ആരെന്ന് പറയാമോ?

ആരെന്ന് പറയാമോ?

കുഞ്ഞിക്കിളിയേ കുഞ്ഞിക്കിളിയേ ചൊല്ലാമോ

കൗതുകമേറും വര്‍ണം തന്നവനാരാണ്?

പാടാം ഞാന്‍ പറയാം ഞാന്‍

അവനാണവനാണല്ലാഹു

അവനാണേകന്‍ അല്ലാഹു!

പൂവേ പൂന്തേന്‍ നല്‍കും പൂവേ ചൊല്ലാമോ

നിന്നില്‍ മധുരത്തേന് നിറച്ചവനാരാണ്?

പാടാം ഞാന്‍ പറയാം ഞാന്‍

അവനാണവനാണല്ലാഹു

അവനാണേകന്‍ അല്ലാഹു!

കളകള നാദമിലൊഴുകും പുഴയേ ചൊല്ലാമോ

നിന്നില്‍ നിറയെ വെള്ളം തീര്‍ത്തവനാരാണ്?

പാടാം ഞാന്‍ പറയാം ഞാന്‍

അവനാണവാനാണല്ലാഹു

അവനാണേകന്‍ അല്ലാഹു!

വെയിലും ചൂടും നല്‍കും സൂര്യാ ചൊല്ലാമോ

വിണ്ണില്‍ നിന്നെ സ്ഥാപിച്ചുള്ളവനാരാണ്?

പാടാം ഞാന്‍ പറയാം ഞാന്‍

അവനാണവനാണല്ലാഹു

അവനാണേകന്‍ അല്ലാഹു!

തണലും കായും നല്‍കും മരമേ ചൊല്ലാമോ

മധുരപ്പഴമതു നിന്നില്‍ തന്നവനാരാണ്?

പാടാം ഞാന്‍ പറയാം ഞാന്‍

അവനാണവനാണല്ലാഹു

അവനാണേകന്‍ അല്ലാഹു!

 

ശരീഫ് കാര
നേർപഥം വാരിക

സുന്ദരനും വിരൂപനും

സുന്ദരനും വിരൂപനും

മനുഷ്യരെ അടിമകളാക്കി വെക്കുകയും ചന്തകളില്‍ വില്‍പന നടത്തുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് ഒരു രാജാവ് രണ്ട് അടിമകളെ വിലകൊടുത്ത് വാങ്ങി. ഒരാള്‍ കാണാന്‍ നല്ല സുന്ദരനും മറ്റെയാള്‍ ഒട്ടും ഭംഗിയില്ലാത്തവനും വിരൂപനുമായിരുന്നു.

അടിമകളെ കൊട്ടാരത്തില്‍ കൊണ്ടുവന്ന ശേഷം സുന്ദരനായ അടിമയോട് കുളിച്ചു വൃത്തിയായി വരാന്‍ രാജാവ് കല്‍പിച്ചു. അയാള്‍ കുളിക്കാനായി പോയശേഷം രാജാവ് വിരൂപനായ അടിമയോട് പറഞ്ഞു:

”ഇപ്പോള്‍ കുളിക്കുവാന്‍ പോയ നിന്റെ കൂട്ടുകാരന്‍ നിന്റെ സ്വഭാവം വളരെ മോശമാണെന്നും നീ അവസരം കിട്ടിയാല്‍ മോഷ്ടിക്കുമെന്നും പറഞ്ഞു. ഇത് ശരിയാണോ?”

അയാള്‍ മറുപടി പറഞ്ഞു: ”രാജാവേ, എന്റെ കൂട്ടുകാരന്‍ വളരെ ഭംഗിയുള്ളവനാണ്. അവന്റെ മനസ്സ് ഇതിനെക്കാള്‍ സുന്ദരമാണ്. സല്‍സ്വഭാവിയായ അവന്‍ എന്നെക്കുറിച്ച് കള്ളം പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവന്‍ എന്നെക്കുറിച്ച് ഇങ്ങനെ മോശമായ ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ പക്കല്‍ മോശമായ എന്തെങ്കിലും കണ്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. അത് സത്യമാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു.”

സുന്ദരനായ അടിമ കുളി കഴിഞ്ഞ് വന്നപ്പോള്‍ വിരൂപനായ അടിമയെ രാജാവ് കുളിക്കുവാന്‍ പറഞ്ഞയച്ചു. ശേഷം രാജാവ് സുന്ദരനായ അടിമയോട് പറഞ്ഞു:

”നിന്റെ കൂട്ടുകാരന്‍ നിന്നെക്കുറിച്ച് മോശമായ ചില കാര്യങ്ങള്‍ പറഞ്ഞു.”

ഇത് കേട്ടയുടന്‍ അയാള്‍ തന്റെ കൂട്ടുകാരനെതിരെ പൊട്ടിത്തെറിക്കുകയും അവനെ ചീത്തപറയുകയും ചെയ്യാന്‍ തുടങ്ങി.

”രാജാവേ, അവന്‍ തെമ്മാടിയും കള്ളംപറയുന്നവനുമാണ്” അയാള്‍ പറഞ്ഞു.

രാജാവ് രണ്ടുപേരെയും പരീക്ഷിക്കുകയായിരുന്നു. രണ്ടുപേരുെടയും പെരുമാറ്റങ്ങളില്‍നിന്ന് രാജാവ് തിരിച്ചറിഞ്ഞ കാര്യങ്ങള്‍ ഇവയാണ്: ‘സൗന്ദര്യം അല്ലാഹു നല്‍കുന്ന ഒരു സമ്മാനം മാത്രമാണ്. ഒരാളുെട മുഖസൗന്ദര്യം കാണുമ്പോഴേക്കും അയാള്‍ ശുദ്ധമായ മനസ്സുള്ളവനാണെന്ന് കരുതിക്കൂടാ. മുഖസൗന്ദര്യമുള്ള അടിമയുടെ മനസ്സ് സുന്ദരമല്ല. വിരൂപനായ അടിമയുടെ മനസ്സാകട്ടെ അതീവ സുന്ദരമാണ്.’

കൂട്ടുകാരേ, പലര്‍ക്കും സൗന്ദരം തൊലിപ്പുറത്ത് മാത്രമാണുള്ളത്. അവരുടെ സ്വഭാവം മോശമായിരിക്കും. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ? ഓരോ മനുഷ്യന്റെയും മനസ്സിന്റെ ഗുണവും ദോഷവും അവരുടെ നാവിനുപിന്നില്‍ മറഞ്ഞിരിക്കുന്നു. അവസരം കിട്ടുമ്പോള്‍ അവര്‍ അത് പ്രകടമാക്കും.

”ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ; അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ” എന്ന മുഹമ്മദ് നബി(സ)യുടെ ഉപദേശം നാം മറക്കരുത്.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

കടല്‍

കടല്‍

കടലില്‍ തിരകള്‍ പൊങ്ങുന്നു

കരയില്‍ വന്നവ വീഴുന്നു

ഉടനെ തിരികെ പോകുന്നു

വീണ്ടും വന്നവ മറിയുന്നു

കടലൊരു അത്ഭുതമാണല്ലോ

കാണാന്‍ കൗതുകമാണല്ലോ

ആഴം പറയാനില്ലല്ലോ

അത്രയുമധികം ആണല്ലോ

ചന്തം തോന്നും കാണുമ്പോള്‍

ചിന്തിക്കുമ്പോള്‍ ഭയമാണേ

മീനുകളനവധിയുണ്ടല്ലോ

എണ്ണാന്‍ കഴിയുകയില്ലല്ലോ

വമ്പന്‍ സ്രാവുകളുണ്ടല്ലോ

ഭീമന്‍ തിമിംഗലമതിലല്ലോ

അസ്തമയത്തിന്‍ നേരത്ത്

നിന്നാല്‍ കടലിന്‍ തീരത്ത്

കാണാം സുന്ദരമാം കാഴ്ച

പലവര്‍ണത്തിന്‍ നേര്‍കാഴ്ച


അബൂഫായിദ

നേർപഥം വാരിക


ഒരു കുളം നിറയെ പാല്‍

ഒരു കുളം നിറയെ പാല്‍

ഒരിക്കല്‍ ഒരു രാജാവ് തന്റെ രാജ്യത്ത് വലിയ ഒരു കുളം കുഴിക്കാന്‍ തീരുമാനിച്ചു. ഒട്ടേറെ ജോലിക്കാര്‍ കുറെ ദിവസങ്ങള്‍ പണിയെടുത്ത് കുളം കുഴിച്ചു. ഒരു തുള്ളി വെള്ളം പോലും അതില്‍ കണ്ടില്ല. പിന്നീട് രാജാവ് തന്റെ  പ്രജകളെയെല്ലാം വിളിച്ചുവരുത്തി ഒരു കല്‍പന നല്‍കി:

”ഇന്ന് അര്‍ധരാത്രിക്കു ശേഷം രാജ്യത്തെ എല്ലാ വീടുകളില്‍നിന്നും ഒരാള്‍ വന്ന് ഒരു പാത്രം പാല്‍ ഈ കുളത്തിലൊഴിക്കണം. അങ്ങനെ ഇത് പാല്‍ക്കുളമാകും.”

കല്‍പന കേട്ട ജനങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങിപ്പോയി.

സ്വന്തമായി കുറെ ആടുകളുള്ള വ്യക്തിയാണ് അബ്ദുല്ല. കറവയുള്ള ആടുകളും കൂട്ടത്തിലുണ്ട്. ഒരു പാത്രം പാല്‍ കിട്ടാന്‍ പ്രയാസമൊന്നുമില്ല.

”ഒരു പാത്രം പാല്‍ കുളത്തിലൊഴിക്കാനാണ് രാജാവിന്റെ കല്‍പന. വെള്ളം കിട്ടാത്ത സ്ഥലത്ത് കുളം നിര്‍മിക്കുക. എന്നിട്ട് ജനങ്ങളോട് അതില്‍ പാല്‍ ഒഴിക്കാന്‍ പറയുക. അയാള്‍ക്ക് ഭ്രാന്താണ്” അബ്ദുല്ല തന്റെ ഭാര്യയോടായി പറഞ്ഞു.

”മനുഷ്യാ വെറുതെ എന്തിന് പാല്‍ മണ്ണിലൊഴിച്ച് കളയണം? അര്‍ധ രാത്രിയല്ലേ കൊണ്ടുപോയി ഒഴിക്കേണ്ടത്? ഒരു പാത്രം വെള്ളം കൊണ്ടുപോയി ഒഴിക്കാം. ഇരുട്ടായതിനാല്‍ ആരും അത് ശ്രദ്ധിക്കില്ല. എല്ലാവരും പാല്‍ ഒഴിക്കുന്നതിനാല്‍ നമ്മള്‍ വെള്ളമൊഴിച്ചത് ആരും അറിയാനും പോകുന്നില്ല” ഭാര്യ സൂത്രം പറഞ്ഞുകൊടുത്തു.

”നീ പറഞ്ഞത് ശരിയാ…അങ്ങനെ ചെയ്യാം” അബ്ദുല്ലക്ക് ആ അഭിപ്രായം നല്ലതായി തോന്നി.

അങ്ങനെ ഇരുട്ടിന്റെ മറവില്‍ അബ്ദുല്ല ഒരു പാത്രം വെള്ളം കുളത്തില്‍ കൊണ്ടുപോയി ഒഴിച്ചു.

നേരം പുലര്‍ന്നു. രാജാവ് കുളം കാണാനെത്തി. അത്ഭുതം! അതില്‍ നിറയെ ശുദ്ധമായ വെള്ളം? ഇതെങ്ങനെ സംഭിച്ചു?

അബ്ദുല്ലയും ഭാര്യയും ചിന്തിച്ചതുപോലെയാണ്എല്ലാവരും ചിന്തിച്ചത്. അതിനാല്‍ എല്ലാവരും കുളത്തില്‍ ഒഴിച്ചത് വെള്ളമായിരുന്നു. ഞാന്‍ പാല്‍ ഒഴിച്ചില്ലെങ്കിലും മറ്റുള്ളവര്‍ പാല്‍ ഒഴിക്കും എന്ന് എലാവരും ചിന്തിച്ചു. അങ്ങനെ എല്ലാവരും പച്ചവെള്ളം ഒഴിച്ചു. കുളം നിറഞ്ഞു!

അന്നുതന്നെ രാജാവ് ജനങ്ങളെയെല്ലാം വിളിച്ചുകൂട്ടി. എന്നിട്ട് പറഞ്ഞു: ”പ്രിയമുള്ളവരേ, ഇന്നലെ രാത്രിയില്‍ എല്ലാ വീട്ടുകാരും വെള്ളമില്ലാത്ത പുതിയ കുളത്തില്‍ ഒരു പാത്രം പാല്‍ ഒഴിക്കണമെന്ന് ഞാന്‍ കല്‍പിച്ചിരുന്നു. നിങ്ങളെല്ലാം പറഞ്ഞതുപോലെ ചെയ്തു. എന്നാല്‍ ഒരു അത്ഭുതം നടന്നിരിക്കുന്നു. നേരം പുലര്‍ന്നപ്പോഴേക്കും നിങ്ങള്‍ ഒഴിച്ച പാലെല്ലാം പച്ചവെള്ളമായി മാറിയിരിക്കുന്നു.”

രാജാവ് വാസ്തവത്തില്‍ ജനങ്ങളെ പരീക്ഷിക്കുകയായിരുന്നു.

കൂട്ടുകാരേ, മറ്റുള്ളവര്‍ ചെയ്യട്ടെ എന്ന് വിചാരിച്ച് ആരും താന്‍ ചെയ്യേണ്ട കാര്യം ചെയ്യാതിരിക്കരുത്. പ്രത്യേകിച്ച് മതത്തിന്റെ കാര്യം. മതത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതും മതപരമായ കാര്യങ്ങള്‍ ചെയ്യുന്നതും നമ്മുടെ ബാധ്യതയാണ്. ആദ്യം അവനവനില്‍നിന്ന് തുടങ്ങുക. സ്വയം നന്നാവുക.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

