മുസ്‌ലിം പ്രീണനം; ദുരാരോപണവും അവകാശധ്വംസനവും

മുസ്‌ലിം പ്രീണനം; ദുരാരോപണവും അവകാശധ്വംസനവും

”ഒരേസമയം രണ്ട് തരം പീഡനമാണ് മുസ്‌ലിംകള്‍ ഏല്‍ക്കേണ്ടി വരുന്നത്. ദേശ വിരുദ്ധര്‍ എന്ന ആക്ഷേപവും മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നു എന്ന ആരോപണവും. തങ്ങള്‍ ദേശവിരുദ്ധരല്ലെന്നും ഭീകരവാദികളല്ലെന്നും ദിവസേന തെളിയിക്കേണ്ട അവസ്ഥയാണ് മുസ്‌ലിംകള്‍ക്കുള്ളത്.”

ബാബരി മസ്ജിദിന്റ ധ്വംസനത്തിന് ശേഷം ഇന്ത്യന്‍ മുസ്‌ലിംകളില്‍ അരക്ഷിതബോധം നിലനില്‍ക്കുന്നുവെന്ന തിരിച്ചറിവില്‍നിന്ന് മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് നിയോഗിച്ച ജസ്റ്റിസ് രജിന്ദര്‍ സച്ചാര്‍ ചെയര്‍മാനായ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശമാണ് മുകളില്‍ വായിച്ചത്.

ഇസ്‌ലാംവെറുപ്പിന്റെ ആഗോളീകരണം ജനാധിപത്യ ഇന്ത്യയില്‍പോലും ഉണ്ടാക്കിയ സാമുദായിക ദുരവസ്ഥയാണിത് വരച്ചുകാട്ടുന്നത്. ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും മതനിരപേക്ഷതയുമെല്ലാം കേവലം മുസ്‌ലിം പ്രീണനങ്ങള്‍ക്കുവേണ്ടി നെയ്തുണ്ടാക്കിയവയാണെന്ന് ‘മനോഹരമായി’ ദുര്‍വ്യാഖ്യാനിക്കുന്ന കാവി ബുദ്ധിജീവികള്‍ നിവസിക്കുന്ന രാജ്യമാണ് നമ്മുടേത്. 2017ല്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിവേചനം കാണിക്കുന്നുവെന്ന് പറഞ്ഞ് അന്നത്തെ ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗത്തില്‍ ‘മുസ്‌ലിം പ്രീണന’മാണ് രാജ്യത്തെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന സന്ദേശമാണ് നല്‍കിയത്. രാജ്യവ്യാപകമായി സംഘപരിവാര മിഷണറികള്‍ അതിന് പ്രചാരണം നല്‍കി.

‘ഒരു ഗ്രാമത്തില്‍ ഖബറിസ്ഥാനുണ്ടെങ്കില്‍ അവിടെ ശ്മശാനവും അനുവദിക്കണം. റമദാനും ഈദിനും വൈദ്യുതിയുണ്ടെങ്കില്‍ ദീപാവലിക്കും ഹോളിക്കും വൈദ്യുതി നല്‍കണം’ എന്നും അദ്ദേഹം തന്റ പ്രസംഗത്തില്‍ വാചാലമായതോടുകൂടി മുസ്‌ലിം സമുദായത്തിന് അധികാരികള്‍ യഥേഷ്ടം വാരിക്കോരി നല്‍കുന്നുണ്ടെന്ന വ്യാജവര്‍ത്തമാനം രാജ്യമാകെ പടര്‍ന്നു. മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ അധികാരസോപാനങ്ങളിലേക്ക് ഇടിച്ചുകയറാന്‍ കാലങ്ങളായി ബിജെപിയും സംഘപരിവാരങ്ങളും നെയ്‌തെടുത്ത കള്ളപ്രചാരണങ്ങളുടെ പട്ടികയില്‍ ഇത് ഒന്നാം സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നുവെന്നതാണ് വാസ്തവം. അധികാരികളോടൊപ്പം മറ്റെല്ലാ രാഷ്ട്രീയകക്ഷികളും മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണെന്നും അവര്‍ പ്രചാരണം നടത്തുന്നു.

2016ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിനെതിരെ ശിവസേനയും ഇതേ ആരോപണമുന്നയിച്ചിരുന്നു. അവിടുത്തെ മുസ്‌ലിം ഉദേ്യാഗസ്ഥന്‍മാര്‍ക്ക് വെള്ളിയാഴ്ച പന്ത്രണ്ടരമുതല്‍ രണ്ടുമണിവരെ പ്രാര്‍ഥനയ്ക്കായി സമയമസവദിച്ചുവെന്നാണ് അതിനായി അവര്‍ കണ്ടെത്തിയ തെളിവ്. മറ്റു സംസ്ഥാനങ്ങള്‍കൂടി ഇതനുകരിക്കാന്‍ സാധ്യതയുള്ളതിനാല്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ശിവസേന നേതാവ് മനീഷാ കായന്തെ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രേരിതമായ നടപടിയാണിതെന്ന് പറഞ്ഞ് വ്യാപകമായ പ്രചാരണവും നടത്തി.

‘പ്രീണനം:’ കേരളീയ പശ്ചാത്തലം

സഹകരണ വകുപ്പ് കാലങ്ങളായി ഓണക്കാലത്ത് നടത്തുന്ന സഹകരണ വിപണിയില്‍ ‘മുഹര്‍റം ചന്ത’ എന്ന നാമം ഏറെ വിവാദങ്ങള്‍ക്ക് തുടക്കംകുറിച്ചിരുന്നു. ഇതിനെ ചിലര്‍ മുസ്‌ലിം പ്രീണനത്തിനായുള്ള അധികാരികളുടെ തന്ത്രങ്ങളിലൊന്നായി വ്യാഖ്യാനിച്ചു. ചിലരാകട്ടെ വര്‍ഗീയ ധ്രുവീകരണത്തിനായി മേമ്പൊടി ചേര്‍ത്ത് മറ്റു ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും പ്രകോപിപ്പിക്കാനായി ഉപയോഗപ്പെടുത്തുവാന്‍ ശ്രമിച്ചു. ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് അതിരൂക്ഷമായി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ചത് ഇതിന്റ പേരില്‍ പ്രീണന രാഷ്ട്രീയം ആരോപിച്ചുകൊണ്ടാണ്. കണ്‍സ്യൂമര്‍ ഫെഡിന്റ വാചകങ്ങളില്‍നിന്ന് ആ പദം നീക്കം ചെയ്‌തെങ്കിലും അത്തരം പരാമര്‍ശങ്ങളുണ്ടാക്കിയ സാമുദായിക വെറുപ്പ് മായ്ച്ചുകളയാന്‍ ആര്‍ക്ക് സാധിക്കും?

തെരഞ്ഞെടുപ്പ് രാഷ്ട്രിയത്തിലെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള വാചകക്കസര്‍ത്തുകളില്‍ താല്‍കാലികമായി ലാഭം കൊയ്‌തെടുക്കാമെങ്കിലും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ ദീര്‍ഘദൃഷ്ടിയോടെ കാണാനാവാത്തത് കഴിവുകേടാണെന്ന് പറയാനാവില്ല. കൊളോണിയല്‍ വ്യവഹാരങ്ങളില്‍ മതങ്ങള്‍ക്കും ജാതീയതകള്‍ക്കും വ്യത്യസ്ത സാമൂഹ്യ പദവികളാണ് നല്‍കിക്കൊണ്ടിരുന്നത്. അധികാരത്തിന്റെ അനശ്വരതയ്ക്ക് നാടിന്റെ അവകാശികളായ ജനത പരസപരം കലഹിച്ചുകൊണ്ടിരിക്കണമെന്നതാണ് ഇത്തരം സാമൂഹ്യ പദവി കല്‍പിച്ചുനല്‍കാന്‍ പ്രേരിപ്പിച്ചത്. സാമാജ്യത്വവിരുദ്ധത ആയിരം തവണ നാവുകളിലൂടെ നിര്‍ഗളിച്ചൊഴുകുമ്പോഴും അവരുടെ നയംതന്നെ ഉല്‍ബുദ്ധരായ കേരള ജനതയിലും പ്രയോഗിക്കുന്നത് അധികാരദാഹത്താല്‍ ബുദ്ധിഭ്രമം സംഭവിച്ചതുകൊണ്ട് തന്നെയാണെന്ന് പറഞ്ഞാല്‍ അധികമാവില്ല. മദ്‌റസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സും കേരള സര്‍ക്കാര്‍ നല്‍കുന്നുവെന്ന വ്യാപകമായ പ്രചാരണം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞാടിയിട്ടും അധികാരികളുടെ കുറ്റകരമായ മൗനം പ്രീണന രാഷ്ട്രീയത്തിന് പുതിയമാനം നല്‍കുന്നതായിരുന്നു. മുന്‍ ഡിജിപി അടക്കമുള്ള സംഘപരിവാര ബുദ്ധികേന്ദ്രങ്ങള്‍ ഏറ്റെടുത്ത് അതിന് പരമാവധി കവറേജ് നല്‍കിയിട്ടുണ്ടെങ്കില്‍ അവരുടെ മാധ്യമങ്ങള്‍ ഭീകരമായ കഥകളാക്കി വികൃതരൂപം നല്‍കിയിട്ടുമുണ്ടാകാം.

അധികാരമോഹം പൂവണിഞ്ഞതിനുശേഷം മദ്‌റസാധ്യാപകര്‍ക്ക് യാതൊരു സഹായവും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന സത്യം വിളിച്ചുപറഞ്ഞപ്പോഴേക്ക് സാമുദായിക ധ്രുവീകരണങ്ങള്‍ക്ക് വേഗത കൂടിയിരുന്നുവെന്നതാണ് സമകാലിക സാഹചര്യങ്ങള്‍ വിളിച്ചോതുന്നത്. ‘ന്യൂനപക്ഷ ക്ഷേമഫണ്ടില്‍ യാതൊരു തിരിമറിയും നടന്നിട്ടില്ല, മുസ്‌ലിം സമുദായം അനര്‍ഹമായി ഒന്നും നേടിയിട്ടില്ല’ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി തൃശൂര്‍ അതിരൂപത കത്തോലിക്കാ സഭയുടെ മുഖപത്രം മുസ്‌ലിം പ്രീണനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായി മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നതാണ് കേരളജനത കണ്ടത്.

ക്രിസ്ത്യന്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടാണ് മുസ്‌ലിം സമുദായത്തിന് നല്‍കുന്നതെന്ന അതിക്രൂരമായ ആരോപണമുന്നയിക്കുമ്പോള്‍ അനര്‍ഹമായി നേടിയെടുത്ത് തടിച്ചുകൊഴുത്തവരായി കേരള മുസ്‌ലിം സമൂഹത്തെ ചിത്രീകരിക്കുന്നത് അതിശയകരം തന്നെ! സംസ്ഥാനത്തെ പ്രമുഖ ന്യൂനപക്ഷങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നത് കാണാന്‍ കൊതിയോടെ കാത്തിരിക്കുന്നവര്‍ക്കൊരു വിഭവമൊരുക്കുന്നതായിപ്പോയി സഭകളുടെ ഇത്തരം വിമര്‍ശനങ്ങള്‍. മലപ്പുറം ജില്ലയുടെ രൂപീകരവും മുസ്‌ലിം ലീഗിന്റെ മന്ത്രിസഭയിലെ പ്രാധിനിത്യവുമെല്ലാം സമൂഹത്തിലുണ്ടാക്കിയ ചര്‍ച്ചയുടെ പൊരുള്‍ ഇസ്‌ലാംവെറുപ്പില്‍നിന്ന് രൂപപ്പെട്ട മനോവൈകൃതമല്ലാതെ പിന്നെയെന്താണ്? വിവിധ രാഷ്ടീയകക്ഷികളില്‍ ത്യാഗസന്നദ്ധതയോടെ നേതൃത്വം നല്‍കുന്നവരുടെ പാര്‍ലിമെന്ററി പ്രവേശനങ്ങളില്‍ മുസ്‌ലിം സമുദായാംഗമായതിനാല്‍ മാത്രം സംവരണതത്ത്വങ്ങള്‍ പാലിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നതിലേക്ക് പൊതുബോധം രൂപപ്പെട്ടിരിക്കുന്നു. ‘ഹസന്‍-അമീര്‍-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട്’ സംസ്ഥാനം ഭരിക്കുന്നു എന്നു പറഞ്ഞ് ‘ഭീതിപരത്തുന്ന’ മുത്തശ്ശിപ്പത്രങ്ങളുടെ ധാര്‍മികരോഷം ഒരു സമുദായത്തോട് മാത്രം നിറഞ്ഞൊഴുകുന്നതിന്റ പൊരുള്‍ ‘ഫോബിയ’ അല്ലാതെ മറ്റെന്താണ്? മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായി സച്ചാര്‍ സമിതി നിര്‍ദേശിച്ച മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതിലെ ആനുകൂല്യങ്ങള്‍ നൂറ് ശതമാനം നല്‍കുന്നതിന് പകരം അതില്‍നിന്ന് ഇരുപതും പറിച്ചെടുത്ത് ഇതര സമുദായങ്ങള്‍ക്ക് നല്‍കിയിട്ടും അവശേഷിക്കുന്നതുകൂടി എടുത്തുകളയണമെന്ന സംഘപരിവാര ദാര്‍ഷ്ഠ്യം പൊതുബോധമായി രൂപപ്പെടുത്തുന്നതില്‍ വിജയിച്ചുവെന്നതാണ് ഈ കോലാഹലങ്ങളൊക്കെയും സൂചിപ്പിക്കുന്നത്. അതിനായി ചില ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ അത്തരം ദുഃശക്തികളുടെ ചട്ടുകങ്ങളായെന്ന് മാത്രം.

മുസ്‌ലിം സമുദായത്തിന്റെ ദയനീയത!

ഇസ്‌ലാംഭീതിയാല്‍ മസ്തിഷ്‌കഭ്രമം സംഭവിച്ച സംഘപരിവാരങ്ങളുടെ നുണപ്രചാരണങ്ങള്‍ സമൂഹമാധ്യമ തമ്പുരാക്കളടക്കമുള്ള കോര്‍പറേറ്റുകള്‍ ഏറ്റെടുത്തതോടെ മുസ്‌ലിം സമുദായത്തിന്റെ പതിതാവസ്ഥ വിസ്മരിക്കപ്പെടുകയും സാമുദായിക ഔന്നത്യം ആരോപിച്ച് അവകാശങ്ങള്‍ ധ്വംസിക്കുകയും ചെയ്തു. ഫാഷിസ്റ്റ് വര്‍ഗീയ രാഷ്ട്രീയത്തിന് ഒരിക്കലും ഇടംനല്‍കാത്ത മലയാളി പ്രബുദ്ധതിയില്‍ പോലും ഇസ്‌ലാംവെറുപ്പ് പടര്‍ന്നുകയറിയതായാണ് സമീപകാല സംവരണ ചര്‍ച്ചകള്‍ ബോധ്യപ്പെടുത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ മുസ്‌ലിം സമുദായം അതിദയനീയമായ പിന്നാക്കാവസ്ഥയിലാണെന്ന്  നിഷ്പക്ഷ പഠനം നടത്തി പരിഹാരം നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസ് രജിന്ദര്‍ സച്ചാര്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്.

സച്ചാര്‍ സമിതിയുടെ കണ്ടെത്തലിലെ ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ നമുക്ക് വായിക്കാം:

1) സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന മുസ്‌ലിംകള്‍ നാല് ശതമാനത്തില്‍ താഴെയാണ്.

2) മുസ്‌ലിംകള്‍ കുടുതല്‍ താമസിക്കുന്ന സ്ഥലങ്ങളില്‍നിന്ന് പ്രാഥമിക വിദ്യാലയങ്ങള്‍ പോലും കിലോമീറ്ററുകള്‍ ദൂരെയാണ്. അതിനാല്‍ വലതുപക്ഷപ്രചാരണങ്ങള്‍ക്ക് വിരുദ്ധമായി മദ്‌റസയില്‍ പോകുന്നവര്‍ പോലും നാല് ശതമാനത്തോളം മാത്രമാണ്. മുസ്‌ലിം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിരക്ക് മറ്റു സമുദായങ്ങളിലെ കുട്ടികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. പട്ടിണിയും ദാരിദ്ര്യവും കാരണമായി മിക്ക കുട്ടികളും തൊഴിലെടുക്കുവാന്‍ നിര്‍ബന്ധിതരാവുകയാണ്.

3) സര്‍ക്കാര്‍ ജോലികളിലെ മുസ്‌ലിം പ്രാതിനിധ്യം വെറും 4.9 ശതമാനം മാത്രമാണ്! പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിച്ചിരുന്ന പശ്ചിമ ബംഗാളിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുസ്‌ലിം പ്രാധിനിത്യം പൂജ്യം ശതമാനവും!

4) ഇന്ത്യയിലെ സുരക്ഷാസേനകളിലെ പ്രാതിനിധ്യം വെറും 3.2 ശതമാനം.

5) ജില്ലാന്യായാധിപന്‍മാരിലെ പ്രാധിനിത്യം വെറും 2.7 ശതമാനം.

6) അരലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയില്‍ ജനസംഖ്യയുള്ള പട്ടണങ്ങളില്‍ മുസ്‌ലിംകളുടെ പ്രതിശീര്‍ഷ ചെലവ് ഇന്ത്യയിലെ പട്ടികജാതി, പട്ടികവര്‍ഗക്കാരുടേതിനെക്കാള്‍ കുറവാണ്. പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്ലെലാം ഇതാണ് അവസ്ഥ.

7) പലിശയിളവ് നിരക്കില്‍ വായ്പ കിട്ടിയത് 3 ശതമാനത്തില്‍ താഴെ മുസ്‌ലിംകള്‍ക്കാണ്. കടുത്ത ദാരിദ്ര്യത്തിലുള്ളവരെ പട്ടിണിയില്‍നിന്നും രക്ഷിക്കാനുള്ള അന്തേ്യാദയ പദ്ധതിയില്‍ ആനുകൂല്യം കിട്ടിയതു വെറും 1.9 ശതമാനത്തിനും!

8) മുസ്‌ലിം കര്‍ഷകരില്‍ 2.1 ശതമാനത്തിനേ ട്രാക്ടറുള്ളൂ. കൃഷിക്ക് ജലസേചനത്തിന് സ്വന്തമായി കുഴല്‍ക്കിണര്‍ ഉള്ളവര്‍ 1 ശതമാനം മാത്രമാണ്.

9) കണ്ണുതുറപ്പിക്കുന്ന മറ്റൊരാവശ്യം കൂടിയുണ്ട്: ‘ഗര്‍ഭനിയന്ത്രണത്തിനും ആധുനിക ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ക്കുമുള്ള ഗണ്യമായ ആവശ്യം സമുദായത്തില്‍നിന്നുമുണ്ട്.’ 20 ദശലക്ഷത്തിലേറെ ദമ്പതികള്‍ ഇപ്പോള്‍ത്തന്നെ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ‘ഗര്‍ഭധാരണം കുറഞ്ഞതോടെ മുസ്‌ലിം ജനസംഖ്യാവര്‍ധനവിലും കുറവുണ്ടായിട്ടുണ്ട്.’ മുസ്‌ലിംകള്‍ വലിയതോതില്‍ കുട്ടികളുണ്ടാക്കി ഹിന്ദുജനസംഖ്യയെ മറികടക്കാനുള്ള ഗൂഢാലോചനയാണെന്നും ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്നുമുള്ള ഹീനമായ ഫാസിസ്റ്റ് പ്രചാരണത്തിന്റെ പൊള്ളത്തരം വിളിച്ചുപറയുന്നതാണ് ഈ കണക്കുകള്‍!

10) മുസ്‌ലിംകള്‍ എവിടെയെങ്കിലും ഹിന്ദുക്കളുടെ എണ്ണത്തെ കവച്ചുവെക്കും എന്ന കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കില്‍ അത് തടവുകാരുടെ എണ്ണത്തില്‍ മാത്രമാണ് (യുഎസിലെ കറുത്ത വര്‍ഗക്കാരെ പോലെ).

11) മുസ്‌ലിംകളുടെ പൊതുവായ പരാതി അവര്‍ രണ്ട് അപകടങ്ങള്‍ നേരിടുന്നു എന്നാണ്. ‘ദേശവിരുദ്ധര്‍’ എന്നു മുദ്രകുത്തപ്പെടുന്നു, പിന്നെ ‘പ്രീണനം’ എന്ന ആരോപണവും. അവരെ ഒരിക്കലും തുല്യാവകാശങ്ങളുള്ള ഇന്ത്യന്‍ പൗരന്മാരായി തോന്നിപ്പിക്കാതിരിക്കാനുള്ള, വളരെ ആഴത്തില്‍ കണക്കുകൂട്ടിയുള്ള നീക്കമാണത്.

വൈദേശിക കൊളോണിയല്‍ ആധിപത്യത്തില്‍നിന്ന് ഇന്ത്യാമഹാരാജ്യത്തിന്റെ വിമോചനത്തിനായി ജീവാര്‍പ്പണം ചെയ്യാന്‍ തയ്യാറുള്ള ഒട്ടേറെ പേരെ സംഭാവന ചെയ്ത ഒരു സമുദായത്തെ സ്വാതന്ത്ര്യാനന്തരവും ദയനീയമായ പിന്നോക്കാവസ്ഥയില്‍ തളച്ചിടുന്നതില്‍ അധികാരിവര്‍ഗങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. എന്നിട്ടും ഇല്ലാത്ത മേല്‍ക്കോയ്മ കല്‍പിച്ചുനല്‍കി മുസ്‌ലിം സമുദായത്തിന്റെ ആനുകൂല്യങ്ങളെല്ലാം ബാലിശമായ വാദങ്ങളുയര്‍ത്തി അല്‍പാല്‍പമായി പിടിച്ചെടുക്കുന്നതില്‍ ഇടതു-വലത് രാഷ്ട്രീയ പക്ഷങ്ങള്‍ മല്‍സരിക്കുകയാണ്.

കേരളത്തിന്റെ മുസ്‌ലിം പിന്നാക്ക പരിസരം

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനായി സച്ചാര്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റ ഭാഗമായ വി.എസ് അച്ചുതാനന്ദന്‍ സര്‍ക്കാര്‍ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി ചെയര്‍മാനായ ഒരു സമിതി രൂപീകരിക്കുകയുണ്ടായി. സച്ചാര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മുസ്‌ലിം പിന്നാക്കാവസ്ഥ പ്രത്യേകം എടുത്തുപറഞ്ഞ് കൊണ്ടാണ് പാലോളി കമ്മിറ്റിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ക്രൈസ്തവ സമൂഹത്തോട് താരതമ്യം ചെയ്ത് മുസ്‌ലിം വിദ്യാഭ്യാസ നിലവാരം വളരെ പിറകിലാണെന്ന് അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നാക്കാവസ്ഥയും ജനസംഖ്യയും പരിഗണിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആനുപാതികമായി മുസ്‌ലിംകള്‍ക്ക് ലഭിച്ചിട്ടില്ലന്ന വസ്തുതയും അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേരള ജനസംഖ്യയുടെ 26% ഉള്ള മുസ്‌ലിംകള്‍ സര്‍ക്കാര്‍ സര്‍വീസില്‍ 11% മാത്രമാണെന്നും പ്രത്യേക പരാമര്‍ശമുണ്ട്. മദ്‌റസാധ്യാപകരുടെ ദയനീയ ജീവിതനിലവാരവും അവര്‍ക്ക് ക്ഷേമബോര്‍ഡ് രൂപീകരിക്കേണ്ടതിന്റ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നു. മുസ്‌ലിം സമുദായം ഏറെ മുന്നിലെന്ന് വരുത്താന്‍ മാധ്യമങ്ങളും സാംസ്‌കാരിക നായകന്‍മാരുമെല്ലാം മഷി വിതറുമ്പോഴും നിഷ്പക്ഷമായ പഠനങ്ങള്‍ കൃത്യമായ സത്യം ബോധ്യപ്പെടുത്തുന്നുണ്ട്.

മുസ്‌ലിംകള്‍ കൂടുതലായി താമസിക്കുന്ന മലബാര്‍ ഏരിയകളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ മുസ്‌ലിം സമുദായത്തെ പിന്നാക്കാവസ്ഥയില്‍ തളച്ചിടാനുള്ള ശ്രമം അന്തര്‍ധാരയില്‍ സജീവമാണെന്ന് ബോധ്യപ്പെടും. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് മലബാര്‍ ജില്ലകളില്‍ കൂടുതലാണ്. മാത്രമല്ല തെക്കന്‍ ജില്ലകളില്‍ പ്ലസ്‌വണ്‍ സീറ്റുകള്‍ അധികമാവുകയും ഒഴിഞ്ഞ് കിടക്കുകയും ചെയ്യുമ്പോള്‍ മലബാറില്‍ സീറ്റുകള്‍ ലഭിക്കാതെ തുടര്‍പഠനം മുടങ്ങിയവര്‍ ധാരാളമാണ്. മലപ്പുറം ജില്ലയില്‍ മാത്രം 25000ല്‍ അധികം വിദ്യാര്‍ഥികള്‍ പുറത്താണ്.

തിരുവനന്തപുരം 916, കൊല്ലം 1783, പത്തനംതിട്ട 6130, ആലപ്പുഴ 3126, കോട്ടയം 4747, ഇടുക്കി 1942, എറണാകുളം 849 എന്നിങ്ങനെ പ്ലസ്‌വണ്‍ അധിക സീറ്റുകളുണ്ട്. അത്രയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നര്‍ഥം!

എന്നാല്‍ മലപ്പുറം 28804, തൃശൂര്‍ 830, പാലക്കാട് 9695, കോഴിക്കോട് 9513, വയനാട് 1804, കണ്ണൂര്‍ 4670, കാസര്‍കോഡ് 3352; ഇത്രയും വിദ്യാര്‍ഥികള്‍ക്ക് പ്ലസ്‌വണ്‍ പ്രവേശനത്തിന് സീറ്റില്ല. തീര്‍ത്തും പക്ഷപാതപരമായ സമീപനം അധികാരികളില്‍നിന്നുണ്ടാവുന്നത് വളരെ ഖേദകരമാണ്.

കോളേജ് വിദ്യാഭ്യാസത്തിന്റെ സ്ഥിതി ഇതിനെക്കാളും ഭയാനകമാണ്. കാര്യങ്ങള്‍ ഇത്ര പരിതാപകരമായിരുന്നിട്ടും വര്‍ഗീയ കോമരങ്ങള്‍ ചില ഇതര ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ച് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റ ഭാഗമായി സമുദായത്തിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങളിലെ 80:20 കോടതിയില്‍ ചോദ്യംചെയ്ത് തടഞ്ഞുവെച്ചിരിക്കുകയാണ്.

വിദ്യാഭ്യാസ സംവരണത്തിലെ തിരിമറിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം സംഘടനകള്‍ ഒന്നിച്ച് പ്രതിഷേധിച്ചിട്ടും വിദ്യാഭ്യാസ വകുപ്പ് ന്യൂനപക്ഷ ക്ഷേമങ്ങളില്‍നിന്ന് പുറംതിരിഞ്ഞ് വീണ്ടും ഉത്തരവുകളിറക്കിക്കൊണ്ടിരിക്കുകയാണ്. 2020-21 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശം കമ്യൂണിറ്റിക്കോട്ട സംബന്ധിച്ച ഉത്തരവ് സംശയമുണ്ടാക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നതുമാണ്.

സാമൂഹിക പുരോഗതി സാധ്യമാകണം

വൈവിധ്യവും വ്യത്യസ്തയും ഇന്ത്യയുടെ സൗന്ദര്യമാണ്. ഓരോ വിഭാഗം ജനതയിലും അവരുടെ ജീവിതസാഹചര്യങ്ങളനുസരിച്ച് പുരോഗതിയും അധോഗതിയുമുണ്ടാകും. എല്ലാവരുടെയും ജീവിതനിലവാരം ഒരുപോലെ ഉയരുമ്പോഴാണ് ആ രാജ്യം വികസിക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗം അധഃസ്ഥിതരായി നിലകൊള്ളുന്നുവെങ്കില്‍ രാജ്യത്തിന്റെ വികസനം പൂര്‍ണമാകില്ലെന്നര്‍ഥം. അതുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനവേളയില്‍ ഗുജറാത്തില്‍ വന്‍ മതില്‍ കെട്ടി ദരിദ്രരായ നിവാസികളെ മറച്ചുവെക്കാന്‍ ശ്രമിക്കേണ്ടിവന്നത്.

ന്യൂനപക്ഷ, ഭൂരിപക്ഷഭേദമന്യെ ഒരുപോലെ എല്ലാവരുടെയും സാമൂഹ്യനിലവാരം ഉയര്‍ത്തുന്ന വിധം ഭരണം സക്രിയമാകണമെന്ന നിര്‍ബന്ധം രാഷ്ട്രനിയമനിര്‍മാണത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കുണ്ടായിരുന്നു. അതിനായാണ് അവര്‍ മഹത്തായ ഒരു ഭരണഘടന വിഭാവനം ചെയ്തത്. 1946 ഡിസംബറില്‍ ഭരണഘടനാ ഡ്രാഫ്റ്റിന്റെ ആശയാടിത്തറ വിശദീകരിച്ചുകൊണ്ട് നെഹ്‌റു പറഞ്ഞു: ”പൗരന്‍മാര്‍ക്ക് രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും തുല്യ പദവി ഉറപ്പാക്കുന്ന പരമാധികാര റിപ്പബ്ലിക്കായിരിക്കും ഇന്ത്യ. ചിന്തക്കും ആവിഷ്‌കാരത്തിനും കൂട്ടായ്മക്കും ആരാധനക്കും ജോലിക്കുമുള്ള സ്വാതന്ത്ര്യം തുല്യമായിരിക്കും; എന്ന് മാത്രമല്ല ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക, ഗോത്ര വിഭാഗങ്ങള്‍ക്കും മതിയായ പരിരക്ഷ ഉറപ്പുനല്‍കും.”

