നിഹാലിന്റെ ധീരത

നിഹാലിന്റെ ധീരത

അത് ഒരു വേനലവധിയുടെ കാലമായിരുന്നു. പരീക്ഷയെല്ലാം കഴിഞ്ഞതിന്റെയും സ്‌കൂള്‍ പൂട്ടിയതിന്റെയും സന്തോഷത്തില്‍ കുറെ കുട്ടികള്‍ പുഴയുടെ തീരത്ത് കളിച്ചുകൊണ്ടിരിക്കുകയാണ്. കൂട്ടത്തില്‍ ഇര്‍ഫാന്‍ എന്ന് പേരുള്ള വികൃതിക്കുട്ടിയുണ്ട്. ഏതൊരു ജീവിയെ കണ്ടാലും കല്ലെടുത്തെറിഞ്ഞും മറ്റും ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണവന്‍. അതിനാല്‍ ആര്‍ക്കുമവനെ ഇഷ്ടമില്ല.

കൂട്ടുകാര്‍ ഏര്‍പെട്ടിരിക്കുന്ന കളിയിലൊന്നും അവന് താല്‍പര്യമില്ല.

”ഇതൊക്കെ ബോറന്‍ കളിയാണ്. നമുക്ക് വേറെ വല്ല രസകരമായ കളിയും കളിക്കാം” ഇര്‍ഫാന്‍ പറഞ്ഞു.

പലരും പല കളികളും നിര്‍ദേശിച്ചു. അതൊന്നും അവന് പറ്റിയില്ല. ഒടുവില്‍ അവന്‍ അവനെ പോലെ ചിന്തിക്കുന്ന കുറച്ച് കുട്ടികളെ കൂടെ കൂട്ടി. നമുക്ക് ഒരു തമാശക്കളി കളിക്കാം എന്ന് അവര്‍ തീരുമാനിച്ചു. 

മറ്റു കുട്ടികളെല്ലാം ഇനി എന്ത് കളിയാണ് ഇവര്‍ കളിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ ആകാംക്ഷയോടെ നോക്കിനിന്നു. 

ഇര്‍ഫാന്‍ ഒരു കൂട്ടുകാരന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. അവന്‍ ചിരിച്ചുകൊണ്ട് തലകുലുക്കി. അവന്‍ അത് തന്റെ അടുത്ത് നില്‍ക്കുന്നവന്റെ ചെവിയില്‍ പറഞ്ഞു. അങ്ങനെ അവരെല്ലാവരും സ്വകാര്യമായി അത് മനസ്സിലാക്കി. ഇവര്‍ക്ക് എന്താണിത്ര രഹസ്യമായി പറയാനുള്ളത് എന്നറിയാതെ മറ്റുള്ളവര്‍ പരസ്പരം നോക്കി.   

പെട്ടെന്ന് ഇര്‍ഫാനും കൂട്ടുകാരും ചേര്‍ന്ന് തെല്ലകലെ മാറിനില്‍ക്കുകയായിരുന്ന അലി എന്ന കുട്ടിയെ പിടികൂടി പുഴയിലേക്ക് വലിച്ചെറിഞ്ഞു. നീന്തലറിയാത്ത അലി വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിക്കൊണ്ടിരുന്നു. അവന്‍ നീന്താന്‍ ശ്രമിച്ചു നോക്കുന്നുണ്ട്. പക്ഷേ, കഴിയുന്നില്ല. അവന്‍ സഹായത്തിനായി ആര്‍ത്തുകരഞ്ഞു. അതു കണ്ട് ഇര്‍ഫാനും കൂട്ടാളികളും ചിരിക്കുകയാണ്. 

താമസിയാതെ അവന്‍ വെള്ളത്തില്‍ മുങ്ങിത്താണ് ഒഴുകിപ്പോകും. എന്തു ചെയ്യണമെന്നറിയാതെ മറ്റു കുട്ടികളും കരയാന്‍ തുടങ്ങി. ഇര്‍ഫാനും കൂടെയുള്ളവരും കൈകൊട്ടി ചിരിക്കുകയാണ്. വെള്ളത്തില്‍ ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഇര്‍ഫാന്റെ പക്കല്‍നിന്ന് അടി വാങ്ങേണ്ടി വരും. അതിനാല്‍ ആര്‍ക്കും അതിന് ധൈര്യം വരുന്നില്ല. ഇര്‍ഫാന്‍ എപ്പോഴും ശത്രുവായി കണ്ടിരുന്ന കുട്ടിയാണ് നിഹാല്‍. ഇര്‍ഫാനോട് ഏറ്റുമുട്ടാന്‍ ധൈര്യമള്ള കുട്ടി. അവന്‍ കൂടുതലൊന്നും ആലോചിക്കാതെ പുഴയിലേക്ക് എടുത്തുചാടി. നീന്തിച്ചെന്ന് അലിയെ പിടിച്ച് കരയിലെത്തിച്ചു. അലി വെള്ളം കുടിച്ച് അവശനായിരുന്നു. 

കുട്ടികള്‍ അവരുടെ ചുറ്റും കൂടി. അവര്‍ നിഹാലിന്റെ ധീരതയെ അഭിനന്ദിച്ചു. ഇര്‍ഫാനും കൂടെയുള്ളവരും പെട്ടെന്ന് സ്ഥലം വിട്ടു. അതുവഴി വന്ന ഒരാള്‍ കുട്ടികള്‍ കൂടി നില്‍ക്കുന്നതു കണ്ട് കാര്യം അന്വേഷിച്ചു. അവര്‍ നടന്ന കാര്യം വിവരിച്ചു. അയാള്‍ നിഹാലിന്റെ ചുമലില്‍ കൈവെച്ചു കൊണ്ട്പറഞ്ഞു: ”മോനേ, നീ ചെയ്തത് വളരെ നല്ലൊരു പ്രവര്‍ത്തനമാണ്. ഒരു ജീവനെയാണ് നീ രക്ഷിച്ചത്. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ അവനെ ഉപദ്രവിക്കുകയോ ഉപദ്രവിക്കുവാനായി വിട്ടുകൊടുക്കുകയോ ഇല്ല എന്ന നബിവചനമാണ് നീ പ്രാവര്‍ത്തികമാക്കിയത്. അല്ലാഹു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.”

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട

പണ്ടു പണ്ട് ഒരു രാജ്യത്തിലെ മന്ത്രി തന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം അങ്ങാടിയിലൂടെ നടക്കുകയായിരുന്നു. അങ്ങെന അവര്‍ അടിമച്ചന്തയുടെ അടുത്തെത്തി. അവിടെ വില്‍പനയ്ക്ക് നിര്‍ത്തിയ ധാരാളം അടിമകളുണ്ടായിരുന്നു. സ്വാതന്ത്ര്യമില്ലാതെ പരിതാപകരമായ അവസ്ഥയില്‍ ഏത് യജമാനന്റെ കയ്യിലായിരിക്കും ഇനി എത്തിപ്പെടുക എന്ന ചിന്തയില്‍ നില്‍ക്കുന്നവര്‍.

മന്ത്രി അവരെ സമീപിച്ചു. അന്നേരം വയസ്സനായ ഒരു അടിമ പറഞ്ഞു: ”അങ്ങയുടെ തലപ്പാവില്‍ കറുത്ത കറ കാണുന്നുണ്ട്.”

”നേരാണോ നീ പറയുന്നത്?” എന്ന് ചോദിച്ചുകൊണ്ട് മന്ത്രി തന്റെ തലപ്പാവ് അഴിച്ച് പരിശോധിച്ചു. അടിമ പറഞ്ഞത് ശരിയായിരുന്നു. കറയുടെ വലിയൊരു അടയാളമുണ്ട്. 

മന്ത്രിമന്ദിരത്തില്‍ നിന്നും പുറത്തിറങ്ങിയിട്ട് മണിക്കൂറുകളായി. ഇത്രയും നേരം ആളുകള്‍ക്കിടയിലൂടെ ഇതും ധരിച്ചുകൊണ്ടാണ് നടന്നത്. എല്ലാവരും കണ്ടിട്ടുണ്ടാകും. ഛെ, മോശം!

മന്ത്രി അല്‍പം ദേഷ്യത്തോടെ തന്റെ കൂടെയുള്ളവരോട് പറഞ്ഞു: ”നിങ്ങള്‍ ഇത്രയും നേരം എന്റെ കൂടെത്തന്നെയായിരുന്നു. നിങ്ങളെല്ലാവരും എന്റെ തലപ്പാവിലെ കറ കാണുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആരും ഈ വിവരം എന്നോട് പറഞ്ഞില്ല. ഈ പാവം അടിമ പറഞ്ഞില്ലെങ്കില്‍ ഇപ്പോഴും ഞാനിത് അറിയുമായിരുന്നില്ല.”

മന്ത്രിയുടെ കൂടെയുള്ളവരെല്ലാം തലയും താഴ്ത്തി നിന്നു.

മന്ത്രി തുടര്‍ന്നു: ”ഈ അടിമയാണ് എന്റെ യഥാര്‍ഥ സുഹൃത്ത്. ഒരു മുസ്‌ലിം മറ്റാരു മുസ്‌ലിമിന്റെ കണ്ണാടിയാണെന്ന് നബി(സ്വ) പറഞ്ഞതായി നിങ്ങള്‍ കേട്ടിട്ടില്ലേ? ഇദ്ദേഹത്തെ അടിമയായി വില്‍ക്കാന്‍ ഞാന്‍ സമ്മതിക്കില്ല.”

മന്ത്രി ഉടനെത്തന്നെ അയാളെ പണം കൊടുത്ത് വാങ്ങി സ്വതന്ത്രനാക്കി.  

കൂട്ടുകാരേ, മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു നടക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്. കൂട്ടുകാരില്‍ കാണുന്ന കുറവുകള്‍ നാം അവരോട് തന്നെ ചൂണ്ടിക്കാണിക്കണം. എങ്കില്‍ മാത്രമെ അവര്‍ക്കത് തിരുത്തുവാനും നന്നാകുവാനും സാധിക്കുകയുള്ളൂ. 

(ആശയവിവര്‍ത്തനം)

റാഷിദ ബിന്‍ത് ഉസ്മാന്‍
നേർപഥം വാരിക

വഴി മാറിപ്പോയ വന്‍ വിപത്ത്

വഴി മാറിപ്പോയ വന്‍ വിപത്ത്

നല്ല മഴ! തുള്ളി മുറിയാത്ത മഴ! രാവിലെ എഴുന്നേല്‍ക്കാന്‍ തന്നെ മടി തോന്നും. പുതച്ചുമൂടി കിടന്നുറങ്ങാന്‍ എന്തു സുഖമാ…! പറഞ്ഞിട്ടെന്താ; ഉമ്മ സമ്മതിക്കില്ല ഉറങ്ങാന്‍. സുബ്ഹി നമസ്‌കരിക്കണം. നമസ്‌കാരം കഴിഞ്ഞാല്‍ മദ്‌റസയില്‍ പോകണം. 

