ത്രിത്വവും ക്വുര്‍ആനും

ത്രിത്വവും ക്വുര്‍ആനും

(ക്വുര്‍ആനും പൂര്‍വ വേദങ്ങളും മിഷണറി സാഹിത്യങ്ങളിലെ മിഥ്യകളും: 3 )

 

ക്രൈസ്തവതയുടെ അടിത്തറയായ ത്രിയേകത്വ സിദ്ധാന്തത്തെ വിശുദ്ധ ക്വുര്‍ആന്‍ ശക്തിയുക്തം നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ക്വുര്‍ആന്‍ നിരാകരിക്കുന്ന ത്രിത്വവുമായി യഥാര്‍ഥ ക്രൈസ്തവതക്ക് ബന്ധമില്ലെന്നാണ് അല്‍നൂര്‍ ലേഖകന്റെ വിചിത്രവാദം. അദ്ദേഹം എഴുതുന്നു:

”പരിശുദ്ധ ത്രിത്വത്തെ സംബന്ധിച്ച് പറഞ്ഞ, യേശു വെളുപ്പെടുത്തിയതും ശ്ലീഹമാര്‍ ബൈബിളില്‍ രേഖപ്പെടുത്തിവെച്ചതും വിശ്വാസ പ്രമാണങ്ങളില്‍ ക്രോഡീകരിച്ചതുമായ ദൈവജനത്തിന്റെ വിശ്വാസബോധ്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവം എന്നാണ്. ഈ വിശ്വാസബോധ്യത്തെ നിഷേധിക്കുന്ന ഒരൊറ്റവാക്യം പോലും ഖുര്‍ആനിലെങ്ങും കാണപ്പെടുന്നില്ലയെന്നത് നമുക്ക് വെല്ലുവിളിയോടെ ചൂണ്ടിക്കാട്ടാന്‍ പറ്റും. മറിച്ച്, ഖുര്‍ആന്‍ നിഷേധിക്കുന്നത് ക്രൈസ്തവര്‍ക്കജ്ഞാതവും ക്രിസ്തുസഭക്ക് നിഷിദ്ധവുമായ ഒരുപദേശത്തെയാണ്. മറിയയും യേശുവും പിന്നെ അല്ലാഹുവും ചേര്‍ന്ന മൂന്ന് വ്യക്തികളാണ് ത്രിത്വത്തിലുള്ളതെന്ന ഒരു അസംബന്ധ കാഴ്ചപ്പാടിനെക്കുറിച്ച് വിവിധ ആശയങ്ങള്‍ സ്വരൂപിക്കാന്‍ മുസ്ലിംകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ആ അസംബന്ധവീക്ഷണം ഒട്ടും സ്വീകാര്യമല്ലെന്ന് മാത്രമല്ല, അടിമുടി നിഷിദ്ധവും ശക്തമായി എതിര്‍ത്ത് തള്ളിക്കളയേണ്ടതുമായ ഒരു ദുരുപദേശമാണ്. അത് യേശുവില്‍ നിന്നുള്ളതല്ല, സഭയില്‍ നിന്നുമുള്ളതല്ല, ക്രൈസ്തവര്‍ വിശ്വസിക്കുന്നതുമല്ല, ഒരിക്കലും പ്രഘോഷിക്കുന്നതുമല്ല” (അല്‍നൂര്‍, പേജ്:11).

എന്താണ് വാസ്തവം? ത്രിത്വം ക്രിസ്തുവിന്റെ മൗലികാധ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നതല്ല; പൗലോസ് ശ്ലീഹാ പിന്നീട് ആവിഷ്‌കരിച്ചതാണ് അത്! പൗലോസിന്റെ പിന്‍ഗാമികളാണ് അതിന് പ്രചാരം നല്‍കിയത്. ബൈബിളില്‍ ത്രിത്വത്തിന് അനുകൂലമായ രചനകളും പരാമര്‍ശങ്ങളും മാത്രം സ്ഥാനം പിടിച്ചു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നുള്ള രീതിയില്‍ വിശദീകരിക്കാതെ ക്വുര്‍ആന്‍ ത്രിത്വത്തെ പൊതു പരാമര്‍ശമായി ഉദ്ധരിക്കുകയാണ് ചെയ്യുന്നത്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്- ഈ നിലയ്ക്കല്ലാത്ത ത്രിത്വവിശദീകരണം അന്നും ഇന്നും ക്രൈസ്തവ ലോകത്ത് നിലനില്‍ക്കുന്നുണ്ട്. ത്രിത്വത്തിന്റെ എല്ലാത്തരം വിശ്വാസ വിശദീകരണങ്ങളെയും ഒന്നിച്ച് നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്തിരിക്കുകയാണ് ക്വുര്‍ആന്‍. ‘പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്’ എന്ന വിശദീകരണം മാത്രം ക്വുര്‍ആന്‍ അവലംബിച്ചാല്‍ മറ്റുള്ളവയുടെ നിഷേധം വരുന്നില്ല. അതിനാല്‍ പൊതുനിഷേധ രീതി അവലംബിക്കുകയും പ്രത്യേക പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയുമാണ് ക്വുര്‍ആന്‍ ചെയ്തിട്ടുള്ളത്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന ത്രിത്വ വിശദീകരണം മാത്രമാണ് യഥാര്‍ഥ ക്രൈസ്തവ വിശ്വാസമെന്ന വാദം ശരിയല്ല. പരിശുദ്ധാത്മാവിന് പകരം ‘പരിശുദ്ധ മാതാവിനെ’യും ‘പരിശുദ്ധ മാലാഖ’യെയും സങ്കല്‍പിക്കുന്ന ത്രിത്വവിശ്വാസങ്ങള്‍ അന്നും ഇന്നും നിലനില്‍ക്കുന്നുണ്ട്. ക്വുര്‍ആന്‍ ത്രിത്വത്തിന്റെ കാര്യത്തില്‍ പൊതുപരാമര്‍ശം നടത്തുമ്പോള്‍ അതില്‍ പരിശുദ്ധാത്മാവ് ഉള്‍പ്പെടുന്ന ത്രിത്വസങ്കല്‍പവും പരിശുദ്ധ മാലാഖ ഉള്‍പ്പെടുന്ന ത്രിത്വവും ഒന്നിച്ച് നിഷേധിക്കപ്പെടുന്നു. ക്വുര്‍ആന്‍ ക്രിസ്തുമത വീഷണത്തിലെ ‘യഥാര്‍ഥ ത്രിത്വത്തെ’ നിഷേധിക്കുന്നില്ലെന്നും നിഷേധിക്കുന്നത് ഒരു അസംബന്ധ വീക്ഷണത്തെയാണെന്നും ‘അല്‍നൂര്‍’ എഴുത്തുകാരന്‍ പറയുന്നത് സ്വന്തം വിശ്വാസത്തെ മാത്രം ക്രൈസ്തവതയുടെ മൗലികദര്‍ശനമായി കരുതുന്നതുകൊണ്ടാണ്. എ.ഡി. രണ്ടാം നൂറ്റാണ്ടു മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെയുള്ള കാലയളവിലെല്ലാം ത്രിത്വത്തിലെ മൂന്ന് വ്യത്യസ്ത ആളത്തങ്ങളില്‍ മൂന്നാമത്തേത് ഏതെന്ന കാര്യത്തില്‍ വിവിധ സഭകള്‍ക്കിടയില്‍ ഭിന്നത നിലനിന്നിട്ടുള്ളത് ചരിത്ര വസ്തുതയാണ്. മറിയയും യേശുവും അല്ലാഹുവും ഉള്‍പ്പെടുന്ന അസംബന്ധ ത്രിത്വ സങ്കല്‍പത്തെയാണ് ക്വുര്‍ആന്‍ നിഷേധിക്കുന്നത് എന്ന വാദഗതി ക്വുര്‍ആനിന്റെ ഇവ്വിഷയകമായ പരാമര്‍ശങ്ങള്‍ യഥാവിധി വിചിന്തന വിധേയമാക്കാത്തതിന്റെ ഫലമാണ്. ത്രിത്വത്തിന്റെ കാര്യത്തില്‍ അല്‍നൂര്‍ ലേഖകന്‍ പറയുന്ന വിശദീകരണവും യേശുവിന്റെ അധ്യാപനമായിരുന്നില്ല എന്ന പരാമര്‍ശവും അവഗണിച്ചുകൊണ്ടാണ് അദ്ദേഹം സ്വന്തം വിശ്വാസത്തെ മഹത്ത്വവത്കരിക്കുന്നത്. അല്‍നൂര്‍ ലേഖകന്‍ എഴുതുന്നു:

”ഏതായാലും ത്രിത്വത്തെ (ക്രിസ്തീയ സത്യത്തെയല്ല; മറിച്ച് മറിയം, യേശു, അല്ലാഹു എന്നിവരാണ് ത്രിത്വമെന്ന് പറയുന്ന ദുരുപദേശത്തെ) എതിര്‍ക്കുന്ന 5:116 ഉം ”ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ച നാഥന് ഭാര്യയില്ലെന്നും അവളില്‍ പുത്രനില്ലെന്നും പറയുന്ന 6:101 ഉം, അല്ലാഹു സന്തതിയെ ജനിപ്പിച്ചിട്ടില്ലെന്നും (ശാരീരിക നിലയില്‍) പറയുന്ന 112:1-4 ഉം, അല്ലാഹു മൂന്ന് ദൈവങ്ങളില്‍ ഒരുവനാണെന്ന് പറയുന്ന 5:73 ഉം ഒരു രീതിയിലും ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടതല്ല എന്നു മാത്രമല്ല, യാഥാര്‍ഥ വിശ്വാസത്തിന് വിരുദ്ധമാണ് ആ വാക്യങ്ങളില്‍ സൂചിപ്പിക്കപ്പെടുന്ന ചിന്താഗതികള്‍ എന്നും വ്യക്തമായി ചൂണ്ടിക്കാട്ടാന്‍ ക്രൈസ്തവര്‍ക്കൊരു തടസ്സവുമില്ല. അതെ, ക്രിസ്തു സഭ പ്രഖ്യാപിക്കുന്നു: ”മറിയയും യേശുവും അല്ലാഹുവും അല്ല പരിശുദ്ധ ത്രിത്വം: ദൈവം ഭാര്യയെ സ്വീകരിച്ചവനല്ല, ശാരീരിക ബന്ധത്തില്‍ സന്തതിയെ സൃഷ്ടിച്ചവനല്ല, ദൈവം 3 ദൈവങ്ങളല്ല.” അതെ, വീണ്ടും ക്രിസ്തു സഭ പ്രഖ്യാപിക്കുന്നു: ”പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവുമാണ് പരിശുദ്ധ ത്രിത്വം (ദൈവം, വചനം, ആത്മാവ്). പിതാവിന്റെ ആദ്യ ജാതനാണ് ഈശോമിശിഹാ. പിതാവില്‍ നിന്നുള്ള സത്യാത്മാവാണ് പരിശുദ്ധാത്മാവ്, പിതാവും പുത്രനും പരിശുദ്ധാത്മാവും ഏക ദൈവമാണ്” (അല്‍നൂര്‍, പേജ്:12).

ക്രൈസ്തവ ത്രിത്വത്തെക്കുറിച്ചുള്ള ക്വുര്‍ആനിന്റെ ധാരണ ശരിയല്ല എന്ന് തെളിയിക്കാനാണ് ലേഖകന്‍ പണിപ്പെടുന്നത്. ഇതിനുവേണ്ടി ക്വുര്‍ആനില്‍ പറയുന്ന തരത്തില്‍ ഒരു ത്രിത്വം ക്രൈസ്തവ വിശ്വാസങ്ങളിലില്ലെന്നും ക്വുര്‍ആനിലെ ത്രിത്വം ക്രൈസ്തവ വിശ്വാസ വിരുദ്ധമാണെന്നും എഴുതുന്നു. മറിയയും യേശുവും അല്ലാഹുവും ഉള്‍പ്പെടുന്ന ഒരു ത്രിത്വത്തെ കുറിച്ച് ക്വുര്‍ആനിന്റെ അവതരണ കാലത്തും ശേഷവും ക്രൈസ്തവര്‍ക്കിടയില്‍ വിശ്വാസം നിലനിന്നിരുന്നു. മാത്രവുമല്ല, മറിയം ദൈവത്തിന്റെ ഭാര്യയാണെന്നു പോലും ചിലര്‍ വിശ്വസിച്ചിരുന്നു. ത്രിത്വത്തിലെ ദൈവങ്ങള്‍ മൂന്നും വെവ്വേറെ ദൈവങ്ങളാണ് എന്ന ധാരണയും അന്നും ഇന്നും ക്രൈസ്തവരിലുണ്ട്.

‘പിതാവിന്റെ ആദ്യജാതനാണ് ഈശോ’ എന്ന് അല്‍നൂര്‍ ലേഖകന്‍ തന്നെ പറയുന്നതിനാല്‍  പിതാവിന് ഇനിയും പുത്രന്മാരോ പുത്രിമാരോ ഉണ്ടാകാമെന്നും അവരൊക്കെ പ്രജനനത്തിലൂടെയോ അല്ലാതെയോ ഉണ്ടായിവരാവുന്നതാണ് എന്നും ക്രൈസ്തവര്‍ വിശ്വസിക്കുന്നതായി മനസ്സിലാക്കുന്നതില്‍തെറ്റില്ല. ‘പിതാവില്‍ നിന്നുള്ള പുത്രന്‍,’ ‘പിതാവില്‍ നിന്നുള്ള പരിശുദ്ധാത്മാവ്’ എന്നിങ്ങനെ വേര്‍തിരിച്ച് വിശദീകരിക്കുന്നതിനാല്‍, പിതാവും പുത്രനും പരിശുദ്ധാത്മാവും ചേര്‍ന്നത് ഏകദൈവമാണ് എന്ന പരാമര്‍ശം നിരര്‍ഥകമായിത്തീരുന്നു. ക്വുര്‍ആന്‍ പരിചയപ്പെടുത്തുന്ന ത്രിത്വം ക്രൈസ്തവര്‍ക്ക് അജ്ഞാതമാണെന്ന് പറയുന്നതുകൊണ്ടു മാത്രം സ്വന്തം വാദഗതികളെ രക്ഷപ്പെടുത്താനാവില്ല. അല്‍നൂര്‍ ലേഖകന്‍ ത്രിത്വത്തെ പറ്റിയുള്ള പരാമര്‍ശങ്ങളെന്ന നിലയില്‍ സൂചിപ്പിച്ച 5:116, 6:161, 5:73, വാക്യങ്ങള്‍ പരിശോധിക്കാം:

1. ”അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക:) മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍”(5:16).

ത്രിത്വത്തിന്റെ ഭാഗമായും അല്ലാതെയും യേശുവിനെയും അദ്ദേഹത്തിന്റെ മാതാവിനെയും അരാധിക്കുന്നവര്‍ക്കെല്ലാം ബാധകമായ പൊതുവാക്യമാണിത്. ത്രിത്വത്തിന്റെ ഭാഗമല്ലാതെ കന്യാമാതാവിനെ ആരാധിക്കുന്നവരാണല്ലോ കത്തോലിക്കാ സഭയിലെ വിശ്വാസകള്‍. ത്രിത്വത്തിന്റെ ഭാഗമായി മര്‍യമിനെ ആരാധിക്കുന്നവരാണ് സിറിയലിലെ എബിയോനൈറ്റ് സഭക്കാര്‍. എല്ലാ ക്രിസ്തു- കന്യാമറിയം ആരാധകര്‍ക്കും ഈ വാക്യം (5:116) ബാധകമാണ്.

2. ”ആകാശങ്ങളുടെയും ഭൂമിയുടെയും നിര്‍മാതാവാണവന്‍. അവന്ന് എങ്ങനെ ഒരു സന്താനമുണ്ടാകും? അവന്നൊരു കൂട്ടുകാരിയുമില്ലല്ലോ! എല്ലാ വസ്തുക്കളെയും അവന്‍ സൃഷ്ടിച്ചതാണ്. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവനുമാണ്” (6:101).

ഒരു ഇണയില്‍ നിന്ന് സന്താനമുണ്ടാവുക എന്നതാണ് മനുഷ്യരിലെ രീതി. മകന്‍, മകള്‍ എന്നൊക്കെ പറയുമ്പോള്‍ ജനിപ്പിച്ച മാതാവിനും സ്ഥാനമുണ്ട്. ഈ സാമാന്യ സത്യത്തെ അടിസ്ഥാനമാക്കി എ.ഡി. ആറ് ഏഴ്, എട്ട് നൂറ്റാണ്ടുകളിലെ ചില ക്രൈസ്തവ വിശ്വാസികള്‍ ദൈവത്തിന് ഭാര്യയുണ്ടെന്നും ആ ഭാര്യ കന്യാമര്‍യമാകാം എന്നും വിശ്വസിച്ചിരുന്നു. അവരെക്കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഒരു പരാമര്‍ശത്തിലൂടെ ദൈവത്തിന് പുത്രന്‍ എന്ന സങ്കല്‍പത്തെ നിഷേധിക്കുകയാണ് ക്വുര്‍ആന്‍ ചെയ്യുന്നത്. ത്രിത്വത്തിന്റെ എല്ലാത്തരം വിശദീകരണങ്ങള്‍ക്കും ബാധകമായ അര്‍ഥങ്ങളുള്ള വാക്യമാണ് ഇത്.

3. ”അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല” (112:3).

പുത്രന്‍ എന്ന വിശേഷണവും ഭാവനയും ഏതു നിലയ്ക്ക് ത്രിത്വവുമായി ബന്ധപ്പെട്ടാലും പുത്രന്റെ ആവിര്‍ഭാവം ഏതു വിധത്തിലായാലും അത് അല്ലാഹുവിന്റെ കാര്യത്തില്‍ സങ്കല്‍പിക്കാവുന്നതല്ലെന്ന് ഈ വാക്യം തെളിയിക്കുന്നു.  

4. ”അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും” (5:73).

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന രീതിയിലുള്ള ത്രിത്വ സങ്കല്‍പത്തിനും ബാധകമായ ഒരു പരാമര്‍ശമാണിത്. ദൈവത്തെ പിതാവായും പുത്രനായും പരിശുദ്ധാത്മാവായും സങ്കല്‍പിക്കുമ്പോള്‍ ഒന്നാമത് വരുന്നത് പിതാവിന്റെ നാമമാണല്ലോ. മാത്രമല്ല, പുത്രനും പരിശുദ്ധാത്മാവും അവനില്‍ നിന്നുള്ളവരാണെന്നും ത്രിത്വവാദക്കാര്‍ പറയുന്നു. അപ്പോള്‍ പിതാവാണ് ആദ്യമുള്ളതും ഒന്നാമത്തെതും. സാക്ഷാല്‍ ദൈവമെന്ന അര്‍ഥം ഈ ഒന്നാമന് അര്‍ഹമായതാണെന്ന് വ്യക്തം. അല്‍നൂര്‍ ലേഖകന്റെ അജ്ഞതയും അബദ്ധങ്ങളും ഇതില്‍ നിന്നെല്ലാം ഗ്രഹിക്കാവുന്നതാണ്. (അവസാനിച്ചു)

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

ബൈബിളും വിജാതീയ രചനകളും

ബൈബിളും വിജാതീയ രചനകളും

”ചുരുക്കത്തില്‍ ഒന്നാം നൂറ്റാണ്ടിലെ ബൈബിള്‍ അതുപോലെ തന്നെ ഖുര്‍ആനിന്റെ കാലമായ ഏഴാം നൂറ്റാണ്ടിലും നിലനിന്നു. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അത് ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നു. എന്നാല്‍ നേരെത്തെ സൂചിപ്പിച്ച പോലെ മുഹമ്മദിന്റെ കാലത്തിന് തൊട്ടുമുമ്പുള്ള നൂറ്റാണ്ടുകളില്‍ പാഷാണ്ഡ-ഛിന്ന സമൂഹങ്ങളില്‍ രൂപം കൊണ്ട ആശയങ്ങളും രചനകളും ബൈബിളിന് സമാന്തരമായി പേര്‍ഷ്യ, സിറിയ, അറേബ്യ തുടങ്ങിയ നാടുകളില്‍ പ്രചരിച്ചു. ക്രൈസ്തവരുടെ സത്യവേദത്തില്‍ നിന്നും പാഷാണ്ഡികളുടെ വ്യാജകൃതികളില്‍ നിന്നുമുള്ള ആശയങ്ങള്‍ ഒരേസമയം ആദ്യമുസ്ലിം സമൂഹത്തെ സ്വാധീനിച്ചുവെന്ന് സൂക്ഷ്മ വിശകലനം തെളിയിക്കുന്നു. റവ.ക്ലയര്‍ ട്രിസ്ഡാല്‍ വളരെ വിശദമായി ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. വിരുദ്ധ ഉറവിടങ്ങൡ നിന്നും ഒരേസമയം വ്യത്യസ്ത ആശയങ്ങള്‍ സ്വീകരിച്ചതുകൊണ്ടാണ് ആദ്യകാല ഇസ്ലാമിന്റെ ചിന്താഗതികളില്‍ ചിലപ്പോള്‍ ക്രൈസ്തവ വിശ്വാസ പ്രമാണങ്ങള്‍ക്ക് അനുകൂലവും ചിലപ്പോള്‍ പ്രതികൂലവുമായ ആശയങ്ങള്‍ കടന്നുകൂടാന്‍ കാരണം” (അല്‍നൂര്‍, പേജ് 9).

