രാവിന്‍റെ തോളില്‍ പ്രാര്‍ഥനാപൂര്‍വം

രാവിന്‍റെ തോളില്‍ പ്രാര്‍ഥനാപൂര്‍വം

അനുഗ്രഹവര്‍ഷങ്ങള്‍ പെയ്യുന്ന റമദാനിലെ പുണ്യദിനങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. പകല്‍സമയത്തെ വ്രതവും രാത്രികാലങ്ങളിലെ നമസ്കാരവും ദാനധര്‍മങ്ങളും ക്വുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും മറ്റു പുണ്യകര്‍മങ്ങളുമായി റമദാന്‍ മുമ്പോട്ട് കുതിക്കുകയാണ്. മനുഷ്യരില്‍ നല്ലശീലം വളര്‍ത്തുന്നതിനുവേണ്ടിയാണ് റമദാന്‍ ഓരോ വര്‍ഷവും കടന്നുവരുന്നത്. ‘ലഅല്ലകും തത്തക്വൂന്‍’ എന്ന വചനം സൂചിപ്പിക്കുന്നത് കേവലം ഒരു മാസത്തെ ഭക്തിശീലങ്ങളല്ല. ജീവിതാന്ത്യം വരെ നിലനില്‍ക്കേണ്ട നല്ലശീലങ്ങള്‍ മനുഷ്യരില്‍ വളര്‍ത്തുകയും അവരെ അല്ലാഹുവിനോട് നന്ദിയുള്ളവരാക്കാന്‍ പ്രേരിപ്പിക്കുകയും ഇഹലോകത്തെ സകല നിമിഷങ്ങളിലും അവന്‍റെ നിയമങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്താന്‍ പാകപ്പെടുത്തുകയും ചെയ്തുകൊണ്ട് ചാഞ്ചല്യമനുഭവപ്പെടുന്ന മനുഷ്യമനസ്സുകളെ സദാ അല്ലാഹുവോട് അടുപ്പിക്കുവാനുള്ള പരിശീലനമാണ് റമദാന്‍ എന്ന സന്ദേശമാണ് പ്രസ്തുത വചനത്തില്‍ അടങ്ങിയിട്ടുള്ള ആശയം.

റമദാനിലെ പുണ്യരാവുകള്‍

റമദാനില്‍ വിശ്വാസികള്‍ ഏറ്റവും പ്രാധാന്യത്തോടെ നിര്‍വഹിക്കുന്ന ആരാധനാകര്‍മമാണ് രാത്രി നമസ്കാരം. റമദാനില്‍ പള്ളികളില്‍ ജമാഅത്തായി ഇശാഅ് നമസ്കാരശേഷം അത് നിര്‍വഹിക്കപ്പെട്ടുവരുന്നു. ചിലര്‍ അവരുടെ വീടുകളില്‍വച്ചുതന്നെ അത് നിര്‍വഹിക്കുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധരും പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും ഈ നമസ്കാരത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. പ്രവാചക കാലംതൊട്ട് മുസ്ലിം സമൂഹത്തില്‍ നിലനിന്നുവരുന്ന ഒരു ആരാധനയാണ് ‘ക്വിയാമു റമദാന്‍.’ മറ്റു മാസങ്ങളില്‍ ഈ നമസ്കാരം അറിയപ്പെടുന്നത് ‘ക്വിയാമുല്ലൈല്‍’ എന്ന പേരിലാണ്. ഉറങ്ങി എഴുന്നേറ്റ് നമസ്കരിക്കുമ്പോള്‍ അതിന് ‘തഹജ്ജുദ്’ എന്നും പറയപ്പെടുന്നു. ഇടക്ക് വിശ്രമം എടുക്കുന്നതുകൊണ്ട് ‘തറാവീഹ്’ എന്ന പേരിലും അത് അറിയപ്പെടുന്നു. ഒറ്റയില്‍ അവസാനിപ്പിക്കുന്നതുകൊണ്ട് അതിനെ ‘വിത്ര്‍’ എന്നും വിളിക്കുന്നു. പ്രവാചകന്‍ ﷺ ഈ നമസ്കാരം നിര്‍വഹിച്ചിരുന്നത് പരമാവധി പതിനൊന്ന് റക്അത്ത് ആയിരുന്നുവെന്നാണ് ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുള്ളത്. റമദാനില്‍ വളരെ ആവേശത്തോടെ ഇത് നിര്‍വഹിക്കപ്പെടുമ്പോള്‍ അത് മറ്റു മാസങ്ങളിലേക്ക് കൂടിയുള്ള തയ്യാറെടുപ്പാണ് എന്ന് മനസ്സിലാക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. റമദാനിനു ശേഷവും ഓരോ ദിവസത്തിലുമുള്ള രാവുകളില്‍ അല്ലാഹുവുമായുള്ള ബന്ധം സുദൃഢമാക്കാനുള്ള തീരുമാനമാണ് വിശ്വാസികളില്‍നിന്നും ഉണ്ടാവേണ്ടത്.  

രാവിന്‍റെ സവിശേഷഗുണങ്ങള്‍

എന്തുകൊണ്ടാണ് രാവിന് ഇത്ര വലിയ സവിശേഷത നല്‍കപ്പെട്ടിട്ടുള്ളത്? ശാന്തമായ വിശ്രമവേള, വസ്ത്രം തുടങ്ങിയ വിശേഷങ്ങളാണ് ക്വുര്‍ആന്‍ രാവിന് നല്‍കിയിട്ടുള്ളത്. സൂര്യാസ്തമയത്തോടെ ഇരുള്‍ മൂടിത്തുടങ്ങുന്നത് മുതല്‍ (ഗ്വസക്വ്) രാവ് ആരംഭിക്കുന്നു. ചക്രവാള ശോഭയിലൂടെ (ശഫക്വ്) സഞ്ചരിച്ച് അത് പിന്നീട് പൂര്‍ണമായ ഇരുട്ടിലേക്ക് (അതമത്ത്) പ്രവേശിക്കുന്നു. രാവിന്‍റെ അന്തിമഘട്ടമായ ‘സഹര്‍’ എന്ന അനുഗൃഹീതവേള പിന്നിട്ടുകൊണ്ടാണ് പുലര്‍കാലത്തിലേക്ക് പ്രവേശിക്കുന്നത്. ഇങ്ങനെ രാവിന് വ്യത്യസ്ത ഘട്ടങ്ങളുണ്ട്. രാവിന്‍റെ ഓരോ വ്യത്യസ്ത ഘട്ടത്തെയും അനുഗ്രഹപൂര്‍ണമാക്കാന്‍ അല്ലാഹുവുമായി ഹൃദയത്തെ ബന്ധപ്പെടുത്തുകയാണ് വേണ്ടത്. മഗ്രിബ് നമസ്കാരത്തോടെ രാവിലേക്ക് പ്രവേശിക്കുന്ന മനുഷ്യന്‍ പിന്നീട് ‘സ്വലാത്തുല്‍ അതമത്ത്’ (ഇരുട്ടിന്‍റെ നമസ്കാരം) എന്ന പേരിലറിയപ്പെടുന്ന ഇശാഅ് നമസ്കാരം നിര്‍വഹിക്കുന്നു. രാവിന്‍റെ ഓരോ ഘട്ടവും അനുഗൃഹീതമാണ്. പകലിന്‍റെ അധ്വാനവും താപവും ക്ഷീണിതമാക്കിയ മനസ്സിനും ശരീരത്തിനും വിശ്രമവും കുളിര്‍മയും നല്‍കുന്നത് രാവാണ്. സ്വന്തം കുടുംബത്തോടൊപ്പം സമാധാനത്തോടെ അന്തിയുറങ്ങാനുള്ള അവസരം നല്‍കുന്നതും രാവാണ്. ഏകാന്തനായി ഇരിക്കുവാനും സ്വസ്ഥമായി സ്രഷ്ടാവിലേക്ക് കൈകളുയര്‍ത്താനും സുജൂദില്‍ വീഴാനും മറ്റുള്ളവരറിയാതെ തേങ്ങിക്കരയുവാനുമെല്ലാം സാധിക്കുന്ന സന്ദര്‍ഭമാണ് രാവ്. സ്വച്ഛവും ശീതളവും ശാന്തവുമായ മനസ്സിന്‍റെ നിറസാന്നിധ്യത്തോടെ അവനോട് ആത്മാര്‍ഥമായി ബന്ധപ്പെടാന്‍ അല്ലാഹുതന്നെ സംവിധാനിച്ചുതന്ന ‘സകനി’ന്‍റെയും ‘ലിബാസി’ന്‍റെയും അസുലഭ മുഹൂര്‍ത്തമാണ് രാവ്. (അന്‍ആം 96, യൂനുസ് 67, നംല് 86, ഫുര്‍ക്വാന്‍ 47, ഖസ്വസ്വ് 73, ഗാഫിര്‍ 61, നബഅ് 10 തുടങ്ങിയ വചനങ്ങളുടെ സംഗ്രഹം).

രാവും പൈശാചികതയും

രാവ് ശാന്തതയും കുളിര്‍മയും നല്‍കുമെങ്കിലും അത് പൈശാചിക ദുര്‍ബോധനങ്ങളും പ്രവര്‍ത്തനങ്ങളും ഏറെ വര്‍ധിക്കുന്ന വേളകൂടിയാണ്. പൈശാചിക സ്വാധീനങ്ങള്‍ കാരണം രാത്രികാലങ്ങളില്‍ അക്രമങ്ങളും കവര്‍ച്ചകളും അനാശാസ്യങ്ങളും പെരുകുകയും ചെയ്യുന്നത് സര്‍വസാധാരണമാണ്. അതുകൊണ്ടുതന്നെയാണ് ‘ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും’ അല്ലാഹുവില്‍ ശരണം തേടുവാന്‍ ദൈവഭയമുള്ള ഒരു വിശ്വാസിയോട് ക്വുര്‍ആന്‍ (113:3) ഉദ്ബോധിപ്പിച്ചിട്ടുള്ളത്. ദൈവസ്മരണ ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുള്ള മനുഷ്യന് മാത്രമെ രാവിന്‍റെ ദുഷ്ടതകളില്‍നിന്ന് രക്ഷപ്പെടുവാനും സൂക്ഷ്മതാബോധമുള്ളവനായിത്തീരുവാ നും സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് ക്വുര്‍ആന്‍ വിശ്വാസികളോട് ‘രാത്രിയില്‍ നീ അവനെ പ്രണമിക്കുകയും ദീര്‍ഘമായ നിശാവേളയില്‍ അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക’ (76:26) എന്ന് ആഹ്വാനം ചെയ്തത്. മുഹമ്മദ് നബി ﷺ വിശ്വാസികളോടായി പറഞ്ഞു: ‘രാത്രികാലങ്ങളില്‍ ജനങ്ങള്‍ ഉറങ്ങിക്കൊണ്ടിരിക്കെ നിങ്ങള്‍ നമസ്കാരങ്ങളില്‍ മുഴുകുക’ (തുര്‍മുദി 2485). മനുഷ്യരെല്ലാം ശാന്തരായി ഉറങ്ങുമ്പോള്‍ രാവിന്‍റെ ഒരുഭാഗം നമസ്കാരത്തിനും പ്രണാമങ്ങള്‍ക്കും പ്രാര്‍ഥനയ്ക്കും പ്രകീര്‍ത്തനങ്ങള്‍ക്കും വേണ്ടി മാറ്റിവയ്ക്കുവാനാണ് ക്വുര്‍ആനും പ്രവാചകവചനകളും വിശ്വാസികളെ തെര്യപ്പെടുത്തുന്നത്.

പ്രവാചകന്‍റെ രാവ്

പ്രവാചകത്വത്തിന്‍റെ ആദ്യനാളുകളില്‍തന്നെ പ്രവാചകന് രാത്രിനമസ്കാരം നിര്‍വഹിക്കാനുള്ള കല്‍പന ലഭിച്ചിരുന്നു. പേടിച്ചുവിറച്ച് പ്രിയസഖി ഖദീജ(റ)യുടെ സാന്ത്വനം അനുഭവിച്ചു കഴിയുന്ന സന്ദര്‍ഭത്തിലാണ് ജിബ്രീല്‍വഴി അദ്ദേഹത്തിന് സന്ദേശം ലഭിക്കുന്നത്. ‘ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ, രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റുനിന്ന് പ്രാര്‍ഥിക്കുക. രാത്രിയുടെ പകുതി, അല്ലെങ്കില്‍ പകുതിയില്‍ നിന്നു അല്‍പം കുറച്ച്. അല്ലെങ്കില്‍ പകുതിയെക്കാള്‍ അല്‍പം കൂടുതല്‍. ക്വുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക’ (ക്വുര്‍ആന്‍ 73:14). സൂറത്തുല്‍ മുസ്സമ്മിലിലെ ഈ ആദ്യ വചനങ്ങളിലൂടെ പ്രവാചകനും അനുചരന്മാര്‍ക്കും രാത്രിനമസ്കാരം നിര്‍ബന്ധമായിത്തീര്‍ന്നിരുന്നു .

ഇമാം നസാഈ റിപ്പോര്‍ട്ട് ചെയ്ത വളരെ സുദീര്‍ഘമായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘സഅ്ദ് ബ്നു ഹിശാം നബി ﷺ യുടെ രാത്രിനമസ്കാരത്തെ കുറിച്ചറിയാന്‍ ആഇശ(റ)യെ സമീപിച്ചു. അവര്‍ ചോദിച്ചു: ‘താങ്കള്‍ സൂറത്തുല്‍ മുസ്സമ്മില്‍ പാരായണം ചെയ്യാറില്ലേ?’ അദ്ദേഹം പറഞ്ഞു: ‘അതെ.’ അവര്‍ പറഞ്ഞു: ‘ആ സൂറത്തിന്‍റെ പ്രാരംഭ വചനങ്ങളിലൂടെ രാത്രിനമസ്കാരം അല്ലാഹു നിര്‍ബന്ധമാക്കി. അങ്ങനെ നബി ﷺ യും അനുചരന്മാരും ഒരുവര്‍ഷം രാത്രിനമസ്കാരം നിര്‍ബന്ധമായും അനുഷ്ഠിച്ചു. അങ്ങനെ അവരുടെ കാല്‍പാദങ്ങള്‍ നീരുകെട്ടി വീര്‍ത്തുതുടങ്ങി. പ്രസ്തുത സൂറത്തിന്‍റെ അവസാനവചനം പന്ത്രണ്ട് മാസം വരെ അല്ലാഹു പിടിച്ചുവച്ചു. പിന്നീട് അവസാനവചനത്തിലൂടെ അല്ലാഹു ലഘൂകരണം നല്‍കി. അങ്ങനെ ആദ്യം നിര്‍ബന്ധമായിരുന്ന ക്വിയാമുല്ലൈല്‍ ഐച്ഛിക കര്‍മമായി (തത്വവ്വുഅ്) മാറി’ (നസാഈ 1601).

സൂറത്തുല്‍ മുസ്സമ്മിലിലെ അവസാന വചനം ഇങ്ങനെയാണ്: ‘നീയും നിന്‍റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും ചിലപ്പോള്‍ പകുതിയും ചിലപ്പോള്‍ മൂന്നിലൊന്നും നിന്നു നമസ്കരിക്കുന്നുണ്ട് എന്ന് നിന്‍റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന് ന് അവന്നറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ ക്വുര്‍ആനില്‍ നിന്ന് സൗകര്യപ്പെട്ടത് ഓതിക്കൊണ്ട് നമസ്കരിക്കുക” (ക്വുര്‍ആന്‍ 73:20).

രാത്രിയിലെ നമസ്കാരം ഐച്ഛികമെങ്കിലും ഗൗരവമേറെ

രോഗികള്‍ക്കും ഉപജീവനാര്‍ഥം യാത്രചെയ്യുന്നവര്‍ക്കും യുദ്ധംപോലെയുള്ള ത്യാഗപരിശ്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും വലിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമെന്ന കാരണത്താലാണ് അതിന്‍റെ നിര്‍ബന്ധസ്വഭാവത്തെ അല്ലാഹു എടുത്തുകളഞ്ഞത്. അതിന്‍റെ നിര്‍ബന്ധസ്വഭാവം ഒഴിവാക്കിയതിന്‍റെ കാരണമായി പറഞ്ഞ കാര്യങ്ങള്‍ കാണുമ്പോള്‍ അതൊരു ഐച്ഛിക കര്‍മമാണെങ്കിലും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരുകാലത്തും ഒഴിവാക്കാതെ, വളരെ സൂക്ഷ്മതയോടെ നിര്‍വഹിച്ചുപോരേണ്ട കര്‍മമാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കും.

രാത്രി നമസ്കാരത്തിന്‍റെ നിര്‍ബന്ധസ്വഭാവം ഇല്ലാതായെങ്കിലും മുഹമ്മദ് നബി ﷺ അത് അദ്ദേഹത്തിന്‍റെ നിത്യജീവിതത്തില്‍ പാലിച്ചുവന്നു. ഒരു കല്‍പനയോടുള്ള പ്രതികരണം എന്നതിനെക്കാളുപരി സ്രഷ്ടാവിനോടുള്ള കടപ്പാട് എന്ന നിലയിലായിരുന്നു രാത്രി നമസ്കാരത്തെ അദ്ദേഹം കണ്ടിരുന്നത്. ആഇശ(റ) പറയുന്നു: “പ്രവാചകന്‍ രാത്രികാലങ്ങളില്‍ അദ്ദേഹത്തിന്‍റെ കാലുകളില്‍ നീര് കെട്ടിനില്‍ക്കുമാറ് സുദീര്‍ഘമായി നമസ്കരിക്കുമായിരുന്നു. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: ‘പ്രവാചകരേ, താങ്കളുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് എന്തിനാണ് ഇത്രമാത്രം കഷ്ടപ്പെടുന്നത്?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ആഇശാ, ഞാന്‍ ഒരു നന്ദിയുള്ള അടിമയാവേണ്ടതില്ലേ?” (മുസ്ലിം 2820).

ലോകത്തുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണിത്. ജീവിതത്തിന്‍റെ ഓരോ നിമിഷത്തിലും സ്രഷ്ടാവ് നല്‍കിയിട്ടുള്ള അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടും അവന്‍റെ കാരുണ്യം അനുഭവിച്ചുകൊണ്ടുമാണ് ഓരോ മനുഷ്യനും ഭൂമിയില്‍ കഴിയുന്നത്. അതിനുപുറമെ മരണശേഷമുള്ള പരലോകജീവിതത്തില്‍ വിജയിക്കുവാനാവശ്യമായ കാര്യങ്ങളെല്ലാം സ്രഷ്ടാവ് അവന്‍റെ ദിവ്യസന്ദേശങ്ങളിലൂടെ മനുഷ്യന് നല്‍കുകയും ചെയ്തു. ഇരുലോകങ്ങളിലും ശരിയായ വിജയം കൈവരിക്കുവാന്‍ മനുഷ്യനെ പ്രാപ്തനാക്കിയ നാഥനെ സ്തുതിക്കുവാനും അവന്‍റെ മുമ്പില്‍ സാഷ്ടാംഗം നമിച്ച് വിനയാന്വിതനായിത്തീരുവാനും മനുഷ്യന്‍ സമയം കണ്ടെത്തേണ്ടതുണ്ട്. ഈ സന്ദേശമാണ് രാത്രിനമസ്കാരത്തിലൂടെ പ്രവാചകന്‍ മാനവസമൂഹത്തിന് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് നിര്‍ബന്ധനമസ്കാരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠം രാവിന്‍റെ ഉള്ളറകളില്‍ നിര്‍വഹിക്കപ്പെടുന്ന നമസ്കാരമാണെന്ന് പ്രവാചകന്‍ പറഞ്ഞത്. (മുസ്ലിം 1163).

പ്രവാചകന്‍റെ ഒരുക്കം

സഅ്ദ്ബ്നു ഹിശാമി(റ)ല്‍നിന്നും മുകളില്‍ ഉദ്ധരിച്ച ഹദീസിന്‍റെ തുടര്‍ഭാഗങ്ങളില്‍ രാത്രി നമസ്കാരത്തിന് പ്രവാചകനും പത്നിമാരും നല്‍കിയിരുന്ന ഗൗരവം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. സഅ്ദ് ബ്നു ഹിശാമിന്‍റെ ചോദ്യത്തിന് മറുപടിയായി ആഇശ(റ) പറഞ്ഞു: ‘ഞങ്ങള്‍ നബി ﷺ യുടെ രാത്രി നമസ്കാരത്തിന് വേണ്ടി ‘സിവാക്’ (ദന്തശുദ്ധീകരണി), വുദൂഅ് ചെയ്യാനുള്ള വെള്ളം എന്നിവ നേരത്തെ ഒരുക്കിവെക്കുമായിരുന്നു. പിന്നീട് ഉറങ്ങിയതിന് ശേഷം എപ്പോഴാണോ അല്ലാഹു അദ്ദേഹത്തെ എഴുന്നേല്‍പിക്കുന്നത്, അപ്പോള്‍ അദ്ദേഹം എഴുന്നേല്‍ക്കും. പല്ലുതേച്ച് വുദൂഅ് ചെയ്ത് എട്ടു റക്അത്ത് നമസ്കരിക്കും. എട്ടാമത്തെ റക്അത്തില്‍ മാത്രമായിരുന്നു അദ്ദേഹം ഇരുന്നിരുന്നത്. ആ ഇരുത്തത്തില്‍ അദ്ദേഹം ധാരാളമായി അല്ലാഹുവിനെ സ്മരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യും. പിന്നീട് ഞങ്ങളെ കേള്‍പിച്ചുകൊണ്ട് സലാം വീട്ടും. പിന്നീട് ഇരുന്നുകൊണ്ട് രണ്ടുറക്അത്ത് നമസ്കരിക്കും. സലാം വീട്ടിയശേഷം ഒരു റക്അത്ത് നമസ്കരിക്കും. അങ്ങനെ പതിനൊന്ന് റക്അത്ത് ആയിരുന്നു അദ്ദേഹം നമസ്കരിച്ചിരുന്നത്.’

രാത്രി നമസ്കാരത്തിന്‍റെ സൗന്ദര്യം

പലരുടെയും രാത്രിനമസ്കാരം റമദാന്‍ വിടപറയുന്നതോടെ അവസാനിക്കുന്നു. എന്നാല്‍ രാത്രിനമസ്കാരം റമദാനില്‍ മാത്രം നിര്‍വഹിക്കപ്പെടുന്ന ഒരു ആരാധനാകര്‍മമല്ല. എല്ലാ കാലങ്ങളിലും നിര്‍വഹിക്കപ്പെടേണ്ട അതിപ്രധാനമായ ആരാധനയാണത്. അതൊരു കേവലചടങ്ങല്ല. ഓരോ വിശ്വാസിയും സാധിക്കുന്നത്ര ദൈര്‍ഘ്യമെടുത്ത് ഭക്തിയുടെ പാരമ്യത്തിലേക്ക് മനസ്സിനെ ആനയിച്ച് അതീവമായ വണക്കത്തോടെയാണ് അത് നിര്‍വഹിക്കേണ്ടത്. പ്രവാചകന്‍റെ രാത്രി നമസ്കാരത്തെകുറിച്ച് പ്രിയപത്നി ആഇശ(റ) വിശദീകരിച്ചത് ഹദീസുകളില്‍ ധാരാളം വന്നിട്ടുണ്ട്. അതൊരു ചടങ്ങായിരുന്നില്ല; അല്‍പനേരത്തെ അഭ്യാസവുമായിരുന്നില്ല. ധൃതിപിടിക്കാതെ, രണ്ടുറക്അത്തുകള്‍ വീതം നമസ്കരിച്ച് സുദീര്‍ഘമായി പാരായണം ചെയ്തും ഇടയ്ക്ക് കുറെസമയം വിശ്രമമെടുത്തുമായിരുന്നു അദ്ദേഹം നമസ്കരിച്ചിരുന്നത്. പതിനൊന്ന് റക്അത്ത് നമസ്കരിക്കാറുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ഓരോ നാല് റക്അത്തുകളുടെയും സൗന്ദര്യവും ദൈര്‍ഘ്യവും വര്‍ണനാതീതമാണെന്നാണ് ആഇശ(റ) പറഞ്ഞത്. ‘അദ്ദേഹം റമദാനിലാവട്ടെ അല്ലാത്തപ്പോഴാവട്ടെ പതിനൊന്ന് റക്അത്തുകളില്‍ കൂടുതല്‍ നമസ്കരിക്കാറുണ്ടായിരുന്നില്ല. ആദ്യം നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ നീളവും ഭംഗിയും ചോദിക്കേണ്ടതില്ല. പിന്നീട് നാല് നമസ്കരിക്കും. അതിന്‍റെ നീളവും ഭംഗിയും ചോദിക്കേണ്ടതില്ല. പിന്നീട് മൂന്ന് റക്അത്തുകള്‍ നമസ്കരിച്ച് വിത്ര്‍ ആക്കും. ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, താങ്കള്‍ വിത്ര്‍ നമസ്കരിക്കുന്നതിന് മുമ്പ് ഉറങ്ങാറുണ്ടോ?’ അദ്ദേഹം പറഞ്ഞു: ‘എന്‍റെ കണ്ണുകള്‍ക്ക് ഉറക്കം ബാധിക്കാറുണ്ടെങ്കിലും മനസ്സ് ഉറങ്ങാറില്ല’ (ബുഖാരി 2013).

നബി ﷺ യുടെ കൂടെ രാത്രി നമസ്കാരം നിര്‍വഹിച്ച ഹുദൈഫ(റ) പറയുന്നത് ഇങ്ങനെയാണ്. ‘ഞാന്‍ ഒരു രാത്രിയില്‍ നബിയുടെ കൂടെ നമസ്കരിച്ചു. അദ്ദേഹം അല്‍ബക്വറയാണ് തുടങ്ങിയത്. നൂറ് ആയത്ത് കഴിയുമ്പോള്‍ അദ്ദേഹം റുകൂഇലേക്ക് പോകുമെന്ന് ഞാന്‍ കരുതി. പക്ഷേ, അതുണ്ടായില്ല. ഇരുനൂറ് ആകുമ്പോള്‍ റുകൂഅ് ചെയ്യുമെന്ന് കരുതി, അതുമുണ്ടായില്ല. അതുകഴിഞ്ഞു അദ്ദേഹം സൂറത്തുനിസാഅ് ആരംഭിച്ചു. അതുകഴിഞ്ഞ് ആലുഇംറാന്‍’ (നസാഈ 1664).

പ്രസ്തുത നമസ്കാരത്തില്‍ നബി ﷺ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നത് പാരായണത്തിന്‍റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടായിരുന്നുവെന്നും റുകൂഉം സുജൂദുമെല്ലാം വളരെ ദൈര്‍ഘ്യമുള്ളതായിരുന്നുവെന്നും ഹുദൈഫ(റ) പറയുന്നു. നബി ﷺ നമസ്കാരം ശരിക്കും ആസ്വദിക്കുകയായിരുന്നു എന്നര്‍ഥം.

രാത്രിനമസ്കാരത്തിന്‍റെ റക്അത്തുകളുടെ എണ്ണത്തെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുകയും അതിന്‍റെ വണ്ണത്തെക്കുറിച്ചോ നിര്‍വഹണത്തിന്‍റെ സൗന്ദര്യത്തെക്കുറിച്ചോ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയും ചെയ്യുമ്പോള്‍ നമസ്കാരത്തിന്‍റെ ശരിയായ ചൈതന്യം ചോര്‍ന്നുപോവുകയാണ് ചെയ്യുന്നത്. കാലില്‍ നീര് കെട്ടി നില്‍ക്കുമ്പോള്‍ പോലും ശാരീരിക വിഷമങ്ങള്‍ മറന്ന് സ്രഷ്ടാവുമായുള്ള ആത്മബന്ധം രൂപപ്പെടുത്തി നമസ്കാരം ആസ്വദിക്കാന്‍ സാധിക്കുക എന്നു പറയുന്നത് വിശ്വാസവും കൃതജ്ഞതയും പൂര്‍ണമായ അളവില്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. രാവിന്‍റെ നിശ്ശബ്ദവും ശാന്തവുമായ അന്തരീക്ഷത്തില്‍ സ്രഷ്ടാവിനോട് സകലതെറ്റുകളും ഏറ്റുപറഞ്ഞും സങ്കടങ്ങളും വിഷമങ്ങളും സമര്‍പ്പിച്ചും മനസ്സിനെ സ്രഷ്ടാവില്‍ ബന്ധിപ്പിച്ചും നമസ്കാരത്തെ ഏറെ ഭംഗിയുള്ളതാക്കുക എന്ന ഉദാത്തമായ കര്‍മമാണ് രാത്രിനമസ്കാരത്തിലൂടെ ഒരു വിശ്വാസിക്ക് ചെയ്യുവാനുള്ളത്.

