സ്വഹാബികള്‍ അഹ്‌ലുസ്സുന്നയുടെ സമീപനം

സ്വഹാബികള്‍ അഹ്‌ലുസ്സുന്നയുടെ സമീപനം

മുഹമ്മദ് നബി(സ്വ) തന്റെ പ്രവാചകത്വ ദൗത്യവുമായി കടന്നുവന്നപ്പോള്‍ മുന്‍ പ്രവാചകന്‍മാര്‍ക്കെല്ലാം ഉണ്ടായതുപോലെയുള്ള അനുഭവങ്ങളുണ്ടായി. ശക്തമായ എതിര്‍പ്പുകളും തീഷ്ണമായ ശത്രുതയും കൊണ്ട് ഭൂരിപക്ഷം വരുന്ന ഒരു വിഭാഗം ഒരു ഭാഗത്ത്. സത്യസന്ധമായ സ്‌നേഹവും ആത്മാര്‍ഥമായ പിന്തുണയും നല്‍കിക്കൊണ്ട് ഒരു ചെറുസംഘം മറുപക്ഷത്തും. ഇങ്ങനെ കൈ മെയ് മറന്ന് പ്രവാചകനെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്ത അനുയായിവൃന്ദമാണ് സ്വഹാബത്ത്. ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും അതുല്യചരിത്രമാണ് സ്വഹാബത്തിന്റെത്.

ഇബ്‌നു ഹജര്‍ അല്‍അസ്ഖലാനി(റഹി) പറയുന്നു: ”സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് മുഹമ്മദ് നബി(സ്വ)യെ കണ്ടുമുട്ടുകയും മുസ്‌ലിമായിത്തന്നെ മരിക്കുകയും ചെയ്തവര്‍ക്കാണ് സ്വഹാബത്ത് എന്നു പറയുക.” (അല്‍ ഇസ്വാബ. പേജ്: 71).

മുഹമ്മദ് നബി(സ്വ)യുടെ സന്ദേശത്തില്‍ വിശ്വസിക്കുവാനും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുവാനും പ്രവാചകനെ നേരില്‍ കാണുവാനും സാധിച്ചുവെന്നത് മഹത്തായ ഭാഗ്യവും വല്ലാത്ത അനുഗ്രഹവുമാണ്. അതോടൊപ്പം ആരാരുമില്ലാത്ത ആ ഘട്ടത്തില്‍ പ്രവാചകന് പിന്തുണ നല്‍കി ആ പക്ഷത്ത് ശക്തമായി അടിയുറച്ച് നില്‍ക്കുക എന്നത് ഏറെ ശ്രമകരവും പ്രയാസകരവുമായിരുന്നു.

ബോധ്യപ്പെട്ട സത്യത്തിന്റെ കൂടെ എന്തുവില കൊടുത്തും ഉറച്ചുനില്‍ക്കുവാനുള്ള ആദര്‍ശപരമായ  കരുത്താണ് സ്വഹാബത്തിന്റെ വിശിഷ്യാ ആദ്യ കാലഘട്ടത്തിലുള്ളവരുടെ ഏറ്റവും വലിയ പ്രത്യേകത. 

മുഹാജിറുകളും അന്‍സ്വാറുകളും തമ്മിലുള്ള ആ ആദര്‍ശ ബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും ഉദാഹരണങ്ങള്‍ ലോകചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്ത സഹകരണത്തിന്റെയും അര്‍പ്പണത്തിന്റെയും മാതൃകകളാണ്. അവരെ പ്രശംസിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

”അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം). അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍. അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.” (സൂറഃഅല്‍ ഹശ്ര്‍: 8,9).

അന്ത്യപ്രവാചകന്റെ അനുചരന്മാരെക്കുറിച്ച് അവരും അവരുടെ പ്രപിതാക്കളും ജനിക്കുന്നതിനും എത്രയോ മുമ്പ് തന്നെ അല്ലാഹു മുന്‍ വേദഗ്രന്ഥങ്ങളിലൂടെ പ്രതിപാദിച്ചു എന്നത് അവരുടെ മഹത്ത്വമാണ് അറിയിക്കുന്നത്.

അല്ലാഹു പറയുന്നു: ”മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇന്‍ജീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു” (സൂറഃ അല്‍ഫത്ഹ്: 29).

പരിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും പരിശോധിച്ചാല്‍ അവരുടെ മഹത്ത്വം വിളിച്ചറിയിക്കുന്ന ധാരാളം വചനങ്ങള്‍ കാണാനാകും. അല്ലാഹു പറയുന്നു:

”മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തനായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം” (സൂറഃ അത്തൗബ:100).

നിര്‍ണായകമായ ഹുദൈബിയയുടെ ഘട്ടത്തില്‍ പ്രവാചകന്റെ കരം പിടിച്ച് മരണം വരെയും പോരാടുമെന്ന് പ്രതിജ്ഞ ചെയ്ത സ്വഹാബത്തിന്റെ ആത്മാര്‍ഥമായ വിശ്വാസവും സഹനവും ക്വുര്‍ആന്‍ പരാമര്‍ശിച്ചിട്ടുണ്ട്.

അല്ലാഹു പറയുന്നു: ”ആ മരത്തിന്റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും അങ്ങനെ അവര്‍ക്ക് മനസ്സമാധാനം ഇറക്കി കൊടുക്കുകയും ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു” (സൂറഃ അല്‍ഫത്ഹ്:18).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരാളുടെയും ആക്ഷേപങ്ങളെ ഭയപ്പെടാതെ, ശത്രുചേരിയില്‍ അണിനിരന്നത് സ്വന്തം മാതാപിതാക്കളോ സന്താനങ്ങളോ അടുത്ത ബന്ധുക്കളോ ആരുതന്നെയായിരുന്നാലും അതൊന്നും പരിഗണിക്കാതെ അല്ലാഹുവിനോടും റസൂലിനോടും തികഞ്ഞ കൂറു പുലര്‍ത്തിക്കൊണ്ടുള്ള നിഷ്‌കളങ്കമായ നിലപാടുകളായിരുന്നു സ്വഹാബത്തിന്റെത്.

അല്ലാഹു പറയുന്നു: ”അവര്‍ക്ക് തൃപ്തികരമായ ഒരു സ്ഥലത്ത് തീര്‍ച്ചയായും അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും ക്ഷമാശീലനുമാകുന്നു” (സൂറഃ അല്‍ ഹജ്ജ്: 59). 

ഇങ്ങനെയുള്ള മഹത്തുക്കളായ സ്വഹാബത്തിനെ ആദരിക്കുവാനും സ്‌നേഹിക്കുവാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അവരെ ചീത്തപറയലോ അപഹസിക്കലോ വിശ്വാസികള്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല. അവരുടെ നന്മകള്‍ മനസ്സിലാക്കി അവരുടെ മാര്‍ഗം പിന്‍പറ്റുവാനാണ് ക്വുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്.

അല്ലാഹു പറയുന്നു: ”തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതത്രെ മോശമായ പര്യവസാനം” (സൂറഃ അന്നിസാഅ്:115). 

സമൂഹത്തില്‍ ഭിന്നതയും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാവുമ്പോള്‍ പിന്‍പറ്റേണ്ടത് സുരക്ഷിത മാര്‍ഗമായി നബി(സ്വ) ഉണര്‍ത്തിയ ”ഞാനും എന്റെ സ്വഹാബത്തും നിലകൊണ്ട” മാര്‍ഗത്തെയാണ്.

എന്തുകൊണ്ടെന്നാല്‍ അവര്‍ അല്ലാഹുവിന്റെയും റസൂലിന്റെയും ഉപദേശ നിര്‍ദേശങ്ങളെ ആത്മാര്‍ഥമായി പിന്‍പറ്റി ജീവിച്ചവരായിരുന്നു. തദ്ഫലമായി അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കിയവരുമാണവര്‍. അല്ലാഹു തൃപ്തിപ്പെട്ട ആ മഹത്തുക്കള്‍ പിഴവിലും പില്‍ക്കാലക്കാര്‍ ശരിയിലും ആവുകയെന്നത് ഒരിക്കലും ഉണ്ടാവുകയില്ല. അതിനാല്‍ ശരിയും റബ്ബിന്റെ പ്രീതിയും ആഗ്രഹിക്കുന്നവര്‍ സ്വഹാബത്തിന്റെ ശ്രേഷ്ഠതകളും മഹത്ത്വങ്ങളും മനസ്സിലാക്കി അവരുടെ മാര്‍ഗം അനുധാവനം ചെയ്യുകയാണ് വേണ്ടത്. അവര്‍ക്ക് നന്മക്കായി പ്രാര്‍ഥിക്കുകയും അവരെക്കുറിച്ച് നല്ല ചിന്തകള്‍ വെച്ചുപുലര്‍ത്തുകയും വേണം. സത്യവിശ്വാസികളുടെ ഈ ഉത്കൃഷ്ട സ്വഭാവത്തെ സൂചിപ്പിച്ചുകൊണ്ട് അല്ലാഹു പറയുന്നു:

”അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു” (സൂറഃ അല്‍ഹശ്ര്‍: 10).

എന്നാല്‍ സങ്കടകരമെന്നു പറയട്ടെ, ഇന്ന് ചിലര്‍ അവരുടെ ക്രൂരമായ അഭിപ്രായ പ്രകടനങ്ങള്‍ക്കും ആക്ഷേപശരങ്ങള്‍ക്കും സ്വഹാബത്തിനെയും വിധേയമാക്കിയിട്ടുണ്ട്. ഉഥ്മാന്‍(റ), മുആവിയ(റ), അബൂഹുറയ്‌റ(റ) തുടങ്ങി പല മഹത്തുക്കളെയും ഇത്തരക്കാര്‍ ക്രൂരമായി ഭത്സിച്ചിട്ടുണ്ട്. സ്വഹാബത്തിനെ ചീത്ത പറയല്‍ പുണ്യമായിക്കാണുന്ന ജൂതന്മാരുടെ മസ്തിഷ്‌ക സന്തതികളായ ശിയാക്കളുടെ ചുവടു പിടിച്ചാണ് ഇത്തരം നീച കൃത്യത്തിന് ഇക്കൂട്ടര്‍ ഒരുമ്പെടുന്നതും ന്യായങ്ങള്‍ കണ്ടെത്തുന്നതും.

സ്വഹാബത്തിനോടുള്ള അഹ്‌ലുസ്സുന്നയുടെ നിലപാട് നമ്മുടെ പൂര്‍വസൂരികളായ പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിജ്‌റ 239-321 കാലഘട്ടത്തില്‍ ജീവിച്ച അബൂജഅ്ഫര്‍ അത്ത്വഹാവി(റഹി)യുടെ അക്വീദതുത്ത്വഹാവിയ്യയില്‍ പറയുന്നു: ”നമ്മള്‍ നബി(സ്വ)യുടെ അനുചരന്മാരെ സ്‌നേഹിക്കുന്നു. അവരില്‍ ഒരാളുടെയും സ്‌നേഹത്തില്‍ നാം അതിരുകവിയുകയോ അവരില്‍ ഒരാളെയും തള്ളിപ്പറയുകയോ ചെയ്യില്ല. അവരോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്നവരോടും നല്ലതല്ലാത്ത രൂപത്തില്‍ അവരെ പരാമര്‍ശിക്കുന്നവരോടും നമുക്ക് വിദ്വേഷമാണുള്ളത്. നമ്മള്‍ അവരെക്കുറിച്ച് നല്ലതു മാത്രമെ പറയുകയുള്ളൂ. അവരോടുള്ള സ്‌നേഹം മതവും സത്യവിശ്വാസവും നന്‍മയും (ദീനും, ഈമാനും, ഇഹ്‌സാനും) ആണ്. അവരോടുള്ള വെറുപ്പും വിദ്വേഷവുമാകട്ടെ കുഫ്‌റും (അവിശ്വാസം) നിഫാക്വും (കാപട്യം) അക്രമവുമാകുന്നു” (ഇബ്‌നു അബില്‍ ഇസ്സ്-ശര്‍ഹുത്ത്വഹാവിയ്യ: പേജ്-475).

ഖതീബുല്‍ ബാഗ്ദാദി(റഹി) ‘അല്‍കിഫായ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”നബി(സ്വ)യുടെ അനുചരന്മാരില്‍ ഏതെങ്കിലും ഒരാളെ ഒരുത്തന്‍ അപഹസിക്കുന്നതായി നീ കണ്ടാല്‍ അവന്‍ മതനിഷേധിയാണെന്ന് നീ മനസ്സിലാക്കിക്കൊള്ളുക. കാരണം നബി(സ്വ)യും വിശുദ്ധ ക്വുര്‍ആനും നമ്മുടെ പക്കല്‍ സത്യമാണ്. ഈ ക്വുര്‍ആനും പ്രവാചക ചര്യകളും നമ്മിലേക്ക് എത്തിച്ചു തന്നത് നബി(സ്വ)യുടെ അനുചരന്‍മാരാണ്. തീര്‍ച്ചയായും (ഇസ്‌ലാമിന്റെ ശത്രുക്കള്‍) ക്വുര്‍ആനിനെയും സുന്നത്തിനെയും തകര്‍ക്കാനായി നമ്മുടെ സാക്ഷികളെ ആക്ഷേപിക്കുകയാണ്. എന്നാല്‍ ആക്ഷേപം അവര്‍ക്കാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. അവര്‍ മത നിഷേധികളാണ്.” (പേജ്-93 മുതല്‍).

സ്വഹാബികളെല്ലാവരും പാപസുരക്ഷിതരാണെന്നോ അവര്‍ക്കൊരു പിഴവും സംഭവിച്ചിട്ടില്ലെന്നോ അല്ല ഇപ്പറഞ്ഞതിന്റെ അര്‍ഥം. ചരിത്ര ഗ്രന്ഥങ്ങളില്‍ കാണുന്ന പലതും സൂക്ഷ്മ പരിശോധനയില്‍ ശരിയല്ലായെന്ന് ബോധ്യപ്പെടുന്നതാണ്. അതിനാല്‍ എവിടെയെങ്കിലും വായിച്ചതോ എവിടെയെങ്കിലും കേട്ടതോ പൂര്‍ണസത്യമെന്ന രീതിയില്‍ എടുക്കേണ്ടതില്ല.

സ്വഹാബത്തിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ പലതും ശത്രുക്കളുടെ അപനിര്‍മിതികളാണ്. അതല്ലെങ്കില്‍ വികൃതമാക്കപ്പെട്ട ചരിത്ര സംഭവങ്ങളാണ്. യാഥാര്‍ഥ്യത്തെ തമസ്‌കരിച്ചുകൊണ്ടുള്ള ശത്രുക്കളുടെ ബോധപൂര്‍വമായ കൈക്രിയകള്‍ക്ക് വിധേയമായ ചരിത്രം! അവയില്‍ സ്ഥിരപ്പെട്ടുവന്നവയാകട്ടെ അവരെ ആക്ഷേപിക്കാന്‍ ന്യായമില്ലാത്ത മനുഷ്യസഹജമായ കാര്യങ്ങളോ, ഗവേഷണാത്മകമായ നിലപാടുകളോ മനഃപൂര്‍വമല്ലാത്ത നീക്കങ്ങളോ ആയിരിക്കും. വിശദവിവരത്തിന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയുടെ മജ്മൂഉല്‍ ഫതാവ (വാള്യം-3, പേജ്-152 മുതല്‍) കാണുക.

ചുരുക്കത്തില്‍, അല്ലാഹു തൃപ്തിപ്പെട്ട മുന്‍കഴിഞ്ഞുപോയ ഒരു വിഭാഗത്തെ ആക്ഷേപിച്ചും നിരൂപണം നടത്തിയും നമ്മുടെ പരലോകം നഷ്ടപ്പെടുത്താതെ സൂക്ഷിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ!

 

ശമീര്‍ മദീനി
നേർപഥം വാരിക

ഹദീഥ്: ചരിത്രം, പ്രാമാണികത

ഹദീഥ്: ചരിത്രം, പ്രാമാണികത

'ഹദീഥ് ', 'സുന്നത്ത് ', 'അഥര്‍' ഇസ്‌ലാമിക സാഹിത്യങ്ങളില്‍ കടന്നുവരുന്ന ഈ സാങ്കേതിക പദങ്ങളെ കുറിച്ചുള്ള ഒരു വിശകലനം

ഇരുട്ടുകളുടെ പുതപ്പിനുള്ളില്‍ സുഖനിദ്രയിലായിരുന്ന ഒരു സമൂഹത്തെ വഹ്‌യിന്റെ വെളിച്ചം കൊണ്ട് ലോകത്തിനു മുന്നിലേക്ക് നയിച്ച മഹാനാണ് മുഹമ്മദ് നബി(സ്വ). നൂഹ് നബിൗയിലൂടെ തുടക്കം കുറിച്ച റസൂലുകളുടെ പരമ്പരയില്‍ അവസാനത്തെ കണ്ണി. അല്ലാഹുവിന്റെ അടുക്കല്‍ നിരവധി പദവികള്‍ കൊണ്ട് അനുഗൃഹീതന്‍. പ്രവാചകനു മുമ്പത്തെ അറബികളുടെ ജീവിതം വിവരിക്കാന്‍ ചരിത്രം പോലും ലജ്ജിക്കുന്ന അവസ്ഥയാണുള്ളത്. അത്രമാത്രം തിന്മകളില്‍ ആണ്ടുപോയിരുന്ന ഒരു ജനതയിലേക്കാണ് നബി(സ്വ) നിയോഗിതനാകുന്നത്.

പ്രവാകന്(സ്വ) ക്വുര്‍ആന്‍ അവതീര്‍ണമായിത്തുടങ്ങിയതോടെ പുതിയൊരു ചക്രവാളം തുറക്കപ്പെടുകയായിരുന്നു. അവിടുന്ന് ആ ക്വുര്‍ആനിന്റെ നേര്‍പതിപ്പായി ജീവിച്ച് മാതൃക കാണിച്ചു. അതുകൊണ്ട് തന്നെ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനും വിശുദ്ധ ക്വുര്‍ആന്‍ മനസ്സിലാക്കാനും ആ പ്രവാചകന്റെ ജീവിതം അവലംബിക്കല്‍ അനിവാര്യമാണ്. പ്രവാചക ജീവിതത്തിന്റെ മുഴുവന്‍ ഇതളുകളും പുതിയ ലോകത്തിനുള്ള ചൂണ്ടുപലകകളാണെന്നതില്‍ തര്‍ക്കമില്ല. നിത്യനൂതനത്വം തുളുമ്പിനില്‍ക്കുന്ന പ്രവാചകജീവിതത്തിന്റെ പ്രാമാണിക പ്രതലമാണ് ഹദീഥുകള്‍. ഹദീഥുകളിലൂടെയാണ് നാം പ്രവാചകനെ തൊട്ടറിയുന്നത്. കാലത്തിന്റെ മാറ്റങ്ങളോട് ക്രിയാത്മകമായി സംവദിക്കാനുള്ള ക്ഷമത പ്രവാചകാധ്യാപനങ്ങള്‍ക്ക് എമ്പാടുമുണ്ട്. ഹദീഥുകളുടെ പ്രസക്തിയെ നിരാകരിക്കുന്ന ചില ഒറ്റപ്പെട്ട അപശബ്ദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഹദീഥുകളെ കുറിച്ചുള്ള ഗൗരവതരമായ പഠനത്തിന് നാം തയ്യാറാകേണ്ടതുണ്ട്.

സുന്നത്തും ഹദീഥും

‘വഴി,’ ‘ചര്യ’-നല്ലതോ ചീത്തയോ ആവട്ടെ- തുടങ്ങിയ അര്‍ഥങ്ങളാണ് ‘സുന്നത്ത്’ എന്ന പദത്തിന് ഭാഷയില്‍ ഉള്ളത്. (അല്‍ക്വാമൂസുല്‍ മുഹീത്വ്-പേജ് 429) വഴി എന്ന അര്‍ഥത്തിലാണ് ക്വുര്‍ആന്‍ 4:26 സൂക്തത്തിലുള്ള ‘സുനന്‍'(സുന്നത്ത് എന്നതിന്റെ ബഹുവചനമാണ് സുനന്‍) എന്ന പദം പ്രയോഗിച്ചിട്ടുള്ളത്.