അതുകൊണ്ടാണ് ഭരണഘടന ഇന്ത്യയില്‍ നിലനിന്നിരുന്ന സാമൂഹികാസമത്വങ്ങളെ ഇല്ലായ്മ ചെയ്യുന്ന പരിവര്‍ത്തന സംവിധാനം കൂടിയാണെന്ന് ചിന്തകര്‍ അഭിപ്രായപ്പെട്ടത്.

ഈ തത്ത്വം പ്രായോഗികമാക്കാനായി ഭരണഘടന നിര്‍ദേശിച്ച കാര്യങ്ങളാണ് സംവരണവും ഭരണരംഗത്തെ മറ്റു ആനുകൂല്യങ്ങളും. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കാമെന്ന ഭരണഘടനയിലെ 340ാം വകുപ്പിന്റെ നിര്‍ദേശമനുസരിച്ചാണ് സച്ചാര്‍ സമിതിയും പാലോളി കമ്മിറ്റിയുമെല്ലാം നിലവില്‍വന്നത്. നിഷ്പക്ഷമായി അവര്‍ അവതരിപ്പിച്ച പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ നടപ്പിലാക്കേണ്ടത് ഭരണാധികാരികളുടെ ചുമതലയാണ്. അത് നടപ്പില്‍ വരുത്തുന്നതിന് പകരം മറ്റുള്ളവരുടെ ദുര്‍ന്യായങ്ങളും അനാവശ്യമായ വാശിയുമെല്ലാം ഏറ്റുപിടിച്ച് അര്‍ഹരായവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയല്ല വേണ്ടത്. ന്യൂനപക്ഷങ്ങളുടെ പരിരക്ഷ ഉറപ്പാക്കുവാനുള്ള ശ്രമവും പദ്ധതികളുമാണ് അനിവാര്യമായിട്ടുള്ളത്. അതിനു സാധ്യമല്ലെങ്കില്‍ ഭരണരംഗത്തും സാമൂഹിക, സാമ്പത്തിക രംഗത്തും സംസ്ഥാനത്തെ എല്ലാ സമുദായങ്ങളുടെയും നിലവിലെ അവസ്ഥ സത്യസന്ധമായി വിശദീകരിക്കുന്ന ധവളപത്രമെങ്കിലും ഇറക്കാന്‍ തയ്യാറാകണം.

മുജീബ് ഒട്ടുമ്മല്‍
നേർപഥം വാരിക

വാര്‍ധക്യം; ചില ഓര്‍മപ്പെടുത്തലുകള്‍

വാര്‍ധക്യം; ചില ഓര്‍മപ്പെടുത്തലുകള്‍

hands, old, old age-2906458.jpg

മനുഷ്യായുസ്സില്‍ നാല് ഘട്ടങ്ങളുണ്ട്; ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം. ഓരോന്നും കടന്നു പോകുന്നത് വ്യത്യസ്തവും വൈവിധ്യവുമായ തലങ്ങൡലൂടെയാണ്.

ബാല്യം തീര്‍ത്തും മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പരിഗണനയും സ്‌നേഹലാളനകളും അനുഭവിച്ചുമാത്രം കടന്നുപോകുന്നു. എന്നാല്‍ കൗമാരം കുടുംബത്തില്‍നിന്നും മാതാപിതാക്കളില്‍നിന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെയും സ്വന്തത്തെക്കുറിച്ച് അഭിമാനം നടിച്ചും ശരീരത്തിലും വസ്ത്രധാരണത്തിലും ഭക്ഷണവിഭവങ്ങളിലും ആസ്വാദനം കണ്ടെത്തിയും ജീവിതത്തിലെ ആസ്വാദന സമയമായി കഴിച്ചുകൂട്ടുന്നു. യുവത്വം ജീവിതത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഘട്ടമാണ്. ബുദ്ധിയും വിവേകവും ഒരുമിച്ചുകൂടുകയും ചിന്തകളും പ്രവര്‍ത്തനങ്ങളും ഒത്തുചേരുകയും ജീവിതരീതിയെയും ജീവിതാഭിലാഷങ്ങളും ചിട്ടപ്പെടുത്തുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന മനുഷ്യായുസ്സിലെ പ്രധാനമുഹൂര്‍ത്തം ഇതുതന്നെയാണ്. ഏറ്റവും ഒടുവിലത്തെത് വാര്‍ധക്യമാണ്. പരാശ്രയം കൂടാതെ ജീവിക്കാന്‍ സാധിക്കാത്ത ഘട്ടം. ഇതാണ് ഏറ്റവും പ്രയാസമേറിയതും കൈപ്പേറിയതുമായ ഘട്ടവും.

മനുഷ്യജീവിതത്തിലെ ഈ നാല് ഘട്ടങ്ങളും അല്ലാഹുവിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണ്. അല്ലാഹു പറയുന്നു: ”നിങ്ങളെ ബലഹീനമായ അവസ്ഥയില്‍നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവന്‍ ശക്തിയുണ്ടാക്കി. പിന്നെ അവന്‍ ശക്തിക്ക് ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവനത്രെ സര്‍വജ്ഞനും സര്‍വശക്തനും” (ക്വുര്‍ആന്‍ 30:54).

പക്ഷിമൃഗാദികള്‍ ജനിക്കുമ്പോള്‍തന്നെ അവയ്ക്ക് അത്യാവശ്യമായ പല കഴിവുകളും നല്‍കപ്പെട്ടിരിക്കുന്നതായി കാണാം. എന്നാല്‍, ഭൂമിയിലെ സൃഷ്ടികളില്‍ ഉന്നതസ്ഥാനം വഹിക്കുന്നവന്‍ എന്ന് അഹങ്കരിക്കുന്ന മനുഷ്യനോ? യാതൊരു കഴിവും അറിവും ഇല്ലാത്തവനായിട്ടാണ് അവന്‍ പിറക്കുന്നത്. ക്രമേണ അവന്‍ അറിവും ശക്തിയും ആര്‍ജിക്കുകയും, ഇതര സൃഷ്ടിജാലങ്ങളുടെ മേല്‍ മേല്‍ക്കോയ്മ നേടാന്‍തക്കവണ്ണം യോഗ്യനായിത്തീരുകയും ചെയ്യുന്നു. കുറെ കഴിയുമ്പോള്‍ വീണ്ടും ഗതി കീഴ്‌പോട്ടൊഴുകുന്നു. ഒടുവില്‍ പിറന്നപ്പോഴത്തെ അവസ്ഥയിലേക്കുതന്നെ തിരിച്ചുചെല്ലുന്നു. മനുഷ്യന്റെ പുനരുത്ഥാനത്തിനും സ്രഷ്ടാവായ അല്ലാഹുവിന്റെ സര്‍വജ്ഞതക്കും അപാരമായ കഴിവിനും ഇതു മതിയായ തെളിവാകുന്നു.

ഉപരിസൂചിത ക്വുര്‍ആന്‍ സൂക്തത്തില്‍ പരാമര്‍ശിച്ചതുപോലെ അല്ലാഹു മനുഷ്യനെ ബലഹീനമായ അവസ്ഥയില്‍നിന്നു സൃഷ്ടിച്ചുണ്ടാക്കി, ശേഷം ആരോഗ്യവും ബുദ്ധിയും കഴിവും ശക്തിയും ചിന്താശേഷിയും നല്‍കി വളര്‍ത്തികൊണ്ടുവരുന്നു. അതിന് ശേഷം വീണ്ടും പഴയ അവസ്ഥയിലേക്കുതന്നെ അല്ലാഹു മനുഷ്യനെ തിരികെ കൊണ്ടുപോകുന്നു. ഇതില്‍ മനുഷ്യര്‍ക്ക് ചിന്തിക്കാനേറേയുണ്ട്.

ഒന്നുമല്ലാത്ത അവസ്ഥയില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനാണ് അല്ലാഹു. എന്നിട്ട് കാഴ്ചശക്തിയും കേള്‍വിശക്തിയും മനുഷ്യന് അവന്‍ നല്‍കി. അല്ലാഹു പറയുന്നു:

”മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെമേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു; നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു” (ക്വുര്‍ആന്‍ 76:1,2).

അല്ലാഹുവിന്റെ സൃഷ്ടികളായ മനുഷ്യര്‍ ഈ ഭൂമുഖത്ത് എത്രകാലം ജീവിക്കണം എന്ന് തീരുമാനിക്കുന്നതും അല്ലാഹു തന്നെ. അല്ലാഹു പറയുന്നു:

”അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക് തള്ളപ്പെടുന്നു; (പലതും) അറിഞ്ഞതിനുശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു” (ക്വുര്‍ആന്‍ 16:70).

മനുഷ്യരെ സൃഷ്ടിച്ച അല്ലാഹുതന്നെ അവന്റെ ആയുഷ്‌കാലവും നിയന്ത്രിക്കുന്നു. ചിലര്‍ ചെറുപ്പത്തിലേ മരണമടയുന്നു. ചിലര്‍ ഏതാനും വയസ്സുവരെ ജീവിക്കുന്നു. ചിലരാകട്ടെ, സാധാരണയില്‍ കവിഞ്ഞ ദീര്‍ഘായുസ്സ് നല്‍കപ്പെട്ടവരായിരിക്കും. അങ്ങനെ, മുമ്പ് അവര്‍ക്കുണ്ടായിരുന്ന അറിവും തന്റേടവും നഷ്ടപ്പെടുകയും, ഗ്രഹണേന്ദ്രിയങ്ങള്‍ ക്ഷയിച്ചു ശിശുക്കള്‍ കണക്കെ ആയിത്തീരുകയും ചെയ്യുന്നു. ഒരാള്‍ ദൃഢഗാത്രനും ആരോഗ്യവാനുമായതുകൊണ്ടോ മറ്റോ ദീര്‍ഘകാലം ജീവിക്കുമെന്നോ, വേറൊരാള്‍ അവശഗാത്രനും ആരോഗ്യം കുറഞ്ഞവനുമായതുകാണ്ട് നേരത്തെ മരണമടയുമെന്നോ നിശ്ചയിക്കുക സാധ്യമല്ല. എല്ലാം അല്ലാഹുവിന്റെ നിശ്ചയം അനുസരിച്ചു നടക്കുന്നുവെന്നുമാത്രം.

അല്ലാഹു പറയുന്നു: ”വല്ലവന്നും നാം ദീര്‍ഘായുസ്സ് നല്‍കുന്നുവെങ്കില്‍ അവന്റെ പ്രകൃതി നാം തലതിരിച്ചുകൊണ്ടുവരുന്നു. എന്നിരിക്കെ അവര്‍ ചിന്തിക്കുന്നില്ലേ?” (ക്വുര്‍ആന്‍ 36:68).

”മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍നിന്നും, പിന്നീട് ബീജത്തില്‍നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപംനല്‍കപ്പെട്ടതും രൂപംനല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്…” (ക്വുര്‍ആന്‍ 22:5).

വാര്‍ധക്യം എന്നത് ഒരു മനുഷ്യന്റെ ഇഹലോക ജീവിതത്തിലെ ഏറ്റവും അവസാനത്തെ ഘട്ടമാണ്. അതുകൊണ്ടു തന്നെ ഈ ഒരു ഘട്ടത്തിലെത്തിയ ആണാകട്ടെ പെണ്ണാകട്ടെ മറ്റുള്ളവരില്‍നിന്നുള്ള പരിഗണനയും സ്‌നേഹവും കാരുണ്യവും ആഗ്രഹിക്കുകയും കൊതിക്കുകയും ചെയ്തുകൊണ്ടിരിക്കും.

വാര്‍ധക്യത്തിലെത്തിയവര്‍ ശാരീരികമായും മാനസികമായും ചെറിയ കുട്ടികളെപ്പോലെയായിരിക്കും. കൊച്ചുകൊച്ചു കാര്യങ്ങള്‍ക്ക് പോലും അവര്‍ ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും കരയുകയും ചെയ്യും. ഗൗരവമുള്ള കാര്യങ്ങളില്‍ അങ്ങേയറ്റം വിഷമിക്കുകയും ചെയ്യും. മക്കള്‍ തങ്ങളെ വന്ന് കണ്ടില്ലെങ്കിലും, ആഗ്രഹിച്ച വല്ലതും കിട്ടാതിരുന്നാലും തങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല എന്ന തോന്നലുണ്ടായാലും അവരുടെ മുഖം വാടും.

തങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകിട്ടുന്നില്ലെങ്കില്‍, തങ്ങളുടെ വാക്കുകള്‍ക്ക് മക്കള്‍ വിലകല്‍പിക്കുന്നില്ലെങ്കില്‍ അത് അവരുടെ മനസ്സിലെ വല്ലാതെ വേദനിപ്പിക്കും. അവഗണന എന്നത് ഏതു പ്രായത്തില്‍ പെട്ടവരും ഇഷ്ടപ്പെടാത്ത കാര്യമാണല്ലോ.

ക്വുര്‍ആന്‍ വാര്‍ധക്യത്തിലെത്തിയവരോട് കാണിക്കേണ്ട മര്യാദകളും കടമകളും പറയുന്നത് പറഞ്ഞുതരുന്നത് നോക്കൂ:

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക” (17:23).

ഈ വചനത്തിലൂടെ അല്ലാഹു പറയുന്ന കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം:

(1). അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കരുത്.

ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചു കൂടുതല്‍ വിവരിക്കേണ്ട ആവശ്യമില്ല.

(2) മാതാപിതാക്കളോടു നന്മചെയ്യണം.

(3) അവരോട് മാന്യമായി മാത്രം സംസാരിക്കണം; വാര്‍ധക്യം പ്രാപിച്ചാല്‍ പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. അവര്‍ക്ക് വെറുപ്പുതോന്നുന്ന രീതില്‍ ഒരു വാക്കും അവരോട് ഉച്ചരിച്ചുകൂടാ.

അവര്‍ മക്കളുടെ ജന്മത്തിനു കാരണക്കാരാണ്. ഒട്ടേറെ പ്രയാസങ്ങള്‍ സഹിച്ചുകൊണ്ടാണ് മക്കളെ അവര്‍ പരിപാലിച്ചു വളര്‍ത്തിയിട്ടുള്ളത്. അല്ലാഹുവിനോടു മനുഷ്യനുള്ള ഏറ്റവും മഹത്തായ കടമയെക്കുറിച്ചു പ്രസ്താവിച്ച ഉടനെത്തന്നെ അതോടുചേര്‍ത്തുകൊണ്ടു മാതാപിതാക്കളോടു മക്കള്‍ നിറവെറ്റേണ്ടുന്ന കടമയെക്കുറിച്ചു പ്രസ്താവിച്ചതില്‍നിന്ന് അവരോടുള്ള കടമകള്‍ക്കു അല്ലാഹു കല്‍പിച്ച പ്രധാന്യം എത്ര വമ്പിച്ചതാണെന്നു മനസ്സിലാക്കാവുന്നതാണ്. വേറെയും ചില വചനങ്ങളില്‍ ഈ രണ്ടു കാര്യങ്ങളും ഇതുപോലെ അല്ലാഹു കൂട്ടിച്ചേര്‍ത്തു പ്രസ്താവിച്ചിരിക്കുന്നത് കാണാം. ചില സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ വക ഒരു വസ്വിയ്യത്തുകൂടിയായിട്ടാണ് മാതാപിതാക്കള്‍ക്കു നന്മചെയ്യുന്ന കാര്യം അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് എന്നു കാണാം.

”തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ചുപോകരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്” (ക്വുര്‍ആന്‍ 29:8).

”മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്-എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം” (ക്വുര്‍ആന്‍ 31:14).

”തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്റെ പൂര്‍ണശക്തി പ്രാപിക്കുകയും നാല്‍പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്റെ സന്തതികളില്‍ നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്‌പെടുന്നവരുടെ കൂട്ടത്തിലാകുന്നു” (ക്വുര്‍ആന്‍ 46:15).

മാതാപിതാക്കള്‍ക്കു നന്മ ചെയ്യണമെന്നു കല്‍പിച്ചു മതിയാക്കാതെ, അതിനൊരു രൂപരേഖയൊന്നോണം തുടര്‍ന്നു ചില കാര്യങ്ങള്‍ വിവരിക്കുകയും ചെയ്തിരിക്കുന്നു:

(1) മാതാപിതാക്കളോട് ‘ഛെ!’ എന്നിങ്ങനെയുള്ള അറപ്പിന്റെയും വെറുപ്പിന്റെയും വാക്കുകള്‍ പറഞ്ഞുകൂടാ. എക്കാലത്തും അവരോടു കാണിക്കേണ്ട് ഒരു മര്യാദ തന്നെയാണിത്. എങ്കിലും പ്രായാധിക്യം നേരിടുമ്പോള്‍ അവരുടെ വാക്കിലും പെരുമാറ്റത്തിലുമൊക്കെ ചെറുപ്പക്കാരായ മക്കള്‍ക്കു രുചിക്കാത്ത പലതും കൂടുതല്‍ അനുഭവപ്പെടുക സ്വാഭാവികമായിരിക്കും. അതുകൊണ്ടാണ് പ്രായാധിക്യം വരുമ്പോഴത്തെ കാര്യം പ്രത്യേകം അല്ലാഹു എടുത്തുപറഞ്ഞിരിക്കുന്നത്.

(2) അവരോടു കയര്‍ത്തു സംസാരിക്കുകയോ പരുഷവാക്കുകള്‍ പറയുകയോ ചെയ്യരുത്.

(3) അവരോടു സംസാരിക്കുന്നതു മാന്യമായ വാക്കുകളിലായിരിക്കുക കൂടി വേണം. അഥവാ, അച്ചടക്കവും മര്യാദയും ബഹുമാനവും പ്രകടമാവുന്ന വാക്കുകളായിരിക്കണം ഉപയോഗിക്കുന്നത്.

ഈ ‘മാന്യമായ വാക്കു’ കൊണ്ട് എന്താണുദ്ദേശ്യമെന്നു ചോദിക്കപ്പെട്ടപ്പോള്‍, സഈദുബ്‌നുല്‍ മുസ്വയ്യബ് (റഹി) ഇപ്രകാരം മറുപടി പറഞ്ഞതായി ഇബ്‌നു ജരീര്‍(റഹി) നിവേദനം ചെയ്തിരിക്കുന്നു: ”പാപം ചെയ്ത അടിമ കഠിന സ്വഭാവിയായ യജമാനനോടു പറയും പ്രകാരമുള്ള വാക്ക്.”

അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമാണല്ലോ ശിര്‍ക്ക്. ആ ശിര്‍ക്ക് ചെയ്യുവാന്‍ വല്ല മാതാപിതാക്കളും മക്കളോട് നിര്‍ബന്ധം ചെലുത്തിയാല്‍ ആ വിഷയത്തില്‍ അവരെ അനുസരിക്കരുതെന്നു കല്‍പിച്ചതോടൊപ്പം തന്നെ, അവരെ ഇഹലോകവിഷയങ്ങളില്‍ അനുസരിക്കുകയും അവരോട് നല്ല നിലയില്‍ സഹവസിക്കുകയും വേണം എന്നുകൂടി അല്ലാഹു കല്‍പിച്ചിരിക്കുന്നു.

(4) അവര്‍ക്കു എളിമയാകുന്ന ചിറകു താഴ്ത്തിക്കൊടുക്കണം. തള്ളക്കോഴി അതിന്റെ കുഞ്ഞുങ്ങളോടുള്ള സ്‌നേഹവാത്സല്യം നിമിത്തം അതിന്റെ ചിറകുവിടര്‍ത്തി താഴ്ത്തിക്കൊടുത്തുകൊണ്ട് അതിനുള്ളില്‍ അവയെ അണച്ചുകൂട്ടാറുള്ളതിനോടു ഉപമിച്ചുകൊണ്ടുള്ള ഒരു അലങ്കാരപ്രയോഗമാണ് ‘ചിറകു താഴ്ത്തല്‍.’ ഒരുകാലത്ത് സ്‌നേഹവാത്സല്യത്തോടുകൂടി അവര്‍ ഇങ്ങോട്ടു പെരുമാറിയപോലെ, അവരുടെ വാര്‍ധക്യത്തില്‍ അവരോട് അങ്ങോട്ട് താഴ്മയോടും വിനയത്തോടും പെരുമാറണമെന്നു താല്‍പര്യം. ഇതു കേവലം ഒരു പ്രകടനമോ അഭിനയമോ ആയിക്കൂടാ. അവരോടുള്ള കാരുണ്യത്തില്‍നിന്നും കൃപയില്‍നിന്നും ഉടലെടുത്തതായിരിക്കുകയും വേണം എന്നുകൂടി അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അതാണു ‘കാരുണ്യം നിമിത്തം’ എന്ന വാക്കു സൂചിപ്പിക്കുന്നത്.

(5) അവര്‍ക്കുവേണ്ടി, ‘എന്റെ രക്ഷിതാവേ, അവര്‍ രണ്ടാളും എന്നെ ചെറുപ്പത്തില്‍ വളര്‍ത്തിയുണ്ടാക്കിയതുപോലെ നീ അവരോടു കരുണ ചെയ്യേണമേ!’ എന്നു പ്രാര്‍ഥിക്കണം. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നോ മറ്റോ പറഞ്ഞുമതിയാക്കാതെ, പ്രാര്‍ഥിക്കേണ്ട മാതൃകകൂടി അല്ലാഹു കാണിച്ചുതന്നിരിക്കുകയാണ്. ‘എന്റെ ശൈശവത്തിലും ബാല്യത്തിലും എന്നെ വളര്‍ത്തിവലുതാക്കുവാന്‍ അവര്‍ക്ക് വളരെയധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ അവരോടുള്ള എന്റെ കടപ്പാട് വേണ്ടതുപോലെ നിര്‍വഹിക്കുവാന്‍ എനിക്ക് സാധ്യമല്ല. അതുകൊണ്ട് അതിന്റെ പേരില്‍ നീ തന്നെ നിന്റെ കാരുണ്യം അവരില്‍ ചൊരിയേണമേ’ എന്നാണാ

പ്രാര്‍ഥനയുടെ താല്‍പര്യം.

മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, അവരുടെ മരണശേഷവും മക്കള്‍ക്കു അവരോടു ചില കടപ്പാടുകളുണ്ട്. അവയില്‍ ഒന്നത്രെ അവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന.

‘എന്റെ മാതാപിതാക്കള്‍ മരണപ്പെട്ടശേഷം അവര്‍ക്കു ഞാന്‍ ചെയ്യേണ്ടുന്ന വല്ല പുണ്യവും എന്റെ മേല്‍ ബാക്കിയുണ്ടോ?’ എന്നു ഒരാള്‍ നബി ﷺ യോടു ചോദിച്ചു. അപ്പോള്‍ തിരുമേനി ﷺ ഇങ്ങനെ മറുപടി പറയുകയുണ്ടായി: ”ഉണ്ട്. നാലു കാര്യങ്ങളുണ്ട്. അവരുടെ പേരില്‍ (ജനാസ) നമസ്‌കരിക്കുകയും അവര്‍ക്കു പാപമോചനം തേടുകയും ചെയ്യലും, അവരുടെ വാഗ്ദത്തം നടപ്പിലാക്കലും, അവരുടെ ചങ്ങാതിമാരെ ആദരിക്കലും, അവര്‍ മുഖാന്തിരം മാത്രമുണ്ടാകുന്ന രക്തബന്ധം (കുടുംബബന്ധം) പാലിക്കലും; ഇവയാണ് അവരുടെ മരണശേഷം അവരോടു ചെയ്യേണ്ട പുണ്യത്തില്‍ നിന്റെമേല്‍ ബാക്കിയുള്ളത്” (അഹ്മദ്, അബൂദാവൂദ്, ഇബ്‌നുമാജ).

ഇബ്‌നു ഉമര്‍(റ) ഒരിക്കല്‍ മക്കയിലെ ഒരു തെരുവീഥിയില്‍വെച്ച് ഒരു ‘അഅ്‌റാബി’യെ (ഗ്രാമീണനെ) കണ്ടപ്പോള്‍, അദ്ദേഹത്തിനു സലാം ചൊല്ലി വാഹനപ്പുറത്തുനിന്നിറങ്ങി. അദ്ദേഹത്തെ അതിന്‍മേല്‍ ഒന്നിച്ചിരുത്തുകയും തന്റെ തലപ്പാവ് അദ്ദേഹത്തിനു സമ്മാനിക്കുകയും ചെയ്തു. ഇബ്‌നുദീനാര്‍(റ) പറയുകയാണ്: ‘ഈ അഅ്‌റാബികള്‍ക്ക് അല്‍പം കൊടുത്താലും അവര്‍ തൃപ്തിപ്പെടുമല്ലോ’ എന്ന് ഞങ്ങള്‍ അപ്പോള്‍ ഇബ്‌നു ഉമറി(റ)നോടു പറയുകയുണ്ടായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇയാളുടെ പിതാവ് (എന്റെ പിതാവായ) ഉമറിന്റെ ഒരു ഇഷ്ടക്കാരനായിരുന്നു. റസൂല്‍ ﷺ ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുമുണ്ട്: പുണ്യത്തില്‍വെച്ചു വളരെനല്ല ഒരു പുണ്യമാണു പിതാവ് പിന്നിട്ടുപോയ ശേഷം അദ്ദേഹത്തിന്റെ ഇഷ്ടക്കാരോടു ബന്ധം ചേര്‍ക്കുന്നത്’ (മുസ്‌ലിം).

