ആരാണ് മുസ്‌ലിം?

ആരാണ് മുസ്‌ലിം?

കുറ്റകൃത്യങ്ങളിലുള്ള  മുസ്‌ലിംനാമധാരികളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി മുസ്‌ലിം സമുദായത്തെ മൊത്തമായും ഇസ്‌ലാമിനെ പ്രത്യേകമായും അപകീര്‍ത്തിപ്പെടുത്താന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ചില സ്ഥാപിത താല്‍പര്യക്കാര്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റേതൊരു മതത്തില്‍പെട്ട വ്യക്തികള്‍ ചെയ്യുന്ന തെറ്റുകളെയും ആ മതത്തിന്റെയോ സമുദായത്തിന്റെയോ മേല്‍ ചാര്‍ത്തപ്പെടാറില്ല എന്ന കാര്യം ശ്രദ്ധേയമാണ്. ഇസ്‌ലാം എന്തെന്നറിയാത്തവര്‍ അബദ്ധധാരണയില്‍ അകപ്പെടാന്‍ ഇത് കാരണമാകുന്നുവെന്നതില്‍ സംശയമില്ല.

സ്രഷ്ടാവിനുള്ള സമ്പൂര്‍ണ സമര്‍പണമാണ് ഇസ്‌ലാം. ജീവിത പരിശുദ്ധി അതിന്റെ എല്ലാ അര്‍ഥത്തിലും വിശ്വാസി കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അല്ലാഹുവും അവന്റെ തിരുദൂതനും കാണിച്ചുതന്ന പാതയില്‍നിന്ന് വ്യതിചലിക്കാതെ ജീവിക്കല്‍ സത്യവിശ്വാസിയുടെ കടമയാണ്. വിശ്വാസകാര്യങ്ങളും കര്‍മപരമായ കാര്യങ്ങളും വിധിവിലക്കുകളും പെരുമാറ്റ-സംസാര മര്യാദകളുമെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ജീവിതത്തില്‍ മനുഷ്യന്‍ പാലിക്കേണ്ടതായി ഇസ്‌ലാം അനുശാസിക്കുന്ന ഓരോ കാര്യവും വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനുമെല്ലാം ഗുണകരം മാത്രമാണ്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. നബ(സ്വ) പറഞ്ഞു: ”നിങ്ങള്‍ അന്യോനം അസൂയ കാണിക്കരുത്. വ്യാപാരത്തില്‍ പരസ്പരം വില കൂട്ടിപ്പറയരുത്. പരസ്പരം പകവെക്കരുത്. അന്യോന്യം അവഗണിക്കരുത്. മറ്റുള്ളവര്‍ കച്ചവടം നടത്തിയതിനുമേല്‍ കച്ചവടം നടത്തരുത്. നിങ്ങള്‍ അല്ലാഹുവിന്റെ അടിമകള്‍ പരസ്പരം സഹോദരന്മാരായി വര്‍ത്തിക്കുക…” (മുസ്‌ലിം).

മുകളിലുദ്ധരിച്ച നബിവചനം ശ്രദ്ധിക്കുക. അതില്‍ പറഞ്ഞ ഒന്നിനോടും ആര്‍ക്കും എതിര്‍പ്പുണ്ടാകുമെന്നു തോന്നുന്നില്ല. ആ കാര്യങ്ങള്‍ അനുസരിക്കുന്നവരാണ് മുസ്‌ലിം സമൂഹമെങ്കില്‍ അത് ഒരു മാതൃകാസമൂഹമായിരിക്കുെമന്നതില്‍ സംശയമില്ല. ഇസ്‌ലാം സുഭദ്രമായ ഒരു സാമൂഹിക ജീവിതത്തിന് ആവ്യമായ മുഴുവന്‍ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്‍കിയതായി കാണുവാന്‍ സാധിക്കും.

ഒരു യഥാര്‍ഥ മുസ്‌ലിം അസൂയയില്‍നിന്നും മുക്തി നേടിയവനായിരിക്കും. ‘നിങ്ങള്‍ അസൂയ സൂക്ഷിക്കണം. നിശ്ചയം തീ വിറകുതിന്നുന്നതു പോലെയോ പുല്ല് കരിച്ചുകളയുന്നതുപോലെയോ അസൂയ സല്‍കര്‍മങ്ങളെ നശിപ്പിച്ചുകളയും” എന്ന് നബി(സ്വ) മറ്റൊരിക്കല്‍ പറഞ്ഞതായി അബൂദാവൂദ് ഉദ്ധരിക്കുന്ന ഹദീഥില്‍ കാണാം

കച്ചവടത്തില്‍ എന്തുമാകാം എന്ന തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്നവരുണ്ട്. കൃത്യമായി സമസ്‌കരിക്കുകയും ദാനധര്‍മങ്ങള്‍ നല്‍കുകയും ചെയ്യുന്നവര്‍. പക്ഷേ, കച്ചവടത്തില്‍ മാന്യത പുലര്‍ത്താറില്ല. കച്ചവടത്തില്‍ തനിക്ക് ഉന്നതിയിലെത്തണം എന്ന ചിന്തയില്‍ മറ്റുള്ളവരുടെ പരാജയത്തിനായി ഏതറ്റംവരെ പോകാനും തയ്യാറാകുന്നവര്‍ ഏറെയുണ്ട്. ‘അല്ലാഹു പലിശ നിഷിദ്ധമാക്കുകയും കച്ചവടം അനുവദിക്കുകയും ചെയ്തിരിക്കുന്നു’ എന്ന് ക്വുര്‍ആന്‍ പറയുന്നുണ്ട്. പലിശ ചൂഷണമാണ്. ദ്രോഹമാണ്. അതുകൊണ്ടുതന്നെ അത് നിഷിദ്ധമാക്കപ്പെട്ടു. എന്നാല്‍ അനുവദിക്കപ്പെട്ട കച്ചവടത്തെയും ചൂഷണവും ദ്രോഹവുമാക്കി മാറ്റുന്നത് ന്യായീകരണമര്‍ഹിക്കുന്നില്ല.

ഇതരരുടെ അഭിമാനത്തിന് ക്ഷതം വരുത്തുവാനും ധനം അപഹരിക്കുവാനും അന്യായമായി രക്തം ചിന്തുവാനും ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. സൂക്ഷ്മതയോടുകൂടി ജീവിക്കുന്ന ഒരു സത്യവിശ്വാസിയില്‍നിന്നും ഇത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങള്‍ ഉണ്ടാവുകയില്ല. അല്‍പവിശ്വാസിയില്‍നിന്നുണ്ടാകുന്ന അബദ്ധങ്ങളെ ജിഹാദുമായി ബന്ധിപ്പിച്ചു പറയുന്ന അല്‍പന്മാര്‍ക്ക് വിശുദ്ധജീവിതത്തിലൂടെയാണ് വിശ്വാസികള്‍ മറുപടി നല്‍കേണ്ടത്.

പിമ്പ്രോസ് 

നേർപഥം വാരിക 

ആവിഷ്‌കാരത്തിലെ മഞ്ഞക്കണ്ണടകള്‍

ആവിഷ്‌കാരത്തിലെ മഞ്ഞക്കണ്ണടകള്‍

1980കളില്‍ അമേരിക്കന്‍ പിന്തുണയോടെ സോവിയറ്റ് സൈന്യത്തെ ആക്രമിച്ച മുന്‍ അഫ്ഗാന്‍ പോരാളികള്‍ 1994ല്‍ രൂപീകരിച്ച താലിബാന്‍ അഫ്ഗാനിസ്ഥാനിന്റ ഭരണം പിടിച്ചടക്കിയതോടെ കേരള സാംസ്‌കാരിക മണ്ഡലത്തിലെ നവോന്‍മേഷവും ഉണര്‍വും പ്രത്യേകിച്ച് മാധ്യമങ്ങളിലൂടെ പ്രകടമാവുകയാണ്. താലിബാന്‍ ഭരണകൂടത്തിന്റ കരാളഹസ്തങ്ങളില്‍ പിടയുന്ന അവിടത്തെ ജനതയുടെ വേദനകള്‍ തൊട്ടറിഞ്ഞ് അതില്‍നിന്നുള്ള മോചനത്തിനായുള്ള ശ്രമത്തിനായി ലോകരെ പ്രേരിപ്പിക്കും വിധമുള്ള അവതരണങ്ങളാല്‍ ധന്യമായ മാധ്യമധര്‍മം പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തിയുള്ള അന്തിച്ചര്‍ച്ചകള്‍ ഇപ്പോഴും പൊടിപൊടിക്കുകയാണ്. ഇസ്‌ലാം എന്ന സമാധാന ദര്‍ശനത്തെ കശാപ്പ് ചെയ്യാനുള്ള അവസരം ഒത്തുകിട്ടിയതിന്റെ ആരവങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ വര്‍ണപ്പൊലിമയാല്‍ പെയ്തിറങ്ങുകയാണ്. ഇസ്‌ലാം വെറുപ്പ് മനസ്സുകളെ അന്ധകാരങ്ങളില്‍ തളച്ചിടുന്നതിന്റെ ഉദാഹരണങ്ങളാണിത്.

സ്വൂഫിസം ദര്‍ശനമായി സ്വീകരിച്ചും സലഫികളോട് ശത്രുത വെച്ചുപുലര്‍ത്തിയുമുള്ള ആശയ പ്രചാരണം താലിബാനികളുടെ നയനിലപാടുകളായിരുന്നിട്ട്‌പോലും അവരെ ന്യായികരിക്കുന്ന  പ്രസ്താവനകളിറക്കിയോ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചോ കേരളത്തിലെ ഒരു മുസ്‌ലിം സംഘടനയും ഇതേവരെ മുന്നോട്ട് വന്നിട്ടില്ല. ത്വാലിബാന്‍ മുന്നോട്ട് വെക്കുന്ന ഇസ്‌ലാമിന്റെ പിന്തുണയില്ലാത്ത അക്രമ രാഷ്ട്രീയത്തോട് കടുത്ത വിയോജിപ്പാണതിന് കാരണം. എന്നിട്ടും അന്തിച്ചര്‍ച്ചകളില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സാംസ്‌കാരിക ഭൂമികയിലെന്നും ഭാരമായ പുഴുക്കുത്തുകളുടെ നിയന്ത്രണങ്ങളില്ലാത്ത, സഭ്യമല്ലാത്ത വാചകക്കസര്‍ത്തുകള്‍ക്കവസരം നല്‍കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളെ പോലും താലിബാനുമായി ചേര്‍ത്ത് പറയാനുള്ള മാധ്യമങ്ങളുടെ ആവേശം എന്തായാലും മുസ്‌ലിം സമുദായത്തിന്റെ നന്മക്ക് വേണ്ടിയല്ലെന്നുറപ്പാണ്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലുപകാരപ്പെടാത്ത, ധാര്‍മിക, സദാചാരമൂല്യങ്ങളെ കശാപ്പുചെയ്യാന്‍ കരുക്കള്‍ നീക്കുന്ന, സ്ത്രീത്വത്തിന്റയും കുടുംബ മാഹാത്മ്യത്തിന്റെയും അടിവേര് പിഴുതെറിയാന്‍ അണിയറയില്‍ വിയര്‍പ്പൊഴുക്കുന്ന കേവല സാമൂഹിക മാലിന്യങ്ങള്‍ക്ക് അവസരം കൊടുത്തുകൊണ്ടുള്ള പ്രമുഖ മലയാള ചാനല്‍ അവതാരകന്‍മാര്‍ ലക്ഷ്യമാക്കുന്നത് സമുദായത്തെ ഒറ്റപ്പെടുത്തുകതന്നെയാണന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല.

മാനവികതക്കെതിരായ ആശയങ്ങള്‍ക്കും നിലപാടുകള്‍ക്കും ഒരേരീതിയും ഭാവവുമാണുണ്ടാവാറുള്ളത്. കേരളത്തിലെ മാധ്യമങ്ങളുടെ ശൈലിയിലും അത് വ്യക്തമാണ്. നിഷ്‌കളങ്കമായ സ്‌നേഹവും സാഹോദര്യവും സദാസമയങ്ങളിലും കാത്തുസൂക്ഷിക്കുന്ന ഒരു സമുദായത്തെ ക്രൂരമായ ആരോപണങ്ങളില്‍ തളച്ചിട്ട് അരക്ഷിതാവസ്ഥയില്‍ മഥിക്കുന്ന മനസ്സുകളാക്കി മരവിപ്പിക്കാന്‍ പെരുംനുണകള്‍ പടച്ചുവിടുന്നതും അതേറ്റെടുത്തിരുന്ന മാധ്യമങ്ങള്‍ സ്വീകരിച്ച രീതിയും നാസികളുടെയും ഫാസിസ്റ്റുകളുടെയും കുതന്ത്രങ്ങളുടെതാണ്. നാസിസവും ഫാസിസവുമാകട്ടെ മനുഷ്യത്വത്തിന്റ ശവപ്പറമ്പുമാണ്. അവര്‍ക്കുള്ള മാതൃകാപുരുഷന്‍മാരാകട്ടെ അഡോള്‍ഫ് ഹിറ്റ്‌ലറും അയാളുടെ പ്രചാരണ ചുമതലയുള്ള ജോസഫ് ഗീബല്‍സും മുസോളനിയുമെല്ലാമാണ്. ഒരു നുണ പല തവണ ആവര്‍ത്തിച്ചാല്‍ ജനങ്ങള്‍ അതു സത്യമായി എടുത്തുകൊള്ളും എന്ന അപകടകരമായ  സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്നു ഗീബല്‍സ്. അങ്ങനെയാണ് അയാള്‍ ഹിറ്റ്‌ലറുടെ മറ്റു പല കൂട്ടാളികളേക്കാളുമേറെ ലോകത്തു കുപ്രസിദ്ധി നേടിയതും. ഗീബല്‍സിയന്‍ നുണകള്‍ എന്ന വാക്കും ഇന്ന് പ്രസിദ്ധമാണ

1933 ഫെബ്രുവരി 27ന് ജര്‍മന്‍ പാര്‍ലമെന്റായ ‘റീഷ്താഗ്’ മന്ദിരം തീയിട്ട് നശിപ്പിച്ചപ്പോള്‍ ആ കുറ്റം കമ്യൂണിസ്റ്റുകാരില്‍ ആരോപിച്ച് അവരെ കൊടും കുറ്റവാളിയാക്കി അവര്‍ക്കെതിരെ ക്രൂരമായ അക്രമങ്ങള്‍ അഴിച്ച്‌വിട്ടുകൊണ്ടിരുന്നു. അവരോട് ചെയ്ത ക്രൂരതകള്‍ക്ക് മിതഭാഷ്യം നല്‍കാന്‍ ഗീബല്‍സിയന്‍ നുണകള്‍ക്ക് സാധിച്ചു. ഫാര്‍ ഡെയര്‍ ലുബ്ബെ എന്ന പോളണ്ടുകാരനെ കരുവാക്കി കമ്യൂണിസ്റ്റുകള്‍ ചെയ്തതാണെന്ന് വരുത്താന്‍ ഗീബല്‍സ് ആയിരക്കണക്കിന് നുണകള്‍ ആവിഷ്‌കരിച്ചു പ്രചാരണം നല്‍കി. ന്യൂറംബര്‍ഗ് വിചാരണയില്‍ നാസീ കൊടും കുറ്റവാളികള്‍ സത്യം വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് യാഥാര്‍ഥ്യം ലോകം മനസ്സിലാക്കിയത്. സമകാലിക മലയാളമാധ്യമങ്ങളിലെ നിറംപിടിപ്പിച്ച കഥകളില്‍ മുസ്‌ലിംകള്‍ക്ക് അപരിഷ്‌കൃത വേഷം കല്‍പിച്ചുനല്‍കി ഫാഷിസ്റ്റ് ചിന്തകള്‍ക്ക് വേഗം കൂട്ടിക്കൊണ്ടിരിക്കുന്നതിന് പിന്നിലുള്ള വികാരവും ഗീബല്‍സിയന്‍ തന്ത്രങ്ങളോടുള്ള അനുരാഗാത്മക ഭ്രമം  തന്നെയാണ്. അതെ, കേരളത്തിലെ മുസ്‌ലിം സമുദായത്തിന് അഫ്ഗാനിലെ താലിബാന്‍ തീവ്രവാദികളുടെ പരിവേഷം നല്‍കുന്നതിന് മലയാളമാധ്യമങ്ങള്‍ പോലും മത്സരിക്കുന്നത് കാണുമ്പോള്‍ നാസീ മസ്തിഷ്‌കം കടമെടുത്തത് പോലെ തോന്നും.

ഇസ്‌ലാമിനോടുള്ള അടങ്ങാത്ത കലിപ്പുമായി ഊര് തെണ്ടുന്ന പെണ്‍കൊടിമാരുടെ നാവുകള്‍കൊണ്ട് ദൃശ്യമാധ്യമങ്ങളിലൂടെ മാരകപ്രഹരമേല്‍പിക്കാനുള്ള തിടുക്കം ഭൂലോകവലയില്‍ കാണാമറയത്തായിപ്പോയ ചില അവതാരകര്‍ക്കും പത്രമുത്തശ്ശിമാരുടെ  പേരക്കിടാങ്ങള്‍ക്കുമുണ്ട്. മുഖപുസ്തകത്തിലൂടെ ബൗദ്ധിക മേല്‍ക്കോയ്മ അവകാശപ്പെടാന്‍ വാക്കുകള്‍ക്ക് ചമയങ്ങള്‍ തീര്‍ക്കുന്ന ചില ഇടത് സൈദ്ധാന്തികരും കേരള മുസ്‌ലിംകളില്‍ താലിബാനെ കണ്ടെത്താന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ നാസികളുടെ ശിഷ്യന്‍മാരായ സംഘപരിവാരങ്ങള്‍ പോലും ലജ്ജിച്ച് തലതാഴ്ത്തിയേക്കാം.

മാധ്യമങ്ങളുടെ തിരിനോട്ടം

താലിബാന്‍ സേന അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ സാംസ്‌കാരിക ഭൂമികയിലെ മാധ്യമങ്ങളുടെ ഉള്‍ക്കാഴ്ചകളില്‍ തെളിഞ്ഞ ഭീകരമാനങ്ങളാണ് നാം കേട്ടറിഞ്ഞത്. 2001 സെപ്തംബര്‍ 11ന് ഭീകരാക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ സൗധങ്ങള്‍ സാമ്രാജ്യത്വത്തിനും പറിഞ്ഞാറന്‍ സംസ്‌കാരത്തിനും എന്നും എതിര്‍പക്ഷത്താണ് ഇസ്‌ലാമെന്ന ഖ്യാതിക്ക് അടിവരയിടാന്‍ കാരണമാക്കി മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. പ്രതികാരമായി അഫ്ഗാനിലെ അമേരിക്കന്‍ അധിനിവേശത്തിലൂടെ ഐക്യസേന നിറഞ്ഞാടിയിപ്പോള്‍ ഒഴുകിയ രക്തത്തുള്ളികളില്‍ ക്രൂരതകളെ ദര്‍ശിക്കാന്‍ മാധ്യങ്ങള്‍ക്കായില്ല. അനാഥരായ പിഞ്ചോമനകളുടെ വിലാപങ്ങളില്‍ അതിന് കാരണക്കാരായ പാശ്ചാത്യ ദാര്‍ശനിക പ്രയോക്താക്കളുടെ ഭീകരതയും കണ്ടില്ല

അരക്ഷിതരായ സ്ത്രീകളുടെ വേദനകളിലെ ഉണങ്ങാത്ത ചുടുകണ്ണീരില്‍ നിരാലംബതയുടെ സ്ത്രീത്വത്തെ കാണാനും മാധ്യമങ്ങള്‍ ശ്രമിച്ചില്ല. ക്വാണ്ഡനാമോ ജയിലുകളില്‍ പച്ചമാംസം ജീവനുള്ള ശരീരങ്ങളില്‍നിന്ന് അരിഞ്ഞെടുത്തും വേട്ടനായകളുടെ പല്ലിന്റെ ശൗര്യം മാംസളഭാഗങ്ങളില്‍ പരിശോധിച്ചും അമേരിക്കന്‍ പട്ടാളം ചെയ്ത ക്രൂരതയില്‍ വേദനകൊണ്ട് പുളഞ്ഞ അഫ്ഗാന്‍ യുവാക്കളുടെ ദീനരോദനങ്ങള്‍ക്കും ഇവര്‍ ചെവികൊടുത്തില്ല. മനുഷ്യാവകാശത്തിനായുള്ള ശബ്ദം ലോകത്തെവിടെയും മുഴങ്ങിയില്ല. യുദ്ധക്കെടുതിയില്‍ നിത്യരോഗികളായിപ്പോയവരും അംഗവൈകല്യം സംഭവിച്ചവരും വിധവകളും ഭവനരഹിതരുമെല്ലാം അനുഭവിക്കുന്ന വേദനകള്‍ക്കറുതിവരുത്താനും പുനരധിവാസത്തിനായി ലോകരെ പ്രേരിപ്പിക്കുവാനും സത്യസന്ധമായ പത്രപ്രവര്‍ത്തനം പ്രതീക്ഷിച്ച വരെ നിരാശരാക്കി ചിന്തകള്‍ക്ക് വര്‍ഗീയനിറം നല്‍കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.

ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കുറ്റപത്രം തയ്യാറാക്കാന്‍ പഴുതുകള്‍ തേടിയാണ് മാധ്യമ ദൂരദര്‍ശനികള്‍ സഞ്ചരിച്ചത്. മുസ്‌ലിം കുടുംബങ്ങളില്‍ പെണ്‍കുട്ടികള്‍ അരക്ഷിതരാണെന്ന് ബോധ്യപ്പെടുത്താനുള്ള അവസരങ്ങള്‍ തേടിയാണ് അവരുടെ നയനങ്ങള്‍ വിഹരിച്ചത്. മതനിയമങ്ങളുടെ അപ്രായോഗികതയും നിരര്‍ഥകതയും വിളിച്ച് പറയാനുള്ള കഥകളെയാണ് അവര്‍ തേടിയിറങ്ങിയത്. വിദ്യാഭ്യാസ അവകാശത്തിനായി പ്രവര്‍ത്തിച്ചിരുന്ന, താലിബാന്‍ ഭീകരതയുടെ ആക്രമണങ്ങള്‍ക്ക് വിധേയയായ മലാല യൂസുഫ് സായിയുടെ നൊമ്പരങ്ങളെ അതിനായി അവര്‍ ദുരുപയോഗം ചെയ്തു.

I am Malala: The Girl who Stood Up for Education and was Shot by the Taliban ‘വിദ്യാഭ്യാസത്തിനു വേണ്ടി നിലകൊണ്ടതിനാല്‍ ത്വാലിബാന്റെ വെടിയേറ്റ പെണ്‍കുട്ടി’ എന്ന ആത്മകഥയിലൂടെ താനനുഭവിച്ച വേദനകള്‍ വിശദീകരിക്കുമ്പോള്‍തന്നെ പാശ്ചാത്യസംസ്‌കാരത്തെ പ്രകീര്‍ത്തിച്ചും ഇസ്‌ലാമിക വസ്ത്രധാരണരീതിയെ വിമര്‍ശിച്ചുമുള്ള വരികള്‍ ഇസ്‌ലാം വെറുപ്പിനായി അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റ കുതന്ത്രങ്ങളെ തിരിച്ചറിയാനാകും. ക്രിസ്റ്റിനാ ലാംപിന്റെ സഹായത്തോടെയാണിത് എഴുതിയതെന്ന് പറയുമ്പോള്‍ ചിത്രം വളരെ വ്യക്തവുമാണ്. മനഃസാക്ഷിയുള്ളവരെയെല്ലാം ഏറെ വേദനിപ്പിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ തന്നെയാണ് മലാല യൂസുഫ് സായി കടന്നുപോയിട്ടുള്ളതെന്നത് ആര്‍ക്കും തര്‍ക്കമില്ലാത്ത കാര്യവുമാണ്.

