നബി ചരിത്രം – 81 – ഖാലിദുബ്നുൽ വലീദ് ഇസ്ലാമിലേക്ക്.

നബി ചരിത്രം - 81 - ഹിജ്റ എട്ടാം വർഷം [ഭാഗം: 3]:
ഖാലിദുബ്നുൽ വലീദ് ഇസ്ലാമിലേക്ക്.

താൻ ഇസ്‌ലാമിലേക്ക് കടന്നു വന്ന സംഭവത്തെക്കുറിച്ച് ഖാലിദുബ്നുൽ വലീദ്  رضي الله عنه വിശദീകരിക്കുകയാണ്.
അല്ലാഹു എന്റെ കാര്യത്തിൽ നന്മ ഉദ്ദേശിച്ചപ്പോൾ എന്റെ ഹൃദയത്തിലേക്ക് ഇസ്ലാമിനെ ഇട്ടു തന്നു. സന്മാർഗ്ഗം എന്റെ മുമ്പിൽ ഹാജരായി. മുഹമ്മദ് നബിﷺ ക്കെതിരെയുള്ള എല്ലാ സംരംഭങ്ങളിലും ഞാൻ സാക്ഷിയായിട്ടുണ്ട്. അതിലൊക്കെ ഞാൻ സാക്ഷിയായിട്ടുണ്ടെങ്കിലും എന്റെ മനസ്സ് പറയുന്ന മറ്റൊരു കാര്യം ഉണ്ടായിരുന്നു. മുഹമ്മദ് വിജയിക്കും.

അല്ലാഹുവിന്റെ പ്രവാചകൻ ഹുദൈബിയ്യയിലേക്ക് പുറപ്പെട്ടപ്പോൾ മുശ്രിക്കുകളോടൊപ്പം ഞാനും പുറപ്പെട്ടു. ഉസ്ഫാൻ പ്രദേശത്ത് വെച്ച് കൊണ്ട് മുഹമ്മദ് നബിﷺ യെ അദ്ദേഹത്തിന്റെ അനുയായികളോടൊപ്പം ഞാൻ കണ്ടു. മുഹമ്മദ് നബിﷺ ക്ക് ഒരു തടസ്സമായിക്കൊണ്ട് ഞാൻ മുമ്പിൽ പോയി നിന്നു. ഞങ്ങളുടെ മുമ്പിൽ നിന്ന് കൊണ്ട് അദ്ദേഹം തന്റെ അനുചരന്മാരെ കൊണ്ട് ളുഹ്‌റ് നമസ്കരിച്ചു. ഈ സന്ദർഭത്തിൽ മുഹമ്മദിനെ കടന്നാക്രമിച്ചാലോ എന്ന് ഞങ്ങൾ ചിന്തിച്ചു. എന്നാൽ ഞങ്ങളുടെ മനസ്സിലുള്ള ചിന്തയെ കുറിച്ച് മുഹമ്മദ് നബിﷺക്ക് വിവരം കിട്ടിയപ്പോൾ അസ്വ്‌ർ നമസ്കാരം തന്റെ സ്വഹാബിമാരെ കൊണ്ട് ഭയത്തിന്റെതായി നിർവഹിച്ചു. അതും ഞങ്ങളുടെ മനസ്സിൽ വലിയ ചിന്തക്ക് കാരണമായി. ഞങ്ങളിൽ നിന്ന് മുഹമ്മദ് നബിﷺ സുരക്ഷിതമാകുകയും വലതു ഭാഗത്തു കൂടെ മാറി പോവുകയും ചെയ്തു.

