സിഗരറ്റ് പോലുള്ള പുകയില ഉല്പന്നങ്ങള്‍ വില്‍ക്കാമോ ?. ഉപയോഗിക്കാറില്ല. പക്ഷെ വില്‍ക്കാറുണ്ട്. എങ്കില്‍ തെറ്റുണ്ടോ ?.

സിഗരറ്റ് പോലുള്ള പുകയില ഉല്പന്നങ്ങള്‍ വില്‍ക്കാമോ 

ഉപയോഗിക്കാറില്ല, പക്ഷെ വില്‍ക്കാറുണ്ട്. എങ്കില്‍ തെറ്റുണ്ടോ ?

ചോദ്യം: ഞാന്‍ സാധാരണ സിഗരറ്റ് ഉപയോഗിക്കാറില്ല. എങ്കിലും കടയില്‍ സിഗരറ്റ് വില്‍ക്കാറുണ്ട്. സിഗരറ്റ് പോലുള്ള പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിന്‍റെ യഥാര്‍ത്ഥ വിധിയെന്താണ് ?. ഉപയോഗിക്കല്‍ നിഷിദ്ധമാണ് എന്നത് കൊണ്ട് വില്‍ക്കല്‍ നിഷിദ്ധമാകുമോ ?.

ഉത്തരം: അല്‍ഹംദുലില്ലാഹ് കാര്യങ്ങള്‍ ചോദിച്ചറിയാനും, കച്ചവടത്തിലും ജീവിതത്തിലും ശറഇയായ നിയമങ്ങള്‍ പാലിക്കാനുമുള്ള താങ്കളുടെ നല്ല മനസ്സ് അല്ലാഹു നിലനിര്‍ത്തിത്തരട്ടെ. ഹറാമായ കാര്യങ്ങള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ അത് വില്‍ക്കുന്നതും നിഷിദ്ധമാണ്. അത് വ്യക്തമാക്കുന്നതിന് മുന്‍പ് സിഗരറ്റിന്‍റെ വിധി എന്ത് എന്ന് മനസ്സിലാക്കാം.

സിഗരറ്റ് ഹാനികരമാണ് എന്നത് തര്‍ക്കമില്ലാത്തതും, അതിന്‍റെ പാക്കറ്റില്‍ പോലും രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. അത് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും അതിന്‍റെ ഉപദ്രവം ഉണ്ടാകുന്നു. അതുകൊണ്ടാണ് പൊതു ഇടങ്ങളില്‍ പുകവലിക്കുന്നത് സര്‍ക്കാര്‍ തന്നെ നിയമവിധേയമായി നിരോധിച്ചിരിക്കുന്നത്. നമ്മുടെ ജീവന്‍, ആരോഗ്യം എന്നിവ സംരക്ഷിക്കല്‍ നമ്മുടെ ബാധ്യതയാണ്. സ്വന്തത്തിനോ, മറ്റുള്ളവര്‍ക്കോ നേരിട്ട് ഉപദ്രവകരമാണ് എന്ന് അറിയാവുന്ന കാര്യങ്ങളില്‍ നിന്നെല്ലാം മനുഷ്യന്‍ വിട്ടുനില്‍ക്കുകയും ചെയ്യണം. അതുകൊണ്ടുതന്നെ സിഗരറ്റിന്‍റെ ഉപയോഗം ഹറാം ആണ് എന്നതില്‍ ആര്‍ക്കെങ്കിലും അഭിപ്രായഭിന്നത ഉണ്ടാകും എന്ന് തോന്നുന്നില്ല. അതിന്‍റെ നിര്‍മാതാക്കള്‍ പോലും അതുപയോഗിക്കരുത് എന്ന് ഉപഭോക്താക്കളെ നിയമപരമായി അറിയിക്കണം എന്നുണ്ട്.

وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ وَأَحْسِنُوا إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ

"നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്‌. നിങ്ങള്‍ നല്ലത്‌ പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും".

അല്‍ബഖറ:195

മാത്രമല്ല, ഉപകാരപ്രദമല്ലാത്ത കാര്യത്തില്‍ തന്‍റെ ധനം വിനിയോഗിക്കല്‍, മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കല്‍ തുടങ്ങിയ നിഷിദ്ധങ്ങളും അതില്‍ കടന്നു വരുന്നു.

ഇനി അത് ഞാന്‍ ഒഴിവാക്കുന്നു. പക്ഷെ കച്ചവടം ചെയ്യും എന്നതാണ് നിലപാട് എങ്കില്‍ അത് ഇരട്ടത്താപ്പാണ്. മാത്രമല്ല അതി ഗൌരവപരമായ തിന്മയാണ് നിഷിദ്ധമായ കാര്യങ്ങള്‍ കച്ചവടം ചെയ്ത് സമ്പാദ്യം ഉണ്ടാക്കുക എന്നത്. ജൂതന്മാരില്‍ ചിലര്‍ അല്ലാഹു അവര്‍ക്ക് നെയ്യ് നിഷിദ്ധമാക്കിയപ്പോള്‍, അത് വില്‍ക്കുകയും അതിന്‍റെ വില ഭക്ഷിക്കുകയും ചെയ്തു. ഇതിനെ സംബന്ധിച്ച് നബി (സ) പറയുന്നു: 

لعن الله اليهود ، حرمت عليهم الشحوم فباعوها وأكلوا أثمانها ، وإن الله عز وجل إذا حرم أكل شيء حرم ثمنه

"ജൂതന്മാര്‍ക്ക് നാശം. അവര്‍ക്ക് നെയ്യ് നിഷിദ്ധമാക്കപ്പെട്ടപ്പോള്‍, അവര്‍ അത് വില്പന നടത്തുകയും അതിന്‍റെ വില ഭക്ഷിക്കുകയും ചെയ്തു. അല്ലാഹു ഒരു കാര്യം ഭക്ഷിക്കുന്നത് നിഷിദ്ധമാക്കിയാല്‍ അത് വിറ്റ്‌ കിട്ടുന്ന വിലയും നിഷിദ്ധമാണ്"

[അബൂദാവൂദ്: 3026- അല്‍ബാനി: സ്വഹീഹ്]

ഈ ഹദീസില്‍ നിന്നും വിലക്കപ്പെട്ടവ വില്പന നടത്തുന്നതും അതിലൂടെ വരുമാനമുണ്ടാക്കുന്നതും നിഷിദ്ധമാണ് എന്ന് മനസ്സിലാക്കാം. മാത്രമല്ല അത്  നബി (സ) ശപിച്ച അത്യധികം ഗൗരവപരമായ കാര്യവുമാണ്. അതുകൊണ്ടുതന്നെ നിഷിദ്ധമാണെന്നതിനാല്‍ അതില്‍ നിന്നും വിട്ടുനില്‍ക്കുകയും ,  സമൂഹനന്മയെ മുന്‍നിര്‍ത്തി പുകയില ഉല്പന്നങ്ങള്‍ ഒരു വിശ്വാസി തന്‍റെ കടയില്‍ വില്‍ക്കാതിരിക്കുകയും ചെയ്യണം. അതൊരു സാമൂഹിക പ്രതിബദ്ധതകൂടിയാണ്.

മാത്രമല്ല നമ്മുടെ സമ്പാദ്യത്തില്‍ ഹറാം കലരുക എന്നത് അത്യധികം ഗൌരവപരമാണ്. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാതിരിക്കാന്‍ അത് കാരണമാകും. ഹറാമില്‍ നിന്ന് വളരുന്ന ഇറച്ചിക്ക് ഉചിതം നരകമാണ് എന്ന് നബി (സ) താക്കീത് നല്‍കിയിട്ടുമുണ്ട്.

പലരും പറയാറുള്ളത് അങ്ങനെ ചെയ്‌താല്‍ കച്ചവടം കുറയും എന്നതാണ്. അതൊരിക്കലും ഒരു ന്യായീകരണമല്ല. പുകവലിക്കുന്നവരെക്കാള്‍ പുകവലിക്കാത്തവരാണ് ബഹുഭൂരിപക്ഷവും. മാത്രമല്ല കച്ചവടത്തിന്‍റെ വിജയവും ലാഭവുമെല്ലാം അല്ലാഹുവിന്‍റെ തൌഫീഖാണ്. നന്മ ചെയ്യുന്നവര്‍ക്ക് അതിന്‍റെ പ്രതിഫലം ലഭിക്കുന്നതോടൊപ്പം അനുഗ്രഹവും വര്‍ദ്ധിക്കും. ഒരാള്‍ നിഷിദ്ധം കാരണത്താല്‍ ഒരു കാര്യം അല്ലാഹുവിന് വേണ്ടി ഉപേക്ഷിക്കുന്ന പക്ഷം അല്ലാഹു അയാള്‍ക്ക് കൂടുതല്‍ നല്‍കുമെന്ന് നബി (സ) നമ്മെ പഠിപ്പിച്ചിട്ടുമുണ്ട്. നബി (സ) പറഞ്ഞു:

إنك لن تدع شيئاً لله عز وجل إلا بدلك الله به ما هو خير لك منه

"നീ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ചുകൊണ്ട്‌ ഒരു കാര്യം ഉപേക്ഷിച്ചാല്‍, അതിനേക്കാള്‍ നല്ലത് അവന്‍ നിനക്ക് പകരം നല്‍കാതിരിക്കില്ല"

