ഇസ്തിഗാസ; പ്രമാണപക്ഷവും സമസ്തപക്ഷവും

ഇസ്തിഗാസ; പ്രമാണപക്ഷവും സമസ്തപക്ഷവും

അഹ്‌ലുസ്സുന്നതി വല്‍ജമാഅയും ശിയാസുന്നികളും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇസ്തിഗാസ. സൃഷ്ടി കഴിവിന്നധീനമായ കാര്യങ്ങള്‍ തന്നെ സാധിച്ചുകിട്ടാന്‍ അല്ലാഹുവിന്റെ സഹായം അനിവാര്യമായിരിക്കെ, സൃഷ്ടികഴിവിന്നതീതമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ മരണപ്പെട്ടവരോട് സഹായം തേടാമെന്ന് ഏറെ കാലമായി പ്രമാണങ്ങളെ മറയാക്കിയും അവയെ ദുര്‍വ്യാഖ്യാനം ചെയ്തും സമസ്തക്കാര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു . ഇവ്വിധം ചെയ്യുന്നത് തൗഹീദിന് എതിരും വലിയ പാതകവുമാണ്.

ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട ബദ്ര്‍ യുദ്ധവേളയില്‍ നബി ﷺ നടത്തിയ പ്രാര്‍ഥനയെ സംബന്ധിച്ച് ക്വുര്‍ആന്‍ പറയുന്നു: ”നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്കു മറുപടി നല്‍കി” (ക്വുര്‍ആന്‍ 8:9).

ആരാധനയും അതിന്റെ ഇനങ്ങളും എന്താണെന്ന് സത്യസന്ധമായി സമൂഹത്തെ പഠിപ്പിക്കാത്തതിനാല്‍ അനുഗ്രഹദാതാവായ അല്ലാഹുവിനോട് സഹായം ചോദിക്കുന്നത് പേരിന് മാത്രമാക്കി ചൂഷണ കേന്ദ്രങ്ങളില്‍ അഭയം തേടി ഗതിമുട്ടുമ്പോള്‍ അവനെ വിളിക്കാമെന്ന നിലപാടിലാണ് ഇവര്‍ വളര്‍ത്തിയെടുത്ത സമൂഹം ഇന്നുള്ളത്.

അല്ലാഹു പറയുന്നു: ”അവന്റെതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. നിരന്തരമായിട്ടുള്ള കീഴ്‌വണക്കം അവന്ന് മാത്രമാകുന്നു. എന്നിരിക്കെ അല്ലാഹു അല്ലാത്തവരോടാണോ നിങ്ങള്‍ ഭക്തികാണിക്കുന്നത്? നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു. എന്നിട്ട് നിങ്ങള്‍ക്കൊരു കഷ്ടത ബാധിച്ചാല്‍ അവങ്കലേക്ക് തന്നെയാണ് നിങ്ങള്‍ മുറവിളികൂട്ടിച്ചെല്ലുന്നത്. പിന്നെ നിങ്ങളില്‍നിന്ന് അവന്‍ കഷ്ടത നീക്കിത്തന്നാല്‍ നിങ്ങളില്‍ ഒരു വിഭാഗമതാ തങ്ങളുടെ രക്ഷിതാവിനോട് പങ്കാളികളെ ചേര്‍ക്കുന്നു”(16:52-54).

ഈ സൂക്തത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ത്വബ്‌രി(റഹി) പറയുന്നു: ”അപ്പോള്‍ അത്(പ്രശ്‌നം) നീങ്ങിക്കിട്ടാന്‍ അട്ടഹസിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിച്ചും അവനോട് സഹായം തേടിയും അവനിലേക്ക് നിങ്ങള്‍ തിരിയുന്നു” (തഫ്‌സീറുത്ത്വബ്‌രി/വാള്യം 8).

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ”ആരാധനക്കര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും അവന്‍ ഏകനും പങ്കുകാരില്ലാത്തവനും എല്ലാ വസ്തുക്കളുടെയും അധികാരിയും സ്രഷ്ടാവും രക്ഷിതാവും  അവന്‍ മാത്രമാണെന്നും ഇത് അറിയിക്കുന്നു.

ഉപകാരം, ഉപദ്രവം, അടിമകള്‍ക്ക് ലഭിക്കുന്ന ഉപജീവനം, സഹായം, സൗഖ്യം, അനുഗ്രഹം, നന്മ ഇതിന്റെയെല്ലാം ഉടമ അല്ലാഹുവാണ്. എന്നാല്‍ പരീക്ഷണ ഘട്ടങ്ങളില്‍ അതിനെ നീക്കിത്തരാന്‍ കഴിവുള്ളവന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് അറിഞ്ഞുതന്നെ നിങ്ങള്‍ അവനിലേക്ക് അഭയം തേടുകയും അത്തരം സന്ദര്‍ഭങ്ങളില്‍ പതിവായി അവനോട് സഹായം തേടുകയും ചെയ്യുന്നു” (ഇബ്‌നു കഥീര്‍/വാള്യം 2).

നബിമാരോടും വലിയ്യുകളോടും സഹായം തേടാം എന്ന വിശ്വാസം ഹിജ്‌റ മൂന്നാം തലമുറയുടെ അവസാനത്തില്‍ റാഫിളിയാക്കളായ ബുവൈഹികളിലാണ് പ്രകടമായത്. പിന്നീട് ശിയാ സുന്നികളിലേക്കും സ്വൂഫികളിലേക്കും അത് ഇഴഞ്ഞുകയറി. മരണപ്പെട്ടവര്‍ മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്നും അവര്‍ പ്രപഞ്ചത്തില്‍ നിരുപാധികം കൈകാര്യം നടത്തുന്നുവെന്നും ക്വബ്‌റില്‍ അവര്‍ സാധാരണ ജീവിതത്തിലാണെന്നും സഹായം തേടുന്നവരുടെ വിളി അവര്‍ കേള്‍ക്കും തുടങ്ങിയ വാദങ്ങളാണ് അവര്‍ സ്ഥിരപ്പെടുത്താന്‍ നോക്കിയത്. ഈ പിഴച്ച വിശ്വാസത്തെ സ്ഥാപിക്കാന്‍ വേണ്ടി ഹിജ്‌റ ആറ്, ഏഴ് നൂറ്റാണ്ടുകളില്‍ സ്വൂഫികള്‍ ഗ്രന്ഥങ്ങള്‍വരെ രചിച്ചു!

അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ ഇബ്‌നു തൈമിയ്യ(റഹി), ഇബ്‌നുല്‍ ക്വയ്യിം(റഹി), ഇബ്‌നു അബില്‍ ഇസ്സല്‍ ഹനഫി(റഹി), അമീര്‍ അസ്സ്വന്‍ഹാനി(റഹി), ശൗകാനി(റഹി), ഇബ്‌നു അബ്ദില്‍ വഹ്ഹാബ്(റഹി), ഇബ്‌നു കഥീര്‍(റഹി), ബശീര്‍ അസ്സഅ്‌സവാനി(റഹി) തുടങ്ങിയവര്‍ പ്രാമാണികമായിത്തന്നെ ഇത്തരം ജല്‍പനങ്ങളുടെ മുനയൊടിച്ചവരാണ്.

മക്കാമുശ്‌രിക്കുകള്‍ ശിര്‍ക്ക് ചെയ്യാന്‍ ഉന്നയിച്ച കാരണങ്ങളല്ലാതെ മറ്റൊന്നും  ഇവര്‍ക്കും എടുത്ത് കാണിക്കാനില്ല. നബി ﷺ ക്ക് അല്ലാഹു നല്‍കിയ ഉപദേശമാണ് വിശ്വാസികള്‍ക്ക് സ്വീകരിക്കാനുള്ളത്. അല്ലാഹു പറയുന്നു:

”(നബിയേ,) പിന്നീട് നിന്നെ നാം (മത)കാര്യത്തില്‍ ഒരു തെളിഞ്ഞ മാര്‍ഗത്തിലാക്കിയിരിക്കുന്നു. ആകയാല്‍ നീ അതിനെ പിന്തുടരുക. അറിവില്ലാത്തവരുടെ തന്നിഷ്ടങ്ങളെ നീ പിന്‍പറ്റരുത്” (ക്വുര്‍ആന്‍ 45:18).

ഈ വചനത്തിന്റെ വിശദീകരണമായി ഇബ്‌നു കഥീര്‍ പറയുന്നു: ”അഥവാ, ഏക ഇലാഹായ താങ്കളുടെ രക്ഷിതാവില്‍നിന്ന് താങ്കള്‍ക്ക് വഹ്‌യ് നല്‍കപ്പെട്ടത് താങ്കള്‍ പിന്തുടരുക. മുശ്‌രിക്കുകളെ തൊട്ട് തിരിഞ്ഞ് കളയുകയും ചെയ്യുക” (ഇബ്‌നു കഥീര്‍/ വാള്യം 4).

ബറേല്‍വിസത്തെ ചാണിനു ചാണായി അനുകരിക്കുന്ന സമസ്തക്കാര്‍ ഈ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതിനായി എഴുതുന്നതും വാദിക്കുന്നതും ഇല്ലാത്ത തെളിവുകള്‍ ചോദിച്ച് വെല്ലുവിളിക്കുന്നതുമൊക്കെ എത്ര വലിയ അപരാധവും അസംബന്ധമാണ്. ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക:

”മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ജീവിച്ചിരിക്കുന്നവരോടോ മരിച്ചവരോടോ സഹായമര്‍ത്ഥിക്കുന്നത് ശിര്‍ക്കാണെന്ന് പറയാന്‍ ഒരൊറ്റ തെളിവെങ്കിലും കൊണ്ടുവരാമോ? എണ്‍പത് കൊല്ലം പഴക്കമുള്ള ചോദ്യമാണ്. സാധിക്കുമോ? ഇല്ല” (അല്ലാഹുവിന്റെ ഔലിയാക്കള്‍/സുലൈമാന്‍ സഖാഫി/പേജ് 162).

അല്ലാഹുവിനെയും അവന്റെ  ക്വുര്‍ആനിനെയുമാണ് ലേഖകന്‍ ഇതിലൂടെ വെല്ലുവിളിച്ചിട്ടിള്ളത്. അല്ലാഹു പറയുന്നു: ”അല്ലാഹുവോടൊപ്പം മറ്റുവല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്നപക്ഷം അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ലതന്നെ  അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച” (ക്വുര്‍ആന്‍ 23:117).

ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ”തന്നില്‍ പങ്ക് ചേര്‍ക്കുകയും തന്റെകൂടെ മറ്റുള്ളവരെ ആരാധിക്കുകയും ചെയ്യുന്നവര്‍ക്ക്  അല്ലാഹു താക്കീത് കൊടുക്കുകയാണിവിടെ. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുന്നവന് പ്രമാണമില്ലെന്നും അല്ലാഹു ഇവിടെ അറിയിക്കുന്നു. അഥവാ അവന്‍ പറഞ്ഞതിന് അവന്റെ പക്കല്‍ യാതൊരു തെളിവുമില്ല” (ഇബ്‌നു കഥീര്‍/ വാള്യം 3).

 2021 ജൂലൈ രണ്ടാം ലക്കം ‘സുന്നിവോയ്‌സി’ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക: ”എന്നാല്‍ ആത്മീയലോകത്ത് ഉന്നതങ്ങള്‍ കീഴടക്കിയ പുണ്യാത്മാക്കള്‍ സഹായിക്കുമെന്നും അവരോട് സഹായാര്‍ത്ഥന നടത്താമെന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ നിസ്സംശയം പറയുന്നുണ്ട്. സാധാരണക്കാര്‍ക്ക് സാധാരണ കഴിവാണെങ്കില്‍ അസാധാരണക്കാര്‍ക്ക് അസാധാരണ കഴിവായിരിക്കും. മുഅ്ജിസത്ത്, കറാമത്ത് കൊണ്ട് ജീവിതകാലത്ത് അമ്പിയാ, ഔലിയാക്കള്‍ക്ക് നമ്മെ സഹായിക്കാന്‍ കഴിയുമെങ്കില്‍ മരണ ശേഷവും സാധിക്കും. കാരണം മരണത്തോടെ മുഅ്ജിസത്ത്, കറാമത്തുകള്‍ മുറിയുന്നില്ല. എന്നാല്‍ ഇവയെല്ലാം കണ്ണടച്ച് നിഷേധിക്കുകയാണ് പുത്തന്‍വാദികള്‍ ചെയ്യുന്നത്” (പേജ് 14).

പ്രമാണങ്ങള്‍ പ്രകാരം ഈ പിഴച്ചവാദം തെളിയിക്കാന്‍ ഇവര്‍ക്കാവില്ല. പ്രമാണബദ്ധമായി കാര്യങ്ങള്‍ പറയുന്നവരെ ‘പുത്തന്‍ വാദികള്‍’ എന്നു മുദ്രകുത്തുകയും ചെയ്യും! നബി ﷺ ക്ക് മക്കാമുശ്‌രിക്കുകളില്‍നിന്ന് കേള്‍ക്കേണ്ടി വന്നതും ഇതുതന്നെയാണ്.

അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും സംഭവിക്കുന്നത് അവരുടെ ഇഷ്ടമനുസരിച്ചാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മരണാനന്തരവും അവര്‍ സഹായിക്കുമെന്നും വിശ്വസിപ്പിക്കുക വഴി എന്തു മാത്രം വലിയ പിഴവിലേക്കാണിവര്‍ ജനങ്ങളെ വീഴ്ത്തിയിരിക്കുന്നത്! അല്ലാഹു പറയുന്നു:

”അല്ലാഹുവിന് പുറമെ അവന്ന് ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവന്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു. അതുതന്നെയാണ് വിദൂരമായ വഴികേട്” (ക്വുര്‍ആന്‍ 22:12).

ഇതിന്റെ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി) പറഞ്ഞത് ശ്രദ്ധേയമാണ്:

”അഥവാ വിഗ്രഹങ്ങളും സമന്മാരുമായ (ആരാധ്യന്മാരോട്) അവന്‍ ഇസ്തിഗാസ ചെയ്യുകയും സഹായം തേടുകയും ഉപജീവനം ആവശ്യപ്പെടുകയും ചെയ്യുന്നു. അവയാകട്ടെ അവന് യാതൊരു ഉപകാരവും ഉപദ്രവവും ചെയ്യില്ല” (ഇബ്‌നു കഥീര്‍/വാള്യം 3).

സമൂഹത്തെ ഇസ്‌ലാമില്‍നിന്ന് അകറ്റാനുള്ള പുരോഹിതന്മാരുടെ ആത്മാര്‍ത്ഥത കാണുമ്പോള്‍ ഇവരുടെ തല തൊട്ടപ്പന്മാരെപ്പറ്റി ക്വുര്‍ആന്‍ പറഞ്ഞത് എത്ര യാഥാര്‍ത്ഥ്യം. അല്ലാഹു പറയുന്നു: ‘ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരുമെല്ലാം. അല്ലാഹുവിന് പുറമെ പങ്കാളികളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ എന്തൊന്നിനെയാണ് പിന്‍പറ്റുന്നത്? അവര്‍ ഊഹത്തെ മാത്രമാണ് പിന്തുടരുന്നത്. അവര്‍ അനുമാനിച്ച് (കള്ളം) പറയുക മാത്രമാണ് ചെയ്യുന്നത്.'(10:66)

ലേഖകന്‍ തന്റെ വാദത്തിന് തെളിവുദ്ധരിച്ചത് കാണുക: ”ഇമാം മുസ്‌ലിം(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങിയാല്‍ അല്ലാഹുവിന്റെ സൃഷ്ടികളുടെ ബുദ്ധിമുട്ടുകളില്‍നിന്ന് അല്ലാഹുവിന്റെ പരിപൂര്‍ണ്ണമായ കലിമത്തുകളോട് ഞാന്‍ കാവല്‍ തേടുന്നു എന്ന് ചൊല്ലട്ടെ. അപ്രകാരം ചെയ്താല്‍ ആ സ്ഥലത്ത് നിന്ന് അവന്‍ യാത്ര തിരിക്കുന്നതുവരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല. ഈ ഹദീസില്‍ പറഞ്ഞ കലിമാത്തുല്ലാഹിയുടെ വിവക്ഷ ഇമാം റാസി(റ) വിവരിക്കുന്നുണ്ട്. ആത്മീയലോകം ശാരീരികലോകത്ത് ആധിപത്യം പുലര്‍ത്തുന്നതാണെന്നും ശാരീരിക ലോകത്തെ നിയന്ത്രിക്കുന്നത് ആത്മീയലോകമാണെന്നും തത്ത്വശാസ്ത്രത്തില്‍ അവിതര്‍ക്കിതമായി സ്ഥിരപ്പെട്ടതാണ്. കാര്യം നിയന്ത്രിക്കുന്നവയും തന്നെയാണ് സത്യം എന്ന് അല്ലാഹു പറഞ്ഞതും അതാണ്. അതിനാല്‍ സമ്പൂര്‍ണമായ അല്ലാഹുവിന്റെ കലിമത്തുകളോട് ഞാന്‍ കാവല്‍ തേടുന്നു എന്ന വാചകം മോശമായ ആത്മാക്കളുടെ ശല്യം പ്രതിരോധിക്കാനായി മനുഷ്യരുടെ ആത്മാക്കള്‍ പരിശുദ്ധാത്മാക്കളോട് നടത്തുന്ന കാവല്‍ തേട്ടമാണ്. അതിനാല്‍ കലിമാത്തുല്ലാഹി എന്നതിന്റെ വിവക്ഷ പരിശുദ്ധാത്മാക്കളാകുന്നു” (പേജ് 15).

ഇസ്തിആദത്ത് ആരാധനയായതിനാല്‍ അല്ലാഹുവിനോട് മാത്രമെ ആകാവൂ. അല്ലാഹു പറയുന്നു: ‘നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ)” (ക്വുര്‍ആന്‍ 23:88).

മറ്റനേകം ആയത്തുകളും നിരവധി ഹദീസുകളും ഈ വിഷയത്തില്‍ കാണാവുന്നതാണ്. നബി ﷺ യോട് പ്രഖ്യാപിക്കുവാന്‍ അല്ലാഹു പറയുന്നു: ”(നബിയേ,) പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമെ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. പറയുക: നിങ്ങള്‍ക്ക് ഉപദ്രവം ചെയ്യുക എന്നതോ (നിങ്ങളെ) നേര്‍വഴിയിലാക്കുക എന്നതോ എന്റെ അധീനതയിലല്ല. പറയുക: അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍നിന്ന് ഒരാളും എനിക്ക് അഭയം നല്‍കുകയേ ഇല്ല; തീര്‍ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന്‍ ഒരിക്കലും കണ്ടെത്തുകയില്ല” (ക്വുര്‍ആന്‍ 72:20-23).

”ഞങ്ങളുടെ മനസ്സുകളുടെ തിന്മയില്‍നിന്നും കര്‍മങ്ങളുടെ ദോഷത്തില്‍നിന്നും അല്ലാഹുവിനെ കൊണ്ട് ഞങ്ങള്‍ കാവല്‍തേടുന്നു” (തിര്‍മിദി) എന്ന് നബി ﷺ പഠിപ്പിച്ചിട്ടുമുണ്ട്.

സൂറതുല്‍ ഫാതിഹയുടെ വിശദീകരണത്തില്‍ ഇബ്‌നു കഥീര്‍(റഹി) പറയുന്നു: ”ഇസ്തിആദത്ത് എന്നാല്‍ തിന്മയുള്ളവയുടെ കുഴപ്പത്തില്‍നിന്ന് അല്ലാഹുവിലേക്ക് അഭയം തേടലും അവനിലേക്ക് ചേര്‍ന്ന് നില്‍ക്കലുമാകുന്നു” (ഇബ്‌നുകഥീര്‍/വാള്യം1).

അഹ്‌ലുസ്സുന്നയുടെ ഇമാമുമാരായ അഹ്മദുബ്‌നു ഹമ്പല്‍, ബുഖാരി, മുസ്‌ലിം, ഖുസൈമ, ബൈഹഖി, നവവി, ഇബ്‌നു ഹജര്‍ അല്‍അസ്ഖലാനി, ഇബ്‌നു തൈമിയ്യ(റഹി) എന്നിവര്‍ നബി ﷺ സൃഷ്ടിയെ കൊണ്ട് കാവല്‍ തേടിയിട്ടില്ലെന്ന് വിശദീകരിച്ചത് ഈ ഹദീഥിന്റെ വെളിച്ചത്തില്‍തന്നെയാണ്. അല്ലാഹുവിന്റെ വിശിഷ്ടമായ നാമങ്ങളും യാതൊരു ന്യൂനതയും കുറവുമില്ലാത്ത അവന്റെ ക്വുര്‍ആനുമാണ് കലിമാത്ത് കൊണ്ടുള്ള ഉദ്ദേശ്യമെന്ന് പണ്ഡിതന്മാര്‍ വിവരിച്ചിട്ടുമുണ്ട്. അതൊന്നും വായിക്കാതെ ഇമാം റാസി(റ) തന്റെ തഫ്‌സീറിന്റെ തുടക്കത്തില്‍ ഇസ്തിആദത്തിന്റെ രീതികളെപ്പറ്റി നടത്തിയ ചര്‍ച്ചയില്‍ ‘വചന ശാസ്ത്രം’ അടിസ്ഥാനപ്പെടുത്തി പറഞ്ഞതായ അഭിപ്രായത്തില്‍ മാത്രം മുസ്‌ലിയാര്‍ കടിച്ചുതൂങ്ങിയത് താല്‍ക്കാലിക രക്ഷക്ക് വേണ്ടിയാണ്. ഒറ്റപ്പെട്ട വ്യാഖ്യാനങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങി പാമര ജനങ്ങളെ കബളിപ്പിക്കലാണോ പണ്ഡിത ധര്‍മം? ക്വുര്‍ആന്‍ നല്‍കിയ താക്കീത് കാണുക. അല്ലാഹു പറയുന്നു: ”വേദഗ്രന്ഥം നല്‍കപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്‍ക്ക് വിവരിച്ചുകൊടുക്കണമെന്നും നിങ്ങളത് മറച്ചുവെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്‍ഭം (ശ്രദ്ധിക്കുക). എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ” (3:187).

ഇമാം റാസി(റഹി) ‘നമ്മുടെ വിശ്വാസത്തിന് അനുകൂലമായി പറഞ്ഞിട്ടുണ്ട്’ എന്ന് അണികളെ ബോധ്യപ്പെടുത്താനാണ് ലേഖകന്റെ ശ്രമമെങ്കില്‍ ‘അഴകുള്ള ചക്കയില്‍ ചുളയില്ല’ എന്ന പഴമൊഴി ഓര്‍ക്കുന്നതാകും നല്ലത്. തന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഇത്തരം പ്രവര്‍ത്തനത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് കാണുക: ”(ബിംബാരാധനയോട്) തുല്യമായ ഒരു പ്രവര്‍ത്തനമാണ് ഇക്കാലത്ത് അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിരവധി പേര്‍ മഹാന്മാരുടെ ക്വബ്‌റുകളെ ബഹുമാനിക്കുന്നതില്‍ മുഴുകിയിരിക്കുന്നു എന്നത്. അവര്‍ ഈ ക്വബ്‌റുകളെ ബഹുമാനിച്ചാല്‍ ആ ക്വബ്‌റാളികള്‍ അവര്‍ക്കു വേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യും എന്നാണവരുടെ വിശ്വാസം” (തഫ്‌സീറുല്‍ കബീര്‍/വാള്യം 17).

സത്യത്തിനുനേരെ അന്ധത നടിക്കുന്നവര്‍ അല്ലാഹുവിന്റെ ഈ താക്കീത് മനസ്സിലാക്കുന്നത് നന്നായിരിക്കും:

”വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക് കണം (നിങ്ങള്‍). അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം അവന്‍ ആകാശത്തുനിന്ന് വീണത് പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടു പോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂരസ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു” (ക്വുര്‍ആന്‍ 22:31).

മൂസ സ്വലാഹി, കാര

നേർപഥം വാരിക 

സന്ദേഹവാദവും ഇസ്‌ലാമിക ജ്ഞാനമാര്‍ഗരീതിയും

സന്ദേഹവാദവും ഇസ്‌ലാമിക ജ്ഞാനമാര്‍ഗരീതിയും

ദൈവാസ്തിത്വത്തെ നിരാകരിക്കാന്‍ തെളിവുകള്‍ ഒന്നുമില്ലെന്നു സമ്മതിക്കേണ്ടിവരികയും എന്നാല്‍ ദൈവത്തിന്റെ അസ്തിത്വം സംശയാസ്പദം തന്നെയാണെന്ന് വാദിക്കുകയും ചെയ്യുന്ന നാസ്തിക സമാനമായ ഒരു ചിന്തയായാണ് പൊതുവില്‍ ആധുനികലോകത്ത് സന്ദേഹവാദത്തെ ഉപയോഗിക്കുന്നത്. എന്നാല്‍ ദൈവത്തിന്റെ കാര്യത്തില്‍ മാത്രം സെലക്ടീവായി പ്രകടിപ്പിക്കപ്പെടുന്ന ഒരുതരം പ്രത്യേക സംശയസ്വഭാവംതന്നെ സംശയിക്കപ്പെടേണ്ടതാണ്. ഞങ്ങള്‍ നാസ്തികരെപ്പോലെ അന്ധമായ ദൈവനിഷേധം പറഞ്ഞുനടക്കുന്നവരല്ലെന്ന് പറയുന്നതിലൂടെ നിഷ്പക്ഷരെന്ന പൊതുബോധം ഉണ്ടാക്കുകയും അതിന്റെ മറവില്‍തന്നെ ദൈവത്തെ നിരാകരിക്കുകയും ചെയ്യുന്ന ഒരു പൊതുനിലപാടാണ് സന്ദേഹവാദമെന്ന പേരില്‍ പലരും കൊണ്ടുനടക്കുന്നതായി കണ്ടിട്ടുള്ളത്. വാസ്തവത്തില്‍ ദൈവാസ്തിത്വത്തെ സംശയിക്കാമെന്ന പേരില്‍ ഉന്നയിക്കപ്പെടുന്ന ജ്ഞാനശാസ്ത്രവാദങ്ങള്‍ (epistemic arguments) തിരിച്ചുപയോഗിച്ചാല്‍ ദൈവത്തെ മാത്രമല്ല മനുഷ്യാസ്തിത്വത്തെ പോലും കാര്യമായി സംശയിക്കാം. അതിലേക്ക് കടക്കുംമുമ്പ് സന്ദേഹവാദത്തിന്റെ ചരിത്രപരമായ പ്രകൃതവും നിലവാരവും പരിശോധിക്കാം.

സന്ദേഹവാദം

സംശയത്തോടെ മാത്രം അറിവുകളെ സ്വീകരിക്കുകയെന്ന പൊതുനിലപാടാണ് അടിസ്ഥാനപരമായി സന്ദേഹവാദം. ലോകത്തെ സംബന്ധിച്ച ശരിയായ അറിവാണ് മനുഷ്യന് ലഭിക്കുന്നത് എന്ന് പറയാന്‍ കഴിയില്ലെന്നു പറഞ്ഞ് തുടങ്ങുന്ന ഗ്രീക്ക് തത്ത്വചിന്തകര്‍ സ്വന്തം ജ്ഞാനേന്ദ്രിയങ്ങളെ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് ഒരു കാര്യത്തിലും പൂര്‍ണമായ ഒരു ശരിയെ മനസ്സിലാക്കാന്‍ കഴിയില്ലെന്നുമുള്ള തീവ്രസന്ദേഹവാദത്തില്‍ എത്തുന്നു. SKEPTIKOS എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് സന്ദേഹവാദിയെന്ന അര്‍ഥം വരുന്ന SKEPTIC എന്ന പദത്തിന്റെ ഉല്‍പത്തി. അതിനാല്‍തന്നെ ഒരിക്കലും തൃപ്തിയാവാത്ത സംശയങ്ങളോടെ സകലതിനെയും കാണുന്ന മനുഷ്യരെ SKEPTIC(സന്ദേഹവാദി) എന്നു വിളിക്കുന്നു.

സന്ദേഹവാദത്തിന്റെ ചരിത്രഗതി പരിശോധിച്ചാല്‍ ദൈവത്തെ എന്നല്ല ഒന്നിലും പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്ന തീര്‍പ്പിലേക്കാണ് അതെത്തുന്നത് എന്നു കാണാം. എന്നിട്ടും ദൈവത്തെ മാത്രം വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്ന വാദത്തിന് ന്യായമായി സന്ദേഹവാദത്തെ ഉപയോഗിക്കുന്നതുകൊണ്ടാണ് അതൊട്ടും സത്യസന്ധമല്ലെന്നും സെലക്ടീവ് ആണെന്നും പറയുന്നത്.

ഇനി സന്ദേഹവാദത്തിന്റെ തീവ്രതയില്‍തന്നെ  ലോകത്തെ സംബന്ധിച്ച് ചിന്തിച്ചുനോക്കുക. നമുക്ക് ലഭിക്കുന്ന അറിവുകളൊക്കെ വാസ്തവത്തില്‍ യഥാര്‍ഥമാണോ? ലഭിക്കുന്ന ഏതൊരു അറിവും നമ്മുടെതന്നെ ജ്ഞാനേന്ദ്രിയങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. എന്നാല്‍ ഇവയൊന്നും നല്‍കുന്നത് പ്രപഞ്ചത്തെ സംബന്ധിച്ച യഥാര്‍ഥ രൂപങ്ങളല്ല എന്നത് ഇന്ന് പൊതുവില്‍ അംഗീകൃതമായ ശാസ്ത്രസത്യമാണ്. ഉദാഹരണത്തിന് നിങ്ങളുടെ കണ്ണിന്റെ കാര്യംതന്നെയെടുക്കുക. അതുപയോഗിച്ച് നിങ്ങള്‍ ഈ ലോകത്തെ മുഴുവന്‍ കാണുന്നു. എന്നാല്‍ ചുറ്റുപാടുകളെ ഒരു പ്രത്യേക രീതിയില്‍ കാണുന്നത് അതീജീവനത്തിന് സഹായിക്കും എന്നതുകൊണ്ട് പരിണാമപരമായി രൂപപ്പെട്ടുവന്ന ഒന്നു മാത്രമാണത്. മറിച്ച് ശുദ്ധജലത്തെ മഞ്ഞനിറത്തില്‍ കാണുന്നത് ഏതെങ്കിലും തരത്തില്‍ പരിണാമപരമായി അതിജീവനത്തെ സഹായിക്കുമായിരുന്നുവെങ്കില്‍ നാം ഇന്ന് ജലത്തെ കാണുന്നത് മഞ്ഞനിറത്തിലായിരിക്കാം. പക്ഷികളടക്കമുള്ള മറ്റു ജീവികളുടെ കാര്യമെടുത്താല്‍ അവയുടെ കണ്ണിലൂടെ കാണുന്ന ലോകം നാം കാണുന്നതില്‍നിന്നും തികച്ചും വ്യത്യസ്തമായ നിറത്തിലാണ്.(2) അപ്പോള്‍ നാം അനുഭവിക്കുന്ന കാഴ്ച വസ്തുനിഷ്ഠമായ യാഥാര്‍ഥ്യമാണെന്ന് കരുതുന്നതില്‍ ഒരര്‍ഥവുമില്ല. നിറത്തിന്റെ കാര്യം മാത്രമല്ല, വസ്തുവിന്റെ രൂപത്തെയും പ്രകൃതത്തെയുമൊക്കെ സംബന്ധിച്ച് മനുഷ്യനേത്രം തെറ്റായ വിവരങ്ങള്‍ മസ്തിഷ്‌കത്തിന് നല്‍കാം. ഇത് ഒപ്റ്റിക്കല്‍  ഇല്യൂഷന്‍സ് എന്ന് അറിയപ്പെടുന്നു.(3

മറ്റുജ്ഞാനേന്ദ്രിയങ്ങളുടെ കാര്യവും ഇങ്ങനെത്തന്നെ. കൈകാലുകള്‍ തണുത്തിരിക്കുന്ന അവസ്ഥയില്‍ ഒരു നിശ്ചിത താപനിലയിലുള്ള വസ്തുവിനെ തൊട്ടാല്‍ അത് ചൂടുള്ളതായാകും അനുഭവപ്പെടുക. മറിച്ച് അതേ താപനിലയിലുള്ള വസ്തുവിനെത്തന്നെ ശരീരത്തിന് കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സമയത്ത് തൊട്ടാല്‍ തണുത്തതായി തോന്നും.(4) ത്വക്ക് യാഥാര്‍ഥ്യത്തെ സംബന്ധിച്ച കൃത്യമായ വിവരങ്ങളല്ല നല്‍കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണിത്. അതുകൊണ്ട്തന്നെ ത്വക്ക് എപ്പോഴും നല്‍കുന്ന വിവരങ്ങളെയും പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ല. ഗന്ധമനുഭവിക്കാനുള്ള മൂക്കിന്റെ കഴിവിലും ഈ പരിമിതിയുണ്ട്. ഒരു പ്രത്യേക സുഗന്ധം നിറഞ്ഞ മുറിയിലേക്ക് ആദ്യമായി കയറിച്ചെല്ലുകയാണെങ്കില്‍ തീക്ഷ്ണമായിത്തന്നെ ആ ഗന്ധം അനുഭവിക്കാന്‍ കഴിയും. എന്നാല്‍ ഏറെനേരം ആ മുറിയില്‍ത്തന്നെ ചെലവഴിച്ചാല്‍ സുഗന്ധത്തിന്റെ തീക്ഷ്ണത കുറഞ്ഞുവരുന്നതായി തോന്നുകയും കാര്യമായൊരു സുഗന്ധമായി അതിനെ തോന്നാതിരിക്കുകയും ചെയ്യും. ഇങ്ങനെ ഓരോ ജ്ഞാനേന്ദ്രിയത്തിനും അതിന്റെതായ പരിമിതികളുണ്ട്. അത് തെളിയിക്കുന്നത് ഒരു ജ്ഞാനേന്ദ്രിയത്തെയും പൂര്‍ണമായ ശരിയറിയാനുള്ള ഉപാധിയായി അംഗീകരിക്കാനാവില്ലെന്നാണ്.