സത്യസന്ധത

സത്യസന്ധത

അഫ്‌നിദ തിരക്കുപിടിച്ച് മദ്‌റസയിലേക്ക് പോവുകയാണ്. കൂടെ കൂട്ടുകാരാരും ഇല്ല. ചെമ്മണ്‍ പാതയിലൂടെ നടന്നുനീങ്ങവെ മണ്ണിലെന്തോ തിളങ്ങുന്നത് കണ്ടു. അവള്‍ കുനിഞ്ഞ് നോക്കി. ഒരു സ്വര്‍ണ മാലയാണെന്ന് തോന്നുന്നു. അവള്‍ മണ്ണ്പുരണ്ട മാല കയ്യിലെടുത്തു.  ഇതെന്തു ചെയ്യണം? അവള്‍ ചുറ്റുപാടും നോക്കി, ആരും വരുന്നത് കാണുന്നുമില്ല. അവള്‍ ഒരു പുസ്തകത്തിന്റെ പൊതിയഴിച്ച് മാല അതില്‍ പൊതിഞ്ഞ് ബാഗില്‍ വെച്ചു. മദ്‌റസയില്‍ ചെന്നപ്പോള്‍ ബെല്ലടിച്ചിരുന്നു. അഫ്‌സല്‍ ഉസ്താദ് ക്ലാസ്സിലെത്തി ഹാജറെടുക്കുവാന്‍ തുടങ്ങിയിരുന്നു. അവള്‍ സലാം ചൊല്ലി, അനുവാദം ചോദിച്ച് ക്ലാസ്സിലേക്ക് കയറി. ഹാദിയയല്ലാത്ത എല്ലാ കുട്ടികളും ക്ലാസ്സില്‍ എത്തിയിട്ടുണ്ട്. ഉസ്താദ് ഹാജര്‍ എടുത്ത ശേഷം അവള്‍ ആ പൊതിയെടുത്ത് ഉസ്താദിന്റെ കയ്യില്‍കൊടുത്തുകൊണ്ട് പറഞ്ഞു:

”ഉസ്താദേ, ഇത് വഴിയില്‍നിന്ന് കിട്ടിയതാ.”

”എന്താ അഫ്‌നിദാ ഇത്?” ഉസ്താദ് ചോദിച്ചു.

”ഇതൊരു മാലയാണ്. സ്വര്‍ണമാണെന്ന് തോന്നുന്നു. വഴിയില്‍നിന്ന് കിട്ടിയതാണ്.”

അദ്ദേഹം അത് പരിശോധിച്ചുകൊണ്ട് പറഞ്ഞു: ”ഇത് സ്വര്‍ണം തന്നെയാണ്.”

അഫ്‌നിദയുടെ സത്യസന്ധതയില്‍ ഉസ്താദ് അവളെ പ്രശംസിച്ചു. ഇതുപോലെ സത്യസന്ധത കാണിക്കുന്നവരായി മാറുവാന്‍ അദ്ദേഹം ക്ലാസ്സിലെ എല്ലാ കുട്ടികളോടുമായി പറഞ്ഞു. അദ്ദേഹം മാല കിട്ടിയവിവരം പ്രധാനാധ്യാപകനെ അറിയിച്ചു. അദ്ദേഹം അഫ്‌നിദയെ അഭിനന്ദിക്കുകയും മദ്‌റസയുടെ നോട്ടീസ് ബോര്‍ഡില്‍ മാലകിട്ടിയ വിവരം എഴുതി പതിക്കുവാനും മാല പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പിക്കുവാനും തീരുമാനിക്കുകയും ചെയ്തു.  

അടുത്ത പിരിയേഡില്‍ റാഷിദ് ഉസ്താദ് വന്നപ്പോഴും അഫ്‌നിദയെ അഭിനന്ദിച്ചു. ശേഷം അദ്ദേഹം ചരിത്രപാഠം ക്ലാസ്സ് എടുക്കാന്‍ തുടങ്ങി.

”ഇന്ന് നമുക്ക് സത്യസന്ധയായ ഒരു പെണ്‍ക്കുട്ടിയുടെ ചരിത്രം പഠിച്ചാലോ?” ഉസ്താദ് ചോദിച്ചു.

എല്ലാവര്‍ക്കും ഉത്സാഹമായി. റാഷിദ് ഉസ്താദ് കഥ പറയാന്‍ തുടങ്ങി:

”ഖലീഫ ഉമര്‍്യവിന്റെ കാലഘട്ടം. ജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ രാത്രി ചുറ്റിനടക്കല്‍ അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരിക്കല്‍ ഇങ്ങനെ സഞ്ചരിക്കുന്നതിനിടയില്‍ ഉമര്‍്യ ഒരു സംസാരം കേള്‍ക്കാനിടയായി. അത് ഒരു ഉമ്മയും മകളും തമ്മിലുള്ള സംസാരമായിരുന്നു.

”ഉമ്മാ, ഇന്ന് നമുക്ക് വില്‍ക്കാനുള്ള പാലിന്റെ അളവ് കുറവാണ്” മകള്‍ പറഞ്ഞു.

”മോളേ, നീ അതില്‍ കുറച്ച് വെള്ളം ചേര്‍ക്ക്.”

”ഉമ്മാ, ഞാനങ്ങനെ ചെയ്യില്ല, പാലില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ല. ഖലീഫ ഉമര്‍ ഇതെങ്ങാനും അറിഞ്ഞാല്‍…”

”മോളേ, നീ എന്തിനാ ഇങ്ങനെ ഭയക്കുന്നത്? ഖലീഫ ഉമര്‍ ഇത് എങ്ങനെ അറിയാനാണ്? അദ്ദേഹം ഇതൊന്നും കാണുന്നില്ലല്ലോ.”

”ഉമ്മാ, അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ കാണുന്നില്ലെങ്കിലും അദ്ദേഹത്തിന്റെയും നമ്മുടെയും രക്ഷിതാവായ അല്ലാഹു ഇതെല്ലാം കാണുന്നുണ്ട്. അവന്റെ മുമ്പില്‍ നമുക്കിത് മറച്ച് വെക്കാന്‍ കഴിയില്ലല്ലോ.”

ഈ സംസാരം കേട്ട ഉമര്‍്യ ധൃതിയില്‍ തന്റെ വീട്ടിലേക്ക് തിരിച്ചു ചെന്നു. അദ്ദേഹം മകനെ വിളിച്ച് നടന്ന സംഭവങ്ങള്‍ വിവരിച്ചു. അല്ലാഹുവിനെ ഭയപ്പെട്ട് സൂക്ഷ്മതയോടെ ജീവിക്കുന്ന ആ പേണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ മകനോട് നിര്‍ദേശിച്ചു. അങ്ങനെ ആ പാല്‍ക്കാരി പെണ്‍കുട്ടിയെ ഖലീഫ ഉമര്‍്യവിന്റെ മകന്‍ വിവാഹം ചെയ്തു.”

ഉസ്താദ് കഥ പറഞ്ഞ് നിറുത്തിയപ്പോഴാണ് ക്ലാസ്സിന്റെ പുറത്തു നിന്ന് ആരുടെയോ സംസാരവും കരച്ചിലും കേട്ടത്. ഉസ്താദ് പുറത്തിറങ്ങി നോക്കുമ്പോള്‍ കണ്ടത് ആ ക്ലാസ്സില്‍ പഠിക്കുന്ന ഹാദിയയെ ആണ്. അവളാണ് കരയുന്നത്. കൂടെ അവളുെട ഉമ്മയുമുണ്ട്.

”ഹാദിയാ, എന്താണ് പറ്റിയത്? എന്തിനാണ് കരയുന്നത്? ക്ലാസ്സില്‍ വരാന്‍ വൈകിയതിനാണോ?” ഉസ്താദ് ചോദിച്ചു.

