ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 18)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 18)

(വെള്ളത്തിന്റെ) രണ്ടാമത്തെ ഉപമ ഇതാണ്; അല്ലാഹു പറയുന്നു: ”അല്ലെങ്കില്‍ (അവരെ) ഉപമിക്കാവുന്നത് ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്. ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന് അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്” (ക്വുര്‍ആന്‍ 2:19).

ആകാശത്തുനിന്ന് കുത്തിച്ചൊരിയുന്ന പേമാരിയുടെ ഉപമ. അതാണ് ഹൃദയങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന ക്വുര്‍ആനിന്റെ ഉപമ. മഴമൂലമാണല്ലോ ഭൂമിക്കും ജീവജാലങ്ങള്‍ക്കും സസ്യലതാദികള്‍ക്കും ജീവന്‍ നിലനില്‍ക്കുന്നത്. സത്യവിശ്വാസികള്‍ അത് ഗ്രഹിക്കുകയും അതുമുഖേന ലഭ്യമാക്കുന്ന ജീവനെക്കുറിച്ച് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ അതിനോടൊപ്പമുള്ള ഇടിയും മിന്നലും അവരെ അതില്‍നിന്ന് തടയുന്നില്ല. അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് എതിര് പ്രവര്‍ത്തിച്ചവര്‍ക്ക് താക്കീതായി നല്‍കിയ ശിക്ഷകളും നടപടികളും അവന്റെ താക്കീതുകളും ഭീഷണികളുമൊക്കെയാണ് ആ ഇടിയും മിന്നലും എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. തന്റെ ദൂതരെ കളവാക്കിയവര്‍ക്കുനേരെയാണ് അവന്‍ അത് ഇറക്കുക എന്ന് അവന്‍ അറിയിച്ചിട്ടുണ്ട്. അതല്ലെങ്കില്‍ അതില്‍ (ക്വുര്‍ആനില്‍) അടങ്ങിയിട്ടുള്ള ശക്തമായ കല്‍പനകള്‍, ശത്രുക്കളുമായുള്ള ധര്‍മയുദ്ധത്തില്‍ ഏര്‍പ്പെടല്‍, ദുരിതങ്ങളില്‍ സഹനമവലംബിക്കല്‍ മുതലായവയും മനസ്സുകള്‍ കൊതിക്കുന്നതിനെതിരായി അവയ്ക്ക് പ്രയാസകരമായ ചില കല്‍പനകളുമൊക്കെ ഇരുട്ടും മിന്നലും ഇടിയും പോലെയാണ്. എന്നാല്‍ മഴയുടെ പരിണതിയും അതുമൂലമുണ്ടാകുന്ന ജീവസുറ്റതായ നിരവധി നേട്ടങ്ങളുമൊക്കെ മനസ്സിലാക്കിയവരെ സംബന്ധിച്ചിടത്തോളം അവയോടൊന്നും അവര്‍ എതിര്‍പ്പോ വെറുപ്പോ അസന്തുഷ്ടിയോ പ്രകടിപ്പിക്കുകയില്ല. പ്രത്യുത അവരതില്‍ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും നല്ല പ്രത്യാശയിലായിരിക്കുകയും ചെയ്യും.

കപട വിശ്വാസിയാകട്ടെ; തന്റെ ഹൃദയത്തിന്റെ അന്ധത കാരണത്താല്‍ ഇരുട്ടിന്നപ്പുറമുള്ള യാതൊരു നന്മയും അയാള്‍ക്ക് കാണാന്‍ കഴിയുകയില്ല. കാഴ്ച തട്ടിയെടുക്കുന്ന മിന്നല്‍പിണറുകളും ഘോരമായ ഇരുട്ടും ഇടിമുഴക്കങ്ങളും മാത്രമെ അവന്‍ കാണുന്നുള്ളൂ. അതുകൊണ്ട്തന്നെ അവയെ അവന് പേടിയും വെറുപ്പുമാണ്. അതിനാല്‍ തന്റെ വിരലുകള്‍ ചെവിയില്‍ തിരുകി ഇടിമുഴക്കം കേള്‍ക്കാതിരിക്കാനും മിന്നല്‍പിണറുകളുടെ ശക്തമായ പ്രകാശം കാണാതിരിക്കാനുമാണ് അവന്‍ ആഗ്രഹിക്കുന്നത്. തന്റെ കാഴ്ചശക്തി നഷ്ടമാകുമോ എന്ന പേടിയാണയാള്‍ക്കുള്ളത്. കാരണം ആ പ്രകാശത്തിന്റെ മുന്നില്‍ ഉറച്ചുനില്‍ക്കാനുള്ള ശേഷി അവനോ അവന്റെ കണ്ണുകള്‍ക്കോ ഇല്ല. ശക്തമായ ഇടിമുഴക്കം കേട്ടുകൊണ്ട് അയാള്‍ ഇരുട്ടില്‍തന്നെ നില്‍ക്കുകയാണ്. കണ്ണുകളെ റാഞ്ചിയെടുക്കാന്‍ പാകത്തിലുള്ള മിന്നല്‍പിണറുകളാണ് അയാള്‍ കാണുന്നത്. അതില്‍നിന്ന് വല്ല വെളിച്ചവും കിട്ടിയാല്‍ അതിന്റെ അകമ്പടിയില്‍ മുന്നോട്ട് ഗമിക്കും. ആ വെളിച്ചം നഷ്ടമായാല്‍ എവിടേക്ക് പോകണമെന്നറിയാതെ പരിഭ്രമിച്ച് അന്തംവിട്ടു നില്‍ക്കും. അയാളുടെ വിവരക്കേടുകൊണ്ട് ശക്തമായ മഴയുടെ അനിവാര്യമായ സംഗതികളാണിവയൊക്കെയെന്ന വസ്തുത അയാള്‍ക്ക് ഗ്രഹിക്കാനാകുന്നില്ല. അതുമുഖേനയാണ് സസ്യലതാദികളും ഭൂമിതന്നെയും ജീവസ്സുറ്റതാകുന്നതെന്ന് അയാള്‍ അറിയുന്നില്ല. മറിച്ച് ഇടിയും മിന്നലും കൂരിരുട്ടും മാത്രമെ അയാള്‍ കാണുന്നുള്ളൂ. അങ്ങനെവരുമ്പോള്‍ അതിനോട് തികഞ്ഞ പേടിയും വെറുപ്പും അകല്‍ച്ചയുമൊക്കെ തോന്നല്‍ സ്വാഭാവികമാണ്.

എന്നാല്‍ ശക്തമായ മഴയോട് ഇണക്കവും പരിചയവുമുള്ള, അതിലൂടെ കൈവരുന്ന നന്മകളെക്കുറിച്ചും ഭൂമിയിലെ ജീവനെയും മറ്റു പ്രയോജനങ്ങളെയും പറ്റി ബോധമുള്ള ഏതൊരാള്‍ക്കും മഴയോടൊപ്പമുള്ള ഇടിയും മിന്നലും ഇരുട്ടും ഒന്നും പേടിപ്പെടുത്തുന്നതോ പരിചയമില്ലാത്തതോ അല്ല. അതിനാല്‍അതിന്റെ നന്മകളാര്‍ജിക്കുന്നതില്‍നിന്നും അയാളെ അതൊന്നും തടയുന്നുമില്ല

അല്ലാഹുവിന്റെ പക്കല്‍നിന്ന് മലക്ക് ജിബ്‌രീല്‍(അ) നബി ﷺ യുടെ ഹൃദയത്തിലേക്ക് ചൊരിഞ്ഞു കൊടുത്ത ആ പേമാരിയോട് തികച്ചും യോജിക്കുന്നതാണ് ഈ ഉപമ. അതുനിമിത്തമാണ് ഹൃദയങ്ങള്‍ക്കും സര്‍വസൃഷ്ടികള്‍ക്കും ജീവസ്സു ലഭിക്കുന്നത്. വെള്ളമായി പെയ്തിറങ്ങുന്ന മഴയോടൊപ്പം ഇടിയും മിന്നലുമൊക്കെയുള്ളതുപോലെ ഇതിലും സമാനമായ ചിലതൊക്കെ ഉണ്ടാകുമെന്നതാണ് പടച്ചവന്റെ യുക്തി.