ഒന്നാം നൂറ്റാണ്ടിലെ ബൈബിള്‍ ഏഴാം നൂറ്റാണ്ടിലും നിലനിന്നു എന്ന വാദം ചരിത്ര വിരുദ്ധമാണ്. ഇതിന് പല കാരണങ്ങളുണ്ട്. പുതിയ നിയമത്തിലെ മുഖ്യ രചനകളായ സുവിശേഷങ്ങളും പ്രധാന ലേഖനങ്ങളും പൂര്‍ത്തിയായത് രണ്ടാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്. ശേഷിച്ച ചില ലേഖനങ്ങള്‍ പിന്നീട് പല നൂറ്റാണ്ടുകളിലായാണ് രംഗത്തുവന്നത്. പുതിയ നിയമങ്ങളും പഴയ നിയമവും ഇന്നത്തെ ഘടനയില്‍ സമാഹരിക്കപ്പെട്ടത് മൂന്നാം നൂറ്റാണ്ടിനു ശേഷമാണ്. പല നൂറ്റാണ്ടുകളിലൂടെ പരിണമിച്ചുണ്ടായ ഒരു ഘടനയാണ് ആധുനിക ബൈബിളിന്റെത്. ഇപ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ ഒന്നാം നൂറ്റാണ്ടില്‍ ഇന്നത്തെ രൂപത്തില്‍ ബൈബിള്‍ നിലനിന്നിരുന്നു എന്ന വാദം തെറ്റാണ്.

മുഹമ്മദ് നബി ﷺ യും പൗലോസും

”ഇതിനെല്ലാം പുറമെ ബൈബിളില്‍ നിന്നുള്ള ചില ഉദ്ധരണികള്‍ തന്നെ മുഹമ്മദ് പറയുന്നതായി പാരമ്പര്യങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു ഉദാഹരണം മാത്രം താഴെ ചേര്‍ക്കുന്നു. മിശ്കാത്തിലെ 487-ാം പേജില്‍ ‘പറുദീസായുടെയും അവിടുത്തെ നിവാസികളുടെയും വിവരണം’ എന്നു പേരായ അധ്യാത്തില്‍  അബൂഹുറെയ്‌റ വിവരിക്കുന്ന ഒരു പാരമ്പര്യമുണ്ട്. മുഹമ്മദ് ഇപ്രകാരം പറഞ്ഞതായി നാം വായിക്കുന്നു: ”അത്യുന്നതനായ ദൈവം ഇപ്രകാരം അരുളി ചെയ്യുന്നു. ദൈവത്തെ സ്‌നേഹിക്കുന്ന തന്റെ ദാസന്മാര്‍ക്ക് ദൈവം ഒരുക്കിയിട്ടുള്ളത് കണ്ണുകണ്ടിട്ടില്ല. കാതു കേട്ടിട്ടില്ല. ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.” വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ നിന്നുള്ള ഒരുവാക്യമാണ് (1.കൊറി 2:9) മുഹമ്മദ് ഉദ്ധരിച്ചിരിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തമാണ്. പൗലോസ് ഒരു അപ്പോസ്തലനേ അല്ലെന്നും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ദൈവനിവേശിതമല്ലെന്നും തുടരെത്തുടരെ ആവര്‍ത്തിക്കുന്ന ഒട്ടേറെ മുസ്ലിം മതപ്രചാരകരെയും എഴുത്തുകാരെയും നാം കാണാറുണ്ട്. എന്നാല്‍ പൗലോസിന്റെ ലേഖനത്തിലെ വാക്യം ”അത്യുന്നതനായ ദൈവം നേരിട്ട് അരുളി ചെയ്യുന്നതാണ് എന്ന്” മുഹമ്മദ് തന്റെ അനുയായികളെ വ്യക്തമായി പരിചയപ്പെടുത്തിയിട്ടും ചില തീവ്രവാദി ഇസ്ലാമിക സംഘടനകള്‍ പൗലോസിന്റെ ലേഖനങ്ങളെ നിഷേധിക്കുന്നതായി കാണാം.

ഖുര്‍ആനെ വേദഗ്രന്ഥമാക്കി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാ മുസ്ലിംകളും ബൈബിളിലെ പഴയ നിയമവും പുതിയ നിയമവും അടങ്ങിയ വിശുദ്ധ തിരുവെഴുത്തുകളെ തികഞ്ഞ വിശ്വസ്തതയോടും ആദരവോടും പാരായണം ചെയ്യുവാനും അനുസരിക്കുവാനും ബാധ്യസ്ഥരാണെന്നും ഇതുവരെയുള്ള പഠനത്തില്‍ നിന്നും വ്യക്തമാണല്ലോ” (അല്‍നൂര്‍, പേജ് 7).

പൂര്‍വ വേദങ്ങളെ ശരിവെച്ചുകൊണ്ടുവന്ന ഒരു വേദത്തിന്റെ വാഹകനായിരുന്നു മുഹമ്മദ് നബി ﷺ . പൂര്‍വ വേദങ്ങളിലെയും പ്രവാചക സന്ദേശങ്ങളിലെയും ചില ആശയങ്ങളും പരാമര്‍ശങ്ങളും വിശുദ്ധ ക്വുര്‍ആനിലും മുഹമ്മദ് നബി ﷺ യുടെ ആധ്യാപനങ്ങളിലും കാണുന്നതിന് കാരണം ഈ തുടര്‍ച്ചാ ബന്ധമാണ്. ബൈബിള്‍ പുതിയ നിയമത്തിലും പഴയ നിയമത്തിലും കാണുന്ന ചില വാക്യങ്ങള്‍ക്ക് ക്വുര്‍ആനിലെയും പ്രവാചകാധ്യാപനങ്ങളിലെയും പരാമര്‍ശവുമായി സാമ്യതയുണ്ടാകാന്‍ കാരണം, ബൈബിള്‍ മുഹമ്മദ് നബി ﷺ ക്കു മുമ്പുവന്ന വേദങ്ങളുടെയും പ്രവാചകാധ്യാപനങ്ങളുടെയും വികലീകരിക്കപ്പെട്ട രൂപമായതുകൊണ്ടുമാണ്. ഗുരുതരമായ ഒട്ടനവധി തിരുത്തുകള്‍ക്കും അഴിച്ചുപണികള്‍ക്കും വിധേയമായി നിലനിന്നിരുന്ന ആദ്യകാല തൗറാത്ത്-ഇന്‍ജീല്‍ എന്നിവയില്‍ നിന്ന് ബൈബിള്‍ രചയിതാക്കള്‍ക്ക് കിട്ടിയ ചല സാര്‍വകാലിക മൂല്യങ്ങളും പരാമര്‍ശങ്ങളും അവര്‍ അവരുടെ രചനകളില്‍ ഉപയോഗിക്കുകയായിരുന്നു ചെയ്തത്. ബൈബിളില്‍ വരുന്ന പരാമര്‍ശങ്ങളുമായി ഏതെങ്കിലും ക്വുര്‍ആന്‍-ഹദീഥ് വാക്യങ്ങള്‍ക്ക് സാമ്യമുണ്ടായി എന്നതിനാല്‍ അവയെ മുസ്‌ലിംകള്‍ തള്ളിക്കളയണമെന്ന് പറയുന്നതുപോലെത്തന്നെ ബാലിശവും നിരര്‍ഥകവുമാണ്, സാമ്യമുള്ള ക്വുര്‍ആന്‍ -ഹദീഥ് വാക്യങ്ങളത്രയും ബൈബിള്‍ പഴയ-പുതിയ നിയമങ്ങളില്‍ നിന്ന് കോപ്പിയടിച്ചതാണ് എന്ന് പറയുന്നതും.

മുഹമ്മദ് നബി ﷺ  പൗലോസ് ശ്ലീഹായെ പകര്‍ത്തിയാണ് പറുദീസയെക്കുറിച്ചുള്ള ”…ഒരു കണ്ണും കണ്ടിട്ടില്ലാത്തതും…” എന്ന വിവരണം നല്‍കിയിരിക്കുന്നത് എന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി അല്‍നൂര്‍ ലേഖകന്‍ നടത്തിയ അട്ടിമറി കൂടി കാണേണ്ടതുണ്ട്. ഒന്ന് കൊരിന്ത്യര്‍ 2:9 വാക്യമായി ഉദ്ധരിക്കുന്നത് പൗലോസിന്റെ സ്വന്തം ആശയവും വാക്യവുമായാണ് അല്‍നൂറുകാരന്‍ പരിചയപ്പെടുത്തുന്നതെങ്കിലും യഥാര്‍ഥത്തില്‍ ആ വാക്യം പൂര്‍വകാല ലിഖിതങ്ങളില്‍ നിന്ന് പൗലോസ് ഉദ്ധരിക്കുന്നത് മാത്രമാണ്. പൗലോസിന്റെ സ്വന്തം രചനയും ആശയവുമല്ല ആ വാക്യം. ഒന്ന് കൊരിന്ത്യര്‍ 2:9ന്റെ പൂര്‍ണ രൂപം ഇപ്രകാരമാണ്:

”ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരുക്കീട്ടുള്ളത് കണ്ണു കണ്ടിട്ടില്ല. ചെവി കേട്ടിട്ടില്ല. ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല’ എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ” (ഒന്ന് കൊരിന്ത്യര്‍ 2ാം അധ്യായം ഒമ്പതാം വാക്യം, സത്യവേദ പുസ്തകം പേജ് 169, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കണം).

ക്രിസ്തുമതത്തെ വികൃതമാക്കുകയും അതില്‍ ബാഹ്യമായ നിരവധി ആശയങ്ങളും തത്ത്വങ്ങളും കടത്തിക്കൂട്ടി വികലമാക്കുകയും ചെയ്ത പൗലോസിന്റെ ജല്‍പനങ്ങള്‍, ദൈവത്തിന്റെ വാക്യങ്ങളായി മുഹമ്മദ് നബി ﷺ  കരുതിയിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുവാനാണ് അല്‍നൂറുകാരന്റെ ശ്രമം. ഇതിനു വേണ്ടിയാണ് പ്രാചീന ലിഖിതങ്ങളില്‍ നിന്ന് പൗലോസ് ഉദ്ധരിച്ച ഒരു വാക്യത്തെ പൗലോസിന്റെ സ്വന്തം വാക്യമായി ചിത്രീകരിക്കുന്നത്. മാത്രവുമല്ല, പൗലോസിന്റെ ലേഖനത്തിലെ ഈ ഉദ്ധരണി പൗലോസിന്റെ വാക്യമായി മനസ്സിലാക്കിക്കൊണ്ട് ‘അത്യുന്നതനായ ദൈവം നേരിട്ട് അരുളി ചെയ്യുന്നതാണെന്ന് മുഹമ്മദ് തന്റെ അനുയായികളെ വ്യക്തമായി പരിചയപ്പെടുത്തി’ എന്ന് പ്രവാചകനെക്കുറിച്ച് വ്യാജം പറയുകയും ചെയ്യുന്നു. സ്വന്തം പ്രമാണങ്ങളിലെ പരാമര്‍ശങ്ങളുടെ സത്യസ്ഥിതി തിരിച്ചറിയാന്‍ ശ്രമിക്കാതിരിക്കുകയും അവയെ വിലകുറച്ച് കാണുകയും അവയോട് അവിശ്വസ്തത പുലര്‍ത്തുകയും ചെയ്യുന്നു അല്‍നൂര്‍ ലേഖകന്‍ എന്ന് ഈ വിവരണത്തില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. പുതിയ നിയമകര്‍ത്താക്കള്‍ അവിടെയും ഇവിടെയും നിന്ന് തങ്ങളുടെ രചനകളില്‍ ഉദ്ധരിക്കുന്ന ശകലങ്ങള്‍ അവരുടെ സ്വന്തം ആശയങ്ങളും രചനകളുമായി പരിചയപ്പെടുത്തുന്നതിലെ വക്രത എത്രമാത്രം ബാലിശമാണ് എന്ന് ചിന്തിക്കുക!

പൂര്‍വ പ്രവാചകന്മാരും ക്വുര്‍ആനും

”മൂന്നേകാല്‍ ലക്ഷം മുതല്‍ രണ്ടേകാല്‍ ലക്ഷം വരെ പ്രവാചകന്മാരെ ദൈവം ലോകത്തിലേക്ക് അയച്ചു എന്ന് മുഹമ്മദ് പറഞ്ഞതായി ഇസ്ലാമിക പാരമ്പര്യം ശരിയാണെങ്കില്‍ ഖുര്‍ആന്‍ ഈ പ്രവാചകന്മാര്‍ വഴി നല്‍കപ്പെട്ട ദൈവിക സന്ദേശങ്ങളുടെ പതിനായിരത്തിലൊന്നു പോലും ഉള്‍ക്കൊള്ളുന്നില്ല എന്ന് കാണാം. രണ്ടേകാല്‍ ലക്ഷം പ്രവാചകന്മാരില്‍ 28 പേരെ കുറിച്ച് മാത്രമേ (മുഹമ്മദിനു മുമ്പുള്ള) ഖുര്‍ആനില്‍ പരാമര്‍ശമുള്ളൂ….”

”അതായത് 28 പേരെ കുറിച്ച് മൊത്തത്തിലുള്ള വിവരണം തന്നെ വളരെ പരിമിതമാണെന്ന് വ്യക്തം. അതില്‍ പതിനാലു പേരെ കുറിച്ച് ആനുഭാഗികമായി പരാമര്‍ശങ്ങള്‍ മാത്രമേയുള്ളൂ. കൂടാതെ 28ല്‍ 27 പേരുടെയും വാക്കുകളെയും പ്രവൃത്തികളെയും കുറിച്ചുള്ള വിവരണങ്ങള്‍ പെട്ടെന്ന് ക്രോഡീകരിക്കാനോ മനസ്സിലാക്കിയെടുക്കാനോ ആവാത്ത വിധം പല സൂറത്തുകളിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ്. വളരെ ശ്രദ്ധയോടും ഗൗരവത്തോടും കൂടി ഖുര്‍ആന്‍ പരിശോധിക്കുന്ന ഒരു വ്യക്തിക്കു പോലും അവയൊക്കെ കണ്ടെത്താന്‍ ധാരാളം കഷ്ടപ്പെടേണ്ടി വരും. മാത്രമല്ല, ബൈബിളിന്റെ വെളിച്ചത്തില്‍ ഖുര്‍ആനെ സമീപിക്കുന്ന ഒരു വ്യക്തിക്ക് 28 പേരില്‍ ചിലരെ പ്രവാചകരായി അംഗീകരിക്കുന്ന വ്യക്തികളുടെ കാര്യത്തില്‍ പോലും പ്രവാചകന്റെ പ്രവാചകത്വത്തെയും ചെയ്തികളെയും കുറിച്ച് സമഗ്രമായ ഒരു ചിത്രം ആഗ്രഹിക്കുന്ന ഏത് വ്യക്തിയും – അയാള്‍ വിശ്വാസിയോ അവിശ്വാസിയോ ആകട്ടെ ഖുര്‍ആനിനേക്കാള്‍ പലമടങ്ങ് ആശ്രയിക്കേണ്ടി വരുന്നതും ആശ്രയിക്കാന്‍ ഇഷ്ടപ്പെടുന്നതും ബൈബിള്‍ തന്നെയാരിക്കും എന്നതിന് സംശയമില്ല” (അല്‍നൂര്‍, പേജ് 10).

ഭൂലോകത്ത് വന്നുപോയ മുഴുവന്‍ സത്യദൂതന്‍മാരും പ്രബോധനം ചെയ്ത സന്ദേശം അടിസ്ഥാനപരമായി ഒന്നു തന്നെയായിരുന്നു എന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അവരെക്കുറിച്ച് മൊത്തത്തുള്ള പരാമര്‍ശങ്ങളേ ക്വുര്‍ആനിലുള്ളൂ. അവരുടെ സന്ദേശങ്ങളുടെ അന്തസ്സത്ത ക്വുര്‍ആനില്‍ തന്നെയുള്ള പരാമര്‍ശങ്ങളിലുണ്ട്. അവരില്‍ നിന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടി വരുന്നവരെക്കുറിച്ച് മാത്രമെ ക്വുര്‍ആന്‍ എടുത്ത് പറയുന്നുള്ളൂ. പ്രത്യേക പദവി നല്‍കപ്പെട്ടവരുടെ ജീവിതത്തിലും അനുഭവങ്ങളിലും സര്‍വകാലികമായ പാഠങ്ങള്‍ ഉള്ളതുകൊണ്ടാണ് ക്വുര്‍ആന്‍ അവരെക്കുറിച്ച് പറയുന്നത്. പറയപ്പെട്ടവരും പറയപ്പെടാത്തവരുമായ ദുതന്മാരില്‍ മൊത്തത്തില്‍ വിശ്വസിച്ചുകൊണ്ട് ജീവിക്കാനുമാണ് ക്വുര്‍ആന്‍ പറയുന്നത്. അതുകൊണ്ട് തന്നെ ക്വുര്‍ആനിലും പ്രവാചക വിശദീകരണങ്ങളിലുമില്ലാത്ത ചില പേരുകള്‍ മറ്റെവിടെയെങ്കിലും കണ്ടെത്തിയാല്‍ തന്നെ അവയെ അംഗീകരിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരല്ല. മുന്‍കാലങ്ങളില്‍ നല്‍കപ്പെട്ട സന്ദേശങ്ങളുടെ പുതിയ രൂപത്തിലുള്ള ആവര്‍ത്തനമാണ് ക്വുര്‍ആന്‍ ഉള്‍ക്കൊള്ളുന്നത് എന്നതിനാല്‍ മുന്‍ കഴിഞ്ഞവരുടെ സന്ദേശങ്ങള്‍ അതേപടി ആവര്‍ത്തിക്കേണ്ടയാവശ്യം വരുന്നില്ല. അതുകൊണ്ട് മുന്‍കഴിഞ്ഞ പ്രവാചകന്‍മാര്‍ വഴി നല്‍കപ്പെട്ട ദൈവിക സന്ദേശങ്ങളുടെ ‘പതിനായിരത്തിലൊന്നുപോലും ക്വുര്‍ആനില്‍ ഉള്‍ക്കൊള്ളുന്നില്ല’ എന്നത് ക്വുര്‍ആനിനെ സംബന്ധിച്ച് ഒരു ന്യൂനതയായി കാണേണ്ടതില്ല.

(അവസാനിച്ചില്ല)

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

പഠന ബോധന മാര്‍ഗങ്ങള്‍ ക്വുര്‍ആനില്‍ നിന്ന് – 02​

പഠന ബോധന മാര്‍ഗങ്ങള്‍ ക്വുര്‍ആനില്‍ നിന്ന് - 02

നിരൂപണ പഠനം

അധ്യാപകര്‍ പറയുന്നത് അപ്പടി വിഴുങ്ങുകയല്ല; അത് ഒരു റഫറന്‍സ് ആയി മാത്രം വിലയിരുത്തി പഠിക്കുകയാണ് വേണ്ടത്. വിഷയങ്ങളെ വിലയിരുത്തുമ്പോള്‍ അധ്യാപകന്റെ അതേ അഭിപ്രായം തന്നെയായിക്കൊള്ളണമെന്നില്ല വിദ്യാര്‍ഥിക്ക്. വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണം.

നബി ﷺ  വഹ്‌യ് (ദിവ്യബോധനം) അനുസരിച്ച് പറയുന്ന കാര്യത്തില്‍ സ്വഹാബാക്കള്‍ (അനുചരന്മാര്‍) മറ്റ് അഭിപ്രായങ്ങള്‍ പറയുമായിരുന്നില്ല; അല്ലാത്ത കാര്യങ്ങളില്‍ പറയുമായിരുന്നു. ഉദാ: ബദ്‌റില്‍ മുസ്‌ലിം സൈന്യത്തോട് ‘ഇവിടെ തമ്പടിക്കാം’ എന്ന് നബി ﷺ  പറഞ്ഞപ്പോള്‍ സ്വഹാബിമാര്‍ ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, ഈ സ്ഥലത്ത് തന്നെ തമ്പടിക്കണമെന്ന് അല്ലാഹു പറഞ്ഞതാണോ, അതോ താങ്കള്‍ തീരുമാനിച്ചതോ?” നബി ﷺ  പറഞ്ഞു: ”എന്റെ അഭിപ്രായമാണ്.” അപ്പോള്‍ അവര്‍ പറഞ്ഞു: ”ഇതിനെക്കാള്‍ നല്ലത് അപ്പുറത്ത് വെള്ളമുള്ള സ്ഥലമാണ്.” അപ്പോള്‍ നബി ﷺ  അവര്‍ പറഞ്ഞത് അംഗീകരിച്ചു.

അധ്യാപകന്‍ ഏതെങ്കിലും ഒരു പൊതുകാര്യത്തെ വിലയിരുത്തുന്നതിനോട് വിയോജിക്കാന്‍ വിദ്യാര്‍ഥിക്ക് സ്വാതന്ത്ര്യമുണ്ടാവണം. മാത്രമല്ല, ഏതൊരു കാര്യവും നാം അംഗീകരിക്കുമ്പോള്‍ അതിന് ഒരു ന്യായീകരണം നമുക്ക് ഉണ്ടായിരിക്കും; ഇന്നയിന്ന കാരണങ്ങളാല്‍ ഞാന്‍ ഈ നിലപാടുകാരനാണ് എന്ന്. ഉദാഹരണമായി, ഈജിപ്തില്‍ മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയത് തെറ്റാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം അദ്ദേഹം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്. അദ്ദേഹത്തെ പുറത്താക്കിയതില്‍ തെറ്റില്ല എന്ന് എന്റെ വിദ്യാര്‍ഥിക്ക് വിശ്വസിക്കാം. അതിനോട് എനിക്ക് വിയോജിക്കാം. പക്ഷേ, എന്നോട് വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം അവനുണ്ട് എന്ന് ഞാന്‍ അംഗീകരിക്കണം.

അധ്വാനശീലം വളര്‍ത്തല്‍

വിദ്യാര്‍ഥികളെ സ്വയം പര്യാപ്തരാക്കുക. പക്ഷേ, വിദ്യാര്‍ഥികളില്‍ മഹാഭൂരിപക്ഷവും ഇഷ്ടപ്പെടുന്നത് Spoon feeding education ആണ്. കുറിപ്പുകള്‍ തയ്യാറാക്കി പരീക്ഷക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും കൊടുത്ത് കാണാതെ പഠിപ്പിക്കുകയല്ല ചെയ്യേണ്ടത്.

