രഹസ്യം സൂക്ഷിക്കലും കോപം അടക്കിവെക്കലും

രഹസ്യം സൂക്ഷിക്കലും കോപം അടക്കിവെക്കലും

സൂക്ഷിക്കപ്പെടേണ്ട രഹസ്യങ്ങള്‍ മനസ്സില്‍ കരുതലും സൂക്ഷിക്കലും അനിവാര്യവും മഹത്തരവും ഫലപ്രദവുമാണ്. യൂസുഫ് നബി(അ)  ദര്‍ശിച്ച സ്വപ്‌നം പിതാവ് യഅ്ക്വൂബി(അ)ന്റെ ആജ്ഞപ്രകാരം അദ്ദേഹം രഹസ്യമാക്കിയതിനെക്കുറിച്ച് അല്ലാഹു പറയുന്നു:

”(പിതാവ്) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്‌നം നീ നിന്റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചു കൊടുക്കരുത്. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷശത്രുവാകുന്നു” (ക്വുര്‍ആന്‍ 12:05).

തന്റെ സത്യവിശ്വാസ സ്വീകരണം രഹസ്യമാക്കിയ ഫിര്‍ഔന്‍ കുടുംബത്തിലെ വിശ്വാസിയെക്കുറിച്ച് അല്ലാഹു പറയുന്നു: ”ഫിര്‍ഔന്റെ ആള്‍ക്കാരില്‍പെട്ട -തന്റെ വിശ്വാസം മറച്ചു വെച്ചുകൊണ്ടിരുന്ന-ഒരു വിശ്വാസിയായ മനുഷ്യന്‍ പറഞ്ഞു: എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹം കള്ളംപറയുന്നവനാണെങ്കില്‍ കള്ളംപറയുന്നതിന്റെ ദോഷം അദ്ദേഹത്തിനു തന്നെയാണ്. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ, അദ്ദേഹം നിങ്ങള്‍ക്ക് താക്കീതുനല്‍കുന്ന ചിലകാര്യങ്ങള്‍ (ശിക്ഷകള്‍)നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച”(ക്വുര്‍ആന്‍ 40:28).

രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിന്റെ അനിവാര്യതയെ അറിയിക്കുന്ന ഏതാനും തിരുമൊഴികള്‍ കാണുക:

അബൂസഈദി(റ)ല്‍നിന്ന് നിവേദനം; തിരുനബി ﷺ  പറഞ്ഞു: ”അന്ത്യനാളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മോശമായ സ്ഥാനമുള്ളവന്‍ തന്റെ ഭാര്യയിലേക്ക് കൂടിച്ചേരുകയും ഭാര്യ അയാളിലേക്ക് കൂടിച്ചേരുകയും ചെയ്തതില്‍ പിന്നെ അവളുടെ രഹസ്യങ്ങള്‍ പരസ്യമാക്കുന്ന വ്യക്തിയാണ്”(മുസ്‌ലിം).

 ജാബിര്‍ ഇബ്‌നു അബ്ദുല്ല(റ)യില്‍ നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറഞ്ഞു: ”ഒരാള്‍ ഒരു വാര്‍ത്ത പറയുകയും (മറ്റാരും കേള്‍ക്കരുതെന്ന നിലക്ക്) അനന്തരം തിരിഞ്ഞുനോക്കുകയും ചെയ്താല്‍ അത് അമാനത്താണ്. (പരസ്യം ചെയ്യുവാന്‍ പാടില്ലാത്തതാണ്”(സുനനു അബീദാവൂദ്. അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

അഥവാ ആരും കേള്‍ക്കരുതെന്ന് നിനച്ച് ഇടവും വലവും നോക്കി ഒരാള്‍ മറ്റൊരാളോട് സംസാരിച്ചാല്‍ പ്രസ്തുത സംസാരം സൂക്ഷിപ്പുസ്വത്തുപോലെ സൂക്ഷിക്കപ്പെടേണ്ട രഹസ്യമാണ്. അത് ഒരിക്കലും പരസ്യപ്പെടുത്താവതല്ല. ഏതാനും ചരിതങ്ങള്‍ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്:

ഹഫ്‌സ്വ ബിന്‍ത് ഉമറി(റ)ന്റെ ഭര്‍ത്താവ് ഖുനെയ്‌സ് ഇബ്‌നുഹുദാഫ മരണപ്പെട്ടതില്‍ പിന്നെ വിധവയായ ഹഫ്‌സ്വ(റ)യെ വിവാഹം കഴിപ്പിക്കുവാന്‍ ഉമര്‍(റ) ഉസ്മാന്‍(റ)വിനോട് സംസാരിച്ചു. ഉസ്മാന്‍(റ) അഭ്യര്‍ഥന നിരസിച്ചു. ഉമര്‍(റ) അബൂബകറി(റ)നോട് അഭ്യര്‍ഥിച്ചു. എന്നാല്‍ അദ്ദേഹവും  മൗനം ഭജിച്ചു; ഒന്നും പ്രതികരിച്ചില്ല. ഉസ്മാനോ(റ)ടുള്ളതിനെക്കാള്‍ വിഷമം ഉമറി(റ)നു അബൂബകറി(റ)നോടുണ്ടായിരുന്നു. പിന്നീട് ഹഫ്‌സ്വ(റ)യെ തിരുദൂതര്‍ ﷺ  വിവാഹം കഴിച്ചു. ഉമര്‍(റ) പറയുന്നു: ‘അബൂബകര്‍ അതില്‍പിന്നെ എന്നെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: ഹഫ്‌സ്വയെ വിവാഹം കഴിക്കുവാന്‍ എന്നോടഭ്യര്‍ഥിച്ച വേളയില്‍ ഞാന്‍ താങ്കോളോട് ഒന്നും പ്രതികരിക്കാത്തതില്‍ ഒരുവേള താങ്കള്‍ക്ക് എന്നോട് വിഷമം തോന്നിയേക്കും.’ ഞാന്‍ പറഞ്ഞു: ‘അതെ. എന്നാല്‍ താങ്കള്‍ എന്നോട് അഭ്യര്‍ഥിച്ചതിനോട് പ്രതികരിക്കുവാന്‍ എനിക്ക് തടസ്സമായത് അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  ഹഫ്‌സ്വയെ അനുസ്മരിക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നു എന്നതാണ്. ആയതിനാല്‍ തിരുദൂതരുടെ രഹസ്യം പരസ്യപ്പെടുത്തുന്നവനല്ല ഞാന്‍. ഹഫ്‌സ്വ(റ)യെ തിരുമേനി വിവാഹം കഴിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ അവരെ സ്വീകരിക്കുമായിരുന്നു” (ബുഖാരി).

അനസ്(റ) പറയുന്നു: ”ഞാന്‍ കുട്ടികളോടൊത്ത് കളിച്ചുകൊണ്ടിരിക്കെ അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  എന്റെ അടുക്കല്‍ വന്നു. അവിടുന്ന് ഞങ്ങളോട് സലാം പറയുകയും എന്നെ ഒരു ആവശ്യത്തിനായി അയക്കുകയും ചെയ്തു. അതിനാല്‍ ഞാന്‍ ഉമ്മയുടെ അടുത്തെത്തുവാന്‍ വൈകി. ഞാന്‍ വന്നപ്പോള്‍ ഉമ്മ ചോദിച്ചു: ‘നിന്നെ വൈകിപ്പിച്ചത് എന്ത്?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതര്‍ എന്നെ ഒരു ആവശ്യത്തിനായി അയച്ചു.’ ഉമ്മ ചോദിച്ചു: ‘എന്തായിരുന്നു തിരുമേനി ﷺ യുടെ ആവശ്യം?’ ഞാന്‍ പ്രതികരിച്ചു: ‘അത് രഹസ്യമാണ്.’ ഉമ്മ പറഞ്ഞു: തിരുദൂതരുടെ രഹസ്യം ആരോടും പറഞ്ഞുപോകരുത്.’ അനസ്(റ) പറയുന്നു: ‘സാബിത്, അല്ലാഹുവാണേ, വല്ലവരോടും ഞാന്‍ അത് പറഞ്ഞിരുന്നുവെങ്കില്‍ താങ്കളോട് ഞാന്‍ അത് പറയുമായിരുന്നു”(മുസ്‌ലിം).

അലിയ്യ് ഇബ്‌നു അബീത്വാലിബ്(റ) പറഞ്ഞു: ”താങ്കളുടെ രഹസ്യം താങ്കളുടെ ബന്ധിയാകുന്നു. പ്രസ്തുത രഹസ്യം താങ്കള്‍ പറഞ്ഞുപോയാല്‍ താങ്കള്‍ അതിന്റെ ബന്ധിയായി.”

ഉമര്‍ ഇബ്‌നു അബ്ദില്‍അസീസ്(റഹി) പറഞ്ഞു: ”ഹൃദയങ്ങള്‍ രഹസ്യങ്ങളുടെ സൂക്ഷിപ്പു സ്ഥലങ്ങളാകുന്നു. ചുണ്ടുകള്‍ അവയുടെ പൂട്ടുകളും നാവുകള്‍ താക്കോലുകളുമാകുന്നു. അതിനാല്‍ ഓരോ മനുഷ്യനും തന്റെ രഹസ്യത്തിന്റെ താക്കോല്‍ കാത്തുസൂക്ഷിക്കട്ടെ.”

ഇമാം ഹസനുല്‍ബസ്വരി(റഹി) പറഞ്ഞു:”താങ്കളുടെ സഹോദരന്റെ രഹസ്യം പരസ്യമാക്കല്‍ വഞ്ചനയാകുന്നു.”

(മുകളില്‍ നല്‍കിയ മഹദ്വചനങ്ങള്‍ ഇമാം മാവര്‍ദിയുടെ ‘അദബുദ്ദുന്‍യാ വദ്ദീന്‍’ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ളതാണ്).

കോപം അടക്കല്‍

ജഡികേച്ഛകളെ നിയന്ത്രിക്കലും തിന്മ കല്‍പിക്കുന്ന മനസ്സിനെ കീഴൊതുക്കലും ഏറെ സ്തുത്യര്‍ഹമായ കാര്യമാണ്. കോപം ഒതുക്കലും അടക്കലും പ്രകടമാകാത്ത വിധം അത് മറക്കലും ഭക്തന്മാരുടെയും വിശുദ്ധന്മാരുടെയും ലക്ഷണമാണ്. കോപം അടക്കിപ്പിടിക്കല്‍ സൂക്ഷ്മാലുക്കളുടെ ഉത്തമഗുണങ്ങളില്‍ പെട്ടതാണ്. ഈ മഹത്തായ സ്വഭാവം വിശ്വാസിക്ക് ഇഹപര നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. അല്ലാഹു പറഞ്ഞു:

”നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി. (അത്തരം) സല്‍കര്‍മകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു” (ക്വുര്‍ആന്‍ 3:134)

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ”ഗുസ്തിയില്‍ തള്ളിയിടുന്നവനല്ല മല്ലന്‍; കോപം വരുമ്പോള്‍ ആത്മനിയന്ത്രണമുള്ളവന്‍ മാത്രമാണു മല്ലന്‍”(മുസ്‌ലിം).

കോപം അടക്കുന്നവര്‍ക്ക് പിശാചിനെ തോല്‍പിക്കുവാനും അതിജയിക്കുവാനും സാധിക്കും. ഒരു സംഭവം ഇപ്രകാരം നിവേദനം ചെയ്യപെട്ടിട്ടുണ്ട്.

അനസി(റ)ല്‍നിന്ന് നിവേദനം: ”അല്ലാഹുവിന്റെ റസൂല്‍ ﷺ  ഗുസ്തിപിടിക്കുന്ന ഒരു വിഭാഗത്തിനരികിലൂടെ നടന്നു. തിരുദൂതര്‍ ചോദിച്ചു: ‘ഇത് എന്താണ്?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഗുസ്തിക്കാരനായ ഇന്ന വ്യക്തിയാണ്. അയാളോട് ഒരാളും എതിരിടുകയില്ല; അയാള്‍ എതിരാളിയെ വീഴ്ത്താതെ.’ അപ്പോള്‍ അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  പറഞ്ഞു: ‘അയാളെക്കാള്‍ അതിശക്തനായ ഒരാളെ നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചു തരട്ടെയോ? ഒരു വ്യക്തിയെ മറ്റൊരാള്‍ ആക്രമിച്ചു. എന്നാല്‍ അക്രമിക്കപ്പെട്ടവന്‍ തന്റെ കോപം ഒതുക്കി. അങ്ങനെ അയാള്‍ തന്റെ കോപത്തെ തോല്‍പിച്ചു. തന്റെ പിശാചിനെ തോല്‍പിച്ചു. തന്റെ കൂട്ടുകാരന്റെ പിശാചിനെയും തോല്‍പിച്ചു”(കശ്ഫുല്‍അശ്താര്‍, ബസ്സാര്‍. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

കോപം അടക്കുന്നവര്‍ പരലോകത്ത് അല്ലാഹുവിങ്കല്‍ അത്യാദരണീയരാണ്. മുആദ് ഇബ്‌നു അനസ് അല്‍ജുഹനി(റ)യില്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു:

”ആരെങ്കിലും കോപം നടപ്പിലാക്കുവാന്‍ കഴിവുണ്ടായിട്ടും അത് അടക്കിയാല്‍ അന്ത്യനാളില്‍ അയാളെ അല്ലാഹു മുഴുസൃഷ്ടികള്‍ക്കിടയില്‍ പ്രശംസിച്ചുകൊണ്ട് വിളിക്കും. ശേഷം സ്വര്‍ഗീയ ഹൂറുകളില്‍ താനുദ്ദേശിക്കുന്നവരെ തെരഞ്ഞെടുക്കുവാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യം നല്‍കും” (സുനനുത്തിര്‍മിദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ഇബ്‌നുഉമറി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  പറഞ്ഞിരിക്കുന്നു: ”ജനങ്ങളില്‍ അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടക്കാരനായ (മറ്റൊരു വ്യക്തി കോപം അടക്കുന്നവനാണ്). ഒരാള്‍ തന്റെ ദേഷ്യം അടക്കിയാല്‍ അയാളുടെ നഗ്നത അല്ലാഹു മറക്കുന്നതാണ്. ഒരാള്‍, അയാളുദ്ദേശിച്ചാല്‍ തന്റെ കോപം തീര്‍ക്കാന്‍ അയാള്‍ക്ക് സാധിക്കുന്നതാണ്, എന്നിട്ടും അയാള്‍ അത് ഒതുക്കിയാല്‍ അന്ത്യനാളില്‍ അയാളുടെ ഹൃദയം അല്ലാഹു തൃപ്തികൊണ്ട് നിറക്കുന്നതാണ്”(മുഅ്ജമുത്ത്വബ്‌റാനി, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

തിന്മയെ നന്മകൊണ്ടും അനിഷ്ടത്തെ ഇഷ്ടംകൊണ്ടും കാഠിന്യത്തെ നൈര്‍മല്യം കൊണ്ടും തടുക്കുവാന്‍ കല്‍പനയുണ്ട്.

”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവുംനല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുേണ്ടാ അവനതാ (നിന്റെ) ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല” (ക്വുര്‍ആന്‍ 41:35,36).

അനിഷ്ടം സഹിക്കല്‍കൊണ്ടും കോപം അടക്കല്‍കൊണ്ടും മാത്രമെ ഇത് സാധ്യമാവുകയുള്ളൂ.ആത്മ നിയന്ത്രണത്തിലും കോപം അടക്കുന്നതിലും വിവേകത്തോടെ പെരുമാറുന്നതിലും ഏറ്റവും നല്ല ഉദാഹരണമായിരുന്നു നബി ﷺ . ഒരു സംഭവം കാണുക:

”ഹുനൈന്‍ യുദ്ധദിനം തിരുനബി ﷺ  ഒരുവിഭാഗം ആളുകളെ കൂടുതല്‍ പരിഗണിച്ചു. അക്വ്‌റഅ് ഇബ്‌നു ഹാബിസിന്ന് നൂറ് ഒട്ടകങ്ങളെ നല്‍കി. ഉയയ്‌ന ഇബ്‌നുബദ്‌റിനും അതുപോലെ നല്‍കി. മറ്റു ചിലര്‍ക്കും തിരുമേനി നല്‍കി. അപ്പോള്‍ ഒരു വ്യക്തി പറഞ്ഞു: ‘ഈ വിഭജനത്തില്‍ അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിക്കപ്പെട്ടിട്ടില്ല.’ ഞാന്‍ പറഞ്ഞു: ‘നബി ﷺ യോട് ഞാന്‍ ഇത് പറയുകതന്നെ ചെയ്യും.’ തിരുമേനി പ്രതികരിച്ചു: ‘അല്ലാഹു മൂസായോട് കരുണകാണിക്കട്ടെ. ഇതിനെക്കാളെല്ലാം അദ്ദേഹം പീഡിപ്പിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം ക്ഷമിച്ചു”(ബുഖാരി).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

അവഗണിക്കപ്പെടുന്ന അറബിഭാഷ

അവഗണിക്കപ്പെടുന്ന അറബിഭാഷ

ആഗോളതലത്തില്‍ അനന്തസാധ്യതകളുള്ള ഒരു അന്തര്‍ദേശീയ ഭാഷയാണ് അറബി. ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദേ്യാഗിക ഭാഷകളില്‍ ഒന്ന്. 450 മില്യണ്‍ ജനങ്ങളുടെ സംസാരഭാഷ. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന അഞ്ചാമത്തെ ഭാഷ. 22 രാജ്യങ്ങളുടെ ഔദേ്യാഗിക ഭാഷ. ആധുനിക വ്യവസായ, വാണിജ്യ മേഖലകളില്‍ ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള ഭാഷ. സാഹിത്യ, സാംസ്‌കാരിക, നയതന്ത്ര മേഖലകളില്‍ നിര്‍ണായക പങ്കാളിത്തമുള്ള ഭാഷ. അതേസമയം, മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മതപരമായ പവിത്രതയും പ്രാധാന്യവുമുള്ള ക്വുര്‍ആനിന്റെ ഭാഷ. ഇങ്ങനെ ഒട്ടേറെ സവിശേഷതകളുള്ള ഭാഷയാണ് അറബി.

മതപരമായ വേര്‍തിരിവുകള്‍ക്കപ്പുറത്ത് ഈയിടെയായി എല്ലാ വിഭാഗങ്ങളില്‍പെട്ടവരും അറബി ഭാഷ പഠിക്കാന്‍ മുന്നോട്ട് വരുന്നുണ്ട് എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. പാശ്ചാത്യലോകത്ത് രണ്ടാം ഭാഷയായി ജനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അറബിക്ക് വലിയ പരിഗണനയാണുള്ളത്. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം മധ്യപൗരസ്ത്യ ദേശങ്ങളില്‍, ഗള്‍ഫ് രാജ്യങ്ങളില്‍ എറ്റവും ബന്ധപ്പെടുന്ന, തൊഴില്‍പരമായ, ജീവിതായോധന രംഗങ്ങളിലെല്ലാം അനവധി സാധ്യതകളുള്ള ഭാഷയാണ് അറബി. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും പ്രത്യേകിച്ച് കേരളത്തിനും നല്‍കിയ സാമ്പത്തിക പിന്തുണ ചെറിയതൊന്നുമല്ല എന്നുകൂടി നാം ഓര്‍ക്കണം.

കേരളത്തില്‍ നിരവധി പോരാട്ടങ്ങളുടെ ഫലമായി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ മേഖലയില്‍ അറബിഭാഷ സംരക്ഷിക്കപ്പെട്ടു പോന്നിട്ടുണ്ടെങ്കിലും അറബിയെന്ന് പറയുമ്പോഴേക്കും അതിന്റെ മത പശ്ചാത്തലം മാത്രം ചികഞ്ഞെടുക്കുകയും ഒരു സമുദായ വിഷയമാക്കി അതിനെ ചുരുക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

അറബി ക്വുര്‍ആനിന്റെ ഭാഷകൂടിയാണെന്നത് അതിന്റെ പ്രൗഢി വര്‍ധിപ്പിക്കുന്നു. എന്നാല്‍ ലോകഭാഷകളെ കവച്ചുവെക്കുന്ന അതിന്റെ ഉള്‍ക്കരുത്തും അനന്തമായ സാധ്യതകളും കേരളത്തില്‍ വിസ്മരിക്കപ്പെടുകയാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അറബിഭാഷയുടെ സാംസ്‌കാരിക അസ്തിത്വവും വ്യക്തിത്വവും വിസ്മരിക്കുന്ന സമുദായത്തിന്റെയും അതിന് ഇസ്‌ലാമുമായുള്ള ബന്ധമോര്‍ത്ത് അസ്വസ്ഥരാകുന്ന ഭരണാധികാരികളുടെയും ഇടയില്‍ ഞെരിഞ്ഞമരുകയാണ് ഇന്ന് ആ ഭാഷ.

രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായി കടന്നുവരുന്ന പല പ്രൊജക്ടുകളും അതിന്റെ ഇസ്‌ലാമിക ബന്ധത്തിന്റെ പേരില്‍ അവഗണിക്കപ്പെടുകയാണ്. പലിശരഹിത സാമ്പത്തിക വ്യവസ്ഥ പലതവണ കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. നമ്മുടെ ധനകാര്യ മന്ത്രി അക്കാര്യത്തില്‍ പഠനം നടത്തി വലിയ ആവേശത്തോടെ പദ്ധതി മുന്നോട്ട് വെക്കുകയും ചെയ്തു. ‘ഇസ്‌ലാമിക് ബാങ്കിങ്ങ്’ എന്ന പേരിലുടക്കിയാണ് അത് പിന്നീട് വിസ്മരിക്കപ്പെട്ടത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

അവഗണനയുടെ തെളിവുകള്‍

ഒരു പ്രത്യേക മതത്തിന്റെ കാര്യങ്ങള്‍ അറബിഭാഷയിലൂടെ സര്‍ക്കാര്‍ പഠിപ്പിക്കണമെന്ന് ഇവിടെ ആരും ആവശ്യപ്പെടുന്നില്ല. ഇതര ഭാഷകളെ പോലെ അറബിയെയും പരിഗണിക്കണമെന്നേ ആവശ്യപ്പെടുന്നുള്ളൂ.

ഇക്കാര്യം ഇപ്പോള്‍ പറയാനുള്ള കാരണം പലതാണ്. 2020 ജൂണ്‍ ഒന്നു മുതല്‍ വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചെങ്കിലും ഭാഷാ ക്ലാസുകള്‍ നാമമാത്രമായിട്ടേ നടന്നിട്ടുള്ളൂവെന്നതാണ് സുപ്രധാനമായൊരു കാരണം. 1 മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ അറബി പഠനത്തിന് ഓരോ ക്ലാസിനും ഈ സമയം വരെ കിട്ടേണ്ടത് 36 പിരീഡാണ്. എന്നാല്‍ ആകെ ലഭിച്ചത് പത്താം ക്ലാസിന് നാല്, +2വിന് രണ്ട്, 5ന് രണ്ട്, 8ന് രണ്ട് എന്ന കണക്കിനാണ്. 1,2,3,4,6,7,9 എന്നീ ക്ലാസുകള്‍ക്ക് ഇതെഴുതുന്ന സമയം വരെ ഒരു പിരീഡ് പോലും ലഭിച്ചില്ല. കെ.എ.ടി.എഫ് പോലുള്ള സംഘടനകളുടെ ശക്തമായ സമ്മര്‍ദത്തിന് ശേഷമാണ് ഈ ക്ലാസുകള്‍ പോലും നടന്നിട്ടുള്ളത്.

ക്ലാസ് നല്‍കാതിരിക്കാന്‍ കാരണം ടൈറ്റ് ഷെഡ്യൂളാണ് എന്നാണ് മറുപടി. എന്നാല്‍ ആഴ്ചയില്‍ 2 പിരീഡ് മാത്രമുള്ള വിഷയങ്ങള്‍ക്ക് ചാനലില്‍ നല്‍കുന്നത് 4 പിരീഡ്. എല്ലാ ക്ലാസും യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നുമുണ്ട്. എന്നിട്ടും പ്രവൃത്തിദിവസങ്ങളില്‍ പുനഃസംപ്രേഷണം ചെയ്യുന്നു. സിലബസും കൃത്യമായ ക്ലാസും ഇല്ലാത്ത എല്‍.കെ.ജി, യു.കെ.ജി ക്ലാസുകള്‍ക്ക് പോലും ‘കിളിക്കൊഞ്ചല്‍’ എന്ന പേരില്‍ ദിവസവും 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലാസ് നടക്കുന്നു. ടൈറ്റ് ഷെഡ്യൂള്‍ എന്ന കാരണം സത്യസന്ധമല്ല എന്ന് ഇതെല്ലാം തെളിയിക്കുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ എല്‍.ടി.ടി.സിയെ ബിഎഡിന് തുല്യമാക്കി പുറത്തിറക്കിയ ഉത്തരവ് യാതൊരു ന്യായവും വിശദീകരണവുമില്ലാതെ പുതിയ സര്‍ക്കാര്‍ റദ്ദാക്കിയത് നാം ഇതിനോട് ചേര്‍ത്തു വായിക്കണം.

‘സമ്പൂര്‍ണ’ സോഫ്റ്റ് വെയറില്‍ അറബിക് കാണുന്നില്ല. പഠനോത്സവം നടത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വരുമ്പോള്‍ അവിടെയും അറബിയില്ല. വിവിധ വിഷയങ്ങളുടെ ശാക്തീകരണ പദ്ധതികളുടെ കൂട്ടത്തില്‍ അറബിയടക്കമുള്ള ചില ഭാഷകള്‍  അവഗണിക്കപ്പെട്ടിരിക്കുന്നു.

അഞ്ചാം ക്ലാസ് മുതല്‍ ഫസ്റ്റ് പേപ്പറായി ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, അറബി, ഉറുദു. തമിഴ്, കന്നട തുടങ്ങി പല ഓപ്ഷനുമുണ്ട്. ഇതില്‍ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നട വിഷയങ്ങള്‍ക്കെല്ലാം ക്ലാസുണ്ട്. തമിഴ്, കന്നട വിഷയങ്ങള്‍ക്ക് പ്രാദേശിക ചാനലില്‍ സംപ്രേഷണമുണ്ട്. എന്നാല്‍ ബഹുഭൂരിഭാഗം കുട്ടികള്‍ പഠിക്കുന്ന അറബിയടക്കമുള്ള ഭാഷകള്‍ക്കാകട്ടെ ക്ലാസില്ല!

ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളുടെ പഠനം മെച്ചപ്പെടുത്തുന്നതിനായി പഠന ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത കൂട്ടത്തില്‍ അറബിക്ക് പോഷണത്തിനായി ‘ഐവ അറബിക്ക്’  ഉണ്ടായിരുന്നു. എല്ലാം ക്ലാസ് റൂമുകളില്‍ പ്രാവര്‍ത്തികമായപ്പോള്‍ ഐവ അറബിക്ക് മാത്രം പുറംലോകം കണ്ടില്ല.

എല്‍.ടി.ടി.സിയെ ബിഎഡിന് തുല്യമായി പരിഷ്‌കരിച്ചപ്പോള്‍ ആകെ 150 സീറ്റ് മാത്രം. വര്‍ഷത്തില്‍ ശരാശരി വേക്കന്‍സി മുന്നൂറും! ഇതിലൂടെ യോഗ്യതയുള്ളവരുടെ അഭാവം വര്‍ധിക്കും. പഠിപ്പിക്കാനാളില്ലാതെ വരുമ്പോള്‍ കുട്ടികള്‍ കൊഴിഞ്ഞ് പോവുകയും ചെയ്യും.

1200 മാര്‍ക്കും 240 പ്രവൃത്തി ദിവസവുമുള്ള, മെറിറ്റില്‍ മാത്രം സീറ്റ് നേടാവുന്ന DLEd എന്ന ട്രൈനിംഗ് കോഴ്‌സിനെ 1000 മാര്‍ക്കും 200 പ്രവൃത്തി ദിവസവുമുള്ള BEdന് തുല്യമാക്കി മുന്‍സര്‍ക്കാര്‍. അതുവഴി ഭാഷാധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ പ്രൊമോഷന് അവസരം ഉണ്ടായിരുന്നു. യാതൊരു വിശദീകരണവുമില്ലാതെ ആ ഉത്തരവിനെ പുതിയ സര്‍ക്കാര്‍ റദ്ദ് ചെയ്തു. അതുവഴി ഭാഷാധ്യാപകരുടെ HM പ്രൊമോഷന്‍ ഗവണ്‍മെന്റ് തടയുകയാണ് ചെയ്തിരിക്കുന്നത്.

2019ലെ സര്‍ക്കുലര്‍ പ്രകാരം ഹയര്‍ സെക്കന്ററിയില്‍ മിനിമം കുട്ടികളുടെ എണ്ണം 25 ആക്കിയിരിക്കുന്നു. നേരത്തെ അത് പത്തായിരുന്നു. ഉറുദു, സംസ്‌കൃതം ഭാഷകള്‍ക്ക് ഇപ്പോഴും പത്തു തന്നെയാണ് എന്നിരിക്കെ അറബിയുടെ വിഷയത്തില്‍ വരുത്തിയ ഈ മാറ്റത്തിന്റെ കാരണമെന്താണ്? മലപ്പുറം ജില്ല ഒഴികെ മറ്റു ജില്ലകളില്‍ ഇതുകാരണം ഹയര്‍ സെക്കന്ററിയില്‍ അറബി തസ്തിക ഉണ്ടാവില്ല.

കോളേജുകളില്‍ പുതുതായി തുടങ്ങാനുദ്ദേശിക്കുന്ന ഡിഗ്രി കോഴ്‌സുകളെ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ ബി.എ ഫോറിന്‍ ലാംഗ്വേജസ് എന്ന പുതിയ കോഴ്‌സില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്, റഷ്യന്‍, ജാപ്പനീസ്, അമേരിക്കന്‍ സൈന്‍ ലാംഗ്വേജ്, ജര്‍മന്‍… തുടങ്ങിയ ഭാഷകളെല്ലാം ഉള്‍പെടുത്തിയപ്പോള്‍ ആഗോളതലത്തില്‍  അനന്തസാധ്യതകളുള്ള അറബി അവഗണിക്കപ്പെട്ടിരിക്കുന്നു!

കേരള ചരിത്രത്തില്‍ അറബിഭാഷ പാഠ്യപദ്ധതിയിലേക്ക് കടന്നുവന്ന കാലത്ത് ടൈംടേബിളിന് പുറത്തായിരുന്നു. വലിയ സമ്മര്‍ദത്തിലൂടെയാണ് അകത്ത് പ്രവേശിക്കുന്നത്. അറബിഭാഷയുടെ സാധ്യതയല്ല; ഭരണകൂടത്തിന്റെ നിലനില്‍പായിരുന്നു ബ്രിട്ടീഷുകാര്‍ മുതല്‍ ഇതുവരെയുമുള്ള സര്‍ക്കാറുകളുടെ അറബിയോടുള്ള സമീപനത്തിന്റെ ഇന്ധനമായി വര്‍ത്തിച്ചത്.

മുകളില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കെല്ലാം സാങ്കേതിക മറുപടികള്‍ ആവര്‍ത്തിക്കുന്നതും അറബി ഭാഷയെ ഉള്ളിലേക്കെടുക്കാന്‍ സാധിക്കാത്തതിന്റെ തെളിവാണ്. ദേശീയ വിദ്യാഭ്യാസനയത്തില്‍ ഒളിഞ്ഞിരിക്കുന്ന അറബിഭാഷാവിരുദ്ധ നിലപാടുകൂടി ചേരുമ്പോള്‍ വരുംനാളുകളില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നതില്‍ സംശയമില്ല.

അറബിഭാഷക്ക് നേരെ വരുന്ന അപകട സൈറണുകള്‍ വളരെ ദൂരെനിന്ന് കേള്‍ക്കാന്‍ കെല്‍പുണ്ടായിരുന്ന ബഹു: കരുവള്ളി മുഹമ്മദ് മൗലവി, പി.കെ അഹ്മദലി മദനി, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി തുടങ്ങിയവര്‍ നമ്മെ വിട്ടുപിരിഞ്ഞു. അവര്‍ പൊരുതിനേടിയ അവകാശങ്ങള്‍ അനുഭവിച്ച് സ്വന്തം ജോലിയുടെ സുരക്ഷിതത്വത്തില്‍ ഒതുങ്ങുന്നതിന് പകരം; അറബി ഭാഷയുടെയും അതുയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരിക വ്യക്തിത്വത്തിന്റെയും കാവലാളുകളാവാന്‍ അറബി അധ്യാപക സമൂഹത്തിനാവണം.

അധ്യാപകസംഘടനകള്‍ ഈ രംഗത്ത് ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ സമുദായത്തിന്റെ അജണ്ടയിലേക്ക് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കോവിഡ് പ്രതിസന്ധി അനന്തമായി തുടരുന്നതിനാല്‍ സാധാരണ ക്ലാസുകള്‍  എപ്പോള്‍ ആരംഭിക്കാനാവുമെന്ന് പറയാനാവില്ല. അതുകൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകളുടെ ഷെഡ്യൂളുകളില്‍ ഭാഷകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അറബിയെപ്പോലുള്ള, തൊഴില്‍രംഗത്തും സാമ്പത്തിക വികസന മേഖലയിലും ധാരാളം സാധ്യതകളുള്ള ഭാഷക്ക് കൂടുതല്‍ പരിഗണനയും പ്രാധാന്യവും നല്‍കി കൂടുതല്‍ ഭാഷാ കോഴ്‌സുകള്‍ യൂണിവേഴ്‌സിറ്റികളില്‍ ആരംഭിക്കാനും സര്‍ക്കാര്‍ മുന്നോട്ട് വരണം.

 

ടി.കെ.അശ്‌റഫ്
നേർപഥം വാരിക

പ്രവാചകനിന്ദ: വിവേകമുള്ള മുസ്‌ലിംകള്‍ ചെയ്യേണ്ടത്

പ്രവാചകനിന്ദ: വിവേകമുള്ള മുസ്‌ലിംകള്‍ ചെയ്യേണ്ടത്

പ്രവാചകനിന്ദകരുടെ അജണ്ടകള്‍ പലതാണ്. അത് നൂറ്റാണ്ടുകളായി നടന്നുവരുന്നുമുണ്ട്. തികഞ്ഞ അജ്ഞതയോ അല്ലെങ്കില്‍ അന്ധമായ വിദ്വേഷമോ ആണ് പ്രവാചക നിന്ദയുടെ മൂലകാരണം. പ്രവാചക നിന്ദയുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുകള്‍ കത്തിയിട്ടുണ്ട്. നിരവധിപേര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. കേരളത്തിലും പ്രവാചകനിന്ദ പലതരത്തില്‍ അരങ്ങേറിയിട്ടുണ്ട്.

ബംഗളൂരുവില്‍ പ്രവാചകനെ ﷺ  ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേരാണ് മരണപ്പെട്ടത്. അതിന്റെ പേരില്‍ 150 ഓളം പേര്‍ അറസ്റ്റിലാവുകയും ചെയ്തു. നവീന്‍ എന്ന വ്യക്തിയാണ് ഈ നീചകൃത്യം നടത്തിയത്. അയാളെയും പോലീസ് പിടിച്ചിട്ടുണ്ട്. ഈയൊരു പോസ്റ്റിന്റെ പേരില്‍ പിന്നീട് നഗരത്തില്‍ നടന്നത് അക്ഷരാര്‍ഥത്തില്‍ നായാട്ട് തന്നെയായിരുന്നു. ലക്ഷക്കണക്കിന് രൂപ വിലവരുന്ന വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടു. നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കപ്പെട്ടു.

മനുസ്മൃതിയുടെ ഇരുണ്ട ലോകത്തേക്ക് ഇന്ത്യയെ തിരിച്ചുനടത്താന്‍ റിവേഴ്‌സ് ഗിയറില്‍ ഇന്ത്യയെ ഓട്ടിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫാഷിസ്റ്റുകള്‍ക്ക് കുളംകലക്കാന്‍ നല്ല അവസരമായി. ലോകത്ത് നൂറ്റാണ്ടുകളായി കോടിക്കണക്കിന് മനുഷ്യര്‍ സ്വശരീരത്തെക്കാള്‍ സ്‌നേഹിക്കുന്ന പ്രവാചകനെ ഭത്സിക്കുക എന്നത് വിശ്വാസികളുടെ മനസ്സിനെ വേദനിപ്പിക്കുന്ന കാര്യമാണ് എന്നതില്‍ സംശയമില്ല. അത് അവരുടെ വിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷപ്പുക പ്രസരിപ്പിക്കുന്ന ഇത്തരം വിഷമനസ്സുള്ളവരെ ശിക്ഷിക്കാന്‍ ഇന്ത്യയില്‍ നിലവില്‍ നിയമങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ തെറ്റുചെയ്തവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം.

അതേസമയം, ഈയൊരു പോസ്റ്റിന്റെ പേരില്‍ നടന്ന നായാട്ട് എന്തര്‍ഥത്തിലാണ് ന്യായീകരിക്കപ്പെടുക? ഏതെങ്കിലും ഒരു വികൃത മനസ്സില്‍നിന്ന് പൊട്ടിയൊലിച്ച ചലത്തിന്റെ പേരില്‍ വെകിളിപിടിച്ച് അക്രമാസക്തരായി നിരപരാധികളുടെ സ്വത്തുകള്‍ നശിപ്പിക്കുന്നത് പ്രവാചക സ്‌നേഹം കൊണ്ടാണോ? വിചാരത്തിന്റെ വഴികള്‍ വിട്ട് അവിവേകത്തിന്റെ അവസ്ഥയിലേക്കെത്തുന്നതുകൊണ്ട് ആര്‍ക്കാണ് ഗുണമുണ്ടാവുക? അതിനിടെ സംഗതി സാമുദായിക സംഘര്‍ഷമാവാതിരിക്കാന്‍ സമീപത്തെ ക്ഷേത്രത്തിന് രാത്രി കാവല്‍നിന്ന യുവാക്കളുടെ കരുതല്‍ ഏറെ ശ്രദ്ധ നേടി.

 പ്രവാചകനെ ﷺ  സംരക്ഷിക്കാന്‍ അക്രമത്തിന്റെ വഴികള്‍ സ്വീകരിക്കലും ഒരര്‍ഥത്തില്‍ പ്രവാച നിന്ദ തന്നെയാണ്. ലോകത്തിന് കാരുണ്യമായ തിരുദൂതരുടെ ജീവിതത്തിന്റെ ഏടുകള്‍ മറിച്ച് പഠിക്കേണ്ടത് പ്രവാചകനിന്ദകരെപ്പോലെ ഈ വെകിളിപിടിക്കുന്നവരുടെയും ബാധ്യതയാണ്. തത്ത്വത്തില്‍ രണ്ടു കൂട്ടരും നിന്ദ നടത്തുകയല്ലേ ചെയ്തത്? അവിടെ പൊലിഞ്ഞ മൂന്ന് ജീവനുകള്‍ക്ക് ആര് ഉത്തരം പറയും?

നിന്ദകര്‍ ഒരുപക്ഷേ, ഇന്നല്ലെങ്കില്‍ നാളെ ആ പ്രവാചകന്റെ അനുയായികളായി മാറിയേക്കും. ചരിത്രത്തില്‍ എത്രയോ തെളിവുകളുണ്ടതിന്. ഡെന്മാര്‍ക്കിലെ കാര്‍ട്ടൂണിസ്റ്റിന്റെ അവസ്ഥ വര്‍ത്തമാന സംഭവം മാത്രം. മൂന്ന് കുടുംബത്തെ അനാഥമാക്കിയതിന്റെയും നൂറുകണക്കിന് നിരപരാധികള്‍  ഇതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട് നരകിക്കാന്‍ പോകുന്നതിന്റെയും ഉത്തരവാദിത്തം  പ്രവാചക സ്‌നേഹത്തിന്റെ ഏത് പേജിലാണ് എഴുതിച്ചേര്‍ക്കുക?

വിമര്‍ശകരോട് സ്‌നേഹത്തോടെ സംവദിക്കാനുള്ള മനസ്സാണ് കാര്യങ്ങളെ വികാരത്തോടെ സമീപിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ടത്. പ്രവാചകനെ ﷺ  പഠിക്കാന്‍ ശ്രമിക്കുന്ന വക്രതയില്ലാത്ത എല്ലാ മനസ്സുകളും അദ്ദേഹത്തെ സ്വീകരിക്കും; അല്ലാഹു ഉദ്ദേശിച്ചാല്‍. അത്രയും കാരുണ്യമാണ് സ്വജീവിതത്തില്‍ അദ്ദേഹം കാണിച്ചിട്ടുള്ളത്.

പ്രവാചകന്റെ അടിവയറ്റില്‍ കുത്തിയിറക്കാന്‍ വിഷംപുരട്ടിയ കഠാരയുമായി മക്കയില്‍നിന്ന് മദീനയിലെത്തിയ ഉമൈര്‍ എന്ന വ്യക്തിയെ, തന്നെ വധിക്കാന്‍ വന്നതാണ് എന്ന് ബോധനം ലഭിച്ചിട്ടും സ്‌നേഹത്തോടെ അരികില്‍ വിളിച്ച് നെഞ്ചില്‍ തടവിയ പ്രവാചകനെ ﷺ  ലോകം കണ്ടിട്ടുണ്ട്.

