സല്‍മാനുല്‍ ഫാരിസി (റ) യുടെ ആത്മകഥ
(ഭാഗം: 2)
അങ്ങനെ ഞാന്‍ നസ്വീബിനിലെ പുരോഹിതന്റെ കൂടെ താമസമാരംഭിച്ചു. സിറിയയിലെയും മൗസ്വിലിലെയും പുരോഹിതന്മാരെപ്പോലെ അദ്ദേഹവും ശ്രേഷ്ഠനായിരുന്നു. ആ പുണ്യാളനോടൊപ്പം ഞാന്‍ കഴിച്ചുകൂട്ടി. എന്നാല്‍, ഏറെ കഴിഞ്ഞില്ല; മരണം അദ്ദേഹത്തെ തേടി വന്നിറങ്ങി. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു:
”ഗുരുവര്യരേ, മൗസ്വിലിലെ പുരോഹിതന്‍ കല്‍പിച്ചതനുസരിച്ചാണ് ഞാന്‍ താങ്കളുടെ അടുക്കലെത്തിയത്. ഞാന്‍ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്? എന്താണ് എന്നോട് കല്‍പിക്കുന്നത്?”
അദ്ദേഹം പറഞ്ഞു: ”മകനേ, അല്ലാഹുവാണെ സത്യം! നീ എത്തിച്ചേരുവാന്‍, നമ്മുടെ ആദര്‍ശമുള്ള ആരും അവശേഷിക്കുന്നതായി നാം അറിയില്ല അമ്മൂരിയ്യ ദേശത്തുള്ള ഒരു പുരോഹിതനൊഴികെ. നിനക്കിഷ്ടമാണെങ്കില്‍ അവിടം പ്രാപിക്കുക.”
അദ്ദേഹം മരണം വരിച്ച് മണ്‍മറഞ്ഞപ്പോള്‍ ഞാന്‍ അമ്മൂരിയ്യയിലെ പുരോഹിതന്റെ അടുക്കല്‍ ചെന്നു. ഞാന്‍ എന്റെ വിവരങ്ങള്‍ പറഞ്ഞു. നസ്വീബീനിലെ പുരോഹിതന്റെ വിവരങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
അദ്ദേഹം പറഞ്ഞു: ”എന്നോടൊത്ത് കഴിഞ്ഞോളൂ.”
സിറിയയിലെയും മൗസ്വിലിലെയും നസ്വീബീനിലെയും പുരോഹിതന്മാരെപ്പോലുള്ള ഒരു സന്മാര്‍ഗിയായിരുന്നു അദ്ദേഹവും. ഞാന്‍ അദ്ദേഹത്തോടൊപ്പം താമസമാരംഭിച്ചു. അവിടെവെച്ച് ഞാന്‍ സമ്പാദിക്കുവാന്‍ തുടങ്ങി. അങ്ങനെ ആടുകളും മാടുകളും എനിക്ക് സമ്പാദ്യമായി ഉണ്ടായി.
അങ്ങനെയിരിക്കെ മരണം അദ്ദേഹത്തേയും തേടിയെത്തി. മരണശയ്യയിലായ അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു:
”ഗുരുശ്രേഷ്ഠരേ, സിറിയ, മൗസ്വില്‍, നസ്വീബീന്‍, എന്നിവിടങ്ങളിലെ പുരോഹിതന്മാരുടെ ആജ്ഞാനുവര്‍ത്തിയായി ജീവിച്ച ഞാന്‍ അവസാനമായാണ് അങ്ങയുടെ അടുക്കലെത്തിയത്. ഇനി ഞാന്‍ ആരെ ആത്മീയ ഗുരുവാക്കുവാനാണ് താങ്കള്‍ നിര്‍ദേശിക്കുന്നത്? എന്താണ് എന്നോട് കല്‍പിക്കുന്നത്?”
”മകനേ, നീ എത്തിച്ചേരുവാന്‍ കല്‍പിക്കാവുന്ന ആരും ആദര്‍ശ ശുദ്ധരായി ഉള്ളത് ഞാന്‍ അറിയില്ല. എന്നാല്‍, ഇബ്‌റാഹീം പ്രവാചകന്റെ ഋജുമാര്‍ഗവുമായി, ഒരു പ്രവാചകന്റെ നിയോഗത്തിന് നാളുകളടുത്തിരിക്കുന്നു. അറബികളുടെ നാട്ടില്‍നിന്ന് അദ്ദേഹം പ്രവാചകനായി പുറപ്പെടും. കറുത്ത കല്ലുകള്‍ പാകപ്പെട്ട രണ്ട് കുന്നുകള്‍ക്കിടയില്‍ ഈത്തപ്പനകള്‍ വിളയുന്ന നാട്ടിലേക്ക് അദ്ദേഹം പലായനം ചെയ്ത് അഭയാര്‍ഥിയായി എത്തും. അദ്ദേഹത്തെ തിരിച്ചറിയുവാന്‍ വ്യക്തമായ ചില അടയാളങ്ങളുണ്ടായിരിക്കും. അദ്ദേഹം പാരിതോഷികം ഭക്ഷിക്കും. സ്വദക്വയായി കിട്ടുന്ന മുതല്‍ ഭക്ഷിക്കില്ല. അദ്ദേഹത്തിന്റെ ഇരുചുമലുകള്‍ക്കിടയില്‍ പ്രവാചകത്വ മുദ്രയുണ്ടായിരിക്കും. ആ നാട്ടിലേക്ക് എത്തിച്ചേരുവാന്‍ കഴിയുമെങ്കില്‍ അതിനുള്ള ശ്രമംനടത്തുക.”
