മനസ്സില്‍ കുടികൊള്ളുന്ന വെറുപ്പ്, പക, അസൂയ, വിദ്വേഷം തുടങ്ങിയ നിഷേധാത്മകമായ വികാരങ്ങള്‍ മനസ്സിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. മനസ്സ് ആരോഗ്യപൂര്‍ണമാവണമെങ്കില്‍ സംസാരം നന്നാവേണ്ടതുണ്ട്. വളച്ചുകെട്ടും വക്രതയുമില്ലാതെ നേരേചൊവ്വെ അല്ലാഹുവെ സൂക്ഷിച്ച് സംസാരിക്കുന്നതില്‍കൂടി മാത്രമെ നമുക്ക് സ്വസ്ഥത കൈവരിക്കാന്‍ കഴിയുകയുള്ളൂ. നല്ല വാക്കുകള്‍ സംസാരിക്കുന്നതിലൂടെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു നന്നാക്കിത്തരും, പാപങ്ങള്‍ അവന്‍ മാപ്പാക്കി നല്‍കും എന്നത് ക്വുര്‍ആന്‍ അറിയിക്കുന്ന സന്തോഷവാര്‍ത്തയാണ്. പരദൂഷണം പറയുന്നതും, കുറ്റം പറയുന്നതും, വായാടിത്തവും, ചീത്ത പറയുന്നതും, അതിരുകവിഞ്ഞുള്ള വര്‍ണനയും ഇസ്‌ലാം വിലക്കുന്ന സംസാരങ്ങളാണ്. ‘വര്‍ത്തമാനം പറയുമ്പോള്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറയുന്നവര്‍ക്ക് നാശം’ എന്ന പ്രവാചക അധ്യാപനം സംസാരത്തില്‍ നാം സ്വീകരിക്കേണ്ട സൂക്ഷ്മത മാനസിക ഐശര്യവും സന്തോഷവും വര്‍ധിപ്പിക്കാന്‍ സഹായകരമാണ് എന്ന വസ്തുത ബോധ്യപ്പെടുത്തുന്നതാണ്.
കോവിഡ്-19 വ്യാപനം സമൂഹത്തില്‍ ഭീതിവളര്‍ത്താനും മാനസികാരോഗ്യം ക്ഷയിപ്പിക്കാനും കാരണമായിട്ടുണ്ടെന്ന് കൗണ്‍സലിംഗ് കേസുകള്‍ സൂചിപ്പിക്കുന്നു. വിശ്വാസികളെന്ന നിലയില്‍ നമ്മുടെ ശാരീരിക, മാനസികാരോഗ്യത്തിന് നാം മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്. ആരോഗ്യവും ശക്തിയുമുള്ള വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയെക്കാള്‍ അല്ലാഹുവിനിഷ്ടം. അതുകൊണ്ട്തന്നെ ഇന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ നമ്മുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ നാം ഉള്‍ക്കൊള്ളേണ്ട ചില നിര്‍ദേശങ്ങള്‍ നമുക്ക് ചര്‍ച്ചചെയ്യാം:
1. മനസ്സിന്റെ ഊര്‍ജ്വസ്വലതയും ആത്മവീര്യവും വര്‍ധിപ്പിക്കുന്നതിനായി നിത്യവും ക്വുര്‍ആന്‍ അര്‍ഥ സഹിതം പാരായണം ചെയ്യുന്നതിനും പഠനം നടത്തുന്നതിനും മുന്തിയ പരിഗണന നല്‍കുക.
2. പ്രവാചകന്‍ ﷺ പഠിപ്പിച്ച, രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്‌റുകള്‍ കൃത്യമായി ചൊല്ലുക. ഒപ്പം പ്രാര്‍ഥനകള്‍ അധികരിപ്പിക്കുക.
3. നേരത്തെ എഴുന്നേല്‍ക്കുകയും രാത്രി നേരത്തെ ഉറങ്ങുകയും ചെയ്യുക. ഇശാഅ് നമസ്‌കാരത്തിന് ശേഷം വെറുതെ സംസാരിച്ചിരിക്കുന്നത് നബി ﷺ ഇഷ്ടപ്പെട്ടിരുന്നില്ല. രാത്രി 9.30നെങ്കിലും ഉറങ്ങാന്‍ കഴിഞ്ഞാല്‍ രാവിലെ 4 മണിക്ക് എഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിക്കാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല. പ്രഭാത നമസ്‌കാരവും ക്വുര്‍ആന്‍ പാരായണവും ഏറെ മനസ്സാന്നിധ്യം നല്‍കുന്ന കര്‍മ്മങ്ങളാണെന്നറിയുക.