കുറച്ചുകൂടി തീവ്രമായ സന്ദേഹവാദത്തിന്റെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ ചുറ്റുപാടുകള്‍ക്കുതന്നെ തെളിവില്ലെന്നു സമര്‍ഥിക്കാം! ചുറ്റുപാടുകളെ സംബന്ധിച്ച ഏതൊരു വിവരവും മസ്തിഷ്‌കത്തിലൂടെ മാത്രമാണ് മനുഷ്യനറിയുന്നത് എന്നത് പൊതുവില്‍ അംഗീകൃതമായ ശാസ്ത്രസത്യമാണ്. കാഴ്ചയും കേള്‍വിയും അടക്കമുള്ള ഏതൊരു അറിവും ഒരുതരത്തിലുള്ള ഇലക്‌ട്രോ കെമിക്കല്‍ രൂപത്തില്‍ മസ്തിഷ്‌കത്തില്‍ എത്തുക വഴിയാണ് ഈ ജ്ഞാനേന്ദ്രിയ അനുഭൂതികളെല്ലാം മനുഷ്യനുണ്ടാകുന്നത്.എങ്കില്‍ ശരിക്കും ഒരു വസ്തുവിലേക്ക് നാം നോക്കുമ്പോള്‍ കണ്ണുകൊണ്ട് പുറംലോകത്തെ കാണുകയല്ല ചെയ്യുന്നത്. മറിച്ച് നാം കാണുന്നത് നമ്മുടെ തന്നെ മസ്തിഷ്‌കം കൊണ്ടാണെന്നു പറയാം. പുറത്തെ ലോകത്തിന്റെ തന്നെ ഒരു പ്രതിബിംബം മസ്തിഷ്‌കം വായിച്ചെടുക്കുകയാണ് ചെയ്യുന്നത്. മറ്റേതൊരു ജ്ഞാനേന്ദ്രിയ അനുഭൂതിയുടെ കാര്യവും ഇങ്ങനെത്തന്നെ.

ഇനി മറ്റൊരു തരത്തില്‍ ചിന്തിച്ചുനോക്കുക; പുറത്തെ ലോകത്തെ സംബന്ധിച്ച് ഇലക്‌ട്രോ കെമിക്കല്‍ രൂപത്തില്‍ മസ്തിഷ്‌കത്തിലേക്ക് ലഭിക്കുന്ന അറിവ് കൃത്രിമമായി നിര്‍മിക്കാന്‍ കഴിഞ്ഞാലോ? അത്തരമൊരു അവസ്ഥയെയാണ് BRAIN IN A VAT എന്ന ചിന്താപരീക്ഷണം മുന്നോട്ടുവെക്കുന്നത്. അഥവാ നിങ്ങളുടെ മസ്തിഷ്‌കത്തെ ഒരു സൂപ്പര്‍ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുകയും ഒരു പ്രത്യേക കാഴ്ചയുണ്ടാകുമ്പോള്‍ സ്വാഭാവികമായും മസ്തിഷ്‌കത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന വൈദ്യുത ഉദ്ദീപനങ്ങള്‍ കൃത്രിമമായി മസ്തിഷ്‌കത്തിന് നല്‍കുകയും ചെയ്യുന്നുവെന്ന് കരുതുക. അപ്പോള്‍ നേര്‍ക്കുനേര്‍ ഒരു വസ്തുവിനെ കാണുന്ന അതേ അനുഭവം തന്നെയായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.(5) ഇത് കാഴ്ചയുടെ കാര്യത്തില്‍ എന്നല്ല മറ്റേതൊരു ഇന്ദ്രിയാനുഭൂതിയുടെ കാര്യത്തിലും പ്രാവര്‍ത്തികമാണ്. അഥവാ ചുറ്റുപാടുകളെ സംബന്ധിച്ച അനുഭൂതികള്‍, യാഥാര്‍ഥ്യബോധം എന്നിവയെല്ലാം ഇങ്ങനെ കൃത്രിമമായി നിര്‍മിക്കാന്‍ കഴിയും.

അപ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഉണ്ടാകുന്ന ഏതൊരു അനുഭവവും യാഥാര്‍ഥ്യം തെന്നയാണെന്നതിന് എന്ത് തെളിവാണുള്ളത്? ദൈവമുണ്ടോ എന്നു സംശയിക്കുംപോലെത്തന്നെ നിങ്ങളുണ്ടോയെന്ന് മറ്റാര്‍ക്കും സംശയിക്കാം. നിങ്ങള്‍ അനുഭവിക്കുകയും ജീവിക്കുകയും ചെയ്യുന്ന ലോകം യാഥാര്‍ഥ്യമാണോ എന്ന് തീര്‍ച്ചയായും സംശയിക്കാനുള്ള ന്യായങ്ങളുണ്ട്. മസ്തിഷ്‌കത്തിന് തെറ്റായ ബോധങ്ങളും മനുഷ്യന് നല്‍കാം എങ്കില്‍ അത് ശരിയായ വിവരങ്ങള്‍ തന്നെയാണ് നല്‍കുന്നത് എന്നതിന് എന്തുതെളിവാണ് നല്‍കാന്‍ കഴിയുക? കുറച്ച് അന്യഗ്രഹ ജീവികള്‍ ഒരു ജാറിനകത്ത് സൂക്ഷിച്ചിരിക്കുന്ന നിങ്ങളുടെ മസ്തിഷ്‌കത്തിലേക്ക് കൃത്രിമമായി നല്‍കപ്പെടുന്ന ഉദ്ദീപനങ്ങള്‍ മാത്രമാണ് സകല അനുഭവങ്ങളും എന്നുവാദിച്ചാല്‍ അല്ലെന്ന് എങ്ങനെയാണ് തെളിയിക്കാന്‍ കഴിയുക?

മസ്തിഷ്‌കത്തെ സംശയിക്കാം എന്നതുകൊണ്ട്തന്നെ കടുത്ത സന്ദേഹവാദികള്‍ക്ക് സ്വയം തന്നെയും സംശയം തുടരാവുന്നതാണ്. നിങ്ങള്‍ ആരാണെന്ന സ്വയംബോധം വാസ്തവത്തില്‍ മസ്തിഷ്‌കത്തില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഒരുതരത്തിലുള്ള അറിവുകളാണല്ലോ. എന്നാല്‍ തെറ്റായ അറിവുകള്‍ മസ്തിഷ്‌കത്തിനു നല്‍കി പുനഃക്രമീകരിക്കുന്നതുകൊണ്ട് നിങ്ങള്‍ മറ്റൊരു വ്യക്തിയാണെന്ന സ്വയംബോധവും കൃത്രിമമായി നിര്‍മിക്കാം. അപ്പോള്‍ നിങ്ങള്‍ നിങ്ങള്‍ തന്നെയാണെന്ന് എല്ലായ്‌പ്പോഴും എങ്ങനെയാണ് വിശ്വസിക്കുന്നത്? മറ്റു സാധ്യതകളെ ഫാള്‍സിഫൈ ചെയ്ത് സ്വയംബോധം യാഥാര്‍ഥ്യം ആണെന്ന് എമ്പിരിക്കല്‍ എവിടെന്‍സ് സമര്‍ഥിച്ചാണോ? അല്ലേയല്ല!

മസ്തിഷ്‌കത്തെ കൃത്രിമമായി പുനഃക്രമീകരീക്കുന്നതുകൊണ്ട് തെറ്റായ വ്യക്തിബോധം ഉണ്ടാകാം എന്ന ആശയത്തെ പ്രമേയമാക്കി Total Recall എന്ന പേരില്‍ 2012ല്‍ ഒരു സിനിമ പുറത്തിറങ്ങിയിട്ടുണ്ട്. സ്വപ്‌നത്തില്‍നിന്നും യഥാര്‍ഥ ജീവിതത്തെ വേര്‍തിരിക്കാന്‍ കഴിയാത്ത അവസ്ഥയെ പ്രമേയമാക്കി 2010ല്‍ പുറത്തിറങ്ങിയ മറ്റൊരു സിനിമയാണ് യാഥാര്‍ഥ്യമെന്ന് നാം കരുതുന്ന നിത്യജീവിതാവസ്ഥകള്‍ വാസ്തവത്തില്‍ യാഥാര്‍ഥ്യംതന്നെയാണോ എന്ന സംശയബോധമാണ് ഈ സിനിമ പ്രമേയമാക്കുന്നത്. സമാനമായ ഒരു സംശയാവസ്ഥ മുസ്‌ലിം തത്ത്വചിന്തകനായ ഇമാം ഗസ്സാലി പറഞ്ഞതായിട്ടുണ്ട്.

സ്വപ്‌നം കാണുമ്പോള്‍ അത് സത്യമായും സംഭവിക്കുന്നതായിട്ടാണ് ഏതൊരു മനുഷ്യനും മനസ്സിലാക്കുന്നത്. എന്നാല്‍ ഉണരുമ്പോള്‍ അത് വെറും മിഥ്യയായിരുന്നെന്ന് ബോധ്യമാകുന്നു. പക്ഷേ, യാഥാര്‍ഥ്യമെന്ന് നിലവില്‍ കരുതപ്പെടുന്ന അവസ്ഥ മാത്രം പൂര്‍ണമായും സത്യമാണെന്നു പറയാന്‍ കഴിയുന്നത് എങ്ങനെയാണെന്നാണ് ഇമാം ഗസ്സാലി ചോദിക്കുന്നത്.(6) സ്വപ്‌നം അനുഭവിക്കുമ്പോള്‍ പൂര്‍ണമായ സത്യമെന്ന് തോന്നുന്നെങ്കിലും ഉണരുമ്പോള്‍ അത് മിഥ്യയായിരുന്നുവെന്ന് മനസ്സിലാക്കുന്നു. എങ്കില്‍ യാഥാര്‍ഥ്യമെന്ന നിലവിലെ തോന്നല്‍ മാത്രം മിഥ്യയല്ലെന്ന് എങ്ങനെ പറയാന്‍ കഴിയും? ഈ അവസ്ഥയില്‍നിന്നും കൂടുതല്‍ യഥാര്‍ഥമായ മറ്റൊരവസ്ഥയിലേക്ക് മനുഷ്യന്‍ പുനരെഴുന്നേല്‍പിക്കപ്പെടില്ലാ യെന്ന് എന്തിനെ അടിസ്ഥാനമാക്കി പറയും? മനുഷ്യന്‍ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ക്കകത്തെ സൃഷ്ടികള്‍ മാത്രമാകാം എന്നതാണ് മറ്റൊരു സാധ്യത. 1999ല്‍ പുറത്തിറങ്ങിയ The Mtarix എന്ന ചിത്രം ഈ ആശയം പ്രമേയമാക്കിയുള്ളതാണ്.

സ്വീഡിഷ് ഫിലോസഫറായ നിക്ക് ബോസ്‌ട്രോമിന്റെയും ബില്യണെയര്‍ എലോണ്‍ മസ്‌കിന്റെയും അഭിപ്രായത്തില്‍ മനുഷ്യജീവിതങ്ങള്‍ ചില കമ്പ്യൂട്ടര്‍ സിമുലേഷനുകളുടെ ഭാഗം മാത്രമായിരിക്കാന്‍ സാധ്യതകള്‍ ഉണ്ടെന്നാണ്.(7) നമ്മളില്‍നിന്നും ഭൗതികമായ പുരോഗതിയിലെത്തിയ മറ്റു അന്യഗ്രഹ നാഗരികതകള്‍ നിലനില്‍ക്കാമെന്നതുകൊണ്ടുതന്നെ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ക്കകത്ത് നമ്മുടെ ബോധത്തെ അവര്‍ക്ക് നിര്‍മിക്കാന്‍ കഴിയുകയും ചെയ്യാമായിരിക്കാം.

ഇങ്ങനെ മനുഷ്യബോധം അനുഭവിക്കുന്നതൊന്നും യാഥാര്‍ഥ്യങ്ങള്‍ അല്ലാതിരിക്കാനുള്ള നിരവധി സാധ്യതകള്‍ ബാഹ്യമായി നിലനില്‍ക്കുന്നെങ്കില്‍ അനുഭവങ്ങള്‍ യാഥാര്‍ഥ്യങ്ങള്‍ തന്നെയാണെന്നതിനെ ഒരുതരത്തിലും തെളിയിക്കാന്‍ കഴിയില്ലെന്നതാണ് ജ്ഞാനശാസ്ത്രപരമായി ഉണ്ടാകാവുന്ന പ്രധാന പരിമിതി. അപ്പോള്‍ ചുറ്റുപാടുകളെ സംബന്ധിച്ച അറിവും അനുഭവവും യാഥാര്‍ഥ്യമാണെന്ന ബോധം വാസ്തവത്തില്‍ മനുഷ്യനില്‍ നൈസര്‍ഗികമായി ഉള്ളടങ്ങിയ ഒരു വിശ്വാസം മാത്രമാണ്. അനുഭവങ്ങള്‍ മിഥ്യയാകാവുന്നതിനുള്ള നിരവധി സാധ്യതകള്‍ ബാഹ്യമായി നിലനില്‍ക്കുമ്പോള്‍തന്നെ അതിനെയൊന്നും ഖണ്ഡിച്ചോ അവ യാഥാര്‍ഥ്യമാണെന്നതിന് തെളിവ് സമര്‍ഥിച്ചോ അല്ല നാം ജീവിക്കുന്നത്.

ഇത്തരമൊരു ജ്ഞാനശാസ്ത്ര പരിമിതിക്കകത്തുനിന്ന് ഒരുതരത്തിലും യാഥാര്‍ഥ്യമെന്താണെന്നതിന് തെളിവ് കണ്ടെത്താന്‍ കഴിയില്ലെന്നത് വളരെ വൈരുധ്യാത്മകമായ ഒരുവസ്ഥ കൂടിയാണ്. അഥവാ നാം അനുഭവിക്കുന്ന ലോകം യാഥാര്‍ഥ്യം ആണെന്നതിന് ഒരു തെളിവ് പറയണമെങ്കില്‍ ആ തെളിവ് യാഥാര്‍ഥ്യം ആണെന്നതിന് മറ്റൊരു തെളിവ് സമര്‍ഥിക്കേണ്ടി വരും! അങ്ങനെ സമര്‍ഥിക്കപ്പെടുന്ന തെളിവിനും ന്യായമായി മറ്റ് തെളിവുകളുടെ സാക്ഷ്യം വേണ്ടിവരും. ഈ പ്രശ്‌നം ഇങ്ങനെ അനന്തമായി പുറകോട്ടുപോകും എന്നല്ലാതെ ആത്യന്തികമായൊരു തെളിവും ഇല്ലെന്നാകുന്നു. കാരണം അനുഭവിക്കുന്നതെല്ലാം മിഥ്യയാകാനുള്ള സാധ്യതകളുള്ളതുകൊണ്ടുതന്നെ ലഭിക്കുന്ന ഏതൊരു തെളിവിനെയും യാഥാര്‍ഥ്യമെന്നും വസ്തുനിഷ്ഠമെന്നും പറയാന്‍ കഴിയില്ല. അതുകൊണ്ട് തെളിവും സന്ദേഹത്തിന്റെ കീഴില്‍ തന്നെയാകുന്നു. ആത്യന്തികമായി ഒന്നിനെയും യാഥാര്‍ഥ്യമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്ന പ്രധാനപ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തതായിത്തന്നെ അപ്പോള്‍ നിലനില്‍ക്കുന്നു. ഇത് ശാസ്ത്രീയമായോ തത്ത്വശാസ്ത്രമുപയോഗിച്ചോ തീര്‍പ്പിലെത്താന്‍ കഴിയാത്ത വിഷയമാണ്. അതുകൊണ്ടാണ് ചരിത്രത്തില്‍ നിരവധി സന്ദേഹവാദ പ്രസ്ഥാനങ്ങള്‍ ഉണ്ടായത്. തത്ത്വശാസ്ത്രപരമായ ഈ ന്യായങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തത്തെയല്ലാതെ മറ്റൊന്നിനെയും പൂര്‍ണമായി അംഗീകരിക്കാനാവില്ലെന്ന തീര്‍പ്പിലെത്തിയവരാണ് ഗ്രീക് തത്ത്വചിന്തയിലെ അഹംമാത്ര വാദികള്‍ (SOLIPSISTS).

സന്ദേഹവാദത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ചുറ്റുപാടുകളിലൊന്നും വിശ്വാസമില്ലാതായ വ്യക്തിയാണ് ബി.സി 270ല്‍ ജീവിച്ചിരുന്ന ഗ്രീക്ക് ഫിലോസഫറായ പൈറോ (Pyrrho). ജ്ഞാനേന്ദ്രിയങ്ങളിലൊന്നും കാര്യമായ വിശ്വാസമില്ലാതായ പൈറോ അപകടകാരികളായ നായകള്‍ക്കും ആഴത്തിലുള്ള മലമുനമ്പുകള്‍ക്കുമെല്ലാം നേരെ സഞ്ചരിക്കുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ തന്നെ വിദ്യാര്‍ഥികളായിരുന്നു അത്തരം അപകടാവസ്ഥകളില്‍നിന്നും പൈറോയെ തടഞ്ഞിരുന്നത്. ഒരു അറിവും സംശയത്തില്‍നിന്നും മുക്തമല്ലെന്നു മാത്രമല്ല ഒരു കാര്യവും ശരിയാണെന്ന പൂര്‍ണതീര്‍പ്പില്‍ എത്താനാവില്ലെന്നും പൈറോ വാദിച്ചു.(8) സൂര്യനുദിച്ചശേഷവും അത് രാത്രിയെന്നോ പകലെന്നോ തീര്‍പ്പാക്കാതെ നാം കിടക്കയില്‍ തന്നെ ചെലവഴിക്കണം എന്നാണോ ഇവര്‍ വാദിക്കുന്നത് എന്ന ചോദ്യമുന്നയിച്ച് ഈ പൈറോണിയന്‍ ഫിലോസഫിയെ ഗാലന്‍ പരിഹസിച്ചിട്ടുണ്ട്. മറ്റൊരു സന്ദേഹവാദിയായി അറിയപ്പെടുന്ന സോക്രട്ടീസ് പറഞ്ഞ രസകരമായ വാദം ഇങ്ങനെയാണ്:

”എനിക്കാകെ അറിയാവുന്ന ഏകകാര്യം എനിക്കൊന്നുമറിയില്ലെന്നതാണ്” (The only thing I know, is that I know nothing); സന്ദേഹവാദത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുന്ന ആര്‍ക്കും സ്വയം പറയാന്‍ കഴിയുക ഇതുമാത്രമായിരിക്കും. തത്ത്വശാസ്ത്രപരമായി സന്ദേഹവാദത്തെ മനസ്സിലാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തൊളം ഏതൊരു അറിവിനെയും പൂര്‍ണമായി സ്വീകരിക്കാന്‍ കഴിയില്ല. ഫിലോസഫിക്കലായി സന്ദേഹവാദത്തെ മനസ്സിലാക്കിക്കൊടുത്ത സ്വന്തം അധ്യാപകരുടെ അസ്തിത്വത്തെപോലും അവിശ്വസിക്കുന്ന വരട്ടുവാദമെന്നാണ് ബി.സി 356ല്‍ ജീവിച്ചിരുന്ന അരിസ്റ്റിഫസിന്റെ സന്ദേഹവാദ വിമര്‍ശനം. തത്ത്വശാസ്ത്രരംഗത്ത് പ്രസിദ്ധമായ പ്രോട്ടഗോറസിന്റെതായി അറിയപ്പെടുന്ന മറ്റൊരു വാക്യവും സന്ദേഹവാദത്തോടു ചേര്‍ത്ത് പറയാവുന്നതാണ്. ‘സര്‍വതിന്റെയും അളവുപാത്രം മനുഷ്യനാണ്’ (Man is the measure of all things) എന്നു പറഞ്ഞതിലൂടെ വസ്തുനിഷ്ഠമായ സത്യങ്ങള്‍ ഒന്നും ഇല്ലെന്നും സര്‍വതും ആപേക്ഷികങ്ങള്‍ ആണെന്നും മനുഷ്യന്‍ അവന്റെ വ്യാഖ്യാനത്തിലുള്ള ശരിയെ തിരഞ്ഞെടുക്കുന്നു എന്നുമാണ് പ്രോട്ടഗോറസ് ഉദ്ദേശിച്ചതെന്ന് കരുതപ്പെടുന്നു. ഏതൊന്നിനെ സംബന്ധിച്ചും രണ്ടുതരത്തിലുള്ള വാദങ്ങള്‍ ഉന്നയിക്കാം എന്നതുകൊണ്ട് പ്രത്യേകിച്ച് ഏതെങ്കിലും ഒരു ശരിയുണ്ടെന്ന് പറയാന്‍ ആകില്ലെന്ന അദ്ദേഹത്തിന്റെ സിദ്ധാന്തമാണ് ആപേക്ഷികതാ വാദം (Relativism). അതിന്റെതന്നെ അടിസ്ഥാനത്തില്‍ എല്ലാ കാര്യങ്ങളും തുല്യനിലവാരത്തില്‍ ശരികളാണെന്നും പ്രോട്ടഗോസ് വിശ്വസിച്ചു.(9) എന്നാല്‍ ഇതേവാദംതന്നെ ഉപയോഗിച്ച് സര്‍വതും തുല്യനിലയില്‍ തെറ്റാണെന്ന് വാദിച്ച വ്യക്തിയായിരുന്നു സോഫിസ്റ്റ് തത്ത്വചിന്തകനായ ഗോര്‍ഗിയാസ് (Gorgias). ഇത്തരം തീവ്ര സന്ദേഹവാദങ്ങളെ മനസ്സിലാക്കിയതില്‍നിന്നും അവയെ ഖണ്ഡിക്കാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ട വ്യക്തികൂടിയാണ് പ്രശസ്ത തത്ത്വചിന്തകനായ റെനെ ദെക്കാര്‍ത്തെ.

താനൊഴികെ മറ്റൊന്നിന്റെയും അസ്തിത്വം പൂര്‍ണമായി തെളിയിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയതില്‍ നിന്നാണ് Cogito Ergosum എന്ന അദ്ദേഹത്തിന്റെ സുപ്രസിദ്ധ വാക്യമുണ്ടാകുന്നത്. I think there for I am ‘ഞാന്‍ ചിന്തിക്കുന്നു, അതിനാല്‍ ഞാനുണ്ട്’ എന്നര്‍ഥം. മറ്റെല്ലാം ഏതെങ്കിലും തരത്തിലുള്ള മിഥ്യയായ തോന്നലുകള്‍ ആണെന്ന് വന്നാല്‍പോലും അത്തരം തോന്നലുകള്‍ ഉണ്ടാകാന്‍ താന്‍ അടിസ്ഥാനപരമായി നിലനിന്നിരിക്കേണ്ടേ? അപ്പോള്‍ താന്‍ ചിന്തിക്കുന്നുണ്ട് എന്നതില്‍നിന്നും തന്റെ അസ്തിത്വം സ്വയം വ്യക്തമാണ്. എന്നാല്‍ മറ്റൊന്നിന്റെയും അസ്തിത്വത്തെ സംബന്ധിച്ച് ഈ ഉറപ്പ് പറയാന്‍ കഴിയില്ല ഇതാണ് ഈ വാചകംകൊണ്ട് ദെക്കാര്‍ത്തെ ഉദ്ദേശിച്ചത്.(10) എന്നാല്‍ താന്‍ നിലനില്‍ക്കുന്നുവെന്ന് സ്ഥാപിക്കാന്‍ ദെക്കാര്‍ത്തെ പറഞ്ഞ ഈ സുപ്രസിദ്ധ ന്യായത്തിനും മറുപടിയും ഖണ്ഡനങ്ങളുമുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് താന്‍ ചിന്തിക്കുന്നുണ്ടെന്ന തോന്നല്‍ ദെക്കാര്‍ത്തെയ്ക്ക് സ്വന്തം നിലയ്ക്ക് ഉണ്ടാകാത്തത് ആകാനുള്ള സാധ്യതകളും പറയാവുന്നതാണ്.

നിഴലുപോലെയോ അല്ലെങ്കില്‍ പ്രതിധ്വനിപോലെയോ മറ്റൊന്നിന്റെ ചിന്തയുടെ പകര്‍പ്പ് മാത്രമായി താന്‍ സ്വയം ചിന്തിക്കുന്നുണ്ടെന്ന തോന്നല്‍ ഉണ്ടായിക്കൂടേ എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. അത്തരമൊരവസ്ഥയില്‍ സ്വന്തം അസ്തിത്വമോ സ്വയം ചിന്തയോ ഇല്ലെന്നാകും. ചുരുക്കത്തില്‍ സംശയിക്കാന്‍ നിന്നാല്‍ സംശയങ്ങള്‍ മാത്രം ബാക്കിയാകുന്ന അവസ്ഥയിലേക്കതെത്താം എന്നതിനുള്ള ഉദാഹരണമാണ് സന്ദേഹവാദത്തിന്റെ തന്നെ ചരിത്രം.

ഈ മായാവാദങ്ങള്‍ കേവലം ചരിത്രത്തിലോ തത്ത്വശാസ്ത്രത്തിലോ മാത്രം ഒതുങ്ങുന്നതല്ലതാനും. ആധുനിക ശാസ്ത്രം കൊണ്ടെത്തിക്കുന്നതും ആത്യന്തികമായ സത്യങ്ങളില്ലെന്ന യുക്തിയിലേക്കാണെന്ന് ക്വാണ്ടം മെക്കാനിക്‌സും റിലേറ്റിവിറ്റി തിയറിയും ഒക്കെ ഉദ്ധരിച്ച് പറയുന്ന വ്യാഖ്യാനങ്ങളുണ്ട്. ഡബിള്‍ സ്ലിറ്റ് എക്‌സ്‌പെരിമെന്റ് എന്നറിയപ്പെടുന്ന ക്വാണ്ടം ലോകത്തെ ഒരു സുപ്രസിദ്ധ പരീക്ഷണത്തെ ഉപയോഗിച്ച് ആത്യന്തിക സത്യങ്ങളില്ലെന്നും മനുഷ്യബോധമാണ് യാഥാര്‍ഥ്യത്തെ നിര്‍മിക്കുന്നതെന്നും വാദിക്കുന്നവരെ കാണാം.(11)

ക്വാണ്ടംലോകത്തെ അനിശ്ചിതത്വസ്വഭാവം മുതല്‍ കണികാതരംഗ സ്വഭാവങ്ങളെവരെ ഈ രീതിക്ക് വ്യാഖ്യാനിക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്യുന്നവരുണ്ട്. ദീപക് ചോപ്ര മുതല്‍ റോബര്‍ട്ട് ലാന്‍സവരെയുള്ള ആധുനിക ബുദ്ധിജീവികള്‍വരെ ഇതിന്റെ വക്താക്കളാണ്.

ഇതിനെല്ലാമുപരി സന്ദേഹവാദത്തിന് അതിന്റെതായ മനഃശാസ്ത്ര അനുകൂലനം കൂടെയുണ്ട്. അഥവാ ചില കാര്യങ്ങളെ സന്ദേഹിക്കാനുള്ള യുക്തി മനുഷ്യനെ ആവര്‍ത്തിച്ച് ബോധിപ്പിച്ചാല്‍ സാവധാനമെങ്കിലും അതിനോട് അടുക്കുന്ന മനഃശാസ്ത്രമാണ് മനുഷ്യനുള്ളത്. അതുകൊണ്ടാണ് സാമാന്യജനങ്ങള്‍ പൊട്ടത്തരമെന്ന് സ്വാഭാവികമായി വിലയിരുത്തുന്ന കാര്യങ്ങള്‍ സന്ദേഹവാദികള്‍ക്ക് മഹായുക്തിവാദങ്ങളാകുന്നത്. ഇന്റര്‍നെറ്റിന്റെയെല്ലാം വളര്‍ച്ചയോടെ അറിവ് കൂടുതലായി പ്രചരിക്കപ്പെട്ടു എന്നതുപോലെത്തന്നെ സംഭവിച്ച മറ്റൊരു കാര്യമാണ് ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ (Conspiracy theory) വ്യാപനവും.(12) ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തുടര്‍ച്ചയായ ഇത്തരം പ്രചാരണങ്ങള്‍ കാരണമായി ഡൈനോസറുകള്‍ ജീവിച്ചിരുന്നതിനെ സംശയിക്കുന്നവര്‍ക്കും മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ക്കും, നാസയെ സംശയിക്കുന്നവര്‍ക്കും, ഭൂമി യഥാര്‍ഥത്തില്‍ പരന്നതാണെന്ന് കരുതുന്നവര്‍ക്കും എല്ലാം ഇന്നു പ്രത്യേക സംഘടനകള്‍ പോലുമുണ്ട്. എല്ലാം ഇല്യുമിനാറ്റിയുടെ നിയന്ത്രണത്തിലാണെന്നു സംശയിക്കുകയും വാദിക്കുകയും ചെയ്യുന്നവര്‍ നമ്മുടെ കേരളത്തില്‍ പോലുമുണ്ട് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. അമേരിക്കയില്‍ നടന്ന മറ്റൊരു പബ്ലിക് പോളിങ് അനുസരിച്ച് 12 ദശലക്ഷം അമേരിക്കക്കാര്‍ തങ്ങളെ അന്യഗ്രഹ ജീവികളായ ചില പല്ലി മനുഷ്യര്‍ ഭരിക്കുന്നതായിട്ടാണത്രെ വിശ്വസിക്കുന്നത്.(13)

ചില പ്രത്യേകതരത്തിലുള്ള യുക്തി ഉപയോഗിച്ച് എന്തിനെയെങ്കിലും സംബന്ധിച്ച സംശയബോധം മനുഷ്യരിലേക്ക് തുടര്‍ച്ചയായി ഇന്‍ജക്റ്റ് ചെയ്തുകൊണ്ടിരുന്നാല്‍ എത്ര കൃത്യമായ യാഥാര്‍ഥ്യത്തെയും നിഷേധിക്കുന്ന അബദ്ധത്തിലേക്ക് അവരെക്കൊണ്ടെത്തിക്കാം എന്നാണ് സന്ദേഹവാദത്തിന്റെ തന്നെ ചരിത്രവും വര്‍ത്തമാനവും നമുക്ക് പറഞ്ഞുതരുന്നത്. അപ്പോള്‍ മതവിരോധികളായ കുറച്ചധികം ഉത്തരാധുനിക മനുഷ്യര്‍ നിരന്നുനിന്ന് സെലക്ടീവായി മതത്തിനും ദൈവത്തിനും എതിരില്‍ തങ്ങളുടെ പ്രാകൃത സന്ദേഹവാദത്തിന്റെ യുക്തി ഛര്‍ദിച്ചാല്‍ കുറച്ചെങ്കിലും യാഥാര്‍ഥ്യബോധമില്ലാത്ത മനുഷ്യര്‍ ആ മാലിന്യചിന്തകളില്‍ പെട്ടുപോകുമെന്നത് യാഥാര്‍ഥ്യമാണ്. നവനാസ്തിക ചിന്തകള്‍ മനഃശാസ്ത്രപരമായ ഈ ഛര്‍ദിലുകള്‍ മാത്രമാകുന്നത് അങ്ങനെയാണ്.