വിദ്യാര്‍ഥികേന്ദ്രീകൃത പഠന രീതിയില്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ അന്വേഷിച്ച് പഠിക്കേണ്ടിവരും. സ്വാഭാവികമായും മടിയുണ്ടാവും. പക്ഷേ, അധ്വാനത്തിനും പ്രയാസത്തിനും ശേഷമാണ് വിജയം എന്ന് അവരെ ബോധ്യപ്പെടുത്തിയാല്‍ അവര്‍ കൂടുതല്‍ ഊര്‍ജസ്വലരാകും.

ക്വുര്‍ആന്‍ പറയുന്നു: ”എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ എളുപ്പമുണ്ടായിരിക്കും. തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും”(94:5,6).

”എന്നാല്‍ നിങ്ങള്‍ ഒരു കാര്യം വെറുക്കുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങള്‍ ഒരു കാര്യം ഇഷ്ടപ്പെടുകയും അത് നിങ്ങള്‍ക്ക് ദോഷകരമാകുകയും ചെയ്‌തെന്നും വരാം. അല്ലാഹു അറിയുന്നു നിങ്ങള്‍ അറിയുന്നില്ല”(2:216).

കഠിനാധ്വാനം ചെയ്ത് പഠിക്കുക. ഭാവിയിലെ നേട്ടത്തിന് വേണ്ടി ഇപ്പോള്‍ പ്രയാസം സഹിക്കേണ്ടി വരും. പൂര്‍ണ ഗര്‍ഭിണിയും സമൂഹത്തില്‍ നിന്ന് അകറ്റപ്പെട്ടവളുമായി ശാരീരികവും മാനസികവുമായ പ്രയാസം അനുഭവിക്കുന്ന മര്‍യം ബീവിയോട് ഈത്തപ്പന പിടിച്ച് കുലുക്കുക, എങ്കില്‍ പാകമായ ഈത്തപ്പഴം നിനക്ക് വീഴ്ത്തിത്തരുമെന്ന് സൂറതുല്‍ മര്‍യം 25ാം വചനത്തില്‍ അല്ലാഹു പറഞ്ഞു. പുരുഷന്‍മാര്‍ പിടിച്ചുകുലുക്കിയാലും ഈത്തപ്പഴം വീഴുകയില്ല. എന്നിട്ടും എന്തിനാണിത് പറഞ്ഞത്? നിങ്ങള്‍ക്ക് ചെയ്യാനുള്ളത് ചെയ്യൂ, ബാക്കി അല്ലാഹു ചെയ്ത് തരും എന്ന ഗുണപാഠം പഠിപ്പിക്കാന്‍ വേണ്ടിയാണിത്. നബി ﷺ യെയും അനുചരന്‍മാരെയും കഠിനാധ്വാനം ചെയ്യിപ്പിച്ച് ഖന്‍ദക്വില്‍ കിടങ്ങ് കുഴിപ്പിച്ചതില്‍ നിന്നും ഈ ഗുണപാഠമാണ് നമുക്ക് കിട്ടുന്നത്.

ആത്മവിശ്വാസമുണ്ടാക്കല്‍

വ്യക്തിത്വ വികസന (Personality development)ത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ആത്മ വിശ്വാസം. അതില്ലെങ്കില്‍ അപകര്‍ഷതാ ബോധമായിരിക്കും ഫലം. അത് മുഖേന സമൂഹത്തില്‍ നിന്ന് ഉള്‍വലിയുന്നു. ഒരു അധ്യാപകന്റെ പ്രോത്സാഹനജനകമായ ഒരു വാക്കായിരിക്കാം ഒരു കുട്ടിയിലോ ഒരു ക്ലാസ്സിലോ വഴിത്തിരിവിന് കാരണമാകുന്നത്. ”നിങ്ങള്‍ വിചാരിച്ചാല്‍ പഠിക്കാനും ഉയരാനും കഴിയും. നിങ്ങള്‍ കഴിവുള്ളവരാണ്. അധ്വാനിച്ചാല്‍ നേടിയെടുക്കാന്‍ കഴിയാത്തതല്ല ഇതൊന്നും…” ഇങ്ങനെയുള്ള വാചകങ്ങള്‍ അധ്യാപകന്‍ കരുതുന്നതിന്റെ എത്രയോ അപ്പുറം കുട്ടികള്‍ക്ക് ആത്മവിശ്വാസത്തിന് കാരണമാകും. വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോള്‍ ”മിടുക്കന്‍!,It is the best answer, congratulations…! തുടങ്ങിയ കമന്റുകള്‍ പറയാന്‍ മറക്കരുത്. വിദ്യാര്‍ഥികള്‍ വിഡ്ഢിത്തം പറഞ്ഞാലും ക്ലാസ്സില്‍ വെച്ച് അവരെ ചമ്മിക്കരുത്; മാനക്കേടാക്കരുത്.

‘നീ നന്നാവില്ലെടാ, നീയൊന്നും പഠിച്ചിട്ട് എവിടെയും എത്തില്ല’ തുടങ്ങിയ കമന്റുകള്‍ വിദ്യാര്‍ഥികളെ പിന്നാക്കം നയിക്കും; ആത്മവിശ്വാസം ഇല്ലാതാക്കും.

ക്വുര്‍ആനില്‍ നിന്നുള്ള മാതൃക

ഉഹ്ദ് യുദ്ധത്തില്‍ പരാജയപ്പെട്ട ശേഷം മനഃപ്രയാസവും ദുഃഖവുമായി കഴിഞ്ഞുകൂടിയ മുസ്‌ലിംകളെ ഉന്നതമായ ആത്മവിശ്വാസത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അല്ലാഹു അവതരിപ്പിച്ച ക്വുര്‍ആന്‍ വചനങ്ങള്‍ നോക്കൂ:

”നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍. നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്) അക്കൂട്ടര്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആ (യുദ്ധ)ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിമറിച്ച് കൊണ്ടിരിക്കുന്നതാണ്. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല”(3:139,140).

”രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ ഉണ്ട്”(30:23).

”ഭയവും ആഗ്രഹവും ഉളവാക്കികൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്തു നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്റെ നിര്‍ജീവാവസ്ഥക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ചു മനസ്സിലാക്കുന്നവര്‍ക്ക്  ദൃഷ്ടാന്തങ്ങളുണ്ട്”(30:24).

അടിവരയിട്ട വാചകങ്ങള്‍ തീര്‍ച്ചയായും പഠനത്തെയും ഗവേഷണത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഇത് ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ലേഖന ദൈര്‍ഘ്യം ഭയന്ന് കൂടുതല്‍ ഉദ്ധരിക്കുന്നില്ല.

ക്വുര്‍ആനിലൂടെ തട്ടിയുണര്‍ത്തപ്പെട്ട ബുദ്ധിയും ഗവേഷണവും പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തീര രാഷ്ട്രങ്ങള്‍ മുതല്‍ കിഴക്ക് ചൈനയുടെ അതിരുകള്‍ വരെയും വടക്ക് ആല്‍പ്‌സ് പര്‍വത നിരകള്‍ മുതല്‍ തെക്ക് മധ്യാഫ്രിക്ക വരെയും വിജ്ഞാനത്തിന്റെ ഉന്നതമായ ഒരു സാമ്രാജ്യത്തിന് അടിത്തറ പാകി. അതാണ് അബ്ബാസിയ്യ കാലത്തെ ശാസ്ത്രവിജ്ഞാന നവോത്ഥാനം എന്ന പേരില്‍ ലോക ചരിത്രത്തില്‍ കാണപ്പെട്ട തുല്യതയില്ലാത്ത മുന്നേറ്റം. ക്വുര്‍ആന്‍ പരലോകത്ത് മാത്രമല്ല, ഈ ലോകത്തിലെ ജീവിതത്തിലും വ്യക്തമായ മാര്‍ഗദര്‍ശക ഗ്രന്ഥമാണ്. ഗവേഷണ ബുദ്ധി വിദ്യാര്‍ഥികളില്‍ വളര്‍ത്താന്‍ അധ്യാപകന്‍ കഠിനാധ്വാനം ചെയ്യണം. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പ്രവര്‍ത്തിക്കണം.

അന്ധവിശ്വാസത്തില്‍ നിന്ന് മോചനം

ഒരു അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ രക്ഷപ്പെടാന്‍ ആവശ്യമായ വിവരങ്ങള്‍ മാത്രമല്ല നല്‍കേണ്ടത്. വ്യക്തിത്വ വികസനത്തിന് അത്യാവശ്യമായ കാര്യമാണ് അന്ധവിശ്വാസത്തില്‍ നിന്നുള്ള മോചനം.

ക്വുര്‍ആനിന്റെ അവതരണം തന്നെ മനുഷ്യരെ ദുര്‍മാര്‍ഗങ്ങളുടെ കൂരിരുട്ടുകളില്‍ നിന്ന് സത്യവിശ്വാസത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കലാണ്. സൂറഃ ഇബ്‌റാഹീം തുടങ്ങുന്നത് തന്നെ ഇപ്രകാരമാണ്:

”…മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത് പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്. ആകാശത്തിലുള്ളതിന്റെയും ഭൂമിയിലുള്ളതിന്റെയും ഉടമയായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്”(14:1).

വിദ്യാര്‍ഥികള്‍ ഇഷ്ടപ്പെടുന്നത് മാത്രം അവരോട് പറഞ്ഞുകൊടുക്കുകയല്ല; അവര്‍ക്ക് ഏറ്റവും ഗുണകരമായത് അവര്‍ക്ക് നല്‍കുക എന്നതാണ് അധ്യാപകന്‍ ചെയ്യേണ്ടത്.

സാമൂഹ്യബോധം വര്‍ധിപ്പിക്കല്‍

ഒരു അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ രക്ഷപ്പെടാന്‍ ആവശ്യമായ വിവരങ്ങള്‍ മാത്രമല്ല നല്‍കേണ്ടത്. വ്യക്തിത്വ വികസനത്തിന് അത്യാവശ്യമായ കാര്യമാണ് അന്ധവിശ്വാസത്തില്‍ നിന്നുള്ള മോചനം.

ക്വുര്‍ആനിന്റെ അവതരണം തന്നെ മനുഷ്യരെ ദുര്‍മാര്‍ഗങ്ങളുടെ കൂരിരുട്ടുകളില്‍ നിന്ന് സത്യവിശ്വാസത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കലാണ്. സൂറഃ ഇബ്‌റാഹീം തുടങ്ങുന്നത് തന്നെ ഇപ്രകാരമാണ്:

”…മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത് പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്. ആകാശത്തിലുള്ളതിന്റെയും ഭൂമിയിലുള്ളതിന്റെയും ഉടമയായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്”(14:1).

വിദ്യാര്‍ഥികള്‍ ഇഷ്ടപ്പെടുന്നത് മാത്രം അവരോട് പറഞ്ഞുകൊടുക്കുകയല്ല; അവര്‍ക്ക് ഏറ്റവും ഗുണകരമായത് അവര്‍ക്ക് നല്‍കുക എന്നതാണ് അധ്യാപകന്‍ ചെയ്യേണ്ടത്.

ഗ്രെയ്ഡല്ല; മാര്‍ക്ക്

നിരവധി വിദ്യാഭ്യാസ വിദഗ്ധര്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കിയ വിഷയമാണെങ്കിലും ഗ്രെയ്ഡ് സിസ്റ്റത്തിന് വലിയ പോരായ്മയും അനീതിയും ഉണ്ട്. ഉദാഹരണമായി, 80 മാര്‍ക്ക് മുതല്‍ 89 മാര്‍ക്ക് വരെ ഒരു ഗ്രെയ്ഡിന്റെ പരിധിയാണെന്ന് സങ്കല്‍പിക്കുക. 10 വിഷയങ്ങള്‍ ഉള്ള ഒരു പരീക്ഷയില്‍ എല്ലാ പേപ്പറിലും ഒരു വിദ്യാര്‍ഥിക്ക് 80 വീതവും മറ്റൊരു വിദ്യാര്‍ഥിക്ക് 89 വീതവും ആണെങ്കില്‍ ആകെ മാര്‍ക്ക് 800ഉം 890ഉം ആയിരിക്കും. ഒരാള്‍ക്ക് 90 മാര്‍ക്കിന്റെ മേന്‍മയുണ്ടായിട്ടും അവന് അതിന്റെ ഗുണമോ അംഗീകാരമോ കിട്ടുന്നില്ല.

അനീതിയില്ലാതെ ഓരോരുത്തരുടെയും ഉത്തരത്തിനനുസരിച്ച് മുല്യനിര്‍ണയം നടക്കണമെങ്കില്‍ മാര്‍ക്ക് തന്നെയാണ് നല്‍കേണ്ടത്. അല്ലാഹുവിന്റെ നടപടിക്രമത്തില്‍ മാര്‍ക്ക് സിസ്റ്റം പോലെ കൃത്യമായ പ്രതിഫലം നല്‍കലാണുള്ളത്, ഗ്രെയ്ഡ് സിസ്റ്റം പോലുള്ളതല്ല എന്ന് ക്വുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം:

”അപ്പോള്‍ ആര് ഒരണുമണിത്തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര് ഒരണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും”(99:7,8).

ഇഹലോകത്ത് മനുഷ്യന്‍ ചെയ്ത ഏത് നിസ്സാരമായ പ്രവൃത്തിക്കും കണിശവും കൃത്യവുമായ പ്രതിഫലം പരലോകത്ത് അല്ലാഹു നല്‍കുന്നതാണ് എന്നര്‍ഥം.

പതറാത്ത നിശ്ചയദാര്‍ഢ്യം

ഒരു അധ്യാപകന്റെ അല്ലെങ്കില്‍ സ്ഥാപന മേധാവിയുടെ ക്വാളിറ്റിയാണ് എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കല്‍. പക്ഷേ, തീരുമാനം എടുക്കുന്നതിനു മുമ്പ് പലവട്ടം ആലോചിക്കണം. 100 ശതമാനം ശരിയാണോ എന്ന് ആലോചിക്കണം. ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കണം. തീരുമാനം എടുത്താല്‍ ശേഷം വരാനിരിക്കുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നെല്ലാം പഠിച്ച് കഴിഞ്ഞ ശേഷം ഉറച്ച തീരുമാനമെടുക്കുക. തെറ്റാണ് എന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തണം. സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി പതറിക്കൊണ്ടിരുന്നാല്‍ പിന്നീട് എപ്പോഴും പതറിക്കൊടുക്കേണ്ടിവരും.

നബി ﷺ യെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നത് എങ്ങനെയാണെന്ന് നോക്കൂ: ”നിന്നെ നാം ഉറപ്പിച്ച് നിറുത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്‍പമൊക്കെ ചാഞ്ഞു പോകുമായിരുന്നു. എങ്കില്‍ ജീവിത്തിലും ഇരട്ടിശിക്ഷ, മരണത്തിലും ഇരട്ടിശിക്ഷ; അതായിരിക്കും നാം നിനക്ക് ആസ്വദിപ്പിക്കുന്നത്. പിന്നീട് നമുക്കെതിരില്‍ നിനക്ക് സഹായം നല്‍കാന്‍ യാതൊരാളെയും നീ കണ്ടെത്തുകയില്ല”(17:74,75).

ഏകദൈവ വിശ്വാസത്തിന്റെ കാര്യത്തിലാണ് പ്രവാചകനെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നത്. പക്ഷേ, അതില്‍ നിന്നുള്ള ‘ദൃഢത’ എന്ന ഗുണപാഠമാണ് ഈ ഭാഗത്ത് ഇത് ഉദ്ധരിക്കുവാന്‍ കാരണം.

ഗവേഷണ താല്‍പര്യമുണ്ടാക്കല്‍

മനുഷ്യബുദ്ധിയെ തളച്ചിടുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍ എന്നും പുരോഗതിയെ പുറകോട്ട് വലിക്കുകയാണ് ഇസ്‌ലാം എന്നുമുള്ള പ്രചാരണങ്ങള്‍ തികച്ചും തെറ്റാണ്, യാഥാര്‍ഥ്യവിരുദ്ധമാണ് എന്ന് ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാം.

 ലോകനാഗരികതയിലോ ശാസ്ത്രരംഗത്തോ യാതൊരു പുരോഗതിയും ഉണ്ടാക്കിയിട്ടില്ലാത്ത, മരുപ്പച്ചകളില്‍ നിന്ന് മരുപ്പച്ചകളിലേക്ക് നീങ്ങി യുദ്ധം, മദ്യം, സ്ത്രീ എന്നിവയില്‍ ആനന്ദം കണ്ടെത്തിയിരുന്ന നാടോടികളായിരുന്നു പുരാതന അറേബ്യന്‍ സമൂഹം.

എന്നാല്‍ ഹിജ്‌റ 2ാം നൂറ്റാണ്ടായപ്പോഴേക്കും അബ്ബാസിയ്യ സാമ്രാജ്യം ലോകചരിത്രത്തില്‍ അതുല്യമായ പുരോഗതിയിലേക്ക് എത്തിയിരുന്നു. എഴുതപ്പെട്ട നാലു ലക്ഷം പുസ്തകങ്ങളായിരുന്നു അന്ന് ബാഗ്ദാദ് ലൈബ്രറിയില്‍ ഉണ്ടായിരുന്നത്! ശാസ്ത്രത്തിന്റെ എല്ലാ ശാഖകളിലേക്കും ഗവേഷണബുദ്ധി പരന്നൊഴുകുകയായിരുന്നു.

ബാഗ്ദാദ് യൂണിവേഴ്‌സിറ്റി വിജ്ഞാനത്തിന്റെ അന്താരാഷ്ട്ര കേന്ദ്രമായിത്തീര്‍ന്നു. ബുദ്ധിയെ തളച്ചിടുന്ന ഒരു ഗ്രന്ഥത്തിന്റെ സ്വാധീനമാണോ ഇത്? ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെയുള്ള നിഷ്പക്ഷരായ അമുസ്‌ലിം ചരിത്രകാരന്‍മാര്‍ പോലും അംഗീകരിച്ചതാണിത്.

My choice of muhammed to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels… The majority of the persons in this book had the advantage of being born and raised in centres of civilization, highly cultured of politically pivotal nations. Muhammed however was born in the year 570 in the city of mecca, in southern arabia. At that time a back ward area of the world far from centres.

”ഞാന്‍ മുഹമ്മദിനെ ലോകചരിത്രത്തില്‍ ഏറ്റവും നല്ല സ്വഭാവമുള്ള വ്യക്തിയായി തെരഞ്ഞെടുത്തതിനെ ചിലര്‍ ചോദ്യം ചെയ്യുകയോ മറ്റു ചിലരെ അത്ഭുതപ്പെടുത്തുകയോ ചെയ്‌തേക്കാം. എന്നാല്‍ മത ജീവിതത്തിലും മതേതര ജീവിതത്തിലും സമ്പൂര്‍ണമായി വിജയിച്ച, ചരിത്രത്തിലെ ഏക വ്യക്തി അദ്ദേഹമാണ്. ഈ പുസ്തകത്തില്‍ അധികം പേരും സംസ്‌കാരത്തിന്റെയും നാഗരികതയുടെയും രാഷ്ട്രീയത്തിന്റെയും കേന്ദ്രങ്ങളിലായിരുന്നു. എന്നാല്‍ 570ല്‍ ദക്ഷിണ അറേബ്യയിലെ മക്കയില്‍ ജനിക്കുമ്പോള്‍ ലോകത്തെ വളരെ പിന്നാക്ക പ്രദേശമായിരുന്നു. വാണിജ്യം, കല, വിജ്ഞാനം മുതലായ എല്ലാറ്റിന്റെയും കേന്ദ്രങ്ങളില്‍ നിന്നെല്ലാം വളരെ ദൂരെയായിരുന്നു അറേബ്യ.”

പരസ്പര സഹകരണത്തിന്റെ ശൈലി

ഞങ്ങളുടെ തീരുമാന പ്രകാരം നിങ്ങള്‍ വിദ്യാര്‍ഥികള്‍ ഇപ്രകാരമെല്ലാം ചെയ്യണം, ഇപ്രകാരം ചെയ്യരുത് എന്ന് പറഞ്ഞാല്‍ പ്രതിഷേധമുണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ്. അതിന് പകരം നിങ്ങളുടെ രക്ഷിതാക്കള്‍ യോഗം ചേര്‍ന്ന് എടുത്ത തീരുമാനപ്രകാരം നിങ്ങള്‍ താഴെ എഴുതിയ നിയമങ്ങള്‍ അനുസരിക്കണം എന്ന് പറഞ്ഞാല്‍ അത് സ്വീകരിക്കാനുള്ള മനസ്സ് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകും.

ക്വുര്‍ആനില്‍ ജനങ്ങളോടുള്ള കല്‍പനകളിലുടനീളം ഈ സമീപനം കാണാം. നാലാം അധ്യായം സൂറതുന്നിസാഇലെ ഒന്നാം വചനത്തില്‍ പറയുന്നത് നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുക എന്നാണ്. അതിന് പകരം ഞങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുക എന്ന് പറഞ്ഞാല്‍, നിങ്ങളുടെ രക്ഷിതാവിനെ ഞങ്ങള്‍ എന്തിന് സൂക്ഷിക്കണം എന്ന ചോദ്യം അവരുടെമനസ്സില്‍ ഉയരും; സ്വീകരിക്കാനുള്ള സന്നദ്ധത കുറയും.

24:33ല്‍ ”…അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുക…” എന്ന് പറയുന്നു. നിങ്ങളുടെ സ്വത്ത് നിങ്ങള്‍ അവര്‍ക്ക് കൊടുക്കുക എന്നതിന് പകരം അല്ലാഹു നിങ്ങളെ ഏല്‍പിച്ച സമ്പത്ത് നല്‍കുക എന്ന ശൈലി എത്രമാത്രം മനഃശാസ്ത്രപരമാണ്!

