അല്ലാഹുവിന്റെ സൽക്കാരംഅബ്ദുൽ മാലിക് സലഫി

വീട്ടിലിരിക്കാം വിഭവങ്ങളൊരുക്കാം

പാഠം: ഇരുപത്തൊന്ന്

അല്ലാഹുവിന്റെ സൽക്കാരം مأدبة الله

നിരവധി സൽക്കാരങ്ങളിൽ പങ്കെടുത്തവരാണ് നാം . എത്ര ജോലിത്തിരക്കുള്ള ആളാണെങ്കിലും നമ്മുടെ ഉടയവർ ക്ഷണിച്ച സൽക്കാരങ്ങളിൽ
നാം പങ്കുചേരാറുണ്ട്. .അവിടുത്തെ വിഭവങ്ങളുടെ വൈവിധ്യമല്ല, അവരുമായുള്ള ബന്ധമാണ് അത്തരം സൽക്കാരങ്ങളിലേക്ക് പോകാൻ നമുക്കുള്ള പ്രേരണ.
നമ്മളുമായി ഏറ്റവും ബന്ധം ആർക്കാണ് ? അല്ലാഹുവിനാണ് തീർച്ച. അള്ളാഹു നമ്മെ ഒരു സൽക്കാരത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു ! അല്ലാഹു ക്ഷണിച്ചു എന്നു പറയുമ്പോൾ അവൻ നേരിട്ടുവന്ന് ക്ഷണിച്ചതാണോ ?അല്ല .അവൻ ഒരാളെ പറഞ്ഞയച്ചിരിക്കുന്നു. അതാരാണ് ?
ലോകത്ത് ജനിച്ച ഏറ്റവും നല്ല മനുഷ്യൻ. നമ്മുടെ നേതാവ് പ്രവാചകൻ (സ) യാണത്. ഇനി താഴെ കാണുന്ന ഹദീസ് ശ്രദ്ധിക്കുക
مَثَلُهُ كَمَثَلِ رَجُلٍ بَنَى دَارًا وَجَعَلَ فِيهَا مَأْدُبَةً، وَبَعَثَ دَاعِيًا، فَمَنْ أَجَابَ الدَّاعِيَ دَخَلَ الدَّارَ وَأَكَلَ مِنَ الْمَأْدُبَةِ، وَمَنْ لَمْ يُجِبِ الدَّاعِيَ لَمْ يَدْخُلِ الدَّارَ وَلَمْ يَأْكُلْ مِنَ الْمَأْدُبَةِ. فَقَالُوا : أَوِّلُوهَا لَهُ يَفْقَهْهَا. فَقَالَ بَعْضُهُمْ : إِنَّهُ نَائِمٌ. وَقَالَ بَعْضُهُمْ : إِنَّ الْعَيْنَ نَائِمَةٌ وَالْقَلْبَ يَقْظَانُ. فَقَالُوا : فَالدَّارُ الْجَنَّةُ، وَالدَّاعِي مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَمَنْ أَطَاعَ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَدْ أَطَاعَ اللَّهَ، وَمَنْ عَصَى مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَدْ عَصَى اللَّهَ،

“ഒരുവൻ ഒരു ഭവനം ഉണ്ടാക്കുന്നു. അതിൽ സൽക്കാരം ഒരുക്കുന്നു. അതിലേക്ക് ക്ഷണിക്കാൻ ഒരാളെ പറഞ്ഞയക്കുന്നു. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചവൻ ഭവനത്തി ലെത്തുന്നു , സൽക്കാരത്തിൽ പങ്കെടുക്കുന്നു .
അദ്ദേഹത്തിന്റെ ക്ഷണം നിരസിച്ചവൻ ഭവനത്തിലേക്ക് പ്രവേശിക്കുന്നില്ല സൽക്കാരത്തിൽ പങ്കെടുക്കുന്നുമില്ല. “
(ബുഖാരി : 7281)

