സാന്ത്വനമേകുന്നവനാകണം പ്രബോധകന്‍

സാന്ത്വനമേകുന്നവനാകണം പ്രബോധകന്‍

രോഗവും രോഗികളും വര്‍ധിച്ചുവരികയാണ്. രോഗികളെ സന്ദര്‍ശിക്കുന്നതിന്റെ പ്രസക്തിയും പ്രാധാന്യവും സമൂഹം കൂടുതല്‍ തിരിച്ചറിയേണ്ടതുണ്ട്. വിശ്വാസികള്‍ പരസ്പരം ഒരു ശരീരം പോലെയാണ്.  ശരീരത്തിന്റെ ഏതെങ്കിലും ഒരവയവത്തിന് അസുഖം ബാധിച്ചാല്‍ മറ്റു അവയവങ്ങള്‍ വേദനയില്‍ പങ്കാളികളാകുന്നതുപോലെ ഒരു വിശ്വാസിക്ക് എന്തെങ്കിലും പ്രയാസം ഉണ്ടായാല്‍ മറ്റുള്ളവര്‍ അതില്‍ ഇടപെട്ട് ആശ്വാസം നല്‍കാന്‍ ശ്രമിക്കണം.

സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇക്കാര്യത്തില്‍ സജീവ ശ്രദ്ധയുള്ളവരാകണം. പരസ്പര ബന്ധങ്ങള്‍ സംഘടനാ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാകരുത്. മാനുഷികമായ എല്ലാ പ്രശ്‌നങ്ങളിലും താങ്ങും തണലുമാകേണ്ടവരാണ് സംഘടനാ പ്രവര്‍ത്തകര്‍. യോഗങ്ങളിലും പ്രവര്‍ത്തന മേഖലയിലും നിറസാന്നിധ്യമായിരുന്ന പ്രവര്‍ത്തകനെ കാണാതെ വരുമ്പോള്‍, അവന്റെ അസാന്നിധ്യത്തിന്റെ  കാരണം അന്വേഷിക്കണം. പലപ്പോഴും ഇക്കാര്യം ചിലരെങ്കിലും വിസ്മരിക്കുകയാണ് പതിവ്. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ് സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന മരണവാര്‍ത്ത കാണുമ്പോഴാണ് അയാള്‍ ഏറെ നാളായി രോഗത്തിനടിമയായിരുന്നുവെന്ന കാര്യം തന്നെ നാം അറിയുന്നത്. അദ്ദേഹം രോഗിയായ വിവരം ആരും പറഞ്ഞില്ലല്ലോയെന്ന പരിഭവം പങ്കുവെക്കുകയും ചെയ്യും. എപ്പോഴും കൂടെയുള്ളവരെ മാത്രമല്ല കൂട്ടിപ്പിടിക്കേണ്ടത്. കൂട്ടത്തില്‍ കാണാത്തവരെ അന്വേഷിക്കാനും വീടുകള്‍ സന്ദര്‍ശിക്കാനും സമയം കാണണം. രോഗികളായി കിടക്കുന്നവരുടെ വിവരമറിഞ്ഞവര്‍ അക്കാര്യം മറ്റുള്ളവരെ അറിയിക്കാനും ശ്രദ്ധിക്കണം.

രോഗികളെ സന്ദര്‍ശിക്കുന്നവര്‍ രോഗിക്കും കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാക്കരുത്. ഒറ്റപ്പെടലില്‍ നിന്ന് ആശ്വാസം പകരാന്‍ നമ്മുടെ സന്ദര്‍ശനത്തിനാവണം. രോഗിക്കു വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കണം. ചികിത്സയെക്കുറിച്ചും കഴിക്കുന്ന മരുന്നുകളെ സംബന്ധിച്ചും രോഗിക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കരുത്. ചികിത്സ സംബന്ധിച്ച കാര്യമാത്ര പ്രസക്തമായ നിര്‍ദേശങ്ങള്‍, കുടുംബത്തിലെ ബന്ധപ്പെട്ടവരോട് മാത്രം പങ്കുവയ്ക്കുന്നതാണ് നല്ലത്. ഡോക്ടര്‍മാര്‍ സന്ദര്‍ശനം വിലക്കിയ രോഗിയാണെങ്കില്‍ സന്ദര്‍ശിക്കാതിരിക്കുകയാണ് നന്മ. എന്നാലും വിവരങ്ങള്‍ അറിഞ്ഞാല്‍ പ്രാര്‍ഥിക്കാന്‍ സാധിക്കും. അഭാവത്തിലുള്ള പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. രോഗവിവരം അറിഞ്ഞാല്‍ സന്ദര്‍ശിക്കുന്നതിനു മുമ്പ് തന്നെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

രോഗിയായ വിവരം ബോധപൂര്‍വം മറച്ചുവെക്കുന്നവരെയും കാണാറുണ്ട്. വിവരങ്ങള്‍ അന്വേഷിക്കുന്നവരോട് കളവ് പറയുകയോ, തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്നവരും ഉണ്ട്. ഈ പ്രവണത വിശ്വാസികള്‍ക്ക് യോജിച്ചതല്ല. രോഗം അല്ലാഹുവിങ്കല്‍ നിന്നാണ്. അത് പരീക്ഷണത്തിന്റെ മറ്റൊരു ഭാഗമാണ്. അത് ഉള്‍ക്കൊള്ളാനും ക്ഷമിക്കാനും സാധിക്കുമ്പോഴാണ് നാം പരീക്ഷണത്തില്‍ വിജയിക്കുന്നത്. രോഗിയുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്ന് രോഗവിവരം മറച്ചുവെക്കുന്നതിലൂടെ ആത്മാര്‍ഥമായ പ്രാര്‍ഥനകളാണ് നഷ്ടമാവുന്നത്.

അഡ്മിറ്റായ രോഗിയെ സന്ദര്‍ശിക്കാന്‍ ഡോക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പോലും ഭേദിച്ച്, രോഗിയെ കാണാന്‍ കാണിക്കുന്ന ആവേശത്തിന്റെ ചെറിയൊരംശം പോലും രോഗിയെ ഡിസ്ചാര്‍ജ് ചെയ്താല്‍ പലരും കാണിക്കാറില്ല. ആദ്യദിവസങ്ങളിലെല്ലാം വീട്ടില്‍ സന്ദര്‍ശകരുടെ തിരക്കായിരിക്കും. പിന്നീട് രോഗിയും പരിചരിക്കുന്നവരും മാത്രമായി ചുരുങ്ങുകയാണ് പതിവ്.

സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരാണെങ്കില്‍, അന്വേഷിച്ചറിഞ്ഞ് അവരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാതെ സഹായിക്കാനുള്ള സംവിധാനങ്ങള്‍ കണ്ടെത്തുന്നതിലും പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായി വിദഗ്ധ ചികിത്സ ലഭ്യമാവുന്ന കേന്ദ്രങ്ങളിലേക്ക് മാര്‍ഗം കാണിക്കുന്നതിലൂടെ ഭാരിച്ച സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കാനാവും.

പെട്ടെന്നുള്ള രോഗവും മരണവും നമുക്ക് പാഠമാകേണ്ടതുണ്ട്. ഇഹലോകത്തിന്റെ നൈമിഷികതയും ചെയ്തുതീര്‍ക്കാനുള്ള ബാധ്യതകളും നമുക്ക് ഓര്‍മവരണം. ആരാധനകളിലും ഉത്തരവാദിത്ത നിര്‍വഹണത്തിലും കൂടുതല്‍ ശ്രദ്ധ പാലിക്കാനും അധര്‍മങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും പരസ്പരം സ്‌നേഹവും വിട്ടുവീഴ്ചയും കാണിക്കാനുമെല്ലാം സമപ്രായക്കാരുടെ രോഗവും മരണവും നമുക്ക് പ്രേരകമാകേണ്ടതുണ്ട്.

മരണവാര്‍ത്ത അറിഞ്ഞവര്‍ മറ്റുള്ളവരെ അറിയിക്കണം. സാധിക്കുന്നവരെല്ലാം ജനാസയില്‍ പങ്കെടുക്കുകയും വേണം. പ്രത്യേകിച്ച് തൗഹീദ് ഉള്‍ക്കൊണ്ടതിന്റെ പേരില്‍ പ്രാദേശികമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന പ്രവര്‍ത്തകരുടെ ജനാസയില്‍ അല്‍പം ദൂരത്തുനിന്നാണെങ്കിലും എത്തിപ്പെടാന്‍ പരമാവധി പരിശ്രമിക്കണം. തൗഹീദുള്ള 40 പേര്‍ ഒരു മയ്യിത്തിന് വേണ്ടി നമസ്‌കരിച്ചാല്‍ വലിയ പുണ്യമാണ്. രോഗ സന്ദര്‍ശനവും മരണാനന്തര ചടങ്ങില്‍ പങ്കെടുക്കലും സംഘടനാ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങിക്കൂടാ. ജൂതന്റെ വീട്ടില്‍ പോയി രോഗിയെ സന്ദര്‍ശിച്ച് മാതൃക കാണിച്ച പ്രവാചകന്റെ അനുയായികള്‍ക്ക് ഇക്കാര്യത്തില്‍ വിശാല സമീപനമാണ് ഉണ്ടാവേണ്ടത്.

ജീവകാരുണ്യ രംഗത്ത് സജീവമാകുന്നതിലൂടെ നാട്ടിലുള്ള മുഴുവന്‍ രോഗികളുടെ അടുത്തും എത്താന്‍ കഴിയുമ്പോഴും, സ്വന്തം വീട്ടില്‍ അസുഖത്തോട് പോരാടുന്ന മാതാപിതാക്കളുടെ സമീപത്ത് എത്ര സമയം ചെലവഴിക്കാറുണ്ടെന്നും ആത്മപരിശോധന നടത്തണം.

രോഗികളെ സന്ദര്‍ശിക്കുന്നതിന്റെയും പരിചരിക്കുന്നതിന്റെയും ആതുര സേവനത്തിന്റെയും മഹത്ത്വവും നേട്ടവും മനസ്സിലാക്കിത്തരുന്ന രണ്ട് പ്രവാചക വചനങ്ങള്‍ ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ:

”ഒരു മുസ്‌ലിം രാവിലെ (രോഗിയായ) മറ്റൊരു മുസ്‌ലിമിനെ സന്ദര്‍ശിച്ചാല്‍ വൈകുന്നേരം വരെ എഴുപതിനായിരം മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ഥിക്കും. വൈകുന്നേരമാണ് സന്ദര്‍ശിക്കുന്നതെങ്കില്‍ പ്രഭാതം വരെ എഴുപതിനായിരം മലക്കുകള്‍ അവന് വേണ്ടി പ്രാര്‍ഥിക്കും. സ്വര്‍ഗത്തില്‍ അവന്സുഖസൗകര്യങ്ങള്‍ ലഭിക്കുകയും ചെയ്യും” (തിര്‍മിദി).

”നിങ്ങള്‍ വിശന്നവന് ആഹാരം നല്‍കുവിന്‍, രോഗിയെ സന്ദര്‍ശിക്കുവിന്‍, ബന്ധനസ്ഥനെ മോചിപ്പിക്കുവിന്‍”(ബുഖാരി).

 

ടി.കെ.അശ്‌റഫ്
നേർപഥം വാരിക

 

കൂട്ടായ്മയില്‍നിന്ന് അകലുമ്പോള്‍…

കൂട്ടായ്മയില്‍നിന്ന് അകലുമ്പോള്‍...

കുടുംബരംഗത്തും സാമൂഹ്യജീവിതത്തിലും പ്രബോധന മേഖലയിലുമെല്ലാം ഒന്നിച്ച് നില്‍ക്കുമ്പോഴാണ് മനഃസംതൃപ്തിയോടെ മുന്നേറാനാവുക.

കൂട്ടായ്മയിലാണ് കരുത്ത്. തിന്മയിലേക്ക് തിരിഞ്ഞ് പോകാതിരിക്കാനുള്ള ഒരു വേലികൂടിയാണ് കൂട്ടായ്മ. ഒറ്റപ്പെടുന്നത് നാം സൂക്ഷിക്കണം.

മനുഷ്യന്‍ ദുര്‍ബലനാണ്. അവന്റെ മനസ്സ് ചഞ്ചലിതമാണ്. രാവിലെ വിശ്വാസിയായവന്‍ വൈകുന്നേരം അവിശ്വാസിയും വൈകുന്നേരം അവിശ്വാസിയായവന്‍ രാവിലെ വിശ്വാസിയും ആകാന്‍  സാധ്യതയുണ്ടെന്ന പ്രവാചക വചനം ശ്രദ്ധേയമാണ്. നിരന്തരമായ പ്രാര്‍ഥനയും പ്രവര്‍ത്തനവും നന്മയില്‍ നിലനില്‍ക്കാന്‍ അനിവാര്യമാണ്.

നമസ്‌കാരത്തില്‍ അഞ്ച് തവണ ‘ഞങ്ങളെ നീ നേരായ പാതയില്‍ നയിക്കേണമേ’ എന്ന് നമ്മെക്കൊണ്ട് അല്ലാഹു നിര്‍ബന്ധമായും പ്രാര്‍ഥിപ്പിക്കുന്നത് മനസ്സിന്റെ വേഗത്തിലുള്ള ഈ മാറ്റം കാരണമാണ്.

ചുറ്റുപാടിനും സഹജീവികള്‍ക്കും വ്യക്തിയുടെ ജീവിതത്തില്‍ വമ്പിച്ച സ്വാധീനം ചെലുത്താന്‍ സാധിക്കും. നന്മയുടെ സാഹചര്യത്തില്‍ ജീവിക്കുന്നവന് അത്ര പെട്ടെന്നൊന്നും തിന്മ ചെയ്യാനാവില്ല. തിന്മയുടെ ഇടങ്ങളില്‍ നന്മ കൈമോശം വരാന്‍ സാധ്യത ഏറെയാണ്.

കൂട്ടായ്മയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കണ്ടെത്തുന്ന കാരണങ്ങള്‍ പലപ്പോഴും നിസ്സാരമായിരിക്കും. അത്തരക്കാര്‍ക്ക് ദോഷൈകദൃഷ്ടിയോടെ മാത്രമെ കൂട്ടായ്മയെ നോക്കിക്കാണാന്‍ സാധിക്കുകയുള്ളൂ. ഇല്ലാത്ത ദോഷങ്ങള്‍ കെട്ടിപ്പറയാന്‍ അങ്ങനെയുള്ളവര്‍ രംഗത്ത് വന്നേക്കാം. കൂട്ടായ്മയുടെ കുറ്റം കണ്ടെത്തലാണ് തന്റെ ഒഴിഞ്ഞു നില്‍ക്കല്‍ ന്യായീകരിക്കാനുള്ള എളുപ്പവഴി. നന്മയുടെ സംഘത്തില്‍ നിന്ന് മാറിനില്‍ക്കുമ്പോഴുള്ള ആത്മസംഘര്‍ഷത്തിന് അയവ് വരുത്താന്‍ പ്രതിലോമപ്രവര്‍ത്തനത്തില്‍ അഭയം തേടുകയാണ് പതിവ്.

പ്രബോധന കൂട്ടായ്മയില്‍ നിന്ന് മാറിനിന്നാല്‍ അതിന്റെ ആത്യന്തികദോഷം വ്യക്തിക്ക് തന്നെയായിരിക്കും. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലൂടെ അതു വരെയുണ്ടായിരുന്ന നല്ല സുഹൃദ് ബന്ധങ്ങളെക്കൂടിയാണ് വിഛേദിക്കുന്നത്.

ക്രമേണ വികലമായ ജീവിതവീക്ഷണമുള്ളവരിലേക്ക് ബന്ധങ്ങള്‍ പറിച്ച് നടപ്പെടും. സ്വാഭാവികമായും ഉദ്‌ബോധനങ്ങളും ഉപദേശങ്ങളും കേള്‍ക്കാനുള്ള അവസരങ്ങള്‍ കുറഞ്ഞ് വരും. ഉത്തമമായ ഗുണങ്ങളില്‍ നിന്നുള്ള തിരിഞ്ഞ് നടത്തം ഉദ്‌ബോധനങ്ങള്‍ അവസാനിക്കുന്നിടത്ത് ആരംഭിക്കും. ദിവസങ്ങള്‍ പിന്നിടുംതോറും ദേഹേച്ഛയുടെ പിടിയിലമരും. നിരന്തരമായി ഉപദേശിച്ചിരുന്നവര്‍ അതില്‍ നിന്ന് പിന്തിരിയുകയും ഉപദേശം ശ്രവിച്ചിരുന്നവര്‍ അത് അവസാനിപ്പിക്കുകയും ചെയ്താല്‍ മനസ്സില്‍ മാറാല കെട്ടും. നാം അറിയാതെ നന്മയില്‍ നിന്നകലുമ്പോഴും നന്മയില്‍ തന്നെയാണെന്ന വിചാരം മനസ്സില്‍ നിലനില്‍ക്കും. യഥാര്‍ഥത്തില്‍ നന്മയില്‍ നിന്ന് ബഹുദൂരം അകന്നിരിക്കും. അവരെ വീക്ഷിക്കുന്നവര്‍ക്ക് അവരുടെ ജീവിതനിലപാടുകളില്‍ വന്ന വ്യതിയാനത്തെ വേഗത്തില്‍ തിരിച്ചറിയാനാകും. ഭാഷ, ഇടപെടലുകള്‍, പുതിയ കൂട്ടുകെട്ട്, അഭിപ്രായ പ്രകടനങ്ങള്‍, ഓണ്‍ലൈന്‍ പോസ്റ്റുകള്‍ എന്നിവയിലെല്ലാം നിലപാട് മാറ്റത്തിന്റെ അടയാളങ്ങള്‍ കാണുവാന്‍ കഴിയും.

അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് മാറിനടക്കുന്നവരുടെ കൂട്ടുകാരന്‍ പിശാചായിരിക്കും. അവര്‍  ചെയ്യുന്നതെല്ലാം പിശാച് നന്മയായി തോന്നിപ്പിക്കുകയും ചെയ്യും.

അല്ലാഹു പറയുന്നത് നോക്കൂ: ”പരമകാരുണികന്റെ ഉദ്‌ബോധനത്തിന്റെ നേര്‍ക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പ്പെടുത്തിക്കൊടുക്കും. എന്നിട്ട്(പിശാച്) അവന്ന് കൂട്ടാളിയായിരിക്കും” (ക്വുര്‍ആന്‍ 43:36).

പിശാചിന്റെ പിടിയിലമര്‍ന്നതിനാല്‍ മ്ലേഛമായ പരിസരത്ത് ഒരാള്‍ എത്തിപ്പെട്ടത് സമൂഹം മുഴുവന്‍ മനസ്സിലാക്കിയാലും അകപ്പെട്ട വ്യക്തിക്ക് മാത്രം അത് തിരിച്ചറിയാനാവില്ല. നമസ്‌കാരം ഉപേക്ഷിക്കുമ്പോഴും ഇസ്‌ലാമിക ചിഹ്നങ്ങള്‍ കൊഴിഞ്ഞു പോകുമ്പോഴും ഇസ്‌ലാമിക സംസ്‌കാരത്തോട് വിമുഖതയുള്ളവരുമായി അടുത്ത ബന്ധം സ്ഥാപിക്കുമ്പോഴും അവരുടെ മനസ്സില്‍ യാതൊരു പ്രയാസവും അനുഭവപ്പെടില്ല.

പ്രബോധന കൂട്ടായ്മകളില്‍ നിന്ന് നാം മാറിനിന്നാലും നമ്മെക്കാള്‍ കഴിവും പ്രാപ്തിയുമുള്ളവരുടെ നിഷ്‌കളങ്കമായ അധ്വാനത്തിലൂടെ കൂട്ടായ്മ അഭംഗുരം മുന്നേറും. ആത്യന്തികമായ നഷ്ടം മാറിനിന്നവര്‍ക്ക് മാത്രമായിരിക്കും.

 

പ്രലോഭനങ്ങളെ പ്രതിരോധിക്കുക

പ്രലോഭനങ്ങളെ പ്രതിരോധിക്കുക

നേര്‍വഴിയിലുള്ളവരെ വഴിതെറ്റിക്കലാണ് പിശാചിന്റെ ലക്ഷ്യം.

സമൂഹത്തിന് നേതൃത്വം നല്‍കുന്നവരെയാണ് പിശാച് കൂടുതല്‍ പിന്തുടരുക. നേതാവ് പിഴച്ചുപോയാല്‍ അനുയായികളും പിഴക്കാന്‍ സാധ്യത ഏറെയാണല്ലോ.

തെറ്റായ വഴിക്ക് സഞ്ചരിക്കുന്നവര്‍ നേരത്തെതന്നെ വഴിതെറ്റിയവരാണ്.

നേര്‍വഴിയിലൂടെ നടക്കുന്നവരാണ് വഴി തെറ്റുന്നതില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്.

പ്രഭാഷണം, എഴുത്ത്, സംഘാടനം തുടങ്ങിയ മേഖലകളില്‍ ഇടപെടുന്നവര്‍ക്ക് അനുയായികളും അനുഭാവികളും വര്‍ധിച്ചുവരും.

പ്രബോധകര്‍ക്ക് സമൂഹത്തില്‍ സ്വാധീനം വര്‍ധിക്കുന്തോറും അവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ആളുകള്‍ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നമ്മുടെ ഗുണകാംക്ഷികളില്‍ നിന്ന് പ്രോത്സാഹനത്തോടൊപ്പം തിരുത്തലുകളും ലഭിക്കും. തിരുത്തേണ്ടത് തിരുത്താന്‍ അതിലൂടെ സാധിക്കും.

സോഷ്യല്‍ മീഡിയ കാലത്ത് പ്രതികരണങ്ങള്‍ അതിവേഗതയിലാണ്. ലൈക്കുകളും കമന്റുകളും മിനുട്ടുകള്‍ക്കുള്ളില്‍ പ്രവഹിക്കും.

നമ്മുടെ ആശയത്തിലേക്ക് ജനങ്ങളെ നയിക്കുക എന്നതായിരിക്കും ആദ്യമൊക്കെ നമ്മുടെ ലക്ഷ്യം. ക്രമേണ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്കനുസരിച്ച് ലക്ഷ്യം മാറിമറിയാന്‍ സാധ്യതയേറെയാണ്. സത്യം വ്യക്തമായി പറയുമ്പോള്‍ റീച്ച് കുറയും. ലൈക്കുകള്‍ ലഭിക്കാതെ വരും. സ്വാഭാവികമായും നിലപാടുകളില്‍ വെള്ളം ചേര്‍ക്കുകയും പിന്തുടരുന്നവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് നമ്മുടെ ആശയതലം മാറിപ്പോവും ചെയ്യും. അപ്പോള്‍ റീച്ചും ലൈക്കുമായിരിക്കും നമ്മുടെ ദിശ നിര്‍ണയിക്കുന്നത്. സമൂഹത്തില്‍ ഭൂരിപക്ഷവും തിന്മയിലഭിരമിക്കുന്നവരാണ്. യഥാര്‍ഥ ജീവിതവീക്ഷണം സത്യസന്ധമായി പ്രകടിപ്പിക്കുന്നത് സങ്കുചിതത്വമായി വ്യാഖ്യാനിക്കുന്നവരുമാണ്. ലിബറല്‍ ചിന്താഗതിയുടെ തടവറകളിലാണ് അവര്‍ കഴിഞ്ഞുകൂടുന്നത്. അത്തരക്കാരുടെ ലൈക്കുകള്‍ക്കനുസരിച്ച് നമ്മുടെ നിലപാടുകള്‍ മാറ്റിപ്പണിതാല്‍ വന്‍ഗര്‍ത്തത്തിലാണ് നാം ആപതിക്കുക.

എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നത് പറയുകയല്ല പ്രബോധകരുടെ ദൗത്യം. ഒഴുകുന്നവരോടൊപ്പം ഒഴുകാന്‍ നിലപാട് ആവശ്യമില്ല. എല്ലാവരോടുമുള്ള സ്‌നേഹത്തില്‍ നിന്നാണ് നമ്മുടെ പ്രബോധനം ആരംഭിക്കുന്നത്. നമ്മുടെ ശരിയായ ജീവിതവീക്ഷണം മറ്റുള്ളവരും തിരിച്ചറിയണമെന്നത് അവരോടുള്ള സ്‌നേഹത്തിന്റെ അടയാളമാണ്. വ്യക്തികളെ നാം സ്‌നേഹിക്കുകയും അവരിലുള്ള തെറ്റായ വിശ്വാസങ്ങളെയും സംസ്‌കാരത്തെയും തിരുത്തുകയും വേണം. അത് തിരുത്തുമ്പോള്‍ സ്വാഭാവികമായും ചില അനിഷ്ടങ്ങള്‍ അവരില്‍നിന്ന് ഉയര്‍ന്നുവരും. അതിന് അല്‍പായുസ്സ് മാത്രമേയുള്ളൂ. സത്യം ബോധ്യപ്പെട്ടാല്‍ അവരായിരിക്കും ഏറ്റവും കൂടുതല്‍ നമ്മോട് അടുപ്പമുള്ളവര്‍.

അല്ലാഹുവിന്റെ ഇഷ്ടവും പൊരുത്തവുമാണ് പ്രബോധകര്‍ ആത്യന്തികമായി ആഗ്രഹിക്കേണ്ടത്. അല്ലാഹുവിനു വേണ്ടി മറ്റുള്ളവരെ ഇഷ്ടപ്പെടാനും അവനിഷ്ടപ്പെടാത്തത് വെറുക്കാനും വിശ്വാസികള്‍ക്ക് സാധിക്കണം. പ്രവാചകന്മാര്‍ക്ക് അനുകൂലികളും എതിരാളികളും ഉണ്ടായിട്ടുണ്ട്. അവര്‍ ജനങ്ങളോട് നല്ല രീതിയിലാണ് ആശയ പ്രചാരണം നടത്തിയത്.

വ്യക്തിഹത്യയോ പരിഹാസമോ പ്രബോധന വീഥിയില്‍ ഒരു സന്ദര്‍ഭത്തിലും പ്രവാചകന്‍മാര്‍ നടത്തിയിട്ടില്ല. പ്രബോധകരുടെ താല്‍പര്യങ്ങള്‍ക്കതീതമായി തെറ്റുതിരുത്താന്‍ കാണിച്ച ധീരതയാണ് പ്രവാചകന്മാര്‍ വിമര്‍ശിക്കപ്പെടാനുണ്ടായ പ്രധാന കാരണം. ശത്രുക്കളുടെ മോഹന വാഗ്ദാനങ്ങളും പ്രശംസകളും പ്രവാചകന്മാരെ നേര് പറയുന്നതില്‍ നിന്ന് വഴിതിരിച്ചു വിട്ടില്ല.

നമ്മുടെ നിലപാടുകളിലും വ്യക്തിത്വത്തിലും നീക്കുപോക്ക് നടത്താന്‍ പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ കാരണമായിക്കൂടാ.

പ്രവാചകന്മാരുടെ പാതയോട് വിമുഖത തോന്നുകയും അവരുടേതല്ലാത്ത മാര്‍ഗത്തോട് ആഭിമുഖ്യം ഉണ്ടാകുകയും ചെയ്താല്‍, തിരിച്ചുവരവ് വിദൂരമായിരിക്കും. നാം തിരിഞ്ഞിടത്തേക്ക് തന്നെ അല്ലാഹു നമ്മെ തിരിച്ചുവിടും.

വിശുദ്ധ ക്വുര്‍ആനിലൂടെ ഇക്കാര്യം അല്ലാഹു ഓര്‍മപ്പെടുത്തുന്നുണ്ട്: ”തനിക്ക് സന്മാര്‍ഗം വ്യക്തമായി കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്തു നില്‍ക്കുകയും സത്യവിശ്വാസികളുടേ തല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ടു നാം അവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം” (ക്വുര്‍ആന്‍ 4:115).

നമ്മെ തിരുത്തുന്നവരോട് പുച്ഛവും വെറുപ്പും തോന്നിത്തുടങ്ങലാണ് അടുത്ത ഘട്ടം. അത് അഹങ്കാരത്തിന്റെ അടയാളമാണ്. അഹങ്കാരത്തെക്കുറിച്ച് നബി ﷺ പഠിപ്പിച്ചത് ഇപ്രകാരമാണ്: ‘അഹങ്കാരമെന്നാല്‍ സത്യത്തെ നിരാകരിക്കലും ജനങ്ങളെ നിസ്സാരമായി കാണലുമാണ്.’

എന്നെ ഉപദേശിക്കാനും എന്നെ തിരുത്താനും ഇവനാരാണ് എന്ന ചിന്ത ഒരാളിലും ഉണ്ടാകാന്‍ പാടില്ല. അത് ദുരഭിമാനം നടിക്കലാണ്. അല്ലാഹു പറയുന്നു:

”…പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല” (ക്വുര്‍ആന്‍ 4:36).

ഒരു ചുവടാണ് നേര്‍വഴിയില്‍ നിന്ന് മാറിയതെങ്കിലും വഴിതെറ്റാന്‍ അതു മതിയാകും. നേര്‍വഴിയില്‍ നിന്നിറങ്ങി നടക്കുന്തോറും അതില്‍ നിന്ന് അകന്നുപോവുകയാണ് ചെയ്യുക എന്നത് പ്രത്യേകം പറയേണ്ടല്ലോ. സ്വര്‍ഗംകൊണ്ട് തുടങ്ങി നരകത്തില്‍ അവസാനിക്കുന്നവരും നരകം കൊണ്ട് തുടങ്ങി സ്വര്‍ഗത്തില്‍ എത്തുകയും ചെയ്യുന്നവരുണ്ടെന്ന് നബി ﷺ പഠിപ്പിച്ചത് നാം ഓര്‍ക്കണം.

ജീവിതത്തിന്റെ തുടക്കമല്ല; ഒടുക്കമാണ് പ്രധാനം.

പ്രലോഭനങ്ങളെ പ്രതിരോധിക്കുക.

ജീവിതാവസാനം വരെ സത്യമാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കാന്‍ പരിശ്രമിക്കുക. അതിനായിപ്രാര്‍ഥിക്കുക. തിരുത്തുന്നവരെ സ്‌നേഹിക്കുക. അല്ലാഹു സഹായിക്കട്ടെ.

 

ടി.കെ.അശ്‌റഫ്
നേർപഥം വാരിക

നേതൃത്വം അലങ്കാരമല്ല

നേതൃത്വം അലങ്കാരമല്ല

നേതൃത്വം ഒരു ഭാരിച്ച ഉത്തരവാദിത്തമാണ്; അത് അലങ്കാരമല്ല. അത് ആഗ്രഹിക്കുന്നതും ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ഒളിച്ചോടുന്നതും വിശ്വാസികള്‍ക്ക് ഭൂഷണമല്ല.

നേതൃത്വം നമ്മിലേക്ക് വന്നുചേര്‍ന്നതാണങ്കില്‍ അതില്‍ അല്ലാഹുവിന്റെ പ്രത്യേക സഹായമുണ്ടാകും. ചോദിച്ച് വാങ്ങിയതാണങ്കില്‍ അനുഗ്രഹമുണ്ടാകില്ല. സംഘടനക്കും സമൂഹത്തിനും ഭാരമായി മാറുന്നവനല്ല; ഭാരം വഹിക്കുന്നവനാണ് ഭാരവാഹി.

നേതൃത്വം ഒരവസരമാണ്. നന്മക്ക് തുടക്കം കുറിക്കാനും അതിന്റെ മുന്നില്‍ നടക്കാനും നേതൃത്വത്തിന് അവസരം ലഭിക്കും. നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തെപ്പോലെ തന്നെ ചിന്തക്കും വലിയ പ്രതിഫലമുണ്ട്. തന്റെ സംഘടനയെ ലക്ഷ്യത്തിലേക്ക് നയിക്കാനുള്ള വിവിധ പദ്ധതികളെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നവനായിരിക്കും നല്ലൊരു നേതാവ്. ചിന്തയില്‍നിന്നുണ്ടാകുന്ന ആശയങ്ങളാണ് ചര്‍ച്ചകളിലൂടെ പ്രവര്‍ത്തനമായി രൂപപ്പെടുന്നത്. പടര്‍ന്നു പന്തലിച്ച പദ്ധതിയിലൂടെ ഉണ്ടാകുന്ന നന്മകളുടെയെല്ലാം പ്രതിഫലത്തില്‍ അതിന് തുടക്കം കുറിച്ചവരും തുടര്‍ച്ചക്കായി പ്രയത്‌നിക്കുന്നവരും പങ്കാളികളായിരിക്കും.

നേതൃത്വം ഒരു അമാനത്ത് കൂടിയാണ്. അത് പരലോകത്ത് ചോദ്യം ചെയ്യപ്പെടും. അമാനത്തുകളും കരാറുകളും പൂര്‍ത്തീകരിക്കാത്തവര്‍ക്ക് സ്വര്‍ഗപ്രവേശം അസാധ്യമായിരിക്കും. അമാനത്തില്‍ വഞ്ചന കാണിക്കുന്നത് പരലോകത്ത് അങ്ങേയറ്റത്തെ ഖേദത്തിനിടയാക്കും. ഉത്തരവാദിത്തങ്ങളെക്കുറിച്ച് നേതൃത്വം ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് ഭാരവാഹിത്വം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ സംഘടനാ നേതൃത്വം ശ്രമിക്കണം.

കഴിവും സാഹചര്യവും ഉണ്ടായിട്ടും ഭാരവാഹിത്വം ചോദ്യം ചെയ്യപ്പെടുമെന്ന് ഭയന്ന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നതും ശിക്ഷക്ക് കാരണമാകുന്ന വിഷയമാണ്. ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടിയ യൂനുസ് നബിൗയുടെ അനുഭവം വിശ്വാസികള്‍ക്ക് പാഠമാകണം. ഇഹലോകത്തെ തിരക്കും ഉപജീവനത്തിന്റെ തിടുക്കവും ഉയര്‍ത്തിക്കാണിച്ച്, മതപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നാല്‍ ദുനിയാവ് കൂടുതല്‍ ഇടുങ്ങുകയും ഉപജീവന മാര്‍ഗം കുടുസ്സാവുകയുമാണ് ചെയ്യുക. അല്ലാഹു പറയുന്നു:

”എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവരുന്നതുമാണ്” (ക്വുര്‍ആന്‍ 20:124).

നമുക്ക് ആവശ്യമായതെല്ലാം നല്‍കുന്നത് അല്ലാഹുവാണ്. ജോലിയും മറ്റു ഉപജീവന ഉപാധികളും അതിന്റെ നിമിത്തങ്ങള്‍ മാത്രമാണ്. നിമിത്തങ്ങളില്‍ നാം ഭരമേല്‍പിച്ചു കൂടാ. അല്ലാഹുവിലണ് നാം ഭരമേല്‍പിക്കേണ്ടത്. അവനെയാണ് നാം തൃപ്തിപ്പെടുത്തേണ്ടത്. അല്ലാഹു തൃപ്തിപ്പെട്ടാല്‍ നമ്മുടെ ഉപജീവന മാര്‍ഗം വിശാലമാകും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഉത്തരവാദിത്തമേറ്റെടുക്കുമ്പോള്‍ നമ്മുടെ ദുനിയാവിന്റെ ഭാരങ്ങള്‍ അല്ലാഹു ഇറക്കിത്തരും. കാരണം അവന്റെ ദീനിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനമാണത്. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നതാണ്” (ക്വുര്‍ആന്‍ 47:7).

നേതൃത്വത്തിലിരിക്കുന്നവര്‍ കണ്ണും കാതും തുറന്ന് വെക്കണം. സമൂഹത്തിലും രാജ്യത്തിലുമുള്ള  സംഭവവികാസങ്ങളെ കുറിച്ച് അവര്‍ അജ്ഞരായിക്കൂടാ. വ്യക്തിജീവിതത്തില്‍ വിശുദ്ധി പാലിക്കണം. കാര്യങ്ങളെ അപഗ്രഥിച്ച് ഏറ്റവും ശരിയായ വഴിയിലൂടെ സംഘടനയെ നയിക്കാന്‍ സാധിക്കണം.

സംഘടനയെ നയിക്കുന്നത് വ്യക്തമായ ആദര്‍ശബോധം ഉള്‍ക്കൊണ്ടവരായിരിക്കണം. അവര്‍ക്കേ വഴിതെറ്റാതെ നയിക്കുവാന്‍ കഴിയൂ. പറയുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ജീവിതം മാതൃകായോഗ്യമാക്കുകയും ചെയ്യുന്ന ഭാരവാഹികളുടെ വാക്കുകള്‍ക്ക് വലിയ സ്വാധീനമുണ്ടാകും. കൂടെയുള്ളവരെ കൂട്ടിപ്പിടിക്കാന്‍ സാധിക്കണം. തിരുത്തേണ്ടത് തിരുത്താനും തിരുത്തിക്കാനുമുള്ള ആര്‍ജവം നേതൃത്വത്തിന് ഉണ്ടാകണം.

 

ടി.കെ.അശ്‌റഫ്
നേർപഥം വാരിക

നന്ദിയുള്ളവരാവുക

നന്ദിയുള്ളവരാവുക

ഓരോ നിമിഷവും അല്ലാഹുവിന്റെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ആ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. സ്രഷ്ടാിനോട് നന്ദികേട് കാണിക്കല്‍ വലിയ അപരാധമാണ്.

നന്ദികേടിന്റെ വ്യക്തമായ അടയാളമാണ് ആഡംബരവും ധൂര്‍ത്തും. വിവാഹരംഗത്തും മറ്റും കാണിക്കുന്ന, തികച്ചും അനാവശ്യമെന്ന് ആര്‍ക്കും ബോധ്യമാകുന്ന ധൂര്‍ത്തും ആഡംബരവും ഒഴിവാക്കിയേ തീരൂ. ഓരോ ഇനം ഭക്ഷണവും രുചിച്ചുനോക്കുമ്പോഴേക്കും വയറുനിറയുന്ന രൂപത്തില്‍ എണ്ണമറ്റ വിഭവങ്ങള്‍ വിളമ്പുകയും അവസാനം എത്രയോ ആളുകള്‍ക്ക് കഴിക്കാന്‍ മാത്രമുള്ള ഭക്ഷണം മാലിന്യക്കൂമ്പാരത്തില്‍ തള്ളുകയും ചെയ്യുന്നത് കൊണ്ട് ആര്‍ക്ക് എന്തു നേട്ടമാണുള്ളത്? നിലത്തുവീണ ഭക്ഷണ ശകലത്തില്‍  മാലിന്യം പുരണ്ടിട്ടില്ലെങ്കില്‍ കഴുകി കഴിക്കണമെന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുചരന്മാര്‍ക്ക് എങ്ങനെയാണ് ഭക്ഷണം പാഴാക്കാന്‍ സാധിക്കുക? ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വാഹനം എന്നിവ ആവശ്യത്തിനുള്ളത് മാത്രമെ വിശ്വാസികള്‍ ഒരുക്കേണ്ടതുള്ളൂ. അമിതത്വവും ആര്‍ഭാടവും പൈശാചികതയാണ്.

ആധുനിക ഉപകരണങ്ങള്‍ വാങ്ങി ഉപയോഗിക്കുമ്പോഴും ഇക്കാര്യം നാം ഗൗരവപൂര്‍വം പരിഗണിക്കേണ്ടതുണ്ട്. അടുക്കള ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയെല്ലാം നമ്മുടെ ഉപയോഗത്തിന്റെ വ്യാപ്തിയും സാമ്പത്തികസ്ഥിതിയും പരിഗണിച്ചായിരിക്കണം വാങ്ങിക്കേണ്ടത്. ഒരേസാധനം തന്നെ വിപണിയില്‍ വിവിധ വിലകളില്‍ ലഭിക്കും. വില കൂടുന്നതിനനുസരിച്ച് സൗകര്യങ്ങളും വര്‍ധിക്കും. വലിയ വില കൊടുത്ത് വാങ്ങുമ്പോള്‍ അതിലുള്ള മുഴുവന്‍ സൗകര്യങ്ങളും നമുക്ക് ഉപയോഗിക്കാനാകുമോയെന്ന ആത്മപരിശോധന നടത്തണം.  ഉപയോഗിക്കാനാവാത്ത സൗകര്യങ്ങള്‍ വില കൊടുത്തു വാങ്ങുന്നത് വിശ്വാസിക്ക് ഭൂഷണമല്ല.

ഇന്ന് ഏവര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകരണമാണ് മൊബൈല്‍ ഫോണ്‍. ആയിരം രൂപ മുതല്‍ ഒരുലക്ഷത്തിലധികം രൂപ വില വരുന്ന ഫോണുകള്‍ വിപണിയിലുണ്ട്. വില കൂടുന്നതിനനുസരിച്ച് സൗകര്യങ്ങളും ഗുണമേന്മയും  വര്‍ധിച്ചുവരുന്നു. വലിയ വിലകൊടുത്ത്  വാങ്ങുന്ന ഫോണുകളിലെ എത്രമാത്രം സൗകര്യങ്ങള്‍ നാം ഉപയോഗിക്കുന്നുണ്ട്? കേവലം ഫോണ്‍ വിളിക്കലും മെസ്സേജ് അയക്കലും മാത്രമാണ് ഉദ്ദേശ്യമെങ്കില്‍ എന്തിനാണ് ആയിരങ്ങള്‍ നല്‍കി ആന്‍ഡ്രോയിഡ് ഫോണുകള്‍ വാങ്ങുന്നത്? ഇക്കാര്യത്തില്‍ വിശ്വാസികള്‍ കാര്യമായ ആലോചന നടത്തണം. തന്റെ ഫോണിലെ സൗകര്യങ്ങള്‍ പരമാവധി നല്ല കാര്യങ്ങള്‍ അറിയാനും അറിയിക്കാനും ഉപയോഗപ്പെടുത്തണം. അല്ലാഹുവിനെ ഭയക്കുന്ന ഒരു വ്യക്തിക്ക്, പലരും ദുരുപയോഗം ചെയ്യുന്ന മൊബൈല്‍ ഫോണിലെ പലവിധ സൗകര്യങ്ങള്‍ അറിവ് നുകരാനും പകര്‍ത്താനും പ്രചരിപ്പിക്കാനും ഉപയോഗിക്കാന്‍ സാധിക്കണം. ഇന്റര്‍നെറ്റില്‍ നിന്ന് സമൂഹത്തെ അകറ്റിനിര്‍ത്തലല്ല, അതിനെ ശരിയായ വഴിയില്‍ ഉപയോഗിക്കാന്‍ ബോധപൂര്‍വം അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് പരിഹാരം. ഇസ്‌ലാമിക സംഘടനകള്‍ ഇക്കാര്യം സജീവമായി പരിഗണിക്കേണ്ടതാണ്.

വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഈ രംഗത്ത് ഒട്ടനവധി സംരംഭങ്ങള്‍ ഇതിനകംതന്നെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. ‘പീസ് റേഡിയോ’ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ലക്ഷങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ആയിരങ്ങള്‍ ഒരേസമയം ശ്രവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പീസ് റേഡിയോ മലയാളികള്‍ കക്ഷിഭേദമന്യെ നെഞ്ചിലേറ്റിയത് ഇന്റര്‍നെറ്റ് ലോകത്ത് നന്മയന്വേഷിക്കുന്നവരുടെ ദാഹമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. എല്ലാ ദിവസവും അഞ്ചുമിനുട്ട് മാത്രമുള്ള ‘നേര്‍വഴി’ പ്രഭാഷണവും ‘വഴിവിളക്ക്’ എന്ന സന്ദേശ പോസ്റ്ററും കുട്ടികള്‍ക്കായുള്ള ‘തേന്‍ മൊഴി’യും എല്ലാം ഈ രംഗത്ത് ജനശ്രദ്ധയാകര്‍ഷിച്ച സംരംഭങ്ങളാണ്. കൂടാതെ ആഴ്ചതോറുമുള്ള ഖുത്വുബകളും ക്ലാസുകളും ഓണ്‍ലൈനിലൂടെ ശ്രവിക്കുന്ന ആയിരങ്ങളുണ്ട്. ‘മീഡിയ സ്‌കൂളി’ന്റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് വീഡിയോ ക്ലിപ്പുകളും സംഘടനയുടെയും മറ്റും പേരിലുള്ള ഫെയ്‌സ്ബുക്ക് പേജുകളില്‍ വരുന്ന തല്‍സമയ വാര്‍ത്തകളും കുറിപ്പുകളും ഇന്റര്‍നെറ്റ് ഉപയോഗത്തെ നന്മയുടെ വഴിയിലേക്ക് ചേര്‍ത്ത് നിര്‍ത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. സംഘടനയുടെ മുഖപത്രമായ ‘നേര്‍പഥ’ത്തില്‍ വരുന്ന ലേഖനങ്ങള്‍ ഓണ്‍ലൈന്‍ പതിപ്പില്‍ വായിക്കാന്‍ കാത്തിരിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മുഴുവന്‍ മെമ്പര്‍മാരും ഓണ്‍ലൈനിലുള്ള പ്രബോധന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള പ്രാവീണ്യം നേടിയവരാകണമെന്ന കാഴ്ചപ്പാട് അനുസരിച്ചുള്ള പ്രത്യേക പദ്ധതിയായ ‘വിസ്ഡം ഗൈഡ്’ എന്ന പുതിയ സംരംഭത്തിന് സംഘടന തുടക്കം കുറിച്ചിരിക്കുകയാണ്. വലിയ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ ഇതിന്റെ പ്രാഥമിക ഘട്ടത്തെ സ്വീകരിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചതില്‍ അധികം വേഗതയില്‍ ആപ്ലിക്കേഷന്‍ പരിചയപ്പെടാന്‍ നല്ലൊരു വിഭാഗത്തിന് ഇതിനകംതന്നെ സാധിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി വിസ്ഡം ഗൈഡ് ലക്ഷ്യം പൂര്‍ത്തീകരിക്കും, ഇന്‍ശാ അല്ലാഹ്.

ഇസ്‌ലാമിക വിമര്‍ശനങ്ങള്‍ ശരവേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ അതിനുള്ള പ്രതിരോധം ഒച്ച് വേഗതയിലായിക്കൂടാ. ആധുനിക സങ്കേതങ്ങള്‍ പ്രബോധനരംഗത്ത് ഫലപ്രദമായി പ്രയോഗവത്കരിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ ഇന്നലെകളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട്, അതിന്റെ തുടര്‍ച്ച നിര്‍വഹിക്കുകയാണ് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പരമാവധി നന്മയുടെ മാര്‍ഗത്തില്‍ ഉപയോഗിക്കാന്‍ നാം തയ്യാറാവുക. തിന്മയുടെ മാര്‍ഗത്തില്‍ അവ ഉപയോഗിക്കാതിരിക്കുക. അവസരത്തിനനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കുക. അല്ലാഹുവിന്റെ നിരീക്ഷണത്തില്‍നിന്ന് ഒരു സെക്കന്റ് സമയം പോലും നാം പുറത്താകുന്നില്ല എന്ന ബോധം നിലനിര്‍ത്തുക. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ.

 

ടി.കെ.അശ്‌റഫ്
നേർപഥം വാരിക

ലക്ഷ്യം, ഐക്യം, സംഘടന

ലക്ഷ്യം, ഐക്യം, സംഘടന

ലക്ഷ്യം നേടാന്‍ ഐക്യം അനിവാര്യമാണ്. ലക്ഷ്യത്തെ സംബന്ധിച്ച് അനൈക്യം നിലനിര്‍ത്തിക്കൊണ്ട് മാര്‍ഗത്തില്‍ മാത്രം ഐക്യപ്പെടുകയെന്നത് ഭീമാബദ്ധമാണ്. ഏതൊരു സംഘടനയും സ്ഥാപനവും സ്ഥാപിക്കുന്നതിന് പിന്നില്‍ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ടായിരിക്കും. പ്രസ്തുത ലക്ഷ്യത്തില്‍ യോജിക്കുന്നവരാണ് അതിന് വേണ്ടിയുള്ള കൂട്ടായ്മയില്‍ കണ്ണിചേരുക. ലക്ഷ്യത്തില്‍ ഭിന്നതയില്ലാതിരിക്കുകയും മറ്റു കാര്യങ്ങളില്‍ അനൈക്യം ഉണ്ടാവുകയും ചെയ്താല്‍ യോജിപ്പിനും ഐക്യത്തിനും വേണ്ടി സാധ്യമാകുന്നത്ര പ്രയത്‌നിക്കണം. ലക്ഷ്യത്തിലാണ് ഭിന്നതയെങ്കില്‍ കുറച്ചു കൂടി ഗൗരവപൂര്‍വം വിഷയത്തെ പരിഗണിക്കണം. സംഘടനയുടെ ആദര്‍ശ വ്യതിരിക്തത പ്രാമാണികമായി ബോധ്യപ്പെടുത്തലാണ് അതിനുള്ള പരിഹാരം.

കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷവും മറ്റൊരു ആദര്‍ശധാരയിലേക്ക് സംഘടനയെ വഴി തിരിക്കാനാണ് അത്തരക്കാരുടെ ഉദ്ദേശ്യമെങ്കില്‍ അത് അനുവദിക്കാനാവില്ല. ആദര്‍ശത്തില്‍ നിന്ന് വ്യതിചലിച്ചവര്‍ ന്യൂനപക്ഷമാണങ്കില്‍ തല്‍ക്കാലം തങ്ങളുടെ യഥാര്‍ഥ മുഖം മറച്ചുവെക്കുകയും പുറത്തേക്ക് ഐക്യത്തിന്റെ തേന്‍ പുരട്ടിയ വര്‍ത്തമാനങ്ങള്‍ പറയുകയും ചെയ്യുന്നവരുണ്ട്. ഇതാണ് ഏറ്റവും അപകടകരം. ആദര്‍ശ അടിത്തറയില്‍ നിലയുറപ്പിച്ചവര്‍ക്ക് ഇത്തരക്കാരുടെ സൂത്രപ്പണി വേഗത്തില്‍ തിരിച്ചറിയാനാകും. എന്നാല്‍ അനുഭാവികളുടെ സഹതാപം പിടിച്ചുപറ്റാനാണ് ഐക്യത്തെക്കുറിച്ച് വാതോരാതെ ഇപ്രകാരം സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഭിന്നതയും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളും ആരെയും വേദനിപ്പിക്കും. ആയതിനാല്‍ നിഷ്പക്ഷരെ വലവീശിപ്പിടിച്ച് തങ്ങളുടെ തെറ്റായ ആശയങ്ങള്‍ക്ക് അംഗബലം വര്‍ധിപ്പിക്കാനാണ് ഐക്യത്തിന്റെ വക്താക്കളായി ഇത്തരക്കാര്‍ രംഗത്ത് വരുന്നത്.

സ്വാര്‍ഥ താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ ഐക്യമെന്ന പദം വന്‍തോതില്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഒന്നിച്ചു നില്‍ക്കുകയെന്നത് നല്ല കാര്യമാണ്. എന്തിന് വേണ്ടി ഒന്നിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനം. അധര്‍മങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അതിവാദങ്ങള്‍ക്കുമാണ് ഐക്യപ്പെടുന്നതെങ്കില്‍ പ്രസ്തുത ഐക്യവും കൂട്ടായ്മയും അപകടകരമാണ്. അത്തരം സംഘങ്ങളില്‍ ഭിന്നതയാണ് സമൂഹത്തിന് അനുഗ്രഹം നേടിത്തരിക.

ആദര്‍ശ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഐക്യം പ്രസ്ഥാനത്തിന് അതിവേഗം ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ സഹായകമാകും. എന്നാല്‍, ഭിന്നമായ ആദര്‍ശങ്ങള്‍ മനസ്സിലൊളിപ്പിച്ചവര്‍ തമ്മില്‍ ഐക്യപ്പെടുന്നത് ആദര്‍ശ രംഗത്ത് കിതപ്പാണ് കാഴ്ചവയ്ക്കുക. അല്‍പം പോലും മുന്നോട്ട് നീങ്ങാനാവില്ല.

വിരുദ്ധാശയങ്ങള്‍ ഒന്നിപ്പിക്കുന്നതിലേറെ പരസ്പര ബഹുമാനത്തോടെ വേറിട്ട് പ്രവര്‍ത്തിക്കലാണ് അഭികാമ്യം. അപ്പോഴും മാന്യത കൈവിടരുത്. പിണങ്ങിയാല്‍ അധിക്ഷേപിക്കല്‍ മുസ്‌ലിമിന് ചേരാത്തതാണ്.

ഭിന്നതയുടെ സുഷിരങ്ങളല്ല; ഐക്യത്തിന്റെ വിശാല വീഥിയാണ് പ്രബോധകന്മാര്‍ എപ്പോഴും അന്വേഷിക്കേണ്ടത്. പിണങ്ങാന്‍ എളുപ്പമാണ്. ഇണങ്ങാനാണ് പ്രയാസം. തീര്‍ത്തും പ്രമാണ വിരുദ്ധമായ ആശയങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരുമായി ഐക്യപ്പെടുക അസാധ്യമാണ്. എന്നാല്‍ ഒരേ പ്രമാണത്തില്‍ നിന്നുത്ഭവിക്കുന്ന വീക്ഷണ വ്യത്യാസങ്ങളുടെ പേരില്‍ പോരിനിറങ്ങുന്നത് ശരിയല്ല. പ്രമാണനിഷേധത്തിന്റെയും അതിവാദത്തിന്റെയും ആളുകളോട് യോജിച്ച് പോകണമെന്ന ആവശ്യം തിരസ്‌കരിക്കാന്‍ അധികം ആലോചിക്കേണ്ടതില്ല.

ഇസ്‌ലാമിന് നേരെ ഉയര്‍ന്ന് വരുന്ന പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പ്രാപ്തി നേടുകയാണ് വിവേകമുള്ള കൂട്ടായ്മകള്‍ ചെയ്യേണ്ടത്. മുഖ്യദൗത്യത്തില്‍നിന്ന് വഴുതിമാറി മറ്റു വിഷയങ്ങളില്‍ അഭിരമിക്കുന്നത് വ്യതിയാനത്തിന്റെ തുടക്കമാണ്. നേര്‍വഴിയില്‍ ചരിക്കുന്നവരെ പിഴപ്പിക്കലാണ് പിശാചിന്റെ ലക്ഷ്യം. ഈ ബോധം വ്യക്തികള്‍ക്കും ഇസ്‌ലാമിക കൂട്ടായ്മകള്‍ക്കും അനിവാര്യമാണ്.

 

ടി.കെ.അശ്‌റഫ്
നേർപഥം വാരിക

വ്യക്തി, സംഘടന, മാര്‍ഗഭ്രംശം

വ്യക്തി, സംഘടന, മാര്‍ഗഭ്രംശം

സംഘടനയാണ് വേഗത്തില്‍ വഴിതെറ്റുകയെന്നതാണ് സമൂഹമനസ്സ്. അങ്ങനെ ചിന്തിക്കുന്ന എല്ലാവരെയും ആക്ഷേപിച്ചു കൂടാ. വിവിധ സംഘടനകള്‍ക്കിടയില്‍ നടക്കുന്ന പൊട്ടലും ചീറ്റലും അതിനെ തുടര്‍ന്നുള്ള ചെളിവാരിയെറിയലും വീക്ഷിക്കുമ്പോള്‍ സംഘടനാ സംവിധാനത്തോട് നീരസം പ്രകടിപ്പിക്കുക സ്വാഭാവികമാണ്.

മത, സാമൂഹ്യ, രാഷ്ട്രീയ രംഗത്തുള്ള സംഘടനാ സാരഥികള്‍ ഇക്കാര്യം ഗൗരവപൂര്‍വം പരിഗണിക്കുകയും തങ്ങളുടെ സമീപനങ്ങളില്‍ കാര്യമായ പുനഃപരിശോധന നടത്തുകയും ചെയ്യേണ്ടതുണ്ട്.

വ്യക്തികളെക്കാള്‍ സംഘടനയാണ് വഴിതെറ്റാന്‍ കൂടുതല്‍ സാധ്യതയെന്ന ധാരണ ഇതോടൊപ്പം നാം നിര്‍ബന്ധമായും തിരുത്തുകയും വേണം. സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് വഴിതെറ്റുമ്പോള്‍ അത് ചൂണ്ടിക്കാണിക്കാനും തിരുത്താനും ഒട്ടനവനധി അവസരങ്ങള്‍ സംഘടനക്കകത്തുണ്ട്. സെക്രട്ടറിയേറ്റ്, എക്‌സിക്യുട്ടീവ്, കൗണ്‍സില്‍, ജനറല്‍ബോഡി എന്നിങ്ങനെ, വിവിധ സംഘടനകള്‍ക്ക് വ്യത്യസ്തമായ ആലോചനാ സഭകളുണ്ട്. ഇതിലൂടെയെല്ലാം വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും തിരുത്താനും സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് വഴിമാറാതെ സഞ്ചരിക്കാനും സാധിക്കുന്നു.

മൃഗീയ ഭൂരിപക്ഷത്തിന്റെയും മറ്റു ദുസ്സ്വാധീനങ്ങളുടെയും കാരണത്താല്‍ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് സംഘടനയെ ചിലര്‍ ഹൈജാക്ക് ചെയ്താലും യഥാര്‍ഥ കാഴ്ചപ്പാടില്‍ നിലകൊള്ളുന്ന ഒരു വിഭാഗം അപ്പോഴും രംഗത്തുണ്ടാകും. അധര്‍മത്തെ എല്ലാവരും ഒന്നിച്ച് പിന്തുണക്കുകയില്ല. അതുകൊണ്ട് തന്നെ തെറ്റും ശരിയും ചര്‍ച്ച ചെയ്യപ്പെടും ശരിയുള്‍കൊള്ളാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിന്റെ പക്ഷത്ത് നിലകൊള്ളാം.

എന്നാല്‍ കൂടിയാലോചനയില്ലാതെ, വ്യക്തിയിലധിഷ്ഠിതമായ സംരംഭങ്ങള്‍ എത്ര സൂക്ഷ്മതയോടെ ആരംഭിച്ചതായാലും മുന്നോട്ട് നീങ്ങുമ്പോള്‍ വഴിമാറുവാന്‍ സാധ്യത ഏറെയാണ്. വ്യക്തികള്‍ എത്ര വിശുദ്ധരാണങ്കിലും മാനുഷികമായ പിഴവുകള്‍ സ്വാഭാവികമാണ്. കൂടാതെ, സാഹചര്യങ്ങള്‍ വ്യക്തികളെ പലവിധ ദൗര്‍ബല്യങ്ങളിലേക്കും വലിച്ച് വീഴ്ത്തും. വ്യക്തിയിലുണ്ടാകുന്ന അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കൂടിയാലോചന വേദികള്‍ ഇല്ലാത്തതിനാല്‍ തിരുത്തല്‍ സാധ്യമാകാതെ പോകും. സര്‍വ അധികാരങ്ങളും തന്നില്‍ നിക്ഷിപ്തമായതിനാല്‍ കൂടെയുള്ളവരും തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഭയക്കും. സ്വന്തം കാര്യങ്ങള്‍ക്ക് ഭംഗം വരാതിരിക്കാന്‍ തന്റെ നേതാവിന്റെ തിന്മകളെ ന്യായീകരിച്ച് കൊടുക്കാനും കൂടെയുള്ളവര്‍ തയ്യാറായി എന്നു വന്നേക്കാം. വ്യക്തിക്ക് സംഭവിക്കുന്ന ആശയവൈകല്യങ്ങള്‍ അയാളുടെ കീഴിലുള്ള മുഴുവന്‍ സംവിധാനങ്ങളെയും സാരമായി ബാധിക്കും. വലിയ അനര്‍ഥങ്ങളാണ് ഇതിലൂടെ സംഭവിക്കുക.

നിയതമായ വഴിയിലൂടെ നിശ്ചിത ഇടവേളകളില്‍ വരവുചെലവ് കണക്കുകള്‍ അവതരിപ്പിച്ച് പാസാക്കുന്നതിലൂടെ സാമ്പത്തിക രംഗത്ത് സുതാര്യത ഉറപ്പ് വരുത്താന്‍ സംഘടനയിലൂടെ സാധിക്കുന്നു. യോഗത്തില്‍ സാമ്പത്തിക കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന ചിന്ത ഭാരവാഹികളെ ഉത്തരവാദിത്തബോധമുള്ളവരാക്കും. അണികള്‍ക്ക് തങ്ങള്‍ സമാഹരിക്കുന്ന പണം എങ്ങനെ ചെലവഴിക്കുന്നുവെന്നറിയാനും അന്വേഷിക്കാനുമുള്ള അവസരങ്ങള്‍ ലഭിക്കുന്നതിലൂടെ പരസ്പരം ആരോഗ്യകരമായ ബന്ധം വളര്‍ന്ന് വരും.

വ്യക്തികള്‍ മാത്രം കൈകാര്യം ചെയ്യുന്ന സംരംഭങ്ങളുടെ സാമ്പത്തിക രംഗത്തെ സൂക്ഷ്മതക്കുറവുകള്‍ ചൂണ്ടിക്കാണിക്കാന്‍ അവസരങ്ങള്‍ കുറവായതിനാല്‍ സാമ്പത്തിക ചൂഷണത്തിന് സാധ്യത ഏറെയാണ്.

ചില വ്യക്തികള്‍ വളരെ സൂക്ഷ്മതയോടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്ന സത്യം വിസ്മരിക്കുന്നില്ല. എന്നാല്‍, അവരുടെ കഠിനാദ്ധ്വാനത്തിലൂടെ കോടികളുടെ ആസ്തിയും സ്വാധീനവും നേടിയെടുത്ത സംരംഭം അവരുടെ മരണശേഷം അന്യാധീനപ്പെട്ട് പോയ സംഭവങ്ങളും അനവധിയാണ്. തന്റെ മക്കള്‍ തന്റെ വിശ്വാസവും സൂക്ഷ്മതയും പിന്‍പറ്റാത്തവരാണങ്കില്‍ വിരുദ്ധാശയങ്ങള്‍ക്ക് വേണ്ടിയായിരിക്കും ഭാവിയില്‍ പ്രസ്തുത സംരംഭം പ്രവര്‍ത്തിക്കുക. സംഘടിതമായ തുടര്‍ച്ചയില്ലാതെ പോയ നവോത്ഥാന നായകരുടെ ചരിത്രം ഇതിന് സാക്ഷിയാണ്.

എന്നാല്‍, നിയതമായ ഭരണഘടനയുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ നയിക്കപ്പെടുന്ന സംഘടനയാണെങ്കില്‍ നേതൃത്വം മാറിയാലും വ്യക്തികള്‍ മരണപ്പെട്ടാലും പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് വഴി മാറാന്‍ സാധ്യത കുറവാണ്.

സംഘടനാ സംവിധാനങ്ങളെ യാതൊരു തത്ത്വദീക്ഷയുമില്ലാതെ നിരന്തരമായി വിമര്‍ശിക്കുന്നവരില്‍ പലരും സ്വന്തമായി പൊതുജനങ്ങളില്‍ നിന്ന് വന്‍തുക ഈടാക്കുന്നവരാണ്. അതിലൂടെ ഉണ്ടാക്കിയെടുത്ത സംവിധാനങ്ങള്‍ യാതൊരു കൂടിയാലോചനയുമില്ലാതെ നടത്തിക്കൊണ്ടു പോകുന്നവരുമായിരിക്കും. സാമ്പത്തിക സമാഹരണത്തിന് സംഘടനയുടെ സൗകര്യങ്ങള്‍ യഥേഷ്ടം ഉപയോഗിക്കുകയും മുന്നോട്ടുള്ള ഗമനത്തില്‍ സ്വന്തം തീരുമാനങ്ങള്‍ക്ക് മാത്രം പ്രാമുഖ്യം നല്‍കുകയും ചെയ്യുന്നത് കാണാന്‍ സാധിക്കും.

വളരെ മാതൃകാപരമായും സുതാര്യമായും നിയതമായ നിയമാവലിയോടെയും സംരംഭങ്ങള്‍ നടത്തുന്ന വ്യക്തികള്‍ സമൂഹത്തിലുണ്ടെന്ന കാര്യം വിസ്മരിച്ചുകൊണ്ടല്ല ഇതെഴുതുന്നത്. സംഘടനാ സംവിധാനമാണ് കൂടുതല്‍ അപകടകരമെന്ന പ്രചാരണം ചില തല്‍പരകക്ഷികള്‍ നടത്തുമ്പോള്‍ അതിനെ തിരുത്തുക മാത്രമാണ് ലക്ഷ്യം. പൊതുജനങ്ങളില്‍ നിന്ന് പണം സ്വീകരിച്ച് നടത്തുന്ന സംരംഭങ്ങള്‍ വ്യക്തിയധിഷ്ഠിതമാകാതിരിക്കലാണ് അഭികാമ്യം. സ്വന്തം കുറവുകള്‍ മൂടിവെക്കാനുള്ള കുറുക്കുവഴിയാണ് ചിലര്‍ക്ക് സംഘടനാ വിമര്‍ശനം. സംഘടിതമായ മുന്നേറ്റത്തിലാണ് ഓരോ പ്രബോധകന്റെയും എല്ലാ കഴിവുകളും പുറത്തെടുക്കാന്‍ അവസരമുണ്ടാവുക.

സംഘടനയോടൊപ്പം ചേര്‍ന്ന് നിന്ന് ദൗത്യം നിര്‍വഹിക്കുന്നതിലാണ് നന്മയുള്ളത്. പ്രബോധനത്തിന് സംഘടന ഒരുക്കുന്ന വേദികളില്‍ തന്നെ ഏല്‍പിച്ച ദൗത്യത്തില്‍ തികഞ്ഞ അലംഭാവം പുലര്‍ത്തുകയും സ്വന്തമായി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ക്ക് സംഘടന സംരക്ഷണം നല്‍കുകയും വേണമെന്ന ചിന്തയും പ്രബോധകര്‍ക്ക് ചേര്‍ന്നതല്ല. ഓരോരുത്തരും കൂടിയാലോചനയില്ലാതെ നടത്തുന്ന പ്രബോധന സംരംഭങ്ങള്‍ക്കും അതിന് വേണ്ടിയുള്ള ധനസമാഹരണത്തിനും കുടപിടിക്കുകയെന്നതല്ല ലക്ഷ്യബോധമുള്ള സംഘടനയുടെ ദൗത്യം. അലയടിച്ച് വരുന്ന ഇസ്‌ലാമിക വിമര്‍ശനങ്ങളെ വകഞ്ഞ് മാറ്റി ലക്ഷ്യത്തിലെത്താന്‍ ചേര്‍ന്ന് നില്‍ക്കുകയാണ് നാം ചെയ്യേണ്ടത്. വ്യക്തികളുടെ  വിഗ്രഹവത്കരണമാകരുത് ഇസ്‌ലാമിക പ്രലബാധനത്തിന്റെ ലക്ഷ്യം.

ആരായിരുന്നാലും അല്ലാഹുവിനെ ഭയപ്പെടുന്നവരുടെ കരങ്ങളിലാണെങ്കില്‍ വഴിതെറ്റുകയില്ലെന്ന് സമാധാനിക്കാം. ലക്ഷ്യം പിഴക്കുമ്പോള്‍ വ്യക്തിയെക്കാള്‍ സംഘടനയില്‍ തിരുത്തലുകള്‍ക്ക് സാധ്യത കൂടുതലുണ്ട് എന്നതാണ് സംഘടനയെ സവിശേഷമാക്കുന്നത്.

 

ടി.കെ.അശ്‌റഫ്
നേർപഥം വാരിക

ക്വുര്‍ആനും ഉപമകളും

ക്വുര്‍ആനും ഉപമകളും

ആശയത്തെ ഏറ്റവും ഗ്രാഹ്യവും ഹൃദ്യവും ഹ്രസ്വവുമായി പരിചിത തലത്തിലേക്ക് കൊണ്ട് വരികയാണ് ഉപമകള്‍ കൊണ്ടുള്ള ഉദ്ദേശ്യം. അദൃശ്യമായവയോ അപ്രാപ്യമായവയോ ആയതിനെ കണ്ണിനും മനസ്സിനും ബോധ്യമാവുന്ന തലത്തിലേക്ക് മാറ്റി അവതരിപ്പിക്കുമ്പോള്‍ മനസ്സിന്റെ ആഴങ്ങളില്‍ അത് മായാതെ കിടക്കും. ആ അര്‍ഥത്തില്‍ ക്വുര്‍ആനിലെ ഉപമകള്‍ അതിഗംഭീരവും പഠനാര്‍ഹവുമാണ്.

”തീര്‍ച്ചയായും ജനങ്ങള്‍ക്കുവേണ്ടി എല്ലാവിധ ഉപമകളും ഈ ക്വുര്‍ആനില്‍ നാം വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അത്യധികം തര്‍ക്കസ്വഭാവമുള്ളവനത്രെ” (ക്വുര്‍ആന്‍ 18:54).

”ആ ഉപമകള്‍ നാം മനുഷ്യര്‍ക്ക് വേണ്ടി വിവരിക്കുകയാണ്. അറിവുള്ളവരല്ലാതെ അവയെപ്പറ്റി ചിന്തിച്ച് മനസ്സിലാക്കുകയില്ല” (ക്വുര്‍ആന്‍ 21:43).

വിശുദ്ധ ക്വുര്‍ആന്‍ കേവലമായ നിയമാവലികളുടെയും വിധിവിലക്കുകളുടെയും മാത്രം സമാഹാരമല്ല. മറിച്ച് സംസ്‌കരണത്തിന്റെയും ശിക്ഷണത്തിന്റെയും സന്മാര്‍ഗത്തിന്റെയും കൂടി ഗ്രന്ഥമാണ്. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങിയവയുടെ നേരായ നിലനില്‍പിനായുള്ള സ്രഷ്ടാവിന്റെ സമ്മാനം. 

ഇതിനാല്‍ തന്നെ വസ്തുതകളെ അവതരിപ്പിക്കുന്നതില്‍ മനുഷ്യന്റെ മനസ്സിനെയും ധിഷണയെയും പരസ്പരം ബന്ധിപ്പിക്കും വിധത്തിലുള്ള ഒരു സംവേദന ആവിഷ്‌കാര രീതിയാണ് ക്വുര്‍ആന്‍ അവലംബിച്ചിട്ടുള്ളത്. ഇതില്‍ മുഖ്യ തലമാണ് ഉപമാലങ്കാരങ്ങളുടെ ഉപയോഗങ്ങള്‍. 

ബുദ്ധിക്കും മനസ്സിനും ദൃഢത നല്‍കുന്നതിനും ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും അവ്യക്തതകളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തി നല്‍കുന്നതിനും ഉതകുന്നതാണ് ഉപമകള്‍ ചേര്‍ത്തുള്ള ക്വുര്‍ആനിന്റെ അവതരണ ശൈലി. 

ബുദ്ധിശാലികള്‍ക്ക് കൂടുതല്‍ ചിന്തനീയമാവാനാണ് നാം ഉപമകള്‍ കൊണ്ട് വരുന്നതെന്ന അല്ലാഹുവിന്റെ പ്രഖ്യാപനം, ക്വുര്‍ആന്‍ ആഴത്തില്‍ മനസ്സിലാക്കുന്നതില്‍ ഈ വിഷയത്തിന്റെ പ്രാധാന്യം ബോധിപ്പിക്കുന്നുണ്ട്. പഠനവും ചിന്തയും തന്മൂലമുണ്ടാക്കുന്ന സമര്‍പ്പണവുമാണ് ക്വുര്‍ആന്‍ അതിന്റെ വായനക്കാരില്‍ നിന്നും പഠിതാക്കളില്‍ നിന്നും ആവശ്യപ്പെടുന്നത്. അവ സാധൂകരിക്കാന്‍ ഈ തലങ്ങളില്‍ പഠിതാക്കള്‍ ശ്രദ്ധയൂന്നേണ്ടതുണ്ട്. 

 

ഉപമകള്‍

ഒരു ആശയത്തെ ഏറ്റവും ഗ്രാഹ്യവും ഹൃദ്യവും ഹ്രസ്വവുമായി സുപരിചിതമായ രീതിയില്‍ കൊണ്ട് വരികയാണ് ഉപമകള്‍ കൊണ്ടുള്ള ഉദ്ദേശ്യം. അദൃശ്യമായവയോ അപ്രാപ്യമായവയോ കണ്ണിനും മനസ്സിനും പ്രാപ്യമായ തലത്തിലേക്ക് മാറ്റി അവതരിപ്പിക്കുമ്പോള്‍ മനസ്സില്‍ ആഴത്തില്‍ പതിക്കുകയും ഓര്‍മകളില്‍ മായാതെ കിടക്കുകയും ചെയ്യും. ആ അര്‍ഥത്തില്‍ ക്വുര്‍ആനിലെ ഉപമകള്‍ അതിഗംഭീരവും പഠനാര്‍ഹവുമാണ്. 

