ഹദ്ദാദ് റാത്തീബ് ചൊല്ലുന്നവരോട്
നമ്മുടെ നാടുകളില്‍ പള്ളികളിലും വീടുകളിലുമായി നല്ലൊരു വിഭാഗം മുസ്ലിംകള്‍ ഏറെ പുണ്യകരമെന്ന് വിചാരിച്ച് നി൪വ്വഹിക്കുന്ന ക൪മ്മമാണ് ഹദ്ദാദ് റാത്തീബ്. ഇശാഅ് നമസ്‌കാരത്തിന് മുമ്പോ ശേഷമോ ആയിട്ടാണ് ഇത് നി൪വ്വഹിക്കുന്നത്. ഇത് വളരെ പുണ്യകരവും പ്രതിഫലാ൪ഹവുമായ ക൪മ്മമാണെന്ന വിചാരത്തിലാണ് സാധാരണക്കാരായ ആളകള്‍ ഇത് ചെയ്യുന്നത്.
എന്താണ് ഹദ്ദാദ് റാത്തീബ് ?
ഹിജ്റ പതിനൊന്നാം നൂറ്റാണ്ടിൽ യമനിലെ ഹളർമൗതിൽ ജീവിച്ച സൂഫി ഗുരു സയ്യിദ് അബ്ദുല്ലാഹിബ്നു അലവി അൽ ഹദ്ദാദ് ഹിജ്റ 1071 ൽ ക്രോഡീകരിച്ചതാണ് ഹദ്ദാദ് റാത്തീബ്. തുടർന്ന് സൂഫികൾ പ്രത്യേകിച്ചും ഹള്റമി സയ്യിദുകൾ യാത്ര ചെയ്ത മുഴുവൻ ഇടങ്ങളിലും ഈ റാത്തീബ് പ്രചാരം നേടുകയുമുണ്ടായി. സൂഫി ചായ്‌വുള്ള പിൽക്കാല മുസ്ലിങ്ങളുടെ ദിനചര്യയിൽ ഇശാഅ് നിസ്ക്കാരത്തിനു ശേഷം ഒഴിച്ചു കൂടാനാവാത്ത കർമ്മമായി അത് മാറി. യമനിൽ നിന്നെത്തിയ ബാ അലവിയ്യ സൂഫികൾ മുഖേനയാണ് ഹദ്ദാദ് റാത്തീബ് കേരളത്തിൽ പ്രചരിച്ചത്. ഹദ്ദാദ് റാത്തീബിനെ കുറിച്ച് കേരളത്തിലെ അതിന്റെ പ്രചാരക൪ തന്നെ എഴുതുന്നത് കാണുക:
ഭാഷാര്‍ത്ഥ പ്രകാരം റാത്തീബ് എന്നാല്‍ അല്ലാഹുവിന്റെ സംതൃപ്തി നേടിയെടുക്കാന്‍ വേണ്ടി ലക്ഷ്യസമേതം നിര്‍വഹിക്കപ്പെടുന്ന കര്‍മ്മമെന്നും സാങ്കേതികാര്‍ത്ഥത്തില്‍ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയുണ്ടായിത്തീരാനും അറിവും മഅ്‌രിഫത്തും ലഭ്യമാകാനും പാരത്രിക വിജയം വര്‍ദ്ധിപ്പിക്കുവാനും പാപങ്ങളില്‍ നിന്നും നാശങ്ങളില്‍ നിന്നുമൊക്കെ അഭയം തേടുവാനും നന്മകള്‍ ചോദിക്കുവാനുമൊക്കെയായി ക്രോഡീകരിക്കപ്പെട്ട ദിക്‌റ് ദുആകളുടെ സമാഹരണത്തിനാണ് റാത്തീബ് എന്ന് പറയുന്നത്. (ഹദ്ദാദ് റാത്തീബ് പരിഭാഷയും വ്യാഖ്യാനവും – അബ്ദുസ്സമദ് ഫൈസി: പേജ് -31)
ഹദ്ദാദ് ചൊല്ലേണ്ട വിധം, സമയം, ചൊല്ലിയാല്‍ ലഭിക്കുന്ന നേട്ടങ്ങള്‍ എന്നിവയും അവ൪ തന്നെ തീരുമാനിച്ചിട്ടുണ്ട്.
