ഞാന്‍ ഒരു മാതൃകയായോ?

”മോനേ, എഴുന്നേല്‍ക്ക്. മദ്‌റസയില്‍ പോകാന്‍ നേരം വൈകും” ഉപ്പ അനീസിനെ തട്ടിവിളിച്ചു. അവന്‍ ഒന്നു മൂളിക്കൊണ്ട് മറുവശത്തേക്ക് ചരിഞ്ഞ് ചുരുണ്ടുകിടന്നു.
അനീസ് അങ്ങനെയാണ്. മഹാ മടിയനാണ്. അനുസരണം വളരെ കുറവ്. എത്ര ഉറങ്ങിയാലും മതിയാകാത്ത പ്രകൃതം.
ഉപ്പ പള്ളിയില്‍ പോയി വന്നപ്പോഴും അവന്‍ എഴുന്നേറ്റിരുന്നില്ല. പതിവു പോലെ ഉപ്പ വന്ന് മുഖത്ത് വെള്ളമൊഴിച്ചപ്പോഴേ അവന്‍ എഴുന്നേറ്റതുള്ളൂ.
പ്രഭാതകൃത്യങ്ങള്‍ ഒരുവിധം നിര്‍വഹിച്ച് അനീസ് ചായകുടിക്കാനായി ഇരുന്നു.
”അനീസ് കുളിക്കുന്നില്ലേ” അടുക്കളയില്‍ നിന്ന് ഉമ്മ ചോദിച്ചു.
”ഇല്ല ഉമ്മാ! ഭയങ്കര തണുപ്പാണ്. വന്നിട്ട് കുളിച്ചോളാം” അനീസ് പറഞ്ഞു.
അവന്‍ ഇടതുകൈകൊണ്ട് ചായ കുടിക്കാനൊരുങ്ങവെ ഉപ്പ പറഞ്ഞു: ”മോനേ, വലതുകൈകൊണ്ടേ തിന്നാനും കുടിക്കാനും പാടുള്ളൂ എന്ന് ദിവസവും നിന്നോട് പറയാറില്ലേ?”
”ഞാനത് മറന്നതാ. ഇടതുകൈകൊണ്ട് കുടിച്ചാല്‍ എന്തു വരാനാ?” അനീസ് അനിഷ്ടത്തോടെ ചോദിച്ചു.
”അത് പിശാചിന്റെ സ്വഭാവമാണെന്ന് നബിﷺ പഠിപ്പിച്ചിട്ടുണ്ട് മോനേ. ഒരു മുസ്‌ലിമാകുമ്പോള്‍ നബിﷺ യെ അനുസരിക്കല്‍ നിര്‍ബന്ധമാണ്” ഉപ്പ പറഞ്ഞു.
”അവന്‍ നമസ്‌കരിച്ചോ എന്ന് ചോദിക്കിന്‍” അടുക്കളയില്‍ നിന്ന് ഉമ്മ.
”നീ സുബ്ഹി നമസ്‌കരിച്ചോ?” ഉപ്പ ചോദിച്ചു.
”അതിനുകൂടി നിന്നാല്‍ നേരം വൈകും. ഉസ്താദിന്റെ അടി ഞാനാ കൊള്ളുക. നാളെ എന്തായാലും നേരത്തെ എണീറ്റ് നമസ്‌കരിക്കാം” അനീസ് പറഞ്ഞു. ഇത് അവന്റെ സ്ഥിരം പല്ലവിയാണ്.
ആ സമയത്താണ് അനീസിന്റെ കൂട്ടുകാരനായ അന്‍ഫാല്‍ അവിടെ എത്തിയത്.
”അസ്സലാമു അലൈക്കും” അന്‍ഫാല്‍ ഉറക്കെ സലാം പറഞ്ഞു.
അനസ് അത് കേട്ടഭാവം പോലും നടിച്ചില്ല. ഉപ്പ സലാം മടക്കിയ ശേഷം ചോദിച്ചു: ”എന്താ മോനേ ഇന്ന് കുറച്ച് വൈകിയത്?”
”സുബ്ഹി നമസ്‌കരിച്ച ശേഷം ഇന്നലത്തെ പാഠങ്ങള്‍ വായിച്ചുകൊണ്ടിരുന്നു. വായനക്കിടയില്‍ സമയമായത് അറിഞ്ഞില്ല” അന്‍ഫാല്‍ പറഞ്ഞു.
”എന്നാല്‍ ഇനി വെറുതെ സമയം കളയേണ്ട. രണ്ടും പേരും വേഗം പൊയ്‌ക്കോളൂ. മദ്‌റസയില്‍ ബെല്ലടിക്കാറായി” ഉമ്മ പറഞ്ഞു.