ഹുദൈബിയ്യ സന്ധി ഉണ്ടാവുകയും ഖുറൈശികൾ പ്രവാചകനെ പ്രയാസപ്പെടുത്തുകയും ചെയ്തപ്പോൾ എന്റെ മനസ്സിൽ പല ചിന്തകളും കടന്നു വന്നു. ഇനി എന്താണ് അവശേഷിച്ചിട്ടുള്ളത്?. എവിടേക്കാണ് ഞാൻ പോകേണ്ടത്? നജ്ജാശിയുടെ അടുക്കലേക്കാണോ? നജ്ജാശിയാകട്ടെ മുഹമ്മദ് നബിﷺയിൽ വിശ്വസിച്ചിരിക്കുന്നു. മുഹമ്മദ് നബിﷺയുടെ അനുയായികൾ നജ്ജാശിയുടെ അടുത്ത് നിർഭയരാണ്. ഹിറഖ്‌ലിന്റെ അടുക്കലേക്ക് പോകണോ?. അങ്ങിനെയാണെങ്കിൽ ഞാൻ എന്റെ മതം വിട്ട് ക്രിസ്തു മതത്തിലേക്കും യഹൂദ മദത്തിലേക്കും മാറി പ്പോകലല്ലേ?. ഇനി അവശേഷിച്ചിട്ടുള്ള ആളുകളോടൊപ്പം എന്റെ വീട്ടിൽ തന്നെ ഞാൻ നിലക്കൊള്ളണോ?. ഇങ്ങിനെ ഓരോ ചിന്തകളിലും കഴിയുമ്പോഴാണ് അടുത്ത വർഷം ഉംറതുൽ ഖളാഇന്ന് വേണ്ടി മുഹമ്മദ് നബിﷺ മക്കയിലേക്ക് പ്രവേശിക്കുന്നത്. മുഹമ്മദ് നബിﷺ മക്കയിലേക്ക് പ്രവേശിക്കുന്നത് കാണാൻ പോലും നിൽക്കാതെ ഞാൻ ഒഴിഞ്ഞു പോയി. ഈ ഉംറയിൽ മുഹമ്മദ് നബിﷺയോടൊപ്പം എന്റെ സഹോദരൻ വലീദുബ്നു വലീദുംرضي الله عنه ഉണ്ടായിരുന്നു. അദ്ദേഹം എന്നെ അന്വേഷിച്ചുവെങ്കിലും കണ്ടില്ല. അങ്ങിനെയാണ് അദ്ദേഹം എനിക്കൊരു കത്തെഴുതുന്നത്. ആ കത്ത് ഇപ്രകാരമായിരുന്നു.

” പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. ഇസ്‌ലാമിൽ നിന്നും നീ അകന്നു പോയല്ലോ എന്നുള്ളതാണ് എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്ന കാര്യം. നീ എന്തൊരു ബുദ്ധിമാനായ വ്യക്തിയാണ്. ഇസ്‌ലാം പോലുള്ള ഒരു മതത്തെ കുറിച്ച് ആരെങ്കിലും മനസ്സിലാക്കാതെ പോകുമോ!. നിന്നെക്കുറിച്ച് അല്ലാഹുവിന്റെ പ്രവാചകൻ എന്നോട് ചോദിച്ചു; “എവിടെയാണ് ഖാലിദ്” അപ്പോൾ ഞാൻ പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ കൊണ്ടു വരും. നബിﷺ പറഞ്ഞു: “ഖാലിദുബ്നുൽവലീദിനെ പോലെയുള്ള ആളുകൾ ഇസ്‌ലാമിനെക്കുറിച്ച് അജ്ഞരാവുകയില്ല. ശത്രുക്കളെ പരാജയപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ ശേഷി മാത്രം മുസ്ലിംകളോടൊപ്പം അദ്ദേഹം ആക്കിയിരുന്നെങ്കിൽ അദ്ദേഹത്തിന് അത് ഏറ്റവും നല്ലതാകുമായിരുന്നു. മറ്റുള്ളവരെക്കാൾ അദ്ദേഹത്തിന് നാം മുൻഗണന കൊടുക്കുകയും ചെയ്യുമായിരുന്നു”. അതു കൊണ്ട് സഹോദരാ താങ്കൾക്ക് നഷ്ടപ്പെട്ടത് ഇനിയെങ്കിലും നേടിയെടുക്കുക. ഒരുപാട് നല്ല രംഗങ്ങൾ താങ്കൾക്ക് നഷ്ടപ്പെട്ടു പോയിട്ടുണ്ട്.