“സൂറത്തുല്‍ ഫാത്തിഹ, സൂറത്തുല്‍ ബഖറയുടെ തുടക്കത്തിലെ അഞ്ച് ആയത്തുകള്‍, ശേഷം വ ഇലാഹുകും ഇലാഹും വാഹിദ് എന്ന ആയത്ത്, ആയത്തുല്‍ കുര്‍സിയ്യ്, ലില്ലാഹി മാഫിസ്സമാവാത്തി എന്നു തുടങ്ങുന്ന ആയത്ത്, ആമനര്‍റസൂലു എന്നിവ ചൊല്ലിക്കൊടുക്കുന്ന ആള്‍ ഉച്ചത്തിലും മറ്റുള്ളവര്‍ ശബ്ദം താഴ്ത്തിയും ചൊല്ലുക. പിന്നീട് എല്ലാവരും ഒരുമിച്ചോ അല്ലെങ്കില്‍ ചൊല്ലിക്കൊടുക്കുന്ന ആള്‍ക്ക് പുറകെയോ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓരോ പ്രാവശ്യവും പതിനഞ്ചാമത്തെ ദിക്‌റ് ഏഴ് പ്രാവശ്യവും ഇരുപതാം ദിക്‌റ് നാലു തവണയും ഇരുപത്തിയൊന്നാമത്തെ തഹ്‌ലീല്‍ ബാക്കിയുള്ളവ മൂന്ന് തവണയും എന്നിങ്ങനെയാണ് ഹദ്ദാദിന്റെ നിശ്ചിത കണക്ക്. ഇരുപത്തിയൊന്നാമത്തെ ദിക്‌റ് അമ്പതോ, നൂറോ, ആയിരമോ തവണ ചൊല്ലാമെന്ന് മഹാനായ സയ്യിദ് അല്‍ഹബീബ് അബ്ദുല്ലാഹില്‍ ഹദ്ദാദ് പറഞ്ഞിട്ടുണ്ട്.” (ഹദ്ദാദ് റാത്തീബ് പരിഭാഷയും വ്യാഖ്യാനവും – അബ്ദുസ്സമദ് ഫൈസി: പേജ് -37)
“റമദാന്‍ അല്ലാത്ത കാലങ്ങളില്‍ ഇശാഅ് നമസ്‌കാരം നിര്‍വ്വഹിച്ച ശേഷവും റമദാന്‍ മാസത്തില്‍ ഇശാഅ് നമസ്‌കാരത്തിനു മുമ്പുമാണ് ഹദ്ദാദ് റാത്തീബ് ചൊല്ലേണ്ടത്. എല്ലാവരും കൂട്ടമായിരുന്ന് അല്‍പം ഉച്ചത്തില്‍ തന്നെയാണ് ഇത് ഉരുവിടേണ്ടത്.” (ഹദ്ദാദ് റാത്തീബ് പരിഭാഷയും വ്യാഖ്യാനവും – അബ്ദുസ്സമദ് ഫൈസി: പേജ് -36)
ഹദ്ദാദിന്റെ മഹത്വമായി അതിന്റെ വക്താക്കൾ രേഖപ്പെടുത്തുന്ന കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം: “ഇത് ചൊല്ലുന്നവരുടെ ഈമാൻ വർദ്ധിക്കുന്നതാണ്. ഹുസ്നുൽ ഖാതിമത് (മരണ സമയം ശഹാദത്ത് ഉച്ചരിക്കാനുള്ള സൌഭാഗ്യവും ഈമാനിക ശോഭയോടെ മരിക്കുക എന്നതും) ആണ് പ്രധാനമായി ലഭിക്കുന്ന മറ്റൊരു നേട്ടം. ഹദ്ദാദ് പതിവാക്കുന്ന വ്യക്തിക്കും സ്ഥിരമായി പാരായണം ചെയ്യുന്ന വീടിനും ഐശ്വര്യവും ബറകത്തും റഹ്മത്തും വർദ്ധിക്കും. ആപത്തുകളിൽ നിന്നും ഇഴജന്തുക്കൾ ഉൾപ്പടെയുള്ളവയുടെ ആക്രമണത്തിൽ നിന്നും വിഷത്തിൽ നിന്നും തീ മൂലവും മറ്റുമുണ്ടാകുന്ന അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും രക്ഷ ലഭിക്കും. പകർച്ച വ്യാധികളിൽ നിന്നും മാറാ രോഗങ്ങളിൽ നിന്നും സംരക്ഷണം നേടാനും, സിഹ്റ്, അസൂയ എന്നിവയിൽ നിന്ന് കാവലാവാനും കുടുംബങ്ങളിൽ ഈമാനിക ബോധം നിലനിൽക്കാനും മക്കളും ഭാര്യമാരും സ്വലിഹീങ്ങളാകാനുമൊക്കെ ഹദ്ദാദ് പാരായണം കൊണ്ട് സാധ്യമാകും. ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടാനും കടങ്ങളിൽ നിന്ന് സലാമത്താകാനുമുള്ള വഴികൾ അല്ലാഹു എളുപ്പമാക്കി തരും.”
“മുസ്‌ലിം ലോകത്തിനും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സമൂഹത്തിനും വളരെയധികം ആവശ്യമായി വരുന്ന ഒരു പ്രാര്‍ത്ഥനാ സമാഹാരം കൂടിയാണ് റാത്തീബ്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ എല്ലാ മുസ്‌ലികള്‍ക്കും അതിന്റെ ഗുണഫലമെത്തുന്നു. ഇത് ചൊല്ലിപ്പോരുന്ന സ്ഥലങ്ങളില്‍ അതിയായ ഫലം കാണാന്‍ സാധിക്കും. ഇത് പതിവാക്കുന്നവന്റെ ഹൃദയത്തില്‍ പുത്തനാശയക്കാരുടെ ആശയം പ്രവേശിക്കുകയില്ല”. (ഹദ്ദാദ് റാത്തീബ് പരിഭാഷയും വ്യാഖ്യാനവും – അബ്ദുസ്സമദ് ഫൈസി: പേജ് -34)
പുണ്യകരവും പ്രതിഫലാ൪ഹവുമായ ക൪മ്മമാണെന്ന വിചാരത്തിലാണ് സാധാരണക്കാരായ ആളുകള്‍ ഹദ്ദാദ് റാത്തീബ് നി൪വ്വഹിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം ആളുകളോട് ചില കാര്യങ്ങള്‍ ഓ൪മ്മിപ്പിക്കുന്നു.