ശക്തമായ ആ മഴയില്‍നിന്ന് കപടവിശ്വാസികള്‍ക്ക് ലഭിക്കാനുള്ളത് അതിന്റെ കാര്‍മേഘവും ഇടിയും മിന്നലും മാത്രമാണ്. അതിനപ്പുറമുള്ളതൊന്നും അവര്‍ക്കറിയില്ല. അതിനാല്‍ സത്യവിശ്വാസികള്‍ക്കുള്ളത് പോലെയുള്ള ഇണക്കവും അടുപ്പവുമല്ല അവര്‍ക്കുള്ളത്; പ്രത്യുത പേടിയും അപരിചിതത്വവുമാണ്. അറിവുള്ളവര്‍ക്ക് ലഭിക്കുന്ന നിര്‍ഭയത്വത്തിനും സമാധാനത്തിനും പകരം അവര്‍ക്ക് സന്ദേഹങ്ങളും സംശയങ്ങളുമായിരിക്കും ഉണ്ടാവുക. അറിവും ഉള്‍ക്കാഴ്ചയുമുള്ളവര്‍ക്ക് ദൃഢബോധ്യമുള്ള കാര്യങ്ങളില്‍ അവര്‍ക്ക് സംശയമാണ്. തീയിന്റെ ഉപമയില്‍ അവരുടെ കണ്ണുകള്‍ നട്ടുച്ചനേരത്തെ വവ്വാലിന്റെ കണ്ണുകളുടേത് പോലെയാണ്. വെള്ളത്തിന്റെ ഉപമയില്‍ അവരുടെ കാതുകളില്‍ ഇടിമുഴക്കം കാരണത്താല്‍ മരണപ്പെട്ടയാളുടെ കാതുപോലെയുമാണ് ഉള്ളത്. ചില ജീവികളെ സംബന്ധിച്ച് ഇടിമുഴക്കം കേള്‍ക്കുന്ന മാത്രയില്‍തന്നെ അവ മരിച്ചുപോകുമെന്ന് പറയാറുണ്ട്.

ഇവരുടെ ബുദ്ധിയിലും കണ്ണിലും കാതിലുമെല്ലാം പൈശാചികമായ വല്ല സംശയങ്ങളോ ആശയക്കുഴപ്പങ്ങളോ പിഴച്ച തോന്നലുകളോ ഭാവനകളോ ഒക്കെ എത്തിപ്പെട്ടാല്‍ അതങ്ങനെ പടര്‍ന്നുപന്തലിച്ച് വിശാലമാവുകയും അതിനെപ്പറ്റിയുള്ള വര്‍ത്തമാനങ്ങള്‍ അധികരിക്കുകയും അത് പാടിപ്രചരിപ്പിക്കുകയുമൊക്കെ ചെയ്യും. അപ്പോള്‍ കുറെയാളുകള്‍ ഇവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുകയും അത് സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് അതിന്റെ വക്താക്കളും സംരക്ഷകരുമായി മാറും. അങ്ങനെ അവരുടെ എണ്ണം വര്‍ധിപ്പിക്കുകയും പ്രചാരണം കൂട്ടുകയുമൊക്കെ ചെയ്യുമ്പോള്‍ അല്ലാഹുവിന്റെയും അവന്റെ ഇഷ്ടദാസന്മാരുടെയും അടുക്കല്‍ ഇക്കൂട്ടര്‍ നിന്ദ്യരും നിസ്സാരരുമായിരിക്കും.

ഇത്തരക്കാരുടെ (കപടവിശ്വാസികളുടെ) ഫിത്‌നകള്‍ ദൂരവ്യാപകവും അവരുടെ സംസാരങ്ങള്‍ മൂലം ഹൃദയങ്ങള്‍ക്കുണ്ടാകുന്ന ദോഷങ്ങള്‍ അനവധിയാണെന്നതിനാലും അവരുടെ കാപട്യത്തിന്റെ പുറംപൂച്ചുകള്‍ വലിച്ചുകീറി ഉള്ളുകള്ളികള്‍ വിശദമായിത്തന്നെ പറഞ്ഞുതന്നിട്ടുണ്ട് വിശുദ്ധ ക്വുര്‍ആന്‍. അവരുടെ ലക്ഷണങ്ങളും വാക്കുകളും പ്രവൃത്തികളുമെല്ലാം വ്യക്തമാക്കിത്തന്നിട്ടുമുണ്ട്. എത്രയോ തവണ ‘അവരുടെ കൂട്ടത്തിലുണ്ട് ചിലര്‍’ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അല്ലാഹു പറഞ്ഞുതന്നിട്ടുണ്ട്.

സൂറത്തുല്‍ ബക്വറയുടെ ആദ്യഭാഗത്ത് അല്ലാഹു സത്യാവിശ്വാസികളുടെയും അവിശ്വാസികളുടെയും കപടവിശ്വാസികളുടെയും വിശേഷണങ്ങള്‍ പറഞ്ഞു. സത്യവിശ്വാസികളുടെ സ്വഭാവ സവിശേഷതകള്‍ മൂന്ന് വചനങ്ങളിലായി പ്രതിപാദിച്ചു. അവിശ്വാസികളുടെ വിശേഷണങ്ങളാകട്ടെ രണ്ട് സൂക്തങ്ങളിലും. എന്നാല്‍ ഇക്കൂട്ടരെ (കപടവിശ്വാസികളെ) കുറിച്ച് പത്തിലധികം വചനങ്ങളില്‍ വിവരിക്കുകയുണ്ടായി. എന്തുകൊണ്ടെന്നാല്‍, ഇവരിലൂടെയുണ്ടായേക്കാവുന്ന ഫിത്‌നകളും അവരുമായി ഇടപഴകുന്നതിലൂടെ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളും അത്രമാത്രം ഗുരുതരവും ദൂരവ്യാപകവുമാണ്. കാരണം അവര്‍ കൂടെനിന്നുകൊണ്ട് ശത്രുക്കള്‍ക്ക് വേണ്ടി പണിയെടുക്കുന്ന ചതിയന്മാരും വഞ്ചകരുമാണ്. പ്രത്യക്ഷശത്രുവായ എതിരാളികള്‍ അങ്ങനെയല്ലല്ലോ!

ഈ രണ്ട് ഉപമകള്‍ക്കും സമാനമായ ഉപമകളാണ് സൂറതൂര്‍റഅ്ദില്‍ പറയപ്പെട്ട ഉപമകള്‍. അല്ലാഹു പറയുന്നു: ”അവന്‍ (അല്ലാഹു) ആകാശത്തുനിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങിനില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍നിന്നും അതുപോലുള്ള നുരയുണ്ടാകുന്നു. അതുപോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു” (ക്വുര്‍ആന്‍ 13:17).

ഈ ഉപമയും വെള്ളത്തിന്റെ ഉപമയാണ്. ഹൃദയങ്ങളുടെ ജീവസ്സിനായി അല്ലാഹു ഇറക്കിയ ദിവ്യസന്ദേശങ്ങളെ (വഹ്‌യിനെ) ആകാശത്തുനിന്ന് ഇറക്കിയ വെള്ളത്തോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. ആ ദിവ്യസന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട ഹൃദയങ്ങളെ, അഥവാ അതിന്റെ വാഹകരെ മലവെള്ളം പേറുന്ന താഴ്‌വാരകളോടും സാദൃശ്യപ്പെടുത്തി.

