സ്വഹാബിമാരുടെ ചരിത്രം
ഉസ്മാൻ (റ)
“എല്ലാ പ്രവാചകൻമാർക്കും സ്വർഗ്ഗത്തിൽ ഒരു കൂട്ടുകാരനുണ്ട്. എന്റെ കൂട്ടുകാരൻ ഉസ്മാനാകുന്നു”
ഇസ്ലാംമതാശ്ലേഷം വാക്കിലും അർത്ഥത്തിലും അദ്ദേഹത്തിന് ക്ലേശകരവും നഷ്ടപൂർണ്ണവുമായിരുന്നു. മക്കയിലെ സമ്പന്നനായ ഒരു വർത്തക പ്രമുഖനായിരുന്നു അദ്ദേഹം. ഐശ്വര്യത്തിന്റെ മണിമാളികയിൽ വിരിച്ചിട്ട പട്ടുമെത്തയിലായിരുന്നു ജീവിതം! പ്രതാപവും പ്രസിദ്ധിയും അദ്ദേഹത്തിന്റെ അനന്തരാവകാശമായിരുന്നു. സമാദരണീയനും ബഹുമാന്യനുമായിരുന്നു അദ്ദേഹം.
അതുവരെ ജനങ്ങൾ കൽപിച്ച് നൽകിയിരുന്ന എല്ലാ സ്ഥാനമാനങ്ങളും അദ്ദേഹത്തിന്റെ ഇസ്ലാമിക പ്രവേശനത്തോടെ നഷ്ടമായി. അക്രമവും മർദ്ദനവും സഹിക്കേണ്ടിവന്നു. ഉറ്റവരും ഉടയവരും ശത്രുക്കളായി മാറി. തന്റെ പിതൃവ്യൻ ഹകീമുബ്നു അബിൽആസിയായിരുന്നു ഉസ്മാൻ (റ) നെ കൂടുതൽ മർദ്ദിച്ചത്. അയാൾ ഉസ്മാൻ (റ) നെ ഒരു തുണിൽ ബന്ധിച്ചു. കോപാന്ധനായി അലറി:
“നിന്റെ പുതിയ വിശ്വാസം നീ ത്യജിക്കണം. മുഹമ്മദ് (സ) നെ കയ്യൊഴിയണം. അല്ലാതെ നിന്നെ വിട്ടയക്കുകയില്ല.”
അവർക്ക് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് വിധേയനാക്കി. തന്റെ കാലിൽ വരിഞ്ഞ ചങ്ങല തുരുമ്പ് പിടിച്ചാലും തന്റെ മനസ്സ് മാറ്റാൻ അവർക്ക് സാധ്യമല്ലെന്ന് അദ്ദേഹം ശഠിച്ചു.
അന്തസ്സും അഭിമാനവും പ്രതാപവുമുള്ള ഒരു വ്യക്തി! എന്നിട്ടും ഖുറൈശികൾ കിരാതത്വത്തിന് കുറവുവന്നില്ല. ദുർമാർഗത്തിന്റെ കുരിരുളിൽ നിന്ന് വിമുക്തിനേടി സത്യത്തിന്റെ പ്രകാശകിരണം കണ്ടാനന്ദിച്ച ആ മനസ്സ് വീണ്ടും ജാഹിലിയത്തിലേക്ക് മടങ്ങുമോ?
ഉസ്മാൻ (റ) ഇസ്ലാമിൽ പ്രവേശിക്കുമ്പോൾ അതിന്റെ അംഗസംഖ്യ കേവലം അഞ്ചോ ആറോ ആയിരുന്നു. അബൂബക്കർ (റ) ആയിരുന്നു അദ്ദേഹത്തെ പ്രേരിപ്പിച്ചതും സത്യ സന്ദേശമെത്തിച്ചുകൊടുത്തതും. ഉസ്മാൻ (റ) നബി (സ) യുടെ പുത്രി റുഖിയ്യ (റ) യെ വിവാഹം ചെയ്തു! റുഖിയ്യ (റ)യുടെ മരണാനന്തരം അവരുടെ സഹോദരി ഉമ്മുകുൽസുമിനെയും. രണ്ടു പേരുടേയും പുനർവിവാഹമായിരുന്നു അത്! ഇസ്ലാമിന്റെ കഠിന ശത്രു അബൂലഹബിന്റെ പുത്രൻമാരായിരുന്നു നബി (സ)യുടെ പ്രസ്തുത രണ്ടു പുത്രിമാരെയും വിവാഹം ചെയ്തിരുന്നത്.
ഉത്ബത്ത് റുഖിയ്യയേയും ഉതൈബത്ത് ഉമ്മുകുൽസൂമിനെയും. ഖുറൈശികളുടെ നിർബന്ധംമുലം അബുലഹബ് തന്റെ പുത്രൻമാ രെക്കൊണ്ട് അവരെ വിവാഹമോചനം ചെയ്യിച്ചു നബി (സ) യുടെ വീട്ടിലേക്കയച്ചു.