 (തുടരും)

ശാഹുല്‍ പാലക്കാട്

നേർപഥം വാരിക 

വിശ്വാസിയും തമാശയും

വിശ്വാസിയും തമാശയും

ഏതെങ്കിലും രൂപത്തിലുള്ള പരീക്ഷണത്തിലോ പ്രയാസങ്ങളിലോ അകപ്പെടാത്തവരായി ആരുമുണ്ടാവില്ല. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു” (ക്വുര്‍ആന്‍ 90:4)

കുറച്ചുകാലം മാതാവിന്റെ ഗര്‍ഭാശയമാകുന്ന ഇടുങ്ങിയ ഒരു ഇരുട്ടറയില്‍ മനുഷ്യന്‍ അസ്വതന്ത്രനായി കഴിച്ചുകൂട്ടുന്നു. അതില്‍നിന്ന് പുറത്തുവരുന്നതും ക്ലേശമനുഭവിച്ചുകൊണ്ടുതന്നെ. അന്നുമുതല്‍ മരണംവരെ, ദേഹത്തിനും മനസ്സിനുമായി, സ്വന്തം കാര്യത്തിലും കുടുംബകാര്യത്തിലുമായി, സാമ്പത്തികവും സാമൂഹികവുമായി… ഇങ്ങനെ പലവിധത്തില്‍ എത്രയെത്ര വിഷമങ്ങള്‍ അവന്‍ അനുഭവിക്കണം, പ്രതിസന്ധികള്‍ തരണം ചെയ്യണം?!

മാനസിക സമ്മര്‍ദവും മനഃപ്രയാസങ്ങളും മനുഷ്യനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ചിലര്‍ മനഃപ്രയാസങ്ങള്‍ നേരിടാന്‍ കഴിയാതെ മാനസികരോഗ വിദഗ്ധരുടെയും കൗണ്‍സിലര്‍മാരുടെയും അടുക്കല്‍ നിത്യസന്ദര്‍ശകരായി മാറുന്നു. മറ്റുചിലര്‍ മാനസിക പിരിമുറുക്കങ്ങള്‍ക്ക് മരുന്നുകളിലൂടെ പരിഹാരം തേടുന്നു.    

ചുരുക്കത്തില്‍ മനുഷ്യജീവിതം ക്ലേശകരമാണ്. എന്നാല്‍ ജീവിതത്തിലെ വലിയ പ്രയാസങ്ങള്‍ക്കിടയിലും ദുഃഖങ്ങള്‍ക്കിടയിലും അല്‍പസമയമെങ്കിലും എല്ലാം മറന്ന് ഒന്ന് സന്തോഷിക്കാനും സമാധാനിക്കാനും തമാശകള്‍കൊണ്ട് സാധിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. തമാശ പറയുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ സന്തോഷിക്കാത്തവരായി ആരുമുണ്ടാവില്ല മനുഷ്യരുടെ കൂട്ടത്തില്‍.

മനുഷ്യജീവിതത്തിന്റെ നിഖിലമേഖലകളിലും പാലിക്കുകയും അനുസരിക്കുകയും പിന്തുടരുകയും ചെയ്യേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ ഇസ്‌ലാം തമാശയുടെ കാര്യത്തിലും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് നമുക്ക് കാണാന്‍ സാധിക്കും.

ഇമാം സുഫ്‌യാന്‍ ഇബ്‌നു ഉയയ്‌നയോട് പറഞ്ഞു: ‘തമാശ സുബ്ബത്ത് (ആക്ഷേപം) ആണ്.’അദ്ദേഹം പ്രതികരിച്ചു: ‘അല്ല, തമാശ സുന്നത്താണ്; അത് നന്നായി അവതരിപ്പിക്കുന്നവര്‍ക്ക്. തമാശയില്‍ സുന്നത്താക്കപ്പെട്ടവയും വിരോധിക്കപ്പെട്ടവയും ഉണ്ട്.”

തമാശ പറയുമ്പോള്‍ പറയുന്ന കാര്യം സത്യമുള്ളതായിരിക്കണം. യാഥാര്‍ഥ്യമുള്ളതും കളവ് കലര്‍ന്നിട്ടില്ലാത്തും ആവണം തമാശയുടെ ഉള്ളടക്കം. മാത്രവുമല്ല അത് നന്നായി അവതരിപ്പിക്കുകയും വേണം.

നബി ﷺ യുടെ ജീവിതത്തിലും തമാശയുടെ ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായതായി പ്രമാണങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാം.

നബി ﷺ അവിടുത്തെ ജീവിതത്തില്‍ തമാശ കാണിച്ച സന്ദര്‍ഭങ്ങള്‍

നുഗൈര്‍ എന്തു ചെയ്യുന്നു?

അനസില്‍(റ)നിന്ന് നിവേദനം, അദ്ദേഹം പറയുന്നു: ”നബി ﷺ ഞങ്ങളോട് ഇടകലര്‍ന്ന് സഹവസിച്ചിരുന്നു. എത്രത്തോളമെന്നാല്‍ എന്റെ കുഞ്ഞനിയനോട് ഇങ്ങനെ ചോദിച്ചിരുന്നു: ‘അബൂ ഉമൈര്‍, നുഗൈര്‍ എന്തുചെയ്യുന്നു?’ (നുഗൈര്‍ എന്നത് ഒരു കുഞ്ഞു പക്ഷിയുടെ പേരാണ്)” (ബുഖാരി).

ഇരുചെവിയന്‍

അനസി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ഒരിക്കല്‍ നബി ﷺ തന്നെ ഇരുചെവിയന്‍ എന്ന് വിളിച്ചു.” അബൂഉസാമ(റ) പറയുന്നു: ”നബി ﷺ അദ്ദേഹത്തോട് തമാശ പറയുകയായിരുന്നു അത്” (തിര്‍മിദി)

സ്വര്‍ഗത്തില്‍ വൃദ്ധകള്‍ പ്രവേശിക്കുന്നതല്ല

ഹസനി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ഒരു വൃദ്ധ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നതിന് വേണ്ടി പ്രാര്‍ഥിക്കണം.’ നബി ﷺ പറഞ്ഞു: ‘ഹേ, ഇന്നയാളുടെ മാതാവേ, തീര്‍ച്ചയായും സ്വര്‍ഗത്തില്‍ വൃദ്ധകള്‍ പ്രവേശിക്കുന്നതല്ല.’ അപ്പോള്‍ അവര്‍ തിരിഞ്ഞു പോകുകയും കരയുകയും ചെയ്തു. നബി ﷺ പറഞ്ഞു: ‘അവര്‍ വൃദ്ധയായ അവസ്ഥയില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ലെന്ന് അവരെ അറിയിക്കുക.’ (അവര്‍ യുവതിയായിട്ടാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത്). അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും അവരെ (സ്വര്‍ഗ സ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്. അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്‌നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു” (56:35-37) (സില്‍സിലതുസ്സ്വഹീഹ്)

നബി ﷺ യും സ്വഹാബികളും

നബി ﷺ യും സ്വഹാബികളും തമാശ പറഞ്ഞ് ചിരിക്കാറുണ്ടായിരുന്നു.

സിമാകിബ്‌നു ഹര്‍ബി(റ)ല്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ജാബിര്‍(റ) എന്നോട് ചോദിച്ചു: ‘നിങ്ങള്‍ നബി ﷺ യുടെ സദസ്സില്‍ ഇരിക്കുമായിരുന്നോ?’ ഞാന്‍ പറഞ്ഞു: ‘അതെ, ധാരാളമായി (ഇരിക്കുമായിരുന്നു). സ്വുബ്ഹി നമസ്‌കരിച്ച മുസ്വല്ലയില്‍നിന്നും സൂര്യന്‍ ഉദിക്കുന്നതുവരെ നബി ﷺ എഴുന്നേല്‍ക്കുമായിരുന്നില്ല. അങ്ങനെ സൂര്യന്‍ ഉദിച്ചുകഴിഞ്ഞാല്‍ അവിടുന്ന് എഴുന്നേല്‍ക്കും. അവര്‍ (സ്വഹാബിമാര്‍) പരസ്പരം സംസാരിക്കുകയും ജാഹിലിയ്യത്തിലെ കാര്യങ്ങള്‍ സംസാരിച്ച് ചിരിക്കുകയും ചെയ്യുമായിരുന്നു. അതുകേട്ട് നബി ﷺ പുഞ്ചിരിക്കും” (മുസ്‌ലിം).

ഇന്ന് തമാശയുടെ രൂപവും ഭാവവും മാറി അപകടകരമായ അവസ്ഥയിലേക്കുവരെ എത്തിയിട്ടുണ്ട്. വിവാഹവേളകളില്‍ വധുവിനെയും വരനെയും പരിഹസിച്ചുകൊണ്ടും അവരെ കുഴപ്പിക്കാന്‍ ചില അപകടകരമായ വേലത്തരങ്ങള്‍ ഒപ്പിച്ചുകൊണ്ടുമൊക്കെ തമാശയൊപ്പിക്കുന്നവരെ നമുക്ക് കാണാം. തമാശയുടെ പേരില്‍ സമൂഹത്തില്‍ പല തോന്നിവാസങ്ങളും നടക്കുന്നു.

വധൂവരന്മാര്‍ അറിയാതെ അവരെ കളിപ്പിക്കാനും തമാശയാക്കാനും വേണ്ടി അവരുടെ ബെഡ്‌റൂം അലങ്കരിക്കുന്ന വേളയില്‍ ഷോക്കടിപ്പിക്കാന്‍ ഒപ്പിച്ചുവെച്ച വേലത്തരം ആദ്യരാത്രിതന്നെ അവസാനരാത്രിയായി മാറിയതിന്റെയും കല്ല്യാണ വീട് ദുരന്തവീടായി മാറിയതിന്റെയും അനുഭവം ഇതിന് ഉദാഹരണമാണ്.

യൂട്യൂബ് ചാനലുകളുടെ വളര്‍ച്ചക്ക് വേണ്ടി എന്തും റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കാന്‍ യാതൊരു ലജ്ജയും ഇല്ലാത്തവരുണ്ട്. ധാര്‍മികത ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത പാട്ടും നൃത്തച്ചുവടുകളും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പോസ്റ്റുചെയ്തുകൊണ്ടിരിക്കുന്നു. കൂടുതല്‍ റീച്ച് കിട്ടുന്നതിനുവേണ്ടിയും ഷെയര്‍ ലഭിക്കുവാനും അങ്ങനെ ലക്ഷക്കണക്കിന് വരിക്കാരെയും കാണികളെയും ഒപ്പിച്ച് അതിലൂടെ വരുമാനം കണ്ടെത്തുന്നതിനുമായി അശ്ലീല സംസാരങ്ങളും നഗ്നതാ പ്രദര്‍ശനവും വരെ കാണിക്കുന്നവരുണ്ട്. ഇതൊക്കെ വെറും തമാശയല്ലേ എന്നായിരിക്കും അവരുടെ ന്യായീകരണം.

അതുപോലെ തന്നെയാണ് ഇന്ന് ട്രോളുകളും ട്രോളന്മാരും. മറ്റുള്ളവരുടെ, വിശിഷ്യാ സമൂഹത്തില്‍ അറിയപ്പെടുന്നവരുടെ വാക്കിലും പ്രവൃത്തിയിലും വരുന്ന പിഴവുകളെയും ജന്മനായുള്ള വൈകല്യങ്ങളെയും അനുകരിച്ചും പര്‍വതീകരിച്ചും അപഹസിക്കുന്നതും തേജോവധം ചെയ്യുന്നതും ഇവരൂടെ തൊഴിലാണ്. ചിലരെ ചിരിപ്പിക്കുവാനായി മറ്റു ചിലരെ വിഷമിപ്പിക്കുകയാണ് ഇവര്‍ പലപ്പോഴും ചെയ്യുന്നത്.

ഇതിലേറെ അപകടകരമാണ് ദീനീ രംഗത്ത് നേതൃത്വം നല്‍കുകയും ഖുത്വുബയും പ്രഭാഷണങ്ങളും ക്വുര്‍ആന്‍ ക്ലാസ്സുകളും നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി പറയുന്ന തമാശകള്‍. തന്റെ മുമ്പിലിരിക്കുന്ന സദസ്യരെ ചിരിപ്പിക്കുന്നതിന് വേണ്ടി ഇസ്‌ലാം നിഷ്‌കര്‍ഷിച്ച മര്യാദകള്‍ പാലിക്കാതെയുള്ള തമാശ പറച്ചില്‍ ഒരു പ്രഭാഷകനും ഗുണം ചെയ്യില്ലെന്നു മാത്രമല്ല അറിവും വിവേകമുള്ളവരുടെ കണ്ണില്‍ അയാള്‍ അപഹാസ്യനാത്തീരും.

ജാബിറി(റ)ല്‍നിന്ന് നിവേദനം: ”നബി ﷺ ഖുത്വുബ പറയുമ്പോള്‍ കണ്ണുകള്‍ ചുവന്ന് വരുമായിരുന്നു. ശബ്ദം ഉയരുമായിരുന്നു. ഗൗരവം കൂടുമായിരുന്നു. ഒരു സൈന്യത്തിന് താക്കീത് നല്‍കുന്നവനെപോലെ(കമാന്ററെപോലെ)യായിരുന്നു. എന്നിട്ട് നബി ﷺ പറയുമായിരുന്നു: നിങ്ങള്‍ പ്രഭാതത്തിലും ശത്രുവിനെ പ്രതീക്ഷിക്കുക, വൈകുന്നേരവും ശത്രുവിനെ പ്രതീക്ഷിക്കുക.” പ്രവാചകന്‍ പറയുമായിരുന്നു: ”ഞാനും അന്ത്യദിനവും ഇതുപോലെയാണുള്ളത് (അന്ത്യദിനം സംഭവിക്കാനായിരിക്കുന്നു)” (മുസ്‌ലിം).

തമാശ പറയുമ്പോള്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്:

1. തമാശ പറയുന്ന സന്ദര്‍ഭവും ആളുകളെയും പരിഗണിക്കുക:

തമാശ പറയുന്ന അവസരത്തില്‍ അത് ആരോടാണ് പറയുന്നതെന്നും, പറയുന്ന സന്ദര്‍ഭവും സാഹചര്യവും അനുയോജ്യമാണോയെന്നുമുള്ള ധാരണ ഉണ്ടായിരിക്കണം. അനവസരത്തിലെ തമാശകള്‍ അപകടത്തിലായിരിക്കും കലാശിക്കുക. മരിച്ചവീട്ടിലെ തമാശ സാഹചര്യത്തിനെതിരെയുള്ള അക്രമമാണല്ലോ.

2. ഓരോരുത്തരും അവര്‍ക്ക് യോജിച്ച ആളോടായിരിക്കണം തമാശ പറയേണ്ടത്:

കൂട്ടുകാരോട് പറയുന്ന തമാശകള്‍ മാതാപിതാക്കളോടും ഭാര്യയോട് പറയുന്ന തമാശകള്‍ മക്കളോടും സഹപ്രവര്‍ത്തകരോട് പറയുന്ന തമാശകള്‍ മേലുദ്യോഗസ്ഥരോടും പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

3. വ്യക്തികളെ പരിഗണിക്കുക:

ഒരു സാധാരണക്കാരന്‍ ബഹുമാനിക്കപ്പെടേണ്ടവരായ പണ്ഡിതന്മാരുടെയും പ്രായമുള്ളവരുടെയും അടുത്തായിരിക്കെ തമാശ പറയുന്നത് അനുയോജ്യമല്ല

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ”പണ്ഡിതനെ ആദരിക്കുകയെന്നത് സുന്നത്തില്‍ പെട്ടതാണ്.”

അബൂമൂസല്‍അശ്അരി(റ)യ്യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”അല്ലാഹുവിനെ ആദരിക്കുന്നതില്‍ പെട്ടതാണ് മുസ്‌ലിമായ പ്രായമുള്ളവരെ ആദരിക്കുന്നത്” (അബൂദാവൂദ്).

4. തമാശയില്‍ കളവ് പാടില്ല

കള്ളം കെട്ടിച്ചമക്കുക എന്നുള്ളത് സത്യനിഷേധികളുടെ സ്വഭാവമായിട്ടാണ് വിശുദ്ധ ക്വുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്. അവര്‍ തന്നെയാണ് വ്യാജവാദികള്‍” (16:105).

കളവുപറയലിനെ കപടവിശ്വാസികളുടെ അടയാളമായിക്കൊണ്ടാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളതും. അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”കപട വിശ്വാസികളുടെ ലക്ഷണം മൂന്നാകുന്നു. സംസാരിച്ചാല്‍ കളവുപറയും, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കും, വിശ്വസിച്ചാല്‍ ചതിക്കും” (ബുഖാരി).

5. തമാശക്ക് പോലും കളവ് പറയരുത്:

തമാശയായി അല്‍പമൊക്കെ കളവ് പറയാമെന്നാണ് പലരും ധരിച്ചുവെച്ചിട്ടുള്ളത്. തമാശയില്‍ പോലും കളവ് പറയാന്‍ പാടില്ലെന്നാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്.

നബി ﷺ പറഞ്ഞു: ”സംസാരിക്കുമ്പോള്‍ ജനങ്ങളെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവുപറയുന്നവന് നാശം. അവനാകുന്നു നാശം. അവനാകുന്നു നാശം” (അബൂദാവൂദ്).

6. ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി കളവ് പറഞ്ഞാല്‍:

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”ഒരാള്‍ തന്റെ സദസ്യരെ ചിരിപ്പിക്കുന്നതിനായി (കളവായ) ചില വാക്കുകള്‍ പറയുന്നുവെങ്കില്‍ അവന്‍ ഭൂമിയില്‍നിന്നും വിദൂരത്തേക്ക് ആണ്ടുപോകുന്നു” (അഹ്മദ്).

നബി ﷺ അവിടുത്തെ ജീവിതത്തില്‍ തമാശ കാണിച്ച ചില സന്ദര്‍ഭങ്ങള്‍ പരിശോധിച്ചാല്‍ അവിടെയെങ്ങും കളവിന്റെ യാതൊരു അംശവും കാണാന്‍ കഴിയില്ല.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, സ്വഹാബികള്‍ നബി ﷺ യോട് ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ ഞങ്ങളോട് തമാശ പറയുന്നുവല്ലോ?” നബി ﷺ പറഞ്ഞു: ”അതെ, പക്ഷേ, ഞാന്‍ സത്യമായതല്ലാതെ പറയില്ല”(തിര്‍മിദി).

ഇബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”തീര്‍ച്ചയായും ഞാന്‍ തമാശ പറയാറുണ്ട്. പക്ഷേ, സത്യമല്ലാതെ ഞാന്‍ പറയാറില്ല” (ത്വബ്‌റാനി).

7. തമാശയില്‍ ഭയപ്പെടുത്തല്‍ പാടില്ല:

ആളുകളെ തമാശയാക്കുന്നതിന് വേണ്ടി അവരുടെ ചെരുപ്പ്, കുട, ബാഗ്, വാഹനത്തിന്റെ താക്കോല്‍ തുടങ്ങിയുള്ള വസ്തുക്കള്‍ ഒളിപ്പിച്ച് വെക്കുന്ന ചിലരുണ്ട്. എന്നാല്‍ അതിന്റെ അപകടം എത്രമാത്രമാണെന്ന് അവര്‍ ചിന്തിക്കാറില്ല. തമാശക്ക് വേണ്ടി മറ്റുള്ളവരുടെ എന്തെങ്കിലും സാധനങ്ങള്‍ ഒളിപ്പിച്ച് വെക്കുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്.

അബ്ദുര്‍റ്വഹ്മാനുബ്‌നു അബൂലൈല(റ)യില്‍നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: ”ഒരിക്കല്‍ നബി ﷺ യും സ്വഹാബികളും ഒരു യാത്ര പോകുകയായിരുന്നു. യാത്രാമധ്യെ അവര്‍ ഒരിടത്ത് വിശ്രമിക്കാനിറങ്ങി. അന്നേരം ഒരു സ്വഹാബി ഉറങ്ങിയപ്പോള്‍ മറ്റൊരാള്‍ അദ്ദേഹത്തിന്റെ ഒരു കയര്‍ (ചാട്ട) എടുത്ത് ഒളിപ്പിച്ച് വെച്ചു. ഉണര്‍ന്നപ്പോള്‍ അത് കാണാതെ അയാള്‍ ഭയാശങ്കയിലായി. അപ്പോള്‍ നബി ﷺ പറഞ്ഞു: ഒരു മുസ്‌ലിമും മറ്റൊരു മുസ്‌ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല” (അബൂദാവൂദ്).

8. തമാശക്ക് ആയുധം ചൂണ്ടരുത്:

കയ്യിലുള്ള വടി, കത്തി, അപകടം വരുത്തുന്നതോ ശരീരത്തില്‍ തട്ടിയാല്‍ വേദനിക്കുന്നതോ ആയിട്ടുള്ള മറ്റു വസ്തുക്കള്‍ എന്നിവ ചൂണ്ടി പലരും തമാശ കാണിക്കാറുണ്ട്. അപ്രതീക്ഷിതമായി ആ ആയുധം കൊണ്ട് അപകടമുണ്ടായേക്കാം. തമാശക്കുപോലും ആയുധം ചൂണ്ടുന്നത് നബി ﷺ വിരോധിച്ചിട്ടുണ്ട്.

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു:”നിങ്ങളില്‍ ആരും തന്നെ തന്റെ സഹോദരന്റെ നേരെ ആയുധം ചൂണ്ടരുത്. നിശ്ചയമായും അവന്‍ അറിയാതെ പിശാച് അത് തെറ്റിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെ അവന്‍ നരകക്കുഴിയില്‍ ആപതിക്കും” (ബുഖാരി).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”ആരെങ്കിലും ഇരുമ്പ് (ആയുധം) തന്റെ സഹോദരനുനേരെ ചൂണ്ടിക്കാണിച്ചാല്‍ അവനത് ഉപേക്ഷിക്കുംവരെ മലക്കുകള്‍ അവനെ ശപിക്കും; അവന്‍ സ്വന്തം സഹോദരനാണെങ്കിലും”(മുസ്‌ലിം).

9. തമാശയില്‍ പരിഹാസം പാടില്ല.

തമാശ പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത് അന്യന്റെ അഭിമാനത്തെ പിച്ചിച്ചീന്തലാണ്. മറ്റുള്ളവര്‍ക്കിടയില്‍ ഒരുത്തനെ ഇകഴ്ത്തുകയും വഷളാക്കുകയും ചെയ്യല്‍ ഒരു വിശ്വാസിക്ക് പാടില്ലാത്തതാണ്. അത്തരം പ്രവണതയുള്ളവരില്‍ അതിന് പ്രേരിപ്പിക്കുന്ന ചില കാര്യങ്ങള്‍കൂടിയുണ്ട്. ഒന്നുകില്‍ അവന്‍ പരിഹസിക്കുന്ന വ്യക്തി അവനെക്കാള്‍ മികച്ചവനാവുക. അതല്ലെങ്കില്‍ അവനെക്കാള്‍ കഴിവുള്ളവനാവുക. അതുകൊണ്ടുതന്നെ അപരനെ മാനസികമായി വേദനിപ്പിക്കലും തന്റെ അസൂയയും ദേഷ്യവും തീര്‍ക്കലും അപരനെ തമാശയിലൂടെ ജനങ്ങള്‍ക്കിടയില്‍ വഷളാക്കുകയോ ഇകഴ്ത്തുകയോ ചെയ്യുമ്പോള്‍ നടക്കുന്നു.  

ആഇശ(റ)യില്‍നിന്ന് നിവേദനം, അവര്‍ പറഞ്ഞു: ”ഞാന്‍ നബി ﷺ യോട് പറഞ്ഞു: ‘താങ്കള്‍ക്ക് ഇന്നയിന്നവളായ (അതായത് കുറിയവളായ) സ്വഫിയ്യ(റ) മതി.’ നബി ﷺ പറഞ്ഞു: ‘ആഇശാ, നീ പറഞ്ഞ വാക്ക് കടലില്‍ കലക്കിയാല്‍ അതിന്റെ നിറവും വാസനയും മാറുമായിരുന്നു” (അബൂദാവൂദ്).

തമാശ പറയല്‍ തെറ്റല്ല. എന്നാല്‍ തമാശക്കാരനായി ജീവിക്കല്‍ അഥവാ എല്ലായ്‌പ്പോഴും തമാശ പറഞ്ഞു നടക്കല്‍ പാടില്ലാത്തതാണ്.

അല്ലാഹു പറയുന്നു: ”അതിനാല്‍ അവര്‍ അല്‍പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്തുകൊള്ളട്ടെ…” (ക്വുര്‍ആന്‍ 8:82).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”നിങ്ങള്‍ ചിരി അധികരിപ്പിക്കരുത്, തീര്‍ച്ചയായും ചിരിയുടെ ആധിക്യം ഹൃദയത്തെ നിര്‍ജീവമാക്കും” (ഇബ്‌നുമാജ).

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: ”ഞാന്‍ അറിഞ്ഞത് നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ വളരെ കുറച്ചുമാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു”(ബുഖാരി).

ഉമര്‍ ഇബ്‌നുഅബ്ദുല്‍ അസീസ്(റഹി) പറഞ്ഞു: ”നിങ്ങള്‍ തമാശയെ സൂക്ഷിക്കുക. അത് വ്യക്തിത്വത്തെ നശിപ്പിക്കും.”

ഉമര്‍(റ) പറഞ്ഞു: ”ആര് ചിരി അധികരിപ്പിക്കുന്നുവോ അവന്റെ ഗാംഭീര്യം നഷ്ടപ്പെടും. ആര് തമാശ അധികരിപ്പിക്കുന്നുവോ അവന്‍ നിസ്സാരനാക്കപ്പെടും. ഒരാള്‍ ഏത് കാര്യമാണോ വര്‍ധിപ്പിക്കുന്നത് അവന്‍ ആ കാര്യത്തിലായിരിക്കും അറിയപ്പെടുന്നത്.”

കേട്ടിരിക്കുന്നവരെ ചിരിപ്പിക്കുവാനായി നാവ് ചലിപ്പിക്കുമ്പോള്‍ നാവ് തനിക്കെതിരില്‍ സംസാരിക്കുന്ന ലോകത്ത് അക്കാരണത്താല്‍ ദുഃഖിക്കേണ്ടിവരുമോ എന്ന ഭയം വിശ്വാസിയില്‍ ഉണ്ടായിരിക്കണം.

ദുല്‍ക്കര്‍ഷാന്‍ അലനല്ലൂര്‍

നേർപഥം വാരിക 

ദൈവത്തിന്റെ തെളിവും ജ്ഞാനമാര്‍ഗ രീതിയും

ദൈവത്തിന്റെ തെളിവും ജ്ഞാനമാര്‍ഗ രീതിയും

(ഭാഗം: 02)

പൊതുവില്‍ ദൈവത്തിന് തെളിവ് സമര്‍ഥിക്കുന്ന തത്ത്വശാസ്ത്ര യുക്തികളില്‍നിന്നും വിഭിന്നമായ നിലപാട് സ്വീകരിച്ച ഇസ്‌ലാമിക ചിന്തകനാണ് ഇബ്‌നു തൈമിയ്യ(റഹി). ദൈവത്തിന് ശാസ്ത്രത്തിന്റെയോ തത്ത്വശാസ്ത്രത്തിന്റെയോ തെളിവുകളുടെ പിന്‍ബലം വേണമെന്ന് വാദിക്കുമ്പോള്‍ ആദ്യത്തില്‍ തെളിവില്ലാത്തതും പിന്നീട് തെളിയിക്കപ്പെടേണ്ടതുമാണ് ദൈവമെന്ന് വരുന്നു. ഇങ്ങനെ തത്ത്വശാസ്ത്ര യുക്തിയെ ആശ്രയിച്ച് ദൈവം സ്ഥാപിക്കപ്പെടണമെന്ന ചിന്തക്കുതന്നെ ഇബ്‌നു തൈമിയ്യ എതിരായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മൂന്നു കൃതികള്‍ ദൈവവുമായി ബന്ധപ്പെട്ട ഈ ജ്ഞാനശാസ്ത്ര രീതികളെ അവലോകനം ചെയ്യുന്നതാണ്.

അരിസ്‌റ്റോട്ടിലിയന്‍ ഗ്രീക്ക് തത്ത്വചിന്തകളെ അടിസ്ഥാനമാക്കിയുള്ള ജ്ഞാനമാര്‍ഗ യുക്തികളെ ഈ കൃതികളിലൂടെ അദ്ദേഹം വിമര്‍ശന വിധേയമാക്കിയിട്ടുള്ളതായി കാണാം. വാസ്തവത്തില്‍ സംശയവാദത്തില്‍നിന്നാണ് ഒന്നിനു തെളിവ് തേടേണ്ടിവരുന്നത്. എന്നാല്‍ പ്രാഥമികമായി യുക്തി സംശയിക്കപ്പെടേണ്ടതോ, പ്രത്യേകിച്ച് തെളിവ് അനിവാര്യമായതോ അല്ല എന്നതാണ് ഈ കൃതികളിലൂടെയെല്ലാം ഇബ്‌നു തൈമിയ്യ പ്രകടിപ്പിക്കുന്ന നിലപാട്.(14)

അദ്ദേഹം അറിവുകളെ തന്നെ രണ്ടായി തരംതിരിക്കുന്നു. ഒന്ന് ജ്ഞാനേന്ദ്രിയങ്ങള്‍ വഴി മനുഷ്യന്‍ ആര്‍ജിച്ചെടുക്കുന്ന അറിവെന്നും (Ilm Muktasab) രണ്ടാമത്തേത് മനുഷ്യനില്‍ നൈസര്‍ഗികമായിത്തന്നെ ഉള്ളടങ്ങിയ അറിവെന്നും (Ilm Daruri). ഇതില്‍ ആദ്യത്തേത് മനുഷ്യന്റെ ബൗദ്ധികശേഷിയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. എന്നാല്‍ ഈ ബൗദ്ധികശേഷിയെ സന്ദേഹവാദത്തോടെ സമീപിച്ചാല്‍ അത് പൂര്‍ണമായും വിശ്വാസയോഗ്യമല്ലെന്ന് തീര്‍ച്ചയായും വാദിക്കാമെന്ന് നാം കണ്ടതാണ്. അതിനാല്‍ മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങളെയോ ബൗദ്ധികശേഷിയെയോ യാഥാര്‍ഥ്യമറിയാനുള്ള ആത്യന്തിക മാനദണ്ഡങ്ങളായി സ്വീകരിക്കാന്‍ കഴിയില്ല. കൂടാതെ മനുഷ്യനെ ചില കപടയുക്തികള്‍ ആവര്‍ത്തിച്ച് പറയുന്നതിലൂടെ യാഥാര്‍ഥ്യബോധത്തില്‍നിന്നും കബളിപ്പിക്കാനും കഴിയുന്നു. ഭൂമിയുടെ ശരിയായ ആകൃതി പരന്നതാണെന്നും നാസ അടക്കമുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ എന്തിനൊക്കെയോ വേണ്ടി മനുഷ്യരെ ഒന്നടങ്കം വഞ്ചിക്കുകയാണെന്നും ചില അന്യഗ്രഹ ജീവികളാണ് ലോകം ഭരിക്കുന്നതെന്നും തുടങ്ങി ചുറ്റുപാടുകള്‍ തന്നെ യാഥാര്‍ഥ്യമല്ലെന്നും എല്ലാം മിഥ്യയാണെന്നുംവരെ വിശ്വസിക്കുന്ന മനുഷ്യരുണ്ട്. ഇത് തെളിയിക്കുന്നത് ചില സന്ദേഹവാദങ്ങളെ മനുഷ്യനില്‍ ആവര്‍ത്തിച്ച് കുത്തിവെച്ചാല്‍ യാഥാര്‍ഥ്യബോധത്തില്‍നിന്നും അവരെ വ്യതിചലിപ്പിക്കാന്‍ കഴിയുമെന്നാണ്. നിരീശ്വരവാദം മനുഷ്യനിലേക്ക് ഇന്‍ജക്റ്റ് ചെയ്യപ്പെടുന്നതും സമാന മനഃശാസ്ത്രം ഉപയോഗിച്ചുതന്നെയാണ്. അഥവാ യുക്തിവാദമെന്ന പേരില്‍ ചില ദുര്‍ബല ന്യായങ്ങളും അബദ്ധവാദങ്ങളും ആവര്‍ത്തിച്ച് കുത്തിവെക്കുന്നതില്‍നിന്നു മാത്രമാണ് ദൈവനിഷേധികള്‍ ഉണ്ടാകുന്നത്. ചരിത്രപരമായി ഒരു നാസ്തിക ഭൂരിപക്ഷ നാഗരികതയോ സംസ്‌കാരമോ ഇല്ലാതിരുന്നതിന്റെ അടിസ്ഥാന കാരണവും അതാണ്.