വലിയ മഹത്തരങ്ങളായ വിജ്ഞാനങ്ങളെ ഉള്‍ക്കൊള്ളുന്ന ഹൃദയം ധാരാളം വെള്ളം ഉള്‍ക്കൊള്ളുന്ന വലിയ താഴ്‌വര പോലെയാണ്. കുറഞ്ഞ വിജ്ഞാനങ്ങളുള്‍ക്കൊള്ളുന്ന കൊച്ചുഹൃദയം ചെറിയ താഴ്‌വര പോലെയും. ഹൃദയങ്ങള്‍ ഈ ദിവ്യ ബോധനമാകുന്ന വിജ്ഞാനത്തെ വഹിക്കുന്നത് ആ താഴ്‌വരകള്‍ മഴവെള്ളത്തെ പേറുന്നതുപോലെയാണ്.

താഴ്‌വരകളിലും വെള്ളമൊഴുകുന്ന ചാലുകളിലുമൊക്കെ ചണ്ടികളും ചവറുകളും പോലുള്ളവ വെള്ളത്തോടൊപ്പം ഒഴുകി നുരയും പതകളുമായി മീതെ പൊന്തിക്കിടക്കുന്നുണ്ടാവും. എന്നാല്‍ അതിന്റെ അടിയില്‍ ജീവസ്സുറ്റതാക്കുന്ന സ്വച്ഛമായ വെള്ളവുമുണ്ടാകും. ചണ്ടിയും പതകളുമൊക്കെ ഇരുവശങ്ങളിലേക്കായി തള്ളിമാറ്റപ്പെടുകയും നല്ലവെള്ളം അതിനടിയില്‍ നിലനില്‍ക്കുകയും അതുമുഖേന നാടിനും നാട്ടുകാര്‍ക്കും സസ്യങ്ങള്‍ക്കും മൃഗങ്ങള്‍ക്കുമൊക്കെ ഗുണം കിട്ടുകയും അവയെല്ലാം ജീവസ്സുറ്റതായി മാറുകയും ചെയ്യും. നുരയും പതയുമൊക്കെ ഗുണമോ നിലനില്‍പ്പോ ഇല്ലാതെ നശിച്ചുപോവുകയും ചെയ്യും.

അപ്രകാരമാണ് അല്ലാഹു വാനലോകത്തുനിന്ന് ഹൃദയത്തിലേക്കിറക്കിയ ശരിയായ ജ്ഞാനവും സത്യവിശ്വാസവും. ചില ഹൃദയങ്ങള്‍ അത് ഏറ്റെടുക്കുകയും അതുമായി കൂടിച്ചേരുകയും ചെയ്യുമ്പോള്‍ ദേഹേച്ഛകളും ആശയക്കുഴപ്പങ്ങളുമൊക്കെയാകുന്ന നുരകളും പതകളും മുകളില്‍ പൊങ്ങിക്കിടക്കുകയും ക്രമേണ നശിച്ചുപോവുകയും ചെയ്യും. സത്യവിശ്വാസവും സന്മാര്‍ഗവും ശരിയായ ജ്ഞാനവും ഹൃദയത്തിന്റെ അടിത്തട്ടില്‍ വേരുറക്കുകയും ചെയ്യും. അതാണ് ഈമാനിന്റെ അടിത്തട്ടും സങ്കേതവും. നബി ﷺ പറഞ്ഞതും അതാണല്ലോ:

”സത്യവിശ്വാസം ആളുകളുടെ ഹൃദയത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്നു” (ബുഖാരി, മുസ്‌ലിം).

ഈമാന്‍ (സത്യവിശ്വാസം) എന്നതിനു പകരം ‘അമാനത്ത്’ (വിശ്വസ്തത) എന്നാണ് ഹദീഥുകളില്‍ വന്നിട്ടുള്ളത്. ഇബ്‌നുല്‍ക്വയ്യിം (റഹി) പറഞ്ഞതുപോലെ ‘ഈമാന്‍’ എന്ന പദം ഹദീഥില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല-കുറിപ്പുകാരന്‍).

നുരയും പതയുമൊക്കെ അല്‍പാല്‍പമായി കെട്ടടങ്ങി പരിപൂര്‍ണമായും ഇല്ലാതാകും. എന്നാല്‍ ഉപകാരപ്രദമായ അറിവും നിഷ്‌കളങ്കവും സംശുദ്ധവുമായ സത്യവിശ്വാസവുമാകട്ടെ, അത് ഹൃദയത്തിന്റെ അടിത്തട്ടില്‍ അവശേഷിക്കും. അവിടെ ജനങ്ങള്‍ എത്തി ദാഹം തീര്‍ക്കുകയും കൃഷിയിറക്കുകയും ജലസേചനം നടത്തുകയും ചെയ്യും.

അബൂമൂസാ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം; നബി ﷺ പറയുന്നു: ”എന്നെ അല്ലാഹു നിയോഗിച്ചയച്ച സന്മാര്‍ഗത്തിന്റെയും ജ്ഞാനത്തിന്റെയും ഉപമ ഭൂമിയില്‍ പെയ്ത ഒരു മഴപോലെയാകുന്നു. അതില്‍ ഒരു പ്രദേശം വെള്ളത്തെ സ്വീകരിക്കുകയും ധാരാളം പുല്ലും ചെടികളും മുളപ്പിക്കുകയും ചെയ്ത സ്ഥലമാണ്. മറ്റൊരു പ്രദേശം വരണ്ടതും ഫലഭൂയിഷ്ടമല്ലാത്തതുമായ സ്ഥലമാണ്. അവിടെ കെട്ടിനിന്ന വെള്ളംകൊണ്ട് ആളുകള്‍ കൃഷിചെയ്യുകയും ജലസേചനം നടത്തുകയും ചെയ്തു. മറ്റൊരു പ്രദേശമാകട്ടെ വെള്ളം നില്‍ക്കാത്ത വിധം തീക്ഷ്ണമായ പ്രദേശമാണ്. അവിടെ വെള്ളംകെട്ടിനിന്നതുമില്ല; ചെടികള്‍ മുളക്കുകയും ചെയ്തില്ല. അപ്രകാരമാണ് അല്ലാഹുവിന്റെ ദീനില്‍ അറിവ് നേടിയ ആളുകളുടെ ഉപമ. എന്നെ അല്ലാഹു നിയോഗിച്ചയച്ച സന്മാര്‍ഗം അയാള്‍ക്കുപകരിച്ചു. അയാള്‍ അത് പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതിലേക്ക് ശ്രദ്ധകൊടുക്കാതിരിക്കുന്നവരാകട്ടെ, അവര്‍ അല്ലാഹു എന്നെ നിയോഗിച്ചയച്ച സന്മാര്‍ഗം സ്വീകരിച്ചില്ല.” (ബുഖാരി, മുസ്‌ലിം).

സന്മാര്‍ഗവും വിജ്ഞാനവുമായി ബന്ധപ്പെട്ട് ആളുകളെ മൂന്ന് വിഭാഗമാക്കിയാണ് നബി ﷺ ഈ ഹദീഥിലൂടെ പറഞ്ഞുതന്നത്. ഒന്നാമത്തെ വിഭാഗം അല്ലാഹുവിന്റെ ദൂതന്മാരുടെ അനന്തരാവകാശികളും പ്രവാചകന്മാരുടെ പിന്‍ഗാമികളുമാണ്. അവരാണ് മതാധ്യാപനങ്ങള്‍ പഠിച്ചും പ്രവര്‍ത്തിച്ചും അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും മറ്റുള്ളവരെ ക്ഷണിച്ചും ദീന്‍നിലനിര്‍ത്തുന്നവര്‍. ഇക്കൂട്ടരാണ് നബി ﷺ യുടെ യഥാര്‍ഥ അനുയായികള്‍. അവരാണ് ഒന്നാമത് പറഞ്ഞ നല്ല പ്രദേശത്തിന് സമാനമായവര്‍. വെള്ളം സ്വീകരിക്കുകയും ധാരാളം പുല്ലും ചെടികളും മുളപ്പിക്കുകയും ചെയ്ത ശുദ്ധമായ സ്ഥലത്തെപോലെ സ്വയം സംശുദ്ധരാവുകയും അവരിലൂടെ മറ്റുള്ളവരും വിശുദ്ധികൈവരിക്കുകയും ചെയ്തു.

ഇവര്‍ മതത്തില്‍ അറിവും ഉള്‍ക്കാഴ്ചയും നേടിയവരും ശക്തമായ പ്രബോധനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തവരാണ്. അതിനാലാണവര്‍ അല്ലാഹു ഇങ്ങനെ പറഞ്ഞ പ്രവാചകന്മാരുടെ അനന്തരാവകാശികളായത്:

”കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസന്‍മാരായ ഇബ്‌റാഹീം, ഇസ്ഹാക്വ്, യഅ്ക്വൂബ് എന്നിവരെയും ഓര്‍ക്കുക” (38:45).

അറിവും ഉള്‍ക്കാഴ്ചയുംകൊണ്ട് സത്യം ഗ്രഹിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കും. ശക്തിയും ശേഷിയുംകൊണ്ട് അത് മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കാനും പ്രയോഗവല്‍ക്കരിക്കാനും അതിലേക്ക് ക്ഷണിക്കുവാനുമൊക്കെ കഴിയുകയും ചെയ്യും. ഈ വിഭാഗത്തിന് നല്ല ഓര്‍മശക്തിയും ഗ്രാഹ്യശക്തിയും മതജ്ഞാനവും വിശദാംശങ്ങളെ കുറിച്ചുള്ള കാഴചപ്പാടുമൊക്കെയുണ്ടാവും. പ്രമാണങ്ങളില്‍നിന്ന് വിജ്ഞാനങ്ങളുടെ ആറുകള്‍ തീര്‍ക്കാന്‍ അവര്‍ക്ക് സാധിക്കും. അതില്‍നിന്ന് അറിവിന്റെ നിധിശേഖരങ്ങള്‍ കണ്ടെത്താനും കഴിയും. അവര്‍ പ്രത്യേകമായ ഒരുതരം ഗ്രാഹ്യത നല്‍കപ്പെട്ടവരാണ്. അലി(റ)യോട് ഒരാള്‍ ചോദിച്ചു: ‘മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാത്ത വല്ലതും നിങ്ങളോട് മാത്രമായി നബി ﷺ പറഞ്ഞിട്ടുണ്ടോ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഇല്ല, ധാന്യങ്ങളെ പിളര്‍ത്തിക്കൊണ്ട് വരികയും ജീവ ജാലങ്ങളെ പടക്കുകയും ചെയ്ത അല്ലാഹുവാണേ സത്യം! പ്രത്യുത അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ അവന്‍ ചിലര്‍ക്ക് നല്‍കുന്ന ഗ്രാഹ്യതയാണത്’ (ബുഖാരി).

ഈ ഗ്രാഹ്യത മഴപെയ്തശേഷം ആ പ്രദേശം ധാരാളം പുല്ലും ചെടികളും മുളപ്പിക്കുമെന്ന് പറഞ്ഞതിന്റെ സ്ഥാനത്താണ്. ഈയൊരു കാര്യംകൊണ്ടാണ് ഈ വിഭാഗക്കാര്‍ മറ്റുള്ളവരില്‍നിന്ന് വ്യതിരിക്തരാകുന്നത്. രണ്ടാം വിഭാഗക്കാരാകട്ടെ, അവര്‍ പ്രമാണങ്ങള്‍ ഹൃദിസ്ഥമാക്കുകയും കൃത്യത വരുത്തുകയും ചെയ്തവരാണ്. അവരുടെ മുഖ്യശ്രദ്ധ അതിലാണ്. അവരുടെ അടുക്കല്‍ ആളുകള്‍ ചെല്ലുകയും പ്രമാണങ്ങളുടെ വചനങ്ങള്‍ കൃത്യമായി ഉറപ്പുവരുത്തി അവരില്‍നിന്ന് സ്വീകരിക്കുകയും അതില്‍ നിന്നുള്ള തെളിവുകള്‍ മനസ്സിലാക്കുകയും അവയിലെ വിജ്ഞാനത്തിന്റെ നിധികള്‍ പുറത്തെടുക്കുകയും ചെയ്യുന്നു. അതിലാണ് അവരുടെ വ്യാപാരം. കൃഷിക്കനുയോജ്യമായ സ്ഥലത്ത് അത് അവര്‍ വിതയ്ക്കുകയും ചെയ്യുന്നു. ഓരോരുത്തത്തരും അവരവരുടേതായ മേഖലകളിലാണുള്ളത്.

ഇക്കൂട്ടരെ കുറിച്ചാണ് നബി ﷺ ഇപ്രകാരം പറഞ്ഞത്: ”എന്റെ വാക്കുകള്‍ ശ്രദ്ധിച്ച് കേള്‍ക്കുകയും എന്നിട്ടത് ഉള്‍ക്കൊണ്ട് കേട്ടതുപോലെത്തന്നെ മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്ത വ്യക്തിക്ക് അല്ലാഹു പ്രകാശം ചൊരിയട്ടെ! എത്രയെത്ര വിജ്ഞാനവാഹകരാണ് യഥാര്‍ഥ ഗ്രാഹ്യത ഇല്ലാതെയുള്ളത്. തന്നെക്കാള്‍ കൂടുതല്‍ ഗ്രാഹ്യതയുള്ളവരിലേക്ക് വിജ്ഞാനം കൊണ്ടുചെന്നെത്തിക്കുന്നവരും എത്രയോ ഉണ്ട്” (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്).

മഹാനായ ഇബ്‌നുഅബ്ബാസ്(റ); സമുദായത്തിലെ പണ്ഡിതകേസരി, ക്വുര്‍ആന്‍ വ്യാഖ്യതാവ് തുടങ്ങിയ അപദാനങ്ങളാല്‍ പ്രസിദ്ധനാണ് അദ്ദേഹം. നബി ﷺ യില്‍നിന്ന് അദ്ദേഹം കേട്ട് ഉദ്ധരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കേവലം ഇരുപതില്‍താഴെ മാത്രമാണ്. പക്ഷേ, അദ്ദേഹത്തിന് ഗ്രാഹ്യശേഷിയിലും തെളിവുകള്‍ നിര്‍ധാരണം ചെയ്യുന്നതിലുമൊക്കെ റബ്ബിന്റെ പ്രത്യേക അനുഗ്രഹം (ബറകത്ത്) ലഭിച്ചിരുന്നു. അങ്ങനെ ലോകം മുഴുക്കെ അദ്ദേഹത്തിന്റെ വിജ്ഞാനവും ഗ്രാഹ്യതയും സല്‍കീര്‍ത്തി നേടി.

അബൂമുഹമ്മദുബ്‌നു ഹസം(റഹി) പറയുന്നു: ‘ഇബ്‌നു അബ്ബാസി(റ)ന്റെ ഫത്‌വകള്‍ ബൃഹത്തായ ഏഴ് ഗ്രന്ഥങ്ങളില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു.’

