ശിർക്കിന്റെ ചരിത്രം

ആദം(അ)ന്റെ കാലം കഴിഞ്ഞ് പത്ത് തലമുറകള്‍ പിന്നിട്ടപ്പോഴാണ് മാനവരാശിയില്‍ ബഹുദൈവത്വം കടന്നു വന്നത്. അതായത് വദ്ദ് എന്ന മഹാന്‍ മരണമടഞ്ഞപ്പോള്‍ അദ്ദേഹത്തോട് അങ്ങേയറ്റം ആദരവുണ്ടായിരുന്നവരില്‍ വിശ്വാസപരമായ ദൗര്‍ബല്യമുണ്ടായിരുന്ന ചിലരെ മനുഷ്യകുലത്തിന്റെ ശത്രുവായ പിശാചിന് സ്വാധീനിക്കാന്‍ കഴിഞ്ഞു. ഓര്‍ക്കാന്‍ വേണ്ടി ചിത്രങ്ങളുണ്ടാക്കി വെക്കാനാണ് സ്‌നേഹനിധിയായ ഒരു ഗുണകാംക്ഷിയുടെ മട്ടില്‍ പിശാച് ആദ്യമായി അവരില്‍ ദുര്‍ബോധനം നല്‍കിയത്. ചിലര്‍ അങ്ങനെ ചെയ്തു.

ചിലര്‍ ചിത്രങ്ങളുണ്ടാക്കുകയും ചിലര്‍ പ്രതിമകള്‍ നിര്‍മിക്കുകയും ചെയ്തു. അവര്‍ വദ്ദിനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയോ ആരാധിക്കുക യോ ചെയ്തിരുന്നില്ല. എന്നാല്‍ അടുത്ത തലമുറയിലെ ദുര്‍ബലരില്‍ മറ്റൊരു ദുര്‍ബോധനമാണ് പിശാച് നല്‍കിയത്. അതായത്, എത്രയോ രക്ഷിതാക്കള്‍ മരണപ്പെട്ടു പോയിട്ടുണ്ടെങ്കിലും വദ്ദിന്റെ മാത്രം ചിത്രങ്ങളും പ്രതിമകളും നാടു നീളെ സൂക്ഷിക്കപ്പെടാനുള്ള കാരണം അദ്ദേഹം റബ്ബിന്റെ അരികില്‍ ഉയര്‍ന്ന പദവി നേടിയ മഹാനായതു കൊണ്ടാണ്, പാപികളായ നിങ്ങള്‍ റബ്ബിനോട് നേരിട്ട് പ്രാര്‍ത്ഥന നടത്താതെ വദ്ദ് മുഖേന അവനിലേക്ക് അടുക്കുകയാണ് വേണ്ടതെന്നാണ് അവരെ ധരിപ്പിച്ചത്. അങ്ങനെ അവര്‍ വദ്ദിന്റെ ഖബ്റിങ്കൽ ഭജനമിരിക്കുകയും വദ്ദിനെ വിളിച്ചു തേടാന്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് സുവാഅ് യഗൂഥ്, യഊക്വ്, നസ്വ്‌റ് എന്നിവരുടെ കാര്യത്തിലും ഇതേ ചരിത്രം ആവര്‍ത്തിച്ചു. ഖബ്റാളികളുടെ പൊരുത്തത്തിനു വേണ്ടി നേര്‍ച്ചകളും വഴിപാടുകളും സുജൂദും പ്രാര്‍ത്ഥനകളുമൊക്കെ യഥേഷ്ടം നടമാടാന്‍ തുടങ്ങി. അര്‍ഹതയില്ലാത്തവര്‍ പൂജിക്കപ്പെടുകയും പ്രാ ര്‍ത്ഥിക്കപ്പെടുകയും ചെയ്തു. പൂജാരിമാരും പുരോ ഹിതന്മാരും ഇതിനെ വരുമാനത്തിനുള്ള നല്ലൊരു മേഖലയായി വളര്‍ത്തി.