ഹജ്ജിൻ്റെ രൂപം ലളിതമായി

^^^^^^^^^^^^^^^^^^^

ബഹുമാന്യരായ ഹാജിമാരെ,

അസ്സലാമു അലൈക്കും.

മബ്റൂറായ ഹജ്ജ് വളരെ ലളിതമായി ചുരുക്കി
വിവരിക്കുകയാണ് ഈ ലേഖനത്തിൽ…

=> ദുൽഹിജ്ജ 8

മക്കയിലെ ഹാജിമാർ ദുൽഹിജ്ജ 8 ന് രാവിലെ എവിടെയാണോ താമസിക്കുന്നത് അവിടെ നിന്ന് “അല്ലാഹുമ്മ ലബ്ബൈക ഹജ്ജൻ”
‎( اللهم لبيك حجا )
എന്നൊ لبيك اللهم حجا എന്നൊ പറഞ്ഞ് ഹജ്ജിന് ഇഹ്റാം ചെയ്യുക.

പുരുഷന്മാരുടെ ഇഹ്‌റാം വസ്ത്രം ഉടുക്കാൻ ഒരു തുണിയും പുതക്കാൻ മറ്റൊരു തുണിയും ആണ്. തല മറക്കാൻ പാടില്ല. എന്നാൽ സ്ത്രീകൾക്ക് അവരുടെ ഏത് വസ്ത്രവും ഇഹ്റാമായി ധരിക്കാം. ഇസ്ലാമിക വസ്ത്രധാരണമായിരിക്കണം. മുഖവും മുൻ കൈയും മറക്കാൻ പാടില്ല. ഇരുവരും ഇഹ്റാമിൻ്റെ മറ്റ് നിഷിദ്ധങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുക.

=> തൽബിയ്യത്ത്

ഇഹ്റാമിന് ശേഷം
തൽബിയ്യത്ത് ചൊല്ലിക്കൊണ്ട് മിനയിലേക്ക് ഉച്ചയോടുകൂടി പ്രവേശിക്കുക.

=> തൽബിയ്യത്തിൻ്റെ രൂപം

لبَّيكَ اللَّهمَّ لبَّيكَ لبَّيكَ لا شريكَ لك لبَّيكَ إنَّ الحمدَ والنِّعمةَ لك والملكُ لا شريكَ لكَ

അല്ലാഹുവെ, നിൻ്റെ വിളിക്ക് ഉത്തരം നൽകി ഞാൻ ഇതാ വന്നിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരുമില്ല. നിൻ്റെ വിളിക്ക് ഞാനിതാ ഉത്തരം നൽകി വന്നിരിക്കുന്നു. തീർച്ചയായും സ്തുതിയും അനുഗ്രഹവും രാജാധികാരവും നിനക്ക് തന്നെ. നിനക്ക് യാതൊരു പങ്കുകാരുമില്ല.

=> മിന

മിനയിൽ എത്തിക്കഴിഞ്ഞാൽ ളുഹ്റിൻ്റെ സമയത്ത് രണ്ട് റക്അത്ത് ജമാഅത്തായി നിസ്കരിക്കുക. അസറിൻ്റെ സമയത്ത് അസറും രണ്ട് റക്അത്ത് ജമാഅത്തായി നിസ്കരിക്കുക.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം മിനയിൽ ഹാജിമാരുടെ നിസ്കാരം ഓരോ വക്ത്തിൻ്റെയും സമയത്ത് ഖസ്ർ ആക്കി ജംഅ ആക്കാതെ നിർവഹിക്കലാണ്.

നാലു റക്അത്തുള്ള ളുഹ്ർ, അസർ, ഇഷാ എന്നീ നമസ്കാരങ്ങൾ രണ്ടു റക്അത്തായി ചുരുക്കി അതാത്തിൻ്റെ സമയത്ത് നിർവഹിക്കുക. മക്കയിൽ സ്ഥിരതാമസക്കാരായ ഹാജിമാരും മിനയിൽ ഇങ്ങനെയാണ് നിസ്കരിക്കേണ്ടത്.
( ദുൽഹിജ്ജ 10, 11, 12, 13 ദിവസങ്ങളിലും ഹാജിമാർ മിനയിൽ ഉള്ളപ്പോൾ ഇങ്ങനെയാണ് നിസ്കരിക്കേണ്ടത്. )

ദുൽഹിജ്ജ 8 ന് ഹാജിമാർ മിനയിൽ രാപ്പാർക്കണം. കിട്ടുന്ന സമയങ്ങളിലെല്ലാം തൽബിയ്യത്ത്, ദിക്ർ, ഖുർആൻ പാരായണം, പ്രാർത്ഥന തുടങ്ങിയ ആരാധനകളിൽ മുഴുകുക.