മക്കയിൽ ഖുറൈശികളുടെ മർദ്ദനം ശക്തിയാർജ്ജിച്ചു. മുസ്ലിം കൾക്ക് നിൽക്കക്കള്ളിയില്ലാതെയായി. മുസ്ലിംകളുടെ ദുരിതം കണ്ടുമനമുരുകിയ നബി (സ) അവരോട് അബ്സീനിയയിലേക്ക് ആത്മരക്ഷാർഥം ഒളിച്ചോടാൻ നിർദ്ദേശിച്ചു.
ആദ്യമായി പുറപ്പെട്ടത് ഉസ്മാൻ (റ) ഭാര്യയുമായിരുന്നു. പതിനൊന്നു പുരുഷൻമാരും മൂന്നു സ്ത്രീകളുമാണ് ആ കൂട്ടത്തിലുണ്ടായിരുന്നത്. നബി (സ) ആ ദമ്പതികൾക്കായി ഇങ്ങനെ പ്രാർത്ഥിച്ചു: “അല്ലാഹു അവർക്ക് സാമീപ്യം നൽകട്ടെ, ഇബ്റാഹീമിന്നും ലുത്തിനും (അ) ശേഷം ആദ്യമായി കുടുംബസമേതം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഹിജ്റ പോകുന്ന വ്യക്തിയാണ് ഉസ്മാൻ (റ)”
അവർ അബ്സീനിയായിൽ താമസിച്ചുകൊണ്ടിരിക്കെ അവിടെ ഒരു കിംവദന്തി പറന്നെത്തി. ഖുറൈശി പ്രമുഖർ പലരും ഇസ്ലാം മതം വിശ്വസി ച്ചത് നിമിത്തം മുസ്ലിംകൾക്ക് മക്കയിൽ സൈ്വര്യജീവിതം കൈവന്നിരി ക്കുന്നു എന്നായിരുന്നു അത്. അതു കാരണം പലരും അവിടെ നിന്ന് മടങ്ങിവന്നു. കുട്ടത്തിൽ ഉസ്മാൻ (റ) ഭാര്യയുമുണ്ടായിരുന്നു. മക്കയിലാവട്ടെ അന്ന് മുസ്ലിംകളുടെ നില പൂർവ്വാധികം ദുരിതപൂർണ്ണമായിരുന്നു.
ഖുറൈശികൾ വിട്ടുവീഴ്ചയില്ലാതെ മർദ്ദനമുറകൾ തുടർന്നുകൊണ്ടിരുന്നു. അത് നിമിത്തം വീണ്ടും അവർ അങ്ങോട്ടു തന്നെ യാത്രയായി. അവിടെവെച്ചു ആ ദമ്പതിമാർക്ക് അബ്ദുല്ല എന്ന കുട്ടി ജനിച്ചു. യുവതിയായിരുന്ന റുഖിയ്യ (റ) മദീനയിൽ മടങ്ങിയെത്തിയ ശേഷം അധികകാലം ജീവിച്ചില്ല. അഞ്ചാംപനി പിടിച്ചു മരണമടഞ്ഞു. അബ്ദുല്ലയും ശൈശവത്തിൽ തന്നെ മരണപ്പെട്ടു.
മക്കയിലെ ദുരിതം പുർവ്വോപരി വർദ്ധിച്ചു. തന്റെ അനുയായികളുടെ കഷ്ടപ്പാടുകൾ നബി (സ)യെ വ്യാകുലചിത്തനാക്കി. മദീനയിലേക്ക് ഹിജ്റ പോകാൻ സമ്മതം നൽകി. ഉസ്മാൻ (റ) ഭാര്യയോടൊപ്പം മദീനയി ലെത്തി. അവിടെ അദ്ദേഹം ഔസ്ബ്നുസാബിത്ത് (റ)ന്റെ കൂടെയാണ് താമസിച്ചത്.
ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിക്കേണ്ടിവന്ന മുസ്ലിം സമൂഹത്തിന്ന് അന്ന് ഉസ്മാൻ (റ)ന്റെ സഹായം നിർലോഭമായിരുന്നു. അദ്ദേഹം തന്റെ സമ്പത്ത് നബി (സ)യുടെ ഇംഗിതമനുസരിച്ച് ചെലവഴിച്ചു.
മദീനയിലെ മുസ്ലിംകൾക്ക് കുടിവെള്ളത്തിന് ക്ഷാമമായിരുന്നു. ഒരു യഹൂദിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന “ബിഅ്റുമാ” എന്ന കിണർ വറ്റാത്ത ഉറവയുള്ളതായിരുന്നു. അയാൾ ആ കിണറ്റിലെ വെള്ള ത്തിന് വില വാങ്ങിക്കൊണ്ടായിരുന്നു മറ്റുള്ളവരെ മുക്കിയെടുക്കാൻ അനുവദിച്ചിരുന്നത്.
