ഖുസൈമ ബിന്‍ സാബിത് (റ) വിന്റെ കഥ…

ഖുസൈമ ബിന്‍ സാബിത് (റ) വിന്റെ കഥ...

കഥ തുടങ്ങുന്നതിനു മുന്പ് :

    സാമ്പത്തിക ഇടപാടുകളില്‍ തര്‍ക്കമുണ്ടായാല്‍ രണ്ടു സാക്ഷികളെ ഹാജരാക്കണം. അല്ലെങ്കില്‍ ഒരാണിനെയും രണ്ടു പെണ്ണുങ്ങളെയും ഹാജരാക്കണം. അതുമല്ലെങ്കില്‍ ഒരാളെ ഹാജരാക്കുകയും അതോടൊപ്പം പരാതിക്കാരന്‍ കോടതി മുന്‍പാകെ സത്യം ചെയ്യുകയും വേണം…..etc (വിശദാംശത്തിലേക്ക് കടക്കുന്നില്ല).  ഇത് നമുക്കെല്ലാവര്‍ക്കും അറിയാം… എന്നാല്‍ ഒറ്റക്ക് ഒരു വിഷയത്തില്‍ സാക്ഷി പറയാന്‍ പ്രവാചകന്‍(സ) അനുമതി നല്‍കി ആദരിച്ച ഒരു സ്വഹാബിയുണ്ട്…. അദ്ദേഹം ഒരാള്‍ മാത്രം സാക്ഷ്യപ്പെടുത്തിയാല്‍ തന്നെ അതനുസരിച്ച് വിധി വരും… പ്രവാചകന്‍(സ) അങ്ങനെ അദ്ധേഹത്തെ ആദരിക്കാന്‍ ഇട വരുത്തിയ ഒരു അര്‍ത്ഥവത്തായ കഥയുമുണ്ട്….

ചോദ്യം: ആരാണ് ആ സ്വഹാബി ??

ഉത്തരം: ഖുസൈമ ബിന്‍ സാബിത്(റ). 

അദ്ധേഹത്തിന്റെ കഥ :

നബി (സ) ഒരിക്കല്‍ ഒരു അഅറാബിയില്‍ നിന്നും ഒരു കുതിരയെ വാങ്ങി. അയാള്‍ക്ക് പണം നല്‍കാന്‍ വേണ്ടി ആ കുതിരയയെയുമായി തന്നെ പിന്തുടരാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രവാചകന്‍(സ) അല്പം ധൃതിയില്‍ മുന്നില്‍ നടന്നു. അഅറാബിയാകട്ടെ കുതിരയയേയും കൊണ്ട് സാവധാനം പിന്നിലും നടന്നു. വില്പനക്കുള്ള കുതിരയാണെന്ന് കരുതി ആളുകള്‍ കുതിരക്ക് വില പറയാന്‍ തുടങ്ങി. പ്രവാചകന്‍(സ) കുതിരയെ വാങ്ങിച്ച കാര്യം അവര്‍ അറിഞ്ഞിരുന്നില്ല. അഅറാബിയാകട്ടെ അക്കാര്യം മിണ്ടിയതുമില്ല. ജനങ്ങള്‍ വലിയ വില പറയുന്നത് കേട്ടപ്പോള്‍ അഅറാബിയുടെ മനസ് മാറി. ഇതൊന്നുമറിയാതെ മുന്നില്‍ നടന്നു നീങ്ങുന്ന പ്രവാചകനോട്(സ) ‘ഏ മനുഷ്യാ… നിങ്ങള്‍ ഇത് വാങ്ങുന്നുണ്ടെങ്കില്‍ വാങ്ങിക്ക്. അല്ലെങ്കില്‍ ഞാനിതിവര്‍ക്ക് വില്‍ക്കും’ എന്നയാള്‍ വിളിച്ചു പറഞ്ഞു.

അത് കേട്ട പ്രവാചകന്‍(സ) ആശ്ചര്യത്തോടെ പറഞ്ഞു: ‘ഞാനത് താങ്കളില്‍ നിന്നും നേരത്തെ തന്നെ വാങ്ങിയതല്ലേ.. അതിന്റെ പണം താങ്കള്‍ക്ക് തരാന്‍ വേണ്ടി താങ്കളെന്നോടൊപ്പം വാരുകയാണല്ലോ’ …

അഅറാബി : ‘അല്ലാഹുവാണ് സത്യം ഞാന്‍ താങ്കള്‍ക്കതിനെ വിറ്റിട്ടില്ല’…

പ്രവാചകന്‍(സ) : ‘അല്ല. ഉറപ്പായിട്ടും താങ്കള്‍ എനിക്കതിനെ വിറ്റതാണല്ലോ !’.

അഅറാബി : എന്നാല്‍ ഞാന്‍ താങ്കള്‍ക്ക് ഇതിനെ വിറ്റു എന്നതിന് ആരെങ്കിലും സാക്ഷിയുണ്ടോ ?!..

ഇത് കണ്ടു നിന്ന ഖുസൈമ ബിന്‍ സാബിത് (റ) പറഞ്ഞു: ‘താങ്കള്‍ അത് അദ്ദേഹത്തിന് വിറ്റു എന്നതിന് ഞാന്‍ സാക്ഷിയാണ്’.