=> സംഭിവിച്ചേക്കാവുന്ന അബദ്ധങ്ങൾ ( തെറ്റുകൾ )

ദുൽഹിജ്ജ 8 ന് മിനയിൽ ഒരുപാട് സമയം ഉള്ളത് പോലെ അനുഭവപ്പെടുന്നത് കാരണം
നമസ്കാരം ചുരുക്കാതെ നിർവഹിക്കൽ, അനാവശ്യ സംസാരങ്ങളിൽ മുഴുകൽ, ഉറങ്ങി സമയം കളയൽ എന്നിവ സംഭിവിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

=> ദുൽഹിജ്ജ 9

ദുൽഹിജ്ജ 9 അറഫ ദിനം, സുബ്ഹി നമസ്ക്കാരം ജമാഅത്തായി നിർവഹിച്ച ശേഷം
അറഫയിലേക്ക് പുറപ്പെടുക.
അത്യാവശ്യ സാധനങ്ങൾ, അല്പം ഭക്ഷണം, കിടക്കാൻ ഒരു വിരിപ്പ്, മരുന്നുകൾ എന്നിവ കൂടെ കരുതുക.

ഉച്ചയോടെ അറഫയിൽ എത്തിക്കഴിഞ്ഞാൽ സൗദി ഗവൺമെൻറ് നിശ്ചയിക്കുന്ന ഒരു പണ്ഡിതൻ അറഫയിൽ ളുഹറിൻ്റെ സമയത്ത് അറഫ ഖുതുബ നടത്തും. ശേഷം ളുഹ്റും അസറും ജംഉം ഖസറും ആയി നിസ്കരിക്കും.
അവരുടെ കൂടെ ജമാഅത്തായി നമുക്കും നിസ്കരിക്കാം. അല്ലെങ്കിൽ ഹാജിമാർ അറഫയിൽ ളുഹറും അസറും ജംഉം ഖസറും ആയി നിസ്കരിക്കുക. ശേഷം മഗ്‌രിബ് വരെ അറഫയിൽ പ്രാർത്ഥനയിൽ മുഴുകുക.

=> അറഫയിലെ പ്രാർത്ഥന

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

അല്ലാഹുവല്ലാതെ യഥാർത്ഥത്തിൽ ആരാധനക്കർഹനായി ആരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരനുമില്ല.അവന്നാണ് ആധിപത്യം. അവന്നാണ് സർവ്വസ്തുതിയും. അവൻ എല്ലാറ്റിനും കഴിവുള്ളവനാകുന്നു.

=> മുസ്ദലിഫ

സൂര്യാസ്തമയത്തിനു ശേഷം അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് പുറപ്പെടുക. മുസ്ദലിഫയിൽ എത്തിയാൽ അവിടെ വെച്ച് മഗ്‌രിബ്‌ 3 റക്അത്തും ഇഷാ 2 റക്അത്തും ജംഉം ഖസറും ആയി നിസ്കരിച്ച്‌ അവിടെ കിടന്നുറങ്ങുക. മുസ്ദലിഫയിൽ കിടന്നുറങ്ങുക
എന്നത് ഇബാദത്താണ് ആരാധനയാണ്.

=> ദുൽഹിജ്ജ 10

ദുൽഹിജ്ജ പത്ത് അതിരാവിലെ നേരത്തെ എഴുന്നേറ്റ് തഹജ്ജുദും സുബ്ഹിയുടെ സുന്നത്തും ശേഷം സുബ്ഹിയും മുസ്ദലിഫയിൽ വെച്ച് നിസ്കരിച്ച്‌ അവിടെയുള്ള മശ്ഹറുൽ ഹറാം എന്ന പേരിൽ അറിയപ്പെടുന്ന പള്ളിയെ മുന്നിൽ ആക്കി കഅബയിലേക്ക് തിരിഞ്ഞ് സൂര്യോദയം വരെ കൈകളുയർത്തി പ്രാർത്ഥിക്കുക.

സൂര്യോദയത്തിനു ശേഷം മിനയിലേക്ക് പുറപ്പെടുകയും ടെന്റിൽ എത്തിയാൽ നിങ്ങളുടെ സാധനങ്ങളെല്ലാം അവിടെവെച്ച് നിങ്ങളുടെ അമീറുമാർ നിർദേശിക്കുന്ന സമയത്ത്
മക്കയോട് ഏറ്റവും അടുത്ത് നിൽക്കുന്ന ജംറത്തുൽ അഖബ (ജംറത്തുൽ ഖുബറ) എന്ന പേരിലെല്ലാം അറിയപ്പെടുന്ന ജംറയിൽ കടല മണിയോളം വലിപ്പമുള്ള ഏഴ് കല്ലുകൾ ഒന്നിനു പുറകെ ഒന്നായി അള്ളാഹു അക്ബർ എന്ന് തക്ബീർ ചൊല്ലിക്കൊണ്ട് എറിയുക.

=> ഹജ്ജിൻ്റെ അറവ് ( ബലി കർമ്മം )

ശേഷം ഹജ്ജിൻ്റെ അറവു നടത്തുക. ഗവണ്മെന്റിൻ്റെ കീഴിൽ ബലിക്കുള്ള പണം അടച്ച ആളുകൾക്ക് വേണ്ടി അതിനു ചുമതലയുള്ള ഗവണ്മെന്റ്പ്രതിനിധികൾ കൃത്യമായി അത് നിർവഹിക്കും. ബലി സ്വന്തമായി അറുക്കാൻ ആഗ്രഹിക്കുന്നവർക്ക് മിനയിൽ അതിനുള്ള വിശാലമായ സൗകര്യവുമുണ്ട്. തൻ്റെ ബലിയിൽ നിന്ന് അല്പം മാംസം വേവിച്ച് കഴിക്കൽ സുന്നത്തിൽ പെട്ടതാണ്. സാഹചര്യങ്ങളും സൗകര്യങ്ങളും ഉള്ള ആളുകൾ ചെയ്താൽ മതി.

=> മുടി കളയൽ

അങ്ങനെ ബലി നിർവഹിച്ചു കഴിഞ്ഞാൽ പുരുഷന്മാർ മുടി മുഴുവനും കളയുക (വടിക്കുക). സ്ത്രീകൾ അവരുടെ മുടിയെല്ലാം കൂട്ടിപ്പിടിച്ച് ഒരു വിരൽ കൊടിയോളം വെട്ടുകയാണ് വേണ്ടത്. മുടി കളയാൻ ഉള്ള വിശാലമായ സൗകര്യം മിനയിലും മക്കയിലും ലഭ്യമാണ്.

ഈ മൂന്ന് കാര്യങ്ങൾ അഥവാ ജംറത്തുൽ അഖബയിലെ കല്ലേറും, ബലി അറക്കലും, മുടി കളയലും ചെയ്തു കഴിഞ്ഞാൽ ഒന്നാമത്തെ തഹല്ലുൽ ആയി. ഭാര്യ ഭർതൃ ബന്ധം ഒഴിച്ച് ഇഹ്‌റാമിലെ മറ്റു നിഷിദ്ധങ്ങളെല്ലാം അവർക്ക് അനുവദനീയമായി. ഇഹ്റാമിൻ്റെ വസ്ത്രം ഒഴിവാക്കി സാധാരണ വസ്ത്രം ധരിക്കാവുന്നതാണ്. ഇത് മുതൽ തൽബിയത്‌ അവസാനിപ്പിക്കുക. മറ്റ് ദിക്റുകൾ പ്രാർത്ഥനകൾ എന്നിവ തുടരുക.