 തന്നെ നാട്ടില്‍നിന്ന് പുറത്താക്കിയ മക്കക്കാര്‍ പട്ടിണിയിലാണെന്നറിഞ്ഞപ്പോള്‍, അവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഏര്‍പ്പാടു ചെയ്ത നേതാവിനെ നാം ലോകത്തിന് കാണിച്ചു കൊടുക്കണ്ടേ?

ദിനേനയെന്നോണം പ്രവാചകനിന്ദ നടത്തിയിരുന്ന അബൂഹുറയ്‌റ(റ)യുടെ മാതാവിനു വേണ്ടി പ്രാര്‍ഥിച്ച തിരുദൂതരുടെ മാര്‍ഗം നമുക്ക് വിസ്മരിക്കാനാവുമോ?

 യുദ്ധവേളയില്‍ പോലും ഖൈബറിലെ ഒരു ജൂതസ്ത്രീ നല്‍കിയ ഭക്ഷണം സ്വീകരിച്ച നബിമാതൃക ലോകം വായിച്ചത് അത്യത്ഭുതത്തോടെയല്ലേ?

ശത്രുവായ ജൂതന്റെ മകന്‍ രോഗിയാണെന്നറിഞ്ഞപ്പോള്‍ അവരെ സന്ദര്‍ശിക്കാന്‍ പ്രവാചകന്‍ ﷺ  പോയത് എന്താണ് നമുക്ക് നല്‍കുന്ന സന്ദേശം?

ബഹുദൈവവിശ്വാസിയായ മാതാവ് തന്നെ കാണാന്‍ മദീനയിലെത്തുന്നു എന്നറിഞ്ഞ അസ്മാ(റ) യോട് നിന്റെ മാതാവിനെ മാന്യമായി സ്വീകരിക്കുക എന്നു പഠിപ്പിച്ച തിരുമേനിയുടെ ചര്യ ആരാണ് അനുഷ്ഠിക്കേണ്ടത്?

തന്നെ വധിക്കാന്‍വരെ പദ്ധതിയിട്ട ശത്രുക്കള്‍ ഒന്നടങ്കം മക്കാവിജയസമയത്ത് തന്റെ മുന്നിലെത്തിയിട്ടും അവരോട് പ്രതികാരം തീര്‍ക്കാത്ത പ്രവാചകന്റെ അനുയായികള്‍ക്ക് എങ്ങനെയാണ് പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ വിവേചനബുദ്ധി നഷ്ടപ്പെട്ട് തെരുവിലിറങ്ങി പന്തങ്ങള്‍ക്ക് തിരികൊളുത്താനാവുക?

പ്രവാചകനെ ഏറെ ഭത്സിച്ചിരുന്ന ദൗസ് ഗോത്രക്കാര്‍ക്കെതിരെ പ്രാര്‍ഥിക്കണമെന്ന് അനുയായികള്‍ വന്ന് പറഞ്ഞപ്പോള്‍, വാനലോകത്തേക്ക് വദനം തിരിച്ച് സന്മാര്‍ഗത്തിന്റെ വെളിച്ചം അവര്‍ക്കു നല്‍കണേ എന്നു പ്രാര്‍ഥിച്ച നേതാവല്ലേ മുഹമ്മദ് നബി ﷺ ?

ത്വാഇഫില്‍നിന്ന് തന്നെ കല്ലെറിഞ്ഞോടിച്ചവര്‍ക്കുവേണ്ടി നന്മ ആഗ്രഹിച്ച ആ തിരുദൂതരുടെ പാത കാരുണ്യത്തിന്റെതു മാത്രമാണ്.

മുകളില്‍ കുറിച്ച കാര്യങ്ങള്‍ പ്രവാചക ജീവിതത്തിലെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സാഗരത്തിലെ ചില തുള്ളികള്‍ മാത്രമാണ്.

ഈ പ്രവാചകനെ പഠിച്ചറിഞ്ഞ ഒരാളും അദ്ദേഹത്തെ നിന്ദിക്കില്ല. അതിനാല്‍ നിന്ദകര്‍ക്കും പ്രവാചകനെ പഠിപ്പിക്കലാവണം നമ്മുടെ അജണ്ട. വൈകാരികതയുടെ പ്രത്യാഘാതങ്ങള്‍ പ്രവചിക്കാനാവാത്തതാണ്. രമ്യതയാണ് പ്രവാചക വിപ്ലവത്തിന്റെ വിജയ രഹസ്യം.

‘നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍നിന്നും അവര്‍ പിരിഞ്ഞുപോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്കുവേണ്ടി പാപമോചനം തേടുകയും ചെയ്യുക” (ക്വുര്‍ആന്‍ 3:159).

”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവുംനല്ലത് ഏതോ അതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല” (ക്വുര്‍ആന്‍ 41:34,35).

ക്വുര്‍ആന്‍ സൂക്തങ്ങളും പ്രവാചക ചര്യയുമാണ് നമ്മുടെ നിലപാടുകള്‍ നിര്‍ണയിക്കേണ്ടത്. ഫാഷിസ്റ്റുകളുടെ ഒളിയജണ്ടകള്‍ നടപ്പിലാക്കാനുള്ള വഴിയൊരുക്കാന്‍ വിവേകമുള്ള മുസ്‌ലിംകള്‍ക്ക് എങ്ങനെയാണ് സാധിക്കുക?

അബ്ദുല്‍ മാലിക് സലഫി
നേർപഥം വാരിക

മനുഷ്യന്റെ മുഖ്യശത്രു

മനുഷ്യന്റെ മുഖ്യശത്രു

7. മനുഷ്യന്റെ കൂടെ ശത്രുവുണ്ട്

തന്റെമേല്‍ അര്‍പ്പിതമായ ബാധ്യതകള്‍ കഴിയുംവിധത്തില്‍ പാലിച്ചുജീവിക്കുന്നവര്‍ക്കാണ് പരലോകരക്ഷയുള്ളത് എന്നാണ് ക്വുര്‍ആന്‍ മനുഷ്യനെ പഠിപ്പിക്കുന്നത്. എന്നാല്‍ ഈ രക്ഷയിലേക്കുള്ള മാര്‍ഗം അത്ര എളുപ്പമുള്ളതല്ല. കാരണം നല്ലതും ചീത്തയും തെരഞ്ഞെടുക്കാനുള്ള വിവേചനശക്തി നല്‍കിയ അല്ലാഹു മനുഷ്യന്റെ ഈ ഇഹലോകജീവിതത്തെ ഒരു പരീക്ഷണകാലമായിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്:

”നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 67:2).

ആദം നബിൗയെ അല്ലാഹു സൃഷ്ടിച്ചതും സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചതും പിന്നീട് ആദമിനെയും ഇണയെയും തന്റെ പ്രഥമ ശത്രുവായ പിശാച് വഴിതെറ്റിച്ചതും അങ്ങനെ എല്ലാവരെയും ഇഹലോകത്തേക്ക് ജീവിക്കാന്‍ വിട്ടതും ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. പിശാച് ഭൂമിയില്‍ മനുഷ്യസമൂഹത്തെ സന്മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിക്കാന്‍ കഴിവതും ശ്രമിച്ചുകൊണ്ടിരിക്കുമെന്നും ക്വുര്‍ആന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

”തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍ പ്രണമിച്ചു; ഇബ്‌ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല. അവന്‍ (അല്ലാഹു) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ് ചെയ്യാതിരിക്കാന്‍ നിനക്കെന്ത്തടസ്സമായിരുന്നു? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍ (ആദമിനെക്കാള്‍) ഉത്തമനാകുന്നു. എന്നെ നീ അഗ്‌നിയില്‍ നിന്നാണ് സൃഷ്ടിച്ചത്. അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍നിന്നും. അവന്‍ (അല്ലാഹു) പറഞ്ഞു: നീ ഇവിടെനിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക് അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു” (ക്വുര്‍ആന്‍ 7:11-13).

മനുഷ്യന്റെ തുടക്കത്തില്‍ അദൃശ്യലോകത്തുണ്ടായ സംഭവമാണ് ക്വുര്‍ആന്‍ സൂചനയായി വിവരിച്ചത്. മനുഷ്യസൃഷ്ടിയുടെ ആരംഭത്തോടൊപ്പം തന്നെ അവനൊരു ശത്രുകൂടി ഉണ്ടായിരിക്കുന്നു എന്ന് വ്യക്തമാണ്. ആ ശത്രുവാണ് ഇബ്‌ലീസ്. മനുഷ്യനോടുള്ള സമീപനത്തില്‍ ഇബ്‌ലീസിന്റെ നിലപാട് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:

”അവന്‍ (ഇബ്‌ലീസ്) പറഞ്ഞു: മനുഷ്യര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസംവരെ നീ എനിക്ക് അവധിനല്‍കേണമേ. അവന്‍ (അല്ലാഹു) പറഞ്ഞു: തീര്‍ച്ചയായും നീ അവധി നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു. അവന്‍ (ഇബ്‌ലീസ്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായപാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട് അവരുടെ മുന്നിലൂടെയും അവരുടെ പിന്നിലൂടെയും അവരുടെ വലതുഭാഗങ്ങളിലൂടെയും ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുകതന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല” (ക്വുര്‍ആന്‍ 7:14-17).

ഇതാണ് മനുഷ്യന്റെ അവസ്ഥ! ബുദ്ധിയും വിവേചനശേഷിയും ജ്ഞാനവും എല്ലാമുണ്ടെങ്കിലും ശക്തനായ ഒരു ശത്രു അവനെ എപ്പോഴും പിന്തുടരുന്നുണ്ട്. മനുഷ്യന്റെ രക്തംസഞ്ചരിക്കുന്ന ഇടങ്ങളില്‍പോലും സഞ്ചരിക്കാന്‍ കഴിയുന്ന ശത്രുവാണവന്‍. ആ ശത്രുവലയില്‍നിന്ന് രക്ഷപ്പെടാന്‍ ചുരുക്കമാളുകള്‍ക്കേ കഴിയൂ. പരമ വഞ്ചകനാണവന്‍:

”…നിങ്ങളുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില്‍ നിങ്ങളില്‍ അല്‍പം ചിലരൊഴികെ പിശാചിനെ പിന്‍പറ്റുമായിരുന്നു” (ക്വുര്‍ആന്‍ 4:83).

മനുഷ്യന്റെ ജന്മശത്രുവായ പിശാച് അല്ലാഹുവിനെ വെല്ലുവിളിച്ചുകൊണ്ടാണ് പിഴപ്പിക്കാനിറങ്ങിയത്. എല്ലാവിധ തിന്മകള്‍ക്കും മാനസികപ്രേരണ നല്‍കുന്നത് അവനാണ് എന്ന് ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. ഒരു സത്യവിശ്വാസിയുെട ജീവിതം മുഴുക്കെ പിശാചുമായുളള സംഘട്ടനത്തിലാണ്. എപ്പോഴും താന്‍ സമ്പൂര്‍ണനാണെന്നും തെറ്റുപറ്റുകയില്ലെന്നുമുള്ള അഹങ്കാരബോധം മനുഷ്യമനസ്സില്‍ ജനിപ്പിക്കുകയാണവന്‍ ചെയ്യുക. അതോടെ സ്വയം തിരുത്തുവാനോ പാപമോചനം (ഇസ്തിഗ്ഫാര്‍) തേടാനോ മനുഷ്യന് തോന്നുകയില്ല. താന്‍ ചെയ്യുന്നത് തന്നെ ശരി എന്ന വിചാരം അവനെ പിടികൂടും.

‘പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായിതോന്നിച്ചു’ എന്ന് ക്വുര്‍ആനില്‍ പലയിടങ്ങളിലും കാണാം. അല്ലാഹുവിനോട് പിശാച് തര്‍ക്കിക്കുന്ന കാര്യം ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

”അവന്‍ പറഞ്ഞു: എന്നെക്കാള്‍ നീ ആദരിച്ചിട്ടുള്ള ഇവനാരെന്ന് നീ എനിക്ക് പറഞ്ഞുതരൂ. തീര്‍ച്ചയായും ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ നീ എനിക്ക് അവധി നീട്ടിത്തരുന്ന പക്ഷം, ഇവന്റെ സന്തതികളില്‍ ചുരുക്കം പേരൊഴിച്ച് എല്ലാവരെയും ഞാന്‍ കീഴ്‌പെടുത്തുക തന്നെ ചെയ്യും” (17:62).

”അവന്‍ (അല്ലാഹു) പറഞ്ഞു: നീ പോയിക്കൊള്ളൂ. അവരില്‍നിന്ന് വല്ലവരും നിന്നെ പിന്തുടരുന്ന പക്ഷം നിങ്ങള്‍ക്കെല്ലാമുള്ള പ്രതിഫലം നരകം തന്നെയായിരിക്കും. അതെ; തികഞ്ഞ പ്രതിഫലം തന്നെ” (17:63).

”അവരില്‍ നിന്ന് നിനക്ക് സാധ്യമായവരെ നിന്റെ ശബ്ദം മുഖേന നീ ഇളക്കിവിട്ടുകൊള്ളുക. അവര്‍ക്കെതിരില്‍ നിന്റെ കുതിരപ്പടയെയും കാലാള്‍പ്പടയെയും നീ വിളിച്ചുകൂട്ടുകയും ചെയ്തുകൊള്ളുക. സ്വത്തുക്കളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്കുചേരുകയും അവര്‍ക്കു നീ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തുകൊള്ളുക. പിശാച് അവരോട് ചെയ്യുന്ന വാഗ്ദാനം വഞ്ചന മാത്രമാകുന്നു” (17:64).

മതബോധത്തെയും ഭക്തിയെയും കൂട്ടിക്കെട്ടി, ശിര്‍ക്കും (അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍) ബിദ്അത്തും (അനാചാരങ്ങള്‍) കൂട്ടിക്കലര്‍ത്തി പ്രതിഫലം നഷ്ടപ്പെടുത്തുക എന്നതാണ് വിശ്വാസികളെകൊണ്ട് പിശാച് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചന.

”(നബിയേ) പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക്പറഞ്ഞുതരട്ടെയോ? ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നതാണ്.” (18:103,104)

”(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ? അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്.” (88:1-4).

മനുഷ്യനില്‍ പിശാചിന്റെ സ്വാധീനം വ്യാപകമായതുകൊണ്ടാണ് പിശാചില്‍നിന്നുള്ള രക്ഷതേടല്‍ ജീവിതത്തില്‍ എല്ലായ്‌പ്പോഴും ചെയ്യാന്‍ അല്ലാഹുവും റസൂലും കല്‍പിച്ചത്.

”നീ പറയുക: എന്റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു. അവര്‍ (പിശാചുക്കള്‍) എന്റെ അടുത്ത് സന്നിഹിതരാകുന്നതില്‍നിന്നും എന്റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു” (23:97,98).

”പിശാചില്‍നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും” (41:36).

”നീ ക്വുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍നിന്ന് അല്ലാഹുവോട്ശരണം തേടിക്കൊള്ളുക” (16:98).

പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാണെന്നും അവനെ എപ്പോഴും ഒരു ശത്രുവായിത്തന്നെ നിങ്ങള്‍ കാണണമെന്നും ക്വുര്‍ആന്‍ കല്‍പിച്ചിരിക്കുന്നു:

”സത്യവിശ്വാസികളേ, നിങ്ങള്‍ പരിപൂര്‍ണമായി കീഴ്‌വണക്കത്തില്‍ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു” (2:208).

”തീര്‍ച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടി മാത്രമാണ്” (35:6).

മനുഷ്യന്റെ വികാരവിചാരങ്ങളെവരെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു മുഖ്യശത്രുവിന്റെ നിത്യസാന്നിധ്യത്തെപ്പറ്റി മനുഷ്യന്‍ സദാ ബോധവാനാകണമെന്നാണ് ഇവ നമ്മെ പഠിപ്പിക്കുന്നത്. അവസാനം പരലോകത്തെത്തുമ്പോള്‍ പിശാച് തന്റെ യഥാര്‍ഥ നിറം പ്രകടിപ്പിക്കുന്നത് ക്വുര്‍ആനില്‍ അല്ലാഹു വിവരിക്കുന്നു:

”കാര്യം തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്: തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു; സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെമേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്നുമാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക്‌നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്” (14:22).

8. മനുഷ്യന്‍ മനക്കരുത്തുള്ളവന്‍

ഏതു മഹാശത്രുവിന്റെ മുമ്പിലും, ഏതു അപകടമുഖത്തും ഉറച്ചുനില്‍ക്കാന്‍ മനുഷ്യന്ന് കഴിയുമെന്ന് പല സന്ദിഗ്ധ ഘട്ടങ്ങളിലെയും മനുഷ്യന്റെ ശക്തമായ നിലപാടുകളുദ്ധരിച്ചുകൊണ്ട് ക്വുര്‍ആന്‍ വെളിപ്പെടുത്തുന്നുണ്ട്. ഈമാന്‍ (വിശ്വാസം) ദൃഢമാണെങ്കില്‍ അവന്‍ പേടിക്കുകയില്ല. നിരാശപ്പെടുകയില്ല. ആദര്‍ശം അടിയറവുവെക്കുകയില്ല. മലപോലെ ഉറച്ചുനില്‍ക്കാന്‍ അവന്നു മനക്കരുത്തുണ്ടായിരിക്കും. ആദമിന്റെ രണ്ടു മക്കള്‍ (ഇവരുടെ പേര് ഹാബീല്‍ എന്നും ഖാബീല്‍ എന്നും ആയിരുന്നുവെന്ന് മിക്ക വ്യാഖ്യാതാക്കളും പറഞ്ഞിട്ടുണ്ട്) തമ്മിലുണ്ടായ സംഭാഷണം ക്വുര്‍ആന്‍ ഉദ്ധരിക്കുന്നത് കാണുക:

”എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്റെ നേരെ കൈനീട്ടിയാല്‍തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു” (5:28).

തെറ്റുകാരനായ സഹോദരനോട് പ്രതികാരത്തിന്ന് മുതിരാതെ റബ്ബിനെ ഭയപ്പെടുന്നു എന്നു പറഞ്ഞ് മാറിനില്‍ക്കുന്ന ഒരു ആദ്യമനുഷ്യനെയാണിവിടെ നാം കാണുന്നത്.

”ആ കിടങ്ങിന്റെ ആള്‍ക്കാര്‍ നശിച്ചു പോകട്ടെ. അതായത് വിറകുനിറച്ച തീയുടെ ആള്‍ക്കാര്‍. അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം. സത്യവിശ്വാസികളെക്കൊണ്ട് തങ്ങള്‍ ചെയ്യുന്നതിന്അവര്‍ ദൃക്സാക്ഷികളായിരുന്നു. പ്രതാപശാലിയും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ അവര്‍ (മര്‍ദകര്‍) ചുമത്തിയ കുറ്റം” (85:4-8).

സത്യവിശ്വാസം സ്വീകരിച്ച ഒരുകൂട്ടം ആളുകളെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി അവിശ്വാസികള്‍ ഒരുക്കിയ തീ കുണ്ഡത്തിനു മുമ്പില്‍ പതറാതെ രക്തസാക്ഷിത്വംവഹിച്ച ജനങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്. വിശ്വാസികള്‍ തീയില്‍ കിടന്ന് വെന്തുമരിക്കുന്നത് ആ മര്‍ദകര്‍ കണ്ടാസ്വദിക്കുകയായിരുന്നു. പൂര്‍വകാലത്തുണ്ടായ ഒരു സംഭവമാണിവിടെ സൂചിപ്പിക്കുന്നത്.

”എത്രയെത്ര പ്രവാചകന്‍മാരോടൊപ്പം അനേകം ദൈവദാസന്‍മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്. എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നുകൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൗര്‍ബല്യം കാണിക്കുകയോ ഒതുങ്ങിക്കൊടുക്കുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്‌നേഹിക്കുന്നു” (3:146).

”അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍(വിശ്വാസികള്‍)ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്” (2:214).

വളരെ നിസ്സാരമായ പ്രലോഭനങ്ങള്‍ക്കു മുമ്പില്‍ അടിപതറുന്ന ദുര്‍ബലനായ മനുഷ്യനെയും, അതേയവസരം അതിഭീകരമായ പ്രതിസന്ധികള്‍ക്കു മുമ്പില്‍ അടിയുറച്ചുനില്‍ക്കുന്ന ശക്തനായ മനുഷ്യനെയും ക്വുര്‍ആന്‍ പരിചയപ്പെടുത്തിത്തരുന്നു. എന്നിട്ട് നാമെന്തുവേണമെന്ന് അല്ലാഹു പറയുന്നു:

”മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു” (91:7-10).

