പ്രാര്‍ഥന സ്വീകരിക്കപ്പെടുവാന്‍...
അബൂഹുറയ്‌റയില്‍ നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”നിശ്ചയമായും അല്ലാഹു പരിശുദ്ധനാകുന്നു. വിശുദ്ധമായതല്ലാതെ അവന്‍ സ്വീകരിക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു എന്താണോ പ്രവാചകന്മാരോടു കല്‍പിച്ചിരുന്നത് അതാണ് വിശ്വാസികളോടും കല്‍പിച്ചിരിക്കുന്നത്. പ്രവാചകന്മാരോട് അവന്‍ കല്‍പിച്ചിരിക്കുന്നു: ‘അല്ലയോ പ്രവാചകന്മാരേ, നിങ്ങള്‍ പരിശുദ്ധമായവ ആഹരിച്ചുകൊള്ളുക. സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുക.’ വിശ്വാസികളോട് അവന്‍ പറഞ്ഞിരിക്കുന്നു: ‘അല്ലയോ വിശ്വാസികളേ, നിങ്ങള്‍ക്കു നാം നല്‍കിയിരിക്കുന്നതില്‍നിന്ന് പരിശുദ്ധമായത് നിങ്ങള്‍ ആഹരിച്ചുകൊള്ളുക.’ പിന്നീട് പ്രവാചകന്‍ ﷺ ഒരാളെക്കുറിച്ച് പറഞ്ഞു: ‘ദീര്‍ഘ യാത്രക്കാരന്‍, പൊടിപുരണ്ട, പാറിപ്പറന്ന തലമുടി, ഇരുകൈകളും ആകാശത്തേക്കുയര്‍ത്തി അയാള്‍ പറഞ്ഞു: ‘എന്റെ നാഥാ.. എന്റെ നാഥാ…’ അയാളുടെ ഭക്ഷണം നിഷിദ്ധം. വെള്ളം നിഷിദ്ധം. വസ്ത്രവും നിഷിദ്ധം. അയാള്‍ നിഷിദ്ധവസ്തുക്കളാല്‍ ഊട്ടപ്പെട്ടിരിക്കുന്നു. എങ്ങനെ അയാള്‍ക്ക് ഉത്തരം നല്‍കപ്പെടും?” (മുസ്‌ലിം)
ഇസ്‌ലാം നന്മയുടെ മതമാണ്. അതുകൊണ്ട് ഇസ്‌ലാം പറയുന്നു; നല്ലതേ പറയാവൂ. നല്ലതേ കേള്‍ക്കാവൂ. നല്ലതേ കാണാവൂ. നല്ലതേ ചിന്തിക്കാവൂ. നല്ലതേ ഉടുക്കാവൂ. നല്ലതു മാത്രമെ ഭക്ഷിക്കാവൂ.
അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചുകൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍” (ക്വുര്‍ആന്‍ 2:172).

നല്ലത് തിന്നുക, നല്ലത് കുടിക്കുക, നല്ലത് ഉടുക്കുക എന്നെല്ലാം പറയുമ്പോള്‍ വിലകൂടിയതും മുന്തിയതുമായവ എന്നല്ല ഉദ്ദേശിക്കുന്നത്. മറിച്ച് ശുദ്ധമായത് എന്നാണ്.
ഭക്ഷ്യവസ്തുക്കള്‍ അന്വേഷിക്കുവാനും ഉപയോഗിക്കുവാനും കല്‍പിക്കുന്ന ഇസ്‌ലാം അതിന് ചില വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടുണ്ട്. അനുവദനീയമായ മാര്‍ഗത്തിലൂടെയല്ലാതെ അന്നം തേടുവാന്‍ ഒരു മുസ്‌ലിമിന് അവകാശമില്ല. പലിശ, കൈക്കൂലി, കൊള്ള, മോഷണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയെല്ലാം പണം സമ്പാദിക്കാന്‍ കഴിയും. എന്നാല്‍ ഇസ്‌ലാം ഈ മാര്‍ഗങ്ങളെല്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. അത്തരം മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചവര്‍ തിന്നുന്നതും കുടിക്കുന്നതും ഉടുക്കുന്നതുമെല്ലാം നിഷിദ്ധമായതാണ്. അങ്ങനെയുള്ള സമ്പാദ്യംകൊണ്ട് ഉപജീവനം നടത്തുന്നവന്റെ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കുകയില്ല എന്നാണ് നബി ﷺ പഠിപ്പിക്കുന്നത്.
അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടുമുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കള്‍ അന്യായമായി നിങ്ങള്‍ അന്യോന്യം എടുത്ത് തിന്നരുത്…” (ക്വുര്‍ആന്‍ 4:29).
കുറുക്കുവഴികളിലൂടെ അന്യരുടെ ധനം ചൂഷണം ചെയ്യുന്ന എല്ലാ മാര്‍ഗങ്ങളും ഇസ്‌ലാം നിരാകരിക്കുന്നു. സംതൃപ്തിയോടെ ലഭിക്കുമ്പോഴേ അന്യരുടേത് അനുവദനീയമാകൂ എന്നും ഇസ്‌ലാം അറിയിക്കുന്നു. നിഷിദ്ധമായത് സ്വയം ഭക്ഷിക്കുന്നത് മാത്രമല്ല മറ്റുള്ളവരെ ഭക്ഷിപ്പിക്കുന്നതും വിലക്കപ്പെട്ടതാണ്. നിഷിദ്ധ മാര്‍ഗത്തിലൂടെ സമ്പാദിച്ചത് ദാനം ചെയ്താല്‍ അതില്‍ പുണ്യമില്ലെന്നും പ്രവാചകവചനങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.
”സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍….” (ക്വുര്‍ആന്‍ 2:267).
ഉസ്മാന്‍ പാലക്കാഴി
നേർപഥം