മൂസാ നബി (അ) – 20​

മൂസാ നബി (അ) - 20

മനസ്സ് കടുത്തുപോയവര്‍

അല്ലാഹു പ്രത്യേകമായി ഭക്ഷണം ഇറക്കിക്കൊടുക്കുകയും മേഘങ്ങള്‍കൊണ്ട് തണലിട്ടുകൊടുക്കുകയും ചെയ്തിട്ടും ബനൂഇസ്‌റാഈല്യര്‍ തങ്ങളുടെ പതിവ് തെറ്റിച്ചില്ല. അവര്‍ നന്ദികേട് കാണിക്കാന്‍ തുടങ്ങി. അനുസരണക്കേടും ചോദ്യം ചെയ്യലും തുടര്‍ന്നു. 

”ഓ; മൂസാ, ഒരേതരം ആഹാരവുമായി ക്ഷമിച്ചുകഴിയുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയില്ല. അതിനാല്‍ മണ്ണില്‍ മുളച്ചുണ്ടാകുന്ന തരത്തിലുള്ള ചീര, വെള്ളരി, ഗോതമ്പ്, പയറ്, ഉള്ളി മുതലായവ ഞങ്ങള്‍ക്ക് ഉല്‍പാദിപ്പിച്ചു തരുവാന്‍ താങ്കള്‍ താങ്കളുടെ നാഥനോട് പ്രാര്‍ഥിക്കുക എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക). മൂസാ പറഞ്ഞു: കൂടുതല്‍ ഉത്തമമായത് വിട്ട് തികച്ചും താണതരത്തിലുള്ളതാണോ നിങ്ങള്‍ പകരം ആവശ്യപ്പെടുന്നത്? എന്നാല്‍ നിങ്ങളൊരു പട്ടണത്തില്‍ ചെന്നിറങ്ങിക്കൊള്ളൂ. നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ കിട്ടും. (ഇത്തരം ദുര്‍വാശികള്‍ കാരണമായി) അവരുടെ മേല്‍ നിന്ദ്യതയും പതിത്വവും അടിച്ചേല്‍പിക്കപ്പെടുകയും അവര്‍ അല്ലാഹുവിന്റെ കോപത്തിന് പാത്രമായിത്തീരുകയും ചെയ്തു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും പ്രവാചകന്മാരെ അന്യായമായി കൊലപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണത് സംഭവിച്ചത്. അവര്‍ ധിക്കാരം കാണിക്കുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ ഫലമായാണത് സംഭവിച്ചത്” (ക്വുര്‍ആന്‍ 2:61).

ഒരു അധ്വാനവും കൂടാതെ വിശപ്പകറ്റാന്‍ എന്നും നല്ല ഭക്ഷണം (മന്നായും സല്‍വയും). കുടിക്കാന്‍ തെളിനീരുറവ. എന്നാല്‍ കുറച്ച് ദിവസം ഈ ഭക്ഷണം കഴിച്ചപ്പോള്‍ അവര്‍ക്ക് മടുപ്പ് തോന്നിത്തുടങ്ങി അപ്പോള്‍ അവര്‍ മൂസാനബി(അ)യോട് വ്യത്യസ്തങ്ങളായ ഭക്ഷണം അല്ലാഹുവിനോട് ചോദിച്ച് വാങ്ങിത്തരുവാന്‍ ആവശ്യപ്പെട്ടു. തങ്ങള്‍ അനുഭവിക്കുന്ന സൗകര്യങ്ങളെല്ലാം തങ്ങള്‍ക്ക് ലഭിച്ചത് മൂസാനബി(അ)യുടെ പ്രാര്‍ഥനയുടെ ഫലമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. നീ ‘നിന്റെ റബ്ബിനോട്’ചോദിക്കൂ എന്നാണ് അവര്‍ പറഞ്ഞത്; നമ്മുടെ റബ്ബിനോട് എന്ന് പറയാന്‍ പോലും അവര്‍ തയ്യാറായില്ല. അത്രയും നന്ദികെട്ടവരായിരുന്നു അവര്‍.  

യാതൊരു അധ്വാനവും കൂടാതെ ഇഷ്ടാനുസരണം കിട്ടിക്കൊണ്ടിരിക്കുന്ന രുചികരവും ശരീരത്തിന് പോഷണം ലഭിക്കുന്നതും അനുഗൃഹീതവുമായ ഭക്ഷണത്തിന് പകരം, എല്ലാ നാട്ടിലും കൃഷി ചെയ്തുണ്ടാക്കാവുന്ന ഭക്ഷ്യ വസ്തുക്കളാണോ നിങ്ങള്‍ക്ക് പകരം വേണ്ടതെന്ന് മൂസാനബി(അ) അവരോട് ചോദിച്ചു. അങ്ങനെയാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ ഈ നാട് വിട്ട് വേറെ നാട്ടിലേക്ക് നിങ്ങള്‍ പോയിക്കൊള്ളുക എന്ന് അദ്ദേഹം ഒരു താക്കീതെന്നോണം പറഞ്ഞു. ഇവിടെ ക്വുര്‍ആന്‍ ഉപയോഗിച്ചത് ‘മിസ്വ്ര്‍’ എന്നാണ്. ഈജിപ്തിന് ‘മിസ്വ്ര്‍’ എന്നാണ് അറബിയില്‍ പറയുക. എന്നാല്‍ ഇവിടെ അതല്ല അര്‍ഥം; ‘മറ്റൊരു നാട്’ എന്നാണ്. 

അധ്വാനിച്ച് ജീവിക്കുക എന്നത് അവര്‍ക്ക് ശീലമില്ലല്ലോ. നേരത്തെ ഫലസ്തീനിലേക്ക് പോയി അവിടെ താമസമുറപ്പിക്കാനുള്ള നിര്‍ദേശം അവര്‍ സ്വീകരിച്ചില്ല. ഇപ്പോള്‍ അവരുടെ ഇഷ്ടാനുസരണമുള്ള ആഹാരം വേണമെങ്കില്‍ വേറെ നാട് നോക്കാനാണ് പറഞ്ഞത്. അവര്‍ക്ക് മറ്റൊരു പ്രദേശം തേടി പോകാമായിരുന്നു. എന്നാല്‍ അവര്‍ പോയില്ല.  ഇതാണ് ഇസ്‌റാഈല്യരുടെ സ്വഭാവം. ലഭിച്ചതില്‍ തൃപ്തിയടയാത്ത സമൂഹം! നന്ദികേടിന്റെ പര്യായമായ സമൂഹം. അല്ലാഹു ഇത്തരം സ്വഭാവങ്ങളില്‍നിന്ന് നമ്മെ കാത്തുരക്ഷിക്കട്ടെ. 

നാം ഇതുവരെ വിശദീകരിച്ചതും ഇനി പറയാനിരിക്കുന്നതുമായ എല്ലാ ദുഷിച്ച സ്വഭാവവും അവരില്‍ ഉള്ളതിനാല്‍ കടുത്ത നിന്ദ്യതയും നിര്‍ഗതിയും അവരില്‍ ഉണ്ടായി. അല്ലാഹുവിന്റെ കടുത്ത കോപത്തിന്അവര്‍ വിധേയരായി. 

മൂസാനബി(അ)യുടെ കാല കാലശേഷം തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരെ കൊന്നുകളയാനും അവര്‍ ധൃഷ്ടരായി എന്ന് ക്വുര്‍ആന്‍ നമ്മെ അറിയിക്കുന്നു. ഏതെല്ലാം നബിമാര്‍ അവരുടെ കൊലക്ക് ഇരയായി എന്ന് ക്വുര്‍ആനില്‍ പറയുന്നില്ല. അങ്ങനെ അല്ലാഹുവിന്റെ നിത്യമായ ശാപ കോപങ്ങള്‍ക്ക് അവര്‍ വിധേയരായി. അല്ലാഹുവിന്റെ കോപത്തിന് വിധേയരായ ഇവരുടെ കൂട്ടത്തില്‍ പെടാതിരിക്കുവാന്‍ നാം നിത്യേന പല തവണ ഫാതിഹ സൂറത്തിലൂടെ തേടുന്ന കാര്യം ഓര്‍ക്കുക. 

ഉപദേശങ്ങളും താക്കീതുകളും ഭീഷണികളുമൊന്നും മാറിച്ചിന്തിക്കുവാന്‍ അവര്‍ക്ക് കാരണമായില്ല. അല്ലാഹു പറയുന്നു: ”നിങ്ങളോട് നാം കരാര്‍ വാങ്ങുകയും നിങ്ങള്‍ക്കു മീതെ പര്‍വതത്തെ നാം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത സന്ദര്‍ഭവും (ശ്രദ്ധിക്കുക). നിങ്ങള്‍ക്ക് നാം നല്‍കിയ സന്ദേശം മുറുകെ പിടിക്കുകയും (നമ്മുടെ കല്‍പനകള്‍) ശ്രദ്ധിച്ചു കേള്‍ക്കുകയും ചെയ്യുക (എന്ന് നാം അനുശാസിച്ചു). അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ കേട്ടിരിക്കുന്നു. അനുസരിക്കേണ്ടെന്നു വെക്കുകയും ചെയ്തിരിക്കുന്നു. അവരുടെ നിഷേധസ്വഭാവത്തിന്റെ ഫലമായി കാളക്കുട്ടിയോടുള്ള ഭക്തി അവരുടെ മനസ്സുകളില്‍ ലയിച്ചു ചേര്‍ന്നു  കഴിഞ്ഞിരുന്നു. (നബിയേ,) പറയുക: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ ആ വിശ്വാസം നിങ്ങളോട് നിര്‍ദേശിക്കുന്ന കാര്യം വളരെ ചീത്തതന്നെ” (ക്വുര്‍ആന്‍ 2:93).

ബനൂഇസ്‌റാഈല്യര്‍ക്ക് നേര്‍മാര്‍ഗത്തിലൂടെ ജീവിക്കാനുള്ള മാര്‍ഗദര്‍ശനമായിട്ടാണല്ലോ മൂസാനബ(അ)ക്ക് അല്ലാഹു തൗറാത്ത് നല്‍കിയത്. അപ്രകാരം അല്ലാഹു അവരില്‍ നിന്നും കരാര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. അതൊന്നും അവര്‍ പാലിച്ചില്ല. ആ കരാറും അവര്‍ ലംഘിച്ചു. അവര്‍ അതിനോട് അനുസരണക്കേട് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അവസാനം അവര്‍ നന്നാകുവാന്‍ വേണ്ടി അവരെ ഭയപ്പെടുത്തി നോക്കി. പര്‍വതത്തെ അവര്‍ക്ക് മുകളിലേക്ക് ഉയര്‍ത്തി! കേവലം ഒരു ഉയര്‍ത്തലായിരുന്നില്ല അത്.

”നാം പര്‍വതത്തെ അവര്‍ക്കു മീതെ ഒരു കുടയെന്നോണം ഉയര്‍ത്തി നിര്‍ത്തുകയും അതവരുടെ മേല്‍ വീഴുകതന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം ഓര്‍ക്കുക. (നാം പറഞ്ഞു:) നാം നിങ്ങള്‍ക്ക് നല്‍കിയത് മുറുകെ പിടിക്കുകയും അതിലുള്ളത് നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം” (ക്വുര്‍ആന്‍ 7:171).

പര്‍വതത്തെ യഥാസ്ഥാനത്തുനിന്നും എടുത്തുയര്‍ത്തി, അവരുടെ തലക്ക് മീതെ ഒരു കൂട പോലെ അല്ലാഹു നിര്‍ത്തി. എന്നിട്ട് അവര്‍ക്ക് വീണ്ടും ഉപദേശം നല്‍കി; നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള തൗറാത്ത് അനുസരിച്ച് ജീവിക്കണം. അതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സ്വീകരിക്കണം. അതുവഴി നിങ്ങള്‍ സൂക്ഷ്മതയുള്ളവരായി മാറുന്നതാണ്.  

നശിപ്പിക്കപ്പെടാന്‍ പോകുന്നു എന്ന് ബോധ്യമാകുമ്പോഴെങ്കിലും ഒരു മടക്കത്തിനുള്ള ചിന്ത വരുമല്ലോ. അത് സംഭവിച്ചു. ആ സമയത്ത് അല്ലാഹുവിന്റെ ഉപദേശം വന്നപ്പോള്‍ അവര്‍ ഭയംകൊണ്ട് വാക്കാലെങ്കിലും അത് അംഗീകരിച്ചു. 

അല്ലാഹുവിന്റെ കല്‍പന പൂര്‍ണമായും അനുസരിക്കുന്നവനാണ് യഥാര്‍ഥ മുസ്‌ലിം. എന്നാല്‍ ഈ വിഭാഗം അല്ലാഹുവിന്റെ കല്‍പനകളില്‍ നിന്ന് അവരുടെ ഇഷ്ടവും അനിഷ്ടവും നോക്കി തള്ളുകയും കൊള്ളുകയുമാണ് ചെയ്തത്. 

എന്നാല്‍ മുഹമ്മദ് നബിﷺയുടെ അനുചരന്മാരെ പറ്റി ക്വുര്‍ആന്‍ പറയുന്നത് കാണുക: ”തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പ് കല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍” (24:51).

ഇതായിരിക്കണം സത്യവിശ്വാസിയുടെ സ്വഭാവം. എന്നാല്‍ ബനൂ ഇസ്‌റാഈല്യര്‍ അങ്ങനെയായിരുന്നില്ല എന്ന് നാം മനസ്സിലാക്കി. അവരോട് ഒരു പ്രത്യേക കാര്യം കല്‍പിച്ചപ്പോള്‍ അവരുടെ നിലപാട് എന്തായിരുന്നു എന്ന് ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

”അല്ലാഹു നിങ്ങളോട് ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിക്കുന്നു എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു. (അപ്പോള്‍) അവര്‍ പറഞ്ഞു: അത് (പശു) ഏത് തരമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചു തരാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കണം. മൂസാ പറഞ്ഞു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്. അതിനാല്‍ കല്‍പിക്കപ്പെടുന്ന പ്രകാരം നിങ്ങള്‍ പ്രവര്‍ത്തിക്കുക. അവര്‍ പറഞ്ഞു: അതിന്റെ നിറമെന്തായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചുതരുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കണം. മൂസാ പറഞ്ഞു: കാണികള്‍ക്ക് കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്. അവര്‍ പറഞ്ഞു: അത് ഏത് തരമാണെന്ന് ഞങ്ങള്‍ക്ക് വ്യക്തമാക്കിത്തരാന്‍ നിന്റെ രക്ഷിതാവിനോട് ഞങ്ങള്‍ക്ക്‌വേണ്ടി പ്രാര്‍ഥിക്കുക. തീര്‍ച്ചയായും പശുക്കള്‍ പരസ്പരം സാദൃശ്യമുള്ളതായി ഞങ്ങള്‍ക്ക് തോന്നുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്റെ മാര്‍ഗകനിര്‍ദേശ പ്രകാരം തീര്‍ച്ചയായും ഞങ്ങള്‍ പ്രവര്‍ത്തിക്കാം. (അപ്പോള്‍) മൂസാ പറഞ്ഞു: നിലം ഉഴുതുവാനോ വിള നനയ്ക്കുവാനോ ഉപയോഗപ്പെടുത്തുന്നതല്ലാത്ത, പാടുകളൊന്നുമില്ലാത്ത അവികലമായ ഒരു പശുവായിരിക്കണം അതെന്നാണ് അല്ലാഹു പറയുന്നത്. അവര്‍ പറഞ്ഞു: ഇപ്പോഴാണ് താങ്കള്‍ ശരിയായ വിവരം വെളിപ്പെടുത്തിയത്. അങ്ങനെ അവര്‍ അതിനെ അറുത്തു. അവര്‍ക്കത് നിറവേറ്റുക എളുപ്പമായിരുന്നില്ല. (ഇസ്‌റാഈല്‍ സന്തതികളേ), നിങ്ങള്‍ ഒരാളെ കൊലപ്പെടുത്തുകയും അനേ്യാന്യം കുറ്റം ആരോപിച്ചുകൊണ്ട് ഒഴിഞ്ഞ് മാറുകയും ചെയ്ത സന്ദര്‍ഭവും (ഓര്‍ക്കുക). എന്നാല്‍ നിങ്ങള്‍ ഒളിച്ച് വെക്കുന്നത് അല്ലാഹു വെളിയില്‍ കൊണ്ടുവരിക തന്നെ ചെയ്യും. അപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ അതിന്റെ (പശുവിന്റെ) ഒരംശം കൊണ്ട് ആ മൃതദേഹത്തില്‍ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ കാണിച്ചുതരുന്നു” (ക്വുര്‍ആന്‍ 2:6-73).

ഒരു പശുവിനെ അറുക്കുവാന്‍ അല്ലാഹു കല്‍പിച്ചിരിക്കുന്നു എന്ന് കേട്ടപ്പോള്‍ അവര്‍ക്ക് ഒരു പശുവിനെ അറുത്താല്‍ മതിയായിരുന്നു. അന്നേരം അവര്‍ ഒരു പ്രവാചകനോട് സംസാരിക്കേണ്ട മര്യാദപാലിക്കാതെ നീ ഞങ്ങളെ പരിഹസിക്കുകയാണോ എന്ന് ചോദിക്കുകയാണ് ചെയ്തത്. അതിന് മൂസാ(അ) നല്‍കിയ മറുപടി ‘ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു’ എന്നായിരുന്നു. അല്ലാഹുവിന്റെ കല്‍പനയെ പരിഹാസത്തോടെ നേരിടുന്നവര്‍ മൂഢന്മാരാണ് അഥവാ വിവരംകെട്ടവരാണ് എന്ന ധ്വനി അതിലുണ്ടായിരുന്നു. ഈ മറുപടിയില്‍ നിന്ന് മൂസാ(അ) അവരോട് പറഞ്ഞത് അവരെ പരിഹസിച്ചതല്ലെന്ന് അവര്‍ക്ക് വ്യക്തമാവുകയും ചെയ്തു. 

ഈ സന്ദര്‍ഭത്തിലെങ്കിലും അവര്‍ക്ക് ഒരു പശുവിനെ അറുക്കാമായിരുന്നു. എന്നാല്‍ അവര്‍ പശുവിന്റെ പ്രായമെന്തായിരിക്കണം എന്നും അതിന് മറുപടി കിട്ടിയപ്പോള്‍ അതിന്റെ നിറമെന്തായിരിക്കണമെന്നുമൊക്കെ തികച്ചും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. അതിനനുസരിച്ച് കല്‍പന നിറവേറ്റുവാന്‍ പ്രയാസകരമായ നിബന്ധനകള്‍ അല്ലാഹു അവരുടെ മുമ്പില്‍ വെക്കുകയും ചെയ്തു.  

പശുവിനെ അറുക്കുക എന്ന കല്‍പന നിര്‍വഹിക്കുന്നതില്‍നിന്ന് ഒഴിവാകുവാനാണ് അവര്‍ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചത്. ഒടുവില്‍ അവര്‍ പറഞ്ഞത് ശ്രദ്ധിക്കുക; ‘ഇപ്പോഴാണ് നീ ശരിയായ വിവരം വെളിപ്പെടുത്തിയത്.’ ആദ്യം പറഞ്ഞതില്‍ സത്യമില്ല എന്ന ധ്വനി അതിലുണ്ടല്ലോ. 

ഒരു കാര്യം അറിയാനായി നല്ല മനസ്സോടെ നമുക്ക് ചോദ്യം ചോദിക്കാം. എന്നാല്‍ ചെയ്യാതിരിക്കാന്‍ വല്ല പഴുതുമുണ്ടോ എന്ന ചിന്ത മനസ്സില്‍ മറച്ചുവെച്ച് അനാവശ്യമായ ചോദ്യങ്ങളും മറുചോദ്യങ്ങളും ഉന്നയിച്ച് ഉത്തരം മുട്ടിക്കാന്‍ ശ്രമിക്കുന്നത് വലിയ അപകടമാണ് വരുത്തിവെക്കുക. അത്തരം അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഇസ്‌ലാം വിരോധിച്ചതുമാണ്.

അല്ലാഹു അവരോട് ഇപ്രകാരം ഒരു പശുവിനെ അറുക്കാന്‍ കല്‍പിച്ചത് എന്തിനായിരുന്നു? ഒരു ധനികനെ അയാളുടെ ഒരു അവകാശി കൊലപ്പെടുത്തി. ആ ധനികന്റെ സമ്പാദ്യം എത്രയും പെട്ടെന്ന് തനിക്ക് ലഭിക്കാന്‍ വേണ്ടിയാണ് അയാള്‍ കൊല നടത്തിയത്. ആ ധനികനെ കൊന്നതിന് ശേഷം മൃതശരീരം ഒരു പൊതുസ്ഥലത്ത് വെച്ചു. എന്നിട്ട് കൊലപാതകത്തിന്റെ കുറ്റം മറ്റുള്ളവരില്‍ ആരോപിക്കാന്‍ തുടങ്ങി. അല്ലാഹു ആരാണ് കുറ്റം ചെയ്തതെന്ന വിവരം പുറത്ത് കൊണ്ടു വരുന്നതിന് വേണ്ടിയാണ് അവരോട് പശുവിനെ അറുക്കുവാന്‍ പറഞ്ഞത്. പശുവിനെ അറുത്തതിന് ശേഷം അതില്‍ നിന്നും ഒരു ഇറച്ചിക്കഷ്ണം കൊണ്ട് ആ മയ്യിത്തിന്റെ ശരീരത്തില്‍ അടിക്കുവാനും കല്‍പിച്ചു.

പശുവിന്റെ ഏത് ഭാഗം കൊണ്ടാണ് അടിച്ചതെന്ന് അല്ലാഹു നമുക്ക് അറിയിച്ച് തന്നിട്ടില്ല. അത് അറിയുന്നതില്‍ നമുക്ക് വല്ല നന്മയും ഉണ്ടായിരുന്നുവെങ്കില്‍ അല്ലാഹു അത് അറിയിച്ച് തരുമായിരുന്നു. എന്നാല്‍ ചിലര്‍ പശുവിന്റെ വാലുകൊണ്ടാണ് അടിച്ചതെന്നും മറ്റു ചിലര്‍ തലകൊണ്ടാണ് അടിച്ചതെന്നും മറ്റു ചിലര്‍ തുടയുടെ ഭാഗം കൊണ്ടാണ് അടിച്ചതെന്നും പറഞ്ഞിട്ടുണ്ട്. ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് പ്രത്യേക പ്രയോജനമൊന്നും നമുക്കില്ലാത്തതിനാല്‍ നാം അതിന് മുതിരുന്നില്ല.

അല്ലാഹുവിന്റെ കല്‍പന പ്രകാരം അവര്‍ അങ്ങനെ അടിച്ചു. ആ മയ്യിത്തിന് ജീവന്‍ ലഭിക്കുകയും ചെയ്തു. എന്നിട്ട് അയാള്‍ ആരാണ് തന്നെ കൊന്നതെന്ന് അവരെ അറിയിക്കുകയും ചെയ്തു. ശേഷം അയാള്‍ മരിക്കുകയും ചെയ്തു.

അങ്ങനെ, അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുവാന്‍ കഴിവുള്ളവനാണെന്ന് ബനൂഇസ്‌റാഈലുകാര്‍ നേരില്‍ കണ്ട് മനസ്സിലാക്കി. അവര്‍ക്ക് അതിനെ പറ്റി ചിന്തിച്ച് ജീവിതം സുക്ഷ്മതയുള്ളതാക്കാമല്ലോ. മുഹമ്മദ് നബിﷺയുടെ അനുയായികളോളം ബൗദ്ധികമായി വളര്‍ച്ചയില്ലാത്തവരായിരുന്നു ബനൂ ഇസ്‌റാഈല്യര്‍. അതിനാല്‍ തന്നെ നേര്‍ക്കുനേരെ കണ്ട് മനസ്സിലാക്കത്തക്ക വിധത്തിലുള്ള തെളിവുകളാണ് അല്ലാഹു അവര്‍ക്ക് നല്‍കിയത്. എന്നിട്ടും അവരില്‍ മാറ്റം വന്നില്ല എന്നാണ് ക്വുര്‍ആന്‍ നമ്മെ അറിയിക്കുന്നത്.

”പിന്നീട് അതിന് ശേഷവും നിങ്ങളുടെ മനസ്സുകള്‍ കടുത്തുപോയി. അവ പാറപോലെയോ അതിനെക്കാള്‍ കടുത്തതോ ആയി ഭവിച്ചു. പാറകളില്‍ ചിലതില്‍ നിന്ന് നദികള്‍ പൊട്ടി ഒഴുകാറുണ്ട്. ചിലത് പിളര്‍ന്ന്  വെള്ളം പുറത്ത് വരുന്നു. ചിലത് ദൈവഭയത്താല്‍ താഴോട്ട് ഉരുണ്ടു വീഴുകയും ചെയ്യുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നിനെ പറ്റിയും അല്ലാഹു ഒട്ടും അശ്രദ്ധനല്ല” (ക്വുര്‍ആന്‍ 2:74).

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 19

മൂസാ നബി (അ) - 19

മരുഭൂമിയില്‍ അലയുന്നവര്‍

‘അല്ലാഹുവിനെ നേരില്‍ കണ്ടാലേ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കൂ’ എന്ന് മൂസാനബി(അ)യോട് ബനൂഇസ്‌റാഈല്യര്‍ പറഞ്ഞപ്പോള്‍ അവരെ അല്ലാഹു ചെയ്തത് എന്താണന്ന് നാം മനസ്സിലാക്കി. 

ഈ സംഭവത്തിന് ശേഷം മൂസാ(അ) വീണ്ടും അവരോട് ഒരു കാര്യം കല്‍പിക്കുകയുണ്ടായി. അതിനോടും അവര്‍ അനുസരണക്കേടാണ് കാണിച്ചത്. അത് സംബന്ധമായി ക്വുര്‍ആന്‍ പറയുന്നത് കാണുക:

”മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) എന്റെ ജനങ്ങളേ, നിങ്ങളില്‍ പ്രവാചകന്മാരെ നിയോഗിക്കുകയും നിങ്ങളെ രാജാക്കന്മാരാക്കുകയും മനുഷ്യരില്‍ നിന്ന് മറ്റാര്‍ക്കും  നല്‍കിയിട്ടില്ലാത്ത പലതും നിങ്ങള്‍ക്ക്  നല്‍കുകയും ചെയ്തുകൊണ്ട് അല്ലാഹു നിങ്ങളെ അനുഗ്രഹിച്ചത് നിങ്ങള്‍ ഓര്‍ക്കുക” (5:20).

സത്യവും അസത്യവും എന്തെന്ന് വേര്‍തിരിച്ചു കൊടുത്ത് നേര്‍മാര്‍ഗത്തിലേക്ക് വഴികാണിക്കുവാനായി അല്ലാഹു ബനൂഇസ്‌റാഈല്യരില്‍ ധാരാളം പ്രവാചകന്മാരെ നിയോഗിക്കുകയുണ്ടായി. അവര്‍ക്ക് പലവിധ ആധിപത്യവും നല്‍കുകയും ചെയ്തിരുന്നു. ലോകത്ത് ഒരു സമുദായത്തിനും അല്ലാഹു അത്രയധികം അനുഗ്രഹങ്ങള്‍ നല്‍കിയിട്ടില്ല. ഈ അനുഗ്രഹങ്ങളെ ഓര്‍ക്കുവാനും അതുവഴി ആ അനുഗ്രഹദാതാവായ അല്ലാഹുവിനോട് അനുസരണം കാണിക്കുവാനും മൂസാ(അ) തന്റെ ജനതയോട് കല്‍പിച്ചു. ഇതെല്ലാം മൂസാ(അ) അവരോട് ഓര്‍മപ്പെടുത്തിയതിന് ശേഷം അല്ലാഹുവിനോട് അനുസരണയുള്ളവരാകണം എന്ന ആമുഖത്തോടെ ഒരു കാര്യം കല്‍പിക്കുകയാണ്.

കഴിഞ്ഞകാല ചരിത്രങ്ങളും അനുഭവങ്ങളുമെല്ലാം അവര്‍ക്ക് മനസ്സിലാകുംവിധം മൂസാ(അ) അവരെ ഓര്‍മപ്പെടുത്തിയത് അവര്‍ ഇനിയെങ്കിലും അനുസരണയുള്ളവരായി ജീവിക്കുമെന്ന് കരുതിയാണ്.  എന്നാല്‍ അവരുടെ മനസ്സിന് യാതൊരു മാറ്റവും സംഭവിച്ചില്ല. മൂസാ(അ) അവരോട് കല്‍പിച്ചത്  ഇപ്രകാരമായിരുന്നു:

”എന്റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നാക്കം മടങ്ങരുത്. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും” (ക്വുര്‍ആന്‍ 5:21).

ചെങ്കടല്‍ കടന്ന് രക്ഷപ്പെടുമ്പോള്‍ ബനൂഇസ്‌റാഈല്യര്‍ക്ക് പാര്‍ക്കുന്നതിനായി പരിശുദ്ധമായ ഒരു മണ്ണ് അല്ലാഹു അവര്‍ക്കായി നല്‍കുമെന്ന് മൂസാനബി(അ)യോട് അല്ലാഹു വാഗ്ദാനം നല്‍കിയിരുന്നു. ബയ്തുല്‍ മക്വ്ദിസ് എന്ന പരിശുദ്ധ ഗേഹം ഉള്‍കൊള്ളുന്ന പരിശുദ്ധമായ പ്രദേശത്ത് പ്രവേശിക്കണമെന്നും അവിടെ നിന്ന് നിങ്ങള്‍ പിന്‍മാറരുതെന്നും കല്‍പിക്കുകയുണ്ടായി. ഫലസ്തീനില്‍ ഇവര്‍ പ്രവേശിക്കുന്നതിന് മുമ്പ് അവിടെ ശക്തന്മാരും മല്ലന്മാരുമായ അമാലിക്വ എന്നൊരു വിഭാഗമാണ് ഭരിച്ചിരുന്നത്. ആ നാട്ടില്‍ പ്രവേശിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. അതിനാലാണ് നിങ്ങള്‍ അവിടെനിന്ന് പിന്‍മാറരുതെന്ന് മൂസാ(അ) അവരോട് കല്‍പിച്ചത്. അവിടുത്തെ ദുഷ്ടന്മാരായ  ഭരണാധികാരികളെ അവിടെ നിന്നും പുറത്താക്കുകയും അവിടെ നിങ്ങള്‍ താമസമുറപ്പിക്കുകയും വേണം എന്നതായിരുന്നു കല്‍പന.

തന്റെ ജനതയെ പറ്റി നന്നായി അറിയുന്ന മഹാനാണല്ലോ മൂസാ(അ). അവരുടെ ഭീരുത്വവും അനുസരണക്കേടും അവരിലെ ഭീതിയും നന്നായി കണ്ട് മനസ്സിലാക്കിയതിനാല്‍ മൂസാ(അ) അവരോട് നിങ്ങള്‍ ഒരിക്കലും അവിടെ നിന്നും പിന്തിരിയരുതെന്നും പിന്തിരിഞ്ഞാല്‍ കടുത്ത നഷ്ടമാണ് നിങ്ങള്‍ക്ക് സംഭവിക്കുക എന്നും പറഞ്ഞു. എന്നാല്‍ ആ ജനത നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു:

”അവര്‍ പറഞ്ഞു: ഓ മൂസാ, പരാക്രമശാലികളായ ഒരു ജനതയാണ് അവിടെയുള്ളത്. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്നത് വരെ ഞങ്ങള്‍ അവിടെ പ്രവേശിക്കുകയേയില്ല. അവര്‍ അവിടെ നിന്ന് പുറത്ത് പോകുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ (അവിടെ) പ്രവേശിച്ചുകൊള്ളാം” (ക്വുര്‍ആന്‍ 5:22).

ഈ സന്ദര്‍ഭത്തില്‍, മൂസാ(അ) ഫലസ്തീനില്‍ ചെന്ന് ആ നാടിന്റെയും അവിടെയുള്ള ജനങ്ങളുടെയും സ്ഥിതിഗതികള്‍ നിരീക്ഷണം ചെയ്ത് വരുവാന്‍ അവരില്‍ നിന്നും ഒരു സംഘത്തെ തെരഞ്ഞെടുത്ത് അയച്ചു. അല്ലാഹു പറയുന്നു:

”…അവരില്‍ നിന്ന് നാം പന്ത്രണ്ട് നേതാക്കന്മാരെ നിയോഗിക്കുകയുമുണ്ടായി…” (ക്വുര്‍ആന്‍ 5:12).

ഈ സംഘം തിരിച്ചു വന്നു. അവിടത്തുകാരുടെ സ്ഥിതിഗതികളെ പറ്റിയുള്ള വിവരണം അവര്‍ നല്‍കി. അവരില്‍ അധിക പേരും നല്‍കിയ വിവരണം ഈ ഭീരുക്കളുടെ ഭീരുത്വത്തിന് ആക്കം കൂട്ടുന്ന രൂപത്തിലായിരുന്നു. എന്നാല്‍ അവരില്‍ രണ്ട് പേരുണ്ടായിരുന്നു; അവര്‍ ശരിയായ വിവരണം കൈമാറി. അഥവാ തങ്ങള്‍ക്ക് വിജയ സാധ്യത ചൂണ്ടിക്കാണിക്കുന്ന വിവരണമാണ് നല്‍കിയത്. അല്ലാഹു അവരെ പറ്റി പറയുന്നത് കാണുക:

”ദൈവഭയമുള്ളവരില്‍ പെട്ട, അല്ലാഹു അനുഗ്രഹിച്ച രണ്ടുപേര്‍ പറഞ്ഞു: നിങ്ങള്‍ അവരുടെ നേര്‍ക്ക് കവാടംകടന്നങ്ങ് ചെല്ലുക. അങ്ങനെ നിങ്ങള്‍ കടന്നുചെന്നാല്‍ തീര്‍ച്ചയായും നിങ്ങള്‍ തന്നെയായിരിക്കും ജയിക്കുന്നത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്‍പിക്കുക” (ക്വുര്‍ആന്‍ 5:23).

