മതപരിവര്‍ത്തനത്തിന്റെ കേരളീയ മുഖം

മതപരിവര്‍ത്തനത്തിന്റെ കേരളീയ മുഖം

കേരളത്തിലെ വിവിധ മതവിഭാഗങ്ങളില്‍നിന്നും അപക്വമായ പ്രസ്താവനകളും പ്രതികരണങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെതായി പുറത്തുവന്ന ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പദപ്രയോഗങ്ങള്‍ ഇത്തരത്തിലുള്ള അപക്വവും പ്രതിലോമകരവുമായ പ്രസ്താവനകള്‍ക്കുള്ള ഒടുവിലത്തെ ഉദാഹരണമാണ്. ബിഷപ്പിന്റെ പ്രതികരണം കേരളീയ സമൂഹത്തില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ക്രിസ്ത്യന്‍- മുസ്‌ലിം ധ്രുവീകരണം സൃഷ്ടിക്കുന്ന തരത്തിലേക്ക് പ്രസ്താവനയും അതേത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളും പിന്നീടുള്ള ദിവസങ്ങളില്‍ അപകടകരമായ അവസ്ഥയിലേക്ക് വഴിമാറി. പ്രശ്‌നത്തെ ആളിക്കത്തിക്കുന്ന തരത്തിലേക്ക് ദൃശ്യമാധ്യമങ്ങളിലെ അന്തിചര്‍ച്ചകള്‍ക്ക് കൊഴുപ്പേറി. ചര്‍ച്ചകളില്‍ വര്‍ഗീയമായി സംസാരിക്കാന്‍ സാധിക്കുന്നവരെ കൊണ്ടുവരാന്‍ ചാനലുകാര്‍ പ്രത്യേകം ശ്രദ്ധിച്ചു. ‘പുരകത്തുമ്പോള്‍ ബീഡി കൊളുത്തുക’ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധമാണ് ചില രാഷ്ട്രീയ നേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെട്ടത്.

അവസരം മുതലാക്കുന്ന സംഘ്പരിവാര്‍

മുസ്‌ലിം വിരുദ്ധതയെ രാഷ്ട്രീയമായി അവതരിപ്പിക്കുന്ന സംഘ്പരിവാര്‍ നേതാക്കള്‍ക്ക് ഇതൊരു സുവര്‍ണാവസരമായി. ക്രിസ്ത്യന്‍ സമുദായത്തിന് വേണ്ടി കണ്ണീരൊഴുക്കുന്ന പരിവാര്‍ നേതാക്കളെയാണ് പിന്നീട് കണ്ടുതുടങ്ങിയത്. ബിഷപ്പിന്റെ പ്രസ്താവനയില്‍ ഒരു കുഴപ്പവുമില്ലെന്നും ഇവിടെ ലവ് ജിഹാദും നാര്‍കോട്ടിക്ക് ജിഹാദുമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ക്രിസ്ത്യാനികളുടെ കൂടെ തങ്ങളുണ്ടെന്നുമൊക്കെയാണ് അവര്‍ തട്ടിവിട്ടത്. കേരളത്തിലെ മഹാഭൂരിപക്ഷം ക്രിസ്ത്യാനികളെ ഇതുവഴി ഒപ്പം കൂട്ടാമെന്ന ദിവാസ്വപ്‌നത്തിലാണ് സംഘ്പരിവാര്‍. എന്നാല്‍ ബിജെപിക്ക് കേരളരാഷ്ട്രീയത്തില്‍ സ്വാധീനമുണ്ടാക്കാന്‍ തങ്ങളെ ഉപയോഗിക്കുന്നതിന്റെ ഭാഗം മാത്രമാണീ സ്‌നേഹപ്രകടനത്തിന്റെ പിന്നിലെന്ന് ക്രിസ്ത്യാനികള്‍ക്ക് അറിയാം. 1998ല്‍ തെക്ക് കിഴക്കന്‍ ഗുജറാത്തിലെ ഡാംഗ് ജില്ലയില്‍ ഇരുപതോളം ചര്‍ച്ചുകള്‍ ചുട്ടുകരിച്ച സംഘപരിവാര്‍ ഭീകരത ക്രിസ്ത്യാനികള്‍ മറക്കില്ല. 1999ല്‍ ഒഡിഷയില്‍ ഇരുനൂറോളം ക്രിസ്ത്യന്‍ വീടുകള്‍ ചുട്ടുചാമ്പലാക്കിയതും 2007ലും 2008ലും ഒഡിഷയിലെ കന്ദമാലില്‍ നടന്ന കലാപങ്ങളും 2008ല്‍ തന്നെ കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന അതിക്രമങ്ങളും സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടന്ന ക്രിസ്ത്യന്‍ വിരുദ്ധ കലാപങ്ങളുടെ ഭാഗമായിരുന്നുവെന്ന് ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക?

വിയോജിപ്പ് ക്രിസ്ത്യന്‍ സമൂഹത്തില്‍നിന്നും

അതേസമയം ക്രിസ്തീയ സമൂഹത്തില്‍നിന്നുതന്നെ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ നിലപാടുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ചില നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത് ശുഭോദര്‍ക്കമാണ്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ അടക്കമുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ പാലാ ബിഷപ്പിന്റെ പ്രസ്താവന അപക്വവും സത്യവിരുദ്ധവുമാണെന്നും അത് പിന്‍വലിക്കപ്പെടേണ്ടതാണെന്നുമുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ബിഷപ്പിന്റെ പ്രസ്താവന ചില മെത്രാന്മാരുടെ താല്‍പര്യപ്രകാരം മാത്രമാണെന്നാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നേതാവ് ഫെലിക്‌സ് ജെ. പുല്ലൂടന്‍ അഭിപ്രായപ്പെട്ടത്. കല്‍ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സിറോ മലബാര്‍ സഭ മുന്‍ വക്താവ് പോള്‍ തേലക്കാട്ട് തുടങ്ങിയവരും എതിര്‍പ്പ് രേഖപ്പെടുത്തിയവരില്‍ പ്രമുഖരാണ്.

വിവാദങ്ങളുടെ മര്‍മം

വിവാദങ്ങള്‍ ചുറ്റിത്തിരിയുന്നത് മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. പ്രേമം നടിച്ചും മയക്കുമരുന്ന് നല്‍കിയും ക്രിസ്ത്യാനികളെ ചിലര്‍ ഇസ്‌ലാം മതത്തിലേക്ക് കൊണ്ടുപോവുന്നു എന്ന ആരോപണമാണ് വിവാദത്തിന്റെ മര്‍മം. സ്വന്തം പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതോ മയക്കുമരുന്ന് നല്‍കി ജീവിതം നശിപ്പിക്കുന്നതോ ഒന്നുമല്ല ആരുടെയും പ്രശ്‌നം. മതംമാറ്റം നടക്കുന്നു എന്നതാണ് ‘ഹൈലൈറ്റ്’ ചെയ്യപ്പെടുന്നത്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങി മതമുള്ളവരിലും മതമില്ലാത്തവരിലും നടന്നുകൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണങ്ങളുടെയും മയക്കുമരുന്ന് വ്യാപനത്തിന്റെയും തോത് വളരെ വലുതാണ്. അതുവഴി ജീവിതം ഹോമിക്കപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പഞ്ചാബ് കഴിഞ്ഞാല്‍ കേരളത്തിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ നാര്‍ക്കോട്ടിക് കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരുമുണ്ട്. ഇതിനെതിരെയാണ് ബോധവത്കരണവും ശിക്ഷാനടപടികളും ശക്തമാക്കേണ്ടത്. എന്നാല്‍ ഇതൊന്നും കാണാതെ ഇതിന്റെ പേരില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന് പറയുന്നത് യഥാര്‍ഥ പ്രശ്‌നത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണ്. ഇനി അങ്ങനെയൊന്നുണ്ടെങ്കില്‍ അത് രാജ്യത്തിന്റെ നിയമങ്ങളനുസരിച്ച് കുറ്റകരമാണ്. അധികാരികള്‍ക്ക് പരാതി നല്‍കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് വേണ്ടത്.

മതവും മതപരിവര്‍ത്തനവും

മതപരിവര്‍ത്തനം ലോകം ഉണ്ടായതുമുതല്‍ ഇന്നോളം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. മതം എന്ന മലയാളപദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് അഭിപ്രായം എന്നാണ്. വിശ്വാസ സംബന്ധിയായി ഒരു മനുഷ്യന്‍ അഭിപ്രായരൂപീകരണം നടത്തുന്നത് രണ്ടു വിധത്തിലാണ്. ഒന്ന് സ്വന്തമായ ചിന്തയിലൂടെ ശരിയെന്ന് ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നത്. മറ്റൊന്ന് ചിന്തകള്‍ക്കോ അന്വേഷണങ്ങള്‍ക്കോ സ്ഥാനമില്ലാതെ പാരമ്പര്യമായി കടന്നുവരുന്നത്. ശരിയെന്ന് ബോധ്യമാവുമ്പോള്‍ സ്വീകരിക്കപ്പെടുന്ന അര്‍ഥത്തില്‍ മതത്തെ അംഗീകരിക്കുമ്പോള്‍ അത് മാറ്റത്തിന് വിധേയമാകാവുന്നതാണ്. അതുകൊണ്ടുതന്നെ ഒരാളുടെ സ്വകാര്യമായ വിഷയമാണ് അയാളുടെ മതം. അത് നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ സ്വീകരിപ്പിക്കേണ്ട ഒന്നാവാന്‍ പാടില്ല. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം മതം ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതിന് ഒരാളെ നിര്‍ബന്ധിക്കാന്‍ പാടില്ല. ഭൗതികമായ പ്രലോഭനങ്ങളില്‍ വീഴ്ത്തിക്കൊണ്ട് മതം മാറ്റാനും പാടില്ല. അത് കുറ്റകരമായ കാര്യമാണ്. മതത്തെ പരസ്പരം അറിയാനുള്ള സാഹചര്യം സൃഷ്ടിക്കാം. പക്ഷേ, മതം സ്വീകരിക്കുന്നതിന് എന്തെങ്കിലും ഉപാധികള്‍ ഉണ്ടായിരിക്കാന്‍ പാടില്ല.

മതപരിവര്‍ത്തനത്തിന്റെ ഇസ്‌ലാമികമാനം

പ്രവാചകന്മാരിലൂടെയാണല്ലോ മതം ജനങ്ങളിലേക്ക് ആശയവിനിമയം നടത്തപ്പെട്ടിട്ടുള്ളത്. പ്രവാചകന്മാര്‍ മതത്തെ അടിച്ചേല്‍പ്പിച്ചതായി കാണാന്‍ സാധിക്കില്ല. ‘ലാ ഇക്‌റാഹ ഫിദ്ദീന്‍’ (മതം അടിച്ചേല്‍പിക്കപ്പെടേണ്ട ഒന്നല്ല) എന്ന ആശയമാണ് അവര്‍ പറഞ്ഞുവെച്ചത്. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അതിന്റെ ആശയങ്ങള്‍ വിവേകപൂര്‍ണമാണ്. അതുകൊണ്ടുതന്നെ വിവേകത്തിലേക്ക് ഒരാളെ കൊണ്ടുവരാന്‍ അവിവേകം പാടില്ല. ‘വിവേകം അവിവേകത്തില്‍ നിന്നും വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു’ (2:256). ‘വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍നിന്നും ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുക. അതാണ് വിവേകത്തിന്റെ മാര്‍ഗം’ എന്ന ആശയമാണ് ക്വുര്‍ആന്‍ മുന്നോട്ട് വെക്കുന്നത്. (39:18). സേവനപ്രവര്‍ത്തനങ്ങള്‍ പോലും മറ്റൊരാളെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വേണ്ടിയല്ല എന്നാണ് ക്വുര്‍ആന്റെ കാഴ്ചപ്പാട്. സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിശ്വാസികളെ കുറിച്ച് വിശദീകരിച്ചപ്പോള്‍ ക്വുര്‍ആന്‍ പറഞ്ഞു: ‘ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. അവര്‍ പറയും: അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു’ (ക്വുര്‍ആന്‍ 76:810). സേവനപ്രവര്‍ത്തനങ്ങള്‍ വിശ്വാസിയുടെ പരലോക ഗുണത്തിന് വേണ്ടിയാണെന്നും നരകമോചനത്തിന് വേണ്ടിയാണെന്നും അതൊരിക്കലും മതത്തിലേക്ക് ആളെക്കൂട്ടുവാനോ പ്രലോഭനങ്ങളിലൂടെ മതപരിവര്‍ത്തനം നടത്തുവാനോ വേണ്ടിയല്ല എന്നുമാണ്

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ആശയം

ഒരാള്‍ താന്‍ വിശ്വസിക്കുന്ന മതത്തിലേക്ക് മറ്റൊരാളെ ക്ഷണിക്കുകയാണെങ്കില്‍ അതിന്റെ പിന്നില്‍ താന്‍ ശരിയെന്ന് മനസ്സിലാക്കിയ സത്യത്തിലേക്ക് അപരനെ കൂടി കൊണ്ടുവരിക എന്ന ഉദ്ദേശ്യമാണുള്ളതെങ്കില്‍ അത് തെറ്റായ കാര്യമാണെന്ന് പറയാന്‍ സാധിക്കില്ല. നമ്മുടെ മനഃസാക്ഷി അത് ശരിയെന്ന് മാത്രമെ സാക്ഷ്യപ്പെടുത്തുകയുള്ളൂ. മതപരിവര്‍ത്തനം എന്ന വാക്ക് പലപ്പോഴും തെറ്റായ രൂപത്തില്‍ വ്യാഖ്യാനിക്കപ്പെട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നാണ് ചിലര്‍ മതപരിവര്‍ത്തനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കാറുള്ളത്. മതപ്രബോധനം എന്ന അര്‍ഥത്തിലാണ് ചിലര്‍ അതിനെ നോക്കിക്കാണുന്നത്. മതപരിവര്‍ത്തനം ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേക്കുള്ള മാറ്റമാണ്. അതുകൊണ്ട് ഏതുമതത്തില്‍നിന്നാണോ ഒരാള്‍ മാറുന്നത് പ്രസ്തുത മതത്തെ അത് ക്ഷീണിപ്പിക്കുന്നു. ഇതായിരുന്നു മതപരിവര്‍ത്തനം ഒരിക്കലും അനുവദിക്കാന്‍ പറ്റില്ലെന്ന് ഒരു കൂട്ടര്‍ വാദിക്കാനുണ്ടായ കാരണം.

ഭരണഘടന നിര്‍മാണ സഭയിലെ മതപരിവര്‍ത്തന ചര്‍ച്ചകള്‍

ഇന്ത്യയുടെ ഭരണഘടന നിര്‍മാണ സഭയില്‍ മതപരിവര്‍ത്തനം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 1947 ആഗസ്റ്റ് 30ന് സഭയില്‍ പതിനേഴാം വകുപ്പായി അവതരിപ്പിക്കപ്പെട്ട ബില്‍ ഇങ്ങനെയായിരുന്നു: ‘നിര്‍ബന്ധിതമായിക്കൊണ്ടോ അവിഹിതമായ സ്വാധീനംകൊണ്ടോ ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേക്കുള്ള പരിവര്‍ത്തനം നിയമം മൂലം അനുവദിക്കാവുന്നതല്ല’ (Conversion from one religion to another brought about by coercion or undue Influence shall not be recognised by law). എന്നാല്‍ ഇങ്ങനെയൊരു വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍ദാര്‍ പട്ടേല്‍ വാദിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നേരത്തെതന്നെ നിയമംമൂലം നിരോധിക്കപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു അതിനദ്ദേഹം പറഞ്ഞ കാരണം. എന്നാല്‍ പട്ടേലിനെ ഖണ്ഡിച്ചുകൊണ്ട് മദിരാശിയില്‍നിന്നുള്ള എം. അനന്തശയനം അയ്യങ്കാര്‍ മതപരിവര്‍ത്തനം പൂര്‍ണമായും നിരോധിക്കണം എന്ന് വാദിക്കുകയുണ്ടായി. അതിന് അദ്ദേഹം പറഞ്ഞ പ്രധാന ന്യായീകരണം ഭൂരിപക്ഷ സമുദായമായ ഹിന്ദുമതത്തിന്റെ എണ്ണം കുറയുമെന്നതായിരുന്നു. അയ്യങ്കാറിനെ പിന്തുണച്ചുകൊണ്ട് ആര്‍. വി ധൂലേക്കര്‍ രംഗത്ത് വന്നു. ഹിന്ദുക്കളുടെ സംഖ്യാശക്തി കുറക്കാനുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നായിരുന്നു ധൂലേക്കറിന്റെ കണ്ടെത്തല്‍. അധഃസ്ഥിത വിഭാഗങ്ങളിലെ സാധാരണക്കാരുടെ അജ്ഞത മുതലെടുത്ത്, പ്രലോഭനങ്ങള്‍ നടത്തി മറ്റു മതങ്ങളിലെ പ്രബോധകര്‍ പരിവര്‍ത്തനം നടത്തുകയാണെന്നായിരുന്നു ബംഗാളില്‍നിന്നുള്ള അധഃസ്ഥിതവിഭാഗങ്ങളുടെ പ്രതിനിധിയായ പി. ആര്‍ ഠാക്കൂറിന്റെ പരാമര്‍ശം. ഇത്തരം മതപരിവര്‍ത്തനങ്ങള്‍ തട്ടിപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നേരത്തെ നിയമം മൂലം നിരോധിക്കപ്പെട്ടതായതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഇനി ആവശ്യമില്ല എന്ന നിഗമനത്തിലായിരുന്നു അന്ന് ഭരണഘടന നിര്‍മാണ സഭ എത്തിച്ചേര്‍ന്നത്. (Conversion from one religion to another brought about by coercion or undue Influence shall not be recognised by law).

എന്നാല്‍ 1948 ഡിസംബര്‍ 9 ന് മതപ്രബോധന സ്വാതന്ത്ര്യം അനുവദിക്കുന്ന 25ാം അനുച്ഛേദം (ഡ്രാഫ്റ്റ് ആര്‍ട്ടിക്കിള്‍ 19) ചര്‍ച്ചക്ക് വന്നപ്പോള്‍ മതപരിവര്‍ത്തനം വീണ്ടും വാദപ്രതിവാദത്തിന് വിധേയമായി. മതപ്രബോധന സ്വാതന്ത്ര്യം അവകാശമായി നല്‍കുന്ന ഈ അനുച്ഛേദം ഇന്ത്യയിലെ ഹിന്ദു സമുദായത്തെ അടിമകളാക്കുന്നതിനുള്ള ചാര്‍ട്ടര്‍ ആണെന്നായിരുന്നു അസമില്‍നിന്നുള്ള ലോക്‌നാഥ് മിശ്രയുടെ വിമര്‍ശനം. ഹിന്ദുമതത്തെ ഉന്മൂലനം ചെയ്ത് ഇസ്‌ലാം, ക്രിസ്തു മതങ്ങളെ സ്ഥാപിക്കുന്നതിനാണ് മതപ്രബോധന സ്വാതന്ത്ര്യമെന്ന പേരില്‍ മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യ ഇടപാട് മാത്രമാണ് മതമെന്നിരിക്കെ പരസ്യമായ മതപ്രബോധനം എന്തിനാണെന്നായിരുന്നു ബിഹാറിലെ മുസ്‌ലിം പ്രതിനിധി തജമ്മുല്‍ ഹുസൈന്റെ ചോദ്യം.

ഈ ചര്‍ച്ചകള്‍ക്ക് അന്തിമവിരാമം കുറിച്ചുകൊണ്ട് മതപരിവര്‍ത്തനത്തിന്റെ അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് കെ. എം മുന്‍ഷിയും ടി.ടി. കൃഷ്ണമാചാരിയുമായിരുന്നു. ‘പ്രബോധനം’ (Propogation) എന്ന പദത്തിന് ക്രിസ്ത്യന്‍ സമുദായം നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചും എന്തുകൊണ്ടാണ് ഈ വാക്ക് ഭരണഘടനക്ക് ദോഷകരമല്ലാതാവുന്നത് എന്നതിനെക്കുറിച്ചുമാണ് കെ.എം മുന്‍ഷി കാര്യമായും സഭയില്‍ വിശദീകരിച്ചത്. ‘ഈ പദത്തിന്മേലാണ് ഇന്ത്യയിലെ ക്രിസ്ത്യന്‍ സമുദായം കാര്യമായ ഊന്നല്‍ നല്‍കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനുള്ള കാരണം നിര്‍ബന്ധിതമായി മറ്റുള്ളവരെ പരിവര്‍ത്തനം ചെയ്യുന്നതിന് വേണ്ടിയല്ല, മറിച്ച് അതവരുടെ മതപരമായ ബാധ്യതയാണെന്ന് അവര്‍ കരുതുന്നതുകൊണ്ടാണ്.’

ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലം പഠിച്ച മദ്രാസില്‍നിന്നുള്ള ടി.ടി കൃഷ്ണമാചാരി എന്തുകൊണ്ടാണ് ഹിന്ദുക്കളില്‍ ചിലര്‍ കൈസ്തവ മതം സ്വീകരിച്ചത് എന്നായിരുന്നു സഭയില്‍ വിശദീകരിച്ചത്. ക്രിസ്തീയമതം മറ്റുള്ള മതവിഭാഗങ്ങളിലെ സഹോദരങ്ങളോട് സ്വീകരിച്ച പെരുമാറ്റരീതിയാണ് പലരെയും മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതെന്നും ഒരു അയിത്തജാതിക്കാരന്‍ ക്രിസ്ത്യാനിയാവുന്നതോടെ അയാള്‍ക്ക് ഹിന്ദുമതത്തിലെ ഒരു സവര്‍ണന് ലഭിക്കുന്ന സ്ഥാനമാണ് ലഭിക്കുന്നതെന്നും കൃഷ്ണമാചാരി പറഞ്ഞു. ഈ സംസാരങ്ങളാണ് സഭയെ ഒരു അന്തിമതീരുമാനത്തിലെത്താന്‍ സഹായിച്ചത്. ദൈവത്തിന്റെയും സ്വന്തം മതപ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ മതപ്രബോധനം നടത്തുന്നതും അതുവഴി മതപരിവര്‍ത്തനം നടത്തുന്നതും ഒരു വിശ്വാസപരമായ ബാധ്യതയായി ഒരാള്‍ കാണുന്നുവെങ്കില്‍ അതിന് തടസ്സം നില്‍ക്കേണ്ടതില്ല എന്നും എന്നാല്‍ അത് ഓരോ വ്യക്തിയുടെയും മനഃസാക്ഷിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം എന്നുമുള്ള അവബോധത്തിലാണ് ഭരണഘടന നിര്‍മാണ സഭ അന്ന് എത്തിച്ചേര്‍ന്നത്. മതപ്രബോധനം മൗലികാവകാശമായത്തിന്റെ ഒരു ലഘുചരിത്രമാണിത്. പീഡനങ്ങളോ പ്രീണനങ്ങളോ ബലാല്‍ക്കാരമോ അടിച്ചേല്‍പിക്കലോ ഭൗതിക വ്യാമോഹങ്ങളോ പ്രലോഭനങ്ങളോ ഒന്നുമില്ലാതെ, ഒരാള്‍ അയാളുടെ മതവിശ്വാസവും വിജ്ഞാനങ്ങളും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതും അതിലേക്ക് ക്ഷണിക്കുന്നതുമെല്ലാം ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങളില്‍ പെട്ടതാണ് എന്നു ചുരുക്കം. (http://loksabh-aph.nic.in/writereaddata/cadebate files/C01051947.html, https://indian kanoon.org/doc/209313/).

മതപരിവര്‍ത്തനത്തിലെ രാഷ്ട്രീയം

മതപരിവര്‍ത്തനം സ്വന്തം സമുദായത്തിന്റെ അംഗബലം കൂട്ടുക എന്ന ലക്ഷ്യത്തോടെ മാത്രമാണെങ്കില്‍ അത് കേവലം രാഷ്ട്രീയമാണ്. അതിന് മതത്തിന്റെ ശരിയായ അകക്കാമ്പിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഇത്തരം ‘രാഷ്ട്രീയങ്ങള്‍’ ആണ് മതപ്രബോധന മേഖലയെ സംഘര്‍ഷഭരിതമാക്കുന്നതും സങ്കീര്‍ണമാക്കുന്നതും. ഒരാള്‍ അയാള്‍ക്ക് മനസ്സിലായ സത്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് മതവിശ്വാസം രൂപീകരിക്കുന്നുവെങ്കില്‍ അത് കുഴപ്പങ്ങള്‍ സൃഷ്ടിക്കില്ല. അതിനെ ചോദ്യം ചെയ്യാനോ തടയാനോ ഇവിടെയുള്ള ഏതെങ്കിലും മത മേലധ്യക്ഷന്മാര്‍ക്കോ പുരോഹിതന്മാര്‍ക്കോ അധികാരമില്ല. ക്രിസ്തീയ സഭകള്‍ക്ക് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ആശങ്ക ക്രിസ്തീയ മതം ഉപേക്ഷിച്ച് ചിലര്‍ മറ്റു മതങ്ങള്‍ സ്വീകരിക്കുന്നതാണെങ്കില്‍ ആ ആശങ്ക അസ്ഥാനത്താണ്. കാരണം മറ്റു മതങ്ങളില്‍നിന്നും ധാരാളം പേര്‍ ഇതുപോലെ ക്രിസ്തീയ മതം സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ വളരെ വ്യവസ്ഥാപിതമായി മതപ്രബോധനത്തിനും മതപരിവര്‍ത്തനത്തിനുമായി മിഷണറി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ക്രിസ്ത്യന്‍ സഭകളാണ്. മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് കേവലം വിശ്വാസ പ്രചാരണങ്ങള്‍ ആയിരുന്നില്ല സഭകള്‍ സ്വീകരിച്ചിരുന്നത്. വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങിയ ജനക്ഷേമകരമായ കാര്യങ്ങളായിരുന്നു പ്രധാനമായും മുമ്പോട്ടുവെച്ചിരുന്നത്. വിശ്വാസത്തില്‍ ആകൃഷ്ടരായിട്ടല്ല, മറിച്ച് ഭൗതികമായ വിഭവങ്ങളില്‍ ആകൃഷ്ടരായിക്കൊണ്ടാണ് പലരും ക്രിസ്തുമതം സ്വീകരിച്ചിരുന്നത്. ഇത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

മതപരിവര്‍ത്തനത്തിന് സ്‌നേഹം (Love), മയക്കുമരുന്ന് (Narcotics), മറ്റു ഭൗതിക സൗകര്യങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഇസ്‌ലാമില്‍ കുറ്റകരമാണ്. അതുകൊണ്ടുതന്നെ ‘ലവ് ജിഹാദ്’ തുടങ്ങിയ പ്രയോഗങ്ങള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ഉപയോഗിക്കുന്നത് അന്യായമാണ്. അതേസമയം ഭൗതിക സൗകര്യങ്ങള്‍ നല്‍കിക്കൊണ്ട് ക്രിസ്തുമതത്തിലേക്ക് അന്യമതങ്ങളില്‍ പെട്ടവരെ ആകര്‍ഷിക്കുന്നതില്‍ ക്രിസ്ത്യന്‍ സഭകള്‍ തെറ്റുകാണുന്നുമില്ല. ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രേമത്തില്‍ വീഴ്ത്തി മതം മാറ്റുന്നതിനെ ലവ് ജിഹാദ് എന്ന് വിളിക്കാമെങ്കില്‍ വിദ്യാഭ്യാസമോ (Education)  ചികിത്സയോ (Medical Treatment)  നല്‍കി ആളുകളെ ക്രിസ്തീയ മാര്‍ഗത്തിലേക്ക് കൊണ്ടുപോകുന്നതിന് എന്തുപേരാണ് വിളിക്കുക? ‘സേവന കുരിശുയുദ്ധം’ (Service crusade)  എന്നാണോ? ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ എല്ലാ മതവിഭാഗങ്ങളും ഒഴിവാക്കുകയാണ് വേണ്ടത്. ഉത്തരവാദപ്പെട്ട മതനേതാക്കളില്‍നിന്നും ഇതുപോലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവാന്‍ പാടില്ല.