ദൈവാസ്തിത്വത്തെ സംബന്ധിച്ച ബോധ്യം മനുഷ്യന്റെ യഥാര്‍ഥ്യബുദ്ധിയില്‍നിന്നും ഉണ്ടാകുന്നതാണ് എന്നതുകൊണ്ടുതന്നെ കൃത്രിമമായ പ്രോപ്പഗണ്ടകള്‍ മനുഷ്യനില്‍ പയറ്റിയല്ലാതെ നാസ്തികരെ ഉണ്ടാക്കാന്‍ പറ്റില്ല. ഇന്റര്‍നെറ്റിന്റെ വ്യാപനം വലിയതോതിലുള്ള മതപരിത്യാഗത്തിനും നാസ്തിക മുന്നേറ്റങ്ങള്‍ക്കും കാരണമാകുന്നുവെന്ന് വലിയവായില്‍ വീമ്പുപറയുന്ന നിരീശ്വര ബുദ്ധിജീവികള്‍ വാസ്തവത്തില്‍ ഇതിന്റെ മനഃശാസ്ത്ര യാഥാര്‍ഥ്യം അറിയാത്തവര് കൂടിയാണ്. ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്ന വലിയൊരു ശതമാനത്തെ ആ ചിന്താഗതിയിലേക്ക് എത്തിച്ചത് യൂട്യൂബ് വീഡിയോകള്‍ ആണെന്നാണ് പ്രൊഫ. ആഷ്‌ലി ലാന്‍ഡ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങള്‍ പറയുന്നത്.(15) യൂട്യൂബ് മാത്രമല്ല പൊതുവില്‍ സോഷ്യല്‍ മീഡിയകളില്‍നിന്നുണ്ടാകുന്ന പ്രധാന ആധുനിക പ്രതിസന്ധി അവയുപയോഗിച്ച് പ്രചരിപ്പിക്കപ്പെടുന്ന വ്യാജവാര്‍ത്തകളും പ്രോപ്പഗണ്ടകളുമാണ്. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ച് യാഥാര്‍ഥ്യത്തില്‍ വിശ്വാസമില്ലാത്ത മന്ദബുദ്ധികള്‍ സൃഷ്ടിക്കപ്പെടുന്നപോലെ മാത്രമെ നാസ്തികരും ഉണ്ടാകുന്നുള്ളൂ. പ്രത്യേകിച്ച് വലിയ സാമ്പത്തിക പിന്തുണകൂടി ഉണ്ടെങ്കില്‍ സ്‌റ്റേജ് കെട്ടിയും വീഡിയോ പിടിച്ചും യൂട്യൂബ് ചാനല്‍ തുടങ്ങിയും ഏത് സമൂഹത്തിന് ഇടയിലേക്കും ഈ രീതിക്ക് സംശയ ചിന്തകളെ ഇന്‍ജക്റ്റ് ചെയ്യാനാകും

കേരളത്തില്‍ പല പേരുകളിലും അറിയപ്പെടുന്ന നാസ്തിക പ്രചാരണ സംഘങ്ങളുടെ നിലവാരവും ഇതൊക്കെത്തന്നെയാണ്. ഇന്റര്‍നെറ്റ് എന്ന ആധുനിക സംവിധാനത്തെ ഉപയോഗിച്ച് ഗുഢാലോചനാസിദ്ധാന്തക്കാര്‍ യാഥാര്‍ഥ്യലോകത്തെ സംബന്ധിച്ച് സാധാരണക്കാരില്‍ സംശയമുണ്ടാക്കുകയും മന്ദബുദ്ധികളെ നിര്‍മിക്കുകയും ചെയ്യുന്നപോലെത്തന്നെയാണ് ചില ആവര്‍ത്തിച്ചുള്ള നുണപ്രചാരണങ്ങളിലൂടെ ഈ നാസ്തികസംഘങ്ങള്‍ കുറച്ച് ദൈവസംശയരോഗികളെ ഉണ്ടാക്കുന്നത്. മനുഷ്യന്റെ ബൗദ്ധികശേഷിയെ കബളിപ്പിക്കാമെന്നതിന് വ്യക്തമായ കുറച്ച് ഉദാഹരണങ്ങളാണിവ. ഇബ്‌നു തൈമിയ്യയുടെ അഭിപ്രായത്തില്‍ തെറ്റാകാവുന്ന, എന്നാല്‍ ആര്‍ജിച്ചെടുക്കുന്ന അറിവെന്ന് ഇതിനെ പറയാം. സകല അറിവുകളും ആശ്രയിച്ച് നിലനില്‍ക്കുന്ന യാഥാര്‍ഥ്യത്തെ സംബന്ധിച്ച മനുഷ്യന്റെ പ്രാഥമികവും നൈസര്‍ഗികവുമായ അറിവാണ് ഏറ്റവും ആധികാരികമായതെന്നും ഇബ്‌നു തൈമിയ്യ പറയുന്നു. അത്തരം പ്രാഥമിക യുക്തികള്‍ക്ക് ആര്‍ജിച്ചെടുക്കുന്ന ദുര്‍ബലമായ ഒരു തെളിവിന്റെയും പിന്‍ബലവും ആവശ്യമില്ല. ഫിത്വ്‌റിയ്യായ അറിവ് എന്ന് ഇതിനെ അദ്ദേഹം വിശേഷിപ്പിക്കുന്നു. പ്രാഥമികമായ ഈ ബോധത്തില്‍നിന്നല്ലാതെ മനുഷ്യന് യാതൊന്നിനെയും ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ കഴിയില്ല. ഇവയ്ക്കുള്ള ചില ഉദാഹരണങ്ങള്‍ നോക്കാം:

(A) യാഥാര്‍ഥ്യത്തിനുള്ള തെളിവ്

യാഥാര്‍ഥ്യമെന്ന് നാം അനുഭവിക്കുന്ന കാര്യങ്ങള്‍ക്ക് എന്താണ് തെളിവെന്നു ചോദിച്ചാല്‍ ഒന്നുമില്ലെന്നതാണ് വാസ്തവം. തലച്ചോറിലേക്ക് ലഭിക്കുന്ന ചില രൂപത്തിലുള്ള വിവരങ്ങള്‍ മാത്രമാണ് നമ്മുടെ അനുഭവങ്ങളെ നിര്‍മിക്കുന്നത്. അത് യാഥാര്‍ഥ്യത്തില്‍നിന്നും നമുക്ക് നേര്‍ക്കുനേരെ ലഭിക്കുന്നതോ അതല്ലെങ്കില്‍ കൃത്രിമമായി മസ്തിഷ്‌കത്തിന് നല്‍കപ്പെടുന്നതോ ആകാം. ചിലപ്പോള്‍ എല്ലാം ആഴത്തിലുള്ള ഒരു സ്വപ്‌നാവസ്ഥയാകാം. അതുമല്ലെങ്കില്‍ ഉയര്‍ന്ന ബുദ്ധിവൈഭവമുള്ള ചില നാഗരിക ജീവികള്‍ കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ക്കകത്ത് നിര്‍മിച്ച ഒരു കൃത്രിമ ബുദ്ധി മാത്രമാകാം നാം. ഇങ്ങനെ നിരവധി സാധ്യതകള്‍ ഉണ്ടെന്നിരിക്കെ അവയൊന്നും ശരിയല്ലെന്നും ചുറ്റുപാടുകളെ സംബന്ധിച്ച അറിവുകള്‍ യാഥാര്‍ഥ്യമാണെന്നും നാം കരുതുന്നത് തെളിവുകളെ ആശ്രയിച്ചല്ല. മറിച്ച് അത് പ്രാഥമികവും നൈസര്‍ഗികവുമായ യുക്തിയാണ്. അതില്‍ നിന്നുകൊണ്ടേ പിന്നെ അറിവ് ആര്‍ജിക്കാന്‍ പോലും മനുഷ്യന് കഴിയൂ.

(B) സംശയിക്കാനുള്ള തെളിവ്

സര്‍വതിനെയും സംശയിക്കണം എന്ന സന്ദേഹവാദ യുക്തിയനുസരിച്ച് ഈ നിലപാടിനെ സ്വയം തന്നെയും സംശയിക്കാമല്ലോ. അതായത് എന്തിനുവേണ്ടി സംശയിക്കണം? സംശയിക്കുന്നത് യാഥാര്‍ഥ്യമറിയാനാണ്! എന്നാല്‍ വസ്തുനിഷ്ഠമായ മറ്റൊരു യാഥാര്‍ഥ്യം ഉണ്ട് എന്നതിന് എന്തു തെളിവാണ് പറയാന്‍ കഴിയുക? അഥവാ സംശയിക്കുകയെന്ന നിലപാട് തന്നെ അതിലൂടെ അറിയാനുള്ള യാഥാര്‍ഥ്യമുണ്ടെന്ന അനുമാനത്തില്‍നിന്നുണ്ടാകുന്നതാണ്. ആ അനുമാനത്തിന് സ്വയം തെളിവില്ലതാനും. അപ്പോള്‍ സംശയവാദത്തിനുതന്നെ തെളിവുകള്‍ക്കന്യമായ ഒരടിസ്ഥാന വിശ്വാസം അനിവാര്യമാണ്.

(D) സ്വയമുള്ള വിശ്വാസം

നിങ്ങളാരാണെന്ന സ്വയംബോധം സ്വന്തം മസ്തിഷ്‌കത്തിന്റെതന്നെ അറിവുകളും ഓര്‍മകളുമാണ്. മസ്തിഷ്‌കപരമായ ഈ വിവരങ്ങളെ ഏതെങ്കിലും തരത്തില്‍ പുനഃക്രമീകരിക്കുന്നതുകൊണ്ട് വ്യക്തിയുടെ ആത്മബോധത്തെ തന്നെ കബളിപ്പിക്കാനാകും. ഇങ്ങനെ നിങ്ങള്‍ ആരാണെന്ന സ്വയംബോധം തന്നെ മിഥ്യയാകാന്‍ സാധ്യതയുണ്ടെന്നിരിക്കെ അത് മിഥ്യയല്ലെന്ന് എപ്പോഴും കരുതുന്നത് ഒരു തെളിവിനെയും ആശ്രയിച്ചല്ല.

(E) മറ്റുള്ളവരിലുള്ള വിശ്വാസം

നമുക്ക് സമാനമായ ബോധമുള്ള (Conscious) വ്യക്തികള്‍തന്നെയാണ് മറ്റുള്ളവരുമെന്ന അറിവ് ഒരിക്കലും തെളിവുകളെ ആശ്രയിച്ചുള്ള ഒന്നല്ല. കാരണം ബോധം സ്വയം അനുഭവിക്കാന്‍ കഴിയുന്ന ഒന്നു മാത്രമാണ്. മറ്റൊരാളുടെ ബോധം നമുക്കനുഭവിക്കാനോ തെളിയിക്കാനോ കഴിയില്ല.

(F) പാപത്തിന്റെ തെളിവ്

പരസ്പരബന്ധമില്ലാതെ കിടക്കുന്ന ഏതൊരു നാഗരികതയുടെ ചരിത്രമെടുത്തു നോക്കിയാലും മോഷണവും കൊലയും പാപമാണെന്ന പൊതുധാരണ അവര്‍ക്കിടയിലെല്ലാം നിലനിന്നിരുന്നതായി കാണാം. അഞ്ചു വയസ്സുള്ളൊരു കൊച്ചിനെ കൊല്ലുന്നത് ശരിയാണോയെന്നു ചോദിച്ചാല്‍ ഏത് രാഷ്ട്രക്കാരനും സംശയലേശമന്യെ ശരിയല്ലെന്നു തന്നെ പറയും. ഈ പാപ-പുണ്യ ചിന്ത മനുഷ്യന്റെ നൈസര്‍ഗിക ബോധമായതുകൊണ്ടാണ് അങ്ങനെ.

(G) ലോജിക്കിലുള്ള വിശ്വാസം

തൊരു കാര്യത്തെയും മനുഷ്യന്‍ അംഗീകരിക്കുന്നതുതന്നെ ലോജിക്കുമായി തട്ടിച്ചുനോക്കിയാണ്. എന്നാല്‍ ഈ യുക്തി വാസ്തവമായിരിക്കണം എന്നതിന് തെളിവൊന്നും പറയാന്‍ കഴിയില്ല. ഉദാഹരണത്തിന്, മൂന്നുകോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്ത് നിലനില്‍ക്കുന്ന ഒരു ഗ്രഹത്തില്‍ ഒന്നും ഒന്നും കൂടിച്ചേര്‍ന്നാല്‍ രണ്ടാകുന്നതിന് പകരം മൂന്നാകും എന്ന് ആരെങ്കിലും വാദിച്ചാല്‍ അത് തെറ്റാണെന്ന് സ്വാഭാവികമായും തന്നെ നമ്മള്‍ തീര്‍പ്പിലെത്തും. അവിടെ ത്രികോണങ്ങള്‍ക്ക് ചതുര്‍ഭുജം ആണെന്നു വാദിച്ചാലും നാം അത് നിഷേധിക്കും. ഇത് പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തെ ഗണിതശാസ്ത്ര സ്വഭാവം നേരിട്ടു നിരീക്ഷിക്കുന്നതില്‍ നിന്നെത്തുന്ന തീര്‍പ്പല്ല. മറിച്ച് പ്രാഥമിക യുക്തിയാണ്. അതിന് തെളിവിന്റെ ആവശ്യമില്ല.

ആര്‍ജിച്ചെടുക്കുന്ന ഒരു തെളിവും ഇല്ലാതെയും എന്നാല്‍ സകലതിനെയും ഉള്‍ക്കൊള്ളാന്‍ പ്രാഥമികമായി മനുഷ്യന്‍ അംഗീകരിച്ചിരിക്കേണ്ടതുമായ യുക്തിക്ക് ഉദാഹരണങ്ങളാണ് മുകളില്‍ പറഞ്ഞവ. ഇല്‍മുദ്ദരൂരി എന്ന് ഇബ്‌നുതൈമിയ്യ വിശേഷിപ്പിക്കുന്നത് ഇതിനെയാണ്. മനുഷ്യനില്‍ പ്രാഥമികവും നൈസര്‍ഗികവുമായി അടങ്ങിയിട്ടുള്ള ഈ അടിസ്ഥാനബോധത്തെ ഉള്‍ക്കൊള്ളാതെ യുക്തിചിന്ത സാധ്യമല്ല. ദൈവാസ്തിത്വത്തെ സംബന്ധിച്ച അറിവും ബോധവും ഈ രീതിക്ക് തന്നെ മനുഷ്യനില്‍ ഉള്ളടങ്ങിയ നൈസര്‍ഗികതയാണ്. അതിനാല്‍ പുറത്തുനിന്നും ആര്‍ജിച്ചെടുക്കുന്നതോ ബാഹ്യമായ തെളിവുകള്‍കൊണ്ട് തെളിയിക്കപ്പെടേണ്ടതോ അല്ല ദൈവം, മറിച്ച് ദൈവം സ്വയം തന്നെ തെളിവാണെന്ന (ദലീല്‍) അഭിപ്രായം അദ്ദേഹം പങ്കുവെക്കുന്നു.

മുകളില്‍ മനുഷ്യന്റെ നൈസര്‍ഗികമായ ബോധത്തിന് പറഞ്ഞ ഉദാഹരണങ്ങള്‍ നിരീക്ഷിച്ചാല്‍ അവ യാഥാര്‍ഥ്യങ്ങള്‍ക്കനുസരിച്ച് മനുഷ്യരില്‍ നിലനില്‍ക്കുന്ന ബഹിസ്ഫുരണങ്ങളാണെന്ന് (Meaningfal Representation of Realtiy) മനസ്സിലാകും. സകല പ്രപഞ്ചത്തിന്റെയും സൃഷ്ടിപ്പിലും സംവിധാനത്തിലും ദൈവത്തിന്റെ ഉദ്ദേശ്യമുണ്ടെന്ന ബോധവും സമാനമായ യാഥാര്‍ഥ്യബോധവും പ്രാഥമിക ബുദ്ധിയുമാണ്. ചരിത്രത്തില്‍ മനുഷ്യനാഗരികതകള്‍ ഏതെടുത്തു പരിശോധിച്ചാലും അവര്‍ ഒരു ദൈവത്തില്‍ വിശ്വസിച്ചവരായിരുന്നു എന്നുകാണാം. മനുഷ്യരില്‍ ഒന്നടങ്കം ഉള്ളടങ്ങിയിട്ടുള്ള ദൈവബോധത്തിന്റെ തെളിവാണിതെന്നാണ് ഇബ്‌നുതൈമിയ്യ നിരീക്ഷിക്കുന്നത്. ആധുനികശാസ്ത്രം ഈ ചിന്തകളെ കൂടുതല്‍ ശരിവെക്കുകയും ചെയ്യുന്നു. ദൈവം ഇല്ലെന്നാണ് നാസ്തികവാദമെങ്കില്‍ നാസ്തികര്‍ തന്നെയില്ലെന്നാണ് ശാസ്ത്രം തെളിയിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഈ രംഗത്തെ പഠനം

പ്രശസ്തമാണ്. മനുഷ്യനില്‍ ഒന്നടങ്കം ദൈവാസ്തിത്വത്തിലുള്ള ബോധം നൈസര്‍ഗികമായി കാണപ്പെടുന്നതാണെന്നും അത് മനുഷ്യന്റെ തന്നെ പ്രാഥമിക യുക്തിയാണെന്നുമാണ് പഠനം തെളിയിക്കുന്നത്.(16)

ഓക്‌സിടോസിന്‍ ഹോര്‍മോണുകളുടെ ഉല്‍പാദനം മനുഷ്യനില്‍ ആത്മീയബോധത്തെ സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയുടെ പഠനമുണ്ട്.(17) നൈസര്‍ഗികമായ യുക്തിക്കനുസരിച്ച് ചിന്തിക്കുന്നത് (Intuitive Thinking) ദൈവവിശ്വാസത്തെ ശക്തിപ്പെടുത്തുന്നുവെന്നാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി മനഃശാസ്ത്ര വിഭാഗത്തിന്റെ നിരീക്ഷണം.(18) തീര്‍ത്തും ആന്തരികമായ പ്രാഥമികബുദ്ധി ദൈവവിശ്വാസമുള്‍ക്കൊള്ളുന്നതാണെന്ന് ഇതെല്ലാം തെളിയിക്കുന്നു. പ്രയാസഘട്ടങ്ങളിലും പ്രതിസന്ധികളിലും സ്വാഭാവികമായും മനുഷ്യന്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതാണ് അംഗീകരിക്കപ്പെടുന്ന മറ്റൊരു വസ്തുത. മരണത്തെ സംബന്ധിച്ച ചിന്ത മനുഷ്യനില്‍ ദൈവാസ്തിത്വത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നതായി പറയുന്ന നിരവധി പഠനങ്ങളുണ്ട്. ദൈവവിശ്വാസംകൊണ്ട് ആശ്വസിപ്പിക്കപ്പെടുന്ന മനുഷ്യമനഃശാസ്ത്രത്തെയാണ് വാസ്തവത്തില്‍ മനുഷ്യനെ മയക്കുന്ന കറുപ്പാണ് മതമെന്നതുകൊണ്ട് കാള്‍മാര്‍ക്‌സ് ഉദ്ദേശിക്കുന്നത്. ജീവിത ദുരിതങ്ങളില്‍ മനുഷ്യന്‍ സ്വാഭാവികമായിത്തന്നെ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. നൈസര്‍ഗികമായിത്തന്നെ മനുഷ്യനില്‍ ആശ്വാസമായി ദൈവവിശ്വാസം പ്രവര്‍ത്തിക്കുന്ന ഈ പ്രകൃതത്തെ മനസ്സിലാക്കിയതുകൊണ്ടാണ് കാള്‍മാര്‍ക്‌സ് മതത്തെ ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമെന്നും ആത്മാവില്ലാത്ത അവസ്ഥയിലെ ആത്മാവെന്നും വിശേഷിപ്പിച്ചത്. മതവുമായി ബന്ധപ്പെട്ട മനുഷ്യന്റെ സാമൂഹ്യ മനഃശാസ്ത്രത്തെ കേന്ദ്രമാക്കിയുള്ള ഓക്‌സ്‌ഫോര്‍ഡ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. ജസ്റ്റിന്‍ ബാരറ്റ് (Justin Barret) ദി ബോണ്‍ ബിലീവേഴ്‌സ് (The Born Believers) എന്ന പേരില്‍ ഒരു പുസ്തകം കൂടി രചിച്ചിട്ടുണ്ട്. മനുഷ്യന്‍ ജന്മനാതന്നെ ദൈവവിശ്വാസമുള്‍ക്കൊള്ളുന്ന ജീവിയാണെന്നാണ് തെളിവുസഹിതം അദ്ദേഹം ഇതില്‍ സമര്‍ഥിക്കുന്നത്.

അദ്ദേഹം എഴുതുന്നത് നോക്കുക: “That belief in god begins in childhood and typically continues into adulthood places it in the same class as believing in gravtiy, the continutiy of time, the predictabiltiy of natural laws.”

”ഗ്രാവിറ്റിയിലും സമയത്തിന്റെ മുന്നോട്ടുള്ള ചലനത്തിലും പ്രകൃതി നിയമങ്ങളുടെ സ്ഥിരതയിലും വിശ്വസിക്കുന്നപോലെത്തന്നെ ദൈവാസ്തിത്വത്തിലുള്ള അറിവ് ശൈശവത്തിലേ തുടങ്ങുന്നു.’

ജനിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രം കഴിഞ്ഞ ഒരു കുഞ്ഞിന്റെ അടുത്തുനിന്ന് എന്തെങ്കിലും ശബ്ദമുണ്ടാക്കി നോക്കുക. കുഞ്ഞ് ആ ശബ്ദത്തിന്റെ ഉറവിടം അന്വേഷിക്കുന്നതായി കാണാം. ആ ശബ്ദത്തിന് പിന്നിലൊരു കാരണവും അതിനൊരു ഉല്‍പത്തി കേന്ദ്രവും ഉണ്ടാകണമെന്ന അറിവ് കുഞ്ഞില്‍ നൈസര്‍ഗികമായിത്തന്നെ ഉള്ളതുകൊണ്ടാണത്. യാഥാര്‍ഥ്യങ്ങളെ സംബന്ധിച്ച ഈ അടിസ്ഥാന ബോധ്യങ്ങളെ പോലെത്തന്നെയാണ് ദൈവാസ്തിത്വവും. അത് മനുഷ്യന്റെ പ്രാഥമികമായ അറിവും നൈസര്‍ഗിക യുക്തിയുമാണ്. ദൈവാസ്തിത്വത്തെ തെളിയിക്കുന്ന മറ്റു തത്ത്വശാസ്ത്രപരമായ വാദങ്ങളെല്ലാം ഈ അടിസ്ഥാനയുക്തിക്ക് ഉപോല്‍ബലകമായി നിലനില്‍ക്കുന്നവ മാത്രമാണെന്നാണ് ഇബ്‌നു തൈമിയ്യ(റഹി)യുടെ അഭിപ്രായം. അതിനാല്‍ ആ നിലയ്ക്ക് അവയെ ഉപയോഗിക്കാവുന്നതുമാണ്. ഇബ്‌നു തൈമിയ്യയാണ് ഈ രീതിക്ക് യുക്തിപരമായി ദൈവം വ്യക്തമാണെന്ന് അഭിപ്രായപ്പെട്ടതെങ്കിലും ഇത് കേവലം അദ്ദേഹത്തിന്റെതായ നിര്‍മിതിയല്ല. മറിച്ച് മനുഷ്യന്റെ ശുദ്ധപ്രകൃതം ഏകദൈവ ബോധത്തില്‍ അധിഷ്ഠിതമാണെന്ന ചിന്ത ഇസ്‌ലാമിക അധ്യാപനങ്ങളുടെ തന്നെ ഭാഗമാണുതാനും. മനുഷ്യരെല്ലാം ജനിക്കുന്നത് ശുദ്ധപ്രകൃതിയിലാണെന്നും അവര്‍ വ്യത്യസ്ത ആശയക്കാരാകുന്നത് സോഷ്യല്‍ കണ്ടീഷനിങ് വഴിയാണെന്നും പ്രവാചകന്‍ വിശദീകരിക്കുന്ന ഹദീഥുണ്ട്.(19) ‘അല്‍ഫിത്വ്‌റ’ എന്നാണ് ഈ നൈസര്‍ഗികാവസ്ഥയെ ഇസ്‌ലാം വിശേഷിപ്പിക്കുന്നത്. ഇസ്‌ലാം സ്വയംതന്നെയും മനുഷ്യന്റെ ശുദ്ധപ്രകൃതിയുടെ ഭാഗമാണെന്ന് പഠിപ്പിക്കുന്നു; അതിലേക്ക് ക്ഷണിക്കുന്നു.

”ആകയാല്‍ (സത്യത്തില്‍) നേരെ നിലകൊള്ളുന്നവനായിട്ട് നിന്റെ മുഖത്തെ നീ മതത്തിലേക്ക് തിരിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷേ, മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.”(20)

ഈ പ്രാഥമികവും നൈസര്‍ഗികവുമായ യുക്തിയെയും ഫിത്‌റയെയും നിഷേധിക്കുന്നത് സ്വയം നിഷേധിക്കുന്നതിന് തുല്യമാണ്. കാരണം പ്രാഥമികമായ യുക്തിബോധത്തെ നിഷേധിച്ചുകൊണ്ട് ഒരു ജ്ഞാനാന്വേഷണംതന്നെ സാധ്യമല്ല. അത്തരമൊരു നിലപാട് അങ്ങേയറ്റത്തെ അപഹാസ്യതയാണുതാനും. അതിനാല്‍ റാഡിക്കല്‍ സ്‌കെപ്ടിസിസത്തിന്റെ കേവല മസ്തിഷ്‌ക സര്‍ക്കസുകള്‍ കൊണ്ട് പോലും നിഷേധിക്കാന്‍ കഴിയാത്തവണ്ണം ദൈവാസ്തിത്വം വ്യക്തമാണ്.

ശാഹുല്‍ പാലക്കാട്

നേർപഥം വാരിക 

സൃഷ്ടികളുടെ കഴിവ്; പരിധിയും പരിമിതിയും

സൃഷ്ടികളുടെ കഴിവ്; പരിധിയും പരിമിതിയും

മനുഷ്യരടക്കമുള്ള സൃഷ്ടികളുടെ കേള്‍വി, കാഴ്ച,  കൈകാലുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, മറ്റു കഴിവുകള്‍ തുടങ്ങിയവ സൃഷ്ടിക്കുന്നത് ആരാണ് എന്നതിനെക്കുറിച്ച് ഇസ്‌ലാമിക ലോകത്ത് മൂന്ന് വീക്ഷണങ്ങളാണ് ഉള്ളത്:

1) എല്ലാം സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. സൃഷ്ടികള്‍ക്ക് ഒരു സ്വാധീനവും ഇല്ല. ജബരിയ്യ എന്ന ബിദ്ഈ കക്ഷിയുടെ (നൂതനവാദികള്‍) വാദമാണിത്. കാറ്റില്‍ പറക്കുന്ന തൂവല്‍പോലെ ഒരു സ്വാധീനവും നമുക്ക് നമ്മുടെ പ്രവര്‍ത്തിയില്‍ ഇല്ല എന്ന ഈ വാദം അഹ്‌ലുസ്സുന്ന അംഗീകരിക്കുന്നില്ല. കാരണം പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചെയ്യാനും ചെയ്യാതിരിക്കാനും കഴിയും.

ഉദാഹരണം; വിറവാതം പിടിപെട്ട ഒരാളുടെ കൈ എപ്പോഴും ചലിച്ചുകൊണ്ടിരിക്കും. അയാളുടെ കൈകള്‍ക്ക് ഒരു സ്വാധീനവും ഇല്ല. എന്നാല്‍ അങ്ങനെയൊരു രോഗമില്ലാത്തവരുടെ കൈകാലുകള്‍ ചലിപ്പിക്കുന്നത് അവര്‍ ഉദ്ദേശിക്കുന്നതിന് അനുസരിച്ചാണ്.

ഒരു വീടിന്റെ മുകളില്‍നിന്ന് താഴേക്ക് ഒരു വിഗ്രഹം തള്ളിയിടുന്നതുപോലെയല്ല ഒരാള്‍ സ്വയം ചാടുന്നത്. അയാള്‍ക്ക് ചാടാനും ചാടാതിരിക്കാനും കഴിയും. ഹൃദയമിടിപ്പ് പോലെയല്ല നാം കൈ ഉയര്‍ത്തുന്നത്; ഉദ്ദേശ്യമനുസരിച്ചാണ്.

2) മനുഷ്യരടക്കമുള്ള സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് അവര്‍തന്നെയാണ്. അല്ലാഹു അതില്‍ ഇടപെടുന്നില്ല, അതുകൊണ്ടാണ് പ്രതിഫലവും ശിക്ഷയും ഉള്ളത്.

‘മുഅ്തസില’ എന്ന ബിദ്ഈകക്ഷിയുടെ വാദമാണിത്. അഹ്‌ലുസ്സുന്ന ഈ ആശയവും അംഗീകരിക്കുന്നില്ല. കാരണം ക്വുര്‍ആന്‍ പറയുന്നത് പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് അല്ലാഹുവാണ് എന്നാണ്. തളര്‍ന്ന് കിടക്കുന്നവന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചാല്‍ അതിന് കഴിയില്ല. അയാളുടെ  മനസ്സ് അതിന് ആഗ്രഹിക്കുണ്ട്, പക്ഷേ, ഇച്ഛാനുസരണം എഴുന്നേല്‍ക്കുന്നില്ല.

3)ക്വുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അഹ്‌ലുസ്സുന്നയുടെ വിശ്വാസം സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്നത് അല്ലാഹുവാണ്, എന്നാല്‍ അത് പ്രവര്‍ത്തിക്കാനും പ്രവര്‍ത്തിക്കാതിരിക്കാനുമുള്ള തിരഞ്ഞെടുപ്പിനുള്ള (ഇച്ഛാ)സ്വാതന്ത്ര്യം അല്ലാഹു അവന്  നല്‍കിയിരിക്കുന്നു എന്നാണ്.

അതായത് ഒരു കാര്യം ചെയ്യാനോ ചെയ്യാതിരിക്കാനോ അവന്‍ ഇച്ഛിക്കുമ്പോള്‍ (ഏതെലുമൊന്ന്തിരഞ്ഞെടുക്കുമ്പോള്‍) അല്ലാഹു അത് സൃഷ്ടിച്ച് നല്‍കുന്നു. അതുകൊണ്ടാണ് നന്മ ചെയ്യുന്നതിന് ഉത്തമമായ പ്രതിഫലവും തിന്മയ്ക്ക് ശിക്ഷയും ഉള്ളത്.

അല്ലാഹുവാണ് സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുന്നത് എന്ന അഹ്‌ലുസ്സുന്നയുടെ വിശ്വാസംതന്നെയാണ് ആധുനിക ശാസ്ത്രത്തിന്റെ വീക്ഷണമെന്നു മനസ്സിലാക്കാം.

ആധുനിക ശാസ്ത്രത്തിന്റെ വീക്ഷണം

മനുഷ്യരുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ ജീവശാസ്ത്രം രണ്ടായി തിരിക്കുന്നു:

1. അനൈച്ഛിക പ്രവര്‍ത്തനങ്ങള്‍ (Involuntary actions)

ഹൃദയമിടിപ്പ്, കിഡ്‌നിയുടെ  പ്രവര്‍ത്തനം എന്നിവ പോലെ മനുഷ്യന്റെ ഇച്ഛക്ക് ഒരു സ്വാധീനവും ഇല്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. തലച്ചോറില്‍നിന്ന് നാഡികള്‍ വഴി ആവേഗങ്ങള്‍ വന്നാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യന് ഒരു സ്വാധീനവും ഇല്ല. ഇവയ്ക്ക് ശിക്ഷയും പ്രതിഫലവും ഇല്ല. സ്വിച്ച് ഇട്ട ഫാനിലേക്ക് വയറിലൂടെ വൈദ്യുതി വന്ന് അത് കറങ്ങുന്നത് പോലെ, സ്റ്റാര്‍ട്ടാക്കിയ കാര്‍ ഡ്രൈവര്‍ ഓടിക്കുന്നത് പോലെ, ഇവിടെ ഫാനിന്റെയും കാറിന്റെയും ഇച്ഛക്കനുസരിച്ചല്ല ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

2. ഐച്ഛിക പ്രവര്‍ത്തനങ്ങള്‍ (Voluantary actions)

കൈകൊണ്ട് പ്രവര്‍ത്തിക്കുക, നടക്കുക, ഓടുക തുടങ്ങിയ മനുഷ്യന്റെ ഇച്ഛക്കനുസരിച്ച് ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഐച്ഛിക പ്രവര്‍ത്തനം എന്ന് പറയുന്നത്. പക്ഷേ, ഈ പ്രവര്‍ത്തനം സൃഷ്ടിക്കുന്നതില്‍ മനുഷ്യന് ഒരു സ്വാധീനവും ഇല്ല. ചെയ്യാന്‍ ഇച്ഛിക്കുമ്പോള്‍ തലച്ചോറില്‍നിന്ന് ആവേഗങ്ങള്‍ നാഡി വഴി മസിലുകളിലും എല്ലുകളിലും എത്തി അവയെ ചലിപ്പിക്കുന്നു. പല രാസമാറ്റങ്ങളും ഭൗതിക മാറ്റങ്ങളും ഉണ്ടാകുന്നു.