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

മനുഷ്യ സമത്വം

മനുഷ്യ സമത്വം

മനുഷ്യസമൂഹം എക്കാലത്തും അനുഭവിച്ച പല പ്രശ്‌നങ്ങൡലൊന്നാണ് സാമൂഹ്യഅസമത്വം. വര്‍ഗം, വര്‍ണം, ഗോത്രം, സമ്പത്ത് തുടങ്ങിയ കാര്യങ്ങളില്‍ വേര്‍തിരിവുകളും അതിക്രമങ്ങളുമുണ്ടായി. ഇന്നും അതു തുടരുന്നു.

എന്നാല്‍ മനുഷ്യനെ ക്വുര്‍ആന്‍ അല്ലാഹുവിന്റെ അടിമ എന്ന ഏകകത്തിലാണ് കാണുന്നത്. എല്ലാവരും അല്ലാഹുവിന്റെ സൃഷ്ടികളാണ്. എല്ലാവര്‍ക്കും പല സവിശേഷതകളും അല്ലാഹു നല്‍കിയതിന്ന് അവന്‍ പല യുക്തിയും കണ്ടിട്ടുണ്ടാവാം. പരസ്പരം തിരിച്ചറിയാനുള്ള ഒരു ഉപാധിയായി മാത്രം മനുഷ്യന്‍ അതിനെ മനസ്സിലാക്കിയാല്‍ മതി. ഭക്തിയോടുകൂടി ജീവിക്കുന്നവരാരോ അവരെയാണ് അല്ലാഹു ഇഷ്ടപ്പെടുക. അവര്‍ക്കു മാത്രമാണ് ശാശ്വത രക്ഷ:

”ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ക്വുര്‍ആന്‍ 49:13).

ലിംഗം, വര്‍ഗം, വര്‍ണം തുടങ്ങിയ പ്രകൃതിദത്തമായ വൈവിധ്യങ്ങള്‍ക്കുപുറമെ സമ്പന്നത, കായികശേഷി, ജ്ഞാനം തുടങ്ങിയ ആര്‍ജിതകാര്യങ്ങളിലും മനുഷ്യര്‍ക്കിടയില്‍ വൈവിധ്യങ്ങളുണ്ട്. അവയെ പരസ്പരം കൈമാറാന്‍ അല്ലാഹു കല്‍പിച്ചു.

”…പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു” (ക്വുര്‍ആന്‍ 5:2).

”സത്യവിശ്വാസികളേ, ക്രയവിക്രയമോ സ്‌നേഹബന്ധമോ ശിപാര്‍ശയോ നടക്കാത്ത ഒരു ദിവസം വന്നെത്തുന്നതിനു മുമ്പായി, നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ളതില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുവിന്‍. സത്യനിഷേധികള്‍ തന്നെയാകുന്നു അക്രമികള്‍” (ക്വുര്‍ആന്‍ 2:254).

ഭരണപരമായ ബാധ്യതകള്‍, അവകാശങ്ങള്‍, നിയമങ്ങള്‍, നീതിന്യായ നടപടികള്‍, ശിക്ഷാവിധികള്‍ എന്നീ കാര്യങ്ങളില്‍ വര്‍ഗ, വര്‍ണത്തിന്റെ പേരിലുള്ള അസ്പൃശ്യതകള്‍ ഇസ്‌ലാം നിരാകരിച്ചു. കറുത്ത അടിമവംശജരും ക്വുറൈശി പ്രമുഖരും റോമന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളിലെ കുലപതികളും ഇസ്‌ലാമിലേക്ക് വന്നപ്പോള്‍ ഒരേതരം പൗരത്വമാണ് നബി ﷺ  അവര്‍ക്ക് അനുവദിച്ചുകൊടുത്തത്. മോഷ്ടിച്ചത് മുഹമ്മദിന്റെ മകളാണെങ്കില്‍ പോലും ശിക്ഷ ഒരുപോലെ നടപ്പിലാക്കുമെന്ന് നബി ﷺ  പ്രഖ്യാപിച്ചത്, ക്വുര്‍ആന്‍ മനുഷ്യനെ എങ്ങനെ കാണുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്.

സമ്പത്ത് മനുഷ്യനന്മക്ക്

സമ്പത്ത് അല്ലാഹു നല്‍കിയ അനുഗ്രഹമാണെന്നും അത് മഹത്ത്വത്തിന്റെ മാനദണ്ഡമല്ലെന്നും ക്വുര്‍ആന്‍ പഠിപ്പിക്കുന്നു. ചരിത്രത്തില്‍ വന്‍ശിക്ഷക്ക് വിധേയരായി നാശമടഞ്ഞവരില്‍ അധികപേരും വമ്പന്‍ സമ്പന്നന്മാരായിരുന്നു.

”നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല…”(ക്വുര്‍ആന്‍ 34:37).

മനുഷ്യന്‍ സമ്പത്തിനോട് അത്യാര്‍ത്തി കാണിക്കുന്ന പ്രകൃതക്കാരനാണെന്ന് പറയുന്നതോടൊപ്പം അതിനോട് ഒരു വിശ്വാസിയുടെ നിലപാട് വ്യക്തമായി ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്:

1. സമ്പത്ത് മനുഷ്യര്‍ക്ക് പരീക്ഷണമാണ്

”നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 8:28).

”ഭാര്യമാര്‍, പുത്രന്മാര്‍, കൂമ്പാരമായിക്കൂട്ടിയ സ്വര്‍ണം, വെള്ളി, മേത്തരം കുതിരകള്‍, നാല്‍കാലി വര്‍ഗങ്ങള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്ടപ്പെട്ട വസ്തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക്അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോകജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു (മനുഷ്യര്‍ക്ക്) ചെന്നുചേരാനുള്ള ഉത്തമസങ്കേതം” (ക്വുര്‍ആന്‍ 3:14).

2. സമ്പത്ത് വഴിതെറ്റിക്കും

സമ്പത്തിനെ മനുഷ്യന്റെ ‘നിലനില്‍പ്’ എന്നും ‘നന്മ’ (ഖൈര്‍) എന്നും ക്വുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്:

”അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ചുതന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ടുകൊടുക്കരുത്…” (ക്വുര്‍ആന്‍ 4:5).

”തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്‌നേഹം കഠിനമായവനാകുന്നു” (ക്വുര്‍ആന്‍ 100:8).

എന്നാല്‍ അത് നാശത്തിലേക്ക് നയിക്കുമെന്ന് താക്കീത് നല്‍കിയിട്ടുമുണ്ട്: ”നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായിത്തീരുന്നു. തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍”(ക്വുര്‍ആന്‍ 96:6-7).

 

”അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല”(ക്വുര്‍ആന്‍ 111:1-2).

”കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്. അവന്റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു” (ക്വുര്‍ആന്‍ 104:1-3).

3. പിശുക്ക്, അഹങ്കാരം, നാട്യം

സമ്പത്ത് അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് മാത്രം നേടുന്നതാണ്. അതുകൊണ്ട് തന്നെ അതിന്റെ ഒരു വിഹിതം പാവങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. പിശുക്ക് സഹജവാസനയാണെങ്കിലും അതുപേക്ഷിക്കണം.

”…പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല. പിശുക്ക് കാണിക്കുകയും പിശുക്കുകാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍” (ക്വുര്‍ആന്‍ 4:36,37).

”അല്ലാഹു അവന്റെ അനുഗ്രഹത്തില്‍നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനംകൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ മാല ചാര്‍ത്തപ്പെടുന്നതാണ്…”(ക്വുര്‍ആന്‍ 3:180).

”അന്യായമായി നിങ്ങള്‍ അന്യോന്യം സ്വത്തുക്കള്‍ തിന്നരുത്. അറിഞ്ഞുകൊണ്ടുതന്നെ, ആളുകളുടെ സ്വത്തുക്കളില്‍നിന്ന് വല്ലതും അധാര്‍മികമായി നേടിയെടുത്തു തിന്നുവാന്‍വേണ്ടി നിങ്ങളതുമായി വിധികര്‍ത്താക്കളെ സമീപിക്കുകയും ചെയ്യരുത്” (ക്വുര്‍ആന്‍ 2:188).

4. സമ്പത്ത് അനുഗ്രഹം, രക്ഷാമാര്‍ഗം

നൂഹ് നബി(അ) പറഞ്ഞതായി അല്ലാഹു പറയുന്നു: ”അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളുംകൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും”(ക്വുര്‍ആന്‍ 71:10-12).

”നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും…” (ക്വുര്‍ആന്‍ 14:7).

”നീ പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് തന്റെ ദാസന്‍മാരില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലമാക്കുകയും താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ”(ക്വുര്‍ആന്‍ 34:39).

 

5. ധനസംരക്ഷണം, മിതവ്യയം

”അല്ലാഹു നിങ്ങളുടെ നിലനില്‍പിന്നുള്ള മാര്‍ഗമായി നിശ്ചയിച്ചുതന്നിട്ടുള്ള നിങ്ങളുടെ സ്വത്തുക്കള്‍ നിങ്ങള്‍ വിവേകമില്ലാത്തവര്‍ക്ക് കൈവിട്ടുകൊടുക്കരുത്…”(ക്വുര്‍ആന്‍ 4:5).

”ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായമാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍ (പരമകാരുണികന്റെ ദാസന്മാര്‍)” (ക്വുര്‍ആന്‍ 25:67).

ഒരാളുടെ സമ്പത്തില്‍ നിന്ന് വര്‍ഷത്തിലൊരിക്കല്‍ തന്റെ ജീവിതച്ചെലവു കഴിഞ്ഞ് മിച്ചമുള്ളതിന്റെ രണ്ടരശതമാനം മാത്രമാണ് നിര്‍ബന്ധമായി ദാനംചെയ്യാന്‍ കല്‍പനയുള്ളത്. ബാക്കി തൊണ്ണൂറ്റി ഏഴര ശതമാനവും ഉടമക്കുതന്നെയുള്ളതാണ്. എന്നാല്‍ അനിവാര്യഘട്ടങ്ങളില്‍ എത്ര കൂടുതല്‍ ധര്‍മം ചെയ്താലും വമ്പിച്ച പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു.

”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴു കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്” (ക്വുര്‍ആന്‍ 2:261).

അല്ലാഹുവിങ്കല്‍നിന്ന് പുണ്യം പ്രതീക്ഷിച്ച് തന്റെ വിലപിടിച്ച സമ്പത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും ധര്‍മംചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ച സഅദ്ബ്‌നു അബീവക്വാസ്വി(റ)നെ അത്രയധികം ധര്‍മം ചെയ്യുന്നത് നബി ﷺ  നിരുത്സാഹപ്പെടുത്തി. മൂന്നിലൊന്ന് ധര്‍മം ചെയ്യാന്‍ അനുമതികൊടുത്തു. ധനം തന്റെ ശേഷക്കാര്‍ക്ക് കരുതിവെക്കണമെന്നു കൂടി ഈ സംഭവം പഠിപ്പിക്കുന്നുണ്ട്.

6. സാമൂഹ്യസുരക്ഷ ധര്‍മത്തില്‍കൂടി

നിര്‍ബന്ധമായി കൊടുക്കേണ്ട സകാത്തിന്റെ വിഹിതം നിര്‍ണയിച്ചതോടൊപ്പം, ഉള്ളവരോട് കയ്യയച്ച് ധര്‍മംചെയ്യാന്‍ ക്വുര്‍ആന്‍ ഏറെ പ്രേരണനല്‍കി. സത്യസന്ധമായ വിശ്വാസത്തിന്റെ ലക്ഷണമായി അല്ലാഹു ദാനധര്‍മത്തെ വിശേഷിപ്പിച്ചു:

”നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നതുവരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു”(ക്വുര്‍ആന്‍ 3:92)

ഭക്തജനങ്ങളെ വിശേഷിപ്പിച്ച കൂട്ടത്തില്‍ ക്വുര്‍ആന്‍ വിവരിച്ചു: ”അവരുടെ സ്വത്തുക്കളിലാകട്ടെ ചോദിക്കുന്നവന്നും (ഉപജീവനം) തടയപ്പെട്ടവന്നും ഒരു അവകാശമുണ്ടായിരിക്കുകയും ചെയ്യും”(ക്വുര്‍ആന്‍ 51:19).

 

”ആകാശങ്ങളുടെയും ഭൂമിയുടെയും അനന്തരാവകാശം അല്ലാഹുവിനുള്ളതായിരിക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കാന്‍ നിങ്ങള്‍ക്കെന്താണ് ന്യായം? നിങ്ങളുടെ കൂട്ടത്തില്‍നിന്നു (മക്കാ) വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കുവഹിക്കുകയും ചെയ്തവരെക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്‍ക്കും ഏറ്റവും നല്ല പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു”(ക്വുര്‍ആന്‍ 57:10).

7. സകാത്ത്, സമ്പത്തിന്റെ ശുദ്ധീകരണം

വ്യക്തിയും സ്രഷ്ടാവും തമ്മിലുള്ള നിത്യബന്ധം നിലനിര്‍ത്തുന്ന നമസ്‌കാരത്തെയും വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്ന സകാത്തിനെയും ഒപ്പമാണ് (നിങ്ങള്‍ നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് കൊടുക്കുക) ക്വുര്‍ആനില്‍ പല സ്ഥലത്തും പരാമര്‍ശിച്ചിട്ടുള്ളത്.

മുസ്‌ലിംകളിലെ സമ്പന്നന്മാരില്‍നിന്ന് വാങ്ങി മുസ്‌ലിംകളിലെ ദരിദ്രര്‍ക്ക് നല്‍കുന്ന ഒരു പ്രത്യേക സാമൂഹ്യ സംവിധാനമാണത്. സകാത്ത് നല്‍കാത്തവന്റെ ഇസ്‌ലാം പൂര്‍ണമാവുകയില്ല. ഒരാള്‍ക്ക് സകാത്ത് നിര്‍ബന്ധമാവണമെങ്കില്‍ വേണ്ട സമ്പത്തിന്റെ പരിധിയും കാലവും സകാത്തിന്റെ നിശ്ചിത വിഹിതവും, അത് നല്‍കേണ്ട അവകാശികളെയും അല്ലാഹു നിര്‍ണയിച്ചിട്ടുണ്ട്. അതിന്റെ പ്രായോഗികരൂപം നബി ﷺ  വിവരിക്കുകയും ചെയ്തിട്ടുണ്ട്.

”സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. തങ്ങളുടെ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരായ, അനാവശ്യകാര്യത്തില്‍നിന്ന് തിരിഞ്ഞുകളയുന്നവരുമായ, സകാത്ത് നിര്‍വഹിക്കുന്നവരുമായ” (ക്വുര്‍ആന്‍ 23:1-4).

”എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്നപക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകള്‍ക്കുവേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു”(ക്വുര്‍ആന്‍ 9:11).

”അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും അവര്‍ക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാര്‍ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്റെ പ്രാര്‍ഥന അവര്‍ക്ക് ശാന്തിനല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 9:103).

കേവലം ഒരു സാമൂഹ്യസേവനത്തിന്നു വേണ്ടിയുള്ള ഫണ്ടല്ല ഇസ്‌ലാമിലെ സകാത്ത്. അതിന്റെ അവകാശികളായി എട്ടുവിഭാഗത്തെ ക്വുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്:

”സകാത്ത് മുതലുകള്‍ (നല്‍കേണ്ടത്) ദരിദ്രന്മാര്‍ക്കും അഗതികള്‍ക്കും അതിന്റെ കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും (ഇസ്‌ലാമുമായി) മനസ്സുകള്‍ ഇണക്കപ്പെട്ടവര്‍ക്കും അടിമകളുടെ (മോചനത്തിന്റെ) കാര്യത്തിലും കടംകൊണ്ട് വിഷമിക്കുന്നവര്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തിലും വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്” (9:60). (തുടരും)

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

സ്‌നേഹവായ്പ്

സ്‌നേഹവായ്പ്

സ്‌നേഹവായ്പിന്റെ മഹത്ത്വമറിയിക്കുന്ന, ഇമാം റാഗിബിന്റെ ഏതാനും വരികളുടെ മൊഴിമാറ്റം ഇവിടെ നല്‍കുന്നു. അദ്ദേഹം പറഞ്ഞു: ”ജനങ്ങള്‍ പരസ്പരം സ്‌നേഹിക്കുകയും സ്‌നേഹോഷ്മളമായി വര്‍ത്തിക്കുകയും ചെയ്തിരുന്നുവെങ്കില്‍ നീതിക്കുപകരം അവര്‍ക്ക് സ്‌നേഹം മതിയാകുമായിരുന്നു. സ്‌നേഹത്തിന്റെ പ്രതിനിധിയാണ് നീതി എന്നു പറയപ്പെട്ടിട്ടുണ്ട്. അഥവാ സ്‌നേഹം കാണപ്പെടാത്തിടത്ത് നീതി പ്രയോഗിക്കപ്പെടും. അതിനാലാണ് ആദര്‍ശബന്ധുക്കള്‍ക്കിടയില്‍ സ്‌നേഹം ഉണ്ടാക്കിയതിലൂടെയുള്ള അനുഗ്രഹത്തെ അല്ലാഹു മഹത്തരമായി എണ്ണിയത്. അല്ലാഹു—പറയുന്നു: ‘വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പരമകാരുണികന്‍ സ്‌നേഹമുണ്ടാക്കി കൊടുക്കുന്നതാണ്; തീര്‍ച്ച'(ക്വുര്‍ആന്‍ 19:96).

‘വുദ്ദ്’ എന്നാല്‍ ഹൃദയങ്ങളില്‍ സ്‌നേഹം എന്നാണ് അര്‍ഥം. സ്‌നേഹമാണ് ഗാംഭീര്യത്തെക്കാള്‍ ഉത്തമമായത്. കാരണം ഗാംഭീര്യം അകറ്റും; സ്‌നേഹം അടുപ്പിക്കും. സ്‌നേഹത്താലുള്ള അനുസരണമാണ് ഭീതിയാലുള്ള അനുസരണത്തെക്കാള്‍ ശ്രേഷ്ഠകരം എന്നു പറയപ്പെട്ടിട്ടുണ്ട്.. കാരണം സ്‌നേഹത്താലുള്ള അനുസരണം മനസ്സില്‍നിന്നാണ്. ഭീതിയാലുള്ള അനുസരണമാകട്ടെ ഉപരിപ്ലവവുമാണ്. അതാകട്ടെ, അതിന്റെ കാരണം നീങ്ങിയാല്‍ നീങ്ങുകയും ചെയ്യും. പരസ്പരം സ്‌നേഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പരസ്പരം ബന്ധം ചാര്‍ത്തും. പരസ്പരം ബന്ധം ചാര്‍ത്തിയാല്‍ അന്യോന്യം സഹകരിക്കും. അന്യോന്യം സഹകരിച്ചാല്‍ അവര്‍ അധ്വാനിക്കും. അവര്‍ അധ്വാനിച്ചാല്‍ സംസ്‌കരിക്കപ്പെടും. അവര്‍ സംസ്‌കരിക്കപ്പെട്ടാല്‍ അഭിവൃദ്ധിപ്പെടുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യും”(അദ്ദരീഅഃ ഇലാ മകാരിമിശ്ശരീഅ).

‘അല്ലാഹു ഇഷ്ടപ്പെടുകയും വിശ്വാസികളില്‍ അവരോട് സ്‌നേഹം ജനിപ്പിക്കുകയും ചെയ്യും’ എന്നാണ്, ‘വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് പരമകാരുണികന്‍ സ്‌നേഹമുണ്ടാക്കി കൊടുക്കുന്നതാണ്; തീര്‍ച്ച’ എന്ന വചനത്തിന്റെ വിവരണത്തില്‍ സഈദ് ഇബ്‌നു ജുബൈര്‍(റഹി) പറഞ്ഞത്.

ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞു: ‘ഇഹലോകത്ത് ജനങ്ങളില്‍ സ്‌നേഹം ഉണ്ടാക്കും.’ ഇമാം മുക്വാതില്‍(റഹി) പറഞ്ഞു: ‘വിശ്വാസികളുടെ ഹൃദയങ്ങളില്‍ അവരോട് സ്‌നേഹം ഉണ്ടാക്കും. അങ്ങനെ അവര്‍ അവരെ ഇഷ്ടപ്പെടും.’

പൂര്‍വസൂരികളുടെ ഈ വിവരണങ്ങളെല്ലാം അറിയിക്കുന്നത് സ്‌നേഹിക്കുന്നതിന്റെയും സ്‌നേഹം പകരുന്നതിന്റെയും മഹത്ത്വവും പ്രാധാന്യവുമാണ്. എന്നാല്‍, സ്‌നേഹവായ്പുകളും പ്രകടനങ്ങളും കേവലം ഭൗതികലാഭങ്ങള്‍ക്കും സങ്കുചിത താല്‍പര്യങ്ങള്‍ക്കുമാകരുത്. പ്രത്യുത അല്ലാഹുവിന്റെ ദീനിന്റെ വിഷയത്തിലും ആദര്‍ശനിഷ്ഠയുടെ വിഷയത്തിലുമായിരിക്കണം. ഇബ്‌നു അബ്ബാസ്(റ) പറയുന്നു:

”ഒരാള്‍ അല്ലാഹുവിനു വേണ്ടി സ്‌നേഹിച്ചു, അല്ലാഹുവിനു വേണ്ടി വെറുത്തു, അല്ലാഹുവിനു വേണ്ടി മൈത്രി വെച്ചുപുലര്‍ത്തി, അല്ലാഹുവിനു വേണ്ടി വിരോധം വെച്ചുപുലര്‍ത്തി. അപ്പോള്‍ അതിലൂടെയാണ് അല്ലാഹുവിന്റെ അടുപ്പം നേടിയെടുക്കപ്പെടുന്നത്. മുഴുജനങ്ങളുടെയും സാഹോദര്യബന്ധം ഇന്ന് ഐഹികമായ കാര്യങ്ങള്‍ക്കായിരിക്കുന്നു. അതാകട്ടെ അതിന്റെ വക്താക്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യില്ല” (ഇബ്‌നുജരീര്‍ ത്വബ്‌രിയും മുഹമ്മദ് ഇബ്‌നുനസ്വ്ര്‍ അല്‍മര്‍വസിയും നിവേദനം ചെയ്തതായി ഇബ്‌നുഅബ്ദില്‍ബര്‍റ്- ജാമിഉല്‍ഉലൂമി വല്‍ഹികം).

നബി ﷺ  പറഞ്ഞതായി അബൂഉമാമ(റ)യില്‍നിന്നു നിവേദനം: ”ഒരാള്‍ അല്ലാഹുവിനു വേണ്ടി സ്‌നേഹിച്ചു, അല്ലാഹുവിനു വേണ്ടി വെറുത്തു, അല്ലാഹുവിനുവേണ്ടി നല്‍കി, അല്ലാഹുവിന് വേണ്ടി തടഞ്ഞു എങ്കില്‍ അവന്റെ വിശ്വാസം (ഈമാന്‍) പരിപൂര്‍ണമായി” (സുനനുഅബീദാവൂദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സ്‌നേഹവായ്പുകള്‍ അല്ലാഹുവിനുവേണ്ടിയാകുമ്പോഴാണ്, അഥവാ അവന്റെ പ്രീതിക്കും അവനു വഴിപ്പെടുന്ന മാര്‍ഗേണയുമാകുമ്പോഴാണ് അതിനാല്‍ ഫലംകൊയ്യുവാനും ഉപകാരംനേടുവാനും സാധിക്കുക. ഒരു തിരുമൊഴി ഇപ്രകാരമുണ്ട്:

 

അനസ് ഇബ്‌നു മാലികി(റ)ല്‍ നിന്ന് നിവേദനം: ”മൂന്ന് കാര്യങ്ങള്‍ ഒരാളില്‍ ഉണ്ടായിരുന്നാല്‍ അയാള്‍ സത്യവിശ്വാസത്തിന്റെ മാധുര്യം അനുഭവിക്കുന്നതാണ്; അല്ലാഹുവും അവന്റെ ദൂതനും മറ്റെല്ലാറ്റിനെക്കാളും അവന് പ്രിയങ്കരമായിരിക്കുക, അല്ലാഹുവിന് വേണ്ടി ഒരാള്‍ ഒരാളെ ഇഷ്ടപ്പെടുക, സത്യനിഷേധത്തില്‍നിന്ന് തന്നെ അല്ലാഹു രക്ഷപ്പെടുത്തിയതിനുശേഷം അതിലേക്ക് തിരിച്ചുചെല്ലുന്നതിനെ തീയിലേക്ക് താന്‍ എടുത്തെറിയപ്പെടുന്നതുപോലെ വെറുക്കുക”(ബുഖാരി, മുസ്‌ലിം).

മറ്റൊരു റിപ്പോര്‍ട്ടില്‍ ‘ഒരാളും സത്യവിശ്വാസത്തിന്റെ മാധുര്യം അനുഭവിക്കുകയില്ല…” എന്നാണുള്ളത്.

അല്ലാഹുവിനു വേണ്ടി സ്‌നേഹിക്കുന്നതിന്റെ മഹത്ത്വങ്ങളറിയിക്കുന്ന തിരുമൊഴികള്‍ ധാരാളമാണ്. ഏതാനും ഹദീഥുകള്‍ ഇവിടെ നല്‍കുന്നു. അബുദ്ദര്‍ദാഇ(റ)ല്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു:

”അല്ലാഹു അന്ത്യനാളില്‍ ഒരു വിഭാഗം ആളുകളെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകതന്നെ ചെയ്യും, അവരുടെ മുഖങ്ങളില്‍ പ്രകാശമുണ്ട്. മുത്തുകള്‍കൊണ്ടുള്ള മിമ്പറുകളിലായിരിക്കും അവര്‍. ജനങ്ങള്‍ അവരിലേക്ക് ആഗ്രഹംജനിച്ചു ചെല്ലും. അവരാകട്ടെ നബിമാരോ ശുഹദാക്കളോ അല്ല.” അപ്പോള്‍ ഒരു ഗ്രാമീണ അറബി മുട്ടുകുത്തിയിരുന്നുകൊണ്ട് ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അവരെ അറിയുന്നതിനുവേണ്ടി ഒന്നു വ്യക്തമാക്കിത്തരൂ.” തിരുമേനി ﷺ  പറഞ്ഞു: ”അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പരസ്പരം സ്‌നേഹിച്ച, വ്യത്യസ്ത ദേശങ്ങളില്‍ പെട്ടവരും വ്യത്യസ്ത ഗോത്രങ്ങളില്‍ പെട്ടവരുമാണ്. അല്ലാഹുവിനെ സ്മരിക്കുവാന്‍ അവര്‍ ഒരുമിച്ചുകൂടിയിരിക്കുന്നു. അവര്‍ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുന്നു” (ത്വബ്‌റാനി. ഇമാം അല്‍മുന്‍ദിരി ഹസനെന്ന് വിശേഷിപ്പിച്ചു. ഇമാം അല്‍ഹയ്ഥമി ഹദീഥിന്റെ നിവേദകര്‍വിശ്വസ്തരാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ”നിശ്ചയം, അല്ലാഹു അന്ത്യനാളില്‍ പറയും: എന്റെ മഹത്ത്വത്തില്‍ പരസ്പരം സ്‌നേഹിച്ചവര്‍ എവിടെ? ഇന്നു ഞാന്‍ അവര്‍ക്ക് എന്റെ തണല്‍ നല്‍കും, ഇന്ന് എന്റെ തണലല്ലാത്ത മറ്റൊരു തണലും ഇല്ല”(മുസ്‌ലിം).

 മുആദ് ഇബ്‌നുജബലി(റ)ല്‍നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറയുന്നത് ഞാന്‍ കേട്ടു: ”അല്ലാഹു— പറഞ്ഞിരിക്കുന്നു: എന്റെ മഹത്ത്വത്തില്‍ പരസ്പരം സ്‌നേഹിച്ചവര്‍ക്ക് പ്രകാശംകൊണ്ടുള്ള മിമ്പറുകളുണ്ട്. നബിമാരും ശുഹദാക്കളും അവരിലേക്ക് ആഗ്രഹപൂര്‍വം ചെല്ലും” (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

മുആദ് ഇബ്‌നുജബലി(റ)ല്‍നിന്ന് നിവേദനം; തിരുദൂതര്‍ ﷺ  പറഞ്ഞു: ”അല്ലാഹു– പറഞ്ഞു: എന്റെ മാര്‍ഗത്തില്‍ പരസ്പരം സ്‌നേഹിക്കുന്നവര്‍ക്കും എന്റെ മാര്‍ഗത്തില്‍ പരസ്പരം കൂടിയിരിക്കുന്നവര്‍ക്കും എന്റെ മാര്‍ഗത്തില്‍ പരസ്പരം സന്ദര്‍ശിക്കുന്നവര്‍ക്കും എന്റെ മാര്‍ഗത്തില്‍ പരസ്പരം ചെലവഴിക്കുന്നവര്‍ക്കും എന്റെ സ്‌നേഹം അനിവാര്യമായി”(അല്‍മുവത്ത്വഉ മാലിക്, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സ്‌നേഹിക്കുവാനും സ്‌നേഹം തുറന്നുപറയുവാനും തിരുനബി ﷺ  കല്‍പിച്ചു. കേവല സ്‌നേഹ പ്രകടനം പോരെന്നും അത് തുറന്നറിയിക്കണമെന്നും പഠിപ്പിക്കപ്പെടുമ്പോള്‍ അതാണ് ബന്ധം സുദൃഢമാകുവാനും നിലനില്‍ക്കുവാനും കരണീയമെന്ന് അതിന്റെ പൊരുളായി അറിയിക്കുകകൂടി ചെയ്യുന്നു താഴെ നല്‍കുന്ന സംഭവം:

അനസ് ഇബ്‌നുമാലികി(റ)ല്‍നിന്ന് നിവേദനം: ”ഒരു വ്യക്തി തിരുനബി ﷺ യുടെ അരികിലൂടെ നടന്നു. നബിയുടെ അടുക്കല്‍ (അന്നേരം) ഒരു വ്യക്തി ഇരിക്കുന്നുണ്ടായിരുന്നു. അയാള്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവാണെ സത്യം! ഈ വ്യക്തിയെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ സ്‌നേഹിക്കുന്നു.’ അപ്പോള്‍ തിരുദൂതര്‍ ﷺ  പറഞ്ഞു: ‘അത് നിങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞുവോ?’ അയാള്‍ പറഞ്ഞു: ‘ഇല്ല.’ നബി ﷺ  പറഞ്ഞു: ‘താങ്കള്‍ എഴുന്നേറ്റ് അതു പറയുക. നിങ്ങള്‍ക്കിടയില്‍ സ്‌നേഹം സുദൃഢമാകും.’ അപ്പോള്‍ അയാള്‍ എഴുന്നേറ്റ് അയാളോടു പറഞ്ഞു: ‘നിശ്ചയം, ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ താങ്കളെ ഇഷ്ടപ്പെടുന്നു-അല്ലെങ്കില്‍ അല്ലാഹുവിനു വേണ്ടി ഞാന്‍ താങ്കളെ ഇഷ്ടപ്പെടുന്നു.’ അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഏതൊരുവന്റെ മാര്‍ഗത്തിലാണോ താങ്കള്‍ എന്നെ സ്‌നേഹിച്ചത് അവന്‍(അല്ലാഹു) താങ്കളെ ഇഷ്ടപ്പെടട്ടെ” (മുസ്‌നദുഅഹ്മദ്, അര്‍നാഊത്വ് സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

സ്‌നേഹിക്കുന്നതിന്റെ ചില ചരിത്ര മാതൃകകള്‍ ഇവി െടഉണര്‍ത്തല്‍ അനിവാര്യമാണ്. ഏതാനും സംഭവങ്ങള്‍ ഉദ്ധരിക്കാം:

”നബി ﷺ  ഒരു പകലില്‍ (യാത്ര) പുറപ്പെട്ടു. അദ്ദേഹം എന്നോടോ ഞാന്‍ അദ്ദേഹത്തോടോ സംസാരിക്കുന്നില്ല. അങ്ങനെ തിരുമേനി ബനൂക്വയ്‌നുക്വാഇന്റെ അങ്ങാടിയിലെത്തി. തിരുമേനി ഫാത്വിമ(റ)യുടെ വീട്ടുമുറ്റത്ത് ഇരുന്നു. തിരുമേനി ചോദിച്ചു: ‘അവിടെ കുഞ്ഞുണ്ടോ? അവിടെ കുഞ്ഞുേണ്ടാ?’ അപ്പോ ള്‍ ഫാത്വിമ(റ) കുട്ടിയെ കുറച്ചുനേരം പിടിച്ചുവെച്ചു. ഫാത്വിമ കുട്ടിയെ സുഗന്ധമാല ധരിപ്പിക്കുകയോ അല്ലെങ്കില്‍ കുളിപ്പിക്കുകയോ ആണെന്ന് ഞാന്‍ വിചാരിച്ചു. കുട്ടി വേഗതയില്‍ വന്നു. അങ്ങനെ തിരുമേനി കുട്ടിയെ അണച്ചുപൂട്ടുകയും ചുംബിക്കുകയും ചെയ്തു. നബി ﷺ  പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, ഈ കുഞ്ഞിനെ നീ ഇഷ്ടപ്പെടേണമേ. ഈ കുഞ്ഞിനെ ഇഷ്ടപ്പെടുന്നവരെയും നീ ഇഷ്ടപ്പെടേണമേ” (ബുഖാരി).

ഉസാമ ഇബ്‌നുസെയ്ദി(റ)ല്‍നിന്ന് നിവേദനം: ”നബി ﷺ  അദ്ദേഹത്തെയും ഹസനെയും എടുക്കുമായിരുന്നു. തിരമേനി പറയും: ‘അല്ലാഹുവേ, ഞാന്‍ ഇവര്‍ രണ്ടുപേരെയും ഇഷ്ടപ്പെടുന്നു. അതിനാല്‍ നീ ഇവരെ ഇഷ്ടപ്പെടേണമേ”(ബുഖാരി).

മുആദ് ഇബ്‌നു ജബലി(റ)ല്‍നിന്ന് നിവേദനം: ”അല്ലാഹുവിന്റെ റസൂല്‍ അദ്ദേഹത്തിന്റെ കൈപിടിച്ചു. തിരുമേനി പറഞ്ഞു: ‘മുആദ്, അല്ലാഹുവാണേ സത്യം! നിശ്ചയം, ഞാന്‍ താങ്കളെ ഇഷ്ടപ്പെടുന്നു. ഞാന്‍ താങ്കളോട് വസ്വിയ്യത്ത് (ഉപദേശം) ചെയ്യുന്നു. മുആദ്, താങ്കള്‍ എല്ലാ നമസ്‌കാരത്തിനൊടുവിലും ‘അല്ലാഹുവേ, നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദിയര്‍പ്പിക്കുവാനും നിനക്കുള്ള ആരാധന നന്നാക്കുവാനും നീ എന്നെ സഹായിക്കേണമേ’ എന്നു പറയുന്നത് ഉപേക്ഷിക്കരുത്” (അല്‍അദബുല്‍മുഫ്‌റദ്, അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

അബൂദര്‍റി(റ)നോട് അല്ലാഹുവിന്റെ തിരുദൂതന്‍ ﷺ  പറഞ്ഞതായി ഇപ്രകാരമുണ്ട്: ”അബൂദര്‍റ്, താങ്കളെ ഞാന്‍ ദുര്‍ലബനായി കാണുന്നു. എനിക്ക് ഞാന്‍ ഇഷ്ടപ്പെടുന്നത് താങ്കള്‍ക്കും ഞാന്‍ ഇഷ്ടപ്പെടുന്നു. താങ്കള്‍ രണ്ടാളുകളുടെ നേതൃപദവി ഏറ്റെടുക്കരുത്. യതീമിന്റെ ധനവും ഏറ്റെടുക്കരുത്” (മുസ്‌ലിം).

അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഈ സ്‌നേഹം ഗുണകാംക്ഷാനിര്‍ഭരമായിരിക്കണം. ഒരു ഉത്തമ മാതൃക തല്‍വിഷയത്തിലുണ്ട്: അബൂദര്‍റ്(റ) ഒരിക്കല്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ എന്നെ ഗവര്‍ണറായി നിശ്ചയിക്കുന്നില്ലേ?’ അപ്പോള്‍ തിരുമേനി ﷺ  തന്റെ കൈകൊണ്ട് എന്റെ ഇരുചുമലുകളിലും തട്ടി. ശേഷം തിരുമേനി പറഞ്ഞു: ‘അബൂദര്‍റ്, താങ്കള്‍ ദുര്‍ബലനാണ്. നേതൃപദവിയാകട്ടെ അമാനത്താണ്. അത് അന്ത്യനാളില്‍ നിന്ദ്യതയും അപമാനവുമാണ്; നേതൃത്വം യഥാവിധം ഏറ്റെടുക്കുകയും അതില്‍ തന്റെ മേല്‍ ബാധ്യതയായത് നിര്‍വഹിക്കുകയും ചെയ്തവര്‍ക്കൊഴിച്ച്”(മുസ്‌ലിം).

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്‌നേഹം പകരുന്നതിന്റെയും പ്രസ്തുത സ്‌നേഹത്താല്‍ സന്ദര്‍ശനം നടത്തുന്നതിന്റെയും മഹനീയ പ്രതിഫലവും ഫലവും അറിയിക്കുന്ന മറ്റൊരു സംഭവം അബൂഹുറയ്‌റ(റ)യില്‍ നിന്നും ഇപ്രകാരം നിവേദനമുണ്ട്. തിരുനബി ﷺ  പറഞ്ഞു:

”ഒരാള്‍ തന്റെ ഒരു സഹോദരനെ മറ്റൊരുനാട്ടില്‍ സന്ദര്‍ശിക്കുവാന്‍ പുറപ്പെട്ടു. അപ്പോള്‍ അല്ലാഹു അയാളുടെ വഴിയെ ഒരു മലക്കിനെ നിരീക്ഷിക്കാനായി അയാളിലേക്കു നിയോഗിച്ചു. മലക്ക് അയാളുടെ അടുക്കല്‍ എത്തിയപ്പോള്‍ ചോദിച്ചു: ‘താങ്കള്‍ എവിടേക്കാണ് ഉദ്ദേശിക്കുന്നത്?’ അയാള്‍ പറഞ്ഞു: ‘ഈ നാട്ടില്‍ എന്റെ ഒരു സഹോദരനെ സന്ദര്‍ശിക്കുവാന്‍.’ മലക്ക് ചോദിച്ചു: ‘താങ്കള്‍ക്ക് ഉപകാരം ലഭിക്കുന്ന വല്ല അനുഗ്രഹവും താങ്കള്‍ക്കായി അയാളുടെ പക്കലുണ്ടോ?’ സന്ദര്‍ശകന്‍ പറഞ്ഞു: ‘ഇല്ല, എങ്കിലും ഞാന്‍ അയാളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇഷ്ടപ്പെടുന്നു.’ മലക്ക് പറഞ്ഞു: ‘ഞാന്‍ താങ്കളിലേക്കുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു; താങ്കള്‍ അയാളെ ഇഷ്ടപ്പെട്ടതുപോലെ താങ്കളെ അല്ലാഹു ഇഷ്ടപ്പെട്ടിരിക്കുന്നു’ (മുസ്‌ലിം).

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ  പറഞ്ഞു: ”എന്റെ ആത്മാവ് ആരുടെ കയ്യിലാണോ ആ അല്ലാഹുവാണെ സത്യം, നിങ്ങള്‍ വിശ്വാസികള്‍ ആകുന്നതുവരെ നിങ്ങളാരും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല. നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുന്നതുവരെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല. നിങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ നിങ്ങള്‍ക്കു പരസ്പരം സ്‌നേഹിക്കാവുന്ന ഒരു സംഗതി ഞാന്‍ അറിയിച്ചുതരട്ടെയൊ? നിങ്ങള്‍ നിങ്ങള്‍ക്കിടയില്‍ സലാം വ്യാപിപ്പിക്കുക” (മുസ്‌ലിം).

ആഇശ(റ)യില്‍നിന്ന് നിവേദനം; അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  പറഞ്ഞു: ”നിങ്ങള്‍ സമ്മാനങ്ങള്‍ കൈമാറുക, നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കുക” (അല്‍അദബുല്‍മുഫ്‌റദ്, അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

മനുഷ്യനെപ്പറ്റി ക്വുര്‍ആനിലെ ഉപമകള്‍

മനുഷ്യനെപ്പറ്റി ക്വുര്‍ആനിലെ ഉപമകള്‍

(മനുഷ്യന്‍ ക്വുര്‍ആനില്‍ 6)

മനുഷ്യന്റെ വിശ്വാസം, സ്വഭാവം, പെരുമാറ്റം, കര്‍മങ്ങള്‍തുടങ്ങി പലതിന്റെയും അടിസ്ഥാനത്തില്‍ അവനെ പലതിനോടും അല്ലാഹു ഉപമിച്ചതായി ക്വുര്‍ആനില്‍ കാണാം. ഏതാനും ഉദാഹരണങ്ങള്‍ മനസ്സിലാക്കാം:

1. ഇരുട്ടില്‍ തപ്പിത്തടയുന്നവന്‍

”അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കെടുത്തിക്കളയുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു” (ക്വുര്‍ആന്‍ 2:17).

ദൈവികമായ വെളിച്ചം ലഭിക്കാതെ ജീവിച്ച ഒരാള്‍ ഇസ്‌ലാമിലേക്ക് വരികയും ആ വെളിച്ചത്തില്‍ ശരിയും തെറ്റും വേര്‍തിരിച്ചു മനസ്സിലാക്കി സത്യസന്ധനായ മുസ്‌ലിമായി ജീവിക്കുന്നതിന്ന് പകരം വീണ്ടും തിന്മകളുടെ ഇരുട്ടില്‍ പെട്ട് വഴിതെറ്റിപ്പോവുകയും ചെയ്ത ഒരാളുടെ ഉപമയാണിത്. വിശ്വാസിയായതിന്നു ശേഷം കപടവിശ്വാസിയായി മാറിയ ഒരാളെയാണ് ഈ ഉപമയില്‍ കാണുന്നത്. ഇങ്ങനെ കാപട്യത്തിലേക്ക് ആപതിച്ചുപോയാല്‍ പിന്നീട് തിരിച്ചുവരാന്‍ കഴിയാത്തവിധം വീണ്ടുവിചാരശേഷി നഷ്ടപ്പെട്ടു കണ്ടും കേട്ടും സത്യത്തിലെത്തിച്ചേരാന്‍ കഴിയാതെ നരകത്തില്‍ പതിച്ചുപോകുമെന്ന് ക്വുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു. സത്യവിശ്വാസി ജാഗ്രത പാലിക്കണമെന്നു കൂടി ഇത് നമ്മെ പഠിപ്പിക്കുന്നു.

‘ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ’ എന്ന് നിത്യവും നിര്‍ബന്ധമായി പതിനേഴുവട്ടം പ്രാര്‍ഥിക്കാന്‍ മുസ്‌ലിം കല്‍പിക്കപ്പെട്ടിട്ടുണ്ടല്ലോ.

‘ഹൃദയങ്ങളെ മറിച്ചുകൊണ്ടിരിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ മതത്തില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ’ എന്ന് നബി ﷺ എപ്പോഴും പ്രാര്‍ഥിക്കാറുണ്ടായിരുന്നു (തിര്‍മിദി).

2. ഇടിയിലും മഴയിലും പെട്ടവന്‍

”അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്.  ഇടിനാദങ്ങള്‍ നിമിത്തം മരണംഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്. മിന്നല്‍ അവരുടെ കണ്ണുകളെ റാഞ്ചിയെടുക്കുമാറാകുന്നു. അത് (മിന്നല്‍) അവര്‍ക്ക് വെളിച്ചം നല്‍കുമ്പോഴെല്ലാം അവര്‍ ആ വെളിച്ചത്തില്‍ നടന്നുപോകും. ഇരുട്ടാകുമ്പോള്‍ അവര്‍ നിന്നുപോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാണ്” (ക്വുര്‍ആന്‍ 2:19-20).

നേരത്തെ കപടവിശ്വാസികളെ ഉപമിച്ചതിന്റെ മറ്റൊരു രൂപമാണ് ഈ വചനത്തിലുള്ളത്. വിശ്വാസമുണ്ടെങ്കിലും അതിന്റെ ദുര്‍ബലതയാല്‍ ഇസ്‌ലാമിക ജീവിതത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാതെ സംശയത്തിലും ആശയക്കുഴപ്പത്തിലും പെട്ട് ആടിയുലയുന്ന ആളുകളെയാണ് ഇത് സൂചിപ്പിക്കുന്നത്. അവര്‍ക്ക് ക്വുര്‍ആനിന്റെ താക്കീതുകളും കല്‍പനകളും കേള്‍ക്കാന്‍ ഇഷ്ടമില്ല. അവയെ അവഗണിക്കുകയും കേള്‍ക്കാതിരിക്കാന്‍ അവര്‍ കൈവിരലുകള്‍ കാതില്‍ തിരുകിവയ്ക്കുകയും ചെയ്യുന്നു.

3. ജന്തുക്കളോട് ഒച്ചയിടുന്നവര്‍

”സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട്  ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല” (ക്വുര്‍ആന്‍ 2:171).

ബുദ്ധി നല്‍കി അല്ലാഹു അനുഗ്രഹിച്ച സൃഷ്ടിയാണ് മനുഷ്യന്‍. അതുപയോഗപ്പെടുത്താതെ, ആരൊക്കെയോ ചെയ്യുന്നത് കണ്ട് അന്ധമായി അവരെ പിന്തുടരുന്നവരെ പറ്റിയാണിവിടെ വിവരിക്കുന്നത്. അല്ലാഹു ഇറക്കിത്തന്നത് പിന്തുടര്‍ന്നു ജീവിക്കണമെന്ന് പറയപ്പെടുമ്പോള്‍, അല്ല ഞങ്ങളുടെ പിതാക്കള്‍ ചെയ്തുവന്നതേ ഞങ്ങള്‍ പിന്‍പറ്റുകയുള്ളൂ എന്ന് പറയുന്ന ഒരു വിഭാഗത്തെപ്പറ്റി വിവരിച്ചതിന്നു ശേഷമാണ് ഈ ഉപമ എന്നത് ശ്രദ്ധേയമാണ്.

4. കതിര്‍ക്കുലകള്‍

”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്” (ക്വുര്‍ആന്‍ 2:261).

ആത്മാര്‍ഥതയുടെ വിലയാണിവിടെ കാണുന്നത്. അല്ലാഹുവിന്റെ പ്രീതിമാത്രം പ്രതീക്ഷിച്ചു ധര്‍മം ചെയ്യുന്നവരോട് അല്ലാഹു കാണിക്കുന്ന കാരുണ്യത്തിന്റെ വൈപുല്യവും ഈ ഉപമയില്‍ കാണാം. ഒരു ധാന്യമണി മുളച്ചുവളര്‍ന്ന് എഴുന്നൂറായി വര്‍ധിക്കുന്നപോലെ ചെറിയ ധര്‍മത്തിന്നുപോലും ഇരട്ടികളായി, ചിലപ്പോള്‍ അതിലധികവും പുണ്യവും പ്രതിഫലവും നല്‍കി അല്ലാഹു സ്വീകരിക്കുമെന്ന പ്രോത്സാഹനം ഈ ഉപമ ഉള്‍ക്കൊള്ളുന്നു. ഏതൊരു കര്‍മത്തിന്റെയും ബാഹ്യഭാവങ്ങളല്ല, മനസ്സിന്റെ ശുദ്ധിയാണ് അല്ലാഹുവിങ്കല്‍ പരിഗണിക്കപ്പെടുക.

അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലേഛ കൂടാതെ, പേരും പ്രശസ്തിയും ആഗ്രഹിച്ച് നല്‍കുന്ന ധര്‍മങ്ങളെ മിനുസമുള്ള പാറകള്‍ക്കുമുകളിലെ മണ്ണിനോട് ക്വുര്‍ആന്‍ ഉപമിച്ചതായി കാണാം:

”സത്യവിശ്വാസികളേ, (കൊടുത്തത്) എടുത്തുപറഞ്ഞ് കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി ധനം ചെലവുചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളില്‍ അല്‍പം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറ മേല്‍ ഒരു കനത്തമഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവര്‍ അദ്ധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു സത്യനിഷേധികളായ ജനതയെ നേര്‍വഴിയിലാക്കുകയില്ല” (2:264).

നല്ലൊരു മഴ പെയ്താല്‍ ആ മണ്ണ് ഒലിച്ചുപോയി മൊട്ടപ്പാറയായി മാറുന്നു. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി മാത്രം ആഗ്രഹിച്ചുള്ള ദാനധര്‍മങ്ങളെ കാറ്റും വെളിച്ചവും ധാരാളമായി ലഭിക്കുന്ന ഉയര്‍ന്ന പ്രദേശത്തെ ഒരു തോട്ടത്തിനോടാണ് ക്വുര്‍ആന്‍ ഉപമിച്ചിരിക്കുന്നത്.

”അല്ലാഹുവിന്റെ പ്രീതി തേടിക്കൊണ്ടും തങ്ങളുടെ മനസ്സുകളില്‍ (സത്യവിശ്വാസം) ഉറപ്പിച്ചുകൊണ്ടും ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന തോട്ടത്തോടാകുന്നു. അതിന്നൊരു കനത്ത മഴ ലഭിച്ചപ്പോള്‍ അത് രണ്ടിരട്ടി കായ്കനികള്‍ നല്‍കി. ഇനി അതിന്ന് കനത്ത മഴയൊന്നും കിട്ടിയില്ല, ഒരു ചാറല്‍ മഴയേ ലഭിച്ചുള്ളൂ എങ്കില്‍ അതും മതിയാകുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു” (2:265).

ആ തോട്ടത്തില്‍ നല്ലൊരു മഴ കിട്ടിയാല്‍ ഇരട്ടി വിളയുണ്ടാകും, ഒരു ചാറ്റല്‍മഴ ലഭിച്ചാലും ആ തോട്ടത്തിന്ന് മെച്ചപ്പെട്ട ഉല്‍പാദനക്ഷമതയുണ്ടാവും. പ്രകടനപരതയും എടുത്തുപറയലും എത്രവലിയ ദാനങ്ങളുടെയും ഫലം, തീക്കാറ്റടിച്ച് നശിച്ച തോട്ടത്തെപ്പോലെ നിഷ്ഫലമാക്കുമെന്നും ക്വുര്‍ആന്‍ വിവരിച്ചിട്ടുണ്ട്.

5. ശ്വാസതടസ്സം  നേരിടുന്നവന്‍

”ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇസ്‌ലാമിലേക്ക് അവന്‍ തുറന്നുകൊടുക്കുന്നതാണ്. ഏതൊരാളെ അല്ലാഹു പിഴവിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇടുങ്ങിയതും ഞെരുങ്ങിയതുമാക്കിത്തീര്‍ക്കുന്നതാണ്. അവന്‍ ആകാശത്തിലൂടെ കയറിപ്പോകുന്നത് പോലെ. വിശ്വസിക്കാത്തവരുടെമേല്‍ അപ്രകാരം അല്ലാഹു ശിക്ഷ ഏര്‍പെടുത്തുന്നു” (6:125).

സന്മാര്‍ഗം ലഭിക്കാത്ത മനുഷ്യന്റെ മാനസികാവസ്ഥയാണിവിടെ ഉദാഹരണസഹിതം അല്ലാഹു വിവരിക്കുന്നത്. കുത്തനെ മുകളിലേക്ക് കയറിപ്പോകുന്ന ഒരാള്‍ക്ക് ഉയരം ചെല്ലുന്തോറും ഞെരുക്കം കൂടിക്കൂടിവരുന്നു. ശ്വാസോച്ഛ്വാസത്തിന്ന് ബുദ്ധിമുട്ടനുഭവപ്പെടുന്നു. ഹൃദയമിടിപ്പിന്റെ ക്രമം തെറ്റുന്നു. ഇതു പോലെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വല്ലതും ചെയ്യുക എന്നത് ചിലയാളുകള്‍ക്ക് അസഹനീയമാണ്. കൃത്യമായി സകാത്ത് കൊടുക്കുക ചിലര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. എന്നാല്‍ അനാവശ്യങ്ങള്‍ക്കുവേണ്ടി എത്ര െചലവാക്കാനും അവര്‍ക്ക് മടിയില്ല. അഞ്ചുനേരം ഭക്തിപൂര്‍വം നമസ്‌കരിക്കുക എന്നത് പലര്‍ക്കും ഭാരമാണ്. പുലര്‍ച്ചെ എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല, സമയമില്ല, ശ്രദ്ധകിട്ടുന്നില്ല എന്നിങ്ങനെ ഒഴിവുകഴിവു പറയുന്നവര്‍ ഉറക്കൊഴിച്ച് എത്ര നേരമെങ്കിലും സ്‌ക്രീനുകള്‍ക്കു മുമ്പിലിരുന്ന് ശ്രദ്ധാപൂര്‍വം കാഴ്ചകള്‍ കാണാന്‍ മടികാണിക്കാറില്ല. അപ്രകാരം സന്മാര്‍ഗം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ അല്ലാഹു വഴിപിഴവിലാക്കുമ്പോള്‍ നല്ലതു കേള്‍ക്കുവാനും ചിന്തിക്കുവാനും ചെയ്യുവാനും മനസ്സുവരാത്തവരായി അവര്‍ മാറും. ഈമാനിന്റെ  മധുരം ആസ്വദിക്കാന്‍ അത്തരം ആളുകള്‍ക്ക് കഴിയുകയില്ല.

6. കിതക്കുന്ന നായ

”നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവ (ദൃഷ്ടാന്തങ്ങള്‍) മൂലം അവന്ന് ഉയര്‍ച്ച നല്‍കുമായിരുന്നു. പക്ഷേ, അവന്‍ ഭൂമിയലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്ടത്തെ പിന്‍പറ്റുകയുമാണ്  ചെയ്തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടെത് പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാല്‍ അത് നാവ് തൂക്കിയിടും. നീ അതിനെ വെറുതെവിട്ടാലും അത് നാവ് തൂക്കിയിടും. അതാണ് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളിയവരുടെ ഉപമ. അതിനാല്‍ (അവര്‍ക്ക്) ഈ കഥ വിവരിച്ചുകൊടുക്കൂ. അവര്‍ ചിന്തിച്ചെന്ന് വരാം” (7:176).

വേദജ്ഞാനം ലഭിച്ച ഒരു മഹാപണ്ഡിതന്‍ ഭൗതിക നേട്ടങ്ങള്‍ക്കു പിന്നാലെ പോയി അധാര്‍മികതയിലേക്കും അവിശ്വാസത്തിലേക്കും വഴുതിവീണ സംഭവത്തെക്കുറിച്ചാണ് ഈ ഉപമയെന്ന് വ്യാഖ്യാതാക്കള്‍ വിവരിച്ചത് കാണാം. ജ്ഞാനവും ബോധവും ലഭിക്കുമ്പോള്‍ ധാര്‍മികതയുടെ ഉന്നതതലങ്ങൡലേക്ക് ഉയരുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ഭൗതികതയുടെ നിസ്സാരതാല്‍പര്യത്തിലേക്ക് തിരിഞ്ഞു സ്വയംനശിച്ച വ്യക്തിയെയാണ് നായയോടുപമിച്ചത്. നായയെ ആക്രമിച്ചോടിച്ചാല്‍ അതു നാവു തൂക്കിയിട്ട് കിതക്കുന്നത് കാണാം; അറിവും ബോധവുമില്ലാത്തവര്‍ ഭൗതിക സുഖങ്ങള്‍ക്ക് ഓടിക്കിതക്കുന്നത് പോലെ. എന്നാല്‍ നായയെ ഒന്നും ചെയ്യാതെ, എല്ലാ സുഖസൗകര്യങ്ങളും ഭക്ഷണവും നല്‍കി ഒരിടത്ത് കെട്ടിയിട്ടാലും അത് കിതക്കുന്നത് കാണാം. അത് പോലെയാവരുത് മനുഷ്യന്‍. അറിവും ബോധവുമുള്ളവന്‍ അതിനനുസരിച്ച് ഉയര്‍ന്ന് ധാര്‍മികനിഷ്ഠ പുലര്‍ത്തണം. അറിവും ബോധവും ഇല്ലാത്തവരെപ്പോലെയാവരുത്.

7. കാലികള്‍

”ജിന്നുകളില്‍നിന്നും മനുഷ്യരില്‍നിന്നും ധാരാളംപേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്.അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍” (7:179).

ഒരു മൃഗം തിന്നാനും കുടിക്കാനും സുരക്ഷയ്ക്കും ലൈംഗികശമനത്തിന്നും അതിന്റെ ഇന്ദ്രിയശക്തി ഉപയോഗിക്കുന്നു. അതിന്നപ്പുറം മറ്റൊരു സംവേദനശേഷി അവ പ്രകടിപ്പിക്കാറില്ല. ചിലയാളുകളും അതുപോലെയാണ്. യഥേഷ്ടം തിന്നാനും ഉല്ലസിക്കാനും ഭോഗിക്കാനും ജീവിതം എങ്ങനെയെങ്കിലും ആസ്വദിക്കാനും ആവശ്യമായ ബുദ്ധിയും തന്റേടവും സംവേദനക്ഷമതയും അവര്‍ പ്രകടിപ്പിക്കുന്നത് കാണാം. എന്നാല്‍ ഇതെല്ലാം അനുഗ്രഹിച്ച് നല്‍കുന്ന സ്രഷ്ടാവിനെപ്പറ്റിയുള്ള ബോധമോ അവന്റെ മാര്‍ഗദര്‍ശനങ്ങളോ അവര്‍ക്കറിയില്ല. മൃഗങ്ങള്‍ മണ്ണായിത്തീരുമ്പോള്‍, മനുഷ്യര്‍ക്ക് സ്വര്‍ഗം, നരകം എന്നീ രണ്ടു പര്യവസാനങ്ങളുണ്ടെന്ന ബോധം അവര്‍ക്കില്ല. അതിനാല്‍ അവര്‍ മൃഗങ്ങളെക്കാള്‍ അധമരാണ്. (തുടരും).

 

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍
നേർപഥം വാരിക

മനുഷ്യമഹത്ത്വത്തിന്റെ ‘ത്രിമാനങ്ങള്‍’

മനുഷ്യമഹത്ത്വത്തിന്റെ 'ത്രിമാനങ്ങള്‍'

 മനുഷ്യമഹത്ത്വത്തെ മൂന്നു അടിത്തറകളുമായി ബന്ധിപ്പിക്കാം.

ഒന്ന്: മനുഷ്യന് അവന്റെ ആസ്തിക്യത്തോടുള്ള ബന്ധം.

രണ്ട്: മനുഷ്യന് അവന്റെ സ്രഷ്ടാവുമായുള്ള ബന്ധം.

മൂന്ന്: മനുഷ്യന് സൃഷ്ടികളുമായുള്ള ബന്ധം.

ഈ മൂന്നു ബന്ധങ്ങളിലും പൂര്‍ണത കൈവരിക്കാനായാല്‍ അവന്‍ മനുഷ്യ മഹത്ത്വത്തിന്റെ ശ്രേണിയിലെത്തി എന്നു പറയാം. ഈ മൂന്നു ബന്ധങ്ങളിലും വരുന്ന പോരായ്മകള്‍ അവന്റെ പൂര്‍ണത പ്രാപിക്കാനുള്ള വഴിയിലെ കടമ്പകളാണ്. സുസ്ഥിരവും സൗഭാഗ്യപൂര്‍ണവുമായ ഒരു ജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍ മേല്‍പറഞ്ഞ മൂന്നു ബന്ധങ്ങളും മെച്ചപ്പെടുത്താന്‍ അധ്വാനിക്കേണ്ടതുണ്ട്.

ജനങ്ങള്‍ പലതരക്കാരാണ്. ചിലര്‍ പടച്ചവനുമായുള്ള ബന്ധത്തില്‍ വളരെ മുന്നിലായിരിക്കും. അതേ സമയം അവരുടെ പടപ്പുകളുമായുള്ള ബന്ധങ്ങളില്‍ പ്രകടമായ താളപ്പിഴകളുണ്ടാവും. മറ്റുചിലര്‍ സൃഷ്ടിക ള്‍ക്കിടയില്‍ വളരെ നല്ല സ്വീകാര്യനും സ്രഷ്ടാവിനോട് വളരെ അകല്‍ച്ച സംഭവിച്ചവരുമായിരിക്കും. നിര്‍ഭാഗ്യവാന്മാരായ മനുഷ്യര്‍ സ്രഷ്ടാവിനോടും സൃഷ്ടികളോടും ഒരേപോലെ ക്രമക്കേടുകള്‍ വരുത്തുന്ന വരായിരിക്കും. ഇസ്‌ലാം ഈ മൂന്നു ബന്ധങ്ങളെയും പരസ്പരം കോര്‍ത്തിണക്കി മനുഷ്യനെ മഹത്ത്വത്തിലെത്തിക്കാന്‍ അവതരിപ്പിക്കപ്പെട്ട മതമാണ്.

അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇപ്രകാരം കാണാം; ഒരാള്‍ പ്രവാചക സന്നിധിയില്‍ വന്നുകൊണ്ടു പറഞ്ഞു: ‘പ്രവാചകരേ, ഒരു സ്ത്രീ നമസ്‌കാരത്തിലും നോമ്പിലും ദാനധര്‍മങ്ങളിലും വളരെ മുന്നിലാണ്. എന്നാല്‍ തന്റെ നാവുകൊണ്ട് അയല്‍വാസികളെ ഉപദ്രവിക്കും.’ പ്രവാചകന്‍ ﷺ  പറഞ്ഞു: ‘അവള്‍ നരകത്തിലാണ്.’

