മറഞ്ഞ കാര്യങ്ങളും സൃഷ്ടികളും

മഹാത്മാക്കളായ അമ്പിയാക്കൾക്കും ഔലിയാക്കൾക്കും അവരുദ്ദേശിക്കുമ്പോഴെല്ലാം, ജീവിതകാലത്തെന്നോ മരണശേഷമെന്നോ വ്യത്യാസമില്ലാതെ മറഞ്ഞ കാര്യങ്ങൾ (ഗൈബ്) അറിയാൻ സാധിക്കുമെന്നാണ് ഇന്ന് പലരും വിശ്വസിക്കുന്നത്.
ഒരു വിഭാഗം പണ്ഡിതന്മാർ വരെ അപ്രകാരം തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നഷ്ടപ്പെട്ട സാധനങ്ങൾ എവിടെ എന്നറിയാനും മറ്റുമായി മഖ്ബറകളിലേക്കും തങ്ങന്മാരുടെയും ബീവിമാരുടെയും അടുത്തേക്കും പോകുന്ന പതിവ് ഇന്ന് വ്യാപകമായി കാണാം. എന്നാൽ, ഈ വിശ്വാസം ഇസ്ലാമിക പ്രമാണങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. കാരണം, മറഞ്ഞ കാര്യങ്ങൾ അറിയുന്നവൻ അല്ലാഹു മാത്രമാണ്. അവന്റെ ഇഷ്ടദാസൻമാരായ അമ്പിയാക്കൾക്കുപോലും അവരുദ്ദേശിക്കുമ്പോഴെല്ലാം ഉദ്ദേശിക്കുന്ന കാര്യങ്ങളറിയാൻ സാധിക്കുകയില്ല.
വിശുദ്ധ ഖുർആൻ ഇക്കാര്യം അടിവരയിട്ട് സമർത്ഥിച്ചിട്ടുണ്ട്. ഹദീസുകളിലും ഇസ്ലാമിക ചരിത്രത്തിലും ഒട്ടനവധി സംഭവങ്ങളും അതിന് സാക്ഷിയാണ്.
ചില ഖുർആൻ വചനങ്ങൾ ശ്രദ്ധിക്കുക: (عالم الغيب و الشهادة فتعالی عما يشركون (المؤمنون: ۹۲) “ദൃശ്യവും അദ്യശ്യവും അറിയുന്നവൻ അല്ലാഹുവാണ്. അതിനാൽ (അതിൽ) അവർ പങ്കുചേർക്കുന്നതിൽ നിന്നും അവൻ അത്യുന്നതനായിരിക്കുന്നു.” (അൽ മുഅമിനൂൻൻ: 92)
അല്ലാഹു വീണ്ടും പറയുന്നു (قل لا يعلم من في السماوات والأرض الغيب إلا الله وما يشعرون أيان يبعثون (سورة النمل : 65 ) “പറയുക, അല്ലാഹുവല്ലാതെ, ആകാശഭൂമിയിലുള്ളവരാരും അദ്യശ്യകാര്യങ്ങൾ അറിയുകയില്ല. അവരെപ്പോഴാണ് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയന്ന് (പോലും) അവരറിയുകയില്ല.” (സൂറ:നംല്:65)
മുകളിലുദ്ധരിച്ച ആയത്തുകളിൽ നിന്നും മറഞ്ഞ കാര്യങ്ങൾ അല്ലാഹുവിന് മാത്രം അറിയുകയുള്ളൂ എന്നും സ്യഷ്ടികളിലാർക്കും അറിയില്ലന്നും വ്യക്തമാണ്. മാത്രമല്ല, അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരായ അമ്പിയാക്കൾക്കുപോലും അവരുദ്ദേശിക്കുമ്പോൾ മറഞ്ഞ കാര്യങ്ങളറിയില്ലെന്നും, എന്നാൽ വഹിയിലൂടെ അല്ലാഹു പ്രത്യേകം അറിയിച്ചു കൊടുത്താൽ മാത്രമേ അവർക്കു പോലും അറിയുകയുള്ളൂവെന്നും ഖുർആൻ വ്യക്തമാക്കുന്നു.