=> ത്വവാഫുൽ ഇഫാള

തുടർന്ന് ഹജ്ജിൻ്റെ ത്വവാഫുൽ ഇഫാളയും, സഅയും ചെയ്യാനായി മക്കയിലേക്ക് പുറപ്പെടുക.
ഉംറയിൽ നമ്മൾ ത്വവാഫ് ചെയ്തതു പോലെ ഹജ്ജിൻ്റെ ത്വവാഫ് ചെയ്യുക. ത്വവാഫ് എന്നാൽ വുളുവോടു കൂടി കഅബയെ ഏഴ് ചുറ്റലും മഖാമു ഇബ്‌റാഹീമിൻ്റെ പിന്നിലുള്ള രണ്ട് റക്അത്ത് നിസ്ക്കാരവും ആണ്. എന്നാൽ ഹജ്ജിൻ്റെ തവാഫിൽ ഇള്തിബാഉം (വലത് കൈയുടെ ഭാഗം പുറത്ത് കാണിക്കൽ) , റംലും (വേഗത്തിലുള്ള നടത്തം) സുന്നത്തില്ല എന്ന് നാം പ്രത്യേകം മനസ്സിലാക്കണം. ശേഷം വയറു നിറയെ സംസം വെള്ളം കുടിക്കുക. അത്‌ പ്രത്യേകം സുന്നത്താണ്.

=> സഅയ്

തുടർന്ന് സഫാ മർവയിൽ സഅയ്‌ നടത്തുക. ഉംറയുടെ സഅയ്‌ ചെയ്തത് പോലെ ആണ് ചെയ്യേണ്ടത്. ശേഷം മിനയിലേക്ക് മടങ്ങി അവിടെ രാപ്പാർക്കണം. (നിർബന്ധമായും മിനയിലേക്ക് എത്തണം)

=> ദുൽഹിജ്ജ് 10ലെ നാല് കർമ്മങ്ങൾ ഒറ്റ നോട്ടത്തിൽ

  1. ജംറത്തുൽ അഖബയിലെ കല്ലേറ്.
  2. ബലി നൽകൽ.
  3. മുടി കളയൽ.
  4. ത്വവാഫുൽ ഇഫാളയും സഅയും.

ഇവ മുന്തിപ്പിച്ചും പിന്തിപ്പിച്ചും ഹാജിമാരുടെ സൗകര്യത്തിനനുസരിച്ച് ചെയ്യാവുന്നതാണ്. ത്വവാഫിനും സഅയിനും ശക്തമായ തിക്കും തിരക്കും ആണെങ്കിൽ അവ ദുൽഹിജ്ജ 13 വരെ പിന്തിപ്പിക്കാവുന്നതാണ്. സൗകര്യപ്പെട്ടില്ലെങ്കിൽ അതിനുശേഷവും ചെയ്യാവുന്നതാണ്.

=> ദുൽഹിജ്ജ 11, 12, 13

അയ്യാമുത്തശ്റീക്ക് എന്ന പേരിൽ അറിയപ്പെടുന്ന ദുൽഹിജ്ജ 11, 12, 13 എന്നീ ദിവസങ്ങളിൽ ഉച്ച തിരിഞ്ഞതിനു ശേഷം നിങ്ങളുടെ അമീർ നിർദ്ദേശിക്കുന്ന സമയത്ത് മൂന്ന് ജംറകളിലും പോയി കല്ലെറിയുക. ( ഓരോ ദിവസവും 21 കല്ലുകൾ കയ്യിൽ കരുതുതുക )

=> ജംറത്തുൽ സ്വുഗ്റ

മിനയോട് അടുത്തുനിൽക്കുന്ന ജംറത്തുൽ സുഅറയിൽ പോയി ജംറയെയും കഅബയെയും മുന്നിലാക്കി അള്ളാഹു അക്ബർ എന്ന് ചൊല്ലിക്കൊണ്ട് 7 കല്ലുകൾ ഒന്നിനുപുറകെ ഒന്നായി എറിയുക. ശേഷം ജംറയുടെ വലതു വശത്ത് അല്പം മുന്നോട്ട് മാറി നിന്ന് കൈകൾ ഉയർത്തി പ്രാർത്ഥിക്കുക.

=> ജംറത്തുൽ വുസ്ത്വ

അതുപോലെ ജംറത്തുൽ വുസ്തയിൽ അള്ളാഹു അക്ബർ എന്ന് ചൊല്ലിക്കൊണ്ട് 7 കല്ലുകൾ ഒന്നിനുപുറകെ ഒന്നായി എറിയുക. കല്ലെറിഞ്ഞ്‌ കഴിഞ്ഞാൽ ജംറയുടെ ഇടത്തോട്ട് അല്പം മുന്നോട്ട് മാറി നിന്ന് കൈകളുയർത്തി പ്രാർത്ഥിക്കുക.

