നബി ചരിത്രം – 34​

നബി ചരിത്രം – 34: അഹങ്കാരത്തിന് ആദ്യ തിരിച്ചടി

അഹങ്കാരത്തിന് ആദ്യ തിരിച്ചടി

ക്വുറൈശികള്‍ രാത്രിയില്‍ അവരുടെ സൈനിക താവളത്തില്‍ കഴിച്ചു കൂട്ടി. ക്വുറൈശികള്‍ ബദ്‌റിന്റെ താഴ്‌വരയിലേക്ക് ഇറങ്ങി വരുന്നത് കണ്ടപ്പോള്‍ നബി ﷺ  ഇപ്രകാരം പ്രാര്‍ഥിച്ചു:”അല്ലാഹുവേ, ക്വുറൈശികള്‍ ഇതാ അവരുടെ അഹങ്കാരവും പൊങ്ങച്ചവും കുതിരപ്പടയുമായി നിന്നെ വെല്ലുവിളിച്ചു കൊണ്ടും നിന്റെ പ്രവാചകനെ നിഷേധിച്ചുകൊണ്ടും ഇറങ്ങിവരുന്നു. അല്ലാഹുവേ, എനിക്കു നീ വാഗ്ദാനം ചെയ്ത സഹായം നല്‍കേണമേ” (സീറതു ഇബ്‌നു ഹിശാം: 2/233).

ഉമൈര്‍ ഇബ്‌നുവഹബുല്‍ ജുമഹിയെ അവര്‍ മുസ്‌ലിം സൈന്യത്തിന്റെ അവസ്ഥയെക്കുറിച്ച് പരിശോധിക്കുവാന്‍ വേണ്ടി അയക്കുകയുണ്ടായി. അയാള്‍ വന്ന് മുസ്‌ലിം സൈന്യത്തിന് ചുറ്റും തന്റെ കുതിരയെ ഓടിച്ചുകൊണ്ട് തിരിച്ചു പോയി. മുസ്‌ലിംകള്‍ 300 പേരുണ്ട് എന്നും അതില്‍ അല്‍പം കുറവോ കൂടുതലോ ഉണ്ടായേക്കാം എന്നുമുള്ള റിപ്പോര്‍ട്ട് അയാള്‍ നല്‍കി. ‘എനിക്ക് അല്‍പം കൂടി സാവകാശം തരൂ. മുസ്‌ലിംകള്‍ക്ക് മറ്റു വല്ല സഹായികളോ ഒളിത്താവളങ്ങളോ ഉണ്ടോ എന്ന് ഞാന്‍ പരിശോധിച്ചു നോക്കട്ടെ’ എന്ന് പറഞ്ഞു കൊണ്ട് വീണ്ടും അയാള്‍ മുസ്‌ലിംകളുടെ അവസ്ഥയറിയാന്‍ പോയി. എന്നിട്ട് തിരിച്ചു ചെന്നുകൊണ്ട് പറഞ്ഞു: ”ഞാന്‍ ഒന്നും കണ്ടില്ല. പക്ഷേ, ക്വുറൈശികളേ, ഞാന്‍ കണ്ട ഒരു കാര്യം ഉണ്ട്. മരണം മണക്കുന്ന ചില പരീക്ഷണങ്ങള്‍ ഞാന്‍ കാണുന്നു. ശക്തിയേറിയ വിഷവും വഹിച്ചുകൊണ്ടാണ് യഥ്‌രിബുകാര്‍ വന്നിട്ടുള്ളത്. കണ്ടില്ലേ! അവര്‍ ഒന്നും മിണ്ടുന്നില്ല. സര്‍പ്പങ്ങളെപ്പോലെ വായില്‍ തന്നെ എല്ലാം ഒതുക്കിവെക്കുകയാണ് അവര്‍. അല്ലാഹുവാണ് സത്യം, നിങ്ങളിലെ ആളുകള്‍ കൊല്ലപ്പെടുന്നത് വരെ അവരില്‍ ഒരാള്‍ പോലും കൊല്ലപ്പെടും എന്ന് എനിക്ക് തോന്നുന്നില്ല. ഈ ചെറിയ സംഘം കൊണ്ട് നിങ്ങള്‍ക്ക് അവര്‍ നാശങ്ങള്‍ വരുത്തിവച്ചാല്‍ പിന്നെ ബാക്കിയുള്ള ജീവിതത്തില്‍ എന്ത് നന്മയാണ് ഉള്ളത്? അതുകൊണ്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയൂ.”

ഹകീം ഇബ്‌നു ഹിസാം ഈ സംസാരം കേട്ടപ്പോള്‍ ജനങ്ങള്‍ക്കിടയിലൂടെ ഒന്നു നടന്നു. ഉത്ബതുബ്‌നു റബീഅയുടെ അടുക്കല്‍ വന്നു കൊണ്ട് പറഞ്ഞു: ”അല്ലയോ അബുല്‍ വലീദ്! ക്വുറൈശികളുടെ അനുസരിക്കപ്പെടുന്ന നേതാവാണ് താങ്കള്‍. എന്നും താങ്കള്‍ ഓര്‍ക്കപ്പെടുന്ന നിലക്കുള്ള നന്മനിറഞ്ഞ ഒരു അഭിപ്രായത്തിലേക്ക് താങ്കള്‍ക്ക് മടങ്ങിക്കൂടേ?” അബ്ദുല്‍ വലീദ്(ഉത്ബ) പറഞ്ഞു: ”എന്താണ് ഹകീം താങ്കള്‍ ഉദ്ദേശിക്കുന്നത്?” ഹകീമുബ്‌നു ഹിസാം പറഞ്ഞു: ”നിങ്ങള്‍ ജനങ്ങളെ കൊണ്ട് മടങ്ങുക. അങ്ങയുടെ ഇവിടത്തെ കാര്യങ്ങള്‍ അംറ്ബ്‌നുല്‍ ഹള്‌റമിയെ ഏല്‍പിക്കുക. മുഹമ്മദിന്റെ രക്തം മാത്രമാണല്ലോ നിങ്ങള്‍ക്കാവശ്യം.” ഉത്ബ പറഞ്ഞു: ”ഞാന്‍ അതിനു തയ്യാറാണ്. എന്നാല്‍ ജനങ്ങളുടെ ഇവിടത്തെ അവസ്ഥ അബൂജഹല്‍ അറിയുന്നത് ഞാന്‍ ഭയപ്പെടുന്നു.”

ശേഷം ഉത്ബ എണീറ്റ് നിന്നുകൊണ്ട് ജനങ്ങളോട് ഇപ്രകാരം പ്രസംഗിച്ചു: ”അല്ലയോ ജനങ്ങളേ, അവരില്‍ മരണം കൊതിക്കുന്ന ഒരു സമൂഹത്തെ ഞാന്‍ കാണുന്നു. അവരിലേക്ക് നിങ്ങള്‍ എത്തുകയില്ല. പക്ഷേ, നിങ്ങളില്‍ ഒരുപാട് നന്മകള്‍ ഉണ്ട്. എന്റെ സമൂഹമേ, ഉത്ബ ഭീരുവായിരിക്കുന്നു എന്ന് നിങ്ങള്‍ ഉറക്കെ വിളിച്ചു പറയുക. സത്യത്തില്‍ ഞാന്‍ ഭീരുവല്ല എന്ന് നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ.”

അലിയ്യുബ്‌നു അബീത്വാലിബ്(റ) പറയുന്നു: ”ക്വുറൈശികള്‍ ഞങ്ങളിലേക്ക് അടുക്കുകയും ഞങ്ങള്‍ അവര്‍ക്കെതിരെ അണിനിരക്കുകയും ചെയ്തപ്പോള്‍ അവരുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ ചുവന്ന ഒട്ടകപ്പുറത്ത് നടക്കുന്നതായി കണ്ടു. അപ്പോള്‍ നബി ﷺ  പറഞ്ഞു: അല്ലയോ അലീ, ഹംസയെ എന്റെ അടുക്കലേക്ക് വിളിക്കൂ. (മുശ്‌രിക്കുകളോട് ഏറ്റവും അടുത്ത സ്ഥലത്തായിരുന്നു ഹംസ(റ)) ആരാണ് ആ ചുവന്ന ഒട്ടകപ്പുറത്ത് നടക്കുന്നത്? എന്താണ് അയാള്‍ ക്വുറൈശികളോട് പറയുന്നത്? അവരുടെ കൂട്ടത്തില്‍ അവരോട് നന്മ കല്‍പിക്കുന്ന ഒരാളുണ്ടെങ്കില്‍ ആ ചുവന്ന ഒട്ടകപ്പുറത്ത് ഉള്ള ആളായിരിക്കും.” നബി ﷺ  ഇത്രയും പറഞ്ഞപ്പോഴേക്കും ഹംസ(റ) കടന്നു വന്നു. എന്നിട്ട് പറഞ്ഞു: ”ഒട്ടകപ്പുറത്ത് ഉള്ളത് ഉത്ബയാണ്. ക്വുറൈശികളെ യുദ്ധത്തില്‍ നിന്നും തടയുകയാണ് അദ്ദേഹം.” എന്നിട്ട് ഉത്ബ സമൂഹത്തോട് പ്രസംഗിച്ച കാര്യം ഹംസ(റ) നബി ﷺ യെ അറിയിച്ചു. ഈ വിഷയം അബൂജഹല്‍ അറിഞ്ഞു. ഉടനെ ഉത്ബയുടെ അടുത്തു ചെന്നുകൊണ്ട് ചോദിച്ചു: ”ഇപ്രകാരമൊക്കെ നീ പറഞ്ഞുവോ? നീയല്ലാത്ത മറ്റൊരാളാണ് ഇത് പറഞ്ഞിരുന്നതെങ്കില്‍ അവനെ ഞാന്‍ കടിച്ചു ചവച്ചരക്കുമായിരുന്നു. നീ ഭയം കൊണ്ട് നിറഞ്ഞവനാണ്.” ഇത് കേട്ടപ്പോള്‍ ഉത്ബ പറഞ്ഞു: ”മൂട് മഞ്ഞനിറം ആയവനേ, എന്നെയാണോ നീ ആക്ഷേപിക്കുന്നത്? ആരാണ് ഭീരു എന്ന് ഇന്ന് നിനക്ക് മനസ്സിലാക്കാം” (അഹ്മദ്: 948).

യുദ്ധം ചെയ്യണം എന്ന വാശിയില്‍ അബൂജഹല്‍ ശഠിച്ചുനിന്നു. കാര്യങ്ങള്‍ക്ക് വേഗത കൂട്ടുകയും ചെയ്തു. മുമ്പ് അബ്ദുല്ലാഹിബ്‌നു ജഹ്ശിന്റെ സൈന്യത്തില്‍ കൊല്ലപ്പെട്ട അംറുബ്‌നു ഖള്‌റമിയുടെ സഹോദരന്‍ ആമിറുബ്‌നുല്‍ ഖള്‌റമിയോട് സഹായം തേടിക്കൊണ്ട് അബൂജഹല്‍ ആളെ അയച്ചു. ആമിര്‍ ആളുകള്‍ക്കിടയില്‍ എഴുന്നേറ്റു നിന്നുകൊണ്ട് ഇപ്രകാരം വിളിച്ചു പറഞ്ഞു: ”അംറിന്റെ കാര്യത്തില്‍ സഹായിക്കേണമേ, അംറിന്റെ കാര്യത്തില്‍ സഹായിക്കേണമേ!”

ഇതോടെ ജനങ്ങള്‍ക്ക് ചൂടുപിടിച്ചു. അവരെ ബാധിച്ച നാശം അവര്‍ക്ക് ഉറപ്പുവരുകയും ചെയ്തു. മുമ്പ് ഉത്ബ പറഞ്ഞ അഭിപ്രായത്തെ അവിടെ വെച്ച് കൊണ്ട് നശിപ്പിക്കുകയും ചെയ്തു. വിവേകത്തിനു മുകളില്‍ വികാരം ഇളകി മറിഞ്ഞു. എല്ലാം അല്ലാഹുവിന്റെ തീരുമാനം തന്നെയായിരുന്നു.

”നിങ്ങള്‍ (താഴ്‌വരയില്‍ മദീനയോട്) അടുത്ത ഭാഗത്തും അവര്‍ അകന്ന ഭാഗത്തും സാര്‍ഥവാഹകസംഘം നിങ്ങളെക്കാള്‍ താഴെയുമായിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങള്‍ അന്യോന്യം (പോരിന്) നിശ്ചയിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ ആ നിശ്ചയം നിറവേറ്റുന്നതില്‍ ഭിന്നിക്കുമായിരുന്നു. പക്ഷേ, ഉണ്ടാകേണ്ട ഒരു കാര്യം അല്ലാഹു നിര്‍വഹിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അതായത് നശിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് നശിക്കാനും ജീവിച്ചവര്‍ വ്യക്തമായ തെളിവ് കണ്ടുകൊണ്ട് ജീവിക്കുവാനും വേണ്ടി. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (അല്‍അന്‍ഫാല്‍: 42).

താമസിയാതെ യുദ്ധം തുടങ്ങി. മുശ്‌രിക്കുകളുടെ കൂട്ടത്തില്‍ നിന്ന് അസ്‌വദ്ബ്‌നു അബ്ദുല്‍ അസദ് അല്‍ മഖ്‌സൂമി ഇറങ്ങിവന്നു. വളരെ മോശം സ്വഭാവക്കാരനായിരുന്നു അയാള്‍. എന്നിട്ട് ഇപ്രകാരം പറഞ്ഞു: ”അല്ലാഹുവാണ് സത്യം! മുസ്‌ലിംകളുടെ ജല സംഭരണിയില്‍ നിന്ന് ഞാന്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ അതിന്റെ പേരില്‍ ഞാന്‍ മരിക്കുകയും ചെയ്യും.” ഇങ്ങനെ പറഞ്ഞ് അയാള്‍ ഇറങ്ങി വന്നപ്പോള്‍ ഹംസ(റ) അയാള്‍ക്ക് നേരെ ചെന്നു. രണ്ടു പേരും പരസ്പരം ഏറ്റുമുട്ടുകയും ഹംസ തന്റെ വാളു കൊണ്ട് ഒരു വെട്ടു കൊടുക്കുകയും ചെയ്തു. അതോടെ അയാളുടെ കണങ്കാലിന്റെ പകുതി മുറിഞ്ഞു പോന്നു. വീണ്ടും കാലില്‍ ഇഴഞ്ഞുകൊണ്ട് ജലസംഭരണിക്ക് സമീപത്തേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ ഹംസ(റ) വീണ്ടും വെട്ടി. അതോടെ അയാളുടെ കഥ തീരുകയും ചെയ്തു. ബദ്ര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഒന്നാമത്തെ വ്യക്തിയായിരുന്നു ഇയാള്‍. ശേഷം പരസ്പരമുള്ള ഏറ്റുമുട്ടലിന് വെല്ലുവിളിച്ചു കൊണ്ട് ക്വുറൈശികളില്‍ നിന്ന് മൂന്ന് പ്രധാനികളായ യോദ്ധാക്കള്‍ ഇറങ്ങിവന്നു. ഉത്ബതുബ്‌നു റബീഅ, സഹോദരന്‍ ശൈബതുബ്‌നു റബീഅ, ഉത്ബയുടെ മകന്‍ വലീദ് തുടങ്ങിയവരായിരുന്നു അവര്‍. യോദ്ധാക്കളുടെ അണിയില്‍ നിന്നും വേറിട്ട് വന്നു കൊണ്ടാണ് അവര്‍ വെല്ലുവിളി നടത്തിയത്. ഇവരുടെ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് അന്‍സ്വാറുകളില്‍ നിന്നും പ്രഗല്‍ഭരായ മൂന്നാളുകള്‍ ഇറങ്ങിച്ചെന്നു. ഔഫ്(റ), മുആദ്(റ) (അഫ്‌റാഇന്റെ രണ്ടു മക്കള്‍), അബ്ദുല്ലാഹിബ്‌നു റവാഹ(റ) തുടങ്ങിയവരായിരുന്നു അവര്‍. അപ്പോള്‍ മുശ്‌രിക്കുകള്‍ ചോദിച്ചു: ”ആരാണിവര്‍?” അവര്‍ പറഞ്ഞു: ”അന്‍സ്വാറുകളുടെ കൂട്ടത്തിലെ ഒരു സംഘമാണ്.” മുശ്‌രിക്കുകള്‍ പറഞ്ഞു: ”ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ല. ഞങ്ങളുടെ എളാപ്പയുടെ മക്കളെയാണ് ഞങ്ങള്‍ക്ക് ആവശ്യം.” കൂട്ടത്തില്‍ ഒരാള്‍ ഇപ്രകാരം വിളിച്ചു പറഞ്ഞു: ”അല്ലയോ മുഹമ്മദ്! ഞങ്ങളുടെ ജനതയില്‍ നിന്നും ഞങ്ങള്‍ക്ക് ഒത്ത ആളുകളെ പുറത്തുവിടൂ.” ഇത് കേട്ടപ്പോള്‍ നബി ﷺ  ഇപ്രകാരം വിളിച്ചു പറഞ്ഞു: ”അല്ലയോ ഉബൈദതുബ്‌നുല്‍ ഹാരിസ്, എഴുന്നേറ്റ് ചെല്ലൂ. അല്ലയോ ഹംസ, അല്ലയോ അലി, എഴുന്നേറ്റ് ചെല്ലൂ.” ഇവര്‍ അടുത്തു ചെന്നപ്പോള്‍ മുശ്‌രിക്കുകള്‍ ചോദിച്ചു:”ആരാണ് നിങ്ങള്‍?” അവര്‍ പറഞ്ഞു: ”ഞങ്ങള്‍ നിങ്ങള്‍ക്ക് കിടയൊത്തവരും മാന്യന്മാരും ആകുന്നു.” അങ്ങനെ ഉബൈദ(റ) ഉത്ബയുമായി കൊമ്പുകോര്‍ത്തു. ബദ്‌റില്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു ഉബൈദ(റ). ഹംസ(റ) ശൈബയുമായും അലി(റ) വലീദുമായും ഏറ്റു മുട്ടാന്‍ ഒരുങ്ങി. ഹംസ(റ) ശൈബയെയും അലി(റ) വലീദിനെയും വളരെ പെട്ടെന്നു തന്നെ കൊലപ്പെടുത്തി. ഉബൈദയും(റ) ഉത്ബയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അല്‍പസമയം നീണ്ടു നിന്നു. അവസാനം അലി(റ)യും ഹംസ(റ)യും ഉത്ബയിലേക്ക് ചാടിവീഴുകയും രണ്ടുപേരും ചേര്‍ന്ന് അയാളെ കൊലപ്പെടുത്തുകയും ചെയ്തു. ഉബൈദയെ അവര്‍ പ്രവാചകന്റെ അടുക്കലേക്ക് ചുമന്നു കൊണ്ടു വന്നു. അദ്ദേഹത്തിന്റെ കാല്‍ മുറിഞ്ഞിട്ടുണ്ടായിരുന്നു. രക്തം ധാര ധാരയായി ഒഴുകുന്നു. നബി ﷺ  ഉബൈദയുടെ മുഖത്തെ തന്റെ പവിത്രമായ കാലിനോട് ചേര്‍ത്തു വെച്ചു. ശേഷം ഉബൈദ(റ) ശഹീദാവുകയും ചെയ്തു. മുശ്‌രിക്കുകളില്‍ നിന്നും മുസ്‌ലിംകളില്‍ നിന്നുമുള്ള ഈ ആറു പേരെ കുറിച്ചാണ് അല്ലാഹു ഇങ്ങെന പറയുന്നത്: ‘ഈ രണ്ടു വിഭാഗം രണ്ട് എതിര്‍കക്ഷികളാകുന്നു. തങ്ങളുടെ രക്ഷിതാവിന്റെ കാര്യത്തില്‍ അവര്‍ എതിര്‍വാദക്കാരായി. എന്നാല്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് അഗ്‌നികൊണ്ടുള്ള വസ്ത്രങ്ങള്‍ മുറിച്ചുകൊടുക്കപ്പെടുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളയ്ക്കുന്ന വെള്ളം ചൊരിയപ്പെടുന്നതാണ്”(ഹജ്ജ്: 19; ബുഖാരി: 3966; മുസ്‌ലിം: 3033).

ഇസ്‌ലാമില്‍ ഉണ്ടായ ഏറ്റവും മുഖ്യമായതും ഒന്നാമത്തെതുമായ ഏറ്റുമുട്ടലായിരുന്നു ഇത്. തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പ്രഗത്ഭരായ മൂന്ന് ആളുകളുടെ മരണം മുശ്‌രിക്കുകളെ ചൊടിപ്പിച്ചു. ഒരൊറ്റ വ്യക്തി എന്നത് പോലെ അവര്‍ ഒന്നടങ്കം മുസ്‌ലിംകള്‍ക്കെതിരെ ചാടിവീഴാന്‍ അതു കാരണമായി. ജനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഇഴഞ്ഞു തുടങ്ങി. രണ്ടു കൂട്ടരും പരസ്പരം അടുത്തു. യുദ്ധം കൊടുമ്പിരികൊണ്ടു. ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ഭൃത്യനായിരുന്ന മഹ്ജഇന് അമ്പേല്‍ക്കുകയും തല്‍ക്ഷണം അദ്ദേഹം മരണപ്പെടുകയും ചെയ്തു. യുദ്ധം തുടങ്ങിയതിനു ശേഷം മുസ്‌ലിംകളില്‍ നിന്നും ആദ്യമായി കൊല്ലപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. ശേഷം ഹാരിസുബ്‌നു സുറാഖക്കും അമ്പേറ്റു. അദ്ദേഹം ചെറിയ കുട്ടിയായിരുന്നു. ഹൗളില്‍ നിന്നും വെള്ളം കുടിച്ചു കൊണ്ടിരിക്കെയാണ് അമ്പേറ്റത്. കഴുത്തിലായിരുന്നു അമ്പ് വന്നു പതിച്ചത്. അന്‍സ്വാറുകളുടെ കൂട്ടത്തില്‍ നിന്ന് ആദ്യമായി കൊല്ലപ്പെടുന്നത് ഇദ്ദേഹമായിരുന്നു. ഹാരിസ്(റ) മരിച്ചുപോയ വാര്‍ത്തയറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഉമ്മ ഉമ്മുര്‍റുബയ്യിഅ് പറഞ്ഞു: ”അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ മകന്‍ സ്വര്‍ഗത്തിലാണെങ്കില്‍ ഞാന്‍ ക്ഷമിക്കാന്‍ തയ്യാറാണ്. അതല്ല എങ്കില്‍ ഞാന്‍ ശക്തമായ നിലയ്ക്ക് കരയുക തന്നെ ചെയ്യും.” നബി ﷺ  പറഞ്ഞു: ”ഹാരിസിന്റെ ഉമ്മാ, സ്വര്‍ഗത്തില്‍ ഒരുപാട് തോട്ടങ്ങളുണ്ട്. നിങ്ങളുടെ മകന്‍ ഉന്നതമായ ഫിര്‍ദൗസ്(അല്‍ ഫിര്‍ദൗസുല്‍ അഅ്‌ല) നേടിയിരിക്കുന്നു” (ബുഖാരി: 2809).

യുദ്ധം കൊടുമ്പിരികൊണ്ടപ്പോള്‍ അബൂജഹല്‍ ഇപ്രകാരം പ്രാര്‍ഥിച്ചു: ”അല്ലാഹുവേ, മുഹമ്മദ് ഞങ്ങളില്‍ കുടുംബ ബന്ധം മുറിച്ചവനാണ്. ഞങ്ങള്‍ക്കറിയാത്ത മതവുമായി വന്നവനാണ്. അവനെ നശിപ്പിക്കേണമേ” (അഹ്മദ്: 23661).

അല്ലാഹു ഇപ്രകാരം ഒരു വചനം അവതരിപ്പിച്ചു: ”(സത്യനിഷേധികളേ,) നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്കു വന്നുകഴിഞ്ഞിരിക്കുന്നു.നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കിലോ നാമും ആവര്‍ത്തിക്കുന്നതാണ്. നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത് നിങ്ങള്‍ക്ക് ഉപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്” (അല്‍അന്‍ഫാല്‍: 19).

അബൂജഹല്‍ പ്രാര്‍ഥിച്ചത് പോലെത്തന്നെ സംഭവിച്ചു. കുടുംബ ബന്ധം മുറിച്ചവരെ അല്ലാഹു തകര്‍ത്തുകളഞ്ഞു. രണ്ടു വിഭാഗങ്ങളില്‍ ഏറ്റവും പിഴച്ചവര്‍ക്ക് വലിയ നാശം തന്നെയായിരുന്നു ഈ യുദ്ധം

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 28​

നബി ചരിത്രം – 28: മദീനയിലെ ചില പ്രധാന സംഭവങ്ങള്‍

മദീനയിലെ ചില പ്രധാന സംഭവങ്ങള്‍

അബ്ദുല്ലാഹിബ്‌നു സലാമിന്റെ ഇസ്ലാമാശ്ലേഷണം

ജൂത പണ്ഡിതന്മാരില്‍ പ്രധാനിയായിരുന്നു അബ്ദുല്ലാഹിബ്‌നു സലാം. നബി ﷺ മദീനയില്‍ എത്തിയപ്പോള്‍ അദ്ദേഹം അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയാണ് എന്ന് അബ്ദുല്ലാഹിബ്‌നു സലാമിന് ബോധ്യപ്പെടുന്ന സാഹചര്യമുണ്ടാവുകയും അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. അനസ്(റ) പറയുന്നു: ”നബി ﷺ മദീനയില്‍ എത്തിയ വിവരം അബ്ദുല്ലാഹിബ്‌നു സലാം അറിഞ്ഞപ്പോള്‍ അദ്ദേഹം നബിയുടെ അടുക്കലേക്ക് ചെന്നു. എന്നിട്ട് പറഞ്ഞു: ‘ഞാന്‍ താങ്കളോട് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉദ്ദേശിക്കുന്നു. ഒരു നബിക്കല്ലാതെ അതിന്റെ ഉത്തരങ്ങള്‍ അറിയുകയില്ല.’ എന്നിട്ട് ചോദിച്ചു: ‘അന്ത്യദിനത്തിന്റെ ഒന്നാമത്തെ അടയാളം എന്താണ്? സ്വര്‍ഗക്കാര്‍ ആദ്യമായി കഴിക്കുന്ന ഭക്ഷണം എന്താണ്? ഒരു കുഞ്ഞിന് ഉമ്മയോടും ഉപ്പയോടും സാദൃശ്യം ഉണ്ടാകുന്നത് എപ്പോഴാണ്?’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കുറച്ചു മുമ്പ് ജിബിരീല്‍ എന്നെ അറിയിച്ചു.’ അപ്പോള്‍ അബ്ദുല്ല പറഞ്ഞു: ‘ജിബ്‌രീല്‍ മലക്കുകളിലെ കൂട്ടത്തില്‍ ജൂതന്മാരുടെ ശത്രുവാണ്.’ നബി ﷺ പറഞ്ഞു: ‘അന്ത്യദിനത്തിന്റെ ഒന്നാമത്തെ അടയാളം കിഴക്കുനിന്നും പടിഞ്ഞാറോട്ട് ജനങ്ങളെ ഒരുമിച്ചുകൂട്ടുന്ന ഒരു തീയാണ്. സ്വര്‍ഗക്കാരുടെ ഒന്നാമത്തെ ഭക്ഷണം മത്സ്യത്തിന്റെ കരളാണ്. ഒരു കുഞ്ഞിന് പുരുഷനോട് സാദൃശ്യം ഉണ്ടാകുവാന്‍ കാരണം പുരുഷന്റെ വെള്ളം സ്ത്രീയെ അതി ജയിക്കുമ്പോഴാണ്. എന്നാല്‍ സ്ത്രീയുടെ വെള്ളം അതിജയിച്ചാല്‍ കുഞ്ഞിന്റെ സാദൃശ്യം ഉമ്മയോടായിരിക്കും.’ ഇത് കേട്ട മാത്രയില്‍ അബ്ദുല്ലാഹിബ്‌നു സലാം പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.’ എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ജൂതന്മാര്‍ വല്ലാതെ കളവ് പറയുന്ന സമൂഹമാണ്. ഞാന്‍ മുസ്‌ലിം ആയിരിക്കുന്നു എന്ന വിവരം അവര്‍ അറിഞ്ഞാല്‍ താങ്കള്‍ക്ക് മുമ്പില്‍ വെച്ചു കൊണ്ട് അവര്‍ എന്നെക്കുറിച്ച് ആരോപണങ്ങള്‍ പറയും.’ അങ്ങനെ ജൂതന്മാര്‍ വന്നു. അബ്ദുല്ല(റ) വീട്ടിലേക്ക് പ്രവേശിച്ചു. നബി ﷺ ചോദിച്ചു: ‘ആരാണ് നിങ്ങളില്‍ അബ്ദുല്ലാഹിബ്‌നു സലാം?’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഞങ്ങളിലെ ഏറ്റവും വലിയ പണ്ഡിതനാണ്. പണ്ഡിതന്റെ മകനാണ്. ഞങ്ങളില്‍ ഏറ്റവും നല്ലവനാണ്. ഏറ്റവും നല്ലവന്റെ മകനാണ്.’ അപ്പോള്‍ നബി ﷺ ചോദിച്ചു: ‘അബ്ദുല്ല ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്?’ അവര്‍ പറഞ്ഞു: ‘അല്ലാഹു അദ്ദേഹത്തെ അതില്‍ നിന്നും കാത്തു രക്ഷിക്കട്ടെ.’ ഈ സന്ദര്‍ഭത്തില്‍ അബ്ദുല്ല(റ) അവരിലേക്ക് ഇറങ്ങിവന്നു. എന്നിട്ട് പറഞ്ഞു: ‘അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.’ ഇത് കേട്ടമാത്രയില്‍ അവര്‍ ഒന്നടങ്കം പറഞ്ഞു: ‘അബ്ദുല്ലാഹിബ്‌നു സലാം ഞങ്ങളില്‍ ഏറ്റവും മോശക്കാരനാണ്. ഏറ്റവും മോശക്കാരന്റെ മകനാണ്.’ അവര്‍ അദ്ദേഹത്തെക്കുറിച്ച് പല ആരോപണങ്ങളും പറയാന്‍ തുടങ്ങി” (ബുഖാരി: 3329).

സഅ്ദ്(റ) പറയുന്നു: ”ജീവനോടുകൂടി ഭൂമിയിലൂടെ നടക്കുന്ന ഒരാളെ സംബന്ധിച്ച്, അദ്ദേഹം സ്വര്‍ഗത്തിലാണെന്ന് അബ്ദുല്ലാഹിബ്‌നു സലാമിനെക്കുറിച്ചല്ലാതെ നബി ﷺ പറയുന്നതായി ഞാന്‍ കേട്ടിട്ടില്ല”(ബുഖാരി: 3812, മുസ്‌ലിം: 2483).