സ്യഷ്ടികളിൽ ഏറ്റവും ശക്തനായ മുഹമ്മദ് നബി(സ്വ)യോടു പോലും പ്രഖ്യാപിക്കാൻ അല്ലാഹു കൽപിക്കുന്നത് കാണുക:
قل لا أملك لنفسي نفعا ولا ضرا إلا ما شاء الله ولو كنت اعلم الغيب لأستكثرت من الخير ومامسني السواء (الأعراف: ۱۸۸) “പറയുക, അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ എനിക്കു തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ എനിക്ക് കഴിയില്ല. ഞാൻ മറഞ്ഞ കാര്യങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഒരുപാട് നന്മകൾ സമ്പാദിക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു.” (സൂറ:അഅറാഫ് -188)
അപ്പോൾ ലോകം കണ്ട ഏറ്റവും ശ്രേഷ്ഠനായ മനുഷ്യൻ സാക്ഷാൽ മുഹമ്മദ് നബി(സ്വ)ക്ക് പോലും മറഞ്ഞ കാര്യങ്ങറിയില്ലെന്ന് ഈ വചനം വ്യക്തമാക്കുന്നു.
“ഞാൻ അദ്യശ്യ കാര്യങ്ങളറിഞ്ഞിരുന്നെങ്കിൽ ഒരുപാട് നന്മകൾ സമ്പാദിച്ചു വെക്കുമായിരുന്നു, തിന്മ എന്നെ ബാധിക്കുകയില്ലായിരുന്നു” എന്ന പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. കാരണം, നബി (സ്വ) ജീവിതത്തിൽ ഒരുപാട് വിപത്തുകളും പ്രയാസങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ട്.
(ഉദാ:- ഉഹ്ദിൽ ശത്രുക്കൾ കുഴിച്ച ചതിക്കുഴിയിൽ വീണ് പല്ല് പൊട്ടിയത്!, ത്വാഇഫിൽ നിന്ന് സ്വന്തം കുടുംബാംഗങ്ങൾ എറിഞ്ഞാട്ടിയത്!, ഭാര്യയെ കുറിച്ചുള്ള വ്യഭിചാര കുറ്റാരോപണത്തിന്റെ സത്യാവസ്ഥയറിയാതെ ആഴ്ചകളോം വിഷമിച്ചത്)
ഇങ്ങനെ നബി(സ)ക്ക് ധാരാളം പ്രയാസങ്ങൾ ഏൽക്കേണ്ടി വന്നതെല്ലാം മറഞ്ഞ കാര്യങ്ങളറിയാത്തതു കൊണ്ടായിരുന്നല്ലോ! എന്നാൽ അപൂർവ്വം ചില സന്ദർഭങ്ങളിൽ നബി(സ) മറഞ്ഞ കാര്യങ്ങൾ പറഞ്ഞതായി ഹദീസുകളിൽ കാണാം. അത് അല്ലാഹു പ്രത്യേകം വഹ്യിലൂടെ അറിയിച്ച് കൊടുക്കുന്നത് മാത്രമാണ്. അതുപോലും അവിടുന്ന് ഉദ്ദേശിക്കുമ്പോഴോ ആഗ്രഹിക്കുമ്പോഴോ അല്ല. അല്ലാഹു ഉദ്ദേശിക്കുമ്പോൾ മാത്രമാണ്. മാത്രമല്ല, മുഴുവൻ പ്രവാചകൻമാർക്കും അദൃശ്യമറിയില്ലെന്ന് അവർ തന്നെ സമ്മതിക്കുന്നതും ഖുർആൻ തന്നെ ഉദ്ധരിച്ചിട്ടുണ്ട്, (സൂറഃ മാഇദ-109).
