ഹദീസ് - 1

“അന്ത്യദിനത്തിൽ അഞ്ച് കാര്യങ്ങളെ
കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ റബ്ബിന്റെ അടുക്കൽ നിന്ന് മനുഷ്യന്റെ ഇരു
പാദങ്ങളും മുന്നോട്ട് നീങ്ങുകയില്ല. അവന്റെ ആയുസ്സ് എന്തിൽ നശിപ്പിച്ചു,
അവന്റെ യുവത്വം എന്തിൽ തീർത്തു കളഞ്ഞു, അവന്റെ സമ്പത്ത് എവിടെ നിന്ന്
സമ്പാദിച്ചു, അത് ഏതൊന്നിൽ ചിലവഴിച്ചു, അറിഞ്ഞതനുസരിച്ച് അവൻ എന്ത്
പ്രവർത്തിച്ചു എന്നിവയാണവ.'
(തിർമിദി:2416)
– ഹദീസ് റിപ്പോർട്ട് ചെയ്തത്: നദ്വത്തു ബ്നു ഉബൈദ്അബൂ ബർസതുൽ അസ്ലമി
– പരലോകത്ത് ശക്തമായ വിചാരണയുണ്ട് എന്ന് ഈ ഹദീസ് അറിയിക്കുന്നു.
– ആ വിചാരണയിൽ വിജയിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം എന്നും ഹദീസ് നമ്മെ പഠിപ്പിക്കുന്നു.
– ഈ ജീവിതത്തിൽ കഠിന പ്രയത്നം നടത്തിയാലേ അതിൽ വിജയിക്കാൻ സാധ്യമാകൂ എന്ന് ഹദീസിന്റെ ആശയത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.
– ഈ ഹദീസിൽ പറയപ്പെട്ട നാല് കാര്യങ്ങളെ ഒരാൾ തന്റെ ജീവിതത്തിൽ ഒരു ആത്മ വിചാരണക്ക് വിധേയമാക്കിയാൽ പരലോകത്തെ വിചാരണ എളുപ്പമാക്കാം, ഈ ചോദ്യങ്ങൾക്കുള്ള മറുപടി കർമത്തിലൂടെ കാണിക്കണമെന്ന് മാത്രം.
– ആത്മ വിചാരണ നല്ലതാണ്. ഓരോ കർമത്തിലും അത് പ്രാവർത്തികമാക്കിയാൽ നമ്മുടെ കർമങ്ങൾ നന്നാക്കാൻ അത് കാരണമാകും.
– സലഫുകൾ സ്വയം വിചാരണ ചെയ്യുന്നതിൽ വളരെ നിഷ്ട പുലർത്തിയിരുന്നവരായിരുന്നു എന്ന് ചരിത്രത്തിൽ കാണാം. അവരുടെ ജീവിതം സംശുദ്ധവും, തക്വയിലധിഷ്ഠിതവും ആയിരുന്നിട്ട് കൂടി അവർ പരലോക വിചാരണയെ അങ്ങേയറ്റം അറിയപ്പെട്ടിരുന്നു എന്നത് വ്യക്തമാണ്.
– അഞ്ച് കാര്യങ്ങളെ കുറിച്ചുള്ള ചോദ്യമാണ് ഇവിടെ അറിയിച്ചിട്ടുള്ളത്. ആ ചോദ്യങ്ങൾ മുഴുവൻ മനുഷ്യരും അഭിമുഖീകരിക്കേണ്ടി വരും.
– വിചാരണ കൂടാതെ സ്വർഗത്തിൽ പ്രവേശിക്കുന്നവർ ഇതിൽ പെടില്ല എന്ന് പണ്ഡിതൻമാർക്ക് അഭിപ്രായമുണ്ട്.
– ഒന്നാമത്തെ ചോദ്യം ആയുസ്സിനെ കുറിച്ചാണ്. അത് നമുക്ക് അല്ലാഹു തന്ന ഒരു സമ്മാനമാണ്. അത് ഏതൊക്കെ വിഷയത്തിലാണ് ചിലവഴിച്ചത് എന്ന ചോദ്യമാണത്. അല്ലാഹു പഠിപ്പിച്ച രൂപത്തിൽ അതിനെ മുന്നോട്ട് കൊണ്ട് പോകണം. ഇല്ലെങ്കിൽ ഖേദിക്കേണ്ടി വരും എന്ന് നാം മനസ്സിലാക്കി വെക്കുക.
– രണ്ടാമത്തെ ചോദ്യം യുവത്വത്തെ കുറിച്ചാണ്. യുവത്വം ഒരു അനുഗ്രഹമാണ്. അതിന്റെ വില പല യുവാക്കളും അറിയുന്നില്ല എന്നതാണ് വാസ്തവം.
-യുവത്വത്തെ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാതെ പാഴാക്കുന്നവരാണ് കൂടുതലും എന്ന് നമുക്ക് കാണാം. എന്തായാലും യുവത്വമെന്ന ഘട്ടംഅതി പ്രധാനമായത് കൊണ്ടാണ് അതിനെ എന്തിൽ തീർത്തു എന്ന വിചാരണ നടത്തുന്നത്.
– മൂന്നും നാലും ചോദ്യം സമ്പത്തിനെ കുറിച്ചാണ്. മനുഷ്യൻ എവിടുന്ന് സമ്പാദിക്കുന്നു, സമ്പത്ത് ഏതൊന്നിൽ ചിലവഴിക്കുന്നു എന്നിവ. രണ്ടും വളരെ പ്രധാനപ്പെട്ടതാണ്.
– നല്ല വഴികളിലൂടെയേ സമ്പത്ത് നേടിയെടുക്കാവൂ. അനർഹവും, അന്യായവുമായ വഴികളിലൂടെ സമ്പാദിച്ചാൽ അതിന്റെ അനന്തര ഫലം അവൻ അനുഭവിക്കേണ്ടി വരും.
– അതേ പോലെ സമ്പത്ത് ചിലവഴിക്കുമ്പോഴും ഏറെ ശ്രദ്ധിക്കാനുണ്ട്. സകാത്ത് നൽകണം, നല്ല വഴിക്ക് ചിലവഴിക്കണം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അതിൽ പാലിക്കാനുണ്ട്.
– നിഷിദ്ധമായ മാർഗങ്ങളിൽ അത് ചിലവഴിച്ചാൽ ഇഹലോകത്തും പരലോകത്തും അവന് പ്രയാസങ്ങളായിരിക്കും.
– അഞ്ചാമത്തെ ചോദ്യം അറിവിനെ കുറിച്ചാണ്. നേടിയ അറിവനുസരിച്ച് എന്തൊക്കെ ചെയ്തു എന്നതാണ് ചോദ്യം. ഒരു മുസ്ലിം അറിവുള്ളവനായിരിക്കണം, അറിവ് നേടാനുള്ള വഴികൾ അവന് ഏറെയാണ്. വിശുദ്ധ കുർആനും ഹദീസുമാണ് അറിവിന്റെ ഉറവിടങ്ങൾ. അവ പഠിക്കാനും മനസ്സിലാക്കാനും അവന് കഴിയണം. അങ്ങനെ മനസ്സിലാക്കിയതനുസരിച്ച് എന്തു ചെയ്തു എന്നാണ് വിചാരണയിൽ ചോദിക്കപ്പെടുന്നത്.