മേഘങ്ങളെ കുറിച്ച ക്വുര്‍ആനിക പരാമര്‍ശങ്ങള്‍

(ജലചംക്രമണത്തിലെ ദൈവിക ദൃഷ്ടാന്തം)
നീരാവി മേഘമായി മാറാനും വെള്ളത്തുള്ളികളും ആലിപ്പഴവും ഒക്കെയായി മാറി മഴപെയ്യാനും cloud condensing nuclei എന്ന പൊടിപടലങ്ങള്‍ അത്യാവശ്യമാണെന്നും മറ്റുമുള്ള ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ നടന്നിട്ടുള്ളത് കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രമാണ്. 1400 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇത്തരം കാര്യങ്ങളെപ്പറ്റി യാതൊരുവിധ അറിവും മനുഷ്യന് ഉണ്ടായിരുന്നില്ല. ക്വുര്‍ആന്‍ പതിനഞ്ചാം അധ്യായം സൂറതുല്‍ ഹിജ്റിലെ ഇരുപത്തിരണ്ടാം വചനത്തില്‍ അല്ലാഹു പറയുന്നു.
”(മേഘങ്ങളില്‍) പരാഗണം നടത്തുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ചുവെക്കാന്‍ കഴിയുമായിരുന്നില്ല.”
ഈ വചനത്തില്‍ ‘വ അര്‍സല്‍നര്‍രിയാഹ’ എന്നാല്‍ ‘കാറ്റുകളെ നാം അയച്ചു’ എന്നും ‘ലവാക്വിഹ’ എന്നാല്‍ ‘പരാഗണം നടത്തുന്ന,’ അല്ലെങ്കില്‍ ‘പ്രത്യുല്‍പാദനം നടത്തുന്ന’ എന്നാണ് അര്‍ഥം. And we send fertilizing winds എന്നോ and we send fecundating winds എന്നൊക്കെയാണ് ഇംഗ്ലീഷ് ക്വുര്‍ആന്‍ പരിഭാഷകളിലും ഉള്ളത്. പ്രത്യുല്‍പാദനം നടത്തുന്ന കാറ്റുകള്‍ അല്ലെങ്കില്‍ പരാഗണം നടത്തുന്ന കാറ്റുകള്‍, അതുമുഖേന മേഘങ്ങളില്‍ നിന്നും വെള്ളം ഉല്‍പാദിപ്പിക്കപ്പെടുന്നു. സുബ്ഹാനല്ലാഹ്! എന്ത് അത്ഭുതപ്പെടുത്തുന്ന പദപ്രയോഗങ്ങളാണ് ക്വുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് നോക്കൂ!
ഇബ്‌നുകഥീറില്‍ ഇബ്‌നു അബ്ബാസി(റ)ന്റെ ശിഷ്യനായ സുപ്രസിദ്ധ ക്വുര്‍ആന്‍ വ്യാഖ്യാതാവ് ദഹ്ഹാക്വ് എന്ന താബിഈ പണ്ഡിതന്‍ പ്രസ്താവിച്ചതായി ഇങ്ങനെ കാണാം
‘അല്ലാഹു മേഘങ്ങളുടെ നേര്‍ക്ക് കാറ്റുകള്‍ അയക്കുകയും മേഘങ്ങളില്‍ പരാഗണം നടത്തുകയും മേഘങ്ങള്‍ വെള്ളംകൊണ്ട് നിറയുകയും ചെയ്യുന്നു.’
പ്രവാചകാനുയായികളായ അബ്ദുല്ലാഹിബിനു മസ്ഊദ്(റ), ഇബ്‌നുഅബ്ബാസ്(റ) എന്നിവരും ഖത്താദ(റഹി) ഇബ്‌റാഹീം അന്നക്വഇ(റഹി) തുടങ്ങിയ ക്വുര്‍ആന്‍ വ്യാഖ്യാതാക്കളുമെല്ലാം ഇതേ വിശദീകരണം നല്‍കിയതായി തഫ്‌സീറുകളില്‍ കാണാവുന്നതാണ്.