ഉസ്മാന്‍ ഇബ്‌നു അഫ്ഫാന്‍(റ) റൂമാ കിണര്‍ വാങ്ങുന്നു

ഉസ്മാന്‍(റ)വില്‍ നിന്നും നിവേദനം; നബി ﷺ പറഞ്ഞു: ”വല്ലവനും റൂമാ കിണര്‍ കുഴിച്ചാല്‍ അവന് സ്വര്‍ഗമുണ്ട്.” ഉസ്മാന്‍(റ) പറയുന്നു: ”അങ്ങനെ ഞാനാണത് കുഴിച്ചത്” (ബുഖാരി 2778).

ഇവിടെ കിണര്‍ കുഴിക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പുതിയ കിണര്‍ ഉണ്ടാക്കുക എന്നതല്ല. മദീനയിലെത്തിയ മുസ്‌ലിംകള്‍ക്ക് രുചികരമായ വെള്ളം കുടിക്കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. ഒരു ജൂതന്റെ കൈവശത്തിലുള്ള കിണര്‍ മാത്രമായിരുന്നു അഭയമായി അവര്‍ക്കുണ്ടായിരുന്നത്. അങ്ങനെ നബി ﷺ സ്വഹാബികള്‍ക്കിടയില്‍ ഇപ്രകാരം പ്രഖ്യാപിച്ചു: ”ആരാണ് ജൂതനില്‍ നിന്നും റൂമാ കിണര്‍ വാങ്ങി മുസ്‌ലിംകള്‍ക്ക് ദാനം ചെയ്യുന്നത് അവന് സ്വര്‍ഗമുണ്ട്.” അത് കേട്ടപ്പോള്‍ ഉസ്മാന്‍(റ) അതിനു വേണ്ടി തയ്യാറാവുകയും തന്റെ പണം കൊടുത്ത് ആ കിണര്‍ വാങ്ങി മുസ്‌ലിംകള്‍ക്കായി ദാനം ചെയ്യുകയും ചെയ്തു. ഇതിനെക്കുറിച്ചാണ് കിണര്‍ കുഴിച്ചു എന്ന പരാമര്‍ശം ഹദീസില്‍ വന്നിട്ടുള്ളത്.

നമസ്‌കാരത്തിലെ വര്‍ധനവ്

മുഹമ്മദ് നബി ﷺ മിഅ്‌റാജ് പോയ സന്ദര്‍ഭത്തില്‍ നിര്‍ബന്ധമാക്കപ്പെട്ട അഞ്ചുനേരത്തെ നമസ്‌കാരം രണ്ട് റക്അത്ത് വീതമായിരുന്നു. മഗ്‌രിബ് മാത്രമാണ് മൂന്ന് റക്അത്ത് ഉണ്ടായിരുന്നത്. മദീനയില്‍ എത്തിയതിനു ശേഷം സ്വുബ്ഹി അല്ലാത്ത മറ്റുള്ള നമസ്‌കാരങ്ങളെല്ലാം രണ്ടില്‍ നിന്ന് നാലിലേക്ക് വര്‍ധിപ്പിച്ചു. മഗ്‌രിബ് മാത്രം മൂന്ന് റക്അത്തില്‍ പരിമിതപ്പെടുത്തുകയും ചെയ്തു. എന്നാല്‍ നാല് റക്അത്തായി നിശ്ചയിക്കപ്പെട്ട ഈ നമസ്‌കാരങ്ങള്‍ യാത്രക്കാര്‍ക്ക് രണ്ട് റക്അത്തായി നിര്‍വഹിക്കുവാന്‍ അനുമതി നല്‍കുകയും ചെയ്തു. (അഹ്മദ്: 26338).

സ്വുബ്ഹി നമസ്‌കാരം രണ്ട് റക്അത്തില്‍ തന്നെ പരിമിതപ്പെടുത്തിയത് അതില്‍ സുദീര്‍ഘമായി ഓതുന്നതിനുവേണ്ടിയാണ് എന്നും മഗ്‌രിബ് നമസ്‌കാരം മൂന്നില്‍ പരിമിതപ്പെടുത്തിയത് അത് പകലിലെ വിത്ര്‍ ആയതിനാലാണ് എന്നും ഇബ്‌നു ഹിബ്ബാനിന്റെ ഹദീസില്‍ (2738) കാണുവാന്‍ സാധിക്കും.

നബി ﷺ യുടെ ഒരു ഭയം

നബി ﷺ യുടെ അനുചരന്മാരെല്ലാം മസ്ജിദുന്നബവിയുടെ സമീപത്തേക്ക് താമസം മാറ്റുന്നതിനാല്‍ മദീനയുടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ ആളുകളില്‍ നിന്നും ഒഴിവായി കിടക്കുമോ എന്നുള്ള പേടി നബിക്കുണ്ടായി. ബനൂസലമക്കാര്‍ മദീനയുടെ ദൂര പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. അവര്‍ മസ്ജിദുന്നബവിയുടെ അടുത്തേക്ക് താമസം മാറ്റുവാന്‍ ആഗ്രഹിച്ചപ്പോള്‍ നബി ﷺ അതില്‍ നിന്നും വിലക്കുകയും നിങ്ങള്‍ ദൂരെനിന്ന് നടന്നുവന്നാല്‍ അത്രയും പ്രതിഫലം നിങ്ങള്‍ക്കുണ്ടെന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.

ജാബിര്‍ ബിന്‍ അബ്ദുല്ല(റ) പറയുന്നു: ”ഞങ്ങളുടെ വീട് മദീനയില്‍ നിന്നും അല്‍പം അകലെയായിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ വീടുകള്‍ വില്‍ക്കുവാനും പള്ളിയുടെ അടുത്തേക്ക് താമസം മാറ്റുവാനും ഉദ്ദേശിച്ചു. അപ്പോള്‍ നബി ﷺ ഞങ്ങളെ അതില്‍നിന്നും വിലക്കി. എന്നിട്ട് ഞങ്ങളോട് പറഞ്ഞു: ‘നിങ്ങള്‍ക്ക് ഓരോ കാല്‍വെപ്പിനും ഓരോ സ്ഥാനം ഉയര്‍ത്തപ്പെടുന്നതാണ്” (മുസ്‌ലിം: 664).

ബനൂസലമക്കാരോട് നബി ﷺ ഇപ്രകാരം പറയുകയുണ്ടായി: ”അല്ലയോ ബനൂസലമക്കാരേ, നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ തന്നെ താമസിക്കുക. നിങ്ങളുടെ കാലടികള്‍ നന്മയായി രേഖപ്പെടുത്തപ്പെടും’ -ഇത് രണ്ടു തവണ ആവര്‍ത്തിച്ചു” (ബുഖാരി: 656, മുസ്‌ലിം: 665).

വീട്ടില്‍നിന്നും പള്ളിയിലേക്കുള്ള നടത്തം പ്രതിഫലമായി നിങ്ങള്‍ക്ക് രേഖപ്പെടുത്തപ്പെടും എന്നും അതുകൊണ്ട് ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തു തന്നെ നിങ്ങള്‍ താമസിക്കുക എന്നുമായിരുന്നു ആ പറഞ്ഞതിന്റെ അര്‍ഥം. മദീനയുടെ ചുറ്റുവട്ടത്തുമുള്ള എല്ലാ ആളുകളും മസ്ജിദുന്നബവിയുടെ അടുത്തേക്ക് താമസം മാറ്റിക്കഴിഞ്ഞാല്‍ മദീനയുടെ മറ്റുഭാഗങ്ങള്‍ ഒഴിഞ്ഞു കിടക്കുകയും ശത്രുക്കളുടെയും മറ്റും പ്രവേശനത്തിനും നുഴഞ്ഞുകയറ്റത്തിനും കാരണമായിത്തീരും എന്നുമുള്ള ഭയമായിരിക്കാം ഈ നിലപാട് കൈക്കൊള്ളാന്‍ നബി ﷺ യെ പ്രേരിപ്പിച്ചത്.

യുദ്ധത്തിനുള്ള അനുമതി ലഭിക്കുന്നു

നാല് ഘട്ടങ്ങളിലായിക്കൊണ്ടാണ് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന്റെ മതനിയമം ഇറങ്ങുന്നത്.

ഒന്നാം ഘട്ടം: ഇസ്‌ലാമിന്റെ ആരംഭ കാലത്ത് മക്കയില്‍ ക്ഷമയോടു കൂടി നിലകൊള്ളുവാനാണ് അല്ലാഹു വിശ്വാസികളോട് കല്‍പിച്ചത്. മുശ്‌രിക്കുകളില്‍നിന്നുണ്ടാകുന്ന പ്രയാസങ്ങളില്‍ ക്ഷമിക്കുവാനും അവര്‍ക്ക് മാപ്പ് കൊടുക്കുവാനുമുള്ള കല്‍പനയാണ് അല്ലാഹു നല്‍കിയത്. നമസ്‌കാരവും സകാതും എല്ലാം നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടു പോകുവാനുള്ള നിര്‍ദേശവും അല്ലാഹു നല്‍കി. മക്കാരാജ്യത്തായിരിക്കെ എണ്ണം കൊണ്ടും സായുധശക്തി കൊണ്ടും അവര്‍ വളരെ ദുര്‍ബലമായിരുന്നു. ശത്രുക്കളാകട്ടെ നേരെ മറിച്ചും. അല്ലാഹു പറയുന്നു:

”(യുദ്ധത്തിനുപോകാതെ) നിങ്ങള്‍ കൈകള്‍ അടക്കിവെക്കുകയും പ്രാര്‍ഥന മുറപോലെ നിര്‍വഹിക്കുകയും സകാത് നല്‍കുകയും ചെയ്യുവിന്‍ എന്ന് നിര്‍ദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ?…” (അന്നിസാഅ്: 77).

മുശ്‌രിക്കുകളുടെ കുതന്ത്രങ്ങളിലും പ്രയാസപ്പെടുത്തലുകളിലും നബി ﷺ യും അനുയായികളും ക്ഷമ കൈക്കൊണ്ട് തിരിച്ചടിക്കാന്‍ തുനിയാതെ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ദഅ്‌വത്തില്‍ ഉറച്ചു നിന്ന് മുന്നോട്ടു നീങ്ങുകയായിരുന്നു. അല്ലാഹുവിന്റെ കല്‍പന പ്രകാരം തന്നെയായിരുന്നു ഇത്:

”അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു” (അല്‍ഹിജ്ര്‍: 94,95).

വേദക്കാര്‍ക്കും സത്യനിഷേധികള്‍ക്കും മാപ്പ് കൊടുക്കുവാനും വിട്ടുവീഴ്ച ചെയ്യുവാനും അല്ലാഹു നബി ﷺ യോട് കല്‍പിക്കുകയും ചെയ്തു:

”നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്). എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ” (അല്‍ബക്വറ: 109).

അല്ലാഹുവിന്റെ ഈ കല്‍പന നബി ﷺ യും അനുയായികളും കൃത്യമായി പാലിച്ചു

”തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു” (ആലു ഇംറാന്‍: 186).

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”അബ്ദുര്‍റഹ്മാന്‍ ഇബ്‌നു ഔഫും അദ്ദേഹത്തിന്റെ ചില കൂട്ടുകാരും ചേര്‍ന്ന് നബി ﷺ യുടെ അടുക്കല്‍ വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ മുശ്‌രിക്കുകളായിരുന്ന കാലത്ത് വലിയ പ്രതാപത്തിലായിരുന്നു. എന്നാല്‍ ഞങ്ങള്‍ വിശ്വാസികളായപ്പോള്‍ നിന്ദ്യന്മാരായിത്തീര്‍ന്നിരിക്കുകയാണ്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘മാപ്പ് കൊടുക്കുവാനാണ് ഇപ്പോള്‍ ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഈ ജനതയോട് നിങ്ങള്‍ യുദ്ധം ചെയ്യരുത്.’ പിന്നീട് അവര്‍ മദീനയിലേക്ക് മാറിയപ്പോള്‍ യുദ്ധത്തിനുള്ള കല്‍പന അല്ലാഹു നല്‍കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് അല്ലാഹു ഈ സൂക്തം (അന്നിസാഅ്: 77) അവതരിപ്പിക്കുന്നത്” (ഹാകിം: 2377).

രണ്ടാം ഘട്ടം: നബി ﷺ യില്‍ വിശ്വസിച്ച ആളുകള്‍ക്കെതിരില്‍ ക്വുറൈശികള്‍ വലിയ ഫിത്‌നകള്‍ ഉണ്ടാക്കിയിരുന്നു. മതം കൊണ്ട് പരീക്ഷിക്കപ്പെട്ടവരും ശരീരം കൊണ്ട് ശിക്ഷിക്കപ്പെടുന്ന വരുമായിരുന്നു അവര്‍. അതുകൊണ്ട് തന്നെ തന്നെ സ്വന്തം രാജ്യത്ത് നിന്നും മതം സംരക്ഷിക്കുവാന്‍ അവര്‍ ഓടി രക്ഷപ്പെട്ടു. അങ്ങനെയാണ് ചില സ്വഹാബിമാര്‍ അബിസീനിയയിലേക്കും പിന്നീട് മദീനയിലേക്കും ഹിജ്‌റ പോയത്. ക്വുറൈശികള്‍ അല്ലാഹുവിന്റെ കല്‍പനയെ ധിക്കരിക്കുകയും അല്ലാഹുവിന്റെ മതത്തെ അവഗണിക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയുകയും പ്രവാചകനെ നിഷേധിക്കുകയും ആ പ്രവാചകനെ പിന്‍പറ്റിയ ആളുകളെ ദ്രോഹിക്കുകയും ചെയ്തപ്പോള്‍ അവരുമായി യുദ്ധത്തിനുള്ള കല്‍പന അല്ലാഹു നല്‍കുകയാണ്. മുസ്ലിംകളില്‍ നിന്ന് പീഡിപ്പിക്കപ്പെടുന്ന ആളുകള്‍ക്കുള്ള സുരക്ഷയുടെ മാര്‍ഗം കൂടിയായിരുന്നു ഇത്.

”യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും ക്രിസ്തീയദേവാലയങ്ങളും യഹൂദദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു. ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത് നല്‍കുകയും സദാചാരം സ്വീകരിക്കാന്‍ കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍ (ആ മര്‍ദിതര്‍). കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു” (അല്‍ഹജ്ജ്: 39-41).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 27

നബി ചരിത്രം – 27: ചില പ്രധാന സംഭവങ്ങള്‍

ചില പ്രധാന സംഭവങ്ങള്‍

ആഇശ(റ)യുമായുള്ള വിവാഹം

ഹിജ്‌റ ഒന്നാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ നബി ﷺ യും ആഇശ(റ)യും തമ്മില്‍ ഒന്നിച്ചു. അന്ന് ആഇശ(റ)ക്ക് 9 വയസ്സായിരുന്നു. ആഇശ(റ) പറയുന്നു: ”എനിക്ക് ആറു വയസ്സായിരിക്കെയാണ് നബി ﷺ  എന്നെ കല്യാണം കഴിച്ചത്. അങ്ങനെ ഞങ്ങള്‍ മദീനയില്‍ വന്നു. ബനുല്‍ഹാരിസ് ഇബ്‌നു ഖസ്‌റജിന്റെ വീട്ടിലാണ് ഞാന്‍ താമസിച്ചിരുന്നത്. എനിക്ക് ശക്തമായ രോഗം ബാധിക്കുകയും എന്റെ മുടിയെല്ലാം കൊഴിഞ്ഞു തുടങ്ങുകയും ചെയ്തു. ശേഷം നീണ്ട മുടി എനിക്ക് നല്ലപോലെ വന്നു. അതിനു ശേഷം എന്റെ ഉമ്മ ഉമ്മു റൂമാന്‍ എന്റെ അടുക്കലേക്ക് വന്നു. ഞാന്‍ എന്റെ ഊഞ്ഞാലിലായിരുന്നു. എന്റെ കൂടെ എന്റെ കൂട്ടുകാരികളും ഉണ്ടായിരുന്നു. എന്റെ ഉമ്മ എന്നെ ഉച്ചത്തില്‍ വിളിച്ചപ്പോള്‍ ഞാന്‍ ഉമ്മയുടെ അടുക്കലേക്കു ചെന്നു. എന്തിനാണ് എന്നെ വിളിച്ചത് എന്ന് എനിക്ക് അറിയുമായിരുന്നില്ല. ഉമ്മ എന്റെ കൈ പിടിച്ചു കൊണ്ടുപോയി വീടിന്റെ വാതില്‍ക്കല്‍ നിര്‍ത്തി. ഞാന്‍ കിതക്കുന്നുണ്ടായിരുന്നു. അങ്ങനെ എന്റെ കിതപ്പ് മാറിയപ്പോള്‍ ഉമ്മ അല്‍പം വെള്ളം കൊണ്ടുവന്ന് എന്റെ മുഖത്തും തലയിലും എല്ലാം തടവി. ശേഷം എന്നെ വീടിനകത്തേക്ക് കൊണ്ടുപോയി. അപ്പോള്‍ അവിടെ അന്‍സ്വാരികളില്‍ പെട്ട ഒരുപാട് സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ പറഞ്ഞു: ‘എല്ലാ നന്മയും അനുഗ്രഹവും ഉണ്ടാവട്ടെ.’ എന്റെ ഉമ്മ എന്നെ അവരെ ഏല്‍പിച്ചു. അവര്‍ എന്നെ അണിയിച്ചൊരുക്കി. പിന്നെ ഞാന്‍ ദ്വുഹാ സമയത്ത് നബിയെയാണ് കാണുന്നത്. ഉമ്മ എന്നെ നബിയിലേക്ക് ഏല്‍പിച്ചു. അന്നെനിക്ക് ഒമ്പത് വയസ്സ് പ്രായമായിരുന്നു” (ബുഖാരി: 3894, മുസ്‌ലിം: 1422).

മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: ”ആഇശ(റ) പറയുന്നു: നബി ﷺ  എന്നെ കല്യാണം കഴിച്ചത് ഏഴാമത്തെ വയസ്സിലാണ്. ഞങ്ങള്‍ രണ്ടു പേരും വിവാഹം കൂടിയത് ഒമ്പതാമത്തെ വയസ്സിലാണ്. അന്ന് എന്റെ കൂടെ കളിപ്പാട്ടവും ഉണ്ടായിരുന്നു. നബി ﷺ  മരിക്കുമ്പോള്‍ എനിക്ക് 18 വയസ്സായിരുന്നു” (മുസ്‌ലിം: 1422).

ആഇശ(റ) പറയുന്നു: ”നബി ﷺ  എന്നോട് പറഞ്ഞു: ‘ഞാന്‍ നിന്നെ സ്വപ്‌നത്തില്‍ കണ്ടിട്ടുണ്ട്. മലക്ക് ഒരു പട്ടിന്റെ വസ്ത്രത്തില്‍ നിന്നെയും കൊണ്ട് എന്റെ അടുക്കല്‍ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു; ഇത് നിന്റെ ഭാര്യയാകുന്നു. ഞാന്‍ മുഖത്തുനിന്നും വസ്ത്രം ഉയര്‍ത്തി നോക്കി. അപ്പോള്‍ അത് നീയായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇത് അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ളതാണെങ്കില്‍ അല്ലാഹു അത് നടപ്പിലാക്കട്ടെ” (ബുഖാരി: 5125, മുസ്‌ലിം: 2438).

ഇബ്‌നു അബീ മുലൈക(റ) പറയുന്നു: ”ആഇശ(റ) മരിക്കുന്നതിനു മുമ്പ് രോഗം ബാധിച്ച് കിടന്നപ്പോള്‍ ഇബ്‌നു അബ്ബാസ്(റ) സന്ദര്‍ശനത്തിന് അനുവാദം തേടി. ആഇശ(റ) പറഞ്ഞു: ‘ഇബ്‌നു അബ്ബാസ് എന്നെ പുകഴ്ത്തുമോ എന്ന കാര്യത്തില്‍ ഞാന്‍ ഭയപ്പെടുന്നു.’ ഇബ്‌നു അബ്ബാസ്(റ)വിന് അനുവാദം കൊടുക്കാന്‍ ആഇശ(റ) പറഞ്ഞു. അദ്ദേഹം ചോദിച്ചു: ‘എങ്ങനെയുണ്ട് ആഇശാ?’ ആഇശ(റ) മറുപടി പറഞ്ഞു: ‘ഞാന്‍ അല്ലാഹുവിനെ സൂക്ഷിക്കുന്ന പക്ഷം നന്മയില്‍ തന്നെയാകുന്നു.’ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘ഇന്‍ശാ അല്ലാഹ്, നിങ്ങള്‍ നന്മയിലാണ്. നിങ്ങള്‍ നബിയുടെ ഭാര്യയാണ്. നിങ്ങളെയല്ലാതെ മറ്റൊരു കന്യകയെ നബി ﷺ  വിവാഹം കഴിച്ചിട്ടില്ല. ആകാശത്തു നിന്നും നിങ്ങളുടെ നിരപരാധിത്വം ഇറങ്ങിയിട്ടുണ്ട്.’ ഇബ്‌നു അബ്ബാസിന്റെ തൊട്ടു പിറകെ ഇബ്‌നു സുബൈര്‍(റ) കടന്നുവന്നു. ആഇശ(റ) പറയുന്നു: ‘ഇബ്‌നു അബ്ബാസ്(റ) എന്റെ അടുക്കലേക്ക് വന്ന് എന്നെ പുകഴ്ത്തിപ്പറയുന്നു. ഞാന്‍ വിസ്മരിക്കപ്പെട്ട ഒരാളായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു (പുകഴ്ത്തിപ്പറയലിനെ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല എന്നര്‍ഥം)” (ബുഖാരി: 4753).

ഉമ്മു അബ്ദുല്ല എന്ന പേരിലാണ് ആഇശ(റ) വിളിക്കപ്പെട്ടിരുന്നത്. ആഇശ(റ)യുടെ സഹോദരി അസ്മയുടെ പുത്രനാണ് അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) നബി ﷺ യാണ് അദ്ദേഹത്തിന് ഈ പേരിട്ടത്. ഉമ്മു അബ്ദുല്ല എന്ന് ആഇശ(റ)ക്ക് പേരുവിളിച്ചത് അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) ആയിരുന്നു. ആഇശ(റ) പ്രസവിച്ചിട്ടില്ല.

വളരെ സന്തോഷകരമായ ജീവിതമായിരുന്നു ആഇശ(റ)ക്ക് നബി ﷺ യോടൊപ്പം ഉണ്ടായിരുന്നത്. ആഇശ(റ) പറയുന്നു: ”ഒരിക്കല്‍ ഞാന്‍ നബിയോടൊപ്പം ഒരു യാത്ര പുറപ്പെട്ടു. അന്ന് ഞാന്‍ ശരീരവണ്ണം ഇല്ലാത്ത ഒരു കുട്ടിയായിരുന്നു. നബി ﷺ  സ്വഹാബികളോട് മുമ്പില്‍ നടക്കാന്‍ പറഞ്ഞു. അവരെല്ലാവരും മുമ്പില്‍ നടന്നപ്പോള്‍ നബി ﷺ  എന്നോട് പറഞ്ഞു: ‘ആഇശാ, നമുക്കൊരു ഓട്ടമത്സരം നടത്താം.’ അങ്ങനെ ഞാനും നബിയും മത്സരിച്ചു. ഞാന്‍ വിജയിക്കുകയും ചെയ്തു. കുറേ കാലം കഴിഞ്ഞ് എന്റെ തടിയെല്ലാം കൂടി. മുമ്പുണ്ടായതൊക്കെ ഞാന്‍ മറന്നിരുന്നു. അങ്ങനെ ഒരു ദിവസം ഒരു യാത്രയില്‍ നബിയുടെ കൂടെ ഇറങ്ങിയപ്പോള്‍ നബി ﷺ  ജനങ്ങളോട് മുമ്പില്‍ നടക്കാന്‍ പറഞ്ഞു. അവര്‍ മുമ്പില്‍ നടന്നപ്പോള്‍ നബി എന്നോട് പറഞ്ഞു: ‘വരൂ നമുക്ക് മത്സരിക്കാം.’ അങ്ങനെ ഞാന്‍ നബിയോടൊപ്പം മത്സരിച്ചു. നബി ﷺ  എന്നെ പരാജയപ്പെടുത്തി. എന്നിട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു: ‘ഇത് അന്നത്തെതിനു പകരമാണ്’ (അഹ്മദ്: 26277).

ഇസ്‌ലാമിന്റെ കടന്നുവരവിനു ശേഷമാണ് ആഇശ(റ) ജനിച്ചത്. നബി ﷺ യുടെ ഭാര്യമാരില്‍ ഏക കന്യകയും ആഇശ(റ)യാണ്. വെളുത്ത സുന്ദരിയായിരുന്നു അവര്‍. നബി ﷺ ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാര്യയും ആഇശയായിരുന്നു; ഖദീജ(റ) ഒഴികെ. അനുഗൃഹീതവും നന്മ നിറഞ്ഞതുമായ ഒട്ടനവധി അറിവുകള്‍ നബി ﷺ യില്‍ നിന്നും നമുക്ക് പകര്‍ത്തിത്തന്നിട്ടുണ്ട്. രണ്ടായിരത്തിലധികം ഹദീസുകള്‍ അവരുടേതായി നമുക്ക് കാണുവാന്‍ സാധിക്കും. മറ്റു സ്ത്രീകള്‍ക്കൊന്നുമില്ലാത്ത അറിവും മഹത്ത്വവും അവരില്‍ സമ്മേളിച്ചിരുന്നു. അംറുബ്‌നുല്‍ ആസ്വ്(റ) പറയുന്നു: ”ഞാന്‍ നബിയോട് ചോദിച്ചു; ‘അല്ലാഹുവിന്റെ പ്രവാചകരേ, ജനങ്ങളില്‍ ആരെയാണ് താങ്കള്‍ക്ക് ഏറ്റവും ഇഷ്ടം?’ നബി ﷺ  പറഞ്ഞു: ‘ആഇശയെ.’ ഞാന്‍ ചോദിച്ചു പുരുഷന്മാരില്‍ ആരെയാണ് താങ്കള്‍ക്ക് ഏറ്റവും ഇഷ്ടം? നബി ﷺ  പറഞ്ഞു: ‘ആഇശയുടെ പിതാവിനെ.’ ഞാന്‍ ചോദിച്ചു: ‘പിന്നെ ആരെയാണ് ഇഷ്ടം?’ നബി ﷺ  പറഞ്ഞു: ‘ഉമറിനെ.’ ശേഷം പലരെയും എണ്ണിപ്പറഞ്ഞു” (ബുഖാരി: 3662, മുസ്‌ലിം: 2384).

9 വര്‍ഷമാണ് നബി ﷺ  ആഇശ(റ)യോടൊപ്പം ജീവിച്ചത്. നബി ﷺ  മരിക്കുമ്പോള്‍ അവര്‍ക്ക് 18 വയസ്സ് പ്രായമായിരുന്നു. നബിയുടെ മരണശേഷം ഏതാണ്ട് അന്‍പതോളം വര്‍ഷം അവര്‍ ജീവിച്ചു. ഹിജ്‌റ വര്‍ഷം 58ന് ചൊവ്വാഴ്ച രാത്രിയില്‍ റമദാന്‍ 17ന് മദീനയിലാണ് ആഇശ(റ) മരണപ്പെടുന്നത്. ബക്വീഇല്‍ അവരെ മറവു ചെയ്യുകയും ചെയ്തു.

ബാങ്ക് നിയമമാക്കപ്പെടുന്നു

നബി ﷺ  മദീനയില്‍ എത്തി; ശാന്തമായ തന്റെ വീട്ടിലേക്ക്. നബിക്ക് ചുറ്റും മുഹാജിറുകളും അന്‍സ്വാറുകളുമാകുന്ന മുസ്‌ലിംകള്‍. നമസ്‌കാരത്തിനുള്ള ബാങ്ക് വിളി, സകാത്ത്, നോമ്പ് തുടങ്ങി ഇസ്‌ലാമിന്റെ ഓരോരോ നിയമവും അവതരിക്കാന്‍ തുടങ്ങി. ഹിജ്‌റ ഒന്നാം വര്‍ഷമാണ് ബാങ്ക് വിളി മതനിയമമാക്കപ്പെടുന്നത്. ആദ്യകാലത്ത് നമസ്‌കാരത്തിനു വേണ്ടി പ്രത്യേക വിളി ഇല്ലായിരുന്നു. പിന്നീട് ‘അസ്സ്വലാതു ജാമിഅഃ’ എന്ന് വിളിക്കപ്പെടാന്‍ തുടങ്ങി. മദീനയിലെത്തിയതോടു കൂടി ബാങ്കിന്റെ നിയമവും അവതരിച്ചു. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: ”മുസ്‌ലിംകള്‍ മദീനയിലെത്തിയപ്പോള്‍ നമസ്‌കാരത്തിനു വേണ്ടി അവര്‍ സ്വയം ഒരുങ്ങി വരികയായിരുന്നു. നമസ്‌കാരത്തിനുവേണ്ടി വിളിക്കുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല. ഒരു ദിവസം അവര്‍ പരസ്പരം കൂടിയിരുന്ന് ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു. ചിലര്‍ പറഞ്ഞു: ‘നസ്വാറാക്കള്‍ ഉപയോഗിക്കുന്നത് പോലെയുള്ള നാഖൂസ് (കുഴലൂത്തിനുള്ള ഉപകരണം)നമുക്ക് ഉപയോഗിക്കാം.’ മറ്റു ചിലര്‍ പറഞ്ഞു: ‘യഹൂദികള്‍ ഉപയോഗിക്കുന്നത് പോലെയുള്ള ശംഖ് ഉപയോഗിക്കാം.’ അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: ‘നമസ്‌കാരത്തിനു വേണ്ടി വിളിക്കുന്ന ഒരാളെ നമുക്ക് നിശ്ചയിച്ചു കൂടേ?’ നബി ﷺ  പറഞ്ഞു: ‘ബിലാല്‍ നീ നമസ്‌കാരത്തിനു വേണ്ടി വിളിക്ക്” (ബുഖാരി 604, മുസ്‌ലിം 377).