പ്രസ്തുത കിണർ മുസ്ലിംകളുടെ ആവശ്യത്തിന് വിട്ടുകിട്ടിയെങ്കിൽ എന്ന് നബി (സ) ആഗ്രഹിച്ചു. നബി (സ)യുടെ ആഗ്രഹപ്രകാരം ഉസ്മാൻ (റ) അത് വിലയ്ക്കുവാങ്ങാൻ തീരുമാനിച്ചു. ഇരുപതിനായിരം ദീർഹമിന്ന് അത് വാങ്ങി പൊതു ഉപയോഗത്തിന്ന് വിട്ടുകൊടുത്തു. മദീനക്കാർക്ക് സൗജന്യമായി വെള്ളം ലഭിക്കുകയും ചെയ്തു. നബി (സ്വ)യെ വളരെയേറെ സന്തുഷ്ടനാക്കിയ ഒരു ധർമമമായിരുന്നു അത്. മദീനാ പള്ളിയുടെ വികസനത്തിന്ന് പള്ളിയുടെ പരിസരത്തുള്ള സ്ഥലം ഇരുപത്തയ്യായിരം ദിർഹമിന്ന് വാങ്ങി സമർപ്പിച്ചതും അദ്ദേഹമായിരുന്നു!.
മക്കാ വിജയശേഷം മസ്ജിദുൽഹറാം വിപുലീകരിക്കേണ്ടി വന്നു. പള്ളിക്കുവേണ്ടി സ്ഥലം വിലക്കെടുക്കാൻ തീരുമാനിച്ചു. പതിനായിരം സ്വർണ്ണനാണയം ചെലവഴിച്ചു സ്ഥലം വാങ്ങി സമർപ്പിച്ചതും ഉസ്മാൻ (റ) ആയിരുന്നു.
ഹിജ്റ ഒമ്പതാം വർഷം റോമാചക്രവർത്തി ഹിർഖൽ ഇസ്ലാമിനെതിരെ സൈനിക സജ്ജീകരണം നടത്തുന്നുണ്ടെന്ന വിവരം മദീനയിൽ ലഭിച്ചു. റോമാ സൈന്യത്തെ എതിരിടാൻ നബി (സ)യും അനുയായികളുംഒരുങ്ങി. വിദൂരമായ റോമാ അതിർത്തിയിൽ കനൽകത്തുന്ന മരുഭൂമിയിലുടെ ദീർഘസഞ്ചാരം നടത്തി യുദ്ധം ചെയ്യാൻ മുസ്ലിംകൾ ഒരുങ്ങിയാൽ തന്നെ ഭാരിച്ച സാമ്പത്തിക സഹായം വേണമല്ലോ. അതെങ്ങനെ ലഭിക്കും? നബി (സ) അല്ലാഹുവിന്റെ മാർഗത്തിൽ സംഭാവന നൽകാൻ അനുയായികളെ ഉൽബോധിപ്പിച്ചു. സ്ത്രീകളടക്കം കണ്ഠാഭരണങ്ങളും കർണ്ണാഭരണങ്ങളും അഴിച്ചു നബി(സ)ക്കു നൽകി. എല്ലാവരും തന്നാൽ കഴിയുന്നത് സംഭാവന ചെയ്തു.
ഉസ്മാൻ (റ) നൽകിയത് എത്രയാണെന്നോ? തൊള്ളായിരത്തി നാൽപ്പത് ഒട്ടകങ്ങളും അറുപത് പടക്കുതിരകളും പതിനായിരം സ്വർണ്ണനാണയവും! സന്തുഷ്ടനായ നബി (സ) സ്വർണ്ണനാണയങ്ങളിൽ കൈ ചികഞ്ഞു കൊണ്ടു ഇങ്ങനെ പറഞ്ഞു:
“ഉസ്മാനേ, താങ്കളുടെ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുതരട്ടെ. രഹസ്യമായതും പരസ്യമായതും ഇനിയുണ്ടാകാൻ പോകുന്നതു മെല്ലാം തന്നെ!’
തബുക്കിൽ ചെന്നിറങ്ങിയ മുസ്ലിം സൈന്യം എതിരാളികളെകാണാതെ തിരിച്ചുപോരുകയാണ് ചെയ്തത്. മുസ്ലിംകളുടെ സജ്ജീകരണമറിഞ്ഞു ചക്രവർത്തിയും സൈന്യവും മടങ്ങിപ്പോവുകയാണത്രെ ഉണ്ടായത്. എങ്കിലും ഉസ്മാൻ (റ) തന്റെ വലിയ സംഭാവനയിൽ നിന്ന് ഒരു ഒട്ടക കയർ പോലും തിരിച്ചുവാങ്ങിയില്ല.
“എല്ലാ പ്രവാചകൻമാർക്കും സ്വർഗ്ഗത്തിൽ ഒരു കൂട്ടുകാരനുണ്ട്. എന്റെ കൂട്ടുകാരൻ ഉസ്മാനാകുന്നു”
എന്ന് നബി (സ) പറയുകയുണ്ടായി. ഭക്തനായ അദ്ദേഹം പകൽ നേമ്പും രാത്രി നമസ്കാരവും അനുഷ്ഠിക്കും. എല്ലാ വെള്ളിയാഴ്ച്ചയും ഒരു അടിമയെ വാങ്ങി മോചിപ്പിക്കും. മദീനയിൽ ക്ഷാമം നേരിട്ടാൽ വാരിക്കോരിക്കൊടുക്കും. ഒരിക്കൽ അദ്ദേഹത്തിന്റെ കച്ചവട ഖാഫില മദിയിലെത്തി. ഭക്ഷ്യധാന്യങ്ങൾ എമ്പാടും !