ക്രിസ്ത്യാനികള്‍: അല്‍പം ചരിത്രം

എഡി 52ല്‍ ക്രിസ്തുവിന്റെ ശിഷ്യന്‍ സെന്റ് തോമസ് (മാര്‍ തോമസ് ശ്ലീഹ) മലങ്കരയില്‍ (കേരളത്തില്‍) എത്തിയതോടെയാണ് ഇവിടെ ക്രിസ്ത്യാനികള്‍ തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. ചരിത്രത്തിന്റെ പിന്‍ബലം ഇതിനില്ലെങ്കിലും പൊതുവില്‍ ജനങ്ങള്‍ ധരിച്ചുവെച്ചത് ഇങ്ങനെയാണ്. സെന്റ് തോമസും അനുയായികളും വഴി ക്രിസ്ത്യാനികളായവര്‍ മാര്‍തോമക്കാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് എഡി രണ്ടാം നൂറ്റാണ്ടില്‍ സിറിയന്‍ പാത്രിയാര്‍ക്കീസുമായി ബന്ധമുള്ള ചിലര്‍ കടല്‍മാര്‍ഗം കേരളത്തിലെത്തി. സുറിയാനി ഭാഷയായിരുന്നു അവരുടെ വൈദിക ഭാഷ. അതുകൊണ്ടുതന്നെ ആദ്യകാല ക്രിസ്ത്യാനികള്‍ സുറിയാനി നസ്രാണികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. റോമിലെ മാര്‍പാപ്പയുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. ഇവര്‍ കത്തോലിക്കക്കാര്‍ ആയിരുന്നില്ല എന്നര്‍ഥം. ക്‌നാനായ തൊമ്മന്‍ എന്നയാള്‍ കുറെ ആളുകളുമായി എഡി മൂന്നാം നൂറ്റാണ്ടില്‍ എത്തി. അയാളുടെ പിന്മുറക്കാര്‍ ‘ക്‌നാനായ സുറിയാനി കത്തോലിക്കര്‍’ എന്നാണ് അറിയപ്പെട്ടത്. സുറിയാനി നസ്രാണികള്‍ പൊതുവെ കേരളീയ പാരമ്പര്യം സ്വീകരിച്ച് വന്നവരായിരുന്നു. ഇവരെ ‘പഴയ കൂറുകാര്‍’ എന്നും വിളിക്കുന്നു.

സുറിയാനികള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടതെങ്ങിനെ?

1498ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വരികയും പോര്‍ച്ചുഗീസ് മിഷണറി റോമുമായി ബന്ധമില്ലാതിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ റോമിന്റെ കീഴിലുള്ള കത്തോലിക്കാ മതത്തിലേക്ക് നിര്‍ബന്ധിതമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. ഇതിനായി 1599ല്‍ ഉദയംപേരൂരില്‍ ഒരാഴ്ച നീണ്ടുനിന്ന സൂനഹദോസ് സംഘടിപ്പിച്ചു. ഇങ്ങനെ പരിവര്‍ത്തിക്കപ്പെട്ടവരാണ് സീറോ മലബാര്‍ സഭ. പോര്‍ച്ചുഗീസുകാര്‍ ഹൈന്ദവ വിഭാഗത്തില്‍നിന്ന് കുറെപേരെ മതപരിവര്‍ത്തനം നടത്തി. അവരാണ് ലത്തീന്‍ കത്തോലിക്കാവിഭാഗം. 1700കളില്‍ ബ്രിട്ടീഷുകാര്‍ എത്തിയതോടെ പ്രൊട്ടസ്റ്റന്റ് സഭകള്‍ രൂപംകൊണ്ടു. റോമിലെ മാര്‍പ്പാപ്പയോട് തെറ്റി മറ്റൊരു മാര്‍ഗം സ്വീകരിച്ചവരാണവര്‍. ‘ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ’ എന്നാണ് അവരുടെ സഭകള്‍ അറിയപ്പെടുന്നത്. പ്രൊട്ടസ്റ്റന്റുകളില്‍നിന്നുള്ള നവീകരണ വിഭാഗമായി 1909ല്‍ പെന്തക്കോസ്ത്ത് വിഭാഗവും ഉണ്ടായി.

1599ല്‍ ഉദയംപേരൂരില്‍ വെച്ച് കത്തോലിക്കരായി പരിവര്‍ത്തനം ചെയ്യപ്പെട്ട സുറിയാനി നസ്രാണികളില്‍ ചിലര്‍ 1653ല്‍ പഴയ കൂറിലേക്ക് തന്നെ തിരിച്ചുപോയി. അവര്‍ നടത്തിയ സത്യപ്രതിജ്ഞ കൂനന്‍കുരിശ് സത്യം എന്ന പേരിലാണ് അറിയപ്പെടുന്നത്. അവര്‍ റോമിനെ അംഗീകരിച്ചില്ല. പകരം അന്തേ്യാഖ്യയെ ആയിരുന്നു അവര്‍ വൈദിക നേതൃത്വമായി സ്വീകരിച്ചിരുന്നത്. എന്നാല്‍ അവര്‍ക്കിടയില്‍ ഭിന്നതകള്‍ ഉടലെടുത്തു. പൂര്‍ണമായ അധികാരം അന്തേ്യാഖ്യ പാത്രിയാര്‍ക്കീസിന് നല്‍കിയവര്‍ ‘ബാവ കക്ഷി’ എന്നറിയപ്പെട്ടു. എന്നാല്‍ ഭരണപരമായ കാര്യങ്ങളില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചവര്‍ ‘മെത്രാന്‍ കക്ഷി’ എന്ന പേരില്‍ വിളിക്കപ്പെട്ടു. ബാവ കക്ഷിയാണ് പില്‍ക്കാലത്ത് യാക്കോബായ വിഭാഗമായത്. മെത്രാന്‍ കക്ഷിയാണ് ഇന്നത്തെ മലങ്കര ഓര്‍ത്തോഡോക്‌സ് സഭ. അന്ത്യോഖ്യയെ അംഗീകരിച്ചവരില്‍ പെട്ട മൂന്നാമത്തെ കക്ഷിയാണ് ഇന്നത്തെ കല്‍ദായ സുറിയാനി (പേര്‍ഷ്യന്‍ അസ്സീറിയന്‍) വിഭാഗം.

ഇങ്ങനെ വിവിധ വിഭാഗങ്ങളായ കേരളത്തിലെ ക്രിസ്ത്യാനികളെ പ്രധാനമായും നാലായി തരംതിരിക്കാം. (1) റോമന്‍ കത്തോലിക്കര്‍. സീറോ മലബാര്‍ സഭ (40.2%), സീറോ മലങ്കര (7.8%), ലത്തീന്‍ കത്തോലിക്കാ (13.2%) എന്നീ വിഭാഗങ്ങളാണ് റോമന്‍ കത്തോലിക്കര്‍. ഇവരാണ് ഭൂരിപക്ഷം. 61.2%. (2) സുറിയാനി വിഭാഗം. മലങ്കര ഓര്‍ത്തോഡോക്‌സ് (8%), യാക്കോബായ (7.9%), മാര്‍ത്തോമാ (6.6%), കല്‍ദായ (0.43%). ആകെ 14.93%. (3) പ്രൊട്ടസ്റ്റന്റ്. സി.എസ്.ഐ. (4.5%), പെന്തക്കോസ്ത്ത് (4.3%), ദളിത് ക്രിസ്ത്യന്‍ (2.2%), സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് (0.58%), സെന്റ് തോമസ് ഇവാഞ്ചെലിക്കല്‍ (0.05). (4) മറ്റുള്ളവര്‍ (4.46%).

ക്രിസ്ത്യന്‍ മിഷണറിയുടെ തുടക്കം

പതിനഞ്ചാം നൂറ്റാണ്ടോടെ റോമന്‍ കത്തോലിക്കാ മിഷണറിയുടെ വരവോടെയാണ് കേരളത്തില്‍ ക്രിസ്തീയ മതപരിവര്‍ത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അടിമത്ത നിരോധനമടക്കമുള്ള സാമൂഹിക വിപ്ലവത്തിന്റെ ഉപജ്ഞാതാക്കള്‍ കത്തോലിക്കാ മിഷണറിമാര്‍ ആണെന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. എന്നാല്‍ മിഷണറിമാരുടെ ലക്ഷ്യം അതായിരുന്നില്ല. ‘ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”യഥാര്‍ഥത്തില്‍ മിഷണറിമാരുടെ മനസ്സിലിരിപ്പും മനഃശാസ്ത്രവും എന്തായിരുന്നു? അടിമത്തവും അധഃകൃത വര്‍ഗങ്ങള്‍ അനുഭവിച്ച സാമൂഹിക വിവേചനങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണോ അവര്‍ കടല്‍ കടന്ന് തിരുവിതാംകൂറില്‍ എത്തിയത്? നിശ്ചയമായും അല്ല. ആത്മാക്കളെ വലയിട്ടു പിടിക്കലായിരുന്നു അവരുടെ ലക്ഷ്യം. ക്രിസ്തുവിനു വേണ്ടിയുള്ള ഒരു യുദ്ധത്തിലായിരുന്നു അവര്‍. ഈ വിശ്വാസ യുദ്ധത്തെ വെള്ളക്കാരന്റെ അധിനിവേശ യുദ്ധവുമായി അവര്‍ ബന്ധിപ്പിച്ചു. ബ്രിട്ടനിലെ വെള്ളക്കാരന്‍ ക്രിസ്ത്യാനിയാവുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ക്രിസ്ത്യാനിയായ മലയാളി സുറിയാനികളെ നേരെയാക്കുവാനാണ് ആദ്യമവര്‍ ശ്രമിച്ചത്. അത് ഉടക്കിപ്പിരിഞ്ഞപ്പോള്‍ പിന്നോക്കവിഭാഗങ്ങളുടെ ആത്മാക്കള്‍ക്കായി അവര്‍ വല വീശിയെറിഞ്ഞു” (ബോബി തോമസ്, പേജ് 340).

പുലയരും പറയരും മലയരന്മാരും നാടാര്‍മാരും അടക്കമുള്ള അധഃസ്ഥിത വിഭാഗങ്ങളില്‍ പലരും മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. മതപരിവര്‍ത്തനത്തിന് പിന്നില്‍ അടിമത്ത മോചനം, ജാതിപീഡനങ്ങളില്‍നിന്നുള്ള രക്ഷ, നിര്‍ബന്ധിതമായ അടിച്ചേല്‍പിക്കല്‍ എന്നിവയായിരുന്നു. തികച്ചും ഭൗതികമായ താല്‍പര്യങ്ങളാണ് പിന്നാക്കക്കാരെ വൈദേശിക ക്രിസ്ത്യന്‍ മിഷണറികളുമായി അടുപ്പിച്ചത്. എന്നാല്‍ ഇങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് രണ്ടാംതരം ക്രിസ്ത്യാനികളായി ജീവിക്കേണ്ടിവന്നു. നേരത്തെ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതരെ അപമാനിച്ചുകൊണ്ടിരിന്നു. അതേസമയം ബ്രിട്ടീഷുകാര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതരോട് ഒട്ടും ദയ കാണിച്ചതുമില്ല. ഡോ. ജെ ഡബ്ലിയൂ ഗ്ലാഡ്സ്റ്റണ്‍ എഴുതുന്നു: ”ഒരു സമ്പന്നനായ യജമാനന്‍ തന്റെ ജോലിക്കാരോട് കാണിക്കുന്ന പെരുമാറ്റമായിരുന്നു മിഷണറിമാരുടേത്. അല്ലാതെ ക്രിസ്തുവിനെ സ്‌നേഹിക്കുന്ന സഹപ്രവര്‍ത്തകരുടേതായിരുന്നില്ല” (കേരളത്തിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതവും ബഹുജനപ്രസ്ഥാനങ്ങളും).

മിഷണറിമാര്‍ ഹിന്ദുക്കള്‍ക്കെതിരെ

മിഷണറി പ്രവര്‍ത്തകര്‍ ഹൈന്ദവ ആചാരങ്ങളെ പരസ്യമായി അവഹേളിക്കുന്ന സമീപനമായിരുന്നു പുലര്‍ത്തിയിരുന്നത്. ക്ഷേത്രങ്ങളുടെ മുമ്പില്‍ നിന്നുകൊണ്ട് ഹിന്ദുവിശ്വാസങ്ങളെ എതിര്‍ത്തുകൊണ്ട് അവര്‍ പ്രസംഗിക്കുമായിരുന്നു. മിഷണറിമാരുടെ ഇങ്ങനെയുള്ള ഹൈന്ദവ അധിക്ഷേപങ്ങള്‍ തുടര്‍ന്നപ്പോഴായിരുന്നു കേരളത്തിലെ പ്രമുഖ നവോത്ഥാന നായകനായിരുന്ന ചട്ടമ്പിസ്വാമികള്‍ പ്രതികരണവുമായി രംഗത്ത് വന്നത്. ‘ക്രിസ്തുമതച്ഛേദനം’ എന്ന സ്വാമിയുടെ ഗ്രന്ഥത്തിന്റെ പശ്ചാത്തലം അതായിരുന്നു. മതപ്രചാരണം അന്യമതങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലേക്ക് വഴിമാറുകയും മറ്റു മതങ്ങളുടെ ആരാധനാലയങ്ങളുടെ മുറ്റങ്ങളില്‍ പോലും അധികാരികളുടെ പിന്തുണയോടെ നടത്തപ്പെടുകയും ചെയ്തതോടെയാണ് ചട്ടമ്പിസ്വാമിയെ പോലുള്ള വ്യക്തികള്‍ രംഗത്തു വന്നത്.

മിഷണറിമാരും മക്തി തങ്ങളും

ഹിന്ദു മതം മാത്രമല്ല, ഇസ്‌ലാം മതവും മിഷണറിമാരുടെ ക്രൂരതകള്‍ക്ക് വിധേയമായിരുന്നു. കേരളത്തിന്റെ നവോത്ഥാന നായകനായിരുന്ന സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ ‘കഠോരകുഠാരം’ എന്ന പുസ്തകം രചിക്കാനുണ്ടായ കാരണം െ്രെകസ്തവ മിഷണറിമാര്‍ ഇസ്‌ലാമിനെതിരെ നടത്തിയ ക്രൂരമായ പ്രചാരണങ്ങളായിരുന്നു. പ്രസ്തുത പുസ്തകത്തില്‍ മക്തി തങ്ങള്‍ ദരിദ്രരുടെ അജ്ഞാനത്തെ മുതലെടുത്ത് മതപരിവര്‍ത്തനം നടത്തുന്നതിന്റെ അര്‍ഥശൂന്യത എടുത്തുപറയുന്നുണ്ട്. ഇസ്‌ലാമിനെ മാത്രമല്ല, ഹിന്ദു മതത്തെ തത്ത്വദീക്ഷയില്ലാത്തവിധം ഇകഴ്ത്തിപ്പറയുന്നതിനെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. ‘നിങ്ങളുടെ കണ്ണില്‍ കോല്‍ ഇരിക്കവെ, ഹിന്ദുക്കളുടെ കണ്ണിലെ കരടിനെ തെരഞ്ഞു ശാസ്ത്രങ്ങളെയും ശാസ്ത്രകര്‍ത്താക്കളെയും വചനംകൊണ്ടും ലേഖനംകൊണ്ടും ആക്ഷേപിച്ചും നിന്ദിച്ചും വരുന്നത് അന്യായവും അധികപ്രസംഗവുമാകുന്നു’ എന്നാണ് അദ്ദേഹം മിഷണറിമാരുടെ പ്രവര്‍ത്തനത്തെ കുറിച്ച് എഴുതിവെച്ചത്.

ഡോ. എം ഗംഗാധരന്‍ എഴുതുന്നു: ‘അക്കാലത്ത് മലബാറിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ആളുകള്‍ കൂടുന്നിടത്ത് ക്രിസ്തുമതപ്രചാരകര്‍ മതപ്രഭാഷണം നടത്തിയിരുന്നു. ക്രിസ്തുമതത്തെ കുറിച്ചുള്ള ലഘുലേഖകളും അവര്‍ വിതരണം ചെയ്തുപോന്നു. പ്രസംഗത്തിലും എഴുത്തിലും അവര്‍ ഇസ്‌ലാം മതത്തെ വളരെ വികൃതമായി ചിത്രീകരിക്കുകയും ക്രിസ്തു മതം സ്വീകരിക്കാന്‍ പാവപ്പെട്ടവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് എതിര്‍ക്കപ്പെടേണ്ടതായി തോന്നിയതുകൊണ്ട് തന്റെ മുപ്പത്തിയാറാം വയസ്സില്‍ തങ്ങള്‍ സര്‍ക്കാര്‍ ജോലി രാജിവെക്കുകയും ക്രിസ്തുമത പ്രചാരകര്‍ ഇന്നാട്ടിലെ ജനങ്ങളെ അപമാനിക്കുന്ന വിധത്തിലും തെറ്റായി ചിത്രീകരിക്കുന്നതിനെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു’ (മാപ്പിള പഠനങ്ങള്‍, പേജ് 75).

ജനസംഖ്യാവാദവും തെറ്റിദ്ധാരണകളും

ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ മുസ്‌ലിംകളുടെ എണ്ണത്തിലുള്ള വര്‍ധനവും ക്രിസ്ത്യാനികളുടെ കുറവുമാണെന്ന് ചിലര്‍ നിരീക്ഷിക്കുന്നു. ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവ് വരാനുള്ള കാരണം ലവ് ജിഹാദാണെന്നാണ് ഇവരുടെ പ്രചാരണം. ലവ് ജിഹാദ് എന്ന ഒന്നില്ലെന്നത് രാജ്യത്തിന്റെ പരമോന്നത നീതിപീഠം പോലും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. 1900 മുതലുള്ള ജനസംഖ്യ പരിശോധിച്ചാല്‍ ഈ പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബോധ്യമാവും. 1901ലെ മുസ്‌ലിം ജനസംഖ്യ 17.28% ആയിരുന്നെങ്കില്‍ ക്രിസ്ത്യന്‍ ജനസംഖ്യ അന്ന് 13.28% ആയിരുന്നു. എന്നാല്‍ 1961 ആയപ്പോള്‍ മുസ്‌ലിം ശതമാനം 17.91ഉം ക്രിസ്ത്യന്‍ ശതമാനം 21.22 ഉം ആയി. അതായത് മുസ്‌ലിം ജനസംഖ്യയില്‍ സാരമായ മാറ്റം ഉണ്ടായില്ല. എന്നാല്‍ ക്രിസ്ത്യന്‍ ജനസംഖ്യ എട്ടു ശതമാനത്തോളം വര്‍ധിച്ചു. അക്കാലത്ത് ക്രിസ്ത്യാനികളുടെ ഈ വര്‍ധനവില്‍ ആരും ആശങ്ക പ്രകടപ്പിച്ചതായി കണ്ടിട്ടില്ല. 1961ന് ശേഷം മുസ്‌ലിം ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടായി. 2011 ആയപ്പോള്‍ 26.56% ആയി അത് ഉയര്‍ന്നു. ഓരോ പത്തുവര്‍ഷം കൂടുമ്പോഴും ശരാശരി ഒന്നര ശതമാനത്തിന്റെ വളര്‍ച്ച. എന്നാല്‍ ക്രിസ്ത്യന്‍ ജനസംഖ്യ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും ശരാശരി ഒരു ശതമാനം കുറഞ്ഞുവന്നു. 2011ലെ കണക്കനുസരിച്ച് ക്രിസ്ത്യാനികള്‍ 18.38% ആണ്. 1901 മുതല്‍ നൂറുവര്‍ഷത്തെ കണക്ക് നോക്കിയാല്‍ മുസ്‌ലിംകള്‍ എണ്ണത്തില്‍ 9 ശതമാനവും ക്രിസ്ത്യാനികള്‍ നാലര ശതമാനവും വളര്‍ച്ച നേടിയിരിക്കുന്നു. എന്നാല്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവ് വന്നതിന്റെ കാരണം മതപരിവര്‍ത്തനമാണെന്ന് ഒരു രേഖയും അംഗീകരിക്കുന്നില്ല. പ്രത്യുത്പാദന നിരക്ക് കുറഞ്ഞതും തൊഴില്‍ തേടിയുള്ള കുടിയേറ്റങ്ങളുമാണ് ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവുവരാനുണ്ടായ പ്രധാന കാരണങ്ങള്‍.

എല്ലാ മതങ്ങളും പരസ്പരം ആദരവ് പ്രകടിപ്പിച്ച് സഹിഷ്ണുതയോടെ കഴിയേണ്ട നാടാണ് നമ്മുടേത്. പഴയകാല നേതാക്കള്‍ നമുക്ക് നേടിത്തന്ന വിശാലമനസ്‌കത നാം കളഞ്ഞുകുളിക്കരുത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി സംഘപരിവാര്‍ ഫാസിസ്റ്റ് ശക്തികള്‍ ഉണ്ടാക്കിയെടുക്കുന്ന കഥകള്‍ക്ക് പിറകെ പോവാതെ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ നമുക്ക് കഴിയണം. മതപരിവര്‍ത്തനത്തിന് ഭരണഘടന നല്‍കിയിട്ടുള്ള വിശദീകരണങ്ങളില്‍ ഒതുങ്ങിനിന്നുകൊണ്ടുമാത്രം പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുവാന്‍ എല്ലാ വിഭാഗങ്ങളും തയ്യാറാവുകയാണ് വേണ്ടത്. തെറ്റിദ്ധാരണകള്‍ അകറ്റിനിര്‍ത്തി രാജ്യത്തിനും ജനതക്കും വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമാറാകട്ടെ.

സുഫ്‌യാന്‍ അബ്ദുസ്സലാം

നേർപഥം വാരിക 

പ്രണയക്കുരുതിയുടെ കാരണം കണ്ടെത്തി ചികിത്സിക്കണം

പ്രണയക്കുരുതിയുടെ കാരണം കണ്ടെത്തി ചികിത്സിക്കണം

പ്രണയപ്പകയില്‍ കേരളത്തില്‍ വീണ്ടുമൊരു കൊലപാതകം കൂടി സംഭവിച്ചിരിക്കുന്നു! പെട്രോളൊഴിച്ചും സ്‌ഫോടക വസ്തു ഉപയോഗിച്ചും കത്തികൊണ്ട് കുത്തിയും വെടിയുതിര്‍ത്തുമെല്ലാം പ്രണയ നൈരാശ്യത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്..

ഓരോ സംഭവം കഴിയുമ്പോഴും അതിന്റെ നീറുന്ന കാഴ്ചകള്‍ മാധ്യമങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുമ്പോള്‍ ഇനിയാരും ഇത്തരം കൊടുംക്രൂരതയ്ക്ക് മുതിരില്ലെന്നാണ് സമൂഹം വിചാരിക്കാറുള്ളത്. എന്നാല്‍ അത്തരം പ്രതീക്ഷകളെയെല്ലാം തകര്‍ത്തുകൊണ്ട് വീണ്ടും അതിക്രൂരമായ വഴികളിലൂടെ കൊലകള്‍ ആവര്‍ത്തിക്കുന്നതായാണ് നാം കാണുന്നത്.

കൗമാരക്കാര്‍ ഇത്തരം ദുരന്തങ്ങളിലേക്ക് എത്തിച്ചേരുന്നതിന്റെ മൗലിക കാരണം കണ്ടെത്താന്‍ ഇനിയും വൈകിക്കൂടാ. സിനിമകളും സീരിയലുകളും നല്‍കുന്ന വികലമായ വിവാഹ വീക്ഷണങ്ങള്‍ മുന്നില്‍ വെച്ചാണ് കൗമാരപ്രായക്കാര്‍ പ്രണയത്തിലേക്ക് എടുത്തുചാടുന്നത്. സങ്കല്‍പങ്ങളില്‍നിന്ന് യാഥാര്‍ഥ്യങ്ങളിലേക്ക് എത്തുമ്പോള്‍ പലരും കണ്ടെത്തിയ ജീവിതപങ്കാളി തനിക്ക് യോജിച്ചതല്ലെന്ന് തിരിച്ചറിയുന്നു. അതോടെ പിന്‍മാറാന്‍ ശ്രമിക്കുന്നു. മറ്റെയാള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നു. അതോടെ അവര്‍ പോലും വിചാരിക്കാത്ത അനര്‍ഥങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.

വിവാഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്ത പ്രായത്തില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ലിംഗ സമത്വത്തിന്റെയും പെരുമ്പറ മുഴക്കി പ്രണയത്തെ മഹത്ത്വവത്കരിക്കുന്ന പൊതുബോധത്തെയാണ് ആദ്യം ചികിത്സിക്കേണ്ടത്.

വിവാഹമെന്നത് കുട്ടികളോ രക്ഷിതാക്കളോ തനിച്ച് തീരുമാനിക്കേണ്ട ഒരു വിഷയമല്ല. മക്കള്‍ക്കും രക്ഷിതാക്കള്‍ക്കും തുല്യമായ പങ്കാളിത്തം അതിലുണ്ടാവണം. മക്കളുടെ അനുവാദമില്ലാതെ വിവാഹം ഉറപ്പിക്കുന്നത് പോലെ അന്യായമായ ഒന്നാണ് കുടുംബത്തിന്റെ ഇടപെടലും സമ്മതവുല്ലാതെ കുട്ടികള്‍ വൈകാരികമായി എത്തിച്ചേരുന്ന ബന്ധങ്ങള്‍.

പോറ്റിവളര്‍ത്തിയ മാതാപിതാക്കള്‍ക്ക് തണലാകേണ്ട മക്കള്‍ വിവാഹത്തോടെ സ്വന്തം കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ചു പോകേണ്ടി വരുന്ന സാഹചര്യം എത്രമാത്രം ക്രൂരമാണ്! മാതാപിതാക്കളും കുടുംബവും പുതുതലമുറയുടെ വികാരങ്ങളറിയാന്‍ സാധിക്കാത്ത പ്രാകൃത കാലത്തെ ഒരുതരം ജീവികളാണെന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കും വിധമാണ് മീഡിയകളും സിനിമകളും പൊതുബോധം രൂപപ്പെടുത്തുന്നത്.