2008ല്‍ ‘ഗ്ലാമര്‍ വുമണ്‍ ഓഫ് ദി ഇയര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ട യമനില്‍നിന്നുള്ള നുജൂദ് അലിയുടെ I am Nujood, Age 10 and Divorced ‘ഞാന്‍ നൂജൂദ്, വയസ്സ് പത്ത്, വിവാഹമോചിത’ എന്ന ആത്മകഥയിലെ ചില വരികള്‍ക്കും നല്‍കിയ പ്രചാരണങ്ങളുടെ ലക്ഷ്യവും ഇസ്‌ലാംവെറുപ്പ് തന്നെ. ഡെല്‍ഫിന്‍ മിനോയിയാണ് ഇത് തയ്യാറാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതെന്ന് പറയുമ്പോഴും കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ട്. പിതാവ് അടിച്ചേല്‍പിച്ച പീഡനങ്ങളുടെ വൈവാഹിക ജീവിതത്തില്‍നിന്ന് വിവാഹമോചനത്തിലേക്ക് നടന്നുകയറിയ ഈ പത്തുവയസ്സുകാരിയെ പാശ്ചാത്യന്‍ ആശയങ്ങളുടെ പിന്‍ബലത്തില്‍ രക്ഷപ്പെട്ടവളായാണ് ഡെല്‍ഫിന്‍ മിനോയ് അവള്‍ക്കുവേണ്ടി തയ്യാറാക്കിയ പുസ്തകം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. നുജൂദിന്റെ ന്യായമായ വിവാഹമോചന ആവശ്യത്തെ അംഗീകരിക്കുകയും കാലതാമസങ്ങളില്‍ തട്ടിത്തടയാന്‍ അനുവദിക്കാതെ വെറും നാലുദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ ആവശ്യപ്പെട്ട നീതി അവളുടെ കയ്യില്‍ വെച്ചുകൊടുക്കുകയും ചെയ്ത യമനിലെ കോടതി വിവാഹത്തിനുമുമ്പ് പെണ്‍കുട്ടിയുടെ സമ്മതം തേടേണ്ടതുണ്ടെന്ന ഇസ്‌ലാമിക നിയമത്തിന്റെ പിന്‍ബലത്തിലാണ് നുജൂദിന് വിവാഹമോചനം അനുവദിച്ചതെന്ന സത്യം എല്ലായിടത്തും തമസ്‌കരിക്കാന്‍ മാധ്യമ ഗൂഢാലോചനകള്‍ക്ക് സാധിച്ചു. നുജൂദിന്റ പിതാവിന്റെ അവിവേകമായ സമീപനങ്ങളെയും പ്രവൃത്തിയെയും ഇസ്‌ലാമിന്റ പേരില്‍ പ്രചരിപ്പിക്കാനാണ് ശ്രമം നടന്നത്.

ഞങ്ങള്‍ക്ക് ഭയമാകുന്നു

താലിബാന്‍ സംഘത്തിന്റെ പരാക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാതെ മൗനമായിരിക്കുന്ന മലയാളി മുസ്‌ലിംകള്‍ക്കിടയില്‍ ജീവിക്കാന്‍ ഞങ്ങള്‍ക്ക് ഭയമാകുന്നുവെന്ന് പരിതപിച്ച സംഘപുത്രന്റ വിലാപം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ട ഒരു മതേതര ബുദ്ധിജീവിയുടെ സമീപനമാണ് ഏറെ അത്ഭുതപ്പെടുത്തിയത്. മുസ്‌ലിം സ്വത്വം ഭയപ്പെടേണ്ട സാമൂഹിക വിപത്താണെന്ന ബോധം പൊതുജനങ്ങളില്‍ രൂപപ്പെടുത്താനുള്ള വിത്ത് പാകുകയാണിവിടെ. സമീപകാല സംഭവവികാസങ്ങളും ആയുധങ്ങളേന്തിയുള്ള പ്രകടമായ വിധ്വംസകരൂപങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഭയം വിതക്കാനുള്ള ശ്രമം നടത്തുന്ന കാവിക്കൊടിവാഹകരും നാടിന് ഭീഷണിയല്ലാതിരിക്കുകയും ആയിരക്കണക്കിന് വര്‍ഷങ്ങളായി സാഹോദര്യമനസ്സോടെ സമാധാനപൂര്‍വം ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ നാടിന് ഭീഷണിയാവുകയും ചെയ്യുന്നത് ആരെയാണ് ആശ്ചര്യപ്പെടുത്താതിരിക്കുക!

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ സിവില്‍ ഡിഫന്‍സ് ഉദേ്യാഗസ്ഥയായ റാബിയ സെയ്ഫി പൈശാചികമായി കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നിലുള്ള ശക്തികളുടെ ദര്‍ശനംപേറുന്നവര്‍ കേരളത്തിലുണ്ടെന്ന ചിന്ത ആരെയും ഭയപ്പെടുത്തുന്നില്ല. മാറിടങ്ങള്‍ മുറിച്ചുമാറ്റിയും കഴുത്തറുത്തും ജനനേന്ദ്രിയം കുത്തിക്കീറിയും അതിനിഷ്ഠൂരമായാണ് ആ കൊലപാതകം നടന്നത്. അതിനോട് നിസ്സംഗത പുലര്‍ത്തിയ ഭരണകൂടത്തിന്റയും ഒരു പറ്റം മാധ്യമങ്ങളുടെയും നിലപാടുകള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. അവരുടെ രാഷ്ട്രീയാനുഭാവികളും പ്രവര്‍ത്തകരും കേരളക്കരയിലെ ആയിരക്കണക്കിന് ശാഖകളില്‍ സൈ്വര്യവിഹാരം നടത്തിയിട്ടും അതാരെയും അലോസരപ്പെടുത്തിയില്ല. പുതിയ കഥകള്‍ മെനഞ്ഞെടുത്ത് കേസിന്റ ഗതി മാറ്റാന്‍ ശ്രമിക്കുന്ന പോലീസിന്റ കുറ്റവാസനയും ഭയപ്പെടേണ്ടതാണെന്ന ബോധം ആര്‍ക്കും ഉണ്ടായതായി തോന്നിയില്ല.

ഗുജറാത്തിലെ തെരുവുകളില്‍ ജീവനുള്ള പച്ചമനുഷ്യരെ അഗ്‌നിനാളങ്ങളിലെറിഞ്ഞ  നരാധമന്‍മാരുടെ അക്രമസ്വഭാവം സ്വാംശീകരിക്കാന്‍ പരിശീലനം നടത്തുന്ന ത്രിശൂല വാഹകരെക്കുറിച്ച് ആര്‍ക്കും ആശങ്കയില്ല. പശുവിന്റെ പേരില്‍ വയോധികരെയും യുവാക്കളെയും അറുകൊല നടത്തിയവരുടെ, ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്‌റ്റെയിനിനെയും രണ്ട് കുഞ്ഞുങ്ങളെയും കാറിലിട്ട് ചുട്ടുകൊന്നവരുടെ, ഉത്തരേന്ത്യന്‍ തെരുവീഥികളില്‍ ദളിതരെ കൂട്ടക്കശാപ്പുനടത്തിയ മനുഷ്യ പിശാചുക്കളുടെ, മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ ആദര്‍ശം സ്വീകരിച്ച് മലയാളക്കരയില്‍ സൈ്വര്യം കെടുത്തുന്നവരെക്കുറിച്ച് ആരും വേവലാതിപ്പെടുന്നില്ല. മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലെ നൂറുകണക്കിന് പിഞ്ചോമനകളുടെ ജീവന്‍ രക്ഷിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കിയും വിദഗ്ധ ചികില്‍സ നല്‍കിയും ആത്മാര്‍ഥ സേവനമനുഷ്ഠിച്ച ഡോ. കഫീല്‍ഖാനെ കല്‍തുറുങ്കിലടച്ച ഭരണകൂടത്തിന് ഓശാന പാടുന്നവരും കേരളത്തിലുണ്ടെന്നിരിക്കെ അവരെക്കുറിച്ചും ലവലേശം പേടി നമ്മെ പിടികൂടിയില്ല.

മതപ്രഭാഷകരുടെ ഭാഷണങ്ങളിലെ അക്ഷരസ്ഖലിതങ്ങള്‍ക്ക് യുഎപിഎ ചാര്‍ത്തി ലോക്കപ്പിലിടാന്‍ ശ്രമിക്കുമ്പോഴും വെട്ടുകളുടെ എണ്ണംകൂട്ടി അറുകൊല നടത്തുന്ന രാഷ്ട്രീയ ക്രിമിനലുകള്‍ വിഹരിച്ചപ്പോഴും നമ്മുടെ മനസ്സുകളില്‍ ഭീതിയുടെ നിഴലാട്ടമുണ്ടായില്ല. സമാധാന സന്ദേശ രേഖകള്‍ സൗഹൃദഹസ്തമായി കൈമാറിയത് ‘വഴിമരുന്നായിട്ടും’ വിദ്വേഷ പ്രസംഗങ്ങളും വിഭാഗീയ ശബ്ദങ്ങളും ഭരണകൂടത്തിന് തെല്ലും പ്രയാസപ്പെടുത്തിയില്ല. അപ്പോഴും മനസ്സില്‍ ഉദിക്കുന്ന ചോദ്യം ആര് ആരെയാണ് ഭയപ്പെടേണ്ടത് എന്ന് തന്നെയാണ്.

‘സ്ത്രീ’ അവകാശങ്ങളിലെ മാധ്യമ ജാഗ്രത

സ്ത്രീകളുടെ സംരക്ഷണവും അവകാശങ്ങളും ഏതുകാലത്തും മാധ്യമ ചര്‍ച്ചകളില്‍ ചൂടുള്ള വിഭവങ്ങളാണ്. ഭരണ കേന്ദ്രങ്ങള്‍മുതല്‍ വീടകംവരെ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണിന്ന്. അതിനെതിരെ സാമൂഹിക ബോധവല്‍കരണത്തിനും കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ ഉറപ്പാക്കാനും മാധ്യമങ്ങളുടെ ഇടപെടല്‍ ഇനിയും ശക്തമാക്കേണ്ടതുണ്ട്. സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ സമൂഹത്തില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണം. സ്ത്രീകള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്‌ലാമിക മതനിയമങ്ങളാണെന്ന് വരുത്താന്‍ ചില മാധ്യമങ്ങളുടെ ശ്രമം ഏറെ ദൗര്‍ഭാഗ്യകരമാണ്. ഇസ്‌ലാമിക വസ്ത്രധാരണയും കുടുംബവ്യവസ്ഥയും പൊതുമേഖലകളിലെ ഇടപെടലുമെല്ലാം പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ചിലര്‍ ചര്‍ച്ചകള്‍ക്ക് മാറ്റ് കൂട്ടാറുള്ളത്. സമകാലിക രാഷ്ട്രീയ കേരളത്തില്‍ മുസ്‌ലിം ലീഗിലെ വിദ്യാര്‍ഥി വിഭാഗങ്ങളിലുണ്ടായ തര്‍ക്കങ്ങളും അസ്വാരസ്യങ്ങളും ചര്‍ച്ച ചെയ്ത് പിണക്കങ്ങളിലെ ‘സ്ത്രീവിരുദ്ധത’ ഇസ്‌ലാമിന്റ പേരില്‍ ചാര്‍ത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നാം കാണുന്നത്. അതീവ ഗുരുതരമായ അവകാശധ്വംസനങ്ങളും അക്രമങ്ങളും പീഡനങ്ങളും സ്ത്രീകള്‍ക്ക് നേരെ നിറഞ്ഞാടിയിട്ടും അതൊന്നും വാര്‍ത്തയും ചര്‍ച്ചയുമാകാതെ മറഞ്ഞുപോകുന്നതിലെ യുക്തി ഇപ്പോഴും ദുരൂഹമാണ്. മുസ്‌ലിം വേഷങ്ങളിലെ തട്ടങ്ങളില്‍ കാണുന്ന ‘അടിമത്തം’ സ്വന്തം ഭാര്യയെ പണസമ്പാദനോപകരണമായി കൂട്ടിക്കൊടുത്ത ചുംബന സമരക്കാരന്റെ കച്ചവട താല്‍പര്യങ്ങളില്‍ മാധ്യമങ്ങള്‍ കണ്ടില്ല.

മയക്കുമരുന്ന് നല്‍കി ക്രൂരമായി പീഡിപ്പിക്കുന്നത് നാസ്തികരാണെങ്കില്‍ അവരത് കാണുന്നില്ല. പിടിക്കപ്പെടുന്ന കുറ്റവാളികളുടെ ദര്‍ശനവും അവരുടെ അപ്പോസ്തലന്‍മാരുടെ പിന്നാമ്പുറങ്ങളും ചര്‍ച്ചയാക്കുന്നില്ല. മാതാവിനെപോലും ഭോഗിക്കാമെന്ന ഇന്‍സ്റ്റിറ്റ് ലൈംഗികതക്ക് ദാര്‍ശനികമാനം നല്‍കുന്ന മതനിഷേധികളായ നാസ്തികരിലെ സ്ത്രീവിരുദ്ധതയും അന്തിച്ചര്‍ച്ചകളില്‍ വിഷയീഭവിക്കുന്നില്ല. മാതാവാകാനുള്ള സ്വാതന്ത്ര്യംപോലും ഹനിച്ചുകളഞ്ഞ് മഠങ്ങളിലെത്തി വിശുദ്ധ വസ്ത്രമണിഞ്ഞ കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അരമനകളില്‍നിന്ന് നുരഞ്ഞ് പൊങ്ങിയിട്ടും അവിടങ്ങളിലെ സ്ത്രീ സുരക്ഷ ചര്‍ച്ചയാവുന്നില്ല. നൂറുകണക്കിന് കന്യാസ്ത്രീകളുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള അടക്കിപിടിച്ച സംസാരങ്ങള്‍ വ്യാപകമായിട്ടും അതിലെ മതത്തെക്കുറിച്ചോ ആദര്‍ശത്തെക്കുറിച്ചോ തലനാരിഴകീറിയ ചര്‍ച്ച എവിടെയും കേള്‍ക്കുന്നില്ല. സിസ്റ്റര്‍ ലൂസി കളപ്പുരയടക്കം ധാരാളം പേര്‍ ഇത്തരം പേക്കൂത്തുകളെക്കുറിച്ച് വിളിച്ചുകൂവിയിട്ടും ആര്‍ക്കും കേട്ട ഭാവം പോലുമില്ല.

ഉത്തരേന്ത്യയിലെ അവര്‍ണരായ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളും അവരുടെ രോദനങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ നിറഞ്ഞൊഴുകിയിട്ടും അതിന് പിന്നിലുള്ള രാഷ്ട്രീയ, മത, ഫാസിസ്റ്റ് ദാര്‍ശനികത നമ്മുടെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നില്ല. അക്രമരാഷ്ട്രീയത്തില്‍ വിധവകളാക്കപ്പെട്ടവര്‍, ജീവിത സായാഹ്നങ്ങളില്‍ കാരുണ്യഹസ്തമാകേണ്ടിയിരുന്ന മക്കള്‍ കൊല്ലപ്പെട്ടവര്‍, ഇങ്ങനെ തോരാത്ത കണ്ണു നീരില്‍ വേദനയുടെ നെരിപ്പോടില്‍ ദിവസങ്ങളെണ്ണി ജീവിക്കുന്ന ആയിരക്കണക്കിന് സ്ത്രീകളുടെ സങ്കടങ്ങള്‍ക്കുനേരെ സഹതാപത്തിന്റെ ഒരു നോട്ടമെങ്കിലും സാധ്യമാകാത്തവര്‍. അപ്പോഴും നാം അഫ്ഗാനിലും സൗദിയിലും മറ്റു അറേബ്യന്‍  നാടുകളിലുമുള്ള സ്ത്രീകളെക്കുറിച്ച് പരിതപിക്കുകയാണ്, മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങള്‍ക്കായി കണ്ണ് നിറക്കുകയാണ്.

മാധ്യമങ്ങളിലൂടെ നിഷ്പക്ഷതയുടെ സത്യസന്ധമായ വാര്‍ത്തകളാണ് സമൂഹം പ്രതീക്ഷിക്കുന്നത്. കണ്ണടകള്‍ക്ക് വിവിധ വര്‍ണങ്ങള്‍ നല്‍കുന്നതവസാനിപ്പിച്ച് നേരിന്റെ വഴിയിലൂടെ സഞ്ചരിക്കാനാവണം

മുജീബ് ഒട്ടുമ്മല്‍

നേർപഥം വാരിക 

മലക്കുകളും പരീക്ഷണവും

മലക്കുകളും പരീക്ഷണവും

മനുഷ്യരെ പരീക്ഷിക്കാനായി അല്ലാഹു മലക്കുകളെ നിയോഗിക്കാറുണ്ട്. നബി ﷺ യില്‍നിന്നും കേട്ട ഒരു വൃത്താന്തം അബൂഹുറയ്(റ) വിവരിക്കുന്നു:

”ബനൂഇസ്‌റാഈല്യരില്‍ ഒരു പാണ്ഡുരോഗിയും കഷണ്ടിക്കാരനും അന്ധനുമുണ്ടായിരുന്നു. ഇവരെ മൂന്നുപേരെയും പരീക്ഷിക്കുവാന്‍ അല്ലാഹു തീരുമാനിക്കുകയും അവരുടെ അടുക്കലേക്ക് ഒരു മലക്കിനെ പറഞ്ഞയക്കുകയും ചെയ്തു.

മലക്ക് പാണ്ഡുരോഗിയെ സന്ദര്‍ശിച്ചുകൊണ്ട് ചോദിച്ചു:

‘നിനക്ക് ഏറെ ഇഷ്ടമുള്ള സംഗതിയെന്താണ്?’

അയാള്‍ പറഞ്ഞു: ‘ജനങ്ങള്‍ എന്നില്‍ മോശമായി കാണുന്ന എന്റെയീ രൂപം മാറി സുന്ദരമായ മേനി ലഭിക്കുക എന്നതാണ് എനിക്കിഷ്ടം.’

അപ്പോള്‍ മലക്ക് അദ്ദേഹത്തിന്റെ ശരീരത്തിലൊന്ന് തടവി. ആ നിമിഷം അദ്ദേഹത്തിന്റെ പാണ്ഡുരോഗം അപ്രത്യക്ഷമായി. തുടര്‍ന്ന് മലക്ക് ചോദിച്ചു:

‘ഏതു തരം സമ്പത്തുണ്ടാകാനാണ് നിന്റെ ആഗ്രഹം?

അയാള്‍ പറഞ്ഞു; ‘ഒട്ടകം.’

അപ്പോള്‍ മലക്ക് പൂര്‍ണ ഗര്‍ഭിണിയായ ഒരു ഒട്ടകത്തെ നല്‍കുകയും ‘ഈ സമ്പത്തില്‍ അല്ലാഹു നിനക്ക് അനുഗ്രഹം ചൊരിയട്ടെ’ എന്ന് പ്രാര്‍ഥിക്കുകയും ചെയ്തു.

പിന്നീട് അദ്ദേഹം ചെന്നത് കഷണ്ടിക്കാരന്റെ അടുത്തേക്കാണ്. അയാളോടു ചോദിച്ചു:

‘നിനക്ക് ഏറെ ഇഷ്ടമുള്ള സംഗതിയെന്താണ്?

അയാള്‍ പറഞ്ഞു: ‘ജനങ്ങള്‍ എന്നില്‍ മോശമായിക്കാണുന്ന ഈ കഷണ്ടി മാറി, തലയില്‍ അഴകാര്‍ന്ന മുടി കിളിര്‍ക്കുക’ എന്നതാണ് എന്റെ മോഹം.

അപ്പോള്‍ മലക്ക് അയാളുടെ തലയില്‍ തടവി. ആ നിമിഷം കഷണ്ടി നീങ്ങി. അയാള്‍ക്ക് അഴകാര്‍ന്ന മുടി കിളിര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മലക്ക് ചോദിച്ചു:

 ‘എന്തു സമ്പത്തിനോടാണ് നിനക്ക് പ്രിയം?’

അയാള്‍ പറഞ്ഞു: ‘പശുക്കളെയാണ് എനിക്കിഷ്ടം.’

മലക്ക് ഗര്‍ഭിണിയായ ഒരു പശുവിനെ അയാള്‍ക്ക് നല്‍കിക്കൊണ്ടു പറഞ്ഞു: ‘ഈ സമ്പത്തില്‍ അല്ലാഹു നിനക്ക് അനുഗ്രഹം ചൊരിയട്ടെ.’

മൂന്നാമനായി മലക്ക് സന്ദര്‍ശിച്ചത് അന്ധനെയാണ്. അദ്ദേഹത്തോട് ചോദിച്ചു: ‘

‘താങ്കള്‍ക്ക് ഇഷ്ടമുള്ളതെന്താണ്?”

 അയാള്‍ പറഞ്ഞു: ‘അല്ലാഹു എനിക്ക് കാഴ്ച ശക്തി നല്‍കുകയും അങ്ങനെ ജനങ്ങളെ മുഴുവന്‍ എനിക്ക് കാണാനാകുകയും ചെയ്തിരുന്നെങ്കില്‍ എന്നാണ് എന്റെ ആഗ്രഹം.’

അപ്പോള്‍ മലക്ക് അയാളെയൊന്നു തഴുകി. അല്ലാഹു അയാള്‍ക്ക് കാഴ്ചശക്തി നല്‍കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തോട് മലക്ക് ചോദിച്ചു:

‘എന്ത് സമ്പത്താണ് താങ്കള്‍ക്കിഷ്ടം?’

അയാള്‍ പറഞ്ഞു: ‘ആടുകളോടാണ് എനിക്ക് പ്രിയം.’

അയാളുടെ ആഗ്രഹപ്രകാരം മലക്ക് ഗര്‍ഭിണിയായ ആടിനെ നല്‍കുകയും ചെയ്തു.

അങ്ങനെ അവരിലെ ഓരോരുത്തര്‍ക്കും ഒട്ടകത്തിന്റെയും പശുവിന്റെയും ആടിന്റെയും സമ്പത്ത് ഓരോ താഴ്‌വാരം നിറഞ്ഞു കവിഞ്ഞു.

പിന്നീടൊരിക്കല്‍ അതേ മലക്ക് തന്നെ ഒരു പാണ്ഡുരോഗിയുടെ രൂപത്തില്‍ മുന്‍ പാണ്ഡുരോഗിയെ സന്ദര്‍ശിച്ചു. അദ്ദേഹം പറഞ്ഞു:

‘ഞാനൊരു വഴിപോക്കനായ സാധുമനുഷ്യനാണ്. ദീര്‍ഘമായ യാത്രയില്‍ എന്റെ എല്ലാം നഷ്ടമായിരിക്കുന്നു. അല്ലാഹുവിനോട് എന്റെ സങ്കടം പറയുകയല്ലാതെ ഇന്നെനിക്ക് നിവൃത്തിയില്ല, പിന്നെ നിന്നോടും. നിനക്ക് ഈ അഴകാര്‍ന്ന നിറവും തൊലിയും ധാരാളം സമ്പത്തും നല്‍കിയവന്റെ പേരില്‍ നിന്നോട് ഞാന്‍ ചോദിക്കുകയാണ്: എന്റെ യാത്ര തുടരാന്‍ പറ്റിയ ഒരു ഒട്ടകം നീയെനിക്ക് തരിക.’

അപ്പോള്‍ അയാള്‍ പറഞ്ഞു: ‘എനിക്കുതന്നെ ബാധ്യതകള്‍ ഏറെയാണ്.’

അപ്പോള്‍ മലക്ക് പറഞ്ഞു: ‘എനിക്ക് നിന്നെ നന്നായറിയാം. ആളുകള്‍ അവജ്ഞയോടെ കണ്ടിരുന്ന ഒരു പാണ്ഡുരോഗിയായിരുന്നില്ലേ നീ? തീര്‍ത്തും ദരിദ്രന്‍? പിന്നീട് അല്ലാഹു എല്ലാം നിനക്ക് നല്‍കിയില്ലേ?’

അയാള്‍ പറഞ്ഞു: ‘ഈ സമ്പത്ത് മുഴുവന്‍ തലമുറകളിലൂടെ എനിക്ക് അനന്തരമായി ലഭിച്ചതാണ്.’

അപ്പോള്‍ ആ മലക്ക് പറഞ്ഞു: ‘നീ പറഞ്ഞത് നുണയാണെങ്കില്‍ അല്ലാഹു നിന്നെ പൂര്‍വസ്ഥിതിയിലേക്കുതന്നെ മാറ്റട്ടെ.’

