അതിന് എതിരായി ‘ഫത്‌വ’ പറഞ്ഞ പണ്ഡിതന്മാര്‍ക്ക് ലഭ്യമായിട്ടുണ്ടാവില്ല. അതുകൊണ്ടാണ് ഹദീഥിന്റെ പ്രബലതയുമായി ബന്ധപ്പെടുത്തിക്കൊണ്ട് പല ഇമാമീങ്ങളും ഇങ്ങനെ പറഞ്ഞിട്ടുള്ളത്: ”ഈ വിഷയത്തില്‍ എന്റെ അഭിപ്രായം ഇന്നതാണ്. എന്നാല്‍ ഇതില്‍ ഇന്ന രൂപത്തില്‍ ഹദീഥ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അത് പ്രബലവും സ്വീകാര്യയോഗ്യവുമാണെങ്കില്‍ എന്റെ അഭിപ്രായം അതാണ്.”

മൂന്നാമത്തെ കാരണം: ഹദീഥ് ദുര്‍ബലമാണെന്ന വിശ്വാസം. മറ്റുള്ളവരുടെ അഭിപ്രായത്തിനു വിരുദ്ധമായി തന്റെ പഠന ഗവേഷണത്തിലൂടെ തനിക്ക് ലഭിച്ച ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല എന്ന വിലയിരുത്തല്‍ കൊണ്ട് ഒരു പണ്ഡിതന്‍ പറഞ്ഞ വാക്കുകള്‍ മറ്റുള്ളവരുടെ വാക്കുകള്‍ക്ക് എതിരാകാം. പ്രസ്തുത ഹദീഥ് പ്രബലമാകാനുള്ള വല്ല വഴികളുമുണ്ടോ എന്നൊന്നും നോക്കാതെ തന്നെ ലഭ്യമായ ഹദീഥിന്റെ പരമ്പര മാത്രം വിലയിരുത്തിക്കൊണ്ടുമാകാം പ്രസ്തുത വാക്കുകള്‍. ചിലപ്പോള്‍ ശരി അദ്ദേഹത്തോടൊപ്പമായിരിക്കാം. അല്ലെങ്കില്‍ മറ്റുള്ളവരുടെ അഭിപ്രായത്തോടൊപ്പമായിരിക്കാം. അതുമല്ലെങ്കില്‍ ‘ഓരോ മുജ്തഹിദിനും പ്രതിഫലമുണ്ട്’ എന്ന ന്യായമനുസരിച്ച് രണ്ടു കൂട്ടര്‍ക്കും ശരിയുടെ പക്ഷമുണ്ട് എന്നും വരാം

ഇതിനു പല കാരണങ്ങളുമുണ്ട്: 1) ഒരു ഹദീഥ് ഉദ്ധരിക്കുന്ന പണ്ഡിതന്‍ നിവേദകരില്‍ ഒരാളെ ദുര്‍ബലനായി (ദഈഫ്) കാണുന്നു. എന്നാല്‍ മറ്റൊരാള്‍ ആ വ്യക്തിയെ സ്വീകാര്യമായി (ഥികത്) കാണുകയും ചെയ്യുന്നു. നിവേദകരെ കുറിച്ചുള്ള അറിവിന്റെ മേഖല അതിവിശാലമാണ്. ചിലപ്പോള്‍ ആ നിവേദകന്‍ ദുര്‍ബലനാണെന്നു പറഞ്ഞ വ്യക്തിയുടെ വാക്കുകളായിരിക്കാം ശരി. ദുര്‍ബലതയുടെ ന്യായമായ കാരണങ്ങള്‍ അദ്ദേഹത്തിന് മനസ്സിലാക്കാന്‍ സാധിച്ചതുകൊണ്ട് അങ്ങനെ ഒരു തീരുമാനത്തിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നതായിരിക്കാം. അതുപോലെ തന്നെ ആ നിവേദകനെ കുറിച്ച് സ്വീകാര്യനെന്ന് വിധിപറഞ്ഞ പണ്ഡിതന്റെ വാക്കുകളും ശരിയാവാനുള്ള സാധ്യതയുണ്ട്. ഉപരിസൂചിത പണ്ഡിതന്‍ ന്യൂനതയായി കരുതിയ സംഗതി സത്യത്തില്‍ ഹദീഥിന്റെ സ്വീകാര്യതയില്‍ അയോഗ്യനാക്കുന്ന ഒരു ന്യൂനത അല്ലാത്തതുകൊണ്ടോ അതെല്ലങ്കില്‍ ന്യൂനത വിധിക്കുന്നതിനു തടസ്സമാകുന്ന മറ്റെന്തെങ്കിലും ന്യായം അദ്ദേഹത്തിനുണ്ടായതുകൊണ്ടോ ആകാം. ഇത് വിശാലമായൊരു മേഖലയാണ്. ഹദീഥ് നിവേദകന്മാരെ കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായങ്ങളും അഭിപ്രായ ഭിന്നതകളും ഉണ്ട്; മറ്റ് പല വിഷയങ്ങളിലും പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളത് പോലെ.

ഹദീഥ് നിവേദനം ചെയ്ത വ്യക്തി അദ്ദേഹത്തിന്റെ നേരെ മുകളിലുള്ള നിവേദകനില്‍ നിന്ന് നേരിട്ട് ഹദീഥ് കേട്ടതായി ഉറപ്പ് കിട്ടാത്തതുകൊണ്ട് ഒരു പണ്ഡിതന്‍ ഒരു ഹദീഥിനെ കുറിച്ച് ‘ദുര്‍ബലം’ എന്ന നിഗമനത്തിലെത്തിയേക്കാം. അതേസമയം മറ്റൊരു പണ്ഡിതന്‍ ആ നിവേദകന്മാര്‍ പരസ്പരം കാണുകയും ഹദീഥ് നേരിട്ട് കൈമാറുകയും ചെയ്തതായി സ്ഥിരീകരിച്ച് പറയുകയും ചെയ്‌തേക്കാം.

അപ്രകാരം തന്നെ ഹദീഥ് റിപ്പോര്‍ട്ട് ചെയ്ത നിവേദകന്‍ സ്വീകരിക്കാവുന്ന നേരായ അവസ്ഥയും (ഇസ്തിക്വാമത്ത്) സ്വീകരിക്കാന്‍ പറ്റാത്ത അവസ്ഥയും (ഇദ്തിറാബ്) ഉള്ള വ്യക്തിയാകാം. ഹദീഥ് നിവേദകന്റെ ഓര്‍മകള്‍ക്ക് തകരാര്‍ സംഭവിക്കുകയോ രേഖപ്പെടുത്തിയ ഹദീഥ് സമാഹാരം തീപിടിച്ചോ മറ്റോ നശിച്ചുപോയ അവസ്ഥയോ ഉള്ള വ്യക്തിയാണ് ഒരു നിവേദകനെങ്കില്‍ അദ്ദേഹം കുറ്റമറ്റ സന്ദര്‍ഭത്തില്‍ (ഇസ്തിക്വാമത്തിന്റെ ഘട്ടത്തില്‍) നിവേദനം ചെയ്ത ഹദീഥുകള്‍ സ്വീകരിക്കുകയും അതിനുശേഷമുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകളെ ദുര്‍ബലമായി ഗണിക്കുകയും ചെയ്യും. അഭിപ്രായ വ്യത്യാസത്തിലിരിക്കുന്ന ഹദീഥ് ഈ രണ്ടിനത്തില്‍ ഏതിലാണ് വരിക എന്ന് വ്യക്തമായി അറിയാതെ വരുമ്പോള്‍ വീക്ഷണ വ്യത്യാസമുണ്ടാകുന്നു. ഒരു പണ്ഡിതന്‍ ആ നിവേദകന്റെ പ്രസ്തുത ഹദീഥ് ഇദ്തിറാബിന്റെ ഘട്ടത്തിലുള്ള നിവേദനമായി പരിഗണിക്കുമ്പോള്‍ മറ്റൊരുപണ്ഡിതന്‍ അതിനെ ഇസ്തിക്വാമത്തിന്റെ റിപ്പോര്‍ട്ടായി ഗണിക്കുകയും ചെയ്യുന്നു. ഇക്കാര്യം സുവിദിതമാണ്.

ഹിജാസുകാരില്‍ അധികവും അഭിപ്രായപ്പെടുന്നത് ഹിജാസിലെ റിപ്പോര്‍ട്ടുകാരുമായി അടിസ്ഥാനപരമായി ബന്ധമില്ലാത്ത ഇറാഖി, സിറിയന്‍ നിവേദകരുടെ ഹദീഥുകള്‍ തെളിവിന് യോഗ്യമല്ല എന്നാണ്. എത്രത്തോളമെന്നാല്‍ അവരില്‍ ചിലര്‍ ഇങ്ങെന വരെ പറഞ്ഞിട്ടുണ്ട്: ഇറാഖുകാരുടെ ഹദീഥുകളെ നിങ്ങള്‍ അഹ്‌ലുല്‍കിതാബിന്റെ വാക്കുകളെ പോലെ ഗണിക്കുക. അതിനെ തള്ളുകയോ കൊള്ളുകയോ വേണ്ട.

മറ്റൊരാളോട് ഇങ്ങനെ ചോദിക്കുകയുണ്ടായി: ‘സുഫ്‌യാന്‍ മന്‍സ്വൂറില്‍ നിന്നും അദ്ദേഹം ഇബ്‌റാഹീമില്‍ നിന്നും അദ്ദേഹം അല്‍ക്വമയില്‍ നിന്നും അദ്ദേഹം അബ്ദുല്ലയില്‍ നിന്നും ഉദ്ധരിക്കുന്നത് പ്രബലമാണോ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അതിന് ഹിജാസില്‍ വല്ല അടിസ്ഥാനവുമുണ്ടെങ്കില്‍ പറ്റും, ഇല്ലെങ്കില്‍ പറ്റില്ല.’