[മുസ്നദ് അഹ്മദ്: 21996 , അല്‍ബാനി: സ്വഹീഹ്]

പല രൂപത്തിലും അതല്ലാഹു നിനക്ക് നല്‍കിയേക്കാം, പണമായി മാത്രമല്ല, ഒരുപക്ഷെ നല്ല ആരോഗ്യം, മാനസികമായ സന്തോഷം, സ്വസ്ഥത, നല്ല കുടുംബം, പ്രയാസങ്ങള്‍ ദൂരീകരിക്കപ്പെടല്‍, കച്ചവടത്തിന്‍റെ അഭിവൃദ്ധി തുടങ്ങി അവനുദ്ദേശിക്കുന്ന രൂപത്തില്‍ അതിന്‍റെ നന്മകള്‍ ഈ ജീവിതത്തില്‍ത്തന്നെ  നമുക്കവന്‍ നല്‍കും. കൂടാതെ അന്ത്യദിനത്തിലെ അതിമഹത്തായ പ്രതിഫലവും. അതുകൊണ്ടുതന്നെ താന്‍ കാണുന്ന സമ്പത്തിന്‍റെ അഭിവൃദ്ധി മാത്രമാണ് തന്‍റെ സമ്പാദ്യം എന്ന് കരുതരുത്. നബി (സ) പറഞ്ഞു:

عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «لَيْسَ الْغِنَى عَنْ كَثْرَةِ الْعَرَضِ وَلَكِنَّ الْغِنَى غِنَى النَّفْسِ

അബൂഹുറൈറ (റ) നിവേദനം: നബി (സ) പറഞ്ഞു: "ഒരാളുടെ ധന്യതയെന്ന് പറയുന്നത് സമ്പത്തിന്‍റെ ആധിക്യമല്ല. മറിച്ച് അത് മനസിന്‍റെ ധന്യതയാണ്".

[متفق عليه].

അതെ മനസിന്‍റെ സന്തോഷവും ആനന്തവും സംതൃപ്തിയുമാണ് ഏറ്റവും വലിയ ധനം. സമൂഹത്തിന് ദോഷകരമാകുന്ന കാര്യങ്ങള്‍ ചെയ്തും, ഉപദ്രവകരമായ കാര്യങ്ങള്‍ കച്ചവടം ചെയ്തും ഒരാള്‍ക്ക് അനേകം സമ്പത്ത് ഉണ്ടാക്കാന്‍ സാധിച്ചു എന്ന് വരാം. പക്ഷെ സന്തോഷവും സമാധാനവും വിലക്ക് വാങ്ങാന്‍ അയാള്‍ക്ക് കഴിയില്ല. ഒപ്പം താന്‍ ചെയ്യുന്ന തിന്മ അയാളെ അസ്വസ്ഥനാക്കിക്കൊണ്ടേയിരിക്കും. എന്നാല്‍ നന്മ കാത്തുസൂക്ഷിക്കുകയും വിലക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നവന് അവന്‍റെ വരുമാനം കുറഞ്ഞാലും സന്തോഷവും സംതൃപ്തിയും ലഭിക്കും. മാത്രമല്ല നന്മയിലൂടെ സമ്പാദിക്കാന്‍ നല്ല കവാടങ്ങള്‍ അല്ലാഹു അവന് തുറന്ന് നല്‍കുകയും ചെയ്യും. തിന്മയില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്ക് അതിനേക്കാള്‍ നല്ലത് അല്ലാഹു നല്‍കുമെന്ന വാഗ്ദാനം അവന്‍റെ മുന്നിലുണ്ടായിരിക്കെ നിഷിദ്ധമായ കച്ചവടങ്ങളെ ന്യായീകരിക്കാന്‍ വിശ്വാസികള്‍ക്ക് യാതൊരു പഴുതുമില്ല എന്നര്‍ത്ഥം.

അല്ലാഹു നമ്മെ നന്മയുടെ വാഹകരാക്കുകയും പുകവലി പോലുള്ള സാമൂഹ്യദ്രോഹങ്ങളില്‍ നിന്നും അതിന്‍റെ കച്ചവടത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തൗഫീഖ് ചെയ്യുകയും ചെയ്യട്ടെ. അത് ഉപേക്ഷിക്കുന്നത് കൊണ്ട് നന്മയും അഭിവൃദ്ധിയുമല്ലാതെ യാതൊരു നഷ്ടവും ഉണ്ടാവുകയില്ല എന്ന ഉറച്ച വിശ്വാസം നമുക്കുണ്ടാകട്ടെ. ആ ബോധ്യമാണ് നമുക്ക് എപ്പോഴും ഉണ്ടാകേണ്ടത്. അതുണ്ടാകുമ്പോള്‍ നിസാരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി നിഷിദ്ധങ്ങളെ ന്യായീകരിക്കാന്‍ നമുക്ക് സാധിക്കില്ല.