സത്യവിശ്വാസികള്‍ നി൪വ്വഹിക്കുന്ന ഏതൊരു ആരാധനയും അതിൽ താഴെ പറയുന്ന രണ്ട് നിബന്ധനകൾ ഒത്താലല്ലാതെ സ്വീകരിക്കപ്പെടുകയില്ല.
(1) ഇഖ്ലാസ് : ആരാധനകളെല്ലാം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കൽ. അഥവാ, അവന്റെ പൊരുത്തവും പ്രീതിയും മാത്രം ഉദ്ദേശിച്ചുള്ളതായിരിക്കല്‍.
(2) സുന്നത്ത് : ആരാധനകളെല്ലാം അല്ലാഹുവിന്റെ റസൂലിന്റെ (സ്വ) ചര്യയ്ക്കനുസരിച്ചായിരിക്കൽ.
അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുകൊണ്ടാണ് ഹദ്ദാദ് റാത്തീബ് നി൪വ്വഹിക്കുന്നതെങ്കിലും അതിന് അല്ലാഹുവിന്റെ റസൂലിന്റെ(സ്വ) ചര്യയിലോ സലഫുകളുടെ നടപടിക്രമങ്ങളിലോ ഇതിന് മാതൃകയില്ല. സലഫുകള്‍ എന്നാല്‍ സ്വഹാബികളും താബിഉകളും താബിഉത്താബിഉകളുമാണ്. അവരെയാണ് നബി(സ) ഉത്തമതലമുറ എന്നു വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ ഹദ്ദാദ് റാത്തീബ് അടിസ്ഥാനപരമായി ബിദ്അത്താണ്. അഥവാ കുറ്റകരമായ പുത്തനാചാരമാണ്. അത് ഒഴിവാക്കേണ്ടതാണ്. അത്തരം ചടങ്ങുകളില്‍ നിന്ന് സത്യവിശ്വാസികള്‍ വിട്ടുനില്‍ക്കേണ്ടതാണ്.
ഹദ്ദാദ് റാത്തീബില്‍ ഖു൪ആനിലെ ഏതാനും വചനങ്ങളും ഹദീസുകളില്‍ വന്നിട്ടുള്ള ചില ദിക്റുകളുമല്ലേ, അത് ബിദ്അത്താകുന്നത് എങ്ങനെ?
പല കാരണങ്ങളാല്‍ ഹദ്ദാദ് റാത്തീബ് ബിദ്അത്താണ്.
(1) ഖു൪ആനിലെ ഏത് വചനങ്ങളും ഏത് സമയത്തും പാരായണം ചെയ്യുന്നത് പുണ്യകരവും പ്രതിഫലാ൪ഹമാണ്. എന്നാല്‍ ഏതെങ്കിലും ചില പ്രത്യേക വചനങ്ങള്‍ ചില പ്രത്യേക സമയത്ത് പാരായണം ചെയ്യുന്നത് പുണ്യകരമാണെന്ന് പറയണമെങ്കില്‍ അത് നബി(സ്വ) പഠിപ്പിച്ചിരിക്കണം. ഫ൪ള് നമസ്കാരത്തിന് ശേഷവും, രാവിലെയും വൈകുന്നേരവും, ഉറങ്ങാന്‍ നേരത്തും ആയത്തുല്‍ ഖു൪സി, സൂറത്തുല്‍ ഇഖ്ലാസ്, ഫലഖ്, നാസ് എന്നിവ പാരായണം ചെയ്യാന്‍ നബി(സ്വ) പഠിപ്പിച്ചതുപോലെ. ഹദ്ദാദ് റാത്തീബില്‍ ഖു൪ആനിലെ ചില വചനങ്ങള്‍ പ്രത്യേകം സമയം നിശ്ചയിച്ച് പാരായണം ചെയ്യുന്നത് നബി(സ്വ) പഠിപ്പിച്ചതിന്റെ അടിസ്ഥാനത്തിലല്ല. ഹിജ്റ പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ച ഒരാളുടെയും ശേഷക്കാരുടെയും ഇച്ഛയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഹദ്ദാദ് റാത്തീബ് ബിദ്അത്താണ്.