ഇതെന്തു കൊണ്ടെന്നാല്‍; ഹദീഥുകള്‍ കൃത്യപ്പെടുത്തി സൂക്ഷിച്ചത് ഹിജാസുകാരാണെന്ന അവരുടെ വിശ്വാസത്താലാണ്. അതിനാല്‍ അവര്‍ക്ക് സുന്നത്ത് നഷ്ടപ്പെട്ടുപോയിട്ടില്ല. ഇറാഖുകാരുടെ നിവേദനങ്ങളാകട്ടെ, അവയില്‍ ഈ കണിശതയും കൃത്യതയും കാണുകയില്ല. അതിനാല്‍ ഒരു മധ്യനില അതില്‍ വേണ്ടതായി വന്നു.

ചില ഇറാഖീ പണ്ഡിതന്മാര്‍ സിറിയക്കാരുടെ റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമല്ലെന്ന അഭിപ്രായക്കാരാണ് . ഈ നിലപാടിന് എതിരാണ് ഭൂരിപക്ഷം പണ്ഡിതന്മാരും എങ്കിലും  എപ്പോള്‍ ഒരു ഹദീഥിന്റെ പരമ്പര (സനദ്)വിശിഷ്ടമാകുന്നുവോ അപ്പോള്‍ അതിലൂടെ വന്ന ഹദീഥും പ്രബലമായിരിക്കും. അത് ഹിജാസ്‌കാരിലൂടെയോ ഇറാഖികളിലൂടെയോ സിറിയ(ശാം)ക്കാരിലൂടെയോ മറ്റു എവിടെനിന്നോ വന്നതായാലും ശരി.

ഇമാം അബൂദാവൂദ് അസ്സിജതാനി(റഹി) ഓരോ നാട്ടുകാരില്‍ നിന്നും മാത്രമായി വന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഒരൊറ്റ നാട്ടുകാരിലൂടെയുമായി പ്രത്യേകം വന്ന റിപ്പോര്‍ട്ടുകളും മറ്റു നാടുകളില്‍ കൃത്യമായ സനദോട് കൂടി അവ കാണപ്പെടാത്തതും അദ്ദേഹം അതില്‍ വിശദമാക്കുന്നുണ്ട്

നാലാമത്തെ കാരണം: സത്യസന്ധതയും ഓര്‍മശക്തിയുമൊക്കെയുള്ള സ്വീകാര്യയോഗ്യനായ ഒരു നിവേദകന്റെ റിപ്പോര്‍ട്ടില്‍ ചിലര്‍ കൂടുതലായി വെക്കുന്ന നിബന്ധനകള്‍ കാരണമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായേക്കും. അത്തരം അധിക നിബന്ധനകളില്‍ മറ്റു പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ളതാണ് ഇതിനു കാരണം. ഉദാഹരണത്തിന് വിശ്വസ്തരായ വ്യക്തികളുടെ ആഹാദായ റിപ്പോര്‍ട്ടുകള്‍ ക്വുര്‍ആനിനോടും സുന്നത്തിനോടും ഒത്തുനോക്കണം എന്ന ചിലരുടെ  നിബന്ധന. അതേപോലെ ഹദീഥിന്റെ നിവേദകന്‍ കര്‍മശാസ്ത്ര പണ്ഡിതന്‍ കൂടിയായിരിക്കണമെന്ന നിബന്ധന; വിശിഷ്യാ ഖിയാസിന്റെ അടിസ്ഥാനങ്ങള്‍ക്ക് എതിരായി റിപ്പോര്‍ട്ട് ഉദ്ധരിക്കപ്പെടുമ്പോള്‍. അപ്രകാരം തന്നെ, എല്ലാവരെയും ബാധിക്കുന്ന പൊതുവായ ഹദീഥുകളാണ് എങ്കില്‍ പ്രചുരപ്രചാരം നേടാതെ പോയാല്‍ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ല എന്ന നിലപാടും ഇതിനുദാഹരണമാണ്. ഇതല്ലാത്ത വേറെയും പല നിബന്ധനകള്‍ ഇത്തരം ചര്‍ച്ചാ മേഖലകളില്‍ സുപരിചിതമാണ്.

(അവസാനിച്ചില്ല)

 

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ ‘റഫ്ഉല്‍ മലാം’ എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)
(വിവര്‍ത്തനം: ശമീര്‍ മദീനി )

പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍

പണ്ഡിതന്മാരോടുള്ള കടപ്പാടുകള്‍

അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള മൈത്രീബന്ധത്തിനു പുറമെ സത്യവിശ്വാസികളോടും ബന്ധം പുലര്‍ത്തണമെന്ന് ക്വുര്‍ആന്‍ പറയുന്നു; വിശിഷ്യാ അവരിലെ പണ്ഡിതന്മാരോട്. അവര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. അവരെ അല്ലാഹു നക്ഷത്രസ്ഥാനീയരാക്കി. മുസ്‌ലിംകളിലെ പണ്ഡിതന്മാര്‍ അവരില്‍ ഏറ്റവും ഉത്തമരാണ്. നബി ﷺ യുടെ പിന്‍ഗാമികളാണവര്‍. നബിചര്യകളില്‍ നിന്ന് വിസ്മരിക്കപ്പെടുന്നവയെ ഓര്‍മിപ്പിക്കുന്നവരാണ്. അവരിലൂടെയാണ് വേദഗ്രന്ഥം സജീവമാകുന്നത്. വേദഗ്രന്ഥത്തിലൂടെ അവരും സജീവമാകുന്നു. അവരെക്കുറിച്ച് ക്വുര്‍ആന്‍ പ്രശംസിച്ചു പറഞ്ഞിട്ടുണ്ട്. അവര്‍ ക്വുര്‍ആന്‍ കൊണ്ട് സംസാരിക്കുന്നവരാണ്.

സമൂഹം ഒന്നടങ്കം അംഗീകരിക്കുന്ന പണ്ഡിതന്മാര്‍ മനഃപൂര്‍വമായി നബി ﷺ യുടെ സുന്നത്തുകളില്‍ ഒന്നിനോടും -അതെത്ര ചെറുതോ വലുതോ ആകട്ടെ-എതിരു നില്‍ക്കുകയില്ല. അവരൊക്കെയും ഏകസ്വരത്തില്‍ ഉറപ്പിച്ചു പറഞ്ഞിട്ടുള്ള സംഗതിയാണ് നബി ﷺ യെ നിര്‍ബന്ധമായും പിന്‍പറ്റണമെന്നത്. നബി  ﷺ  ഒഴികെയുള്ള ആരുടെ വാക്കുകൡലും എടുക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമുണ്ടാകും എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അവരുടെ ആരുടെയെങ്കിലും വാക്കുള്‍ക്കെതിരായി സ്വീകാര്യയോഗ്യമായ ഹദീസ് കാണപ്പെട്ടാല്‍ അത് എടുക്കാതിരിക്കാനുള്ള ന്യായമായ വല്ലകാരണവു മുണ്ടായിരിക്കുമെന്നത് നാം മനസ്സിലാക്കണം. അഥവാ മനഃപൂര്‍വ്വം അവരാരും നബി ﷺ യുടെ അധ്യാപനങ്ങളെ കയ്യൊഴിക്കുകയില്ല.

അത്തരം ന്യായമായ കാരണങ്ങള്‍ മൂന്ന് തരത്തിലാണുണ്ടാവുക:

1) നബി ﷺ  അപ്രകാരം പറഞ്ഞതായി ആ പണ്ഡിതന്‍ കരുതാതിരിക്കുക.

2) അതല്ലെങ്കില്‍ പ്രസ്തുത വാക്കുകൊണ്ട് ആ വിഷയം ഉദ്ദേശിക്കപ്പെടുന്നതായി കരുതാതിരിക്കുക.

3) അതുമല്ലെങ്കില്‍ പ്രസ്തുത വിധി ദുര്‍ബലപ്പെടുത്തപ്പെട്ട ആദ്യകാല നിയമം (മന്‍സൂഖ്) ആണെന്ന് കരുതുക.

ഈ മൂന്ന് കാര്യങ്ങള്‍ തന്നെ മറ്റ് അനവധി കാരണങ്ങളായി വരുന്നതാണ്.