സസ്യങ്ങളില്‍ നടക്കുന്ന പരാഗണത്തെപ്പറ്റി നാം കേട്ടിട്ടുണ്ടാകും. ആണ്‍പൂവില്‍നിന്നുള്ള പൂമ്പൊടി പെണ്‍പൂവിലേക്ക് എത്തിക്കുന്ന കാറ്റുകള്‍ ‘പരാഗണം’ നടത്തി അതുമുഖേന കായ്കനികള്‍ ഉണ്ടാകുന്നതു പോലെ മേഘങ്ങളില്‍ cloud സീഡുകള്‍ വിതറിക്കൊണ്ട് കാറ്റുകള്‍ മഴ ഉല്‍പാദിപ്പിക്കുന്നു എന്ന്! എത്ര കൃത്യമായ പദപ്രയോഗങ്ങളാണ് ക്വുര്‍ആന്‍ നടത്തുന്നത് എന്ന് നോക്കൂ. കാറ്റുകള്‍ മേഘങ്ങളെ നീക്കി കൊണ്ടുപോകുന്നു എന്ന പരാമര്‍ശം മാത്രമാണ് ക്വുര്‍ആനില്‍ ഉള്ളതെങ്കില്‍ നമുക്ക് വാദത്തിനായി സമ്മതിക്കാം, മുഹമ്മദ് നബി ആകാശത്തേക്ക് നോക്കിയപ്പോള്‍ കാറ്റടിച്ചു മേഘം നീങ്ങുന്നത് കണ്ടു പ്രസ്താവിച്ചതാണ് ഇത് എന്ന്. കാറ്റടിച്ചാല്‍ മേഘം നീങ്ങിപ്പോകുന്നു എന്നത് എല്ലാ മനുഷ്യര്‍ക്കും അറിയുന്ന കാര്യമാണല്ലോ. എന്നാല്‍ ക്വുര്‍ആനിലുള്ളത് പരാഗണം നടത്തുന്ന കാറ്റുകള്‍ (fertilizing winds) എന്ന കൃത്യമായ പദപ്രയോഗമാണ്. മുഹമ്മദ് നബി ﷺ യില്‍ നിന്നും നേരിട്ട് മതം പഠിച്ച സഹാബികള്‍ മനസ്സിലാക്കിയ ഇതിന്റെ വ്യാഖ്യാനവും നമ്മെ അത്ഭുതപ്പെടുത്തുന്നു! അതെ ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്.
വ്യത്യസ്തങ്ങളായ മേഘങ്ങളെപ്പറ്റി ക്വുര്‍ആനില്‍ പരാമര്‍ശങ്ങള്‍ കാണാം. മേഘങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രത്തിനു ‘നെഫോളജി’ എന്നാണ് പറയുന്നത്. നെഫോളജിയുമായി ബന്ധപ്പെട്ട് ധാരാളം ക്വുര്‍ആന്‍ ആയത്തുകള്‍ നമുക്ക് കാണുവാന്‍ സാധിക്കും.
രൂപത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും മൂന്നുപേരുകളില്‍ മേഘങ്ങള്‍ അറിയപ്പെടുന്നു.
1) സ്ട്രാറ്റസ് (Stratus): ഒരു പാളിപോലെ കാണപ്പെടുന്നു, കൃത്യമായ അരികുകളില്ല.
2) ക്യുമുലസ് (Cumulus): ഒരു കൂന, കൂമ്പാരം പോലെ കാണപ്പെടുന്നു. കൃത്യമായ അരികുകള്‍ ഉണ്ടായിരിക്കും.
3) സിറസ് (Cirrus): നാട, നാര്, തൂവല്‍ തുടങ്ങിയ ആകൃതിയില്‍, വളരെ മൃദുവായി തോന്നുന്ന അരികുകള്‍ ഉണ്ടായിരിക്കും.
ഇത്തരത്തില്‍ മൂന്നുതരം മേഘങ്ങളാണ് ആകാശത്തില്‍ ഉള്ളത്. ഇതില്‍ മഴമേഘങ്ങള്‍ രണ്ടുതരത്തിലാണുള്ളത്.
1 നിംബോ സ്റ്റ്രാറ്റസ്.
2 നിംബൊ ക്യുമുലസ് അല്ലെങ്കില്‍ ക്യുമുലോ നിംബസ്.