നൈമിഷികമായ വികാര ശമനത്തിനായി വലയൊരുക്കി കാത്തിരിക്കുന്നവരുടെ കെണിയിലകപ്പെട്ട മക്കള്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്ന ഉപദേശങ്ങള്‍ക്ക് ഫലപ്രാപ്തിയില്ലാതെ പോകുന്നത് രക്ഷിതാക്കളെക്കുറിച്ച് നേരത്തെ രൂപപ്പെടുത്തിയ തെറ്റായ പൊതുബോധം കാരണത്താലാണ്.

പക്വതയെത്താത്ത പ്രായത്തില്‍ മുളപൊട്ടുന്ന പ്രണയത്തിന്റെ നാമ്പുകള്‍ തുടക്കത്തിലേ നുള്ളിക്കളയാന്‍ ആര്‍ജവമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ നാം തയ്യാറായാലേ പ്രണയക്കുരുതികള്‍ അവസാനിപ്പിക്കാനാവൂ.

ക്യാമ്പസ് കാലം പഠനത്തിനുള്ളതാണ്. കുടുംബങ്ങള്‍ കൂടയാലോചിച്ച് എടുക്കുന്ന തീരുമാനത്തിലൂടെ മാത്രമെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയുള്ളൂവെന്ന തീരുമാനത്തിലേക്കും തിരിച്ചറിവിലേക്കും പുതുതലമുറയെ എത്തിക്കാന്‍ സാധിക്കണം. ഈ നിലപാടിനെ പിന്തിരിപ്പന്‍ കാഴ്ചപ്പാടായി മുദ്രകുത്താനാണ് ശ്രമമെങ്കില്‍ കഴുത്തറുത്തും കത്തിച്ചും പ്രണയപ്പക തീര്‍ക്കുന്ന കാഴ്ചകള്‍ ഇനിയും കാണേണ്ടി വരും.

ടി.കെ.അശ്‌റഫ്

നേർപഥം 

പരലോകത്ത് ഉന്നത പദവികള്‍

പരലോകത്ത് ഉന്നത പദവികള്‍

(മുഹമ്മദ് നബി ﷺ , ഭാഗം 21)

സ്വര്‍ഗത്തിലെ ഉന്നതമായ ഒരു പദവിയാണ് അല്‍വസീല. ഇത് മുഹമ്മദ് നബി ﷺ ക്ക് മാത്രം ലഭിക്കുന്ന സ്ഥാനമാണ്. നബി ﷺ പറയുന്നത് കാണുക:

അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ആസ്വി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: ”മുഅദ്ദിനെ (ബാങ്ക് വിളിക്കുന്നത്) നിങ്ങള്‍ കേട്ടാല്‍, അദ്ദേഹം പറയുന്നത് പോലെ നിങ്ങളും പറയുവിന്‍. പിന്നീട് എന്റെമേല്‍ നിങ്ങള്‍ സ്വലാത്തിനെ ചോദിക്കുക. തീര്‍ച്ചയായും ആരെങ്കിലും എന്റെ മേല്‍ ഒരു സ്വലാത്തിനെ ചോദിച്ചാല്‍ അതുമുഖേന അല്ലാഹു അവന് പത്ത് അനുഗ്രഹങ്ങള്‍ നല്‍കുന്നതാണ്. പിന്നീട് എനിക്കുവേണ്ടി അല്ലാഹുവിനോട് നിങ്ങള്‍ വസീലയെ ചോദിക്കുകയും ചെയ്യുക. തീര്‍ച്ചയായും അത് സ്വര്‍ഗത്തിലെ ഒരു (ഉന്നത)സ്ഥാനമാകുന്നു. അല്ലാഹുവിന്റെ അടിമകളില്‍ നിന്ന് ഒരാള്‍ക്കല്ലാതെ അത് അനുയോജ്യമാകുന്നതല്ല. അത് ഞാന്‍ ആയിത്തീരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ആര് എനിക്കുവേണ്ടി വസീലയെ ചോദിക്കുന്നുവോ അവന്ന് ശുപാര്‍ശ അനുവദനീയമായി” (മുസ്‌ലിം).

ബാങ്കിന് ശേഷം നബി ﷺ യുടെ മേല്‍ സ്വലാത്ത് ചൊല്ലാന്‍ നബി ﷺ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് പലരും ബാങ്കിന് മുമ്പ് നബിയുടെമേല്‍ സ്വലാത്ത് ചൊല്ലുന്നത് കേള്‍ക്കാം. അത് നബി ﷺ യോ സ്വഹാബിമാരോ കാണിച്ചുതരാത്ത പുത്തന്‍ സമ്പ്രദായമാണ്.

അല്‍കൗസര്‍ നല്‍കപ്പെട്ടു

പരലോകത്ത് അല്ലാഹു നബി ﷺ ക്ക് മാത്രമായി നല്‍കുന്ന ഒരു പ്രത്യേക അനുഗ്രഹമാണ് അല്‍ കൗസര്‍. ഇതിന്റെ പേരില്‍ ഒരു അധ്യായം തന്നെ ക്വുര്‍ആനില്‍ വന്നിട്ടുണ്ട്. അല്ലാഹു നബി ﷺ ക്ക് നല്‍കിയ ധാരാളം അനുഗ്രഹങ്ങളെ ഓര്‍മിപ്പിക്കുന്ന, നബി ﷺ ക്ക് ആശ്വാസം കൊള്ളാന്‍ ഉതകുന്ന രൂപത്തിലാണ് ഈ അധ്യായത്തിലൂടെ അല്ലാഹു നബി ﷺ യോട് പറയുന്നത്:

”തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു. ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍)” (ക്വുര്‍ആന്‍ 108:1-3).

ഒന്നാമത്തെ വചനത്തിന് രണ്ട് രൂപത്തിലുള്ള വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്. അതില്‍ ഒന്ന് ‘അല്ലാഹു നബി ﷺ ക്കായി നല്‍കിയ ധാരാളം അനുഗ്രഹങ്ങളാകുന്നു’ എന്നതാണ്. രണ്ടാമത്തേത്, ക്വിയാമത്ത് നാളില്‍ അല്ലാഹു നബി ﷺ ക്ക് നല്‍കുന്ന ഒരു തടാകമാണ് ‘അല്‍കൗസര്‍’ എന്നത്. ‘ഹൗദുല്‍കൗസര്‍’ എന്ന ഒരു പ്രയോഗം തന്നെയുണ്ട്. ‘കൗഥറിന്റെ തടാകം’ എന്നാണ് അതിന്റെ അര്‍ഥം. അതില്‍നിന്നുതന്നെ അത് രണ്ടും രണ്ടാണെന്ന് മനസ്സിലാക്കാം. അല്ലാഹുവിന്റെ കിതാബ് എന്നു പറഞ്ഞാല്‍ അല്ലാഹുവും കിതാബും രണ്ടാണല്ലോ. അതുപോലെ തന്നെയാണ് ഹൗദും കൗസറും. ഹൗദ്, കൗസര്‍; ഇവ രണ്ടും ഒന്നല്ലെങ്കിലും രണ്ടും ബന്ധപ്പെട്ടു കിടക്കുന്നവയാണ്. അതിനാലാകാം ഇപ്രകാരം ഒരു പ്രയോഗം വ്യാപകമായത്. കൗസര്‍ എന്നത് സ്വര്‍ഗത്തിലെ ഒരു നദിയാണ്. അതില്‍നിന്ന് ഒഴുകുന്ന വെള്ളം ചാടി നില്‍ക്കുന്ന ഒരു തടാകമാണ് ഹൗദ്. ചില ഹദീസുകള്‍ കാണുക:

ആഇശ(റ)യില്‍നിന്ന് അബൂ ഉബയ്ദ(റ) നിവേദനം; അദ്ദേഹം പറഞ്ഞു: ”ഞാന്‍ ‘തീര്‍ച്ചയായും നിനക്ക്‌നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു’ എന്ന അല്ലാഹുവിന്റെ വചനത്തെ പറ്റി അവരോട് ചോദിച്ചു. അവര്‍ പറഞ്ഞു: ‘നിങ്ങളുടെ നബി ﷺ ക്ക് നല്‍കപ്പെട്ടിട്ടുള്ള ഒരു നദിയാകുന്നു അത്. അതിന്റെ രണ്ട് കരയും അകംപൊള്ളയായ മുത്തുകളുള്ളതും അതിലെ പാത്രങ്ങള്‍ നക്ഷത്രങ്ങളുടെ എണ്ണങ്ങള്‍ പോലെയും ആകുന്നു.” (ബുഖാരി).  

അനസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”ഒരു ദിവസം അല്ലാഹുവിന്റെ റസൂല്‍ ﷺ ഞങ്ങളുടെ മധ്യത്തില്‍ (ഇരിക്കുക) ആയിരുന്നു. അപ്പോഴതാ അവിടുന്ന് ഒന്നു മയങ്ങി. പിന്നീട് പുഞ്ചിച്ചുകൊണ്ട് അവിടുന്ന് തന്റെ തലയുയര്‍ത്തി. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്താണ് അങ്ങയെ ചിരിപ്പിച്ചത്?’ അവിടുന്ന് പറഞ്ഞു: ‘അല്‍പം മുമ്പ് എന്റെമേല്‍ ഒരു സൂറത്ത് ഇറക്കപ്പെട്ടു. എന്നിട്ട് അവിടുന്ന് പാരായണം ചെയ്തു: ‘തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു. ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍.’ പിന്നീട് നബി ﷺ ചോദിച്ചു: ‘കൗഥര്‍ എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ?’ അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ റസൂലിനും അറിയാം.’ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും അത് എന്റെ റബ്ബ് എനിക്ക് വാഗ്ദാനം ചെയ്തിട്ടുള്ള ഒരു നദിയാകുന്നു. അതില്‍ ധാരാളം അനുഗ്രഹങ്ങളുണ്ട്. അതൊരു ഹൗദ് (തടാകം) ആണ്. ക്വിയാമത്ത് നാളില്‍ എന്റെ സമുദായം അതില്‍നിന്നു കുടിക്കുന്നതാണ്. അതിന്റെ പാത്രങ്ങള്‍ നക്ഷത്രങ്ങളുടെ എണ്ണമുള്ളതാണ്. അങ്ങനെ അവരില്‍ നിന്ന് അടിമ അകറ്റപ്പെടുത്തുന്നതാണ്. അപ്പോള്‍ ഞാന്‍ പറയും: ‘എന്റെ രക്ഷിതാവേ, അവന്‍ എന്റെ സമുദായത്തില്‍ പെട്ടതാണല്ലോ.’ അപ്പോള്‍ പറയും: ‘താങ്കള്‍ക്ക് ശേഷം എന്താണ് പുതിയത് നിര്‍മിച്ചതെന്ന് താങ്കള്‍ക്ക് അറിയില്ല’ (മുസ്‌ലിം).

അനസി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”ഞാന്‍ സ്വര്‍ഗത്തില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഒരു പുഴയുടെ അരികില്‍ (എത്തി). അതിന്റെ രണ്ടുകരയും ഉള്ളുപൊള്ളയായ മുത്തിന്റെ ക്വുബ്ബകള്‍. ഞാന്‍ ചോദിച്ചു: ‘ജിബ്‌രീല്‍! ഇത് എന്താണ്?’ അദ്ദേഹം പറഞ്ഞു: ‘ഇതാകുന്നു താങ്കളുടെ രക്ഷിതാവ് താങ്കള്‍ക്ക് നല്‍കിയിട്ടുള്ള അല്‍കൗഥര്‍.’ അപ്പോള്‍ അതിന്റെ മണ്ണ് അല്ലെങ്കില്‍ അതിന്റെ സുഗന്ധം അങ്ങേയറ്റം ശക്തിയുള്ളതായിരുന്നു” (ബുഖാരി).

സഹ്ല്‍ ഇബ്‌നു സഅ്ദി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും ഞാന്‍ ഹൗദിന് അരികില്‍ നില്‍ക്കുന്നതാണ്. ആരെങ്കിലും എന്റെ അരികിലൂടെ നടന്നുപോയാല്‍ അവന്‍ (അതില്‍നിന്ന്) കുടിക്കുന്നതാണ്. ആരെങ്കിലും (അതില്‍നിന്ന്) കുടിച്ചാല്‍ അവന് ഒരിക്കലും ദാഹിക്കുകയില്ല. ചില ആളുകള്‍ എന്റെ അടുക്കല്‍ (അത്) കുടിക്കാനായി വരികതന്നെ ചെയ്യുന്നതാണ്. ഞാന്‍ അവരെ തിരിച്ചറിയും, അവര്‍ എന്നെയും തിരിച്ചറിയുന്നതാണ്. പിന്നീട് എനിക്കും അവര്‍ക്കുമിടല്‍ മറയിടപ്പെടുന്നതാണ്”(ബുഖാരി).

അബൂ ഹാസിം(റ) പറഞ്ഞു: ”നുഅ്മാനുബ്‌നു അയ്യാശ് എന്നെ കേള്‍ക്കുകയുണ്ടായി. അങ്ങനെ അദ്ദേഹം ചോദിച്ചു: ‘ഇപ്രകാരം സഅ്‌ലില്‍നിന്ന് നീ കേട്ടിട്ടുണ്ടോ?’ അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘അതെ.’ എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘ഞാന്‍ അബൂസഈദുല്‍ ഖുദ്‌രിയുടെ അടുക്കലും സാക്ഷിയായിട്ടുണ്ട്. അദ്ദേഹത്തെയും ഞാന്‍ (അപ്രകാരം പറയുന്നതായി) കേട്ടിട്ടുണ്ട്. അതില്‍ അദ്ദേഹം (ഇങ്ങനെ) വര്‍ധിപ്പിച്ചു: ‘അങ്ങനെ ഞാന്‍ (നബി ﷺ ) പറയും: ‘അവര്‍ എന്നില്‍പെട്ടവരാണ്.’ അപ്പോള്‍ പറയപ്പെടും: ‘താങ്കളുടെ കാലശേഷം അവര്‍ പുതുതായി ഉണ്ടാക്കിയതിനെ താങ്കള്‍ക്ക് അറിയില്ല.’ അപ്പോള്‍ ഞാന്‍ പറയും: ‘എനിക്ക് ശേഷം മാറ്റം വരുത്തിയവര്‍ക്ക് വിദൂരം, വിദൂരം” (ബുഖാരി).

അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വി(റ)ല്‍നിന്ന് നിവേദനം; അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞു: ”എന്റെ ഹൗദ് ഒരുമാസത്തെ വഴിദൂരമുള്ളതാകുന്നു. (അതിന്റെ വലിപ്പം). അതിന്റെ മൂലകളും അതുപോലെ തന്നെ. അതിലെ വെള്ളം വെള്ളിയെക്കാള്‍ വെളുത്തതും അതിന്റെ മണം കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതും അതിലെ പാത്രങ്ങള്‍ ആകാശത്തിലെ നക്ഷത്രങ്ങളുടെ (എണ്ണം) പോലെയുമാകുന്നു. ആരെങ്കിലും അതില്‍നിന്ന് കുടിച്ചാല്‍ അതിനുശേഷം അവന് ഒരിക്കലും ദാഹിക്കുകയേയില്ല.” (മുസ്‌ലിം).

”തീര്‍ച്ചയായും ഞാന്‍ നേരത്തെ ഹൗദിനടുക്കല്‍ ചെന്നുനില്‍ക്കുന്നതാണ്. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ എന്റെ അടുക്കല്‍ വരികതന്നെ ചെയ്യും. വഴിതെറ്റിയ ഒട്ടകം ആട്ടിയകറ്റപ്പെടുന്നത് പോലെ എന്നില്‍ നിന്നും അവര്‍ ആട്ടപ്പെടുന്നതാണ്. അപ്പോള്‍ ഞാന്‍ ചോദിക്കും: ‘ഇത് എന്ത് കാരണത്താലാണ്?’ അപ്പോള്‍ പറയപ്പെടും: ‘താങ്കളുടെ കാലശേഷം അവര്‍ പുതുതായി നിര്‍മിച്ചതിനെ പറ്റി തീര്‍ച്ചയായും താങ്കള്‍ക്ക് അറിയില്ല.’ അപ്പോള്‍ ഞാന്‍ പറയും: ‘വിദൂരം’ (മുസ്‌ലിം).

നമ്മുടെ വിശ്വാസ സംബന്ധമായ ഒരു വലിയ കാര്യമാണ് ഈ ഹദീഥുകളിലെല്ലാം നാം കാണുന്നത്. കൗഥറും ഹൗദുമൊക്കെ പരലോകത്ത് ഉണ്ട് എന്നു വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. പരലോക വിശ്വാസത്തിന്റെ ഭാഗമാണ് ഇതെല്ലാം. കൗഥറിന്റെയും ഹൗദിന്റെയും പ്രത്യേകതയാണ് ഈ വചനങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാകുന്നത്.

സമചതുരത്തിലുള്ള, ഒരു മാസത്തെ വഴിദൂരവലിപ്പത്തിലുള്ള വമ്പിച്ച ഒരു തടാകമാണ് നബി ﷺ ക്ക് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള ആ ഹൗദ്. അതിലെ കോപ്പകളുടെ എണ്ണം എത്രയാണെന്ന് നമുക്ക് അറിയില്ല. ആകാശത്തെ നക്ഷത്രങ്ങളുടെ അത്ര എണ്ണമാണെന്നാണ് നമുക്ക് പറഞ്ഞുതന്നത്. അതിലെ വെള്ളത്തിന്റെ നിറം വെള്ളിയെക്കാള്‍ വെളുപ്പ്. മറ്റു റിപ്പോര്‍ട്ടില്‍ വന്നിട്ടുള്ളത് പാലിനെക്കാള്‍ വെളുപ്പ് എന്നാണ്. അത് തേനിനെക്കാള്‍ മധുരമുള്ളതും കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതുമാണ്. ഒരു തവണ അതില്‍നിന്ന് കുടിച്ചാല്‍ പിന്നീട് ദാഹിക്കുകയില്ല.

അത് മുഹമ്മദ് നബി ﷺ ക്ക് അല്ലാഹു നല്‍കുന്ന മഹനീയ സ്ഥാനവുമാണ്. മറ്റു നബിമാര്‍ക്കൊന്നും അല്ലാഹു ഈ സ്ഥാനം നല്‍കിയിട്ടില്ല.

ക്വബ്‌റില്‍ നിന്ന് ആദ്യം എഴുന്നേല്‍ക്കുക നബി ﷺ യായിരിക്കുമല്ലോ. ആ പ്രവാചകന്‍ എല്ലാവരും ആ ഹൗദിന്റെ അടുത്ത് എത്തുന്നതിന് മുമ്പുതന്നെ ആളുകള്‍ക്ക് അതില്‍നിന്ന് കോരിക്കൊടുക്കുന്നതിനായി അതിന്റെയടുത്ത് എത്തിയിട്ടുണ്ടായിരിക്കും.

നബി ﷺ യുടെ സമുദായത്തിലുള്ളവര്‍ അതില്‍നിന്ന് കുടിക്കാനായി വരും. ആ സമയത്ത് ചിലര്‍ അവിടെവെച്ച് തടയപ്പെടുന്നു. അവര്‍ക്ക് അതില്‍നിന്ന് കുടിക്കാന്‍ സാധിക്കാതെ വരുന്നു. ഇത് കാണുന്ന പ്രവാചകന്‍ ﷺ പറയുന്നു: ‘അത് എന്റെ സമുദായക്കാരാണ്. അവരെ കടത്തി വിടൂ.’ നിങ്ങള്‍ക്ക് ശേഷം അവര്‍ എന്തെല്ലാമാണ് മതത്തില്‍ പുതുതായി ചേര്‍ത്തത് എന്ന് താങ്കള്‍ക്ക് അറിയില്ല. അതിനാലാണ് അവര്‍ തടയപ്പെടുന്നത് എന്ന് നബി ﷺ ക്ക് മറുപടി ലഭിക്കുന്നു.

അന്നേരം നബി ﷺ എങ്ങനെയാണ് നമ്മെ തിരിച്ചറിയുന്നത്? നബി ﷺ പഠിപ്പിച്ചിട്ടുള്ള ചില അടയാളങ്ങള്‍ കാണുന്നതിനാലാകാം. വുദൂഇന്റെ ഭാഗങ്ങള്‍ പരലോകത്ത് വെട്ടിത്തിളങ്ങുമെന്ന് അവിടുന്ന് പഠിപ്പിച്ചിട്ടുണ്ടല്ലോ. അതല്ലാതെ ക്വബ്‌റില്‍ കിടന്ന് നമ്മെ കാണുന്നതിനാലോ അറിയുന്നതിനാലോ കേള്‍ക്കുന്നതിനാലോ അല്ല നബി ﷺ നമ്മെ തിരിച്ചറിയുന്നത്. എന്തിനാണ് ചിലര്‍ക്ക് ആ മഹനീയ പാനീയം തടയപ്പെടുന്നത്? നബി ﷺ പഠിപ്പിച്ച ദീനില്‍ പുതുതായി (വിശ്വാസങ്ങളും ആചാരങ്ങളും) ഉണ്ടാക്കിയതിനാലാണ് അവര്‍ക്ക് അത് തടയപ്പെടുന്നത്. തന്റെ കാലശേഷം ആരെല്ലാമാണ് മതത്തില്‍ പുതിയ കാര്യങ്ങള്‍ കടത്തിക്കൂട്ടുന്നതെന്നോ അവ എന്തൊക്കെയാണെന്നോ അവിടുന്ന് അറിയുന്നില്ല. നല്ലതെന്ന് വിചാരിച്ച് സ്വന്തമായി നിര്‍മിച്ച ദിക്‌റുകളും സ്വലാത്തുകളും നമസ്‌കാരങ്ങളും നോമ്പുകളുമെല്ലാം നിമിത്തം നബി ﷺ അത്തരക്കാരെ തന്നില്‍നിന്നും ആട്ടി വിടുകയാണ്. ഇമാം നവവി(റ) പറയുന്നത് കാണുക:

ഹാഫിദ് അബൂഅംറുബ്‌നു അബ്ദുല്‍ബര്‍റ് പറഞ്ഞു: ”ആരെങ്കിലും ദീനില്‍ പുതുതായി ഉണ്ടാക്കിയാല്‍ അവന്‍ ഹൗദ്വില്‍നിന്നും ആട്ടപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നവനാകുന്നു. ഖവാരിജുകളെയും റാഫിദികളെയും മറ്റു ദേഹേച്ഛക്കാരെയും പോലെയുള്ള ബിദ്അത്തിന്റെ കക്ഷികള്‍)” (ശര്‍ഹു മുസ്‌ലിം).

ഇമാം ക്വുര്‍ത്വുബി(റഹി) തന്റെ തഫ്‌സീറില്‍ സൂറഃ ആലുഇംറാനിലെ 106ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ പറയുന്നു: ”ആരെങ്കിലും മാറ്റുകയോ പകരം ഉണ്ടാക്കുകയോ അല്ലെങ്കില്‍ അല്ലാഹുവിന്റെ ദീനില്‍ അവന് തൃപ്തിയില്ലാത്ത, അല്ലാഹു അനുവാദം തന്നിട്ടില്ലാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയോ ചെയ്താല്‍ അവന്‍ ഹൗദില്‍നിന്ന് ആട്ടപ്പെടുന്ന, മുഖങ്ങള്‍ കറുത്തവരാകുന്നവരില്‍ പെട്ടവനാകുന്നതാണ്. അവരില്‍, ആട്ടപ്പെടുന്നതിനാലും അകറ്റപ്പെടുന്നതിനാലും ഏറ്റവും കഠിനര്‍ മുസ്‌ലിം ജമാഅത്തിന് എതിരായവരും അവരുടെ മാര്‍ഗത്തെ മുറിച്ചവരുമാകുന്നു. ഖവാരിജുകളെ പോലെ. (അവര്‍) അവരുടെ കക്ഷികളിലെ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ (വ്യത്യസ്തരാണ്), റാഫിദികളെ പോലെയും (അവരുടെ) വഴികേടുകളുടെ ഏറ്റക്കുറച്ചിലിന്റെ അടിസ്ഥാനത്തില്‍ (വ്യത്യസ്തരാണ്), മുഅ്തസിലിയ്യാക്കളെ പോലെ (അവരുടെ) ഇച്ഛകളുടെ തരങ്ങള്‍ക്ക് അനുസരിച്ച് (വ്യത്യസ്തരാണ്). ഇവരെല്ലാവരും പകരം ഉണ്ടാക്കിയവരും ബിദ്അത്തുകാരുമാകുന്നു.”

അല്ലാഹുവിന്റെ റസൂലിലൂടെ അവന്‍ പൂര്‍ത്തീകരിച്ച മതത്തില്‍ പുതുതായി യാതൊന്നും ചേര്‍ക്കുവാനോ, അതില്‍നിന്ന് ഒഴിവാക്കുവാനോ, അതിന് പകരം മറ്റൊന്ന് കൊണ്ടുവരാനോ ഒരാള്‍ക്കും അര്‍ഹതയില്ല. മതത്തില്‍ കൈക്രിയ നടത്തുന്ന പലരും മുസ്‌ലിംകളുടെ കൂട്ടത്തിലുമുണ്ട്. അവര്‍ക്കെല്ലാം നബി ﷺ ഹൗദുല്‍ കൗഥര്‍ തടയപ്പെടുമെന്നാണ് മനസ്സിലാക്കേണ്ടത്.

ഇമാം നവവിയുടെയും ക്വുര്‍ത്വുബിയുടെയും വിവരണത്തില്‍ ഖവാരിജുകളെ പോലുള്ളവരെയാണല്ലോ പറഞ്ഞത് എന്നു പറഞ്ഞ് തങ്ങള്‍ ചെയ്യുന്ന ബിദ്അത്തുകളെ ന്യായീകരിക്കാവതല്ല. ഖവാരിജുകളും റാഫിദികളും മുഅ്തസിലിയ്യാക്കളും അല്ലാഹു പൂര്‍ത്തിയാക്കിയ മതത്തിലാണ് പുതിയ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ടുവന്നത്. ആ പണി ആര് ചെയ്താലും അവരെല്ലാം ബിദ്അത്തിന്റെ കക്ഷികളില്‍ പെടുന്നതാണ്.

മുസ്‌ലിം ജമാഅത്ത് എന്നതില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് സ്വഹാബിമാരാണ്. സ്വഹാബിമാര്‍ക്കില്ലാത്ത വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ടുനടക്കുന്നവര്‍ നഷ്ടക്കാരാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നബി ﷺ യും സ്വഹാബത്തും കാണിച്ചുതരാത്ത, പൂര്‍വികരായ മുസ്‌ലിംകള്‍ക്ക് പരിചയമില്ലാത്ത എന്തെല്ലാമാണ് ഇന്ന് സമൂഹത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്! പൂര്‍വികരുടെ വഴിയില്‍നിന്നും തെറ്റി ഖവാരിജുകളും മുഅ്തസിലിയ്യാക്കളും റാഫിദികളും തന്നിഷ്ടപ്രകാരം ദീനീകാര്യങ്ങള്‍ ഉണ്ടാക്കിയത് പോലെ ദിനേന പുതിയ പുതിയ ആചാരങ്ങളും വന്നുകൊണ്ടിരിക്കുന്നു. മതത്തില്‍ കടത്തിക്കൂട്ടിയ കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയെല്ലാം ഒഴിവാക്കി പൂര്‍വിക മുസ്‌ലിം ജമാഅത്തില്‍ അണികളാകാനാണ് മുസ്‌ലിംകള്‍ തുനിയേണ്ടത്. അതാണ് സ്വര്‍ഗത്തിലേക്കുള്ള വഴി.