വീടിന്റെ മുന്‍ഭാഗത്ത് നെല്‍ച്ചെടികള്‍ തലയാട്ടിനില്‍ക്കുന്ന മനോഹരമായ വയല്‍. വയല്‍ വരമ്പിലൂടെ വേണം മദ്‌റസയിലേക്കും സ്‌കൂളിലേക്കും പോകാന്‍.

തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍ പുഴയും തോടും കുളങ്ങളും വയലുമെല്ലാം നിറഞ്ഞുനില്‍ക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. വീട് പാടവക്കിലായതുകൊണ്ട് കിണറ്റില്‍ വെള്ളം നിറയാനായിട്ടുണ്ട്. തൊടിയില്‍ അങ്ങിങ്ങായി ഉറവുപൊട്ടി ഒലിക്കുന്ന വെള്ളം…!

അബ്ദുല്‍ മജീദിനും സുഹ്‌റാക്കും രണ്ടു മക്കളാണുള്ളത്. മൂത്തവന്‍ സ്വാലിഹ. അവള്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. ഇളയവന്‍  സ്വാലിഹ് മൂന്നിലും. 

സ്‌കൂള്‍  യൂണിഫോം തയ്ച്ചുകിട്ടി. പുതിയ പാഠ പുസ്തകങ്ങള്‍ കിട്ടി. പുതിയ നോട്ടുപുസ്തകങ്ങളും ബാഗും കുടയും ചെരുപ്പുമെല്ലാം വാങ്ങിയിട്ടുണ്ട്. 

സ്വാലിഹ അവളുടെ പുസ്തകങ്ങള്‍ സ്വന്തമായി പൊതിഞ്ഞു. സ്വാലിഹ് ഉമ്മയെ കാത്തിരിക്കുകയാണ്. ‘ഉമ്മയുടെ അടുക്കള ജോലി ഇനിയും തീര്‍ന്നില്ലേ.’ ക്ഷമ നശിച്ച സ്വാലിഹ് വിളിച്ചു ചോദിച്ചു.

‘ദേ വരുന്നു’ ഉമ്മ മറുപടി പറഞ്ഞു. 

വൈകാതെ ഉമ്മ അടുക്കളയില്‍ നിന്നും വന്നു. സ്വാലിഹിന്റെ പുസ്തകങ്ങള്‍ പൊതിഞ്ഞുകൊടുത്തു.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വാലിഹിന്റെയും സ്വാലിഹയുടെയും മനസ്സില്‍ നിറയെ പുതിയ യൂണിഫോം ധരിച്ച്, പുത്തന്‍ മണമുള്ള പുസ്തകങ്ങളുമായുള്ള യാത്രയായിരുന്നു. 

പാടവരമ്പിലൂടെ പുള്ളിക്കുടയും ചൂടി യൂണിഫോമിലേക്ക് ചളി തെറിക്കാതെ ശ്രദ്ധിച്ചു നടന്നു. ഇടയിലൂടെ ചാലിട്ടൊഴുകുന്ന വെള്ളവും അതിലെ കുഞ്ഞുപരലുകളും… ഇടക്ക് ചെറിയ മാളങ്ങളില്‍ നിന്ന് പുറത്തേക്ക് കൈ നീട്ടിയിരിക്കുന്ന ഞണ്ടുകള്‍… വെള്ളത്തിലേക്ക് എടുത്തു ചാടുന്ന തവളകള്‍…നോക്കി നില്‍ക്കാന്‍ കൗതുകമുള്ള കാഴ്ചകള്‍. 

സ്‌കൂളിലെത്തിയപ്പോഴേക്കും കുറചൊക്കെ നനഞ്ഞിരുന്നു. പാടെ നനഞ്ഞൊട്ടിയ കുട്ടികളുമുണ്ട്.സമയം പത്തു മണി. ബെല്ലടിച്ചു, കുട്ടികള്‍ എല്ലാവരും ക്ലാസ്സില്‍ കയറി. ടീച്ചര്‍ വന്നു. പ്രാര്‍ഥന ചൊല്ലി. പിന്നെ കണക്കിന്റെയും സാമൂഹ്യ ശാസ്ത്രത്തിന്റെയും പരിസരപഠനത്തിന്റെയുമൊക്കെ ലോകത്തിലേക്ക്… 

സമയം ഉച്ചയായി. ചിലര്‍ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്. സ്വാലിഹ് പാത്രവുമായി ഭക്ഷണം നല്‍കുന്ന വരിയില്‍ ചെന്നു നിന്നു. ചോറും സാമ്പാറും ചെറുപയര്‍ ഉപ്പേരിയുമാണ് ഇന്ന്. 

സ്‌കൂള്‍ വിടുമ്പോള്‍ മഴക്ക് കുറവുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ശക്തമായ കാറ്റും മഴയുമായി. സ്വാലിഹ അനുജന്റെ കൈപിടിച്ച് നടന്നു. 

പെട്ടെന്നാണ് സ്വാലിഹയുടെ കണ്ണില്‍ ആ കാഴ്ച പെട്ടത്. വലിയൊരു മരം കടപുഴകി മറിഞ്ഞ് വൈദ്യുതി കമ്പികള്‍ പൊട്ടിവീണിരിക്കുന്നു. ചെറിയ കൈത്തോട്ടില്‍ തട്ടിയാണ് കമ്പികള്‍ കിടക്കുന്നത്. വൈദ്യതി കമ്പി പൊട്ടിവീണു കിടക്കുന്നതുകണ്ടാല്‍ അടുത്തു ചെല്ലരുതെന്ന് ഉമ്മ പറഞ്ഞത് സ്വാലിഹക്ക് ഓര്‍മവന്നു. പെട്ടെന്ന് അവള്‍ നിന്നു. മുന്നോട്ട് പോകാന്‍ ശ്രമിച്ച അനുജനെ അവള്‍ തടഞ്ഞു. പുറകില്‍ ഒരു കൂട്ടം കുട്ടികള്‍ ആര്‍പ്പുവിളുകളുമായി വരുന്നുണ്ട്. അവര്‍ തന്റെ വാക്കുകള്‍ കേള്‍ക്കാതെ അപകടത്തില്‍ ചാടിയേക്കും. എന്തു ചെയ്യും? അവള്‍ ഉറക്കെ വിളിച്ചു പറഞ്ഞു: ”ആരും മുന്നോട്ട് വരരുത്. കറന്റ് കമ്പി പൊട്ടിവീണിട്ടുണ്ട്. ഷോക്കടിക്കും.”

കാര്യം മനസ്സിലാക്കിയ സ്വാലിഹും ഉറക്കെ അതേറ്റു പറഞ്ഞു. അപകടം മനസ്സിലാക്കിയ മറ്റുകുട്ടികളും ഉറക്കെ ശബ്ദമുണ്ടാക്കി. അതുവഴി വരികയായിരുന്ന മുതിര്‍ന്ന ഒരാള്‍ ഓടിവന്നു. അദ്ദേഹം ഇലക്ട്രിസിറ്റി ഓഫീസിലേക്കും കൂട്ടുകാര്‍ക്കും വിളിച്ചു പറഞ്ഞു. താമസിയാതെ ആ ഭാഗത്തേക്കുള്ള വൈദ്യുതി കണക്ഷന്‍ ഓഫാക്കി. 

അപ്പോഴേക്കും മഴ ശമിച്ചിരുന്നു. അനവധി ആളുകള്‍ അവിടേക്ക് പാഞ്ഞെത്തി. അവര്‍ കുട്ടികള്‍ അപകടത്തില്‍ പെടാത്തതില്‍ അല്ലാഹുവിനോട് നന്ദി പറഞ്ഞു. സ്വാലിഹ എന്ന മിടുക്കിയുടെ ശ്രദ്ധ അപകടത്തില്‍ നിന്ന് കുറെ കുട്ടികളെ രക്ഷിക്കാന്‍ കാരണമായി എന്നറിഞ്ഞ നാട്ടുകാര്‍ അവളെ അനുമോദിച്ചു. അപകടം മുന്നില്‍ കാണുമ്പോള്‍ പകച്ചു നില്‍ക്കാതെ ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിച്ചത് ഉമ്മയുടെ ഉപദേശം കൊണ്ടാണല്ലോ. ഉമ്മയോട് ഇക്കാര്യം പറയണം. അവള്‍ അനുജന്റെ കൈപിടിച്ച് വീട് ലക്ഷ്യമാക്കി ഓടി.

 

ദുല്‍ക്കര്‍ഷാന്‍. എ
നേർപഥം വാരിക

സത്യസന്ധത കാത്തുസൂക്ഷിക്കുക

സത്യസന്ധത കാത്തുസൂക്ഷിക്കുക

സ്‌കൂള്‍ അടക്കാന്‍ കാത്തിരിക്കുകയായിരുന്നു ഫഹദ്, ഉമ്മയുടെ വീട്ടില്‍ പോകാന്‍. ഫഹദിന്റെ ഉമ്മാക്ക് രണ്ട് സഹോദരങ്ങള്‍ ഉണ്ട്. സ്‌നേഹ സമ്പന്നരായ, ഫഹദിന്റെ രണ്ട് അമ്മാവന്മാര്‍. മൂത്ത അമ്മാവന് നാല് മക്കളും ചെറിയ അമ്മാവന് രണ്ട് മക്കളുമുണ്ട്. എല്ലാവരും നല്ല കുട്ടികളാണ്. ഫഹദിന് വലിയ ഇഷ്ടമായിരുന്നു അവരെ; അവര്‍ക്ക് ഫഹദിനെയും.

സ്‌കൂള്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് താല്‍ക്കാലികമായി അടക്കുമ്പോള്‍ പോലും ഫഹദ് വിരുന്ന് പോകാന്‍ വളരെയധികം താല്‍പര്യം കാണിക്കും. കാരണം, കൂട്ടുകൂടാനും, കളിക്കാനും ഉമ്മാന്റെ വീട്ടില്‍ തന്നെ പോകണം. സ്വന്തം വീട്ടില്‍ കളിക്കാനും കൂട്ടുകൂടാനും ആരുമില്ല. ആകെയുള്ളത് ഒരു കൊച്ചനുജത്തി ഫസ്‌ല മാത്രമാണ്. നടന്നു തുടങ്ങാത്ത അവളോടൊപ്പം കളിക്കാന്‍ കഴിയില്ലല്ലോ.

ഉപ്പയാണെങ്കില്‍ രാവിലെ ഓഫീസിലേക്ക് പോയാല്‍ വൈകുന്നേരം അഞ്ച് മണി കഴിയും വീട്ടില്‍ തിരിച്ചെത്താന്‍. രാവിലെ ഉമ്മ ഉപ്പാക്ക് ഓഫീസിലേക്ക് കൊണ്ടുപോകാനുള്ള ഭക്ഷണം പാകം ചെയ്യുന്ന തിരക്കിലായിരിക്കും. അതുകഴിഞ്ഞാല്‍ ഫഹദിനും കുഞ്ഞുപെങ്ങള്‍ക്കും ചായ കൊടുക്കും. പിന്നെ വീട്ടിലെ മറ്റു ജോലികളില്‍ മുഴുകും. ഇടക്കിടക്ക് കുഞ്ഞുപെങ്ങളെ പരിചരിക്കും. അവള്‍ അത്രക്കും ചെറുതാണല്ലോ!

ഫഹദിനെ വീടിന് പുറത്തേക്ക് വിടുമായിരുന്നില്ല അവന്റെ ഉമ്മ. വീടിനുമുന്നില്‍ തിരക്കേറിയ റോഡാണ്. ഉപ്പയുടെ നിര്‍ദേശവുമുണ്ട് മോനെ ഗെയ്റ്റിനു പുറത്തേക്ക് കളിക്കാന്‍ വിടരുതെന്ന്.

അതിനാല്‍ സ്‌കൂള്‍ അവധി അടിച്ചുപൊളിക്കാന്‍ ഫഹദ് ഉമ്മയുടെ വീട്ടില്‍ പോകും. ഈ വര്‍ഷത്തെ സ്‌കൂള്‍ അവധിക്ക് ഫഹദ് വിരുന്ന് പോയി. കളിയും തമാശയുമായി ഒന്നാമത്തെ ദിവസം അമ്മാവന്മാരുടെ മക്കളുടെ കൂടെ ചെലവഴിച്ചു.

പിറ്റേദിവസം വീട്ടില്‍ നല്ലബഹളം കേട്ടുകൊണ്ടാണ് ഫഹദ് ഉണര്‍ന്നത്. അമ്മാവന്റെ പേഴ്‌സ് കാണാനില്ല! അതാണ് പ്രശ്‌നം. എല്ലാവരും നല്ല തിരച്ചിലിലാണ്. ഫഹദും ഒപ്പംകൂടി അമ്മാവന്റെ പേഴ്‌സ് തിരയാന്‍. അമ്മാവനാകട്ടെ ജോലിക്ക് പോകാന്‍ സമയം വൈകിയ ദേഷ്യത്തിലും. അവസാനം അമ്മാവന്റെ ഷര്‍ട്ട് അലക്കാന്‍ ഇട്ടിരുന്ന സ്ഥലത്ത് നിന്ന് ഫഹദിന് പേഴ്‌സ് കിട്ടി. അവന്‍ അതുമായി അമ്മാവന്റെ അടുക്കലേക്ക് സന്തോഷത്തോടെ ഓടിച്ചെന്നു.

ഇതുകണ്ട അമ്മായി അവനെ തുറിച്ചുനോക്കി. അവനോട് പറഞ്ഞു: ”അതുശരി, നീയാണല്ലേ അമ്മാവന്റെ പേഴ്‌സ് മോഷ്ടിച്ചത്.”

അമ്മാവനും അതുശരിയാണെന്ന് കരുതി. പിടിക്കപ്പെടുമെന്ന് കണ്ടപ്പോള്‍ തിരിച്ചുകൊടുത്തതാണെന്ന് അവര്‍ ഊഹിച്ചു. അവര്‍ ഫഹദിനെ നന്നായി വഴക്ക് പറഞ്ഞു. അവന് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. അവന്‍ അന്നുതന്നെ തന്റെ വീട്ടിലേക്ക് തിരിച്ചു.

വീട്ടിലെത്തിയ ഫഹദ് ഉമ്മയോട് സംഭവിച്ചതെല്ലാം പറഞ്ഞു. ഉമ്മാക്കും സങ്കടമായി. ഉമ്മാക്ക് അറിയാമായിരുന്നു ഫഹദ് നല്ലകുട്ടിയാണെന്നും അവന്‍ ഒന്നും മോഷ്ടിക്കില്ല എന്നും. ഉമ്മ ഫഹദിനെ സമാധാനിപ്പിച്ചു. അവനോട് പറഞ്ഞു: ”ആര്‍ നമ്മെ വിമര്‍ശിച്ചാലും ആക്ഷേപിച്ചാലും കുറ്റപ്പെടുത്തിയാലും ശരി നാം നമ്മുടെ സത്യസന്ധതയും സല്‍സ്വഭാവവും കാത്തുസൂക്ഷിക്കണം. നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകണം. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ സത്യസന്ധതയും സല്‍സ്വഭാവവും മറ്റുള്ളവര്‍ തിരിച്ചറിയും. അവര്‍ നിന്നെ തെറ്റിദ്ധരിച്ചതാണ്. ഞാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാം.”

ഇത് കേട്ട ഫഹദിന് തന്റ പ്രവര്‍ത്തിയില്‍ അഭിമാനം തോന്നി. അവന്‍ വളരെയധികം സന്തോഷിച്ചു.

 

ദുല്‍ക്കര്‍ഷാന്‍. എ
നേർപഥം വാരിക

മറക്കില്ലൊരിക്കലും

മറക്കില്ലൊരിക്കലും

അസ്‌ലം അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്‌നേഹത്തോടേ എല്ലാവരും അവനെ അസ്‌ലൂ’എന്ന് വിളിക്കും. കുട്ടിക്കാലം മുതല്‍ക്ക് തന്നെ ഇസ്‌ലാമിക ചുറ്റുപാടിലാണ് അസ്‌ലു വളര്‍ന്നുവന്നത്. പഠനത്തില്‍ അവന്‍ സ്‌കൂളിലും മദ്‌റസയിലും ഒരുപോലെ മുന്നിട്ടുനിന്നു. ഓട്ടോ ഡ്രൈവറായ അബൂക്കയാണ് അസ്‌ലുവിന്റെ പിതാവ്. ദിവസവും കിട്ടുന്ന ചില്ലറ വരുമാനം കൊണ്ട് തന്റെ പൊന്നുമോനെ വളര്‍ത്താന്‍ അബൂക്ക ധാരാളം കഷ്ടപ്പെട്ടിരുന്നു. ഉമ്മ ആത്തിക്ക സങ്കടങ്ങളറിയിക്കാതെ അവനെ സ്‌നേഹിച്ചുവളര്‍ത്തി.

അസ്‌ലുവിന്റെ ചങ്ങാതിയായ ഫഹീമിന്റെ ഉപ്പ ഈയിടെയാണ് മരണപ്പെട്ടത്. അടുത്ത ദിവസം മദ്‌റസയില്‍ പോയപ്പോള്‍ ശരീഫ ടീച്ചര്‍ എല്ലാരോടും ഫഹീമിന്റെ ഉപ്പാക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പറഞ്ഞു. ശേഷം ടീച്ചര്‍ ആര്‍ക്കൊക്കെ മയ്യിത്തിന് വേണ്ടിയുള്ള പ്രാര്‍ഥന അറിയാം എന്ന് ചോദിച്ചു. കുറേ കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. ടീച്ചര്‍ പ്രാര്‍ഥന ബോര്‍ഡില്‍ എഴുതി. ”അല്ലാഹുമ്മ ഇഗ്ഫിര്‍ലഹു വര്‍ഹംഹു…” അടുത്ത ക്ലാസില്‍ പഠിച്ചു വരാനും ടീച്ചര്‍ പറഞ്ഞു. 

വീട്ടിലെത്തിയ ഉടന്‍ ഉപ്പ അസ്‌ലുവിനോട് ചോദിച്ചു: ”മോനേ ഇന്നെന്താ മദ്‌റസയില്‍ പഠിപ്പിച്ചത്?” അസ്‌ലു പറഞ്ഞു: ”ഉപ്പാ, ഇന്ന് ടീച്ചര്‍ ഫഹീമിന്റെ ഉപ്പാക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ പറഞ്ഞു. പിന്നെ മയ്യിത്തിന് വേണ്ടിയുള്ള പ്രാര്‍ഥനയും പഠിപ്പിച്ചു.” 

അബൂക്ക തുടര്‍ന്നു: ”മോനേ, നീ ആ പ്രാര്‍ഥന പഠിച്ചോ? ഞാന്‍ മരിച്ചാല്‍ എനിക്ക് വേണ്ടി നമസ്‌കരിക്കുമ്പോള്‍ ഈ പ്രാര്‍ഥന ചൊല്ലാന്‍ നിനക്ക് കഴിയണം” ഇതും പറഞ്ഞ് അബൂക്ക ചാരുകസേരയില്‍ കണ്ണടച്ചിരുന്നു. ആ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുന്നത് അസ്‌ലു കണ്ടു. അവന്റെ മനസ്സ് വിഷമിച്ചു. ഇതൊക്കെ ഉമ്മറപ്പടിയില്‍ ചാരിനില്‍ക്കുന്ന ആത്തിക്ക കാണുന്നുണ്ടായിരുന്നു.

അവര്‍ അന്തരീക്ഷമൊന്ന് തണുപ്പിക്കാനായി ഇടപെട്ടു: ”വേറെ എന്താ മോന്‍ പഠിച്ചത്.”

”അത്… വിശ്വാസ പാഠങ്ങളില്‍ തവക്കുലാണിന്ന് പഠിച്ചത്. അല്ലാഹുവില്‍ ഭരമേല്‍പിക്കണമെന്നും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവര്‍ക്ക് അവന്‍ പ്രയാസഘട്ടങ്ങളില്‍ രക്ഷമാര്‍ഗം തുറന്നുകൊടുക്കുെമന്നുമെല്ലാം പഠിച്ചു.” 

 ”മോന്‍ എല്ലാം നന്നായി ഓര്‍ക്കുന്നുണ്ടല്ലോ..നല്ല കുട്ടി” ചിന്തയില്‍നിന്നുണര്‍ന്നുകൊണ്ട് അബൂക്ക പറഞ്ഞു.

പിറ്റേന്ന് ആത്തിക്കയുടെ നിലവിളി കേട്ടാണ് വീടുണര്‍ന്നത്. തഹജ്ജുദ് നമസ്‌കരിക്കാനായി എഴുന്നേറ്റ ആത്തിക്ക കണ്ടത് അബൂക്കയുടെ ഓട്ടോ കത്തി നശിച്ച കാഴ്ച്ചയാണ്. ആകെയുണ്ടായിരുന്ന അത്താണി നഷ്ടപ്പെട്ടിരിക്കുന്നു! 

നമസ്‌കാരം കഴിഞ്ഞ് അബൂക്ക ചാരുകസേരയില്‍ ഇരിക്കുമ്പോഴാണ് അബൂക്കയെ ചിന്തയില്‍ നിന്നുണര്‍ത്തി സലാം പറഞ്ഞുകൊണ്ട് സൈദലവി കടന്നുവന്നത്. 

അബൂക്കയുടെ പഴയ കൂട്ടുകാരനാണ് സൈദലവി. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ട തന്നോട് അബൂക്ക പുഞ്ചിരിക്കാത്തത് പോലും കണ്ടപ്പോള്‍ സൈദലവി ചോദിച്ചു: ”എന്താ അബൂ, എന്തുപറ്റി?”’ 