വീടുകളില്‍വച്ച് നമസ്കരിക്കുക

രാത്രിനമസ്കാരം ഐച്ഛികമാണെന്നു സൂചിപ്പിച്ചുവല്ലോ. ഐച്ഛികനമസ്കാരങ്ങളെല്ലാം വീടുകളില്‍ നമസ്കരിക്കുന്നതാണ് ഉചിതമെന്ന് പ്രവാചകന്‍ ﷺ പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകന്‍ ﷺ പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ നമസ്കരിക്കുക. ഒരു മനുഷ്യന്‍റെ നിര്‍ബന്ധനമസ്കാരമല്ലാത്ത മറ്റെല്ലാ നമസ്കാരങ്ങളും വീടുകളില്‍ നിര്‍വഹിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം’ (ബുഖാരി 7290).

നബി ﷺ അദ്ദേഹത്തിന്‍റെ രാത്രിനമസ്കാരവും മറ്റു ഐച്ഛിക നമസ്കാരങ്ങളും വീട്ടില്‍വച്ചായിരുന്നു നിര്‍വഹിച്ചിരുന്നത്.

‘നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍വച്ച് നമസ്കരിക്കുക. വീടുകളെ നിങ്ങള്‍ ശ്മാശാനങ്ങള്‍ ആക്കാതിരിക്കുക’ (ബുഖാരി 422).

‘പള്ളികളില്‍വച്ച് നമസ്കാരം നിര്‍വഹിക്കപ്പെട്ടുകഴിഞ്ഞാല്‍ നിങ്ങളുടെ വീടുകള്‍ക്കും ഒരോഹരി കരുതിവയ്ക്കുക. വീടുകളില്‍വച്ച് നമസ്കാരം നിര്‍ഹിക്കപ്പെടുന്നതിലൂടെ ധാരാളം നന്മകള്‍ അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്’ (മുസ്ലിം 778).

രാത്രി ഐച്ഛിക നമസ്കാരങ്ങള്‍ പരമാവധി വീടുകളില്‍വച്ച് തന്നെ നിര്‍വഹിക്കുകയാണ് വേണ്ടത്. അതുവഴി വീടിനും വീട്ടുകാര്‍ക്കും ധാരാളം നന്മകളും അനുഗ്രഹങ്ങളും വന്നുചേരുമെന്ന കാര്യത്തില്‍ സംശയമില്ല.

റമദാനില്‍ പള്ളികളില്‍ ജമാഅത്തായി

റമദാനിലെ രാത്രിനമസ്കാരം പ്രവാചകന്‍ ﷺ രണ്ടോ മൂന്നോ ദിവസം മാത്രമാണ് അദ്ദേഹത്തിന്‍റെ മസ്ജിദില്‍വച്ച് അനുചരന്മാരുമൊത്ത് നിര്‍വഹിച്ചത്. അടുത്തദിവസം അനുചരന്മാര്‍ അദ്ദേഹത്തെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അദ്ദേഹം നമസ്കരിക്കാന്‍ വന്നില്ല. അതിനു കാരണമായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘നിങ്ങള്‍ വന്നതെല്ലാം ഞാന്‍ അറിഞ്ഞു. എന്നാല്‍ ഈ നമസ്കാരം നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുമോ എന്നു ഞാന്‍ ഭയന്നു. അതുകൊണ്ടാണ് ഞാന്‍ നിങ്ങളിലേക്ക് പുറപ്പെടാതിരുന്നത്’ (മുസ്ലിം 761).

പിന്നീട് നബി ﷺ യുടെ കാലത്ത് രാത്രിനമസ്കാരം പള്ളികളില്‍ ജമാഅത്തായി നിര്‍വഹിക്കപ്പെട്ടിട്ടില്ല. അബൂബക്റി(റ)ന്‍റെ കാലത്തും ഉമറി(റ)ന്‍റെ ആദ്യകാലത്തും അങ്ങനെതന്നെ തുടര്‍ന്നു. പിന്നീട് ജനങ്ങള്‍ പള്ളിയില്‍ ഓരോരുത്തരായും ചെറിയ കൂട്ടങ്ങളായും നമസ്കരിക്കുന്നത് വര്‍ധിച്ചപ്പോള്‍ ഉമര്‍(റ) അവരെ ഒരു ഇമാമിന്‍റെ കീഴിലാക്കി. അതുമുതല്‍ ഇന്നുവരെ റമദാനില്‍ പള്ളികളില്‍ രാത്രിനമസ്കാരം ജമാഅത്തായി നിര്‍വഹിക്കപ്പെട്ടുവരുന്നു. ഉമര്‍(റ) ഉബയ്യുബ്നു കഅ്ബി(റ)നെയും തമീമുദ്ദാരി(റ)യെയും ജനങ്ങള്‍ക്ക് ഇമാമായി നിശ്ചയിച്ചു. അവര്‍ ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചപ്പോള്‍ നമസ്കാരത്തിന്‍റെ ദൈര്‍ഘ്യം കാരണം ജനങ്ങള്‍ക്ക് ഊന്നുവടികളെ അവലംബമാക്കേണ്ടിവന്നു എന്നെല്ലാം ഹദീസുകളില്‍ വന്നിട്ടുണ്ട്. (മാലിക് 250).

ഇതെല്ലാം സൂചിപ്പിക്കുന്നത് രാത്രിനമസ്കാരം സുദീര്‍ഘമായി പാരായണം ചെയ്തുകൊണ്ട് വളരെ ഭംഗിയായി നിര്‍വഹിക്കപ്പെടേണ്ട നമസ്കാരമാകുന്നു എന്ന കാര്യമാണ്. വളരെ പെട്ടെന്ന് അവസാനിപ്പിച്ചുകൊണ്ട് ഒരു ചടങ്ങായി അവശേഷിപ്പിക്കപ്പെടേണ്ട കര്‍മമല്ല അത്. റമദാനിലും അല്ലാത്ത കാലത്തും അത് നിര്‍വഹിക്കുക ഒരു വിശ്വാസിക്ക് അനിവാര്യമാണ്. റമദാന്‍ പുണ്യകര്‍മങ്ങള്‍ വര്‍ധിപ്പിക്കുന്ന മാസമായതിനാല്‍ അത് ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പമാകുന്നതിന് വേണ്ടി പള്ളികളില്‍ നിര്‍വഹിക്കപ്പെടുന്നു. ക്വുര്‍ആന്‍ മനഃപാഠമില്ലാത്തവര്‍ക്കും പാരായണം ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായംചെന്നവര്‍ക്കും ഒരുപോലെ നമസ്കാരത്തിന്‍റെ പ്രതിഫലം ലഭിക്കാന്‍ അതുപകരിക്കും. ‘ഇമാം നമസ്കാരത്തില്‍ നിന്ന് വിരമിക്കുന്നതുവരെ അദ്ദേഹത്തെ പിന്തുടര്‍ന്ന് നമസ്കരിക്കുന്നവര്‍ രാത്രി മുഴുവന്‍ നമസ്കരിച്ചവരെ പോലെയാണ്’ എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. (നസാഈ 1364). പള്ളികളില്‍വച്ചുതന്നെ അത് നിര്‍വഹിക്കണം എന്നില്ല. ക്വുര്‍ആന്‍ ധാരളമായി പാരായണം ചെയ്യാന്‍ സാധിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും വീടുകളില്‍വച്ച് ഒറ്റക്കോ ജമാഅത്തായോ നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ ഉമര്‍(റ)വും സ്വഹാബികളും ചെയ്ത പോലെ പള്ളിയില്‍ ഇമാമിന്‍റെ കൂടെ ജമാഅത്തായി നമസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമെന്നാണ് ഇമാം ശാഫി, ഇമാം അബൂഹനീഫ, ഇമാം അഹ്മദ്(റഹി) തുടങ്ങിയ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എവിടെയായിരുന്നാലും മനഃസാന്നിധ്യവും ഭക്തിയും അവധാനതയുമാണ് ആവശ്യമായിട്ടുള്ളത്.

‘വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും റമദാനില്‍ ആരെങ്കിലും രാത്രി എഴുന്നേറ്റ് നമസ്കരിച്ചാല്‍ അവന്‍റെ കഴിഞ്ഞുപോയ ചെറുദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്’ എന്നു നബി ﷺ പറഞ്ഞിട്ടുണ്ട്. ‘രാത്രിയില്‍ ഒരു പ്രത്യേകവേളയുണ്ട്. അതില്‍ ഒരു വിശ്വാസി തന്‍റെ നാഥനോട് ഇഹലോകവുമായോ പരലോകവുമായോ ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചാല്‍ അവന്‍ അത് പൂര്‍ത്തീകരിച്ചുകൊടുക്കാതിരിക് കില്ല’ എന്നും നബി ﷺ പറഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളില്‍ കുടുംബാംഗങ്ങള്‍ പരസ്പരം വിളിച്ചുണര്‍ത്തി നമസ്കാരങ്ങള്‍ക്കായി പ്രേരിപ്പിക്കണമെന്നും ഉണര്‍ന്നില്ലെങ്കില്‍ മുഖത്ത് വെള്ളം തളിച്ചെങ്കിലും ഉണര്‍ത്തണമെന്നും അദ്ദേഹം പഠിപ്പിച്ചു.

നമുക്കൊരുങ്ങാം, ശീലമാക്കാം

രാത്രിനമസ്കാരം അല്ലാഹുവിനെ കൃത്യമായി അറിഞ്ഞു മനസ്സിലാക്കിയവര്‍ നിത്യവും നിര്‍വഹിച്ചിരിക്കും. അല്ലാഹുവിലുള്ള ഭയവും പ്രതീക്ഷയുമാണ് ഒരു വിശ്വാസിയെ രാത്രിനമസ്കാരത്തിന് പ്രേരിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: “ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്.”(ക്വുര്‍ആന്‍ 32:16).

‘കണ്ണുറങ്ങിയാലും മനസ്സുറങ്ങില്ല’ എന്ന് പറഞ്ഞതില്‍നിന്നും ഏതു സാഹചര്യത്തിലും രാത്രി നമസ്കാരം നിര്‍വഹിക്കാതെ ഉറങ്ങാന്‍ ഒരു യഥാര്‍ഥ വിശ്വാസിക്ക് സാധിക്കില്ല എന്നാണ് മനസ്സിലാക്കേണ്ടത്. പ്രവാചകന്‍റെ രാത്രി നമസ്കാരത്തിന്‍റെ രീതികളും അതിന്‍റെ ദൈര്‍ഘ്യവും ഭംഗിയുമെല്ലാം സ്വായത്തമാക്കി അതിന്‍റെ പൂര്‍ണതയിലേക്കെത്തണമെങ്കില്‍ ഇനിയും എത്രയോ കാതങ്ങള്‍ നാം സഞ്ചരിക്കേണ്ടതുണ്ട്. രാത്രി നമസ്കാരത്തിന്‍റെ ആത്മാവും ചൈതന്യവും ഉള്‍ക്കൊണ്ട്, അതിന്‍റെ അകക്കാമ്പുകള്‍ ആസ്വദിച്ചുകൊണ്ട് നിര്‍വഹിക്കുവാന്‍ മനസ്സിനെയും ശരീരത്തെയും നാം ഇനിയും പാകപ്പെടുത്തേണ്ടതുണ്ട്.

രാവിന്‍റെ തോളില്‍ വിശ്രമിച്ച്, അത് നല്‍കുന്ന ശാന്തതയും കുളിര്‍മയും അനുഭവിച്ച്, തേങ്ങുന്ന മനസ്സോടെ, പ്രതീക്ഷയോടെ, പ്രാര്‍ഥനാപൂര്‍വം, ഒരു കുഞ്ഞിന്‍റെ നിഷ്കളങ്കതയോടെ, സകലതും റബ്ബിന്‍റെ മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ട് രാത്രിനമസ്കാരം നമുക്ക് ശീലമാക്കാം. ഈ റമദാന്‍ അതിനു നമുക്ക് പ്രചോദനമാവട്ടെ.

സുഫ്‌യാൻ അബ്ദുസ്സലാം

നേർപഥം വാരിക 

നോമ്പ്: ചില ഉണര്‍ത്തലുകള്‍

നോമ്പ്: ചില ഉണര്‍ത്തലുകള്‍

1. നോമ്പ് തുറക്കേണ്ടതെപ്പോള്‍?

‘പിന്നെ നിങ്ങള്‍ രാത്രിവരെ നോമ്പ് പൂര്‍ത്തിയാക്കുക’ എന്ന ക്വുര്‍ആന്‍ വചനത്തിന്‍റെ (2:187) താല്‍പര്യം രാത്രിയുടെ ആഗമനവും പകലിന്‍റെ പിന്‍വാങ്ങലും സൂര്യന്‍റെ അസ്തമയവുമാണെന്ന് പ്രവാചകന്‍ നല്‍കിയ വിശദീകരണം, തിരുചര്യയെ പിന്‍പറ്റുന്ന മുസ്ലിമിന്‍റെ ഹൃദയത്തിന് സമാധാനം നല്‍കുന്നതാണ്.  

ഹാഫിദ് ഇബ്നുഹജര്‍ തന്‍റെ ഫത്ഹുല്‍ബാരിയിലും (4/199) ഹൈഥമി മജ്മഉസ്സവാഇദിലും (3/154) സ്വീകാര്യയോഗ്യമെന്ന് പറഞ്ഞ ഒരു ഹദീഥ് ഇമാം അബ്ദുര്‍റസാക് തന്‍റെ അല്‍മുസ്വന്നഫില്‍(7591) രേഖപ്പെടുത്തിയത് കാണുക:

അംറുബ്നു മൈമൂനുല്‍ ഔദില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: “മുഹമ്മദ് നബി ﷺ യുടെ ശിഷ്യന്മാര്‍ നോമ്പുതുറക്കുന്ന കാര്യത്തില്‍ ധൃതികാണിക്കുന്നവരും അത്താഴം താമസിപ്പിച്ച് കഴിക്കുന്നവരുമായിരുന്നു.”

2. നോമ്പുതുറക്കാന്‍ ധൃതികാണിക്കല്

സത്യവിശ്വാസിയായ സുഹൃത്തേ, സൂര്യാസ്തമയം നിനക്ക് ബോധ്യമായാല്‍ വൈകാതെ നീ നോമ്പ് തുറക്കേണ്ടതാണ്. ആ സമയത്ത് ചക്രവാളത്തില്‍ ബാക്കിയുള്ള ചുവപ്പുനിറത്തെ നീ പരിഗണിക്കേണ്ടതില്ല. ഇപ്രകാരം നീ പ്രവര്‍ത്തിക്കുന്നതില്‍ നിന്‍റെ പ്രവാചകനെ പിന്തുടരലും ജൂതരോടും ക്രൈസ്തവരോടും എതിരാകലമുണ്ട്. അവര്‍ സൂര്യനസ്തമിക്കുന്ന നേരത്ത് നോമ്പുതുറക്കാതെ നക്ഷത്രങ്ങള്‍ തെളിഞ്ഞു കാണപ്പെടുന്ന നേരത്തേക്ക് അതിനെ പിന്തിക്കാറാണ് പതിവ്. റസൂലിന്‍റെ മാര്‍ഗം പിന്‍പറ്റുന്നതില്‍ മതത്തിന്‍റെ അടയാളങ്ങളെ പ്രകടമാക്കലുണ്ട്. മാത്രമല്ല ഇരുവര്‍ഗവും (ജിന്നുകളും മനുഷ്യരും) ഒന്നടങ്കം സ്വീകരിക്കണമെന്ന് നാം ആഗ്രഹിക്കുന്ന സന്മാര്‍ഗ സരണി ലഭിച്ചതിലുള്ള അഭിമാനപ്രകടനവും കൂടി അതിലുണ്ട്.

തുടര്‍ന്നു വിവരിക്കുന്ന ഹദീഥുകള്‍ ഇക്കാര്യത്തെക്കുറിച്ച് നമുക്ക് കൂടുതല്‍ വിശദീകരണം നല്‍കുന്നതാണ്:

ഒന്ന്) നോമ്പുതുറക്കുന്നതില്‍ ധൃതികാണിക്കല്‍ നന്മയ്ക്ക് കാരണമാകുന്നു:

സഹ്ലുബ്നു സഅദി(റ)ല്‍നിന്ന് നിവേദനം; നബി പറഞ്ഞു: “നോമ്പുതുറ വേഗത്തിലാക്കുന്ന കാലമത്രയും ജനങ്ങള്‍ നന്മയില്‍ (ഖൈറില്‍) ആയിരിക്കുന്നതാണ്” (ബുഖാരി 4/173, മുസ്ലിം 1093).

രണ്ട്) വേഗം നോമ്പുതുറക്കുന്നത് നബി ﷺ യുടെ ചര്യയാണ്:

മുസ്ലിം സമുദായം നോമ്പുതുറക്കുന്നത് വേഗത്തിലാക്കുന്ന കാലമത്രയും അവര്‍ റസൂലിന്‍റെ സുന്നത്തിലും സച്ചരിതരായ മുന്‍ഗാമികളുടെ മാര്‍ഗത്തിലുമായിരിക്കുന്നതാണ്. അതിനെ അണപ്പല്ലുകള്‍കൊണ്ട് അവര്‍ കടിച്ചുപിടിച്ചിരിക്കുന്ന കാലമത്രയും അല്ലാഹുവിന്‍റെ അനുമതിയാല്‍ അവര്‍ വഴിപിഴക്കുകയില്ല.

സഹ്ലുബ്നു സഅദി(റ)ല്‍നിന്നും നിവേദനം; നബി ﷺ പറഞ്ഞു: “നോമ്പുതുറക്കുന്നത് നക്ഷത്രങ്ങള്‍ പ്രകടമാകുന്ന നേരംവരെ കാത്തിരിക്കാത്ത കാലത്തോളം എന്‍റെ സമുദായം എന്‍റെ മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായിരിക്കും” (ഇബ്നുഹിബ്ബാന്‍).

(സ്വീകാര്യയോഗ്യമായ പരമ്പരയോടുകൂടി ഇബ്നു ഹിബ്ബാന്‍(891) ഉദ്ധരിച്ചു. ബുഖാരിയിലും മുസ്ലിമിലും ഈ ഹദീഥിന്‍റെ മൂലമുണ്ട്. ശിയാക്കള്‍  ഈ കാര്യത്തില്‍ ജൂതക്രൈസ്തവരോട് യോജിച്ചിരിക്കുന്നു. അവരും നക്ഷത്രങ്ങള്‍ പ്രകടമാകുന്ന നേരംവരെ പിന്തിക്കാറാണ് പതിവ്. അല്ലാഹു നമ്മളെയെല്ലാം അവരുടെ വഴികേടില്‍നിന്നും സംരക്ഷിക്കുമാറാകട്ടെ).

മൂന്ന്) നോമ്പുതുറക്കാന്‍ ധൃതികാണിക്കല്‍ ശാപകോപത്തിന്നിരയായവര്‍ക്ക് എതിരാണ്:

മുസ്ലിംകള്‍ തങ്ങളുടെ പ്രവാചകന്‍റെ മാര്‍ഗമവലംബിക്കുകയും അദ്ദേഹത്തിന്‍റെ ചര്യ സ്വന്തം ജീവിതത്തിലൂടെ സംരക്ഷിക്കുകയും ചെയ്താല്‍, അവര്‍ ഗുണത്തിലാകുന്നതിനു പുറമെ ഇസ്ലാം അജയ്യ മായും ആകര്‍ഷകമായും അവശേഷിക്കുന്നതാണ്. അപ്പോള്‍ ഇസ്ലാമികസമൂഹം കൂരിരുട്ടില്‍ വെളിച്ചംവിതറുന്ന വിളക്കും ഉത്തമ മാതൃകയുമായിരിക്കും. കാരണം അവര്‍ പാശ്ചാത്യ, പൗരസ്ത്യ സമൂഹങ്ങളുടെ വാലും കാറ്റിന്‍റെ ഗതിക്കനുസരിച്ച് നിലപാടു മാറ്റുന്നവരുടെ നിഴലുമായിരിക്കില്ല.

അബൂഹുറയ്റ(റ)യില്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: “നോമ്പുതുറക്കുന്ന വിഷയത്തില്‍ (സമയമായാലുടന്‍) ധൃതികാണിക്കുന്ന കാലത്തോളം ഇസ്ലാം പ്രകടമായി (അജയ്യമായി). കാരണം യഹൂദരും ക്രൈസ്തവരും അത് പിന്തിക്കുന്നവരാണ്” (അബൂദാവൂദ് 2/305, ഇബ്നുഹിബ്ബാന്‍ 224).

ഉപരിസൂചിത ഹദീഥുകളുടെ മൊത്തത്തിലുള്ള ആശയങ്ങളും പ്രധാനപ്പെട്ട അധ്യാപനങ്ങളും ഇങ്ങനെ സംഗ്രഹിക്കാം:

1) വാനില്‍ ഇസ്ലാമിന്‍റെ വിജയപതാക പാറിക്കളിച്ച് ഇസ്ലാം അജയ്യമായി നിലനില്‍ക്കുന്നത് വേദക്കാരോടുള്ള നമ്മുടെ സാംസ്കാരിക വൈജാത്യത്തോട് കടപ്പെട്ടിരിക്കുന്നു. കിഴക്കിന്‍റെയോ പടിഞ്ഞാറിന്‍റെയോ ഒരു പതിപ്പാകാതെ, തികച്ചും ദൈവത്തെ അനുസരിച്ചുജീവിക്കുന്ന ഒരു സമൂഹമായി നിലനില്‍ക്കുമ്പോള്‍ മാത്രമെ മുസ്ലിം സമൂഹത്തിന് സകലനേട്ടങ്ങളും കൈവരിക്കുവാന്‍ സാധിക്കുകയുള്ളൂ. ‘ക്രെംലിനിന്‍റെ ഭരണത്തിനൊത്ത് കറങ്ങുന്ന ഗ്രഹമാകാതെയും’ ‘വൈറ്റ് ഹൗസി’ന്‍റെ മേച്ചില്‍നിലങ്ങളില്‍ അലഞ്ഞുനടക്കാതെയും പ്രശ്ന പരിഹാരങ്ങള്‍ക്കായി ‘ലണ്ടന്‍’ എന്ന ‘ക്വിബല’യിലേക്ക് മുഖം തിരിക്കാതെയും ഒരു ഉറച്ച, വ്യത്യസ്ത സമൂഹമായി പരിവര്‍ത്തിക്കപ്പെടുമ്പോള്‍ മാത്രമെ ഇതരസമുഹങ്ങളില്‍നിന്ന് അവര്‍ക്ക് പേരുംപെരുമയും നേടാന്‍ സാധിക്കുകയുള്ളൂ. വിശ്വാസകാര്യങ്ങളിലും കര്‍മാനുഷ്ഠാനങ്ങളിലും വിശുദ്ധ ക്വുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും സമ്പൂര്‍ണമായി മടങ്ങിയാല്‍ മാത്രമെ ഇതെല്ലാം ശരിയായിത്തീരുകയുള്ളൂ.

2. അല്ലാഹു പറഞ്ഞതുപോലെ സമ്പൂര്‍ണമായി ഇസ്ലാമിനെ മുറുകെപിടിക്കുക: “സത്യവിശ്വാസികളേ, ഇസ്ലാമിലേക്ക് നിങ്ങള്‍ സമ്പൂര്‍ണമായി പ്രവേശിക്കുക” (ക്വുര്‍ആന്‍ 2:208).

കാതലായ പ്രശ്നങ്ങള്‍, തൊലിപ്പുറത്തുള്ള പ്രശ്നങ്ങള്‍ എന്നൊക്കെ പറഞ്ഞ് ഇസ്ലാമിക നിയമങ്ങളെ വര്‍ഗീകരിക്കുന്നത് വര്‍ത്തമാനകാല അജ്ഞതയും നൂതനരീതിയുമാകുന്നു. ഇത്തരം വാദഗതികള്‍കൊണ്ട് ഇതിന്‍റെ വക്താക്കള്‍ ഉദ്ദേശിക്കുന്നത് മുസ്ലിംകളുടെ ചിന്താശേഷി നശിപ്പിക്കുക എന്നതും മതത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളില്‍ ചുറ്റിത്തിരിയുന്നവരാക്കി അവരെ മാറ്റുക എന്നതുമാണ്.

വേദഗ്രന്ഥത്തില്‍നിന്നും ചിലതില്‍ വിശ്വസിക്കുകയും ചിലതില്‍ അവിശ്വസിക്കുകയും ചെയ്തിരുന്ന, അല്ലാഹുവിന്‍റെ കോപത്തിനിരയായവരിലേക്കാണ് ഇതിന്‍റെ വേരുകള്‍ ചെന്നെത്തുന്നതെന്ന് ഈ വിഷയത്തെക്കുറിച്ച് സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ നമുക്ക് കണ്ടെത്താനാകും. എന്നാല്‍ ജൂത, ക്രൈസ്തവ ആചാര രീതികളോട് എതിരു പ്രവര്‍ത്തിക്കുവാന്‍ നാം കല്‍പിക്കപ്പെട്ടവരാണെന്നും അങ്ങനെ ചെയ്യുന്നതിന്‍റെ ഫലം ഇസ്ലാമിന്‍റെ അഭിമാനകരമായ നിലനില്‍പാണെന്നും നാം മനസ്സിലാക്കിയതാണ്.

3) അല്ലാഹുവിലേക്കുള്ള ക്ഷണവും വിശ്വാസികളെ പ്രബുദ്ധരാക്കുന്ന പ്രവൃത്തിയും തമ്മില്‍ ഇഴകള്‍ വേര്‍തിരിച്ചെടുക്കാന്‍ പറ്റാത്തവിധത്തിലുള്ളതാണ്. അതുകൊണ്ട് അല്ലാഹുവിന്‍റെ മതചിഹ്നങ്ങള്‍ക്കിടയില്‍ വിവേചനം നടത്താനും വകതിരിച്ച് ചിലതിനെ ഉയര്‍ത്തികാട്ടി മറ്റുചിലതിനെ താഴ്ത്തിക്കെട്ടാനും മുസ്ലിം സമുദായത്തെ വലയംചെയ്തിരിക്കുന്ന തീക്ഷ്ണ പ്രശ്നങ്ങളുടെ പേരു പറഞ്ഞാണെങ്കില്‍ പോലും നമുക്ക് സാധ്യമല്ല. സമുദായത്തിന്‍റെ ഐക്യം തകര്‍ക്കുകയും കെട്ടുറപ്പ് ശിഥിലമാക്കുകയും ചെയ്ത പരമപ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് നാം പ്രധാനശ്രമങ്ങള്‍ നടത്തേണ്ടതെന്നും അല്ലാതെ ഇത്തരം ‘ബാലിശവും’ ‘ശാഖാപരവും’ ‘ഉപരിപ്ലവപരവും’ ‘വ്യത്യസ്ത വീക്ഷണ സാധ്യതയുള്ളതു’മായ പ്രശ്നങ്ങളുടെ പേരില്‍ കശപിശകൂടുകയല്ല വേണ്ടതെന്നും മേനിപറഞ്ഞു നടക്കുന്നവരോട് രാജിയാകാനും നമുക്കാവില്ല.

