ആദം നബി (അ) - 06

ആദ്യത്തെ കൊലപാതകം!
ഭീഷണിപ്പെടുത്തപ്പെട്ടവന്‍ മറ്റവനോട് നീ എന്നെ കൊന്നാല്‍ അതിന്റെ പാപ ഭാരവും നീ വഹിക്കേണ്ടിവരും എന്നെല്ലാം ഉപദേശിച്ചിട്ടും അവന്‍ അതില്‍ നിന്ന് പിന്മാറാന്‍ തായ്യാറായില്ല.
”എന്നിട്ട് തന്റെ സഹോദരനെ കൊല്ലുവാന്‍ അവന്റെ മനസ്സ് അവന്ന് പ്രേരണ നല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി. അതിനാല്‍ അവന്‍ നഷ്ടകാരില്‍ പെട്ടവനായിത്തീര്‍ന്നു” (5:30).
ലോകത്ത് ആദ്യമായി നടന്ന കൊലപാതകം! അന്യായമായ കൊലപാതകം! അത് സംഭവിച്ചു… മൃത ശരീരം എന്തുചെയ്യണം എന്നറിയാതെ ക്വാബീല്‍ നോക്കി നില്‍ക്കുന്നു. അവിടെ മറ്റൊരു അത്ഭുതം ഉണ്ടായി. അതാണ് തുടര്‍ന്ന് അല്ലാഹു പറയുന്നത്.
അപ്പോള്‍ തന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യേണ്ടത് എങ്ങനെയെന്ന് അവന്ന് കാണിച്ചു കൊടുക്കുവാനായി നിലത്ത് മാന്തി കുഴിയുണ്ടാക്കുന്ന ഒരു കാക്കയെ അല്ലാഹു അയച്ചു. അവന്‍ പറഞ്ഞു: ”എന്തൊരു കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ. അങ്ങനെ അവന്‍ ഖേദക്കാരുടെ കൂട്ടത്തിലായിത്തീര്‍ന്നു” (5:31).
ഒരാള്‍ മരണപ്പെട്ടാല്‍ ആ മൃതശരീരം എന്ത് ചെയ്യണം എന്ന് കൂടി ഇതിലൂടെ അല്ലാഹു പില്‍ക്കാലക്കാരെ പഠിപ്പിക്കുകയാണ്. മൃതശരീരം മണ്ണില്‍ തന്നെ മറവ് ചെയ്യലാണ് ഇസ്‌ലാമിക സംസ്‌കാരം. ഭൂമി ജീവനുള്ളവര്‍ക്ക് മാത്രമുള്ളതല്ലെന്നും മരണപ്പെട്ടവര്‍ക്കുകൂടിയാണെന്നും ക്വുര്‍ആന്‍ പറഞ്ഞിട്ടുണ്ട്.
”ഭൂമിയെ നാം മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും ഉള്‍കൊള്ളുന്നതാക്കിയിട്ടില്ലേ” (77:25,26). ജീവിച്ചിരിക്കുന്നവര്‍ക്ക് ഭൂമിയുടെ മുകള്‍ ഭാഗവും മരണപ്പെട്ടവര്‍ക്ക് ഭൂമിയുടെ താഴ്ഭാഗവും അല്ലാഹു നിശ്ചയിച്ചു.
മൃതശരീരം കത്തിക്കലോ മറ്റു വല്ലതിനും തിന്നാന്‍ കൊടുക്കലോ അല്ല ചെയ്യേണ്ടത്. അതുപോലെ മനുഷ്യന്റെ മൃതശരീരം നജസല്ല എന്നും പഠിപ്പിക്കുന്നു. മൃതശരീരം പവിത്രമാണെന്നും അത് കുളിപ്പിക്കുകയും അതിനെ പൂര്‍ണമായി മൂടുന്ന രൂപത്തില്‍ പൊതിയുകയും ചെയ്യണമെന്നുമെല്ലാം ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നു. ഇഹ്‌റാമിലായിട്ടുള്ളവരുടേത് ഇതില്‍ നിന്ന് ഒഴിവാണ്. അവരെ ആ വസ്ത്രത്തില്‍ തന്നെയാണ് കഫന്‍ ചെയ്യേണ്ടത്. ഇഹ്‌റാമില്‍ പ്രവേശിച്ച സ്ത്രീയാണെങ്കില്‍ മുഖവും മുന്‍കയ്യും ഒഴികെയാണല്ലോ വസ്ത്രം ധരിക്കേണ്ടത്. അങ്ങനെ തന്നെയാണ് അവരെ കഫന്‍ ചെയ്യേണ്ടതും.