മറുപടി പറയാന്‍ സാധിക്കാതെ അബൂക്ക സൈദലവിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. ശേഷം തലേ ദിവസത്തെ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തു. അബൂക്കയുടെ കഷ്ടപ്പാട് കേട്ട സൈദലവിയും ഒന്ന് വിതുമ്പി. 

സൈദലവി പറഞ്ഞു: ”ഡോ, അബൂ! പണ്ട് നമ്മളെയൊക്കെ എപ്പോഴും സമാധാനിപ്പിച്ചിരുന്ന നീ  ഇങ്ങെനയായാലോ? എല്ലാം ശരിയാകും. നീ സമാധാനപ്പെട്.” 

അബൂക്ക തേങ്ങിക്കൊണ്ട് പറഞ്ഞു: ”എന്റെ കുടുംബം പോറ്റാന്‍ എന്റെ മുമ്പില്‍ വേറെ വഴിയില്ല. ഞാനെന്താണ് ചെയ്യേണ്ടത്? നീതന്നെ പറ” 

സൈദലവി: ”അതിനൊക്കെ വഴിയുണ്ട്.”

”എന്ത് വഴി?” 

”അബൂന് ഗള്‍ഫില്‍ പോകാന്‍ താല്‍പര്യമുണ്ടോ?”

”ഉണ്ടായിട്ടെന്താ? വിസക്കൊക്കെ വലിയ സംഖ്യ വേണ്ടേ?”

”എന്റെ കഫീലിന് ഒരു വിശ്വസ്തനായ ഡ്രൈവറെ വേണം. ആളെ നോക്കാന്‍ എന്നെയാ ഏല്‍പിച്ചത്. എന്റെ മനസ്സില്‍ ആദ്യം വന്ന പേര് നിന്റെതാണ്. നിനക്ക് സമ്മതമെങ്കില്‍ പാസ്‌പോര്‍ട്ട് താ. ചെലവെല്ലാം കഫീല്‍ എടുക്കും.”

മനസ്സില്‍ അടക്കാനാവാത്ത സന്തോഷമായിരുന്നു അപ്പോള്‍ അബൂക്കക്കുണ്ടായത്. 

”എടീ… ആ പാസ്‌പോര്‍ട്ടിങ്ങ് എടുക്ക്” അബൂക്ക ആത്തിക്കയോടായി പറഞ്ഞു.

”ഉപ്പാ…! അല്ലാഹു രക്ഷാമാര്‍ഗം തുറന്നു തരുമെന്ന് പറഞ്ഞത് സത്യം തന്നെ…” ഇെതല്ലാം കേട്ട് നില്‍ക്കുകയായിരുന്ന അസ്‌ലു പറഞ്ഞു. 

”അതെ മോനേ, അല്ലാഹു വാഗ്ദാനം നിറവേറ്റുന്നവനാണ്. 

സൈദലവി പാസ്‌പോര്‍ട്ട് വാങ്ങി തിരിച്ചു പോകുമ്പോള്‍ മൂന്നു പേരും നിശ്ശബ്ദരായി നോക്കി നിന്നു, നിറകണ്ണുകളോടെ.

 

അക്രം വളപട്ടണം
നേർപഥം വാരിക

സൗഹൃദം

സൗഹൃദം

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബഷീറും ഫാസിലും നല്ല കൂട്ടുകാരായിരുന്നു. അവരുടെ സൗഹൃദത്തിന്റെ ആഴം കാണുമ്പോള്‍ അധ്യാപകര്‍ പോലും അത്ഭുതപ്പെടാറുണ്ട്. ഫാസില്‍ സമ്പന്നനായ ഒരു പിതാവിന്റെ മകന്‍. ബഷീറാകട്ടെ വളരെ ദരിദ്രനും. സമ്പന്നന്റെ മകനാണെന്ന അഹങ്കാരമൊന്നും ഫാസിലിനില്ല. അവന് ബഷീറിനെ വളരെ ഇഷ്ടമാണ്. 

ഒരിക്കല്‍ തന്റെ കയ്യില്‍ ആകെ ഉണ്ടായിരുന്ന ഒരു മുറിയന്‍ പെന്‍സില്‍ സ്‌കൂളിലേക്ക് വരുന്ന വഴിയില്‍ നഷ്ടപ്പെട്ട ബഷീര്‍ കരഞ്ഞുകൊണ്ടാണ് ക്ലാസ്സില്‍ എത്തിയത്. ഇംഗ്ലീഷ് ക്ലാസ്സില്‍ അക്ഷരങ്ങള്‍ എഴുതാന്‍ പറഞ്ഞപ്പോള്‍ എഴുതാതിരിക്കുന്ന ബഷീറിനെ ടീച്ചര്‍ അടിക്കുവാനായി അടുത്തേക്ക് വിളിച്ചു. പേനയില്ലെന്നു പറഞ്ഞപ്പോള്‍ ടീച്ചര്‍ക്ക് ദേഷ്യം വര്‍ധിച്ചു. ആ സമയത്ത് ഫാസില്‍ ആര്‍ക്കും അതുവരെ നല്‍കാതിരുന്ന, തന്റെ ഉപ്പ ഗള്‍ഫില്‍ നിന്നും കൊണ്ടുവന്ന പുതിയ പേന തന്റെ കൂട്ടുകാരന്റെ നേര്‍ക്ക് നീട്ടി. ആ സ്‌നേഹപ്രകടനത്തിനു മുമ്പില്‍ ടീച്ചര്‍ തലതാഴ്ത്തി. ബഷീറിന് ഇതുപോലെ പലസഹായങ്ങളും ലഭിച്ചിട്ടുണ്ട് തന്റെ പ്രിയകൂട്ടുകാരന്‍ ഫാസിലില്‍ നിന്ന്. 

ഒരിക്കല്‍ പെരുന്നാളിനു മുമ്പ് ക്ലാസ്സില്‍ ഓരോരുത്തരും പെരുന്നാള്‍ ദിവസം ധരിക്കാന്‍ എടുത്ത പുതുവസ്ത്രങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യുകയാണ്. ഓരോരുത്തരും തങ്ങള്‍ക്ക് എടുത്ത വസ്ത്രങ്ങളെ കുറിച്ച് പറഞ്ഞുതുടങ്ങി. 

റഈസ് പറഞ്ഞു: ”എനിക്ക് പുതിയ മോഡല്‍ പാന്റ്‌സും ഷര്‍ട്ടുമാണ് എടുത്തിട്ടുള്ളത്.”

ഷാഹിദ് പറഞ്ഞു: ”എനിക്ക് ജീന്‍സ് പാന്റും ടീ-ഷര്‍ട്ടുമാണ് എടുത്തിട്ടുള്ളത്.” 

കൂട്ടുകാര്‍ ഇത് പറയുമ്പോള്‍ ബഷീര്‍ കൗതുകത്തോടെ ഓരോരുത്തരേയും നോക്കിയിരുന്നു. ഫാസിലിന്റെ ഊഴമെത്തിയപ്പോള്‍ അവന്‍ പറഞ്ഞു: ”എന്റെ ഉപ്പ പെരുന്നാളിന്റെ മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തും. എന്നിട്ട് ഉപ്പാന്റെ കൂടെ പോയി ഞാന്‍ ഡ്രസ്സെടുക്കും.” 

അപ്പോഴേക്കും ബെല്ലടിച്ചു. സ്‌കൂള്‍ വിട്ടു. ഗെയ്റ്റിനടുത്തെത്തിയപ്പോള്‍ ഫാസില്‍ ബഷീറിനോട് ചോദിച്ചു: ”ബഷീറേ, നീ എന്താണ് എടുത്തത്?” 

ബഷീര്‍ ഫാസിലിനെ നോക്കി ചിരിച്ചു. കണ്ണുകള്‍കൊണ്ട് ആംഗ്യം കാണിച്ചു. ഇല്ല! ഫാസില്‍ സ്‌കൂള്‍ വാഹനത്തില്‍ കയറിപോയി.

ഫാസിലിന്റെ ഉപ്പ വന്നു. അവര്‍ ഡ്രസ്സെടുക്കാന്‍ ടൗണില്‍ പോയി. നല്ല ഭംഗിയുള്ള രണ്ടുകൂട്ടം ഡ്രസ്സെടുത്തു. നേരെ പോയത് ബഷീറിന്റെ വീട്ടിലേക്ക്. 

”ബഷീറേ… ബഷീറേ…” ഫാസില്‍ മുറ്റത്തുനിന്ന് ഉറക്കെ വിളിച്ചു. 

അകത്തുനിന്ന് ബഷീറിന്റെ ഉമ്മ പുറത്തേക്ക് വന്നു. അവര്‍ ഫാസിലിനെയും ഉപ്പയെയും വീട്ടിലേക്ക് ക്ഷണിച്ചു. ഫാസില്‍ ബഷീറിനെ അന്വേഷിച്ചു. 

”അവന്‍ പറമ്പില്‍ പന്തുകളിയിലാണ്” ഉമ്മ പറഞ്ഞു. 

അവര്‍ മുറ്റത്തിറങ്ങി ബഷീറിനെ ഉറക്കെ വിളിച്ചു. അവന്‍ ഓടിയെത്തി. മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കണ്ട് അവന്‍ അമ്പരന്നു. സലാം പറഞ്ഞ് അകത്തു കയറിയപ്പോള്‍ കൂട്ടുകാരനെയും ഉപ്പയെയും കണ്ട അവന്‍ ആശ്ചര്യപ്പെട്ടു. 

ഫാസില്‍ കയ്യിലുള്ള കവര്‍ ബഷീറിനു നേരെ നീട്ടി: ”ഇതാ, ഇത് നിനക്കുള്ള പെരുന്നാള്‍ വസ്ത്രമാണ്.”

ബഷീര്‍ വിശ്വസിക്കാനാകാതെ നില്‍ക്കുമ്പോള്‍ ഫാസിലിന്റെ ഉപ്പ പറഞ്ഞു: ”വാങ്ങ് മോനേ, നിനക്ക് പെരുന്നാളിന് പുതുവസ്ത്രമെടുക്കുന്നില്ലെങ്കില്‍ തനിക്കും വേണ്ട എന്ന വാശിയിലായിരുന്നു എന്റെ മോന്‍.” 

ബഷീര്‍ അത് വാങ്ങി. അവന്‍ കൂട്ടുകാരനെ കെട്ടിപ്പിടിച്ചു. അന്നേരം അവന്‍ സന്തോഷത്താല്‍ തേങ്ങിക്കരയുന്നുണ്ടായിരുന്നു. ഫാസിലിന്റെ കണ്ണുകളും നിറഞ്ഞിരുന്നു. മക്കളുടെ നിഷ്‌കളങ്ക സ്‌നേഹം കണ്ടപ്പോള്‍ ബഷീറിന്റെ ഉമ്മയുടെയും ഫാസിലിന്റെ ഉപ്പയുടെയും കണ്ണുകളും നിറഞ്ഞൊഴുകി.