=> ജംറത്തുൽ അഖബ

പിന്നീട് ജംറത്തുൽ അഖബയിൽ (മക്കയോട് അടുത്ത് നിൽക്കുന്ന ജംറ) മക്കയെ ഇടതു വശത്തും മിനയെ വലതു വശത്തും ആക്കി 7 കല്ലുകൾ എറിയുക. ഇതിനു ശേഷം പ്രാർഥനയില്ല. കല്ലെറിഞ്ഞു
കഴിഞ്ഞാൽ മിനയിലേക്ക് (ടെന്റിലേക്ക്) മടങ്ങുക.

ഈ 3 ദിവസങ്ങളിലും അതായത് ദുൽഹിജ്ജ 11, 12, 13 ജംറയിൽ
മുകളിൽ പറഞ്ഞ രൂപത്തിൽ കല്ലെറിയുകയും മിനയിൽ രാപ്പാർക്കുകയും ചെയ്യുക.

ദുൽഹിജ്ജ 10 ലെ ഏതെങ്കിലും കർമങ്ങൾ ചെയ്യാൻ ബാക്കിയുണ്ടെങ്കിൽ ഈ ദിവസങ്ങളിൽ അവ ചെയ്യാവുന്നതാണ്.

തിരക്കുള്ളവർക്കും നാട്ടിലേക്ക് പെട്ടെന്ന് മടങ്ങേണ്ട ആളുകൾക്കും ദുൽഹിജ്ജ12 ന് മിനയിൽ നിന്ന് ഏറു കഴിഞ്ഞ് മഗ്‌രിബിന്‌ മുൻപ് പുറത്ത് കടന്ന് മക്കയിൽ പോയി ത്വവാഫുൽ വിദാഉം കഴിഞ്ഞ്‌ (വിടവാങ്ങൽ) യാത്ര തിരിക്കാവുന്നതാണ്. അവർ ദുൽഹിജ്ജ 13 ലെ ഏറു എറിയേണ്ടതില്ല. തിരക്കില്ലാത്ത ആളുകൾ 13 ലെ ഏറു കഴിഞ്ഞ്‌ മക്കയിലെ റൂമുകളിലേക്ക് മടങ്ങുക.

=> ത്വവാഫുൽ വിദാഅ

പിന്നീട് നാട്ടിലേക്ക് എന്നാണോ മടങ്ങേണ്ടത് അന്ന് ത്വവാഫുൽ വിദാഉം (വിടവാങ്ങൽ) കഴിഞ്ഞ് യാത്ര തിരിക്കാവുന്നതാണ്.

=> ഹജ്ജിൻ്റെ സമയത്തുള്ള ആർത്തവവും നിഫാസും

ആർത്തവമോ നിഫാസോ ഉള്ള സ്ത്രീകൾക്ക് ഹജ്ജിലെ തവാഫും നിസ്കാരവും ഒഴിച്ച് മറ്റു കർമ്മങ്ങളെല്ലാം ഹാജിമാരുടെ കൂടെ ചെയ്യാവുന്നതാണ്. എന്നാണോ കുളിച്ചു ശുദ്ധിയാകുന്നത് അന്ന് കുളിച്ച് വൃത്തിയായി ത്വവാഫ് ചെയ്യുക.

അത്യാവശ്യ ഘട്ടങ്ങളിൽ ത്വവാഫുൽ ഇഫാളയും ത്വവാഫുൽ വിദാഅയും ഒന്നിച്ച് ചെയ്യാവുന്നതാണ്.

ഇതോട് കൂടി മബ്‌റൂറായ ഹജ്ജിൻ്റെ രൂപം പൂർണ്ണമായി.

ഇത്തരത്തിൽ മബ്‌റൂറായ ഹജ്ജ് ചെയ്ത് ആരോഗ്യത്തോടെ തിരിച്ച് എത്താൻ എല്ലാ ഹാജിമാർക്കും റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ.

ആമീൻ.

‎السلام علىكم و رحمة الله و بركاته

നിങ്ങളുടെ സഹോദരൻ,
ഇഹ്ജാസ് ബിൻ ഇസ്മാഈൽ.
മസ്ക്കത്ത് – ഒമാൻ

4 thoughts on “ഹജ്ജിൻ്റെ രൂപം ലളിതമായി”

Leave a Reply to Bishara C Cancel reply