”നിങ്ങളുടെ മുന്‍ഗാമികളുടെ ‘സുനനു’കളെ നിങ്ങള്‍ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്‍പറ്റും” എന്ന ഹദീഥിലെ (ബുഖാരി: 3456) ‘സുനന്‍’ എന്ന പദവും വഴി എന്ന അര്‍ത്ഥത്തിലാണ്. ‘ചര്യ’ എന്ന അര്‍ഥത്തിലാണ് ‘മന്‍ സന്ന ഫില്‍ ഇസ്‌ലാമി…'(മുസ്‌ലിം: 1077) എന്ന പ്രസിദ്ധമായ നബി വചനത്തില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. നബി(സ്വ)യുടെയോ സ്വഹാബത്തിന്റെയോ താബിഉകളുടെയോ വാക്കുകളില്‍ ‘സുന്നത്ത്’ എന്ന് പ്രയോഗിക്കപ്പെട്ടു കണ്ടാല്‍; മൊത്തത്തില്‍ മതമുള്‍ക്കൊള്ളുന്ന വിശ്വാസ, കര്‍മ കാര്യങ്ങള്‍ – അത് നിര്‍ബന്ധമോ, ഐഛികമോ, അനുവദനീയമോ ആവട്ടെ – ആണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. (അല്‍ ഇഹ്തിമാം ബിസ്സുന്നത്തിന്നബവിയ്യ: 18) അതാണ് ‘ഫമന്‍ റഇബ അന്‍ സുന്നത്തീ…’ എന്ന ഹദീഥിന്റെ അര്‍ഥം. (ബുഖാരി: 5063, മുസ്‌ലിം: 140) അഥവാ നിര്‍ബന്ധം എന്നതിനു ബദലായ സുന്നത്ത് അല്ല ഇവിടെ വിവക്ഷ; പ്രത്യുത, നബി(സ്വ)യുടെ മുഴുവന്‍ മാര്‍ഗങ്ങളുമാണ്. അത് വേണ്ടെന്ന് വെച്ചവന്‍ നമ്മില്‍ പെട്ടവനല്ല എന്നാണ് നബി(സ്വ) പറഞ്ഞിട്ടുള്ളത്. (ഫത്ഹുല്‍ബാരി: 9/105) ‘നിങ്ങള്‍ എന്റെ സുന്നത്ത് മുറുകെ പിടിച്ചോളൂ'(അബൂദാവൂദ്: 3607) എന്ന ഹദീഥിലെ ‘സുന്നത്ത്’ കൊണ്ടുള്ള വിവക്ഷയും ഇതാണ്.

വിശ്വാസപരമായ വിഷയങ്ങളില്‍ മാത്രമായി മുന്‍ഗാമികള്‍ ‘സുന്നത്ത്’ എന്ന പദം പ്രയോഗിച്ചിരുന്നു. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തീമിയ്യയുടെ വാചകങ്ങള്‍ കാണുക: ‘അസ്സുന്ന’ എന്ന പേരില്‍ അവരെഴുതിയ അധിക കൃതികളും വിശ്വാസപരമായ കാര്യങ്ങളെ കുറിച്ചുള്ളതായിരുന്നു. ‘സുന്നത്തിലെ ഇഖ്തിസ്വാദ്’ആണ് ബിദ്അത്തിലെ ‘ഇജ്തിഹാദി’നെക്കാള്‍ നല്ലത് എന്ന ഇബ്‌നു മസ്ഊദ്(റ), ഉബയ്യ് ബ്‌നുകഅബ്(റ), അബുദ്ദര്‍ദാഅ്(റ) എന്നിവരുടെ വാക്കിന്റെ അര്‍ഥവും മാറ്റൊന്നല്ല. (ശര്‍ഹു ഉസൂലില്‍ ഇഅ്തിക്വാദ്, ലാലകാഈ: 1/63) സന്ദേഹങ്ങളും സൂത്രങ്ങളും ദുര്‍വൃത്തികളുമില്ലാത്ത നബി(സ്വ)യുടെ മാര്‍ഗമെന്ന അര്‍ഥത്തിലും ഈ പദം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ‘തന്റെ ഉദരത്തിലേക്ക് പ്രവേശിക്കുന്ന ഹലാലുകളെ കുറിച്ച് അറിയുന്നവനാണ് യഥാര്‍ഥ അഹ്‌ലുസ്സുന്ന’ എന്ന ഫുളൈലുബ്‌നു ഇയാദ്വിന്റെ വാചകം അതിന്റെ സൂചകമാണ്.( ശര്‍ഹു ഉസൂലില്‍ ഇഅ്തിക്വാദ്, ലാലകാഈ: 1/71)

കുറച്ചു കാലങ്ങള്‍കൂടി കഴിഞ്ഞശേഷം വിശ്വാസ രംഗത്ത് വ്യതിയാനങ്ങള്‍ തലപൊക്കുകയും നൂതന ചിന്തകള്‍ പ്രചരിക്കുകയും ചെയ്തപ്പോള്‍ ആ പ്രവണതക്ക് മറുപടി നല്‍കാന്‍ പണ്ഡിതന്മാര്‍ ശരിയായ വിശ്വാസ വിവരണങ്ങള്‍ അടങ്ങിയ ഗ്രന്ഥങ്ങളുടെ രചനകള്‍ നടത്തി. അത്തരം ഗ്രന്ഥങ്ങള്‍ക്ക് അവര്‍ നല്‍കിയ പേരുകളും ‘അസ്സുന്ന’ എന്നായിരുന്നു. സ്വഹാബത്തിന്റെയും ക്വദ്‌റിന്റെയും വിഷയത്തില്‍ വ്യതിയാനത്തില്‍ പെട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ അവര്‍ നടത്തിയ പരിശ്രമങ്ങള്‍ക്ക് അവര്‍ ‘സുന്ന’ എന്നാണ് പേര് നല്‍കിയതെങ്കില്‍ അക്കാലഘട്ടത്തില്‍ ശരിയായ വിശ്വാസധാരക്കും അത്തരം നിലപാടുകള്‍ക്കും പറയുന്ന നാമമായിരുന്നു ‘അസ്സുന്ന’ എന്നാണ് നമുക്ക് ഗ്രഹിക്കാനാവുക. അല്ലാമാ അബ്ദുല്ലത്തീഫ് ആലുശൈഖ് തന്റെ ‘അത്തഅ്‌സീസ് വ തഖ്തീസ്’ എന്ന കൃതിയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.( പേജ്: 9-10)

ഇമാം ലാലകാഈ, അബൂബക്ര്‍ അസ്‌റം, ഖല്ലാല്‍, ഇബ്‌നു ഖുസൈമ, അബ്ദുല്ലാഹ് ബ്‌നു അഹ്മദ് ബ്‌നു ഹമ്പല്‍ എന്നിവരുടെ ‘അസ്സുന്ന’ എന്ന കൃതികളും ഇബ്‌നു തീമിയ്യയുടെ ‘മിന്‍ഹാജുസ്സുന്ന’ എന്ന ഗ്രന്ഥവും ഇതിനു നല്ല ഉദാഹരണങ്ങളാണ്.

സങ്കേതികാര്‍ഥത്തിലുള്ള ചര്‍ച്ചയിലേക്ക് വരുമ്പോള്‍ വിജ്ഞാനശാഖയുടെ ഓരോ തലമനുസരിച്ചും അതിന്റെ ഉദ്ദേശ്യങ്ങള്‍ മാറുന്നതായി കാണാനാവും. മുഹദ്ദിഥുകള്‍, അഥവാ ഹദീഥ് പണ്ഡിതന്മാര്‍ സുന്നത്ത് എന്നു പറയുമ്പോള്‍, നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം, സൃഷ്ടിപരവും സ്വഭാവ പരവുമായ നബി(സ്വ)യുടെ സവിശേഷതകള്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്.( മജ്മൂഉല്‍ ഫതാവാ: 18/10) എന്നാല്‍ ഉസൂലുല്‍ ഫിക്വ്ഹിന്റെ പണ്ഡിതന്മാരുടെ ഭാഷയില്‍ ‘സുന്നത്ത്’ കൊണ്ട് അവര്‍ അര്‍ഥമാക്കുന്നത് നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവ മാത്രമാണ്.( മകാനത്തുസ്സുന്ന, ഡോ.ഉമര്‍ ബിന്‍ മുസ്‌ലിഹ്. പേജ് 25) കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ‘സുന്നത്ത്’ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ‘വാജിബ്’ (നിര്‍ബന്ധം) എന്നതിന്റെ എതിരായത് അഥവാ ഐഛികം എന്ന രീതിയിലാണ്.( അതേഗ്രന്ഥന്ഥ. പേജ് 25) ഓരോ വിഭാഗം പണ്ഡിതന്മാരും അവരുടെ വിജ്ഞാനശാഖയുമായി ബന്ധിപ്പിച്ച് പറഞ്ഞതാണ് ഈ നേരിയ തോതിലുള്ളവ്യത്യാസം കാണാനുള്ള കാരണം.

നബി(സ്വ) മാനവരാശിയുടെ മാതൃകാ പുരുഷന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവിതമാതൃക ലോകത്തിന് ലഭിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ അനുചരന്മാരിലൂടെ അല്ലാഹു തന്നെ അത് സംരക്ഷിക്കാനുള്ള സംവിധാനമൊരുക്കി എന്നതാണ് യാഥാര്‍ഥ്യം. അവയെല്ലാം ഒപ്പിയെടുത്ത് ലോകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നതിനു വേണ്ടി അവിടുത്തെ വാക്കുകള്‍, പ്രവൃത്തികള്‍, അംഗീകാരങ്ങള്‍ തുടങ്ങി പ്രവാചകന്റെ ശാരീരിക സവിശേഷതകള്‍ വരെ നെല്ലും പതിരും വേര്‍തിരിച്ച് മനസ്സിലാക്കലാണ് ഹദീഥ് പണ്ഡിതന്മാരുടെ കര്‍ത്തവ്യം. പ്രവാചകന്റെ കുടുംബം, ഭരണം, യുദ്ധം, യാത്ര, ആരാധന, ഇടപാട് തുടങ്ങിയവയെല്ലാം മുഹദ്ദിഥുകളുടെ പഠന പരിധിയില്‍ വരുന്നതാണ്.

കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നബി(സ്വ)യുടെ വാക്കുകളിലും പ്രവൃത്തികളിലും അടങ്ങിയ വിധികള്‍ ആണ് ചര്‍ച്ചക്കെടുക്കുന്നത്. നിര്‍ബന്ധം, നിഷിദ്ധം, ഐഛികം, അനുവദനീയം, വെറുക്കപ്പെട്ടത് എന്നിങ്ങനെയുള്ള വിധികളെ ഹദീഥുകളുടെ ആഴിയില്‍ നിന്ന് നിര്‍ധരിച്ചെടുക്കലാണ് ഇവരുടെ ജോലി.

ഉസ്വൂലിന്റെ പണ്ഡിതന്മാര്‍ ഗവേഷകന്മാര്‍ക്കു വേണ്ട നിയമങ്ങളും അടിത്തറകളും ഹദീഥിന്റെ വെളിച്ചത്തില്‍ നിര്‍മിതി നടത്തുന്നവരാണ്. പ്രമാണത്തോട് ചാരിനില്‍ക്കുന്ന നിരവധി നിയമങ്ങള്‍ അവര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പില്‍കാലക്കാരായ പണ്ഡിതന്മാരുടെ ഗവേഷണങ്ങള്‍ സുഗമമായി ചലിച്ചുകൊണ്ടിരിക്കുന്നത്. ചുരുക്കത്തില്‍ തങ്ങള്‍ കൈകാര്യം ചെയ്യുന്ന വിജ്ഞാന ശാഖക്കനുസരിച്ച സുന്നത്തിന്റെ അര്‍ഥതലങ്ങള്‍ മാറുന്നുണ്ട് എന്നര്‍ഥം.

‘ബിദ്അത്തി’ന് വിപരീതം എന്ന അര്‍ഥത്തിലും ‘സുന്നത്ത്’ എന്ന് പ്രയോഗിക്കാറുണ്ട്. ( അല്‍ഹദീഥു വല്‍മുഹദ്ദിഥൂന്‍, പേജ് 9)

സുന്നത്തിന്റെ അതേ അര്‍ഥത്തില്‍ തന്നെയാണ് ഹദീഥും പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. ‘പുതിയത്’ എന്നാണ് ഭാഷയില്‍ അതിന്റെ അര്‍ഥം. ക്വുര്‍ആനില്‍ ഇരുപത്തിമൂന്ന് തവണ ഹദീഥ് എന്ന പദം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ അര്‍ഥങ്ങളിലാണ് ഈ പദം ക്വുര്‍ആനില്‍ വന്നിട്ടുള്ളത്. ‘വിവരം’ (അന്നിസാഅ്:42), ‘സംസാരം’ (അന്നിസാഅ്: 78,87,140; അല്‍അന്‍ആം: 68, അല്‍അഹ്‌സാബ്:53), ‘വൃത്താന്തം'(അല്‍അഅ്‌റാഫ്: 185, യൂസുഫ്: 111, ത്വാഹ: 9, അല്‍ജാഥിയ: 6, അദ്ദാരിയാത്ത്: 24, അത്ത്വൂര്‍: 34, അല്‍മുര്‍സലാത്ത് :50, അന്നാസിആത്ത്: 15, അല്‍ബുറൂജ്: 17, അല്‍ഗാശിയ: 1).

വിശുദ്ധ ക്വുര്‍ആനിനെ കുറിച്ചും ‘ഹദീഥ്’ എന്ന് ക്വുര്‍ആനില്‍ വന്നിട്ടുണ്ട് (അല്‍കഹ്ഫ്: 6, അസ്സുമര്‍: 22, അന്നജ്മ്: 59, അല്‍വാക്വിഅ: 81, അല്‍ക്വലം: 44).

നബി(സ്വ)യുടെ സംസാരത്തിനും ഹദീഥ് എന്ന് ക്വുര്‍ആന്‍ പ്രയോഗിച്ചതായി കാണാം (അത്തഹ്‌രീം: 3).

നബി(സ്വ)യിലേക്ക് ചേര്‍ത്തപ്പെടുന്ന വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, അംഗീകാരങ്ങള്‍, അവിടുത്തെ സ്വഭാവപരവും സൃഷ്ടിപരവുമായ സവിശേഷതകള്‍ ഇതൊക്കെ തന്നെയാണ് ഹദീഥിന്റെയും വിഷയങ്ങള്‍. നബി (സ്വ)യുടെ സ്വഹാബിമാരിലേക്കോ താബിഉകളിലേക്കോ ചേര്‍ത്തപ്പെട്ടാലും വിപുലമായ അര്‍ഥത്തില്‍ ‘ഹദീഥ്’എന്നു പറയും. ‘ക്വുര്‍ആനും ഹദീഥും’ എന്ന് നാം പറയുമ്പോള്‍ ഈ അര്‍ഥമാണ് ഉദ്ദേശിക്കപ്പെടാറ്.

ഹദീഥിന്റെ അതേ ആശയത്തില്‍ തന്നെ ഉപയോഗിക്കപ്പെടുന്ന മറ്റൊരു പദമാണ് ‘അഥര്‍’ എന്നത്. ‘അടയാളം’ എന്നാണ് ഭാഷാര്‍ഥം. ഭൂരിപക്ഷം പണ്ഡിതന്മാരും ഹദീഥ്, അഥര്‍ എന്നീ പ്രയോഗങ്ങള്‍ക്കിടയില്‍ ചെറിയ വ്യത്യാസം കാണുന്നവരാണ്. നബി(സ്വ)യില്‍ നിന്ന് വന്നതാണെങ്കില്‍ അതിന് ‘ഹദീഥ്’ എന്നും അല്ലാത്തവരില്‍ നിന്നാണെങ്കില്‍ അതിന് ‘അഥര്‍’ എന്നുമാണവര്‍ പ്രയോഗിക്കുന്നത്.

ഉപരി സൂചിത കാര്യങ്ങളുടെ വെളിച്ചത്തില്‍ ഹദീഥുകളെ കുറിച്ചുള്ള വിജ്ഞാനീയത്തില്‍ നൈപുണ്യം നേടിയവരെ ‘മുഹദ്ദിഥുകള്‍’ എന്നും ചരിത്രപരമായ വിഷയങ്ങളില്‍ നിപുണരായവരെ ‘ഇഖ്ബാരി’ എന്നുമാണ് പണ്ഡിതന്മാര്‍ വിളിച്ച് വരുന്നത്.( തദ്‌രീബുര്‍റാവി, സുയൂത്വി; പേജ് 6)

നബി(സ്വ) തന്റെ വാക്കുകള്‍ അല്ലാഹുവിലേക്ക് ചേര്‍ത്തിയാണ് പറയുന്നതെങ്കില്‍ അത്തരം ഹദീഥുകളെ ‘ക്വുദ്‌സിയായ ഹദീഥുകള്‍’ എന്നാണ് പറയുക. ‘അല്‍ ഹദീഥുല്‍ ഇലാഹി’ എന്നും അതിന് പേരുണ്ട്. നൂറില്‍ പരം ഹദീഥുകളേ ഇപ്രകാരം കാണപ്പെടുന്നുള്ളൂ. (അസ്സുന്നത്തു ക്വബ്‌ലത്തദ്‌വീന്‍, പേജ്: 27)

അബ്ദുല്‍ മാലിക് സലഫി
നേർപഥം വാരിക

ഉദുഹിയത്തിന്‍റെ നിയമങ്ങള്‍

ഉദുഹിയത്തിന്‍റെ നിയമങ്ങള്‍ ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല)

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) യുടെ മജ്മൂഉ ഫതാവയില്‍ നിന്ന് ഉദുഹിയത്തുമായി ബന്ധപ്പെട്ട് ഖാലിദ് ബിന്‍ സഊദ് എന്ന സഹോദരന്‍ ക്രോഡീകരിച്ച ചില നിയമങ്ങളെ വിവര്‍ത്തനം ചെയ്യുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. അല്ലാഹു ശൈഖിനും ഇത് ക്രോഡീകരിച്ച സഹോദരനും തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ. ഓരോ വിഷയത്തിന്‍റെയും അവസാനം ഇബ്ന്‍ ബാസ് റഹിമഹുല്ലയുടെ മജ്മൂഉ ഫതാവയില്‍ ഈ വിഷയം പ്രതിപാദിക്കപ്പെട്ട വോള്യം നമ്പറും, പേജ് നമ്പറും നല്‍കിയിട്ടുണ്ട്. അല്പം വിശദീകരണം ആവശ്യമാണ്‌ എന്ന് തോന്നിയ ചില ഭാഗങ്ങളില്‍ ഈയുള്ളവന്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്.

ഒന്ന്: ഒരാള്‍ ഉദുഹിയത്ത് അറുക്കുമ്പോള്‍ ഇപ്രകാരമാണ് പറയേണ്ടത്:

بسم الله والله أكبر ، اللهم هذا منك ولك

അല്ലാഹുവിന്‍റെ നാമത്തില്‍, അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍, അല്ലാഹുവേ ഇത് നിന്നില്‍ നിന്നുള്ളതാണ്, ഇത് നിനക്കുള്ളതാണ്.