അല്ലാഹു അനുഗ്രഹിക്കട്ടെ….
Abdu Rahman Abdul Latheef
Reference: fiqhussunna

11 thoughts on “സിഗരറ്റ് പോലുള്ള പുകയില ഉല്പന്നങ്ങള്‍ വില്‍ക്കാമോ ?. ഉപയോഗിക്കാറില്ല. പക്ഷെ വില്‍ക്കാറുണ്ട്. എങ്കില്‍ തെറ്റുണ്ടോ ?.”

    • അപ്പോൾ പലിശ സ്ഥാപ ന ത്തിൽ നിന്ന് സംഭാവന സ്വീകരിക്കാത്ത ത് പോലെ സിഗരറ്റ് വിൽക്കുന്ന ബക്കാല സൂപ്പർ മാർക്കറ്റ് എന്നിവടങ്ങളിൽ നിന്ന് donations സ്വീകരിക്കരുത് അല്ലേ?

      Reply
  1. സൂപ്പർ മാർക്കറ്റിൽ സിഗരറ്റും വില്പനക്കുണ്ട് ആ കടയിൽ ജോലി ചെയ്യുന്നത് കുറ്റകരമാവുമോ

    Reply
    • നിങ്ങളുടെ എല്ലാ സംശയങ്ങളും പീസ് റേഡിയോ ഫീഡ്ബാക്ക് വഴി “അൽ ഇജാബ” പ്രോഗ്രാം സെലക്ട്‌ ചെയ്ത് വോയിസ്‌ ആയോ, ടെക്സ്റ്റ്‌ ആയോ ചോദിക്കാം.

      പീസ് റേഡിയോ നിങ്ങളുടെ മൊബൈലിൽ ലഭ്യമാകാൻ

      https://www.peaceradio.com/install

      Reply
  2. സിഗരറ്റ് പോലുള്ള പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്ന സൂപ്പർ മാർക്കറ്റിൽ ജോലി കിട്ടിയാൽ അവിടെ ജോലി ചെയ്യുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്?

    Reply
  3. Arthava samayath sthreekalkk quran parayanam നടത്തുന്നത്‌ തെറ്റാണോ…? Kanathe othunnath പോലും? Ithil sathyamundoo

    Reply
    • നിങ്ങളുടെ സംശയങ്ങൾ Peace Radio Feedback Option വഴി “അൽ ഇജാബ ചോദ്യങ്ങൾ” എന്ന പ്രോഗ്രാമിലേക്ക് അയക്കുക. നിങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുന്ന സമയം നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വരുന്നതാണ്.

      Reply
    • നിങ്ങളുടെ സംശയങ്ങൾ Peace Radio Feedback Option വഴി “അൽ ഇജാബ ചോദ്യങ്ങൾ” എന്ന പ്രോഗ്രാമിലേക്ക് അയക്കുക. നിങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുന്ന സമയം നിങ്ങൾക്ക് നോട്ടിഫിക്കേഷൻ വരുന്നതാണ്.

      Reply
  4. അസ്സലാമുഅലൈക്കും

    ഇതിനെക്കുറിച്ചു ഞാൻ അന്വേഷിച്ചതിൽ കിട്ടിയ വിവരണങ്ങൾ താഴെ കൊടുക്കുന്നു

    സിഗരറ്റു, പൊതുവിൽ ഹറാം ആണെന്ന് പറഞ്ഞിട്ടില്ല.. ഉണ്ടെങ്കിൽ സൗദി പോലുള്ള രാജ്യത്ത് അത് കർശനമായി നിരോധിച്ചേനെ…!
    പക്ഷേ കള്ള് ഹറാം ആക്കിയത്പോലെ ഹറാമാക്കിയതായി കണ്ടിട്ടും ഇല്ല. ഇന്ത്യൻ പണ്ഡിതന്മാർക്കിടയിൽ ഹറാമാണെന്ന അഭിപ്രായം ഇല്ല.
    പക്ഷേ ഈജിപ്ത്യൻ പണ്ഡിതന്മാർ ഹറാമാണെന്ന് പറഞ്ഞിട്ടും ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അതുകൊണ്ടുതന്നെ ഒറ്റയടിക്ക് ഇത് കച്ചവടം ചെയ്യുന്നതും ഹറാമാണെന്ന് തീർത്തു പറയാനും കഴിയില്ല.
    അല്ലാഹു ആഅ’ലം.

    Reply

Leave a Reply to Thanseeha Cancel reply