1) പ്രസ്തുത ഹദീസ് ആ പണ്ഡിതന് കിട്ടാതിരിക്കുക. ഒരു ഹദീസ് ലഭിച്ചിട്ടില്ലാത്തയാളെ സംബന്ധിച്ചിടത്തോളം അയാള്‍ അതിന്റെ തേട്ടമനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ശഠിക്കാവതല്ല. അങ്ങനെ പ്രസ്തുത ഹദീസ് കിട്ടാത്ത സ്ഥിതിക്ക് ആ വിഷയത്തില്‍ അയാള്‍ ഏതെങ്കിലും ആയത്തുകളുടെയോ മറ്റു ഹദീസുകളുടെയോ ബാഹ്യമായ തേട്ടമനുസരിച്ചായിരിക്കും വിധി പറഞ്ഞിട്ടുണ്ടാവുക. അതല്ലെങ്കില്‍ മറ്റു നിയമങ്ങളോട് ബന്ധിപ്പിച്ചുകൊണ്ടോ ഗവേഷണാന്മകമായ താരതമ്യത്തിലൂടെ(ഖിയാസ്)യോ മറ്റോ ആയിരിക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ വാക്ക് ആ ഹദീസിനോട് യോജിച്ചുവരാം. ചിലപ്പോള്‍ എതിരായും വരാം. ഇതാണ് സച്ചരിതരായ മുന്‍ഗാമികളുടെ വാക്കുകളില്‍ ഹദീസിനോടു എതിരായി കാണപ്പെടുന്നവയില്‍ മഹാഭൂരിഭാഗവും. നബി ﷺ യുടെ ഹദീസുകളെയെല്ലാം പരിപൂര്‍ണമായി ഉള്‍കൊണ്ടുകൊണ്ടുള്ള സമുദ്രസമാനമായ അറിവ് ആര്‍ക്കും തന്നെ ഉണ്ടായിട്ടില്ല. നബി ﷺ  ചില കാര്യങ്ങള്‍ സംസാരിക്കും, അല്ലെങ്കില്‍ ‘ഫത്‌വ’ കൊടുക്കുകയോ പറയുകയോ ചെയ്യും. അല്ലെങ്കില്‍ എന്തെങ്കിലും പ്രവര്‍ത്തിക്കും. അപ്പോള്‍ അവിടെ ഹാജരുള്ളവര്‍ അത് കേള്‍ക്കുകയും കാണുകയും ചെയ്യും. അവര്‍ ഹാജറില്ലാത്തവര്‍ക്ക് അത് എത്തിച്ചുകൊടുക്കും. അങ്ങനെ ആ അറിവ് സ്വഹാബികളിലും താബിഉകളിലുമുള്ള അല്ലാഹു ഉദ്ദേശിച്ചവരിലേക്ക് എത്തും. പിന്നീട് മറ്റൊരു സദസ്സില്‍ നബി ﷺ  സംസാരിക്കുകയോ ‘ഫത്‌വ’ നല്‍കുകയോ വിധിപറയുകയോ അല്ലെങ്കില്‍ വല്ലതും പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ ആദ്യസദസ്സിലില്ലാതിരുന്ന ചിലര്‍ സാക്ഷികളായിട്ടുണ്ടാവും. അവരും അവര്‍ക്ക് സാധിക്കുന്നവരിലേക്ക് ആ അറിവ് പകര്‍ന്നുകൊടുക്കും. അങ്ങനെ ചിലരുടെ പക്കലില്ലാത്ത അറിവ് മറ്റു ചിലരുടെ പക്കലുണ്ടാവുകയെന്നത് സ്വാഭാവികമാണ്. സ്വഹാബികളിലും ശേഷക്കാരിലുമൊക്കെയുള്ള പണ്ഡിതന്മാരിലെ മഹത്വത്തിന്റെ ഏറ്റവ്യത്യാസം ഇത്തരം ജ്ഞാനവര്‍ധനവിനും അതിന്റെ ഗുണനിലവാരത്തിനും അനുസരിച്ചുമായിരിക്കും ഉണ്ടാവുക.

എന്നാല്‍ നബി ﷺ യുടെ ഹദീസുകളെല്ലാം പരിപൂര്‍ണമായി ഒരാള്‍ ഗ്രഹിക്കുകയെന്നത് തീരെ അവകാശപ്പെടാന്‍ പറ്റുകയില്ല.

നബി ﷺ യുടെ അവസ്ഥകളും ചര്യകളുമൊക്കെ കൂടുതലറിയുന്ന ഖുലഫാഉര്‍റാശിദുകളുടെ കാര്യം തന്നെ എടുക്കുക. വിശിഷ്യാ അബൂബക്കര്‍ സ്വിദ്ദീക്വ്(റ); നബി ﷺ യോടൊപ്പം യാത്രയിലും അല്ലാത്തപ്പോഴുമൊക്കെ സദാസമയമുണ്ടായിരുന്നു അദ്ദേഹം. മുസ്‌ലിംകളുടെ കാര്യങ്ങളില്‍ രാത്രി നബി ﷺ യോടൊപ്പം അദ്ദേഹം സംസാരിച്ചിരിക്കുമായിരുന്നു; അപ്രകാരംതന്നെ ഉമര്‍(റ)വും.  പലപ്പോഴും നബി ﷺ  ഇങ്ങനെ പറയാറുണ്ടായിരുന്നു: ”ഞാനും അബൂബക്കറും ഉമറും അവിടെ പ്രവേശിച്ചു.” ”ഞാനും അബൂബക്കറും ഉമറും അവിടുന്ന് പുറപ്പെട്ടു.” എന്നിരുന്നിട്ടുകൂടി അബൂബക്കര്‍(റ)വിനോട് പിതാമഹിയുടെ (വല്ലിമ്മ) അനന്തരാവകാശത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്:

”അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിങ്ങള്‍ക്ക് ഒരു വിഹിതവും ഉള്ളതായി അറിവില്ല. നബി ﷺ യുടെ സുന്നത്തിലും നിങ്ങള്‍ക്ക് വല്ലതും അവകാശപ്പെട്ടതായി എനിക്കറിയില്ല. അതിനാല്‍ നിങ്ങള്‍ മറ്റുള്ളവരോട് കൂടി അന്വേഷിക്കുക.” അങ്ങനെ അവര്‍ ചോദിച്ചപ്പോള്‍ മുഗീറത്തുബ്‌നു ശുഅ്ബ(റ)യും മുഹമ്മദുബ്‌നു മസ്‌ലമ(റ)യും പറഞ്ഞു: ”നബി ﷺ  അവര്‍ക്ക് ആറില്‍ ഒന്ന് (1/6)നല്‍കിയിട്ടുണ്ട്”(അബൂദാവൂദ്, തിര്‍മുദി). ഇംറാനുബ്‌നു ഹുസൈ്വന്‍(റ)വും ഇക്കാര്യം അറിയിക്കുന്നുണ്ട്.

ഇവര്‍ മൂന്ന് പേരും (അറിവുകൊണ്ടും സ്ഥാനം കൊണ്ടും) അബൂബക്കര്‍(റ)വിനെ പോലെയോ മറ്റ് ഖലീഫമാരെ പോലെയോ അല്ല. എന്നിട്ടും ഇസ്‌ലാമിക സമൂഹം ഏകകണ്ഠമായി അംഗീകരിച്ച് പ്രവര്‍ത്തിച്ചുപോരുന്ന ഇക്കാര്യം ഇവര്‍ക്ക് മാത്രമാണ് കിട്ടിയത്.

അപ്രകാരം തന്നെ വീട്ടില്‍ കടക്കാന്‍ അനുവാദം ചോദിക്കുന്നതുമായി ബന്ധപ്പെട്ട ഹദീസിനെ കുറിച്ച് അബൂമൂസല്‍ അശ്അരി(റ) അറിയിക്കുകയും അന്‍സ്വാരികള്‍ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ഉമര്‍(റ)ന് ഇത് അറിയില്ലായിരുന്നു. ഉമര്‍(റ) ആകട്ടെ ഈ സുന്നത്തിനെ കുറിച്ച് സംസാരിച്ചവരെക്കാള്‍ മറ്റു വിഷയങ്ങളില്‍ അറിവുള്ളയാളാണ് താനും.

ഭര്‍ത്താവിന്റെ ദായധനത്തില്‍ നിന്നും ഭാര്യക്ക് അനന്തര വിഹിതം കിട്ടുമെന്ന കാര്യം ഉമര്‍(റ)വിന് അറിയില്ലായിരുന്നു. ഭാര്യയല്ലാത്ത മറ്റ് അടുത്ത ബന്ധുക്കള്‍ക്കു മാത്രമാണ് അത് അവകാശപ്പെട്ടത് എന്നായിരുന്നു ഉമര്‍(റ) ധരിച്ചു വെച്ചിരുന്നത്. അങ്ങനെ ദഹ്ഹാക്ക്ബ്‌നു സുഫ്‌യാന്‍(റ) അദ്ദേഹത്തിന് എഴുതി അറിയിച്ചു: (അദ്ദേഹം നബി ﷺ യുടെ നിര്‍ദേശ പ്രകാരം ചില പ്രദേശങ്ങളുടെ ഭരണ ചുമതലയുള്ള വ്യക്തി -അമീര്‍-ആണ്) ”നിശ്ചയം നബി ﷺ  അശ്‌യംഅദ്ദുബാബിയുടെ ഭാര്യക്ക് അദ്ദേഹത്തിന്റെ ദായധനത്തില്‍ നിന്ന് അനന്തരാവകാശം നല്‍കിയിട്ടുണ്ട്.” (അഹ്മദ്, അബുദാവൂദ്, തിര്‍മിദി). അപ്പോള്‍ ഉമര്‍(റ) തന്റെ അഭിപ്രായം ഉപേക്ഷിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ”ഇതിനെകുറിച്ച വിവരം നാം കേട്ടില്ലായിരുന്നുവെങ്കില്‍ അതിന് എതിരായി വിധിച്ചുകളയുമായിരുന്നു!”

അപ്രകാരം തന്നെ ‘ജിസ്‌യ’യുടെ കാര്യത്തില്‍ മജൂസികള്‍ക്കുള്ള വിധിയെന്താണെന്ന് അദ്ദേഹത്തിനറിയുമായിരുന്നില്ല. ‘വേദക്കാര്‍ക്കുള്ള വിധി അവര്‍ക്കും നടപ്പിലാക്കുക’ എന്ന് നബി ﷺ  പറഞ്ഞതായുള്ള വിവരം അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. (ഇത് ഇമാം ശാഫിഈ(റ) തന്റെ മുസനദില്‍ ‘മുര്‍സലായിട്ട്’ ഉദ്ധരിച്ചതാണ്. ഈ പദങ്ങളില്‍ വേറെയും ‘മുര്‍സല്‍’ രൂപത്തിലുള്ള നിവേദനങ്ങളുണ്ട്).