ഖാലിദുബ്നുൽ വലീദ്رضي الله عنه പറയുന്നു: എനിക്ക് സഹോദരന്റെ കത്ത് ലഭിച്ചപ്പോൾ ഇറങ്ങി പുറപ്പെടാനുള്ള ആവേശമുണ്ടായി. ഇസ്ലാമിനോടുള്ള എന്റെ താല്പര്യം വർദ്ധിക്കുകയും ചെയ്തു”. (അൽ ബിദായതു വന്നിഹായ: 6/405) മുഹമ്മദ് നബിﷺ എന്നെ ക്കുറിച്ച് അന്വേഷിച്ചു എന്നു കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. ഞാനൊരു സ്വപ്നം കണ്ടിട്ടുണ്ടായിരുന്നു. വരൾച്ച ബാധിച്ചതും ഇടുങ്ങിയതുമായ ഒരു പ്രദേശത്തു നിന്നും വിശാലമായ പച്ചപിടിച്ച മറ്റൊരു പ്രദേശത്തേക്ക് ഞാൻ പോകുന്നതായിരുന്നു സ്വപ്നം. ഇതൊരു യഥാർത്ഥ സ്വപ്നം തന്നെയാണെന്ന് എനിക്ക് തോന്നി. മദീനയിലെത്തിയപ്പോൾ ഈ സംഭവം ഞാൻ അബൂബക്കറിرضي الله عنهനോട് പറയാൻ ഉദ്ദേശിച്ചു. അബൂബക്കറിرضي الله عنهനോട് ഈ സ്വപ്നത്തെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: നീ സ്വപ്നം കണ്ട ആ ഇടുക്കം നീ നില കൊണ്ടിരുന്ന ശിർക്കാണ്. അതിൽ നിന്നും പുറത്തു വരുന്ന ഒന്ന് കണ്ടു എന്ന് പറഞ്ഞല്ലോ അല്ലാഹു നിനക്ക് മാർഗ്ഗം കാണിച്ചു തന്ന ഇസ്‌ലാമാകുന്നു അത്. 

അങ്ങിനെ അല്ലാഹുവിന്റെ പ്രവാചകന്റെ അടുക്കലേക്ക് പോകാനുള്ള തീരുമാനത്തിലേക്ക് ഞാൻ എത്തിയപ്പോൾ ആരാണ് എന്റെ കൂടെ വരിക എന്ന് ഞാൻ ചിന്തിച്ചു. അങ്ങിനെയിരിക്കെയാണ് സ്വഫ്‌വാനുബ്നുബ്നു ഉമയ്യയെ ഞാൻ കണ്ടുമുട്ടുന്നത്. ഞാൻ ചോദിച്ചു; അല്ലയോ അബൂ വഹബ്, ഇപ്പോൾ ഏതു അവസ്ഥയിലാണ് നമ്മൾ ഉള്ളത് എന്ന് താങ്കൾക്ക് അറിയാമല്ലോ. നമ്മൾ ഇപ്പോൾ തല തിന്നുന്നവരാണ്. അറബികളിലും അനറബികളിലും മുഹമ്മദ് വിജയം നേടിക്കഴിഞ്ഞു. നമ്മൾ മുഹമ്മദിന്റെ അടുക്കലേക്ക് പോവുകയും ആ മുഹമ്മദിനെ പിൻപറ്റുകയും ചെയ്താലോ? മുഹമ്മദിനു ലഭിക്കുന്ന ഉയർച്ച നമ്മുടെയും ഉയർച്ചയാണ്. പക്ഷേ സ്വഫ്‌വാൻ ശക്തമായ നിലക്ക് എന്റെ ആശയത്തെ എതിർത്തു. സ്വഫ്‌വാൻ പറഞ്ഞു: ഞാൻ മാത്രം അവശേഷിച്ചാലും മുഹമ്മദിനെ ഞാനൊരിക്കലും പിൻപറ്റുകയില്ല. അങ്ങിനെ ഞങ്ങൾ രണ്ടു പേരും വഴി പിരിഞ്ഞു പോയി. അദ്ദേഹത്തിന്റെ സഹോദരനും വാപ്പയും ബദറിൽ കൊല്ലപ്പെട്ടതാണ്. അതു കൊണ്ടായിരിക്കാം ഈ നിലപാട് എടുത്തിട്ടുള്ളത്. അപ്പോഴാണ് ഞാൻ ഇക്‌രിമതുബ്നു അബീ ജഹലിനെ കാണുന്നത്. സ്വഫ്‌വാനോട് പറഞ്ഞ അതേ കാര്യങ്ങൾ ഇക്‌രിമയുടെ മുമ്പിലും ഞാൻ അവതരിപ്പിച്ചു. സ്വഫ്‌വാനിന്റെ അതേ മറുപടി തന്നെയാണ് ഇക്‌രിമയും നൽകിയത്. ഞാൻ ഇക്‌രിമയോട് പറഞ്ഞു: എന്റെ കാര്യം നിങ്ങൾ മറച്ചു വെക്കണം. ആരോടും ഞാൻ പറഞ്ഞ കാര്യങ്ങൾ പറയരുത്. ഇക്‌രിമ പറഞ്ഞു: ഇല്ല, ഞാൻ ആരോടും പറയുകയില്ല. 