എല്ലാ മുസ്‌ലിംകളും നബി ﷺ യുടെ ഹൗദിലെ വെള്ളം കൊതിക്കുന്നവരാണല്ലോ. അതിനുവേണ്ടി എന്താണ് നാം ചെയ്യേണ്ടത് എന്നും ഏത് മാര്‍ഗമാണ് സ്വീകരിക്കേണ്ടത് എന്നും നാം മനസ്സിലാക്കി. എന്നാല്‍ പലരും ഇന്ന് അതിനുവേണ്ടി കൊതിക്കുകയും അതിനായി നബി ﷺ നോട് തേടുകയും ചെയ്യുന്നുണ്ട്. അവര്‍ പറയുന്നത് കാണുക:

”നബിമാരില്‍ ഉത്തമരായ എന്റെ നേതാവേ, കിതാബ് നിവര്‍ത്തുന്ന ദിവസത്തില്‍, ദാഹം അകറ്റുന്നതിനായി അങ്ങയുടെ ഹൗദിലെ ഒരു കോപ്പ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു…”

ഇത് നബി ﷺ യുടെയും അക്കാലത്ത് ജീവിച്ച മുസ്‌ലിം ജമാഅത്തിന്റെയും വിശ്വാസമാണോ? തീര്‍ച്ചയായും അല്ല! അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ക്ക് നബി ﷺ യുടെ ഹൗദില്‍നിന്ന് ആ മഹനീയ പാനീയം കുടിക്കാന്‍ ലഭിക്കുകയില്ല. അവരെ നബി ﷺ ആട്ടിയോടിക്കുകയും ചെയ്യും.

നേർപഥം
ഹുസൈന്‍ സലഫി, ഷാര്‍ജ
(മുഹമ്മദ് നബി ﷺ , ഭാഗം 21)

സ്വാതന്ത്ര്യം: അര്‍ഥവും ആശയവും

സ്വാതന്ത്ര്യം: അര്‍ഥവും ആശയവും

സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും തേട്ടമാണ്. പാരതന്ത്ര്യത്തിന്റെയും അടിമത്തത്തിന്റെയും വിലയറിഞ്ഞവര്‍ക്കേ സ്വാതന്ത്ര്യത്തിന്റെ മൂല്യം മനസ്സിലാവുകയുള്ളൂ. ഒരാള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കാനോ സംസാരിക്കാനോ ചിന്തിക്കാനോ ഉള്ള അധികാരത്തിനോ അവകാശത്തിനോ ആണ് സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്. തടവിലാക്കപ്പെടുകയോ അടിമയാക്കപ്പെടുകയോ ചെയ്യാത്ത അവസ്ഥയെയും സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം ദൈവികമായ അനുഗ്രഹമായിട്ടാണ് വിലയിരുത്തപ്പെടേണ്ടത്.

മനുഷ്യന്‍ സ്വതന്ത്രന്‍

ഭൂമിയില്‍ മനുഷ്യന്‍ പിറന്നുവീഴുന്നത് സ്വതന്ത്രരായിട്ടാണ്. മനുഷ്യസ്വാതന്ത്ര്യത്തിന്റെ പ്രാഥമികമായ അടയാളം മനുഷ്യന്റെ ശുദ്ധപ്രകൃതിയാണ്. മുഹമ്മദ് നബി ﷺ പറഞ്ഞപോലെ ഓരോ മനുഷ്യനും ഭൂമിയില്‍ പിറന്നുവീഴുന്നത് ദൈവം നല്‍കിയിട്ടുള്ള ശുദ്ധമായ പ്രകൃതിയോടെയാണ്. ശുദ്ധവായു ശ്വസിക്കുന്നത് പോലെ, സ്രഷ്ടാവ് നല്‍കിയ ശുദ്ധപ്രകൃതിയില്‍ ജീവിതാന്ത്യം വരെ നിലനില്‍ക്കാന്‍ സാധിക്കുകയെന്നതാണ് സ്വാതന്ത്ര്യം കൊണ്ട് ഇസ്‌ലാം ലക്ഷ്യമാക്കുന്നത്. സ്വാതന്ത്ര്യം മനുഷ്യനന്മയെയാണ് പ്രതിനിധാനം ചെയ്യുന്നത്. മനുഷ്യന് ദോഷകരവും വിനാശകരവുമായ കാര്യങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

സ്വാതന്ത്ര്യത്തിന്റെ ശരിയും തെറ്റും

മനുഷ്യസ്വാതന്ത്ര്യം സ്രഷ്ടാവ് രൂപപ്പെടുത്തിയ പ്രകൃതി വ്യവസ്ഥക്ക് വിധേയമാണെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുക എന്നതാണ് ഒരു മനുഷ്യനുണ്ടാവേണ്ട ആദ്യത്തെ തിരിച്ചറിവ്. അതുകൊണ്ടുതന്നെ ഗുണപ്രദമായ സ്വാതന്ത്ര്യവും ഹാനികരമായ സ്വാതന്ത്ര്യവും ഉണ്ട് എന്നത് അംഗീകരിക്കപ്പെടണം. ഒരാള്‍ക്ക് ഒരു ബഹുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴോട്ട് ചാടാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അത് സ്രഷ്ടാവ് നിശ്ചയിച്ച ശുദ്ധമായ പ്രകൃതിവ്യവസ്ഥക്ക് വിരുദ്ധമാണ്. അത് ഹാനികരവും നിരോധിക്കപ്പെട്ടതുമാണ്. അനുവദിക്കപ്പെട്ടതും ഗുണപ്രദവുമായ സ്വാതന്ത്ര്യത്തിന്റെ ഗണത്തില്‍ അതു വരില്ല. നന്മയായിരിക്കണം യഥാര്‍ഥ സ്വാതന്ത്ര്യത്തിന്റെ അന്തിമഫലമെന്ന യാഥാര്‍ഥ്യമാണ് ഇത്  ബോധ്യപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ സത്യവും ധര്‍മവും നീതിയുമായിരിക്കണം സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകങ്ങള്‍. ഇങ്ങനെയുള്ള ഘടകങ്ങളാല്‍ മാത്രം  നിര്‍മിക്കപ്പെട്ടതായിരിക്കണം സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു സമൂഹത്തിന്റെയും ഭരണഘടനയും നിയമങ്ങളും.  

സ്വാതന്ത്ര്യം ഹനിക്കുന്നത് മഹാപാതകം

സ്രഷ്ടാവ് മനുഷ്യന് അനുവദിച്ച നന്മയിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്ന കാര്യമാണ് മുകളില്‍ വിവരിച്ചത്. ഈ സ്വാതന്ത്ര്യം സ്രഷ്ടാവ് നല്‍കിയതാണെങ്കില്‍ അതിനെ ഹനിക്കുവാന്‍ ഒരാള്‍ക്കും അവകാശമില്ല. മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയോ മറ്റുള്ളവരെ കേള്‍ക്കാന്‍ തയ്യാറാവാതിരിക്കുകയോ ചെയ്യുന്നത് ക്വുര്‍ആന്‍ ഒട്ടും അംഗീകരിക്കുന്നില്ല. പ്രവാചകന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ മക്കയിലെ പ്രമുഖര്‍ ഹനിക്കുകയും പ്രവാചകന്റെ ഉപദേശങ്ങളെയോ ക്വുര്‍ആനിക വചനങ്ങളെയോ കേള്‍ക്കുന്നതില്‍നിന്നും ജനങ്ങളെ തടയുകയും ചെയ്തപ്പോഴാണ് ‘സംസാരം ശ്രദ്ധിച്ചു കേള്‍ക്കുകയും അവയില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്കാണ് സന്തോഷവാര്‍ത്ത.  അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍’ (39:18) എന്ന ക്വുര്‍ആന്‍ വചനം അവതരിക്കപ്പെട്ടത്. മതവും വിശ്വാസവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തരുടെയും ഗ്രാഹ്യതക്കനുസരിച്ചാണ് എന്നതാണ് ക്വുര്‍ആനിക വീക്ഷണം. മതം അടിച്ചേല്‍പിക്കപ്പെടേണ്ടതല്ലെന്നും ക്വുര്‍ആന്‍ പറയുന്നു: ”ജനങ്ങള്‍ ആകമാനം സത്യവിശ്വാസികളാകുവാന്‍ അവരെ നിര്‍ബന്ധിപ്പിക്കാന്‍ പാടില്ല’ എന്നും അങ്ങനെ എല്ലാവരും വിശ്വാസികള്‍ ആവണമെങ്കില്‍ ‘നിന്റെ രക്ഷിതാവ് അങ്ങനെ ഉദ്ദേശിച്ചാല്‍ മതിയല്ലോ’ (ആശയം 10:99) എന്നും ക്വുര്‍ആന്‍ ചോദിക്കുന്നു.

മര്‍ദിതരുടെ വിമോചനവും ക്വുര്‍ആനും

”ഞങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുകതന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരു’ (ക്വുര്‍ആന്‍ 14:13). പ്രവാചകന്മാരോട് സ്വന്തം നാട്ടുകാര്‍ പറഞ്ഞിരുന്ന വാചകമാണിത്. സ്വന്തം ആദര്‍ശത്തെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരെയുള്ള നിലപാട് മാനവവിരുദ്ധമാണെന്നാണ് ക്വുര്‍ആന്‍ ഇതുവഴി ബോധ്യപ്പെടുത്തുന്നത്. ഇങ്ങനെ അകാരണമായി നാടുകടത്തപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യുന്നവരുടെ വിമോചനത്തില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രയത്‌നിക്കാനാണ് ക്വുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. ‘ഞങ്ങളുടെ നാഥാ, അക്രമികള്‍ അധിവസിക്കുന്ന ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, ഒരു രക്ഷാധികാരിയെയും ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ എന്ന് പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ക്കെന്തുകൊണ്ട് പോരാടിക്കൂടാ?’ (ക്വുര്‍ആന്‍ 4:75).

സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് പതിതരായി കഴിഞ്ഞിരുന്ന ബനൂ ഇസ്‌റാഈലിന്റെ വിമോചനത്തിന് വേണ്ടികൂടി ശബ്ദിച്ചിരുന്ന പ്രവാചകനായിരുന്നു മൂസാനബി(അ). ജനങ്ങളെ ഭിന്നിപ്പിച്ച് കക്ഷികളാക്കി അവരെ അടക്കിവാണുകൊണ്ട് ഔന്നത്യം നടിച്ചിരുന്ന ഫിര്‍ഔനിന്റെ നടപടികളെ അപലപിച്ചുകൊണ്ടുള്ള ഈ വചനം സ്വാതന്ത്ര്യത്തിന്റെ ദൈവിക ദര്‍ശനത്തെയാണ് വരച്ചുകാണിക്കുന്നത്. ‘ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ നാടിന്റെ അവകാശികളാക്കുവാനുമാണ് നാം ഉദ്ദേശിക്കുന്നത്’ (ക്വുര്‍ആന്‍ 28:46). മൂസാനബിയിലൂടെ സ്വാതന്ത്ര്യത്തിന്റെ സുന്ദരമായ ആശയം അല്ലാഹു നടപ്പാക്കുകയും ചെയ്തു.

അധിനിവേശം സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം

ഒരു രാജ്യത്തിനുമേല്‍ മറ്റൊരു രാജ്യമോ വിഭാഗമോ നേടുന്ന അധീശത്വത്തിന് രണ്ടുവിധത്തിലുള്ള ഫലങ്ങളാണുണ്ടാവാറുള്ളത്. അനൈക്യം കാരണം ഛിഹ്നഭിന്നമായി കിടന്നിരുന്ന സമൂഹങ്ങളെ ഒന്നിപ്പിക്കുകയും അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ഏറ്റവും നല്ല മാര്‍ഗം തെളിയിച്ചുകൊടുക്കുകയും ചെയ്തുകൊണ്ട് ഗുണകാംക്ഷികളായി കടന്നുവന്നിട്ടുള്ള ഭരണാധികാരികളുണ്ട്. ഇന്ത്യയുടെയും കേരളത്തിന്റെതന്നെയും സാമൂഹികാവസ്ഥകളെ സ്വാതന്ത്ര്യപരവും പുരോഗമനപരവുമാക്കുന്നതില്‍  അത്തരം വൈദേശിക ഭരണസമൂഹങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രകൃതിയെയും കൊള്ളയടിക്കുകയും അവയെ കോളനികളാക്കി ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും അവരെ അടിമകളാക്കുകയും ചെയ്യുന്ന അധിനിവേശമാണ് എക്കാലവും ലോകത്ത് ദുര്‍ബലരെയും അഭയാര്‍ഥികളെയും സൃഷ്ടിച്ചിട്ടുള്ളത്. പാരതന്ത്ര്യത്തിന്റെ നുകം പേറി ജീവിതം തള്ളിനീക്കുന്ന പീഡിതസമൂഹത്തിന്റെ കൂടെയാണ് ക്വുര്‍ആന്‍ നിലയുറപ്പിച്ചിട്ടുള്ളത്. അധിനിവേശത്തെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ‘തീര്‍ച്ചയായും രാജാക്കന്‍മാര്‍ (അധിനിവേശ ശക്തികള്‍) ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യന്മാരാക്കുകയും ചെയ്യുന്നതാണ്’ (ക്വുര്‍ആന്‍ 27:34).

അധിനിവേശകരുടെ പിന്മാറ്റമല്ല സ്വാതന്ത്ര്യം

അധിനിവേശം അവസാനിച്ചതുകൊണ്ട് ഒരു രാജ്യവും സ്വതന്ത്രമായി എന്നു കരുതാവുന്നതല്ല. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം അവിടുത്തെ ജനതക്ക് അത് സ്വാതന്ത്ര്യമായി അനുഭവപ്പെടുമ്പോഴാണ് യാഥാര്‍ഥ്യമാകുന്നത്. സൈദ്ധാന്തികമായ പിരിമുറുക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും ജനങ്ങളെ ഭയചകിതരാക്കിയും ജനങ്ങള്‍ ആഗ്രഹിക്കാത്ത ഒരു ഭരണകൂടം വന്നതുകൊണ്ട് അവിടെ ഇസ്‌ലാം മുമ്പോട്ടുവെച്ച ഗുണപ്രദമായ സ്വാതന്ത്ര്യം ഉണ്ടായിത്തീരുന്നില്ല. രാജ്യത്തിന്റെയും രാജ്യക്കാരുടെയും ഭൗതികവും സാംസ്‌കാരികവുമായ പുരോഗതി ലക്ഷ്യമാക്കിയും സ്ത്രീകള്‍ അടക്കമുള്ള ജനങ്ങളുടെ സൈ്വര്യവിഹാരത്തിന് കോട്ടംതട്ടാതെയും സാംസ്‌കാരികവും സദാചാരപരവുമായ ഭദ്രത ഉറപ്പുവരുത്തിക്കൊണ്ടുമുള്ള ഭരണകൂടമാണ് ഉണ്ടായിത്തീരേണ്ടത്.

സ്വാതന്ത്ര്യത്തിന്റെ ഇസ്‌ലാമികമാനം

സ്വാതന്ത്ര്യത്തിനായി ദാഹിച്ച്, പീഡനങ്ങള്‍ സഹിച്ച് ജീവിച്ചിരുന്ന പ്രവാചക സമൂഹത്തെ കുറിച്ച് പറയുന്ന ക്വുര്‍ആനികവചനത്തില്‍ ഇതിനെ സംബന്ധിച്ച സൂചനകള്‍ കാണാം. ‘ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്’ എന്നു പറഞ്ഞതല്ലാതെ മറ്റൊരു കാരണവും കൂടാതെ തങ്ങളുടെ ഭവനങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടിട്ടുള്ളവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ ചിലരെക്കൊണ്ട് അല്ലാഹു പ്രതിരോധിച്ചില്ലായിരുന്നുവെങ്കില്‍  ദൈവനാമം ധാരാളമായി കീര്‍ത്തിക്കപ്പെടുന്ന പല സന്യാസി മഠങ്ങളും, ക്രിസ്തീയ ദേവാലയങ്ങളും, ജൂതദേവാലയങ്ങളും, മുസ്‌ലിംപള്ളികളും പൊളിച്ചു തകര്‍ക്കപ്പെടുമായിരുന്നു. മാത്രമല്ല, ഭൂമിയില്‍ അവര്‍ക്ക് നാം സ്വാധീനം നല്‍കിയാല്‍ അവര്‍ നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും, സദാചാരത്തിന് കല്‍പിക്കുകയും, ദുരാചാരത്തെപ്പറ്റി വിരോധിക്കുകയും ചെയ്യുന്നവരാണവര്‍’ (22:41,42).

ഒരുകാലത്ത് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന ആളുകള്‍ക്ക് ഭൂമിയില്‍ സ്വാതന്ത്ര്യം ലഭിച്ച് അധികാരം ലഭിച്ചുകഴിഞ്ഞാല്‍ ജനങ്ങളെ ഒന്നായിക്കാണുകയും സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കുകയും ജനങ്ങളെ സാംസ്‌കാരികമായും സാമൂഹികമായും ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുക എന്ന സ്വാതന്ത്ര്യത്തിന്റെ ഉദാത്തമായ ലക്ഷ്യങ്ങള്‍ അവര്‍ നിറവേറ്റുകയാണ് വേണ്ടതെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്.

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന മുസ്‌ലിം സമൂഹം

സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും മൗലികാവകാശമാണ്. അത് വകവെച്ചുകൊടുക്കാന്‍ നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് സാധിക്കുമ്പോഴാണ് അത് ദൈവികാധ്യാപനങ്ങള്‍ക്ക് അനുസൃതമായ സ്വാതന്ത്ര്യമാകുന്നത്. മുസ്‌ലിംകള്‍ വിവിധ സംഘങ്ങളും സംഘടനകളും കക്ഷികളും വിഭാഗങ്ങളുമെല്ലാം ആയിത്തീരാനുള്ള പ്രധാനകാരണം അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടിന്റെ പോരായ്മയാണ്. വിരുദ്ധമായ അഭിപ്രായം ആരെങ്കിലും വെച്ചുപുലര്‍ത്തിയാല്‍ അയാളെ തന്റെ സംഘത്തിന്റെ അതിരുകളില്‍നിന്നും പുറത്താക്കുക എന്ന, പ്രവാചകന്‍ പഠിപ്പിക്കാത്ത, ഇസ്‌ലാമികമല്ലാത്ത ശൈലി മുസ്‌ലിം സമൂഹത്തില്‍ വ്യാപിച്ചതാണ് സ്വാതന്ത്ര്യത്തിന്റെ നീരുറവ വറ്റിപ്പോയ വിഭാഗങ്ങളായി പല മുസ്‌ലിം സമൂഹങ്ങളും മാറുവാനുണ്ടായ കാരണം. കലഹപ്രിയരായ ഒരു കൂട്ടത്തിന് സ്വാതന്ത്ര്യമോ അധികാരമോ ലഭിച്ചതുകൊണ്ട് കാര്യമില്ല. മുറുകെപ്പിടിക്കാന്‍ ക്വുര്‍ആന്‍ നിര്‍ദേശിച്ച പാശം മുറുകെപ്പിടിച്ചുകൊണ്ട് ഒരു മനസ്സും ശരീരവുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യം സാര്‍ഥകമായിത്തീരുന്നത്.  

‘സ്വാതന്ത്ര്യംതന്നെയമൃതം

സ്വാതന്ത്ര്യംതന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്ക്

മൃതിയേക്കാള്‍ ഭയാനകം’

(കുമാരനാശാന്‍)

സുഫ്‌യാന്‍ അബ്ദുസ്സലാം

നേർപഥം വാരിക 

മിഡില്‍ ഈസ്റ്റ് തീവ്രവാദത്തിന് തുടക്കം കുറിച്ചതാര്?

മിഡില്‍ ഈസ്റ്റ് തീവ്രവാദത്തിന് തുടക്കം കുറിച്ചതാര്?

ലോകത്ത് എവിടെ ഭീകരാക്രമണങ്ങളും വിമാനറാഞ്ചലുകളും കൂട്ടക്കുരുതികളും നടന്നാലും അതിന് പിന്നില്‍ മുസ്‌ലിംകളാണെന്ന് വിലയിരുത്തപ്പെടുന്ന ഒരു സ്ഥിതിവിശേഷം ഇന്ന് നിലനില്‍ക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മതത്തിന്റെ പിന്‍ബലമില്ലെങ്കിലും അങ്ങനെ വിലയിരുത്തപ്പെടുന്നതിന് പിന്നിലുള്ള മാധ്യമ ഗൂഢാലോചനയും നിക്ഷിപ്ത താല്‍പര്യങ്ങളുമെല്ലാം സാമാന്യം വിവേകമുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇസ്‌ലാമുമായി പുലബന്ധം പോലുമില്ലാത്ത ഐസിസ്, ഹിസ്ബുല്ല, അല്‍ക്വാഇദ, താലിബാന്‍ തുടങ്ങിയ ഭീകരസംഘങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളും ഇത്തരം പ്രചാരണങ്ങള്‍ക്ക് ഊര്‍ജം പകരുന്നു. ഇവിടെ ചില വസ്തുതകള്‍ നാം പരിശോധിക്കേതുണ്ട്.

ഐസിസ് പോലുള്ള സംഘടനകള്‍ പുലര്‍ത്തിപ്പോരുന്ന രീതിശാസ്ത്രവും ആക്രമണ സ്വഭാവങ്ങളും എന്ന് മുതലാണ് ആരംഭിച്ചത്? ചാവേര്‍ ആക്രമണങ്ങളും ഗറില്ലാ യുദ്ധമുറകളും ആരാണ് ഇസ്‌ലാമിന്റെ പറ്റില്‍ ചേര്‍ക്കാന്‍ ശ്രമിച്ചത്?

Terrorism’s Christian Godfather എന്ന തലക്കെട്ടില്‍ 2008 ജനുവരി 28 തിങ്കളാഴ്ച അമേരിക്കയിലെ ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മിഡില്‍ ഈസ്റ്റ് തീവ്രവാദത്തിന്റെ തലതൊട്ടപ്പനായി പരിചയപ്പെടുത്തുന്നത് ജോര്‍ജ് ഹബഷ് എന്ന വ്യക്തിയെ ആണ്. വിശ്വാസപരമായി അദ്ദേഹം ഒരു ഗ്രീക്ക് ഓര്‍ത്തോഡോക്‌സ് ക്രിസ്ത്യനായിരുന്നു. (ക്രൈസ്തവരെ അയാളുടെ ചെയ്തികളുടെ പേരില്‍ കുറ്റപ്പെടുത്തുകയല്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ അയാളുടെ മതവിശ്വാസപ്രകാരം അയാള്‍ ചെയ്തതായിരിക്കാന്‍ ഇടയില്ല. ഇസ്രയേല്‍ ഭീകരതക്കെതിരെ എന്ന പേരില്‍ ഉയര്‍ന്നുവന്ന ഒരു വിപ്ലവകാരി എന്ന നിലയ്‌ക്കേ അയാളെ നാം കാണുന്നുള്ളൂ. പക്ഷേ, ഇസ്‌ലാമിക ചരിത്രത്തില്‍നിന്നോ, മുസ്‌ലിംകളില്‍നിന്നോ അല്ല ലോകത്ത് ചാവേര്‍ ആക്രമണങ്ങളും ഗറില്ലായുദ്ധമുറകളും ഉണ്ടായത് എന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇത് ഇവിടെ ഉദ്ധരിച്ചത്).

പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍ (PFLP) എന്ന ജോര്‍ജ് ഹബഷിന്റെ പാര്‍ട്ടിയാണ് സത്യത്തില്‍ മിഡില്‍ ഈസ്റ്റ് ടെററിസത്തിന്റെ ഭാഗമായി വിമാനറാഞ്ചലും ചാവേറാക്രമണവുമെല്ലാം തുടങ്ങിവച്ചത്. 1968ല്‍ PFLPയുടെ മൂന്ന് സായുധരായ പ്രവര്‍ത്തകര്‍ റോമില്‍നിന്ന് ഇസ്രയേലിലേക്കുള്ള ഇസ്രയേല്‍ വിമാനം റാഞ്ചിയതാണ് തുടക്കം. തുടര്‍ന്ന് ഒട്ടനേകം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ജഎഘജ നേതൃത്വം നല്‍കി. 1970ല്‍ ഒരേസമയം നാല് വിമാനങ്ങള്‍ ജഎഘജ റാഞ്ചുകയുണ്ടായി. മൂന്നെണ്ണം ജോര്‍ദാനിലേക്ക് പറത്തുകയും അവ ബോംബുവെച്ച് തകര്‍ക്കുകയും ചെയ്തു. അതുവഴി ജോര്‍ദാനിലെ ഹാഷിമിയ ഭരണകൂടവുമായും PFLP ഒളിപ്പോര്‍ ആരംഭിച്ചു. ഇടത് നിരീശ്വരവാദ തീവ്രവാദ പ്രസ്ഥാനങ്ങളുമായും ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കമ്യൂണിസ്റ്റ് തീവ്രവാദ സേനയായ ‘ജാപനീസ് റെഡ് ആര്‍മി’ ഇയാളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ആശയപരമായും സായുധപരമായും അകമഴിഞ്ഞ് പിന്തുണച്ചിരുന്നു. 1972ല്‍ ഇസ്രയേലിലെ (ഇപ്പോള്‍ ബെന്‍ഗുരിയന്‍ എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന ലുദ്ദ് എയര്‍പോര്‍ട്ടില്‍ വെച്ച് PFLPയും ജാപ്പനീസ് റെഡ് ആര്‍മിയും ചേര്‍ന്ന് 24 പേരെ ദാരുണമായി വധിച്ചു. ഇതെല്ലാം പരിശോധി ച്ചാല്‍ മിഡില്‍ ഈസ്റ്റില്‍ ഗറില്ല യുദ്ധവും ചാവേര്‍ ആക്രമണവും സാധാരണക്കാര്‍ക്ക് നേരെയുള്ള ഒളിയാക്രമണവുമെല്ലാം ആരംഭിച്ചത് മുസ്‌ലിംകളല്ലന്നും അവയ്ക്ക് ഇസ്‌ലാമിന്റെ സംസ്‌കാരവുമായി ഒരു ബന്ധവുമില്ലെന്നും മനസ്സിലാക്കാം.