(‘അല്‍ ഇഹ്കാം ഫീ ഉസ്വൂലില്‍ അഹ്കാം’ എന്ന ഗ്രന്ഥത്തില്‍ ഇബ്‌നുഹസം പറഞ്ഞത് ഖലീഫ മഅ്മൂനിന്റ പുത്രന്‍ അബൂബക്കര്‍ മുഹമ്മദുബ്‌നുമൂസ; ഇബ്‌നു അബ്ബാസി(റ)ന്റെ ഫത്‌വകളായി ഇരുപത് ഗ്രന്ഥങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട് എന്നാണ്. എന്നാല്‍ ഇബ്‌നുല്‍ ക്വയ്യിം ഇവിടെ ഉദ്ധരിച്ച വാചകം ഇബ്‌നു ഹസം ഹസനുല്‍ ബസ്വരിയെക്കുറിച്ച് പറഞ്ഞതാണ്. അല്‍ഇഹ്കാം 5/97 കാണുക. ഇബ്‌നുല്‍ ക്വയ്യിമിന്റെ ‘ഇഅ്‌ലാമുല്‍ മുവക്ക്വിഈന്‍’ 1/24 പരിശോധിക്കുക-കുറിപ്പുകാരന്‍). (അവസാനിച്ചില്ല)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 17)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 17)

അന്ത്യനാളില്‍ അല്ലാഹുവിനെ നഗ്‌നനേത്രങ്ങള്‍കൊണ്ട് കാണാന്‍ പറ്റുന്നതാണ്. എന്നാല്‍ കണ്ണുകൊണ്ടു കാണാന്‍ പറ്റിയാലും പൂര്‍ണമായും ഉള്‍ക്കൊണ്ട് ഗ്രഹിക്കാന്‍ (ഇദ്‌റാക്ക്) സാധിക്കുകയില്ല. പൂര്‍ണമായി ഗ്രഹിക്കല്‍ (ഇദ്‌റാക്ക്) കാഴ്ചക്ക് (റുഅ്‌യഃ) ഉപരിയായ സംഗതിയാണ്. ഉദാഹരണം പറഞ്ഞാല്‍; അല്ലാഹുവിനാണ് ഏറ്റവും ഉത്തമമായ വിവരണങ്ങളുള്ളത്.  സൂര്യനെ നമുക്ക് കാണാന്‍ പറ്റുന്നു. എന്നാല്‍ അതിന്റെ ശരിയായ രുപത്തില്‍ നമുക്കതിനെ ഗ്രഹിക്കാനാവുന്നില്ല. പൂര്‍ണമായ ഗ്രാഹ്യത പോയിട്ട് അതിനോട് അടുത്ത വിധത്തില്‍ പോലും കഴിയുന്നില്ല. ഇബ്‌നു അബ്ബാസ്(റ) അല്ലാഹുവിനെ കാണുന്നതിനെക്കുറിച്ച് (റുഅ്‌യഃ) തന്നോട് ചോദിച്ചയാളോട് ‘കണ്ണുകള്‍ അവനെ കണ്ടെത്തുകയില്ല’ എന്ന ക്വുര്‍ആന്‍ സൂക്തം (6:103) ഉദ്ധരിച്ചുകൊണ്ട് ചോദിച്ചു: ‘ആകാശത്തെ നീ കാണുന്നില്ലേ?’ അയാള്‍ പറഞ്ഞു: ‘അതെ.’ എന്നാല്‍ നിനക്കതിനെ പൂര്‍ണമായി ഗ്രഹിക്കാന്‍ കഴിയുന്നുണ്ടോ’ എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘ഇല്ല.’ ഇബ്‌നു അബ്ബാസ്(റ) പറഞ്ഞു: ‘അല്ലാഹുവാണ് ഏറ്റവും ഉന്നതനും മഹത്ത്വമുള്ളവനും’ (ഇബ്‌നു അബ്ബാസി(റ)ല്‍നിന്നുള്ള ഈ റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇക്‌രിമ(റ)യില്‍നിന്നും ഇതിന് സമാനമായ റിപ്പോര്‍ട്ടുകള്‍ ‘ത്വബ്‌രി’ തന്റെ തഫ്‌സീറിലും ഇബ്‌നു അബീആസിം തന്റെ ‘അസ്സുന്ന’യിലും ഉദ്ധരിക്കുന്നുണ്ട്).

അല്ലാഹു തന്റെ അടിമയുടെ ഹൃദയത്തില്‍ ഉണ്ടാക്കിക്കൊടുക്കുന്ന അവന്റെ പ്രകാശത്തിന് നല്ലൊരു ഉപമ അല്ലാഹു വിശദീകരിച്ചിട്ടുണ്ട്. ശരിയായ പണ്ഡിതന്മാരല്ലാതെ അത് ഗ്രഹിക്കുകയില്ല. അല്ലാഹു പറയുന്നു:

”അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം. അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രംപോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്കുഭാഗത്തുള്ളതോ പടിഞ്ഞാറുഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില്‍പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ” (ക്വുര്‍ആന്‍ 24:35).

ഉബയ്യുബ്‌നു കഅ്ബ്(റ) പറയുന്നു: ‘സത്യവിശ്വാസിയുടെ ഹൃദയത്തിലുള്ള അല്ലാഹുവിന്റെ പ്രകാശത്തിന്റെ ഉപമ’ (ഇതിന് സമാനമായ റിപ്പോര്‍ട്ട് ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് ഇമാം ത്വബ്‌രി ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ ഉബയ്യബ്‌നു കഅ്ബി(റ)ല്‍നിന്നും ഉദ്ധരിക്കുന്നതില്‍ ഇപ്രകാരമാണ് പറയുന്നത്: ‘അവന്റെ പ്രകാശത്തിന്റെ ഉപമ അഥവാ സത്യവിശ്വാസിയുടെ പ്രകാശത്തിന്റെ ഉപമ.’ അതായത് ‘അവന്റെ പ്രകാശം’ എന്നതിലെ സര്‍വനാമത്തെ ‘സത്യവിശ്വാസിയുടെ’ എന്നാണ് പറഞ്ഞത് കുറിപ്പുകാരന്‍).

അല്ലാഹു അവന്റെ ദാസന്മാരുടെ ഹൃദയത്തില്‍ അവനെക്കുറിച്ചുള്ള അറിവിന്റെയും സ്‌നേഹത്തിന്റെയും അവനിലുള്ള വിശ്വാസത്തിന്റെയും സ്മരണയുടെയും ഫലമായി നിക്ഷേപിക്കുന്ന പ്രകാശമാണിത്. അവന്റെ ഈ പ്രകാശം അവര്‍ക്ക് ഇറക്കിക്കൊടുത്താല്‍ അതുമുഖേന അവന്‍ അവരെ ജീവസ്സുറ്റതാക്കുകയും അതുകൊണ്ട് ജനങ്ങള്‍ക്കിടയിലൂടെ അവരെ നടത്തുകയും ചെയ്യും. അതിന്റെ അടിസ്ഥാനം അവരുടെ ഹൃദയത്തിലാണെങ്കിലും പിന്നീടത് ശക്തിപ്രാപിക്കുകയും അധികരിക്കുകയും ചെയ്യും. അങ്ങനെ അവരുടെ മുഖങ്ങളിലും അവയവങ്ങളിലും ശരീരത്തിലുമെല്ലാം അത് പ്രകടമാവുകയും ചെയ്യും. അവരുടെ വസ്ത്രങ്ങളിലും ഭവനങ്ങളിലും അത് പ്രതിഫലിക്കും. അവരുടെ അതേ തരത്തിലുള്ളവര്‍ക്ക് മാത്രമേ അത്  കാണാന്‍ കഴിയൂ. മറ്റുള്ളവരാകട്ടെ അത് നിഷേധിച്ചേക്കും.