‘യഖാഫൂന’ എന്ന വാക്കിന് ‘ഭയപ്പെടുന്നവര്‍’ എന്നാണ് അര്‍ഥം. അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ എന്നും, അതല്ല ആ നാട്ടുകാരെ ഭയപ്പെടുന്നവര്‍ എന്നും ഇതിന് അര്‍ഥം വരാവുന്നതാണ്. ഒന്നാമത്തേതാണ് നാം ഇവിടെ തെരഞ്ഞെടുത്തിരിക്കുന്നത്.

നിങ്ങള്‍ അവരുടെ നാട്ടില്‍ ധൈര്യമായി പ്രവേശിക്കുക, നിങ്ങള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും, അല്ലാഹുവില്‍ ഭരമേല്‍പിച്ച്, ഭീരുക്കളായി പിന്തിരിയാതെ, ധീരന്മാരായി മുന്നോട്ട് വരിക എന്നിങ്ങനെ ആശ പകരുന്ന രൂപത്തില്‍ ഈ രണ്ടാളുകള്‍ അവരോട് പറഞ്ഞു നോക്കിയെങ്കിലും അവര്‍ ആ വാക്കുകളെ തികച്ചും അവജ്ഞയോടെ തള്ളിക്കളയുകയാണുണ്ടായത്. അവര്‍ നല്‍കിയ പരിഹാസവും നന്ദികേടും നിറഞ്ഞ ആ മറുപടി കാണുക:

”അപ്പോള്‍ അവര്‍ പറഞ്ഞു: ഓ; മൂസാ, അവരവിടെ ഉണ്ടായിരിക്കുന്ന കാലത്തോളം ഞങ്ങളൊരിക്കലും അവിടെ പ്രവേശിക്കുകയില്ല. അതിനാല്‍ താങ്കളും താങ്കളുടെ രക്ഷിതാവും കൂടി പോയി യുദ്ധം ചെയ്ത് കൊള്ളുക. ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്” (ക്വുര്‍ആന്‍ 5:24).

അല്ലാഹുവിനെ വെല്ലുവിളിക്കുന്ന, മൂസാനബി(അ)യെ അനാദരിക്കുന്ന അഹങ്കാരത്തിന്റെ മറുപടിയാണിതെന്നതില്‍ സംശയമില്ല. ‘നമ്മുടെ റബ്ബ്’ എന്ന് പോലും പറയാന്‍ അവര്‍ക്ക് മനസ്സ് വന്നില്ല, നിന്റെ റബ്ബ് എന്നാണ് പറഞ്ഞത്! 

എന്നാല്‍ മുഹമ്മദ് നബിﷺയുടെ അനുചരന്മാരുടെ അവസ്ഥ തികച്ചും വിഭിന്നമാണ്. അവരെ പോലെ പ്രവാചകനെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തവര്‍ ഭൂമിയില്‍ വേറെ ഉണ്ടായിട്ടില്ല. 

നബിﷺയുടെ മക്കാജീവിത കാലത്ത് മദീനയില്‍ നിന്നും ഹജ്ജിനായി മക്കയില്‍ എത്തിയ വിശ്വാസികള്‍ നബിﷺയുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. നബിﷺ മദീനയില്‍ എത്തിയാല്‍ പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് മദീനക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. അവര്‍ കരാര്‍ ചെയ്യുമ്പോള്‍ മദീനക്ക് പുറത്ത് നിന്നുള്ള അക്രമത്തെ അതില്‍ ഉള്‍പെടുത്തിയിരുന്നില്ല. മദീനക്ക് അകത്തുവെച്ച് ആര് അക്രമിക്കാന്‍ വന്നാലും അവര്‍ തടയുമെന്നതായിരുന്നു കരാര്‍.

നബിﷺയും മക്കയിലുള്ള വിശ്വാസികളും മദീനയിലേക്ക് പലായനം നടത്തി. അങ്ങനെ ഹിജ്‌റ രണ്ടാം വര്‍ഷത്തില്‍ ബദ്ര്‍ യുദ്ധം നടക്കാന്‍ പോകുന്നു. ബദ്ര്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തിലെ തീരുമാനം ശാമില്‍ നിന്നും വലിയ ലാഭവുമായി മടങ്ങുന്ന കച്ചവടത്തലവന്‍ അബൂസുഫ്‌യാനെയും സംഘത്തെയും തടയുക എന്നതായിരുന്നു. ആയതിനാല്‍ തന്നെ നബിയുടെയും വിശ്വാസികളുടെയും പക്കല്‍ യുദ്ധോപകരണമായി ഒന്നും ഇല്ലായിരുന്നു. പിന്നീട് അബൂസുഫ്‌യാനും സംഘവും മക്കയിലേക്ക് മറ്റൊരു മാര്‍ഗത്തിലൂടെ രക്ഷപ്പെട്ടു എന്ന വിവരം നബിﷺ അറിഞ്ഞു. അതോടൊപ്പം തന്നെ, നബിﷺയോടും അനുചരന്മാരോടും യുദ്ധം ചെയ്ത് അവരെ നശിപ്പിക്കാനായി എല്ലാവിധ യുദ്ധ സന്നാഹങ്ങളുമായി അബൂ ജഹലിന്റെ നേതൃത്വത്തില്‍ മക്കയില്‍ നിന്നും സൈന്യം മദീനയിലേക്ക് പുറപ്പെട്ടിരിക്കുന്നു എന്ന വിവരവും കിട്ടി.

നബിﷺയും സ്വഹാബിമാരും യുദ്ധത്തിനായി പുറപ്പെട്ടതല്ലല്ലോ. അതിനാല്‍ അവരുടെ കൈയില്‍ ആയുധങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. നബിﷺ അനുചരന്മാരുമായി കൂടിയാലോചിച്ചു. കച്ചവട സംഘം മക്കയിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍ മക്കയില്‍ നിന്നും അബൂജഹലിന്റെ നേതൃത്വത്തില്‍ യുദ്ധത്തിനായി പുറപ്പെട്ടിരിക്കുന്നു. ‘നാം എന്ത് ചെയ്യും’ എന്ന് നബിﷺ അവരോട് ചോദിച്ചു. അബൂബക്ര്‍(റ) യുദ്ധത്തിന് തയ്യാറാകാനും പിന്മാറേണ്ടതില്ലെന്നും പറഞ്ഞു. അദ്ദേഹം മുഹാജിറാണല്ലോ, മദീനക്കാരനല്ല. നബിﷺ ഒന്നും മിണ്ടിയില്ല. വീണ്ടും അവരോട് അഭിപ്രായം പറയുവാന്‍ ആഹ്വാനം ചെയ്തു. ഉമര്‍(റ) പറഞ്ഞു: ‘നബിയേ, മുന്നേറുക.’ അപ്പോഴും നബിﷺ മൗനം പാലിച്ചു. അപ്പോഴും നബിﷺ അവരോട് അഭിപ്രായം പറയാനായി ആഹ്വാനം നടത്തി.

അന്‍സ്വാറുകളില്‍ പെട്ട സഅദ്ബ്‌നു ഉബാദഃ(റ) (സഅദ്ബ്‌നു മുആദ്(റ) എന്നും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്) എഴുന്നേറ്റു നിന്നു. എന്നിട്ട് ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, അങ്ങ് അന്‍സ്വാറുകളായ ഞങ്ങളെ ഉദ്ദേശിച്ചാണോ ചോദിക്കുന്നത്?” നബിﷺ പറഞ്ഞു: ”അതെ.” അപ്പോള്‍ സഅദ്(റ) പറയുകയാണ്: ”അല്ലാഹുവാണെ സത്യം! അല്ലാഹുവിന്റെ ദൂതരേ, അവിടുന്ന് ഞങ്ങളെ ബര്‍കുല്‍ ഗിമാദി(അത് വളരെ പ്രയാസപ്പെട്ട ഒരു പ്രദേശമാണ്)ലേക്കാണ് കൊണ്ട്‌പോകുന്നതെങ്കില്‍ ഞങ്ങള്‍ അങ്ങയുടെ കൂടെ വരുന്നതാണ്.” 

നോക്കൂ…! മുഹമ്മദ് നബിﷺയുടെ അനുചരന്മാരുടെയൊരു അനുസരണം. എന്നാല്‍ മൂസാനബി(അ)യുടെ അനുയായികളായ ബനൂഇസ്‌റാഈല്യരുടെ സ്വഭാവമാകട്ടെ ഇതിന് തികച്ചും വിരുദ്ധവും. 

മിക്വ്ദാദ്, അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) തുടങ്ങിയവരെല്ലാം എഴുന്നേറ്റു. അവരെല്ലാം ഏക സ്വരത്തില്‍ പറഞ്ഞു: ”ഞങ്ങള്‍ അങ്ങയുടെ മുന്നിലും പുറകിലും വലതുഭാഗത്തും ഇടതുഭാഗത്തും നിന്ന് യുദ്ധം ചെയ്യുന്നതാണ്.” 

മിക്വ്ദാദ്(റ) ഇത്രയും കൂടുതല്‍ പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവാണെ സത്യം! ബനൂ ഇസ്‌റാഈല്യര്‍ മൂസാനബി(അ)യോട് പറഞ്ഞത് പോലെ ‘താങ്കളും താങ്കളുടെ രക്ഷിതാവും കൂടി പോയി യുദ്ധം ചെയ്ത് കൊള്ളുക, ഞങ്ങള്‍ ഇവിടെ ഇരിക്കുകയാണ്’ എന്ന് ഞങ്ങള്‍ അങ്ങയോട് പറയുന്നതല്ല.” 

മുഹമ്മദ് നബിﷺയുടെ അനുചരന്മാരുടെ ഉദാത്തമായ ആ പ്രവാചകസ്‌നേഹവും അനുസരണയും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഒരു പ്രവാചകനും ഇത്ര അച്ചടക്കവും അനുസരണയും ഉള്ള അനുയായിവൃന്ദത്തെ കിട്ടിയിട്ടില്ല.

തന്റെ അനുയായികളുടെ അച്ചടക്കരാഹിത്യത്തിന്റെയും നന്ദികേടിന്റെയും അനുസരണക്കേടിന്റെയും പേരില്‍ മൂസാനബി(അ)യുടെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാകും! ആ വേദനാനിര്‍ഭരമായ ഹൃദയത്തില്‍ നിന്നും അല്ലാഹുവിലേക്ക് ഒരു പ്രാര്‍ഥന ഉയര്‍ന്നു:

”അദ്ദേഹം (മൂസാ) പറഞ്ഞു: എന്റെ രക്ഷിതാവേ, എന്റെയും എന്റെ സഹോദരന്റെയും കാര്യമല്ലാതെ എന്റെ അധീനത്തിലില്ല. ആകയാല്‍ ഞങ്ങളെയും ഈ ധിക്കാരികളായ ജനങ്ങളെയും തമ്മില്‍ വേര്‍പിരിക്കേണമേ”(ക്വുര്‍ആന്‍ 5:25).

ഈ പ്രാര്‍ഥനക്ക് അല്ലാഹു ഇപ്രകാരം ഉത്തരം നല്‍കി: ”അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ ആ നാട് നാല്‍പത് കൊല്ലത്തേക്ക് അവര്‍ക്ക് വിലക്കപ്പെട്ടിരിക്കുകയാണ്; തീര്‍ച്ച! (അക്കാലമത്രയും) അവര്‍ ഭൂമിയില്‍ അന്തംവിട്ട് അലഞ്ഞ് നടക്കുന്നതാണ്. ആകയാല്‍ ആ ധിക്കാരികളായ ജനങ്ങളുടെ പേരില്‍ നീ ദുഃഖിക്കരുത്” (ക്വുര്‍ആന്‍ 5:26).

പരിശുദ്ധമായ ഫലസ്തീനിലേക്ക് പ്രവേശിക്കാനും അവിടെയുള്ള ദുഷ്ടരായ ജനതയോട് പൊരുതി വിജയിച്ച് ആ നാട്ടില്‍ താമസം ഉറപ്പിക്കാനും കല്‍പന കിട്ടിയപ്പോള്‍ ആ കല്‍പനയെ കടുത്ത പരിഹാസത്തിലൂടെയും ചോദ്യം ചെയ്യലിലൂടെയും നിഷേധിക്കുകയാണല്ലോ അവര്‍ ചെയ്തത്. അതിനാല്‍ തന്നെ അല്ലാഹു ഈ വിഭാഗത്തിന് ആ മണ്ണിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിഷേധിക്കുകയാണ് ചെയ്തത്. അവര്‍ക്ക് അവിടേക്കുള്ള പ്രവേശനത്തെ നാല്‍പത് കൊല്ലത്തേക്കാണ് നിഷിദ്ധമാക്കിയത്. അങ്ങനെ സ്വകുടുംബവുമായി ഒരിടത്ത് താമസമുറപ്പിക്കാന്‍ ഗതിയില്ലാതെ നാട്ടില്‍ അന്തംവിട്ട് അലഞ്ഞു തിരിഞ്ഞ് അവര്‍ നടക്കുന്നതാണെന്ന് അല്ലാഹു മൂസാനബി(അ)യെ അറിയിക്കുകയും ചെയ്തു.

നാല്‍പത് കൊല്ലം നിശ്ചയിച്ചതിനെ പറ്റി ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇപ്രകാരം രേഖപ്പെടുത്തുന്നു: ‘അപ്പോഴേക്ക് ഈ ദുഷിച്ച തലമുറ നശിച്ചുപോകുകയും പുതുതലമുറ നവചൈതന്യത്തോടെ വന്ന് അതിജയിക്കുകയും ചെയ്യുന്നതാണ്…. അതുകൊണ്ട് ഇപ്പോള്‍ അവരുടെ പാട്ടിനു വിട്ടേക്കുക. അവരെപ്പറ്റി സങ്കടപ്പെടേണ്ടതില്ല.’

അല്ലാഹുവിന്റെ നിശ്ചപ്രകാരം നാല്‍പത് കൊല്ലം അവര്‍ അലഞ്ഞുതിരിഞ്ഞ് നടന്നു. ഈ കാലയളവില്‍ അവരില്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ഈ കാലയളവിലും അവര്‍ക്ക് അല്ലാഹു അവന്റെ അനുഗ്രഹങ്ങള്‍ പലതും നല്‍കിക്കൊണ്ടിരുന്നു.

”നിങ്ങള്‍ക്ക് നാം മേഘത്തണല്‍ നല്‍കുകയും മന്നായും കാടപ്പക്ഷികളും ഇറക്കിത്തരികയും ചെയ്തു. നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് ഭക്ഷിച്ചുകൊള്ളുക (എന്ന് നാം നിര്‍ദേശിച്ചു). അവര്‍ (എന്നിട്ടും നന്ദികേട് കാണിച്ചവര്‍) നമുക്കൊരു ദ്രോഹവും വരുത്തിയിട്ടില്ല. അവര്‍ അവര്‍ക്ക്  തന്നെയാണ് ദ്രോഹമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്” (ക്വുര്‍ആന്‍ 2:57).

അല്ലാഹുവിനോടും അവന്റെ ദൂതനോടും കടുത്ത അനുസരക്കേടും നന്ദികേടും കാണിച്ചിട്ടും അല്ലാഹു ഇസ്‌റാഈല്യര്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കിക്കൊണ്ടേയിരുന്നു. വിവിധങ്ങളായ ഭക്ഷ്യ വസ്തുക്കള്‍ അല്ലാഹു അവരില്‍ ഇറക്കി. വീടില്ലാതെ അലയുന്ന അവര്‍ക്ക് മരുഭൂമിയിലെ വെയിലിന്റെ കാഠിന്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മേഘംകൊണ്ട് തണലിട്ടുകൊടുത്തു. 

‘മന്നാ’ എന്നതിന് തേന്‍ അല്ലെങ്കില്‍ മധുരക്കട്ട എന്നൊക്കെയാണ് മുഫസ്സിറുകള്‍ അര്‍ഥം നല്‍കിയിരിക്കുന്നത്. അധ്വാനം കൂടാതെ ഏതെല്ലാം മാര്‍ഗത്തിലൂടെ ലഭിക്കുന്ന ഭക്ഷ്യ വസ്തുക്കളുണ്ടോ അതെല്ലാം അതില്‍ പെടും എന്നും അഭിപ്രായപ്പെട്ട മുഫസ്സിറുകള്‍ ഉണ്ട്.

‘സല്‍വാ’ എന്നാല്‍ നമ്മുടെ നാടുകളില്‍ കാണുന്ന കാടപ്പക്ഷിയോട് സമാനമായ ഒരുതരം കിളിയാണ്. അത് അവര്‍ക്കിടയിലൂടെ ധാരാളം പാറി നടക്കുന്നു. അവരുടെ ആവശ്യത്തിന് അനുസരിച്ച് അവയെ പിടിക്കാനും ഭക്ഷിക്കാനും തക്കവിധം അവര്‍ക്ക് അവയെ അധീനമാക്കിക്കൊടുത്തു. പിടിക്കപ്പെടുന്നതിന് അനുസരിച്ച് അവയുടെ എണ്ണത്തില്‍ കുറവ് വരുന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ അവര്‍ക്ക് അധ്വാനിക്കാതെ വിശപ്പടക്കുവാനായി അല്ലാഹു ഇഷ്ടംപോലെ ഭക്ഷ്യവസ്തുക്കള്‍ ഇറക്കിക്കൊടുത്തു. എന്നിട്ടും അവര്‍ അല്ലാഹുവിനോട് നന്ദിയുള്ളവരും അനുസരണയുള്ളവരും ആയില്ല! അവരുടെ നന്ദികേട് വര്‍ധിക്കുകയാണ് ചെയ്തത്. ആര് നന്ദിയും അനുസരണയും ഉള്ളവരാകുന്നുവോ അതിന്റെ ഗുണം അവര്‍ക്കാണ് ഉള്ളത്. നന്ദികേടും അനുസരണക്കേടും കാണിച്ചാല്‍ അതിന്റെ തിക്തഫലവും അവര്‍ക്കു തന്നെ. 

അവര്‍ക്ക് കുടിക്കാനും കുളിക്കാനും വെള്ളമില്ലായിരുന്നു. അതിനാല്‍ അവര്‍ മൂസാനബി(അ)യോട് പരാതി ബോധിപ്പിച്ചു:

”അവരെ നാം പന്ത്രണ്ട് ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി പിരിച്ചു. മൂസായോട് അദ്ദേഹത്തിന്റെ ജനത കുടിനീര്‍ ആവശ്യപ്പെട്ട സമയത്ത് നിന്റെ വടികൊണ്ട് ആ പാറക്കല്ലില്‍ അടിക്കൂ എന്ന് അദ്ദേഹത്തിന് നാം ബോധനം നല്‍കി. അപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ടു നീര്‍ചാലുകള്‍ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങള്‍ക്ക് കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി….” (ക്വുര്‍ആന്‍ 7:160).

”മൂസാ തന്റെ ജനതക്കുവേണ്ടി വെള്ളത്തിനപേക്ഷിച്ച സന്ദര്‍ഭവും (ശ്രദ്ധിക്കുക). അപ്പോള്‍ നാം പറഞ്ഞു: നിന്റെ വടികൊണ്ട് പാറമേല്‍ അടിക്കുക. അങ്ങനെ അതില്‍ നിന്ന് പന്ത്രണ്ട് ഉറവുകള്‍ പൊട്ടി ഒഴുകി. ജനങ്ങളില്‍ ഓരോ വിഭാഗവും അവരവര്‍ക്ക് വെള്ളമെടുക്കാനുള്ള സ്ഥലങ്ങള്‍ മനസ്സിലാക്കി. അല്ലാഹുവിന്റെ ആഹാരത്തില്‍ നിന്ന് നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളൂ. ഭൂമിയില്‍ കുഴപ്പമുണ്ടാക്കി നാശകാരികളായിത്തീരരുത് (എന്ന് നാം അവരോട് നിര്‍ദേശിക്കുകയും ചെയ്തു)” (ക്വുര്‍ആന്‍ 2:60).

ഏതൊരു സമൂഹവും പ്രശ്‌നങ്ങളും പ്രയാസങ്ങളുമുണ്ടാകുമ്പോള്‍ തങ്ങളുടെ നേതാക്കളോട്  പ്രയാസം ബോധിപ്പിക്കുമല്ലോ. ഇവരും അവരുടെ നേതാവായ മൂസാ(അ)നോട് അവരുടെ പ്രയാസം ബോധിപ്പിച്ചു. വെള്ളം നല്‍കുക എന്നത് മൂസാനബി(അ)യുടെ കഴിവില്‍ പെട്ടതല്ലല്ലോ. പിന്നെ  എന്തിനാണ് മൂസാനബി(അ)യോട് വെള്ളമില്ലാത്തതിന്റെ കഷ്ടത പറഞ്ഞത്? അതിന്റെ ഉദ്ദേശം അദ്ദേഹം ആ പരാതിക്ക് കണ്ടെത്തിയ പരിഹാരമാര്‍ഗം നമുക്ക് അറിയിച്ച് തരുന്നുണ്ട്. മൂസാ(അ) അല്ലാഹുവിനോട് തന്റെ ജനതക്ക് വേണ്ടി വെള്ളത്തിന് തേടി എന്നാണ് ക്വുര്‍ആന്‍ നമുക്ക് പറഞ്ഞുതരുന്നത്. അല്ലാഹുവിനോട് വെള്ളത്തിന് അപേക്ഷിക്കാന്‍ തന്നെയാണ് മൂസാനബി(അ)യോട് അനുയായികള്‍ ആവശ്യപ്പെട്ടത്. മുന്‍കാലത്തും പരീക്ഷണങ്ങള്‍ വന്നപ്പോള്‍ അവര്‍ മൂസാനബി(അ)യോട് അല്ലാഹുവിനോട് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കൂ എന്ന് ആവശ്യപ്പെട്ടത് നാം മനസ്സിലാക്കിയതാണല്ലോ.

മൂസാ(അ) തന്റെ ജനതയുടെ പ്രയാസത്തിന് പരിഹാരം തേടി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. അല്ലാഹു ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുകയും ചെയ്തു. തന്റെ കൈയിലുള്ള വടികൊണ്ട് പാറക്കല്ലില്‍ അടിക്കുവാന്‍ ആവശ്യപ്പെട്ടു. അടിച്ചപ്പോള്‍ ആ പാറയില്‍ നിന്നും പന്ത്രണ്ട് നീരുറവകള്‍ പൊട്ടിയൊഴുകി.

മഹാന്മാരായ അമ്പിയാമുര്‍സലുകള്‍ക്കും ഔലിയാക്കള്‍ക്കും മറഞ്ഞ കാര്യങ്ങള്‍ അറിയാനും മഴ പെയ്യിക്കാനുമൊക്കെ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ മുസ്‌ലിം സമൂഹത്തില്‍ ഉണ്ടല്ലോ. മൂസാനബി(അ)യുടെ കൈയിലുള്ള വടിയുടെ പ്രത്യേകത പല സന്ദര്‍ഭത്തിലും അദ്ദേഹം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതൊക്കെ അല്ലാഹു അറിയിച്ചുകൊടുത്തപ്പോള്‍ മാത്രമായിരുന്നു. മൂസാനബി(അ)ക്ക് മറഞ്ഞ കാര്യം അറിയാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കില്‍ തന്റെ അനുയായികള്‍ വെള്ളത്തിന് സഹായമര്‍ഥിച്ച വേളയില്‍തന്നെ തന്റെ വടികൊണ്ട് ആ പാറക്കല്ലില്‍ അടിക്കുമായിരുന്നില്ലേ? 

പാറയില്‍ അടിച്ചപ്പോള്‍ അതില്‍ നിന്ന് പന്ത്രണ്ട് നീരുറവ പൊട്ടി. മൂസാനബി(അ)യുടെ കൂടെയുള്ള ആളുകള്‍ പന്ത്രണ്ട് ഗോത്രക്കാരായിരുന്നു. ഒരു നീരുറവയാകുമ്പോള്‍ ഈ പന്ത്രണ്ട് ഗോത്രക്കാരും തമ്മില്‍ തിക്കും തിരക്കുമാകുമല്ലോ. ആദ്യമേ അനുസരണക്കേടിന്റെ പര്യായങ്ങളായ ജനത! ഓരോ ഗോത്രത്തിനും ഓരോ ഉറവ നിശ്ചയിച്ചതിലൂടെ പ്രശ്‌നത്തിന് പഴുതില്ലാതായി. 

ഈ അനുഗ്രഹം അവര്‍ക്ക് നല്‍കിയതിന് ശേഷം അവരോട് അതില്‍ നിന്ന് കുടിക്കാനും അല്ലാഹുവിനോട് അനുസരണയും നന്ദിയും ഉള്ളവരാകണമെന്നും അനുസരണക്കേട് കാണിച്ച് ഇനിയും കുഴപ്പമുണ്ടാക്കരുതെന്നും അല്ലാഹു അവരോട് പറഞ്ഞു.

പന്ത്രണ്ട് നീരുറവകളില്‍ പലതും ഇന്ന് അവിടെ കാണാന്‍ സാധിക്കില്ല. എന്നാല്‍ ഇന്നും നിലനില്‍ക്കുന്നവയും അതില്‍ ഉണ്ട്. ആ ഭാഗത്ത് ‘ഉയൂനു മൂസാ’ അഥവാ ‘മൂസായുടെ നീരുറവകള്‍’ എന്ന് അടയാളപ്പെടുത്തിയതായി കാണാം. ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞ് പോയിട്ടും ഇന്നും അതിലെ വെള്ളം കൃഷിക്കും മറ്റും ഉപയോഗിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. 

 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 18​

മൂസാ നബി (അ) - 18

അനുസരണക്കേടിന്റെ തിക്തഫലം

മഹാ അപരാധം ചെയ്ത ബനൂഇസ്‌റാഈലുകാരെക്കുറിച്ച് അല്ലാഹു പറയുന്നു: ”മൂസായുടെ ജനത അദ്ദേഹം പോയതിനു ശേഷം അവരുടെ ആഭരണങ്ങള്‍കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ ദൈവമായി സ്വീകരിച്ചു.അതവരോട് സംസാരിക്കുകയില്ലെന്നും അവര്ക്ക്  വഴികാണിക്കുകയില്ലെന്നും അവര്‍ കണ്ടില്ലേ? അതിനെ അവര്‍ (ദൈവമായി) സ്വീകരിക്കുകയും അതോടെ അവര്‍ അക്രമികളാവുകയും ചെയ്തിരിക്കുന്നു. അവര്‍ക്കു  ഖേദം തോന്നുകയും തങ്ങള്‍ പിഴച്ച് പോയിരിക്കുന്നു എന്ന് അവര്‍ കാണുകയും ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ് ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവരായിരിക്കും” (ക്വുര്‍ആന്‍ 7:148,149).

തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ പശുവാരാധകരായ അവരിലെ സുമനസ്സുകളായ ആളുകള്‍ അവരുടെ കുറ്റം സമ്മതിച്ച്, രക്ഷിതാവിനോട് പാപമോചനം തേടാന്‍ തയ്യാറായി. എന്നാല്‍ നാം നേരത്തെ സൂചിപ്പിച്ചത് പോലെ, അവര്‍ ചെയ്ത അക്രമത്തിന്റെ ഗൗരവത്തിനനുസരിച്ച് അവര്‍ക്ക് ശിക്ഷയുണ്ട്.

ആരാധനയുടെ പേരില്‍ നടത്തുന്ന പാട്ടിന്റെയും കൂത്തിന്റെയുമെല്ലാം പാരമ്പര്യം എത്തിച്ചേരുന്നത് സാമിരിയിലേക്കാണെന്നാണ് പണ്ഡിതന്മാര്‍ നമുക്ക് വിവരിച്ച് തരുന്നത്. ഹിജ്‌റ 671ല്‍ മരണമടഞ്ഞ ഇമാം ക്വുര്‍ത്വുബി(റഹി) തന്റെ ക്വുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥത്തില്‍ ഹിജ്‌റ 451ല്‍ ജനിച്ച് 520ല്‍ മരണപ്പെട്ട ഇമാം അബൂബക്ര്‍ ത്വര്‍ത്വൂഷി(റഹി)യുടെ വാക്കുകള്‍ ഉദ്ധരിക്കുന്നത് കാണാം:

ഇമാം അബൂബക്ര്‍ ത്വര്‍ത്വൂഷി(റഹി) ചോദിക്കപ്പെട്ടു: ‘സ്വൂഫീമദ്ഹബിലെ പണ്ഡിതന്മാരായ നമ്മുടെ നേതാക്കളെ (കുറിച്ച്) എന്താണ് പറയാനുള്ളത്? ആളുകളില്‍ നിന്ന് ഒരു സംഘത്തെ ഒരുമിച്ചു കൂട്ടുന്നു. എന്നിട്ട് അല്ലാഹുവിനെയും മുഹമ്മദ് നബിﷺയെയും സ്മരിക്കുന്നത് അവര്‍  അധികരിപ്പിക്കുകയും ചെയ്യുന്നു. പിന്നീട് അവര്‍ മൃഗത്തിന്റെ തോലില്‍നിന്നുള്ള ഒരു വസ്തുവില്‍ (ചെണ്ട) വടികൊണ്ട് അടിക്കുന്നു. അവരില്‍ ചിലര്‍ നൃത്തം ചെയ്യുന്നു. (ജനങ്ങള്‍) അവനെ മൂടുന്നത് വരെ അവന്‍ ദുഃഖം നടിക്കുകയും ചെയ്യുന്നു, ചില വസ്തുക്കളുമായി ജനങ്ങള്‍ ഹാജരാക്കപ്പെടുകയും അവര്‍ അദ്ദേഹത്തെ തീറ്റിപ്പിക്കുകയും ചെയ്യുന്നു. അവരുടെ കൂടെ ഹാജരാകല്‍ അനുവദനീയമാണോ അല്ലയോ?’

ഉത്തരം: ‘അല്ലാഹു നിനക്ക് കാരുണ്യം ചൊരിയട്ടെ. സ്വൂഫീമദ്ഹബ് ബാത്വിലും (നിരര്‍ഥകവും) അജ്ഞതയും വഴികേടുമാകുന്നു. ഇസ്‌ലാം എന്നത് അല്ലാഹുവിന്റെ കിതാബും അവന്റെ റസൂലിന്റെ സുന്നത്തുമാകുന്നു. എന്നാല്‍ നൃത്തവും അഭിനയവും ആദ്യമായി പുതിയതായി തുടങ്ങിയത് സാമിരിയുടെ ആളുകളാകുന്നു. അവന്‍ അവര്‍ക്ക് മുക്രയിടുന്ന പശുവിന്‍െര്‍ രൂപം ഉണ്ടാക്കിയപ്പോള്‍ അവര്‍ അതിന് ചുറ്റും നൃത്തം ചെയ്യുകയും അഭിനയം കാണിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ അത് സത്യനിഷേധികളുടെയും പശുപൂജകരുടെയും മതമാണ്. എന്നാല്‍ ചെണ്ടകൊട്ടല്‍ ആദ്യമായി സ്വീകരിച്ചത് നിരീശ്വരവാദികളുമാണ്. (അവര്‍ അത് ചെയ്തത്) അല്ലാഹുവിന്റെ കിതാബിനെ തൊട്ട് മുസ്‌ലിംകളെ അതുമുഖേന (മറ്റുള്ളതില്‍) വ്യാപൃതനാക്കുവാനാകുന്നു. നിശ്ചയമായും നബിﷺ അവിടുത്തെ അനുചരന്മാരോടൊത്ത് ഇരിക്കുമ്പോള്‍ ഗാംഭീര്യത്താല്‍ പറവകള്‍ അവരുടെ തലയില്‍ ഉള്ളത് പോലെയാണ് ഇരിക്കാറുണ്ടായിരുന്നത്. അതിനാല്‍ (ഓരോ നാട്ടിലെയും) രാജാക്കന്മാര്‍ക്കും അദ്ദേഹത്തിന്റെ രാജപ്രതിനിധികളും പള്ളികളിലും അല്ലാത്തിടത്തിലും (ഇവര്‍) ഹാജരാകുന്നതില്‍ നിന്ന് അവരെ തടയേണ്ടത് അനിവാര്യമാകുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാള്‍ക്കും അവരുടെ കൂടെ സന്നിഹിതരാകലും അവരുടെ ബാത്വിലിന് അവരെ സഹായിക്കലും അനുവദനീയമല്ല. ഇതാകുന്നു മാലിക്, അബൂഹനീഫഃ, ശാഫിഈ, അഅ്മദ് ബ്‌നു ഹമ്പല്‍(റ) (തുടങ്ങിയവരുടെയും) മറ്റു ഇമാമുമാരുടെയും മദ്ഹബ്’ (തഫ്‌സീറുല്‍ ക്വുര്‍ത്വുബി).

സാമിരിയും സംഘവും കൊണ്ടുവന്ന ഈ ബാത്വിലിനെ ഇന്ന് പൗരോഹിത്യം എത്ര ആവേശത്തോടും താല്‍പര്യത്തോടെയുമാണ് കൊണ്ടു നടക്കുന്നതെന്ന് നാം സഗൗരവം ചിന്തിക്കുക. 