ഇമാം അഹ്മദ്, ബുഖാരി, അബൂദാവൂദ്, തിര്‍മിദി മുതലായവര്‍ ഉദ്ധരിക്കുന്നു: ”ഉമര്‍(റ) മജൂസികളില്‍ നിന്നും ജിസ്‌യ വാങ്ങിയിരുന്നില്ല. നബി ﷺ  ഹിജ്‌റിലെ മജൂസികളില്‍ നിന്ന് ജിസ്‌യ വാങ്ങിയിരുന്നതായി അബ്ദുറഹ്മാനുബ്‌നു ഔഫ്(റ) സാക്ഷ്യപ്പെടുത്തിയപ്പോഴാണ് അദ്ദേഹം അത് സ്വീകരിച്ചത്.”

സിറിയയിലേക്കുള്ള യാത്രയില്‍ ‘സര്‍ഗ്’ എന്ന സിറിയയുടെ അതിര്‍ത്തി പ്രദേശത്തെത്തിയപ്പോഴാണ് അവിടെ പ്ലേഗ് പടര്‍ന്നതായി അറിയുന്നത്. എന്തുചെയ്യണം എന്ന വിഷയത്തില്‍ കൂടെയുണ്ടായിരുന്ന മുഹാജിറുകളോടും പിന്നെ അന്‍സ്വാറുകളോടും പിന്നീട് മറ്റുള്ളവരോടും കൂടിയാലോചനകള്‍ നടത്തി. ഓരോരുത്തരും അവരുടെതായ അഭിപ്രായം പറഞ്ഞു. ഒരാളും നബി ﷺ യുടെ തദ്വിഷയകമായ അധ്യാപനത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. അങ്ങനെയിരിക്കെ അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) വന്നു. ആ വിഷയകമായി നബി ﷺ  പഠിപ്പിച്ച സുന്നത്ത് അദ്ദേഹം അറിയിച്ചു: ”നിങ്ങള്‍ ഒരു പ്രദേശത്തായിരിക്കെ അവിടെ പ്ലേഗ് ബാധിച്ചാല്‍ നിങ്ങള്‍ അവിടെ നിന്ന് പേടിച്ച് പുറത്ത് പോകരുത്. മറ്റൊരു നാട്ടില്‍ പ്ലേഗുള്ളതായി കേട്ടാല്‍ അവിടേക്കും നിങ്ങള്‍ ചെല്ലരുത്” (അഹ്മദ്, ബുഖാരി, മുസ്‌ലിം).

ഉമര്‍(റ)വും ഇബ്‌നു അബ്ബാസ്(റ)വും നമസ്‌കാരത്തില്‍ സംശയമുണ്ടായാല്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ വിഷയത്തിലുള്ള നബിചര്യ (സുന്നത്ത്) അവര്‍ക്ക് ലഭിച്ചിരുന്നില്ല. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) നബി ﷺ  പറഞ്ഞതായ ഹദീസ് അവരെ കേള്‍പിച്ചു: ”സംശയം ഒഴിവാക്കി ഉറപ്പുള്ളതിനെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുക” (അഹ്മദ്, മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി മുതലായവര്‍ അബൂ സഈദില്‍ ഖുദ്‌രി(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അബ്ദുറഹ്മാനു ഔഫി(റ)ന്റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണുള്ളത്: ”നിങ്ങളിലാരെങ്കിലും നമസ്‌കാരത്തില്‍ സംശയിക്കുകയും ഒരു റക്അത്താണോ രണ്ട് റക്അത്താണോ നമസ്‌കരിച്ചത് എന്ന് അറിയാതിരിക്കുകയും ചെയ്താല്‍ അതിനെ ഒരു റക്അത്തായി കണക്കാക്കട്ടെ…” ഇതില്‍ ‘സംശയം ഒഴിവാക്കി ഉറപ്പുള്ളതിനെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുക’ എന്ന ഭാഗം ഇല്ല (അഹ്മദ്, തിര്‍മുദി, ഇബ്‌നു മാജ എന്നിവര്‍ ഉദ്ധരിച്ചത്).

ഒരിക്കല്‍ ഉമര്‍(റ) ഒരു യാത്രയിലായിരുന്നു. അപ്പോള്‍ ശക്തമായി കാറ്റടിച്ചു വീശാന്‍ തുടങ്ങി. അന്നേരം അദ്ദേഹം ചോദിച്ചു: ”കാറ്റിനെ കുറിച്ച് ആരാണ് നമുക്ക് ഹദീസ് പറഞ്ഞു തരിക?” അബൂഹുറയ്‌റ(റ) പറഞ്ഞു: ”ഞാന്‍ ഏറ്റവും പിന്നിലായിരുന്നു. ഈ വിവരം ഞാനറിഞ്ഞപ്പോള്‍ വാഹനം തിരക്കി അദേഹത്തിന്റെ അടുക്കലെത്തി. എന്നിട്ട് കാറ്റടിച്ച് വീശുമ്പോള്‍ ചെയ്യാന്‍ നബി ﷺ  കല്‍പിച്ച കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു.” അതായത്, അവര്‍ പറഞ്ഞു: ”കാറ്റടിച്ച് വീശിയാല്‍ നബി ﷺ  ഇപ്രകാരം പറയുമായിരുന്നു: ‘അല്ലാഹുവേ, ഇതിന്റെയും ഇതില്‍ അടങ്ങിയിട്ടുള്ളതിന്റെയും ഇത് അയക്കപ്പെട്ടതിലെയും നന്മ ഞാന്‍ നിന്നോട് ചോദിക്കുന്നു. ഇതിന്റെയും ഇതിലടങ്ങിയിട്ടുള്ളതിന്റെയും ഇത് അയക്കപ്പെട്ടതിലെയും തിന്മയില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുകയും ചെയ്യുന്നു.”

എന്നാല്‍ അബൂദാവൂദും ഇബ്‌നുമാജയും അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം ചെയ്തതില്‍ ഇങ്ങനെയാണുള്ളത്: നബി ﷺ  പറഞ്ഞതായി ഞാന്‍ കേട്ടു: ”കാറ്റ് അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ഭാഗമാണ്. അത് ചിലപ്പോള്‍ കാരുണ്യത്തെയും മറ്റു ചിലപ്പോള്‍ ശിക്ഷയെയും കൊണ്ടുവരും. അതിനാല്‍ കാറ്റടിച്ചു വീശുന്നതായി നിങ്ങള്‍ കണ്ടാല്‍ അതിനെ ചീത്ത വിളിക്കരുത്. മറിച്ച് അതിന്റെ നന്മക്കുവേണ്ടി നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുകയും അതിന്റെ തിന്മയില്‍ നിന്ന് അല്ലാഹുവിനോട് രക്ഷതേടുകയും ചെയ്യുക.” ഇബ്‌നു ഹജര്‍(റ) പറഞ്ഞപോലെ ഇത് സ്വഹീഹായ ഹദീസാണ്.

എന്നാല്‍ ഈ പറഞ്ഞവയൊക്കെയും ഉമര്‍(റ)വിന് അറിയാതിരുന്നതും അദ്ദേഹത്തെക്കാള്‍ താഴെയുള്ളവര്‍ അദ്ദേഹത്തിന് അതിലെ നബിചര്യ അറിയിച്ചുകൊടുക്കുകയും ചെയ്തതായ സന്ദര്‍ഭങ്ങളാണ്. വേറെ ചില സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. അതിലെ സുന്നത്ത് അദ്ദേഹത്തിന് കിട്ടാതിരുന്നത് കൊണ്ട് ആ വിഷയത്തില്‍ സുന്നത്തിനനുസരിച്ചല്ലാത്ത വിധി പറയുകയും ‘ഫത്‌വ’ നല്‍കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

വിരലുകളുടെ ദായധനത്തില്‍ (ദിയയില്‍) അദ്ദേഹം വിധിപറഞ്ഞതുപോലെ: ”വിരലുകളുടെ ഉപകാരവും പ്രയോജനവുമനുസരിച്ച് ദിയ വ്യത്യസ്തമാണ്.”

എന്നാല്‍ അബൂമൂസ(റ), ഇബ്‌നു അബ്ബാസ്(റ) എന്നിവരുടെ അടുക്കല്‍ ഇതു സംബന്ധമായ ഒരു ഹദീസ് ഉണ്ടായിരുന്നു. വാസ്തവത്തില്‍ ഇവര്‍ രണ്ടുപേരും ഉമര്‍(റ)വിനെക്കാള്‍ അറിവില്‍ വളരെ താഴെയായിരുന്നു.

നബി ﷺ  പറഞ്ഞു: ”ചെറുവിരലും പെരുവിരലും സമമാണ്” (ബുഖാരി, അബൂദാവൂദ്, നസാഈ, ഇബ്‌നു മാജ).