പിന്നീട് മലക്ക് ചെന്നത് പഴയ കഷണ്ടിക്കാരന്റെ അടുത്തേക്കായിരുന്നു. ഒരു കഷണ്ടിക്കാരന്റെ രൂപത്തില്‍തന്നെ പാണ്ഡുരോഗിയോട് പറഞ്ഞതെല്ലാം മലക്ക് അയാളോടും പറഞ്ഞു. അപ്പോള്‍ പാണ്ഡുരോഗിയുടെ മറുപടി തന്നെയാണ് ആ മനുഷ്യനും പറഞ്ഞത്. ആ സമയം മലക്ക് പറഞ്ഞു: ‘നീ പറഞ്ഞത് നുണയാണെങ്കില്‍ അല്ലാഹു നിന്നെ പൂര്‍വസ്ഥിതിയിലേക്കുതന്നെ മാറ്റട്ടെ.’

പിന്നീട് ഒരു അന്ധന്റെ രൂപത്തില്‍ പഴയ അന്ധനായ മനുഷ്യനെ സമീപിച്ചുകൊണ്ട് മലക്ക് പറഞ്ഞു:

 ‘ഞാനൊരു വഴിപോക്കനായ സാധുമനുഷ്യനാണ്. ദീര്‍ഘയാത്രയില്‍ എന്റെ എല്ലാം നഷ്ടമായിരിക്കുന്നു. അല്ലാഹുവിനോടും പിന്നെ നിന്നോടും എന്റെ സങ്കടം പറയുകയല്ലാതെ ഇന്നെനിക്ക് നിവൃത്തിയില്ല. നിനക്ക് നിന്റെ കാഴ്ച ശക്തി തിരിച്ചുനല്‍കിയവന്റെ പേരില്‍ നിന്നോട് ഞാന്‍ ചോദിക്കുകയാണ്; എന്റെ യാത്രയില്‍ ഒരു ആടിനെത്തന്ന് എന്നെ സഹായിക്കണം.’

അപ്പോള്‍ അയാള്‍ പറഞ്ഞു: ‘മുമ്പ് ഞാനൊരു അന്ധനായിരുന്നുവെന്നത് ശരിയാണ്. അല്ലാഹു എനിക്ക് കാഴ്ചശക്തി തിരിച്ചുനല്‍കി. നിനക്ക് ഇഷ്ടമുള്ളത് എടുത്തോളൂ. അവശേഷിക്കുന്നത് ഇവിടെ ബാക്കിവെച്ചോളൂ. അല്ലാഹുവാണെ സത്യം, അല്ലാഹുവിന്ന് വേണ്ടി നീ എടുത്ത ഒന്നില്‍ നിന്നെ ഞാനിന്ന് ബുദ്ധിമുട്ടിക്കുകയില്ല.’

‘വേണ്ട, നിന്റെ ധനം നീതന്നെ വച്ചോളൂ. ഞാന്‍ നിങ്ങളെയൊക്കെ പരീക്ഷിക്കുകയായിരുന്നു. നിന്റെ കാര്യത്തില്‍ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. നിന്റെ രണ്ട് കൂട്ടുകാരോടും അല്ലാഹു കോപിച്ചിരിക്കുകയാണ്. മലക്ക് പ്രതിവചിച്ചു” (ബുഖാരി, മുസ്‌ലിം).

അബൂഫായിദ

നേർപഥം വാരിക 

ഉര്‍ദു: വിദേശങ്ങളില്‍ അതിന്റെ സ്വാധീനത

ഉര്‍ദു: വിദേശങ്ങളില്‍ അതിന്റെ സ്വാധീനത

50 വര്‍ഷം മുമ്പ് ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ ഉര്‍ദു ഭാഷക്ക് നല്‍കിയിരുന്ന സ്ഥാനവും പ്രാധാന്യവും വ്യക്തമാക്കുന്ന ലേഖനം)

ഇന്ത്യയിലെ പ്രാദേശീയ ഭാഷകള്‍ പരിമിതമായ പ്രദേശത്തു മാത്രം അടങ്ങിനില്‍ക്കുന്നുവെങ്കില്‍ ഉര്‍ദുവിന്റെ നില തികച്ചും ഭിന്നമാണ്. അന്തര്‍ദേശീയ നിലവാരത്തിലേക്ക് അത് ഉയര്‍ന്നിരിക്കുന്നു.

അന്യനാടുകളില്‍ എത്ര ഗതിവേഗത്തിലാണ് ഉര്‍ദു ഭാഷ തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുന്നത് എന്ന വസ്തുതയെക്കുറിച്ചു നമുക്കൊന്നു പരിശോധിച്ചുനോക്കാം. ദേശ, മത, വര്‍ഗ വ്യത്യാസമന്യെ വിദേശിയര്‍ ഇത് അത്യധികം കൗതുകത്തോടെയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഉര്‍ദുവില്‍ ഉപരിപഠനാര്‍ഥം വിദേശീയ വിദ്യാര്‍ഥികള്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. ഈ ഭാഷയില്‍ ഉന്നത ബിരുദം നേടി, നാട്ടിലേക്കു തിരിച്ചുപോയി, അവര്‍ അവിടെ ഉര്‍ദുവിന്റെ പ്രചാരകന്മാരായി പ്രവര്‍ത്തിക്കുന്നു. കുറച്ചുമുമ്പ് താഷ്‌ക്കണ്ഡിലെ ഇസ്മായേല്‍ സറോഫ് എന്ന യുവവിദ്യാര്‍ഥി ഉസ്മാനിയാ യൂണിവേര്‍സിറ്റിയില്‍നിന്നും ഉര്‍ദുവില്‍ എം.എ ഡിഗ്രി എടുക്കുകയുണ്ടായി. അദ്ദേഹം സ്വദേശത്തേക്കു തിരിച്ചു പോകുന്ന അവസരത്തില്‍ ഉര്‍ദുവിനെപ്പറ്റി അഭിപ്രായ പ്രകടനം നടത്തിയത് ഇപ്രകാരമാണ്:

”അത്യധികം മധുരതരമായ ഒരു ഭാഷയാണു ഉര്‍ദു. ശരിയായ നിലയിലുള്ള ഇതിന്റെ പഠനം ഇന്ത്യയില്‍നിന്നുമാത്രമെ സാധിക്കൂ. ഇതിന്റെ ശരിയായ ഉച്ചാരണത്തിന്റെ പ്രാധാന്യമാണു ഞങ്ങളുടെ നാട്ടില്‍ ഇതു പഠിക്കുന്നതിനുള്ള വിഷമം. അതുകൊണ്ടാണ് ഈ ഭാഷയില്‍ പ്രാഗത്ഭ്യം നേടുവാനായി ഗവര്‍മെന്റ് ഞങ്ങളെ ഇന്ത്യയിലേക്കു പറഞ്ഞയക്കുന്നത്. ഉര്‍ദുവിന്റെ യഥാര്‍ഥ നിലപാടിനെപ്പറ്റി ഞങ്ങളെ ബോധവാന്മാരാക്കിയ ഇവിടുത്തെ ഗുരുവര്യന്മാര്‍ക്കു ഞങ്ങള്‍ കടപ്പെട്ടവരാണ്.”

റഷ്യയില്‍ ഉര്‍ദു പഠനത്തിനു വല്ല ഏര്‍പ്പാടുമുണ്ടോ എന്ന ചോദ്യത്തിനു മറുപടിയായി ഇസ്മായേല്‍ സറേഫ് ഇങ്ങനെ മറുപടി പറഞ്ഞു:

”ഉണ്ട്, റഷ്യയില്‍ താഷ്‌ക്കണ്ഡ്, മോസ്‌ക്കോ, ബാക്കോ, ലനിന്‍ ഗ്രാഡ് എന്നീ സര്‍വകലാശാലകളില്‍ ഉര്‍ദുപഠനം നടക്കുന്നുണ്ട്. പ്രതിവര്‍ഷം ചുരുങ്ങിയത് അറുപതു വിദ്യാര്‍ഥികളെങ്കിലും ഉര്‍ദുവില്‍ ഉന്നത ബിരുദം നേടിവരുന്നു.”

അദ്ദേഹം തുടര്‍ന്നു: ”ഇന്ത്യക്കാരാണോ എന്നു തോന്നിപ്പോകുമാറ് അത്രയേറെ ഉര്‍ദുവില്‍ പ്രാവീണ്യമുള്ള പല വ്യക്തികളും ഞങ്ങളുടെ നാട്ടിലുണ്ട്. ഉര്‍ദുവിനു പുറമെ അറബി, പേര്‍ഷ്യന്‍ ഭാഷകളിലും പ്രഗത്ഭരാണവര്‍. മേല്‍പറഞ്ഞ കലാലയങ്ങളില്‍, പഴയതും പുതിയതുമായ ഉര്‍ദു സാഹിത്യകാരന്മാരെയും കവികളെയും കുറിച്ചുള്ള ഗവേഷണവിഷയത്തില്‍ ഡീലിറ്റ്, ഫലാസഫി എന്നീ ഡിഗ്രികള്‍ പല വിദ്യാര്‍ഥികളും കരസ്ഥമാക്കിയിട്ടുണ്ടവി ടെ. വേറെ ഏതു വകുപ്പില്‍ ഡിഗ്രി എടുത്താല്‍ ഉണ്ടാവുന്നതുപോലെ ഉര്‍ദുവില്‍ ഡിഗ്രിയെടുത്താലും മററുള്ളവര്‍ക്കുപോലുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നു. ഒരുവിധ പക്ഷപാതവും കാണിക്കാറില്ല.”

റഷ്യയില്‍നിന്നും ഉര്‍ദു പഠനാര്‍ഥം ഇന്ത്യയില്‍ വന്നു ഡിഗ്രി നേടിയ വിദ്യാര്‍ഥിയുടെ അഭിപ്രായപ്രകടനമാണു മേലുദ്ധരിച്ചത്.

ഇനി അമേരിക്കയെ എടുക്കാം. അവിടുത്തെ ഗവര്‍മെന്റ്ഉര്‍ദുവിനെ ഒരു നിര്‍ബന്ധവിഷയം ആക്കുകപോലും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഫോര്‍ഡാം യൂണിവേര്‍സിറ്റിയോടനുബന്ധിച്ചു ഈയിടെ ഒരു പുതിയ കോളേജ് തുറന്നു. ഉര്‍ദു എഴുത്തും വായനയും അഭ്യസിക്കുകയെന്നതു അതിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കയാണ്. കോളേജിന്റെ ഉല്‍ഘാടനവസരത്തില്‍ ഇംഗ്ലീഷ് പ്രിന്‍സിപ്പാള്‍ കുട്ടികളെ സംബോധന ചെയ്തുകൊണ്ടു സരളമായ ഉര്‍ദുവില്‍ ഇങ്ങനെ സരസഭാഷണം ചെയ്തു:

”വിദ്യാര്‍ഥികള്‍ക്ക് ഔഷധങ്ങള്‍ ഉപയോഗിക്കേണ്ട ആവശ്യം നേരിടാത്തവണ്ണം ഉര്‍ദു ഭാഷാ പഠനം ജീവിതത്തെ അത്രയേറെ രസാവഹവും ആകര്‍ഷകവുമാക്കിത്തീര്‍ക്കുന്നു.”

ഉര്‍ദു എടുക്കുന്നവര്‍ക്ക് മാത്രമെ ഈ കോളേജില്‍ പ്രവേശനമുള്ളൂ എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.

അമേരിക്കന്‍ പോലീസുകാര്‍ക്ക് ഉര്‍ദുവില്‍ പരിശീലനം നല്‍കപ്പെടുന്നുവെന്നു അവിടുത്തെ റേഡിയോവില്‍ കൂടി പ്രക്ഷേപണം ചെയ്തിരുന്നു. ഇതിനെക്കുറിച്ചു വിശദീകരണം നല്‍കിക്കൊണ്ട് ഒരു അമേരിക്കന്‍ വക്താവു പറഞ്ഞത് ഇങ്ങനെയാണ്: ”ധാരാളം ഇന്ത്യക്കാരും പാക്കിസ്താനികളും ഞങ്ങളുടെ നാട്ടില്‍ വന്നു സ്ഥിരതാമസമാക്കുന്നുണ്ട്. അധ്യയനാര്‍ഥം താല്‍ക്കാലികമായി വരുന്ന വിദ്യാര്‍ഥിവൃന്ദം വേറെയും. ഇവര്‍ക്ക് അവിടുത്തെ നിയമങ്ങളും ചട്ടങ്ങളുമൊക്കെ മനസ്സിലാകുന്നതില്‍ വലിയ വിഷമം നേരിടുന്നു. ഇതു പരിഹരിക്കുവാനായി അന്യനാട്ടുകാരായ ഇവര്‍ ഇവരുടെ മാതൃഭാഷായായ ഉര്‍ദുവില്‍തന്നെ വേണ്ട നിര്‍ദേശങ്ങളും മറ്റും നല്‍കുവാനായാണ് പോലീസുകാര്‍ക്ക് ഉര്‍ദുവില്‍ പരിശീലനം നല്‍കാന്‍ ഗവര്‍മെന്റ് തീരുമാനിച്ചത്.’

അമേരിക്കയില്‍ പണ്ടേ ഉര്‍ദുവിന് ഒരു നല്ല സ്ഥാനമുണ്ട്. അതിപ്പോള്‍ അവിടെ കൂടുതല്‍ വികാസംപ്രാപിച്ചുവരികയാണ്. യൂനിവേര്‍സിറ്റിയില്‍ ഉര്‍ദുവിനു പ്രത്യേക വകുപ്പ് ഏര്‍പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നും അധേ്യതാക്കള്‍ ഉര്‍ദുവില്‍ ഉപരിപഠനം നേടിവരുന്നു. ‘നയീ സദി’ എന്ന ഒരു ഉര്‍ദു മാസികകൂടി ഈ കലാലയത്തില്‍നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. ഉര്‍ദുവിനോടുള്ള സ്ഥലവാസികളുടെ മതിപ്പിനെ കാണിക്കുന്നതിനു് ഒരു ഉത്തമോദാഹരണമാണിത്. ഇതേ യൂനിവേര്‍സിറ്റിയിലെ ഉര്‍ദു അധ്യാപകന്‍ ജ: നയീം ചൗധരി സാഹിബാണ് പ്രസ്തുത മാസികയുടെ എഡിറ്റര്‍.

ബ്രിട്ടനില്‍ ഉര്‍ദുവിന്റെ വ്യാപ്തി ഉച്ചകോടിയെ പ്രാപിച്ചിരിക്കയാണിപ്പോള്‍. അവിടെ ഇന്നു ഏതെങ്കിലും ഒരു വിജ്ഞാപനം ഉര്‍ദുവില്‍ പ്രസിദ്ധീകരിക്കപ്പെടാത്ത ഒരൊറ്റദിവസമെങ്കിലും കാണുകയില്ല. മിക്ക സിനിമാ നിര്‍മാതാക്കളും തങ്ങളുടെ സിനിമകളെക്കുറിച്ചുള്ള പോസ്റ്ററുകളും ലഘുലേഖകളും മറ്റും ഉര്‍ദുവില്‍ മുദ്രണം ചെയ്യിച്ചു വിതരണം ചെയ്തുവരുന്നു.

ബ്രിട്ടനില്‍ ഏറ്റവും അധികം പ്രചാരമുള്ള ‘ഡയിലി മെയില്‍’ അതിന്റെ വാരാന്തപ്പതിപ്പില്‍ ഒരുപുറം ഉര്‍ദുവിലാണ് അച്ചടിക്കുന്നത്. ഉര്‍ദു അറിയുന്ന അവിടത്തെ പൗരന്മാര്‍ ആര്‍ത്തിയോടെയാണ് ഇതിനു കാത്തിരിക്കുന്നത്. ഇതിനുപുറമെ സ്‌കോട്‌ലാന്റ് സ്‌റ്റെയ്റ്റില്‍നിന്നും ‘ഉര്‍ദു ടൈംസ്’ എന്നൊരു ഉര്‍ദു ദിനപ്പത്രം കുറെക്കാലമായി പ്രശസ്തമായി നടന്നുവരുന്നു. ബ്രിട്ടന്റെ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഒരു സുവര്‍ണാധ്യായമാണ് ഇതു കുറിക്കുന്നത്. ഉര്‍ദു വാരികകളും മാസികകളുമായി പതിനഞ്ചോളം ഇതിനുപുറമെ വേറെയുമുണ്ടവിടെ.

ബ്രിട്ടനിലുള്ള കമ്പനികളിലെ ആപ്പീസുകളും, ഹോട്ടല്‍ ആന്റ് ബേക്കറീസ് ഫെഡറേഷന്റെ മേലുദ്യോഗസ്ഥരും തങ്ങളുടെ ജീവനക്കാര്‍ക്ക് ഉര്‍ദു പഠനത്തിനു ഏര്‍പ്പാടുചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും വലിയ പട്ടണങ്ങളിലെ ഹോട്ടലുകളിലെയും ബേക്കറികളിലെയും ജീവനക്കാര്‍ക്ക് ഉര്‍ദു പരിജ്ഞാനം നിര്‍ബന്ധമാണ്. മേല്‍പറഞ്ഞ ഫെഡറേഷന്റെ അധ്യക്ഷന്‍ ഒരു സ്‌റ്റെയിറ്റുമെന്റില്‍ പറഞ്ഞത് ഇങ്ങനെയാണ്:

”ഞങ്ങളുടെ ജീവനക്കാര്‍ക്ക് ഉര്‍ദു അറിയാത്തപക്ഷം വലിയ ബുദ്ധിമുട്ടുണ്ടാകും. ഇന്ത്യക്കാരും പാക്കിസ്താനികളുമായ ധാരാളം വിദ്യാര്‍ഥികളും സഞ്ചാരികളും അനുദിനം ഞങ്ങളുടെ നാട്ടില്‍ വന്നുകൊണ്ടിരിക്കുന്നു. അവരുടെ നാട്ടിലെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഞങ്ങള്‍ അവരെ സേവിക്കുവാനാഗ്രഹിക്കുന്നു. ഇതിനു ഉര്‍ദു അനിവാര്യമാണ്.”

ഇതേ പ്രശ്‌നത്തെ കണക്കിലെടുത്തുകൊണ്ടുതന്നെയാണ് ബ്രിട്ടനിലെ ഒരു ബാങ്ക് അതിന്റെ വിജ്ഞാപനം ഉര്‍ദുവില്‍ പ്രസിദ്ധീകരിക്കുന്നതും. ഉര്‍ദു അറിയുന്ന ബ്രിട്ടീഷ് നിവാസികള്‍ ഈ ബാങ്കുമായി ഇടപാടുണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ബാങ്ക് അതിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ലോകത്തെങ്ങും പരന്നുകിടക്കുന്ന അതിന്റെ 1500 ശാഖകളെക്കുറിച്ചും പ്രസ്തുത വിജ്ഞാപനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഷിക്കാഗോ(അമേരിക്ക)വിലെ ഇസ്‌ലാമിക് യൂനിവേര്‍സിറ്റിയെപ്പറ്റി കേട്ടിരിക്കുമല്ലോ. യൂനിവേര്‍സിറ്റി ഓഫ് ഇസ്‌ലാം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. അന്തര്‍ദേശീയ പ്രശസ്തിയാര്‍ജിച്ച ഹെവിവൈറ്റ് ബോക്‌സര്‍ ചാമ്പ്യന്‍ മുഹമ്മദലി ക്ലെയാണ് ഇതിന്റെ രക്ഷാകര്‍തൃത്വം വഹിക്കുന്നത്. ഇംഗ്ലീഷ്, അറബിക്, ഉര്‍ദു എന്നീ ഭാഷകളില്‍കൂടി ഇസ്‌ലാമിക പാഠങ്ങളുടെ മുഴുവന്‍ കോഴ്‌സും അവിടെ നടത്തപ്പെടുന്നു. ലോകത്തിലെ വിവിധ നാടുകളില്‍നിന്നും വിദ്യാപ്രേമികള്‍ അങ്ങോട്ട് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ‘പയാമെ മുഹമ്മദ്’ എന്ന പേരില്‍ ഒരു ഉര്‍ദു മാസികയും ഈ യൂനിവേര്‍സിറ്റി പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.

‘ബസ്‌മെ ഉര്‍ദു’ എന്ന പേരില്‍ ഒരു സ്ഥാപനം ദീര്‍ഘകാലമായി സൗദി അറേബ്യയില്‍ ഉര്‍ദുവിന്റെ സേവനം നിര്‍വഹിച്ചുവരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ‘ബസ്മി’ന്റെ അധ്യക്ഷന്‍ ജനാബ് സയ്യിദ് അഹമ്മദ് മദനി ഈ ലേഖകന് അയച്ചുതരികയുണ്ടായി. സൗദി അറേബ്യയിലെ പൊതുഭാഷ അറബിയാണെങ്കിലും അവിടെ ഉര്‍ദുവിനു നല്ലൊരു സ്ഥാനമുണ്ടെന്നും അറബികള്‍ ആവേശപൂര്‍വം ഇതില്‍ താല്‍പര്യം കാണിച്ചുവരുന്നുവെന്നും ഈ റിപ്പോര്‍ട്ടു വ്യക്തമാക്കുന്നു. അധ്യക്ഷനവര്‍കള്‍ ഇങ്ങനെ എഴുതുന്നു:

”ബസ്‌മെ ഉര്‍ദു’വിന്റെ വകയായി മദീനയില്‍ ഒരു ലൈബ്രറിയുണ്ട്. ഇതിലുള്ള ഉര്‍ദു ഗ്രന്ഥങ്ങള്‍ പതിനായിരത്തോളം വരും. ഈ ലൈബ്രറിയെ കൂടുതല്‍ വിപുലീകരിക്കാനും ഗ്രന്ഥശേഖരണം നടത്തുവാനുമായി ഈയിടെ സ്ഥാപനത്തിന്റെ കാര്യദര്‍ശി ഒരു ഇന്ത്യ-പാക്ക് പര്യടനം നടത്തി. ഉര്‍ദുവിലെ എല്ലാ പത്രമാസികകളും ഗ്രന്ഥങ്ങളും ഈ ലൈബ്രറിയില്‍ ഉണ്ടായിരിക്കണം എന്നതായിരുന്നു പര്യടനോദ്ദേശ്യം. ഈ സ്ഥാപനത്തിന്റെ കീഴില്‍ ഓരോ മാസവും സാഹിത്യസദസുകളും കവിസമ്മേളനങ്ങളും നടത്തിവരുന്നു. അടുത്തുതന്നെ ഒരു കാവ്യ സമാഹാരവും ‘ഹിജാസിലെ ഉര്‍ദുകവികള്‍’ എന്ന കൃതിയും പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചിരിക്കയാണ് ഞങ്ങള്‍.”

ദക്ഷിണാഫ്രിക്കയിലെ ‘ട്രാകന്‍വാള്‍’ നഗരത്തിലും ഇത്തരത്തിലുള്ള ഒരു സംഘടനയുണ്ട്. ‘ബസ്‌മെ അദബ്’ എന്നാണു പേര്. ഇത് ഉര്‍ദുവിന്റെ നിശ്ശബ്ദവും എന്നാല്‍ മഹത്തരവും ആയ സേവനങ്ങള്‍ അനുഷ്ഠിച്ചുവരുന്നു. ചിരകാലമായി അവിടെ കുടിയേറി പാര്‍ത്തുവരുന്ന ജ:ഫാറൂക്കി സാഹിബാണ് ഇതിന്റെ തലവന്‍. അദ്ദേഹത്തിന്റെ മാതൃഭാഷ ഗുജറാത്തിയാണെങ്കിലും ഉര്‍ദുവിന്റെ ഒരു ആരാധകനാണദ്ദേഹം. അദ്ദേഹം ഇൗയിടെ ഡര്‍ബനില്‍നിന്നും പ്രകാശനം ചെയ്ത പുസ്തകംതന്നെ ഇതിനു സാക്ഷ്യംവഹിക്കുന്നു.