മിഡില്‍ ഈസ്റ്റ് തീവ്രവാദം രണ്ട് ധ്രുവങ്ങളിലാണ് കുടികൊള്ളുന്നത്. ഒന്ന് ഒരു ജനതയെ അന്യാധീനപ്പെടുത്തിയ, തീര്‍ത്തും അന്യായമായ ഇസ്രയേല്‍ കുടിയേറ്റം, രണ്ട് അതിനെ ചെറുത്ത് നില്‍ക്കാനെന്നോണം രൂപീകരിക്കപ്പെട്ട ചില സംഘടനകള്‍. ഈ രണ്ട് വിഭാഗങ്ങളാണ് മിഡില്‍ ഈസ്റ്റില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചത്. മിഡില്‍ ഈസ്റ്റിലെ എണ്ണസമ്പുഷ്ടവും സാമ്പത്തികമായി ഏറെ ഉയര്‍ന്നുനില്‍ക്കുന്നതുമായ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തുക, അവയുടെ സമാധാനം നശിപ്പിക്കുക, സുരക്ഷക്ക് ഇളക്കം തട്ടിക്കുക തുടങ്ങിയ ഒരുപാട് തന്ത്രങ്ങള്‍ ഈ രണ്ട് ചേരികളെ സൃഷ്ടിച്ചതിന് പിന്നിലുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും കാരണക്കാരായ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ തന്നെയാണ് ഇതിനു പിന്നിലും പ്രവര്‍ത്തിച്ചത് എന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. അത് കൃത്യമായി അറിയാന്‍ ഫ്രീമേസണ്‍ ചിന്താധാരയുടെ കുപ്രസിദ്ധ വക്താവായിരുന്ന ആല്‍ബര്‍ട്ട് പൈക്ക് 1871 ആഗസ്റ്റ് 15ന് ഇറ്റാലിയന്‍ പൊളിറ്റീഷ്യനായ സേപ്പ് മാസ്സീനിക്ക് എഴുതിയ മൂന്നാം ലോകമഹായുദ്ധങ്ങളെ പ്ലാന്‍ ചെയ്യുന്ന കത്തിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ മതി. ഈ കത്ത് ഇന്നും ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. മൂന്നാം ലോകമഹായുദ്ധം മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച് രൂപപ്പെടുത്തുക എന്ന അവരുടെ കുതന്ത്രത്തിന്റെ ഫലമായാണ് ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ രൂപീകരണം തന്നെ! ‘ന്യൂ വേള്‍ഡ് ഓര്‍ഡര്‍ ഫാക്റ്റ്‌സ് ആന്‍ഡ് ഫിക്ഷന്‍’ എന്ന മാര്‍ക്ക് ഡയസിന്റെ പുസ്തകത്തില്‍ ആ കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഐസിസ്, അല്‍ക്വാഇദ, ഹിസ്ബുല്ല, താലിബാന്‍ തുടങ്ങിയവയെ രൂപപ്പെടുത്തുന്നതില്‍ ആരൊക്കെ പങ്ക് വഹിച്ചു എന്നത് ആര്‍ക്കുമറിയാവുന്ന വസ്തുതയാണ്. അവരുപയോഗിക്കുന്ന ആയുധങ്ങള്‍, അവര്‍ക്ക് ലഭിക്കുന്ന സ്ട്രാറ്റജിക്കല്‍ സപ്പോര്‍ട്ട്, മുസ്‌ലിം രാഷ്ട്രങ്ങളെ കുട്ടിച്ചോറാക്കുന്നതില്‍ അവ വഹിക്കുന്ന പങ്ക്, എണ്ണസമൃദ്ധമായ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പാശ്ചാത്യര്‍ക്കുള്ള കണ്ണ് എന്നിവയെല്ലാം അത് വിളിച്ചുപറയുന്നു.

ഏതായിരുന്നാലും നിരപരാധികളെ കൊന്നൊടുക്കുന്ന, റയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്‌റ്റേഷനുകളിലും പൊതുനിരത്തുകളിലും സാധാരണ ജനങ്ങളെ അറുകൊല ചെയ്യുന്ന, സ്ത്രീകളെന്നോ കുട്ടികളെന്നോ വൃദ്ധരെന്നോ പരിഗണിക്കാതെ അക്രമം അഴിച്ചുവിടുന്ന, മുസ്‌ലിംകളുമായി സമാധാനത്തോടെ പരസ്പര ധാരണപ്രകാരം ജീവിക്കുന്ന ഇതരമത വിശ്വാസികളെ നിഷ്‌കരുണം വധിക്കുന്ന, എന്തിനധികം അല്ലാഹുവിന് ആരാധനയര്‍പ്പിക്കപ്പെടുന്ന പള്ളികളില്‍ പോലും സ്‌ഫോടനങ്ങള്‍ നടത്തുന്നവ വ്യക്തികളുമായോ ഇത്തരം തീവ്രവാദ സംഘങ്ങളുമായോ പരിശുദ്ധ ഇസ്‌ലാമിന് യാതൊരു ബന്ധവുമില്ല. അവയുടെ ചരിത്രം മുഹമ്മദ് നബി ﷺ യിലേക്കോ ഇസ്‌ലാമിലേക്കോ എത്തുകയുമില്ല. മറിച്ച് അത് ചെന്നെത്തുന്നത് ജോര്‍ജ് ഹബഷിലേക്കും ജാപ്പനീസ് റെഡ് ആര്‍മിയിലേക്കുമൊക്കെയായിരിക്കും. നല്ല സമീപനവും ഗുണകാംക്ഷയുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടത് ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്നുമാണ്.

അബ്ദുര്‍റഹ്മാന്‍ അബ്ദുല്ലത്വീഫ് പി.എന്‍

നേർപഥം വാരിക 

ലൈക്ക് ആഗ്രഹിക്കുന്നവരോട്

ലൈക്ക് ആഗ്രഹിക്കുന്നവരോട്

സമൂഹമാധ്യമങ്ങളില്‍ ഒട്ടുമിക്കതിലും ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും ചില ബട്ടണുകള്‍ അമര്‍ത്താനുമുള്ള അഭ്യര്‍ഥനകള്‍ കാണപ്പെടാറുണ്ട്. കൂടുതല്‍ ആളുകള്‍ നമ്മെ പിന്തുടരുന്നതും ഇഷ്ടപ്പെടുന്നതും നമ്മള്‍ പോസ്റ്റ് ചെയ്യുന്നത് പങ്കുവെക്കുന്നതും സാമ്പത്തിക, വ്യാപാര രംഗത്ത് പ്രയോജനപ്പെട്ടേക്കാം. എന്നാല്‍ ഇത്തരത്തിലുള്ള ജനകീയ സപ്പോര്‍ട്ടുകളുടെ പൊങ്ങച്ചം പറച്ചിലുകള്‍ മതപരമായി, അല്ലെങ്കില്‍ ആത്മീയമായി വിനാശകരമായിത്തീരാനിടയുണ്ട്.

ജനപ്രീതിയും പ്രംശംസയും വിശ്വാസിക്ക് അഭിലഷണീയമല്ല എന്ന് മാത്രമല്ല പലപ്പോഴും അത് ആക്ഷേപാര്‍ഹവുമാണ്. കര്‍മങ്ങള്‍ ആത്മാര്‍ഥമായി ദൈവപ്രീതിക്ക് വേണ്ടി അനുഷ്ഠിക്കുമ്പോള്‍ അത് അങ്ങേയറ്റം പ്രതിഫലാര്‍ഹമായിത്തീരും. എന്നാല്‍ ആളുകളുടെ പ്രശംസ ആഗ്രഹിക്കുന്നതോടുകൂടി അത് തീര്‍ത്തും വൃഥാവിലാകും എന്നാണ് തിരുവചനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രസിദ്ധിക്കും പ്രകടനപരതക്കും വേണ്ടി വസ്ത്രം ധരിക്കുന്നത് പോലും പ്രവാചകന്‍ വിലക്കിയിട്ടുണ്ട്.

നബി(സ്വ) പറഞ്ഞു: ”ഒരു ദാസന്‍ പ്രസിദ്ധിയുടെ വസ്ത്രം ധരിച്ചാല്‍ അല്ലാഹു അവനില്‍നിന്നും തരിഞ്ഞ് കളയും; അവന്‍ അത് അഴിച്ചുവെക്കുന്നത് വരെ” (ഇബ്‌നു മാജ).

 ഇതേ ആശയം മറ്റൊരു വചനത്തിലും കാണാം. നബി(സ്വ) പറഞ്ഞു: ”ആരെങ്കിലും പ്രസിദ്ധിയുടെ വസ്ത്രം ധരിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന് നിന്ദ്യതയുടെ വസ്ത്രം ധരിപ്പിക്കും” (അഹ്മദ്).

പ്രസിദ്ധിയുടെ വസ്ത്രം എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അഹങ്കാരത്തിനും പൊങ്ങച്ചത്തിനും തന്‍പോരിമക്കും വേണ്ടിയുള്ള വേഷവിധാനമാണ്.

മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ വസ്ത്രധാരണ രംഗത്ത് പോലും ജനപ്രശംസ അനുയോജ്യമല്ലെങ്കില്‍ അത്രയൊന്നും അനിവാര്യമല്ലാത്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്ത് വിടുന്ന വിടുവായിത്തങ്ങള്‍ക്ക് ലഭിക്കുന്ന ജനപ്രീതി നമുക്ക് എങ്ങനെയാണ് നീതികരിക്കാനാകുക? പ്രസിദ്ധിക്ക് വേണ്ടി മാത്രം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ജിക്കണമെന്നാണ് പൂര്‍വസൂരികള്‍ അഭിപ്രായപ്പെടുന്നത്. ജനസമ്മതി നോക്കുന്നവന്‍ ദൈവപ്രീതി തേടുന്നില്ല എന്നാണ് അവരുടെ വീക്ഷണം. അമിതമായ ആത്മവിശ്വാസത്തോടുകൂടി മറ്റുള്ളവരുടെ ഇടയില്‍ ആര്‍ഭാട ഉടയാടണിഞ്ഞ് ആളായി നടന്ന ഒരുവനെ അല്ലാഹു ഭൂമിയിലേക്ക് ആഴ്ത്തിക്കളഞ്ഞ സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.

ജനപ്രിയ അക്കൗണ്ടുകളും ചാനലുകളും കൈകാര്യം ചെയ്യുന്നവര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അവര്‍ അയക്കുന്ന സന്ദേശങ്ങളിലെ തിന്മകള്‍ പിന്തുടരുന്നവരുടെയും അവര്‍ പങ്ക് വെക്കുന്നതിന്റെയും ഒരു പാപ വിഹിതം മരണശേഷവും അവന് എത്തിക്കൊണ്ടിരിക്കും.

നബി(സ്വ) പറഞ്ഞു: ”ആരെങ്കിലും സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അത് പിന്തുടരുന്നവരുടെ പ്രതിഫലം കുറയാതെ, അതിന്റെ ഒരു വിഹിതം അവന് ലഭിക്കും. ആരെങ്കിലും വഴികേടിലേക്ക് ക്ഷണിച്ചാല്‍ അത് പിന്തുടരുന്നവരുടെ പാപത്തില്‍ കുറവ് വരാതെ ഒരു വിഹിതം അവനുമുണ്ടാകും” (അബൂദാവൂദ്).

അഹങ്കാരത്തിന്റെ കാര്യം പറയുകയാണെങ്കിലോ? നബി(സ്വ) പറഞ്ഞു: ”ഒരു അണുവിന്റെ തൂക്കം അഹങ്കാരമുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല” (മുസ്‌ലിം).

ഈ ലോകത്ത് പ്രശസ്തിയും കീര്‍ത്തിയും ആദരവും ആഗ്രഹിക്കുന്നത് അനുയോജ്യമല്ല എന്ന് സൂചിപ്പിക്കുന്ന ധാരാളം തിരുവചനങ്ങള്‍ കാണാം. ആരാധനാ കര്‍മങ്ങളിലൂടെ ഇത് ആര്‍ജിക്കാന്‍ ശ്രമിക്കുന്നത് ആത്മീയ പാപ്പരത്തത്തിലേക്ക് വഴിതെളിയിക്കുന്നതാണ്. ആദ്യമായി നരകത്തില്‍ പ്രവേശിക്കുന്ന മൂന്ന് പേരുടെ വിശേഷണം അതാണ് വെളിപ്പെടുത്തുന്നത്.

ആദ്യമായി നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന മൂന്ന് പേരില്‍ ഒന്നാമന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വഹിച്ചവനാണ്. അവനോട് അല്ലാഹു ചോദിക്കും; നീ എന്താണ് ചെയ്തത്? അവന്‍ പറയും; ഞാന്‍ നിന്റെ മാര്‍ഗത്തില്‍ പോരാടി രക്തസാക്ഷിയായി. അല്ലാഹു പറയും; നീ പറഞ്ഞത് കളവാണ്. നീ ഒരു ധീരനാണെന്ന് പറയപ്പെടാനാണ് പോരാടിയത്, അത് പറപ്പെടുകയും ചെയ്തു. പിന്നീട് അവനെ മുഖം നിലത്ത് കുത്തിവലിച്ച് നരകത്തിലിടും. സത്യത്തില്‍ താനൊരു യോദ്ധാവാണ് എന്ന പ്രശംസ കേള്‍ക്കാന്‍ അവസരമുണ്ടാകുമാറ് പോരാട്ടത്തിന് ശേഷം അയാള്‍ ജീവിച്ചിരുന്നിട്ടില്ല. എന്നിട്ടും അയാള്‍ നരകാവകാശിയിയത്തീര്‍ന്നു.

 നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന രണ്ടാമത്തെയാള്‍ ക്വുര്‍ആന്‍ പഠിച്ച വ്യക്തിയും മൂന്നാമെത്തയാള്‍ ധര്‍മിഷ്ഠനുമാണ്. അവരെയൊക്കെ കടുത്ത ശിക്ഷയിലേക്ക് എത്തിച്ചത് അവരുടെ കര്‍മങ്ങളിലെആത്മാര്‍ഥതയുടെ കുറവും അവയിലൂടെ പ്രശംസയും ലോകമാന്യവും കാംക്ഷിക്കുകയും ചെയ്തത് കൊണ്ടുമാണ്.

ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന വ്യക്തിയും ഒരു രക്തസാക്ഷി തന്നെയാണ്. പക്ഷേ, അവന്‍ അല്ലാഹുവിന്റെ വചനം ഉന്നതമായിത്തീരാന്‍ വേണ്ടി ആത്മാര്‍ഥതയോടെ പോരാടിയവനാണെന്ന് മാത്രം. ഉദ്ദേശ്യശുദ്ധിയാണ് ഏത് പ്രവര്‍ത്തനത്തിലും പരിഗണിക്കപ്പെടുന്നത് എന്നാണ് ഇതില്‍നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്.

ഡോ. ടി.കെ യൂസുഫ്

നേർപഥം വാരിക

അദൃശ്യജ്ഞാനത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍

അദൃശ്യജ്ഞാനത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍

മനുഷ്യദൃഷ്ടിയില്‍നിന്നും ബുദ്ധിയില്‍നിന്നും മറഞ്ഞിരിക്കുന്ന ഭാവി, ഭൂത, വര്‍ത്തമാന കാലങ്ങളിലുള്ള മുഴുവന്‍ വിഷയങ്ങളെയുമാണ് അദൃശ്യജ്ഞാനം (ഇല്‍മുല്‍ ഗൈബ്) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. അവയെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്.

അല്ലാഹു പറയുന്നു: ”പറയുക; ആകാശഭൂമികളിലുള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല. അല്ലാഹുവല്ലാതെ” (അന്നംല് 65).

”ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവനാണുള്ളത്” (അല്‍കഹ്ഫ് 62).

”അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവന്‍” (അര്‍റഅ്ദ്: 9).

അപ്പോള്‍ ‘ഗൈബ്’ അല്ലാഹുവിനല്ലാതെ ഒരാള്‍ക്കുമറിയില്ല. അല്ലാഹുവിന്റെ സാമീപ്യം ലഭിച്ച മലക്കുകളോ, അവന്‍ നിയോഗിച്ച ദൂതന്മാരോ പോലും അത് അറിയില്ലെന്നിരിക്കെ അവര്‍ക്കു താഴെയുള്ളവരും അത് അറിയുകയില്ല.

നൂഹ് നബി(അ)യെ സംബന്ധിച്ച് അല്ലാഹു പറയുകയുണ്ടായി: ”അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുന്നുമില്ല” (ഹൂദ് 31).

ഹൂദ് നബി(അ)യെ സംബന്ധിച്ച് അല്ലാഹു പറഞ്ഞു: ”അദ്ദേഹം പറഞ്ഞു: (അതിനെപ്പറ്റിയുള്ള) അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതു ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നു” (അല്‍അഹ്ക്വാഫ് 23).

മുഹമ്മദ് നബി(സ്വ)യോട് പ്രഖ്യാപിക്കുവാന്‍ അല്ലാഹു പറയുന്നു: ”പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്നു ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുന്നുമില്ല…” (അല്‍അന്‍ആം 50).

അല്ലാഹു പറയുന്നു: ”അവന്‍ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക് സ്‌തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വജ്ഞനും അഗാധജ്ഞാനിയും” (അല്‍ബക്വറ 31,32).

എന്നാല്‍ തന്റെ സൃഷ്ടികളില്‍ ചിലര്‍ക്ക് ദിവ്യബോധനം മുഖേന ഗൈബില്‍ പെട്ട ചില കാര്യങ്ങള്‍ അറിയിച്ചുകൊടുക്കും:

”അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല; അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുകതന്നെ ചെയ്യുന്നതാണ്. അവര്‍ (ദൂതന്‍മാര്‍) തങ്ങളുടെ രക്ഷിതാവിന്റെ ദൗത്യങ്ങള്‍ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് അവന്‍ (അല്ലാഹു) അറിയാന്‍ വേണ്ടി. അവരുടെ പക്കലുള്ളതിനെ അവന്‍ പരിപൂര്‍ണമായി അറിഞ്ഞിരിക്കുന്നു. എല്ലാ വസ്തുവിന്റെയും എണ്ണം അവന്‍ തിട്ടപ്പെടുത്തിയിരിക്കുന്നു” (അല്‍ജിന്ന് 26-28).

അല്ലാഹു തന്റെ സൃഷ്ടികളില്‍ ചിലര്‍ക്കുമാത്രം അറിയിച്ചുകൊടുക്കുകയും മറ്റുള്ളവര്‍ അറിയാതിരിക്കുകയും ചെയ്യുന്ന അത്തരം ഗൈബുകളെ ‘ആപേക്ഷിക അദൃശ്യം’ എന്നാണ് പറയുന്നത്. എന്നാല്‍ നിരുപാധിക ഗൈബ് അല്ലാഹു മാത്രമെ അറിയുകയുള്ളൂ. അല്ലാഹു തന്റെതു മാത്രമെന്നു പറഞ്ഞ അദൃശ്യം തനിക്കും അറിയാമെന്ന് വാദിക്കുവാന്‍ ആര്‍ക്കു കഴിയും?

കളവു പറയുന്നവരും വ്യാജവാദികളും അല്ലാഹുവിന്റെ പേരില്‍ കറ്റുകെട്ടി പറയുന്നവരുമായ അദൃശ്യജ്ഞാന വാദി(ഭാവിപ്രവചനക്കാര്‍)കളില്‍നിന്നും ഓരോ വിശ്വാസിയും കരുതലോടെ മാറിനില്‍ക്കേണ്ടതാണ്. സ്വയം വഴികേടിലാവുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്ന ജ്യോത്സ്യന്മാര്‍, സിദ്ധന്മാര്‍, മാരണക്കാര്‍ തുടങ്ങിയവരെല്ലാം അത്തരത്തില്‍ മനുഷ്യരെ ശരിയായ പാതയില്‍നിന്ന് അകറ്റുന്നവരാണ്.

അദൃശ്യജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്ന ആളുകള്‍ പാമര ജനങ്ങളെ വഴികേടിലാക്കുന്നതിനും വിശ്വാസ ചൂഷണത്തിനും വേണ്ടി നടത്തിവരുന്ന പ്രവൃത്തികളില്‍ ചിലതു പറയാം.

1. മാരണം

അല്ലാഹുവിന്റെ നിശ്ചയപ്രകാരം മാരണം മനസ്സിനെയും ശരീരത്തെയും ബാധിക്കുകയോ മനുഷ്യരെ രോഗികളാക്കിത്തീര്‍ക്കുകയോ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയോ മരണത്തില്‍വരെ എത്തിക്കുകയോ ചെയ്‌തേക്കാം.

അല്ലാഹു പറയുന്നു: ”സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞു പരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്‌റാഇല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് പിശാചുക്കളാണ് ദൈവനിഷേധത്തില്‍ ഏര്‍പെട്ടത്. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകള്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു).എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) ദൈവനിഷേധത്തില്‍ ഏര്‍പ്പെടരുത് എന്ന് അവര്‍ പറഞ്ഞു കൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതികൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചുകൊണ്ടിരുന്നത്. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തിയോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്തതന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!” (അല്‍ബക്വറ: 106).

കെട്ടുകളില്‍ ഊതുന്നതും അതില്‍പെട്ടതു തന്നെയാണ്. അല്ലാഹു പറയുന്നു: ”പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ കാവലിനെ തേടുന്നു; അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍നിന്ന്. ഇരുളടയു മ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്നും” (അല്‍ഫലക്വ് 15).

2. ജ്യോതിഷം

ഗ്രഹങ്ങളുടെ ഭ്രമണവും സ്ഥാനവും ഗണിച്ച് നോക്കി ഭൂമിയിലെ സംഭവങ്ങള്‍ വിലയിരുത്തുന്നതിനെയാണ് ജ്യോതിഷം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

ഇബ്‌നു അബ്ബാസി(റ)ല്‍നിന്നും നിവേദനം; അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ”ജ്യോതിഷത്തില്‍ നിന്ന് വല്ലതും അഭ്യസിക്കുന്നവര്‍ സിഹ്‌റില്‍നിന്നും ഒരു ഭാഗമാണ് അഭ്യസിക്കുന്നത്. (ജ്യോതിഷം) അഭ്യസിച്ചെടുക്കുന്നത് വര്‍ധിപ്പിക്കുന്നതനുസരിച്ച് അവന്‍ സിഹ്‌റും വര്‍ധിപ്പിച്ചു” (സുനനു അബൂദാവൂദ്).

3. പക്ഷികളെ ഉപയോഗിച്ചുള്ള ശകുനം നോക്കലും കളങ്ങള്‍ വരച്ച് ഭാവിപ്രവചിക്കലും

ക്വത്വന്‍ ബിന്‍ ക്വബീസ്വ(റ) തന്റെ പിതാവില്‍നിന്നു നിവേദനം: ”നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: ‘പക്ഷികളെ പറത്തി ശകുനം നോക്കുന്നതും (ഇയാഫത്ത്) അശുഭ ലക്ഷണങ്ങളില്‍ വിശ്വസിക്കുന്നതും കളങ്ങള്‍ വരച്ച് ഭാവി പ്രവചിക്കുന്നതും (ത്വര്‍ക്വ്) ജിബ്തില്‍ പെട്ടതാണ് (മാരണത്തില്‍ പെട്ടത്)” (സുനനു അബൂദാവൂദ്, മുസ്‌നദു അഹ്മദ്).

‘ഇയാഫത്ത്’ എന്നാല്‍ പക്ഷികളുടെ ദിശയും കരച്ചിലും നാമങ്ങളും നോക്കി ശകുനം തീരുമാനിക്കുന്നതാണ്. ‘ത്വര്‍ക്വ്’ എന്നാല്‍ മണ്ണിലോ മണലിലോ വരച്ചോ കല്ലുകള്‍ എറിഞ്ഞോ ഭാവി കാര്യങ്ങള്‍ പ്രവചിക്കുന്നതാണ്.

4. ഭാവി പ്രവചനം

മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്നു വാദിക്കുന്നവരാണിത് ചെയ്യാറുള്ളത്. മലക്കുകളുടെ സംസാരത്തില്‍ നിന്നു പിശാചുകള്‍ കട്ടുകേള്‍ക്കുന്നത് ജോത്സ്യന്മാരുടെ ചെവിയില്‍ എത്തിച്ചുകൊടുക്കുകയും അവര്‍ അതില്‍ കളവു ചേര്‍ത്തു പറയുന്നതുമാണത്.

അബൂഹുറയ്‌റ(റ)യില്‍നിന്നും നിവേദനം; റസൂല്‍(സ്വ) പറഞ്ഞു: ”ഭാവി പ്രവചനം നടത്തുന്നവരെ (പ്രശ്‌നം നോക്കുന്നവരെ) സമീപിച്ച് അവര്‍ പറയുന്നത് വിശ്വസിക്കുന്നവര്‍ മുഹമ്മദിന് അല്ലാഹു നല്‍കിയ ഗ്രന്ഥത്തില്‍ അവിശ്വസിക്കുന്നവരാകുന്നു” (മുസ്‌നദ് ബസ്സാര്‍, മജ്മഅ് സവാഇദ്).

5 കണക്കുനോട്ടം

ഓരോ അക്ഷരത്തിനും നിശ്ചിത മൂല്യം കണക്കാക്കുകയും ആളുകളുടെ പേരുകള്‍, സ്ഥലങ്ങള്‍, സമയങ്ങള്‍ തുടങ്ങിയവയിലെ അക്ഷരങ്ങളുടെ മൂല്യങ്ങള്‍ കൂട്ടി അവരുടെ ഗുണദോഷങ്ങള്‍ പ്രവചിക്കുകയും ചെയ്യലാണിത്.

‘നക്ഷത്രങ്ങള്‍ നോക്കുന്നവരെയും അബ്ജദ് അക്ഷരങ്ങള്‍ കൂട്ടുന്നവരെയും സംബന്ധിച്ച് അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുകയുണ്ടായി: അതു ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെയടുക്കല്‍ യാതൊരു നന്മയും ഉണ്ടാകുകയില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്’ (മുസ്വന്നഫ് അബ്ദുര്‍റസാക്വ് (11/26).

6. കൈനോട്ടം

ജീവിതം, മരണം, ദാരിദ്ര്യം, അഭിവൃദ്ധി, രോഗം, ആരോഗ്യം എന്നു തുടങ്ങി എല്ലാ കാര്യങ്ങളും എപ്പോള്‍ സംഭവിക്കും, ഭാവിയില്‍ എന്തൊക്കെ നടക്കാനിരിക്കുന്നു എന്നതെല്ലാം കൈരേഖ നോക്കി പ്രവചിക്കാന്‍ കഴിയുമെന്ന് വാദിക്കുന്നവരാണ് കൈനോട്ടക്കാര്‍.

7. ‘ആത്മാക്കളെ ഹാജറാക്കല്‍’

മരണപ്പെട്ടുപോയവരുടെ ആത്മാക്കളെ ഹാജരാക്കുകയും ക്വബ്‌റിലെ സുഖദുഃഖങ്ങളെ കുറിച്ചും മരണപ്പെട്ടു പോയവരെ സംബന്ധിച്ചുമെല്ലാം ചോദിക്കുകയും വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ജല്‍പിക്കുന്നത്. തങ്ങള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവരാണെന്ന് വാദിക്കുന്നവരാണിവര്‍. യഥാര്‍ഥത്തില്‍ ഇത് കള്ളവും പൈശാചിക പ്രവൃത്തികളുടെ ഭാഗവുമാണ്. മനുഷ്യരുടെ ശരിയായ വിശ്വാസത്തെ നശിപ്പിക്കുകയും പാമരജനങ്ങളെ കബളിപ്പിക്കുകയും സമ്പത്ത് പിടുങ്ങുകയും ചെയ്യുകയെന്നതാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉദ്ദേശ്യം.  തങ്ങള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവരാണെന്ന് വാദിക്കുകയും ചെയ്യും.

