മാതാപിതാക്കളെ അനുസരിക്കുക

”മോനേ… ഫൈസലേ… യൂനിഫോം മാറ്റി വിശക്കുന്നതിന് വല്ലതും കഴിച്ച് ഒന്ന് കടയില്‍ പോയി വരണം. കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ട്” ഫൈസല്‍ സ്‌കൂള്‍ വിട്ട് വന്നയുടനെ ഉമ്മ പറഞ്ഞു.
അതുകേട്ടപ്പോള്‍ അവനാകെ ദേഷ്യം കയറി. ഭക്ഷണം കഴിച്ചയുടന്‍ ക്രിക്കറ്റ് കളിക്കാന്‍ ചെല്ലാമെന്ന് കൂട്ടുകാര്‍ക്ക് ഉറപ്പു കൊടുത്തതാണ്. ഇന്നലെ സലീമിന്റെ ടീം തന്റെ ടീമിനെ തോല്‍പിച്ചതാണ്. ഇന്ന് അവരെ തോല്‍പിച്ചേ അടങ്ങൂ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഒരു കടയില്‍ പോക്ക്. ഈ ഉമ്മാക്ക് വേറെ പണിയൊന്നുമില്ലേ?
”എന്നെക്കൊണ്ടാവില്ല കടയിലും കുടയിലുമൊക്കെ പോകാന്‍. ഞാന്‍ കളിക്കാന്‍ പോകുകയാണ്”- ഫൈസല്‍ ദേഷ്യത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു.
”കളിയൊക്കെ പിന്നെ. ഇപ്പോള്‍ കടയില്‍ പോയേ തീരൂ”- ഉമ്മ.
”എനിക്കിപ്പോള്‍ സൗകര്യമില്ല. കളി കഴിഞ്ഞിട്ട് സമയമുണ്ടെങ്കില്‍ പോകാം”- അവന്‍ തറപ്പിച്ചു പറഞ്ഞു.
”ഏതായാലും നീ വല്ലതും കഴിക്ക്”- കൂടുതല്‍ തര്‍ക്കിച്ചാല്‍ മകന്‍ ഭക്ഷണം കഴിക്കില്ല എന്നോര്‍ത്ത് സ്‌നേഹനിധിയായ ആ ഉമ്മ അനുനയരൂപത്തില്‍ പറഞ്ഞു.
ഭക്ഷണം വേഗത്തില്‍ വാരിവലിച്ചുതിന്ന് ഫൈസല്‍ കളിക്കാനായി ഇറങ്ങിയോടി. ഉമ്മയുടെ ‘മോനേ’ എന്ന വിളി കേള്‍ക്കാത്ത മട്ടില്‍ അവന്‍ കൂട്ടുകാരെ കൂക്കിവിളിച്ച് മുന്നോട്ടു കുതിച്ചു.
കളി തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞുകാണും. അന്നേരമാണ് അതു സംഭവിച്ചത്. ബോളിന്റെ പിന്നാലെ ഓടുകയായിരുന്ന ഫൈസല്‍ മറിഞ്ഞുവീണു. വീണിടത്തു കിടന്നുരുണ്ടു. എഴുന്നേല്‍ക്കാനുള്ള ശ്രമം വിഫലമായി. കൂട്ടുകാര്‍ ഓടിവന്ന് താങ്ങി എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു. കാലുകള്‍ നിലത്തുറക്കുന്നില്ല. ശക്തമായ വേദനയാല്‍ അവന്‍ വാവിട്ടു കരഞ്ഞു. കാലിന്റെ എല്ല് എവിടെയോ പൊട്ടിയിട്ടുണ്ട്. കളി അവസാനിപ്പിച്ച് എല്ലാവരും ഫൈസലിന്റെ ചുറ്റും കൂടി.
”എന്നെ വേഗം ആശുപത്രിയില്‍ കൊണ്ടുപോകണേ… എന്റെ കാലൊടിഞ്ഞേ…എന്റെ ഉമ്മാ….” കഠിനമായ വേദനയാല്‍ അവന്‍ എരിപൊരികൊണ്ടു.