(അവസാനിച്ചില്ല)

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍
നേർപഥം വാരിക

വ്യാജവൃത്താന്തം

വ്യാജവൃത്താന്തം

(മുഹമ്മദ് നബി ﷺ : 47)

നബി ﷺ യാത്രയില്‍ പത്‌നിമാരില്‍ ഒരാളെ കൂടെ കൂട്ടാറുണ്ടായിരുന്നു. ഈ യാത്രയില്‍ നബി ﷺ യുടെ കൂടെയുണ്ടായിരുന്നത് മഹതി ആഇശ(റ)യായിരുന്നു. ആഇശ(റ) അതിനെ സംബന്ധിച്ച് പറയുന്നത് കാണുക:

”അല്ലാഹുവിന്റെ റസൂല്‍ ﷺ (യാത്ര) പുറപ്പെടാന്‍ ഉദ്ദേശിച്ചാല്‍ തന്റെ പത്‌നിമാര്‍ക്കിടയില്‍ നറുക്കിടാറുണ്ടായിരുന്നു. അങ്ങനെ അവരില്‍ ഒരാളുടെ (പേര് എഴുതിയ) അമ്പ് പുറത്തെടുക്കുകയും അവരെ തന്റെ കൂടെ കൂട്ടി അല്ലാഹുവിന്റെ റസൂല്‍ ﷺ പുറപ്പെടുകയും ചെയ്യും.” ആഇശ(റ) പറഞ്ഞു: ”അങ്ങനെ ഈ യുദ്ധത്തില്‍ ഞങ്ങള്‍ക്കിടയില്‍ അവിടുന്ന് നറുക്കിട്ടു. എന്റെ (പേര് എഴുതിയ) അമ്പ് പുറത്തെടുത്തു. അങ്ങനെ ഞാന്‍ റസൂലി ﷺ ന്റെ കൂടെ പുറപ്പെട്ടു. (ഇത്) ഹിജാബിന്റെ (ആയത്ത്) ഇറങ്ങിയതിന് ശേഷമായിരുന്നു. അങ്ങനെ ഞാന്‍ എന്റെ (ഒട്ടകത്തിന്റെ) കൂടാരത്തില്‍ വഹിക്കപ്പെട്ടു. അവിടെ ഞാന്‍ ഇറക്കപ്പെട്ടു. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ തന്റെ ആ യുദ്ധത്തില്‍നിന്ന് പിരിയുന്നതുവരെ ഞങ്ങള്‍ യാത്ര ചെയ്തു. പിന്നീട് മടങ്ങി. (എല്ലാവരും) മടങ്ങുന്നവരായിരിക്കെ, ഞങ്ങള്‍ മദീനയുടെ അടുത്ത് എത്താറായി. രാത്രിയാകാറായി. അങ്ങനെ അവര്‍ യാത്രക്ക് അറിയിച്ച സന്ദര്‍ഭത്തില്‍ ഞാന്‍ (കൂടാരത്തില്‍ നിന്നും) എഴുന്നേറ്റു. ഞാന്‍ ആ സൈന്യത്തെ വിട്ടുകടക്കുന്നതുവരെ നടന്നു. എന്റെ കാര്യങ്ങള്‍ ഞാന്‍ നിര്‍വഹിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഒട്ടകത്തിന്റെ അടുത്ത് വന്നു. അപ്പോള്‍ എന്റെ മാല പൊട്ടി (നഷ്ടപ്പെട്ടിരിക്കുന്നു). അങ്ങനെ ഞാന്‍ എന്റെ മാല അന്വേഷിക്കുകയും അത് (ലഭിക്കുമെന്ന) ആഗ്രഹം എന്നെ അവരില്‍നിന്നും അകറ്റുകയും ചെയ്തു. അങ്ങനെ എന്റെ കൂടാരം വഹിക്കുന്നവര്‍ വരികയും അവര്‍ അത് ഞാന്‍ യാത്ര ചെയ്തിരുന്ന ഒട്ടകത്തിന്റെ പുറത്തുവെച്ച് എന്റെ ഒട്ടകത്തെ അവര്‍ തെളിച്ചു കൊണ്ടുപോവുകയും ചെയ്തു. ഞാന്‍ അതില്‍ ഉണ്ടായിരിക്കുമെന്ന് അവര്‍ വിചാരിച്ചു. സ്ത്രീകള്‍ (പൊതുവെ) കനമില്ലാത്തവരാണല്ലോ. അവരുടെ മാംസം ഭാരംതൂങ്ങുകയില്ല. അവര്‍ അല്‍പം ആഹാരമാണല്ലോ കഴിക്കാറ്. അതിനാല്‍ അവര്‍ അത് (കൂടാരം) ഉയര്‍ത്തിയ സന്ദര്‍ഭത്തില്‍ കൂടാരത്തിന്റെ കനമില്ലാത്ത അവസ്ഥ കാരണം അവര്‍ പ്രയാസപ്പെട്ടില്ല. ഞാന്‍ ചെറുപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയായിരുന്നു. അങ്ങനെ അവര്‍ ഒട്ടകങ്ങളെ തെളിക്കുകയും യാത്രയാകുകയും ചെയ്തു. സൈന്യം പോയതിന് ശേഷം എനിക്ക് എന്റെ മാല കിട്ടി. എന്നിട്ട് ഞാന്‍ അവരുടെ താമസ സ്ഥലത്തേക്ക് വന്നു. അപ്പോള്‍ വിളിക്കാനോ ഉത്തരം നല്‍കാനോ ആരും അവിടെ ഉണ്ടായിരുന്നില്ല. അങ്ങനെ ഞാന്‍ ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ ഞാന്‍ (ആരെങ്കിലും വരുമെന്നും) നിനച്ച് അവിടെ തന്നെ നിന്നു. തീര്‍ച്ചയായും അവര്‍ക്ക് എന്നെ നഷ്ടമായതായിരിക്കും, അതിനാല്‍ അവര്‍ എന്നിലേക്ക് മടങ്ങി വരും എന്ന് ഞാന്‍ വിചാരിച്ചു. അങ്ങനെ ഞാന്‍ എന്റെ സ്ഥാനത്ത് ഇരിക്കുന്നതിനിടയില്‍ എനിക്ക് ഉറക്കം വന്നു. അങ്ങനെ ഞാന്‍ ഉറങ്ങി. സൈന്യത്തിന്റെ പിന്നില്‍ സ്വഫ്‌വാന്‍ ഇബ്‌നു അല്‍മുഅത്ത്വല്‍ അസ്സുലമി ഉണ്ടായിരുന്നു. അദ്ദേഹം സൈന്യത്തില്‍ പുറകില്‍ (വല്ലതും മറന്നുവെച്ചിട്ടുണ്ടോ എന്ന് നോക്കാനായി) രാത്രി സഞ്ചരിക്കുന്നുണ്ടായിരുന്നു. അങ്ങനെ പ്രഭാതമായപ്പോള്‍ എന്റെ അടുക്കല്‍ എത്തി. അന്നേരം അദ്ദേഹം ഉറങ്ങുന്ന ഒരു ആളുടെ കറുപ്പ് കണ്ടു. അപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് വന്നു. എന്നെ കണ്ടപാടെ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. ഹിജാബിന്റെ നിയമം ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം എന്നെ കണ്ടിട്ടുണ്ടായിരുന്നു. എന്നെ അദ്ദേഹം മനസ്സിലാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ഇസ്തിര്‍ജാഅ്‌കൊണ്ട് ഞാന്‍ ഉണര്‍ന്നു. അപ്പോള്‍ ഞാന്‍ എന്റെ മുടുപടം എന്റെ മുഖത്തിലൂടെ താഴ്ത്തിയിട്ടു. അല്ലാഹുവാണ സത്യം, അദ്ദേഹം എന്നോട് ഒരു വാക്ക് പോലും സംസാരിച്ചില്ല. അദ്ദേഹത്തിന്റെ ഇസ്തിര്‍ജാഅ് അല്ലാതെ മറ്റൊരു സംസാരവും ഞാന്‍ കേട്ടിട്ടുപോലുമില്ല. (അങ്ങനെ) അദ്ദേഹം തന്റെ ഒട്ടകത്തെ മുട്ടുകുത്തിച്ചു. എന്നിട്ട് അതിന്റെ കൈകള്‍ നിരപ്പാക്കിച്ചു. എന്നിട്ട് ഞാന്‍ അതില്‍ കയറി. അങ്ങനെ ആ സൈന്യത്തിന്റെ അടുത്ത് ഞങ്ങള്‍ എത്തുന്നതുവരെ എന്നെയും നയിച്ച് വാഹനം പോയി. അങ്ങനെ നശിക്കേണ്ടവരെല്ലാം നശിച്ചു. അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യ് ഇബ്‌നു സലൂലിന്റെ കള്ളവാര്‍ത്ത ഏറ്റടുത്തവരായിരുന്നു (അവര്‍). അങ്ങനെ ഞങ്ങള്‍ മദീനയില്‍ എത്തി. ഞാന്‍ എത്തിയത് മുതല്‍ ഒരു മാസക്കാലം രോഗിയായി. ജനങ്ങള്‍ വ്യാജവാര്‍ത്തയുടെ ആളുകളുടെ സംസാരത്തില്‍ മുഴുകിയിരിക്കുകയാണ്. അതിനെ പറ്റി എനിക്ക് യാതൊന്നും അറിയില്ലായിരുന്നു. അവിടുന്ന് എന്റെ വേദനയില്‍ സംശയത്തിലുമായി. ഞാന്‍ രോഗിയാകുന്ന സന്ദര്‍ഭത്തില്‍  കാണാറുണ്ടായിരുന്ന അനുകമ്പ അല്ലാഹുവിന്റെ റസൂലി ﷺ ല്‍നിന്നും ഞാന്‍ അറിയുന്നില്ല. അല്ലാഹുവിന്റെ റസൂല്‍ ﷺ എന്റെ അടുക്കല്‍ പ്രവേശിക്കും, എന്നിട്ട് സലാം പറയും. പിന്നീട് ചോദിക്കും: ‘എങ്ങനെയുണ്ട് നിങ്ങള്‍ക്ക്?’ പിന്നീട് പിരിഞ്ഞുപോകുകയും ചെയ്യും. അത് എന്നെ സംശയത്തിലാക്കി. ഞാന്‍ സുഖം പ്രാപിച്ചതിന് ശേഷം പുറത്ത് കടക്കുന്നതുവരെ ഈ കെടുതിയെ സംബന്ധിച്ച് ഞാന്‍ അറിയില്ലായിരുന്നു. അങ്ങനെ (ഒരുദിവസം) ഞാന്‍ ഉമ്മു മിസ്ത്വഹിന്റെ കൂടെ മൂത്രപ്പുരയുടെ നേരെ പുറപ്പെട്ടു. ഞങ്ങള്‍ രാത്രിയിലല്ലാതെ (അവിടേക്ക്) പുറത്തു പോകാറില്ലായിരുന്നു. ഞങ്ങളുടെ വീടിനോട് സമീപത്ത് ഒരു കക്കൂസ് ഉണ്ടാക്കുന്നതിന് മുമ്പായിരുന്നു അത്. ഉമ്മു മിസ്ത്വഹ് അബൂ റുഹ്മ് ഇബ്‌നു അബ്ദു മനാഫിന്റെ പുത്രിയായിരുന്നു. അവരുടെ മാതാവ് അബൂബക്‌റി(റ)ന്റെ മാതൃസഹോദരി ബിന്‍തു സ്വഖ്ര്‍ ഇബ്‌നു ആമിറായിയുന്നു. അവരുടെ മകനാണ് മിസ്ത്വഹ് ഇബ്‌നു ഉഥാഥ. അങ്ങനെ ഞാനും ഉമ്മു മിസ്ത്വഹും ഞങ്ങളുടെ കാര്യങ്ങളില്‍നിന്ന് വിരമിക്കുകയും എന്റെ വീടിനുനേരെ തിരിയുകയും ചെയ്തു. അപ്പോള്‍ ഉമ്മു മിസ്ത്വഹ് അവരുടെ വസ്ത്രത്തില്‍ തടഞ്ഞുവീണു. അന്നേരം അവര്‍ (സ്വയം ആക്ഷേപിച്ച്) ഇപ്രകാരം പറഞ്ഞു: ‘മിസ്ത്വഹ് നശിക്കട്ടെ.’ അപ്പോള്‍ ഞാന്‍ അവരോട് ചോദിച്ചു: ‘നിങ്ങള്‍ പറഞ്ഞത് എത്ര മോശമാണ്. ബദ്‌റില്‍ പങ്കെടുത്ത ഒരാളെ നിങ്ങള്‍ ചീത്ത പറയുകയാണോ?’ അവര് ചോദിച്ചു: ‘അവന്‍ പറയുന്നത് നീ കേട്ടിട്ടില്ലല്ലോ?’ ഞാന്‍ ചോദിച്ചു: ‘എന്താണ് അദ്ദേഹം പറഞ്ഞത്?’ അപ്പോള്‍ അവര്‍ (എന്നെ സംബന്ധിച്ച്) വ്യാജ വാര്‍ത്ത പറഞ്ഞുണ്ടാക്കിയവരെക്കുറിച്ച് അറിയിച്ചു. അപ്പോള്‍ എന്റെ രോഗം വര്‍ധിച്ചു. ഞാന്‍ എന്റെ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ എന്നോട് സലാം പറയാന്‍ ഉദ്ദേശിച്ച് എന്റെ അടുക്കല്‍ പ്രവേശിച്ചു. പിന്നീട് ചോദിച്ചു: ‘നിങ്ങള്‍ക്ക് എങ്ങനെയുണ്ട്?’ അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘എനിക്ക് എന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോകാന്‍ അനുവാദം നല്‍കുമോ?’ ആ സന്ദര്‍ഭത്തില്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നത് അവരില്‍നിന്ന് ആ വാര്‍ത്തയുടെ ഉറപ്പ് ലഭിക്കുക എന്നതായിരുന്നു. അല്ലാഹുവിന്റെ റസൂല്‍ ﷺ എനിക്ക് അനുവാദം നല്‍കി. അങ്ങനെ ഞാന്‍ എന്റെ മാതാപിതാക്കളുടെ അടുത്ത് വന്നു. എന്നിട്ട് ഞാന്‍ എന്റെ ഉമ്മയോട് ചോദിച്ചു: ‘ഓ ഉമ്മാ… എന്താണ് ജനങ്ങള്‍ പറയുന്നത്?’ അവര്‍ പറഞ്ഞു: ‘മോളേ, നിന്റെ മേലുള്ള (കാര്യം) എന്നെ പ്രയാസപ്പെടുത്തിയിരിക്കുന്നു. അല്ലാഹുവാണ സത്യം, ഒരു നല്ല പെണ്ണ് അവളുടെ ഭര്‍ത്താവിന്റെ അടുത്ത് അദ്ദേഹത്തിന്റെ സ്‌നേഹത്തില്‍ ആയിരിക്കുമ്പോള്‍ അവള്‍ക്ക് എതിരില്‍ ധാരാളം ആളുകള്‍ ഇല്ലാതിരിക്കില്ല.’ അവര്‍ പറഞ്ഞു: ‘അല്ലാഹു എത്ര പരിശുദ്ധന്‍, ജനങ്ങള്‍ ഇങ്ങനെ പറയുന്നുണ്ടല്ലേ?’ അങ്ങനെ ആ രാത്രി നേരം പുലരുന്നതുവരെ ഞാന്‍ കരഞ്ഞു. എനിക്കു കണ്ണുനീര്‍ തോര്‍ന്നില്ല. ഉറക്കം എന്റെ കണ്ണുകളെ ബാധിച്ചില്ല. നേരം പുലരുന്നതുവരെ ഞാന്‍ കരഞ്ഞിരുന്നു. അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ അലി, ഉസാമ(റ) എന്നിവരെ വഹ്‌യ് നിലച്ച സന്ദര്‍ഭത്തില്‍ ക്ഷണിച്ചു വരുത്തി. തന്റെ പത്‌നിയുടെ അകല്‍ച്ചയില്‍ അവരുമായി നബി ﷺ കൂടിയാലോചന നടത്തി. ആഇശ(റ) പറയുന്നു: അപ്പോള്‍ ഉസാമ(റ) നബി ﷺ യോട് തന്റെ പത്‌നിയുടെ നിരപരാധിത്വം അറിയുന്നവനായിക്കൊണ്ട് സംസാരിച്ചു. നബി ﷺ യുടെ മനസ്സിലുള്ള സ്‌നേഹത്തെക്കുറിച്ച് അവര്‍ നന്നായി അറിവുള്ളവരായിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അങ്ങയുടെ ഭാര്യയെപ്പറ്റി നല്ലതല്ലാതെ ഞങ്ങള്‍ക്ക് അറിയില്ല.’ എന്നാല്‍ അലി(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹു നിങ്ങളെ കുടുസ്സാക്കിയിട്ടില്ലല്ലോ. അവള്‍ക്ക് പുറമെ ധാരാളം സ്ത്രീകള്‍ ഉണ്ടല്ലോ. താങ്കള്‍ ആ പെണ്‍കുട്ടിയോട് (ബരീറയോട്) അന്വേഷിക്കുന്നുവെങ്കില്‍ അവള്‍ അങ്ങയോട് സത്യം പറയുന്നതാണ്.’ ആഇശ(റ) പറയുന്നു: ‘അപ്പോള്‍ നബി ﷺ ബരീറയെ വിളിച്ചു. എന്നിട്ട് അവിടുന്ന് ചോദിച്ചു: ‘ഓ, ബരീറാ! (ആഇശയില്‍ നിന്ന്) നിനക്ക് സംശയം ഉണ്ടാക്കുന്ന വല്ലതും നീ കണ്ടിട്ടുണ്ടോ?’ ബരീറ പറഞ്ഞു: ‘അങ്ങയെ സത്യവുമായി അയച്ചവന്‍ തന്നെയാണ സത്യം, ഇല്ല (കണ്ടിട്ടില്ല). അവള്‍ ചെറുപ്പാക്കാരിയായ ഒരു പെണ്‍കുട്ടിയാണല്ലോ. അധികനേരവും അവരുടെ വീട്ടുകാര്‍ക്കായി കുഴച്ച മാവിനെ തൊട്ട് ശ്രദ്ധയില്ലാതെ അവര്‍ ഉറങ്ങിപ്പോകാറുണ്ട്. അങ്ങനെ വളര്‍ത്തുന്ന ആട് വന്ന് അത് കഴിക്കും എന്നതല്ലാതെ അവരില്‍ കുറ്റകരമായി ഞാന്‍ ഒന്നും കണ്ടിട്ടില്ല.’ അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ എഴുന്നേറ്റു. എന്നിട്ട് അന്നേദിവസം അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യ് ഇബ്‌നു സലൂലിന് ഒഴികഴിവ് നല്‍കി. ആഇശ(റ) പറയുന്നു: ‘അല്ലാഹുവിന്റെ റസൂല്‍ ﷺ മിമ്പറില്‍ ആയിരിക്കെ പറഞ്ഞു: ഓ മുസ്‌ലിം സമൂഹമേ, എന്റെ വീട്ടുകാരിയുടെ കാര്യത്തില്‍ എന്നെ വേദനിപ്പിച്ചവനില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിവുള്ളവന്‍ ആരുണ്ട്? അല്ലാഹുവാണ സത്യം, എന്റെ ഭാര്യയുടെ മേല്‍ നല്ലതല്ലാതെ ഞാന്‍ ഒന്നും മനസ്സിലാക്കിയിട്ടില്ല. അവര്‍ ഒരു പുരുഷനെക്കുറിച്ചും പറയുന്നുണ്ട്. അദ്ദേഹത്തെപ്പറ്റിയും നല്ലതല്ലാതെ ഞാന്‍ മനസ്സിലാക്കിയിട്ടില്ല. എന്റെ കൂടെയല്ലാതെ അദ്ദേഹം എന്റെ വീട്ടുകാരിലേക്ക് വരാറുമില്ല.’ അപ്പോള്‍ സഅ്ദു ഇബ്‌നു മുആദ് അല്‍അന്‍സ്വാരി(റ) എഴുന്നേറ്റു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘ഓ, അല്ലാഹുവിന്റെ ദൂതരേ, അവന്റെ കാര്യം ഞാന്‍ തീരുമാനിക്കാം. അവന്‍ ഔസില്‍ പെട്ടവനാണെങ്കില്‍ അവന്റെ പിരടി ഞാന്‍ വെട്ടും. ഇനി അവന്‍ നമ്മുടെ സഹോദരങ്ങളായ ഖസ്‌റജില്‍ പെട്ടവനാണെങ്കില്‍, അങ്ങ് ഞങ്ങളോട് കല്‍പിച്ചാല്‍ അങ്ങയുടെ കല്‍പന (പോലെ) ഞങ്ങള്‍ പ്രവര്‍ത്തിക്കാം.’ ആഇശ(റ) പറയുന്നു: ‘അപ്പോള്‍ ഖസ്‌റജ്‌ന്റെ നേതാവായ സഅ്ദു ഇബ്‌നു ഉബാദ എഴുന്നേറ്റു. അയാള്‍ അതിന് മുമ്പ് നല്ല ആളായിരുന്നു. പെേക്ഷ, അദ്ദേഹത്തെ അഹങ്കാരം ചുമന്നു. എന്നിട്ട് സഅ്ദി(റ)നോട് അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ കളവാണ് പറഞ്ഞത്. അല്ലാഹുവാണ സത്യം, താങ്കള്‍ അദ്ദേഹത്തെ വധിക്കുകയില്ല. അദ്ദേഹത്തെ വധിക്കാന്‍ താങ്കള്‍ക്ക് സാധ്യമല്ല.’ അപ്പോള്‍ സഅ്ദ് ഇബ്‌നു മുആദിന്റെ പിതൃവ്യ പുത്രനായ ഉസയ്ദ് ഇബ്‌നു ഹുദ്വയ്ര്‍ എഴുന്നേറ്റു. എന്നിട്ട് അദ്ദേഹം സഅ്ദ് ഇബ്‌നു ഉബാദയോട് പറഞ്ഞു: ‘താങ്കള്‍ കളവാണ് പറഞ്ഞത്. അല്ലാഹുവാണ സത്യം, ഞങ്ങള്‍ അദ്ദേഹത്തെ വധിക്കുകതന്നെ ചെയ്യും. തീര്‍ച്ചയായും താങ്കള്‍ കപടവിശ്വസിയാണ്. താങ്കള്‍ കപടന്മാര്‍ക്ക് വേണ്ടി തര്‍ക്കിക്കുന്നവനാണ്.’ അങ്ങനെ ഔസ്-ഖസ്‌റജ് എന്നീ രണ്ട് ഗോത്രക്കാര്‍ പരസ്പരം പോരാടാന്‍ (സാധ്യതയുണ്ട് എന്ന്) അവര്‍ വിചാരിക്കുന്നതുവരെ പരസ്പരം ചാടിവീഴാന്‍ തുടങ്ങി. അല്ലാഹുവിന്റെ റസൂല്‍ ﷺ മിമ്പറില്‍തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ നിശ്ശബ്ദരാകുന്നതുവരെ അല്ലാഹുവിന്റെ റസൂല്‍ ﷺ അവരുടെ (ശബ്ദത്തെ) താഴ്ത്തിപ്പിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അവര്‍ നിശ്ശബ്ദരായി. ആഇശ(റ) പറയുന്നു: ‘എന്റെ ആ ദിവസം ഞാന്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്. കണ്ണുനീര്‍ വറ്റുന്നില്ല. ഉറക്കവും ഇല്ല. രണ്ട് രാത്രിയും ഒരു പകലും ഞാന്‍ കരഞ്ഞു. ഞാന്‍ ഉറങ്ങിയില്ല. എന്റെ കണ്ണനീര്‍ വറ്റിയതുമില്ല. അങ്ങനെ പ്രഭാതത്തില്‍ എന്റെ മാതാപിതാക്കള്‍ എന്റെ അടുത്തേക്ക് വന്നു. കരച്ചില്‍ (നിമിത്തം) എന്റെ കരള്‍ പൊട്ടുമോ എന്ന് അവര്‍ ഇരുവരും വിചാരിച്ചു.’ ആഇശ(റ) പറയുന്നു: ‘അങ്ങനെ അവര്‍ ഇരുവരും എന്റെ അടുക്കല്‍ ഇരിക്കുന്ന നേരത്ത് അന്‍സ്വാറുകളില്‍ പെട്ട ഒരു സ്ത്രീ എന്നോട് അനുവാദം ചോദിച്ചു. അപ്പോള്‍ ഞാന്‍ അവര്‍ക്ക് അനുവാദം നല്‍കി. അങ്ങനെ അവര്‍ (എന്റെ അടുത്ത്) ഇരുന്നു. (അവരും) എന്റെ കൂടെ കരയുന്നു. ഞങ്ങള്‍ അങ്ങനെ ആയിരിക്കുമ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ ഞങ്ങളിലേക്ക് കയറിവന്നു. എന്നിട്ട് സലാം പറഞ്ഞു. പിന്നെ ഇരുന്നു.’ ആഇശ(റ) പറയുന്നു: ‘മുമ്പ് പറയപ്പെട്ടത് (ആരോപണം) പറയപ്പെടുന്നത് മുതല്‍ എന്റെ അടുത്ത് അവിടുന്ന് ഇരുന്നിട്ടില്ല.’

എന്റെ കാര്യത്തില്‍ അവിടുത്തേക്ക് വഹ്‌യ് വരാതെ ഒരു മാസം കഴിച്ചുകൂട്ടി. ആഇശ(റ) പറയുന്നു: ‘അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ ഇരുന്ന സന്ദര്‍ഭത്തില്‍ ശഹാദത്ത് ചൊല്ലി. പിന്നീട് പറഞ്ഞു: ആഇശാ! നിന്നെ പറ്റി എനിക്ക് ഇപ്രകാരം എല്ലാം (വാര്‍ത്ത) കിട്ടി. നീ അതില്‍ കുറ്റവിമുക്തയാണെങ്കില്‍ അല്ലാഹു നിന്നെ കുറ്റവിമുക്തമാക്കുന്നതാണ്. ഇനി വല്ല തെറ്റും വന്നിട്ടുണ്ടെങ്കില്‍ നീ അല്ലാഹുവിനോട് പാപമോചനം തേടുകയും അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും ഒരു (നല്ല) അടിമ തന്റെ പാപത്തെ കുറിച്ച് തിരിച്ചറിയുകയും പിന്നീട് അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുകയും ചെയ്താല്‍ അല്ലാഹു അവന്റെ തൗബ സ്വീകരിക്കുന്നതാണ്.’ ആഇശ(റ) പറയുന്നു: ‘അങ്ങനെ അല്ലാഹുവിന്റെ റസൂല്‍ ﷺ തന്റെ ഈ സംസാരം നിര്‍വഹിച്ചപ്പോള്‍ എന്റെ കണ്ണുനീര്‍ വറ്റിപ്പോയി. ഒരു ഇറ്റ് കണ്ണുനീരും അതില്‍നിന്ന് വരുന്നില്ല. അപ്പോള്‍ ഞാന്‍ എന്റെ പിതാവിനോട് പറഞ്ഞു: (ഉപ്പാ) നിങ്ങള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ പറഞ്ഞതിന് മറുപടി നല്‍കൂ.’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണ സത്യം, അല്ലാഹുവിന്റെ റസൂലി ﷺ നോട് ഞാന്‍ എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.’ അപ്പോള്‍ ഞാന്‍ എന്റെ ഉമ്മയോട് പറഞ്ഞു: ‘നിങ്ങള്‍ അല്ലാഹുവിന്റെ റസൂലി ﷺ ന് മറുപടി നല്‍കൂ.’ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലി ﷺ നോട് ഞാന്‍ എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.’ ആഇശ(റ) പറയുന്നു: ‘അങ്ങനെ ഞാന്‍ പറഞ്ഞു: ക്വുര്‍ആനില്‍നിന്ന് ധാരാളം ഞാന്‍ ഓതാറില്ലായിരുന്നു. ഞാന്‍ ചെറുപ്രായക്കാരിയായ ഒരു പെണ്ണാണല്ലോ. അല്ലാഹുവാണ സത്യം, ഈ സംസാരം നിങ്ങള്‍ കേട്ടത് ഞാന്‍ അറിഞ്ഞിട്ടുണ്ട്. (അങ്ങനെ) അത് നിങ്ങളുടെ മനസ്സില്‍ ഉറച്ചതാകുകയും നിങ്ങള്‍ അത് സത്യപ്പെടുത്തുകയും ചെയ്തു. തീര്‍ച്ചയായും ഞാന്‍ നിരപരാധിയാണ്, തീര്‍ച്ചയായും ഞാന്‍ നിരപരാധിയാണെന്ന് അല്ലാഹു അറിയുന്നവനാണ്. അതിനെ നിങ്ങള്‍ സത്യപ്പെടുത്തുകയില്ലല്ലോ. ഞാന്‍ നിരപരാധിയാണെന്ന് അല്ലാഹുവിന് അറിയാവുന്ന ഒരു കാര്യം ഞാന്‍ നിങ്ങളോട് സമ്മതിച്ചുതരികയാണെങ്കില്‍ നിങ്ങളെന്നെ വിശ്വസിച്ചേക്കും. അല്ലാഹുവാണ സത്യം, യൂസുഫി(അ)ന്റെ പിതാവിന്റെ വചനമല്ലാതെ നിങ്ങളോട് ഒരു ഉദാഹരണം ഞാന്‍ കാണുന്നില്ല. അദ്ദേഹം പറഞ്ഞു: ഇനി നല്ലതായ ക്ഷമ തന്നെ. അല്ലാഹുവിനോടാണ് നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍നിന്ന് സഹായം തേടാനുള്ളത്.’ ആഇശ(റ) പറയുന്നു: ‘അനന്തരം ഞാന്‍ അവിടെനിന്നും മാറി. എന്നിട്ട് ഞാന്‍ എന്റെ വിരിപ്പില്‍ കിടന്നു. തീര്‍ച്ചയായും ഞാന്‍ നിരപരാധിയാണ് എന്നും അല്ലാഹു എന്റെ നിരപരാധിത്വം അല്ലാഹു തെളിയിക്കുന്നതാണെന്നും ആ സന്ദഭത്തില്‍ എനിക്ക് അറിയാമായിരുന്നു. പക്ഷേ, അല്ലാഹുവാണ സത്യം! എന്റെ കാര്യത്തില്‍ പാരായണം ചെയ്യപ്പെടുന്ന ഒരു വഹ്‌യ് അല്ലാഹു ഇറക്കും എന്നു ഞാന്‍ വിചാരിച്ചിരുന്നില്ല. പാരായണം ചെയ്യപ്പെടുന്ന ഒരു കാര്യം കൊണ്ട് എന്റെ കാര്യത്തില്‍ അല്ലാഹു സംസാരിക്കുന്നതിനെക്കാള്‍ എത്രയോ ചെറുതാണ് എന്റെ കാര്യം (എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്). എങ്കിലും അല്ലാഹു എന്റെ നിരപരാധിത്വം അറിയിക്കുന്ന വല്ല സ്വപ്‌നവും ഉറക്കത്തില്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ കാണാന്‍ ഞാന്‍ പ്രതീക്ഷിക്കുന്നവളായിരുന്നു.’ ആഇശ(റ) പറയുന്നു: ‘അല്ലാഹുവാണ സത്യം, അല്ലാഹുവിന്റെ റസൂലോ കുടുംബത്തിലുള്ളവരോ ആരും പുറത്ത് പോയിട്ടില്ല. അപ്പോഴേക്കും അല്ലാഹു നബി ﷺ ക്ക് (വഹ്‌യ്) ഇറക്കുന്നു. അപ്പോള്‍ അവിടുത്തേക്ക് പിടിപെടാറുള്ളത് പോലെ വിയര്‍പ്പ് പിടിപെടുന്നു. മുത്തുകളെ പോലെ വിയര്‍പ്പിന്റെ തുള്ളികള്‍ അദ്ദേഹത്തില്‍നിന്നും ഉറ്റിവീഴാന്‍ തുടങ്ങി. അത് ഒരു ശൈത്യനാളായിരുന്നു. നബി ﷺ യുടെ മേല്‍ ഇറക്കപ്പെട്ടതിന്റെ ഭാരം (നിമിത്തമായിരുന്നു വിയര്‍പ്പ് പൊടിഞ്ഞിരുന്നത്). ആഇശ(റ) പറയുന്നു: ‘അങ്ങനെ അവിടുന്ന് ചിരിക്കാന്‍ തുടങ്ങി. എന്നിട്ട് അവിടുന്ന് ഒന്നാമതായി സംസാരിച്ച വാക്ക് (ഇതായിരുന്നു): ഓ, ആഇശാ! അല്ലാഹു നിന്നെ നിരപരാധിയാക്കിയിരിക്കുന്നു.’ അപ്പോള്‍ എന്റെ ഉമ്മ പറഞ്ഞു: ‘(മോളെ) നബി ﷺ യുടെ അടുത്തേക്ക് എഴുന്നേറ്റു ചെല്ലൂ.’ ആഇശ(റ) പറയുന്നു: ‘അപ്പോള്‍ ഞാന്‍ പറഞ്ഞു; ഇല്ല, അല്ലാഹുവാണ സത്യം, ഇല്ല! നബി ﷺ യിലേക്ക് ഞാന്‍ എഴുന്നേല്‍ക്കേണ്ടതില്ല. അല്ലാഹുവിനെയല്ലാതെ ഞാന്‍ സ്തുതിക്കേണ്ടതുമില്ല.’ അപ്പോള്‍ അല്ലാഹു (ഈ വചനം) ഇറക്കി: ”തീര്‍ച്ചയായും ആ കള്ളവാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട” (എന്നു തുടങ്ങി) പത്ത് ആയത്തുകള്‍ മുഴുവനും (ഇറക്കി). എന്റെ നിരപരാധിത്വത്തില്‍ ഇത് അല്ലാഹു ഇറക്കിയപ്പോള്‍ ദാരിദ്ര്യം നിമിത്തം തന്റെ കുടുംബമായിരുന്ന മിസ്വ്ത്വഹ് ഇബ്‌നു ഉഥാഥക്ക് ചെലവ് നല്‍കിയിരുന്ന അബൂബക്ര്‍(റ) പറഞ്ഞു: അല്ലാഹുവാണ സത്യം, ആഇശയെ കുറിച്ച് അതിനുശേഷം പറഞ്ഞതിനാല്‍ ഒരിക്കലും മിസ്വ്ത്വഹിന് യാതൊന്നും ചെലവഴിക്കുകയില്ല. അപ്പോള്‍ അല്ലാഹു (ഈ സൂക്തം)ഇറക്കി: ”നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.” അബൂബക്ര്‍(റ) പറഞ്ഞു: ‘അതെ, അല്ലാഹുവാണ സത്യം. എനിക്ക് അല്ലാഹു പൊറുത്തുതരാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.’ അങ്ങനെ മിസ്ത്വഹിന് കൊടുത്തിരുന്ന ചെലവ് വീണ്ടും അദ്ദേഹം കൊടുക്കുവാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണ സത്യം. അദ്ദേഹത്തില്‍നിന്ന് അത് ഞാന്‍ ഊരുകയില്ല (ഒഴിവാക്കുകയില്ല).’ ആഇശ(റ) പറയുന്നു: ‘എന്റെ കാര്യത്തെ പറ്റി അല്ലാഹുവിന്റെ റസൂല്‍ ﷺ സയ്‌നബിനോട് ചോദിച്ചിരുന്നു. അവിടുന്നു ചോദിച്ചു: ‘സയ്‌നബാ, എന്താണ് നീ മനസ്സിലാക്കിയത്? നിങ്ങള്‍ എന്താണ് കണ്ടിട്ടുള്ളത്?’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എന്റെ കണ്ണും കാതും ഞാന്‍കാത്തു സംരക്ഷിച്ചിരിക്കുകയാണ്. നല്ലതല്ലാതെ എനിക്ക് അറിയില്ല.’ ആഇശ(റ) പറയുന്നു: ‘അല്ലാഹുവിന്റെ റസൂലിന്റെ പത്‌നിമാരില്‍ എന്നോട് കിടപിടിച്ചിരുന്ന ഭാര്യ. അല്ലാഹു അവരെ അവരുടെ സൂക്ഷ്മത നിമിത്തം സംരക്ഷിക്കുകയുണ്ടായി. അവരുടെ സഹോദരി ഹംന അവരോട് (എനിക്കെതിരില്‍) പോരാടുന്നവളുമായിരുന്നു. കെട്ടുകഥയാല്‍ നാശം സംഭവിച്ചവരില്‍ അവരും അകപ്പെട്ടു.” (ബുഖാരി)