എന്നാല്‍ അന്ത്യനാളില്‍ ഈ പ്രകാശം പ്രകടമാവുകയും ഇരുട്ട് മൂടിയ ആ പാലത്തിനു മുമ്പില്‍ അവര്‍ക്ക് വഴികാട്ടുന്ന പ്രകാശമായി അത് കൂടെയുണ്ടാവുകയും ചെയ്യും. അങ്ങനെ അവര്‍ക്ക് ആ പാലം മുറിച്ചുകടക്കാന്‍ കഴിയും. ഇഹലോകത്ത് അവരുടെ ഹൃദയങ്ങളില്‍ പ്രസ്തുത പ്രകാശത്തിനുണ്ടായിരുന്ന ശക്തിയും ദുര്‍ബലതയുമനുസരിച്ചായിരിക്കും അവിടെയും അതുണ്ടാവുക. ചിലരുടേത് സൂര്യനെ പോലെയും മറ്റു ചിലരുടേത്  ചന്ദ്രനെപോലെയും. വേറെ ചിലര്‍ക്ക് നക്ഷത്രത്തെ പോലെയും ചിലര്‍ക്ക് വിളക്ക് പോലെയും വ്യത്യസ്ത രൂപത്തിലായിരിക്കും അവിടെ പ്രകാശം നല്‍കപ്പെടുക. ചിലര്‍ക്ക് കാലിന്റെ പെരുവിരലില്‍ പ്രകാശം നല്‍കപ്പെടും; ഒരിക്കല്‍ പ്രകാശിക്കുകയും മറ്റൊരിക്കല്‍ അണഞ്ഞുപോവുകയും ചെയ്യുന്ന വിധത്തില്‍. ഇഹലോകത്ത് തങ്ങളുടെ പ്രകാശത്തിന്റെ സ്ഥിതി ഇപ്രകാരമാണെങ്കില്‍ അതേ തോതനുസരിച്ചായിരിക്കും പ്രസ്തുത പാലത്തിനു മീതെ വെച്ചും അവര്‍ക്ക് നല്‍കപ്പെടുന്നത്. അല്ലെങ്കില്‍ അവരുടെ ഹൃദയങ്ങളിലെ അതേ പ്രകാശംതന്നെ അവര്‍ക്ക് കാണാനാകും വിധത്തില്‍ പ്രത്യക്ഷപ്പെട്ടതായിരിക്കുകയുമാവാം. കപടവിശ്വാസിക്ക് ഐഹികലോകത്ത് സ്ഥായിയായ ഒരു പ്രകാശം ഉണ്ടായിരുന്നില്ല എന്നതിനാല്‍, അഥവാ അവരുടെ പ്രകാശമെന്നത് കേവലം ബഹ്യമായ ചില പുറംപൂച്ച് മാത്രമായിരുന്നതിനാല്‍ അവിടെവെച്ചും അത്തരത്തിലുള്ള ഒന്നായിരിക്കും നല്‍കപ്പെടുക. അതിന്റെ പര്യവസാനമാകട്ടെ പ്രകാശം നഷ്ടപ്പെട്ട് ഇരുട്ടില്‍ ആപതിക്കലായിരിക്കും.

ഈ പ്രകാശത്തിനും അതിന്റെ കേന്ദ്രത്തിനും അതിന്റെ വാഹകനും അതിന്റെ അടിസ്ഥാന(പദാര്‍ഥ)ത്തിനുമൊക്കെ അല്ലാഹു മനോഹരമായ ഒരു വിളക്കുമാടത്തിന്റെ ഉപമ വിശദീകരിച്ചിട്ടുണ്ട്. അതായത് ഭിത്തിയിലുള്ള ഒരു പൊത്ത്. അത് ഹൃദയത്തിന് സമാനമാണ്. ആ വിളക്കുമാടത്തിന്റെ ചില്ല് വളരെ തെളിഞ്ഞ ശുദ്ധമായ സ്ഫടികമാണ്. അതിന്റെ വെണ്‍മയിലും തെളിമയിലും അതിനെ ഉപമിച്ചിരിക്കുന്നത് പ്രകാശം പൊഴിക്കുന്ന നക്ഷത്രത്തോടാണ്. സത്യവിശ്വാസിയുടെ ഹൃദയം ഉള്‍ക്കൊണ്ടിരിക്കുന്ന നന്മയുടെ ഗുണങ്ങളാണവ. ആര്‍ദ്രതയും വിശുദ്ധിയും ധീരതയും പോലുള്ള ഗുണങ്ങള്‍. അങ്ങനെ സത്യത്തെയും സന്മാര്‍ഗത്തെയും സത്യവിശ്വാസിക്ക് ആ തെളിമയിലൂടെ കാണാന്‍ കഴിയുന്നു. അതിലൂടെ കനിവും കാരുണ്യവും ദയയുമെല്ലാം കൈവരുന്നു. അതോടൊപ്പം അല്ലാഹുവിന്റെ ശത്രുക്കള്‍ക്കെതിരില്‍ ശക്തമായി നിലയുറപ്പിക്കുകയും സത്യമാര്‍ഗത്തില്‍ അതിശക്തമായി ഉറച്ചുനില്‍ക്കുകയും ചെയ്യും. ഒരു ഗുണം മറ്റൊരു ഗുണത്തെ ദുര്‍ബലപ്പെടുത്തുകയോ കീഴ്‌പ്പെടുത്തുകയോ അല്ല ചെയ്യുക; പ്രത്യുത പരസ്പരം ശക്തിപകര്‍ന്ന് മനോഹരമായി സംഗമിക്കുകയാണ്. ‘സത്യനിഷേധികളോട് കര്‍ക്കശമായി വര്‍ത്തിക്കുന്നവരും അന്‍യോന്യം ദയാലുക്കളുമാകുന്നു അവര്‍’ (ക്വുര്‍ആന്‍ 48:29).

അല്ലാഹു പറയുന്നു: ”(നബിയേ,) അല്ലാഹുവിങ്കല്‍നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്ക്‌വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്”(3:159).

”നബിയേ, സത്യനിഷേധികളോടും കപടവിശ്വാസികളോടും സമരം ചെയ്യുകയും അവരോട് പരുഷമായി പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ” (9:73).

ഒരു ഹദീഥില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ‘ഹൃദയങ്ങള്‍ ഭൂമിയിലെ, അല്ലാഹുവിന്റെ പാത്രങ്ങളാകുന്നു. അതില്‍ അവന് ഏറ്റവും ഇഷ്ടമുള്ളത് ഏറ്റവും മിനുസമുള്ളതും തെളിമയുള്ളതും സുദൃഢമായതുമാണ്’ (ത്വബ്‌റാനി ‘മുസ്‌നദുശ്ശാമിയ്യീനി’ല്‍ ഉദ്ധരിച്ചത്. അതിന്റെ സനദ് (പരമ്പര) നല്ലതാണ്. ‘സില്‍സിലതുസ്സ്വഹീഹ’ 1691ാം നമ്പര്‍ ഹദീഥ് കാണുക).

