ശമ്പളത്തിന്‍റെ സകാത്ത് കിട്ടുമ്പോള്‍ നല്‍കണോ ?. എങ്ങനെയാണ് സകാത്ത് നല്‍കേണ്ടത് ?
ചോദ്യം: ഞാൻ സാധാരണ എൻറെ ശമ്പളത്തിന്റെ സകാത്ത് അതാത് മാസം തന്നെ കൊടുക്കാറാണ് പതിവ്. അങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ ?.
ഉത്തരം:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛
സകാത്ത് തൻ്റെ മേൽ ബാധ്യതയാകുന്നതിന് മുൻപേ ഒരാൾ നൽകുന്നതിൽ തെറ്റില്ല. പക്ഷെ അപ്പോഴും നിങ്ങളുടെ കയ്യിലുള്ള മറ്റു തുകക്ക് ഓരോ വർഷവും സകാത്ത് ബാധകമാകുമല്ലോ. അതുകൊണ്ട് തന്നെ മാസാമാസം നൽകിയാലും വാർഷിക കാൽക്കുലേഷൻ നടക്കണം. ഒന്നുകൂടി വ്യക്തമാക്കിയാൽ സകാത്ത് വാർഷികമായി ബാധകവുമാകുന്ന ഒരു നിർബന്ധ ബാധ്യതയായതുകൊണ്ട് സകാത്ത് നൽകാൻ ബാധ്യസ്ഥനാകുന്ന ഏതൊരാൾക്കും വാർഷിക സകാത്ത് കണക്കുകൂട്ടൽ അനിവാര്യമാണ്. എന്തുകൊണ്ടെന്നാൽ നിങ്ങളുടെ കൈവശം ലഭിക്കുന്ന സാലറിക്ക് മാത്രമല്ലേ നിങ്ങൾക്ക് അതത് മാസം സകാത്ത് നൽകാൻ സാധിക്കൂ. നിങ്ങളുടെ കയ്യിൽ അൽകൗണ്ടിലോ മറ്റോ മുൻവർഷങ്ങളിലെ നിക്ഷേപമായുള്ള ധനം, കൈവശമുള്ള കച്ചവടവസ്തുക്കൾ ഇവയുടെയൊക്കെ സകാത്ത് നിങ്ങൾ എങ്ങനെ കണക്കാക്കും ?. എപ്പോൾ കണക്കാക്കും ?.
അതുകൊണ്ടുതന്നെ നിങ്ങളുടെ കയ്യിലേക്ക് വരുന്ന തുകയുടെ സകാത്ത് നിങ്ങൾ ആ സംഖ്യ വരുമ്പോൾത്തന്നെ നൽകിയാലും, നിങ്ങൾ വാർഷികമായ കണക്കുകൂട്ടൽ നടത്തണം. എന്നിട്ട് ഇതുവരെ നിങ്ങൾ എത്ര സകാത്തായി നൽകിയോ അതിലും കൂടുതൽ നൽകാൻ നിങ്ങൾ ബാധ്യസ്ഥനാണ് എങ്കിൽ ബാക്കി സംഖ്യ കൂടി നൽകണം. തൻ്റെ കയ്യിലേക്ക് വരുന്ന ധനത്തിന് ജീവിതത്തിൽ ആകെ ഒരുതവണ സകാത്ത് നൽകിയാൽ മതി എന്ന മിഥ്യാ ധാരണയിൽ നിന്നാണ് അതത് മാസം നൽകിയാൽ പിന്നെ എന്നെന്നേക്കുമായി ബാധ്യത കഴിഞ്ഞു എന്ന ചിന്ത ഉണ്ടാകുന്നത്. എന്നാൽ തൻ്റെ കൈവശം ആ ധനം ബാക്കിയാകുന്ന പക്ഷം അടുത്ത വർഷം അതേ ധനത്തിന് വീണ്ടും സകാത്ത് ബാധകമാകും. അതുകൊണ്ടാണ് സകാത്ത് ബാധകമാകുന്ന ഏതൊരു വ്യക്തിക്കും തൻ്റെ സകാത്ത് കണക്കാക്കുന്ന ഒരു വാർഷിക സമയം ആവശ്യമായി വരുന്നത്. കാരണം തൻ്റെ കൈവശമുള്ള നിസ്വാബ് എത്തിയ ധനത്തിന് ഓരോ ഹിജ്‌റ വർഷം തികയുമ്പോഴും വീണ്ടും സകാത്ത് ബാധകമാകുന്നു. ആ സമയം തിട്ടപ്പെടുത്തുന്നതിന് ഒരു വാർഷിക സകാത്ത് കാൽക്കുലേഷൻ ഡേറ്റ് ആവശ്യമായി വരുന്നു.