ഭവനം സ്വർഗമാണ്. അവിടെയാണ് സൽക്കാരം. സൽക്കാരമൊരുക്കിയത് അല്ലാഹുവാണ്.
ക്ഷണിക്കാൻ പറഞ്ഞയക്കപ്പെട്ടത് പ്രവാചകനാണ്. പ്രവാചകനെ ആരെങ്കിലും അനുസരിച്ചാൽ അല്ലാഹുവിന്റെ സൽക്കാരത്തിൽ അവന് പങ്കെടുക്കാം. പ്രവാചകനെ
ധിക്കരിച്ചവൻ വിഢിയായിരിക്കുന്നു!
അവൻ സൽക്കാരത്തിലേക്കുള്ള ക്ഷണം നിരസിച്ചവനാണ്!
അല്ലാഹു സൽക്കാരത്തിന് വിളിച്ചിട്ട് അതിന് പോവാതെ ക്ഷണം നിരസിക്കുന്നവനേക്കാൾ വിഢി മാറ്റാരാണ് ?!
(وَٱللَّهُ یَدۡعُوۤا۟ إِلَىٰ دَارِ ٱلسَّلَـٰمِ
ദാറുസ്സലാമിലേക്ക് അല്ലാഹു ക്ഷണിക്കുന്നു.
[ യുനുസ് : 25]
നബി (സ)യാണ് ക്ഷണിക്കാൻ വന്നവൻ
(وَدَاعِیًا إِلَى ٱللَّهِ بِإِذۡنِهِۦ
അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവൻ
[ അഹ്സാബ്: 46 ]

എന്തൊക്കെയാണ് അല്ലാഹു അവന്റെ അടിമകൾക്ക് വേണ്ടി ഉണ്ടാക്കിയ സൽക്കാരത്തിൽ ഒരുക്കിവച്ചിരിക്കുന്നത് ? നമുക്കറിയില്ല. ചിലതൊക്കെ അവൻ നമുക്ക് വെളിപ്പെടുത്തിയിട്ടുണ്ട് . പലതും അവൻ മറച്ചു വെച്ചിരിക്കുന്നു .അവന്റെ സൽക്കാരത്തിന് എത്തുന്നവരുടെ കണ്ണുകൾ കുളിക്കാനും മനസ്സുകളിൽ ആനന്ദം നിറയാനും വേണ്ടി അതവൻ മറച്ചു വെച്ചിരിക്കുകയാണ്.
(فَلَا تَعۡلَمُ نَفۡسࣱ مَّاۤ أُخۡفِیَ لَهُم مِّن قُرَّةِ أَعۡیُنࣲ جَزَاۤءَۢ بِمَا كَانُوا۟ یَعۡمَلُونَ)
എന്നാല് അവര് പ്രവര്ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്കുളിര്പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്ക്കും അറിയാവുന്നതല്ല.
[സജദ: 17]
ഒരു കണ്ണും അത് കണ്ടിട്ടില്ല. ഒരു കാതും അതിന്റെ മഹത്വം ശ്രവിച്ചിട്ടില്ല. അപ്പോൾ ജിബ്രീലും റസൂലുല്ലയും സ്വർഗം കണ്ടിട്ടുണ്ടല്ലോ എന്ന് ചോദിച്ചേക്കാം. ശരിയാണ്. അവർ കണ്ടിട്ടുണ്ട്. എന്നാൽ അതൊരു ഭാഗം മാത്രം. ഇനിയും എത്രയോ വിശാലമാണത്. അത് അല്ലാഹു ആർക്കും കാണിച്ചിട്ടില്ല! ഒരു ഹദീസ് നോക്കൂ:
” يَقُولُ اللَّهُ تَعَالَى : أَعْدَدْتُ لِعِبَادِيَ الصَّالِحِينَ مَا لَا عَيْنٌ رَأَتْ، وَلَا أُذُنٌ سَمِعَتْ، وَلَا خَطَرَ عَلَى قَلْبِ بَشَرٍ، ذُخْرًا بَلْهَ مَا أُطْلِعْتُمْ عَلَيْهِ “. ثُمَّ قَرَأَ : { فَلَا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ }.
(ബുഖാരി : 4780)
ഇതിലെ
ذُخْرًا بَلْهَ مَا أُطْلِعْتُمْ عَلَيْهِ “.
എന്ന പ്രയോഗം ശ്രദ്ധേയമാണ്. “ഞാൻ നിങ്ങൾക്ക് കാണിച്ച് തന്നതിന് പുറമെ സൂക്ഷിച്ചു വച്ചത് ” എന്നാണതിനർഥം.