രണ്ട്: ശറഇയ്യായ അറവ് എന്ന് പറയുന്നത് അറുക്കുന്നയാള്‍ ഒട്ടകത്തിന്റെയും പശുവിന്‍റെയും ആടിന്‍റെയുമെല്ലാം അന്നനാളവും, ശ്വാസനാളവും, കഴുത്തിന്‍റെ ഇരുവശത്തുമുള്ള പ്രഥമ ഞരമ്പുകളും അറുക്കുക എന്നതാണ്. ഈ നാല് അവയവങ്ങളും അതായത് ശ്വാസനാളം, അന്നനാളം, ഇരുവശത്തുമുള്ള രണ്ട് ധമനികള്‍ ഇവ വിഛേദിക്കപ്പെട്ടാല്‍ അറവ് അനുവദനീയമാണ് എന്നതില്‍ പണ്ഡിതന്മാര്‍ക്കെല്ലാം ഏകാഭിപ്രായമാണ്. ഇനി ധമനികളില്‍ ഒന്ന് മാത്രമാണ് വിഛേദിക്കപ്പെട്ടതെങ്കില്‍ അതും ഭക്ഷിക്കാവുന്ന ഹലാല്‍ തന്നെയാണ്. എന്നാല്‍ ആദ്യത്തേദിന്‍റെ അത്ര പൂര്‍ണതയില്ല എന്നു മാത്രം. ഇനി ശ്വാസനാളവും അന്നനാളവും മാത്രമാണ് മുറിക്കപ്പെട്ടെതെങ്കിലും ഭൂരിപക്ഷം പണ്ഡിതന്മാരും അത് അനുവദനീയമാണ് എന്ന അഭിപ്രായക്കാരാണ്. പ്രവാചകന്‍റെ ഈ ഹദീസാണ് അവര്‍ക്കുള്ള തെളിവ്. പ്രവാചകന്‍(ﷺ) പറഞ്ഞു: “അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടുകയും, രക്തം വാരുകയും ചെയ്‌താല്‍ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. എല്ലുകൊണ്ടും നഖം കൊണ്ടും അറുത്തവ നിങ്ങള്‍ ഭക്ഷിക്കരുത്” – [തിര്‍മിദി]. (ഇവിടെ ظفر അഥവാ നഖം എന്നത് കൊണ്ട് ഉദ്ദേശിച്ചത് അബിസീനിയക്കാര്‍ അറുക്കാന്‍ ഉപയോഗിക്കാരുണ്ടായിരുന്ന പ്രത്യേക തരം കത്തിയാണ്. മൃഗത്തിനെ അങ്ങേയറ്റം പീഡിപ്പിക്കുന്ന രൂപത്തിലുള്ളവയായതിനാലാണ് ഇവ രണ്ടും വിലക്കപ്പെട്ടത് എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.) അതിനാല്‍ത്തന്നെ അന്നനാളവും, ശ്വാസനാളവും മാത്രമാണ് മുറിഞ്ഞതെങ്കിലും ഭക്ഷിക്കാമെന്നതാണ് ഈ വിഷയത്തിലെ ശരിയായ അഭിപ്രായം. ഒട്ടകത്തിനെ അതിന്‍റെ ഇടതു കൈ ബന്ധിച്ച് മൂന്ന് കാലില്‍ നിര്‍ത്തി അതിന്‍റെ കഴുത്തിനും നെഞ്ചിനും ഇടയിലുള്ള ഭാഗത്ത് മൂര്‍ച്ചയുള്ള കത്തികൊണ്ട് കുത്തി ബലി കഴിക്കുന്നതാണ് സുന്നത്ത്. എന്നാല്‍ പശുവിനെയും ആടിനെയും അവയുടെ ഇടതുഭാഗം താഴെയാവുന്ന രൂപത്തില്‍ ചരിച്ചു കിടത്തി അറുക്കുന്നതാണ് സുന്നത്ത്. അറുക്കുന്ന സമയത്ത് മൃഗത്തെ ഖിബ്’ലക്ക് നേരെ തിരിച്ചു നിര്‍ത്തുന്നതും സുന്നത്താണ്. ഇത് നിര്‍ബന്ധമല്ല. പുണ്യകരം മാത്രമാണ്. “ഖിബ്’ലയിലേക്ക് തിരിച്ചു നിര്‍ത്താതെ ഒരാള്‍ അറുത്താലും അത് ഹലാലാകും.” (18/26)

മൂന്ന്: ഒരാള്‍ തന്‍റെ ബലിയുടെ പണം അതറുക്കാനായി അല്‍റാജിഹി കമ്പനിയെയോ, ഇസ്ലാമിക് ബേങ്കിനെയോ ഏല്‍പിച്ചാല്‍ അതില്‍ തെറ്റില്ല. കാരണം അവര്‍ വിശ്വസ്തരും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നവരുമായ ഏല്‍പിക്കാന്‍ പറ്റിയ ആളുകളാണ്. അല്ലാഹു അവരെ സഹായിക്കുകയും അവരെ മുസ്‌ലിം ഉമ്മത്തിന് ഉപകാരമുള്ളവരാക്കി മാറ്റുകയും ചെയ്യട്ടെ. (രാജ്യത്തിന്‍റെ പുറത്ത് അറുക്കുന്ന വിഷയത്തിലും, അതുപോലെ ഇങ്ങനെയുള്ള ചാരിറ്റബ്ള്‍ ട്രസ്റ്റുകളെ ഏല്പിക്കുന്ന വിഷയത്തിലും പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ല അത് നേരിട്ട് നിര്‍വഹിക്കണം എന്ന അഭിപ്രായക്കാരനാണ്.) ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല തുടരുന്നു: ” എന്നാല്‍ ഒരാള്‍ സ്വയം തന്‍റെ കൈകൊണ്ട് ബലിയറുക്കുകയും സ്വയം തന്നെ അത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നുവെങ്കില്‍ അതാണ്‌ സൂക്ഷ്മതക്ക് നല്ലതും ഏറ്റവും ശ്രേഷ്ഠമായതും. കാരണം, പ്രവാചകന്‍() തന്‍റെ കൈകൊണ്ട് തന്‍റെ ബലിമൃഗത്തെ അറുക്കുകയും മറ്റു അറവുകള്‍ക്ക് മറ്റുള്ളവരെ എല്പിക്കുകയുമാണ് ചെയ്തത്. (18/28). (ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലക്ക് ഈ വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഒരാള്‍ മറ്റുള്ളവരെ പണം നല്‍കി അറുക്കാന്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത്. കാരണം, ഇതൊരു ഇബാദത്താണ്. കേവലം ഇറച്ചി വിതരണം ചെയ്യല്‍ മാത്രമല്ല ഇതിന്‍റെ ഉദ്ദേശ്യം. മാത്രമല്ല, പ്രവാചകന്‍(സ) അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി സ്വയം അറുക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ പണം നല്‍കി സംഘടനകളെയോ മറ്റോ അതേല്പിക്കുന്നത് സ്വദഖയായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ എന്നാണ് ശൈഖ് ഇബ്നു ഉസൈമീന്‍റെ അഭിപ്രായം. ഇതില്‍ ശൈഖ് ഇബ്നു ഉസൈമീന്‍റെ അഭിപ്രായമാണ് കൂടുതല്‍ പ്രബലമായി തോന്നുന്നത്. അല്ലാഹുവാണ് ഏറ്റവും കൂടുതല്‍ അറിയുന്നവന്‍).

നാല്: ഇനി ഒരാള്‍ അത് അറുക്കുകയും അങ്ങനെത്തന്നെ പാവപ്പെട്ടവര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നതിലും തെറ്റില്ല. കാരണം പാവപ്പെട്ടവര്‍ക്ക് അത് തൊലിയുരിക്കുകയും അതിന്‍റെ ഇറച്ചിയും തൊലിയും ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയും ചെയ്യുമല്ലോ. പക്ഷെ പരിപൂര്‍ണതയും ശ്രേഷ്ഠകരവുമായത് അറുക്കുന്നവര്‍ തന്നെ അതിന്‍റെ തൊലിയുരിച്ച് ഇറച്ചിയാക്കി പാവപ്പെട്ടവരുടെ അരികിലേക്കും വീടുകളിലേക്കും എത്തിച്ചു നല്‍കുക എന്നതാണ്. (18/33).

പ്രവാചകന്‍(ﷺ) ഒട്ടകങ്ങളെ ബലി കഴിക്കുകയും അവയെ പാവപ്പെട്ടവര്‍ക്ക് അങ്ങനെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്തതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. പക്ഷെ, അത് അവിടെ സന്നിഹിതരായ പാവപ്പെട്ടവര്‍ക്ക് അതില്‍ നിന്നു എടുക്കാനും കൂടുതല്‍ ഉപകാരപ്പെടാനും ആയിരുന്നിരിക്കണം എന്നാണ് മനസ്സിലാകുന്നത്. (18/33)

അഞ്ച്: കഴിവുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഉദുഹിയത്ത് അറുക്കുക എന്നുള്ളത് ഏറെ പുണ്യകരമായ ഒരു കാര്യമാണ്. നിര്‍ബന്ധമല്ല. അത് നിര്‍ബന്ധമാണ്‌ എന്ന രൂപത്തില്‍ തെളിവുകള്‍ വന്നിട്ടില്ല. അതിനാല്‍ തന്നെ അത് നിര്‍ബന്ധമാണ്‌ എന്ന അഭിപ്രായം ദുര്‍ബലമാണ്. (16/156). ഇനി അഥവാ ഉദുഹിയത്ത് അറുക്കണമെന്നത് ഒരാള്‍ വസ്വിയത്ത് ചെയ്തതാണെങ്കില്‍ അത് നിറവേറ്റല്‍ നിര്‍ബന്ധമാണ്‌. മരണപ്പെട്ടുപോയവര്‍ക്ക് പ്രതിഫലം ലഭിക്കാനായി ഉദുഹിയത്ത് പോലുള്ള ദാനധര്‍മ്മങ്ങള്‍ അനുഷ്ടിക്കല്‍ അനുവദനീയമാണ്. (16/156). അതിന്‍റെ പണം സ്വദഖ നല്‍കുന്നതിനേക്കാള്‍ അതറുക്കല്‍ തന്നെയാണ് ഉത്തമം. (18/41).

ആറ്: ഒരാണിനും അയാളുടെ കുടുംബത്തിനും ഒരാട് മതിയാകുന്നതാണ്. (18/37). അതുപോലെ, ഒരു സ്ത്രീക്കും അവളുടെ കുടുംബത്തിനും ഒരാട് മതിയാകുന്നതാണ്. (18/38).

എഴ്: ഉദുഹിയത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ദുല്‍ഹിജ്ജ മാസം പ്രവേശിച്ചു കഴിഞ്ഞാല്‍ ഉദുഹിയത്ത് അറുക്കുന്നത് വരെ അയാളുടെ മുടിയില്‍ നിന്നോ നഖത്തില്‍ നിന്നോ തൊലിയില്‍ നിന്നോ യാതൊന്നും തന്നെ നീക്കം ചെയ്യാന്‍ പാടില്ല. (18/38, 39).

അതേസമയം മറ്റൊരാളുടെ ഉദുഹിയത്ത് അറുക്കാന്‍ വേണ്ടി ഏല്‍പിക്കപ്പെട്ട ആളെ സംബന്ധിച്ചിടത്തോളം മുടിയോ, നഖമോ, തൊലിയോ നീക്കം ചെയ്യുന്നത് വര്‍ജ്ജിക്കേണ്ടതില്ല. ( 18/39).

എന്നാല്‍ ഒരു വീട്ടുകാര്‍ ഒന്നടങ്കം ഒരു ഉദുഹിയത്തില്‍ പങ്കാളികളാവുകയാണെങ്കില്‍ അവരെല്ലാവരും തന്നെ ബാലിയറുക്കുന്നവരാണ്. അതിനാല്‍ തന്നെ അവരാരും ദുല്‍ഹിജ്ജ പ്രവേശിച്ചു കഴിഞ്ഞാല്‍ ഉദുഹിയത്ത് അറുക്കുന്നത് വരെ തങ്ങളുടെ മുടിയോ, നഖമോ, തൊലിയോ നീക്കം ചെയ്യരുത്. (2/318). (എന്നാല്‍ ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയുടെ അഭിപ്രായപ്രകാരം ഒരാള്‍ തനിക്കും വീട്ടുകാര്‍ക്കും വേണ്ടി ഉദുഹിയത്ത് അറുക്കുകയാണെങ്കില്‍, അയാള്‍ മാത്രം മുടി, നഖം, തൊലി എന്നിവ നീക്കം ചെയ്യുന്നത് വര്‍ജ്ജിച്ചാല്‍ മതി).

എട്ട്: പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതനുസരിച്ച് പുരുഷനെപ്പോലെ സ്ത്രീക്കും ബലിയറുക്കാം. അവള്‍ മുസ്ലിമത്തോ, അഹ്’ലു കിത്താബില്‍ പെട്ട സ്ത്രീയോ ആയിരിക്കുകയും, ശറഇയ്യായ രൂപത്തില്‍ അറുക്കുകയും ചെയ്‌താല്‍ അതില്‍ നിന്നു ഭക്ഷിക്കാവുന്നതാണ്‌. അവളുടെ സ്ഥാനത്ത് അറുക്കുവാനുള്ള പുരുഷനുണ്ടെങ്കില്‍ പോലും അവള്‍ക്ക് അറുക്കാവുന്നതാണ്. പുരുഷന്മാരുടെ അഭാവം എന്നത് ഒരിക്കലും സ്ത്രീയറുത്തത് അനുവദനീയമാകാനുള്ള നിബന്ധനയല്ല. (6/264).

ഒന്‍പത്: ജീവിച്ചിരിക്കുന്ന ഒരാള്‍ തനിക്കും തന്‍റെ കുടുംബത്തിനും വേണ്ടി ശറഅ് നിശ്ചയിച്ച ഒരു നിശ്ചിത സമയത്ത് ബലിയര്‍പ്പിക്കുക എന്നതാണ് ഉദുഹിയത്തിന്‍റെ രീതി. എന്നാല്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെയും അതിന്‍റെ പ്രതിഫലത്തില്‍ പങ്കാളികളാകട്ടെ എന്ന് കരുതുന്നതില്‍ തെറ്റില്ല. (18/40) (എന്നാല്‍ മരിച്ചവര്‍ക്ക് വേണ്ടി മാത്രം ഉദ്ദേശിച്ചുകൊണ്ട് ഉളുഹിയത്ത് അറുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച തുടര്‍ന്ന് നല്‍കിയിട്ടുണ്ട്).

പത്ത്: ഒരാള്‍ തന്‍റെ മരണാനന്തര വസ്വിയത്തായി തന്‍റെ സ്വത്തിന്‍റെ മൂന്നിലൊന്നില്‍ കവിയാത്ത രൂപത്തില്‍ (മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയത്ത് ചെയ്യാന്‍ പാടില്ല എന്നത് പൊതു നിയമമാണ്) ഉദുഹിയത്ത് നടത്തണം എന്ന് വസ്വിയത്ത് ചെയ്തിട്ടുണ്ടെങ്കില്‍, അതല്ലെങ്കില്‍ തന്‍റെ വഖഫിന്‍റെ ഭാഗമായി ഉദുഹിയത്തും നിശ്ചയിച്ചിട്ടുണ്ടെങ്കില്‍, ആ വഖഫും, വസ്വിയത്തും നടപ്പാക്കാന്‍ ഏല്‍പിക്കപ്പെട്ട ആളെ സംബന്ധിച്ചിടത്തോളം അത് നടപ്പാക്കല്‍ നിര്‍ബന്ധമാണ്‌. എന്നാല്‍ ഒരാള്‍ അപ്രകാരം വസ്വിയ്യത്ത് ചെയ്തിട്ടില്ല, അതിനായി വഖഫ് നിശ്ചയിച്ചിട്ടുമില്ല എന്നിരിക്കട്ടെ, ഒരാള്‍ തന്‍റെ മരണപ്പെട്ട പിതാവിനോ മാതാവിനോ അതല്ലെങ്കില്‍ മറ്റു വല്ലവര്‍ക്കോ വേണ്ടി അത് നിര്‍വഹിക്കുന്നുവെങ്കില്‍ അതൊരു നല്ല കാര്യമാണ്. (18/40).

(ഈ വിഷയ സംബന്ധമായി ഒരു ചെറിയ വിശദീകരണം ആവശ്യമാണ്‌. ജീവിച്ചിരിക്കുന്നവര്‍ക്കും മരണപ്പെട്ടവര്‍ക്കും വേണ്ടി എന്ന അര്‍ത്ഥത്തിലല്ലാതെ, മരണപ്പെട്ടവരുടെ പേരില്‍ മാത്രമായി അവര്‍ക്ക് വേണ്ടി ഉളുഹിയത്ത് അറുക്കുന്ന വിഷയത്തില്‍ ഫുഖഹാക്കള്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. നബി (സ) യോ മുന്‍ഗാമികളോ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ട് വന്നിട്ടില്ല. നബി (സ) ക്ക് വേണ്ടി അലി (റ) പ്രത്യേകമായി ഒരാടിനെ അറുക്കാറുണ്ടായിരുന്നു എന്ന ഹദീസ് ളഈഫാണ്. എന്നാല്‍ ഉളുഹിയത്തിനെ സ്വദഖ എന്ന അര്‍ത്ഥത്തില്‍ കണക്കാക്കുകയും, ആകയാല്‍ മരണപ്പെട്ടവരുടെ പേരില്‍ അവര്‍ക്ക് വേണ്ടി സ്വദഖ നിര്‍വഹിക്കല്‍ ഹലാലാണ് എന്ന നിലയ്ക്ക് ഇതും അനുവദനീയമാണ് എന്ന് ഖിയാസ് ചെയ്യുകയാണ് അത് അനുവദിച്ച ഫുഖഹാക്കള്‍ ചെയ്തിട്ടുള്ളത്. ഫുഖഹാക്കള്‍ക്കിടയിലെ ഭൂരിപക്ഷാഭിപ്രായമായ ഈ അഭിപ്രായമാണ് ശൈഖ് ഇബ്നു ബാസ് (റ) യുടെയും അഭിപ്രായം. എന്നാല്‍ നബി (സ) യോ സ്വഹാബത്തോ ഇപ്രകാരം മരണപ്പെട്ട വ്യക്തികള്‍ക്ക് മാത്രം പ്രത്യേകമായി ഉദുഹിയത്ത് അറുത്തതായി കാണാന്‍ സാധിക്കുന്നില്ല. ശാഫിഇ മദ്ഹബില്‍ ഈ വിഷയത്തില്‍ പ്രബലമായ അഭിപ്രായമായി ഇമാം നവവി (റ) രേഖപ്പെടുത്തിയതും മരണപ്പെട്ടവര്‍ക്ക് വേണ്ടി ഉളുഹിയത്ത് അറുക്കാന്‍ പാടില്ല; അവര്‍ വസ്വിയത്ത് ചെയ്തെങ്കിലല്ലാതെ എന്ന അഭിപ്രായമാണ്. [അല്‍മിന്‍ഹാജ് : 1/287].

ശൈഖ് ഇബ്നു ഉസൈമീന്‍ (റ) മരണപ്പെട്ട ആള്‍ക്ക് വേണ്ടി മാത്രമായി ഉളുഹിയത്ത് അറുക്കാന്‍ പാടില്ല എന്ന അഭിപ്രായമാണ് പ്രബലമായ അഭിപ്രായമായി തിരഞ്ഞെടുത്തിട്ടുള്ളത്. കാരണം നബി (സ) യോ സ്വഹാബത്തോ അപ്രകാരം ചെയ്തതായി കാണാന്‍ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏറ്റവും സൂക്ഷ്മതയുള്ള അഭിപ്രായം രണ്ടാമത്തെ അഭിപ്രായം തന്നെയാണ്. ഇബാദത്തുകള്‍ തൗഖീഫിയ ആണല്ലോ. ഇനി ഒരാള്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി സ്വദഖ എന്ന നിലക്ക് പ്രത്യേക സമയബന്ധിതമായിട്ടല്ലാതെ മൃഗത്തെ അറുത്ത് ദാനം ചെയ്യുന്നുവെങ്കില്‍ അതിന്‍റെ പ്രതിഫലം ഇന്‍ ഷാ അല്ലാഹ് മരണപ്പെട്ടവര്‍ക്ക് ലഭിക്കും എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. കാരണം അല്ലാഹുവിന്‍റെ റസൂല്‍ (സ) മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ദാനധര്‍മ്മങ്ങള്‍ അനുവദിച്ചിട്ടുണ്ട്.

അതുപോലെ ഒരാള്‍ ഉദുഹിയത്ത് അറുക്കുമ്പോള്‍ തനിക്കും ജീവിച്ചിരിക്കുന്നവരോ മരണപ്പെട്ടവരോ ആയ തന്‍റെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി ഉദ്ദേശിച്ചുകൊണ്ടു ഉദുഹിയത്ത് അറുക്കുന്നതും അനുവദനീയമാണ്. കാരണം ‘നബി (സ) എനിക്കും എന്‍റെ കുടുംബത്തിനും’, ‘എനിക്കും എന്‍റെ ഉമ്മത്തിനും’ എന്നെല്ലാം പറഞ്ഞതില്‍ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരും എല്ലാം പെടും. എന്നാല്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമായി അറുക്കുന്നത് സംബന്ധിച്ചാണ് നാം ചര്‍ച്ച ചെയ്തത്).

പതിനൊന്ന്: ഏഴു പേര്‍ ചേര്‍ന്ന് ഒരൊട്ടകത്തെയോ, പശുവിനെയോ അറുക്കുമ്പോള്‍ ആ ഓഹരി അയാള്‍ക്കും കുടുംബത്തിന്‍റെയും പേരില്‍ എന്ന നിലക്ക് നിയ്യത്താക്കാമോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. ഏറ്റവും ശരിയായ അഭിപ്രായം അപ്രകാരം ഉദ്ദേശിക്കാം എന്നതാണ്. കാരണം ആ വ്യക്തിയും അയാളുടെ കുടുംബവും ഒരൊറ്റ വ്യക്തിയെപ്പോലെത്തന്നെയാണ്. എന്നാല്‍ ഷെയറിന് പകരം ഒരു ആടിനെ അറുക്കുന്നുവെങ്കില്‍ അതാണ്‌ ഉത്തമം. (18/44).