 ആഇശ(റ) ഒരിക്കല്‍ പ്രവാചകനോട് ജാഹിലിയ്യാ കാലത്തെ ഉദാരമനസ്‌കനായ അബ്ദുല്ലാഹിബ്‌നു ജദആനെക്കുറിച്ചു ചോദിച്ചു. പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കുന്ന, കുടുംബ ബന്ധങ്ങളെ ഇണക്കി ച്ചേര്‍ക്കുന്ന  ഇബ്‌നു ജദആന്‍ സൃഷ്ടികളോട് വളരെ നല്ലപെരുമാറ്റമുള്ളവനാണ്. പരലോകത്ത് ഈ സല്‍ക ര്‍മങ്ങള്‍ അദ്ദേഹത്തെ സഹായിക്കുമോ എന്നാണ് ചോദ്യത്തിന്റെ പൊരുള്‍. പ്രവാചകന്‍ ﷺ  പറഞ്ഞു: ‘പരലോകത്ത് അയാള്‍ രക്ഷപ്പെടില്ല. കാരണം എന്റെ രക്ഷിതാവേ, പ്രതിഫലനാളില്‍ എന്റെ പാപങ്ങള്‍ പൊറുത്തുതരേണമേ എന്ന് ഒരിക്കല്‍ പോലും അയാള്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍, പടപ്പുകളോട് നല്ല ബന്ധമുണ്ടെങ്കിലും പടച്ചവനോടുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതിനാല്‍ അയാള്‍ വിജയിക്കില്ല.’

ഇപ്രകാരം തന്നെയാണ് മനുഷ്യന് അവന്റെ വ്യക്തിത്വത്തോടുള്ള സമീപനങ്ങളുടെ സ്ഥിതിയും. സല്‍മാ നുല്‍ഫാരിസി(റ) തന്റെ കൂട്ടുകാരന്‍ അബുദ്ദര്‍ദാഇനോട് പറഞ്ഞത് പ്രസിദ്ധമാണ്: ‘നിനിക്ക് നിന്റെ ശരീര ത്തോടും ചില കടമകളുണ്ട്.’ ഇത് ശ്രദ്ധിച്ച റസൂല്‍ ﷺ  പറഞ്ഞത്, ‘സല്‍മാന്‍ പറഞ്ഞത് നേരാണ്’ എന്നാ ണ്. ഈ മൂന്നു അടിത്തറകളെയും ഉറപ്പില്‍ കെട്ടിപ്പടുത്തു മനുഷ്യ മഹത്ത്വത്തിലെത്താനുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെ എന്നന്വേഷിക്കാം.

സ്രഷ്ടാവിനോടുള്ള ബന്ധത്തില്‍ പരിപൂര്‍ണതയിലെത്താനുള്ള ഗോവണി ‘ഇഹ്‌സാന്‍’ ആണ്. പ്രവാചകനോട് ഇഹ്‌സാനെന്താണെന്ന ജിബ്‌രീലിന്റെ ചോദ്യത്തിന് പ്രവാചകന്‍ നല്‍കുന്ന മറുപടി; ‘നീ നിന്റെ രക്ഷിതാവിനെ കാണുന്നു എന്ന വിചാരത്തോടെ അവനെ ആരാധിക്കലാണ്. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്’ എന്നായിരുന്നു.

ഇനി സൃഷ്ടികളോടുള്ള ബന്ധത്തിലേക്ക് വന്നാല്‍, അതിന്റെ പരിപൂര്‍ത്തി സ്വഭാവ ഗുണങ്ങളിലാണെന്നു കാണാം. മനുഷ്യരോടുള്ള ഇടപാടുകളില്‍ സ്വഭാവശുദ്ധിയും സത്യസന്ധതയും കാത്തുസൂക്ഷിക്കണം.

മനുഷ്യന്‍ അവന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തിത്വത്തിലെ ബാലന്‍സിംഗ് ആണെന്ന് കാണാം. അഥവാ ആരാധനകളില്‍ ഇഹ്‌സാനും മനുഷ്യബന്ധങ്ങളില്‍ സല്‍സ്വഭാവവും വ്യക്തിത്വത്തില്‍ സന്തുലിതത്വവും കാത്തുസൂക്ഷിക്കുക. ഈ മൂന്നിലും പൂര്‍ണതയിലെത്താന്‍ എന്തുണ്ട് വഴി?

‘ഇഹ്‌സാനിലേക്ക്’ എത്തണമെങ്കില്‍ നാലു കാര്യങ്ങള്‍ അനിവാര്യമാണ്. ഒന്നാമത്തേത് ഹൃദയ കര്‍മങ്ങളാണ്. ഇഖ്‌ലാസ്, മഹബ്ബത്ത്, റജാഅ്, ഖൗഫ് (ആത്മാര്‍ഥത, ദൈവസ്‌നേഹം, ആശ, ഭയം) തുടങ്ങിയവ ഹൃദയത്തില്‍ വേരുപിടിക്കേണ്ട ഗുണങ്ങളാണ്. ഹൃദയത്തെ മലിനപ്പെടുത്തുന്ന സ്വഭാവങ്ങളില്‍ നിന്നുള്ള പിന്മാറ്റം ഉറപ്പു വരുത്തണം. അഥവാ അഹങ്കാരം, സ്വാര്‍ഥത, താന്‍പോരിമ, ലോകമാന്യത തുടങ്ങിയവ വെടിയണം. രണ്ടാമത്തേത് നിര്‍ബന്ധകാര്യങ്ങളിലുള്ള കൃത്യനിഷ്ഠയും ഹറാമുകള്‍ ത്യജിക്കലും ഇഹ് സാന്‍ പ്രാപിക്കാന്‍ അനിവാര്യമാണ് എന്നതാണ്. മൂന്നാമത്തേത് ക്വുര്‍ആന്‍ പരിചിന്തനമാണ്. ക്വുര്‍ആന്‍ ആശയഗ്രാഹ്യതയോടെ പാരായണം ചെയ്യണം. ക്വുര്‍ആന്‍ പഠനവും പാരായണവും ഹൃദയത്തില്‍ ദൈവഭയമുണ്ടാക്കും. നാലാമത്തേത് നിരന്തര പശ്ചാത്താപമാണ്. കുറ്റങ്ങളില്‍ ചെന്നുചാടുമ്പോഴെല്ലാം പശ്ചാത്തപിക്കുകയും പാപമോചനത്തിന് തേടുകയും വേണം. മേല്‍ പ്രതിപാതിച്ച നാലുകാര്യങ്ങള്‍ കാത്തുസൂ ക്ഷിച്ചാല്‍ സ്രഷ്ടാവിനോടുള്ള ബന്ധം കുറ്റമറ്റതാക്കാനാകും.

സൃഷ്ടികളോടുള്ള വ്യവഹാരങ്ങള്‍ നന്നാക്കാനും നാലു കാര്യങ്ങള്‍ സ്വായത്തമാക്കണം. ഒന്ന് അപരനോടുള്ള ആദരവാണ്. ജനം അവരെ ആദരിക്കുന്നവരെ തിരിച്ചും ആദരിക്കും. രണ്ടാമത്തേത് ഉദാര മനസ്‌ക തയാണ്. നിര്‍ലോഭം പണം ചെലവാക്കലല്ല ഉദാരദ. വൈകാരികതയിലും സമീപനങ്ങളിലും മാന്യത വേണം. മൂന്നാമത്തേത് വിട്ടുവീഴ്ചയാണ്, മറ്റുള്ളവര്‍ക്കു മാപ്പുകൊടുക്കലാണ്. ഇമാം അഹ്മദ്(റഹി) പറയുന്നു: ‘സല്‍സ്വഭാവത്തിന്റെ പത്തില്‍ ഒമ്പതു ഭാഗവും’അത്തഗാഫുല്‍’ അഥവാ മറ്റുള്ളവരുടെ കുറ്റങ്ങള്‍ നോക്കി നടക്കാതിരിക്കലാണ്.’ നാലാമത്തെത് വിവേകമാണ്. ഏറ്റവും സവിശേഷമായ സ്വഭാവഗുണമാണത്. അശജ്ജ് ബിന്‍ അബ്ദുല്‍ഖൈസിനോട് നബി ﷺ  പറഞ്ഞു: ‘നിന്നിലുള്ള രണ്ടു കാര്യങ്ങള്‍ അല്ലാഹു ഇഷ്ടപ്പെടുന്നു; അവധാനതയും വിവേകവും.’

ഒടുവിലത്തേത് സ്വന്തം വ്യക്തിത്വത്തിലെ സന്തുലിതാവസ്ഥയാണ്. നാലു കാര്യങ്ങള്‍ ഈ വിഷയത്തില്‍ പ്രസക്തമാണ്. നിന്റെ കാര്യപ്രാപ്തിയും പ്രതീക്ഷകളും സന്തുലിതമാവണം. നിനക്ക് സാധിക്കുന്നതും നീ പ്രതീക്ഷിക്കുന്നതും തമ്മില്‍ പൊരുത്തപ്പെടണം. നിന്റെ കഴിവുകള്‍ മികച്ചതും ആശകള്‍ പരിമിതവുമാണെങ്കില്‍ നിന്നെ അലസത പിടികൂടും. പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നതും വിഭവങ്ങള്‍ പരിമിതവുമാണെങ്കില്‍ നീ നിരാശയുടെ കയത്തില്‍ വീഴും. രണ്ടാമത്തേത് നിന്റെ വിവേകവും വികാരവും തമ്മില്‍ തുലനപ്പെടണം എന്നതാണ്. നീ പ്രത്യുല്‍പാദനശേഷിയില്ലാത്ത ബുദ്ധിജീവിയോ വികാരങ്ങളുടെ തടവറയി ല്‍ അകപ്പെട്ട ദുര്‍ബലനോ ആവരുത്. മൂന്നാമത്തേത് അറിവും കര്‍മവും തമ്മിലുള്ള ചേര്‍ച്ചയാണ്. നീ കര്‍മരഹിതനായ പണ്ഡിതനാണെങ്കില്‍ ഗ്രന്ഥം ചുമക്കുന്ന കഴുതയായിത്തീരും. അറിവില്ലാത്ത കര്‍മയോഗി യാണെങ്കില്‍ ചെയ്തുകൂട്ടുന്നതൊക്കെ അബദ്ധമായിരിക്കും. നാലാമത്തേത് കൊള്ളുന്നതിന്റെയും കൊടു ക്കുന്നതിന്റെയും ഇടയിലുള്ള സന്തുലിതത്വമാണ്. കിട്ടുന്നതൊക്കെ വാരിക്കൂട്ടുന്ന സ്വഭാവക്കാരനാണെ ങ്കില്‍ നീ വലിയ സ്വാര്‍ഥനാവും. ഉള്ളതൊക്കെ കൊടുത്തു കാലിയാക്കുന്നവനാണെങ്കില്‍ മെഴുകുതിരി പോലെ നീ മറ്റുള്ളവര്‍ക്ക് വേണ്ടി ഉരുകിത്തീരും. നിനക്കായി ഒന്നുമുണ്ടാവില്ല.

മുകളില്‍ വിശദീകരിച്ച ത്രിമാന മഹത്ത്വങ്ങളില്‍ നിനക്കെത്താനായാല്‍ നിന്റെ അഭ്യുന്നതി ഒരിക്കലും അപ്രാപ്യമല്ല. നിനക്ക് സൗഖ്യവും സൗഭാഗ്യവും ഇരുലോകത്തും വന്നുചേരും. മനശ്ശാന്തിയോടെ മരണം വരിക്കും; പരലോകം സുഖപ്രദവും സുഭദ്രവും.


പി.എന്‍. അബ്ദുല്ലത്വീഫ് മദനി
നേർപഥം വാരിക

മൗനം ദീക്ഷിക്കല്‍ അബ്ദുല്‍ ജബ്ബാര്‍ മദീനി 2020 ജൂണ്‍ 27

മൗനം ദീക്ഷിക്കല്‍

അന്യായം പറയുന്നതില്‍നിന്നും നാവിനാല്‍ അന്യരെ ആക്രമിക്കുന്നതില്‍നിന്നും അനാവശ്യങ്ങളില്‍നി ന്നും മൗനം പാലിക്കുവാന്‍ ഇസ്‌ലാം അനുശാസിച്ചു.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ”…വല്ലവനും അല്ലാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മൗനം ദീക്ഷിക്കട്ടെ…” (ബുഖാരി).

ഇമാം നവവി പറഞ്ഞു: ”ഈ ഹദീഥിന്റെ ആശയമായി ഇമാം ശാഫിഈ പറഞ്ഞു: ‘ഒരാള്‍ സംസാരിക്കു വാനുദ്ദേശിച്ചാല്‍ അവന്‍ ആലോചിക്കട്ടെ. തനിക്ക് വിനയാവുകയില്ലെന്ന് ബോധ്യപ്പെട്ടാല്‍ അവന്‍ സംസാ രിക്കട്ടെ. അതില്‍ വിനകളുണ്ടെന്ന് ബോധ്യപ്പെടുകയോ സംശയിക്കുകയോ ചെയ്താല്‍ അവന്‍ നാവിനെ നിയന്ത്രിക്കട്ടെ.”

ഇബ്‌നു അബ്ദില്‍ബര്‍റ് പറഞ്ഞു: ”ഈ ഹദീഥില്‍ മര്യാദകളും സുന്നത്തുകളുമുണ്ട്. മൗനത്തിന്റെ അനി വാര്യത ഉറപ്പാക്കല്‍ അതില്‍പെട്ടതാണ്. നന്മ പറയല്‍ മൗനം ദീക്ഷിക്കുന്നതിനെക്കള്‍ ഉത്തമമാണ്.”

ഇമാം അബൂഹാതിം അല്‍ബുസ്തി പറഞ്ഞു: ”സംസാരിക്കേണ്ട അനിവാര്യത ഉണ്ടാകുന്നതുവരെ മൗനം അനിവാര്യമായും പാലിക്കല്‍ ബുദ്ധിയുള്ളവര്‍ക്ക് നിര്‍ബന്ധമാണ്. സംസാരിച്ചാല്‍ ഖേദിക്കേണ്ടിവരുന്ന എത്രയെത്ര ആളുകളുണ്ട്! മൗനം ദീക്ഷിച്ച് ഖേദിക്കുന്നവര്‍ എത്രമാത്രം കുറവാണ്” (റൗദത്തുല്‍ ഉക്വലാഅ്).

മനുഷ്യന് രണ്ടുകാതും ഒരു നാക്കും നല്‍കിയതിലെ പൊരുള്‍ സംസാരിക്കുന്നതിനെക്കാള്‍ കൂടുതല്‍ കേള്‍ക്കുവാനാണെന്ന് ദാര്‍ശനികള്‍ പറഞ്ഞിട്ടുണ്ട്. തിന്മ പറയുന്നതിനെതൊട്ട് മൗനംപാലിച്ചവന്‍ ഇഹത്തിലും പരത്തിലും രക്ഷപ്പെട്ടുവെന്നും സകല നന്മയും നേടി അവന്‍ വിജയം വരിച്ചുവെന്നും തിരുദൂതര്‍ ﷺ  ഉണര്‍ത്തുന്നു: ”വല്ലവനും മൗനം ദീക്ഷിച്ചാല്‍ അവന്‍ രക്ഷപ്പെട്ടു” (മുസ്‌നദുഅഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

നാവിനെ പിടിച്ചുനിറുത്തുന്നതില്‍ രക്ഷയുെണ്ടന്ന് നബി ﷺ  ഇവിടെ ഉണര്‍ത്തുന്നു. കാരണം, പല പ്പോഴും നാവാണ് മനുഷ്യന് നാശങ്ങളും നഷ്ടങ്ങളും കൊെണ്ടത്തിക്കുന്നത്. നാവ് ചൊവ്വായാല്‍ എല്ലാ അവയവങ്ങളും നേരെയാവുമെന്നും അത് വക്രമായാല്‍ അവയവങ്ങളെല്ലാം വക്രമാവുമെന്നും തിരുമൊഴിയുണ്ട്.

അബൂസഈദില്‍ഖുദ്‌രി(റ)യില്‍ നിന്ന് നിവേദനം. തിരുദൂതര്‍ ﷺ  പറഞ്ഞു: ”മനുഷ്യന്‍ പ്രഭാതത്തിലായാല്‍ അവന്റെ അവയവങ്ങള്‍ നാവിനോട് വിനയപുരസ്സരം പറയും: ഞങ്ങളുടെ വിഷയത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുക. നീ നേരേചൊവ്വെ ആയാല്‍ ഞങ്ങള്‍ നേരെയായി. നീ വളഞ്ഞാല്‍ ഞങ്ങളും വളഞ്ഞു” (മുസ്‌നദുഅഹ്മദ്. അര്‍നാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു).

മനുഷ്യരുടെ നന്മകളും സല്‍പ്രവൃത്തികളും പാഴാകാതിരിക്കുവാന്‍ നാവിനെ നിയന്ത്രിക്കേണ്ടതുണ്ട്.ഇസ്‌ലാം കാര്യങ്ങളെയും പുണ്യപ്രവൃത്തികളെയും മുആദ് ഇബ്‌നുജബലി(റ)ന് ഓതിക്കൊടുത്ത തിരു ദൂതര്‍ ﷺ  അവസാനമായി അദ്ദേഹത്തോടു പറഞ്ഞ വിഷയങ്ങള്‍ നോക്കൂ:  

”…അവകളൊന്നും പാഴാക്കാതെ നിങ്ങള്‍ക്കു നേടിത്തരുന്നത് നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചുതരട്ടെയോ? ഞാന്‍ പറഞ്ഞു: ‘അതെ, നബിയേ.’ അപ്പോള്‍ തിരുനബി തന്റെ നാവുപിടിച്ചു. അവിടുന്ന് പറഞ്ഞു: ‘ഇതു നീ പിടിച്ചു നിര്‍ത്തുക.’ ഞാന്‍ ചോദിച്ചു: ‘ഞങ്ങള്‍ സംസാരിക്കുന്നതില്‍ ഞങ്ങള്‍ പിടികൂടപ്പെടുമോ?’ നബി ﷺ  പറഞ്ഞു: ‘മുആദ്, ജനങ്ങളെ അവരുടെ മുഖങ്ങളില്‍ അല്ലെങ്കില്‍ അവരുടെ മൂക്കുകളില്‍ നരകത്തില്‍ വീഴ്ത്തുന്നത് അവരുടെ നാവുകളുടെ ദൂഷ്യസംസാരങ്ങള്‍ മാത്രമാണ്…” (സുനനുത്തുര്‍മുദി. തുര്‍മുദി ഹസനുന്‍സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

 തിരുനബി ﷺ  ഏറെ മൗനം ദീക്ഷിക്കുന്ന വ്യക്തിത്വമായിരുന്നു. സിമാക് ഇബ്‌നുഹര്‍ബ്(റ) പറയുന്നു: ഞാന്‍ ജാബിര്‍ ഇബ്‌നു സമുറ(റ)യോട് ചോദിച്ചു: ‘താങ്കള്‍ തിരുനബിയോടൊന്നിച്ച് ഇരിക്കാറുണ്ടായി രുന്നോ?’ അദ്ദേഹം പറഞ്ഞു: ‘അതെ. തിരുനബി ദീര്‍ഘമായി മൗനം ദീക്ഷിക്കുന്നവനും കുറച്ചുമാത്രം ചിരിക്കുന്നവനുമായിരുന്നു. അനുചരന്മാര്‍ ചിലപ്പോള്‍ നബിയുടെ അടുക്കല്‍ കവിത പറയാറുണ്ടായിരുന്നു. അവരുടെ ചില വിഷയങ്ങള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ ചിരിക്കും. തിരുമേനിയാകട്ടെ ചിലപ്പോള്‍ പുഞ്ചിരിതൂകും”(മുസ്‌നദുഅഹ്മദ്. അര്‍നാഊത്വ് ഹസനെന്ന് വിശേഷിപ്പിച്ചു).

മറ്റൊരു നിവേദനത്തില്‍ ഇങ്ങനെ കാണാം: ”തിരുനബി ദീര്‍ഘമായി മൗനംദീക്ഷിക്കുമായിരുന്നു. അവര്‍ ജാഹിലിയ്യാ വിഷയങ്ങള്‍ അവതരിപ്പിക്കും. അങ്ങനെ അവര്‍ ചിരിക്കുകയും തിരുമേനിയാകട്ടെ പുഞ്ചിരിക്കുകയും ചെയ്യും.”

അലിയ്യ്(റ) പറഞ്ഞു: ‘മൗനം കൂടുതലാകുന്നതുകൊണ്ടാണ് ഗാംഭീര്യമുണ്ടാകുന്നത്.’