ഈ പ്രവാചകവചനം മുആവിയ(റ)വിന്റെ ഭരണകാലത്ത് അദ്ദേഹത്തിന് ലഭ്യമാവുകയും അദ്ദേഹം അതനുസരിച്ച് വിധിക്കുകയും ചെയ്തു. മറ്റുള്ളവര്‍ അത് പിന്‍പറ്റുകയും ചെയ്തു. എന്നാല്‍  ഈ ഹദീസ് തനിക്ക് ലഭിച്ചില്ല എന്നത് ഉമര്‍(റ)നെ സംബന്ധിച്ച് ഒരു ആക്ഷേപവുമല്ല താനും.

അപ്രകാരം തന്നെ ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മുമ്പും ജംറതുല്‍ അക്വബയിലെ കല്ലേറിന് ശേഷം ത്വവാഫുല്‍ ഇഫാദയക്ക് മുമ്പും സുഗന്ധം ഉപയോഗിക്കുന്നത് ഉമര്‍(റ) വിലക്കാറുണ്ടായിരുന്നു.

ഉമര്‍(റ) മാത്രമല്ല മകന്‍ അബ്ദുല്ല(റ)യും മറ്റുപല പ്രമുഖരും അത് വിലക്കിയിരുന്നു. കാരണം അവര്‍ക്ക് ആഇശ(റ) ഉദ്ധരിച്ച ഹദീസ് ലഭിച്ചിരുന്നില്ല.

ആഇശ(റ) പറയുന്നു: ”ഞാന്‍ നബി ﷺ ക്ക് ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മുമ്പും ഇഹ്‌റാമില്‍ നിന്ന് തഹമ്മുലായപ്പോള്‍ ഇഫാദക്കു മുമ്പും സുഗന്ധം പുറട്ടിക്കൊടുത്തു.”

ഖുഫ്ഫ ധരിച്ചവരോട് ഒരു നിശ്ചിത സമയ പരിധിയില്ലാതെ അത് അഴിക്കുന്നത് വരെ എത്ര ദിവസം വേണമെങ്കിലും അതിന്‍മേല്‍ തടവാന്‍ അദ്ദേഹം നിര്‍ദേശിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഈ അഭിപ്രായം തന്നെയായിരുന്നു മുന്‍ഗാമികളില്‍പ്പെട്ട വേറെ ചിലര്‍ക്കും ഉണ്ടായിരുന്നത്. ഇവരുടെയത്ര വൈജ്ഞാനിക വിധാനത്തിലേക്കെത്തിയിരുന്നില്ലാത്ത മറ്റു ചിലര്‍ക്ക് കിട്ടിയ, ഖുഫ്ഫയിന്മേല്‍ തടവുന്നതിലെ സമയ പരിധി നിര്‍ണയിച്ചുകൊണ്ടുള്ള ഹദീസുകള്‍ അവര്‍ക്ക് ലഭിച്ചില്ല എന്നതായിരുന്നു അതിനു കാരണം. വ്യത്യസ്തങ്ങളായ നിരവധി വഴികളിലൂടെ അത് നബി ﷺ യില്‍ നിന്ന് സ്വഹീഹായ നിലയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് താനും.

അലി(റ)വില്‍ നിന്ന് ഇമാം അഹ്മദും ഇമാം മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്, ഖുസൈമതുബ്‌നു സാബിതില്‍(റ) നിന്ന് അഹ്മദ്, അബൂദാവൂദ്, തിര്‍മിദി എന്നിവരും, സ്വഫ്‌വാനുബ്‌നു അസ്ആല്‍(റ)ല്‍ നിന്ന് നസാഇ, തിര്‍മിദി, ഇബ്‌നു ഖുസൈമ എന്നിവരും, നുഫൈഉബ്‌നുല്‍ ഹാരിസി(റ)ല്‍ നിന്ന് ദാറക്വുത്വ്‌നി, ഇബ്‌നു ഖുസാമ എന്നിവരും ഉദ്ധരിച്ച ഹദീസുകളുമൊക്കെ ഖുഫ്ഫകളില്‍ തടവുന്നതിന് സമയപരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമായിരിക്കുന്നവയാണ്. അതായത്, നാട്ടിലുള്ളവരെ സംബന്ധിച്ചിടത്തോളം ഒരു രാവും ഒരു പകലും സമയം. യാത്രക്കാര്‍ക്കാണെങ്കില്‍ മൂന്ന് രാത്രികളും മൂന്ന് പകലുകളും.

അപ്രകാരം തന്നെ ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീ ഭര്‍ത്താവിന്റെ വീട്ടിലാണ് ഇദ്ദഃയാചരിക്കേണ്ടതെന്ന കാര്യം ഉസ്മാന്‍(റ)വിന് അറിയുമായിരുന്നില്ല. അബൂസഈദില്‍ ഖുദ്‌രി(റ)വിന്റെ സഹോദരി ഫുറൈഅ ബിന്‍ത് മാലിക്(റ)വിന്റെ വിഷയത്തില്‍ നബി ﷺ  നിര്‍ദേശിച്ച കാര്യം പറഞ്ഞപ്പോഴാണ് അദ്ദേഹം അത് അറിയുന്നത്. (അബൂദാവൂദ്, തിര്‍മിദി, നസാഇ, ഇബ്‌നുമാജ എന്നിവര്‍ ഉദ്ധരിച്ചിട്ടുള്ളത്. തിര്‍മിദി, ഇബ്‌നുഹിബ്ബാന്‍, ഹാകിം മുതലായവര്‍ അത് സ്വഹീഹാണെന്ന് പറയുകയും ചെയ്തിട്ടുണ്ട്). അപ്പോള്‍ ഉസ്മാന്‍(റ) അത് അംഗീകരിക്കുകയും ചെയ്തു.

അപ്രകാരം തന്നെ ഒരിക്കല്‍ ഉസ്മാന്‍(റ)വിന് വേണ്ടി വേട്ടയാടിപ്പിടിച്ചു കൊണ്ടുവന്ന ഒരു വേട്ടമൃഗത്തെ നല്‍കിയപ്പോള്‍ അത് ഭക്ഷിക്കുവാനായി ഉഥ്മാന്‍(റ) ആഗ്രഹിച്ച സമയത്താണ് അലി(റ) ഈ വിഷയത്തില്‍ തനിക്കറിയാവുന്ന പ്രവാചകാധ്യാപനം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്: ”നബി ﷺ  തനിക്കുവേണ്ടി സമര്‍പിക്കപ്പെട്ട വേട്ടമൃഗത്തെ ഇഹ്‌റാമിന്റെ വേളയില്‍ നിരാകരിച്ചു” (അഹ്മദ്).

ഇതു തന്നെയാണ് നാലാം ഖലീഫ അലിയ്യ്(റ)ന്റെയും സ്ഥിതി. അദ്ദേഹം പറയുന്നു: ”ഞാന്‍ നബി ﷺ യില്‍ നിന്ന് വല്ല ഹദീസും കേട്ടാല്‍ അത് സ്വീകരിക്കുകയും അല്ലാഹു ഉദ്ദേശിച്ചത്ര ഉപകരാം എനിക്കതിലൂടെ കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റാരെങ്കിലും എന്നോട് നബി ﷺ  പറഞ്ഞതായി ഹദീസുകള്‍ പറഞ്ഞാല്‍ ഞാന്‍ അവരോട് സത്യം ചെയ്യാനാവശ്യപ്പെടുമായിരുന്നു. അങ്ങനെ എന്നോട് സത്യം ചെയ്ത് പറഞ്ഞാല്‍ ഞാനത് സത്യപ്പെടുത്തി അംഗീകരിക്കുമായിരുന്നു. അബൂബക്കര്‍(റ) എന്നോട് ഹദീസ് പറഞ്ഞിട്ടുണ്ട്. അബൂബക്കര്‍(റ) സത്യമാണ് പറഞ്ഞത്. പ്രസിദ്ധമായ തൗബയുടെ നമസ്‌കാരത്തെക്കൂറിച്ച് പറയുന്ന ഹദീസ് അദ്ദേഹം പറഞ്ഞു: (ഇമാം അഹ്മദ്, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ മുതലായവര്‍ റിപ്പോര്‍ട്ടു ചെയ്ത ഹദീസ്).

അബൂബക്കര്‍(റ) പറയുന്നു: ”നബി ﷺ  പറഞ്ഞത് ഞാന്‍ കേട്ടു: ‘എന്തെങ്കിലും തെറ്റ് ചെയ്തു പോയ ഏതൊരാളും നല്ല രൂപത്തില്‍ വുദൂഅ് ചെയ്ത് രണ്ടു റക്അത്ത് നമസ്‌കരിക്കുകയും എന്നിട്ട് അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്താല്‍ അല്ലാഹു പൊറുക്കാതിരിക്കുകയില്ല.” ശേഷം അവിടുന്ന് ആലുഇംറാനിലെ 153ാമത്തെ ആയത്ത് ഓതി.

ഇബ്‌നുഹജര്‍(റ) ഈ ഹദീസിനെ കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ‘നല്ല പരമ്പരയോടു കൂടിയ ഹദീസാണിത്.’