ഞാൻ വാഹനപ്പുറത്ത് കയറി എന്റെ വീട്ടിൽ നിന്നും പുറപ്പെട്ടു. അപ്പോഴാണ് ഉസ്മാനുബ്നു ത്വൽഹയെ ഞാൻ കണ്ടുമുട്ടിയത്. ഇദ്ദേഹം എന്റെ കൂട്ടുകാരനാണല്ലോ. ഞാൻ ഉദ്ദേശിക്കുന്ന കാര്യം അദ്ദേഹത്തോട് പറഞ്ഞാലോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷേ അദ്ദേഹത്തിന്റെ കൊല്ലപ്പെട്ട പിതാക്കന്മാരെ സംബന്ധിച്ച് ഞാൻ ആലോചിച്ചു. അതു കൊണ്ട് അദ്ദേഹത്തോട് കാര്യങ്ങൾ പറയാൻ എനിക്ക് പ്രയാസമായി. പക്ഷെ ഞാൻ ഒന്നു കൂടി ചിന്തിച്ചു. എന്റെ കാര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞാൽ എന്താ? ഞാനെന്റെ വാഹനപ്പുറത്താണല്ലോ. ഞാൻ പോവുകയാണല്ലോ. അങ്ങിനെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ അവതരിപ്പിച്ചു. ഞാൻ പറഞ്ഞു: നമ്മൾ സത്യത്തിൽ മാളത്തിലെ കുറുക്കന്മാരെ പോലെയാണ്. മാളത്തിലേക്ക് വെള്ളമൊഴിച്ചാൽ കുറുക്കന്മാർ പുറത്തുവരും. മുമ്പ് കണ്ട രണ്ട് സുഹൃത്തുക്കളോടും പറഞ്ഞ അതേ കാര്യങ്ങൾ ഞാൻ ഉസ്മാനിനോട് പറഞ്ഞു. ഉസ്മാനുബ്നു ത്വൽഹ എനിക്ക് വേഗത്തിൽ മറുപടി തന്നു. അദ്ദേഹം പറഞ്ഞു: ഞാനും പോരുവാൻ ഉദ്ദേശിക്കുന്നു. എൻറെ ഒട്ടകം ആലയിൽ ഉണ്ട്. അതിനെ എടുത്ത് വരാം. അങ്ങിനെ യഅ്‌ജുജിൽ വെച്ച് കണ്ടുമുട്ടാമെന്ന് ഞങ്ങൾ പരസ്പരം തീരുമാനിച്ചു. ഞാൻ ആദ്യം എത്തിയാൽ നിങ്ങളെ ഞാൻ കാത്തു നിൽക്കാമെന്നും നിങ്ങൾ ആദ്യം എത്തിയാൽ നിങ്ങൾ എന്നെ കാത്തു നിൽക്കണം എന്നും ഞാൻ പറഞ്ഞു.