മദീനയിലാണെങ്കിൽ കൊടുമ്പിരിക്കൊള്ളുന്ന ക്ഷാമം. കച്ചവടക്കാർ പലരും വന്നു. ഉസ്മാൻ(റ)ന്റെ ചരക്കിന് വില പറഞ്ഞു: പത്തിന് പന്ത്രണ്ടും പത്തിന് പതിനഞ്ചും ലാഭം പറഞ്ഞു. ഉസ്മാൻ(റ) പറഞ്ഞു: എന്റെ ചരക്കിന്ന് അതിലപ്പുറം ലാഭം പറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് ഇത് വിൽക്കുന്നില്ല. കച്ചവടക്കാർ അൽഭുതപ്പെട്ടു. മാർക്കറ്റിലില്ലാത്ത ലാഭം പറഞ്ഞത്ആരാണ്?
ഉസ്മാൻ (റ) പറഞ്ഞു: “അല്ലാഹു, അവൻ പത്തിന് നൂറ് വാഗ്ദത്തം ചെയ്തിരിക്കുന്നു. ഇത് ഞാൻ അവന്ന് വിൽക്കുകയും ചെയ്തിരിക്കുന്നു. ആ ധാന്യങ്ങൾ മുഴുവനും അദ്ദേഹം ” പത്തിന് നൂറ് ലാഭത്തോതിൽ’ പാവങ്ങൾക്ക് വിതരണം ചെയ്തു. ജനങ്ങൾക്ക് അദ്ദേഹം രാജകീയമായ വിരുന്നുട്ടി. അദ്ദേഹം സുർക്കയും എണ്ണയും ചേർത്ത് ലളിതമായി ഭക്ഷണം കഴിച്ചു. പതിനായിരക്കണക്കിൽ വാരി ചിലവഴിച്ചപ്പോഴും അദ്ദേഹത്തിന്റെ വസ്ത്രം നാലോ അഞ്ചോ ദിർഹം മാത്രം വില പിടിപ്പുള്ളതായിരുന്നു!.
മദീന പള്ളിയിൽ ചരക്കല്ലിൽ കിടന്ന് ദേഹത്ത് പാടുപതിഞ്ഞ ആ ദൈവ ഭക്തൻ പട്ടുമെത്തയും തലയണയും നാളെയ്ക്കുവേണ്ടി ഉപേക്ഷിച്ചു. “രാത്രി കാലങ്ങളിൽ സുജൂദ് ചെയ്തും നിന്നും ആരാധിച്ചും പരലോക ശിക്ഷയെ ഭയപ്പെടുകയും തന്റെ നാഥന്റെ കാരുണ്യം ആഗ്രഹിച്ചും കഴിയുന്നവൻ’ എന്ന് അല്ലാഹു പരിശുദ്ധ ഖുർആനിൽ വാഴ്ത്തിപറഞ്ഞത് ഉസ്മാൻ (റ) നെക്കുറിച്ചാണെന്ന് അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു.
ബദർ യുദ്ധത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. രോഗഗ്രസ്തയായി കഴിയുന്ന ഭാര്യയെ ശുശ്രൂഷിക്കാൻ നബി (സ) അദ്ദേഹത്തെ മദീനയിൽ നിറുത്തിയതായിരുന്നു. ബദ്ർ വിജയ വാർത്തയുമായി സൈദുബ്ഹാരിസ (റ) മദീനയിൽ തക്ബീർ ധ്വനിയുമായി പ്രവേശിച്ചപ്പോൾ അദ്ദേഹം റുഖിയ്യ (റ)യുടെ ജഡം കഫം ചെയ്യുകയായിരുന്നു.
ഭാര്യയുടെ വിയോഗവും ബദറിൽ പങ്കെടുക്കാൻ കഴിയാതെ പോയതിലുളള നഷ്ടബോധവും അദ്ദേഹത്തെ വിഷാദത്തിലാഴ്ത്തി. ബദറിൽ സന്നിഹിതരായി യുദ്ധംചെയ്ത പടയാളികളുടെ പ്രതിഫലം നബി (സ) അദ്ദേഹത്തിന് വാഗ്ദത്തം ചെയ്യുകയും യുദ്ധാർജ്ജിത സമ്പത്തിൽ നിന്നുള്ള വിഹിതം നൽകുകയും ചെയ്തു. റുഖിയ്യ (റ)യുടെ മരണാനന്തരം തന്റെ മറ്റൊരു പുത്രിയായ ഉമ്മു കുൽസും (റ) നെ നബി(സ) ഉസ്മാൻ(റ) ന് വിവാഹം ചെയ്തുകൊടുത്തു.
ഹിജ്റ ആറാം വർഷം നബി (സ) യും ആയിരത്തിൽപരം അനുയായി കളും മക്കയിലേക്ക് യാത്രതിരിച്ചു. ഉംറയും കഅബാ സന്ദർശനവുമായിരുന്നു യാത്രോദ്ദേശ്യം. ഖുറൈശികൾ അവരെ തടയാൻ ചട്ടവട്ടം കൊട്ടുന്ന വിവരം ഹുദൈ ബിയയിൽ വെച്ച് നബി (സ) അറിഞ്ഞു. നബി (സ) ഒരു യുദ്ധത്തിന്റെ തയ്യാറെടുപ്പോടെ വന്നതായിരുന്നില്ല. അതു നിമിത്തം ഖുറൈശികളുമായി സന്ധി സംഭാഷണത്തിൽ ഏർപ്പെടാൻ തീരുമാനിച്ചു. ഉസ്മാൻ(റ)നെ മക്കയിലേക്കയച്ചു.