ഹുസൈന്‍ സലഫി, ഷാര്‍ജ

നേർപഥം വാരിക 

തബ്‌ലീഗ് ജമാഅത്ത്: ഒരു പഠനം

തബ്‌ലീഗ് ജമാഅത്ത്: ഒരു പഠനം

(ഭാഗം 04)

സൂഫികളുടെ ദിക്‌റ്‌ അതിന്റെ കോലവും

ദിക്‌റുല്ലാഹ് എന്നത് അല്ലാഹുവിനെ സ്മരിക്കലാണ്. ജീവിതത്തില്‍ എപ്പോഴും അല്ലാഹുവിനെ കുറിച്ചുള്ള ബോധം വിശ്വാസികളുടെ മനസ്സില്‍ സജീവമായി നിലനിര്‍ത്തുക എന്നാണ് ഇതിന്റെ ഉദ്ദേശം. ഇത് നാവുകൊണ്ട് ഉരുവിട്ടുകൊണ്ടും മനസ്സില്‍ ഓര്‍ത്തുകൊണ്ടുമാകാം. ജീവിതവ്യവഹാരങ്ങള്‍ക്കിടയിലും ഇത് ചെയ്യുവാന്‍ കഴിയും.

എന്നാല്‍ മനുഷ്യനെ ദിക്‌റില്‍ തളച്ചിടുകയും ദിക്‌റിനെ വലിച്ചുനീട്ടി സന്യാസത്തിന്റെ തുടക്കമായ ധ്യാനത്തിലേക്ക് എത്തിക്കുകയുമാണ് സകരിയ്യാ സാഹിബിനെ പോലെയുള്ള സൂഫികള്‍ ചെയ്തിട്ടുള്ളത്. സൂഫികള്‍ക്ക് പ്രത്യക്ഷം, അപ്രത്യക്ഷം എന്നിങ്ങനെ രണ്ടുതരം ദിക്‌റുകളുണ്ട്. ത്വരീക്വത്തില്‍ പ്രവേശിച്ച ഘട്ടത്തില്‍ പ്രത്യക്ഷ ദിക്‌റാണ് വേണ്ടത്. പിന്നീടങ്ങോട്ട് അപ്രത്യക്ഷമായ ദിക്‌റും!

ദിക്‌റിനെ കുറിച്ച് സകരിയ്യ സാഹിബ് എഴുതുന്നത് ശ്രദ്ധിക്കുക: ‘ദിക്‌റ്‌  തസവ്വുഫിന്റെ അടിസ്ഥാനസിദ്ധാന്തവും എല്ലാ സൂഫിയാക്കളുടെയും സര്‍വ ത്വരീക്വത്തിലും പ്രചാരമുള്ളതാകുന്നു’’ (ദിക്‌റിന്റെ മഹത്വങ്ങള്‍).

സൂഫികളുടെ പരമമായ ലക്ഷ്യം അല്ലാഹുവില്‍ ‘ലയിക്കുക’ എന്നതാണ്. സ്വയം ദൈവമായി മാറാനുള്ള ഈ പ്രയാണത്തിലേക്കുള്ള കവാടമാണ് അവര്‍ക്ക് ദിക്‌റ്‌ !

സകരിയ്യ സാഹിബ് എഴുതുന്നു: “ലക്ഷക്കണക്കിനല്ല കോടിക്കണക്കിന് മഷാഇഖുകള്‍ ഉണ്ട്. ഓരോ ഷൈഖിനും അനേകം മുരീദന്മാരും ഉണ്ടായിരിക്കുന്നതാണ്. ഒരോരുത്തരും കുറഞ്ഞപക്ഷം ദിനവും ആയിരം പ്രാവശ്യംവീതം പരിശുദ്ധകലിമ ചൊല്ലുന്നത് പതിവാക്കിയവരുമാണ്. ജാമിഉല്‍ ഉസൂല്‍ എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ‘അല്ലാഹ്’ എന്ന ദിക്ര്‍ പതിവായിട്ട് ദിനവും കുറഞ്ഞപക്ഷം അയ്യായിരം പ്രാവശ്യം ചൊല്ലണം. കൂടുതല്‍ എത്രയെന്ന് കണക്കില്ല. സൂഫിയാക്കള്‍ ദിനവും ഇരുപത്തിഅയ്യായിരം പ്രാവശ്യം കുറഞ്ഞത് ചൊല്ലണം. ലാ ഇലാഹ ഇല്ലല്ലാഹ് കുറഞ്ഞപക്ഷം ദിവസവും അയ്യായിരം പ്രാവശ്യം ചൊല്ലണമെന്ന് എഴുതിയിരിക്കുന്നു. മഷാഇഖുകളുടെ നടപടിയനുസരിച്ച് ഇതില്‍ കൂടുതലും കുറവും വരാം. നമ്മുടെ ഹല്‌റത്ത് ഷാഹ് വലിയുള്ളാഹ് സാഹിബ് (റഹ്:അ) ‘കൗലുല്‍ജമീല്‍‘ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹത്തിന്റെ പിതാവ് തന്റെ സൂലുക്കിന്റെ (ആത്മീയ സംസ്‌കരണത്തിനുള്ള പ്രയത്‌ന മാര്‍ഗത്തിന്‍െ) പ്രാരംഭത്തില്‍ ലാ ഇലാഹ ഇല്ലല്ലാഹ് ഒരുശ്വാസത്തില്‍ ഇരുന്നൂറ് പ്രാവശ്യം ചൊല്ലിയിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 141).

ചിന്തിക്കുക! അല്ലാഹുവിന്റെ മതം എളുപ്പമാണ്. അത് എല്ലാവര്‍ക്കും പ്രയോഗവത്കരിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ ഇപ്പറഞ്ഞ രൂപത്തില്‍ ദിനേന ദിക്‌റുകള്‍ ചൊല്ലാന്‍ ആര്‍ക്കൊക്കെ കഴിയും? ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഒരുശ്വാസത്തില്‍ ഇരുന്നൂറ് പ്രാവശ്യം ചൊല്ലാന്‍ ആര്‍ക്കാണ് സാധിക്കുക?

ഗ്രന്ഥകാരന്‍ വീണ്ടും എഴുതുന്നു:

“ഞങ്ങളുടെ അയല്‍പക്കത്ത് ഒരു യുവാവ് താമസിച്ചിരുന്നു. അദ്ദേഹം സാഹിബുല്‍ കഷ്ഫ് ആണെന്ന് പ്രസിദ്ധമായിരുന്നു. സ്വര്‍ഗ്ഗനരകങ്ങളുടെ അവസ്ഥകള്‍ പോലും ചിലപ്പോള്‍ അദ്ദേഹത്തിന് വെളിവാക്കപ്പെടാറുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതു ശരിയാണെന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ടായിരുന്നു. ഒരു പ്രാവശ്യം ഒരു യുവാവ് ഞങ്ങളോടൊപ്പമിരുന്ന് ആഹാരം കഴിക്കുകയായിരുന്നു. പെട്ടെന്ന് അലറിക്കൊണ്ട് ഒരു ദീര്‍ഘശ്വാസത്തോടെ ‘എന്റെ മാതാവ് നരകത്തില്‍ കിടന്ന് കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നു. അവരുടെ സ്ഥിതി എനിക്ക് കാണിക്കപ്പെട്ടു’ എന്നു പറഞ്ഞു’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 142).

“ഇത് ഒരു സംഭവമാണ്. ഇതുപോലെയുള്ള എത്രയോ സംഭവങ്ങള്‍ ഈ ഉമ്മത്തികളിലുള്ള അനേകം വ്യക്തികളില്‍ അനുഭവപ്പെട്ടിരിക്കും. സൂഫിയാക്കളുടെ സാങ്കേതിക പ്രയോഗത്തില്‍ ‘ഫാസ്അന്‍ഫാസ്’എന്നു പറയപ്പെടുന്ന ഒരു കാലമുണ്ട്. അതിന്റെ ഉദ്ദേശം അല്ലാഹുവിന്റെ പേരോടുകൂടിയല്ലാതെ ഒരു ശ്വാവും ഉള്ളിലേക്ക് കടക്കുകയോ പുറത്തേക്ക് പോവുകയോ ചെയ്യാതിരിക്കുന്നതിനുള്ള ഒരു സാധാരണ പരിശീലനമാണ്. മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലമ്മയുട ഉമ്മത്തികളില്‍ കോടിക്കണക്കായ വ്യക്തികള്‍ ഇപ്രകാരം പരിശീലനം സിദ്ധിച്ചവരായുണ്ട്’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 142-143).

ദൈവസ്‌നേഹം സൂഫികളുടെ വീക്ഷണത്തില്‍

അല്ലാഹുവില്‍ വിശ്വസിക്കുന്ന ഏതൊരാളും അവനെ അതിരറ്റ് സ്‌നേഹിക്കാന്‍ ബാധ്യസ്ഥനാണ്. അല്ലാഹുവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കേണ്ടത് അവന്റെ വിധിവിലക്കുകള്‍ മാനിച്ചുകൊണ്ടാണ്. അല്ലാഹുവിനെക്കുറിച്ച് ഓര്‍മവരുമ്പോള്‍ ഒരു വിശ്വാസിയുടെ മനോമുകുരത്തില്‍ തെളിഞ്ഞുവരേണ്ടത് അവന്റെ മഹത്ത്വവും അവന്റെ ഗാംഭീര്യവുമാണ്. അതോടൊപ്പം താന്‍ അവന്റെ മുമ്പില്‍ പ്രകടിപ്പിക്കേണ്ട ഭക്ത്യാദരവുകളും അവന്റെ മനസ്സില്‍ നിറയും. അവന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയവും അവന്റെ കാരുണ്യത്തെക്കുറിച്ചുള്ള പ്രതീക്ഷയും മനസ്സില്‍ നിറയും. ഇത്രയും പറഞ്ഞത് ഒരു വിശ്വാസിക്ക് റബ്ബിനോടുള്ള സ്‌നേഹം ഏത് നിലയ്ക്കാവണം എന്ന് വ്യക്തമാക്കാനാണ്.

അല്ലാഹുവിനെ കണ്‍നിറയെ കാണലും അവനില്‍ ‘ലയിക്കലും’ പരമലക്ഷ്യമായി കാണുന്ന സൂഫികള്‍ക്ക് അല്ലാഹുവിനോടുള്ള സ്‌നേഹം മറ്റു വിശ്വാസികളുടേത് പോലെയല്ല; പ്രായപൂര്‍ത്തിയായ പുരുഷന് സ്ത്രീകളോടുള്ള സ്‌നേഹം പോലെയാണ്. ഇശ്ഖ്, വുജ്ദ് എന്നൊക്കെയാണ് ദൈവത്തോട് തങ്ങള്‍ക്കുള്ള സ്‌നേഹത്തിന് സൂഫികള്‍ നല്‍കുന്ന പേര്. ഈ രണ്ട് വാക്കുകളും കാമുകീകാമുകന്മാര്‍ക്കിടയിലുള്ള ലൈംഗിക വികാരത്തിലധിഷ്ഠിതമായ സ്‌നേഹത്തെ വിവരിക്കാനുള്ള പദങ്ങളാണ്. പ്രേമം, അനുരാഗം എന്നൊക്കെയാണതിന്റെ അര്‍ഥം. ദൈവത്തോടുള്ള അവന്റെ അടിമകളുടെ ബന്ധത്തെ കാമുകീകാമുക ബന്ധത്തോട് ഉപമിക്കുന്ന ഈ രീതി ക്വുര്‍ആനിനും ഹദീഥിനും വിരുദ്ധമാണ്. ഹുബ്ബ്, രിദാ എന്നൊക്കെയാണ് പടച്ചവനോടുള്ള സ്‌നേഹത്തെ പ്രകടിപ്പിക്കാന്‍ ക്വുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത്.

എന്നാല്‍ സകരിയ്യ സാഹിബ് എഴുതുന്നത് നോക്കൂ:

“എന്നാല്‍ ഈ സാധുവിന്റെ അഭിപ്രായത്തില്‍ മറ്റൊരു വശവും ആകാം എന്ന് തോന്നുന്നു. അതായത് പ്രേമഭാജനത്തിന്റെ പേര്‍ പറയുമ്പോള്‍ ഒരു രസവും ഇമ്പവും അനുഭവപ്പെടാറുണ്ട്. പ്രേമവുമായി ബന്ധപ്പെടാനിടയുള്ളവര്‍ക്ക് ഇതറിയാവുന്നതാണ്. ഈ അടിസ്ഥാനത്തില്‍ ഇവിടത്തെ ഉദ്ദേശം രസംപിടിക്കുവോളം, ആനന്ദത്തോടെ അല്ലാഹുവിന്റെ പരിശുദ്ധനാമം സ്മരിക്കപ്പെടട്ടെയെന്നതാണ്. എന്റെ ചില ഷൈഖന്‍മാരെ (ഗുരുനാഥന്‍മാരെ) ഈ നിലയില്‍ ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്…’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 26).

“പ്രേമിക്കുന്നവന്റെയും പ്രേമഭാജനത്തിന്റെയും മധേ്യയുള്ള രഹസ്യ സംഭാഷണം മലക്കുകള്‍ക്കു പോലും അറിയാത്തതാണ്’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 68).

“ഹസ്‌റത് ജുനയ്ദ്(റ:അ)വില്‍നിന്ന് ഉദ്ധരിക്കപ്പെടുന്നു: അദ്ദേഹം ഒരിക്കല്‍ സ്വപ്‌നത്തില്‍ ശൈത്വാനെ പൂര്‍ണ നഗ്‌നനായി കണ്ടു. അദ്ദേഹം ചോദിച്ചു: ‘മനുഷ്യരുടെ മുമ്പില്‍ നഗ്‌നനാവാന്‍ നിനക്ക് നാണമില്ലേ?’ അവന്‍ പറയുകയാണ്: ‘ഇവര്‍ വല്ല മനുഷ്യരുമാണോ? എന്റെ ശരീരത്തെ ശോഷിപ്പിച്ച, എന്റെ കരളിനെ കരിച്ചുകളഞ്ഞ, ഷൊനീസിയ്യഃ പള്ളിയിലിരിക്കുന്നവരാണ് മനുഷ്യര്‍.’ ഹസ്‌റത് ജുനയ്ദ്(റ:അ) പറയുന്നു: ‘ഞാന്‍ ഷൊനീസിയ്യഃ പള്ളിയില്‍ ചെന്നപ്പോള്‍, കാല്‍മുട്ടില്‍ തലവെച്ച് മുറാഖബയില്‍ വ്യാപൃതരായ ചില മഹാന്മാരെയാണ് കണ്ടത്. എന്നെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ‘ആ നീചന്റെ വാക്കുകള്‍ മൂലം നീ എവിടെയെങ്കിലും വഞ്ചനയില്‍ പെട്ടുപോകരുതേ!

മസൂഹി(റഹ്:അ)യില്‍നിന്നും ഏകദേശം ഇതുപോലെതന്നെ ഉദ്ധരിക്കപ്പെടുന്നുണ്ട്. അദ്ദേഹം ശൈത്വാനെ നഗ്‌നനായി കണ്ടപ്പോള്‍ ‘മനുഷ്യര്‍ക്കിടയില്‍ ഇപ്രകാരം നടക്കുവാന്‍ നിനക്ക് നാണമില്ലേ?’ എന്നു ചോദിച്ചു. ‘അല്ലാഹുവില്‍ സത്യം! ഇവര്‍ മനുഷ്യരല്ല! ഇവര്‍ മനുഷ്യരായിരുന്നുവെങ്കില്‍ കുട്ടികള്‍ പന്ത് കളിക്കുന്നതുപൊലെ ഇവരെക്കൊണ്ട് ഞാന്‍ കളിക്കുകയില്ലായിരുന്നു! എന്റെ ശരീരത്തെ അസ്വസ്ഥമാക്കിയ അവരാണ് മനുഷ്യര്‍ എന്നു പറഞ്ഞ് അവന്‍ ഒരു സംഘം സൂഫിയാക്കളെ ചൂണ്ടിക്കാണിച്ചു’’ (ദിക്‌റിന്റെ മഹത്ത്വങ്ങള്‍, പേജ് 69).

“നശ്വരമായ ഈ ലോകത്തിലെ സ്‌നേഹഭാജനത്തേക്കുറിച്ച് അറി യാനും ആസ്വദിക്കാനുമുള്ള ആഗ്രഹം വര്‍ധിച്ചുകൊണ്ടേ പോകുന്നു. തന്റെ പ്രേമഭാജനവുമായുള്ള ബന്ധവും അടുപ്പവും പരമാവധി വര്‍ധിപ്പിച്ച് അതില്‍ക്കൂടിയുള്ള ആനന്ദം കൂടുതല്‍ ആസ്വദിക്കാനുള്ള പരിശ്രമവും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ഹഖ് സുബ്ഹാനഹു വ തആലയില്‍ നാം ആഗ്രഹിക്കുന്നതും നമ്മെ ആകര്‍ഷിക്കുന്നതുമായ എല്ലാ മഹത്ത്വങ്ങളും അവര്‍ണനീയവും അനന്തവുമായ നിലയില്‍ ഉണ്ട്. അവന്‍ അവകളുടെയെല്ലാം ഉറവിടവും കൂടിയാണ്. ലോകത്ത് നമ്മെ ആകര്‍ഷിക്കുന്ന എല്ലാം അതിന്റെ നിഴല്‍ മാത്രമാണ്…’’ (ഖുര്‍ആനിന്റെ മഹത്ത്വങ്ങള്‍, പേജ് 104).

ഭൗതിക ചിന്തയില്ലാത്ത സൂഫി

നമസ്‌കരിക്കുമ്പോഴും മറ്റു സമയങ്ങളിലും ലൗകികമായ ചിന്ത മനസ്സില്‍ ഒരിക്കലും കടന്നുവരാത്ത ആരെങ്കിലും ഉണ്ടാകുമോ? ലൗകിക ചിന്ത ഒട്ടുമില്ലാതെ എങ്ങനെയാണ് ഈ ലോകത്ത് ഒരാള്‍ക്ക് ജീവിക്കുവാന്‍ സാധിക്കുക? ലളിതമായ ഈ യാഥാര്‍ഥ്യത്തെപോലും കള്ളക്കഥകള്‍കൊണ്ട് മറികടക്കാനാണ് സകരിയ്യാ സാഹിബിന്റെ ശ്രമം. നബി(സ)യുടെ വഫാത്തിനു ശേഷം ഭരണകര്‍ത്താവ് ആരാകണമെന്നതിനെക്കുറിച്ച് സ്വഹാബികള്‍ക്കിടയില്‍ തര്‍ക്കം ഉത്ഭവിച്ചതും ചര്‍ച്ചകളിലൂടെ പരിഹരിച്ചതും എല്ലാവര്‍ക്കും അറിയുന്ന കാര്യമാണല്ലോ. ഇത് സ്വഹാബികള്‍ക്ക് ദുനിയാവിനെക്കുറിച്ചും ദീനിനെക്കുറിച്ചുമുള്ള ചിന്തയുണ്ടായത് കൊണ്ടല്ലേ?

വിശന്നു വലഞ്ഞ സന്ദര്‍ഭത്തില്‍ അബൂഹുറയ്‌റ(റ )യും മറ്റു ചില സ്വഹാബികളും ഭക്ഷണം തേടി ഇറങ്ങിയതും യുദ്ധത്തില്‍ പങ്കെടുത്ത സ്വഹാബികള്‍ ശത്രുക്കള്‍ ഇട്ടേച്ചുപോയ വസ്തുക്കള്‍ ശേഖരിച്ചതും ബഹ്‌റൈനില്‍നിന്നും സകാത്തിന്റെ സമ്പത്ത് വന്ന സന്ദര്‍ഭത്തില്‍ അതിന്റെ പങ്ക് ലഭിക്കണം എന്ന ഉദ്ദേശത്തില്‍ ചില സ്വഹാബികള്‍ പള്ളിയിലേക്ക് വന്നതും നബി(സ)യുടെ എളാപ്പ അബ്ബാസ്(റ) തനിക്ക് കൂടുതല്‍ ലഭിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചതും ഇവര്‍ക്കറിഞ്ഞുകൂടേ? യുദ്ധ സന്ദര്‍ഭത്തിലുള്ള നമസ്‌കാരത്തില്‍ ആയുധങ്ങള്‍ കയ്യില്‍ പിടിച്ച് ശത്രുക്കളെക്കുറിച്ച് ജാഗ്രത പുലര്‍ത്തിക്കൊണ്ട് സ്വഹാബികള്‍ നമസ്‌കരിച്ചത് മൗലാനക്ക് അറിയാത്തതാണോ?

ചുരുക്കിപ്പറഞ്ഞാല്‍ നബിയും അനുചരന്മാരും കൃഷി, കച്ചവടം വൈവാഹിക ജീവിതം, യുദ്ധം തുടങ്ങി നിരവധി ഭൗതിക കാര്യങ്ങളില്‍ ഇടപ്പെട്ടിരുന്നു. പക്ഷേ, ഭൗതിക വ്യാപാരങ്ങളൊന്നും ദൈവസ്മരണയില്‍നിന്നോ നമസ്‌കാരത്തില്‍നിന്നോ അവരെ അശ്രദ്ധരാക്കിയിരുന്നില്ല.

എന്നാല്‍ സകരിയ്യാ സാഹിബ് പരിചയപ്പെടുത്ത ശൈഖുമാര്‍ സ്വഹാബികളെക്കാളെല്ലാം ഉപരിയിലാണ്. അദ്ദേഹം എഴുതുന്നു:

“റബിഅ് (റഹ്:അ) എന്ന മഹാന്‍ പറയുന്നു: ഞാന്‍ നമസ്‌കാരത്തിന് വേണ്ടി നിന്നുകഴിഞ്ഞാല്‍, എന്നോടെന്തെല്ലാം ചോദ്യങ്ങളാണുണ്ടാകുന്നത് എന്നുള്ള ചിന്ത ഉണ്ടായിക്കൊണ്ടേയിരിക്കുന്നതാണ്. ആമിറിബ്‌നു അബ്ദുല്ലാഹി(റഹ്:അ) നമസ്‌കാരത്തിനായി നിന്നാല്‍ വീട്ടുകാരുടെ സംസാരം കേള്‍ക്കാതിരിക്കുന്നത് പോകട്ടെ, ചെണ്ടയടിയുടെ ശബ്ദം പോലും അദ്ദേഹം അറിയുകയില്ലായിരുന്നു. നിങ്ങള്‍ക്ക് നമസ്‌കാരത്തില്‍ എന്തെങ്കിലും വിഷയത്തെ പറ്റിയുള്ള ചിന്ത ഉണ്ടാകാറുണ്ടോ എന്നദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ‘ഹാ! ഒരു ദിവസം അല്ലാഹുവിന്റെ സന്നിധിയില്‍ നില്‍ക്കേണ്ടി വരും. സ്വര്‍ഗ്ഗമോ നരകമോ, രണ്ടിലൊന്നില്‍ പോകേണ്ടി വരും, എന്നുള്ള ചിന്ത എന്നിലുണ്ടാവാറുണ്ട്’ എന്നദ്ദേഹം മറുപടി പറഞ്ഞു…’’ (നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 138).

“ഒരു മഹാന്റെ ഒരംഗത്തിന് കേടു സംഭവിക്കുകയാല്‍ അതുമുറിക്കേണ്ട ആവശ്യം നേരിട്ടു. അദ്ദേഹം നമസ്‌കാരത്തില്‍ പ്രവേശിക്കുമ്പോള്‍ മുറിച്ചെടുക്കുകയാണെങ്കില്‍ അദ്ദേഹത്തിന് അതിനെപ്പറ്റിയുള്ള അറിവേ ഉണ്ടാവുകയില്ല. അതുകൊണ്ട് ആ സമയത്ത് മുറിച്ചുക്കളയാം എന്ന് ജനങ്ങള്‍ തീരുമാനിച്ചു. അപ്രകാരം അദ്ദേഹം നമസ്‌കാരിക്കാന്‍ ആരംഭിച്ചപ്പോള്‍ അവര്‍ മുറിച്ചുകളഞ്ഞു. ഒരു മഹാനോട് നിങ്ങള്‍ക്ക് നമസ്‌കാരത്തില്‍ ദുന്‍യാവിന്റെ വല്ല ചിന്തകളും വരാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ നമസ്‌കാരത്തിലും നമസ്‌കാരത്തിനു  വെളിയിലും ദുന്‍യാവിന്റെ ഒരു ചിന്തയും എനിക്കു വരാറില്ല എന്നദ്ദേഹം മറുപടി പറഞ്ഞു. മറ്റൊരു മഹാന്റെ സംഭവം ഇപ്രകാരം എഴുതിയിരിക്കുന്നു: നിങ്ങള്‍ക്ക് നമസ്‌കാരത്തില്‍ മറ്റേതെങ്കിലും കാര്യത്തേക്കുറിച്ചുള്ള ചിന്ത ഉണ്ടാകാറുണ്ടോ എന്നദ്ദേഹത്തോട് ഒരാള്‍ ചോദിച്ചപ്പോള്‍ ‘നമസ്‌കാരത്തേക്കാള്‍ പ്രിയങ്കരമായ മറ്റു വല്ലതുമുണ്ടോ? നമസ്‌കാരത്തില്‍ അതിനെപ്പറ്റി  ചിന്തിക്കുവാന്‍‘ എന്നദ്ദേഹം ചോദിക്കുകയുണ്ടായി’’ (നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 139).

