പ്രാര്‍ത്ഥന ശ്രേഷ്ഠതകളും, വിധി വിലക്കുകളും, മര്യാദകളും.
സയ്യിദ് സഅ്ഫര്‍ സ്വാദിക്ക് മദീനി
മുൻ മൊഴി
الله الرحمن الرحيم
الحمد لله الصلاة والسلام على رسول الله وعلى آله وصحبه أجمعين
മനുഷ്യസമൂഹത്തെ അല്ലാഹു ലോകത്തേക്ക് നിയോഗിച്ചത് അവനെ മാത്രം ആരാധിക്കുവാൻ വേണ്ടിയാണ്. ആരാധനകളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ടത് പ്രാർത്ഥനയുമാണ്. പ്രാർത്ഥനയില്ലാത്ത ഒരു ആരാധനയും അല്ലാഹുവിന്റെയടുത്ത് സ്വീകാര്യമാവുകയില്ല. ഏതൊരു കർമ്മത്തെയും ആരാധനയായി മാറ്റുന്നത് അതിലടങ്ങിയിട്ടുള്ള പ്രാർത്ഥനയാണ്. പ്രാർത്ഥനയില്ലാത്ത ആരാധനകൾ വെറും അഭ്യാസ പ്രകടനമായിരിക്കും. എന്നാൽ വിശ്വാസിയുടെ ഈ അമൂല്യമായ രത്നത്തെ സംബന്ധിച്ച് അധികമാളുകളും അജ്ഞരാണെന്നതാണ് യാഥാർത്ഥ്യം. പ്രാർത്ഥനയുടെ കാര്യത്തിൽ വളരെയധികം അലംഭാവമാണ് സമൂഹം കാണിക്കുന്നത്.സ്യഷ്ടിച്ച ദൈവത്തോട് പ്രാർത്ഥിക്കേണ്ടതിന് പകരം വെറും ചാപല്യങ്ങളും, വൈകല്യങ്ങളുമുള്ള സ്യഷ്ടികളോടാണ് അധികമാളുകളും പ്രാർത്ഥിക്കുന്നത്. ചിലർ നാട്ടിയ വിഗ്രഹത്തോട് പ്രാർത്ഥിക്കുമ്പോൾ മറ്റുചിലർ മണ്ണിൽ മറമാടപ്പെട്ടവരോടാണ് പ്രാർത്ഥിക്കുന്നത്. സമൂഹത്തോടൊപ്പം അവർക്ക് തെളിവുകളുണ്ടാക്കിക്കൊണ്ട് ഒരുപറ്റം പണ്ഡിതന്മാരും അതിന് കുടപിടിക്കുന്ന ദയനീയമായ കാഴ്ചയാണിന്ന് നാട്ടിൽ നമുക്ക് കാണാനാവുന്നത്. ഈ പശ്ചാത്തലത്തിൽ എന്താണ് പ്രാർത്ഥന? ആരോടാണ് പ്രാർത്ഥിക്കേണ്ടത്? പ്രാർത്ഥനയുടെ മര്യാദകൾ, പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുന്ന സന്ദർഭങ്ങൾ, സമയങ്ങൾ സ്ഥലങ്ങൾ, പ്രാർത്ഥനയിൽ വരൂന്ന ബിദ്അത്തുകൾ തുടങ്ങിയ കാര്യങ്ങൾ ഇസ്ലാമിക (പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ നമുക്ക് അൽപം പരിശോധിക്കാം.إن شاء الله പ്രാർത്ഥനയുടെ അനേകം ഗ്രന്ഥങ്ങൾ നമുക്ക് മാർക്കറ്റിൽ ലഭിക്കും. എന്നാൽ എങ്ങനെ പ്രാർത്ഥിക്കണം? ആരോട് പ്രാർത്ഥിക്കണം? എപ്പോഴാണ് പ്രാർത്ഥിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഒരു പ്രാർത്ഥനയുടെ പുസ്തകത്തിലും ഉള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ല, അത് കൊണ്ടാണ് പ്രാർത്ഥനയെ സംബന്ധിച്ച് കുറച്ച്കാര്യങ്ങൾ ശേഖരിക്കുവാൻ ആരംഭിച്ചത്. ഉദ്ധരിക്കുന്ന ആയത്തുകളുടെ സൂറത്തും നമ്പറും കൊടുത്തിട്ടുണ്ട്, അത്പോലെ ഹദീസുകൾ ആരാണ് ഉദ്ധരിച്ചത്, സ്വഹീഹാണോ, ദുർബ്ബലമാണോയെന്നും ഹദീസിന്റെ അവസാനം കൊടുത്തിട്ടുണ്ട്. മനുഷ്യൻ എന്ന നിലക്ക് തെറ്റുകളും, പിഴവുകളും സംഭവിക്കുവാൻ സാധ്യതയുണ്ട്. ഇത് പരിപൂർണമായും തെറ്റിൽ നിന്ന് മുക്തമാണെന്ന് അവകാശമുന്നയിക്കുന്നില്ല. വല്ല അപാകതകളുമുണ്ടെങ്കിൽ സൂചിപ്പിക്കുവാൻ അപേക്ഷിക്കുന്നു. അല്ലാഹു ഇത് ഒരു സ്വാലിഹായ കർമ്മമായി സ്വീകരിക്കുമാറാവട്ടെ. ആമീൻ. നിങ്ങളുടെ സഹോദരൻ
സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി