പ്രാര്‍ഥന അല്ലാഹുവോട് മാത്രം: എന്തുകൊണ്ട്?

പ്രാര്‍ഥന അല്ലാഹുവോട് മാത്രം: എന്തുകൊണ്ട്?

സ്വര്‍ഗം കൊതിക്കുന്നവര്‍ അല്ലാഹുവിനോടല്ലാതെ പ്രാര്‍ഥിക്കുകയില്ല. അവനിലേക്കല്ലാതെ കൈകളുയര്‍ത്തുകയില്ല. സ്വര്‍ഗത്തില്‍ പ്രവേശിച്ച ശേഷം അവര്‍തന്നെ പറയുന്നത് ശ്രദ്ധിക്കുക:

”പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും. അവര്‍ പറയും: തീര്‍ച്ചയായും നാം മുമ്പ് നമ്മുടെ കുടുംബത്തിലായിരിക്കുമ്പോള്‍ ഭയഭക്തിയുള്ളവരായിരുന്നു. അതിനാല്‍ അല്ലാഹു നമുക്ക് അനുഗ്രഹം നല്‍കുകയും രോമകൂപങ്ങളില്‍ തുളച്ചുകയറുന്ന നരകാഗ്‌നിയുടെ ശിക്ഷയില്‍ നിന്ന് അവന്‍ നമ്മെ കാത്തുരക്ഷിക്കുകയും ചെയ്തു. തീര്‍ച്ചയായും നാം മുമ്പേ അവനോട് പ്രാര്‍ഥിക്കുന്നവരായിരുന്നു. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഔദാര്യവാനും കരുണാനിധിയും” (52:25-28).

സൃഷ്ടികളിലേക്കോ വിഗ്രഹങ്ങളിലേക്കോ ഇത്തരക്കാരുടെ ഹൃദയം നീങ്ങുകയില്ല. ഒരിക്കലും മരണമില്ലാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവനായ അല്ലാഹുവിനോട് മാത്രമെ ഇവര്‍ പ്രാര്‍ഥിക്കുകയുള്ളൂ. അല്ലാഹു ഇവരെക്കുറിച്ച് പറയുന്നു: 

”ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും. എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട് കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ് അവര്‍ക്ക് വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത് എന്ന് ഒരാള്‍ക്കും അറിയാവുന്നതല്ല” (32:16-17).

എന്തുകൊണ്ട് പ്രാര്‍ഥന അല്ലാഹുവോട് മാത്രം? എന്തുകൊണ്ട് അവനിലേക്ക് മാത്രം കൈകളുയര്‍ത്തണം? എന്തുകൊണ്ട് അവന്റെ മുമ്പില്‍ മാത്രം സാഷ്ടാംഗം ചെയ്യണം?

സമൂഹം ഇൗ വിഷയത്തില്‍ വ്യതിചലിച്ച് പോയിട്ടുണ്ടെങ്കിലും സത്യം അറിയാനാഗ്രഹിക്കുന്നവര്‍ക്ക് അല്ലാഹു ക്വുര്‍ആനിലൂടെ നല്‍കുന്ന മറുപടികള്‍ എത്രയോ മതിയായതാണ്.

1). പ്രാര്‍ഥിക്കണമെന്നും അത് എന്നോട് തന്നെ ആകണമെന്നും നമ്മോട് കല്‍പിച്ചത് അല്ലാഹുവാണ്:

”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച” (40:60).

”താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. പരിധിവിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല” (7:55).

അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നബി(സ്വ) പറയുന്നു: ”ഉത്തരംകിട്ടുമെന്ന ഉറച്ച വിശ്വാസത്തോടെ നിങ്ങള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുക” (സില്‍സിലതുസ്സ്വഹീഹ: 594).

”സംഭവിച്ചതിനും സംഭവിച്ചിട്ടിട്ടില്ലാത്തതിനും പ്രാര്‍ഥന ഫലം ചെയ്യും. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുക” (സ്വഹീഹുല്‍ ജാമിഅ് 3403).

2). പ്രാര്‍ഥനയ്ക്കുത്തരം തരാമെന്നേറ്റവന്‍ അല്ലാഹു മാത്രമാണ്: 

”നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്” (2:186).” 

സൂറഃ അല്‍ബക്വറയിലെ, പ്രാര്‍ഥനയുള്‍ക്കൊള്ളുന്ന 286-ാം വചനം നാം പ്രാര്‍ഥിച്ചാല്‍ അല്ലാഹു ‘ഞാന്‍ നിന്റെ പ്രാര്‍ഥന സ്വീകരിച്ചിരിക്കുന്നു’ എന്ന് പറയുമത്രെ. സൂറഃ ആലുഇംറാനിലും ഇങ്ങനെ ചില പ്രാര്‍ഥനകള്‍ കാണാം. (ആലുഇംറാന്‍ 192-196).

അതിനുശേഷം അല്ലാഹു പറയുന്നു: ”അവരുടെ റബ്ബ് അവര്‍ക്ക് ഉത്തരം നല്‍കി…”

3). ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് പ്രാര്‍ഥന. ആരാധനയുടെ ഇനത്തില്‍പെട്ട ഒന്നും അല്ലാഹുവിനോടല്ലാതെ പാടില്ല.

നബി(സ്വ) പറയുന്നു: ”പ്രാര്‍ഥന; അതുതന്നെയാണ് ആരാധന” (സ്വഹീഹുല്‍ ജാമിഅ് 3401). ശേഷം നബി(സ്വ) ഈ ആയത്ത് പാരായണം ചെയ്തു: ”നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച” (40:60).

ഈ വചനത്തില്‍ പ്രാര്‍ഥനയെയാണ് അല്ലാഹു ആരാധനയായി പറഞ്ഞത്. മാത്രമല്ല നബി(സ്വ) പറഞ്ഞു: ”പ്രാര്‍ഥനയാണ് ഏറ്റവും ശ്രേഷ്ഠമായ ആരാധന” (സില്‍സിലതുസ്സ്വഹീഹ 1579). ”പ്രാര്‍ഥനയെക്കാള്‍ ആദരണീയമായ മറ്റൊന്ന് അല്ലാഹുവിന്റെ അടുക്കലില്ല” (തിര്‍മിദി 2284). ”പ്രാര്‍ഥനയില്‍ ന്യൂനത വരുത്തിയവനാണ് ഏറ്റവും വലിയ ന്യൂനതക്കാരന്‍” (സില്‍സിതുസ്സ്വഹീഹ 601).

4). അല്ലാഹുവോട് പ്രാര്‍ഥിക്കാത്തപക്ഷം അവന്‍ കോപിക്കും.

ആരാധിക്കപ്പെടുന്ന വസ്തുക്കളും വ്യക്തികളും അനേകമുണ്ടെങ്കിലും ഈ സ്വഭാവം അല്ലാഹുവിന് മാത്രമേയുള്ളൂ. അടിമ തന്നോട് ചോദിക്കുന്നതും അവര്‍ക്ക് ഉത്തരം നല്‍കുന്നതും അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്: ”അല്ലാഹുവിനോട് വല്ലവനും ചോദിച്ചില്ലെങ്കില്‍ അല്ലാഹു അവനോട് കോപിക്കും” (തിര്‍മിദി 2686).

രാവും പകലും അല്ലാഹുവോട് ചോദിച്ചുകൊണ്ടിരിക്കുക. അവന്‍ കോപിക്കുകയില്ല. മനുഷ്യേരാട് ഒരുതവണ ചോദിച്ച് വീണ്ടും ആവര്‍ത്തിച്ചാല്‍ അവന്‍ കോപിക്കും. വാതില്‍ കൊട്ടിയടക്കും. എന്നാല്‍ അല്ലാഹു വാതില്‍ തുറന്നിട്ടിരിക്കുകയാണ്; തൗബ സ്വീകരിക്കാന്‍, മാപ്പ് കൊടുക്കാന്‍, പ്രാര്‍ഥനയ്ക്കുത്തരം നല്‍കാന്‍.

5). അല്ലാഹു മാത്രമാണ് ധന്യന്‍. അവന്റെ ഖജനാവിലുള്ളത് അവസാനിക്കുകയില്ല. അവന്‍ നല്‍കാന്‍ തയാറുള്ളവനുമാണ്. മനുഷ്യര്‍ (അവര്‍ ആരോ ആകട്ടെ) ഒന്നുംതന്നെ ഉടമപ്പെടുത്തുന്നില്ല. ദരിദ്രരാണവര്‍. സ്വയം നിലനില്‍പില്ലാത്തവരാണവര്‍. നല്‍കാന്‍ കഴിയാത്തവരാണവര്‍. പ്രാര്‍ഥന കേള്‍ക്കാന്‍ അവരെക്കൊണ്ടാവില്ല.

”മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു” (35:15).

”രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്റെ നിയമത്തിന്) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധി വരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല” (35:13,14).

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ  സ്വര്‍ഗക്കാരുടെ ഈ ലോകത്തെ  സവിശേഷതകള്‍ എടുത്തു പറയുന്നേടത്ത് ഇങ്ങനെ കാണാം: 

”ഇപ്രകാരം പറയുന്നുവരുമാകുന്നു അവര്‍: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു. തീര്‍ച്ചയായും അത് (നരകം) ചീത്തയായ ഒരു താവളവും പാര്‍പ്പിടവും തന്നെയാകുന്നു” (25: 65,66). 

”അല്ലാഹുവേ, നരകത്തില്‍ നിന്നും എന്നെ നീ രക്ഷിക്കണേ” (തിര്‍മിദി 2079) എന്ന് നബി(സ്വ) പ്രാര്‍ഥിക്കാറുണ്ടായിരുന്നു.

നരകമോചനം ആഗ്രഹിക്കുന്നവര്‍, മക്കളെ വേണ്ടവര്‍, രോഗശമനം കൊതിക്കുന്നവര്‍, ജീവിതത്തില്‍ അഭിവൃദ്ധി തേടുന്നവര്‍…എല്ലാവരും അല്ലാഹുവോട് പ്രാര്‍ഥിക്കുക. 

സ്വര്‍ഗാവകാശികളായി മാറിയ പ്രവാചകന്മാര്‍ പല പ്രയാസങ്ങളും ഉള്ളവരായിരുന്നു. മുമ്പ് കഴിഞ്ഞുപോയ ഒരു നബിയുടെയും ക്വബ്ര്‍ തേടി അവര്‍ പോയിട്ടില്ല. അല്ലാഹുവോടല്ലാതെ ആവലാതി പറഞ്ഞിട്ടില്ല. വയസ്സേറെയായിട്ടും മക്കളില്ലാത്തിന്റെ വിഷമം സഹിച്ചവരായിരുന്നു ഇബ്‌റാഹീംനബി(അ)യും സകരിയ്യാ നബി(അ)യും. അവരുടെ പ്രാര്‍ഥനകള്‍ കാണുക: 

”എന്റെ രക്ഷിതാവേ, സദ്‌വൃത്തരില്‍ ഒരാളെ നീ എനിക്ക് (പുത്രനായി) പ്രദാനം ചെയ്യേണമേ. അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു” (37: 100-101).

”അവിടെ വെച്ച് സകരിയ്യാ തന്റെ രക്ഷിതാവിനോട് പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ എന്ന് അദ്ദേഹം പറഞ്ഞു”(3:38).

മക്കളിലൂടെ കണ്‍കുളിര്‍മ ലഭിക്കണമെങ്കില്‍ സ്വര്‍ഗക്കാരുടെ പ്രകൃതംതന്നെ സ്വീകരിക്കുക: ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ എന്ന് പറയുന്നവരുമാകുന്നു അവര്‍” (25:74).

ഇബ്‌റാഹീം നബി(അ) പ്രാര്‍ഥിച്ച പോലെ പ്രാര്‍ഥിക്കുകയും ചെയ്യുക: 

”എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ) ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ” (14:40).

ദുരിതങ്ങളിലും പ്രയാസങ്ങളിലും അകപ്പെട്ടാല്‍ യൂനുസ് നബി(അ)യുടെ പ്രാര്‍ഥനയില്‍ നമുക്ക് മാതൃകയുണ്ട്: ”…അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു” (21:87,88).

ദുന്‍യാവില്‍ ഒറ്റപ്പെട്ടു. എല്ലാവരും നമ്മെ കൈവിട്ടു. എന്നാലും നമ്മള്‍ നിരാശപ്പെടേണ്ട. ഒറ്റപ്പെട്ട സന്ദര്‍ഭത്തില്‍ മൂസാനബി(അ) അവലംബിച്ചത് പ്രാര്‍ഥനയെയാണ്. അതിന് ഉത്തരം ലഭിക്കുകയും ചെയ്തു:  ”അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ഥിച്ചു: എന്റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു. അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത് നടന്നുചെന്നിട്ട്  പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എന്റെ പിതാവ് താങ്കളെ വിളിക്കുന്നു. അങ്ങനെ മൂസാ അദ്ദേഹത്തിന്റെ അടുത്ത് ചെന്നിട്ട് തന്റെ കഥ അദ്ദേഹത്തിന് വിവരിച്ചുകൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു: ഭയപ്പെടേണ്ട. അക്രമികളായ ആ ജനതയില്‍നിന്ന് നീ രക്ഷപ്പെട്ടിരിക്കുന്നു” (28:24,25). 

ആരുമില്ലാത്ത മൂസാനബി(അ)ക്ക് പ്രാര്‍ഥനയുടെ ഫലമായി കിട്ടിയത് ശത്രുവില്‍നിന്നുള്ള സുരക്ഷ, ജോലി, നല്ലവളായ ഭാര്യ തുടങ്ങിയ അനുഗ്രഹങ്ങളാണ്!

രാത്രിയുടെ അന്ത്യയാമങ്ങളില്‍ എഴുന്നേറ്റ് ഉള്ളുരുകി പ്രാര്‍ഥിക്കുക. തീര്‍ച്ചയായും അല്ലാഹു ഉത്തരം തരും. ‘ഏതു പ്രാര്‍ഥനയാണ് കൂടുതല്‍ സ്വീകരിക്കപ്പെടുക?’ എന്ന ചോദ്യത്തിന് നബി(സ്വ) നല്‍കിയ മറുപടി ‘രാത്രിയുടെ അവസാന ഭാഗത്തിലും നിര്‍ബന്ധ നമസ്‌കാര ശേഷവും ഉള്ളത്’ (തിര്‍മിദി 2782) എന്നായിരുന്നു. ‘ബാങ്കിനും ഇക്വാമത്തിനും ഇടക്കുള്ള സമയം തള്ളപ്പെടുകയില്ല. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുക’ എന്നും ഹദീഥില്‍ കാണാം (ഇര്‍വാഉല്‍ ഗലീല്‍ 244).

‘ഒരു അടിമ തന്റെ റബ്ബിലേക്ക് ഏറ്റവും അടുക്കുന്നത് അവന്‍ സുജൂദിലായിരിക്കെയാണ്. അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥന വര്‍ധിപ്പിക്കുക’ എന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.  അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങളും വിശേഷണങ്ങളും ഉപയോഗിച്ച് പ്രാര്‍ഥിച്ചാല്‍ അത് സ്വരീകാര്യതക്ക് ശക്തി കൂട്ടും.”അല്ലാഹുവിനാണ് ഏറ്റവും നല്ല നാമങ്ങള്‍. അതിനാല്‍ അവകൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ഥിക്കുക” (7:180).

നമ്മള്‍ ചെയ്ത സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി നാം ചെയ്യുന്ന പ്രാര്‍ഥനകളും കൂടുതല്‍ സ്വീകാര്യതക്ക് കാരണമാണ്. ഹറാമായ സമ്പാദ്യംകൊണ്ട് ജീവിതം നയിക്കുന്നവന്‍ എത്ര പ്രാര്‍ഥിച്ചാലും അത് നിഷ്ഫലമായിരിക്കും. അതിനാല്‍ ഹലാലായ മാര്‍ഗത്തില്‍ സമ്പാദിച്ച് ഹലാലായത് തിന്നും കുടിച്ചും ധരിച്ചും ജീവിക്കുക. പ്രാര്‍ഥന സ്വീകരിക്കപ്പെടും. 

സ്വര്‍ഗം ലക്ഷ്യമാക്കി നീങ്ങുന്ന നമ്മള്‍ ഒരിക്കലും പ്രാര്‍ഥനയെ നിസ്സാരമായി കാണരുത്. തന്റെ ദുര്‍ബലതയും ഇല്ലായ്മയും വിനയവുമെല്ലാം സര്‍വശക്തന്റെ മുമ്പില്‍ പ്രകടമാക്കുന്ന, തുറന്നു പറയുന്ന ഭവ്യതയുടെ പ്രകടരൂപമാണ് പ്രാര്‍ഥന. പ്രാര്‍ഥനയില്ലായെങ്കില്‍ അല്ലാഹു നമ്മെ പരിഗണിക്കുകയേയില്ല എന്ന് ക്വുര്‍ആന്‍ നമ്മെ അറിയിക്കുന്നത് നാം ഗൗരവത്തില്‍ കാണുകതന്നെ വേണം.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

അതിരുവിട്ട പ്രാര്‍ഥന

അതിരുവിട്ട പ്രാര്‍ഥന

വിശ്വാസിയുടെ ഏറ്റവും വലിയ ആയുധം പ്രാര്‍ഥനയാണ്. പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാത്തപ്പോഴും ഒരു വിശ്വാസിയുടെ മനസ്സ് പ്രാര്‍ഥനാ നിര്‍ഭരമായിരിക്കണം. തന്നെ സൃഷ്ടിച്ച; സംരക്ഷിച്ചുകൊണ്ടിരിക്കുന്ന സ്രഷ്ടാവിന്റെ ഒന്നിത്യവും മഹത്ത്വവും അംഗീകരിച്ച് കൊണ്ടും തന്റെ ദൗര്‍ബല്യവും ബലഹീനതയും തുറന്നു സമ്മതിച്ചുകൊണ്ടും ദൈവത്തിനു മുന്നില്‍ കീഴൊതുങ്ങലാണ് സാക്ഷാല്‍ പ്രാര്‍ഥന. അതിനാല്‍ സ്രഷ്ടാവിനോട് മാത്രമെ പ്രാര്‍ഥിക്കാവൂ. അവനോടല്ലാത്ത പ്രാര്‍ഥനകളൊക്കെ അന്യായമാണ്.

അല്ലാഹു പറയുന്നു: ”അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന് പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഗുണവും നല്‍കുന്നതല്ല…” (ക്വുര്‍ആന്‍ 13:14).

പ്രാര്‍ഥിക്കപ്പെടാന്‍ യോഗ്യത സ്രഷ്ടാവിനുമാത്രം എന്നത് എത്ര വ്യക്തം.

മറ്റൊരു വചനം കാണുക: ”അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന് പുറമെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നതെല്ലാം വ്യര്‍ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും” (ക്വുര്‍ആന്‍ 31:30). സമാന ആശയം ക്വുര്‍ആന്‍ 22:62ലും കാണാം.

പ്രകൃതിമതമായ ഇസ്‌ലാം ഏതു രംഗത്തും ഉത്തമവും മധ്യമവുമായ നിലപാടാണ് പഠിപ്പിച്ചിട്ടുള്ളത്. അതിരു കവിയലിനെ വളരെ കണിശമായി വിലക്കിയ മതമാണ് ഇസ്‌ലാം. ആരാധനകളില്‍ പോലും അതിരുകവിയലിനെ ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നു. നേരം പുലരുവോളം നിസ്‌കരിക്കാന്‍ തീരുമാനമെടുത്തവനും കൊല്ലം മുഴുവന്‍ നോമ്പെടുക്കാന്‍ തീരുമാനിച്ചവനും വിവാഹം പോലും കഴിക്കാതെ ആരാധനയില്‍ തന്നെ മുഴുകാന്‍ തീരുമാനിച്ചവനുമെല്ലാം പ്രവാചകന്‍ ﷺ  നല്‍കിയ താക്കീത് വളരെ ഗൗരവമേറിയതായിരുന്നു. ഇതൊന്നും എന്റെ ചര്യയല്ലെന്നും എന്റെ ചര്യയെ താല്‍പര്യപ്പെടാത്തവന്‍ എന്നില്‍ പെട്ടവനല്ലെന്നുമായിരുന്നു പ്രവാചക പ്രതികരണം. വര്‍ഷം മുഴുവന്‍ നോമ്പെടുത്തവന്‍ യഥാര്‍ഥത്തില്‍ നോമ്പെടുത്തവനല്ല എന്നും അവിടുന്ന് ഉണര്‍ത്തി. തന്റെ സമ്പത്ത് മുഴുവന്‍ മരണാനന്തരം ദാനം ചെയ്യുവാന്‍ ഉദ്ദേശിച്ച അനുചരനെ ഉപദേശിക്കുകയും പരമാവധി സമ്പത്തിന്റെ മൂന്നില്‍ ഒരുഭാഗമെ വസ്വിയ്യത്തായി നിശ്ചയിക്കാവൂ എന്നും അതുതന്നെ അധികമാണെന്നും ഉണര്‍ത്തുകയും ചെയ്തു.

പ്രാര്‍ഥിക്കുവാന്‍ ഏറെ പ്രോത്സാഹനം നല്‍കിയ, പ്രാര്‍ഥനയില്ലെങ്കില്‍ അല്ലാഹു പരിഗണിക്കുകയില്ലെന്ന് പഠിപ്പിച്ച പ്രമാണങ്ങള്‍ പ്രാര്‍ഥനയില്‍ അതിരുകവിയരുത് എന്ന് പ്രത്യേകം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, പ്രാര്‍ഥനയില്‍ അതിരുകവിയുന്ന ഒരു സമൂഹം ഈ സമുദായത്തില്‍ ഭാവിയില്‍ ഉണ്ടാകുമെന്ന് പ്രവാചകന്‍ ﷺ  പ്രത്യേകം മുന്നറിയിപ്പുനല്‍കുകയുണ്ടായി. (അബൂദാവൂദ്).

അല്ലാഹു പറയുന്നു: ”താഴ്മയോടുകൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുക. പരിധിവിട്ട് പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല” (ക്വുര്‍ആന്‍ 7:55)

എന്താണ് പ്രാര്‍ഥനയിലെ അതിരുവിടല്‍?

വിശുദ്ധ ക്വുര്‍ആനിലും തിരുചര്യയിലും പ്രാര്‍ഥനയുടെ മര്യാദകളായി പരിചയപ്പെടുത്തിയ കാര്യങ്ങളെ അടിസ്ഥാനമാക്കി പ്രാര്‍ഥനയില്‍ അതിരുകവിയല്‍ എങ്ങനെയെന്ന് മുന്‍കാല പണ്ഡിതര്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അവയുടെ ആകെത്തുക നമുക്ക് ഇങ്ങനെ മനസ്സിലാക്കാം:

പ്രാര്‍ഥനയില്‍ അതിരുവിടല്‍ ഉപയോഗിക്കുന്ന പദങ്ങളിലാവാം. അവയില്‍ പ്രധാനപ്പെട്ടവ നമുക്ക് പഠനവിധേയമാക്കാം.

1. പ്രാര്‍ഥനയില്‍ ശിര്‍ക്കിന്റെ വല്ല അംശവും ഉണ്ടാകല്‍

പ്രാര്‍ഥന ആരാധനയാണ്. ആരാധനകള്‍ അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ് താനും. അതിനാല്‍ പ്രാര്‍ഥനയുടെ വല്ല അംശവും അല്ലാഹു അല്ലാത്തവരിലേക്കുമായാല്‍ അത് അവരെ ആരാധിക്കലായി. അത് ഏറ്റവും വലിയ അതിരുവിടലാണ് താനും. പ്രവാചകര്‍, മറ്റു മഹത്തുക്കള്‍ എന്നിവരോടെല്ലാമുള്ള പ്രാര്‍ഥന ഈ ഗണത്തില്‍ പെടുന്നു. ഇന്ന് മുസ്‌ലിം സമൂഹത്തില്‍ പ്രചാരത്തിലുള്ള മാലകള്‍, മൗലിദുകള്‍, ക്വുതുബിയ്യത്ത്, റാതീബ്, പ്രശംസ, കാവ്യങ്ങള്‍ എന്നിവയില്‍ പലതും ഈ ഗണത്തില്‍ പെടുന്നു.

2. പ്രാര്‍ഥിക്കാന്‍ പാടില്ലാത്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാര്‍ഥനകള്‍

ഒരിക്കലും മരിക്കാതിരിക്കാന്‍, ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാതിരിക്കാന്‍, ഒരാളെയും നരകത്തില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍, ലോകത്തെ ഒന്നാകെ നശിപ്പിക്കാന്‍, ലോകം ഒരിക്കലും നശിക്കാതിരിക്കാന്‍ തുടങ്ങിയ ആശയങ്ങളിലുള്ള പ്രാര്‍ഥനകളൊക്കെ ഈ ഗണത്തില്‍ പെടുന്നു.

3. അസംഭവ്യമായ കാര്യങ്ങള്‍ക്കായി പ്രാര്‍ഥിക്കല്‍

വിവാഹം കഴിക്കാത്തവന്‍ ഒരു സന്താനത്തിനായി പ്രാര്‍ഥിക്കുക. കൃഷി ചെയ്യാതെ ധാരാളം വിളവ് ലഭിക്കുവാനായി പ്രാര്‍ഥിക്കുക. സ്വര്‍ണമഴ വര്‍ഷിക്കുവാനായി പ്രാര്‍ഥിക്കുക തുടങ്ങിയവ ഉദാഹരണം.

4. ദൃഢബോധ്യമില്ലാതെ പ്രാര്‍ഥിക്കുക

‘അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നുവെങ്കില്‍ എനിക്ക് നീ ഉത്തരമേകണേ’ എന്നത് ഉദാഹരണം.

5. തെറ്റായ കാര്യത്തിനുള്ള പ്രാര്‍ഥന

ഉദാ: കുടുംബ ബന്ധം മുറിക്കാനുള്ള പ്രാര്‍ഥന, ഒരു മോഷ്ടാവ് അല്ലെങ്കില്‍ വ്യഭിചാരി തന്റെ ദൗത്യം ഭംഗിയായി പൂര്‍ത്തിയാക്കാനായി നിര്‍വഹിക്കുന്ന പ്രാര്‍ഥന.

6. ആവശ്യത്തിലേറെ ശബ്ദമുയര്‍ത്തിയുള്ള പ്രാര്‍ഥന

ഒരാള്‍ ഒറ്റക്കാണ് പ്രാര്‍ഥിക്കുന്നതെങ്കില്‍ താന്‍ മാത്രം കേള്‍ക്കുന്ന ശബ്ദത്തിലാണ് പ്രാര്‍ഥിക്കേണ്ടത്. മഴക്ക് വേണ്ടിയുള്ള പ്രാര്‍ഥന, ഖുത്വുബയിലെ പ്രാര്‍ഥന തുടങ്ങി സമൂഹമായി നിര്‍വഹിക്കുന്ന പ്രാര്‍ഥനയാണെങ്കില്‍ ആവശ്യത്തിന് ശബ്ദമുയര്‍ത്താം. എന്നാല്‍ അനാവശ്യമായി ശബ്ദമുയര്‍ത്തിയും ആര്‍ത്തുവിളിച്ചുമുള്ള പ്രാര്‍ഥഥനകള്‍ ഇസ്‌ലാം വിലക്കുന്നു. പ്രമുഖ താബിഈ പണ്ഡിതനായ ഇമാം ഹസനുല്‍ ബസ്വരി(റഹി) പറയുന്നു: ‘സ്വഹാബിമാരുടെ പ്രാര്‍ഥനകള്‍ അവര്‍ക്കും അല്ലാഹുവിനുമിടയിലുള്ള സ്വകാര്യ സംഭാഷണങ്ങളായിരുന്നു. അവരുടെ ശബ്ദം ഉയരുമായിരുന്നില്ല.’

7. താഴ്മയോടെയല്ലാത്ത പ്രാര്‍ഥന

വിനയവും താഴ്മയും പ്രാര്‍ഥനയുടെ മര്യാദകളാണ്. അതിനാല്‍ വിനയമില്ലാതെയും ധാര്‍ഷ്ഠ്യത്തോടെയും നിര്‍വഹിക്കപ്പെടുന്ന പ്രാര്‍ഥന അതിരുവിട്ട പ്രാര്‍ഥനയാണ്.

8. കൃത്രിമമായി പ്രാസം ഒപ്പിച്ചും പദങ്ങള്‍ അധികരിപ്പിച്ചുമുള്ള പ്രാര്‍ഥന

സഅദ്ബ്‌നു അബീവക്വാസി(റ)ന്റെ മകന്‍ പറയുന്നു: ”ഞാന്‍ ഒരിക്കല്‍ ഇപ്രകാരം പ്രാര്‍ഥിക്കുന്നത് എന്റെ പിതാവ് കേട്ടു: ‘അല്ലാഹുവേ, ഞാന്‍ നിന്നോട് സ്വര്‍ഗം ചോദിക്കുന്നു. അതില സുഖങ്ങളും  സൗകര്യങ്ങളും മറ്റും മറ്റും (ഓരോന്നായി എടുത്ത് പറഞ്ഞ്) ഞാന്‍ നിന്നോട് ചോദിക്കുന്നു. നരകത്തില്‍ നിന്ന് ഞാന്‍ നിന്നില്‍ അഭയം തേടുന്നു. നരകയാതനകള്‍, അതിലെ ശിക്ഷകള്‍, ചങ്ങലകള്‍ മറ്റും മറ്റും (ഓരോന്നും എടുത്ത് പറഞ്ഞ്) തുടങ്ങി എല്ലാത്തില്‍ നിന്നും ഞാന്‍ നിന്നോട് കാവലിനെ തേടുന്നു.’

ഇത് കേട്ട എന്റെ പിതാവ് പറഞ്ഞു: ‘മോനേ, നബി ﷺ  ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: പ്രാര്‍ഥനയില്‍ അതിരുവിടുന്ന ഒരു സമൂഹം വഴിയെ ഉണ്ടാകും. അതിനാല്‍ നീ അത്തരക്കാരില്‍ ഉള്‍പ്പെടുന്നതിനെ സൂക്ഷിക്കുക. നിനക്ക് സ്വര്‍ഗം ലഭിച്ചാല്‍ തന്നെ അതിലെ സകല സുഖങ്ങളും ലഭിക്കുമല്ലോ. നരകത്തില്‍ നിന്ന് കാവല്‍ ലഭിച്ചാല്‍ അതിലെ സകല പ്രയാസങ്ങളില്‍ നിന്നും നിനക്ക് കാവല്‍ ലഭിക്കുകയും ചെയ്യുമല്ലോ” (അബൂദാവൂദ്).

9. ആര്‍ത്തുവിളിച്ചും അട്ടഹസിച്ചുമുള്ള പ്രാര്‍ഥന

സ്വാഭാവികമായി ഉണ്ടാകുന്ന കരച്ചില്‍ അംഗീകരിക്കപ്പെട്ടത് തന്നെ. എന്നാല്‍ കൃത്രിമമായി ഉണ്ടാക്കുന്ന കരച്ചിലുകളും ആര്‍ത്തുവിളിച്ചുള്ള പ്രാര്‍ഥനകളും അതിരുവിടലിന്റെ പ്രകടഭാവങ്ങളാണ്.

10. പ്രമാണങ്ങളില്‍ വന്നിട്ടില്ലാത്ത പ്രാര്‍ഥനകളും പ്രത്യേകം പഠിപ്പിക്കപ്പെട്ട പ്രാര്‍ഥനകളും ഉപയോഗിക്കല്‍

ഉദാഹരണം: ഒരു പ്രത്യേക സമയത്തോ സന്ദര്‍ഭത്തിലോ നിര്‍വഹിക്കുവാനായി പ്രത്യേക എണ്ണം നിശ്ചയിച്ചും രീതി നിശ്ചയിച്ചും പഠിപ്പിക്കുപ്പെടുന്നതും പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടില്ലാത്തതുമായ പ്രാര്‍ഥനകള്‍. കടം വീടുവാന്‍, സന്താനം ഉണ്ടാകുവാന്‍, ഉദ്ദിഷ്ട കാര്യം സാധിക്കുവാന്‍, നബി ﷺ യെ സ്വപ്‌നം കാണുവാന്‍ തുടങ്ങി പല ആവശ്യങ്ങള്‍ക്കുമായി പലരും നിര്‍മിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന പലവക ഏടുകള്‍. മന്‍സില്‍, മഫാസ്, കന്‍ജുല്‍ അര്‍ശ്, ദലാഇലുല്‍ ഖൈറാഅ്, നൂറുല്‍ ഈമാന്‍, ഹദ്ദാദ്, നാരിയ സ്വലാത്ത്, താജ് സ്വലാത്ത് തുടങ്ങിയവയെല്ലാം ഈ ഗണത്തില്‍ പെടുന്നു.

11. നീട്ടിവലിച്ച് കൃത്രിമ ശൈലികളിലൂടെയുള്ള പ്രാര്‍ഥന

ദുആ സമ്മേളനങ്ങള്‍, പ്രതിവാര/മാസ പ്രാര്‍ഥനാ മജ്‌ലിസുകള്‍, ധന സമ്പാദനാര്‍ഥം നിര്‍വഹിക്കപ്പെടുന്ന മറ്റുപ്രാര്‍ഥനകള്‍ തുടങ്ങിയ ചൂഷണാധിഷ്ഠിതമായ മുഴുവന്‍ മേഖലകളിലും ഈ ശൈലി നമുക്ക് ദര്‍ശിക്കാനാകും. ഹജ്ജ്, ഉംറ യാത്രാ വേളകളില്‍ പല അമീറുമാരും അനുയായികളെ വശീകരിക്കുവാനും സ്വാധീനിക്കുവാനുമായി ഈ ശൈലി ഉപയോഗിക്കുന്നത് കാണാം. മരണ വീടുകള്‍, വിവാഹ വീടുകള്‍ എന്നിവിടങ്ങളില്‍ ഇന്ന് സമൂഹത്തില്‍ പ്രചാരത്തിലുള്ള കൃത്രിമ പ്രാര്‍ഥനകളും ഈ വഴിവിട്ട രീതിയുടെ മകുടോദാഹരണങ്ങള്‍ തന്നെ.

ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ആരാധനയായ പ്രാര്‍ഥനയെ നിഷ്ഫലമാക്കാതിരിക്കുവാനായി പ്രമാണങ്ങളില്‍ വന്ന അധ്യാപനങ്ങള്‍ പൂര്‍ണമായും പഠിക്കുവാനും ഉള്‍ക്കൊള്ളുവാനും തയ്യാറാവുക. 

ശ്രദ്ധിക്കേണ്ട പൊതുമര്യാദകള്‍

1. പ്രാര്‍ഥന അല്ലാഹുവോട് മാത്രം നിര്‍വഹിക്കുക.

2. പൂര്‍ണമായും അല്ലാഹുവിന് കീഴ്‌പെട്ടുകൊണ്ട് വിനയത്തോടെ നിര്‍വഹിക്കുക.

3. ഉത്തരം കിട്ടുമെന്ന ഉറപ്പോടെയും അതിയായ താല്‍പര്യത്തോടെയും പ്രാര്‍ഥിക്കുക.

4. ധൃതി ഒഴിവാക്കുക. പ്രാര്‍ഥന ഹംദ്, സ്വലാത്ത് എന്നിവ കൊണ്ട് ആരംഭിക്കുക.

5. ക്വിബ്‌ലക്ക് മുന്നിട്ട് കൊണ്ടും ശുദ്ധിയോട് കൂടിയും നിര്‍വഹിക്കല്‍ അതിന്റെ പൂര്‍ണതയാണ്.

6. സ്വന്തത്തിന് മാത്രമാകാതെ എല്ലാവരുടെയും നന്മക്കും ഗുണത്തിനുമായി പ്രാര്‍ഥിക്കുക.

7. പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട പ്രാര്‍ഥനകള്‍ അങ്ങനെത്തന്നെ നിര്‍വഹിക്കുക (അതില്‍ ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യരുത്).

8. അല്ലാഹുവിന്റെ നാമങ്ങള്‍, ഗുണങ്ങള്‍, വിശേഷണങ്ങള്‍ എന്നിവ എടുത്തുപറഞ്ഞും അതിനെ തവസ്സുലാക്കിയും പ്രാര്‍ഥിക്കുക.

9. ചെയ്തുവെച്ച സല്‍കര്‍മങ്ങള്‍ മുന്‍നിറുത്തി പ്രാര്‍ഥിക്കുക.

10. ഉത്തരം കിട്ടാന്‍ സാധ്യത കൂടുതലുള്ള സ്ഥലങ്ങള്‍, സന്ദര്‍ഭങ്ങള്‍ എന്നിവ പ്രത്യേകം ഉപയോഗപ്പെടുത്തുക. (ഉദാ: അറഫ, കഅ്ബ, വെള്ളിയാഴ്ചയിലെ നിശ്ചിത സമയം, രാത്രിയുടെ അവസാന ഭാഗം, ഫര്‍ദ് നമസ്‌കാരത്തിന്റെ പിറകെ).

പ്രാര്‍ഥനയുടെ പൊതുമര്യാദയാണ് കൈ ഉയര്‍ത്തല്‍. എന്നാല്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പ്രത്യേക രൂപത്തില്‍ തന്നെ കൈ ഉയര്‍ത്താന്‍ പഠിപ്പിച്ചിട്ടുണ്ട്. നബി ﷺ  മഴക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ കക്ഷത്തിന്റെ വെള്ള കാണുമാറ് അവിടുന്ന് തന്റെ കൈകള്‍ ഉയര്‍ത്തുമായിരുന്നു.

ചില സന്ദര്‍ഭങ്ങളില്‍ നബി ﷺ  ഉയര്‍ത്താറുണ്ടായിരുന്നില്ല എന്ന് പ്രത്യേകം പ്രതിപാദിക്കപ്പെട്ട സ്ഥലങ്ങളില്‍ കൈ ഉയര്‍ത്താതിരിക്കുവാനും ശ്രദ്ധിക്കേണ്ടതാണ്. ഉദാ: ഖുത്വുബക്കിടയില്‍ ഉള്ള പ്രാര്‍ഥന, സുജൂദിലെ പ്രാര്‍ഥന.

ഫര്‍ദ് നമസ്‌കാരങ്ങളുടെ ശേഷമുള്ള പ്രാര്‍ഥനകളില്‍ നബി ﷺ  കൈ ഉയര്‍ത്തി എന്ന് പ്രത്യേകം ഉദ്ധരിക്കപ്പെടാത്തതിനാല്‍ ആ സന്ദര്‍ഭത്തില്‍ കൈ ഉയര്‍ത്തേണ്ടതില്ല എന്നതാണ് കൂടുതല്‍ പ്രബലമായ അഭിപ്രായം.

പ്രഭാഷണങ്ങള്‍, ക്ലാസ്സുകള്‍, വിജ്ഞാന സദസ്സുകള്‍ എന്നിവ അവസാനിക്കുമ്പോള്‍ നബി ﷺ  അധികവും പ്രാര്‍ഥന നിര്‍വഹിച്ചിട്ടേ എഴുന്നേല്‍ക്കാറുണ്ടായിരുന്നുള്ളൂ എന്ന് ഇബ്‌നു ഉമര്‍(റ) പറഞ്ഞത് ഇമാം തിര്‍മിദി സ്വീകാര്യയോഗ്യമായ പരമ്പരയോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രമാണങ്ങള്‍ പഠിപ്പിച്ച എല്ലാ മര്യാദകളും പാലിച്ചും തെറ്റായ രീതികളെ വര്‍ജിച്ചും താഴ്മയോടെയും വിനയാന്വിതരായും നമ്മുടെ സ്രഷ്ടാവിനോട് നമുക്ക് പ്രാര്‍ഥിക്കാം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍!

 

ഫൈസല്‍ പുതുപ്പറമ്പ്
നേർപഥം വാരിക

ആദര്‍ശ ധീരതയുടെ ബദ്ര്‍

ആദര്‍ശ ധീരതയുടെ ബദ്ര്‍

പ്രമാണബന്ധിതമായ വിശ്വാസങ്ങളാലും ആചാരങ്ങളാലും പരിപൂര്‍ണമാക്കപ്പട്ട മതമാണ് ഇസ്‌ലാം. ഒരു മുസ്ലിം അവന്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും എന്തു ചെയ്യണമെന്നും എന്ത് ചെയ്യാന്‍ പാടില്ലെന്നും എന്ത് വിശ്വസിക്കണമെന്നും എന്ത് വിശ്വസിക്കാന്‍ പാടില്ലെന്നും വളരെ കൃത്യമായി ക്വുര്‍ആനും നബിചര്യയും പഠിപ്പിപ്പിക്കുന്നുണ്ട്.

ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ പരലോക വിജയത്തിന് വേണ്ടി നിര്‍ബന്ധമായും ഐഛികമായും നിര്‍വഹിക്കുന്ന കര്‍മങ്ങളാണല്ലോ ആരാധനകള്‍. അതില്‍ പ്രമാണങ്ങള്‍ പഠിപ്പിച്ചതിനപ്പുറമായി ഒന്നും അധികരിപ്പിക്കുവാനും കുറയ്ക്കുവാനും ആര്‍ക്കും അധികാരമില്ല. ഒരു സത്യവിശ്വാസി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവന്‍ ഉദ്ദേശിക്കുന്നത് അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലവും അവന്റെ സാമീപ്യവുമാണ് എങ്കില്‍ അല്ലാഹു എന്താണോ പഠിപ്പിച്ചത് അത് മാത്രമാണ് അവന്‍ ചെയ്യേണ്ടത്. സ്വര്‍ഗവും നരകവും ഒരുക്കിവെച്ചത് അല്ലാഹുവാണ് എങ്കില്‍ ആ സ്വര്‍ഗത്തിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് എന്ന് നമുക്ക് പഠിപ്പിച്ചുതരേണ്ടതും അല്ലാഹു തന്നെയാണ്. അത്‌കൊണ്ടു തന്നെ അല്ലാഹുവിന്റെ കല്‍പനകള്‍ക്കും നിയമങ്ങള്‍ക്കും അപ്പുറമായി പ്രവര്‍ത്തിക്കുവാന്‍ ഒരു വിശ്വാസിക്ക് പാടുള്ളതല്ല. മതത്തിന്റെ ഭാഗമായി എന്തൊരു കാര്യമാണോ നബി ﷺ  പഠിപ്പിച്ചു തന്നിട്ടുള്ളത് അതിനെതിരെ പ്രവര്‍ത്തിക്കുവാനും ഒരാള്‍ക്കും അനുവാദമില്ല. അത്തരക്കാര്‍ക്ക് അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നതില്‍ സംശയമില്ല.

”തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (ക്വുര്‍ആന്‍ 4:115).

ഇത്തരക്കാരുടെ കര്‍മങ്ങള്‍ അല്ലാഹുവിന്റെ അടുക്കല്‍ സ്വീകാര്യയോഗ്യവും അല്ല. ‘നമ്മുടെ ഈ (മതത്തിന്റെ) കാര്യത്തില്‍ വല്ലവനും അതില്‍ ഇല്ലാത്തത് കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളപ്പെടുന്നതാകുന്നു’ എന്നാണല്ലോ നബി ﷺ  പഠിപ്പിച്ചിട്ടുള്ളത്. നമ്മുടെ പാപങ്ങള്‍ പൊറുക്കപ്പെടാനും സല്‍കര്‍മങ്ങളുമായി അല്ലാഹുവിലേക്ക് അടുക്കുവാനുമുള്ള ഏറ്റവും നല്ല ഒരു വേദിയാണ് പരിശുദ്ധ റമദാന്‍ മാസം. റമദാനില്‍ നമ്മള്‍ നിര്‍വഹിക്കുന്ന ഏതൊരു ആരാധനയും അല്ലാഹു നമ്മോട് കല്‍പിച്ചതുകൊണ്ട് മാത്രമാണ് നാം നിര്‍വഹിക്കുന്നത്. എന്നാല്‍ ഈ പരിശുദ്ധ മാസത്തില്‍ പോലും നബി ﷺ യുടെ മാതൃകയില്ലാത്ത ഒട്ടനവധി പുത്തനാചാരങ്ങള്‍ ചെയ്യുന്നവരെ മുസ്ലിം സമൂഹത്തില്‍ കാണാന്‍ കഴിയുന്നു എന്നത് ഏറെ സങ്കടകരമായ കാര്യമാണ്. അത്തരത്തില്‍ പെട്ട ഒന്നാണ് ‘ബദ്‌രീങ്ങളുടെ ആണ്ട്’ എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍.  

മുസ്‌ലിം സമൂഹത്തിന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്തുകൊണ്ട് ജീവിക്കുന്ന പൗരോഹിത്യമാണ് ഇതിന്റെയെല്ലാം പിന്നിലുള്ളത്. ഒരു സത്യവിശ്വാസി ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം അകന്നു നില്‍ക്കേണ്ടതാണ്. നബി ﷺ യുടെയും അനുചരന്മാരുടെയും മദീനാജീവിത കാലഘട്ടത്തില്‍ മക്കയിലെ മുശ്‌രിക്കുകളുമായി ബദ്‌റില്‍ വെച്ചു നടന്ന യുദ്ധത്തില്‍ പങ്കെടുത്ത വിശ്വാസികളെ ഉദ്ദേശിച്ചാണ് ബദ്‌രീങ്ങള്‍ എന്ന് പറയുന്നത്.  ബദ്ര്‍യുദ്ധ ശേഷം ഏതാണ്ട് ഒന്‍പതു വര്‍ഷം നബി ﷺ  മദീനയില്‍ ജീവിച്ചിട്ടുണ്ട്. നബി ﷺ യോ സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട സ്വഹാബികളോ ബദ്‌റില്‍ പങ്കെടുത്ത മറ്റു മഹാന്മാരോ ഇത്തരമൊരു പ്രവര്‍ത്തനത്തിന് മാതൃക കാണിച്ചു തന്നിട്ടില്ല. അത് സല്‍കര്‍മമായിരുന്നുവെങ്കില്‍ നമ്മളെക്കാള്‍ കൂടുതല്‍ താല്‍പര്യത്തോടെയും ഉത്സാഹത്തോടെയും അത് നിര്‍വഹിക്കുക സ്വഹാബികളാണ്. പക്ഷേ, സ്വഹാബികളുടെ ജീവിതം പരിശോധിച്ചുനോക്കിയാല്‍ അത്തരം ഒരു കാര്യം നമുക്ക് കാണുക സാധ്യമല്ല.  

ഇസ്‌ലാം പഠിപ്പിക്കാത്ത പുതിയ ആരാധന രീതികള്‍ കടന്നുവരുമ്പോള്‍ അതിനകത്ത് ശിര്‍ക്ക് കൂടി ഉണ്ടാവുക എന്നുള്ളത് സ്വാഭാവികമാണ്. മഹാത്മാക്കളുടെയും ശുഹദാക്കളുടെയും പേര് പറഞ്ഞു കൊണ്ടും അവരോടുള്ള സ്‌നേഹവും ബഹുമാനവും എന്ന് വിശദീകരിച്ച് ന്യായീകരിച്ചു കൊണ്ടും അവരെ വിളിച്ചു പ്രാര്‍ഥിക്കുന്ന ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങളാണ് ഇന്ന് സമൂഹത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആരാധനക്കര്‍ഹനായി അല്ലാഹു മാത്രമേയുള്ളൂ എന്നും മുഹമ്മദ് നബി ﷺ  അല്ലാഹുവിന്റെ പ്രവാചകനാണ് എന്നും പ്രഖ്യാപിച്ചതിന്റെ ഭാഗമായി സ്വന്തം നാടും വീടും കുടുംബവും വിട്ടു പോകേണ്ടി വന്നവരാണ് സ്വഹാബിമാര്‍. മക്ക വിട്ട് മദീനയിലേക്ക് പോയിട്ടു പോലും അവരുടെ സൈ്വരജീവിതം കെടുത്തുവാനായിരുന്നു സത്യനിഷേധികളുടെ ശ്രമം. കച്ചവടത്തില്‍നിന്നു ലഭിക്കുന്ന ലാഭം മുസ്‌ലിംകള്‍ക്കെതിരെ ഉപയോഗിക്കുവാന്‍ അവര്‍ ധൃഷ്ടരായി. ഈ ഘട്ടത്തില്‍ നിലനില്‍പിനു വേണ്ടി യുദ്ധം ചെയ്യുവാനുള്ള അനുവാദം അല്ലാഹു നല്‍കുകയായിരുന്നു. അങ്ങനെയാണ് ബദ്‌റില്‍ ഏറ്റുമുട്ടലുണ്ടായത്.

അല്ലാഹുവിന്റെ ഏകത്വം അഥവാ തൗഹീദ് അംഗീകരിക്കാത്തവരും അംഗീകരിക്കുന്നവരും തമ്മിലാണ് ബദ്‌റില്‍ ഏറ്റുമുട്ടിയത്. പക്ഷേ, ഇന്ന് നാം കാണുന്നതെന്താണ്? അല്ലാഹുവിനോട് മാത്രമെ പ്രാര്‍ഥിക്കാവൂ എന്ന ആദര്‍ശത്തിന്റെ നിലനില്‍പിനായി പോരാടിയ ബദ്‌രീങ്ങളെത്തന്നെ വിളിച്ചു പ്രാര്‍ഥിക്കുന്ന ദുരന്തപൂര്‍ണമായ കാഴ്ചയാണ് സമൂഹത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കുന്നത്. നബി ﷺ യും ബദ്രീങ്ങളും പ്രാര്‍ഥിച്ചത് അല്ലാഹുവോടായിരുന്നു. അതിന്റെ പേരിലാണ് എല്ലാ പ്രയാസങ്ങളും അവര്‍ക്ക് സഹിക്കേണ്ടി വന്നത്.

എന്നാല്‍ ഈ ബദ്‌രീങ്ങളുടെ മദ്ഹ് പറയുന്നു എന്ന പേരില്‍ ബദ്ര്‍ മൗലിദും ബദ്ര്‍ മാലയും പാടുന്നവര്‍ അല്ലാഹുവിന്റെ ദീനിന്റെ പേരില്‍ ഈ കാട്ടിക്കൂട്ടുന്നത് കടുത്ത അക്രമമാണെന്ന് ചിന്തിക്കുന്നില്ല. ഏതൊരു ആദര്‍ശത്തിനു വേണ്ടിയാണോ ബദ്‌രീങ്ങള്‍ പോരാടിയത് അതിന് നേര്‍വിപരീതമായ പ്രവര്‍ത്തനമാണ് തങ്ങള്‍ ചെയ്യുന്നത് എന്നും ഇവര്‍ മനസ്സിലാക്കുന്നില്ല. പ്രയാസങ്ങളും രോഗങ്ങളും ദുഃഖങ്ങളും പരീക്ഷണങ്ങളും ഒക്കെ ഉണ്ടാകുമ്പോള്‍ ബദ്‌രീങ്ങളെ വിളിച്ച് സഹായം തേടുവാനാണ് ഇവര്‍ പഠിപ്പിക്കപ്പെടുന്നത്. ബദ്‌റില്‍ പങ്കെടുത്ത സ്വഹാബിമാരില്‍ 14 പേര്‍ മാത്രമാണ് ശഹീദായത്. ബാക്കിയുള്ള സ്വഹാബിമാരില്‍ പലരും രോഗം ബാധിച്ചും മറ്റു യുദ്ധങ്ങളില്‍ ശത്രുക്കളുടെ വെട്ടേറ്റുമൊക്കെയാണ് മരണപ്പെട്ടു പോയത്. ബദ്ര്‍ യുദ്ധത്തിന് ശേഷം ജീവിച്ചിരുന്ന സ്വഹാബിമാരില്‍ ആരും തന്നെ ബദ്‌റില്‍ ശഹീദായവരോട് പ്രാര്‍ഥിക്കുകയോ സഹായതേട്ടം നടത്തുകയോ ചെയ്തിട്ടില്ല.

അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥനകള്‍ വ്യര്‍ഥമാണെന്നും കടുത്ത അക്രമമാണെന്നും ക്വുര്‍ആനിലൂടെ വ്യക്തമായിത്തന്നെ അല്ലാഹു പഠിപ്പിക്കുന്നുണ്ട്. ഒരു വിശ്വാസി ചെയ്യുന്ന സല്‍കര്‍മങ്ങളെ പോലും തകര്‍ത്തു കളയുന്ന തരത്തിലുള്ള മഹാപാപമാണ് ശിര്‍ക്ക് അഥവാ അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍.

”അല്ലാഹുവിന് പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും. നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന്‍ അനുഭവിപ്പിക്കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ”്യൂ(ക്വുര്‍ആന്‍ 10:106,107).

”അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്നപക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല” (ക്വുര്‍ആന്‍ 35:18).

”അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു. മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ത്തില്‍ അവര്‍ ഇവരുടെ ശത്രു ക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും” (ക്വുര്‍ആന്‍ 46:5,6).

”അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവന്നു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നതെല്ലാം വ്യര്‍ഥമാകുന്നു. അല്ലാഹു തന്നെയാകുന്നു ഉന്നതനും വലിയവനും” (31:30).

”അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു” (ക്വുര്‍ആന്‍ 13:14).

പരിശുദ്ധ റമദാന്‍ മാസത്തില്‍ നാം നിര്‍വഹിക്കുന്ന നോമ്പും രാത്രി നമസ്‌കാരവും ദാനധര്‍മങ്ങളുമെല്ലാം നിഷ്ഫലമായിപ്പോകുന്ന പ്രവര്‍ത്തനമാണ് ശിര്‍ക്കെന്ന മഹാപാപം. പുണ്യകര്‍മങ്ങള്‍ക്ക് ഇരട്ടിയിരട്ടി പ്രതിഫലം ലഭിക്കുന്ന റമദാന്‍ മാസത്തില്‍ പോലും ബിദ്അത്തുകളും റബ്ബിനോടല്ലാത്ത പ്രാര്‍ഥനകളും മുസ്‌ലിം സമൂഹത്തില്‍ നിന്നും ഉണ്ടാകുമ്പോള്‍ അതില്‍ ഏറെ സന്തോഷിക്കുന്നത് പിശാചായിരിക്കുമെന്നതില്‍ സംശയമില്ല. പരമാവധി ആളുകള്‍ നരകാവകാശികളായിത്തീരുക എന്നതാണല്ലോ പിശാചിന്റെ പ്രവര്‍ത്തന ലക്ഷ്യം.  

റമദാന്‍ 17ന് പ്രത്യേകമായി നടത്തുന്ന നേര്‍ച്ചകളും അറവുകളും പ്രത്യേകമായി ചെയ്യുന്ന മറ്റു ആരാധനകളും ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ക്ക് അന്യമാണ്. പ്രവാചകന്റെയും സ്വഹാബത്തിന്റെയും ജീവിതത്തില്‍ നമുക്ക് ഇത്തരം കാര്യങ്ങള്‍ കാണുക സാധ്യമല്ല. ബദ്‌രീങ്ങളുടെ തൃപ്തിയും പൊരുത്തവും ലഭിക്കണം എന്ന ഉദ്ദേശത്തോടു കൂടിയാണ് ബദ്‌രീങ്ങളുടെ പേരില്‍ മൃഗത്തെ നേര്‍ച്ചയാക്കുന്നതും ബലിയറുക്കുന്നതും. അല്ലാഹുവിന്റെ പേരിലും അല്ലാഹുവിന് വേണ്ടിയും മാത്രമെ ഇത്തരം കര്‍മങ്ങള്‍ ചെയ്യാവൂ. അല്ലാഹു അല്ലാത്തവരുടെ തൃപ്തിക്കു വേണ്ടി അറുക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു എന്നാണ് നബി ﷺ  പഠിപ്പിച്ചിട്ടുള്ളത്.

നമ്മുടെ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പ്രമാണങ്ങളുമായി നാം മാറ്റുരച്ചു നോക്കേണ്ടതുണ്ട്. സ്വഹാബിമാരും അവരെ തുടര്‍ന്ന് ജീവിച്ച താബിഉകളുമായിട്ടുള്ള സച്ചരിതര്‍ പുലര്‍ത്തിപ്പോന്ന വിശ്വാസങ്ങളും കര്‍മാനുഷ്ഠാനങ്ങളും മതി നമുക്കും പരലോകത്ത് രക്ഷ ലഭിക്കാന്‍. പുതിയ ഒരു ആരാധന നമ്മുടെ വകയായി നാം നിര്‍മിക്കേണ്ടതില്ല. മതത്തില്‍ നൂതനകാര്യങ്ങള്‍ (ബിദ്അത്ത്) കടത്തിക്കൂട്ടിയവര്‍ക്ക് നാളെ പരലോകത്തില്‍വെച്ച് ഹൗദ്വുല്‍ കൗഥറിലെ വെള്ളം കുടിക്കാന്‍ ലഭിക്കില്ലെന്നും അവര്‍ അതില്‍നിന്ന് ആട്ടിയകറ്റപ്പെടുമെന്നും നബി ﷺ  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബദ്‌റില്‍ പങ്കെടുത്ത പ്രവാചകാനുചരന്മാരുടെ പാത പിന്‍പറ്റി അചഞ്ചലമായി തൗഹീദിന്റെ മാര്‍ഗത്തില്‍ ജീവിതത്തിന്റെ അവസാനം വരെയും നിലകൊള്ളുന്നവരായി നാം മാറേണ്ടതുണ്ട്. അതിനായി റമദാനിന്റെ പുണ്യം നിറഞ്ഞ ദിനരാത്രങ്ങളില്‍ സര്‍വശക്തനോട് തേടിക്കൊണ്ടിരിക്കുക.

 

അബുല്‍ ഫദ്ല്‍ ഇഹ്‌സാനുല്‍ ഹഖ്
നേർപഥം വാരിക

ബദ്‌റും ബദ്‌രീങ്ങളും ഇസ്‌ലാമിലും സമൂഹത്തിലും

ബദ്‌റും ബദ്‌രീങ്ങളും ഇസ്‌ലാമിലും സമൂഹത്തിലും

ഇസ്‌ലാമിക ചരിത്രത്തില്‍ ഏറെ പ്രസിദ്ധവും മഹത്ത്വമുള്ളതുമായ ഒന്നാണ് ബദ്ര്‍ യുദ്ധം. ‘യൗമുല്‍ ഫുര്‍ക്വാന്‍’ (സത്യവും അസത്യവും വേര്‍തിരിക്കപ്പെട്ട ദിവസം) എന്നാണ് അല്ലാഹു അതിനെ വിശേഷിപ്പിച്ചത്. ഉറ്റാലോചിക്കുന്നവര്‍ക്ക് അതില്‍ ഒട്ടേറെ ഗുണപാഠങ്ങളുണ്ടെന്നു ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു: 

”(ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട് വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ്‌തോന്നിയിരുന്നത്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സഹായം കൊണ്ട് പിന്‍ബലംനല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക് അതില്‍ ഒരു ഗുണപാഠമുണ്ട്”(ക്വുര്‍ആന്‍ 3:13).

നിഷ്‌കളങ്കമായ വിശ്വാസവും അല്ലാഹുവിനോട് മാത്രമുള്ള പ്രാര്‍ഥനയും അവനില്‍ മാത്രം ഭരമേല്‍പിച്ച് സ്ഥൈര്യമോടെ നിലകൊണ്ടതുമാണ് ദുര്‍ബലരായ മുസ്‌ലിം സൈന്യത്തിന് വിജയത്തിലേക്കുള്ള വഴി തുറന്നുകൊടുത്തത്. ആള്‍ബലവും ആയുധബലവുമുള്ള ശത്രുസൈന്യമാകട്ടെ അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കുന്നവരും അഹങ്കാരികളും ധിക്കാരികളുമായിരുന്നു. 

മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസ, കര്‍മ മണ്ഡലങ്ങളെ മലിനമാക്കുന്ന പൗരോഹിത്യത്തിന്റെ ഇടപെടല്‍ ബദ്‌റും ബദ്‌റില്‍ പങ്കെടുത്തവരുമായും ബന്ധപ്പെട്ട ചരിത്രത്തിലും ഒട്ടും കുറവല്ല എന്ന് കാണുവാന്‍ സാധിക്കും.  ബദ്ര്‍ യുദ്ധത്തിന്റെ പേരില്‍ ഇവര്‍ ദീനിലേക്ക് കടത്തിക്കൂട്ടിയ ശിര്‍ക്കും ബിദ്അത്തും അനേകമാണ്. അവയെ തുറന്നു കാണിക്കലും തിരുത്തലും സത്യസന്ധരായ പ്രബോധകരുടെ കടമയാണ്. അവയില്‍ പ്രധാനപ്പെട്ട ചിലതിലൂടെ ഒന്ന് കണ്ണോടിക്കാം. 

ബദ്ര്‍ദിനം ആചരിക്കുന്നു 

അല്ലാഹുവിന്റെ കല്‍പന പ്രകാരം ഉണ്ടായ ബദ്ര്‍യുദ്ധം നടന്ന ദിനത്തെ പ്രത്യേക ദിനമായി ആചരിക്കുവാനും ആണ്ടുതോറും കൊണ്ടാടുവാനും ഇസ്‌ലാം പഠിപ്പിച്ചിട്ടില്ല. എന്നാല്‍ സമസ്തക്കാര്‍ വളരെയധികം പോരിശയോടെ അത് കൊണ്ടാടുന്നു. അവര്‍ തന്നെ എഴുതുന്നു: ”നബി ﷺ യുടെ കാലത്തുണ്ടായിരുന്ന ഈ ബദ്ര്‍ മൗലിദ് പരിപാടി നമ്മുടെ കല്യാണ വീടുകളിലും പുതിയ വീട്, കട, എന്നിവയുടെ ഉദ്ഘാടന വേളയിലും പ്രത്യേകിച്ചു റമദാന്‍ പതിനേഴിനും  സസന്തോഷം നടന്നുവരുന്നത് ഏറെ മഹത്തരമാണ്”(പുണ്യ ദിനങ്ങളും ആചാരങ്ങളും: മുനീര്‍ സഅദി, പേജ് 91).

‘നബി ﷺ യുടെ കാലത്തുണ്ടായിരുന്ന ഈ ബദ്ര്‍ മൗലിദ് പരിപാടി’ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇത് ശുദ്ധമായ കളവല്ലേ? ഇവരുടെ പക്കലുള്ള ബദ്ര്‍ മൗലിദ് നബി ﷺ യുടെ കാലത്ത് ഉണ്ടായിരുന്നതാണോ? നബി ﷺ യും സ്വഹാബിമാരും ‘ബദ്ര്‍ മൗലിദ് പരിപാടി’ നടത്തിയതായി തെളിയിക്കാന്‍ എന്ത് പ്രമാണമാണ് ഇവരുടെ പക്കലുള്ളത്? 

ബദ്‌രീങ്ങളോട് പ്രാര്‍ഥിക്കല്‍ 

പ്രാര്‍ഥന അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ടതാകുന്നു. അത് മറ്റൊരാള്‍ക്ക് നല്‍കല്‍ തികഞ്ഞ നന്ദികേടാണ്. അല്ലാഹു പറയുന്നു:

”(നബിയേ,)പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല” (ക്വുര്‍ആന്‍ 72:20). 

ബദ്‌റില്‍ ഒത്തുചേര്‍ന്ന പ്രവാചകനും അനുയായികളും പ്രാര്‍ഥിച്ചത് അല്ലാഹുവിനോട് മാത്രം. പ്രാര്‍ഥന അല്ലാഹുവല്ലാത്തവരോടും ആകാം എന്നതായിരുന്നു ശത്രുക്കളുടെ വാദം. ഇത് ഇസ്‌ലാമികചരിത്രത്തിന്റെ ബാലപാഠമറിയുന്നവര്‍ക്കെല്ലാം അറിയാം. എന്നാല്‍ സമസ്തയുടെ വിശ്വാസം കാണുക: ”മുഹിയുദ്ദീന്‍ ശൈഖേ രക്ഷിക്കണേ, ബദ്‌രീങ്ങളേ കാക്കണേ പോലെ മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു പ്രാര്‍ഥിക്കല്‍ ശിര്‍ക്കല്ല; അനുവദനീയം ആണെന്ന് സുന്നികള്‍…” (കുണ്ടുതോട് വാദപ്രതിവാദം, 1974 ജൂണ്‍ 1, പേജ് 2). ഈ വിശ്വാസവും ഇസ്‌ലാമും തമ്മിലെന്ത് ബന്ധം? ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെങ്കില്‍ എന്തിനാണ് ബദ്ര്‍യുദ്ധം നടന്നത്?

ബദ്‌രീങ്ങളെ വിളിച്ച് സഹായംതേടല്‍ 

ബദ്‌റില്‍ ശത്രു സൈന്യത്തെ നേരിടാനൊരുങ്ങവെ ‘ബദ്‌രീങ്ങള്‍’ സഹായം തേടിയത് അല്ലാഹുവിനോട് മാത്രം. അല്ലാഹു പറയുന്നു: 

”നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി” (ക്വുര്‍ആന്‍ 8:9).

ഇതൊന്നും സമസ്തക്കാര്‍ കണ്ട മട്ടില്ല. അവരുടെ ധിക്കാരത്തിന്റെയും പ്രമാണനിഷേധത്തിന്റെയും ആഴം കാണുക: ”ഏതേതു പ്രശ്‌നങ്ങളായിരുന്നാലും ശരി ഐഹികമാകട്ടെ പാരത്രികമാകട്ടെ ബദരീങ്ങളെ വിളിച്ച് സഹായം തേടിയാല്‍ തീര്‍ച്ചയായും സഹായം ലഭിക്കപ്പെടും. ഇസ്‌ലാമിക പ്രമാണങ്ങളില്‍ അതിനു മതിയായ രേഖകള്‍ പ്രസ്പഷ്ടമായിരിക്കെ അത് ശിര്‍ക്കാണെന്ന് പറയുന്നവരുടെ തലക്കാണ് വട്ട്” (ബദ്ര്‍ മൗലിദ് പരിഭാഷയും വിവരണവും, പേജ് 43). വിശ്വാസികളുടെ ദിനേനയുള്ള പ്രതിജ്ഞ മാത്രമാണ് ഇതിനുള്ള മറുപടി. അല്ലാഹു പറയുന്നു: ”നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു” (ക്വുര്‍ആന്‍ 1:5).

ബദ്‌രീങ്ങളുടെ പേരില്‍ നേര്‍ച്ചയാക്കല്‍ 

നേര്‍ച്ച ആരാധനയും അല്ലാഹുവിനു ഇഷ്ടമുള്ളതുമായതിനാല്‍ അവന്റെ നാമത്തിലും അവനെ അനുസരിക്കുന്നതിലുമാണ് നേരേണ്ടത്. നേര്‍ച്ച നേര്‍ന്നവര്‍ അത് പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: 

”നേര്‍ച്ച അവര്‍ നിറവേറ്റുകയും ആപത്തു പടര്‍ന്ന് പിടിക്കുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെടുകയും ചെയ്യും” (ക്വുര്‍ആന്‍ 76:7).

ഇന്ന് പ്രചാരത്തിലുള്ള, ഇസ്‌ലാമുമായി ബന്ധമില്ലാത്ത അനേകം നേര്‍ച്ചാഘോഷങ്ങള്‍ ഉണ്ട്. അതിലൊന്നാണ്  ബദ്‌രീങ്ങളുടെ പേരിലുള്ള നേര്‍ച്ച. സമസ്തയുടെ വിശ്വാസം കാണുക: ”ബദ്‌രീങ്ങളുടെ പേരില്‍ ഫാതിഹയും യാസീനും പാരായണം ചെയ്ത് ഹദ്‌യ ചെയ്യലും അവരുടെ പേരിലുള്ള ആണ്ടു നേര്‍ച്ചകളും ഈമാന്‍ സലാമത്താകാനുള്ള മാര്‍ഗങ്ങളാണ്, നമ്മുടെ മുന്‍ഗാമികള്‍ കാണിച്ചുതന്ന ഈ സദാചാരം നാമും മുറുകെ പിടിക്കണം” (സുന്നി അഫ്കാര്‍, 2015 ജനുവരി 21, പേജ് 7). 

സലഫുസ്സ്വാലിഹുകളില്‍ ഇതിന് മാതൃക കണ്ടെത്താന്‍ കഴിയില്ലെന്നുറപ്പാണ്. മുന്‍ഗാമികള്‍ എന്നതുകൊണ്ട് ഇവര്‍ ഉദ്ദേശിച്ചത് ശിയാക്കളും സ്വൂഫികളും ബറേല്‍വികളും ആണെങ്കില്‍ ശരി. അല്ലാതെ സ്വഹാബികളും താബിഉകളും അവരുടെ ശേഷക്കാരുമാകുന്ന സച്ചരിതരായ മുന്‍ഗാമികളില്‍ ഇതിന് മാതൃക കണ്ടെത്തുവാന്‍ സാധ്യമല്ല. 

ബദ്‌രീങ്ങളെകൊണ്ടുള്ള ഇടതേട്ടം

ഇടതേട്ടം അനുവദനീയമായതും അല്ലാത്തതുമുണ്ട്. നാം ചെയ്ത സല്‍കര്‍മങ്ങളെ മുന്‍നിര്‍ത്തിയും നല്ലവരുടെ പ്രാര്‍ഥന കൊണ്ടും അല്ലാഹുവിന്റെ നാമങ്ങള്‍ കൊണ്ടും നമുക്ക് റബ്ബിനോട് തേടാം. എന്നാല്‍ പ്രവാചകന്റെയോ സ്വാലിഹുകളുടെയോ ഹഖ്, ജാഹ്, ബര്‍കത്ത് കൊണ്ട് ഇടതേടല്‍ ഇസ്‌ലാം പഠിപ്പിച്ചതല്ല. ബദ്‌രീങ്ങളുടെ പേരില്‍ സമസ്തക്കാര്‍ വെച്ചുപുലര്‍ത്തുന്ന വിശ്വാസം ഒന്ന് കാണുക: ”എല്ലാവിധ കാവലിനും പ്രധാന വഴി ബദ്‌രീങ്ങളെ തവസ്സുലാക്കുക (ഇടതേടുക) തന്നെ. എത്രത്തോളം, മരണസമയത്ത്ഇബ്‌ലീസിന്റെ ഫിത്‌നയില്‍ നിന്ന് കാവല്‍ തേടാനും അത് ഉപയുക്തമാകുന്നു.”(ബദ്ര്‍ മൗലിദ് പരിഭാഷയും വിവരണവും, പേജ് 51).

ഇസ്‌ലാം പഠിപ്പിക്കുന്നത് എല്ലാവിധ കാവലും അല്ലാഹുവിനോട് നേരിട്ട് ചോദിക്കുവാനാണ്; അല്ലാതെ ബദ്‌രീങ്ങളെ തവസ്സുലാക്കി ചോദിക്കുവാനല്ല. ബദ്ര്‍യുദ്ധ ശേഷം ജീവിച്ച നബി ﷺ ക്കും സ്വഹാബത്തിനും പരിചയമില്ലാത്ത ഒരു വിശ്വാസം എങ്ങനെയാണ് മുസ്‌ലിംകള്‍ക്ക് അംഗീകരിക്കുവാന്‍ കഴിയുക?

ബദ്ര്‍ബൈതും ബദ്ര്‍മൗലിദും 

തമിഴ്‌നാട്ടുകാരനായ ‘അല്ലാമാ മാപ്പിള ലബ്ബൈ അലീം’ ആണ് ബദ്ര്‍ മൗലിദിന്റെ രചയിതാവ്. സമസ്തക്കാര്‍ ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇത് എന്തിനു വേണ്ടിയാണെന്ന് അവര്‍ തന്നെ വ്യക്തമാക്കുന്നു: ”ഉദ്ദേശ സഫലീകരണത്തിന്, ബാലാഉ മുസ്വീബത്തുകളില്‍ നിന്നും മോചനം ലഭിക്കുന്നതിന്, വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കാവല്‍ ലഭിക്കുന്നതിന് എല്ലാം തന്നെ ബദ്ര്‍ മൗലിദ് ഓതി വരുന്നു” (ബദ്ര്‍ മൗലിദ് പരിഭാഷയും വിവരണവും, പേജ് 6). 

ഇത് ചൂഷണത്തിന്റെ വഴിയാണെന്ന് അവര്‍ തന്നെ തെളിയിക്കുന്നത് കാണുക: ”ഇവിടെയാണ് പൂര്‍വികര്‍ നടപ്പിലാക്കിയ ഇത്തരം ആത്മീയ സംരംഭങ്ങളെ നാം ഗൗരവത്തോടെ വിലയിരുത്തേണ്ടത്. മന്‍ക്വൂസ് മൗലിദ് പാരായണം ചെയ്താണ് അവര്‍ വസൂരി മാറ്റിയിരുന്നത്, സുഖ പ്രസവം ഉറപ്പു വരുത്തിയത്. ഖുതുബിയ്യതും ബദ്ര്‍, മുഹ്‌യിദ്ദീന്‍ മാലകളും ആലപിച്ചാണവര്‍ സൈ്വര്യം ഭദ്രമാക്കിയത്” (സുന്നി അഫ്കാര്‍: 2015, പേജ് 11). 

എത്ര വലിയ അപരാധമാണ് ഇക്കൂട്ടര്‍ ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും! 

”(നബിയേ,) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 5:76) എന്ന അല്ലാഹുവിന്റെ വചനത്തിന്റെ പൊരുള്‍ ഇവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

ബദ്‌രീങ്ങളുടെ പേരില്‍ കാവലാക്കല്‍ 

അസ്മാഉല്‍ ബദ്‌രിയ്യീന്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണ്. ബദ്‌റില്‍ ശുഹദാക്കളായ സ്വഹാബികളുടെ നാമങ്ങള്‍ വീട്ടിലോ മറ്റു വസ്തുക്കളിലോ തൂക്കിയിട്ടാല്‍ അതിനുള്ള കാവലാണത്രെ. നബി ﷺ യും സ്വഹാബത്തും കാവല്‍തേടിയത് അല്ലാഹുവിനോട് മാത്രം. വിശ്വാസികള്‍ അതാണ് പിന്‍പറ്റേണ്ടത്. 

അല്ലാഹു പറയുന്നു: ”അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട”(ക്വുര്‍ആന്‍ 65:3). 

ഇതിനെതിരാണ് സമസ്തക്കാരുടെ നിലപാട്. ബദ്ര്‍ ശുഹദാക്കളുടെ നാമങ്ങളെ പ്രശംസിച്ച് അവര്‍ എഴുതിയത് കാണുക: ”ബദ്‌രീങ്ങളുടെ നാമങ്ങള്‍ ജപിക്കലും അവരെ കൊണ്ട് ഇടതേടലും അവരുടെ നാമം എഴുതലും അതിനെ ചുമക്കലും നാമങ്ങള്‍ വീട്ടില്‍ ബന്ധിപ്പിക്കലും സംരക്ഷണത്തിനും വിജയത്തിനും രക്ഷപ്പെടുവാനും മറ്റു പല പ്രയോജനങ്ങള്‍ക്കും കാരണമാണ്” (സുന്നി അഫ്കാര്‍: 2015 ജനുവരി 21, പേജ് 7). 

ഇത് സമസ്തയുടെ ആചാര്യന്‍ അഹ്മദ് കോയ ശാലിയാത്തി രചിച്ചതായതിനാല്‍ തന്നെ 1933ല്‍ അവര്‍ പാസ്സാക്കിയ എട്ടാം പ്രമേയത്തില്‍ ഇതിനെ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

മജ്‌ലിസ്സുന്നൂറും അല്‍മഹഌറത്തില്‍ ബദ്‌രിയ്യയും 

സമസ്ത ആശയപരമായി ഒന്നായത് കൊണ്ട് സംഘടനാപക്ഷപാതിത്വം മൂലം ഉണ്ടായിവന്ന കാര്യങ്ങളാണിത്. അവരുടെ സംഘടനാകാര്യം എന്തുമാകട്ടെ, അത് അവരുടെ സ്വാതന്ത്ര്യം. പക്ഷേ, മതത്തിന്റെ പേരില്‍ നൂതനകാര്യങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കലാണ് പ്രശ്‌നം. 2012ല്‍ സയ്യിദ് ഹൈദരലി  ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് ഇ.കെ വിഭാഗം മജ്‌ലിസ്സുന്നൂര്‍ എന്ന സംഗമം തുടങ്ങുന്നത്. അതിന്റെ ലക്ഷ്യം ഇതാണ്: ”അര മണിക്കൂറില്‍ കവിയാത്ത ആത്മീയ ബോധനവും തുടര്‍ന്ന് അസ്മാഉല്‍ ബദ്ര്‍ ആലാപനവും യാസീന്‍ പാരായണവും നടത്തി ദുആ ചെയ്ത് പിരിഞ്ഞു പോകുന്നതാണ് ജില്ലാ കമ്മിറ്റി നിര്‍ദേശിക്കുന്നതിന്റെ രീതി ‘(സുന്നി അഫ്കാര്‍, 2015ജനുവരി, പേജ് 9). ഇതിന്റെ പോക്ക് കണ്ട് സഹിക്കവയ്യാതെ എ.പി വിഭാഗം കാന്തപുരത്തിന്റെ നിര്‍ദേശ പ്രകാരം ഈ അടുത്ത് തുടങ്ങിയ ഏര്‍പ്പാടാണ് അല്‍മഹഌറത്തില്‍ ബദ്‌രിയ്യ. ഇതിന്റെ ക്രമം ഇങ്ങനെയാണ്: ”ഒന്നര മണിക്കൂര്‍ സമയമെടുക്കുന്ന മഹഌറയുടെ 45 മിനിറ്റ് ദിക്ര്‍, 30 മിനിറ്റ് ഉദ്‌ബോധനം, 15 മിനിറ്റ് പ്രാര്‍ഥന എന്നിങ്ങനെ ക്രമീകരിക്കണം” (അല്‍ മഹഌറത്തില്‍ ബദ്‌രിയ്യ, പേജ്2). 