ഉള്‍ക്കാഴ്ചയോടെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന മുസ്ലിമേ, സൂര്യന്‍ അസ്തമിച്ചെന്ന് ഉറപ്പായാല്‍ നോമ്പ് തുറക്കാന്‍ തിടുക്കം കാണിക്കുന്നതിലാണ് പരിശുദ്ധ ഇസ്ലാമിന്‍റെ യശസ്സ് നിലകൊള്ളുന്നതെന്ന് താങ്കള്‍ക്ക് മനസ്സിലായിരിക്കുമല്ലോ. എന്നാല്‍ ചിലയാളുകള്‍ പറഞ്ഞുനടക്കുന്നത് സൂര്യന്‍ അസ്തമിച്ചയുടന്‍ നോമ്പുതുറക്കുന്നത് കുഴപ്പത്തി(ഫിത്)ന് കാരണമാണെന്നും ഈ തിരുസുന്നത്തിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമവും അതിലേക്ക് ജനങ്ങളെ ക്ഷണിക്കലും വഴികേടിലേക്കും അജ്ഞതയിലേക്കുമുള്ള ക്ഷണമാണെന്നും മുസ്ലിംകളെ അവരുടെ മതത്തില്‍നിന്ന് അകറ്റുന്നതുമാണ് എന്നൊക്കെയാണ്. അല്ലെങ്കില്‍ അത് യാതൊരു വിലയുമില്ലാത്ത പ്രബോധനമാണെന്നും അവ കേവലം തര്‍ക്കപരവും ശാഖാപരവുമായ കാര്യങ്ങളായതിനാല്‍ അവകൊണ്ട് മുസ്ലിംകളെ ഏകോപിപ്പിക്കാന്‍ സാധ്യമല്ലെന്നുമാണ്.

4) മഗ്രിബിന് മുമ്പ് നോമ്പ് തുറക്കല്‍

നബി ﷺ മഗ്രിബ് നമസ്കാരത്തിനുമുമ്പ് നോമ്പ് തുറക്കാറുണ്ടായിരുന്നു. (അഹ്മദ്, അബൂദാവൂദ്).

കാരണം നോമ്പു തുറക്കുന്നതില്‍ ധൃതികാണിക്കല്‍ മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ സ്വഭാവത്തില്‍ പെട്ടതാണ്.

അബുദ്ദര്‍ദാഅ്(റ) നിവേദനം ചെയ്യുന്നു: “മൂന്ന് കാര്യങ്ങള്‍ പ്രവാചകത്വത്തിന്‍റെ അനിവാര്യ സ്വഭാവങ്ങ ളാണ്. നോമ്പുതുറക്കുവാന്‍ ധൃതികാണിക്കല്‍, അത്താഴം പിന്തിക്കല്‍, നമസ്കാരത്തില്‍ വലതുകൈ ഇടതു കയ്യിന്‍റെമേല്‍ വെക്കല്‍”(ത്വബ്റാനി).

3) എന്തു കഴിച്ചുകൊണ്ട് നോമ്പുതുറക്കണം?

കാരക്ക കഴിച്ചുകൊണ്ട് നോമ്പുതുറക്കാനും കാരക്ക ലഭിച്ചില്ലെങ്കില്‍ വെള്ളംകുടിച്ച് നോമ്പു തുറക്കാനും നബി ﷺ പ്രേരിപ്പിക്കാറുണ്ടായിരുന്നു. പ്രവാചകന് സമുദായത്തോടുണ്ടായിരുന്ന ഗുണകാം ക്ഷയും അവരുടെ നന്മയിലുണ്ടായിരുന്ന അത്യാര്‍ത്തിയും അനന്യമായ കൃപയുമാണ് ഈ നിര്‍ദേശത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്.

ലോകര്‍ക്കാകമാനം അനുഗ്രഹമായി മുഹമ്മദ്നബി ﷺ യെ നിയോഗിച്ച ലോകരക്ഷിതാവ് പറയുന്നു:”തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാന് അദ്ദേഹം” (ക്വുര്‍ആന്‍ 9:128)

ആമാശയം കാലിയായിരിക്കുന്ന വേളയില്‍ ശരീരത്തിന് മധുരമുള്ള എന്തെങ്കിലും (ആദ്യമായി) നല്‍കുന്നത് ശരീരം അത് സ്വീകരിക്കുന്നതിനും അവയവങ്ങള്‍ അത് പ്രയോജനപ്പെടുത്തുന്നതിനും സഹായകരമാണ്. വിശിഷ്യാ ശരീരം ആരോഗ്യപൂര്‍ണമാണെങ്കില്‍ അതിലൂടെ ഊര്‍ജസമ്പാദനം നടത്തി ശരീരം ശക്തിസംഭരിക്കുന്നതാണ്. വെള്ളത്തെക്കുറിച്ചാണെങ്കില്‍, നോമ്പുകാരണം ശരീരത്തിന് ചെറിയരൂപത്തില്‍ വരള്‍ച്ച അനുഭവപ്പെടുന്നു. അതിനാല്‍ തുടക്കത്തില്‍ അല്‍പം വെള്ളം നല്‍കി ശരീരത്തെ തണുപ്പിച്ചാല്‍ പിന്നീട് കഴിക്കുന്ന ആഹാരങ്ങളോട് ശരീരം ആരോഗ്യകരമായി പ്രതികരിക്കാന്‍ അത് സഹായകമാണ്.

അറിയുക; ഇതിലുപരി വെള്ളത്തിനും കാരക്കക്കും മനഃസംസ്ക്കരണ കാര്യത്തില്‍ സ്വാധീനം ചെലുത്താനാതുകുന്ന ചില കഴിവുകളും സവിശേഷതകളുമുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. പക്ഷേ, നബിചര്യ മുറുകെപിടിക്കുന്നവര്‍ക്ക് മാത്രമെ ഇത് മനസ്സിലാക്കാന്‍ സാധിക്കൂ എന്നുമാത്രം.

അനസി(റ)ല്‍നിന്ന് നിവേദനം: “പകുതി പാകമായ ഈത്തപ്പഴം കഴിച്ച് നമസ്കാരത്തിന് മുമ്പേ നോമ്പു തുറക്കുകയായിരുന്നു നബി ﷺ യുടെ പതിവ്. അതില്ലെങ്കില്‍ കാരക്കകൊണ്ടും. അതുമില്ലെങ്കില്‍ ഏതാനും ഇറക്കു വെള്ളം കുടിക്കും” (അഹ്മദ്, അബൂദാവൂദ്, തുര്‍മുദി).

4. നോമ്പുതുറക്കുമ്പോള്‍ എന്താണ് പറയേണ്ടത്?

നോമ്പുകാരനായ സുഹൃത്തേ,  നബിചര്യയനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താന്‍ നമുക്കെല്ലാവര്‍ക്കും അല്ലാഹു ഭാഗ്യം തരട്ടെ. താങ്കള്‍ക്ക് ഉറപ്പായും ഉത്തരം ചെയ്യപ്പെടുന്ന ഒരു പ്രാര്‍ഥനയുള്ളതിനാല്‍ അത് മുതലാക്കാന്‍ ശ്രമിക്കുക. ഉത്തരം ലഭിക്കുമെന്ന ദൃഢവിശ്വാസത്തോടെ പ്രാര്‍ഥനാനിരതനാവുകയും ചെയ്യുക. അലസവും അശ്രദ്ധവുമായ മനസ്സിന്‍റെ തേട്ടത്തിന് അല്ലാഹു ഉത്തരം നല്‍കില്ലെന്ന് നീ അറിയുക. നീ ഉദ്ദേശിക്കുന്ന എല്ലാ നന്മക്കും വേണ്ടി അവനോട് പ്രാര്‍ഥിക്കുക; ഇഹപര ഗുണങ്ങള്‍ നിനക്ക് ലഭിച്ചേക്കാം.

അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു; നബി പറഞ്ഞു: “ഉറപ്പായും ഉത്തരം നല്‍കപ്പെടുന്ന മൂന്ന് പ്രാര്‍ഥനകളുണ്ട്. നോമ്പുകാരന്‍റെ പ്രാര്‍ഥന, മര്‍ദിതന്‍റെ പ്രാര്‍ഥന, പിന്നെ യാത്രക്കാരന്‍റെ പ്രാര്‍ഥനയും”(ഉക്വൈലി, അബൂമുസ്ലിം).

തിരസ്കരിക്കപ്പെടാത്ത ഈ പ്രാര്‍ഥന നോമ്പുതുറക്കുന്ന വേളയിലുള്ള പ്രാര്‍ഥനയാണെന്ന് അബൂഹുറയ്റ(റ)യില്‍നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീഥ് സൂചന നല്‍കുന്നു.

നബി ﷺ പറഞ്ഞു: “മൂന്നുകൂട്ടരുടെ പ്രാര്‍ഥനകള്‍ തള്ളപ്പെടുന്നതല്ല. നോമ്പുതുറക്കുന്ന നേരത്ത് നോമ്പുകാരന്‍ നടത്തുന്ന പ്രാര്‍ഥനയും നീതിമാനായ ഭരണാധികാരിയുടെ പ്രാര്‍ഥനയും മര്‍ദിതന്‍റെ പ്രാര്‍ഥനയും” (തിര്‍മിദി, ഇബ്നു മാജ, ഇബ്നു ഹിബ്ബാന്‍).

അബ്ദുല്ലാഹിബ്നു അംറുബ്നുല്‍ ആസ്വി(റ)ല്‍നിന്നും നിവേദനം: “അല്ലാഹുവിന്‍റെ ദൂതന്‍ ﷺ പറഞ്ഞു: ‘തീര്‍ച്ചയായും നോമ്പുകാരന് നോമ്പുതുറക്കുന്ന വേളയില്‍ തടയപ്പെടാത്ത ഒരു പ്രാര്‍ഥനയുണ്ട്”(ഇബ്നുമാജ, ഹാകിം).

നബിയില്‍നിന്നും ശരിയായ പരമ്പരയിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട താഴെ കാണുന്ന പ്രാര്‍ഥനയാണ് അന്നേരത്തെ പ്രാര്‍ഥനകളില്‍ ഏറ്റവും ശ്രേഷ്ഠമായത്. നോമ്പുതുറക്കുന്ന വേളയില്‍ നബി ﷺ ഇപകാരം പറയാറുണ്ടായിരുന്നു:

“ഞരമ്പുകള്‍ നനയുകയും ദാഹം ശമിക്കുകയും ചെയ്തു. അല്ലാഹു ഇഛിച്ചെങ്കില്‍ പ്രതിഫലം സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു” (അബൂദാവൂദ്, ബൈഹക്വി, ഹാകിം).

5. നോമ്പുകാരന് ആഹാരം നല്‍കല്‍

സഹോദരാ, അല്ലാഹു താങ്കള്‍ക്ക് അനുഗ്രഹം ചൊരിയുകയും ഭക്തിപൂര്‍ണമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഭാഗ്യം നല്‍കുകയും ചെയ്യട്ടെ. നോമ്പുകാരനെ നോമ്പ് തുറപ്പിക്കുന്നതില്‍ മഹത്തായ പ്രതിഫലവും ധാരാളം നന്മകളുമുള്ളതിനാല്‍ അതില്‍ നീ താല്‍പര്യം കാണിക്കുക.

നബി ﷺ പറഞ്ഞു: “ആരെങ്കിലും നോമ്പുള്ളവന് നോമ്പുതുറക്കാനുള്ള ഭക്ഷണം നല്‍കിയാല്‍ നോമ്പുകാരന് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം നോമ്പു തുറപ്പിച്ചവനും ലഭിക്കുന്നതാണ്. എന്നാല്‍ ഇത് നോമ്പുകാരന്‍റെ പ്രതിഫലത്തില്‍ കുറവൊട്ടും വരുത്തുന്നതുമല്ല” (അഹ്മദ്, തുര്‍മുദി, ഇബ്നുമാജ, ഇബ്നുഹിബ്ബാന്‍).

മുസ്ലിമായ ഒരു നോമ്പുകാരനെ മറ്റൊരാള്‍ നോമ്പുതുറക്കാന്‍ ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കല്‍ അവന് നിര്‍ബന്ധമാണ്. കാരണം ആരെങ്കിലും ക്ഷണം നിരസിച്ചാല്‍ അവന്‍ പ്രവാചകനോടാണ് ധിക്കാരം കാണിച്ചിരിക്കുന്നത്. ക്ഷണം സ്വീകരിച്ച് മറ്റൊരാളുടെ ഭക്ഷണം കഴിച്ച് നോമ്പുതുറക്കുന്നത് അവന്‍റെ പ്രതിഫലത്തിന് കോട്ടംവരുത്തുകയോ പുണ്യങ്ങളെ പാഴാക്കുകയോ ഇല്ലെന്ന് അവന്‍ മനസ്സിലാക്കേണ്ടതാണ്. ഭക്ഷണ ശേഷം ക്ഷണിക്കപ്പെട്ട അതിഥി ആതിഥേയനു വേണ്ടി, ഹദീഥുകളില്‍ വന്ന ഏതെങ്കിലും ഒരു പ്രാര്‍ഥന നടത്തുന്നത് പുണ്യകരമാണ്. അത്തരം പ്രാര്‍ഥനകളില്‍ ചിലത് താഴെ കൊടുക്കുന്നു:

1) “നോമ്പുകാര്‍ നിങ്ങളുടെ അടുക്കല്‍വെച്ച് നോമ്പുതുറന്നിരിക്കുന്നു, പുണ്യവാന്മാര്‍ നിങ്ങളുടെ ഭക്ഷണം കഴിക്കുകയും മലക്കുകള്‍ നിങ്ങള്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്തിരിക്കുന്നു”(ഇബ്നു അബീശൈബ, അഹ്മദ്, നസാഈ).

2) “അല്ലാഹുവേ, എന്നെ ആഹരിപ്പിച്ചവന് നീയും അന്നം നല്‍കേണമേ, എനിക്ക് കുടിനീര് നല്‍കിയവര്‍ക്ക് നീയും കുടിനീരു നല്‍കേണമേ” (മുസ്ലിം 2055).

3) അല്ലാഹുവേ, അവര്‍ക്ക് നല്‍കിയതില്‍ നീ അനുഗ്രഹം ചൊരിയുകയും അവര്‍ക്ക് നീ പൊറുത്തുകൊടുക്കുകയും അവരോടു നീ കരുണകാണിക്കുകയും ചെയ്യേണമേ” (മുസ്ലിം 2042).

സലീമുല്‍ഹിലാലി അലി ഹസന്‍ അല്‍ഹലബി

ആശയവിവര്‍ത്തനം: അബൂഫായിദ

നേർപഥം വാരിക 

നോമ്പ്; തിന്മകളെ തടുക്കുന്ന പരിച

നോമ്പ്; തിന്മകളെ തടുക്കുന്ന പരിച

മനുഷ്യന്‍ ഏറെ ആഗ്രഹങ്ങളുള്ള ഒരു ജീവിയാണ്. മോഹങ്ങളും പ്രതീക്ഷകളുമില്ലാത്തവര്‍ക്ക് ജീവിതത്തില്‍ പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറുവാന്‍ കഴിയില്ല. പക്ഷേ, ആ മോഹങ്ങളെ യാതൊരു നിയന്ത്രണവുമില്ലാതെ കയറൂരിവിടാന്‍ പാടില്ല. കടിഞ്ഞാണില്ലാത്ത മോഹങ്ങളെല്ലാം സഫലീകരിക്കാനുള്ള ശ്രമം ധാരാളം വിനകള്‍ വരുത്തിവെക്കും. നിത്യേന നാം കേട്ടുകൊണ്ടിരിക്കുന്ന ഒരുപാട് അതിക്രമങ്ങളുടെ വാര്‍ത്തകള്‍ക്കു കാരണം ദേഹേച്ഛകളുടെ പിന്നാലെയുള്ള കുതിച്ചോട്ടമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ശക്തമായ ദൈവിക ബോധത്തിന്‍റെ കടിഞ്ഞാണ്‍ പൊട്ടിച്ചെറിഞ്ഞ് ദേഹേച്ഛകളുടെ പിന്നാലെ കുതിച്ചാല്‍ അപകടങ്ങളിലും അബദ്ധങ്ങളിലുമായിരിക്കും എത്തിച്ചേരുക.

സത്യം ബോധ്യപ്പെട്ടിട്ടും മുഹമ്മദ് നബി ﷺ യെ തിരിച്ചറിഞ്ഞിട്ടും വേദത്തിന്‍റെ ആളുകളടക്കമുള്ളവരെ ആ സത്യം സ്വീകരിക്കുന്നതില്‍നിന്ന് തടഞ്ഞത് ദേഹേച്ഛകളാണെന്ന് ക്വുര്‍ആന്‍ ഉണര്‍ത്തുന്നു:

ഇനി നിനക്ക് അവര്‍ ഉത്തരം നല്‍കിയില്ലെങ്കില്‍ തങ്ങളുടെ തന്നിഷ്ടങ്ങളെ മാത്രമാണ് അവര്‍ പിന്തുടരുന്നത് എന്ന് നീ അറിഞ്ഞേക്കുക. അല്ലാഹുവിങ്കല്‍ നിന്നുള്ള യാതൊരു മാര്‍ഗദര്‍ശനവും കൂടാതെ തന്നിഷ്ടത്തെ പിന്തുടര്‍ന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്? അല്ലാഹു അക്രമികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച” (28:50).

അതിനാല്‍ ദേഹേച്ഛകളെ നിയന്ത്രിക്കല്‍ അനിവാര്യമാണ്. ജീവിത വിജയത്തിന് അത് കൂടിയേ തീരൂ. അത്തരത്തിലുള്ളൊരു നിയന്ത്രണം സാധിതമാകുന്ന മഹത്തായൊരു ആരാധനയാണ് യഥാര്‍ഥത്തില്‍ വ്രതം. വികാരങ്ങളും വിചാരങ്ങളും വിശപ്പും ദാഹവുമൊക്കെ നിയന്ത്രിച്ച് ശരീരത്തെയും മനസ്സിനെയും ശക്തമായി മെരുക്കിയെടുക്കാന്‍ വ്രതം സഹായിക്കുന്നു. വിശപ്പും ദാഹവുമുണ്ടായിട്ടും രുചികരമായ ഭക്ഷണ പാനീയങ്ങള്‍ സുലഭമായിട്ടും സത്യവിശ്വാസി വ്രതനാളുകളില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നില്ല; ഒരു പിടി ഭക്ഷണം പോലും കഴിക്കുന്നില്ല. മനസ്സിന്‍റെ കൊതികള്‍ക്കെല്ലാം അയാള്‍ കടിഞ്ഞാണിടുന്നു. എല്ലാം സര്‍വലോക പരിപാലകനായ അല്ലാഹുവിന്‍റെ പ്രീതിക്കുവേണ്ടി.അങ്ങനെയുള്ള ആത്മനിയന്ത്രണം നോമ്പിലൂടെ നേടിയെടുക്കുവാന്‍ സാധിച്ചാല്‍ ആ നോമ്പ് സാര്‍ഥകമായിത്തീരുന്നു.

ദുഷിച്ച വാക്കും പ്രവൃത്തിയും ഒഴിവാക്കാത്തവന്‍റെ പട്ടിണിയില്‍ അല്ലാഹുവിന് താല്‍പര്യമില്ലായെന്ന് നബി ﷺ ഉണര്‍ത്തിയത് പ്രത്യേകം ശ്രദ്ധേയമാണ്.

നരക  ശിക്ഷയില്‍നിന്നുള്ള രക്ഷക്കായി എല്ലാവിധ തിന്മകളില്‍നിന്നും മനസ്സിനെ നിയന്ത്രിച്ച് നിര്‍ത്തുന്ന രക്ഷാകവചമാണ് വിശ്വാസികള്‍ അനുഷ്ഠിക്കുന്ന നോമ്പ്. നോമ്പ് നരകത്തെ പ്രതിരോധിക്കുന്ന ഒരു പരിചയാണ് എന്ന നബിവചനം ഏറെ ചിന്തനീയമാണ്.

ഈ തിരിച്ചറിവോടെ റമദാനിന്‍റെ രാപകലുകളെ ഉപയോഗപ്പെടുത്തുവാനും തുടര്‍ന്നുള്ള ജീവിതത്തില്‍ അതിന്‍റെ ചൈതന്യം നിലനിറുത്തുവാനും സാധിക്കേണ്ടതുണ്ട്. അപ്പോഴാണ് വിശുദ്ധ ക്വുര്‍ആന്‍ 2:183ല്‍ പറഞ്ഞ ‘ദോഷബാധയെ സൂക്ഷിക്കുക’ എന്ന ലക്ഷ്യം നേടിയെന്ന് ആശ്വസിക്കാന്‍ കഴിയുക. 

അബൂഅമീന്‍

നേർപഥം വാരിക 

‘പരിഗണന’യെ പരിഗണിക്കുക

'പരിഗണന'യെ പരിഗണിക്കുക

സാമൂഹ്യജീവിയായ മനുഷ്യന്‍ പരിഗണനയും അംഗീകാരവും ആഗ്രഹിക്കുന്നവനാണ്. ബന്ധങ്ങളുടെ ഭദ്രതയ്ക്കും സന്തോഷവും സമാധനവും നിറഞ്ഞ ജീവിതത്തിനും വ്യക്തികള്‍ പരസ്പരം പരിഗണിച്ച് കൊണ്ടുള്ള സഹവര്‍ത്തിത്വം അനിവാര്യമാണ്. അത്തരത്തിലുള്ള പെരുമാറ്റരീതിയും ജീവിതശൈലിയും വിശ്വാസികള്‍ സ്വീകരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നു,

മാതാപിതാക്കളോടുള്ള ബാധ്യതകളെ സംബന്ധിച്ച ക്വുര്‍ആനിക അധ്യാപനം ഇതിന് ഉത്തമോദാഹരണമാണ്. പ്രായമുള്ളവരെയും പാണ്ഡിത്യമുള്ളവരെയും ഉന്നത സ്ഥാനീയരെയും അര്‍ഹിക്കുന്ന ആദരവോടെ കാണേണ്ടതുണ്ട്. പ്രായത്തില്‍ ഇളയവരോട് കരുണ കാണിക്കുവാനും അനാഥര്‍, അഗതികള്‍, ദുര്‍ബലര്‍ തുടങ്ങിയവരോട് അനുകമ്പ കാണിക്കുവാനും നബി ﷺ കല്‍പിച്ചതിലൂടെ ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നു.

”തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍വച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ  ‘ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക” (ക്വുര്‍ആന്‍ 17:23).

നബി ﷺ പറഞ്ഞു: ”നമ്മിലെ ഇളയവരോട് കാരുണ്യം കാണിക്കാത്തവരും മുതിര്‍ന്നവരോട് ബഹുമാനം കാണിക്കാത്തവരും നമ്മില്‍പെട്ടവരല്ല” (തിര്‍മിദി).

അവശതയുടെ ഘട്ടമായ വാര്‍ധക്യത്തില്‍ അര്‍ഹമായ പരിഗണനയും ആദരവും വൃദ്ധര്‍ക്ക് ലഭിക്കേണ്ടതുണ്ട്.

നബി ﷺ പറഞ്ഞു: ”ഒരു യുവാവ് ഒരു വൃദ്ധനെ അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് ആദരിച്ചാല്‍ ഈ യുവാവ് വൃദ്ധനാകുമ്പോള്‍ അവനെ ആദരിക്കുന്നവരെ അല്ലാഹു ഉണ്ടാക്കുന്നതാണ്” (തിര്‍മിദി).

ജാബിറി(റ)ല്‍നിന്ന് നിവേദനം: ”നബി ﷺ യാത്രയ്ക്കിടയില്‍ പലപ്പോഴും പിന്തിച്ചുനില്‍ക്കുന്നത് കാണാം. എന്നിട്ട് ശക്തികുറഞ്ഞവരെ (ക്ഷീണിച്ച് കുഴഞ്ഞ് ഒപ്പമെത്താന്‍ കഴിയാത്തവരെ) അവിടുന്ന് ഒപ്പം കൂട്ടും. അത്തരക്കാരെ തന്റെ വാഹനപ്പുറത്ത് പിന്നില്‍ കയറ്റിയിരുത്തുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുമായിരുന്നു അവിടുന്ന്” (അബൂദാവൂദ്).

ഉപരിസൂചിത പ്രവാചക വചനങ്ങളില്‍നിന്ന് ‘പരിഗണന’ എന്നതിന് ഇസ്‌ലാം നല്‍കിയ പ്രാധാന്യം നമുക്ക് ദര്‍ശിക്കാനാകും. ‘പരിഗണന’യുടെ അഭാവത്തിന് നിലവിലെ അണുകുടുംബാന്തരീക്ഷവും സാമൂഹിക ചുറ്റുപാടും ആക്കംകൂട്ടുന്നുവെന്നത് ഒരു വസ്തുതയാണ്. ഇവിടെയാണ് പ്രവാചകാധ്യാപനങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടത്.

എത്രത്തോളമെന്നാല്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നവരോട് ദുര്‍ബലരായ ആളുകളെയും പ്രായം ചെന്നവരെയും ചെറിയ കുട്ടികളെയും പരിഗണിച്ച് നമസ്‌കാരം ലഘൂകരിക്കണമെന്ന് നബി ﷺ നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഹദീഥ് ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും.

വിശ്വാസിയുടെ ഓരോ പ്രവര്‍ത്തനവും സമൂഹത്തിലെ മറ്റംഗങ്ങളെ പരിഗണിച്ചുകൊണ്ടായിരിക്കണം. മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടുന്നതായിരിക്കണം. അതിനു കഴിയില്ലെങ്കില്‍ ബുദ്ധിമുട്ടാക്കാതിരിക്കുകയെ ങ്കിലും വേണം.

നബി ﷺ പറഞ്ഞു: ”നിങ്ങള്‍ അസ്ത്രവുമായി പള്ളിയിലൂടെയോ അങ്ങാടിയിലൂടെയോ നടക്കുക യാണെങ്കില്‍ മറ്റുള്ളവര്‍ക്ക് അതുകാരണം അപകടം പിണയാതിരിക്കാന്‍ അതൊഴിവാക്കുക. അല്ലെങ്കില്‍ അതിന്റെ മുന പിടിച്ചുവയ്ക്കുക” (ബുഖാരി, മുസ്‌ലിം).

വളരെ നിസ്സാരമാണു കാര്യം. പക്ഷേ, സാമൂഹിക ജീവതത്തില്‍ ഈ നിസ്സാര കാര്യം പോലുമുണ്ടാക്കുന്ന പ്രതിഫലനം മൂന്‍കൂട്ടി കണ്ടുകൊണ്ടുള്ള അധ്യാപനങ്ങളാണ് ഇസ്‌ലാമിന്റെത്. ഇന്ന് അതിരാവിലെ ബസ്സില്‍ കയറിയാല്‍ പണിയായുധങ്ങളുമായി തിക്കിത്തിരക്കി പാഞ്ഞുകയറുന്ന അന്യസംസ്ഥാന തൊഴിലാളികളെ കാണാം. അവരുടെ പക്കല്‍ മൂര്‍ച്ചയുള്ളതും അല്ലാത്തതുമായ പല ആയുധങ്ങളുമുണ്ടാകും. ബസ്സിലെ മറ്റു യാത്രക്കാര്‍ക്ക് അപകടം പിണയാതിരിക്കാന്‍ ഇത്തരത്തില്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നവരെല്ലാം ശ്രദ്ധിേക്കണ്ടതുണ്ട്.  

നബി ﷺ പറഞ്ഞു: ”ജനങ്ങളോടു കരുണ കാണിക്കാത്തവനോട് അല്ലാഹു കരുണ കാണിക്കുകയില്ല” (ബുഖാരി, മുസ്‌ലിം).

വിശ്വാസികള്‍ പരസ്പരമുളള ബാധ്യതകള്‍ എണ്ണിപ്പറഞ്ഞേടത്തും പരിഗണനയുടെ പ്രാധാന്യം വ്യക്തമാകും. ‘സലാം ചൊല്ലിയാല്‍ മടക്കുക, രോഗിയായല്‍ സന്ദര്‍ശിക്കുക, മരിച്ചാല്‍ ജനാസയെ അനുഗമിക്കുക, ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കുക. തുമ്മിയാല്‍ തുമ്മിയവനു വേണ്ടി പ്രാര്‍ഥിക്കുക; അതിന് പ്രതിവചിക്കുക…’ സാമൂഹിക ബന്ധം സുദൃഢമാക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം.

മക്കളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വന്ന പ്രവാചക വചനങ്ങളില്‍ പരിഗണനയുമായി ബന്ധപ്പെട്ട് വന്ന ധാരാളം നിര്‍ദേശങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.

ഒരിക്കല്‍ പ്രവാചകന്‍ ﷺ ഒരു സദസ്സില്‍ ഇരിക്കെ കുടിക്കാനായി ലഭിച്ച പാല്‍ അല്‍പം ബാക്കിയായി. പ്രവാചകന്റെ വലതുഭാഗത്ത് ഒരു ചെറിയ കുട്ടിയായിരുന്നു ഇരുന്നിരുന്നത്. പ്രവാചകന്‍ ﷺ ആ കുട്ടിയോട് ചോദിച്ചു: ‘ഇത് ഞാന്‍ വലിയവര്‍ക്ക് നല്‍കട്ടെ?’ ആ കുട്ടി പറഞ്ഞു: ‘ഇല്ല പ്രവാചകരേ, അതിന് ഞാന്‍ തന്നെയാണ് അര്‍ഹന്‍.’ അങ്ങനെ പ്രവാചകന്‍ ﷺ ആ കുട്ടിക്കുതന്നെ അത് കൊടുത്തു.

ഈ സംഭവത്തില്‍നിന്നും രണ്ട് കാര്യം മനസ്സിലാക്കാം: ‘അതൊരു കുട്ടിയല്ലേ’ എന്ന ചിന്തയില്‍ നബി ﷺ ആ കുട്ടിയെ പരിഗണിക്കാതെ വിട്ടില്ല, അവനോട് അനുവാദം ചോദിച്ചു. ഏതൊരു കാര്യത്തിലും വലതുഭാഗത്തെ മുന്തിക്കണം.  

പ്രവാചകന്‍ ﷺ നമസ്‌കാരത്തിലായിരിക്കെ പേരക്കിടാങ്ങള്‍ മുതുകില്‍ കയറി കളിക്കുകയും അവിടുന്ന് അവര്‍ക്കുവേണ്ടി സാവകാശം കാണിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ നമ്മുടെ വീട്ടില്‍ അതിഥികള്‍ വന്നാല്‍ അവരുമായി നാം സംസാരിക്കുന്ന സമയത്ത് നമ്മുടെ മക്കളോ പേരക്കുട്ടികളോ അവിടേക്ക് വന്നാല്‍ അവരെ പരിഗണിക്കാതിരിക്കുകയും ഒരുപക്ഷേ, ഒച്ചവെച്ച് അവരെ ഭയപ്പെടുത്തി പറഞ്ഞയക്കുകയുമാണ് ചെയ്യാറുള്ളത്.

സ്‌നേഹം, ആദരവ്, ദയ, അംഗീകാരം ഇവയൊക്കെ വിശ്വാസിയുടെ ജീവിതത്തില്‍ നില നിര്‍ത്തിപ്പോരേണ്ട സദ്ഗുണങ്ങളാണ്. ഔപചാരികമായ നാട്യങ്ങള്‍ക്ക് ആത്മാര്‍ഥ ബന്ധത്തില്‍ ഒരു സ്ഥാനവുമില്ല. നാട്യങ്ങളല്ല പ്രധാനം; വ്യക്തികള്‍ക്കിടയിലെ രൂഢമൂലമായ സ്‌നേഹമാണ്.

തന്റെ കൂടെ ജോലി ചെയ്യുന്നവരോടാണെങ്കിലും കീഴില്‍ പ്രവര്‍ത്തിക്കുന്നവരോടായാലും ഓരോരുത്തരും അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും ആദരവും അനുവദിച്ചുകൊടുക്കുന്നിടത്താണ് വിശ്വാസിയുടെ വിജയം.

ആത്മാര്‍ഥമായ സ്‌നേഹം സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കതീതമാണ്. വ്യക്തിപരമായ താല്‍പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനുവേണ്ടി പ്രകടമാക്കുന്ന സ്‌നേഹം അധികവും കപടമായിരിക്കും. വിശ്വാസിയുടെ സ്‌നേഹം ആത്മാര്‍ഥമായിരിക്കണം. മാനവസ്‌നേഹത്തിന്റെ ഉദാത്തതലങ്ങളിലാണു സാമൂഹിക ബന്ധത്തിന്റെ അടിത്തറ നിലകൊള്ളുന്നത്. ഇസ്‌ലാം വിശാലമായ സ്‌നേഹ സാമ്രാജ്യത്തിലേക്കു മനുഷ്യ സമൂഹത്തെ നയിക്കുന്നു.

സത്യവിശ്വാസത്തിന്റെ മാധുര്യം നുകരാന്‍ സാധിക്കുക മൂന്നു ഗുണങ്ങള്‍ ഒരാളില്‍ ഉണ്ടാകുമ്പോഴാണ് എന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്:  

ഒന്ന്, മറ്റെല്ലാവരെക്കാളും അല്ലാഹുവിനോടും പ്രവാചകനോടും സ്‌നേഹമുണ്ടാവുക. രണ്ട്, അല്ലാഹുവിനു വേണ്ടി പരസ്പരം സ്‌നേഹിക്കുക. മൂന്ന്, നരകത്തിലെറിയപ്പെടും പ്രകാരം-അല്ലാഹു അവനെ രക്ഷപ്പെടുത്തിയിട്ടും-സത്യനിഷേധത്തിലേക്ക് മടങ്ങുന്നതില്‍ വെറുപ്പ് തോന്നുക. (ബുഖാരി, മുസ്‌ലിം).

ജീവിതം സൗകര്യപ്രദവും പ്രയാസരഹിതവുമാക്കിത്തീര്‍ക്കുന്നത് സാമ്പത്തികമോ കായികമോ ആയ സഹായംകൊണ്ട് മാത്രമല്ല, ജീവിതത്തിന്റെ സുഗമമായ നിലനില്‍പിനാവശ്യമായ എന്തും -അത് മാനസിക പിന്തുണയാണെങ്കിലും- സഹായമാണ്. സാമൂഹികബന്ധത്തിന്റെ തേട്ടമാണത്. ആളുകള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കലും നന്മ ഉപദേശിക്കലും തിന്മ തടയലും വിഷമമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കലും നല്ലവാക്കു പറഞ്ഞു സന്തോഷിപ്പിക്കലുമെല്ലാം സഹായമാണ്. ആവശ്യക്കാരന്റെ ആവശ്യം എന്താണോ അത് നല്‍കലാണ് അവനുള്ള സഹായം.

പ്രവാചകന്‍ ﷺ പറഞ്ഞു: ”ആരെങ്കിലും ഒരു വിശ്വാസിയുടെ ഐഹിക സങ്കടം തീര്‍ത്തുകൊടുത്താല്‍ അല്ലാഹു അവന്റെ പാരത്രിക സങ്കടങ്ങളിലൊന്നു തീര്‍ത്തുകൊടുക്കും. നിര്‍ധനനെ ആരെങ്കിലും ആശ്വസിപ്പിച്ചാല്‍ ഇഹത്തിലും പരത്തിലും അല്ലാഹു അവന് ആശ്വാസം നല്‍കുന്നതാണ്. ആരെങ്കിലും മുസ്‌ലിമിന്റെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍ അല്ലാഹു ഇഹത്തിലും പരത്തിലും അവന്റെ ന്യൂനതകളും മറച്ചു വയ്ക്കും. ഒരാള്‍ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുമ്പോഴെല്ലാം അല്ലാഹു അവനെയും സഹായിച്ചുകൊണ്ടിരിക്കും”'(മുസ്‌ലിം).

അബൂതന്‍വീല്‍

നേർപഥം വാരിക 

നവോത്ഥാന ചരിത്രത്തിലെ വെള്ളിനക്ഷത്രം പി. സെയ്ദ് മൗലവി

നവോത്ഥാന ചരിത്രത്തിലെ വെള്ളിനക്ഷത്രം പി. സെയ്ദ് മൗലവി(ഭാഗം 03)

വിരുദ്ധ ആശയം പുലര്‍ത്തുന്നവരോട് ആശയപരമായ എതിര്‍പ്പുണ്ടായിരുന്നുവെന്നല്ലാതെ സെയ്ദ് മൗലവി ആരോടും ശത്രുത പുലര്‍ത്തിയില്ല. എതിരാളികളോടു പോലും സൗമ്യതയോടും സൗഹൃദത്തോടും കൂടിയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ചേകന്നൂര്‍ മൗലവിയുടെ ഭാര്യാപിതാവ് ബീരാന്‍കുട്ടി ഹാജി പറവണ്ണയിലെ ഏറ്റവും പഴക്കം ചെന്ന മുജാഹിദും മതപരമായ എന്തു കാര്യത്തിനും ധൈര്യസമേതം മുന്‍നിരയില്‍ നിന്നിരുന്ന ഒരു വ്യക്തിയുമായിരുന്നു. എന്നാല്‍ ഇടക്കാലത്തുവെച്ച് ചേകന്നൂര്‍ മൗലവി മുജാഹിദ് വിരുദ്ധ ആശയം വെച്ചുപുലര്‍ത്തിയപ്പോള്‍ ബീരാന്‍കുട്ടി ഹാജിയും പ്രസ്തുത ആശയങ്ങള്‍ പിന്‍പറ്റി.

എന്നാല്‍ അദ്ദേഹത്തിന്റെ ഇളയ മകന്റെയും മകളുടെയും വിവാഹം കെ. ഉമര്‍ മൗലവിയോ സെയ്ദ് മൗലവിയോ നടത്തിക്കൊടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പറവണ്ണയിലെ സി.കെ.ഏനിക്കുട്ടി സാഹിബ് ഇക്കാര്യം സെയ്ദ് മൗലവിയുടെ ശ്രദ്ധയില്‍ പെടുത്തി.

‘എനിക്ക് ആരോഗ്യം വേണ്ടത്രയില്ല. എന്നിരുന്നാലും പഴയ നിലവെച്ച് നോക്കുമ്പോള്‍ എനിക്കദ്ദേഹത്തിന്റെ ആഗ്രഹം നിരസിക്കാന്‍ പറ്റിയതല്ലല്ലോ. എന്തായാലും ഈ സന്ദര്‍ഭത്തിലെ ആവശ്യം നമുക്കു കണക്കിലെടുക്കുകയും അതു നിര്‍വഹിച്ചുകൊടുക്കുകയും ചെയ്യണം’-മൗലവി പറഞ്ഞു. ഇക്കാര്യം ഏനിക്കുട്ടി സാഹിബ് ബീരാന്‍കുട്ടി ഹാജിയുടെ മൂത്ത മരുമകനെ അറിയിക്കുകയും നിക്കാഹിനു ക്ഷണിച്ചാല്‍ മൗലവി വരുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തു. അതനുസരിച്ച് അവര്‍ രണ്ടത്താണിയില്‍ വന്ന് മൗലവിയെ ക്ഷണിച്ചു. മൗലവി സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. രണ്ടത്താണിയില്‍ അതേദിവസം രണ്ടു നിക്കാഹില്‍ പങ്കെടുക്കേണ്ടത് സി.പി.ഉമര്‍ സുല്ലമിയെ ഏല്‍പിച്ചാണ് പറവണ്ണയില്‍ പോകാമെന്നേറ്റത്.

നിക്കാഹ് ദിവസം മൗലവിയെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ ഏനിക്കുട്ടി സാഹിബ് തന്നെയാണ് വന്നത്. ചേകന്നൂര്‍ മൗലവി ഉള്‍പ്പെടെയുള്ളവരുള്ള സദസ്സില്‍ വെച്ച് ബീരാന്‍കുട്ടി ഹാജിയുടെ മകളുടെ നിക്കാഹ് നടത്തിക്കൊടുത്തു.

കേരള നദ്‌വത്തുല്‍ മുജാഹിദിന്റെ ഏഴാം വാര്‍ഷികം കല്‍പകഞ്ചേരിയില്‍വെച്ചു നടന്നു. ഈ സമ്മേളനത്തില്‍വച്ചാണ് സകാത്ത് സംഘടിതമായി പിരിച്ചെടുത്ത് അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യണമെന്ന പ്രമേയം പി. സെയ്ദ് മൗലവി അവതരിപ്പിച്ചത്. കെ.കെ.ജമാലുദ്ദീന്‍ മൗലവി പ്രമേയത്തെ പിന്താങ്ങി. അവിടെവച്ചു പാസ്സാക്കിയ പ്രമേയത്തെ തുടര്‍ന്നാണ് കെ.എന്‍.എമ്മിന്റെ കീഴില്‍ സംഘടിത സകാത്ത് പ്രസ്ഥാനം സാര്‍വത്രികമായി കേരളത്തിലാരംഭിക്കുന്നത്.

സകാത്ത് പിരിച്ചെടുക്കുന്നതിലും അത് യഥാര്‍ഥ അവകാശികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന കാര്യത്തിലും മൗലവി അതീവ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തിയിരുന്നു. സ്വന്തം മഹല്ലായ രണ്ടത്താണിയില്‍ കേരളത്തിലെ മറ്റേതു മഹല്ലിനും മാതൃകയാക്കാവുന്ന രൂപത്തില്‍ ഇക്കാര്യത്തിനു മൗലവി നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ഖുത്ബയിലും മറ്റു പ്രസംഗങ്ങളിലുമൊക്കെത്തന്നെ ഇക്കാര്യം ഗൗരവപൂര്‍വം ഊന്നിപ്പറയുകയും ആളുകള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണ് രണ്ടത്താണിയില്‍ സംഘടിത സകാത്ത് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുണ്ടായത്.

രണ്ടത്താണിയില്‍ വന്ന ഉടനെയുള്ള ഏതാനും കാലം പതിവായി രാത്രിയില്‍ മൗലവി ക്വുര്‍ആന്‍ ക്ലാസ്സെടുക്കാറുണ്ടായിരുന്നു. ഇശാഅ് നമസ്‌കാര ശേഷമുള്ള ക്ലാസ്സ് തീരുമ്പോഴേക്ക് അര്‍ധരാത്രി കഴിഞ്ഞിരിക്കും. വീട്ടിലേക്ക് മടങ്ങുന്നത് ഒറ്റക്കാണ്. അങ്ങാടിയുടെ അറ്റത്തുള്ള ഒരു കടയുടെ പിന്നിലെ ഒരു മുറിയിലാണ് അന്ന് മൗലവിയും കുടുംബവും താമസിച്ചിരുന്നത്.

വീട്ടിലേക്ക് ഒറ്റക്ക് നടന്നുപോയിരുന്ന മൗലവിയെ പിന്നീട് പതിവായി നാലഞ്ചാളുകള്‍ ഗ്യാസ്‌ലൈറ്റുമായി അനുഗമിക്കാന്‍ തുടങ്ങി. ‘ആരുമെന്റെ കൂടെ വരേണ്ടതില്ല, ഞാനൊറ്റക്ക് പൊയ്‌ക്കൊള്ളാം’ എന്നു പറഞ്ഞ് മൗലവി സ്‌നേഹപൂര്‍വം അവരെ വിലക്കും. അതൊന്നും പരിഗണിക്കാതെ അവരീ പതിവ് തുടര്‍ന്നു. ഒടുവില്‍ മൗലവിക്കെന്തോ പന്തികേട് തോന്നി, അവരോട് കൂടെ വരുന്നതിന്റെ കാരണമാരാഞ്ഞു. പല തവണ നിര്‍ബന്ധിച്ചപ്പോള്‍ അവര്‍ കാര്യം പറഞ്ഞു.

വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ ഒരു അടക്കാകളമുണ്ട്. രാത്രി ക്ലാസ്സ് കഴിഞ്ഞ് മടങ്ങുന്ന മൗലവിയെ കൊല്ലാന്‍ കുറെ അറവുറൗഡികള്‍ കത്തികളും വടികളും മറ്റായുധങ്ങളുമായി അവിടെ ഒളിച്ച് നില്‍ക്കാറുണ്ട്. മൗലവിയോടൊപ്പം അംഗരക്ഷകരായി ആളുണ്ടായതിനാല്‍ അവര്‍ക്കതിന് സാധിച്ചില്ലെന്ന് മാത്രം.

ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിച്ചതിനാണ് സ്വസമുദായത്തില്‍നിന്നും ഇത്തരം വധശ്രമങ്ങള്‍ നടന്നതെന്നതാണ് വിചിത്രം. പത്ത് വര്‍ഷത്തോളം പീടികപ്പിന്നിലെ ഇടുങ്ങിയ മുറിയില്‍ കുട്ടികളുമൊത്ത് താമസിച്ച് മടുത്തപ്പോള്‍ ഒരിക്കല്‍ മൗലവിയുടെ ഭാര്യ അദ്ദേഹം കേള്‍ക്കെ ഇങ്ങനെ പറഞ്ഞു:

”പടച്ചോനേ… ആരാന്റെ മുറ്റത്ത്ന്ന് അവനാന്റെ മുറ്റത്തൊരു നെടുംപുര വെച്ചുകെട്ടി അതിലേക്ക് മാറിത്താമസിക്കാനുള്ള വിധി എന്നാണാവോ ഉണ്ടാവുക!”

മൗലവിക്കിത് കേട്ടപ്പോള്‍ ഏറെ വിഷമമുണ്ടായി. അദ്ദേഹം പറഞ്ഞു:

”ആമ്യേ…യ്യ് കണ്ട്ട്ടില്ലേ, ഓരോരോ ആള്‍ക്കാര് റോഡ്‌വക്ക്‌ല് കഴിഞ്ഞ് കൂട്ണത്. പരമ്പോടും ശീലോണ്ടും മറകെട്ടി അതിന്റകത്ത് കഴിഞ്ഞ് കൂട്ണ്‌ല്ലേ… ഈ ദുനിയാവിലെ ജീവിതൊര് യാത്രേണ്…”

വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തമായൊരു വീടുണ്ടാക്കിയപ്പോള്‍ അതിലെ അസൗകര്യങ്ങള്‍ വീണ്ടും ഭാര്യ ചൂണ്ടിക്കാണിച്ചു. മൗലവി രോഷത്തോടെ പറഞ്ഞു:

”ഒന്നും ഇല്ലാത്ത അവസ്ഥയില് എന്തെങ്കിലുമൊര് തണലിനാഗ്രഹിച്ചു. ആരാന്റത് കിട്ടിയപ്പോള്‍ സ്വന്തമായിട്ടൊന്ന്ണ്ടാവാനാഗ്രഹിച്ചു. അതുമായപ്പോള്‍ സൗകര്യം പോരെന്നും. ആമ്യേ… ആദമിന്റെ മക്കള്‍ക്ക് മൊതലിനോട്ള്ള ആര്‍ത്തി തീരൂല. അഞ്ചില്‍ നാല് മാലയും സ്വര്‍ണമായാലും ഹൊ… അത് കൂടി സ്വര്‍ണായിരുന്നെങ്കില്‍ എന്നാണ് മനുഷ്യന്‍ ആഗ്രഹിക്ക്ണത്.”

ഒരു കൊടും വേനല്‍കാലം, കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കും നാട്ടില്‍ ഏക ആശ്രയമായ കിണറുകളെല്ലാം വറ്റി. കുടിനീര്‍പോലും കിട്ടാതെ ജീവജാലങ്ങളൊന്നാകെ വിഷമിച്ച വര്‍ഷം. രണ്ടത്താണിയിലെ ബഹുഭൂരിപക്ഷം വരുന്ന യാഥാസ്ഥിതികര്‍ മഴക്ക് വേണ്ടി, കൊടികളുമേന്തി മമ്പുറത്തേക്ക് പുണ്യയാത്ര നടത്തി നോക്കി. ഫലമൊന്നുമില്ല. വെള്ളം കിട്ടാതെ ജീവികള്‍ വിഷമിക്കുകയാണ്. അടുത്ത വെള്ളിയാഴ്ച മൗലവി ഖുത്ബയില്‍ ജനങ്ങളിലെ തെറ്റായ വിശ്വാസങ്ങളെപ്പറ്റി സൂചിപ്പിച്ചുകൊണ്ട്, മഴക്ക് വേണ്ടി അല്ലാഹുവോടാണ് പ്രാര്‍ഥിക്കേണ്ടതെന്ന് പഠിപ്പിച്ചു. മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാനായി ഒരു ദിവസം നിശ്ചയിച്ചു

വിവരമറിഞ്ഞ യാഥാസ്ഥിതികര്‍ പരിഹാസവുമായി രംഗത്ത് വന്നു. തീരുമാനിക്കപ്പെട്ട ദിവസം ഒരു മൈതാനിയില്‍ സ്ത്രീകളും കുട്ടികളുമെല്ലാമടങ്ങുന്ന ചെറിയൊരു സംഘം നമസ്‌കാരം തുടങ്ങിയപ്പോള്‍ പുറത്തുനിന്ന് പലരും പരിഹാസത്തോടെ പരസ്പരം പറഞ്ഞു:

”ദാ.. വഹ്ഹാബികളെ നിസ്‌കാരം തൊടങ്ങി. ഞ്ഞിവിടെ മഴ പെയ്ത് വെള്ളപ്പൊക്കണ്ടാവും.”

”ഔലിയാക്കളെ കുറ്റം പറയുന്നോരല്ലേ, ഓല് പ്രാര്‍ഥിച്ചാലൊന്നും മഴ പെയ്യാന്‍ പോണില്ല…”

ദീര്‍ഘമായ നസ്‌കാരശേഷം ആളുകള്‍ പിരിഞ്ഞ് വീട്ടിലെത്തിയില്ല. അതിനുമുമ്പേ അല്ലാഹുവിന്റെ അനുഗ്രഹം നാട്ടില്‍ വര്‍ഷിച്ചു. സമൃദ്ധമായ മഴമൂലം ആളുകള്‍ വലിയൊരു വിപത്തില്‍ നിന്ന് രക്ഷപ്പെട്ടു. പരിഹസിച്ച പലരിലും പരിവര്‍ത്തനമുണ്ടാകാന്‍ ഈ മഴ കാരണമായി എന്നത് സന്തോഷകരമായ വസ്തുത തന്നെയാണ്.

പ്രസംഗിച്ചുകൊണ്ടിരിക്കുന്ന മൗലവിയുടെ കഴുത്തിലേക്ക് തീകൊടുത്ത മാലപ്പടക്കമെറിഞ്ഞ പൊന്നാനി പ്രസംഗനാള്‍…! രാത്രി മൂന്ന് മണിക്ക് മൗലവി രണ്ടത്താണിയിലെ വീട്ടിലെത്തുമ്പോള്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. മൗലവി വാതിലില്‍ മുട്ടിയപ്പോള്‍ ഭാര്യ നല്ല ഉറക്കച്ചടവില്‍ വന്ന് വാതില്‍ തുറന്നു, മൗലവിയാണെന്ന് കണ്ടപ്പോള്‍ അവര്‍ അമ്പരന്നു. നാല് ദിവസത്തെ തുടര്‍പരിപാടിക്ക് പോയ ആള്‍ ആദ്യദിവസം തന്നെ തിരിച്ചെത്തിയിരിക്കുന്നതാണ് അത്ഭുതപ്പെടാന്‍ കാരണം. അതേപ്പറ്റി ഭാര്യ ചോദിച്ചപ്പോള്‍ മൗലവി പറഞ്ഞു:

‘ഒന്നുമില്ല. പരിപാടി നാളെ വേണ്ടാന്ന് തീരുമാനിച്ചു. അപ്പൊ പോന്നതാണ്.’

അകത്തേക്ക് കയറിയ മൗലവി ഭാര്യയോട് മെല്ലെ ചോദിച്ചു: ‘ഇവിടെ ഭക്ഷണം എന്തെങ്കിലുമുണ്ടോ?’

‘ങ്ങള് പൊന്നാനിക്കാര് വന്ന് വിളിച്ചാല് ഒന്നും ആലോചിക്കാതെ എറങ്ങിപ്പോകും… ങ്ങക്കൊരാള്‍ക്ക് ചോറ് തരാന് ഓരെക്കൊണ്ട് കയ്യൂലേ…?’

അപ്പോഴത്തെ രോഷത്തില്‍ മൗലവിയുടെ ഭാര്യ പ്രതികരിച്ചതിങ്ങനെയായിരുന്നു. വീട്ടിലാണെങ്കില്‍ ചോറോ കഞ്ഞിയോ ഒന്നുമില്ല. ഉണ്ടാക്കാമെന്ന് വച്ചാല്‍ അതിനുവേണ്ട സാധനങ്ങളുമില്ല. എന്തു ചെയ്യുമെന്നാലോചിക്കുമ്പോള്‍ മൗലവി ദയനീയമായി പറഞ്ഞു: ‘അവര് ഭക്ഷണം തരാത്തതു കൊണ്ടൊന്നുമല്ല, ഞാന് എളുപ്പം എത്താന്‍ വേണ്ടി പോന്നതാണ്. ഇവിടെ ചായേ, വെള്ളോ എന്തെങ്കിലുമുണ്ടോ?’

ഭാര്യ ഉടന്‍ ചായയുണ്ടാക്കിക്കൊടുത്തു. കുടിക്കുന്നതിനിടയില്‍, ഇത്രവേഗം യോഗം അവസാനിപ്പിക്കാനുള്ള കാരണത്തെപ്പറ്റി നിര്‍ബന്ധിച്ച് ചോദിച്ചപ്പോള്‍ മൗലവി ചിരിച്ചുകൊണ്ട് വീട്ടിന്റെ ഇറയിലേക്ക് വിരല്‍ ചൂണ്ടി. അവിടെ മേല്‍പുരയില്‍ ഉണ്ടപോലെന്തോ തിരുകിവെച്ചിരിക്കുന്നു. പുറത്തെ ടുത്തപ്പോള്‍ കുപ്പായവും തുണിയുമാണെന്ന് മനസ്സിലായി. നിവര്‍ത്തി നോക്കിയപ്പോള്‍ ഭാര്യയാകെ അമ്പരന്നുപോയി. കുപ്പായത്തിലും തുണിയിലും നിറയെ ചോരപ്പാടുകള്‍, നിറയെ അഴുക്കും ചെളിയും! പോരാത്തതിന് മുഴുവനും കീറിയിരിക്കുന്നു!

പൊന്നാനിയില്‍ നിന്ന് മടങ്ങിവന്ന മൗലവി, തനിക്ക് പറ്റിയ മുറിവുകള്‍ കഴുകി ചോര കളഞ്ഞ്, ചോര പുരണ്ട വസ്ത്രം അഴിച്ച് മറ്റൊന്നെടുത്ത് വൃത്തിയായ ശേഷമാണ് ഭാര്യയെ വിളിച്ചത്. ചോരപുരണ്ട വസ്ത്രത്തോടെ തന്നെക്കണ്ടാല്‍ ഭാര്യയും മക്കളും പരിഭ്രമിച്ചേക്കുമോ എന്നായിരുന്നു മൗലവിയുടെ പേടി.

മരിക്കുന്നതിനു രണ്ടു ദിവസം മുമ്പ് അല്‍പം രക്തം കയറ്റണമെന്ന് ഡോക്ടര്‍ പറഞ്ഞു. റിട്ടയേര്‍ഡ് ഡി.എം.ഒ ആയിരുന്ന ഡോ. റാബിയ അന്ന് രണ്ടത്താണിയിലുണ്ടായിരുന്നു. അവരായിരുന്നു ചികിത്സ, അന്‍സാരിയുടെ മകന്‍ നസീമിന്റെ എ. പോസിറ്റീവ് രക്തം തന്നെ കയറ്റി.

ആഗസ്റ്റ് ഇരുപതാം തിയതിയാണ് അസുഖം കലശലായത്. അന്ന് വൈകിട്ട് ഗ്ലൂക്കോസ് കയറ്റേണ്ടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ച് അന്‍സാരി ഗ്ലൂക്കോസുമായി വന്നപ്പൊഴേക്കും മൗലവിക്ക് കലശലായ ശ്വാസംമുട്ടല്‍ തുടങ്ങിയിരുന്നു. അപ്പോഴേക്കും സി.പി.ഉമര്‍ സുല്ലമിയും ചെമ്മാട്ടുനിന്നും ഡോ. അബൂബക്കറും എത്തിയിരുന്നു. ഓക്‌സിജന്‍ കൊടുത്താല്‍ തരക്കേടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എല്ലാം പെട്ടന്നെുതന്നെ ശരിയായി. ഓക്‌സിജന്‍ കൊടുത്തു തുടങ്ങി മൂന്നു മിനുട്ടു കഴിഞ്ഞപ്പോഴേക്കും അതെടുക്കാന്‍ മൗലവി തിടുക്കം കൂട്ടി.

‘ഉപ്പാ, ഓക്‌സിജനാണ്. ഇത് വെച്ചാല്‍ അല്‍പം ആശ്വാസമുണ്ടാകും’- അന്‍സാരി പറഞ്ഞു.

‘മോനേ, ആ ആശ്വാസം ഉപ്പാക്കു വേണ്ട. ഉപ്പാക്ക് അല്ലാഹു നല്‍കുന്ന ആശ്വാസം മാത്രം മതി’ അതായിരുന്നു മൗലവി അവസാനം പറഞ്ഞ വാചകം.

അതുവരെ അന്‍സാരിയുടെ ചുമലില്‍ ചാരിയാണ് മൗലവി കിടന്നത്. രാത്രി ഒമ്പതുമണികഴിഞ്ഞു കാണും. അതുവരെ ഓടിത്തളര്‍ന്ന് അന്‍സാരിയും ക്ഷീണിച്ചിരുന്നു. ‘നീ പോയി എന്തെങ്കിലും കഴിച്ചിട്ടു വന്നോളൂ’- ഡോക്ടര്‍ അബൂബക്കര്‍ പറഞ്ഞു. അന്‍സാരി അകത്തുപോയി. മകളുടെ ഭര്‍ത്താവ് അബ്ദുസ്സമദിന്റെ ചുമലില്‍ ചാരിക്കിടന്ന മൗലവി തനിക്കു കിടക്കണമെന്നു പറഞ്ഞു. അസുഖം കലശലായ ശേഷം ആദ്യമായാണ് മൗലവി കിടക്കണമെന്നു പറയുന്നത്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ മൗലവിയുടെ ചുണ്ടുകള്‍ മന്ത്രിച്ചു. ഇതിനിടെ ഇശാഅ് നമസ്‌കരിക്കാന്‍ പോയിരുന്ന സി.പി.ഉമര്‍ സുല്ലമി മടങ്ങിയെത്തി. ‘അസ്സലാമു അലൈക്കും’ സി.പി സലാം ചൊല്ലിയാണു കയറിയത്. സെയ്ദ് മൗലവി പ്രത്യഭിവാദ്യമായി കൈയുയര്‍ത്തിയെങ്കിലും ശബ്ദമൊന്നും പുറത്തുവന്നില്ല. രാത്രി പതിനൊന്നേ പത്തിനായിരുന്നു മൗലവി ഈ ലോകത്തോട് യാത്ര പറഞ്ഞത്.

അസുഖമായി കിടക്കുന്ന വിവരം പത്രത്തില്‍ കൊടുക്കുന്നതിനു പലരും സമ്മതം ചോദിച്ചെങ്കിലും മൗലവി സമ്മതിച്ചിരുന്നില്ല. അറിഞ്ഞവര്‍ വന്നോട്ടെ എന്നായിരുന്നു മൗലവിയുടെ നിലപാട്. എങ്കിലും കേട്ടറിഞ്ഞ് നിത്യവും ധാരാളം പേര്‍ എത്തി. ഓരോദിവസവും നൂറും നൂറ്റമ്പതും ഇരുന്നൂറും പേര്‍ കാണും. മൗലവിയുമായി ബന്ധമുള്ള മിക്ക ആളുകളും ഇങ്ങനെ എത്തിയിരുന്നു.

മൗലവി മരിച്ച വിവരം പിറ്റേദിവസം രാവിലെ റേഡിയോ വാര്‍ത്തയില്‍ പറഞ്ഞു. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള വമ്പിച്ചൊരു ജനാവലി മൗലവിയുടെ ജനാസയില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയിരുന്നു. 1990 ആഗസ്റ്റ് 21ന് വൈകുന്നേരം നാലു മണിയോടെ മയ്യിത്ത് നമസ്‌കാരത്തിനു ശേഷം അദ്ദേഹം നാലു പതിറ്റാണ്ടു കാലത്തോളം സേവനമനുഷ്ഠിച്ച രണ്ടത്താണി മസ്ജിദുറഹ്മാനി പള്ളിയുടെ ക്വബ്ര്‍ സ്ഥാനില്‍ മയ്യിത്ത് ക്വബ്‌റടക്കി.

(അവസാനിച്ചു)

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

നേർപഥം വാരിക 

യേശുക്രിസ്തുവും യേശുക്രിസ്തുവിന്റെ ദൈവവും

യേശുക്രിസ്തുവും യേശുക്രിസ്തുവിന്റെ ദൈവവും

ദൈവവിശ്വാസം പലമതങ്ങളിലും പല രൂപത്തിലാണ് കാണപ്പെടുന്നത്. എന്നിരുന്നാലും പ്രബല മതങ്ങളെല്ലാം ഏകദൈവ വിശ്വാസമാണ് പഠിപ്പിക്കുന്നത് എന്ന് അവയുടെ വക്താക്കള്‍ വാദിക്കാറുണ്ട്. വളരെ വിചിത്രമായ ഏകദൈവ വിശ്വാസമാണ് ക്രൈസ്തവ സമൂഹം വച്ചുപുലര്‍ത്തുന്നത്. ത്രിയേകത്വ സിദ്ധാന്തം എന്ന് ഇത് അറിയപ്പെടുന്നു. അത് എങ്ങനെയെന്ന് വിശദമാക്കാന്‍ അവര്‍ക്ക് സാധിക്കാറില്ല. അത് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല എന്നാണ് അവര്‍ പറയാറുള്ളത്. അങ്ങനെ മനസ്സിലാക്കാന്‍ സാധിക്കാത്ത ദൈവത്തില്‍ എങ്ങനെ വിശ്വസിക്കാനും അവനെ ആരാധിക്കാനും കഴിയും എന്ന ചോദ്യം പ്രസക്തമാണ്. ഈ വിഷയത്തില്‍ ബൈബിള്‍ എന്ത് പറയുന്നു എന്ന് നമുക്ക് പരിശോധിക്കാം:

എന്താണ് ത്രിയേകത്വ സിദ്ധാന്തം? ഒന്നും ഒന്നും ഒന്നും കൂട്ടിയാല്‍ ഉത്തരം ഒന്ന് ആകുമോ? ത്രിയേകത്വത്തെക്കുറിച്ച് ക്രൈസ്തവത നല്‍കിപ്പോരുന്ന വിരണങ്ങള്‍ കാണുക:

1. പിതാവ് ഒരുവന്‍, പുത്രന്‍ ഒരുവന്‍, പരിശുദ്ധാത്മാവ് ഒരുവന്‍, എങ്കിലും ദൈവത്വം ഏകവും മഹത്ത്വം സമവും പ്രഭാവം സമനിത്യവുമാകുന്നു.

2. പിതാവ് എങ്ങനെയുള്ളവനാണോ അങ്ങനെയുള്ളവനാണ് പുത്രനും പരിശുദ്ധാത്മാവും.

3. മൂവരും സൃഷ്ടിക്കപ്പെട്ടവരല്ല.

4. ഓരോരുത്തനും നിത്യനാണ്. മൂന്ന് നിത്യന്‍മാരില്ല, ഒരു നിത്യനേയുള്ളൂ.

5. പിതാവ് സര്‍വശക്തന്‍, പുത്രന്‍ സര്‍വശക്തന്‍, പരിശുദ്ധാത്മാവ് സര്‍വശക്തന്‍; എന്നാല്‍ സര്‍വശക്തന്‍ ഒന്നു മാത്രം!

6. പിതാവ് ദൈവം, പുത്രന്‍ ദൈവം, പരിശുദ്ധാത്മാവ് ദൈവം; എന്നാലും ദൈവം ഏകനാണ്!

7. ത്രിത്വത്തില്‍ മുമ്പനോ പിമ്പനോ ഇല്ല. വലിയവനോ ചെറിയവനോ ഇല്ല. സമനിത്യന്മാരും സകലത്തിലും സമന്‍മാരുമാണ്.

8. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവത്തിന്റെ മൂന്ന് നിലകളല്ല; മറിച്ച് ഓരോരുത്തരും ദൈവമാണ്.

9. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തികള്‍ സമ്പൂര്‍ണമായും അടങ്ങിയിരിക്കുന്ന നിത്യമായ ഏകസത്തയാണ് ദൈവം.

10. ദൈവം എന്ന ഏകസത്തയില്‍ തുല്യരായ, നിത്യരായ; പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തികള്‍ അടങ്ങിയിരിക്കുന്നു

11. മൂന്ന് ദൈവങ്ങള്‍ അഥവാ പ്രകൃതിയില്‍ മൂന്ന് ആളത്വങ്ങള്‍ സ്ഥിതിചെയ്യുന്നു. അവര്‍ തമ്മില്‍ പ്രായ വ്യത്യാസമോ വലിപ്പചെറുപ്പമോ ശക്തി വ്യത്യാസമോ ഇല്ല. മൂവരുടെയും മഹത്ത്വം തുല്യവും പ്രഭാവം സമനിത്യവും. മൂന്ന് ആളത്വങ്ങളിലായി ഏകദൈവം സ്ഥിതി ചെയ്യുന്നു.

12. ഒന്നിനെ മൂന്ന് വട്ടം ഗുണിക്കുമ്പോള്‍ കിട്ടുന്ന ഗുണന ഫലം പോലെയോ, ഒരേസമയം താപവും രശ്മിയും വെളിച്ചവും നല്‍കുന്ന സൂര്യനെ പോലെയോ, ഒരേസമയം ശബ്ദമായും പ്രകാശമായും ചലനമായും മാറാന്‍ കഴിയുന്ന വൈദ്യുതിയെപോലെയോ ആണ് ത്രിത്വം!

ദേഹവും ദേഹിയും ആത്മാവുമടങ്ങിയ മനുഷ്യന്‍, ഒരേസമയം പിതാവും മകനും ഭര്‍ത്താവുമാകുന്ന പാസ്റ്റര്‍, വെള്ളം, ഐസ്, നീരാവി എന്നിങ്ങനെയുള്ള ജലത്തിന്റെ രൂപമാറ്റങ്ങള്‍, പുറംതോടും മഞ്ഞക്കരുവും വെള്ളയുമടങ്ങുന്ന മുട്ട… ഇതൊക്ക ത്രിയേകത്വത്തിന് ഉദാഹരണങ്ങളാണ്…!

ഇങ്ങനെ വിശദീകരിച്ചും വ്യാഖ്യാനിച്ചും പിതാവും പുത്രനും പരിശുദ്ധാത്മാവുമടങ്ങുന്ന ത്രിത്വത്തിലൊരാളാണ് യേശുവെന്നും ദൈവവും യേശുവും ഒന്നാണെന്നും യേശു തന്നെയാണ് സാക്ഷാല്‍ ദൈവമെന്നും സ്ഥാപിക്കുകയാണ് ക്രൈസ്തവ മിഷണറിമാര്‍ ചെയ്യാറുള്ളത്.

എന്നാല്‍ യേശു ദൈവമല്ലെന്നും ദൈവം യേശുവല്ലെന്നും യേശുവും ദൈവവും തീര്‍ത്തും വ്യത്യസ്തരാണെന്നും വ്യക്തമാക്കുന്ന നിലവിലുള്ള ബൈബിളില്‍നിന്നുള്ള ശക്തമായ തെളിവുകള്‍ കാണാവുന്നതാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

1. ദൈവം പറയുന്നത് ഞാന്‍ ദൈവമെന്ന്!

യേശു പറഞ്ഞത് ‘എന്റെയും നിങ്ങളുടെയും ദൈവം ഒരുവനെ’ന്ന്!

(ദൈവം പറഞ്ഞു) ‘ഞാന്‍, ഞാന്‍ മാത്രമേയുള്ളൂ; ഞാനല്ലാതെ ദൈവമില്ല” (ആവര്‍ത്തനം 32:39).

(യേശു പറഞ്ഞു) ‘…നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്…’ (മാര്‍ക്കോസ് 12:29).

(യേശു പറഞ്ഞു) ‘ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവനാകുന്നു’ (യോഹന്നാന്‍ 17:3).

ഞാനല്ലാതെ ദൈവമില്ലെന്ന് ദൈവംതന്നെ പറയുന്നു. ആ ദൈവത്തെ ഏകസത്യദൈവം എന്ന് യേശുവും വിളിക്കുന്നു. ഇവിടെ ദൈവത്തിന്റെ ത്രിത്വമോ ദ്വിത്വമോ കടന്നുവരുന്നില്ല.

2. ദൈവം മനുഷ്യനല്ല, മനുഷ്യപുത്രനുമല്ല; യേശു മനുഷ്യനും മനുഷ്യപുത്രനും!

‘വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്‍പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?’ (സംഖ്യ പുസ്തകം 23:19).

‘…ഞാന്‍ മനുഷ്യനല്ല. ദൈവം അത്രെ…’ (ഹോശേയ 11:9).

യേശു പറഞ്ഞു: ‘എന്നാല്‍ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു…’ (യോഹന്നാന്‍ 8:40).

‘യോനാ നീനെവേക്കാര്‍ക്കു അടയാളം ആയതു പോലെ മനുഷ്യപുത്രന്‍ ഈ തലമുറക്കും ആകും’ (ലൂക്കോസ് 11:30).

യേശുവിനെ മനുഷ്യപുത്രന്‍ എന്നും മനുഷ്യന്‍ എന്നും വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ദൈവം പറയുന്നതോ ‘ഞാന്‍ മനുഷ്യനല്ല, ദൈവമാണ്’ എന്നും. കാര്യം എത്ര വ്യക്തമാണ്!

3. ദൈവം ഉദ്ദേശിക്കുന്നത് ചെയ്യുന്നു; യേശുവിന് കഴിയുന്നില്ല

‘ഞാന്‍ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?’ (യിരേമ്യാവ് 32:27).

‘(യേശു)ഏതാനും രോഗികളുടെ മേല്‍ കൈവച്ച് സൗഖ്യം വരുത്തിയതല്ലാതെ അവിടെ വീര്യപ്രവര്‍ത്തികളൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടു’ (മാര്‍ക്കോസ് 6:56).

4. ദൈവമാണ് എല്ലാവരെക്കാളും വലിയവന്‍, യേശുവല്ല

‘യഹോവേ, നിന്നോടു തുല്യനായവന്‍ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തില്‍ വലിയതും ആകുന്നു’ (യിരമ്യാവ് 10:6).

(യേശു പറഞ്ഞു) ‘…എന്റെ പിതാവു എല്ലാവരിലും വലിയവന്‍; പിതാവിന്റെ കയ്യില്‍നിന്നു പിടിച്ചുപറിപ്പാന്‍ ആര്‍ക്കും കഴികയില്ല’ (യോഹന്നാന്‍ 10:29).

യേശു പറഞ്ഞു: ‘…നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു എങ്കില്‍ ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുന്നതിനാല്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാള്‍ വലിയവനല്ലോ’ (യോഹന്നാന്‍ 14:28).

പിതാവും പുത്രനും പരിശുദ്ധാത്മാവും സമന്‍മാരാണെന്ന് പറയുന്നവരെ ഈ വചനങ്ങള്‍ ഖണ്ഡിക്കുകയാണ്.

5. ദൈവം വലിയവനും ദൂതന്‍മാരെ അയക്കുന്നവനും! യേശു ദൈവത്താല്‍ അയക്കപ്പെട്ടവനും ദൈവദാസനും!

‘ആമേന്‍, ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ദാസന്‍ യജമാനനെക്കാള്‍ വലിയവന്‍ അല്ല; ദൂതന്‍ തന്നെ അയച്ചവനെക്കാള്‍ വലിയവനുമല്ല’ (യോഹന്നാന്‍ 13:16).

‘ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു’ (യോഹന്നാന്‍ 17:3).

‘അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി’ (പ്രവൃത്തികള്‍ 3:13).

6. ദൈവം സര്‍വശക്തന്‍! യേശു ദൈവത്തിന്റെ ആശ്രിതന്‍!

‘സര്‍വ്വശക്തിയുള്ള നമ്മുടെ ദൈവമായ കര്‍ത്താവു രാജത്വം ഏറ്റിരിക്കുന്നു'(വെളിപ്പാട് 19:6).

‘അവന്‍ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്‍കുന്നു; ബലമില്ലാത്തവന്നു ബലം വര്‍ദ്ധിപ്പിക്കുന്നു’ (യെശയ്യാവ് 40:29).

‘ദൈവം നിത്യനാകുന്നു. അവന്‍ നിന്റെ സുരക്ഷിത സ്ഥലം. ദൈവത്തിന്റെ ശക്തി നിത്യമാകുന്നു. അവന്‍ നിന്നെ സംരക്ഷിക്കുന്നു’ (ആവര്‍ത്തനം 33:27).

‘പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു. അവനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ദൂതന്‍ അവന്നു പ്രത്യക്ഷനായി’ (ലൂക്കോസ് 22:42,43).

7. ദൈവത്തിന്റെ മനസ്സ് മാറില്ല! യേശുവിന്റെതു മാറുന്നു!

‘യിസ്രായേലിന്റെ മഹത്വമായവന്‍ ഭോഷ്‌കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യനല്ല എന്നു പറഞ്ഞു’ (1 ശമുവേല്‍ 15:29).

(യേശു പറഞ്ഞു) ‘നിങ്ങള്‍ പെരുനാളിന്നു പോകുവിന്‍; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാന്‍ ഈ പെരുനാളിന്നു ഇപ്പോള്‍ പോകുന്നില്ല. ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയില്‍ തന്നേ പാര്‍ത്തു. അവന്റെ സഹോദരന്മാര്‍ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തില്‍ എന്നപോലെ പോയി’ (യോഹന്നാന്‍ 7:8-10).

8. ദൈവം സാക്ഷാല്‍ ആരാധ്യന്‍! യേശു ദൈവഭയമുള്ള മനുഷ്യന്‍!

‘നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേര്‍ന്നിരിക്കേണം; അവന്റെ നാമത്തില്‍ സത്യം ചെയ്യേണം’ (ആവര്‍ത്തനം 10:20).

‘ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ തന്നേ ഭയപ്പെടുവിന്‍’ (മത്തായി 10:28).

‘തന്റെ ഐഹികജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ (യേശുവിന്റെ) ദൈവഭയംമൂലം അവന്റെ പ്രാര്‍ഥന കേട്ടു’ (ഹെബ്രായര്‍ 5:7).

9. ദൈവം ആരാധനക്കര്‍ഹന്‍! യേശു ദൈവത്തെ ആരാധിക്കുന്നവന്‍!

(യേശു പറഞ്ഞു) ‘നിങ്ങള്‍ അറിയാത്തതിനെ നമസ്‌കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്‌കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയില്‍നിന്നല്ലോ വരുന്നതു’ (യോഹന്നാന്‍ 4:22).

യേശു കല്‍പിച്ചു: ‘സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമെ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു’ (മത്തായി 4:10).

10. ദൈവം സ്വന്തം ഇഷ്ടപ്രകാരം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു!

‘എന്തു ചെയ്യണമെന്ന് ദൈവത്തോട് പറയാന്‍ ആര്‍ക്കുമാവില്ല. ദൈവമേ നീ ചെയ്തത് തെറ്റാണ് എന്ന് ദൈവത്തോട് പറയാന്‍ ആര്‍ക്കും കഴിയില്ല’ (ഇയ്യോബ് 36:22,23).

‘തനിക്ക് ഇഷ്ടമുള്ളതെല്ലാം അവന്‍ (ദൈവം) ചെയ്യുന്നു’ (സങ്കീര്‍ത്തനങ്ങള്‍ 115:3).

എന്നാല്‍ യേശു പറഞ്ഞത് കാണുക: ‘യേശു അവരോടു ഉത്തരം പറഞ്ഞതു: എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. അവന്റെ ഇഷ്ടം ചെയ്‌വാന്‍ ഇച്ഛിക്കുന്നവന്‍ ഈ ഉപദേശം ദൈവത്തില്‍നിന്നുള്ളതോ ഞാന്‍ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും. സ്വയമായി പ്രസ്താവിക്കുന്നവന്‍ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന്‍ സത്യവാന്‍ ആകുന്നു; നീതികേടു അവനില്‍ ഇല്ല’ (യോഹന്നാന്‍ 7:16-18).

11. നല്ലവന്‍ ദൈവം മാത്രമെന്ന് യേശു പറയുന്നു

‘(ദൈവമേ) നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ’ (സങ്കീര്‍ത്തനങ്ങള്‍ 119:68).

‘ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാന്‍ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: ‘എന്നെ നല്ലവന്‍ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരും ഇല്ല…’ (ലൂക്കോസ് 18:18-19).

12. ദൈവത്തെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല! യേശുവിനെ ജനം മര്‍ദിക്കുന്നു!

‘ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വര്‍ഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആര്‍ക്കും എതിര്‍പ്പാന്‍ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ’ (2 ദിനവൃത്താന്തം 20:6).

‘അവന്‍ ഇങ്ങനെ പറയുമ്പോള്‍ ചേവകരില്‍ അരികെ നിന്ന ഒരുത്തന്‍: മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നത് എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു’ (യോഹന്നാന്‍ 18:22).

‘…യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു. പിന്നെ അവന്റെമേല്‍ തുപ്പി, കോല്‍ എടുത്തു അവന്റെ തലയില്‍ അടിച്ചു” (മത്തായി 27:29,30).

‘അന്നു മുതല്‍ അവര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു. അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയില്‍ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാര്‍ത്തു’ (യോഹന്നാന്‍ 11:53,54).

13. ദൈവം ഉറക്കവും മയക്കവുമില്ലാത്തവന്‍! യേശു ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു!

‘യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല” (സങ്കീര്‍ത്തനം 121:4).

എന്നാല്‍ യേശുവോ? ‘…അവനോ ഉറങ്ങുകയായിരുന്നു. അവര്‍ അടുത്തുചെന്നു: കര്‍ത്താവേ രക്ഷിക്കേണമേ: ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്‍ത്തി’ (മത്തായി 8:24,25).

14. ദൈവം പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവന്‍; യേശു ദൈവത്തോട് പ്രാര്‍ഥിക്കുന്നവനും!

(ദൈവം പറഞ്ഞു) ‘എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാന്‍ നിന്നെ അറിയിക്കും’ (യിരമ്യാവ് 33:3).

‘നമ്മള്‍ രക്ഷക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ദൈവമായ യഹോവ നമ്മുടെ അടുത്തുണ്ടാവും (ആവര്‍ത്തനം4:7).

‘ജനം എല്ലാം സ്‌നാനം ഏല്‍ക്കുകയില്‍ യേശുവും സ്‌നാനം ഏറ്റു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു’ (ലൂക്കോസ് 3:21,22).

യേശു പലപ്പോഴും പ്രാര്‍ഥനക്കായി ഏകാന്തമായ സ്ഥലത്തേക്ക് പോകുമായിരുന്നു: ‘അവനോ നിര്‍ജനദേശത്തു വാങ്ങിപ്പോയി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു’ (ലൂക്കോസ് 5:16).

‘അവന്‍ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാര്‍ത്ഥിപ്പാന്‍ തനിയെ മലയില്‍ കയറിപ്പോയി; വൈകുന്നേരം ആയപ്പോള്‍ ഏകനായി അവിടെ ഇരുന്നു.’ (മത്തായി 14:23).

‘ആ കാലത്തു അവന്‍ പ്രാര്‍ത്ഥിക്കേണ്ടതിന്നു ഒരു മലയില്‍ ചെന്നു ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ രാത്രി കഴിച്ചു’ (ലൂക്കോസ് 6:12).

‘അതികാലത്തു ഇരുട്ടോടെ അവന്‍ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിര്‍ജനസ്ഥലത്തു ചെന്നു പ്രാര്‍ത്ഥിച്ചു’ (മാര്‍ക്കോസ് 1:35).

‘യേശു കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ അങ്ങ് എന്റെ പ്രാര്‍ത്ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്ക് നന്ദി പറയന്നു. അങ്ങ് എന്റെ പ്രാര്‍ത്ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം…'(യോഹന്നാന്‍ 11:41,42).

‘അവര്‍ ഗെത്ത്‌ശേമന എന്നു പേരുള്ള തോട്ടത്തില്‍ വന്നാറെ അവന്‍ ശിഷ്യന്മാരോടു: ഞാന്‍ പ്രാര്‍ത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു. പിന്നെ അവന്‍ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാര്‍ത്തു ഉണര്‍ന്നിരിപ്പിന്‍ എന്നു അവരോടു പറഞ്ഞു. പിന്നെ അല്‍പം മുമ്പോട്ടു ചെന്നു നിലത്തുവീണു, കഴിയും എങ്കില്‍ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാര്‍ത്ഥിച്ചു’ (മാര്‍ക്കോസ് 14:32-35).

15. ദൈവം സ്രഷ്ടാവ്; യേശു ദൈവത്തിന്റെ സൃഷ്ടി

‘ഭൂമിയെ ഞാന്‍ സൃഷ്ടിച്ചു. അതിലെ സകലമനുഷ്യരെയും ഞാന്‍ സൃഷ്ടിച്ചു. ഞാനെന്റെ സ്വന്തം കൈകളുപയോഗിച്ച് ആകാശത്തെ സൃഷ്ടിച്ചു…’ (യെശയ്യാവ് 45:12).

‘ഇതാ, സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവെക്കുള്ളവ ആകുന്നു’ (ആവര്‍ത്തനം 10:14).

‘ദൂതന്‍മാരെക്കാള്‍ അല്‍പം താഴ്ന്നവനായി അങ്ങ് (ദൈവം) അവനെ (യേശുവിനെ) സൃഷ്ടിച്ചു’ (എബ്രായര്‍ 2:7).

16. ദൈവം സര്‍വജ്ഞന്‍, യേശുവിന് അദൃശ്യമറിയുന്നില്ല

‘ആരംഭത്തിങ്കല്‍ തന്നേ അവസാനവും പൂര്‍വ്വകാലത്തു തന്നേ മേലാല്‍ സംഭവിപ്പാനുള്ളതും ഞാന്‍ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാന്‍ എന്റെ താല്‍പര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാന്‍ പറയുന്നു’ (യെശയ്യാവ് 46:10).

‘പിറ്റെന്നാള്‍ അവര്‍ ബേഥാന്യ വിട്ടു പോരുമ്പോള്‍ അവന്നു വിശന്നു; അവന്‍ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു’ (മാര്‍ക്കോസ്11:12, 13).

17. ദൈവം ആദ്യവും അന്ത്യവുമില്ലാത്തവന്‍, യേശു ബത്‌ലഹേമില്‍ ജനിച്ചു

‘പര്‍വ്വതങ്ങള്‍ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിര്‍മ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു’ (സങ്കീര്‍ത്തനങ്ങള്‍ 90:2)

‘ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്‌ളേഹെമില്‍ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാര്‍ യെരൂശലേമില്‍ എത്തി’ (മത്തായി 2:1)

18. ദൈവത്തെ പരീക്ഷിക്കാന്‍ കഴിയില്ല; യേശു പരീക്ഷിക്കപ്പെടുന്നു

‘…ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവന്‍ ആകുന്നു…’ (യാക്കോബ് 1:13).

‘…പിശാച് അവനെ (യേശുവിനെ) നാല്‍പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു’ (ലൂക്കോസ് 4:1).

19. ദൈവം ഒരിക്കലും ക്ഷീണിക്കില്ല, യേശു ക്ഷീണിക്കുകയും വിശ്രമിക്കുകയും ചെയ്തു

‘…യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവന്‍ തന്നേ; അവന്‍ ക്ഷീണിക്കുന്നില്ല, തളര്‍ന്നുപോകുന്നതുമില്ല…’ (യെശയ്യാവ് 40:28)

‘…യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു…’ (യോഹന്നാന്‍ 4:6).

20. ദൈവം സ്ത്രീയില്‍നിന്ന് ജനിച്ചനല്ല; യേശു സ്ത്രീയില്‍ നിന്ന് ജനിച്ചു

‘അപ്പോള്‍, മനുഷ്യനെങ്ങനെ ദൈവത്തിന്റെ മുമ്പില്‍ നീതിമാനാകാന്‍ കഴിയും? സ്ത്രീയില്‍നിന്നു ജനിച്ചവന്‍ എങ്ങനെ നിര്‍മലനാകും?’ (ഇയ്യോബ് 25:4).

‘അവള്‍ ആദ്യജാതനായ മകനെ (യേശുവിനെ) പ്രസവിച്ചു, ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്കു സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി’ (ലൂക്കോസ് 2:6).

21. ദൈവം നിരാശ്രയന്‍, യേശുവിന് ആശ്രയം ആവശ്യമായിരുന്നു

‘നിന്റെ വീണ്ടെടുപ്പുകാരനും ഗര്‍ഭത്തില്‍ നിന്നെ നിര്‍മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാന്‍ സകലവും ഉണ്ടാക്കുന്നു; ഞാന്‍ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആര്‍ എന്നോടുകൂടെ ഉണ്ടായിരുന്നു?’ (യെശയ്യാവ് 44:24).

‘യേശുവോ ജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിര്‍ന്നു വന്നു’ (ലൂക്കോസ് 2:52)

22. ദൈവം മനുഷ്യനല്ല; യേശു മനുഷ്യന്‍!

‘യേശു അവരെ നോക്കി: ‘അതു മനുഷ്യര്‍ക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം എന്നു പറഞ്ഞു’ (മത്തായി 19:26).

യേശു പറഞ്ഞു: ‘ദൈവത്തില്‍നിന്ന് കേട്ട സത്യങ്ങള്‍ നിങ്ങളോട് പറഞ്ഞ ഒരു മനുഷ്യനാണ് ഞാന്‍’ (യോഹന്നാന്‍ 8:40).

23. ദൈവം അന്ത്യനാളിനെക്കുറിച്ചറിയുന്നു; യേശു അറിയുന്നില്ല

‘ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല’ (മാര്‍ക്കോസ് 13:32).

24. വരം നല്‍കുന്നവന്‍ ദൈവം മാത്രം; യേശുവല്ല

”അവന്‍ അവരോടു: ‘എന്റെ പാനപാത്രം നിങ്ങള്‍ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാന്‍ വരം നല്‍കുന്നതു എന്റേതല്ല; എന്റെ പിതാവു ആര്‍ക്കു ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കു കിട്ടും’ എന്നു പറഞ്ഞു” (മത്തായി 20:23).

25. ദൈവത്തിന്റെ ഇഷ്ടവും യേശുവിന്റെ ഇഷ്ടവും!

‘പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല്‍നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു’ (മത്തായി 22:42).

‘എന്നോടു കര്‍ത്താവേ, കര്‍ത്താവേ, എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു’ (മത്തായി 7:21).

26. യേശു നേതാവ്!

‘…ഭൂമിയില്‍ ആരെയും പിതാവ് എന്നു വിളിക്കരുതു; ഒരുത്തന്‍ അത്രേ നിങ്ങളുടെ പിതാവു, സ്വര്‍ഗ്ഗസ്ഥന്‍ തന്നേ. നിങ്ങള്‍ നായകന്മാര്‍ എന്നും പേര്‍ എടുക്കരുതു, ഒരുത്തന്‍ അത്രേ നിങ്ങളുടെ നായകന്‍, ക്രിസ്തു തന്നെ’ (മത്തായി 23:9,10).

27. ദൈവത്തിലും യേശുവിലും വിശ്വസിക്കല്‍!

ദൈവവും യേശുവും ഒന്നെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കുവിന്‍ എന്നു പറഞ്ഞാല്‍ മതിയല്ലോ. അല്ലെങ്കില്‍ യേശുവില്‍ വിശ്വസിക്കുവിന്‍ എന്നു പറഞ്ഞാലും മതി. എന്നാല്‍ ഇത് കാണുക:

‘നിങ്ങളുടെ ഹൃദയം കലങ്ങി പോകരുത്. ദൈവത്തിലും വിശ്വസിക്കുക, എന്നിലും വിശ്വസിക്കുക’ (യോഹന്നന്‍ 14:1). ദൈവമായ എന്നിലും വിശ്വസിക്കുക എന്ന് യേശു പറയുന്നില്ല.

28 ദൈവം യേശുവിനെ മഹത്ത്വപ്പെടുത്തിയവന്‍!

‘ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങള്‍ പറയുന്നു. എങ്കിലും നിങ്ങള്‍ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങളെപ്പോലെ ഭോഷ്‌കു പറയുന്നവന്‍ ആകും; എന്നാല്‍ ഞാന്‍ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു’ (യോഹന്നാന്‍ 8:54,55).

29. ദൈവത്തെ ആര്‍ക്കും കാണാന്‍ കഴിയില്ല, യേശുവിനെ എല്ലാവരും കണ്ടിരുന്നു

‘നിനക്ക് എന്റെ മുഖം കാണ്‍മാന്‍ കഴിയില്ല; ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടെ ഇരിക്കുകയില്ല എന്നും അവന്‍ (ദൈവം) പറഞ്ഞു’ (പുറപ്പാട് 33:20).

സാക്ഷാല്‍ ദൈവത്തെ ഇഹലോകത്തുവെച്ച് കാണാന്‍ കഴിയില്ല എന്ന് വ്യക്തം. എന്നാല്‍ യേശുവിനെ ജനങ്ങള്‍ കാണാതിരുന്നിട്ടില്ലല്ലോ.

‘ഇവന്‍ ഗലീലിയയിലെ നസറെത്തില്‍നിന്നുള്ള പ്രവാചകനായ യേശു എന്ന് പുരുഷാരം പറഞ്ഞു” (മത്തായി 21/11)

ക്വുര്‍ആനിന്റെ നിലപാട്

വിശുദ്ധ ക്വുര്‍ആന്‍ വളരെ വ്യക്തവും സ്പഷ്ടവുമായിക്കൊണ്ടാണ് യേശുവിനെ പരിചയപ്പെടുത്തിയിട്ടുളത്. അല്ലാഹു പറയുന്നു:

”മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്രാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരുംതന്നെയില്ല. എന്നാണ്” (ക്വുര്‍ആന്‍ 5:72).

”അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും”(ക്വുര്‍ആന്‍ 5:73).

”ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്” (ക്വുര്‍ആന്‍ 5:74,75).

”വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി” (ക്വുര്‍ആന്‍ 4:171).

പരലോകത്തുവെച്ച് യേശു തന്നെ ആരാധിച്ചവരെ തള്ളിപ്പറയും

”അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍” (ക്വുര്‍ആന്‍ 5:116).

”നീ എന്നോട് കല്‍പിച്ച കാര്യം അഥവാ ‘എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം’ എന്ന കാര്യം മാത്രമെ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെമേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു” (ക്വുര്‍ആന്‍ 5:117).

സലീം പട്‌ല

നേർപഥം വാരിക 

ആരാധനകള്‍ക്ക് ഒരാമുഖം (ഭാഗം: 27)

ആരാധനകള്‍ക്ക് ഒരാമുഖം (ഭാഗം: 27)

അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ ഹൃദയത്തിന്റെ എല്ലാ ഭയപ്പാടുകളും വ്യഥകളും നീക്കിക്കളയും. നിര്‍ഭയത്വം നേടിത്തരുന്നതില്‍ അതിന് അത്ഭുതകരമായ സ്വാധീനമുണ്ട്. ഭയം കൊടുമ്പിരികൊണ്ട ഏതൊരാള്‍ക്കും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിനെക്കാള്‍ ഫലപ്രദമായ മറ്റൊന്നുംതന്നെയില്ല എന്നതാണ് സത്യം. ഏതൊരാള്‍ക്കും തന്റെ ‘ദിക്‌റി’ന്റെ തോതനുസരിച്ച് നിര്‍ഭയത്വം കണ്ടെത്തുവാനും ഭീതി അകറ്റുവാനും സാധിക്കുന്നതാണ്. എത്രത്തോളമെന്നാല്‍ അയാള്‍ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്ത കാര്യങ്ങള്‍തന്നെ അയാള്‍ക്ക് നിര്‍ഭയത്വം നല്‍കുന്നതായി മാറും. എന്നാല്‍ ദിക്‌റുകളില്‍നിന്നകന്ന് അശ്രദ്ധയില്‍ കഴിയുന്നവനെ സംബന്ധിച്ചിടത്തോളം അവന്‍ വല്ലാത്ത ഭീതിയിലായിരിക്കും. അവന്‍ എത്രതന്നെ സുരക്ഷകളൊരുക്കിയിട്ടുണ്ടെങ്കി ലും ആ ഭയപ്പാടുകള്‍ക്കൊട്ടും കുറവുണ്ടാവുകയില്ല. ഗ്രാഹ്യശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഏതൊരാള്‍ക്കും ഇവ രണ്ടും അനുഭവിച്ചറിയാന്‍ കഴിയുന്നതാണ്. അല്ലാഹുവാണ് സഹായമേകുന്നവന്‍.

അറുപത്തിയൊന്ന്: തീര്‍ച്ചയായും ദിക്ര്‍ ചെയ്യുന്നവര്‍ക്ക് ദിക്ര്‍ പ്രത്യേകമായ ഒരു ശക്തി നല്‍കുന്നതാണ്. ദിക്‌റിന്റെ അഭാവത്തില്‍ ചെയ്യാന്‍ കഴിയാതിരുന്ന സംഗതി ദിക്‌റിന്റെ കൂടെയാകുമ്പോള്‍ അനായാസേന ചെയ്യാന്‍ സാധിക്കുന്നതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യുടെ ഇത്തരത്തിലുള്ള കഴിവ് നാം നേരിട്ട് കണ്ടിട്ടുള്ളതാണ്. മഹാനവര്‍കളുടെ നടത്തത്തിലും സംസാരത്തിലും ഏതൊരു കാര്യത്തിലും മൂന്നിട്ടിറങ്ങാനുള്ള സന്നദ്ധതയിലും എഴുത്തുകളിലുമെല്ലാം അത്ഭുതകരമായ ആ ശക്തി കാണാവുന്നതാണ്. അദ്ദേഹം ഒരൊറ്റ ദിവസം കൊണ്ട് എഴുതിത്തീര്‍ത്ത ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതുന്നവര്‍ക്ക് എഴുതിത്തീര്‍ക്കാന്‍ ഒരാഴ്ചയോ അല്ലെങ്കില്‍ അതിലധികമോ വേണ്ടിവരുമായിരുന്നു. യുദ്ധരംഗത്തെ അദ്ദേഹത്തിന്റെ ശക്തി അത്ഭുതകരമായ രൂപത്തില്‍ സൈന്യത്തിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്.

നബിﷺ തന്റെ പ്രിയ പുത്രി ഫാത്വിമ(റ)ക്കും അലി(റ)വിനും രാത്രി കിടക്കാന്‍ നേരത്ത് 33 പ്രാവശ്യം തസ്ബീഹ് ചെയ്യുവാനും 33 പ്രാവശ്യം ‘അല്‍ഹംദുലില്ലാഹ്’ എന്ന് പറയാനും 34 പ്രാവശ്യം ‘അല്ലാഹു അക്ബര്‍’ എന്ന് പറയാനും പഠിപ്പിച്ചുകൊടുത്തത് പ്രസിദ്ധമാണല്ലോ. വീട്ടിലെ ജോലികളും പ്രയാസങ്ങളുമെല്ലാം പറഞ്ഞ് പിതാവിനോട് ആവലാതിപ്പെട്ട് ഒരു വേലക്കാരനെ ആവശ്യപ്പെട്ടപ്പോഴാണ് നബിﷺ മകള്‍ ഫാത്വിമയോട് അപ്രകാരം പറഞ്ഞത്. അവിടുന്ന് പറഞ്ഞു: ‘നിശ്ചയം, അത് നിങ്ങള്‍ക്ക് ഒരു ഭൃത്യനുണ്ടാകുന്നതിനെക്കാള്‍ ഉത്തമമാണ്’ (ബുഖാരി, മുസ്‌ലിം).

തീര്‍ച്ചയായും അത് സ്ഥിരമായി ചെയ്യുന്നവര്‍ക്ക് ഒരു വേലക്കാരനെ ആവശ്യമില്ലാത്തവിധം പണിയെടുക്കുന്നതിന് ശാരീരികമായ കഴിവും ശേഷിയുമുണ്ടാകുമെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

ഈ വിഷയത്തില്‍ ഒരു മഹദ്വചനം ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതായത്, മലക്കുകളോട് സിംഹാസനം (അര്‍ശ്) വഹിക്കാന്‍ അല്ലാഹു കല്‍പിച്ചപ്പോള്‍ അവര്‍ പറഞ്ഞുവത്രെ,’ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മഹത്ത്വവും ഗാഭീര്യവും നിറഞ്ഞു നില്‍ക്കുന്ന ഈ മഹത്തായ സിംഹാസനം ഞങ്ങള്‍ എങ്ങനെ വഹിക്കാനാണ്?’ അപ്പോള്‍ അല്ലാഹു പറഞ്ഞു: ‘നിങ്ങള്‍ ലാ ഹൗല വലാ ക്വുവത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം’ (അത്യുന്നതനും മഹത്ത്വപൂര്‍ണനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല)എന്ന് പറയുക. അങ്ങനെ അവരത് പറഞ്ഞു കഴിഞ്ഞപ്പോള്‍ അവര്‍ക്കത് വഹിക്കാന്‍ കഴിഞ്ഞു’ (നഖഌുത്തഅ്‌സീസ് 1/568, അത്തുഹ്ഫതുല്‍ ഇറാഖിയ്യ, മജ്മുഉ ഫതാവ എന്നിവ കാണുക).

ഇബ്‌നു അബിദ്ദുന്‍യാ ഇതേ ഹദീഥ് ഉദ്ധരിക്കുന്നത് പിന്നീട് കാണാന്‍ കഴിഞ്ഞു. അല്ലാഹു സിംഹാസനവാഹകരായ മലക്കുകളെ സൃഷ്ടിച്ച ആദ്യ സമയത്ത് അവര്‍ ചോദിച്ചു: ‘ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങളെ എന്തിനു വേണ്ടിയാണ് സൃഷ്ടിച്ചത്?’ (അഥവാ ഞങ്ങളുടെ ചുമതലയെന്താണ്). അല്ലാഹു പറഞ്ഞു: ‘എന്റെ സിംഹാസനം (അര്‍ശ്) വഹിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ നിങ്ങളെ പടച്ചത്. അവര്‍ ചോദിച്ചു: ‘നിന്റെ മഹത്ത്വവും ഗാംഭീര്യവും നിറഞ്ഞുനില്‍ക്കുന്ന നിന്റെ അര്‍ശ് വഹിക്കാന്‍ ആര്‍ക്കാണ് കഴിയുക?’ അല്ലാഹു പറഞ്ഞു: ‘അതിനുവേണ്ടിയാണ് ഞാന്‍ നിങ്ങളെ സൃഷ്ടിച്ചത്.’ വീണ്ടും അവര്‍ പലപ്രാവശ്യം ചോദ്യമാവര്‍ത്തിച്ചു. അപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: ‘നിങ്ങള്‍ ലാഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ് (അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല) എന്നു പറയുക’. അങ്ങനെ അവര്‍ അത് വഹിച്ചു.’ (ഉഥ്മാനുബ്‌നു സഈദുദ്ദാരിമി  ‘മിര്‍രീസിക്കുള്ള തന്റെ മറുപടി’യില്‍ ഉദ്ധരിച്ചത്. ഇബ്‌നു ജരീറുത്ത്വബ്‌രി തന്റെ തഫസീറിലും ഇതുപോലുള്ളൊരു റിപ്പോര്‍ട്ട് ഉദ്ധരിച്ചിട്ടുണ്ട്).

ഈ വാക്കുകള്‍ക്ക് വിഷമകരമായ ജോലികള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്ന കാര്യത്തില്‍ വിസ്മയകരമായ സ്വാധീനം ചെലുത്താന്‍ കഴിയും. പ്രയാസങ്ങള്‍ ഏറ്റെടുക്കുന്നതിലും രാജാക്കന്മാരുടെ അടുക്കലേക്കും ഭയപ്പെടുന്ന മറ്റു ആളുകളുടെ അടുക്കലേക്കും നിര്‍ഭയത്വത്തോടെ കടന്നുചെല്ലാനും ഭീകരാവസ്ഥകളെ തരണം ചെയ്യാനുമൊക്കെ ഇത് വലിയ ആശ്വാസമാണ്.

അപ്രകാരം തന്നെ ദാരിദ്ര്യത്തെ തടയുന്നതിലും ഇതിന് വലിയ സ്വാധീനമുണ്ട്. ഇബ്‌നു അബിദ്ദുന്‍ യാ(റ) ഉദ്ധരിക്കുന്നു; നബിﷺ പറഞ്ഞു: ‘ആരെങ്കിലും ഓരോ ദിവസവും ‘ലാഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ്’ എന്ന് നൂറ് പ്രവശ്യം പറഞ്ഞാല്‍ അയാളെ ഒരിക്കലും ദാരിദ്ര്യം ബാധിക്കുകയില്ല’ (ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്തായിരുന്നാലും ഇത് പരമ്പര മുറിഞ്ഞ ഒരു റിപ്പോര്‍ട്ടാണ് മുന്‍ദിരി(റ)യുടെ അത്തര്‍ഗീബ് വത്തര്‍ഹീബും ശൈഖ് അല്‍ബാനിയുടെ അതിന്റെ നുബന്ധവും കാണുക- കുറുപ്പുകാരന്‍).

ശത്രുവിനെ കണ്ടുമുട്ടുകയോ വല്ല കോട്ടയെയും അഭിമുഖീകരിക്കുകയോ ചെയ്താല്‍ ‘ലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ്’ എന്ന ദിക്ര്‍ ചൊല്ലല്‍ നല്ലതാണെന്ന് ഹബീബ്‌നു മസ്‌ലമ(റ) അഭിപ്രായപ്പെടുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു കോട്ടയെ അപ്രകാരം നേരിട്ടപ്പോള്‍ റോമക്കാര്‍ പിന്തിരിഞ്ഞോടി. അപ്പോള്‍ മുസ്‌ലിംകള്‍ ആ വചനം ഉരുവിടുകയും തക്ബീര്‍ മുഴക്കുകയും ചെയ്തു. അങ്ങനെ ആ കോട്ട തകര്‍ന്നു’ (ബൈഹക്വി ‘ദലാഇലുന്നുബുവ്വ’യിലും ഇബ്‌നു അസാകിര്‍ ‘താരിഖുദിമശ്ക്വി’ലും ഉദ്ധരിച്ചത്).

അറുപത്തിരണ്ട്: പരലോകത്തിനു വേണ്ടി പണിയെടുക്കുന്നവര്‍ മത്സരത്തിന്റെ ഗോദയിലാണ്. അതിന്റെ ഏറ്റവും മുന്‍പന്തിയിലുള്ളവര്‍ ദിക്‌റിന്റെ വക്താക്കളും. പക്ഷേ, ഇരുട്ടും പൊടിപടലങ്ങളും കൊണ്ട് അവരുടെ മത്സരമുന്നേറ്റങ്ങള്‍ കാണാന്‍ കഴിയില്ല എന്നുമാത്രം. എന്നാല്‍ അവ നീങ്ങിക്കഴിഞ്ഞാല്‍ ആളുകള്‍ക്ക് അവരെ കാണാനും അവര്‍ വിജയകിരീടം സ്വായത്തമാക്കിയതറിയാനും കഴിയും.

വലീദുബ്‌നു മുസ്‌ലിം പറയുന്നു; ഗഫ്‌റയുടെ മൗല ഉമര്‍ പറഞ്ഞു: ‘അന്ത്യനാളില്‍ ജനങ്ങള്‍ക്ക് അവരുടെ കര്‍മങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള ആവരണം നീങ്ങി വ്യക്തമായി കാണാന്‍ സാധിക്കുമ്പോള്‍ ദിക്‌റിനെക്കാള്‍ ശ്രേഷ്ഠമായ പ്രതിഫലമുള്ള ഒരു കര്‍മവും അവര്‍ കാണുകയില്ല. ആ സന്ദര്‍ഭത്തില്‍ കുറെയാളുകള്‍ നിരാശപ്പെടുകയും ഖേദിക്കുകയും ചെയ്യും. അവര്‍ പറയും; ദിക്‌റിനെക്കാള്‍ പ്രയാസരഹിതമായ ഒന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.’

അബൂഹുറയ്‌റ(റ) പറയുന്നു; നബിﷺ പറഞ്ഞു: ‘നിങ്ങള്‍ സഞ്ചരിക്കുക, പ്രത്യേകക്കാര്‍ മുന്‍കടന്നിരിക്കുന്നു.’ സ്വഹാബികള്‍ ചോദിച്ചു: ‘ആരാണ് ആ പ്രത്യേകക്കാര്‍?’ (അല്‍മുഫര്‍രിദൂന്‍). നബി ﷺ പറഞ്ഞു: ‘അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റില്‍ മുഴുകിയവരാണവര്‍. ദിക്ര്‍ അവരുടെ പാപങ്ങളെ ഒഴിവാക്കും’ (തിര്‍മുദി, ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും ഇബ്‌നു അദിയ്യ് ‘അല്‍കാമിലി’ലും ഉദ്ധരിച്ചത്. ഇതിന്റെ പരമ്പരയില്‍ ഉമറുബ്‌നുല്‍ റാശിദ് എന്ന വ്യക്തിയുണ്ട്. അയാള്‍ ദുര്‍ബലനാണ്. വിശിഷ്യാ യഹ്‌യബ്‌നു അബീകഥീറില്‍ നിന്നുദ്ധരിക്കുന്ന റിപ്പോര്‍ട്ടുകളില്‍. ഈ ഹദീഥാകട്ടെ അക്കൂട്ടത്തില്‍പെട്ടതാണ്. ഇബ്‌നു അദിയ്യും തിര്‍മുദിയും ഇതിന്റെ ദുര്‍ബലതയിലേക്ക് സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതല്ലാത്ത, ഇതിനെക്കാള്‍ നല്ല ഒരു വഴിയിലൂടെ ഈ ഹദീഥ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ അവസാനം പറഞ്ഞ ‘ദിക്ര്‍ അവരുടെ പാപഭാരം ഇറക്കിവെക്കും’ എന്ന ഭാഗമില്ല. അഹ്മദും ബുഖാരി തന്റെ ‘താരീഖുല്‍ കബീറി’ലും ബൈഹഖി ‘ശുഅബുല്‍ ഈമാനി’ലും ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീഥിന്റെ ഒരു ആശയം സ്വഹീഹുല്‍ മുസ്‌ലിമില്‍ വന്നിട്ടുള്ളതാണ്-കുറിപ്പുകാരന്‍ ).

അതായത് ദിക്‌റില്‍ വ്യാപൃതരായി, അത് ഒരിക്കലും ഉപേക്ഷിക്കാതെ തങ്ങളുടെ പതിവാക്കിയവര്‍. അതാണ് ‘ദിക്‌റിന്റെ പ്രത്യേകക്കാര്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

ദിക്‌റിലൂടെ വളര്‍ന്ന് ദിക്‌റില്‍തന്നെ മരിച്ചവര്‍ എന്ന വിശദീകരണവും ഇതിന് നല്‍കപ്പെട്ടിട്ടുണ്ട്.

അറുപത്തിമൂന്ന്: അല്ലാഹു തന്റെ അടിമയെ സത്യപ്പെടുത്താന്‍ ‘ദിക്ര്‍’ ഒരു നിമിത്തമാണ്. കാരണം ‘ദിക്ര്‍’ അല്ലാഹുവിനെക്കുറിച്ചുള്ള അവന്റെ മഹത്തായ ഗുണവിശേഷണങ്ങളും പൂര്‍ണതയുടെ വിവരണങ്ങളും അടങ്ങുന്ന സത്യപ്രസ്താവനയാണ്. അവ മുഖേന ഒരു അടിമ അല്ലാഹുവിനെക്കുറിച്ച് പ്രസ്താവന നടത്തുമ്പോള്‍ അല്ലാഹു അയാളെ ശരിവെക്കും. അല്ലാഹു ശരിവെച്ച ഒരാള്‍ വ്യാജക്കാരോടൊപ്പം ഒരുമിച്ചുകൂട്ടപ്പെടുകയില്ല. മറിച്ച് സത്യവാന്മാരുടെ കൂടെയായിരിക്കും ഒരുമിച്ചുകൂട്ടപ്പെടുകയെന്ന് ന്യായമായും പ്രതീക്ഷിക്കാം.

അബൂമുസ്‌ലിമുല്‍ അഗര്‍റ് പറഞ്ഞതായി അബൂ ഇസ്ഹാക്വ് ഉദ്ധരിക്കുന്നു; അബൂഹുറയ്‌റ(റ)യും അബൂസഈദുല്‍ ഖുദ്‌രി(റ)യും നബിﷺ ഇപ്രകാരം പറഞ്ഞതായി സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: ”ഒരു അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍’ (അല്ലാഹുവല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല, അല്ലാഹു ഏറ്റവും വലിയവനാകുന്നു) എന്ന് പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ പറഞ്ഞത് സത്യമാണ്. ഞാനല്ലാതെ ആരാധനക്കാര്‍ഹനായി മാറ്റാരുമില്ല. ഞാനാണ് ഏറ്റവും വലിയവന്‍.’ അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു’ (അല്ലാഹു എകനാണ്, അവനല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല) എന്ന് പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ ദാസന്‍ പറഞ്ഞത് സത്യമാണ്, ഞാന്‍ എകനാണ്. ഞാനല്ലാതെ ആരാധനക്കര്‍ഹാനായി മാറ്റാരുമില്ല.’ ‘ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ‘(അല്ലാഹുവല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല. അവന്‍ എകനാണ്, അവന് യാതൊരു പങ്കുകാരനുമില്ല) എന്ന് അടിമ പറഞ്ഞാല്‍ അല്ലാഹു പറയും ‘എന്റെ ദാസന്‍ പറഞ്ഞത് സത്യമാണ്. ഞാനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. എനിക്ക് യാതൊരു പങ്കുകാരുമില്ല.’ ലാ ഇലാഹ ഇല്ലല്ലാഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദ്’ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്നാകുന്നു സര്‍വാധിപത്യം, അവന്നാകുന്നു സര്‍വ സ്തുതികളും) എന്ന് ഒരു അടിമ പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ പറഞ്ഞത് ശരിയാണ്. ഞാനല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല. എനിക്കാകുന്നു സര്‍വാധിപത്യം. എനിക്കാകുന്നു സര്‍വസ്തുതികളും.’ ‘ലാ ഇലാഹ ഇല്ലല്ലാഹു വലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ്’ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല) എന്ന് ഒരു അടിമ പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ പറഞ്ഞത് സത്യമാണ്. ഞാനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. എന്നെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല.’ അബൂ ഇസ്ഹാക്വ് പറയുന്നു: ‘ശേഷം അബൂ മുസ്‌ലിമുല്‍ അഗര്‍റ് എന്തോ ഒരു കാര്യം പറഞ്ഞു. എനിക്കത് മനസ്സിലായില്ല. ഞാന്‍ അബൂ ജഅ്ഫറിനോട് അതിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ആര്‍ക്കെങ്കിലും തന്റെ മരണ സമയത്ത് ഈ വാക്യങ്ങളുരുവിടാന്‍ ഉദവി നല്‍കപ്പെട്ടാല്‍ നരകാഗ്‌നി അയാളെ സ്പര്‍ശിക്കുകയില്ല’ (തിര്‍മുദി, ഇബ്‌നുഹിബ്ബാന്‍, ഹാകിം).