പൊതുവായി രണ്ട് തരത്തിലാണ് ഉപമകളെ ക്വുര്‍ആന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. 

1). ഉപമാരാങ്കാല പദങ്ങള്‍ ഉപയോഗിച്ചുള്ള വിവരണം. ഉദാഹരണം വേദഗ്രന്ഥം ലഭിച്ചിട്ടും അതിനെ പഠന വിധേയമാക്കാതെ കേവലാനുയായികളായി മാറിയ സമൂഹത്തെ കുറിച്ചുള്ള ഉപമ. . 

”തൗറാത്ത് സ്വീകരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെടുകയും എന്നിട്ട് അത് ഏറ്റെടുക്കാതിരിക്കുകയും ചെയ്തവരുടെ (യഹൂദരുടെ) ഉദാഹരണം ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതയുടേത് പോലെയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു കളഞ്ഞ ജനങ്ങളുടെ ഉപമ എത്രയോ ചീത്ത! അക്രമികളായ ജനങ്ങളെ അല്ലാഹു സന്‍മാര്‍ഗത്തിലാക്കുകയില്ല” (ക്വുര്‍ആന്‍ 62:5)

2). പ്രത്യക്ഷമായ ഉപമലങ്കാര പ്രയോഗങ്ങളുടെ സങ്കേതങ്ങളെ ഉപയോഗിക്കാതെയും എന്നാല്‍ അവ ഉള്‍കൊള്ളിച്ചും കൊണ്ടുള്ള അവതരണം. 

ഉദാഹരണം: സമ്പത്ത് ചെലവിടുന്നതിന്റെ മധ്യമ നിലപാട് പഠിപ്പിക്കുന്ന വചനത്തിന്റെ ശൈലി. 

”നിന്റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത് (കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും” (ക്വുര്‍ആന്‍ 17:29).

ഏത് ഇനം ഉപമകളാണെങ്കിലും അവ മുഖേന അല്ലാഹു മനുഷ്യനെ ബോധ്യപ്പെടുത്തുന്ന വസ്തുത, ‘മനുഷ്യാ! സത്യം ഞാന്‍ നിനക്ക് തെളിയിച്ചു തന്നു, നിരര്‍ഥകതയെ ഞാന്‍ പൊളിച്ചു, നേര്‍മാര്‍ഗം നിന്നിലേക്കടുപ്പിച്ചു. അല്ലാഹുവിന്റെ ഏകത്വം ബഹുദൈവത്വത്തില്‍ നിന്ന് വേര്‍തിരിച്ചറിയാതിരിക്കുന്നതിലോ, തിന്മകളുടെ കൂട്ടത്തില്‍ നിന്ന് നന്മകളെ കണ്ടെത്താതിരിക്കുന്നതിലോ, നിനക്ക് യാതൊരു ന്യായീകരണവും പറയാനില്ല’ എന്ന സത്യമാണ്. അഥവാ പൂര്‍ണബോധ്യത്തോടെ സമര്‍പണം ചെയ്തുകൊണ്ട് സ്വര്‍ഗാവകാശി ആവുകയോ അല്ലെങ്കില്‍ ബോധ്യപ്പെട്ടിട്ടും ധിക്കാരിയായതിനാല്‍ നരകാവകാശിയാവുകയോ ചെയ്യുക. 

ഉപമകള്‍ കൊണ്ടുള്ള ലക്ഷ്യങ്ങളും നേട്ടങ്ങളും

 

അല്ലാഹുവിന്റെ ഉപമകള്‍ ഏറ്റവും കുറ്റമറ്റതും ശക്തവും അര്‍ഥങ്ങള്‍ക്ക് പൂര്‍ണത നല്‍കുന്നതുമായിരിക്കും. വിവിധ തരം ലക്ഷ്യങ്ങളോടെയാണ് അല്ലാഹു ഉപമകള്‍ ഉപയോഗിച്ചിരിക്കുന്നത്. ചിലപ്പോള്‍ സത്യത്തെ ശക്തിപ്പെടുത്തുവാനാണെങ്കില്‍ മറ്റു ചിലപ്പോള്‍ നിരര്‍ഥകതയെ നിന്ദിക്കാനാവും. വേറെ ചിലപ്പോള്‍ ഹൃദയങ്ങള്‍ക്ക് ആശ്വാസകരമായ ഉപദേശമായിട്ടാകും. വിശ്വാസവും കര്‍മ മണ്ഡലങ്ങളും സ്വഭാവങ്ങളുമെല്ലാം അടങ്ങിയ വ്യത്യസ്ത മേഖലകള്‍ അല്ലാഹു ഉപമകളിലൂടെ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ചിലത് കാണുക: 

1. അല്ലാഹുവിന്റെ ഏകത്വത്തെ സ്ഥാപിക്കുക. 

2. വിശ്വാസ തലങ്ങള്‍ക്ക് ദൃഢത നല്‍കുന്ന രീതി. 

3. കുഫ്‌റിന്റെ നിരര്‍ഥകത വെളിപ്പെടുത്തുകയും അവിശ്വാസികളുടെ ന്യായീകരണങ്ങള്‍ക്ക് മറുപടിയുമാകുന്ന രീതി. 

4. കപട വിശ്വാസികളുടെ മുഖം മൂടി അഴിക്കുന്ന രീതി. 

5. നന്മകള്‍ക്കുള്ള വിളിയാളവും തിന്മകളെക്കുറിച്ചുള്ള താക്കീതും. 

6. നല്ലതും ചീത്തയും വേര്‍തിരിക്കുന്ന രീതി. 

ഇത് പോലെ ക്വുര്‍ആനിലെ ഉപമകള്‍ കൊണ്ടുള്ള ധാരാളം ലക്ഷ്യങ്ങളും ഉപകാരങ്ങളും പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. 

1. അദൃശ്യലോകത്തെ ഒരനുഭവത്തെ ദൃശ്യലോകത്തേതുമായി ഉപമിക്കുക. തന്മൂലം ഉള്‍ക്കൊള്ളാന്‍ എളുപ്പമാകുന്നു. ഉദാ: പലിശതിന്നുന്നവന്റെ പരലോകത്തെ അവസ്ഥ: 

”പലിശ തിന്നുന്നവര്‍ പിശാചുബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല”(ക്വുര്‍ആന്‍ 2:275).

2. സല്‍കര്‍മങ്ങളനുഷ്ഠിക്കാനുള്ള പ്രോത്സാഹനം നല്‍കാന്‍ വേണ്ടിയുള്ളത്. 

ഉദാ: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്” (ക്വുര്‍ആന്‍ 2:261).

3. ചീത്ത പ്രവൃത്തികളില്‍ നിന്നും മനുഷ്യനെ അകറ്റാന്‍ ഉതകുന്ന വിധം കാര്യങ്ങള്‍ പറഞ്ഞുതരിക. ഉദാ: 

”നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു” (ക്വുര്‍ആന്‍ 49:12).

4. ഉപമകള്‍ക്ക്, ആശയങ്ങള്‍ ഹൃദയത്തില്‍ ശക്തമായി പതിപ്പിക്കാനും നല്ല ഒരു ഉപദേശകന്റെ സ്ഥാനത്തിരിക്കാനും കഴിയും. അല്ലാഹു പറയുന്നു: 

”ആ ഉപമകള്‍ നാം മനുഷ്യര്‍ക്ക് വേണ്ടി വിവരിക്കുകയാണ്. അറിവുള്ളവരല്ലാതെ അവയെപ്പറ്റി ചിന്തിച്ച് മനസ്സിലാക്കുകയില്ല” (ക്വുര്‍ആന്‍ 29:43).

അല്ലാഹു ഉപമിക്കാന്‍ തെരഞ്ഞെടുത്ത കാര്യങ്ങള്‍ എത്രെ വൈവിധ്യവും ചിന്തനിയുമാണ്! മനുഷ്യജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതും ദൈനംദിന ഇടപെടലുകള്‍ക്ക് നടുവിലുള്ളതുമാണ് അവയൊക്കെയും. അത് ചിലപ്പോള്‍ സസ്യങ്ങളോ വൃക്ഷങ്ങളോ ആവാം. 

”അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍ നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്‍പുമില്ല” (ക്വുര്‍ആന്‍ 14:24-26).

ചിലപ്പോള്‍ മൃഗങ്ങളുടെ കൂട്ടത്തില്‍ നിന്നാവാം. സത്യത്തില്‍ നിന്ന് ഊരിച്ചാടി പിശാചിന്റെ പിന്നാലെ പോകുന്നവനെ നായയോട് ഉപമിച്ചത് കാണുക:

 ”നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷേ, അവന്‍ ഭൂമിയലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ് ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ച് തള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം” (ക്വുര്‍ആന്‍ 7:176).

മറ്റു ചിലപ്പോള്‍ മനുഷ്യനെ തന്നെ ഉപമിക്കും. സന്മാര്‍ഗിയയെയും ദുര്‍മാര്‍ഗിയെയും ഉപമിച്ച പോലെ. 

”(ഇനിയും) രണ്ട് പുരുഷന്‍മാരെ അല്ലാഹു ഉപമയായി എടുത്തുകാണിക്കുന്നു. അവരില്‍ ഒരാള്‍ യാതൊന്നിനും കഴിവില്ലാത്ത ഊമയാകുന്നു. അവന്‍ തന്റെ യജമാനന് ഒരു ഭാരവുമാണ്. അവനെ എവിടേക്ക് തിരിച്ചുവിട്ടാലും അവന്‍ യാതൊരു നന്‍മയും കൊണ്ട് വരില്ല. അവനും, നേരായ പാതയില്‍ നിലയുറപ്പിച്ചുകൊണ്ട് നീതി കാണിക്കാന്‍ കല്‍പിക്കുന്നവനും തുല്യരാകുമോ?” (ക്വുര്‍ആന്‍ 16:76).

സാഹിത്യ സാമ്രാട്ടുകളുടെ നടുവില്‍ നിന്ന് അതിസാഹിത്യ സമ്പുഷ്ടിയോടെ ക്വുര്‍ആന്‍ വചനങ്ങള്‍ ഓതിക്കൊടുത്തപ്പോള്‍ അതിനിസ്സാര വസ്തുക്കളെ ഉപമിക്കുന്നത് ഉന്നത സാഹിത്യനിലവാരത്തിന്ന് അനുഗുണമല്ല എന്നായിരുന്നു എതിരാൡകള്‍ക്ക് പറയുവാനുണ്ടായിരുന്നത്. അതിന് അല്ലാഹു നല്‍കിയ മറുപടി ഇതാണ്: 

”ഏതൊരു വസ്തുവെയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല; തീര്‍ച്ച. അതൊരു കൊതുകോ അതിലുപരി നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തങ്ങളുടെ നാഥന്റെ പക്കല്‍നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്. സത്യനിഷേധികളാകട്ടെ ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. അങ്ങനെ ആ ഉപമ നിമിത്തം ധാരാളം ആളുകളെ അവന്‍ പിഴവിലാക്കുന്നു. ധാരാളം പേരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. അധര്‍മകാരികളല്ലാത്ത ആരെയും അത് നിമിത്തം അവന്‍ പിഴപ്പിക്കുകയില്ല” (ക്വുര്‍ആന്‍ 2:26).

ഒരു കൊതുക് നമ്മുടെകണ്ണില്‍ എത്ര നിസ്സാരം! പക്ഷേ, ഒരു ചെറു ജീവി പോലും നിസ്സാരമല്ല; അതില്‍ അടങ്ങിയ ദൈവിക ദൃഷ്ടാന്തങ്ങളെ കുറിച്ച് നാം ചിന്തിക്കുകയാണെങ്കില്‍. ഈ പ്രപഞ്ചത്തിലെ ഓരോ കണികയിലും അല്ലാഹു തെളിവുകള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്; ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമായി. 

ഒരു കവി പാടി: ”കാര്യങ്ങളിലും വര്‍ത്തമാനങ്ങളിലും ഒരു ചെറുതിനെയും നിസ്സാരവത്കരിക്കരുത്. കാരണം ഒരു ഈച്ച മതി സിംഹത്തിന്റെ കണ്ണില്‍ രക്തം പൊടിക്കാന്‍…”

ക്വുര്‍ആനില്‍ ഉപമയായി പറഞ്ഞ മറ്റൊരു ജീവി ഈച്ചയാണ്. അതാവട്ടെ അതി ഗൗരവമായ മുഖവരയോട് കൂടിയാണ് അല്ലാഹു ഉപമ വിവരിക്കുന്നത് . സൂറത്തുല്‍ ഹജ്ജിലെ 73ഉം 74ഉം വചനങ്ങള്‍ നോക്കുക. 

”മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ; അല്ലാഹുവെ കണക്കാക്കേണ്ട മുറപ്രകാരം അവര്‍ കണക്കാക്കിയിട്ടില്ല. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു” (ക്വുര്‍ആന്‍ 15:73, 74).

അല്ലാഹുവേതര ആരാധ്യന്മാരുടെ ദുര്‍ബലത കാണിക്കുവാനാണ് അല്ലാഹു ഈ ഉപമ നല്‍കിയിരിക്കുന്നത്. 

ഇന്ന് ഇത്തരം ജീവികളുടെ പ്രകൃതിയെ കുറിച്ചുള്ള മെഡിക്കല്‍ പഠനങ്ങള്‍ക്കായി മനുഷ്യന്‍ എത്ര സമയവും സാങ്കേതിക ഉപകരണങ്ങളുമാണ് ഉപേയാഗിക്കുന്നത്! അവയിലുള്ള അത്ഭുതപ്പെടുത്തുന്ന സൃഷ്ടി വൈഭവം തന്നെ അതിന് നിമിത്തം. ഒരു ഈച്ചയുടെ കാര്യം ഇതാണെങ്കില്‍ മനുഷ്യ സൃഷ്ടിപ്പില്‍ അടങ്ങിയ അത്ഭുതങ്ങള്‍ മനുഷ്യന്‍ അറിഞ്ഞതും അറിയാത്തതും എത്രെയുണ്ടാവും! ഏകനായ അല്ലാഹുവിനെ കൂടുതല്‍ അറിയാനും അവന്നു വഴിപ്പെടാനും ഈ അറിവും ചിന്തയും മനുഷ്യനെ സഹായിക്കുന്നു. 

ചിലയിടങ്ങളില്‍ ഇരട്ട ഉപമകള്‍ കാണാം. അഗ്‌നിയും വെള്ളവും ഉപമിക്കുന്നതിലെ അത്ഭുതം അവര്‍ണനീയമാണ്. ഒരിടത്ത് കപട വിശ്വാസികളുടെ കാര്യത്തിലാണെങ്കില്‍ മറ്റൊരിടത്തു സത്യവിശ്വാസിയുടെ കാര്യത്തിലാണ് ഇവ ഉപമിച്ചിരിക്കുന്നത്. കപട വിശ്വാസികളുടെ അവസ്ഥ വിവരിക്കുന്ന ചിലവചനങ്ങള്‍ കാണുക:

”അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു; ബധിരരും ഊമകളും അന്ധന്‍മാരുമാകുന്നു അവര്‍. അതിനാല്‍ അവര്‍ (സത്യത്തിലേക്ക്) തിരിച്ചുവരികയില്ല. അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്” (ക്വുര്‍ആന്‍ 2:17-19). 

തീ വെളിച്ചത്തിന്റെ സ്രോതസ്സും വെള്ളം ജീവന്റെ സ്രോതസ്സുമാണ്. ഹൃദയത്തെ പ്രകാശിപ്പിക്കുന്ന ഇസ്‌ലാമിനെ അവര്‍ക്കു ലഭിച്ചു. അതിന്റെ വെളിച്ചം അവര്‍ സ്വീകരിച്ചില്ല. അവരെ ഇരുട്ടിലുപേക്ഷിച്ചു. ശക്തമായ മഴയാവട്ടെ അവരുടെ കാര്യത്തില്‍ ഭീതിയും അസ്വസ്ഥതയും നിറച്ചുകൊണ്ട് അവര്‍ക്കു നേരെ പെയ്തിറങ്ങിക്കൊണ്ടിരുന്നു. 

എന്നാല്‍ ഇതേ മഴയെയും തീയിനെയും അല്ലാഹു സത്യവിശ്വാസികളുടെ കാര്യത്തില്‍ ഉപമിക്കുന്നത് കാണുക: 

”അവന്‍ (അല്ലാഹു) ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങി നില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ച് കൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍ നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. അതു പോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു” (ക്വുര്‍ആന്‍ 13:17).

മനുഷ്യന്റെ ചിന്തക്കും കേള്‍വിക്കും കാഴ്ചക്കും ജീവന്‍ നല്‍കുന്ന ദിവ്യസന്ദേശത്തെ സസ്യങ്ങളെ മുളപ്പിച്ച് ഭൂമിക്കു ജീവന്‍ നല്‍കുന്ന മഴയോട് ഉപമിച്ചിരിക്കുന്നു. വലിയ ഹൃദയങ്ങള്‍ താഴ്‌വരകള്‍ കണക്കെ വലിയ അറിവും ഈമാനും ഉള്‍കൊള്ളുന്നു. ചെറിയ ഹൃദയങ്ങള്‍ ചെറിയ താഴ്‌വരകള്‍ പോലെ അവയ്ക്കാവുന്നതും. ദുര്‍ചിന്തകളെയും ദുസ്സംശയങ്ങളെയും നുര പോലെ അവ പോക്കിക്കളയുന്നു. ലോഹങ്ങള്‍ കത്തിച്ചെടുക്കുമ്പോള്‍ അതിലെ കേടുപാടുകള്‍ എല്ലാം നശിച്ചു സ്ഫുടം ചെയ്‌തെടുക്കപ്പെടും പോലെ അവരുടെ ഈമാന്‍ ഏറെ തെളിമയോടെ അവശേഷിക്കുന്നു. 

