വെള്ളത്തില്‍ ഊതിയുള്ള ചികിത്സ
റുക്വ്‌യയുടെ പേരില്‍ വെള്ളത്തില്‍ ഊതിയുള്ള ചികിത്സക്ക് സ്വഹാബത്തില്‍ നിന്നും സ്വഹീഹായ യാതൊരു ഹദീസും നമുക്ക് ലഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ അപൂര്‍വ്വം ചില പണ്ഡിതന്മാര്‍ (ഇമാം അഹ്മദ്(റ), ഇബ്‌നു തൈമിയ(റ) തുടങ്ങിയവര്‍ ഇപ്രകാരം ചെയ്തതായിക്കാണാമെങ്കിലും അവയ്ക്കാധാരമായ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ (ഹദീഥുകളിലോ, സ്വഹാബത്തിന്റെ ജീവിതത്തില്‍ നിന്നോ സനദോട് കൂടി ഉദ്ധരിക്കപ്പെട്ടവ) അത്തരം കാര്യങ്ങള്‍ പിന്‍പറ്റുവാന്‍ നാം ബാധ്യസ്ഥരല്ല. ഇത് പറയുമ്പോള്‍ മഹാന്‍മാരായ ഇമാമീങ്ങള്‍ തെളിവില്ലാതെ തന്നിഷ്ടം പ്രവര്‍ത്തിക്കുന്നവരാണെന്ന് നാം ആരോപിക്കുന്നു എന്ന് ധരിക്കരുത്. മറിച്ച്, ഒരു വേള അവര്‍ക്ക് ഈ വിഷയത്തില്‍ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ അവ സാധൂകരിക്കപ്പെട്ടേക്കാം. എന്നിരുന്നാലും അതിന്റെ വിശദീകരണം ഉപോല്‍ബലകമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മിലെത്തിച്ചേര്‍ന്നിട്ടില്ല എന്ന കാരണത്താല്‍ സൂക്ഷ്മതയ്ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടുനില്‍ക്കലാവും നല്ലതെന്നാണ് ശൈഖ് അല്‍ബാനിയെപ്പോലുള്ള പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. ജിന്ന്ബാധയുള്ള കുട്ടിയെ ചികിത്സിക്കുമ്പോള്‍ നബി(സ്വ) മുതുകില്‍ കൊട്ടിയെന്ന ഹദീഥ് സ്വഹീഹാണ്. മറ്റു ചില രിവായത്തുകളിലും നബി(സ്വ) അടിച്ചതായി കാണാവുന്നതാണ്. എന്നാല്‍ വളരെയേറെ സൂക്ഷ്മതയാവശ്യമായിട്ടുള്ള ഇത്തരം വിഷയങ്ങള്‍ ‘വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവുന്ന കോലത്തില്‍’ നാടിന്റെ മുക്കിലും മൂലയിലും ‘അടി ചികിത്സാ കേന്ദ്രങ്ങളായി’ പൊട്ടി വിരിയുന്നത് യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാത്തതാണ്.
***