അപ്പോള്‍ ഹൃദയമിടിപ്പ് പോലെയുള്ള അനൈച്ഛിക ചലനവും നടക്കുക, ഓടുക പോലുള്ള ഐച്ഛിക ചലനവും നടക്കുന്നതില്‍ മനുഷ്യന് ഒരു പങ്കുമില്ല, തലച്ചോറില്‍ ആവേഗങ്ങളുണ്ടായി അത്  മസിലുകളിലും എല്ലുകളിലും രാസ-ജൈവ മാറ്റമുണ്ടാക്കി നടക്കുന്നു. ഒന്ന് മനുഷ്യന്റെ ഇച്ഛക്ക് അനുസരിച്ചും മറ്റേത് അല്ലാതെയും നടക്കുന്നു.

മനുഷ്യന്റെ ഇച്ഛക്ക് അനുസരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളും അല്ലാതെ നടക്കുന്ന പ്രവര്‍ത്തനങ്ങളും സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ഇച്ഛക്ക് അനുസരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലവും ശിക്ഷയും ഉണ്ട്. കാരണം അത് അവന്‍ ഇച്ഛിക്കുന്നു, തിരഞ്ഞെടുക്കുന്നു.

ഉദാ: ഒരാള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യുന്നു. മറ്റൊരാള്‍ അശ്ശീല മാസിക വായിക്കുന്നു.

ഈ രണ്ട് പ്രവര്‍ത്തനവും സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ബുക്കുകളിലെ അക്ഷരങ്ങളില്‍ തട്ടി പ്രകാശം കണ്ണില്‍ പതിച്ച് രാസമാറ്റമുണ്ടായി, ശ്രവണനാഡി വഴി ആവേഗങ്ങള്‍ തലച്ചോറില്‍ എത്തുമ്പോള്‍ അയാള്‍ കാണുന്നു, തലച്ചോറില്‍നിന്ന് ആവേഗം വന്ന് രാസ-ജൈവ മാറ്റമുണ്ടാക്കി വായന സാധ്യമാക്കുന്നു. ഇവ രണ്ടിലും നടക്കുന്ന ഈ രാസ-ജൈവ മാറ്റങ്ങള്‍ ചെയ്യുന്നത് മനുഷ്യനല്ല, അവന്‍ വായന ഇച്ഛിക്കുന്നു, അന്നേരം ഈ പ്രതിഭാസങ്ങള്‍ അല്ലാഹു സൃഷ്ടിക്കുന്നു. മനുഷ്യന്‍ ഇച്ഛിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നതുകൊണ്ട് അവന് അത് പ്രതിഫലം ലഭിക്കുന്ന സമ്പാദ്യമായിത്തീരുന്നു. ഒരു ഫാന്‍ കറങ്ങുന്ന, കാര്‍ ഓടുന്ന പ്രവര്‍ത്തനം അവതന്നെ സൃഷ്ടിക്കുകയാണെന്ന് ആരും പറയില്ലല്ലോ.

ഒരാള്‍ ഒരു വടി രണ്ടായി മുറിക്കുന്നു. അയാളുടെ കൈയിന്റെ പ്രവര്‍ത്തനം സൃഷ്ടിക്കുന്നത് മുകളില്‍ പറഞ്ഞപോലെ അല്ലാഹുവാണ്. വിറകിലെ തന്‍മാത്രകളുടെ ആകര്‍ഷണബലം ഇല്ലാതാക്കി അവയെ വേര്‍പെടുത്തുന്നതും അല്ലാഹുവാണ്.

ഒരു വാഹനം ഓടിക്കുമ്പോള്‍ നടക്കുന്ന ആകെ പ്രവര്‍ത്തനങ്ങള്‍ ചിന്തിച്ചാല്‍, ഡ്രൈവറുടെ ആകെ സ്വാധീനം ഇച്ഛമാത്രം എന്ന് കാണാം, ബാക്കിയെല്ലാം സൃഷ്ടിക്കുന്നത് അല്ലാഹുവാണ്.

മുഅ്ജിസത്തും കറാമത്തും

സാധാരണ പ്രവര്‍ത്തനങ്ങളായ കേള്‍വി, കാഴ്ച, നടത്തം പോലുള്ള  കാര്യങ്ങള്‍ ചില കാരണങ്ങള്‍ വഴി അവയവങ്ങളിലൂടെയാണ് അല്ലാഹു സൃഷ്ടിക്കുന്നത്; കണ്ണ്, ചെവി, കൈകാലുകള്‍, ആവേഗം, തലച്ചോറ്, ശബ്ദം, പ്രകാശം, മസില്‍ പോലുള്ളവ മുഖേന.

ഈ കാരണങ്ങളില്ലാതെയും അല്ലാഹു ചില കാര്യങ്ങളെ സൃഷ്ടിക്കും. ഉദാ: പുരുഷബീജമില്ലാതെ മറ്‌യം ബീവി ഗര്‍ഭംധരിച്ചത്, ഈസാനബിൗ മരുന്നില്ലാതെ രോഗം മാറ്റിയത് പോലുള്ളവ. ഇവ പ്രവാചകന്‍മാരിലൂടെ പ്രകടമാകുമ്പോള്‍ അതിന് മുഅ്ജിസത്തെന്നു പറയുന്നു. അല്ലാഹു ആദരിച്ച് അവന്‍ ഇഷ്ടപ്പെടുന്ന വിശ്വാസിയിലൂടെ, അവന്റെ ഇച്ഛാനുസരണമല്ലാതെ വെളിപ്പെടുത്തുന്ന അത്ഭുത സംഭവങ്ങളെ കറാമത്ത് എന്നും പറയുന്നു.

ടി.പി അബ്ദുല്‍ ഗഫൂര്‍, വെള്ളിയഞ്ചേരി

നേർപഥം വാരിക 

 

നാര്‍ക്കോട്ടിക്: ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു?

നാര്‍ക്കോട്ടിക്: ഇസ്‌ലാമിക പ്രമാണങ്ങള്‍ എന്ത് പറയുന്നു?

മയക്കുമരുന്നിനെ ജിഹാദുമായി ചേര്‍ത്ത് ചര്‍ച്ചകള്‍ കാടുകയറുമ്പോള്‍ എന്താണ് മദ്യത്തെ സംബന്ധിച്ച് ക്വുര്‍ആനിന്റെയും പ്രവാചകാധ്യാപനങ്ങളുടെയും നിലപാടെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ ചേര്‍ത്ത ക്വുര്‍ആനിക വചനവും അനുബന്ധ വിശദീകരണവും സഹായകമാകും

അല്ലാഹു പറഞ്ഞു: ”സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നംവെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ വിരമിക്കുവാനൊരുക്കമുണ്ടോ? നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ നമ്മുടെ ദൂതന്റെ ബാധ്യത വ്യക്തമായ രീതിയില്‍ സന്ദേശം എത്തിക്കുക മാത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക” (ക്വുര്‍ആന്‍ 5:90-92).

ഉപര്യുക്ത വിശുദ്ധവചനം പലനിലയ്ക്ക് മദ്യം നിഷിദ്ധമാണെന്ന് അറിയിക്കുന്നു.

1. ‘സത്യവിശ്വാസികളേ’ എന്ന അഭിസംബോധനയാലാണ് വിശുദ്ധ വചനം ആരംഭിച്ചിട്ടുള്ളത്. പ്രസ്തുത വിളി അറിയിക്കുന്നതാകട്ടെ ശേഷം വരുന്ന മതവിധി നടപ്പാക്കല്‍ സ്രഷ്ടാവിന് ഉത്തരമേകിയവര്‍ക്ക് നിര്‍ബന്ധമാണ് എന്നതാണ്.

2. മദ്യത്തെ ചൂതാട്ടത്തോടും പ്രതിഷ്ഠകളോടും പ്രശ്‌നംവെച്ച് നോക്കുവാനുള്ള അമ്പുകളോടുമാണ് ചേര്‍ത്ത് പറഞ്ഞത്. ഇവയെല്ലാം വന്‍പാപങ്ങളാണ്.

മദ്യം മഹാപാപമാണെന്നതിനാലും സകല തിന്മകളുടെയും താക്കോല്‍ എന്നതിനാലുമാണ് അവയെക്കാളെല്ലാം മദ്യത്തെ മുന്തിച്ചത്.

3. വിശുദ്ധ വചനത്തില്‍ മദ്യത്തെ ‘രിജ്‌സ്’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. മാലിന്യത്തിനും മ്ലേഛതയ്ക്കുമാണ് അറബിഭാഷയില്‍ ‘രിജ്‌സ്’ എന്ന് പറയുക

4. ‘പൈശാചിക പ്രവൃത്തി’ എന്ന വിശേഷണംകൂടി അതിന് പ്രസ്തുത വചനത്തില്‍ പറയപ്പെട്ടു. പിശാചില്‍നിന്ന് തിന്മ മാത്രമെ ഉണ്ടാകൂ.

5. ‘അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക’ പ്രസ്തുത പ്രയോഗം അര്‍ഥമാക്കുന്നതാകട്ടെ ഒരു വസ്തുവില്‍നിന്ന് അകലുക, അതിനോടും അതിന്റെ അതിരുകളോടും അടുക്കാതിരിക്കുക എന്നൊക്കെയാണ്. മദ്യത്തില്‍നിന്ന് പാടെ അകലണമെന്ന് പ്രസ്തുത വചനം അറിയിക്കുമ്പോള്‍ എങ്ങനെയാണ് അതിനെ സമീപിക്കുക? മദ്യം ഹറാമാണെന്നതിന് ഏറ്റവും തെളിഞ്ഞ രേഖയാണ് ഈ പ്രയോഗം.

6. ‘നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം’ എന്നതുകൊണ്ടാണ് ഈ വചനം അവസാനിക്കുന്നത്. മദ്യത്തില്‍ നിന്ന് അകലുമ്പോഴാണ് വിജയം എന്ന് ഇതിലൂടെ ഉണര്‍ത്തുന്നു. എങ്കില്‍ മദ്യവുമായി ബന്ധപ്പെട്ട് തെറ്റുകളില്‍ അകപ്പെടല്‍ ദുരന്തവും പരാജയവും മാത്രമാണ്.

7. മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന കുഴപ്പങ്ങള്‍ ഈ വചനം വിവരിക്കുന്നത് ഇപ്രകാരമാണ്:

”പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാണ്.”

8. ‘അതിനാല്‍ നിങ്ങള്‍ വിരമിക്കാന്‍ ഒരുക്കമുണ്ടോ?’ എന്ന ചോദ്യംകൊണ്ടാണ് അടുത്ത വചനം അല്ലാഹു അവസാനിപ്പിക്കുന്നത്. ഭീതിപ്പെടുത്തുവാനും മുന്നറിയിപ്പ് നല്‍കുവാനും വേണ്ടിയാണ് പ്രസ്തുത ചോദ്യം. അതുകൊണ്ടാണ് തിരുനബിയുടെ അനുചരന്മാര്‍ ഈ ചോദ്യം കേട്ടമാത്രയില്‍ ഞങ്ങള്‍ വിരമിച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.

9. മദ്യം നിഷിദ്ധമാക്കിയ വചനത്തിന് തൊട്ടുപിറകെ അല്ലാഹു പറയുന്നു: ”നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞുകളയുകയാണെങ്കില്‍ നമ്മുടെ ദൂതന്റെ ബാധ്യത വ്യക്തമായരീതിയില്‍ സന്ദേശം എത്തിക്കുക മാത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.”

മദ്യപാനം മതിയാക്കി അല്ലാഹുവിന്റെ ആജ്ഞയെ അനുധാവനം ചെയ്യേണ്ടുന്നതിന്റെ അനിവാര്യതയെയാണ് പ്രസ്തുത വചനം അറിയിക്കുന്നത്.

മദ്യത്താല്‍ പരീക്ഷിക്കപ്പെട്ട്, അത് നിഷിദ്ധമാക്കപ്പെടുന്നതിനുമുമ്പ് മരണപ്പെടുകയോ രക്തസാക്ഷിയാവുകയോ ചെയ്ത മഹത്തുക്കളുടെ വിഷയത്തില്‍ സ്വഹാബത്തിനുണ്ടായ ആശങ്കക്ക് ക്വുര്‍ആന്‍ അറുതിവരുത്തുന്നത് കാണുക:

”വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അവര്‍ മുമ്പ് കഴിച്ചുപോയതില്‍ കുറ്റമില്ല. അവര്‍ അല്ലാഹുവെ സൂക്ഷിക്കുകയും വിശ്വസിക്കുകയും സല്‍പ്രവൃത്തികളിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ടെങ്കില്‍…” (ക്വുര്‍ആന്‍ 5:93).

പ്രവാചക വചനങ്ങളില്‍ എന്ത് പറയുന്നു?

മദ്യം നിഷിദ്ധവും നികൃഷ്ടവുമാണെന്നറിയിക്കുന്ന തിരുമൊഴികള്‍ ധാരാളമാണ്. ചിലത് താഴെ നല്‍കുന്നു.

1. മദ്യം രോഗമാണ്; രോഗശമനിയല്ല:

ഒരു വ്യക്തി നബി ﷺ യോട് മദ്യത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ തിരുമേനി അദ്ദേഹത്തോട് മദ്യം വിരോധിച്ചു. അദ്ദേഹം പറഞ്ഞു:

”ഞാന്‍ മരുന്നിനുവേണ്ടി മാത്രമാണ് അത് ഉണ്ടാക്കുന്നത്.” തിരുമേനി ﷺ പറഞ്ഞു: ”നിശ്ചയം അത് രോഗമാണ്, ഒരിക്കലും രോഗശമനിയല്ല.”

2. മദ്യം മ്ലേച്ഛവൃത്തികളുടെ മാതാവ്:

ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതര്‍ ﷺ പറയുന്നത് ഞാന്‍ കേട്ടു: ‘മദ്യം നീചവൃത്തികളുടെ മാതാവും വന്‍പാപവുമാണ്. വല്ലവരും അത് കുടിച്ചാല്‍ അവന്റെ മാതാവിന്റെയും സഹോദരിയുടെയും മാതൃസഹോദരിയുടെയുംമേല്‍ അവന്‍ വീണെന്നിരിക്കും.’

3. മദ്യം സര്‍വ തിന്മകളുടെയും താക്കോല്‍:

അബുദ്ദര്‍ദാഇ(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”എന്റെ ഇഷ്ടഭാജനം തിരുനബി എന്നോട് വസ്വിയ്യത്ത് ചെയ്തു: ‘താങ്കള്‍ മദ്യം കുടിക്കരുത്. കാരണം അത് എല്ലാ തിന്മകളുടെയും താക്കോലാകുന്നു, തീര്‍ച്ച.”  

4. ലഹരിയുണ്ടാക്കുന്നതെല്ലാം മദ്യമാണ്:

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതര്‍ ﷺ പറഞ്ഞു: ‘ലഹരിയുണ്ടാക്കുന്ന എല്ലാതും മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമാകുന്നു.”

5. മദ്യം കുറച്ചാണെങ്കിലും ഹറാമാണ്:

ജാബിര്‍ ബിന്‍ അബ്ദുല്ല(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതര്‍ ﷺ പറഞ്ഞു: ‘കൂടുതല്‍ ഉപയോഗിച്ചാല്‍ ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും ഹറാമാണ്.”

6. മദ്യവുമായി ബന്ധപ്പെട്ടവരെല്ലാം ശാപാര്‍ഹരാണ്:

അനസ് ഇബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം: ”അല്ലാഹുവിന്റെ റസൂല്‍ ﷺ മദ്യത്തിന്റെ വിഷയത്തില്‍ പത്ത് വിഭാഗത്തെ ശപിച്ചു; മദ്യം വാറ്റുന്നവന്‍, അത് ആര്‍ക്കുവേണ്ടി വാറ്റുന്നുവോ അയാള്‍, അത് കുടിക്കുന്നവന്‍, അത് വഹിച്ചെത്തിക്കുന്നവന്‍, ആര്‍ക്കുവേണ്ടി വഹിക്കുന്നുവോ അവന്‍, അത് വില്‍ക്കുന്നവന്‍, കുടിപ്പിക്കുന്നവന്‍, അതിന്റെ വില തിന്നുന്നവന്‍, അത് വിലയ്ക്ക് വാങ്ങുന്നവന്‍, ആര്‍ക്കുവേണ്ടി വിലയ്ക്കു വാങ്ങുന്നുവോ അവന്‍.”

7. മദ്യത്തിലൂടെയുള്ള സമ്പാദ്യം ഹറാമാണ്:

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: ”നിശ്ചയം അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: ‘നിശ്ചയം, അല്ലാഹു കള്ളും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു. ശവവും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു. പന്നിയും അതിന്റെ വിലയും ഹറാമാക്കിയിരിക്കുന്നു.”

8. മദ്യം വിളമ്പുന്ന സദ്യകളില്‍ ഇരിക്കാന്‍ പാടില്ല:

നബി ﷺ പറഞ്ഞതായി ഇബ്‌നു അബ്ബാസില്‍നിന്ന് നിവേദനം: ”വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ മദ്യം സേവിക്കപ്പെടുന്ന തീന്‍മേശകളില്‍ അവന്‍ ഇരിക്കരുത്.”

9. വിശ്വാസത്തോടുകൂടി മദ്യപിക്കാനാവില്ല:

അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: ”നിശ്ചയം, നബി ﷺ പറഞ്ഞു: ‘ഒരാള്‍ മദ്യപിക്കുമ്പോള്‍ വിശ്വാസിയായിക്കൊണ്ട് അയാള്‍ മദ്യപിക്കുകയില്ല.”

10. മദ്യപാനിക്കുള്ള ഇസ്‌ലാമിക ശിക്ഷ:

അലി(റ)യില്‍നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂല്‍ ﷺ മദ്യത്തിന്റെ വിഷയത്തില്‍ നാല്‍പത് അടി നല്‍കി. അബൂബക്‌റും നാല്‍പത് അടി നല്‍കി. തന്റെ ഖിലാഫത്തിന്റെ തുടക്കത്തില്‍ ഉമറും അപ്രകാരമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്. ശേഷം അദ്ദേഹം ശിക്ഷ എണ്‍പത് ആക്കി പൂര്‍ത്തീകരിച്ചു. എല്ലാം സുന്നത്താകുന്നു.”

11. മദ്യപാനിക്ക് സ്വര്‍ഗത്തിലെ വിശിഷ്ട പാനീയം നിഷിദ്ധം:

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: ”വല്ലവനും ഇഹലോകത്ത് മദ്യപിച്ച് അതില്‍നിന്ന് പശ്ചാത്തപിട്ടില്ലായെങ്കില്‍ പരലോകത്തില്‍ അയാള്‍ക്ക് അത് നിഷേധിക്കപ്പെടും; അയാള്‍ അത് കുടിപ്പിക്കപ്പെടുകയില്ല.’

12. മദ്യപാനിക്ക് സ്വര്‍ഗം നിഷിദ്ധം

അബ്ദുല്ലാഹിബ്‌നു ഉമറി(റ)ല്‍നിന്ന് നിവേദനം: ”അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ‘മൂന്ന് കൂട്ടര്‍, അവരുടെമേല്‍ അല്ലാഹു സ്വര്‍ഗം ഹറാമാക്കിയിരിക്കുന്നു: മുഴുക്കുടിയന്‍, മാതാപിതാക്കളെ ദ്രോഹിക്കുന്നവന്‍, സ്വന്തം കുടുംബത്തില്‍ വൃത്തികേടിന് സമ്മതം നല്‍കുന്നവന്‍.”

13. മദ്യപാനിയുടെ നമസ്‌കാരം:

അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം; നബി ﷺ പറഞ്ഞു: ”ബുദ്ധിയെ മൂടുന്നതെല്ലാം മദ്യമാകുന്നു. എല്ലാ ലഹരിയുണ്ടാക്കുന്നതും ഹറാമുമാകുന്നു. വല്ലവനും ലഹരിയുണ്ടാക്കുന്നത് കുടിച്ചാല്‍ അവന്റെ നാല്‍പത് പ്രഭാതങ്ങളിലെ നമസ്‌കാരം പാഴായി.”

സാമൂഹ്യവിഭജനം അരുത്

ക്വുര്‍ആനും പ്രവാചക വചനങ്ങളും ഇത്രമാത്രം ഗൗരവമുള്ള പാപമായി കാണുന്ന മദ്യത്തെയും മയക്കുമരുന്നിനെയും ഉപാധിയാക്കി ഇസ്‌ലാമിലേക്ക് ആരെങ്കിലും ആളെ ചേര്‍ക്കുമോ? ഒരിക്കലുമില്ല! ഇനി അങ്ങനെയുണ്ടങ്കില്‍ അത് ചെയ്യുന്നവരെ അറിയാന്‍ മുസ്‌ലിം സമുദായത്തിനും ആഗ്രഹമുണ്ട്. അവരെ നേരിടാന്‍ എല്ലാവര്‍ക്കും മുന്നില്‍ സമുദായമുണ്ടാകും.

ദൈവിക മാര്‍ഗത്തിലുള്ള കഠിനാധ്വാനമെന്ന അര്‍ഥത്തിലാണ് ക്വുര്‍ആനിലും നബിവചനങ്ങളിലുമെല്ലാം ‘ജിഹാദ്’ എന്ന് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. അതല്ലാതെ അമുസ്‌ലിംകള്‍ക്കെതിരെ നടത്തുന്ന വര്‍ഗീയ അക്രമങ്ങള്‍ക്കോ വിഭാഗീയതക്കോ അല്ല ‘ജിഹാദ്’ എന്ന് പറയുന്നത്.

ഇസ്‌ലാം എന്നാല്‍ സമര്‍പ്പണം, സമാധാനം എന്നിങ്ങനെയാണര്‍ഥം. സര്‍വശക്തന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുന്നതുവഴി ഒരാള്‍ നേടിയെടുക്കുന്ന സമാധാനമാണ് ഇസ്‌ലാം.

അല്ലാഹുവിന് സ്വന്തത്തെ സമര്‍പ്പിച്ചവനാണ് മുസ്‌ലിം. ഒരാള്‍ മുസ്‌ലിമാവുകയെന്നാല്‍ ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ പരിവര്‍ത്തിപ്പിക്കുക എന്നാണര്‍ഥം. ഈ പരിവര്‍ത്തനത്തിന്റെ മുളപൊട്ടേണ്ടത് മനസ്സിലാണ്. മനുഷ്യമനസ്സുകളില്‍ മാറ്റം ഉണ്ടാകാതെ മൗലികമായ യാതൊരു പരിവര്‍ത്തനവും സാധ്യമല്ലെന്നതാണ് ക്വുര്‍ആനിന്റെ വീക്ഷണം. അതുകൊണ്ടുതന്നെ നിര്‍ബന്ധിച്ച് ഒരാളെയും മതത്തില്‍ കൂട്ടുന്നതിനോട് അത് യോജിക്കുന്നില്ല.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ വൈകാരികത മാറ്റിവെച്ച് വസ്തുതകള്‍ അറിയാന്‍ ശ്രമിക്കലാണ് നമ്മുടെ ബാധ്യത. വിവാദങ്ങള്‍ കത്തിച്ചുനിര്‍ത്തി നാടിന്റെ സൗഹാര്‍ദം തകര്‍ക്കുന്ന എല്ലാ ശ്രമങ്ങളെയും ചെറുത്ത് തോല്‍പിക്കാന്‍ നമുക്ക് കൈകോര്‍ക്കാം.

ടി.കെ.അശ്‌റഫ്

നേർപഥം വാരിക 

 

ലഹരിയില്‍ തകര്‍ന്നടിയുന്ന ജീവിതങ്ങള്‍

ലഹരിയില്‍ തകര്‍ന്നടിയുന്ന ജീവിതങ്ങള്‍

മനുഷ്യന്‍ സമാധാനകാംക്ഷിയാണ്, എന്നാല്‍ പ്രശ്‌ന സങ്കീര്‍ണമായ ആധുനിക ലോക സാഹചര്യത്തില്‍ സമാധാനം എന്നത് കിട്ടാക്കനിയായി മാറുന്നു എന്നതാണ് യാഥാര്‍ഥ്യം. അസ്വസ്ഥമായ മാനസ്സുമായി പ്രശ്‌നങ്ങളോട് മല്ലിട്ട് ജീവിതം തള്ളിനീക്കുന്നവരാണ് മനുഷ്യരില്‍ അധികപേരും. ജീവിതം ദുസ്സഹമാകുന്നു എന്ന് തോന്നുമ്പോള്‍ സമാധാനത്തിന് വേണ്ടി കുറുക്കുവഴികള്‍ തേടുക എന്നതാണ് പലരും അവലംബിക്കുന്ന രീതി. അതാവട്ടെ സര്‍വനാശത്തിലേക്കുള്ള ചുവടുവയ്പായി മാറുന്നു.

ലഹരി ഇത്തരത്തില്‍ ‘ടെന്‍ഷന്‍ മാറ്റാന്‍’ ഉപയോഗിക്കുന്ന ഒറ്റമൂലിയാണ് എന്നാണ് പലരും ന്യായീകരിക്കാറുള്ളത്. പുകയില ഉത്പന്നങ്ങളില്‍ തുടങ്ങി മദ്യവും മയക്കുമരുന്നുകളും ഈ ഒറ്റമൂലിയുടെ ഗണത്തില്‍ പടിപടിയായി കടന്നുവരികയാണ്. സൈ്വര്യജീവിതത്തില്‍നിന്നും സര്‍വനാശത്തിലേക്കുള്ള യാത്രയാണ് ലഹരി സമ്മാനിക്കുന്നതെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ നമുക്ക് ഏറെ പ്രയാസപ്പെടേണ്ടതില്ല; ലഹരി അനേകരുടെ ജീവിതത്തെ തകര്‍ത്തതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും അത്രമാത്രമുണ്ട്.

ആസ്വാദനത്തിനുവേണ്ടിയാണ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങുന്നത് എന്നതാണ് മറ്റുചിലരുടെ വാദം. എന്നാല്‍ ആസ്വാദനത്തിനുവേണ്ടി തുടങ്ങുന്ന ലഹരിയുപയോഗം പതിയെ സ്വബോധം നഷ്ടപ്പെടുത്തുന്ന രീതിയിലേക്ക് മാറുന്നു. ആസ്വാദനം എന്നത് സ്വബോധം ഉണ്ടെങ്കിലല്ലേ സാധ്യമാകൂ? മാനസികനിലയെത്തന്നെ തകരാറിലാക്കുന്ന ഇത്തരം വസ്തുക്കള്‍ ആസ്വാദനം നല്‍കുന്നു എന്നത് കേവലം ന്യായീകരണം മാത്രമല്ലാതെ മറ്റെന്താണ്? അതിനെക്കാളുപരി മാനസിക, ശാരീരിക, സാമ്പത്തിക ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും അഭിമാനവും അതിലുപരി ജീവന്‍തന്നെയും നഷ്ടപ്പടാന്‍ ഇത് കാരണമാവുകയും ചെയ്യുന്നു. ലഹരിയുപയോഗത്താല്‍ മാരകരോഗങ്ങള്‍ക്കടിമപ്പെട്ട് ദുരിതജീവിതം പേറുന്നവരില്ലേ നമ്മുടെ ചുറ്റും? മാനസികനില തെറ്റിയവരായി മാറുന്ന പലരും ആര്‍ക്കും വേണ്ടാത്തവരായി തെരുവില്‍ അലഞ്ഞുനടക്കുന്നതും മറ്റും നാം പലപ്പോഴും കാണുന്നതാണ്. ചുരുക്കത്തില്‍, ലഹരി ജീവിതങ്ങള്‍ തകര്‍ക്കാന്‍ മാത്രമെ കാരണമാകൂ എന്ന തിരിച്ചറിവാണ് ആദ്യമായി വേണ്ടത്.

കേരളം പോലുള്ള വിദ്യാസമ്പന്നവും സംസ്‌കാര സമ്പന്നവുമായ ഒരു നാട്ടില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടിവരുന്നു എന്നത് ആശങ്കാജനകമാണ്. മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി മയക്കു മരുന്നുകളുടെ ഉപയോഗം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുമ്പ് ഏതാനും ഗ്രാം കഞ്ചാവ് പിടികൂടി എന്ന വാര്‍ത്തകളാണ് നാം കേട്ടിരുന്നതെങ്കില്‍ ഇന്നത് കിലോകളും ക്വിന്റലുകളുമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നത് ഗൗരവതരമാണ്. വ്യത്യസ്തയിനം ലഹരിവസ്തുക്കള്‍ പടര്‍ന്നുകയറുകയാണ്. കേരളം ലഹരിവസ്തു വിപണനത്തിന്റെ ഹബ്ബായി മാറുന്നുവോ എന്ന സംശയത്തിന് ബലം നല്‍കുന്ന രീതിയിലാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍. കോവിഡ് മഹാമാരി ജനത്തെ മുഴുവന്‍ വീട്ടിലടച്ചിട്ടിട്ടും ലഹരിവസ്തുക്കളുടെ ഒഴുക്ക് നിര്‍ബാധം തുടരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ഏപ്രില്‍ മുതല്‍ 2021 ജൂലൈവരെ 9094.66 കിലോ കഞ്ചാവാണ് കേരളത്തില്‍ വിവിധ ഇടങ്ങളില്‍നിന്ന് എക്‌സൈയും പോലീസും പിടിച്ചെടുത്തത്. കൂടാതെ ഹഷീഷ് ഓയില്‍, എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ മാരക ലഹരിവസ്തുക്കള്‍ വേറെയും. കേരളത്തില്‍ ഇത്രയധികം ലഹരിവസ്തുക്കള്‍ വിറ്റഴിക്കാനുള്ള വിപണി ഉണ്ടെന്നത് അത്ഭുതാവഹമാണ്; അതോടൊപ്പം ആശങ്കാജനകവും.

അന്യസംസ്ഥാനങ്ങളില്‍നിന്നാണ് ലഹരിവസ്തുക്കള്‍ പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, ഗോവ തുടങ്ങിയ സംസ്ഥാങ്ങളില്‍നിന്നാണ് പ്രധാനമായും റോഡ് മാര്‍ഗം ഇവ കേരളത്തിലേക്ക് കടത്തുന്നത്. സ്വകാര്യവാഹനങ്ങള്‍, അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ചരക്കുനീക്കം നടത്തുന്ന ലോറികള്‍, ടൂറിസ്റ്റ് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ എന്നിവയിലൊക്കെയാണ് ലഹരി കടത്തുന്നത്. പ്രത്യേക അറകളില്‍ സൂക്ഷിച്ചും നിതേ്യാപയോഗ സാധനങ്ങള്‍ എന്ന വ്യാജേനയും ലഹരിക്കടത്ത് സംഘങ്ങള്‍ കേരത്തിലേക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്നു. കഴിഞ്ഞ മാസം കൊച്ചിയില്‍ അറസ്റ്റിലായ സംഘം കുടുംബമെന്ന വ്യാജേന യാത്രചെയ്താണ് ലഹരി കടത്തിയിരുന്നത്. നിയമപാലകരുടെ കണ്ണില്‍ പൊടിയിടാന്‍ വിലകൂടിയ നായകളും ഇവരുടെ വാഹനത്തില്‍ ഉണ്ടായിരുന്നു. കൊച്ചിയിലെ ഈ കേസില്‍ പ്രതികളെ രക്ഷിക്കാനും പിടിച്ച ലഹരിവസ്തുക്കളുടെ അളവ് കുറച്ചുകാണിക്കുന്നതിനും ശ്രമം നടത്തിയത് കേസ് അട്ടിമറിക്കാന്‍ ഉന്നതങ്ങളില്‍ നടത്തുന്ന ഗൂഢാലോചനക്ക് തെളിവാണ്.