നമ്മുടെ വീടും സമ്പത്തും വാഹനങ്ങളും സൗകര്യങ്ങളുമെല്ലാം അല്ലാഹുവിന്റെതാണ്. വാടകയില്ലാതെ അവ ഉപയോഗിക്കാന്‍ താല്‍ക്കാലികമായി നമുക്ക് സമ്മതം തന്നിരിക്കുന്നുവെന്ന് മാത്രം.

തിന്മ നിറഞ്ഞ ജാഹിലിയ്യ സമൂഹത്തെ നന്മയിലേക്ക് മാറ്റിയെടുക്കാന്‍ അല്ലാഹു സ്വീകരിച്ച ഈ മനഃശാസ്ത്രപരമായ സമീപനം സ്ഥാപന മേധാവികളും അധ്യാപകരും വിദ്യാര്‍ഥികളെ മാറ്റിയെടുക്കാന്‍ ശ്രമിക്കുമ്പോഴും സ്വീകരിച്ചാല്‍ കുറച്ചെങ്കിലും സംഘര്‍ഷമില്ലാതെ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയും.

അധ്യാപന, വിദ്യഭ്യാസ രംഗത്ത് മാത്രമല്ല; എല്ലാ രംഗത്തും ഈ Administration Psychology വളരെയേറെ ഫലപ്രദമാണ്.

 

ഡോ. അബ്ദുറസാഖ് സുല്ലമി
നേർപഥം വാരിക

ദുല്‍ഹജ്ജ് മാസത്തിലെ പത്ത് ദിവസങ്ങളുടെ ശ്രേഷ്ഠതകള്‍

ദുല്‍ഹജ്ജ് മാസത്തിലെ പത്ത് ദിവസങ്ങളുടെ ശ്രേഷ്ഠതകള്‍

കൂടുതല്‍ ആദായം നേടിയെടുത്ത് വിജയം കൈവരിക്കുന്നതിനായി സുവര്‍ണാവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരാണ് ബുദ്ധിമാന്മാര്‍. പരീക്ഷാകാലങ്ങളെ പഠിതാക്കള്‍ എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് ചിന്തിച്ചുനോക്കൂ. എന്തുമാത്രം അധ്വാനവും സമയവുമാണ് അവര്‍ അതിന് വേണ്ടി വ്യയം ചെയ്യാറുള്ളത്! ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും പെരുന്നാളുകളെയും ഒഴിവുകാലങ്ങളെയുമെല്ലാം വ്യാപാരികള്‍ എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് നിരീക്ഷിച്ചുനോക്കൂ. യാതൊന്നും നഷ്ടപ്പെടാതിരിക്കാനായി അവര്‍ പരിശ്രമിക്കുന്നു! വസ്ത്ര വ്യാപാരിയായ ഒരാള്‍ പെരുന്നാള്‍ സമാഗതമാകുമ്പോള്‍ തുണിക്കടയടച്ച് ഉല്ലാസയാത്രക്ക് തയ്യാറാകുമോ? പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വില്‍ക്കുന്ന ഒരാള്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ തൊട്ടുമുമ്പ് അയാളുടെ കടയടക്കുകയും പിന്നീട് സ്‌കൂളുകള്‍ തുറന്ന് ആഴ്ചകള്‍ക്ക് ശേഷം കട തുറക്കുകയും ചെയ്യുമോ? ഇവര്‍ വിജയിക്കുന്ന കച്ചവടക്കാരാകുമോ?

ഇപ്പറഞ്ഞതെല്ലാം ഇഹലോകത്തെ നേട്ടകോട്ടങ്ങളുടെയും കച്ചവടത്തിന്റെയും കാര്യമാണ്. എന്നാല്‍  അല്ലാഹുവുമായുള്ള കച്ചവടത്തിലേര്‍പെടുന്നതിനെക്കുറിച്ച് എന്ത് പറയുന്നു?

വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ നാളുകള്‍ സമാഗതമായി. ഹജ്ജിന് പോകാത്തവര്‍ക്കും ഏറെ പ്രതിഫലം സമ്പാദിക്കുവാനുള്ള വഴികള്‍ കാരുണ്യവാനായ അല്ലാഹു തുറന്നു തന്നിട്ടുണ്ട് എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. അല്ലാഹു ദുല്‍ഹജ്ജ് മാസത്തിലെ പത്ത് ദിനരാത്രങ്ങള്‍ക്ക് ഏറെ ശ്രേഷ്ഠതകള്‍ കല്‍പിച്ചിരിക്കുന്നു എന്നതാണത്. ആ പുണ്യദിനങ്ങളെ സ്വീകരിക്കുവാന്‍ നാം ഒരുങ്ങിയിട്ടുണ്ടോ? അല്ലാഹു തൃപ്തിപ്പെടുകയും അവനിലേക്ക് നമ്മെ അടുപ്പിക്കുകയും അവന്റെയടുക്കല്‍ നമ്മുടെ പദവികള്‍ ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന സല്‍കര്‍മങ്ങള്‍ അധികരിപ്പിക്കുവാന്‍ ഈ അവസരം നാം ഉപയോഗിക്കേണ്ടതുണ്ട്.

ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങളുടെ ശ്രേഷ്ഠതകള്‍

സജ്ജനങ്ങള്‍ക്ക് സല്‍കര്‍മങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്നായി വര്‍ഷത്തില്‍ ആവര്‍ത്തിച്ച് വരുന്ന ദിവസങ്ങള്‍ നിശ്ചയിച്ചിരിക്കുന്നുവെന്നത് അല്ലാഹുവിന്റെ ഔദാര്യത്തില്‍ പെട്ടതാകുന്നു. ഈ പുണ്യ ദിനങ്ങളില്‍ തങ്ങളുടെ ഉടമസ്ഥനും രക്ഷിതാവുമായ അല്ലാഹുവിലേക്കടുപ്പിക്കുന്നതായ കര്‍മങ്ങളില്‍ അവര്‍ മത്സരിക്കുകയും അല്ലാഹു അവന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവരുടെ പ്രതിഫലം മഹത്തരമാക്കിക്കൊടുക്കുകയും ചെയ്യുന്നു. മനുഷ്യര്‍ വന്നും പോയും കൊണ്ടിരിക്കുമ്പോള്‍ സല്‍കര്‍മങ്ങള്‍ അധികരിപ്പിക്കുന്നതിനായി നമ്മുടെ ആയുഷ്‌കാലം നീട്ടിത്തന്നിരിക്കുന്നുവെന്നതും അവന്‍ ചെയ്ത അനുഗ്രഹങ്ങളില്‍ പെട്ടതു തന്നെ. മറ്റു സമുദായങ്ങളുടെ ആയുസ്സിനെക്കാള്‍ വളരെ കുറവാണ് മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന്റെ ആയുസ്സ്. നബി ﷺ  പറഞ്ഞു: ”എന്റെ സമുദായത്തിന്റെ ആയുഷ്‌കാലം അറുപതിനും എഴുപതിനും ഇടക്കാകുന്നു” (ഇബ്‌നുമാജ:1073).

എന്നാല്‍ അല്ലാഹു അവന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് കുറഞ്ഞ കാലയളവില്‍ കൂടുതല്‍ കര്‍മങ്ങള്‍ ചെയ്യാനും അവ വര്‍ധിപ്പിക്കാനും ഉതകുംവിധം നമ്മുടെ ആയുസ്സിനെ അനുഗ്രഹിച്ചുകൊിരിക്കുന്നു. ഈ കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ കൂടുതല്‍ കാലം ജീവിച്ചതിന് തുല്യമാണ്. ഇത്തരം പുണ്യങ്ങളില്‍ പെട്ടതാണ് ഇഹലോകത്തെ ദിവസങ്ങളില്‍ ഏറ്റവും ഉത്തമമായ ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍. നബി ﷺ  അരുളി: ”ഇഹലോകത്തിലെ ദിവസങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളാകുന്നു” (ഇബ്‌നുമാജ: 1144).

അതിലെ നിമിഷങ്ങളും മണിക്കൂറുകളും ദിനങ്ങളുമെല്ലാം അല്ലാഹുവിലേക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു. അല്ലാഹു ഒരു കാര്യം സത്യം ചെയ്തു പറയുന്നുവെങ്കില്‍ അത് അവന്റെയടുക്കലുള്ള അതിന്റെ പ്രാധാന്യവും മഹത്ത്വവും അറിയിക്കുന്നു. അല്ലാഹു പറയുന്നത് നോക്കൂ:

”പ്രഭാതം തന്നെയാണ സത്യം. പത്തു രാത്രികള്‍ തന്നെയാണ സത്യം” (അല്‍ഫജ്ര്‍: 1,2).

ഈ ദിവസങ്ങളിലാണ് അറഫാദിനം. പ്രവാചകന്‍ ﷺ  അറഫാദിനത്തെക്കുറിച്ച് ഇങ്ങനെ അരുളി: ”അറഫാ ദിവസത്തെക്കാള്‍ അല്ലാഹു തന്റെ ദാസന്മാരെ നരകത്തില്‍നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല” (മുസ്‌ലിം: 2402).

ഈ പുണ്യദിനങ്ങളുടെ അവസാന നാളാകട്ടെ ബലിദിനവും ശേഷമുള്ള മിനായില്‍ താമസിക്കുന്ന ദിവസവുമാകുന്നു. പ്രവാചകന്‍ ﷺ  അരുളി: ”അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും മഹത്തായ ദിവസങ്ങള്‍ ബലിദിനവും പിന്നെ അതിനു ശേഷമുള്ള മിനായില്‍ താമസിക്കുന്ന ദിവസവുമാകുന്നു” (അബൂദാവൂദ് 1502).

ഈ ദിവസങ്ങളില്‍ ചെയ്യുന്ന സല്‍കര്‍മങ്ങള്‍ വളരെ മഹത്തായ കാര്യം തന്നെയാകുന്നു. ഇബ്‌നുഅബ്ബാസ്(റ) നിവേദനം; റസൂല്‍ ﷺ  അരുളി: ”ഈ (ദുല്‍ഹജ്ജ്) പത്തു ദിവസങ്ങളില്‍ പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനെക്കാള്‍ അല്ലാഹുവിന് ഇഷ്ടപ്പെടുന്ന മറ്റൊരു ദിവസത്തെ സല്‍കര്‍മവുമില്ല.” അവര്‍ ചോദിച്ചു: ”പ്രവാചകരേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തെക്കാളുമോ?” അവിടുന്ന് പറഞ്ഞു: ”അതെ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തെക്കാളും! എന്നാല്‍ ഒരാള്‍ സ്വശരീരവും സമ്പത്തുമായി പുറപ്പെടുകയും അവയില്‍നിന്ന് ഒന്നും അദ്ദേഹം തിരിച്ചുകൊണ്ടുവരാതെ രക്തസാക്ഷിയാവുകയും ചെയ്താലല്ലാതെ” (ബുഖാരി: 969).

കര്‍മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരമാകുന്നു എന്നത് അറിയപ്പെട്ട കാര്യമാണ്. അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: ”നിശ്ചയം, ഒരാള്‍ നബി ﷺ യോട് ചോദിച്ചു: ‘കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാകുന്നു?’ നബി ﷺ  അരുളി: ‘അല്ലാഹുവിലും അല്ലാഹുവിന്റെ പ്രവാചകനിലുമുള്ള വിശ്വാസമാകുന്നു.’ അദ്ദേഹം വീണ്ടും ചോദിച്ചു: ‘പിന്നീട് ഏതാകുന്നു?’ പ്രവാചകന്‍ ﷺ  അരുളി: ‘അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരം.’ അയാള്‍ വീണ്ടും ചോദിച്ചു: ‘പിന്നീട് ഏതാകുന്നു?’ നബി ﷺ  അരുളി: ‘സ്വീകാര്യമായ ഹജ്ജ്” (ബുഖാരി: 1447).

ഈ പ്രമാണങ്ങളില്‍ നിന്നും ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളിലെ കര്‍മങ്ങള്‍ മറ്റു ദിവസങ്ങളിലെ കര്‍മങ്ങളെക്കാള്‍ അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും പ്രിയമുള്ളതും ശ്രേഷ്ഠമായതു മാകുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ എത്ര നല്ല അവസരം! നന്മകളെ സമന്വയിപ്പിക്കാന്‍ പറ്റിയ എത്ര നല്ല വാതായനം! അല്ലാഹുവിലുള്ള വിശ്വാസവും കൃത്യസമയത്തുള്ള നമസ്‌കാരവും കഴിഞ്ഞാല്‍ പിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരമാണ് ഏറ്റവും പുണ്യമായ കര്‍മം. എന്നാല്‍ ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളിലാണെങ്കില്‍ ആ ധര്‍മസമരത്തെക്കാള്‍ പുണ്യമായതാണ് അതിലെ സല്‍കര്‍മങ്ങള്‍. നന്മകളില്‍ മത്സരിക്കുന്നവര്‍ക്കായി തുറക്കപ്പെടുന്ന എത്രയോ മഹത്തായ പുണ്യദിനങ്ങള്‍. ഇതിനെ അവഗണിക്കുന്നവനെക്കാള്‍ വലിയ നഷ്ടക്കാര്‍ ആരുണ്ട്? ആകയാല്‍ ഇതില്‍ അലസത കാണിക്കുന്നതും പുണ്യകര്‍മങ്ങള്‍ പിന്തിപ്പിക്കുന്നതും സൂക്ഷിക്കേണ്ടതാകുന്നു.

നബി ﷺ  അരുളി: ”പരലോകത്തിനുള്ള കര്‍മങ്ങളൊഴിച്ച് എല്ലാകാര്യങ്ങളിലും താമസിപ്പിക്കല്‍ നന്മയാണ്” (അബൂദാവൂദ്: 4810).

പരലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മത്സരിക്കുകയും അവ പെട്ടെന്ന് ചെയ്തു തീര്‍ക്കുകയും ചെയ്യേണ്ടതാകുന്നു. അല്ലാഹു പറയുന്നത് നോക്കൂ: ”കിടമത്സരം നടത്തുന്നവര്‍ അതില്‍ കിടമത്സരം നടത്തട്ടെ” (അല്‍മുത്വഫ്ഫിഫീന്‍: 26).

”…എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ടു വരികയാണ്…” (അല്‍ബക്വറ: 148).

എന്തുകൊണ്ട് ഇത്രയും മഹത്ത്വങ്ങള്‍?

ബുഖാരിയുടെ വ്യാഖ്യാതാവായ ഹാഫിദ് ഇബ്‌നുഹജര്‍(റഹി) പറയുന്നു: ”ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍ പ്രത്യേകമാകാനുള്ള കാരണമായി പ്രകടമാകുന്നത് നമസ്‌കാരം, നോമ്പ്, ധര്‍മം, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിലെ എല്ലാ അടിസ്ഥാന ആരാധനകളും ഇതില്‍ ഒരുമിച്ച് കൂടുന്നുവെന്നതാകുന്നു. മറ്റു സമയങ്ങളിലൊന്നും അവ ഇപ്രകാരം ഒരുമിച്ചുകൂടുന്നില്ല” (ഫത്ഹുല്‍ബാരി 2/460).

ഇബ്‌നു ഖുദാമ പറയുകയുണ്ടായി: ”ദുല്‍ഹജ്ജിലെ പത്തു ദിവസങ്ങള്‍ എന്തുകൊണ്ടും ശ്രേഷ്ഠവും ഉല്‍കൃഷ്ടവുമാകുന്നു. അതില്‍ ചെയ്യുന്ന സല്‍കമങ്ങളുടെ പ്രതിഫലം ഇരട്ടിപ്പിക്കുന്നതും അന്ന് ഇബാദത്തുകളില്‍ കൂടുതല്‍ പ്രയത്‌നിക്കല്‍ സുന്നത്തുമാകുന്നു” (മുഗ്‌നി: 4/443).

 ഈ അനുഗൃഹീത നാളുകളില്‍ സല്‍കര്‍മങ്ങള്‍ ചെയ്യുന്നതില്‍ താല്‍പര്യം കാണിക്കുന്നത് യഥാര്‍ഥത്തില്‍ നന്മയില്‍ ധൃതികാണിക്കലും ഭക്തിയുടെ അടയാളവുമാകുന്നു. അല്ലാഹു പറയുന്നത് കാണുക: ”വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ” (അല്‍ഹജ്ജ്: 32).

”അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്” (അല്‍ഹജ്ജ്:37).

ആയതിനാല്‍ കൂടുതല്‍ സല്‍കര്‍മങ്ങള്‍ ചെയ്തുകാണ്ട് ഈ പുണ്യദിനങ്ങളെ ഉപയോഗപ്പെടുത്തുവാന്‍ തീരുമാനിക്കുക. ഈ ദിനങ്ങളില്‍ നാം പുണ്യകര്‍മങ്ങള്‍കൊണ്ടും സദ്‌വാക്കുകള്‍ കൊണ്ടും സ ജീവമാക്കുന്നതില്‍ അതീവ താല്‍പര്യം കാണിക്കേണ്ടതുണ്ട്. അങ്ങനെ വല്ല കാര്യത്തിലും ഒരാള്‍ തീരുമാനമെടുക്കുന്നുവെങ്കില്‍ ആ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് അല്ലാഹു അവനെ സഹായിക്കുന്നതുമാകുന്നു.

അല്ലാഹു പറയുന്നു: ”നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുകതന്നെ ചെയ്യുന്നതാണ്” (അല്‍അന്‍കബൂത്ത്: 69).

വിശ്വാസികള്‍ റമദാനിന്റെ പകലില്‍ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി നോമ്പെടുക്കുകയും കുര്‍ആന്‍ പാരായണം ചെയ്യുകയും കഴിയുന്നത്ര ദാനധര്‍മങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ദുല്‍ഹജ്ജിലെ ആദ്യത്തെ പത്തു ദിനങ്ങളില്‍ ചെയ്യുന്ന കര്‍മങ്ങള്‍ വര്‍ഷത്തിലെ മറ്റു ദിവസങ്ങളില്‍ ചെയ്യുന്ന കര്‍മ ങ്ങളെക്കാള്‍ അല്ലാഹുവിന്ന് ഏറ്റവും പ്രിയമുള്ളതായിട്ടും അധികമാളുകളും എന്തുകൊണ്ട് ഇത് ചെയ്യുന്നില്ല? ഈ ദിവസങ്ങളുടെ ശ്രേഷ്ഠതയെക്കുറിച്ചുള്ള അറിവില്ലായ്മയായിരിക്കാം ഇതിനൊരു കാരണം.

മനസ്സുകളില്‍ കറപിടിക്കുമ്പോള്‍ അതിനെ സ്ഫുടം ചെയ്യേണ്ടതും അത് ബലഹീനമാകുമ്പോള്‍ അതിന് ശക്തി പകരേണ്ടതും ആവശ്യമാണ്. ന്യൂനതകളും പിഴവുകളും സംഭവിക്കുമ്പോള്‍ അവ നികത്തേണ്ടതിനായി ശ്രമിക്കേണ്ടതുണ്ട്.

അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) നിവേദനം; നബ ﷺ  പറഞ്ഞു: ”വസ്ത്രം ദ്രവിക്കുന്നത് പോലെ നിങ്ങളുടെ ഓരോരുത്തരുടുടെയും ഹൃദയങ്ങളില്‍ ഈമാന്‍ (വിശ്വാസം) ദ്രവിക്കുന്നതാണ്. അതിനാല്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ ഈമാന്‍ പുതുക്കിക്കിട്ടാന്‍ നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുക” (ഇബ്‌നുമാജ: 1590).

 വിശ്വാസ ദൗര്‍ബല്യത്തില്‍ നിന്നും ഹൃദയത്തെ സംസ്‌കരിക്കുന്നതിന് ഈ ദിനങ്ങളെ ഫലപ്രദമായി ഉപയോഗിക്കേണ്ടതാണ്. ദേഹേച്ഛകളാണ് പലപ്പോഴും നമ്മെ അപഥ സഞ്ചാരത്തിലേക്ക് നയിക്കുന്നത്. ദേഹേച്ഛകള്‍ക്ക് കടിഞ്ഞാണിടാന്‍ ഒരു വിശ്വാസിക്ക് സാധിക്കണം.

 അല്ലാഹു പറയുന്നു: ”ഏതൊരുവന്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ സ്വര്‍ഗം തന്നെയാണ് അവന്റെ സങ്കേതം” (അന്നാസിആത്: 40,41).

 

ഹംസ ജമാലി
നേർപഥം വാരിക

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാവുക

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാവുക

ഹിജ്‌റ ഏഴാം വര്‍ഷം, മുഹര്‍റം മാസം. മദീനയില്‍ ഖൈബര്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. നബി ﷺ  ഖൈബര്‍ യുദ്ധദിവസത്തിന്റെ തലേന്ന് രാത്രി സ്വഹാബികളെയെല്ലാം വിളിച്ചുകൂട്ടി ഒരു പ്രഖ്യാപനം നടത്തി:

”നിശ്ചയം, ഞാന്‍ നാളെ ഖൈബറിലേക്കുള്ള പതാക ഒരു വ്യക്തിയെ ഏല്‍പിക്കും. അയാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും ഇഷ്ടപ്പെടുന്നവനാണ്. അതുപോലെ അല്ലാഹുവും അവന്റെ ദൂതനും ആ വ്യക്തിയെ ഇഷ്ടപ്പെടുന്നുണ്ട്. അല്ലാഹു ആ വ്യക്തിയുടെ കൈകളിലൂടെ വിജയം നല്‍കും.”

ഈ പ്രഖ്യാപനം കേട്ട പ്രവാചകാനുചരന്മാരില്‍ ഓരോരുത്തരും അന്ന് രാത്രി കഴിച്ചുകൂട്ടിയത് ആ വ്യക്തി താനാകണേ എന്ന പ്രാര്‍ഥനയോടെയായിരുന്നു. അല്ലാഹുവിന്റെയും റസൂലിന്റെയും സ്‌നേഹം ലഭിക്കുക എന്നതിന് അത്രത്തോളം മഹത്ത്വം അവര്‍ കണ്ടിരുന്നു. അതിനായി എന്ത് ത്യാഗവും സഹിക്കുവാന്‍ അവര്‍ ഒരുക്കവുമായിരുന്നു.

പിറ്റേന്ന് രാവിലെ ഓരോരുത്തരും പതാക തന്റെ കയ്യില്‍ ലഭിക്കണമെന്ന ആഗ്രഹത്തോടെ റസൂലിന്റെ അടുക്കലേക്ക് ചെന്നു. നബി ﷺ  ആ പതാക നല്‍കിയത് അലി(റ)യുടെ കൈകളിലാണ്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസിലാണ് ഈ സംഭവ വിവരണമുള്ളത്.

ഈ സംഭവം നടന്ന ദിവസത്തെക്കുറിച്ച് ഉമര്‍(റ) പറഞ്ഞത് ഇപ്രകാരമാണ്: ”ഞാന്‍ ആ ഒരു ദിവസം മാത്രമെ നേതൃസ്ഥാനം എന്റെ ജീവിതത്തില്‍ ആഗ്രഹിച്ചിട്ടുള്ളൂ.”

പ്രവാചകാനുചരന്മാര്‍ അത്രമാത്രം അല്ലാഹുവിന്റെയും റസൂലിന്റെയും സ്‌നേഹം കൊതിച്ചിരുന്നു എന്നതിനാല്‍ തന്നെ അവര്‍ അല്ലാഹുവിന്റെ തൃപ്തിക്ക് അര്‍ഹരായിത്തീര്‍ന്നു. അല്ലാഹുവിന്റെയും റസൂലിന്റെയും സ്‌നേഹം കരസ്ഥമാക്കാനുള്ള തീവ്രമായ ശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് അനിവാര്യമാണ്. അവന്റെ സ്‌നേഹവും തൃപ്തിയും ലഭിച്ചാലേ നമുക്ക് പരലോകത്ത് രക്ഷ ലഭിക്കുകയുള്ളൂ.

റസൂല്‍ ﷺ  പറഞ്ഞു: ”അല്ലാഹു ഒരിക്കലും അവന്റെ സ്‌നേഹിതനെ നരകത്തില്‍ (ശാശ്വതനായി) പ്രവേശിപ്പിക്കുകയില്ല” (അഹ്മദ്, ദഹബി സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).

”നിശ്ചയം അല്ലാഹു, ദുന്‍യാവ് അവന്‍ ഇഷ്ടപ്പെടുന്നവനും അല്ലാത്തവനും നല്‍കും. എന്നാല്‍ ഈമാന്‍ അവന് ഇഷ്ടപ്പെടുന്നവന്ന് മാത്രമെ നല്‍കൂ” (ഹാകിം, അഹ്മദ്).

അല്ലാഹുവിന്റെ സ്‌നേഹവും തൃപ്തിയും നേടുവാനുള്ള കാര്യങ്ങള്‍ ക്വുര്‍ആനും നബിചര്യയും നമുക്ക് പറഞ്ഞുതരുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ ചുരുക്കി വിവരിക്കാം.

ധര്‍മനിഷ്ഠ (തക്വ്‌വ)

എന്താണ് തക്വ്‌വ? ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) വിശദീകരിക്കുന്നു: ”പരലോകത്ത് ഒരു വ്യക്തിക്ക് ദോഷകരമായി ഭവിക്കുന്ന കാര്യങ്ങളെ സൂക്ഷിക്കുക.”

തക്വ്‌വയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടും. അല്ലാഹു പറയുന്നു: ”അല്ല, വല്ലവനും കരാര്‍ പാലിക്കുകയും ധര്‍മനിഷ്ഠ പാലിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ധര്‍മനിഷ്ഠപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു” (അലുഇംറാന്‍: 76).

അതിനാല്‍ എല്ലാ മേഖലകളിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നതോടൊപ്പം തക്വ്‌വ വര്‍ധിപ്പിച്ചു തരുവാന്‍ അല്ലാഹുവോട് സദാ പ്രാര്‍ഥിക്കുകയും ചെയ്യുക. അല്ലാഹുവിന്റെ നിയമ നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കുക എന്നതാണ് തക്വ്‌വ വര്‍ധിക്കുവാനുള്ള വഴി. വീടുവിട്ടിറങ്ങിയതിനു ശേഷം തിരിച്ചു വരുന്നതുവരെ ഏതേതു മേഖലകളില്‍ ഇടപെടുന്നുവോ അവിടെയൊക്കെയും മതനിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ നാം ശ്രമിക്കുന്നുണ്ടോ എന്ന് ആത്മവിചാരണ നടത്തുക.

പരീക്ഷണങ്ങളില്‍ ക്ഷമിക്കുക

ഒരിക്കലും പരിക്ഷണം അല്ലാഹുവിന്റെ കോപത്തിന്റെ ഫലമല്ല. മറിച്ച് അല്ലാഹു നമ്മെ സ്‌നേഹിക്കുന്നുണ്ട് എന്നതിന്റെ അടയാളമാണത്. റസൂല്‍ ﷺ  പറഞ്ഞു:

”നിശ്ചയം അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ അവരെ അവന്‍ പരീക്ഷിക്കും. ആരെങ്കിലും അതില്‍ തൃപ്തിപ്പെടുകയാണെങ്കില്‍ അവന്ന് അല്ലാഹുവിന്റെ തൃപ്തി ലഭിക്കും” (തിര്‍മിദി, ഇമാം അഹ്മദ് ഹസന്‍ എന്ന് വിശേഷിപ്പിച്ചത്).

നാം ഏതു രീതിയിലാണോ പരീക്ഷണങ്ങളെ നേരിടുന്നത് അതിനനുസരിച്ചായിരിക്കും നമുക്ക് ലഭിക്കുന്ന പ്രതിഫലം. റസൂല്‍ ﷺ  പറയുന്നു:

”നിശ്ചയം, അല്ലാഹു തന്റെ ഒരു അടിമക്ക് വേണ്ടി ഒരു സ്ഥാനം നല്‍കുവാന്‍ ഉദ്ദേശിച്ചിരിക്കുന്നു. എന്നാല്‍ ആ സ്ഥാനത്തേക്ക് അവന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവന് എത്താന്‍ സാധിക്കുന്നില്ല. അങ്ങനെ അല്ലാഹു അവന്റെ സമ്പത്തിലും പ്രവര്‍ത്തനങ്ങളിലും ശരീരത്തിലുമെല്ലാമായി പരീക്ഷണങ്ങള്‍ നല്‍കുന്നു. എന്നാല്‍ അവന്‍ ക്ഷമിച്ചതുമൂലം അല്ലാഹു നല്‍കുവാന്‍ ഉദ്ദേശിച്ച ആ പദവിയിലേക്ക് അവന്‍ എത്തുന്നു” (അബൂദാവൂദ്, അല്‍ബാനി സ്വഹീഹെന്ന് പറഞ്ഞത്).

അതിനാല്‍ പരീക്ഷണ ഘട്ടങ്ങളില്‍ അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചുകൊണ്ട് നാം ക്ഷമിക്കാന്‍ തയ്യാറാവുക.

ഐച്ഛികമായ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുക

ഐച്ഛികമായ (സുന്നത്തായ) കര്‍മങ്ങള്‍ ധാരാളമായി ചെയ്യുക വഴി നമുക്ക് അല്ലാഹുവിന്റെ തൃപ്തി നേടുവാന്‍ സാധിക്കും. അല്ലാഹു പറയുന്നതായി റസൂല്‍ ﷺ  പറയുന്നു: ”എന്റെ ഒരടിമ എന്നിലേക്ക് ഐച്ഛികമായ കര്‍മങ്ങള്‍ മുഖേന ഞാന്‍ അവനെ ഇഷ്ടപ്പെടുന്നതുവരെ അടുത്തുകൊണ്ടിരിക്കും” (ബുഖാരി).

സുന്നത്തായ എത്രയോ ആരാധനകള്‍ ദൈനംദിന ജീവിതത്തില്‍ നമുക്ക് ചെയ്യുവാനുണ്ട്. എന്നാല്‍ മിക്ക ആളുകളും അതില്‍ വിമുഖത കാണിക്കുന്നു. നിര്‍ബന്ധമായവ തന്നെ ചെയ്താല്‍ ധാരാളമായി എന്നവര്‍ ചിന്തിക്കുന്നു. ഈ നിലപാട് ശരിയല്ല. നിര്‍ബന്ധ കര്‍മങ്ങളിലെ അപാകതകള്‍ പരിഹരിക്കപ്പെടാന്‍ സുന്നത്തായ കര്‍മങ്ങള്‍ കാരണമാകുമെന്നറിയുക.

അല്ലാഹുവിന്റെയും റസൂലിന്റെയും സ്‌നേഹം ലഭിച്ചാല്‍ നമുക്കുണ്ടാകുന്ന മറ്റൊരു നേട്ടം റസൂല്‍  ﷺ  പറഞ്ഞു തരുന്നു: ”അല്ലാഹു ഒരു വ്യക്തിയെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ജിബ്‌രീലിനെ വിളിച്ചു പറയും: ‘നിശ്ചയം, ഞാന്‍ ഒരു അടിമയെ ഇഷ്ടപ്പെട്ടിട്ടുണ്ട്. അതിനാല്‍ നീയും അവനെ ഇഷ്ടപ്പെടുക.’ അങ്ങനെ ജിബ്‌രീലും ആ വ്യക്തിയെ ഇഷ്ടപ്പെടും. അങ്ങനെ ജിബ്‌രീല്‍ ആകാശലോകത്തുള്ളവരോട് വിളിച്ചു പറയും: ‘അല്ലാഹു ഇന്ന വ്യക്തിയെ ഇഷ്ടപ്പെട്ടിട്ടുണ്ട്. നിങ്ങളും അവനെ ഇഷ്ടപ്പെടുക.’ അങ്ങനെ അവരും ഇഷ്ടപ്പെടും. പിന്നീട് അവന്ന് ഭൂമിയില്‍ അല്ലാഹു സ്വീകാര്യത നല്‍കും.”

 

സിയാദ് വയനാട്, ജാമിഅ അല്‍ഹിന്ദ്
നേർപഥം വാരിക

ആരാധനകളുടെ ലക്ഷ്യം

ആരാധനകളുടെ ലക്ഷ്യം

ആരാധനകളുടെ ലക്ഷ്യം സംസ്‌കരണമാണ്. മനസ്സില്‍ നിന്നാണ് സംസ്‌കരണം ആരംഭിക്കേണ്ടത്. എത്ര തന്നെ ആരാധനകള്‍ നിര്‍വഹിക്കുന്നവര്‍ ആണെങ്കിലും മനസ്സ് നിഷ്‌കളങ്കമല്ലെങ്കില്‍ ആരാധനകള്‍ കേവലം ലോകമാന്യതയില്‍ ഒതുങ്ങും. ആത്മാര്‍ഥത തീണ്ടിയിട്ടില്ലാത്ത ഇത്തരം ആരാധനകള്‍ മനുഷ്യരില്‍ സല്‍ഫലങ്ങള്‍ക്ക് പകരം ദുസ്സ്വഭാവവും ചൂഷണ മനഃസ്ഥിതിയുമാണ് വളര്‍ത്തുക.

അത്‌കൊണ്ടുതന്നെ സംസ്‌കരണത്തിന്റെ ആദ്യപാഠങ്ങള്‍ ഹൃദയത്തില്‍ നിന്നും തുടങ്ങണമെന്നതാണ് ക്വുര്‍ആനിന്റെ കാഴ്ചപ്പാട്.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു” (91:7-10).

മനുഷ്യരുടെ മനസ്സുകള്‍ സംസ്‌കരിക്കപ്പെടാതെ സാമൂഹിക പരിവര്‍ത്തനം സാധ്യമാവില്ല. അതുകൊണ്ടാണ് വ്യവസ്ഥിതി മാറ്റത്തെക്കാള്‍ ക്വുര്‍ആന്‍ മനഃസ്ഥിതി മാറ്റത്തിന് പ്രാധാന്യം നല്‍കുന്നത്. ഭരണകൂടങ്ങള്‍ എത്ര വലിയ ശിക്ഷാനിയമങ്ങള്‍ രൂപീകരിച്ചാലും ഭരണാധികാരികളുടെ കണ്ണുവെട്ടിച്ചും നീതിന്യായ വ്യവസ്ഥിതികളെ അതിലംഘിച്ചും മനുഷ്യരിലധികവും പ്രവര്‍ത്തിക്കുന്നത് മനഃസ്ഥിതിയില്‍ മാറ്റം വരാത്തത്‌കൊണ്ടാണ്.

‘ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് ശുദ്ധമായാല്‍ ശരീരം ശുദ്ധമായി. അത് അശുദ്ധമായാല്‍ ശരീരം മുഴുവന്‍ അശുദ്ധമായി. ഹൃദയമാണ് ആ മാംസപിണ്ഡം’ എന്ന് മുഹമ്മദ് നബി  ﷺ  പഠിപ്പിച്ചത് സംസ്‌കരണത്തിന്റെ പ്രഥമ പ്രക്രിയ എവിടെ നടക്കണമെന്ന കാര്യം ബോധ്യപ്പെടുത്തുന്നു.

മനുഷ്യരിലധികവും ബാഹ്യമോടികള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതായി കാണാം.  പാരമ്പര്യമായോ യാന്ത്രികമായോ സ്വീകരിച്ചു വന്ന മതചിഹ്നങ്ങളില്‍ മാത്രം ഇസ്‌ലാമിക വ്യക്തിത്വത്തെ പരിമിതപ്പെടുത്തുവാനാണ് പലരും ഇഷ്ടപ്പെടുന്നത്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒഴിച്ചുകൂടാനാവാത്ത ചടങ്ങുകളാണ് പലര്‍ക്കും അവരുടെ മതം. എന്നാല്‍ ഹൃദയത്തിന്റെ ആന്തരിക സൗന്ദര്യം പൂര്‍ണമാവുമ്പോള്‍ പുറത്തേക്ക് പരിലസിക്കേണ്ട കാര്യങ്ങളാണ് മതചിഹ്നങ്ങളും വേഷവിധാനങ്ങളും എന്ന് അവര്‍ അറിയാതെ പോകുന്നു.

പ്രവാചകന്‍ ﷺ  പറഞ്ഞു: ‘അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ നോക്കുന്നില്ല. അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്.’

ഇസ്‌ലാമിലെ ആദ്യകാല സമൂഹം ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയിരുന്നു. അത്‌കൊണ്ടാണ് ഒരു ഇടയബാലന്‍ ഉമര്‍(റ)വിന് ഒരാടിനെ പോലും കൊടുക്കാതിരുന്നത്. യജമാനന്‍ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാവരുടെയും യജമാനനായ അല്ലാഹു കാണുമെന്ന് പറയാന്‍ ആ ഇടയബാലന് സാധിച്ചത് മതത്തിന്റെ ആന്തരിക സൗന്ദര്യം തൊട്ടറിഞ്ഞതുകൊണ്ടായിരുന്നു.

പാല്‍ക്കാരി മകളോട് പാലില്‍ വെള്ളം ചേര്‍ക്കാന്‍ പറഞ്ഞപ്പോള്‍ ഖലീഫ ഉമര്‍ അത് നിരോധിച്ച കാര്യം മകള്‍ സൂചിപ്പിച്ചു. ഉമര്‍ ഇത് അറിയാന്‍ പോകുന്നില്ലല്ലോ എന്ന് പറഞ്ഞ ഉമ്മയോട് മകള്‍ പറഞ്ഞു: ‘ഉമര്‍ കാണുന്നില്ലെങ്കിലും അല്ലാഹു ഇത് കാണുമല്ലോ.’

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ചരിത്രത്തില്‍ ധാരാളം കാണുവാന്‍ സാധിക്കും.

മനസ്സിനെ സംസ്‌കരിക്കാന്‍ ഒരുപാട് മാര്‍ഗങ്ങള്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം സ്രഷ്ടാവുമായുള്ള ഹൃദയ ബന്ധമാണ്. സ്രഷ്ടാവിന്റെ നാമവിശേഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട അല്‍അലീം (എല്ലാം അറിയുന്നവന്‍), അല്‍ബസ്വീര്‍ (എല്ലാം കാണുന്നവന്‍), അസ്സമീഅ്(എല്ലാം കേള്‍ക്കുന്നവന്‍), അര്‍റ്വഹ്മാന്‍ (പരമകാരുണികന്‍), ശദീദുല്‍ ഇക്വാബ് (അതി കഠിനമായി ശിക്ഷിക്കുന്നവന്‍) തുടങ്ങിയവയുടെ ആശയവും ഉള്‍ക്കനവും മനസ്സിലാക്കിയാല്‍ ഭക്ത്യാദരവും ഭയപ്പാടും വര്‍ധിക്കും. അതുവഴി മനസ്സുകള്‍ വിനയപ്പെടുകയും സംസ്‌കരിക്കപ്പെടുകയും ചെയ്യും.

മറ്റൊരു മാര്‍ഗം അസൂയ, കുശുമ്പ്, ഏഷണി, പരദൂഷണം, വിദ്വേഷം, അത്യാഗ്രഹം, ഗര്‍വ്, താന്‍പോരിമ തുടങ്ങിയ ചീത്ത ഗുണങ്ങള്‍ സ്വാധീനിക്കാതിരിക്കാന്‍ ശ്രമിക്കലാണ്. പകരം എല്ലാവര്‍ക്കും ഗുണമുണ്ടാവണമെന്നും ആര്‍ക്കും ദോഷം സംഭവിക്കരുതെന്നുമുള്ള ആത്മാര്‍ഥമായ പ്രാര്‍ഥന മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുക.

സാധുജനങ്ങളോടുള്ള സഹവാസവും അവരിലൊരാളായി അവര്‍ക്കായി പ്രവര്‍ത്തിക്കലും മനസ്സിന്റെ സംസ്‌കരണത്തിന് ഉപയുക്തമാണ്. പാവപ്പെട്ടവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച ശേഷമെ ധനികര്‍ പ്രവേശിക്കൂ എന്ന് പ്രവാചകന്‍ ﷺ  പറഞ്ഞതില്‍ വലിയ ആശയങ്ങളുണ്ട്. ധനം വര്‍ധിക്കുക വഴി മനസ്സ് അല്ലാഹുവില്‍ നിന്ന് അകലുകയും അങ്ങനെ അത് മലീമസമാകുകയും ചെയ്‌തേക്കാം. സാധുജനങ്ങളുടെ കൂടെ കഴിയുമ്പോള്‍ മനസ്സ് ആര്‍ദ്രമാവുകയും നന്മ നിറയുകയും ചെയ്യും. അതോടൊപ്പം അല്ലാഹു നല്‍കിയ അനുഗ്രഹം ബോധ്യപ്പെടുകയും ചെയ്യും.

മറ്റുള്ളവര്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നതില്‍ യാതൊരു കാര്യവുമില്ലെന്നും അത്തരം ചിന്തകള്‍ ആത്മാര്‍ഥതയെ നശിപ്പിക്കുമെന്നുമുള്ള ബോധം നമ്മെ ഭരിക്കണം. ആരാധനകള്‍ നിര്‍വഹിക്കുന്നത് അല്ലാഹുവിന്റെ ഇഷ്ടം സമ്പാദിക്കുവാനും അവനില്‍ നിന്നുള്ള പ്രതിഫലം നേടുവാനും വേണ്ടിയാണെന്ന് ചിന്തിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനം പോലുള്ള പുണ്യകര്‍മങ്ങളിലൂടെ അതിന്റെ ആളുകള്‍ക്ക് ഗുണമുണ്ടാവണമെന്ന് ആഗ്രഹിക്കുകയും വേണം. ഇഖ്‌ലാസ്വ് അഥവാ ആത്മാര്‍ഥത വര്‍ധിപ്പിക്കുക. മനസ്സ് സംസ്‌കരിക്കപ്പെടും.

 

സുഫ്‌യാന്‍ അബ്ദുസ്സലാം
നേർപഥം വാരിക

നാവ് കൊണ്ട് നരകം വാങ്ങരുത്

നാവ് കൊണ്ട് നരകം വാങ്ങരുത്

അല്ലാഹു മനുഷ്യരെന്ന നിലക്ക് നമുക്ക് ധാരാളം അനുഗ്രഹങ്ങള്‍ കനിഞ്ഞരുളിയിട്ടുണ്ട്. ആ അനുഗ്രഹങ്ങള്‍ അളവറ്റതാണെന്ന് അനുഗ്രഹദാതാവ് തന്നെ പറയുന്നുണ്ട്:

”നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല…”(ക്വുര്‍ആന്‍ 14:34).

ഈ അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട ഒരു അനുഗ്രഹമാണ് നാവ്. അല്ലാഹു ചോദിക്കുന്നു:

”അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ? ഒരു നാവും രണ്ടു ചുണ്ടുകളും?” (90:8,9).

രണ്ടു താടിയെല്ലുകള്‍ക്കിടയിലുള്ള ചെറിയൊരു മാംസക്കഷ്ണമാണെങ്കിലും അതിന്റെ ധര്‍മം വലുതാണ്. മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷതയാണ് സംസാരിക്കുക എന്നത്. അതിന് നാവ് കൂടിയേ തീരൂ. ഭക്ഷണത്തിന്റെ രുചിയറിയാനും നാവ് തന്നെ വേണം. ഈ മഹത്തായ അനുഗ്രഹം കൊണ്ട് നാം നന്ദി കാട്ടേണ്ടതുണ്ട്. നാവുകൊണ്ട് നന്ദികാണിക്കുക എന്നു പറഞ്ഞാല്‍ ആ നാവ് നന്മക്ക് വേണ്ടി ഉപയോഗിക്കലാണ്, നല്ലതു മാത്രം പറയലാണ്.

അജ്ഞാനകാല കവികളില്‍ പ്രസിദ്ധനായ സുഹൈറിന്റെ ഒരു കവിതാശകലം കാണുക: ”മനുഷ്യനെന്നു പറഞ്ഞാല്‍ അവന്റെ ഹൃദയവും നാവുമാണ്. ബാക്കിയുള്ളത് കേവലം ശരീരം മാത്രമാണ്.”

പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുവാനും സ്‌നേഹവും സാഹോദര്യവും ഐക്യവും വളര്‍ത്തുവാനും ആവശ്യമായ നിരവധി നിര്‍ദേശങ്ങള്‍ ഇസ്‌ലാം നല്‍കിയിട്ടുണ്ട്. അതോടൊപ്പം സമൂഹത്തിന്റെ ഭദ്രതയെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന തിന്മകളുടെ സകല രൂപങ്ങള്‍ക്കുമെതിരില്‍ ഇസ്‌ലാം കര്‍ശനമായി താക്കീതു നല്‍കിയിട്ടുമുണ്ട്. അതില്‍ പ്രധാനമാണ് നാവിലൂടെ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന കുഴപ്പങ്ങളും പ്രശ്‌നങ്ങളും. അത്‌കൊണ്ടുതന്നെ ഇസ്‌ലാം നാവിന്റെ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആരും കേള്‍ക്കുന്നില്ല എന്ന ഉറപ്പോടെ രഹസ്യമായി സംസാരിച്ചതും പരസ്യമായി സംസാരിച്ചതും-അത് നല്ലതാകട്ടെ, ചീത്തയാകട്ടെ-അല്ലാഹു അറിയാതിരിക്കില്ല. അതെല്ലാം രേഖപ്പെടുത്തി വെക്കുവാന്‍ അല്ലാഹു മലക്കുകളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാവിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അസത്യങ്ങളും അര്‍ധസത്യങ്ങളും സമൂഹത്തിലും കുടുംബങ്ങളിലുമൊക്കെ ഉണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ ചെറുതല്ല. ആയുധംകൊണ്ട്ഉണ്ടാക്കുന്ന മുറിവ് കാലക്രമേണ മാറും. എന്നാല്‍ നാവുകൊണ്ട് മുറിവേല്‍പിക്കുന്നത് ഹൃദയത്തിലാണ്. അത് ഒരിക്കലും ഉണങ്ങില്ല.

അതിനാല്‍ നാവിനെ നാം സൂക്ഷിച്ച് ഉപയോഗിക്കുക. പരലോകത്ത് നാവിനാല്‍ ശിക്ഷ ഏറ്റുവാങ്ങേണ്ട അവസ്ഥയുണ്ടായിക്കൂടാ. ‘ആദം സന്തതികളില്‍ ഏറ്റവും കുടുതല്‍ വരുന്ന തെറ്റുകള്‍ അവരുടെ നാവിനാലാണ്’ എന്ന നബിവചനം നമ്മുടെ ഓര്‍മയില്‍ എപ്പോഴും ഉണ്ടായിരിക്കണം.  

വായവിട്ട വാക്കുകള്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഓരോ വാക്കും സൂക്ഷിച്ചായിരിക്കണം ഉപയോഗിക്കേണ്ടത്. കുടുംബ ബന്ധം, സുഹൃദ് ബന്ധം, ഗുരുശിഷ്യ ബന്ധം, സാമൂഹ്യബന്ധം തുടങ്ങിയ ഏത് ബന്ധവും മുറിയുവാനും വന്‍കലാപങ്ങള്‍ തന്നെ ഉണ്ടാകുവാനും ഒരാളുടെ നാവ് നിമിത്തമായേക്കാം.

ഒരുവന്റെ നാവ് അവന്റെ തന്നെ നാശഹേതുവായിത്തീരുന്ന ദുരവസ്ഥ എത്ര വലുതാണ്! ആരാണ് മുസ്‌ലിംകളില്‍ ഏറ്റവും ശ്രേഷ്ഠന്‍ എന്ന് ചോദിച്ചപ്പോള്‍ റസൂല്‍ ﷺ  പറഞ്ഞു: ‘ആരുടെ കയ്യില്‍ നിന്നും നാവില്‍ നിന്നും മറ്റു മുസ്‌ലിംകള്‍ സുരക്ഷിതരാണോ അയാള്‍.’

ഓരോ വിശ്വാസിയുടെയും അഭിമാനം പവിത്രമാണെന്ന് റസൂല്‍ ﷺ  തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ ഒരാളെയും നാം നമ്മുടെ നാവുകൊണ്ട് മനപ്പൂര്‍വം ദ്രോഹിക്കില്ലെന്ന് ഉറപ്പുവരുത്തണം.

നമ്മില്‍ പലരും വെറുതെ തര്‍ക്കിക്കുന്നവരാണ്. എന്നാല്‍ ന്യായമുണ്ടായിട്ടും തര്‍ക്കം ഒഴിവാക്കുന്നവന് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് നബി ﷺ  സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ഒരു നന്മയും ഇല്ലാത്ത സംസാരങ്ങളില്‍ നിന്നും വിശ്വാസികള്‍ മാറിനില്‍ക്കേണ്ടതുണ്ട്.  

റസൂല്‍ ﷺ  പറഞ്ഞു: ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരോ അവര്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മൗനം പാലിച്ചുകൊള്ളട്ടെ.’

‘ഒരു അടിമ അവന്റെ സംസാരം അല്ലാഹുവിന് ഇഷ്ടപ്പെട്ടതാക്കുക. എന്നാല്‍ അല്ലാഹു നമ്മുടെ പദവികള്‍ ഉയര്‍ത്തും.’

ഒരിക്കല്‍ ആഇശ(റ) നബി ﷺ യോട് സഫിയ(റ)യെ കുറിച്ച് ‘നിങ്ങള്‍ക്ക് അവളെത്തന്നെ മതിയല്ലോ. അവള്‍ കുള്ളത്തിയാണ്’ എന്നിങ്ങനെ പറഞ്ഞപ്പോള്‍ അവിടുന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ‘നീ ഈ പറഞ്ഞ വാക്ക് സമുദ്ര ജലത്തില്‍ ലയിപ്പിക്കുകയാണെങ്കില്‍ സമുദ്രജലത്തെ അത് മലിനമാക്കിത്തീര്‍ക്കും.’

അന്യരെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവു പറയല്‍ ഇന്ന് ഒരു കലയാണ്. തമാശക്കായാലും കളവു പറയരുതെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സമൂഹത്തിന്റെ കയ്യടി ലഭിക്കാനും ആളുകള്‍ ചിരിക്കാനും സുഹൃത്തിന്റെ പരിഗണനക്കു വേണ്ടിയും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെടാനും മറ്റും മനുഷ്യര്‍ കളവിനെ കൂട്ടുപിടിക്കുന്നു.

അബ്ദുല്ലാഹിബ്‌നു ആമിര്‍(റ) പറയുന്നു: ”എന്റെ ഉമ്മ ഒരിക്കല്‍ എന്നെ വിളിച്ചു. തദവസരം നബി ﷺ  വീട്ടിലുണ്ടായിരുന്നു. ഉമ്മ പറഞ്ഞു: ‘വരൂ. നിനക്ക് ഞാനൊരു സാധനം തരാം.’ അപ്പോള്‍ നബി ﷺ  ചോദിച്ചു: ‘നിങ്ങള്‍ അവന് എന്താണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്?’ ഉമ്മ പറഞ്ഞു: ‘അവന് ഞാന്‍ കാരക്ക കൊടുക്കാന്‍ ഉദ്ദേശിക്കുന്നു.’ തദവസരം റസൂല്‍ ﷺ  പറഞ്ഞു: ‘നിങ്ങള്‍ അവന് ഒരു വസ്തുവും നല്‍കുന്നില്ലെങ്കില്‍ നിങ്ങളുടെ മേല്‍ കളവ് രേഖപ്പെടുത്തപ്പെടും.’  

ഈ ഹദീസ് കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. കുട്ടികളോടായാല്‍ കളവു പറയാം എന്ന ധാരണ ചിലര്‍ക്കുണ്ട്. അത് മാറ്റേണ്ട ധാരണയാണ്.

ഒരിക്കല്‍ നബി ﷺ  രണ്ട് ക്വബ്‌റുകള്‍ക്കരികിലൂടെ നടന്നു പോകുമ്പോള്‍ പറഞ്ഞു: ‘ഈ രണ്ടു മനുഷ്യന്മാര്‍ അവരുടെ ക്വബ്‌റുകളില്‍ അതിശക്തമായ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുകയാണ്.’ എന്തിന്റെ പേരിലാണ് എന്ന സ്വഹാബിമാരുടെ അന്വേഷണത്തോട് പ്രവാചകന്‍ ﷺ  പ്രതികരിച്ചു: ‘ഒരാള്‍ മുത്രത്തില്‍ നിന്ന് ശുദ്ധിവരുത്താത്തവനും മറ്റെയാള്‍ മറ്റുള്ളവരെ ദുഷിച്ചു പറയുന്നവനും ഏഷണിയുമായി മനുഷ്യര്‍ക്കിടയില്‍ ചുറ്റിത്തിരിയുന്നവനുമായിരുന്നു.’

അല്ലാഹുവിന്റെ അടിമകളില്‍ ഏറ്റവും ഉത്തമര്‍ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുന്നവരും അവരിലെ ഏറ്റവും നികൃഷ്ടര്‍ ഏഷണിയുമായി കറങ്ങിത്തിരിയുന്നവരുമാണെന്ന് പ്രവാചകന്‍ ﷺ  വ്യക്തമാക്കുകയുണ്ടായി.

നാവിനെ നിയന്ത്രിക്കുവാന്‍ സാധിച്ചാല്‍ നമ്മുടെ ദൈനംദിന ജീവിതത്തിലും ഭാവിജീവിതത്തിലും ഉണ്ടായേക്കാവുന്ന വ്രണങ്ങളെ ഇല്ലാതാക്കാന്‍ ഒരു പരിധി വരെ കഴിയും. അതിനാല്‍ നമ്മുടെ നാവെന്ന അനുഗ്രഹത്തെക്കൊണ്ട് അല്ലാഹുവിന് നന്ദികാണിക്കുക. അല്ലാഹുവിനെ സ്മരിക്കുവാനും നന്മ കല്‍പിക്കുവാനും തിന്മ വിരോധിക്കുവാനുമെല്ലാം അതിനെ ഉപയോഗിക്കുക. നമ്മള്‍ എന്തൊന്ന് ഉരുവിടുമ്പോഴും അത് നമുക്ക് ഇഹത്തിലും പരത്തിലും ഉപകാരമാണോ ഉപദ്രവമാണോ ഉണ്ടാക്കുക എന്ന് ചിന്തിക്കണം. എത്ര ശ്രമിച്ചാലും ചില സമയങ്ങളില്‍ നാവിന്റെ നിയന്ത്രണം നമ്മില്‍ നിന്നും നഷ്ടപ്പെട്ടേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനെയും അന്ത്യദിനത്തെയും ഓര്‍ത്ത് മൗനം ദീക്ഷിക്കുകയാണ് ഒരു മുസ്‌ലിം ചെയ്യേണ്ടത്.

 

ജാസിദ് ജാമിഅ അല്‍ഹിന്ദ്

സംതൃപ്ത ജീവിതത്തിന്റെ വഴികള്‍

സംതൃപ്ത ജീവിതത്തിന്റെ വഴികള്‍

ജീവിതത്തില്‍ എപ്പോഴും സന്തോഷവും സംതൃപ്തിയും ഉണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അത് കേവലം ആഗ്രഹം മാത്രമാണ് എന്നതാണ് വസ്തുത. സന്തുഷ്ട ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പലരിലും പല രൂപത്തിലായിരിക്കും. സാമ്പത്തിക ഭദ്രത, നല്ല വീട്, മുന്തിയ വാഹനം, സമാധാനം നിറഞ്ഞ കുടുംബാന്തരീക്ഷം തുടങ്ങി പലതിലും ജീവിതത്തിലെ ധന്യതയും സംതൃപ്തിയും ആളുകള്‍ കണ്ടെത്തുന്നു.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഐഹിക ജീവിതത്തിലെ സംതൃപ്തിയെക്കാള്‍ അവന്‍ ലക്ഷ്യമാക്കേണ്ടത് പാരത്രിക ജീവിതത്തിലെ സംതൃപ്തിയാണ്.  പാരത്രിക ജീവിതത്തിനുള്ള പാഥേയം ഒരുക്കുന്നതില്‍ ഇഹലോകജീവിതത്തെ ശരിയായി ഉപയോഗപ്പെടുത്താനായാല്‍, അതിലാണ് അവന്റെ വിജയം കുടികൊള്ളുന്നത്.

ഇത്തരത്തില്‍ തൃപ്തികരമായ ഒരു ജീവിതത്തിന് ഉതകുന്ന നിര്‍ദേശങ്ങള്‍ വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും മാനവരാശിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നുണ്ട്.

ശരിയായ വിശ്വാസവും സല്‍കര്‍മങ്ങളും

അല്ലാഹു പറയുന്നു: ”ഏതൊരു ആണോ പെണ്ണോ, സത്യവിശ്വാസിയായികൊണ്ട് സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്…” (ക്വുര്‍ആന്‍ 16:97).

ശരിയായ വിശ്വാസവും അതിനനുസരിച്ചുള്ള കര്‍മങ്ങളുമാണ് നമ്മുടെ ജീവിതത്തെ സന്തുഷ്ടമാക്കുന്നത് എന്നര്‍ഥം. അതിലൂടെ ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാനുള്ള മനഃസ്ഥിതിയും ഹൃദയവിശാലതയും നമുക്ക് കരഗതമാകുന്നു.

ക്ഷമ

സുഹൈബ്(റ)വില്‍ നിന്ന് നിവേദനം; നബി ﷺ  പറഞ്ഞു: ”വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ! അവന്റെ എല്ലാ കാര്യവും അവനു നന്മയാണ്. ഒരു വിശ്വാസിക്കല്ലാതെ ഇപ്രകാരം ഉണ്ടാവുകയില്ല. അവനൊരു സന്തോഷമുണ്ടായാല്‍ അവന്‍ നന്ദികാണിക്കും. അങ്ങനെ അതവന് നന്മയായിത്തീരും. ഇനി വല്ല ദുരിതവും അവന് ബാധിക്കുകയാണെങ്കില്‍ അവന്‍ ക്ഷമിക്കുകയും അതവന് നന്മയായിത്തീരുകയും ചെയ്യും” (മുസ്‌ലിം).

ഇപ്രകാരം ക്ഷമകൊണ്ട് നമ്മുടെ ജീവിതത്തെ അലങ്കരിച്ചാല്‍ ജീവിതസംഘര്‍ഷങ്ങളില്‍ നിന്നും മനഃക്ലേശങ്ങളില്‍ നിന്നും നമുക്ക് വിടുതല്‍ ലഭിക്കും. അതുവഴി ജീവിത നിമിഷങ്ങളെ സന്തോഷം നിറഞ്ഞതാക്കിത്തീര്‍ക്കാനും നമുക്ക് സാധിക്കും. വിശുദ്ധ ക്വുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ അല്ലാഹു ക്ഷമയെക്കുറിച്ച് പരാമര്‍ശിക്കുന്നതായി കാണാം. സന്തോഷവും സന്താപവും ജീവിതത്തില്‍ മാറിമാറി വരുമ്പോഴും ക്ഷമ അവലംബിക്കുവാനും നന്ദി കാണിക്കുവാനും നമുക്ക് കഴിയണം.

സല്‍സ്വഭാവം

മറ്റുള്ളവരോട് ഏറ്റവും മാന്യമായ രൂപത്തില്‍ വര്‍ത്തിക്കുക. എത്ര മോശമായി നമ്മോട് പെരുമാറിയവനോടും ഗുണകാംക്ഷയോടെയുള്ള പ്രതികരണം നമ്മുടെ ജീവിതത്തില്‍ ആത്മസംതൃപ്തി പ്രദാനം ചെയ്യും. അല്ലാഹു പറയുന്നു:

”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല” (ക്വുര്‍ആന്‍ 41:34,35).

സല്‍സ്വഭാവത്തിന്റെ അതുല്യമായ മാതൃക കാണിച്ച വ്യക്തിത്വമാണ് മുഹമ്മദ് നബി ﷺ .

അനസ്(റ) പറയുന്നു: ”ഒരിക്കല്‍ നബി ﷺ യോടൊത്ത് ഞാന്‍ നടന്നുപോകുകയായിരുന്നു. കട്ടിയുള്ള കരയോടുകൂടിയ നജ്‌റാന്‍ വസ്ത്രമാണ് നബി ﷺ  ധരിച്ചിരുന്നത്. അങ്ങനെ ഒരു ഗ്രാമീണ അറബി നബിയുമായി സന്ധിക്കുകയും അദ്ദേഹത്തിന്റെ മുണ്ട് പിടിച്ച് ശക്തിയായി വലിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ നബി ﷺ യുടെ പിരടിയിലേക്കു നോക്കി. പിടിച്ചുവലിച്ചതിന്റെ ശക്തി കാരണം മുണ്ടിന്റെ കരയുടെ പാടുകള്‍ അവിടെ പതിഞ്ഞിരിന്നു. ‘മുഹമ്മദേ! താങ്കളുടെ പക്കലുള്ള അല്ലാഹുവിന്റെ ധനത്തില്‍നിന്ന് എനിക്ക് എന്തെങ്കിലും അനുവദിച്ചുതരാന്‍ ഉത്തരവിടുക’- ആ ഗ്രാമീണന്‍ പറഞ്ഞു. നബി ﷺ  അയാളെ തിരിഞ്ഞുനോക്കുകയും പുഞ്ചിരിക്കുകയും അയാള്‍ക്ക് ദാനം നല്‍കാന്‍ കല്‍പിക്കുകയും ചെയ്തു” (ബുഖാരി).

പ്രവാചക ജീവിതത്തില്‍നിന്ന് ഇത്തരത്തിലുള്ള അനേകം സംഭവങ്ങള്‍ ഉദ്ധരിക്കുവാന്‍ കഴിയും. മാത്രമല്ല സല്‍സ്വഭാവത്തിന്റെ പ്രതിഫലമായി നബി  ﷺ  പഠിപ്പിച്ചത് സ്വര്‍ഗത്തെയാണ്.

‘ജനങ്ങളെ ധാരാളമായി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നത് തക്വ്‌വയും സല്‍സ്വഭാവവുമാണ്’ (തിര്‍മിദി, ഹാകിം) എന്ന നബിവചനം ഇത്തരുണത്തില്‍ നാം ഓര്‍ക്കുക.

അല്ലാഹുവിനെ ധാരാളമായി സ്മരിക്കല്‍

അല്ലാഹുവിനെ സദാ ഓര്‍ക്കുന്ന ഹൃദയവും അവനെ സ്മരിക്കുന്ന നാവും വിശ്വാസിയുടെ ജീവിതത്തില്‍ സന്തോഷം പകരുന്നതില്‍ അനിഷേധ്യമായ പങ്ക് വഹിക്കുന്നു. അല്ലാഹു പറയുന്നു: ”ശ്രദ്ധിക്കുക. അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മകൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്” (ക്വുര്‍ആന്‍ 13:28).

സന്തോഷത്തിന്റെയും സന്താപത്തിന്റെയും വേളയില്‍ എല്ലാ അനുഗ്രഹങ്ങളുടെയും ദാതാവായ അല്ലാഹുവിനെ ഓര്‍ക്കുവാനും ഗുണദോഷങ്ങള്‍ അവനില്‍ നിന്നാണെന്ന് വിശ്വസിക്കുവാനും നമുക്ക് സാധിച്ചാല്‍, നാമനുഭവിക്കുന്ന ക്ലേശങ്ങളെയും പ്രയാസങ്ങളെയും നമുക്ക് നിസ്സാരമായി കാണാനാകും. അതുവഴി നമ്മുടെ ജീവിതം സമാധാനമുള്ളതായി മാറുകയും ചെയ്യും.

പ്രാര്‍ഥന

സംതൃപ്തമായ ജീവിതത്തിന് നമ്മെ സഹായിക്കുന്ന പ്രധാന ഘടകമാണ് നമ്മുടെ പ്രാര്‍ഥനകള്‍. ഇഹപര ജീവിതത്തില്‍ സന്തോഷവും വിജയവും നേടിത്തരുന്ന അനവധി പ്രാര്‍ഥനകള്‍ പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ പ്രാര്‍ഥനകള്‍ പഠിക്കുകയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുക. നമുക്ക് ഏത് നല്ല കാര്യവും നമ്മുടെ സ്രഷ്ടാവിനോട് നേരിട്ടു ചോദിക്കാം. തന്നോട് ചോദിക്കുന്നവരെ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു.  

”…ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്ക് ഇഹലോകത്ത് നീ നല്ലത് തരേണമേ; പരലോകത്തും നീ നല്ലത് തരേണമേ. നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ” (ക്വുര്‍ആന്‍ 2:201).

 

അജ്മല്‍ കോട്ടയം, ജാമിഅ അല്‍ഹിന്ദ്

ക്വുര്‍ആന്‍ വ്യാഖ്യാനത്തിന്റെ രീതിശാസ്ത്രം

ക്വുര്‍ആന്‍ വ്യാഖ്യാനത്തിന്റെ രീതിശാസ്ത്രം

അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ ജനങ്ങള്‍ക്കും മാര്‍ഗദര്‍ശനമായി സ്രഷ്ടാവില്‍ നിന്ന് അവതീര്‍ണമായ ഗ്രന്ഥമാണ് വിശുദ്ധ ക്വുര്‍ആന്‍. ക്വുര്‍ആനിലെ ഓരോ വചനവും ഓരോ ആശയപ്രപഞ്ചം തന്നെ ഉള്‍ക്കൊള്ളുന്നുണ്ട്. എന്നിട്ടും സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി പലരും അതിലെ ആശയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. എന്നാല്‍ മറ്റു ഗ്രന്ഥങ്ങളെ അപേക്ഷിച്ച് ക്വുര്‍ആനിന്റെ അവതരണം മാത്രമല്ല സംരക്ഷണം കൂടി സ്രഷ്ടാവിന്റെ പക്കലുള്ളതായതിനാല്‍ അതിന് യാതൊരു പോറലുമേല്‍പിക്കാന്‍ വിമര്‍ശകര്‍ക്ക് കഴിഞ്ഞില്ല. ക്വുര്‍ആന്‍ വ്യാഖ്യാനത്തിന്റെ രീതിശാസ്തം അത്രമേല്‍ ഭദ്രവും ശാസ്ത്രീയവുമാണ് എന്നതിന് അതിന്റെ ഇതഃപര്യന്തമുള്ള ചരിത്രം സാക്ഷിയാണ്.