ദുബായില്‍ ഉര്‍ദുവിന് അഭിലഷണീയമായ പുരോഗതിയുണ്ടായിട്ടുണ്ട്. നാല്‍പതു കൊല്ലം മുമ്പാണ് ഒരു ഇന്ത്യന്‍ പണ്ഡിതന്‍ ആദ്യമായി അവിടെ ഉര്‍ദു പഠനം സമാരംഭിച്ചത്. ഇന്ന് അവിടെ അഞ്ച് ഉര്‍ദു മീഡിയം സ്‌കൂളുകള്‍ ഉണ്ട്. ദുബായിലെ അറബികള്‍ അറബിഭാഷയോടെപ്പം ഉര്‍ദുവിനെയും പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ കുട്ടികള്‍ക്കു ഉര്‍ദു പഠനം നല്‍കുന്നതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.

മിസ്റ്റര്‍ ഫൈനസ് റൈഹാനി എന്ന പാതിരി (ഇദ്ദേഹം ഉര്‍ദു പേര്‍ഷ്യന്‍ ഭാഷകളില്‍ നല്ല പണ്ഡിതനാണ്) ഈയിടെ ഒരു സ്‌റ്റെയിറ്റുമെന്റില്‍ ഇങ്ങനെ പറഞ്ഞു:

”ഉര്‍ദുവിലെ ഇംഗ്ലീഷ് കവികളുടെ ജീവചരിത്രം പുസ്തകരൂപത്തില്‍ അടുത്തുതന്നെ പ്രസിദ്ധീകരിപ്പാനും ലോകത്തിന്റെ ഓരോ മൂലയിലും ഇതു വിതരണം ചെയ്യുവാനും അഖിലേന്ത്യാ ക്രൈസ്തവസമ്മേളനം തീരുമാനിച്ചിരിക്കുകയാണ്.”

ഉര്‍ദുവിനെപ്പറ്റി അഭിപ്രായപ്രകടനം നടത്തിക്കൊണ്ട് അദേഹം തുടര്‍ന്നു: ”ലോകത്തിലെ ഭാഷകളുടെ കൂട്ടത്തില്‍ ഇത്രയേറെ മധുരമേറിയ ഒരു ഭാഷ ഉര്‍ദുവിനെപ്പോലെ വേറെ കാണുകയില്ല. ഇതുകൊണ്ട് തന്നെയാണ് ഇംഗ്ലീഷുകാര്‍ തങ്ങളുടെ ഭരണകാലത്ത് ഇതിനെ പ്രോത്സാഹിപ്പിക്കുവാനും ഇതില്‍ നിന്നും ലാഭം നേടുവാനും മുതിര്‍ന്നത്. ഉര്‍ദു ഏതെങ്കിലും ഒരു വര്‍ഗത്തിന്റെയോ മതത്തിന്റെയോ ഭാഷയല്ല. ലോകത്തിലൊട്ടുക്കും വ്യാപിച്ചുകിടക്കുന്ന ഒരു ജീവസ്സുറ്റ ഭാഷയാണിത്. ഇതിനെ ആര്‍ക്കും നശിപ്പിക്കാനാവില്ല.”

‘നേപ്പാള്‍ സെക്കണ്ടറി എജുക്കേഷന്‍ ബോര്‍ഡ്’ ഉര്‍ദുവിനെ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ഈയിടെ നേപ്പാള്‍ ഗവര്‍മെന്റ് പ്രഖ്യാപിക്കുകയുണ്ടായി. ഇനി അവിടെ വിദ്യാര്‍ഥികള്‍ക്കു സ്‌കൂളുകളില്‍നിന്നുതന്നെ ഉര്‍ദു പഠിക്കാവുന്നതാണ്. നേപ്പാളികള്‍ക്കു പൊതുവില്‍ ഉര്‍ദു അറിയാം. എന്നാല്‍ പാഠ പദ്ധതിയില്‍ അതിനെ ഉള്‍പ്പെടുത്താനുള്ള വിദ്യാര്‍ഥികളുടെ ആവശ്യം ഗവര്‍െമന്റ് അംഗീകരിച്ചിരിക്കുന്നു. അവിടുത്തെ വിദ്യാര്‍ഥി നേതാവ് ജ: മുഹമ്മദ് ഇസ്രായല്‍ സാഹിബ് എഴുത്തുമൂലം അറിയിച്ച സന്തോഷവാത്തയാണിത്.

ഇത്രയും പറഞ്ഞതില്‍നിന്നും ഉര്‍ദു ഒരു പ്രത്യേക വര്‍ഗത്തിന്റെയോ മതത്തിന്റെയോ മാത്രം ഭാഷയല്ലെന്ന കാര്യം വ്യക്തമായല്ലൊ. ഇതൊരു അന്തര്‍ദേശീയ ഭാഷയാണ്. ലോകത്തിലെ ആയിരക്കണക്കിനുള്ള ഭാഷകളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനമാണ് ഉര്‍ദുവിന്റെത്. ഈ മഹത്തരമായ ഭാഷയെ യാതൊരാള്‍ക്കും യാതൊരു ശക്തികൊണ്ടും ഒരു കാലത്തും അമര്‍ത്തുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല. ഈ യാഥാര്‍ഥ്യം ഇവിടുത്തെ ഉര്‍ദുവിരോധികള്‍ ഒന്നു മനസ്സിലാക്കിയാല്‍ കൊള്ളാം.

ശബിസ്താന്‍-ഡല്‍ഹി, വിവ: എസ്.എം അന്‍വര്‍ (സല്‍സബീല്‍ ത്രൈ മാസിക, 1971, ഓഗസ്റ്റ്)

 ജ. മുഹമ്മദ് അബ്ദുന്നയീം, സാംഗിദ്

നേർപഥം വാരിക 

 

മതപരിവര്‍ത്തനത്തിന്റെ കേരളീയ മുഖം

മതപരിവര്‍ത്തനത്തിന്റെ കേരളീയ മുഖം

കേരളത്തിലെ വിവിധ മതവിഭാഗങ്ങളില്‍നിന്നും അപക്വമായ പ്രസ്താവനകളും പ്രതികരണങ്ങളും പലപ്പോഴായി ഉണ്ടായിട്ടുണ്ട്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെതായി പുറത്തുവന്ന ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പദപ്രയോഗങ്ങള്‍ ഇത്തരത്തിലുള്ള അപക്വവും പ്രതിലോമകരവുമായ പ്രസ്താവനകള്‍ക്കുള്ള ഒടുവിലത്തെ ഉദാഹരണമാണ്. ബിഷപ്പിന്റെ പ്രതികരണം കേരളീയ സമൂഹത്തില്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. ക്രിസ്ത്യന്‍- മുസ്‌ലിം ധ്രുവീകരണം സൃഷ്ടിക്കുന്ന തരത്തിലേക്ക് പ്രസ്താവനയും അതേത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളും പിന്നീടുള്ള ദിവസങ്ങളില്‍ അപകടകരമായ അവസ്ഥയിലേക്ക് വഴിമാറി. പ്രശ്‌നത്തെ ആളിക്കത്തിക്കുന്ന തരത്തിലേക്ക് ദൃശ്യമാധ്യമങ്ങളിലെ അന്തിചര്‍ച്ചകള്‍ക്ക് കൊഴുപ്പേറി. ചര്‍ച്ചകളില്‍ വര്‍ഗീയമായി സംസാരിക്കാന്‍ സാധിക്കുന്നവരെ കൊണ്ടുവരാന്‍ ചാനലുകാര്‍ പ്രത്യേകം ശ്രദ്ധിച്ചു. ‘പുരകത്തുമ്പോള്‍ ബീഡി കൊളുത്തുക’ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധമാണ് ചില രാഷ്ട്രീയ നേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെട്ടത്.

അവസരം മുതലാക്കുന്ന സംഘ്പരിവാര്‍

മുസ്‌ലിം വിരുദ്ധതയെ രാഷ്ട്രീയമായി അവതരിപ്പിക്കുന്ന സംഘ്പരിവാര്‍ നേതാക്കള്‍ക്ക് ഇതൊരു സുവര്‍ണാവസരമായി. ക്രിസ്ത്യന്‍ സമുദായത്തിന് വേണ്ടി കണ്ണീരൊഴുക്കുന്ന പരിവാര്‍ നേതാക്കളെയാണ് പിന്നീട് കണ്ടുതുടങ്ങിയത്. ബിഷപ്പിന്റെ പ്രസ്താവനയില്‍ ഒരു കുഴപ്പവുമില്ലെന്നും ഇവിടെ ലവ് ജിഹാദും നാര്‍കോട്ടിക്ക് ജിഹാദുമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ക്രിസ്ത്യാനികളുടെ കൂടെ തങ്ങളുണ്ടെന്നുമൊക്കെയാണ് അവര്‍ തട്ടിവിട്ടത്. കേരളത്തിലെ മഹാഭൂരിപക്ഷം ക്രിസ്ത്യാനികളെ ഇതുവഴി ഒപ്പം കൂട്ടാമെന്ന ദിവാസ്വപ്‌നത്തിലാണ് സംഘ്പരിവാര്‍. എന്നാല്‍ ബിജെപിക്ക് കേരളരാഷ്ട്രീയത്തില്‍ സ്വാധീനമുണ്ടാക്കാന്‍ തങ്ങളെ ഉപയോഗിക്കുന്നതിന്റെ ഭാഗം മാത്രമാണീ സ്‌നേഹപ്രകടനത്തിന്റെ പിന്നിലെന്ന് ക്രിസ്ത്യാനികള്‍ക്ക് അറിയാം. 1998ല്‍ തെക്ക് കിഴക്കന്‍ ഗുജറാത്തിലെ ഡാംഗ് ജില്ലയില്‍ ഇരുപതോളം ചര്‍ച്ചുകള്‍ ചുട്ടുകരിച്ച സംഘപരിവാര്‍ ഭീകരത ക്രിസ്ത്യാനികള്‍ മറക്കില്ല. 1999ല്‍ ഒഡിഷയില്‍ ഇരുനൂറോളം ക്രിസ്ത്യന്‍ വീടുകള്‍ ചുട്ടുചാമ്പലാക്കിയതും 2007ലും 2008ലും ഒഡിഷയിലെ കന്ദമാലില്‍ നടന്ന കലാപങ്ങളും 2008ല്‍ തന്നെ കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന അതിക്രമങ്ങളും സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടന്ന ക്രിസ്ത്യന്‍ വിരുദ്ധ കലാപങ്ങളുടെ ഭാഗമായിരുന്നുവെന്ന് ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക?

വിയോജിപ്പ് ക്രിസ്ത്യന്‍ സമൂഹത്തില്‍നിന്നും

അതേസമയം ക്രിസ്തീയ സമൂഹത്തില്‍നിന്നുതന്നെ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ നിലപാടുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ചില നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത് ശുഭോദര്‍ക്കമാണ്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ അടക്കമുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ പാലാ ബിഷപ്പിന്റെ പ്രസ്താവന അപക്വവും സത്യവിരുദ്ധവുമാണെന്നും അത് പിന്‍വലിക്കപ്പെടേണ്ടതാണെന്നുമുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ബിഷപ്പിന്റെ പ്രസ്താവന ചില മെത്രാന്മാരുടെ താല്‍പര്യപ്രകാരം മാത്രമാണെന്നാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നേതാവ് ഫെലിക്‌സ് ജെ. പുല്ലൂടന്‍ അഭിപ്രായപ്പെട്ടത്. കല്‍ദായ സുറിയാനി സഭാധ്യക്ഷന്‍ ബിഷപ് മാര്‍ അപ്രേം, മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സിറോ മലബാര്‍ സഭ മുന്‍ വക്താവ് പോള്‍ തേലക്കാട്ട് തുടങ്ങിയവരും എതിര്‍പ്പ് രേഖപ്പെടുത്തിയവരില്‍ പ്രമുഖരാണ്.

വിവാദങ്ങളുടെ മര്‍മം

വിവാദങ്ങള്‍ ചുറ്റിത്തിരിയുന്നത് മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. പ്രേമം നടിച്ചും മയക്കുമരുന്ന് നല്‍കിയും ക്രിസ്ത്യാനികളെ ചിലര്‍ ഇസ്‌ലാം മതത്തിലേക്ക് കൊണ്ടുപോവുന്നു എന്ന ആരോപണമാണ് വിവാദത്തിന്റെ മര്‍മം. സ്വന്തം പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതോ മയക്കുമരുന്ന് നല്‍കി ജീവിതം നശിപ്പിക്കുന്നതോ ഒന്നുമല്ല ആരുടെയും പ്രശ്‌നം. മതംമാറ്റം നടക്കുന്നു എന്നതാണ് ‘ഹൈലൈറ്റ്’ ചെയ്യപ്പെടുന്നത്. ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍ തുടങ്ങി മതമുള്ളവരിലും മതമില്ലാത്തവരിലും നടന്നുകൊണ്ടിരിക്കുന്ന ലൈംഗിക ചൂഷണങ്ങളുടെയും മയക്കുമരുന്ന് വ്യാപനത്തിന്റെയും തോത് വളരെ വലുതാണ്. അതുവഴി ജീവിതം ഹോമിക്കപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പഞ്ചാബ് കഴിഞ്ഞാല്‍ കേരളത്തിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ നാര്‍ക്കോട്ടിക് കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ എല്ലാ മതവിഭാഗങ്ങളില്‍ പെട്ടവരുമുണ്ട്. ഇതിനെതിരെയാണ് ബോധവത്കരണവും ശിക്ഷാനടപടികളും ശക്തമാക്കേണ്ടത്. എന്നാല്‍ ഇതൊന്നും കാണാതെ ഇതിന്റെ പേരില്‍ മതപരിവര്‍ത്തനം നടക്കുന്നുവെന്ന് പറയുന്നത് യഥാര്‍ഥ പ്രശ്‌നത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണ്. ഇനി അങ്ങനെയൊന്നുണ്ടെങ്കില്‍ അത് രാജ്യത്തിന്റെ നിയമങ്ങളനുസരിച്ച് കുറ്റകരമാണ്. അധികാരികള്‍ക്ക് പരാതി നല്‍കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് വേണ്ടത്.

മതവും മതപരിവര്‍ത്തനവും

മതപരിവര്‍ത്തനം ലോകം ഉണ്ടായതുമുതല്‍ ഇന്നോളം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്. മതം എന്ന മലയാളപദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് അഭിപ്രായം എന്നാണ്. വിശ്വാസ സംബന്ധിയായി ഒരു മനുഷ്യന്‍ അഭിപ്രായരൂപീകരണം നടത്തുന്നത് രണ്ടു വിധത്തിലാണ്. ഒന്ന് സ്വന്തമായ ചിന്തയിലൂടെ ശരിയെന്ന് ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നത്. മറ്റൊന്ന് ചിന്തകള്‍ക്കോ അന്വേഷണങ്ങള്‍ക്കോ സ്ഥാനമില്ലാതെ പാരമ്പര്യമായി കടന്നുവരുന്നത്. ശരിയെന്ന് ബോധ്യമാവുമ്പോള്‍ സ്വീകരിക്കപ്പെടുന്ന അര്‍ഥത്തില്‍ മതത്തെ അംഗീകരിക്കുമ്പോള്‍ അത് മാറ്റത്തിന് വിധേയമാകാവുന്നതാണ്. അതുകൊണ്ടുതന്നെ ഒരാളുടെ സ്വകാര്യമായ വിഷയമാണ് അയാളുടെ മതം. അത് നിര്‍ബന്ധിച്ചോ പ്രലോഭിപ്പിച്ചോ സ്വീകരിപ്പിക്കേണ്ട ഒന്നാവാന്‍ പാടില്ല. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം മതം ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതിന് ഒരാളെ നിര്‍ബന്ധിക്കാന്‍ പാടില്ല. ഭൗതികമായ പ്രലോഭനങ്ങളില്‍ വീഴ്ത്തിക്കൊണ്ട് മതം മാറ്റാനും പാടില്ല. അത് കുറ്റകരമായ കാര്യമാണ്. മതത്തെ പരസ്പരം അറിയാനുള്ള സാഹചര്യം സൃഷ്ടിക്കാം. പക്ഷേ, മതം സ്വീകരിക്കുന്നതിന് എന്തെങ്കിലും ഉപാധികള്‍ ഉണ്ടായിരിക്കാന്‍ പാടില്ല.

മതപരിവര്‍ത്തനത്തിന്റെ ഇസ്‌ലാമികമാനം

പ്രവാചകന്മാരിലൂടെയാണല്ലോ മതം ജനങ്ങളിലേക്ക് ആശയവിനിമയം നടത്തപ്പെട്ടിട്ടുള്ളത്. പ്രവാചകന്മാര്‍ മതത്തെ അടിച്ചേല്‍പ്പിച്ചതായി കാണാന്‍ സാധിക്കില്ല. ‘ലാ ഇക്‌റാഹ ഫിദ്ദീന്‍’ (മതം അടിച്ചേല്‍പിക്കപ്പെടേണ്ട ഒന്നല്ല) എന്ന ആശയമാണ് അവര്‍ പറഞ്ഞുവെച്ചത്. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അതിന്റെ ആശയങ്ങള്‍ വിവേകപൂര്‍ണമാണ്. അതുകൊണ്ടുതന്നെ വിവേകത്തിലേക്ക് ഒരാളെ കൊണ്ടുവരാന്‍ അവിവേകം പാടില്ല. ‘വിവേകം അവിവേകത്തില്‍ നിന്നും വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു’ (2:256). ‘വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍നിന്നും ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുക. അതാണ് വിവേകത്തിന്റെ മാര്‍ഗം’ എന്ന ആശയമാണ് ക്വുര്‍ആന്‍ മുന്നോട്ട് വെക്കുന്നത്. (39:18). സേവനപ്രവര്‍ത്തനങ്ങള്‍ പോലും മറ്റൊരാളെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വേണ്ടിയല്ല എന്നാണ് ക്വുര്‍ആന്റെ കാഴ്ചപ്പാട്. സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിശ്വാസികളെ കുറിച്ച് വിശദീകരിച്ചപ്പോള്‍ ക്വുര്‍ആന്‍ പറഞ്ഞു: ‘ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. അവര്‍ പറയും: അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ തീര്‍ച്ചയായും ഞങ്ങള്‍ ഭയപ്പെടുന്നു’ (ക്വുര്‍ആന്‍ 76:810). സേവനപ്രവര്‍ത്തനങ്ങള്‍ വിശ്വാസിയുടെ പരലോക ഗുണത്തിന് വേണ്ടിയാണെന്നും നരകമോചനത്തിന് വേണ്ടിയാണെന്നും അതൊരിക്കലും മതത്തിലേക്ക് ആളെക്കൂട്ടുവാനോ പ്രലോഭനങ്ങളിലൂടെ മതപരിവര്‍ത്തനം നടത്തുവാനോ വേണ്ടിയല്ല എന്നുമാണ്

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ആശയം

ഒരാള്‍ താന്‍ വിശ്വസിക്കുന്ന മതത്തിലേക്ക് മറ്റൊരാളെ ക്ഷണിക്കുകയാണെങ്കില്‍ അതിന്റെ പിന്നില്‍ താന്‍ ശരിയെന്ന് മനസ്സിലാക്കിയ സത്യത്തിലേക്ക് അപരനെ കൂടി കൊണ്ടുവരിക എന്ന ഉദ്ദേശ്യമാണുള്ളതെങ്കില്‍ അത് തെറ്റായ കാര്യമാണെന്ന് പറയാന്‍ സാധിക്കില്ല. നമ്മുടെ മനഃസാക്ഷി അത് ശരിയെന്ന് മാത്രമെ സാക്ഷ്യപ്പെടുത്തുകയുള്ളൂ. മതപരിവര്‍ത്തനം എന്ന വാക്ക് പലപ്പോഴും തെറ്റായ രൂപത്തില്‍ വ്യാഖ്യാനിക്കപ്പെട്ടുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നാണ് ചിലര്‍ മതപരിവര്‍ത്തനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കാറുള്ളത്. മതപ്രബോധനം എന്ന അര്‍ഥത്തിലാണ് ചിലര്‍ അതിനെ നോക്കിക്കാണുന്നത്. മതപരിവര്‍ത്തനം ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേക്കുള്ള മാറ്റമാണ്. അതുകൊണ്ട് ഏതുമതത്തില്‍നിന്നാണോ ഒരാള്‍ മാറുന്നത് പ്രസ്തുത മതത്തെ അത് ക്ഷീണിപ്പിക്കുന്നു. ഇതായിരുന്നു മതപരിവര്‍ത്തനം ഒരിക്കലും അനുവദിക്കാന്‍ പറ്റില്ലെന്ന് ഒരു കൂട്ടര്‍ വാദിക്കാനുണ്ടായ കാരണം.

ഭരണഘടന നിര്‍മാണ സഭയിലെ മതപരിവര്‍ത്തന ചര്‍ച്ചകള്‍

ഇന്ത്യയുടെ ഭരണഘടന നിര്‍മാണ സഭയില്‍ മതപരിവര്‍ത്തനം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 1947 ആഗസ്റ്റ് 30ന് സഭയില്‍ പതിനേഴാം വകുപ്പായി അവതരിപ്പിക്കപ്പെട്ട ബില്‍ ഇങ്ങനെയായിരുന്നു: ‘നിര്‍ബന്ധിതമായിക്കൊണ്ടോ അവിഹിതമായ സ്വാധീനംകൊണ്ടോ ഒരു മതത്തില്‍നിന്നും മറ്റൊരു മതത്തിലേക്കുള്ള പരിവര്‍ത്തനം നിയമം മൂലം അനുവദിക്കാവുന്നതല്ല’ (Conversion from one religion to another brought about by coercion or undue Influence shall not be recognised by law). എന്നാല്‍ ഇങ്ങനെയൊരു വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് സര്‍ദാര്‍ പട്ടേല്‍ വാദിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നേരത്തെതന്നെ നിയമംമൂലം നിരോധിക്കപ്പെട്ടിട്ടുണ്ട് എന്നതായിരുന്നു അതിനദ്ദേഹം പറഞ്ഞ കാരണം. എന്നാല്‍ പട്ടേലിനെ ഖണ്ഡിച്ചുകൊണ്ട് മദിരാശിയില്‍നിന്നുള്ള എം. അനന്തശയനം അയ്യങ്കാര്‍ മതപരിവര്‍ത്തനം പൂര്‍ണമായും നിരോധിക്കണം എന്ന് വാദിക്കുകയുണ്ടായി. അതിന് അദ്ദേഹം പറഞ്ഞ പ്രധാന ന്യായീകരണം ഭൂരിപക്ഷ സമുദായമായ ഹിന്ദുമതത്തിന്റെ എണ്ണം കുറയുമെന്നതായിരുന്നു. അയ്യങ്കാറിനെ പിന്തുണച്ചുകൊണ്ട് ആര്‍. വി ധൂലേക്കര്‍ രംഗത്ത് വന്നു. ഹിന്ദുക്കളുടെ സംഖ്യാശക്തി കുറക്കാനുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നായിരുന്നു ധൂലേക്കറിന്റെ കണ്ടെത്തല്‍. അധഃസ്ഥിത വിഭാഗങ്ങളിലെ സാധാരണക്കാരുടെ അജ്ഞത മുതലെടുത്ത്, പ്രലോഭനങ്ങള്‍ നടത്തി മറ്റു മതങ്ങളിലെ പ്രബോധകര്‍ പരിവര്‍ത്തനം നടത്തുകയാണെന്നായിരുന്നു ബംഗാളില്‍നിന്നുള്ള അധഃസ്ഥിതവിഭാഗങ്ങളുടെ പ്രതിനിധിയായ പി. ആര്‍ ഠാക്കൂറിന്റെ പരാമര്‍ശം. ഇത്തരം മതപരിവര്‍ത്തനങ്ങള്‍ തട്ടിപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം നേരത്തെ നിയമം മൂലം നിരോധിക്കപ്പെട്ടതായതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഇനി ആവശ്യമില്ല എന്ന നിഗമനത്തിലായിരുന്നു അന്ന് ഭരണഘടന നിര്‍മാണ സഭ എത്തിച്ചേര്‍ന്നത്. (Conversion from one religion to another brought about by coercion or undue Influence shall not be recognised by law).

എന്നാല്‍ 1948 ഡിസംബര്‍ 9 ന് മതപ്രബോധന സ്വാതന്ത്ര്യം അനുവദിക്കുന്ന 25ാം അനുച്ഛേദം (ഡ്രാഫ്റ്റ് ആര്‍ട്ടിക്കിള്‍ 19) ചര്‍ച്ചക്ക് വന്നപ്പോള്‍ മതപരിവര്‍ത്തനം വീണ്ടും വാദപ്രതിവാദത്തിന് വിധേയമായി. മതപ്രബോധന സ്വാതന്ത്ര്യം അവകാശമായി നല്‍കുന്ന ഈ അനുച്ഛേദം ഇന്ത്യയിലെ ഹിന്ദു സമുദായത്തെ അടിമകളാക്കുന്നതിനുള്ള ചാര്‍ട്ടര്‍ ആണെന്നായിരുന്നു അസമില്‍നിന്നുള്ള ലോക്‌നാഥ് മിശ്രയുടെ വിമര്‍ശനം. ഹിന്ദുമതത്തെ ഉന്മൂലനം ചെയ്ത് ഇസ്‌ലാം, ക്രിസ്തു മതങ്ങളെ സ്ഥാപിക്കുന്നതിനാണ് മതപ്രബോധന സ്വാതന്ത്ര്യമെന്ന പേരില്‍ മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യ ഇടപാട് മാത്രമാണ് മതമെന്നിരിക്കെ പരസ്യമായ മതപ്രബോധനം എന്തിനാണെന്നായിരുന്നു ബിഹാറിലെ മുസ്‌ലിം പ്രതിനിധി തജമ്മുല്‍ ഹുസൈന്റെ ചോദ്യം.

ഈ ചര്‍ച്ചകള്‍ക്ക് അന്തിമവിരാമം കുറിച്ചുകൊണ്ട് മതപരിവര്‍ത്തനത്തിന്റെ അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് കെ. എം മുന്‍ഷിയും ടി.ടി. കൃഷ്ണമാചാരിയുമായിരുന്നു. ‘പ്രബോധനം’ (Propogation) എന്ന പദത്തിന് ക്രിസ്ത്യന്‍ സമുദായം നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചും എന്തുകൊണ്ടാണ് ഈ വാക്ക് ഭരണഘടനക്ക് ദോഷകരമല്ലാതാവുന്നത് എന്നതിനെക്കുറിച്ചുമാണ് കെ.എം മുന്‍ഷി കാര്യമായും സഭയില്‍ വിശദീകരിച്ചത്. ‘ഈ പദത്തിന്മേലാണ് ഇന്ത്യയിലെ ക്രിസ്ത്യന്‍ സമുദായം കാര്യമായ ഊന്നല്‍ നല്‍കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതിനുള്ള കാരണം നിര്‍ബന്ധിതമായി മറ്റുള്ളവരെ പരിവര്‍ത്തനം ചെയ്യുന്നതിന് വേണ്ടിയല്ല, മറിച്ച് അതവരുടെ മതപരമായ ബാധ്യതയാണെന്ന് അവര്‍ കരുതുന്നതുകൊണ്ടാണ്.’

ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലം പഠിച്ച മദ്രാസില്‍നിന്നുള്ള ടി.ടി കൃഷ്ണമാചാരി എന്തുകൊണ്ടാണ് ഹിന്ദുക്കളില്‍ ചിലര്‍ കൈസ്തവ മതം സ്വീകരിച്ചത് എന്നായിരുന്നു സഭയില്‍ വിശദീകരിച്ചത്. ക്രിസ്തീയമതം മറ്റുള്ള മതവിഭാഗങ്ങളിലെ സഹോദരങ്ങളോട് സ്വീകരിച്ച പെരുമാറ്റരീതിയാണ് പലരെയും മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതെന്നും ഒരു അയിത്തജാതിക്കാരന്‍ ക്രിസ്ത്യാനിയാവുന്നതോടെ അയാള്‍ക്ക് ഹിന്ദുമതത്തിലെ ഒരു സവര്‍ണന് ലഭിക്കുന്ന സ്ഥാനമാണ് ലഭിക്കുന്നതെന്നും കൃഷ്ണമാചാരി പറഞ്ഞു. ഈ സംസാരങ്ങളാണ് സഭയെ ഒരു അന്തിമതീരുമാനത്തിലെത്താന്‍ സഹായിച്ചത്. ദൈവത്തിന്റെയും സ്വന്തം മതപ്രമാണങ്ങളുടെയും അടിസ്ഥാനത്തില്‍ മതപ്രബോധനം നടത്തുന്നതും അതുവഴി മതപരിവര്‍ത്തനം നടത്തുന്നതും ഒരു വിശ്വാസപരമായ ബാധ്യതയായി ഒരാള്‍ കാണുന്നുവെങ്കില്‍ അതിന് തടസ്സം നില്‍ക്കേണ്ടതില്ല എന്നും എന്നാല്‍ അത് ഓരോ വ്യക്തിയുടെയും മനഃസാക്ഷിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം എന്നുമുള്ള അവബോധത്തിലാണ് ഭരണഘടന നിര്‍മാണ സഭ അന്ന് എത്തിച്ചേര്‍ന്നത്. മതപ്രബോധനം മൗലികാവകാശമായത്തിന്റെ ഒരു ലഘുചരിത്രമാണിത്. പീഡനങ്ങളോ പ്രീണനങ്ങളോ ബലാല്‍ക്കാരമോ അടിച്ചേല്‍പിക്കലോ ഭൗതിക വ്യാമോഹങ്ങളോ പ്രലോഭനങ്ങളോ ഒന്നുമില്ലാതെ, ഒരാള്‍ അയാളുടെ മതവിശ്വാസവും വിജ്ഞാനങ്ങളും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതും അതിലേക്ക് ക്ഷണിക്കുന്നതുമെല്ലാം ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങളില്‍ പെട്ടതാണ് എന്നു ചുരുക്കം. (http://loksabh-aph.nic.in/writereaddata/cadebate files/C01051947.html, https://indian kanoon.org/doc/209313/).

മതപരിവര്‍ത്തനത്തിലെ രാഷ്ട്രീയം

മതപരിവര്‍ത്തനം സ്വന്തം സമുദായത്തിന്റെ അംഗബലം കൂട്ടുക എന്ന ലക്ഷ്യത്തോടെ മാത്രമാണെങ്കില്‍ അത് കേവലം രാഷ്ട്രീയമാണ്. അതിന് മതത്തിന്റെ ശരിയായ അകക്കാമ്പിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഇത്തരം ‘രാഷ്ട്രീയങ്ങള്‍’ ആണ് മതപ്രബോധന മേഖലയെ സംഘര്‍ഷഭരിതമാക്കുന്നതും സങ്കീര്‍ണമാക്കുന്നതും. ഒരാള്‍ അയാള്‍ക്ക് മനസ്സിലായ സത്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് മതവിശ്വാസം രൂപീകരിക്കുന്നുവെങ്കില്‍ അത് കുഴപ്പങ്ങള്‍ സൃഷ്ടിക്കില്ല. അതിനെ ചോദ്യം ചെയ്യാനോ തടയാനോ ഇവിടെയുള്ള ഏതെങ്കിലും മത മേലധ്യക്ഷന്മാര്‍ക്കോ പുരോഹിതന്മാര്‍ക്കോ അധികാരമില്ല. ക്രിസ്തീയ സഭകള്‍ക്ക് ഇപ്പോള്‍ ഉണ്ടായിട്ടുള്ള ആശങ്ക ക്രിസ്തീയ മതം ഉപേക്ഷിച്ച് ചിലര്‍ മറ്റു മതങ്ങള്‍ സ്വീകരിക്കുന്നതാണെങ്കില്‍ ആ ആശങ്ക അസ്ഥാനത്താണ്. കാരണം മറ്റു മതങ്ങളില്‍നിന്നും ധാരാളം പേര്‍ ഇതുപോലെ ക്രിസ്തീയ മതം സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ വളരെ വ്യവസ്ഥാപിതമായി മതപ്രബോധനത്തിനും മതപരിവര്‍ത്തനത്തിനുമായി മിഷണറി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത് ക്രിസ്ത്യന്‍ സഭകളാണ്. മിഷണറി പ്രവര്‍ത്തനങ്ങള്‍ക്ക് കേവലം വിശ്വാസ പ്രചാരണങ്ങള്‍ ആയിരുന്നില്ല സഭകള്‍ സ്വീകരിച്ചിരുന്നത്. വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങിയ ജനക്ഷേമകരമായ കാര്യങ്ങളായിരുന്നു പ്രധാനമായും മുമ്പോട്ടുവെച്ചിരുന്നത്. വിശ്വാസത്തില്‍ ആകൃഷ്ടരായിട്ടല്ല, മറിച്ച് ഭൗതികമായ വിഭവങ്ങളില്‍ ആകൃഷ്ടരായിക്കൊണ്ടാണ് പലരും ക്രിസ്തുമതം സ്വീകരിച്ചിരുന്നത്. ഇത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

മതപരിവര്‍ത്തനത്തിന് സ്‌നേഹം (Love), മയക്കുമരുന്ന് (Narcotics), മറ്റു ഭൗതിക സൗകര്യങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഇസ്‌ലാമില്‍ കുറ്റകരമാണ്. അതുകൊണ്ടുതന്നെ ‘ലവ് ജിഹാദ്’ തുടങ്ങിയ പ്രയോഗങ്ങള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ ഉപയോഗിക്കുന്നത് അന്യായമാണ്. അതേസമയം ഭൗതിക സൗകര്യങ്ങള്‍ നല്‍കിക്കൊണ്ട് ക്രിസ്തുമതത്തിലേക്ക് അന്യമതങ്ങളില്‍ പെട്ടവരെ ആകര്‍ഷിക്കുന്നതില്‍ ക്രിസ്ത്യന്‍ സഭകള്‍ തെറ്റുകാണുന്നുമില്ല. ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രേമത്തില്‍ വീഴ്ത്തി മതം മാറ്റുന്നതിനെ ലവ് ജിഹാദ് എന്ന് വിളിക്കാമെങ്കില്‍ വിദ്യാഭ്യാസമോ (Education)  ചികിത്സയോ (Medical Treatment)  നല്‍കി ആളുകളെ ക്രിസ്തീയ മാര്‍ഗത്തിലേക്ക് കൊണ്ടുപോകുന്നതിന് എന്തുപേരാണ് വിളിക്കുക? ‘സേവന കുരിശുയുദ്ധം’ (Service crusade)  എന്നാണോ? ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ എല്ലാ മതവിഭാഗങ്ങളും ഒഴിവാക്കുകയാണ് വേണ്ടത്. ഉത്തരവാദപ്പെട്ട മതനേതാക്കളില്‍നിന്നും ഇതുപോലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവാന്‍ പാടില്ല.

ക്രിസ്ത്യാനികള്‍: അല്‍പം ചരിത്രം

എഡി 52ല്‍ ക്രിസ്തുവിന്റെ ശിഷ്യന്‍ സെന്റ് തോമസ് (മാര്‍ തോമസ് ശ്ലീഹ) മലങ്കരയില്‍ (കേരളത്തില്‍) എത്തിയതോടെയാണ് ഇവിടെ ക്രിസ്ത്യാനികള്‍ തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. ചരിത്രത്തിന്റെ പിന്‍ബലം ഇതിനില്ലെങ്കിലും പൊതുവില്‍ ജനങ്ങള്‍ ധരിച്ചുവെച്ചത് ഇങ്ങനെയാണ്. സെന്റ് തോമസും അനുയായികളും വഴി ക്രിസ്ത്യാനികളായവര്‍ മാര്‍തോമക്കാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് എഡി രണ്ടാം നൂറ്റാണ്ടില്‍ സിറിയന്‍ പാത്രിയാര്‍ക്കീസുമായി ബന്ധമുള്ള ചിലര്‍ കടല്‍മാര്‍ഗം കേരളത്തിലെത്തി. സുറിയാനി ഭാഷയായിരുന്നു അവരുടെ വൈദിക ഭാഷ. അതുകൊണ്ടുതന്നെ ആദ്യകാല ക്രിസ്ത്യാനികള്‍ സുറിയാനി നസ്രാണികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. റോമിലെ മാര്‍പാപ്പയുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നില്ല. ഇവര്‍ കത്തോലിക്കക്കാര്‍ ആയിരുന്നില്ല എന്നര്‍ഥം. ക്‌നാനായ തൊമ്മന്‍ എന്നയാള്‍ കുറെ ആളുകളുമായി എഡി മൂന്നാം നൂറ്റാണ്ടില്‍ എത്തി. അയാളുടെ പിന്മുറക്കാര്‍ ‘ക്‌നാനായ സുറിയാനി കത്തോലിക്കര്‍’ എന്നാണ് അറിയപ്പെട്ടത്. സുറിയാനി നസ്രാണികള്‍ പൊതുവെ കേരളീയ പാരമ്പര്യം സ്വീകരിച്ച് വന്നവരായിരുന്നു. ഇവരെ ‘പഴയ കൂറുകാര്‍’ എന്നും വിളിക്കുന്നു.

സുറിയാനികള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടതെങ്ങിനെ?

1498ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വരികയും പോര്‍ച്ചുഗീസ് മിഷണറി റോമുമായി ബന്ധമില്ലാതിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ റോമിന്റെ കീഴിലുള്ള കത്തോലിക്കാ മതത്തിലേക്ക് നിര്‍ബന്ധിതമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്തു. ഇതിനായി 1599ല്‍ ഉദയംപേരൂരില്‍ ഒരാഴ്ച നീണ്ടുനിന്ന സൂനഹദോസ് സംഘടിപ്പിച്ചു. ഇങ്ങനെ പരിവര്‍ത്തിക്കപ്പെട്ടവരാണ് സീറോ മലബാര്‍ സഭ. പോര്‍ച്ചുഗീസുകാര്‍ ഹൈന്ദവ വിഭാഗത്തില്‍നിന്ന് കുറെപേരെ മതപരിവര്‍ത്തനം നടത്തി. അവരാണ് ലത്തീന്‍ കത്തോലിക്കാവിഭാഗം. 1700കളില്‍ ബ്രിട്ടീഷുകാര്‍ എത്തിയതോടെ പ്രൊട്ടസ്റ്റന്റ് സഭകള്‍ രൂപംകൊണ്ടു. റോമിലെ മാര്‍പ്പാപ്പയോട് തെറ്റി മറ്റൊരു മാര്‍ഗം സ്വീകരിച്ചവരാണവര്‍. ‘ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ’ എന്നാണ് അവരുടെ സഭകള്‍ അറിയപ്പെടുന്നത്. പ്രൊട്ടസ്റ്റന്റുകളില്‍നിന്നുള്ള നവീകരണ വിഭാഗമായി 1909ല്‍ പെന്തക്കോസ്ത്ത് വിഭാഗവും ഉണ്ടായി.

1599ല്‍ ഉദയംപേരൂരില്‍ വെച്ച് കത്തോലിക്കരായി പരിവര്‍ത്തനം ചെയ്യപ്പെട്ട സുറിയാനി നസ്രാണികളില്‍ ചിലര്‍ 1653ല്‍ പഴയ കൂറിലേക്ക് തന്നെ തിരിച്ചുപോയി. അവര്‍ നടത്തിയ സത്യപ്രതിജ്ഞ കൂനന്‍കുരിശ് സത്യം എന്ന പേരിലാണ് അറിയപ്പെടുന്നത്. അവര്‍ റോമിനെ അംഗീകരിച്ചില്ല. പകരം അന്തേ്യാഖ്യയെ ആയിരുന്നു അവര്‍ വൈദിക നേതൃത്വമായി സ്വീകരിച്ചിരുന്നത്. എന്നാല്‍ അവര്‍ക്കിടയില്‍ ഭിന്നതകള്‍ ഉടലെടുത്തു. പൂര്‍ണമായ അധികാരം അന്തേ്യാഖ്യ പാത്രിയാര്‍ക്കീസിന് നല്‍കിയവര്‍ ‘ബാവ കക്ഷി’ എന്നറിയപ്പെട്ടു. എന്നാല്‍ ഭരണപരമായ കാര്യങ്ങളില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചവര്‍ ‘മെത്രാന്‍ കക്ഷി’ എന്ന പേരില്‍ വിളിക്കപ്പെട്ടു. ബാവ കക്ഷിയാണ് പില്‍ക്കാലത്ത് യാക്കോബായ വിഭാഗമായത്. മെത്രാന്‍ കക്ഷിയാണ് ഇന്നത്തെ മലങ്കര ഓര്‍ത്തോഡോക്‌സ് സഭ. അന്ത്യോഖ്യയെ അംഗീകരിച്ചവരില്‍ പെട്ട മൂന്നാമത്തെ കക്ഷിയാണ് ഇന്നത്തെ കല്‍ദായ സുറിയാനി (പേര്‍ഷ്യന്‍ അസ്സീറിയന്‍) വിഭാഗം.

ഇങ്ങനെ വിവിധ വിഭാഗങ്ങളായ കേരളത്തിലെ ക്രിസ്ത്യാനികളെ പ്രധാനമായും നാലായി തരംതിരിക്കാം. (1) റോമന്‍ കത്തോലിക്കര്‍. സീറോ മലബാര്‍ സഭ (40.2%), സീറോ മലങ്കര (7.8%), ലത്തീന്‍ കത്തോലിക്കാ (13.2%) എന്നീ വിഭാഗങ്ങളാണ് റോമന്‍ കത്തോലിക്കര്‍. ഇവരാണ് ഭൂരിപക്ഷം. 61.2%. (2) സുറിയാനി വിഭാഗം. മലങ്കര ഓര്‍ത്തോഡോക്‌സ് (8%), യാക്കോബായ (7.9%), മാര്‍ത്തോമാ (6.6%), കല്‍ദായ (0.43%). ആകെ 14.93%. (3) പ്രൊട്ടസ്റ്റന്റ്. സി.എസ്.ഐ. (4.5%), പെന്തക്കോസ്ത്ത് (4.3%), ദളിത് ക്രിസ്ത്യന്‍ (2.2%), സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് (0.58%), സെന്റ് തോമസ് ഇവാഞ്ചെലിക്കല്‍ (0.05). (4) മറ്റുള്ളവര്‍ (4.46%).

ക്രിസ്ത്യന്‍ മിഷണറിയുടെ തുടക്കം

പതിനഞ്ചാം നൂറ്റാണ്ടോടെ റോമന്‍ കത്തോലിക്കാ മിഷണറിയുടെ വരവോടെയാണ് കേരളത്തില്‍ ക്രിസ്തീയ മതപരിവര്‍ത്തനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അടിമത്ത നിരോധനമടക്കമുള്ള സാമൂഹിക വിപ്ലവത്തിന്റെ ഉപജ്ഞാതാക്കള്‍ കത്തോലിക്കാ മിഷണറിമാര്‍ ആണെന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. എന്നാല്‍ മിഷണറിമാരുടെ ലക്ഷ്യം അതായിരുന്നില്ല. ‘ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ”യഥാര്‍ഥത്തില്‍ മിഷണറിമാരുടെ മനസ്സിലിരിപ്പും മനഃശാസ്ത്രവും എന്തായിരുന്നു? അടിമത്തവും അധഃകൃത വര്‍ഗങ്ങള്‍ അനുഭവിച്ച സാമൂഹിക വിവേചനങ്ങളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണോ അവര്‍ കടല്‍ കടന്ന് തിരുവിതാംകൂറില്‍ എത്തിയത്? നിശ്ചയമായും അല്ല. ആത്മാക്കളെ വലയിട്ടു പിടിക്കലായിരുന്നു അവരുടെ ലക്ഷ്യം. ക്രിസ്തുവിനു വേണ്ടിയുള്ള ഒരു യുദ്ധത്തിലായിരുന്നു അവര്‍. ഈ വിശ്വാസ യുദ്ധത്തെ വെള്ളക്കാരന്റെ അധിനിവേശ യുദ്ധവുമായി അവര്‍ ബന്ധിപ്പിച്ചു. ബ്രിട്ടനിലെ വെള്ളക്കാരന്‍ ക്രിസ്ത്യാനിയാവുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ക്രിസ്ത്യാനിയായ മലയാളി സുറിയാനികളെ നേരെയാക്കുവാനാണ് ആദ്യമവര്‍ ശ്രമിച്ചത്. അത് ഉടക്കിപ്പിരിഞ്ഞപ്പോള്‍ പിന്നോക്കവിഭാഗങ്ങളുടെ ആത്മാക്കള്‍ക്കായി അവര്‍ വല വീശിയെറിഞ്ഞു” (ബോബി തോമസ്, പേജ് 340).

പുലയരും പറയരും മലയരന്മാരും നാടാര്‍മാരും അടക്കമുള്ള അധഃസ്ഥിത വിഭാഗങ്ങളില്‍ പലരും മതപരിവര്‍ത്തനം ചെയ്യപ്പെട്ടു. മതപരിവര്‍ത്തനത്തിന് പിന്നില്‍ അടിമത്ത മോചനം, ജാതിപീഡനങ്ങളില്‍നിന്നുള്ള രക്ഷ, നിര്‍ബന്ധിതമായ അടിച്ചേല്‍പിക്കല്‍ എന്നിവയായിരുന്നു. തികച്ചും ഭൗതികമായ താല്‍പര്യങ്ങളാണ് പിന്നാക്കക്കാരെ വൈദേശിക ക്രിസ്ത്യന്‍ മിഷണറികളുമായി അടുപ്പിച്ചത്. എന്നാല്‍ ഇങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് രണ്ടാംതരം ക്രിസ്ത്യാനികളായി ജീവിക്കേണ്ടിവന്നു. നേരത്തെ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതരെ അപമാനിച്ചുകൊണ്ടിരിന്നു. അതേസമയം ബ്രിട്ടീഷുകാര്‍ പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതരോട് ഒട്ടും ദയ കാണിച്ചതുമില്ല. ഡോ. ജെ ഡബ്ലിയൂ ഗ്ലാഡ്സ്റ്റണ്‍ എഴുതുന്നു: ”ഒരു സമ്പന്നനായ യജമാനന്‍ തന്റെ ജോലിക്കാരോട് കാണിക്കുന്ന പെരുമാറ്റമായിരുന്നു മിഷണറിമാരുടേത്. അല്ലാതെ ക്രിസ്തുവിനെ സ്‌നേഹിക്കുന്ന സഹപ്രവര്‍ത്തകരുടേതായിരുന്നില്ല” (കേരളത്തിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതവും ബഹുജനപ്രസ്ഥാനങ്ങളും).

മിഷണറിമാര്‍ ഹിന്ദുക്കള്‍ക്കെതിരെ

മിഷണറി പ്രവര്‍ത്തകര്‍ ഹൈന്ദവ ആചാരങ്ങളെ പരസ്യമായി അവഹേളിക്കുന്ന സമീപനമായിരുന്നു പുലര്‍ത്തിയിരുന്നത്. ക്ഷേത്രങ്ങളുടെ മുമ്പില്‍ നിന്നുകൊണ്ട് ഹിന്ദുവിശ്വാസങ്ങളെ എതിര്‍ത്തുകൊണ്ട് അവര്‍ പ്രസംഗിക്കുമായിരുന്നു. മിഷണറിമാരുടെ ഇങ്ങനെയുള്ള ഹൈന്ദവ അധിക്ഷേപങ്ങള്‍ തുടര്‍ന്നപ്പോഴായിരുന്നു കേരളത്തിലെ പ്രമുഖ നവോത്ഥാന നായകനായിരുന്ന ചട്ടമ്പിസ്വാമികള്‍ പ്രതികരണവുമായി രംഗത്ത് വന്നത്. ‘ക്രിസ്തുമതച്ഛേദനം’ എന്ന സ്വാമിയുടെ ഗ്രന്ഥത്തിന്റെ പശ്ചാത്തലം അതായിരുന്നു. മതപ്രചാരണം അന്യമതങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലേക്ക് വഴിമാറുകയും മറ്റു മതങ്ങളുടെ ആരാധനാലയങ്ങളുടെ മുറ്റങ്ങളില്‍ പോലും അധികാരികളുടെ പിന്തുണയോടെ നടത്തപ്പെടുകയും ചെയ്തതോടെയാണ് ചട്ടമ്പിസ്വാമിയെ പോലുള്ള വ്യക്തികള്‍ രംഗത്തു വന്നത്.