മേഘങ്ങളുടെ പേരിനോടൊപ്പം ‘നിംബോ’ (nimbo) എന്ന വാക്ക് ഉണ്ടെങ്കില്‍ അവ മഴമേഘങ്ങളാണെന്ന് അര്‍ഥം. ഈ രണ്ടുതരം മഴമേഘങ്ങളെ പറ്റിയും ക്വുര്‍ആനില്‍ പരാമര്‍ശമുണ്ട്.
ഒന്നാമത്തെ തരം മഴമേഘങ്ങള്‍ അഥവാ നിംബോ സ്ട്രാറ്റസ് മഴ മേഘങ്ങള്‍ ആകാശത്ത് പരന്നുകിടന്നു മഴവര്‍ഷിക്കുന്നവയാണ്. ഇത്തരം നിംബോ സ്ട്രാറ്റസ് മേഘങ്ങളില്‍നിന്നും പെയ്യുന്ന മഴയോടൊപ്പം ഇടിമിന്നലുകള്‍ ഉണ്ടാവില്ല. ഇത്തരം മഴമേഘങ്ങളെ പറ്റി ക്വുര്‍ആന്‍ പരാമര്‍ശിക്കുന്നത് കാണുക:
”അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴപുറത്ത് വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു” (30:48).
രണ്ടാമത്തെ തരം മഴമേഘങ്ങളാണ് cumulonimbus. പേമാരിയും ഇടിമിന്നലും ചിലപ്പോഴൊക്കെ ആലിപ്പഴ വര്‍ഷവും ഉണ്ടാക്കുന്ന ഇത്തരം മഴമേഘങ്ങളെ പറ്റിയുള്ള ക്വുര്‍ആനിലെ പരാമര്‍ശങ്ങളെ ഒരു ശാസ്ത്രവിദ്യാര്‍ഥിക്ക് അത്ഭുതത്തോടെയല്ലാതെ സമീപിക്കാനാവില്ല:
”അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ടുവരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു എന്ന് നീ കണ്ടില്ലേ? അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്തുനിന്ന് -അവിടെ മലകള്‍ പോലുള്ള മേഘക്കൂമ്പാരങ്ങളില്‍ നിന്ന് -അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകളെ റാഞ്ചിക്കളയുമാറാകുന്നു” (ക്വുര്‍ആന്‍ 24:43).
അല്ലാഹു മേഘങ്ങളെ തെളിച്ച് കൊണ്ടുവരികയും ഒന്നിനുമുകളിലൊന്നായി അട്ടിയട്ടിയായി കുത്തനെയുള്ള വലിയ കൂമ്പാരമായി രൂപപ്പെടുത്തുകയും ചെയ്യുന്നു. വലിയ പര്‍വതസമാനമായ മേഘങ്ങള്‍ രൂപപ്പെടുന്നു. ഇത്തരം വലിയ മേഘങ്ങളില്‍നിന്നും ആലിപ്പഴവര്‍ഷവും ഇടിമിന്നലും ഉണ്ടാവുന്നു എന്നാണ് ഈ വചനത്തില്‍ പറഞ്ഞത്.

ശാസ്ത്രലോകത്ത് cumulonimbus clouds എന്നാണ് ഇത്തരം കൂറ്റന്‍ മേഘങ്ങള്‍ അറിയപ്പെടുന്നത്. ഇവക്ക് കിലോമീറ്ററുകള്‍ ഉയരമുണ്ട്. പത്തും പതിനഞ്ചും കിലോമീറ്റര്‍ വരെ ഉയരം ഇത്തരം പടുകൂറ്റന്‍ മേഘങ്ങള്‍ക്ക് ഉണ്ടാവും. അഥവാ വലിയ പര്‍വതങ്ങളെക്കാള്‍ (എവറസ്റ്റ് കൊടുമുടിയെക്കാള്‍ പോലും) ഉയരമുള്ള വലിയ മേഘങ്ങള്‍ ആണ് ക്യുമുലോ നിംബസ് മേഘങ്ങള്‍. ഇത്തരംമേഘങ്ങള്‍ക്ക് സമീപത്തുകൂടി പോകുമ്പോഴാണ് വിമാനങ്ങള്‍ പലപ്പോഴും കുലുങ്ങുന്നത്. വിമാനയാത്ര നടത്തുന്ന ആളുകള്‍ക്ക് ചിലപ്പോഴെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം.
