സോഷ്യല്‍ മീഡിയാ കാലത്തെ റമദാന്‍

സോഷ്യല്‍ മീഡിയാ കാലത്തെ റമദാന്‍

”മുന്‍ഗാമികള്‍ എങ്ങനെയാണ് ഒരു ദിവസത്തില്‍ തന്നെ അഞ്ചും ആറും ജുസ്അ് ക്വുര്‍ആന്‍ ഓതിയിരുന്നത് എന്ന് നാം പലപ്പോഴും അത്ഭുതം കൂറാറുണ്ടായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ വന്നതോടെ ആ സംശയം മാറി. ഒരു കാര്യം ആളുകള്‍ക്ക് ഇഷ്ടമായിക്കഴിഞ്ഞാല്‍ അവര്‍ എത്ര സമയം വേണമെങ്കിലും ആ കാര്യത്തിനുവേണ്ടി ചെലവഴിക്കും എന്ന് സോഷ്യല്‍ മീഡിയ തെളിയിക്കുന്നു” മദീനയിലെ പ്രമുഖ പണ്ഡിതന്‍ സുലൈമാന്‍ റുഹൈലിയുടേതാണ് ഈ വാക്കുകള്‍. 

 

ലോകം ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ക്കു പിന്നാലെയാണ്. ഒരു കാര്യം തീരുമാനിക്കുവാനും ഒരു കാര്യം നിരാകരിക്കുവാനും എന്തിനധികം, ഒരു ഭരണകൂടത്തെ മറിച്ചിടാന്‍ വരെ കഴിവുള്ള ഒരു ശക്തിയായി സാമൂഹിക മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചില ‘അജ്ഞാതര്‍’ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മൂലം കേരളത്തില്‍ എന്താണ് സംഭവിച്ചത് എന്ന് കഴിഞ്ഞ ആഴ്ചകളില്‍ നാം കണ്ടതാണ്.

 

സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ പറ്റാത്ത വിധം അതിന്റെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഒരുപാട് നന്മകള്‍ കൊയ്‌തെടുക്കാനും തന്റെ ആദര്‍ശ പ്രചാരണത്തിന് ശക്തമായ ഒരു ചാനല്‍ സൃഷ്ടിക്കാനും സോഷ്യല്‍ മീഡിയ വഴി അവനു കഴിയും. നിരവധി നന്മകള്‍ ഉള്ളതോടൊപ്പം തന്നെ തിന്മകളുടെ അപകടം നിറഞ്ഞ ചതിക്കുഴികളും ഈ നവമാധ്യമങ്ങളിലുണ്ട്. തങ്ങളുടെ വിശ്വാസം തന്നെ പിഴച്ചുപോവാന്‍ കാരണമാകുന്ന വിധത്തില്‍ ഈ സംവിധാനത്തില്‍ ഇടപെടുന്നവരും കുറവല്ല. വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട മേഖലയാണിത്.

 

റമദാന്‍ സമാഗതമാവുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍ മനഃപൂര്‍വമായ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടില്ല എങ്കില്‍ നിരവധി അപകടങ്ങള്‍ വിശ്വാസിക്ക് സംഭവിക്കാന്‍ സാധ്യതയുണ്ട്. സമയം ക്രമീകരിക്കുക എന്നതുതന്നെയാണ് ഏറ്റവും പ്രധാനം. പകലും രാത്രിയുമായി നിശ്ചിത സമയത്ത് മാത്രമെ  ഫേസ്ബുക്കും വാട്ട്‌സ്ആപ്പും ശ്രദ്ധിക്കുകയുള്ളൂ എന്ന തീരുമാനം സ്വയം എടുത്തില്ലെങ്കില്‍ നമ്മുടെ ക്വുര്‍ആന്‍ പാരായണത്തെയും മറ്റു ദിക്‌റ് ദുആകളെയും അത് സാരമായി ബാധിക്കും. ക്വുര്‍ആന്‍ ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും ഓതിത്തീര്‍ക്കുമെന്ന നിയ്യത്ത് റമദാനിനു മുമ്പ് തന്നെ നമുക്ക് ഉണ്ടാകേണ്ടതാണ്. മുന്‍ഗാമികള്‍ മൂന്ന് ദിവസത്തില്‍ ഖത്തം തീര്‍ത്തിരുന്നു എന്ന് നാം അറിയുമ്പോള്‍ ഒരു പ്രാവശ്യമെങ്കിലും ഖത്തം തീര്‍ക്കാന്‍ നമുക്ക് ആയില്ല എങ്കില്‍ നമ്മുടെയും അവരുടെയും ഇടയിലുള്ള സല്‍കര്‍മങ്ങളുടെ വിടവിന് വീതി കൂടുകയേ ഉള്ളൂ. 

 

ഏറ്റവും പ്രധാനപ്പെട്ടത് മാത്രം ശ്രദ്ധിക്കുകയും മറ്റുള്ളവയെ അവഗണിക്കുകയും ചെയ്യുക എന്ന ഒരു പെരുമാറ്റച്ചട്ടം നാം സ്വയം സ്വീകരിക്കേണ്ടതുണ്ട്. എല്ലാം ശ്രദ്ധിക്കാനും എല്ലാറ്റിനും പ്രതികരിക്കാനും നിന്നാല്‍ നമ്മുടെ നോമ്പ് കേവലം പട്ടിണി മാത്രമായി ചുരുങ്ങും എന്നതില്‍ സംശയമില്ല. ”ഒരു വിശ്വാസിയുടെ ഇസ്‌ലാമിന്റെ നന്മയുടെ ഭാഗമാണ് അവന് ആവശ്യമില്ലാത്തത് അവനൊഴിവാക്കല്‍” എന്ന പ്രവാചക വചനം സാമൂഹ്യ മാധ്യമങ്ങളിലെ ‘തൊഴിലാളികള്‍’ നന്നായി ശ്രദ്ധിക്കേണ്ടതാണ്. ‘ഫേസ്ബുക്ക് മാത്രം’ നോക്കി ‘അല്ലാഹുവിന്റെ ബുക്ക്’ വായിക്കാന്‍ സമയം കിട്ടാത്തവര്‍ റമദാനില്‍ ഉണ്ടായിക്കൂടാ.

 

തനിക്ക് ലഭിച്ച എല്ലാ മെസേജുകളും ഇതര ആളുകളിലേക്ക് ‘ഷെയറും’ ‘ഫോര്‍വേഡും’ ചെയ്യും മുമ്പ് നല്ലവണ്ണം ആലോചിക്കുന്നത് നല്ലതാണ്. ”കേട്ടതെല്ലാം പറയുക എന്നതുതന്നെ ഒരാള്‍ക്ക് കളവായിട്ട് മതിയാകും” എന്ന നബി തിരുമേനിﷺയുടെ താക്കീത് ഏതു കാലത്തും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുതന്നെയാണ്. വാട്ട്‌സ്ആപ്പില്‍ പ്രചരിപ്പിക്കപ്പെട്ട കളവുകള്‍ മാത്രം ക്രോഡീകരിച്ച് ഒരു സന്ദേശം ഈയിടെ പ്രചരിച്ചത് ഓര്‍ക്കുന്നു. നിരവധി കളവുകളും വാസ്തവ വിരുദ്ധമായ സംഗതികളും വിവരിക്കുന്ന ഒരു ആകാശമാണ് സോഷ്യല്‍ മീഡിയകളിലുള്ളത് എന്ന് വിശ്വാസികള്‍ തിരിച്ചറിയണം.

 

സ്ത്രീകളുടെ ചിത്രങ്ങളും നഗ്നത വെളിവാകുന്ന ഫോട്ടോകളും ഷെയര്‍ ചെയ്ത് സായൂജ്യമടയുമ്പോള്‍ തങ്ങള്‍ നോമ്പുകാരാണ് എന്ന് പോലും ആളുകള്‍ മറന്ന് പോവുന്ന അവസ്ഥയുണ്ട്. എല്ലാ റമദാനിലും എന്തെങ്കിലുമൊക്കെ ഫിത്‌നകള്‍ പിശാച് ഒപ്പിക്കാറുണ്ട്. ഈ റമദാനിലും അത് പ്രതീക്ഷിക്കാം. അത്തരം പൈശാചിക കെണികളില്‍ കുടുങ്ങി റമദാനിന്റെ ചൈതന്യത്തെ ചോര്‍ത്തുന്ന പ്രവൃത്തികള്‍ ചെയ്യുന്നവര്‍ ‘തിന്മ ചെയ്യുന്നവരേ നാശം! നിങ്ങള്‍ ചുരുക്കൂ!’ എന്ന് വാനലോകത്ത് നിന്ന് മലക്കുകള്‍ വിളിച്ച് പറയുന്നുണ്ട് എന്നെങ്കിലും ഗ്രഹിച്ചാല്‍ നന്ന്.

 

ക്വുര്‍ആനിന്റെ അവതരണ മാസത്തില്‍ ക്വുര്‍ആന്‍ തന്നെയാവട്ടെ നമ്മുടെ സാമൂഹ്യ മാധ്യമങ്ങളിലെ അജണ്ട. ക്വുര്‍ആനിന്റെ സന്ദേശമാവട്ടെ റമദാനിലെ നമ്മുടെ സന്ദേശങ്ങളിലും നിറഞ്ഞ് നില്‍ക്കേണ്ടത്. ക്വുര്‍ആനിന്റെ പ്രചാരണം റമദാനില്‍ നാം ശ്രദ്ധിക്കുമ്പോള്‍ അത് റമദാനിനോടും സ്വന്തത്തോടും നീതി പുലര്‍ത്തലാവും. അതാവട്ടെ പ്രതിഫലം കാംക്ഷിക്കാവുന്ന പ്രവര്‍ത്തനമാണുതാനും.

 

പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്ന സമയങ്ങളില്‍ നാം നവമാധ്യമങ്ങളുടെ കൂടെയാവരുത്. റബ്ബിന്റെ മുന്നില്‍ നമ്മുടെ ആവശ്യങ്ങള്‍ മനസ്സുരുകി തേടേണ്ട സമയത്ത് വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും സമയം കഴിക്കുന്നവരെ നഷ്ടക്കാര്‍ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? അത്താഴത്തിന്റെ സമയത്തും നോമ്പ് തുറക്കുന്ന സമയത്തും നമസ്‌കാരാനന്തര സമയത്തുമെല്ലാം നാം പ്രാര്‍ഥനയില്‍ തന്നെയാണ് കഴിച്ച് കൂട്ടേണ്ടത്. ഉറങ്ങി എഴുന്നേറ്റ ഉടനെ നേരെ വാട്ട്‌സ്ആപ്പില്‍ കയറുന്ന രീതി ഏത് കാലത്തും നാം ഒഴിവാക്കുക തന്നെ വേണം.

 

റമദാന്‍ സാക്ഷി പറയും എന്ന് നബി ﷺ പറഞ്ഞിട്ടുണ്ടല്ലോ! ക്വുര്‍ആനും സാക്ഷി പറയും. ഇതിന്റെ രണ്ടിന്റെ സാക്ഷിത്വവും നമുക്ക് അനുകൂലമാവുന്ന തരത്തിലേ റമദാനിലെ നമ്മുടെ സോഷ്യല്‍ മീഡിയാ ഇടപെടല്‍ ആകാവൂ. ലോകത്ത് നടക്കുന്ന എല്ലാ കാര്യത്തിലും ‘എന്റെ സ്വന്തം വക ഒരഭിപ്രായം’ രേഖപ്പെടുത്താതിരുന്നാല്‍ മോശമാണ് എന്ന അനാവശ്യ ചിന്ത നാം തീര്‍ച്ചയായും ഒഴിവാക്കേണ്ടതുതന്നെയാണ്. നമ്മുടെ വിലരുകളും കണ്ണുകളും റമദാനില്‍ നമുക്ക് അനുകൂലമായിട്ടേ സാക്ഷി പറയൂ എന്നത് തീരുമാനിക്കേണ്ടത് നാം തന്നെയാണ്.

 

ഇഅ്തികാഫ് ഇരിക്കുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ എന്താണു കാര്യം എന്നതും സ്വയം ആലോചിക്കാവുന്നതാണ്. ഇബ്‌നുല്‍ ഖയ്യിം(റഹ്) പറഞ്ഞതുപോലെ ‘ക്വബ്‌റിന്റെ ഏകാന്തത ഓര്‍മിപ്പിക്കുന്ന തരത്തിലാവണം ഇഅ്തികാഫുകള്‍ ഉണ്ടാവേണ്ടത്.’ പക്ഷേ, ഇന്നത്തെ ഇഅ്തികാഫുകളില്‍ ക്വബ്‌റിലെ ഏകാന്തതയാണോ അതല്ല അങ്ങാടിയിലെ ചര്‍ച്ചകളാണോ സംഭവിക്കാറുള്ളത് എന്നത് ചിന്തിക്കേണ്ടതാണ്. തിരുത്തുകയും മാറ്റുകയും ചെയ്യേണ്ടവര്‍ നാം തന്നെയാണ്. ഏതൊരു ആരാധനയും അതിന്റെ ചൈതന്യത്തോടെ നിര്‍വഹിക്കുമ്പോഴേ അതിന് പരലോകത്ത് പ്രതിഫലം ലഭിക്കുകയുള്ളൂ. കേവലം ചടങ്ങുകള്‍ക്കോ പ്രകടനപരതക്കോ അല്ലാഹുവിന്റെയടുക്കല്‍ കൂലി ലഭിക്കും എന്ന് കരുതുന്നത് വെറുതെയാണ്.

 

ഇഫ്താറുകള്‍ ‘സല്‍കാര’ങ്ങളായി മാറിയ ഇക്കാലത്ത് ഇഫ്താറിന് വേണ്ടി തയ്യാറാക്കിയ എണ്ണമറ്റ വിഭവങ്ങള്‍ക്കു മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് സായൂജ്യമടയുന്നവരെയും നമുക്ക് കാണാം. റമദാനില്‍ ഇതെല്ലാം എത്രമാത്രം ആഭാസകരമാണ് എന്നത് എല്ലാവരും ചിന്തിക്കുന്നത് നല്ലതാണ്. റമദാന്‍ ഒരു സീസണല്ല; അത് ഷോപ്പിംഗ് നടത്തി തീര്‍ക്കാനുള്ളതുമല്ല. സാമൂഹ്യ മാധ്യമങ്ങളില്‍ ചടഞ്ഞിരുന്ന് സമയത്തെ ബലികഴിക്കലുമല്ല. റമദാന്‍ പുണ്യങ്ങളുടെ പൂക്കാലമാണ്. ആരാധനയുടെ മാസമാണ്. ജീവിതത്തില്‍ അല്ലാഹു നല്‍കുന്ന അസുലഭ സമ്മാനമാണ്. അതിന്റെ ചൈതന്യം കളഞ്ഞു കുളിക്കുന്നവര്‍ നഷ്ടക്കാര്‍ തന്നെ. റമദാനിനെ ശരിയായ അര്‍ഥത്തില്‍ സ്വീകരിക്കാന്‍ മനസ്സറിഞ്ഞ് തന്നെ പണിയെടുക്കേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

അബ്ദുല്‍മാലിക് സലഫി

നേർപഥം വാരിക

1 thought on “സോഷ്യല്‍ മീഡിയാ കാലത്തെ റമദാന്‍”

Leave a Reply to Abu Adattil Cancel reply