ആ സമയത്താണ് നജീബ് മൗലവി അതുവഴി വന്നത്. കരച്ചില്‍ കേട്ട് അദ്ദേഹം കുട്ടികളുടെ അടുത്തേക്ക് ചെന്നു. ഫൈസലിന്റെ പരിക്ക് ചെറുതല്ലെന്ന് ബോധ്യമായപ്പോള്‍ ഒരു ഒാട്ടോറിക്ഷ വിളിച്ചുവരുത്തി നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തിച്ചതിനു ശേഷം ഫൈസലിന്റെ വീട്ടില്‍ വിവരമറിയിച്ചു. അവന്റെ ഉപ്പ ഗള്‍ഫിലാണ്. പിന്നെയുള്ളത് ജ്യേഷ്ഠനാണ്. അവന്‍ കോളേജ് വിട്ട് വരുമ്പോള്‍ സന്ധ്യയാകും. വിവരമറിഞ്ഞയുടന്‍ ഉമ്മ ആശുപത്രിയിലോടിയെത്തി.
”എന്റെ പൊന്നുമോനെന്തു പറ്റി….”- പൊട്ടിക്കരഞ്ഞുകൊണ്ടാണവര്‍ മകനെ സമീപിച്ചത്.
”പേടിക്കാനൊന്നുമില്ല. കാലിന്റെ എല്ലിന് ചെറിയ പൊട്ടുണ്ടോ എന്നു സംശയമുണ്ട്. എക്‌സ്‌റേ എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്”- നജീബ് മൗലവി ഉമ്മയെ ആശ്വസിപ്പിച്ചു.
ഉമ്മ ഫൈസലിന്റെ അരികത്തിരുന്നു. കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് അവനെ തലോടി.
”എന്റെ മോനേ… ഉമ്മ പറഞ്ഞതു കേള്‍ക്കാതെ മോന്‍ ഇറങ്ങി ഓടിയതല്ലേ….” അവര്‍ വിതുമ്പി.
അന്നു രാത്രി തന്നെ ഫൈസലിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു. പിറ്റേ ദിവസം ആശുപത്രി വിട്ടു. അവന്‍ വീട്ടില്‍ നടക്കാന്‍ വയ്യാതെ കിടപ്പിലായി. ഒന്നരമാസം ഈ കിടപ്പു കിടക്കണം. അതോര്‍ത്തപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു.
നജീബ് മൗലവി ഫൈസലിനെ കാണാന്‍ വന്നു. അവന്റെ അരികിലിരുന്ന് അവന്റെ രോഗശമനത്തിനായി പ്രാര്‍ഥിച്ച ശേഷം അദ്ദേഹം ചോദിച്ചു:
”ഉമ്മ പറഞ്ഞതു കേള്‍ക്കാതെ മോന്‍ ഇറങ്ങി ഓടിയതല്ലേ എന്ന് നിന്റെ ഉമ്മ ആശുപത്രിയില്‍ വെച്ച് നിന്നോട് ചോദിക്കുന്നത് കേട്ടു. അതു ശരിയാണോ?”
”ശരിയാണ്. കടയിലേക്ക് പോകാന്‍ പറഞ്ഞപ്പോള്‍ സൗകര്യമില്ലെന്നു പറഞ്ഞ് ഞാന്‍ ഇറങ്ങി ഓടിയതാണ്.”
”നീ അങ്ങനെ അനുസരക്കേട് കാട്ടിയിട്ടും നിന്റെ ഉമ്മ നിന്നോട് ദേഷ്യപ്പെടുകയോ നിന്നെ വെറുക്കുകയോ ചെയ്തിട്ടില്ല. നിനക്ക് അപകടം പറ്റി എന്നറിഞ്ഞപ്പോള്‍ ആശുപത്രിയിലേക്ക് അവര്‍ ഓടിവന്നു. ‘എന്റെ പൊന്നുമോനെന്തു പറ്റി’ എന്ന് പൊട്ടിക്കരച്ചിലോടെ ചോദിച്ചു. അങ്ങനെ ജീവനുതുല്യം നിന്നെ സ്‌നേഹിക്കുന്ന ഉമ്മയോട് അനുസരണക്കേടു കാണിച്ചത് ശരിയായില്ലെന്ന് നിനക്കിപ്പോള്‍ ബോധ്യമായോ? മാതാപിതാക്കളെ വെറുപ്പിച്ചാല്‍, അവരെ അനുസരിക്കാതിരുന്നാല്‍ അല്ലാഹുവിന്റെ കോപമുണ്ടാകും എന്നു നീ മദ്‌റസയില്‍നിന്ന് പഠിച്ചിട്ടില്ലേ?”
അതുകേട്ടപ്പോള്‍ അവന്‍ കണ്ണുകള്‍ ഇറുകിയടച്ചു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
താന്‍ അനുസരണക്കേടു കാണിച്ചിട്ടും ദേഷ്യപ്പെട്ടിട്ടും ഉമ്മാക്കെന്നോട് ദേഷ്യമില്ല. അവര്‍ തന്നെ അതിരറ്റു സ്‌നേഹിക്കുന്നുണ്ട്. പകരം താന്‍ സ്‌നേഹം കൊടുക്കുന്നില്ല- ഈ ചിന്തകള്‍ അവനെ ദുഃഖിതനാക്കി.