 

ദുല്‍ക്കര്‍ഷാന്‍.എ
നേർപഥം വാരിക

സന്മനസ്സ്

സന്മനസ്സ്

ഒരു ഞായറാഴ്ച. മഴക്കാലമാണെങ്കിലും നല്ല തെളിഞ്ഞ കാലാവസ്ഥ. മഴയുടെ നേരിയൊരു ലക്ഷണം പോലുമില്ല. സ്‌കൂളില്ലാത്ത ദിവസമായതിനാല്‍ മഴയില്ലെങ്കില്‍ മദ്‌റസ വിട്ടുവന്നതിനുശേഷം ക്രിക്കറ്റു കളിക്കാന്‍ കുട്ടുകാരോടൊപ്പം പദ്ധതിയിട്ടതാണ്. ആഗ്രഹം പോലെ അന്തരീക്ഷം തെളിഞ്ഞതാണ്. സുനീറിന് ആഹ്ലാദമായി. അവന്‍ ൈമതാനത്തേക്ക് പുറപ്പെട്ടു. കൂട്ടുകാരെല്ലാം ചായ കുടിച്ച് അവിടെ എത്തിയിട്ടുണ്ടാകും. റഫീഖ് അവന്റെ വീട്ടിലുണ്ടാകും. അവനെയും വിളിക്കണം. വരുമോ എന്നറിയില്ല. ക്രിക്കറ്റിനെക്കാള്‍ വായനയോടാണ് അവനു താല്‍പര്യം. ഒഴിവുസമയം കിട്ടിയാലുടന്‍ ഏതെങ്കിലും പുസ്തകമെടുത്ത് വായന തുടങ്ങും. അവന്റെ വീട്ടിലാണെങ്കില്‍ എമ്പാടും പുസ്തകങ്ങളുമുണ്ട്. വേണമെങ്കില്‍ വരട്ടെ; വിളിച്ചു നോക്കാം.

ഇങ്ങനെ മനസ്സില്‍ ഓരോന്നു വിചാരിച്ചുകൊണ്ട് ടാറിടാത്ത പഞ്ചായത്തു റോഡിലൂടെ നടന്നു നീങ്ങവെ ദൂരെയൊരാള്‍ റോഡില്‍ എന്തോ പണിയിലേര്‍പെട്ടിരിക്കുന്നത് സുനീറിന്റെ ശ്രദ്ധയില്‍ പെട്ടു. വെള്ളം കെട്ടിനില്‍ക്കുന്ന ഒരു ചളിക്കുണ്ടാണവിടെയുള്ളത്. അതിലൂടെ നടന്നുപോകാന്‍ വലിയ പ്രയാസമാണ്. കാലുകള്‍ ചളിയില്‍ ആണ്ടു പോകും. മഴക്കാലമായാല്‍ അവിടെ എല്ലാ വര്‍ഷവും അങ്ങനെയാണ്. ആരുമത് നന്നാക്കാന്‍ ശ്രമിക്കാറുമില്ല. ഇന്ന് ആര്‍ക്കാണാവോ അതിന് സന്മനസ്സു തോന്നിയിരിക്കുന്നത്! 

കുറച്ച് അടുത്തെത്തിയപ്പോള്‍ സുനീറിന് ആളെ മനസ്സിലായി. റഫീഖ്! റഫീഖ് റോഡു നന്നാക്കുകയോ? അത്ഭുതം തന്നെ! സ്‌കൂളില്‍ കുടുതല്‍ മാര്‍ക്കു വാങ്ങുന്ന കുട്ടി. മാത്രമല്ല പണക്കാരനായ അബ്ദുറഹ്മാന്‍ ഹാജിയുടെ മകന്‍. അവന്‍ എന്തിനീ പണിയെടുക്കുന്നു? എന്തോ രഹസ്യം അതിലുണ്ട്. 

അടുത്തെത്തിയപ്പോള്‍ സുനീര്‍ സലാം പറഞ്ഞു. റഫീഖ് പുഞ്ചിരിയോടെ സലാം മടക്കി.

”എന്താ റഫീഖ്, നീ റോഡു നന്നാക്കുന്ന പണി ഏറ്റെടുത്തോ? എന്താണു കൂലി?”-തെല്ലു പരിഹാസം കലര്‍ന്ന മട്ടിലാണ് സുനീര്‍ ചോദിച്ചത്.

”സ്‌നേഹിതാ, ആരും കൂലിപ്പണി എന്നെ ഏല്‍പിച്ചിട്ടില്ല. ഈ റോഡ് ചളിയും വെള്ളവും നിറഞ്ഞു വൃത്തികേടായി കിടക്കുന്നതും ഇതിലൂടെ ആളുകള്‍ കടന്നുപോകാന്‍ വിഷമിക്കുന്നതും ഞാന്‍ കാണാറുണ്ട്. ഇന്നലെ ഒരു വൃദ്ധന്‍ ഈ ചളിക്കുണ്ടില്‍ കാല്‍വഴുതി വീണു. പാവം! എനിക്ക് വളരെ സങ്കടം തോന്നി. നാളെ എന്നെക്കൊണ്ട് കഴിയുംവിധം ഇതു നന്നാക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തു. ഇനി ആരും ഇതില്‍ വീണുപോകരുത്. അതിനായി കല്ലുകള്‍ പെറുക്കിക്കൊണ്ടുവന്ന് ഈ ചളിയിലിട്ട് നടന്നുപോകാനുള്ള സൗകര്യമൊരുക്കുന്നു. വാഹനങ്ങള്‍ക്കും സുഗമമായി കടന്നുപോകാം. നന്നുപോകുന്നവര്‍ക്ക് ചളി തെറിച്ച് വസ്ത്രം വൃത്തികേടാകാതെ സൂക്ഷിക്കാം. ഇത് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച ഒരു പുണ്യകര്‍മം കൂടിയാണ്.”

”നബി(സ്വ) പഠിപ്പിച്ചെന്നോ? റോഡു നന്നാക്കാനോ!”സുനീറിന് വിശ്വസിക്കാനായില്ല.

”അതെ! വഴിയില്‍നിന്ന് ഉപദ്രവങ്ങള്‍ നീക്കം ചെയ്യല്‍ പുണ്യകര്‍മമാണെന്നും അത് ഈമാനില്‍ പെട്ടതാണെന്നും നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്”- റഫീഖ് വിശദീകരിച്ചു.

”ഇതിനും പടച്ചവന്‍ പ്രതിഫലം തരുമെന്നോ?”

”അതെ, അവന്റെ പ്രതിഫലം മാത്രം ആഗ്രഹിച്ച് ചെയ്താല്‍.”

”സ്‌നേഹിതാ! എങ്കില്‍ ഞാനെന്തിനു മടിക്കണം? ക്രിക്കറ്റു കൡയൊക്കെ പിന്നെ! നമ്മള്‍ നന്നാക്കിയ വഴിയിലൂടെ ആളുകള്‍ പ്രയാസമില്ലാതെ നടന്നുപോകുന്നത് ഓര്‍ക്കുമ്പോള്‍ തന്നെ സന്തോഷം തോന്നുന്നു. എല്ലാ മുസ്‌ലിംകള്‍ക്കും ഈ ചിന്തയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു”- ഇങ്ങനെ പറഞ്ഞുകൊണ്ട് സുനീര്‍ കൂട്ടുകാരന്റെ കൂടെ ജോലിയില്‍ വ്യാപൃതനായി.

 

അബൂറാഷിദ
നേർപഥം വാരിക

നല്ല അയല്‍ക്കാരന്‍

നല്ല അയല്‍ക്കാരന്‍

വളരെ നല്ലവനും ധനികനുമായ ഒരാളാണ് മുനീര്‍. അദ്ദേഹത്തിന് അഹ്മദ് എന്നു പേരുള്ള ഒരു അയല്‍ക്കാരനുണ്ട്. അഹ്മദ് വളരെ ദരിദ്രനാണ്. എന്താവശ്യമുണ്ടെങ്കിലും മുനീര്‍ അഹ്മദിനെ സഹായിക്കും. ധനികനാണെന്ന നാട്യമോ അഹങ്കാരമോ അദ്ദേഹത്തില്‍ ഒട്ടുമില്ല.

ഒരിക്കല്‍ മുനീര്‍ കച്ചവടാവശ്യാര്‍ഥം ദൂരെയെങ്ങോ പോയി. ഇടയ്ക്കിടെ അങ്ങനെ പോകാറുണ്ട്. പിന്നീട് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞേ മടങ്ങിവരാറുള്ളൂ. ആയിടയ്ക്കാണ് അഹ്മദിന്റെ ഭാര്യ തീരെ സുഖമില്ലാതെ ആശുപത്രിയില്‍ കിടപ്പിലായത്. താമസിയാതെ അവര്‍ക്ക് ഒരു ഓപ്പറേഷന്‍ ആവശ്യമാണെന്നും അല്ലാത്തപക്ഷം ജീവന്‍ രക്ഷപ്പെടില്ലെന്നും അതിന് ഭീമമായ സംഖ്യ വേണ്ടിവരുമെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ അഹ്മദ് വളരെയധികം ദുഃഖിതനായി. കൂലിപ്പണിക്കാരനായ തനിക്ക് ഭീമമായ ഒരു സംഖ്യ ആരെങ്കിലും കടംതരുമോ? ആരോടെങ്കിലും യാചിച്ച് കാശുണ്ടാക്കാന്‍ മനസ്സ് സമ്മതിക്കുന്നുമില്ല. മുനീര്‍ സ്ഥലത്തുണ്ടായിരുന്നുവെങ്കില്‍ എന്തെങ്കിലും പോംവഴിയുണ്ടാകുമായിരുന്നു.

ഒടുവില്‍ അഹ്മദ് കാശുണ്ടാക്കാന്‍ ഒരു വഴി കണ്ടെത്തി; തന്റെ കൊച്ചുവീടും സ്ഥലവും വില്‍ക്കുക! ഭാര്യയുടെ ജീവനാണല്ലോ പ്രധാനം. അവള്‍ സുഖംപ്രാപിച്ച ശേഷം വല്ല വാടകവീട്ടിലും താമസിക്കാം.

വീടും സ്ഥലവും വില്‍ക്കാന്‍ തീരുമാനിച്ച വിവരമറിഞ്ഞ് ഒരു കച്ചവടക്കാരന്‍ അഹ്മദിനെ സമീപിച്ചു. അയാള്‍ വില പറഞ്ഞു; ഒരുലക്ഷം രൂപ.

”വെറും ഒരു ലക്ഷമോ” അഹ്മദ് ചോദിച്ചു.

”അതുതന്നെ അധികമാണ്. അതിന്റെ പകുതിപോലും കിട്ടാന്‍ മാത്രം ഈ വീടും സ്ഥലവുമില്ല” -കച്ചവടക്കാരന്‍ തറപ്പിച്ചു പറഞ്ഞു.