(2) എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും ചൊല്ലേണ്ട ദിക്‌റുകളും ദുആകളും നബി(സ്വ) നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. അതേപോല രാവിലേയും മാത്രം ചൊല്ലേണ്ടുന്നവയും വൈകുന്നേരം മാത്രം ചൊല്ലേണ്ടുന്നവയുമുണ്ട്. അവയെല്ലാം അതാത് സമയത്ത് തന്നെയാണ് ചൊല്ലേണ്ടത്. രാവിലത്തെ ദിക്റുകള്‍ ചൊല്ലേണ്ട സമയം, സുബ്ഹി നമസ്കാരശേഷം സൂര്യന്‍ ഉദിച്ച് പൊങ്ങുന്നതുവരെയാണ്. വൈകുന്നേരത്തെ ദിക്റുകള്‍ ചൊല്ലേണ്ട സമയം, അസ്ര്‍ നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെയുമാണ്. ഈ ദിക്‌റുകളും ദുആകളും നബി(സ്വ) പഠിപ്പിച്ചതുപോലെ നി൪വ്വഹിക്കാതെ, പ്രത്യേകം സമയം നിശ്ചയിച്ച് നി൪വ്വഹിക്കുന്നതുകൊണ്ടുതന്നെ അത് ബിദ്അത്താണ്.
(3) ഹദീസുകളിൽ വന്നിട്ടുള്ളതിന് പുറമെ, ഹദീസുകളിൽ സ്ഥിരപ്പെടാത്ത കുറെ പ്രാർത്ഥനകളും ദിക്റുകളും ഹദ്ദാദിലുണ്ട്. അവയില്‍ പലതിനും സ്വന്തമായി എണ്ണം നിശ്ചയിച്ചിട്ടുണ്ട്.
(4) പ്രമാണങ്ങളുടെ പിൻബലമില്ലാതെ പ്രത്യേക പുണ്യവും പ്രതിഫലവും നിശ്ചയിച്ചുകൊണ്ടാണ് ഹദ്ദാദ് റാത്തീബ് നി൪വ്വഹിക്കുന്നത്. അതുകൊണ്ടുതന്നെ അത് ബിദ്അത്തായി തീരുന്നു.
ചുരുക്കത്തില്‍, ഖുർആനിലെ ചില വചനങ്ങളും, ഹദീസുകളിൽ വന്നിട്ടുള്ളതും അല്ലാത്തതുമായ കുറെ പ്രാർത്ഥനകളും ദിക്റുകളും, പ്രവാചകചര്യയിൽ മാതൃകയില്ലാത്ത രൂപഭാവങ്ങളോടെയും നിശ്ചിത എണ്ണം നിർണ്ണയിച്ചും പ്രമാണങ്ങളുടെ പിൻബലമില്ലാതെ പ്രത്യേക പുണ്യവും പ്രതിഫലവും നിശ്ചയിച്ചുകൊണ്ടാണ് ഹദ്ദാദ് റാത്തീബ് നി൪വ്വഹിക്കുന്നത്. നബി(സ്വ) പഠിപ്പിച്ചു തന്നതിലപ്പുറം ഇത്തരം മഹത്വങ്ങൾ സ്വയം കൽപ്പിച്ചരുളിക്കൊണ്ട് പുണ്യകർമ്മമെന്ന നിലക്ക് പുതിയ ഏതൊരു കാര്യം ചെയ്യുന്നതും, ഇന്ന സമയത്ത് ഇന്നാലിന്ന കർമങ്ങൾ ഇന്നയിന്ന രൂപങ്ങളിൽ അനുഷ്ഠിക്കുന്നത് പുണ്യമുള്ള കാര്യമാണെന്ന് കരുതുന്നതും തീരുമാനിക്കുന്നതും ബിദ്അത്താണ്.
പല സമയങ്ങളിൽ നിശ്ചിത രൂപത്തിൽ കഴിക്കാനായി രോഗിക്ക് ഡോക്ടർ കുറിച്ചുകൊടുത്ത മരുന്നുകൾ തന്നിഷ്ടപ്രകാരം വേറെ മരുന്നുകൂടി സ്വന്തമായി ചേ൪ത്ത് ഒന്നിച്ച് സേവിച്ച് അപകടം വിളിച്ചുവരുത്തുന്ന കാര്യബോധമില്ലാത്ത രോഗിയെ അനുസ്മരിപ്പിക്കുന്നതാണ് ഹദ്ദാദുകാരുടെ ചെയ്തി. രാവിലെയും വൈകുന്നേരവും പകലും രാത്രിയുമൊക്കെയായി ചൊല്ലാൻ നബി(സ്വ) കൽപിച്ച ദിക്റുകളും പ്രാർത്ഥനകളും അതിനോട് കുറച്ച് സ്വന്തമായി ചേ൪ത്ത് ഇശാഅ് നമസ്‌കാരത്തിന് മുമ്പോ ശേഷമോ ആയി എന്നിട്ട് അതിനു പ്രത്യേകമായ എണ്ണവും ക്രമവും സ്വന്തമായി നിശ്ചയിച്ച് അങ്ങനെ ചെയ്‌താൽ ഇന്നാലിന്ന മഹത്വങ്ങളുണ്ടെന്ന് വാദിച്ച് ഒറ്റയടിക്ക് ചൊല്ലിതീർക്കുന്ന രീതിയാണ് ഹദ്ദാദിലും അതിന്റെ ആളുകളിലും കാണാനാകുന്നത്.