സ്ത്രീ ഗര്‍ഭിണിയാണെങ്കില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള കാലമേതാണോ-അഥവാ 4 മാസവും 10 ദിവസവും അല്ലെങ്കില്‍ പ്രസവം നടക്കുന്നത് വരെ- ഇതില്‍ രണ്ടിലും ഏറ്റവും ദീര്‍ഘിച്ച അവധി ഏതാണോ അതാണ് ഇദ്ദാകാലഘട്ടമായി പരിഗണിക്കേണ്ടത് എന്ന് അലിയ്യ്(റ)വും ഇബ്‌നു അബ്ബാസ്(റ)വും മറ്റും പറഞ്ഞിട്ടുണ്ട്. കാരണം, സുബൈഅത്തുല്‍ അസ്‌ലമിയ്യ(റ)യുടെ വിഷയത്തില്‍ നബി ﷺ  പറഞ്ഞ ഹദീസ് അവര്‍ക്ക് ലഭിച്ചിരുന്നില്ല. സുബൈഅ(റ)യുടെ ഭര്‍ത്താവ് മരണപ്പെട്ടുമ്പോള്‍ അവര്‍ക്ക് നബി ﷺ  നല്‍കിയ ഫത്‌വ പ്രസവിക്കുന്നതുവരെ ഇദ്ദ ആചരിക്കുവാനായിരുന്നു. (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, ഇബ്‌നു മാജ മുതലായവര്‍ സമാനമായ പദങ്ങളിലൂടെ സുബൈഅത്തുല്‍ അസ്‌ലമിയ്യ(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതാണ് ഈ സംഭവം).

അലി(റ)വും സൈദ്(റ)വും ഇബ്‌നു ഉമര്‍(റ)വും മറ്റുമൊക്കെ ഫത്‌വ നല്‍കിയിരുന്നത് മഹ്‌റ് നിശ്ചയിക്കാതെ വിവാഹം ചെയ്യപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെട്ടാല്‍ അവള്‍ക്ക് മഹ്‌റിന് അവകാശമില്ല എന്നായിരുന്നു. കാരണം, ബര്‍വഅ് ബിന്‍ത് വാശിഖ്(റ)യുടെ കാര്യത്തിലുള്ള നബി ﷺ  ഹദീസ് അവര്‍ക്ക് കിട്ടിയിരുന്നില്ല. (ഇമാം അഹ്മദ്, അബൂദാവൂദ്, തിര്‍മിദി, നസാഇ, ഇബ്‌നുമാജ എന്നിവര്‍ ഇത് സ്വഹീഹാെണന്ന് പറഞ്ഞിട്ടുണ്ട്. ബര്‍വഅ്(റ)യുടെ ഭര്‍ത്താവ് ഹിലാലുബ്‌നു മുര്‍റ അല്‍അശ്ജീ ആണ്).

ഇത് വിശാലമായ ഒരു മേഖലയാണ്. നബി ﷺ യില്‍ നിന്ന് നേരിട്ട് ദീന്‍പഠിച്ച സ്വഹാബികളില്‍ നിന്ന് ഈ രൂപത്തില്‍ ഉദ്ധരിക്കപ്പെടുന്നത് നിജപ്പെടുത്താന്‍ സാധിക്കാത്ത അത്രയുണ്ടാകും. സ്വഹാബികള്‍ ഈ ഉമ്മത്തിലെ ഏറ്റവും പാണ്ഡിത്യവും പരിജ്ഞാനവുമുള്ളവരാണ്. ഏറ്റവും സൂക്ഷമാലുക്കളും ശ്രേഷ്ഠരുമാണ്. അവര്‍ക്ക് ശേഷമുള്ളവരാകട്ടെ ഇത്തരം കാര്യങ്ങളില്‍ അവരെക്കാള്‍ വളരെ സ്ഥാനം കുറഞ്ഞവരാണ്. എന്നിട്ടും പ്രവാചകാധ്യാപനങ്ങളില്‍ ചിലത് അവരില്‍ ചിലര്‍ക്ക് അപ്രാപ്യമായി എന്നത് വിശദീകരണമാവശ്യമില്ലാത്തവിധം വ്യക്തമായ സംഗതിയാണ്. എന്നിരിക്കെ നബി ﷺ യുടെ സ്വഹീഹായ എല്ലാ ഹദീസുകളും ഇമാമീങ്ങളില്‍ ഓരോരുത്തര്‍ക്കും ലഭിച്ചുവെന്നോ അതല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രത്യേക ഇമാമിന് അവയെല്ലാം കിട്ടിയെന്നോ ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ അയാള്‍ വ്യക്തമായ പിഴവിലും അബദ്ധ ധാരണയിലുമാണുള്ളത്.

ഹദീസുകളെല്ലാം ക്രോഡീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ അവ ഇമാമീങ്ങള്‍ക്ക് ലഭിക്കാതെ പോവുക എന്നത് അതിവിദൂരമാണ് എന്നൊന്നും  ഒരാള്‍ക്കും പറയുവാന്‍ സാധ്യമല്ല. കാരണം, സുപ്രസിദ്ധമായ ഈ ഹദീസ് സമാഹാരങ്ങളൊക്കെയും മദ്ഹബിന്റെ ഇമാമീങ്ങളുടെ കാലങ്ങള്‍ക്ക് ശേഷം ക്രോഡീകരിക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ നബി ﷺ യുടെ ഹദീസുകളെല്ലാം ഏതെങ്കിലും പ്രത്യേക ഗ്രന്ഥങ്ങളില്‍ സമ്പൂര്‍ണമായി ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു എന്ന് വാദിക്കാന്‍ സാധ്യമല്ല. ഇനി, നബി ﷺ യുടെ അധ്യാപനങ്ങളെല്ലാം അപ്രകാരം ഏതെങ്കിലും ഗ്രന്ഥത്തില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു എന്ന് സങ്കല്‍പിച്ചാല്‍ തന്നെ, അവയെല്ലാം ഏതെങ്കിലും ചില പണ്ഡിതന്മാര്‍ക്ക് അറിയുമെന്ന് കരുതാനും ന്യായമില്ല. അങ്ങനെയൊരു സംഗതി ഒരാള്‍ക്കും ഉണ്ടാകാന്‍ പോകുന്നതല്ല. നേരെ മറിച്ച് ചിലപ്പോള്‍ ചിലരുടെ കൈവശം ധാരാളം ഗ്രന്ഥ ശേഖരങ്ങളുണ്ടായേക്കാം, എന്നാല്‍ അവയിലുള്ളത് മുഴുവനും അയാള്‍ ഗ്രഹിച്ചുകൊള്ളണമെന്നില്ല. മാത്രമല്ല, ഈ ഗ്രന്ഥശേഖരങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നവരാണ് വാസ്തവത്തില്‍ പില്‍കാലക്കാരെക്കാള്‍ സുന്നത്തുകളെ സംബന്ധിച്ച് കൂടുതല്‍ ഗ്രാഹ്യതയുണ്ടായിരുന്നവര്‍.

ഹദീസുകള്‍ പ്രചരിക്കുകയും പ്രസിദ്ധമാവുകയുമൊക്കെ ചെയ്തിരിക്കും. എന്നാല്‍ അവ പല പണ്ഡിതന്മാര്‍ക്കും ദുര്‍ബലമായ വഴികളിലൂടെയായിരിക്കും കിട്ടിയിട്ടുണ്ടാവുക. അതോടൊപ്പം വേറെ ചിലര്‍ക്ക് ഈ ദുര്‍ബല മാര്‍ഗങ്ങളിലൂടെയല്ലാതെ പ്രബലമായ പരമ്പരയിലൂടെ തന്നെ പ്രസ്തുത ഹദീസുകള്‍ കിട്ടിയിട്ടുണ്ടാവുകയും ചെയ്യും. അപ്പോള്‍ ഈ വഴിയിലൂടെ വന്നത് പ്രബലവും തെളിവിന്ന് കൊള്ളുന്നതുമായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ ഇതിന്ന് എതിരായ വിധി പറഞ്ഞ പണ്ഡിതന്മാര്‍ക്ക് ഈ ഹദീസുകള്‍ ലഭ്യമായിട്ടുണ്ടാകില്ല എന്നും വരാം. അതുകൊണ്ടാണ് ഹദീസിന്റെ പ്രബലതയുമായി ബന്ധപ്പെടുത്തിക്കൊണ്ട് പല ഇമാമീങ്ങളും ഇപ്രകാരം പറയുന്നത്: ”ഈ വിഷയത്തില്‍ എന്റെ അഭിപ്രായം ഇന്നതാണ്. ഇതില്‍ ഇന്ന രൂപത്തില്‍ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അത് പ്രബലമാണെങ്കില്‍ എന്റെ അഭിപ്രായം അതാണ്.” (അവസാനിച്ചില്ല)

 

(ശൈഖുല്‍ ഇസ്ലാം ഇബ്‌നു തീമിയയുടെ ‘റഫ്ഉല്‍ മലാം’ എന്ന ഗ്രന്ഥത്തിന്റെ വിവര്‍ത്തനം)
(വിവര്‍ത്തനം: ശമീര്‍ മദീനി )

പ്രവാചകന്റെ വിവേകപൂര്‍ണമായ നിലപാടുകള്‍

പ്രവാചകന്റെ വിവേകപൂര്‍ണമായ നിലപാടുകള്‍

മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ സാഹോദര്യം ഉണ്ടാക്കിയതിന് ശേഷം പ്രവാചകന്‍  ﷺ  ചെയ്തത് ജാഹിലിയ്യത്തിന്റെ ശൈഥില്യങ്ങളില്‍ നിന്നും മുന്‍കാല തര്‍ക്കങ്ങളില്‍ നിന്നുമെല്ലാം മുക്തമായ പരസ്പര ഉടമ്പടി കരാറുകളായിരുന്നു. മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ കരാറുണ്ടാക്കുകയും മദീനയിലെ ജൂതന്മാരെ കൂടി ഉള്‍പെടുത്തിക്കൊണ്ടുള്ള സന്ധിയില്‍ ഏര്‍പ്പെടുകയും ചെയ്തു. നബി ﷺ യുടെ യുക്തിപൂര്‍ണമായ ഒരു നടപടിയായിരുന്നു ഇത്.

മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ പ്രവാചകന്‍ ﷺ  കരാര്‍ എഴുതിത്തയ്യാറാക്കിയ ശേഷം യഹൂദികളെ അതില്‍ ഇണക്കിച്ചേര്‍ത്ത് അവരുമായും കരാറിലേര്‍പ്പെട്ടു. ഈ പ്രവര്‍ത്തനം പ്രവാചകന്റെസൂക്ഷ്മമായ ലക്ഷ്യവും പൂര്‍ണമായ ഹിക്മത്തും വിളിച്ചറിയിക്കുന്നതാണ്. മദീനയിലെ യഹൂദികള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ശക്തമായ സഖ്യം ഉണ്ടാക്കുവാനും മദീനയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുവാനും ഇതുവഴി സാധിക്കുകയും ചെയ്തു.

പള്ളിനിര്‍മാണം, ജൂതന്മാരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കല്‍, വിശ്വാസികള്‍ക്കിടയില്‍ സാഹോദര്യം ഉണ്ടാക്കല്‍, അവര്‍ക്ക് ശിക്ഷണം നല്‍കല്‍, കരാര്‍ ഉടമ്പടി എന്നിവകൊണ്ടെല്ലാം പ്രവാചകന്‍ ﷺ  അല്ലാഹുവിന്റെ ഔദാര്യത്താല്‍ മദീനാവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു. മുമ്പുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുസ്‌ലിം ഹൃദയങ്ങളെ ഏകോപിപ്പിച്ചു. മദീനയുമായി ഇഴുകിച്ചേര്‍ന്ന സമൂഹത്തെ രൂപപ്പെടുത്തിയതിന് ശേഷം അതിനെതിരില്‍ വന്ന ശക്തികളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും ചെയ്തു. 56 സൈനിക നീക്കങ്ങള്‍ പ്രവാചകന്റെ കാലത്ത് നടന്നിട്ടുണ്ട്. 27 എണ്ണത്തില്‍ പ്രവാചകന്‍ ﷺ  നേരിട്ട് നായകത്വം വഹിക്കുകയും ചെയ്തു.

യുദ്ധസന്ദര്‍ഭങ്ങളിലെ യുക്തിപൂര്‍ണമായ നിലപാട്

ബദ്ര്‍ യുദ്ധം: യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രവാചകന്‍ ﷺ  ഹിക്മത്തിലധിഷ്ഠിതമായ നിലപാട് വ്യക്തമാക്കി. കാരണം അന്‍സ്വാറുകളുടെ നിലപാട് അറിയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. മദീനയില്‍വെച്ച് നബി ﷺ യെ തങ്ങളുടെ ശരീരത്തെക്കാളും സമ്പത്തിനെക്കാളും ഇണകളെക്കാളും സന്താനങ്ങളേക്കാളും സംരക്ഷിക്കും എന്ന് അവര്‍ അനുസരണ പ്രതിജ്ഞ (ബൈഅത്ത്) ചെയ്തിരുന്നു. എന്നാല്‍ മദീനക്ക് പുറത്ത് ആക്രമണം ഉണ്ടായാല്‍ അന്‍സ്വാറുകള്‍ സംരക്ഷിക്കുമോ എന്നാണ് പ്രവാചകന് അറിയാനുണ്ടായിരുന്നത്. അതിന്റെ സൂചനകള്‍ നല്‍കി പ്രവാചകന്‍ ﷺ  സംസാരിച്ചു. അപ്പോള്‍ അബൂബക്കര്‍(റ) എഴുന്നേറ്റ് നിന്ന് പിന്തുണ അറിയിച്ച് സംസാരിച്ചു. പിന്നെ ഉമറുബ്‌നുല്‍ ഖത്ത്വാബ്(റ) സംസാരിച്ചു. പ്രവാചകന്‍ ﷺ  രണ്ടാമതും സൂചനകളിലൂടെ സംസാരിച്ചു. അപ്പോള്‍ മിഖ്ദാദ്(റ) എഴുന്നേറ്റ് സംസാരിച്ചു. ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹു താങ്കളോട് എന്താണോ കല്‍പിക്കുന്നത് അത് നടപ്പില്‍ വരുത്തിക്കൊള്ളുക. ഞങ്ങള്‍ താങ്കളോടൊപ്പമുണ്ട്. അല്ലാഹുവാണെ സത്യം! ഞങ്ങള്‍ താങ്കളോട് ബനൂ ഇസ്‌റാഈല്യര്‍ മൂസാനബിയോട് പറഞ്ഞത് പോലെ പറയുകയില്ല. മൂസാ നബിയോട് അദ്ദേഹത്തിന്റെ ജനത പറഞ്ഞത് നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യുക. ഞങ്ങള്‍ ഇവിടെ ഇരിക്കാം എന്നാണ്. എന്നാല്‍ ഞങ്ങള്‍ പറയുന്നത് താങ്കളും താങ്കളുടെ റബ്ബും പോയി യുദ്ധം ചെയ്യുക; ഞങ്ങളും താങ്കേളാടൊപ്പം യുദ്ധം ചെയ്യുന്നവരായിരിക്കും എന്നാണ്. ഞങ്ങള്‍ താങ്കളുടെ വലത്തും ഇടത്തും മുന്നിലും പിന്നിലും യുദ്ധം ചെയ്യും.’ മൂന്നാമതും സൂചന നല്‍കിയപ്പോള്‍ അന്‍സ്വാറുകള്‍ക്ക് മനസ്സിലായി അവരെയാണ് ഉദ്ദേശിച്ചതെന്ന്. സഅദ്ബ്‌നു മുആദ്(റ) ധൃതിയില്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു: ‘പ്രവാചകരേ, താങ്കള്‍ ഞങ്ങളെയാണോ ഉദ്ദേശിക്കുന്നത്? അന്‍സ്വാറുകള്‍ അവരുടെ വീടുകളില്‍ വെച്ചല്ലാതെ താങ്കളെ സഹായിക്കില്ല എന്ന് താങ്കള്‍ ഭയപ്പെടുന്നുണ്ടോ? എങ്കില്‍ അവര്‍ക്ക് വേണ്ടി ഞാന്‍ ഉത്തരം നല്‍കുന്നു. താങ്കള്‍ ഉദ്ദേശിച്ചിടത്തേക്ക് പോവുക. ഉദ്ദേശിച്ചവരുമായി ബന്ധം ചേര്‍ക്കുക. ഉദ്ദേശിച്ചവരുമായി ബന്ധം വിഛേദിക്കുക. ഞങ്ങളുടെ സമ്പത്തില്‍ നിന്ന് താങ്കള്‍ ഉദ്ദേശിച്ചത്ര എടുത്ത് കൊള്ളുക. താങ്കള്‍ ഉദ്ദേശിച്ചത് ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യുക. താങ്കള്‍ ഞങ്ങളില്‍ ഉപേക്ഷിച്ചതിനെക്കാള്‍ ഞങ്ങളില്‍ നിന്ന് എടുത്തതിനെയാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം. താങ്കള്‍ ഞങ്ങളോട് ഏതൊരു കല്‍പന കല്‍പിക്കുന്നുവോ അത് ഞങ്ങള്‍ പിന്തുടരും. താങ്കള്‍ ഞങ്ങളോട് ഒരു സമുദ്രത്തിന്റെ നടുവിലേക്കാണ് ഇറങ്ങാന്‍ പറയുന്നതെങ്കില്‍ ഞങ്ങള്‍ അതും അനുസരിക്കും. ഒരാളും ഞങ്ങളില്‍നിന്ന് പിന്തിരിയില്ല.’ ഇത്രയും കേട്ടപ്പോള്‍ പ്രവാചകന് അങ്ങേയറ്റത്തെ സന്തോഷമായി. അവിടുന്ന് പറഞ്ഞു:

‘നിങ്ങള്‍ സഞ്ചരിച്ചുകൊള്ളുക, നിങ്ങള്‍ സന്തോഷിച്ച് കൊള്ളുക. തീര്‍ച്ചയായും രണ്ടിലൊരു സഖ്യത്തെ വിജയിപ്പിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. ഇപ്പോള്‍ ജനങ്ങള്‍ യുദ്ധം ചെയ്യുന്നത് എനിക്ക് കാണുന്നത് പോലെയുണ്ട്'(ഇബ്‌നു ഹിശാം).

ബദ്‌റിലെ ഏറ്റവും പ്രധാനപ്പെട്ട നിലപാട് അല്ലാഹുവിലുള്ള ഭരമേല്‍പിക്കലായിരുന്നു. കാരണം നബി ﷺ ക്ക് അറിയാമായിരുന്നു; ആളുകളുടെ ആധിക്യമല്ല സഹായം ലഭിക്കുന്നതിന് നിദാനമെന്നും മറിച്ച് കാരണങ്ങളെ സമീപിക്കുന്നതോടൊപ്പം റബ്ബിലുള്ള അചഞ്ചലമായ തവക്കുലാണ് എന്നും.