കവാടങ്ങൾ കടന്നുവേണം അവിടെയെത്താൻ .
എട്ടു കവാടങ്ങളാണ് അവിടേക്ക് പ്രവേശിക്കാൻ ഉള്ളത്.
(ബുഖാരി : 3257)
വരുന്നവരെ വരവേൽക്കാൻ
ആ കവാടങ്ങളുടെയടുക്കൽ മലക്കുകൾ ഉണ്ട് . അല്ലാഹുവിന്റെ അനുസരണയുള്ള അടിമകൾ !
(റഅദ്: 23 )
സമാധാനത്തിന്റെയും ശാന്തിയുടെയും വാർത്തകളും മംഗളങ്ങളും നേർന്നു അവർ വിരുന്നുകാരെ സ്വീകരിക്കുന്നു. (സുമർ: 73) കവാടങ്ങൾ കടക്കുന്നതോടെ സമാധാനത്തിന്റെ ശാശ്വത ഭവനത്തിലാണ് എത്തുന്നത്. അവിടെ എത്തുന്നവർ ഏറ്റവും നല്ലവരാണ്. സുകൃതം ചെയ്ത് സൽക്കാരത്തിനെത്തിയവർ ! അവർ സുകൃതങ്ങളുടെ തോതനുസരിച്ച് വ്യത്യസ്ത തരക്കാരാണ്. നമ്മുടെ നേതാവാണ് ഏറ്റവും ഉന്നതമായ പദവിയിൽ ! വസീല എന്ന പദവിയാണത്. അവിടുത്തേക്കത് ലഭിക്കാൻ നാം ബാങ്കിനു ശേഷം പ്രാർത്ഥിക്കാറുണ്ടല്ലോ.

ഒരു ചാട്ടവാർ വെക്കാനുള്ള സ്ഥലം സ്വർഗ്ഗത്തിൽ ഒരുത്തന് ലഭിച്ചാൽ അത്
ഇഹലോകം മുഴുവനും ലഭിക്കുന്നതിനേക്കാൾ നല്ലതാണ്. (ബുഖാരി : 3250)
ആകാശഭൂമികളെക്കാൾ വിശാലമാണ് സ്വർഗലോകം!
കസ്തൂരിയാണ് അതിന്റെ പ്രതലം.
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകൾ കൊണ്ടാണ് അത് നിർമ്മിക്കപ്പെട്ടിട്ടുള്ളത് .
വസ്ത്രങ്ങൾ നശിക്കില്ല. യുവത്വം നഷ്ടമാവില്ല. ഒരു അത്ഭുത ലോകമാണ് അത് ! (തിർമിദി: 2526)

കണ്ണിനും മനസ്സിനും ശരീരത്തിനും കുളിർമ നൽകുന്ന ഒന്നാണല്ലോ വെള്ളം. അതിന്റെ ചലനവും ചാട്ടവും ഒഴുക്കും
മനുഷ്യ നയനങ്ങൾക്ക് ആസ്വാദനം പകരുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ
ദാറുസ്സലാമിൽ
നദികളും അരുവികളും അല്ലാഹു സംവിധാനിച്ചിരിക്കുന്നു .
നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിനപ്പുറമുള്ള കാഴ്ചയാണത് !
ശുദ്ധമായ തേനിന്റെ നദികൾ !
പാലിന്റെ പുഴകൾ !
ശുദ്ധജലത്തിന്റെ നദികൾ !
രുചികരമായ മദ്യത്തിന്റെ പുഴകൾ ! (മുഹമ്മദ് : 15 )
ഇതൊന്നും നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതല്ല.

നദികൾക്കു പുറമെ കൊച്ചു കൊച്ചു അരുവികളും ഉണ്ട് ( ഹിജ്റ് : 45 )

അവിടുത്തെ താമസ സൗകര്യങ്ങൾ
അത്യുന്നതമാണ് !
മണിമന്ദിരങ്ങൾ കൊട്ടാരങ്ങൾ
ഉന്നത ഭവനങ്ങൾ …!
അല്ലാഹു അവന്റെ അതിഥികൾക്ക് വേണ്ടി തയ്യാർ ചെയ്തു വെച്ചിരിക്കുന്ന സ്വർഗീയ ഭവനങ്ങളിൽ അവർ സുഖത്തോടെ താമസിക്കും.
മടുപ്പോ വിരസതയോ അവരെ ബാധിക്കുന്നില്ല. ക്ഷീണമില്ല ടെൻഷനില്ല ദുഃഖമില്ല എപ്പോഴും സമാധാനത്തിന്റെ വാക്കുകൾ !