മിഷണറിമാരും മക്തി തങ്ങളും

ഹിന്ദു മതം മാത്രമല്ല, ഇസ്‌ലാം മതവും മിഷണറിമാരുടെ ക്രൂരതകള്‍ക്ക് വിധേയമായിരുന്നു. കേരളത്തിന്റെ നവോത്ഥാന നായകനായിരുന്ന സയ്യിദ് സനാഉല്ല മക്തി തങ്ങള്‍ ‘കഠോരകുഠാരം’ എന്ന പുസ്തകം രചിക്കാനുണ്ടായ കാരണം െ്രെകസ്തവ മിഷണറിമാര്‍ ഇസ്‌ലാമിനെതിരെ നടത്തിയ ക്രൂരമായ പ്രചാരണങ്ങളായിരുന്നു. പ്രസ്തുത പുസ്തകത്തില്‍ മക്തി തങ്ങള്‍ ദരിദ്രരുടെ അജ്ഞാനത്തെ മുതലെടുത്ത് മതപരിവര്‍ത്തനം നടത്തുന്നതിന്റെ അര്‍ഥശൂന്യത എടുത്തുപറയുന്നുണ്ട്. ഇസ്‌ലാമിനെ മാത്രമല്ല, ഹിന്ദു മതത്തെ തത്ത്വദീക്ഷയില്ലാത്തവിധം ഇകഴ്ത്തിപ്പറയുന്നതിനെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. ‘നിങ്ങളുടെ കണ്ണില്‍ കോല്‍ ഇരിക്കവെ, ഹിന്ദുക്കളുടെ കണ്ണിലെ കരടിനെ തെരഞ്ഞു ശാസ്ത്രങ്ങളെയും ശാസ്ത്രകര്‍ത്താക്കളെയും വചനംകൊണ്ടും ലേഖനംകൊണ്ടും ആക്ഷേപിച്ചും നിന്ദിച്ചും വരുന്നത് അന്യായവും അധികപ്രസംഗവുമാകുന്നു’ എന്നാണ് അദ്ദേഹം മിഷണറിമാരുടെ പ്രവര്‍ത്തനത്തെ കുറിച്ച് എഴുതിവെച്ചത്.

ഡോ. എം ഗംഗാധരന്‍ എഴുതുന്നു: ‘അക്കാലത്ത് മലബാറിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും ആളുകള്‍ കൂടുന്നിടത്ത് ക്രിസ്തുമതപ്രചാരകര്‍ മതപ്രഭാഷണം നടത്തിയിരുന്നു. ക്രിസ്തുമതത്തെ കുറിച്ചുള്ള ലഘുലേഖകളും അവര്‍ വിതരണം ചെയ്തുപോന്നു. പ്രസംഗത്തിലും എഴുത്തിലും അവര്‍ ഇസ്‌ലാം മതത്തെ വളരെ വികൃതമായി ചിത്രീകരിക്കുകയും ക്രിസ്തു മതം സ്വീകരിക്കാന്‍ പാവപ്പെട്ടവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് എതിര്‍ക്കപ്പെടേണ്ടതായി തോന്നിയതുകൊണ്ട് തന്റെ മുപ്പത്തിയാറാം വയസ്സില്‍ തങ്ങള്‍ സര്‍ക്കാര്‍ ജോലി രാജിവെക്കുകയും ക്രിസ്തുമത പ്രചാരകര്‍ ഇന്നാട്ടിലെ ജനങ്ങളെ അപമാനിക്കുന്ന വിധത്തിലും തെറ്റായി ചിത്രീകരിക്കുന്നതിനെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു’ (മാപ്പിള പഠനങ്ങള്‍, പേജ് 75).

ജനസംഖ്യാവാദവും തെറ്റിദ്ധാരണകളും

ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നില്‍ മുസ്‌ലിംകളുടെ എണ്ണത്തിലുള്ള വര്‍ധനവും ക്രിസ്ത്യാനികളുടെ കുറവുമാണെന്ന് ചിലര്‍ നിരീക്ഷിക്കുന്നു. ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവ് വരാനുള്ള കാരണം ലവ് ജിഹാദാണെന്നാണ് ഇവരുടെ പ്രചാരണം. ലവ് ജിഹാദ് എന്ന ഒന്നില്ലെന്നത് രാജ്യത്തിന്റെ പരമോന്നത നീതിപീഠം പോലും വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. 1900 മുതലുള്ള ജനസംഖ്യ പരിശോധിച്ചാല്‍ ഈ പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബോധ്യമാവും. 1901ലെ മുസ്‌ലിം ജനസംഖ്യ 17.28% ആയിരുന്നെങ്കില്‍ ക്രിസ്ത്യന്‍ ജനസംഖ്യ അന്ന് 13.28% ആയിരുന്നു. എന്നാല്‍ 1961 ആയപ്പോള്‍ മുസ്‌ലിം ശതമാനം 17.91ഉം ക്രിസ്ത്യന്‍ ശതമാനം 21.22 ഉം ആയി. അതായത് മുസ്‌ലിം ജനസംഖ്യയില്‍ സാരമായ മാറ്റം ഉണ്ടായില്ല. എന്നാല്‍ ക്രിസ്ത്യന്‍ ജനസംഖ്യ എട്ടു ശതമാനത്തോളം വര്‍ധിച്ചു. അക്കാലത്ത് ക്രിസ്ത്യാനികളുടെ ഈ വര്‍ധനവില്‍ ആരും ആശങ്ക പ്രകടപ്പിച്ചതായി കണ്ടിട്ടില്ല. 1961ന് ശേഷം മുസ്‌ലിം ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടായി. 2011 ആയപ്പോള്‍ 26.56% ആയി അത് ഉയര്‍ന്നു. ഓരോ പത്തുവര്‍ഷം കൂടുമ്പോഴും ശരാശരി ഒന്നര ശതമാനത്തിന്റെ വളര്‍ച്ച. എന്നാല്‍ ക്രിസ്ത്യന്‍ ജനസംഖ്യ ഓരോ പത്തുവര്‍ഷം കൂടുമ്പോഴും ശരാശരി ഒരു ശതമാനം കുറഞ്ഞുവന്നു. 2011ലെ കണക്കനുസരിച്ച് ക്രിസ്ത്യാനികള്‍ 18.38% ആണ്. 1901 മുതല്‍ നൂറുവര്‍ഷത്തെ കണക്ക് നോക്കിയാല്‍ മുസ്‌ലിംകള്‍ എണ്ണത്തില്‍ 9 ശതമാനവും ക്രിസ്ത്യാനികള്‍ നാലര ശതമാനവും വളര്‍ച്ച നേടിയിരിക്കുന്നു. എന്നാല്‍ ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവ് വന്നതിന്റെ കാരണം മതപരിവര്‍ത്തനമാണെന്ന് ഒരു രേഖയും അംഗീകരിക്കുന്നില്ല. പ്രത്യുത്പാദന നിരക്ക് കുറഞ്ഞതും തൊഴില്‍ തേടിയുള്ള കുടിയേറ്റങ്ങളുമാണ് ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവുവരാനുണ്ടായ പ്രധാന കാരണങ്ങള്‍.

എല്ലാ മതങ്ങളും പരസ്പരം ആദരവ് പ്രകടിപ്പിച്ച് സഹിഷ്ണുതയോടെ കഴിയേണ്ട നാടാണ് നമ്മുടേത്. പഴയകാല നേതാക്കള്‍ നമുക്ക് നേടിത്തന്ന വിശാലമനസ്‌കത നാം കളഞ്ഞുകുളിക്കരുത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി സംഘപരിവാര്‍ ഫാസിസ്റ്റ് ശക്തികള്‍ ഉണ്ടാക്കിയെടുക്കുന്ന കഥകള്‍ക്ക് പിറകെ പോവാതെ യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ നമുക്ക് കഴിയണം. മതപരിവര്‍ത്തനത്തിന് ഭരണഘടന നല്‍കിയിട്ടുള്ള വിശദീകരണങ്ങളില്‍ ഒതുങ്ങിനിന്നുകൊണ്ടുമാത്രം പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുവാന്‍ എല്ലാ വിഭാഗങ്ങളും തയ്യാറാവുകയാണ് വേണ്ടത്. തെറ്റിദ്ധാരണകള്‍ അകറ്റിനിര്‍ത്തി രാജ്യത്തിനും ജനതക്കും വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമാറാകട്ടെ.

സുഫ്‌യാന്‍ അബ്ദുസ്സലാം

നേർപഥം വാരിക 

പ്രണയക്കുരുതിയുടെ കാരണം കണ്ടെത്തി ചികിത്സിക്കണം

പ്രണയക്കുരുതിയുടെ കാരണം കണ്ടെത്തി ചികിത്സിക്കണം

പ്രണയപ്പകയില്‍ കേരളത്തില്‍ വീണ്ടുമൊരു കൊലപാതകം കൂടി സംഭവിച്ചിരിക്കുന്നു! പെട്രോളൊഴിച്ചും സ്‌ഫോടക വസ്തു ഉപയോഗിച്ചും കത്തികൊണ്ട് കുത്തിയും വെടിയുതിര്‍ത്തുമെല്ലാം പ്രണയ നൈരാശ്യത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്..

ഓരോ സംഭവം കഴിയുമ്പോഴും അതിന്റെ നീറുന്ന കാഴ്ചകള്‍ മാധ്യമങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുമ്പോള്‍ ഇനിയാരും ഇത്തരം കൊടുംക്രൂരതയ്ക്ക് മുതിരില്ലെന്നാണ് സമൂഹം വിചാരിക്കാറുള്ളത്. എന്നാല്‍ അത്തരം പ്രതീക്ഷകളെയെല്ലാം തകര്‍ത്തുകൊണ്ട് വീണ്ടും അതിക്രൂരമായ വഴികളിലൂടെ കൊലകള്‍ ആവര്‍ത്തിക്കുന്നതായാണ് നാം കാണുന്നത്.

കൗമാരക്കാര്‍ ഇത്തരം ദുരന്തങ്ങളിലേക്ക് എത്തിച്ചേരുന്നതിന്റെ മൗലിക കാരണം കണ്ടെത്താന്‍ ഇനിയും വൈകിക്കൂടാ. സിനിമകളും സീരിയലുകളും നല്‍കുന്ന വികലമായ വിവാഹ വീക്ഷണങ്ങള്‍ മുന്നില്‍ വെച്ചാണ് കൗമാരപ്രായക്കാര്‍ പ്രണയത്തിലേക്ക് എടുത്തുചാടുന്നത്. സങ്കല്‍പങ്ങളില്‍നിന്ന് യാഥാര്‍ഥ്യങ്ങളിലേക്ക് എത്തുമ്പോള്‍ പലരും കണ്ടെത്തിയ ജീവിതപങ്കാളി തനിക്ക് യോജിച്ചതല്ലെന്ന് തിരിച്ചറിയുന്നു. അതോടെ പിന്‍മാറാന്‍ ശ്രമിക്കുന്നു. മറ്റെയാള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നു. അതോടെ അവര്‍ പോലും വിചാരിക്കാത്ത അനര്‍ഥങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.

വിവാഹത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്ത പ്രായത്തില്‍ സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ലിംഗ സമത്വത്തിന്റെയും പെരുമ്പറ മുഴക്കി പ്രണയത്തെ മഹത്ത്വവത്കരിക്കുന്ന പൊതുബോധത്തെയാണ് ആദ്യം ചികിത്സിക്കേണ്ടത്.

വിവാഹമെന്നത് കുട്ടികളോ രക്ഷിതാക്കളോ തനിച്ച് തീരുമാനിക്കേണ്ട ഒരു വിഷയമല്ല. മക്കള്‍ക്കും രക്ഷിതാക്കള്‍ക്കും തുല്യമായ പങ്കാളിത്തം അതിലുണ്ടാവണം. മക്കളുടെ അനുവാദമില്ലാതെ വിവാഹം ഉറപ്പിക്കുന്നത് പോലെ അന്യായമായ ഒന്നാണ് കുടുംബത്തിന്റെ ഇടപെടലും സമ്മതവുല്ലാതെ കുട്ടികള്‍ വൈകാരികമായി എത്തിച്ചേരുന്ന ബന്ധങ്ങള്‍.

പോറ്റിവളര്‍ത്തിയ മാതാപിതാക്കള്‍ക്ക് തണലാകേണ്ട മക്കള്‍ വിവാഹത്തോടെ സ്വന്തം കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ചു പോകേണ്ടി വരുന്ന സാഹചര്യം എത്രമാത്രം ക്രൂരമാണ്! മാതാപിതാക്കളും കുടുംബവും പുതുതലമുറയുടെ വികാരങ്ങളറിയാന്‍ സാധിക്കാത്ത പ്രാകൃത കാലത്തെ ഒരുതരം ജീവികളാണെന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കും വിധമാണ് മീഡിയകളും സിനിമകളും പൊതുബോധം രൂപപ്പെടുത്തുന്നത്.

നൈമിഷികമായ വികാര ശമനത്തിനായി വലയൊരുക്കി കാത്തിരിക്കുന്നവരുടെ കെണിയിലകപ്പെട്ട മക്കള്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്ന ഉപദേശങ്ങള്‍ക്ക് ഫലപ്രാപ്തിയില്ലാതെ പോകുന്നത് രക്ഷിതാക്കളെക്കുറിച്ച് നേരത്തെ രൂപപ്പെടുത്തിയ തെറ്റായ പൊതുബോധം കാരണത്താലാണ്.

പക്വതയെത്താത്ത പ്രായത്തില്‍ മുളപൊട്ടുന്ന പ്രണയത്തിന്റെ നാമ്പുകള്‍ തുടക്കത്തിലേ നുള്ളിക്കളയാന്‍ ആര്‍ജവമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ നാം തയ്യാറായാലേ പ്രണയക്കുരുതികള്‍ അവസാനിപ്പിക്കാനാവൂ.

ക്യാമ്പസ് കാലം പഠനത്തിനുള്ളതാണ്. കുടുംബങ്ങള്‍ കൂടയാലോചിച്ച് എടുക്കുന്ന തീരുമാനത്തിലൂടെ മാത്രമെ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയുള്ളൂവെന്ന തീരുമാനത്തിലേക്കും തിരിച്ചറിവിലേക്കും പുതുതലമുറയെ എത്തിക്കാന്‍ സാധിക്കണം. ഈ നിലപാടിനെ പിന്തിരിപ്പന്‍ കാഴ്ചപ്പാടായി മുദ്രകുത്താനാണ് ശ്രമമെങ്കില്‍ കഴുത്തറുത്തും കത്തിച്ചും പ്രണയപ്പക തീര്‍ക്കുന്ന കാഴ്ചകള്‍ ഇനിയും കാണേണ്ടി വരും.

ടി.കെ.അശ്‌റഫ്

നേർപഥം 

സ്വാതന്ത്ര്യം: അര്‍ഥവും ആശയവും

സ്വാതന്ത്ര്യം: അര്‍ഥവും ആശയവും

സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും തേട്ടമാണ്. പാരതന്ത്ര്യത്തിന്റെയും അടിമത്തത്തിന്റെയും വിലയറിഞ്ഞവര്‍ക്കേ സ്വാതന്ത്ര്യത്തിന്റെ മൂല്യം മനസ്സിലാവുകയുള്ളൂ. ഒരാള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കാനോ സംസാരിക്കാനോ ചിന്തിക്കാനോ ഉള്ള അധികാരത്തിനോ അവകാശത്തിനോ ആണ് സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്. തടവിലാക്കപ്പെടുകയോ അടിമയാക്കപ്പെടുകയോ ചെയ്യാത്ത അവസ്ഥയെയും സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം ദൈവികമായ അനുഗ്രഹമായിട്ടാണ് വിലയിരുത്തപ്പെടേണ്ടത്.

മനുഷ്യന്‍ സ്വതന്ത്രന്‍

ഭൂമിയില്‍ മനുഷ്യന്‍ പിറന്നുവീഴുന്നത് സ്വതന്ത്രരായിട്ടാണ്. മനുഷ്യസ്വാതന്ത്ര്യത്തിന്റെ പ്രാഥമികമായ അടയാളം മനുഷ്യന്റെ ശുദ്ധപ്രകൃതിയാണ്. മുഹമ്മദ് നബി ﷺ പറഞ്ഞപോലെ ഓരോ മനുഷ്യനും ഭൂമിയില്‍ പിറന്നുവീഴുന്നത് ദൈവം നല്‍കിയിട്ടുള്ള ശുദ്ധമായ പ്രകൃതിയോടെയാണ്. ശുദ്ധവായു ശ്വസിക്കുന്നത് പോലെ, സ്രഷ്ടാവ് നല്‍കിയ ശുദ്ധപ്രകൃതിയില്‍ ജീവിതാന്ത്യം വരെ നിലനില്‍ക്കാന്‍ സാധിക്കുകയെന്നതാണ് സ്വാതന്ത്ര്യം കൊണ്ട് ഇസ്‌ലാം ലക്ഷ്യമാക്കുന്നത്. സ്വാതന്ത്ര്യം മനുഷ്യനന്മയെയാണ് പ്രതിനിധാനം ചെയ്യുന്നത്. മനുഷ്യന് ദോഷകരവും വിനാശകരവുമായ കാര്യങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

സ്വാതന്ത്ര്യത്തിന്റെ ശരിയും തെറ്റും

മനുഷ്യസ്വാതന്ത്ര്യം സ്രഷ്ടാവ് രൂപപ്പെടുത്തിയ പ്രകൃതി വ്യവസ്ഥക്ക് വിധേയമാണെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുക എന്നതാണ് ഒരു മനുഷ്യനുണ്ടാവേണ്ട ആദ്യത്തെ തിരിച്ചറിവ്. അതുകൊണ്ടുതന്നെ ഗുണപ്രദമായ സ്വാതന്ത്ര്യവും ഹാനികരമായ സ്വാതന്ത്ര്യവും ഉണ്ട് എന്നത് അംഗീകരിക്കപ്പെടണം. ഒരാള്‍ക്ക് ഒരു ബഹുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴോട്ട് ചാടാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അത് സ്രഷ്ടാവ് നിശ്ചയിച്ച ശുദ്ധമായ പ്രകൃതിവ്യവസ്ഥക്ക് വിരുദ്ധമാണ്. അത് ഹാനികരവും നിരോധിക്കപ്പെട്ടതുമാണ്. അനുവദിക്കപ്പെട്ടതും ഗുണപ്രദവുമായ സ്വാതന്ത്ര്യത്തിന്റെ ഗണത്തില്‍ അതു വരില്ല. നന്മയായിരിക്കണം യഥാര്‍ഥ സ്വാതന്ത്ര്യത്തിന്റെ അന്തിമഫലമെന്ന യാഥാര്‍ഥ്യമാണ് ഇത്  ബോധ്യപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ സത്യവും ധര്‍മവും നീതിയുമായിരിക്കണം സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകങ്ങള്‍. ഇങ്ങനെയുള്ള ഘടകങ്ങളാല്‍ മാത്രം  നിര്‍മിക്കപ്പെട്ടതായിരിക്കണം സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു സമൂഹത്തിന്റെയും ഭരണഘടനയും നിയമങ്ങളും.  

സ്വാതന്ത്ര്യം ഹനിക്കുന്നത് മഹാപാതകം

സ്രഷ്ടാവ് മനുഷ്യന് അനുവദിച്ച നന്മയിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്ന കാര്യമാണ് മുകളില്‍ വിവരിച്ചത്. ഈ സ്വാതന്ത്ര്യം സ്രഷ്ടാവ് നല്‍കിയതാണെങ്കില്‍ അതിനെ ഹനിക്കുവാന്‍ ഒരാള്‍ക്കും അവകാശമില്ല. മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുകയോ മറ്റുള്ളവരെ കേള്‍ക്കാന്‍ തയ്യാറാവാതിരിക്കുകയോ ചെയ്യുന്നത് ക്വുര്‍ആന്‍ ഒട്ടും അംഗീകരിക്കുന്നില്ല. പ്രവാചകന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ മക്കയിലെ പ്രമുഖര്‍ ഹനിക്കുകയും പ്രവാചകന്റെ ഉപദേശങ്ങളെയോ ക്വുര്‍ആനിക വചനങ്ങളെയോ കേള്‍ക്കുന്നതില്‍നിന്നും ജനങ്ങളെ തടയുകയും ചെയ്തപ്പോഴാണ് ‘സംസാരം ശ്രദ്ധിച്ചു കേള്‍ക്കുകയും അവയില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്കാണ് സന്തോഷവാര്‍ത്ത.  അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍’ (39:18) എന്ന ക്വുര്‍ആന്‍ വചനം അവതരിക്കപ്പെട്ടത്. മതവും വിശ്വാസവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തരുടെയും ഗ്രാഹ്യതക്കനുസരിച്ചാണ് എന്നതാണ് ക്വുര്‍ആനിക വീക്ഷണം. മതം അടിച്ചേല്‍പിക്കപ്പെടേണ്ടതല്ലെന്നും ക്വുര്‍ആന്‍ പറയുന്നു: ”ജനങ്ങള്‍ ആകമാനം സത്യവിശ്വാസികളാകുവാന്‍ അവരെ നിര്‍ബന്ധിപ്പിക്കാന്‍ പാടില്ല’ എന്നും അങ്ങനെ എല്ലാവരും വിശ്വാസികള്‍ ആവണമെങ്കില്‍ ‘നിന്റെ രക്ഷിതാവ് അങ്ങനെ ഉദ്ദേശിച്ചാല്‍ മതിയല്ലോ’ (ആശയം 10:99) എന്നും ക്വുര്‍ആന്‍ ചോദിക്കുന്നു.

മര്‍ദിതരുടെ വിമോചനവും ക്വുര്‍ആനും

”ഞങ്ങളുടെ നാട്ടില്‍നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുകതന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരു’ (ക്വുര്‍ആന്‍ 14:13). പ്രവാചകന്മാരോട് സ്വന്തം നാട്ടുകാര്‍ പറഞ്ഞിരുന്ന വാചകമാണിത്. സ്വന്തം ആദര്‍ശത്തെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരെയുള്ള നിലപാട് മാനവവിരുദ്ധമാണെന്നാണ് ക്വുര്‍ആന്‍ ഇതുവഴി ബോധ്യപ്പെടുത്തുന്നത്. ഇങ്ങനെ അകാരണമായി നാടുകടത്തപ്പെടുകയോ അടിച്ചമര്‍ത്തപ്പെടുകയോ ചെയ്യുന്നവരുടെ വിമോചനത്തില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രയത്‌നിക്കാനാണ് ക്വുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. ‘ഞങ്ങളുടെ നാഥാ, അക്രമികള്‍ അധിവസിക്കുന്ന ഈ നാട്ടില്‍നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, ഒരു രക്ഷാധികാരിയെയും ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ എന്ന് പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ക്കെന്തുകൊണ്ട് പോരാടിക്കൂടാ?’ (ക്വുര്‍ആന്‍ 4:75).

സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് പതിതരായി കഴിഞ്ഞിരുന്ന ബനൂ ഇസ്‌റാഈലിന്റെ വിമോചനത്തിന് വേണ്ടികൂടി ശബ്ദിച്ചിരുന്ന പ്രവാചകനായിരുന്നു മൂസാനബി(അ). ജനങ്ങളെ ഭിന്നിപ്പിച്ച് കക്ഷികളാക്കി അവരെ അടക്കിവാണുകൊണ്ട് ഔന്നത്യം നടിച്ചിരുന്ന ഫിര്‍ഔനിന്റെ നടപടികളെ അപലപിച്ചുകൊണ്ടുള്ള ഈ വചനം സ്വാതന്ത്ര്യത്തിന്റെ ദൈവിക ദര്‍ശനത്തെയാണ് വരച്ചുകാണിക്കുന്നത്. ‘ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ നാടിന്റെ അവകാശികളാക്കുവാനുമാണ് നാം ഉദ്ദേശിക്കുന്നത്’ (ക്വുര്‍ആന്‍ 28:46). മൂസാനബിയിലൂടെ സ്വാതന്ത്ര്യത്തിന്റെ സുന്ദരമായ ആശയം അല്ലാഹു നടപ്പാക്കുകയും ചെയ്തു.