സ്വന്തം സഹോദരനെ വധിക്കാന്‍ മാത്രം അവനെ എത്തിച്ച ദുഃസ്വഭാവം എന്തായിരുന്നു? അതാണ് അസൂയ! അല്ലാഹുവിനോടുള്ള അനുസരണക്കേടിന് ആകാശവും ഭൂമിയും സാക്ഷ്യം വഹിച്ചത് അസൂയ നിമിത്തമായിരുന്നു. ആദമിന് സുജൂദ് ചെയ്യുന്നതില്‍നിന്ന് ഇബ്‌ലീസിനെ തടഞ്ഞതും സ്വന്തം സഹോദരനെ കൊന്നുകളയാന്‍ ക്വാബീലിനെ പ്രേരിപ്പിച്ചതും അസൂയയാണ്. യൂസുഫ്(അ)ന്റെ ചരിത്രത്തിലും സമാനമായ പ്രവര്‍ത്തനം കാണാം. യൂസുഫ്(അ)നെ സഹോദരങ്ങള്‍ പൊട്ടക്കിണറ്റില്‍ തള്ളിയതും അസൂയ നിമിത്തമായിരുന്നു.
മനുഷ്യന്റെ ഹൃദയത്തില്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത അസൂയ മാരകമായ പ്രത്യാഘാതങ്ങള്‍ ഉടലെടുക്കുന്നതിന് കാരണമാകുന്ന പൈശാചിക സ്വഭാവമാണ്. ഇതില്‍ നിന്ന് രക്ഷ പ്രാപിക്കാന്‍ അല്ലാഹുവില്‍ കാവല്‍ തേടാന്‍ നാം കല്‍പിക്കപ്പട്ടിട്ടുണ്ട്. സൂറത്തുല്‍ ഫലക്വിന്റെ അവസാന വചനം അതാണ് ലക്ഷ്യം പഠിപ്പിക്കുന്നത്: ”അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍ നിന്നും (ഞാന്‍ നിന്നോട് അഭയം ചോദിക്കുന്നു).”
അസൂയ വന്നാല്‍ അവിടെ ഈമാന്‍ നിലനില്‍ക്കില്ല. അസൂയയായിരുന്നല്ലോ ജൂത-ക്രൈസ്തവര്‍ക്ക് മുഹമ്മദ് നബി(സ്വ)യില്‍ അവിശ്വസിക്കാന്‍ കാരണമായത്. തൗറാത്തിലും ഇഞ്ചീലിലും മുഹമ്മദ് നബിയെ കുറിച്ചും അവിടുത്തെ അനുയായികളുടെ പ്രത്യേകതകളെ കുറിച്ചും വിവരിച്ചിട്ടും അവര്‍ അദ്ദേഹത്തില്‍ അവിശ്വസിച്ചു, കാരണം അസൂയ തന്നെ. അതുണ്ടായാല്‍ ആ ഹൃദയത്തില്‍ ഈമാന്‍ പ്രകടമാകില്ല. കാരണം ഈമാന്‍ അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന അനുഗ്രഹമാണെങ്കില്‍ അസൂയ പിശാചില്‍ നിന്നും വരുന്നതാണ്. അവ രണ്ടും ഒരുമിച്ച് നമ്മില്‍ നില്‍ക്കില്ല. നബി(സ്വ) തന്നെ ഇക്കാര്യം നമ്മെ അറിയിച്ചിട്ടുണ്ട്: ”ഒരു അടിമയുടെ (ഹൃദയത്തിന്റെ) ഉള്ളില്‍ ഈമാനും അസൂയയും സംഗമിക്കുകയില്ല” (ഇബ്‌നു ഹിബ്ബാന്‍).
ഒരാളില്‍ വല്ല അനുഗ്രഹവും കാണുമ്പോള്‍ അത് നീങ്ങിക്കാണുവാന്‍ ആഗ്രഹിക്കുന്നതാണല്ലോ അസൂയ. ഇത് വിശ്വാസികള്‍ക്ക് ഉണ്ടാകാന്‍ പാടില്ല. നമ്മുടെ ഈമാനിന്റെ പൂര്‍ത്തീകരണം നടക്കുന്നത് തന്നെ താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുമ്പോഴാണ്. നബി(സ്വ) പറഞ്ഞു: ”താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളില്‍ ഒരാളും (യഥാര്‍ഥ) വിശ്വാസിയാവുകയില്ല” (ബുഖാരി).
അല്ലാഹു നമുക്കെല്ലാം വ്യത്യസ്തമായ അനുഗ്രഹങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിനെല്ലാം അസൂയവെക്കുന്നവരും ഉണ്ടാകും. അതിനാല്‍ അവരുടെ അസൂയയുടെ കെടുതിയില്‍ നിന്ന് എപ്പോഴും അല്ലാഹുവില്‍ കാവല്‍ തേടേണ്ടതുണ്ട്.