അങ്ങനെ അദ്ദേഹവും മരിച്ച് മണ്‍മറഞ്ഞു. അമ്മൂരിയ്യ ദേശത്ത് ഞാന്‍ താമസിച്ചുകൊണ്ടിരിക്കെ, അറബികളിലെ കെല്‍ബ് ഗേത്രത്തില്‍ ഒരു വിഭാഗം കച്ചവടക്കാരായി അവിടെയെത്തി. ഞാന്‍ അവരോട് പറഞ്ഞു: ”അറബികളുടെ നാട്ടിലേക്ക് നിങ്ങള്‍ എന്നെ കൂടെക്കൂട്ടുക. പകരമായി എന്റെ ആടുകളെയും മാടുകളെയും ഞാന്‍ നിങ്ങള്‍ക്കു തരാം.”
അവര്‍ സമ്മതിച്ചു. ഞാന്‍ ആടുമാടുകളെ നല്‍കി. അവര്‍ എന്നെയുംകൊണ്ട് യാത്രയായി. വാദീ അല്‍ക്വുറാ എന്ന സ്ഥലത്തെത്തിയപ്പോള്‍ അവര്‍ എന്നോട് ക്രൂരത കാണിച്ചു; അഥവാ അവര്‍ എന്നെ ഒരു ജൂതന് അടിമയായി വിറ്റു. അയാളുടെ അടിമയായി ഞാന്‍ അയാളോടൊത്ത് കൂടി. അവിടെ ഞാന്‍ ഈത്തപ്പനകള്‍ കണ്ടു. വരാനിരിക്കുന്ന പ്രവാചകന്റെ ആഗമനഭൂമി ഇതായിരിക്കട്ടെ എന്ന് ഞാന്‍ കൊതിച്ചു. പക്ഷേ, അവിടം അതായിരുന്നില്ല. അടിമയായി ഞാന്‍ ജോലിചെയ്തുകൊണ്ടിരിക്കെ ഒരിക്കല്‍, മദീനയിലെ ജൂത ഗോത്രമായ ബനൂക്വുറയ്‌ളക്കാരില്‍പെട്ട യജമാനന്റെ പിതൃവ്യപുത്രന്‍ വന്നു. അയാള്‍ എന്നെ വിലയ്ക്ക് വാങ്ങി മദീനയിലേക്ക് കൊണ്ടുപോയി. അല്ലാഹുവാണേ, മദീന കണ്ടമാത്രയില്‍ അമ്മൂരിയ്യയിലെ പുരോഹിതന്‍ വര്‍ണിച്ചതെല്ലാം മനസ്സില്‍ തെളിഞ്ഞു. മദീനയെ ഞാന്‍ തിരിച്ചറിഞ്ഞു. ഞാന്‍ അവിടെ താമസവുമാക്കി.
അല്ലാഹു പ്രവാചകനെ നിയോഗിക്കുകയും അദ്ദേഹം മക്കയില്‍ വര്‍ഷങ്ങള്‍ കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു. അടിമവേലയുടെ തിരക്കില്‍ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഒന്നും കേട്ടതേയില്ല!
പിന്നീട് പ്രവാചകന ﷺ മദീനയിലേക്ക് പലായനം ചെയ്തു. അല്ലാഹുവാണേ, ഞാന്‍ ഈത്തപ്പന ത്തലപ്പിലിരുന്ന് ചില ജോലികള്‍ ചെയ്യുകയായിരുന്നു. യജമാനന്‍ താഴെയിരിക്കുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പിതൃവ്യപുത്രന്‍ വന്നുകൊണ്ട് പറഞ്ഞു:
”മദീനക്കാര്‍ക്ക് നാശം! കാരണം, അവര്‍ മക്കയില്‍നിന്നും ഇന്ന് ആഗതനായ ഒരു വ്യക്തിയുടെ ചുറ്റും കൂടിയിരിക്കുന്നു. ആഗതന്‍ പ്രവാചകനാണെന്ന് അവര്‍ വാദിക്കുകയും ചെയ്യുന്നു.”