അറുപത്തിനാല്: സ്വര്‍ഗത്തിലെ ഭവനങ്ങള്‍ നിര്‍മിക്കപ്പെടുന്നത് ദിക്‌റുകള്‍ കാരണമായിട്ടാണ്. ദിക്ര്‍ ചെയ്തുകൊണ്ടിരിക്കുന്നയാള്‍ ദിക്ര്‍ നിര്‍ത്തിയാല്‍ മലക്കുകള്‍ ആ നിര്‍മാണ പ്രവര്‍ത്തങ്ങളും നിര്‍ത്തിവെക്കും. വീണ്ടും ദിക്ര്‍ ആരംഭിക്കുകയാണെങ്കില്‍ അവരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ഹകീമുബ്‌നു മുഹമ്മദ് അല്‍ അഖ്‌നസി പറഞ്ഞതായി ഇബ്‌നു അബിദ്ദുന്‍യാ തന്റെ ഗ്രന്ഥത്തില്‍  പ്രസ്താവിക്കുന്നു: ‘നിശ്ചയം, സ്വര്‍ഗത്തിലെ ഭവനങ്ങള്‍ നിര്‍മിക്കുന്നപ്പെടുന്നത് ദിക്‌റുകള്‍ കാരണമാണെന്ന വിവരം നമുക്ക് ലഭിച്ചിട്ടുണ്ട്. ദിക്‌റുകള്‍  നിര്‍ത്തിയാല്‍ പ്രസ്തുത നിര്‍മാണവും അവര്‍ (മലക്കുകള്‍) നിര്‍ത്തും. അപ്പോള്‍ അതിനെക്കുറിച്ച് അവരോട് ചോദിക്കപ്പെട്ടാല്‍ അവര്‍ ഇപ്രകാരം പറയുമത്രെ; ‘അതിന്റെ ചെലവ് ഞങ്ങള്‍ക്ക് കിട്ടുന്നതുവരെ നിര്‍ത്തിവെക്കുന്നു.’

അബൂഹുറയ്‌റ(റ)യുടെ ഹദീഥായി ഇബ്‌നു അബിദ്ദുന്‍യാ രേഖപ്പെടുത്തുന്നു; നബിﷺ പറഞ്ഞു: ”ആരെങ്കിലും ‘സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹില്‍ അളീം’ (അല്ലാഹു എത്രയോ പരിശുദ്ധനാണ്! അവന്നാകുന്നു സര്‍വസ്തുതിയും, മഹത്ത്വപൂര്‍ണനായ അല്ലാഹു ഏറെ പരിശുദ്ധനാകുന്നു) എന്ന് ഏഴു പ്രാവശ്യം പറഞ്ഞാല്‍ അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു അംബരചുംബിയായ കെട്ടിടം നിര്‍മിക്കപ്പെടുന്നതാണ്” (ദുര്‍ബലമായ പരമ്പരയിലൂടെ സ്വഹാബിയുടെ വാക്കായി ബുഖാരി തന്റെ ‘അത്താരീഖുല്‍ കബീര്‍’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്).

സ്വര്‍ഗത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദിക്‌റുകള്‍ നിമിത്തമാണ് എന്നതുപോലെ സ്വര്‍ഗീയ തോട്ടങ്ങളിലെ ചെടികള്‍ നട്ടുപിടിപ്പിക്കുന്നതും ദിക്‌റുകള്‍ക്കനുസരിച്ചാണ്. ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ) പറഞ്ഞതായി നബിﷺ അറിയിച്ച മുമ്പ് വന്ന ഹദീസില്‍ ഇങ്ങനെ കാണാം

”നിശ്ചയം, സ്വര്‍ഗത്തിലെ മണ്ണ് വിശിഷ്ടവും വെള്ളം സംശുദ്ധവുമാണ്. അവിടം സസ്യങ്ങളില്ലാത്ത ഒഴിഞ്ഞ പ്രദേശമാണ്. അവിടെയുള്ള സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് സുബ്ഹാനല്ലാഹ് (അല്ലാഹു എത്രയോ പരിശുദ്ധന്‍), വല്‍ ഹംദുലില്ലാഹി (അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും), വലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല), വല്ലാഹു അക്ബര്‍ (അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍) എന്നീ ദിക്‌റുകള്‍ക്കനുസരിച്ചാണ്” (തിര്‍മുദി, ത്വബ്‌റാനി).

ശമീര്‍ മദീനി

നേർപഥം 

 

ആരാധനകള്‍ക്ക് ഒരാമുഖം (ഭാഗം: 26)

ആരാധനകള്‍ക്ക് ഒരാമുഖം (ഭാഗം: 26)

അമ്പത്തിനാല്: സദാസമയവും ദിക്‌റുമായി കഴിഞ്ഞുകൂടുന്നവര്‍ പുഞ്ചിരിതൂകിക്കൊണ്ട് സന്തോഷത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അബുദ്ദര്‍ദാഅ്(റ) പറയുന്നു: ”അല്ലാഹുവിനെക്കുറിച്ചുള്ള പ്രകീര്‍ത്തനങ്ങള്‍ നാവില്‍ സദാസമയവും പച്ചപിടിച്ചുനില്‍ക്കുന്നവര്‍ ഓരോരുത്തരും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്” (ഇബ്‌നു അബീശൈബ തന്റെ ‘മുസ്വന്നഫി’ലും അഹ്മദ് ‘അസ്സുഹ്ദി’ലും അബൂനുഐം ‘അല്‍ഹില്‍യ’യിലും ഉദ്ധരിച്ചത്).

അമ്പത്തിയഞ്ച്: ആരാധനാകര്‍മങ്ങള്‍ എല്ലാംതന്നെ മതപരമാക്കപ്പെട്ടത്  അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ്. അഥവാ അവയുടെ ലക്ഷ്യം അല്ലാഹുവിന്റെ സ്മരണ കൈവരിക്കലാണ്.

അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും എന്നെ ഓര്‍മിക്കുന്നതിനായി നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 20:14).

‘അത് മുഖേന ഞാന്‍ നിന്നെ ഓര്‍ക്കാന്‍ വേണ്ടി’ എന്നും ‘നീ എന്നെ ഓര്‍ക്കാന്‍ വേണ്ടി’ എന്നും രണ്ടു രൂപത്തില്‍ ഇതിന് വിവരണം നല്‍കപ്പെട്ടിട്ടുണ്ട്. ‘എന്നെ സ്മരിക്കുന്ന വേളയില്‍ നീ നമസ്‌കരിക്കുക’ എന്നും ഒരു വിശദീകരണമുണ്ട്. (തഹ്ദീബുസ്സുനന്‍ 6:180, മദാരിജുസ്സാലികീന്‍ 1:411, റൂഹുല്‍ മആനി 8:486) എന്നിവ നോക്കുക.

ഇവയില്‍ ഏറ്റവും പ്രബലമായിട്ടുള്ളത് ‘എന്നെ സ്മരിക്കുന്നതിനു വേണ്ടി നീ നമസ്‌കാരം നിലനിര്‍ത്തുക’ എന്ന വിശദീകരണമാണ്. ഇതിന്റെ ഒരു അനുബന്ധമാണ് ‘അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയുള്ളപ്പോള്‍ അത് നിര്‍വഹിക്കുക’ എന്നത്. ഒരു അടിമ തന്റെ റബ്ബിനെ സ്മരിച്ചാലാണ് നമസ്‌കാരം നിര്‍വഹിക്കുക. അപ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാണ് അവിടെ ആദ്യമുണ്ടായത്. അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ അത് മുഖേനയുണ്ടായി എന്നര്‍ഥം. ചുരുക്കത്തില്‍ മൂന്ന് ആശയങ്ങളും ശരിതന്നെയാണ്.

അല്ലാഹു പറയുന്നു: ”(നബിയേ,) വേദഗ്രന്ഥത്തില്‍നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതിക്കേള്‍പിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍നിന്നും നിഷിദ്ധകര്‍മത്തില്‍നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യംതന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു” (ക്വുര്‍ആന്‍ 29:45).

ഇതിന്റെ വിശദീകരണങ്ങളായി വന്നതില്‍ ഒന്ന് ഇപ്രകാരമാണ്: ‘നിശ്ചയം നിങ്ങള്‍ നമസ്‌കാരത്തിലൂടെ അല്ലാഹുവിനെ സ്മരിക്കുകയാണ്. അല്ലാഹുവാകട്ടെ അവനെ സ്‌നേഹിക്കുന്നവരെ സ്മരിക്കുന്നു. അല്ലാഹു നിങ്ങളെ സ്മരിക്കുക എന്നതാണ് നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക എന്നതിനെക്കാള്‍ പ്രധാനം.’ ഇബ്‌നു അബ്ബാസ്(റ), സല്‍മാന്‍(റ), അബുദ്ദര്‍ദാഅ്(റ), ഇബ്‌നു മസ്ഊദ്(റ) തുടങ്ങിയവരില്‍നിന്നൊക്കെ ഇപ്രകാരം ഉദ്ധരിക്കുപ്പെടുന്നുണ്ട്.

‘അല്ലാഹുവിന്റെ ദിക്ര്‍ ആണ് ഏറ്റവും വലുത്’ എന്നതിന് അല്ലാഹുവിന്റെ തന്നെ മറ്റൊരു വചനമായ ‘നിങ്ങള്‍ എന്നെ സ്മരിക്കുക; എങ്കില്‍ ഞാന്‍ നിങ്ങളെയും ഓര്‍ക്കും’ എന്ന സൂക്തംകൊണ്ടും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അല്ലാഹു നിങ്ങളെ ഓര്‍ക്കുക എന്നതാണ് നിങ്ങള്‍ അവനെ ഓര്‍ക്കുന്നതിനെക്കാള്‍ മഹത്തരമായിട്ടുള്ളത്. (തഫ്‌സീറുത്ത്വബ്‌രി കാണുക).

 ഇബ്‌നു സൈദും ക്വതാദയും പറയുന്നു: ‘അതിന്റെ അര്‍ഥം; അല്ലാഹുവിനെ ദിക്ര്‍ ചെയ്യലാണ് എല്ലാറ്റിനെക്കാളും മഹത്തരമായത്.’ സല്‍മാന്‍(റ) ചോദിക്കപ്പെട്ടു: ‘ഏത് കര്‍മമാണ് ഏറ്റവും ശ്രേഷ്ഠം?’ അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ ക്വുര്‍ആന്‍ വായിച്ചിട്ടില്ലേ? അല്ലാഹുവിനെ സ്മരിക്കലാണ് ഏറ്റവും വലുത്'(29:45) (ത്വബ്‌രി ഉദ്ധരിച്ചത്)

ഇതിന് ഉപോല്‍ബലകമാണ് മുമ്പ് പറഞ്ഞ അബുദ്ദര്‍ദാഇന്റെ ഹദീഥ്: ‘നിങ്ങളുടെ കര്‍മങ്ങളില്‍ ഏറ്റവും ഉത്തമമായതിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെ; അതായത് നിങ്ങളുടെ രാജാധിരാജന്റെയടുക്കല്‍ ഏറ്റവും വിശിഷ്ഠമായതും സ്വര്‍ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാള്‍ ഉത്തമമായതും…’ (തിര്‍മുദി, ഇബ്‌നുമാജ, അഹ്മദ്, ഹാകിം മുതലായവര്‍ ഉദ്ധരിച്ചത്).

ശൈഖുല്‍ ഇസ്‌ലാം അബുല്‍അബ്ബാസ് ഇബ്‌നുതൈമിയ്യ(റഹി) പറയാറുണ്ടായിരുന്നു: ‘ഈ ആയിരത്തിന്റെ ശരിയായ വിവക്ഷ ഇതാണ്; നിശ്ചയം, നമസ്‌കാരത്തില്‍ രണ്ട് പ്രധാന ലക്ഷ്യങ്ങളുണ്ട്. ഒന്ന് മറ്റൊന്നിനെക്കാള്‍ പ്രധാനമാണ്. തീര്‍ച്ചയായും നമസ്‌കാരം മ്ലേച്ഛവും ഏറ്റവും മോശപ്പെട്ടതുമായ കാര്യങ്ങളില്‍നിന്നും തടയുന്നതാണ്. അപ്രകാരംതന്നെ അത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും പ്രകീര്‍ത്തനങ്ങളും അടങ്ങുന്നതാണ്. അതിലെ അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ ആണ് മ്ലേച്ഛവും മോശവുമായ കാര്യങ്ങളില്‍നിന്നും അത് തടയുന്നു എന്നതിനെക്കാള്‍ മഹത്തരമായത്’ (അല്‍ഉബൂദിയ്യ, മജ്മൂഉ ഫതാവ എന്നിവ നോക്കുക).

ഇബ്‌നു അബിദ്ദുന്‍യാ പറയുന്നു: ”ഇബ്‌നു അബ്ബാസി(റ)നോട് ‘ഏതു കര്‍മമാണ് ഏറ്റവും ശ്രേഷ്ഠം’ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനെ സ്മരിക്കലാണ് ഏറ്റവും മഹത്തരം’ (ഇബ്‌നു അബീശൈബ തന്റെ ‘മുസ്വന്നഫി’ലും ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും ഉദ്ധരിച്ചത്).

നബി ﷺ പറഞ്ഞതായി ആഇശ(റ) നിവേദനം ചെയ്യുന്നു: ”നിശ്ചയമായും (ഹജ്ജിന്റെ ഭാഗമായി)കഅ്ബ ത്വവാഫ് ചെയ്യലും സഫാമര്‍വകള്‍ക്കിടയില്‍ സഅ്‌യ് നിര്‍വഹിക്കലും ജംറകളില്‍ എറിയലും എല്ലാം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്” (അബൂദാവൂദ്, തിര്‍മുദി).

അമ്പത്തിയാറ്: ഏതൊരു കര്‍മം ചെയ്യുന്നവരിലും ഏറ്റവും ശ്രേഷ്ഠര്‍ ആ കര്‍മിലത്തിലൂടെ അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നവരാണ്. നോമ്പുകാരില്‍ ഏറ്റവും ശ്രേഷ്ഠര്‍ തങ്ങളുടെ നോമ്പിലൂടെ അല്ലാഹുവിനെ കൂടുതലായി സ്മരിക്കുന്നവരാണ്. ദാനധര്‍മങ്ങള്‍ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ അതിലൂടെ അല്ലാഹുവിനെ അധികമായി ഓര്‍ക്കുന്നവരാണ്. ഹജ്ജ് ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും മഹത്ത്വമുള്ളവര്‍ അല്ലാഹുവെ ധാരാളമായി പ്രകീര്‍ത്തിക്കുന്നവരാണ്. ഇങ്ങനെയാണ് മറ്റു കര്‍മങ്ങളുടെയും സ്ഥിതി.

ഈ വിഷയത്തില്‍ മുര്‍സലായ ഒരു ഹദീഥ് ഇബ്‌നു അബിദ്ദുന്‍യാ ഉദ്ധരിക്കുന്നുണ്ട്. നബി ﷺ യോട് ഒരാള്‍ ചോദിച്ചു: ‘ഏത് പള്ളിയുടെ ആളുകളാണ് ഉത്തമര്‍?’ അവിടുന്ന് പറഞ്ഞു: ‘അവരില്‍ കൂടുതലായി അല്ലാഹുവിനെ സ്മരിക്കുന്നവര്‍.’ വീണ്ടും ചോദിക്കപ്പെട്ടു: ‘ജനാസയെ അനുഗമിക്കുന്നവരില്‍ ഉത്തമര്‍ ആരാണ്?’ നബി ﷺ പറഞ്ഞു: ‘അവരില്‍ അല്ലാഹുവിനെ അധികമായി ഓര്‍ക്കുന്നവര്‍.’ പിന്നെയും ചോദിക്കപ്പെട്ടു: ‘ധര്‍മസമരം നയിക്കുന്നവരില്‍ ആരാണ് ഏറ്റവും ശ്രേഷ്ഠര്‍?’ അവിടുന്ന് പറഞ്ഞു: ‘അവരില്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ അധികരിപ്പിച്ചവര്‍.’ ‘ഹജ്ജു ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ ആരാണ്’ എന്നു ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘അവരില്‍ കൂടുതലായി അല്ലാഹുവിനെ സ്മരിച്ചവര്‍.’ ‘രോഗികളെ സന്ദര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ ആരാണ് ഏറ്റവും ശ്രേഷ്ഠര്‍’ എന്നു ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘അവരുടെ കൂട്ടത്തില്‍ അല്ലാഹുവിനെ കൂടുതലായി ഓര്‍ക്കുന്നവര്‍.’ അബൂബക്കര്‍(റ) പറഞ്ഞു:’അല്ലാഹുവിനെ സ്മരിക്കുന്ന ‘ദിക്‌റി’ന്റെ ആളുകള്‍ നന്മകളെല്ലാം കൊണ്ടുപോയി’ (ഇബ്‌നുല്‍മുബാറക് ‘അസ്സുഹ്ദി’ലും അബുല്‍ ക്വാസിമുല്‍ അസ്ബഹാനി ‘അത്തര്‍ഹീബു വത്തര്‍ഗീബി’ലും ബൈഹഖി ‘ശുഅബുല്‍ ഈമാനി’ലും മുര്‍സലായി ഉദ്ധരിച്ചത്. സനദ് മുറിഞ്ഞുപോകാത്ത വിധത്തിലും നബി ﷺ യില്‍നിന്ന് ഇമാം അഹ്മദും ത്വബ്‌റാനിയും ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ പരമ്പരയിലും വിമര്‍ശനവിധേയനായ വ്യക്തിയുണ്ട് -കുറിപ്പുകാരന്‍).

ഉബൈദുബ്‌നു ഉമൈര്‍(റ) പറയുന്നു: ‘ഈ രാത്രിയിലെ പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരികയോ ധനം ചെലവഴിക്കാന്‍ നിങ്ങള്‍ ലുബ്ധത കാണിക്കുകയോ ശത്രുവിനെ നേരിടാന്‍ നിങ്ങള്‍ ഭീരുക്കളാവുകയോ ചെയ്താല്‍ ഉടന്‍ നിങ്ങള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റുകള്‍ അധികരിപ്പിച്ചുകൊള്ളുക’ (ഇബ്‌നു അബീശൈബ തന്റെ ‘മുസ്വന്നഫി’ലും അഹ്മദ് തന്റെ ‘അസ്സുഹ്ദി’ലും അബൂ നുഐം ‘അല്‍ഹില്‍യ’യിലും ഉദ്ധരിച്ചത്).

അമ്പത്തിയേഴ്: ദിക്ര്‍ സ്ഥിരമായി നിര്‍വഹിക്കുന്നത് മറ്റു ഐച്ഛിക കര്‍മങ്ങള്‍ക്ക് പകരവും അവയുടെ സ്ഥാനത്ത് നില്‍ക്കുന്നതുമാണ്. അവ ശരീരംകൊണ്ട് നിര്‍വഹിക്കുന്ന കര്‍മങ്ങളോ സമ്പത്തുകൊണ്ട് നിര്‍വഹിക്കുന്നവയോ അതല്ലെങ്കില്‍ ശരീരംകൊണ്ടും സമ്പത്തുകൊണ്ടും നിര്‍വഹിക്കുന്ന ഐച്ഛികമായ ഹജ്ജ് പോലെയുള്ള കര്‍മങ്ങളോ ആണെങ്കിലും സമമാണ്.

അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്ന ഹദീഥില്‍ വ്യക്തമായിത്തന്നെ അത് വന്നിട്ടുണ്ട്. മുഹാജിറുകളിലെ ദരിദ്രരായ ചിലര്‍ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, സമ്പന്നരായ ആളുകള്‍ ഉന്നതമായ പദവികളെല്ലാം കൊണ്ടുപോയല്ലോ; സ്ഥിരാസ്വാദനങ്ങളുടെ സ്വര്‍ഗവും. കാരണം, ഞങ്ങള്‍ നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയുമൊക്കെ ചെയ്യുന്നതുപോലെ അവരും നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞങ്ങളെക്കാള്‍ കൂടുതലായി അവരുടെ പക്കല്‍ സമ്പത്തുള്ളതിനാല്‍ അതുപയോഗിച്ച് അവര്‍ ഹജ്ജും ഉംറയും ജിഹാദും നിര്‍വഹിക്കുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്കൊരു കാര്യം അറിയിച്ചുതരട്ടെ? അതുമുഖേന നിങ്ങള്‍ക്ക് മുന്‍കടന്നവരോടൊപ്പമെത്താനും. നിങ്ങള്‍ക്ക് ശേഷമുള്ളവരെ മുന്‍കടക്കാനും കഴിയും. നിങ്ങള്‍ ചെയ്യുന്നതുപോലെ ചെയ്യുന്നവരല്ലാത്ത ഒരാളും നിങ്ങളെക്കാള്‍ മഹത്ത്വമുള്ളവരായി ഉണ്ടാവുകയില്ല.’ അവര്‍ പറഞ്ഞു: ‘അറിയിച്ചു തന്നാലും തിരുദൂതരേ.’ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ ഓരോ നമസ്‌കാര ശേഷവും തസ്ബീഹും (പരിശുദ്ധിയെ വാഴ്ത്തല്‍ അഥവാ പ്രകീര്‍ത്തനം ചെയ്യല്‍), അല്ലാഹുവിനെ സ്തുതിക്കുന്ന സ്‌തോത്രകീര്‍ത്തനങ്ങളും അഥവാ ‘അല്‍ഹംദുലില്ലാഹി’യും അല്ലാഹുവിനെ വാഴ്ത്തുന്ന തക്ബീറുകളും അഥവാ ‘അല്ലാഹു അക്ബറും’ ചൊല്ലുക’ (ബുഖാരി, മുസ്‌ലിം).

പാവപ്പെട്ട ഈ സ്വഹാബിമാര്‍ക്ക് ചെയ്യാന്‍ പറ്റാതിരുന്ന ഹജ്ജിനും ഉംറക്കും ജിഹാദിനും ഒക്കെ പകരമായി അവര്‍ക്ക് നിശ്ചയിച്ചുകൊടുത്തത് ‘ദിക്‌റി’നെയാണ്. ഈ ദിക്‌റുകള്‍കൊണ്ട് ഇവര്‍ക്ക് മറ്റുള്ളവരെ മുന്‍കടക്കാന്‍ കഴിയുമെന്നും നബി ﷺ അവരെ അറിയിച്ചു. എന്നാല്‍ സമ്പന്നരായ ആളുകള്‍ ഇതറിഞ്ഞപ്പോള്‍ അവരും ഇതെല്ലാം ചെയ്യാന്‍ തുടങ്ങി. അങ്ങനെ അവരുടെ ദാനധര്‍മങ്ങള്‍ക്കും സമ്പത്ത് ചെലവഴിച്ചുകൊണ്ടുള്ള ആരാധനകള്‍ക്കും പുറമെ ഈ ദിക്‌റുകള്‍ കൊണ്ടും അവര്‍ കര്‍മങ്ങളധികരിപ്പിച്ചു. അതിലൂടെ ഈ രണ്ട് വിധത്തിലുള്ള മഹത്ത്വങ്ങളും അവര്‍ കരസ്ഥമാക്കി. പാവപ്പെട്ടവര്‍ ഇവരോട് മത്സരിക്കുകയായിരുന്നു. അവരും ഈ പുണ്യത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ നബി ﷺ യോട് അവര്‍ വിവരം പറഞ്ഞു. ആ സമ്പന്നരായ ആളുകള്‍ ഞങ്ങള്‍ക്ക് യാതൊരു ശേഷിയുമില്ലാത്ത കാര്യങ്ങള്‍കൊണ്ട് അതിജയിച്ചു മുന്നിട്ടു എന്നും പറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അത് അല്ലാഹുവിന്റെ പ്രത്യേകമായ ഔദാര്യമാകുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു.’

അബ്ദുല്ലാഹിബ്‌നു ബുസ്‌റിന്റെ ഹദീഥില്‍ പറയുന്നു: ”ഒരു ഗ്രാമീണനായ വ്യക്തി വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങളും മറ്റു കാര്യങ്ങളുമൊക്കെ എനിക്ക് വളരെ അധികമായി തോന്നുന്നു. അതിനാല്‍ എനിക്ക് മതിയായതും എല്ലാം ഉള്‍ക്കൊള്ളുന്നതുമായ ഒരു കാര്യം എനിക്ക് അറിയിച്ചു തന്നാലും.’ നബി ﷺ പറഞ്ഞു: ‘നീ അല്ലാഹുവിന് ദിക്ര്‍ ചെയ്യുക.’ അദ്ദേഹം ചോദിച്ചു: ‘തിരുതൂദരേ, അത് മതിയോ?’ നബി ﷺ പറഞ്ഞു: ‘അതെ, അത് താങ്കള്‍ക്ക് ശ്രേഷ്ഠകരമാണ്’ (അഹ്മദ്, തിര്‍മുദി, ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാന്‍, ഹാകിം തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇവിടെ പറയപ്പെട്ട രൂപത്തില്‍ ഉദ്ധരിക്കുന്നത് ഇബ്‌നു അബീആസ്വ്(റ) തന്റെ ‘അല്‍ ആഹാദ് വല്‍ മസാനി’ എന്ന ഗ്രന്ഥത്തിലാണ്- കുറിപ്പുകാരന്‍).

ഗുണകാംക്ഷിയായ തിരുദൂതര്‍ ﷺ അദ്ദേഹത്തിന് ഇസ്‌ലാമിക നിയമങ്ങളിലേക്ക് താല്‍പര്യം ജനിപ്പിക്കുന്ന ഒരു കാര്യമാണ് അറിയിച്ചുകൊടുത്തത്. അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ അയാള്‍ തന്റെ മുഖമുദ്രയാക്കിയാല്‍ അല്ലാഹുവിനെയും അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവയെയും അയാള്‍ക്ക് പ്രിയങ്കരമാവും. അപ്പോള്‍ പിന്നെ ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ പിന്‍പറ്റി അല്ലാഹുവിലേക്ക് അടുക്കുക എന്നതിനെക്കാള്‍ പ്രിയങ്കരമായി അയാള്‍ക്ക് വേറെ ഒന്നും ഉണ്ടാവുകയില്ല. അതിനാല്‍ അയാള്‍ക്ക് ഇസ്‌ലാമിന്റെ വിധിവിലക്കുകളോട് ആഭിമുഖ്യമുണ്ടാകുന്നതും അതിനെ ആയാസകരമാക്കുന്നതുമായ ഒരു കാര്യമാണ് അറിയിച്ചുകൊടുത്തത്. അതായത് അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍. ഇപ്പറഞ്ഞത് വിശദമാക്കുന്നതാണ് താഴെ വരുന്ന 58ാമത്തെ സംഗതി

അന്‍പത്തിഎട്ട്: നിശ്ചയം അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ നന്മകള്‍ പ്രവര്‍ത്തിക്കാനുള്ള ഏറ്റവും വലിയ സഹായമാണ്. ദിക്ര്‍ നന്മകളെ അല്ലാഹുവിന്റെ ദാസന്മാര്‍ക്ക് പ്രിയങ്കരമാക്കും. അവര്‍ക്ക് ലളിതവും ആസ്വാദ്യകരവുമാക്കും. തങ്ങളുടെ കണ്‍കുളിര്‍മയും സന്തോഷവും ആനന്ദവുമൊക്കെ അവയിലാക്കി ത്തീര്‍ക്കും. അങ്ങനെ അല്ലാഹുവിന് വഴിപ്പെട്ട് നന്മകളും ആരാധനകളും അനുഷ്ഠിക്കുന്നതിന് അവര്‍ക്ക് യാതൊരു ഭാരമോ പ്രയാസമോ ബുദ്ധിമുട്ടോ അനുഭവപ്പെടുകയില്ല. ദിക്‌റില്‍നിന്നകന്ന് അശ്രദ്ധയില്‍ കഴിയുന്നവരുടെ സ്ഥിതി നേരെ മറിച്ചായിരിക്കും. അനുഭവങ്ങള്‍ അതിന് സാക്ഷിയാണ്.