4. ശരീരത്തിനാവശ്യമായ സമീകൃത പോഷകാഹാരങ്ങള്‍ കഴിക്കുക. ശരിയായ ഭക്ഷണവും വിശ്രമവും നമ്മുടെ മാനസികാവസ്ഥയെയും വികാരങ്ങളെയും സമചിത്തതയോടെ കൈകാര്യം ചെയ്യുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.
5. ശരീരത്തിന് ഹാനികരമായ പുകവലി, മദ്യപാനം, ലഹരി എന്നിവ പൂര്‍ണമായി വര്‍ജിക്കുക. മദ്യപാനവും ലഹരിയും മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഉല്‍പന്നങ്ങളാണെന്ന് തിരിച്ചറിയുക. നിരന്തര മദ്യപാനം തലച്ചോറില്‍ Thiamineന്റെ അപര്യാപ്തത ഉണ്ടാക്കുന്നതും ഓര്‍മക്കുറവ്, നേത്ര വൈകല്യം, മാനസികാസ്വാസ്ഥ്യം, ചലന പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് എത്തിക്കുകയും ചെയ്യും.
6. ശരിയായ അളവില്‍ നമ്മുടെ ശരീരത്തില്‍ സൂര്യപ്രകാശം കിട്ടേണ്ടതുണ്ട്. എങ്കില്‍ മാത്രമെ ശരീരത്തില്‍ Vitamin D ഉണ്ടാവുകയുള്ളൂ. മനസ്സിന്റെ ‘മൂഡു’കളെ നിയന്ത്രിക്കുന്നEndorphins Serotonin തുടങ്ങിയ ഇവലാശരമഹ െതുലനാവസ്ഥയില്‍ എത്തണമെങ്കില്‍ ശരിരത്തില്‍ വേണ്ട അളവില്‍ സൂര്യപ്രകാശം കിട്ടേണ്ടതുണ്ട്. 1/2 മണിക്കൂര്‍ തൊട്ട് 2 മണിക്കൂര്‍ വരെ നമ്മുടെ ശരിരത്തിന് നിര്‍ബന്ധമായും കിട്ടേണ്ട ഒന്നാണ് സൂര്യപ്രകാശം എന്ന് പലര്‍ക്കും അറിയില്ല.
7. മാനസികാരോഗ്യം വീണ്ടെടുക്കണമെങ്കില്‍ നാം മാനസിക പിരിമുറുക്കം ലഘൂകരിക്കേണ്ടതുണ്ട്. നാം ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങള്‍, ജോലികള്‍, ബാധ്യതകള്‍ മുമ്പുള്ളതിനെക്കാള്‍ നമ്മില്‍ Stress ഉണ്ടാക്കുന്നുണ്ട്. Sharing Caring and Listening (പങ്കുവെക്കുക, പരിഗണിക്കുക, തുറന്ന് കേള്‍ക്കുക)- ഇതിലൂടെ ഒരു പരിധിവരെ ടൃേല ൈഇല്ലാതാക്കാന്‍ കഴിയും.
ഉറ്റ സുഹൃത്തുക്കളോടോ, ഭാര്യയോടോ ഭര്‍ത്താവിനോടോ മനസ്സിലെ നൊമ്പരങ്ങളും ആകുലതകളും പങ്കുവെക്കുക, അതിന് തയ്യാറാവുക എന്നതാണ് പരിഹാരം. അതിലുപരി സ്രഷ്ടാവായ, അത്യുദാരനായ അല്ലാഹുവുമായി സുദൃഢബന്ധം സ്ഥാപിക്കുക എന്നതും അവനോട് എല്ലാം പറയുക എന്നതും ടെന്‍ഷന്‍ കുറക്കാന്‍ പറ്റുന്ന ഏറ്റവും നല്ല മാര്‍ഗമാണ്.
8. അലസതയില്‍നിന്ന് മോചനം നേടുക, കര്‍മങ്ങളില്‍ വ്യാപൃതരാവുക.
മനസ്സ് ആരോഗ്യപൂര്‍ണമാവണമെങ്കില്‍ നബി ﷺ യുടെ അധ്യാപനം ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണ്. നബി ﷺ പറഞ്ഞു: ‘രണ്ട് അനുഗ്രഹങ്ങള്‍; അവയില്‍ മിക്ക മനുഷ്യരും നഷ്ടം ബാധിക്കുന്നവരാണ്. ആരോഗ്യവും ഒഴിവുസമയവും (ആണ് അവ)’ (ബുഖാരി).
ഒഴിവുസമയം കിട്ടിയാല്‍ അധ്വാനിക്കണം എന്നത് ക്വുര്‍ആനിന്റെ അധ്യാപനമാണ്. കാര്യങ്ങള്‍ അലസതയില്ലാതെ നിര്‍വഹിക്കണമെങ്കില്‍ വേണ്ടത് അല്ലാഹുവിന്റെ സഹായമാണ്. കാര്യങ്ങളുടെ പര്യവസാനം നന്നായിത്തീരാന്‍ വേണ്ടിയും അലസതയില്‍നിന്ന് മോചനം കിട്ടാന്‍വേണ്ടിയും നിരന്തരം പ്രാര്‍ഥിക്കേണ്ടതുണ്ട്.