അധിനിവേശം സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം

ഒരു രാജ്യത്തിനുമേല്‍ മറ്റൊരു രാജ്യമോ വിഭാഗമോ നേടുന്ന അധീശത്വത്തിന് രണ്ടുവിധത്തിലുള്ള ഫലങ്ങളാണുണ്ടാവാറുള്ളത്. അനൈക്യം കാരണം ഛിഹ്നഭിന്നമായി കിടന്നിരുന്ന സമൂഹങ്ങളെ ഒന്നിപ്പിക്കുകയും അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ഏറ്റവും നല്ല മാര്‍ഗം തെളിയിച്ചുകൊടുക്കുകയും ചെയ്തുകൊണ്ട് ഗുണകാംക്ഷികളായി കടന്നുവന്നിട്ടുള്ള ഭരണാധികാരികളുണ്ട്. ഇന്ത്യയുടെയും കേരളത്തിന്റെതന്നെയും സാമൂഹികാവസ്ഥകളെ സ്വാതന്ത്ര്യപരവും പുരോഗമനപരവുമാക്കുന്നതില്‍  അത്തരം വൈദേശിക ഭരണസമൂഹങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഒരു പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രകൃതിയെയും കൊള്ളയടിക്കുകയും അവയെ കോളനികളാക്കി ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും അവരെ അടിമകളാക്കുകയും ചെയ്യുന്ന അധിനിവേശമാണ് എക്കാലവും ലോകത്ത് ദുര്‍ബലരെയും അഭയാര്‍ഥികളെയും സൃഷ്ടിച്ചിട്ടുള്ളത്. പാരതന്ത്ര്യത്തിന്റെ നുകം പേറി ജീവിതം തള്ളിനീക്കുന്ന പീഡിതസമൂഹത്തിന്റെ കൂടെയാണ് ക്വുര്‍ആന്‍ നിലയുറപ്പിച്ചിട്ടുള്ളത്. അധിനിവേശത്തെ കുറിച്ച് ക്വുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ‘തീര്‍ച്ചയായും രാജാക്കന്‍മാര്‍ (അധിനിവേശ ശക്തികള്‍) ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യന്മാരാക്കുകയും ചെയ്യുന്നതാണ്’ (ക്വുര്‍ആന്‍ 27:34).

അധിനിവേശകരുടെ പിന്മാറ്റമല്ല സ്വാതന്ത്ര്യം

അധിനിവേശം അവസാനിച്ചതുകൊണ്ട് ഒരു രാജ്യവും സ്വതന്ത്രമായി എന്നു കരുതാവുന്നതല്ല. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം അവിടുത്തെ ജനതക്ക് അത് സ്വാതന്ത്ര്യമായി അനുഭവപ്പെടുമ്പോഴാണ് യാഥാര്‍ഥ്യമാകുന്നത്. സൈദ്ധാന്തികമായ പിരിമുറുക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടും ജനങ്ങളെ ഭയചകിതരാക്കിയും ജനങ്ങള്‍ ആഗ്രഹിക്കാത്ത ഒരു ഭരണകൂടം വന്നതുകൊണ്ട് അവിടെ ഇസ്‌ലാം മുമ്പോട്ടുവെച്ച ഗുണപ്രദമായ സ്വാതന്ത്ര്യം ഉണ്ടായിത്തീരുന്നില്ല. രാജ്യത്തിന്റെയും രാജ്യക്കാരുടെയും ഭൗതികവും സാംസ്‌കാരികവുമായ പുരോഗതി ലക്ഷ്യമാക്കിയും സ്ത്രീകള്‍ അടക്കമുള്ള ജനങ്ങളുടെ സൈ്വര്യവിഹാരത്തിന് കോട്ടംതട്ടാതെയും സാംസ്‌കാരികവും സദാചാരപരവുമായ ഭദ്രത ഉറപ്പുവരുത്തിക്കൊണ്ടുമുള്ള ഭരണകൂടമാണ് ഉണ്ടായിത്തീരേണ്ടത്.

സ്വാതന്ത്ര്യത്തിന്റെ ഇസ്‌ലാമികമാനം

സ്വാതന്ത്ര്യത്തിനായി ദാഹിച്ച്, പീഡനങ്ങള്‍ സഹിച്ച് ജീവിച്ചിരുന്ന പ്രവാചക സമൂഹത്തെ കുറിച്ച് പറയുന്ന ക്വുര്‍ആനികവചനത്തില്‍ ഇതിനെ സംബന്ധിച്ച സൂചനകള്‍ കാണാം. ‘ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്’ എന്നു പറഞ്ഞതല്ലാതെ മറ്റൊരു കാരണവും കൂടാതെ തങ്ങളുടെ ഭവനങ്ങളില്‍നിന്ന് പുറത്താക്കപ്പെട്ടിട്ടുള്ളവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ ചിലരെക്കൊണ്ട് അല്ലാഹു പ്രതിരോധിച്ചില്ലായിരുന്നുവെങ്കില്‍  ദൈവനാമം ധാരാളമായി കീര്‍ത്തിക്കപ്പെടുന്ന പല സന്യാസി മഠങ്ങളും, ക്രിസ്തീയ ദേവാലയങ്ങളും, ജൂതദേവാലയങ്ങളും, മുസ്‌ലിംപള്ളികളും പൊളിച്ചു തകര്‍ക്കപ്പെടുമായിരുന്നു. മാത്രമല്ല, ഭൂമിയില്‍ അവര്‍ക്ക് നാം സ്വാധീനം നല്‍കിയാല്‍ അവര്‍ നമസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും, സദാചാരത്തിന് കല്‍പിക്കുകയും, ദുരാചാരത്തെപ്പറ്റി വിരോധിക്കുകയും ചെയ്യുന്നവരാണവര്‍’ (22:41,42).

ഒരുകാലത്ത് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന ആളുകള്‍ക്ക് ഭൂമിയില്‍ സ്വാതന്ത്ര്യം ലഭിച്ച് അധികാരം ലഭിച്ചുകഴിഞ്ഞാല്‍ ജനങ്ങളെ ഒന്നായിക്കാണുകയും സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള ബാധ്യതകള്‍ നിര്‍വഹിക്കുകയും ജനങ്ങളെ സാംസ്‌കാരികമായും സാമൂഹികമായും ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുക എന്ന സ്വാതന്ത്ര്യത്തിന്റെ ഉദാത്തമായ ലക്ഷ്യങ്ങള്‍ അവര്‍ നിറവേറ്റുകയാണ് വേണ്ടതെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്.

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന മുസ്‌ലിം സമൂഹം

സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും മൗലികാവകാശമാണ്. അത് വകവെച്ചുകൊടുക്കാന്‍ നേതൃത്വത്തിലിരിക്കുന്നവര്‍ക്ക് സാധിക്കുമ്പോഴാണ് അത് ദൈവികാധ്യാപനങ്ങള്‍ക്ക് അനുസൃതമായ സ്വാതന്ത്ര്യമാകുന്നത്. മുസ്‌ലിംകള്‍ വിവിധ സംഘങ്ങളും സംഘടനകളും കക്ഷികളും വിഭാഗങ്ങളുമെല്ലാം ആയിത്തീരാനുള്ള പ്രധാനകാരണം അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടിന്റെ പോരായ്മയാണ്. വിരുദ്ധമായ അഭിപ്രായം ആരെങ്കിലും വെച്ചുപുലര്‍ത്തിയാല്‍ അയാളെ തന്റെ സംഘത്തിന്റെ അതിരുകളില്‍നിന്നും പുറത്താക്കുക എന്ന, പ്രവാചകന്‍ പഠിപ്പിക്കാത്ത, ഇസ്‌ലാമികമല്ലാത്ത ശൈലി മുസ്‌ലിം സമൂഹത്തില്‍ വ്യാപിച്ചതാണ് സ്വാതന്ത്ര്യത്തിന്റെ നീരുറവ വറ്റിപ്പോയ വിഭാഗങ്ങളായി പല മുസ്‌ലിം സമൂഹങ്ങളും മാറുവാനുണ്ടായ കാരണം. കലഹപ്രിയരായ ഒരു കൂട്ടത്തിന് സ്വാതന്ത്ര്യമോ അധികാരമോ ലഭിച്ചതുകൊണ്ട് കാര്യമില്ല. മുറുകെപ്പിടിക്കാന്‍ ക്വുര്‍ആന്‍ നിര്‍ദേശിച്ച പാശം മുറുകെപ്പിടിച്ചുകൊണ്ട് ഒരു മനസ്സും ശരീരവുമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യം സാര്‍ഥകമായിത്തീരുന്നത്.  

‘സ്വാതന്ത്ര്യംതന്നെയമൃതം

സ്വാതന്ത്ര്യംതന്നെ ജീവിതം

പാരതന്ത്ര്യം മാനികള്‍ക്ക്

മൃതിയേക്കാള്‍ ഭയാനകം’

(കുമാരനാശാന്‍)

സുഫ്‌യാന്‍ അബ്ദുസ്സലാം

നേർപഥം വാരിക 

മിഡില്‍ ഈസ്റ്റ് തീവ്രവാദത്തിന് തുടക്കം കുറിച്ചതാര്?

മിഡില്‍ ഈസ്റ്റ് തീവ്രവാദത്തിന് തുടക്കം കുറിച്ചതാര്?

ലോകത്ത് എവിടെ ഭീകരാക്രമണങ്ങളും വിമാനറാഞ്ചലുകളും കൂട്ടക്കുരുതികളും നടന്നാലും അതിന് പിന്നില്‍ മുസ്‌ലിംകളാണെന്ന് വിലയിരുത്തപ്പെടുന്ന ഒരു സ്ഥിതിവിശേഷം ഇന്ന് നിലനില്‍ക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മതത്തിന്റെ പിന്‍ബലമില്ലെങ്കിലും അങ്ങനെ വിലയിരുത്തപ്പെടുന്നതിന് പിന്നിലുള്ള മാധ്യമ ഗൂഢാലോചനയും നിക്ഷിപ്ത താല്‍പര്യങ്ങളുമെല്ലാം സാമാന്യം വിവേകമുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇസ്‌ലാമുമായി പുലബന്ധം പോലുമില്ലാത്ത ഐസിസ്, ഹിസ്ബുല്ല, അല്‍ക്വാഇദ, താലിബാന്‍ തുടങ്ങിയ ഭീകരസംഘങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങളും ഇത്തരം പ്രചാരണങ്ങള്‍ക്ക് ഊര്‍ജം പകരുന്നു. ഇവിടെ ചില വസ്തുതകള്‍ നാം പരിശോധിക്കേതുണ്ട്.

ഐസിസ് പോലുള്ള സംഘടനകള്‍ പുലര്‍ത്തിപ്പോരുന്ന രീതിശാസ്ത്രവും ആക്രമണ സ്വഭാവങ്ങളും എന്ന് മുതലാണ് ആരംഭിച്ചത്? ചാവേര്‍ ആക്രമണങ്ങളും ഗറില്ലാ യുദ്ധമുറകളും ആരാണ് ഇസ്‌ലാമിന്റെ പറ്റില്‍ ചേര്‍ക്കാന്‍ ശ്രമിച്ചത്?

Terrorism’s Christian Godfather എന്ന തലക്കെട്ടില്‍ 2008 ജനുവരി 28 തിങ്കളാഴ്ച അമേരിക്കയിലെ ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മിഡില്‍ ഈസ്റ്റ് തീവ്രവാദത്തിന്റെ തലതൊട്ടപ്പനായി പരിചയപ്പെടുത്തുന്നത് ജോര്‍ജ് ഹബഷ് എന്ന വ്യക്തിയെ ആണ്. വിശ്വാസപരമായി അദ്ദേഹം ഒരു ഗ്രീക്ക് ഓര്‍ത്തോഡോക്‌സ് ക്രിസ്ത്യനായിരുന്നു. (ക്രൈസ്തവരെ അയാളുടെ ചെയ്തികളുടെ പേരില്‍ കുറ്റപ്പെടുത്തുകയല്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ അയാളുടെ മതവിശ്വാസപ്രകാരം അയാള്‍ ചെയ്തതായിരിക്കാന്‍ ഇടയില്ല. ഇസ്രയേല്‍ ഭീകരതക്കെതിരെ എന്ന പേരില്‍ ഉയര്‍ന്നുവന്ന ഒരു വിപ്ലവകാരി എന്ന നിലയ്‌ക്കേ അയാളെ നാം കാണുന്നുള്ളൂ. പക്ഷേ, ഇസ്‌ലാമിക ചരിത്രത്തില്‍നിന്നോ, മുസ്‌ലിംകളില്‍നിന്നോ അല്ല ലോകത്ത് ചാവേര്‍ ആക്രമണങ്ങളും ഗറില്ലായുദ്ധമുറകളും ഉണ്ടായത് എന്ന് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇത് ഇവിടെ ഉദ്ധരിച്ചത്).

പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പാലസ്തീന്‍ (PFLP) എന്ന ജോര്‍ജ് ഹബഷിന്റെ പാര്‍ട്ടിയാണ് സത്യത്തില്‍ മിഡില്‍ ഈസ്റ്റ് ടെററിസത്തിന്റെ ഭാഗമായി വിമാനറാഞ്ചലും ചാവേറാക്രമണവുമെല്ലാം തുടങ്ങിവച്ചത്. 1968ല്‍ PFLPയുടെ മൂന്ന് സായുധരായ പ്രവര്‍ത്തകര്‍ റോമില്‍നിന്ന് ഇസ്രയേലിലേക്കുള്ള ഇസ്രയേല്‍ വിമാനം റാഞ്ചിയതാണ് തുടക്കം. തുടര്‍ന്ന് ഒട്ടനേകം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ജഎഘജ നേതൃത്വം നല്‍കി. 1970ല്‍ ഒരേസമയം നാല് വിമാനങ്ങള്‍ ജഎഘജ റാഞ്ചുകയുണ്ടായി. മൂന്നെണ്ണം ജോര്‍ദാനിലേക്ക് പറത്തുകയും അവ ബോംബുവെച്ച് തകര്‍ക്കുകയും ചെയ്തു. അതുവഴി ജോര്‍ദാനിലെ ഹാഷിമിയ ഭരണകൂടവുമായും PFLP ഒളിപ്പോര്‍ ആരംഭിച്ചു. ഇടത് നിരീശ്വരവാദ തീവ്രവാദ പ്രസ്ഥാനങ്ങളുമായും ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കമ്യൂണിസ്റ്റ് തീവ്രവാദ സേനയായ ‘ജാപനീസ് റെഡ് ആര്‍മി’ ഇയാളുടെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ആശയപരമായും സായുധപരമായും അകമഴിഞ്ഞ് പിന്തുണച്ചിരുന്നു. 1972ല്‍ ഇസ്രയേലിലെ (ഇപ്പോള്‍ ബെന്‍ഗുരിയന്‍ എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന ലുദ്ദ് എയര്‍പോര്‍ട്ടില്‍ വെച്ച് PFLPയും ജാപ്പനീസ് റെഡ് ആര്‍മിയും ചേര്‍ന്ന് 24 പേരെ ദാരുണമായി വധിച്ചു. ഇതെല്ലാം പരിശോധി ച്ചാല്‍ മിഡില്‍ ഈസ്റ്റില്‍ ഗറില്ല യുദ്ധവും ചാവേര്‍ ആക്രമണവും സാധാരണക്കാര്‍ക്ക് നേരെയുള്ള ഒളിയാക്രമണവുമെല്ലാം ആരംഭിച്ചത് മുസ്‌ലിംകളല്ലന്നും അവയ്ക്ക് ഇസ്‌ലാമിന്റെ സംസ്‌കാരവുമായി ഒരു ബന്ധവുമില്ലെന്നും മനസ്സിലാക്കാം.

മിഡില്‍ ഈസ്റ്റ് തീവ്രവാദം രണ്ട് ധ്രുവങ്ങളിലാണ് കുടികൊള്ളുന്നത്. ഒന്ന് ഒരു ജനതയെ അന്യാധീനപ്പെടുത്തിയ, തീര്‍ത്തും അന്യായമായ ഇസ്രയേല്‍ കുടിയേറ്റം, രണ്ട് അതിനെ ചെറുത്ത് നില്‍ക്കാനെന്നോണം രൂപീകരിക്കപ്പെട്ട ചില സംഘടനകള്‍. ഈ രണ്ട് വിഭാഗങ്ങളാണ് മിഡില്‍ ഈസ്റ്റില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചത്. മിഡില്‍ ഈസ്റ്റിലെ എണ്ണസമ്പുഷ്ടവും സാമ്പത്തികമായി ഏറെ ഉയര്‍ന്നുനില്‍ക്കുന്നതുമായ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉറക്കം കെടുത്തുക, അവയുടെ സമാധാനം നശിപ്പിക്കുക, സുരക്ഷക്ക് ഇളക്കം തട്ടിക്കുക തുടങ്ങിയ ഒരുപാട് തന്ത്രങ്ങള്‍ ഈ രണ്ട് ചേരികളെ സൃഷ്ടിച്ചതിന് പിന്നിലുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും കാരണക്കാരായ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ തന്നെയാണ് ഇതിനു പിന്നിലും പ്രവര്‍ത്തിച്ചത് എന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. അത് കൃത്യമായി അറിയാന്‍ ഫ്രീമേസണ്‍ ചിന്താധാരയുടെ കുപ്രസിദ്ധ വക്താവായിരുന്ന ആല്‍ബര്‍ട്ട് പൈക്ക് 1871 ആഗസ്റ്റ് 15ന് ഇറ്റാലിയന്‍ പൊളിറ്റീഷ്യനായ സേപ്പ് മാസ്സീനിക്ക് എഴുതിയ മൂന്നാം ലോകമഹായുദ്ധങ്ങളെ പ്ലാന്‍ ചെയ്യുന്ന കത്തിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ മതി. ഈ കത്ത് ഇന്നും ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. മൂന്നാം ലോകമഹായുദ്ധം മിഡില്‍ ഈസ്റ്റ് കേന്ദ്രീകരിച്ച് രൂപപ്പെടുത്തുക എന്ന അവരുടെ കുതന്ത്രത്തിന്റെ ഫലമായാണ് ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ രൂപീകരണം തന്നെ! ‘ന്യൂ വേള്‍ഡ് ഓര്‍ഡര്‍ ഫാക്റ്റ്‌സ് ആന്‍ഡ് ഫിക്ഷന്‍’ എന്ന മാര്‍ക്ക് ഡയസിന്റെ പുസ്തകത്തില്‍ ആ കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഐസിസ്, അല്‍ക്വാഇദ, ഹിസ്ബുല്ല, താലിബാന്‍ തുടങ്ങിയവയെ രൂപപ്പെടുത്തുന്നതില്‍ ആരൊക്കെ പങ്ക് വഹിച്ചു എന്നത് ആര്‍ക്കുമറിയാവുന്ന വസ്തുതയാണ്. അവരുപയോഗിക്കുന്ന ആയുധങ്ങള്‍, അവര്‍ക്ക് ലഭിക്കുന്ന സ്ട്രാറ്റജിക്കല്‍ സപ്പോര്‍ട്ട്, മുസ്‌ലിം രാഷ്ട്രങ്ങളെ കുട്ടിച്ചോറാക്കുന്നതില്‍ അവ വഹിക്കുന്ന പങ്ക്, എണ്ണസമൃദ്ധമായ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പാശ്ചാത്യര്‍ക്കുള്ള കണ്ണ് എന്നിവയെല്ലാം അത് വിളിച്ചുപറയുന്നു.

ഏതായിരുന്നാലും നിരപരാധികളെ കൊന്നൊടുക്കുന്ന, റയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്‌റ്റേഷനുകളിലും പൊതുനിരത്തുകളിലും സാധാരണ ജനങ്ങളെ അറുകൊല ചെയ്യുന്ന, സ്ത്രീകളെന്നോ കുട്ടികളെന്നോ വൃദ്ധരെന്നോ പരിഗണിക്കാതെ അക്രമം അഴിച്ചുവിടുന്ന, മുസ്‌ലിംകളുമായി സമാധാനത്തോടെ പരസ്പര ധാരണപ്രകാരം ജീവിക്കുന്ന ഇതരമത വിശ്വാസികളെ നിഷ്‌കരുണം വധിക്കുന്ന, എന്തിനധികം അല്ലാഹുവിന് ആരാധനയര്‍പ്പിക്കപ്പെടുന്ന പള്ളികളില്‍ പോലും സ്‌ഫോടനങ്ങള്‍ നടത്തുന്നവ വ്യക്തികളുമായോ ഇത്തരം തീവ്രവാദ സംഘങ്ങളുമായോ പരിശുദ്ധ ഇസ്‌ലാമിന് യാതൊരു ബന്ധവുമില്ല. അവയുടെ ചരിത്രം മുഹമ്മദ് നബി ﷺ യിലേക്കോ ഇസ്‌ലാമിലേക്കോ എത്തുകയുമില്ല. മറിച്ച് അത് ചെന്നെത്തുന്നത് ജോര്‍ജ് ഹബഷിലേക്കും ജാപ്പനീസ് റെഡ് ആര്‍മിയിലേക്കുമൊക്കെയായിരിക്കും. നല്ല സമീപനവും ഗുണകാംക്ഷയുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇസ്‌ലാമിനെ മനസ്സിലാക്കേണ്ടത് ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്നുമാണ്.

അബ്ദുര്‍റഹ്മാന്‍ അബ്ദുല്ലത്വീഫ് പി.എന്‍

നേർപഥം വാരിക 

ലൈക്ക് ആഗ്രഹിക്കുന്നവരോട്

ലൈക്ക് ആഗ്രഹിക്കുന്നവരോട്

സമൂഹമാധ്യമങ്ങളില്‍ ഒട്ടുമിക്കതിലും ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും ചില ബട്ടണുകള്‍ അമര്‍ത്താനുമുള്ള അഭ്യര്‍ഥനകള്‍ കാണപ്പെടാറുണ്ട്. കൂടുതല്‍ ആളുകള്‍ നമ്മെ പിന്തുടരുന്നതും ഇഷ്ടപ്പെടുന്നതും നമ്മള്‍ പോസ്റ്റ് ചെയ്യുന്നത് പങ്കുവെക്കുന്നതും സാമ്പത്തിക, വ്യാപാര രംഗത്ത് പ്രയോജനപ്പെട്ടേക്കാം. എന്നാല്‍ ഇത്തരത്തിലുള്ള ജനകീയ സപ്പോര്‍ട്ടുകളുടെ പൊങ്ങച്ചം പറച്ചിലുകള്‍ മതപരമായി, അല്ലെങ്കില്‍ ആത്മീയമായി വിനാശകരമായിത്തീരാനിടയുണ്ട്.

ജനപ്രീതിയും പ്രംശംസയും വിശ്വാസിക്ക് അഭിലഷണീയമല്ല എന്ന് മാത്രമല്ല പലപ്പോഴും അത് ആക്ഷേപാര്‍ഹവുമാണ്. കര്‍മങ്ങള്‍ ആത്മാര്‍ഥമായി ദൈവപ്രീതിക്ക് വേണ്ടി അനുഷ്ഠിക്കുമ്പോള്‍ അത് അങ്ങേയറ്റം പ്രതിഫലാര്‍ഹമായിത്തീരും. എന്നാല്‍ ആളുകളുടെ പ്രശംസ ആഗ്രഹിക്കുന്നതോടുകൂടി അത് തീര്‍ത്തും വൃഥാവിലാകും എന്നാണ് തിരുവചനങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രസിദ്ധിക്കും പ്രകടനപരതക്കും വേണ്ടി വസ്ത്രം ധരിക്കുന്നത് പോലും പ്രവാചകന്‍ വിലക്കിയിട്ടുണ്ട്.

നബി(സ്വ) പറഞ്ഞു: ”ഒരു ദാസന്‍ പ്രസിദ്ധിയുടെ വസ്ത്രം ധരിച്ചാല്‍ അല്ലാഹു അവനില്‍നിന്നും തരിഞ്ഞ് കളയും; അവന്‍ അത് അഴിച്ചുവെക്കുന്നത് വരെ” (ഇബ്‌നു മാജ).

 ഇതേ ആശയം മറ്റൊരു വചനത്തിലും കാണാം. നബി(സ്വ) പറഞ്ഞു: ”ആരെങ്കിലും പ്രസിദ്ധിയുടെ വസ്ത്രം ധരിച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന് നിന്ദ്യതയുടെ വസ്ത്രം ധരിപ്പിക്കും” (അഹ്മദ്).