ഈ ഹൃദയത്തിനുനേരെ മറുവശത്ത് പരസ്പര വിരുദ്ധമായതും ആക്ഷേപാര്‍ഹവുമായ രണ്ടു ഹൃദയങ്ങളുണ്ട്. ഒന്ന്, കരുണവറ്റിയ കരിങ്കല്‍സമാനമായ കടുത്ത ഹൃദയമാണ്. അതില്‍ യാതൊരു നന്മമയോ പുണ്യമോ ഇല്ല. സത്യം തെളിഞ്ഞുകാണാവുന്ന തെളിച്ചവും അതിനില്ല. മറിച്ച് അത് അഹങ്കാരവും അവിവേകവും നിറഞ്ഞതാണ്. അത് സത്യത്തെ അറിയുകയോ സൃഷ്ടികളോട് ദയ കാണിക്കുകയോ ചെയ്യുന്നില്ല. രണ്ട്, അതിനപ്പുറത്ത് ദ്രവരൂപത്തിലുള്ള ദുര്‍ബലമായ മറ്റൊരു ഹൃദയമാണ്. അതിന് ശക്തിയോ ശേഷിയോ ഇല്ല. അത് എല്ലാ രൂപങ്ങളെയും സ്വീകരിക്കുമെങ്കിലും അവയില്‍ ഒന്നിനെപ്പോലും സംരക്ഷിച്ചു നിര്‍ത്തുവാനുള്ള ശേഷി അതിനില്ല. മറ്റെന്തിലെങ്കിലും വല്ല സ്വാധീനവും ഉണ്ടാക്കുവാനുള്ള ശേഷിയും അതിനില്ല. മറിച്ച് അതുമായി കൂടിക്കലരുന്ന എല്ലാം (അത് ശക്തമോ ദുര്‍ബലമോ നല്ലതോ ചീത്തയോ ആകട്ടെ)അതിന്‍മേല്‍ സ്വാധീനമുണ്ടാക്കുകയാണ് ചെയ്യുന്നത്.

ആ ചില്ലിനുള്ളില്‍ ഒരു വിളക്കുണ്ട്. അതിന്റെ തിരിയിലാണ് ആ പ്രകാശം. ആ തിരിയാണ് അതിനെ വഹിക്കുന്നത്. ആ പ്രകാശത്തിന് ഒരു ഉത്തേജക പദാര്‍ഥം അഥവാ ഇന്ധനമുണ്ട്. ഏറ്റവും ഉത്തമമായ സ്ഥലത്തുനിന്നെടുത്ത ഒലീവിന്റെ എണ്ണയാണത്. പകലിന്റെ ആദ്യത്തിലും ഒടുക്കത്തിലുമുള്ള വെയില്‍ ആ ഒലീവിനേല്‍ക്കുന്നുണ്ട്. അതിനാല്‍ അതിന്റെ എണ്ണ ഏറ്റവും സംശുദ്ധവും കലര്‍പ്പുകളില്ലാത്തതുമാണ്. എത്രത്തോളമെന്നാല്‍ അതിന്റെ സംശുദ്ധത കാരണത്താല്‍ തീയില്ലാതെതന്നെ അത് വെളിച്ചം പകരുന്നു. അതാണ് ആ വിളക്കിന്റെ പ്രകാശത്തിനുള്ള ഇന്ധനം.

അപ്രകാരമണ് സത്യവിശ്വാസിയുടെ ഹൃദയത്തിലുള്ള വിളക്കിന്റ പ്രകാശത്തിനുള്ള ഇന്ധനവും. ദിവ്യബോധനത്തിന്റെ (വഹ്‌യിന്റെ) മരത്തില്‍നിന്നാണത്. അതാകട്ടെ ഏറ്റവും ഐശ്വര്യപൂര്‍ണവും അനുഗൃഹീതവുമാണ്. യാതൊരുവിധ അപാകതകളും അതിനില്ല. ഏറ്റവും ശ്രേഷ്ഠവും സന്തുലിതവും നന്മ നിറഞ്ഞതുമാണത്. ജൂതെ്രെകസ്തവരുടേതുപോലുള്ള യാതൊരു വ്യതിചലനവും അതിനില്ല. പ്രത്യുത ഏതു കാര്യങ്ങളിലും ആക്ഷേപാര്‍ഹമായ രണ്ടു ധ്രുവങ്ങള്‍ക്കിടയിലെ മധ്യമ നിലപാടാണതിനുള്ളത്. അതത്രെ സത്യവിശ്വാസിയുടെ ഹൃദയത്തിലെ സത്യവിശ്വാസമാകുന്ന വിളക്കിന്റെ ഇന്ധനം.

ആ ഒലീവെണ്ണയുടെ തീക്ഷ്ണമായ സംശുദ്ധതനിമിത്തം അത് സ്വയംതന്നെ വെളിച്ചം പകരുന്നുണ്ട്. പിന്നീട് അതില്‍ തീയുംകൂടി ചേരുമ്പോള്‍ അതിന്റെ വെളിച്ചത്തിന് എന്തൊരു തെളിച്ചമായിരിക്കും! അതാണ് പ്രകാശത്തിനുമേല്‍ പ്രകാശം!

ഇപ്രകാരമാണ് സത്യവിശ്വാസിയും. അവന്റെ ഹൃദയം വെളിച്ചം പകരും. ശുദ്ധപ്രകൃതത്താലും നേരായ ചിന്തയാലും സത്യത്തെ തിരിച്ചറിയും. പക്ഷേ, അതിന് സ്വന്തമായ ഉത്തേജക പദാര്‍ഥം അഥവാ ഇന്ധനമില്ല. മറിച്ച് ദിവ്യബോധനമാകുന്ന വഹ്‌യിന്റെ സഹായത്താല്‍ അതിന്റെ പ്രകാശം ആ ഹൃദയത്തിന്റെ തെളിമയും ശുദ്ധതയുമായി കൂടിക്കലരുമ്പോള്‍ അല്ലാഹു അതില്‍ സൃഷ്ടിച്ച പ്രകാശം അധികരിക്കുന്നു. അങ്ങനെ വഹ്‌യിന്റെ പ്രകാശവും ശുദ്ധപ്രകൃതിയുടെ പ്രകാശവും ഒരുമിച്ചുചേരുമ്പോള്‍ പ്രകാശത്തിനുമേല്‍ പ്രകാശം! അപ്പോള്‍ അയാള്‍ സംസാരിക്കുന്നത് സത്യമായിരിക്കും. അതിന്റെ പ്രമാണം ഒരുപക്ഷേ, അതിനുമുമ്പ് അയാള്‍ കേട്ടിട്ടുണ്ടാകില്ല. പിന്നീട് പ്രമാണം കേള്‍ക്കുമ്പോള്‍ അത് തന്റെ ശുദ്ധപ്രകൃതത്തിന്റെ സാക്ഷ്യത്തോട് യോജിച്ചുവരുന്നതായി കാണുന്നു. അവിടെയും പ്രകാശത്തിനുമേല്‍ പ്രകാശം ആയിരിക്കും. ഇതാണ് സത്യവിശ്വാസിയുടെ കാര്യം. തന്റെ ശുദ്ധപ്രകൃതികൊണ്ട് തന്നെ സത്യത്തെ മൊത്തത്തില്‍ മനസ്സിലാക്കാന്‍ അവന് സാധിക്കും. പിന്നീടായിരിക്കും അക്കാര്യം വിശദമാക്കുന്ന പ്രമാണങ്ങള്‍ അയാള്‍ കേള്‍ക്കുന്നത്. അങ്ങനെ അയാളുടെ ഈമാന്‍ വഹ്‌യിന്റെയും (ദിവ്യബോധനം) ശുദ്ധപ്രകൃതിയുടെയും (ഫിത്വ്‌റത്) സാക്ഷ്യത്തില്‍ വളര്‍ന്നുവരും.

ബുദ്ധിയുള്ളവര്‍ ഈ മഹത്തായ വചനത്തെക്കുറിച്ചും ഈ മഹത്തരമായ ആശയങ്ങളോടുള്ള അതിന്റെ യോജിപ്പിനെക്കുറിച്ചും ചിന്തിക്കട്ടെ!