ഏച്ചുകൂട്ടിയാല്‍ മുഴച്ചിരിക്കും എന്ന പഴമൊഴി എത്ര അര്‍ഥപൂര്‍ണം. മതത്തില്‍ ഇല്ലാത്തത് അതിലേക്ക് കൂട്ടിച്ചേര്‍ത്താല്‍ അത് വേറിട്ട് നില്‍ക്കുമെന്നതില്‍ സംശയമില്ല. സമസ്ത പണ്ഡിതരും അനുയായികളുമാണ് ബദ്‌റില്‍ പങ്കെടുത്തതെന്നു തോന്നിക്കും വിധമാണ് അവരുടെ പ്രവര്‍ത്തനം. സൂറഃ അഹ്ക്വാഫിലെ പതിനൊന്നാം വചനത്തെ വിശദീകരിച്ച ഇബ്‌നുകഥീര്‍(റഹ്) പറഞ്ഞത് ഇവിടെ ശ്രദ്ധേയമാണ്: ” സ്വഹാബത്തില്‍ നിന്ന് സ്ഥിരപ്പെട്ടിട്ടില്ലാത്ത വാക്കും പ്രവൃത്തിയും ബിദ്അത്താണ്. കാരണം അത് നല്ലതാണെങ്കില്‍ അവര്‍ അതിലേക്ക് മുന്‍കടക്കുമായിരുന്നു. നല്ലതായിട്ടുള്ള ഒന്നിനെയും അതിലേക്ക് മുന്‍കടന്നിട്ടല്ലാതെ അവര്‍ ഒഴിവാക്കിയിട്ടില്ല” (തഫ്‌സീര്‍ ഇബ്‌നുകഥീര്‍). ബദ്‌റില്‍ പങ്കെടുത്തവര്‍ പഠിപ്പിക്കാത്തതും അവര്‍ക്ക് പരിചയമില്ലാത്തതുമായ കാര്യങ്ങളെ ദീനിന്റെ കാര്യമായി അവതരിപ്പിക്കുമ്പോള്‍ നബി ﷺ യുടെ ഉപദേശങ്ങളെ ഓര്‍ക്കുന്നത് നന്നാകും. 

ആഇശ(റ)യില്‍ നിന്ന് നിവേദനം: നബി ﷺ  പറഞ്ഞു: ‘നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്.” മറ്റൊരു റിപ്പോര്‍ട്ടില്‍ വന്നതായി കാണാം: ”നമ്മുടെ കല്‍പനയില്ലാത്ത വല്ല കര്‍മവും ആരെങ്കിലും ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്” (ബുഖാരി, മുസ്‌ലിം). 

ഇമാം മാലിക്(റഹ്) പറയുന്നു: ആരെങ്കിലും ഇസ്‌ലാമില്‍ പുതിയ വല്ലതും നിര്‍മിച്ചുണ്ടാക്കുകയും അതിനെ നല്ലതായി കാണുകയും ചെയ്താല്‍ അവന്‍ മുഹമ്മദ് നബി ﷺ  തന്റെ ദൗത്യത്തിന്റെ കാര്യത്തില്‍ വഞ്ചന കാണിച്ചു എന്നാണു വാദിക്കുന്നത്. കാരണം ഇന്ന് നിങ്ങളുടെ മതം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു എന്ന് പറഞ്ഞു കഴിഞ്ഞു. അന്ന് മതത്തില്‍ ഉള്‍പെട്ടിട്ടില്ലാത്ത ഒരു കാര്യം ഇന്ന് മതമായി തീരുകയില്ല” (അല്‍ ഇഹ്തിസ്വാം, ഇമാം ശാത്വിബി 1:65).  

 

മൂസ സ്വലാഹി, കാര
നേർപഥം വാരിക

അനുചരന്മാരെക്കുറിച്ച് പ്രവാചകന്‍(സ്വ) പറഞ്ഞത്

അനുചരന്മാരെക്കുറിച്ച് പ്രവാചകന്‍(സ്വ) പറഞ്ഞത്

പ്രബോധനമാകുന്ന ദൗത്യം ഉത്തരവാദിത്തത്തോടെ നിറവേറ്റിയവരും കേട്ടുപഠിച്ചവയെല്ലാം കൃത്യതയോടെ നിറവേറ്റിയവരുമാണ് പ്രവാചകന്‍(സ്വ)യുടെ സ്വഹാബികള്‍. അവരിലൂടെയാണ് റോമും ശാമും അല്ലാഹു വിജയിപ്പിച്ചത്. യമനും പേര്‍ഷ്യയും അധീനപ്പെടുത്തി നല്‍കിയത്. അവരില്ലായിരുന്നുവെങ്കില്‍ ഇസ്‌ലാമിനൊരു രാഷ്ട്രമോ, ഭരണകൂടമോ നിലവില്‍ വരില്ലായിരുന്നു. 

അല്ലാഹു പറയുന്നു: ”നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്” (അന്നൂര്‍ 55).

തീര്‍ത്തും അല്ലാഹുവിന്റെ വചനത്തെ സാക്ഷ്യപ്പെടുത്തും വിധമായിരുന്നു അവരുടെ ജീവിതം. സ്വഹാബികളെപ്പറ്റി പ്രവാചകന്‍(സ്വ) ഒരിക്കല്‍ പറഞ്ഞു: ”നിങ്ങള്‍ എന്റെ അനുചരന്മാരെ ചീത്ത പറയരുത്. നിങ്ങളിലൊരാള്‍ ഉഹ്ദ് മലയോളം സ്വര്‍ണം ചെലവഴിച്ചാലും അവര്‍ ചെലവഴിച്ച ഇടങ്ങഴിയുടെയും നാഴിയുടെയും സ്ഥാനത്തേക്കെത്തുകയില്ല” (ബുഖാരി, മുസ്‌ലിം).

മറ്റൊരിക്കല്‍ അവിടുന്ന് പറഞ്ഞു: ”ആകാശത്തിന്റെ കാവല്‍ഭടന്മാരാണ് നക്ഷത്രങ്ങള്‍. നക്ഷത്രങ്ങള്‍ നീങ്ങിയാല്‍, ആകാശത്ത് അതിന് താക്കീത് നല്‍കപ്പെട്ടത് സംഭവിക്കുകയായി. ഞാന്‍ എന്റെ സ്വഹാബികളുടെ കാവലാളാണ്. ഞാന്‍ മരണപ്പെട്ടാല്‍. അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടത് അവരില്‍ വന്നെത്തുകയായി. എന്റെ സ്വഹാബികള്‍ എന്റെ സമുദായത്തിന്റെ കാവലാളുകളാണ്. അവര്‍ വിടപറഞ്ഞാല്‍ എന്റെ ഉമ്മത്തില്‍ അവര്‍ക്ക് താക്കീത് നല്‍കപ്പെട്ടത് സംഭവിക്കുകയായി” (മുസ്‌ലിം).

സ്വഹാബികളുടെ മഹത്ത്വവും മഹിമയും വ്യക്തമാക്കിക്കൊണ്ട് തിരുമേനി(സ്വ) പറഞ്ഞു: ”ഏതൊരു പ്രദേശത്തുവെച്ച് എന്റെയൊരു സ്വഹാബി മരണപ്പെടുന്നുവോ, അവര്‍ക്കുവേണ്ടി ക്വിയാമത്തു നാളില്‍ ഒരു നേതാവിനെയും പ്രകാശത്തെയും അല്ലാഹു നിശ്ചയിക്കുന്നതാണ്” (മുസ്‌ലിം).

നബി(സ്വ) പറഞ്ഞു: ”എന്റെ സ്വഹാബത്തിനെ ആക്ഷേപിക്കുന്നവരെ കണ്ടാല്‍ ‘നിങ്ങളുടെ വിപത്തുകള്‍ക്ക് അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ’ എന്ന് നിങ്ങള്‍ പ്രാര്‍ഥിക്കുക” (തിര്‍മിദി).

അബൂബക്കര്‍(റ)വിനെ സംബന്ധിച്ച് നബി(സ്വ) പറഞ്ഞു: ”സഹവാസം കൊണ്ടും സമ്പത്തുകൊണ്ടും എനിക്ക് ഏറ്റവും അഭയം നല്‍കിയവന്‍ അബൂബക്കറാണ്” (ബുഖാരി, മുസ്‌ലിം).

ഉമര്‍(റ)വിനെപ്പറ്റി നബി(സ്വ) പറഞ്ഞു: ”അല്ലാഹു ഉമറിന്റെ നാവിലും ഹൃദയത്തിലും സത്യത്തെ നിക്ഷേപിച്ചിരിക്കുന്നു” (തിര്‍മിദി).

നബി(സ്വ) ഉസ്മാന്‍(റ)വിനെപ്പറ്റി പറഞ്ഞു: ”എല്ലാ പ്രവാചകനും ഒരു സതീര്‍ഥ്യനുണ്ട്. സ്വര്‍ഗത്തിലെ എന്റെ സതീര്‍ഥ്യന്‍ ഉസ്മാനാണ്” (തിര്‍മിദി).

അബ്ദുല്‍ മുത്ത്വലിബുബ്ന്‍ റബീഅഃ നിവേദനം ചെയ്യുന്നു: ”ഞാന്‍ പ്രവാചകനോടൊപ്പം നില്‍ക്കുന്ന വേളയില്‍ അബ്ബാസ്(റ) കോപാകുലനായിക്കൊണ്ട് കടന്നുവന്നു. നബി(സ്വ) ചോദിച്ചു: ‘താങ്കളെന്തിനാണ് കോപിച്ചിരിക്കുന്നത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, നമ്മളും ക്വുറൈശികളുമായുള്ള ബന്ധമെന്താണ്? പരസ്പരം കണ്ടുമുട്ടിയാല്‍ മുഖപ്രസന്നതയോടെയാണ് അവര്‍ അഭിമുഖീകരിക്കുന്നത്. നമ്മളെ അവര്‍ അഭിമുഖീകരിക്കുന്നത് അപ്രകാരമല്ല താനും.’ അതുകേട്ടപ്പോള്‍ നബി(സ്വ)യുടെ മുഖം ചുവന്നു. അവിടുന്ന് പറഞ്ഞു: ‘എന്റെ പിതൃവ്യനെ വേദനിപ്പച്ചവന്‍ എന്നെ വേദനിപ്പിച്ചു. അറിയുക, ഒരാളുടെ പിതൃവ്യന്‍ അയാളുടെ പിതൃതുല്യനാണ്”(തിര്‍മിദി).

അബ്ബാസി(റ)നും അദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുല്ല(റ)ക്കും വേണ്ടി റസൂല്‍(സ്വ) ഇപ്രകാരം പ്രാര്‍ഥിക്കുകയുണ്ടായി: ”അല്ലാഹുവേ, അബ്ബാസിനും അദ്ദേഹത്തിന്റെ പുത്രനും അവരുടെ രഹസ്യവും പരസ്യവുമായ സകല പാപങ്ങള്‍ക്കും നീ മാപ്പു നല്‍കേണമേ. അദ്ദേഹത്തിന്റെ പുത്രനിലൂടെ നീ അദ്ദേഹത്തിന് സംരക്ഷണം നല്‍കേണമേ” (തിര്‍മിദി).

പ്രവാചക(സ്വ)നോടൊരാള്‍ ചോദിച്ചു: ‘റസൂലേ, താങ്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് ആരാണ്?’ നബി(സ്വ) പറഞ്ഞു: ‘ആഇശ.’ ‘പുരുഷന്മാരില്‍ ആരെയാണ് താങ്കള്‍ക്കിഷ്ടം?’ ‘അവരുടെ പിതാവ് (അബൂബക്കര്‍)’ – നബി(സ്വ) മറുപടി പറഞ്ഞു (ബുഖാരി, മുസ്‌ലിം).

ഖാലിദ് ബ്ന്‍ വലീദി(റ)നെപ്പറ്റി നബി(സ്വ) ഇങ്ങനെ അഭിപ്രായപ്പെട്ടു: ”അല്ലാഹുവിന്റെ വാളുകളില്‍ നിന്നുള്ള ഒരു വാളാണ് ഖാലിദ്. ഏറ്റവും നല്ല ഗോത്ര യുവാവ്” (അഹ്മദ്, തിര്‍മിദി).

മുഹമ്മദ്ബിന്‍ മസ്‌ലമ(റ)യെപ്പറ്റി റസൂലൊരിക്കല്‍ പറഞ്ഞു: ”മുഹമ്മദ്ബിന്‍ മസ്‌ലമക്ക് വല്ല വിപത്തും സംഭവിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതുപോലെ, മറ്റൊരാള്‍ക്ക് സംഭവിക്കുന്നതിനേയും ഞാന്‍ ഭയപ്പെട്ടിരുന്നില്ല….” എന്നിട്ട് തിരുമേനി(സ്വ) പ്രാര്‍ഥിച്ചു: ”താങ്കളെ വിപത്തുകള്‍ ബാധിക്കാതിരിക്കട്ടെ” (അബൂദാവൂദ്).

മുആവിയ(റ)ക്ക് വേണ്ടിയുള്ള പ്രവാചകന്റെ പ്രാര്‍ഥന ഇങ്ങനെ: ”അല്ലാഹുവേ, നീ ഇദ്ദേഹത്തെ, സന്മാര്‍ഗം ലഭിച്ചവനും സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നവനുമാക്കേണമേ” (തിര്‍മിദി).

അബ്ദുല്ലാഹിബ്ന്‍ ഉമറി(റ)നെപ്പറ്റി നബി(സ്വ) പറഞ്ഞു: ”സാത്വികനായ വ്യക്തിയാണ് അബ്ദുല്ലാഹിബ്‌നു ഉമര്‍” (ബുഖാരി, മുസ്‌ലിം).

അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെ വാഴ്ത്തിയ സകല സ്വഹാബികളെയും അല്ലാഹുവിന്റെ റസൂല്‍(സ്വ) പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. അവര്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ഥിച്ചിട്ടുണ്ട്. അവ്വിധം ആ പ്രവാചകന്റെ പാത പിന്‍പറ്റുന്ന ഏതൊരു വിശ്വാസിയും ആ മഹാന്മാരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും. ഈ അനുഗൃഹീത ദീനിന്റെ പ്രചരണമാര്‍ഗത്തില്‍ ഭീമമായ സേവനങ്ങളനുഷ്ഠിച്ച പ്രസ്തുത മഹത്തുക്കളോടുള്ള പോരും പകയും അസൂയയും തിന്നുതീര്‍ത്ത മനസ്സിന്നുടമകള്‍ക്ക്-ജൂത, മജൂസി, കപടന്മാര്‍ക്ക്-അവരെ വാഴ്ത്താനും ആദരിക്കാനുമായില്ല. ക്വുര്‍ആനും സുന്നത്തുമനുസരിച്ച് പ്രവര്‍ത്തിച്ച, ദീനീ രംഗത്ത് തീവ്രപരിശ്രമങ്ങള്‍ കാഴ്ചവെച്ച സ്വഹാബികളോട്, വിശിഷ്യാ അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) തുടങ്ങിയവരോട് ശിയാക്കളും മറ്റും ശത്രുത വെക്കാനുള്ള യഥാര്‍ഥ കാരണം ആ മഹാന്മാരുടെ ദീനീ പ്രതിബദ്ധത തന്നെയാണ്. 

 

ശൈഖ് ഇഹ്‌സാന്‍ ഇലാഹി ദഹീര്‍വിവ. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല
നേർപഥം വാരിക

ഇസ്‌ലാമിക ചരിത്രത്തിലെ തെറ്റുധാരണകള്‍

ഇസ്‌ലാമിക ചരിത്രത്തിലെ തെറ്റുധാരണകള്‍

ഉസ്മാന്‍(റ) മുതല്‍ കര്‍ബല സംഭവം വരെയുള്ള കാലത്തിനിയില്‍ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് ധാരാളം തെറ്റുധാരണകള്‍ സമൂഹത്തില്‍ പ്രചരിച്ചിട്ടുണ്ട്. മുസ്‌ലിം സംഘടനകള്‍ നടത്തുന്ന മദ്‌റസകളിലെ ഇസ്‌ലാമിക ചരിത്ര പാഠപുസ്തകങ്ങളിലും അറബിക്കോളേജുകളിലും ആര്‍ട്‌സ് കോളേജുകളിലുമൊക്കെ പഠിപ്പിക്കുന്ന ചരിത്ര പുസ്തകങ്ങളിലുമെല്ലാം ഈ തെറ്റുധാരണകള്‍ അറിയാതെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ചില കാര്യങ്ങള്‍ ചുരുക്കി വിവരിക്കാം. 

‘ഉസ്മാന്‍(റ) സ്വജനപക്ഷപാതം കാണിച്ചു’ എന്ന് പഠിപ്പിക്കപ്പെടുന്നു! ഒരു വിദ്യാര്‍ഥിയെ ഇസ്‌ലാമിന്റെ ശത്രുവാക്കണമെങ്കില്‍ അവനെ ബി.എ ഇസ്‌ലാമിക്ക് ഹിസ്റ്ററിക്ക് ചേര്‍ത്താല്‍ മതി എന്ന് പറയാറുണ്ട.് (കാരണം: ഉസ്മാന്‍(റ)വിന്റെ ഘാതകന്മാരെ അലി(റ)വോ മറ്റ് സ്വഹാബികളോ തടഞ്ഞില്ല, ആഇശ(റ) അലി(റ) വിന്നെതിരില്‍ യുദ്ധത്തിന് പുറപ്പെട്ടു, ആഇശ(റ) അലി(റ)വിന്റെ ഖിലാഫത്ത് അംഗീകരിച്ചില്ല, മുആവിയ (റ) അലി(റ)വിന് ബൈഅത്ത് ചെയ്തില്ല എന്ന് മാത്രമല്ല സ്വിഫീനില്‍ വെച്ച് അലി(റ)വിന്നെതിരില്‍ യുദ്ധത്തിന് പുറപ്പെട്ടു, അംറുബ്‌നുല്‍ആസ്വ്(റ) മുആവിയ(റ)വിന്റെ ഖിലാഫത്തിന് വേണ്ടി കൊടുംചതി നടത്തി, ഹസന്‍(റ)വിന് വിഷം കൊടുത്തത് അദ്ദേഹത്തിന്റെ ഭാര്യയാണ്, യസീദ് ദുഷ്ടനാണ് എന്ന് മാത്രമല്ല ഹുസൈന്‍(റ)വിനെ കര്‍ബലയില്‍ വെച്ച് വധിക്കാന്‍ യസീദ് നിര്‍ദേശം നല്‍കി… എന്നിങ്ങനെയുള്ള അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ അവര്‍ക്ക് പഠിക്കേണ്ടി വരുന്നുണ്ട്). ഈ ആരോപണങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാം.

യഥാര്‍ഥ്യമെന്ത്?

ഉസ്മാന്‍(റ)വിന്റെ കാലത്ത് സ്വന്തം കുടുംബമായ ബനൂ ഉമയ്യയില്‍ നിന്ന് അഞ്ച് പേര്‍ മാത്രമാണ് ഗവര്‍ണര്‍മാരായത്. മാത്രമല്ല അദ്ദേഹത്തിന്റെ മരണ സമയത്ത് മൂന്ന് പേര്‍ മാത്രമാണ് ബനൂഉമയ്യയില്‍ നിന്നുണ്ടായിരുന്നത്. നബി ﷺ യുടെ കാലത്തും ബനൂഉമയ്യയില്‍ നിന്ന് അഞ്ച് പേര്‍ ഗവര്‍ണര്‍മാരായി ഉണ്ടായിരുന്നു.

ഉസ്മാന്‍(റ) പലരെയും വധിക്കാനും മര്‍ദിക്കാനും കത്തെഴുതി എന്നതും തെറ്റായ വിവരമാണ്. ഈ കത്തുകളെല്ലാം വ്യാജമായി അദ്ദേഹത്തിന്റെ പേരില്‍ ഉണ്ടാക്കിയവയാണ്. യമനില്‍ ജനിച്ച ഒരു കപട ജൂതനാണ് അബ്ദുല്ലാഹിബ്‌നു സബഅ്-മുസ്‌ലിംകള്‍ക്കിടയില്‍ പക്ഷപാതിത്വവും കലാപവും ഉണ്ടാക്കുവാന്‍ അയാള്‍ അനേകം കള്ളക്കഥകള്‍ പടച്ചുണ്ടാക്കുകയും അലി(റ) അല്ലാഹുവാണ് എന്നും തന്റെ ശേഷം അലിതന്നെയാണ് ഖലീഫയാകേണ്ടത് എന്ന് നബി ﷺ വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെന്നും അയാള്‍ വാദിച്ചു. അനേകം അനുയായികളെ സംഘടിപ്പിച്ചു. പ്രവാചക സന്തതി പരമ്പരയില്‍പെട്ട അഹ്‌ലുബൈതില്‍ പെട്ടവര്‍ക്കു മാത്രമെ ഖിലാഫത്തിന് അര്‍ഹതയുള്ളൂ എന്നും വാദിച്ചു. ഇയാളാണ് ശീഅഃ വിഭാഗത്തിന്റെ സ്ഥാപകന്‍. അയാളുടെ പേരില്‍ അറിയപ്പെടുന്നശിയാക്കളാണ് സബഇയാക്കള്‍. പ്രവാചക കുടുംബത്തെ സ്‌നേഹിക്കുക എന്ന് പേരില്‍ മുസ്‌ലിംകള്‍ക്കിടയില്‍ കലാപമുണ്ടാക്കലായിരുന്നു അയാളുടെ ലക്ഷ്യം.

അബൂമിഖ്‌നഫ് എന്ന കൊടുംന്നുണയന്‍

ഇയാളുടെ യഥാര്‍ഥ പേര് ലൂത്വ്ബ്‌നുയഹ്‌യ എന്നാണ്. നബി ﷺ യുടെ വിയോഗം മുതല്‍ യസീദിന്റെ കാലം വരെയുള്ള സംഭവങ്ങളില്‍ 600ല്‍ പരം നുണകള്‍ ഇയാള്‍ പടച്ചുണ്ടാക്കിയിട്ടുണ്ട്.

വിശ്വസ്തരിലേക്ക് ചേര്‍ത്ത് വ്യാജം ഉണ്ടാക്കുന്ന അബൂമിഖ്‌നഫിന്റെ റിപ്പോര്‍ട്ടുകള്‍ തള്ളേണ്ടതാണ് എന്ന് ഹദീഥ് പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ട്.

ഉസ്മാന്‍(റ)വിനെ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ മദീനയില്‍ ഏതാനും സ്വഹാബികളേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല സംഭവങ്ങള്‍ ഇത്രത്തോളം എത്തുമെന്ന് അവര്‍ കരുതിയില്ല. ഉസ്മാന്‍(റ)വിന്നെതിരില്‍ ഉപരോധം നടത്തുകയും കലാപത്തിന്നൊരുങ്ങുകയും ചെയ്തവരില്‍ ഒറ്റ മുഹാജിറും അന്‍സ്വാരിയും ഉണ്ടായിരുന്നില്ല. ജബല എന്ന ദുഷ്ടനാണ് അദ്ദേഹത്തെ കൊന്നത്.

ജമല്‍ യുദ്ധം

ആഇശ(റ) യുദ്ധത്തിന് പുറപ്പെട്ടത് അലി(റ)വിന്നെതിരായിട്ടല്ല. ഉസ്മാന്‍(റ)വിന്റെ കൊലയാളികള്‍ക്കെതിരായിട്ടാണ്.അതിനാണ് ബസ്വറയിലേക്ക് പുറപ്പെട്ടത്. അലി(റ)വിനോട് യുദ്ധം ചെയ്യലാണ് ആഇശ(റ)യുടെ ഉദ്ദേശമെങ്കില്‍ പോകേണ്ടത് മദീനയിലേക്കാണ്. മാത്രമല്ല ത്വല്‍ഹത്ത്(റ), സുബൈര്‍(റ) പോലുള്ള സ്വഹാബികളോട് ആഇശ(റ) പറഞ്ഞത് അലി(റ)വിന് ബൈഅത്ത് ചെയ്യാനാണ് എന്ന് അഹ്‌നഫ്ബ്‌നുഖൈസ്(റ)റിപ്പോര്‍ട്ട് ചെയ്യുന്നു. അലി(റ)വിന്റെയും ആഇശ(റ)യുടെയും പക്ഷക്കാര്‍ ഒത്തുതീര്‍പിലെത്തി രാത്രി ശാന്തമായി കിടന്നുറങ്ങി. അന്ന് രാത്രി അബ്ദുല്ലാഹിബ്‌നു സബഇന്റെ നേതൃത്വത്തില്‍ ഇരുവിഭാഗമായി വേര്‍തിരിഞ്ഞ് യുദ്ധനാടകം നടത്തി. കരാര്‍ ഉണ്ടാക്കിയിട്ടും ലംഘിച്ചത് മറുപക്ഷമാണ് എന്ന് ആഇശ(റ)യും അലി(റ)വും തെറ്റുധരിച്ച് ഇരുവിഭാഗവും ഏറ്റുമുട്ടി. അതാണ് ജമല്‍ യുദ്ധം. ഇരുഭാഗത്തും ചേരാതെ നിന്ന അനേകം സ്വഹാബികളുണ്ട്.