അവളുടെ ഉമ്മ പറഞ്ഞു: ”അവള്‍ പതിവുപോലെ നേരത്തെ തന്നെ മദ്‌റസിയിലേക്ക് പോന്നതാണ്. കുറച്ച് ദൂരം നടന്ന ശേഷമാണ് കഴുത്തില്‍ മാലയില്ലെന്നറിഞ്ഞത്. കരഞ്ഞുകൊണ്ട് അവള്‍ മടങ്ങിവന്നു. വീട്ടിലാകെ തിരഞ്ഞു. അവിെടയൊന്നും കണ്ടില്ല. അതിന്റെ പേരില്‍ മദ്‌റസ മുടക്കേണ്ട എന്ന് പറഞ്ഞിട്ടും ഇവള്‍ കരച്ചിലോട് കരച്ചില്‍ തന്നെ.”

”ഓ…അതുശരി…! ഇതിനാണോ കരയുന്നത്? ഹാദിയയുടെ കൂട്ടുകാരിക്ക് ആ മാല കിട്ടിയിരിക്കുന്നു. അവള്‍ അത് ഞങ്ങളെ ഏല്‍പിച്ചിട്ടുണ്ട്” ഉസ്താദ് പറഞ്ഞു.

ഇത് കേട്ടപ്പോള്‍ ഹാദിയയുടെ കണ്ണുകള്‍ സന്തോഷത്താല്‍ വിടര്‍ന്നു. അവളുടെ ഉമ്മക്കും ഏറെ സന്തോഷമായി. തിരിച്ചു കിട്ടിയ മാല ഹാദിയ കഴുത്തിലണിയവെ പ്രധാനാധ്യാപകന്‍ ഹാദിയയുടെ ഉമ്മയോടായി പറഞ്ഞു:

”കുട്ടികളെ ഇങ്ങനെ വിലകൂടിയ സ്വര്‍ണാഭരണം അണിയിച്ച് സ്‌കൂളിലേക്കും മദ്‌റസയിലേക്കും പറഞ്ഞയക്കാതിരിക്കുന്നതാണ് നല്ലത്. അത്‌കൊണ്ട് പല അനര്‍ഥങ്ങളുമുണ്ടാകും.”

ഹാദിയ ക്ലാസ്സിലിരുന്നു. ഉമ്മ തിരിച്ചുപോയി.

ഉസ്താദ് കുട്ടികളോടായി പറഞ്ഞു: ”മക്കളേ, സത്യസന്ധത നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കുമെന്ന് നബി ﷺ  പറഞ്ഞിട്ടുണ്ട്. നാം എവിടെയായിരുന്നാലും അല്ലാഹുവിനെ സുക്ഷിക്കണം. അല്ലാഹുവില്‍നിന്ന് ഒന്നും മറച്ചുവെക്കാന്‍ നമുക്ക് കഴിയില്ല. നാം അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന്‍ നമ്മെ കാണുന്നുണ്ട് എന്ന ബോധം നമുക്കുണ്ടാകണം. ചെറിയ തെറ്റുകള്‍ പോലും ചെയ്യരുത്. അങ്ങനെയുള്ളവരെ എല്ലാവരും ഇഷ്ടപ്പെടും. അല്ലാഹുവിനും അവരെ ഇഷ്ടമായിരിക്കും. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കേണ്ടേ?”

”വേണം…വേണം…” എല്ലാ കുട്ടികളും ഉച്ചത്തില്‍ പറഞ്ഞു.

 

അഫ്‌വാന ബിന്‍ത് ലത്തീഫ്, സല്‍സബീല്‍ അറബിക്കോളേജ് വെങ്കിടങ്ങ്
നേർപഥം വാരിക

നന്മയുള്ള മക്കള്‍

നന്മയുള്ള മക്കള്‍

സൂര്യന്‍ അസ്തമിച്ചു. മഗ്‌രിബ് ബാങ്ക് വിളി പള്ളികളില്‍നിന്നും ഉയര്‍ന്നുതുടങ്ങി. സ്‌കൂളിലേക്ക് പോയ അനസിനെ ഇനിയും കാണുന്നില്ല. സാധാരണ വൈകുന്നേരം അഞ്ചിനോ അഞ്ചരക്കോ അവന്‍ വീട്ടിലെത്തുന്നതാണ്.

നേരം ഇരുട്ടിത്തുടങ്ങിയിട്ടും എന്റെ മോനെ കാണുന്നില്ലല്ലോ… ഇനി എവിടെ പോയി അന്വേഷിക്കും എന്റെ റബ്ബേ…

സീനത്തിന്റെ മനസ്സില്‍ ഭയം അരിച്ചുകയറി. ഒന്ന് പോയി അന്വേഷിക്കാമെന്നു വെച്ചാല്‍ അവന്റെ ഉപ്പയും നാട്ടിലില്ല. എന്നും മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞാല്‍ അദ്ദേഹം വിളിക്കാറുള്ളതാണ്. അദ്ദേഹം വിളിച്ച് മോനെവിടെ എന്നു ചോദിച്ചാല്‍ ഞാനെന്തു മറുപടി പറയും? സീനത്ത് പരിഭ്രാന്തിയിലായി.

ഒടുവില്‍ സീനത്ത് വീടിന്റെ മുന്‍വാതില്‍ തുറന്ന് ഉമ്മറത്തേക്കിറങ്ങി. അപ്പുറത്തെ വീട്ടിലെ സല്‍മാനെ ഉറക്കെ വിളിച്ചു:

”മോനേ… സല്‍മാനേ… നീ അനസിനെ കണ്ടിരുന്നോ?”

അപ്പോഴതാ സല്‍മാന്റെ ഉമ്മ സക്കീന വാതില്‍ തുറക്കുന്നു. സീനത്ത് സക്കീനയോട് മോന്‍ സ്‌കൂളില്‍നിന്ന് തിരിച്ചുവന്നില്ലെന്ന് തേങ്ങലോടെ പറഞ്ഞു.

ഇതു കേട്ട സക്കീനത്ത പറഞ്ഞു: ”അപ്പോ… സീനത്തേ നീ ഒന്നും അറഞ്ഞില്ലേ? അവന്‍ നിന്നോടൊന്നും പറഞ്ഞിരുന്നില്ലേ?”

”എന്റെ സക്കീനത്താ, നിങ്ങള്‍ വളച്ചുകെട്ടില്ലാതെ വേഗം കാര്യം പറ. എനിക്ക് ആകെ പേടിയാകുന്നു.”

”സല്‍മാനും ഇതുവരെ വന്നിട്ടില്ല. അവന്‍ രാവിലെ സ്‌കൂളിലേക്ക് പോകുമ്പോള്‍ തന്നെ ഇന്ന് വരാന്‍ വൈകുമെന്ന് പറഞ്ഞിരുന്നു.”

”വൈകാനുള്ള കാരണം പറഞ്ഞിരുന്നോ?”

”അടുത്ത ആഴ്ചയിലല്ലേ നമ്മുടെ കുട്ടികള്‍ക്കായി ബാലസമ്മേളനം നടക്കുന്നത്. അതുമായി ബന്ധപ്പെട്ട ഒരു യോഗം ഇന്ന് പള്ളിയില്‍ നടക്കുമെന്നും മഗ്‌രിബ് കഴിഞ്ഞാലേ മടങ്ങിവരൂ എന്നും അവന്‍ പറഞ്ഞിരുന്നു. അനസ് നിന്നോട് വൈകുമെന്ന കാര്യം പറയാന്‍ മറന്നതാകും.”

സക്കീനയുടെ ഈ വാക്കുകള്‍ കേട്ടപ്പോഴാണ് സീനത്തിന് ആശ്വാസമായത്.