അബ്ദുല്ലാഹിബ്‌നു സൈദ്(റ) പറയുന്നു: ”നമസ്‌കാരത്തിനു വേണ്ടി ജനങ്ങളെ ഒരുമിച്ച് കൂട്ടാന്‍ നാഖൂസ് ഉപയോഗിക്കാന്‍ നബി ﷺ  കല്‍പിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ ഉറങ്ങിക്കൊണ്ടിരിക്കെ ഒരാള്‍ എന്റെ അടുക്കല്‍ വന്നു. ആ വ്യക്തിയുടെ കയ്യില്‍ ഒരു നാഖൂസ് ഉണ്ടായിരുന്നു. ഞാന്‍ ചോദിച്ചു: ‘അല്ലയോ അല്ലാഹുവിന്റെ അടിമേ, അങ്ങയുടെ കയ്യിലുള്ള നാഖൂസ് എനിക്ക് വില്‍ക്കുമോ?’ അദ്ദേഹം ചോദിച്ചു: ‘ഇത് നിങ്ങള്‍ക്ക് എന്തിനാണ്?’ ഞാന്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് അതുകൊണ്ട് നമസ്‌കാരത്തിലേക്ക് ജനങ്ങളെ വിളിക്കാന്‍ വേണ്ടിയാണ്.’ അപ്പോള്‍ ആ വ്യക്തി എന്നോട് പറഞ്ഞു: ‘ഞാന്‍ അതിനെക്കാള്‍ നല്ല ഒരു കാര്യം താങ്കളെ അറിയിച്ചു തരട്ടെയോ?’ ഞാന്‍: ‘പറഞ്ഞു തീര്‍ച്ചയായും.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇപ്രകാരം പറയുക; അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍…” അങ്ങനെ ബാങ്കിന്റെ പദങ്ങള്‍ അവസാനിക്കുന്നത് വരെയുള്ള എല്ലാ വചനങ്ങളും എനിക്ക് പറഞ്ഞുതന്നു. ശേഷം ആ വ്യക്തി എന്നില്‍നിന്നും വിദൂരമല്ലാത്ത ഒരു സ്ഥലത്തേക്ക് പിന്മാറി. എന്നിട്ട് പറഞ്ഞു: ‘നിങ്ങള്‍ നമസ്‌കാരത്തിന് ഇക്വാമത്ത് വിളിക്കുമ്പോള്‍ ഇപ്രകാരം പറയുക: (എന്നിട്ട് ഇക്വാമത്തിന്റെ പൂര്‍ണരൂപം പറഞ്ഞുതന്നു). നേരം പുലര്‍ന്നപ്പോള്‍ ഞാന്‍ നബി ﷺ യുടെ അടുക്കല്‍ ചെന്ന് ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം താങ്കള്‍ കണ്ടത് സത്യമായ സ്വപ്‌നമാണ്. അതുകൊണ്ട് താങ്കള്‍ എഴുന്നേറ്റ് ചെന്ന് താങ്കള്‍ കണ്ട കാര്യം ബിലാലിന് പറഞ്ഞു കൊടുക്കുക. ബിലാല്‍ അതുകൊണ്ട് ബാങ്ക് വിളിക്കട്ടെ. കാരണം ബിലാല്‍ നിങ്ങളെക്കാള്‍ നല്ല ശബ്ദത്തിന്റെ ഉടമയാണ്.’ അങ്ങനെ ബാങ്കിന്റെ പൂര്‍ണമായ രൂപം ഞാന്‍ ബിലാലിന് പറഞ്ഞു കൊടുത്തു. ബിലാല്‍ അത് ഉപയോഗിച്ച് ബാങ്ക് വിളിക്കുകയും ചെയ്തു. ഉമറുബ്‌നുല്‍ ഖത്ത്വാബ് ഇതു കേട്ട മാത്രയില്‍ തന്റെ വീട്ടില്‍ നിന്നും വസ്ത്രം വലിച്ചിഴച്ച് ധൃതിയില്‍ വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകരേ, സത്യപ്രകാരം താങ്കളെ നിയോഗിച്ച അല്ലാഹു തന്നെയാണ് സത്യം, അബ്ദുല്ല കണ്ടതുപോലെയുള്ള സ്വപ്‌നം ഞാനും കണ്ടിട്ടുണ്ട്.’ അപ്പോള്‍ നബി ﷺ  പറഞ്ഞു: ‘അല്ലാഹുവിന്നാകുന്നു സര്‍വ സ്തുതിയും” (അഹ്മദ്്: 16477, അബൂദാവൂദ്: 499).

നമസ്‌കാരത്തിന് വേണ്ടിയുള്ള വിളി ഇസ്‌ലാമിന്റെ ഒരു ചിഹ്നം പ്രകടിപ്പിക്കല്‍ കൂടിയായിരുന്നു; തൗഹീദിന്റെ സാക്ഷ്യവചനങ്ങള്‍ പരസ്യപ്പെടുത്തലായിരുന്നു. മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വം സ്ഥിരപ്പെടുത്തലായിരുന്നു. നബിയുടെ രിസാലത്തിനു സാക്ഷ്യം വഹിച്ചുകഴിഞ്ഞാല്‍ നബി ﷺ യെ അനുസരിക്കാനുള്ള ക്ഷണമായിരുന്നു. കാരണം നബിയെ എങ്ങനെ അനുസരിക്കണമെന്ന് നബിയിലൂടെ അല്ലാതെ അറിയുകയില്ല. ശേഷം വിജയത്തിലേക്കുള്ള ക്ഷണമാണ്. യഥാര്‍ഥമായ പരലോക വിജയത്തിലേക്കുള്ള ക്ഷണം. അതോടൊപ്പം നമസ്‌കാരത്തിന് സമയമായിട്ടുണ്ട് എന്നുള്ള അറിയിക്കല്‍ കൂടിയായിരുന്നു ബാങ്ക്. ജമാഅത്തായി നമസ്‌കാരം നിര്‍വഹിക്കുവാനുള്ള ക്ഷണവും ആയിരുന്നു അത്.

മുസ്‌ലിംകള്‍ ചെയ്യുന്ന ആരാധനകളിലെ മുഖ്യമായ ഒന്നാണ് ബാങ്ക്. ഏറെ പ്രതിഫലാര്‍ഹമായ ഒരു കാര്യം. അബ്ദുല്ലാഹില്‍ മാസിനി പറയുന്നു: അബൂസഈദുല്‍ ഖുദ്രിയോട് നബി ﷺ  പറയുകയുണ്ടായി: ‘നിങ്ങള്‍ ആടുകളെയും താഴ്വരകളെയും ഇഷ്ടപ്പെടുന്നതായി ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ആടുകളുടെ കൂടെയോ അതല്ലെങ്കില്‍ താഴ്വരയിലോ ആകുമ്പോള്‍ നമസ്‌കാരത്തിനു വേണ്ടി ബാങ്ക് വിളിക്കുമ്പോള്‍ ഉറക്കെ ബാങ്ക് വിളിക്കണം. കാരണം, ബാങ്ക് വിളിക്കുന്ന വ്യക്തിയുടെ ശബ്ദം ജിന്നും ഇന്‍സും മറ്റു വസ്തുക്കളും കേള്‍ക്കുമ്പോള്‍ അന്ത്യദിനത്തില്‍ അവര്‍ ഈ വ്യക്തിക്ക് വേണ്ടി സാക്ഷി പറയാതിരിക്കുകയില്ല” (ബുഖാരി: 609).

അബൂഹുറയ്‌റ(റ) പറയുന്നു: ”നബി ﷺ  പറഞ്ഞിരിക്കുന്നു: ‘ബാങ്ക് വിളിക്കുന്നതിലും ഒന്നാമത്തെ വരിയില്‍ നില്‍ക്കുന്നതിനുള്ള പ്രതിഫലം എന്താണെന്ന് ജനങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ അവര്‍ക്കിടയില്‍ നറുക്കിടേണ്ടി വരുമായിരുന്നു. നമസ്‌കാരത്തിനുവേണ്ടി ആദ്യമെത്തുന്ന ആളുകള്‍ക്കുള്ള പ്രതിഫലം അവര്‍ അറിഞ്ഞിരുന്നെങ്കില്‍ അതിലേക്ക് അവര്‍ മത്സരിക്കുമായിരുന്നു. ഇശാഅ് നമസ്‌കാരത്തിനും സ്വുബ്ഹി നമസ്‌കാരത്തിനുമുള്ള പ്രതിഫലം അവര്‍ അറിഞ്ഞിരുന്നെങ്കില്‍ കാല്‍മുട്ടില്‍ ഇഴഞ്ഞുകൊണ്ടെങ്കിലും അവര്‍ പള്ളിയിലെത്തുമായിരുന്നു” (ബുഖാരി: 615, മുസ്‌ലിം: 437).

നബി ﷺ ക്ക് നാല് മുഅദ്ദിനുകളാണ് ഉണ്ടായിരുന്നത്. ബിലാല്‍ ഇബ്‌നു റബാഹ്(റ), അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം(റ) (മസ്ജിദുന്നബവി), സഅദ് അല്‍ ഖറള്(മസ്ജിദു ഖുബാ), അബൂമഹ്ഹദൂറ(മക്ക) തുടങ്ങിയവരായിരുന്നു അവര്‍.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 33

നബി ചരിത്രം – 33: യുദ്ധം അരികെ

യുദ്ധം അരികെ

ക്വുറൈശികള്‍ അവരുടെ കച്ചവട സംഘത്തെ സംരക്ഷിക്കുവാന്‍ വേണ്ടി പുറപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത നബി ﷺ ക്ക് ലഭിച്ചു. ഈ സന്ദര്‍ഭത്തില്‍ ബദ്‌റിലേക്കുള്ള വഴിയില്‍ ദഫ്‌റാന്‍ എന്ന താഴ്‌വരയില്‍ ആയിരുന്നു നബി ﷺ . സ്വഫ്‌റാഅ് താഴ്‌വരയുടെ സമീപത്തായിരുന്നു അത്. നബി ﷺ  തന്റെ സ്വഹാബികളെ ഒരുമിച്ചുകൂട്ടുകയും ക്വുറൈശികള്‍ മക്കയില്‍ നിന്ന് പുറപ്പെട്ട വിവരം അവരെ അറിയിക്കുകയും ചെയ്തു. എന്തു ചെയ്യണമെന്ന കാര്യത്തില്‍ അവരുമായി കൂടിയാലോചന നടത്തി. ചില സ്വഹാബിമാര്‍ യുദ്ധത്തെ ഇഷ്ടപ്പെട്ടില്ല. കാരണം, യുദ്ധത്തിനു വേണ്ടി ഒരുങ്ങിവന്നതായിരുന്നില്ല അവര്‍. കച്ചവട സംഘം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അവരെ തൃപ്തിപ്പെടുത്തുവാന്‍ നബി ﷺ  അവരുമായി അല്‍പ സമയം സംസാരിക്കുക തന്നെ ചെയ്തു. അവരെ സംബന്ധിച്ചാണ് ക്വുര്‍ആനിലെ ഈ സൂക്തം അവതരിച്ചത്:

”വിശ്വാസികളില്‍ ഒരു വിഭാഗം ഇഷ്ടമില്ലാത്തവരായിരിക്കെത്തന്നെ നിന്റെ വീട്ടില്‍ നിന്ന് ന്യായമായ കാര്യത്തിന് നിന്റെ രക്ഷിതാവ് നിന്നെ പുറത്തിറക്കിയത് പോലെത്തന്നെയാണിത്. ന്യായമായ കാര്യത്തില്‍, അതു വ്യക്തമായതിനു ശേഷം അവര്‍ നിന്നോട് തര്‍ക്കിക്കുകയായിരുന്നു. അവര്‍ നോക്കിക്കൊണ്ടിരിക്കെ മരണത്തിലേക്ക് അവര്‍ നയിക്കപ്പെടുന്നത് പോലെ” (അല്‍അന്‍ഫാല്‍: 5,6).

മുഹാജിറുകളുടെ സൈനിക മേധാവിയോട് നബി ﷺ  സംസാരിച്ചു. ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടതിനായി മുന്നോട്ടുനീങ്ങണം എന്ന അഭിപ്രായത്തെ അവര്‍ ശക്തിപ്പെടുത്തുകയും ചെയ്തു. അബൂബക്ര്‍(റ), ഉമര്‍(റ) എന്നിവര്‍ എഴുന്നേറ്റുനിന്ന് സംസാരിച്ചു. നല്ല അഭിപ്രായങ്ങളാണ് അവര്‍ പറഞ്ഞത്. നബി ﷺ  വീണ്ടും പറഞ്ഞുകൊണ്ടിരുന്നു: ‘അല്ലയോ ജനങ്ങളേ, അഭിപ്രായങ്ങള്‍ പറയൂ.’ ഈ സന്ദര്‍ഭത്തില്‍ മിക്വ്ദാദുബ്‌നു അംറ്(റ) എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു: ”അല്ലാഹുവിന്റെ പ്രവാചകരേ, ബനൂഇസ്‌റാഈല്യര്‍ മൂസാനബിയോട് പറഞ്ഞതു പോലെ ഞങ്ങള്‍ നിങ്ങളോട് പറയുകയില്ല. അതായത് ‘നീയും നിന്റെ റബ്ബും ചെന്ന് യുദ്ധം ചെയ്യുക. ഞങ്ങള്‍ ഇവിടെ ഇരിക്കാം’ എന്ന്. മറിച്ച് ഞങ്ങള്‍ക്ക് പറയാനുള്ളത് നിങ്ങള്‍ മുന്നോട്ട് നീങ്ങൂ; ഞങ്ങളും നിങ്ങളുടെ കൂടെയുണ്ട് എന്നാണ്.” നബി ﷺ യെ ഈ വാക്കുകള്‍ ഏറെ സ േന്താഷിപ്പിച്ചു (ബുഖാരി: 4609).

 താങ്കളുടെ വലതുഭാഗത്തു നിന്നും ഇടതുഭാഗത്തു നിന്നും മുന്നിലൂടെയും പിന്നിലൂടെയും ഞങ്ങള്‍ താങ്കളോടൊപ്പം യുദ്ധത്തിന് തയ്യാറാണ് എന്നും മിക്വ്ദാദ്(റ) പറഞ്ഞതായി മറ്റൊരു റിപ്പോര്‍ട്ടില്‍ കാണുവാന്‍ സാധിക്കും. (ബുഖാരി: 3952).

ശേഷം അന്‍സ്വാറുകള്‍ക്ക് നേരെ തിരിഞ്ഞുകൊണ്ട് നബി ﷺ  പറഞ്ഞു: ”ജനങ്ങളേ, നിങ്ങളുടെ അഭിപ്രായം പറയൂ.” ഈ സന്ദര്‍ഭത്തില്‍ സഅ്ദ് ഇബ്‌നുമുആദ്(റ) പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേ, നിങ്ങള്‍ ഞങ്ങളെ ഉദ്ദേശിച്ചത് പോലെയുണ്ടല്ലോ?” നബി ﷺ  പറഞ്ഞു: ”അതെ.” അപ്പോള്‍ സഅ്ദ്(റ)പറഞ്ഞു: ”ഞങ്ങള്‍ താങ്കളില്‍ വിശ്വസിച്ചു. താങ്കളെ സത്യപ്പെടുത്തി. താങ്കള്‍ കൊണ്ടുവന്നത് സത്യമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചു. ഞങ്ങള്‍ താങ്കള്‍ പറയുന്നത് കേള്‍ക്കാമെന്നും അനുസരിക്കാമെന്നും കരാര്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് എന്തൊന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് അതിലേക്ക് നീങ്ങിക്കൊള്ളുക. ഞങ്ങള്‍ താങ്കളോടൊപ്പം ഉണ്ട്. അക്കാണുന്ന കടല്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ഞങ്ങളോട് അതിലേക്ക് ഇറങ്ങാന്‍ പറഞ്ഞാല്‍ അങ്ങയോടൊപ്പം ഞങ്ങളും ഇറങ്ങും. ഞങ്ങളില്‍ ഒരാള്‍ പോലും പിന്തിരിയില്ല. നാളെ ശത്രുക്കളെ കണ്ടുമുട്ടുന്നതില്‍ ഞങ്ങളില്‍ ഒരാളും അനിഷ്ടക്കാരല്ല. ഞങ്ങള്‍ യുദ്ധത്തില്‍ ക്ഷമാലുക്കളാണ്. ഏറ്റുമുട്ടുന്നതില്‍ ആത്മാര്‍ഥതയുള്ളവരാണ്. അങ്ങയുടെ കണ്ണുകള്‍ക്ക് കുളിര്‍മ നല്‍കുന്ന കാര്യങ്ങള്‍ അല്ലാഹു ഞങ്ങളിലൂടെ താങ്കള്‍ക്ക് കാണിച്ചു തന്നേക്കാം. അതുകൊണ്ട് അല്ലാഹുവിന്റെ ബറകത്തിനാല്‍ താങ്കള്‍ ഞങ്ങളെയുംകൊണ്ട് മുന്നോട്ട് നീങ്ങിക്കൊള്ളുക.”

സഅ്ദി(റ)ന്റെ വാക്കും നബി ﷺ യെ ഏറെ സന്തോഷിപ്പിച്ചു. നബി ﷺ  സ്വഹാബികളോട് പറഞ്ഞു: ”അല്ലാഹുവിന്റെ നാമത്തില്‍ എല്ലാവരും നീങ്ങി കൊള്ളുക. നിങ്ങള്‍ സന്തോഷിച്ചു കൊള്ളുക. നിശ്ചയമായും അല്ലാഹു തആലാ രണ്ടു സംഘത്തില്‍ ഒന്നിനെ (അബൂസുഫിയാനിന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘം. അതല്ലെങ്കില്‍ അബൂജഹലിന്റെ നേതൃത്വത്തില്‍ വന്ന ക്വുറൈശി സംഘം) എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അല്ലാഹുവാണ് സത്യം! മുശ്‌രികുകള്‍ മരിച്ചുവീഴുന്ന സ്ഥലങ്ങള്‍ പോലും ഇപ്പോള്‍ എന്റെ കണ്ണുകള്‍കൊണ്ട് ഞാന്‍ കാണുന്നത് പോലെയുണ്ട്.” ശേഷം ഓരോ മുശ്‌രികും  മരിച്ചുവീഴുന്ന സ്ഥലം നബി ﷺ  സ്വഹാബിമാര്‍ക്ക് അറിയിച്ചുകൊടുത്തു. ‘ഇന്‍ശാ അല്ലാഹ്, നാളെ ഇന്ന വ്യക്തി ഇവിടെയാണ് മരിച്ചുവീഴുക’ എന്നു പറഞ്ഞുകൊണ്ടാണ് ബദ്ര്‍ യുദ്ധത്തിന്റെ തലേദിവസം തന്റെ സഹാബിമാര്‍ക്ക് നബി ﷺ  ആ സ്ഥലങ്ങള്‍ കാണിച്ചു കൊടുത്തത് എന്ന് അനസുബ്‌നു മാലിക്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീഥില്‍ കാണുവാന്‍ സാധിക്കും. (മുസ്‌ലിം: 2873).

 നബിയും സ്വഹാബിമാരും ദഫ്‌റാന്‍ താഴ്‌വരയില്‍ നിന്നും കൂടിയാലോചനയ്ക്ക് ശേഷം യാത്ര പുറപ്പെട്ടു. ബദ്‌റില്‍ നിന്നും (മദീനയോട്) അടുത്ത താഴ്‌വരയില്‍ (ഉദ്‌വതുദ്ദുന്‍യ) അവര്‍ എത്തി. ക്വുറൈശികളാകട്ടെ അകന്ന താഴ്‌വരയിലാണ് (ഉദ്‌വതുല്‍ ക്വുസ്വ്‌വ).

”നിങ്ങള്‍ (താഴ്‌വരയില്‍ മദീനയോട്) അടുത്ത ഭാഗത്തും അവര്‍ അകന്നഭാഗത്തും സാര്‍ഥവാഹകസംഘം നിങ്ങളെക്കാള്‍ താഴെയുമായിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക)” (അല്‍അന്‍ഫാല്‍: 42).

വ്യാഴാഴ്ച ദിവസം വൈകുന്നേരം നബി ﷺ  അലിയ്യുബ്‌നു അബീത്വാലിബ്(റ), സുബൈറുബ്‌നുല്‍ അവ്വാം(റ), സഅ്ദ് ബ്‌നു അബീവക്വാസ്(റ) തുടങ്ങിയവരെ മറ്റു ചില സ്വഹാബികളോടൊപ്പം ബദ്‌റിനു സമീപത്തുള്ള വെള്ളത്തിലേക്ക് പറഞ്ഞയച്ചു. ക്വുറൈശികളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ച് അറിയാന്‍ വേണ്ടിയായിരുന്നു ഇത്. ക്വുറൈശികള്‍ക്ക് വേണ്ടി വെള്ളമെടുക്കാന്‍ വന്ന ബനൂ ഹജ്ജാജ് ഗോത്രത്തിലെ ഒരു കറുത്ത വേലക്കാരനെ അവര്‍ കണ്ടു. അവര്‍ അയാളെ പിടികൂടി. എന്നിട്ട് അബൂസുഫ്‌യാനെക്കുറിച്ചും അബൂസുഫ്‌യാന്റെ ആളുകളെക്കുറിച്ചും ചോദിക്കുവാന്‍ തുടങ്ങി. അബൂസുഫ്‌യാനെക്കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല എന്നായിരുന്നു അയാളുടെ മറുപടി. എന്നാല്‍ ഇവിടെ അബൂജഹലും ഉത്ബയും ശൈബയും ഉമയ്യതുബ്‌നു ഖലഫും ഉണ്ട് എന്ന് അയാള്‍ പറയുകയും ചെയ്തു. അപ്പോള്‍ അവര്‍ അയാളെ അടിച്ചു. അടികൊണ്ടപ്പോള്‍ ഞാന്‍ അബൂസുഫ്‌യാനെക്കുറിച്ച് നിങ്ങള്‍ക്ക് പറഞ്ഞു തരാം എന്നു പറഞ്ഞു. അപ്പോള്‍ അവര്‍ അയാളെ വിട്ടു. വീണ്ടും അവര്‍ അബൂസുഫ്‌യാനെക്കുറിച്ച് ചോദിച്ചപ്പോള്‍ അബൂസുഫ്‌യാനെക്കുറിച്ച് എനിക്ക് ഒരു അറിവും ഇല്ല എന്ന് മറുപടി പറഞ്ഞു. എന്നാല്‍ ഇവിടെ അബൂജഹലും ഉതുബയും ശൈബയും… ഉണ്ട് എന്നും അയാള്‍ മറുപടി നല്‍കി. അപ്പോള്‍ അവര്‍ വീണ്ടും അയാളെ അടിക്കാന്‍ തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ നബി ﷺ  അപ്പുറത്തു നിന്ന് നമസ്‌കരിക്കുകയായിരുന്നു. അവിടെ നിന്നും തിരിഞ്ഞു വന്നുകൊണ്ട് നബി ﷺ  പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! ഇദ്ദേഹം നിങ്ങളോട് സത്യം പറയുമ്പോള്‍ നിങ്ങള്‍ അയാളെ അടിക്കുകയും കളവ് പറയുമ്പോള്‍ നിങ്ങള്‍ അയാളെ ഒഴിവാക്കുകയും ചെയ്യുന്നു’ (മുസ്‌ലിം: 1779).

വെള്ളത്തില്‍ നിന്നും അല്‍പം അകലെയായിക്കൊണ്ടാണ് നബിയും സ്വഹാബികളും ഇറങ്ങിയിരുന്നത്. അവര്‍ക്ക് ശക്തമായ ദാഹവും ക്ഷീണവും അനുഭവപ്പെട്ടു. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു ലഘുവായ ഒരു മഴ ഇറക്കി. ഈ വെള്ളം കൊണ്ട് മുസ്‌ലിംകള്‍ ശുദ്ധീകരണം വരുത്തുകയും കുടിക്കുകയും അവര്‍ ഉന്മേഷവാന്മാരാവുകയും ചെയ്തു. പൈശാചിക മാലിന്യങ്ങളെ അല്ലാഹു അവരില്‍ നിന്ന് നീക്കിക്കളയുകയും ചെയ്തു. മഴ പെയ്തതിന്റെ ഫലമായി അവരുടെ കാലുകളെ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ അവര്‍ക്ക് സാധിച്ചു. മുശ്‌രിക്കുകളുടെ ഭാഗത്ത് ശക്തമായ മഴ പെയ്തു. അവരെ സംബന്ധിച്ചിടത്തോളം ആ മഴ അവര്‍ക്ക് വലിയ പരീക്ഷണവും ദുഷ്‌കരവും ആയിരുന്നു. അവര്‍ പൊടിയുള്ള ഭാഗത്തായിരുന്നു. അതു കൊണ്ട്, മുന്നോട്ടു നടക്കാന്‍ പോലും അവര്‍ക്ക് കഴിയാതെയായി.

ശേഷം നബി ﷺ  തന്റെ സൈന്യത്തെയും കൊണ്ട് ബദ്‌റിലെ വെള്ളത്തിന്റെ സമീപത്തേക്ക് നീങ്ങി. ബദ്‌റിലെ കിണറുകളില്‍ ഏറ്റവും നല്ല കിണറിന് സമീപത്തേക്ക് നബി ﷺ  എത്തി. മുശ്‌രിക്കുകളെ മുന്‍ കടന്നു കൊണ്ടാണ് നബി ﷺ  അവിടേക്ക് എത്തിയത്. വെള്ളത്തിനു സമീപം മുസ്‌ലിംകള്‍ താമസമുറപ്പിച്ചു. അപ്പോള്‍ സഅദ്ബ്‌നു മുആദ്(റ) നബി ﷺ യോട് പറഞ്ഞു: ”അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു ചെറിയ കുടില്‍ ഉണ്ടാക്കിത്തരട്ടെ? താങ്കള്‍ക്ക് അതില്‍ താമസിക്കാം. അതില്‍ വെച്ചു കൊണ്ട് താങ്കള്‍ക്ക് സൈന്യത്തെ ഒരുക്കുകയും ചെയ്യാം. അങ്ങനെ ഞങ്ങള്‍ ശത്രുക്കളുമായി ഏറ്റുമുട്ടും. അല്ലാഹു ഞങ്ങള്‍ക്ക് ശത്രുക്കളുടെമേല്‍ വിജയവും പ്രതാപവും നല്‍കിയാല്‍ അതാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്. മറിച്ചാണ് അവസ്ഥയെങ്കില്‍ ഞങ്ങളുടെ പിറകിലുള്ള ആളുകളുമായി താങ്കള്‍ക്ക് കൂടിച്ചേരുവാന്‍ സാധിക്കും. ചില ആളുകള്‍ നമ്മുടെ കൂടെ വരാതെ പിന്തിരിഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ പ്രവാചകരേ, അവര്‍ ഞങ്ങളെക്കാള്‍ നിങ്ങളോട് സ്‌നേഹം കുറവുള്ളവരായതു കൊണ്ടല്ല. മറിച്ച് അങ്ങ് യുദ്ധത്തിനാണ് വരുന്നത് എന്ന് അവര്‍ക്ക് അറിയുമായിരുന്നില്ല. അത് അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഒരിക്കലും പിന്തി നില്‍ക്കുകയില്ലായിരുന്നു. അല്ലാഹു അവരെക്കൊണ്ട് താങ്കളെ സംരക്ഷിക്കുമായിരുന്നു. അവര്‍ അങ്ങയോട് ഗുണകാംക്ഷയുള്ളവരാണ്. അങ്ങയോടൊപ്പം ജിഹാദ് ചെയ്യുവാന്‍ തയ്യാറുള്ളവരുമാണ്.”

 ഇതു കേട്ടപ്പോള്‍ നബി ﷺ  സഅ്ദി(റ)നെ പുകഴ്ത്തിപ്പറയുകയും അദ്ദേഹത്തിന്റെ നന്മക്കായി പ്രാര്‍ഥിക്കുകയും ചെയ്തു.

നബി ﷺ  തന്റെ സൈന്യത്തെ വരിവരിയായി നിര്‍ത്തി. ഏറ്റവും നല്ല ഒരുക്കം തന്നെ അവരില്‍ നടത്തി. വെള്ളിയാഴ്ചയുടെ തലേരാത്രി ആയിരുന്നു അത്. സൈന്യത്തെയും കൊണ്ട് യുദ്ധം നടക്കാനിരിക്കുന്ന സ്ഥലത്തിലൂടെ നബി ﷺ  നടന്നു. എന്നിട്ട് ചില സ്ഥലങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു: ‘ഇന്‍ശാ അല്ലാഹ്, ഇവിടെയാണ് നാളെ ഇന്ന വ്യക്തി മരിച്ചു വീഴുക. ഇവിടെയാണ് നാളെ ഇന്ന വ്യക്തി മരിച്ചു വീഴുക.’ അനസ്(റ) പറയുന്നു: ‘നബി ﷺ  കാണിച്ച സ്ഥാനത്തു നിന്നും അല്‍പം പോലും അവര്‍ മരിച്ചു വീണപ്പോള്‍ തെറ്റിയിട്ടുണ്ടായിരുന്നില്ല’ (മുസ്‌ലിം: 1779).

ബദ്‌റിന്റെ തലേരാത്രിയില്‍ മുസ്‌ലിംകള്‍ക്ക് ഉറക്കം ബാധിച്ചു. അല്ലാഹു അവര്‍ക്ക് നല്‍കിയ അനുഗ്രഹമായിരുന്നു അത്. അവര്‍ എല്ലാവരും ഉറങ്ങി. അങ്ങിനെ അവരുടെ ഹൃദയങ്ങള്‍ക്ക് സമാധാനം ലഭിച്ചു. ഉറക്കത്തിലൂടെ വലിയ ആശ്വാസം അവര്‍ നേടുകയും ചെയ്തു. അല്ലാഹു പറയുന്നു:

 ”അല്ലാഹു തന്റെ പക്കല്‍ നിന്നുള്ള മനഃശാന്തിയുമായി നിങ്ങളെ നിദ്രാമയക്കം കൊണ്ട് ആവരണം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). നിങ്ങളെ ശുദ്ധീകരിക്കുന്നതിനും നിങ്ങളില്‍ നിന്ന് പിശാചിന്റെ ദുര്‍ബോധനം നീക്കികളയുന്നതിനും നിങ്ങളുടെ മനസ്സുകള്‍ക്ക് കെട്ടുറപ്പ് നല്‍കുന്നതിനും പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും വേണ്ടി അവന്‍ നിങ്ങളുടെ മേല്‍ ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞുതന്നിരുന്ന സന്ദര്‍ഭവും (ഓര്‍ക്കുക)” (അല്‍അന്‍ഫാല്‍: 11).

എന്നാല്‍ ഈ രാത്രിയില്‍ നബി ﷺ  ഒരു മരത്തിന് ചുവട്ടില്‍ നിന്നുകൊണ്ട് നമസ്‌കരിക്കുകയായിരുന്നു. അല്ലാഹുവോട് കേണപേക്ഷിച്ചുകൊണ്ട് കരഞ്ഞു പ്രാര്‍ഥിക്കുകയായിരുന്നു. ‘യാ ഹയ്യു യാ ക്വയ്യൂം’ എന്ന് നേരം പുലരുവോളം നബി ﷺ  സുജൂദില്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. അന്ന് നബി ﷺ  പ്രാര്‍ഥിച്ച പ്രാര്‍ഥന ഹദീഥുകളില്‍ നമുക്ക് ഇപ്രകാരം കാണുവാന്‍ സാധിക്കും:

 ”അല്ലാഹുവേ, നീ എനിക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിത്തരേണമേ. അല്ലാഹുവേ, വാഗ്ദാനം ചെയ്തത് എനിക്ക് നല്‍കേണമേ. അല്ലാഹുവേ, ഇസ്‌ലാമിന്റെ ഈ സംഘത്തെ നീ നശിപ്പിച്ചാല്‍ പിന്നെ ഭൂമിയില്‍ നീ ആരാധിക്കപ്പെടുകയില്ല.”