സാമിരിയുടെ കൂടെ കൂടിയവരില്‍ പലരും പിന്നീട് മൂസാനബി(അ)യുടെ കൂടെ തുടര്‍ന്നു എന്നും അവര്‍ പശ്ചാത്തപിച്ച് മടങ്ങി എന്നതും നാം പറഞ്ഞുവല്ലോ. പക്ഷേ, അവരുടെ അക്രമത്തിന് അവരുടെ ആ പശ്ചാത്താപം മതിയായിരുന്നില്ല. അവരുടെ ആ കടുത്ത നന്ദികേടിന് അല്ലാഹു കര്‍ശനരൂപത്തിലുള്ള നടപടിയാണ് അവരില്‍ ഏര്‍പെടുത്തിയത്. ആ നടപടി എന്തായിരുന്നു എന്ന് നാം ഗൗരവത്തോടെ മനസ്സിലാക്കേണ്ടതുണ്ട്.

”എന്റെ സമുദായമേ, കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചത് മുഖേന നിങ്ങള്‍ നിങ്ങളോട് തന്നെ അന്യായം ചെയ്തിരിക്കുകയാണ്. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ സ്രഷ്ടാവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും (പ്രായശ്ചിത്തമായി) നിങ്ങള്‍ നിങ്ങളെത്തന്നെ നിഗ്രഹിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിന്റെ അടുക്കല്‍ അതാണ് നിങ്ങള്‍ക്ക് ഗുണകരം എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭവും (ഓര്‍മിക്കുക). അനന്തരം അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ” (ക്വുര്‍ആന്‍ 2:54).

അല്ലാഹു ഏറ്റവും വലിയ പാപമായി അറിയിച്ചിട്ടുള്ള ബഹുദൈവാരാധനയാണ് നിങ്ങള്‍ സ്വീകരിച്ചതെന്നും അതുവഴി വഴി നിങ്ങള്‍ നിങ്ങളോട് തന്നെ ഏറ്റവും കടുത്ത അക്രമമാണ് ചെയ്തതെന്നും മൂസാ(അ) അവരോട് പറഞ്ഞു. 

പരസ്പരം കൊന്നുകളയലായിരുന്നു അല്ലാഹു അവര്‍ക്ക് നല്‍കിയ ശിക്ഷ! ഇപ്രകാരം ഒരു ശിക്ഷ അല്ലാഹു വേറെ ഒരു ജനതയില്‍ നടപ്പിലാക്കിയതായി നമുക്ക് അറിയാന്‍ സാധിച്ചിട്ടില്ല. അവര്‍ക്ക് അല്ലാഹു എത്രയോ അനുഗ്രഹങ്ങളും ദൃഷ്ടാന്തങ്ങളും നല്‍കിയിരുന്നു. അതെല്ലാം അനുഭവിച്ചിട്ടാണ് ഈ നന്ദികേടിന് മുതിര്‍ന്നത് എന്നതാണ് അവരുടെ മേല്‍ ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിച്ചത്. 

മൂസാ(അ)യില്‍ വിശ്വസിച്ചു എന്ന കാരണത്താല്‍ ഫിര്‍ഔനും സംഘവും അവരെ ക്രൂരമായി മര്‍ദിച്ചു. അതിനെല്ലാം അവര്‍ക്ക് കടുത്ത ശിക്ഷ അല്ലാഹു നല്‍കിയിരുന്നു. തങ്ങളുടെ കൃഷിയിടങ്ങളില്‍ ഒരു തരം വെട്ടുകിളി ഇറങ്ങി സര്‍വതും നശിപ്പിച്ചതും തലയില്‍ മുഴുവന്‍ പേന്‍ നിറഞ്ഞ് സര്‍വസ്വസ്ഥതയും നഷ്ട്ടപ്പെട്ടതും പാത്രങ്ങളിലും ഭക്ഷണങ്ങളിലും എല്ലാം തവളകള്‍ നിറഞ്ഞ് പൊറുതികേട് അനുഭവിച്ചതും കിണറുകളിലും കുടിക്കാനും മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന വെള്ളത്തിന്റെ മറ്റു സ്രോതസ്സുകളിലും രക്തം തളംകെട്ടിക്കിടക്കുന്നതും അനുഭവിച്ചവരാണവര്‍. ഫിര്‍ഔനും സംഘവും തങ്ങളെ കൊന്നുകളയുമെന്ന അവസ്ഥ വന്നപ്പോള്‍ അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം മൂസാനബി(അ)യുടെ കൂടെ രക്ഷപ്പെടാന്‍ പുറപ്പെട്ടവരാണവര്‍. ആ യാത്രക്കിടയില്‍ കടല്‍പിളര്‍ന്ന് വഴി രൂപപ്പെട്ടതും ഫിര്‍ഔനും കൂട്ടരും മുക്കിക്കൊല്ലപ്പെട്ടതും അവര്‍ കണ്ടറിഞ്ഞതാണ്. ഇങ്ങനെയുള്ള അനവധി പരീക്ഷണങ്ങള്‍ അനുഭവിച്ചവരും അല്ലാഹുവിന്റെ സഹായം നേരിട്ട് ലഭിച്ചവരുമായിട്ടും പിന്നീട് അല്‍പം ദിവസത്തേക്ക് അല്ലാഹുവിന്റെ കല്‍പന പ്രകാരം മൂസാ(അ) അവരെ വിട്ട് മാറിയപ്പോഴേക്കും അവരില്‍ താന്‍ പ്രതിനിധിയായി നിശ്ചയിച്ച പ്രവാചകന്‍കൂടിയായ ഹാറൂനി(അ)ന്റെ ഉപദേശ നിര്‍ദേശങ്ങളെ തീര്‍ത്തും അവഗണിച്ച് ധിക്കാരപൂര്‍വം ബഹുദൈവാരാധന സ്വീകരിച്ചവരാണിവര്‍. അതിനാലാണ് അല്ലാഹു ഇവരില്‍ ഈ കടുത്ത നടപടി സ്വീകരിച്ചത്.

അങ്ങനെ അല്ലാഹുവിന്റെ കല്‍പന പ്രകാരം അവര്‍ പശ്ചാത്തപിക്കുകയും പരസ്പരം വെട്ടിക്കൊല്ലുകയും ചെയ്തു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ ഈ നടപടിയില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും അല്ലാഹു അവരുടെ അക്രമത്തിന് മാപ്പ് നല്‍കി.

പിന്നെയും കുറെ ആളുകള്‍ ബാക്കിയായി. അവര്‍ ഈ കടുത്ത നടപടിക്ക് വിധേയരാകാത്തവരായിരുന്നു. അവരില്‍ നിന്ന് എഴുപത് പ്രധാനികളെ മൂസാ(അ) തെരഞ്ഞെടുത്തു. ശേഷം മൂസാ(അ) വീണ്ടും സീനാ പര്‍വതത്തിലേക്ക് നീങ്ങി.

”നമ്മുടെ നിശ്ചിത സമയത്തേക്ക് മൂസാ തന്റെ ജനങ്ങളില്‍ നിന്ന് എഴുപത് പുരുഷന്മാരെ തെരഞ്ഞെടുത്തു. എന്നിട്ട് ഉഗ്രമായ കുലുക്കം അവര്‍ക്ക് പിടിപെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കില്‍ മുമ്പ് തന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ മൂഢന്മാര്‍ പ്രവര്‍ത്തിച്ചതിന്റെ  പേരില്‍ നീ ഞങ്ങളെ നശിപ്പിക്കുകയാണോ? അത് നിന്റെ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അത്മൂലം നീ ഉദ്ദേശിക്കുന്നവരെ നീ പിഴവിലാക്കുകയും നീ ഉദ്ദേശിക്കുന്നവരെ നീ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളോട് കരുണകാണിക്കുകയും ചെയ്യേണമേ. നീയാണ് പൊറുക്കുന്നവരില്‍ ഉത്തമന്‍. ഇഹലോകത്തും പരലോകത്തും ഞങ്ങള്‍ക്ക് നീ നന്മ രേഖപ്പെടുത്തുകയും (അഥവാ വിധിക്കുകയും) ചെയ്യേണമേ. തീര്‍ച്ചയായും ഞങ്ങള്‍ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: എന്റെ ശിക്ഷ ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏല്‍ പിക്കുന്നതാണ്. എന്റെ കാരുണ്യമാകട്ടെ സര്‍വ വസ്തുക്കളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും. എന്നാല്‍ ധര്‍മയനിഷ്ഠ പാലിക്കുകയും സകാത്ത് നല്‍കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകള്‍ക്ക്  (പ്രത്യേകമായി) ഞാന്‍ അത് രേഖപ്പെടുത്തുന്നതാണ്” (ക്വുര്‍ആന്‍ 7:155,156).

ഇസ്‌റാഈല്യരുടെ നന്ദികേടിന്റെ ആഴം എത്രയാണെന്ന് നാം ആലോചിക്കുക. കണ്ടാലും കൊണ്ടാലും പാഠം പഠിക്കാന്‍ കഴിയാത്ത ഒരു ജനത. ബനൂഇസ്‌റാഈല്യരുടെ ഈ വ്യത്യസ്ത മുഖങ്ങള്‍ അല്ലാഹു നമുക്ക് അറിയിച്ച് തരുന്നത് നാം ഗുണപാഠം സ്വീകരിക്കുന്നതിന് വേണ്ടിയാണ്.

ബനൂഇസ്‌റാഈല്യരോളം അനുഗ്രഹം നല്‍കപ്പെട്ടവരും നന്ദികേട് കാണിച്ചവരും മുമ്പ് കഴിഞ്ഞ് പോയിട്ടില്ല. ഇന്നും ആ പാരമ്പര്യം ജൂതന്മാരില്‍ നിലനില്‍ക്കുകയാണ്. ആ ധിക്കാര മനസ്ഥിതിയും ചോദ്യം ചെയ്യലും അനുസരണക്കേടിന്റെ ചിന്താഗതിയും അരാജകത്വത്തിന്റെയും അക്രമത്തിന്റെയും ചതിയുടെയും പാരമ്പര്യം അവരുടെ നെറ്റിയില്‍ എഴുതി ഒട്ടിച്ചത് പോലെ പ്രകടമാണ്.

മൂസാനബി(അ)യുടെ കൂടെയുള്ള എഴുപത് പേരുടെ നിലപാട് അല്ലാഹുവിനെ നേരില്‍ കണ്ടാലേ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കൂ എന്നായിരുന്നു! അവരുടെ ഈ കടുത്ത ധിക്കാര മനഃസ്ഥിതി കാരണം അവരെ അല്ലാഹു പിടികൂടി. അതു സംബന്ധമായി ക്വുര്‍ആന്‍ പറയുന്നത് കാണുക.

”ഓ; മൂസാ! ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത്‌വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞ സന്ദര്ഭം? (ഓര്‍ക്കുക). തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി. പിന്നീട് നിങ്ങളുടെ മരണത്തിന് ശേഷം നിങ്ങളെ നാം എഴുന്നേല്‍പിച്ചു. നിങ്ങള്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി”(ക്വുര്‍ആന്‍ 2:55,56).

മൂസാ(അ) അല്ലാഹുവുമായി സംസാരിച്ചത് അവര്‍ക്ക് അറിയാം. ‘മൂസാ, നീ അല്ലാഹുവിനോട് സംസാരിച്ചിട്ടല്ലേ ഉള്ളൂ. ഞങ്ങള്‍ക്ക് അല്ലാഹുവിനെ പരസ്യമായി നോക്കിക്കാണണം. എങ്കിലേ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയുള്ളൂ’ എന്നായി അവരുടെ വാശി. ഈ കടുത്ത അഹങ്കാരത്തിന്റെ ഫലമായാണ് അല്ലാഹു അവരെ ശക്തമായ ഇടിത്തീ മുഖേന പിടികൂടിയത്. അതിന് അവര്‍ സാക്ഷികളായി. എന്നാല്‍ ഈ എഴുപത് പേര്‍ക്ക് മുമ്പ് കഴിഞ്ഞു പോയവരില്‍ നിന്ന് അല്ലാഹു ഒരു പ്രത്യേകത നല്‍കി. അവരെ അല്ലാഹു മരിപ്പിച്ചതിന് ശേഷം വീണ്ടും എഴുന്നേല്‍പിച്ചു. 

മരണപ്പെട്ടതിന് ശേഷം ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നത് അന്ത്യനാളിലാണല്ലോ. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ചില സന്ദര്‍ഭങ്ങളില്‍ അല്ലാഹു ചിലരെ ഇഹലോകത്ത് വെച്ച് തന്നെ രണ്ടാമതും ഉയര്‍ത്തെഴുന്നേല്‍പിച്ചിട്ടുണ്ട്. സൂറത്തുല്‍ ബക്വറയില്‍ തന്നെ അഞ്ച് സന്ദര്‍ഭം വിവരിച്ചിട്ടുണ്ട്. അതില്‍ ഒന്ന് ഈ പറഞ്ഞതാണ്. മറ്റു സന്ദര്‍ഭങ്ങള്‍ താഴെ വരുന്നവയാണ്:

”അപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ അതിന്റെ (പശുവിന്റെ) ഒരംശംകൊണ്ട് ആ മൃതദേഹത്തില്‍ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ കാണിച്ചുതരുന്നു” (2:73). ഇതും ബനൂഇസ്‌റാഈല്യരെ സംബന്ധിച്ചുള്ളതാണ്. ഇതിന്റെ വിശദീകരണം ശേഷം വരുന്നതാണ്, ഇന്‍ശാ അല്ലാഹ്. 

മൂസാനബി(അ)യുടെ കാലത്ത് ഒരു വധക്കേസില്‍ പ്രതി ആരാണെന്ന് അറിയാതെ വന്നപ്പോള്‍, മയ്യിത്തിന്റെ ശരീരത്തില്‍ ഒരു പശുവിനെ അറുത്ത് അതിന്റെ ചില ഭാഗങ്ങള്‍ കൊണ്ട് അടിച്ചാല്‍ ആ മയ്യിത്തിന് ജീവന്‍ ലഭിക്കുന്നതാണെന്നും എന്നിട്ട് ആരാണ് ഘാതകന്‍ എന്ന് അയാള്‍ പറയുന്നതാണെന്നും അല്ലാഹു അറിയിച്ചു. അവര്‍ അപ്രകാരം ചെയ്തു. ഘാതകന്‍ തിരിച്ചറിയപ്പെടുകയും ചെയ്തു. 

”ആയിരക്കണക്കിന് ആളുകളുണ്ടായിട്ടും മരണഭയം കൊണ്ട് സ്വന്തം വീട് വിട്ട് ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ അറിഞ്ഞില്ലേ? അപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: നിങ്ങള്‍ മരിച്ചുകൊള്ളുക. പിന്നീട് അല്ലാഹു അവര്‍ക്ക് ജീവന്‍ നല്‍കി. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷേ, മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല” (ക്വുര്‍ആന്‍ 243). ഇതും നാം വിവരിക്കുവാന്‍ പോകുന്ന സംഭവാണ്.

ഒരു കഴുതയുമായി ഒരാള്‍ നടന്ന് പോയിക്കൊണ്ടിരിക്കുമ്പോള്‍ ഒരു രാജ്യം പൂര്‍ണമായും തകര്‍ന്ന് കിടക്കുന്നത് അയാള്‍ കാണുകയുണ്ടായി. ഈ നാടിനെ ഇനി അതിന്റെ പഴയ നാഗരികതയിലേക്ക് എങ്ങെനയാണ് അല്ലാഹു തിരിച്ച്‌കൊണ്ടുവരിക എന്ന് അയാള്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അല്ലാഹു നൂറ് കൊല്ലം അയാളെ നിര്‍ജീവാവസ്ഥയിലാക്കുകയും പിന്നീട് ഉയര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്ത സംഭവമാണ് അടുത്തത്. അത് ഇപ്രകാരം അല്ലാഹു പറഞ്ഞുതരുന്നു:

”അല്ലെങ്കിലിതാ, മറ്റൊരാളുടെ ഉദാഹരണം. മേല്‍ക്കൂരകളോടെ വീണടിഞ്ഞ് കിടക്കുകയായിരുന്ന ഒരു പട്ടണത്തിലൂടെ അദ്ദേഹം സഞ്ചരിക്കുകയായിരുന്നു. (അപ്പോള്‍) അദ്ദേഹം പറഞ്ഞു: നിര്‍ജീവമായിപ്പോയതിനു ശേഷം ഇതിനെ എങ്ങനെയായിരിക്കും അല്ലാഹു ജീവിപ്പിക്കുന്നത്? തുടര്‍ന്ന്  അല്ലാഹു അദ്ദേഹത്തെ നൂറു വര്‍ഷം നിര്‍ജീവാവസ്ഥയിലാക്കുകയും പിന്നീട് അദ്ദേഹത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്തു. അനന്തരം അല്ലാഹു ചോദിച്ചു: നീ എത്രകാലം (നിര്‍ജീവാവസ്ഥയില്‍) കഴിച്ചുകൂട്ടി? ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്‍പഭാഗമോ (ആണ് ഞാന്‍ കഴിച്ചുകൂട്ടിയത്); അദ്ദേഹം മറുപടി പറഞ്ഞു. അല്ല, നീ നൂറു വര്ഷം  കഴിച്ചുകൂട്ടിയിരിക്കുന്നു. നിന്റെ ആഹാരപാനീയങ്ങള്‍ നോക്കൂ അവയ്ക്ക് മാറ്റം വന്നിട്ടില്ല. നിന്റെ കഴുതയുടെ നേര്‍ക്ക് നോക്കൂ (അതെങ്ങനെയുണ്ടെന്ന്). നിന്നെ മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തമാക്കുവാന്‍ വേണ്ടിയാകുന്നു നാമിത് ചെയ്തത്. ആ എല്ലുകള്‍ നാം എങ്ങനെ കൂട്ടിയിണക്കുകയും എന്നിട്ടവയെ മാംസത്തില്‍ പൊതിയുകയും ചെയ്യുന്നുവെന്നും നീ നോക്കുക എന്ന് അവന്‍ (അല്ലാഹു) പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് (കാര്യം) വ്യക്തമായപ്പോള്‍ അദ്ദേഹം പറഞ്ഞു: തീര്‍ച്ചയയായും അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും  കഴിവുള്ളവനാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു” (2:259). 

”എന്റെ നാഥാ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് നീ കാണിച്ചുതരേണമേ എന്ന് ഇബ്‌റാഹീം പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു). അല്ലാഹു ചോദിച്ചു: നീ വിശ്വസിച്ചിട്ടില്ലേ? ഇബ്ഹാഹീം പറഞ്ഞു: അതെ. പക്ഷേ, എന്റെ മനസ്സിന് സമാധാനം ലഭിക്കാന്‍ വേണ്ടിയാകുന്നു. അല്ലാഹു പറഞ്ഞു: എന്നാല്‍ നീ നാലു പക്ഷികളെ പിടിക്കുകയും അവയെ നിന്നിലേക്ക് അടുപ്പിക്കുകയും (അവയെ കഷ്ണിച്ചിട്ട്  അവയുടെ ഓരോ അംശം ഓരോ മലയിലും വെക്കുകയും ചെയ്യുക. എന്നിട്ടവയെ നീ വിളിക്കുക. അവ നിന്റെ അടുക്കല്‍ ഓടിവരുന്നതാണ്. അല്ലാഹു പ്രതാപവാനും യുക്തിമാനുമാണ് എന്ന് നീ മനസ്സിലാക്കുകയും ചെയ്യുക” (260). ഇത് നാം ഇബ്‌റാഹീം നബി(അ)യുടെ ചരിത്രം വിവരിച്ച സ്ഥലത്ത് വിവരിച്ചതാണ്. ഇതാണ് ജീവന്‍ പോയതിന് ശേഷം വീണ്ടും അല്ലാഹു ജീവന്‍ നല്‍കിയതിനുള്ള ചില ഉദാഹരണങ്ങള്‍. 

നാം ദിവസവും അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളിലൂടെ പതിനേഴ് തവണയും അല്ലാതെയും ‘ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല’ എന്ന് പ്രാര്‍ഥിക്കുന്നുണ്ടല്ലോ.

അല്ലാഹു അനുഗ്രഹിച്ചവര്‍ പ്രവാചകന്മാരും സ്വിദ്ദീക്വുകളും സ്വാലിഹുകളും ശുഹദാഉമാണല്ലോ. അല്ലാഹുവിനോട് അനുസരണ കാണിക്കുന്ന വിഷയത്തില്‍ മുന്‍പന്തിയില്‍ ഉള്ള മഹാന്മാരാണല്ലോ അവര്‍. ഇബ്‌റാഹീംനബി(അ)യോട് അല്ലാഹു കീഴ്‌പെടൂ എന്ന് കല്‍പിച്ച സമയത്ത് താമസം കൂടാതെ ഞാനിതാ ലോക രക്ഷിതാവിന് കീഴ്‌പെട്ടിരിക്കുന്നൂ എന്ന് പറഞ്ഞത് നാം മനസ്സിലാക്കിയതാണ്. അപ്രകാരം അല്ലാഹുവിനോട് അനുസരണ കാണിക്കുന്നവാന്‍ യാതൊരു വിഷമവും കൂടാതെ നമുക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ കോപത്തിന് കാരണക്കാരായവരായ ഈ ഇസ്‌റാഈല്യരുടെ സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളും മനോഭാവങ്ങളും നമ്മില്‍ ഒരിക്കലും ഉണ്ടായിക്കൂടാ. 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 17​

മൂസാ നബി (അ) - 17

ഹാറൂന്‍ നബി(അ) ശിര്‍ക്കിനെതിരെ മൗനം പാലിച്ചുവോ?

നേരത്തെ നാം മനസ്സിലാക്കിയത് പോലെ, ധാരാളം തെളിവുകള്‍ കണ്ടും അറിഞ്ഞും മൂസാ(അ)യുടെ കൂടെ നിന്നവരായിരുന്നു ബനൂഇസ്‌റാഈല്യര്‍. എന്നിട്ടും സാമിരിയുടെ വാചകക്കസര്‍ത്തില്‍ അവര്‍ വീണു; വഴിതെറ്റി. മനുഷ്യ ചരിത്രത്തില്‍ ആദ്യമായി പശുവിനെ ആരാധിക്കുന്ന പ്രവണതക്ക് തുടക്കം കുറിച്ചത് ഈ സാമിരിയാണ്.

സാമിരിയുടെ ചില അവകാശവാദങ്ങള്‍ കേട്ടപ്പോഴേക്ക് ആ ജനത അവനെ പിന്തുടരുകയായിരുന്നു. അവര്‍ക്ക് ചിന്തിക്കാമായിരുന്നു; അവന്‍ ആരാധ്യനെന്ന് സ്വയം പ്രഖ്യാപിച്ച ആ പശുക്കുട്ടിയുടെ വിഗ്രഹം വല്ല വാക്കും പുറത്ത് വിടുന്നുണ്ടോ? ഇല്ല! അവര്‍ക്ക് അത് വല്ല ഉപകാരമോ ഉപദ്രവമോ വരുത്തുന്നുണ്ടോ? അതും ഇല്ല! അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയുടെയെല്ലാം അവസ്ഥ തഥൈവ.

സാമിരി ജനങ്ങളെ പിഴപ്പിക്കാന്‍ തുടങ്ങിയതിന്റെ തുടക്കത്തില്‍ തന്നെ ഹാറൂന്‍(അ) ഇടപെട്ടിരുന്നു. അവരെ അദ്ദേഹം അതില്‍ നിന്നും വിലക്കിയിരുന്നു. നിങ്ങള്‍ വലിയ പരീക്ഷണത്തിലാണെന്നും നിങ്ങളുടെ ആരാധ്യന്‍ അല്ലാഹുവാണെന്നും അവനെയാണ് നിങ്ങള്‍ ആരാധിക്കേണ്ടതെന്നും ഞാന്‍ പറയുന്നത് കേള്‍ക്കുകയും എന്നെ പിന്തുടരുകയും ചെയ്യുക എന്നും അദ്ദേഹം അവരെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ആ ശബ്ദത്തിന് അവര്‍ സ്വീകാര്യത നല്‍കിയില്ല. ‘മൂസാ അന്വേഷിച്ച് പോയ ഇലാഹ് ഇതാണ്. അത് ഇവിടെ ഉണ്ട്. അതിനാല്‍ മൂസാ വന്നിട്ട് നമുക്ക് തീരുമാനമാക്കാം. അത് വരെ ഇതിന്റെ സമീപം ഞങ്ങള്‍ ഭജനമിരിക്കുകയും ഇതിനെ പൂജിക്കുകയും ചെയ്യും’ എന്ന ഉറച്ച തീരുമാനമായിരുന്നു അവര്‍ ഹാറൂന്‍ നബി(അ)ക്ക് നല്‍കിയ മറുപടി.

തന്റെ അനുയായികളെ സഹോദരന്‍ ഹാറൂന്‍(അ)നെ ഏല്‍പിച്ചിട്ടായിരുന്നല്ലോ മൂസാ(അ) തൗറാത്ത് സ്വീകരിക്കുന്നതിനായി സീനാ പര്‍വതത്തിലേക്ക് പോയിരുന്നത്. അതിനാല്‍ തന്റെ അനുയായികള്‍ ചെയ്ത് കൂട്ടിയ ഹീനമായ പാതകത്തെ കുറിച്ച് മൂസാ(അ) ഹാറൂനിനോട് ചോദിക്കുന്ന ഭാഗം ക്വുര്‍ആനില്‍ ഇങ്ങനെ കാണാം:

”അദ്ദേഹം (മൂസാ) പറഞ്ഞു: ഹാറൂനേ, ഇവര്‍ പിഴച്ചുപോയതായി നീ കണ്ടപ്പോള്‍ നിനക്ക് എന്ത് തടസ്സമാണുണ്ടായത് എന്നെ നീ പിന്തുടരാതിരിക്കാന്‍? നീ എന്റെ കല്‍പനയ്ക്ക് എതിര് പ്രവര്‍ത്തിക്കുകയാണോ ചെയ്തത്? അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ, നീ എന്റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്‌റാഈല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്റെ വാക്കിന് നീ കാത്തുനിന്നില്ല എന്ന് നീ പറയുമെന്ന് ഞാന്‍ ഭയപ്പെടുകയാണുണ്ടായത്” (ക്വുര്‍ആന്‍ 20:92-94).

ഏകദൈവാരാധനയില്‍ അടിയുറച്ച ഒരു സമുദായം നാല്‍പത് ദിവസത്തിനിടയില്‍ ബഹുദൈവാരാധയിലേക്ക് കൂപ്പുകുത്തിയത് കണ്ട മൂസാനബി(അ)ക്ക് കോപം വരുന്നത് സ്വാഭാവികം. തന്റെ അനുചരന്മാര്‍ പിഴച്ച മാര്‍ഗം സ്വീകരിച്ചതിലുള്ള ദേഷ്യം എത്രത്തോളം കടുത്തതായിരുന്നു എന്ന് മൂസാ(അ) ഹാറൂന്‍നബി(അ)യുടെ താടിയില്‍ പിടിച്ചുള്ള ചോദ്യത്തില്‍നിന്നും വ്യക്തമാണ്.

‘ബനൂഇസ്‌റാഈല്യരുടെ കാര്യത്തില്‍ ഞാന്‍ ഒരു അലംഭാവവും കാണിച്ചിട്ടില്ല. മറിച്ച്, അവരില്‍ചിലരെയും കൊണ്ട് നിന്റെ അടുത്തേക്ക് പോരുമ്പോള്‍ ചിലരെ ഇവിടെ തന്നെ നിറുത്തേണ്ടി വരും. അപ്പോള്‍ നീ, ഇസ്‌റാഈല്‍ മക്കള്‍ക്കിടയില്‍ ഞാന്‍ ഭിന്നിപ്പുണ്ടാക്കി എന്ന് പറയുമെന്നും നിന്റെ കല്‍പനയെ ഞാന്‍ ഗൗനിച്ചില്ല എന്ന് നീ വിചാരിക്കുകയും ചെയ്യുമെന്നും ഞാന്‍ ഭയപ്പെട്ടു’ എന്ന് ഹാറൂന്‍(അ) വിശദീകരിച്ചു.

ഇവിടെ നാം ഒരു കാര്യം മനസ്സിലാക്കണം; ഇസ്‌റാഈല്യര്‍ക്ക് വഴികേട് സംഭവിച്ചപ്പോള്‍ ഹാറൂന്‍(അ) മൗനം പാലിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഹാറൂന്‍(അ) നിസ്സഹായനാവുകയാണ് ഉണ്ടായത്. ഹാറൂന്‍(അ) തന്റെ ഉപദേശത്തിലുള്ള അവരുടെ എതിര്‍പ്പുമൂലം തന്റെ ജീവന്‍ പോലും അപകടത്തില്‍ പെടുമോ എന്ന് ഭയപ്പെട്ടിരുന്നു എന്നാണ് ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നത്.

”അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട് കയര്‍ത്തുകൊണ്ട്) നീ ശത്രുക്കള്‍ക്ക് സന്തോഷത്തിന് ഇടവരുത്തരുത്. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്”(ക്വുര്‍ആന്‍ 7:50).

ഹാറൂന്‍(അ) അവരെ അദ്ദേഹത്തിന് കഴിയുന്നത്ര ശക്തമായി ഉപദേശിക്കുകയും ആ ദുര്‍മാര്‍ഗത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ, അവര്‍ അദ്ദേഹത്തെ ദുര്‍ബലനാക്കി; നിസ്സഹായനാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ശബ്ദം ഇല്ലാതെയാക്കി. അങ്ങനെ അവര്‍ തന്നെ കൊന്നുകളയുന്ന അവസ്ഥയിലേക്ക് എത്തുമോ എന്ന് വരെ ഹാറൂന്‍(അ) പേടിച്ചു.

മൂസാ(അ) ഹാറൂന്‍(അ)നെ കുറ്റപ്പെടുത്തുന്ന രൂപത്തിലാണല്ലോ സംസാരിക്കുന്നത്. ഹാറൂന്‍(അ) അവരുടെ പിഴവിന് ഉത്തരവാദിയല്ല. അദ്ദേഹം കഴിയുന്നപോലെ ഉപദേശിച്ചിട്ടുണ്ട്. ഹാറൂന്‍(അ) സഹോദരന്‍ മൂസാ നബി(അ)യോട് പറഞ്ഞു: ‘മൂസാ, നീ എന്നോട് കയര്‍ക്കുന്നത് കാണുമ്പോള്‍ ശത്രുക്കള്‍ക്ക് സന്തോഷമാണ് ഉണ്ടാകുക. അവര്‍ വിചാരിക്കും; കണ്ടില്ലേ, പ്രവാചകന്മാരായ ഇവര്‍ തന്നെ ശത്രുക്കളാണ്; അവര്‍ തന്നെ ശണ്ഠ കൂടുകയാണ് എന്ന്. അതില്‍ അവര്‍ക്ക് സന്തോഷം ഉണ്ടാകും. അതിനാല്‍ അവര്‍ക്ക് സന്തോഷം ഉണ്ടാക്കുവാന്‍ എന്നോടുള്ള കയര്‍ക്കല്‍ കാരണമാകരുത്. ഞാന്‍ ഒരു അക്രമവും ചെയ്തിട്ടില്ല. ഞാന്‍ ഒരു അക്രമിയുമല്ല.’

ഈ സൂക്തങ്ങളെ (സൂറഃ ത്വാഹയിലെ) ഉയര്‍ത്തിക്കാണിച്ച്, ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഭയക്കുന്ന സന്ദര്‍ഭത്തില്‍ ശിര്‍ക്കിനെതിരെ പോലും മൗനം പാലിക്കാം എന്ന് പറയുന്ന ചിലരുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഐക്യത്തിനാണ് പ്രാധാന്യം കല്‍പിക്കേണ്ടതെന്നും ഐക്യം തകര്‍ന്നുപോകാന്‍ സാധ്യതയുണ്ടെങ്കില്‍ ശിര്‍ക്കിനെതിരില്‍ പോലും മൃദുല സമീപനമാണ് സ്വീകരിക്കേണ്ടതെന്നും അതാണ് ഹാറൂന്‍നബി(അ)യുടെ സംഭവത്തിലൂടെ ക്വുര്‍ആന്‍ നമുക്ക് പഠിപ്പിച്ചു തരുന്നത് എന്നുമെല്ലാം ചില പിഴച്ച ചിന്താഗതിക്കാര്‍ ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ട്. മലയാളത്തില്‍ തന്നെ അത് എഴുതി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഏതൊരു ജനതയുടെയും വിശ്വാസത്തെയാണ് ആദ്യം നന്നാക്കിയെടുക്കേണ്ടത്. ഒരു മനുഷ്യനില്‍ ആദ്യം മാറ്റം സംഭവിക്കേണ്ടത് അവന്റെ വിശ്വാസത്തിലാണ് എന്നര്‍ഥം. കാരണം തൗഹീദിന് മനുഷ്യ ശരീരത്തിലെ ഹൃദയത്തിന്റെ സ്ഥാനമാണുള്ളത്. ഹൃദയം നന്നായാല്‍ ശരീരം മുഴുവനും നന്നായല്ലോ. അത് മ്ലേച്ഛമായാല്‍ ശരീരവും മ്ലേച്ഛമായി. തൗഹീദ് ശരിയായാലേ അടിമകളുടെ കര്‍മങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ സ്വീകാര്യതയുള്ളൂ. തൗഹീദില്ലാത്തവന്റെ ഏത് കര്‍മത്തിനും അല്ലാഹുവിങ്കല്‍ യാതൊരു സ്ഥാനവുമില്ല. കാരണം, ബഹുദൈവ വിശ്വാസമാണ് സ്രഷ്ടാവിനോടുള്ള ഏറ്റവും വലിയ നന്ദികേട്.