ചുരുക്കത്തിൽ, മരിച്ചുപോയവരോ ജീവിച്ചിരിക്കുന്നവരോ ആയ ആർക്കും, അവരെത്ര വലിയ മഹാന്മാരാണെങ്കിലും ഇഷ്ട്ടനുസരണം മറഞ്ഞ കാര്യങ്ങളറിയില്ലെന്നും, ഇതിനെതിരായി മഹാന്മാരായ ഔലിയാക്കന്മാർക്കും മഖ്ബറകളിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാത്മാക്കൾക്കും ജീവിച്ചിരിക്കുന്ന തങ്ങന്മാർക്കും ബീവിമാർക്കുമെല്ലാം മറഞ്ഞ കാര്യങ്ങളും മനസ്സിലുള്ള അറിയാൻ സാധിക്കുമെന്ന വിശ്വാസം ഇസ്ലാമിക പ്രമാണങ്ങൾക്കും ഇസ്ലാമിന്റെ തൗഹീദിനും എതിരാണെന്നും, ശിർക്കിലേക്കും അതുവഴി നരകത്തിലേക്കുമാണ് നമ്മെ എത്തിക്കുക എന്നും ഗൗരവപൂർവ്വം നാം തിരിച്ചറിയുക.

നേർച്ച – വഴിപാടുകൾ
അനുവദനീയമായതും സുന്നത്തായതുമായ കാര്യങ്ങൾ നിർബന്ധമായും ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കലാണ് നേർച്ച.
പ്രാർത്ഥനപോലെ തന്നെ അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ടതും അവന്റെ പ്രീതിക്കുവേണ്ടി മാത്രം നിർവ്വഹിക്കാൻ പാടുള്ളതുമായ ഒരു ആരാധനാ കർമ്മമാണത്. അതുകൊണ്ടുതന്നെ നേർച്ച അല്ലാഹുവിന്റെ പേരിൽ മാത്രമായിരിക്കണമെന്നും, അവനോടുള്ള, അടുപത്തിനായിരിക്കണമെന്നും അവൻ കൽപ്പിച്ച പുണ്യകർമ്മങ്ങളുടെ വിഷയത്തിൽ മാത്രമായിരിക്കണമെന്നും ഇസ്ലാമിന് നിർബന്ധമുണ്ട്. മാത്രമല്ല, നേർച്ചക്ക് ഖബറുമായി യാതൊരു ബന്ധവുമില്ല.
എന്നാൽ, ഇന്ന് മുസ്ലിംകൾക്കിടയിൽ നടന്നുവരുന്ന പല തരം നേർച്ചകളുമുണ്ട്. ഏതെങ്കിലും ഒരു വലിയിന്റെ പ്രീതിയും സാമീപ്യവും ലഭിക്കാനും തന്റെ ഉദ്ധിഷ്ട കാര്യം ശരിപ്പെടുത്തിത്തരാൻ വേണ്ടിയും കാലികളേയും കോഴികളേയും അവരുടെ പേരിൽ നേർച്ചയാക്കുന്ന സമ്പ്രദായം, എണ്ണയും തിരിയും തുണിയുമെല്ലാം ജാറങ്ങളിലേക്ക് നേർച്ചയാക്കുന്ന സമ്പ്രദായം. ഇത്തരം നേർച്ചകൾ ജാഹിലിയ്യാ സമ്പ്രദായവും ശിർക്കുമാണ്.
ഖുർആനിലോ നബിചര്യയിലോ സച്ചരിതരായ മുൻഗാമികളുടെ ജീവിതത്തിലോ ഈ രൂപത്തിലുള്ള നേർച്ചകൾക്ക് തെളിവുകൾ കാണാൻ സാധിക്കുകയില്ല. ഖബറാളികൾക്കുവേണ്ടി അവരുടെ പൊരുത്തവും സാമീപ്യവും ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന നേർച്ചകൾ ഒരു നിലക്കും സ്വീകാര്യമല്ല.
ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതനായി ഇബ്നുഹജറുൽ ഹൈതമി രേഖപ്പെടുത്തുന്നു:
وإن قصد بهذا النذر التقرب لمن في القبر بطل. لأن التقرب إنما یتقرب بها إلى الله تعالى لا إلى خلقه (فتاوی الكبری ٤- ۲۸٦)
”ഖബറിൽ കിടക്കുന്നവന്റെ സാമീപ്യമാണ് നേർച്ചകൊണ്ട് ഉദ്ദേശിച്ചതെങ്കിൽ ആ നേർച്ച നിഷ്ഫലമാണ്, എന്തുകൊണ്ടെന്നാൽ സൽകർമ്മം കൊണ്ട് അല്ലാഹുവിന്റെ സാമീപ്യം മാത്രമേ ഉദ്ദേശിക്കാൻ പാടുള്ളൂ. അവൻ തേടേണ്ടത് അല്ലാഹുവിന്റെ സൃഷ്ടിളുടെ സാമീപ്യമല്ല.” (ഫതാവൽ കുബ്റാ- 4/286)
أن الناذر إن قصد تعظيم البفعة أو القبر أو التقرب إلى من دفن فيها أو من تنسب إليه وهو الغالب من العامة لأنهم يعتقدون أن لهذه الأماكن خصوصيات لأنفسهم ويرون أن التذرلها مما يندفع به البلاء فلا يصح النذر في صورة من هذه الصور لأنه لم يقصد به التقرب إلى الله تعالی ( فتوى کبری – ۲٦۸ )
“നേർച്ച ചെയ്യുന്നവൻ ഒരു സ്ഥലത്തെ ബഹുമാനിക്കുവാനോ, അല്ലെങ്കിൽ ഖബറിന്റേയോ ഖബറാളിയുടേയോ ആ ഖബറാളിയിലേക്ക് ചേർക്കപ്പെടുന്നവരുടേയോ സാമീപ്യം ലഭിക്കുവാനോ ആഗ്രഹിക്കുകയാണെങ്കിൽ, സാധാരണക്കാരുടെ മിക്ക നേർച്ചയും ഇങ്ങനെയാണല്ലോ. അവർ വിചാരിക്കുന്നത് ആ നേർച്ച സ്ഥലങ്ങൾക്ക് ചില പ്രത്യേകതകളുണ്ടെന്നും അവിടേക്കുള്ള നേർച്ച ആപത്തിനെ തടുക്കുമെന്നുമാണ് . ഈ തരത്തിലുള്ള ഒരു നേർച്ചയും സ്വീകാര്യമാവുകയില്ല. കാരണം ഈ നേർച്ചകൾ കൊണ്ട് അല്ലാഹുവിന്റെ സാമീപ്യമല്ല അവരുദ്ദേശിക്കുന്നത്.” (ഫതാവൽ കുബ്റാ – 4/268)

അപ്പോൾ അല്ലാഹുവിന്റെ പേരിൽ (അവന്റെ പ്രീതിക്കുവേണ്ടി) മാത്രമെ നേർച്ച നേരാനും ചെയ്യാനും പാടുള്ളൂ. അതിനപ്പുറം ഇന്ന് നമ്മുടെ നാട്ടിൽ കാണുന്ന, ജാറങ്ങളിലേക്കും മഖാമുകളിലേക്കും നേർച്ചപ്പെട്ടികളിലേക്കെല്ലാം പണമോ ആഭരണമോ മറ്റെന്തെങ്കിലും സാധനങ്ങളോ നേർച്ചയാക്കുന്ന സമ്പ്രദായം ഒരു നിലയ്ക്കും അംഗീകരിക്കുന്നില്ലെന്നും, അതിലൂടെ അല്ലാഹുവിന്റെ പ്രീതിക്കുപകരം വലിയ്യിന്റെയും ശൈഖിന്റെയും പ്രീതിയാണ് ഉദ്ദേശിക്കുന്നതെന്നും, അതിനാൽ അത് ശിർക്കിലേക്കും ഹറാമിലേക്കുമാണ് നയിക്കുന്നതെന്നും, അത്തരം നേർച്ച സാധനങ്ങൾ ഭക്ഷിക്കാൻ പാടില്ലെന്നും ഇസ്ലാം പഠിപ്പിക്കുന്നു.