ഫാത്തിഹ ഓതി മരണപ്പെട്ടുപോയ കുറേ ശൈഖുമാരുടെ ഹള്റത്തിലേക്ക് പാർസൽ അയക്കുന്ന രീതിയാണ് ഹദ്ദാദ് റാത്തീബിന്റെ അവസാന ഭാഗത്ത് ഉള്ളത്. ഇവ്വിധം ഖുർആൻ ഓതിക്കൊണ്ട് അതിന്റെ പ്രതിഫലം ദാനം ചെയ്യുന്ന രീതി പ്രവാചകചര്യയിൽ കാണാൻ കഴിയില്ല. അങ്ങനെ ചെയ്‌താൽ അത് മരിച്ചവരിലേക്ക് എത്തുമെന്ന് അഥവാ മരണപ്പെട്ടയാളിന് പ്രയോജനം ലഭിക്കുമെന്ന് ഖു൪ആനിലോ സുന്നത്തിലോ തെളിവില്ല. സ്വഹാബികളുടെ കാലത്ത് ഈ ആചാരമുണ്ടായിരുന്നില്ല. പില്‍ക്കാലത്ത് മതത്തിലുണ്ടായ ഒരു നിര്‍മ്മിത കാര്യമാണിത്.
وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى
മനുഷ്യന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല. (ഖു൪ആന്‍: 53/39)
ഒരാൾക്ക് പരലോകത്ത് ശിക്ഷയോ പ്രതിഫലമോ ലഭിക്കാനുള്ള കാരണം അവൻ ചെയ്തു കൂട്ടിയ ക൪മ്മങ്ങളാണെന്നാണ് ഈ ആയത്തിലൂടെ അല്ലാഹു പറയുന്നത്. ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഇബ്‌നു കസീര്‍(റഹി) പറഞ്ഞു:
وَمِنْ هَذِهِ الْآيَةِ الْكَرِيمَةِ اسْتَنْبَطَ الشَّافِعِيُّ رَحِمَهُ اللَّهُ ، وَمَنِ اتَّبَعَهُ أَنَّ الْقِرَاءَةَ لَا يَصِلُ إِهْدَاءُ ثَوَابِهَا إِلَى الْمَوْتَى ; لِأَنَّهُ لَيْسَ مِنْ عَمَلِهِمْ وَلَا كَسْبِهِمْ ; وَلِهَذَا لَمْ يَنْدُبْ إِلَيْهِ رَسُولُ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – أُمَّتَهُ وَلَا حَثَّهُمْ عَلَيْهِ ، وَلَا أَرْشَدَهُمْ إِلَيْهِ بِنَصٍّ وَلَا إِيمَاءٍ ، وَلَمْ يُنْقَلْ ذَلِكَ عَنْ أَحَدٍ مِنَ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ ، وَلَوْ كَانَ خَيْرًا لَسَبَقُونَا إِلَيْهِ ، وَبَابُ الْقُرُبَاتِ يُقْتَصَرُ فِيهِ عَلَى النُّصُوصِ ، وَلَا يُتَصَرَّفُ فِيهِ بِأَنْوَاعِ الْأَقْيِسَةِ وَالْآرَاءِ ، فَأَمَّا الدُّعَاءُ وَالصَّدَقَةُ فَذَاكَ مُجْمَعٌ عَلَى وُصُولِهِمَا ، وَمَنْصُوصٌ مِنَ الشَّارِعِ عَلَيْهِمَا
“ഈ ശ്രേഷ്‌ഠമായ ആയത്തില്‍ നിന്നാണ് ഇമാം ശാഫിഈയും(റ) അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക് ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്‍ക്ക് അതിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്നതിന് തെളിവാക്കുന്നത്. കാരണം അത് പരേതന്റെ പ്രവര്‍ത്തിയോ സമ്പാദ്യമോ അല്ല. അതുകൊണ്ട് തന്നെയാണ് ഈ കാര്യം നബി(സ്വ) പ്രേരിപ്പിക്കാതിരുന്നത്. വ്യക്തമായോ സൂചനയായിട്ട് പോലുമോ അദ്ദേഹം ഇക്കാര്യം അനുശാസിച്ചിട്ടില്ല. സ്വഹാബികളില്‍ ഒരാളില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. ഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെക്കാള്‍ മുമ്പ് അവരതില്‍ മുന്നിടുമായിരുന്നു. (സ്വര്‍ഗത്തിലേക്ക്) അടുപ്പിക്കുന്ന കാര്യങ്ങള്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍) ക്ലിപ്‌തമാണ്. ഈ കാര്യത്തില്‍ ഖ്വിയാസുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍കൊണ്ടും മാറ്റം വരുത്താവതല്ല”. (തഫ്സീ൪ ഇബ്‌നു കസീര്‍: 7/465)
മരിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കാനായി ഖുർആൻ പാരായണം ചെയ്ത് ഹദ്‌യ ചെയ്താല്‍ അതിന്റെ പ്രതിഫലം അവ൪ക്ക് ലഭിക്കുകയില്ലെന്നാണ് ഇമാം ശാഫിഈ അഭിപ്രായപ്പെട്ടത്. മരിച്ചവര്‍ക്ക് പ്രതിഫലം ലഭിക്കുന്നതിന് വേണ്ടി നമുക്ക് പ്രാ൪ത്ഥിക്കുകയും സ്വദഖ നല്‍കുകയും ചെയ്യാമെങ്കില്‍ ഖു൪ആന്‍ ഓതി ഹദ്‌യ ചെയ്യാമെന്ന ഖ്വിയാസുകള്‍ക്ക് പ്രസക്തിയില്ലെന്നും ഇബ്‌നു കസീര്‍(റഹി) ഇവിടെ രേഖപ്പെടുത്തി. ഇതേ കാര്യം ഇമാം നവവി (റ) വ്യക്തമാക്കുന്നത് കാണുക:
“എന്നാല്‍, മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം, തീര്‍ച്ചയായും അതിന്റെ പുണ്യം മരണപ്പെട്ട വ്യക്തികള്‍ക്ക് ലഭിക്കുകയില്ല എന്നതാണ് ഇമാം ശാഫിഈയുടെ(റ) പ്രസിദ്ധമായ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ ചില അനുയായികള്‍ ആ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പറയുന്നു. പണ്ഡിതന്മാരില്‍ ഒരു വിഭാഗം എല്ലാ ഇബാദത്തുകളുടേയും പ്രതിഫലം എത്തുമെന്ന് പറയുന്നു. തുടര്‍ന്ന് ആ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചതിന്റെ ശേഷം അദ്ദേഹം പറയുന്നു: “ഈ അഭിപ്രായങ്ങള്‍ മുഴുവനും ദുര്‍ബ്ബലമാണ്. അവരതിന് തെളിവ് പിടിച്ചിരിക്കുന്നത് പ്രാര്‍ത്ഥനയുടെയും സ്വദഖയുടെയും ഹജ്ജിന്റെയും പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്ന് പണ്ഡിത അഭിപ്രായത്തോട് ഖിയാസാക്കിക്കൊണ്ടാണ്. എന്നാല്‍ ഇമാം ശാഫിഈയും (റ) അദ്ധേഹത്തെ അനുകൂലിക്കുന്നവരും തെളിവ് പിടിച്ചിരിക്കുന്നത്, وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَى – തീര്‍ച്ചയായും മനുഷ്യന്ന് അവന്‍ പ്രവര്‍ത്തിച്ചതു മാത്രമേ ലഭിക്കുകയുള്ളൂ – എന്ന അല്ലാഹുവിന്റെ വചനവും, إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ – ‘ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ മൂന്ന് സംഗതികളല്ലാത്തതെല്ലാം (അവയുടെ പ്രതിഫലം) അവനില്‍ നിന്ന് മുറിഞ്ഞുപോകും. നിലനല്‍ക്കുന്ന ദാനധര്‍മ്മവും ഉപകാരപ്രദമായ അറിവും അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സ്വാലിഹായ സന്താനവുമാണവ’ – എന്ന നബിയുടെ (സ്വ) തിരുവചനങ്ങളുമാണ്.” (ശറഹ് മുസ്‌ലിം: 1/90)
ഖുര്‍ആനിലൂടെയും സുന്നത്തിലൂടെയും സ്ഥിരപ്പെട്ട ദിക്‌റുകളും ദുആകളും ധാരാളമുണ്ടായിട്ടും നബിയും (സ്വ) സ്വഹാബത്തും സലഫുകളും നാല് മദ്‌ഹബിന്റെ ഇമാമുകളും ഇതേപോലെയുള്ള ഒരു ക്രോഡീകരണവും നടത്തിയിരുന്നില്ല. ഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെക്കാള്‍ മുമ്പ് അവരതില്‍ മുന്നിടുമായിരുന്നു. ഖുര്‍ആനിലൂടെയും സുന്നത്തിലൂടെയും സ്ഥിരപ്പെട്ട ദിക്‌റുകളും ദുആകളും നമ്മേക്കാളും മുറപോലെ നടപ്പാക്കിയവരായിരുന്നു അവ൪. ഈ രീതിയില്‍ ദിക്‌റ്, ദുആകള്‍ ചെയ്യാനായി അവരാരും പള്ളിയില്‍ ഒരുമിച്ച് കൂടിയില്ല.ആ എണ്ണവും ക്രമവും ശൈലിയും അവര്‍ക്കാര്‍ക്കും നല്ലതായി തോന്നിയതുമില്ല. തോന്നിയാല്‍ ഇശാ നമസ്‌കാരത്തിന് മുമ്പ് നബി (സ്വ) പള്ളിയിലിരുന്ന് ബാക്കി സ്വഹാബികള്‍ക്ക് എന്തെങ്കിലും ദിക്‌റുകളും ദുആകളും ചൊല്ലിക്കൊടുക്കുകയും സ്വഹാബികള്‍ അതേറ്റു ചൊല്ലുകയും ചെയ്യുമായിരുന്നു. അവര്‍ അങ്ങിനെ ചെയ്‌തതായ ഒരു ഇസ്‌ലാമിക പ്രമാണം ഈ ഹദ്ദാദുകാര്‍ക്ക് ഇന്നേവരെ സമുദായത്തിന്റെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. തെളിവായി ഇവര്‍ക്ക് ആകെ പറയാനുള്ളത് ഇവ നല്ലതല്ലേ, ദിക്‌റല്ലേ എന്ന യുക്തിയാണ്. ഈ യുക്തിക്ക് മതത്തില്‍ യാതൊരു സ്ഥാനമില്ല.