അങ്ങിനെ രാത്രിയുടെ ഇരുട്ടിൽ ഞങ്ങൾ പുറപ്പെട്ടു. പ്രഭാതം ആകുന്നതിനു മുമ്പ് ഞങ്ങൾ യഅ്‌ജുജിൽ കണ്ടുമുട്ടി. ഞങ്ങൾ രണ്ടുപേരും പുറപ്പെടുകയും ‘ഹദത്’ എന്ന സ്ഥലത്ത് ഞങ്ങൾ എത്തിച്ചേരുകയും ചെയ്തു. അവിടെ എത്തിയപ്പോഴാണ് അംറുബ്നുൽ ആസ്വിനെرضي الله عنه ഞങ്ങൾ കാണുന്നത്. അംറ് പറഞ്ഞു: നിങ്ങൾക്ക് സ്വാഗതം. ഞങ്ങൾ പറഞ്ഞു താങ്കൾക്കും സ്വാഗതം. അംറ് ചോദിച്ചു; എങ്ങോട്ടാണ് നിങ്ങളുടെ യാത്ര? അപ്പോൾ ഞങ്ങൾ ചോദിച്ചു നിങ്ങൾ എങ്ങോട്ടാണ്? അദ്ദേഹം വീണ്ടും ചോദിച്ചു നിങ്ങൾ എങ്ങോട്ടാണ്? ഞങ്ങൾ പറഞ്ഞു: ഞങ്ങൾ ഇസ്‌ലാമിൽ പ്രവേശിക്കാനും മുഹമ്മദ് നബിﷺയെ പിൻപറ്റാനും പോവുകയാണ്. അപ്പോൾ അംറ് പറഞ്ഞു: അതിനു തന്നെയാണ് ഞാനും ഇറങ്ങിയത്. അങ്ങിനെ ഞങ്ങൾ എല്ലാവരും ഒന്നിച്ചു മദീനയിലേക്കെത്തി. മദീനക്ക് പുറത്തുള്ള ഒരു സ്ഥലത്ത് ഞങ്ങൾ ഒട്ടകങ്ങളെ മുട്ടുകുത്തിച്ചു. ഞങ്ങളുടെ വരവിനെക്കുറിച്ച് അല്ലാഹുവിന്റെ പ്രവാചകന് വിവരം ലഭിച്ചു. നബിﷺ ഞങ്ങളുടെ കാര്യത്തിൽ ഏറെ സന്തോഷിച്ചു. ഞാൻ എന്റെ ഏറ്റവും നല്ല വസ്ത്രം എടുത്തു ധരിച്ചു. ശേഷം പ്രവാചകനെ ലക്ഷ്യമാക്കി നീങ്ങി. അപ്പോഴാണ് എന്റെ സഹോദരൻ എന്നെ കാണുന്നത്. അദ്ദേഹം പറഞ്ഞു: വേഗം ചെല്ല്. നിന്റെ വരവിനെക്കുറിച്ച് പ്രവാചകനോട് പറഞ്ഞിട്ടുണ്ട്. നിന്റെ വരവിൽ പ്രവാചകൻ ഏറെ സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം നിങ്ങളെ കാത്തിരിക്കുകയാണ്. ഇതു കേട്ടതോടെ ഞങ്ങൾ നടത്തമൊന്ന് വേഗത്തിലാക്കി.