നബി ﷺ  ഇത് പറഞ്ഞുകൊണ്ടിരുന്നു. അവിടുന്ന് തന്റെ കൈകള്‍ ക്വിബ്‌ലക്കു നേരെ നീട്ടിയിരുന്നു. നബി ﷺ യുടെ ചുമലില്‍ ഉണ്ടായിരുന്ന മുണ്ട് താഴെ വീണു. അപ്പോള്‍ അബൂബക്ര്‍(റ) അവിടെ കടന്നു വരികയും മുണ്ടെടുത്ത് കൊണ്ട് നബിയുടെ ചുമലില്‍ ഇട്ടു കൊടുക്കുകയും ചെയ്തു. എന്നിട്ട് നബിയെ പിന്നിലൂടെ തന്നിലേക്ക് അണച്ചുപിടിച്ചു. ശേഷം ഇപ്രകാരം പറഞ്ഞു: ”അല്ലാഹുവിന്റെ പ്രവാചകരേ, അല്ലാഹുവിനോടുള്ള താങ്കളുടെ ഈ അപേക്ഷ മതി. താങ്കള്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്തത് പൂര്‍ത്തിയാക്കിത്തരിക തന്നെ ചെയ്യും.” ഈ സന്ദര്‍ഭത്തില്‍ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു:

‘നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി’ (അല്‍അല്‍ഫാല്‍: 9).  അങ്ങനെ അല്ലാഹു മലക്കുകളെ കൊണ്ട് നബി ﷺ യെ സഹായിച്ചു. (മുസ്‌ലിം: 1763).

 നേരം പുലര്‍ന്നു. വെള്ളിയാഴ്ച ദിവസം. റമദാന്‍ 17. ഹിജ്‌റ രണ്ടാം വര്‍ഷം. നബി ﷺ  ഇപ്രകാരം വിളിച്ചു പറഞ്ഞു: ‘അസ്സ്വലാതു ജാമിഅഃ.’ ജനങ്ങള്‍ അവിടെ വന്നു. അവരെക്കൊണ്ട് സ്വുബ്ഹി നമസ്‌കരിച്ചു. യുദ്ധത്തിനുവേണ്ടി പ്രേരിപ്പിച്ചുകൊണ്ട് അവരോട് സംസാരിച്ചു. എന്നിട്ട് പറഞ്ഞു: ‘ക്വുറൈശികള്‍ ഈ മലയുടെ അടിഭാഗത്ത് ഉണ്ട്’ (അഹ്മദ്: 948).

നബി ﷺ  തന്റെ സൈന്യത്തെ അണിയായി നിര്‍ത്തി. ക്വുറൈശികള്‍ താഴ്‌വരയിലേക്ക് ഇറങ്ങി വരുന്നതിനു മുമ്പായിരുന്നു ഇത്. സൈന്യത്തെ വളരെ ചിട്ടയോടെ നിര്‍ത്തി. എന്നിട്ട് പറഞ്ഞു: ‘എന്റെ അനുവാദം ലഭിക്കുന്നതുവരെ ആരും യുദ്ധം തുടങ്ങരുത്.’ ഇമാം മുസ്‌ലിമിന്റെ ഹദീഥില്‍ (1901) ഈ കാര്യങ്ങള്‍ വിശദീകരിക്കുന്നത് കാണുവാന്‍ സാധിക്കും.

നബി ﷺ  അവര്‍ക്ക് യുദ്ധത്തിന്റെ രൂപത്തെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കി. ക്വുറൈശികളുടെ അടുത്ത് എത്തിയാലല്ലാതെ അമ്പെയ്ത്ത് നടത്തരുത് എന്നും അവരോട് സൂചിപ്പിച്ചു. (ബുഖാരി: 3984). അമ്പുകള്‍ സ്ഥാനത്ത് കൊള്ളാതെ നഷ്ടപ്പെട്ടു പോകാതിരിക്കാനായിരുന്നു ഈ നിര്‍ദേശം.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 32

നബി ചരിത്രം – 32: ക്വുറൈശികള്‍ ബദ്‌റില്‍

ക്വുറൈശികള്‍ ബദ്‌റില്‍

നബി   സൈന്യത്തെ ക്രമീകരിച്ചു തുടങ്ങി. പ്രധാന കൊടി മിസ്അബ് ഇബ്‌നു ഉമൈറി(റ)ന്റെ കയ്യില്‍ കൊടുത്തു. വെള്ളനിറത്തിലുള്ള കൊടിയായിരുന്നു അത്. സൈന്യത്തെ പ്രധാനമായും രണ്ടു വിഭാഗമാക്കി തിരിച്ചു; മുഹാജിറുകളുടെ സംഘവും അന്‍സ്വാറുകളുടെ സംഘവും. മുഹാജിറുകളുടെ കൊടി അലിയ്യുബ്‌നു അബീത്വാലിബി(റ)ന്റെ കയ്യിലും അന്‍സ്വാറുകളുടെ കൊടി സഅ്ദ് ഇബ്‌നു മുആദി(റ)ന്റെ കയ്യിലും നല്‍കുകയുണ്ടായി. വലതുഭാഗത്ത് നിര്‍ത്തിയ ആളുകളുടെ നേതൃത്വം സുബൈര്‍ ഇബ്‌നു അവ്വാമി(റ)നെയും ഇടതു ഭാഗത്ത് നിര്‍ത്തിയ ആളുകളുടെ നേതൃത്വം മിക്വ്ദാദുബ്‌നു അംറി(റ)നെയും ഏല്‍പിച്ചു. സൈന്യത്തിന്റെ പിന്‍ഭാഗത്ത് ഖൈസ് ഇബ്‌നു അബീസ്വഅ്‌സ്വഅത്(റ) ആയിരുന്നു നിശ്ചയിക്കപ്പെട്ടത്. തന്റെ അനുചരന്‍മാരുടെ ദാരിദ്ര്യാവസ്ഥ മനസ്സിലാക്കിയ നബി   ഇപ്രകാരം പ്രാര്‍ഥിച്ചു: അല്ലാഹുവേ, അവര്‍ നഗ്‌നപാദരാണ്; അവരെ ധരിപ്പിക്കേണമേ. അല്ലാഹുവേ, അവര്‍ നഗ്‌നരാണ്; അവരെ വസ്ത്രം ധരിപ്പിക്കേണമേ. അല്ലാഹുവേ, അവര്‍ വിശക്കുന്നവരാണ്; അവര്‍ക്ക് നീ ഭക്ഷണം നല്‍കേണമേ.നബി യുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. അല്ലാഹു അവര്‍ക്ക് ബദ്‌റില്‍ വിജയം നല്‍കി. അവര്‍ക്ക് വസ്ത്രം നല്‍കപ്പെട്ടു. ഗനീമത്ത് (യുദ്ധാര്‍ജിത) സ്വത്ത് ധാരാളമായി ലഭിച്ചു. ഒന്നും രണ്ടും ഒട്ടകങ്ങളില്‍ ചുമക്കാവുന്ന അത്രയും സമ്പത്ത് അവര്‍ക്ക് ലഭിക്കുകയുണ്ടായി.

നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്…” (ക്വുര്‍ആന്‍ 2:186).

സൈന്യത്തെ ക്രമീകരിച്ചതിനുശേഷം നബി   തന്റെ അനുചരന്മാരോട് നോമ്പുതുറക്കാന്‍ ആവശ്യപ്പെട്ടു. യുദ്ധം ചെയ്യുവാനും മുന്നോട്ടു നീങ്ങുവാനുമുള്ള കഴിവ് അവര്‍ക്ക് ഉണ്ടാകേണ്ടതുണ്ടല്ലോ. നബി   അവര്‍ക്ക് ആവശ്യമായ പ്രേരണയും പ്രോത്സാഹനവും നല്‍കിക്കൊണ്ടിരുന്നു. ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്ക് നിങ്ങള്‍ എഴുന്നേറ്റുവരൂഎന്ന് അവരോട് നബി   പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ ഉമൈര്‍ ഇബ്‌നു ഹുമാം അല്‍അന്‍സ്വാരി(റ) നബി യോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരേ, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗമോ?’ നബി   പറഞ്ഞു: അതെ.നബി യുടെ ഈ വാക്കിനെ ഇഷ്ടപ്പെട്ടതായി അറിയിച്ചു കൊണ്ട് അദ്ദേഹം ഒരു ശബ്ദം ഉണ്ടാക്കി. നബി   ചോദിച്ചു: എന്താണ് നീ ശബ്ദമുണ്ടാക്കാന്‍ കാരണം?’ അദ്ദേഹം പറഞ്ഞു: ഒന്നുമില്ല റസൂലേ, ഞാനാ സ്വര്‍ഗത്തിലെ വക്താവാകുവാന്‍ ആഗ്രഹിക്കുന്നു.അപ്പോള്‍ നബി   പറഞ്ഞു: നീ സ്വര്‍ഗക്കാരനാണ്.അപ്പോള്‍ അദ്ദേഹം തിന്നാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന ഈത്തപ്പഴത്തിന്റെ പാത്രത്തില്‍ നിന്നും ഈത്തപ്പഴങ്ങള്‍ പുറത്തേക്കെടുത്തു. എന്നിട്ട് പറഞ്ഞു: ഈ ഈത്തപ്പഴം തിന്നുതീര്‍ക്കാന്‍ ആവശ്യമായ സമയം ഞാന്‍ ജീവിച്ചിരുന്നാല്‍ തന്നെ അത് സുദീര്‍ഘമായ ഒരു ജീവിതമാണ്.ഇതും പറഞ്ഞു കൊണ്ട് അദ്ദേഹം ഇൗത്തപ്പഴം വലിച്ചെറിയുകയും എന്നിട്ട് അവരോടൊപ്പം യുദ്ധം ചെയ്യുകയും രക്തസാക്ഷിയാവുകയും ചെയ്തു” (മുസ്‌ലിം: 1901).

മദീനയില്‍ നിന്നും പുറപ്പെട്ട നബി   സ്വഫ്‌റാഅ് എന്ന സ്ഥലത്തിനു സമീപം എത്തിയപ്പോള്‍ ബുസൈസതുബ്‌നു അംറുല്‍ ജുഹനി(റ), അദിയ്യിബ്‌നു അബിസ്സഅബാഅ്(റ) എന്നീ രണ്ടു സ്വഹാബിമാരെ അബൂസുഫ്‌യാന്റെ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി പറഞ്ഞയച്ചു. യാത്രാവേളയില്‍ നബി   ഹുര്‍റതുല്‍ വബ്‌റ എന്ന സ്ഥലത്തിന് സമീപത്തു വെച്ചുകൊണ്ട് മുശ്‌രിക്കുകളില്‍ പെട്ട ഒരാളെ കണ്ടുമുട്ടി. അയാളോട് ചോദിച്ചു: നീ അല്ലാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുന്നുണ്ടോ?’ അദ്ദേഹം പറഞ്ഞു: അതെ.നബി   പറഞ്ഞു: എങ്കില്‍ മുന്നോട്ട് നടന്നോളൂ” (മുസ്‌ലിം: 1817).

ക്വുറൈശി കച്ചവട സംഘത്തിലെ തലവന്‍ അബൂസുഫ്‌യാന്‍ ആയിരുന്നു. അതീവ ജാഗരൂകനും ശ്രദ്ധാലുവുമായിരുന്നു അദ്ദേഹം. യാത്രാ സന്ദര്‍ഭങ്ങളില്‍ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ശ്രമം അദ്ദേഹവും നടത്തിയിരുന്നു. വഴിയില്‍ വെച്ച് കാണുന്നവരോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. അപ്പോഴാണ് മുഹമ്മദ് നബി   കച്ചവട സംഘത്തെ ലക്ഷ്യം വെച്ചുകൊണ്ട് മദീനയില്‍ നിന്നും പുറപ്പെട്ടിരിക്കുന്നു എന്ന വിവരം അബൂസുഫ്‌യാനു ലഭിച്ചത്. ഇത് അറിഞ്ഞ ഉടനെ അബൂസുഫ്‌യാന്‍ ളംളമുബ്‌നു അംറുല്‍ ഗഫ്ഫാരിയെ മക്കയിലേക്ക് പറഞ്ഞയച്ചു. മുഹമ്മദും സംഘവും ക്വുറൈശികളുടെ കച്ചവട സംഘത്തെ ലക്ഷ്യം വെച്ച് ഇറങ്ങിയിരിക്കുന്നു എന്ന് മക്കക്കാരെ അറിയിക്കലായിരുന്നു ഉദ്ദേശം. ളംളം മക്കാ താഴ്‌വരയിലെത്തി തന്റെ ഒട്ടകപ്പുറത്ത് കയറി നിന്നുകൊണ്ട് തന്റെ കുപ്പായം കീറി ഉച്ചത്തില്‍ ഇപ്രകാരം വിളിച്ചു പറഞ്ഞു: അല്ലയോ ക്വുറൈശികളേ, അപകടം! അപകടം! നിങ്ങളുടെ സമ്പത്ത് അബൂസുഫ്‌യാന്റെ അടുക്കലുണ്ട്. അത് പിടിച്ചെടുക്കാന്‍ മുഹമ്മദും അനുയായികളും പുറപ്പെട്ടിരിക്കുന്നു. ഇനി ആ സമ്പത്ത് നിങ്ങള്‍ക്ക് കിട്ടുമോ എന്ന് പോലും എനിക്കറിയില്ല. അതുകൊണ്ട്, സഹായം, സഹായം. (അബൂസുഫ്‌യാനെ സഹായിക്കാന്‍ പുറപ്പെട്ടോളൂ)

ക്വുറൈശികള്‍ അതിവേഗത്തില്‍ ഒരുങ്ങി. കഴിവുള്ളവരും കഴിവില്ലാത്തവരും പുറപ്പെട്ടു. അബൂലഹബ് ഒഴികെ ക്വുറൈശികളിലെ എല്ലാ പ്രമാണിമാരും ഇറങ്ങിത്തിരിച്ചു. അബൂലഹബ് തനിക്കു പകരം ആസ്വ് ഇബ്‌നു ഹിശാമിനെയാണ് അയച്ചത്. ആസ്വ് ഇബ്‌നു ഹിശാം അബൂലഹബിന് കുറച്ച് പണം കടം വീട്ടാന്‍ ഉണ്ടായിരുന്നു. അതിനു പകരമായാണ് അബൂലഹബ് ആസ്വിനെ പറഞ്ഞയച്ചത്. കച്ചവട സംഘത്തെ രക്ഷിക്കുവാന്‍ വേണ്ടി എല്ലാവരും ഒരുങ്ങിയിറങ്ങി. മുഹമ്മദിനെയും അനുയായികളെയും ഉന്മൂലനം ചെയ്യുക എന്നുള്ളതും അവരുടെ ഒരു ലക്ഷ്യമായിരുന്നു. അത്‌കൊണ്ടു തന്നെ നിര്‍ബന്ധിപ്പിച്ചു കൊണ്ടാണെങ്കിലും ക്വുറൈശികള്‍ ഒരാളെയും ഒഴിവാക്കാതെ തങ്ങളുടെ കൂടെ കൂട്ടി. അങ്ങനെ നിര്‍ബന്ധത്തിന് വഴങ്ങി പുറപ്പെട്ട ആളുകളില്‍ പെട്ടവരായിരുന്നു അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ്, നൗഫല്‍ ഇബ്‌നു ഹാരിസ്, അബുത്വാലിബിന്റെ രണ്ടു മക്കളായ നൗഫല്‍, ഉകൈ്വല്‍ തുടങ്ങിയവര്‍. യാത്രയുടെ തുടക്കത്തില്‍ 1319 പേരായിരുന്നു മുശ്‌രിക്കുകളില്‍ ഉണ്ടായിരുന്നത്. 100 കുതിരയും 600 പടയങ്കിയും ഒട്ടനവധി ഒട്ടകങ്ങളും അവരുടെ കൂടെ ഉണ്ടായിരുന്നു. അബൂജഹല്‍ ആയിരുന്നു നേതൃത്വം വഹിച്ചിരുന്നത്. അബൂസുഫ്‌യാന്റെ അടുക്കല്‍ നിന്നും വാര്‍ത്തകളുമായി ളംളം വരുന്നതിനു മുമ്പു തന്നെ അബ്ദുല്‍ മുത്ത്വലിബിന്റെ മകള്‍ ആതിക അക്കാര്യം സ്വപ്‌നത്തില്‍ കണ്ടതായി ചരിത്രം പറയുന്നു. ക്വുറൈശികള്‍ സര്‍വ സന്നാഹങ്ങളുമായി യാത്രക്ക് വേണ്ടി ഒരുങ്ങിയപ്പോള്‍ കുറെ നാളുകളായി മക്കയിലുള്ള ക്വുറൈശികള്‍ക്കും ബനൂബകറിനും ഇടയില്‍ നിലനില്‍ക്കുന്ന ശത്രുതയെക്കുറിച്ച് അവര്‍ (ആതിക) ഓര്‍മിപ്പിച്ചു. ഇതു കേട്ട മാത്രയില്‍ മുശ്‌രിക്കുകള്‍ പറഞ്ഞു: ബനൂബകര്‍ പിറകില്‍ നിന്ന് നമുക്കെതിരെ വരുമോ എന്ന് നാം ഭയപ്പെടുന്നു.ഈ സംസാരം യാത്രയില്‍ നിന്നും പിന്മാറാന്‍ പോലും കാരണമാകുന്ന രൂപത്തില്‍ എത്തി. അപ്പോള്‍ സുറാഖതുബ്‌നു മാലികിന്റെ രൂപത്തില്‍ ഇബ്‌ലീസ് അവരില്‍ പ്രത്യക്ഷപ്പെട്ടു. കിനാന ഗോത്രത്തിലെ പ്രധാനിയായിരുന്നു സുറാഖ. എന്നിട്ട് അവരോട് (ഇബ്‌ലീസ്) ഇപ്രകാരം പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്കുള്ള സംരക്ഷകനാണ്. നിങ്ങള്‍ ഭയപ്പെടുന്ന ഒന്നും തന്നെ പിറകില്‍ നിന്നും ഉണ്ടാവുകയില്ല.

 ഇബ്‌ലീസിന്റെ ഇടപെടലിനെക്കുറിച്ച് അല്ലാഹു പറയുന്നു:

ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും എന്ന് പറഞ്ഞ് കൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക). അങ്ങനെ ആ രണ്ടു സംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന് പറഞ്ഞുകൊണ്ട് അവന്‍ (പിശാച്) പിന്‍മാറിക്കളഞ്ഞു” (ക്വുര്‍ആന്‍ 8:48).

ഈ സന്ദര്‍ഭത്തില്‍ വലിയ ആവേശത്തോടെ അല്ലാഹുവിനോടും റസൂലിനോടുമുള്ള ശത്രുത പ്രകടിപ്പിച്ചു കൊണ്ട്, വാദ്യമേളങ്ങള്‍ മുഴക്കി, നൃത്തം ചവിട്ടി, മുസ്‌ലിംകള്‍ക്കെതിരെ പാട്ടു പാടിക്കൊണ്ട്, അഹങ്കാരത്തോടെയും ധിക്കാരത്തോടെയും പൊങ്ങച്ചത്തോടെയും അവര്‍ പുറപ്പെട്ടു.

ഗര്‍വോട് കൂടിയും ജനങ്ങളെ കാണിക്കാന്‍ വേണ്ടിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞുനിര്‍ത്താന്‍ വേണ്ടിയും തങ്ങളുടെ വീടുകളില്‍ നിന്ന് ഇറങ്ങിപ്പുറപ്പെട്ടവരെ പോലെ നിങ്ങളാകരുത്. അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു” (ക്വുര്‍ആന്‍ 8:47).

സത്യനിഷേധികളുടെ സൈന്യത്തിന് ഭക്ഷണം നല്‍കുവാന്‍ വേണ്ടി മാത്രമായി പന്ത്രണ്ടോളം പേര്‍ ഉണ്ടായിരുന്നു. അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ്, ഉത്ബതുബ്‌നു റബീഅ, ഹാരിസ് ഇബ്‌നു നൗഫല്‍, തുഐമതുബ്‌നു അദിയ്യ്, അബുല്‍ ബുഖ്തരി, ഇബ്‌നു ഹിശാം, ഹകീം ഇബ്‌നു ഹുസാം, നള്‌റുബ്‌നുല്‍ഹാരിസ്, അബൂജഹല്‍ ഇബ്‌നു ഹിശാം, ഉമയ്യത്തുബ്‌നു ഖലഫ്, സുഹൈലുബ്‌നു അംറ്, ഹജ്ജാജ് ഇബ്‌നു ആമിറിന്റെ രണ്ടു മക്കളായ നബീഹ്, മുനബ്ബിഹ് തുടങ്ങിയവരായിരുന്നു അവര്‍. വലിയ നേതാക്കന്മാരും സമ്പന്നരുമായിരുന്നു ഇവരൊക്കെ. ഓരോ ദിവസവും ഒന്‍പതോ പത്തോ ഒട്ടകങ്ങളെ വീതം അവര്‍ അറുത്തിരുന്നു. മക്കയില്‍ നിന്ന് പുറപ്പെട്ട ഉടനെത്തന്നെ അവര്‍ക്ക് വേണ്ടി ആദ്യമായി ഒട്ടകത്തെ അറുത്തത് അബൂജഹല്‍ ബിന്‍ ഹിശാം ആയിരുന്നു. ഇവരെക്കുറിച്ചാണ് അല്ലാഹു ഇങ്ങനെ പറയുന്നത്:

തീര്‍ച്ചയായും സത്യനിഷേധികള്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുവാന്‍ വേണ്ടിയത്രെ. അവര്‍ അത് ചെലവഴിക്കും. പിന്നീട് അതവര്‍ക്ക് ഖേദത്തിന് കാരണമായിത്തീരും. അനന്തരം അവര്‍ കീഴടക്കപ്പെടുകയും ചെയ്യും. സത്യനിഷേധികള്‍ നരകത്തിലേക്ക് വിളിച്ചുകൂട്ടപ്പെടുന്നതാണ്” (ക്വുര്‍ആന്‍ 8:36).

ക്വുറൈശികളുടെ സൈന്യം ബദ്ര്‍ ലക്ഷ്യമാക്കി നീങ്ങി. ജുഹ്ഫയില്‍ എത്തിയപ്പോള്‍ അവര്‍ അവിടെ ഇറങ്ങി. ബദ്‌റിലൂടെ കടന്നുപോകുന്ന പ്രധാന വഴിയിലൂടെയായിരുന്നു അബൂസുഫ്‌യാന്‍ കച്ചവട സംഘത്തെ കൊണ്ടുവന്നിരുന്നത്. അതീവ ജാഗ്രത പാലിക്കുന്ന ആളായിരുന്നു അബൂസുഫ്‌യാന്‍ എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ബദ്‌റിന്റെ സമീപത്തുള്ള ജല തടാകത്തില്‍ എത്തിയപ്പോള്‍ മുജ്ദിയ്യുബ്‌നു അംറുല്‍ ജുഹനിയെ അബൂസുഫ്‌യാന്‍ കണ്ടു. അബൂസുഫ്‌യാന്‍ ചോദിച്ചു: മുഹമ്മദിന്റെ വല്ല ചാരന്മാരെയും നീ കണ്ടുവോ?’ മുജ്ദിയ്യ് പറഞ്ഞു: അല്ലാഹുവാണ് സത്യം, ഭയപ്പെടേണ്ടതായിട്ടുള്ള ആരെയും ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ രണ്ടു യാത്രക്കാര്‍ ഇതുവഴി വരികയും ഈ മണ്‍തിട്ടക്കടുത്ത് വെച്ച് അവര്‍ തങ്ങളുടെ ഒട്ടകത്തെ മുട്ട് കുത്തിക്കുകയും അവരുടെ പാന പാത്രത്തില്‍ നിന്നും വെള്ളം കുടിച്ചു തിരിച്ചുപോകുകയും ചെയ്തു.ഇതു കേട്ടപ്പോള്‍ അബൂസുഫ്‌യാന്‍ മുജ്ദിയ്യ് സൂചിപ്പിച്ച ആളുകളുടെ ഒട്ടകങ്ങള്‍ മുട്ടുകുത്തിയ സ്ഥലത്തേക്ക് വന്നു. എന്നിട്ട് ആ ഒട്ടകത്തിന്റെ കാഷ്ടം എടുത്തു പരിശോധിച്ചു. അപ്പോള്‍ അതില്‍ ഈത്തപ്പഴത്തിന്റെ കുരുവുണ്ടായിരുന്നു. ഉടനെ അബൂസുഫ്‌യാന്‍ ഇപ്രകാരം പറഞ്ഞു: അല്ലാഹുവാണ് സത്യം, ഇത് മദീനയിലെ ഈത്തപ്പഴം തിന്ന ഒട്ടകത്തിന്റെ കാഷ്ടമാണ്. തീര്‍ച്ചയായും ഇവര്‍ മുഹമ്മദിന്റെ ചാരന്മാര്‍ തന്നെ.അബൂഅബൂസുഫ്‌യാന്‍ തന്റെ ആളുകളുടെ അടുക്കലേക്ക് അതിവേഗത്തില്‍ മടങ്ങിച്ചെന്നു. യാത്രാ സംഘത്തിന്റെ ഗതി മറ്റൊരു ഭാഗത്തേക്ക് അബൂസുഫ്‌യാന്‍ തിരിച്ചു. ബദ്‌റിന്റെ ഇടതു വശത്തു കൂടിയുള്ള പ്രധാന വഴി ഉപേക്ഷിച്ചുകൊണ്ട് കടല്‍ തീരത്തിലൂടെ യാത്രയായി. യാത്രാസംഘത്തിലെ ഒട്ടകങ്ങളെ അതിവേഗത്തില്‍ തെളിക്കുകയും മുസ്‌ലിംകള്‍ക്ക് പിടികൊടുക്കാതെ രക്ഷപ്പെടുകയും ചെയ്തു.

തന്റെ കച്ചവടസംഘം രക്ഷപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയ അബൂസുഫ്‌യാന്‍ കൈ്വസുബ്‌നു ഇംറുല്‍കൈ്വസിനെ ഒരു കത്തുമായി ക്വുറൈശികളുടെ അടുക്കലേക്കയച്ചു. ആ കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു: നിങ്ങളുടെ കച്ചവട സംഘത്തെയും സമ്പത്തിനെയും ആളുകളെയും സംരക്ഷിക്കുവാന്‍ വേണ്ടിയാണ് നിങ്ങള്‍ പുറപ്പെട്ടത്. എന്നാല്‍ അവയെയെല്ലാം അല്ലാഹു രക്ഷപ്പെടുത്തിയിരിക്കുന്നു. അതു കൊണ്ട് നിങ്ങള്‍ മക്കയിലേക്ക് തിരിച്ചുപോയിക്കൊള്ളുക.

പക്ഷേ, ഈ കത്ത് വായിച്ച് അബൂജഹല്‍ പറഞ്ഞു: അല്ലാഹുവാണ് സത്യം, ബദ്‌റില്‍ എത്തുന്നത് വരെ ഞങ്ങള്‍ ഒരിക്കലും മടങ്ങുകയില്ല. അവിടെ ഞങ്ങള്‍ മൂന്നുദിവസം താമസിക്കും. ഒട്ടകങ്ങളെ അറുക്കും. ഭക്ഷണം കഴിക്കും. മദ്യപിക്കും. വാദ്യമേളങ്ങള്‍ ഉണ്ടാക്കും. ഞങ്ങളെക്കുറിച്ചും ഞങ്ങളുടെ പുറപ്പാടിനെക്കുറിച്ചും ഞങ്ങളുടെ സംഘത്തെക്കുറിച്ചും അറബികള്‍ കേള്‍ക്കണം. അങ്ങനെ അറബികള്‍ ഞങ്ങളെ എന്നും ഭയപ്പെടണം. അതുകൊണ്ട് മുന്നോട്ട് ഗമിക്കൂ.

അബൂജഹല്‍ ഇങ്ങനെയൊക്കെ പറഞ്ഞുവെങ്കിലും ഇബ്‌നു ശുറൈഖ് മടങ്ങിപ്പോകാന്‍ തീരുമാനിച്ചു. ബനൂസഹ്‌റ ഗോത്രക്കാരുമായി സഖ്യത്തില്‍ ഏര്‍പെട്ടവരായിരുന്നു അവര്‍. അക്കൂട്ടത്തിലുഉള്ള (ബനൂ സഹ്‌റ) എല്ലാവരും ജുഹ്ഫയില്‍ നിന്ന് മക്കയിലേക്ക് മടങ്ങുകയുണ്ടായി. ഏതാണ്ട് 300 പേരുണ്ടായിരുന്നു അവര്‍. ബനൂഹാശിമും മടങ്ങിപ്പോകുവാന്‍ ഉദ്ദേശിച്ചുവെങ്കിലും അബൂജഹല്‍ അവരെ തടഞ്ഞു വെക്കുകയുണ്ടായി. മുശ്‌രിക്കുകള്‍ ബദ്ര്‍ ലക്ഷ്യം വെച്ച് നീങ്ങി. ബദ്‌റിന്റെ സമീപത്ത് പോയി അവര്‍ ഇറങ്ങി. ബദ്ര്‍ താഴ്‌വരയുടെ താഴെ അറ്റമായിരുന്നു അവര്‍ ഇറങ്ങിയ ഭാഗം. സത്യത്തില്‍ മുശ്‌രിക്കുകളെ അവരുടെ നേതാവ് അബൂജഹല്‍ നാശത്തിലേക്ക് വലിച്ചു കൊണ്ടു വരികയായിരുന്നു. അല്ലാഹു പറഞ്ഞത് എത്ര സത്യം:

സത്യത്തെ സത്യമായി പുലര്‍ത്തേണ്ടതിനും അസത്യത്തെ ഫലശൂന്യമാക്കിത്തീര്‍ക്കേണ്ടതിനുമത്രെ അത്. ദുഷ്ടന്‍മാര്‍ക്ക് അതെത്ര അനിഷ്ടകരമായാലും ശരി” (ക്വുര്‍ആന്‍ 8:8).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 31

നബി ചരിത്രം – 31: ബദ്‌റിലേക്ക്...

ബദ്‌റിലേക്ക്…

ഹിജ്‌റ വര്‍ഷം രണ്ടില്‍ നടന്ന സംഭവങ്ങളാണ് നാം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതും ബദ്ര്‍ യുദ്ധം നടന്നതും ഈ വര്‍ഷത്തിലായിരുന്നു.  