8. ശകുനം നോക്കല്‍

ഇടത്തോട്ടോ വലത്തോട്ടോ പറക്കുകയോ മുന്നിലൂടെ മുറിച്ചുകടക്കുകയോ ചെയ്യുന്ന പക്ഷികളെയോ മാനിനെയോ (ജന്തുക്കളെ) നോക്കി നന്മയും തിന്മയും തീരുമാനിക്കുന്നതാകുന്നു ‘തത്വയ്യര്‍’ (ശകുനം നോക്കല്‍). ഇതും ശിര്‍ക്കില്‍ പെടുന്നതാകുന്നു, പിശാച് മനസ്സില്‍ ഇട്ടുകൊടുക്കുന്ന ഭയത്തില്‍ നിന്നുണ്ടാകുന്നതാണത്.

ഇംറാനുബ്‌നുല്‍ ഹുസൈ്വനി(റ)ല്‍നിന്ന് നിവേദനം; നബി(സ്വ) പറയുകയുണ്ടായി: ”ശകുനം നോക്കുന്നവരും നോക്കിക്കൊടുക്കുന്നവരും പ്രശ്‌നം നോക്കുന്നവരും നോക്കിക്കൊടുക്കുന്നവരും മാരണം ചെയ്യിക്കുന്നവരും ചെയ്തുകൊടുക്കുന്നവരും നമ്മില്‍ (മുസ്‌ലിംകളില്‍) പെട്ടവരല്ല. പ്രശ്‌നം നോക്കുന്നവരെ സമീപിച്ച് അവര്‍ പറയുന്നത് വിശ്വസിക്കുന്നവര്‍ മുഹമ്മദിന് അല്ലാഹു നല്‍കിയ ഗ്രന്ഥത്തില്‍ അവി ശ്വസിക്കുന്നവരാകുന്നു” (മുസ്‌നദ് ബസ്സാര്‍, മജ്മഅ് സവാഇദ്).

മുസ്‌ലിംകളുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുവാനും അവരെ മതത്തില്‍ അവഗാഹമുള്ളവരാക്കി മാറ്റുവാനും അല്ലാഹുവിനോട് തേടാം. പിശാചിന്റെ മിത്രങ്ങളുടെ കൃത്രിമങ്ങളില്‍നിന്നും കുറ്റവാളികളുടെ കബളിപ്പിക്കലില്‍നിന്നും അല്ലാഹു വിശ്വാസികളെ കാത്തുരക്ഷിക്കട്ടെ.

ഉമര്‍കോയ മദീനി

നേർപഥം വാരിക 

അനന്തരഫല സിദ്ധാന്തം, നീതിശാസ്ത്രം, ഇസ്‌ലാം

അനന്തരഫല സിദ്ധാന്തം, നീതിശാസ്ത്രം, ഇസ്‌ലാം

നിങ്ങള്‍ ഒരു റെയില്‍വേ ട്രോളിയുടെ നിയന്ത്രണസ്ഥാനത്ത് ഇരിക്കുന്നുവെന്ന് കരുതുക. അത് സഞ്ചരിച്ച് ഒരിടത്ത് എത്തിയപ്പോള്‍ ട്രാക്കില്‍ അഞ്ച് മനുഷ്യര്‍ കിടക്കുന്നത് കാണുന്നു. ട്രോളി അതിന്റെ പാതയിലൂടെ നേരെ പോവുകയാണെങ്കില്‍ തീര്‍ച്ചയായും ആ അഞ്ച് മനുഷ്യരും മരിക്കും. നിങ്ങള്‍ക്ക് തടയാന്‍ ആകെ ചെയ്യാവുന്നത് ഒരു സ്വിച്ച് അമര്‍ത്തുക മാത്രമാണ്. അത് അമര്‍ത്തിയാല്‍ ട്രോളി അടുത്ത ട്രാക്കിലേക്ക് തിരിയും. എന്നാല്‍ അങ്ങനെ തിരിക്കുന്നതുകൊണ്ട് അവിടെ ട്രാക്കില്‍ പണിയെടുക്കുന്ന ഒരു മനുഷ്യന്‍ കൊല്ലപ്പെടും.

അപ്പോള്‍ നിങ്ങള്‍ക്ക് അവശേഷിക്കുന്ന രണ്ട് തീരുമാനങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

1) ട്രോളി അതിന്റെ സ്വാഭാവിക പാതയിലൂടെ സഞ്ചരിക്കട്ടെ, താന്‍ അതില്‍ ഇടപെടുന്നില്ലെന്ന് തീരുമാനിക്കാം. പക്ഷേ, അതുകൊണ്ട് അഞ്ചുപേര്‍ മരിക്കും.

2) അതില്‍ ഇടപെട്ട് ട്രോളിയെ മറ്റൊരു പാതയിലേക്ക് തിരിച്ച് അഞ്ചുപേരെ രക്ഷിക്കാം. പക്ഷേ അടുത്ത ട്രാക്കിലുള്ള നിരപരാധിയായ ഒരു മനുഷ്യന്‍ കൊല്ലപ്പെടും. ഇതില്‍ ഏത് ഓപ്ഷനായിരിക്കും നിങ്ങള്‍ തിരഞ്ഞെടുക്കുക? സ്വാഭാവികമായും കൂടുതല്‍ ആളുകള്‍ ഒന്നാമത്തെ ഓപ്ഷനായിരിക്കും തിരഞ്ഞെടുക്കുക.

ട്രോളിയുടെ സ്വാഭാവിക സഞ്ചാര പാതയില്‍നിന്നും തിരിച്ചാല്‍ ഒരാള്‍ കൊല്ലപ്പെടുന്നുണ്ട് എങ്കില്‍ കൂടി മറ്റു അഞ്ചുപേരെ അതുവഴി രക്ഷിക്കാം. സമാന സാഹചര്യത്തെ കൃത്രിമമായി നിര്‍മിച്ച് മനഃശാസ്ത്രജ്ഞനായ ഡേവിഡ് നവരെറ്റിന്റെ (David navarette) നേതൃത്വത്തില്‍ നടത്തിയ പഠനം പറയുന്നത് പങ്കെടുത്ത 147 പേരില്‍ 90 ശതമാനവും ഓപ്ഷന്‍ ഒന്ന് തിരഞ്ഞെടുത്തുവെന്നാണ്.(1) അഥവാ ട്രോളിയെ വഴിമാറ്റി വിട്ടാല്‍ ഒരാള്‍ കൊല്ലപ്പെടുന്നുവെങ്കില്‍ കൂടി അഞ്ച് പേരെ രക്ഷിക്കുന്നതാണ് ശരി എന്നതാണ് കൂടുതല്‍ പേരുടെയും തീരുമാനം. കൂടുതല്‍ പേരെ രക്ഷിക്കുക എന്ന കൂടുതല്‍ മാനവികമായ അനന്തര ഫലം സൃഷ്ടിക്കുന്നത് കൊണ്ടാണ് ഇവിടെയിത് നൈതികമാകുന്നത്.

ധാര്‍മികതയുമായി ബന്ധപ്പെട്ട സംവാദ മണ്ഡലത്തിലേക്ക് ‘ട്രോളി പ്രോബ്ലം’ എന്നറിയപ്പെടുന്ന ഈ ചിന്താപരീക്ഷണം കൊണ്ടുവരുന്നത് 1967ല്‍ തത്ത്വചിന്തകനായ ഫിലിപ്പാ ഫുടാണ്. മികച്ച കോണ്‍സിക്വന്‍സിനെ നിര്‍മിക്കുന്നതാണ് ധാര്‍മികമായി ശരിയെന്ന ചിന്തയെ(Consequentialism) സ്ഥാപിക്കാന്‍ ഇതിനെ ഉപയോഗിച്ചുപോരുന്നു. ഇതനുസരിച്ച് ഒരു കാര്യത്തെ ശരിയെന്നോ തെറ്റെന്നോ നിര്‍ണയിക്കുന്നത് കേവലമായ ആ കര്‍മത്തെ മാത്രം നോക്കിയല്ല, മറിച്ച് അനന്തരഫലമെന്താണോ അതനുസരിച്ചാണ്.

ഉദാഹരണത്തിന് മദ്യപാനമെന്ന ശീലത്തെ നോക്കുക. മദ്യപിക്കുക എന്ന കര്‍മത്തെ മാത്രം കേവലമായി കണ്ടാല്‍ അതില്‍ തെറ്റൊന്നുമില്ല. കാരണം മദ്യപിക്കുന്ന വ്യക്തിക്ക് മാനസികമായ സന്തോഷവും ലഹരിയും അനുഭൂതിയുമാണ് അതുകൊണ്ട് പ്രത്യക്ഷത്തില്‍ ലഭിക്കുന്നത്. അപ്പോള്‍ അത് തെറ്റാവുന്നത് പ്രത്യക്ഷ സുഖങ്ങള്‍ക്ക് അപ്പുറമുള്ള മോശപ്പെട്ട കോണ്‍സിക്വന്‍സുകളെ നിര്‍മിക്കാന്‍ കാരണമാകുന്നത് കൊണ്ടാണ്. മദ്യം വ്യക്തിയുടെ ആരോഗ്യനിലയും മാനസികനിലയും നശിപ്പിക്കുന്നു, കുടുംബബന്ധങ്ങളെയും സാമൂഹ്യബന്ധങ്ങളെയും തകര്‍ക്കുന്നു. ഇത്തരം നെഗറ്റീവായ കോണ്‍സിക്വന്‍സ് സംഭവിക്കുന്നതിന് വലിയ കാലയളവുകള്‍ വേണ്ടിവരാം. എന്നാല്‍കൂടി അതിനെയും ഉള്‍കൊണ്ടേ ധാര്‍മികമായ ശരിതെറ്റുകളെ നിര്‍വചിക്കാന്‍ കഴിയൂ എന്ന ചിന്തയാണ് ചുരുക്കത്തില്‍ കോണ്‍സിക്വന്‍ഷലിസം (Consequentialism).

എന്നാല്‍ ലിബറല്‍ ഫിലോസഫികള്‍ ഇത്തരം ലോങ്ങ് ടേം++(long term) കോണ്‍സിക്വന്‍സുകളെ കാണുന്നില്ലായെന്നത് അതിന്റെ വലിയ പരിമിതിയാണ്. വ്യക്തിസ്വാതന്ത്ര്യം, സമത്വം തുടങ്ങിയ രണ്ടു വാക്കുകളെ മൂല്യങ്ങളുടെ അടിത്തറയായി കാണുന്ന ലിബറലിസം പക്ഷേ, അത്തരം സ്വാതന്ത്ര്യങ്ങളുടെ അതിരുവിട്ട പ്രയോഗംകൊണ്ട് സമൂഹത്തിനും വ്യക്തികള്‍ക്കും ഉണ്ടായേക്കാവുന്ന നെഗറ്റീവായ അനന്തരഫലങ്ങളെ കാണുന്നില്ല. അതുകൊണ്ടുതന്നെ സ്വതന്ത്ര രതിയോ സ്വവര്‍ഗ രതിയോ ലഹരി ഉപഭോഗമോ ലിബറല്‍ ലോകത്ത് തിന്മകള്‍ അല്ലെന്ന് മാത്രമല്ല വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗങ്ങളായ ശരികളുമാകുന്നു.

ലിബറല്‍ പ്രത്യയശാസ്ത്രത്തിന്റെ പ്രധാന പരിമിതിയിതാണ്. അതിന് വ്യക്തിസ്വാതന്ത്ര്യം മഹത്ത്വമാണ് എന്ന കേവല വര്‍ത്തമാനത്തിനപ്പുറം സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗങ്ങള്‍ മനസ്സിലാക്കാനോ പ്രതിരോധിക്കാനോ പരിഹാരം കാണാനോ കഴിയുന്നില്ല. ലിബറല്‍ലോകം മുന്നോട്ടുവയ്ക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് ഒരു സംഭവം മാത്രം ഉദാഹരിക്കാം: സൂക്ഷിച്ചുവച്ചിരുന്ന പോണോഗ്രഫിക് മാഗസിനുകളും ടാപ്പുകളും നശിപ്പിച്ചതിന് അമേരിക്കന്‍ കോടതി മാതാപിതാക്കള്‍ക്ക് വിധിച്ച നഷ്ടപരിഹാരം ഇരുപത്തിരണ്ടര ലക്ഷം രൂപ വരും.(2) 40 വയസ്സായ മകന്റെ പരാതിയിലാണ് വിധിയെന്നോര്‍ക്കണം. കേവലം വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാത്രം ലെന്‍സില്‍ നോക്കിയാല്‍ ഇതില്‍ തെറ്റ് പറയാനാവില്ല എന്നതാണ് കോടതിയെ ഈ വിധിക്ക് പ്രേരിപ്പിച്ചത്.

എന്നാല്‍ 40 വയസ്സിലും വൈവാഹിക ബന്ധത്തിലോ കുടുംബ ബന്ധത്തിലോ താല്‍പര്യം കാണിക്കാതെ പോണോഗ്രഫിക്ക് അടിമപ്പെട്ടു ജീവിക്കുന്ന മകനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായിരിക്കാം മാതാപിതാക്കളെ സംബന്ധിച്ച് അത്. ലിബറല്‍ ലോകത്ത് ഇത് മഹാപാതകമാകുന്നത് കേവല വ്യക്തിസ്വാതന്ത്ര്യത്തിന് അപ്പുറം സമൂഹത്തിന്റെയോ വ്യക്തിയുടെയോ മാനസികാരോഗ്യം ലിബറലിസത്തിന്റെ ലക്ഷ്യമല്ലാത്തത് കൊണ്ടാണ്. വൈവാഹികബന്ധം അടിമത്തവും സ്വാതന്ത്ര്യനിഷേധവുമാണെന്ന് തുടങ്ങുന്ന ലിബറല്‍ ജീവികളുടെ വര്‍ത്തമാനങ്ങളും ഒറ്റപ്പെടലിന്റെ വാര്‍ധക്യത്തിനപ്പുറം അനാഥശവമായി ജീവിതം അവസാനിക്കുന്നതില്‍ വ്യക്തികളെ കൊണ്ടെത്തിക്കുന്നു. കേവല സ്വതന്ത്രവാദങ്ങള്‍ സമൂഹങ്ങളെയും വ്യക്തികളെയും നശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് ഇതില്‍നിന്നും വ്യക്തമാണ്.

തല്‍സ്ഥാനത്ത് ഇസ്‌ലാമിലേക്ക് വരാം. ഇസ്‌ലാം ഓരോ കര്‍മത്തിന്റെയും കോണ്‍സിക്വന്‍സിനെക്കൂടി കണ്ട് നൈതികതയെ നിര്‍ണയിക്കുന്ന ദര്‍ശനമാണ്. അത് കളവുപറയുന്നത് തെറ്റാണെന്ന് പഠിപ്പിക്കുന്നതോടൊപ്പംതന്നെ അങ്ങനെ കളവ് പറയുന്നതുകൊണ്ട് വലിയ നന്മയുണ്ടാകുമെങ്കില്‍ അഥവാ വലിയൊരു തിന്മയെ തടയുമെങ്കില്‍ ആ ഘട്ടത്തില്‍ അതിന് അനുമതി നല്‍കുന്നു. മോഷണം തെറ്റാണെന്നും അതിന് കടുത്ത ശിക്ഷയുണ്ടെന്നും പറയുമ്പോള്‍തന്നെ വിശപ്പ് സഹിക്കവയ്യാതെ ഒരാള്‍  ആഹാരസാധനം അനുവാദമില്ലാതെ എടുത്തു ഭക്ഷിച്ചാല്‍ മോഷ്ടാവിനുള്ള ശിക്ഷ അയാള്‍ക്ക് വിധിക്കുന്നില്ല. പന്നിമാംസം നിഷിദ്ധമാണെങ്കിലും സ്വന്തം ജീവന്‍ നിലനിര്‍ത്താനുള്ള ആഹാരം എന്ന നിലയ്ക്ക് ആപത്ഘട്ടങ്ങളില്‍ അത് കഴിക്കുന്നതിനു വിലക്കില്ല. ഒരു മനുഷ്യനെ വധിക്കുന്നത് മഹാപാതകമാണെങ്കിലും യുദ്ധ സാഹചര്യത്തില്‍ ശത്രുവിനെ വധിക്കേണ്ട അനിവാര്യത ഉണ്ടായെങ്കില്‍ അത് തെറ്റല്ല.

ഇവിടെയെല്ലാം തെറ്റെന്ന് പൊതുവില്‍ കരുതപ്പെടുന്ന കര്‍മങ്ങള്‍കൊണ്ടാണെങ്കിലും അനന്തരഫലമായി ഉണ്ടാകുന്നത് ഒരു നന്മയാണ്. കോണ്‍സിക്വന്‍സ് നന്മയായതുകൊണ്ട് തന്നെ അത് തെറ്റല്ലാതെയുമാകുന്നു. കോണ്‍സിക്വന്‍ഷലിസത്തിന്റെ ഈ നൈതിക തത്ത്വശാസ്ത്രത്തെ ഇസ്‌ലാം തിരിച്ചും പ്രയോഗിക്കുന്നത് കാണാം. അഥവാ കോണ്‍സിക്വന്‍സിനനുസരിച്ച് ചില കാര്യങ്ങള്‍ വലിയ തിന്മകളുമാവാം.

ഉദാഹരണത്തിന് രണ്ട് വ്യക്തികളെ നോക്കുക. ആദ്യത്തെ ആള്‍ വ്യഭിചരിച്ചു, രണ്ടാമത്തെ വ്യക്തി വ്യഭിചരിച്ചില്ല. എന്നാല്‍ വ്യഭിചാരം തിന്മയല്ലെന്നും അതൊരു വ്യക്തിസ്വാതന്ത്ര്യമാണെന്നും താല്‍പര്യമുള്ളവര്‍ക്ക് അതാകാമെന്നും സമൂഹത്തില്‍ പ്രചരിപ്പിച്ചു. ഇതില്‍ ആരാണ് വലിയ തെറ്റുകാരന്‍?

തെറ്റ് ചെയ്തവനോ? അതിന് സാമൂഹ്യ അംഗീകാരം ഉണ്ടാക്കാന്‍ ശ്രമിച്ച ആളോ? കോമണ്‍സെന്‍സ് അനുസരിച്ച് ആ കര്‍മം ചെയ്ത ആളാണ് വലിയ തെറ്റുകാരന്‍ എന്ന് പറയാമെങ്കിലും ഇസ്‌ലാമിന്റെ കോണ്‍സിക്വന്‍ഷ്യല്‍ വീക്ഷണമനുസരിച്ച് വ്യഭിചാരത്തിന് സാമൂഹിക അംഗീകാരം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ച വ്യക്തിയാണ് വലിയ തെറ്റുകാരന്‍. കാരണം വ്യഭിചരിച്ച വ്യക്തി ആ ഒരു തെറ്റുമാത്രമാണ് ചെയ്തത്. അത് മഹാപാതകം ആയിരിക്കെതന്നെ പരസ്യമാകാത്തിടത്തോളം ശരീഅത്തിന്റെ വിധി അനുസരിച്ചുള്ള കടുത്ത ശിക്ഷകള്‍ പോലുമുണ്ടാകില്ല. എന്നാല്‍ വ്യഭിചാരത്തിന് സാമൂഹ്യ അംഗീകാരം ഉണ്ടാക്കാന്‍ ശ്രമിച്ച വ്യക്തി ഒരേസമയം അനേകം മനുഷ്യരെ ആ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ആ പ്രേരണകൊണ്ട് സമൂഹത്തില്‍ എത്രപേര്‍ സ്വാധീനിക്കപ്പെട്ടോ അത്രയും തന്നെ ആ മനുഷ്യന്‍ കുറ്റക്കാരനാകുന്നു. ഇവിടെയും തെറ്റിന്റെ തീവ്രത അതിന്റെ കോണ്‍സിക്വന്‍സിനെ കൂടി ഉള്‍ക്കൊണ്ടേ നിര്‍ണയിക്കാന്‍ കഴിയൂ എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്.

ഇനി ഇതനുസരിച്ച് ഇസ്‌ലാം എങ്ങനെ ലിബറല്‍ലോക മൂല്യങ്ങളുമായി വൈരുധ്യത്തില്‍ ആകുന്നുവെന്ന ചര്‍ച്ചയിലേക്ക് വരാം. അനന്തരഫലത്തെകൂടി ഉള്‍ക്കൊണ്ട് നൈതികതയെ നിര്‍ണയിക്കുന്ന ദര്‍ശനമായതുകൊണ്ട് തന്നെ ഇസ്‌ലാമിന് ഒരിക്കലും തെറ്റായ കോണ്‍സിക്വന്‍സുകളെ നിര്‍മിച്ചേക്കാവുന്ന വ്യക്തിസ്വാതന്ത്ര്യങ്ങളെ അംഗീകരിക്കാനാവില്ല. മനുഷ്യസ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോള്‍തന്നെ നിയന്ത്രണങ്ങളും വിലക്കുകളും വേണ്ടയിടങ്ങളില്‍ ഇസ്‌ലാം ഇടപെടുകയും ചെയ്യുന്നു. ഉദാഹരണത്തിന് അധിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് വരാം. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ഒരു പ്രധാന നാസ്തിക ചിന്തകന്‍ യു.എ.ഇയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സകല മതങ്ങളെയും തെറിയധിക്ഷേപം നടത്തുന്നത് അവിടത്തെ നിയമം അനുസരിച്ചുതന്നെ തെറ്റായതുകൊണ്ട് പിടിക്കപ്പെട്ടതാണ്.

എന്നാല്‍ അത്തരം തെറിവര്‍ത്തമാനങ്ങളെ മുമ്പും പിന്തുണയ്ക്കുക മാത്രം ചെയ്തിട്ടുള്ള കേരളീയ യുക്തിവാദി സമൂഹവും ലിബറലുകളും ആ വ്യക്തിയെ ന്യായീകരിച്ച് രംഗത്ത് വന്നു. മതങ്ങളെ തെറി പറയുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് കീഴില്‍ വരുമെന്നതുകൊണ്ടുതന്നെ ലിബറല്‍ മൂല്യമനുസരിച്ച് അയാള്‍ ചെയ്യുന്നത് ശരി മാത്രമാണെന്നും അതിന് ശിക്ഷിക്കുന്നത് അപരിഷ്‌കൃത നിയമമാണെന്നുമായിരുന്നു ലിബറല്‍പക്ഷ വാദങ്ങള്‍.

എന്നാല്‍ സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിനും വെറുപ്പിനും വര്‍ഗീയതയ്ക്കും കലാപങ്ങള്‍ക്ക് പോലുമാണ് അത്തരം അമിതസ്വാതന്ത്ര്യം വഴിവെക്കുന്നത് എന്നതുകൊണ്ടുതന്നെ മൊത്തം സമൂഹത്തിന്റെയും ഗുണനിലവാരം ലക്ഷ്യംവയ്ക്കുന്ന ദര്‍ശനം എന്ന നിലയ്ക്ക് ഇത്തരം കേവല വ്യക്തിസ്വാതന്ത്ര്യങ്ങളെ ഇസ്‌ലാമിന് അംഗീകരിക്കാന്‍ കഴിയില്ല. ഇസ്‌ലാം ചില വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്ക് തടയിടുന്നത് അതിന്റെ മോശപ്പെട്ട അനന്തരഫലങ്ങള്‍ കൂടി വിലയിരുത്തിയാണ്.

ഇസ്‌ലാം വ്യക്തിസ്വാതന്ത്ര്യത്തിന് തടയിടുന്നുണ്ടെന്ന ലിബറല്‍ വിമര്‍ശനങ്ങള്‍ ബാലിശമാകുന്നത് ഈ യുക്തിയെ മനസ്സിലാക്കാത്തത് കൊണ്ടാണെന്ന് പറയാം. ഇസ്‌ലാം സ്വതന്ത്രരതിയെ എതിര്‍ക്കുന്നത് വ്യക്തികളെയും കുടുംബ ബന്ധങ്ങളെയും സാമൂഹ്യഘടനയെയും അത് അപനിര്‍മിക്കുന്നുവെന്ന നെഗറ്റീവ് കോണ്‍സിക്വന്‍സ് ഉള്ളതുകൊണ്ടാണ്.

അര്‍ധനഗ്‌നമായ രീതിയില്‍ വസ്ത്രം ധരിക്കുന്നത് സ്ത്രീകള്‍ക്ക് വിലക്കുന്നതിനു പിന്നില്‍ സ്ത്രീയെ വെറും സെക്ഷ്വല്‍ ഒബ്ജക്റ്റ് ആയി കാണുകയും അങ്ങനെ സ്ത്രീകളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന പുരുഷാധിപത്യ ചിന്തകളോടുള്ള എതിര്‍പ്പുകൂടിയുണ്ടെന്ന് മനസ്സിലാക്കാം. സമൂഹത്തിന്റെ ഭാവിയേയും കാര്യങ്ങളുടെ അനന്തരഫലത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ദര്‍ശനത്തിന് മാത്രമെ മെച്ചപ്പെട്ട സമൂഹങ്ങളെ സൃഷ്ടിക്കാന്‍ കഴിയൂ. ഇസ്‌ലാമിന് അത് കഴിയുമ്പോള്‍ ലിബറലിസം വ്യക്തികളുടെ കേവല നൈമിഷിക താല്‍പര്യങ്ങളെ പരമമായ ശരിയായി കാണുന്നു. കോണ്‍സിക്വന്‍സുകളെ കാണുന്നില്ല എന്നതുകൊണ്ടു തന്നെ ധാര്‍മികമായി ലിബറലിസം പരാജയമാണ്.

ഡിയൊണ്ടോളജി (Deontological ethics)

ഒരു ഉദാഹരണത്തില്‍നിന്നു തുടങ്ങാം. നിങ്ങള്‍ അറിയപ്പെടുന്ന ഒരു സര്‍ജനാണെന്ന് കരുതുക. നിങ്ങളുടെ അടുക്കല്‍ മരണാസന്നരായ അഞ്ചുതരം രോഗികളുണ്ട്. അഞ്ചുപേരുടെയും വ്യത്യസ്ത അവയവങ്ങള്‍ മാറ്റിവെച്ചില്ലെങ്കില്‍ അവര്‍ വൈകാതെ മരിക്കും.

ഈ അവസ്ഥയില്‍ നിങ്ങളുടെ അടുത്ത് ഒരു ക്ലൈന്റ് വരുന്നു. പ്രത്യേകിച്ച് ഒരു രോഗവും ഇല്ലാത്ത ഇയാള്‍ തന്റെ മാസാവസാന ചെക്കപ്പിന് വന്നതാണ്. പരിശോധിച്ചപ്പോള്‍ മരിക്കാന്‍ കിടക്കുന്ന അഞ്ചുപേര്‍ക്കും യോജിച്ചതാണ് ഈ മനുഷ്യന്റെ അവയവങ്ങള്‍ എന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നു. ഈ ഒരു മനുഷ്യനെ കൊന്ന് ആ അവയവങ്ങള്‍ മറ്റു അഞ്ച് പേര്‍ക്കുമായി മാറ്റിവയ്ക്കുന്നതുകൊണ്ട് അഞ്ചു പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. എങ്കില്‍ ഇതില്‍ നിങ്ങള്‍ ഏതു സ്വീകരിക്കും?