ഇത് സബഇയ്യാക്കളുടെ വഞ്ചനയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇരുവിഭാഗത്തെയും തടയാന്‍ ഇരുനേതാക്കളും ഒരുങ്ങിയെങ്കിലും അണികള്‍ അതറിയാതെ യുദ്ധം ചെയ്തു. ആഇശ(റ)യെ അലി(റ) സുരക്ഷിത സ്ഥാനത്തെത്തിച്ചു. ജമല്‍ യുദ്ധം അവസാനിച്ചു.

സ്വിഫീന്‍ യുദ്ധം

ഉസ്മാന്‍(റ)വിന്റെ ഘാതകരെ വധിക്കണമെന്ന് മുആവിയ(റ) ആവശ്യപ്പെട്ടു. ഖിലാഫത്ത് ഉറച്ച നിലയിലെത്താതെ ശക്തരായ ഒരു സംഘത്തോട് യുദ്ധം ചെയ്യുന്നതും ശിക്ഷിക്കുന്നതും വലിയ നാശം മുസ്‌ലിം സമൂഹത്തിന് വരുത്തിവെക്കുമെന്നും അതിനാല്‍ അല്‍പം നീട്ടിവെക്കണമെന്നും അലി(റ) ആവശ്യപ്പെട്ടു. ഇതായിരുന്നു അവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം. അല്ലാതെ തനിക്കാണ് ഖിലാഫത്തിന് അര്‍ഹത എന്ന് മുആവിയ(റ) വാദിച്ചിട്ടില്ല. അബൂമൂസല്‍ ഖുലാനിയില്‍ നിന്ന് നിവേദനം ചെയ്യുന്ന ഒരു റിപ്പോര്‍ട്ടില്‍ മുആവിയ(റ) പറയുന്നു: ‘അലി(റ)വാണ് ഖിലാഫത്തിന് ഏറ്റവും അര്‍ഹന്‍. അദ്ദേഹമാണ് ഏറ്റവും ഉല്‍കൃഷ്ടന്‍. ഞാന്‍ ഉസ്മാന്‍(റ)വിന്റെ പിതൃവ്യപുത്രനാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ഘാതകര്‍ക്കെതിരില്‍ ഉടന്‍ പ്രതികാരനടപടി എടുക്കണമെന്നത് മാത്രമാണ് എന്റെ ആവശ്യം.’

തഹ്കീമിന്റെ യാഥാര്‍ഥ്യം

അബൂമിഖ്‌നഫ് എന്ന കള്ളനാണ് തഹ്കീമിനെപ്പറ്റിയുള്ള കള്ളക്കഥ പ്രചരിപ്പിച്ചത്. അത് ഇപ്രകാരമാണ്: സ്വിഫീനില്‍ യുദ്ധം കൊടുമ്പിരികൊള്ളുമ്പോള്‍ സ്വഹാബിയായ അംറുബ്‌നുല്‍ ആസ്വ്(റ) മുസ്ഹഫ് ഉയര്‍ത്തിപ്പിടിച്ച് ‘ഇതിലേക്ക് വരൂ’ എന്ന് പറഞ്ഞു. അങ്ങനെ അലി(റ)വിന്റെ പ്രതിനിധിയായ അബൂമൂസല്‍ അശ്അരി(റ) മുന്‍ ഒത്തുതീര്‍പ്പ് നിബന്ധനയനുസരിച്ച് തന്റെ നേതാവായ അലി(റ)വിനെ ഖിലാഫത്ത് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചു. ഉടന്‍ മുആവിയയുടെ പ്രതിനിധിയായ അംറുബ്‌നുല്‍ ആസ്വ്(റ) മുന്‍കൂര്‍ ഉണ്ടാക്കിയ ധാരണ ലംഘിച്ച് മുആവിയയെ ഖിലാഫത്ത് സ്ഥാനത്ത് നിന്ന് ഒഴിവാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തേണ്ടതിന് പകരം മുആവിയയെ ഖലീഫയായി പ്രഖ്യാപിച്ചുകൊണ്ട് ഒരു കൊടുംവഞ്ചനനടത്തി. വീണ്ടും യുദ്ധം നടന്നു. ഇതാണ് കഥ.

എന്നാല്‍ യഥാര്‍ഥം എന്താണ്? അലി(റ) ഖലീഫയാവുകയും  മുആവിയ(റ) ശാമില്‍ അദ്ദേഹത്തിന്റെ കീഴില്‍ ഗവര്‍ണറായിരിക്കുകയും ചെയ്യുക എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നില്ല. ഖിലാഫത്ത് ഉറച്ചനിലയിലാവുന്നതിന് മുമ്പ് ഉസ്മാന്‍(റ)വിന്റെ കൊലയാളികള്‍ക്കെതിരില്‍ യുദ്ധത്തിനൊരുങ്ങരുത് എന്ന കല്‍പനലംഘിച്ച മുആവിയ(റ)വിനോടും സൈന്യത്തോടും അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി, ഖലീഫ എന്ന നിലയില്‍ അലി(റ) നടത്തിയ യുദ്ധമാണ് സ്വീഫീന്‍. അല്ലാതെ ഖിലാഫത്ത് വാദത്തിന്റെ പേരിലായിരുന്നില്ല സ്വിഫീന്‍ യുദ്ധം. അതില്‍ പങ്കെടുത്ത സ്വഹാബികളെല്ലാം അതില്‍ പിന്നീട് ഖേദിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ ആഇശ(റ)യും മുആവിയ(റ)യും അലി(റ)വിന്റെ ഖിലാഫത്തിന്നെതിരില്‍ യുദ്ധത്തിനൊരുങ്ങിയവരാണ് എന്നതും അധികാരത്തിന് വേണ്ടി അംറുബ്‌നുല്‍ ആസ്വ്(റ) കൊടുംചതി നടത്തി എന്നതുമൊക്കെ അബൂമിഖ്‌നഫ് എന്നവഞ്ചകന്‍ പടച്ചുവിട്ട റിപ്പോര്‍ട്ടുകളാണ്.

ഹുസൈന്‍(റ)വിനെ കൊല്ലുവാന്‍ യസീദ് കല്‍പിച്ചിരുന്നുവോ?

ഹുസൈന്‍(റ) കര്‍ബലയില്‍ കൊല്ലപ്പെട്ടതറിഞ്ഞ് ഖലീഫ യസീദ്ബ്‌നു മുആവിയ അങ്ങേയറ്റം ദുഃഖിച്ചു കരഞ്ഞു. ഹുസൈന്‍(റ)വിന്റെ തലയറുത്ത് യസീദിന്റെയടുക്കലേക്ക് കൊടുത്തയച്ചു എന്നത് കള്ളക്കഥയാണ്.

ഹുസൈന്‍(റ)വിനെയോ അഹ്‌ലുബൈതുകാരെയോ കൊല്ലാന്‍ യസീദ് കല്‍പിച്ചിട്ടില്ല. അദ്ദേഹത്തിന് ഖിലാഫത്ത് കിട്ടുന്നത് തടയണമെന്ന് മാത്രമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇമാം ദഹബി പറഞ്ഞ നിലപാടാണ് ഇതില്‍ കരണീയം- നാം യസീദിനെ ചീത്തപറയുന്നുമില്ല-സ്‌നേഹിക്കുന്നുമില്ല.

ഹുസൈന്‍(റ)വിനെ കൊന്നത് സിനാനുബ്‌നു അനസുന്നൗഖഈ, ശംറുബ്‌നുദീല്‍ ജൗശന്‍ എന്നിവരാണ്. യസീദിന്റെ ഗവര്‍ണറായ ഉബൈദുല്ലാഹിബ്‌നു സിയാദാണ് അതിന് നിര്‍ദേശം നല്‍കിയത്. യസീദിന്റെ കല്‍പനയോ സമ്മതമോ ഇല്ലാതെയാണ് ഇത് ചെയ്തത്.

ഹസന്‍(റ)വിനെ കൊന്നത് അദ്ദേഹത്തിന്റെ ഭാര്യയാണോ?

ഖലീഫ മുആവിയ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും അതിന്ന് വേണ്ടിയാണ് ഹസന്‍(റ)വിനെ അദ്ദേഹത്തിന്റെ ഭാര്യ ജദ്അത്ത് ബിന്‍ത് അശ്അസ് അദ്ദേഹത്തെ കൊല്ലാനായി ഭക്ഷണത്തിലൂടെ വിഷം നല്‍കിയത് എന്നുമാണ് പ്രചരിക്കപ്പെട്ട കഥ. പക്ഷേ, ആ റിപ്പോര്‍ട്ട് ഒട്ടും ആധികാരികമല്ല എന്ന് ഇമാം ദഹബി താരീഖുല്‍ ഇസ്‌ലാം പേജ് 40ലും, ഇബ്‌നുകഥീര്‍ അല്‍ബിദായതുവന്നിഹായ 8/44ലും പറയുന്നു.

ആരാണ് നിങ്ങള്‍ക്ക് വിഷംതന്നത് എന്ന് സഹോദരനായ ഹുസൈന്‍(റ) ചോദിച്ചപ്പോള്‍ ഹസന്‍(റ) പറഞ്ഞു: ‘എന്തിനാണ് അത് ചോദിക്കുന്നത്? അവരെ വധിക്കാനാണോ? എങ്കില്‍ ഞാന്‍ പറയില്ല. ഞാന്‍ വിചാരിക്കുന്ന എന്റെ കൂട്ടാളിയാണ് അത് ചെയ്തത് എങ്കില്‍ അല്ലാഹുകഠിനമായി ശിക്ഷിക്കുന്നവനാണ്. അല്ലെങ്കില്‍ ഞാന്‍ കാരണം ഒരു നിരപരാധി വധിക്കപ്പെടാല്‍ പാടില്ല’   (അത്ത്വബക്വാതുല്‍ കുബ്‌റാ: 335). മുആവിയ(റ)വിന്റെ കാലത്താണ് ഇത്‌സംഭവിച്ചത്.

യദീസ് ദുഷ്ടനായിരുന്നുവോ?

‘യസീദ് കുടിയനും നമസ്‌കാരം ഉപേക്ഷിക്കുന്നവനുമാണ്. അതിനാല്‍ യസീദ് ഖലീഫയാകാന്‍ പറ്റുകയില്ല’ എന്ന് അബ്ദുല്ലാഹിബ്‌നു മുത്വീഉം കൂട്ടരും മുഹമ്മദുല്‍ ഹനഫിയ്യയോട് പറഞ്ഞു. (മുഹമ്മദുല്‍ ഹനഫിയ്യ ഖലീഫ അലി(റ)വിന്റെ മകനും ഹസന്‍, ഹുസൈന്‍ എന്നിവരുടെ സഹോദരനുമാണ്). അപ്പോള്‍ അദ്ദേഹം അതൊന്നും അംഗീകരിച്ചില്ല. അദ്ദേഹം പറഞ്ഞു: ‘നിങ്ങള്‍ പറഞ്ഞതൊന്നും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ താമസിച്ചിട്ടുണ്ട്. അദ്ദേഹത്തെ നമസ്‌കാരം നിലനിര്‍ത്തുന്നവനും നന്മക്ക് പ്രേരിപ്പിക്കുന്നവനും മതവിജ്ഞാനം അന്വേഷിക്കുന്നവനും നബിചര്യയെ പിന്തുടരുന്നവനുമായിട്ടേ ഞാന്‍ കണ്ടിട്ടുള്ളു.’ അദ്ദേഹം കുടിയനാണെന്ന് വീണ്ടും അവര്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ മുഹമ്മദുല്‍ ഹനഫിയ്യ(റ) പറഞ്ഞു: ‘അദ്ദേഹം കുടിക്കുന്നത് നിങ്ങള്‍കണ്ടുവോ? എങ്കില്‍ നിങ്ങളും അദ്ദേഹത്തിന്റെ കൂടെ കുടിച്ചിട്ടുണ്ടാവും. കണ്ടിട്ടില്ലെങ്കില്‍ അറിയാത്ത കാര്യങ്ങള്‍ പറയാന്‍ ആരാണ് നിങ്ങള്‍ക്ക് അനുവാദം നല്‍കിയത്?’ (അല്‍ബിദായതുവന്നിഹായ: 8/236).

യസീദ് പരിചയസമ്പന്നനും പ്രഗത്ഭനുമായിരുന്നു. പക്ഷേ, മകനെ ഖലീഫയാക്കുന്ന കാര്യത്തില്‍ ശൂറാ അഥവാ കൂടിയാലോചന നടത്തിയില്ല. യസീദിന്റെ ഭരണത്തില്‍ ഇത്തരത്തിലുള്ള ചില പാളിച്ചകള്‍ ഉണ്ടായിരുന്നു എന്നത് യാഥാര്‍ഥ്യമാണ്.

തെറ്റുധാരണകള്‍ പ്രചരിക്കാനുള്ള കാരണങ്ങള്‍:

അബ്ബാസിയ്യ കാലഘട്ടത്തില്‍ ഉമവിയ്യാക്കള്‍ക്കെതിരില്‍ ശക്തമായ നിലപാടായിരുന്നു ഭരണാധികാരികള്‍ എടുത്തിരുന്നത്. മാത്രമല്ല ശിയാക്കള്‍ക്ക് സ്വാധിനമുള്ള പ്രദേശങ്ങളില്‍ അവര്‍ ഉമവിയാക്കള്‍ക്കെതിരായി ധാരാളം കള്ളക്കഥകള്‍ പടച്ചുണ്ടാക്കി പ്രചരിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം പില്‍ക്കാല ചരിത്രഗ്രന്ഥങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. അബ്ബാസ് മഹ്മൂദുല്‍ അക്കാദ്, ഡോ.ത്വാഹാ ഹുസൈന്‍, ക്രിസ്ത്യാനിയായ ജോര്‍ജ് സൈദാന്‍ തുടങ്ങിയവരുടെ കൃതികളെയും ഇത്തരം കഥകള്‍ സ്വാധീനിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ആകര്‍ഷകമായി വായിക്കാന്‍ പറ്റിയ ഒരു സാഹിത്യകൃതി എന്നതിന് മാത്രമാണ് അവരുടെ രചനകൡ മുന്‍തൂക്കം കൊടുത്തത്. ആധികാരികമായിരുന്നില്ല അവരുടെ കൃതികള്‍. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തിയ, വ്യാജ റിപ്പോര്‍ട്ടുകള്‍ ചേര്‍ത്ത കൃതികളുടെ കര്‍ത്താക്കളില്‍ താഴെ എഴുതിയവര്‍ കൂടി ഉള്‍പ്പെടുന്നു.

അബുല്‍ ഫറജുല്‍ ഇസ്വ്ഫഹാനി (അല്‍അഗാനി), ഇബ്‌നു അബ്ദുറബ്ബ് (ഇക്വ്ദുല്‍ ഫരീദ്), ഇബ്‌നു ക്വുതൈബ് (അല്‍ഇമാമത്തുവസ്സിയാസ), അല്‍മസ്ഊദി (മുറൂജുദ്ദഹബ്), അബ്ദുല്‍ ഹമീദുല്‍ മുഅ്തസിലി (ശറഹുനഹ്ജുല്‍ബലാഗ), യഅ്ക്വൂബി (താരീഖുല്‍ യഅ്ഖൂബി).

നമുക്ക് അവലംബിക്കാവുന്നവ ഇമാം ജരീറുത്ത്വബ്‌രി, ഇബ്‌നുകഥീര്‍, ഇമാം ദഹബി എന്നിവരുടെ കൃതികളാണ്.

നബിമാര്‍ പാപസുരക്ഷിതര്‍ അഥവാ മഅ്‌സ്വൂമുകളാണ്. എന്തെങ്കിലും പാളിച്ച അവരില്‍ പറ്റിയാല്‍ അല്ലാഹു തിരുത്തും. സ്വഹാബിമാര്‍ നബിമാരെ പോലെയല്ല. എന്നാല്‍ അവരുടെ ഏകാഭിപ്രായം-ഇജ്മാഅ്- ഒരിക്കലും തെറ്റാവുകയില്ല. ക്വുര്‍ആന്‍ സൂറത്തുല്‍ ഫത്ഹ് 29-ാംവചനത്തിലും സൂറത്തുല്‍ മുജാദില 22-ാം വചനത്തിലും സ്വഹാബിമാരുടെ ഉന്നത പദവി എടുത്തുപറയുന്നുണ്ട്. 

നബി ﷺ പറഞ്ഞു: ”എന്റെ സ്വഹാബിമാരെ നിങ്ങള്‍ പഴിപറയരുത്. തീര്‍ച്ചയായും നിങ്ങള്‍ ഉഹ്ദ് മലയേക്കാളും സ്വര്‍ണം ദാനം ചെയ്താലും അവരുടെ മുദ്ദോ, അതിന്റെ പകുതിയോ എത്തുകയില്ല” (ബുഖാരി, മുസ്‌ലിം). 

സ്വഹാബികള്‍ക്കും താബിഉകള്‍ക്കും അല്ലാഹു അവരുടെ ത്യാഗവും ഈമാനും പരിഗണിച്ച് പാപങ്ങള്‍ പൊറുത്ത് കൊടുത്ത് അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ അവരെ കുറ്റപ്പെടുത്തിയതിന്റെ പേരില്‍ പാപഭാരം പേറി നാം നരകത്തില്‍ പോകേണ്ടിവരുമെന്ന് ഭയപ്പെടുക. അടിസ്ഥാനമില്ലാത്ത റിപ്പോര്‍ട്ടുകള്‍ ഒരിക്കലും പിന്തുടരരുതെന്ന് ക്വുര്‍ആന്‍ നമുക്ക് താക്കീത് നല്‍കുകയും ചെയ്തിട്ടുമുണ്ട്. 

 

ഡോ. പി.കെ അബ്ദുറസാഖ് സുല്ലമി
നേർപഥം വാരിക

ഹദീസ് വിജ്ഞാനശാഖ വളര്‍ച്ചയും ക്രോഡീകരണവും

ഹദീസ് വിജ്ഞാനശാഖ വളര്‍ച്ചയും ക്രോഡീകരണവും

അല്ലാഹുവിന്റെ ക്വുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിക ശരീഅത്തിന്റെ രണ്ടാമത്തെ അടിസ്ഥാനമാണ് ഹദീഥ്. അത് ക്വുര്‍ആനിന്റെ വിശദീകരണം കൂടിയാണ്. അല്ലാഹു പറയുന്നു: ”വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉദ്‌ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും. അവര്‍ ചിന്തിക്കാന്‍ വേണ്ടിയും” (സൂറഃ അന്നഹ്ല്‍: 44).

ക്വുര്‍ആനിലെ അധിക വചനങ്ങളും അതിന്റെ ഉദ്ദേശം വ്യക്തമാക്കുന്ന തരത്തില്‍ വിശദീകരണത്തിന് ആവശ്യമായ നിലക്കാണ് അവതരിച്ചിട്ടുള്ളത്. പ്രവാചകന്‍(സ്വ) അതിന്റെ വിശദീകരണം വഹ്‌യിന്റെ അടിസ്ഥാനത്തില്‍ തന്നെ നല്‍കുകയും ചെയ്തു. ഉദാഹരണത്തിന്, നമസ്‌കാരം നിര്‍വഹിക്കണം എന്ന് ക്വുര്‍ആനില്‍ പല തവണ വന്നിട്ടുണ്ട്. എന്നാല്‍ അതിന്റെ രൂപം, അതിന്റെ റക്അത്തിന്റെ എണ്ണം എന്നിവ ക്വുര്‍ആനിലില്ല. പ്രവാചകന്റെ ഹദീഥുകളിലാണ് അത് വിവരിക്കുന്നത്. സകാത്ത് കൊടുക്കാനുള്ള കല്‍പന ക്വുര്‍ആനില്‍ കാണാം. എന്നാല്‍ അതിന്റെ കണക്കും തോതുമൊന്നും ക്വുര്‍ആന്‍ വിശദീകരിക്കുന്നില്ല. അത് പ്രവാചകന്‍(സ്വ) ഹദീഥിലൂടെയാണ് വ്യക്തമാക്കിത്തന്നത്.

ഹദീഥിനെ പരിഗണിക്കേണ്ട നിബന്ധന

ക്വുര്‍ആന്‍ അംഗീകരിക്കുന്നുവെങ്കില്‍ പ്രവാചകനെ അനുസരിക്കല്‍ മുസ്‌ലിമിന് നിര്‍ബന്ധമാണ്. മാത്രമല്ല, പ്രവാചകനെ പിന്‍പറ്റല്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നതിന്റെ അടയാളമാണ്. അല്ലാഹു പറയുന്നു: ”(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും, നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും, കരുണാനിധിയുമത്രെ” (സൂറഃ ആലുഇംറാന്‍:31).

പ്രവാചകന്‍(സ്വ) അനുചരന്മാര്‍ക്ക് ക്വുര്‍ആനിന്റെ വിധികള്‍ വിവരിച്ചുകൊടുക്കുകയും അവര്‍ക്കിടയിലുള്ള തര്‍ക്കവിഷയങ്ങളില്‍ വിധികല്‍പിക്കുകയും അവരെ നന്മകൊണ്ട് കല്‍പിക്കുകയും തിന്മകൊണ്ട് വിരോധിക്കുകയും നല്ലതിനെ അനുവദനീയമാക്കുകയും മ്ലേഛമായതിനെ നിഷിദ്ധമാക്കുകയും അത് വിശദീകരിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു. റസൂലിന് പ്രത്യേകമല്ലാത്ത എല്ലാ കാര്യങ്ങളിലും അവര്‍ അദ്ദേഹത്തെ പിന്‍പറ്റുകയും ചെയ്യും. നബി(സ്വ)യുടെ വാക്കും പ്രവര്‍ത്തിയും മൗനാനുവാദവും അവര്‍ മതത്തിന്റെ നിയമങ്ങളായി പരിഗണിച്ചു. പ്രവാചകന്റെ ജീവിതകാലത്തോ അതിന് ശേഷമോ അവരില്‍ ആരും അതില്‍ ഭിന്നിപ്പ് പ്രകടിപ്പിച്ചിരുന്നില്ല. പ്രവാചകന്റെ സുന്നത്തിനോട് എതിര്‍പ്പ് കാണിക്കുന്നവര്‍ക്ക് അദ്ദേഹം കടുത്ത ഭാഷയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സ്വഹാബികള്‍

നബി(സ്വ)യുടെ കാലത്ത് വ്യാപകമായ രീതിയില്‍ ഹദീഥുകള്‍ എവിടെയും എഴുതിവെക്കപ്പെട്ടിട്ടില്ല; ചില പ്രമുഖ സ്വഹാബിമാര്‍ മാത്രമാണ് എഴുതി വെ ച്ചത്. അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) ന്റെ അടുക്കല്‍ ഹദീഥുകള്‍ എഴുതിവെക്കപ്പെട്ടതായിട്ട് സ്ഥിരപ്പെട്ടിട്ടുണ്ട്.

”അബൂഹുറയ്‌റ(റ)യില്‍ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:”എന്നെക്കാള്‍ കൂടുതലായി റസൂലിന്റെ ഹദീഥുകള്‍ അറിയുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല; അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ് ഒഴികെ. അദ്ദേഹം റസൂലിന്റെ ഹദീഥുകള്‍ എഴുതിവെക്കാറുണ്ടായിരുന്നു. ഞാന്‍ എഴുതിവെക്കാറില്ലായിരുന്നു.”

റസൂലില്‍ നിന്ന് കേള്‍ക്കുന്ന ഹദീഥുകള്‍ സ്വന്തമായി കുറിച്ചിടുന്ന ചില സ്വഹാബിമാര്‍ ഉണ്ടായിരുന്നു. അവര്‍ വളരെ വിരളമായിരുന്നു. അലി(റ)വിന്റെ അടുക്കലും ഹദീഥുകള്‍ എഴുതിയ ഏടുകള്‍ ഉണ്ടായിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്.

നബി(സ്വ) ചില ഗവര്‍ണര്‍മാരിലേക്ക് ആട്, മാട്, ഒട്ടകങ്ങള്‍ക്കുള്ള സകാത്തിന്റെ കണക്ക് രേഖപ്പെടുത്തി എഴുതി കൊടുത്തയച്ചു എന്നും സ്ഥിരപ്പെട്ടതായി കാണുവാന്‍ സാധിക്കും. എങ്കിലും ഇതെല്ലാം അപ്പോഴുള്ള ഒരു ആവശ്യത്തിന് മാത്രമായിരുന്നു. വാമൊഴിയായി പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനുമാണ് സ്വഹാബിമാര്‍ പ്രാധാന്യം നല്‍കിയത്.