ഞാൻ നബിﷺയെ കണ്ടു. നബിﷺ എന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മുമ്പിൽ പോയി ഞാൻ നിന്നു. ഞാൻ പ്രവാചകനോട് ഇസ്ലാമിന്റെ സലാം പറഞ്ഞു. പ്രസന്ന പൂരിതമായ മുഖവുമായിക്കൊണ്ട് നബിﷺ എന്റെ സലാം മടക്കി. ഞാൻ പറഞ്ഞു: ആരാധനക്കർഹനായി അല്ലാഹു അല്ലാതെ മറ്റാരും ഇല്ലെന്നും താങ്കൾ അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ശേഷം നബിﷺ എന്നെ അടുത്തേക്ക് വിളിച്ചു കൊണ്ടു പറഞ്ഞു: നിങ്ങളെ സന്മാർഗത്തിലാക്കിയ അല്ലാഹുവിനു സർവ്വ സ്തുതിയും. ചിന്താ ശേഷിയുള്ള ഒരാളായി താങ്കളെ ഞാൻ കണ്ടിരുന്നു. നന്മയിലേക്കല്ലാതെ നിങ്ങൾ എത്തരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ, സത്യത്തെ എതിർത്തു കൊണ്ട് അങ്ങേക്കെതിരെ രംഗത്തു വന്ന എല്ലാ സംഭവങ്ങളും ഞാനോർക്കുന്നു. അതെല്ലാം അല്ലാഹു എനിക്ക് പൊറുത്തു തരുന്നതിന് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണം. അപ്പോൾ നബിﷺ പറഞ്ഞു: ഇസ്ലാം അതിനു മുമ്പുള്ള കാര്യങ്ങളെല്ലാം മായ്ച്ചു കളയുന്നു. ഞാൻ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകരെ. എങ്കിലും ആ കാര്യത്തിനു വേണ്ടി എനിക്ക് താങ്കൾ പ്രാർത്ഥിക്കണം. നബിﷺ പറഞ്ഞു: ” അല്ലാഹുവേ നിന്റെ മാർഗ്ഗത്തിൽ നിന്നും ജനങ്ങളെ തടയുന്നതിനു വേണ്ടി ഖാലിദുബ്നുൽ വലീദ്رضي الله عنه എന്തെല്ലാം ചെയ്തിട്ടുണ്ടോ അതെല്ലാം നീ പൊറുത്തു കൊടുക്കേണമേ” ഖാലിദുബ്നുൽ വലീദ്رضي الله عنه പറയുകയാണ്: ശേഷം ഉസ്മാനുംرضي الله عنه അംറുംرضي الله عنه വന്നു കൊണ്ട് നബിﷺയോട് ബൈഅത്ത് ചെയ്തു.

ഹിജ്റ എട്ടാം വർഷം സ്വഫർ മാസത്തിലായിരുന്നു ഞങ്ങളുടെ വരവ്. ഖാലിദ് رضي الله عنه പറയുന്നു: നബിﷺ തന്റെ സ്വഹാബിമാരിൽ എനിക്ക് തുല്യനായി ആരെയും കണ്ടിരുന്നില്ല. (ദലാഇലുന്നുബുവ്വ: 4/349. അൽ ബിദായത്തു വന്നിഹായ: 6/405)
ഖാലിദുബ്നുൽ വലീദ് رضي الله عنه ന്റെ മഹത്വങ്ങൾ പറഞ്ഞാൽ തീരാത്തതാണ്. ഫത്ഹു മക്കയിലും ഹുനൈൻ യുദ്ധത്തിലും മുസ്ലിംകളോടൊപ്പം അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പല യുദ്ധങ്ങളിലും അമീറായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. നബിﷺയുടെ മരണ ശേഷം ഇസ്‌ലാമിൽ നിന്ന് പുറത്തു പോയ ആളുകളോടും മുസൈലിമത്തുൽ കദ്ദാബിനോടും അദ്ദേഹം യുദ്ധം ചെയ്തിട്ടുണ്ട്. ഇറാഖിനെതിരെയും ശാമിനെതിരെയുള്ള യുദ്ധങ്ങളിലും അദ്ദേഹം പങ്കെടുത്തു. ശുഹദാക്കളുടെ മുദ്ര പതിയാത്ത ഒരു ചാൺ സ്ഥലം പോലും അദ്ദേഹത്തിന്റെ ശരീരത്തിൽ ബാക്കിയുണ്ടായിരുന്നില്ല. 60 വർഷമാണ് അദ്ദേഹം ജീവിച്ചത്. ധീരന്മാർ പലരും കൊല്ലപ്പെട്ടിട്ടുണ്ട് എങ്കിലും തന്റെ വിരിപ്പിൽ കിടന്നു കൊണ്ടാണ് ഖാലിദുബ്നുൽ വലീദ്رضي الله عنه മരണപ്പെടുന്നത്. ഒരിക്കൽ ഖാലിദിനെ സംബന്ധിച്ച് നബിﷺ പറയുകയുണ്ടായി: ഖാലിദുബ്നു വലീദിനെ നിങ്ങളെ പ്രയാസപ്പെടുത്തരുത്. ശത്രുക്കൾക്കെതിരെ അള്ളാഹു ചൊരിഞ്ഞ് വെച്ചിട്ടുള്ള അവന്റെ വാളുകളിൽ പെട്ട ഒരു വാളാണ് ഖാലിദ്. (ഇബ്നു ഹിബ്ബാൻ: 7091)