അസൂയവെക്കുന്നതിനെ നബി(സ്വ) വിരോധിച്ചിട്ടുണ്ട്. അനസ്(റ)വില്‍ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ”നിങ്ങള്‍ അനേ്യാന്യം കോപിക്കരുത്, അസുയപ്പെടരുത്, പരസ്പരം അവഗണിക്കരുത്. അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങള്‍ സഹോദരന്മാരായി വര്‍ത്തിക്കുവിന്‍. ഒരു മുസ്‌ലിമിന് തന്റെ സഹോദരനെ മൂന്നു ദിവസത്തില്‍ കൂടുതല്‍ വെടിഞ്ഞിരിക്കുക (പിണങ്ങിയിരിക്കുക) പാടുള്ളതല്ല”(ബുഖാരി).
ആര്‍ക്കെങ്കിലും അല്ലാഹു വല്ല അനുഗ്രഹവും നല്‍കിയാല്‍ അതില്‍ അസൂയപ്പെടുകയല്ല വേണ്ടത്. ഇസ്മാഈല്‍ നബി(അ)യുടെ പരമ്പരയില്‍ പെട്ട മുഹമ്മദിന്(സ്വ) അല്ലാഹു പ്രവാചകത്വം നല്‍കി എന്നതായിരുന്നല്ലോ പ്രവാചകനില്‍ വിശ്വസിക്കാതിരിക്കാന്‍ ജൂത-ക്രൈസതവര്‍ക്ക് കാരണമായത്. ഈ അസൂയയെ അല്ലാഹു ചോദ്യം ചെയ്യുന്നത് ഇപ്രകാരമാണ്.
”അതല്ല, അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് മറ്റു മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്റെ പേരില്‍ അസൂയപ്പെടുകയാണോ”(4:54).
അല്ലാഹു മറ്റുള്ളവര്‍ക്ക് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങളില്‍ അസൂയ കാണിച്ച് മനസ്സ് അസ്വസ്ഥമാകുന്നവരുടെയും അതിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്നവരുടെയും എണ്ണം നാള്‍ക്കുനാള്‍ പെരുകി വരുന്നു. കൊച്ചു കുരുന്നുകളില്‍ തുടങ്ങി നരബാധിച്ചവര്‍ വരെ ഇതിന്ന് കീഴ്‌പെട്ടിരിക്കുകയാണ്. സന്തോഷമുള്ള ദാമ്പത്യജീവിതത്തില്‍ വിള്ളലുണ്ടാക്കുന്നവര്‍, അയല്‍വാസിയുടെ സൗകര്യം കണ്ട് കണ്ണിന് തിമിരം ബാധിച്ചവര്‍, വോട്ടുകളുടെ എണ്ണം കുറക്കാനായി എതിരാളികള്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങ് വെക്കുന്നവര്‍, എന്തിനേറെ മതവിജ്ഞാനം കരസ്ഥമാക്കിയവരായ പണ്ഡിതന്മാരില്‍ പോലും വിവരത്തിന്റെയും ആത്മാര്‍ഥതയുടെയും പേരില്‍ അസൂയ കാണിക്കുന്നവരും ജനങ്ങള്‍ക്കിടയില്‍ കുഴപ്പം ഉണ്ടാക്കുന്നവരുമുണ്ട്. സൂക്ഷിക്കുക! ഇത് നമ്മുടെ ധാര്‍മിക ജീവിതത്തില്‍ വിള്ളലുണ്ടാക്കുന്ന പൈശാചിക സ്വഭാവമാണ്. നബി(സ്വ) പറഞ്ഞു:
”നിങ്ങളുടെ മുന്‍ഗാമികളുടെ രോഗം നിങ്ങളിലേക്കും അരിച്ച് കയറും; അസൂയയും വിദ്വേഷവും (ആകുന്നു അവ). അവ മുണ്ഡനം ചെയ്യുന്നവയാണ്. അവ തലമുടിയെയാണ് മുണ്ഡനം ചെയ്യുന്നതെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, അവ മതത്തെയാണ് നീക്കം ചെയ്യുക” (തിര്‍മിദി).