”ശരിയാണല്ലോ. കഴിഞ്ഞ വെള്ളിയാഴ്ച പള്ളിയില്‍ ബാലസമ്മേളനത്തെക്കുറിച്ച് പറഞ്ഞിരുന്നത് കേട്ടതാണ്. നീ പറഞ്ഞതു പോലെ വൈകുമെന്ന കാര്യം പറയാന്‍ അവന്‍ മറന്നതാകും. ഞാന്‍ വല്ലാതെ ടെന്‍ഷനിലായി.”

”നല്ല കാര്യം ചെയ്തും നല്ലവരോട് കൂട്ടുകൂടിയും മക്കള്‍ വളരട്ടെ സീനത്തേ. അതില്‍പരം എന്ത് സന്തോഷം നല്‍കുന്ന എന്ത് കാര്യമാണുള്ളത്?!’

വൈകാതെ തന്നെ സല്‍മാനും അനസും തിരിച്ചെത്തി. സീനത്ത് സന്തോഷത്തോടെ അനസിന്റെ ചുമലില്‍ കൈവെച്ച് അവനെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോകവെ പറഞ്ഞു: ”മോനേ നന്മകള്‍ ധാരാളം ചെയ്യണം. തെറ്റ് ചെറുതാണെങ്കിലും ചെയ്തു പോകരുത്. എങ്കിലേ സ്വര്‍ഗം ലഭിക്കൂ. മോന്‍ എങ്ങോട്ട് പോകുമ്പോഴും ഈ ഉമ്മയോട് പറഞ്ഞ് വേണം പോകാന്‍.”

”ഞാന്‍ പറയാന്‍ മറന്നതാണുമ്മാ. ഇന്‍ശാ അല്ലാഹ്, ഇനി ആവര്‍ത്തിക്കില്ല” അനസ് തന്റെ നല്ല പ്രവൃത്തിയെ ഉമ്മ അംഗീകരിച്ചതിന്റെ സന്തോഷത്തിലായിരുന്നു.

 

അബൂഹംദ, അലനല്ലൂര്‍
നേർപഥം വാരിക

മുതിര്‍ന്നവരെ ആദരിക്കുക

മുതിര്‍ന്നവരെ ആദരിക്കുക

പ്രിയപ്പെട്ട കുട്ടികളേ, നമ്മുടെ മാതാപിതാക്കള്‍, അധ്യാപകര്‍, സഹോദരങ്ങള്‍, അയല്‍വാസികള്‍ തുടങ്ങി നമ്മെക്കാള്‍ പ്രായമുള്ള പലരോടും ഇടപഴകി ജീവിക്കുന്നവരാണ് നമ്മള്‍. പ്രായം കൂടിയവരോട് നാം പെരുമാറുന്നതും സംസാരിക്കുന്നതും സമപ്രായക്കാരായ കൂട്ടുകാരോട് പെരുമാറുന്നത് പോലെയോ സംസാരിക്കുന്നത് പോലെയോ ആയിക്കൂടാ.

മുതിര്‍ന്നവരോട് നമുക്ക് ചില കടമകളും കടപ്പാടുകളുമുണ്ട് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവരെ ബഹുമാനിക്കുക എന്നത് അതില്‍ പെട്ട ഒന്നാണ്.  

‘ഒരു വൃദ്ധനെ അയാളുടെ പ്രായത്തിന്റെ പേരില്‍ ബഹുമാനിക്കുന്ന ഒരു യുവാവിന് അയാളുടെ വാര്‍ധക്യത്തില്‍ അയാളെ ബഹുമാനിക്കുന്നവരെ അല്ലാഹു പകരം നല്‍കാതിരിക്കുകയില്ല’ എന്ന് നമ്മുടെ നബി ﷺ  പറഞ്ഞത് നാം ഓര്‍ക്കുക. നമുക്ക് വയസ്സായാല്‍ മറ്റുള്ളവര്‍ നമ്മെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യണമെങ്കില്‍ നമ്മുടെ ചെറുപ്രായത്തില്‍ നാം വലിയവരെ ബഹുമാനിക്കാന്‍ ശീലിക്കേണ്ടതുണ്ട്.

മറ്റൊരിക്കല്‍ നബി ﷺ  പറഞ്ഞു:”നമ്മുടെ കൂട്ടത്തിലെ മുതിര്‍ന്നവരെ ബഹുമാനിക്കാത്തവരും ചെറിയവരോട് കരുണ കാണിക്കാത്തവരും നമ്മില്‍ പെട്ടവരല്ല.”

മുസ്‌ലിംകള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ ആദ്യമായി സലാം പറയണമെന്ന് നമുക്കറിയാം. സലാം പറയുന്നതിന് വലിയ മഹത്ത്വമാണ് ഇസ്‌ലാം കല്‍പിക്കുന്നത്. മുതിര്‍ന്ന ഒരാളെ കണ്ടുമുട്ടുമ്പോള്‍ നാമാണ് ആദ്യം സലാം പറയേണ്ടത് എന്നാണ് നബി ﷺ  പഠിപ്പിക്കുന്നത്. സലാം പറയുന്നതില്‍ പാലിക്കേണ്ട മര്യാദ നബി ﷺ  പറഞ്ഞുതരുന്നത് കാണുക:

”വാഹനത്തില്‍ യാത്ര ചെയ്യുന്നവന്‍ നടക്കുന്നവനോടും നടന്നു പോകുന്നവന്‍  ഇരിക്കുന്നവനോടും ചെറിയ സംഘം വലിയ സംഘത്തോടും സലാം പറയേണ്ടതാണ്, കുട്ടികള്‍ വലിയവര്‍ക്കും.”

വയസ്സായവര്‍ ഉണ്ടാകുമ്പോള്‍ അവരെ ഏത് കാര്യത്തിലും നാം പരിഗണിക്കാന്‍ ശ്രദ്ധിക്കണം. ഖൈബര്‍ യുദ്ധ സമയത്ത് നബി ﷺ യുടെ മുന്നില്‍ വന്ന് അബ്ദുറഹ്മാനുബ്‌നു സഹല്‍(റ) സംസാരിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കൂടെ അദ്ദേഹത്തെക്കാള്‍ പ്രായമുളളവര്‍ ഉണ്ടായിരുന്നു. അപ്പോള്‍ നബി ﷺ  പറഞ്ഞു: ”മുതിര്‍ന്നവര്‍, മുതിര്‍ന്നവര്‍ (മുതിര്‍ന്നവര്‍ സംസാരിക്കട്ടെ).”

ബഹുമാനിക്കപ്പെടാനും സംസാരം തുടങ്ങാനുമുളള അവകാശം കൂട്ടത്തില്‍ മുതിര്‍ന്നവര്‍ക്കാണ് എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം.  

കൂട്ടുകാരേ, നിങ്ങള്‍ പത്രം വായിക്കാറുണ്ടല്ലോ. പ്രായമായ മാതാപിതാക്കളെ എവിടെയെങ്കിലും  കൊണ്ടുപോയി ഉപേക്ഷിക്കുകയോ, ഭക്ഷണവും മരുന്നും നല്‍കാതെ പ്രയാസപ്പെടുത്തുകയോ ഒക്കെ ചെയ്യുന്ന വാര്‍ത്തകള്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടാകും. വാട്‌സാപ്പിലൂടെയും മറ്റും വേദനിപ്പിക്കുന്ന അത്തരം വീഡിയോകള്‍ നിങ്ങള്‍ കണ്ടിട്ടുമുണ്ടാകും. എന്തൊരു ദുഷ്ടതയാണ് അത് അല്ലേ? അങ്ങനെയൊക്കെ ചെയ്യാന്‍ ഒരിക്കലും പാടില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറയുന്നത് നോക്കൂ:

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക” (ക്വുര്‍ആന്‍ 17:23,24).