പന്ത്രണ്ട്: ഉദുഹിയത്ത് ഉദ്ദേശിക്കുന്ന സ്ത്രീക്ക് മുടിക്കെട്ട് അഴിച്ചിട്ട് കുളിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ മുടി അടര്‍ന്നു പോരുന്ന രൂപത്തില്‍ കോതി വാരാന്‍ പാടില്ല. (18/47).

പതിമൂന്ന്: അമുസ്ലിമീങ്ങള്‍ക്ക് ഉദുഹിയത്തിന്‍റെ ഇറച്ചിയില്‍ നിന്നു നല്‍കുന്നതില്‍ തെറ്റില്ല. കാരണം അല്ലാഹു പറയുന്നു :

لا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ

“മതകാര്യത്തില്‍ നിങ്ങളോട്‌ യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന്‌ നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക്‌ നന്‍മ ചെയ്യുന്നതും നിങ്ങളവരോട്‌ നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട്‌ നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.” [മുംതഹിന :8].

അതിനാല്‍ത്തന്നെ, നമുക്കും അവര്‍ക്കുമിടയില്‍ യുദ്ധമില്ലാത്ത അവിശ്വാസികള്‍, അഭയം നല്‍കപ്പെട്ടവരോ (المستأمن), പരസ്പര ധാരണയോടെയും കരാറോടെയും ജീവിക്കുന്നവരോ (المعاهد) ആയ ദാനധര്‍മ്മങ്ങളില്‍ നിന്നും, ഉദുഹിയത്തില്‍ നിന്നും നല്‍കപ്പെടാവുന്ന ആളുകള്‍ ആണ്. (18/48).

പതിനാല്: എല്ലാ കര്‍മങ്ങളും മക്കത്ത് തന്നെയാണ് കൂടുതല്‍ ശ്രേഷ്ഠകരം. എന്നാല്‍ മക്കത്ത് ഉദുഹിയത്ത് സ്വീകരിക്കാന്‍ ആവശ്യക്കാരില്ലാതെ വന്നാല്‍, പാവപ്പെട്ടവരുള്ള മറ്റു സ്ഥലങ്ങളില്‍ അവ അറുക്കുന്നതാണ് നല്ലത്. (18/48) (ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലക്ക് ഈ വിഷയത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇരുവരുടെയും അഭിപ്രായങ്ങള്‍ പരിശോധിച്ച് തെളിവിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രബലമായി ബോധ്യപ്പെടുന്ന അഭിപ്രായത്തെ ഓരോരുത്തര്‍ക്കും സ്വീകരിക്കാവുന്നതാണ്).

നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും ഉള്‍പ്പെടുത്തുക.. അല്ലാഹു നമുക്കേവര്‍ക്കും അറിവ് വർധിപ്പിച്ചു തരുമാറാകട്ടെ ….

Book – ക്വുർആനും യുക്തിവാദവും

ക്വുർആനും യുക്തിവാദവും

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

        ബുദ്ധിയുള്ള മനുഷ്യരെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാം , എക്കാലവും വിമർശനങ്ങൾക്ക് വിധേമായിട്ടു ണ്ട് . ലക്ഷക്കണക്കിന് വിമർശനഗ്രന്ഥങ്ങൾ ഇറങ്ങിയിട്ടു ണ്ട് . പ്രശംസിക്കാനെന്ന ഭാവത്തിൽ ആരോപണങ്ങൾ തി രുകിവെച്ചവയും കൂട്ടത്തിലുണ്ട് .

       വിമർശനങ്ങൾ അറിവില്ലായ്മയിൽ നിന്നോ അഹങ്കാര ത്തിൽനിന്നോ ഉടലെടുക്കുന്നതാണ് . വിമർശകർ ഇത്രകാ ലം ജീവിച്ചുവന്ന സാഹചര്യം വിമർശനത്തിന് വഴിമരു ന്നിടുകയും ആക്കംകൂട്ടുകയും ചെയ്യും . അറിവില്ലായ്മ തി രുത്തപ്പെടാൻ എളുപ്പമാണ് . പക്ഷേ , അഹങ്കാരത്തിൻറ കൊടുമുടിയിൽ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ശ്ര മിക്കുക വിഡ്ഢിത്തമാണ് .

        ഇസ്ലാമിനെതിരെ വന്ന വിമർശനങ്ങളുടെയും ആരോ പണങ്ങളുടെയും തൂക്കവും നിലവാരവുമെന്താണ് എന്ന് ചിന്തിക്കുക പ്രസക്തമാണ് . അറിവില്ലായ്മമൂലം ലോക ത്ത് ഇന്നോളം പുറത്തുവന്ന വിമർശനങ്ങൾ രണ്ടിനത്തിൽ പെടുന്നു .

        ഒന്ന് , ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങൾ അവ യുടെ യഥാർഥമായ അർഥത്തിലും ആശയത്തിലും മനസ്സി ലാകാത്തതുകൊണ്ട് അവ വിമർശിക്കപ്പെട്ടു . കുർആനിലെയോ നബിചര്യയിലെയോ വചനങ്ങളെയും സംഭവങ്ങ ളെയും നിയമങ്ങളെയും മുറിച്ചെടുത്തു പരിശോധിച്ചവരു . പശ്ചാത്തലം മനസ്സിലാക്കാത്തവരുണ്ട് . നിയമങ്ങൾ ക്ക് പിന്നിലെ തത്ത്വം അറിയാത്തവരുണ്ട് . സംഭവങ്ങളെ യും നിയമങ്ങളെയും വചനങ്ങളെയും ബന്ധപ്പെടുത്തു ന്നതിൽ പരാജയപ്പെട്ടവരുണ്ട് . ഇവർക്കൊക്കെയും ഇസ് ലാമിനെ മനസ്സിലാക്കുന്നതിൽ പിശക് പറ്റാം .

        രണ്ട് , മുസ്ലിംകളിലുള്ള ഏത് സ്വഭാവവും നടപടിയും ഇസ്ലാംതന്നെയാണെന്ന് ധരിച്ച ചിലർ മുസ്ലിംകളിലെ പാകപ്പിഴവുകളെ മതത്തിന്റെതന്നെ പോരായ്മയായി ചി ത്രീകരിച്ചു . തീർച്ചയായും ഏതൊരു “ ആദർശവും ‘ ഉൾ ക്കൊള്ളുന്ന അനുയായികളിൽ പല തരക്കാരുണ്ട് . അത് പൂർണമായി പിന്തുടർന്നവർ , ഭാഗികമായി അംഗീകരിച്ച വർ , ഭൗതിക താൽപര്യത്തിന് വേണ്ടി ആദർശത്തിൻറ വേഷമണിഞ്ഞവർ പലരുടെയും പല കർമങ്ങളും മതത്തി നെതിരാവാം . സമൂഹത്തിന്റെ പോരായ്മയെ ആദർശ ത്തി ൻറ ന്യൂനതയായി കാണുന്നത് വിവരക്കേടാണ് .

        രണ്ടിൻറ പേരിലും വിമർശനങ്ങൾ അസ്ഥാനത്താണ് . ഏതൊരാദർശത്തെയും അതിന്റെ യഥാർഥ അടിസ്ഥാ ന പ്രമാണങ്ങളിലൂടെ ആഴത്തിൽ പഠിക്കുകയാണ് ബു ദ്ധിജീവികളുടെ കടമ . മുൻധാരണകൾ ഈ കടമ നിറവേ റ്റുന്നതിന് തടസം നിൽക്കും . അതുകൊണ്ട് അഹങ്കാരവും മുൻധാരണയും മാറ്റിവെച്ച് നേർക്ക് നേരെയുള്ള ബുദ്ധിയു പയോഗിച്ച് ഇസ്ലാമിനെ മനസ്സിലാക്കുന്നവർക്കാണ് വിജയം .

        അറിവില്ലായ്മ മൂലം ഇസ്ലാമിനെ വിമർശിക്കുകയോ തെറ്റിദ്ധരിക്കുകയോ ചെയ്തവർക്ക് മുന്നിൽ ഈ കൊച്ചു പുസ്തകം സമർപ്പിക്കുന്നു . കേരളത്തിലെ അറിയപ്പെട്ട എഴുത്തുകാരനും പ്രാസം ഗികനും പണ്ഡിതനുമായ ചെറിയമുണ്ടം അബ്ദുൽ ഹ മീദ് മദനിയുടെ ഒരു പ്രസംഗത്തിന്റെ പുസ്തക രൂപമാ ണിത് . വിശുദ്ധ ഖുർആനിനെതിരെ വിമർശന ശരങ്ങളെ യ്തുവിട്ടുകൊണ്ട് രംഗത്തുവന്ന യുക്തിവാദികൾക്ക് ഹ സ്വമായ മറുപടി പറയുകയാണ് അബ്ദുൽ ഹമീദ് മദനി .

        സത്യം മനസ്സിലാക്കി അതനുസരിച്ച് ജീവിക്കാൻ അ ല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ .

        നാഥാ , നിന്റെ സത്യ ദീനിന്റെ മാർഗ്ഗത്തിലുള്ള ഒരു എളിയ സേവനമായി നീ ഞങ്ങളിൽ നിന്നും ഇതു സ്വീകരിക്കേണമേ , പാകപ്പിഴവുകൾ പൊറുത്തു തരേണമേ . ഇതു വായിക്കുന്ന വർക്കും പ്രചരിപ്പിക്കുന്നവർക്കും നന്മയുടെ കവാടങ്ങൾ നീ തുറന്നു കൊടുക്കേണമേ .

ഹദീഥിന്റെ പ്രാമാണികത

ഹദീഥിന്റെ പ്രാമാണികത

‘ഹദീഥിന്റെ പ്രാമാണികത’ എന്ന വിഷയം ആധുനികരും പൗരാണികരുമായ ഹദീഥ് പണ്ഡിതന്മാര്‍ക്കിടയില്‍ ഏറെ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിഷയീഭവിച്ചിട്ടുള്ളതാണ്. ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അവര്‍ നടത്തിയിട്ടുള്ള പഠനങ്ങളുടെയും ചര്‍ച്ചകളുടെയും ഫലമായി നബി(സ്വ)ക്ക് വഹ്‌യിലൂടെ നല്‍കപ്പെട്ട ഹദീഥുകളോട് ഏതൊരു നിപാടാണ് മുസ്‌ലിം ഉമ്മത്ത് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരപ്പെട്ടു വന്ന ഹദീഥുകള്‍ക്ക് നേരെ പണ്ഡിതന്മാരാണെന്ന് പറയുന്ന ചിലരെങ്കിലും നിഷേധാത്മകമായ നിലപാട് വെച്ചുപുലര്‍ത്തുന്നത് അവരുടെ പാണ്ഡിത്യത്തില്‍ സംശമുളവാക്കുന്നതാണെന്ന് പറയേണ്ടിയിരിക്കുന്നു. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ ഹദീഥുകളെ പരസ്യമായി നിഷേധിക്കുന്ന അല്‍പജ്ഞാനികള്‍ പൊടിതട്ടിയെടുക്കാന്‍ താല്‍പര്യപ്പെടുമ്പോള്‍ ഹദീഥുകളെ പ്രമാണമായി അംഗീകരിക്കുന്നേടത്ത് മുസ്‌ലിം സമുദായം അനിവാര്യമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കട്ടെ.

1. നബി(സ്വ) പറഞ്ഞ ഹദീഥുകള്‍ വ്യക്തമായ വഹ്‌യ് (ദിവ്യബാധനം) തന്നെയാണ്. അല്ലാഹു പറയുന്നു: ”അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉത്‌ബോധനം മാത്രമാകുന്നു” (ക്വുര്‍ആന്‍ 53:3,4).

ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ”അതായത് അദ്ദേഹം തന്നിഷ്ടപ്രകാരമോ, തോന്നിയതു പോലെയോ പറയുന്നില്ല. നിശ്ചയം അദ്ദേഹത്തോട് കല്‍പിക്കപ്പെട്ടത് ഒന്നും കൂട്ടി ചേര്‍ക്കാതെ, കുറച്ചു കളയാതെ പരിപൂര്‍ണമായിത്തന്നെ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു” (ഇബ്‌നു കഥീര്‍ 4/1787).

അബ്ദുറഹ്മാനുബ്‌നു നാസിറുസ്സഅദി(റ) പറഞ്ഞു: ”അതായത് അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിച്ചതല്ല. അല്ലാഹു വഹ്‌യിലൂടെ നല്‍കിയതായ സൂക്ഷ്മതയും സന്‍മാര്‍ഗവുമല്ലാതെ അദ്ദേഹം പിന്‍പറ്റിയിരുന്നില്ല. അവിടുത്തെ വാക്ക് തന്നിഷ്ടപ്രകാരമല്ല മറിച്ച്, വഹ്‌യായി നല്‍കിയതില്‍ നിന്നാണ്” (തഫ്‌സീറുസ്സഅ്ദി 2/874,875).

നബി(സ്വ)യുടെ ഹദീഥുകളില്‍ നിന്നും ഈ കാര്യം വ്യക്തമാണ്. മിഖ്ദാദ്(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ”അറിയുക; നിശ്ചയം, എനിക്ക് കിതാബും (ക്വുര്‍ആന്‍) അതിന്റെ കൂടെ അത് പോലുള്ളതും നല്‍കപ്പെട്ടിരിക്കുന്നു” (അബൂദാവൂദ് 4604).

2. നബി(സ്വ) അദ്ദേഹത്തിന്റെ സമുദായത്തെ ഹദീഥുകള്‍ പഠിപ്പിച്ചിരിക്കുന്നു.

അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു ഗ്രന്ഥവും (കിതാബ്) ജ്ഞാനവും (ഹിക്മത്) പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു” (ക്വുര്‍ആന്‍ 3:164).

ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ”ഇവിടെ കിതാബ്, ഹിക്മത്ത് എന്നത് ക്വുര്‍ആനും, സുന്നത്തുമാണ്” (ഇബ്‌നു കഥീര്‍ 1/384).

അബ്ദുര്‍റഹ്മാനുബ്‌നു നാസിറുസ്സഅദി(റഹി) പറഞ്ഞു: ”കിതാബ് എന്നാല്‍ ക്വുര്‍ആനും ഹിക്മത് എന്നാല്‍ ക്വുര്‍ആനിന്റെ കൂടപ്പിറപ്പായ സുന്നത്തുമാണ്” (തഫ്‌സീറുസ്സഅദി 1/359).

3. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക എന്നാല്‍ ക്വുര്‍ആനും സുന്നത്തും അനുസരിക്കുക എന്നാണ്.

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും” (4:59).

ഇബ്‌നു കഥിര്‍(റഹി) പറഞ്ഞു: ”നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക എന്നാല്‍ അവന്റെ കിതാബിനെ പിന്‍പറ്റുക എന്നാണ്. റസൂലിനെ അനുസരിക്കുക എന്നാല്‍ അവിടുത്തെ സുന്നത്തിനെ സ്വീകരിക്കുക എന്നാണ്. മതകാര്യങ്ങളില്‍ ഏത് പ്രശ്‌നമുണ്ടായാലും അതിനെ നിങ്ങള്‍ ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും മടക്കണമെന്ന അല്ലാഹുവില്‍ നിന്നുള്ള കല്‍പന കൂടിയാണിത്. നിങ്ങളിലുള്ള തര്‍ക്കങ്ങളെയും അറിവില്ലായ്മയെയും മടക്കേണ്ടത് അല്ലാഹുവിന്റെ കിതാബിലേക്കും റസൂലിന്റെ സുന്നത്തിലേക്കുമാണ്”(ഇബ്‌നു കഥീര്‍ 1/470).

അബ്ദുര്‍റഹ്മാനുബ്‌നു നാസിറുസ്സഅദി(റഹി) പറഞ്ഞു: നിശ്ചയം മതം നിലനില്‍ക്കുന്നത് അല്ലാഹുവിന്റെ കിതാബിന്‍മേലും, റസൂലിന്റെ സുന്നത്തിന്‍മേലുമാണ്. ഇത് രണ്ടമില്ലാതെ വിശ്വാസം ശരിയാവുകയില്ല. ഇവ രണ്ടിലേക്കുമുള്ള മടക്കം വിശ്വാസത്തിന്റെ ഭാഗമാണ്. മതകാര്യങ്ങളിലെ പ്രശ്‌നങ്ങള്‍ ഇവ രണ്ടിലേക്കും മടക്കാത്തവന്‍ യഥാര്‍ഥ വിശ്വാസമുള്‍ക്കൊണ്ടവനല്ല. മറിച്ച് ദുര്‍മൂര്‍ത്തികളില്‍ വിശ്വസിക്കുന്നവനാണ്(തഫ്‌സീറുസ്സസഅ്ദി 1/431).

അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ)പറഞ്ഞു: ”എന്റെ സമുദായത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും; വിസമ്മതം കാണിച്ചവര്‍ ഒഴികെ.” അവര്‍ (അനുചരന്മാര്‍) ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, ആരാണ് വിസമ്മതം കാണിച്ചവര്‍?” അവിടുന്ന് പറഞ്ഞു: ”എന്നെ അനുസരിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. എന്നെ ധിക്കരിച്ചവന്‍ ആരോ തീര്‍ച്ചയായും അവനാണ് വിസമ്മതം കാണിച്ചവന്‍” (ബുഖാരി/7680).

4. നബി(സ്വ)യുടെ ഹദീഥുകള്‍ പരിശുദ്ധ ക്വുര്‍ആനിന്റെ വിശദീകരണമാണ്.

അല്ലാഹു പറയുന്നു: ”വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉദ്‌ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും” (ക്വുര്‍ആന്‍ 16:44).

”അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവാ, അതവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുവാന്‍ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്” (ക്വുര്‍ആന്‍ 16:64).

ഇമാം ശാഫിഈ(റഹി) പറഞ്ഞു: ”നബി(സ്വ) വിധിച്ചതായ മുഴുവന്‍ കാര്യങ്ങളും അവിടുന്ന് ക്വുര്‍ആനില്‍ നിന്ന് ഗ്രഹിച്ചതാണ്”(ഇബ്‌നു കഥീര്‍ 1/12).

ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റഹി) പറഞ്ഞു: ”സുന്നത്തെന്നത് ക്വുര്‍ആനിന്റെ വിശദീകരണവും അതിന്റെ തെളിവുകളുമാണ്” (ശറഹ് ഉസ്വൂലിസ്സുന്ന: 46)

ക്വുര്‍ആനിന് എങ്ങനെ വിശദീകരണം നല്‍കണമെന്ന് പറയുന്നേടത്ത് ഇമാം ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ”ക്വുര്‍ആന്‍ കൊണ്ട് ക്വുര്‍ആനിനെ വിശദീകകരിക്കാന്‍ നിനക്ക് സാധിക്കാതെ വന്നാല്‍ നിന്റെ മേല്‍ സുന്നത്തുണ്ട്. അത് ക്വുര്‍ആനിനുള്ള വിശദീകരണവും അതിനെ വ്യക്തമാക്കിത്തരുന്നതുമാണ്” (ഇബ്‌നു കഥീര്‍ 1/12).

5. നബി(സ്വ)യുടെ സുന്നത്തുകള്‍ പിന്തുടരാനുള്ളതാണ്.

അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്” (ക്വുര്‍ആന്‍ 33:21).

ഹുദൈഫ(റ)വില്‍ നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ”നിശ്ചയം, മനുഷ്യഹൃദയങ്ങളുടെ മുരടിലേക്ക് ആകാശത്തുനിന്ന് അമാനത്ത് ഇറങ്ങിയിരിക്കുന്നു. നിങ്ങള്‍ ക്വുര്‍ആന്‍ പഠിക്കുകയും സുന്നത്ത് മനസ്സിലാക്കുകയും ചെയ്യുക” (ബുഖാരി: 7276).

ഇബ്‌നു ഔന്‍(റ) പറഞ്ഞു: മൂന്ന് കാര്യങ്ങള്‍ എനിക്കും എന്റെ സഹോദരങ്ങള്‍ക്കും ഞാനിഷ്ടപ്പെടുന്നു. സുന്നത്തിനെ അറിയുകയും അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്യുക. ക്വുര്‍ആനിനെ ഉള്‍ക്കൊള്ളുകയും ജനങ്ങളോട് അതിനെക്കുറിച്ച് ചോദിക്കുകയും ചെയ്യുക. ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കുക” (ബുഖാരി).