”സ്‌നേഹിതാ! ഒരു ലക്ഷത്തിന് ഈ വീടും സ്ഥലവും ഇല്ലായിരിക്കാം. പക്ഷേ, ഈ വീടിന് ഒരു അയല്‍ക്കാരനുണ്ട്; മുനീര്‍. ഉദാരനും മാന്യനും ഭക്തനുമായ ഒരു മനുഷ്യന്‍. ഞാന്‍ രോഗിയായാല്‍ അയാള്‍ എന്നെ സന്ദര്‍ശിക്കും. എന്റെ ആവശ്യങ്ങള്‍ ചോദിച്ചറിയും. എന്റെ സുഖത്തില്‍ സന്തോഷിക്കും. എന്റെ ദുഃഖത്തില്‍ അയാളും ദുഃഖിക്കും. ഇന്നേവരെ അയാളില്‍നിന്ന് മോശമായ ഒരു വാക്കുപോലും കേള്‍ക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹം സ്ഥലത്തില്ല. എപ്പോള്‍ വരുമെന്നുമറിയില്ല. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ആവശ്യമായ സഹായം ചെയ്തു തന്നേനെ”-നല്ലവനായ അയല്‍വാസിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അഹ്മദിന്റെ കണ്ണുകള്‍ നിറഞ്ഞു.

ഈ വാക്കുകള്‍ കേട്ടപ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞു: ”മുനീറിനെപ്പോലുള്ള ഒരു അയല്‍വാസിയുണ്ടെങ്കില്‍ എത്രകിട്ടിയാലും ഈ വീട് വില്‍ക്കുന്നത് ശരിയല്ല. കാശിന് പടച്ചവന്‍ എന്തെങ്കിലും വഴി കാണിച്ചുതരും. ഞാന്‍ പോകുന്നു”.

ഇതും പറഞ്ഞ് കച്ചവടക്കാരന്‍ തിരിച്ചുപോയി. അഹ്മദ് കൂടുതല്‍ ദുഃഖിതനായി. ആകെയുള്ള ഒരു വഴിയായിരുന്നു വീടുവില്‍ക്കല്‍. അതും മുടങ്ങിയാല്‍ എന്തുചെയ്യും?

എന്നാല്‍ അന്നു രാത്രിതന്നെ മുനീര്‍ മടങ്ങിയെത്തി. വിവരങ്ങളെല്ലാം അറിഞ്ഞ മുനീര്‍ പിറ്റേദിവസം കാലത്തുതന്നെ ആശുപത്രിയിലെത്തി. അഹ്മദിന്റെ ഭാര്യയെ ആശ്വസിപ്പിച്ചു; രോഗശമനത്തിനു വേണ്ടി പ്രാര്‍ഥിച്ചു. അഹ്മദിനെ അരികില്‍ വിളിച്ചുകൊണ്ട് മുനീര്‍ പറഞ്ഞു:

”സഹോദരാ, നിനക്ക് ആകെയുള്ള കിടപ്പാടം നീ വില്‍ക്കരുത്. നിന്നെ അയല്‍ക്കാരനായി എനിക്കുവേണം. നിന്റെ ഭാര്യയെ ചികിത്സിക്കാന്‍ കാശില്ലാതെ നീ വിഷമിക്കേണ്ട. എന്തു വന്നാലും അത് ഞാന്‍ വഹിക്കാം”.

സന്തോഷാധിക്യത്താല്‍ മുനീറിനെ കെട്ടിപ്പിടിച്ച് അഹ്മദ് വിതുമ്പിക്കരഞ്ഞു.

ഈ വിവരമറിഞ്ഞ പലരും തങ്ങള്‍ക്ക് മുനീറിനെപ്പോലുള്ള ഒരു അയല്‍വാസിയെ കിട്ടിയെങ്കില്‍ എന്നാശിച്ചുപോയി.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

അലിവുള്ള ഹൃദയം

അലിവുള്ള ഹൃദയം

വൈകുന്നേരം സ്‌കൂളില്‍നിന്നും മടങ്ങിയെത്തിയപ്പോള്‍ സലീമിന്റെ മുഖം വാടിയിരുന്നു. ഉമ്മ ഭക്ഷണത്തിനു വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു:

”എനിക്കു വേണ്ട ഉമ്മാ…”

”എന്തുപറ്റി മോനേ നിനക്ക്, പനിക്കുന്നുണ്ടോ?”- ഉമ്മ അവനെ തൊട്ടുനോക്കി.

”എനിക്ക് പനിയും തലവേദനയുമൊന്നുമില്ലുമ്മാ.”

”പിന്നെ എന്തുപറ്റി നിനക്ക്? എന്താ ഭക്ഷണം വേണ്ടെന്നു പറഞ്ഞത്? സാധാരണ സ്‌കൂളില്‍നിന്നു വരാറുള്ളത് നല്ല വിശപ്പോടെയാണല്ലോ!”

”എന്റെ കൂട്ടുകാരന്‍ സുബൈര്‍ ഇന്ന് സ്‌കൂളില്‍ വന്നില്ല. അവന്‍ സുഖമില്ലാതെ കിടപ്പിലാണത്രെ.”

”കഷ്ടം! അവന്റെ അസുഖം അല്ലാഹു മാറ്റിക്കൊടുക്കട്ടെ. പക്ഷേ, അതിന് നീയിങ്ങനെ വിഷമിച്ചിരുന്നിട്ടെന്തുകാര്യം?”

”എനിക്ക് അവനെയൊന്നു സന്ദര്‍ശിക്കണം. രോഗിയെ സന്ദര്‍ശിക്കല്‍ മുസ്‌ലിംകള്‍ തമ്മിലുള്ള ബാധ്യതകളില്‍പെട്ട ഒന്നാല്ലോ. ഉമ്മ അതിന് അനുവാദം തരുമോ?”

”വളരെ നല്ലകാര്യം! എങ്കില്‍ മോന്‍ വേഗം പോയി വാ. ഇരുട്ടുംമുമ്പ് ഇങ്ങ് തിരിച്ചെത്തണം.”

സലീമിന്റെ മുഖം പ്രസന്നമായി. അവന്‍ സലാം പറഞ്ഞ് മുറ്റത്തിറങ്ങിയപ്പോള്‍ ഉമ്മ പറഞ്ഞു:

”സലീം! അവിടെ നില്‍ക്ക്.”

അവന്‍ നിന്നു. ഉമ്മ ഒരു നൂറുരൂപ നോട്ട് അവന്റെ കയ്യില്‍ കൊടുത്തുകൊണ്ട് പറഞ്ഞു:

”വെറും കയ്യോടെ പോകേണ്ട. അവന് ഇഷ്ടമുള്ള പഴമോ മറ്റോ വാങ്ങിക്കൊടുക്ക്.”

സലീം കാശുവാങ്ങി കീശയിലിട്ട് നടന്നു. നടക്കവെ അവന്‍ ഓര്‍ത്തു. സുബൈര്‍ പാവപ്പെട്ട കുടുംബത്തിലെ കുട്ടിയാണ്. നല്ലവണ്ണം പഠിക്കും. സ്‌കൂളിലും മദ്‌റസയിലും അവനും താനും അടുത്തടുത്താണിരിക്കുന്നത്. ഓറഞ്ച് അവനു വലിയ ഇഷ്ടമാണ്. ഈ കാശിന് ഓറഞ്ചു വാങ്ങാം. അല്ലെങ്കില്‍ പഴമൊന്നും വാങ്ങാതിരുന്നാലോ? മരുന്നിനൊക്കെ ഒരുപാട് കാശ് വേണ്ടിവരില്ലേ? കാശ് കൊടുത്താല്‍ അതായിരിക്കില്ലേ അവന് കൂടുതല്‍ ഉപകാരപ്രദം? കഴിഞ്ഞ ആഴ്ചയാണ് രോഗികളെ സന്ദര്‍ശിക്കല്‍ പുണ്യകരമാണെന്നും മുസ്‌ലിംകള്‍ തമ്മിലുള്ള ബാധ്യതയില്‍പെട്ടതാണെന്നുമൊക്കെ മദ്‌റസയില്‍നിന്ന് പഠിച്ചത്. തനിക്ക് കൂട്ടുകാരനെ കാണുകയും ചെയ്യാം; പടച്ചവന്‍ അതിന് പ്രതിഫലവും നല്‍കും.

സുബൈറിന്റെ വീട്ടിലെത്തിയപ്പോള്‍ സലീം കതകില്‍ മുട്ടി.

”ആരാ?”- അകത്തുനിന്നും സുബൈറിന്റെ ഉമ്മ.

”ഞാന്‍ സലീം. സുബൈറിന്റെ കൂട്ടുകാരന്‍”- ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ അകത്തുള്ളവര്‍ ആരാണെന്നു ചോദിച്ചാല്‍ വ്യക്തമായി പേരുപറയണമെന്ന ഇസ്‌ലാമിക മര്യാദ ഓര്‍മയുള്ളതുകൊണ്ട് സലീം തന്നെ പരിചയപ്പെടുത്തി.

സുബൈറിന്റെ ഉമ്മ കതകു തുറന്നു.

”അസ്സലാമു അലൈക്കും” -അകത്തേക്കു പ്രവേശിക്കവെ സലീം സലാം പറഞ്ഞു.

”വ അലൈക്കുമുസ്സലാം” -കിടക്കുകയായിരുന്ന സുബൈറും ഉമ്മയും ഒപ്പമാണ് സലാം മടക്കിയത്.

”വാ മോനേ, കേറിയിരിക്ക്” – ഉമ്മ സ്‌നേഹത്തോടെ പറഞ്ഞു.

സലീം സുബൈറിന്റെ അരികിലിരുന്നു. സുബൈര്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.

”വേണ്ട, എഴുന്നേല്‍ക്കേണ്ട…”- സലീം അവനെ തടഞ്ഞു. സലീം കൂട്ടുകാരന്റെ നെറ്റിയിലും നെഞ്ചിലുമൊക്കെ തൊട്ടുനോക്കി.

”എപ്പോഴാണ് നിനക്ക് പനി തുടങ്ങിയത്? ഡോക്ടറെ കാണിച്ചില്ലേ?”

”വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടുവന്ന ഉടനെ തുടങ്ങിയതാണ്. ഭയങ്കരമായ ശരീരവേദനയുമുണ്ട്. ശനിയാഴ്ച കാലത്തുതന്നെ ഡോക്ടറെ കാണിച്ചു. അഞ്ചുതരം മരുന്നിനെഴുതി. മൂന്നു ദിവസം കഴിഞ്ഞ് ചെല്ലാന്‍ പറഞ്ഞു.”

”മരുന്ന് കൃത്യമായി കഴിക്കുന്നില്ലേ?”- ആ ചോദ്യം കേട്ടപ്പോള്‍ സുബൈറിന്റെ കണ്ണുകള്‍ നിറഞ്ഞു.

”എന്താ സുബൈര്‍! മരുന്ന് വാങ്ങിയില്ലേ?”