അത് കേട്ടതോടെ എനിക്ക് വിറയല്‍ തുടങ്ങി. താഴെയിരിക്കുന്ന യജമാനന്റെ തലമുകളില്‍ വീണേക്കു മോ എന്നുപോലും ഞാന്‍ ഭയന്നു. ഞാന്‍ ഈത്തപ്പനയില്‍ നിന്ന് താഴെയിറങ്ങി.
യജമാനന്റെ ബന്ധുവോട് ഞാന്‍ ചോദിച്ചു: ”താങ്കള്‍ എന്താണ് പറയുന്നത്? താങ്കള്‍ എന്താണ് പറയുന്നത്?”
അതോടെ എന്റെ യജമാനന് അരിശംമൂത്തു. തന്റെ കൈചുരുട്ടി അയാള്‍ എന്നെ അതിശക്തമായി പ്രഹരിച്ചുകൊണ്ട് പറഞ്ഞു: ”ഇതില്‍ നിനെക്കെന്ത് കാര്യം? നീ നിന്റെ പണി ചെയ്യ്…”
ഞാന്‍ പറഞ്ഞു: ”ഒന്നുമില്ല. കാര്യം തിരക്കിയെന്നു മാത്രം!”
ഞാന്‍ ശേഖരിച്ച അല്‍പം ഭക്ഷണം എന്റെ കയ്യിലുണ്ടായിരുന്നു. വൈകുന്നേരമായപ്പോള്‍ ഞാന്‍ അതെടുത്ത് തിരുദൂതരുടെ അടുത്തേക്ക് പോയി. അദ്ദേഹം മദീനക്കടുത്ത ക്വുബാ എന്ന സ്ഥലത്തായിരുന്നു. അദ്ദേഹത്തിനരികിലേക്ക് പ്രവേശിച്ച് ഞാന്‍ പറഞ്ഞു:
”താങ്കള്‍ ഒരു നല്ല മനുഷ്യനാണെന്ന് എനിക്കറിയാം. താങ്കളുടെ കൂടെ അപരിചിതരും അത്യാവശ്യക്കാരുമായ അനുചരന്മാരുമുണ്ട്. എന്റെ അടുക്കല്‍ അല്‍പം ഭക്ഷണമുണ്ട്. അത് സ്വദക്വ (ദാനം) ചെയ്യുവാനുള്ളതാണ്. ആരെക്കാളും ഇതിന് അര്‍ഹര്‍ നിങ്ങളാണെന്നതിനാല്‍ ഞാന്‍ ഇത് അങ്ങയുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.”
പ്രവാചകന ﷺ അനുചരന്മാരോട് പറഞ്ഞു: ”നിങ്ങള്‍ ഭക്ഷിക്കുക.” അദ്ദേഹം ഭക്ഷിക്കാതെ കൈ വലിച്ചു. ഞാന്‍ മനസ്സില്‍ പറഞ്ഞു; ഇത് (വേദപണ്ഡിതന്‍ മൊഴിഞ്ഞ) ഒരു അടയാളമാണ്.
ഞാന്‍ മടങ്ങി. മറ്റൊരിക്കല്‍ അല്‍പം ഭക്ഷണം ശേഖരിച്ചു. അപ്പോഴേക്കും പ്രവാചകന ﷺ ക്വുബായില്‍നിന്ന് മദീനയിലേക്ക് താമസം മാറ്റിയിരുന്നു. ഞാന്‍ അവിടേക്ക് ചെന്നുകൊണ്ട് പറഞ്ഞു:
”ഞാന്‍ താങ്കള്‍ക്ക് സ്വദക്വ തന്നു. പക്ഷേ, താങ്കള്‍ അത് ഭക്ഷിച്ചില്ല. ഇത് പാരിതോഷികമാണ്. ഇത് നല്‍കി താങ്കളെ ഞാന്‍ ആദരിക്കുന്നു.”
തിരുദൂതര്‍ അതില്‍നിന്ന് ഭക്ഷിച്ചു. അദ്ദേഹത്തോടൊപ്പം അനുചരന്മാരും ഭക്ഷിച്ചു. ഞാന്‍ മനസ്സില്‍ പറഞ്ഞു; ഇത് (വേദ പണ്ഡിതന്‍ മൊഴിഞ്ഞ) രണ്ടാമത്തെ അടയാളമാണ്.