ഈയിടെ കര്‍ണാടകയില്‍ മരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് ശക്തമായ അന്വേഷണം നടത്തിവരികയാണ്. ബോളിവുഡ് സിനിമയുമായി ബന്ധമുള്ള പലരെയും ഇതിനകം ചോദ്യംചെയ്ത് കഴിഞ്ഞു. രണ്ട് കന്നഡ നടിമാര്‍ അറസ്റ്റിലുമായി. ഇവരെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ മാഫിയയുടെ കേരള ബന്ധം പുറത്ത് വരുന്നത്. കേരളത്തില്‍ 2019ല്‍ നിര്‍മിച്ച സിനിമകള്‍, അവയില്‍ എത്രയെണ്ണം വിജയിച്ചു തുടങ്ങിയ വിവരങ്ങള്‍ സ്‌പെഷ്യല്‍ബ്രാഞ്ച് ശേഖരിച്ചുവരികയാണ്. സിനിമാലോകത്ത് ലഹരിയുപയോഗം വ്യാപകമാണെന്ന് നിര്‍മാതാക്കളുടെ സംഘടനകളും മറ്റും നേരത്തെതന്നെ ആരോപണം ഉന്നയിച്ചതാണ്. ലഹരി പാര്‍ട്ടികളും മറ്റും കേരളത്തിലെ വിവിധയിടങ്ങളില്‍ നടക്കുന്നതിന്റെ വിവരങ്ങളും പലതവണ പുറത്ത് വന്നിട്ടുണ്ട്. ലഹരിക്കടത്തതുമായി ബന്ധപ്പെട്ട് എത്രയോ മലയാളികള്‍ ബംഗളുരു ജയിലില്‍ കഴിയുന്നുണ്ട്.

ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ കേരളത്തില്‍ ലഹരിയുപയോഗവും വിപണനവും കൂടിവരികയാണ് എന്നത് വെറും ആരോപണമല്ലെന്നും ഒരു യാഥാര്‍ഥ്യംതന്നെയാണ് എന്നും വ്യക്തമാകുന്നു. ലഹരിക്കടത്തും ഉപയോഗവും കൗമാരപ്രായക്കാരിലും യുവാക്കളിലുമാണ് കൂടുതല്‍ എന്നത് ഈ കേസുകളുടെ ആഴങ്ങളിലേക്ക് പോയാല്‍ ബോധ്യമാവുന്നതാണ്. ലഹരി ഒരുക്കുന്ന മഹാദുരന്തത്തില്‍ നമ്മുടെ പുതുതലമുറ അകപ്പെടുന്നത് ആശങ്കപ്പെടുത്തേണ്ടതുതന്നെയാണ്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും യുവാക്കള്‍ക്കിടയിലും ലഹരിയുപയോഗം കൂടുന്നതായി മനസ്സിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാലങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ക്യാമ്പയിനും ബോധവത്കരണ പരിപാടികളും ആരംഭിച്ചത്. എന്നാല്‍ കൊറോണ വ്യാപനംമൂലം വിദ്യാലയങ്ങള്‍ അടഞ്ഞുകിടന്നിട്ടും ജോലിസ്ഥലങ്ങള്‍ പ്രവര്‍ത്തന രഹിതമായ നാളുകളിലും ലഹരിക്കടത്ത് നടക്കുന്നു എന്നത് സൂചിപ്പിക്കുന്നത് ലഹരിയുടെ കെണിയില്‍ പെട്ട നിരവധി ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് എന്നതുതന്നെയാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളും ഓണ്‍ലൈന്‍ വിപണന സാധ്യതകളും ഇത്തരം സംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് കൊണ്ടാവാം ലോക് ഡൗണ്‍ കാലയളവില്‍ പോലും ഇത്രയധികം മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തിയത്.

സമീപകാലത്ത് നടന്ന പല കൊലപാതകങ്ങളും ഗുണ്ടാ ആക്രമണങ്ങളും അപകടമരണങ്ങളും ബലാത്സംഗങ്ങളുമൊക്കെ ലഹരിവസ്തുക്കളുടെ ഉപയോഗം കാരണത്താല്‍ സംഭവിച്ചതാണെന്ന കാര്യം വ്യക്തമാണ്. ഇത്രയും വ്യാപകമായി നമ്മുടെ നാട്ടില്‍ ലഹരി ഉപയോഗവും വിപണനവും നടക്കുന്നതിന് തടയിടാന്‍ സര്‍ക്കാരിനും നിയമപാലകര്‍ക്കും സാധിക്കാതെ പോകുന്നത് എന്തുകൊണ്ട്?

കൊച്ചിയിലെ  കാക്കനാട് ലഹരി മരുന്ന് കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നതായി ആരോപണം നേരിടുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുകയാണ്. അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. സിഐ അടക്കം നാല് എക്‌സൈസ് ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റി. വേലിതന്നെ വിളവ് തിന്നുന്ന കാഴ്ച എത്ര ഭീകരമാണ്! സിനിമ, രാഷ്ട്രീയ, ബിസിനസ്, ഉദേ്യാഗസ്ഥ ബന്ധം ലഹരിമാഫിയകളെ നിര്‍ബാധം സംസ്ഥാനത്ത് വിലസാന്‍ സഹായിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് കാക്കനാട്ടെ ലഹരിവേട്ടയും തുടര്‍ന്ന് നടന്ന നാടകങ്ങളും എന്നുവേണം മനസ്സിലാക്കാന്‍. കേസില്‍ പ്രതിയായ ഒരു സ്ത്രീയെ ഒഴിവാക്കാന്‍ ശ്രമം നടക്കുമ്പോള്‍ അവളെ എന്തിന് ഒഴിവാക്കുന്നു എന്ന നിഷ്‌കളങ്ക ചോദ്യം കൂട്ടുപ്രതിയായ മറ്റൊരു സ്ത്രീ ചോദിച്ചത് ഉദേ്യാഗസ്ഥലോബിയുടെ കേസ് അട്ടിമറിക്കല്‍ നാടകത്തിന് നേര്‍സാക്ഷ്യമാണ്.

ലഹരിവസ്തുക്കള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ്

മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ക്കെതിരെ പ്രയോഗിക്കുന്ന നിയമമാണ് 1985ലെ എന്‍ഡിപിഎസ് ആക്റ്റ്. ഇത് വളരെ ശക്തമായ ഒരു കേന്ദ്ര ആക്റ്റാണ്. മയക്കുമരുന്നുകള്‍ വ്യാവസായിക അളവില്‍ കൈവശം വയ്ക്കുകയോ കടത്തിക്കൊണ്ടുവരികയോ ചെയ്യുന്ന ഒരു വ്യക്തിക്ക് 10 മുതല്‍ 20 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം മുതല്‍ 2 ലക്ഷം രൂപവരെ പിഴ ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ എന്‍ഡിപിഎസ് കേസിലെ കുറ്റകരമായ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞാല്‍ തടവുശിക്ഷയുടെ അളവ് 20 മുതല്‍ 40 വര്‍ഷം വരെയായി ഉയരും. ഒരിക്കല്‍ ഒരു ‘കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി’ കേസില്‍ പിടിക്കപ്പെടുകയും അത് പ്രോസിക്യൂഷന് കോടതി മുമ്പാകെ തെളിയിക്കുവാന്‍ കഴിയുകയും ചെയ്താല്‍ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം വധശിക്ഷ വിധിക്കാവുന്നതാണ്. മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം നല്‍കുന്നതും മയക്കുമരുന്ന് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതും മയക്കുമരുന്നിന്റെ വില്‍പനയും വിതരണവുമായി ബന്ധപ്പെട്ട കുറ്റകരമായ ഗൂഢാലോചനയില്‍ പങ്കെടുക്കുന്നതുമെല്ലാം ശിക്ഷാര്‍ഹമാണ്. മയക്കുമരുന്ന് പിടിച്ചെടുക്കുകയോ, അത് കൈവശം വയ്ക്കുകയോ ചെയ്യണമെന്നില്ല; പ്രതികള്‍ക്ക് അങ്ങനെയൊരു ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രം മതി

ഇത്രയും ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കെയാണ് നമ്മുടെ നാട്ടില്‍ ലഹരിക്കടത്ത് മാഫിയയുടെ വിളയാട്ടം എന്നത് മുകളില്‍ സൂചിപ്പിച്ചതുപോലെ വേലി വിളവ് തിന്നുന്നതിന്റെ പരിണിതഫലം തന്നെയാണ് എന്നു വ്യക്തമാക്കുന്നു. ലഹരിയെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് പലരും ഉപയോഗിക്കുന്നത്. പെട്ടെന്ന് പണക്കാരനാവാനും ചുരുങ്ങിയ സമയംകൊണ്ട് കൂടുതല്‍ ലാഭം കൊയ്യാനും മനസ്സ് കൊതിക്കുന്ന ചെറുപ്പത്തെ ഇങ്ങനെയാണ് ഇത്തരം ലോബികള്‍ വലയയിലാക്കുന്നത്. നക്ഷത്ര ഹോട്ടലുകളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ ഇത്തരത്തില്‍ വന്‍ലാഭം കൊയ്യാനുള്ള മറ്റൊരു വേദിയാണ്. ‘മാന്യന്മാരും’ സമ്പന്നരുമായ ഉപഭോക്താക്കള്‍ക്ക് സാധാരണ ഉപഭോക്താക്കളെക്കാളും പത്തിരട്ടി ലാഭത്തിന് വില്‍ക്കാന്‍ സാധിക്കുന്ന സാഹചര്യം, നക്ഷത്ര ഹോട്ടലുകളില്‍ റെയ്ഡ് നടക്കാനുള്ള സാധ്യതക്കുറവ് എന്നിങ്ങനെ വിഐപി ലഹരി വില്‍പന മോഡലിംഗ്-സിനിമ മേഖലകളിലും മറ്റും നിലനില്‍ക്കുന്നുണ്ട്. ഒരു തലമുറയെ മുഴുവന്‍ നശിപ്പിക്കുകയാണ് ഈ അവിശുദ്ധകൂട്ടുകെട്ട്. നാടിന്റെ നാളെയുടെ നായകരാവേണ്ടവരെ ഷന്ധീകരിച്ച് ലാഭക്കൊതിയന്മാരായ രാക്ഷസന്മാര്‍ നാടിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുത മറന്നുപോകരുത്.

പലരും ഇത്തരം കേസുകളില്‍ പിടിക്കപ്പെടുമ്പോഴാണ് അവരുടെ കുടുംബക്കാരും സുഹൃത്തുക്കളും നാട്ടുകാരുംവരെ വിവരം അറിയുന്നത്. അതുകൊണ്ട്തന്നെ ഈ മാരകവിപത്തിനെതിരെ ശക്തമായ ബോധവത്കരണവും ചെറുത്തുനില്‍പും അനിവാര്യമാണ്. ഏതുതരം ലഹരിയും മനുഷ്യന്റെ നാശത്തിന് മാത്രമെ ഹേതുവാകൂ എന്ന തിരിച്ചറിവ് മുഴുവന്‍ ജനങ്ങള്‍ക്കും ഉണ്ടാവേണ്ടതുണ്ട്. ആഘോഷവേളകൡ കൂടുതല്‍ മദ്യം വില്‍ക്കാനും ബസ്സ്റ്റാന്റുകളില്‍ പോലും മദ്യശാലകള്‍ തുടങ്ങാനും വ്യഗ്രത കാട്ടുന്ന സര്‍ക്കാര്‍ എങ്ങനെ ആത്മാര്‍ത്ഥമായി ലഹരിമുക്ത കേരളത്തിനായി പരിശ്രമിക്കും എന്നത് ഒരു ചോദ്യമാണ്.

മയക്കുമരുന്ന് ഉപയോഗം പാടെ ഇല്ലാതാക്കുവാന്‍ സര്‍ക്കാരിനുകീഴില്‍ ‘വിമുക്തി’ എന്ന പദ്ധതി നിലവിലുണ്ടെന്ന കാര്യം ഓര്‍ക്കുക!

വിമുക്തി

മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കിയും മയക്കുമരുന്നുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുകയും ലക്ഷ്യമിട്ടാണ് വിമുക്തി എന്ന ബോധവത്കരണ മിഷന് സര്‍ക്കാര്‍ രൂപംനല്‍കിയിട്ടുള്ളത്.

ലക്ഷ്യം

സമൂഹത്തിന്റെ സമസ്ത മേഖലകളിലും വ്യാപരിക്കുന്ന വിപത്തായി മാറിയിട്ടുളള മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗം കുറച്ചു കൊണ്ടുവരിക, ലഹരിവസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി ഇല്ലായ്മ ചെയ്യുക എന്നിവയാണ് പ്രധാനമായും വിമുക്തി മിഷനിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളുകളിെലയും കോളേജുകളിലെയും ലഹരിവിരുദ്ധ ക്ലബ്ബുകള്‍, എസ്പിസി, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ഥി, യുവജന, മഹിളാ സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തത്തോടുകൂടി വിദ്യാര്‍ഥി-യുവജനങ്ങളെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് ‘ലഹരി വിമുക്ത കേരളം’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകയാണ് ‘വിമുക്തി’യുടെ ലക്ഷ്യം.

സംഘാടനം

ബഹു. മുഖ്യമന്ത്രി ചെയര്‍മാനും, എക്‌സൈസ് വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി കണ്‍വീനറുമായ സംസ്ഥാന ഗവേണിംഗ് ബോഡിയും; എക്‌സൈസ് വകുപ്പ് മന്ത്രി ചെയര്‍മാനും, നികുതി വകുപ്പ് സെക്രട്ടറി വൈസ് ചെയര്‍മാനും എക്‌സൈസ് കമ്മീഷണര്‍ കണ്‍വീനറുമായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നു.

ജില്ലാ തലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, ജില്ലാ കളക്ടര്‍ കണ്‍വീനറും, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈസ് ചെയര്‍മാനുമായ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും; തുടര്‍ന്ന് ബ്ലോക്ക്, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്തുതലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡന്റ്‌ചെയര്‍മാനും, സെക്രട്ടറി കണ്‍വീനറുമായ സമിതിയും; വാര്‍ഡ്തലത്തില്‍ പൗരമുഖ്യന്‍ ചെയര്‍മാനും, വാര്‍ഡ് മെമ്പര്‍ കണ്‍വീനറുമായ സമിതിയും ഇതിനായി രൂപീകരിക്കേണ്ടതുണ്ട്.

പ്രവര്‍ത്തനം

സാമൂഹികമായ ക്രിയാത്മക ചുവടുവയ്പുകള്‍, സംസ്ഥാനതല വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചുതുടങ്ങിയവരെ തിരുത്തല്‍ പ്രക്രിയ, ലഹരി ഉത്പന്നങ്ങളുടെ ലഭ്യതയും വിപണവും ഇല്ലാതാക്കല്‍, പുനരധിവാസം എന്നീ പ്രവര്‍ത്തനങ്ങളാണ് വിമുക്തിയിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്.

താഴെ തലംമുതല്‍ മുകള്‍ത്തട്ടുവരെ ലഹരി വിമോചന ശ്രമങ്ങളുമായി സംസ്ഥാനത്ത് വിമുക്തി സമിതികള്‍ ഉണ്ട്. ഇത് എത്ര ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് സര്‍ക്കാരും ജനപ്രതിനിധികളും ഉദേ്യാഗസ്ഥരും സഗൗരവം വിചിന്തനം നടത്തേണ്ടതുണ്ട്. നമ്മുടെ നാടിനെ കാര്‍ന്നുതിന്നുന്ന ഈ മഹാവിപത്തിനെതിരെ ശക്തമായ ജനകീയ ചെറുത്തുനില്‍പ് അത്യന്താപേക്ഷിതമാണ്. സാങ്കേതിക വിദ്യയുടെ സാന്നിധ്യം ഓരോ മനുഷ്യനെയും തികച്ചും ഒറ്റപ്പെട്ടവനാക്കിയിരിക്കുന്നു എന്ന യാഥാര്‍ഥ്യം നാം മറന്നുപോകരുത്. ഈ സാഹചര്യം മുതലെടുത്താണ് ലഹരി മാഫിയകള്‍ നമ്മുടെ കുട്ടികളെ വലയിലാക്കുന്നത്; ഘട്ടം ഘട്ടമായി അവരെ ലഹരിക്കടിമകളാക്കുകയും ജീവിതം തന്നെ ഇല്ലാതാക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത്.

ഓരോ രക്ഷിതാവും കുടുംബവും സമൂഹവും മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളുമെല്ലാം തങ്ങളുടെ ഭാഗധേയം ഉത്തരവാദിത്തബോധത്തോടെയും ഗൗരവത്തോടെയും നിര്‍വഹിക്കേണ്ടതുണ്ട്. മത, ജാതി, വര്‍ഗ, വര്‍ണ, ദേശ വ്യത്യാസമന്യെ ഒരു തലമുറയെ ഷന്ധീകരിക്കാനുള്ള ശ്രമങ്ങള്‍ക്കു നേരെ കണ്ണടക്കുക എന്നത് സ്വയം നാശത്തിലേക്കുള്ള പ്രയാണമാവും. ലഹരിവിമുക്തമായ ഒരു നാട് എന്നത് സാധ്യമാവണമെങ്കില്‍ ഓരോരുത്തരും അവരവരുടെതായ ഉത്തരവാദിത്തം നിര്‍വഹിക്കണം. ലഹരി വിമുക്തി മുദ്രാവാക്യം മുഴക്കുകയും അതേസമയം മദ്യത്തെ ഏറ്റവും പ്രധാനമായ വരുമാനമാര്‍ഗമായി കാണുകയും ചെയ്യുന്ന സര്‍ക്കാരിന് ഈ രംഗത്ത് എത്രമേല്‍ ആത്മാര്‍ഥതയുണ്ടാവുമെന്നത് ആലോചനീയമാണ്.

ലഹരി എന്നത് ഒരു സാമൂഹിക ദുരന്തമാണ്. അതിന് മറ്റേതെങ്കിലും മാനം നല്‍കുന്നത് അവിവേകവും. ഓരോ നാടും സ്ഥാപനങ്ങളും ഭരണകൂടവും ഈ സാമൂഹിക ദുരന്തത്തിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്തിയേതീരൂ. പുതുതലമുറയെ ഭ്രാന്തന്മാരാക്കാനുള്ള കുത്സിത ശ്രമങ്ങള്‍ നടക്കുന്നത് കണ്ടില്ലെന്ന് നടിക്കാവതല്ല.

വല്ലപ്പോഴും പിടിക്കപ്പെടുന്ന ചെറിയ മീനുകളെക്കാള്‍ വമ്പന്‍ സ്രാവുകളെ അകത്താക്കാനാണ് ശ്രമിക്കേണ്ടത്. ചെറിയ നിയമലംഘനങ്ങള്‍ക്ക് പോലും പിഴചുമത്താന്‍ വ്യഗ്രത കാണിക്കുന്ന നിയമപാലകര്‍ നാട്ടില്‍ നിര്‍ബാധം നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളെ കണ്ടില്ലെന്നു നടിച്ചുകൂടാ.

നാസ്തികരുടെ ദയനീയാവസ്ഥ

സര്‍വതന്ത്ര സ്വതന്ത്രരാവാന്‍ വെമ്പല്‍കൊള്ളുന്ന നാസ്തികരും ലഹരിക്കെതിരെ ഒന്നും ഉരിയാടാനാവാതെ സ്തംഭിച്ചു നില്‍ക്കുകയാണ്. എന്തു പറഞ്ഞ് അവരെ തിരുത്തും, എന്തടിസ്ഥാനത്തില്‍ അത് തെറ്റാണെന്ന് പറയും എന്ന ആശയദാരിദ്ര്യം ഈ അവിവേകികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കും. സ്വതന്ത്ര ചിന്തയുടെ വഴിയെ ലഹരിയുടെയും സാമൂഹ്യദ്രോഹികളുടെയും അഴുക്കുചാലിലേക്ക് വഴുതിവീഴുകയാണ് പലരും. അവരുടെ അവസ്ഥയോര്‍ത്ത് സഹതാപമേയുള്ളൂ. ആരെങ്കിലും നശിക്കണമെന്ന് സന്മനസ്സുകള്‍ ഒരിക്കലും ആഗ്രഹിക്കുകയില്ല, നന്നാവണമെന്നേ ആഗ്രഹിക്കൂ. എന്നെയാരും ഉപദേശിക്കേണ്ട, നിയമങ്ങളുടെ ചട്ടക്കൂട്ടില്‍ തളച്ചിടാന്‍ നോക്കേണ്ട എന്നൊക്കെ അവിവേകം വിളമ്പുന്നവര്‍ തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന ക്രൂരതകളും ദുരന്തങ്ങളും കാണണം എന്ന് അഭ്യര്‍ഥിക്കുന്നു. മനുഷ്യന്‍ സര്‍വതന്ത്ര സ്വതന്ത്രനല്ല; അങ്ങനെ ആവാനും സാധ്യമല്ല. സമൂഹത്തിന്റെ അനിവാര്യമായ കണ്ണികളാണ് ഓരോരുത്തരും. അതുകൊണ്ട്തന്നെ നമ്മുടെ മുഴുവന്‍ ഇടപെടലുകളും സമൂഹത്തില്‍ പ്രതിഫലിക്കും. അതിനാല്‍ എല്ലാവര്‍ക്കും സഹായകമാവുന്ന, പൊതുനന്മയില്‍ അധിഷ്ഠിതമായ നിയമങ്ങള്‍ അംഗീകരിച്ച് ജീവിക്കുകയാണ് വിവേകം. ഇല്ലെങ്കില്‍ മനുഷ്യരില്ലാത്ത ഏതെങ്കിലും ദ്വീപില്‍ പോയി സ്വാതന്ത്രലോകം പണിയുകയാണ് അത്തരക്കാര്‍ ചെയ്യേണ്ടത്. സക്രിയമായ ഒരു സാമൂഹിക സാഹചര്യത്തെ തകര്‍ത്തിക്കളയരുത്.

ലഹരിയും ഇസ്‌ലാമും

ലഹരി വര്‍ജിക്കുവാന്‍ ശക്തമായ ആഹ്വാനം നല്‍കുന്ന മതമാണ് ഇസ്‌ലാം. വിശുദ്ധ ക്വുര്‍ആനും പ്രവാചക വചനങ്ങളും ഈ വിപത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

”പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍നിന്ന്)്യൂവിരമിക്കുവാന്‍ ഒരുക്കമുണ്ടോ?” (ക്വുര്‍ആന്‍ 5:91).

”ലഹരിയുണ്ടാക്കുന്നതെല്ലാം ‘ഖംറ്’ ആണ്, എല്ലാ ലഹരിയുണ്ടാക്കുന്നതും നിഷിദ്ധവുമാണ്,” ”ലഹരിയുണ്ടാക്കുന്നത് കുറച്ചാണെങ്കിലും നിഷിദ്ധമാണ്” തുടങ്ങിയ പ്രവാചക വചനങ്ങളും പരലോകത്ത് അവര്‍ക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പുകളും ഈ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്.

നാശത്തിലേക്ക് നയിക്കുന്ന, ജീവനും സ്വത്തും അഭിമാനവും നഷ്ടമാകുന്ന ലഹരിയുടെ വാതില്‍ കൊട്ടിയടക്കാനുള്ള ആര്‍ജവവും വിവേകവും എല്ലാവര്‍ക്കും ഉണ്ടാവണം.

ലഹരി; വിമോചനം സാധ്യമാണ്

സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന്റെ വിമുക്തി കേന്ദ്രങ്ങള്‍ കൂടാതെ വിവിധ മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെ കീഴിലും ലഹരിയെന്ന വിപത്തില്‍നിന്ന് മോചന നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസമായി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉറച്ചതീരുമാനവും കൃത്യമായ ജീവിതക്രമീകരണങ്ങളും അതിലെല്ലാമുപരി ജീവിത ലക്ഷ്യത്തെക്കുറിച്ചുള്ള തിച്ചറിവും ബോധ്യവും ഉണ്ടെങ്കില്‍ ലഹരിയെന്ന മാരക വിപത്തിനെ ജീവിതത്തില്‍നിന്നും എന്നെന്നേക്കുമായി തൂത്തെറിയാന്‍ സാധിക്കും. ബഹുഭൂരിപക്ഷം പേരും ലഹരിയുടെ ദുരന്തങ്ങളെക്കുറിച്ച് ബോധ്യമില്ലാതെയോ ചതിയില്‍ അകപ്പെട്ടോ ഈ ദുരന്തത്തിന്റെ ഇരകളായി മാറുകയാണ് എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട്തന്നെ അവരെ വെറുക്കുന്നതിലും ഒറ്റപ്പെടുത്തുന്നതിലും അര്‍ഥമില്ല. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരന്‍ നമുക്ക് കൈകോര്‍ക്കാം. സാമൂഹിക പ്രതിബദ്ധതയും സന്മനസ്സും ദൈവപ്രീതി കാംക്ഷിച്ചുള്ള ഇടപെടലും നമുക്കുണ്ടെങ്കില്‍ നാടിനെ ഈ ദുരന്തത്തില്‍നിന്നും കരകയറ്റാം.

നബീല്‍ പയ്യോളി

നേർപഥം വാരിക 

 

ദൈവവിശ്വാസം അലങ്കാരമല്ല; സംസ്‌കാരമാണ്

ദൈവവിശ്വാസം അലങ്കാരമല്ല; സംസ്‌കാരമാണ്

വിവിധ മതങ്ങളില്‍ കഴിഞ്ഞുകൂടുന്നവരാണെങ്കിലും ആത്യന്തികമായി മനുഷ്യരെല്ലാം ദൈവവിശ്വാസികളാണ്. ദൈവവിശ്വാസത്തിന്റെ വ്യാഖ്യാനങ്ങളിലാണ് മതവിശ്വാസികളുടെ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത്. മാനവസമുദായത്തെയും ഇതര ജന്തുജാലങ്ങളെയും പ്രകൃതി പ്രതിഭാസങ്ങളെയും സൃഷ്ടിച്ചവനാണ് യഥാര്‍ഥ ദൈവമെന്ന ധാരണയാണ് പൊതുവില്‍ മതവിശ്വാസികള്‍ക്കുള്ളത്. പ്രവാചകന്മാര്‍ വഴിയും വേദഗ്രന്ഥങ്ങള്‍ വഴിയും മനുഷ്യരുടെ വിശേഷബുദ്ധി വഴിയും മനുഷ്യമസ്തിഷ്‌ക്കങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ വിശ്വാസമാണത്. മനുഷ്യരെല്ലാവരും ഒരേ സ്രഷ്ടാവിന്റെ സൃഷ്ടികളാണെന്ന കാഴ്ചപ്പാട് മനുഷ്യര്‍ക്കിടയില്‍ അവര്‍ ഏകോദര സഹോദരങ്ങളാണെന്ന ബോധ്യം വളര്‍ത്തുന്നു. അത്തരമൊരു ബോധ്യം ജാതീയതയെ തകര്‍ക്കുന്നു. പണക്കാരനും പണിക്കാരനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നു. വര്‍ണത്തിന്റെയും കുലത്തിന്റെയും പേരിലുള്ള ആഭിജാത്യങ്ങളെ നിര്‍വീര്യമാക്കുന്നു. സ്രഷ്ടാവിനെ വണങ്ങി, പ്രതിസന്ധി ഘട്ടങ്ങളിലും അല്ലാത്തപ്പോഴും അവങ്കലേക്ക് കൈകളുയര്‍ത്തി സമസൃഷ്ടികളെ സ്‌നേഹിച്ച് കഴിയുമ്പോള്‍ മനുഷ്യരില്‍ ഏകമാനവതയും പരസ്പര ബഹുമാനവും വളരുന്നു. വര്‍ഗീയവാദം അവരില്‍ നിന്ന് പാടേ ഇല്ലാതാകുന്നു.

മനുഷ്യര്‍ ഏകസമുദായം

ക്വുര്‍ആന്‍ പറയുന്നു: ”തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം, ഏകസമുദായം. ഞാനാണ് നിങ്ങളുടെ രക്ഷിതാവ്. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുവിന്‍. എന്നാല്‍ മനുഷ്യര്‍ കക്ഷികളായി പിരിഞ്ഞുകൊണ്ട് തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയാണുണ്ടായത്. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതുകൊണ്ട് സംതൃപ്തി അടയുന്നവരാകുന്നു” (23:52,53).

മാനവസമുദായം ഏകസമുദായമാണെന്നാണ് ക്വുര്‍ആനിന്റെ കാഴ്ചപ്പാട്. സ്രഷ്ടാവിനെ സൂക്ഷിച്ചും ആരാധിച്ചും ജീവിക്കുന്നതിന് പകരം പരസ്പരം കക്ഷികളും മതങ്ങളുമായി പിരിയുകയാണ് മനുഷ്യര്‍ ചെയ്തിട്ടുള്ളത്. ക്വുര്‍ആന്‍ പഠിപ്പിക്കുന്ന, ദൈവാര്‍പ്പണം എന്ന് അര്‍ഥംവരുന്ന ‘ഇസ്‌ലാം’ എന്നതിന്റെ വിശാലാര്‍ഥം സ്രഷ്ടാവിനെ അറിഞ്ഞ്, അവനെ മാത്രം ആരാധിച്ച്, അവന്റെ നിയമങ്ങള്‍ക്ക് വിധേയനായി ജീവിക്കുക എന്നതാണ്. എല്ലാവര്‍ക്കും സമാധാനവും ശാന്തിയും നേര്‍ന്ന്, എല്ലാവര്‍ക്കും സേവനം ചെയ്ത് നന്മകളെ ധാരാളം ജീവിതത്തിലേക്ക് കൊണ്ടുവരിക എന്നതാണ് അതിന്റെ അന്തിമഫലം. എന്നാല്‍ ഇസ്‌ലാം എന്ന സുന്ദരമായ ആശയത്തെ വെറുപ്പും അസഹിഷ്ണുതയും വളര്‍ത്തിക്കൊണ്ടുള്ള കക്ഷിത്വം നിറഞ്ഞ ഒരു ‘പാര്‍ട്ടി’ എന്ന നിലക്ക് അതിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ചിലര്‍ കാണുന്നു. അങ്ങനെ അവരുടെ വീക്ഷണത്തിലുള്ള ‘ഇസ്‌ലാമിനെ’ സംരക്ഷിക്കാന്‍ അവര്‍ ഇസ്‌ലാം അനുവദിക്കാത്ത പകയും വിദ്വേഷവും ശത്രുതയും ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

ശത്രുതകള്‍ അവസാനിപ്പിക്കുക

വാക്കുകള്‍കൊണ്ടും നോക്കുകള്‍കൊണ്ടും ഒരാളെപ്പോലും നോവിക്കരുതെന്നാണ് ദൈവവിശ്വാസത്തിന്റെ യഥാര്‍ഥ സന്ദേശം. ഒരാളും മറ്റൊരാളുടെ ശത്രുവല്ല. മനുഷ്യന് ഒരു ശത്രുവുണ്ടെങ്കില്‍ അത് മനുഷ്യരെ ദുര്‍മാര്‍ഗത്തിലേക്ക് നയിക്കുന്ന പിശാചുക്കള്‍ മാത്രമാണ്. മനുഷ്യര്‍ക്കിടയില്‍ ഉണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍, അത് മതത്തിന്റെയോ ദേശത്തിന്റെയോ കുടുംബത്തിന്റെയോ മറ്റേതെങ്കിലും കാരണങ്ങളുടെയോ പേരില്‍ ആയിരുന്നാലും മനുഷ്യര്‍ക്കിടയില്‍ രൂപപ്പെടുന്ന അഭിപ്രായാന്തരങ്ങള്‍ ആത്യന്തിക ശത്രുതയല്ല. കാലാകാലങ്ങളിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവണമെന്നും അതുവഴി മനുഷ്യര്‍ക്കിടയില്‍ ശത്രുതയുണ്ടാവണമെന്നും ഒരു യഥാര്‍ഥ ദൈവവിശ്വാസി ആഗ്രഹിക്കാന്‍ പാടില്ല. എവിടെയെങ്കിലും ശത്രുതയുടെ കനല്‍ ഉണ്ടെങ്കില്‍ അതിനെ ഊതിക്കത്തിക്കുവാനല്ല, ഊതിക്കെടുത്തുവാനാണ് മനസ്സില്‍ യഥാര്‍ഥ ദൈവവിശ്വാസം സൂക്ഷിച്ചുവെച്ചിട്ടുള്ള ഒരാള്‍ ചെയ്യേണ്ടത്.

ക്വുര്‍ആന്‍ പറയുന്നു: ”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത്‌കൊണ്ട് നീ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു” (41:34).