മക്കയിലെത്തിയ അദ്ദേഹത്തെ അവർ തടഞ്ഞുവെച്ചു. കാവൽ നിറുത്തി. ദിവസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം മടങ്ങിവന്നില്ല. വിവരം ലഭിച്ചതുമില്ല. മുസ്ലിംകൾ ഉൽകണ്ഠാകുലരായി. അതിനിടയിൽ മുസ്ലിംകൾ ഉസ്മാൻ(റ) രക്തത്തിന്ന് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. അനുയായി കളോട് കരാർ വാങ്ങി. അപ്പോഴേക്കും മുസ്ലിംകളുടെ ക്ഷോഭവും തയ്യാറെടുപ്പും മനസ്സിലാക്കിയ ഖുറൈശികൾ അദ്ദേഹത്തെ മോചിപ്പിച്ചു. അദ്ദേഹം നബി (സ) യുടെ സന്നിധിയിലെത്തി.
ഉമർ (റ) മരണ ശയ്യയിൽവെച്ച് തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ഒരു ആറംഗ ആലോചനാ സമിതിയെ നിശ്ചയിച്ചു. നബി (സ) സ്വർഗ്ഗമുണ്ടെന്ന സന്തോഷ വാർത്ത അറിയിച്ചിരുന്ന പത്ത് പേരിൽ അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്ന അലി (റ) ഉസ്മാൻ (റ) അബ്ദു റഹ്മാനുബ്നു ഔഫ് (റ) സഅദ്ബ്നു അബീവഖാസ് (റ) സുബൈർ (റ) ത്വൽഹത്ത് (റ) എന്നിവരായിരുന്നു അവർ.
അവരിൽ നിന്ന് ഉസ്മാൻ (റ) ഖലീഫയായി ഐക്യകണ്ന തിര ഞെഞ്ഞെടുക്കപ്പെട്ടു. പുതിയ ഖലീഫയുടെ ചുമതല ഭാരിച്ചതായിരുന്നു. പ്രവിശാലമായ ഒരു മഹാസാമ്രാജ്യം ! വൈവിധ്യമാർന്ന ജനവിഭാഗം! പുതുതായി ജയിച്ചടക്കിയ വിദൂര ദിക്കുകളിൽ ഇസ്ലാമിന്റെ ആധി പത്യംമനസ്സാ സംതൃപ്തിയോടു കൂടി അംഗീകരിക്കാത്തവർ! പരാജിതരായ റോമാ പേർഷ്യൻ സൈനിക ശക്തിയുടെ ഉയിർത്തെ ഴുന്നേൽപ്പിനുള്ള മോഹം! ഉമർ(റ) കണിശവലയത്തിൽ തല ഉയർത്താൻ ഭയപ്പെട്ട പലരും തല പൊക്കാൻ തക്കം പാർത്തിരിക്കുന്നു.
ശാന്തനും ലജ്ജാശീലനുമായ പുതിയ ഖലീഫ എങ്ങനെ മുന്നോട്ടുപോകും! പക്ഷേ, അദ്ദേഹം അപ്രസക്തനായിരുന്നില്ല. തന്റേതായ ചില പരിഷ് കരണങ്ങൾ നടപ്പാക്കി സധൈര്യം മുന്നേറി. സൈന്യനായകരെയിറക്കി ഇസ്ലാമിന്റെ മുന്നേറ്റം ത്വരിതപ്പെടുത്തി. അബുബക്കർ (റ)ന്റെ ദയാവായ്പം ഉമർ(റ)ന്റെ ഭരണതന്ത്രജ്തയും അദ്ദേഹം അനുവർത്തിച്ചു. അർമീനിയായിലും അസർ ബീജാനിലും ഉമർ (റ)ന്റെ മരണത്തെ തുടർന്ന് കുഴപ്പം പൊട്ടിപ്പുറപ്പെട്ടു. അവർ നികുതി നിഷേധിച്ചു. ഖലീഫ സൈന്യത്തെ അയച്ചു കുഴപ്പമൊതുക്കി. ഹിജ്റ 25ാം വർഷം അലക്സാണ്ടിയാ ഈജിപ്തിനെ ആക്രമിച്ചു. ഖലീഫ അവരെ പരാജയപ്പെടുത്തി. ത്വറാബൽസ്, അൾജീരിയ, മൊറോക്കോ, എന്നീ പ്രസിദ്ധ ഭൂവിഭാഗം ഇസ്ലാമിന്റെ സാമാജ്യത്തിൽ കുട്ടിച്ചേർക്കപ്പെട്ടത് ഉസ്മാൻ (റ)ന്റെ കാലത്തായിരുന്നു.