“ബഹ്ജത്തുന്നുഫൂസ് എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ഒരാള്‍ ഒരു മഹാനെ സന്ദര്‍ശിക്കുന്നതിനായി അദ്ദേഹത്തിന്റെ സന്നിധിയിലെത്തി. അപ്പോള്‍ അദ്ദേഹം ളുഹര്‍ നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. വന്നയാള്‍ പ്രതീക്ഷിച്ചവിടെത്തന്നെയിരുന്നു. നമസ്‌കാരത്തില്‍ നിന്നും വിരമിച്ച ശേഷം അദ്ദേഹം ‘നഫ്‌ല്’ നമസ്‌കാരത്തിന് ആരംഭിച്ചു. അസര്‍വരെ നഫ്‌ല് നമസ്‌കരിച്ചുകൊണ്ടിരുന്നു. വന്നയാള്‍ പ്രതീക്ഷിച്ചു നിന്നിരുന്നു. നഫ്‌ല് നമസ്‌കാരങ്ങളില്‍ല്‍നിന്നും വിരമിച്ചയുടന്‍ അസര്‍ നമസ്‌കാരമാരംഭിച്ചു. അതു കഴിഞ്ഞയുടന്‍ മഗ്‌രിബ് നമസ്‌കാരം വരെ ദിക്‌റ് ചെയ്തുകൊണ്ടിരുന്നു. മഗ്‌രിബ് നമസ്‌കരിച്ച ശേഷം ഇഷാവരെ നഫ്‌ല് നമസ്‌കരിച്ചുകൊണ്ടിരുന്നു. ഇഷാ നമസ്‌കാരത്തിന് ശേഷം കാണാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയില്‍ വന്നയാള്‍ വിഷമിച്ചു കാത്തിരുന്നു. എന്നാല്‍ ഇഷാ നമസ്‌കരിച്ചു തീര്‍ന്നയുടനെ അദ്ദേഹം നഫ്‌ല് നമസ്‌കരിക്കാന്‍ തുടങ്ങി. സുബ്ഹിവരെയും അപ്രകാരം നമസ്‌കരിച്ചുകൊണ്ടിരുന്നു. സുബ്ഹി നമസ്‌കരിച്ചയുടനെ ദിക്‌റുകളും ആരംഭിച്ചു. ഇപ്രകാരമുള്ള അദ്ദേഹത്തിന്റെ ഇബാദത്തിനിടയില്‍ മുസല്ലയില്‍ത്തന്നെയിരുന്ന് അല്പം കണ്ണടഞ്ഞുപോയി. പെട്ടെന്ന് കണ്ണുതുറന്ന് ഇസ്തിഗ്ഫാറും തൗബായും ചെയ്യാന്‍ തുടങ്ങി . അനന്തരം ഇപ്രകാരം ദുആ ചെയ്തു: ഉറക്കം മതിയാകാത്ത കണ്ണില്‍നിന്നും ഞാന്‍ അല്ലാഹുവിനോട് അഭയം തേടുന്നു’’ (നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 139).

“ഒരു മഹാനെക്കുറിച്ചുള്ള സംഭവം ഇപ്രകാരം എഴുതുന്നു: അദ്ദേഹം രാത്രി ഉറങ്ങുന്നതിനായി കിടന്നാല്‍ കണ്ണടക്കുന്നതിന് വളരെ പരിശ്രമിക്കും. എന്നാല്‍ ഉറക്കം വരാതിരിക്കുമ്പോള്‍ എഴുന്നേറ്റ് നമസ്‌കാരത്തിലേര്‍പ്പെടുകയും അല്ലാഹുവേ, ജഹന്നമിലെ തീയ്യെക്കുറിച്ചുള്ള ഭയത്താലാണ് എനിക്ക് ഉറക്കം വരാതിരിക്കുന്നത് എന്ന് നിനക്കറിയാമല്ലോ എന്നു പറഞ്ഞുകൊണ്ട് സുബ്ഹിവരെ നമസ്‌കരിച്ചുകൊണ്ടിരിക്കും’’  (നമസ്‌കാരത്തിന്റെ മഹത്ത്വങ്ങള്‍, പേജ് 139).

സക്കീര്‍ ഹുസൈന്‍ ഈരാറ്റുപേട്ട

നീർപഥം വാരിക 

കപടവിശ്വാസികളുടെ പാളിപ്പോയ തന്ത്രങ്ങള്‍

കപടവിശ്വാസികളുടെ പാളിപ്പോയ തന്ത്രങ്ങള്‍

(മുഹമ്മദ് നബി ﷺ : 46)

ഉഹദ് യുദ്ധത്തില്‍ ശത്രുപക്ഷത്തെ (ക്വുറയ്ശികളെ) സഹായിച്ച ഒരു ഗോത്രമായിരുന്നു ബനുല്‍ മുസ്വ്ത്വലക്വ് ഗോത്രം. ആ ഗോത്രത്തിന്റെ നേതാവ് ഹാരിസുബ്‌നു ദ്വിറാര്‍ ആയിരുന്നു. അയാള്‍ മദീനയെ അക്രമിക്കുവാനും നബി ﷺ യോട് യുദ്ധം ചെയ്യുവാനും തയ്യാറെടുപ്പ് നടത്തുന്നുണ്ട് എന്ന വിവരം നബി ﷺ ക്ക് ലഭിക്കുകയുണ്ടായി. അതൊരു കേട്ടുകേള്‍വിയോ ഊഹാപോഹമോ ആയിക്കൂടെന്നും എന്താണ് അതിന്റെ നിജസ്ഥിതി എന്നും ഉറപ്പുവരുത്താനായി നബി ﷺ ബുറയ്ദതുല്‍ അസ്‌ലമി(റ)യെ വളരെ തന്ത്രപരമായി പറഞ്ഞയച്ചു. അദ്ദേഹം ആ ഗോത്രത്തില്‍ ചെന്നു. വിവരം അന്വേഷിച്ചു. വലിയ ഒരു സൈന്യവുമായി നബി ﷺ ക്ക് എതിരില്‍ പുറപ്പെടാന്‍ ഒരുങ്ങുന്നു എന്ന വിവരം കിട്ടി. അത് അദ്ദേഹം നബി ﷺ യെ അറിയിച്ചു.

വിവരം അറിഞ്ഞ നബി ﷺ വലിയ ഒരു സംഘത്തെയുമായി ബനുല്‍ മസ്വ്ത്വലക്വ് ഗോത്രക്കാരുടെ നാട്ടിലേക്ക് ഒരു യുദ്ധത്തിനായിത്തന്നെ പുറപ്പെട്ടു. അവര്‍ക്ക് മുറയ്‌സീഅ് എന്ന് പേരുള്ള ഒരു ജലാശയമുണ്ടായിരുന്നു. നബി ﷺ യും അനുയായികളും അവിടെ താവളമടിച്ചു. ഒരു മുന്നറിയിപ്പും കൂടാതെ ശത്രുക്കള്‍ക്ക് എതിരില്‍ നബി ﷺ യും അനുയായികളും കടുത്ത ആക്രമണം നടത്തി. മുസ്‌ലിംകളോട് വിജയിക്കാന്‍ സാധ്യമല്ലെന്ന് ഉറപ്പുവരുത്തിയ ശത്രുക്കള്‍ അവസാനം മുസ്‌ലിംകള്‍ക്ക് മുമ്പില്‍ കീഴൊതുങ്ങി. കുറച്ചുപേര്‍ അന്ന് കൊല്ലപ്പെടുകയുണ്ടായി. അവര്‍ക്കിടയില്‍നിന്നും ലഭിച്ച യുദ്ധാര്‍ജിത സ്വത്ത് മുസ്‌ലിംകള്‍ക്കിടയില്‍ നബി ﷺ വീതിച്ചു. അതുപോലെ പിടിക്കപ്പെട്ട ബന്ധികളെയും നബി ﷺ സ്വഹാബികള്‍ക്കിടയില്‍ വീതിച്ചുകൊടുത്തു. മുസ്‌ലിംകള്‍ക്ക് വലിയ നഷ്ടം സംഭവിക്കാതെ, എന്നാല്‍ ശത്രുക്കള്‍ക്ക് വലിയ പരാജയം ഏല്‍ക്കേണ്ടി വന്ന ഈ യുദ്ധം അങ്ങനെ അവസാനിക്കുകയും ചെയ്തു.

യുദ്ധത്തിന്റെ പ്രയാസങ്ങള്‍ മുസ്‌ലിംകള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലായിരുന്നു. ഈ യുദ്ധത്തിന് പുറപ്പെടുന്ന കൂട്ടത്തിലും അതിനോട് താല്‍പര്യം ഇല്ലാത്ത പലരും ഉണ്ടായിരുന്നു. മദീനയില്‍ നബി ﷺ യുടെ കൂടെയാണെന്ന് വരുത്തിത്തീര്‍ത്ത്, മുസ്‌ലിംകള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറി, ഉള്ളില്‍ കാപട്യം ഒളിപ്പിച്ച് വെച്ച്, പുറമേക്ക് ഇസ്‌ലാം പ്രകടിപ്പിച്ച്, മുസ്‌ലിം സമൂഹത്തില്‍ വിള്ളലും ഭിന്നതയും ഛിദ്രതയും ഉണ്ടാക്കി, മുസ്‌ലിംകളുടെ സംഘ ശക്തി ദുര്‍ബലപ്പെടുത്താനും ക്ഷയിപ്പിക്കുവാനുമായി ഗൂഢമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സലൂലും അവന്റെ അണികളും ആ സംഘത്തിലുണ്ടായിരുന്നു. ഇപ്പോള്‍ പല സന്ദര്‍ഭങ്ങളിലും മുസ്‌ലിംകള്‍ക്ക് വിജയം ലഭിക്കുന്നുണ്ടെന്നും ശത്രുക്കള്‍ വിട്ടേച്ചുപോകുന്ന സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും മനസ്സിലാക്കി, അവരുടെ കൂടെ ചേര്‍ന്നാല്‍ അവയില്‍നിന്ന് തങ്ങള്‍ക്കും ലഭിക്കുമല്ലോ എന്ന ഭൗതിക മോഹം മാത്രം ലക്ഷ്യം വെച്ചാണ് അവരുടെ പുറപ്പെടല്‍. അവസരം കിട്ടിയാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നതയും ഉണ്ടാക്കാം എന്നതായിരുന്നു അവരുടെ ലക്ഷ്യം.

അബ്ദുല്ലാഹ് വിചാരിച്ചതിനേക്കാളും വലിയ നേട്ടവും വിജയവുമാണ് ഈ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് ഉണ്ടായത്. മദീനയിലേക്ക് എത്തിയാല്‍ തനിക്ക് അവിടെയുണ്ടായിരുന്ന പേരും പ്രശസ്തിയും നഷ്ടപ്പെടാന്‍ പോകുകയാണെന്ന് മനസ്സിലാക്കിയ അബ്ദുല്ലാഹ് ഈ സംഘത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം തുടങ്ങി. മുസ്‌ലിംകള്‍ ഒരുമയോടെ മദീനയില്‍ എത്തിയാല്‍ അത് തനിക്ക് ദോഷം ചെയ്യുമെന്ന് കണക്കു കൂട്ടിയ അവന്‍ അവന്റെ പണി തുടങ്ങി. അതിന് സാക്ഷിയായ സയ്ദുബ്‌നു അര്‍ക്വം(റ) പറയുന്നത് കാണുക:

”(ഈ) യുദ്ധത്തില്‍ ഞാന്‍ ഉണ്ടായിരുന്നു. അപ്പോള്‍ അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യ് പറയുന്നത് ഞാന്‍ കേള്‍ക്കുകയുണ്ടായി: ‘റസൂലുല്ലാഹിയുടെ അടുക്കല്‍ ഉള്ളവര്‍ അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരില്‍നിന്ന് ഒഴിവാകുന്നതുവരെ നിങ്ങള്‍ അവര്‍ക്ക് ചെലവഴിക്കരുത്. അദ്ദേഹത്തില്‍ നിന്ന് (നബി ﷺ യില്‍ നിന്ന്) ഞങ്ങള്‍ മടങ്ങിയാല്‍ പ്രതാപവാന്മാര്‍ ദുര്‍ബലരെ പുറത്താക്കുകതന്നെ ചെയ്യുന്നതാണ്.’ അപ്പോള്‍ ഞാന്‍ അത് എന്റെ പിതൃവ്യനോട് -അല്ലെങ്കില്‍ ഉമറിനോട്- പറഞ്ഞു. അദ്ദേഹം അത് നബി ﷺ യോടും പറഞ്ഞു. അപ്പോള്‍ എന്നെ നബി ﷺ വിളിച്ചു. അങ്ങനെ ഞാന്‍ ആ കാര്യം (എല്ലാം) പറഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യിലേക്കും അവന്റെ ആളുകളിലേക്കും (ആളെ) അയച്ചു. അവര്‍ (അങ്ങനെ) പറഞ്ഞിട്ടില്ല എന്ന് സത്യം ചെയ്തു. അപ്പോള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ എന്നെ കളവാക്കുകയും അവനെ സത്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ എനിക്ക് അതുപോലെ (മറ്റൊരിക്കലും ബാധിച്ചിട്ടില്ലാത്ത അത്ര) വലിയ വിഷമം ഉണ്ടായി. അങ്ങനെ ഞാന്‍ വീട്ടില്‍ ഇരിക്കുകയാണ്. അന്നേരം എന്നോട് എന്റെ പിതൃവ്യന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂല്‍ ﷺ നിന്നെ കളവാക്കിയതിനെ കുറിച്ച് നീ എന്താണ് ഉദ്ദേശിക്കുന്നത്?’ അന്നേരമാണ് അല്ലാഹു ഈ വചനം ഇറക്കിയത്: ‘കപട വിശ്വാസികള്‍ നിന്റെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും നീ അവന്റെ ദൂതനാണെന്ന്. തീര്‍ച്ചയായും മുനാഫിക്വുകള്‍ (കപടന്‍മാര്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു” (63:1). അപ്പോള്‍ നബി ﷺ എന്നിലേക്ക് (ആളെ) അയച്ചു. എന്നിട്ട് (ഇത്) ഓതുകയും (ഇപ്രകാരം) പറയുകയും ചെയ്തു: ‘ഓ സയ്ദ്, തീര്‍ച്ചയായും അല്ലാഹു താങ്കളെ സത്യപ്പെടുത്തിയിരിക്കുന്നു” (ബുഖാരി).

ഈ യുദ്ധത്തില്‍ വിജയിച്ചത് അവരുടെ ശക്തികൊണ്ടും കഴിവുകൊണ്ടും ആണെന്നാണ് റസൂലിന്റെ കൂടെയുള്ളവര്‍ വിചാരിക്കുന്നത്. ഞങ്ങള്‍ മദീനയില്‍ ഇവരെ തീറ്റിപ്പോറ്റിയതിനാലാണ് ഇവര്‍ ഇന്ന് ഇങ്ങനെ അന്തസ്സോടെ നടക്കുന്നത്. അതിന്റെ ശക്തികൊണ്ടാണ് ഇവര്‍ വിജയിച്ചത്. അതിനാല്‍ അവര്‍ റസൂലില്‍നിന്ന് ഒഴിവാകുന്നതുവരെ ഇനി നിങ്ങള്‍ അവര്‍ക്ക് ചെലവഴിക്കരുത് എന്ന് അബ്ദുല്ലാഹ് അവന്റെ ആളുകളോട് പറഞ്ഞു. ‘മദീനയില്‍ എത്തിയാല്‍ അന്തസ്സില്ലാത്ത ഇവരെ അന്തസ്സുള്ളവര്‍ പിടിച്ച് പുറത്താക്കുക തന്നെ ചെയ്യുന്നതാണ്’ എന്നു പറഞ്ഞതിലെ അന്തസ്സില്ലാത്തവര്‍ എന്നതുകൊണ്ട് അവന്‍ ഉദ്ദേശിക്കുന്നത് പ്രവാചകനെയും വിശ്വാസികളെയുമാണ്. പുറത്തുനിന്നും മദീനയിലേക്ക് കയറിവന്ന് അവിടെ അന്തസ്സോടെ നടക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. എന്നാല്‍ മദീനയില്‍ കാലങ്ങളായി മധ്യസ്ഥനായും മറ്റും മദീനക്കാര്‍ക്കിടയില്‍ സുപരിചിതനും, പേരും പ്രശസ്തിയും സമ്പത്തും തറവാടുമുള്ള തന്നെ നിസ്സാരനായി കാണുകയാണ് ഇപ്പോള്‍ ഇവര്‍ ചെയ്യുന്നത്. അതിനാല്‍ ഇവരെ പുറത്താക്കുകതന്നെ ചെയ്യുന്നതാണ് എന്നൊക്കെ കപടവിശ്വാസികളുടെ ഈ നേതാവ് പറഞ്ഞു. ഈ സംസാരം നബി ﷺ അറിഞ്ഞു. അബ്ദുല്ലാഹ് പറഞ്ഞത് ശരിയാണോ എന്ന് നബി ﷺ ഉറപ്പുവരുത്തി. സയ്ദ്(റ) എല്ലാം സത്യസന്ധമായി പറഞ്ഞു. നബി ﷺ അബ്ദുല്ലയെ വിളിപ്പിച്ചു. കാര്യം തിരക്കി. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് സത്യംചെയ്തുകൊണ്ട് കള്ളം പറഞ്ഞു. അങ്ങനെ അവനെ നബി ﷺ സത്യപ്പെടുത്തുകയും സയ്ദ്(റ) പറഞ്ഞത് കളവാക്കുകയും ചെയ്തു. അത് അദ്ദേഹത്തില്‍ വലിയ വിഷമം സൃഷ്ടിച്ചു. ദുഃഖിതനായി അദ്ദേഹം വീട്ടില്‍ കഴിച്ചുകൂട്ടി. അവസാനം അല്ലാഹു ആയത്ത് ഇറക്കി. അബ്ദുല്ലയുടെ കളവ് പുറത്ത് വന്നു. സയ്ദി(റ)ന് ഏറെ സന്തോഷമുണ്ടാകുകയും ചെയ്തു.

കപടവിശ്വാസികള്‍ക്ക് സത്യവിശ്വാസികളോട് എത്രത്തോളം പകയും വിദ്വേഷവുമാണ് മനസ്സില്‍ ഉണ്ടായിരുന്നത് എന്നത് ഈ സംഭവം നമുക്ക് പറഞ്ഞുതരുന്നുണ്ട്. പ്രവാചകനും സ്വഹാബിമാര്‍ക്കും മദീനയില്‍ അന്തസ്സും പ്രൗഢിയും ലഭിക്കാന്‍ കാരണം ഈ കപടന്മാര്‍ ആയിരുന്നു എന്നാണ് അവര്‍ പറഞ്ഞു നടന്നിരുന്നത്. ഇവരുടെ ഈ അഹങ്കാരത്തിന്റെ വാദം അല്ലാഹു എടുത്ത് ഉദ്ധരിച്ച് ഇപ്രകാരം അവര്‍ക്ക് മറുപടി നല്‍കി:

”അല്ലാഹുവിന്റെ ദൂതന്റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി, അവര്‍ (അവിടെ നിന്ന്) പിരിഞ്ഞു പോകുന്നത് വരെ നിങ്ങള്‍ ഒന്നും ചെലവ് ചെയ്യരുത് എന്ന് പറയുന്നവരാകുന്നു അവര്‍. അല്ലാഹുവിന്റെതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍. പക്ഷേ, കപടന്‍മാര്‍ കാര്യം ഗ്രഹിക്കുന്നില്ല. അവര്‍ പറയുന്നു; ഞങ്ങള്‍ മദീനയിലേക്ക് മടങ്ങിച്ചെന്നാല്‍ കൂടുതല്‍ പ്രതാപമുള്ളവര്‍ നിന്ദ്യരായുള്ളവരെ പുറത്താക്കുകതന്നെ ചെയ്യുമെന്ന്. അല്ലാഹുവിന്നും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം. പക്ഷേ, കപടവിശ്വാസികള്‍ (കാര്യം) മനസ്സിലാക്കുന്നില്ല” (63:7,8).

മറ്റൊരു സംഭവം കാണുക: ജാബിറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറയുന്നു: ”ഞങ്ങള്‍ ഒരു യുദ്ധത്തിലായിരുന്നു. അപ്പോള്‍ മുഹാജിറുകളില്‍ പെട്ട ഒരാള്‍ അന്‍സ്വാറുകളില്‍ പെട്ട ഒരാളെ തൊഴിച്ചു. അപ്പോള്‍ അന്‍സ്വാരി പറഞ്ഞു: ‘അന്‍സ്വാറുകളേ (ഓടി വരീന്‍).’ (അപ്പോള്‍) മുഹാജിറും പറഞ്ഞു: ‘മുഹാജിറുകളേ (ഓടി വരീന്‍).’ എന്നാല്‍ അല്ലാഹു അവന്റെ റസൂലി ﷺ നെ അത് (രണ്ടു പേരുടെയും വിളിയെ) കേള്‍പ്പിച്ചു. നബി ﷺ ചോദിച്ചു: ‘എന്താണ് ഇത്?’ അപ്പോള്‍ അവര്‍ പറഞ്ഞു: ‘മുഹാജിറുകളില്‍ പെട്ട ഒരാള്‍ അന്‍സ്വാറുകളില്‍ പെട്ട ഒരാളെ തൊഴിച്ചു.’ അപ്പോള്‍ അന്‍സ്വാരി പറഞ്ഞു; ‘അന്‍സ്വാറുകളേ (ഓടി വരീന്‍). (അപ്പോള്‍) മുഹാജിറും പറഞ്ഞു; മുഹാജിറുകളേ (ഓടി വരീന്‍).’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഒഴിവാക്കൂ ഇത്. തീര്‍ച്ചയായും ഇത് നാറ്റമുണ്ടാക്കുന്ന കാര്യങ്ങളാണ്.’ ജാബിര്‍(റ) പറയുന്നു: ‘നബി ﷺ (അവിടെ) വന്ന സമയത്ത് അന്‍സ്വാറുകളായിരുന്നു അധികവും. പിന്നീട് മുഹാജിറുകളും അധികരിച്ചു. അപ്പോള്‍ അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യ് പറഞ്ഞു: ‘അവര്‍ അങ്ങനെ ചെയ്തുവോ? അല്ലാഹുവാണ സത്യം, നാം മദീനയില്‍ എത്തിയാല്‍ അവിടെനിന്നും അന്തസ്സുള്ളവര്‍ ദുര്‍ബലരെ പുറത്താക്കുന്നതാണ്.’ അപ്പോള്‍ ഉമര്‍ ഇബ്‌നുല്‍ ഖത്ത്വാബ്(റ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അങ്ങ് എന്നെ അനുവദിച്ചാലും. ഞാന്‍ ഈ മുനാഫിക്വിന്റെ പിരടി വെട്ടാം.’ നബി ﷺ പറഞ്ഞു: ‘അവനെ വിട്ടേക്കൂ. തീര്‍ച്ചയായും മുഹമ്മദ് അവന്റെ അനുയായികളെ കൊന്നിരിക്കുന്നു എന്ന് ജനങ്ങള്‍ പറയരുത്” (ബുഖാരി).

പ്രവാചകാനുചരന്മാരായ മുഹാജിറുകളെയും അന്‍സ്വാറുകളെയും തമ്മില്‍ അടിപ്പിക്കാനുള്ള വഴി അന്വേഷിച്ച് നടക്കുകയായിരുന്നല്ലോ അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യ് ഇബ്‌നു സലൂല്‍ എന്ന കപടവിശ്വാസികളുടെ തലവന്‍. ബനുല്‍ മുസ്വ്ത്വലക്വ് യുദ്ധസന്ദര്‍ഭത്തില്‍ മുറയ്‌സിഅ് എന്ന അവിടത്തെ ജലാശയത്തിന്റെ സമീപത്തുവെച്ചാണ് ഈ സംഭവവും ഉണ്ടാകുന്നത്. അവിടെവെച്ച് എന്തോ ഒരു വാക്കുതര്‍ക്കത്തില്‍ അന്‍സ്വാറുകളില്‍ പെട്ട ഒരാളെ മുഹാജിറുകളില്‍ പെട്ട ഒരാള്‍ കാല്‍കൊണ്ട് ഒന്നു പതുക്കെ തട്ടി. ഒരു ചെറിയ അടിപിടി അവിടെവെച്ച് ഉണ്ടായി. അടിച്ചത് മുഹാജിറും അടികൊണ്ടത് അന്‍സ്വാരിക്കും. മക്കയില്‍നിന്നും മദീനയിലേക്ക് വന്ന വിദേശിയായ മുഹാജിര്‍ സ്വദേശിയായ അന്‍സ്വാരിെയ അടിച്ചു എന്നായല്ലോ. ഏതായിരുന്നാലും അന്‍സ്വാരി അന്‍സ്വാറുകളെയും മുഹാജിര്‍ മുഹാജിറുകളെയും രക്ഷക്കായി വിളിച്ചു. അങ്ങനെ അവര്‍ രണ്ട് സംഘങ്ങളായി അവിടെ രൂപപ്പെട്ടു. രണ്ട് കൂട്ടരുടെയും ബഹളം നബി ﷺ യെ അല്ലാഹു കേള്‍പിച്ചു. ഇത് മോശം നിലപാടാണെന്നും ഒഴിവാക്കണമെന്നും നബി ﷺ അവരോട് പറഞ്ഞു. ജനങ്ങള്‍ പ്രശ്‌നം ഒഴിവാക്കി ഒന്നിക്കും എന്ന് മനസ്സിലാക്കിയ കപടവിശ്വാസികളുടെ നേതാവ് ‘അവര്‍ മദീനയിലേക്ക് വരട്ടേ. നാം പ്രതാപമുള്ളവരാണല്ലോ. നാടും വീടും ഇല്ലാതെ മദീനയിലേക്ക് കയറിപ്പറ്റിയ ഈ വിഭാഗത്തെ നമുക്ക് പുറത്താക്കണം’ എന്നുപറഞ്ഞ് പ്രശ്‌നം സങ്കീര്‍ണമാക്കാന്‍ ശ്രമിച്ചു. കോപാകുലനായ ഉമര്‍(റ) അവന്റെ പിരടിക്ക് വെട്ടാന്‍ നബി ﷺ യോട് അനുവാദം ചോദിച്ചു. നബി ﷺ സമ്മതിച്ചില്ല. അവനെ എങ്ങാനും വധിച്ചാല്‍ ശത്രുക്കള്‍ അത് മുതലെടുക്കും. മുഹമ്മദ് അവന്റെ ആളുകളെത്തന്നെ കൊല്ലാന്‍ തുടങ്ങി എന്നു പറയും. അതിനാല്‍ അവനെ വെറുതെ വിടാന്‍ നബി ﷺ പറഞ്ഞു.

കപടവിശ്വാസികളാണ് അന്തസ്സില്ലാത്തവര്‍, അല്ലാഹുവിനും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാകുന്നു പ്രതാപം എന്നു പറഞ്ഞ് അല്ലാഹു വിശ്വാസികളെ ആശ്വസിപ്പിച്ചു.

നബി ﷺ യെയും സ്വഹാബിമാരെയും മദീനയില്‍ എത്തിയാല്‍ പുറത്താക്കുമെന്ന് വമ്പുപറഞ്ഞവനെ സ്വന്തം മകന്‍ പോലും പിന്തുണച്ചില്ല എന്നതാണ് വാസ്തവം. അബ്ദുല്ലക്ക് സ്വാലിഹായ ഒരു മകനുണ്ടായിരുന്നു. അദ്ദേഹം സ്വഹാബിയായിരുന്നു. അദ്ദേഹം നബി ﷺ യോട് ചെന്ന് ആവശ്യപ്പെട്ടു: ‘നിങ്ങള്‍ എനിക്ക് അനുവാദം തരികയാണെങ്കില്‍ ബാപ്പയുടെ തലയെടുത്ത് ഞാന്‍ നിങ്ങളുടെ മുമ്പില്‍ കൊണ്ടു വരുന്നതാണ്. മറ്റൊരാള്‍ ബാപ്പയെ കൊന്നാല്‍ ചിലപ്പോള്‍ എനിക്ക് സഹിച്ചുകൊള്ളാന്‍ സാധിച്ചേക്കില്ല. അതിനാല്‍ അങ്ങേക്കും മുസ്‌ലിംകള്‍ക്കും അന്തസ്സില്ലെന്നും നിങ്ങളെ പുറത്താക്കുമെന്നും പറഞ്ഞ ബാപ്പയുടെ തലയെടുക്കാന്‍ അങ്ങ് എനിക്ക് അനുവാദം തന്നാലും.’ നബി ﷺ സമ്മതിച്ചില്ല.

അബ്ദുല്ല പ്രവാചകനെയും മുസ്‌ലിംകളെയും അവഹേളിക്കുവാനും നിന്ദിക്കുവാനും എന്തെല്ലാം വഴി നോക്കിയോ അതെല്ലാം അവന്നെതിരില്‍തന്നെ വരാന്‍ തുടങ്ങി. അങ്ങനെ മുസ്‌ലിം സംഘ ശക്തിയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് അബ്ദുല്ലാഹ് തിരിച്ചറിഞ്ഞു.

ഈ വിഷയങ്ങളൊന്നും വലിയ ചര്‍ച്ചയും വിവാദവും ആക്കാതെ നബി ﷺ നിയന്ത്രിച്ചു. അവിടെ പ്രവാചകന്‍ ﷺ വളരെ യുക്തിപൂര്‍വം ഇടപെട്ടു. മുറയ്‌സിഅ് തടാകത്തിന് സമീപം താവളമടിച്ചിരുന്ന സ്വഹാബിമാരോട് എല്ലാവരോടും മദീനയിലേക്ക് യാത്ര തിരിക്കാനായി നബി ﷺ കല്‍പിച്ചു. രാവിലെ മുതല്‍ വൈകുന്നേരംവരെ യാത്രതന്നെ. രാത്രി ഇരുട്ട് മുറ്റിയ നേരത്തും വിശ്രമിക്കാന്‍ ഇറങ്ങാന്‍ നബി ﷺ അവരെ സമ്മതിച്ചില്ല. വിശ്രമം പിന്നീടാകാം എന്നും പറഞ്ഞ് യാത്ര തുടര്‍ത്തി. രാത്രിയിലും നീണ്ട യാത്ര. പിറ്റേന്ന് നേരം വെളുത്ത് വെയില്‍ ചൂടാകുന്ന നേരത്ത് നബി ﷺ പറഞ്ഞു: ‘ഇനി അല്‍പ സമയം വേണ്ടവര്‍ക്ക് വിശ്രമിക്കാം.’ അപ്പോഴേക്ക് ഏതാണ്ട് മദീനയോടടുത്ത് എത്താറായിരുന്നു. എല്ലാവരും അവിടെ ഇറങ്ങി. വിശ്രമത്തിനായി ശരീരം നിലത്ത് തൊട്ടപ്പോഴേക്ക് എല്ലാവരും ഉറങ്ങിപ്പോയിരുന്നു. അത്രയും ക്ഷീണിതരാണ് സ്വഹാബിമാര്‍.

ഈ ചരിത്രം വിവരിക്കുന്നിടത്ത് പണ്ഡിതന്മാര്‍ ഇപ്രകാരം പറയുന്നുണ്ട്; ഇത് അല്ലാഹുവിന്റെ റസൂല്‍ ﷺ പ്രയോഗിച്ച ഒരു തന്ത്രമായിരുന്നു. മുസ്‌ലിംകള്‍ക്കിടയില്‍ ഓരോ കാരണം പറഞ്ഞ് ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ വിശ്രമമില്ലാത്ത യാത്രക്കായി നബി ﷺ അവരോട് ആഹ്വാനം ചെയ്യുന്നു. ഇന്നത്തെ യാത്രപോലെ അല്ലല്ലോ അന്ന്. ഓരോരുത്തര്‍ക്കും അവരുടെ ഒട്ടകമോ കുതിരയോ കഴുതയോ ആയിരിക്കും ഉണ്ടാവുക. അതിനാല്‍ സംസാരിക്കാനും അടക്കം പറയാനും ഒന്നും അവസരം ലഭിക്കില്ല. ദീര്‍ഘമായ യാത്ര. ക്ഷീണത്താല്‍ കിടന്നുറങ്ങി എന്നതിന് പകരം ഉറങ്ങിക്കിടന്നു എന്നു പറയാവുന്ന അവസ്ഥയിലെത്തി. ഉറങ്ങി എഴുന്നേറ്റപ്പോള്‍ എല്ലാവരും വളരെ സന്തോഷവാന്മാര്‍. ആര്‍ക്കും ആരെപ്പറ്റിയും യാതൊരു പരാതിയുമില്ല.

ശേഷം അവിടെനിന്നു മദീനയിലേക്കുള്ള യാത്രതുടര്‍ന്നു. ഈ യാത്രക്കിടയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ ചര്‍ച്ചക്കും വിശുദ്ധ ക്വുര്‍ആനിലെ ഏതാനും സൂക്തങ്ങള്‍ അവതരിക്കുവാനും കാരണമായ മറ്റൊരു സംഭവം ഉണ്ടാകുകയുണ്ടായി. എന്തെങ്കിലും ഒരു പുല്‍ക്കൊടി കിട്ടിയിരുന്നെങ്കില്‍ എന്ന് കൊതിച്ച് നില്‍ക്കുന്ന അബ്ദുല്ലാക്കും അനുയായികള്‍ക്കും അടുത്ത ഒരു അവസരവും മുന്നില്‍ വന്നു. ഇതുവരെ നടന്ന പ്രശ്‌നങ്ങളില്‍ ഒന്നും തന്നെ അബ്ദുല്ലാക്കും അവന്റെ ആളുകള്‍ക്കും നബി ﷺ യുടെയും സ്വഹാബിമാരുടെയും ഇടയില്‍ യാതൊരു കുഴപ്പവും ഉണ്ടാക്കി വിജയിക്കാന്‍ സാധിച്ചിട്ടില്ല. അവസാനം അവന് മറ്റൊരു അവസരം കൂടി ലഭിക്കുകയാണ്.

ഹുസൈന്‍ സലഫി, ഷാര്‍ജ

നീർപഥം വാരിക 

ഗോത്രത്തെ നാടുകടത്തിയ സംഭവം

ഗോത്രത്തെ നാടുകടത്തിയ സംഭവം

(മുഹമ്മദ് നബി ﷺ : 45)

ബനൂ നദീര്‍, ബനൂ ക്വയ്‌നുക്വാഅ്, ബനൂക്വുറയ്ദ്വ തുടങ്ങിയ ജൂതഗോത്രങ്ങള്‍ മദീനയില്‍ ഉണ്ടായിരുന്നല്ലോ. മദീനയില്‍ നബി ﷺ എത്തിയ ഉടനെ ഇവരുമായി ചില ഉടമ്പടികള്‍ ചെയ്തിരുന്നു. അതു പ്രകാരമായിരുന്നു നബി ﷺ അവിടെ കഴിച്ചുകൂട്ടിയിരുന്നത്. ഞങ്ങള്‍ക്കെതിരില്‍ യുദ്ധം ചെയ്യുകയോ ഞങ്ങള്‍ക്കെതിരില്‍ ശത്രുക്കളെ സഹായിക്കുകയോ ചെയ്യരുതെന്നും, ഈ കരാര്‍ പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മദീനയില്‍തന്നെ സമാധാന പൂര്‍വം ജീവിക്കാം എന്നും ഈ കരാറിലുണ്ടായിരുന്നു.

യഹൂദികള്‍ക്ക് അവരുടേതായ ചില പാരമ്പര്യ സ്വഭാവങ്ങളുണ്ട്. ചതിയും വഞ്ചനയും അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ദുര്‍ഗുണമാണ്. അവരുടെ ചരിത്രം പരിശോധിച്ചാല്‍ തുടക്കം മുതല്‍ ഇന്നു വരെയും പല ഘട്ടത്തിലും പല രൂപത്തിലും ഇക്കാര്യം തെളിഞ്ഞുനില്‍ക്കുന്നത് കാണാന്‍ സാധിക്കും. നബി ﷺ യോട് കരാര്‍ എടുത്ത ഈ ജൂതഗോത്രങ്ങള്‍ അല്‍പകാലത്തിന് ശേഷം പതുക്കെ അവരുടെ വഞ്ചന പുറത്തേക്ക് എടുക്കാന്‍ തുടങ്ങി. ബദ്‌റും ഉഹ്ദും എല്ലാം കഴിഞ്ഞു. അവയില്‍ പല സ്വഹാബിമാരും കൊല്ലപ്പെട്ടു. അതിനു പുറമെ പല രൂപത്തിലായി ധാരാളം സ്വഹാബിമാര്‍ അറുകൊലക്ക് വിധേയരാകുകയും ചെയ്തു. ഇതിലൂടെയെല്ലാം നബി ﷺ ക്ക് വലിയ വിഷമമുണ്ടായി. ഇത് മനസ്സിലാക്കിയ യഹൂദികള്‍ ചില തന്ത്രങ്ങള്‍ മെനയാന്‍ ശ്രമിച്ചു. ‘മുഹമ്മദിന്റെ അനുയായികളെ കൊല്ലുന്നതിന് പകരം മുഹമ്മദിനെത്തന്നെ വകവരുത്തുക’ എന്നതായി അവരുടെ ലക്ഷ്യം. അതിനായി അവര്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. ധാരാളം പ്രവാചകന്മാരെ കൊന്ന പാരമ്പര്യമുള്ളവരാണല്ലോ യഹൂദികള്‍.

കരാര്‍ നിലനില്‍ക്കുന്ന ഗോത്രം എന്ന നിലയ്ക്ക് നബി ﷺ പ്രമുഖരായ കുറച്ച് സ്വഹാബിമാരെയും കൂട്ടി അവരെ സമീപിച്ചു. അല്‍പം പണം കടമായി ആവശ്യപ്പെടലായിരുന്നു അതിന്റെ ഉദ്ദേശ്യം. റസൂല്‍ ﷺ ലിന്റ സ്വന്തം ആവശ്യത്തിനു വേണ്ടിയായിരുന്നില്ല ഇത്. അവിടെ നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു ബ്ലഡ് മണി സ്വരൂപിക്കേണ്ടതുണ്ടായിരുന്നു. തല്‍ക്കാലം ബനൂ നദീര്‍ ഗോത്രക്കാരില്‍നിന്നും അല്‍പം കടം വാങ്ങാം എന്ന് വിചാരിച്ചാണ് അവരെ നബി ﷺ സമീപിച്ചത്. മദീനയിലെ ഏറ്റവും വലിയ സമ്പന്ന ഗോത്രക്കാരായിരുന്നു അവര്‍. ബനൂ നദീറുകാര്‍ നബി ﷺ യെയും സ്വഹാബിമാരെയും കണ്ട മാത്രയില്‍തന്നെ വലിയ സന്തോഷത്തിലായി. വലിയ സ്വീകരണം നല്‍കി. നല്ല നിലയ്ക്ക് അവര്‍ വരവേറ്റു.

നബി ﷺ യും സ്വഹാബിമാരും വരുന്നുണ്ടെന്ന വിവരം നേരത്തെതന്നെ അവര്‍ക്ക് ലഭിച്ചിരുന്നു. അതിനാല്‍ അവര്‍ ചില കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നു. നബി ﷺ ക്കായി അവര്‍ ഒരു പ്രത്യേക ഇരിപ്പിടം ഒരുക്കി. ഒരു മതിലിന്റെ സമീപത്ത് തണലുള്ള ഒരു ഇടമായിരുന്നു അത്. അങ്ങനെ നബി ﷺ യെ ആദരിക്കുന്ന മട്ടില്‍ അവര്‍ അവിടെ ഇരുത്തി. നബി ﷺ യും സ്വഹാബിമാരും അവിടെ ഇരിക്കുന്നതിനിടയില്‍ ഈ യഹൂദികള്‍ പരസ്പരം ഒരു പിറുപിറുക്കല്‍…! നബി ﷺ ഇരിക്കുന്ന മതിലിന് പിന്നിലൂടെ ചെന്ന് വലിയ ഒരു പാറക്കല്ല് എടുത്ത് നബി ﷺ യുടെ തലയിലേക്ക് എറിഞ്ഞ് ചതച്ച് കൊല്ലാനായിരുന്നു അവരുടെ പദ്ധതി. എന്നാല്‍ അല്ലാഹു നബി ﷺ ക്ക് അതിനെ സംബന്ധിച്ച് വിവരം നല്‍കി. അവിടെ നിന്നും എഴുന്നേറ്റ് പോകാന്‍ അല്ലാഹു നിര്‍ദേശം നല്‍കി. ഉടനെ നബി ﷺ അവിടെനിന്നും മദീനയിലേക്ക് നീങ്ങി. നബി ﷺ എന്തിനാണ് പെെട്ടന്ന് എഴുന്നേറ്റത് എന്ന് സ്വഹാബിമാര്‍ക്ക് പോലും മനസ്സിലായില്ല. അവരോട് പോലും നബി ﷺ അതിനെപ്പറ്റി പറയാതെ പെെട്ടന്ന് മദീനയിലേക്ക് നീങ്ങി. നബി ﷺ യെയും വിശ്വാസികളെയും വകവരുത്താനായി യഹൂദികള്‍ ശ്രമം നടത്തിയതിനെ സൂചിപ്പിച്ച് അല്ലാഹു ഇപ്രകാരം അറിയിക്കുന്നു:

”സത്യവിശ്വാസികളേ, ഒരു ജനവിഭാഗം നിങ്ങളുടെ നേരെ (ആക്രമണാര്‍ഥം) അവരുടെ കൈകള്‍ നീട്ടുവാന്‍ മുതിര്‍ന്നപ്പോള്‍, അവരുടെ കൈകളെ നിങ്ങളില്‍നിന്ന് തട്ടിമാറ്റിക്കൊണ്ട് അല്ലാഹു നിങ്ങള്‍ക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുവിന്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം ഭരമേല്‍പിക്കട്ടെ” (ക്വുര്‍ആന്‍ 5:11).

യഹൂദികള്‍ നബി ﷺ യെ ചതിയിലൂടെ കൊലപ്പെടുത്താന്‍ പല തവണ തുനിഞ്ഞിരുന്നു. എന്നാല്‍ എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന അല്ലാഹു ആ ഘട്ടങ്ങളിലെല്ലാം നബി ﷺ യെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്.

തന്നെ വധിക്കാന്‍ ശ്രമിച്ചത് നബി ﷺ ക്ക് ബോധ്യമായി. താമസിയാതെ നബി ﷺ സ്വഹാബിമാരെ ബനൂ നദീര്‍ ഗോത്രക്കാരിലേക്ക് പറഞ്ഞുവിട്ടു. ‘ഉടനെ നിങ്ങള്‍ മദീനയില്‍നിന്നും പുറത്ത് പോകണം’ എന്ന് അവരെ അറിയിച്ചു. അങ്ങനെ അവരെ മുഴുവനും മദീനയില്‍ നിന്നും തുരത്തിയോടിക്കേണ്ടിവന്നു. ‘തുരത്തി വിടല്‍’ എന്ന അര്‍ഥം വരുന്ന ‘അല്‍ഹശ്ര്‍’ എന്ന ഒരു അധ്യായം ക്വുര്‍ആനിലുണ്ട്. ഈ അധ്യായത്തിന്റെ തുടക്കത്തില്‍ ഈ സംഭവത്തെ സംബന്ധിച്ചാണ് അല്ലാഹു നമുക്ക് പറഞ്ഞുതരുന്നത്.

പത്തു ദിവസത്തിനുള്ളില്‍ നിങ്ങള്‍ മദീന വിടണമെന്നും വിശ്വാസ വഞ്ചന നടത്തിയതിന്റെ പേരില്‍ നിങ്ങളെ ഇവിടെ താമസിപ്പിക്കാന്‍ കൊള്ളില്ലെന്നും അറിയിച്ച് സ്വഹാബിമാര്‍ യഹൂദികളെ വിവരം അറിയിച്ചു. അപ്പോള്‍ കപടവിശ്വാസികളുടെ നേതാവ് അബ്ദുല്ലാഹ് ഇബ്‌നു ഉബയ്യുബ്‌നു സലൂല്‍ പതുക്കെ യഹൂദികളെ സമീപിച്ചു. എന്നിട്ട് അവന്‍ അവരോട് പറഞ്ഞു:

‘നിങ്ങള്‍ ഉറച്ചുനില്‍ക്കുകയും ചെറുക്കുകയും ചെയ്യുവിന്‍. എന്നാല്‍ ഞങ്ങള്‍ നിങ്ങളെ വിട്ടുകൊടുക്കുകയേ ഇല്ല. ഇനി നിങ്ങള്‍ യുദ്ധം ചെയ്യപ്പെടുകയാണെങ്കില്‍ നിങ്ങളുടെ കൂടെ ഞങ്ങളും യുദ്ധം ചെയ്യുന്നതാണ്. നിങ്ങള്‍ പുറത്താക്കപ്പെടുകയാണെങ്കില്‍ നിങ്ങളുടെ കൂടെ ഞങ്ങളും പുറപ്പെടുന്നതാണ്.’

എന്റെ കൂടെ അറബികളില്‍നിന്ന് രണ്ടായിരത്തോളം പേരുണ്ടെന്നും, ധൈര്യമായി നിങ്ങള്‍ നിങ്ങളുടെ കോട്ടകളില്‍തന്നെ കഴിച്ചുകൂട്ടിക്കൊള്ളൂ എന്നും, ഞങ്ങള്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും എന്നുമെല്ലാം അബ്ദുല്ലാഹ് അവരോട് വാഗ്ദത്തം ചെയ്തു. ഈ കാര്യത്തെ സംബന്ധിച്ച് ക്വുര്‍ആന്‍ പ്രസ്താവിക്കുന്നത് കാണുക:

”ആ കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരില്‍ പെട്ട സത്യനിഷേധികളായ അവരുടെ സഹോദരന്‍മാരോട് അവര്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ പുറത്താക്കപ്പെട്ടാല്‍ ഞങ്ങളും നിങ്ങളുടെ കൂടെ പുറത്ത് പോകുന്നതാണ്. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും ഒരാളെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരില്‍ യുദ്ധമുണ്ടായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നതാണ്. എന്നാല്‍ തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. അവര്‍ യഹൂദന്‍മാര്‍ പുറത്താക്കപ്പെടുന്ന പക്ഷം ഇവര്‍ (കപടവിശ്വാസികള്‍) അവരോടൊപ്പം പുറത്തുപോകുകയില്ലതന്നെ. അവര്‍ ഒരു യുദ്ധത്തെ നേരിട്ടാല്‍ ഇവര്‍ അവരെ സഹായിക്കുകയുമില്ല. ഇനി ഇവര്‍ അവരെ സഹായിച്ചാല്‍തന്നെ ഇവര്‍ പിന്തിരിഞ്ഞോടും, തീര്‍ച്ച. പിന്നീട് അവര്‍ക്ക് ഒരു സഹായവും ലഭിക്കുകയില്ല. തീര്‍ച്ചയായും അവരുടെ മനസ്സുകളില്‍ അല്ലാഹുവെക്കാള്‍ കൂടുതല്‍ ഭയമുള്ളത് നിങ്ങളെ പറ്റിയാകുന്നു. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനതയായത് കൊണ്ടാകുന്നു അത്. കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍നിന്നോ അല്ലാതെ അവര്‍ ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ തമ്മില്‍ തന്നെയുള്ള പോരാട്ടം കടുത്തതാകുന്നു. അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു. അവര്‍ ചിന്തിച്ചു മനസ്സിലാക്കാത്ത ഒരു ജനതയായതുകൊണ്ടത്രെ അത്. അവര്‍ക്കു മുമ്പ് അടുത്തുതന്നെ കഴിഞ്ഞുപോയവരുടെ സ്ഥിതി പോലെത്തന്നെ. അവര്‍ ചെയ്തിരുന്ന കാര്യങ്ങളുടെ ദുഷ്ഫലം അവര്‍ ആസ്വദിച്ചുകഴിഞ്ഞു. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്. പിശാചിന്റെ അവസ്ഥ പോലെ തന്നെ. മനുഷ്യനോട്, നീ അവിശ്വാസിയാകൂ എന്ന് അവന്‍ പറഞ്ഞ സന്ദര്‍ഭം. അങ്ങനെ അവന്‍ അവിശ്വസിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ (പിശാച്) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നീയുമായുള്ള ബന്ധത്തില്‍നിന്ന് വിമുക്തനാകുന്നു. തീര്‍ച്ചയായും ലോകരക്ഷിതാവായ അല്ലാഹുവെ ഞാന്‍ ഭയപ്പെടുന്നു. അങ്ങനെ അവര്‍ ഇരുവരുടെയും പര്യവസാനം അവര്‍ നരകത്തില്‍ നിത്യവാസികളായി കഴിയുക എന്നതായിത്തീര്‍ന്നു. അതത്രെ അക്രമകാരികള്‍ക്കുള്ള പ്രതിഫലം” (ക്വുര്‍ആന്‍ 59:11-17).

കപടവിശ്വാസികളുടെ വാഗ്ദാനത്തില്‍ ജൂതന്മാര്‍ വഞ്ചിതരായി. അവര്‍ അവരുടെ കോട്ടക്കകത്ത് തന്നെ നിലയുറപ്പിച്ചു. പുറത്ത് കടക്കാന്‍ കൂട്ടാക്കിയില്ല. നബി ﷺ യും സ്വഹാബിമാരും അവരെ ഉപരോധിച്ചു. കോട്ടക്കകത്തുനിന്നും ഇറങ്ങി മദീനയില്‍നിന്നും പുറത്ത് കടക്കാന്‍ കല്‍പിച്ചു. അതിന് യഹൂദികള്‍ കൂട്ടാക്കിയില്ല. ഇരുപത്തി ഒന്ന് ദിവസം നബി ﷺ യും സ്വഹാബിമാരും അവരുടെ കോട്ടകള്‍ വളഞ്ഞു. രക്ഷയില്ലെന്ന് മനസ്സിലാക്കിയ യഹൂദികള്‍ നബി ﷺ യോട് സന്ധിക്ക് അപേക്ഷിച്ചു. നബി ﷺ അത് അംഗീകരിച്ചില്ല. നിങ്ങള്‍ മദീന വിട്ട് പോയേ പറ്റൂ എന്ന് അവിടുന്ന് അവരോട് നിര്‍ബന്ധിച്ചു.

വലിയ സമ്പന്നരായിരുന്നല്ലോ അവര്‍. അതിനാല്‍ ഓരോ മുമ്മൂന്ന് വീട്ടുകാര്‍ക്കും ഓരോ ഒട്ടകത്തിന് വഹിക്കാന്‍ സാധിക്കുന്നത്ര സാധനങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ടുപോകാം എന്നും അവരോട് നബി ﷺ അവിടെനിന്നും ഇറങ്ങിപ്പോകുന്ന വേളയില്‍ നിര്‍ദേശിച്ചു. യുദ്ധസാമഗ്രികളായ യാതൊന്നും അതില്‍ ഉണ്ടാകരുതെന്നും വീട്ടുസാധനങ്ങള്‍ മാത്രമെ അതില്‍ ഉണ്ടാകാവൂ എന്നും പ്രത്യേകിച്ച് അവരോട് നബി ﷺ പറഞ്ഞു.

കോട്ടക്ക് അകത്തുതന്നെ ഇരിപ്പുറപ്പിച്ച അവരെ പുറത്തിറക്കാനായി അവരുടെ ഈത്തപ്പനകള്‍ മുറിച്ചു കളയാനായി നബി ﷺ സ്വഹാബിമാരോട് കല്‍പിച്ചു. ഫല വൃക്ഷങ്ങള്‍ നശിപ്പിക്കരുത് എന്നതാണ് പ്രവാചക അധ്യാപനം. പക്ഷേ, ശത്രുക്കള്‍ പുറത്തിറങ്ങാന്‍ അത് ചെയ്യേണ്ടിവന്നു. അവസാനം മദീന വിട്ടു പോകാന്‍ യഹൂദികള്‍ നിര്‍ബന്ധിതരായി. നബി ﷺ കല്‍പിച്ചത് പോലെ വീട്ടുസാധനങ്ങളെല്ലാം തയ്യാറാക്കി. അവശേഷിച്ചവ ‘മുഹമ്മദിനും കൂട്ടര്‍ക്കും ഉപയോഗിക്കാന്‍ കിട്ടരുത്’ എന്ന നിലയ്ക്ക് അവര്‍ പരമാവധി നശിപ്പിച്ചു. എന്നിട്ടും അമ്പത് പടയങ്കികളും അമ്പത് പടത്തൊപ്പികളും അടങ്ങുന്ന കറച്ചുയുദ്ധ സാമഗ്രികളും മറ്റു സ്വത്തുക്കളും യുദ്ധാര്‍ജിത സ്വത്തായി (ഗ്വനീമത്ത്) വിശ്വാസികള്‍ക്ക് ലഭിച്ചു.

ഇതാണ് ‘ബനൂന്നദീര്‍ യുദ്ധം’ എന്ന പേരില്‍ അറിയപ്പെടുന്നത്. അവര്‍തന്നെ ചോദിച്ചുവാങ്ങിയ ഒന്നായിരുന്നു ഇത്. ഈ ചരിത്രം വളച്ചൊടിച്ച്, സ്വന്തം നാട്ടില്‍ ജീവിക്കുന്നവരെ ആട്ടിപ്പുറത്താക്കിയ കണ്ണില്‍ ചോരയില്ലാത്തവനാണ് മുഹമ്മദെന്നും ഇതാണോ കാരുണ്യത്തിന്റെ മതം എന്നുമെല്ലാം ചില വിമര്‍ശകര്‍ ചോദിക്കാറുണ്ട്. സമാധാനത്തോടെ നാട്ടില്‍ ജീവിക്കാനായി പരസ്പരമുണ്ടാക്കിയ കരാര്‍ ലംഘിച്ച് ചതിയിലൂടെ നബി ﷺ യെ വധിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവരെ മദീനയില്‍നിന്നും നബി ﷺ പുറത്താക്കാന്‍ തയ്യാറായത് എന്ന കാര്യം ഇക്കൂട്ടര്‍ മനഃപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണ്. അവരെ ഉപദ്രവിക്കാതെ നാടു വിടാന്‍ കല്‍പിക്കുക മാത്രമാണ് നബി ﷺ ചെയ്തത് എന്ന കാര്യം ഓര്‍ക്കുക. അത് നബി ﷺ യുടെ കാരുണ്യത്തെയാണ് അറിയിക്കുന്നത്. ആ സംഭവത്തെ പറ്റി ക്വുര്‍ആന്‍ വിശദീകരിക്കുന്നത് കാണുക:

”വേദക്കാരില്‍ പെട്ട സത്യനിഷേധികളെ ഒന്നാമത്തെ തുരത്തിയോടിക്കലില്‍തന്നെ അവരുടെ വീടുകളില്‍നിന്നു പുറത്തിറക്കിയവന്‍ അവനാകുന്നു. അവര്‍ പുറത്തിറങ്ങുമെന്ന് നിങ്ങള്‍ വിചാരിച്ചിരുന്നില്ല. തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍നിന്ന് തങ്ങളെ പ്രതിരോധിക്കുമെന്ന് അവര്‍ വിചാരിച്ചിരുന്നു. എന്നാല്‍ അവര്‍ കണക്കാക്കാത്ത വിധത്തില്‍ അല്ലാഹു അവരുടെ അടുക്കല്‍ ചെല്ലുകയും അവരുടെ മനസ്സുകളില്‍ ഭയം ഇടുകയും ചെയ്തു. അവര്‍ സ്വന്തം കൈകള്‍കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍കൊണ്ടും അവരുടെ വീടുകള്‍ നശിപ്പിച്ചിരുന്നു. ആകയാല്‍ കണ്ണുകളുള്ളവരേ, നിങ്ങള്‍ ഗുണപാഠം ഉള്‍കൊള്ളുക” (ക്വുര്‍ആന്‍ 59:2).

യഹൂദികളെ ആദ്യമായി അവരുടെ വീടുകളില്‍നിന്ന് പുറത്താക്കിയ സംഭവം ഇതായിരുന്നു. എന്നാല്‍ ക്വുര്‍ആന്‍ സൂചിപ്പിച്ചതുപോലെ അതിനു പുറമെ മറ്റു സന്ദര്‍ഭങ്ങളിലും അവര്‍ ആട്ടി പുറത്താക്കപ്പെട്ടിട്ടുണ്ട്.

യഹൂദികള്‍ വിചാരിച്ചത് മുസ്‌ലിംകള്‍ക്ക് അവരെ അവരുടെ കോട്ടകളില്‍നിന്നും പുറത്താക്കാന്‍ സാധിക്കില്ല എന്നാണ്. അപ്രകാരം മുസ്‌ലിംകളും വിചാരിച്ചു. എന്നാല്‍ അത് സംഭവിച്ചു. അവരുടെ മനസ്സില്‍ ഭീതിയുണ്ടായി. പുറത്ത് കടക്കേണ്ട അവസ്ഥ വന്നു. അങ്ങനെ അവരുടെ സാമഗ്രികളെല്ലാം ആവും വിധം അവര്‍ നശിപ്പിച്ചു. പുറത്ത് അവരുടെ ഈത്തപ്പനകള്‍ മുസ്‌ലിംകളുടെ കൈകളാലും നശിപ്പിക്കപ്പെട്ടു.

”അല്ലാഹു അവരുടെമേല്‍ നാടുവിട്ടുപോക്ക് വിധിച്ചിട്ടില്ലായിരുന്നുവെങ്കി ല്‍ ഇഹലോകത്തുവെച്ച് അവന്‍ അവരെ ശിക്ഷിക്കുമായിരുന്നു. പരലോകത്ത് അവര്‍ക്കു നരകശിക്ഷയുമുണ്ട്. അത് അല്ലാഹുവോടും അവന്റെ റസൂലിനോടും അവര്‍ മത്സരിച്ചു നിന്നതിന്റെ ഫലമത്രെ. വല്ലവനും അല്ലാഹുവുമായി മത്സരിക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം അത് അല്ലാഹുവിന്റെ അനുമതി പ്രകാരമാണ്. അധര്‍മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണ്” (ക്വുര്‍ആന്‍ 59:3-5).

അല്ലാഹുവിനോടും അവന്റെ റസൂലിനോടും എതിരിട്ടത് കാരണമാണ് അവര്‍ക്ക് ഇതെല്ലാം സംഭവിച്ചത്. അല്ലാഹുവിനോടും അവന്റെ പ്രവാചകനോടും എതിരിടുന്നവര്‍ക്ക് ഇപ്രകാരം അല്ലാഹു ഒരുക്കി വെച്ചിട്ടുണ്ടെന്ന് ക്വുര്‍ആന്‍ മറ്റൊരിടത്തും വ്യക്തമാക്കിയിട്ടുണ്ട്: ”തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്കുതന്നെ നാം അവനെ തിരിച്ചുവിടുന്നതും നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം!” (ക്വുര്‍ആന്‍ 4:115).