നോമ്പ് നിര്‍ബന്ധമാക്കപ്പെടുന്നു

മുഹര്‍റം മാസത്തിലെ ആശുറാഅ് നോമ്പ് ക്വുറൈശികളും യഹൂദികളും അനുഷ്ഠിക്കാറുണ്ടായിരുന്നു. ആഇശ(റ)യില്‍ നിന്നും നിവേദനം; അവര്‍ പറയുന്നു: ”ജാഹിലിയ്യ കാലഘട്ടത്തില്‍ ക്വുറൈശികള്‍ ആശൂറാഅ് നോമ്പ് അനുഷ്ഠിക്കാറുണ്ടായിരുന്നു. നബിയും അത് അനുഷ്ഠിച്ചിരുന്നു. മദീനയിലെത്തിയതിനു ശേഷവും നബി ﷺ  അത് അനുഷ്ഠിച്ചു. തന്റെ അനുചരന്മാരോട് നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു. റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ ആശുറാഅ് നോമ്പ് ഉപേക്ഷിച്ചു. ഉദ്ദേശിക്കുന്നവര്‍ അനുഷ്ഠിക്കുക അല്ലാത്തവര്‍ക്ക് ഉപേക്ഷിക്കാം (എന്നായിരുന്നു പിന്നീടുള്ള നിയമം)”(ബുഖാരി: 2002, മുസ്‌ലിം: 1125).

നബി ﷺ  മദീനയില്‍ വന്നപ്പോള്‍ അവിടെയുള്ള ആളുകള്‍ നോമ്പനുഷ്ഠിക്കുന്നതായി കണ്ടു. നബിയും നോമ്പെടുക്കുകയും തന്റെ കൂടെയുള്ളവരോട് നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു:”നബി ﷺ  മദീനയില്‍ വന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുന്നത് കണ്ടു. നബി ﷺ  ചോദിച്ചു: ”എന്താണിത്?” അവര്‍ പറഞ്ഞു: ”ഇത് ഒരു നല്ല ദിവസമാണ്. ഈ ദിവസത്തിലാണ് അല്ലാഹു ബനൂഇസ്രാഈല്യരെ അവരുടെ ശത്രുക്കളില്‍ നിന്നും രക്ഷിച്ചത്. അങ്ങനെ മൂസാനബി നോമ്പെടുത്തു.” ഇത് കേട്ടപ്പോള്‍ നബി ﷺ  പറഞ്ഞു: ”മൂസാനബിയുടെ കാര്യത്തില്‍ നിങ്ങളെക്കാള്‍ കൂടുതല്‍ കടപ്പെട്ടവന്‍ ഞാനാണ്.” അങ്ങനെ നബി ﷺ യും നോമ്പെടുക്കുകയും സ്വഹാബികളോട് നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു” (ബുഖാരി: 2004, മുസ്‌ലിം: 1130).

കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ മായ്ക്കപ്പെടുന്നു എന്നുള്ളതാണ് ആശൂറാഅ് നോമ്പിന്റെ മഹത്ത്വമായി നബി ﷺ  പഠിപ്പിച്ചത്. (മുസ്‌ലിം: 1162).

നോമ്പ് എന്ന ആരാധന മുന്‍ സമുദായങ്ങളിലും നിലവിലുണ്ടായിരുന്നു. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്” (അല്‍ബക്വറ: 183).

എന്നാല്‍ സമയത്തിലും രൂപത്തിലും കാലയളവിലും നമ്മുടെ നോമ്പില്‍ നിന്നും വ്യത്യസ്തമായിരുന്നു മുന്‍ സമുദായങ്ങളുടെ നോമ്പ്. ഹിജ്‌റ രണ്ടാം വര്‍ഷം ശഅ്ബാന്‍ മാസത്തിലാണ് നോമ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം ഇറങ്ങുന്നത്. ക്വിബ്‌ല മാറ്റത്തിന്റെ ഒരു മാസത്തിന് ശേഷമായിരുന്നു അത്. നബി ﷺ  മരിക്കുന്നതിന് മുമ്പ് 9 റമദാനുകളിലാണ് നോമ്പ് അനുഷ്ഠിച്ചത്.

മൂന്ന് ഘട്ടങ്ങളിലായിക്കൊണ്ടാണ് നോമ്പ് നിയമമാക്കപ്പെട്ടത്:

(1) നോമ്പ് അനുഷ്ഠിക്കുവാനും അതല്ലെങ്കില്‍ ഒരു സാധുവിന് ഭക്ഷണം കൊടുക്കുവാനുമുള്ള ഇളവ് നല്‍കി. ഇതില്‍ ഏതു വേണമെങ്കിലും സ്വീകരിക്കാമായിരുന്നു: ”(ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന് സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം പ്രായച്ഛിത്തമായി നല്‍കേണ്ടതാണ്” (അല്‍ബക്വറ: 184).

സലമത് ഇബ്‌നുല്‍ അക്‌വഅ്(റ) പറയുന്നു: ”നബി ﷺ യുടെ കാലഘട്ടത്തില്‍ ഞങ്ങളില്‍ ഉദ്ദേശിക്കുന്നവര്‍ നോമ്പെടുക്കുകയും അല്ലാത്തവര്‍ നോമ്പ് ഒഴിവാക്കി പകരം ഒരു സാധുവിന് ഭക്ഷണം പ്രായച്ഛിത്തമായി നല്‍കുകയും ചെയ്തിരുന്നു. ശേഷം ‘റമദാന്‍ മാസത്തില്‍ ആര് സന്നിഹിതരാണോ അവര്‍ നോമ്പ് എടുത്തുകൊള്ളട്ടെ’ എന്ന ആയത്തിറങ്ങിയതോടു കൂടി (ആ നിയമം ഇല്ലാതെയായി)” (മുസ്‌ലിം: 145).

(2) നോമ്പ് നിര്‍ബന്ധമായി. നോമ്പ് തുറന്നുകഴിഞ്ഞാല്‍ ഇശാഅ് നമസ്‌കാരം വരെ ഭക്ഷണവും പാനീയവും ലൈംഗികബന്ധവും അനുവദനീയമായിരുന്നു. എന്നാല്‍ ഇശാഅ് നമസ്‌കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ പിന്നീട് അടുത്ത രാത്രി വരെ ഭക്ഷണവും പാനീയവും ലൈംഗികബന്ധവും നിഷിദ്ധമായിരുന്നു. നോമ്പിന്റെ സുദീര്‍ഘമായ ഈ കാലഘട്ടം അവര്‍ക്ക് വലിയ പ്രയാസമായി തോന്നി.

(3) ഫജ്‌റിന്റെ ഉദയം വരെ രാത്രിയില്‍ ഭക്ഷണവും പാനീയവും ലൈംഗിക ബന്ധവും അനുവദിച്ചു കൊണ്ടുള്ള നിയമം ഇറങ്ങി. അതിലൂടെ മുമ്പ് അവര്‍ക്കുണ്ടായിരുന്ന പ്രയാസം ലഘൂകരിക്കപ്പെടുകയും ചെയ്തു. വിശുദ്ധ ക്വുര്‍ആനിലെ ഈ ആയത്താണ് ആ സന്ദര്‍ഭത്തില്‍ അവതരിച്ചത്:

”നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു. (ഭാര്യാസമ്പര്‍ക്കം നിഷിദ്ധമായി കരുതിക്കൊണ്ട്) നിങ്ങള്‍ ആത്മവഞ്ചനയില്‍ അകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു അറിഞ്ഞിരിക്കുന്നു. എന്നാല്‍ അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും പൊറുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഇനി മേല്‍ നിങ്ങള്‍ അവരുമായി സഹവസിക്കുകയും, (വൈവാഹിക ജീവിതത്തില്‍) അല്ലാഹു നിങ്ങള്‍ക്ക് നിശ്ചയിച്ചത് തേടുകയും ചെയ്തുകൊള്ളുക. നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക; പുലരിയുടെ വെളുത്ത ഇഴകള്‍ കറുത്ത ഇഴകളില്‍ നിന്ന് തെളിഞ്ഞ് കാണുമാറാകുന്നത് വരെ. എന്നിട്ട് രാത്രിയാകും വരെ നിങ്ങള്‍ വ്രതം പൂര്‍ണമായി അനുഷ്ഠിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരു(ഭാര്യമാരു)മായി സഹവസിക്കരുത്. അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുവാനടുക്കരുത്. ജനങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാനായി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്ത മാക്കി കൊടുക്കുന്നു” (അല്‍ബക്വറ: 187).

ഇസ്‌ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാണ് നോമ്പ്. ഒട്ടനവധി ഗുണങ്ങളും വമ്പിച്ച പ്രതിഫലവും ഉള്ള ഒരു ആരാധനയാണ് നോമ്പ്. ഇച്ഛകളെ നിയന്ത്രിക്കുവാനും വിശക്കുന്ന ദരിദ്രന്മാരുടെ പ്രയാസത്തെ മനസ്സിലാക്കുവാനും മനസ്സുകളെ തക്വ്‌വ കൊണ്ട് സംസ്‌കരിക്കുവാനും ശരീരത്തെ തിന്മകളില്‍ നിന്ന് ശുദ്ധീകരിക്കുവാനും നോമ്പ് കാരണമാണ്.

ബദ്ര്‍ യുദ്ധം

മുസ്‌ലിംകള്‍ മുശ്‌രിക്കുകളെ അഭിമുഖീകരിച്ചത് മൂന്ന് ഘട്ടങ്ങളായിക്കൊണ്ടാണ്:

(1) മുശ്‌രിക്കുകള്‍ മുസ്‌ലിംകളോട് യുദ്ധം ചെയ്ത ഘട്ടം: ഹിജ്‌റക്ക് ശേഷം അഞ്ചു വര്‍ഷമാണ് ഈ അവസ്ഥ തുടര്‍ന്നത്. ക്വുറൈശികളും അവരോടൊപ്പം ചേര്‍ന്ന് സഖ്യകക്ഷികളും മദീനയിലേക്ക് സൈന്യങ്ങളുമായി നീങ്ങുകയും മുസ്‌ലിംകളുമായി യുദ്ധത്തിന് ഒരുങ്ങുകയും ചെയ്തിരുന്നു. മുഹമ്മദ് നബി ﷺ യെയും അനുയായികളെയും ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. രണ്ടു കക്ഷികള്‍ക്കും ഇടയില്‍ പലപ്പോഴും യുദ്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ വലിയ യുദ്ധങ്ങളും ചെറിയ യുദ്ധങ്ങളും ഉണ്ടായിരുന്നു. ബദ്ര്‍, ഉഹ്ദ്, അഹ്‌സാബ് തുടങ്ങിയവയായിരുന്നു പ്രധാനപ്പെട്ട യുദ്ധങ്ങള്‍.

(2) സന്ധിയുടെയും പരസ്പര ധാരണയുടെയും ഘട്ടം: മുസ്‌ലിംകള്‍ ആറു വര്‍ഷമാണ് മസ്ജിദുല്‍ ഹറാമിലേക്ക് പോകാതെ മദീനയില്‍ കഴിഞ്ഞുകൂടിയത്. ഹിജ്‌റ ആറാം വര്‍ഷത്തിലാണ് നബിയും അനുയായികളും ഉംറ ഉദ്ദേശിച്ചുകൊണ്ട് മക്കയിലേക്ക് നീങ്ങുന്നത്. പക്ഷേ, വഴിയില്‍ വെച്ച് ക്വുറൈശികള്‍ അവരെ തടഞ്ഞു. അങ്ങനെയാണ് മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഇടയില്‍ ഒരു സന്ധി ഉണ്ടാകുന്നത്. പരസ്പരം യുദ്ധം ചെയ്യാതിരിക്കുവാനായിരുന്നു ആ സന്ധിയില്‍ പ്രധാനമായും തീരുമാനമായി എടുത്തത്. അതിന്റെ കാലയളവ് പത്ത് വര്‍ഷമായിരുന്നു. ഇതാണ് ഹുദൈബിയ സന്ധി എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്.

(3) മുസ്‌ലിംകള്‍ മുശ്‌രിക്കുകളോട് യുദ്ധം ചെയ്ത ഘട്ടം: ഹുദൈബിയ സന്ധിയില്‍ ഉണ്ടാക്കിയ കരാര്‍ ക്വുറൈശികള്‍ ലംഘിച്ചതാണ് ഇതിനു കാരണം. ക്വുറൈശികളോടൊപ്പം അവരുടെ സഖ്യകക്ഷികളായ ബനൂബകറും ഉണ്ടായിരുന്നു. ഹുദൈബിയ സന്ധി ഉണ്ടായതിന്റെ 22 മാസങ്ങള്‍ക്കു ശേഷമായിരുന്നു ഇത്.

ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ മാസം 17 വെള്ളിയാഴ്ചയാണ് ബദ്ര്‍ യുദ്ധം ഉണ്ടായത്. ക്വുറൈശികളുടെ വലിയ ഒരു കച്ചവട സംഘവുമായി അബൂസുഫ്‌യാന്‍ മക്കയില്‍ നിന്നും ശാമിലേക്ക് പോയിരുന്നു. ഒരുപാട് സമ്പത്തും കച്ചവട ചരക്കുകളും അതിലുണ്ടായിരുന്നു. അശീറയില്‍ വെച്ച് നബി ﷺ ക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ടു പോയ അതേ സംഘമായിരുന്നു ഇത്. മക്കയില്‍ നിന്നും ശാമിലേക്ക് അവര്‍ പോകുന്ന സന്ദര്‍ഭത്തിലാണ് അവരെ പിടി കൂടാന്‍ വേണ്ടി നബി ﷺ  പുറപ്പെട്ടത്. എന്നാല്‍ നബി ﷺ  എത്തിച്ചേരുന്നതിന് മുമ്പ് അവര്‍ രക്ഷപ്പെട്ടു. ആയിരം ഒട്ടകവും 50000 ദിനാറോളം വരുന്ന സമ്പത്തും മുപ്പതോ നാല്‍പതോ ആളുകളും അവരില്‍ ഉണ്ടായിരുന്നു. മഖ്‌റമതുബ്‌നു നൗഫല്‍, അംറുബ്‌നുല്‍ ആസ്വ് തുടങ്ങിയ പ്രധാനികള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ക്വുറൈശികളുടെ കച്ചവട ചരക്കുമായി ശാമില്‍ നിന്നും അബൂസുഫ്‌യാന്‍ വരുന്നുണ്ട് എന്ന വിവരം ലഭിച്ചപ്പോള്‍ അവരെ ലക്ഷ്യം വെച്ചുകൊണ്ട് നീങ്ങാന്‍ ഉദ്ദേശിച്ചു. നബി ﷺ  തന്റെ അനുചരന്മാരോട് ഇപ്രകാരം പറഞ്ഞു: ”ക്വുറൈശികളുടെ കച്ചവട സംഘം വരുന്നുണ്ട്. അതില്‍ അവരുടെ സമ്പത്തുണ്ട്. അത്‌കൊണ്ട് അവരിലേക്ക് പുറപ്പെടുക. അല്ലാഹു നിങ്ങള്‍ക്ക് അത് ഉടമപ്പെടുത്തി തന്നേക്കാം.”

യാത്രചെയ്യാന്‍ സ്വന്തമായി വാഹനമുള്ള ആളുകളോട് മാത്രമാണ് അന്ന് പുറപ്പെടാന്‍ നബി ﷺ ആവശ്യപ്പെട്ടത് (മുസ്‌ലിം: 1901). ചില സ്വഹാബിമാര്‍ക്ക് ഇത് ലഘുവായി തോന്നുകയും മറ്റു ചിലര്‍ക്ക് ഭാരമായി തോന്നുകയും ചെയ്തു. നബി ﷺ  ഒരു യുദ്ധത്തിനു വേണ്ടി അല്ല പോകുന്നത് എന്നും മറിച്ച് കച്ചവട സംഘത്തെ പിടികൂടാന്‍ വേണ്ടി മാത്രമാണ് എന്നും അവര്‍ കരുതി. അതുകൊണ്ടായിരിക്കാം ബദ്ര്‍ യുദ്ധത്തില്‍ നിന്ന് പിന്മാറി നിന്നവരെ നബി ﷺ  ആക്ഷേപിക്കാതിരുന്നതും. തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാതെ മാറിനിന്ന സംഭവം വിശദീകരിച്ചു കൊണ്ട് കഅ്ബ്ബ്‌നു മാലിക്(റ) പറയുന്നു: ‘തബൂക്ക് യുദ്ധത്തില്‍ അല്ലാതെ പ്രവാചകരുടെ കൂടെ മറ്റൊരു യുദ്ധത്തിലും ഞാന്‍ പിന്മാറിയിട്ടില്ല. എന്നാല്‍ ബദ്ര്‍ യുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. അതില്‍ പങ്കെടുക്കാത്ത ഒരാളെയും നബി ﷺ  ആക്ഷേപിച്ചിട്ടില്ല. കാരണം ക്വുറൈശികളുടെ കച്ചവടസംഘത്തെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു അന്ന് നബി ﷺ  പുറപ്പെട്ടത്” (ബുഖാരി: 4418, മുസ്‌ലിം: 2769).

റമദാന്‍ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച മദീനയില്‍ നിന്നും നബി ﷺ  പുറപ്പെട്ടു. മദീനയില്‍ നമസ്‌കാരത്തിന് നേതൃത്വം കൊടുക്കാന്‍ ഇബ്‌നു ഉമ്മി മഖ്തൂമിനെയും ഏല്‍പിച്ചു. റൗഹാഅ് പ്രദേശത്തു നിന്നും അബൂലുബാബയെ തിരിച്ചു കൊണ്ടുവന്ന് മദീനയുടെ ഉത്തരവാദിത്തം ഏല്‍പിച്ചു. 310ല്‍ അല്‍പം കൂടുതല്‍ ആളുകളാണ് നബിയുടെ കൂടെ മുഹാജിറുകളും അന്‍സ്വാറുകളുമായി പുറപ്പെട്ടത്. 86 പേര്‍ മുഹാജിറുകളും ബാക്കി അന്‍സ്വാറുകളുമായിരുന്നു. 61 പേര്‍ ഔസ് ഗോത്രത്തില്‍ നിന്നും 170 പേര്‍ ഖസ്‌റജ് ഗോത്രത്തില്‍ നിന്നുമായിരുന്നു. ബദ്‌റില്‍ പങ്കെടുത്ത സ്വഹാബികളുടെ എണ്ണം മുകളില്‍ സൂചിപ്പിച്ചതാണ് എന്ന് അറിയിക്കുന്ന ബുഖാരിയുടെ ഹദീസ് കാണുവാന്‍ സാധിക്കും. ത്വാലൂത്ത് എന്ന രാജാവിന്റെ കൂടെ പുഴ കടന്നുപോയ അനുയായികളുടെ എണ്ണവും ഇതു തന്നെയായിരുന്നു. (ബുഖാരി: 3959).

ഉമര്‍(റ) പറയുന്നു: ”ബദ്‌റിന്റെ ദിവസം നബി ﷺ  മുശ്‌രിക്കുകളിലേക്ക് നോക്കിയപ്പോള്‍ അവര്‍ 1000 പേരുണ്ടായിരുന്നു. നബിയുടെ അനുയായികള്‍ 319 പേരായിരുന്നു” (മുസ്‌ലിം: 1763).

ഔസ് ഗോത്രക്കാരെക്കാള്‍ കൂടുതലായിരുന്നു ഖസ്‌റജ് ഗോത്രക്കാരുടെ എണ്ണം. കാരണം മദീനയില്‍ നിന്നും വളരെ അകലത്തിലായിരുന്നു ഔസ് ഗോത്രക്കാരുടെ വീടുകള്‍ ഉണ്ടായിരുന്നത്. കൃത്യമായ കാരണങ്ങളുടെ പേരില്‍ ബദ്‌റില്‍ പങ്കെടുക്കാതെ പല സ്വഹാബിമാരും മാറിനിന്നിട്ടുണ്ട്. എന്നാല്‍ ബദ്‌റില്‍ നിന്നും ലഭിച്ച സ്വത്തില്‍ നിന്നും അവര്‍ക്ക് നബി ﷺ  വിഹിതം നല്‍കിയിട്ടുണ്ട്. അവരില്‍ പ്രധാനികളെ നമുക്കൊന്ന് പരിചയപ്പെടാം:

(1) ഉസ്മാനുബ്‌നു അഫ്ഫാന്‍(റ): നബി ﷺ യുടെ മകള്‍ റുക്വിയ്യ(റ)യുടെ ഭര്‍ത്താവായിരുന്നു അദ്ദേഹം. ബദ്‌റിലേക്ക് പോകുന്ന സന്ദര്‍ഭത്തില്‍ റുക്വിയ്യ(റ) രോഗിയായിരുന്നു. അക്കാരണത്താലാണ് ഉസ്മാന്‍(റ)വിനോട് ബദ്‌റിലേക്ക് പോകേണ്ടതില്ല എന്ന് നബി ﷺ  പറഞ്ഞത്. ആളുകള്‍ ബദ്‌റില്‍ ആയിരിക്കെയാണ് റുക്വിയ്യ(റ) മരണപ്പെടുന്നത്. ബദ്‌റില്‍ പങ്കെടുത്ത ആളുകളുടെ പ്രതിഫലവും അവര്‍ക്കുള്ള ഓഹരിയും നിങ്ങള്‍ക്കുണ്ട് എന്ന് നബി ﷺ  ഉസ്മാന്‍(റ)വിനോട് പറഞ്ഞിട്ടുണ്ട് (ബുഖാരി: 3130).

(2) ത്വല്‍ഹ ഇബ്‌നു ഉബൈദില്ല(റ):

(3) സഈദ് ഇബ്‌നു സൈദ്(റ): ശാമില്‍ നിന്നും വരുന്ന അബൂസുഫ്‌യാന്റെ കച്ചവട സംഘത്തെ കുറിച്ച് അന്വേഷിച്ച് അറിയുവാന്‍ വേണ്ടി ഇവരെ രണ്ടു പേരെയും നബി ﷺ  പറഞ്ഞയച്ചതായിരുന്നു. എന്നാല്‍ ഇവര്‍ വിവരം അന്വേഷിച്ച് വരുന്നതിനു മുമ്പു തന്നെ നബിക്ക് അബൂസുഫ്‌യാനെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. പിന്നീട് നബിയെ അന്വേഷിച്ചു കൊണ്ട് ഇവര്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍ ബദ്ര്‍ കഴിഞ്ഞ് തിരിച്ചുവരുന്ന നബിയെയാണ് കാണാന്‍ കഴിഞ്ഞത്. തുര്‍ബാന്‍ എന്ന സ്ഥലത്ത് വെച്ച് കൊണ്ടാണ് അവര്‍ നബിയെ കണ്ടുമുട്ടിയത്.

(4) അബൂ ലുബാബതുല്‍ അന്‍സ്വാരി: മദീനയുടെ ഉത്തരവാദിത്തം ഇദ്ദേഹത്തെ ഏല്‍പിച്ചു കൊണ്ടാണ് നബി(റ) ബദ്‌റിലേക്ക് പുറപ്പെട്ടത്.

(5) ആസിം ഇബ്‌നു അദിയ്യില്‍അജലാനീ(റ): ക്വുബാഅ് പ്രദേശത്തുകാരുടെ കാര്യങ്ങള്‍ നോക്കുന്നതിനു വേണ്ടി നബി ﷺ  ഇദ്ദേഹത്തെ അവിടേക്ക് പറഞ്ഞയച്ചതായിരുന്നു.

(6) അബൂ ഉമാമ ഇബ്‌നു സഅ്‌ലബതുല്‍ അന്‍സ്വാരി(റ): ഇദ്ദേഹത്തിന്റെ ഉമ്മ രോഗിയായ കാരണത്താല്‍ ഉമ്മയുടെ കൂടെ നില്‍ക്കാന്‍ നബി ﷺ  ആവശ്യപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഉമ്മ മരണപ്പെടുകയും ബദ്‌റില്‍ നിന്ന് തിരിച്ചുവന്ന ശേഷം നബി ﷺ  അവര്‍ക്ക് വേണ്ടി നമസ്‌കരിക്കുകയും ചെയ്തു.

(7) ഖവാതുബ്‌നു ജുബൈര്‍(റ): നബി ﷺ യുടെ കൂടെ ബദ്‌റിലേക്ക് പോകുന്ന സന്ദര്‍ഭത്തില്‍ സ്വഫ്‌റാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ കാലില്‍ ഒരു കല്ല് തട്ടുകയും വലിയ മുറിവേല്‍ക്കുകയും ചെയ്തു. അതിനാല്‍ അദ്ദേഹം തിരിച്ചുപോകുകയാണുണ്ടായത്. ബദ്‌റില്‍ നിന്ന് കിട്ടിയതില്‍ നിന്നും നബി ﷺ  അദ്ദേഹത്തിനും ഒരു വിഹിതം നല്‍കുകയുണ്ടായി.

(8) ഹുദൈഫതുബ്‌നുല്‍ യമാന്‍(റ): ഇദ്ദേഹവും ഇദ്ദേഹത്തിന്റെ പിതാവും നബിയോടൊപ്പം യുദ്ധം ചെയ്യുകയില്ല എന്ന ഒരു കരാര്‍ ക്വുറൈശികള്‍ പണ്ട് വാങ്ങിയിരുന്നു. അത്‌കൊണ്ടു തന്നെ നബി ﷺ  അവരോട് പറഞ്ഞു: ‘നിങ്ങള്‍ പിരിഞ്ഞുപോയിക്കൊള്ളുക. അവരോടുള്ള കരാര്‍ നമുക്ക് പാലിക്കാം. അല്ലാഹുവിനോട് നമുക്ക് അവര്‍ക്കെതിരെ സഹായം തേടുകയും ചെയ്യാം’ (മുസ്‌ലിം: 1787).

(9) ഹാരിസതുബ്‌നു സ്വമ്മ(റ): ബദ്‌റിലേക്കുള്ള യാത്രാ മധെ്യ അദ്ദേഹം വീണു കാല് പൊട്ടുകയും നബി ﷺ  മദീനയിലേക്ക് തിരിച്ചയക്കുകയും ചെയ്തതായിരുന്നു.

(10) ജാബിര്‍ ഇബ്‌നു അബ്ദില്ല(റ): ജാബിര്‍(റ) പറയുന്നു: ‘നബിയോടൊപ്പം 19 യുദ്ധങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ബദ്‌റിലും ഉഹ്ദിലും ഞാന്‍ പങ്കെടുത്തിട്ടില്ല. എന്റെ പിതാവ് എന്നെ തടഞ്ഞതായിരുന്നു. എന്നാല്‍ ഉഹ്ദ് യുദ്ധത്തില്‍ പിതാവ് അബ്ദുല്ല കൊല്ലപ്പെട്ടതോടു കൂടി മറ്റൊരു യുദ്ധത്തില്‍ നിന്നും ഞാന്‍ നബിയോടൊപ്പം പങ്കെടുക്കാതെ പിന്തിരിഞ്ഞിട്ടില്ല’ (മുസ്‌ലിം: 1813).

ബദ്‌റില്‍ സന്നിഹിതരാകുകയും എന്നാല്‍ ചെറുപ്രായം കാരണത്താല്‍ യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കാതിരിക്കുകയും ചെയ്ത സ്വഹാബികളും ഉണ്ടായിരുന്നു. അനസ് ഇബ്‌നു മാലിക്(റ) അതില്‍ പെട്ട വ്യക്തിയായിരുന്നു. നബി ﷺ ക്ക് സേവനം ചെയ്ത് ജീവിച്ചിരുന്ന വളരെ പ്രായം കുറഞ്ഞ സ്വഹാബി ആയിരുന്നു അദ്ദേഹം. എങ്ങനെയാണ് യുദ്ധം നടക്കുന്നത് എന്ന് കാണാന്‍ വേണ്ടി വന്ന ചെറിയ കുട്ടിയായിരുന്നു ഹാരിസ്ബ്‌നു സുറാക്വ. എന്നാല്‍ ഒരു അമ്പ് വന്നുതറച്ച് ആ സ്വഹാബി മരണപ്പെടുകയുണ്ടായി. ബദ്‌റിലേക്ക് ഇറങ്ങിപ്പുറപ്പെട്ടവരെല്ലാം യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ല എന്ന് ഇതില്‍നിന്നെല്ലാം നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. 306 പേരാണ് ആണ് യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തത് എന്നാണ് ചരിത്രങ്ങളില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.

മുസ്‌ലിംകള്‍ ബദ്‌റിലേക്ക് പുറപ്പെട്ടു. അവരില്‍ അധിക പേരും കാല്‍നടക്കാരായിരുന്നു. രണ്ടു കുതിരകള്‍ മാത്രമാണ് അവരുടെ കൂടെ ഉണ്ടായിരുന്നത്; എഴുപത് ഒട്ടകങ്ങളും. ഓരോരുത്തരും മാറി മാറി കയറിയായിരുന്നു യാത്ര. മൂന്ന് ആളുകള്‍ വീതമാണ് ഒരു ഒട്ടകത്തെ ഉപയോഗിച്ചത്. നബിയും അലിയ്യുബ്‌നു അബീത്വാലിബും അബൂലുബാബയും ഒന്നിച്ച് ഒരു ഒട്ടകത്തെ ആയിരുന്നു ഉപയോഗിച്ചിരുന്നത്. അബൂബക്ര്‍(റ), ഉമര്‍(റ), അബ്ദുറഹ്മാന്‍ ഇബ്‌നു ഔഫ്(റ) തുടങ്ങിയവര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെയും ഉപയോഗിച്ചിരുന്നു. ഇപ്രകാരമാണ് മറ്റുള്ള സ്വഹാബിമാരും യാത്ര ചെയ്തത്. ഒട്ടകങ്ങളുടെ കഴുത്തില്‍ കെട്ടിത്തൂക്കപ്പെട്ടിരുന്ന (ശബ്ദമുള്ള) മണികള്‍ മുറിച്ചുമാറ്റാന്‍ കല്‍പിക്കുകയുണ്ടായി. എണ്ണത്തിലും ഒരുക്കത്തിലുമെല്ലാം വളരെ പിറകിലായിരുന്ന മുസ്‌ലിം സൈന്യത്തെ അല്ലാഹു ശക്തമായ നിലക്ക് സഹായിക്കുക തന്നെ ചെയ്തു. അവരുടെ വിശ്വാസത്തെയും ദാരിദ്ര്യാവസ്ഥയെയും അല്ലാഹു പരിഗണിക്കുകയായിരുന്നു.

”നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം” (ക്വുര്‍ആന്‍ 3:123).