തൗഹീദ് മാറ്റിവെച്ച് ജനങ്ങളിലെ ഐക്യത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടതെന്ന് വാദിക്കുന്ന കക്ഷികള്‍ എഴുതുന്നത് കാണുക: ”ഐക്യത്തിനു വേണ്ടി ഏതതിരുവരെയും പോയതാണ് ഇസ്‌ലാമിന്റെപാരമ്പര്യമെന്ന വസ്തുത അവര്‍ (തൗഹീദ് പ്രാധാന്യത്തോടെ പറയുന്നവര്‍) വിസ്മരിക്കുന്നു. മൂസാ(അ) തോറ എന്ന ദിവ്യബോധനഗ്രന്ഥം സ്വീകരിക്കാന്‍ പര്‍വതമുകളിലേക്ക് പോയത് സഹോദരനും പ്രവാചകനുമായ ഹാറൂനിനെ പകരം നിര്‍ത്തിയായിരുന്നു. മൂസായുടെ അഭാവത്തില്‍ ഹാറൂനിനെ ധിക്കരിച്ചുകൊണ്ട് അനുയായികളിലൊരാള്‍ ഒരു പശുക്കുട്ടിയെ നിര്‍മിക്കുകയും ഇസ്‌റാഈലീ മക്കള്‍ ഏകനായ ദൈവത്തിനു പകരം പശുവാരാധകരായി മാറുവാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുകയും ചെയ്ത കഥ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്.

ഏകദൈവ വിശ്വാസത്തിന്റെ പ്രവാചകനായ മൂസാ(അ) തിരിച്ചുവന്നപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. അദ്ദേഹം ക്ഷുഭിതനായി ഹാറൂനിന്റെ താടിരോമങ്ങള്‍ പിടിച്ചു വലിച്ചു. ഇതിന്റെ നേരെ പ്രവാചകനായ ഹാറൂനിന്റെ പ്രതികരണം വളരെ ശാന്തമായിരുന്നു. അദ്ദേഹം പറഞ്ഞു: പശുവാരാധകര്‍ക്കെതിരെ കര്‍ശനമായ സമീപനം സ്വീകരിക്കുകവഴി ഞാന്‍ ഇസ്‌റാഈല്‍ മക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയെന്ന് പറയാന്‍ അവസരം സൃഷ്ടിക്കുക എന്നത് ഒഴിവാക്കുക എന്നതായിരുന്നു അവരുടെ നേരെ മൃദുല സമീപനം സ്വീകരിക്കുക വഴി എന്റെ ലക്ഷ്യം.

ഒരു പ്രവാചകന്‍ കൊടിയ ശിര്‍ക്കിന്റെ കാര്യത്തില്‍ സ്വീകരിച്ച വിട്ടുവീഴ്ചാപരമായ ഈ സമീപനത്തിന്റെ പേരില്‍ അദ്ദേഹത്തെ ദൈവം പ്രവാചകത്വ പദവിയില്‍ നിന്ന് ഇറക്കി വിട്ടിട്ടില്ല എന്ന് നാം പ്രത്യേകം മനസ്സിലാക്കണം. അദ്ദേഹം തുടര്‍ന്നും പ്രവാചകനായിരുന്നു’ (മാധ്യമം, 1997 ഫെബ്രു: 18, ഒ. അബ്ദുല്ല).

മറ്റൊരു ലേഖനത്തില്‍ വന്നത് കാണുക: ”ഭിന്നിപ്പ് ഒഴിവാക്കാന്‍, ഇസ്‌റാഈല്യര്‍ പശുക്കുട്ടിയെ ആരാധിച്ചപ്പോള്‍ ഹാറൂന്‍ നബി(അ) അതിനെ തടഞ്ഞില്ലെന്നും ഭിന്നിപ്പാകുന്ന മുഖ്യ തിന്മ ഒഴിവാക്കാനാണ് പശുവാരാധനയില്‍ നിന്ന് ഇസ്‌റാഈല്യരെ തടയാതിരിക്കുക എന്ന തിന്മ അദ്ദേഹം ചെയ്തതെന്നും ഡോ. യൂസുഫുല്‍ ഖര്‍ദാവി തന്റെ ‘ഫിക്വ്ഹുദ്ദൗലതി ഫില്‍ഇസ്‌ലാം’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്.”

ക്വുര്‍ആന്‍ ഹാറൂന്‍ നബി(അ)യുടെ ചരിത്രം വിവരിച്ചത് നാം വ്യക്തമായി മനസ്സിലാക്കിയല്ലോ. ചരിത്രത്തെ വികലമാക്കി അവതരിപ്പിച്ച് പുതിയ വാദഗതികള്‍ നിര്‍മിക്കുയാണ് ഈ വാദഗതിക്കാര്‍ ചെയ്തിരിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകും. സാക്ഷാല്‍ മൗദൂദി സാഹിബ് തന്നെ അദ്ദേഹത്തിന്റെ ഉര്‍ദു ഭാഷയിലുള്ള ക്വുര്‍ആന്‍ വ്യഖ്യാനത്തില്‍ ഇതിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കിയിതായി കാണാം. അതിന്റെ മലയാള വിവര്‍ത്തനത്തില്‍ ഇങ്ങനെ വായിക്കാം:

”ഹസ്രത്ത് ഹാറൂന്റെ ഈ മറുപടിക്ക്, സമുദായത്തിന്റെ ഐക്യമാണ് സമുദായം സന്മാര്‍ഗത്തില്‍ നിലകൊള്ളുന്നതിനെക്കാള്‍ പ്രധാനം എന്നോ, ശിര്‍ക്ക് അംഗീകരിച്ചുകൊണ്ടായാലും ഐക്യം നിലനിറുത്തുകയാണ് വേണ്ടതെന്നോ സമൂഹത്തിന്റെ അടിത്തറ സത്യമാകട്ടെ അസത്യമാകട്ടെ ഏകോപിച്ചു നില്‍ക്കുക എന്നതാണ് ഭിന്നിപ്പിനെക്കാള്‍ ഉല്‍കൃഷ്ടം എന്നോ ഒന്നും അര്‍ഥമില്ല. ഈ സൂക്തത്തിന് ആരെങ്കിലം അങ്ങനെയൊരര്‍ഥം മനസ്സിലാക്കുകയാണെങ്കില്‍ അയാള്‍ ക്വുര്‍ആനില്‍ നിന്ന് സന്മാര്‍ഗത്തിന് പകരം ദുര്‍മാര്‍ഗമാണ് സ്വീകരിക്കുന്നത്.

…ഹസ്രത്ത് ഹാറൂന്‍ ജനങ്ങളെ ആ ദുര്‍വൃത്തിയില്‍ നിന്ന് വിലക്കാന്‍ കഴിവതു ശ്രമിച്ചു. പക്ഷേ, അവരദ്ദേഹത്തിനെതിരില്‍ വമ്പിച്ച കലാപത്തിനൊരുങ്ങി. അദ്ദേഹത്തെ വധിക്കാനൊരുമ്പെട്ടു. ഗത്യന്തരമില്ലാതെ അദ്ദേഹം നിശ്ശബ്ദനായി നിലകൊണ്ടു. മൂസാ തിരിച്ചെത്തുന്നതിന് മുമ്പ് താവളം ഒരു യുദ്ധക്കളമാക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. മൂസാ തിരിച്ചുവന്ന് താങ്കള്‍ക്ക് ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥിതിഗതികള്‍ ഇത്രത്തോളം വഷളാക്കേണ്ടിയിരുന്നില്ല എന്നും ഞാന്‍ വരുന്നതു വരെ കാത്തിരിക്കാമായിരുന്നുവെന്നും പറയാന്‍ അവസരമുണ്ടാക്കേണ്ടയെന്ന് അദ്ദേഹം കരുതിയിരിക്കണം.”

മൗദൂദി സാഹിബ് വളരെ കൃത്യമായ വിവരണം നല്‍കിയപ്പോള്‍ അനുയായികളില്‍ ചിലര്‍ ക്വുര്‍ആനിന്റെ സന്മാര്‍ഗത്തോട് എതിരായി തികച്ചും കണ്ണടച്ച കണ്ടത്തലുകളാണ് നടത്തിയിട്ടുള്ളത്.

ഹാറൂന്‍(അ) കാര്യം വ്യക്തമാക്കിയപ്പോള്‍ മൂസാനബി(അ)ക്ക് വിഷയം ബോധ്യമായി. സഹോദരന്‍ ഹാറൂന്‍ നിരപരാധിയാണെന്നും താന്‍ ദേഷ്യപ്പെട്ടത് വെറുതെയായെന്നും അദ്ദേഹത്തിന് മനസ്സിലായി. അദ്ദേഹം അല്ലാഹുവിനോട് ദുആ ചെയ്തു:

”അദ്ദേഹം (മൂസാ) പറഞ്ഞു: എന്റെ രക്ഷിതാവേ, എനിക്കും എന്റെ സഹോദരന്നും നീ പൊറുത്തുതരികയും ഞങ്ങളെ നീ നിന്റെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്യേണമേ. നീ പരമകാരുണികനാണല്ലോ” (ക്വുര്‍ആന്‍ 7:151).

അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ധാരാളം കണ്ടിട്ടും അല്ലാഹുവിനോട് നന്ദികേട് കാണിച്ചവരോട് മുന്നറിയിപ്പും അതില്‍ നിന്ന് വിരമിക്കുവാനുള്ള ഉപദേശവും നല്‍കി.

”കാളക്കുട്ടിയെ ദൈവമായി സ്വീകരിച്ചവരാരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപവും ഐഹികജീവിതത്തില്‍ നിന്ദ്യതയും വന്നുഭവിക്കുന്നതാണ്. കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ക്കു നാം പ്രതിഫലം നല്‍കുന്നത് അപ്രകാരമത്രെ. എന്നാല്‍ തിന്മകള്‍ പ്രവര്‍ത്തിക്കുകയും എന്നിട്ടതിനു ശേഷം പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും നിന്റെ രക്ഷിതാവ് അതിന് ശേഷം ഏറെ പൊറുത്തുകൊടുക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നവനാകുന്നു” (ക്വുര്‍ആന്‍ 7:152,153).

നേരത്തെ കുപിതനായ സമയത്ത് നിലത്തിട്ട തൗറാത്തിന്റെ പലകകള്‍ മൂസാ(അ) കയ്യിലെടുത്തു: ”മൂസായുടെ കോപം അടങ്ങിയപ്പോള്‍ അദ്ദേഹം (ദിവ്യസന്ദേശമെഴുതിയ) പലകകള്‍ എടുത്തു. അവയില്‍ രേഖപ്പെടുത്തിയതില്‍ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്ന ആളുകള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവുമാണുണ്ടായിരുന്നത്” (ക്വുര്‍ആന്‍ 7:154).

സാമിരിയെന്ന ദുഷ്ടനാണ് ജനതയുടെ വഴികേടിന് കാരണക്കാരനായതെന്ന് മൂസാനബി(അ)ക്ക് മനസ്സിലായി. അയാള്‍ക്കെതിരില്‍ മൂസാ(അ) തിരിഞ്ഞു:

”(തുടര്‍ന്ന് സാമിരിയോട്) അദ്ദേഹം പറഞ്ഞു: ഹേ; സാമിരീ, നിന്റെ കാര്യം എന്താണ്? അവന്‍ പറഞ്ഞു: അവര്‍ (ജനങ്ങള്‍) കണ്ടുമനസ്സിലാക്കാത്ത ഒരു കാര്യം ഞാന്‍ കണ്ടുമനസ്സിലാക്കി. അങ്ങനെ ദൈവദൂതന്റെ കാല്‍പാടില്‍ നിന്ന് ഞാനൊരു പിടി പിടിക്കുകയും എന്നിട്ടത് ഇട്ടുകളയുകയും ചെയ്തു. അപ്രകാരം ചെയ്യാനാണ് എന്റെറ മനസ്സ് എന്നെ പ്രേരിപ്പിച്ചത്. അദ്ദേഹം (മൂസാ) പറഞ്ഞു: എന്നാല്‍ നീ പോ. തീര്‍ച്ചയായും നിനക്ക് ഈ ജീവിതത്തിലുള്ളത് തൊട്ടുകൂടാ എന്ന് പറയലായിരിക്കും. തീര്‍ച്ചയായും നിനക്ക് നിശ്ചിതമായ ഒരു അവധിയുണ്ട്. അത് അതിലംഘിക്കപ്പെടുകയേ ഇല്ല. നീ പൂജിച്ചുകൊണ്ടേയിരിക്കുന്ന നിന്റെ ആ ദൈവത്തിന്റെ നേരെ നോക്കൂ. തീര്‍ച്ചയായും നാം അതിനെ ചുട്ടെരിക്കുകയും എന്നിട്ട് നാം അത് പൊടിച്ച് കടലില്‍ വിതറിക്കളയുകയും ചെയ്യുന്നതാണ്. നിങ്ങളുടെ ദൈവം അല്ലാഹു മാത്രമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെ അറിവ് എല്ലാകാര്യത്തെയും ഉള്‍കൊള്ളാന്‍ മാത്രം വിശാലമായിരിക്കുന്നു” (ക്വുര്‍ആന്‍ 20:95-98).

ആരും കാണാത്ത ചിലതെല്ലാം ഞാന്‍ കാണുകയുണ്ടായി എന്നും ജിബ്‌രീലിനെ കാണാന്‍ കഴിഞ്ഞെന്നും ജിബ്‌രീല്‍ പോകുമ്പോള്‍ ജിബ്‌രീലിന്റെ വാഹനത്തിന്റെ കുളമ്പടിശബ്ദം എനിക്ക് കേള്‍ക്കാനായി എന്നുമെല്ലാമാണ് സാമിരി അവകാശപ്പെട്ടത്. അവന് ദിവ്യത്വമുള്ളത് പോലെയായി അവന്റെ സംസാരം. ചില ക്വുര്‍ആന്‍ വ്യഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടത് പോലെ; അവന്‍ മൂസാനബി(അ)യെ വരുതിയില്‍ വരുത്താനായി ഒന്ന് മയക്കിനോക്കി. അഥവാ, താങ്കള്‍ നടന്ന് പോകുമ്പോള്‍ താങ്കളുടെ പാദങ്ങള്‍ പതിച്ച സ്ഥലത്തെ മണ്ണ് എടുത്ത് ഈ പശുക്കുട്ടിയുടെ രൂപത്തില്‍ ഇട്ടപ്പോള്‍ ചില പ്രത്യേക അനുഭൂതി ഉണ്ടാക്കാന്‍ എനിക്ക് സാധിച്ചുവെന്നും അങ്ങനെ ഇത് ഒരു പ്രധാനപ്പെട്ട കാര്യമാണെന്ന് എനിക്ക് മനസ്സിലാകുകയും ചെയ്തു എന്നും പറഞ്ഞു.

സാമിരിയുടെ സംസാരത്തില്‍ മൂസാനബി(അ)യില്‍ അല്‍പ നേരത്തേക്ക് പോലും ഒരു സ്വാധീനവും ഉണ്ടാക്കിയില്ല. മൂസാ(അ) അവനോട് ശക്തമായി പ്രതികരിച്ചു; നീ ഇവിടെ നിന്ന് പോകണം, അക്രമിയാണ് നീ. ദുന്‍യാവില്‍ നീ ഇനി ‘എന്നെ തൊടരുത്’ എന്ന് വിളിച്ച് പറയുന്നവനായിരിക്കും. എല്ലാവരാലും നീ അവഗണിക്കപ്പെടുന്നതുമാണ്. മൂസാ(അ) അവനോട് താക്കീത് ചെയ്ത പ്രകാരം പിന്നീട് സംഭവിക്കുകയും ചെയ്തു.

മൂസാനബി(അ)യുടെ ഈ സംസാരത്തിന് ശേഷം അവിടംവിട്ട് പോയ സാമിരിക്ക് വേറൊരാളോടും ബന്ധം ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല. അവന്റെ അടുക്കലേക്ക് ഒരാള്‍ക്കും സമീപിക്കാന്‍ കഴിയാതിരിക്കുമാറ് അവന്റെ ശരീരം പൊട്ടിയൊലിക്കുകയും പുഴുക്കള്‍ വരികയും ശരീരത്തില്‍ നിന്ന് മറ്റുള്ളവര്‍ക്ക് ബോധക്ഷയം സംഭവിക്കുവാന്‍ മാത്രം മാരകമായ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങുകയും ചെയ്തു. മൂസാ(അ) പറഞ്ഞത് പോലെ കാണുന്നവരോടെല്ലാം അവന്‍ എന്നെ തൊടല്ലേ എന്നും പറഞ്ഞ് നിലവിളിക്കുന്നവനായി നശിക്കുകയാണ് ചെയ്തത്. അല്ലാഹു അവന് നിശ്ചയിച്ച മാരകമായ രോഗം അവന് പേറേണ്ടി വന്നു.

ശിര്‍ക്ക് എന്ന മഹാപാപം ഒരു സമൂഹത്തില്‍ പ്രചരിപ്പിച്ചവന് അല്ലാഹു കൊടുത്ത ശിക്ഷയായിരുന്നു അത്. പരലോകത്ത് വെച്ച് അതിനെക്കാളും ശക്തിയേറിയ ശിക്ഷ ലഭിക്കുകയും ചെയ്യും.

സാമിരി ഇസ്‌റാഈല്യരെ പിഴപ്പിക്കാനായി ഉണ്ടാക്കിയ വിഗ്രഹത്തെ പിന്നീട്, ക്വുര്‍ആനില്‍ പറഞ്ഞത് പോലെ നശിപ്പിക്കുകയും കടലില്‍ അതിന്റെ അവശിഷ്ടങ്ങള്‍ വിതറപ്പെടുകയും ചെയ്തു. എന്നിട്ട് മൂസാ(അ) സമൂഹത്തോട് പറഞ്ഞു: ‘എല്ലാം അറിയുന്നവനായ അല്ലാഹുവാണ് നിങ്ങളുടെ ആരാധ്യന്‍.’ കൂടെ പരലോകത്തെ പറ്റിയുള്ള താക്കീതും നല്‍കി. പിന്നീട് അവരില്‍ നിന്ന് പശ്ചാത്തപിച്ച് പലരും മൂസാനബി(അ)യുടെ കൂടെ നിന്നു.

പശുവിനെ ആരാധിക്കുകയും ശേഷം തൗബ ചെയ്ത് പിന്മാറുകയും ചെയ്തവരെ സംബന്ധിച്ചെടത്തോളം അവര്‍ ചെയ്ത അക്രമത്തിന് ആ തൗബ മതിയായിരുന്നില്ല. അവര്‍ക്ക് കടുത്ത ശിക്ഷ പിന്നീട് നല്‍കിയിട്ടുണ്ട്. ഇന്‍ശാ അല്ലാഹ്, ശേഷം നാം അത് വിവരിക്കും.

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 16

മൂസാ നബി (അ) - 16

സാമിരിയുടെ കുതന്ത്രം

മൂസാനബി(അ)ക്ക് വേദഗ്രന്ഥം നല്‍കപ്പെടുന്ന സന്ദര്‍ഭത്തെ പറ്റിയാണ് നാം പറഞ്ഞുവരുന്നത്. ആ സമയത്ത് ഉണ്ടായ ചില കാര്യങ്ങള്‍ അതിനിടയില്‍ വിവരിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു:

”എല്ലാകാര്യത്തെപ്പറ്റിയും നാം അദ്ദേഹത്തിന് (മൂസായ്ക്ക്) പലകകളില്‍ എഴുതിക്കൊടുക്കുകയും ചെയ്തു. അതായത് സദുപദേശവും എല്ലാ കാര്യത്തെപ്പറ്റിയുള്ള വിശദീകരണവും. (നാം പറഞ്ഞു:) അവയെ മുറുകെപിടിക്കുകയും അവയിലെ വളരെ നല്ല കാര്യങ്ങള്‍ സ്വീകരിക്കാന്‍ നിന്റെ ജനതയോട് കല്‍പിക്കുകയും ചെയ്യുക. ധിക്കാരികളുടെ പാര്‍പിടം വഴിയെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നതാണ്. ന്യായംകൂടാതെ ഭൂമിയില്‍ അഹങ്കാരം നടിച്ചുകൊണ്ടിരിക്കുന്നവരെ എന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചുകളയുന്നതാണ്. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍മാര്‍ഗം കണ്ടാല്‍ അവര്‍ അതിനെ മാര്‍ഗമായി സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാല്‍ അവരത് മാര്‍ഗമായി  സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച് തള്ളുകയും അവയെപ്പറ്റി അവര്‍ അശ്രദ്ധരായിരിക്കുകയും ചെയ്തതിന്റെ ഫലമാണത്. നമ്മുടെ ദൃഷ്ടാന്തങ്ങളെയും പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ച്കളഞ്ഞവരാരോ അവരുടെ കര്‍മങ്ങള്‍ നിഷ്ഫലമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമല്ലാതെ അവര്‍ക്കു നല്‍കപ്പെടുമോ?” (ക്വുര്‍ആന്‍ 7:145-147).

എല്ലാവിധ സദുപദേശങ്ങളും ഉള്‍കൊള്ളുന്ന വേദഗ്രന്ഥമാണ് അല്ലാഹു മൂസാനബി(അ)ക്ക് നല്‍കിയത്. അല്ലാഹു പലകകളില്‍ എഴുതി നല്‍കി എന്നാണ് പറഞ്ഞത്. ആ പലകകള്‍ എങ്ങനെയായിരുന്നുവെന്നോ, അല്ലാഹു എങ്ങനെയാണ് എഴുതിയത് എന്നോ, എപ്രകാരമാണ് അത് മൂസാനബി(അ)ക്ക് കൈമാറിയത് എന്നോ ക്വുര്‍ആനോ സുന്നത്തോ നമുക്ക് വിവരിച്ച് തരാത്തതിനാല്‍ അതിനെ സംബന്ധിച്ച് നാം സംസാരിക്കുന്നില്ല. 

എല്ലാ വിധത്തിലുള്ള സദുപദേശങ്ങളും ഉള്‍കൊള്ളുന്ന തൗറാത്ത് അല്ലാഹു മൂസാനബി(അ)ക്ക് നല്‍കിയിട്ട് അത് മുറുകെ പിടിച്ചുകൊള്ളുക എന്ന് കല്‍പിക്കുകയും ചെയ്തു. മൂസാ(അ) മാത്രം സ്വീകരിക്കേണ്ടുന്ന സന്ദേശമല്ല അല്ലാഹു അതില്‍ നല്‍കിയത്. അദ്ദേഹത്തിന്റെ ജനതയും അത് സ്വീകരിക്കാന്‍ കല്‍പിക്കപ്പെട്ടവരായിരുന്നു. അതിനാല്‍ മൂസാനബി(അ)യോട് തന്റെ ജനതയോടും ഈ സദുപദേശങ്ങള്‍ സ്വീകരിക്കുവാന്‍ കല്‍പിക്കണമെന്ന് അല്ലാഹു പ്രത്യേകം നിര്‍ദേശിക്കുകയും ചെയ്തു.

അല്ലാഹു നല്‍കുന്ന സന്ദേശങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് പരലോകത്ത് സ്വര്‍ഗമാണ് ലഭിക്കാന്‍ പോകുന്നത്. എന്നാല്‍ ആ നിര്‍ദേശങ്ങളെ മുഖവിലക്കെടുക്കാതെ അവയെ അവഗണിച്ച് ഇച്ഛകളെ പിന്‍പറ്റി ജീവിക്കുന്നവര്‍ അധര്‍മകാരികളാണ്.അവര്‍ക്കാകട്ടെ ചീത്ത സങ്കേതമാണ് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്.

അല്ലാഹു നല്‍കുന്ന ഉപദേശങ്ങളെ സ്വീകരിക്കുന്നതിനെ തൊട്ട് മനുഷ്യര്‍ തിരിഞ്ഞുകളയുന്നതിന്റെ കാരണം അഹങ്കാരമാണ്. മക്കക്കാര്‍ ചന്ദ്രന്‍ പിളര്‍ന്നത് കണ്ണ് കൊണ്ട് കണ്ടിട്ടും അത് സിഹ്‌റാണെന്ന് പറഞ്ഞ് തള്ളിയല്ലോ. അഹങ്കാരികള്‍ക്ക് സത്യം പകല്‍ പോലെ വെളിപ്പെട്ടാലും അതിനെ സ്വീകരിക്കാന്‍ അവര്‍ കൂട്ടാക്കുകയില്ല. ഫിര്‍ഔനും സംഘവും മൂസാനബി(അ) പറയുന്നത് സത്യമാണെന്ന് മനസ്സിലാക്കിയിട്ടും അത് സ്വീകരിച്ചില്ലല്ലോ. അവരുടെ അഹങ്കാരം കൂടുകയല്ലാതെ മറ്റൊന്നും ഉണ്ടായില്ല. 

അങ്ങനെ സദുപദേശങ്ങളും താക്കീതുകളും അടങ്ങുന്ന തൗറാത്ത് എന്ന വേദഗ്രന്ഥം അല്ലാഹു മൂസാനബി(അ)ക്ക് സീനാപര്‍വതത്തില്‍ വെച്ച് നല്‍കി.

അദ്ദേഹം തൗറാത്ത് സ്വീകരിക്കാനായി തന്റെ ജനതയെ വിട്ട് മാറിനിന്നിട്ട് നാല്‍പത് ദിവസമായി. സഹോദരന്‍ ഹാറൂനി(അ)നെ അവരുടെ കാര്യം ഏല്‍പിച്ച് പോയതാണ്. എന്നാല്‍ ശേഷം അവര്‍ക്കിടയില്‍ എന്തെല്ലാം സംഭവിച്ചു എന്നൊന്നും മൂസാ(അ) അറിയുന്നില്ല. പ്രവാചകന്മാര്‍ക്ക് പോലും മറഞ്ഞ കാര്യങ്ങള്‍ അല്ലാഹു അറിയിച്ചുകൊടുത്താലല്ലാതെ അറിയില്ലെന്നതിനുള്ള ഒരു തെളിവ് കൂടിയാണ് ഇത്. 

എന്തായിരുന്നു മൂസാനബി(അ)യുടെ അനുയായികള്‍ക്കിടയില്‍ സംഭവിച്ചത്? ക്വുര്‍ആന്‍ വിവരിക്കുന്നത് കാണുക:

”(അല്ലാഹു ചോദിച്ചു:) ഹേ; മൂസാ, നിന്റെ ജനങ്ങളെ വിട്ടേച്ച് നീ ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണ്? അദ്ദേഹം പറഞ്ഞു: അവരിതാ എന്റെ പിന്നില്‍ തന്നെയുണ്ട്. എന്റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിന്റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത്” (ക്വുര്‍ആന്‍ 20:83,84).

അല്ലാഹുവിന്റെ കല്‍പന പ്രകാരമാണല്ലോ മൂസാ(അ) സീനാപര്‍വതത്തിലേക്ക് പോയത്. അനുയായികളെയൊന്നും കൂടെ കൂട്ടിയതുമില്ല. അവരെ സഹോദരന്‍ ഹാറൂന്‍(അ)നെ ഏല്‍പിച്ചാണ് പോകുന്നത്. അതിനാല്‍ അല്ലാഹു മൂസാ(അ)നോട് ചോദിച്ചു: ‘ഹേ; മൂസാ, നിന്റെ ജനങ്ങളെ വിട്ടേച്ച് നീ ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണ്?’ അദ്ദേഹം അതിന് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു: ‘അവരിതാ എന്റെ പിന്നില്‍ തന്നെയുണ്ട്. എന്റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിന്റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത്.’ അല്ലാഹുവിന്റെ തൃപ്തി എത്രയും പെട്ടെന്ന് ലഭിക്കുവാനുള്ള അതിയായ ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം ധൃതിപ്പെട്ട് ചെന്നത്. 

മൂസാനബി(അ)യുടെ ഈ മറുപടിയെ പണ്ഡിതന്മാര്‍ ധാരാളം വിവരിച്ചിട്ടുണ്ട്. അതില്‍ നമുക്ക് വലിയ ഗുണപാഠം ഉണ്ടെന്ന് നമുക്ക് വ്യക്തമാക്കി തന്നിട്ടുമുണ്ട്. ഇത് റബ്ബിനോടുള്ള സ്‌നേഹത്തിന്റെ ലക്ഷണമാണ്. തഫ്‌സീറുസ്സഅദിയില്‍ മൂസാനബി(അ)യുടെ മറുപടിയെ വിവരിക്കുന്നിടത്ത് ഇപ്രകാരം കാണാം:

‘രക്ഷിതാവേ, ഞാന്‍ നിന്നിലേക്ക് ധൃതിപ്പെട്ടത് നിന്റെ സാമീപ്യം ആഗ്രഹിച്ചും നിന്റെ തൃപ്തി പെട്ടെന്ന് ലഭിക്കുന്നതിന് വേണ്ടിയും അടങ്ങാനാകാത്ത മോഹം കൊണ്ടുമാകുന്നു.’ 

കാരണം, സ്‌നേഹിക്കപ്പെടുന്നവന്റെ മുന്നില്‍ തന്റെ സ്‌നേഹം പ്രകടിപ്പിക്കുക എന്നത് സ്‌നേഹിക്കപ്പെടുന്നവന് സ്‌നേഹിക്കുന്നവന്റെ സ്‌നേഹം ആത്മാര്‍ഥമാണെന്ന് അറിയിക്കുന്നതാണ്. നാം ഒരാളോട് എനിക്ക് നിന്നോട് നല്ല സ്‌നേഹം ഉണ്ടെന്ന് പറഞ്ഞാല്‍ പോരാ, ആ സ്‌നേഹം ഉണ്ടെന്ന് തെളിയിക്കേണ്ടതുണ്ട്. അതെങ്ങനെ തെളിയിക്കും? സ്‌നേഹിക്കപ്പെടുന്നവന്റെ വാക്കുകള്‍ക്ക് വില കല്‍പിക്കുക. അത് സ്രഷ്ടാവാണെങ്കില്‍ അവന്റെ വാക്കുകള്‍ക്ക് മറ്റാരുടെ വാക്കുകളെക്കാളും സ്ഥാനം നല്‍കല്‍ അനിവാര്യമാണല്ലോ. ആ തെളിയിക്കലാണ് മൂസാ(അ) ഇവിടെ പ്രകടമാക്കിയത്.

ഈ വചനത്തെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നിടത്ത് ഇപ്രകാരം കാണാം: ‘അല്ലാഹുവിന്റെ തൃപ്തി തേടുക എന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിലേക്ക് ധൃതികൂട്ടുന്നതിലൂടെയാണ് എന്ന് ഈ വചനം അറിയിക്കുന്നുണ്ട്. അതിനാലാണ് ശറഇയ്യായ വിധികള്‍ നമ്മോട് ആവശ്യപ്പെടുന്നതിനായി മുന്നോട്ട് വരിക, മുന്‍കടന്ന് വരിക, ധൃതിപ്പെട്ട് മുന്നേറുക, വേഗതയില്‍ ആക്കുക എന്നീ (അര്‍ഥങ്ങള്‍ വരുന്ന) പദങ്ങള്‍  ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു പറഞ്ഞത് പോലെ; ‘…അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരിക…’ (അല്‍ജുമുഅ), ‘നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനം നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക’ (ആലുഇംറാന്‍), ‘നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്ക് നിങ്ങള്‍ മുന്‍കടന്നു വരുവിന്‍’ (അല്‍ഹദീദ്), ‘എന്നാല്‍ നിങ്ങള്‍  സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വരിക’ (അല്‍ബക്വറ, അല്‍മാഇദ). ആ വചനങ്ങളിലെല്ലാം കാണുന്നത് നന്മകളിലേക്ക് ധൃതികാണിക്കുവാനുള്ള കല്‍പനകളാണ്. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിളിക്ക് ഉത്തരം നല്‍കാന്‍ അമാന്തം കാണിക്കരുത് എന്നര്‍ഥം. നബിﷺ പറയുന്നത് കാണുക:

”പരലോകത്തേക്കുള്ള കര്‍മങ്ങളിലൊഴികെ എല്ലാ കാര്യത്തിലും ഒരു സാവകാശം വേണം.”

ഇഹലോകത്തിന്റെ കാര്യത്തെ സംബന്ധിച്ച് ചിന്തിക്കാനും കൂടിയാലോചിക്കുവാനും നമുക്ക് സമയം കാണാം, അഥവാ പലതും സാഹചര്യമനുസരിച്ച് അപ്പോള്‍ തന്നെ ചെയ്യുകയോ പിന്നെ ചെയ്യാന്‍ നീട്ടിവെക്കുകയോ ചെയ്യാം. എന്നാല്‍ പരലോകത്തേക്കുള്ള വിഭവം ഉണ്ടാക്കുന്നതില്‍ ആലോചിക്കുവാനും ചിന്തിക്കുവാനും നമുക്ക് സമയം ഇല്ല. കാരണം മരണം എപ്പോള്‍ സംഭവിക്കുമെന്നറിയില്ല. അതിനുമുമ്പ് തന്നെ സല്‍കര്‍മങ്ങള്‍ ചെയ്താലേ രക്ഷയുള്ളൂ. അത് എത്ര പെട്ടന്ന് ചെയ്യുന്നുവോ അത്രയും നമുക്ക് ലാഭവും നന്മയുമാണ്. അതിനാല്‍ പരലോക കാര്യത്തിന് നാം മത്സരിക്കണം എന്നതാണ് ഈ നബി വചനം നമ്മെ ബോധ്യപ്പെടുത്തുന്നത്. 

പരലോക വിജയത്തിന്റെ കാര്യം പിന്തിക്കുകയും ഇഹലോകത്തിന്റെ കാര്യത്തില്‍ ധൃതികൂട്ടുകയും ചെയ്യല്‍ അല്ലാഹുവിനോടുള്ള സ്‌നേഹത്തില്‍ കാപട്യം കാണിക്കലാണ്.