എന്നാല്‍ ഈ ഗുണം കേവലം ഒരാള്‍ വിശ്വാസിയാണെന്ന് പറയുന്നതുകൊണ്ടോ ഇസ്‌ലാമിക കുടുംബങ്ങളില്‍ ജനിച്ചതുകൊണ്ടോ ലഭ്യമാവില്ല. തുടര്‍ന്നുള്ള വചനത്തില്‍ നാം കാണുന്നത് ഇങ്ങനെയാണ്: ”ക്ഷമ കൈക്കൊണ്ടവര്‍ക്കും വമ്പിച്ച ഭാഗ്യമുള്ളവനുമല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല.”ക്ഷമയും ആത്മസംയമനവും യഥാര്‍ഥ ദൈവവിശ്വാസത്തിന്റെ ഭാഗമായി ഉണ്ടായിത്തീരുന്ന ഗുണങ്ങളാണ്. അതിനു വിപരീതമായി ശത്രുതയും പകയും വിദ്വേഷവും ജനിപ്പിക്കുന്നത് പൈശാചിക ശക്തികളാണ്. അതില്‍നിന്നും എപ്പോഴും സ്വന്തത്തെ സംരക്ഷിച്ചുനിര്‍ത്തുന്നവനാണ് യഥാര്‍ഥ വിശ്വാസി. അതുതന്നെയാണ് തുടര്‍ന്നുകൊണ്ട് ക്വുര്‍ആന്‍ പറയുന്നത്: ”പിശാചില്‍നിന്നുള്ള വല്ല ദുഷ്‌പ്രേരണയും നിന്നെ വ്യതിചലിപ്പിച്ചുകളയുന്ന പക്ഷം അല്ലാഹുവോട് നീ ശരണം തേടിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും” (41:36).

ചിന്താസ്വാതന്ത്ര്യം പ്രകൃതിപരം

അഭിപ്രായവ്യത്യാസങ്ങളും മതങ്ങളും മനുഷ്യരുടെ സ്വാഭാവിക പ്രകൃതിയുടെ ഭാഗമായി രൂപപ്പെട്ടതാണ്. മനുഷ്യരുടെ ചിന്തകളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ് എന്നതുകൊണ്ടുതന്നെ അവയില്‍ ശരിതെറ്റുകള്‍ ഉണ്ടാകാവുന്നതാണ്. എല്ലാ മനുഷ്യരും ഒരുപോലെ ചിന്തിക്കുന്ന വിധത്തിലല്ല സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ക്വുര്‍ആന്‍ പറയുന്നു: ”നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കുന്നതാണ്. നിന്റെ രക്ഷിതാവ് കരുണ ചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ് അവന്‍ അവരെ സൃഷ്ടിച്ചത്” (11:118).  

മറ്റുള്ളവരുടെ ആരാധ്യരെ ശകാരിക്കരുത്

ഭിന്നതയുടെ പേരില്‍ പരസ്പരം ശത്രുത സൃഷ്ടിക്കുന്ന പ്രവണത ഒരു യഥാര്‍ഥ വിശ്വാസിയുടേതല്ല. തന്റെ മതം സ്വീകരിക്കാത്തവരെയോ അവരുടെ ആരാധ്യന്മാരെയോ ഒരിക്കലും ആക്ഷേപിച്ചു സംസാരിക്കാന്‍ പാടില്ല എന്നത് ദൈവിക നിയമമാണ്. ക്വുര്‍ആന്‍ പറയുന്നു: ”അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്” (6:108). ‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം; എനിക്ക് എന്റെ മതം’ (109:6) എന്ന് പ്രഖ്യാപിക്കാനാണ് മുഹമ്മദ് നബി ﷺ യോട് അല്ലാഹു കല്‍പിച്ചിട്ടുള്ളത്. എന്നാല്‍ പലപ്പോഴും മറ്റുള്ളവരെ ആക്ഷേപിക്കുന്നതിലാണ് പലര്‍ക്കും താല്‍പര്യമുള്ളത്. ആക്ഷേപിച്ചും പരിഹസിച്ചും തെറ്റിദ്ധരിപ്പിച്ചും തര്‍ക്കിച്ച് ജയിക്കുക എന്നത് ചില മതപ്രബോധനങ്ങളുടെ അവിഭാജ്യ ചേരുവയായി മാറിയിരിക്കുന്നു. സ്വന്തം ആദര്‍ശത്തിന്റെ മഹിമ ഒരാള്‍ക്ക് ബോധ്യമാണെങ്കില്‍ മറ്റുള്ളവരെ കുറിച്ച് അയാള്‍ക്ക് ആക്ഷേപിക്കേണ്ടിവരില്ല. ക്വുര്‍ആന്‍ മതപ്രബോധനത്തിന്റെ മൂന്നു രീതികളെക്കുറിച്ച് പറയുന്നുണ്ട്. വൈജ്ഞാനിക സംവേദനം,  സദുപദേശങ്ങള്‍, സംവാദം എന്നിവയാണത്.

സംവാദങ്ങള്‍ സംഘര്‍ഷങ്ങളാകരുത്

ആദ്യത്തെ രണ്ടിനങ്ങളെക്കാള്‍ പല പ്രബോധകര്‍ക്കും അനുവാചകര്‍ക്കും താല്‍പര്യം മൂന്നാമത്തെ ഇനമാണ്. കാരണം അത് സംഘര്‍ഷാത്മകമാണ്. അതില്‍നിന്നും തിരിച്ചും മറിച്ചും വരുന്ന പ്രയോഗങ്ങളും ആക്ഷേപങ്ങളും ഇകഴ്ത്തലും ഒരു ‘സംഘര്‍ഷ സിനിമ’ കാണുന്ന പ്രതീതി ജനിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള സംവാദങ്ങള്‍ വീണ്ടും വീണ്ടും കാണുവാനും കേള്‍ക്കുവാനും ആളുകള്‍ ഇഷ്ടപ്പെടുന്നു.

സംവാദങ്ങള്‍ വര്‍ഗീയതയ്ക്ക് വളമാകരുത്

എന്നാല്‍ ക്വുര്‍ആന്‍ സംവാദത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടോ? അനിവാര്യമായ ഘട്ടങ്ങളില്‍ മാത്രമാണ് സംവാദത്തെ ക്വുര്‍ആന്‍ അനുവദിക്കുന്നത്. തികച്ചും വൈജ്ഞാനികമായ അന്വേഷണത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള സംവാദങ്ങളെയാണ് ക്വുര്‍ആന്‍ അംഗീകരിച്ചിട്ടുള്ളത്. ‘വ ജാദില്‍ഹും ബില്ലതീ ഹിയ അഹ്‌സന്‍’ അഥവാ ‘ഏറ്റവും നല്ലരൂപത്തില്‍ മാത്രം സംവാദത്തില്‍ ഏര്‍പ്പെടുക’ എന്നാണ് ക്വുര്‍ആന്‍ പറയുന്നത്. അതുകൊണ്ടാണ് ‘വേദക്കാരായ ക്രിസ്ത്യാനികളോടും യഹൂദരോടും ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്’ (29:46) എന്ന് കല്‍പിച്ചത്. അതുകൊണ്ടാണ് പ്രവാചകനുമായി തര്‍ക്കത്തിന് മുതിര്‍ന്ന വേദക്കാരോട് ക്വുര്‍ആന്‍ ഇങ്ങനെ ചോദിച്ചത്: ”…നിങ്ങള്‍ക്ക് അറിവില്ലാത്ത വിഷയത്തില്‍ നിങ്ങളെന്തിന് തര്‍ക്കിക്കുന്നു?…” (3:66). അനാവശ്യമായ തര്‍ക്കമല്ല വൈജ്ഞാനികമായ സംവാദം. വൈജ്ഞാനികമായ സംവാദത്തിന്റെ ലക്ഷ്യം പറയാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കി പറയുക എന്നതാണ്. തോല്‍പിക്കുകയോ ഉത്തരം മുട്ടിക്കുകയോ അല്ല. അറിയുകയും അറിയിക്കുകയും ചെയ്യുക എന്നതാണ്. സംവാദങ്ങള്‍ അവയുടെ യഥാര്‍ഥ ലക്ഷ്യത്തില്‍നിന്നും തെറ്റിയാല്‍ പിന്നീട് സംഭവിക്കുന്നത് വാദിച്ചു ജയിക്കുവാനുള്ള ത്വരയാണ്. അത് കള്ളം പറയാനും മറുകക്ഷിയെ ഇകഴ്ത്താനും പ്രേരിപ്പിക്കും. വര്‍ഗീയമായ ചിന്തകള്‍ അത് വളര്‍ത്തിയെടുക്കും. സ്വന്തം കക്ഷിയെ അനീതിയിലും അക്രമത്തിലും സഹായിക്കാന്‍ അത് കാരണമാകും. ഇത്തരം വര്‍ഗീയതയെ ഏറ്റവും വലിയ രീതിയില്‍ പ്രവാചകന്‍ ﷺ താക്കീത് ചെയ്തിട്ടുണ്ട്. അത് യഥാര്‍ഥ ദൈവവിശ്വാസത്തെ പ്രതിനിധീകരിക്കുന്നില്ല.

ദൈവവിശ്വാസം അലങ്കാരമല്ല; സംസ്‌കാരമാണ്

മനുഷ്യര്‍ ഏതൊക്കെ തരത്തിലുള്ളവരായാലും അവര്‍ സ്‌നേഹത്തോടെ കഴിയണം എന്നതാണ് ദൈവികമതത്തിന്റെ അന്തസ്സാരം. പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതും ജനങ്ങള്‍ക്കിടയില്‍ മാനസികമായ അകല്‍ച്ച സൃഷ്ടിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ എത്ര ഉന്നതര്‍ നടത്തിയാലും അവര്‍ യഥാര്‍ഥ ദൈവവിശ്വാസികളാവില്ല. കാരണം അവര്‍ക്ക് ദൈവത്തെ ഭയമില്ല എന്നതുതന്നെ. ദൈവഭയമുള്ളവര്‍ കുഴപ്പങ്ങള്‍ക്കും തെറ്റിദ്ധരിപ്പിക്കലുകള്‍ക്കും കൂട്ടുനില്‍ക്കില്ല. ദൈവവിശ്വാസം ഒരു അലങ്കാരമല്ല. മറിച്ച് അതൊരു സംസ്‌കാരമാണ്. ‘ഒരാള്‍ മറ്റൊരാളെ വെറുക്കരുത്, ഒരാള്‍ മറ്റൊരാള്‍ക്ക് മേല്‍ അസൂയ പുലര്‍ത്തരുത്, ഒരാള്‍ മറ്റൊരാളെ പരിത്യജിക്കരുത്’ തുടങ്ങിയ ദൈവിക ബോധനങ്ങളെ ഉള്‍ക്കൊണ്ടവനായിരിക്കും യഥാര്‍ഥ വിശ്വാസി. സ്വകാര്യപ്രബോധനത്തിലായിരുന്നാലും പരസ്യ പരിപാടികളിലായിരുന്നാലും ജനങ്ങള്‍ക്കിടയില്‍ വെറുപ്പും സംശയങ്ങളും സൃഷ്ടിക്കുന്ന സംസാരങ്ങള്‍ ഏതു ഉന്നത പണ്ഡിതന്‍ നടത്തിയാലും അയാളില്‍ ‘ജാഹിലിയ്യത്ത്’ മാത്രമാണുള്ളതെന്നും യഥാര്‍ഥ ദൈവവിശ്വാസത്തിന്റെ മാധുര്യം നുകരാന്‍ അയാള്‍ക്ക് സാധിച്ചില്ലെന്നുമാണ് മനസ്സിലാക്കേണ്ടത്. ഏതു മതത്തില്‍ പെട്ടവരായിരുന്നാലും അത്തരത്തിലുള്ളവരെ പൊതുസമൂഹം തള്ളിക്കളയുകയാണ് വേണ്ടത്.

നേർപഥം വാരിക

സുഫ്‌യാന്‍ അബ്ദുസ്സലാം

വ്യര്‍ഥവാദങ്ങളുടെ തണലില്‍ ശിര്‍ക്കിനെ പരിപോഷിപ്പിക്കുന്നവര്‍

വ്യര്‍ഥവാദങ്ങളുടെ തണലില്‍ ശിര്‍ക്കിനെ പരിപോഷിപ്പിക്കുന്നവര്‍

ഇസ്‌ലാം അല്ലാഹുവിന്റെ മതമാണ്. അതിന്റെ ആദര്‍ശം വ്യക്തവും സമ്പൂര്‍ണവുമാണ്. ആരാധനകള്‍ അല്ലാഹുവിന് മാത്രം സമര്‍പ്പിക്കണമെന്നതാണ് അതിന്റെ അടിസ്ഥാനം. അജ്ഞതയില്‍നിന്നും വഴികേടില്‍നിന്നും മാനവരാശിയെ മോചിപ്പിക്കാനും നേര്‍മാര്‍ഗം എന്തെന്ന് അവരെ പഠിപ്പിക്കാനുമായി അല്ലാഹു മുഹമ്മദ് നബി ﷺ യെ നിയോഗിക്കുകയും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കുകയും  ചെയ്തു. നിഷ്‌കളങ്കമായി ഇതില്‍ വിശ്വസിക്കുന്നവര്‍ക്ക് മാത്രമെ ഈ സന്ദേശത്തിന്റെ വാഹകരാകാന്‍ സാധിക്കുകയുള്ളൂ.

അല്ലാഹു പറയുന്നു: ”അല്ലാഹു തന്റെ പൊരുത്തംതേടിയവരെ അത് മുഖേന സമാധാനത്തിന്റ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരത്തില്‍നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരികയും നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു” (ക്വുര്‍ആന്‍ 5:16).

ഭൗതികവും അഭൗതികവുമായ കാര്യങ്ങള്‍ സാധിച്ച് കിട്ടുന്നതിനായി സൃഷ്ടികളില്‍ അഭയംതേടലും അവരെ വിളിച്ച് സഹായം ചോദിക്കലും  വലിയ പുണ്യപ്രവൃത്തിയായിട്ടാണ് പുരോഹിതന്മാര്‍ അണികളെ ധരിപ്പിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ കല്‍പനകളെ വിസ്മരിച്ചും പ്രമാണങ്ങളെ അവഗണിച്ചുമല്ലാതെ ഈ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ ആര്‍ക്കും സാധ്യമല്ല.

അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ എടുത്തുപറഞ്ഞ് ക്വുര്‍ആന്‍ ചോദിച്ചത് കാണുക:

”അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും, ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് നിങ്ങള്‍ കൊണ്ടുവരിക” (ക്വുര്‍ആന്‍ 27:64).

ആരാധനയാകുന്ന കാര്യങ്ങളെ  അല്ലാഹുവല്ലാത്തവരിലേക്ക് തിരിച്ചുവിടുക എന്നത് സമസ്തയുടെ പ്രഖ്യാപിത നയമാണ്. ‘ലാഇലാഹ ഇല്ലല്ലാഹ്’ പറഞ്ഞവരിലേക്ക് ശിര്‍ക്ക് വരില്ലെന്നു പ്രചരിപ്പിച്ച് ഇക്കൂട്ടര്‍ അണികളെ കബളിപ്പിച്ചുവരികയാണ്.

നബി ﷺ യോട് അല്ലാഹു നല്‍കിയ താക്കീത് കാണുക: ”ആകയാല്‍ അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെയും നീ വിളിച്ചു പ്രാര്‍ഥിക്കരുത്. എങ്കില്‍ നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും” (ക്വുര്‍ആന്‍ 26:213).

2021 ജൂലൈ മാസത്തിലെ രണ്ടാം ലക്കം ‘സുന്നിവോയ്‌സി’ല്‍ ഒരു മുസ്‌ലിയാര്‍ എഴുതിയത് കാണുക: ”ഖബര്‍ സിയാറത്ത് സുന്നത്താണ്. അത് പക്ഷേ, പുത്തന്‍വാദികള്‍ പറയുംപോലെ മരണത്തെയും പരലോകത്തെയും ഓര്‍മിപ്പിക്കാന്‍ വേണ്ടി മാത്രമല്ല. മരണപ്പെട്ടവര്‍ക്ക് സലാം പറയലും അവര്‍ക്കു വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്ത് പ്രാര്‍ത്ഥിക്കലും സന്ദര്‍ശകന് വേണ്ടി അവിടെ വെച്ച് പ്രാര്‍ത്ഥിക്കലുമെല്ലാം ഖബര്‍ സിയാറത്തിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്. കൂടാതെ മഹാന്മാരെ സന്ദര്‍ശിക്കുന്നതിലൂടെ അവരോട് ശിപാര്‍ശ ആവശ്യപ്പെടലും അവരോട് ഇസ്തിഗാസ ചെയ്യലും ബറകത്തെടുക്കലും ലക്ഷ്യമാണ്. ഇക്കാര്യങ്ങള്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സ്ഥിരപ്പെട്ട വസ്തുതകളാണ്” (പേജ് 17).

വിപല്‍ഘട്ടങ്ങളിലും അല്ലാത്തപ്പോഴും പാമരജനങ്ങള്‍ മക്വ്ബറകളില്‍നിന്ന് അകലാതിരിക്കാനും അതുവഴി സാമ്പത്തിക ചൂഷണം നടത്തുവാനുമുള്ള വ്യഗ്രതയാണ് ഇതില്‍ തെളിഞ്ഞുകാണുന്നത്.

വിശ്വാസികള്‍ക്ക് പ്രവാചകന്മാരുടെ ജീവിതമാണ് വഴികാട്ടി. യഅ്ക്വൂബ് നബി(അ) പരീക്ഷിക്കപ്പെട്ട സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞതായി അല്ലാഹു പറയുന്നു: ”…നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ” (ക്വുര്‍ആന്‍ 12:18).

തെറ്റായ വിശ്വാസത്തെ സ്ഥാപിക്കാന്‍ മുസ്‌ലിയാര്‍ കൂട്ടുപിടിച്ചിരിക്കുന്നത് സുന്നത്താക്കപ്പെട്ട കാര്യത്തെയാണ്. ഇത് ഇവരുടെ സ്ഥിരം ശൈലിയാണ്. സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കുന്ന ഈ പരിപാടി ഇസ്‌ലാം നിഷിദ്ധമാക്കിയതാണ്. അല്ലാഹു പറയുന്നു:

”നിങ്ങള്‍ സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്” (ക്വുര്‍ആന്‍ 2:42).

നബിചര്യയില്‍പെട്ട ക്വബ്ര്‍ സിയാറത്തില്‍ ക്വബ്‌റാളിയോട് ശുപാര്‍ശ തേടലും ഇസ്തിഗാസ നടത്തലും അവരെക്കൊണ്ട് പുണ്യമെടുക്കലും കാണുവാന്‍ സാധ്യമല്ല. ക്വബ്‌റുകള്‍ സന്ദര്‍ശിച്ച വേളയില്‍ നബി ﷺ യോ അനുചരന്മാരോ ഇങ്ങനെ ചെയ്തതായി കാണുകയില്ല. ക്വബ്‌റുകള്‍ ആരാധിക്കപ്പെടുന്നത് ശക്തമായിത്തന്നെ എതിര്‍ക്കുകയാണ് നബി ﷺ ചെയ്തിട്ടുള്ളത്.

ഇത്തരം ശിര്‍ക്കന്‍ പ്രവണതകളെ പുരോഹിതന്മാര്‍ മതമാക്കി അവതരിപ്പിക്കുന്നത് അവരുടെ താല്‍ പര്യം നേടാനാണ്. മരണചിന്ത, പരലോകത്തെ ഓര്‍ക്കല്‍, മരണപ്പെട്ടയാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കല്‍ തുടങ്ങിയ, സന്ദര്‍ശനത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങളെ നിസ്സാരമാക്കലും ലക്ഷ്യങ്ങളില്‍ പെടാത്തവയെ ശ്രേഷ്ഠമാക്കി കാണിക്കലുമാണ് ലേഖകന്‍ നടത്തുന്നത്.  

 

അല്ലാഹു പറയുന്നു: ”(നബിയേ)പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കു. നിങ്ങളില്‍നിന്ന് ഉപദ്രവം നീക്കുവാനോ(നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല” (ക്വുര്‍ആന്‍ 17:56).

ദൈവമെന്ന് വാദിക്കുന്നില്ലെങ്കിലും അല്ലാഹുവിനോട് മാത്രം നടത്തേണ്ട പ്രാര്‍ഥന ആരോട്, എന്തിനോട് നടത്തിയാലും അത് അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ തന്നെയാണ്.

ഉമറി(റ)ന്റെ കാലഘട്ടത്തില്‍ തുസ്ത്തര്‍ പ്രദേശം വിജയിക്കപ്പെട്ടപ്പോള്‍ ദാനിയാല്‍ എന്നവരുടെ ക്വബ്ര്‍ തുറക്കപ്പെടുകയുണ്ടായി. ജനങ്ങള്‍ അതുമുഖേന പരീക്ഷിക്കപ്പെട്ട് ശിര്‍ക്കിലകപ്പെടുമോ എന്ന ഭയത്താല്‍ അവരത് തിരിച്ചറിയാതിരിക്കാന്‍വേണ്ടി പകലില്‍ വ്യത്യസ്തങ്ങളായ പത്ത് കുഴികള്‍ എടുക്കാനും രാത്രി അതിലൊന്നിലിട്ട് മൂടാനും എല്ലാ ക്വബ്‌റുകളും ഒരേ നിരപ്പാക്കാനും നിര്‍ദേശിക്കപ്പെടുകയുണ്ടായി. ഇമാം ബൈഹക്വി(റഹി) ‘ദലാഇലുന്നുബൂഅ’യിലും ഇബ്‌നു കഥീര്‍(റഹി) ‘അല്‍ബിദായ വന്നിഹായ’യിലും ഇബ്‌നു തൈമിയ്യ(റഹി) ‘അല്‍ ഇസ്തിഗാസ ഫി റദ്ദി അലല്‍ബക്‌രി’ എന്ന ഗ്രന്ഥത്തിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്.

പ്രമാണങ്ങള്‍ വിലക്കുകയും ഗൗരവമായി കാണുകയും ചെയ്ത വിഷയത്തിന് അവയെത്തന്നെ തെളിവാക്കാന്‍ ലേഖകന്‍ ഇവിടെ പെടാപാട് പെടുകയാണ്. കളവ് കെട്ടിച്ചമക്കലും ജനങ്ങള്‍ക്കിടയില്‍ തെറ്റുധാരണ പരത്തലും വലിയ അക്രമമാണ്.

അല്ലാഹു പറയുന്നു: ”അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയോ ചെയ്തവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? തീര്‍ച്ചയായും കുറ്റവാളികള്‍ വിജയം പ്രാപിക്കുകയില്ല” (ക്വുര്‍ആന്‍ 10:17).

സ്വൂഫീ പണ്ഡിതനായ അബുല്‍ഹസന്‍ നൂറുദ്ദീന്‍ അല്‍ബക്‌രിയുടെ ഇത്തരം ജല്‍പനങ്ങള്‍ക്ക് ഇബ്‌നു തൈമിയ്യ(റഹി) നല്‍കിയ മറുപടി ഇവിടെ ഏറെ പ്രസക്തമാണ്: ”മരണപ്പെട്ടതും മറഞ്ഞുകിടക്കുന്നതും- അത് നബിയാകട്ടെ, അല്ലാത്തവരാകട്ടെ; അവരോട് ചോദിക്കുക (ഇസ്തിഗാസ നടത്തുക) എന്നത് വിരോധിക്കപ്പെട്ട കാര്യമാകുന്നു എന്നതില്‍  പണ്ഡിതന്മാര്‍  ഏകോപിച്ചിട്ടുണ്ട്.”

”അല്ലാഹുവും റസൂലും കല്‍പിക്കാത്തതും, സ്വഹാബത്തില്‍നിന്നും താബിഉകളില്‍നിന്നും ആരും തന്നെ അനുവര്‍ത്തിക്കാത്തതും പ്രഗത്ഭരായ ഇമാമുമാരില്‍ ഒരാള്‍പോലും നല്ലതാണെന്ന്  പറഞ്ഞിട്ടില്ലാത്തതുമായ കാര്യമാണിതെന്ന് ദീനില്‍ അറിയപ്പെട്ടതാണ്.”

”വല്ല ആവശ്യമോ പ്രതിസന്ധിയോ ഉണ്ടായാല്‍ മുശ്‌രിക്കുകള്‍ മരിച്ചവരോടും മറഞ്ഞവരോടും ‘എന്റെ നേതാവേ, ഞാന്‍ നിങ്ങളിലേക്ക് ആവശ്യക്കാരനാണ്,’ അല്ലെങ്കില്‍ ‘എന്റെ ആവശ്യം നിറവേറ്റിത്തരണേ’ എന്നൊക്കെ പറഞ്ഞിരുന്നതുപോലെ സ്വഹാബത്തും താബിഉകളും  പറഞ്ഞിരുന്നില്ല.”

”നബി ﷺ യുടെ മരണശേഷം സ്വഹാബത്തില്‍നിന്ന് ആരുംതന്നെ അദ്ദേഹത്തോടോ മറ്റു നബിമാരോടോ ക്വബ്‌റിലുള്ളവരോടോ വിദൂരതയിലുള്ളവരോടോ ഇസ്തിഗാസ ചെയ്തിട്ടില്ല. മുശ്‌രിക്കുകളോടുള്ള യുദ്ധ സന്ദര്‍ഭങ്ങളില്‍ ഒരുപാട് പ്രയാസങ്ങള്‍ അവര്‍ക്ക് നേരിടേണ്ടിവന്നിട്ടുപോലും അവര്‍ നബിയോടോ മറ്റു സൃഷിടികളോടൊ ഇസ്തിഗാസ നടത്തിയില്ല. അല്ലാഹുവിന് പുറമെ മറ്റുള്ള ആളുകളെക്കൊണ്ട്  സത്യം ചെയ്തിട്ടുമില്ല. അമ്പിയാക്കളുടെ ക്വബ്‌റിങ്ങല്‍ ചെന്ന്  പ്രാര്‍ഥിക്കുകയോ നമസ്‌കരിക്കുകയോ പോലും  ചെയ്തിട്ടില്ല” (അല്‍ ഇസ്തിഗാസഃ ഫീ റദ്ദി അലല്‍ ബക്‌രി/പേജ് 222,223).

ലേഖകന്‍ വീണ്ടും എഴുതുന്നു: ”മഹാന്മാരുടെ ഖബര്‍ സിയാറത്ത് ചെയ്യുന്നതിലൂടെ ഭൗതികവും പാരത്രികവുമായ നിരവധി നേട്ടങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. പാപികളുടെ ദോഷം പൊറുക്കപ്പെടാന്‍ നബി ﷺ യെ സമീപിക്കല്‍ അല്ലാഹു പ്രത്യേകം കല്‍പിക്കുന്നുണ്ട്. പാപമോചനത്തിനായി അല്ലാഹുവോട് ശിപാര്‍ശ പറയാന്‍ തിരുനബി ﷺ യോട് ആവശ്യപ്പെടുന്നതും അവിടുന്ന് അവര്‍ക്ക് വേണ്ടി ശിപാര്‍ശ പറയുന്നതും പാപം പൊറുത്തുകിട്ടാനുള്ള കാരണങ്ങളാണ്. അല്ലാഹു പറയുന്നു: ‘അവര്‍ സ്വശരീരങ്ങളെ അക്രമിച്ച അവസരത്തില്‍ അവര്‍ അങ്ങയുടെ സന്നിധിയില്‍ വന്ന് അല്ലാഹുവോട് പൊറുക്കലിനെ തേടുകയും റസൂല്‍ അവര്‍ക്കുവേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നെങ്കില്‍ ഏറ്റവും തൗബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവെ അവര്‍ എത്തിക്കുമായിരുന്നു’ (നിസാഅ് 64). വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ ലോകാവസാനം വരെയുള്ള വിശ്വാസികള്‍ക്ക് ബാധകമാണെന്നത് അവിതര്‍ക്കിതമാണല്ലോ. പക്ഷേ, കണ്ണടച്ച് ഇരുട്ടാക്കുക എന്നതാണല്ലോ പുത്തന്‍ വാദികളുടെ നയം. അതുകൊണ്ട് ഈ ആയത്തിനെതിരെയും ചില ആക്ഷേപങ്ങള്‍ അവര്‍ ഉന്നയിക്കാറുണ്ട്”(പേജ് 17,18).

ഒരു ദിവസം നൂറിലധികം തവണ അല്ലാഹുവിന്റെ മുമ്പില്‍ പാപമോചനം നടത്തിയ നബി ﷺ യുടെ പേരിലാണ് ഈ ദുഷ്പ്രചാരണം എന്നറിയുക. എത്ര സമര്‍ഥമായാണ് ഇദ്ദേഹം സത്യം മറച്ചുവെക്കുന്നത്! പാപമോചനത്തെക്കുറിച്ച് അല്ലാഹു പറയുന്നു:

”വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോടുതന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്)പ്രവര്‍ത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍” (ക്വുര്‍ആന്‍ 3:135).

മൂസാനബി(അ)യുടെ പ്രാര്‍ഥന ക്വുര്‍ആന്‍ പഠിപ്പിക്കുന്നു: ”അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു” (ക്വുര്‍ആന്‍ 28:16).

ലേഖകന്‍ ഈ വചനത്തിന്റെ അവതരണ പശ്ചാത്തലത്തെ മറച്ചുവെച്ചു എന്നത് ശ്രദ്ധേയമാണ്. അന്‍സ്വാരിയായ ഒരു സ്വഹാബിയും ഒരു ജൂതനും തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ നബി ﷺ ജീവിച്ചിരിക്കെ ജൂതനായ കഅബ്ബ്‌നു അശ്‌റഫിലേക്ക് വിധിതേടി പോയതിലെ അപകടത്തെ ബോധ്യപ്പെടുത്തിക്കൊടുത്തതാണ് സംഭവം. ഇത് സമൂഹത്തിന് വിശദീകരിച്ച് കൊടുക്കുന്നവരെ ‘ആയത്തിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍’ എന്ന് കുറ്റപ്പെടുത്തുന്നത് അക്രമമല്ലേ? ദുര്‍വ്യാഖ്യാന മികവ് ഒന്നുകൂടി തെളിയിച്ചു എന്നല്ലാതെ ഈ ആയത്തിന് ഇസ്തിഗാസയുമായി യാതൊരു ബന്ധവുമില്ല. തങ്ങളുടെ പിഴച്ചവാദം സ്ഥാപിച്ചെടുക്കാന്‍ ഈ ആയത്തിനെ തിരുത്തുകവരെ ചെയ്തവരാണിവര്‍.

നബി ﷺ ജീവിച്ചിരിപ്പുള്ളതിനാല്‍ അനിവാര്യമായും ചെയ്യേണ്ടിയിരുന്ന ഈ കാര്യമാണ് ഇവര്‍ക്ക് തെളിവെങ്കില്‍ അതനുസരിച്ച് മരണപ്പെട്ടവരോട് സഹായം തേടലിന്റെയും വിധി നിര്‍ബന്ധമാണെന്ന് പ്രഖ്യാപിക്കാന്‍ തയ്യാറാകുമോ?  

ഈ ആയത്തിനെ വിശദീകരിച്ച അഹ്‌ലുസ്സുന്നയുടെ ഇമാമുമാര്‍ ആരും കണ്ടെത്താത്ത ഒരു തെളിവ് ലേഖകന്‍ കണ്ടെത്തി എന്നത് വിചിത്രം തന്നെ. ഇമാമുമാരായ നവവി(റഹി), ഇബ്‌നു ഖുദാമ(റഹി), ഇബ്‌നു കഥീര്‍(റഹി) എന്നിവര്‍ ഒരു ‘സംഘം പറഞ്ഞു,’ ‘ഉദ്ധരിക്കപ്പെട്ടു’എന്നീ അസ്വീകാര്യതയെ അറീയിക്കുന്ന രൂപത്തില്‍ പറഞ്ഞ, തീര്‍ത്തും ദുര്‍ബലമായ സംഭവത്തെയാണ് ഈ ആയത്തിന്റെ കൂടെ ഇവര്‍ ഉയര്‍ത്തിക്കാണിക്കാറുള്ളത്. അവരാരുംതന്നെ അതിനെ ആധാരമാക്കി ഇത് നബി ﷺ യോടുള്ള ഇസ്തിഗാസയാണ് എന്ന് വിശ്വസിപ്പിക്കാന്‍ ഒരു വാക്കുകൊണ്ട് പോലും ശ്രമിച്ചിട്ടില്ല. അവരാരും ഈ ശിര്‍ക്ക് ചുമക്കുന്നവരുമല്ല.

ഉദ്ധരിച്ചവര്‍ തന്നെയും സ്വീകാര്യത ഉറപ്പിക്കാത്ത ഒരു കഥയെ മുന്‍നിര്‍ത്തി ജനങ്ങളെ സത്യനിഷേധത്തിലേക്കും വഴികേടിലേക്കും നയിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? പ്രമാണങ്ങളില്‍ സ്ഥിരപ്പെടാത്തത് ആരുടെ വാക്കിലുണ്ടെങ്കിലും അത് എടുക്കേണ്ടതില്ലെന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഭിന്നാഭിപ്രായമില്ലല്ലോ.