 

സമീര്‍ മുണ്ടേരി
നേർപഥം വാരിക

മഴക്കാല കാഴ്ചകള്‍

മഴക്കാല കാഴ്ചകള്‍

മാരിക്കാറ് പരക്കുന്നു

മാനം കരിനിറമാകുന്നു

മഴതന്‍ മേളം മുറുകുന്നു

മാനവരാനന്ദിക്കുന്നു

പുഴയും തോടും കവിയുന്നു

കിണറില്‍ വെള്ളം നിറയുന്നു

പുതുപുതു നാമ്പുകളുയരുന്നു

പല്‍വര്‍ണപ്പൂ വിരിയുന്നു

കര്‍ഷകരാഹ്ലാദിക്കുന്നു

കൃഷിയില്‍ നന്നായ് മുഴുകുന്നു

കഷ്ടപ്പെട്ടവര്‍ പണിയുന്നു

കഷ്ടപ്പാടുകള്‍ മാറ്റുന്നു

കടലില്‍ തിരകള്‍ പൊങ്ങുന്നു

കരയില്‍ കേറിയടിക്കുന്നു

കുടിലുകള്‍ പലതും തകരുന്നു

കടുത്ത ദുരിതം നിറയുന്നു

ഇടിയും മഴയും പെരുകുന്നു

ഇടയില്‍ മിന്നല്‍ മുറുകുന്നു

മിന്നല്‍ അപകടമാകുന്നു

മരണം പോലും വിതറുന്നു

മഴപെയ്താല്‍ വന്നെത്തുന്നു

രോഗങ്ങള്‍ തലപൊക്കുന്നു

കൊതുകുകളെങ്ങും വളരുന്നു

ജാഗ്രത നമ്മള്‍ കാട്ടുന്നോ?

മഴയും വെയിലും ഇടിയും മിന്നല്‍

കൊണ്ടുവരുന്നവനല്ലാഹു.

ഗുണമത് കിട്ടാന്‍ തേടുക നാം

ദോഷം തടയാന്‍ തേടുക നാം

 

അബൂഫായിദ
നേർപഥം വാരിക

സമ്പന്നനായ ദരിദ്രന്‍

സമ്പന്നനായ ദരിദ്രന്‍

ഒരിടത്ത് ഒരു ധനികനായ മനുഷ്യനുണ്ടായിരുന്നു. കഠിനാധ്വാനിയായ അയാള്‍ കച്ചവടത്തിലൂടെയും കൃഷിയിലുടെയുമാണ് ധാരാളം സമ്പത്തിന്റെ ഉടമയായി മാറിയത്. അദ്ദേഹം കുറെ വീടുകളും കെട്ടിടങ്ങളും ഉണ്ടാക്കി വാടകയ്ക്ക് നല്‍കി. ഏക്കര്‍ കണക്കിന് കൃഷി സ്ഥലവും പറമ്പും സ്വന്തമായുണ്ട്. അങ്ങനെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനായി അയാള്‍ അറിയപ്പെട്ടു.

അദ്ദേഹത്തിന് വയസ്സായി. കച്ചവടത്തിലും കൃഷിയിലും ശ്രദ്ധിക്കാന്‍ പറ്റാതായി. എന്നാല്‍ അദ്ദേഹത്തിന്റെ മക്കള്‍ കച്ചവടത്തിലും കൃഷിയിലും ശ്രദ്ധ പുലര്‍ത്തി.

വാര്‍ധക്യസഹജമായ രോഗങ്ങള്‍ അദ്ദേഹത്തെ പിടികൂടി. താന്‍ താമസിയാതെ മരിക്കുെമന്ന ചിന്ത അദ്ദേഹത്തെ തളര്‍ത്തി. കൂടുതലൊന്നും സംസാരിക്കാന്‍ വയ്യാതായി.

”ഞാന്‍ ദരിദ്രനാണ്…ഞാന്‍ ദരിദ്രനാണ്…” അദ്ദേഹം ഇങ്ങനെ പിറുപിറുത്തുകൊണ്ടിരുന്നു.

”ഉപ്പാ, എന്താണ് നിങ്ങളീ പറയുന്നത്? നിങ്ങള്‍ ദരിദ്രനാണെന്നോ? ഈ നാട്ടിലെ ഏറ്റവും വലിയ പണക്കാരന്‍ ഇപ്പോഴും നിങ്ങള്‍ തന്നെയാണ്” മക്കള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ അദ്ദേഹം ‘ഞാന്‍ ദരിദ്രനാണ്… ഞാന്‍ ദരിദ്രനാണ്’ എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

ഒടുവില്‍ മക്കള്‍ അദ്ദേഹത്തെ വാഹനത്തിലിരുത്തി അദ്ദേഹത്തിന്റെ കെട്ടിടങ്ങളും പറമ്പുകളും വയലുകളുമെല്ലാം കാണിച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞു: ”ഉപ്പാ, ഇതെല്ലാം നിങ്ങളുടെ സ്വത്താണ്. പിന്നെ എന്തിനാണ് നിങ്ങള്‍ ദരിദ്രനാണ് എന്ന് വേവലാതിപ്പെടുന്നത്?”

അപ്പോഴും അദ്ദേഹം ‘ഞാന്‍ ദരിദ്രനാണ്… ഞാന്‍ ദരിദ്രനാണ്…’ എന്ന് പറഞ്ഞുകൊണ്ടിരുന്നു.

ഇതോടെ മക്കള്‍ ആശങ്കയിലായി. എന്താണ് ഉപ്പ ഇങ്ങനെ പറയുന്നത്? ഒരു പിടിയും കിട്ടുന്നില്ല. ഒടുവില്‍ നാട്ടിലെ അറിയപ്പെട്ട ഒരു പണ്ഡിതനെ ചെന്ന് കണ്ടു. കാര്യങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു.

”ഞാന്‍ അദ്ദേഹവുമായി ഒന്ന് സംസാരിക്കട്ടെ” പണ്ഡിതന്‍ പറഞ്ഞു.

പണ്ഡിതന്‍ മക്കളുടെ കൂടെ വൃദ്ധനെ സന്ദര്‍ശിക്കാനെത്തി. വൃദ്ധന്‍ ‘ഞാന്‍ ദരിദ്രനാണ്… ഞാന്‍ ദരിദ്രനാണ്…’ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് അദ്ദേഹം നേരില്‍ കേട്ടു.

പണ്ഡിതന്‍ വൃദ്ധന്റെ അരികിലിരുന്ന് കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തുടങ്ങി. കുറെ നേരം സംസാരിച്ചപ്പോള്‍ പണ്ഡിതന്‍ വൃദ്ധന്റെ വാക്കുകളുടെ പൊരുള്‍ മനസ്സിലാക്കി. ഭൗതികമായ സമ്പത്ത് ഇല്ലാത്ത ദരിദ്രനാണ് താന്‍ എന്നല്ല അദ്ദേഹം പറയുന്നത്. മരിക്കാറായി. പക്ഷേ, പരലോകത്ത് സ്വര്‍ഗം ലഭിക്കാനാവശ്യമായ കര്‍മങ്ങളുടെ വിഷയത്തില്‍ താന്‍ ദരിദ്രനാണ്. ഇഹലോകത്തിന് വേണ്ടി ധാരാളം സമ്പാദിച്ചു. എന്നാല്‍ പരലോകത്തിന് വേണ്ടി സല്‍കര്‍മങ്ങളൊന്നും ചെയ്തിട്ടില്ല. അതാണ് അയാളുടെ സങ്കടം.