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം അബ്ദുല്‍ മാലിക്ബ്‌നു മര്‍വാന് ബൈഅത്ത് ചെയ്ത് കൊണ്ട് ഇപ്രകാരം എഴുതി: ‘എനിക്ക് സാധ്യമാകും വിധം അല്ലാഹുവിന്റെ കിതാബിലും റസൂല്‍(സ്വ)യുടെ ചര്യയിലും അനുസരണവും കേള്‍വിയും ഞാന്‍ താങ്കള്‍ക്കായി അംഗീകരിച്ചിരിക്കുന്നു” (ബുഖാരി: 7272).

ഇമാം ബുഖാരി(റഹി) തന്റെ സ്വഹീഹില്‍ ഒരു അധ്യായത്തിന് നല്‍കിയ പേര് ‘ക്വുര്‍ആനും സുന്നത്തും മുറുകെ പിടിക്കല്‍’ എന്നാണ്. ഇമാം മുസ്‌ലിം(റഹി) തന്റെ സ്വഹീഹില്‍ അറിവുമായി ബന്ധപ്പെട്ട് പറയുന്ന അധ്യായത്തില്‍ ഇമാം നവവി(റഹി) നല്‍കിയ ഒരു തലവാചകം ഇങ്ങനെ കാണാം: ‘ഒരാള്‍ നല്ലതോ ചീത്തയോ ആയ ചര്യ നടപ്പിലാക്കല്‍ അല്ലെങ്കില്‍ ഒരാള്‍ സന്‍മാര്‍ഗത്തിലേക്കോ ദുര്‍മാര്‍ഗത്തിലേക്കോ ക്ഷണിക്കല്‍.’ ഇമാം അബൂദാവൂദ്(റഹി) തന്റെ സുനനില്‍ സുന്നത്തുമായി ബന്ധപ്പെട്ട അധ്യായത്തില്‍ ‘സുന്നത്തിന്റെ വിവരണം,’ ‘സുന്നത്തിന്റെ അനിവാര്യത,’ ‘സുന്നത്തിലേക്കുള്ള ക്ഷണം’ എന്നിങ്ങനെ കൊടുത്തതായി കാണാം. ഇമാം തുര്‍മുദി്(റഹി) തന്റെ ജാമിഇല്‍ അറിവിനെക്കുറിച്ച് പറയുന്നേടത്ത് ‘സുന്നത്ത് വെടിയല്‍’ എന്ന് പറഞ്ഞതായി കാണാം. ഇമാം നസാഈ തന്റെ സുനനില്‍ മതവിധി പറയുന്നവരുടെ മര്യാദകള്‍ എന്ന അധ്യായത്തില്‍ ‘ക്വുര്‍ആനും സുന്നത്തും അവലംബിക്കണ’മെന്ന് ബോധ്യപ്പെടുത്തിയതായി കാണാം. ഇമാം ഇബ്‌നു മാജ (റഹി) തന്റെ സുനനില്‍ സുന്നത്ത് എന്ന അധ്യായത്തില്‍ ‘നബി(സ്വ)യുടെ സുന്നത്ത് പിന്‍പറ്റുക, നബി(സ്വ)യുടെ ഹദീഥിനെ ആദരിക്കുക, അതിനെതിരാകുന്നവരെ വെറുക്കുക’ എന്ന് ഉണര്‍ത്തിയതായി കാണാം. ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റഹി) തന്റെ ഉസ്വൂലുസ്സുന്ന എന്ന ഗ്രന്ഥത്തില്‍ ‘നമ്മുടെ അടുക്കല്‍ സുന്നത്ത് എന്നാല്‍ നബി(സ്വ)യുടെ ഹദീഥുകളാണ്’ എന്ന് പറഞ്ഞിരിക്കുന്നു. ചുരുക്കത്തില്‍ ഈ പണ്ഡിതന്മാരെല്ലാം അവരുടെ വാക്കുകളിലൂടെ വ്യക്തമാക്കി ത്തരുന്നു; നബി(സ്വ)യുടെ ചര്യ പിന്‍പറ്റാനും മുറുകെ പിടിക്കാനുള്ളതുമാണ്, തള്ളിക്കളയാനോ, മാറ്റി നിര്‍ത്താനോ ഉള്ളതല്ല എന്ന്.

6. സ്വഹീഹായ ഹദീഥുകള്‍ അംഗീകരിക്കല്‍ നിര്‍ബന്ധം, അവയെ ധിക്കരിക്കല്‍ അപരാധം.

അല്ലാഹു പറയുന്നു: ”ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ് സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വസികളാവുകയില്ല” (ക്വുര്‍ആന്‍ 4:65).

ഇമാം ഇബ്‌നുകഥീര്‍(റഹി) ഇതിന്റെ വിശദീകരണത്തില്‍ പറഞ്ഞു: ”…നിങ്ങളില്‍ ഒരാളും പരിപൂര്‍ണ വിശ്വാസിയാവുകയില്ല; മുഴുവന്‍ കാര്യങ്ങളിലും റസൂല്‍(സ്വ)യെ വിധികര്‍ത്താവായി സ്വീകരിക്കുന്നത് വരെ. അവിടുന്ന് വിധിച്ചിട്ടുള്ളതെന്തും സത്യമാണ.് പ്രത്യക്ഷമായും പരോക്ഷമായും അതിന് കീഴ്‌പെടല്‍ നിര്‍ബന്ധവുമാണ്”(തഫ്‌സീര്‍ ഇബ്‌നു കഥീര്‍ 1:471).

”മത കാര്യങ്ങളിലുള്ള ഏകോപനം ക്വുര്‍ആനും സുന്നത്തും അവലംബിക്കുന്നതിലൂടെയല്ലാതെ ഉണ്ടാവുകയില്ല” (തഫ്‌സീറുസ്സഅദി 1/434).

അല്ലാഹു പറയുന്നു: ”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു” (ക്വുര്‍ആന്‍ 33:36).

ഇബ്‌നു കഥീര്‍(റഹി) പറഞ്ഞു: ”ഈ വചനം പൊതുവായി എല്ലാ കാര്യങ്ങള്‍ക്കുമുള്ളതാണ്. എന്തെന്നാല്‍ അല്ലാഹുവും റസൂലും ഒരു കാര്യം വിധിച്ചാല്‍ അതിനെതിരാകലോ മറ്റൊന്ന് തെരഞ്ഞെടുക്കലോ (മറ്റൊരു) അഭിപ്രായമോ, വാക്കോ ഒരാളിലും പാടില്ല” (ത്ഫ്‌സീര്‍ ഇബ്‌നു കഥീര്‍ 3/641).

ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റഹി) പറഞ്ഞു: ”അനിവാര്യമായ സുന്നത്തില്‍ പെട്ടതാണ്, ‘അതിലൊന്നില്‍ ആരെങ്കിലും വിശ്വസിക്കാതിരിക്കുകയോ, സ്വീകരിക്കാതിരിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്താല്‍ അവന്‍ അതില്‍ പെട്ടവനല്ല’ എന്നത്. ഹദീഥിന്റെ വിശദീകരണം ഒരാള്‍ക്ക് അറിയുന്നില്ല, അവന്റെ ബുദ്ധി അത് കണ്ടെത്തുന്നുമില്ല എങ്കില്‍ നിശ്ചയം അവന് ലഭിച്ചത് കൊണ്ട് വിധിക്കണം. അവന്റെ മേല്‍ (സുന്നത്തില്‍) വിശ്വസിക്കലും കീഴ്‌പെടലും നിര്‍ബന്ധമാണ്” (ശറഹു ഉസ്വൂലുസ്സുന്ന, പേജ്:53).

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

സലഫീ പ്രബോധനം ഒരു താത്വിക വിശകലനം: 2

സലഫീ പ്രബോധനം ഒരു താത്വിക വിശകലനം: 2

ഹദീസ്‌ സ്വീകരണത്തിന്റെ മാനദണ്ഡം

സത്യസന്ധമായി ക്വുർആനും സുന്നത്തും പിൻപറ്റുവാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നബി(സ)യുടെ അനുചരന്മാരും താബിഉകളും അവരുടെ അനുയായികളുമടങ്ങുന്ന സലഫുകൾ സഞ്ചരിച്ച മാർഗത്തെ ആശ്രയിക്കൽ അനിവാര്യമാണ്‌.

പണ്ഡിതന്മാരെന്ന്‌ പറയപ്പെടുന്ന ചിലർ പലപ്പോഴായി ഇതിനെതിരായി പറയാറുള്ള വാക്കുകൾ നിങ്ങൾ കേട്ടിരിക്കും. പക്ഷേ, അത്‌ നേരത്തെ നാം വിശദീരിച്ച ശരിയായ വിജ്ഞാനത്തിന്റെ-അഥവ ക്വുർആനും സുന്നത്തും സലഫുകളുടെ മാർഗവും അവലംബിച്ചുള്ള-മാർഗമല്ല. മറിച്ച്‌ അറിവ്‌, വിജ്ഞാനം എന്നത്‌ കൊണ്ട്‌ അവൻ ഉദ്ദേശിക്കുന്നത്‌ ക്വുർആനിൽ നിന്നും സുന്നത്തിൽ നിന്നും അവർ നേരിട്ട്‌ ഗ്രഹിക്കുന്നവയെ മാത്രമാണ്‌. അതിനപ്പുറം പിഴച്ച കക്ഷികളിൽ നിന്ന്‌ അവരെ സംരക്ഷിക്കുന്ന സലഫിന്റെ മാർഗത്തിലേക്ക്‌ അവർ തിരിഞ്ഞ്‌ നോക്കുന്നു പോലുമില്ല.

അതുകൊണ്ട്‌ തന്നെ ഇക്കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ചില കാസറ്റുകളിലും പുസ്തകങ്ങളിലുമൊക്കെ നാമുദ്ധരിച്ച ഈ തെളിവുകൾക്കെതിരിൽ പണ്ഡിതന്മാർ എന്ന്‌ പറയപ്പെടുകയും അതിന്റെ വക്താക്കളായി ചമയുകയും ചെയ്യുന്നവരുടെ വാക്കുകളായി പലതും കാണുകയും കേൾക്കുകയും ചെയ്യാം. ഇങ്ങനെയാണവർ പറയാറുള്ളത്‌; സലഫുകളു(പൂർവികരു)ടെ മാർഗമാണ്‌ ഏറ്റവും സുരക്ഷിതം, എന്നാൽ പിൽക്കാലക്കാരു(ഖലഫുകളു)ടെ മാർഗമാണ്‌ ഏറ്റവും സുദൃഢവും വൈജ്ഞാനികവും!?

വഷളത്തം ഏറ്റുപറഞ്ഞുകൊണ്ടുള്ള വ്യക്തമയ പരസ്യപ്പെടുത്തലാണിത്‌. വാസ്തവത്തിൽ സന്മാർഗ ചാരികളായ പ്രവാചകനുചരന്മാരുടെ മാർഗം പിൻപറ്റൽ നിർബന്ധമാണെന്ന്‌ തെളിവുദ്ധരിച്ച്‌ നാം പറഞ്ഞതിനെ അംഗീകരിക്കുന്നു എന്ന കുറ്റ സമ്മതം കൂടിയാണിതിലുള്ളത്‌.

അതായത്‌ സലഫുകളുടെ വിജ്ഞാനം സുരക്ഷിതവും ഖലഫുകൾ ചെയ്തത്‌ സുദൃഢവും ആണെന്ന്‌ പറയുമ്പോൾ നബി(സ)യെ പിൻതുടരാൻ നിർദേശിച്ച സലഫുകളുടെ മാർഗത്തെയും ഇവർ കയ്യൊഴിച്ചു എന്നാണർഥം.

സലഫുകളുടെ മാർഗം പിൻപറ്റുന്നവരും നൂതന വാദം മുഖേന ആ മാർഗം കയ്യൊഴിച്ചവരും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന ഏതാനം ഉദാഹരണങ്ങൾ വേണമെങ്കിൽ നിരത്താം.

സലഫുസ്സ്വാലിഹുകൾ എന്താണ്‌ പറഞ്ഞതെന്ന്‌ തിരിഞ്ഞ്‌ നോക്കുക പോലും ചെയ്യാത്ത ഇക്കൂട്ടർ കൊണ്ടുവരുന്ന പുതിയ വാദങ്ങളും ചിന്തകളും ക്വുർആനിനും സുന്നത്തിനും വിരുദ്ധമായ നിരർഥക വാദങ്ങളാണെന്ന്‌ നമുക്ക്‌ ഖണ്ഡിതമായിപ്പറയാൻ കഴിയും. കാരണം, നബി(സ)യും അവിടുത്തെ സ്വഹാബത്തും താബിഉകളുമൊക്കെ നിലകൊണ്ട മാർഗത്തിനെതിരാണത്‌.

വിശ്വാസ കാര്യങ്ങൾ പ്രതിപാദിക്കുന്ന ഹദീഥുകളെ തള്ളാനായി ഹദീഥുകളെ മുതവാത്വിറാണെന്നും ആഹാദാണെന്നും വേർതിരിച്ച്‌ കൊണ്ട്‌ ഇക്കാലഘട്ടത്തിൽ ചിലർ നടത്തുന്ന അധരവ്യായാമങ്ങൾ ഇതിലൊന്നാണ്‌. കാരണം ഇങ്ങനെയൊരു വേർതിരിവ്‌ സലഫുസ്സ്വാലിഹുകൾക്ക്‌ പരിചയമില്ല. ഈ നൂതനവാദം പടച്ചുണ്ടാക്കിയ പിൻതലമുറക്കാർ അതിന്റെ അടിസ്ഥാനത്തിൽ മറ്റ്‌ പല പുതിയ വിധികളും ആവിഷ്കരിക്കുകയും ചെയ്തു. അങ്ങനെ ആഹാദായ ഹദീഥുകൾ സ്വഹീഹായി വന്നാലും വിശ്വാസ കാര്യങ്ങളുൾകൊള്ളുന്നതാണെങ്കിൽ അവ സ്വീകരിക്കാവതല്ലെന്നും അവർ പറഞ്ഞു. ഈ വിഭജനവും അതിന്റെ അടിസ്ഥാനത്തിലുള്ള വേർതിരിവും അഥവാ വിശ്വാസകാര്യങ്ങളുൾകൊള്ളുന്ന ഹദീഥുകൾ മുതവാത്വിറല്ലെങ്കിൽ സ്വീകാര്യമല്ലെന്നും എന്നാൽ അഹ്കാമുകളിൽ (മതവിധികൾ പറയുന്നവ) അവ സ്വീകാര്യമാണെന്നുമുള്ള ഈ വേർതിരിവ്‌, സലഫുസ്സ്വാലിഹുകളുടെ രീതി മനസ്സിലാക്കിയിട്ടുള്ള ആർക്കും ഇത്‌ ഇസ്ലാമിന്റെ പേരിൽ കടത്തിക്കൂട്ടിയ ഒരു പുത്തൻവാദമാണെന്ന്‌ ഉറപ്പിച്ച്‌ പറയാൻ കഴിയുന്നതാണ്‌. ഇസ്ലാമുമായി ബന്ധമില്ലാത്ത ഒരു ഫിലോസഫിയാണത്‌. ഇത്‌ നമുക്കും അവർക്കും അറിയാവുന്ന വസ്തുതയാണ.‍്‌ പക്ഷേ, അവർ അറിഞ്ഞ്കൊണ്ട്‌ തന്നെ നിഷേധിക്കുകയാണ്‌. അല്ലാഹു വേറെ ചിലരെക്കുറിച്ച്‌ പറഞ്ഞത്‌ പോലെ:

?“അവയെപ്പറ്റി അവരുടെ മനസ്സുകൾക്ക്‌ ദൃഢമായ ബോധ്യം വന്നിട്ടും അക്രമവും അഹങ്കാരവും മൂലം അവരതിനെ നിഷേധിച്ചുകളഞ്ഞു. അപ്പോൾ ആ കുഴപ്പക്കാരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ നോക്കുക”(27:14).

എല്ലാവർക്കും അറിയുന്ന സംഗതിയാണ്‌, നബി(സ) മദീനയക്ക്‌ പുറത്തുള്ള വിദൂരവാസികളെ ഇസ്ലാമിലേക്ക്‌ ക്ഷണിക്കുവാൻ സ്വഹാബികളെ പറഞ്ഞയച്ചിരുന്നു എന്ന കാര്യം. നബി(സ) കൊണ്ടുവന്ന വിശ്വാസവും കർമവും എല്ലാം അടങ്ങിയതാണ്‌ ഇസ്ലാം എന്നത്‌ ആർക്കാണ്‌ അറിഞ്ഞ്‌ കൂടാത്തത്‌?

സുന്നത്തിൽ സ്ഥിരപ്പെട്ട സുപ്രസിദ്ധ സംഭവങ്ങളാണ്‌ നബി(സ) യമനിലേക്ക്‌ ചില സന്ദർഭങ്ങളിൽ മുആദ്‌(റ)വിനെയും മറ്റ്‌ ചില സന്ദർഭങ്ങളിൽ അബൂമുസൽ അശ്അരി(റ)യെയും വേറെ ചിലപ്പോൾ അലി(റ)നെയുമൊക്കെ പറഞ്ഞയച്ചത്‌. ഇത്‌ ഇവർക്കൊക്കെ ഇത്‌ അറിയാവുന്നതാണ്‌. എന്നിട്ടും അജ്ഞത നടിക്കുന്നുവെന്നു മാത്രം!

നബി(സ) ഇവരെയോക്കെ അവിടേക്ക്‌ പറഞ്ഞയച്ചപ്പോൾ ഈ സ്വഹാബിമാർ അവിടെ ചെന്നിട്ട്‌ എന്താണ്‌ ചെയ്തിരുന്നത്‌? നിസ്സംശയം, അവർ ജനങ്ങളെ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നതിലേക്കാണ്‌ ക്ഷണിച്ചിരുന്നത്‌. അതാണ്‌ വാസ്തവത്തിൽ എല്ലാ വിശ്വാസകാര്യങ്ങളുടെയും അടിത്തറ. ശേഷം നബി(സ) കൊണ്ടുവന്ന ഇസ്ലാമിക അധ്യാപനങ്ങളിലേക്ക്‌ അവർ ക്ഷണിച്ചു.

സ്വഹീഹുൽ ബുഖാരിയിലും മുസ്ലിമിലും അനസ്‌(റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ ഇപ്രകാരം വന്നിട്ടുണ്ട്‌: “നബി(സ) മുആദ്‌(റ)നെ യമനിലേക്ക്‌ അയക്കുമ്പോൾ അദ്ദേഹത്തോട്‌ പറഞ്ഞു: `നീ അവരെ ആദ്യമായി ക്ഷണിക്കേണ്ടത്‌ അല്ലാഹുവല്ലാതെ ആരാധനക്ക്‌ അർഹനായി മറ്റാരും ഇല്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള സാക്ഷ്യവചനത്തിലേക്കായിരിക്കണം. അതിലവർ നിന്നെ അനുസരിച്ചാൽ നമസ്കാരത്തെക്കുറിച്ച്‌ അവരോട്‌ കൽപിക്കുക…”

ഇവിടെ നബി(സ) മുആദി(റ)നോട്‌ കൽപിക്കുകയാണ.‍്‌ അദ്ദേഹമാകട്ടെ ഒരു വ്യക്തിയും. അദ്ദേഹത്തിന്റെ റിപ്പോർട്ട്‌ പിൽക്കാലക്കാരുടെ സാങ്കേതിക പ്രയോഗമനുസരിച്ച്‌ ആഹാദായ ഹദീഥാണ്‌. എന്നിട്ടും നബി(സ) അദ്ദേഹത്തോട്‌ നിർദേശിക്കുന്നത്‌ ആദ്യമായി അവരെ ക്ഷണിക്കേണ്ടത്‌ അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കാനും അവന്‌ യാതൊരു പങ്കുകാരില്ല എന്നതിലേക്കുമാണ്‌.

(അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലായെന്ന സാക്ഷ്യപ്രഖ്യാപനത്തിലേക്കായിരിക്കണം ആദ്യമായി അവരെ ക്ഷണിക്കേണ്ടത്‌.)

സലഫുകളെ പിൻപറ്റുന്നവരും അവരോട്‌ എതിരാവുന്നവരുമൊക്കെ ഒന്നടങ്കം സ്വഹീഹാണെന്ന്‌ സമ്മതിക്കുന്ന ഈ ഹദീഥിനെ അപ്പോൾ നിങ്ങൾ നിരാകരിച്ചു. അതായത്‌, നബി(സ) മുആദി(റ)നെ യമനിലേക്ക്‌ അയച്ചു. അദ്ദേഹത്തോട്‌ അവരെ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലായെന്ന സത്യത്തിലേക്ക്‌ (തൗഹീദ്‌) ക്ഷണിക്കുവാൻ കൽപിക്കുകയും ചെയ്തു. അപ്പോൾ പിന്നെ എങ്ങനെയാണ്‌ ഈ ഹദീഥ്‌ സ്വഹീഹാണെന്നും അതൊടൊപ്പം ആഹാദായ ഹദീഥ്‌ വിശ്വാസ കാര്യത്തിൽ (അഖീദ) സ്വീകര്യമല്ലെന്നും പറയുക!

മുതവാതിർ, ആഹാദ്‌ എന്നിങ്ങനെയുള്ള വേർതിരിവ്‌ കൂടാതെ ജനങ്ങളെ ഇസ്ലാമിലേക്ക്‌ ക്ഷണിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത നബി(സ)യുടെ സ്വഹാബത്തിന്റെ മാർഗത്തിൽ നിന്നുള്ള വ്യതിചലനം ഇതിൽ നിന്നും നിങ്ങൾക്ക്‌ മനസ്സിലായിട്ടുണ്ടാകും. വാസ്തവത്തിൽ ക്വുർആനും സുന്നത്തും സലഫുകളുടെ മൻഹജും പിൻപറ്റുന്നതിൽ നിന്നുള്ള വ്യതിയാനത്തിന്റെ അപകടവും ഗൗരവവും ബോധ്യപ്പെടാൻ ബുദ്ധിയുള്ള ഏതൊരു വിശ്വാസിക്കും ഈ ഒരൊറ്റ വിഷയം തന്നെ മതിയാകുന്നതാണ്‌.

അത്കൊണ്ടുതന്നെ ഈ സച്ചരിതരുടെ പാത പിൻപറ്റാൻ ആഗ്രഹിക്കുന്ന ഏതൊരാളും ക്വുർആനും സുന്നത്തും പഠിക്കുന്നത്‌ പോലെ തന്നെ സ്വഹാബത്തും താബിഉകളും അവരുടെ അനുചരന്മാരും ഒക്കെ അടങ്ങുന്ന പൂർവികരായ സച്ചരിതരുടെ നിലപാടുകളും നടപടിക്രമങ്ങളും തിരിച്ചറിയൽ അനിവാര്യമാണ്‌. എന്തുകൊണ്ടെന്നാൽ, അവരാണ്‌ ഈ ആദർശം ശരിയായ രൂപത്തിൽ നമുക്ക്‌ എത്തിച്ച്‌ തന്നവർ.

ഹദീഥുകളെ മുതവാതിറെന്നും ആഹാദെന്നും വേർതിരിച്ച്‌ ആഹാദ്‌ വിശ്വാസ കാര്യങ്ങല്ക്ക്‌ രേഖയാക്കാൻ പറ്റില്ലെന്നുള്ള പുത്തൻവാദത്തിലൂടെ അത്ഭുതാവഹമായ ചില വൈരുധ്യങ്ങളിലേക്കാണ്‌ ഇവർ ചെന്ന്‌ വീഴുന്നത്‌. കാരണം, ചില ഹദീഥുകൾ ഒരേ സമയം അഖീദയും(വിശ്വാസം) കർമവും(ഹുകുമ്‌ അഥവ മതവിധി) ഉൾകൊള്ളുന്നതായിരിക്കും; ബുഖാരിയും മുസ്ലിമും ഉദ്ധരിക്കുന്ന, അബുഹുറയ്‌റ(റ)യുടെ ഹദീഥ്‌ പോലെ: നബി(സ) പറഞ്ഞു: “നിങ്ങളിലാരെങ്കിലും അവസാനത്തെ തശഹ്ഹുദിൽ ഇരുന്നാൽ നാല്‌ കാര്യങ്ങളിൽ നിന്ന്‌ അല്ലാഹുവോട്‌ രക്ഷതേടുക.” അവിടുന്ന്‌ പറയുന്നു: “അല്ലാഹുവേ, നരകത്തിന്റെ കഠിന ശിക്ഷയിൽ നിന്നും ക്വബ്‌റിലെ ശിക്ഷയിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഉപദ്രവത്തിൽ നിന്നും ജീവിതത്തിലും മരണസമയത്തുള്ള ഫിത്നകളിൽ നിന്നും ഞാൻ നിന്നോട്‌ രക്ഷതേടുന്നു.”

ഈ ഹദീഥിൽ നാല്‌ കാര്യങ്ങളിൽ നിന്ന്‌ രക്ഷതേടുവാനുള്ള നിർദേശമുണ്ട്‌. അത്‌ ശരീഅത്തിന്റെ നിയമങ്ങളിൽ പേട്ട ഒന്നാണ്‌. കർമപരമായ കാര്യങ്ങൾ ആഹാദായ ഹദീഥുകൾ (മുതവാത്വിർ അല്ലാത്ത ഹദീഥുകൾ) കൊണ്ടും സ്ഥിരപ്പെടുമെന്ന്‌ നമ്മെപോലെ അവരും പറയുന്നതാണല്ലോ. അതിനാൽ ഈ ഹദീഥ്‌ അനുസരിച്ച്‌ പ്രവർത്തിക്കാതിരിക്കാൻ അവർക്ക്‌ നിവൃത്തിയുണ്ടാവുകയില്ല. പക്ഷേ, ക്വബ്‌റിലെ ശിക്ഷയിൽ നിന്നും ജീവീതത്തിലും മരണത്തിലുമുള്ള പരീക്ഷണങ്ങളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ കുഴപ്പങ്ങളിൽ നിന്നുമൊക്കെയുള്ള രക്ഷതേടലുകളാണല്ലോ അതിലുള്ളത്‌. ക്വബ്ര് ശിക്ഷയിൽ ഇവർക്ക്‌ വിശ്വാസമുണ്ടോ?

ഇവിടെ വല്ലാത്തൊരു കുടുക്കിലാണീ കൂട്ടർ ചെന്ന്‌ പെടുന്നത്‌. ക്വബ്‌റിലെ ശിക്ഷ എന്നത്‌ വിശ്വാസ കാര്യമാണ.‍്‌ ഇവരുടെ വാദമനുസരിച്ച്‌ ക്വബ്ര് ശിക്ഷ മുതവാതിറായ ഹദീഥ്‌ കൊണ്ട്‌ സ്ഥിരപ്പെട്ടിട്ടുമില്ല. അതിനാൽ ക്വബ്ര് ശിക്ഷയിൽ അവർക്കൊട്ട്‌ വിശ്വാസവുമില്ല! ഫിർഔന്റെ കാര്യത്തിൽ കബ്ര്ശിക്ഷയുണ്ടെന്ന്‌ ക്വുർആനിൽ വന്നിട്ടുണ്ടെന്നതൊഴിച്ചാൽ മറ്റാരുടെ കാര്യത്തിലും അങ്ങനെയൊന്നുറപ്പിക്കുക സാധ്യമല്ല:

“നരകം! രാവിലെയും വൈകുന്നേരവും അവർ അതിനുമുമ്പിൽ പ്രദർശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവിൽ വരുന്ന ദിവസം ഫിർഔന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയിൽ നിങ്ങൾ പ്രവേശിപ്പിക്കുക (എന്ന്‌ കൽപിക്കപ്പെടും)” (40:46).

ഈ നരകത്തെ (അഗ്നി)ക്കുറിച്ച്‌ ഇക്കൂട്ടർ പറയുന്നത്‌ അത്‌ ഫിർഔനിനും കൂട്ടർക്കുമുള്ള ശിക്ഷയാണെന്നാണ്‌. എന്നാൽ മറ്റ്‌ അവിശ്വാസികളുടെ കാര്യത്തിലും, ക്വബ്‌റിൽ ശിക്ഷയുണ്ടാകുമെന്ന്‌ സ്ഥിരപ്പെട്ട മുസ്ലിംകളിലെ ചിലരുടെ വിഷയത്തിലും ഇവർ അങ്ങനെ വിശ്വസിക്കുന്നില്ല. അത്‌ എന്ത്‌ കൊണ്ടെന്നാൽ അവരുടെ, മേൽപറഞ്ഞ പിഴച്ച വാദത്താലാണ്‌. അതായത്‌, ഹദീഥ്‌ സ്വഹീഹാണെങ്കിലും മുതവാതിറിന്റ പരിധി എത്തിയിട്ടില്ലെങ്കിൽ അത്കൊണ്ട്‌ അഖീദ സ്ഥിരപ്പെടുകയില്ല എന്ന വാദം! അക്കാരണത്താൽ ധാരാളക്കണക്കിന്‌ ഹദീഥുകളെ ഇക്കൂട്ടർ നിഷേധിക്കുന്നു. അവരുടെ വാദമനുസരിച്ച്‌ അവയൊന്നും മുതവാതിറിന്റെ പരിധി എത്തിയിട്ടില്ലയെന്ന ഒറ്റക്കാരണം കൊണ്ടാണത്‌.

ഇബ്നു അബ്ബാസ്‌(റ)വിൽ നിന്ന്‌ ഇമാം ബുഖാരി ഉദ്ധരിച്ച ഹദീഥ്‌ ഒരു പക്ഷേ, നിങ്ങളറിയുന്നതായിരിക്കും. അതായത്‌, ഒരിക്കൽ നബി(സ) മുസ്ലിംകളുടെ രണ്ട്‌ ക്വബ്‌റുകൾക്കരികിലൂടെ നടന്ന്‌ പോയി. അപ്പോൾ അവിടുന്ന്‌ പറഞ്ഞു: “ഇവർ രണ്ടു പേരും ശിക്ഷിക്കപ്പെട്ട്‌ കൊണ്ടിരിക്കുകയാണ്‌. വലിയ കാര്യത്തിനൊന്നുമല്ല അവർ ശിക്ഷിക്കപ്പെടുന്നത്‌. അവരിലൊരാൾ ഏഷണിയുമായി നടക്കുമായിരുന്നു. മറ്റെയാൾ മൂത്രത്തിൽ നിന്ന്‌ പൂർണമായും ശുദ്ധിവരുത്തിയിരുന്നില്ല.”എന്നിട്ട്‌ നബി(സ) ഒരു ഈന്തപ്പനമടൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു, ശേഷം അതിനെ രണ്ടായി പിളർത്തി ഓരോ ക്വബ്‌റിന്റെയും തലഭാഗത്ത്‌ കുത്തി. സ്വഹാബികൾ അതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ നബി(സ) പറഞ്ഞു: “ഈ മടൽ പച്ചയായി ഇരിക്കുന്നത്ര സമയം അല്ലാഹു അവർക്ക്‌ ശിക്ഷ ലഘൂകരിച്ച്‌ കൊടുത്തേക്കും”(ബുഖാരി, നസാഈ).

ഈ ഹദീഥ്‌ സ്വഹീഹുൽ ബുഖാരിയിലുള്ളതാണ്‌. ഈ രണ്ട്‌ വ്യക്തികളും മുസ്ലിംകളാണെന്ന്‌ നബി(സ) വ്യക്തമാക്കുകയും ചെയ്തു. എന്നിട്ടും അവർ ശിക്ഷിക്കപ്പെടുകയാണ്‌, ആ രണ്ട്‌ കമ്പുകൾ പച്ചയായി നിൽക്കുന്നത്ര കാലം അവർക്ക്‌ ശിക്ഷയിൽ ലഘൂകരണത്തിനായി അവിടുന്ന്‌ അല്ലാഹുവിനോട്‌ പ്രാർഥിക്കുകയും ചെയ്തു.

ഇത്‌ പോലെയുള്ള വേറെയും ഹദീഥുകളുണ്ട്‌. നബി(സ) പറയുന്നു: “നിങ്ങൾ മൂത്രത്തിൽ നിന്ന്‌ ശുദ്ധിവരുത്തുവിൻ, നിശ്ചയം ക്വബ്ര് ശിക്ഷയിൽ ഭൂരിഭാഗവും ശുദ്ധി വരുത്താത്തതിന്റെ പേരിലാണ്‌” (ഇബ്നുമാജ, ദാറക്വുത്വ്നി).

ഇങ്ങനെ ധാരാളക്കണക്കിന്‌ ഹദീഥുകളുണ്ട്‌. ഞാൻ ദീർഘിപ്പിക്കുന്നില്ല. അതിൽ പെട്ട ഒന്നുകൂടി പറയട്ടെ: ജാഹിലിയ്യത്തിൽ മരണപ്പെട്ട രണ്ട്‌ മുശ്‌രിക്കുകളുടെ ക്വബ്‌റുകൾക്കരികിലൂടെ നബി(സ) നടന്ന്‌ പോയി. അപ്പോൾ അവിടുന്ന്‌ പറഞ്ഞു: “നിങ്ങൾ ക്വബ്‌റടക്കുന്നത്‌ അവസാനിപ്പിച്ച്‌ ഭയചകിതരായി പിൻമാറി പോകുമെന്ന പേടി ഇല്ലായിരുന്നെങ്കിൽ ഞാൻ കേട്ടുകൊണ്ടിരിക്കുന്ന ക്വബ്ര് ശിക്ഷയുടെ ശബ്ദം നിങ്ങളെയും കേൾപിക്കുവാനായി ഞാൻ അല്ലാഹുവോട്‌ ആവശ്യപ്പെടുമായിരുന്നു” (ബുഖാരി, മുസ്ലിം).

മുശ്‌രികുകൾക്കും മുസ്ലിംകളിൽ പെട്ട ചിലർക്കും ക്വബ്‌റിൽ വെച്ച്‌ ശിക്ഷയുണ്ടാകുമെന്ന്‌ ഇത്‌ പോലുള്ള ഹദീഥുകളിലൂടെ വ്യക്തമായിട്ടും അവ സ്വീകരിക്കുവാനോ അവയുടെ ആശയം അംഗീകരിക്കുവാനോ തയാറാകാതെ അവയെല്ലാം പാടെ നിഷേധിക്കുവാനാണ്‌ ഇത്തരക്കാർ ധൃഷ്ടരായത്‌. അവയെല്ലാം ആഹാദായ ഹദീഥുകളാണ്‌; മുതവാതിറുകളല്ലായെന്ന തങ്ങളുടെ തത്ത്വശാസ്ത്രം ഒന്ന്‌ കൊണ്ട്‌ മാത്രമാണ്‌ അവർ അപ്രകാരം ചെയ്യുന്നത്‌.

അപ്പോൾ പിന്നെ മേൽ സൂചിപ്പിച്ച, അബുഹുറയ്‌റ(റ)യുടെ ഹദീഥിന്റെ കാര്യത്തിൽ അവർ എന്ത്‌ നിലപാട്‌ സ്വീകരിക്കും? അതായത്‌, `നിങ്ങളിൽ ആരെങ്കിലും അവസാനത്തെ തശഹ്ഹുദിൽ ഇരുന്നാൽ നാല്‌ കാര്യങ്ങളിൽ നിന്ന്‌ അല്ലാഹുവിനോട്‌ രക്ഷതേടിക്കൊള്ളട്ടെ…` എന്ന ഹദീഥ്‌!

ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി (വിവര്‍ത്തനം: ശമീര്‍ മദീനി)
നേർപഥം വാരിക

സലഫീ പ്രബോധനം ഒരു താത്വിക വിശകലനം – 01

സലഫീ പ്രബോധനം ഒരു താത്വിക വിശകലനം - 01

അല്ലാഹുവിന്റെ വചനംകൊണ്ടു തന്നെ നമ്മുടെസംസാരം തുടങ്ങട്ടെ,

”മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം”(9:100).

ദഅ്‌വത്തിന്റെ കാര്യത്തില്‍ ഓരോരുത്തരും അറിയേണ്ടതും അനുധാവനം ചെയ്യേണ്ടതുമായ ചില കാര്യങ്ങളാണ് ഇതില്‍ സൂചിപ്പിക്കുന്നത്. സലഫുകളുടെ മാര്‍ഗമെന്തെന്നറിഞ്ഞാണ് പ്രബോധനം ചെയ്യേണ്ടത്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യസ്ത നാമങ്ങളില്‍ സലഫീപ്രബോധന കൂട്ടായ്മകളുണ്ട്. ഈ ആശയത്തെ സംബന്ധിച്ച് ദീര്‍ഘ കാലമായി മുസ്‌ലിംകള്‍ അശ്രദ്ധയിലാണ്. അതല്ലെങ്കില്‍ അതിന് അര്‍ഹിക്കുന്ന പരിഗണന അവര്‍ നല്‍കിയില്ല.

എന്തുകൊണ്ടെന്നാല്‍ കാലങ്ങളായി അന്ധമായ മദ്ഹബീപക്ഷപാതിത്വത്തിലും അനുകരണത്തിലുമായി അവരുടെ ഹൃദയങ്ങള്‍ക്ക് നിര്‍ജീവതയുടെ കറപുരണ്ടിരുന്നു. ഉത്തമരായ മൂന്ന് തലമുറകള്‍ക്ക് ശേഷം അഹ്‌ലുസ്സുന്നയുടെ ഇടയില്‍ തന്നെ ഇത്തരത്തിലുള്ള നിര്‍ജീവതയും അന്ധമായ അനുകരണവും കാണാമായിരുന്നു എന്നിരിക്കെ ശേഷക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ. നബി(സ്വ) പറയുന്നു: ”ജൂതന്‍മാര്‍ 71 കക്ഷികളായി പിരിഞ്ഞു. ക്രസ്ത്യാനികള്‍ 72 വിഭാഗങ്ങളായി പിരിയും. എന്റെ സമുദായമാകട്ടെ 73 വിഭാഗമായി വേര്‍പിരിയുന്നതാണ്. ഒന്നൊഴികെയുള്ള സകലതും നരക പാതയിലാണ്”. സ്വഹാബികള്‍ ചോദിച്ചു:”’അല്ലാഹുവിന്റെ ദൂതരേ, ആരാണ് ആ വിഭാഗം?”’

നബി(സ്വ) പറഞ്ഞു:”’അതാണ് അല്‍-ജമാഅഃ.” മറ്റൊരു നിവേദനത്തില്‍ ആ വിഭാഗത്തെ കുറിച്ച് ഇപ്രകാരം വിശദമാക്കപ്പെട്ടിരിക്കുന്നു: ”ഞാനും എന്റെ സ്വഹാബത്തും ഏതൊരു മാര്‍ഗത്തിലാണോ ആ മാര്‍ഗത്തിലായിരിക്കുമവര്‍.”’

നബി(സ്വ) അറിയിച്ചതുപോലെ ഈ സമുദായത്തില്‍ ഭിന്നതകളുണ്ടാകുമെന്നും നബി(സ്വ)യും സ്വഹാബത്തും നിലകൊണ്ട പാത പിന്‍പറ്റുന്ന ഒരു വിഭാഗം ആ 73 കക്ഷികളില്‍ നിന്നും ഒന്നായി ഉണ്ടാകുമെന്നും ഈ ഹദീഥ് വളരെ വ്യകതമായി നമ്മെ അറിയിക്കുന്നു. നബി(സ്വ)യുടെ അറിയിപ്പ് സത്യമാണ്. കാരണം അല്ലാഹു പറഞ്ഞതുപോലെ അവ വഹ്‌യാണ്.’

ഈ വിഭാഗം (അല്‍ ഫിര്‍ക്വത്തുന്നാജിയഃ അഥവാ രക്ഷപ്പെടുന്ന കക്ഷി) ഇക്കാലത്ത് മറ്റ് കക്ഷികള്‍ അവകാശപ്പെടുന്നതു പോലെ ക്വുര്‍ആനും സുന്നത്തുമനുസരിച്ചു പ്രവര്‍ത്തിക്കുന്നുവെന്ന കേവല അവകാശവാദക്കാരല്ല. ആധുനികവും പൗരാണികവുമായ ഒരു വിഭാഗത്തിനും ക്വുര്‍ആനിലേക്കും സുന്നത്തിലേക്കും ചേര്‍ത്തു പറയുന്നതില്‍ നിന്നൊഴിവാക്കാന്‍ സധിക്കുകയില്ല; ബിദ്അത്തിന്റെ കക്ഷികളാണ് അവരെങ്കില്‍ പോലും. എന്തുകൊണ്ടെന്നാല്‍ ഈ അവകാശവാദം അവര്‍ സ്വയം നിരാകരിച്ചാല്‍ തങ്ങള്‍ ഇസ്‌ലാമിന്റെ ശരിയായ പാതയില്‍ നിന്ന് പുറത്തുപോയ ഭിന്നതയുടെ വക്താക്കളാണെന്ന് മാലോകരെ അറിയിക്കലാകുമത്. അതുകൊണ്ടുതന്നെ ഉപരിസൂചിത ഹദീഥിലൂടെ നബി(സ്വ) ഉണര്‍ത്തിയ ആ 72 കക്ഷികളും ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വക്താക്കളാണ് തങ്ങളെന്ന് ഒരേ സ്വരത്തില്‍ അവകാശവാദം ഉന്നയിക്കുന്നവരാണ്.