വിശ്വാസിയുടെ ഹൃദയത്തില്‍ ദിവ്യവെളിച്ചം കടക്കുമ്പോള്‍ ദുര്‍ചിന്തകളും വേണ്ടാത്തരങ്ങളും കരിഞ്ഞില്ലാതായി സ്ഫുടം ചെയ്ത വ്യക്തിത്വം വളര്‍ന്നുവരുന്നു. സത്യവിശ്വാസം സ്വീകരിക്കുന്നവര്‍ക്ക് അത് നിരസിക്കുന്നവരില്‍ നിന്ന് വ്യത്യസ്തമായി ലഭിക്കുന്ന പുതുജീവനും തിളക്കവുമാണ് അല്ലാഹു ഇതിലൂടെ അനാവരണം ചെയ്യുന്നത് 

പ്രകൃതിയുടെ ചില തുടിക്കുന്ന കാഴ്ചകളെ ഉപമിക്കുന്ന പല സ്ഥലങ്ങളിലും അല്ലാഹു മൊട്ടക്കുന്നുകളും മണലും കാറ്റും എല്ലാം കൂട്ടിയിണക്കി നല്‍കുന്ന ചിത്രം അര്‍ഥ ഗര്‍ഭവും മനോഹരവുമാണ്. ദൈവപ്രീതി പ്രതീക്ഷിക്കാതെ ഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി പുണ്യം ചെയ്യുകയും അവ എടുത്തു പറഞ്ഞു ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ ഗൗരവം കാണിക്കുന്ന ഒരു രംഗമാണത്:

”സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്ത മഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല” (ക്വുര്‍ആന്‍ 2:264).

വിശ്വാസത്തിന്റെ അടിത്തറയില്ലാതെ നന്മ ചെയ്ത വാദവുമായി വരുന്ന സത്യനിഷേധികളുടെ പരലോകത്തെ അവസ്ഥ വിവരിക്കുന്ന ഒരു ഉപമ കാണുക. എത്ര ലളിതമായാണ് മനുഷ്യ ബുദ്ധിക്കുമുന്നില്‍ അവരുടെ നിസ്സാഹായത അല്ലാഹു നമുക്ക് വരച്ചു തരുന്നത്! 

”അവിശ്വസിച്ചവരാകട്ടെ അവരുടെ കര്‍മങ്ങള്‍ മരുഭൂമിയിലെ മരീചിക പോലെയാകുന്നു. ദാഹിച്ചവന്‍ അത് വെള്ളമാണെന്ന് വിചാരിക്കുന്നു. അങ്ങനെ അവന്‍ അതിന്നടുത്തേക്ക് ചെന്നാല്‍ അങ്ങനെ ഒന്ന് ഉള്ളതായി തന്നെ അവന്‍ കണ്ടെത്തുകയില്ല. എന്നാല്‍ തന്റെ അടുത്ത് അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്. അപ്പോള്‍ (അല്ലാഹു) അവന്ന് അവന്റെ കണക്ക് തീര്‍ത്തു കൊടുക്കുന്നതാണ്. അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനത്രെ” (ക്വുര്‍ആന്‍ 24:39).

”അല്ലെങ്കില്‍ ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു. (അവരുടെ പ്രവര്‍ത്തനങ്ങളുടെ ഉപമ). തിരമാല അതിനെ (കടലിനെ) പൊതിയുന്നു. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതെ കാര്‍മേഘം. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍. അവന്റെ കൈ പുറത്തേക്ക് നീട്ടിയാല്‍ അതുപോലും അവന്‍ കാണുമാറാകില്ല. അല്ലാഹു ആര്‍ക്ക് പ്രകാശം നല്‍കിയിട്ടില്ലയോ അവന്ന് യാതൊരു പ്രകാശവുമില്ല” (ക്വുര്‍ആന്‍ 24:40).

അല്ലാഹുവിന് പുറമെ മനുഷ്യന്‍ രക്ഷാധികാരിയും ദൈവവുമായി സങ്കല്‍പിക്കുന്നവയുടെ ദൗര്‍ബല്യവും അശക്തിയുമെല്ലാം മനുഷ്യന് ലളിതമായി ബോധ്യപ്പെടാന്‍ ഉതകുന്ന വിധം പര്‍വതങ്ങള്‍ മുതല്‍ കാരക്കക്കുരുവിന്റെ പാടവരെ ഉപമകളായി അല്ലാഹു എടുത്തു കാണിക്കുന്നുണ്ട്. 

ഓരോന്നും വിശദവും ആഴമേറിയതുമായ പഠനവും ചിന്തയും ആവശ്യപ്പെടുന്നുണ്ട്. കേവലം വായിച്ച് പോകേണ്ടതല്ല ക്വുര്‍ആനിലെ ഉപമകള്‍ എന്നര്‍ഥം. മറിച്ച് ക്വുര്‍ആന്‍ പഠിതാക്കള്‍ എന്ന നിലയ്ക്ക് ക്വുര്‍ആനിലെ ഓരോ മേഖലക്കും പ്രാധാന്യം നല്‍കി ചിന്തകൊടുത്ത് പഠിക്കണം. അത് കൊണ്ടാണ് അല്ലാഹു പറഞ്ഞത്:

”അവര്‍ ക്വുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു” (ക്വുര്‍ആന്‍ 4:82).

”അപ്പോള്‍ അവര്‍ ക്വുര്‍ആന്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല, ഹൃദയങ്ങളിന്‍മേല്‍ പൂട്ടുകളിട്ടിരിക്കയാണോ” (ക്വുര്‍ആന്‍ 47:24).

 

അഷ്‌റഫ് എകരൂല്‍
നേർപഥം വാരിക

04 -സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍

04 -സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍

ഇമാം ഇബ്‌നുഅബീദാവൂദ്(റഹി)യുടെ 'അല്‍മന്‍ളൂമതുല്‍ ഹാഇയ്യഃ' എന്ന ഗ്രന്ഥത്തിന്റെ ആദ്യ വരിയുടെ വിശദീകരണം).

അബ്ബാസീ ഭരണാധികാരി മഅ്മൂനിബിനു ഹാറൂണ്‍ അര്‍റശീദിന്റെ ഭരണ കാലം വരെ അഹ്‌ലുസ്സുന്നയുടെ നിലപാട് ശക്തമായിരുന്നു. അദ്ദേഹത്തിന്റെ കാലമായപ്പോഴേക്ക് (ഹിജ്‌റ 198-218 വരെ) ബിദ്അത്തിന്റെ വാതായനങ്ങള്‍ മലക്കെ തുറക്കപ്പെട്ടു. ഫല്‍സഫക്കും (തത്ത്വശാസ്ത്രം) ഇല്‍മുല്‍കലാമിനും (വചനശാസ്ത്രം) നല്ല വേരോട്ടം ലഭിച്ചു.

റസൂല്‍ ﷺ പറഞ്ഞു: ”യഹൂദികള്‍ എഴുപത്തി ഒന്ന് വിഭാഗവും നസ്വാറാക്കള്‍ എഴുപത്തി രണ്ട് വിഭാഗവും ആയി. ഈ ഉമ്മത്ത് പിന്നീട് എഴുത്തി മൂന്ന് വിഭാഗമാകും. എല്ലാവരും നരകത്തിലായിരിക്കും; ഒരു കൂട്ടരൊഴികെ.” അവര്‍ ചോദിച്ചു: ”ആരാണ് പ്രവാചകരേ ആ ഒരു സംഘം?” പ്രവാചകന്‍ ﷺ പറഞ്ഞു: ”ഞാനും എന്റെ സ്വഹാബത്തും ഇന്ന് ഏതൊരു നിലപാടിലാണോ അതില്‍ നിലകൊള്ളുന്നവര്‍” (അബൂദാവൂദ്, തിര്‍മിദി, അഹ്മദ്).

ഈ വിഭാഗങ്ങളെ സംബന്ധിച്ച് പഠിക്കലും അവരുടെ വികലാശയങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കലും അതില്‍ നിന്ന് വിട്ട് നില്‍ക്കലും സത്യാന്വേഷികളുടെ ബാധ്യതയാണ്.

ഇവരെ സംബന്ധിച്ചുള്ള വിശദ ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുമ്പ് ഇവര്‍ ഈ വാദഗതികളില്‍ ഏര്‍പെടാനുള്ള കാരണങ്ങളെ സംബന്ധിച്ച് ഒരു ധാരണ ആവശ്യമാണ്. പ്രധാനമായും മൂന്ന് കാരണങ്ങളാലാണ് ഏതൊരു കക്ഷിയും വ്യക്തിയും പിഴച്ചുപോകുവാന്‍ ഇടയാകുന്നത്.

(അ) വിശ്വാസ കാര്യങ്ങളുടെ വിവര ശേഖരണത്തിനും വിശദ പഠനത്തിനും ക്വുര്‍ആനിനും സുന്നത്തിനും ഉപരി മറ്റു പലതിനെയും പ്രമാണമാക്കി അല്ലെങ്കില്‍ അവലംബമാക്കി. ഇതാണ് ഒന്നാമത്തെ കാരണം.

ക്വുര്‍ആനിനെയും സുന്നത്തിനെയും മാത്രം പ്രമാണമായി സ്വീകരിക്കുക എന്നതായിരുന്നു അഹ്‌ലുസ്സുന്നയുടെ നേതാക്കന്മാരായ സ്വഹാബത്തടക്കം സ്വീകരിച്ചു പോന്ന നിലപാട്. അതാണ് സത്യത്തിന്റെ പാത.

അല്ലാഹു പറഞ്ഞു: ”ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത് പിന്തുടരുക. മറ്റുമാര്‍ഗങ്ങള്‍ പിന്‍പറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങള്‍ സൂക്ഷ്മത പാലിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് നല്‍കിയ ഉപദേശമാണത്” (ക്വുര്‍ആന്‍ 6:153).

”അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുവാന്‍ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്” (ക്വുര്‍ആന്‍ 16:64).

എന്നാല്‍ ക്വുര്‍ആനിനെയും സുന്നത്തിനെയും പ്രമാണമാക്കുന്നതില്‍ നിന്നും അകന്ന് ഒരുപാട് വിഭാഗങ്ങള്‍ പിഴച്ചുപോയിട്ടുണ്ട്.

1. ഇല്‍മുല്‍ കലാമിന്റെ ആളുകളായ മുഅ്തസിലികളും അശ്അരികളും: ഇവര്‍ ഫല്‍സഫയെയാണ് അവലംബിച്ചത്. ബുദ്ധിയാണിവര്‍ക്ക് വിധികര്‍ത്താവ്. അവര്‍ പറയും: ക്വുര്‍ആനിന്റെയും മുതവാതിറായ സുന്നത്തിന്റെയും ആശയങ്ങള്‍ ബുദ്ധിക്ക് യോജിക്കുന്നുവെങ്കില്‍ അതേപടി സ്വീകരിക്കും. ഇല്ലായെങ്കില്‍ അതിന് ബുദ്ധി തേടുന്ന മറ്റൊരര്‍ഥം പരമാവധി ശ്രമിച്ച് നല്‍കും. അല്ലാഹുവും റസൂലും ഉദ്ദേശിക്കാത്തതാണെങ്കിലും ശരി. മുതവാതിറല്ലാത്ത ഹദീഥുകള്‍ അവര്‍ അക്വീദക്ക് എടുക്കുക തന്നെയില്ല. അതെത്ര സ്വഹീഹായാലും. അതുകൊണ്ട് തന്നെ ഇവര്‍ ഇല്‍മുല്‍ കലാമിലേക്കും ഫല്‍സഫയിലേക്കും തിരിയുകയും അതില്‍ വ്യാപൃതരാവാന്‍ താല്‍പര്യം കാണിക്കുകയും ചെയ്തു. അങ്ങനെ ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും അകന്നു.

2. സ്വൂഫികള്‍: വെളിപാടാണ് അവരുടെ വിധി കര്‍ത്താവ്! ദൗഖ്, വജ്ദ് എന്നൊക്കെ അവര്‍ ഇതിനെ പേരിട്ട് വിളിക്കുന്നു. അവര്‍ ദീനിനെ രണ്ടാക്കി തിരിച്ചു. ഒന്ന്, ശരീഅത്ത്. രണ്ട്, ഹക്വീക്വത്ത്. ശരീഅത്ത് എന്നാല്‍ ക്വുര്‍ആനിലും സുന്നത്തിലും വന്ന കാര്യങ്ങളും പൂര്‍വികരുടെയും കര്‍മ ശാസ്ത്ര പണ്ഡിതന്മാരുടെയും വാക്കുകളും. ഇതിനെയവര്‍ പ്രകടമായ അറിവ് എന്നാണ് വിളിക്കുക. ഹക്വീഖക്വത്ത് എന്നാല്‍ വെളിപാടിലൂടെയും സ്വപ്‌ന ദര്‍ശനത്തിലൂടെയും ലഭിക്കുന്ന റൂഹാനിയ്യായ കാര്യങ്ങള്‍. ഇതിനെയവര്‍ ഉള്‍സാര വിജ്ഞാനം എന്നാണ് വിളിക്കുക. ഒന്നാമത്തെത് പേപ്പറിലെ അറിവും രണ്ടാമത്തേത് അസാധാരണ അറിവുമാണ്. അത്‌കൊണ്ട് അവരുടെ ഇമാമുമാര്‍ അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരോട് പറയാറുണ്ട്; നിങ്ങള്‍ മരിച്ചവരില്‍ നിന്നുമാണ് അറിവ് സ്വീകരിക്കുന്നത,് ഞങ്ങള്‍ ജീവിക്കുന്നവരില്‍ നിന്നുമാണ് അറിവ് തേടുന്നത് എന്ന്. അതായത്, എന്റെ റബ്ബിനെ തൊട്ട് എന്റെ ഹൃദയം എനിക്ക് പറഞ്ഞു തന്നു എന്ന്.

ഇക്കാരണത്താല്‍ തന്നെ സ്വൂഫികള്‍ അറിവ് തേടി പോകുകയില്ല. ഹദീഥിന്റെയും കര്‍മശാസ്ത്രത്തിന്റെയും കിതാബുകളെ അവര്‍ ആക്ഷേപിക്കുകയും ചെയ്യും. ഒറ്റക്ക് ഇരിക്കുവാനാണവര്‍ക്ക് താല്‍പര്യം. അവര്‍ നസ്വാറാപുരോഹിതന്മാരെയും മറ്റും കണ്ട് അറിവിന്റെ അവസ്ഥകളെ സംബന്ധിച്ചും അതിന്റെ ആന്തരിക കാര്യങ്ങളെ സംബന്ധിച്ചും ആരായും. പാട്ടും സംഗീതവും കേട്ട് ഹൃദയത്തിന് ഇളക്കമുണ്ടാക്കുന്നതിലാണ് അവര്‍ വ്യാപൃതരാവുക. ക്വുര്‍ആനില്‍ നിന്നും അതിന്റെ പാരായണത്തില്‍ നിന്നും അവര്‍ അകന്നു.

3. ശീഈ ബാത്വിനികള്‍: അവരുടെ പ്രമാണം അവരുടെ ഇമാമുമാരുടെ വാക്കുകളാണ്. അവരുടെ അടിസ്ഥാന തത്ത്വം തന്നെ അവരുടെ ഇമാമുമാര്‍ക്ക് അടിസ്ഥാന കാര്യങ്ങളിലോ ശാഖാപരമായ കാര്യങ്ങളിലോ പിഴവ് പറ്റുകയില്ല എന്നതാണ്. അവരുടെ പണ്ഡിതന്മാരും ഗവേഷകരും അവരുടെ ഇമാമാരുടെ പകരക്കാരാണ്. അവര്‍ ഈ ഊഹ പ്രമാണത്തെ മുറുകെ പിടിക്കുകയും ക്വുര്‍ആനില്‍ നിന്നും അകലുകയും ചെയ്തു.

(ആ) ബിദ്അത്ത് കടന്നുകൂടാനുള്ള രണ്ടാമത്തെ കാരണം ദീനില്‍ ചിലത് സ്വീകരിക്കുകയും ചിലതിനെ തള്ളുകയും ചെയ്തു എന്നതാണ്.

ദീന്‍ പൂര്‍ണമാണ്. എല്ലാം ഉള്‍ക്കൊണ്ടതാണ്. ദീനില്‍ വാഗ്ദാനങ്ങളും താക്കീതുകളും വിധികളും ആദാബുകളും എല്ലാം ഉണ്ട്. ചിലതിനെ ഉള്‍ക്കൊള്ളുകയും ചിലതിനെ തള്ളുകയും ചെയ്യല്‍ പിഴവാണ്. അത് പരസ്പരം വിദ്വേഷത്തിനും വിഘടനത്തിനും കാരണമാകുകയും ചെയ്യും. അങ്ങനെ പിഴച്ച് പോയ കക്ഷികളാണ് ഇവര്‍:

1. ഖവാരിജ്: അവര്‍ താക്കീതിന്റെ ആയത്തുകള്‍ മാത്രം എടുത്തു. വാഗ്ദാനങ്ങളുടെ ആയത്തുകളെ പരിഗണിച്ചില്ല. ഇക്കാരണത്താല്‍ വന്‍ പാപം ചെയ്തവര്‍ മുഅ്മിനല്ല എന്നവര്‍ വാദിക്കുകയും അവര്‍ക്കുള്ള ശഫാഅത്തിനെ നിഷേധിക്കുകയും ചെയ്തു.

2. മുര്‍ജിയ: ഇവര്‍ വാഗ്ദാനങ്ങളുടെ ആയത്തുകള്‍ മാത്രം സ്വീകരിച്ചു. താക്കീതുകളുടെ ആയത്തുകളെ പരിഗണിച്ചില്ല. ഒരു വ്യക്തി ശിര്‍ക്കല്ലാത്ത ഏത് പാപം ചെയ്താലും അവന്‍ പൂര്‍ണ വിശ്വാസിയാണെന്നവര്‍ വാദിച്ചു.

3. ശീഈകള്‍: ഇവര്‍ അലി(റ)വിന്റെ ശ്രേഷ്ഠതകള്‍ മാത്രം സ്വീകരിച്ചു. മറ്റ് മൂന്ന് ഖലീഫമാരെയും അവഗണിച്ചു. എത്രത്തോളമെന്നാല്‍ അലി(റ) ഇലാഹാണെന്നും മറ്റ് മൂന്ന് പേരും കാഫിറുകളാണെന്നു പോലും അവര്‍ വാദിച്ചു. എന്നാല്‍ ഖവാരിജുകള്‍ നേരെ തിരിച്ചും! അലി(റ) കാഫിറാണെന്നാണ് അവരുടെ പക്ഷം.