പണ്ഡിതന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. അവശേഷിക്കുന്നത് എത്ര കുറച്ച് കാലമാണെങ്കിലും ചെയ്തു പോയ തെറ്റുകളില്‍ പശ്ചാത്തപിക്കുവാനും സാധുക്കളെ സഹായിക്കുവാനും മറ്റും നിര്‍ദേശിച്ചു. ഉടനെ അദ്ദേഹം മക്കളെ വിളിച്ചുവരുത്തി സമ്പത്തിന്റെ കണക്കു നോക്കി സകാത്ത് കൊടുക്കുവാനും സ്വന്തമായി സ്ഥലമില്ലാത്ത പാവങ്ങള്‍ക്ക് വീടുവെക്കാന്‍ സ്ഥലം നല്‍കുവാനും ധര്‍മം ചെയ്യാനുമെല്ലാം കല്‍പിച്ചു. മക്കള്‍ ഉപ്പ പറഞ്ഞതുപോലെ എല്ലാം ചെയ്തു.

അദ്ദേഹം ‘ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞുകൊണ്ടിരിന്നു. അതിനിടയിലും ‘ഞാന്‍ ദരിദ്രനാണ്… ഞാന്‍ ദരിദ്രനാണ്’ എന്ന് അയാള്‍ പറയുന്നുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം സംതൃപ്തനായിക്കൊണ്ട് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞു.  

കൂട്ടുകാരേ, സമയം വിലപ്പെട്ടതാണ്. നന്മകള്‍ പിന്നീട് ചെയ്യാമെന്നു പറഞ്ഞ് നീട്ടിവെക്കരുത്. പരലോകത്തേക്കുള്ള സമ്പാദ്യം നമ്മള്‍ ചെയ്യുന്ന സല്‍കര്‍മങ്ങളാണ്. അതില്‍ മടി കാണിക്കരുത്.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

ഫിത്വ്ര്‍ സകാത്തും അജ്മലിന്റെ സംശയങ്ങളും

ഫിത്വ്ര്‍ സകാത്തും അജ്മലിന്റെ സംശയങ്ങളും

നോമ്പിന്റെ മാസം കഴിയാന്‍ ഇനി ഏതാനും ദിവസം മാത്രമെ ബാക്കിയുള്ളൂ. അജ്മല്‍ ഒരു നോമ്പും ഒഴിവാക്കിയിട്ടില്ല. അതില്‍ അവന് വളരെയധികം സന്തോഷമുണ്ട്. അവന്റെ കൂട്ടുകാരില്‍ പലരും ചില ദിവസങ്ങളില്‍ ദാഹമെന്നും ക്ഷീണമെന്നും പറഞ്ഞ് നോമ്പ് ഒഴിവാക്കിയിട്ടുണ്ട്. സ്‌കൂളില്‍ വന്നാല്‍ വെള്ളം കുടിക്കുകയും മിഠായി വാങ്ങി തിന്നുകയും വീട്ടിലെത്തിയാല്‍ നോമ്പാണെന്ന് പറയുകയും ചെയ്യുന്ന സൂത്രക്കാരായ കുട്ടികളും അജ്മലിന്റെ ക്ലാസിലുണ്ട്. എന്നാല്‍ അജ്മല്‍ അങ്ങനെയല്ല. റയ്യാന്‍ എന്ന കവാടത്തിലൂടെ നോമ്പുകാര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് കേട്ടത് മുതല്‍ അവന്‍ ആ ഭാഗ്യം ലഭിക്കുവാന്‍ ആശിക്കുകയാണ്. മുഴുവന്‍ േനാമ്പും നോറ്റാല്‍ ഒരു സമ്മാനം തരാമെന്ന് അവന്റെ ഉപ്പ വാക്ക് കൊടുത്തിട്ടുണ്ട്. അതും നേടിയടുക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു.

‘ടിം ടിം…’ കോളിംഗ് ബെല്‍ മുഴങ്ങി.

അജ്മലിന്റെ ഉപ്പ കതക് തുറന്നു. കൂടെ അജ്മലും ചെന്നു.

‘അസ്സലാമു അലൈക്കും’- വന്നവരില്‍ ഒരാള്‍ സലാം പറഞ്ഞു. അജ്മലും ഉപ്പയും സലാം മടക്കി. വന്നവര്‍ പള്ളിക്കമ്മിറ്റിക്കാരാണ്. ഉപ്പ അവരെ സ്വീകരിച്ചിരുത്തി.

‘ഇത്തവണയും സകാത്തിന്റെയും ഫിത്വ്ര്‍ സകാത്തിന്റെയും ശേഖരണവും വിതരണവും നമ്മള്‍ നടത്തുന്ന വിവരം അറിയാമല്ലോ. കുറെ വീട്ടുകാര്‍ തുക എത്തിച്ചുതന്നിട്ടുണ്ട്’- ആഗതരില്‍ ഒരാള്‍ പറഞ്ഞു.

‘ഞാന്‍ ഇന്ന് എത്തിക്കാമെന്ന് കരുതിയതാണ്. ഏതായാലും നിങ്ങള്‍ വന്നത് നന്നായി’ എന്ന് പറഞ്ഞുകൊണ്ട് ഉപ്പ അകത്ത് പോയി കാശെടുത്ത് വന്നു. സകാത്തിന്റെയും ഫിത്വ്ര്‍ സകാത്തിന്റെയും കാശ് വേറെ വേറെ കണക്കു പറഞ്ഞ് കൊടുത്തു. വന്നവര്‍ സലാം പറഞ്ഞ് യാത്രയായി.

‘ഉപ്പാ, സകാത്തും ഫിത്വ്ര്‍ സകാത്തും എന്ന് പറഞ്ഞല്ലോ. അത് രണ്ടും തമ്മിലെന്താണ് വ്യത്യാസം?’- അജ്മല്‍ ചോദിച്ചു.

‘മിടുക്കന്‍! നീ എല്ലാം ശ്രദ്ധിച്ചിരിക്കുകയായിരുന്നു അല്ലേ? സകാത്ത് ഇസ്‌ലാം നിശ്ചയിച്ച സാമ്പത്തിക ശേഷിയുള്ളവര്‍ മാത്രം കൊടുക്കേണ്ട നിര്‍ബന്ധ ദാനമാണ്…’ ഉപ്പ പറഞ്ഞു.

‘സകാത്ത് ഇസ്‌ലാം കാര്യങ്ങളില്‍ മൂന്നാമത്തേതാണെന്ന് മദ്‌റസയില്‍ നിന്ന് പഠിച്ചിട്ടുണ്ട്. കാശിനും സ്വര്‍ണത്തിനും കൃഷിക്കുമെല്ലാം സകാത്ത് കൊടുക്കണം അല്ലേ?’-അജ്മല്‍ ഇടയില്‍ കയറി പറഞ്ഞു.

‘അതെ, മോനേ…’

‘ഫിത്വ്ര്‍ സകാത്തിനെക്കുറിച്ച് പറഞ്ഞുതരാമോ ഉപ്പാ?’