ഭക്ഷണമാവട്ടെ മുന്തിയതരം ! ഒരു മനുഷ്യനും അത് രുചിച്ചിട്ടില്ല.! ഫലവർഗങ്ങൾ വിവിധതരം. അവയുടെ വലിപ്പവും രൂപവും രുചിയും അതുല്യം! (സ്വാദ് : 51 )
ഫലങ്ങൾക്ക് സീസണില്ല . മനസ്സാഗ്രഹിക്കുമ്പോൾ ആഗ്രഹിച്ചത് ലഭിക്കും ! (മുർസലാത്ത് : 42 )
രാവിലെയും വൈകുന്നേരവും പ്രത്യേക ഭക്ഷണം (മർയം: 62 )

മരങ്ങളുടെ ഭംഗി വർണ്ണനാതീതം. അവയുടെ മുരടുകൾ സ്വർണ്ണമാണ് ! (തിർമിദി: 2525 )
വിശപ്പില്ലാത്ത ലോകമാണത്! ഭക്ഷണം കഴിക്കുന്നത് ആസ്വാദനത്തിനു വേണ്ടി മാത്രം ! (ത്വാഹ : 118-119)
കണ്ണിനാനന്ദം പകരുന്ന കുരുന്നുകൾ പാറി നടക്കുന്നു. അവരുടെ കൈകളിൽ പാനപാത്രങ്ങളുണ്ട് ! ( വാക്വിഅ :17 )
ചാരുക്കസേരകളിൽ ചാരിയിരുന്ന് അവർ സന്തോഷങ്ങൾ പങ്കു വെക്കുന്നു. വല്ലാത്ത അനുഭവങ്ങൾ!

ഇതിനൊക്കെ പുറമെ ഏറ്റവും വലിയ ഒരു അനുഭവം അവരെ കാത്തിരിക്കുന്നുണ്ട്! എന്താണത്? റബ്ബിനെ ദർശിക്കലാണത്! സുന്ദരമായ വാന ഭൂമികളുടെ രക്ഷിതാവായ റബ്ബിന്റെ മുഖത്തിന്റെ സൗന്ദര്യം അവന്റെ സൽക്കാരത്തിനു വന്നവർക്കവൻ കാണിച്ചു കൊടുക്കും. എല്ലാം മറന്നു പോവുന്ന അനിർവചനീയ അനുഭവത്തിന്റെ നിമിഷം!
(وُجُوهࣱ یَوۡمَىِٕذࣲ نَّاضِرَةٌ.
(إِلَىٰ رَبِّهَا نَاظِرَةࣱ.
[കിയാമ : 22,23]
(അല്ലാഹു നമുക്കതിന വസരമേകട്ടെ!)
റബ്ബിന്റെ സൗന്ദര്യത്തേക്കാൾ മികച്ച തല്ല ഒന്നും! സ്വർഗം അവന്റെ സൃഷ്ടിയാണ ല്ലോ.

ഈ അനിർവചനീയ അനുഭവങ്ങളുടെ കലവറയായ ദാറുസ്സലാമിലെ സൽക്കാരത്തിനു നമുക്കു പോകണം.إن شاء الله ഒറ്റക്കല്ല ;കുടുംബത്തോടൊപ്പം. അതാണ് വേണ്ടത്.
കുറച്ച് ബുദ്ധിമുട്ടുണ്ടാവും. വഴി സുഖമമല്ല. പിശാച് വഴിമുടക്കാനുണ്ട്. ഈ ലോകം കണ്ട് വഞ്ചിതരാവരുത്. ഇതിൽ അവിടുത്തെതിനെ അപേക്ഷിച്ച് ഒന്നുമില്ല.
ഇസ്ലാമാണ് മാർഗം.
തക്വവയാണ് യാത്രക്കുള്ള ഇന്ധനം.
ക്ഷമ വേണ്ടി വരും. മഹാമാരിയെ തടുക്കാൻ ക്വാറന്റൈൻ ചെയ്യുന്നവരില്ലേ . ഒരു പാട് കാര്യങ്ങൾ അവർ ഒഴിവാക്കുന്നു.
വിശ്വാസി ഏതു സമയത്തും ക്വാറന്റൈനിലാണ്. പിശാച് എന്ന കാണാത്ത “വൈറസി “നെതിരെയാണവന്റെ പോരാട്ടം.

ദാറുസ്സലാമിലെ അവന്റെ സൽക്കാരത്തിൽ പങ്കു കൊള്ളാൻ അല്ലാഹു നമുക്കെല്ലാം തൗഫീഖ് നൽകട്ടെ! ആമീൻ

1 thought on “അല്ലാഹുവിന്റെ സൽക്കാരംഅബ്ദുൽ മാലിക് സലഫി”

Leave a Reply to Muhammed Ashfak P C Cancel reply