തൗറാത്ത് പഠിച്ച, അവസാനത്തെ പ്രവാചകനെ പ്രതീക്ഷിച്ചിരുന്ന യഹൂദികള്‍ സത്യം മനസ്സിലാക്കിയതിന് എതിരു കാണിച്ചപ്പോള്‍ അല്ലാഹു അവരെ എന്നെന്നേക്കുമായി ശപിക്കുകയാണ് ചെയ്തത്. ഇത് എല്ലാവര്‍ക്കും പാഠമാണ്. ഒരു സത്യം മനസ്സിലാക്കിയിട്ട് അതിനെതിരായി മനഃപൂര്‍വം നിന്നാല്‍ അല്ലാഹു അവനെ കൈവിടുന്നതാണ്. അതിനാല്‍ അല്ലാഹുവിന്റെയോ റസൂലിന്റെയോ കല്‍പനയെ ചോദ്യം ചെയ്യാതെ, പരിഹസിക്കാതെ, അവഗണിക്കാതെ ജീവിക്കാന്‍ ഓരോ വിശ്വാസിയും തയ്യാറാകേണ്ടതുണ്ട്.

ഹുസൈന്‍ സലഫി, ഷാര്‍ജ

നേർപഥം വാരിക 

സ്രഷ്ടാവിന്റെ തൃപ്തി ലഭിക്കാന്‍…

സ്രഷ്ടാവിന്റെ തൃപ്തി ലഭിക്കാന്‍...

മനുഷ്യന്‍ വിശപ്പും ദാഹവുമുള്ള ഒരു ജീവിയാണ്. നല്ല ഭക്ഷണം കഴിക്കുവാനും ഉത്തമ പാനീയങ്ങള്‍ കുടിക്കുവാനും ആഗ്രഹിക്കാത്തവരില്ല. പട്ടിണിപ്പാവങ്ങള്‍ പൈദാഹമകറ്റാന്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍ എന്നാശിക്കുമ്പോള്‍ സമ്പന്നര്‍ കൂടുതല്‍ കൂടുതല്‍ ഉത്തമമായവ കിട്ടുവാന്‍ തിടുക്കം കൂട്ടുന്നു.

ആരാണ് മനുഷ്യര്‍ക്ക് വിശപ്പടക്കുവാനും പോഷണം നേടാനും ആവശ്യമായ ധാന്യങ്ങളും പഴവര്‍ഗങ്ങളും പച്ചക്കറികളുമെല്ലാം ഉദ്പാദിപ്പിക്കുന്നത്? ആരാണ് ഉപരിലോകത്തുനിന്ന് ശുദ്ധമായ വെള്ളം മഴയായി ഇറക്കിത്തരുന്നത്? സമുദ്രങ്ങളുടെയും നദികളുടെയും മറ്റും വിധാതാവ് ആരാണ്? കിണറുകള്‍ കുഴിക്കുമ്പോള്‍ വെള്ളം കിട്ടുന്നതരത്തില്‍ ഭൂമിക്കുള്ളില്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്നത് ആരാണ്?

ഇതിലൊന്നും മനുഷ്യര്‍ക്ക് യാതൊരു പങ്കുമില്ല. സര്‍വശക്തനും കാരുണ്യവാനുമായ അല്ലാഹുവാണിതിന് പിന്നില്‍ എന്ന് സത്യവിശ്വാസികള്‍ പറയുമ്പോള്‍ അതിനെ പുഛിച്ചുതള്ളിക്കൊണ്ട് യുക്തിവാദികളും നിരീശ്വരവാദികളും പറയുന്നത് അതെല്ലാം പ്രകൃതി നിയമങ്ങളാണ് എന്നാണ്! പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും നിയമങ്ങള്‍ ആവിഷ്‌കരിക്കുവാനും ബുദ്ധിയും ചിന്തയും ആവശ്യമാണ്. പ്രകൃതി അത്തരത്തിലുള്ളതാണോ? ഒരിക്കലുമല്ല.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ”അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞുതരികയും ചെയ്തവന്‍ ആരാണ്? എന്നിട്ട് അത് മുഖേന കൗതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിക്കുകയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അല്ല, അവര്‍ വ്യതിചലിച്ചുപോകുന്ന ഒരു ജനതയാകുന്നു” (ക്വുര്‍ആന്‍ 27:60).

പട്ടിണികിടക്കുന്നവര്‍ക്കേ വിശപ്പിന്റെ കാഠിന്യവും അന്നത്തിന്റെ വിലയുമറിയൂ. ദാഹിച്ച് വലയുന്നവര്‍ക്കേ ദാഹത്തിന്റെ പരവശതയും വെള്ളത്തിന്റെ അമൂല്യതയുമറിയൂ. വിശപ്പും ദാഹവും അനുഭവിക്കുന്നവന് ആരെങ്കിലും ഭക്ഷണവും വെള്ളവും നല്‍കിയാല്‍ അത് നല്‍കിയവനോട് അയാള്‍ നന്ദി കാണിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇതെല്ലാം ഒരുക്കിത്തരുന്ന സ്രഷ്ടാവിനെ ഓര്‍ക്കുവാനും അവനോട് നന്ദി കാണിക്കുവാനും സന്മനസ്സുള്ളവര്‍ വിരളമാണ്.

ആഹരിക്കുന്നതും പാനംചെയ്യുന്നതും അല്ലാഹുവിന്റെ നാമത്തിലായിരിക്കണമെന്നും അവസാനിക്കുമ്പോള്‍ അവനെ സ്തുതിക്കണമെന്നും ഇസ്‌ലാം അനുശാസിക്കുന്നു. ഭക്ഷണവും വെള്ളവും നല്‍കുന്നവന്‍ അല്ലാഹുവാണ്. അവ കിട്ടാതെ വലയുന്നവര്‍ ധാരാളമുണ്ട്. എല്ലാം ഉണ്ടായിട്ടും ഭക്ഷണം കഴിക്കാനും വെള്ളം കുടിച്ച് ദാഹമകറ്റാനും സാധിക്കാത്ത എത്രയോ രോഗികളുണ്ട്. ഇതൊക്കെ ഓര്‍ക്കുന്ന ഒരു മനുഷ്യന് അത്തരത്തിലുള്ള തടസ്സങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥ നല്‍കിയ അല്ലാഹുവിനെ ഓര്‍ക്കാതെ എങ്ങനെ ഭക്ഷണം കഴിക്കാന്‍ കഴിയും? എങ്ങനെ വെള്ളം കുടിക്കാന്‍ കഴിയും? വിശപ്പും ദാഹവുമകന്നാല്‍ എങ്ങനെ അല്ലാഹുവിനെ സ്തുതിക്കാതിരിക്കാന്‍ കഴിയും? ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍പോലും സത്യവിശ്വാസി സ്രഷ്ടാവിനെ സ്തുതിക്കും; കാരണം അവനാണത് നല്‍കിയത്. അതിന് അവനോട് നന്ദികാണിക്കേണ്ടതുണ്ട്. അങ്ങനെ നന്ദിസൂചകമായി അല്ലാഹുവിനെ സ്തുതിക്കുന്നവനെക്കുറിച്ച് അല്ലാഹു സംതൃപ്തനായിരിക്കുമെന്നാണ് നബി ﷺ പഠിപ്പിക്കുന്നത്.

ഉസ്മാന്‍ പാലക്കാഴി

നേർപഥം വാരിക 

മരണം മണക്കുന്ന പായകള്‍

മരണം മണക്കുന്ന പായകള്‍

നമസ്‌കാരത്തിന്ന് അടുത്തുള്ള പള്ളിയിലെത്തിയപ്പോള്‍ പുതിയൊരു പായ കണ്ടു. പ്ലാസ്റ്റിക് നിര്‍മിതമായ, വെള്ളനിറത്തിന് കൂടുതല്‍ പ്രാമുഖ്യമുള്ള, നേര്‍ത്ത സുഗന്ധത്തോടുകൂടിയ പായ. പള്ളിപ്പറമ്പില്‍ മറവുചെയ്യാന്‍ കൊണ്ടുവന്ന ജനാസയുടെ കൂടെയെത്തിയതാണാ പായ!

ഏതാനും നാളുകള്‍ കൂടി ആ പായയുടെ പുതുമ നിലനില്‍ക്കും. പിന്നെ സുഗന്ധം മായും. നിറം മങ്ങുന്നതിന് മുമ്പ് മറ്റൊരു പായയെത്തും; പുതിയ ഒരു നിറത്തില്‍ മറ്റൊരു മണവുമായി. ഭൂമിയില്‍ ജീവിച്ച് കൊതിതീരാത്ത ഒരു മനുഷ്യന്റെ മയ്യിത്തിനെ മണ്ണിലേക്ക് സമര്‍പ്പിക്കാന്‍ അകമ്പടി വരുന്ന പായ.

ഏതൊരാള്‍ക്കും മരണം നിശ്ചയിക്കപ്പെട്ട ഒരു നാളുണ്ട്. മരണം കൃത്യസമയത്ത് കടന്നുവരും. ഫോണുകള്‍ വഴി വിവരം പരക്കും; ചുണ്ടില്‍നിന്ന് ചുണ്ടിലേക്കും. എപ്പോഴാണ് മയ്യിത്ത് എടുക്കുകയെന്ന ചോദ്യമുയരും; തീരുമാനമുണ്ടാകും. അതിനു മുമ്പായി മയ്യിത്തിനെ കുളിപ്പിക്കും. ഏതോ ദൂരദിക്കില്‍ നിന്ന് അടുത്തൊരു കടയിലെത്തിയ വെള്ളവസ്ത്രവും സുഗന്ധ ദ്രവ്യവും കൂട്ടിനെത്തും.ആളുകള്‍ മയ്യിത്തിന് അകമ്പടി സേവിക്കും. കുറേ പേര്‍ നേരത്തെ പള്ളിയിലെത്തി കാത്തുനില്‍ക്കും. പിന്നെ നമസ്‌കാരം… ക്വബ്‌റടക്കല്‍, തസ്ബീത്, കണ്ണീര്… നെടുവീര്‍പ്പ്… നല്ല മനുഷ്യനായിരുന്നുവെന്ന അടക്കംപറച്ചില്‍. അങ്ങനെ മയ്യിത്തിനെ പൊതിഞ്ഞ മറ്റൊരു പായകൂടി പള്ളിയിലെത്തും.

നിര്‍ബന്ധമായും അനുഭവിച്ചറിയുന്ന യാഥാര്‍ഥ്യമാണ് മരണം. അതു നുകരാതെ, രുചിക്കാതെ ആരുമുണ്ടാവില്ല. ഭരണാധികാരിയും ഭരണീയനും പണക്കാരനും പണിക്കാരനും മുതലാളിയും തൊഴിലാളിയും കുബേരനും കുചേലനും മര്‍ദകനും മര്‍ദിതനും പുണ്യാളനും പാപിയും മരണത്തെ ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ദുര്‍ബലന്റെ ദുര്‍ബലതയോ ശക്തിമാന്റെ ശക്തിയോ മരണത്തില്‍നിന്ന് മറയാകില്ല. ആളെത്ര ഊക്കേറിയവനായാലും മരണദൂതന്‍ വന്നു കവാടം മുട്ടിയാല്‍ മരണത്തിന് കീഴൊതുങ്ങിയേ മതിയാവൂ. നാനാതരം മനുഷ്യസമൂഹങ്ങളും വര്‍ഗങ്ങളും ഭൗതിക ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. അവര്‍ക്കെല്ലാം എന്തുപറ്റി? അവരെല്ലാം എവിടെപ്പോയി?

”…അവരില്‍നിന്ന് ആരെയെങ്കിലും നീ കാണുന്നുണ്ടോ? അഥവാ അവരുടെ നേരിയ ശബ്ദമെങ്കിലും നീ കേള്‍ക്കുന്നുണ്ടോ?” (ക്വുര്‍ആന്‍ 19:98).

നാമും അവരുടെ വഴിയിലാണ്. നമുക്കും മരണവേളയും മയ്യിത്ത് കട്ടിലുമുണ്ട്. മരണാസന്നനായവന്റെ നിസ്സഹായാവസ്ഥ നമുക്കും അനുഭവിക്കുവാനുള്ളതാണ്. കണ്ണുകള്‍ നിറയും. ശബ്ദം ഇടറും. കൈകാലുകള്‍ കൂട്ടിയുരുമ്മും. മലക്കുല്‍ മൗത്തിനെയും കൂടെയുള്ളവരെയും നേരില്‍ കാണും. ഉറ്റവരെയും ഉടയവരെയും കേവലം നോക്കുകുത്തികളാക്കി മരണം നമ്മെ റാഞ്ചിയെടുക്കും. അതെ, സൃഷ്ടികളില്‍ ജീവനുള്ളതിനെല്ലാം മരണം സുനിശ്ചിതമാണ്. മരണത്തില്‍നിന്നും രക്ഷപ്പെടുവാന്‍ വഴികളേതുമേയില്ല.

”…അവന്റെ (അല്ലാഹുവിന്റെ) തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്. അവന്നുള്ളതാണ് വിധികര്‍തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും” (ക്വുര്‍ആന്‍ 28:88).

എങ്ങോ ഒരു പായ നമ്മെയും കാത്തിരിക്കുന്നുണ്ട് എന്ന് ഓര്‍മിക്കുന്നുവോ നാം?


ഇബ്‌നു അലി എടത്തനാട്ടുകര

നേർപഥം വാരിക 

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി

glasses, book, education-1052010.jpg

(ഭാഗം: 02)

അബ്ദുര്‍റഹ്മാന്‍ മൗലവി മദ്‌റസത്തുല്‍ മുഹമ്മദിയ്യ(കോഴിക്കോട്)യില്‍ പഠിപ്പിച്ചിരുന്നു. വാഴക്കാട് ദാറുല്‍ ഉലൂം മദ്‌റസയില്‍ ജ:കൊയപ്പത്തോടി അഹ്മദ് കുട്ടി ഹാജി ജീവിച്ചിരിക്കുമ്പോള്‍, ജ:കെ.എം മൗലവിയുടെ നിര്‍ദേശപ്രകാരം ജ:പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരെ നിയമിച്ചിരുന്നു. അദ്ദേഹം വിട്ടുപോയപ്പോള്‍ തല്‍സ്ഥാനത്തു എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയെ ആയിരുന്നു നിശ്ചയിച്ചത്. അദ്ദേഹത്തിന്റെ പരിശ്രമഫലമായി ദാറുല്‍ ഉലൂമിനെ മദ്രാസ് യൂനിവേഴ്‌സിറ്റി ഒരു അറബിക്കോളേജായി അംഗീകരിക്കുകയുണ്ടായി.

മദ്‌റസയെ വിചാരിച്ചപോലെ അഭിവൃദ്ധിപ്പെടുത്തുവാന്‍ ആവശ്യമായ പൂര്‍ണ സഹകരണം മാനേജ്‌മെന്റില്‍നിന്നും കിട്ടാത്തതിനെ പറ്റി അദ്ദേഹം പ്രിന്‍സിപ്പാളായിരിക്കുമ്പോള്‍ എന്നോട് ആവലാതിപ്പെട്ടത് ഞാന്‍ ഓര്‍ക്കുന്നു. അവസാനം മദ്‌റസ പെട്ടെന്ന് പൂട്ടുവാന്‍ മാനേജ്‌മെന്റിന്റെ നിസ്സഹകരണം ഇടയാക്കിയതിനാല്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയും വിദ്യാര്‍ഥികളും സ്ഥലം വിട്ടു. കെ.എം മൗലവി അവരെ തിരൂരങ്ങാടിയിലേക്ക് ക്ഷണിച്ചതു പ്രകാരം തറമ്മല്‍ പള്ളിയില്‍വെച്ച് അവര്‍ കുറച്ചുകാലം ക്ലാസ്സ് നടത്തിയെങ്കിലും കോളേജ് ജംഇയ്യത്തുല്‍ ഉലമായുടെ പേരിലോ, തിരൂരങ്ങാടിയിലുള്ള മാനേജ്‌മെന്റിന്റെ കീഴിലോ നടത്തേണ്ടത് എന്നൊരു അഭിപ്രായവ്യത്യാസം ഉണ്ടായി.

വാസ്തവത്തില്‍ കെ.എം മൗലവി ക്ഷണിച്ചപ്പോള്‍ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി കണക്കാക്കിയത് ജംഇയ്യത്തുല്‍ ഉലമായുടെ പ്രസിഡന്റ്ക്ഷണിക്കുന്നുവെന്നാണ്. തിരൂരങ്ങാടിയിലെ മാനേജ്‌മെന്റിന്റെ  പ്രസിഡന്റും കെ.എം മൗലവിയായതുകൊണ്ട് അവിടെയുള്ളവര്‍ മറിച്ചും ധരിച്ചു.

ബുദ്ധിയോടെ സ്വയം അര്‍പ്പിച്ച ഒരു വ്യക്തിയായിരുന്നു എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി സാഹിബ്. മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വുര്‍ആന്‍ പരിഭാഷ ആരംഭിച്ച മൂന്നു മഹാ പണ്ഡിതന്മാരില്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയും ഉള്‍പ്പെട്ടിരുന്നു. മറ്റു രണ്ടുപേര്‍ (1) കെ.എം മൗലവി, (2) പി. കെ മൂസമൗലവി ഇവരാണ്.

ഏതായാലും ജംഇയ്യത്തുല്‍ ഉലമായുടെ കീഴില്‍ തന്നെ കോളേജ് നടത്തണമെന്ന ഉറച്ച അഭിപ്രായമുള്ളതിനാല്‍ അബ്ദുര്‍റഹമാന്‍ മൗലവി മറ്റു സ്ഥലം അന്വേഷിച്ചു. ജംഇയ്യത്തുല്‍ ഉലമായുടെ കീഴിലാണ് കോളേജ് നടത്തേണ്ടതെന്ന് ജംഇയ്യത്തുല്‍ ഉലമാ തീരുമാനിക്കുകയും ചെയ്തിരുന്നു.

പുളിക്കല്‍ ‘കവാകിബുന്നയ്യിറ’ സംഘത്തിന്റെ ഭാരവാഹികള്‍ മൗലവിയെ സ്വാഗതം ചെയ്തതിനാല്‍ അദ്ദേഹം കോളേജ് അവിടെ സ്ഥാപിച്ചു. തന്റെ പിതാവ് കുഞ്ഞമ്മദ് ഹാജിയായിരുന്നു കവാകിബുന്നയ്യിറ സ്ഥാപിക്കുന്നതിനു പ്രചോദനം നല്‍കിയത്. തന്റെ അനുജന്‍ ഹസന്‍ മൗലവി പുളിക്കല്‍ ദര്‍സ് നടത്തുകയും ചെയ്തിരുന്നു.

കോളേജിന്ന് അംഗീകരണം നേടുന്ന വിഷയത്തിലും മറ്റു അഭിവൃദ്ധിക്കുവേണ്ടിയും അബ്ദുര്‍റഹ്മാന്‍ മൗലവി ചരിത്രത്തില്‍ തുല്യത കാണാത്ത ക്ലേശങ്ങള്‍ അനുഭവിച്ചിട്ടുണ്ട്.

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിക്ക് മറ്റുള്ളവര്‍ക്കില്ലാത്ത പല ഗുണങ്ങളുമുണ്ടായിരുന്നു. (1) അഹങ്കാരം അദ്ദേഹത്തെ തീണ്ടിയിട്ടേ ഇല്ല. (2) സത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവരുടെ സൂത്രങ്ങള്‍ കണ്ടുപിടിക്കുവാന്‍ സാമര്‍ഥ്യമുള്ള ഒരു ധീര പോരാളിയായിരുന്നു അദ്ദേഹം. (3) ക്വുര്‍ആനും സുന്നത്തും നബി ﷺ യും അനുയായികളും പിന്നീട് അവരോടടുത്ത കാലക്കാരായ മഹാപണ്ഡിതന്മാരും എങ്ങനെ മനസ്സിലാക്കിയോ അതേപ്രകാരം പുതിയ വ്യാഖ്യാനങ്ങളൊന്നും ചേര്‍ക്കാതെ മനസ്സിലാക്കണമെന്നു നിഷ്ഠയുണ്ടായിരുന്നു. (4) പിഴച്ച കക്ഷികള്‍ പുതുതായി നിര്‍മിച്ച തെറ്റായ വ്യാഖ്യാനങ്ങള്‍ സമുദായത്തില്‍ പ്രചരിച്ചുപോകുന്നതിന്നു എല്ലാ മുന്‍കരുതല്‍  നടപടികളും എടുക്കുന്നതില്‍ അദ്ദേഹത്തിനു അതിയായ ഉത്സാഹമുണ്ടായിരുന്നു. (5) എല്ലാവരുടെയും ഗുണകാംക്ഷിയായിരുന്നു. മറ്റുള്ളവരുടെ നന്മക്ക് വേണ്ടി അവര്‍ ആവശ്യപ്പെടാതെ തന്നെ ശ്രമിക്കാറുണ്ടായിരുന്നു.

സ്മാരക ഗ്രന്ഥത്തില്‍ കെ.എം. മൗലവിയുടെ ലേഖനത്തില്‍ ഇങ്ങിനെ പറയുന്നു:

”ഇളകാത്ത മനക്കരുത്തിന്റെയും നിലക്കാത്ത കഠിനാദ്ധ്വാനത്തിന്റെയും പര്യായമായിരുന്നു അദ്ദേഹം. താന്‍ ഏറെടുക്കുന്ന ബാധ്യതകള്‍ നല്ലനിലക്ക് നിറവേറ്റുവാന്‍ അദ്ദേഹം സദാ ഉത്സുകനായിരുന്നു. പ്രശസ്തമായ നിലയില്‍ നടന്നുവരുന്ന മദീനത്തുല്‍ ഉലൂം അറബി കോളേജിനെക്കുറിച്ചു ചിന്തിച്ചാല്‍ മതി പരേതന്റെ കഴിവുകള്‍ മനസ്സിലാക്കുവാന്‍. അതിന്റെ ഭരണം നിയന്ത്രിക്കുവാനും വീണുപോകാതെ നിലനിര്‍ത്തുവാനും പരേതന്‍ ചെയ്ത ശ്രമങ്ങള്‍ വിവരണാതീതമാണ്. ക്വുര്‍ആനും സുന്നത്തും അനുശാസിക്കുന്നവിധത്തിലുള്ള ഒരു ദീനീ സ്ഥാപനമായി അതിനെ ഉയര്‍ത്തിക്കൊണ്ടുവന്നത് പ്രധാനമായുംഅബ്ദുര്‍റഹ്മാന്‍ മൗലവിയുടെ അദ്ധ്വാനമാണ്.

ആദര്‍ശസ്ഥിരതയും അഭിപ്രായദാര്‍ഢ്യവും സ്മര്യപുരുഷന്റെ ഒരു പ്രത്യേകതയായിരുന്നു. ഏതു കാര്യമാവട്ടെ, അദ്ദേഹം അതിനെ സംബന്ധിച്ച് ശരിയായ ഒരു മാര്‍ഗം കണ്ടെത്തും. അതില്‍തന്നെ ഉറച്ചു നില്‍ക്കുകയും ചെയ്യും. എന്ത് ഭീഷണി ഉയര്‍ന്നാലും സാഹചര്യം എത്രതന്നെ പ്രതികൂലമായാലും അതിന്നു ഇളക്കമില്ല. അദ്ദേഹത്തിന്റെ തെളിഞ്ഞുകണ്ടിരുന്ന ഒരു പ്രധാന ഗുണമായിരുന്നു അത്. സത്യത്തില്‍നിന്നും അണുവളവ് വ്യതിചലിക്കുകയോ തന്റെ അഭിപ്രായങ്ങളും ആദര്‍ശങ്ങളും മറ്റുള്ളവര്‍ക്ക് വേണ്ടി ബലിയര്‍പ്പിക്കുകയോ ചെയ്ത സംഭവങ്ങള്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ ജീവിതത്തില്‍ ഒരിക്കലും എനിക്ക് കാണുവാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങിനെ തന്റെ ആദര്‍ശങ്ങളെയും അഭിപ്രായങ്ങളെയും മുറുകെപിടിച്ചുകൊണ്ട് എല്ലാ എതിര്‍പ്പുകളെയും നെഞ്ഞൂക്കോടെ നേരിട്ട ആദര്‍ശ പുരുഷന്മാര്‍ വളരെ വിരളമാണ്.”

സ്മാരക ഗ്രന്ഥത്തില്‍ കെ.എം മൗലവിക്ക് പുറമെ കുട്ട്യാമു സാഹിബ്, ഇ.കെ മൗലവി തുടങ്ങിയ പല മാന്യന്മാരും എം.സി.സിയുടെ ഗുണങ്ങള്‍ പ്രകീര്‍ത്തിച്ചുകൊണ്ടെഴുതിയിട്ടുണ്ട്. ലേഖന ദൈര്‍ഘ്യം ഭയന്നാണ് അവയില്‍ ചിലതെങ്കിലും ഉദ്ധരിക്കാത്തത്.

അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ അഭിലാഷങ്ങള്‍

ജ:അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് അതീവ ശ്രദ്ധാലുക്കളാണ് എന്നത് സന്തോഷകരമായ ഒരു വസ്തുതയാണ്. മദീനത്തുല്‍ ഉലൂം അറബിക്കോളേജും യതീംഖാനയും തന്റെ പിന്‍ഗാമികള്‍ എല്ലാ തുറകളിലും അഭിവൃദ്ധിപ്പെടുത്തുന്നത് കാണാം.

എന്നാല്‍ അദ്ദേഹത്തിന്റെ അഭിലാഷങ്ങളില്‍ ശിഷ്യന്മാരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്തതോ അവര്‍ അവഗണിച്ചതോ ആയ ഒരു വിഷയം എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തുവാന്‍ എനിക്ക് ഉത്സാഹമുണ്ട്.

‘കേരള അറബി പ്രചാരസഭ’ എന്ന പേരില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം രൂപീകരിച്ചിരുന്നു. ചില നിയമങ്ങള്‍ എഴുതി അതിന്റെതായ കമ്മിറ്റി അംഗീകരിക്കുകയും അതനുസരിച്ചു മെമ്പര്‍മാരെ ചേര്‍ക്കുവാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഫത്‌വ കൊടുക്കുവാന്‍ തക്കവണ്ണം ക്വുര്‍ആനിലും സുന്നത്തിലും ഇസ്‌ലാമിക സംസ്‌കാരത്തിലും അറബി സാഹിത്യത്തിലും പ്രാപ്തി നേടിയ മഹാ പണ്ഡിതന്മാര്‍ക്ക് നേതൃത്വം നല്‍കാന്‍ വേണ്ടി കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന പേരില്‍ സംഘടിച്ചിട്ടുണ്ടല്ലോ. അത്രതന്നെ ഉയര്‍ന്നിട്ടില്ലെങ്കിലും ക്വുര്‍ആനും സുന്നത്തും അറബി സാഹിത്യവും ഗ്രഹിക്കുകയും അതിനനുസരിച്ച് ജീവിക്കുവാന്‍ തയ്യാറായിരിക്കുകയും ചെയ്യുന്ന രണ്ടാംകിടക്കാരെ സംഘടിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു ആ സംഘടന രൂപീകരിച്ചത്. ഒന്നാം കിടക്കാര്‍ക്കും ഇതില്‍ ചേരാവുന്നതാണ്.

ആ സംഘത്തിന്റെ പേര്‍ ‘അറബി പ്രചാരസഭ’ എന്നാണെങ്കിലും അറബി അറിയുന്ന എല്ലാവരെയും ചേര്‍ക്കുവാന്‍ വേണ്ടിയായിരുന്നില്ല അതു സ്ഥാപിച്ചത്.

ആദ്യം അറബിയില്‍ ഒരു മാസിക പുറപ്പെടുവിക്കണമെന്ന ഉദ്ദേശത്തോടെ ചിലര്‍ കൂടിയാലോചിക്കുകയും ചിന്തിക്കുകയും ആ വിവരം എം.സി അബ്ദുര്‍റഹ്മാന്‍ മൗലവിയോട് പറയുകയും ചെയ്യുകയുണ്ടായി. മാസിക നടത്തുന്നതിന്നല്ല തിരക്കേണ്ടതെന്നും ആദ്യം വേണ്ടത് ഒരു സംഘടനയുണ്ടാക്കുന്നതാണെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പ്രസ്തുത ആവശ്യത്തിനായി ഒരു അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ആ കമ്മിറ്റി കോഴിക്കോട് ടൗണ്‍ഹാളില്‍ ഒരു യോഗം വിളിച്ചുകൂട്ടുകയും ചെയ്തു.

യോഗത്തിന്റെ മുമ്പായി പട്ടാള പള്ളിയില്‍വെച്ചു പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ അധ്യക്ഷതയില്‍ ഒരു യോഗം ചേരുകയുണ്ടായി. യോഗത്തില്‍ പല അഭിപ്രായങ്ങളും പറയപ്പെട്ടുവെങ്കിലും അവസാനം പ്രസിഡന്റിന്റെ നിര്‍ദേശം എല്ലാവരും സ്വീകരിക്കുകയാണുണ്ടായത്.