ഉമര്‍(റ) നിവേദനം: ”ബദ്ര്‍ യുദ്ധത്തില്‍ നബി ﷺ  ബഹുദൈവവിശ്വാസികളെ നോക്കി. അവര്‍ ആയിരം പേരുണ്ടായിരുന്നു. നബി ﷺ യുടെ സ്വഹാബിമാര്‍ 319 പേരായിരുന്നു. അല്ലാഹുവിന്റെ പ്രവാചകന്‍ ക്വിബ്‌ലക്ക് അഭിമുഖമായി നിന്നു. പിന്നെ കൈ ഉയര്‍ത്തി, എന്നിട്ട് അല്ലാഹുവിനോട് ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവേ, എന്നോട് നീ വാഗ്ദാനം ചെയ്തത് പാലിക്കേണമേ. അല്ലാഹുവേ, എന്നോട് നീ വാഗ്ദാനം ചെയ്തത് എനിക്കു തരൂ. അല്ലാഹുവേ, ഇസ്‌ലാമിന്റെ വക്താക്കളായ ഈ സംഘം നശിച്ചാല്‍ ഭൂമിയില്‍ നീ ആരാധിക്കപ്പെടുകയില്ല.’

പ്രവാചകന്‍ ﷺ  റബ്ബിനോട് ഇരുകരങ്ങളും നീട്ടി ക്വിബ്‌ലക്ക് അഭിമുഖമായി നിന്ന് ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ ചുമലില്‍ നിന്നും തട്ടം താഴെ വീണു. അപ്പോള്‍ അബൂബക്കര്‍(റ) വന്ന് തട്ടമെടുത്തു ചുമലില്‍ ഇട്ടുകൊടുത്തു. പിന്നെ നബി ﷺ യുടെ പിറകില്‍ തന്നെ നിന്നു. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, മതി താങ്കളുടെ റബ്ബിനോടുള്ള തേട്ടം. തീര്‍ച്ചയായും അവന്‍ താങ്കളോട് ചെയ്ത കരാര്‍ നിറവേറ്റുക തന്നെ ചെയ്യും.’ അപ്പോള്‍ അല്ലാഹു ഇങ്ങനെ വചനമിറക്കി: ‘നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി. അങ്ങനെ അല്ലാഹു മലക്കുകളെകൊണ്ട് സഹായിച്ചു.”

ഉഹ്ദ് യുദ്ധം

 നബി ﷺ യുടെ ധീരമായ നിലപാടുകള്‍ക്കും പ്രതിസന്ധികളില്‍ ക്ഷമിക്കാനുള്ള കഴിവിനുമുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഉഹ്ദ് യുദ്ധം. മഹത്തായ യുദ്ധതന്ത്രമാണ് അതില്‍ പ്രവാചകന്‍ ﷺ  കാഴ്ച വെച്ചത്. ആദ്യ സന്ദര്‍ഭത്തില്‍ ഉഹ്ദില്‍ മുസ്‌ലിംകള്‍ക്കായിരുന്നു വിജയം. സ്ത്രീകളെ മാത്രം ബാക്കിവെച്ച് കൊണ്ട് മുശ്‌രിക്കുകള്‍ യുദ്ധത്തില്‍ നിന്നും പിന്തിരിഞ്ഞോടി. മുസ്‌ലിംകള്‍ യുദ്ധമുതല്‍ ഒരുമിച്ച് കൂട്ടുന്നത് കണ്ടപ്പോള്‍ പ്രവാചകന്റെ കല്‍പന കിട്ടുന്നത് കാത്തുനില്‍ക്കാതെ മലയില്‍ നിര്‍ത്തിയിരുന്ന അമ്പെയ്ത്തുകാര്‍ മുശ്‌രിക്കുകള്‍ ഇനി മടങ്ങിവരില്ലെന്ന ധാരണയാല്‍ താഴേക്ക് ഇറങ്ങിവന്നു. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ മുശ്‌രിക്കുകളുടെ കുതിരപ്പടയാളികളില്‍ ഒഴിഞ്ഞ പ്രദേശത്തിലൂടെ കയറിവരികയും മുസ്‌ലിംകളെ കീഴടക്കുകയും ചെയ്തു. എഴുപതോളം സ്വഹാബിമാര്‍ രക്തസാക്ഷികളായി. സ്വഹാബികളില്‍ ചിലര്‍ പിന്തിരിഞ്ഞോടി. പ്രവാചകന് പരിക്കുപറ്റി. അദ്ദേഹത്തെ പ്രതിരോധിച്ചിരുന്ന സ്വഹാബത്തിനെ കൊലപ്പെടുത്തി.

”അനസ്ബ്‌നു മാലിക്(റ) നിവേദനം: ”നബി ﷺ  ഉഹ്ദ് ദിനത്തില്‍ ഏഴു അന്‍സ്വാറുകളുടെയും ക്വുറൈശികളായ രണ്ടാളുകളുടെയും ഇടയിലായി ഒറ്റപ്പെട്ടുപോയി. (ശത്രുക്കള്‍) നബി ﷺ യെ വളഞ്ഞപ്പോള്‍ നബി ﷺ  പറഞ്ഞു: ‘ഞങ്ങളെ ഇവരില്‍ നിന്ന് തടുക്കുവാന്‍ ആരുണ്ട്? അവനു സ്വര്‍ഗമുണ്ട്. (അല്ലെങ്കില്‍) അവന്‍ സ്വര്‍ഗത്തില്‍ എന്റെ സ്‌നേഹിതനാണ്.’ അപ്പോള്‍ അന്‍സ്വാറുകളില്‍ നിന്ന് ഒരാള്‍ മുന്നോട്ട് വന്നു. അദ്ദേഹം യുദ്ധം ചെയ്തു. അങ്ങനെ വധിക്കപ്പെട്ടു. പിന്നെയും അവര്‍ നബി ﷺ യെ വളഞ്ഞു. അപ്പോഴും നബി ﷺ  പറഞ്ഞു: ‘ഞങ്ങളെ ഇവരില്‍ നിന്നു തടുക്കുവാനാരുണ്ട്? അവന് സ്വര്‍ഗമുണ്ട്. (അല്ലെങ്കില്‍) അവന്‍ സ്വര്‍ഗത്തില്‍ എന്റെ സ്‌നേഹിതനാണ്.’ അപ്പോഴും അന്‍സ്വാറുകളില്‍ നിന്ന് ഒരാള്‍ മുന്നോട്ട് വന്നു. യുദ്ധം ചെയ്തു. വധിക്കപ്പെട്ടു. ഇപ്രകാരം ആ (അന്‍സ്വാറുകളായ) ഏഴുപേരും വധിക്കപ്പെട്ടു. അപ്പോള്‍ നബി ﷺ യുടെ കൂടെയുള്ള രണ്ട് സ്‌നേഹിതന്മാരോട് പറഞ്ഞു: ‘നമ്മുടെ സ്വഹാബിമാരോട് നാം നീതി കാണിച്ചില്ല.’ (ആരാണ് നമ്മെ തടയുകയെന്ന് നബി  ﷺ  ചോദിച്ചപ്പോള്‍ കൂടെയുള്ള ഏഴു അന്‍സാറുകളും മുന്നോട്ടുവന്നു മരണം വരിക്കാന്‍ തയ്യാറായി. എന്നാല്‍ ക്വുറൈശികളായ രണ്ടുപേരും മുന്നോട്ടു വന്നില്ല. അതുകൊണ്ടാണ് നബി ﷺ  പറഞ്ഞത്; നാം അവരോട് നീതി കാട്ടിയില്ലെന്ന്)” (മുസ്‌ലിം).

സഹ്‌ലുബ്‌നു സഅദ്(റ) നബി ﷺ ക്ക് ഉഹ്ദില്‍ (പറ്റിയ) മുറിവിനെ കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരുടെ മുഖത്ത് മുറിവേറ്റു. കോമ്പല്ലുകള്‍ പൊട്ടിപ്പോയി. തലയിലുണ്ടായിരുന്ന ചട്ട തകര്‍ക്കപ്പെട്ടു. റസൂലി ﷺ ന്റെ പുത്രി ഫാത്വിമ(റ) രക്തം കഴുകിക്കൊണ്ടിരുന്നു. അലി(റ) വെള്ളം ഒഴിച്ചുകൊടുത്തു. വെള്ളം ഒഴിക്കുമ്പോള്‍ രക്തം കൂടുതല്‍ ഒഴുകുന്നത് ഫാത്വിമ(റ) കണ്ടപ്പോള്‍ ഒരു പായക്കഷ്ണം കത്തിച്ച് അത് ചാരമായപ്പോള്‍ മുറിവില്‍ പതിച്ചുവെച്ചു. അപ്പോള്‍ രക്തമൊഴുക്ക് നിലച്ചു.”

ഇത്തരം ഉപദ്രവങ്ങളെല്ലാം ഏല്‍ക്കേണ്ടിവന്നിട്ടും പ്രവാചകന്‍ ﷺ  അവര്‍ക്കെതിരില്‍ പ്രാര്‍ഥിച്ചില്ല. മറിച്ച്, അവര്‍ക്ക് പൊറുത്ത് കൊടുക്കുവാന്‍ വേണ്ടി പ്രാര്‍ഥിക്കുകയാണ് ചെയ്തത്!

മുഴുവന്‍ പ്രവാചകന്മാരും ഇങ്ങനെയായിരുന്നു. വിവേകവും  ഉള്‍ക്കാഴ്ചയുമുള്ള സമീപനമാണ് ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം അവരില്‍നിന്നും ഉണ്ടായിട്ടുള്ളത്. തങ്ങളെ ഉപദ്രവിച്ച ജനതയോട് അവര്‍ വിട്ടുവീഴ്ചയും അനുകമ്പയും കാണിച്ചു. അതോടൊപ്പം അവരുടെ ഹിദായത്തിനും അവരുടെ അവിവേകങ്ങള്‍ക്ക് പൊറുത്ത് കൊടുക്കാനും വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു.

 

അബ്ബാസ് ചെറുതുരുത്തി
നേർപഥം വാരിക