പ്രവാചകന്‍മാര്‍ക്ക് നല്‍കപ്പെട്ട ദൈവിക ദൃഷ്ടാന്തങ്ങളില്‍ (മുഅ്ജിസത്തുകളില്‍) വെച്ച് ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വിശുദ്ധ ക്വുര്‍ആന്‍. അതിന്റെ സംരക്ഷണം അല്ലാഹു തന്നെ ഏറ്റെടുത്തിട്ടുണ്ട് എന്നത് അതിന്റെ സവിശേഷതയാണ്. ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കുവാനും ആലോചിക്കുവാനും അല്ലാഹു മാനവരാശിയോട് ക്വുര്‍ആനിലുടെ ആവശ്യപ്പെടുകയും അതിന് മുതിരാത്തവരെ താക്കീത് ചെയ്യുകയും ചെയ്യുന്നുണ്ട്.

ചിന്തിക്കണമെങ്കില്‍ എന്താണ് ക്വുര്‍ആന്‍ പറയുന്നത് എന്ന് നമുക്ക് മനസ്സിലാകണം. ഇവിടെയാണ് അതിന്റെ വിവരണത്തിന്റെ (തഫ്‌സീര്‍) അനിവാര്യത നമുക്ക് ബോധ്യമാകുന്നത്.

‘തഫ്‌സീര്‍’ എന്ന പദത്തിന്റെ ഭാഷാര്‍ഥം വെളിവാക്കുക, മറനീക്കുക എന്നെല്ലാമാണ്. എന്നാല്‍, സാങ്കേതികമായി അതുകൊണ്ട് ഉദ്ദേശിക്കുന്നത് ‘വിശുദ്ധ ക്വുര്‍ആനിന്റെ അര്‍ഥവും ആശയവും മനസ്സിലാക്കുവാനും അതിലെ വിധിവിലക്കുകള്‍, നിയമങ്ങള്‍, തത്ത്വങ്ങള്‍ തുടങ്ങിയവ അറിയുവാനും സഹായിക്കുന്ന വിജ്ഞാനശാഖ’ എന്നതാണ്.

തഫ്‌സീറിന്റെ ചരിത്രം

പരിശുദ്ധ ക്വുര്‍ആനിനോടൊപ്പം തന്നെ അതിന്റെ തഫ്‌സീറിന്റെയും ചരിത്രം തുടങ്ങുകയാണ്. അറബികള്‍ക്ക് ക്വുര്‍ആന്‍ അവരുടെ ഭാഷയിലായതിനാല്‍ ക്വുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ അത് കേള്‍ക്കുന്ന മാത്രയില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. അതിനാല്‍ അത് അവരുടെ ജീവിതത്തില്‍ വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. ഇനി അറബികളായാലും അറബിഭാഷ പഠിച്ച അനറബികളായാലും അവര്‍ക്ക് സ്വമേധയാ മനസ്സിലാക്കാന്‍ പറ്റാത്ത അനവധി കാര്യങ്ങള്‍ ക്വുര്‍ആനിലുണ്ട്. അവിടെ തഫ്‌സീറിന്റെ സഹായം അനിവാര്യമത്രെ. അപ്പോള്‍ ആരാണ് ക്വുര്‍ആനിന്റെ തഫ്‌സീര്‍ നിര്‍വഹിക്കുക? ഒന്നാമതായി അല്ലാഹു തന്നെ എന്ന് പറയാം. പിന്നെ മുഹമ്മദ് നബി ﷺ . പിന്നെ നബി ﷺ യുടെ അനുചരന്മാര്‍ (സ്വഹാബികള്‍). സ്വഹാബികളില്‍ നിന്ന് ക്വുര്‍ആന്‍ പഠിച്ച താബിഉകളുടെ തഫ്‌സീറിനും വലിയ പ്രാധാന്യമാണുള്ളത്.

ക്വുര്‍ആന്‍ വ്യാഖ്യാന രീതി

ക്വുര്‍ആന്‍ വ്യാഖ്യാനത്തിന് ഒരു രീതിശാസ്ത്രമുണ്ട്. അത് തോന്നിയപോലെ കൈകാര്യം ചെയ്യാന്‍ പാടില്ല. അതിനെ വ്യാഖ്യാനിക്കുന്നവര്‍ക്കും (മുഫസ്സിറുകള്‍) ചില നിബന്ധനകളുണ്ട്. അതിലൊന്ന് അവരുടെ അക്വീദ(വിശ്വാസം)യുമായി ബന്ധപ്പെട്ട വിഷയമാണ്. അഹ്‌ലുസ്സുന്നയുടെ അക്വീദയല്ലെങ്കില്‍ തങ്ങളുടെ നിരര്‍ഥകമായ അക്വീദക്കനുസരിച്ച് അവര്‍ പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കും. അങ്ങനെ ജനങ്ങള്‍ വഴിതെറ്റാനിടയാവും.

രണ്ടാമത്തേത് മന്‍ഹജുമായി (മാര്‍ഗം) ബന്ധപ്പെട്ടതാണ്. തന്നിഷ്ടങ്ങള്‍ക്കും ദേഹേഛകള്‍ക്കും പ്രാധാന്യം കൊടുക്കുന്നവരാണെങ്കില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊപ്പിച്ച് പ്രമാണങ്ങളെ അവര്‍ വളച്ചൊടിക്കും. അപ്പോള്‍ അക്വീദയും മന്‍ഹജും നന്നായവരും ദേഹേഛകളില്‍ നിന്ന് അകന്നവരുമാകണം മുഫസ്സിറുകള്‍. ഇങ്ങനെ മുഫസ്സിറുകളുമായി ബന്ധപ്പെട്ട് പല നിബന്ധനകളും പണ്ഡിതന്‍മാര്‍ പറഞ്ഞത് കാണാം.

ക്വുര്‍ആനിനെ ക്വുര്‍ആന്‍ കൊണ്ട് വിശദീകരിക്കല്‍

പരിശുദ്ധ ക്വുര്‍ആനിലെ വിഷയാവതരണങ്ങള്‍ക്ക് വിവിധ ശൈലികള്‍ ഉണ്ട്; വസ്തുതകള്‍ ചുരുക്കിപ്പറയുക, വിശദമായി പറയുക, മൊത്തത്തില്‍ പറയുക, നിരുപാധികം പറയുക, സോപാധികം പറയുക എന്നിങ്ങനെ.

ഒരിടത്ത് ചുരുക്കിപ്പറഞ്ഞത് മറ്റൊരിടത്ത് വിശദമായി പറയും. ഒരിടത്ത് പൊതുവായി പറഞ്ഞത് മറ്റൊരിടത്ത് പ്രത്യേകമായി പറയും. ക്വുര്‍ആന്‍ പഠനം പൂര്‍ത്തിയാകണമെങ്കില്‍ അത് ആദ്യവസാനം പഠിക്കേണ്ടതുണ്ട് എന്ന് വ്യക്തം.

ക്വുര്‍ആനിന്റെ ഖക്വുര്‍ആന്‍ വിശദീകരണത്തിന് വൈവിധ്യമാര്‍ന്ന രൂപങ്ങളാണ് ഉള്ളത്:

1. വിശദീകരണം തൊട്ട് പിന്നാലെ വരുന്നത്: ഉദാഹരണമായി സൂറതുത്ത്വാരിക്വിലെ ‘ത്വാരിക്വ്’ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം തൊട്ടുതാഴെ പറഞ്ഞിരിക്കുന്നു. അത് ‘അന്നജ്മുസ്സാക്വിബ്’ ആണ് (തുളച്ച് കയറുന്ന നക്ഷത്രം).

2. വിശദീകരണം തൊട്ടുതാഴെ വരാതെ വേറെ സ്ഥലങ്ങളില്‍ വരുന്നവ:

ഉദാഹരണം: സൂറതുല്‍ ഫാതിഹയിലെ ‘റബ്ബുല്‍ ആലമീന്‍’ എന്നതിലെ ‘ആലമീന്‍’ എന്ന പദത്തിന്റെ അര്‍ഥമെന്താണ്?

അതിന്റെ വിശദീകരണം സൂറതുശ്ശുഅറാഇല്‍ നമുക്ക് കാണാം: ”ഫിര്‍ഔന്‍ ചോദിച്ചു: എന്താണ് റബ്ബുല്‍ ആലമീന്‍? അദ്ദേഹം (മൂസാ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടെയും രക്ഷിതാവ്” (ശുഅറാഅ്: 23,24).

അപ്പോള്‍, ‘ആലമീന്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആകാശങ്ങളും ഭൂമിയും അവയിലുള്ള സകല വസ്തുക്കളുമടങ്ങുന്ന; അല്ലാഹു അല്ലാത്ത ലോകം എന്നാണ്.

3. ക്വുര്‍ആനിനെ ക്വുര്‍ആന്‍ കൊണ്ട് നബി ﷺ  വവരിച്ചുതരുന്നവ:

ഉദാഹരണം: സൂറതുല്‍ അന്‍ആമിലെ 82ാം മത്തെ വചനം: ”വിശ്വസിക്കുകയും തങ്ങളുടെ വിശ്വാസത്തില്‍ അക്രമം കലര്‍ത്താതിരിക്കുകയും ചെയ്യുന്നവര്‍. അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവരാണ് നേര്‍വഴി സിദ്ധിച്ചവര്‍.” ഇതില്‍ പറഞ്ഞ ‘അക്രമം’ എന്താണ്? സ്വഹാബികള്‍ നബി ﷺ യോട്  ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളുടെ കൂട്ടത്തില്‍ അക്രമം ചെയ്യാത്തവരായി ആരാണുള്ളത്?’ അപ്പോള്‍ റസൂല്‍ ﷺ  മറുപടി കൊടുത്തു: ‘നിങ്ങള്‍ വിചാരിക്കുന്ന അക്രമമല്ല അത്. ലുക്വ്മാന്റെ(അ) വാക്ക് നിങ്ങള്‍ കേട്ടിട്ടില്ലേ? ‘എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവില്‍ പങ്ക് ചേര്‍ക്കരുത്. തീര്‍ച്ചയായും ശിര്‍ക്ക് വമ്പിച്ച അക്രമമാകുന്നു.”

 വിശ്വാസത്തില്‍ അക്രമം കലര്‍ത്താത്തവര്‍ വചനത്തിലെ അക്രമം കൊണ്ടുദ്ദേശിക്കുന്നത് ശിര്‍ക്ക് എന്ന അക്രമമാണ് എന്ന് റസൂല്‍ ﷺ  ആയത്ത് ഓതിക്കൊണ്ട് വിശദീകരിച്ചുകൊടുത്തതാണ് നാം ഇതില്‍ കാണുന്നത്.

ഇതുപോലെ സ്വഹാബികളും താബിഉകളും മറ്റും ക്വുര്‍ആനിനെ ക്വുര്‍ആന്‍ കൊണ്ട് തന്നെ വ്യാഖ്യാനിച്ചതിന് ധാരാളം തെളിവുകള്‍ നമുക്ക് കാണാവുന്നതാണ്.

ക്വുര്‍ആനിനെ ഹദീസ് കൊണ്ട് വിശദീകരിക്കല്‍

വിശുദ്ധ ക്വുര്‍ആന്‍ വിവരണം നബി ﷺ യുടെ പ്രധാനപ്പെട്ട ഒരു ദൗത്യമത്രെ. അല്ലാഹു പറയുന്നു: ”താങ്കള്‍ക്ക് അല്ലാഹു ഈ ദിക്ര്‍ ഇറക്കിത്തന്നിരിക്കുന്നു. താങ്കളിത് ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കാന്‍ വേണ്ടി” (സൂറതുന്നഹ്ല്‍: 44). തന്റെ ഈ ദൗത്യം റസൂല്‍ ﷺ  കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറയുന്നു: ”റസൂല്‍ ﷺ  പരിശുദ്ധ ക്വുര്‍ആനിന്റെ പദങ്ങളും ആശയങ്ങളും തന്റെ സ്വഹാബത്തിന് വിശദീകരിച്ചു കൊടുത്തിരിക്കുന്നു എന്ന് അറിയല്‍ നിര്‍ബന്ധമാണ്” (മുക്വദ്ദിമതുന്‍ ഫീ ഉസ്വൂലിത്തഫ്‌സീര്‍).

നബി ﷺ യുടെ വിവരണം പല ശൈലികളിലായി നമുക്ക് കാണാന്‍ കഴിയും. ഉദാഹരണ സഹിതം ചിലത് വിശദീകരിക്കാം:

1. ആദ്യം ക്വുര്‍ആന്‍ വചനം ഓതുക, പിന്നെ വിശദീകരണം പറയുക: അബൂഹുറയ്‌റ(റ) പറയുന്നു: റസൂല്‍ ﷺ  പറഞ്ഞു: ”ഇസ്രാഈല്യരോട് ‘നിങ്ങള്‍ കവാടത്തിലൂടെ സുജൂദ് ചെയ്തുകൊണ്ട് പ്രവേശിക്കുക. നിങ്ങള്‍ ‘ഹിത്ത്വതുന്‍’ (പശ്ചാതാപ വചനം) എന്ന് പറയുക. നിങ്ങളുടെ പാപങ്ങള്‍ നാം പൊറുത്തു തരും’ (അല്‍ബക്വറ:58) എന്ന് പറയപ്പെട്ടപ്പോള്‍ അവര്‍ ചന്തിയില്‍ ഇഴഞ്ഞു പ്രവേശിക്കുകയും ‘ഹിത്ത്വതുന്‍’ എന്നതിന് പകരം ‘ഹിന്‍ത്വതുന്‍ ഫീ ശഅ്‌റ’ (ഗോതമ്പുമണി) എന്ന് പറയുകയും ചെയ്തു” (ബുഖാരി, മുസ്‌ലിം)

2. ചിലപ്പോള്‍ ക്വുര്‍ആന്‍ വചനത്തിന്റെ ആശയം പറയുകയും പിന്നെ വചനം ഓതുകയും ചെയ്യും. ഉദാഹരണം: അബൂമൂസല്‍ അശ്അരി(റ) പറയുന്നു; നബി ﷺ  പറഞ്ഞു: ”തീര്‍ച്ചയായും അല്ലാഹു അക്രമിക്ക് സമയം നീട്ടിവിട്ട് കൊടുക്കും, പിന്നെ അവനെ പിടികൂടും. അവന് രക്ഷപ്പെടാന്‍ കഴിയില്ല.” പിന്നെ റസൂല്‍ ﷺ  ആയത്ത് ഓതി: ”അക്രമികളായ നാട്ടുകാരെ പിടികൂടുമ്പോള്‍ അപ്രകാരമാണ് നിന്റെ രക്ഷിതാവിന്റെ പിടികൂടല്‍. തീര്‍ച്ചയായും അവന്റെ പിടികൂടല്‍ കഠിനവും വേദനാജനകവുമാണ്” (ഹൂദ്: 102)” (ബുഖാരി, മുസ്‌ലിം)

3. ക്വുര്‍ആന്‍ വചനങ്ങളെപ്പറ്റി സ്വഹാബികള്‍ സംശയം ചോദിച്ചപ്പോള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കുന്നു: ഉദാ: ‘ഐഹിക ജീവിതത്തിലും പരലോകത്തിലും അവര്‍ക്കാണ് സന്തോഷവാര്‍ത്തയുള്ളത്’ (യൂനുസ്:64). ഉബാദതുബ്‌നു സ്വാമിതും(റ), അബൂദര്‍ദാഉം(റ) നബി ﷺ യോട് ഇതിനെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അത് മുസ്‌ലിം കാണുന്ന നല്ല സ്വപ്‌നങ്ങളാണ്’ (തുര്‍മുദി)

4. ക്വുര്‍ആനിന്റെ കല്‍പനകളും വിരോധങ്ങളും മറ്റും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക എന്ന തഫ്‌സീര്‍: സൂറതുശ്ശുഅറാഇലെ ‘താങ്കളുടെ അടുത്ത ബന്ധുക്കളെ താക്കീത് ചെയ്യുക’ എന്ന വചനം ഇറങ്ങിയപ്പോള്‍ സ്വഫാ മലയില്‍ കയറി കുടുംബക്കാരെ വിളിച്ചുവരുത്തി താക്കീത് ചെയ്ത സംഭവം ഒരുദാഹരണമാണ്. സൂറതുന്നസ്വ്‌റിലെ ‘അത് കൊണ്ട് താങ്കള്‍ താങ്കളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീര്‍ത്തിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക’ എന്ന വചനമിറങ്ങിയപ്പോള്‍ അത് വ്യാഖ്യാനിച്ച് കൊണ്ട് റസൂല്‍ ﷺ  തന്റെ റുകൂഇലും സുജൂദിലും ഇങ്ങനെ പറയാറുണ്ടായിരുന്നു: ‘സുബ്ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദിക്കല്ലാഹുമ്മഗ്ഫിര്‍ലീ.’

ഇത്‌പോലെ ക്വുര്‍ആനിലെ ‘വഅക്വീമൂസ്സ്വലാത വആതുസ്സകാത’ പോലെയുള്ള കല്‍പനകള്‍ റസൂല്‍ തന്റെ ജീവിതം കൊണ്ട് വിവരിച്ചുകാണിച്ചു. വിരോധങ്ങളുടെ അവസ്ഥയും തഥൈവ. ‘നബി ﷺ യുടെ സ്വഭാവം ക്വുര്‍ആന്‍ ആയിരുന്നു’ എന്ന ആഇശ(റ)യുടെ വാക്ക് വളരെ ശ്രദ്ധേയമാണ്.

ക്വുര്‍ആനിലെ മുഴുവന്‍ വചനങ്ങളും റസൂല്‍ ﷺ  തഫ്‌സീര്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയമാണ്. ഉണ്ടെന്നാണ് ശൈഖുല്‍ ഇസ്‌ലാമിനെ പോലെയുള്ളവരുടെ അഭിപ്രായം. എന്നാല്‍ എതിരഭിപ്രായം പറഞ്ഞവരും ഉണ്ട്. സമൂഹത്തിന് ആവശ്യമുള്ളത് മാത്രമാണ് റസൂല്‍ ﷺ  വിശദീകരിച്ചത് എന്നാണവര്‍ പറയുന്നത്. അതില്‍പെട്ട ചിലതാണ് താഴെ പറയുന്നവ.

1. ക്വുര്‍ആന്‍ മൊത്തമായി പറഞ്ഞത് റസൂല്‍ ﷺ  വിശദീകരിക്കും. നമസ്‌കാരം, സകാത്ത് മുതലായവ ഉദാഹരണങ്ങളാണ്. നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് കൊടുക്കാനും ക്വുര്‍ആന്‍ പറഞ്ഞു. അതിന്റെ വിശദാംശങ്ങള്‍ കൈകാര്യം ചെയ്യുന്നത് സുന്നത്താണ്.

2. ആശയക്കുഴപ്പമുണ്ടാക്കുന്നവ വ്യക്തമാക്കിക്കൊടുക്കുക. ഉദാ: സൂറതുല്‍ ഹിജ്‌റിലെ 99ാം വചനം. ”താങ്കള്‍ക്ക് യക്വീന്‍ വരുന്നതുവരെ താങ്കളുടെ രക്ഷിതാവിന് ഇബാദത്തെടുക്കുക.’ ഇവിടെ പറഞ്ഞ ‘യക്വീന്‍’ തെറ്റായി മനസ്സിലാക്കാന്‍ സാധ്യതയുണ്ട്. ‘ഉറപ്പ്,’ ‘ദൃഢമായ ഉറപ്പ്’ എന്ന അര്‍ഥം അതിനുണ്ട്. ആ അര്‍ഥം പറഞ്ഞു ചിലര്‍ ഇബാദത്ത് നിര്‍ത്തിവെച്ചുവെന്ന് വരാം. എന്നാല്‍ റസൂല്‍ ﷺ  ആ യക്വീന്‍ കൊണ്ടുള്ള ഉദ്ദേശ്യം മരണമാണ് എന്ന് വിവരിച്ചുതന്നു.

ഇത് പോലെ സൂറഃ അല്‍ബക്വറയില്‍ നോമ്പെടുക്കന്നവരോട് അല്ലാഹു പറഞ്ഞു: ‘നിങ്ങള്‍ കറുത്ത നൂലില്‍ നിന്ന് വെളുത്ത നൂല്‍ വ്യക്തമാകുന്നത് വരെ ഭക്ഷിക്കുക, കുടിക്കുക.’ ഇവിടെ പറഞ്ഞ കറുത്ത നൂലും വെളുത്ത നൂലും അദിയ്യുബ്‌നു ഹാതിം എന്ന സ്വഹാബിക്ക് മനസ്സിലായില്ല. അദ്ദേഹം രാത്രി കിടക്കുമ്പോള്‍ തന്റെ ശരീരത്തില്‍ കറുത്ത നൂലും വെളുത്ത നൂലും കെട്ടുമായിരുന്നു. റസൂല്‍ ﷺ  ‘അതിന്റെ ആവശ്യമില്ല. പകലിന്റെ വെളുപ്പും രാത്രിയുടെ ഇരുട്ടുമാണ് അതിന്റെ ഉദ്ദേശ്യമെന്ന്’ വിശദീകരിച്ച് കൊടുത്തു.

3. നിരുപാധികമായി പറഞ്ഞതിന് ഉപാധിവെക്കുക: ഉദാ: ക്വുര്‍ആന്‍ പറഞ്ഞു: ‘കട്ടവന്റെയും കട്ടവളുടെയും കൈകള്‍ നിങ്ങള്‍ മുറിക്കുക.” കൈ എവിടെ മുറിക്കണം എന്ന് ഇവിടെ പറഞ്ഞിട്ടില്ല. റസൂല്‍ ﷺ  അതിന് ഉപാധിവെച്ചു; അത് മുന്‍കൈ ആണ് എന്ന്.