വളരെ ക്ഷമയോട് കൂടി ഹദീഥുകള്‍ സ്വീകരിക്കുവാനും അതേപോലെ മനഃപാഠമാക്കി സൂക്ഷിക്കുവാനും അതില്‍ അടങ്ങിയ വിജ്ഞാനങ്ങള്‍ മനസ്സിലാക്കുവാനും അല്ലാഹു സ്വഹാബിമാര്‍ക്ക് കഴിവ് നല്‍കി അനുഗ്രഹിച്ചു. അവരായിരുന്നല്ലോ ഈ ദീനിന്റെ വജ്രായുധങ്ങള്‍. ഹദീഥുകള്‍ ക്രോഡീകരിച്ച് ഒരു ഗ്രന്ഥരൂപത്തില്‍ ആക്കുന്നതില്‍നിന്ന് അവരെ തടഞ്ഞ ചില കാരണങ്ങള്‍ വിവരിക്കാം:

1. ജിബ്‌രീല്‍ മുഖേന റസൂലിനു ലഭിക്കുന്ന ക്വുര്‍ആന്‍ വചനങ്ങള്‍ പഠിക്കുന്നതിലും മനസ്സിലാക്കുന്നതിലും മനഃപാഠമാക്കുന്നതിലും അതിന്റെ വിധിവിലക്കുകള്‍ മനസ്സിലാക്കി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലും അത് പാരായണം ചെയ്യുന്നതിലും അത് പരസ്പരം കൈമാറുന്നതിലുമായിരുന്നു സ്വഹാബിമാരുടെ ഏറ്റവും വലിയ ശ്രദ്ധ.

2. ആദ്യകാലത്ത് ഹദീഥുകള്‍ എഴുതിവെക്കുന്നത് വിലക്കപ്പെട്ടിരുന്നു. എഴുതിവെക്കപ്പെട്ടതിന് ശേഷം അത് ക്വുര്‍ആനുമായി കൂടിക്കലരുമോ എന്ന ഭയം കാരണമായിരുന്നു അത്.

3. അറബികള്‍ ഭൂരിപക്ഷവും നിരക്ഷരായത് കൊണ്ട് തന്നെ അവര്‍ ഒരു അറിവ് സൂക്ഷിക്കാന്‍ ഉദ്ദേശിച്ചാല്‍ അവരുടെ ബുദ്ധിയെയാണ് ആസ്പദിച്ചിരുന്നത്. അത് കൊണ്ട് തന്നെ അവര്‍ അത് മനഃപാഠമാക്കുമായിരുന്നു. ഇതിനാല്‍ തന്നെ ഹദീഥ് ക്രോഡീകരണം അവര്‍ക്ക് ആവശ്യമായിരുന്നില്ല.

4. ക്വുര്‍ആനിനെ പറ്റി പഠിക്കുന്നതും അത് മനസ്സിലാക്കുന്നതും അത് പഠിപ്പിക്കുന്നതിലും ഉള്ള സ്വഹാബിമാരുടെ ഉത്സാഹവും പ്രയത്‌നവും ഹദീഥിലേക്ക് തിരിയും എന്നൊരു ഭയവും നിലനിന്നിരുന്നു. ഉമര്‍(റ)വില്‍ നിന്നും നിവേദനം: ഉമര്‍(റ) റസൂലിന്റെ ഹദീഥ് എഴുതാന്‍ ഉദ്ദേശിക്കുകയും പ്രമുഖ സ്വഹാബിമാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

റസൂലിന്റെ കാലത്ത് സ്വഹാബിമാര്‍ ഹദീഥ് മനഃപാഠമാക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുകയും അത് വാമൊഴിയായി പകര്‍ന്ന്‌കൊടുക്കുകയും ചെയ്ത്‌കൊണ്ടിരുന്നു. അവരില്‍ ചിലര്‍ ഹദീഥ് പഠിക്കാനായി തന്നെ മാറിയിരുന്നു. റസൂലിന്റെ സന്തത സഹചാരികളായി വര്‍ത്തിക്കുകയും അദ്ദേഹത്തിന്റെ ഓരോ വാക്കും പ്രവൃത്തിയും ചലനങ്ങളും സൂക്ഷ്മമായി വീക്ഷിച്ച് ഹൃദിസ്ഥമാക്കി പിന്‍ഗാമികള്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു.

താബിഉകളുടെ കാലഘട്ടം

അറിവിന്റെ നാശത്തെക്കുറിച്ചും ജ്ഞാനികളുടെ മരണത്തെക്കുറിച്ചും വിവേകമതികളില്‍ ഭയപ്പാട് തുടങ്ങി. മുന്‍പന്തിയില്‍ തന്നെ ഉമര്‍ ബിന്‍ അബ്ദില്‍ അ സീസ്(റ) ഉണ്ടായിരുന്നു. അദ്ദേഹം അബൂബക്കര്‍ ഇബ്‌നു ഹസ്മിന് ഒരു കത്തെഴുതി. അതില്‍ ഇങ്ങനെ കുറിച്ചിരുന്നു: ”റസൂലിന്റെ ഹദീഥിനെ കണ്ടെത്തി എനിക്ക് എഴുതിത്തരണം. തീര്‍ച്ചയായും ഞാന്‍ വിജ്ഞാനത്തിന്റെ നാശത്തെയും ജ്ഞാനികളുടെ മരണത്തെയും ഭയപ്പെടുന്നു” (ബുഖാരി: 1/194).

ഉമറുബ്‌നു അബ്ദില്‍ അസീസ് ഹദീഥ് ക്രോഡീകരിക്കാന്‍ ഉലമാക്കളോട് ആവശ്യപ്പെട്ടു. ഹദീഥ് ക്രോഡീകരിക്കുന്നതില്‍ സ്വഹാബത്തിന്റെ കാലത്തുണ്ടായ ഭയം അത് ക്വുര്‍ആനുമായി കൂടിച്ചേരുമോ എന്നതായിരുന്നല്ലോ. എന്നാല്‍ ആ ഭയത്തില്‍ നിന്നും അദ്ദേഹം ഒഴിവായിരുന്നു. കാരണം, അന്ന് ക്വുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടിരുന്നു. ഹദീഥ് ക്രോഡീകരണം എന്ന ആവശ്യത്തിന് ആദ്യമായി മറുപടി നല്‍കിയത് ഇമാം മുഹമ്മദ്ബ്‌നു മുസ്‌ലിമുബ്‌നു ഷിഹാബുസ്സുഹ്‌രിയായിരുന്നു. അങ്ങനെ ലോകത്ത് ആദ്യമായി ഔദ്യോഗിക രീതിയില്‍ റസൂലിന്റെ മുത്തുമൊഴികള്‍ ക്രോഡീകരിക്കപ്പെട്ടു. അതിന്റെ ഓരോ കോപ്പി വീതം ഉമറുബ്‌നു അബ്ദില്‍ അസീസ് നാടിന്റെ പല ഭാഗങ്ങളിലേക്കും അയച്ച് കൊടുത്തു.

തബഉത്താബിഉകളുടെ കാലത്ത്

ഇമാം സുഹ്‌രിക്ക് ശേഷമുള്ള തലമുറയില്‍ ഹദീഥ് ക്രോഡീകരണം വ്യാപകമായി വളര്‍ന്നു. ഇസ്‌ലാമിന്റെ നെടുംതൂണുകളായ രണ്ടാം നൂറ്റാണ്ടിലെ പണ്ഡിതന്മാര്‍ ഹദീഥ് ക്രോഡീകരണത്തില്‍ തങ്ങളുടേതായ മുദ്ര പതിപ്പിച്ചു. റസൂലിന്റെ ഹദീഥിനോടൊപ്പം സ്വഹാബികളുടെ വാക്കുകളും താബിഉകളുടെ ഫത്‌വകളും അവര്‍ സമാഹരിച്ചു. അവരില്‍ പ്രമുഖര്‍ ഇമാം മാലിക് മദീന, ഇബ്‌നു ദുറൈജ് മക്ക തുടങ്ങിയവരായിരുന്നു.

അടുത്ത തലമുറയില്‍ ഹദീഥിന്റെ ക്രോഡീകരണം അതിന്റെ ഉന്നതിയിലെത്തി. സ്വഹാബാക്കളുടെ വാക്കുകളും താബിഉകളുടെ ഫത്‌വകളും പൂര്‍ണമായും മാറ്റിനിറുത്തി റസൂലിന്റെ ഹദീഥ് മാത്രം ക്രോഡീകരിക്കപ്പെട്ടു. 

രണ്ടു രീതിയിലാണ് ഈ കാലഘട്ടത്തില്‍ ഹദീഥ് ക്രോഡീകരിക്കപ്പെട്ടത്.

1. ബാബുകളുടെ (അധ്യായം) അടിസ്ഥാനത്തില്‍.

കര്‍മശാസ്ത്ര വിധികളുടെ അടിസ്ഥാനത്തില്‍ ഹദീഥുകളെ ക്രോഡീകരിക്കുകയും ഓരോന്നിനും പ്രത്യേക തലക്കെട്ട് നല്‍കി വിഭാഗങ്ങളായി തിരിക്കുകയും ചെയ്യുന്ന രീതി.

ഈ രീതിയിലുള്ള ക്രോഡീകരണത്തില്‍ പ്രസിദ്ധമായിട്ടുള്ള കിതാബുകളാണ് ബുഖാരി, മുസ്‌ലിം, തിര്‍മിദി, നസാഇ, അഹ്മദ് തുടങ്ങിയവ.

2. നിവേദകരുടെ അടിസ്ഥാനത്തില്‍.

ഹദീഥിന്റെ ഉള്ളടക്കത്തിലേക്ക് നോക്കാതെ റിപ്പോര്‍ട്ട് ചെയ്യുന്ന സ്വഹാബിയെ മാത്രം നോക്കി ഓരോ സ്വഹാബിയുടെയും ഹദീസുകള്‍ ക്രോഡീകരിക്കുക. ഈ രീതിയില്‍ ക്രോഡീകരിക്കപ്പെട്ടതില്‍ പ്രസിദ്ധമായ ഹദീഥ് ഗ്രന്ഥങ്ങള്‍ മുസ്‌നദ് ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍, മുസ്‌നദ് അബീദാവൂദ് അത്ത്വയാലിസി, മുസ്‌നദ് ഇസ്ഹാഖ് ബിന്‍ റാഹവൈഹി, മുസ്‌നദ് അബ്ദി ബിന്‍ ഹുമൈദ് എന്നിവയാണ്.

ഈ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളെല്ലാം (ബുഖാരി, മുസ്‌ലിം ഒഴികെ) സ്വഹീഹായ ഹദീഥുകളുടെയും ദുര്‍ബലമായ ഹദീഥുകളുടെയും ഇടയില്‍ വേര്‍തിരിവ് കാണിച്ചില്ല. രണ്ടും അവര്‍ ഗ്രന്ഥങ്ങളില്‍ ചേര്‍ത്തു.

ഇമാം ബുഖാരിയും ശിഷ്യന്‍ മുസ്‌ലിമും തങ്ങളുടെ കിതാബില്‍ സ്വഹീഹായ ഹദീഥുകള്‍ മാത്രമെ ക്രോഡീകരിക്കുകയുള്ളൂ എന്ന് ദൃഢനിശ്ചയം ചെയ്യുകയും അതിനോട് നീതിപാലിക്കുകയും ചെയ്തു. അവര്‍ക്ക് ശേഷമുള്ള ഇമാമുമാര്‍ ഇവരുടെ പാത പിന്തുടര്‍ന്നു. തങ്ങളുടെ ഗ്രന്ഥങ്ങളില്‍ സ്വഹീഹായ ഹദീഥ് മാത്രം ക്രോഡീകരിച്ചു. അവരില്‍ പ്രമുഖര്‍ ഇമാം ഇബ്‌നു ഖുസൈമ, ഇമാം ഇബ്‌നു ഹിബ്ബാന്‍, ഇമാം ഹാകിം അന്നയ്‌സാബൂരി എന്നിവരാണ്. പക്ഷേ, ഇവരില്‍ ഹദീഥ് സ്വഹീഹാണെന്ന് വിശേഷിപ്പിക്കുന്നതില്‍ അലംഭാവം (തസാഹുല്‍) സംഭവിച്ചിട്ടുണ്ടെന്ന് ഇമാമീങ്ങള്‍ രേഖപ്പെടുത്തുന്നു. ഹാകിം അന്നയ്‌സാബൂരിക്കാണ് ഏറ്റവും കൂടുതല്‍ തസാഹുല്‍ സംഭവിച്ചത്. ഇബ്‌നുഹിബ്ബാനും ഇബ്‌നുഖുസൈമക്കും താരതമ്യേന കുറവും.

രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഏറ്റവും ബൃഹത്തായത് ഇമാം മാലികിന്റെ മുവത്വയാണ്.

അല്‍ കുതുബുല്‍ മസാനീദ്

മസാനീദുകള്‍: ഹദീഥ് ഗ്രന്ഥങ്ങളില്‍ മുസ്‌നദുകള്‍ എന്ന് പറയപ്പെടുന്ന ഗ്രന്ഥങ്ങളെ നമുക്ക് കാണാന്‍ സാധിക്കും. രണ്ടര്‍ഥത്തില്‍ മുസ്‌നദ് എന്ന് വിളിക്കപ്പെടുന്നു:

ഒന്ന്. പരമ്പര സ്വഹാബി റസൂലിലേക്ക് ചേര്‍ത്ത് പറഞ്ഞ ഹദീഥുകളെ പണ്ഡിതന്മാര്‍ മുസ്‌നദ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ബുഖാരിയുടെ അല്‍ ജാമിഉ സ്സ്വഹീഹ് മുസ്‌നദ്, മുസ്‌നദ് ദാരിമി, സ്വഹീഹു ഇബ്‌നു ഖുസൈമ, സ്വഹീഹു ഇബ്‌നു ഹിബ്ബാന്‍ തുടങ്ങിയവ ഉദാഹരണം.

രണ്ട്. സ്വഹാബിമാരുടെ പേരുകളുടെ അടിസ്ഥാനത്തില്‍ ഹദീഥ് ക്രോഡീകരിച്ച ഗ്രന്ഥങ്ങള്‍. മുസ്‌നദ് ഇമാം അഹ്മദ്, മുസ്‌നദ് അബീ യഅ്‌ലാ എന്നിവ പോലുള്ളത്.

 

അന്‍വര്‍ ഹുസൈന്‍
നേർപഥം വാരിക

നബിചര്യയും സ്വഹാബികളും

നബിചര്യയും സ്വഹാബികളും

സുന്നത്ത് അഥവാ നബിചര്യ എന്നതുകൊണ്ടുദ്ദേശിക്കപ്പെടുന്നത് നബി ﷺ യുടെ വാക്കുകളും പ്രവൃത്തികളും മൗനാനുവാദങ്ങളും അടങ്ങുന്ന പ്രവാചക ജീവിതത്തെയാണ്. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് നബിചര്യ. പൂര്‍വ കാലം മുതല്‍ക്കേ ഇസ്‌ലാമിക സമൂഹം നബിചര്യകള്‍ സ്വീകരിക്കുകയും പഠിപ്പിക്കുകയും ചെയ്തുപോന്നിട്ടുണ്ട്. അതിന്റെ പഠനത്തിനും പ്രചാരണത്തിനും വേണ്ടി നിരവധി ത്യാഗങ്ങളും പ്രയാസങ്ങളും മുന്‍കാല പണ്ഡിതന്മാര്‍ക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്.

ഇസ്‌ലാമിക സമൂഹത്തിലെ പ്രഥമ തലമുറക്കാരായ പ്രവാചകാനുചരന്മാര്‍ (സ്വഹാബികള്‍) തന്നെ സുന്നത്ത് അന്വേഷിച്ചുകൊണ്ട് ദീര്‍ഘയാത്രകള്‍ ചെയ്യുകയും അവര്‍ക്ക് ലഭിച്ച പ്രവാചകാധ്യാപനങ്ങള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും തെറ്റുതിരുത്തുകയുമൊക്കെ ചെയ്ത സംഭവങ്ങളുണ്ട്. നബി ﷺ യുടെ അധ്യാപനത്തിലെ ഒരു വസ്തുത അവര്‍ക്ക് ബോധ്യപ്പെട്ടാല്‍ അതിനനുസരിച്ച് മാറുവാന്‍ അവര്‍ക്ക് യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല. സുന്നത്തുകള്‍ പിന്‍പറ്റുന്ന വിഷയത്തില്‍ ഒരുതരത്തിലുള്ള ഈഗോകളും അവര്‍ക്കു മുന്നില്‍ തടസ്സം സൃഷ്ടിച്ചിരുന്നില്ല. സുന്നത്തുകള്‍ തേടിയുള്ള യാത്രകള്‍ക്കും പഠനത്തിനും അത് ജീവിതത്തില്‍ പകര്‍ത്തുന്നതിലുമൊക്കെ പരസ്പരം മത്സരിക്കുന്നതായിട്ടാണ് അവരുടെ ജീവിതം പരിശോധിച്ചാല്‍ നമുക്ക് കാണാനാവുക.

നബി ﷺ യോടൊപ്പം പരമാവധി സമയം ചെലവഴിക്കുവാനും അവിടുത്തെ വാക്കുകള്‍ക്ക് സസൂക്ഷ്മം കാതോര്‍ക്കുവാനും നബി ﷺ യുടെ പ്രവര്‍ത്തനങ്ങളും ചലനങ്ങളും നിരീക്ഷിച്ച് ചാണിനു ചാണായി അവ പിന്‍പറ്റുവാനും അവര്‍ ശ്രദ്ധിച്ചിരുന്നു നബി ﷺ യോടൊപ്പം സദസ്സുകളില്‍ പങ്കെടുക്കുവാന്‍ കഴിയാത്തവര്‍ കൂട്ടുകാരുമായി പരസ്പര ധാരണയിലെത്തി ഊഴം നിശ്ചയിച്ച് നബി ﷺ യോടൊപ്പം സമയം ചെലവഴിക്കുമായിരുന്നു!

ഉമറുബ്‌നുല്‍ ഖത്വാബ്(റ) പറയുന്നു: ”ഞാനും മദീനയിലെ ഉമയ്യത്തുബ്‌നു സൈദിന്റെ കുടുംബത്തില്‍ പെട്ട എന്റെ ഒരു അന്‍സ്വാരി അയല്‍വാസിയും തമ്മില്‍ ഊഴം നിശ്ചയിച്ച് നബി ﷺ യുടെ അടുക്കല്‍ ചെല്ലുമായിരുന്നു; ഒരു ദിവസം അദ്ദേഹം മറ്റൊരു ദിവസം ഞാനും എന്നിങ്ങനെ. ഞാന്‍ പോകുന്ന ദിവസത്തെ വിവരങ്ങള്‍ ഞാനദ്ദേഹത്തിന്ന് പകര്‍ന്നുകൊടുക്കും അദ്ദേഹം പോകുന്ന ദിവസങ്ങളില്‍ അദ്ദേഹവും അപ്രകാരം ചെയ്യുമായിരുന്നു” (ബുഖാരി-ഹദീഥ് നമ്പര്‍:89, 2468,5191).

മദീനയില്‍ നിന്ന് വിദൂരത്തുള്ള ഗോത്രങ്ങളും കുടുംബങ്ങളും നബി ﷺ യില്‍ നിന്ന് മതത്തിന്റെ വിധിവിലക്കുകളും മറ്റ് വിശദാംശങ്ങളും പഠിച്ചറിഞ്ഞ് അവരുടെ ആളുകളിലേക്ക് തിരിച്ചു ചെന്ന് അക്കാര്യങ്ങള്‍ അവര്‍ക്കും പഠിപ്പിച്ചുകൊടുക്കുക പതിവായിരുന്നു.

അപ്രകാരം തന്നെ വ്യക്തിപരമായ വല്ല വിഷയങ്ങളിലും ഇസ്‌ലാമിക നിയമങ്ങളും നിര്‍ദേശങ്ങളും അറിയേണ്ടതുണ്ടെങ്കിലും ദീര്‍ഘദൂരം താണ്ടി പ്രവാചക സന്നിധിയില്‍ വന്ന് മതവിധികള്‍ ചോദിച്ചറിയുവാനും അവര്‍ യാതൊരു മടിയും വൈമനസ്യവും കാണിച്ചിരുന്നില്ല.

ഉക്വ്ബതുബ്‌നുല്‍ ഹാരിഥ്(റ) അബൂ ഇഹാബിന്റെ മകളെ വിവാഹം ചെയ്തു. അപ്പോള്‍ ഒരു സ്ത്രീ വന്നിട്ട് ഉക്വ്ബക്കും അദ്ദേഹം വിവാഹം ചെയ്ത സ്ത്രീക്കും അവര്‍ മുലയൂട്ടിയിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഉക്വഖ്ബ(റ) അവരോട് പറഞ്ഞു: ”നിങ്ങള്‍ എനിക്കു മുലയൂട്ടിയതായി എനിക്കറിയില്ല. നിങ്ങളാകട്ടെ അത് എന്നെ അറിയിച്ചിട്ടുമില്ല.” അങ്ങനെ അദ്ദേഹം അബൂ ഇഹാബിന്റെ ആളുകളോട് വിവരമന്വേഷിക്കുവാന്‍ ദൂതനെ പറഞ്ഞയച്ചു. അവര്‍ക്കാര്‍ക്കും ആ സ്ത്രീ ഇവരെ മുലയൂട്ടിയതായി അറിയില്ലെന്നായിരുന്നു അവരുടെ മറുപടി. ഉടനെ ഉക്വ്ബ(റ) മക്കയില്‍ നിന്ന് മദീനയിലേക്ക് യാത്രയായി. നബി ﷺ യുടെ അടുക്കല്‍ ചെന്ന് വിവരമറിയിച്ചു. അതിലെ വിധി ചോദിച്ചറിഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: ”അവള്‍ അങ്ങനെ പറഞ്ഞിരിക്കെ എങ്ങനെയാണ് നിനക്കവളെ ഭാര്യയാക്കി വെക്കാന്‍ പറ്റുക?” അങ്ങനെ ഉക്വ്ബ(റ) അവരുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. അവള്‍ മറ്റൊരാളെ വിവാഹം ചെയ്തു. (ബുഖാരി, ഹ: നമ്പര്‍ 88, 2052, 2640).

നബി ﷺ യുടെ അധ്യാപനം ലഭ്യമായാല്‍ അതിന് കീഴ്‌പ്പെട്ട് അനുസരിക്കുക എന്നതാണ് സത്യവിശ്വാസിയുടെ സ്വഭാവം. 

”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു” (ക്വുര്‍ആന്‍ 33:36). 

”തങ്ങള്‍ക്കിടയില്‍ (റസൂല്‍ തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍” (ക്വുര്‍ആന്‍ 24:51).

അപ്രകാരം തന്നെ നബി ﷺ യുടെ ഭാര്യമാരുടെ അടുക്കല്‍ വന്ന് കുടുംബജീവിതവുമായി ബന്ധപ്പെട്ട പലതും അവര്‍ ചോദിച്ചറിയുമായിരുന്നു. കാരണം, കുടുംബ കാര്യങ്ങള്‍ കുടൂതലറിയുക ഭാര്യമാര്‍ക്കായിരിക്കുമല്ലൊ. 

ഈ ഉല്‍കൃഷ്ട സ്വഭാവം സ്വഹാബികളുടെ ജീവിതത്തിലുടനീളം കാണാവുന്നതാണ്. നബി ﷺ യെ അവര്‍ പരിപൂര്‍ണമായി അനുസരിച്ചു. 

അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുന്നു: ”നബി ﷺ ഒരാളുടെ കയ്യില്‍ സ്വര്‍ണ മോതിരം ധരിച്ചിരിക്കുന്നത് കണ്ടു. അവിടുന്ന് അത് ഊരിയെടുത്ത് വലിച്ചെറിഞ്ഞു. എന്നിട്ട് പറഞ്ഞു: ‘നിങ്ങളില്‍ ചിലര്‍ നരകത്തിന്റെ തീക്കനലുകള്‍ ലക്ഷ്യമാക്കിച്ചെന്ന് അതെടുത്ത് കയ്യിലണിയുകാണ.്’ നബി ﷺ അവിടെനിന്ന് പോയശേഷം ആ സ്വഹാബിയോട് സുഹൃത്തുക്കള്‍ പറഞ്ഞു: ‘നിന്റെ മോതിരം നീ എടുത്തോളൂ, അത് മറ്റുവല്ല രൂപത്തിലും ഉപയോഗപ്പെടുത്താമല്ലോ.’ അദ്ദേഹം പറഞ്ഞു: ‘ഇല്ല, അല്ലാഹുവാണെ സത്യം! അല്ലാഹുവിന്റെ ദൂതര്‍ ﷺ എറിഞ്ഞുകളഞ്ഞത് ഞാനൊരിക്കലും എടുക്കുകയില്ല”(സ്വഹീഹു മുസ്‌ലിം-കിതാബു ലിബാസ് ഹ: നമ്പര്‍ 2090).

നോക്കുക; നബി ﷺ യുടെ അധ്യാപനങ്ങളോട് എത്ര ആദരവോടുകൂടിയാണ് സ്വഹാബത്തിന്റെ പ്രതികരണം. അപ്രകാരം തന്നെ ഏത് ചര്‍ച്ചയും തര്‍ക്കവും പ്രവാചകാധ്യാപനം ബോധ്യപ്പെടുന്നതുവരെ മാത്രമെ സത്യവിശ്വാസികള്‍ക്ക് പാടുള്ളു. പ്രവാചകാധ്യാപനം വ്യക്തമായിക്കഴിഞ്ഞല്‍ വാശിയേറിയ ചര്‍ച്ചകളും വിയോജിപ്പുകളുമാണെങ്കിലും അതൊക്കെ അവസാനിപ്പിച്ചുകൊണ്ട് ബോധ്യപ്പെട്ട സത്യത്തിലേക്ക് മടങ്ങുക എന്നതാണ് യഥാര്‍ഥ സത്യവിശ്വാസികളുടെ സ്വഭാവം.

അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും” (ക്വുര്‍ആന്‍ 4:59). 

”ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല” (ക്വുര്‍ആന്‍ 4:65).