അബൂസഈദുല്‍ ഖുദ്‌രിയ്യ്(റ)വില്‍ നിന്ന് നിവേദനം: നബിﷺ അവിടുത്തെ അനുചരന്മാരില്‍ ചിലര്‍ പിന്തുന്നത് കാണുകയുണ്ടായി. അപ്പോള്‍ അവരോട് നബിﷺ പറഞ്ഞു: ‘നിങ്ങള്‍ മുന്നോട്ട് വരുവിന്‍. (പരലോകത്തിന് വേണ്ടി മത്സരിക്കുന്നതില്‍) എന്നെ നിങ്ങള്‍ പിന്തുടരുവിന്‍. നിങ്ങള്‍ക്ക് ശേഷമുള്ളവര്‍ നിങ്ങളെയും പിന്തുടരട്ടെ. ഒരു സമൂഹം (പരലോകത്തിന് വേണ്ടി മത്സരിക്കുന്നതില്‍) പിന്തുന്നവരായിക്കൊണ്ടേയിരിക്കും. (അങ്ങനെ)അല്ലാഹു അവരുടെ കാര്യത്തെയും പിന്തിപ്പിക്കുന്നതാണ്'(മുസ്‌ലിം). 

പരലോകവിഷയത്തില്‍ പുറകോട്ട് പോകുന്നതിനെ ക്വുര്‍ആന്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്:

”സത്യവിശ്വാസികളേ, നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന്റെ മാര്‍ഗത്തില്‍ (ധര്‍മസമരത്തിന്ന്) നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ട് കൊള്ളുക എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ നിങ്ങള്‍ ഭൂമിയിലേക്ക് തൂങ്ങിക്കളയുന്നു! പരലോകത്തിന് പകരം ഇഹലോകജീവിതം കൊണ്ട് നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ? എന്നാല്‍ പരലോകത്തിന്റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു” (ക്വുര്‍ആന്‍ 9:38). 

പരലോകം മറന്ന് ഐഹിക ജീവിതത്തെ തെരഞ്ഞെടുക്കുന്ന ആളുകളുടെ ആരാധന നിര്‍വഹണത്തെ സംബന്ധിച്ച് ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നത് ഇപ്രകാരമാണ്:

”തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്. അവര്‍ നമസ്‌കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ച് മാത്രമെ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ” (ക്വുര്‍ആന്‍ 4:142).

”അവര്‍ അല്ലാഹുവിലും അവന്റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും മടിയന്മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്‌കാരത്തിന് ചെല്ലുകയില്ല എന്നതും വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്” (ക്വുര്‍ആന്‍ 9:54).

മൂസാ നബി(അ) തന്റെ അനുയായികളെ വിട്ട് പോന്നതിന് ശേഷം എന്താണ് അവരില്‍ സംഭവിച്ചതെന്ന് അല്ലാഹു അദ്ദേഹത്തെ അറിയിച്ചു കൊടുത്തു.

”അവന്‍ (അല്ലാഹു) പറഞ്ഞു: എന്നാല്‍ നീ പോന്ന ശേഷം നിന്റെ ജനതയെ നാം പരീക്ഷിച്ചിരിക്കുന്നു. സാമിരി അവരെ വഴിതെറ്റിച്ച് കളഞ്ഞിരിക്കുന്നു” (ക്വുര്‍ആന്‍ 20:85).

മൂസാ(അ) തന്റെ അനുചരന്മാരെ സഹോദന്‍ ഹാറൂന്‍(അ)നെ ഏല്‍പിച്ച് പോന്നതാണല്ലോ. എന്നാല്‍ മൂസാ(അ) അവരെ വിട്ട് പോന്നതിന് ശേഷം അവരെ അല്ലാഹു പരീക്ഷിച്ചു. അനുചരന്മാരില്‍ സാമിരി എന്ന ഒരാളുണ്ടായിരുന്നു. അയാള്‍ തന്റെ അനുയായികളെ പിഴപ്പിച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് അല്ലാഹു മൂസാനബി(അ)യെ അറിയിക്കുന്നത്. ജനങ്ങള്‍ പിഴവിലാകുന്നതില്‍ പ്രവാചകന്മാര്‍ എത്രമാത്രം ദുഃഖിതരായിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. മൂസാനബി(അ)ക്കും ആ വിഷമം ഉണ്ടായി. അദ്ദേഹത്തിന് അവരോടുള്ള സ്‌നേഹത്താല്‍ ദേഷ്യം വന്നു. അങ്ങനെ അദ്ദേഹം അവരിലേക്ക് ചെന്നു.

”അപ്പോള്‍ മൂസാ തന്റെ  ജനങ്ങളുടെ അടുത്തേക്ക് കുപിതനും ദുഃഖിതനുമായിക്കൊണ്ട് തിരിച്ചുചെന്നു. അദ്ദേഹം പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് ഉത്തമമായ ഒരു വാഗ്ദാനം നല്‍കിയില്ലേ? എന്നിട്ട് നിങ്ങള്‍ക്ക് കാലം ദീര്‍ഘമായിപ്പോയോ? അഥവാ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കോപം നിങ്ങളില്‍ ഇറങ്ങണമെന്ന് ആഗ്രഹിച്ച് കൊണ്ട് തന്നെ എന്നോടുള്ള നിശ്ചയം നിങ്ങള്‍ ലംഘിച്ചതാണോ?” (ക്വുര്‍ആന്‍ 20:86).

താന്‍ ഏറെ സ്‌നേഹിക്കുന്ന അനുയായികള്‍ നേര്‍മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചത് മൂസാനബി(അ)യെ വല്ലാതെ വിഷമിപ്പിച്ചു. അദ്ദേഹം അല്ലാഹുവിന്റെ ഉത്തരവ് പ്രകാരം തൗറാത്ത് സ്വീകരിക്കുവാന്‍ പോയതാണെന്നും ആ വേദഗ്രന്ഥം അവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നതാണെന്നും അവര്‍ക്ക് മുമ്പേ അറിയാമായിരുന്നു. അതിനെ സംബന്ധിച്ചുള്ള വിവരം അവര്‍ക്ക് ലഭിച്ചിട്ട് അധികം കാലം ആയിട്ടുമില്ല. അപ്പോഴേക്കും അവര്‍ വ്യതിചലിച്ചു. ഇതാണ് മൂസാനബി(അ)യുടെ മനസ്സില്‍ കോപവും ദുഃഖവും ഉടലെടുക്കാന്‍ നിമിത്തമായത്. അവര്‍ മൂസാനബി(അ)യില്‍നിന്ന് സ്വീകരിച്ച നേര്‍വഴി പിന്തുടരുന്നതിലൂടെയാണ് അല്ലാഹുവിന്റെ കാരുണ്യവും സഹായവും ലഭിക്കുക എന്നും  അതിന് വിരുദ്ധമായ മാര്‍ഗത്തെ പിന്തുടരുന്നതിലൂടെ അവര്‍ക്ക് അല്ലാഹുവിന്റെ കോപവും ശിക്ഷയും ഇറങ്ങുമെന്നതും അവര്‍ നേരത്തെ മനസ്സിലാക്കിയിട്ടുണ്ടാകുമെന്നതും ഉറപ്പാണല്ലോ. അവര്‍ മൂസാനബി(അ)യുടെ കൂടെ നേര്‍മാര്‍ഗത്തില്‍ ഉറച്ച്‌നില്‍ക്കുമെന്ന് കരാര്‍ ചെയ്തിട്ടുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ അവരോടുള്ള സംസാരത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്. ആ കരാറുകളെല്ലാം ലംഘിച്ച്, സ്വേച്ഛയെ പിന്തുടരുകയാണ് ആ ജനത ചെയ്തത്.

സൂറത്തുല്‍ അഅ്‌റാഫില്‍ മൂസാ(അ) അവരിലേക്ക് മടങ്ങി വന്നതിനെ സംബന്ധിച്ച് പറയുന്ന ഭാഗത്ത് ഇപ്രകാരവും നമുക്ക് കാണാം:

”കുപിതനും ദുഃഖിതനുമായിക്കൊണ്ട് തന്റെ ജനങ്ങളിലേക്ക് മടങ്ങി വന്നിട്ട് മൂസാ പറഞ്ഞു: ഞാന്‍ പോയശേഷം എന്റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും തന്റെ സഹോദരന്റെ തല പിടിച്ച് തന്റെ  അടുത്തേക്ക് വലിക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 7:150).

അല്ലാഹുവിങ്കല്‍ നിന്നുള്ള ഗ്രന്ഥം ലഭിക്കുന്നതിന് മുമ്പേ അവരില്‍ നിന്നുള്ള ഒരുത്തന്‍ സ്വയം മെനഞ്ഞുണ്ടാക്കിയ തെറ്റായവഴി സ്വീകരിക്കുവാന്‍ അവര്‍ ധൃതിപ്പെട്ടു. ഹാറൂന്‍ നബി(അ)യുടെ  ഉപദേശങ്ങള്‍ക്ക് അവര്‍ കാത് കൊടുത്തില്ല.

ദുഃഖവും ദേഷ്യവും കാരണം തന്റെ കൈയിലുള്ള തൗറാത്തിന്റെ പലകകള്‍ അദ്ദേഹം താഴെയിട്ടു. എന്നിട്ട് സഹോദരന്‍ ഹാറൂനിന്റെ തലക്കും താടിക്കും പിടിച്ച് അദ്ദേഹത്തിലേക്ക് വലിച്ചു.

മൂസാ(അ) അനുചരന്മാരോട് കൂറെ കാര്യങ്ങള്‍ ചോദിച്ചത് നാം കണ്ടല്ലോ. അതിന് അവര്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.

”അവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ ഹിതമനുസരിച്ച് താങ്കളോടുള്ള നിശ്ചയം ലംഘിച്ചതല്ല. എന്നാല്‍ ആ ജനങ്ങളുടെ ആഭരണചുമടുകള്‍ ഞങ്ങള്‍ വഹിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ ഞങ്ങളത് (തീയില്‍) എറിഞ്ഞുകളഞ്ഞു. അപ്പോള്‍ സാമിരിയും അപ്രകാരം അത് (തീയില്‍) ഇട്ടു. എന്നിട്ട് അവര്‍ക്ക് അവന്‍ (ആ ലോഹം കൊണ്ട്) ഒരു മുക്രയിടുന്ന കാളക്കുട്ടിയുടെ രൂപം ഉണ്ടാക്കിക്കൊടുത്തു. അപ്പോള്‍ അവര്‍ ( അനേ്യാന്യം ) പറഞ്ഞു: നിങ്ങളുടെ ദൈവവും മൂസായുടെ ദൈവവും ഇതുതന്നെയാണ്. എന്നാല്‍ അദ്ദേഹം മറന്നുപോയിരിക്കുകയാണ്. എന്നാല്‍ അത് ഒരു വാക്ക് പോലും അവരോട് മറുപടി പറയുന്നില്ലെന്നും അവര്‍ക്ക്  യാതൊരു ഉപദ്രവവും ഉപകാരവും ചെയ്യാന്‍ അതിന് കഴിയില്ലെന്നും അവര്‍ കാണുന്നില്ലേ? മുമ്പ് തന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു: എന്റെ ജനങ്ങളേ, ഇത് (കാളക്കുട്ടി) മൂലം നിങ്ങള്‍ പരീക്ഷിക്കപ്പെടുക മാത്രമാണുണ്ടായത്. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രെ. അതുകൊണ്ട് നിങ്ങളെന്നെ പിന്തുടരുകയും എന്റെ കല്‍പനകള്‍ നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക. അവര്‍ പറഞ്ഞു: മൂസാ, ഞങ്ങളുടെ അടുത്തേക്ക് മടങ്ങിവരുവോളം ഞങ്ങള്‍ ഇതിനുള്ള ആരാധനയില്‍ നിരതരായി തന്നെയിരിക്കുന്നതാണ്” (ക്വുര്‍ആന്‍ 20:87-91).

മൂസാനബി(അ)യോടുള്ള കരാര്‍ അവര്‍ ലംഘിച്ചുവല്ലോ. അതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെചോദ്യത്തിനുള്ള അവരുടെ പ്രതികരണമാണ് ഈ സൂക്തത്തില്‍ കാണുന്നത്. ഈജിപ്തില്‍ നിന്നും രക്ഷപ്പെടുന്ന സമയത്ത് സ്വര്‍ണവും വെള്ളിയുമടങ്ങുന്ന കുറെ ആഭരണങ്ങളും അലങ്കാരങ്ങളും അവരുടെ പക്കല്‍ ഉണ്ടായിരുന്നു. അതെല്ലാം വഹിച്ചു കൊണ്ടാണ് അവര്‍ മൂസാനബി(അ)യുടെ കൂടെ വരുന്നത്. മൂസാനബി(അ) തൗറാത്ത് വാങ്ങാന്‍ പോയ സമയത്ത് ഈ ലോഹങ്ങളെല്ലാം സാമിരി തീയിലിട്ട് ഉരുക്കിഅത് കൊണ്ട് ഒരു പശുക്കുട്ടിയുടെ രൂപം അതിവിദഗ്ധമായി ഉണ്ടാക്കി. ആ രൂപത്തെ കാറ്റിന്റെ ദിശക്കനുസരിച്ച് വെച്ചാല്‍ കാളക്കുട്ടന്‍ മുക്രയിടുന്നപോലെയുള്ള ഒരു ശബ്ദം അതില്‍നിന്ന് വരും. ‘ഇതാണ് നിങ്ങളുടെയും മൂസായുടെയും ആരാധ്യന്‍. പക്ഷേ, മൂസാ അതിനെ പറ്റി മറന്നുപോയതാണ്. ഈ ആരാധ്യനെയും തേടിയാണ് മൂസാ പോയത്. ഇതിനെ ഇവിടെ കിട്ടിയ വിവരം മൂസാക്ക് അറിയില്ല’ എന്നെല്ലാം പറഞ്ഞ് അവരെ പറ്റിച്ചു; അവരെ വഴികേടിലാക്കി.

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 15

മൂസാ നബി (അ) - 15

തൗറാത്ത് ഏറ്റുവാങ്ങാനുള്ള യാത്ര‍

മൂസാനബി(അ)യും ബനൂഇസ്‌റാഈല്യരും യാത്ര തുടരുകയാണ്. ആ യാത്രയില്‍ ഉണ്ടായ പല സംഭവങ്ങളും ക്വുര്‍ആന്‍ നമുക്ക് പറഞ്ഞു തരുന്നുണ്ട്.

മൂസാനബി(അ)ക്ക് അല്ലാഹു ധാരാളം ദൃഷ്ടാന്തങ്ങള്‍ നല്‍കിയതായും അദ്ദേഹത്തോട് സംസാരിച്ചതായും പല നിയമങ്ങളും അറിയിച്ചുകൊടുത്തതായും നമ്മള്‍ ഇതിനകം മനസ്സിലാക്കി. എന്നാല്‍ ഇതുവരെയും ഒരു വേദഗ്രന്ഥം അദ്ദേഹത്തിന് നല്‍കപ്പെട്ടിട്ടില്ല.

അല്ലാഹു മൂസാനബി(അ)ക്ക് തൗറാത്ത് നല്‍കാന്‍ തീരുമാനിച്ചു. അത് നല്‍കുന്നതിനായി അദ്ദേഹത്തെ അല്ലാഹു സീനാ പര്‍വതത്തിലേക്ക് വിളിച്ചു. അതിനായി അദ്ദേഹത്തോട് നാല്‍പത് ദിവസം നോമ്പും ധ്യാനവുമായി കഴിയാനായി അല്ലാഹു കല്‍പിക്കുകയും ചെയ്തു. ആദ്യം അത് മുപ്പത് ദിവസമായിരുന്നു. പിന്നീട് അത് നാല്‍പത് ആക്കുകയാണ് ചെയ്തത്. ക്വുര്‍ആന്‍ പറയുന്നത് കാണുക:

”മൂസായ്ക്ക് നാം മുപ്പത് രാത്രി നിശ്ചയിച്ച് കൊടുക്കുകയും, പത്ത് കൂടി ചേര്‍ത്ത് അത് പൂര്‍ത്തി യാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് നിശ്ചയിച്ച നാല്‍പത് രാത്രിയുടെ സമയപരിധി പൂര്‍ത്തിയായി. മൂസാ തന്റെ സഹോദരനായ ഹാറൂനോട് പറഞ്ഞു: എന്റെ ജനതയുടെ കാര്യത്തില്‍ നീ എന്റെ പ്രാതിനിധ്യം വഹിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 7:142).

നാല്‍പത് ദിവസം അല്ലാഹുവിന്റെ കല്‍പന പ്രകാരം കഴിച്ചു കൂട്ടി. അത് പൂര്‍ത്തിയായതിന് ശേഷം തൗറാത്ത് സ്വീകരിക്കുന്നതിനായി അദ്ദേഹം പുറപ്പെടാന്‍ ഒരുങ്ങി.

തന്റെ കൂടെയുള്ള ജനതയിലെ പലരുടെയും കാര്യത്തില്‍ അദ്ദേഹത്തിന് പേടിയുണ്ട്. അല്ലാഹുവിങ്കല്‍ നിന്നുള്ള അനേകം അനുഗ്രങ്ങള്‍ ലഭിച്ചിട്ടും അതിനെക്കുറിച്ച് ഓര്‍ക്കാത്തവര്‍, കണ്ട തെളിവുകളൊന്നും ഹൃദയത്തെ സ്വാധീനിക്കാത്തവര്‍, ഒരു കാര്യം കല്‍പിച്ചാല്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനായി അനേകം അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍, കൂടെ അല്ലാഹുവിന്റെ പ്രവാചകന്‍ ഉണ്ടായിട്ടും തൗഹീദിന് വിരുദ്ധമായ കാര്യങ്ങള്‍ ആവശ്യപ്പെട്ടവര്‍… അങ്ങനെ അനേകം ദുഃസ്വഭാവങ്ങള്‍ ഉള്ള ഒരു വിഭാഗത്തെ വിട്ട് കുറെ ദിവസം മാറിനില്‍ക്കുമ്പോള്‍ അവരുടെ കാര്യത്തില്‍ എങ്ങനെ ആശങ്കപ്പെടാതിരിക്കും?

നേരത്തെ മൂസാനബി(അ)യുടെ പ്രാര്‍ഥനക്ക് ഉത്തരമെന്നോണം സഹായിയായി അല്ലാഹു  നിയോഗിച്ച സഹോദരന്‍ ഹാറൂനിനെ ഈ ജനതയുടെ നേതൃത്വം ഏല്‍പിച്ച് പുറപ്പെടാന്‍ മൂസാ(അ) തീരുമാനിച്ചു. അങ്ങനെ തന്റെ പ്രതിനിധിയായി സഹോദരന്‍ ഹാറൂന്‍(അ)നെ അദ്ദേഹം നിശ്ചയിച്ചു. പുറപ്പെടുന്ന നേരത്ത് മൂസാ(അ) ‘എന്റെ ജനതയുടെ കാര്യത്തില്‍ നീ എന്റെ പ്രാതിനിധ്യം വഹിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക’ എന്ന് സഹോദരനെ  ഉപദേശിക്കുകയും ചെയ്തു.

മൂന്ന് കാര്യങ്ങളാണ് ഈ ഉപദേശത്തിലുള്ളത്. ഒന്നാമത്തേത് ‘എന്റെ ജനതയുടെ കാര്യത്തില്‍ നീ എന്റെ പ്രാതിനിധ്യം വഹിക്കുക’ എന്നതാണ്. അത് ഒരു ചെറിയ കാര്യമായിരുന്നില്ല. അവരെ നിയന്ത്രിച്ച് കൊണ്ടുപോകല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. അവരുടെ സ്വഭാവസവിശേഷതകള്‍ തന്നെ കാരണം.  രണ്ടാമത്തേത് ‘നല്ലത് പ്രവര്‍ത്തിക്കുക (അസ്വ്‌ലിഹ്)’ എന്നതാണ്. ‘അസ്വ്‌ലഹ’ എന്നാല്‍ ‘നന്നാക്കി’ എന്നാണ് അര്‍ഥം. കേട്‌വരുമ്പോഴാണല്ലോ നന്നാക്കുക. പ്രബോധകരുടെ ഒരു വലിയ ദൗത്യമാണിത്;  വിശ്വാസത്തിലും കര്‍മങ്ങളിലും സ്വഭാവത്തിലുമെല്ലാം വ്യതിയാനമുണ്ടാകുമ്പോള്‍ നന്നാക്കിയെടുക്കുക എന്ന വലിയ ദൗത്യം. 

പലപ്പോഴും സാഹചര്യങ്ങള്‍ പ്രതികൂലമാകുമ്പോള്‍ മനസ്സാക്ഷിക്ക് വിരുദ്ധമായ ശൈലി സ്വീകരിക്കുന്നവരുണ്ട്. താടി വളര്‍ത്തല്‍ തീവ്രവാദത്തിന്റെ അടയാളമാണെന്ന് ശത്രുക്കള്‍ പറയുമ്പോള്‍ എന്നെക്കുറിച്ച് ജനങ്ങള്‍ അപ്രകാരം വിലയിരുത്തുമോ എന്ന് വിചാരിച്ച് താടി വെട്ടി ചെറുതാക്കുന്നവരും വടിച്ചുകളയുന്നവരുമൊക്കെയുണ്ട്. ഇസ്‌ലാമിക വേഷവിധാനത്തെ ഭീകരതയുടെ അടയാളമായി മുദ്ര കുത്തുകയോ പാരതന്ത്ര്യത്തിന്റെ അടയാളമെന്ന് വിശേഷിപ്പിക്കുകയോ ചെയ്യുമ്പോള്‍ ഞങ്ങളൊന്നും അത്തരക്കാരല്ലെന്ന് വരുത്തിത്തീര്‍ക്കുന്നതിന് വസ്ത്രധാരണ രീതിയില്‍ അഴകുഴമ്പന്‍ സമീപനം സ്വീകരിക്കുന്നവരുമുണ്ട്. ഇതൊന്നും ഒരു സത്യവിശ്വാസിക്ക് ചേര്‍ന്ന നിലപാടല്ല. ഇത്തരം സാഹചര്യങ്ങളില്‍ പ്രബോധകര്‍ ഗൗരവത്തില്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കേണ്ടതുണ്ട്. 

‘കുഴപ്പക്കാരുടെ മാര്‍ഗം പിന്തുടരാതിരിക്കുകയും ചെയ്യുക’ എന്നതാണ് മൂന്നാമത്തേത്. കുഴപ്പക്കാര്‍കുഴപ്പം സൃഷ്ടിക്കുമ്പോള്‍ അവരുടെ കൂടെ കൂടുകയല്ല വേണ്ടതെന്നും ജനങ്ങള്‍ക്കിടയില്‍ നന്മ ഉണ്ടാക്കുകയാണ് വേണ്ടതെന്നുമാണ് ഇസ്‌ലാമിന്റെ അധ്യാപനം. മൂസാ(അ) സഹോദരനായ ഹാറൂന്‍നബി(അ)ക്ക് ഇക്കാര്യത്തിലും ഉപദേശം നല്‍കി. ഈ ഉപദേശമെല്ലാം നല്‍കിയ ശേഷം മൂസാ(അ) തൗറാത്ത് സ്വീകരിക്കുന്നതിനായി പുറപ്പെടുകയാണ്.

”നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന്‍ (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്റെ  രക്ഷിതാവ് പര്‍വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു” (ക്വുര്‍ആന്‍ 7:143).

രണ്ടാം തവണയാണ് അല്ലാഹു മൂസാനബി(അ) യോട് നേരിട്ട് സംസാരിക്കുന്നത്. ഒന്ന് നേരത്തെ നാം മനസ്സിലാക്കിയത് പോലെ, മദ്‌യനില്‍ നിന്ന് കുടുംബവുമായി ഈജിപ്തിലേക്ക് മടങ്ങുന്ന വേളയിലാണ് സംഭവിച്ചത്. സൂറഃ ത്വാഹയില്‍ ആ ഭാഗം വന്നിട്ടുണ്ട്. ഇപ്രകാരം അല്ലാഹു നേരിട്ട് സംസാരിച്ചിട്ടുള്ളത് മൂസാനബി(അ)യോട് മാത്രമാണ്. അതിനാലാണ് അല്ലാഹു ‘അല്ലാഹു മൂസായോട് ഒരു സംസാരിക്കല്‍ സംസാരിച്ചിട്ടുണ്ട്’ എന്ന് പറഞ്ഞത്.

അല്ലാഹു തന്റെ മനുഷ്യരായ ദൂതന്മാരോട് സംസാരിക്കുന്നത് അഥവാ സന്ദേശം കൈമാറുന്നത് മൂന്ന് രൂപത്തിലാണ് എന്ന് താഴെ കൊടുക്കുന്ന സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കിത്തരുന്നു:

”(നേരിട്ടുള്ള) ഒരു ബോധനം എന്ന നിലയിലോ, ഒരു മറയുടെ പിന്നില്‍ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച് അല്ലാഹുവിന്റെ അനുവാദപ്രകാരം അവന്‍ ഉദ്ദേശിക്കുന്നത് അദ്ദേഹം (ദൂതന്‍) ബോധനം നല്‍കുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട് സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീര്‍ച്ചയായും അവന്‍ ഉന്നതനും യുക്തിമാനുമാകുന്നു” (ക്വുര്‍ആന്‍ 42:51).

ഒന്ന്, വഹ്‌യ് പ്രകാരം. അത് പ്രവാചകന്മാരുടെ ഉറക്കത്തിലോ ഉണര്‍ച്ചയിലോ ആകാവുന്നതാണ്. അല്ലെങ്കില്‍ ഒരു മറയുടെ പുറകില്‍ നിന്നായിക്കൊണ്ട്. ഈ രൂപത്തിലാണ് മൂസാനബി(അ)യോട് അല്ലാഹു സംസാരിച്ചത്. ജിബ്‌രീല്‍ എന്ന മലക്കിനെ അയച്ച് സന്ദേശം നല്‍കുന്നതാണ് മൂന്നാമത്തെ രൂപം. ഈ രൂപത്തിലാണ് മറ്റു പ്രവാചകന്മാരോടെല്ലാം അല്ലാഹു സംസാരിച്ചിട്ടുള്ളത്.  

അല്ലാഹു മൂസാനബി(അ)യോട് നേരിട്ട് സംസാരിച്ചു എന്ന് ക്വുര്‍ആനില്‍ നിന്ന് വ്യക്തമാണല്ലോ. അല്ലാഹുവിന്റെ ആ സംസാരം എങ്ങനെയായിരുന്നു എന്ന് നമുക്ക് അറിയില്ല. അല്ലാഹുവുമായി ബന്ധപ്പെട്ടതെല്ലാം സൃഷ്ടികളില്‍ നിന്ന് വ്യത്യസ്തമാണല്ലോ. അത് എങ്ങനെയെന്നും നമുക്ക് പറയാന്‍ കഴിയില്ല. അല്ലാഹു അറിയിച്ച പ്രകാരം അതിനെ നിഷേധിക്കാതെ, സാദൃശ്യപ്പെടുത്താതെ,  പ്രമാണങ്ങളില്‍ വന്നത് പോലെ നാം വിശ്വസിക്കണം. കാരണം അല്ലാഹു സൃഷ്ടികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ്.

അല്ലാഹു നേരില്‍ സംസാരിച്ചു എന്ന മഹത്തായ ഭാഗ്യം ലഭിച്ച സന്ദര്‍ഭത്തില്‍ മൂസാനബി(അ)യുടെ ഉള്ളില്‍ ഒരു ആഗ്രഹം ഉദിക്കുകയായി. തന്നോട് സംസാരിച്ച ആ റബ്ബിനെ ഒന്ന് കാണുക എന്നതായിരുന്നു ആ ആഗ്രഹം. തന്റെ ആഗ്രഹം സാധിപ്പിച്ചുതരാന്‍ അല്ലാഹുവിനോട് അപേക്ഷിക്കുകയും ചെയ്തു. മൂസാനബി(അ)യെ ഈ ചോദ്യത്തിന്റെ പേരില്‍ അല്ലാഹു ആക്ഷേപിച്ചതൊന്നുമില്ല. നീ ചോദിച്ചത് വിവരക്കേടാണെന്നും പറഞ്ഞില്ല. എന്നാല്‍ അല്ലാഹു അദ്ദേഹത്തോട് തന്നെ ഇവിടെ വെച്ച് കാണാന്‍ കഴിയില്ലെന്ന് അറിയിച്ചു. കാരണം അല്ലാഹു ഇഹലോകത്ത് ഓരോന്നിനും ഓരോ വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ട്. അത് പ്രകാരമേ ഇവിടെ എന്തും സംഭവിക്കുകയുള്ളൂ. അല്ലാഹുവിനെ കാണുന്നതിനുള്ള ഒരു വ്യവസ്ഥയിലല്ല ഈ ലോകത്ത് അവന്‍ നമ്മെ സൃഷ്ടിച്ചിട്ടുള്ളത്. മൂസാ(അ) ആവശ്യപ്പെട്ടത് ആ വ്യവസ്ഥക്ക് എതിരായതിനാല്‍ അത് അസാധ്യമാണെന്ന് അല്ലാഹു തെളിയിച്ച് കൊടുത്തു.

‘നീ എന്നെ കാണുകയില്ല തന്നെ’ എന്ന് അല്ലാഹു പറഞ്ഞ ഭാഗത്തെ ഉയര്‍ത്തിപ്പിടിച്ച് അല്ലാഹുവിനെ അടിമക്ക് ഒരിക്കലും (പരലോകത്ത് വെച്ച് പോലും) കാണാന്‍ കഴിയില്ലെന്ന് വാദിച്ചവരും വാദിക്കുന്നവരുമുണ്ട്. എന്നാല്‍ അഹ്‌ലുസ്സുന്നതി വല്‍ജമാഅയുടെ, അഥവാ പ്രവാചകനെയും സ്വഹാബത്തിനെയും പിന്‍പറ്റി ജീവിക്കുന്ന സന്മാര്‍ഗികളായവരുടെ വിശ്വാസം ഈ ലോകത്ത് വെച്ച് അല്ലാഹുവിനെ കാണാന്‍ കഴിയില്ല എന്നാണ് അല്ലാഹു മൂസാനബി(അ)യോട് പറഞ്ഞതിന്റെ ഉദ്ദേശ്യം എന്നും, പരലോകത്ത് വെച്ച് വിശ്വാസകള്‍ക്ക് പരമോന്നതനായ അല്ലാഹുവിനെ കാണുവാനും കണ്ട് ആനന്ദിക്കുവാനും കഴിയും എന്നുമാണ്. ഇക്കാര്യം വിശുദ്ധ ക്വുര്‍ആനില്‍ സ്ഥിരപ്പെട്ടതുമാണ്. മുപ്പതില്‍ അധികം സ്വഹാബിമാരില്‍ നിന്ന് സ്വീകാര്യയോഗ്യമായ നിലക്ക് ഇക്കാര്യം ഉദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

മരണസമയം മുതല്‍ തന്നെ നാം ഇഹലോക ജീവിതത്തില്‍ കാണുവാന്‍ കഴിയാത്ത പലതും  കാണുവാനും കേള്‍ക്കുവാന്‍ കഴിയാത്ത പലതും കേള്‍ക്കുവാനും തുടങ്ങുമല്ലോ. മലക്കുകളെ നാം ഇതുവരെ കാണുകയോ അവരുടെ ശബ്ദം കേള്‍ക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ മരണസമയത്ത് നാം മലക്കുകളെ കാണും. അവരുടെ സംസാരം കേള്‍ക്കും. പരലോകത്ത് വെച്ച് നാം കാണുന്നതും കേള്‍ക്കുന്നതുമെല്ലാം അപ്രകാരം തന്നെയാണല്ലോ. ഈ കാര്യം ഓര്‍മപ്പെടുത്തുന്നു താഴെയുള്ള ക്വുര്‍ആന്‍ സൂക്തങ്ങള്‍:

”(അന്ന് സത്യനിഷേധിയോട് പറയപ്പെടും:) തീര്‍ച്ചയായും നീ ഇതിനെപ്പറ്റി അശ്രദ്ധയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിന്നില്‍ നിന്ന് നിന്റെ ആ മൂടി നാം നീക്കം ചെയ്തിരിക്കുന്നു. അങ്ങനെ നിന്റെ  ദൃഷ്ടി ഇന്ന് മൂര്‍ച്ചയുള്ളതാകുന്നു” (ക്വുര്‍ആന്‍ 50:22).

”…അവര്‍ കണക്ക് കൂട്ടിയിട്ടില്ലായിരുന്ന പലതും അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക്  വെളിപ്പെടുകയും ചെയ്യും” (ക്വുര്‍ആന്‍ 39:47).

”ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും അവയുടെ രക്ഷിതാവിന്റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും” (ക്വുര്‍ആന്‍ 75:22,23). 

അവിശ്വാസികളെ സംബന്ധിച്ച് അല്ലാഹു പറയുന്നത് കാണുക: ”അല്ല; തീര്‍ച്ചയായും അവര്‍ അന്നേദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു”(ക്വുര്‍ആന്‍ 83:15). 

ഈ വചനത്തെ വിശദീകരിക്കുമ്പോള്‍ ഇമാം ശാഫിഈ(റഹി) ഇപ്രകാരം പറഞ്ഞു: ”അന്നേ ദിവസം വിശ്വാസികള്‍ അല്ലാഹുവിനെ കാണും എന്നതിന് ഈ ആയത്തില്‍ തെളിവുണ്ട്.” അവിശ്വാസികള്‍ക്കാണല്ലോ അല്ലാഹു മറയിടുമെന്ന് പറയുന്നത്. അപ്പോള്‍ വിശ്വാസികള്‍ക്ക് അല്ലാഹുവിനെ കാണുന്നതിനെ തൊട്ട് മറയിടില്ല എന്നത് വ്യക്തമാണല്ലോ. 

”സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്…” (ക്വുര്‍ആന്‍ 10:26). സുകൃതം ചെയ്ത് ജീവിച്ചവര്‍ക്ക് ഏറ്റവും ഉത്തമമായത് ഉണ്ടെന്ന് പറഞ്ഞതിന്റെ ഉദ്ദേശം സ്വര്‍ഗമാണ്. അതിന് പുറമെ കൂടുതല്‍ നേട്ടവും ഉണ്ട് എന്നും പറഞ്ഞല്ലോ. അത് എന്താണെന്നത് താഴെയുള്ള ഹദീഥ്‌കൊണ്ട് വ്യക്തമാണ്:

സ്വുഹയ്ബ്(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ”സ്വര്‍ഗക്കാര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചാല്‍ അല്ലാഹു പറയും: ‘ഞാന്‍ നിങ്ങള്‍ക്ക് വല്ലതും വര്‍ധിപ്പിക്കണം എന്ന് നിങ്ങള്‍ ഉദ്ദേശിക്കുന്നുവോ?’ അപ്പോള്‍ അവര്‍ പറയും: ‘നീ ഞങ്ങളുടെ മുഖം വെളുപ്പിച്ചില്ലേ? ഞങ്ങളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും നരകത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തില്ലേ?’ നബിﷺ പറഞ്ഞു:  ‘അപ്പോള്‍ അല്ലാഹു അവന്റെ മറ നീക്കും. അപ്പോള്‍ അവരുടെ രക്ഷിതാവിലേക്ക് നോക്കുന്നതിലേറെ ഏറ്റവും ഇഷ്ടപ്പെട്ടതായി യാതൊന്നും നല്‍കപ്പെടുന്നവരാകുന്നവരല്ല അവര്‍” (മുസ്‌ലിം). 

സ്വര്‍ഗപ്രവേശനത്തെക്കാള്‍ വലിയ സൗഭാഗ്യമാണ് നമ്മുടെ രക്ഷിതാവിനെ കാണാന്‍ കഴിയല്‍ എന്ന് ഈ ഹദീഥില്‍ നിന്ന് വളരെ വ്യക്തമാണ്. ക്വുര്‍ആന്‍ 10:26ല്‍ പറഞ്ഞ ‘കുടുതല്‍ നേട്ടം’ രക്ഷിതാവിനെ ദര്‍ശിക്കലാണെന്ന് ഈ നബി വചനം നമ്മെ പഠിപ്പിക്കുന്നു. ഇതേ കാര്യം ഹമ്മാദ് ബ്‌നു സലമ(റ)വില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ‘പിന്നീട് നബിﷺ ഈ വചനം (സുകൃതം ചെയ്തവര്‍ക്ക് ഏറ്റവും ഉത്തമമായ പ്രതിഫലവും കൂടുതല്‍ നേട്ടവുമുണ്ട്…) പാരായണം ചെയ്യുകയും ചെയ്തു’ എന്ന് കൂടി ഉണ്ട്.

വിശ്വാസികള്‍ക്ക് പരലോകത്ത് വെച്ച് അല്ലാഹുവിനെ കാണാന്‍ കഴിയുന്നതാണ്. അതിനുള്ള പ്രയത്‌നം നമ്മില്‍ നിന്ന് ഉണ്ടാകലാണ് പ്രധാനം. അല്ലാഹുവിനെ കാണാനുള്ള സൗഭാഗ്യത്തിന് ഹേതുവാക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ ഉണര്‍ത്തുകയാണ്. അല്ലാഹുവിലുള്ള വിശ്വാസവും അതില്‍ തന്നെ അവനെ ഏകനാക്കുന്നതിലും നാം കണിശത നല്‍കുക. കാരണം സുകൃതം ചെയ്യുന്നവര്‍ക്കാണല്ലോ അല്ലാഹു ഈ ഭാഗ്യം വാഗ്ദാനം ചെയ്തിട്ടുള്ളത്. സുകൃതം ചെയ്യുന്നതിലെ ഏറ്റവും മുന്തിയ പരിഗണന നല്‍കേണ്ടുന്ന വിഷയമാണ് അല്ലാഹുവിലുള്ള വിശ്വാസവും തൗഹീദും. അതുപോലെ അഞ്ച് നേരത്തെ നമസ്‌കാരത്തിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധ ഉണ്ടാകുക. പ്രത്യേകിച്ച് ഫജ്ര്‍, അസ്വ്ര്‍ നമസ്‌കാരങ്ങളില്‍. നബിﷺ അവ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്.

ക്വയ്‌സ്ബ്‌നു അബീ ഹാസിം(റ)വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ജരീറുബ്‌നു അബ്ദില്ല(റ) പറയുന്നത് ഞാന്‍ കേട്ടു: ‘പൂര്‍ണ ചന്ദ്രനുള്ള രാത്രിയില്‍ നബിﷺ ചന്ദ്രനെ നോക്കുമ്പോള്‍ ഞങ്ങള്‍ അല്ലാഹുവിന്റെ ദൂതരുടെ അടുക്കല്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ നബിﷺ പറഞ്ഞു: അറിയുക! തീര്‍ച്ചയായും നിങ്ങള്‍ ഈ ചന്ദ്രനെ കാണുന്നത് പോലെ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ കാണുന്നതാണ്. അവനെ കാണുന്നതില്‍ നിങ്ങള്‍ യാതൊരു പ്രയാസവും അനുഭവിക്കുന്നവരാകില്ല. അതിനാല്‍ നിങ്ങള്‍ക്ക് സാധിക്കുന്നത്ര സൂരേ്യാദയത്തിന് മുമ്പുള്ള നമസ്‌കാരവും സൂര്യാസ്തമയത്തിന് മുമ്പുള്ള നമസ്‌കാരവും (അസ്വ്ര്‍, ഫജ്ര്‍ എന്നിവയാണ് ഉദ്ദേശ്യം) നിങ്ങളെ അതിജയിക്കാതിരിക്കാന്‍ (നിങ്ങള്‍ ശ്രദ്ധിക്കുക).’ പിന്നീട് ജരീര്‍(റ) സൂരേ്യാദയത്തിനു മുമ്പും സൂര്യാസ്തമയത്തിന് മുമ്പും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക’ (20:130) എന്ന ആയത്ത് ഓതുകയും ചെയ്തു.

പാപങ്ങളില്‍ നിന്നും കുറ്റങ്ങളില്‍ നിന്നും മാറി നില്‍ക്കലാണ് അല്ലാഹുവിനെ കാണുവാനുള്ള മറ്റൊരു മാര്‍ഗം. ഒരു നബി വചനം കാണുക:

അബൂദര്‍റ്(റ)വില്‍ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: ”മൂന്ന് വിഭാഗം ആളുകളോട് അല്ലാഹു ഉയര്‍ത്തഴുന്നേല്‍പിന്റെ നാളില്‍ സംസാരിക്കുകയോ അവരിലേക്ക് (കാരുണ്യത്തോടെ) നോക്കുകയോ അവരെ സംസ്‌കരിക്കുകയോ ചെയ്യുന്നതല്ല. അവര്‍ക്ക് വേദനയേറിയ ശിക്ഷ ഉണ്ടായിരിക്കുന്നതുമാണ്.”  മുന്ന് തവണ റസൂല്‍ﷺ ഇത് ആവര്‍ത്തിച്ചു. അബൂദര്‍റ്(റ) പറഞ്ഞു:  ”അവര്‍ തകര്‍ന്നിരിക്കുന്നു. അവര്‍ നശിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ദൂതരേ, അവര്‍ ആരാണ്?” നബിﷺ പറഞ്ഞു: ”വസ്ത്രം നെരിയാണിക്ക് താഴെ ഇറക്കിയിടുന്നവരും ചെയ്ത നന്മകള്‍ എടുത്ത് പറഞ്ഞ് പ്രയാസപ്പെടുത്തുന്നവരും കള്ള സത്യത്തിലൂടെ ചരക്കുകള്‍ വിറ്റഴിക്കുന്നവരുമാണവര്‍” (മുസ്‌ലിം). ഇത്തരം എല്ലാ തിന്മകളും പാപങ്ങളും അല്ലാഹുവിനെ കാണുന്നതിനെ തൊട്ട് നമ്മെ തടയുന്നതാണ്.

അല്ലാഹുവിനെ കാണുന്നതിനായി ആഗ്രഹം മനസ്സില്‍ ഉണ്ടായത്‌കൊണ്ടായില്ല. സാധിക്കുന്നത്ര അല്ലാഹുവിനോട് അതിനായി നാം തേടുകയും വേണം. നബിﷺ പഠിപ്പിച്ച ഒരു പ്രാര്‍ഥനയില്‍ അതിനായി ചോദിക്കുവാന്‍ പഠിപ്പിക്കുന്നത് കാണുക:

”അല്ലാഹുവേ, നിന്റെ അദൃശ്യജ്ഞാനം കൊണ്ടും സൃഷ്ടിയുടെ മേല്‍ ഉള്ള നിന്റെ കഴിവ് കൊണ്ടും (ഞാന്‍ നിന്നോട് ചോദിക്കുന്നു). ജീവിതമാണ് എനിക്ക് നന്മയായിട്ട് നീ അറിയുന്നതെങ്കില്‍ നീ എന്നെ ജീവിപ്പിക്കേണമേ. മരണമാണ് എനിക്ക് നന്മയായിട്ട് നീ അറിയുന്നതെങ്കില്‍ നീ എന്നെ മരിപ്പിക്കേണമേ. അല്ലാഹുവേ, ദൃശ്യവും അദൃശ്യവുമായ നിലക്ക് നിന്നെ ഭയപ്പെടുന്നതിനെ ഞാന്‍ നിന്നോട് ചോദിക്കുന്നു. തൃപ്തിയും കോപവും ഉള്ളപ്പോള്‍ സത്യവചനത്തെ ഞാന്‍ നിന്നോട് ചോദിക്കുന്നു. ധന്യതയിലും ദാരിദ്ര്യത്തിലും മിതത്വം പാലിക്കുന്നതിനെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. തീര്‍ന്ന് പോകാത്ത അനുഗ്രഹത്തെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. മുറിഞ്ഞ് പോകാത്ത കണ്‍കുളിര്‍മയെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. (നിന്റെ) വിധിയില്‍ സംതൃപ്തി ലഭിക്കുവാനും ഞാന്‍ നിന്നോട് ചോദിക്കുന്നു. മരണശേഷം സുഖജീവിതത്തെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. നിന്റെ മുഖത്തിലേക്കുള്ള  നോട്ടത്തിന്റെ മധുരത്തെയും വിഷമങ്ങളിലെ യാതൊരു വിഷമവും പരീക്ഷണവും കൂടാതെ നിന്നെ കണ്ടുമുട്ടുന്നതിനുള്ള ഇഷ്ടത്തെയും ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, ഈമാനിന്റെ അലങ്കാരം കൊണ്ട് നീ ഞങ്ങളെ അലങ്കരിക്കേണമേ. അല്ലാഹുവേ, ഞങ്ങളെ നീ സന്മാര്‍ഗം പ്രാപിക്കുന്നവര്‍ക്കുന്നവരുടെ മാര്‍ഗദര്‍ശകരും ആക്കേണമേ” (നസാഈ).

അല്ലാഹു പര്‍വതത്തില്‍ വെളിപ്പെട്ടു. അപ്പോള്‍ എന്താണ് സംഭവിച്ചത്? ബലവത്തായ ആ പര്‍വതം തകര്‍ന്ന് പൊടിയായി. ബലവത്തായ വലിയ ഒരു പര്‍വതത്തിന് പോലും താങ്ങാന്‍ കഴിയാത്ത ഒന്നിനെ മൂസാനബി(അ)ക്ക് എങ്ങനെ കാണാന്‍ കഴിയും. ഇത് കണ്ട മൂസാ(അ)യും ബോധരഹിതനായി നിലം പതിച്ചു.

ബോധം തെളിഞ്ഞ ശേഷം മൂസാ(അ) അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തി. അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്തു. അല്ലാഹുവിനെ കാണാത്തതിനാല്‍ അദ്ദേഹത്തിന് അല്ലാഹുവില്‍ വിശ്വാസക്കുറവ് ഉണ്ടായിരുന്നത് കൊണ്ടൊന്നുമല്ല അപ്രകാരം അല്ലാഹുവിനോട് ചോദിച്ചത്. അദ്ദേഹത്തിന് അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ദാര്‍ഢ്യത അദ്ദേഹം ഏറ്റു പറയുകയും ചെയ്തു.

അല്ലാഹുവിന്റെ പ്രകാശമാണ് അല്ലാഹുവിന്റെ മറ. ആ പ്രകാശത്തെ സംബന്ധിച്ച് നബിﷺ  പറഞ്ഞത് സ്വഹീഹ് മുസ്‌ലിമില്‍ വന്നത് ഇപ്രകാരം വായിക്കാം:

”അല്ലാഹുവിന്റെ മറ പ്രകാശമാകുന്നു. ആ പ്രകാശത്തെ അവന്‍ തുറന്ന് വിട്ടാല്‍ അവന്റെ സൃഷ്ടികളില്‍ നിന്ന് (ഏതൊന്നിലേക്ക്) അവന്റെ ദൃഷ്ടി എത്തുന്നുവോ അവയെ മുഴുവന്‍ അവന്റെ തിരുമുഖത്തിന്റെജ്യോതിസ്സ് കരിച്ച് കളയുന്നതാണ്.”

അല്ലാഹുവിനെ കാണണമെന്ന് മൂസാ(അ) ആവശ്യപ്പെട്ടതിന്റെ പേരില്‍ അല്ലാഹു അദ്ദേഹത്തെ ആക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല ചെയ്തത്, അത് സാധ്യമല്ലെന്ന് തെളിയിച്ചുകൊടുക്കുകയും ശേഷം അദ്ദേഹത്തോട് ഇപ്രകാരം പറയുകയുമാണ് ചെയ്തത്. 

”അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, എന്റെ സന്ദേശങ്ങള്‍ കൊണ്ടും എന്റെ (നേരിട്ടുള്ള) സംസാരം കൊണ്ടും തീര്‍ച്ചയായും നിന്നെ ജനങ്ങളില്‍ ഉല്‍കൃഷ്ടനായി ഞാന്‍ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ഞാന്‍ നിനക്ക് നല്‍കിയത് സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 7:144).

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 14

മൂസാ നബി (അ) - 14

ഫിര്‍ഔനിന്റെ നാശത്തിനു ശേഷം

മൂസാനബി(അ)യും വിശ്വസികളും കടല്‍ കടന്ന് മറ്റൊരു നാട്ടില്‍ എത്തിയതിന് ശേഷമുള്ള കാര്യങ്ങള്‍ ക്വുര്‍ആന്‍ നമുക്ക് ഇപ്രകാരം വിവരിച്ചുതരുന്നു:

”ഇസ്‌റാഈല്‍ സന്തതികളെ നാം കടല്‍ കടത്തി (രക്ഷപ്പെടുത്തി). എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി. അവര്‍ പറഞ്ഞു: ഹേ; മൂസാ, ഇവര്‍ക്ക്  ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും  ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു. തീര്‍ച്ചയായും ഈ കൂട്ടര്‍ എന്തൊന്നില്‍ നിലകൊള്ളുന്നുവോ അത് നശിപ്പിക്കപ്പെടുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതെല്ലാം നിഷ്ഫലവുമാകുന്നു. അദ്ദേഹം പറഞ്ഞു: അല്ലാഹുവല്ലാത്തവരെയാണോ ഞാന്‍ നിങ്ങള്‍ക്ക് ദൈവമായി അന്വേഷിക്കേണ്ടത്? അവനാകട്ടെ നിങ്ങളെ ലോകരില്‍ വെച്ച് ഉല്‍കൃഷ്ടരാക്കിയിരിക്കുകയാണ്” (ക്വുര്‍ആന്‍ 7:138-140).

ബനൂഇസ്‌റാഈല്യര്‍ അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ച നിര്‍ദേശമനുസരിച്ച് ഫലസ്തീനിന്റെയും ശാമിന്റെയും ഭാഗത്തേക്ക്  സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.

ശിര്‍ക്കിന്റെയും കുഫ്‌റിന്റെയും അതിക്രമത്തിന്റെയും വക്താക്കളായ ഫിര്‍ഔനും സംഘവും വെള്ളത്തില്‍ മുങ്ങിനശിക്കുന്നത് ഇസ്‌റാഈല്യര്‍ നോക്കിക്കണ്ടതാണ്. മൂസാ നബി(അ)യുടെ കൈയിലുണ്ടായിരുന്ന വടികൊണ്ട് സമുദ്രത്തില്‍ അടിച്ചപ്പോള്‍ സമുദ്രം രണ്ടായി പിളര്‍ന്നതും, അവയ്ക്കിടയില്‍ സഞ്ചാരയോഗ്യമായ ഒരു വഴി രൂപപ്പെട്ടതും സമുദ്രത്തില്‍ മുക്കി നശിപ്പിക്കപ്പെടുന്നതിന് മുമ്പ് തന്നെ ഫിര്‍ഔനും കൂട്ടരും കടുത്ത പരീക്ഷണങ്ങള്‍ നേരിട്ടതുമായ അത്ഭുതങ്ങളെല്ലാം അവര്‍ കണ്ടറിഞ്ഞതാണ്. മാത്രമല്ല ഒരു പ്രവാചകന്റെ കൂടെ നടക്കുകയും, അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ അനുഗ്രഹങ്ങള്‍ ഏറെ ലഭിക്കുകയും ചെയ്തവര്‍. എന്നിട്ടും അവര്‍ ആവശ്യപ്പെട്ടത് എന്താണ്? 

അവരുടെ യാത്രക്കിടയില്‍ വിഗ്രഹങ്ങളെ ആരാധിക്കുന്ന, പശുവിനെ പൂജിക്കുന്ന ബഹുദൈവ ആരാധകരായ ഒരു ജനവിഭാഗത്തിന്റെ സമീപം എത്തി. ആഗ്രഹ സഫലീകരണത്തിനായി അവയുടെ മുന്നില്‍ ഭജനമിരിക്കുന്ന, അവയെ പൂജിക്കുന്ന, അവയോട് പ്രാര്‍ഥിക്കുന്ന, ആരാധനയുടെതായ എല്ലാ അര്‍പ്പണവും നടത്തുന്ന ഇവരില്‍ നിന്ന് ബനൂഇസ്‌റാഈല്യര്‍ക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടാകണം. അതിനാലാകാം അവര്‍ മൂസാ നബി(അ)യോട് അവര്‍ക്ക് ആരാധ്യര്‍ ഉള്ളത് പോലെ ഞങ്ങള്‍ക്കും ചില ആരാധ്യരെ നിശ്ചയിച്ച് തരണം എന്ന് പറഞ്ഞത്. നന്ദികേടിന്റെ ചോദ്യമാണല്ലോ ഇത്. അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രങ്ങളും തെളിവുകളും നേര്‍ക്കുനേരെ കാണാനും അനുഭവിക്കാനും ഭാഗ്യം സിദ്ധിച്ച ഇവര്‍ തങ്ങള്‍ക്ക് എന്ത് കാരണത്താലാണ് ഈജിപ്ത് വിടേണ്ടിവന്നതെന്ന് പോലും ചിന്തിച്ചില്ല. കടുത്ത നന്ദികേടിന്റെ ചോദ്യം അവര്‍ മൂസാനബി(അ)യോട് ചോദിച്ചു. മൂസാ(അ) തന്റെ അനുയായികളുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു ചോദ്യം പ്രതീക്ഷിച്ചിരിക്കില്ല. അതിനാല്‍ തന്നെ മൂസാ(അ) അവരുടെ ചോദ്യം കേട്ടപ്പോള്‍ ഒന്ന് ഞെട്ടി. അദ്ദേഹം അവരോട് ‘നിങ്ങള്‍ അവിവേകികള്‍ തന്നെയാണ്’എന്ന് പറഞ്ഞു. 

സ്രഷ്ടാവിനെ മാത്രം വണങ്ങേണ്ടുന്നതിന് പകരം സൃഷ്ടികളെ വണങ്ങുക എന്നത് ബുദ്ധിമതികള്‍ക്ക് ചേര്‍ന്നതല്ല. സ്രഷ്ടാവായ അല്ലാഹു മാത്രമാണ് യാതൊരു ന്യൂനതയും ഇല്ലാത്തവന്‍. 

ഏകദൈവ വിശ്വാസികളായതിന്റെ ഫലമായി അല്ലാഹു നല്‍കിയ അത്ഭുതകരമായ സഹായങ്ങളും അനുഗ്രഹങ്ങളും അനുഭവിച്ചവരാണ് മൂസാനബി(അ)യോട് ശിര്‍ക്ക് ചെയ്യാനുള്ള സഹായം ചോദിക്കുന്നത്. അവര്‍ കണ്ടതും അനുഭവിച്ചതും ആയ ഒരു ദൃഷ്ടാന്തവും അവരുടെ ഹൃദയത്തെ വേണ്ടവിധം സ്വാധീനിച്ചിട്ടില്ല എന്ന് വേണം കരുതാന്‍. അതിനാല്‍ തന്നെയാകാം മൂസാ(അ) അവരോട് നിങ്ങള്‍ അവിവേകികള്‍ തന്നെയാണെന്ന് പറഞ്ഞത്. മാത്രവുമല്ല, ഈ സ്ഥിതി തുടര്‍ന്നാല്‍ ഇവരും കടുത്ത ശിക്ഷക്ക് വിധേയരാകുന്നതാണ്. അവരുടെ ചെയ്തികളിലെ നിരര്‍ഥകത ഒന്നൊന്നായി മൂസാ(അ) അവിടെ വെച്ച് അവര്‍ക്ക് പറഞ്ഞു കൊടുത്തു.

സത്യം കണ്ടത് കൊണ്ടോ കേട്ടത് കൊണ്ടോ പഠിച്ചത് കൊണ്ടോ മാത്രം ആ സത്യത്തില്‍ നില കൊള്ളാന്‍ കഴിയില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള സഹായം ഉണ്ടെങ്കില്‍ മാത്രമെ കണ്ടതിനും കേട്ടതിനും അറിഞ്ഞതിനും പഠിച്ചതിനും പ്രയോജനം ലഭിക്കൂ എന്നതും നാം മനസ്സിലാക്കണം. സൂറത്തുല്‍ ഫാതിഹയിലെ ആറാം വചനത്തില്‍ നാം പ്രാര്‍ഥിക്കുന്നു; ഞങ്ങളെ നീ ചൊവ്വായ പാതയില്‍ നയിക്കേണമേ എന്ന്. ആ മാര്‍ഗത്തില്‍ നിലയുറപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും എല്ലാം നാം ദീനായി സ്വീകരിക്കുകയും യഥാര്‍ഥ ദീനില്‍ നിന്ന് വഴിതെറ്റി സഞ്ചരിക്കുകയും ചെയ്യും.

ശിര്‍ക്ക് എന്ന മഹാപാപം നമ്മില്‍ വരുന്നതിനെ നാം ഗൗരവത്തോടെ സൂക്ഷിക്കേണ്ടതുണ്ട്. ബനൂ ഇസ്‌റാഈല്യരില്‍ ശിര്‍ക്ക് വന്ന സ്ഥിതിയെ പറ്റി നാം ഒന്ന് ആലോചിച്ച് നോക്കണം. പല രൂപത്തിലുള്ള ചിന്തകളും മനസ്സില്‍ ഇട്ടുതന്ന് തൗഹീദില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതിനാണ് പിശാച് എന്ന കൊടിയ ശത്രു എപ്പോഴും ശ്രമിക്കുക. വ്യക്തമായ തെളിവുകളെയും പ്രമാണങ്ങളെയും തള്ളി തൗഹീദിനെ ശിര്‍ക്കായും ശിര്‍ക്കിനെ തൗഹീദായും വിശദീകരിക്കുന്ന എത്ര പണ്ഡിതന്മാര്‍…! അവരെ വിശ്വസിച്ച് പൂര്‍വികരായ സജ്ജനങ്ങളുടെ വിശ്വാസത്തെ പോലും ചോദ്യം ചെയ്യാന്‍ മുതിരുന്ന അനുയായികള്‍…!

മൂസാനബി(അ)യും ബനൂഇസ്‌റാഈല്യരും കണ്ട ആ ജനത ആരായിരുന്നു എന്ന കാര്യത്തില്‍ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ ചില പൗരാണിക അറബി ഗോത്രക്കാരായിരുന്നുവെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. അതല്ല പിന്നീട് ബനൂഇസ്‌റാഈല്യര്‍ക്ക് നേരിടാനുള്ള അവിശ്വാസികളായ, ശത്രുക്കളായ അമാലിക്വഃ വിഭാഗക്കാരായിരുന്നു എന്നും അഭിപ്രായപ്പെട്ടവരുണ്ട്.

തൗഹീദ് സ്വീകരിച്ചതിനാല്‍ അല്ലാഹു തങ്ങളെ രക്ഷപ്പെടുത്തിയെന്ന് മനസ്സിലാക്കിയവരാണ് ബനൂ ഇസ്രാഈല്യര്‍. ശിര്‍ക്കിലും കുഫ്‌റിലും ആയതിനാല്‍ ഫിര്‍ഔനിനെയും സംഘത്തെയും അല്ലാഹു നശിപ്പിച്ചതിന് ദൃക്‌സാക്ഷികളുമാണവര്‍. എന്നിട്ടും അവര്‍ കാണപ്പെടുന്ന ഒരു ദൈവത്തെ ഏര്‍പെടുത്തിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു! ചരിത്രത്തില്‍ പില്‍ക്കാലത്തും സമാനമായ സംഭവം നടന്നിട്ടുണ്ട്. ആ സംഭവം ഈ വചനം  വിവരിക്കുന്നിടത്ത് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവം ഇപ്രകാരമാണ്:

അബൂവാക്വിദ് അല്ലൈസി(റ)വില്‍ നിന്ന് നിവേദനം: ”റസൂല്‍ ﷺ ഹുനൈനിലേക്ക് പുറപ്പെടുമ്പോള്‍ ദാതു അന്‍വാത്വ് എന്ന് പറയപ്പെടുന്ന, മുശ്‌രിക്കുകള്‍ക്കുണ്ടായിരുന്ന ഒരു വൃക്ഷത്തിന്റെ അരികിലൂടെ നടന്നു. അതില്‍ (ദാതുഅന്‍വാത്വ് എന്ന് പറയപ്പെടുന്ന ആ വൃക്ഷത്തില്‍) അവര്‍ (മുശ്‌രിക്കുകള്‍) അവരുടെ ആയുധങ്ങള്‍ കെട്ടിത്തൂക്കിയിടാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, അവര്‍ക്ക് ദാതുഅന്‍വാത്വ് ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദാതുഅന്‍വാത്വ് നിശ്ചയിച്ചു തരണം.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അല്ലാഹു എത്ര പരിശുദ്ധന്‍. ഇത് മൂസാനബി(അ)യുടെ ജനത ചോദിച്ചത് പോലെയുണ്ടല്ലോ (ഇവര്‍ക്ക് ദൈവങ്ങളുള്ളത് പോലെ ഞങ്ങള്‍ക്കും  ഒരു ദൈവത്തെ നീ ഏര്‍പെടുത്തിത്തരണം). എന്റെ ആത്മാവ് ആരുടെ കൈയ്യിലാണോ അവന്‍ തന്നെയാണ് സത്യം! നിങ്ങള്‍ നിങ്ങളുടെ പൂര്‍വികരുടെ ചര്യകളില്‍ പ്രവേശിക്കുന്നത് തന്നെയാണ്” (തുര്‍മുദി).

ഹുനൈനിലേക്ക് പോകുന്ന വേളയില്‍ നബി ﷺ യുടെ കൂടെ പതിനായിരത്തിലധികം (ഏകദേശം പന്ത്രണ്ടായിരത്തോളം) അനുയായികളുണ്ട്. മക്കാ വിജയത്തിന് ശേഷമാണല്ലോ ഹുനൈന്‍ യുദ്ധം നടക്കുന്നത്. സ്വാഭാവികമായും അനുയായികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു.  സ്വഹാബികള്‍ക്ക് തന്നെയും അവരുടെ എണ്ണത്തിലെ ആധിക്യം ആശ്ചര്യമുണ്ടാക്കിയിരുന്നു. നമ്മള്‍ എണ്ണത്തില്‍ കൂടുതലുണ്ടല്ലോ, വിജയം ഉറപ്പാണ് എന്നൊക്കെ അവര്‍ക്ക് തോന്നി. അതിനാല്‍ തന്നെ ഹുനൈനിന്റെ ആദ്യസന്ദര്‍ഭങ്ങളില്‍ മുസ്‌ലിം പക്ഷത്തിന് പരാജയമാണ് നേരിടേണ്ടിവന്നത്. ചില പരീക്ഷണങ്ങളെല്ലാം അഭിമുഖീകരിക്കേണ്ടതായും വന്നു.

ഹുനൈനിലേക്ക് പോകുന്നവരില്‍ മുസ്‌ലിം പക്ഷത്ത് മുഹാജിറുകളും അന്‍സ്വാറുകളും അടക്കമുള്ള ഉറച്ച വിശ്വാസികളും മക്കാവിജയ ശേഷം ഇസ്‌ലാം സ്വീകരിച്ച ഒരു പുതിയ വിഭാഗവും ഉണ്ടായിരുന്നു. പോകുന്ന വഴിക്കാണ് അവര്‍ ആ ദൃശ്യം കാണുന്നത്. മുശ്‌രിക്കുകള്‍ ഒരു പുണ്യമരമായി കാണുന്ന ഇലന്തമരം. അതില്‍ നിന്ന് അവര്‍ ബറകത്ത് പ്രതീക്ഷിച്ചിരുന്നു. ബഹുദൈവാരാധകരായ ആ നാട്ടുകാര്‍  അതിന്റെ അരികില്‍ ഭജനമിരിക്കാറുണ്ടായിരുന്നു. യുദ്ധത്തിനും മറ്റും പുറപ്പെടുന്ന വേളയില്‍ അവരുടെ വാളുകള്‍ ആ മരത്തില്‍ അല്‍പ സമയം കെട്ടിത്തൂക്കിയിടും. അങ്ങനെ ആ മരത്തില്‍ തൂക്കിയിട്ട വാളുമായി യുദ്ധത്തിന് പോയാല്‍ വിജയിക്കുമെന്നതായിരുന്നു അവരുടെ വിശ്വാസം. ആ ഇലന്തമരത്തിന്  ദാതുഅന്‍വാത്വ് എന്നാണ് നാമകരണം ചെയ്തിരുന്നത്. 

ഇത് കണ്ടപ്പോള്‍ മുസ്‌ലിം സംഘത്തിലെ പുതിയ ആളുകള്‍ നബി ﷺ യോട് ബറകത്ത് എടുക്കുന്നതിനായി അവര്‍ക്ക് ദാതുഅന്‍വാത്വ് ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ദാതുഅന്‍വാത്വ് നിശ്ചയിച്ച് തരണം എന്ന് ആവശ്യപ്പെട്ടു. അവര്‍ ചോദിച്ചതിന്റെ അപകടം നബി ﷺ അവരെ ബോധ്യപ്പെടുത്തി. തീര്‍ച്ചയായും നിങ്ങള്‍ ചോദിച്ചത് മൂസാ(അ)നോട് അദ്ദേഹത്തിന്റെ ജനത ചോദിച്ച ചോദ്യമാണെന്ന് പറഞ്ഞ് മുകളില്‍ പറഞ്ഞ സൂക്തം ഓതിക്കൊടുക്കുകയും ചെയ്തു.

മൂസാ നബി(അ)യോട് ബനൂഇസ്‌റാഈല്യര്‍ ഇലാഹിനെയാണ് ചോദിച്ചത്. നബി ﷺ യോട് സ്വഹാബികള്‍ ഇലാഹിനെ ചോദിച്ചിട്ടില്ല. അവര്‍ക്കുള്ളത് പോലെയുള്ള ഒരു മരം ഞങ്ങള്‍ക്കും വേണം എന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ. പിന്നെ എന്തിനാണ് നബി ﷺ ഇവരുടെ ചോദ്യത്തെ അവരുടെ ചോദ്യവുമായി തുലനം ചെയ്തത്? നമുക്ക് അഭൗതിക മാര്‍ഗത്തിലൂടെ ഗുണ ദോഷങ്ങള്‍ വരുത്താന്‍ കഴിയുന്നവന്‍ അല്ലാഹു മാത്രമാണല്ലോ. മുശ്‌രിക്കുകള്‍ അവരുടെ മരത്തിന് അല്ലാഹുവിന് നല്‍കേണ്ട വിശ്വാസം വകവെച്ച് നല്‍കി. അഥവാ, അവരുടെ ദാതു അന്‍വാത്വിന് ഗുണദോഷങ്ങള്‍ വരുത്താന്‍ കഴിയും എന്ന് അവര്‍ വിശ്വസിച്ചു. ആ വിശ്വാസം ഇലാഹായ അല്ലാഹുവിനെക്കുറിച്ചേ പാടുള്ളൂ. അതായത് ചോദ്യത്തില്‍ ഇലാഹ് എന്ന് വന്നില്ലെങ്കിലും വിശ്വാസത്തില്‍ ബനൂഇസ്‌റാഈല്യര്‍ക്ക് വന്ന വിശ്വാസം പ്രകടമായി.  അതിനാലാണ് മുഹമ്മദ് നബി ﷺ ഇവരുടെ ചോദ്യത്തെ അവരുടെ ചോദ്യവുമായി തുലനം ചെയ്തത്.