അത്ഭുതത്തോടെ പ്രവാചകന്‍(സ) ഖുസൈമയുടെ അടുത്തേക്ക് നീങ്ങി. എന്നിട്ട് ചോദിച്ചു: ഞാനത് വാങ്ങിക്കുമ്പോള്‍ താങ്കള്‍ അവിടെ ഉണ്ടായിരുന്നില്ലല്ലോ ! പിന്നെ എങ്ങനെയാണ് താങ്കള്‍ എനിക്ക് വേണ്ടി സാക്ഷി പറയുക !..

ഖുസൈമ പറഞ്ഞു : താങ്കള്‍ക്ക് അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതില്‍ വിശ്വസിക്കുന്നവനാണ് ഞാന്‍. താങ്കള്‍ സത്യമല്ലാതെ പറയുകയില്ല എന്നും എനിക്കുറപ്പാണ്…. അദ്ധേഹത്തിന്റെ അര്‍ത്ഥവത്തായ ആ മറുപടി കേട്ട പ്രവാചകന്‍(സ) അവിടെ വച്ച് പ്രഖ്യാപിച്ചു: ” മന്‍ ശഹിദ ലഹു ഖുസൈമ ഫഹുവ ഹസ്ബുഹ് – ഖുസൈമ ആര്‍ക്കെങ്കിലും സാക്ഷി പറയുന്നുവെങ്കില്‍ അവന് മറ്റു സാക്ഷികളുടെ ആവശ്യമില്ല “.

അദ്ദേഹത്തിനു മാത്രമുള്ള ഒരു അംഗീകാരമാണിത് .. ഒരുപാട് പാഠങ്ങള്‍ ഇതില്‍ നിന്നും പഠിക്കാനുണ്ട്..

1- പ്രവാചകന്റെ(സ) വിനയം , സത്യസന്ധത , തന്റെ ഭാഗത്താണ് സത്യം എന്ന പൂര്‍ണ ബോധ്യമുണ്ടായിട്ടും ഖുസൈമ അദ്ദേഹത്തിന് വേണ്ടി സാക്ഷ്യം പറഞ്ഞപ്പോള്‍ ‘കച്ചവട സമയത്ത് അവിടെയില്ലാത്ത നീ എന്തര്‍ത്ഥത്തിലാണ് എനിക്ക് സാക്ഷി പറയുന്നത് എന്ന അദ്ധേഹത്തിന്റെ ചോദ്യം ഏറെ അല്ഭുതപ്പെടുതുന്നില്ലേ… തീര്‍ച്ചയായും അതില്‍ നമുക്കൊരുപാട് പഠിക്കാനുണ്ട്.

2- ഖുസൈമയുടെ മറുപടിയാണ് ഏറെ ചിന്തിപ്പിക്കുന്ന മറ്റൊരു കാര്യം: “അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് ” എന്ന സാക്ഷ്യ വചനം സാക്ഷാല്‍ക്കരിക്കേണ്ടത് എപ്രകാരമാണ് എന്ന്‍ കൃത്യമായ പഠിപ്പിക്കുന്ന മറുപടി.. പ്രവാചകനില്‍(സ) വിശ്വസിക്കുന്നവനാണ് എന്ന് ജനസമക്ഷം വിളിച്ചു പറയുകയും, യുക്തിയുടെ മറ പിടിച്ച് പ്രവാചക വചനങ്ങള്‍ തള്ളുകയും ചെയ്യുന്നവരും, പാണ്ഡിത്യ ഭാവം ചമഞ്ഞ് പ്രവാചകന്റെ(സ) സുന്നത്തുകളെ പരിഹസിക്കുന്നവരും ധാരാളമുള്ള ഈ കാലഘട്ടത്തില്‍ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട മറുപടി..

3- സ്വഹാബിമാരില്‍ ചിലര്‍ക്ക് പ്രവാചകന്‍(സ) പ്രത്യേകമായി നല്‍കുന്ന ആനുകൂല്യങ്ങളും ആദരവുകളും മറ്റു സ്വഹാബത്തുമായോ മറ്റു ആളുകളുമായോ ഖിയാസ് ചെയ്യാന്‍ പാടില്ല എന്ന കര്‍മശാസ്ത്ര നിയമത്തിന് പണ്ഡിതന്മാര്‍ തെളിവ് ഉദ്ധരിക്കുന്ന ഒരു ഹദീസ് കൂടിയാണ് ഇത്. ഖുസൈമയെക്കാള്‍ ശ്രേഷ്ഠരായ മറ്റു സ്വഹാബത്തിനു പോലും ഈ ആനുകൂല്യം ഉണ്ടായിരുന്നില്ല. കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ട ഒരു കര്‍മ ശാസ്ത്ര വിഷയമാണ്. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം..

 

 

അല്ലാഹു അനുഗ്രഹിക്കട്ടെ….

Abdu Rahman Abdul Latheef

Reference: fiqhussunna.com

 

7 thoughts on “ഖുസൈമ ബിന്‍ സാബിത് (റ) വിന്റെ കഥ…”

  1. പുതിയ അറിവ് കിട്ടി
    അല്ഹംദുലില്ല
    ജസകല്ലാഹ് ഖൈർ

    Reply
  2. ഇത്തരം ചരിത്രങ്ങൾ കൂടുതൽ വരണം. എനിക്ക് കിട്ടിയ പുതിയ അറിവ്
    جزاك الله خيرا

    Reply
  3. മുമ്പ് കേട്ട് മറന്ന കഥയിലെ നായകന്റെ പേര് അറിയിച്ച് തന്ന എഴുത്തിന് നന്ദി…
    അല്ലാഹു അനുഗ്രഹിക്കട്ടെ…

    Reply

Leave a Reply to Fazil Cancel reply