മറ്റൊരിക്കല്‍ ഞാന്‍ പ്രവാചകന്റെ ﷺ അടുക്കല്‍ ചെന്നു. അദ്ദേഹം ബക്വീഅ് ക്വബ്ര്‍സ്ഥാനില്‍ ഒരു അനുചരനെ മറമാടുന്ന ചടങ്ങിലായിരുന്നു. രണ്ട് പുതപ്പുകള്‍ ധരിച്ച് അദ്ദേഹം അനുചരന്മാരോടൊപ്പം ഇരിക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന് ചുറ്റും വട്ടമിട്ട് നടന്നു. വേദപണ്ഡിതന്‍ വര്‍ണിച്ച പ്രവാചകത്വമുദ്ര അദ്ദേഹത്തിന്റെ മുതുകിലുണ്ടോ എന്ന് പരതുകയായിരുന്നു ഞാന്‍. അദ്ദേഹത്തിന് ചുറ്റും വട്ടമിട്ട് നടന്ന് പരതുന്നത് കണ്ടപ്പോള്‍ എന്തോ ഉറപ്പുവരുത്തുകയാണെന്ന് പ്രവാചകന് ബോധ്യപ്പെട്ടു. അദ്ദേഹം തന്റെ പുതപ്പ് മുതുകില്‍ നിന്ന് നീക്കിയിട്ടു. ഞാന്‍ മുദ്ര കണ്ടു. എനിക്ക് അദ്ദേഹത്തെ മനസ്സിലായി. ഞാന്‍ അദ്ദേഹത്തിലേക്ക് കുനിഞ്ഞ് വീണു. അദ്ദേഹത്തെ ചുംബിച്ചു. എനിക്ക് കരച്ചിലടക്കാനായില്ല.
റസൂല ﷺ പറഞ്ഞു: ”അല്‍പം മാറിനില്‍ക്കൂ.”
ഞാന്‍ മാറിനിന്ന് എന്റെ കഥ പറഞ്ഞു. അനുചരന്മാര്‍ അത് കേള്‍ക്കണമെന്നതില്‍ റസൂല ﷺ ഏറെ താല്‍പര്യം കാണിക്കുകയുണ്ടായി.”
ഇസ്‌ലാമിന്റെ പുത്രനായി സല്‍മാന്‍(റ) ഏറെ നാളുകള്‍ ജീവിച്ചു. സത്യാന്വേഷണ തൃഷ്ണയായിരുന്നു അദ്ദേഹത്തില്‍ മികച്ചുനിന്ന സ്വഭാവമെന്ന് പരാമൃഷ്ട കഥ നമ്മോടോതുന്നു. വിശ്വാസ ദൃഢതയും വിജ്ഞാനവും കൈമുതലാക്കി ജീവിച്ച സല്‍മാന്‍(റ) തികഞ്ഞ വിനയവും വിരക്തിയുമുള്ള വ്യക്തിയായിരുന്നു. സല്‍മാന്‍(റ) രോഗബാധിതനായി മരണശയ്യയിലാണെന്നറിഞ്ഞപ്പോള്‍ സുഹൃത്തുക്കള്‍ സഅ്ദും(റ) ഇബ്‌നുമസ്ഊദും(റ) അദ്ദേഹത്തെ സന്ദര്‍ശിച്ചു. അപ്പോള്‍ സല്‍മാന്‍(റ) കണ്ണീരൊഴിക്കി. അവര്‍ ചോദിച്ചു:
”സല്‍മാന്‍ താങ്കള്‍ എന്തിനാണ് കരയുന്നത്?”
അദ്ദേഹം പറഞ്ഞു: ”ഭൗതിക ജീവിതത്തില്‍ നിങ്ങളുടെ സമ്പാദ്യം ഒരു പഥികന്റെ പാഥേയം കണക്കിന് മതിയെന്ന തിരുനബി ﷺ യുടെ നമ്മോടുള്ള വസ്വിയ്യത്ത് നാം പാലിച്ചുവോ എന്ന ആലോചനയാണ് എന്നെ കരയിപ്പിക്കുന്നത്.”
ഉസ്മാന്‍(റ)വിന്റെ ഖിലാഫത്തില്‍ മദാഇന്‍ ദേശത്ത് വെച്ചായിരുന്നു ഈ സംഭവം. മരണശേഷം അദ്ദേഹം അവശേഷിപ്പിച്ച സമ്പാദ്യം എണ്ണിത്തിട്ടപ്പെടുത്തി. ഇരുപത്തിമൂന്ന് ദിര്‍ഹം മാത്രമായിരുന്നു അത്.
അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക
മാഷാ അല്ലാഹ്
Awesome, Which companion is next
Eager to know
Awesome, Which companion is next
Eager to know
Masha Allah…jazakallahu khairan kaseerah…
Masha allah , awesome
Mashaallah
Masha Allah
…ما شاء الله…بارك الله
جزاك الله خير
Masha allah
بارك الله فيك…❣️
بارك الله فيكم….. ماشاء الله 👍