‘മോനേ, റമദാനിലെ നോമ്പിന്റെ പര്യവസാനത്തോടെ നല്‍കേണ്ടതാണ് ഫിത്വ്ര്‍ സകാത്ത്. സകാത്ത് അതിനു നിര്‍ദേശിക്കപ്പെട്ട പരിധിയെത്തിവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമെങ്കില്‍ സമ്പന്നര്‍ മാത്രമല്ല സാധാരണക്കാരും നല്‍കേണ്ടതുണ്ട് എന്നതാണ് ഫിത്വ്ര്‍ സകാത്തിന്റെ പ്രത്യേകത.’

‘എല്ലാ പാവപ്പട്ടവരും കൊടുക്കണമോ?’

‘പെരുന്നാള്‍ ദിനത്തിലും അതിന്റെ രാത്രിയിലും തനിക്കും താന്‍ നിര്‍ബന്ധമായും ചെലവു വഹിക്കേണ്ടവരുമായവര്‍ക്കുമുള്ള ഭക്ഷണത്തിനുള്ള വക നീക്കിവെച്ച ശേഷം മിച്ചമുള്ള എല്ലാവരും അത് നല്‍കേണ്ടതാണ്. വീട്ടിലുള്ള എല്ലാവര്‍ക്കും വേണ്ടി കൊടുക്കേണ്ടതുണ്ട്.’

‘ചെറിയ കുട്ടികള്‍ക്കും…?’

‘അതെ, അടിമയെന്നോ സ്വതന്ത്രനെന്നോ ചെറിയവരെന്നോ പ്രായമുള്ളവരെന്നോ വ്യത്യാസമില്ലാതെ ഓരോ വിശ്വാസിക്കും ഫിത്വ്ര്‍ സകാത്ത് നല്‍കണമെന്ന് നബി ﷺ  കല്‍പിച്ചിട്ടുണ്ട്.’

‘എന്തിനാണ് ഫിത്വ്ര്‍ സകാത്ത് കൊടുക്കുന്നത്?’

‘നോമ്പുകാരന് തന്റെ നോമ്പില്‍ വന്ന തെറ്റുകള്‍ക്ക് പരിഹാരമായും ദരിദ്രര്‍ക്ക് ഭക്ഷണമായിട്ടുമാണ് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയിട്ടുള്ളത് എന്നാണ് നബി ﷺ  പറഞ്ഞിരിക്കുന്നത്.’

‘സകാത്ത് കൊടുക്കുന്ന പോലെ ഫിത്വ്ര്‍ സകാത്തും കാശായിട്ടാണോ കൊടുേക്കണ്ടത്? പള്ളിക്കമ്മിറ്റിക്കാര്‍ക്ക് ഉപ്പ കാശാണല്ലോ കൊടുത്തത്!’

‘മോനേ, ഫിത്വ്ര്‍ സകാത്ത് പണമായിട്ടല്ല കൊടുക്കേണ്ടത്. അതാത് നാട്ടിലെ പ്രധാനഭക്ഷ്യ വസ്തു എന്താണോ അതാണ് കൊടുക്കേണ്ടത്. കമ്മിറ്റിക്കാരെ ഏല്‍പിച്ചത് കാശാണങ്കിലും അവര്‍ അതിന് അരി വാങ്ങി അത് പാവപ്പെട്ടവര്‍ക്ക് എത്തിക്കുകയാണ് ചെയ്യുക.’

‘അരിയാണെങ്കില്‍ എത്ര കിലോയാണ് കൊടുക്കേണ്ടത് ഉപ്പാ?’

‘ഒരാള്‍ക്ക് ഒരു സ്വാഅ് വീതം. നബി ﷺ യുടെ കാലത്തുണ്ടായിരുന്ന ഒരു അളവാണ് സ്വാഅ് എന്നത്. അത് ഇന്നത്തെ നമ്മുടെ അളവില്‍ രണ്ട് കിലോയില്‍ അധികം വരും. സൂക്ഷ്മതയ്ക്കു വേണ്ടി രണ്ടര കിലോ വീതമാണ് നമ്മുടെ നാട്ടില്‍ കൊടുത്തുവരുന്നത്.’

‘ഇത് എപ്പോഴാണ് കൊടുക്കേണ്ടത്? നോമ്പ് തുടങ്ങിയത് മുതല്‍ കൊടുക്കാമോ ഉപ്പാ?’

‘ജനങ്ങള്‍ പെരുന്നാള്‍ നമസ്‌കാരത്തിനു പുറപ്പെടുന്നതിനു മുമ്പായി ഫിത്വ്ര്‍ സകാത്ത് കൊടുക്കുവാനാണ് നബി ﷺ യുടെ കല്‍പന. പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് തന്നെ നല്‍കുന്നതും അനുവദനീയമാണ്.’

‘ശുക്‌റന്‍ ഉപ്പാ. ഇപ്പോള്‍ സംശയമെല്ലാം തീര്‍ന്നു. ഇനി വേറെ ഒരു സംശയം…’

‘അതെന്താണ്?’

‘ഉപ്പ എനിക്ക് ഒരു സമ്മാനം തരാമെന്ന് പറഞ്ഞിട്ടില്ലേ? നോമ്പ് കഴിയാറായല്ലോ. എന്താണ് ആ സമ്മാനം?’

‘ഓ, അത് ശരി. എന്താണ് വേണ്ടതെന്ന് നീ പറ.’

‘ഞാന്‍ പറഞ്ഞതെന്തും വാങ്ങിത്തരുമോ?’

‘തീര്‍ച്ചയായും. എനിക്ക് സാധിക്കാത്ത ഒന്നും വാങ്ങിത്തരാന്‍ മോന്‍ പറയില്ല എന്ന് ഉപ്പാക്ക് അറിയാം. പറഞ്ഞോളൂ.’

‘ഈ പെരുന്നാളിന് എനിക്ക് പുതുവസ്ത്രം വാങ്ങിത്തരില്ലേ?’

‘തരുമല്ലോ. നാളെത്തന്നെ വാങ്ങാം.അത് സമ്മാനത്തില്‍ കൂട്ടേണ്ട.”

‘എങ്കില്‍… ഞാന്‍ പറയട്ടെ?’

‘പറ മോനേ…’

‘എനിക്ക് വസ്ത്രം വാങ്ങുമ്പോള്‍ ഒരു കൂട്ടം അധികം വാങ്ങണം. എന്റെ ക്ലാസ്സില്‍ പഠിക്കുന്ന ഫൈസലിന് കൊടുക്കാനാ. അവര്‍ പാവങ്ങളാണ് ഉപ്പാ. പെരുന്നാളിന് പോലും കീറിയ വസ്ത്രം ധരിക്കുന്ന കുട്ടിയാണ് അവന്‍.’

ഇത് കേട്ടപ്പോള്‍ ഉപ്പ അജ്മലിനെ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ഉമ്മവെച്ചുകൊണ്ട് പറഞ്ഞു:

‘എന്റെ മോന്‍ നല്ല കുട്ടിയാ. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കാനുള്ള മനസ്സ് എന്നും മോന് ഉണ്ടാകണം’-ഇത് പറയുമ്പോള്‍ ആ ഉപ്പയുടെ കണ്ണുകളില്‍ ആനന്ദത്തിന്റെ കണ്ണുനീര്‍ തുള്ളികള്‍ നിറഞ്ഞിരുന്നു.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക