നബി ﷺ പറഞ്ഞു: “ജനങ്ങള്‍ തൗഹീദ് അംഗീകരിക്കുകയും നമസ്കാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്നതുവരെ അവരോട് യുദ്ധം ചെയ്യാന്‍ എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നു. അത്രയും നിര്‍വഹിക്കാന്‍ അവര്‍ സന്നദ്ധമായാല്‍ അവരുടെ സ്വത്തും ശരീരവും വിശുദ്ധമായി ഗണിക്കപ്പെടും. ഇസ്ലാം അനുവദിച്ച കാരണം കൂടാതെ അവര്‍ക്കെതിരെ യാതൊരുവിധ കയ്യേറ്റവുമുണ്ടാകില്ല. എന്നാല്‍ അവരെ (മാനസികമായ നിലപാടുകള്‍ക്കനുസരിച്ച് അന്ത്യനാളില്‍) വിചാരണ ചെയ്യുന്നതും ശിക്ഷ-രക്ഷ നടപടികള്‍ കൈക്കൊള്ളുന്നതും അല്ലാഹുവായിരിക്കും”(ബുഖാരി, മുസ്ലിം).

അബൂഹുറയ്റ(റ) നിവേദനം: “നബി ﷺ ഇഹലോകവാസം വെടിയുകയും അബൂബക്ര്‍(റ) ഭരണം ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ അറബികളില്‍നിന്ന് ഒരുപാടാളുകള്‍ മതപരിത്യാഗികളായി മാറുകയുണ്ടായി. (അബൂബക്ര്‍(റ) അവരോട് യുദ്ധം ചെയ്യാന്‍ സന്നദ്ധമാവുകയും ചെയ്തു). അതിനെ വിമര്‍ശിച്ചുകൊണ്ട് ‘ജനങ്ങള്‍ തൗഹീദ് അംഗീകരിച്ചാല്‍ അവരോട് യുദ്ധം ചെയ്യാന്‍ പാടില്ലെന്ന് നബി ﷺ പറഞ്ഞിരിക്കെ താങ്കള്‍ എങ്ങനെയാണ് അവരോട് പോരാടുക’ എന്നു ഉമര്‍(റ) ചോദിച്ചു. അപ്പോള്‍ അബൂബക്ര്‍(റ) പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! നമസ്കാരവും സകാത്തും വേര്‍തിരിക്കുന്നവരോട് ഞാന്‍ യുദ്ധം ചെയ്യുകതന്നെ ചെയ്യും. അവര്‍ നബി ﷺ യുടെ കാലഘട്ടത്തില്‍ സകാത്തായി നല്‍കിയിരുന്നത് ഒരു ഒട്ടകക്കുട്ടിയെയായിരുന്നെങ്കി ല്‍ അത് നല്‍കുന്നതുവരെ ഞാന്‍ അവരോട് പോരാടും. കാരണം ശരീരത്തിന്‍റെ മേല്‍ നമസ്കാരം ബാധ്യതയായ പോലെ സമ്പത്തില്‍നിന്നു സകാത്ത് നല്‍കലും ബാധ്യതയാണ്.’ അതോടെ എനിക്കും അബൂബക്റി(റ)നെ പോലെ ആ കാര്യം ശരിയാണെന്ന് ബോധ്യമായി” (ബുഖാരി, മുസ്ലിം).

സകാത്തിന്‍റെ അവകാശികള്‍

സകാത്തിന്‍റെ അവകാശികള്‍ ആരെന്ന് അല്ലാഹുതന്നെ വ്യക്തമാക്കിത്തരുന്നത് കാണുക: “ദാനധര്‍മങ്ങള്‍ (നല്‍കേണ്ടത്) ദരിദ്രന്‍മാര്‍ക്കും അഗതികള്‍ക്കും അതിന്‍റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ (മോചനത്തിന്‍റെ) കാര്യത്തിലും കടംകൊണ്ട് വിഷമിക്കുന്നവര്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തിലും വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്” (ക്വുര്‍ആന്‍ 9:60).

ഉദാത്തമായ കാരുണ്യസ്പര്‍ശം

എല്ലാ മനുഷ്യര്‍ക്കും അല്ലാഹു ഒരേ സാമ്പത്തികാവസ്ഥയല്ല നല്‍കിയിരിക്കുന്നത്. മനുഷ്യരുടെ ഉപജീവനമാര്‍ഗവും വ്യത്യസ്തമാണ്. അല്ലാഹു പറയുന്നു:

“ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകള്‍ അവന്‍റെ അധീനത്തിലാകുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം അവന്‍ വിശാലമാക്കുന്നു. (മറ്റുള്ളവര്‍ക്ക്) അവന്‍ അത് ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ ഏതുകാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു” (ക്വുര്‍ആന്‍ 42:12).

സമ്പത്താകുന്ന ദൈവികാനുഗ്രഹം സഹജീവികള്‍ക്കുവേണ്ടി പങ്കുവയ്ക്കാനുള്ള സന്മനസ്സുണ്ടാവുക എന്നതാണ് പ്രധാനം. അല്ലാഹു പറയുന്നു:

“തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്നരൂപത്തിലുള്ളതാകുന്നു. എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും സൂക്ഷ്മത പാലിക്കുകയും ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൗകര്യപ്പെടുത്തി കൊടുക്കുന്നതാണ്. എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചുതള്ളുകയും ചെയ്തുവോ അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കി കൊടുക്കുന്നതാണ്. അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല” (ക്വുര്‍ആന്‍ 92:4-11).

മനുഷ്യരെ സംബന്ധിച്ചിടത്തോളം ഐഹികജീവിതം പരീക്ഷണഘട്ടമാണ്. തനിക്ക് സര്‍വശക്തന്‍ കനിഞ്ഞുനല്‍കിയ ജീവന്‍, ആരോഗ്യം, സമ്പത്ത് തുടങ്ങിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും പകരമായി ആ സ്രഷ്ടാവിനോട് നന്ദികാണിക്കുക എന്നത് അവന്‍റെ കടമയാണ്. ചിലരെ സമ്പന്നരും മറ്റു ചിലരെ ദരിദ്രരുമായി മാറ്റിയതും അവര്‍ക്കുള്ള പരീക്ഷണമാണ്. ഏത് അവസ്ഥയിലും സ്രഷ്ടാവിനെ മറക്കാതിരിക്കുക എന്നത് സത്യവിശ്വാസികള്‍ക്കുണ്ടായിരിക് കേണ്ട സദ്ഗുണമാണ്.

ഉള്ളവന്‍ ഇല്ലാത്തവനെ സഹായിക്കണം. അത് മനുഷ്യത്വത്തിന്‍റെ അടയാളമാണ്. സമ്പന്നരുടെമേല്‍ നിര്‍ബന്ധദാനം അഥവാ സകാത്ത് ഇസ്ലാം നിര്‍ബന്ധമാക്കിയിരിക്കുന്നത് ഈ മാനുഷികഗുണം ഊട്ടിയുറപ്പിക്കുവാന്‍ വേണ്ടി കൂടിയാണ്.  

പാവങ്ങളുടെ അവകാശം

സമ്പത്ത് അല്ലാഹു നല്‍കുന്നതാണ്. അതിന്‍റെ പേരില്‍ അഹങ്കരിക്കുവാന്‍ ഒരാള്‍ക്കും അവകാശമില്ല. ഞാന്‍ അധ്വാനിച്ചുണ്ടാക്കിയതാണ്, എന്‍റെ വിയര്‍പ്പിന്‍റെ വിലയാണ്, അത് എനിക്കും കുടുംബത്തിനും അനുഭവിക്കാനുള്ളതാണ് എന്നൊക്കെ പറഞ്ഞ് ഐഛികമായ ദാനവും നിര്‍ബന്ധദാനമായ സകാത്തും നല്‍കാതിരിക്കുന്നവരുണ്ട്. ഏതൊരു സമ്പന്നനെയും നിമിഷങ്ങള്‍ക്കകം ദരിദ്രനാക്കി മാറ്റുവാന്‍ അല്ലാഹുവിന് കഴിയുമെന്ന് ഓര്‍ക്കണം.

നിശ്ചിത സമ്പത്തുള്ളവന്‍ അതില്‍നിന്ന് സകാത്തായി ഒരു നിശ്ചിത ഓഹരി നല്‍കണമെന്ന് അല്ലാഹുവാണ് കല്‍പിക്കുന്നത്. അത് നല്‍കുന്നവന്‍ തന്‍റെ ഔദാര്യമാണെന്ന് വിചാരിക്കുവാനും പാടില്ല. പാവങ്ങളുടെ അവകാശമാണ് അതെന്ന തിരിച്ചറിവാണ് വേണ്ടത്. ആ തിരിച്ചറിവുള്ളവന്‍ സമയമായാല്‍ എത്രയും പെട്ടെന്ന് തന്‍റെ നിര്‍ബന്ധ ബാധ്യത കൊടുത്തുതീര്‍ക്കുവാനും അതുവഴി തന്‍റെ സമ്പത്തിനെ ശുദ്ധീകരിക്കുവാനും ശ്രദ്ധ പുലര്‍ത്തുമെന്നതില്‍ സംശയമില്ല.

നേർപഥം
ഉസ്മാന്‍ പാലക്കാഴി