ഇത്തരം ബിദ്അത്തുകള്‍ പുണ്യകരമല്ലെന്ന് മാത്രമല്ല വഴി കേടാണെന്നാണും അതെല്ലാം തള്ളപ്പെടേണ്ടതാണെന്നുമാണ് നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്.
وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ
നബി(സ്വ)പറഞ്ഞു: (മതത്തില്‍ ഉണ്ടാക്കുന്ന) പുതിയ കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കണം. തീർച്ചയായും മതത്തിൽ പുതുതായി ഉണ്ടാക്കുന്ന എല്ലാ കാര്യങ്ങളും അനാചാരമാണ്. എല്ലാ അനാചാരങ്ങളും വഴി കേടുമാണ്. (അബൂദാവൂദ് :4607 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
عَن جَابِرِ بْنِ عَبْدِ اللَّهِ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا خَطَبَ احْمَرَّتْ عَيْنَاهُ وَعَلاَ صَوْتُهُ وَاشْتَدَّ غَضَبُهُ حَتَّى كَأَنَّهُ مُنْذِرُ جَيْشٍ يَقُولُ ” صَبَّحَكُمْ وَمَسَّاكُمْ ” . وَيَقُولُ ” بُعِثْتُ أَنَا وَالسَّاعَةَ كَهَاتَيْنِ ” . وَيَقْرُنُ بَيْنَ إِصْبَعَيْهِ السَّبَّابَةِ وَالْوُسْطَى وَيَقُولُ ” أَمَّا بَعْدُ فَإِنَّ خَيْرَ الْحَدِيثِ كِتَابُ اللَّهِ وَخَيْرُ الْهُدَى هُدَى مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا وَكُلُّ بِدْعَةٍ ضَلاَلَةٌ ”
ജാബി൪ ബിന്‍ അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) ഖുതുബ നി൪വ്വഹിക്കുമ്പോള്‍ അവിടുത്തെ കണ്ണുകള്‍ ചുവക്കും, ശബ്ദം ഉയരും, രോഷം പ്രകടമാകും, ശത്രുവിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഒരു സേനാ നായകനെപ്പോലെ………….. അവിടുന്ന് (ഖുതുബകളില്‍ ഇപ്രകാരം) പറയാറുണ്ട് : “നിശ്ചയം, ഏറ്റവും നല്ല സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.” (മുസ്ലിം: 867)
عن عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നമ്മുടെ ഈ മതത്തില്‍, ആരെങ്കിലും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്. (ബുഖാരി: 2697)
مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
നബി(സ്വ) പറഞ്ഞു: ആരെങ്കിലും നമ്മുടെ കല്‍പ്പനയില്ലാത്ത ഒരു പ്രവര്‍ത്തനം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്. (മുസ്ലിം: 1718)
ഇത്തരം ബിദ്അത്തായ ക൪മ്മങ്ങള്‍ നി൪വ്വഹിക്കുകവഴി അല്ലാഹുവില്‍ നിന്ന് പ്രതിഫലമല്ല, ശിക്ഷയാണ് ലഭിക്കുകയെന്ന് സത്യവിശ്വാസികള്‍ ഗൌരവത്തോടെ മനസ്സിലാക്കേണ്ടതാണ്.
عن أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ حَجَبَ التَّوْبَةَ عَنْ كُلِّ صَاحِبِ بِدْعَةٍ حَتَّى يَدَعَ بِدْعَتَهُ
അനസ് ബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പശ്ചാത്താപം (തൗബ) അല്ലാഹു തടഞ്ഞു വെച്ചിരിക്കുന്നു, അവന്‍ തന്റെ ബിദ്അത്ത് ഒഴിവാക്കുന്നതു വരെ. (ത്വബ്റാനി)
പരലോകത്ത് ദാഹാർത്ഥനായി എത്തുമ്പോള്‍ വിശ്വാസികള്‍ക്ക് കുടിക്കുന്നതിനായി തിരുനബിയുടെ(സ്വ) കൈയ്യില്‍ നിന്ന് ഹൗളുൽ കൗസറിലെ വെള്ളം ലഭിക്കും. എന്നാല്‍ ബിദ്അത്ത് ചെയ്യുന്നവ൪ക്ക് അതില്‍ നിന്ന് കുടിക്കാന്‍ കഴിയില്ല. അവരുടെയും നബിയുടേയും ഇടയില്‍ മറ ഇടപ്പെടുന്നതാണ്.