ഉദാ: ഒരാൾക്ക് മാസം 50000 രൂപ ശമ്പളം കിട്ടുന്നു എന്ന് കരുതുക. അയാൾ 10000 രൂപ ചിലവഴിച്ച് ബാക്കി 40000 ഓരോ മാസവും സേവ് ചെയ്യുന്നു. ഈ വ്യക്തി നിങ്ങൾ സൂചിപ്പിച്ചത് പോലെ ശമ്പളം കിട്ടുമ്പോൾത്തന്നെ സകാത്ത് കൊടുക്കുന്ന വ്യക്തിയാണ് എന്ന് സങ്കൽപ്പിക്കുക. ഇദ്ദേഹം ഈ വർഷം അതിൻ്റെ സകാത്ത് കൊടുത്തിരിക്കും. എന്നാൽ തൻ്റെ കയ്യിൽ സേവ് ചെയ്ത ധനത്തിന് അടുത്ത ഒരു ഹിജ്‌റ വർഷം തികയുമ്പോൾ വീണ്ടും സകാത്ത് ബാധകമാകും. അപ്പോൾ കൃത്യമായ ഒരു വാർഷിക സകാത്ത് കാൽക്കുലേഷൻ ഡേറ്റ് ഇല്ലാതെ വന്നാൽ തൻ്റെ കൈവശമുള്ള ധനത്തിന് ഹൗൽ (വർഷം) തികയുന്നത് എപ്പോഴാണ് എന്ന് കണക്കാക്കാൻ സാധിക്കില്ല. ഒരാൾ വർഷം തികയുന്നതിന് മുൻപേ തൻ്റെ സകാത്ത് കൊടുക്കുന്നതിന് മതപരമായി തെറ്റൊന്നുമില്ല. പക്ഷെ എങ്കിലും അയാളുടെ വാർഷികമായ കണക്കുകൂട്ടൽ നടക്കണം എന്നർത്ഥം. അതുവരെ സകാത്തിനത്തിൽ നൽകിയ സംഖ്യ കഴിച്ചു ബാക്കി നൽകാനുണ്ടെങ്കിൽ നൽകിയാൽ മതി. പക്ഷെ വാർഷിക കണക്കുകൂട്ടൽ വരുമ്പോഴേ തന്റെ കൈവശമുള്ള ധനത്തിന്റെ സകാത്ത് കൂടി കണക്കാക്കാൻ പറ്റൂ.
ഏറ്റവും എളുപ്പത്തിൽ ഒരാളുടെ സകാത്ത് എങ്ങനെ കണക്കുകൂട്ടാം എന്ന് നേരത്തെ നാം വളരെ വിശദമായി വിശദീകരിച്ചിട്ടുണ്ട്. ആ ലേഖനം വായിച്ചാൽ അവശേഷിക്കാവുന്ന സംശയങ്ങൾ തീരും ഇൻ ഷാ അല്ലാഹ് :
അല്ലാഹു അനുഗ്രഹിക്കട്ടെ….
അബ്ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ
Reference: fiqhussunna.com
അസ്സലാമു അലൈകും,
എനിക്ക് മാസം salary 70000/-വരുന്നുണ്ട്, പക്ഷെ കടബാധ്യത ഉണ്ട്. എല്ലാ മാസവും EMI and Room റെന്റ്, വീട്ടു ചെലവ്, നാട്ടിലേക്ക് അയക്കുന്ന പണം, മക്കളുടെ പഠിത്തം ഇതെല്ലാം കഴിഞ്ഞാൽ സേവിങ്സ് ആയി ഒന്നും ബാക്കി ഉണ്ടാക്കാരില്ലാ.
അപ്പോൾ എനിക്ക് സകാത്ത് നിർബന്ധം ഉണ്ടോ?