സ്വഹാബത്തിന്റെ ജീവിതത്തില്‍ ഈ ഉല്‍കൃഷ്ട സ്വഭാവവും നമുക്ക് കാണാം. നബി ﷺ ക്ക് ശേഷം ആരായിരിക്കണം ഭരണാധികാരി എന്ന വിഷയത്തില്‍ സ്വഹാബികള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചയുണ്ടായി. വ്യത്യസ്ത അഭിപ്രായങ്ങള്‍ അവര്‍ പ്രകടിപ്പിച്ചു. എന്നാല്‍ ‘നേതൃത്വം ക്വുറൈശികള്‍ക്കാകുന്നു’ എന്ന പ്രവാചക വചനം അവരറിഞ്ഞപ്പോള്‍ ചര്‍ച്ച അവിടെ നിര്‍ത്തുകയും അതിന് കീഴൊതുങ്ങുകയും ചെയ്തു. (ഫത്ഹുല്‍ ബാരി. 7/32).

ഉമര്‍(റ) ശാമിലേക്ക് യാത്ര പുറപ്പെട്ടു. അങ്ങനെ ‘സര്‍ഗ്’ എന്ന സ്ഥലത്തെത്തിയപ്പോള്‍ ശാമില്‍ പ്ലേഗ് പടര്‍ന്നു പിടിച്ച വിവരം ലഭിച്ചു. യാത്ര തുടരണോ, അതോ മടങ്ങിപ്പോകണമോ എന്ന വിഷയത്തില്‍ സ്വഹാബികള്‍ക്കിടയില്‍ ചര്‍ച്ച നടന്നു. അവര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. ചര്‍ച്ച നീണ്ടു. ചര്‍ച്ചകള്‍ക്കൊടുവിലാണ് അബ്ദുര്‍റഹ്മാനിബ്‌നു ഔഫ്(റ) അവിടെ എത്തിയത്. അദ്ദേഹം പറഞ്ഞു: ”ഈ വിഷയകമായി എന്റെ പക്കല്‍ ഒരറിവുണ്ട്. നബി ﷺ ഇപ്രകാരം പറയുന്നത് ഞാന്‍കേട്ടിട്ടുണ്ട്: ‘ഒരു പ്രദേശത്ത് പ്ലേഗ് പിടിപെട്ടതായി നിങ്ങള്‍ കേട്ടാല്‍ അവിടേക്ക് നിങ്ങള്‍ പോകരുത്. നിങ്ങളുള്ള സ്ഥലത്ത് അത് ബാധിച്ചാല്‍ അവിടുന്ന് നിങ്ങള്‍ പേടിച്ചോടുകയും ചെയ്യരുത്.’ അപ്പോള്‍ ഉമര്‍(റ) അല്ലാഹുവിനെ സ്തുതിക്കുകയും യാത്രയവസാനിപ്പിക്കുകയും ചെയ്തു. (ബുഖാരി. ഹ: നമ്പര്‍ 5729; മുസ്‌ലിം-ഹ: നമ്പര്‍ 2219).

എന്നാല്‍ പ്രമാണങ്ങളിലേക്ക് സത്യസന്ധമായി മടങ്ങാതെ കുതറിപ്പോകുന്ന രീതി മുനാഫിഖുകളുടേത് (കപടവിശ്വാസികള്‍) ആണെന്നും ക്വുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്:

”അല്ലാഹു അവതരിപ്പിച്ചതിലേക്കും (അവന്റെ) ദൂതനിലേക്കും നിങ്ങള്‍ വരൂ എന്ന് അവരോട് പറയപ്പെട്ടാല്‍ ആ കപടവിശ്വാസികള്‍ നിന്നെ വിട്ട് പാടെ പിന്തിരിഞ്ഞ് പോകുന്നത് നിനക്ക് കാണാം”(ക്വുര്‍ആന്‍ 4:61). 

സ്വന്തം താല്‍പര്യങ്ങള്‍ക്കുപരിയായി പ്രമാണങ്ങള്‍ എന്തു പഠിപ്പിക്കുന്നു എന്ന് പരിശോധിക്കുവാനും തെളിവുകളിലൂടെ ബോധ്യപ്പെടുന്ന സത്യം സ്വീകരിക്കുവാനും സ്വഹാബത്ത് കാണിച്ച ആര്‍ജവമാണ് സത്യവിശ്വാസികള്‍ക്കുണ്ടാവേണ്ടത്. അതാണ് നമ്മെ അല്ലാഹുവിലേക്കും അവന്റെ സ്വര്‍ഗത്തിലേക്കും നയിക്കുക. സച്ചരിതരായ മുന്‍ഗാമികളോടൊപ്പം ജന്നാത്തുല്‍ ഫിര്‍ദൗസില്‍ സമ്മേളിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ! 

 

ശമീര്‍ മദീനി
നേർപഥം വാരിക

പ്രവാചക ചര്യയുടെ പ്രാധാന്യം

 പ്രവാചക ചര്യയുടെ പ്രാധാന്യം

പരിശുദ്ധ ക്വുര്‍ആനും പ്രവാചകചര്യയും അഥവാ സുന്നത്തുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍. അവയുടെ പിന്‍ബലത്തോടു കൂടി ഇസ്‌ലാമികലോകത്തെ ഏതെങ്കിലും ഒരു കാലത്തെ പണ്ഡിതന്മാര്‍ ഐകകണ്‌ഠേ്യന സ്വീകരിച്ച നിലപാടുകളും അഭിപ്രായങ്ങളും ‘ഇജ്മാഅ്’ എന്ന പേരിലും, നൂതന പ്രശ്‌നങ്ങള്‍ ഗവേഷണപണ്ഡിതന്മാര്‍ ക്വുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ തുലനം ചെയ്ത് മതവിധികള്‍ കണ്ടെത്തുന്നത് ‘ക്വിയാസ്’ എന്നും പേരിലും അറിയപ്പെടുന്നു. ഇസ്‌ലാമിന്റെ ആധികാരിക പ്രമാണങ്ങള്‍ ഏതെല്ലാമെന്ന് അറിയാത്തത് കൊണ്ടോ അജ്ഞത നടിക്കുന്നത് കൊണ്ടോ എന്നറിയില്ല; ക്രൈസ്തവമിഷണറിമാരടക്കമുള്ള ഇസ്‌ലാം വിമര്‍ശകര്‍ പലപ്പോഴും പ്രമാണങ്ങളെയല്ല, ചില വാറോലകെളയാണ് കാര്യമായ രേഖകള്‍ എന്ന നിലയില്‍ എടുത്തുകാണിക്കാറുള്ളത്. 

ക്വുര്‍ആനും സുന്നത്തും ഇസ്‌ലാമികസമൂഹം നിരാക്ഷേപം അടിസ്ഥാനപ്രമാണങ്ങളായി അംഗീകരിച്ചു പോന്നതാണ്. നബി ﷺ യും സ്വഹാബത്തും അവരെ പിന്‍പറ്റിയവരും (താബിഉകള്‍) അവരുടെ ശിഷ്യന്മാരുമൊക്കെ മതവിധികള്‍ കണ്ടെത്താന്‍ ക്വുര്‍നിനെയും സുന്നത്തിനെയുമാണ് ആശ്രയിച്ചിരുന്നത്. വിശുദ്ധ ക്വുര്‍ആനും പ്രശ്‌നപരിഹാരത്തിനായി നിര്‍ദേശിക്കുന്നത് അതാണ്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കെകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും”(4:59).

പക്ഷേ, ആ ഉത്തമ തലമുറകളുടെ മാര്‍ഗത്തിന് വിരുദ്ധമായി പില്‍ക്കാലത്ത് ചിലര്‍ സുന്നത്തിന്റെ പ്രാമാണികതയെയും ആധികാരികതയെയും ചോദ്യംചെയ്യുകയും മുസ്‌ലിം സാധാരണക്കാര്‍ക്കിടയില്‍ തദ്വിഷയകമായി ആശയക്കുഴപ്പങ്ങളുണ്ടാക്കുവാന്‍ ശ്രമിക്കുകയും, ക്വുര്‍ആന്‍ പോരേ, എന്തിനാണ് സുന്നത്ത്, ക്വുര്‍ആന്‍ എല്ലാറ്റിനും വിശദീകരണമല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളുമായി സുന്നത്തില്‍ നിന്നും മുസ്‌ലിം ജനസാമാന്യത്തെ അകറ്റുവാന്‍ ബോധപൂര്‍വം ശ്രമം നടത്തുകയും ചെത്തിട്ടണ്ട്. ഇപ്പോഴും ചെയ്യുന്നുമുണ്ട്. ഈ പശ്ചാത്തലത്തില്‍ സുന്നത്തിന്റെ  പ്രാമാണികതയെ കുറിച്ചുള്ള ചര്‍ച്ച പ്രസക്തമാവുകയാണ്. 

പരമകാരുണികനായ സ്രഷ്ടാവ് അവന്റെ കാരുണ്യത്തിന്റെ ഭാഗമായി  അവതരിപ്പിച്ച ക്വുര്‍ആനിനെ കുറിച്ചും പ്രവാചകനെ കുറിച്ചും ക്വുര്‍ആനില്‍ പലയിടത്തും ‘മാര്‍ഗദര്‍ശനം’, ‘കാരുണ്യം’ തുടങ്ങിയ പ്രയോഗങ്ങള്‍ കാണാവുന്നതാണ്. ഉദാഹരണത്തിന് (2:2, 185, 22:67, 21:107).

മുഹമ്മദ് നബി ﷺ ക്ക്  ക്വുര്‍ആന്‍ അവതരിപ്പിച്ച് കൊടുത്തതിലൂടെ അതിന്റെ ശരിയായ വിവരണവും പ്രയോഗവും കൂടി ആ മഹത് ജീവിതത്തില്‍ നിന്ന് നാം തേടണമെന്നാണ് ക്വുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നത്. അല്ലാഹു പറയുന്നു:”അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കികൊടുക്കുവാന്‍ വേണ്ടിയും, വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്”(16:64).

”വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു.) നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും”(16:44)

നബി ﷺ  തന്റെ പ്രവാചകത്വാനന്തരമുള്ള ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ ജീവിതത്തിലൂടെ ക്വുര്‍ആനിന്റെ പ്രയോഗികരൂപം സമര്‍പിക്കുകയായിരുന്നു. നബി ﷺ യുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദം തുടങ്ങി അവിടുത്തെ ജീവിതചര്യയാണ് സുന്നത്ത് എന്നത് കൊണ്ട് സാങ്കേതികമായി അര്‍ഥമാക്കുന്നത്. അത് നബി ﷺ യില്‍ നിന്ന് നേരിട്ട് മനസ്സിലാക്കിയ സ്വഹാബികള്‍ തങ്ങളുടെ ശിഷ്യന്മാര്‍ക്ക് പകര്‍ന്നുകൊടുത്തു; അവര്‍ അവരുടെ ശിഷ്യന്മാരിലേക്കും. അങ്ങനെയാണ് പ്രസ്തുത സുന്നത്തുകള്‍ നമ്മുടെ കൈകളിലേക്ക് സുരക്ഷിതമായി എത്തിച്ചേര്‍ന്നത്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരക്ക് ‘സനദ്’ എന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആശയത്തിന് ‘മത്‌ന്’ എന്നുമാണ് സാങ്കേതിക ഭാഷ്യം. ഓര്‍മശക്തിയും ഗ്രഹണപാടവവും സത്യസന്ധതയുമെല്ലാം ഒത്തിണങ്ങിയ യോഗ്യന്മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥുകള്‍ക്കെ പണ്ഡിതന്മാര്‍ പ്രാമാണികത കല്‍പിക്കുന്നുള്ളൂ. മറിച്ച് സ്വീകാര്യതയുടെ പ്രസ്തുത യോഗ്യതകളില്‍ വീഴ്ച്ച വരുന്ന, നിവേദകപരമ്പര മുറിഞ്ഞ് പോയതോ ഗ്രഹണപാടവവും ഓര്‍മശക്തിയും കുറഞ്ഞവരോ വ്യാജവാദികളോ മറ്റോ ഉദ്ധരിക്കുന്നതായ ഹദീഥുകളെ അസ്വീകാര്യമായി, ദുര്‍ബല ഹദീഥുകളായി പ്രഖ്യാപിച്ച് മാറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്.

അത്ഭുതാവഹവും ശാസ്ത്രീയവുമായ ഹദീഥ് നിദാനശാസ്ത്രത്തിന്റെ സൂക്ഷ്മതലങ്ങള്‍ ആരെയും വിസ്മയിപ്പിക്കുന്ന തരത്തിലാണ്. ഇസ്‌ലാം വിമര്‍ശകരായ ഓറിയന്റലിസ്റ്റുകള്‍ പോലും പ്രസ്തുത യാഥാര്‍ഥ്യം തുറന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇസ്‌ലാമിന്റെ വ്യതിരിക്തത

ദൈവിക ഗ്രന്ഥമായ പരിശുദ്ധ ക്വുര്‍ആന്‍ അതിന്റെ പ്രായോഗികമാതൃക സുന്നത്തിലൂടെ സമര്‍പ്പിക്കുമ്പോള്‍ ഇസ്‌ലാം മറ്റു മത-പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. ദൈവിക വെളിപാടിന്റെ പിന്‍ബലത്തില്‍ എഴുതപ്പെട്ടതെന്ന് അവകാശപ്പെടുന്ന ഇതര മതഗ്രന്ഥങ്ങള്‍ക്കൊന്നും പ്രായോഗിക ജീവിതമാതൃക എടുത്ത് കാണിക്കാനില്ല. എന്നാല്‍ മുഹമ്മദ് നബി ﷺ യുടെ ജീവിതത്തിലെ ചെറുതും വലുതുമായ ഓരോ അധ്യാപനങ്ങളും മാതൃകകളും രേഖപ്പെടുത്തിവെക്കപ്പെട്ടിട്ടുണ്ട്. 

പക്ഷേ, ഈ തിരിച്ചറിവുംഅഭിമാനബോധവും ഉണ്ടാകേണ്ടതിന് പകരം ഇസ്‌ലാമിന്റെ ആധികാരികപ്രമാണവും വിശുദ്ധക്വുര്‍ആനിന്റെ പ്രായോഗികവിവരണവുമായ സുന്നത്തിന്റെ കാര്യത്തില്‍ വിമര്‍ശനങ്ങളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നവര്‍ ഇസ്‌ലാമിന്റെ ശത്രുക്കളോ മിത്രങ്ങളോ എന്ന് ആത്മാര്‍ഥമായി ചിന്തിക്കുക.

നബി ﷺ  എന്ത് പറയുന്നു, ചെയ്യുന്നു എന്നൊന്നും നോക്കേണ്ടതില്ല; ക്വുര്‍ആനായി ഓതിത്തരുന്ന വചനങ്ങള്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്നല്ല വിശുദ്ധക്വുര്‍ആന്‍ പറയുന്നത്. അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കിയ, ക്വുര്‍ആനിന്റെ പ്രഥമ സംബോധിതരായ സ്വഹാബത്തും ആ രീതിയല്ല സ്വീകരിച്ചത്. സല്‍സ്വഭാവത്തിന്റെ ഉത്തമമാതൃകയും വഴികാട്ടിയുമായി ക്വുര്‍ആന്‍ പരിചയപ്പെടുത്തിയ പ്രവാചകന്റെ ജീവിതമാതൃകകള്‍ ഓരോന്നും സസൂക്ഷ്മം ജീവിതത്തില്‍ പകര്‍ത്തുകയായിരുന്നു അനുചരന്മാര്‍. 

നബി ﷺ യെക്കുറിച്ച് അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു”(68:4). വിശ്വാസികളോട് അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്…”(33:21) 

കാരണം നബി ﷺ  അല്ലാഹുവില്‍നിന്നുള്ള ദിവ്യബോധനത്തെ (വഹ്‌യ്)യാണ് പിന്‍പറ്റുന്നത്. ”അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.”(53:3,4)

ദിവ്യബോധനങ്ങളെ കൈവിട്ട് സ്വന്തമായി എന്തെങ്കിലും കടത്തിക്കൂട്ടാന്‍ നബി ﷺ ക്ക് പോലും അവകാശമില്ല. ആദ്യകാലത്ത് നമസ്‌കാരവേളയില്‍ ക്വിബ്‌ലയായി (പ്രാര്‍ഥനാ ദിശയായി) ഫലസ്തീനിലെ ബൈതുല്‍ മുക്വദ്ദിസിന്റെ നേര്‍ക്ക് തിരിയുവാനായിരുന്നു നബി ﷺ ക്ക് കിട്ടിയ നിര്‍ദേശം. അതിന്റെ പേരില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും വരെയുണ്ടായി. തന്റെ ആദര്‍ശപിതാവിനാല്‍ പടുത്തുയര്‍ത്തപ്പെട്ട മക്കയിലെ വിശുദ്ധ കഅ്ബയിലേക്ക് പ്രാര്‍ഥനവേളയില്‍ തിരിയാനുള്ള ആഗ്രഹം നബി ﷺ ക്കുണ്ടായിരുന്നു. പക്ഷേ, അല്ലാഹുവിന്റെ നിര്‍ദേശം വരുന്നത് വരെ പ്രവാചകന്‍ ﷺ  അപ്രകാരം ചെയ്തില്ല എന്ന ചരിത്രയാഥാര്‍ഥ്യം അതിനൊരു ഉദാഹരണം മാത്രമാണ്. പ്രസ്തുത വിഷയകമായി അല്ലാഹു പറയുന്നത് കാണുക:

 ”(നബിയേ) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ക്വിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖംതിരിക്കേണ്ടത്. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാണെന്ന് നന്നായി അറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധനല്ല” (2:144).

അങ്ങനെ നബി ﷺ  നിര്‍വഹിച്ച ആ മഹത്തായ ദൗത്യത്തിന് അല്ലാഹുവിന്റെ അംഗീകാരവും തൃപ്തിയും ലഭിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: ”അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ ആ അല്ലാഹുവിന്റെ പാതയിലേക്ക്. ശ്രദ്ധിക്കുക; അല്ലാഹുവിലേക്കാകുന്നു കാര്യങ്ങള്‍ ചെന്നെത്തുന്നത്” (42:52,53).

അത് സമ്പൂര്‍ണമാണ്. അല്ലാഹു തൃപ്തിപ്പെട്ടതുമാണ്. ”ഇന്നേ ദിവസം ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തീകരിച്ച് തരികയും എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തരികയും ചെയ്തിരിക്കുന്നു”(5:3).

സുന്നത്ത് നിഷേധി ഇസ്‌ലാമിന്റെ ശത്രു

ക്വുര്‍ആനിന്റെ വചനങ്ങള്‍ക്കും ആശയങ്ങള്‍ക്കും കൂടുതല്‍ കൂടുതല്‍ തെളിച്ചവും വെളിച്ചവും നല്‍കുന്ന പ്രവാചകചര്യ (സുന്നത്ത്) കയ്യൊഴിക്കണമെന്ന് പറയുന്നവര്‍ ക്വുര്‍ആനിന്റെ അനുയായിയല്ല ശത്രുവാണ്, എന്ന് മനസ്സിലാക്കണമെങ്കില്‍ ക്വുര്‍ആന്‍ തന്നെ മനസ്സിരുത്തി അര്‍ഥം ഗ്രഹിച്ച് ഒരാവര്‍ത്തി വായിച്ചു നോക്കിയാല്‍ മതി. കാരണം ക്വുര്‍ആന്‍ പഠിപ്പിക്കുന്നത് നബി ﷺ യെ പിന്‍പറ്റാനാണ്. അല്ലാഹുവിനോടൊപ്പം റസൂലിനെയും അനുസരിക്കാന്‍ നിരവധി സൂക്തങ്ങളിലൂടെ ക്വുര്‍ആന്‍ ആവശ്യപ്പെടുന്നു: ”ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!” (4:69). 

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുക…” (8:20). 

”അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു” (33:36). 

”…നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക…” (59:7). 

മുഹമ്മദ് നബി ﷺ യുടെ വിധിവിലക്കുകളെയും അധ്യാപനങ്ങളെയും അംഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്യാത്തവര്‍ യഥാര്‍ഥ വിശ്വാസികളല്ലെന്നും ക്വുര്‍ആന്‍ ഉണര്‍ത്തുന്നു: ”ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല” (4:65).

മുഹമ്മദ് നബി ﷺ യെ അനുസരിക്കല്‍ വാസ്തവത്തില്‍ അല്ലാഹുവിനോടുള്ള അനുസരണമാണ്. കാരണം അല്ലാഹുവാണ് അദേഹത്തെ പ്രവാചകനായി അയച്ചത്. ആ പ്രവാചകനെ ധിക്കരിക്കല്‍ അല്ലാഹുവിനെ ധിക്കരിക്കലുമാണ് അല്ലാഹു പറയുന്നു: ”(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല” (4:80).

”തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (അത്) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്” (48:10).

സുന്നത്തിനെ കയ്യൊഴിക്കുന്നവര്‍ക്ക് ക്വുര്‍ആന്‍ ഉദ്ധരിക്കാനുള്ള ധാര്‍മികാവകാശം പോലുമില്ല. കാരണം, ക്വുര്‍ആന്‍ ഇന്ന് കാണുന്ന ക്രമത്തില്‍ ക്രോഡീകരിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തത് നബി ﷺ യുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ്. ക്വുര്‍ആനിന്റെ അവതരണക്രമത്തിലല്ല ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത് എന്ന് സാരം. ആദ്യമവതരിപ്പിച്ച സൂക്തങ്ങള്‍ 96-ാം അധ്യായത്തിലാണുള്ളത്. അല്ലാഹുവില്‍ നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തില്‍ നബി ﷺ  നിര്‍ദേശിച്ചത് പ്രകാരം സ്വഹാബത്ത് അപ്രകാരം രേഖപ്പെടുത്തി എന്നാണ് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നതും മുസ്‌ലിംകള്‍ വിശ്വസിക്കുന്നതും. എന്നാല്‍ ‘സുന്നത്ത് വേണ്ട, ക്വുര്‍ആന്‍ മതി’ എന്ന് പറയുന്നവര്‍ക്ക് ഈ കാര്യം എങ്ങനെ സ്വീകാര്യമാവും? ക്വുര്‍ആനിലെവിടെയും ഇന്ന അധ്യായത്തിന് ശേഷം ഈ അധ്യായം എന്ന ക്രമം വിശദീകരിക്കുന്നില്ലല്ലൊ. വിരോധാഭാസമെന്നു പറയട്ടെ, എന്നിട്ടും സുന്നത്ത്‌നിഷേധികള്‍ ഇത്രാമത്തെ അധ്യായത്തിലെ ഇത്രാമത്തെ സൂക്തമെന്നൊക്കെ പറയുകയും എഴുതുകയും ചെയ്യാറുണ്ട്. 

സുന്നത്തിന്റെ അഭാവത്തില്‍ ആചാരാനുഷ്ഠാനങ്ങളിലും നിര്‍ബന്ധമായ ആരാധനകര്‍മങ്ങളില്‍ പോലും ഒരു ഏകഭാവമുണ്ടാവില്ല. അല്ലാഹു അംഗീകരിച്ചതും തൃപ്തിപ്പെട്ടതുമായ സുന്നത്തും അവന്‍ വെറുക്കുന്നതും അംഗീകരിക്കാത്തതുമായ ബിദ്അത്തുകളും വേര്‍തിരിച്ചറിയാന്‍ കഴിയാതെ വരും. തന്നിഷ്ടപ്രകാരം ആചാരാനുഷ്ഠാനങ്ങള്‍ നിര്‍മിക്കുന്നതിലേക്ക് ആളുകളെ നയിക്കലായിരിക്കും

സുന്നത്ത് നിഷേധത്തിന്റെ മറ്റൊരു അനന്തരഫലം. 

ഒരു വിശ്വാസി മറ്റുള്ളവരോട് എങ്ങനെയെല്ലാം പെരുമാറണമെന്നും എന്തെല്ലാം കടമകളും കടപ്പാടുകളും അവനുണ്ട് എന്നും വ്യക്തമായി വിശദീകരിക്കുന്നതും നബി ﷺ യുടെ ജീവിതമാതൃകയായ സുന്നത്തിലൂടെയാണ്. നബി ﷺ യുടെ ശരിയായ ജീവിതചര്യകള്‍ പഠിക്കുന്ന ആര്‍ക്കും അവയുടെ വെളിച്ചവും മഹത്ത്വവും ബോധ്യപ്പെടുന്നതാണ്. എന്നാല്‍ ഇവയൊക്കെ മാറ്റി നിര്‍ത്തിക്കൊണ്ട് ക്വുര്‍ആന്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്ന പുത്തന്‍വാദം ക്വുര്‍ആനിനെ അവഗണിക്കലാണ്. ദൈവിക മാര്‍ഗദര്‍ശനത്തില്‍ നിന്ന് ജനങ്ങളെ തടയുന്ന പൈശാചിക ശ്രമമാണത് എന്ന കാര്യം വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട്. 

ക്വുര്‍ആനില്‍ എല്ലാമുണ്ടല്ലോ പിന്നെയെന്തിനാണ് സുന്നത്ത് എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നവരോട് നമുക്ക് പറയാനുള്ളതിതാണ്. അതെ, ക്വുര്‍ആനിലെല്ലാമുണ്ട്. അതില്‍പെട്ടതാണ്, ക്വുര്‍ആന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയ പ്രവാചക മാതൃക(സുന്നത്ത്) സ്വീകരിക്കുക എന്ന കണിശമായ നിര്‍ദേശവും. 