ഇരുവരും മദ്‌റസയിലെത്തി. ബെല്ലടിക്കാന്‍ അല്‍പസമയം കൂടിയുണ്ട്. അന്‍ഫാല്‍ ക്ലാസിലിരുന്ന് ക്വുര്‍ആന്‍ ഓതാന്‍ തുടങ്ങി. അനീസ് ക്ലാസില്‍ കയറാതെ മറ്റൊരു കൂട്ടുകാരനൊപ്പം ഗ്രൗണ്ടില്‍ പന്ത് തട്ടിക്കളിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ കൂട്ടുകാരനുമായി വഴക്കിടുകയും അവനെ അടിക്കുകയും ചെയ്തു. അവന്‍ ഉറക്കെ കരഞ്ഞുകൊണ്ട് ‘അനീസ് എന്നെ തല്ലി’ എന്നു പറഞ്ഞ് ഓഫീസ് റൂമിലേക്ക് ചെന്നു. ഉസ്താദ് അവനെ ആശ്വസിപ്പിക്കുകയും അനീസിതെ താക്കീത് ചെയ്യുകയും ചെയ്തു.
”എന്നും നിനക്ക് ആരെയെങ്കിലും കരയിപ്പിക്കണം. നീ പഠിക്കാനല്ല കളിക്കാനും വികൃതി കാട്ടാനുമാണ് മദ്‌റസയില്‍ വരുന്നത്. ഇനി മേലില്‍ ഇത് ആവര്‍ത്തിക്കരുത്” ഉസ്താദ് പറഞ്ഞു.
ബെല്ലടിച്ചു. കുട്ടികളെല്ലാം ക്ലാസില്‍ കയറി. ആദ്യത്തെ പിരിയേഡില്‍ ക്വുര്‍ആനായിരുന്നു വിഷയം. അന്‍ഫാല്‍ തെറ്റൊന്നും കൂടാതെ മനോഹരമായി കഴിഞ്ഞ ക്ലാസില്‍ പഠിച്ച ക്വുര്‍ആന്‍ ഭാഗം പാരായണം ചെയ്തു. അനസാകട്ടെ ധാരാളം തെറ്റുകളോടെയാണ് ഓതിയത്. വീട്ടില്‍ പോയാല്‍ ക്വുര്‍ആന്‍ ഓതിനോക്കാത്തതിന്റെ പേരില്‍ ഉസ്താദ് അവനെ ശാസിച്ചു.
അടുത്ത പിരിയേഡില്‍ വിശ്വാസ പാഠങ്ങളായിരുന്നു വിഷയം.
”ഇന്നലെ നാം ഈമാന്‍ കാര്യങ്ങളെക്കുറിച്ചാണ് മനസ്സിലാക്കിയത്. ഈമാന്‍ കാര്യങ്ങള്‍ ഏതൊക്കെയാണ്? അനീസ് പറയൂ” ഉസ്താദ് പറഞ്ഞു.
അനീസ് എഴുന്നേറ്റ് തലയും താഴ്ത്തി നിന്നു. അവന് ഉത്തരം അറിയില്ലായിരുന്നു.
”നീ അവിടെ നില്‍ക്ക്. അജ്മല്‍ പറയൂ.”
അജ്മല്‍ ആദ്യ മൂന്നെണ്ണം പറഞ്ഞു. ബാക്കി അവന് കിട്ടുന്നില്ല. അടുത്ത അവസരം അന്‍ഫാലിനായിരുന്നു. അവന്‍ ആറ് കാര്യവും ക്രമം തെറ്റാതെ വ്യക്തമായി പറഞ്ഞു.
”മിടുക്കന്‍! അനീസ് ഇവനെ കണ്ടു പഠിക്ക്. നീ കളിച്ചും മറ്റുള്ളവരെ ഉപദ്രവിച്ചും നടക്കുകയാണല്ലോ. എല്ലാവര്‍ക്കും നിന്നെക്കുറിച്ച് പരാതിയേ പറയാനുള്ളൂ. ഇങ്ങനെയായാല്‍ പറ്റില്ല. നാളെ പഠിക്കാതെ വരരുത്” ഉസ്താദ് അല്‍പം ദേഷ്യത്തില്‍ തന്നെ പറഞ്ഞു.
”ഉസ്താദേ, അവന്‍ ചീത്തക്കുട്ടിയാ. സ്‌കൂളില്‍ ചെന്നാലും ഇങ്ങനെയാണ്” അര്‍ഷദ് വിളിച്ചു പറഞ്ഞു.
”ശരിയാ…ശരിയാ…” മറ്റു കുട്ടികളും അതേറ്റു പറഞ്ഞു.
കരഞ്ഞുകൊണ്ടാണ് അനീസ് അന്ന് മദ്‌റസ വിട്ട് വീട്ടിലെത്തിയത്.
”എന്താ മോനേ, എന്ത് പറ്റി?” ഉപ്പ ചോദിച്ചു.
”എന്നെ… എന്നെ ആര്‍ക്കും ഇഷ്ടമില്ല. എല്ലാവരും എന്നെ വഴക്ക് പറയുന്നു. ഞാന്‍ നല്ല കുട്ടിയല്ലേ ഉപ്പാ…?” തേങ്ങലോടെ അനീസ് പറഞ്ഞു.
ഉപ്പ അവനെ മടിയിലിരുത്തി. എന്നിട്ട് അവനോട് പറഞ്ഞു: ”എന്റെ മോന്‍ നല്ല കുട്ടിയാണ്. എന്നാല്‍ ഇനി മുതല്‍ ഇതിനെക്കാള്‍ നല്ല കുട്ടിയാകണം. അപ്പോള്‍ എല്ലാവരും നിന്നെ ഇഷ്ടപ്പെടും.”
”അന്‍ഫാലിനെ ഇഷ്ടപ്പെടുന്നത് പോലെ എല്ലാവരും എന്നെയും ഇഷ്ടപ്പെടുമോ ഉപ്പാ?”
”തീര്‍ച്ചയായും ഇഷ്ടപ്പെടും.”
”അതിന് ഞാന്‍ എന്താണ് ചെയ്യേണ്ടത്?”
”എല്ലാവരും നിന്നെ ഇഷ്ടപ്പെടണമെങ്കില്‍ എല്ലാവരോടും നന്നായി പെരുമാറണം. നമ്മുടെ നബിﷺ ഉത്തമമായ പെരുമാറ്റ മര്യാദകളെല്ലാം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു നമ്മെ ഇഷ്ടപ്പെടണമെങ്കില്‍ അല്ലാഹുവിനെയും അവന്റെ നബിﷺ യെയും അനുസരിക്കണം. നീ മദ്‌റസയില്‍ നിന്ന് അതൊക്കെ വിശദമായി പഠിക്കും”
”എന്നാലും പറഞ്ഞു താ ഉപ്പാ.”
”സലാം പറയുക. ആരെ കണ്ടാലും പുഞ്ചിരിക്കുക, വഴിയിലെ തടസ്സം നീക്കുക, അനുവാദമില്ലാതെ ആരുടെയും ഒരു വസ്തുവും എടുക്കാതിരിക്കുക, ആരെയും ഉപദ്രവിക്കാതിരിക്കുക, മാതാപിതാക്കളെയും ഗുരുനാഥന്മാരെയും അനുസരിക്കുകയും ആദരിക്കുകയും ചെയ്യുക, ആരെങ്കിലും വല്ല സഹായവും ചെയ്താല്‍ ജസാകല്ലാഹു ഖയ്‌റന്‍ എന്ന് പറയുക, നല്ല ഏത് പ്രവൃത്തി തുടങ്ങുമ്പോഴും ‘ബിസ്മില്ലാഹ്’ എന്ന് പറയുക. കള്ളം പറയരുത്. വൃത്തി കാത്തുസൂക്ഷിക്കുക… ഇങ്ങനെ ധാരാളം കാര്യങ്ങളുണ്ട് നമുക്ക് ചെയ്യാന്‍. ഇതൊക്കെ ജീവിതത്തില്‍ പകര്‍ത്തിയാല്‍ എല്ലാവരും നമ്മെ ഇഷ്ടപ്പെടും. അല്ലാഹുവിന്റെ ഇഷ്ടം ലഭിക്കലാണ് ഏറ്റവും പ്രധാനം. അല്ലാഹുവും ഇത്തരക്കാരെ ഇഷ്ടപ്പെടും. ഈ ഗുണങ്ങളൊക്കെ ഉള്ളതുകൊണ്ടാണ് നിന്റെ കൂട്ടുകാരന്‍ അന്‍ഫാലിനെ എല്ലാവരും ഇഷ്ടപ്പെടുന്നത്.”
”എങ്കില്‍ ഇന്നു മുതല്‍ ഞാന്‍ അന്‍ഫാലിനെ പോലെ നല്ല കുട്ടിയായി ജീവിക്കും ഉപ്പാ…”
”വളരെ നല്ലത് മോനേ. അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ” ഉപ്പ അനീസിനെ ചേര്‍ത്തുപിടിച്ചു.
”സ്‌കൂളിലേക്ക് പോകാന്‍ സമയമായി ഉപ്പാ. ഞാന്‍ ഒരുങ്ങട്ടെ” എന്ന് പറഞ്ഞ് ഉപ്പാന്റെ കവിളില്‍ ഒരു മുത്തം കൊടുത്ത് അനീസ് അവന്റെ മുറിയിലേക്ക് പോയി.
അന്‍സല്‍ന ദാവൂദ്, സല്‍സബീല്‍ വെങ്കിടങ്ങ്
നേർപഥം വാരിക
മാഷാ അല്ലാഹ്… 👍👍
Very nice
Masha Allah
Masha allah
Masha allah👍👍
Ma Sha Allah
برك الله
Masha allah🦋
Masha alla
Ma sha allah 😍🔥