ഇമാം അബൂഹനീഫ(റഹി) പറയുന്നു: ”പ്രവാചകനില്‍നിന്നും സ്വഹാബത്തില്‍നിന്നും ഹദീഥ് വന്നെത്തിയാല്‍ അതിനെ നിങ്ങള്‍ (നിസ്സംശയം) കണ്ണടച്ച് സ്വീകരിച്ചുകൊള്ളുക. താബിഉകളില്‍നിന്ന് നിങ്ങള്‍ക്ക് വല്ലതും വന്നെത്തിയാല്‍ (അപ്രകാരം പാടില്ല), കാരണം അവര്‍ നമ്മെപോലെയുള്ളവര്‍ തന്നെയാകുന്നു.”

ഇമാം  മാലിക്(റഹി) നബി ﷺ യുടെ ക്വബ്ര്‍ ചൂണ്ടിക്കാണിച്ചു പറഞ്ഞു: ”ഈ ക്വബ്‌റിന്റെ ഉടമയുടെതല്ലാതെ മറ്റാരുടെ അഭിപ്രായങ്ങളിലും  തള്ളപ്പെടേണ്ടതുണ്ടാകും.”

ഇമാം ശാഫിഈ(റഹി) പറഞ്ഞു: ”ഒരാള്‍ക്ക് പ്രവാചകന്റെ സുന്നത്ത്  വ്യക്തമായാല്‍  മറ്റൊരാളുടെ അഭിപ്രായത്തിന് വഴങ്ങി ആ സുന്നത്തിനെ ഒഴിവാക്കല്‍ അയാള്‍ക്ക് അനുവദനീയമല്ലെന്നതില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ട്.”

ഇമാം അഹ്മദുബ്‌നു ഹമ്പല്‍(റ)പറഞ്ഞു: ”പരമ്പരയും സ്വീകാര്യതയും വ്യക്തമായിട്ടും സുഫ്‌യാന്‍ എന്ത് പറഞ്ഞു എന്ന് നോക്കുന്നവരുടെ കാര്യം അത്ഭുതകരം തന്നെ! അല്ലാഹു പറയുന്നു:

”ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും (ഫിത്‌ന) വന്നുഭവിക്കുകയോ, വേദനയേറിയശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ” (ക്വുര്‍ആന്‍ 24:63). ഇവിടെ ‘ഫിത്‌ന’ എന്നത് ശിര്‍ക്കാകുന്നു. പ്രവാചക വചനത്തെ ആരെങ്കിലും നിരാകരിച്ചാല്‍ അതുമൂലം അവന്റെ ഹൃദയത്തില്‍ വ്യതിചലനത്തിന്റ ഒരംശം സംഭവിക്കുകയും അത് അവനെ നാശത്തിലേക്ക് നയിക്കുകയും ചെയ്യും.”

സ്വഹാബത്തിന്റെയും താബിഉകളുടെയും പേരില്‍ ലേഖകന്‍ അവാസ്തവം എഴുതിടുന്നത് കാണുക: ”ആവശ്യനിര്‍വഹണത്തിനു വേണ്ടി സ്വഹാബത്തും താബിഉകളും ഖബര്‍ സിയാറത്ത് നടത്തിയിരുന്നതായി പ്രമാണങ്ങള്‍ പഠിപ്പിക്കുന്നുണ്ട്” (പേജ്,18)

 ഉത്തമ തലമുറയില്‍പെട്ടവരെ ആക്ഷേപിച്ചതുകൊണ്ടോ തെൡവില്ലാത്ത കാര്യം പറയുന്നതുകൊണ്ടോ ശിര്‍ക്ക് തൗഹീദാവില്ല. സ്വീകരിക്കപ്പെടാവുന്ന ഒരു സംഭവം പോലും ഇതിന് തെളിവായി ഉദ്ധരിക്കാന്‍ സാധ്യമല്ല.

അല്ലാഹു പറയുന്നു: ”അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കാത്തവര്‍ തന്നെയാണ് കള്ളം കെട്ടിച്ചമയ്ക്കുന്നത്. അവര്‍ തന്നെയാണ് വ്യാജവാദികള്‍” (ക്വുര്‍ആന്‍ 16:105).

ലേഖകന്‍ തുടരുന്നു: ”ഇമാം ശാഫിഈ(റ) തന്റെ ആവശ്യനിര്‍വഹണത്തിനായി ഇമാം അബൂഹനീഫ(റ)യുടെ ഖബ്‌റിങ്കല്‍ വന്ന് അവിടുത്തെ മധ്യവര്‍ത്തിയാക്കി പ്രാര്‍ഥിക്കാറുണ്ടായിരുന്നു” (പേജ് 18).

ഈ കഥ മുക്‌റം ഇബ്‌നു അഹ്മദ് തന്റെ ‘മനാഫക്വിബു അബീഹനീഫ’ എന്ന ഗ്രന്ഥത്തിലും (ഇത് ധാരാളം കളവുകള്‍ നിറഞ്ഞ ഗ്രന്ഥമാണെന്ന് ഇമാം ബൈഹക്വി പറഞ്ഞിട്ടുണ്ട്) ഖതീബുല്‍ ബാഗ്ദാദി അദേഹത്തിന്റെ താരീഖു ബാഗ്ദാദിലും ഉദ്ധരിച്ചതാണ്. ഇതിന്റെ പരമ്പരയിലുള്ള ഉമര്‍ ഇബ്‌നു ഇസ്ഹാക്വ്അറിയപ്പെടാത്ത വ്യക്തിയാണ്. അലിയ്യുബ്‌നു മൈമൂന്‍ ഇമാം ശാഫിഈ(റ)യില്‍നിന്ന് ഇത് കേട്ടു എന്ന് ആരും സ്ഥിരപ്പെടുത്തിയിട്ടില്ല.

മാത്രവുമല്ല; ഹിജാസ്, യമന്‍, മിസ്വ്ര്‍, ശാം, ഇറാക്വ് എന്നീ നാടുകളില്‍ ഇമാം അബൂ ഹനീഫ(റഹി)യെക്കാള്‍ ശ്രേഷ്ഠരായവരുടെ ക്വബ്‌റുകള്‍ ഇമാം ശാഫിഈ(റഹി) കണ്ടിട്ടുണ്ട്. അവരെയൊന്നും അദ്ദേഹം മധ്യവര്‍ത്തികളാക്കി തേടിയതിന് തെളിവൊന്നുമില്ല. ഇബ്‌നു തൈമിയ്യ(റ)തന്റെ ഇക്വ്ത്തിദാഇല്‍ പറഞ്ഞു: ”നിശ്ചയം, ഇതുപോലുള്ളത് ഉദ്ധരിക്കുക ദീനും അറിവും കുറഞ്ഞവരാണ്.”

ലേഖകന്‍ തന്റെ എഴുത്ത് അവസാനിപ്പിക്കുന്നത് ഇങ്ങെനയാണ്: ”ഇങ്ങനെ സഹായം പ്രതീക്ഷിച്ച് മഹാത്മാക്കളുടെ ഖബ്‌റിടം സന്ദര്‍ശിച്ചത് ഇസ്‌ലാമിക ചരിത്രത്തില്‍ അനേകം കാണാന്‍ കഴിയും. പ്രമാണങ്ങള്‍ അതിന് പ്രചോദനം നല്‍കിയിട്ടേയുള്ളൂ” (പേജ് 18).

ആരാണ് സഹായം പ്രതീക്ഷിച്ച് മഹാത്മാക്കളുടെ ക്വബ്‌റിടം സന്ദര്‍ശിച്ചത്? പ്രവാചകനോ അനുചരന്മാരോ ചെയ്തിട്ടില്ല. ‘ആരെങ്കിലും’ ചെയ്തിട്ടുണ്ടെങ്കില്‍ അതെങ്ങനെ ഇസ്‌ലാമികമാകും? ഇസ്‌ലാമിക പ്രമാണങ്ങള്‍ പ്രചോദനം നല്‍കുന്നു എന്നത് തികച്ചും വ്യാജമാണ്. ശിയാ, സ്വൂഫി ചരിത്രത്തെയും വിശ്വാസങ്ങളെയും മതമാക്കാനും പരിശുദ്ധമാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലാം.

അല്ലാഹു പറയുന്നു: ”…പറയുക: അവന്‍ ഏകദൈവം മാത്രമാകുന്നു. നിങ്ങള്‍ (അവനോട്) പങ്ക് ചേര്‍ക്കുന്നതുമായി എനിക്ക് യാതൊരു ബന്ധവുമില്ല” (ക്വുര്‍ആന്‍ 6:19).

മൂസ സ്വലാഹി, കാര

നേർപഥം വാരിക 

അഫ്ഗാനിസ്ഥാന്‍: അമേരിക്കന്‍ അധിനിവേശത്തിന് ശേഷം

അഫ്ഗാനിസ്ഥാന്‍: അമേരിക്കന്‍ അധിനിവേശത്തിന് ശേഷം

സാമ്രാജ്യത്വത്തിന്റെ ശവപ്പറമ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്ക പത്തിമടക്കി പിന്‍വാങ്ങിയ  ഈ അവസരത്തില്‍ അഫ്ഗാനികള്‍ക്കിടയില്‍ നടത്തിയ പഠനങ്ങള്‍ അവിടുത്തെ മുസ്‌ലിംകള്‍ക്ക് മതത്തോടുള്ള അഭിനിവേശം വര്‍ധിച്ചുവരുന്നതായിട്ടാണ് സൂചിപ്പിക്കുന്നത്. മതബോധം, മൗലികവാദം എന്നിവയോട് അഫ്ഗാന്‍ ജനതക്കുള്ള ആവേശം ഇല്ലായ്മ ചെയ്ത് അവരില്‍ പാശ്ചാത്യ സംസ്‌കാരം കുത്തിനിറക്കാന്‍ വേണ്ടി അമേരിക്ക പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും അവരില്‍ മതത്തിന്റെ ചിഹ്നങ്ങളോടും കര്‍മങ്ങളോടും  ആചാരങ്ങളോടുമുള്ള ആദരവ് വര്‍ധിച്ചുവരുന്നതായിട്ടാണ് കാണപ്പെടുന്നത്.  

2001 ഒക്‌ടോബറില്‍ അമേരിക്ക അഫ്ഗാനില്‍ കാല്കുത്തിയ ഉടനെ അഫ്ഗാനികള്‍ തീവ്ര മതാന്ധതക്കെതിരെ പ്രതിഷേധിക്കുന്ന ചില പ്രകടനങ്ങള്‍ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ ആധിപത്യം ഏതാനും നാളുകള്‍ നീണ്ടുനിന്നാല്‍ അഫ്ഗാനികളുടെ മുസ്‌ലിം സംസ്‌കാരം മുച്ചൂടും മാറ്റാന്‍ കഴിയുമെന്ന് മനപ്പായസമുണ്ടവര്‍ ഇപ്പോള്‍ നിരാശരായിരിക്കയാണ്. കാരണം അഫ്ഗാനികള്‍ മതനിരാസ പ്രവണതകള്‍ കൈവിട്ട് വീണ്ടും മതാവേശത്തിലേക്ക് മടങ്ങിയിരിക്കുന്നു.

ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്ക അഫ്ഗാനില്‍ ആധിപത്യം ചെലുത്തിയ നാളുകളിലുള്ള അഫ്ഗാനികളും ഇന്നത്തെ അഫ്ഗാനികളും മനോഭാവത്തിലും കാഴ്ചപ്പാടിലും ഒരുപാട് വ്യത്യാസപ്പെട്ടിട്ടുണ്ട്. അന്ന് അമേരിക്ക അഫ്ഗാന്‍ മലമടക്കുകള്‍ക്കിടയില്‍ വമ്പിച്ചതോതില്‍ ആയുധം ഉപയോഗിച്ചിരുന്നു. ഇത് അവിടുത്തെ മതവിശ്വാസികള്‍ക്കിടയില്‍ അല്‍പം ഭീതി പരത്തുകയും മതചിഹ്നങ്ങള്‍ മുറുകെപിടിക്കാന്‍ അവര്‍ ശങ്കിക്കുകയും ചെയ്തിരുന്നു. അതുപോലെ അന്ന് അഫ്ഗാന്‍ നഗരങ്ങളില്‍ മതഭ്രാന്തിനെതിരെയുള്ള ചില പ്രകടനങ്ങള്‍ അരങ്ങേറാന്‍ കാരണം താലിബാന്‍ ഭരണകൂടത്തിന്റെ ചില തെറ്റായ നിയമനടപടികളായിരുന്നു. അതോടൊപ്പം അഫ്ഗാനിലെ, മതാചരങ്ങള്‍ മുറുകെ പിടിക്കുന്നവരോട് അമേരിക്കന്‍ ഭടന്മാര്‍ ആക്രോശങ്ങളും ഭീഷണികളുമായി അല്‍പം ക്രൂരമായിട്ടാണ് പെരുമാറിയിരുന്നത്.

താലിബാന്‍ ഭരണാധികാരികളുടെ തലതിരിഞ്ഞ നിലപാടുകളും തീവ്ര മത ചിന്തകളും യാഥാസ്ഥിതികരായ അഫ്ഗാനികളെ പോലും എതിരായി ചിന്തിക്കുന്ന പരുവത്തിലാക്കിയിരുന്നു.  കാബൂളിലും മറ്റ് അഫ്ഗാന്‍ നഗരങ്ങളിലും സ്ത്രീകള്‍ മുഖാവരണമില്ലാതെ പ്രകടനം നടത്തിയതും  മതവിശ്വാസം രൂഢമുലമായിട്ടില്ലാത്തവര്‍ തെരുവുകളില്‍ കള്ള് കുടിച്ച് കൂത്താടിയതും ഇത്തരം ഒരു പ്രതിഷേധത്തിന്റെ ഭാഗമാണ്.  ഈ പ്രവണത കണ്ട അധിനിവേശക്കാര്‍ ധരിച്ചത് അഫ്ഗാനികള്‍ ഇസ്‌ലാമിക സംസ്‌കാരം പരിത്യജിച്ച് പാശ്ചാത്യ സംസ്‌കാരം വാരിപ്പുണരുമെന്നാണ്. എന്നാല്‍ സ്ഥിതിഗതികള്‍ ശാന്തമായപ്പോള്‍ അഫ്ഗാനികള്‍ വീണ്ടും വിശ്വാസത്തിലേക്ക് തിരിച്ചുവരികയാണ് ചെയ്തത്.

അഫ്ഗാന്‍ ജനതയെ ഇസ്‌ലാമിക സംസ്‌കാരത്തില്‍നിന്ന് വ്യതിചലിപ്പിച്ച് അവരെ പാശ്ചാത്യവത്കരിക്കുന്നതിന് അമേരിക്ക താഴെ പറയുന്ന മാര്‍ഗങ്ങളാണ് സ്വീകരിച്ചത്:

1. സ്ത്രീകളുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിലുപരി അവരെ പാശ്ചാത്യ സംസ്‌കാരത്തിന്റെ വാഹകരാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് അമേരിക്ക ആദ്യമായി നടത്തിയത്. ഇത് ഒരളവോളം വിജയിക്കുകയും അധിനിവേശത്തിന്റെ ആരംഭഘട്ടത്തില്‍ സ്ത്രീകള്‍ ശിരോവസ്ത്രമില്ലാതെ അഫ്ഗാന്‍ തെരുവുകളില്‍ അലയാനുള്ള ധൈര്യം കാണിക്കുകയും ചെയ്തിരുന്നു.

2. വാര്‍ത്താമാധ്യമങ്ങളിലൂടെ അനിസ്‌ലാമിക സംസ്‌കാരം അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് പിന്നീട് അവര്‍ നടത്തിയത്. അഫ്ഗാനിലെ പ്രാദേശിക ഭാഷകളില്‍ റേഡിയോ സ്റ്റേഷനുകളും ടെലിവിഷന്‍ ചാനലുകളും ആരംഭിക്കുകയും അതില്‍ പാശ്ചാത്യ സംസ്‌കാരം പ്രചരിപ്പിക്കുന്ന പരിപാടികള്‍ നിരന്തരം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു. ഇരുപത്തിനാല് മണിക്കൂറും നീണ്ടുനില്‍ക്കുന്ന ഇത്തരം പരിപാടികളിലൂടെ അഫ്ഗാന്‍ ജനതയിലേക്ക് പടിഞ്ഞാറന്‍ സംസ്‌കാരം നുഴഞ്ഞുകയറാന്‍ തുടങ്ങി. വിവിധ ഭാഷകളിലൂള്ള സിനിമകളും സീരിയലുകളും അഫ്ഗാനിലെ പ്രാദേശിക ഭാഷകളിലേക്ക് ടബ് ചെയതുകെണ്ട് പ്രോഗ്രാമുകളുടെ ക്ഷാമം പരിഹരിക്കുകയും ചെയ്തു. ജനങ്ങള്‍ ഇത്തരം പരിപാടികള്‍ ദര്‍ശിച്ചാലും ഇല്ലെങ്കിലും ഇവയുടെ പ്രചാരണം ഇപ്പോഴും തുടരുകയാണ്.

3. താലിബാന്‍ ഭരണത്തിന് പകരമായി അമേരിക്കന്‍ പാവ സര്‍ക്കാര്‍ നിലവില്‍വന്നതോടുകൂടി അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങളിലെല്ലാം മദ്യം സുലഭമായി. അമേരിക്കന്‍ പട്ടാളക്കാരുടെ ആവശ്യത്തിന് എന്നു പറഞ്ഞാണ് ബാറുകള്‍ തുടങ്ങിയിരുന്നതെങ്കിലും പിന്നീട് അത് പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാകാന്‍ തുടങ്ങി

4. വിദ്യാഭ്യാസരംഗത്ത് പടിഞ്ഞാറന്‍ സംസ്‌കാരത്തെ കുടിയിരുത്താന്‍വേണ്ടി കലാലയങ്ങളിലും കോളെജുകളിലും ലിംഗ വേര്‍തിരിവ് ഒഴിവാക്കുകയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഇടപഴകാന്‍ അവസരമൊരുക്കുകയും ചെയ്തു. അതോെടാപ്പം സിലബസ്സില്‍ നിലവിലുണ്ടായിരുന്ന മതാധ്യാപനങ്ങള്‍ വെട്ടിച്ചുരുക്കുകയോ അല്ലെങ്കില്‍ പാടെ നിര്‍മാര്‍ജനം ചെയ്യുകയോ ചെയ്തു. മതപണ്ഡിതന്മാര്‍ പിന്തിരിപ്പന്മാരും തീവ്രവാദികളുമാണെന്നുള്ള ഒരു സന്ദേശവും ഇക്കൂട്ടത്തില്‍ അവര്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയുണ്ടായി. വിദ്യാര്‍ഥികള്‍ക്കിടയില്‍ കല, കായിക, സിനിമ രംഗങ്ങളിലുള്ള താരാരാധന സന്നിവേശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളും നടപ്പിലാക്കുകയുണ്ടായി.

5. മതപരമായ പഠനങ്ങളില്‍നിന്നും ചിന്തകളില്‍നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാന്‍വേണ്ടി ആധുനിക, ഉത്തരാധുനിക, സാഹിത്യ, ദാര്‍ശനിക പാഠഭാഗങ്ങള്‍ അവര്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. സ്ത്രീ പുരുഷ സമത്വം, സര്‍വമത സത്യവാദം തുടങ്ങിയ ആശയങ്ങളുടെ പ്രചാരണങ്ങളും തകൃതിയായി നടപ്പില്‍ വരുത്തി. അതോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ സുവിശേഷപ്രവര്‍ത്തകര്‍ക്ക് അവരുടെ ആശയപ്രചാരണത്തിന് വേണ്ട അവസരങ്ങള്‍ തുറന്നുകൊടുത്തു. അതോടെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുള്ള സുവിശേഷകരും അഫ്ഗാന്‍ മണ്ണില്‍ നിരങ്ങാന്‍ തുടങ്ങി. പൊതുവെ ദാരിദ്ര്യം കൊണ്ടും രോഗങ്ങള്‍ കൊണ്ടും പരീക്ഷിക്കപ്പെട്ടിരുന്ന അഫ്ഗാനികളെ വേണ്ടപോലെ ചൂഷണം ചെയ്യാനും  ചില സാധുക്കളെ മതപരമായി പരിവര്‍ത്തിപ്പിക്കാനും ഈ സുവിശേഷകര്‍ക്ക് സാധ്യമാകുകയുണ്ടായി. ഇത്തരം മതപരിത്യാഗകള്‍ക്ക് ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്ന ശിക്ഷ നടപ്പിലാക്കുന്നതിന്റെ മുമ്പായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇടപെടുകയും അവരെ അവിടുത്തെ ജയിലുകളിലേക്ക് മാറ്റുകയും ചെയ്യാറാണ് പതിവ്. യൂറോപ്യന്‍ രാജ്യങ്ങളിലെ സുഖജീവിതം സ്വപ്‌നം കാണുന്നവരെ മതപരിപരിത്യാഗത്തിന് പ്രേരിപ്പിക്കുക എന്ന ഒരു നിഗൂഢ ലക്ഷ്യവും കൂടി ഇതിന്റെ പിന്നിലുണ്ട്.

പേരിന് പോലും ഒരു ക്രിസ്ത്യാനി ഇല്ലാതിരുന്ന അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ ഔദ്യോഗിക അംഗീകാരമുള്ള മൂന്ന് ക്രിസ്തീയ ദേവാലായങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ് അധിനിവേശം കൊണ്ട് അഫ്ഗാന്‍ മണ്ണിലുണ്ടായ ഏറ്റവും ശ്രദ്ധേയമായ മാറ്റം. ഇത്തരത്തിലുള്ള ചില മാറ്റങ്ങള്‍ അഫ്ഗാനിലുണ്ടാക്കിത്തീര്‍ക്കാന്‍ അധിവേശക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല. നമ്മുടെ ആളുകളെല്ലാത്തവരെല്ലാം നമ്മുടെ ശത്രുക്കള്‍ എന്ന ജോര്‍ജ് ബുഷിന്റെ വീക്ഷണം നടപ്പിലാക്കിയത് കൊണ്ട് അധിനിവേശത്തിന്റെ ആദ്യഘട്ടത്തില്‍ ആരുംതന്നെ ഇത്തരത്തില്‍ പാശ്ചാത്യ ലോബി കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നത് തടഞ്ഞിരുന്നില്ല. എന്നാല്‍ ഭീകരവാദിയായി മുദ്രകുത്തുമോ എന്ന ഭീതി അല്‍പാല്‍പമായി മറനീങ്ങുകയും ജനങ്ങള്‍ അവരുടെ നൈസര്‍ഗികതയിലേക്ക് തിരിച്ചുവരികയും ചെയ്തതോടുകൂടിയാണ് അധിനിവേശം സൈനിക രംഗത്ത് മാത്രമല്ല മത, സാംസ്‌കാരിക രംഗത്തേക്ക് കൂടി പടര്‍ന്ന് പിടിച്ചിട്ടുണ്ടെന്ന് എന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് വന്നത്.

മതനിയമങ്ങള്‍ മുറുകെപിടിക്കുന്നവരാണ് എന്നും അധിവേശക്കരുടെ ഉറക്കംകെടുത്തിയിട്ടുള്ളത്. എന്നാല്‍ അഫ്ഗാനികള്‍ ഭീകരമുദ്ര ഭയപ്പെട്ട് ബാഹ്യമായ മതചിഹ്നങ്ങള്‍ വെടിഞ്ഞതോടെ അമേരിക്കക്ക് ആശങ്ക മാറുകയും അവര്‍ കൂടുതല്‍ സൗഹൃദത്തോട് കൂടി അഫ്ഗാനികളോട് പെരുമാറാന്‍ തുടങ്ങുകയും ചെയ്തു. ഈ ഊഷ്മളമായ സൗഹൃദാന്തരീക്ഷം അഫ്ഗാനികളെ വീണ്ടും മതത്തിന്റെ ശീതളഛായയിലേക്ക് തിരച്ചുകൊണ്ടുവരികയും അവരില്‍ ഇപ്പോള്‍ കാണുന്ന തരത്തിലുള്ള അനേകം പരിവര്‍ത്തനങ്ങളുണ്ടാക്കുകയും ചെയ്തു.

അധിനിവേശത്തിന്റെ ആരംഭത്തില്‍ അഫ്ഗാനിസ്ഥാനിലെ പള്ളികളില്‍ ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നവരുടെ എണ്ണം താരതമ്യേന കുറവായിരുന്നു. എന്നാല്‍ ഇന്ന് ധാരാളം ചെറുപ്പക്കാര്‍ പള്ളികളില്‍ സജീവമാകുകയും വെള്ളിയാഴ്ചകളില്‍ ഖത്വീബുമാര്‍ സാമൂഹ്യപ്രശ്‌നങ്ങള്‍ തങ്ങളുടെ പ്രസംഗങ്ങളില്‍ ഉള്‍പെടുത്തുകയും, മത-സാമൂഹ്യ രംഗത്ത് മുസ്‌ലിംകള്‍ നിറസാന്നിധ്യമായി മാറുകയും ചെയ്തിട്ടുണ്ട്. അമേരിക്കക്കാര്‍ അഫ്ഗാന്‍മണ്ണില്‍ കാലുകുത്തിയ നാളുകളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് പര്‍ദയോട് അലര്‍ജിയുണ്ടാകുകയും അവര്‍ അത് പരമാവധി ഒഴിവാക്കുകയും ഒരുപടി കൂടി മുന്നോട്ട് പോയി അങ്ങാടിയില്‍ ആണുങ്ങളുമായി ഇടപഴകുകയും അവരുമായി ഹസ്തദാനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് തലമറക്കാതെ നഗരങ്ങളില്‍ അലഞ്ഞുനടക്കുന്ന മുസ്‌ലിം സ്ത്രീകളുടെ എണ്ണം താരതമ്യേന കുറവാണ്.

മതപരമായ അഭിനിവേശം വര്‍ധിച്ചുവന്നതോടുകൂടി അഫ്ഗാനിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ ഇടകലരുന്ന കലാലയ കാമ്പസുകളിലേക്ക് കടന്നുചെല്ലാന്‍ വൈമനസ്യം കാണിക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വീണ്ടും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ക്ലാസുകളുള്ള കാബൂളിലെ സലാം സര്‍വകലാശാലയിലേക്ക് ഇപ്പേള്‍ വമ്പിച്ച വിദ്യാര്‍ഥി മുന്നേറ്റമാണുള്ളത്. മിക്‌സഡ് കാമ്പസുകളാണ് എന്നതുകൊണ്ട് മാത്രം രക്ഷിതാക്കള്‍ വിദ്യാര്‍ഥിനികളെ സര്‍വകലാശാലയിലേക്ക് അയക്കാന്‍ മടികാണിച്ചിരുന്നു. സലാം സര്‍വകാലാശാലയിലേക്കുള്ള വിദ്യാര്‍ഥികളുടെ തള്ളിക്കയറ്റം ഇസ്‌ലാമിക മൂല്യങ്ങളിലേക്കുള്ള അവരുടെ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത്.

അധിനിവേശത്തിന്റെ ആദ്യനാളുകളില്‍ ആളുകളെ പാട്ടിലാക്കുന്ന അനേകം എഫ്എം നിലയങ്ങള്‍ അഫ്ഗാനില്‍ അരങ്ങുതകര്‍ത്തിരുന്നു. പാശ്ചാത്യ, ഇന്ത്യന്‍ സംഗീതങ്ങളായിരുന്നു അവയിലെ പ്രധാന പരിപാടികള്‍. അതിന് പുറമെ ശ്രോതാക്കള്‍ക്ക് നര്‍മ സല്ലാപം നടത്താനും ഈ നിലയങ്ങളില്‍ ധാരാളം അവസരങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ചില മതപരമായ പരിപാടികളുള്ള റോഡിയോ നിലയങ്ങള്‍ രംഗത്ത് വന്നതോടുകൂടി ജനങ്ങള്‍ വിനോദപരിപാടികളോട് വിടപറഞ്ഞ് മതവിജ്ഞാന പരിപാടികളിലേക്ക് ആകൃഷ്ടരാകാന്‍ തുടങ്ങി. കാബൂളില്‍നിന്ന് പ്രക്ഷേപണം ചെയ്യുന്ന സൗത്തുല്‍ ഇസ്വ്‌ലാഹ് എന്ന റേഡിയോ നിലയത്തിലെ പരിപാടികളോടുള്ള ശ്രോതാക്കളുടെ പ്രതികരണം ജനങ്ങള്‍ വിനോദ ഭ്രാന്തിനോട് വിടപറഞ്ഞ് വിവേകത്തിന്റെ പാതയിലേക്ക് തിരിച്ചുപോകാന്‍ തുടങ്ങിയതിന്റെ തെളിവാണ്.

മതമൗലികവാദ മുദ്രകുത്തപ്പെടുമെന്ന ഭയം കാരണം പലര്‍ക്കും മത വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ മടിയായിരുന്നു. എന്നാല്‍ ഈയടുത്ത കാലത്ത് ആ ഭയപ്പാട് നീങ്ങിയതുകൊണ്ട് അഫ്ഗാനില്‍ അനേകം ദീനീ സ്ഥാപനങ്ങല്‍ വളര്‍ന്നുവരുന്നുണ്ട്.

അഫ്ഗാനില്‍ മതപ്രസംഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതുവരെ ആളുകള്‍ക്ക് ഭയമായിരുന്നു. തെറ്റിദ്ധാരണയുടെ കാര്‍മേഘങ്ങള്‍ നീങ്ങിയതോടുകൂടി ആയിരങ്ങള്‍ പങ്കെടുക്കുന്ന മതവിജ്ഞാന വേദികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. സാധാരണ ജനങ്ങള്‍ക്ക് പോലും മനസ്സിലാകുന്ന ശൈലിയില്‍ അഫ്ഗാന്‍ മുസ്‌ലിംകളുടെ സാമൂഹിക, സാമ്പത്തിക, മതപരമായ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യപ്പെടുന്ന ചില സമ്മേളനങ്ങളില്‍ ഒരു ലക്ഷത്തോളം ആളുകള്‍വരെ പങ്കെടുക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

അമേരിക്ക കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ മതമൗലികവാദത്തിന്റെ വേരറുക്കാന്‍ ഇത്രയൊക്കെ പണിപ്പെട്ട് അധ്വാനിച്ചിട്ടും മത-ധാര്‍മിക രംഗത്ത് കൂടുതല്‍ മെച്ചപ്പെട്ട ഒരു അവസ്ഥയിലേക്കാണ് ആ ജനത നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് അമേരിക്കക്ക് അഫ്ഗാന്‍ മണ്ണിന്‍ അധിനിവേശ സംസ്‌കാരത്തിന്റെ വേരുറപ്പിക്കാന്‍ കഴിയാതെ പോയത്? പാശ്ചാത്യവത്കരണത്തിന് പ്രതിബന്ധമായി നിലനില്‍ക്കുന്നത് താഴെ പറയുന്ന കാരണങ്ങളാണ് നീരീക്ഷകര്‍ വിലയിരുത്തുന്നത്.

1. അഫ്ഗാനികളുടെ മനസ്സില്‍ ആഴത്തില്‍ വേരുന്നിയ മതബോധമാണ് പാശ്ചാത്യവത്കരണത്തിന്റെ വിജയത്തിന് വിഘാതമായത്.

2. ആയുധരംഗത്ത് അമേരിക്കയെ നേരിടാന്‍ അശക്തരായ അഫ്ഗാന്‍ ജനത സാംസ്‌കാരിക അധിനിവേശത്തെ ചെറുക്കാനെങ്കിലും തങ്ങള്‍ക്ക് ആവുന്നത് ചെയ്യാന്‍ മുന്നോട്ട് വന്നു

3. സൈനികരംഗത്ത് സമ്പൂര്‍ണമായി കീഴ്‌പെടുകയും സാംസ്‌കാരികരംഗത്ത് അടിയറവ് പറയാതിരിക്കാന്‍ പരമാവധി പരിശ്രമിക്കാനുമാണ് അഫ്ഗാനിലെ ഇസ്‌ലാമിക സംഘടനകള്‍ കാര്യമായി ആഹ്വാനം ചെയ്തത്. മുസ്‌ലിംകള്‍ ഈ ആഹ്വാനം ചെവിക്കൊണ്ടതിനാലാണ് അമേരിക്കക്ക് സാംസ്‌കാരികരംഗത്ത് അവരുടെ പദ്ധതികള്‍ വിജയിപ്പിക്കാന്‍ കഴിയാതിരുന്നത്.

ഡോ. ടി.കെ യൂസുഫ്

നേർപഥം വാരിക