പ്രസിദ്ധിയുടെ വസ്ത്രം എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് അഹങ്കാരത്തിനും പൊങ്ങച്ചത്തിനും തന്‍പോരിമക്കും വേണ്ടിയുള്ള വേഷവിധാനമാണ്.

മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ വസ്ത്രധാരണ രംഗത്ത് പോലും ജനപ്രശംസ അനുയോജ്യമല്ലെങ്കില്‍ അത്രയൊന്നും അനിവാര്യമല്ലാത്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്ത് വിടുന്ന വിടുവായിത്തങ്ങള്‍ക്ക് ലഭിക്കുന്ന ജനപ്രീതി നമുക്ക് എങ്ങനെയാണ് നീതികരിക്കാനാകുക? പ്രസിദ്ധിക്ക് വേണ്ടി മാത്രം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ജിക്കണമെന്നാണ് പൂര്‍വസൂരികള്‍ അഭിപ്രായപ്പെടുന്നത്. ജനസമ്മതി നോക്കുന്നവന്‍ ദൈവപ്രീതി തേടുന്നില്ല എന്നാണ് അവരുടെ വീക്ഷണം. അമിതമായ ആത്മവിശ്വാസത്തോടുകൂടി മറ്റുള്ളവരുടെ ഇടയില്‍ ആര്‍ഭാട ഉടയാടണിഞ്ഞ് ആളായി നടന്ന ഒരുവനെ അല്ലാഹു ഭൂമിയിലേക്ക് ആഴ്ത്തിക്കളഞ്ഞ സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.

ജനപ്രിയ അക്കൗണ്ടുകളും ചാനലുകളും കൈകാര്യം ചെയ്യുന്നവര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അവര്‍ അയക്കുന്ന സന്ദേശങ്ങളിലെ തിന്മകള്‍ പിന്തുടരുന്നവരുടെയും അവര്‍ പങ്ക് വെക്കുന്നതിന്റെയും ഒരു പാപ വിഹിതം മരണശേഷവും അവന് എത്തിക്കൊണ്ടിരിക്കും.

നബി(സ്വ) പറഞ്ഞു: ”ആരെങ്കിലും സന്മാര്‍ഗത്തിലേക്ക് ക്ഷണിച്ചാല്‍ അത് പിന്തുടരുന്നവരുടെ പ്രതിഫലം കുറയാതെ, അതിന്റെ ഒരു വിഹിതം അവന് ലഭിക്കും. ആരെങ്കിലും വഴികേടിലേക്ക് ക്ഷണിച്ചാല്‍ അത് പിന്തുടരുന്നവരുടെ പാപത്തില്‍ കുറവ് വരാതെ ഒരു വിഹിതം അവനുമുണ്ടാകും” (അബൂദാവൂദ്).

അഹങ്കാരത്തിന്റെ കാര്യം പറയുകയാണെങ്കിലോ? നബി(സ്വ) പറഞ്ഞു: ”ഒരു അണുവിന്റെ തൂക്കം അഹങ്കാരമുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല” (മുസ്‌ലിം).

ഈ ലോകത്ത് പ്രശസ്തിയും കീര്‍ത്തിയും ആദരവും ആഗ്രഹിക്കുന്നത് അനുയോജ്യമല്ല എന്ന് സൂചിപ്പിക്കുന്ന ധാരാളം തിരുവചനങ്ങള്‍ കാണാം. ആരാധനാ കര്‍മങ്ങളിലൂടെ ഇത് ആര്‍ജിക്കാന്‍ ശ്രമിക്കുന്നത് ആത്മീയ പാപ്പരത്തത്തിലേക്ക് വഴിതെളിയിക്കുന്നതാണ്. ആദ്യമായി നരകത്തില്‍ പ്രവേശിക്കുന്ന മൂന്ന് പേരുടെ വിശേഷണം അതാണ് വെളിപ്പെടുത്തുന്നത്.

ആദ്യമായി നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന മൂന്ന് പേരില്‍ ഒന്നാമന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വഹിച്ചവനാണ്. അവനോട് അല്ലാഹു ചോദിക്കും; നീ എന്താണ് ചെയ്തത്? അവന്‍ പറയും; ഞാന്‍ നിന്റെ മാര്‍ഗത്തില്‍ പോരാടി രക്തസാക്ഷിയായി. അല്ലാഹു പറയും; നീ പറഞ്ഞത് കളവാണ്. നീ ഒരു ധീരനാണെന്ന് പറയപ്പെടാനാണ് പോരാടിയത്, അത് പറപ്പെടുകയും ചെയ്തു. പിന്നീട് അവനെ മുഖം നിലത്ത് കുത്തിവലിച്ച് നരകത്തിലിടും. സത്യത്തില്‍ താനൊരു യോദ്ധാവാണ് എന്ന പ്രശംസ കേള്‍ക്കാന്‍ അവസരമുണ്ടാകുമാറ് പോരാട്ടത്തിന് ശേഷം അയാള്‍ ജീവിച്ചിരുന്നിട്ടില്ല. എന്നിട്ടും അയാള്‍ നരകാവകാശിയിയത്തീര്‍ന്നു.

 നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന രണ്ടാമത്തെയാള്‍ ക്വുര്‍ആന്‍ പഠിച്ച വ്യക്തിയും മൂന്നാമെത്തയാള്‍ ധര്‍മിഷ്ഠനുമാണ്. അവരെയൊക്കെ കടുത്ത ശിക്ഷയിലേക്ക് എത്തിച്ചത് അവരുടെ കര്‍മങ്ങളിലെആത്മാര്‍ഥതയുടെ കുറവും അവയിലൂടെ പ്രശംസയും ലോകമാന്യവും കാംക്ഷിക്കുകയും ചെയ്തത് കൊണ്ടുമാണ്.

ആദ്യമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്ന വ്യക്തിയും ഒരു രക്തസാക്ഷി തന്നെയാണ്. പക്ഷേ, അവന്‍ അല്ലാഹുവിന്റെ വചനം ഉന്നതമായിത്തീരാന്‍ വേണ്ടി ആത്മാര്‍ഥതയോടെ പോരാടിയവനാണെന്ന് മാത്രം. ഉദ്ദേശ്യശുദ്ധിയാണ് ഏത് പ്രവര്‍ത്തനത്തിലും പരിഗണിക്കപ്പെടുന്നത് എന്നാണ് ഇതില്‍നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്.

ഡോ. ടി.കെ യൂസുഫ്

നേർപഥം വാരിക

അദൃശ്യജ്ഞാനത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍

അദൃശ്യജ്ഞാനത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍

മനുഷ്യദൃഷ്ടിയില്‍നിന്നും ബുദ്ധിയില്‍നിന്നും മറഞ്ഞിരിക്കുന്ന ഭാവി, ഭൂത, വര്‍ത്തമാന കാലങ്ങളിലുള്ള മുഴുവന്‍ വിഷയങ്ങളെയുമാണ് അദൃശ്യജ്ഞാനം (ഇല്‍മുല്‍ ഗൈബ്) എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. അവയെക്കുറിച്ചുള്ള അറിവ് അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്.

അല്ലാഹു പറയുന്നു: ”പറയുക; ആകാശഭൂമികളിലുള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല. അല്ലാഹുവല്ലാതെ” (അന്നംല് 65).

”ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവനാണുള്ളത്” (അല്‍കഹ്ഫ് 62).

”അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവനും മഹാനും ഉന്നതനുമാകുന്നു അവന്‍” (അര്‍റഅ്ദ്: 9).

അപ്പോള്‍ ‘ഗൈബ്’ അല്ലാഹുവിനല്ലാതെ ഒരാള്‍ക്കുമറിയില്ല. അല്ലാഹുവിന്റെ സാമീപ്യം ലഭിച്ച മലക്കുകളോ, അവന്‍ നിയോഗിച്ച ദൂതന്മാരോ പോലും അത് അറിയില്ലെന്നിരിക്കെ അവര്‍ക്കു താഴെയുള്ളവരും അത് അറിയുകയില്ല.

നൂഹ് നബി(അ)യെ സംബന്ധിച്ച് അല്ലാഹു പറയുകയുണ്ടായി: ”അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. ഞാന്‍ അദൃശ്യകാര്യം അറിയുന്നുമില്ല” (ഹൂദ് 31).

ഹൂദ് നബി(അ)യെ സംബന്ധിച്ച് അല്ലാഹു പറഞ്ഞു: ”അദ്ദേഹം പറഞ്ഞു: (അതിനെപ്പറ്റിയുള്ള) അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതു ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നു” (അല്‍അഹ്ക്വാഫ് 23).

മുഹമ്മദ് നബി(സ്വ)യോട് പ്രഖ്യാപിക്കുവാന്‍ അല്ലാഹു പറയുന്നു: ”പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്നു ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുന്നുമില്ല…” (അല്‍അന്‍ആം 50).

അല്ലാഹു പറയുന്നു: ”അവന്‍ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക് സ്‌തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വജ്ഞനും അഗാധജ്ഞാനിയും” (അല്‍ബക്വറ 31,32).

എന്നാല്‍ തന്റെ സൃഷ്ടികളില്‍ ചിലര്‍ക്ക് ദിവ്യബോധനം മുഖേന ഗൈബില്‍ പെട്ട ചില കാര്യങ്ങള്‍ അറിയിച്ചുകൊടുക്കും:

”അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല; അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്‍ അദ്ദേഹത്തിന്റെ (ദൂതന്റെ) മുന്നിലും പിന്നിലും അവന്‍ കാവല്‍ക്കാരെ ഏര്‍പെടുത്തുകതന്നെ ചെയ്യുന്നതാണ്. അവര്‍ (ദൂതന്‍മാര്‍) തങ്ങളുടെ രക്ഷിതാവിന്റെ ദൗത്യങ്ങള്‍ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് അവന്‍ (അല്ലാഹു) അറിയാന്‍ വേണ്ടി. അവരുടെ പക്കലുള്ളതിനെ അവന്‍ പരിപൂര്‍ണമായി അറിഞ്ഞിരിക്കുന്നു. എല്ലാ വസ്തുവിന്റെയും എണ്ണം അവന്‍ തിട്ടപ്പെടുത്തിയിരിക്കുന്നു” (അല്‍ജിന്ന് 26-28).

അല്ലാഹു തന്റെ സൃഷ്ടികളില്‍ ചിലര്‍ക്കുമാത്രം അറിയിച്ചുകൊടുക്കുകയും മറ്റുള്ളവര്‍ അറിയാതിരിക്കുകയും ചെയ്യുന്ന അത്തരം ഗൈബുകളെ ‘ആപേക്ഷിക അദൃശ്യം’ എന്നാണ് പറയുന്നത്. എന്നാല്‍ നിരുപാധിക ഗൈബ് അല്ലാഹു മാത്രമെ അറിയുകയുള്ളൂ. അല്ലാഹു തന്റെതു മാത്രമെന്നു പറഞ്ഞ അദൃശ്യം തനിക്കും അറിയാമെന്ന് വാദിക്കുവാന്‍ ആര്‍ക്കു കഴിയും?

കളവു പറയുന്നവരും വ്യാജവാദികളും അല്ലാഹുവിന്റെ പേരില്‍ കറ്റുകെട്ടി പറയുന്നവരുമായ അദൃശ്യജ്ഞാന വാദി(ഭാവിപ്രവചനക്കാര്‍)കളില്‍നിന്നും ഓരോ വിശ്വാസിയും കരുതലോടെ മാറിനില്‍ക്കേണ്ടതാണ്. സ്വയം വഴികേടിലാവുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യുന്ന ജ്യോത്സ്യന്മാര്‍, സിദ്ധന്മാര്‍, മാരണക്കാര്‍ തുടങ്ങിയവരെല്ലാം അത്തരത്തില്‍ മനുഷ്യരെ ശരിയായ പാതയില്‍നിന്ന് അകറ്റുന്നവരാണ്.

അദൃശ്യജ്ഞാനമുണ്ടെന്ന് അവകാശപ്പെടുന്ന ആളുകള്‍ പാമര ജനങ്ങളെ വഴികേടിലാക്കുന്നതിനും വിശ്വാസ ചൂഷണത്തിനും വേണ്ടി നടത്തിവരുന്ന പ്രവൃത്തികളില്‍ ചിലതു പറയാം.

1. മാരണം

അല്ലാഹുവിന്റെ നിശ്ചയപ്രകാരം മാരണം മനസ്സിനെയും ശരീരത്തെയും ബാധിക്കുകയോ മനുഷ്യരെ രോഗികളാക്കിത്തീര്‍ക്കുകയോ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയോ മരണത്തില്‍വരെ എത്തിക്കുകയോ ചെയ്‌തേക്കാം.

അല്ലാഹു പറയുന്നു: ”സുലൈമാന്‍ നബിയുടെ രാജവാഴ്ചയുടെ (രഹസ്യമെന്ന) പേരില്‍ പിശാചുക്കള്‍ പറഞ്ഞു പരത്തിക്കൊണ്ടിരുന്നത് അവര്‍ (ഇസ്‌റാഇല്യര്‍) പിന്‍പറ്റുകയും ചെയ്തു. സുലൈമാന്‍ നബി ദൈവനിഷേധം കാണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങള്‍ക്ക് മാന്ത്രികവിദ്യ പഠിപ്പിച്ചുകൊടുത്ത് പിശാചുക്കളാണ് ദൈവനിഷേധത്തില്‍ ഏര്‍പെട്ടത്. ബാബിലോണില്‍ ഹാറൂത്തെന്നും മാറൂത്തെന്നും പേരുള്ള രണ്ടു മലക്കുകള്‍ക്ക് ലഭിച്ചതിനെയും (പറ്റി പിശാചുക്കള്‍ പറഞ്ഞുണ്ടാക്കിക്കൊണ്ടിരുന്നത് അവര്‍ പിന്തുടര്‍ന്നു).എന്നാല്‍ ഹാറൂത്തും മാറൂത്തും ഏതൊരാള്‍ക്ക് പഠിപ്പിക്കുമ്പോഴും, ഞങ്ങളുടേത് ഒരു പരീക്ഷണം മാത്രമാകുന്നു; അതിനാല്‍ (ഇത് ഉപയോഗിച്ച്) ദൈവനിഷേധത്തില്‍ ഏര്‍പ്പെടരുത് എന്ന് അവര്‍ പറഞ്ഞു കൊടുക്കാതിരുന്നില്ല. അങ്ങനെ അവരില്‍നിന്ന് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുവാനുള്ള തന്ത്രങ്ങള്‍ ജനങ്ങള്‍ പഠിച്ചുകൊണ്ടിരുന്നു. എന്നാല്‍ അല്ലാഹുവിന്റെ അനുമതികൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചുകൊണ്ടിരുന്നത്. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തിയോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്തതന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!” (അല്‍ബക്വറ: 106).

കെട്ടുകളില്‍ ഊതുന്നതും അതില്‍പെട്ടതു തന്നെയാണ്. അല്ലാഹു പറയുന്നു: ”പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ കാവലിനെ തേടുന്നു; അവന്‍ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയില്‍നിന്ന്. ഇരുളടയു മ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍നിന്നും അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്റെ കെടുതിയില്‍നിന്നും” (അല്‍ഫലക്വ് 15).

2. ജ്യോതിഷം

ഗ്രഹങ്ങളുടെ ഭ്രമണവും സ്ഥാനവും ഗണിച്ച് നോക്കി ഭൂമിയിലെ സംഭവങ്ങള്‍ വിലയിരുത്തുന്നതിനെയാണ് ജ്യോതിഷം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്.

ഇബ്‌നു അബ്ബാസി(റ)ല്‍നിന്നും നിവേദനം; അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: ”ജ്യോതിഷത്തില്‍ നിന്ന് വല്ലതും അഭ്യസിക്കുന്നവര്‍ സിഹ്‌റില്‍നിന്നും ഒരു ഭാഗമാണ് അഭ്യസിക്കുന്നത്. (ജ്യോതിഷം) അഭ്യസിച്ചെടുക്കുന്നത് വര്‍ധിപ്പിക്കുന്നതനുസരിച്ച് അവന്‍ സിഹ്‌റും വര്‍ധിപ്പിച്ചു” (സുനനു അബൂദാവൂദ്).

3. പക്ഷികളെ ഉപയോഗിച്ചുള്ള ശകുനം നോക്കലും കളങ്ങള്‍ വരച്ച് ഭാവിപ്രവചിക്കലും

ക്വത്വന്‍ ബിന്‍ ക്വബീസ്വ(റ) തന്റെ പിതാവില്‍നിന്നു നിവേദനം: ”നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: ‘പക്ഷികളെ പറത്തി ശകുനം നോക്കുന്നതും (ഇയാഫത്ത്) അശുഭ ലക്ഷണങ്ങളില്‍ വിശ്വസിക്കുന്നതും കളങ്ങള്‍ വരച്ച് ഭാവി പ്രവചിക്കുന്നതും (ത്വര്‍ക്വ്) ജിബ്തില്‍ പെട്ടതാണ് (മാരണത്തില്‍ പെട്ടത്)” (സുനനു അബൂദാവൂദ്, മുസ്‌നദു അഹ്മദ്).

‘ഇയാഫത്ത്’ എന്നാല്‍ പക്ഷികളുടെ ദിശയും കരച്ചിലും നാമങ്ങളും നോക്കി ശകുനം തീരുമാനിക്കുന്നതാണ്. ‘ത്വര്‍ക്വ്’ എന്നാല്‍ മണ്ണിലോ മണലിലോ വരച്ചോ കല്ലുകള്‍ എറിഞ്ഞോ ഭാവി കാര്യങ്ങള്‍ പ്രവചിക്കുന്നതാണ്.

4. ഭാവി പ്രവചനം

മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്നു വാദിക്കുന്നവരാണിത് ചെയ്യാറുള്ളത്. മലക്കുകളുടെ സംസാരത്തില്‍ നിന്നു പിശാചുകള്‍ കട്ടുകേള്‍ക്കുന്നത് ജോത്സ്യന്മാരുടെ ചെവിയില്‍ എത്തിച്ചുകൊടുക്കുകയും അവര്‍ അതില്‍ കളവു ചേര്‍ത്തു പറയുന്നതുമാണത്.

അബൂഹുറയ്‌റ(റ)യില്‍നിന്നും നിവേദനം; റസൂല്‍(സ്വ) പറഞ്ഞു: ”ഭാവി പ്രവചനം നടത്തുന്നവരെ (പ്രശ്‌നം നോക്കുന്നവരെ) സമീപിച്ച് അവര്‍ പറയുന്നത് വിശ്വസിക്കുന്നവര്‍ മുഹമ്മദിന് അല്ലാഹു നല്‍കിയ ഗ്രന്ഥത്തില്‍ അവിശ്വസിക്കുന്നവരാകുന്നു” (മുസ്‌നദ് ബസ്സാര്‍, മജ്മഅ് സവാഇദ്).

5 കണക്കുനോട്ടം

ഓരോ അക്ഷരത്തിനും നിശ്ചിത മൂല്യം കണക്കാക്കുകയും ആളുകളുടെ പേരുകള്‍, സ്ഥലങ്ങള്‍, സമയങ്ങള്‍ തുടങ്ങിയവയിലെ അക്ഷരങ്ങളുടെ മൂല്യങ്ങള്‍ കൂട്ടി അവരുടെ ഗുണദോഷങ്ങള്‍ പ്രവചിക്കുകയും ചെയ്യലാണിത്.

‘നക്ഷത്രങ്ങള്‍ നോക്കുന്നവരെയും അബ്ജദ് അക്ഷരങ്ങള്‍ കൂട്ടുന്നവരെയും സംബന്ധിച്ച് അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറയുകയുണ്ടായി: അതു ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെയടുക്കല്‍ യാതൊരു നന്മയും ഉണ്ടാകുകയില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്’ (മുസ്വന്നഫ് അബ്ദുര്‍റസാക്വ് (11/26).

6. കൈനോട്ടം

ജീവിതം, മരണം, ദാരിദ്ര്യം, അഭിവൃദ്ധി, രോഗം, ആരോഗ്യം എന്നു തുടങ്ങി എല്ലാ കാര്യങ്ങളും എപ്പോള്‍ സംഭവിക്കും, ഭാവിയില്‍ എന്തൊക്കെ നടക്കാനിരിക്കുന്നു എന്നതെല്ലാം കൈരേഖ നോക്കി പ്രവചിക്കാന്‍ കഴിയുമെന്ന് വാദിക്കുന്നവരാണ് കൈനോട്ടക്കാര്‍.

7. ‘ആത്മാക്കളെ ഹാജറാക്കല്‍’

മരണപ്പെട്ടുപോയവരുടെ ആത്മാക്കളെ ഹാജരാക്കുകയും ക്വബ്‌റിലെ സുഖദുഃഖങ്ങളെ കുറിച്ചും മരണപ്പെട്ടു പോയവരെ സംബന്ധിച്ചുമെല്ലാം ചോദിക്കുകയും വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ജല്‍പിക്കുന്നത്. തങ്ങള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവരാണെന്ന് വാദിക്കുന്നവരാണിവര്‍. യഥാര്‍ഥത്തില്‍ ഇത് കള്ളവും പൈശാചിക പ്രവൃത്തികളുടെ ഭാഗവുമാണ്. മനുഷ്യരുടെ ശരിയായ വിശ്വാസത്തെ നശിപ്പിക്കുകയും പാമരജനങ്ങളെ കബളിപ്പിക്കുകയും സമ്പത്ത് പിടുങ്ങുകയും ചെയ്യുകയെന്നതാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉദ്ദേശ്യം.  തങ്ങള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവരാണെന്ന് വാദിക്കുകയും ചെയ്യും.

8. ശകുനം നോക്കല്‍

ഇടത്തോട്ടോ വലത്തോട്ടോ പറക്കുകയോ മുന്നിലൂടെ മുറിച്ചുകടക്കുകയോ ചെയ്യുന്ന പക്ഷികളെയോ മാനിനെയോ (ജന്തുക്കളെ) നോക്കി നന്മയും തിന്മയും തീരുമാനിക്കുന്നതാകുന്നു ‘തത്വയ്യര്‍’ (ശകുനം നോക്കല്‍). ഇതും ശിര്‍ക്കില്‍ പെടുന്നതാകുന്നു, പിശാച് മനസ്സില്‍ ഇട്ടുകൊടുക്കുന്ന ഭയത്തില്‍ നിന്നുണ്ടാകുന്നതാണത്.

ഇംറാനുബ്‌നുല്‍ ഹുസൈ്വനി(റ)ല്‍നിന്ന് നിവേദനം; നബി(സ്വ) പറയുകയുണ്ടായി: ”ശകുനം നോക്കുന്നവരും നോക്കിക്കൊടുക്കുന്നവരും പ്രശ്‌നം നോക്കുന്നവരും നോക്കിക്കൊടുക്കുന്നവരും മാരണം ചെയ്യിക്കുന്നവരും ചെയ്തുകൊടുക്കുന്നവരും നമ്മില്‍ (മുസ്‌ലിംകളില്‍) പെട്ടവരല്ല. പ്രശ്‌നം നോക്കുന്നവരെ സമീപിച്ച് അവര്‍ പറയുന്നത് വിശ്വസിക്കുന്നവര്‍ മുഹമ്മദിന് അല്ലാഹു നല്‍കിയ ഗ്രന്ഥത്തില്‍ അവി ശ്വസിക്കുന്നവരാകുന്നു” (മുസ്‌നദ് ബസ്സാര്‍, മജ്മഅ് സവാഇദ്).

മുസ്‌ലിംകളുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുവാനും അവരെ മതത്തില്‍ അവഗാഹമുള്ളവരാക്കി മാറ്റുവാനും അല്ലാഹുവിനോട് തേടാം. പിശാചിന്റെ മിത്രങ്ങളുടെ കൃത്രിമങ്ങളില്‍നിന്നും കുറ്റവാളികളുടെ കബളിപ്പിക്കലില്‍നിന്നും അല്ലാഹു വിശ്വാസികളെ കാത്തുരക്ഷിക്കട്ടെ.

ഉമര്‍കോയ മദീനി

നേർപഥം വാരിക