4. ഇല്‍മുല്‍ കലാമിന്റെ ആളുകള്‍: അവര്‍ പറഞ്ഞു: ‘ഇസ്‌ലാം ബുദ്ധിയുടെയും ചിന്തയുടെയും മതമാണ്.’ അവരുടെ ഈ വാദം ശരിയാണ്. പക്ഷേ, ഇവര്‍ അതില്‍ അതിര് കവിഞ്ഞു. ക്വുര്‍ആനും സുന്നത്തും സ്വീകരിക്കുന്നിടത്ത് അവര്‍ ബുദ്ധിക്ക് സ്ഥാനം കൊടുത്തു. അങ്ങിനെ അവര്‍ കറാമത്തുകളെയും സിഹ്ര്‍, ക്വബ്ര്‍ ശിക്ഷ, മീസാന്‍, സ്വിറാത്ത് പോലുള്ള കാര്യങ്ങളെ നിഷേധിച്ചു. കാരണം, അവരുടെ ഭാഷ പ്രകാരം ഇതെല്ലാം ബുദ്ധിക്ക് എതിരാണ്. ഈ വിഷയത്തില്‍ അവര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ളവരും ഉണ്ട്. ഇവര്‍ക്ക് നേരെ എതിരുള്ളവരാണ് സ്വൂഫിയാക്കള്‍ അവര്‍ ബുദ്ധിയെ പാടെ നിഷേധിച്ചു. ദീനില്‍ ബുദ്ധിക്ക് യാതൊരു സ്ഥാനവുമില്ലെന്നവര്‍ വാദിച്ചു. അങ്ങനെ ഭാവനകളെയും സ്വപ്‌നങ്ങളെയും അന്ധവിശ്വാസങ്ങളെയും അവര്‍ പുല്‍കി. വെളിപാട്, അസാധാരണ കഴിവ്, യാഥാര്‍ഥ്യങ്ങള്‍ എന്നെല്ലാം ഇതിനവര്‍ പേരിട്ടു വിളിച്ചു.

5. ഖദ്‌രിയ്യ: ഇവര്‍ സൃഷ്ടികളുടെ ഉദ്ദേശവും ഉത്തരവാദിത്തവും സ്ഥിരീകരിക്കുന്നതില്‍ അതിര് കവിഞ്ഞു. അല്ലാഹുവിന്റെ ഉദ്ദേശത്തെ നിഷേധിക്കുകയും ചെയ്തു. ഇവര്‍ക്ക് നേരെ വിപരീതമായവരാണ് ജബ്‌രിയ്യാക്കള്‍. അല്ലാഹുവിന്റെ ഉദ്ദേശത്തെ സ്ഥിരീകരിക്കുന്നതില്‍ അവര്‍ അതിര് കവിഞ്ഞു. സൃഷ്ടികളുടെ ഉദ്ദേശത്തെ പൂര്‍ണമായും നിഷേധിച്ചു. അവര്‍ പറഞ്ഞു: പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നത് അല്ലാഹുവിന്റെ ഉദ്ദേശ പ്രകാരം മാത്രമാണ്. സൃഷ്ടികള്‍ക്ക് അതില്‍ യാതൊരു ഉദ്ദേശ്യവും ഇല്ല.

6. മുശബ്ബിഹാക്കളും മുഅത്തിലകളും: മുശബ്ബിഹാക്കള്‍ അല്ലാഹു അവന് സ്ഥിരപ്പെടുത്തിയ വിശേഷണങ്ങളുടെ വചനങ്ങള്‍ (ആയത്തുകള്‍) സ്വീകരിച്ചു. പക്ഷേ, അത് സൃഷ്ടികളെപ്പോലെയല്ല; സൃഷ്ടികളുടേതുമായി സാദൃശ്യപ്പെടുത്താന്‍ പാടില്ല എന്ന ഭാഗം അവഗണിച്ചു. മുഅത്തിലകള്‍ അല്ലാഹു സൃഷ്ടികളോട് സാദൃശ്യമാവുകയില്ല എന്ന ഭാഗം എടുത്ത് അല്ലാഹു അവന് സ്ഥിരപ്പെടുത്തിയ വിശേഷണങ്ങള്‍ അംഗീകരിക്കല്‍ സാദൃശ്യപ്പെടുത്തലാണെന്നും വാദിച്ച് നിഷേധിച്ചു. അവരുടെ വാദപ്രകാരം അങ്ങനെ ചെയ്യലാണ് സൃഷ്ടികളുടെ ഗുണങ്ങളില്‍ നിന്നും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തല്‍.

7. അതുപോലെ തന്നെ പണ്ഡിതന്മാരില്‍ ഒരു വിഭാഗം ആഡംബരത്തിലും ഭൗതിക സുഖങ്ങളിലും മുഴുകി. മറ്റു ചിലര്‍ ഭൗതിക വിരക്തിയും ത്യാഗവുമായി കഴിഞ്ഞുകൂടി. ചിലര്‍ വിധിവിലക്കുകളില്‍ മാത്രം ശ്രദ്ധിച്ചു. ആദാബുകളും പ്രാര്‍ഥനകളും വിസ്മരിച്ചു. ചിലര്‍ ഫിക്വ്ഹില്‍ മാത്രം കഴിഞ്ഞു കൂടി. ഹദീഥുമായി യാതൊരു ബന്ധവുമില്ലാതായി. ചിലര്‍ ദഅ്‌വത്തുമായി മാത്രം കഴിഞ്ഞു കൂടി. വിജ്ഞാനപരമായ കാര്യങ്ങളില്‍ അശ്രദ്ധരായി. അങ്ങനെ പല കാര്യങ്ങളിലും ചിലതിനെ സ്വീകരിക്കുക, ചിലതിനെ തള്ളുക എന്ന ഒരു സ്വഭാവം അറിഞ്ഞോ അറിയാതേയോ വന്നു കൂടി. ഈ അവസാനം പറഞ്ഞ വിഭാഗം ബിദ്ഇകളില്‍ പെടുകയില്ലയെങ്കിലും പണ്ഡിതന്മാര്‍ ശ്രദ്ധിക്കേണ്ട മുഖ്യമായ കാര്യമാണിത്. അഹ്‌ലുസ്സുന്നഃ വല്‍ ജമാഅഃ ഇതെല്ലാം ശ്രദ്ധിച്ചിരുന്നു. അല്ലാഹുവാണ് ഏറെ അറിയുന്നവന്‍.

(ഇ) ഇസ്‌ലാമില്‍ ബിദ്ഈ കക്ഷികള്‍ ഉടലെടുക്കാനുള്ള മൂന്നാമത്തെ കാരണം ശത്രുക്കളുടെ കുതന്ത്രമാണ്. ജൂത-നസ്വാറാക്കളെ സംബന്ധിച്ച് അല്ലാഹു പറഞ്ഞത് അതാണ്:

”യഹൂദര്‍ക്കോ നസ്വാറാക്കള്‍ക്കോ ഒരിക്കലും നിന്നെപ്പറ്റി തൃപ്തിവരികയില്ല; നീ അവരുടെ മാര്‍ഗം പിന്‍പറ്റുന്നത് വരെ. പറയുക: അല്ലാഹുവിന്റെ മാര്‍ഗദര്‍ശനമാണ് യഥാര്‍ഥ മാര്‍ഗദര്‍ശനം. നിനക്ക് അറിവ് വന്നുകിട്ടിയതിനു ശേഷം അവരുടെ തന്നിഷ്ടങ്ങളെയെങ്ങാനും നീ പിന്‍പറ്റിപ്പോയാല്‍ അല്ലാഹുവില്‍ നിന്ന് നിന്നെ രക്ഷിക്കുവാനോ സഹായിക്കുവാനോ ആരുമുണ്ടാവില്ല” (ക്വുര്‍ആന്‍ 2:1020)

”സത്യവിശ്വാസികളേ, സത്യനിഷേധികളെ നിങ്ങള്‍ അനുസരിച്ച് പോയാല്‍ അവര്‍ നിങ്ങളെ പിറകോട്ട് തിരിച്ചുകൊണ്ടു പോകും. അങ്ങനെ നിങ്ങള്‍ നഷ്ടക്കാരായി മാറിപ്പോകും” (ക്വുര്‍ആന്‍ 3:149)

ഇസ്‌ലാമിന്റെ ശത്രുക്കള്‍ രാപകല്‍ വ്യത്യാമില്ലാതെ അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്തുവാന്‍ പരിശ്രമിച്ചുകൊണ്ടേയിരുന്നു. ഇസ്‌ലാമിനെ തകര്‍ക്കുക എന്ന വിഷയത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്ന. ഇസ്‌ലാം കലര്‍പില്ലാത്ത വിശ്വാസത്തിന്റെയും തുല്യതയില്ലാത്ത സംസ്‌കാരത്തിന്റെയും നീതിയുക്ത വിധിതീര്‍പുകളുടെയും സംസ്ഥാപനമാണ് ലക്ഷ്യം വെക്കുന്നത് എന്ന തിരിച്ചറിവാണ് ഈ വിദ്വേഷത്തിന്റെ കാരണം. ഈ വക കാര്യങ്ങളൊന്നും അവരുടെ മതങ്ങളില്‍ കാണുന്നില്ല. അതുപോലെ തന്നെ ദേഹേഛക്കാരുടെയും തല്‍പര കക്ഷികളുടെയും സ്വപ്‌നങ്ങള്‍ക്ക് ഇസ്‌ലാം എതിരാണു താനും. ഇസ്‌ലാമിന്റെ പുറത്തു നിന്ന് ഇസ്‌ലാമിനെ അക്രമിക്കുവാന്‍ സാധ്യമല്ല എന്നതിനാല്‍ ഇസ്‌ലാമിന്റെ അകത്ത് കടന്നുകൂടി ഛിദ്രതയുണ്ടാക്കി. ചില പിഴച്ച ചിന്താഗതിയുള്ളവരെ വളര്‍ത്തിയെടുത്തു. അങ്ങനെ ഇസ്‌ലാമിന്റെ ശത്രുക്കളിലൂടെ ഉണ്ടായ ചില കക്ഷികളാണ്:

1. ശീഈകള്‍: അബ്ദുല്ലാഹിബ്‌നു സബഅ് എന്ന യഹൂദിയാണതിന്റെ സ്ഥാപകന്‍.

2. അതിരു കവിഞ്ഞ ഇഅ്തിസാലീ ചിന്തകള്‍: ഇബ്‌റാഹീം അന്നിളാമും അബുല്‍ ഹുദൈല്‍ അല്‍ അല്ലാഫുമാണ് അതിന്റെ സ്ഥാപകര്‍. ഇവര്‍ ഈ ആശയം സ്വീകരിച്ചത് നിരീശ്വരവാദികളായ മജൂസികളില്‍ നിന്നാണ്.

3. ബാതിനിയാക്കള്‍: ഇതിന്റെ സ്ഥാപകന്‍ അബ്ദുല്ലാ ഹിബ്‌നു മൈമൂന്‍ അല്‍ ഖദാഹ് ആണ് അദ്ദേഹം ഫാരിസീ യഹൂദിയാണ്.

4. സ്വിഫാത്തുകളെ നിഷേധിക്കുന്നവര്‍: ഇതിന്റെ സ്ഥാപകന്മാരായ അല്‍ജഅ്ദിബിനു ദിര്‍ഹമും അല്‍ ജഅ്മിബ്‌നു സ്വഫ്‌വാനും ഈ ആശയം സ്വീകരിച്ചത് യഹൂദി ഫല്‍സഫയില്‍ നിന്നാണ്.

5. ക്വദ്ര്‍ നിഷേധം: ഇതിന്റെ സ്ഥാപകന്മാരായ മഅ്ബദുല്‍ ജുഹ്‌നിയും ഗീലാന്‍ അദ്ദിമശ്ഖിയും ഈ ആശയം സ്വീകരിക്കുന്നത് നസ്വാറാ ഫല്‍സഫയില്‍ നിന്നാണ്.

6. സൂഫിയാക്കള്‍: ഇതിനെ ആദ്യമായി സ്ഥാപിച്ചതും അതിനെ ഇസ്‌ലാമിലേക്ക് ചേര്‍ത്തതും ഹൈന്ദവ-മജൂസികളില്‍ നിന്നുമുള്ള നിരീശ്വരവാദികളാണ്. പിന്നീടത് വ്യാപിച്ചു. അതില്‍ അതിര് കവിഞ്ഞവരും മധ്യമ നിലപാട് സ്വീകരിച്ചവരും പിന്നീടവരില്‍ ഉണ്ടായി. (തുടരും)

 

ശഹീറുദ്ദീന്‍ ചുഴലി
നേർപഥം വാരിക

03 -സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍

03 -സുപ്രധാനമായ ചില വിശ്വാസ കാര്യങ്ങള്‍

(ഇമാം ഇബ്‌നുഅബീദാവൂദ്(റഹി)യുടെ 'അല്‍മന്‍ളൂമതുല്‍ ഹാഇയ്യഃ' എന്ന ഗ്രന്ഥത്തിന്റെ ആദ്യ വരിയുടെ വിശദീകരണം)

ഭാഷാപരമായി ബിദ്അത്ത് എന്ന് മുന്‍മാതൃകയില്ലാതെ പുതുതായി ആവിഷ്‌കരിക്കുന്ന കാര്യങ്ങള്‍ക്കാണ് പറയുക. ‘ബദീഉസ്സമാവാതി വല്‍ അര്‍ദ്വ്’ എന്ന് അല്ലാഹുവിനെ സംബന്ധിച്ച് പറഞ്ഞത് ഈ അര്‍ഥത്തിലാണ്. മുന്‍മാതൃകയില്ലാതെ ആകാശ ഭൂമികളെ പടച്ചവന്‍ എന്നാണ് അതിന്റെ സാരം. ഞാന്‍ പ്രവാചകന്‍മാരില്‍ ആദ്യത്തെ ആളല്ല, പുതിയ ആളല്ല എന്ന് പറയുവാന്‍ നബി ﷺ യോട് അല്ലാഹു കല്‍പിച്ചപ്പോഴും അല്ലാഹു പ്രയോഗിച്ചത് ‘ബിദ്അത്ത്’ എന്ന പദമാണ്. 

”(നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല” (സൂറഃ അഹ്ഖാഫ്:9).

ഭാഷാ പണ്ഡിതന്മാരെല്ലാം ‘ബദഅ’ എന്ന ക്രിയക്ക് ഈ അര്‍ഥമാണ് നല്‍കിയിട്ടുള്ളത്. എന്നാല്‍ ശറഇല്‍ (മതത്തില്‍) ബിദ്അത്ത് എന്നാല്‍ എന്ത് എന്ന് പ്രവാചകന്‍ ﷺ തന്നെ പഠിപ്പിച്ചിട്ടുണ്ട്. റസൂല്‍ ﷺ പറഞ്ഞു: ”ആരെങ്കിലും ദീനില്‍ (മതത്തി ല്‍) പെടാത്ത വല്ലതും ദീനില്‍ ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്”(ബുഖാരി, മുസ്‌ലിം).

ഇതില്‍ റസൂല്‍ ﷺ ഒരു കാര്യം ബിദ്അത്താകാന്‍ മൂന്ന് കാര്യങ്ങള്‍ വേണമെന്ന് പഠിപ്പിക്കുന്നുണ്ട്:

1. പുതുതായി ഉണ്ടാക്കുക.

2. അത് ദീനില്‍ ചേര്‍ക്കുക.

3. അതിന് പൊതുവായോ പ്രത്യേകമായോ രേഖയില്ലാതിരിക്കുക.

ഈ മൂന്ന് കാര്യങ്ങള്‍ ഒത്തുചേര്‍ന്ന് വന്നാല്‍ അത് ബിദ്അത്താണ്. ഇതേ ആശയത്തില്‍ തന്നെ റസൂല്‍ ﷺ പറഞ്ഞ മറ്റൊരു ഹദീഥ് കൂടി ശ്രദ്ധിക്കുക:

”ആരെങ്കിലും നമ്മുടെ കല്‍പനയില്ലാത്ത ഒരു കാര്യം ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്” (മുസ്‌ലിം)

ശേഷക്കാരായ പണ്ഡിതന്മാരെല്ലാം റസൂല്‍ ﷺ പറഞ്ഞ ഇതേ വിശദീകരണമാണ് ബിദ്അത്തിന് നല്‍കിയിട്ടുള്ളത്. വളരെ പ്രധാനപ്പെട്ട ചില വിശദീകരണങ്ങള്‍ താഴെ കൊടുക്കാം:

ഇമാം ഇബ്‌നു റജബ് അല്‍ ഹമ്പലി(റഹി)യുടെ വിശദീകരണം: അദ്ദേഹം തന്റെ പ്രസിദ്ധ ഗ്രന്ഥമായ ജാമിഉല്‍ ഉലൂമി വല്‍ഹികം എന്ന ഗ്രന്ഥത്തില്‍ മേല്‍ സൂചിപ്പിച്ച ഹദീസ് വിശദീകരിക്കവെ പറഞ്ഞു: ”ബിദ്അത്ത് എന്നാല്‍ ശരീഅത്താണെന്നറിയിക്കുന്ന രേഖകളൊന്നുമില്ലാത്ത, പുതുതായി ഉണ്ടായ കാര്യങ്ങളാണ്. ഇനി ശരീഅത്തില്‍ പെട്ടതാണെന്നറിയിക്കുന്ന വല്ല രേഖയുമുണ്ടെങ്കില്‍ അത് ശറഇല്‍ ബിദ്അത്തല്ല ഭാഷാപരമായി ബിദ്അത്തെന്ന് പറയുമെങ്കിലും” (ജാമിഉല്‍ ഉലൂം). 

റസൂല്‍ ﷺ പറഞ്ഞ അതേ വിശദീകരണമാണ് ഇമാം ഹമ്പലിയും നല്‍കിയിട്ടുള്ളത്. ബിദ്അത്തിന്റെ വിശദീകരണം പറയുന്നിടത്ത് പണ്ഡിതന്‍മാരെല്ലാവരും ശ്രദ്ധിച്ച ഒരു കാര്യമാണ് പൊതുവായോ പ്രത്യേകമായോ രേഖയുണ്ടോ എന്നത്. പൊതുവായോ പ്രത്യേകമായോ രേഖയുണ്ടെങ്കില്‍ അത് ബിദ്അത്തല്ല. തെളിവില്ലായെങ്കിലാണ് ബിദ്അത്താവുക.