ശക്തമായ മഴയും കാറ്റും ഇടിമിന്നലും ചിലപ്പോഴൊക്കെ ആലിപ്പഴവര്‍ഷവും ഈ മേഘങ്ങളുടെ പ്രത്യേകതയാണ്. ഈ ഇനത്തില്‍പെട്ട മേഘത്തിനുള്ളില്‍ ശക്തിയേറിയ വായുപ്രവാഹം ഒരു കൊടുങ്കാറ്റ്പോലെ ഉണ്ടാകുന്നുണ്ട്. മേഘത്തിന്റെ നടുഭാഗത്തുകൂടി അടിയില്‍നിന്നു മുകളിലേക്കുയരുന്ന വായു പ്രവാഹത്തെ updraft എന്നും മേഘത്തിന്റെ വശങ്ങളിലൂടെ താഴേക്ക് പതിക്കുന്ന വായുപ്രവാഹത്തെ down draft എന്നും വിളിക്കുന്നു. ഈ മേഘങ്ങളുടെ താഴെത്തട്ടില്‍ ജലകണങ്ങളും മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളുമാണുണ്ടാവുക. ഈ മേഘങ്ങള്‍ക്ക് വളരെ കട്ടിയുള്ളതിനാല്‍ സൂര്യപ്രകാശത്തെ അവ ഗണ്യമായി തടഞ്ഞുനിര്‍ത്തുന്നു. അതിനാലാണ് മഴമേഘങ്ങളുടെ അടിഭാഗം കറുത്തിരുണ്ട് കാണപ്പെടുന്നത്.
3 സ്റ്റേജുകള്‍ ആണ് ഈ cumulonimbus മേഘങ്ങള്‍ക്ക് ഉള്ളത്. ഒന്നാമതായി Developing stage. അഥവാ ഒരുപാട് മേഘങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെട്ട് ഒന്നിനുമുകളിലൊന്നായി അട്ടിയട്ടിയായി വലിയ പര്‍വത സമാനമായ മേഘം രൂപപ്പെടുത്തുന്ന സ്റ്റേജ്. വിശുദ്ധ ക്വുര്‍ആന്‍ കൃത്യമായി പ്രസ്താവിക്കുന്നു:
”അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ടുവരികയും എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു…”
രണ്ടാമത്തെ സ്റ്റേജ് mature stage എന്നറിയപ്പെടുന്നു. അഥവാ ഒരു വലിയ മേഘപര്‍വതം ആകാശത്ത് രൂപപ്പെടുന്നു.
മൂന്നാമത്തെ സ്റ്റേജ് dissipation stage എന്നറിയപ്പെടുന്നു. ഇത്തരം ഭീമന്‍ മേഘങ്ങളില്‍നിന്നും പേമാരിയും ആലിപ്പഴവര്‍ഷവും ഇടിമിന്നലും ഉണ്ടായി, ഒടുവില്‍ മേഘം ഇല്ലാതായിത്തീരുന്നതാണ് ഈ ഒരു സ്റ്റേജ്. 2,3 സ്റ്റേജുകളും കൃത്യമായിത്തന്നെ ഈ ക്വുര്‍ആന്‍ വചനത്തില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു!
”…അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്തുനിന്ന് -അവിടെ മലകള്‍ പോലുള്ള മേഘക്കൂമ്പാരങ്ങളില്‍ നിന്ന് -അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു” (24:43).
അത്ഭുതകരമായ വസ്തുത ആലിപ്പഴവര്‍ഷവും ശക്തമായ ഇടിമിന്നലുകളും ഇത്തരം cumulonimbus മേഘങ്ങളില്‍നിന്നാണ് ഉണ്ടാവുന്നത് എന്നുള്ളതാണ്!
മിന്നല്‍ അഥവാ ലൈറ്റ്‌നിംഗ് മൂന്നുതരത്തിലുണ്ട്:
1. Intra cloud lightning അഥവാ ഒരു മേഘത്തിന്റെ ഒരു ഭാഗത്തുനിന്നും അതേ മേഘത്തിന്റെ മറ്റൊരു ഭാഗത്തേക്ക് നടക്കുന്ന മിന്നലുകള്‍ ആണ് ഇത്.