1) ഒരാളെ കൊന്ന് അഞ്ചുപേരുടെ ജീവന്‍ രക്ഷിക്കുമോ?

2) ഒരാളെ വെറുതെ വിട്ട് അഞ്ചുപേരെയും മരിക്കാന്‍ വിട്ടുകൊടുക്കുമോ?

അഞ്ചുപേരും മരിക്കട്ടെ എന്ന തീരുമാനത്തില്‍ ഒരാളെ കൊല്ലാതിരിക്കുക തന്നെയാവും ചെയ്യുക. ഈയൊരു ധാര്‍മിക നിലപാടിനെയാണ് ‘ഡിയൊണ്ടോളജി’ എന്ന് പറയുന്നത്. അഥവാ അഞ്ചുപേരെ രക്ഷിക്കാന്‍ കഴിഞ്ഞാലും ഒരു നിരപരാധിയെ അതിനായി കൊല്ലുന്നത് തന്നെയാണ് തെറ്റ്. ഇവിടെ ഒരാളെ കൊല്ലുന്നതുകൊണ്ടുള്ള കോണ്‍സിക്വന്‍സ് വലിയ നന്മയായിരിക്കെതന്നെ ആ കര്‍മം തെറ്റാകുന്നു. മനുഷ്യന് പാലിക്കേണ്ടതായ നൈതിക ബാധ്യതകള്‍ (moral dtuy) ഉണ്ടെന്ന ചിന്തയാണിത്.(3) ഒരു കര്‍മം സ്വന്തം നിലയ്ക്കുതന്നെ തെറ്റാണെന്ന് ഡിയൊണ്ടോളജി പറയുമ്പോള്‍ അനന്തരഫലം അനുസരിച്ചാണ് നന്മയും തിന്മയും ഇരിക്കുന്നതെന്ന് കോണ്‍സിക്വന്‍സലിസവും പറയുന്നു. പരസ്പരവിരുദ്ധങ്ങളായി കണക്കാക്കുന്ന ധാര്‍മിക നിലപാടുകളാണിവ.

എന്നാല്‍ ഇവയ്ക്കിടയിലുള്ള വൈരുധ്യങ്ങളെ പരിഹരിച്ച് രണ്ട് ധാര്‍മിക സിദ്ധാന്തങ്ങളെയും പ്രയോഗിക്കാന്‍ ഇസ്‌ലാമിന് കഴിയുന്നുണ്ട്. അഥവാ അനന്തരഫലത്തിന് അനുസരിച്ചും ഒരു നൈതികതയെ ഇസ്‌ലാം കാണുന്നത് ഡിയൊണ്ടോളജിക്കലായാണ് എന്ന് പറയാം. ഒരു കാര്യത്തിന് മോശപ്പെട്ട അനന്തരഫലങ്ങള്‍ ഉണ്ടാകുമെങ്കില്‍ അത് ധാര്‍മികമായ തെറ്റാണെന്ന് കോണ്‍സിക്വന്‍സലിസം അനുസരിച്ച് പറയുന്നല്ലോ. എന്നാല്‍ മറ്റൊരാള്‍ക്ക് മോശമാകുന്നത് കൊണ്ട് താന്‍ എന്തിന് ആ കര്‍മത്തെ ഒരു തെറ്റായി വിലയിരുത്തണമെന്ന ചോദ്യം ഭൗതികവാദത്തിന്റെ യുക്തിപ്പുറത്ത് ഒരാള്‍ക്ക് ചോദിക്കാം. ഉദാഹരണത്തിന് മോഷണം തെറ്റായ കോണ്‍സിക്വന്‍സ് ഉണ്ടാക്കിയെങ്കില്‍തന്നെ മോഷ്ടിച്ച വ്യക്തിക്ക് ലാഭവും മോഷ്ടിക്കപ്പെട്ട വ്യക്തിക്ക് നഷ്ടവുമാണ് സംഭവിക്കുന്നത്. ഒരു ഭൗതികവാദിക്ക്  ഇതില്‍ ആരുടെ ലാഭനഷ്ടത്തിനും കൂടെ നില്‍ക്കുകയും ചെയ്യാം. അപ്പോള്‍ മോശപ്പെട്ട കോണ്‍സിക്വന്‍സ് ഉണ്ടായ സംഭവത്തില്‍തന്നെ ആരുടെ പക്ഷമാണ് തെറ്റും ശരിയുമെന്ന് പറയുന്നത് ഒരു കര്‍മം തെറ്റാണെന്ന ഡിയൊണ്ടോളജിക്കല്‍ നൈതികത അനുസരിച്ചാണ്. ഈ രീതിക്കാണ് ഇസ്‌ലാം കോണ്‍സിക്വന്‍സലിസത്തെയും  ഡിയൊണ്ടോളജിയെയും അംഗീകരിക്കുന്നതും ഉപയോഗിക്കുന്നതും.

ഡിയൊണ്ടോളജിക്കല്‍ എത്തിക്‌സ് കൂടുതല്‍ ഇസ്‌ലാമുമായി ചേര്‍ന്നുനില്‍ക്കുന്ന നൈതിക സങ്കല്‍പമാണ്. അഥവാ അടിസ്ഥാനപരമായി മനുഷ്യന്‍ ലംഘിക്കാന്‍ പാടില്ലാത്ത വിലക്കുകളും അനുസരിക്കേണ്ട മര്യാദകളും ഉത്തരവാദിത്തങ്ങളും ഉണ്ടെന്ന ചിന്തയാണിത്. അതേസമയം ഭൗതികവാദത്തിന്റെ യുക്തിയുമായി ഒരുതരത്തിലും ഇത് യോജിക്കുന്നില്ല. കാരണം ഡിയൊണ്ടോളജി അനുസരിച്ച് ഒരു കാര്യം ശരിയോ തെറ്റോ ആകുന്നത് പ്രത്യേകിച്ച് ഒരു ഭൗതികമായ കാരണംകൊണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ ഭൗതികമാത്രവാദത്തില്‍ നിന്നുകൊണ്ട് ഒരു ശരിയും തെറ്റുമില്ല. എന്നാല്‍ നിത്യജീവിതത്തില്‍ ഡിയൊണ്ടോളജിയെ അംഗീകരിക്കാതൊരു ധാര്‍മികജീവിതം തന്നെ സാധ്യമല്ല താനും. ഈ വൈരുധ്യമാണ് പല നാസ്തികരെയും ധാര്‍മികരഹിതരാക്കുന്നത് എന്നും കാണാം. അംഗ വൈകല്യങ്ങളോടെ ജനിക്കുന്ന കൊച്ചുകുഞ്ഞുങ്ങളെ കൊല്ലുന്നതില്‍ ധാര്‍മികമായ ശരികേട് ഒന്നുമില്ലെന്നു വാദിക്കാന്‍ പീറ്റര്‍ സിംഗറിനെ പോലുള്ള വലിയ ഭൗതികവാദിക്ക് കഴിയുന്നത് ലംഘിക്കാന്‍ പാടില്ലാത്ത പാപങ്ങള്‍ ഉണ്ടെന്ന ചിന്തയെ അദ്ദേഹം നിരാകരിക്കുന്നതുകൊണ്ടാണ്. അങ്ങനെ കൊല്ലാം എന്നതിന് ന്യായമായി പീറ്റര്‍ സിംഗര്‍ പറയുന്ന ന്യായം തന്നെ കോണ്‍സിക്വന്‍ഷലിസമാണെന്ന് കാണാം.(4) അംഗവൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞ് സ്വാഭാവികമായും മാതാപിതാക്കള്‍ക്ക് വലിയൊരു കാലയളവിനുള്ള ബാധ്യതയും വിഷമവും ആയിരിക്കുമെന്ന് പറയുന്ന പീറ്റര്‍ സിംഗര്‍ അത് മോശപ്പെട്ട കോണ്‍സിക്വന്‍സ് ആണെന്ന് സ്ഥാപിക്കുന്നു.

തല്‍സ്ഥാനത്ത് അംഗവൈകല്യങ്ങളോടെ ജനിക്കുന്ന കുഞ്ഞിനെ കൊന്നുകളഞ്ഞാല്‍ അധികം വൈകാതെ മറ്റൊരു ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുകയും അതുവഴി സന്തോഷമുള്ള ഒരു ജീവിതം ആവുകയും ചെയ്യാമെന്നുകൂടെ പീറ്റര്‍ സിംഗര്‍ പറയുന്നത് ഭൗതികമായ അനന്തരഫലങ്ങളെ മാത്രം വിലയിരുത്തിയാണ്. കോണ്‍സിക്വന്‍സ് മാത്രം നോക്കിയാണ് ശരിയും തെറ്റും നിശ്ചയിക്കുന്നതെങ്കില്‍ കൂടുതല്‍ സന്തോഷത്തിന് ഒരു കുഞ്ഞിനെ കൊല്ലുന്നതില്‍ തെറ്റൊന്നുമില്ലെന്നും പറയാമെന്നതിന്റെ ജീവിക്കുന്ന തെളിവാണ് ആധുനിക നാസ്തിക ലോകത്തെ ഒരു പ്രധാന ആചാര്യന്‍ തന്നെ. ഭൗതികമായ ന്യായത്തിനപ്പുറം ആത്യന്തികമായ ശരിതെറ്റുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും മനുഷ്യന്‍ അത് പാലിക്കേണ്ടവന്‍ ആണെന്നുമുള്ള വീക്ഷണം ഭൗതികവാദ യുക്തിയില്‍നിന്നു സാധ്യമല്ലാത്തതിന്റെ കാരണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം

1) എന്താണ് ധാര്‍മികത എന്ന് വിശദീകരിക്കാന്‍ കഴിയുന്നില്ല.

2) ധാര്‍മികതയ്ക്ക് ഒരു സോഴ്‌സ് പറയാനാകുന്നില്ല.

3) എന്തിനു ധാര്‍മികമായ ഒരു വ്യവസ്ഥയെ പിന്‍പറ്റണമെന്നതിനുള്ള ന്യായം ഭൗതിക വാദത്തിന്റെ കാഴ്ചപ്പാടില്‍നിന്ന് കണ്ടെത്താനാവുന്നില്ല.

മുകളില്‍ പറഞ്ഞ വൈരുധ്യങ്ങളെ പരിഹരിച്ചുകൊണ്ടുതന്നെ ഒരു ധാര്‍മിക വ്യവസ്ഥയെ സ്ഥാപിക്കാന്‍ ഇസ്‌ലാമിനു കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. അത്തരമൊരു നൈതിക വ്യവസ്ഥക്ക് കീഴൊതുങ്ങലും അനുസരിക്കലുമാണ് ഇസ്‌ലാം എന്ന പദത്തിന് നേര്‍ക്കുനേരെയുള്ള അര്‍ഥം തന്നെയും.

തത്ത്വശാസ്ത്രപരമായി ഡിയൊണ്ടോളജിയെ വികസിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ഇമ്മാനുവല്‍ കാന്റ്. ഒരു കര്‍മത്തെ ശരിയും തെറ്റുമാക്കുന്നത് എന്താണെന്ന ചോദ്യത്തിന് കാന്റ് നല്‍കുന്ന ഉത്തരം ആ കര്‍മം കൊണ്ട് വ്യക്തിയുടെ ഉദ്ദേശ്യമെന്ത് എന്നതിനെ അടിസ്ഥാനമാക്കിയേ അത്തരം നൈതിക വിലയിരുത്തലുകള്‍ സാധ്യമാകൂവെന്നാണ്.(5)

കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത് നിയ്യത്ത് അനുസരിച്ചാണെന്ന പ്രവാചക വചനത്തിന് സാമ്യമുള്ളതാണ് ധാര്‍മികതയെ സംബന്ധിച്ച് ഇമ്മാനുവല്‍ കാന്റ് എത്തുന്ന സംഗ്രഹവും എന്നത് ശ്രദ്ധേയമാണ്

ശാഹുല്‍ പാലക്കാട്

നേർപഥം വാരിക

സഅ്ദുബ്നു മുആദ്(റ)

സഅ്ദുബ്നു മുആദ്(റ)

അല്ലാഹുവിന്‍റെ റസൂലിന് ﷺ ഒരിക്കല്‍ ഒരു പട്ടുവസ്ത്രം ലഭിച്ചു, അതിന്‍റെ സൗന്ദര്യവും മൃദുലതയും അനുചരന്മാരെ അത്ഭുതപ്പെടുത്തി.  അപ്പോള്‍ റസൂല്‍ ﷺ പറഞ്ഞു: “സംശയമില്ല, സ്വര്‍ഗത്തില്‍ സഅ്ദുബ്നു മുആദിന് ലഭിക്കുന്ന തൂവാലകള്‍ ഇതിനെക്കാള്‍ മികച്ചതാണ്.”

മദീനയിലെ ഔസ് ഗോത്രത്തിന്‍റെ നേതാവായിരുന്നു സഅ്ദുബ്നു മുആദ്(റ). അക്വബ ഉടമ്പടിക്ക് ശേഷം മദീനയിലേക്ക് പ്രബോധന ചുമതലയുമായി പ്രവാചകന്‍ ﷺ മിസ്വ്ഹബ് ഇബ്നു ഉമൈറി(റ)നെ നിയോഗിച്ചു. മിസ്വ്ഹബി(റ)ന്‍റെ പ്രബോധനം അറിഞ്ഞ സഅ്ദുബ്നു മുആദ്(റ) തന്‍റെ സഹോദരനായിരുന്ന ഉസൈദുബ്നു ഹുദയ്റി(റ)നോട് പറഞ്ഞു: “നിങ്ങള്‍ക്കറിയാമോ, മക്കയില്‍നിന്ന് വന്നവര്‍ നമ്മുടെ പൂര്‍വികരുടെ വിശ്വാസം നശിപ്പിക്കാനും മദീനയിലെ ജനങ്ങളുടെ മനസ്സിനെ മലിനമാക്കാനുമാണ് വന്നിരിക്കുന്നത്. അതിനാല്‍ അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയുകയും അവര്‍ ചെയ്യുന്നതില്‍ നിന്ന് അവരെ തടയുകയും വേണം.”

തുടര്‍ന്ന് രണ്ടുപേരും മിസ്വ്ഹബി(റ)ന്‍റെ അടുത്തെത്തി; അദ്ദേഹത്തോട് തര്‍ക്കിച്ചു. മദീന വിട്ട് പോകുവാന്‍ അവര്‍ ആവശ്യപ്പെട്ടു. മിസ്വ്ഹബ്(റ) സൗമ്യമായി പറഞ്ഞു: “എന്തുകൊണ്ടാണ് എനിക്ക് പറയാനുള്ളത് നിങ്ങള്‍ കേള്‍ക്കാത്തത്? ഇത് നന്മയാണെകില്‍ അത് നിങ്ങള്‍ക്ക് സ്വീകരിക്കാം, അല്ലെങ്കില്‍ ഞങ്ങള്‍ തിരിച്ചുപോകാം.” തുടര്‍ന്ന് അദ്ദേഹം ചില ക്വുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്തു. ഇസ്ലാമിനെക്കുറിച്ച്, ഏകദൈവാരാധനയെക്കുറിച്ച്, ബിംബാരാധനയുടെ നിരര്‍ഥകതയെക്കുറിച്ച് വിവരിച്ചു. നബി ﷺ യെ സംബന്ധിച്ച് പറഞ്ഞുകൊടുത്തു. എല്ലാം സസൂക്ഷ്മം കേട്ട ആ സഹോദരങ്ങള്‍ ഇസ്ലാം സ്വീകരിച്ചു.

31ാം വയസ്സിലാണ് സഅ്ദ്(റ) ഇസ്ലാമിലേക്ക് കടന്നുവരുന്നത്. അത് മദീനയില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു. ഒരുപാടുപേര്‍ അദ്ദേഹത്തിനു പിറകിലായി ഇസ്ലാമിലേക്ക് വന്നു.

ബദ്ര്‍യുദ്ധ സന്ദര്‍ഭം. സ്വഹാബികള്‍ യുദ്ധത്തിന് ഒരുങ്ങിവന്നതല്ല. അതുകൊണ്ട് തന്നെ അവരുടെ കയ്യില്‍ ആവശ്യമുള്ള ആയുധങ്ങളോ ആള്‍ബലമോ ഉണ്ടായിരുന്നില്ല. മുഹാജിറുകളുമായി ചര്‍ച്ച ചെയ്ത ശേഷം പ്രവാചകന്‍ ﷺ അന്‍സ്വാറുകളുടെ അഭിപ്രായം അറിയാന്‍ തീരുമാനിച്ചു. കാരണം അക്വബ ഉടമ്പടിയിലുള്ളത് ‘മദീനയില്‍ പ്രവാചകനെ സംരക്ഷിക്കും’ എന്നാണ്. ബദ്ര്‍ മദീനക്ക് പുറത്തുള്ള സ്ഥലമാണ്.

നബി ﷺ പറഞ്ഞു: “ജനങ്ങളേ, നിങ്ങളുടെ അഭിപ്രായം പറയൂ.” ഈ സന്ദര്‍ഭത്തില്‍ സഅ്ദുബ്നു മുആദ്(റ)  പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലേ, നിങ്ങള്‍ ഞങ്ങളെ ഉദ്ദേശിച്ചത് പോലെയുണ്ടല്ലോ?” നബി ﷺ പറഞ്ഞു: “അതെ.”

അപ്പോള്‍ സഅ്ദ്(റ) പറഞ്ഞു: “ഞങ്ങള്‍ താങ്കളില്‍ വിശ്വസിച്ചു. താങ്കളെ സത്യപ്പെടുത്തി. താങ്കള്‍ കൊണ്ടുവന്നത് സത്യമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചു. ഞങ്ങള്‍ താങ്കള്‍ പറയുന്നത് കേള്‍ക്കാമെന്നും അനുസരിക്കാമെന്നും കരാര്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് എന്തൊന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് അതിലേക്ക് നീങ്ങിക്കൊള്ളുക. ഞങ്ങള്‍ താങ്കളോടൊപ്പം ഉണ്ട്. ഒരു കടല്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞങ്ങളോട് അതിലേക്ക് ഇറങ്ങാന്‍ പറഞ്ഞാല്‍ അങ്ങയോടൊപ്പം ഞങ്ങളും ഇറങ്ങും. ഞങ്ങളില്‍ ഒരാള്‍ പോലും പിന്തിരിയില്ല. നാളെ ശത്രുക്കളെ കണ്ടുമുട്ടുന്നതില്‍ ഞങ്ങളില്‍ ഒരാളും അനിഷ്ടക്കാരല്ല. ഞങ്ങള്‍ യുദ്ധത്തില്‍ ക്ഷമാലുക്കളാണ്. ഏറ്റുമുട്ടുന്നതില്‍ ആത്മാര്‍ഥതയുള്ളവരാണ്. അങ്ങയുടെ കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുന്ന കാര്യങ്ങള്‍ അല്ലാഹു ഞങ്ങളിലൂടെ താങ്കള്‍ക്ക് കാണിച്ചുതന്നേക്കാം. അതുകൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹത്താല്‍ താങ്കള്‍ ഞങ്ങളെയുംകൊണ്ട് മുന്നോട്ടുനീങ്ങിക്കൊള്ളുക.”

പ്രവാചകന്‍ ﷺ വിഷമിച്ച അനവധി സന്ദര്‍ഭങ്ങളില്‍ സഅ്ദ്(റ) ആശ്വാസമേകുന്ന വാക്കുകള്‍ നല്‍കിയിട്ടുണ്ട്. ഉഹ്ദ് യുദ്ധ ദിവസം ഖാലിദുബ്നു വലീദി(റ)ന്‍റെ നേതൃത്വത്തില്‍ പിന്തിരിഞ്ഞോടിയ മുശ്രിക്കുകള്‍ ആക്രമണം നടത്തുകയും സ്വഹാബികള്‍ പിന്തിരിഞ്ഞോടുകയും ചെയ്തപ്പോള്‍ പ്രവാചകന് കാവലായി നിന്നവരില്‍ സഅ്ദുബ്നു മുആദും(റ) ഉണ്ടായിരുന്നു.

മദീനയില്‍ മുസ്ലിംകള്‍ ഏറ്റവും പ്രയാസമനുഭവിച്ച സന്ദര്‍ഭത്തിലായിരുന്നു ഖന്തക്ക് യുദ്ധം. കരാര്‍ ലംഘനം നടത്തിയ ബനൂനളീര്‍ ഗോത്രത്തെ പ്രവാചകന്‍ ﷺ മദീനയില്‍നിന്ന് പുറത്താക്കി. പുറത്താക്കപ്പെട്ട ബനൂനളീര്‍ ഗോത്രത്തിലെ ചിലര്‍ മക്കയില്‍ ചെന്ന് മുശ്രിക്കുകളുമായി സംസാരിച്ചു. ക്വുറൈശികള്‍, യഹൂദികള്‍, ബനൂനളീര്‍, ഗത്വ്ഫാന്‍  തുടങ്ങിയ വിഭാഗങ്ങള്‍ മുസ്ലിംകള്‍ക്ക് എതിരെ സഖ്യം ചേര്‍ന്ന് മദീന ആക്രമിക്കാന്‍ തീരുമാനിച്ചു.

മുസ്ലിംകള്‍ക്ക് പരീക്ഷണം ശക്തമാവുകയും ഉപരോധം വീണ്ടും മുന്നോട്ടുനീങ്ങുകയും ചെയ്തപ്പോള്‍ ഗത്വ്ഫാന്‍ ഗോത്രത്തിന്‍റെ നേതാക്കളുടെ അടുക്കലേക്ക് പ്രവാചകന്‍ ആളെ അയച്ചു. ‘നിങ്ങളും നിങ്ങളുടെ കൂടെയുള്ളവരും മദീനയില്‍നിന്നും മടങ്ങിപ്പോകുന്നപക്ഷം മദീനയിലെ പഴങ്ങളുടെ മൂന്നിലൊന്ന് നിങ്ങള്‍ക്ക് നല്‍കാം’ എന്ന വ്യവസ്ഥയില്‍ അവരുമായി കരാറുണ്ടാക്കി. ഈ കരാറിനെ അവര്‍ അംഗീകരിക്കുകയും ചെയ്തു.

ഇപ്രകാരം ചെയ്യുന്നതിനുവേണ്ടി നബി ﷺ സഅ്ദുബ്നു മുആദി(റ)നോടും സഅ്ദുബ്നു ഉബാദ (റ)യോടും അഭിപ്രായം ചോദിച്ചു. അപ്പോള്‍ അവര്‍ നബി ﷺ യോട് ചോദിച്ചു: “അല്ലാഹുവിന്‍റെ പ്രവാചകരേ, നിങ്ങള്‍ ഒരു കാര്യം ഇഷ്ടപ്പെട്ടു സ്വയം ചെയ്യുകയാണോ അതല്ല നിര്‍ബന്ധമായും താങ്കള്‍ ചെയ്യേണ്ട നിലയ്ക്ക് അല്ലാഹു നിങ്ങളോട് കല്‍പിച്ചതാണോ ഇക്കാര്യം? അതോ നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി ചെയ്യുകയാണോ?”

അപ്പോള്‍ നബി ﷺ ഇപ്രകാരം പറഞ്ഞു: “ഇതു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യമാണ്. അല്ലാഹുവാണ് സത്യം, അറബികള്‍ നിങ്ങളെ ഒന്നിച്ച് ആക്രമിക്കുന്നതും നിങ്ങളെ എല്ലാ ഭാഗത്തുനിന്നും കടിച്ചുകീറുന്നതുമായ നിങ്ങളുടെ ദുര്‍ബലാവസ്ഥ കണ്ടപ്പോള്‍ എനിക്ക് അങ്ങനെ ചെയ്യാന്‍ തോന്നിയതാണ്.”

അപ്പോള്‍ സഅ്ദുബ്നു മുആദ്(റ) പറഞ്ഞു: “അല്ലാഹുവിന്‍റെ പ്രവാചകരേ, ഞങ്ങളും ഈ സമൂഹവും ഒരുകാലത്ത് അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുന്നവരായിരുന്നു. അന്നുപോലും മദീനയിലെ പഴങ്ങള്‍ കച്ചവടത്തിലൂടെയും സല്‍ക്കാരത്തിലൂടെയുമല്ലാതെ ഭക്ഷിക്കാന്‍ അവര്‍ ആഗ്രഹിച്ചിട്ടില്ല. ഇന്നാകട്ടെ അല്ലാഹു ഇസ്ലാംകൊണ്ട് ഞങ്ങള്‍ക്ക് പ്രതാപം നല്‍കി. ഞങ്ങളെ അവന്‍ ആദരിച്ചു. ഇസ്ലാമിലേക്ക് ഞങ്ങള്‍ക്ക് വഴികാണിച്ചുതന്നു. ഇത്രയും അഭിമാനത്തിന്‍റെ സ്ഥാനത്ത് എത്തിയ നമ്മള്‍, നമ്മുടെ സമ്പത്ത് ഇവര്‍ക്ക് നല്‍കുകയോ? അല്ലാഹുവാണ് സത്യം; അതിന്‍റെ ഒരു ആവശ്യവും ഇപ്പോള്‍ നമുക്കില്ല. അല്ലാഹുവാണ് സത്യം, അല്ലാഹു നമുക്കും അവര്‍ക്കും ഇടയില്‍ തീരുമാനം എടുക്കുന്നതുവരെ വാളല്ലാതെ മറ്റൊന്നും നാം അവര്‍ക്ക് നല്‍കുകയില്ല.”

 അപ്പോള്‍ നബി ﷺ പറഞ്ഞു: “നിങ്ങള്‍ക്ക് നിങ്ങളുടെ നിലപാട് സ്വീകരിക്കാം.”

കരാറില്‍നിന്ന് പ്രവാചകന്‍ ﷺ പിന്‍മാറിയപ്പോള്‍ മദീനയെ ശത്രുക്കള്‍ ഉപരോധിച്ചു. എന്നാല്‍ ഉപരോധത്തെ പ്രതിരോധിക്കാന്‍ നേരത്തെതന്നെ ആസൂത്രണം ചെയ്തത് പ്രകാരം വലിയ കിടങ്ങുകള്‍ കീറി യുദ്ധത്തിന് തയാറായി നില്‍ക്കുകയായിരുന്നു. കിടങ്ങ് ചാടിക്കടക്കാന്‍ ശത്രുക്കള്‍ക്ക് സാധിച്ചില്ല. എന്നാല്‍ അവര്‍ അമ്പെയ്ത്ത് ആരംഭിച്ചു. സഅ്ദുബ്നു മുആദി(റ)ന്‍റെ കൈകളില്‍ അമ്പുതറച്ച് നിലയ്ക്കാതെ രക്തം പ്രവഹിക്കാന്‍ തുടങ്ങി.  