എന്നാല്‍ സലഫികളാകട്ടെ ഈ വിഭാഗങ്ങളില്‍ നിന്നൊക്കെയും വ്യത്യസ്തമാണ്. അതായത് ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും വക്താക്കളെന്ന കേവലമായ അവകാശവാദത്തിനപ്പുറം ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും ശരിയായ പാതയില്‍ നിന്ന് വ്യതിചലിച്ചു പോകാതിരിക്കാന്‍ ഒരു കാര്യം കൂടി അവര്‍ കണിശമായി ശ്രദ്ധിക്കുന്നവരാണ്. അഥവാ നബി(സ്വ)യുടെ സ്വഹാബത്തിന്റെ മാര്‍ഗം മുറുകെ പിടിക്കുന്നവരാണവര്‍. സ്വഹാബികളെ മാത്രമല്ല അവരുടെ നന്മയില്‍ അവരെ അനുധാവനം ചെയ്ത താബിഈങ്ങളെയും തബഉത്തബാഇനെയും പിന്‍പറ്റുന്നവരാണവര്‍. അതായത്, ഉത്തമ തലമുറകളെന്ന് നബി(സ്വ) സാക്ഷ്യപ്പെടുത്തിയ സച്ചരിതരെ അനുധാവനം ചെയ്യുന്നവരത്രെ അവര്‍.

പ്രബലം മാത്രമല്ല, മുതവാതിറായി തന്നെ റിപ്പോര്‍ട്ടുചെയ്യപ്പെട്ട ഹദീഥിലൂടെ നബി(സ്വ) പറയുന്നു:”ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ തലമുറയാണ്. പിന്നെ അതിനോടടുത്തുള്ളവര്‍”'(അഹ്മദ്, ബുഖാരി). ഈ ഒന്നാം തലമുറക്കാരുടെ അഥവാ വിശുദ്ധരായ സ്വഹാബികളുടെ അനുയായികളും പിന്നീട് അവര്‍ക്ക് ശേഷം വരുന്നവരും ഇപ്രകാരം പ്രാര്‍ഥിക്കും: ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു” (59:10).

രക്ഷപ്പെടുന്ന കക്ഷിയില്‍ (അല്‍ഫിര്‍ഖത്തുന്നാജിയഃ) ഉള്‍പ്പെടണമെന്നാഗ്രഹിക്കുന്ന എല്ലാവരും സ്വഹാബികളും താബിഈങ്ങളുമടങ്ങുന്ന പൂര്‍വികരായ സച്ചരിതരെ അനുധാവനം ചെയ്യുകയും മാതൃകയാക്കുകയും വേണം. സലഫുസ്സ്വാലിഹുകളെ പിന്‍പറ്റണമെന്ന ഇക്കാര്യം ഒരു പുത്തന്‍വാദമൊന്നുമല്ല. പ്രത്യുത അല്ലാഹുവിന്റെ വചനത്തിലൂടെ വ്യത്മാക്കപ്പെട്ട നിര്‍ബന്ധ കല്‍പനയാണ്:”’തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞവഴിക്ക്തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!”'(4:115).

നബി(സ്വ)ക്ക് എതിരാകുന്നതിനെ ശക്തമായ ‘ഭാഷയില്‍ തക്കീത് ചെയ്യുകയാണ് അല്ലാഹു ഈ സൂക്തത്തിലൂടെ, എന്നിട്ട് അതിനോട് ചേര്‍ത്ത് പറഞ്ഞതിപ്രകാരമാണ് -”സത്യവിശ്വാസികളുടേതല്ലാത്ത മാര്‍ഗം പിന്‍പറ്റുന്നവര്‍.”നിസ്സംശയം എതിരാകാന്‍ പാടില്ലെന്ന് അല്ലാഹു താക്കീത് ചെയ്ത ഈ സത്യവിശ്വാസികള്‍ മുമ്പ് സൂചിപ്പിച്ച ആയത്തില്‍ പറഞ്ഞവര്‍ തന്നെയാണ്. അതായത് മുഹാജിറുകളിലും അന്‍സ്വാറുകളിലും പെട്ടവരും നന്മയില്‍ അവരെ പിന്‍പറ്റിയവരും:

”മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം”'(9:100).

അവരാകട്ടെ തീര്‍ച്ചയായും അല്ലാഹുവിന്റെ തൃപ്തിനേടിയവരും അല്ലാഹുവിനെ തൃപ്തിപ്പെട്ടവരുമാണ്. വാസ്തവത്തില്‍ അതാണ് നാവുകൊണ്ട് പറയലിലൂടെ മാത്രം ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും ആളുകളാവുകയും എന്നിട്ട് സ്വഹാബത്തിന്റെ മാര്‍ഗമവലംബിച്ച് അതിന്റെ ശരിയായ പാത പിന്‍പറ്റേണ്ടതിനു പകരം ക്വുര്‍ആനിനും സുന്നത്തിനും എതിരായി മാറുകയും ചെയ്യുന്നവരെ വേര്‍തിരിച്ചറിയാനുള്ള മാനദണ്ഡം.

നമുക്കു മുമ്പില്‍ ഈ വിഷയത്തില്‍ അല്ലാഹുവിന്റെ ആയത്തും നബി(സ്വ)യുടെ സ്വഹീഹായ ഹദീഥും ഉണ്ട്. ആയത്ത് ‘സത്യവിശ്വാസികളുടെ മാര്‍ഗ’മെന്ന് പറഞ്ഞു. നബി(സ്വ)യാകട്ടെ അത് തന്റെ അനുചരന്മാരാണെന്ന് (സ്വഹാബത്ത്) വിശദമാക്കി; അബൂദാവൂദ്, തിര്‍മുദി, അഹ്മദ്്യ തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്ത സ്വഹീഹായ മറ്റൊരു ഹദീഥില്‍ ഖുലഫാഉര്‍റാശിദുകളുടെ ചര്യയാണതെന്നും വ്യക്തമാക്കിയതു പോലെ.

ഇര്‍ബാദ് ബിന്‍ സാരിയ്യ്യ പറയുന്നു: ”അല്ലാഹുവിന്റെ ദൂതന്‍(സ്വ) ഒരിക്കല്‍ ഞങ്ങളെ ശക്ത്മായി ഉപദേശിച്ചു. ആ ഉപദേശത്താല്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ വിറച്ചു, കണ്ണുകള്‍ നിറഞ്ഞു. ഞങ്ങള്‍ പറഞ്ഞു: ”പ്രവാചകരേ, ഇതൊരു വിടവാങ്ങല്‍ ഉപദേശം പോലെയുണ്ടല്ലോ. ഞങ്ങളോട് വസ്വിയ്യത്ത് ചെയ്താലും”. നബി(സ്വ) പറഞ്ഞു: ”അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കണമെന്ന് ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. ഭരണാധികാരികളെ കേള്‍ക്കുകയും അനുസരിക്കുകയും വേണം; നിങ്ങളൂടെ മേല്‍ അധികാരമേല്‍ക്കുന്നത് ഒരു എത്യോപിയന്‍ അടിമയാണെങ്കിലും ശരി. തീര്‍ച്ചയായും എനിക്ക് ശേഷം നിങ്ങളില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ധാരാളം ഭിന്നതകള്‍ ദര്‍ശിക്കാവുന്നതാണ്. അപ്പോള്‍ നിങ്ങള്‍ എന്റെയും എനിക്ക് ശേഷമുള്ള ഖുലഫാഉര്‍റാശിദുകളുടെയും ചര്യ പിന്‍പറ്റണം. അണപ്പല്ലുകള്‍ കൊണ്ടവയെ മുറുകെ പിടിക്കണം. മതത്തിലെ നൂതന കാര്യങ്ങളെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. കാരണം എല്ലാ നൂതന കാര്യങ്ങളും ബിദ്അത്താ(പുത്തനാചാരം)കുന്നു). എല്ലാ ബിദ്അത്തും വഴികേടുമാകുന്നു.” മറ്റൊരു ഹദീഥില്‍ ഇങ്ങനെയും വന്നിട്ടുണ്ട്:”’എല്ലാ വഴികേടും നരകത്തിലുമാണ്”(നസാഈ).

അതെ, ഈ ഹദീഥില്‍ നബി(സ്വ) തന്റെ സുന്നത്തിനോട് ഖുലഫാഉര്‍റാശിദുകളുടെ ചര്യയെ ചേര്‍ത്തുപറഞ്ഞു. ഈ ഹദീഥ് മുമ്പ് സൂചിപ്പിച്ച രക്ഷപ്പെടുന്ന കക്ഷിയുടെ(ഫിര്‍ക്കത്തുന്നാജിയഃ) ഹദീഥുമായി സംയോജിക്കുന്നു. അപ്രകാരം തന്നെ അല്ലാഹുവിന്റെ ഈ സൂക്തവുമായും (4/115) അത് സംഗമിക്കുന്നു.

ക്വുര്‍ആനും സുന്നത്തും പിന്‍പറ്റുകയാണെന്ന പേരില്‍ പൂര്‍വികരായ സച്ചരിതര്‍ക്കെതിരായ അഭിപ്രായങ്ങളും ആദര്‍ശങ്ങളും പിന്‍പറ്റാന്‍ ഒരു മുസ്‌ലിമിന് പാടുള്ളതല്ല. കാരണം, സലഫുസ്സ്വാലിഹുകളുടെ ആദര്‍ശം ക്വുര്‍ആനും സുന്നത്തും തന്നെയാണ്. സുന്നത്ത് ക്വുര്‍ആനിന്റെ വിവരണമാണെന്ന് ക്വുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നബി(സ്വ)യെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:”’വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും”(16/44).

നബി(സ്വ) ക്വുര്‍ആനിന്റെ വിവരണം അവിടുത്തെ സുന്നത്തിലൂടെയാണ് നിര്‍വഹിച്ചത്. പ്രസ്തുത സുന്നത്ത് മൂന്ന് രൂപത്തിലാണ്. അഥവാ നബി(സ്വ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിങ്ങനെ. ഈ സുന്നത്തിലേക്ക് നമുക്കുമെത്തിച്ചേരുവാനും അത് മനസ്സിലാക്കുവാനും സ്വഹാബികളിലൂടെയല്ലാതെ സാധിക്കുകയില്ല. അത്‌കൊണ്ട് തന്നെ ഒരു മുസ്‌ലിമിന് ഫിര്‍ക്വത്തുന്നാജിയയില്‍ (രക്ഷപ്പെടുന്ന കക്ഷി) ഉള്‍പ്പെടുവാന്‍ സലഫുസ്സ്വാലിഹുകളുടെ മാര്‍ഗം അനുസരിച്ച് ക്വുര്‍ആനും സുന്നത്തും പിന്‍പറ്റുന്നത്തിലൂടെമാത്രമെ സാധിക്കുകയുള്ളൂ. ക്വുര്‍ആനും സുന്നത്തും പിന്‍പറ്റുക എന്നതിനു പുറമെ അത് സലഫുസ്സ്വാലിഹുകളുടെ രീതിയനുസരിച്ചാവുക എന്ന കാര്യം പ്രത്യേകം മനസ്സിരുത്തേണ്ട സംഗതിയാണ്. ക്വിയാമത്തു നാളില്‍ രക്ഷപ്പെടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടണമെന്ന ആത്മാര്‍ഥവും സത്യസന്ധവുമായ വിചാരമുണ്ടെങ്കില്‍ അത് അനിവാര്യമാണ്.

നമ്മളിന്ന് കാണുന്ന മിക്ക ഇസ്‌ലാമിക സംഘടനകളും വിശ്വസിക്കുന്നത് ഇസ്‌ലാം എന്നാല്‍ ക്വുര്‍ആനും സുന്നത്തും മാത്രമാണെന്നാണ.് അവയില്‍ ഭൂരിഭാഗവും മൂന്നാമത്തെ സംഗതിയായി വിവരിച്ച സലഫുകളുടെ മാര്‍ഗം അവലംബിക്കുവാനോ അംഗീകരിക്കുവാനോ സന്നദ്ധരല്ല. ആ വിശുദ്ധ മാര്‍ഗത്തെ സംബന്ധിച്ച് ക്വുര്‍ആനും സുന്നത്തും തെര്യപ്പെടുത്തിയ കാര്യം മുമ്പ് പറഞ്ഞുവല്ലോ.

വാസ്തവത്തില്‍ അഭിപ്രായങ്ങളിലും വീക്ഷണഗതികളിലും പൂര്‍വികരായ സച്ചരിതരുടെ (സലഫുസ്സ്വാലിഹ്) മാര്‍ഗം പിന്തുടരാത്തതാണ് മുസ്‌ലിംകളെ വ്യത്യസ്ത കക്ഷികളും വിഭാഗങ്ങളുമാക്കി സമുദായ ഐക്യം തകര്‍ത്തു കളഞ്ഞതിന്റെ മുഖ്യ ഹേതു.

 

ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി (വിവര്‍ത്തനം: ശമീര്‍ മദീനി)
നേർപഥം വാരിക

നമസ്കാരത്തില്‍ കൈ കെട്ടേണ്ടത് പൊക്കിളിനു താഴെയാണൊ ?

നമസ്കാരത്തില്‍ കൈ കെട്ടേണ്ടത് പൊക്കിളിനു താഴെയാണൊ ?

നമസ്കാരത്തില്‍ കൈ കെട്ടല്‍.

  • ഖബീസത്തുബ്നു ഹുൽബ് (റ) തന്റെ പിതാവിൽ നിന്നു ഉദ്ധരിക്കുന്നു അദ്ദേഹം (ഹുൽബ്) പറയുന്നു നബി (സ) നിസ്കാരം കഴിഞ്ഞാൽ തന്റെ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും എഴുന്നേറ്റു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതുപോലെ ഇടതു കൈ നെഞ്ചിൻമേൽ വെച്ചതായും ഞാൻ കണ്ടിട്ടുണ്ട്. വലതുകൈ ഇടതുകയ്യുടെ മണിബന്ധത്തിന്റെ മീതെ വെച്ച്കൊണ്ട്. അതിന്റെ റിപ്പോർട്ടർമാരിൽ ഒരാളായ യഹ്’യ അത് കാണിച്ചു തരികയും ചെയ്തു (മുസ്’നദ് അഹ്മദ് ഹദീസ് നമ്പർ: 22026)
  • ത്വാഊസ് (റ) നിവേദനം; നബി (സ) നമസ്കാരത്തിൽ തന്റെ വലതു കൈ ഇടതു കയ്യിന്മേൽ വെച്ച് മുറുക്കിപ്പിടിച്ചുകൊണ്ടു തന്റെ നെഞ്ചിന്മേൽ വെക്കാറുണ്ടായിരുന്നു (അബൂദാവൂദ്: ഹദീസ് നമ്പർ: 759,അല്‍ബാനിയുടെ ഇര്‍വാഉല്‍ ഗലീല്‍ 2/71)
  • വാഇലുബ്നു ഹുജ്ർ (റ) നിവേദനം: അദ്ദേഹം പറഞ്ഞു “ഞാൻ നബി (സ)യുടെ കൂടെ നമസ്കരിച്ചിട്ടുണ്ട്. അപ്പോൾ നബി (സ) തന്റെ വലതുകൈ ഇടതുകയ്യിന്മേലായിക്കൊണ്ട് തന്റെ നെഞ്ചിന്മേൽ വെച്ചു (ഇബ്നു ഖുസൈമ ഹദീസ് നമ്പർ: 479)
  •   أَخْبَرَنَا أَبُو سَعْدٍ أَحْمَدُ  بْنُ مُحَمَّدٍ الصُّوفِيُّ، أنبأ أَبُو أَحْمَدَ بْنُ عَدِيٍّ الْحَافِظُ، ثنا ابْنُ صَاعِدٍ، ثنا إِبْرَاهِيمُ بْنُ سَعِيدٍ، ثنا مُحَمَّدُ بْنُ حُجْرٍ الْحَضْرَمِيُّ، حَدَّثَنَا سَعِيدُ بْنُ عَبْدِ الْجَبَّارِ بْنِ وَائِلٍ، عَنْ أَبِيهِ، عَنْ أُمِّهِ، عَنْ وَائِلِ بْنِ حُجْرٍ قَالَ: حَضَرْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا أَوْ حِينَ نَهَضَ إِلَى الْمَسْجِدِ فَدَخَلَ الْمِحْرَابَ، ثُمَّ رَفَعَ يَدَيْهِ بِالتَّكْبِيرِ، ثُمَّ وَضَعَ يَمِينَهُ عَلَى يُسْرَاهُ عَلَى صَدْرِهِ ” (الكتاب : السنن الكبرى ، ص 2335 )                                           البيهقي 384 – 458 هـ = 994 – 1066 م
  • വാഇലുബ്നു ഹുജ്ർ (റ) നിവേദനം: “നബി (സ) തക്ബീർ ചൊല്ലിക്കൊണ്ടു കൈകളുയർത്തുകയും എന്നിട്ട് വലതുകൈ ഇടതുകയ്യിന്മേലായിക്കൊണ്ട് തന്റെ നെഞ്ചിന്മേൽ വെക്കുകയും ചെയ്തു”. അദ്ദേഹം തന്നെ റിപ്പോർട്ട് ചെയ്യുന്നു: “തീർച്ചയായും നബി (സ) അവിടുത്തെ വലതുകൈ ഇടതുകയ്യിന്മേലായി വെച്ചു എന്നിട്ട് ഇരു കൈകളും തന്റെ നെഞ്ചിന്മേൽ വെച്ചു.” (ബൈഹഖിയുടെ സുനനുൽകുബ്റ: ഹദീസ് നമ്പർ 2335)
  • അലി (റ) നിന്ന് : “തന്റെ വലതുകൈ ഇടതു കയ്യിന്റെ മധ്യത്തിലായി നെഞ്ചില്‍ വെക്കുക” (ബുഖാരി താരീഖുല്‍കബീര്‍, ബൈഹഖി അല്‍ ഖുബുറാ 2/29. ഹദീസ് 2163)
  • അലി (റ) നിവേദനം: ‘ഫസ്വല്ലി ലിറബ്ബിക വൻഹർ’ എന്ന ആയത്തു കൊണ്ട് വിവക്ഷ തന്റെ വലതുകൈ ഇടതുകയ്യിന്റെ മധ്യത്തിൽ വെച്ചുകൊണ്ട് നെഞ്ചിന്മേൽ വെക്കുക എന്നതാണ്.” (ബൈഹഖിയുടെ സുനനുൽ കുബ്റ: 2385)
  • ഉക്വബ(റ) നിവേദനം: അപ്പോള്‍ فصل لربك وانحر  എന്ന ആയത്തില്‍ അലി(റ) “തന്റെ വലതു  ഇടതുകയ്യുടെ മധ്യത്തില്‍ വെച്ച് തന്റെ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ‘വന്ഹര്‍’ എന്ന പത്തിനു നല്‍കുന്നു” (ബുഖാരി തന്റെ തരീഖുല്‍ കബീറില്‍ No. 2911 ,Vol 6 ,Pg 437 )

പത്ത്കിത്താബ് പരിഭാഷ :

  • പിന്നീട് കൈകള്‍ രണ്ടും (നെഞ്ചിലേക്ക്) താഴ്ത്തേണ്ടതാണ് ..
    (പത്ത്കിത്താബ് പരിഭാഷ: അബ്ദുല്‍അസീസ്‌ മുസ്ലിയാര്‍ പൊന്നാനി )

മഹല്ലി പരിഭാഷ  

  •  കൈകള്‍ രണ്ടും ഉയര്‍ത്തി മറ്റു നമസ്ക്കാരങ്ങളില്‍ വെക്കുന്നത് പോലെ മയ്യത്തു നമസ്ക്കാരത്തിലും നെഞ്ചിന്മേല്‍ വെക്കേണ്ടതാണ്. (മഹല്ലി പരിഭാഷ)

(ഫത്‌ഹുല്‍മുഈന്‍ പരിഭാഷ)

  • അപ്രകാരം നെഞ്ചത്തു നിന്ന് കൈ എടുക്കലും ചൊറിച്ചില്‍ ഉള്ള സ്ഥലത്ത് വെക്കലും ഒരു പ്രാവശ്യം ആണ്. (ഫത്‌ഹുല്‍മുഈന്‍ പരിഭാഷ) 
  • കൈ രണ്ടും നെഞ്ചിനു താഴെ വെക്കുന്നതിലുള്ള തത്വം അവ ശരീരത്തിലെ ഏറ്റവും ശ്രേഷ്ടമായ അവയവത്തിന് മുകളില്‍ ആയിരിക്കുക എന്നതാണ്. അത് ഹൃദയമാണ്
    (നിഹായ:,ജമല്‍)
  • റസൂല്‍(സ) പറഞ്ഞു: “അറിയുക, നിശ്ചയമായും ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവന്‍ ദുഷിച്ചു. അറിയുക, അതാണ് ഹൃദയം.” (ബുഖാരി, മുസ്ലിം) 
  •  وَحِكْمَةُ جَعْلِهِمَا تَحْتَ صَدْرِهِ أَنْ يَكُونَ فَوْقَ أَشْرَفِ الْأَعْضَاءِ وَهُوَ الْقَلْبُ
    الكتاب: نهاية المحتاج إلى شرح المنهاج (1/548)
    شمس الدين الرملي (919 – 1004 هـ = 1513 – 1596 م) 

ഹൃദയത്തിന്റെ മേലെ കൈ വെക്കാന്‍ വേണ്ടി ആണ് കൈ നെഞ്ചിന്റെ താഴെ വെക്കണം എന്ന് പറഞ്ഞത്.