ബിദ്അത്തിനെ വിശദീകരിച്ച മറ്റൊരു പണ്ഡിതനാണ് ഇമാം ശാത്വിബി(റഹി). അദ്ദേഹം തന്റെ വിശ്വ പ്രസിദ്ധ ഗ്രന്ഥമായ അല്‍ ഇഅ്തിസ്വാമില്‍ പറഞ്ഞു: ”ശറഇയ്യായ പ്രവര്‍ത്തനങ്ങളോട് സാദൃശ്യമുള്ളവ ചെയ്യുമ്പോള്‍ ശറഇയ്യായ കാര്യങ്ങള്‍ ചെയ്യുന്ന പ്രതീതിയോടെ ചെയ്യുന്ന, ദീനില്‍ ഉണ്ടാക്കപ്പെട്ട മാര്‍ഗത്തിനാണ് ബിദ്അത്ത് എന്ന് പറയുക.”

ഇവിടെ ഇമാം ശാത്വിബി, ഇബ്‌നു റജബുല്‍ ഹമ്പലി പറയാത്ത ഒരു കാര്യം എടുത്തു പറഞ്ഞു: അത് ‘ചെയ്യുന്നതിലൂടെ പ്രതിഫലം ആഗ്രഹിക്കുക’ എന്നതാണ്; ‘ശറഇയ്യായ കാര്യങ്ങള്‍ ചെയ്യുന്ന പ്രതീതിയോടെ’ എന്നതുകൊണ്ട്ïഅതാണുദ്ദേശിക്കുന്നത്. ഇത് റസൂല്‍ ﷺ പഠിപ്പിച്ച മൂന്ന് കാര്യങ്ങളില്‍ രണ്ടാമത്തേതിന്റെ കീഴില്‍ വരുന്നതാണ്. കാരണം, ദീനില്‍ ചേര്‍ക്കുമ്പോള്‍ സ്വാഭാവികമായും പ്രതിഫലം ആഗ്രഹിക്കും. സ്വാഭാവികമായതിന്റെ പേരിലോ ദീനില്‍ ചേര്‍ക്കുക എന്ന് പറയുന്നതിലൂടെ ആ അര്‍ഥവുംകിട്ടും എന്നത് കൊണ്ടോ ആവണം ഇമാം ഇബ്‌നു റജബുല്‍ ഹമ്പലി അത് പറയാതിരുന്നത്. മാത്രവുമല്ല, ബിദ്അത്തിന്റെ പ്രധാന മാനദണ്ഡം തന്നെ അതിന് ദീനില്‍ തെളിവുണ്ടോ ഇല്ലേ എന്നതാണ്.

ബിദ്അത്തിന് വിശദീകരണം നല്‍കിയ മറ്റൊരു പണ്ഡിതനാണ് ഇമാം ഹാഫിദ്വ് ഇബ്‌നു ഹജര്‍ അല്‍ അസ്‌ക്വലാനി (റഹി). അദ്ദേഹം തന്റെ ലോക പ്രശസ്ത ഗ്രന്ഥമായ ഫത്ഹുല്‍ ബാരിയില്‍ റസൂല്‍ ﷺ യുടെ ‘എല്ലാ ബിദ്അത്തുകളും വഴികേടാണ്’ എന്ന വാചകം വിശദീകരിച്ച് കൊണ്ട് പറഞ്ഞു: ”അതായത് ദീനില്‍ പൊതുവായോ പ്രത്യേകമായോ തെളിവില്ലാത്ത പുതുതായി ഉണ്ടായ കാര്യമാണ് ബിദ്അത്ത്.”

റസൂല്‍ ﷺ യുടെ ‘പുതുതായി ഉണ്ടായ കാര്യങ്ങളെ സൂക്ഷിക്കുക’ എന്ന വാചകത്തെ വിശദീകരിച്ചും അദ്ദേഹം പറഞ്ഞു: ”അതു കൊണ്ടുള്ള ഉദ്ദേശം ദീനില്‍ യാതൊരു രേഖയുമില്ലാത്ത പുതുതായി ഉണ്ടായ കാര്യങ്ങളാണ്. ദീനിന്റെ ഭാഷയില്‍ അതിന് ബിദ്അത്ത് എന്നാണ് പറയുക. എന്നാല്‍ ശറഇല്‍ രേഖയുള്ള കാര്യമാണെങ്കില്‍ അത് ബിദ്അത്തല്ല താനും.”

ഇമാം ഹാഫിദ്വിന്റെ ഈ വാക്കുകളിലൂടെ ബിദ്അത്ത് എന്താണെന്ന് വ്യക്തമാണ്. റസൂല്‍ ﷺ ബിദ്അത്തിനെക്കുറിച്ച് പറഞ്ഞ അതേ ആശയമാണ് ഈ പണ്ഡിതന്മാരെല്ലാം വിശദീകരിച്ചതെന്ന് വ്യക്തം. 

ഇബ്‌നു ഉസൈമീന്‍ (റഹി) പറഞ്ഞു: ”ബിദ്അത്തെന്നാല്‍ വിശ്വാസത്തിലോ കര്‍മത്തിലോ പ്രവാചകന്‍ ﷺ യും സ്വഹാബത്തും നിലകൊണ്ട പാതയ്‌ക്കെതിരായുള്ള പുതുതായ കാര്യങ്ങളാണ്” (ശറഹു ലുംഅത്തുല്‍ ഇഅ്തിക്വാദ്).

വളരെ സംക്ഷിപ്തവും എന്നാല്‍ വിശാലമായ അര്‍ഥമുള്ളതുമായ ഒരു വിശദീകരണമാണിത്. ഇതുപോലെ വിശദീകരണം നല്‍കിയ മറ്റൊരു പണ്ഡിതനാണ് ഹാഫിദ്വുല്‍ ഹകമീ. അദ്ദേഹം മആരിജുല്‍ ക്വുബൂല്‍ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞു: ”ബിദ്അത്തെന്നാല്‍ അല്ലാഹു അനുവദിക്കാത്തതും പ്രവചാകനോ സ്വഹാബത്തോ നിലകൊള്ളാത്തതുമായ കാര്യം ശറആക്കലാണ്.” 

ഈ പറഞ്ഞ വിശദീകരണങ്ങളൊന്നും വൈരുധ്യം പുലര്‍ത്തുന്നില്ല. എല്ലാം വൈവിധ്യങ്ങളുള്ള വിശദീകരണങ്ങളാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ബിദ്അത്തെന്നാല്‍ പൊതുവായോ പ്രത്യേകമായോ രേഖയില്ലാത്ത, പ്രവാചകന്റെയും സ്വഹാബത്തിന്റെയും മാര്‍ഗത്തിനെതിരായ പുതിയ കാര്യങ്ങള്‍ അല്ലാഹുവിന്റെ ദീനില്‍ നിയമമാക്കലാണ്. അല്ലാഹുവാണ് ഏറെ അറിയുന്നവന്‍.

ക്വുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തെറ്റുന്നവര്‍ ചെന്നെത്തുന്നത് ബിദ്അത്തിലാണ് എന്നതിനാല്‍ ബിദ്അത്തിനെ സംബന്ധിച്ച് ഒരല്‍പം കാര്യഗൗരവത്തോടെ വിശദീകരിക്കേണ്ടതുണ്ട്.

ജനങ്ങള്‍ ഒരു കാലത്ത് ഒറ്റ സമൂഹമായിരുന്നു. പിന്നീടവര്‍ ഭിന്നിച്ച് സത്യത്തില്‍ നിന്നും വ്യതിചലിച്ച് വിഭിന്ന കക്ഷികളായി മാറി.

അല്ലാഹു പറയുന്നു: ”മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ (വേദവിഷയത്തില്‍) ഭിന്നിച്ചിട്ടുള്ളത് അവര്‍ തമ്മിലുള്ള മാത്‌സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന് അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക് വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു” (ക്വുര്‍ആന്‍ 2:213).

അങ്ങനെ അവസാന പ്രവാചകന്‍ മുഹമ്മദ് ﷺ യെ അല്ലാഹു നിയോഗിക്കുമ്പോള്‍ ജനങ്ങള്‍ വ്യക്തമായ വഴികേടിലായിരുന്നു. കല്ലുകളെയും മരങ്ങളെയും ജിന്നുകളെയും മലക്കുകളെയും നക്ഷത്രങ്ങളെയും ജോത്സ്യന്മാരെയും പിശാചുക്കളെയും മറ്റും ആരാധിക്കുന്നവരായിരുന്നു. അവരില്‍ തത്ത്വജ്ഞാനികളും കവികളും പ്രാസംഗികരും ഭക്തന്മാരുമെല്ലാം ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും അവര്‍ക്ക് വെളിച്ചം നല്‍കാന്‍ പര്യാപ്തമായിരുന്നില്ല. നബി ﷺ യുടെ വരവോടു കൂടി അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരുട്ടില്‍ കഴിഞ്ഞവര്‍ സത്യവിശ്വാസത്തിന്റെയും സദാചാരത്തിന്റെയും വെളിച്ചത്തിലേക്ക് വഴി നടക്കുകയുണ്ടായി. അങ്ങനെ റസൂല്‍ ﷺ തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചു. നല്ല ഒരു തലമുറയെ വാര്‍ത്തെടുത്തു. അദ്ദേഹത്തിന്റെ വിയോഗത്തിന് മുമ്പ് തെളിമയാര്‍ന്ന മാര്‍ഗം അവര്‍ക്ക് അദ്ദേഹം വരച്ചു കാണിച്ചു. അങ്ങനെ സ്വഹാബാക്കള്‍ ക്വുര്‍ആനിനെയും സുന്നത്തിനെയും മൂലപ്രമാണങ്ങളാക്കി ദീന്‍ മനസ്സിലാക്കുകയും അതിനെ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരികയും ചെയ്തു. അവരില്‍ പിഴച്ചവരുണ്ടായില്ല. ദീനിനെ വളച്ചൊടിച്ചവരോ വിതണ്ഡ വാദക്കാരോ അവരില്‍ തലപൊക്കിയില്ല. അതെ, അവര്‍ നേരായ പാതയില്‍ തന്നെയായിരുന്നു. അടിസ്ഥാനപരമായി അവര്‍ ഐക്യത്തിലും സത്യത്തിലുമായിരുന്നു. 

എന്നാല്‍ ഉസ്മാന്‍(റ)വിന്റെ ഭരണ കാലത്ത് ചില തല്‍പര കക്ഷികള്‍ ഇസ്‌ലാമിലേക്ക് രംഗ പ്രവേശനം നടത്തി. കുഴപ്പങ്ങളുണ്ടാക്കി മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പും ചേരിതിരിവുമുണ്ടാക്കി.

ഈ ഭിന്നിപ്പിന്റെ മുഖ്യധാരയിലുണ്ടായിരുന്നവര്‍ രണ്ട് കൂട്ടരാണ്.

1. ഇസ്‌ലാമിനെ നശിപ്പിക്കുവാന്‍ വേണ്ടി ഒരുങ്ങിപ്പുറപ്പെട്ട അസൂയാലുക്കള്‍.

2. ദേഹേഛക്കാരും അനാചാരക്കാരും.

ഖേദകരമെന്ന് പറയട്ടെ, ഇവരുടെ ഈ ദുഷ് പ്രവര്‍ത്തനത്തെ അറിവില്ലാത്തവരും തുടക്കക്കാരും വഞ്ചിക്കപ്പെട്ട ചില സാധാരണക്കാരും പിന്താങ്ങി. അങ്ങനെ ഈ ഉമ്മത്തിലും വിഭിന്ന കക്ഷികള്‍ ആരംഭം കുറിക്കുകയുണ്ടായി.

ബിദ്ഇകളില്‍ നേതൃത്വത്തിലുള്ളവര്‍

ബിദ്ഈ കക്ഷികളില്‍ പെട്ട പ്രധാനികളായ ചിലരെ സംബന്ധിച്ച് നമുക്ക് ചെറിയ തോതില്‍ മനസ്സിലാക്കാം. എല്ലാ ബിദ്ഈ പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനം ചില പ്രധാന വിഭാഗങ്ങളിലേക്കാണ് മടങ്ങുന്നത്.

1) ഖവാരിജുകള്‍

 അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅയില്‍ നിന്നും വിഘടിച്ച് പുറത്തുപോയ ആദ്യവിഭാഗമാണ് ഇവര്‍. ഇവരോട് സ്വഹാബാക്കള്‍ സംവാദം നടത്തുകയും തെളിവ് നിരത്തുകയും ചെയ്തിട്ടുണ്ട്. ചിലര്‍ മടങ്ങി, പശ്ചാതപിച്ചു. ബാക്കിയുള്ളവരോട് സ്വഹാബത്തിന് യുദ്ധംചെയ്യേണ്ടി വന്നിട്ടുണ്ട്. 

2) ശീഈകള്‍ 

ഖവാരിജുകളുടെ രംഗപ്രവേശനത്തിന് ശേഷം തൊട്ടുപിറകില്‍ വന്ന മറ്റൊരു കക്ഷിയാണ് ശീഈകള്‍ (ശിയാക്കള്‍). അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതനാണ് ഇതിന്റെ സ്ഥാപകന്‍. എല്ലാ ഫിത്‌നകളുടെയും ചെങ്കോല്‍ വഹിച്ച ദുഷ്ടന്‍. ഇവരോടും സ്വഹാബാക്കള്‍ ശക്തമായി എതിര്‍ത്തു നിന്നിട്ടുണ്ട്.

3) ക്വദ്‌രികള്‍

സ്വഹാബാക്കളുടെ കാലഘട്ടത്തിന്റെ അവസാന സമയത്ത് രംഗപ്രവേശനം ചെയ്തവരാണ് ക്വദ്‌രികള്‍. ഇവരോടും സ്വഹാബാക്കളുടെ നിലപാട് തഥൈവ. ഇവരോട് എതിരിടുന്നതില്‍ സ്വഹാബാക്കള്‍ കാര്‍ക്കശ്യം കാണിച്ചു. ഇവരില്‍നിന്ന് പൂര്‍ണമായും ഒഴിവാകുവാന്‍ അവര്‍ കല്‍പിച്ചു. 

ഗീലാന്‍ അദ്ദിമശ്കീ എന്ന ഇവരുടെ നേതാവിനെ ചില താബിഈങ്ങളുടെ ഫത്‌വ പ്രകാരം ഉമവീ ഭരണാധികാരി ഹിശാമി ബ്‌നു അബ്ദില്‍ മാലിക് വകവരുത്തുക വരെയുണ്ടായി. 

4) ജഹ്മികള്‍

സ്വഹാബാക്കളുടെ കാലശേഷം അല്‍ ജുഹ്ദിബിനു ദിര്‍ഹമിന്റെയും ശിഷ്യന്‍ ജഹ്മിബ്‌നു സ്വഫ് വാന്റെയും കരങ്ങളാല്‍ സ്ഥാപിതമായ ബിദ്ഈ കക്ഷിയാണ് അല്ലാഹുവിന്റെ സ്വിഫാത്ത് (വിശേഷണങ്ങള്‍) നിഷേധികളായ ഇവര്‍. എന്നാല്‍ മുസ്‌ലിം സമൂഹം ഇവരോടും ശക്തമായ നിലപാടിലായിരുന്നു. ഈ രണ്ടു നേതാക്കന്മാരും പിന്നീട് വധിക്കപ്പെടുകയാണുണ്ടായത്.

5) മുഅ്തസിലികള്‍

അതേസമയം രംഗത്തുവന്ന മറ്റൊരു ബിദ്ഈ കക്ഷിയാണിത്. ഹസനുല്‍ ബസ്വരി(റഹി)യുടെ ശിഷ്യന്മാരായ വാസിലു ബ്‌നു അത്വാഉം അംറു ബ്‌നു ഉബൈദും അദ്ദേഹത്തോട് ഈമാനിന്റെ വിഷയത്തില്‍ തെറ്റിപ്പിരിഞ്ഞാണ് ഈ ചിന്താഗതി രൂപപ്പെടുന്നത്. ഹസനുല്‍ ബസ്വരി(റ)യോട് തെറ്റിപ്പിരിഞ്ഞതിനാലാണ് ഇവര്‍ മുഅ്തസിലികള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടത്.

ഈമാനിന്റെ വിഷയത്തിലാണ് തെറ്റിയതെങ്കിലും പിന്നീട് ക്വദ്‌റിനെയും സ്വിഫാത്തിനെയും നിഷേധിക്കുന്നിടത്തേക്ക് അവരെത്തി. ഇവരുടെ മുന്‍ തലമുറകളോടുള്ള അതേ സമീപനമാണ് അഹ്‌ലുസ്സുന്ന ഇവരോടും സ്വീകരിച്ചത്.

6) മുര്‍ജിയാക്കള്‍

ഖവാരിജീ, മുഅ്തസിലീ ചിന്താഗതികള്‍ക്ക് നേര്‍വിപരീതമായ വാദവുമായി രംഗത്ത് വന്നരാണിവര്‍. ഇവരില്‍ അഹ്‌ലുസ്സുന്ന കുഫ്ര്‍ വിധിച്ചവരും വഴികേടിലാണെന്ന് പറഞ്ഞവരുമുണ്ട്. അഹ്‌ലുസ്സുന്നയുടെ ഇവരോടുള്ള സമീപനവും മറ്റൊന്നായിരുന്നില്ല എന്നര്‍ഥം.

ഈ ആറ് വിഭാഗക്കാരാണ് ബിദ്ഇകളില്‍ പ്രധാനികള്‍. ഇവരില്‍ മുഅ്തസിലികളും ക്വദ്‌രികളും ഏകദേശം തുല്യ വാദക്കാരാണ്. ഈ പിഴച്ച ചിന്താധാരകളുടെ ബാക്കിപത്രങ്ങളായ മറ്റു വിഭാഗങ്ങള്‍ പില്‍ക്കാലത്ത് രംഗപ്രവേശനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരോടുള്ള അഹ്‌ലുസ്സുന്നയുടെ നിലപാട് സുവ്യക്തവും സുതാര്യവുമായിരുന്നു. ഇവരോടുള്ള സമീപനം എക്കാലത്തും ഒന്നായിരുന്നു.

(തുടരും)

 

ശഹീറുദ്ദീന്‍ ചുഴലി
നേർപഥം വാരിക