യുറോപിന്റെ കവാടമായിരുന്ന സൈപ്രസ് റോമാ സമുദ്രത്തിലെ ഒരു ഫലഭൂയിഷ്ഠ ദ്വീപായിരുന്നു. പേർഷ്യക്കാരുടെയും റോമാക്കാരുടെയും കടന്നാക്രമണം ഈജിപ്തിനെയും സിറിയയെയും എപ്പോഴും ശല്യപ്പെ ടുത്തിയിരുന്ന ഒരു തന്ത്രപ്രധാന സ്ഥലമായിരുന്നു അത്. അമീർ മുആവിയയുടെ നേതൃത്വത്തിൽ ആ പ്രദേശം ഇസ്ലാമിന്ന് അധീനമായതും ഉസ്മാൻ (റ)ന്റെ കാലത്തായിരുന്നു.
ജർജാൻ, ഖുറാസാൻ, തബ്രിസ്താൻ, ഹറാത്ത്, കാബൂൾ, സിജിസ് ത്ഥാൻ, ബഗ്ത്ത്, അശ്ബന്തോഖ്, ഖവാഫ്, അസ്ബറാഈൽ, അർഗിയാൻ എന്നീ പ്രദേശങ്ങൾ ഇസ്ലാമിക ഖിലാഫത്തിൽ കൊണ്ടുവന്നതും ഉസ്മാൻ (റ) ഭരണകാലത്തായിരുന്നു.
ഇസ്ലാമിക മുന്നേറ്റം അന്ന് കോൺസ്റ്റാന്റിനോപ്പിൾ വരെ എത്തി! ഉസ്മാൻ (റ)ന്റെ ഭരണത്തിൽ അഞ്ചാറു വർഷം ശാന്തിയും സമാധാ നവും കളിയാടി. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞൊഴുകി. ഇസ്ലാമിക സാമാജ്യത്തിന്റെ പരിധി വ്യാപിച്ചു. ജനങ്ങൾ സന്തുഷ്ടരായി
അതിരറ്റ സമ്പൽ സമൃദ്ധിയും ആഡംബരവും നാശഹേതുകമായി തീരുമെന്ന് പറയേണ്ടതില്ലല്ലോ. നബി (സ) തന്നെ പലപ്പോഴും അത് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്: “നിങ്ങൾക്ക് ദാരിദ്ര്യം വന്നു ഭവിക്കുന്നതല്ല ഞാൻ ഭയപ്പെടുന്നത്, സമ്പൽ സമൃദ്ധിയെയാകുന്നു.”
കൂടാതെ നബി (സ)യുടെ ശിക്ഷണം ലഭിച്ച അനുയായികൾ ഓരോ രുത്തരായി മരണപ്പെടുകയും വാർദക്യം പ്രാപിക്കുകയും ചെയ്തു. അബുബക്കർ (റ)ന്റെയും ഉമർ(റ)ന്റെയും ഭരണകാലത്തേക്കാൾ പുതുവിശ്വാസികൾ ഇസ്ലാമിൽ കടന്നുകൂടുകയും സൈന്യത്തിലും മറ്റും പങ്കാളികളാവുകയും ചെയ്തു.
മുൻഗാമികളായ സൽവൃത്തരുടെ സന്തതികൾ അത്രതന്നെ ഭക്തരും ബോധവാൻമാരുമല്ലാതെ വരികയും ത്യാഗത്തിന്റെയും അർപ്പണത്തിന്റെയും മാർഗത്തിൽ നിന്ന് വ്യതിചലിക്കാൻ തുടങ്ങുകയും ചെയ്തു.
അബൂബക്കർ (റ)ന്റെ കാലം മുതൽ ഭരണകാലത്ത് ഖുറൈശികൾ ക്കുണ്ടായിരുന്ന കുത്തകാവകാശത്തെക്കുറിച്ച് ഇതരവിഭാഗക്കാർ ബോധവാൻമാരാകാൻ തുടങ്ങി. വിജയങ്ങൾക്കും പ്രതിരോധങ്ങൾക്കും കാരണക്കാർ തങ്ങളും അനുഭവിക്കേണ്ടവർ ഖുറൈശികൾ മാത്രവും എന്ന നിലപാട് പൊറുത്തുകൂടാ എന്ന് ജനങ്ങൾ ചിന്തിക്കാൻ തുടങ്ങി. ഉദ്യേഗതലങ്ങളിൽ തങ്ങൾക്കും പ്രാതിനിധ്യം വേണമെന്ന് അവർ ചിന്തിച്ചു.
മൊറോക്കോ മുതൽ കാബൂൾ വരെയുള്ള വിശാലമായ ഭൂപ്രദേശത്ത് ലക്ഷക്കണക്കിൽ അമുസ്ലിംകൾ അധിവസിച്ചിരുന്നു. മജൂസികളും ജൂതൻമാരുമായ അവർ ഇസ്ലാമിക ശക്തിയെ വെല്ലുവിളിക്കാൻ കഴിയാതെ ഒതുങ്ങിക്കഴിയുന്നവരായിരുന്നു. ഉമർ(റ)ന്റെ ഉരുക്കുമുഷ്ടി അവർ ഭയപ്പെട്ടു.