ഉപ്പാന്റെയടുത്തുണ്ടായിരുന്ന കാശിന് ഒരു കുപ്പിമരുന്ന് വാങ്ങി. ഉപ്പാന്റെയടുത്ത് കാശില്ലാഞ്ഞിട്ടാണ്. കഠിനമായ പണിയൊന്നുമെടുക്കാന്‍ ഉപ്പാക്ക് കഴിയില്ലെന്ന് നിനക്കറിയാമല്ലോ. കഴിഞ്ഞാഴ്ച പുസ്തകത്തിനു തന്ന കാശുതന്നെ ആരുടെയോ അടുത്തുനിന്ന് കടംവാങ്ങിയതാണ്”- സുബൈറിന്റെ ശബ്ദമിടറി. അതുകണ്ടപ്പോള്‍ സലീമിന്റെ കണ്ണുകളും നിറഞ്ഞു.

ഈ രംഗം കണ്ടുകൊണ്ടാണ് സുബൈറിന്റെ ഉമ്മ ചായയുമായി കടന്നുവന്നത്. അവര്‍ ചോദിച്ചു:

”എന്തിനാ സുബൈറേ നീ നമ്മുടെ ഇല്ലായ്മകളും വല്ലായ്മകളും പറഞ്ഞ് ഈ കുട്ടിയുടെ മനസ്സു വിഷമിപ്പിക്കുന്നത്?”

”ഉമ്മാ! സുബൈര്‍ എന്റെ ആത്മാര്‍ഥ കൂട്ടുകാരനാണ്. അവന്റെ അവസ്ഥ എന്നോടു പറയുന്നതില്‍ യാതൊരു തെറ്റുമില്ല”-സലീം പറഞ്ഞു.

കൂട്ടുകാരുടെ പരസ്പര സ്‌നേഹം കണ്ടപ്പോള്‍ ഉമ്മയുടെ കണ്ണുകളും നിറഞ്ഞു.

”എവിടെ സുബൈര്‍ നിന്റെ മരുന്നിന്റെ ലിസ്റ്റ്, ഞാനൊന്നു കാണട്ടെ”- സലീം.

സുബൈര്‍ തലയണയുടെ ചുവട്ടില്‍നിന്നും ലിസ്‌റ്റെടുത്തു കൊടുത്തു. ചായ ഒരിറക്കു കുടിച്ചിട്ട് ലിസ്റ്റ് പോക്കറ്റിലിട്ട് ഞാനിപ്പോള്‍ വരാമെന്നു പറഞ്ഞ് സുബൈര്‍ പുറത്തിറങ്ങി. ഇറങ്ങിയ പാടെ അവന്‍ ഓടുകയായിരുന്നു.

”സലീം…”

”സലീം… കുട്ടി എങ്ങോട്ടാ…?”

സുബൈറിന്റെയും ഉമ്മയുടെയും വിളി കേള്‍ക്കാത്ത അകലത്തില്‍ അപ്പോഴേക്കും അവന്‍ എത്തിയിരുന്നു.

ഓടുന്നതിനിടയില്‍ സലീം ചിന്തിച്ചു: പഴം വാങ്ങാതിരുന്നത് നന്നായി. മരുന്നു വാങ്ങാന്‍ കാശായല്ലോ. തികയുമോ ആവോ?

മരുന്നുഷോപ്പില്‍ ചെന്ന് ലിസ്റ്റ് നല്‍കിക്കൊണ്ട് സലീം ചോദിച്ചു:

”ഇതിലെ മരുന്നിന് എത്രയാകും?”.

ലിസ്റ്റുവാങ്ങി നോക്കിയിട്ട് കടക്കാരന്‍ പറഞ്ഞു:

”നൂറ്റി അമ്പതു രൂപ”.

”എന്റെ പക്കല്‍ നൂറുരൂപയേ ഉള്ളൂ. ബാക്കി എന്തായാലും ഞാന്‍ നാളെ എത്തിക്കാം. മരുന്ന് തന്നുകൂടേ?”

”പറ്റില്ല. മരുന്ന് കടംകൊടുക്കുന്ന എര്‍പ്പാടില്ല”- കടക്കാരന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സലീം വിഷണ്ണനായി നിന്നു. ഇനി എന്തുചെയ്യും? കുറച്ചുേനരം ചിന്തിച്ചുനിന്ന ശേഷം സലീം തന്റെ വാച്ച് അഴിച്ച് കടക്കാരനുനേരെ നീട്ടിക്കൊണ്ട് പറഞ്ഞു:

”ഇതാ, ഇത് വെച്ചോളൂ. ആയിരം രൂപ വിലയുള്ള വാച്ചാണ്. അമ്പതുരൂപ നാളെ തരുമ്പോള്‍ തിരിച്ചുതന്നാല്‍ മതി. മരുന്നെല്ലാം ഇേപ്പാള്‍ തന്നെ വേണം.”

കടക്കാരന്‍ സ്തബ്ധനായിനിന്നു. അയാള്‍ ചോദിച്ചു:

”നീ ആരുടെ കുട്ടിയാ?”

അവന്‍ പിതാവിന്റെ പേരും വീട്ടുപേരും പറഞ്ഞുകൊടുത്തു.

”അയ്യോ! മോനെ അറിയാത്തതുകൊണ്ട് പറഞ്ഞതാണ് കേട്ടോ. വാച്ച് മോന്‍ കയ്യില്‍ വെച്ചോ. മരുന്ന് തരാം. ബാക്കി കാശ് നാളെ എത്തിച്ചാല്‍ മതി.”

മരുന്നുമായി സലീം തിരിച്ചോടി. തിരിച്ചു ചെല്ലുമ്പോള്‍ സുബൈറിന്റെ ഉമ്മ മുറ്റത്ത് നില്‍പുണ്ടായിരുന്നു. മരുന്ന് ഉമ്മയുടെ കയ്യില്‍ കൊടുത്തുകൊണ്ട് സലീം പറഞ്ഞു:

”ഇന്നു തന്നെ കുടിച്ചു തുടങ്ങണം.”

”എന്തിനാ മോനേ നീയിത്ര ബുദ്ധിമുട്ടിയത്? മരുന്ന് അവന്റെ ഉപ്പ വാങ്ങുമായിരുന്നു” – ഇതു പറഞ്ഞപ്പോള്‍ ഉമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.

”ഉമ്മാ! എന്റെ കയ്യില്‍ കാശുണ്ടായിരുന്നു. അതുകൊണ്ട് മരുന്നു വാങ്ങി. ഇതില്‍ എനിക്കെന്തു ബുദ്ധിമുട്ട്? കഴിവുള്ളവര്‍ ഇല്ലാത്തവനെ സഹായിക്കണമെന്നല്ലേ ഇസ്‌ലാം പഠിപ്പിക്കുന്നത്? അതല്ലേ സുബൈറേ മദ്‌റസയില്‍നിന്നും നമ്മള്‍ പഠിച്ചത്?”

ഉമ്മറത്തിരിക്കുകയായിരുന്ന സുബൈര്‍ പുഞ്ചിരിക്കുക മാത്രം ചെയ്തു.

”നേരം വൈകി. ഇരുട്ടുംമുമ്പ് തിരിച്ചെത്താന്‍ ഉമ്മ പറഞ്ഞതാ. ഇന്‍ശാ അല്ലാഹ്; ഞാന്‍ നാളെ വരാം”- സലീം സലാം പറഞ്ഞ് ഇറങ്ങിനടന്നു. സുബൈറും ഉമ്മയും അവന്‍ പോകുന്ന് കണ്ണിമവെട്ടാതെ നോക്കിനിന്നു.

വീട്ടില്‍ തിരിച്ചെത്തിയ പാടെ സലീമിനോട് ഉമ്മ ചോദിച്ചു:

”എങ്ങനെയുണ്ട് നിന്റെ കുട്ടുകാരന്? ആശ്വാസമുേണ്ടാ? ഡോക്ടറെ കാണിച്ചിട്ടില്ലേ?”

”ഡോക്ടറെ കാണിച്ചിരുന്നു. പക്ഷേ, കാശില്ലാത്തതിനാല്‍ എല്ലാ മരുന്നും വാങ്ങി കഴിച്ചിരുന്നില്ല. ബാക്കി മരുന്ന് ഞാന്‍ വാങ്ങിക്കൊടുത്തു.”

”അതിന് നിനക്ക് കാശെവിടെനിന്ന് കിട്ടി?”- ഉമ്മ അത്ഭുതത്തോടെ ചോദിച്ചു.

അവന്‍ നടന്നതെല്ലാം ഉമ്മയോടു പറഞ്ഞു. ഉമ്മ മകനെ സന്തോഷത്തോടെ വാരിപ്പുണര്‍ന്നുകൊണ്ട്പറഞ്ഞു:

”മോനേ, ഇങ്ങനെയായിരിക്കണം ഒരു നല്ല മുസ്‌ലിം. തന്റെ സഹോദരനുവേണ്ടി എന്തു ത്യാഗവും ചെയ്യാനുള്ള മനസ്സ് നീ നിലനിര്‍ത്തണം. ഉപ്പ വന്നാല്‍ നിന്റെയീ സന്മനസ്സിനെപ്പറ്റി ഞാന്‍ പറഞ്ഞുകൊടുക്കും. ഉപ്പാക്ക് വലിയ സന്തോഷമാകും. പിന്നെ, കടക്കാരനോടുള്ള കരാര്‍ പാലിക്കാന്‍ മറക്കരുത്. ബാക്കി തുക നാളെത്തന്നെ കൊടുക്കണം.”

പള്ളിയില്‍നിന്നും മഗ്‌രിബ് ബാങ്ക് മുഴങ്ങി. സലീം വുദൂഅ് ചെയ്ത് പള്ളിയിലേക്കു പുറപ്പെട്ടു. അവന്റെ മനസ്സില്‍ എെന്തന്നില്ലാത്ത ഒരാനന്ദം അലതല്ലുന്നുണ്ടായിരുന്നു.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക

മാതാപിതാക്കളെ അനുസരിക്കുക

മാതാപിതാക്കളെ അനുസരിക്കുക

”മോനേ… ഫൈസലേ… യൂനിഫോം മാറ്റി വിശക്കുന്നതിന് വല്ലതും കഴിച്ച് ഒന്ന് കടയില്‍ പോയി വരണം. കുറച്ചു സാധനങ്ങള്‍ വാങ്ങാനുണ്ട്” ഫൈസല്‍ സ്‌കൂള്‍ വിട്ട് വന്നയുടനെ ഉമ്മ പറഞ്ഞു.

അതുകേട്ടപ്പോള്‍ അവനാകെ ദേഷ്യം കയറി. ഭക്ഷണം കഴിച്ചയുടന്‍ ക്രിക്കറ്റ് കളിക്കാന്‍ ചെല്ലാമെന്ന് കൂട്ടുകാര്‍ക്ക് ഉറപ്പു കൊടുത്തതാണ്. ഇന്നലെ സലീമിന്റെ ടീം തന്റെ ടീമിനെ തോല്‍പിച്ചതാണ്. ഇന്ന് അവരെ തോല്‍പിച്ചേ അടങ്ങൂ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഒരു കടയില്‍ പോക്ക്. ഈ ഉമ്മാക്ക് വേറെ പണിയൊന്നുമില്ലേ?