മദീനയിലെ അബൂ ഉത്ബയുടെ കിണറ്റിനു സമീപം തന്റെ സൈന്യത്തെയും കൊണ്ട് നബി ﷺ  തമ്പടിച്ചു. എന്നിട്ട് തന്റെ അനുചരന്മാരെ ഒന്ന് പരിശോധിച്ചു. അതില്‍ പ്രായം കുറവുള്ളതായി തോന്നിയവരെ തിരിച്ചയച്ചു. ഉസാമതുബ്‌നു സൈദ്(റ), ബര്‍റാഅ്ബ്‌നു ആസിബ്(റ), അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), സൈദു ബ്‌നു അര്‍ക്വം(റ), റാഫിഅ്ബ്‌നു ഖുദൈജ്(റ), ഉസൈദ് ഇബ്‌നു ദ്വഹീര്‍(റ), സൈദുബ്‌നു സാബിത്(റ) തുടങ്ങിയവരായിരുന്നു അവര്‍.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 30

നബി ചരിത്രം – 30: ചില സൈനിക നീക്കങ്ങളും ക്വിബ്‌ല മാറ്റവും

ചില സൈനിക നീക്കങ്ങളും ക്വിബ്‌ല മാറ്റവും

ഹിജ്‌റ രണ്ടാം വര്‍ഷം നബി ﷺ ക്ക് പലപ്പോഴും സൈന്യങ്ങളെ നിയോഗിക്കേണ്ടി വന്നിട്ടുണ്ട്. നബി ﷺ  നേരിട്ട് പങ്കെടുത്ത ചില യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. സുപ്രധാനമായ ഇത്തരം ചരിത്ര സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില കാര്യങ്ങളെ സംബന്ധിച്ചാണ് ഇനി നാം ചര്‍ച്ച ചെയ്യുന്നത്.

അബവാഅ് യുദ്ധം

നബി ﷺ  നേരിട്ട് പങ്കെടുത്തിട്ടുള്ള, നടക്കാതെ പോയ ഒരു യുദ്ധമാണിത്. വദ്ദാന്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നു. നബി ﷺ  മദീനയില്‍ എത്തിയ ശേഷം പന്ത്രണ്ടാമത്തെ മാസത്തിന്റെ തുടക്കത്തിലായിരുന്നു ഇത് നടന്നത്. ഹംസ(റ)യാണ് പതാക വഹിച്ചിരുന്നത്. വെള്ള നിറത്തിലുള്ള പതാകയായിരുന്നു അത്. മദീനയുടെ ഉത്തരവാദിത്തം സഅ്ദ്ബ്‌നു ഉബാദ(റ)യെയാണ് നബി ﷺ  ഏല്‍പിച്ചിരുന്നത്. മുഹാജിറുകളില്‍ പെട്ട 70 ആളുകളെയും കൊണ്ടാണ് നബി ﷺ  പുറപ്പെട്ടത്. അന്‍സ്വാറുകളില്‍ പെട്ട ആരും തന്നെ ഉണ്ടായിരുന്നില്ല. ക്വുറൈശികളുടെ ഒരു കച്ചവട സംഘത്തെ പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. ജുഹ്ഫയുടെ വടക്കുഭാഗമായ അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ കച്ചവടസംഘം രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ശേഷം ബനൂളുമറക്കാരുടെ നേതാവായ മഖ്ശിയ്യുബ്‌നു അംറുദ്ദംരിയുമായി നബി ﷺ  ഒരു കരാറുണ്ടാക്കി. നിങ്ങള്‍ ഞങ്ങളോടും ഞങ്ങള്‍ നിങ്ങളോടും യുദ്ധത്തിന് വരികയില്ല, ഞങ്ങള്‍ക്കെതിരെ ആളുകളെ സംഘടിപ്പിക്കരുത്, ഞങ്ങള്‍ക്കെതിരെ ഒരു ശത്രുവിനെയും സഹായിക്കരുത് തുടങ്ങിയവയായിരുന്നു ആ കരാറിലുണ്ടായിരുന്നത്. ഈ കരാര്‍ എഴുതി രേഖപ്പെടുത്തുകയും ചെയ്തു. പതിനഞ്ചു ദിവസത്തെ യാത്രക്കു ശേഷം നബി ﷺ  മദീനയില്‍ മടങ്ങിയെത്തി.

ബുവാത്വ് യുദ്ധം

ഇതും ഒരു എറ്റുമുട്ടലില്ലാതെ കഴിഞ്ഞുപോയ സംഭവമാണ്. ഹിജ്‌റയുടെ പന്ത്രണ്ടാമത്തെ മാസം റബീഉല്‍ അവ്വലില്‍ 200 ആളുകളുമായി നബി ﷺ  പുറപ്പെട്ടു. ക്വുറൈശികളുടെ കച്ചവട സംഘത്തെ ലക്ഷ്യമിട്ടു കൊണ്ട് തന്നെയായിരുന്നു ഈ യാത്രയും. മക്കയില്‍ നബി ﷺ യെ ഏറെ പ്രയാസപ്പെടുത്തിയ ഉമയ്യത്ബ്‌നു ഖലഫ് അല്‍ജുമഹി ഈ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്ക് പുറമെ ക്വുറൈശികളുടെ മറ്റു പ്രമാണിമാരായ 200 ആളുകളും അവരോടൊപ്പം 2500 ഒട്ടകങ്ങളും ഉണ്ടായിരുന്നു. യന്‍ബുഅ് പ്രദേശത്തിന് അടുത്തുള്ള ജുഹൈന മലകളിലെ ഒരു മലയായ ബുവാത്വിലേക്ക് നബി ﷺ  എത്തി. രിദവി മലയുടെ സമീപത്തായിരുന്നു ഇത്. കച്ചവട സംഘത്തെ കണ്ടു മുട്ടുകയോ യുദ്ധം ഉണ്ടാകുകയോ ചെയ്തില്ല. നബി ﷺ  മദീനയിലേക്ക് മടങ്ങി.

സഫ്‌വാന്‍ സംഭവം (ഒന്നാം ബദ്ര്‍)

കര്‍സുബ്‌നു ജാബിറുല്‍ ഫിഹ്‌രി എന്ന വ്യക്തി മേഞ്ഞുനടക്കുന്ന മൃഗങ്ങളെ ആക്രമിക്കുകയും അവയെ തെളിച്ചുകൊണ്ട് പോകുകയും ചെയ്തു. റബീഉല്‍ അവ്വല്‍ മാസത്തിലായിരുന്നു ഇത്. നബി ﷺ  ഇയാളെയും തേടി പുറപ്പെട്ടു. ബദ്‌റിന്റെ സമീപത്തുള്ള സഫ്‌വാന്‍ എന്നു പറയുന്ന താഴ്‌വരയില്‍ നബി എത്തി. പക്ഷേ, നബി ﷺ ക്ക് പിടി കൊടുക്കാതെ കര്‍സ് രക്ഷപ്പെട്ടു. നബി ﷺ  മദീനയിലേക്ക് മടങ്ങി. ഈ കര്‍സ് ഇബ്‌നു ജാബിര്‍ പിന്നീട് മുസ്‌ലിമാവുകയും മക്കാവിജയ വേളയില്‍ അദ്ദേഹം രക്തസാക്ഷിയാവുകയും ചെയ്തിട്ടുണ്ട്.

അശീറ യുദ്ധം

ഹിജ്‌റയുടെ പതിനേഴാം മാസം ജമാദുല്‍ ആഖിറിന്റെ തുടക്കത്തില്‍ മുഹാജിറുകളില്‍ നിന്നുള്ള 200 ആളുകളുമായി നബി ﷺ  പുറപ്പെട്ട യുദ്ധമാണിത്. ഈ യാത്രയിലും വെള്ള നിറത്തിലുള്ള പതാക ഹംസ ഇബ്‌നു അബ്ദുല്‍ മുത്ത്വലിബായിരുന്നു വഹിച്ചിരുന്നത്. 30 ഒട്ടകങ്ങളില്‍ മാറിമാറി യാത്ര ചെയ്തു കൊണ്ടാണ് നബി ﷺ  മുഹാജിറുകള്‍ക്കൊപ്പം പോയത്. ശാമിലേക്ക് പോകുന്ന ക്വുറൈശികളുടെ കച്ചവട സംഘത്തെ പിടികൂടലായിരുന്നു ലക്ഷ്യം. മക്കയില്‍ നിന്ന് അവര്‍ പുറപ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്ത ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ദല്‍അശീറ എന്ന് പറയുന്ന സ്ഥലത്ത് അവര്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ക്വുറൈശികള്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ആ സ്ഥലം വിട്ടു പോയിരുന്നു. ഈ സംഘം ശാമില്‍ നിന്നും കച്ചവടം കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ അവരെ പിടികൂടുന്നതിന് വേണ്ടിയാണ് നബി ﷺ  വീണ്ടും പുറപ്പെട്ടത്. അങ്ങനെയാണ് ബദ്ര്‍ യുദ്ധം ഉണ്ടായതും. ഈ യാത്രയില്‍ നബി ﷺ  ബനൂമുദ്‌ലജ് ഗോത്രക്കാരോട് കരാറില്‍ ഏര്‍പ്പെട്ടു. ശേഷം മദീനയിലേക്ക് മടങ്ങി. യുദ്ധം ഒന്നും ഉണ്ടായില്ല.

നഖ്‌ല സൈന്യം

ഹിജ്‌റ രണ്ടാമത്തെ വര്‍ഷം അബ്ദുല്ലാഹ് ഇബ്‌നു ജഹ്ശി(റ)ന്റെ നേതൃത്വത്തില്‍ നബി ﷺ  നഖ്‌ല എന്ന പ്രദേശത്തേക്ക് മുഹാജിറുകളില്‍ പെട്ട 8 ആളുകളെ അയക്കുകയുണ്ടായി. രണ്ട് ആളുകള്‍ വീതം ഒരു ഒട്ടകത്തില്‍ മാറിമാറി കയറിയായിരുന്നു യാത്ര ചെയ്തത്. അവരുടെ പക്കല്‍ ഒരു കത്ത് എഴുതിക്കൊടുത്തു കൊണ്ട് നബി ﷺ  പറഞ്ഞു: ‘യാത്ര രണ്ടു ദിവസം കഴിയുന്നതുവരെ ഈ കത്ത് തുറന്നു നോക്കരുത്.’ എവിടേക്കാണ് പോകുന്നത് എന്ന് യാത്രാ സംഘത്തില്‍ പെട്ട ആര്‍ക്കും തന്നെ അറിയുമായിരുന്നില്ല. അങ്ങനെ അബ്ദുല്ല(റ)യും അദ്ദേഹത്തിന്റെ കൂടെയുള്ളവരും യാത്ര തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞ ശേഷം അവര്‍ നബി ﷺ  കൊടുത്ത കത്ത് എടുത്തു വായിച്ചു. അതില്‍ ഇപ്രകാരമാണ് ഉണ്ടായിരുന്നത്: ”ഈ കത്ത് നിങ്ങള്‍ വായിച്ചാല്‍ മക്കക്കും ത്വാഇഫിനും ഇടയ്ക്കുള്ള നഖ്‌ലയില്‍ എത്തുന്നതു വരെ നിങ്ങള്‍ യാത്ര ചെയ്യണം. അവിടെ നിങ്ങള്‍ ക്വുറൈശികളെ കാത്തു പതിസ്ഥാനത്ത് ഇരിക്കണം. അവരുടെ കാര്യങ്ങളെക്കുറിച്ച് അറിയുകയും വേണം.”

ഇത് വായിച്ചുകൊണ്ട് അബ്ദുല്ലാഹിബ്‌നു ജഹ്ശ്(റ) പറഞ്ഞു: ”ഞങ്ങള്‍ കേട്ടിരിക്കുന്നു, അനുസരിച്ചിരിക്കുന്നു.’

ശേഷം അദ്ദേഹം ആ കത്തിലുള്ള വിഷയം തന്റെ കൂടെയുള്ള സ്വഹാബികളെ അറിയിച്ചു. ആരും ആരെയും നിര്‍ബന്ധിക്കരുത് എന്നും അദ്ദേഹം പറഞ്ഞു(കത്തില്‍ അപ്രകാരം ഉണ്ടായിരുന്നു). സ്വഹാബികള്‍ എല്ലാവരും ഈ വിഷയത്തോട് യോജിക്കുകയും നബി ﷺ  നിശ്ചയിച്ച സ്ഥാനത്തേക്ക് അവര്‍ ഒന്നിച്ചു നീങ്ങുകയും ചെയ്തു. ബഹ്‌റാന്‍ പ്രദേശത്തിന് മുകളിലുള്ള മഅ്ദിന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ സഅ്ദ് ഇബ്‌നു അബീ വക്വാസും ഉത്ബതുബ്‌നു ഗസ്‌വാനും യാത്ര ചെയ്തിരുന്ന ഒട്ടകത്തെ കാണാതായി. അവര്‍ അതിനെയും തേടി പുറപ്പെട്ടു. അബ്ദുല്ലാഹിബിനു ജഹ്ശും ബാക്കിയുള്ള ആളുകളും മുന്നോട്ട് യാത്രയാവുകയും നഖ്‌ല വരെ അവര്‍ എത്തിച്ചേരുകയും ചെയ്തു. അപ്പോള്‍ അവര്‍ക്ക് മുമ്പിലൂടെ ഉണക്കമുന്തിരിയും റൊട്ടിയും ചുമന്നുകൊണ്ട് ഒരു ക്വുറൈശി സംഘം കടന്നുപോയി. ക്വുറൈശികളില്‍ നിന്നുള്ള ഒരു കച്ചവട സംഘവും അതിലൂടെ നടന്നുപോയി. അംറുബ്‌നുല്‍ ഖദ്‌റമി, ഉസ്മാനുബ്‌നുല്‍ മുഗീറ, നൗഫലുബ്‌നുല്‍ മുഗീറ, ഹകമുബ്‌നു കൈസാന്‍ തുടങ്ങിയവര്‍ ആ കൂട്ടത്തിലോണ്ടായിരുന്നു. ഈ സംഘവുമായി ഏറ്റുമുട്ടുന്ന വിഷയത്തെ സംബന്ധിച്ച് സ്വഹാബികള്‍ പരസ്പരം കൂടിയാലോചന നടത്തി. കാരണം പവിത്ര മാസങ്ങളില്‍ പെട്ട റജബിലെ അവസാന ദിവസത്തിലായിരുന്നു അവര്‍. എന്നാല്‍ ഈ സംഘത്തെ ഇതേ അവസ്ഥയില്‍ വിട്ടാല്‍ അവര്‍ രാത്രിയോട് കൂടി ഹറം പ്രദേശത്ത് പ്രവേശിക്കുകയും ചെയ്യും. അതും അവര്‍ക്ക് ഒരു അഭയ കേന്ദ്രമായി മാറും. അങ്ങനെ അവര്‍ സ്വയം ധൈര്യംകൊള്ളുകയും അവരുമായി ഏറ്റുമുട്ടുവാനും അവരുടെ പക്കലുള്ള സമ്പത്ത് പിടിച്ചെടുക്കുവാനും ഏകോപിച്ചു തീരുമാനിക്കുകയും ചെയ്തു. അതോടെ വാഖിദുബ്‌നു അബ്ദുല്ല(റ) അംറുബ്‌നുല്‍ ഖദ്‌റമിയെ അമ്പെയ്തു കൊലപ്പെടുത്തി. ഉസ്മാന്‍ ഇബ്‌നു മുഗീറ, ഹകമുബ്‌നു കൈസാന്‍ തുടങ്ങിയവരെ ബന്ധികളാക്കി. നൗഫല്‍ രക്ഷപ്പെടുകയും ചെയ്തു. അബ്ദുല്ലാഹിബ്‌നു ജഹ്ശ് തന്റെ അനുചരന്‍മാരോടൊപ്പം കച്ചവട ചരക്കുകളും ബന്ധികളെയും കൂട്ടി മദീനയില്‍ പ്രവാചകന്റെ അടുക്കലേക്ക് മടങ്ങിയെത്തി.

നബി ﷺ  അവരോട് പറഞ്ഞു: ‘പവിത്ര മാസത്തില്‍ അവരോട് യുദ്ധം ചെയ്യാന്‍ കല്‍പിക്കപ്പെട്ടിട്ടില്ലല്ലോ.’

കച്ചവടച്ചരക്കുകളും ബന്ദികളെയും സ്വീകരിക്കാന്‍ നബി ﷺ  വിസമ്മതം കാണിച്ചു. ഇവര്‍ നാശത്തില്‍ അകപ്പെട്ടു എന്ന് ആളുകള്‍ കരുതി. അവര്‍ ചെയ്ത പ്രവര്‍ത്തനത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ അവരെ ആക്ഷേപിക്കുകയും ചെയ്തു. മുഹമ്മദും അനുയായികളും പവിത്ര മാസങ്ങളെ അനുവദനീയമാക്കിയിരിക്കുന്നു എന്നും പവിത്ര മാസത്തില്‍ രക്തം ചിന്തുകയും സമ്പത്ത് കൊള്ളയടിക്കുകയും ആളുകളെ ബന്ദികളാക്കുകയും ചെയ്തിരിക്കുന്നു എന്നും ക്വുറൈശികള്‍ പറയാന്‍ തുടങ്ങി. എല്ലാവരും ഇത് ഏറ്റുപിടിക്കാന്‍ തുടങ്ങിയപ്പോള്‍ അല്ലാഹു ഈ വചനങ്ങള്‍ അവതരിപ്പിച്ചു:

 ”വിലക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും അവനില്‍ അവിശ്വസിക്കുന്നതും മസ്ജിദുല്‍ ഹറാമില്‍ നിന്നു (ജനങ്ങളെ) തടയുന്നതും അതിന്റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയെക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. വിശ്വസിക്കുകയും സ്വദേശം വെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ” (അല്‍ബക്വറ: 217, 218).

ഇതോടെ മുസ്‌ലിംകളെ ബാധിച്ച വിഷമം അല്ലാഹു നീക്കംചെയ്തു. കച്ചവടച്ചരക്കുകളെയും ബന്ദികളെയും നബി ﷺ  സ്വീകരിച്ചു. ശേഷം സഅ്ദും ഉത്ബയും മദീനയിലേക്ക് തിരിച്ചുവന്നു. ബന്ദികളില്‍ ഒരാളായിരുന്ന ഹകമുബ്‌നു കൈസാന്‍ ഇസ്‌ലാം സ്വീകരിച്ചു. രണ്ടാമത്തെ ബന്ദിയായിരുന്ന ഉസ്മാന്‍ ഇബ്‌നു മുഗീറയെ മക്കയിലേക്ക് വിടുകയും അവിടെ വച്ച് അയാള്‍ സത്യനിഷേധിയായി മരിക്കുകയും ചെയ്തു.

നഖ്‌ലയിലേക്കുള്ള നബി ﷺ യുടെ ഈ മുന്നേറ്റത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കണ്ടപ്പോള്‍ ക്വുറൈശികള്‍ക്ക് ഭയം തോന്നി. കാരണം വടക്കുഭാഗത്തുള്ള അവരുടെ കച്ചവട കേന്ദ്രമായ ശാമിലേക്കും തെക്കു ഭാഗത്തുള്ള യമനിലേക്കും കച്ചവടത്തിന് വേണ്ടിയുള്ള യാത്രകള്‍ അവര്‍ക്ക് അപകടത്തിന്റെതായി മാറി. എല്ലാ മേഖലകളിലൂടെയും കച്ചവടത്തിന് വേണ്ടിയുള്ള തങ്ങളുടെ യാത്രകളെ മുസ്‌ലിംകള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്ന് മക്കയിലെ നിഷേധികള്‍ക്ക് ബോധ്യപ്പെട്ടു. തങ്ങള്‍ എപ്പോഴും ഭീഷണിക്ക് വിധേയരാണ് എന്നും അവര്‍ തിരിച്ചറിഞ്ഞു. പക്ഷേ, കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും മുസ്‌ലിംകളുമായി സന്ധിയിലാകുന്നതിനു പകരം തങ്ങളുടെ നിഷേധങ്ങളിലും മുസ്‌ലിംകളെ അവരുടെ നാട്ടില്‍ നിന്ന് ഇല്ലായ്മ ചെയ്യുന്നതിലും അവര്‍ ശഠിച്ചു നിന്നു.

”അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു”(അസ്സ്വഫ്ഫ്: 8).

ഉടമ്പടികള്‍

ചില ഗോത്രങ്ങളുമായി നബി ﷺ  ഉടമ്പടി ഉണ്ടാക്കി എന്ന് മുമ്പ് നാം സൂചിപ്പിച്ചുവല്ലോ. അതിനു പുറമെ വേറെയും ചില ഗോത്രങ്ങളുമായും നബി ﷺ  ഈ കാലയളവില്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ട്. കരാറിലേര്‍പെട്ട ഒരാളോടും നബി ﷺ  വഞ്ചന കാണിച്ചിട്ടില്ല. ഒരു ഭാഗത്തിലൂടെ അവര്‍ക്ക് നിര്‍ഭയത്വം ഉറപ്പുവരുത്തിക്കൊടുത്തപ്പോള്‍ മറ്റൊരു ഭാഗത്തിലൂടെ അവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ക്കെതിരെ വല്ലവരും യുദ്ധത്തിനു വന്നാല്‍ നമുക്ക് ഒന്നിച്ച് പോരാടണം എന്ന കരാറും പല ഗോത്രങ്ങളുമായി നബി ﷺ  ഉണ്ടാക്കിയിട്ടുണ്ട്. പല കരാറുകളും ഗോത്രങ്ങള്‍ക്ക് എഴുതി അയക്കുകയായിരുന്നു. അതില്‍ അവര്‍ക്കുള്ള ഉപദേശ നിര്‍ദേശങ്ങളും അടങ്ങിയിരുന്നു. ഗഫ്ഫാര്‍ ഗോത്രം, നഈമുബ്‌നു മസ്ഊദ് അല്‍അശ്ജഈ, ബുദൈല്‍ ഇബ്‌നു വറഖാഅ്, ബുസ്ര്‍ തുടങ്ങിയവരാണ് നബി ﷺ  കരാര്‍ എഴുതിയ ഗോത്രങ്ങളിലെ പ്രമുഖരായ ആളുകള്‍.

ക്വിബ്‌ല മാറ്റം

മക്കയിലായിരിക്കെ ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നബി ﷺ  നമസ്‌കരിച്ചിരുന്നത്. അപ്പോഴും കഅ്ബ നബിയുടെ മുന്നില്‍ തന്നെയായിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോയപ്പോഴും ബൈതുല്‍ മുക്വദ്ദസ് തന്നെയായിരുന്നു ക്വിബ്‌ല. 16 മാസത്തിലധികം ഈ അവസ്ഥ തുടര്‍ന്നു. തന്റെ പൂര്‍വ പിതാവായ ഇബ്‌റാഹീം നബി(അ)യുടെ ക്വിബ്‌ലയായ കഅ്ബയിലേക്കു മാറിക്കിട്ടാന്‍ ധാരാളമായി നബി ﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഹിജ്‌റ രണ്ടാം വര്‍ഷം റജബിന്റെ പകുതിയില്‍ മസ്ജിദുല്‍ ഹറാമിലേക്ക് ക്വിബ്‌ല മാറ്റുവാനുള്ള അല്ലാഹുവിന്റെ കല്‍പനയുണ്ടായി. ബര്‍റാഅ്ബിന്‍ ആസിബ്(റ) പറയുന്നു: ‘ഞങ്ങള്‍ നബി ﷺ യോടൊപ്പം ബൈതുല്‍ മുക്വദ്ദസിലേക്ക് മുന്നിട്ട് പതിനാറോ പതിനേഴോ മാസം നമസ്‌കരിച്ചു. ശേഷം ഞങ്ങള്‍ കഅ്ബയിലേക്ക് തിരിക്കപ്പെട്ടു’ (ബുഖാരി: 40, മുസ്‌ലിം: 525).

കഅ്ബയിലേക്ക് ക്വിബ്‌ല മാറിക്കിട്ടാന്‍ നബി ﷺ  ഏറെ ഇഷ്ടപ്പെട്ടിരുന്നു. മക്കയിലായിരിക്കെ ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിയുമ്പോള്‍ തന്നെയും ഇടയില്‍ കഅ്ബ ഉണ്ടായിരുന്നു. അത്‌കൊണ്ടു തന്നെ രണ്ടു ക്വിബ്‌ലയും അന്ന് ലഭിച്ചിരുന്നു.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘നബി ﷺ  മക്കയിലായിരിക്കെ ബൈത്തുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നമസ്‌കരിച്ചിരുന്നത്. കഅ്ബ നബിയുടെ മുമ്പിലായിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോയതിനു ശേഷം16 മാസം അതേ അവസ്ഥ തുടരുകയും പിന്നീട് കഅ്ബയിലേക്ക് തിരിക്കപ്പെടുകയും ചെയ്തു” (അഹ്മദ്: 2991).

മദീനയില്‍ എത്തിയതിനു ശേഷം രണ്ട് ക്വിബ്‌ലയെയും ഒന്നിപ്പിച്ച് നമസ്‌കരിക്കാന്‍ സാധിച്ചില്ല. അതു കൊണ്ടു തന്നെ നബി ﷺ  നിരന്തരമായി പ്രാര്‍ഥിക്കുകയും ക്വിബ്‌ല മാറ്റത്തില്‍ പ്രതീക്ഷിച്ച് ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് അല്ലാഹു ഈ ആയത്ത് അവതരിപ്പിക്കുന്നത്:

”(നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ക്വിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്…”(അല്‍ബക്വറ: 144).

കഅ്ബയിലേക്ക് ക്വിബ്‌ല മാറ്റുവാനുള്ള കല്‍പന ലഭിച്ചതിനുശേഷം ആദ്യമായിക്കൊണ്ട് നബി ﷺ നമസ്‌കരിച്ചത് അസ്വ്ര്‍ ആയിരുന്നു. ക്വുബാഇലുള്ള ആളുകള്‍ക്ക് ക്വിബ്‌ല മാറ്റത്തെ കുറിച്ച് അറിവ് ലഭിക്കുന്നത് അടുത്ത ദിവസം സ്വുബ്ഹിക്കാണ്. ശാമിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചുകൊണ്ടിരിക്കെ ക്വിബ്‌ല മാറ്റത്തെ കുറിച്ച് അറിവ് ലഭിച്ചപ്പോള്‍ അവരും കഅ്ബയിലേക്ക് തിരിയുകയുണ്ടായി.(ബുഖാരി: 403, മുസ്‌ലിം: 526).

ക്വിബ്‌ല മാറ്റം സംഭവിച്ചതിനു ശേഷം സത്യനിഷേധികളും കപട വിശ്വാസികളും ജൂതന്മാരും ‘നിങ്ങള്‍ നിലവിലുണ്ടായിരുന്ന ക്വിബ്‌ലയില്‍ നിന്നും എന്തു കൊണ്ടാണ് മാറിയത്’ എന്ന് ചോദിക്കും എന്ന് അല്ലാഹു പ്രവാചകനെ അറിയിച്ചു. അവര്‍ അപ്രകാരം പറയുകയും ചെയ്തു. അല്ലാഹു പറയുന്നു:

”ഇവര്‍ ഇതുവരെ (പ്രാര്‍ഥനാവേളയില്‍) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന് മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും. (നബിയേ,) പറയുക: അല്ലാഹുവിന്റെത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു” (അല്‍ബക്വറ: 142).

എന്നാല്‍ മുസ്‌ലിംകള്‍ പരസ്പരം ഇപ്രകാരം പറയുകയുണ്ടായി: ‘നമ്മള്‍ ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു നിര്‍വഹിച്ച നമസ്‌കാരത്തിന്റെ അവസ്ഥയെന്താണ്? ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ട് നമസ്‌കരിച്ച് നമ്മില്‍ നിന്നും മരണപ്പെട്ടുപോയ ആളുകളുടെ അവസ്ഥ എന്താണ്?’

അപ്പോള്‍ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു: ”അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ക്വിബ്‌ലയായി നിശ്ചയിച്ചത്. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്‍ക്കും അത് (ക്വിബ്‌ല മാറ്റം) ഒരു വലിയ പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു” (അല്‍ബക്വറ: 143).

ആദ്യം ബൈതുല്‍ മുക്വദ്ദസിനെ ക്വിബ്‌ലയായി നിശ്ചയിച്ചതിലും ശേഷം അത് കഅ്ബയിലേക്ക് മാറ്റിയതിലും വലിയ യുക്തി അടങ്ങിയിട്ടുണ്ട്. മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കും കപട വിശ്വാസികള്‍ക്കും അതൊരു പരീക്ഷണമായിരുന്നു. നല്ലതില്‍ നിന്ന് ചീത്തയെ വേര്‍തിരിക്കുവാനും മുഹമ്മദ് നബി ﷺ യെ ആര് പിന്‍പറ്റുന്നു എന്ന് അറിയുവാനും തന്റെ അടിമകളില്‍ അല്ലാഹു നടത്തിയ പരീക്ഷണമായിരുന്നു അത്. എന്നാല്‍ ക്വിബ്‌ല മാറ്റം സംഭവിച്ചതോടു കൂടി പല തരത്തിലുള്ള സംസാരങ്ങളാണ് പ്രകടമാകാന്‍ തുടങ്ങിയത്. മുസ്‌ലിംകളായിട്ടുള്ളവര്‍ പറഞ്ഞു: ‘ഞങ്ങളിതാ കേട്ടിരിക്കുന്നു. ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു.’ അവരാണ് അല്ലാഹുവില്‍ നിന്നുമുള്ള നേര്‍മാര്‍ഗം ലഭിച്ചവര്‍. എന്നാല്‍ മുശ്‌രിക്കുകള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘മുഹമ്മദ് നമ്മുടെ ക്വിബ്‌ലയിലേക്ക് മടങ്ങിയത് പോലെ നമ്മുടെ പഴയ മതത്തിലേക്കും അവന്‍ മടങ്ങും എന്നാണ് തോന്നുന്നത്. നമ്മുടെ ക്വിബ്‌ലയാണ് സത്യം എന്നത് കൊണ്ട് തന്നെയാണ് മുഹമ്മദ് അതിലേക്ക് മടങ്ങിയത്.’ ജൂതന്‍മാര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘മുഹമ്മദ് തനിക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്‍മാരുടെ ക്വിബ്‌ലയില്‍ നിന്നും മാറിയിരിക്കുന്നു. മുഹമ്മദ് യഥാര്‍ഥ നബി ആയിരുന്നുവെങ്കില്‍ മുന്‍കഴിഞ്ഞ നബിമാരുടെ ക്വിബ്‌ലയിലേക്ക് തിരിഞ്ഞുകൊണ്ടായിരുന്നു നമസ്‌കരിക്കേണ്ടിയിരുന്നത്.’ കപട വിശ്വാസികള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘എവിടേക്ക് തിരിഞ്ഞു കൊണ്ടാണ് നമസ്‌കരിക്കേണ്ടത് എന്നു തന്നെ മുഹമ്മദിന് അറിയുകയില്ല. ആദ്യം തിരിഞ്ഞിരുന്ന ഭാഗമാണ് ശരിയെങ്കില്‍ ആ ശരി ഇപ്പോള്‍ മുഹമ്മദ് ഉപേക്ഷിച്ചു. ഇനി അതല്ല ഇപ്പോള്‍ അവന്‍ തിരിഞ്ഞ ക്വിബ്‌ലയാണ് ശരിയെങ്കില്‍ ആദ്യം മുഹമ്മദ് അസത്യത്തില്‍ ആയിരുന്നു.’ ഇങ്ങനെ വിവരമില്ലാത്ത പല ആളുകളും പലതും പറഞ്ഞുകൊണ്ടിരുന്നു.