പള്ളിയോടുചേര്‍ന്ന് ഒരു ടെന്‍റ് കെട്ടി അവിടെ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ കിടത്തി. സഅ്ദ്(റ) ദുആ ചെയ്തു: “അല്ലാഹുവേ, ക്വുറൈശികളുമായുള്ള യുദ്ധം ഇനിയും അവശേഷിക്കുന്നുവെങ്കില്‍ എന്‍റെ ആയുസ്സ് നീട്ടിത്തരണേ, കാരണം നിന്‍റെ ദൂതനെ മര്‍ദിക്കുകയും അവിശ്വസിക്കുകയും പുറത്താക്കുകയും ചെയ്ത ഒരു ജനതക്ക് വേണ്ടി പോരാടും പോലെ, മറ്റൊരു വര്‍ഗത്തിന് വേണ്ടിയും പോരാടാന്‍ എനിക്ക് താല്‍പര്യമില്ല. ഇനി, അവരുമായുള്ള യുദ്ധം നിലയ്ക്കുകയാണെങ്കില്‍ ഇന്നെനിക്ക് പറ്റിയ പരുക്ക് കാരണമായി എന്നെ നീ രക്തസാക്ഷികളില്‍ പെടുത്തണേ. ബനൂക്വുറൈളക്കാരുടെ കാര്യത്തില്‍ എന്‍റെ കണ്‍കുളിര്‍ക്കുന്നതുവരെ നീ എന്നെ മരിപ്പിക്കരുതേ!”

ഖന്തക്ക് യുദ്ധത്തില്‍ അല്ലാഹുവിന്‍റെ സഹായത്താല്‍ മുസ്ലിംകള്‍ വിജയിച്ചു. കരാര്‍ ലംഘനം നടത്തിയ ജൂതന്മാരെ വെറുതെ വിടാന്‍ പാടില്ലെന്ന് നബി ﷺ തീരുമാനിച്ചു. കാരണം മുസ്ലിംകളുമായി നിലവിലുള്ള കരാറിന് വിരുദ്ധമായി അവസരം കിട്ടുമ്പോഴെല്ലാം കരാര്‍ തെറ്റിക്കുന്നവരായിരുന്നു അവര്‍.

അവരുടെ കാര്യം സഅ്ദുബ്നു മുആദി(റ)ന്‍റെ തീരുമാനത്തിന് വിടണമെന്ന ആവശ്യമുയര്‍ന്നു. കാരണം ഇസ്ലാമിനുമുമ്പ് സഅ്ദു(റ)മായി ജൂതര്‍ സഖ്യത്തിലായിരുന്നു. നബി ﷺ യോടും ഇസ്ലാമിനോടും വഞ്ചന പതിവാക്കിയിരുന്ന ബനൂക്വുറൈളക്കാരുടെ തനിനിറം അറിയാമായിരുന്ന സഅ്ദ്(റ) വിധിച്ചു: “യോദ്ധാക്കളെ വധിക്കുക, സ്ത്രീകളെയും കുട്ടികളെയും യുദ്ധത്തടവുകാരായി പിടിക്കുക, സ്വത്ത് കണ്ടുകെട്ടുക.”

അധികം വൈകാതെ ആ സ്വഹാബി രക്തസാക്ഷിയായി. 7 വര്‍ഷം മാത്രമാണ് ഇസ്ലാം സ്വീകരിച്ച ശേഷം അദ്ദേഹം ജീവിച്ചത്. ഈ ചെറിയ കാലയളവിനുള്ളില്‍ അല്ലാഹുവിന്‍റെ തൃപ്തി നേടുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

അനസ് ഇബ്നു മാലിക്(റ) പറയുന്നു: “സഅ്ദുബ്നു മുആദി(റ)ന്‍റെ ജനാസ വഹിച്ചക്കപ്പെട്ടപ്പോള്‍ കപടവിശ്വാസികള്‍ പറഞ്ഞു: “എത്ര മാത്രം നിസ്സാരമായ ഒരു ജനാസയാണ് ഇത്.”

ബനുക്വുറൈള ഗോത്രക്കാരുടെ വിഷയത്തില്‍ സഅ്ദി(റ)ന്‍റെ വിധി നടപ്പിലാക്കിയ ദേഷ്യത്തിലാണ് അവര്‍ അപ്രകാരം പറഞ്ഞത്. ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ പ്രവാചകന്‍ ﷺ പറഞ്ഞു: “മലക്കുകളായിരുന്നു അദ്ദേഹത്തെ വഹിച്ചുപോയിരുന്നത്.”

ജാബിര്‍(റ) പറയുന്നു; നബി ﷺ പറഞ്ഞു: “സഅ്ദുബ്നു മുആദി(റ)ന്‍റെ വഫാത്ത് കാരണം അല്ലാഹുവിന്‍റെ അര്‍ശ് വിറകൊണ്ടു.”

മുഹമ്മദ് ശമീല്‍

നേർപഥം വാരിക

സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്വലിബ്

സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്വലിബ്

ഇസ്‌ലാമിലെ മഹിളകളില്‍ അതിപ്രധാന സ്ഥാനം അലങ്കരിച്ച, ഇസ്‌ലാമിനുവേണ്ടി വനിതകളില്‍ നിന്ന് ആദ്യമായി യുദ്ധരംഗത്ത് ഒരു അവിശ്വാസിയെ വധിച്ച മഹതിയാണ് സ്വഫിയ്യ ബിന്‍ത് അബ്ദുല്‍ മുത്ത്വലിബ്(റ). രണ്ട് ധീരരായ മുസ്‌ലിം പടനായകര്‍ക്ക് ജന്മം നല്‍കാന്‍ സാധിച്ച, നബി ﷺ യുടെ അമ്മായി എന്ന സ്ഥാനം ലഭിച്ച മഹതിയാണവര്‍.

എല്ലാ അര്‍ഥത്തിലും കുടുംബ മഹിമയില്‍ അവര്‍ മുന്നിട്ടുതന്നെ നിന്നു. അവരുടെ പിതാവ് അബ്ദുല്‍ മുത്ത്വലിബ് നബി ﷺ യുടെ പിതാമഹനും ക്വുറൈശി നേതാവും എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വവുമായിരുന്നു.; മാതാവാകട്ടെ നബി ﷺ യുടെ മാതൃസഹോദരിയായ ഹാല ബിന്‍ത് വഹബും.

ആദ്യഭര്‍ത്താവ് ഹാരിസ് ഇബ്‌നു ഹര്‍ബ്, അബൂസുഫുയാനി(റ)ന്റെ സഹോദരന്‍. ക്വുറൈശികളിലെ പ്രബല ഗോത്രമായ ഉമയ്യ ഗോത്രത്തിന്റെ നേതാക്കളിലൊരാള്‍. അദ്ദേഹം മരണപ്പെട്ടതിനു ശേഷമാണ് അവര്‍ മറ്റൊരു വിവാഹം കഴിക്കുന്നത്. അത് അവ്വാം ബിന്‍ത് ഖുവൈലിദിനെയായിരുന്നു. അദ്ദേഹമാകട്ടെ പ്രവാചക പത്‌നി ഖദീജ(റ)യുടെ സഹോദരനുമാണ്.

സ്വഫിയ്യ(റ)യുടെ മകനോ? സുബൈറുബിന്‍ അവ്വാം; റസൂലിന്റെ ആത്മസുഹൃത്തുക്കളില്‍ ഒരാള്‍! ഇങ്ങനെ രക്തബന്ധം കൊണ്ടും വിവാഹബന്ധം കൊണ്ടും റസൂലിനോട് ചേര്‍ന്നുനില്‍ക്കുന്ന മാറ്റാരെങ്കിലുമുണ്ടോ എന്ന് തോന്നുമാറ് മഹത്ത്വപൂര്‍ണമായ ജീവിതംകൊണ്ട് അനുഗ്രഹിക്കപ്പെട്ട വനിതയാണ് സ്വഫിയ്യ(റ).

തന്റെ മകന്‍ സുബൈര്‍ ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ ഭര്‍ത്താവ് അവ്വാം മരണപ്പെടുകയുണ്ടായി. മകന്‍ സുബൈറിനെ ആ മാതാവ് ഏറെ ബുദ്ധിമുട്ടിയാണ് വളര്‍ത്തിയത്. ഏങ്കിലും അവര്‍ അവന് യുദ്ധതന്ത്രവും ആയോധന കലകളും അശ്വാരൂഢ ഭടത്വവും അഭ്യസിപ്പിച്ചു. അവന്‍ കളിച്ചുവളര്‍ന്നത് കുന്തങ്ങള്‍കൊണ്ടും അമ്പും വില്ലും നന്നാക്കിയുമായിരുന്നു. ഏത് ഭയചകിതമായ അന്തരീക്ഷത്തിലൂടെ കടന്നുപോകാനും പ്രതിസന്ധികളെ അതിജീവിക്കാനും അവര്‍ അവനെ പ്രാപ്തനാക്കി.

ചെറിയ വീഴ്ചകള്‍ക്ക് പോലും ആ മാതാവ് മകന് വേദനിക്കുന്ന ശിക്ഷകള്‍ നല്‍കി. പലരും അതില്‍ അവരെ ആക്ഷേപിച്ചു പറയുകയുണ്ടായി: ‘നിങ്ങള്‍ക്ക് എന്തോ പകയുള്ളത് പോലെയാണല്ലോ ആ കുട്ടിയെ നിങ്ങള്‍ ശിക്ഷിക്കുന്നത്. ഇതൊരു മാതാവിന്റെ പ്രവര്‍ത്തനമാണോ?”അവരുടെ മറുപടി ഇതായിരുന്നു: ‘എനിക്ക് എന്റെ പുത്രനോട് പകയാണെന്ന് പറയുന്നവര്‍ തനി വ്യാജമാണ് പറയുന്നത്, ഞാനവനെ അടിക്കുന്നത് അവന്‍ ബുദ്ധികൂര്‍മതയോടെ കാര്യങ്ങള്‍ അറിഞ്ഞു മനസ്സിലാക്കാനാണ്. തന്‍മൂലം അവന് സൈന്യങ്ങളെ പരാജയപ്പെടുത്താനും വിജയങ്ങള്‍ ആവര്‍ത്തിക്കാനുമാകും.’

 നബി ﷺ യെ അല്ലാഹു ദിവ്യബോധനം നല്‍കി പ്രവാചകനാക്കിയപ്പോള്‍, ജനങ്ങള്‍ക്കുള്ള താക്കീതുകാരനും മാര്‍ഗദര്‍ശിയുമായി മാറ്റിയപ്പോള്‍ ആദ്യം അദ്ദേഹത്തോട് അടുത്ത ബന്ധുക്കളില്‍നിന്നാണ് പ്രബോധനം ആരംഭിക്കാന്‍ പറഞ്ഞത്. അതനുസരിച്ച് നബി ﷺ അബ്ദുല്‍ മുത്ത്വലിബിന്റെ കുടുംബത്തെ സമീപിച്ചു. അവരിലെ മുതിര്‍ന്നവരെയും സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും നബി പ്രത്യേകം കാണുകയും വിളിച്ചുകൂട്ടുകയും ചെയ്തു. അവരെ അഭിസംബോധന ചെയ്ത കൂട്ടത്തില്‍ നബി ﷺ ആരംഭിച്ചത് ഇങ്ങനെയാണ്: ‘അല്ലയോ മുഹമ്മദിന്റെ മകള്‍ ഫാത്വിമാ… അല്ലയോ അബ്ദുല്‍ മുത്ത്വലിബിന്റെ മകള്‍ സ്വഫിയ്യാ… അല്ലയോ അബ്ദുല്‍ മുത്ത്വലിബിന്റെ കുടുംബമേ… അല്ലാഹുവിന്റെയടുക്കല്‍ നിങ്ങള്‍ക്കുവേണ്ടി യാതൊന്നും നേടിത്തരാന്‍ എനിക്കാവില്ല.’

പിന്നീട് നബി ﷺ സ്വഫിയ്യ(റ)യെ വ്യക്തിപരമായി ഇസ്‌ലാമിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുകയും അവര്‍ അല്ലാഹുവിന്റെ പ്രകാശവഴിയിലേക്ക് കടന്നുവരികയും ചെയ്തു. ആ പ്രകാശം മറ്റുള്ളവര്‍ക്ക് പങ്ക് വെക്കാന്‍ അവര്‍ തയ്യാറായി. ഇസ്‌ലാമിക നിരയിലേക്ക് ആദ്യം കടന്നുവന്നവരുടെ കൂട്ടത്തില്‍ നമുക്ക് സ്വഫിയ്യ(റ)യെ കാണാം. അഭിമാന ബോധത്തോടെ അവര്‍ ഇസ്‌ലാമിനു വേണ്ടി നിലകൊണ്ടു.

സ്വഫിയ്യയും മകന്‍ സുബൈറും ഇസ്‌ലാമിക പ്രകാശത്തിന്റെ മുന്‍നിരയില്‍ തന്നെ സ്ഥാനമുറപ്പിച്ചു. ആദ്യകാലത്തെ വിശ്വാസികള്‍ ക്വുറൈശികളില്‍നിന്നേറ്റു വാങ്ങിയ എല്ലാ പീഡനങ്ങളും അവരും എല്‍ക്കേണ്ടിവന്നു.

പിന്നീട് നബി ﷺ ക്കും അനുചരന്മാര്‍ക്കും മദീനയിലേക്ക് പലായനം നടത്താന്‍ അല്ലാഹു അനുവാദം നല്‍കിയപ്പോള്‍ തന്റെ എല്ലാ ബന്ധങ്ങളും ഓര്‍മകളും സുഖസൗകര്യങ്ങളും മക്കയില്‍ ബാക്കിയാക്കി ആ ക്വുറൈശി പ്രമുഖ മദീനയെ ലക്ഷ്യം വെച്ച് ഹിജ്‌റക്ക് തയ്യാറായി; അല്ലാഹുവിന്റെ മതമനുസരിച്ചു ജീവിക്കുവാനുള്ള കൊതിയുമായി. ഓര്‍ക്കണം, ഒരു അറുപതു വയസ്സുകാരിയാണ് തന്റെ ജീവിതസന്ധ്യയില്‍ ഈ ത്യാഗത്തിന് മുതിരുന്നത്!

സ്വഫിയ്യ(റ)ക്ക് യുദ്ധരംഗത്ത് ഒരു പക്ഷേ, മറ്റൊരു മുസ്‌ലിം വനിതയ്ക്കും പറയാനാകാത്ത  ധീരതയുടെ ചരിത്രം പറയാനുണ്ടാകും. പ്രത്യേകിച്ചും ഉഹ്ദ്, ഖന്തഖ് യുദ്ധ വേളകളില്‍.

ഉഹ്ദ് യുദ്ധവേളയില്‍ സ്വഫിയ്യ(റ) പുറപ്പെട്ടത് ഒരുപറ്റം മുസ്‌ലിം സ്ത്രീകളുടെ കൂടെയായിരുന്നു. അവര്‍ തോല്‍പാത്രങ്ങളില്‍ വെള്ളം ശേഖരിച്ച് യുദ്ധഭൂമിയിലെ പടയാളികളെ കുടിപ്പിക്കുകയും, മുറിവേറ്റവരെ ശുശ്രൂഷിക്കുകയും, ഒടിഞ്ഞുപോയ അമ്പും വില്ലുമടക്കമുള്ള ആയുധങ്ങള്‍ ശരിയാക്കി കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അതോടൊപ്പം അവര്‍ യുദ്ധത്തെ എല്ലാ അര്‍ഥത്തിലും വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തുകൊണ്ടിരുന്നു. അവരുടെ സഹോദര പുത്രന്‍കൂടിയായ മുഹമ്മദ് നബി ﷺ യാണല്ലോ യുദ്ധം നയിച്ചുകൊണ്ടിരുന്നത്. അവരുടെ സഹോദരന്‍ ഹംസ(റ), മകന്‍ സുബൈര്‍ ബിന്‍ അവ്വാം(റ) എന്നിവര്‍ യുദ്ധനിരയില്‍ മുമ്പില്‍ത്തന്നെ നിലക്കൊള്ളുന്നവരും.

അതിനൊക്കെ അപ്പുറം താനടക്കം എല്ലാവരും വിശ്വസിച്ചിരിക്കുന്ന ആദര്‍ശത്തിന്റെ, ഇസ്‌ലാമിന്റെ നിലനില്‍പ്പിനാണല്ലോ ഈ പോരാട്ടം. അതിനുവേണ്ടിയായിരുന്നല്ലോ മക്ക വിട്ട് അവര്‍ ഹിജ്‌റ ചെയ്തത്. ആ സ്വര്‍ഗ വഴിയിലാണല്ലോ ക്ഷമയോടെ അവര്‍ കാത്തിരിക്കുന്നതും.

യുദ്ധത്തിനിടയില്‍ റസൂലിന്റെ അടുക്കല്‍ പടയാളികളുടെ എണ്ണം വളരെ കുറവായ നിലയിലും മുശ്‌രിക്കുകളാവട്ടെ സര്‍വ സന്നാഹങ്ങളുമുപയോഗിച്ച് റസൂലിനെ നേരിട്ട് ആക്രമിക്കാന്‍ ഒരുങ്ങുന്നതും അവര്‍ കണ്ടു. അവരുടെ ധൈര്യവും സ്ഥൈര്യവും ഉണര്‍ന്നു, ആക്രമിക്കപ്പെട്ട ഒരു പെണ്‍സിംഹത്തിന്റെ കരുത്തോടെ അവര്‍ ചാടിയിറങ്ങി. പരിക്കേറ്റ ഒരു പടയാളിയില്‍നിന്ന് ആയുധങ്ങള്‍ എടുത്ത് യുദ്ധനിരയിലേക്ക് അവര്‍ കുതിച്ചു, തന്റെ കുതിരയെ ശക്തമായി മുന്നോട്ടു നയിച്ച് മുസ്‌ലിം സൈനികരോട് അവര്‍ ആക്രോശിച്ചു: ‘നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനെ പരാജയപ്പെടുത്താന്‍ സമ്മതിച്ചുകൊടുക്കുകയാണോ?’

അവര്‍ മുന്നോട്ട് നീങ്ങുന്നത് കണ്ട പ്രവാചകന്‍ ആശങ്കപ്പെട്ടു. കാരണം അവരുടെ സഹോദരന്‍ കൂടിയായ തന്റെ പിതൃവ്യന്‍ ഹംസ(റ) കരളടക്കം പിച്ചിച്ചീന്തപ്പെട്ട് കിടക്കുന്ന യുദ്ധ ഭൂമിയാണ്. സുബൈറി(റ)നോട് നബി ﷺ ആഗ്യം കാണിച്ചു… ‘സുബൈര്‍, ഉമ്മ… സുബൈര്‍, ഉമ്മ…!’

സുബൈര്‍(റ) ഉമ്മയെ ഉച്ചത്തില്‍ വിളിച്ചു: ‘ഉമ്മാ…ഉമ്മാ…!’ അവര്‍ പ്രതികരിച്ചത് ‘അങ്ങോട്ട് മാറി നില്‍ക്ക്, നിനക്ക് ഉമ്മയില്ലെന്ന് കരുതിക്കോ’ എന്നായിരുന്നു!

മകന്‍ ഉമ്മയോട് വിളിച്ചു പറഞ്ഞു: ‘ഉമ്മാ! നബി ഉമ്മയോട് മടങ്ങിവരാന്‍ പറയുന്നു.’

അവര്‍ ചോദിച്ചു: ‘എന്തിന്? ഞാനറിഞ്ഞിട്ടുണ്ട് എന്റെ സഹോദരനടക്കം  മരിച്ച്, അംഗഭംഗം സംഭവിച്ച് കിടക്കുന്നുണ്ടെന്ന്. അതാകട്ടെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്.’

ഇത് കേട്ട റസൂല്‍ ﷺ പറഞ്ഞു: ‘സുബൈര്‍, അവരെ സ്വതന്ത്രമായി വിടുക.’

സുബൈര്‍(റ) ആ ഉദ്യമത്തില്‍നിന്നും പിന്തിരിഞ്ഞു.

യുദ്ധം കഴിഞ്ഞു. യുദ്ധത്തിന്റെ കെടുതികള്‍ അവര്‍ക്ക് മുന്നില്‍ ദൃശ്യമായപ്പോള്‍ തന്റെ സഹോദരന്‍, ഇസ്‌ലാമിന്റെ മുന്നണിപ്പോരാളി, അല്ലാഹുവിന്റെ സിംഹം എന്നറിയപ്പെട്ട ഹംസ(റ)യുടെ മൃതദേഹം അവര്‍ കണ്ടു. അത് എല്ലാ യുദ്ധനിയമങ്ങളും അതിലംഘിച്ചവിധം വയര്‍ പിളര്‍ന്നതും, കരള്‍ കടിച്ചുതുപ്പിയതും, മൂക്കും ചെവിയും അരിഞ്ഞെടുത്തതും, മുഖം വികൃതമാക്കപ്പെട്ടതുമായിരുന്നു.

സഹോദരനുവേണ്ടി അല്ലാഹുവിനോട് പൊറുക്കലിനെതേടി ആ മഹതി പറഞ്ഞു: ‘ഇതൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ളതാണ്. ഞാന്‍ അവന്റെ വിധിയില്‍ തൃപ്തിപ്പെടുന്നു, കടിച്ചമര്‍ത്താനാകാത്ത വേദനയനുഭവിക്കുന്നുണ്ടെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞാന്‍ ക്ഷമയോടെ നിലകൊള്ളും; ഇന്‍ശാ അല്ലാഹ്.’

എന്നാല്‍ ഖന്തക്ക് യുദ്ധവേളയില്‍ സ്വഫിയ്യയുടെ ധൈര്യം ഇസ്‌ലാമിക ലോകം വീണ്ടും ശ്രദ്ധിച്ചു. സാധാരണഗതിയില്‍ യുദ്ധസമയത്ത് നബി ﷺ സ്ത്രീകളെയും കുട്ടികളെയും കോട്ടക്കുള്ളില്‍ പാര്‍പ്പിച്ച് അവര്‍ക്ക് പരമാവധി സംരക്ഷണം കിട്ടുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. ഖന്തഖ് യുദ്ധത്തിനൊരുങ്ങുമ്പോള്‍ ഇപ്രകാരം തന്റെ ഭാര്യമാരെയും കുടുംബാംഗങ്ങളെയും മുസ്‌ലിം സഹോദരിമാരെയും ഹസ്സാന്‍ ബിന്‍ ഥാബിത്തി(റ)ന്റെ നിയന്ത്രണത്തിലുള്ള ഒരു കോട്ടക്കുള്ളിലാണ് സംരക്ഷണ കവചമൊരുക്കിയത്. ആ കോട്ട സുഭദ്രവും പെെട്ടന്ന് തകര്‍ക്കാനാവാത്തതുമായിരുന്നു

ഖന്തഖിലെ വലിയ വാരിക്കുഴികള്‍ക്കപ്പുറത്ത് മുസ്‌ലിം സൈന്യം ശത്രുക്കളെ പ്രതീക്ഷിച്ചിരുന്നപ്പോള്‍ അവര്‍ കോട്ടയില്‍നിന്നും അവിടെയുള്ള ആളുകളില്‍നിന്നും അശ്രദ്ധരായി. ഈ സമയത്താണ് സ്വഫിയ്യ(റ)യുടെ അസാമാന്യധൈര്യവും നേതൃശേഷിയും പ്രകടമായത്. പുലര്‍ച്ച മുതല്‍ ആ കോട്ടയുടെ  സംരക്ഷണം തീര്‍ത്ത് അവര്‍ ജാഗരൂകയായി നിലകൊണ്ടു.

ഇതിനിടയിലാണ് ഒരു ജൂതന്‍ ചാരപ്പണിക്കായി കോട്ടക്ക് ചുറ്റും കറങ്ങുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ക്ക് അതൊരു ചാരനാണെന്നും സ്ത്രീകള്‍ മാത്രമാണോ ഉള്ളിലുള്ളത്, അതല്ല അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ വല്ലവരുമുണ്ടോ എന്നറിയാനാണ് അയാളുടെ കറക്കമെന്നും മനസ്സിലായി. അപ്പോള്‍ സ്വഫിയ്യ(റ) ആത്മഗതം ചെയ്തു. ‘ഇതാ, ബനൂക്വുറൈള ഗോത്രം നബിയുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചിരിക്കുന്നു. അവര്‍ ശത്രുപക്ഷത്തെ, അഥവാ ക്വുറൈശികളെയും സഖ്യകക്ഷികളെയും സഹായിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. ഇവിടെയാകട്ടെ മുസ്‌ലിം സൈന്യത്തിന്റെ സാന്നിധ്യമില്ലതാനും. മുസ്‌ലിം സൈന്യം ഖന്തഖ് ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയം, അവിടെ ശത്രുക്കളുടെ ആക്രമണം ഏത് സമയത്തും തുടങ്ങാനുമിടയുണ്ട്…’

ശത്രുക്കളെ സഹായിക്കാനായി ജൂതന്മാര്‍ മുസ്‌ലിം സ്ത്രീകളെയും കുട്ടികളെയും തടവിലാക്കാനിടയുണ്ടെന്ന് തിരിച്ചറിഞ്ഞ അവര്‍ തന്റെ മുഖമക്കന തലവഴി ചുറ്റിപ്പൊതിഞ്ഞ് അതിന്റെ അറ്റം വസ്ത്രത്തിനുള്ളിലേക്ക് ഇട്ടു. തുടര്‍ന്ന് മധ്യഭാഗത്ത് ഒരു കെട്ടും കെട്ടി ഒരു തടിക്കഷ്ണം ചുമലിലേറ്റി കോട്ട വാതിലിലേക്ക് ഇറങ്ങി. വളരെ പതിയെ കോട്ട വാതില്‍ തുറന്ന് ശത്രുവിന്റെ ശ്രദ്ധയില്‍ പതിയാതെ തനിക്ക് ആക്രമണത്തിന് പറ്റിയ ഒരു സ്ഥലത്ത് കയറിനിന്നു

ശത്രു കൃത്യസ്ഥലത്ത് എത്തിയാപ്പോള്‍ ഒട്ടും മനോബലം ചോരാതെ ആ തടിക്കഷ്ണം അയാളുടെ തലയിലിട്ടു. ആ ഒറ്റ ആക്രമണത്തില്‍ തന്നെ അയാളുടെ കഥ കഴിച്ചു. രണ്ടും മൂന്നും തവണ അയാളെ അടിച്ച് മരണം ഉറപ്പുവരുത്തി.

തുടര്‍ന്ന് അയാളുടെ തലയറുത്തെടുത്ത് കോട്ടക്ക് മുകളില്‍ പ്രദര്‍ശിപ്പിച്ചു. തങ്ങളുടെ കൂട്ടുകാരന്റെ തല കോട്ടക്ക് മുകളില്‍ കണ്ടപ്പോള്‍ ജൂതര്‍ പകച്ചുപോവുകയും മുഹമ്മദ് തന്റെ സ്ത്രീകളെ സംരക്ഷകരില്ലാതെ നിര്‍ത്തിപ്പോകുമെന്നാണോ നിങ്ങള്‍ ധരിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് പരസ്പരം പഴിചാരുകയും ചെയ്തു.

ഈ ആത്മ ധൈര്യത്തിന്റെ, ഈ ക്ഷമയുടെ, ഈ മഹിതമായ പാരമ്പര്യത്തിന്റെ പേരാണ് സ്വഫിയ്യ(റ).

ഡോ. സി.മുഹമ്മദ് റാഫി ചെമ്പ്ര
നേർപഥം വാരി