അറബി അറിയുന്നവരെയെല്ലാം സംഘടിപ്പിക്കുകയെന്നതല്ല ആവശ്യം. അന്ധവിശ്വാസങ്ങളില്‍നിന്നും പിഴച്ച പുത്തന്‍ അഭിപ്രായങ്ങളില്‍നിന്നും രക്ഷപ്പെട്ടു ക്വുര്‍ആനും സുന്നത്തും പിന്‍പറ്റി സലഫിന്റെ വഴിയനുസരിക്കുന്ന ഒരു സംഘമാണ് ആവശ്യമെന്ന് അദ്ദേഹം നിര്‍ദേശിക്കുകയുണ്ടായി.

ഇപ്പോഴത്തെ മോഡേണ്‍ ഏജും മറ്റും കാണുമ്പോള്‍ ഈ സംഘടനയുടെ ആവശ്യകത കൂടുതല്‍ ബോധ്യപ്പെടുന്നില്ലയോ?

ടൗണ്‍ഹാളില്‍ യോഗം ചേര്‍ന്നപ്പോള്‍ ഈ ആദര്‍ശത്തില്‍നിന്നു സംഘത്തെ വ്യതിചലിപ്പിക്കുവാനുള്ള പല ശ്രമങ്ങളും യോഗത്തില്‍ പങ്കെടുത്ത പുത്തന്‍ കൂട്ടുകാര്‍ നടത്തിയെങ്കിലും യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച ഇ.കെ മൗലവിയുടെ നയതന്ത്രം കാരണം അഡ്‌ഹോക്ക് കമ്മിറ്റി നിശ്ചയിച്ച പ്രകാരം ജ: എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ നേതൃത്വത്തില്‍ സംഘം രൂപീകരിക്കപ്പെടുകയുണ്ടായി.

അറബിഭാഷാ പ്രചരണത്തിന്നും ഇസ്‌ലാമിക പ്രചരണത്തിന്നുമുള്ള വഴി ആസൂത്രണം ചെയ്യുവാനും നിയമകരട് രൂപീകരിക്കുവാനും വേണ്ടി  പ്രസ്തുത കമ്മിറ്റിയുടെയും ജനറല്‍ ബോഡിയുടെയും യോഗങ്ങള്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ ജീവിതകാലത്ത് അരീക്കോടും പുളിക്കലും തിരൂരങ്ങാടിയിലുമായി ചേര്‍ന്നെങ്കിലും, അദ്ദേഹത്തിന്റെ മരണത്തോടുകൂടി പ്രവര്‍ത്തനം സ്തംഭിച്ചിരിക്കയാണ്. പ്രസ്തുത സംഘത്തിന്റെ പുനര്‍ജീവനത്തിനും തദ്വാരാ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ അഭിലാഷ പൂര്‍ത്തീകരണത്തിനുമായി ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.

ഇസ്‌ലാമിന്റെ നിലനില്‍പിനു വേണ്ടിയും അല്ലാഹുവിന്റെ കലിമ ഉയര്‍ന്നിരിക്കുന്നതിന് വേണ്ടിയുമുള്ള ജിഹാദില്‍ ആരുടെയും മുഖസ്തുതി വിലവെക്കാതെയും പഴഞ്ചനെന്നോ പിന്തിരിപ്പനെന്നോ ഉള്ള പരിഹാസ വാക്കുകളെ അവഗണിച്ചുകൊണ്ടും മുന്നോട്ടുനീങ്ങുന്ന ഒരു നേതൃത്വം ഇന്ന് മുസ്‌ലിം സമുദായത്തിന്നു അത്യന്താപേക്ഷിതമായിരിക്കുന്നു. കെ.എം മൗലവിയെ പോലെയും എം.സി.സിയെ പോലെയുമുള്ള മഹാവ്യക്തികള്‍ നഷ്ടപ്പെട്ട വിടവ് നികത്തുവാന്‍ അല്ലാഹു സഹായിക്കട്ടെ. പരലോകത്തില്‍ അവന്റെ മുമ്പാകെ ഹാജരാക്കപ്പെടുമ്പോള്‍ അവന്റെ തൃപ്തി സമ്പാദിക്കുന്നവരില്‍ അവന്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ. (ആമീന്‍)

എന്‍.വി അബ്ദുസ്സലാം ബിന്‍ മുഹമ്മദ്

നേർപഥം വാരിക 

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി

glasses, book, education-1052010.jpg

പരേതനായ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുമായി ഈ ലേഖകനു മുപ്പതുകൊല്ലത്തെ സ്‌നേഹബന്ധവും പരിചയവും ഉണ്ടെങ്കിലും എ.സി.സി സ്മാരകഗ്രന്ഥത്തിലെ ലേഖനങ്ങള്‍ വായിച്ചു തീര്‍ന്നതിനു ശേഷമാണ് ഈ കുറിപ്പെഴുതുന്നത്. കൂടാതെ മിഷ്‌കാത്തുല്‍ ഹുദായുടെ വിശേഷാല്‍ പതിപ്പില്‍ അദ്ദേഹം എഴുതിയ ഒരു ലേഖനവും (‘കേരള യൂനിവേഴ്‌സിറ്റിയും അറബി ഭാഷയും’ എന്ന ശീര്‍ഷകത്തിലുള്ളത്) ഇപ്പോള്‍ ഒരിക്കല്‍ കൂടി വായിക്കുകയുണ്ടായി.

‘സല്‍സബീല്‍’ ത്രൈമാസികയില്‍ ഈ വിഷയം എഴുതുവാന്‍ ജ: കെ. ഉമര്‍ മൗലവി എന്നെ നിയോഗിച്ചപ്പോള്‍ ഒരു ചെറിയ അനുസ്മരണം മാത്രം എഴുതുവാനേ ഉദ്ദേശിച്ചിരുന്നുള്ളുവെങ്കിലും, പിന്നീട് വായനകള്‍ക്ക് ശേഷം കുറച്ചുകൂടി വിശദമായി എഴുതണമെന്നാണ് തോന്നിയത്.

ജ:എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുമായി ഈ ലേഖകന്‍ ബന്ധപ്പെടുവാന്‍ തുടങ്ങിയത് 1934ല്‍ കോഴിക്കോട് ഇസ്‌ലാമിയ്യ കമ്പനിയില്‍വെച്ചും തുടര്‍ന്ന് മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ക്വുര്‍ആന്‍ പരിഭാഷ എഴുതിയിരുന്ന സ്ഥലത്തുവെച്ചുമായിരുന്നു.

എന്റെ ജീവിതത്തില്‍ പലപ്പോഴും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളും ശാസനകളും എനിക്കുപകരിച്ചിട്ടുണ്ട്. ക്വുര്‍ആനും സുന്നത്തും മനസ്സിലാക്കുന്ന വിഷയത്തിലും നബി(സ)യുടെയും അനുയായികളുടെയും മാതൃകയനുസരിച്ചു ജീവിതം ക്രമപ്പെടുത്തുന്ന വിഷയത്തിലും എനിക്ക് ഏറ്റവും ഉപകാരപ്പെട്ട പാഠങ്ങള്‍ കിട്ടിയ പല വ്യക്തികളുണ്ടെങ്കിലും അതിലേറ്റവും പ്രധാപ്പെട്ട മൂന്നുപേര്‍ ഇവരാണ്: (1) സയ്യിദ് റഷീദ് രിളാ, (2) കെ. എം മൗലവി, (3) എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി. എന്റെ ആദര്‍ശം രൂപീകരിക്കുന്നതിലും ഇസ്‌ലാമിലെ മൗലിക സിദ്ധാന്തങ്ങള്‍ മനസ്സിലാക്കുന്നതിലും ഈ മൂന്നു മഹാന്മാരോട് മറ്റുള്ളവരെക്കാള്‍ എനിക്ക് കടപ്പാടുണ്ട്.

എന്നാല്‍ എം. സി. സി അബ്ദുര്‍റഹ്മാന്‍ മൗലവിയോടുള്ള കടപ്പാടിന്റെ ഏറ്റവും പ്രധാനവശം നബിചര്യ മനസ്സിലാക്കുന്നതിലുള്ള പ്രധാന തത്ത്വത്തിലാണ്.

കൊടിയത്തൂരില്‍വെച്ച് ‘തറാവീഹ് വാദപ്രതിവാദം’ നടന്നപ്പോള്‍ എതിര്‍കക്ഷികളെക്കൊണ്ട് അദ്ദേഹം ഒരു പ്രധാന തത്ത്വം സമ്മതിപ്പിക്കുകയുണ്ടായി. അതായത് ഒരു ഹദീസ് സ്വീകാര്യമാണോ എന്ന കാര്യത്തില്‍ താഴെ പറയും പ്രകാരം ഒരു തീരുമാനത്തില്‍ അവര്‍ എത്തുവാന്‍ നിര്‍ബന്ധിതരായി:

ബുഖാരിയില്‍നിന്നോ മുസ്‌ലിമില്‍നിന്നോ ഒരു ഹദീസ് ഉദ്ധരിക്കുന്നപക്ഷം; അവര്‍ സ്വീകാര്യമായി രേഖപ്പെടുത്തിയതാണെങ്കില്‍, അത് തെളിവായെടുക്കേണ്ട. സ്വീകാര്യമല്ല എന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ ആ വാദിയാണ് അതിന്റെ പോരായ്മ തെളിയിക്കേണ്ടത്. ബുഖാരി, മുസ്‌ലിം; ഇവയല്ലാത്ത ഗ്രന്ഥങ്ങളില്‍നിന്നും ഹദീസ് ഉദ്ധരിക്കുന്ന ആള്‍തന്നെ അത് സ്വീകാര്യമാണെന്ന് തെളിയിക്കേണ്ടതാണ്. ഈ തത്ത്വം പൊതുവില്‍ നിബന്ധനയായി പണ്ഡിതന്മാര്‍ സ്വീകരിച്ചതാണെന്ന് രണ്ട് കക്ഷികളും അന്ന് സമ്മതിക്കുകയുണ്ടായി.

ഹദീസിന്റെ സനദ് പരിശോധിക്കുന്ന വിഷയത്തിലും എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി വളരെ പ്രാപ്തനായിരുന്നു. വിലപ്പെട്ട പല നിര്‍ദേശങ്ങളും ഈ ലേഖകന്ന് അദ്ദേഹത്തില്‍നിന്നു കിട്ടിയതിനാല്‍ അരീക്കോട്ടെ അറബിക്കോളേജിലും കോഴിക്കോട്ടെ നദ്‌വത്ത് ഓഫീസിലും ഹദീസിന്റെ ബലാബലം പരിശോധിക്കുന്നതിന്നന്നാവശ്യമായ പല ഗ്രന്ഥങ്ങളും ശേഖരിക്കുവാന്‍ ഈ ലേഖകന്നു തരപ്പെട്ടിട്ടുണ്ട്.

1932ല്‍ മൂന്നാം ഫോറം കഴിഞ്ഞതിനു ശേഷം മഞ്ചേരി ഹൈസ്‌കൂള്‍ വിടുവാന്‍ നിര്‍ബന്ധിതനാക്കത്തക്കവണ്ണം രോഗത്തില്‍പെട്ടു പോകയാല്‍ പിന്നീട് കുറച്ചുകാലത്തേക്ക് ഹൈസ്‌കൂള്‍ പഠനം നിറുത്തി വെക്കേണ്ടിവന്നു. അതിനാല്‍ ഇൗയുള്ളവന്‍ നാട്ടില്‍തന്നെ താമസിക്കുകയും മതവിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്യുവാനിടയായി. ആ കാലത്തായിരുന്നു എം.സി.സി സഹോദരന്മാരുമായി ബന്ധപ്പെടുവാന്‍ അവസരം ലഭിച്ചത്.

അഞ്ച് കൊല്ലങ്ങള്‍ക്ക് ശേഷം 1937ല്‍ മലപ്പുറം ഹൈസ്‌കൂളില്‍ പഠിക്കുവാന്‍ പോയപ്പോള്‍ ഒരിക്കല്‍ മലപ്പുറത്തുവെച്ച് അബ്ദുര്‍റഹ്മാന്‍ മൗലവി എന്നെ കാണുകയുണ്ടായി. ‘നീ വീണ്ടും ഈ വഴിയിലായോ? അറബിപഠനവും മതരംഗത്തെ പ്രവര്‍ത്തനവും നിര്‍ത്തിക്കളഞ്ഞുവോ?’ എന്നു ചോദിക്കുകയുണ്ടായി.

1941ല്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോഴും തലശ്ശേരിയില്‍വെച്ച് അദ്ദേഹം ഒരിക്കല്‍ എന്നെ വിമര്‍ശിക്കുകയുണ്ടായി.

അങ്ങനെ 1943ല്‍ ഗവണ്‍മെന്റ് സര്‍വീസില്‍നിന്നു കാസശ്വാസം നിമിത്തം ലീവെടുത്തു വീട്ടില്‍ വന്നിരിക്കുമ്പോള്‍ ജ:കെ.എം മൗലവിയുടെ ഉപദേശപ്രകാരം വാഴക്കാട് ദാറുല്‍ ഉലൂമില്‍ എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ കീഴില്‍ ഒരു വിദ്യാര്‍ഥിയായി ചേരുവാന്‍ ഞാനാരു ശ്രമം നടത്തുകയുണ്ടായി. വീട്ടിലെ പല അസൗകര്യങ്ങള്‍ നിമിത്തം അതിന്നു സൗകര്യപ്പെട്ടില്ല.

ഗുരുനാഥന്മാരില്ലാതെ സ്വന്തം വായിച്ചു പഠിക്കേണ്ട ഗതികേടാണ് എനിക്കുണ്ടായത്. ജ:കെ.എം മൗലവിയെയും എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയെയും പലപ്പോഴും ഞാന്‍ സമീപിക്കുകയും പല ഉപദേശങ്ങളും അവരില്‍നിന്നു കേള്‍ക്കുകയും ചെയ്തിരുന്നു.

ആ കാലങ്ങളില്‍ ജംഇയ്യത്തുല്‍ ഉലമായില്‍ ഞാന്‍ മെമ്പറായിരുന്നു. കമ്മിറ്റിയിലും ഉണ്ടായിരുന്നു. പ്രസിഡണ്ട് കെ.എം മൗലവിയും സിക്രട്ടറി അബ്ദുര്‍റഹ്മാന്‍ മൗലവിയും ആയിരുന്നുവല്ലോ.

1944നു ശേഷം അരിക്കോട്ടുവെച്ച് ക്വുര്‍ആന്‍ ദര്‍സ് നടത്തുകയും അറബി ഭാഷ മുതിര്‍ന്നവര്‍ക്ക് പഠിപ്പിക്കുകയും ചെയ്തുവന്നിരുന്നപ്പോള്‍, ജംഇയ്യത്തുല്‍ ഉലമായുടെ ഒരു കമ്മിറ്റി യോഗത്തിന്നു പുളിക്കല്‍ പോകുകയുണ്ടായി. ‘ക്വുര്‍ആന്‍ ആദ്യം മുതല്‍ അവസാനംവരെ അര്‍ഥം മനസ്സിലാക്കുകയും അറബി ഭാഷ എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും ശീലിക്കുകയും ചെയ്ത ചില സനേഹിതന്മാര്‍ എനിക്കുണ്ട്. അവരെ ജംഇയ്യത്തുല്‍ ഉലമായില്‍ ചേര്‍ക്കുവാന്‍ പറ്റുമോ’ എന്നു ഞാന്‍ ചോദിച്ചു. ‘അതു പറ്റുകയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ മറുപടി കേട്ടപ്പോള്‍ ‘എനിക്കും അത്രതന്നെയല്ലേ യോഗ്യതയുള്ളൂ. എനിക്കും ജംഇയ്യത്തുല്‍ ഉലമായില്‍ പറ്റുകയില്ലല്ലോ’ എന്നു തോന്നുകയുണ്ടായി.

അതിനുശേഷം ഞാന്‍ ജംഇയ്യത്തുല്‍ ഉലമായുടെ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തുകയും കുറെ കഴിഞ്ഞതിനുശേഷം രാജിവെക്കുകയും ചെയ്തു. ഇങ്ങനെയാണ് ഈ ലേഖകന്‍ ജംഇയ്യത്തുല്‍ ഉലമായുമായി വിട്ടത്.

പിന്നീടുണ്ടായ പല സന്ദര്‍ഭങ്ങളിലും എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും എനിക്ക് കിട്ടിക്കൊണ്ടിരുന്നിട്ടുണ്ട്. ഒരു പ്രത്യേക സംഭവം വിവരിക്കാം:

ജമാഅത്തെ ഇസ്‌ലാമിക്കാരുടെ പ്രചാരണങ്ങള്‍ മലബാറില്‍ ഉണ്ടായപ്പോള്‍ ആ വിഷയത്തെപ്പറ്റി ഒന്നിലധികം പ്രാവശ്യം ജ: കെ.എം മൗലവിയോടും എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയോടും ഈയുള്ളവന്‍ സംസാരിച്ചിരുന്നു.

അവരുടെ പ്രബോധനം പത്രത്തിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ക്വുര്‍ആനിന്നും സുന്നത്തിന്നും വിരുദ്ധമായ പലതുമുണ്ടെന്നു ഈ സംസാരങ്ങളില്‍നിന്നു മനസ്സിലായിരുന്നു.

ജ:എം.ശെയ്ഖ് മുഹമ്മദ് മൗലവി അരീക്കോട് കോളേജില്‍ പ്രിന്‍സിപ്പാളായിരിക്കുമ്പോള്‍, അദ്ദേഹം ചേന്ദമംഗല്ലൂരിലെ കെ.സി രായിന്‍ മമ്മദ് എന്നയാളുമായി ഒരു തര്‍ക്കത്തിലേര്‍പ്പെടുകയുണ്ടായി. അവര്‍ ഒരു വാദപ്രതിവാദവും നിശ്ചയിച്ചുവത്രെ. ഇതൊന്നും ഞാനാദ്യം അറിഞ്ഞിരുന്നില്ല.

ഒരു ദിവസം എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി അരീക്കോട് വരുകയും ‘ജമാഅത്തെ ഇസ്‌ലാമിക്കാരുമായി കൊടിയത്തൂര്‍ വെച്ച വാദപ്രതിവാദം നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്; നീയും വരണം’ എന്നു പറയുകയും ചെയ്തു.

വലിയ കുട്ടിഹസ്സന്‍ സാഹിബിന്റെ വീട്ടിലെത്തുവാനായിരുന്നുവത്രെ നിശ്ചയിച്ചിരുന്നത്. അതുപ്രകാരം ഞങ്ങള്‍ പോയെങ്കിലും വാദപ്രതിവാദത്തിന്നു എതിര്‍കക്ഷി തയ്യാറായില്ല.

പിറ്റേന്ന് കുട്ടിഹസ്സന്‍ സാഹിബിന്റെ മകന്‍ അബ്ദുസ്സലാമിന്റെ ചേന്ദമംഗല്ലൂര്‍ വീട്ടില്‍വെച്ചു നാട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഒരു വാദപ്രതിവാദ പ്രസംഗത്തിന്നു നിശ്ചയിക്കുകയുണ്ടായി. അന്നു ജമാഅത്തെ ഇസ്‌ലാമി അമീര്‍ മുഹമ്മദലി ഹാജി ആയിരുന്നു

സ്ഥലത്തെ ജമാഅത്ത് നേതാവായ ജ:കെ.സി അബ്ദുല്ല മൗലവിയുമായി ഞങ്ങള്‍ സംസാരിച്ചപ്പോള്‍ പ്രസംഗ രൂപത്തിലുള്ള വാദപ്രതിവാദത്തിന്നേ അദ്ദേഹം തയ്യാറുള്ളൂവെന്ന് പറഞ്ഞു. ജംഇയ്യത്തുല്‍ മുജാഹിദിന്റെ പേരില്‍ വാദപ്രതിവാദ പ്രസംഗം നടത്തുവാന്‍ പുറപ്പെടുന്നതിനു മുമ്പുതന്നെ കൗണ്‍സില്‍ തീരുമാനമെടുത്ത് എന്നെ അധികാരപ്പെടുത്തിയിരുന്നു. ജംഇയ്യത്തുല്‍ മുജാഹിദീന്‍ ഒരു പ്രാദേശിക സംഘടനയായിരുന്നതിനാല്‍ ഞങ്ങള്‍ക്ക് വാദപ്രതിവാദ പ്രസംഗ കരാറില്‍ പ്രസ്തുത സംഘവുമായി ഏര്‍പ്പെട്ടുകൂടാ എന്ന് കെ.സി അബ്ദുല്ല മൗലവി പറഞ്ഞു.

എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയുമായി കേരള ജംഇയ്യത്തുല്‍ ഉലമായുടെ പേരില്‍ കരാര്‍ ചെയ്യുവാന്‍ തയ്യാറാണെന്നു കെ.സി. അബ്ദുല്ല മൗലവി പറഞ്ഞു.

അതൊരു വിഷമ സന്ദര്‍ഭമായിരുന്നു. എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി സാധാരണയായി പ്രസംഗിക്കാറില്ല.

നാലു ദിവസത്തെ പ്രസംഗം കഴിഞ്ഞ ശേഷം ഇതിനെല്ലാം മറുപടിയായി ഒരു ദിവസം വ്യക്തിപരമായി പ്രസംഗിക്കുവാന്‍ കെ.സി അബ്ദുല്ല മൗലവിയെ അനുവദിക്കണമെന്നു നാട്ടുകാര്‍ നിവേദനം നല്‍കിയപ്പോള്‍ അതൊരു വിഷമസന്ധിയായിരുന്നു.

ഔപചാരികമല്ലാത്തതുകൊണ്ട് അത് അനുവദിക്കുന്നതിന്നു അബ്ദുര്‍റഹ്മാന്‍ മൗലവിക്ക് വിസമ്മതമായിരുന്നുവെങ്കിലും ജംഇയ്യത്തുല്‍ ഉലമായില്‍ മെമ്പറല്ലാത്ത ഞാന്‍ വ്യക്തിപരമായിത്തന്നെ പിറ്റേദിവസം മറുപടി പറഞ്ഞുകൊള്ളാമെന്നും ഞാനഭിപ്രായപ്പെട്ടപ്പോള്‍ അത് അദ്ദേഹം സ്വീകരിച്ചു.

ജ:കെ.സി അബ്ദുല്ല മൗലവിയുടെ പ്രസംഗം ശ്രദ്ധിച്ചുകേട്ടതില്‍, ഞാന്‍ ഉദ്ധരിച്ച തെളിവുകളെ ഖണ്ഡിക്കാതെ, അദ്ദേഹം ഒരു ഒഴുക്കാന്‍ പ്രസംഗം ചെയ്യുകയാണ് ചെയ്തതെന്ന് എനിക്കു തോന്നുകയാല്‍ അതിനനുസരിച്ചുള്ള മറുപടി പിറ്റേന്ന് പറയുകയും ചെയ്തു.

അബ്ദുല്ല മൗലിയുടെ പ്രസംഗത്തിനു ഞങ്ങളുടെ സ്പീക്കര്‍ കൊടുക്കുവാന്‍ ആവശ്യപ്പെട്ടതുപ്രകാരം എടവണ്ണക്കാരുടെ ആ സ്പീക്കര്‍ ഞങ്ങള്‍ കൊടുത്തിരുന്നു. എന്നാല്‍ പിറ്റേദിവസം ആയപ്പോഴേക്കും ലൗഡ് സ്പീക്കര്‍ കേടുവന്നതായാണ് കണ്ടത്. ഒരു ഗ്രാമപ്രദേശമായതിനാല്‍ പെട്ടെന്നു ശരിപ്പെടുത്തുവാന്‍ സാധിച്ചതുമില്ല. സാധാരണ പത്തു മണിമുതല്‍ 12വരെ നടത്തിവന്ന പ്രസംഗം ആറാം ദിവസം സ്പീക്കറിന്മേല്‍ പണിയെടുത്തു വൈകിയതിനാല്‍ 12 മതല്‍ 2 മണിവരെയാണ് നടന്നത്. ജംഇയ്യത്തുല്‍ ഉലമായുടെ പേരിലല്ലെങ്കിലും അബ്ദുര്‍റഹ്മാന്‍ മൗലവി 5ാം ദിവസത്തെയും 6ാം ദിവസത്തെയും പ്രസംഗങ്ങള്‍ മുഴുവനും കേട്ടതിനു ശേഷമാണ് സ്ഥലംവിട്ടത്. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ എനിക്ക് രണ്ടു ദിവസങ്ങളിലും കിട്ടിയിരുന്നു.

ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ച് അദ്ദേഹത്തിന്റെയും കെ.എം മൗലവിയുടെയും നിലപാട് ഒന്നുതന്നെയായിരുന്നു. അവരുടെ പ്രസിദ്ധീകരണങ്ങള്‍ കെ.എം മൗലവിയുടെ കയ്യിലുണ്ടായിരുന്നത് മകന്‍ കുഞ്ഞുമൊയ്ദീന്‍ മൗലവി മുഖേന അയച്ചുതന്നിരുന്നു. കൂടാതെ അദ്ദേഹം ഈ വിഷയത്തില്‍ എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അയച്ച കത്ത് ഞാന്‍ ഇപ്പോഴും സൂക്ഷിച്ചുവരുന്നുണ്ട്.

ജ:എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി, മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പുത്രനായി 1906ല്‍ പരപ്പനങ്ങാടിയില്‍ ജനിച്ചു. പി.ഒ കോമു എന്നയാളുടെ സഹോദരി പുത്രനായിരുന്നു അദ്ദേഹം.1964 ജനുവരി, വെള്ളിയാഴ്ച തന്റെ ദീനത്തുല്‍ ഉലൂം കോളേജ് ഓഫീസില്‍വെച്ചുതന്നെ അദ്ദേഹം നിര്യാതനായി.

അദ്ദേഹം ആദ്യം തന്റെ പിതാവില്‍നിന്നാണ് വിദ്യ അഭ്യസിച്ചത്. പിന്നെ അദ്ദേഹം വേലൂര്‍ പോയി. വേലൂരില്‍നിന്നും മടങ്ങിവന്ന ശേഷം 1935ല്‍ അദ്ദേഹം അഫ്ദലുല്‍ ഉലമാ പരീക്ഷ പാസ്സാവുകയും ചെയ്തു. പിന്നീടദ്ദേഹം ബി.ഒ.എല്‍ന്റെ മുഹദ്ദിസ്, മുഫസ്സിര്‍ പാര്‍ട്ടുകളും പാസ്സാവുകയുണ്ടായി.

കേരള ജംഇയ്യത്തുല്‍ ഉലമായുടെ സിക്രട്ടറിയായിരുന്നു പരേതന്‍. മലബാര്‍ലഹള നിമിത്തം അഭയാര്‍ഥികളായ ജ:കെ.എം മൗലവി മുതലായവര്‍ കൊടുങ്ങല്ലൂരില്‍ പോയതിന്ന് മുമ്പുതന്നെ അധ്യാപകന്മാരായും കൊണ്ട് ഇ.കെ മൗലവിയും എം.സി. സി അബ്ദുര്‍റഹ്മാന്‍ മൗലവിയും അവിടെ താമസമാക്കിയിരുന്നു. എം.സി.സി സ്മാരകഗ്രന്ഥത്തില്‍ ജ:കെ.എം മൗലവി എഴുതിയ ലേഖനത്തില്‍ തന്നെ രക്ഷിച്ചത് എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവിയാണെന്ന് പറഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ കത്തില്‍ നിര്‍ദേശിച്ച പ്ലാന്‍ പ്രകാരമാണ് ജ:കെ.എം മൗലവി ശത്രുക്കളുടെയും പോലീസിന്റെയും പിടുത്തത്തില്‍ പെടാതെ കൊടുങ്ങല്ലൂരെത്തി താമസമാക്കിയത്.

കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപിച്ചത് കൊടുങ്ങല്ലൂര്‍ വെച്ചാണ്. പിന്നീടത് കോഴിക്കോട് വെച്ച് രജിസ്റ്റര്‍ചെയ്തു. എല്ലാ ഉലമാക്കന്മാരെയും സംഘടിപ്പിച്ചുകൊണ്ടായിരുന്നു ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയതെങ്കിലും പിന്നീട് ചില മുസ്‌ലിയാന്മാര്‍ അതില്‍നിന്ന് തെറ്റിപ്പിരിഞ്ഞു പോവുകയും അവര്‍ ഫറോക്കില്‍വെച്ചു ‘സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ’ സ്ഥാപിക്കുകയും ചെയ്തു.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുരീകരിച്ചു നബി ﷺ യും അനുയായികളും പിന്നീട് സലഫും നടന്നത് പോലെ സമുദായത്തെ വാര്‍ത്തെടുക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവിധ ക്ലേശങ്ങളും കഷ്ടപ്പാടുകയും സഹിച്ചുകൊണ്ട് ത്യാഗബുദ്ധിയോടെ സ്വയം അര്‍പ്പിച്ച ഒരു വ്യക്തിയായിരുന്നു എം.സി.സി അബ്ദുര്‍റഹ്മാന്‍ മൗലവി സാഹിബ്.

മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്വുര്‍ആന്‍ പരിഭാഷ ആരംഭിച്ച മൂന്നു മഹാ പണ്ഡിതന്മാരില്‍ അബ്ദുര്‍റഹ്മാന്‍ മൗലവിയും ഉള്‍പ്പെട്ടിരുന്നു. മറ്റു രണ്ടുപേര്‍ (1) കെ.എം മൗലവി, (2) പി. കെ മൂസമൗലവി ഇവരാണ്.

(അവസാനിച്ചില്ല)

എന്‍.വി അബ്ദുസ്സലാം ബിന്‍ മുഹമ്മദ്

നേർപഥം വാരിക