ബറകത്ത് എടുക്കുന്നതിനായി ഇപ്രകാരം ചില മരങ്ങള്‍ നിശ്ചയിക്കപ്പെട്ടത് ഇന്നും പല പ്രദേശങ്ങളിലും നാം കാണുന്നുണ്ട്. ചില ഗുഹകള്‍, മരങ്ങള്‍, വള്ളികള്‍ തുടങ്ങിയ വസ്തുക്കളിലും സ്ഥലങ്ങളിലും പില്‍ക്കാല പുരോഹിതന്മാരിലൂടെ പിശാച് ജനങ്ങളെ കൊണ്ട് ബറകത്തെടുക്കല്‍ എന്ന പേരില്‍ ശിര്‍ക്കില്‍ തളച്ചിട്ടിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിലുള്ള മരങ്ങളിലും വള്ളികളിലും കെട്ടിപ്പിടിച്ചും തൊട്ടില്‍ കെട്ടിയുമെല്ലാം അവയില്‍ നിന്ന് സന്താന സൗഭാഗ്യമടക്കമുള്ള ആഗ്രഹ സഫലീകരണം പ്രതീക്ഷിക്കുന്നവരുണ്ട്. നബി ﷺ താക്കീത് നല്‍കിയത് പോലെ പൂര്‍വികരുടെ പിഴച്ച നടപടികളെ പിന്തുടര്‍ന്ന് വഴിപിഴച്ച് പോകുകയാണ് ഇക്കൂട്ടര്‍. അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്കേ ഇതിലെ നിരര്‍ഥകതയും ഇതിനാലുണ്ടാകുന്ന ഭവിഷത്തും തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 13

മൂസാ നബി (അ) - 13

അനിവാര്യമായ പതനം

വളരെ അടുത്ത് ശത്രു സേന. എന്തും ചെയ്യാന്‍ മടിക്കാത്ത സംഘം. ഇപ്പുറത്തോ, ദുര്‍ബലര്‍ മാത്രം. ഒരു ഏറ്റുമുട്ടല്‍ വേണ്ടിവന്നാല്‍ അതിനുപോലും സൌകര്യമില്ലാത്ത പാവങ്ങള്‍. പക്ഷേ, മൂസാ(അ) വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ സഹായം ലഭിക്കുമെന്നു പറഞ്ഞ് കരുത്ത് നല്‍കി. എന്താണ് സംഭവിക്കുക എന്ന് മൂസാ(അ)ന് അറിയുമോ? ഇല്ല! ഭാവികാര്യം അറിയാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ വല്ല പേടിയും അവര്‍ക്ക് ഉണ്ടാകുമായിരുന്നോ? അല്ലാഹുവിന് വേണ്ടിയാണ് യാത്ര. അല്ലാഹുവിന്റെ കല്‍പന പ്രകാരമാണ് യാത്ര. അതിനാല്‍ അല്ലാഹു സഹായിക്കും എന്നതില്‍ അവര്‍ക്ക് സംശയമില്ലായിരുന്നു. അല്ലാഹുവിന്റെ സഹായം മാത്രം പ്രതീക്ഷിച്ച് ത്യാഗ മനസ്സോടെ അവര്‍ ഉറച്ച് നിന്നു.

”അപ്പോള്‍ നാം മൂസായ്ക്ക് ബോധനം നല്‍കി; നീ നിന്റെ വടികൊണ്ട് കടലില്‍ അടിക്കൂ എന്ന്. അങ്ങനെ അത് (കടല്‍) പിളരുകയും എന്നിട്ട് (വെള്ളത്തിന്റെ) ഓരോ പൊളിയും വലിയ പര്‍വതം പോലെ ആയിത്തീരുകയും ചെയ്തു. മറ്റവരെ(ഫിര്‍ഔിന്റെപക്ഷം)യും നാം അതിന്റെ അടുത്തെത്തിക്കുകയുണ്ടായി. മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവന്‍ നാം രക്ഷപ്പെടുത്തി. പിന്നെ മറ്റവരെ നാം മുക്കി നശിപ്പിച്ചു. തീര്‍ച്ചയായും അതില്‍ (സത്യനിഷേധികള്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും വിശ്വസിക്കുന്നവരായില്ല. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെയാണ് പ്രതാപിയും കരുണാനിധിയും” (ക്വുര്‍ആന്‍ 26:63-68).

അല്ലാഹു മൂസാനബി(അ)യോട് തന്റെ കൈയ്യിലുള്ള വടികൊണ്ട് സമുദ്രത്തില്‍ അടിക്കാന്‍ കല്‍പിച്ചു. അപ്രകാരം ചെയ്തു. കടല്‍ പിളര്‍ന്നു. 

അല്ലാഹുവിന്റെ കല്‍പനകളെ യുക്തികൊണ്ട് അളന്ന് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യലല്ല വിശ്വാസിയുടെ വഴി. യുക്തിയെ അവലംബിക്കുകയാണെങ്കില്‍ മൂസാനബി(അ) എന്താണ് ചിന്തിക്കുക? ‘ഈ സമുദ്രത്തില്‍ ഒരു വടികൊണ്ട് അടിച്ചാല്‍ എന്ത് സംഭവിക്കാനാണ്? കുറച്ച് വെള്ളം അങ്ങോട്ടും ഇങ്ങോട്ടും തെറിക്കും എന്നതല്ലാതെ’ എന്ന് ചിന്തിച്ചേക്കാം. അതല്ലാതെ സാധാരണ ഗതിയില്‍ ഒന്നും സംഭവിക്കില്ലല്ലോ. ഇവിടെയാണ് ദിവ്യബോധനം സ്വീകരിക്കുന്നതില്‍ പ്രവാചകന്മാരുടെ കീഴ്‌വണക്കം നാം കാണേണ്ടത്. മൂസാ(അ) മറുത്തൊന്നും ചിന്തിച്ചില്ല. അല്ലാഹുവിന്റെ കല്‍പന പ്രകാരം ചെയ്തു. പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടുള്ള ഏത് കാര്യത്തോടും ഈ സമീപനം സ്വീകരിക്കുന്നവനാണ് വിശ്വാസി. അല്ലാത്തവരെല്ലാം നേര്‍വഴിയില്‍ നിന്നും വിദൂര മാര്‍ഗത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

അല്ലാഹുവിന്റെ കല്‍പന പ്രകാരം മൂസാ(അ) തന്റെ വടികൊണ്ട് സമുദ്രത്തില്‍ അടിച്ചു. അപ്പോള്‍ ആ വെള്ളത്തിന്റെ ഓരോ പൊളിയും പര്‍വതസമാനമായിത്തീര്‍ന്നു. മൂസനബി(അ)യും വിശ്വാസികളും കടലില്‍ രൂപപ്പെട്ട വഴിയിലൂടെ നടന്ന് കരക്ക് കയറി. ഫിര്‍ഔനും കൂട്ടരും മൂസാനബി(അ)യെയും വിശ്വാസികളെയും പിടികൂടാനുള്ള അത്യാഗ്രഹത്താല്‍ വേഗത്തില്‍ വരികയാണ്. അങ്ങനെ അവരും ആ വഴിയിലൂടെ മറുകര പറ്റാന്‍ നോക്കി. പക്ഷേ, അവരെ എല്ലാവരെയും അല്ലാഹു അതില്‍ മുക്കി നശിപ്പിച്ചു.

മൂസാ(അ)യും വിശ്വാസികളും മറുകരപറ്റിയ ശേഷം പുറകോട്ട് നോക്കിയപ്പോള്‍ സമുദ്രം പിളര്‍ന്ന് നില്‍ക്കുന്നതായിട്ട് തന്നെയാണ് കാണുന്നത്. ഇത് കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ആധിയായി. അവരും ഇതിലൂടെ നമ്മുടെ അടുത്തേക്ക് വരുമോ എന്ന് അദ്ദേഹം ചിന്തിച്ചു. മൂസാ(അ) വീണ്ടും സമുദ്രത്തില്‍ അടിക്കാന്‍ ഒരുങ്ങി. അപ്പോള്‍ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു:

”സമുദ്രത്തെ ശാന്തമായ നിലയില്‍ നീ വിട്ടേക്കുകയും ചെയ്യുക. തീര്‍ച്ചയായും അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാകുന്നു. എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചു പോയത്! (എത്രയെത്ര) കൃഷികളും മാന്യമായ പാര്‍പ്പിടങ്ങളും! അവര്‍ ആഹ്ലാദപൂര്‍വംഅനുഭവിച്ചിരുന്ന (എത്രയെത്ര) സൗഭാഗ്യങ്ങള്‍! അങ്ങനെയാണത് (കലാശിച്ചത്). അതെല്ലാം മറ്റൊരു ജനതയ്ക്ക് നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു. അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക്  ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല” (ക്വുര്‍ആന്‍ 44:24-29).

അവരെ സമുദ്രത്തില്‍ മുക്കി നശിപ്പിക്കുവാന്‍ പോകുന്നു എന്ന വിവരം അല്ലാഹു മൂസാ(അ)ന് നല്‍കി. അവരുടെ എല്ലാ ഭൗതിക സൗകര്യങ്ങളും ബാക്കിയായി. അവ ഉപയോഗിക്കാന്‍ ആരും ഇല്ലാതായി. അധികാരവും പ്രമാണിത്തവും ഭൗതിക സൗകര്യങ്ങളുമൊന്നും അവര്‍ക്ക് തുണയായില്ല. അവസാനം അതിന്റെ അനന്തരാവകാശികളായി മറ്റൊരു ജനതയെ അല്ലാഹു തെരഞ്ഞടുക്കുകയും ചെയ്തു. അവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കാന്‍ ആരും ഉണ്ടായില്ല. നിസ്സഹായരായി അവര്‍ ഒന്നടങ്കം മുക്കി നശിപ്പിക്കപ്പെട്ടു. ഫിര്‍ഔന്‍ മുങ്ങി നശിക്കുന്ന ആ രംഗം ക്വുര്‍ആന്‍ നമുക്ക് വിവരിച്ച് തരുന്നത് ഇപ്രകാരമാണ്:

”ഇസ്‌റാഈല്‍ സന്തതികളെ നാം കടല്‍ കടത്തി കൊണ്ടുപോയി. അപ്പോള്‍ ഫിര്‍ഔനും അവന്റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്‌റാഈല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവന്ന്) കീഴ്‌പെട്ടവരുടെ കൂട്ടത്തിലാകുന്നു. (അല്ലാഹു അവനോട് പറഞ്ഞു:) മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ (നീ വിശ്വസിക്കുന്നത്?)” (ക്വുര്‍ആന്‍ 10:90,91).

മരണം മുന്നില്‍ കണ്ട സമയത്ത് ഫിര്‍ഔന്‍ മൂസാനബി(അ)യുടെ വിശ്വാസത്തിലേക്ക് മടങ്ങാന്‍ നോക്കി. പശ്ചാത്തപിച്ച് മടങ്ങാന്‍ ശ്രമിച്ചു. മരണം മുന്നില്‍ കാണുന്ന സമയത്തുള്ള മടക്കം അല്ലാഹു സ്വീകരിക്കില്ലല്ലോ. അല്ലാഹു അവന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു: ഇപ്പോഴാണോ നീ സ്വീകരിക്കുന്നത്? ഇത് വരെയും നീ അനുസരണക്കേട് കാണിച്ച് കഴിഞ്ഞു. മരണം മുന്നില്‍ കണ്ടപ്പോള്‍ മടങ്ങുന്നുവല്ലേ? 

”എന്നാല്‍ നിന്റെ പിറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു” (ക്വുര്‍ആന്‍ 10:92).

കെയ്‌റോ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന റംസീസ് രണ്ടാമന്റെ പേരിലറിയപ്പെടുന്ന മമ്മി ഈ ഫിര്‍ഔനിന്റെതാണെന്ന് പറയപ്പെടുന്നു. ഏതായിരുന്നാലും അവന്റെ ശരീരത്തെ ദൃഷ്ടാന്തമെന്ന നിലയില്‍ അല്ലാഹു രക്ഷപ്പെടുത്തും എന്നത് ഉറപ്പാണ്. ‘പുറകെ വരുന്നവര്‍ക്ക്’ എന്നതിന്റെ വിശദീകരണം നമുക്കജ്ഞാതമാണ്. മ്യൂസിയത്തില്‍ ഉള്ള ശരീരം അത് തന്നെയാണെന്നോ, അല്ലെന്നോ നമുക്ക് ഉറപ്പിച്ച് പറയാന്‍ നിര്‍വാഹമില്ല.

അധികാരത്തിന്റെ ലഹരിയില്‍ അഹങ്കരിക്കുകയും അക്രമം കാണിക്കുകയും ചെയ്യുന്ന മുഴുവന്‍ ആളുകള്‍ക്കും ഏത് കാലത്തേക്കും ഗുണപാഠമായി അല്ലാഹു ഫിര്‍ഔനിന്റെ പര്യവസാനത്തപ്പറ്റി  ക്വുര്‍ആനിലൂടെ നമുക്ക് പറഞ്ഞു തരുന്നു.

തനിച്ച നിഷേധിയായ ഫിര്‍ഔന്‍ സത്യവിശ്വാസിയായിരുന്നു എന്ന് വിശ്വസിക്കുന്ന ചിലരുണ്ട്! ചില സ്വൂഫികളുടെ പിഴച്ച വിശ്വാസമാണത്. കടലില്‍ മുക്കി നശിപ്പിച്ചതിനെ അവര്‍ വ്യാഖ്യാനിക്കുന്നത് മയ്യിത്ത് കുളിപ്പിച്ചതാണ് എന്നുമാണ്! 

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 12

മൂസാ നബി (അ) - 12

ശിക്ഷകള്‍ വന്നിറങ്ങുന്നു

അക്രമം സഹിക്കവയ്യാതെ, നിവൃത്തിയില്ലാതെയായപ്പോള്‍ മൂസാ(അ) ഫിര്‍ഔനിനും അവന്റെ അണികള്‍ക്കുമെതിരില്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു:

”മൂസാ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഫിര്‍ഔന്നും അവന്റെ പ്രമാണിമാര്‍ക്കും നീ ഐഹികജീവിതത്തില്‍ അലങ്കാരവും സമ്പത്തുകളും നല്‍കിയിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ തെറ്റിക്കുവാന്‍ വേണ്ടിയാണ് (അവരത് ഉപയോഗിക്കുന്നത്). ഞങ്ങളുടെ രക്ഷിതാവേ, നീ അവരുടെ സ്വത്തുക്കള്‍ തുടച്ചുനീക്കേണമേ. വേദനയേറിയ ശിക്ഷ കാണുന്നതുവരെയും അവര്‍ വിശ്വസിക്കാതിരിക്കത്തക്കവണ്ണം അവരുടെ ഹൃദയങ്ങള്‍ക്ക് നീ കാഠിന്യം നല്‍കുകയും ചെയ്യേണമേ” (ക്വുര്‍ആന്‍ 10:88).

സമ്പത്ത് യഥേഷ്ടം ഉള്ളതിനാലാണല്ലോ അവര്‍ക്ക് ഇത്ര അഹങ്കാരം. അത് നീങ്ങിയാല്‍ അഹങ്കാരം ഇല്ലാതെയാകും. അതിനാല്‍ അവരുടെ ധനം തുടച്ചു നീക്കപ്പെടുന്നതിനായി മൂസാ(അ) അല്ലാഹുവിനോട് തേടുകയാണ്. അതുപോലെ അവരുടെ ഹൃദയത്തിന് കാഠിന്യം കിട്ടുന്നതിനായും അല്ലാഹുവിനോട് അദ്ദേഹം തേടി. കാരണം, മനസ്സ് കഠിനമായാല്‍ അഹങ്കാരം കൂടും. അത് ശിക്ഷ പെട്ടെന്ന് ആകുന്നതിന് കാരണമാകുകയും ചെയ്യും. ഫിര്‍ഔനിനും അവന്റെ ജനതക്കുമെതിരില്‍ മൂസാ(അ)യും ഹാറൂന്‍(അ) തേടിയപ്പോള്‍ അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചു.

”അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങളുടെ ഇരുവരുടെയും പ്രാര്‍ഥന ഇതാ സ്വീകരിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഇരുവരും നേരെ നിലകൊള്ളുക. വിവരമില്ലാത്തവരുടെ വഴി നിങ്ങള്‍ ഇരുവരും പിന്തുടര്‍ന്ന്  പോകരുത്” (ക്വുര്‍ആന്‍ 10:89).

അല്ലാഹു ഇരുവരോടും നേരെചൊവ്വെ നിലക്കൊള്ളുവാനും വിവരമില്ലാത്തവരുടെ മാര്‍ഗത്തെ പിന്തുടരാതിരിക്കുവാനും കല്‍പിക്കുകയും ചെയ്തു.

അല്ലാഹു അവരില്‍ പല തരത്തിലുള്ള ശിക്ഷകളും ഇറക്കി. ക്വുര്‍ആന്‍ പറയുന്നത് കാണുക: ”ഫിര്‍ഔനിന്റെ ആള്‍ക്കാരെ (വരള്‍ച്ചയുടെ) കൊല്ലങ്ങളും വിളകളുടെ കമ്മിയുംകൊണ്ട് നാം പിടികൂടുകയുണ്ടായി; അവര്‍ ചിന്തിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി” (ക്വുര്‍ആന്‍ 7:130).

ഫലഭൂയിഷ്ടമായ പ്രദേശമായിരുന്നു ഈജിപ്ത്. അവിടെ കായ്കനികളിലും മറ്റു ഭക്ഷ്യ സാധനങ്ങളിലും കുറവ് വരാന്‍ തുടങ്ങി. അങ്ങനെ പല രൂപത്തിലുള്ള പരീക്ഷണങ്ങളും അവരില്‍ ഉണ്ടായി. കാലവിപത്തുക്കള്‍ ഒന്നിനു പുറകെ മറ്റൊന്നായി വന്നുകൊണ്ടേയിരുന്നു. എല്ലാ നിലയ്ക്കും ജീവിതം പൊറുതിമുട്ടുന്ന അവസ്ഥയിലായി ഈജിപ്തുകാര്‍. എന്നാലും അവര്‍ ചിന്തിക്കാനും കാര്യം ഗ്രഹിക്കാനും തയ്യാറായില്ല. അഹങ്കാരികളുടെ അവസ്ഥ എന്നും അപ്രകാരം തന്നെയാണല്ലോ. തങ്ങളുടെ മോശമായ സമീപനത്താല്‍ അല്ലാഹു നല്‍കുന്ന പരീക്ഷണമാണെന്ന് ഒരിക്കലും അവര്‍ ചിന്തിക്കുവാന്‍ കൂട്ടാക്കില്ല. ഈ കൂട്ടര്‍ എന്താണ് ഈ സന്ദര്‍ഭത്തില്‍ ചെയ്തത് എന്ന് ക്വുര്‍ആന്‍ തുടര്‍ന്ന് പറയുന്നത് നോക്കുക:

”എന്നാല്‍ അവര്‍ക്കൊരു നന്മ വന്നാല്‍ അവര്‍ പറയുമായിരുന്നു: നമുക്ക് അര്‍ഹതയുള്ളത് തന്നെയാണിത്. ഇനി അവര്‍ക്ക്  വല്ല തിന്മയും ബാധിച്ചുവെങ്കിലോ അത് മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ് എന്നാണവര്‍ പറഞ്ഞിരുന്നത്. അല്ല, അവരുടെ ശകുനം അല്ലാഹുവിന്റൈ പക്കല്‍ തന്നെയാകുന്നു. പക്ഷേ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല” (ക്വുര്‍ആന്‍ 7:131).

മൂസായും കൂട്ടരും ഈ നാട്ടില്‍ ഉള്ളതിനാലാണ് നമുക്ക് ഇപ്രകാരം അപലക്ഷണങ്ങള്‍ കാണേണ്ടി വരുന്നതും ഇടയ്ക്കിടെ ആപത്തുകള്‍ വരുന്നതും എന്ന് അവര്‍ പറയാന്‍ തുടങ്ങി. നന്മയാണ് അവര്‍ക്ക് ലഭിക്കുന്നതെങ്കിലോ അത് അവരുടെ മേന്മയായും വിലയിരുത്തി സ്വയം ഗര്‍വ് നടിക്കും. എന്നാല്‍ അവര്‍ അനുഭവിക്കുന്ന ആപത്തുകളൊന്നും മൂസാ(അ)യെ കൊണ്ട് അവര്‍ അനുഭവിക്കുന്നതല്ല. അതെല്ലാം അല്ലാഹുവാണ് അവരില്‍ നിശ്ചയിക്കുന്നത്.

”അവര്‍ പറഞ്ഞു: ഞങ്ങളെ മായാജാലത്തില്‍ പെടുത്താന്‍ വേണ്ടി ഏതൊരു ദൃഷ്ടാന്തവുമായി നീ ഞങ്ങളുടെ അടുത്ത് വന്നാലും ഞങ്ങള്‍ നിന്നെ വിശ്വസിക്കാന്‍ പോകുന്നില്ല” (ക്വുര്‍ആന്‍ 7:132).

അല്ലാഹു അവര്‍ക്ക് കാര്യം മനസ്സിലാക്കി മടങ്ങുവാനായി ചെറിയ ചെറിയ പരീക്ഷണങ്ങള്‍ നല്‍കി. അതില്‍ പെട്ടതായിരുന്നു കാര്‍ഷികോല്‍പന്നങ്ങളിലെ കുറവ്. എന്നാല്‍ ഇതെല്ലാം നേരത്തെ നാം പറഞ്ഞത് പോലെ മൂസാ(അ)യുടെ ദുശ്ശകുനമായാണ് അവര്‍ കണ്ടത്. പരീക്ഷണങ്ങള്‍ അനുഭവിക്കുമ്പോഴും അവര്‍ക്ക് മനംമാറ്റം വന്നില്ല. ദൃഷ്ടാന്തങ്ങള്‍ ഓരോന്ന് കണ്ടിട്ടും അവര്‍ക്ക് മാറിച്ചിന്തിക്കാന്‍ തോന്നിയില്ല. അവര്‍ അവരുടെ അഹന്തയില്‍ തന്നെ മുരടിച്ച് നിന്നു. സമയം ദീര്‍ഘിക്കുന്നതിന് അനുസരിച്ച് അവരില്‍ പരീക്ഷണങ്ങളും വ്യത്യസ്തമായി അല്ലാഹു ഇറക്കിക്കൊണ്ടിരുന്നു.

”വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു” (7:133).

കടുത്ത ശിക്ഷ വരുന്നതിന് മുമ്പായി ചെറിയ ശിക്ഷകള്‍ ഓരോന്നായി അവരില്‍ അല്ലാഹു ഇറക്കി. അതില്‍ പെട്ട ഒന്നായിരുന്നു ത്വൂഫാന്‍. ത്വൂഫാന്‍ എന്നത് എല്ലാ കാലവിപത്തുക്കളെയും ഉദ്ദേശിച്ചും വെള്ളപ്പൊക്കത്തെ മാത്രം ഉദ്ദേശിച്ചും പറയുന്ന ഒരു പദമാണ്. നൈല്‍ നദിയിലെ വെള്ളം കരകവിഞ്ഞ് ഒഴുകി. അവരുടെ കൃഷിയിടങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി. അങ്ങനെ കൃഷിയെല്ലാം നശിക്കാന്‍ തുടങ്ങി. അവര്‍ കെട്ടി ഉയര്‍ത്തിയ കൊട്ടാരങ്ങളും വീടുകളും സൗധങ്ങളും നിലംപൊത്താന്‍ തുടങ്ങി. ഈ വിധം നാശം വിതക്കുന്ന പ്രളയത്താല്‍ അല്ലാഹു അവരെ പരീക്ഷിച്ചു നോക്കി.

അതുപോലെ നാടിന്റെ ഏത് ഭാഗത്ത് നോക്കിയാലും ഒരു തരം വെട്ടുകിളികള്‍. അവയും അവരുടെ വിളകളെ നശിപ്പിക്കുന്നവയായിരുന്നു. നല്ല പച്ചപ്പുള്ള വിളകള്‍ അവ നശിപ്പിച്ചു. ഉണങ്ങിയവയും തഥൈവ. അങ്ങനെ കൃഷിയിടത്തില്‍ യാതൊന്നും അവശേഷിപ്പിക്കാതെ എല്ലാം ഇവ നശിപ്പിക്കാന്‍ തുടങ്ങി. വീടുകളില്‍ കയറി അവരുടെ സ്വസ്ഥ ജീവിതത്തില്‍ അസ്വസ്ഥത ഉണ്ടാക്കി. എവിടെയും ഈ വെട്ടുകിളികള്‍ തന്നെ. ഇവ മൂലമുള്ള പരീക്ഷണവും അവര്‍ക്ക് കുറെ നാള്‍ അനുഭവിക്കേണ്ടി വന്നു.

പിന്നീട് അവരിലേക്ക് ഇറക്കിയത് ക്വുമ്മലുകളെയാണ്. ‘ക്വുമ്മല്‍’ എന്ന് പറഞ്ഞാല്‍ ചെറിയ പ്രാണികള്‍ ആണെന്നും പേനുകളാണെന്നും ചെള്ളുകളാണെന്നും ഏതോ തരത്തിലുള്ള ഈച്ചകളാണെന്നുമെല്ലാം പറയുന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഏതായിരുന്നാലും അവര്‍ക്ക് ഉപദ്രവകരമായ ഈ ചെറു പ്രാണികളുടെ ശല്യം അവരില്‍ ഉണ്ടായി. അതും അവര്‍ക്ക് പാഠം പഠിക്കാന്‍ പറ്റിയ രൂപത്തിലുള്ള ഒരു പരീക്ഷണമായിരുന്നു. പക്ഷേ, അവര്‍ക്കുണ്ടോ മാറ്റം! അവര്‍ അവരുടെ അഹന്തതയില്‍ തന്നെ കഴിച്ചു കൂട്ടി.

പിന്നീട് തവളകളെ ഇറക്കി. എവിടെ നോക്കിയാലും തവളകള്‍. പാത്രം തുറന്നാല്‍ അതില്‍ തവളകള്‍. ഭക്ഷണം കഴിക്കാന്‍ വായ തുറക്കാന്‍ പറ്റാത്ത അവസ്ഥ! കിടപ്പ് സ്ഥലത്തും മറ്റെല്ലായിടത്തും തവളകള്‍. എവിടെ നോക്കിയാലും ജീവിതം പൊറുതി മുട്ടിക്കുന്ന രൂപത്തില്‍ തവളകള്‍!

എവിടെ നോക്കിയാലും രക്തം. കുടിക്കാനുള്ള വെള്ളത്തില്‍ രക്തം. നൈല്‍ നദിയില്‍ നിന്ന് വെള്ളമെടുത്താല്‍ അതിലും രക്തം. ഇതെല്ലാം അവര്‍ക്ക് മാത്രമാണ് അനുഭവപ്പെടുന്നത്. മൂസാനബി(അ)ക്കും വിശ്വാസികള്‍ക്കും ഇതൊന്നും അനുഭവപ്പെടുന്നില്ല. അതാണ് അത്ഭുതകരമായ കാര്യം! അവിശ്വാസികളെ മാത്രം ഈ ശിക്ഷകള്‍ ഒന്നിനു പുറകെ മറ്റൊന്നായി ബാധിച്ചുകൊണ്ടിരുന്നു. ഇതെല്ലാം അവര്‍ക്ക് കാര്യം ഗ്രഹിക്കാന്‍ ധാരാളമായിരുന്നു. എന്നാല്‍ അവര്‍ അതിനെല്ലാം ഓരോ ന്യായം കണ്ടെത്തി അവരുടെ അഹങ്കാരത്തില്‍ തന്നെ കഴിച്ചു കൂട്ടി.

”ശിക്ഷ അവരുടെ മേല്‍ വന്നുഭവിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഹേ; മൂസാ, നിന്റെ രക്ഷിതാവ് നിന്നോട് ചെയ്തിട്ടുള്ള കരാര്‍ മുന്‍നിര്‍ത്തി ഞങ്ങള്‍ക്ക് വേണ്ടി അവനോട് നീ പ്രാര്‍ഥിക്കുക. ഞങ്ങളില്‍ നിന്ന് ഈ ശിക്ഷ അകറ്റിത്തരുന്ന പക്ഷം ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയും ഇസ്‌റാഈല്‍ സന്തതികളെ നിന്റെ കൂടെ ഞങ്ങള്‍ അയച്ചുതരികയും ചെയ്യുന്നതാണ്; തീര്‍ച്ച. എന്നാല്‍ അവര്‍ എത്തേണ്ടതായ ഒരു അവധിവരെ നാം അവരില്‍ നിന്ന് ശിക്ഷ അകറ്റിക്കൊടുത്തപ്പോള്‍ അവരതാ വാക്ക് ലംഘിക്കുന്നു” (ക്വുര്‍ആന്‍ 7:134,135).

”മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔനിന്റെയും അവന്റെ പൗരമുഖ്യന്മാരുടെയും അടുത്തേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിന്റെ ദൂതനാകുന്നു. അങ്ങനെ അദ്ദേഹം നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അവരുടെ അടുത്ത് ചെന്നപ്പോള്‍ അവരതാ അവയെ കളിയാക്കി ചിരിക്കുന്നു. അവര്‍ക്ക് നാം ഓരോ ദൃഷ്ടാന്തവും കാണിച്ചുകൊടുത്തു കൊണ്ടിരുന്നത് അതിന്റെ ഇണയെക്കാള്‍ മഹത്തരമായിക്കൊണ്ട് തന്നെയായിരുന്നു. അവര്‍ (ഖേദിച്ചു) മടങ്ങുവാന്‍ വേണ്ടി നാം അവരെ ശിക്ഷകള്‍ മുഖേന പിടികൂടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഹേ, ജാലവിദ്യക്കാരാ! താങ്കളുമായി താങ്കളുടെ രക്ഷിതാവ് കരാര്‍ ചെയ്തിട്ടുള്ളതനുസരിച്ച് ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ അവനോട് പ്രാര്‍ഥിക്കുക. തീര്‍ച്ചയായും ഞങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ തന്നെയാകുന്നു.എന്നിട്ട് അവരില്‍ നിന്ന് നാം ശിക്ഷ എടുത്തുകളഞ്ഞപ്പോള്‍ അവരതാ വാക്കുമാറുന്നു” (ക്വുര്‍ആന്‍ 43:46-50).

ശിക്ഷകള്‍ ഓരോന്നായി അവരെ ആവരണം ചെയ്ത് തുടങ്ങിയപ്പോള്‍ പേടികൊണ്ടോ പരിഹാസത്താലോ മൂസാനബി(അ)യോട് രക്ഷക്കായി അല്ലാഹുവിനോട് തേടാന്‍ വേണ്ടി അവര്‍ ആവശ്യപ്പെട്ടു. ഒമ്പത് ദൃഷ്ടാന്തങ്ങള്‍ അവര്‍ നേര്‍ക്കുനേര്‍ കണ്ടവരായിരുന്നു. മൂസാനബി(അ)യുടെ വടി, കൈ കക്ഷത്ത് വെച്ചാല്‍ പ്രകാശിക്കുക, ത്വൂഫാന്‍, വരള്‍ച്ച, കായ്കനികളുടെ കുറവ്, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം ഇവയായിരുന്നു അവ. ശിക്ഷകള്‍ ഒന്നിച്ചല്ല; ഓരോന്നായിട്ടാണ് അവരെ ബാധിച്ചത്. ഓരോ ശിക്ഷ വരുമ്പോഴും അവര്‍ മൂസാ(അ)യെ സമീപിച്ച് മോചനത്തിനായി അല്ലാഹുവിനോട് തേടാന്‍ വേണ്ടി ആവശ്യപ്പെടും. ‘നിന്റെ പ്രാര്‍ഥനക്ക് ഉത്തരം കിട്ടിയാല്‍ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയും ഇസ്‌റാഈല്‍ മക്കളെ നിന്റെ കൂടെ അയക്കുന്നതുമായിരിക്കും’ എന്ന് പറയുമ്പോള്‍ അവര്‍ വിശ്വസിച്ചെങ്കില്‍ നന്നായിരുന്നു എന്ന ചിന്തയാല്‍ ഓരോ സന്ദര്‍ഭത്തിലും മൂസാ(അ) അല്ലാഹുവിനോട് തേടും. ദുരിതം അവരില്‍ നിന്ന് നീങ്ങുകയും ചെയ്യും. എന്നാല്‍ അവര്‍ വാക്ക് ലംഘിച്ചുകൊണ്ട് അവരുടെ അവിശ്വാസത്തില്‍ തന്നെ ഉറച്ചുനിന്നു. 

മൂസാനബി(അ)യുടെ പ്രാര്‍ഥന നിമിത്തം പരീക്ഷണങ്ങള്‍ നീങ്ങുമ്പോള്‍ തന്റെ ആളുകളില്‍ ആരെങ്കിലും അദ്ദേഹത്തില്‍ വിശ്വസിച്ചേക്കുമോ എന്ന പേടി ഫിര്‍ഔനിലുണ്ടാകും. ആ പേടി നിമിത്തം അവന്‍ ആളുകളെ പിടിച്ചു നിര്‍ത്താനായി ജനങ്ങള്‍ക്കിടയില്‍ ഇപ്രകാരം വിളംബരം നടത്തി: 

”ഫിര്‍ഔന്‍ തന്റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്റെ ജനങ്ങളേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ ഒഴുകുന്നതാകട്ടെ എന്റെ കീഴിലൂടെയാണ്. എന്നിരിക്കെ നിങ്ങള്‍ (കാര്യങ്ങള്‍) കണ്ടറിയുന്നില്ലേ? അല്ല, ഹീനനായിട്ടുള്ളവനും വ്യക്തമായി സംസാരിക്കാന്‍ കഴിയാത്തവനുമായ ഇവനെക്കാള്‍ ഉത്തമന്‍ ഞാന്‍ തന്നെയാകുന്നു. അപ്പോള്‍ ഇവന്റെ മേല്‍ സ്വര്‍ണവളകള്‍ അണിയിക്കപ്പെടുകയോ, ഇവനോടൊപ്പം തുണയായിക്കൊണ്ട് മലക്കുകള്‍ വരികയോ ചെയ്യാത്തതെന്താണ്? അങ്ങനെ ഫിര്‍ഔന്‍ തന്റെ ജനങ്ങളെ വിഡ്ഢികളാക്കി. അവര്‍ അവനെ അനുസരിച്ചു. തീര്‍ച്ചയായും അവര്‍ അധര്‍മകാരികളായ ഒരു ജനതയായിരുന്നു” (ക്വുര്‍ആന്‍ 43:51-54).