നജീബ് മൗലവി പറഞ്ഞു:
”മാതാപിതാക്കളോടുള്ള കടമയുടെ ഗൗരവം മോന്‍ മനസ്സിലാക്കണം. സൂറതുല്‍ ഇസ്‌റാഇലെ ഇതു സംബന്ധിച്ച ആയത്തുകള്‍ നീ കേട്ടിട്ടില്ലേ? അതില്‍ അല്ലാഹു പറഞ്ഞു: ”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോടു നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്ന് നീ പറയുകയും ചെയ്യുക.”
”ഈ ആയത്ത് ഞാന്‍ മദ്‌റസയില്‍നിന്ന് പഠിച്ചിട്ടുണ്ട്. പക്ഷേ, ഇതൊന്നും ഞാന്‍ ഓര്‍ക്കാറില്ല”- കണ്ണുനീര്‍ തുടച്ചുകൊണ്ട് ഫൈസല്‍ പറഞ്ഞു.
”മാതാവിനോടുള്ള കടപ്പാട് പ്രത്യേകം സൂചിപ്പിക്കുന്ന ഹദീസുകളുമുണ്ട്. ഒരിക്കല്‍ നബി(സ്വ)യുടെ അടുത്തു വന്ന് ഒരാള്‍ ചോദിച്ചു: ‘പ്രവാചകരേ, ഏറ്റവും നല്ല സഹവാസത്തിന് കടമപ്പെട്ടവര്‍ ആരാണ്?’. അവിടുന്ന് അരുളി: ‘നിന്റെ മാതാവ്’. ‘പിന്നീടാരാണ്?’. ‘നിന്റെ മാതാവ്’. ‘പിന്നീടാരാണ്?’. ‘നിന്റെ മാതാവ്’. പിന്നീടാരാണെന്ന് (നാലാംതവണ) തിരുമേനിയോട് ചോദിച്ചപ്പോള്‍ ‘നിന്റെ പിതാവ്’ എന്നു പറഞ്ഞു. ഇതില്‍നിന്നും മാതാവിനോടുള്ള കടമയുടെ ആഴം മനസ്സിലായല്ലോ.”
”എന്റെ തെറ്റുകള്‍ എനിക്ക് ബോധ്യമായിട്ടുണ്ട്. ഇനി ഞാന്‍ എന്റെ ഉമ്മയെ അനുസരിക്കാതിരിക്കില്ല. അവരോട് ഉച്ചത്തില്‍ സംസാരിക്കില്ല. ദേഷ്യപ്പെടില്ല”- ഉറച്ച തീരുമാനത്തോടെ ഫൈസല്‍ പറഞ്ഞു.
”വളരെ നല്ല തീരുമാനം. പടച്ചവന്‍ അനുഗ്രഹിക്കട്ടെ. ഞാന്‍ പോകുന്നു. അസ്സലാമു അലൈക്കും”-നജീബ് മൗലവി യാത്ര പറഞ്ഞിറങ്ങി.
ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക
പൊന്നുമോനെന്തു
പറ്റി’ എന്ന് ചോദിക്കുന്ന എത്ര വലിയ
മനസ്‌സാനവരുടേത്.
അള്ളാഹു ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
ഈ കഥ പിണങ്ങി നിൽക്കുന്ന മക്കൾ കേൾക്കണം. അവർക്ക് ഇത് പോലെ തെറ്റു തിരു ത്താൻ മനസ്സുവേണം.
ഇൻഷാ അല്ലാഹ്
എല്ല്ലാവരിലേക്കും എത്തിക്കാം.
അനിയനും അനിയത്തിക്കും ഇതിലെ
കഥകൾ പറഞ്ഞു കൊടുക്കരുണ്ട്.
പൊന്നുമോനെന്തു
പറ്റി’ എന്ന് ചോദിക്കുന്ന എത്ര വലിയ
മനസ്‌സാനവരുടേത്.
അള്ളാഹു ദീർഘായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ.
ഈ കഥ പിണങ്ങി നിൽക്കുന്ന മക്കൾ കേൾക്കണം. അവർക്ക് ഇത് പോലെ തെറ്റു തിരു ത്താൻ മനസ്സുവേണം.
അനിയനും അനിയത്തിക്കും ഇതിലെ
കഥകൾ പറഞ്ഞു കൊടുക്കരുണ്ട്.