”എന്നെക്കൊണ്ടാവില്ല കടയിലും കുടയിലുമൊക്കെ പോകാന്‍. ഞാന്‍ കളിക്കാന്‍ പോകുകയാണ്”- ഫൈസല്‍ ദേഷ്യത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു.

”കളിയൊക്കെ പിന്നെ. ഇപ്പോള്‍ കടയില്‍ പോയേ തീരൂ”- ഉമ്മ.

”എനിക്കിപ്പോള്‍ സൗകര്യമില്ല. കളി കഴിഞ്ഞിട്ട് സമയമുണ്ടെങ്കില്‍ പോകാം”- അവന്‍ തറപ്പിച്ചു പറഞ്ഞു.

”ഏതായാലും നീ വല്ലതും കഴിക്ക്”- കൂടുതല്‍ തര്‍ക്കിച്ചാല്‍ മകന്‍ ഭക്ഷണം കഴിക്കില്ല എന്നോര്‍ത്ത് സ്‌നേഹനിധിയായ ആ ഉമ്മ അനുനയരൂപത്തില്‍ പറഞ്ഞു.

ഭക്ഷണം വേഗത്തില്‍ വാരിവലിച്ചുതിന്ന് ഫൈസല്‍ കളിക്കാനായി ഇറങ്ങിയോടി. ഉമ്മയുടെ ‘മോനേ’ എന്ന വിളി കേള്‍ക്കാത്ത മട്ടില്‍ അവന്‍ കൂട്ടുകാരെ കൂക്കിവിളിച്ച് മുന്നോട്ടു കുതിച്ചു.

കളി തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞുകാണും. അന്നേരമാണ് അതു സംഭവിച്ചത്. ബോളിന്റെ പിന്നാലെ ഓടുകയായിരുന്ന ഫൈസല്‍ മറിഞ്ഞുവീണു. വീണിടത്തു കിടന്നുരുണ്ടു. എഴുന്നേല്‍ക്കാനുള്ള ശ്രമം വിഫലമായി. കൂട്ടുകാര്‍ ഓടിവന്ന് താങ്ങി എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചു. കാലുകള്‍ നിലത്തുറക്കുന്നില്ല. ശക്തമായ വേദനയാല്‍ അവന്‍ വാവിട്ടു കരഞ്ഞു. കാലിന്റെ എല്ല് എവിടെയോ പൊട്ടിയിട്ടുണ്ട്. കളി അവസാനിപ്പിച്ച് എല്ലാവരും ഫൈസലിന്റെ ചുറ്റും കൂടി.

”എന്നെ വേഗം ആശുപത്രിയില്‍ കൊണ്ടുപോകണേ… എന്റെ കാലൊടിഞ്ഞേ…എന്റെ ഉമ്മാ….” കഠിനമായ വേദനയാല്‍ അവന്‍ എരിപൊരികൊണ്ടു.

ആ സമയത്താണ് നജീബ് മൗലവി അതുവഴി വന്നത്. കരച്ചില്‍ കേട്ട് അദ്ദേഹം കുട്ടികളുടെ അടുത്തേക്ക് ചെന്നു. ഫൈസലിന്റെ പരിക്ക് ചെറുതല്ലെന്ന് ബോധ്യമായപ്പോള്‍ ഒരു ഒാട്ടോറിക്ഷ വിളിച്ചുവരുത്തി നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തിച്ചതിനു ശേഷം ഫൈസലിന്റെ വീട്ടില്‍ വിവരമറിയിച്ചു. അവന്റെ ഉപ്പ ഗള്‍ഫിലാണ്. പിന്നെയുള്ളത് ജ്യേഷ്ഠനാണ്. അവന്‍ കോളേജ് വിട്ട് വരുമ്പോള്‍ സന്ധ്യയാകും. വിവരമറിഞ്ഞയുടന്‍ ഉമ്മ ആശുപത്രിയിലോടിയെത്തി.

”എന്റെ പൊന്നുമോനെന്തു പറ്റി….”- പൊട്ടിക്കരഞ്ഞുകൊണ്ടാണവര്‍ മകനെ സമീപിച്ചത്.

”പേടിക്കാനൊന്നുമില്ല. കാലിന്റെ എല്ലിന് ചെറിയ പൊട്ടുണ്ടോ എന്നു സംശയമുണ്ട്. എക്‌സ്‌റേ എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്”- നജീബ് മൗലവി ഉമ്മയെ ആശ്വസിപ്പിച്ചു.

ഉമ്മ ഫൈസലിന്റെ അരികത്തിരുന്നു. കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് അവനെ തലോടി.

”എന്റെ മോനേ… ഉമ്മ പറഞ്ഞതു കേള്‍ക്കാതെ മോന്‍ ഇറങ്ങി ഓടിയതല്ലേ….” അവര്‍ വിതുമ്പി.

അന്നു രാത്രി തന്നെ ഫൈസലിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു. പിറ്റേ ദിവസം ആശുപത്രി വിട്ടു. അവന്‍ വീട്ടില്‍ നടക്കാന്‍ വയ്യാതെ കിടപ്പിലായി. ഒന്നരമാസം ഈ കിടപ്പു കിടക്കണം. അതോര്‍ത്തപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു.

നജീബ് മൗലവി ഫൈസലിനെ കാണാന്‍ വന്നു. അവന്റെ അരികിലിരുന്ന് അവന്റെ രോഗശമനത്തിനായി പ്രാര്‍ഥിച്ച ശേഷം അദ്ദേഹം ചോദിച്ചു:

”ഉമ്മ പറഞ്ഞതു കേള്‍ക്കാതെ മോന്‍ ഇറങ്ങി ഓടിയതല്ലേ എന്ന് നിന്റെ ഉമ്മ ആശുപത്രിയില്‍ വെച്ച് നിന്നോട് ചോദിക്കുന്നത് കേട്ടു. അതു ശരിയാണോ?”

”ശരിയാണ്. കടയിലേക്ക് പോകാന്‍ പറഞ്ഞപ്പോള്‍ സൗകര്യമില്ലെന്നു പറഞ്ഞ് ഞാന്‍ ഇറങ്ങി ഓടിയതാണ്.”

”നീ അങ്ങനെ അനുസരക്കേട് കാട്ടിയിട്ടും നിന്റെ ഉമ്മ നിന്നോട് ദേഷ്യപ്പെടുകയോ നിന്നെ വെറുക്കുകയോ ചെയ്തിട്ടില്ല. നിനക്ക് അപകടം പറ്റി എന്നറിഞ്ഞപ്പോള്‍ ആശുപത്രിയിലേക്ക് അവര്‍ ഓടിവന്നു. ‘എന്റെ പൊന്നുമോനെന്തു പറ്റി’ എന്ന് പൊട്ടിക്കരച്ചിലോടെ ചോദിച്ചു. അങ്ങനെ ജീവനുതുല്യം നിന്നെ സ്‌നേഹിക്കുന്ന ഉമ്മയോട് അനുസരണക്കേടു കാണിച്ചത് ശരിയായില്ലെന്ന് നിനക്കിപ്പോള്‍ ബോധ്യമായോ? മാതാപിതാക്കളെ വെറുപ്പിച്ചാല്‍, അവരെ അനുസരിക്കാതിരുന്നാല്‍ അല്ലാഹുവിന്റെ കോപമുണ്ടാകും എന്നു നീ മദ്‌റസയില്‍നിന്ന് പഠിച്ചിട്ടില്ലേ?”

അതുകേട്ടപ്പോള്‍ അവന്‍ കണ്ണുകള്‍ ഇറുകിയടച്ചു. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

താന്‍ അനുസരണക്കേടു കാണിച്ചിട്ടും ദേഷ്യപ്പെട്ടിട്ടും ഉമ്മാക്കെന്നോട് ദേഷ്യമില്ല. അവര്‍ തന്നെ അതിരറ്റു സ്‌നേഹിക്കുന്നുണ്ട്. പകരം താന്‍ സ്‌നേഹം കൊടുക്കുന്നില്ല- ഈ ചിന്തകള്‍ അവനെ ദുഃഖിതനാക്കി.

നജീബ് മൗലവി പറഞ്ഞു:

”മാതാപിതാക്കളോടുള്ള കടമയുടെ ഗൗരവം മോന്‍ മനസ്സിലാക്കണം. സൂറതുല്‍ ഇസ്‌റാഇലെ ഇതു സംബന്ധിച്ച ആയത്തുകള്‍ നീ കേട്ടിട്ടില്ലേ? അതില്‍ അല്ലാഹു പറഞ്ഞു: ”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോടു നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്ന് നീ പറയുകയും ചെയ്യുക.”

”ഈ ആയത്ത് ഞാന്‍ മദ്‌റസയില്‍നിന്ന് പഠിച്ചിട്ടുണ്ട്. പക്ഷേ, ഇതൊന്നും ഞാന്‍ ഓര്‍ക്കാറില്ല”- കണ്ണുനീര്‍ തുടച്ചുകൊണ്ട് ഫൈസല്‍ പറഞ്ഞു.

”മാതാവിനോടുള്ള കടപ്പാട് പ്രത്യേകം സൂചിപ്പിക്കുന്ന ഹദീസുകളുമുണ്ട്. ഒരിക്കല്‍ നബി(സ്വ)യുടെ അടുത്തു വന്ന് ഒരാള്‍ ചോദിച്ചു: ‘പ്രവാചകരേ, ഏറ്റവും നല്ല സഹവാസത്തിന് കടമപ്പെട്ടവര്‍ ആരാണ്?’. അവിടുന്ന് അരുളി: ‘നിന്റെ മാതാവ്’. ‘പിന്നീടാരാണ്?’. ‘നിന്റെ മാതാവ്’. ‘പിന്നീടാരാണ്?’. ‘നിന്റെ മാതാവ്’. പിന്നീടാരാണെന്ന് (നാലാംതവണ) തിരുമേനിയോട് ചോദിച്ചപ്പോള്‍ ‘നിന്റെ പിതാവ്’ എന്നു പറഞ്ഞു. ഇതില്‍നിന്നും മാതാവിനോടുള്ള കടമയുടെ ആഴം മനസ്സിലായല്ലോ.”

”എന്റെ തെറ്റുകള്‍ എനിക്ക് ബോധ്യമായിട്ടുണ്ട്. ഇനി ഞാന്‍ എന്റെ ഉമ്മയെ അനുസരിക്കാതിരിക്കില്ല. അവരോട് ഉച്ചത്തില്‍ സംസാരിക്കില്ല. ദേഷ്യപ്പെടില്ല”- ഉറച്ച തീരുമാനത്തോടെ ഫൈസല്‍ പറഞ്ഞു.

”വളരെ നല്ല തീരുമാനം. പടച്ചവന്‍ അനുഗ്രഹിക്കട്ടെ. ഞാന്‍ പോകുന്നു. അസ്സലാമു അലൈക്കും”-നജീബ് മൗലവി യാത്ര പറഞ്ഞിറങ്ങി.

 

ഉസ്മാന്‍ പാലക്കാഴി
നേർപഥം വാരിക