فَأَقُولُ إِنَّهُمْ مِنِّي. فَيُقَالُ إِنَّكَ لاَ تَدْرِي مَا أَحْدَثُوا بَعْدَكَ. فَأَقُولُ سُحْقًا سُحْقًا لِمَنْ غَيَّرَ بَعْدِي
അപ്പോള്‍ ഞാന്‍ വിളിച്ചു പറയും: അവര്‍ എന്നില്‍ (എന്റെ സമുദായത്തല്‍) പെട്ടവരാണല്ലോ. അന്നേരം പറയപ്പെടും: താങ്കള്‍ക്ക് ശേഷം അവര്‍ (മതത്തില്‍) പുതുതായുണ്ടാക്കിയത് താങ്കള്‍ അറിയില്ല. തല്‍സമയം ഞാന്‍ പറയും: എനിക്ക് ശേഷം മതത്തെ (ബിദ്അത്തുകളുണ്ടാക്കി) വ്യതിയാനപ്പെടുത്തിയവര്‍ ദൂരെപ്പോകൂ ദൂരെപ്പോകൂ.( ബുഖാരി: 6584)
ബിദ്അത്തുകാ൪ക്ക് ഹൌളില്‍ നിന്ന് കുടിക്കാന്‍ ലഭിക്കാത്തതിന്റെ കാരണം മതത്തില്‍ നബി(സ്വ) പഠിപ്പിക്കാത്ത പുതിയ കാര്യങ്ങള്‍ അനുഷ്ഠിച്ചതാണ്. അവ൪ ബിദ്അത്തുകാരാണെന്ന് അറിയുമ്പോള്‍ നബിയുടെ(സ്വ) പ്രതികരണം കടുത്തതായിരിക്കുമെന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം.
أَصْدَقَ الْحَدِيثِ كِتَابُ اللَّهِ وَأَحْسَنَ الْهَدْىِ هَدْىُ مُحَمَّدٍ وَشَرَّ الأُمُورِ مُحْدَثَاتُهَا وَكُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ وَكُلَّ ضَلاَلَةٍ فِي النَّارِ
“നബി(സ്വ) പറഞ്ഞു: നിശ്ചയം, സത്യസന്ധമായ സംസാരം അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ഏറ്റവും നല്ല മാര്‍ഗം മുഹമ്മദിന്റെ മാര്‍ഗമാണ്. കാര്യങ്ങളില്‍ ഏറ്റവും മോശം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.(ബിദ്അത്താകുന്ന) എല്ലാ വഴികേടുകളും നരകത്തിലാണ്.” (നസാഇ: 1578)
സത്യം മനസ്സിലാക്കിയാലും ചിലർ അത് അംഗീകരിക്കാതെ, ഇതെല്ലാം ഞങ്ങളുടെ കാരണവന്മാർ മുതൽ ചെയ്തുവരുന്നതാണെന്നും അവർ നരകത്തിൽ ആണെങ്കിൽ ഞങ്ങളും അവിടാകട്ടേയെന്ന് പറയാറുണ്ട്. ഇത് മക്കയിലെ മുശ്രിക്കുകളുടെ സ്വഭാവമാണെന്നാണ് അല്ലാഹു പറയുന്നത്.
وﺇِﺫَﺍ ﻗِﻴﻞَ ﻟَﻬُﻢُ ﺍﺗَّﺒِﻌُﻮﺍ ﻣَﺎ ﺃَﻧْﺰَﻝَ ﺍﻟﻠَّﻪُ ﻗَﺎﻟُﻮﺍ ﺑَﻞْ ﻧَﺘَّﺒِﻊُ ﻣَﺎ ﺃَﻟْﻔَﻴْﻨَﺎ ﻋَﻠَﻴْﻪِ ﺁﺑَﺎﺀَﻧَﺎ ۗ ﺃَﻭَﻟَﻮْ ﻛَﺎﻥَ ﺁﺑَﺎﺅُﻫُﻢْ ﻟَﺎ ﻳَﻌْﻘِﻠُﻮﻥَ ﺷَﻴْﺌًﺎ ﻭَﻟَﺎ ﻳَﻬْﺘَﺪُﻭﻥَ*
“അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിന്‍പറ്റാന്‍ ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ പൂർവ്വ പിതാക്കള്‍ പിന്തുടർന്നുകണ്ട പാതയേ ഞങ്ങള്‍ പിൻപറ്റുകയുള്ളൂ.അവരുടെ പിതാക്കള്‍ ചിന്തിക്കുകയോ നേർവഴി പ്രാപിക്കുകയോ ചെയ്യാത്തവരായിരുന്നിട്ടും (നിങ്ങള്‍ അവരെ പിന്തുടരുകയോ?)”. (ഖു൪ആന്‍: 2/170)
സത്യം മനസ്സിലാക്കിയ ശേഷം പിന്നെയും അസത്യത്തില്‍ തുടരുകയും സത്യം അംഗീകരിക്കാിരിക്കുകയും ചെയ്യുന്നത് നരകത്തിലെത്താന്‍ കാരണമാകും.
ﻭَﻣَﻦ ﻳُﺸَﺎﻗِﻖِ ٱﻟﺮَّﺳُﻮﻝَ ﻣِﻦۢ ﺑَﻌْﺪِ ﻣَﺎ ﺗَﺒَﻴَّﻦَ ﻟَﻪُ ٱﻟْﻬُﺪَﻯٰ ﻭَﻳَﺘَّﺒِﻊْ ﻏَﻴْﺮَ ﺳَﺒِﻴﻞِ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻧُﻮَﻟِّﻪِۦ ﻣَﺎ ﺗَﻮَﻟَّﻰٰ ﻭَﻧُﺼْﻠِﻪِۦ ﺟَﻬَﻨَّﻢَ ۖ ﻭَﺳَﺎٓءَﺕْ ﻣَﺼِﻴﺮًا
“തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം”. (ഖു൪ആന്‍: 4/115)