  • وَالْحِكْمَةُ فِي جَعْلِهِمَا تَحْتَ الصَّدْرِ أَنْ يَكُونَا فَوْقَ أَشْرَفِ الْأَعْضَاءِ وَهُوَ الْقَلْبُ فَإِنَّهُ تَحْتَ الصَّدْرِ وَقِيلَ الْحِكْمَةُ فِيهِ أَنَّ الْقَلْبَ مَحَلُّ النِّيَّةِ، وَالْعَادَةُ جَارِيَةٌ بِأَنَّ مَنْ احْتَفَظَ عَلَى شَيْءٍ جَعَلَ يَدَيْهِ عَلَيْهِ
    الكتاب: أسنى المطالب في شرح روض الطالب (1/145)
    زَكَرِيَّا الأَنْصَاري (823 – 926 هـ = 1420 – 1520 م)

 നെഞ്ചിന്റെ താഴെ രണ്ടു കയ്യും വെക്കണം എന്ന് പറയാനുള്ള യുക്തി പ്രധാനപെട്ട അവയവമായ ഹൃദയത്തിന്റെ മേല്‍ കൈ വരാന്‍ വേണ്ടി ആണ്, ഹൃദയം നെഞ്ചിന്റെ താഴ്ഭാഗത്ത് ആണ് .

  • وَحِكْمَةُ ذَلِكَ إرْشَادُ الْمُصَلِّي إلَى حِفْظِ قَلْبِهِ عَنْ الْخَوَاطِرِ لِأَنَّ وَضْعَ الْيَدِ كَذَلِكَ يُحَاذِيهِ، وَالْعَادَةُ أَنَّ مَنْ احْتَفَظَ بِشَيْءٍ أَمْسَكَهُ بِيَدِهِ فَأُمِرَ الْمُصَلِّي بِوَضْعِ يَدَيْهِ كَذَلِكَ عَلَى مَا يُحَاذِي قَلْبَهُ لِيَتَذَكَّرَ بِهِ مَا قُلْنَاهُ.
    الكتاب: تحفة المحتاج في شرح المنهاج (2/103)
    ابن حجر الهيتمي (909 – 974 هـ = 1504 – 1567 م)

     
  •  (تَحْتَ صَدْرِهِ أَيْ بِحِذَاءِ قَلْبِهِ)
    الكتاب: حاشيتا قليوبي وعميرة 1/197
    القليوبي 000 – 1069 هـ = 000 – 1659 م
  • وقال السيوطى في الدر المنثور: واخرج ابن أبى شيبة في المصنف، والبخارى في تاريخه، وابن جرير، وابن المنذر، وابن أبى حاتم، والدارقطنى في الأفراد، وأبو الشيخ، والحاكم، وابن مردويه، والبيهقى في سننه، عن على في قوله تعالى
    (
    فَصَلّ لِرَبّكَ وَأنحَر)
    قال: وضع يده اليمنى على وسط ساعده اليسرى ثم وضعهما على صدره فى الصلاة 
  • ഇമാം സുയൂത്തി(റ) ഉദ്ധരിക്കുന്നു: ഇബ്ന്‍ അബീശൈബ തന്റെ മുസന്നഫിലും ബുഖാരി തന്റെ താരീഖിലും, ഇബ്ന്‍ ജരീരും ഇബ്ന്‍ മുന്ദിറും ഇബ്ന്‍ അബീ ഹതിമും ദാറുഖുത്നി തന്റെ ഇര്ഫാദിലും അബു ശൈഖു, ഹാകിം, ഇബ്ന്‍ മര്ദ, വയ്ഹി മുതലായവരും ബൈഹഖി തന്റെ സുനനിലും അലി(റ) നിന്ന്

فصل لربك وانحر  എന്ന ആയത്തിന് ഒരാള്‍ തന്റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തില്‍ വെച്ച് അവ രണ്ടും നമസ്കാരത്തില്‍ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ഉദ്ധരിക്കുന്നു.  (ദുറുല്‍ മന്‍സൂര്‍ – 8/650)

  حدثنا ابن حميد ، قال : ثنا مهران ، عن حماد بن سلمة ، عن عاصم الجحدري ، عن عقبة بن ظهير ، عن أبيه ، عن علي رضي الله عنه ( فصل لربك وانحر ) قال : وضع يده اليمنى على وسط ساعده اليسرى ، ثم وضعهما على صدره

  • ( تفسير الطبري » تفسير القرطبي )

അലി(റ) നിന്ന് (فصل لربك وانحر എന്ന ആയത്തിന് ഒരാള്‍ തന്‍റെ വലതു കൈ ഇടതുകയ്യുടെ മധ്യത്തില്‍ വെച്ച് അവ രണ്ടും നമസ്കാരത്തില്‍ നെഞ്ഞിന്മേല്‍ വെക്കുക എന്നര്‍ത്ഥം ഉദ്ധരിക്കുന്നു. ( തഫ്സീര്‍ ത്വബരീ ,തഫ്സീര്‍ ഖുര്‍തുബീ )

  •  وائل بن حجر قال : صليت مع رسول اللهصلى الله عليه وسلمووضع يده اليمنى على يده اليسرى على صدره . رواه ابن خزيمة في صحيحه
  • “വാഇലുബ്നു ഹുജര്‍(റ) നിവേദനം: “ഞാന്‍ നബി(സ)യോടൊപ്പം നമസ്കരിച്ചു. അപ്പോള്‍ തന്റെ വലതു കൈ ഇടത്തേ കയ്യിന്മേലായി നെഞ്ചിന്മേല്‍ വെച്ചിട്ടുണ്ടായിരുന്നു. ഇബ്ന്‍ കുസയ്മ
  • حَدَّثَنَا يَحْيَى بْنُ سَعِيدٍ , عَنْ سُفْيَانَ , حَدَّثَنِي سِمَاكٌ , عَنْ قَبِيصَةَ بْنِ هُلْبٍ , عَنْ أَبِيهِ , قَالَ : ” رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَيَنْصَرِفُ عَنْ يَمِينِهِ وَعَنْ يَسَارِهِ , وَرَأَيْتُهُ قَالَ يَضَعُ هَذِهِ عَلَى صَدْرِهِ ” , وَصَفَّ يَحْيَى : الْيُمْنَى عَلَى الْيُسْرَى فَوْقَ الْمِفْصَلِ .
    (
    مسند أحمد )

ഖബീസത് ഇബ്നു ഹുല്‍ബ് നിവേദനം :- “നബി (സ) നമസ്കാരാനന്തരം ഇടത്തോട്ടും വലത്തോട്ടും പോകുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്.ഇവ (രണ്ട് കയ്യും) നെഞ്ചില്‍ മേല്‍ വെച്ചതായും ഞാന്‍ കണ്ടു റിപ്പോര്‍ട്ടറായ യഹ്യ വലതുകൈ ഇടതുകയ്യിന്മേല്‍ കെണ്‌പ്പിന്മേല്‍ വെച്ച കാണിച്ചു തരികയും ചെയ്തു “(അഹമദ് 5/226)

കമാലുബ്നുഹമാം പറയുന്നു : ഹനഫികള്‍ ചെയ്തുവരുന്നത് പോലെ പൊക്കിളിന് താഴെ കേട്ടുവാനോ ,ശാഫികള്‍ ചെയ്യുന്നത് പോലെ നെഞ്ചിനു താഴെ കെട്ടുവാനോ നിര്‍ബന്ധിക്കുന്ന തരത്തില്‍ സഹീഹായ ഹദീസുകള്‍ ഒന്നും സ്ഥിരപെട്ടിട്ടില്ലാ (ഫിഖ്ഹുസ്സുന്ന)

പ്രതിഫലം

പ്രതിഫലം

ഉമ്മ രാത്രിഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അദ്‌നാന്‍ ഒരു കടലാസുമായി അടുക്കളയിലേക്ക് ചെന്നത്. ഒന്നും പറയാതെ അവന്‍ ആ കടലാസ് ഉമ്മയുടെ നേര്‍ക്ക് നീട്ടി.

”എന്താണ് മോനേ ഇത്?” ഉമ്മ തന്റെ ജോലി ചെയ്യുന്നതിനിടയില്‍ ചോദിച്ചു.

”വായിച്ച് നോക്കൂ” അദ്‌നാന്‍ പറഞ്ഞു. 

ഉമ്മ തന്റെ നനഞ്ഞ കൈ തുടച്ചുകൊണ്ട് അവന്റെ കയ്യില്‍നിന്ന് കടലാസു കഷ്ണം വാങ്ങി.

അതില്‍ അവന്‍ ഇപ്രകാരം എഴുതിയിരുന്നു:

‘ആടിന് പുല്ലരിഞ്ഞതിന് 35 രൂപ.’

‘എന്റെ ബെഡ് റൂം വൃത്തിയാക്കിയതിന് 25 രൂപ.’

‘കടയില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ പോയതിന് 20 രൂപ.’

‘ഉമ്മ പുറത്ത് പോയപ്പോള്‍ കുഞ്ഞനുജനെ നോക്കിയ വകയില്‍ 20 രൂപ.’ 

‘മുറ്റത്തെ പുല്ല് പറിച്ചതിന് 10 രൂപ.’

‘ആകെ 110 രൂപ.’

‘ഇത് നാളെ എനിക്ക് തരണം.’

ഇത് വായിച്ച ഉമ്മ അല്‍പനേരം ആശ്ചര്യത്തോടെ മകന്റെ മുഖത്തേക്ക് നോക്കി. അന്നേരം അവരുടെ മനസ്സില്‍ തെളിഞ്ഞുവന്ന ഭൂതകാല സംഭവങ്ങള്‍ അവന് അറിയില്ലല്ലോ. അവര്‍ ഉടനെ ആ കടലാസിന്റെ മറുവശത്ത് ഒരു പേനയെടുത്ത് ഇപ്രകാരം എഴുതി:

‘നീ എന്റെ വയറ്റില്‍ വളര്‍ന്ന ഒമ്പതുമാസക്കാലം നിന്നെ ഞാന്‍ വഹിച്ചതിന് കാശൊന്നും വേണ്ട.’

‘മരണസമാനമായ വേദനയനുഭവിച്ച് നിന്നെ പ്രസവിച്ചതിന് കാശൊന്നും വേണ്ട.’

‘രാത്രികളില്‍ നിന്റെ കൂടെ കിടന്ന് പരിചരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തതിന് കാശൊന്നും വേണ്ട.’

‘വര്‍ഷങ്ങളോളം നിനക്കുവേണ്ടി കഷ്ടപ്പെട്ടതിനും നീ കാരണം ഒഴുക്കേണ്ടിവന്ന കണ്ണുനീരിനും കാശൊന്നും വേണ്ട.’

‘നിനക്ക് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും വാങ്ങിത്തന്നതിനും ഭക്ഷണം നല്‍കിയതിനും എന്തിനേറെ നിന്റെ ശരീരത്തില്‍നിന്നും വിസര്‍ജ്യങ്ങള്‍ കഴുകിത്തന്നതിനും കാശൊന്നും വേണ്ട.’

‘ഇതെല്ലാമൊന്ന് നീ കൂട്ടിയപോലെ കൂട്ടിനോക്കൂ. എന്റെ സ്‌നേഹത്തിന്റെ വിലയ്ക്കും കാശൊന്നും വേണ്ട.’

ഉമ്മ എഴുതിയത് വായിച്ചു തീര്‍ന്നപ്പോഴേക്കും അദ്‌നാന്റെ കണ്ണുകളില്‍നിന്ന് കണ്ണുനീര്‍ ധാരയായി ഒഴുകിത്തുടങ്ങിയിരുന്നു.

ഉമ്മയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവന്‍ പറഞ്ഞു: ”ഉമ്മാ…! തീര്‍ച്ചയായും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു.”

എന്നിട്ട് പേനയെടുത്ത് ആ കടലാസില്‍ വലിയ അക്ഷരങ്ങളില്‍ അവന്‍ ഇങ്ങനെ എഴുതി: ‘വില മതിക്കാനാവാത്ത സ്‌നേഹത്തിന് പകരം സ്‌നേഹം മാത്രം. എനിക്ക് തരാനുള്ളതെല്ലാം തന്നുകഴിഞ്ഞിരിക്കുന്നു.’

അത് വായിച്ച ഉമ്മ അവനെ സന്തോഷത്തോടെ ചേര്‍ത്ത് പിടിച്ചു.

കൂട്ടുകാരേ, നമ്മുടെ ഉമ്മമാര്‍ നമുക്ക് വേണ്ടി സഹിച്ച കഷ്ടപ്പാടുകള്‍ക്ക് വിലയിടാന്‍ നമുക്കാകില്ല. അതിനാല്‍ അവരെ ആത്മാര്‍ഥമായി സ്‌നേഹിക്കുക. അവരെ സഹായിക്കുകയും ചെയ്യുക. എന്നാലേ നമുക്ക് സ്വര്‍ഗാവകാശികളായി മാറുവാന്‍ കഴിയൂ.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

ഒളിച്ചുകളി

ഒളിച്ചുകളി

സ്‌കൂളില്ലാത്ത ദിവസം എന്തെങ്കിലും കളികളില്‍ മുഴുകല്‍ ഇഹ്‌സാന്റെയും കൂട്ടുകാരുടെയും പതിവാണ്. അന്ന് കളിക്കുവാന്‍ ഒത്തുകൂടിയപ്പോള്‍ പലരും പല അഭിപ്രായങ്ങളും പറഞ്ഞു; ഏത് കളിയാണ് വേണ്ടത് എന്ന വിഷയത്തില്‍. ഒടുവില്‍ ഒളിച്ചുകളിയാകാമെന്ന തീരുമാനത്തില്‍ എല്ലാവരും യോജിച്ചു. 

എല്ലാവരും തൊട്ടടുത്തുള്ള മരങ്ങളുടെ മറവിലും വീടുകളുടെ പുറകിലുമൊക്കെയായി ഒളിച്ചു. ഇഹ്‌സാന്‍ കുറച്ചു ദൂരെ വഴിവക്കിലുള്ള വലിയ ഒരു മരത്തിന്റെ മറവിലാണ് ഒളിച്ചുനിന്നത്. അവിടെ അവനെ കണ്ടുപിടിക്കുവാന്‍ പെട്ടെന്നൊന്നും കഴിയില്ല.

അവന്‍ മറഞ്ഞുനിന്ന് പതുക്കെ കളിസ്ഥലത്തേക്ക് പാളിനോക്കുന്ന സമയത്താണ് അപരിചിതനായ ഒരു വൃദ്ധന്‍ അതുവഴി വന്നത്. 

”കുട്ടീ എന്താ ഇങ്ങനെ ഒളിച്ചിരിക്കുന്നത്?” ഇഹ്‌സാനോട് അയാള്‍ ചേവദിച്ചു.

ഇഹ്‌സാന്‍ ചുണ്ടിന്മേല്‍ വിരല്‍ വെച്ച് മിണ്ടരുതെന്ന് വൃദ്ധനോട് ആംഗ്യം കാണിച്ചു. വൃദ്ധന്‍ അത്ഭുതത്തോടെ ഇഹ്‌സാനെ നോക്കി. അയാള്‍ക്ക് അവന്‍ ഒളിച്ചുകളിയിലാണെന്ന കാര്യം മനസ്സിലായില്ല.

”മോനേ, എനിക്ക് ഒരു കാര്യം അറിയാനുണ്ടായിരുന്നു. ഞാന്‍ ഒരാളുടെ വീട് തിരക്കി ദൂരെനിന്നും വരുന്നതാ.”

അപ്പോഴും അവന്‍ മിണ്ടരുതെന്ന് കാണിച്ചു.

”നീ എന്തിനാ എന്നോട് മിണ്ടരുതെന്ന് പറയുന്നത്? ഞാന്‍ നിന്നോട് ഒരാളുടെ വീട് എവിടെയാണെന്ന് അന്വേഷിക്കുവാന്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ നിന്നെ ഉപദ്രവിക്കുവാനൊന്നും വന്നതല്ല.” 

ഈ സമയത്ത് ഒളിച്ചവരെ കണ്ടുപിടിക്കേണ്ട കുട്ടിയുടെ ശ്രദ്ധ അങ്ങോട്ടുപതിഞ്ഞു. ഒരാള്‍ മരത്തിനു സമീപത്തു നിന്ന് ആരോടോ സംസാരിക്കുന്നു. അവിടെ ആരോ ഒളിച്ചിരിക്കുന്നുണ്ടെന്ന് അവന് മനസ്സിലായി. അവന്‍ പതുക്കെ അങ്ങോട്ട് നടന്നുചെന്നു. ‘ഇഹ്‌സാനെ കണ്ടേ’ എന്നും പറഞ്ഞ് അവന്‍ തിരിച്ചോടി.

ഇഹ്‌സാന് ഏറെ ദേഷ്യം വന്നു. 

”നിങ്ങള്‍ കാരണമാ അവന്‍ എന്നെ കണ്ടുപിടിച്ചത്” അവന്‍ ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞു.

”മോനേ, നീ കളിയിലാണെന്ന് ഞാനറിഞ്ഞില്ല. ഞാന്‍ അതറിയാതെയാണ് നിന്നോട് വഴി ചോദിച്ചത്. വഴിയറിയാത്തവന് വഴികാണിച്ചുകൊടുത്താലുള്ള പ്രതിഫലമെന്താണെന്ന് നബില പഠിപ്പിച്ചത്‌നീ അറിഞ്ഞിരുന്നെങ്കില്‍ കളിയെക്കാള്‍ എന്റെ ആവശ്യം നീ പരിഗണിക്കുമായിരുന്നു.”

വഴികാണിക്കല്‍ ഒരു സല്‍കര്‍മമാണെന്ന് ഇഹ്‌സാന് അറിയില്ലായിരുന്നു. അയാളുടെ പറഞ്ഞത് കേട്ടപ്പോള്‍ അവന് പ്രയാസമായി.

”എന്നോട് ക്ഷമിക്കണം. ഞാന്‍ കളിയില്‍ പെട്ട് നിങ്ങളെ പരിഗണിച്ചില്ല. എനിക്കതില്‍ ദുഃഖമുണ്ട്. നിങ്ങള്‍ക്ക് എങ്ങോട്ടാണ് പോകേണ്ടത്?” ഇഹ്‌സാന്‍ ചോദിച്ചു.

”സാരമില്ല, മോന്‍ കളിയില്‍ മുഴുകിയതുകൊണ്ടല്ലേ?” വൃദ്ധന്‍ അവന്റെ ചുമലില്‍ തട്ടിക്കൊണ്ട് പറഞ്ഞു. അപ്പോഴേക്കും മറ്റു കുട്ടികള്‍ ചുറ്റും കൂടി. 

വൃദ്ധന്‍ തനിക്ക് കാണേണ്ട ആളെ പറഞ്ഞുകൊടുത്തു.

”ആ വീട് എനിക്കറിയാം. ഞാന്‍ കാണിച്ചുതരാം” ഇഹ്‌സാന്‍ അയാളുടെ കൈപിടിച്ച് മുന്നോട്ടു നടന്നു.

കൂട്ടുകാരേ, ഒരാള്‍ വഴിയന്വേഷിക്കുമ്പോള്‍ നമുക്കറിയുമെങ്കില്‍ അയാളെ സഹായിക്കല്‍ നമ്മുടെ ബാധ്യതയാണ്. ഇക്കാര്യം എല്ലാവരും ശ്രദ്ധിക്കുമല്ലോ.

 

റാശിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക