ഇമ്പം കുറഞ്ഞ നോമ്പുകാലം ഇബ്‌നു അലി എടത്തനാട്ടുകര 2020 മെയ് 09 1441 റമദാന്‍ 16

ഇമ്പം കുറഞ്ഞ നോമ്പുകാലം

കഴിഞ്ഞ കൊല്ലത്തെ നോമ്പിന് എന്തൊരു ഇമ്പമായിരുന്നു!

നേരത്തെയെഴുന്നേറ്റ് അത്താഴം കഴിച്ച്, പള്ളിയില്‍ സമൂഹനമസ്‌കാരത്തിന് എത്തും. പിന്നെ വിശ്രമിച്ച് അന്നന്നത്തെ ജോലിത്തിരക്കനുസരിച്ച് ഒരോരോ കാര്യങ്ങളില്‍ മുഴുകും.

ജോലിയുള്ളവര്‍ അതിനുള്ള ഒരുക്കമായി, പുറപ്പാടായി. പഠനവും പരീക്ഷയും മറ്റുമായി കുട്ടികളും പുറത്തിറങ്ങുകയായി.

 നോമ്പുതുറക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ അടുക്കളകള്‍ ഒരുങ്ങും. അന്നന്നേക്ക് വേണ്ട പഴവും പച്ചക്കറികളും ഇറച്ചിയും മറ്റും വാങ്ങാന്‍ ആണുങ്ങള്‍ വൈകാതെ പുറത്തേക്ക് പോകും. പള്ളികള്‍ സജീവമാകും. പലരും നോമ്പിന് ജോലിക്ക് പോകാതെ ലീവെടുക്കും.

ജമാഅത്ത് നസ്‌കാരത്തില്‍ പങ്കെടുത്ത്, ക്ലാസ്സുകള്‍ കേട്ട്, ക്വുര്‍ആന്‍ പാരായണം ചെയ്ത്  പള്ളികളും പകലുകളും  പ്രകാശപൂരിതമാക്കും.

അസ്വ്ര്‍ നമസ്‌കാരത്തോടെ ആണുങ്ങള്‍ പള്ളിയില്‍നിന്ന് അങ്ങാടിയിലേക്കിറങ്ങുകയായി. പാതയോരത്ത് സ്‌പെഷ്യല്‍ പൊരിക്കടകളിലും ഹോട്ടലുകളിലെ ചില്ലലമാരകളിലും ബഹുവര്‍ണങ്ങളിലും വ്യത്യസ്ത  പേരിലും കൂട്ടിയിട്ട  എണ്ണക്കടികള്‍ വാങ്ങും. കുറച്ച് പഴവും പച്ചക്കറികളും കൂടി വാങ്ങി നേരത്തെ വീട്ടിലെത്തും.

ജോലിക്ക് പോയവര്‍ നേരത്തെ മടങ്ങും. വഴിയോരക്കടകളില്‍ നിന്ന് പലഹാരങ്ങളും മറ്റും വാങ്ങി സഞ്ചി നിറക്കും. വഴികളില്‍ ഓടിക്കളിക്കുന്ന കുട്ടികളെ നോക്കി ചിരിക്കും. അന്നേരം വീടുകളില്‍നിന്ന് റംസാന്‍ വിഭവങ്ങളുടെ മണം ഉയരുന്നുണ്ടാകും.

 നേരത്തെ വീട്ടിലെത്താന്‍ തിരക്ക് കൂട്ടും. റോഡിലും ഉത്സാഹം പ്രകടമാവും. എന്തിനെന്നറിയാതെ തലങ്ങും വിലങ്ങും പായുന്ന ഇരുചക്ര വാഹനങ്ങള്‍ റോഡ് കീഴടക്കും. നോമ്പുതുറയില്‍ പങ്കെടുക്കാന്‍ പുതുമണവാട്ടി വരനും കുടുംബത്തിനുമൊപ്പം വലിയ വാഹനത്തില്‍ ഉത്സാഹത്തോടെ പറക്കും. അങ്ങനെയേറെ…

ഇന്ന് ഉത്സാഹം കുറവാണ്. പള്ളികള്‍ അടഞ്ഞു കിടക്കുന്നു. നേരം തെറ്റാത്ത ബാങ്ക് വിളികള്‍ പഴയ ഓര്‍മകള്‍ ഉണര്‍ത്തുന്നു. ജമാഅത്ത് നടക്കുന്നില്ല. സമൂഹ നോമ്പ് തുറക്കുള്ള ഒരുക്കങ്ങളില്ല.

റോഡുകള്‍ ഏതാണ്ട് ശൂന്യമാണ്. കടകള്‍ പലതും തുറന്നിട്ടില്ല. പണിയില്ലാത്തത് കാരണം അത്യാവശ്യ സാധനങ്ങള്‍  വാങ്ങാന്‍ പോലും കയ്യില്‍ കാശില്ല. വിദേശത്തുള്ള പ്രവാസികളുടെ പണം വരുന്നില്ല. അവരുടെ താമസവും ഭക്ഷണവും പോലും പ്രയാസത്തിലാണ്. ആരോഗ്യ കാര്യങ്ങളില്‍ അവരും ഒപ്പം നാട്ടിലെ കുടുംബവും ആശങ്കയിലാണ്.

പതിവായി കാരുണ്യ പ്രവര്‍ത്തനത്തിന് പണവും ഭക്ഷ്യവസ്തുക്കളും നല്‍കുന്നവര്‍ വിദേശത്തും സ്വദേശത്തും സ്ഥാപനം തുറക്കാനാവാതെ കഷ്ടത്തിലാണ്.

അടുക്കളയില്‍ വിഭവങ്ങളില്‍ കുറവ് കാണാം; ഉത്സാഹത്തിലും. ഒന്ന് പുറത്തിറങ്ങാന്‍ പോലുമാകാതെ കുട്ടികളും പുരുഷന്മാരും ഒരു മാസത്തിലേറെയായി വീട്ടുതടങ്കലില്‍ ചടച്ചിരിക്കുന്നു.

കണ്ണുകൊണ്ട് കാണാന്‍ പോലുമാകാത്ത നോവല്‍ കൊറോണ വൈറസ് നമ്മുടെ വീടിനെയോ നാടിനെയോ മാത്രമല്ല ലോകത്തെ മൊത്തം തടവറയിലാക്കിയിരിക്കുകയാണ്. ഇതുവരെ ശീലമില്ലാത്ത നിരവധി പാഠങ്ങള്‍ നമ്മള്‍ സ്വയം പഠിച്ചുകൊണ്ടിരിക്കുന്നു.

നോമ്പും പ്രാര്‍ഥനകളും പശ്ചാത്താപ വിവശമായ മനസ്സുകളുമായി ഈ കാലവും കടന്ന് പോകും. കാരുണ്യവാന്റെ കരുണാകടാക്ഷം നമ്മളില്‍ ചൊരിയാതിരിക്കില്ല.

അനുഗ്രഹം ലഭിക്കുമ്പോള്‍ അല്ലാഹുവിനെ മറക്കുകയും പ്രയാസഘട്ടത്തില്‍ നിരാശരാവുകയും ചെയ്യുന്ന സ്വഭാവം വിശ്വാസികളില്‍ ഉണ്ടാകാവതല്ല. അല്ലാഹു പറയുന്നു:”നാം മനുഷ്യന്ന് അനുഗ്രഹം ചെയ്ത് കൊടുത്താല്‍ അവന്‍ തിരിഞ്ഞുകളയുകയും അവന്റെ പാട്ടിന് മാറിപ്പോകുകയും ചെയ്യുന്നു. അവന്ന് ദോഷം ബാധിച്ചാലാകട്ടെ അവന്‍ വളരെ നിരാശനായിരിക്കുകയും ചെയ്യും” (ക്വുര്‍ആന്‍ 17:83).

നേർപഥം
ഇബ്‌നു അലി എടത്തനാട്ടുകര

0 thoughts on “ഇമ്പം കുറഞ്ഞ നോമ്പുകാലം ഇബ്‌നു അലി എടത്തനാട്ടുകര 2020 മെയ് 09 1441 റമദാന്‍ 16”

  1. ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്,
    കഴിഞ്ഞ 2 വർഷങ്ങളിലെ നോമ്പിന്റെ ഓർമകളിലേക്ക് ചിന്ത പോയി…

    ബഹുഭൂരിപക്ഷം പേരും പലവിധത്തിൽ പ്രയാസപ്പെട്ട അതികഠിനമായ പരീക്ഷണകാലഘട്ടം!!!

    എന്നിട്ട് പോലും ചെറിയ തോതിലുള്ള പ്രയാസങ്ങളല്ലാതെ എനിക്കും കുടുംബത്തിനും നേരിടേണ്ടി വന്നിട്ടില്ല..അൽഹംദുലില്ലാഹ്

    നല്ല എഴുത്ത്.. മഷാ അല്ലാഹ്…
    അല്ലാഹു അനുഗ്രഹിക്കട്ടെ….

    Reply

Leave a Reply to Shabeeb PK Cancel reply