2. Inter cloud lightning. രണ്ടു മേഘങ്ങള്‍ക്കിടയില്‍ നടക്കുന്നതാണ് ഇത്.
ഈ രണ്ടുതരം മിന്നലുകളും ആകാശത്ത് മേഘങ്ങളില്‍വച്ച് നടക്കുന്നതാണ്.
3. cloud to ground lightning. നമുക്ക് പരിചയമുള്ള അതിശക്തമായ ഇടിമിന്നലുകളാണ് ഇത്.
മേഘങ്ങളില്‍നിന്നും ഭൂമിയിലേക്ക് പതിക്കുന്ന അതിശക്തമായ വൈദ്യുത പ്രവാഹമാണ് ഇത്തരം മിന്നലുകള്‍. എല്ലാത്തരം മേഘങ്ങള്‍ക്കും ഇത്തരം cloud to ground മിന്നലുകള്‍ ഉണ്ടാക്കാനുള്ള ശേഷിയില്ല. Cumulonimbus മേഘങ്ങളാണ് ഇത്തരം ശക്തമായ മിന്നലുകള്‍ അഥവാ മേഘങ്ങളില്‍നിന്നും ഭൂമിയിലേക്ക് നേരിട്ട് പതിക്കുന്ന മിന്നലുകള്‍ ഉണ്ടാക്കുന്നത്. നേരത്തെ നാം ചര്‍ച്ച ചെയ്ത മറ്റു മേഘങ്ങള്‍ക്ക് ഇത്തരത്തിലുള്ള cloud to ഗ്രൗണ്ട് മിന്നലുകള്‍ ഉണ്ടാക്കാനുള്ള ശേഷിയില്ല.
ആകാശത്ത് ഇത്തരം പര്‍വതസമാനമായ മേഘങ്ങള്‍ ഉണ്ടെന്നുള്ള വസ്തുത താഴെനിന്ന് മുകളിലേക്കു നോക്കുന്ന ഒരാള്‍ക്ക് ബോധ്യപ്പെടുന്നതല്ല. വിമാനങ്ങളിലും മറ്റും ആകാശയാത്ര നടത്തുമ്പോഴാണ് ഇത്തരം മേഘങ്ങളുടെ ഭീമാകാരരൂപം നമുക്ക് ബോധ്യപ്പെടുക. ഇത്തരം പടുകൂറ്റന്‍ ക്യുമുലോ നിംബസ് മേഘങ്ങള്‍ അന്തരീക്ഷത്തില്‍ ഉണ്ടാകുന്നുണ്ടെന്നും അവയില്‍ വലിയ മഞ്ഞുപര്‍വതങ്ങള്‍ ഉണ്ടെന്നും അതില്‍നിന്നും ആലിപ്പഴം വര്‍ഷിക്കുന്നു എന്നും അതില്‍നിന്ന് തന്നെയാണ് ഭൂമിയില്‍ പതിക്കുന്ന തരത്തിലുള്ള വലിയ വൈദ്യുതി പ്രവഹിക്കുന്ന മിന്നലുകള്‍ ഉണ്ടാവുന്നത് എന്നുമുള്ള അറിവ് അടുത്ത കാലത്ത് മാത്രമാണ് ശാസ്ത്രലോകം നേടിയെടുത്തത്. അടുത്തകാലത്ത് മാത്രം കണ്ടു പിടിക്കപ്പെട്ട ഈ ശാസ്ത്രീയ അറിവുകള്‍ 1400 വര്‍ഷങ്ങള്‍ക്കുമുമ്പ് വളരെ കൃത്യമായി എങ്ങനെയാണ് നിരക്ഷരനായ പ്രവാചകന് അറിയാന്‍ കഴിയുക? യാതൊരുവിധ സാധ്യതകളും അതിനില്ല തന്നെ! വിശുദ്ധ ക്വുര്‍ആന്‍ ലോക സ്രഷ്ടാവായ അല്ലാഹുവിന്റെ വചനങ്ങളാണെന്ന്, ചിന്തിക്കുന്ന മനുഷ്യനെ ബോധ്യപ്പെടുത്തുന്നു ഇത്തരം ക്വുര്‍ആനിക വചനങ്ങള്‍.
ഡോ. ജൗസല്‍
നേർപഥം വാരിക
Masha Allah
Jazakallahu khair for giving valuable information