വിരിപ്പിൽ കിടന്നു കൊണ്ടാണ് ഖാലിദുബ്നുൽ വലീദ് رضي الله عنه മരിച്ചത് എന്ന് സൂചിപ്പിച്ചുവല്ലോ. രക്ത സാക്ഷിത്വം കൊതിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പക്ഷേ വിരിപ്പിൽ കിടന്നു മരിക്കാനാണ് അല്ലാഹു അദ്ദേഹത്തിന് കണക്കാക്കിയത് ഉണ്ടായിരുന്നത്. മദീനയിൽ ദീർഘമായ ജിഹാദുകൾക്ക് ശേഷമായിരുന്നു ഖാലിദ്رضي الله عنه  ന്റെ മരണം. ഹിജ്റ വർഷം 21 നാണ് അദ്ദേഹം മരണപ്പെടുന്നത്. മരണസമയത്ത് ഖാലിദുബ്നു വലീദ്رضي الله عنه ഇപ്രകാരം പറയുകയുണ്ടായി: “രക്തസാക്ഷിത്വം ഞാനാഗ്രഹിച്ചു. പക്ഷേ വിരിപ്പിൽ മരിക്കുവാനുള്ള വിധിയാണ് എനിക്കുണ്ടായത്. ലാഇലാഹ ഇല്ലല്ലാഹ് എന്ന് ഉച്ചരിച്ചതിനു ശേഷം സത്യ നിഷേധികൾക്കതിരെയുള്ള പോരാട്ടമാണ് ഏറ്റവും വലിയ പ്രതീക്ഷയായി ഞാൻ കാണുന്നത്. എന്നിട്ട് അദ്ദേഹം പറഞ്ഞു: ഞാൻ മരണപ്പെട്ടാൽ എന്റെ ആയുധവും എന്റെ കുതിരയും അല്ലാഹുവിന്റെ മാർഗത്തിൽ പ്രത്യേകമായി തയ്യാറാക്കി വെക്കണം.
നബിﷺയുടെ ഭാര്യ മൈമൂനرضي الله عنها യുടെ സഹോദരി ലുബാബ ആയിരുന്നു ഖാലിദുബ്നുൽവലീദിرضي الله عنهന്റെ ഉമ്മ.

റുഹാ, ഹുർറാൻ, റബ്ബ തുടങ്ങിയ സ്ഥലങ്ങളിലെ ഗവർണർ സ്ഥാനം ഉമർرضي الله عنه ഖാലിദ്رضي الله عنه നെ ഏൽപ്പിച്ചിരുന്നു. ഒരു വർഷത്തോളമാണ് അദ്ദേഹം അവിടെ നിന്നത്. ശേഷം മദീനയിലേക്ക് മടങ്ങി വന്ന് മരണപ്പെടുകയായിരുന്നു. (ഹാകിം: 5339)
കഅ്‌ബാലയത്തിന്റെ സംരക്ഷകനായിരുന്നു ഉസ്മാനുബ്നു ത്വൽഹرضي الله عنه. ബനൂ അബ്ദിദ്ദാർ ഗോത്രത്തിൽ പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ പിതാവ് ത്വൽഹയും പിതൃവ്യൻ ഉസ്മാനുബ്നു അബീ ത്വൽഹയും ഉഹ്ദിൽ സത്യ നിഷേധികളോടൊപ്പം കൊല്ലപ്പെട്ടിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം നബിﷺയുടെ മരണം വരെ അദ്ദേഹം മദീനയിൽ താമസിച്ചു. നബിﷺയുടെ മരണ ശേഷം മക്കയിലേക്ക് താമസം മാറ്റി. ഹിജ്റ 42 ൽ മരണപ്പെടുന്നത് വരെ അദ്ദേഹം മക്കയിൽ തന്നെയായിരുന്നു.

ഫദ്‌ലുല്‍ ഹഖ് ഉമരി

 
 

1 thought on “നബി ചരിത്രം – 81 – ഖാലിദുബ്നുൽ വലീദ് ഇസ്ലാമിലേക്ക്.”

Leave a Reply to Hassan Cancel reply