മുസ്‌ലിം ലോകത്തിന് ഏറ്റവും യോജിച്ച നിലക്കുള്ള ക്വിബ്‌ല തന്നെയാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. അവര്‍ തന്നെയാണ് ആ ക്വിബ്‌ലക്ക് അര്‍ഹരായിട്ടുള്ളതും. ഏറ്റവും ഉത്തമ സമുദായത്തിന് ഏറ്റവും നല്ല ക്വിബ്‌ല തന്നെ നല്‍കണമല്ലോ.

”മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു…”(ആലു ഇംറാന്‍: 110).

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 29

നബി ചരിത്രം – 29: പ്രതിരോധത്തിന്റെ വഴിയില്‍

പ്രതിരോധത്തിന്റെ വഴിയില്‍

ഏറ്റവും അനുയോജ്യമായ സന്ദര്‍ഭത്തിലാണ് അല്ലാഹു ജിഹാദിനുള്ള അനുമതി നല്‍കുന്നത്. മുസ്‌ലിംകളോട് ക്വുറൈശികള്‍ കാണിച്ചിരുന്ന അന്യായങ്ങളും അക്രമങ്ങളും ഇല്ലായ്മ ചെയ്യല്‍ കൂടിയായിരുന്നു ജിഹാദിലൂടെ ലക്ഷ്യമിട്ടിരുന്നത്. ജിഹാദിനുള്ള അനുമതി നല്‍കി എന്നു മാത്രം; അവര്‍ക്കത് നിര്‍ബന്ധമായിരുന്നില്ല.

മൂന്നാം ഘട്ടം: മുസ്‌ലിംകളോട് യുദ്ധം ചെയ്യുവാന്‍ വരുന്ന ആളുകളോട് മാത്രം യുദ്ധം ചെയ്യുവാന്‍ കല്‍പിച്ചു കൊണ്ട് അല്ലാഹു മതവിധി ഇറക്കി.

”നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ” (അല്‍ബക്വറ: 190).

എന്നാല്‍ നിഷേധികളുടെയും മുശ്‌രിക്കുകളുടെയും ജൂതന്മാരുടെയും കപടന്മാരുടെയും അക്രമങ്ങളും പീഡനങ്ങളും ശക്തി പ്രാപിക്കുകയും മുസ്‌ലിംകളോട് അവര്‍ യുദ്ധം ചെയ്യുവാന്‍ ഒരുങ്ങുകയും ചെയ്തപ്പോള്‍ അതിക്രമികളായ ആളുകളുടെ ശത്രുതയെ തടയാനുള്ള കല്‍പനയും അല്ലാഹു നല്‍കി.

നാലാം ഘട്ടം: മുശ്‌രിക്കുകളോട് പൊതുവായി യുദ്ധം ചെയ്യുവാനുള്ള കല്‍പനയായിരുന്നു നാലാമത്തെ ഘട്ടം.

”…ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക”(അത്തൗബ: 36).

ഇതോടു കൂടി അവരെ സംബന്ധിച്ചിടത്തോളം മുശ്‌രിക്കുകളോടുള്ള യുദ്ധം നിര്‍ബന്ധമായി. അതായത്, ആദ്യം യുദ്ധം നിഷിദ്ധമായിരുന്നു. പിന്നീട് അനുവദനീയമായി. ശേഷം ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരോട് അങ്ങോട്ട് യുദ്ധം ചെയ്യുവാനുള്ള കല്‍പനയുണ്ടായി. അവസാനം യുദ്ധം ചെയ്യല്‍ നിര്‍ബന്ധം ആകുന്ന കല്‍പനയും ലഭിച്ചു:

”അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്” (അത്തൗബ: 5).

മതം മുഴുവന്‍ അല്ലാഹുവിന് മാത്രമാവുക, ഫിത്‌നകള്‍ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന്റെ ലക്ഷ്യം. അതല്ലാതെ മനുഷ്യകുലത്തെ ഉന്മൂലനം ചെയ്യലോ ഭൂമിയില്‍ ഔന്നത്യം നടിക്കലോ സമ്പത്ത് കൊള്ളയടിക്കലോ ദുര്‍ബലരെ ആക്രമിക്കലോ ആയിരുന്നില്ല:

”മര്‍ദനം ഇല്ലാതാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല” (അല്‍ബക്വറ: 193).

ഇസ്‌ലാമില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതില്‍ പ്രവേശിക്കുവാനുള്ള സ്വാതന്ത്ര്യം തരപ്പെടുത്തിക്കൊടുക്കലായിരുന്നു ജിഹാദിന്റെ മറ്റൊരു ഉന്നതമായ ലക്ഷ്യം. അതില്‍ നിന്നും തടയുന്ന ആരും തന്നെ ഉണ്ടാകുവാന്‍ പാടില്ല. മാത്രവുമല്ല ഇസ്‌ലാമിലേക്ക് ഒരു വ്യക്തി പ്രവേശിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും തടയാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്കെതിരെയുള്ള സുരക്ഷിതത്വവും നിര്‍ബന്ധിച്ചുകൊണ്ട് താന്‍ വെറുക്കുന്ന മതത്തിലേക്ക് തന്നെ കൊണ്ടുപോകുന്നതിനെതിരെയുള്ള മാര്‍ഗം കാണലും ജിഹാദിന്റെ ലക്ഷ്യമായിരുന്നു. വിശ്വാസ സ്വാതന്ത്ര്യം മനുഷ്യര്‍ക്ക് വകവെച്ചു കൊടുക്കലും ജിഹാദിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതായിരുന്നു:

”പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്‌നി ഒരുക്കി വെച്ചിട്ടുണ്ട്…”(അല്‍കഹ്ഫ്: 29).

ലോകത്തിന്റെ നാനാ ഭാഗത്തും അല്ലാഹുവിന്റെ ദീന്‍ എത്തിക്കുവാനുള്ള സൗകര്യമൊരുക്കലും ജിഹാദിന്റെ ഉന്നതമായ ലക്ഷ്യങ്ങളില്‍ പെട്ടതാകുന്നു. മനുഷ്യന്റെ ഇഹപര വിജയത്തിനു വേണ്ടിയാണ് അല്ലാഹുവിന്റെ സന്ദേശം അവരിലേക്ക് എത്തിച്ചുകൊടുക്കുന്നത്:

”ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം)”(ഇബ്‌റാഹീം: 52).

വിശ്വാസ സ്വാതന്ത്ര്യത്തിന്റെ കവാടങ്ങള്‍ തുറന്നു കൊടുക്കുന്നതിന് വേണ്ടിയായിരുന്നു ജിഹാദ്. അതല്ലാതെ നിര്‍ബന്ധിച്ചുകൊണ്ട് ജനങ്ങളെ ഇസ്‌ലാമിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി ആയിരുന്നില്ല:

”മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു…” (അല്‍ബക്വറ: 256).

ഇസ്‌ലാം കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മതമാണ്. ജിഹാദിന്റെ വ്യത്യസ്തങ്ങളായ ഘട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്നെ ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടല്ല എന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ജിഹാദ് നിര്‍ബന്ധമാകുന്നതിനു മുമ്പ് 14 കൊല്ലത്തോളം യുക്തിദീക്ഷയോടു കൂടിയും സദുപദേശത്തോടെയും അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നബി ﷺ  തന്റെ ജീവിതം നയിച്ചത്. ആ കാലഘട്ടത്തില്‍ തന്നെയാണ് ഏറ്റവും ഉത്തമരും പ്രഗത്ഭരുമായിട്ടുള്ള സ്വഹാബികള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നത്.

നബി ﷺ  നിയോഗിച്ച സൈന്യങ്ങള്‍

ജിഹാദിന്റെ നിയമം ഇറങ്ങുകയും നിഷേധികളോടുള്ള യുദ്ധത്തിന്റെ കല്‍പന ഉണ്ടാകുകയും ചെയ്തതിനു ശേഷം ക്വുറൈശികളുടെ ശക്തി തകര്‍ക്കുക, അവരുടെ ധിക്കാരം അവസാനിപ്പിക്കുക എന്ന നയമാണ് നബി ﷺ  ആദ്യമായി സ്വീകരിച്ചത്. എങ്കിലേ മക്കയില്‍ നിന്നും ശാമിലേക്കുള്ള കച്ചവട യാത്ര മുസ്‌ലിംകള്‍ക്ക് സൗകര്യപ്രദമാകും വിധം ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. രണ്ട് സുപ്രധാനമായ പദ്ധതികളാണ് നബി ﷺ  ഇതിനുവേണ്ടി സ്വീകരിച്ചത്.

(1) ഒന്നിനു പിറകെ മറ്റൊന്നായിക്കൊണ്ട് ചെറിയ ചെറിയ സൈന്യങ്ങളെ അയക്കുക. ക്വുറൈശികളുടെ കച്ചവട സംഘങ്ങളെ പിടികൂടാന്‍ വേണ്ടിയായിരുന്നു അത്. കാരണം അവരാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ഇന്ന് ഇവരെ തടഞ്ഞിരുന്നത്. അവരാണ് സത്യവിശ്വാസികളെ അവരുടെ വീടുകളില്‍ നിന്നും പുറത്താക്കിയതും ദീനിന്റെ പേരില്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയതും.

(2) സത്യനിഷേധത്തിന്റെയും വഴികേടിന്റെയും നേതാക്കന്മാര്‍ ഉള്‍ക്കൊള്ളുന്ന ക്വുറൈശികളുടെ ശക്തി ഇല്ലാതാക്കലായിരുന്നു രണ്ടാമത്തെ മാര്‍ഗം. ഒരു പ്രതിരോധ കരാര്‍ അവരുമായി ഉണ്ടാക്കുക എന്നതാണ് ഇതിനു വേണ്ടി സ്വീകരിച്ച വഴി. മദീനയെ ചുറ്റിക്കിടക്കുന്ന ഗോത്രങ്ങളോട് ചേര്‍ന്നുകൊണ്ട് അതിക്രമം കാണിക്കാന്‍ വരരുത് എന്നതായിരുന്നു കരാര്‍. 19 യുദ്ധങ്ങളാണ് നബി ﷺ  തന്റെ അനുചരന്‍മാരോടൊപ്പം നയിച്ചത്. അതില്‍ 9 യുദ്ധങ്ങളിലാണ് നബി ﷺ  പങ്കെടുത്തത്. ബദ്ര്‍, ഉഹ്ദ്, അഹ്‌സാബ്, ക്വുറൈള, മുസ്വ്ത്വലഖ്, ഖൈബര്‍, ഫത്ഹു മക്ക, ഹുനൈന്‍, ത്വാഇഫ് എന്നിവയാണ് ആ യുദ്ധങ്ങള്‍.

 അബ്ദുല്ലാഹിബ്‌നു യസീദ്(റ) പറയുന്നു: ”നബി ﷺ  ജനങ്ങളെയും കൊണ്ട് മഴക്കു വേണ്ടിയുള്ള നമസ്‌കാരത്തിന് ഇറങ്ങി. അവരെയും കൊണ്ട് രണ്ട് റക്അത്ത് നമസ്‌കരിച്ചു. ശേഷം മഴക്ക് വേണ്ടി പ്രാര്‍ഥിച്ചു.” അബ്ദുല്ല(റ) പറയുന്നു: ”ഞാന്‍ ആ ദിവസം സൈദുബ്‌നു അര്‍ക്വമിനെ കണ്ടു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ‘നബി ﷺ  എത്ര യുദ്ധങ്ങള്‍ നയിച്ചിട്ടുണ്ട്?’ അദ്ദേഹം പറഞ്ഞു: ‘പത്തൊന്‍പത്.’ ഞാന്‍ ചോദിച്ചു: ‘നബിയോടൊപ്പം എത്ര യുദ്ധങ്ങളില്‍ നിങ്ങള്‍ പങ്കെടുത്തിട്ടുണ്ട്?’ അദ്ദേഹം പറഞ്ഞു: ‘പതിനെട്ട്.’ ഞാന്‍ വീണ്ടും ചോദിച്ചു: ‘നബി ﷺ  ആദ്യമായി നയിച്ച യുദ്ധം ഏതായിരുന്നു?’ അദ്ദേഹം പറഞ്ഞു: ‘ദാതുല്‍ ഉസൈര്‍’ അല്ലെങ്കില്‍ ‘ദാതുല്‍ ഉശൈര്‍’ (ബുഖാരി: 4949, മുസ്‌ലിം: 1254).

നബി ﷺ  നയിച്ച യുദ്ധങ്ങളില്‍ ഉഹ്ദില്‍ മാത്രമാണ് അദ്ദേഹത്തിനു മുറിവേറ്റത്. ബദ്‌റില്‍ നബിയോടൊപ്പം മലക്കുകള്‍ പങ്കെടുത്തിട്ടുണ്ട്. ഖന്തക്ക് ദിവസം മലക്കുകള്‍ ഇറങ്ങി വന്നിട്ടുണ്ട്. മുശ്‌രിക്കുകളെ പ്രകമ്പനം കൊള്ളിക്കുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബദ്‌റിലും ഉഹ്ദിലും നബി ﷺ  ചരല്‍ക്കല്ലുകള്‍ എറിയുകയും മുശ്‌രിക്കുകളുടെ മുഖത്ത് അത് പതിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി അവര്‍ പരാജയപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ത്വാഇഫില്‍ വെച്ചുണ്ടായ യുദ്ധത്തില്‍ മാത്രമാണ് അവര്‍ പീരങ്കി ഉപയോഗിച്ചത്. അഹ്‌സാബ് യുദ്ധത്തില്‍ മാത്രമാണ് കിടങ്ങു കുഴിച്ചുകൊണ്ട് സുരക്ഷാവലയം തീര്‍ത്തത്.

ഹിജ്‌റ ഒന്നാം വര്‍ഷം പല ചെറു സൈന്യങ്ങളെയും നബി ﷺ  നിയോഗിച്ചിട്ടുണ്ട്:

സീഫുല്‍ ബഹ്ര്‍

ഹിജ്‌റ ഒന്നാം വര്‍ഷം റമദാനിലാണ് ഈ സൈന്യത്തെ നിയോഗിക്കുന്നത്. ഹംസത് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബായിരുന്നു സൈനികമേധാവി. 30 മുഹാജിറുകളാണ് കൂടെയുണ്ടായിരുന്നത്. വെള്ള നിറത്തിലുള്ള ഒരു പതാക നബി ﷺ  കെട്ടിക്കൊടുത്തു. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ഒന്നാമതായി കെട്ടപ്പെട്ട പതാകയായിരുന്നു അത്. ശാമില്‍ നിന്നും മക്കയിലേക്ക് വരുന്ന ക്വുറൈശി കച്ചവട സംഘത്തെ തടയലായിരുന്നു ഇതിന്റെ ലക്ഷ്യം. അക്കൂട്ടത്തില്‍ അബൂജഹ്ല്‍ ഇബ്‌നു ഹിശാമും ഉണ്ടായിരുന്നു. മക്കക്കാരായ മുന്നൂറോളം ആളുകളാണ് അവരുടെ കൂടെ ഉണ്ടായിരുന്നത്. ഹീസ്വ് എന്ന പ്രദേശത്തിലൂടെ അവര്‍ സീഫുല്‍ ബഹ്‌റില്‍ എത്തിച്ചേര്‍ന്നു. രണ്ടു കൂട്ടരും തമ്മില്‍ കണ്ടുമുട്ടുകയും യുദ്ധത്തിനു വേണ്ടി ഒരുങ്ങി നില്‍ക്കുകയും ചെയ്തു. പക്ഷേ, രണ്ടുപേര്‍ക്കുമിടയില്‍ മറയായിക്കൊണ്ട് മുജ്ദിയ്യുബ്‌നു അംറുല്‍ ജുഹനി കടന്നുവന്നു. രണ്ട് വിഭാഗത്തോടും സഖ്യത്തില്‍ ഏര്‍പ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. അക്കാരണത്താല്‍ തന്നെ യുദ്ധം ഉണ്ടായില്ല. രണ്ടു വിഭാഗവും അവരവരുടെ നാടുകളിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ ഹംസ(റ)വിന്റെ നേതൃത്വത്തിലുള്ള ഈ ഒരു വരവ് ക്വുറൈശികളുടെ മനസ്സില്‍ ഭീതിയുളവാക്കുക തന്നെ ചെയ്തു.

ഉബൈദതുബ്‌നുല്‍ ഹാരിസിന്റെ സൈന്യം

നബി ﷺ  തന്റെ പിതൃവ്യ പുത്രന്‍ ഉബൈദത് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബിനെ ഒരു സൈന്യവുമായി റാബിഗിലേക്ക് അയച്ചു. ഹിജ്‌റയുടെ എട്ടാം മാസം ശവ്വാലിലായിരുന്നു ഇത്. അദ്ദേഹത്തിനും ഒരു വെള്ളക്കൊടിയാണ് നബി ﷺ  കെട്ടിക്കൊടുത്തത്. 60 മുഹാജിറുകള്‍ കൂടെയുണ്ടായിരുന്നു. ജുഹ്ഫയിലുള്ള ഒരു തടാകത്തിന്റെ അടുത്ത് വെച്ച് മക്കക്കാരായ ഇരുന്നൂറോളം വരുന്ന ആളുകളോടൊപ്പമായിരുന്ന അബൂസുഫ്‌യാന്‍ ഇബ്‌നു ഹര്‍ബിനെ ഉബൈദ(റ) കണ്ടുമുട്ടി. രണ്ടു വിഭാഗവും പരസ്പരം അമ്പെയ്തു. യുദ്ധത്തിനു സ്വഫ്ഫ് കെട്ടുകയോ വാള്‍ ഊരുകയോ ചെയ്തിരുന്നില്ല. പരസ്പര വാക്ക് തര്‍ക്കങ്ങളും ചെറിയ ഏറ്റുമുട്ടലും മാത്രമാണുണ്ടായത്. സഅ്ദുബ്‌നു അബീ വക്വാസ്(റ) അന്ന് അമ്പ് എയ്യുകയുണ്ടായി. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ആദ്യമായി അമ്പെയ്തത് അദ്ദേഹമായിരുന്നു. ശേഷം രണ്ട് ടീമുകളും പിരിഞ്ഞുപോയി പോയി. മുശ്‌രിക്കുകളുടെ കൂട്ടത്തില്‍ നിന്ന് മിക്വ്ദാദുബ്‌നു അംറും ഉത്ബത്ബ്‌നു ഗസ്വാനും മുസ്ലിംകളിലേക്ക് ഓടിച്ചെന്നു. കാരണം അവര്‍ രണ്ടു പേരും മുസ്ലിംകളായിരുന്നു. മുസ്ലിംകളിലേക്ക് എത്തിച്ചേരുവാന്‍ വേണ്ടിയാണ് അവര്‍ ഇറങ്ങിപ്പുറപ്പെട്ടിരുന്നത്.

സഅ്ദുബ്‌നു അബീവക്വാസിന്റെ സൈന്യം

ശേഷം നബി ﷺ  സഅ്ദുബ്‌നു അബീവക്വാസ്(റ)വിനെ ഖര്‍റാര്‍ എന്ന സ്ഥലത്തേക്ക് നിയോഗിച്ചു. ഹിജ്‌റയുടെയുടെ ഒമ്പതാം മാസം ദുല്‍ക്വഅ്ദയിലായിരുന്നു ഇത്. അദ്ദേഹത്തിനും ഒരു വെള്ളക്കൊടി കെട്ടിക്കൊടുത്തു. മിക്വ്ദാദുബ്‌നു അംറ്(റ) ആണ് പതാക വഹിച്ചത്. മുഹാജിറുകളില്‍ നിന്ന് 20 ആളുകള്‍ കൂടെയുണ്ടായിരുന്നു. ക്വുറൈശികളുടെ കച്ചവട സംഘത്തെ പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ ഖര്‍റാര്‍ എന്ന സ്ഥലത്ത് പ്രഭാത സന്ദര്‍ഭത്തില്‍ അവര്‍ എത്തി. ജുഹ്ഫയുടെ സമീപ പ്രദേശമായിരുന്നു ഇത്. പക്ഷേ, അവര്‍ അവിടെ എത്തിയപ്പോഴേക്കും തലേ ദിവസം തന്നെ കച്ചവടസംഘം പോയിക്കഴിഞ്ഞിരുന്നു. അതോടെ അവര്‍ മദീനയിലേക്ക് മടങ്ങി.

ഹിജ്‌റ ഒന്നാം വര്‍ഷത്തില്‍ മരണപ്പെട്ട പ്രധാനികള്‍

ഹിജ്‌റക്കു ശേഷം അന്‍സ്വാറുകളില്‍ നിന്ന് ആദ്യമായി മരിക്കുന്നത് കുല്‍സൂം ഇബ്‌നു ഹദം ആണ്. അങ്ങേയറ്റം പ്രായം ചെന്ന വ്യക്തിയായിരുന്നു അദ്ദേഹം. മാത്രമല്ല തന്റെ ഗോത്രത്തിലെ വലിയ ആളുമായിരുന്നു. നബി ﷺ  മദീനയിലേക്ക് വരുന്നതിന് മുമ്പു തന്നെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചിരുന്നു. നബി ആദ്യമായി ആയി ക്വുബായില്‍ എത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടിലാണ് താമസിച്ചത്. ഇദ്ദേഹത്തിനു ശേഷം മരണപ്പെടുന്നത് അസ്അദ്ബ്‌നു സുറാറ അല്‍ അന്‍സ്വാരി(റ) എന്ന സ്വഹാബിയാണ്. ഹിജ്‌റ ആറാം മാസത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ചങ്കില്‍ ഉണ്ടായ ഒരു വേദനയാണ് അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചത്. കുറെ മുമ്പ് ഇസ്‌ലാം സ്വീകരിച്ച സ്വഹാബിയാണ് ഇദ്ദേഹം. ഒന്നാം അക്വബ ഉടമ്പടിയിലും രണ്ടാം അക്വബ ഉടമ്പടിയിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. തന്റെ ഗോത്രത്തിന്റെ സംരക്ഷണച്ചുമതല ഇദ്ദേഹത്തിനായിരുന്നു. സംരക്ഷണച്ചുമതല ഏല്‍പിക്കപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഇദ്ദേഹം. പില്‍കാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്ന ആളുകളുടെ എണ്ണത്തെ അപേക്ഷിച്ച് ഒന്നാം വര്‍ഷം കടന്നുവന്ന ആളുകളുടെ എണ്ണം കുറവായിരുന്നു എന്നതാണ് ഈ വര്‍ഷത്തില്‍ മരിച്ച ആളുകളുടെ എണ്ണം കുറയുവാനുള്ള കാരണം.

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 26​

നബി ചരിത്രം – 26: മദീനയിലേക്കുള്ള പലായനത്തിന്റെ ഗുണഫലങ്ങള്‍

മദീനയിലേക്കുള്ള പലായനത്തിന്റെ ഗുണഫലങ്ങള്‍

നബി ﷺ യുടെയും അനുചരന്മാരുടെയും മദീനയിലേക്കുള്ള പലായനം (ഹിജ്‌റ) വലിയ വിജയം തന്നെയായിരുന്നു. ബഹുദൈവവിശ്വാസത്തിന്റെ കൊടിമരങ്ങള്‍ അതിലൂടെ തകര്‍ന്നടിഞ്ഞു. വലിയ വലിയ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമായി. ഇസ്‌ലാമിക ചരിത്രത്തിനു തന്നെ തുടക്കം കുറിക്കാനുള്ള ഒരു മൂലബിന്ദുവായിരുന്നു നബി ﷺ യുടെ ഹിജ്‌റ. ഹിജ്‌റയുടെ ഗുണഫലങ്ങളിലെ അല്‍പം ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം.

1) കാലങ്ങളായി ക്വുറൈശികള്‍ കാത്തുസൂക്ഷിച്ച അവരുടെ ശക്തിയുടെയും പദവികളുടെയും മാനദണ്ഡങ്ങള്‍ ഹിജ്‌റക്ക് ശേഷം തകര്‍ന്നടിഞ്ഞു. ക്വുറൈശികളുടെ സ്ഥാനങ്ങളും അധികാരങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി നശിച്ചുകൊണ്ടിരുന്നു.

2) ക്വുറൈശികള്‍ക്കിടയില്‍ ഭിന്നതകള്‍ ഉണ്ടായി. അവര്‍ പരസ്പരം യുദ്ധം ചെയ്തു. അവരുടെ ഐക്യം ഛിദ്രതയിലേക്കെത്തി. അവരില്‍ പല ആളുകളും മദീനയിലേക്ക് രഹസ്യമായി ഓടിപ്പോവുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

3) ഇസ്‌ലാമിക പ്രബോധനത്തിന് മുമ്പില്‍ ക്വുറൈശികള്‍ ഒരു തടസ്സമായിരുന്നു. എന്നാല്‍ ഹിജ്‌റയോടു കൂടി മുസ്ലിംകളുടെ മനസ്സുകളില്‍ നിന്നും ആ ഭയം ഇല്ലാതെയായി. മുസ്ലിംകളുടെ മാത്രമല്ല എല്ലാ അറബികളുടെയും മനസ്സുകളില്‍നിന്ന് ക്വുറൈശികള്‍ക്കുള്ള സ്ഥാനം നഷ്ടപ്പെട്ടു. അറബികള്‍ മുഹമ്മദ് നബി ﷺ യിലേക്ക് അനുകമ്പയുടെ നോട്ടം തുടങ്ങുകയും അവരെല്ലാവരും കൂട്ടം കൂട്ടമായി ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തു. വ്യത്യസ്ത അറബി ഗോത്രങ്ങള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് നബിയുടെ അടുക്കലേക്ക് വരികയും അനുസരണ പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

4) ഹിജ്‌റയോടു കൂടി മദീനയുടെ സ്ഥാനം ഉയര്‍ന്നു. എല്ലാ ദൃഷ്ടികളും മദീനയിലേക്കായി. ഇസ്‌ലാമിന്റെ കേന്ദ്രവും തലസ്ഥാനവുമായി മാറി മദീന. മദീനയുടെ മടിത്തട്ടിലാണ് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട ഒന്നാമത്തെ സംഘം ജനനം കൊണ്ടത്. ഈ മദീനയില്‍ നിന്നാണ് ഇസ്‌ലാമിക പ്രബോധനം പാറിപ്പറക്കാന്‍ തുടങ്ങിയത്. അങ്ങനെ മദീനയുടെ പതാകയുടെ കീഴില്‍ എല്ലാ അറേബ്യന്‍ രാജ്യങ്ങളും കീഴടങ്ങി.

5) മദീനയിലേക്കുള്ള ഹിജ്‌റയോടു കൂടി ഒരു ഇസ്ലാമിക സമൂഹം നിലവില്‍ വന്നു. ഗോത്രത്തിന്റെ പേരിലോ വര്‍ഗീയതയുടെയോ കുടുംബ മഹിമയുടെയോ പേരിലോ ഉള്ള അഹങ്കാരമായിരുന്നില്ല അവരെ ഒരുമിച്ച് കൂട്ടിയത്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ടുള്ള സ്‌നേഹ ബന്ധങ്ങളുടെയും പേരില്‍ ഉണ്ടായ ഒന്നാമത്തെ കൂട്ടത്തെയായിരുന്നു മദീനയില്‍ കാണുവാന്‍ സാധിച്ചത്. ഇസ്‌ലാമെന്ന കാരുണ്യത്തിന്റെ മതം കൊണ്ട് അല്ലാഹു ചെയ്തുകൊടുത്ത വലിയ അനുഗ്രഹമായിരുന്നു ഇത്:

”അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിച്ചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. തീര്‍ച്ചയായും അവന്‍ പ്രതാപിയും യുക്തിമാനുമാകുന്നു” (അല്‍അന്‍ഫാല്‍: 63).

6) ഹിജ്‌റക്കു ശേഷം അറബികളുടെ ജീവിതം തന്നെ മാറി മറിഞ്ഞു. നിസ്സാര വിഷയങ്ങളുടെ പേരില്‍ പരസ്പരം യുദ്ധം ചെയ്യുകയും രക്തം ചൊരിയുകയും ചെയ്യുന്നവരായിരുന്നു അറബികള്‍. ഉന്നതങ്ങളായ മൂല്യങ്ങളെ വലിച്ചെറിഞ്ഞവരായിരുന്നു അവര്‍. പക്ഷേ, ലോകത്ത് മാതൃകയില്ലാത്ത വിധം ഉയരങ്ങളിലേക്ക് എത്തിച്ചേരാന്‍ ഇവര്‍ക്ക് പിന്നീട് സാധിച്ചു. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരായി മാറി അവര്‍. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങള്‍ അവരില്‍ ശക്തിപ്പെട്ടു. വെറുപ്പിന്റെയും വിദ്വേഷത്തിന്റേയും പ്രേരക ഘടകങ്ങള്‍ അവരില്‍ നിന്ന് എന്നെന്നേക്കുമായി ഇല്ലാതായി. പ്രതികാരത്തിന്റെ ചൂടുപിടിച്ച മനസ്സുകള്‍ തണുത്തലിഞ്ഞു. അതോടെ ധാര്‍മികതക്ക് വില കല്‍പിക്കപ്പെട്ടു. മതവിജ്ഞാനങ്ങള്‍ പ്രചരിച്ചു. പണ്ഡിത കേസരികള്‍ രൂപം കൊണ്ടു. അജ്ഞതയും അറിവില്ലായ്മയും എങ്ങോ പോയി മറഞ്ഞു.

”അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു” (അല്‍ജുമുഅ: 2).

7) ഹിജ്‌റക്കു ശേഷം മദീന ‘കല്ലുകളുടെ മദീന’ക്ക് പകരം തെളിമയുടെ മദീനയായി മാറി. മൂല്യങ്ങള്‍ക്കും മഹത്ത്വങ്ങള്‍ക്കും അവിടെ സ്ഥാനമുണ്ടായി. അവിടെ നിന്നും പ്രബോധകന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇറങ്ങിപ്പുറപ്പെട്ടു. ചരിത്രത്തിന്റെ മുഖം തന്നെ അവര്‍ മാറ്റിയെഴുതി. ലോകരില്‍ വിശ്വാസത്തിന്റെയും സത്യത്തിന്റെയും നീതിയുടെയും നന്മയുടെയും മുദ്ര കൊണ്ടുള്ള അടയാളങ്ങള്‍ അവരുണ്ടാക്കി.

”മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു…”(ആലു ഇംറാന്‍: 110)

8) മദീനയിലേക്കുള്ള ഹിജ്‌റ ഇസ്‌ലാമിന് ചലിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും പ്രബോധനത്തിന്റെ കവാടങ്ങള്‍ തുറന്നു കൊടുക്കുകയും ചെയ്തു. മദീനയില്‍ താമസം ഉറപ്പിച്ചതോടെ അറേബ്യന്‍ പ്രദേശങ്ങളിലെ രാജാക്കന്മാര്‍ക്കെല്ലാം നബി ﷺ  കത്ത് അയച്ചു തുടങ്ങി. സമീപ പ്രദേശങ്ങളിലെ ഭരണാധികാരികള്‍, ഗോത്രത്തലവന്മാര്‍, രാജാക്കന്മാര്‍ തുടങ്ങിയവരിലേക്ക് അംബാസഡര്‍മാരെ നിയോഗിച്ചു. അല്ലാഹുവിന്റെ മതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും അല്ലാഹുവിന്റെ കല്‍പന നടപ്പിലാക്കുകയും ചെയ്തു.

”ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം)” (ഇബ്‌റാഹീം: 52).

9) അറേബ്യയില്‍ നിന്ന് വിഗ്രഹാരാധന തുടച്ചുനീക്കപ്പെട്ടു. എല്ലാ സ്ഥലങ്ങളിലും പുതിയ ഒരു ചരിത്രം തന്നെ രൂപം കൊണ്ടു. വിഗ്രഹാരാധനയില്‍ നിന്നും ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലേക്ക് മനുഷ്യര്‍ പരിവര്‍ത്തിക്കപ്പെട്ടു. മനുഷ്യന് ആദരവ് ലഭിച്ചു.

”സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു…”(അല്‍ഇസ്‌റാഅ്: 81).

10) സത്യത്തിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ഇസ്‌ലാമിക ഭരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു ഹിജ്‌റ. ലോകത്തിലെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നു വരുവാനുള്ള അടിസ്ഥാന കാരണവും ഹിജ്‌റയോടനുബന്ധിച്ച് ഉണ്ടായ തുറന്ന പ്രബോധനം തന്നെയായിരുന്നു. കിഴക്ക് ഇന്ത്യ മുതല്‍ പടിഞ്ഞാറ് അറ്റ്‌ലാന്റിക് മഹാ സമുദ്രം വരെയും തെക്ക് ആഫ്രിക്ക മുതല്‍ വടക്ക് റഷ്യ വരെയും ഇസ്‌ലാം കടന്നുചെന്നു.

11) ഹിജ്‌റയോടെ ലോകത്ത് സമാധാനവും നിര്‍ഭയത്വവും നിലവില്‍വന്നു. അഹങ്കാരികളുടെ ഭരണത്തില്‍ നിന്നും മനുഷ്യര്‍ സുരക്ഷിതരായി. ആക്രമണങ്ങളുടെയും അരാജകത്വങ്ങളുടെയും നേതൃത്വങ്ങള്‍ക്ക് വിരാമമായി.

അല്ലാഹുവിന്റെ നടപടിക്രമത്തിന്റെ ഭാഗമാണിത്. ഹൃദയങ്ങളെ വിശ്വാസം കൊണ്ട് തുറക്കാതെ; ഒരു ഭൂമിയും ആയുധം കൊണ്ട് വിജയിച്ചിട്ടില്ല. രാജ്യത്തിന് അകത്തുള്ള ശത്രുക്കള്‍ ഇറങ്ങിപ്പോകുന്നതുവരെ പുറത്തുനിന്നുള്ള ശത്രുക്കള്‍ ആ രാജ്യത്തുനിന്നും ഇറങ്ങിപ്പോവുകയില്ല.

”ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം)’ (ഇബ്‌റാഹീം: 52).

ഇതിനെല്ലാം പുറമേ നബി ﷺ യുടെയും സ്വഹാബികളുടെയും മദീനയിലേക്കുള്ള ഹിജ്‌റ അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള വലിയ കാരുണ്യവും അനുഗ്രഹവും ആയിരുന്നു. കാരണം ഇസ്‌ലാമിന്റെ വ്യാപനവും അതിന്റെ പ്രചാരവും ദുര്‍ബലരും അടിച്ചമര്‍ത്തപ്പെടുന്നവരുമായി കഴിയുന്ന ഏവര്‍ക്കും അനിവാര്യമായ കാര്യമായിരുന്നു. അത്‌കൊണ്ടു തന്നെ ഇസ്‌ലാമിന്റെ പൂര്‍ത്തീകരണം എല്ലാ ആളുകള്‍ക്കും ഒരു അനുഗ്രഹമായി മാറുകയും ചെയ്തു.

 ”ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു” (അല്‍മാഇദ: 3).

ഇത്രയും വലിയ ഗുണങ്ങള്‍ ഹിജ്‌റയിലൂടെ ഉണ്ടായ കാരണത്താല്‍ നബി ﷺ യുടെ ഹിജ്‌റ ഇസ്ലാമിക ചരിത്രത്തിന്റെ തുടക്കമാക്കാന്‍ സ്വഹാബികള്‍ ഉദ്ദേശിച്ചു. നബി ﷺ യുടെ ജനനമോ പ്രവാചകത്വമോ മരണമോ ആയിരുന്നില്ല അവര്‍ ഇസ്‌ലാമിക ചരിത്രം കണക്കാക്കുവാന്‍ ഉപയോഗിച്ചിരുന്നത്. കൂടിയാലോചനയിലൂടെ ഉമര്‍(റ) ഇതിന് തുടക്കം കുറിക്കുകയും ചെയ്തു.

ആഇശ(റ) പറയുന്നു: ”നബി ﷺ  മദീനയില്‍ എത്തിയപ്പോള്‍ അബൂബകറിനും ബിലാലിനും അസുഖം ബാധിച്ചു. പനി പിടിപെടുമ്പോള്‍ അബൂബകര്‍ ഇപ്രകാരം പാടാറുണ്ടായിരുന്നു: ‘ഓരോ മനുഷ്യനും  തന്റെ കുടുംബത്തില്‍ നേരം പുലരുന്നു. മരണമാകട്ടെ അവന്റെ ചെരുപ്പിന്റെ വാറിനെക്കാള്‍ അടുത്ത് കിടക്കുന്നതാണ്.”

മക്കാ രാജ്യത്തെ സ്മരിച്ചുകൊണ്ട് ബിലാല്‍(റ) പാട്ട് പാടിയിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല മക്കയിലുള്ള പല ആളുകള്‍ക്കുമെതിരെ അവര്‍ പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു: ‘അല്ലാഹുവേ, ശൈബയെയും ഉത്ബയെയും ഉമയ്യത്തുബ്‌നു ഖലഫിനെയും ഞങ്ങളുടെ നാട്ടില്‍ നിന്നും പ്രവാസത്തിന്റെ ഈ നാട്ടിലേക്ക് അവര്‍ ഞങ്ങളെ പുറത്താക്കിയത് പോലെ, നീ അവരെ ശപിക്കേണമേ.’ നബി ﷺ  ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: ‘അല്ലാഹുവേ, മക്കയോട് ഞങ്ങള്‍ക്കുണ്ടായിരുന്ന സ്‌നേഹം പോലെ അല്ലെങ്കില്‍ അതിനെക്കാള്‍ സ്‌നേഹം മദീനയോട് ഞങ്ങള്‍ക്കുണ്ടാക്കിത്തരേണമേ. അല്ലാഹുവേ, ഞങ്ങളുടെ മുദ്ദിലും സ്വാഇലും ഞങ്ങള്‍ക്ക് നീ അനുഗ്രഹം ചൊരിയേണമേ. ഞങ്ങള്‍ക്ക് നീ മദീനയെ ആരോഗ്യപൂര്‍ണമാക്കി തരേണമേ. ഇവിടത്തെ പനിയെ ജുഹ്ഫയിലേക്ക് നീക്കം ചെയ്യേണമേ…’ (ബുഖാരി: 1889).

മദീനയുടെ അന്തരീക്ഷം മുഹാജിറുകള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അവരുടെ ശരീര പ്രകൃതിക്ക് അത് എതിരായി തോന്നി. അവര്‍ പ്രയാസപ്പെട്ടു. പലപ്പോഴും അവര്‍ക്ക് ഇരുന്നുകൊണ്ടല്ലാതെ നമസ്‌കരിക്കാന്‍ പോലും സാധിച്ചിരുന്നില്ല. മദീനക്ക് വേണ്ടിയുള്ള നബി ﷺ യുടെ പ്രാര്‍ഥനയിലൂടെയാണ് അവിടത്തെ അന്തരീക്ഷം മാറിക്കിട്ടിയതും സ്വഹാബത്തിന് അനുകൂലമാകുന്ന രൂപത്തില്‍ കാലാവസ്ഥയില്‍ മാറ്റം ഉണ്ടായതും. നബി ﷺ  ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നതായി ഹദീസുകളില്‍ കാണാം: ‘അല്ലാഹുവേ, മക്കയില്‍ നല്‍കിയ ബറകത്തിന്റെ ഇരട്ടി ബറക്കകത്ത് മദീനയില്‍ നീ നല്‍കേണമേ’ (ബുഖാരി: 1885, മുസ്‌ലിം: 1369).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക

നബി ചരിത്രം – 25​

നബി ചരിത്രം – 25: മദീനക്കാരുമായുള്ള കരാര്‍

മദീനക്കാരുമായുള്ള കരാര്‍

മദീന ജാഹിലിയ്യ കാലഘട്ടത്തില്‍ യഥ്‌രിബ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. നബി ﷺ യുടെ ഹിജ്‌റക്കു ശേഷമാണ് അല്‍മദീന, ത്വയ്ബ, ത്വാബ എന്നീ പേരുകള്‍ ആ രാജ്യത്തിന് ലഭിച്ചത്. മദീന എന്ന പേര് ക്വുര്‍ആനില്‍ തന്നെ വ്യത്യസ്ത സ്ഥലങ്ങളില്‍ വന്നിട്ടുണ്ട്:

”മദീനക്കാര്‍ക്കും അവരുടെ ചുറ്റുമുള്ള അഅ്‌റാബികള്‍ക്കും അല്ലാഹുവിന്റെ ദൂതനെ വിട്ട് പിന്‍മാറി നില്‍ക്കാനോ, അദ്ദേഹത്തിന്റെ കാര്യം അവഗണിച്ചുകൊണ്ട് അവരവരുടെ (സ്വന്തം) കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാനോ പാടുള്ളതല്ല…”(അത്തൗബ: 120).

 ജാബിര്‍ ഇബ്‌നു സമുറ(റ) പറയുന്നു; നബി ﷺ  പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ”അല്ലാഹു മദീനക്ക് ത്വാബ എന്ന പേര് നല്‍കിയിരിക്കുന്നു” (മുസ്‌ലിം: 1385).

ഹിജ്‌റക്കു ശേഷം മദീന ഈമാനിന്റെ ഭവനവും ഇസ്‌ലാമിന്റെ കോട്ടയുമായി മാറി. അബൂഹുറയ്‌റ(റ) പറയുന്നു; നബി ﷺ  പറഞ്ഞിരിക്കുന്നു: ”ഒരു പാമ്പ് അതിന്റെ മാളത്തിലേക്ക് മടങ്ങുന്നത് പോലെ ഈമാന്‍ മദീനയിലേക്ക് മടങ്ങുന്നതാണ്”(ബുഖാരി: 1876, മുസ്‌ലിം: 147).

നബി ﷺ  മദീനയില്‍ എത്തിയതോടെ അവിടെ മുസ്‌ലിംകളും ജൂതന്മാരും മുശ്‌രിക്കുകളും ഉള്ള ഒരു സാഹചര്യമായി. അത്‌കൊണ്ടു തന്നെ മദീനക്കാര്‍ക്കിടയില്‍ ഒരു ബന്ധം വ്യവസ്ഥപ്പെടുത്താന്‍ തീരുമാനിച്ചു. അതിലൂടെ അവരുടെ അവകാശങ്ങളും ബാധ്യതകളും വ്യക്തമാക്കി കൊടുക്കലായിരുന്നു ഉദ്ദേശ്യം. മുഹമ്മദ് നബി ﷺ  ഈ വിഷയത്തില്‍ ഒരു കരാര്‍ തന്നെ തയ്യാറാക്കി. മുസ്‌ലിംകളും മുസ്‌ലിംകളും തമ്മിലുള്ള ബന്ധവും മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മിലുള്ള ബന്ധവും വ്യവസ്ഥപ്പെടുത്തി പറയുന്ന രേഖയായിരുന്നു അത്. മുസ്‌ലിംകള്‍ക്കുള്ള നിയമം ഇപ്രകാരമായിരുന്നു: ”തീര്‍ച്ചയായും മുസ്‌ലിംകള്‍ ഒറ്റ സമുദായമാണ്. അവര്‍ക്കിടയില്‍ നീതി കാണിക്കേണ്ടതുണ്ട്. അവര്‍ക്കെതിരെ ആരെങ്കിലും പുറമെനിന്ന് അതിക്രമം കാണിച്ചാല്‍ ഒറ്റക്കൈ പോലെയായിരിക്കും അവര്‍. അവര്‍ പരസ്പരം മിത്രങ്ങളാണ്…”

യഹൂദികളുമായി ബന്ധപ്പെട്ട കരാറിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇപ്രകാരമായിരുന്നു: ”യുദ്ധങ്ങള്‍ നടക്കുന്നിടത്തോളം സമയം വിശ്വാസികളും ജൂതന്മാരും ഒന്നിച്ച് പണം ചെലവഴിക്കണം. ജൂതന്മാര്‍ വിശ്വാസികളോടൊപ്പം ഉള്ള ഒരു സമുദായം തന്നെയാണ്. എന്നാല്‍ ജൂതന്മാര്‍ക്ക് അവരുടെ മതവും മുസ്‌ലിംകള്‍ക്ക് അവരുടെ മതവുമാണുള്ളത്. വല്ലവനും അക്രമവും കുറ്റകൃത്യവും ചെയ്യാന്‍ പുറപ്പെട്ടാല്‍ അവന്‍ സ്വന്തത്തിനും സ്വന്തം കുടുംബത്തിനും നാശം വരുത്തുകയാണ്. മുസ്‌ലിംകള്‍ അവരുടെ ചെലവും ജൂതന്മാര്‍ അവരുടെ ചെലവും നടത്തേണ്ടതുണ്ട്. മുഹമ്മദ് നബി ﷺ യുടെ അനുവാദം കൂടാതെ ഒരു ജൂതനും മദീനവിട്ടു പുറത്തു പോകുവാന്‍ പാടില്ല. മദീനക്കാരോട് പുറമെ നിന്ന് വല്ലവനും യുദ്ധം ചെയ്താല്‍ വിശ്വാസികളും ജൂതന്മാരും പരസ്പരം സഹായിക്കേണ്ടതുണ്ട്. പരസ്പരം ഗുണകാംക്ഷ ഉള്ളവരായിരിക്കണം. നന്മ ചെയണം. തെറ്റ് ചെയ്യുന്നവന്‍ ആകരുത്…”

മുശ്‌രിക്കുകളുമായി ബന്ധപ്പെട്ടു കൊണ്ടുള്ള കരാര്‍ ഇപ്രകാരമായിരുന്നു: ”ക്വുറൈശികള്‍ക്കോ ക്വുറൈശികളെ സഹായിക്കുന്നവര്‍ക്കോ അഭയം നല്‍കരുത്. ഒരു ക്വുറൈശിയുടെയും ശരീരമോ സമ്പത്തോ മദീനയിലെ ഒരു മുശ്‌രിക്കും സംരക്ഷിക്കുവാന്‍ പാടില്ല. എന്നാല്‍ ക്വുറൈശികള്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും അവര്‍ സന്ധിക്ക് ആവശ്യപ്പെടുകയാണെങ്കില്‍ ഇസ്‌ലാമിനോട് യുദ്ധം ചെയ്തവര്‍ക്കൊഴികെ സന്ധിക്കുള്ള അവകാശമുണ്ട്. ക്വുറൈശികള്‍ക്ക് ഒരുവിധത്തിലുമുള്ള സഹായങ്ങളും ചെയ്തു കൊടുക്കരുത്…”

ഈ ഉടമ്പടികള്‍ക്കും കരാറുകള്‍ക്കും പുറമെ മദീനാവാസികള്‍ക്ക് മൊത്തത്തിലുള്ള ചില കരാറുകളും ഉടമ്പടികളും നബി ﷺ  ഉണ്ടാക്കിയിരുന്നു: ”ഈ നിയമങ്ങളെ അംഗീകരിക്കുന്ന ആളുകള്‍ക്ക് മദീന പവിത്രമാണ്. അയല്‍വാസികള്‍ സ്വന്തം ശരീരം പോലെയാണ്. അവരെ ദ്രോഹിക്കുവാനോ കുറ്റങ്ങള്‍ ചെയ്യുവാനോ പാടില്ല. ഒരാളുടെയും പവിത്രതക്ക് കളങ്കം വരുത്തുന്ന ഒന്നും ചെയ്യാന്‍ പാടില്ല. മദീനക്കാര്‍ക്ക് ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളിലും തര്‍ക്കങ്ങളിലും അതിന്റെ അന്തിമ തീരുമാനം പറയേണ്ടത് അല്ലാഹുവും അവന്റെ പ്രവാചകനുമാണ്. മദീനയെ വല്ലവരും അക്രമിക്കുന്നുവെങ്കില്‍ മദീനക്കാര്‍ പരസ്പരം സഹായിക്കേണ്ടതാണ്. മദീനയില്‍ നിന്ന് പുറത്തു പോകുന്നവനും മദീനയില്‍ ഇരിക്കുന്നവനും നിര്‍ഭയനായിരിക്കും. അക്രമം ചെയ്തവനും കുറ്റകൃത്യങ്ങള്‍ ചെയ്തവനും ഒഴികെ. തക്വ്‌വ (സൂക്ഷ്മത) കാണിക്കുകയും പുണ്യം ചെയ്യുകയും ചെയ്തവര്‍ക്കുള്ള അഭയം നല്‍കുന്നത് അല്ലാഹുവാണ്. അവന്റെ പ്രവാചകനാണ്.”

യുക്തിഭദ്രവും നീതിപൂര്‍വകവും കാരുണ്യം നിറഞ്ഞതുമായ ചില അടിസ്ഥാനങ്ങളിലൂടെ ഒരു പുതിയ സൊസൈറ്റിക്ക് ജീവന്‍ നല്‍കുകയായിരുന്നു നബി ﷺ . ചരിത്രം അതുവരെ കേട്ടിട്ടില്ലാത്ത നിര്‍ഭയത്വവും സന്തോഷകരമായ ജീവിതത്തിന്റെ വ്യവസ്ഥകളും ആയിരുന്നു അത്.

”തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം” (അത്തൗബ: 128).

ജൂതന്മാരും അല്ലാത്തവരുമായി ഉണ്ടാക്കിയ ഈ കരാര്‍ വളരെ കൃത്യമായി നബി ﷺ  പാലിച്ചു. എന്നാല്‍ നബി ﷺ ക്കും ജൂതന്മാര്‍ക്കും ഇടയിലുള്ള കരാര്‍ ജൂതന്മാര്‍ ലംഘിക്കുകയുണ്ടായി. മാത്രവുമല്ല, പ്രവാചകനോട് അവര്‍ യുദ്ധം ചെയ്യുകയും ചെയ്തു. മദീനയില്‍ ജൂതന്മാരുടെ മൂന്ന് ഗോത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബനൂകൈ്വനുക്വാഅ്, ബനൂനളീര്‍, ബനൂക്വുറൈള തുടങ്ങിയവരായിരുന്നു അവര്‍. ജൂതന്മാര്‍ ചെയ്ത കരാര്‍ ലംഘനത്തിന്റെ ഫലമായി ബനൂകൈ്വനുക്വാഇനോട് നബി ﷺ  ചില പ്രത്യേകമായ കാരുണ്യത്താല്‍ ഔദാര്യം കാണിച്ചു. ബനൂ നളീറിനെ ഖൈബറിലേക്ക് നാടുകടത്തി. ബനൂക്വുറയ്‌ളക്കാര്‍ കൊല്ലപ്പെടുകയും അവരുടെ സന്താനങ്ങള്‍ ബന്ദികളായി പിടിക്കപ്പെടുകയും ചെയ്തു. സൂറതുല്‍ ഹശ്ര്‍ ബനൂനളീറിന്റെ വിഷയത്തിലും സൂറതുല്‍ അഹ്‌സാബ് ബനൂക്വുറൈളയുടെ വിഷയത്തിലുമാണ് അവതരിച്ചത്.

”ജനങ്ങളില്‍ സത്യവിശ്വാസികളോട് ഏറ്റവും കടുത്ത ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണ് എന്ന് തീര്‍ച്ചയായും നിനക്ക് കാണാം. ഞങ്ങള്‍ ക്രിസ്ത്യാനികളാകുന്നു. എന്ന് പറഞ്ഞവരാണ് ജനങ്ങളില്‍ വെച്ച് സത്യവിശ്വാസികളോട് ഏറ്റവും അടുത്ത സൗഹൃദമുള്ളവര്‍ എന്നും നിനക്ക് കാണാം. അവരില്‍ മതപണ്ഡിതന്‍മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ല എന്നതുമാണതിന് കാരണം” (അല്‍മാഇദ: 82)

മുഹമ്മദ് നബി ﷺ യോട് ഏറ്റവും കൂടുതല്‍ അസൂയയും അക്രമവും കാണിച്ചിരുന്ന ആളുകളായിരുന്നു ജൂതന്മാര്‍. മഹമ്മദ് നബി ﷺ  കൊണ്ടുവന്ന സത്യത്തോടും അങ്ങേയറ്റത്തെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നവരായിരുന്നു അവര്‍. പക്ഷേ, അല്ലാഹു അവരെ അപമാനിക്കുകയും തന്റെ പ്രവാചകനെ സഹായിക്കുകയും ചെയ്തു:

”നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്). എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയുംചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ” (അല്‍ബക്വറ: 109).

ക്വുറൈശികളിലെ സത്യനിഷേധികളാകട്ടെ മുഹാജിറുകളെയും അവരെ സഹായിച്ച അന്‍സ്വാറുകളെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍ ക്വുറൈശികള്‍ക്ക് നഷ്ടപ്പെട്ടുപോയ ഒന്ന് മദീനയിലെ കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹിബ്‌നു ഉബയ്യു ബിന്‍ സലൂലിലൂടെ തിരിച്ചുകിട്ടി. മുഹമ്മദ് നബി ﷺ യുടെ മദീനയിലേക്കുള്ള വരവോടുകൂടി മദീനക്കാരുടെ നേതൃത്വം നഷ്ടപ്പെട്ടുപോയ വ്യക്തിയായിരുന്നു അയാള്‍. മദീനയില്‍ അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കും ഇടയില്‍ കുഴപ്പങ്ങളും ഛിദ്രതയും ഉണ്ടാക്കുവാന്‍ ഈ വ്യക്തി തുനിഞ്ഞിറങ്ങി. മുസ്ലിംകള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നവരും പ്രവാചകനെ പരിഹസിക്കുന്നവരുമായ കപടന്മാര്‍ അബ്ദുല്ലയുടെ ചുറ്റുംകൂടി. അല്ലാഹുവിനെയും അവന്റെ റസൂലിനെയും വഞ്ചിക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ കുതന്ത്രങ്ങള്‍ പ്രയോഗിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍ ഉണ്ടായിരുന്നത്.

”നിങ്ങള്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാതിരിക്കൂ എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, ഞങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമാണല്ലോ ചെയ്യുന്നത് എന്നായിരിക്കും അവരുടെ മറുപടി. എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ തന്നെയാകുന്നു കുഴപ്പക്കാര്‍. പക്ഷേ, അവരത് മനസ്സിലാക്കുന്നില്ല”(അല്‍ബക്വറ: 11-12).

ജനങ്ങളെ സത്യത്തില്‍ നിന്നും തടഞ്ഞുവെക്കുക എന്നതായിരുന്നു അവരുടെ മറ്റൊരു ലക്ഷ്യം. അവരാകട്ടെ സ്വയം സത്യത്തില്‍ നിന്ന് അകന്നുപോയവരുമായിരുന്നു.

കപടവിശ്വാസികളുടെ നേതാവിന്റെ എല്ലാ കപട സമീപനങ്ങളുടെ സന്ദര്‍ഭത്തിലും നബി ﷺ  അയാള്‍ക്ക് മാപ്പ് കൊടുക്കുകയായിരുന്നു; തങ്ങളെ സഹായിച്ച അന്‍സ്വാറുകളോടുള്ള സ്‌നേഹബന്ധത്തിന്റെ പേരിലായിരുന്നു ഈ മാപ്പ് കൊടുക്കല്‍. സഅദ് ഇബ്‌നു ഉബാദ(റ) നബി ﷺ യോട് പറയുകയുണ്ടായി: ”അല്ലാഹുവിന്റെ പ്രവാചകരേ, നിങ്ങള്‍ അയാള്‍ക്ക് മാപ്പു കൊടുക്കുക. വിട്ടുവീഴ്ച ചെയ്തുകൊള്ളുക. സത്യപ്രകാരം താങ്കള്‍ക്ക് വേദഗ്രന്ഥം ഇറക്കിയ അല്ലാഹു തന്നെയാണ് സത്യം. സത്യവുമായാണ് അല്ലാഹു താങ്കളെ നിയോഗിച്ചിട്ടുള്ളത്. ഈ നാട്ടുകാരായ ആളുകള്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിബ്‌നു സലൂലിനെ നേതാവാക്കാനുള്ള ശ്രമത്തിലായിരുന്നു. അപ്പോഴാണ് സത്യവുമായുള്ള അങ്ങയുടെ രംഗപ്രവേശം. സത്യവുമായി അല്ലാഹു നിങ്ങളെ നിയോഗിച്ചതിലൂടെ ഇബ്‌നുസലൂലിന്റെ ആഗ്രഹങ്ങള്‍ നടക്കാതെ പോയി. അത് അയാളെ സംബന്ധിച്ചിടത്തോളം വലിയ പ്രയാസമുള്ളതായി മാറുകയും ചെയ്തു. അങ്ങനെയാണ് താങ്കള്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന ഈ കാര്യങ്ങളൊക്കെ ഇബ്‌നു സലൂല്‍ ചെയ്തുകൊണ്ടിരിക്കുന്നത്.” അപ്പോള്‍ നബി ﷺ  അയാള്‍ക്ക് മാപ്പ് കൊടുത്തു. നബിയും അനുചരന്മാരും അല്ലാഹു കല്‍പിച്ചത് പ്രകാരം മാപ്പ് ചെയ്തുകൊടുക്കുകയും പ്രയാസങ്ങളില്‍ ക്ഷമ കൈക്കൊള്ളുകയും ചെയ്തിരുന്നു.

”തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു” (ആലു ഇംറാന്‍: 186).

 ”നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്). എന്നാല്‍ (അവരുടെ കാര്യത്തില്‍) അല്ലാഹു അവന്റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ”(അല്‍ബക്വറ: 109).

അല്ലാഹുവിന്റെ ഭാഗത്തുനിന്നും യുദ്ധത്തിനുള്ള കല്‍പന ലഭിക്കുന്നതുവരെ നബി ﷺ  വിട്ടുവീഴ്ച ചെയ്തു കൊണ്ടിരിക്കുക തന്നെയായിരുന്നു.(ബുഖാരി: 4565).

മക്കയില്‍ ഉണ്ടായിരുന്ന അവിശ്വാസികള്‍ ഇബ്‌നു സലൂലിന് ഇപ്രകാരം എഴുതി: ”നിങ്ങള്‍ ഞങ്ങളുടെ ആള്‍ക്ക് അഭയം നല്‍കി. അല്ലാഹുവിന്റെ പേരില്‍ ഞങ്ങള്‍ സത്യം ചെയ്ത് പറയുന്നു; നിങ്ങള്‍ മുഹമ്മദിനോട് യുദ്ധം ചെയ്യുകയോ മദീനയില്‍ നിന്ന് അവനെ പുറത്താക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം ഞങ്ങള്‍ ഒന്നടങ്കം നിങ്ങളിലേക്ക് വരികയും യുദ്ധം ചെയ്യുകയും ചെയ്യും. മാത്രവുമല്ല നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ അനുവദനീയമാക്കുകയും ചെയ്യും.”

മക്കക്കാരുടെ ആവശ്യപ്രകാരം ഇബ്‌നു സലൂല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അങ്ങനെ മദീനയിലുള്ള അവിശ്വാസികളെ തന്റെ ലക്ഷ്യസാക്ഷാത്കാരത്തിന് വേണ്ടി സംഘടിപ്പിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ നബി ﷺ  അവരോട് ഇപ്രകാരം പറഞ്ഞു: ”ക്വുറൈശികളുടെ ഭീഷണിയാണ് നിങ്ങളെ ഈ അവസ്ഥയില്‍ എത്തിച്ചത് എന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ ഉദ്ദേശിച്ചിട്ടുള്ള തന്ത്രങ്ങളെക്കാള്‍ വലിയ തന്ത്രമാണ് അവര്‍ ഉദ്ദേശിച്ചിട്ടുള്ളത്. സത്യത്തില്‍ നിങ്ങള്‍ നിങ്ങളുടെ മക്കളോടും സഹോദരങ്ങളോടുമാണ് യുദ്ധത്തിന് ഒരുങ്ങുന്നത്.’ നബി ﷺ യുടെ ഈ വാക്ക് കേട്ടപ്പോഴാണ് അവര്‍ പിരിഞ്ഞു പോയത്” (അബൂദാവൂദ്: 3004).

മക്കയിലെ അവിശ്വാസികള്‍ മദീനയിലെ മുസ്ലിംകളിലേക്ക് ആളെ പറഞ്ഞയച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘നിങ്ങള്‍ ഞങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു എന്ന വിശ്വാസത്തില്‍ നിങ്ങള്‍ നിര്‍ഭയത്വത്തിന്റെ ചതിയില്‍ കുടുങ്ങി പോകരുത്. ഞങ്ങള്‍ നിങ്ങളിലേക്ക് വരിക തന്നെ ചെയ്യും. നിങ്ങളുടെ രാജ്യത്ത് വെച്ചുകൊണ്ട് നിങ്ങളുടെ അടിസ്ഥാനം ഞങ്ങള്‍ പിച്ചിച്ചീന്തുക തന്നെ ചെയ്യും.’

പക്ഷേ, അല്ലാഹു അവരെ എന്നെന്നേക്കുമായി നിന്ദിച്ചു. അവരുടെ കുതന്ത്രങ്ങളെ തകര്‍ത്തു കളഞ്ഞു. തന്റെ പ്രവാചകനെ അല്ലാഹു സഹായിക്കുകയും ചെയ്തു

”തീര്‍ച്ചയായും സത്യനിഷേധികള്‍ തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) പിന്തിരിപ്പിക്കുവാന്‍ വേണ്ടിയത്രെ. അവര്‍ അത് ചെലവഴിക്കും. പിന്നീട് അതവര്‍ക്ക് ഖേദത്തിന് കാരണമായിത്തീരും. അനന്തരം അവര്‍ കീഴടക്കപ്പെടുകയും ചെയ്യും. സത്യനിഷേധികള്‍ നരകത്തിലേക്ക് വിളിച്ചുകൂട്ടപ്പെടുന്നതാണ്” (അല്‍അന്‍ഫാല്‍: 36).

 

ഫദ്‌ലുല്‍ ഹഖ് ഉമരി
നേർപഥം വാരിക