അന്‍പത്തിയൊമ്പത്: നിശ്ചയം, അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ പ്രയാസങ്ങളെ ആയാസകരമാക്കും. ഞെരുക്കമുള്ളതിനെ ലളിതമാക്കും. ബുദ്ധിമുട്ടുകളെ ലഘൂകരിക്കും. പ്രയാസകരമായ ഏതൊരു കാര്യത്തില്‍ അല്ലാഹുവിനെ സ്മരിച്ചുവോ തീര്‍ച്ചയായും അത് പ്രയാസരഹിതമാകുന്നതാണ്. ഞെരുക്കങ്ങളെയും ബുദ്ധിമുട്ടുകളെയും കാലുഷ്യങ്ങളെയും അത് നീക്കിക്കളയും

ഏതൊരു ദുരിതവും അതുമുഖേന വഴിമാറും. അപ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ ആണ് പ്രയാസത്തിന് ശേഷമുള്ള ആശ്വാസവും ഞെരുക്കത്തിന് പിന്നാലെയുള്ള എളുപ്പവും സങ്കടങ്ങളില്‍ നിന്നും ദുഖങ്ങളില്‍നിന്നുമുള്ള മോചനവും. താഴെ വരുന്ന കാര്യം അത് ഒന്നുകൂടി വിശദമാക്കുന്നതാണ്. (തുടരും)

ശമീര്‍ മദീനി

നേർപഥം 

 

ആരാധനകള്‍ക്ക് ഒരാമുഖം (ഭാഗം: 25)

ആരാധനകള്‍ക്ക് ഒരാമുഖം (ഭാഗം: 25)

അന്‍പത്തിയൊന്ന്: ഇഹലോകത്തെ സ്വര്‍ഗത്തോപ്പില്‍ താമസിക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദിക്‌റിന്റെ ഇരിപ്പിടങ്ങളില്‍ അയാള്‍ ഇരിപ്പുറപ്പിച്ചുകൊള്ളട്ടെ; നിശ്ചയം അത് സ്വര്‍ഗത്തോപ്പാകുന്നു.

ഇബ്‌നു അബീദുന്‍യയും മറ്റും ജാബിര്‍(റ)വിന്റെ ഹദീസായി ഉദ്ധരിക്കുന്നു: ഒരിക്കല്‍ നബി ﷺ ഞങ്ങളിലേക്ക് വന്നുകൊണ്ട് പറഞ്ഞു:

‘അല്ലയോ ജനങ്ങളേ, സ്വര്‍ഗീയ തോപ്പുകളില്‍ നിങ്ങള്‍ മേഞ്ഞുകൊള്ളുക.”ഞങ്ങള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്താണ് ആ സ്വര്‍ഗത്തോപ്പ്?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന ദിക്‌റിന്റെ സദസ്സുകളാണത്.’ എന്നിട്ട് പറഞ്ഞു: ‘നിങ്ങള്‍ രാവിലെയും വൈകുന്നേരവും പോവുകയും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. ആര്‍ക്കെങ്കിലും അല്ലാഹുവിന്റെയടുക്കലുള്ള തന്റെ സ്ഥാനം അറിയണമെന്നാഗ്രഹമുണ്ടെങ്കില്‍ തന്റെയടുക്കല്‍ അല്ലാഹുവിനുള്ള സ്ഥാനം എങ്ങനെയാണന്ന് അവന്‍ നോക്കിക്കൊള്ളട്ടെ. തന്റെയടുക്കല്‍ അല്ലാഹുവിന് അവന്‍ കല്‍പിച്ച സ്ഥാനമനുസരിച്ച് അല്ലാഹു അവനും സ്ഥാനം നല്‍കുന്നതാണ്’ (അബ്ദുബ്‌നു ഹുമൈദ് തന്റെ മുസ്‌നദിലും അബൂയഅ്‌ല തന്റെ മുസ്‌നദിലും ഉദ്ധരിച്ചത്. ഹാകിമും ഇബ്‌നുഹിബ്ബാനും ഉദ്ധരിച്ചിട്ടുണ്ട്. ഇതിന്റെ പരമ്പരയിലെ ഉമറുബ്‌നു അബ്ദില്ല എന്ന വ്യക്തി ദുര്‍ബലനാണ്. എന്നാല്‍ ഇമാം മുന്‍ദിരി ‘അത്തര്‍ഗീബു വത്തര്‍ഹീബി’ല്‍ ഇതിനെ ‘ഹസനായി’ പരിഗണിച്ചിട്ടുണ്ട്. ഒരു പക്ഷേ, ഉപോല്‍ബലകങ്ങളായ മറ്റു റിപ്പോര്‍ട്ടുകളെ (ശവാഹിദ്) പരിഗണിച്ചായിരിക്കും- കുറിപ്പുകാരന്‍).

അന്‍പത്തിരണ്ട്: ദിക്‌റിന്റെ സദസ്സുകള്‍ മലക്കുകളുടെ സദസ്സുകളാണ്. അല്ലാഹു പ്രകീര്‍ത്തിക്കപ്പെടുന്ന സദസ്സുകളല്ലാതെ മറ്റൊരു സദസ്സും അവര്‍ക്ക് ദുനിയാവിലില്ല. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും തങ്ങളുടെ സ്വഹീഹുകളില്‍ ഉദ്ധരിക്കുന്നു: അബൂ ഹുറയ്‌റ(റ) നിവേദനം: ”അല്ലാഹുവിന്റെ തിരുദൂതര്‍ പറഞ്ഞു: ‘നിശ്ചയം, ജനങ്ങളുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന മലക്കുകള്‍ കൂടാതെ അല്ലാഹുവിന് പ്രത്യേകമായി ചില മലക്കുകളുണ്ട്. അവര്‍ വഴികളിലൂടെ ചുറ്റിസഞ്ചരിച്ച് ‘ദിക്‌റി’ന്റെ ആളുകളെ അന്വേഷിക്കും. അങ്ങനെ അല്ലാഹുവിനെ ദിക്ര്‍ ചെയ്തുകൊണ്ടിരിക്കുന്ന  ആളുകളെ കണ്ടെത്തിയാല്‍  (മറ്റു മലക്കുകളോടായി) അവര്‍ വിളിച്ചു പറയും: ‘നിങ്ങള്‍ അന്വേഷിച്ചുനടക്കുന്നതിലേക്ക് വരൂ.’ അങ്ങനെ അവര്‍ തങ്ങളുടെ ചിറകുകള്‍കൊണ്ട് ഇവരെ ചുറ്റിപ്പൊതിയും. അവരുടെ രക്ഷിതാവ് അവരോട് ചോദിക്കും-അവന്‍ ഇവരെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവനാണ്- ‘എന്റെ ദാസന്മാര്‍ എന്താണ് പറയുന്നത്?’ അവര്‍ പറയും: ‘അവര്‍ നിന്നെ പ്രകീര്‍ത്തിക്കുകയും (തസ്ബീഹ്) നിന്റെ മഹത്ത്വങ്ങള്‍ വാഴ്ത്തുകയും (തക്ബീര്‍) നിന്നെ സ്തുതിക്കുകയും (ഹംദ്) നിന്നെ പുകഴ്ത്തുകയും ചെയ്യുകയാണ്.’

അപ്പോള്‍ അല്ലാഹു ചോദിക്കും: ‘അവര്‍ എന്നെ കണ്ടിട്ടുണ്ടോ?’ മലക്കുകള്‍ പറയും: ‘ഇല്ല, അല്ലാഹുവാണെ സത്യം! അവര്‍ നിന്നെ കണ്ടിട്ടില്ല.’ അപ്പോള്‍ അവന്‍ ചോദിക്കും: ‘അപ്പോള്‍ അവര്‍ എന്നെ കണ്ടാല്‍ എന്തായിരിക്കും സ്ഥിതി?’ അവര്‍ പറയും: ‘അവര്‍ നിന്നെ കണ്ടിരുന്നെങ്കില്‍  ഏറ്റവും ശക്തമായി നിനക്ക് ഇബാദത്തുകള്‍  എടുക്കുകയും  ഏറ്റവും ശക്തമായി നിന്നെ വാഴ്ത്തുകയും പുകഴ്ത്തുകയും വളരെ കൂടുതലായി നിന്നെ പ്രകീര്‍ത്തിക്കുകയും ചെയ്യുമായിരുന്നു.’

അല്ലാഹു ചോദിക്കും: ‘അവര്‍ എന്താണ് എന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നത്?’ മലക്കുകള്‍ പറയും: ‘അവര്‍ നിന്നോട് സ്വര്‍ഗം ചോദിക്കുന്നു.’ അപ്പോള്‍ അല്ലാഹു ചോദിക്കും: ‘അവര്‍ സ്വര്‍ഗം കണ്ടിട്ടുണ്ടോ?’ അപ്പോള്‍ മലക്കുകള്‍ പറയും: ‘ഇല്ല, അല്ലാഹുവാണെ, അവര്‍ അത് കണ്ടിട്ടില്ല.’ അപ്പോള്‍ അല്ലാഹു പറയും: ‘അപ്പോള്‍ അവര്‍ അത് കണ്ടിരുന്നുവെങ്കില്‍ എന്തായിരിക്കും സ്ഥിതി?’ മലക്കുകള്‍ പറയും: ‘അവര്‍ അത് കണ്ടിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമായ ആഗ്രഹമുള്ളവരും അതിയായി അതിനുവേണ്ടി തേടുന്നവരും അതിന്റെ കാര്യത്തില്‍ അതീവ തല്‍പരരുമാകുമായിരുന്നു.’

എന്നിട്ട് അല്ലാഹു ചോദിക്കും: ‘എന്തില്‍നിന്നാണവര്‍ രക്ഷ തേടുന്നത്?’ മലക്കുകള്‍ പറയും: ‘നരകത്തില്‍ നിന്ന്.’ അല്ലാഹു ചോദിക്കും: ‘അവരത് കണ്ടിട്ടുണ്ടോ?’ മലക്കുകള്‍ പറയും: ‘ഇല്ല, അല്ലാഹുവാണെ അവരത് കണ്ടിട്ടില്ല.’ അല്ലാഹു പറയും: ‘അപ്പോള്‍ അവരത് കണ്ടാല്‍ എന്തായിരിക്കും അവസ്ഥ?’ മലക്കുകള്‍ പറയും: ‘അവരത് കണ്ടിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമായി അതില്‍നിന്ന് ഓടിയകലുകയും വല്ലാതെ അതിനെ ഭയക്കുകയും ചെയ്യുമായിരുന്നു.’ അല്ലാഹു പറയും: ‘ഞാനിതാ നിങ്ങളെ സാക്ഷിനിര്‍ത്തിക്കൊണ്ട് പറയുന്നു: തീര്‍ച്ചയായും ഞാനവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു.’ അപ്പോള്‍ ആ മലക്കുകളില്‍ പെട്ട ഒരു മലക്ക് പറയും: ‘അവരുടെ കൂട്ടത്തില്‍ അവരില്‍ പെടാത്ത ഒരാളുണ്ട്. അയാള്‍ മറ്റെന്തോ ആവശ്യത്തിന് വന്നുപെട്ടതാണ്.’ അവന്‍ പറയും: ‘അവര്‍ ഒരുമിച്ചിരുന്നവരാണ്. അവരോടൊപ്പം ഇരുന്നവരും പരാജയപ്പെടുകയില്ല’ (ബുഖാരി, മുസ്‌ലിം).

ഇത് അവര്‍ക്ക് അല്ലാഹു കല്‍പിച്ച ആദരവിന്റെയും അനുഗ്രഹത്തിന്റെയും ഭാഗമാണ്. അവര്‍ക്ക് മാത്രമല്ല, അവരോട് കൂടെ ഇരുന്നവര്‍ക്കും. അല്ലാഹു സൂറതു മര്‍യമില്‍ പറഞ്ഞതില്‍നിന്നൊരു വിഹിതം അവര്‍ക്കുമുണ്ട്: ”ഞാന്‍ എവിടെയായിരുന്നാലും എന്നെ നീ അനുഗ്രഹീതനാക്കേണമേ…”(19:31). ഇപ്രകാരമാണ് സത്യവിശ്വാസി. അവന്‍ എവിടെച്ചെന്നിറങ്ങിയാലും അനുഗ്രഹിക്കപ്പെട്ടവനായിരിക്കും. എന്നാല്‍ തെമ്മാടികള്‍ എവിടെ ചെന്നുപെട്ടാലും ലക്ഷണം കെട്ടവരായിരിക്കും.

അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന സദസ്സുകള്‍ മലക്കുകളുടെ സദസ്സുകളാണ്. എന്നാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നകന്ന അശ്രദ്ധയുടെ സദസ്സുകളാട്ടെ അവ പിശാചുക്കളുടെ സദസ്സുകളാണ്. ഓരോന്നും അതിന്റെതായ സദൃശ്യരിലേക്കും കോലത്തിലേക്കുമാണ് ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഓരോ വ്യക്തിയും തനിക്ക് അനുയോജ്യമായതിലേക്ക് ചെന്നുചേരുന്നതാണ്.

അമ്പത്തിമൂന്ന്: നിശ്ചയം, അല്ലാഹു അവനെ പ്രകീര്‍ത്തിക്കുന്നവരെക്കുറിച്ച് മലക്കുകളോട് അഭിമാനം പറയും. ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍  അബൂസഈദില്‍  ഖുദ്‌രി(റ) നിവേദനം ചെയ്തതായി ഉദ്ധരിക്കുന്നു: ”പള്ളിയിലുണ്ടായിരുന്ന ഒരു സദസ്സിലേക്ക് മുആവിയ(റ) ചെന്നിട്ട് ചോദിച്ചു: ‘എന്താണ് നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയിരിക്കുന്ന കാര്യം?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇരുന്നതാണ്.’ അദ്ദേഹം ചോദിച്ചു: ‘അല്ലാഹുവാണെ, അതുതന്നെയാണോ നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയത്?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവാണേ, ഞങ്ങള്‍ അതിനുവേണ്ടി മാത്രമാണ് ഇവിടെയിരുന്നത്.’

മുആവിയ(റ) പറഞ്ഞു: ‘ഞാന്‍ നിങ്ങളെ സംശയിച്ചതുകൊണ്ടല്ല നിങ്ങളോട് ശപഥം ചെയ്യിച്ചത്. (പ്രത്യുത മറ്റൊരു കാര്യത്തിനാണ്). എന്നെക്കാള്‍ നബി ﷺ യില്‍നിന്ന് കുറച്ചു മാത്രം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വേറെ ആരും ഉണ്ടാകില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഒരിക്കല്‍ നബി ﷺ തന്റെ സ്വഹാബികള്‍ കൂടിയിരുന്ന ഒരു സദസ്സിലേക്ക് ചെന്നിട്ട് ചോദിച്ചു: ‘എന്താണ് നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയ സംഗതി?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ ഇവിടെ ഇരുന്നത് അല്ലാഹുവിനെ പ്രകീര്‍ത്തിക്കാനും ഞങ്ങളെ ഇസ്‌ലാമിലേക്ക് വഴിനടത്തുകയും സന്മാര്‍ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്തതിന് അവന് സ്തുതിക്കളര്‍പ്പിക്കുവാനുയിട്ടാണ്.’ അപ്പോള്‍ നബി ﷺ ചോദിച്ചു: ‘അല്ലാഹുവാണേ,സത്യം, അതുതന്നെയാണോ നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയത്?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവാണേ സത്യം! അതുമാത്രമാണ് ഞങ്ങളെ ഇവിടെ പിടിച്ചിരുത്തിയത്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും നിങ്ങളെ സംശയിച്ചതിന്റെ പേരിലല്ല ഞാന്‍ നിങ്ങളെക്കൊണ്ട് ശപഥം ചെയ്യിച്ചത്. മറിച്ച് എന്റെയടുക്കല്‍ ജിബ്‌രീല്‍(അ) വന്നിട്ട് പറഞ്ഞു: ‘നിശ്ചയം, അല്ലാഹു തആല നിങ്ങളെക്കുറിച്ച് മലക്കുകളോട് അഭിമാനം പറയുന്നുവത്രെ’ (മുസ്‌ലിം).

പടച്ച റബ്ബിന്റെ ഈ അഭിമാനം പറച്ചില്‍  ദിക്‌റിന് അവന്റെയടുക്കലുള്ള മഹത്ത്വവും ആദരവും അവന് അതിനോടുള്ള ഇഷ്ടവുമൊക്കെ അറിയിക്കുന്നുണ്ട്. മറ്റു കര്‍മങ്ങളെക്കാള്‍ അതിനുള്ള പ്രത്യേകതയും മനസ്സിലാക്കിത്തരുന്നുണ്ട്. (തുടരും)

ശമീര്‍ മദീനി

നേർപഥം 

 

ആരാധനകള്‍ക്ക് ഒരാമുഖം (ഭാഗം: 24)

ആരാധനകള്‍ക്ക് ഒരാമുഖം (ഭാഗം: 24)

നാല്‍പത്തി ഏഴ്: തീര്‍ച്ചയായും ‘ദിക്ര്‍’ ഹൃദയത്തിനുള്ള ശമനവും ദിവ്യൗഷധവുമാണ്. ദിക്‌റില്‍ നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധ(ഗഫ്‌ലത്ത്)യാകട്ടെ അതിന്റെ രോഗവുമാണ്. അതിനാല്‍ രോഗാതുരമായ മനസ്സുകള്‍ക്കുള്ള ശമനവും ദിവ്യൗഷധവും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിലാണുള്ളത്.

മക്ഹൂല്‍(റ) പറഞ്ഞു: ‘അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) രോഗശമനവും (അത് വിട്ടുകൊണ്ടുള്ള) ജനങ്ങളെക്കുറിച്ചുള്ള കുറിച്ചുള്ള സ്മരണ രോഗവുമാണ്’ (ബൈഹക്വി മുര്‍സലായ രൂപത്തിലും മര്‍ഫൂആയ രൂപത്തിലും മക്ഹൂലില്‍നിന്ന് ഇത് ഉദ്ധരിക്കുന്നുണ്ട്).

(ഇബ്‌നു ഔനിന്റെ വാക്കുകളായി ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഇത് ഉദ്ധരിക്കുന്നുണ്ട്. ഇമാം ദഹബി ‘സിയറു അഅ്‌ലാമി’ല്‍  ഇത് ഉദ്ധരിച്ചശേഷം അനുബന്ധമായി ഇപ്രകാരം കുറിക്കുന്നു: ‘അല്ലാഹുവാണെ സത്യം! നമ്മുടെ അത്ഭുതം നമ്മുടെ അജ്ഞതയെക്കുറിച്ചാണ്. നാം മരുന്ന് ഉപേക്ഷിക്കുകയും രോഗത്തിനായി തിരക്കു കൂട്ടുകയും ചെയ്യുകയല്ലേ?- കുറിപ്പുകാരന്‍).

ഹൃദയം അല്ലാഹുവിനെ സ്മരിക്കുകയാണെങ്കില്‍ അതിന് ശമനവും സൗഖ്യവുമുണ്ടാകും. അതല്ല, പ്രസ്തുത സ്മരണയില്‍നിന്നകന്ന് അശ്രദ്ധയിലാവുകയാണെങ്കില്‍ നേരെ വിപരീതമായിരിക്കും.

”ഞങ്ങള്‍ രോഗാവസ്ഥയിലായാല്‍ നിന്നെക്കുറിച്ചുള്ള ദിക്‌റുകൊണ്ട് ഞങ്ങള്‍ ചികിത്സിക്കും. എന്നാല്‍ ചിലപ്പോള്‍ ഞങ്ങള്‍ ആ ദിക്ര്‍ കയ്യൊഴിക്കുമ്പോള്‍ കാര്യങ്ങള്‍ നേരെ തിരിച്ചുമാകും.” (ഇബ്‌നുല്‍ ക്വയ്യിമിന്റെ തന്നെ വരികളായിരിക്കാം ഇത്. മദാരിജുസ്സാലികീനിലും അദ്ദേഹം ഇത് ഉദ്ധരിക്കുന്നുണ്ട്- കുറിപ്പുകാരന്‍)

നാല്‍പത്തിയെട്ട്: തീര്‍ച്ചയായും ദിക്ര്‍ അല്ലാഹുവിന്റെ സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും അടിസ്ഥാനമാണ്. എന്നാല്‍ ദിക്‌റില്‍നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധ (ഗഫ്‌ലത്ത്) അവന്റെ അനിഷ്ടത്തിന്റെയും ശത്രുതയുടെയും മൂലകാരണമാണ്. ഒരു അടിമ തന്റെ രക്ഷിതാവിനെ സ്മരിച്ചു കൊണ്ടിരിക്കുന്നിടത്തോളം അവന്‍ അയാളെ ഇഷ്ടപ്പെടുകയും അടുപ്പം പുലര്‍ത്തുകയും ചെയ്യുന്നതാണ്. എന്നാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നകന്ന് അശ്രദ്ധനായി കഴിയുന്നത്രയും അവന്‍ അയാളെ വെറുക്കുകയും ശത്രുത പുലര്‍ത്തുകയും ചെയ്യും.

ഔസാഈ(റഹി) പറയുന്നു; ഹസ്സാനുബ്‌നു അത്വിയ്യ(റഹി) പറഞ്ഞു: ”അല്ലാഹുവിനെ സ്മരിക്കുന്നതിനെയും അവനെ സ്മരിക്കുന്നവരെയും വെറുക്കുന്നതിനെക്കാള്‍ ശക്തമായ ഒന്നുകൊണ്ടും ഒരാളും തന്റെ രക്ഷിതാവിനോടു അകല്‍ച്ചയും ശത്രുതയും പ്രകടമാക്കുന്നില്ല” (ബൈഹക്വി ശുഅബൂല്‍ ഈമാനില്‍ ഉദ്ധരിച്ചത്).

ഈ ശത്രുതയുടെയും അകല്‍ച്ചയുടെയും കാരണം ദിക്‌റില്‍നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധയാണ്. അത് അയാളില്‍ നിലനില്‍ക്കുകയും ശക്തിപ്പെടുകയും ചെയ്യുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിനെയും ദിക്ര്‍ ചെയ്യുന്നവരെയും അയാള്‍ വെറുക്കുന്ന സ്ഥിതിയിലെത്തും. അപ്പോള്‍ അല്ലാഹു അയാളെ ശത്രുവായിട്ട് കാണും, അവനെ ദിക്ര്‍ ചെയ്യുന്നവനെ അടുത്തബന്ധുവും ഇഷ്ടക്കാരനുമായി കാണുന്നതുപോലെ.

നാല്‍പത്തിയൊമ്പത്: അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ പോലെ അവന്റെ അനുഗ്രഹങ്ങള്‍ കൊണ്ടുവന്ന് തരാനും അവന്റെ ശിക്ഷയെ തടുക്കാനും പറ്റിയ മറ്റൊന്നുമില്ല. ദിക്ര്‍ അനുഗ്രഹങ്ങളെ വിളിച്ചു കൊണ്ടുവരുന്നതും ശിക്ഷകളെ ശക്തമായി പ്രതിരോധിക്കുന്നതുമാണ്.

അല്ലാഹു പറയുന്നു: ”നിശ്ചയം അല്ലാഹു സത്യവിശ്വാസികള്‍ക്ക് പ്രതിരോധം ഏര്‍പ്പെടുത്തുന്നതാണ്” (ക്വുര്‍ആന്‍ 22:38).

അല്ലാഹു സത്യവിശ്വാസികള്‍ക്ക് ഏര്‍പ്പെടുത്തുന്ന പ്രതിരോധം അവരുടെ ഈമാനിന്റെ ശക്തിയും പൂര്‍ണതയും അനുസരിച്ചായിരിക്കും. ഈമാനിന്റെ ഘടകവും അതിന്റെ ശക്തിയും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റില്‍ ആണ്. അതിനാല്‍ ഏതൊരാള്‍ ഏറ്റവും പൂര്‍ണതയുള്ള ഈമാനിന്റെയും ഏറ്റവും അധികരിച്ച ദിക്‌റിന്റെയും വക്താവാകുന്നുവോ അതനുസരിച്ച് അല്ലാഹു അയാള്‍ക്ക് ഏര്‍പ്പെടുത്തുന്ന സുരക്ഷയും പ്രതിരോധവും ഏറ്റവും മഹത്തരമായിരിക്കും. കുറവിനനുസരിച്ച് കുറയുകയും ചെയ്യും. സ്മരണയക്ക് സ്മരണയും മറവിക്ക് അവഗണനയും.

അല്ലാഹു പറയുന്നു: ”നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ)” (ക്വുര്‍ആന്‍ 14:7).

മുമ്പ് നാം പറഞ്ഞതു പോലെ ദിക്‌റാണ് നന്ദിയുടെ പ്രധാന ഭാഗം. നന്ദിയാകട്ടെ അനുഗ്രഹങ്ങളെ കൊണ്ടുവരുന്നതും അതിന്റെ വര്‍ധനവ് അനിവാര്യമാക്കുന്നതുമാണ്. സച്ചരിതരായ മുന്‍ഗാമികളില്‍ ചിലര്‍ ഇപ്രകാരം പറയുമായിരുന്നു:

‘നിനക്ക് നന്മ ചെയ്യുന്നതില്‍നിന്ന് ഒരിക്കലും അശ്രദ്ധനാകാത്തവനെ (അഥവാ അല്ലാഹുവിനെ) സ്മരിക്കുന്നതില്‍നിന്നുള്ള അശ്രദ്ധയെക്കാള്‍ മോശപ്പെട്ട ഒന്നുമില്ല’ (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഉദ്ധരിച്ചത്).

അന്‍പത്: തീര്‍ച്ചയായും ദിക്ര്‍ അത് നിര്‍വഹിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്ത് അനിവാര്യമാക്കുന്നതാണ്. അല്ലാഹുവും അവന്റെ മലക്കുകളും ആര്‍ക്കുവേണ്ടി സ്വലാത്ത് ചെയ്യുന്നുവോ ഉറപ്പായും അയാള്‍ എല്ലാ വിജയവും കരസ്ഥമാക്കുകയും സര്‍വ നേട്ടങ്ങളും കൈവരിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍. അവന്‍ നിങ്ങളുടെമേല്‍ സ്വലാത്ത് ചൊരിയുന്നവനാകുന്നു. അവന്റെ മലക്കുകളും (കരുണകാണിക്കുന്നു). അന്ധകാരങ്ങളില്‍നിന്ന് നിങ്ങളെ വെളിച്ചത്തിലേക്ക് ആനയിക്കുന്നതിന് വേണ്ടിയത്രെ അത്. അവന്‍ സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു” (ക്വുര്‍ആന്‍ 33:41-43).

(അല്ലാഹുവിന്റെ സ്വലാത്ത് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് വാനലോകത്ത് മലക്കുകള്‍ക്കിടയില്‍ അല്ലാഹു അയാളെ പ്രശംസിച്ചു പറയും എന്നതാണ്. മലക്കുകളുടെ സ്വലാത്തുകൊണ്ട് അര്‍ഥമാക്കുന്നത് അവര്‍ക്കുവേണ്ടി മലക്കുകള്‍ അല്ലാഹുവിനോടു നടത്തുന്ന പ്രാര്‍ഥനയുമാണ്-വിവര്‍ത്തകന്‍).

അല്ലാഹുവിന്റെയും അവന്റെ മലക്കുകളുടെയും ഈ സ്വലാത്ത് അല്ലാഹുവിനെ ധാരാളമായി പ്രകീര്‍ത്തിച്ചവര്‍ക്കാണ് കിട്ടുക. ഈ സ്വലാത്താണ് അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക് അവരെ വഴിനടത്താന്‍ നിമിത്തമായത്. അല്ലാഹുവില്‍നിന്നും അവന്റെ മലക്കുകളില്‍നിന്നും പ്രസ്തുത സ്വലാത്ത് ലഭിക്കുകയും ഇരുട്ടുകളില്‍നിന്നും പ്രകാശത്തിലേക്ക് അവര്‍ കൊണ്ടുവരപ്പെടുകയും ചെയ്താല്‍ പിന്നെ അവര്‍ക്ക് കിട്ടാത്തതായി എന്ത് നന്മയാണ് വേറെയുണ്ടാവുക? ഏത് ദോഷമാണ് അവരില്‍ നിന്ന് നീങ്ങിപ്പോകാത്തതായുണ്ടാവുക?

ഹാ, പടച്ച റബ്ബിനെക്കുറിച്ചുള്ള ദിക്‌റില്‍നിന്ന് അകന്നുകൊണ്ട് അശ്രദ്ധയില്‍ കഴിയുന്നവരുടെ കഷ്ടമേ…! അവന്റെ നന്മയില്‍നിന്നും ഔദാര്യത്തില്‍നിന്നും എന്തുമാത്രമാണവര്‍ക്ക് നഷ്ടമാകുന്നത്! അല്ലാഹുവാണ് ഉദവിയേകുന്നവര്‍.

(തുടരും)

ശമീര്‍ മദീനി

നേർപഥം