ഇങ്ങനെ അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും മൂര്‍ത്തിയായി ഫിര്‍ഔന്‍ ജനങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു. മൂസാനബി(അ)യെ തരംതാഴ്ത്തിക്കാണിച്ച് ആശ്വാസം കൊണ്ടു; ജനങ്ങള്‍ക്കിടയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുവാന്‍ പരമാവധി പ്രയത്‌നിച്ചു. എന്നാല്‍ ഇതിനിടയില്‍ തന്നെ ഫിര്‍ഔനിന്റെ പത്‌നി ആസ്യ(റ) മൂസാ(അ)യില്‍ വിശ്വസിക്കാന്‍ തയ്യാറായി.

ആസ്യ(റ)യുടെ മടിത്തട്ടില്‍ വളര്‍ന്ന മഹാനാണല്ലോ മൂസാ(അ). അദ്ദേഹത്തിന്റെ മഹത്ത്വം അവര്‍ അന്നു തന്നെ കണ്ടറിഞ്ഞിട്ടുണ്ടാകും. അവസാനം ഭര്‍ത്താവ് മൂസാ(അ)യെയും വിശ്വാസികളെയും ഉന്മൂലനം ചെയ്യാന്‍ തയ്യാറായപ്പോള്‍ അതിനെതിരില്‍ അവര്‍ പ്രതികരിച്ചു. തന്റെ വിശ്വാസം അവര്‍ പരസ്യപ്പെടുത്തുകയും ചെയ്തു. വിശ്വാസികള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ള സ്വര്‍ഗത്തിലെ അനുഭൂതികള്‍ക്കായി ഫിര്‍ഔനിന്റെ കൊട്ടാരത്തിലെ എല്ലാവിധ സുഖസൗകര്യങ്ങളും വെടിയാന്‍ അവര്‍ തയ്യാറായി. 

വിശ്വാസികള്‍ക്ക് മാതൃകയായി ക്വുര്‍ആന്‍ പരിജയപ്പെടുത്തിയ രണ്ട് സ്ത്രീകളില്‍ ഒരാളാണ് ഫിര്‍ഔനിന്റെ ഭാര്യ. അവരെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് കാണുക:

”സത്യവിശ്വാസികള്‍ക്ക്  ഒരു ഉപമയായി അല്ലാഹു ഫിര്‍ഔനിന്റെ  ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ” (ക്വുര്‍ആന്‍ 66:11).

ഫിര്‍ഔനിന്റെ ഭാര്യ എന്നാണ് ക്വുര്‍ആന്‍ അവരെ പറ്റി വിശേഷിപ്പിച്ചത്. പേര് പറഞ്ഞിട്ടില്ല. എന്നാല്‍ ഹദീഥുകളില്‍ അവരുടെ പേര് ‘ആസ്യബിന്‍ത് മുസാഹിം’ എന്ന് വന്നിട്ടുണ്ട്. 

മൂസാ(അ)യില്‍ വിശ്വസിച്ചവര്‍ക്കെതിരില്‍ കഠിനമായ മര്‍ദനം അഴിച്ചുവിട്ട ഫിര്‍ഔന്‍ തന്റെ ഭാര്യയെയും വെറുതെ വിട്ടില്ല. ശരീരത്തില്‍ ആണിയടിച്ച് അക്രമിച്ചു. ശരീരത്തില്‍ ചുട്ടു പഴുത്ത പാറക്കല്ല് കയറ്റി വെച്ച് മൂസാ(അ)യില്‍ അവിശ്വസിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അണു അളവ് പതറാതെ അവര്‍ ശരിയായ വിശ്വാസത്തില്‍ ഉറച്ച് നിന്നു. സ്വര്‍ഗത്തില്‍ ഒരു ഭവനം ലഭിക്കുവാനും അക്രമികളില്‍നിന്ന് രക്ഷ ലഭിക്കുവാനും അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചു. രാജകൊട്ടാരത്തിലെ സുഖസൗകര്യങ്ങളെക്കാള്‍ അല്ലാഹുവിന്റെ സാമീപ്യം അവര്‍ ആഗ്രഹിച്ചു. 

അല്ലാഹുവിന്റെ മതത്തിന്റെ ആദര്‍ശം ഹൃദയത്തിലേക്ക് പ്രവേശിച്ചാലുണ്ടാകുന്ന കരുത്താണ് ആസ്യാ(റ)യുടെ ജീവിതത്തില്‍ നാം കാണുന്നത്. ഭര്‍ത്താവായ ഫിര്‍ഔന്‍ അല്ലാഹുവിന്റെ ദീനിനെതിരില്‍ കല്‍പിച്ചപ്പോള്‍ അല്ലാഹുവിന് വേണ്ടി ഭര്‍ത്താവിന്റെ മര്‍ദനം സ്വീകരിച്ചു. അല്ലാഹുവിന്റെയും റസൂലിന്റെയും കല്‍പനക്ക് എതിരായി ഭര്‍ത്താവ് കല്‍പിക്കുമ്പോള്‍ അതിന് അനുഗുണമായി നില്‍ക്കുന്നവര്‍ക്ക് ധൈര്യം നല്‍കുന്ന ചരിത്രമാണ് ആസ്യ(റ)യുടെ ചരിത്രം. സ്ത്രീകളില്‍ വിശ്വാസം പൂര്‍ണതയില്‍ എത്തിയവരുടെ കൂട്ടത്തില്‍ നബി ﷺ അവരെ എണ്ണിപ്പറഞ്ഞതായി കാണാം.

ഫിര്‍ഔന്‍ നാള്‍ക്കുനാള്‍ പീഡനം വര്‍ധിപ്പിക്കുവാന്‍ തുടങ്ങി. മൂസാ(അ) രക്ഷക്കായി അല്ലാഹുവിനോട് പ്രാര്‍ഥിച്ചു:

”ഇക്കൂട്ടര്‍ കുറ്റവാളികളായ ഒരു ജനവിഭാഗമാണെന്നതിനാല്‍ അദ്ദേഹം തന്റെ രക്ഷിതാവിനെ വിളിച്ച് (സഹായത്തിനായി) പ്രാര്‍ഥിച്ചു” (ക്വുര്‍ആന്‍ 44:22). 

അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചു: ”മൂസായ്ക്ക് നാം ബോധനം നല്‍കി: എന്റെ  ദാസന്മാരെയും കൊണ്ട് രാത്രിയില്‍ നീ പുറപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും (ശത്രുക്കള്‍) നിങ്ങളെ പിന്തുടരാന്‍ പോകുകയാണ്. അപ്പോള്‍ ഫിര്‍ഔന്‍ ആളുകളെ വിളിച്ചുകൂട്ടാന്‍ പട്ടണങ്ങളിലേക്ക് ദൂതന്മാരെ അയച്ചു. തീര്‍ച്ചയായും ഇവര്‍ കുറച്ച് പേര്‍ മാത്രമുള്ള ഒരു സംഘമാകുന്നു. തീര്‍ച്ചയായും അവര്‍ നമ്മെ അരിശം കൊള്ളിക്കുന്നവരാകുന്നു. തീര്‍ച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു (എന്നിങ്ങനെ വിളിച്ചുപറയാനാണ് ഫിര്‍ഔന്‍ നിര്‍ദേശിച്ചത്). അങ്ങനെ തോട്ടങ്ങളില്‍ നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി. ഭണ്ഡാരങ്ങളില്‍ നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും. അപ്രകാരമത്രെ (നമ്മുടെ നടപടി). അതൊക്കെ ഇസ്‌റാഈല്‍ സന്തതികള്‍ക്ക്  നാം അവകാശപ്പെടുത്തി കൊടുക്കുകയും ചെയ്തു” (ക്വുര്‍ആന്‍ 26:52-59).

ഈജിപ്തില്‍ നിന്നും ഫലസ്തീനിലേക്ക് പോകാനായിരുന്നു ഈ നിര്‍ദേശം. ഫിര്‍ഔനും കൂട്ടരും നിങ്ങളെ പിന്തുടരും എന്ന കാര്യവും നേരത്തെ തന്നെ അല്ലാഹു മൂസാ(അ)യെ അറിയിച്ചു. അല്ലാഹുവിന്റെ കല്‍പന പ്രകാരം അവര്‍ യാത്രക്കുള്ള തയ്യാറെടുപ്പെല്ലാം ചെയ്തു.

വിവരം ഫിര്‍ഔന്‍ അറിഞ്ഞു. ഫിര്‍ഔന്‍ ഈജിപ്തിലെ പട്ടണങ്ങളിലേക്ക് ആളെ അയച്ചു. എല്ലാവരെയും ഒരുമിച്ച് ചേര്‍ത്തു. മൂസാ(അ)യെയും വിശ്വാസികളെയും നശിപ്പിക്കുന്നതിനായി പലിയ ഒരു പടയെ തയ്യാറാക്കി. കൂടെയുള്ളവരെ, മൂസാനബി(അ)യുടെ ഒപ്പമുള്ളവരുടെ എണ്ണം വളരെ കുറവാണെന്നു പറഞ്ഞ് ആവേശം കൊള്ളിച്ചു. അവന്റെ ഓരോ പ്രവര്‍ത്തനങ്ങളും നമ്മെ ഏറെ അരിശം കൊള്ളിക്കുകയാണ്. അതിനാല്‍ അവനെയും സംഘത്തെയും നാം പിടിച്ച് നശിപ്പിക്കുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഫിര്‍ഔന്‍ അണികള്‍ക്ക് ധൈര്യം പകരാന്‍ ശ്രമിച്ചു. 

ഫിര്‍ഔന്‍ ഒരു വലിയ സംഘത്തോടൊപ്പം മൂസാ(അ)യെയും വിശ്വാസികളെയും പിടികൂടാനായി എല്ലാ സജ്ജീകരണങ്ങളോടും കൂടി പുറപ്പെട്ടു. അവരുടെ ആ പുറപ്പാടിനെ കുറിച്ച് അല്ലാഹു പറഞ്ഞത് ഒന്ന് സൂക്ഷിച്ച് നോക്കുക: ‘അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി. ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും. അപ്രകാരമത്രെ (നമ്മുടെ നടപടി). അതൊക്കെ ഇസ്‌റാഈല്‍ സന്തതികള്‍ക്ക് നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു.’ അവര്‍ അറിയാതെ അല്ലാഹു അവരുടെ സുഖലോലുപതയില്‍ നിന്നും പുറത്തിറക്കി. എന്നിട്ട് അതിന്റെ യെല്ലാം അനന്തരാവകാശികളായി ബനൂ ഇസ്‌റാഈല്യരെ ആക്കുകയും ചെയ്തു! അവക്കൊന്നും യാതൊരു കേടുപാടുകളും വരുത്താതെ മറ്റൊരു സ്ഥലത്തേക്ക് അവരെ നശിപ്പിക്കുവാന്‍ കൊണ്ടുപോയി. അല്ലാഹുവിന്റെ തന്ത്രത്തെ വെല്ലാന്‍ ആര്‍ക്കെങ്കിലും ആകുമോ? ഇത് അവരുടെ അന്ത്യയാത്രയുടെ തുടക്കമാണെന്ന് അവരുണ്ടോ അറിയുന്നു!

ഫിര്‍ഔനും കൂട്ടരും ഉദയവേളയില്‍ ആയിക്കൊണ്ട് വിശ്വാസികളുടെ പിന്നാലെ വന്നു. അവര്‍ പരസ്പരം കണ്ടുമുട്ടി:

”അങ്ങനെ രണ്ട് സംഘവും പരസ്പരം കണ്ടപ്പോള്‍ മൂസായുടെ അനുചരന്മാര്‍ പറഞ്ഞു: തീര്‍ച്ചയായും നാം പിടിയിലകപ്പെടാന്‍ പോകുകയാണ്. അദ്ദേഹം (മൂസാ) പറഞ്ഞു: ഒരിക്കലുമില്ല, തീര്‍ച്ചയായും എന്നോടൊപ്പം എന്റെ രക്ഷിതാവുണ്ട്; അവന്‍ എനിക്ക് വഴി കാണിച്ചുതരും” (ക്വുര്‍ആന്‍ 26:61,62).

അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നവരുടെ കൂടെ അല്ലാഹുവുണ്ടാകും. അല്ലാഹു സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ അത് ലഭിക്കാതിരിക്കില്ല. (തുടരും)

ഹുസൈന്‍ സലഫി
നേർപഥം വാരിക

മൂസാ നബി (അ) – 11​

മൂസാ നബി (അ) - 11

അവസാനിക്കാത്ത അഹങ്കാരം

ആരെങ്കിലും ഒരു തിന്മ ചെയ്താല്‍ അതിനു തുല്യമായ ശിക്ഷ മാത്രമെ അല്ലാഹു അവന് നല്‍കൂ. അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് ഫിര്‍ഔനിന്റെ ജനതയിലെ ആ മഹാനായ വ്യക്തി അവരെ തെര്യപ്പെടുത്തുകയാണ്. ആ കാരുണ്യം മനസ്സിലാകണമെങ്കില്‍ പുണ്യം ചെയ്തവര്‍ക്ക് അല്ലാഹു നല്‍കുന്ന പ്രതിഫലത്തെക്കുറിച്ച് അറിയണം. അല്ലാഹുവിലുള്ള വിശ്വാസം ഉണ്ടായിരിക്കെ, നന്മ ചെയ്തവര്‍ക്ക് അല്ലാഹു തത്തുല്യമായ പ്രതിഫലമല്ല നല്‍കുന്നത്. കണക്കില്ലാതെ അവന്‍ പ്രതിഫലം നല്‍കും. സ്വര്‍ഗീയ ജീവിതം നല്‍കും.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കുവാനും അവകാശമുള്ള മണ്ണില്‍ ജീവിക്കുന്ന നാം അല്ലാഹുവിന്റെ മതം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതില്‍ എന്ത് ചെയ്തു എന്ന് ആലോചിക്കേണ്ടതുണ്ട്. നാം അറിഞ്ഞ സത്യം അറിയാത്തവരിലേക്ക് എത്തിക്കല്‍ നമ്മുടെ കടമയാണ്. തീര്‍ച്ചയായും നന്മകല്‍പിക്കലും തിന്മ വിരോധിക്കലും എല്ലാ മുസ്‌ലിമിനും നിര്‍ബന്ധമാണെന്നത് സ്ഥിരപ്പെട്ട കാര്യമാണ്. ആ നിര്‍ബന്ധം ബന്ധപ്പെട്ട് കിടക്കുന്നത് കഴിവും സാഹചര്യവുമെല്ലാമായിട്ടാണ്. അല്ലാഹു പറയുന്നു: 

”അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ കേള്‍ക്കു കയും അനുസരിക്കുകയും നിങ്ങള്‍ക്കു തന്നെ ഗുണകരമായ നിലയില്‍ ചെലവഴിക്കുകയും ചെയ്യുക. ആര്‍ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍” (ക്വുര്‍ആന്‍ 64:16). 

നബി ﷺ പറയുന്നത് കാണുക. അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ”റസൂല്‍ ﷺ ഞങ്ങളോട് (ഒരിക്കല്‍ ഇപ്രകാരം) പ്രസംഗിച്ചു: ‘…അതിനാല്‍ ഞാന്‍ നിങ്ങളോട് വല്ല കാര്യം കൊണ്ടും കല്‍പിച്ചാല്‍ നിങ്ങള്‍ക്ക് കഴിയും വിധം അത് കൊണ്ടുവരിക. ഏതെങ്കിലും ഒരു കാര്യത്തെ തൊട്ട് ഞാന്‍ നിങ്ങള്‍ക്ക് വല്ലതും വിരോധിച്ചാല്‍ അത് നിങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക” (മുസ്‌ലിം).

നന്മയിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതില്‍ നാം ഒരിക്കലും അമാന്തം കാണിച്ചുകൂടാ. നന്മ കല്‍പിക്കാതിരിക്കുകയും തിന്മ വിരോധിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള ശിക്ഷ ഇഹലോകത്ത് വെച്ച് തന്നെ നമുക്ക് ബാധിക്കുന്നതാണെന്ന് നബി ﷺ നമുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹുദയ്ഫ(റ)വില്‍ നിന്ന്: നബി ﷺ പറഞ്ഞു: ”എന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവന്‍ തന്നെയാണ് സത്യം. തീര്‍ച്ചയായും നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും തന്നെ വേണം. അല്ലെങ്കില്‍ അതുകാരണം അല്ലാഹു നിങ്ങളില്‍ ശിക്ഷ അയക്കാറായിരിക്കുന്നതാണ്. പിന്നീട് നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് (അതിന്) ഉത്തരം നല്‍കപ്പെടുന്നതല്ല” (തിര്‍മിദി).

അല്ലാഹുവിന് ഇഷ്ടമുള്ളതെല്ലാം നന്മയും അല്ലാഹുവിന് ദേഷ്യമുള്ളതെല്ലാം തിന്മയുമാണ്. നന്മകള്‍ ചെയ്യുവാനും തിന്മകളില്‍ നിന്നും ജനങ്ങളെ അകറ്റുവാനും ഓരോ മുസ്‌ലിമും പ്രയത്‌നിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അല്ലാഹുവിങ്കല്‍ നിന്നുള്ള കടുത്ത ശിക്ഷ വരുന്നതാണ്. പിന്നീട് ആ ശിക്ഷയില്‍ നിന്നുള്ള രക്ഷക്ക് അല്ലാഹുവിനോട് ചോദിച്ചത് കൊണ്ട് കാര്യമില്ല. അതിനാല്‍ നാം ഓരോരുത്തരും നമുക്ക് അല്ലാഹു എന്ത് കഴിവാണോ നല്‍കിയിട്ടുള്ളത് അത് ആ മാര്‍ഗത്തില്‍ ഉപയോഗിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ ശിക്ഷ വരുന്ന വേളയില്‍ നല്ലവരെയും അല്ലാത്തവരെയും വേര്‍തിരിക്കാതെയാകും ബാധിക്കുക. അല്ലാഹു നമുക്ക് അതിലൂടെ മരണം വിധിച്ചിട്ടുണ്ടെങ്കില്‍ നാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരായിട്ടാണല്ലോ ഇഹലോകം വിടുന്നത്. അല്ലെങ്കില്‍ അല്ലാഹുവിന്റെ കോപത്തിന് അര്‍ഹരായിട്ടാകും മരിക്കേണ്ടി വരിക. അല്ലാഹു പറയുന്നത് കാണുക:

”ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 8:25).

ഈ വചനം കേട്ടപ്പോള്‍ സൈനബ്(റ) നബി ﷺ യോട് ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളില്‍ നല്ലവര്‍ ഉണ്ടായിരിക്കെ ഞങ്ങളെ നശിപ്പിക്കുമോ?”അവിടുന്ന് പറഞ്ഞു: ”അതെ, മോശപ്പെട്ടവര്‍ അധികരിച്ചാല്‍ (ശിക്ഷ വരും) നല്ലവരെയും അത് ബാധിക്കുന്നതാണ്” (ബുഖാരി).

നന്മ കല്‍പിക്കാതിരിക്കുകയും തിന്മയെ വിലക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അല്ലാഹു കടുത്ത ശിക്ഷ അയക്കുന്നതാണ്. ആ ശിക്ഷ മൊത്തത്തില്‍ എല്ലാവരെയും ബാധിക്കുന്നതുമായിരിക്കും. പ്രാര്‍ഥനക്ക് ഉത്തരം പോലും തടയപ്പെടാന്‍ മാത്രം വലിയ പാതകമാണ് നന്മ കല്‍പിക്കാതിരിക്കലും തിന്മ വിരോധിക്കാതിരിക്കലും!

ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ ആരെയും കൂസാതെ സത്യം വെട്ടിത്തുറന്ന് പ്രഖ്യാപിക്കുകയാണ് ആ മഹാനായ മനുഷ്യന്‍:

”എന്റെ ജനങ്ങളേ, എനിക്കെന്തൊരനുഭവം! ഞാന്‍ നിങ്ങളെ രക്ഷയിലേക്ക് ക്ഷണിക്കുന്നു. നിങ്ങളാകട്ടെ എന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു. ഞാന്‍ അല്ലാഹുവില്‍ അവിശ്വസിക്കുവാനും എനിക്ക് യാതൊരു അറിവുമില്ലാത്തത് അവനോട് ഞാന്‍ പങ്കുചേര്‍ക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു. ഞാനാകട്ടെ, പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു” (ക്വുര്‍ആന്‍ 40:41,42).

”നിങ്ങള്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാര്‍ഥനയും ഉണ്ടാകാവുന്നതല്ല എന്നതും നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ് എന്നതും അതിക്രമകാരികള്‍ തന്നെയാണ് നരകാവകാശികള്‍ എന്നതും ഉറപ്പായ കാര്യമാകുന്നു” (ക്വുര്‍ആന്‍ 40:43).

സ്രഷ്ടാവും സംരക്ഷകനും അന്നം നല്‍കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണ് അല്ലാഹു.ഇതിലൊന്നും തെല്ലും അവകാശപ്പെടാന്‍ അര്‍ഹതയില്ലാത്ത പടപ്പുകളെ വണങ്ങുന്ന അന്ധവിശ്വാസത്തിനെതിരിലാണല്ലോ പ്രവാചകന്മാര്‍ പൊരുതിയത്.

ഈ മഹാനായ മനുഷ്യന്‍ സത്യശബ്ദം അവരെ കേള്‍പിച്ച് നേര്‍വഴിയിലാക്കാന്‍ നോക്കുമ്പോള്‍, അവര്‍ അദ്ദേഹത്തെ അല്ലാഹുവില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചു എന്നാണ് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.

അവര്‍ ക്ഷണിക്കുന്ന മാര്‍ഗമാകട്ടെ ഐഹികവും പാരത്രികവുമായ യാതൊരു നന്മയും അടങ്ങിയിട്ടില്ലാത്തതും! അദ്ദേഹം അവരെ ഗുണകാംക്ഷയോടെ സത്യത്തിലേക്ക് ക്ഷണിച്ചു കൊണ്ടേയിരുന്നു. പക്ഷേ, അവര്‍ക്കത് സ്വീകരിക്കുവാനുള്ള മനസ്സ് വന്നില്ല. അവസാനം അദ്ദേഹം തന്റെ സംസാരം നിര്‍ത്തുന്ന വേളയില്‍ ഒരു താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞു:

”എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നത് വഴിയെ നിങ്ങള്‍ ഓര്‍ക്കും. എന്റെ കാര്യം ഞാന്‍ അല്ലാഹുവിങ്കലേക്ക് ഏല്‍പിച്ച് വിടുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു” ക്വുര്‍ആന്‍ 40:44).

അദ്ദേഹം അവരോട് പറയാനുള്ളതെല്ലാം പറഞ്ഞു. ബാക്കി അല്ലാഹുവിലേക്ക് വിട്ടു. അല്ലാഹു എല്ലാവരെയും നന്നായി കണ്ടറിയുന്നവനാണല്ലോ.

പ്രബോധകന് ഉണ്ടായിരിക്കേണ്ട വലിയ ഒരു ഗുണമാണ് തവക്കുല്‍. പ്രതിബന്ധങ്ങള്‍ അനേകം ഉണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ പതര്‍ച്ച നേരിടാന്‍ പാടില്ല. ഇദ്ദേഹം ഫിര്‍ഔനിന്റെ സദസ്സില്‍ സത്യത്തിന്റെ ശബ്ദം മുഴക്കിയപ്പോള്‍ ഭീഷണി വന്നിട്ടുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും മനസ്സിലാകുന്നത്. എന്തായിരുന്നാലും അദ്ദേഹം ഒട്ടും പതറിയിട്ടില്ല. എല്ലാം അല്ലാഹുവില്‍ അര്‍പിച്ച് ധീരമായി സത്യം പറഞ്ഞു. അതിലൂടെ അദ്ദേഹത്തിന് വിജയം കിട്ടി എന്നാണ് ക്വുര്‍ആന്‍ പറയുന്നത്.

”അപ്പോള്‍ അവര്‍ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിര്‍ഔനിന്റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി” (ക്വുര്‍ആന്‍ 40:45).

അദ്ദേഹം സത്യം പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തിനെതിരില്‍ അവര്‍ ചില തീരുമാനങ്ങള്‍ എടുത്തിരുന്നു. ഏത് അജണ്ടയും നടപ്പിലാകണമെങ്കില്‍ ഉപരിയിലുള്ളവന്‍ തീരുമാനിക്കണമല്ലോ. അല്ലാഹുവിനെ സഹായിക്കുന്നവരെ അല്ലാഹുവും സഹായിക്കുമെന്നത് അവന്റെ വാഗ്ദാനമാണ്. ഒരു പോറലുപോലും ഏല്‍ക്കാതെ അല്ലാഹു അദ്ദേഹത്തെ അവരുടെ ഉപദ്രവത്തില്‍ നിന്നും രക്ഷപ്പെടുത്തി. എന്നാല്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയവരുടെ അവസ്ഥയോ? മോശമായ ശിക്ഷകൡലൂടെ അവരെ പിടികൂടി. ഇഹലോകത്ത് വെച്ച് തന്നെ ധാരാളം അവര്‍ക്ക് കിട്ടി. മരണത്തിന് ശേഷമോ അതികഠിനമായ ശിക്ഷയും.

”നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔനിന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക (എന്ന് കല്‍പിക്കപ്പെടും)” (ക്വുര്‍ആന്‍ 40:46).

മരണത്തിന് ശേഷം അന്ത്യനാള്‍ വരെ, നല്ലവരാണെങ്കില്‍ സ്വര്‍ഗീയ ജീവിതവും നല്ലവരല്ലെങ്കില്‍ നരകീയ ജീവിതവുമായിരിക്കും ഉണ്ടാകുക. ബര്‍സഖില്‍ ശിക്ഷയില്ലെന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ക്വുര്‍ആന്‍ വചനം. ചിലരെല്ലാം ക്വബ്ര്‍ ശിക്ഷയെ ലോക്കപ്പ് മര്‍ദനം എന്ന് പറഞ്ഞ് പരിഹസിക്കാറുണ്ട്. ക്വബ്‌റിലെ രക്ഷാശിക്ഷകളെ പറ്റിയുള്ള അഹ്‌ലുസ്സുന്നഃയുടെ വിശ്വാസം അത് യഥാര്‍ഥമാണ് എന്നതാണ്.

ഫിര്‍ഔനും കൂട്ടരും അന്നു മുതല്‍ അന്ത്യനാള്‍ വരെ ഈ ശിക്ഷ അനുഭവിച്ചുകൊണ്ടേയിരിക്കും. അന്ത്യനാളിലാകട്ടെ, അതിലേറെ കടുത്ത ശിക്ഷയായിരിക്കും അവര്‍ക്ക് ഉണ്ടായിരിക്കുക.

ഐഹിക ജീവിതത്തില്‍ സത്യത്തിനെതിരെ വാദപ്രതിവാദവും സംവാദവുമൊക്കെ നടത്തി കാലം കഴിക്കുന്നവര്‍ നരകത്തില്‍ എത്തുന്ന വേളയില്‍ പരസ്പരം ശത്രുക്കളായി മാറുന്ന അവസ്ഥ വരെ അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്:

”നരകത്തില്‍ അവര്‍ അനേ്യാന്യം ന്യായവാദം നടത്തുന്ന സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു). അപ്പോള്‍ ദുര്‍ബലര്‍ അഹംഭാവം നടിച്ചവരോട് പറയും: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്തുടര്‍ന്ന്ജീവിക്കുകയായിരുന്നു. അതിനാല്‍ നരകശിക്ഷയില്‍ നിന്നുള്ള വല്ല വിഹിതവും ഞങ്ങളില്‍ നിന്ന് ഒഴിവാക്കിത്തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ? അഹംഭാവം നടിച്ചവര്‍ പറയും: തീര്‍ച്ചയായും നമ്മളെല്ലാം ഇതില്‍ തന്നെയാകുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്മാര്‍ക്കിടയില്‍ വിധി കല്‍പിച്ചു കഴിഞ്ഞു” (ക്വുര്‍ആന്‍ 40:47,48).

ഇത്രയെല്ലാം കേട്ടിട്ടും ഫിര്‍ഔന്‍ അഹങ്കാരത്തില്‍ തന്നെ ഉറച്ചുനിന്നു. അല്ലാഹുവിനെ ആരാധിക്കുന്നതിന് അവരെ തടസ്സപ്പെടുത്തി. നമസ്‌കാരം ആരും കാണാത്തിടത്ത് വെച്ച് നിര്‍വഹിക്കേണ്ടുന്ന സാഹചര്യം വന്നു. ആ സമയത്ത് അല്ലാഹു മൂസാനബി(അ)യോട് പറഞ്ഞു:

”മൂസായ്ക്കും അദ്ദേഹത്തിന്റെ സഹോദരന്നും നാം ഇപ്രകാരം സന്ദേശം നല്‍കി: നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ ആളുകര്‍ക്ക് വേണ്ടി ഈജിപ്തില്‍ (പ്രത്യേകം) വീടുകള്‍ സൗകര്യപ്പെടുത്തുകയും നിങ്ങളുടെ വീടുകള്‍ ക്വിബ്‌ലയാക്കുകയും നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. സത്യവിശ്വാസികള്‍ക്ക് നീ സന്തോഷവാര്‍ത്ത  അറിയിക്കുക” (ക്വുര്‍ആന്‍ 10:87).

ഫിര്‍ഔനും കൂട്ടരും മൂസാ(അ)യെയും കൂട്ടരെയും അവരുടെ ആരാധനാലയങ്ങളില്‍ വെച്ച് ആരാധിക്കാന്‍ സമ്മതിക്കാതെയായി. അവര്‍ സമ്മതിക്കാത്തതിനാല്‍ ആരാധനകള്‍ ഒഴിവാക്കാന്‍ പാടില്ലല്ലോ. ആരാധനകള്‍ സമയത്ത് തന്നെ നിര്‍വഹിക്കേണ്ടതുണ്ട്. അതിനാല്‍ വീട്ടില്‍ നിന്ന് ക്വിബ്‌ലക്ക് നേരെ തിരിഞ്ഞ് നമസ്‌കരിക്കണമെന്നും നമസ്‌കാരം സമയത്ത് തന്നെ നിര്‍വഹിക്കണമെന്നും അല്ലാഹു അവരോട് കല്‍പിച്ചു.

കഅ്ബഃയിലേക്ക് തന്നെ തിരിഞ്ഞ് നമസ്‌കരിക്കാനുള്ള കല്‍പനയായിരുന്നു ഇത് എന്ന് മുഫസ്സിറുകള്‍ അഭിപ്രായപ്പെടുന്നു. എല്ലാ നബിമാരുടെയും ക്വിബ്‌ല കഅ്ബയായിരുന്നു. ബൈത്തുല്‍ മക്വ്ദിസിലേക്ക് തിരിയാനാണ് എന്നും അതിനെക്കുറിച്ച് അഭിപ്രായപ്പെട്ടവര്‍ ഉണ്ട്.

നമസ്‌കാരം യാതൊരു കാരണത്താലും പാഴാക്കരുതെന്നും അത് നിര്‍വഹിക്കുന്നതില്‍ നല്ല ശ്രദ്ധ കാണിക്കണമെന്നും അല്ലാഹു പറഞ്ഞതിന്റെ കൂടെ അവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുവാനും അല്ലാഹു മൂസാനബി(അ)യോട് കല്‍പിച്ചു. അഥവാ വിജയം അടുത്തിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത.

അവരുടെ നമസ്‌കാരത്തിന്റെ സമയം, രൂപം തുടങ്ങിയവയെക്കുറിച്ചൊന്നും നമുക്ക് അറിയില്ല. അവര്‍ക്കും നമസ്‌കാരം നിശ്ചയിക്കപ്പെട്ടിരുന്നു എന്നത് സുവ്യക്തവുമാണ്.

സഹനവും നമസ്‌കാരവും നമുക്കുള്ള രക്ഷാകവചമാണ്. നമസ്‌കാരത്തിലൂടെ ശത്രുക്കളുടെ കെടുതികളില്‍ നിന്നും നബി ﷺ രക്ഷതേടാറുണ്ടായിരുന്നു.

അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന ഏറ്റവും വലിയ നന്മ കല്‍പിക്കുന്നു എന്നതിന്റെ പേരില്‍, ആ ആദര്‍ശം സ്വീകരിച്ചു എന്നതിന്റെ പേരില്‍, ശിര്‍ക്ക് എന്ന ഏറ്റവും വലിയ തിന്മയെ തൊട്ട് സമൂഹത്തെ വിലക്കുന്നു എന്നതിന്റെ പേരില്‍ അക്രമം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഫിര്‍ഔനും കൂട്ടരും മൂസാനബി(അ)യെയും വിശ്വാസികളെയും കടുത്ത പീഡനത്തിന് ഇരകളാക്കുന്നു. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നു. എല്ലാം അവര്‍ അല്ലാഹുവിന് വേണ്ടി ക്ഷമിച്ചുകൊണ്ടേയിരുന്നു.

ഹുസൈന്‍ സലഫി
നേർപഥം വാരിക