9. വ്യായാമങ്ങള്‍ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും: ഫുട്‌ബോള്‍, ഷട്ടില്‍, നീന്തല്‍ നടത്തം തുടങ്ങിയവ.
10. മറ്റുള്ളവരെ സഹായിക്കാന്‍ സമയം കണ്ടെത്തുക.
11. സാമൂഹ്യ ബന്ധങ്ങള്‍ മനസ്സിന് കൂടുതല്‍ ഉന്മേഷവും ഊര്‍ജവും പകരുന്നതാണ്. കുടുംബ ബന്ധം ചേര്‍ക്കുന്നത് ഏറ്റവും പുണ്യകരവും മാനസികാരോഗ്യം നിലനിര്‍ത്തുന്നതുമായ കാര്യമാണ്.
അയല്‍പക്കബന്ധം നന്നാക്കുക, രോഗികളെ സന്ദര്‍ശിക്കുക; പ്രാര്‍ഥിക്കുക, സഹായിക്കുക, പരിചരിക്കുക; മയ്യിത്തിനെ അനുഗമിക്കുക, വിധവകള്‍, അനാഥകള്‍, അശരണര്‍ എന്നിവരെ സഹായിക്കുക. അല്ലാഹുവിന്റെ തൃപ്തി മാത്രം ലക്ഷ്യമാക്കി അന്നദാനം നടത്തുക. പൊതുനന്മകളിലും കാരുണ്യപ്രവര്‍ത്തനങ്ങളിലും പങ്കാളിയാവുക.
പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമുള്ള വൃദ്ധരെയും വൈകല്യമുള്ളവരെയും നിരാലംബരെയും സഹായിക്കുക എന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന, മാനസികാരോഗ്യം ഉയര്‍ത്തുന്ന കര്‍മമാണ്.
12. അല്ലാഹു നല്‍കിക്കൊണ്ടിരിക്കുന്ന അസംഖ്യം അനുഗ്രഹങ്ങള്‍ എടുത്തുപറയുക എന്നതും അല്ലാഹുവോട് നന്ദികാണിക്കുക എന്നതും മനസ്സിന് കുളിര്‍മയും സംതൃപ്തിയും നല്‍കുന്നതാണ്.
13. ദാനധര്‍മങ്ങള്‍, സകാത്ത്; ഇവ രണ്ടും മനസ്സിന്റെ നന്മയുടെ പ്രതീകങ്ങളാണ്. താന്‍ സമ്പാദിച്ചുണ്ടാക്കിയ സമ്പത്തിന്റെ ശുദ്ധീകരണവും അര്‍ഹതപ്പെട്ടവരുടെ അവകാശവുമാണ് സകാത്ത്. നിശ്ചയിക്കപ്പെട്ടവരിലേക്ക് അത് എത്തുന്നത് മുഖേന, നല്‍കുന്ന വ്യക്തിയെ സംബന്ധിച്ചേടുത്തോളം അത് ആത്മസായൂജ്യത്തിന് വകനല്‍കുന്നതും മാനസികാരോഗ്യം വളര്‍ത്തുന്നതുമാണ്.
14. നമുക്ക് അല്ലാഹു നല്‍കിയ അഭിരുചിയും കഴിവുകളും വ്യത്യസ്തമാണ്. അവ ഏതെന്ന് കണ്ടെത്തി പ്രയോജനപ്പെടുത്തുക എന്നതാണ് അതിപ്രധാനം. ഇതും മാനസികാരോഗ്യത്തിന് മാറ്റുകൂട്ടും. എന്നാല്‍ അല്ലാഹു അനുവദിച്ച നിയമപരിധികള്‍ മനസ്സിലാക്കിവേണം ഓരോ വ്യക്തിയും തനിക്ക് നല്‍കപ്പെട്ട കഴിവുകളെ പ്രയോജനപ്പെടുത്താന്‍ എന്നത് പ്രധാനമാണ്.
15. എനിക്ക് വിധിക്കപ്പെട്ടതെല്ലാം എന്റെ കാരുണ്യവാനായ അല്ലാഹു നല്‍കുന്ന നന്മയാണെന്ന് തിരിച്ചറിയാനും വിധിയില്‍ സംതൃപ്തിപ്പെടാനും കഴിയുക എന്നത് വിശ്വാസിക്ക് മാത്രം അല്ലാഹു നല്‍കുന്ന പാരിതോഷികമാണ്.
പ്രൊഫ. കെ.പി സഅദ്
നേർപഥം വാരിക