അബുദ്ദര്‍ദാഅ്(റ) പറഞ്ഞു: ”സംസാരം പഠിക്കുന്നതു പോലെ നിങ്ങള്‍ മൗനവും പഠിക്കുക. കാരണം മൗനം തികഞ്ഞ യുക്തിയാണ്. സംസാരിക്കുന്നതിനെക്കാര്‍ സംസാരം കേള്‍ക്കുവാന്‍ താല്‍പര്യം കാണിക്കുക. തന്നെ പ്രശ്‌നമാക്കാത്ത യാതൊരു വിഷയത്തിലും സംസാരിക്കാതിരിക്കുകയും ചെയ്യുക.”

സത്യത്തിന്റെയും നന്മയുടെയും വിഷയത്തിലും നന്മകല്‍പിക്കുക, തിന്മ വിരോധിക്കുക എന്നിവയിലും ദിക്‌റെടുക്കുന്ന വിഷയത്തിലും സംസാരം നിര്‍ബന്ധമായ വിഷയത്തിലും മൗനം നിഷിദ്ധവും ആക്ഷേപാര്‍ഹവുമാണ്.

അലിയ്യ്(റ) പറഞ്ഞു: ‘വിവരക്കേട് സംസാരിക്കുന്നതില്‍ യാതൊരു നന്മയുമില്ല എന്നതുപോലെ വിവരമുള്ള വിഷയങ്ങളില്‍ മൗനം ഭജിക്കുന്നതിലും യാതൊരു നന്മയുമില്ല.’

എന്നാല്‍ അനാവശ്യങ്ങളിലും അന്യായങ്ങളിലും നാവുനീട്ടുകയെന്നത് നിഷിദ്ധവും അവിടം മൗനം ഭജിക്കല്‍ നിര്‍ബന്ധവുമാണ്. ഒരു തിരുമൊഴി നോക്കൂ. ജാബിറുബ്‌നുഅബ്ദില്ല(റ)യില്‍ നിന്ന് നിവേദനം. തിരുദൂതന്‍ ﷺ  പറഞ്ഞു:

”…നിശ്ചയം, നിങ്ങളില്‍ എനിക്ക് ഏറ്റവും ദേഷ്യമുള്ളവരും അന്ത്യനാളില്‍ എന്നോട് ഏറ്റവും അകല ത്തില്‍ ഇരിപ്പിടമുള്ളവരും വായാടികളും ജനങ്ങളോട് നാക്ക് നീട്ടി ഉപദ്രവകരമായി സംസാരിക്കുന്നവരും മുതഫയ്ഹിക്വീങ്ങളുമാണ്.’ അവര്‍ ചോദിച്ചു: ‘അല്ലാഹു വിന്റെ റസൂലേ, വായാടികളേയും ജനങ്ങളോട് നാക്ക്‌നീട്ടി ഉപദ്രവകരമായി സംസാരിക്കുന്നവരെയും ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. എന്നാല്‍, ആരാണ് മുതഫയ്ഹിക്വീങ്ങള്‍?’ തിരുമേനി പറഞ്ഞു: ‘അഹങ്കാരികളാണ്” (സുനനുത്തുര്‍മുദി. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

 

അബ്ദുല്‍ ജബ്ബാര്‍ മദീനി
നേർപഥം വാരിക

ക്വുര്‍ആന്‍ പാരായണവും കേള്‍വിയും: ഒരു ശാസ്ത്രിയ സമീപനം ഷമീര്‍ മരക്കാര്‍ നദ്‌വി 2020 ജൂണ്‍ 27

ക്വുര്‍ആന്‍ പാരായണവും കേള്‍വിയും: ഒരു ശാസ്ത്രിയ സമീപനം

വിശുദ്ധ ക്വുര്‍ആന്‍ ശ്രവിക്കപ്പെടുന്ന ഗ്രന്ഥമാണ്. നൂറ്റാണ്ടുകളുടെ വഴിയിലൂടെ, വ്യത്യസ്ത തലമുറകളിലൂടെ അത് കൈമാറ്റം ചെയ്യപ്പെട്ടു. ഈ അത്ഭുത സഞ്ചാരം മാനവിക ചരിത്രത്തില്‍ അത്യുന്നത നാഗരികതകളുടെ വളര്‍ച്ചക്ക് കാരണമായി. മാനവിക സമൂഹം വിശുദ്ധ ക്വുര്‍ആന്‍ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അവരില്‍ പരിവര്‍ത്തനമുണ്ടായി. അന്ധകാരത്തിന്റെ ആഴങ്ങളില്‍ നിന്ന് പ്രകാശത്തിന്റെ ഗോപുരങ്ങളിലേക്ക് അവര്‍ ഉയര്‍ത്തപ്പെട്ടു. കിഴക്കും പടിഞ്ഞാറും ഈ അമാനുഷിക ശബ്ദം കീഴടക്കി. മനുഷ്യ- ജിന്നുവര്‍ഗങ്ങളില്‍നിന്ന് അല്ലാഹു ഉദ്ദേശിച്ചവര്‍ പരിവര്‍ത്തനത്തിന്റെ ഈ പുതിയ പാത തെരഞ്ഞെടുത്തു. പ്രപഞ്ച സ്രഷ്ടാവിന്റെ സുന്ദരവചനങ്ങള്‍ കേള്‍ക്കാതെപോയവര്‍ നഷ്ടത്തിന്റെ കയങ്ങളില്‍ ഞെരിഞ്ഞമര്‍ന്നു.

ജിന്നു സമൂഹം വിശുദ്ധ ക്വുര്‍ആന്‍ പാരായണം ശ്രദ്ധിച്ച് കേട്ട ഒരു സംഭവം അല്ലാഹു സൂറതുല്‍ ജിന്നിലൂടെ നമ്മെ പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ക്വുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ക്വുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. അത് സന്‍മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല” (72:1,2).

മഹാപാപമായ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതിനെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ജിന്ന് സമൂഹത്തിന് സഹായകമായത് അവര്‍ വിശുദ്ധ ക്വുര്‍ആന്‍ ശ്രദ്ധാപൂര്‍വം കേട്ടു എന്നതാണ്. ഇവിടെ കേള്‍ക്കല്‍ എന്നതിന് ക്വുര്‍ആന്‍ ഉപയോഗിച്ച പദം ‘ഇസ്തിമാഅ്’ എന്നതാണ്. അറബി ഭാഷയില്‍ കേള്‍ക്കല്‍ എന്നതിന് ‘സിമാഅ്’ എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ക്വുര്‍ആന്‍ പാരായണം ശ്രവിക്കുന്നതുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ സിമാഅ് എന്ന പദത്തെക്കാള്‍ ആഴമേറിയ ‘ഇസ്തിമാഅ്’ എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. എന്താണ് സിമാഅ്, ഇസ്തിമാഅ് എന്നിവ തമ്മിലുള്ള വ്യത്യാസമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.

സിമാഅ് എന്നത് വെറും കേള്‍ക്കല്‍ മാത്രമാണ്. ശബ്ദ തരംഗങ്ങള്‍ സ്വീകരിക്കുന്ന ഇന്ദ്രിയമായ ചെവിയില്‍ മാത്രം പരിമിതമാവുന്ന പ്രവര്‍ത്തനം. അത് ജൈവപരമായ പ്രക്രിയ എന്നതില്‍ മാത്രം പരിമിതപ്പെടുന്നു. കേള്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ മനസ്സില്‍ അത് സ്വാധീനിക്കുകയോ ചെയ്‌തെന്ന് വരില്ല. മനുഷ്യപ്രകൃതത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു ശേഷി എന്നതില്‍ കവിഞ്ഞ് ആ കേള്‍വിയുടെ ഫലമായി പഠന, മനന പ്രവര്‍ത്തനങ്ങള്‍ നടക്കുക എന്നത് വിരളമാണ്.

‘ഇസ്തിമാഅ്’ എന്നത് സാങ്കേതികമായി ഉന്നതമായ ഒരു കഴിവാണ്. മനസ്സാനിധ്യത്തോടെയും ചിന്താ പ്രക്രിയയിലൂടെയും കേള്‍ക്കുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ മനസ്സും ബുദ്ധിയും ശബ്ദവും ഒന്നിച്ച് നിര്‍വഹിക്കുന്ന ഉന്നതമായ പ്രവര്‍ത്തനമാണ് ഇസ്തിമാഅ് .കേള്‍ക്കുന്ന ശബ്ദ്ധത്തിന്റെ ആശയവും അര്‍ഥവും ഉള്‍കൊള്ളാന്‍ ചിന്താപരമായ വിശകലനത്തിലൂടെ അപഗ്രഥിക്കയും അത് സത്യമാണെന്ന് ബോധ്യപ്പെന്ന് വിശ്വസിക്കലുമാണ് ഈ പ്രവര്‍ത്തനം കൊണ്ട് ഉണ്ടാകുന്ന ഫലം.

അല്ലാഹു പറയുന്നു: ‘ക്വുര്‍ആന്‍ പാരായണം ചെയ്യപ്പെടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം” (ക്വുര്‍ആന്‍ 7:204).

ഈ വചനത്തിലൂടെ അല്ലാഹു നമ്മില്‍ വളര്‍ത്തുന്നത് രണ്ട് ഉന്നതമായ ശേഷികളാണ്. ഒന്ന് ‘ഇസ്തിമാഅ്.’ മറ്റൊന്ന് ‘ഇന്‍സ്വാത്.’

‘ഇസ്തിമാഅ്’ എന്താണെന്ന് നാം മനസ്സിലാക്കി. ‘ഇന്‍സ്വാത്’ എന്നതിന് സാങ്കേതികമായി ഇസ്തിമാഅ് എന്നതിനെക്കാള്‍ ഉന്നതമായ ഒരു തലമാണുള്ളത്. ധ്യാന സമാനമായ ചിന്തയും ഭക്തിയും ഇണങ്ങിച്ചേര്‍ന്ന് സസൂക്ഷ്മം ശ്രവിക്കലാണ് അത്. ഇതാണ് ക്വുര്‍ആനിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാന്‍ വഴി തുറക്കുന്നത്. ക്വുര്‍ആനിനെക്കുറിച്ച് ചിന്തിക്കുക എന്നതിന് ഉപയോഗിക്കുന്ന പദം ‘തദബ്ബുര്‍’ എന്നതാണ്. ഇത് ഇസ്തിമാഅ്, ഇന്‍സ്വാത് എന്നിവയുടെ അനന്തരഫലമാണ്. കൃത്യവും വസ്തുനിഷ്ഠവുമായ ഗുണം ലഭിക്കുവാന്‍ വേണ്ടി നടത്തുന്ന ബുദ്ധിപരമായ പ്രവര്‍ത്തനമാണ് തദബ്ബുര്‍. യുക്തിദീക്ഷയോടും ഗുണപാഠമുള്‍ക്കൊണ്ടും കാര്യങ്ങളെ ചിന്തിച്ച് ഉള്‍കൊള്ളുക എന്നതാണ് ഇവിടെ നിര്‍വഹിക്കപ്പെടുന്നത്.

ഈ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊണ്ടു വേണം ക്വുര്‍ആനിനെ പഠനവിധേയമാക്കേണ്ടത്. കേവലം ക്വുര്‍ആന്‍ പാരായണവും കേള്‍വിയും അല്ലാഹു ഉദ്ദേശിക്കുന്ന ഫലം നമുക്ക് ലഭിക്കുന്നതിന് തടസ്സമാവും. ഇത്തരം ശ്രദ്ധാപൂര്‍വമുള്ള പാരായണവും കേള്‍ക്കലും നമുക്ക് ധാരാളം ഫലങ്ങള്‍ നല്‍കുന്നു.

ക്വുര്‍ആന്‍ ശ്രവിക്കുന്നതിന്റെ ഗുണങ്ങള്‍

ശ്രുതിമാധുര്യത്തോടെയുള്ള പാരായണം ശ്രവിക്കുന്നത് പുണ്യ കാര്യമാണ്. ക്വുര്‍ആന്‍ ഹൃദിസ്ഥമാക്കുവാനും ആശയങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കുവാനും അത് സഹായകമാവും. പൂര്‍വികരായ ക്വുര്‍ആന്‍ പണ്ഡിതന്‍മാര്‍ അതിന് പ്രാധാന്യം നല്‍കിയിരുന്നു. ശ്രദ്ധാപൂര്‍ണമായി ഓരോ വരികളിലൂടെയും മനസ്സാനിധ്യത്തോടെ ആശയങ്ങളെക്കുറിച്ച് ചിന്തിച്ചുമാണ് ക്വുര്‍ആന്‍ ശ്രവിക്കല്‍ നടക്കേണ്ടത്. ക്വുര്‍ആന്‍ ശ്രവിക്കുന്നതിന്റെ ഗുണഫലങ്ങള്‍ ധാരാളമാണ്. അവയില്‍ ചിലത് താഴെ കൊടുക്കുന്നു.

അല്ലാഹുവിന്റെ കാരുണ്യം കരസ്ഥമാക്കുക

ക്വുര്‍ആന്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും അവയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യം പ്രത്യേകമായി വര്‍ഷിക്കുന്നതാണ്. അല്ലാഹു പറയുന്നു: ”ക്വുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ചു കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കും” (ക്വുര്‍ആന്‍ 7:204).

കാരുണ്യം ലഭിക്കുവാനുള്ള ഉത്തമ വഴിയായി ഈ വചനം നമ്മെ പഠിപ്പിക്കുന്ന കാര്യം ക്വുര്‍ആന്‍ ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും മനനം ചെയ്യുകയുമാണ്.

അബൂഹുറയ്‌റ(റ) ഉദ്ധരിക്കുന്നു; നബി(സ്വ) പറഞ്ഞു: ”ഒരു സംഘം അല്ലാഹുവിന്റെ ഭവനങ്ങളില്‍ നിന്ന് ഒരു ഭവനത്തില്‍ ഒരുമിച്ച് ചേരുകയും അവന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും അവ പരസ്പരം പഠിപ്പിക്കുകയും ചെയ്യുന്നില്ല; അവര്‍ക്ക് ശാന്തി ഇറങ്ങിയിട്ടല്ലാതെ. അവര്‍ കാരുണ്യംകൊണ്ട് മൂടപ്പെടുകയും മലക്കുകള്‍ അവരെ വലംവയ്ക്കുകയും അല്ലാഹു അവരെപ്പറ്റി അവന്റെ സമീപമുള്ളവരോട് പറയുകയും ചെയ്യും” (മുസ്‌ലിം).

തീര്‍ച്ചയായും ക്വുര്‍ആന്‍ സശ്രദ്ധം കേള്‍ക്കുകയും അവയെക്കുറിച്ച് ചിന്തിക്കുകയും മനന, പഠനത്തിന് ശ്രമിക്കുകയും ചെയ്യുന്നവരാണ് സൗഭാഗ്യവാന്‍മാര്‍. അവരാണ് കാര്യങ്ങള്‍ വസ്തുനിഷ്ഠമായി ചിന്തിച്ച് ഉള്‍ക്കൊള്ളുന്നവര്‍. നേര്‍മാര്‍ഗം പ്രാപിക്കുന്നവരും സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നവരും.

മനസ്സാന്നിധ്യവും അശ്രുകണവും

ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് ശ്രവിക്കുന്നതിന്റെ ഗുണഫലങ്ങളില്‍ പെട്ടതാണ് അത് മനസ്സാന്നിധ്യം വര്‍ധിപ്പിക്കുവാനും മനസ്സിനെ ശ്രദ്ധാപൂര്‍വം പിടിച്ചുനിര്‍ത്താനും സാധിക്കും എന്നത്. അശ്രദ്ധ എന്നത് മനസ്സാന്നിധ്യം നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്നതാണ്. നമസ്‌കാരത്തിലും മറ്റും പലപ്പോഴും നാം അനുഭവിക്കുന്ന പ്രശ്‌നമാണ് ഈ മനസ്സാന്നിധ്യം നഷ്ടപ്പെടല്‍. പാരായണം ചെയ്യുന്ന ആയത്തിന്റെ അര്‍ഥതലത്തിലൂടെയും ആശയവിശാലതയിലൂടെയും മനസ്സ് ഒഴുകമ്പോള്‍ തീര്‍ച്ചയായും ആ പാരായണം മനസ്സില്‍ അലയൊലികള്‍ സൃഷ്ടിക്കും. അത് തന്റെ ജീവിതത്തിന്റെ അനുഭവങ്ങളുമായും സംഭവങ്ങളുമായും ഏറ്റുമുട്ടും. അപ്പോഴാണ് നമുക്ക് ഉള്‍ക്കാഴ്ചയും പശ്ചാത്താപ മനഃസ്ഥിതിയും കൈവരുന്നത്. അത് നമ്മുടെ മനസ്സിനെ സ്വാധീനിക്കുന്നു. ചെയ്തുപോയ തിന്‍മകളെയും വീഴ്ചകളെയും കുറിച്ചാവുമ്പോള്‍ മനസ്സ് കരയാന്‍ തുടങ്ങും. അത് കണ്ണുനീരായി നിര്‍ഗളിക്കും.

ഇതായിരുന്നു പ്രവാചകന്മാരുടെ മാതൃക. അവര്‍ അല്ലാഹുവിന്റെ വചനങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും മനസ്സാന്നിധ്യത്തോടെ ചിന്തിക്കുന്നവരുമായിരുന്നു. ഭയഭക്തി അവരുടെ മനസ്സുകളില്‍ നിറയുകയും ചെയ്യുമായിരുന്നു. അതിന്റെ ഫലമായി അവര്‍ അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാഗം നമിക്കുകയും കരയുകയും ചെയ്തു.

അല്ലാഹു പറയുന്നു: ”അല്ലാഹു അനുഗ്രഹം നല്‍കിയിട്ടുള്ള പ്രവാചകന്മാരത്രെ അവര്‍. ആദമിന്റെ സന്തതികളില്‍ പെട്ടവരും നൂഹിനോടൊപ്പം നാം കപ്പലില്‍ കയറ്റിയവരില്‍ പെട്ടവരും ഇബ്‌റാഹീമിന്റെയും ഇസ്‌റാഈലിന്റെയും സന്തതികളില്‍ പെന്നട്ടവരും നാം നേര്‍വഴിയിലാക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവരില്‍ പെട്ടവരത്രെ അവര്‍. പരമകാരുണ്യവാന്റെ ആയത്തുകള്‍ അവര്‍ക്ക് വായിച്ച് കേള്‍പ്പിക്കപ്പെടുന്നപക്ഷം പ്രണമിക്കുന്നവരും കരയുന്നവരുമായിക്കൊണ്ട് അവര്‍ താഴെ വീഴുന്നതാണ്” (ക്വുര്‍ആന്‍ 19:58).

പാരായണം ശ്രദ്ധിച്ചുകേള്‍ക്കുന്നതിന്റെ ആഴമേറിയ തലങ്ങളാണ് ഈ വചനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്.

മാര്‍ഗദര്‍ശനത്തിന്റെ വഴി

ക്വുര്‍ആന്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കല്‍ ഹിദായത്തിനുള്ള മാര്‍ഗമാണ്. ഋജുവായ ചിന്തയും മനനവുമുള്ള വ്യക്തികള്‍ക്ക് ക്വുര്‍ആന്‍ ശ്രവിക്കുന്നത് ജീവിതത്തിന്റെ ഇരുണ്ട വഴികളില്‍ പ്രകാശം നിറക്കാന്‍ കാരണമാവുന്നു. ഏറ്റവും നല്ലത് കേള്‍ക്കുകയും അവയെ പിന്‍പറ്റുകയും ചെയ്യുന്ന ബുദ്ധിമന്‍മാരാണ് അവര്‍. വാക്കുകളില്‍ വെച്ച് ഏറ്റവും ഉത്തമമായത് അല്ലാഹുവിന്റെ വാക്കുകളാണ്. ആ വചനങ്ങള്‍ മനസ്സിനെ പ്രകാശത്തിലേക്ക് നയിക്കുന്നു.

സന്മാര്‍ഗം എന്നത് ഉന്നതമായ സംസ്‌കാരമാണ്. ഇസ്‌ലാം ആ സംസ്‌കാരത്തിന്റെ പേരാണ്. വ്യക്തിയുടെ വിശ്വാസത്തിലും കര്‍മത്തിലും കലര്‍പ്പുകളും മാലിന്യങ്ങളും കലരാതെ ശുദ്ധീകരിക്കുന്നതാണ് ക്വുര്‍ആന്‍ ശ്രവിക്കുന്നതിലൂടെ സാധ്യമാവുന്നത്.

അല്ലാഹു പറയുന്നു: ”അതായത് വാക്ക് ശ്രദ്ധിച്ച് കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്. അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍” (ക്വുര്‍ആന്‍ 39:18).

ഇത്തരം ധാരാളം ഗുണങ്ങള്‍ ക്വുര്‍ആന്‍ ശ്രദ്ധിച്ച് കേള്‍ക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു. അവ നേടിയെടുക്കാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ.

 

ഷമീര്‍ മരക്കാര്‍ നദ്‌വി
നേർപഥം വാരിക