അസൂയ വെക്കാന്‍ കാരണം അല്ലാഹുവിന്റെ തീരുമാനത്തില്‍ അതൃപ്തിയുള്ളതാണല്ലോ. അല്ലെങ്കില്‍ എന്തിന് ഒരാള്‍ക്ക് നല്‍കപ്പെട്ട അനുഗ്രഹത്തില്‍ മറ്റുള്ളവര്‍ അതൃപ്തി കാണിക്കണം? ഒരു കവിയുടെ വാചകം കാണുക:
”അറിയുക, നിന്നോട് അസൂയ കാണിക്കുന്നവനോട് നീ പറയണം: ആരോടാണ് നീ മോശമായ മര്യാദ കാണിക്കുന്നതെന്ന് നിനക്ക് അറിയുമോ? അല്ലാഹുവിന്റെ വിധിയെ നീ മോശമായി കാണുന്നുവല്ലേ? അവന്‍ എനിക്ക് നല്‍കിയതില്‍ തീര്‍ച്ചയായും നീ തൃപ്തി കാണിക്കുന്നുമില്ലല്ലോ. അല്ലാഹു എനിക്ക് (അവന്റെ അനുഗ്രഹങ്ങള്‍) വര്‍ധിപ്പിച്ച് തന്നതിലൂടെ എന്റെ റബ്ബ് നിന്നെ വല്ലാതെ നിന്ദ്യനാക്കിയിരിക്കുന്നു. നീ(അനുഗ്രഹങ്ങള്‍) തേടുന്ന മാര്‍ഗങ്ങളെല്ലാം നിന്റെ മേല്‍ അടക്കപ്പെടുകയും ചെയ്തിരിക്കുന്നു.”
അസൂയയുടെ പരിണിതഫലം എന്തെന്ന് വിവരിക്കുകയാണ് കവി ഈ വരികളിലൂടെ ചെയ്യുന്നത്.
ആദം (അ)യെയും ഹവ്വാ(റ)യെയും ബന്ധപ്പെട്ട് ഒരു തെറ്റായ കാര്യം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിന് താഴെയുള്ള വചനമാണ് ഉപയോഗപ്പെടുത്തുന്നത്.
”ഒരൊറ്റ ദേഹത്തില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെയും അവനുണ്ടാക്കി. അവളോടൊത്ത് അവന്‍ സമാധാനമടയുവാന്‍ വേണ്ടി. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുവായ ഒരു (ഗര്‍ഭ)ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു. തുടര്‍ന്ന് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍ അവരിരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട് പ്രാര്‍ഥിച്ചു: ഞങ്ങള്‍ക്ക് നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. അങ്ങനെ അവന്‍(അല്ലാഹു) അവര്‍ക്കൊരു നല്ല സന്താനത്തെ നല്‍കിയപ്പോള്‍ അവര്‍ക്കവന്‍ നല്‍കിയതില്‍ അവര്‍ അവന്ന് പങ്കുകാരെ ഏര്‍പ്പെടുത്തി. എന്നാല്‍ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഉന്നതനായിരിക്കുന്നു” (7:189,190).
അല്ലാഹുവാണ് നമുക്ക് സന്താനങ്ങളെ പ്രദാനം ചെയ്യുന്നവന്‍. പലരും സന്താനങ്ങള്‍ക്കായി പ്രാര്‍ഥിക്കുകയും പ്രാര്‍ഥനക്ക് ഉത്തരം നല്‍കപ്പെട്ടാല്‍ കുട്ടിയെ ബഹുദൈവാരാധനയുടെ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി ശിര്‍ക്കായ പലതും കുട്ടിക്ക് വേണ്ടി ചെയ്യുന്നു. സന്താനത്തെ നല്‍കിയ അല്ലാഹുവിനോട് നന്ദി കാണിക്കേണ്ടതിന് പകരം അല്ലാഹുവേതര സൃഷ്ടികളിലേക്ക് അവ സമര്‍പ്പിക്കുന്നു. ഇതാണ് ഈ സൂക്തത്തില്‍ പറഞ്ഞതിന്റെ ആശയം.
ഹുസൈന്‍ സലഫി
നേർപഥം വാരിക
…جزاك الله خيرا
…الحمدلله
മുഴുവനായും വായിക്കാൻ കഴിഞ്ഞു…. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ… ആമീൻ യാ റബ്ബ്…🤲
⭐️ഇദ്രീസ് നബി (അ)യുടെ ചരിത്രവും ഇത് പോലെ ഞങ്ങളിൽ എത്തിക്കുമെന്ന പ്രതീക്ഷയോടെ…
വിഷയം : ഇദ്രീസ് നബി (അ)
ഹുസൈന്‍ സലഫി
📄 Read in Zameel ⬇
https://zameelapp.com/applink/index.php?os=a&t=3&i=1337&sc=265&f=0&ln=en
Zameel Online Library
السلام عليكم ورحمة الله وبركاته
ഒരുപാട് നാളുകളായി ശരിയായ ചരിത്രങ്ങൾ വായിക്കാൻ ആഗ്രഹിക്കുന്നു. അൽ ഹംദുലില്ല ഇപ്പോഴാണതിന് കഴിഞ്ഞത്. മുഴുവനായി വായിച്ച് തീർക്കാൻ റബ്ബ് തൗഫീക്ക് ചെയ്യട്ടെ. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കല്ലാം കാരുണ്യവാനായ റബ്ബ് തക്കദായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ : ആമീൻ യാ റബ്ബൽ ആലമീൻ