സ്വഹാബികളുടെ ക്വുര്‍ആന്‍ വ്യാഖ്യാനം

വിശുദ്ധ ക്വുര്‍ആനിന് ക്വുര്‍ആന്‍ കൊണ്ടും സുന്നത്ത് കൊണ്ടുമുള്ള വ്യാഖ്യാനം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാനപ്പെട്ടതും അവലംബനീയവുമായ വ്യാഖ്യാനമാണ് സ്വഹാബികളുടെ വ്യാഖ്യാനം. ശൈഖുല്‍ ഇസ്‌ലാം പറയുന്നു: ”ക്വുര്‍ആനിലോ സുന്നത്തിലോ തഫ്‌സീര്‍ നാം കണ്ടില്ലെങ്കില്‍ സ്വഹാബികളുടെ വാക്കുകളിലേക്ക് നാം മടങ്ങുന്നതാണ്. കാരണം അവരാണ് ഈ വിഷയത്തില്‍ ഏറ്റവും അറിവുള്ളവര്‍. അവരാണ് കൂടുതല്‍ മനസ്സിലാക്കിയവര്‍. അവരിലാണ് ശരിയായ അറിവും സല്‍കര്‍ങ്ങളുമുള്ളത്”(മുഖദ്ദിമ).

ഇമാം ശാത്വിബി പറയുന്നു: ”സംഭവങ്ങളില്‍ നേരിട്ട് ഇടപെട്ടതും കിതാബും സുന്നത്തുമാകുന്ന വഹ്‌യിന്റെ ഇറങ്ങലിന് സാക്ഷ്യം വഹിച്ചതും സ്വഹാബികളായതിനാല്‍ ക്വുര്‍ആന്‍ മനസ്സിലാക്കുവാനുള്ള കൂടുതല്‍ കഴിവ് അവര്‍ക്കാണുണ്ടാവുക. അവതരണ കാരണങ്ങളെപ്പറ്റി അവര്‍ക്കാണ് കൂടുതല്‍ അറിയുക. മറ്റുള്ളവര്‍ക്ക് ലഭിക്കാത്തത് അവര്‍ക്ക് ലഭിച്ചിരിക്കുന്നു. ഹാജറില്ലാത്തവന്‍ കാണുന്നതിനെക്കാള്‍ ഹാജറുള്ളവന്‍ കാണുമല്ലോ. നിരുപാധികമായി പറഞ്ഞതിന് ഉപാധിവെച്ചുകൊണ്ടും പൊതുവായി പറഞ്ഞതിനെ പ്രത്യേകമാക്കിക്കൊണ്ടുമുള്ള വിവരണങ്ങള്‍ അവരില്‍ നിന്ന് എപ്പോള്‍ വന്നുവോ അപ്പോള്‍ അതനുസരിച്ച് കര്‍മം ചെയ്യേണ്ടതാണ്. എന്നാല്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയമാണെങ്കില്‍ ആ മസ്അല (പ്രശ്‌നം) ഇജ്തിഹാദി (ഗവേഷണാത്മകം) ആയിരിക്കും” (അല്‍മുവാഫക്വാത്ത്).

സ്വഹാബികളുടെ വ്യാഖ്യാനം ഇജ്തിഹാദിന് ഇടമില്ലാത്തതാണെങ്കില്‍, അതുപോലെ അവതരണ കാരണവുമായി ബന്ധപ്പെട്ടതാണെങ്കില്‍ റസൂലിന്റെ വിശദീകരണം പോലെ പരിഗണിക്കേണ്ടതാണ് എന്ന് പണ്ഡിതന്‍മാര്‍ പ്രസ്താവിച്ചിരിക്കുന്നു.

സ്വഹാബികളില്‍ പ്രസിദ്ധരായ മുഫസ്സിറുകള്‍ പത്ത്‌പേരാണ്. നാല് ഖലീഫമാര്‍, ഇബ്‌നു മസ്ഊദ്(റ),  ഇബ്‌നു അബ്ബാസ്(റ), ഉബയ്യ് ബ്‌നു കഅ്ബ്(റ), സൈദുബ്‌നു സാബിത്(റ), അബൂമൂസല്‍ അശ്അരി(റ), അബ്ദുല്ലാഹ് ഇബ്‌നു സുബൈര്‍(റ) എന്നിവരാണവര്‍. ഏറ്റവും കൂടുതല്‍ തഫ്‌സീര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു മസ്ഊദ്(റ), ഉബയ്യുബ്‌നു കഅ്ബ്(റ) എന്നിവരില്‍ നിന്നാണ്.

താബിഉകളുടെ തഫ്‌സീര്‍

സ്വഹാബികള്‍ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ആധികാരിക തഫ്‌സീര്‍ താബിഉകളുടെതാണ്. അതിന് പലകാരണങ്ങളും ഉണ്ട്:

1. അനേകം ഇമാമുകള്‍ അവരുടെ തഫ്‌സീറിലേക്ക് മടങ്ങുന്നതിന് പ്രാധാന്യം കൊടുക്കുന്നു.

2. അവര്‍ അറിവ് സ്വീകരിച്ചത് വഹ്‌യിന് സാക്ഷ്യം വഹിച്ച സ്വഹാബികളില്‍ നിന്നാണ്.

3. അവര്‍ ഭിന്നിച്ചിരുന്നില്ല. ബിദ്അത്തുകളില്‍ നിന്നും തന്നിഷ്ടങ്ങളില്‍ നിന്നും അവര്‍ രക്ഷപ്പെട്ടിരുന്നു.

4. വ്യാഖ്യാനത്തിലുള്ള അഭിപ്രായ വ്യത്യാസം അവര്‍ക്കിടയില്‍ ശേഷക്കാരെ അപേക്ഷിച്ച് വളരെ കുറവായിരുന്നു.

5. നൂതനവാദികളായ (ബിദ്ഈ) കക്ഷികളുടെ ആധിക്യം കാരണവും അന്യതത്ത്വശാസ്ത്രങ്ങളാലും അവരുടെ ഹൃദയങ്ങള്‍ മലീമസമായിരുന്നില്ല.

താബിഉകളില്‍ പ്രസിദ്ധരായ അനവധി മുഫസ്സിറുകളുണ്ട്:

മുജാഹിദ് ബ്‌നുജബ്ര്‍, സഈദ് ബ്‌നു ജുബൈര്‍, ഇക്‌രിമ, അത്വാഅ് ഇബ്‌നു അബീറബാഹ്, ഹസനുല്‍ ബസ്വരി, മസ്‌റൂക്വ്, സഈദുബ്‌നുല്‍ മുസ്വയ്യിബ്, അബുല്‍ ആലിയ, റബീഅ് ഇബ്‌നു അനസ്, ള്വഹ്ഹാക് ബ്‌നു മുസാഹിം… തുടങ്ങിയവര്‍ അവരില്‍ പ്രധാനപ്പെട്ടവരാണ്.

അബൂബക്കര്‍ സലഫി
നേർപഥം വാരിക

മനുഷ്യന്‍ എന്ന വിസ്മയ സൃഷ്ടി

മനുഷ്യന്‍ എന്ന വിസ്മയ സൃഷ്ടി

അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറെ സവിശേഷതകളുള്ള ഒരു സൃഷ്ടിയാണ് മനുഷ്യന്‍. മറ്റു സൃഷ്ടികള്‍ക്കില്ലാത്ത പല കഴിവുകളും മനുഷ്യനുണ്ട്. ചിന്താശേഷിയും സത്യവും അസത്യവും നന്മയും തിന്മയും  വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള വിവേചന ബുദ്ധിയും കൊണ്ട് അനുഗൃഹീതനാണ് മനുഷ്യന്‍. ഈ അനുഗ്രഹങ്ങളെല്ലാം നല്‍കി അല്ലാഹു മനുഷ്യനെ ഭൂമിയിലേക്കയച്ചത് അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവന് സമ്പൂര്‍ണമായി കീഴൊതുങ്ങി ജീവിക്കുവാനുമാണ്.

മനുഷ്യന്റെ പ്രത്യേകത

മനുഷ്യന്‍ ജന്മനാ ജിജ്ഞാസുവാണ്. കുട്ടിക്കാലത്ത് തന്നെ കളിപ്പാട്ടം തല്ലിയുടച്ച് അതിനുള്ളിലെന്താണുള്ളതെന്ന് അറിയാനുള്ള താല്‍പര്യം അവന്‍ കാണിക്കുന്നു. ശരീരം വളരുന്നതിനനുസരിച്ച് അവന്റെ ചിന്തകളും വളരുന്നു. തനിക്ക് ചുറ്റുമുള്ള ജീവജാലങ്ങളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും സൃഷ്ടിവൈഭവങ്ങളെക്കുറിച്ചും അവന്‍ ചിന്തിക്കാന്‍ തുടങ്ങുന്നു.

മനുഷ്യന്‍ തന്നെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചാല്‍ സ്രഷ്ടാവിന്റെ വൈഭവം കണ്ടെത്താന്‍ സാധിക്കുന്നതാണ്. തന്റെ ശരീരത്തിലെ അതിസൂക്ഷ്മവും സങ്കീര്‍ണവുമായ ആന്തരിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നാഥനെ അവന്‍ നമിച്ചുപോകും. ഏത് സൃഷ്ടിയെക്കുറിച്ച് ചിന്തിച്ചാലും സ്രഷ്ടാവിന്റെ ഈ സൃഷ്ടിവൈഭവം കണ്ടെത്താന്‍ കഴിയും. അത്‌കൊണ്ടു തന്നെ അല്ലാഹു ജൈവ-അജൈവ വസ്തുക്കളെക്കുറിച്ച് ചിന്തിക്കുവാന്‍ ക്വുര്‍ആനിലൂടെ മനുഷ്യനെ പ്രേരിപ്പിക്കുന്നത് കാണാം:”

”ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്.  ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്” (ക്വുര്‍ആന്‍ 88:17-20).

”ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പലദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്). എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ?” (ക്വുര്‍ആന്‍ 51: 20,21).

മനുഷ്യശരീര ഘടന

”തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 95:4).

മനുഷ്യശരീരത്തിന്റെ നിസ്തുലമായ ഘടനയും അതിന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളും വിസ്മയകരമാണ്. അല്ലാഹു ചോദിക്കുന്നു:

”ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍” (ക്വുര്‍ആന്‍ 82:6-8).

നമ്മുടെ ആരുടെയും അഭിപ്രായ പ്രകാരമല്ല നാം ഇവിടെ ജനിച്ചതും ഇനി ഇവിടെ നിന്ന് വിടപറഞ്ഞ് പോകുന്നതും. ഒരു കുട്ടിയായി പിറന്ന് വാര്‍ധക്യത്തില്‍ എത്തി മരിക്കുന്ന ഒരു മനുഷ്യന്റെ ശരീര ഘടനയില്‍ വരുന്ന മാറ്റങ്ങളില്‍ ആ വ്യക്തിക്ക് യാതാരു പങ്കുമില്ല. എല്ലാം തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും അല്ലാഹു മാത്രം.

ഭൂമിയിലെ വര്‍ണാഭമായ കാഴ്ചകള്‍ കാണാന്‍ കണ്ണുകളും ഇമ്പമാര്‍ന്ന സ്വരങ്ങള്‍ ശ്രവിക്കാന്‍ കാതുകളും ആശയവിനിമയത്തിന് നാവും ചുണ്ടുകളും വിശ്രമമില്ലാതെ മിടിക്കുന്ന ഹൃദയവും അടക്കം എണ്ണിയാല്‍ ഒടുങ്ങാത്ത അനുഗ്രഹങ്ങള്‍ നല്‍കപ്പെട്ടവനാണ് മനുഷ്യന്‍.

എന്തില്‍നിന്ന്?

‘ഹേ, മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു”(49:13)

”തീര്‍ച്ചയായും കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചു” (ക്വുര്‍ആന്‍ 76:2).

”അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്? അതല്ല നാമാണോ സൃഷ്ടികര്‍ത്താവ്”(ക്വുര്‍ആന്‍ 56:58,59).

”ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്? ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും എന്നിട്ട് അവനെ (അവന്റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു” (ക്വുര്‍ആന്‍ 80:18,19).

സ്രവിക്കപ്പെടുന്ന മുഴുവന്‍ ശുക്ലത്തില്‍നിന്നല്ല, മറിച്ച് ശുക്ലത്തിലടങ്ങിയിരിക്കുന്ന അനേകം കോടി ബീജങ്ങളിലൊന്നില്‍നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെടുന്നതെന്ന വസ്തുത വ്യക്തമാക്കുന്ന ഒരു ക്വുര്‍ആന്‍ സൂക്തം കാണുക:

”അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍നിന്നുള്ള ഒരു കണമായിരുന്നില്ലേ?” (ക്വുര്‍ആന്‍ 75:37).

എന്നാല്‍ ശാസ്ത്രലോകം ആദ്യകാലങ്ങളില്‍ ഇതില്‍നിന്ന് വിഭിന്നമായ അഭിപ്രായങ്ങളാണ് മുന്നോട്ട് വെച്ചിരുന്നത്. പിതാവിന്റെ ശുക്ലത്തിലോ മാതാവിന്റെ രക്തത്തിലോ കുഞ്ഞിന്റെ ഒരു ചെറുരൂപം ഒളിഞ്ഞിരിക്കുന്നു; അതാണ് പിന്നീട് കുഞ്ഞായിമാറുന്നതെന്നും ആര്‍ത്തവരക്തം കട്ടപിടിച്ചാണ് കുഞ്ഞിന്റെ അവയവങ്ങളുണ്ടാക്കുന്നതെന്നുമായിരുന്നു അരിസ്റ്റോട്ടിലിന്റെ വാദം. 17ാം നൂറ്റാണ്ടില്‍ വില്ല്യം ഹാര്‍വി എന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞത് സ്ത്രീയുടെ അണ്ഡാശയത്തില്‍ ഒരു ചെറിയ കുഞ്ഞുണ്ട്. ശുക്ലം ചേരുമ്പോള്‍ ആ കുഞ്ഞ് വളരുന്നു എന്നാണ്. ഇതേ ആശയവുമായി വോണ്‍ഹലാം എന്ന ശാസ്ത്രജ്ഞനും രംഗത്തുവന്നു. എന്നാല്‍ പുരുഷ ശുക്ലത്തിലാണ് ചെറിയ മനുഷ്യരൂപമുള്ളതെന്നും അത് മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന് കുട്ടിയാകുന്നു എന്ന് വാദിച്ച് ഇതിനെതിരെ പല ശാസ്ത്രജ്ഞരും മുന്നോട്ട് വന്നു. ഇതോടെ ഭ്രൂണശാസ്ത്രജ്ഞന്മാര്‍ രണ്ട് ചേരികളായി മാറി. ഹാന്‍സ് അഡോള്‍ഫ് എഡ്വാര്‍ഡ് ഡ്രീഷ് എന്ന ഭ്രൂണശാസ്ത്രജ്ഞന്‍, ബീജവും അണ്ഡവും സംയോജിച്ചാണ് കുഞ്ഞുണ്ടാകുന്നതെന്ന് സാങ്കേതികമായി തെളിയിച്ചതോടെയാണ് ഈ തര്‍ക്കങ്ങള്‍ക്ക് വിരാമമായത്.

ഒരു യഹൂദിയുടെ ചോദ്യത്തിന് നബി ﷺ  നല്‍കിയ മറുപടിയില്‍ പുരുഷബീജവും സ്ത്രീബീജവും കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നതെന്ന കാര്യം വ്യക്തമായി പ്രസ്താവിച്ചതായി കാണാം:

യഹൂദി ചോദിച്ചു: ‘ഹേ, മുഹമ്മദ്, എന്തുകൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്?’ നബി ﷺ  മറുപടി പറഞ്ഞു: ‘ഹേ, യഹൂദാ, (മനുഷ്യന്‍) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് രണ്ടില്‍ നിന്നും കൂടിയാകുന്നു; പുരുഷബീജത്തില്‍നിന്നും സ്ത്രീബീജത്തില്‍ നിന്നും'(അഹ്മദ്).

ഭ്രൂണവളര്‍ച്ച

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായി(നുത്വ്ഫത്)ക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്തേക്ക് വച്ചു. പിന്നീട് ആ ബീജത്തെ നാം ഒരു ഭ്രൂണമായി (അലക്വത്) രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡ(മുദ്ഗത്)മായി രൂപപ്പെടുത്തി. തുടര്‍ന്ന് ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു” (ക്വുര്‍ആന്‍: 12-14).

മാതാവിന്റെ ഗര്‍ഭപാത്രത്തില്‍വെച്ച് നടക്കുന്ന ഭ്രൂണ വളര്‍ച്ചയെക്കുറിച്ച് ഗവേഷണം നടത്തുകയും പിന്നീട് ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്ത പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. കെയ്ത് മൂര്‍, അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥത്തില്‍ ക്വുര്‍ആനില്‍ സൂചിപ്പിച്ച ഭ്രൂണവളര്‍ച്ചയുടെ 5 ഘട്ടങ്ങളെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

പിതാവിന്റെ കോടിക്കണക്കിന് ബീജങ്ങള്‍ മാതാവിന്റെ അണ്ഡാശയവാഹിനിയിലൂടെ കടന്ന് അണ്ഡത്തെ കണ്ടെത്തുന്നു. 20 കോടിയില്‍ പരം ബീജങ്ങളില്‍ ഒന്ന് മാത്രമാണ് മാതാവിന്റെ അണ്ഡാവരണത്തെ തുളച്ച് ഉള്ളില്‍ കടക്കുന്നത്. ശേഷം മാതാവിന്റെ ബീജവുമായി ചേര്‍ന്ന് സിക്താണ്ഡമായി രൂപപ്പെടുന്നു. ഇതാണ് ‘നുത്വ്ഫത്’ കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. 30 മണിക്കൂര്‍ കൊണ്ട് അണ്ഡം 2 കോശങ്ങളായും 40 മണിക്കൂര്‍കൊണ്ട് 4 കോശങ്ങളായും പിന്നീട് 4ഃ4 എന്ന അനുപാദത്തിലും കോശങ്ങള്‍ പെരുകും. 6ാം ദിവസത്തില്‍ ഗര്‍ഭാശയത്തില്‍ ഒട്ടിപ്പിടിക്കുന്ന അട്ടയെപ്പോലെ ഇതിന്റെ രൂപം മാറും. ബീജസങ്കലനം മുതല്‍ 21ാം ദിവസം വരെയാണ് ഇതിന്റെ കാലഘട്ടം. മനുഷ്യ വളര്‍ച്ചയുടെ ഈ രൂപമാണ് ഭ്രൂണം. പിന്നീട് ഭ്രൂണം ചവയ്ക്കപ്പെട്ട മാംസരൂപം പ്രാപിക്കുന്നു. ചവയ്ക്കുക എന്ന പദത്തില്‍ നിന്നാണ് ഇതിന് ‘മുദ്ഗത്’എന്നപേര് ലഭിച്ചത്. പല്ലുകള്‍ പതിഞ്ഞ പോലുള്ള ഭാഗത്തിന് സോമൈറ്റ്‌സ് എന്നാണ് പറയുക. ഇതിന് 3 ഭാഗങ്ങളുണ്ട്. ഒന്നാമത്തേത് സെര്‍മെറ്റോം, ഇതാണ് മനുഷ്യന്റെ തൊലിയായി രൂപപ്പെടുന്നത്. രണ്ടാമത്തേത് സ്‌ക്ലിയറോട്ടോം; ഇത് അസ്ഥികളായും രൂപം പ്രാപിക്കുന്നു. 36 മുതല്‍ 56 ദിവസം വരെയാണ് ഈ വളര്‍ച്ചകള്‍ നടക്കുന്നത്. അല്ലാഹു മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുക്കുമെന്ന് പറയാന്‍ കാരണം അത് വരെ കുട്ടിക്ക് ജീവന്‍ മാത്രമേയുള്ളൂ; ആത്മാവില്ല. കുട്ടിയുടെ വളര്‍ച്ചയുടെ 40-45 ദിവസങ്ങളിലാണ് ലൈംഗികാവയവം രൂപം കൊള്ളുന്നത്. ബീജസങ്കലം കഴിഞ്ഞ് 265 ദിവസം പിന്നിടുമ്പോള്‍ ഭ്രൂണം പൂര്‍ണ വളര്‍ച്ചയില്‍ എത്തുകയും പ്രസവിക്കപ്പെടുകയും ചെയ്യുന്നു. മരണവേദനയ്ക്ക് തുല്യമായ വേദന സഹിച്ച് കൊണ്ട് ഒാരോ മാതാവും പ്രസവിക്കുമ്പോള്‍ അല്ലാഹുവിന്റെ ഉല്‍കൃഷ്ടമായ സൃഷ്ടിയായ മനുഷ്യന്‍ പിറന്ന് വീഴുന്നു.

”ഗര്‍ഭാശയത്തില്‍ താനുദ്ദേശിക്കുന്ന വിധത്തില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ. അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ” (ക്വുര്‍ആന്‍ 3:6)

ചിന്തിച്ച് നോക്കുക; ഗര്‍ഭാശയത്തിലുള്ള കുഞ്ഞിന്റെ വളര്‍ച്ചയില്‍ മനുഷ്യര്‍ക്ക് എന്ത് പങ്കാണുള്ളത്? എല്ലാം സര്‍വശക്തന്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്. അതിനാല്‍ അഹങ്കരിക്കാതിരിക്കുക. വിനയാന്വിതരായി ജീവിക്കുക. സ്രഷ്ടാവിനെ അനുസരിച്ച് നന്ദിയുള്ള ദാസന്മാരാവുക.

 

മുഹമ്മദ് അമല്‍
നേർപഥം വാരിക