ക്വുര്‍ആനിന്റെ വിവരണവും പ്രായോഗികരൂപവുമാണ് സുന്നത്ത്. അവ രണ്ടും പരസ്പര പൂരകങ്ങളാണ്. അവ രണ്ടും മുറുകെ പിടിച്ച് ജീവിക്കുവാനാണ് വിശ്വാസികളോട് അല്ലാഹും റസൂലും പഠിപ്പിച്ചത്. ക്വുര്‍ആനിന്റെ പ്രഥമ സംബോധിതരും അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കിയവരുമായ സ്വഹാബത്ത് അടക്കമുള്ള പൂര്‍വികര്‍ ക്വുര്‍ആനോടൊപ്പം സുന്നത്തും സ്വീകരിക്കുകയും അതിന്റെ പഠനത്തിനും പ്രചാരണത്തിനുമായി അതുല്യമായ സേവനങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെയെല്ലാം പാതയ്ക്കു വിരുദ്ധമായി സുന്നത്ത് കയ്യൊഴിക്കണമെന്ന നൂതനവാദം ഇസ്‌ലാമിന്റെ ശത്രുക്കളുടെ സൃഷ്ടിയാണ്. അതിനാല്‍ അത്തരം വഴികേടുകള്‍ക്കെതിരില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ!

 

ശമീര്‍ മദീനി
നേർപഥം വാരിക

ഹദീഥ് നിഷേധം കടന്നുവന്ന വഴികള്‍ – 01

ഹദീഥ് നിഷേധം കടന്നുവന്ന വഴികള്‍ - 01

സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് പ്രമാണങ്ങള്‍ എതിരാവുമ്പോഴാണ് പലപ്പോഴും അതിനെ തെറ്റായി ഗ്രഹിക്കുവാനോ നിഷേധിക്കുവാനോ ആളുകള്‍ ധൃഷ്ടരാവുന്നത്. ഹദീഥ് നിഷേധത്തിന്റെയും നാരായവേര് കുടികൊള്ളുന്നത് ഇതില്‍ തന്നെയാണ്. ഹദീഥ് നിഷേധത്തിന്റെ ചരിത്രവും വര്‍ത്തമാനകാല അവസ്ഥയും വിശദീകരിക്കുന്ന കനപ്പെട്ട രചന.

ഹദീഥുകളെ നിഷേധിക്കുന്ന ഒരു വിഭാഗം ഈയിടെയായി ലോകത്തിലാകമാനം സജീവമായി വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. വിശിഷ്യാ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സംഘമായി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. അവരെക്കുറിച്ചും അങ്ങനെയുള്ള ഒരു ചിന്താഗതി എപ്പോള്‍ മുതലാണ് ഉടലെടുത്തത് എന്നതിനെക്കുറിച്ചുമാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്. മുഹമ്മദ് നബി(സ്വ)യിലൂടെ അന്ത്യദിനം വരേക്കുമുള്ള ജനങ്ങള്‍ക്കുള്ള മതമായിട്ടാണ് പരിശുദ്ധ ഇസ്‌ലാമിനെ നിശ്ചയിച്ചിട്ടുള്ളത്. അന്തിമദൂതനായി മുഹമ്മദ് നബി(സ്വ)യെയും അല്ലാഹു നിശ്ചയിച്ചു. മതത്തിന്റെ എല്ലാ കാര്യങ്ങളും വഹ്‌യിലൂടെ നബി(സ്വ)ക്ക് അല്ലാഹു അറിയിച്ച് കൊടുക്കുകയും ചെയ്തു. പ്രവാചകന്‍ (സ്വ)യുടെ ഹജ്ജത്തുല്‍ വദാഇല്‍ അല്ലാഹു ഈ മതം പൂര്‍ണമായിട്ടുണ്ടെന്ന്ന്നു പ്രഖ്യാപിക്കുകയും ചെയ്തു. അല്ലാഹു പറയുന്നത് കാണുക:

”…ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു…” (5:3).

ആ സന്ദര്‍ഭം വരേക്കും റസൂല്‍(സ്വ) ക്വുര്‍ആന്‍ പഠിപ്പിച്ച ശൈലിയില്‍ കാഴ്ചവെച്ച ഏതെല്ലാം കാര്യങ്ങളുണ്ടോ അവയാണ് ഇസ്‌ലാം. വിശുദ്ധ ക്വുര്‍ആന്‍ സൂറത്തുല്‍ ഫാതിഹ മുതല്‍ സൂറത്തുന്നാസ് വരെ പരിശോധിച്ചാല്‍ റസൂല്‍(സ്വ)യെ അനുസരിക്കേണ്ടതിന്റെയും പിന്തുടരേണ്ടതിന്റെയും ആവശ്യകത ദശക്കണക്കിന് ആയത്തുകളിലൂടെ അല്ലാഹു അറിയിക്കുന്നതായി കാണാം. എല്ലാ നിലക്കും റസൂല്‍(സ്വ)യെ പിന്തുടര്‍ന്ന് ജീവിക്കാന്‍ അല്ലാഹു കല്‍പിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ അത് പോലെ തന്നെ സ്വീകരിച്ച അദ്ദേഹത്തിന്റെ അനുയായികളെക്കുറിച്ചും അല്ലാഹു അറിയിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:

”മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തില്‍ അവരെ പറ്റിയുള്ള ഉപമ. ഇഞ്ചീലില്‍ അവരെ പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു: ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചുകൊണ്ട് അതിന്റെ കാണ്ഡത്തിന്‍മേല്‍ നിവര്‍ന്നുനിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു” (48: 29).

  ഈ സ്വഹാബികള്‍ പ്രവാചകന്‍(സ്വ)യെ കണിശമായി പിന്തുടര്‍ന്നുകൊണ്ട് ജീവിക്കുകയും അത് മൂലം അല്ലാഹു അവരെ ഉത്തമ സമൂഹമായി തെരഞ്ഞെടുക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: 

”മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു…”(3:110).

 അന്ത്യദൂതരുടെ കൂടെയുള്ള വിശുദ്ധ ക്വുര്‍ആന്‍ അത് പോലെ തന്നെ ജനങ്ങളിലേക്കെത്തിച്ച് കൊടുക്കാന്‍ അല്ലാഹു അവരെ തെരഞ്ഞെടുത്തു. അവരത് കൃത്യമായി നിര്‍വഹിക്കുകയും ചെയ്തു. അവര്‍ക്ക് പ്രവാചകന്‍(സ്വ) കൊണ്ട് വന്ന ഏതൊരു കാര്യത്തിലും യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അവരാരും ക്വുര്‍ആന്‍ മാത്രം മതി, പ്രവാചകന്‍(സ്വ)യുടെ വിശദീകരണം വേണ്ട എന്ന് പറഞ്ഞതുമില്ല. അവരാരും ഇങ്ങനെ പറഞ്ഞ ഒരു റിപ്പോര്‍ട്ടെങ്കിലും നമുക്ക് കാണാന്‍ സാധിക്കില്ല. അവര്‍ ക്വുര്‍ആന്‍ പഠിക്കേണ്ട വിധത്തില്‍ പഠിച്ചപ്പോള്‍ അവര്‍ക്ക് മനസ്സിലായത്, വിശുദ്ധ ക്വുര്‍ആനിന്റെ  വിശദീകരണം മനസ്സിലാക്കേത് റസൂല്‍(സ്വ)യിലൂടെയാണ് എന്നാണ്. അതാണ് അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെ അറിയിക്കുന്നത് കാണുക:   

”നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും”(16:44). 

ഈ സൂക്തത്തില്‍ പറഞ്ഞ ‘ബയാന്‍’ (വിവരണം)പ്രവാചകന്‍(സ്വ)യുടെ വിശദീകരണമായ ഹദീഥാണെന്ന് സ്വഹാബത്ത് മനസ്സിലാക്കി. ഇങ്ങനെ ക്വുര്‍ആനും ഹദീഥും കൃത്യമായി സ്വീകരിച്ചാണ് ഒന്നാം നൂറ്റാണ്ടിലെ ആളുകള്‍ ജീവിച്ചത്. ഇവരെ പിന്‍പറ്റി ജീവിക്കാന്‍ അല്ലാഹു നമ്മോട് പറയുന്നു:

”മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം”(9:100).

ഈ സൂക്തത്തില്‍ ആദ്യം സ്വഹാബത്തിനെക്കുറിച്ചും ശേഷം അവരെ പിന്‍പറ്റിയ താബിഉകളെക്കുറിച്ചുമാണ് അല്ലാഹു വിവരിക്കുന്നത്. സ്വഹാബത്തിന് പ്രവാചകന്‍(സ്വ)യുടെ ഹദീഥുകളില്‍ സംശയമുണ്ടായിരുന്നില്ല എന്ന് നമുക്ക് മനസ്സിലായി. അത് പോലെ തന്നെയാണ് താബിഉകളുടെ സ്ഥിതിയും. അവരും റസൂല്‍(സ്വ)യുടെ ഹദീഥുകളെ സ്വീകരിക്കുന്നവരും ആദരിക്കുന്നവരുമായിരുന്നു. ക്വുര്‍ആന്‍ മാത്രം മതി എന്ന വാദം അവര്‍ക്കുമുണ്ടായിരുന്നില്ല. അവരെക്കുറിച്ചാണ് ഈ ആയത്തില്‍ ‘സുകൃതം ചെയ്ത് കൊണ്ട് അവരെ പിന്തുടര്‍ന്നവര്‍’ എന്ന് അല്ലാഹു വിശേഷിപ്പിച്ചത്. ഇന്ത്യയിലും മറ്റും പില്‍ക്കാലത്ത് ഉടലെടുത്ത ഹദീഥ് നിഷേധം അല്ലാഹു എടുത്ത് പറഞ്ഞ ഈ ഉത്തമരായ സ്വഹാബികളില്‍ ഉണ്ടായിരുന്നില്ല എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചു. വിശുദ്ധ ക്വുര്‍ആനിന്റെ അധ്യായങ്ങളുടെ ക്രമീകരണങ്ങള്‍ നടത്തിയത് പോലും  പ്രവാചകന്‍(സ്വ)യില്‍ നിന്ന് മനസ്സിലാക്കിയതനുസരിച്ച് ഈ സ്വഹാബിമാരാണ്. ഇന്ന അധ്യായത്തിന് ശേഷം ഇന്ന അധ്യായം വെക്കണമെന്നൊന്നും വിശുദ്ധ ക്വുര്‍ആനില്‍ ഇല്ല.

ഹദീഥ് നിഷേധം

ശിയാക്കളും ഖവാരിജുകളും മുഅ്തസിലികളും: പില്‍ക്കാലത്ത് ഇസ്‌ലാമില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ ഉടലെടുത്തപ്പോഴാണ് ഇത്തരം ചിന്തകള്‍ കടന്നുവരാന്‍ തുടങ്ങിയത്. ശിയാക്കള്‍ അലി(റ)വിനാണ് ഇമാമത്ത് നല്‍കേണ്ടത് എന്ന വാദവുമായി പുറപ്പെട്ട കാലഘട്ടത്തില്‍ അവരുടെ ആ തത്ത്വം അംഗീകരിക്കാത്ത സ്വഹാബികളോട് അവര്‍ക്ക് വെറുപ്പ് വന്നത് കാരണത്താല്‍ ആ സ്വഹാബിമാരുടെ ഹദീഥ് വേണ്ട എന്ന് വെച്ചതല്ലാതെ ഹദീഥുകള്‍ മൊത്തത്തില്‍ വേണ്ട എന്ന് അവര്‍ പറഞ്ഞിട്ടില്ല. അവര്‍ അംഗീകരിക്കുന്ന സ്വഹാബികളുടെ ഹദീഥുകള്‍ അവര്‍ തള്ളിയിട്ടില്ല. കൂടാതെ അവര്‍, അവര്‍ ഇഷ്ടപ്പെടുന്ന ഇമാമുകളുടെ പേരില്‍ കള്ള ഹദീഥുകള്‍ ഉണ്ടാക്കുകയും ചെയ്തു. 

ഖവാരിജുകളുടെ അവസ്ഥയും ഇങ്ങനെ തന്നെയാണ്. അവരും ഹദീഥുകളെ മൊത്തത്തില്‍ തള്ളിയിരുന്നില്ല. അവടെ തത്ത്വങ്ങള്‍ അംഗീകരിക്കാത്ത സ്വഹാബികളുടെ ഹദീഥ് വേണ്ട  എന്നാണവര്‍ തീരുമാനിച്ചത്. അവര്‍ അംഗീകരിക്കുന്നവരുടെ ഹദീഥുകള്‍ അവര്‍ സ്വീകരിച്ചു.

മുഅ്തസിലികളും ഹദീഥ് നിഷേധവും

മുഅ്തസിലികള്‍ എന്ന പിഴച്ച വിഭാഗത്തിന്റെ രോഗമാണ് ഇന്ത്യയിലും വിശിഷ്യാ നമ്മുടെ കേരളത്തിലും മംഗലാപുരത്തുമെല്ലാം കാണുന്നത്. ബുദ്ധിപൂജകന്മാരാണ് മുഅ്തസിലുകള്‍. ബുദ്ധിക്ക് യോജിക്കുന്നത് എടുക്കാം എന്നും അല്ലാത്ത ഹദീഥുകള്‍ തള്ളാം എന്നും പറയുന്നവരാണവര്‍. അങ്ങനെയുള്ളവര്‍ ഉടലെടുത്തപ്പോള്‍ അവര്‍ക്ക് ഹദീഥിനോട് വിരോധവും നിഷേധവും വന്നു. ഇമാം ശാഫിഈ(റ)യുടെ കാലഘട്ടത്തില്‍ മുഅ്തസിലുകളില്‍ പെട്ട ഒരു വ്യക്തി ഇമാം ശാഫിഈയുമായി ചര്‍ച്ച നടത്തുകയും അതില്‍ ഇമാം ശാഫിഈ വിജയിക്കുകയും ചെയ്തുവത്രെ. ഈ ചര്‍ച്ച അതോട് കൂടി തീര്‍ന്നു. ഈ ചിന്താഗതി തന്നെ നാമാവശേഷമായി. ഇന്ന് ഈ വാദമുള്ളവര്‍ നമ്മുടെ നാടുകളില്‍ ഉള്ളതായി യഥേഷ്ടം നമുക്ക് കാണാവുന്നതാണ്. 

പിന്നീട് ഉണ്ടായ വാദം ക്വുര്‍ആന്‍ മാത്രം മതി, ഹദീഥിന്റെ ആവശ്യമേ ഇല്ല എന്നതാണ്. ഈ തത്വത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പറ്റിയും, അത് നമ്മുടെ നാടുകളില്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.

പിഴച്ച ചിന്തകള്‍ ഇന്ത്യയില്‍

ആധുനിക കാലത്ത് ഹദീഥ് നിഷേധത്തിന്റെ തുടക്കം ഏകദേശം ക്രി. 20ാം നൂറ്റാണ്ടിലാണ്. ക്രി. 1900ന് ശേഷം പുതിയ ആശയങ്ങളുമായി ഓരോ വ്യക്തികള്‍ ഇന്ത്യന്‍ മേഖലകളില്‍ രംഗപ്രവേശനം ചെയ്തിട്ടുണ്ട്. മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി അവരില്‍ പെട്ട ഒരാളാണ് പലതും അയാള്‍ വാദിച്ചിട്ടുണ്ട്. ആദ്യം മഹ്ദിയാണെന്ന് വാദിച്ചു. പിന്നെ ഈസയാണെന്നും നിഴല്‍ നബിയാണെന്നും വാദിക്കുകയുണ്ടായി. അയാളുടെ പുസ്തകങ്ങള്‍ വായിച്ചാല്‍ അയാള്‍ ഒരു മാനസിക രോഗിയാണോ എന്ന സംശയം ഉണ്ടാവും. എന്നാല്‍ അയാള്‍ ബ്രിട്ടീഷുകാരുടെ ചാരനായി, അവര്‍ക്ക് പിന്തുണ നല്‍കി ജീവിച്ച ആളായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അവര്‍ക്ക് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു മിര്‍സാ ഗുലാം. ഇസ്‌ലാമിന്റെ പല അടിസ്ഥാന തത്ത്വങ്ങളെയും ഇയാളും പിന്തുണക്കുന്ന ആളുകളും നിഷേധിക്കുകയും, മറ്റൊരുരു മതമായി അത് രൂപപ്പെടുകയും ചെയ്യുകയാണുണ്ടായത്.

ഗുലാം നബി അബ്ദുല്ല ജുഗ്ഡാലവി: അതേ കാലഘട്ടത്തില്‍ തന്നെ ഗുലാം നബി അബ്ദുല്ല ജുഗ്ഡാലവി എന്ന വ്യക്തിയും രംഗത്ത് വന്നു. അയാള്‍ മുഴുവന്‍ ഹദീഥുകളും തള്ളണമെന്ന് പറഞ്ഞാണ് രംഗപ്രവേശനം ചെയ്തത്. ആ വ്യക്തി യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ വിജ്ഞാനത്തിന് അടിസ്ഥാനമാക്കിയത് അലിഗഡ് യൂണിവേഴ്‌സിറ്റിയുടെ സ്ഥാപകനായി അറിയപ്പെടുന്ന സര്‍സയ്യിദ് അഹ്മദ്ഖാന്റെ ചിന്താഗതികളായിരുന്നു. ഇവരിലൂടെയൊക്കെയാണ് ഹദീഥ് നിഷേധത്തിന്റെ വേരുകള്‍ ഇന്ത്യയില്‍ വ്യാപിച്ചത്.

മുഹമ്മദ് അഹ്മദ് രിദാ ബറേല്‍വി: ഏകദേശം അതേ കാലഘട്ടത്തിലെ തന്നെ മറ്റൊരു വ്യക്തിയാണ് മുഹമ്മദ് അഹ്മദ് രിദാ ബറേല്‍വി. ഇയാളുടെ വാദം മുഹമ്മദ് നബി(സ്വ) മനുഷ്യനല്ല എന്നായിരുന്നു. മുഹമ്മദ് നബി(സ്വ) മരിച്ചിട്ടില്ലെന്നും നബിയോട് വിളിച്ച് പ്രാര്‍ഥിച്ചാല്‍ ആവശ്യമുള്ള സ്ഥലത്തേക്ക് അദ്ദേഹം വരുമെന്നുമൊക്കെയായിരുന്നു. അത് പോലെ തന്നെ ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും കയ്യാളാന്‍ റസൂല്‍(സ്വ)യുടെ അടുക്കല്‍ കഴിവുണ്ടെന്നും അയാള്‍ വാദിച്ചു.  ഈ മൂന്ന് ആളുകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചത് ബ്രിട്ടീഷുകാരായിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി കാര്യം നേടാന്‍ വേണ്ടി അവര്‍ കണ്ടെത്തിയ മാര്‍ഗങ്ങളായിരുന്നു ഇവയെല്ലാം.  എന്നാല്‍ ഇതിനെയൊക്കെ എതിര്‍ക്കാന്‍ സനാഉല്ലാ അമൃതസരിയെ പോലെയുള്ള പല പണ്ഡിതന്‍മാരും രംഗത്തിറങ്ങുകയുണ്ടായി. ഈ വാദങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കാനും മിര്‍സാഗുലാമിനെ പോലെയുള്ളവരോട് മുബാഹല വരെ നടത്താനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ക്രി.1948ലാണ് സനാഉല്ലാ അമൃതസരി വഫാത്താകുന്നത്. മിര്‍സാ ഗുലാമുമായുള്ള മുബാഹലയില്‍ ‘അസത്യത്തിന്റെ ഉടമ ആദ്യം നശിക്കട്ടെ’ എന്ന് ഡല്‍ഹിയില്‍ വെച്ച് മിര്‍സാ ഗുലാം ആയിരക്കണക്കിന് ആളുകള്‍ക്ക് മുമ്പില്‍ പറഞ്ഞിരുന്നു. അങ്ങനെ ഏതാനും വര്‍ഷം കഴിഞ്ഞപ്പോഴേക്കും അയാള്‍ മരിക്കുകയും, സനാഉല്ലാ അമൃതസരി നാല്‍പത് വര്‍ഷത്താളം പിന്നെയും ജീവിക്കുകയും ചെയ്തു. 

ഓറിയന്റലിസ്റ്റുകള്‍: ഹദീഥ് നിഷേധം എന്ന ചിന്താഗതി ഇന്ത്യയില്‍ വന്നതിന്റെ മുഖ്യ കാരണം ബ്രിട്ടീഷ് ചാരന്‍മാരുടെ പ്രവര്‍ത്തനമാണ്. ഓറിയന്റലിസ്റ്റുകളും ഹദീഥ് നിഷേധം ഇന്ത്യയില്‍ വളരാന്‍ കാരണമായിട്ടുണ്ട്. റോമന്‍, ബ്രിട്ടീഷ്, യൂറോപ്യന്‍ നാടുകളില്‍ നിന്ന് ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി കിഴക്കന്‍ നാടുകളിലേക്ക് അവര്‍ പണ്ഡിതന്‍മാരെ അയക്കുകയും അവര്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി ക്വുര്‍ആനും ഹദീഥുകളും പഠിക്കുകയും പിഴച്ച ആശയങ്ങളുമായി ഗ്രന്ഥങ്ങള്‍ ഇറക്കുകയും ലോകവ്യാപകമായി അവരുടെ ചിന്താഗതികളും ആശയങ്ങളും പ്രചരിപ്പിക്കുകയും ചെയ്തു. ഈജിപ്തില്‍ സുന്നത്തിനെ നിഷേധിക്കുന്ന ഇത്തരക്കാര്‍ വന്നപ്പോള്‍ അതിനെ എതിര്‍ക്കാന്‍ അവിടെ അന്‍സ്വാറുസ്സുന്ന എന്ന സംഘടന രൂപീകൃതമായി. ഇന്നും തൗഹീദീ പ്രബോധനവുമായി അവര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഇസ്‌ലാം വിരുദ്ധരായ പാശ്ചാത്യരുടെ പ്രവര്‍ത്തനങ്ങള്‍ അറേബ്യന്‍ നാടുകളില്‍ ഫലം കണ്ടില്ല. കാരണം, അവര്‍ക്കറിയാം റസൂല്‍(സ്വ) കൊണ്ടുവന്ന എല്ലാം സ്വീകരിക്കാന്‍ വിശുദ്ധ ക്വുര്‍ആനില്‍ കല്‍പനയുണ്ടെന്ന്. അല്ലാഹു പറയുന്നത് കാണുക: ”…നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക…”(59:7).

ഈ വചനത്തില്‍ പറഞ്ഞ, ‘റസൂല്‍(സ്വ)ക്ക് നല്‍കപ്പെട്ട കാര്യം’ ക്വുര്‍ആന്‍ മാത്രമല്ല; അതോടൊപ്പം അതിന്റെ വിശദീകരണമായ ഹദീഥുകളും ഉള്‍പ്പെടുമെന്ന് അവര്‍ മനസ്സിലാക്കി. അത് പോലെ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കാന്‍ വിശുദ്ധ ക്വുര്‍ആന്‍ ആവര്‍ത്തിച്ച് ഉണര്‍ത്തുന്നതും അവര്‍ക്കറിയാം. ഇതുമായി ബന്ധപ്പെട്ട ചില ആയത്തുകള്‍ കാണുക: അല്ലാഹു പറയുന്നു:  

”പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുന്നതല്ല; തീര്‍ച്ച” (3:32 )

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും” (4:59 )

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ റസൂലിനെയും അനുസരിക്കുക. (സത്യസന്ദേശം) കേട്ടുകൊണ്ടിരിക്കെ നിങ്ങള്‍ അദ്ദേഹത്തെ വിട്ട് തിരിഞ്ഞുകളയരുത്”(8:20).

”നീ പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുവിന്‍. റസൂലിനെയും നിങ്ങള്‍ അനുസരിക്കുവിന്‍. എന്നാല്‍ നിങ്ങള്‍ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂല്‍) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തില്‍ മാത്രമാണ് അദ്ദേഹത്തിന് ബാധ്യതയുള്ളത്. നിങ്ങള്‍ക്ക് ബാധ്യതയുള്ളത് നിങ്ങള്‍ ചുമതല ഏല്‍പിക്കപ്പെട്ട കാര്യത്തിലാണ്. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സന്‍മാര്‍ഗം പ്രാപിക്കാം റസൂലിന്റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു” (24:54).

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും നിങ്ങള്‍ അനുസരിക്കുക. നിങ്ങളുടെ കര്‍മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക” (47: 33).

ഈ ആയത്തുകളിലെല്ലാം അല്ലാഹുവിനെയും അവന്റെ റസൂലി(സ്വ)നെയും അനുസരിക്കാന്‍ അല്ലാഹു കല്‍പിക്കുന്നത് നാം കണ്ടു.

റസൂലി(സ്വ)നെ അനുസരിച്ചവര്‍ അല്ലാഹുവിനെ അനുസരിച്ചിരിക്കുന്നു.ക്കുന്നു

റസൂലിനെ അനുസരിക്കുന്ന ആളുകളെക്കുറിച്ച് അല്ലാഹു പറയുന്നത് കാണുക: 

”(അല്ലാഹുവിന്റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു. ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗിച്ചിട്ടില്ല”(4:80).

അല്ലാഹുവിനെയും റസൂല്‍(സ്വ)യെയും അനുസരിക്കുന്നവരുടെ മഹത്ത്വം: ഇങ്ങനെ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവര്‍ക്ക് മഹത്തായ പ്രതിഫലവും അതില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്നവര്‍ക്ക് വേദനയേറിയ ശിക്ഷയും അല്ലാഹു നല്‍കുമെന്ന് വിശുദ്ധ ക്വുര്‍ആന്‍ അറിയിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ”ഏതൊരാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം” (4:13).

”ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍!” (4:69).

(അവസാനിച്ചില്ല)

ഡോ. മുഹമ്മദ് അശ്‌റഫ് മൗലവി, മദീന
നേർപഥം വാരിക