ഉദാരമനസ്കനും വിട്ടുവീഴ്ച്ചക്കാരനുമായ പുതിയ ഖലീഫയുടെ ഭരണം അവർ സുവർണ്ണാവസരമായി കണക്കിലെടുത്തു. കുഴപ്പങ്ങൾക്ക് വലയെറിയാൻ തുടങ്ങി. സ്വന്തം കുടുംബത്തോട് അളവറ്റ സ്നേഹാദരവായിരുന്നു ഖലീഫക്ക്. തന്റെ സ്വത്ത് അവർക്ക് ആവശ്യാനുസരണം നൽകുമായിരുന്നു.
ഖലീഫ പൊതുഖജനാവ് സ്വന്തക്കാർക്ക് വേണ്ടി ദുർവിനിയോഗം നടത്തു ന്നുവെന്ന് കള്ള പ്രചരണം നടത്താൻ ശത്രുക്കൾക്ക് അത് നിമിത്തമായി.. ഉദ്യോഗസ്ഥരിൽ പലരും പണ്ടുള്ളവരെപ്പോലെ അനുസരണയും കൂറും പ്രകടിപ്പിക്കാതെ വന്നു. കഴിഞ്ഞ തലമുറ ഭക്തൻമാരും പുണ്യവാള ൻമാരുമായിരുന്നല്ലോ. അല്ലാഹുവിന്നുവേണ്ടി ഇസ്ലാമിക സമൂഹത്തോട് നിർവ്വഹിക്കുന്ന നിർബന്ധ ചുമതലയായിരുന്നു കൂറും അനുസരണയും. പക്ഷേ പുതിയ തലമുറയിലെ ഉദ്യോഗസ്ഥൻമാർ പലരും ഇതു പ്രകടിപ്പി ക്കാതെ വന്നപ്പോൾ പലരേയും ഒഴിവാക്കേണ്ടിവന്നു.
തദ്സ്ഥാനങ്ങളിൽ കുറും അനുസരണയും ഉള്ളവരെ നിയമിക്കേണ്ടിവന്നു. സ്വാഭാവികമായും അവരെല്ലാം ഖലീഫയുടെ സ്വന്തക്കാരും കുടുംബക്കാരുമായിരിക്കുമല്ലോ. ബഹുമുഖ അസ്വസ്ഥതകൾ തലപൊക്കാൻ തുടങ്ങി. അത് മുതലെടുക്കൻ ഇസ്ലാമിന്റെ ശത്രുക്കൾ അവസരോചിതം രംഗത്തുവന്നു. ഉമർ(റ) നെ വധിച്ചത് പോലും അവരുടെ ആസൂത്രിത നടപടിയായിരുന്നു എന്ന് പറയപ്പെടുന്നു.
അതുവരെ തലപൊക്കാൻ ധൈര്യമില്ലാതെ മാളത്തിലൊളിച്ചിരുന്ന എല്ലാ ദുഷ്ടതകളും ഉമർ (റ)ന്റെ മരണത്തോടു കൂടി പുറത്തു വരികയായി. ഖലീഫക്കെതിരെ കുപ്രചരണങ്ങൾ നടത്താനും കള്ളക്കഥകൾ പ്രചരി പ്പിക്കാനും തുടങ്ങിയ കുഴപ്പക്കാർ അതിന്നുവേണ്ടി നീചമായ പല മാർഗങ്ങ ളും അവലംബിച്ചു. അമ്മാർ (റ), അലി(റ) മുതലായ സഹാബിമാരുടെ പേരിൽ കള്ള ക്കത്തുകളുണ്ടാക്കി പലർക്കും കൊടുത്തയച്ചു. ഖലീഫക്കെതിരെ മദീനയി ലേക്ക് സായുധരായി നീങ്ങാൻ ആവശ്യപ്പെടുന്നതായിരുന്നു കത്തുകൾ!
ശത്രുക്കളുടെ നീക്കങ്ങളെ കുറിച്ച് ശരിക്കും അറിയാവുന്ന ഖലീഫ അവരെ അമർച്ച ചെയ്യാൻ മുതിർന്നില്ല. രക്തച്ചൊരിച്ചിലും കുഴപ്പവും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. താൻ വധിക്കപ്പെട്ടാലും അപരന്റെ ഒരു തുള്ളി രക്തംപോലും ഒഴുക്കിക്കുടാ എന്ന് അദ്ദേഹത്തിന്ന് നിർബന്ധമുണ്ടായിരുന്നു. ഈജിപ്ത്, കുഫാ, ബസറ എന്നീ പ്രദേശങ്ങളിൽ നിന്ന് ആയുധധാരികളായ ആയിരക്കണക്കിൽ കലാപകാരികൾ മദീനയിലെത്തി.
ഖലീഫ രാജിവെച്ചൊഴിയുക അല്ലെങ്കിൽ കൊലയെ നേരിടുക എന്നതായിരുന്നു അവരുടെ ആവശ്യം. മദീനയുടെ അതിർത്തിയിൽ കേന്ദ്രീകരിച്ച അവർ അലി (റ)യുടെഅടുത്തേക്ക് ഒരു നിവേദകസംഘത്തെ പറഞ്ഞയച്ചു. സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ അലി (റ) അവരെ ഉപദേശിച്ചു. അവർ കൂട്ടാക്കിയില്ല. കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഖലീഫ അവരുമായി സംഭാഷണം നടത്തി.
പവിത്രമായ മദീനയെ രക്തപങ്കിലമാക്കാതെ പിരിഞ്ഞുപോകാനും കുഴപ്പമൊഴിവാക്കാനും അവരെ നിർബന്ധിക്കാൻ അലി (റ)യുടെ സഹായം തേടി. കലാപകാരികൾ സമാധാനപരമായി പിരിഞ്ഞുപോയാൽ അവരുടെ ആവശ്യമനുസരിച്ച് ആക്ഷേപാർഹരായ ഗവർണ്ണർമാരെ പിരിച്ചുവിടാമെന്ന് അലി(റ)ക്ക് ഉറപ്പ് കൊടുത്തു. അലി (റ)യും മുഹമ്മദ്ബ്നുമസ്ലമയും കലാപകാരികളുടെ പാളയത്തിൽ ചെന്നു. ദീർഘമായ ശ്രമത്തിന് ശേഷം അവരെ തിരിച്ചയച്ചു.
ദിവസങ്ങൾക്കു ശേഷം കലാപകാരികൾ വീണ്ടും മടങ്ങി വന്നു. മദീനയുടെ വഴിയോരങ്ങളിൽ നിലയുറപ്പിച്ചു. ഖലീഫയുടെ വസതി വളഞ്ഞു. തിരിച്ചുപോയവർ വീണ്ടും മടങ്ങിവരാനും കലാപം സൃഷ്ടിക്കാനും കാരണമാരാഞ്ഞപ്പോൾ അവർ ഒരു കത്തെടുത്ത് കാണിച്ച് ഇങ്ങനെ പറഞ്ഞു: “നോക്കു, ഖലീഫയുടെ കയ്യൊപ്പുള്ള ഒരു കത്താണിത്. ഖലീഫയുടെ ചീഫ്സിക്രട്ടറി മർവാൻ അയച്ച ഒരു ദൂതനെ ഞങ്ങൾ വഴിയിൽവെച്ചു പിടികൂടിയപ്പോൾ കിട്ടിയതാണിത്. ഈ കത്തിൽ, ഞങ്ങളെ വധിച്ച് കുരിശിൽ തറക്കാൻ ഈജിപ്തിലെ ഗവർണ്ണർക്കുള്ള കൽപ്പനയാണുള്ളത് !”
സമാധാനശ്രമം പരാജയപ്പെട്ടു. ഖലീഫ രാജിവെക്കണം, അല്ലെങ്കിൽ അദ്ദേഹത്തെ വധിക്കുമെന്ന് അവർ ശഠിച്ചു. കലാപകാരികളെ നേരിടാൻ മദീനാ നിവാസികൾ ആയുധമേന്താൻ തീരുമാനിച്ചു. ഖലീഫ അതു സമ്മതിച്ചില്ല. താൻ കാരണം ഒരു മുസ്ലിമിന്റെപോലും രക്തമൊഴുകാൻ പാടില്ല എന്ന് അദ്ദേഹം ശഠിച്ചു. വേണമെങ്കിൽ എന്റെ രക്തമൊഴുകട്ടെ !.
ആത്മരക്ഷാർത്ഥം സ്ഥലംവിടാൻ പലരും അദ്ദേഹത്തെ ഉപദേശിച്ചുനോക്കി. അതും അദ്ദേഹം സമ്മതിച്ചില്ല. പതിനായിരം ആയുധധാരികളായ കാലപകാരികൾ നാൽപതു ദിവസത്തോളം ഖലീഫയെ വളഞ്ഞു. അദ്ദേഹത്തെ അസഭ്യം പറയാനും കയ്യേറ്റം നടത്താനും മുതിർന്നു. കുടിവെള്ളം നിഷേധിച്ചു. സന്ദർശകരെ തടഞ്ഞു!
എല്ലാമായിട്ടും സമാധാനത്തിന്റെ മാർഗത്തിൽ നിന്ന് അദ്ദേഹം വ്യതി ചലിച്ചില്ല. മുസ്ലിം സമുദായത്തിൽ രക്തപ്പുഴ ഒഴുകാൻ എന്തു വന്നാലും താൻ നിമിത്തമായിക്കൂടാ എന്നായിരുന്നു അദ്ദേഹത്തിന്റെ വാശി. പക്ഷേ, ശത്രുക്കൾക്ക് ആ നിലപാട് വളർച്ചയേകുകയാണ് ചെയ്തത്.
ആ കൊടും ക്രൂരതക്ക് അവസാനം ആ അഭിശപ്ത വർഗം തയ്യാറായി. പരിശുദ്ധ ഖുർആൻ പിടിച്ചുകൊണ്ടിരുന്ന ഖലീഫയുടെ വലതു കൈപ്പത്തി ആദ്യം അവർ വെട്ടി താഴെയിട്ടു. തുടർന്നു ശരീരമാസകലവും! എൺപതു കഴിഞ്ഞ ആ മഹാനുഭവാൻ രക്തത്തിൽ കുളിച്ചു നിലം പതിച്ചു!
അങ്ങനെ മുസ്ലിം സമുദായത്തിന്റെ ഐക്യം എന്നെന്നേക്കുമായി ഛിന്നഭിന്നമാവുകയും ചെയ്തു.