അല്ലാഹു ആകാശഭൂമികളിലുള്ള അവന്റെ പ്രകാശത്തെക്കുറിച്ച് പറഞ്ഞു. സത്യവിശ്വാസികളായ തന്റെ ദാസന്മാരുടെ ഹൃദയങ്ങളിലുള്ള അവന്റെ പ്രകാശത്തെയും പ്രതിപാദിച്ചു. ഹൃദയങ്ങളും അകക്കണ്ണുകളും പ്രകാശിക്കുന്ന, ഹൃദയങ്ങള്‍കൊണ്ടും അകക്കണ്ണുകള്‍കൊണ്ടും കാണാനും ഗ്രഹിക്കുവാനും പറ്റുന്ന പ്രകാശത്തെക്കുറിച്ചും കണ്ണുകള്‍കൊണ്ട് കണ്ട് അനുഭവിച്ചറിയുന്ന,ലോകം മുഴുവന്‍ പ്രകാശിക്കുന്ന പ്രകാശത്തെക്കുറിച്ചും പറഞ്ഞു. അവ രണ്ടും വലിയ പ്രകാശങ്ങളാണ്. ഒന്ന് മറ്റേതിനെക്കാള്‍ കുറേകൂടി മനോഹരമാണ്.

ഏതെങ്കിലും പ്രദേശത്ത് പ്രകാശം കിട്ടാതായാല്‍ അവിടെ മനുഷ്യനോ മറ്റു ജീവജാലങ്ങളോ വളരുകയില്ല. കാരണം ജീവന് പ്രകാശം അത്യന്താപേക്ഷിതമാണ്. പ്രകാശം കടന്നുചെല്ലാത്ത ഇരുട്ടറകളില്‍ അതുകൊണ്ടുതന്നെ ഒരു ജീവനും നിലനില്‍ക്കുകയില്ല. അപ്രകാരം തന്നെയാണ് സത്യവിശ്വാസത്തിന്റെയും (ഈമാന്‍) ദിവ്യബോധനത്തിന്റെയും (വഹ്‌യ്) പ്രകാശം കിട്ടാത്ത സമൂഹവും. ഈയൊരു പ്രകാശം ലഭിക്കാത്ത ഹൃദയം ഉറപ്പായും നിര്‍ജീവമായിരിക്കും. അതില്‍ ജീവന്റെ ഗുണങ്ങളേയുണ്ടാകില്ല, തീര്‍ച്ച!

അല്ലാഹു ജീവനെയും പ്രകാശത്തെയും ചേര്‍ത്തുപറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്: ”നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ) പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ പുറത്തുകടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു” (6:122).

അല്ലാഹു പറയുന്നു: ”അപ്രകാരംതന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷേ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്‍മാരില്‍നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗദര്‍ശനം നല്‍കുന്നത്” (42:52).

ഈ വചനത്തില്‍ ‘നാം അതിനെ ആക്കിയിരിക്കുന്നു’ എന്നു പറഞ്ഞതുകൊണ്ടുള്ള ഉദ്ദേശം ‘നമ്മുടെ കല്‍പന’ എന്ന താണെന്നും ‘വേദഗ്രന്ഥം’ (അല്‍കിതാബ്) എന്നതാണെന്നും ‘സത്യവിശ്വാസം’ (അല്‍ഈമാന്‍) എന്നാണെന്നുമൊക്കെ വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ‘ആത്മാവ്’ (അര്‍റൂഹ്) എന്നതാണ് ശരി. അപ്പോള്‍ ‘അതായത് നാം നിനക്ക് വഹ്‌യായി നല്‍കിയ ആ ആത്മാവിനെ പ്രകാശമാക്കുന്നതാണ്’ എന്നായി അതിന്റെ വിവക്ഷ. വഹ്‌യിനെയാണ് ‘റൂഹ്’ അഥവാ ‘ആത്മാവ്’ എന്നു പറഞ്ഞിരിക്കുന്നത്. അതുമൂലമുണ്ടാകുന്ന ജീവനെ പരിഗണിച്ചാണ്. അതുമുഖേനയുണ്ടാകുന്ന തെളിച്ചവും വെളിച്ചവും കാരണത്താല്‍ അതിനെ പ്രകാശവുമാക്കി. ഇവരണ്ടും പരസ്പര പൂരകങ്ങളാണ്. അഥവാ ഈ ‘ആത്മാവ്’ കൊണ്ട് പ്രസ്തുത ജീവസ്സുണ്ടാകുമ്പോള്‍ തെളിച്ചവും പ്രകാശവും ഉണ്ടാകുമെന്നതും തെളിച്ചവും വെളിച്ചവുമുണ്ടാകുമ്പോള്‍ ജീവസ്സുണ്ടാകുന്നു എന്നതും സ്വാഭാവികമാണ്. എന്നാല്‍ ഏതൊരാളുടെ ഹൃദയം ഈ ആത്മീയചൈതന്യം സ്വീകരിക്കാന്‍ കൂട്ടാക്കുന്നില്ലയോ അത് നിര്‍ജീവവും ഇരുള്‍മുറ്റിയതുമായിരിക്കും; ഏതൊരാളുടെ ശരീരത്തില്‍നിന്ന് ‘ആത്മാവ്’ വേര്‍പെട്ടുവോ അതുപോലെ!

അതുകൊണ്ട്തന്നെ അല്ലാഹു തആലാ വെള്ളത്തിന്റെയും തീയിന്റെയും ഉപമകള്‍ ഒരുമിച്ചു പറഞ്ഞത് ശ്രദ്ധേയമാണ്. വെള്ളംകൊണ്ട് ജീവനും തീകൊണ്ട് വെളിച്ചവും ഉണ്ടാകുന്നതാണല്ലോ. അല്ലാഹു പറയുന്നു: ”അവരെ ഉപമിക്കാവുന്നത് ഒരാളോടാകുന്നു: അയാള്‍ തീ കത്തിച്ചു. പരിസരമാകെ പ്രകാശിതമായപ്പോള്‍ അല്ലാഹു അവരുടെ പ്രകാശം കൊണ്ടുപോവുകയും ഒന്നും കാണാനാവാതെ ഇരുട്ടില്‍ (തപ്പുവാന്‍) അവരെ വിടുകയും ചെയ്തു” (2:17)

ഈ വചനത്തില്‍ ‘അല്ലാഹു അവരുടെ പ്രകാശം കൊണ്ടുപോയി’ എന്നാണ് പറഞ്ഞത്. ‘അവരുടെ തീ’ എന്നു പറഞ്ഞില്ല. എന്തുകൊണ്ടെന്നാല്‍ തീയില്‍ പ്രകാശവും കരിച്ചുകളയലും ഉണ്ടല്ലോ. അപ്പോള്‍ ഇവിടെ നഷ്ടമായത് പ്രകാശവും വെളിച്ചവുമാണ്. എന്നാല്‍ അതിലെ ബുദ്ധിമുട്ടും കരിച്ചുകളയലുമെല്ലാം ശേഷിക്കുകയും ചെയ്തു.

ഇപ്രകാരമാണ് കപടവിശ്വാസികളുടെ സ്ഥിതിയും. അവരുടെ ഈമാനിന്റെ പ്രകാശം കാപട്യം കാരണത്താല്‍ നഷ്ടമായി. അവരുടെ ഹൃദയങ്ങളില്‍ തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്ന അവിശ്വാസവും സന്ദേഹങ്ങളും ആശയക്കുഴപ്പങ്ങളും കാരണത്താല്‍ ചൂടും കരിയും അതില്‍ അവശേഷിക്കുകയും ചെയ്തു.

ഇഹലോകത്തുവെച്ച് അതിന്റെ ചൂടും പുകയും കരിയുമൊക്കെ കൊണ്ട് അവരുടെ ഹൃദയം വെന്തുരുകിയിട്ടുണ്ട് പരലോകത്തുവെച്ച് ഹൃദയങ്ങളിലേക്ക് കടന്നുചെല്ലുന്ന തീക്ഷ്ണമായ നരകാഗ്‌നിയില്‍ അല്ലാഹു അവരെ പ്രവേശിപ്പിക്കും.

ഇഹലോകത്ത് ഈമാനിന്റെ പ്രകാശത്തോടൊപ്പം സഞ്ചരിക്കാതിരുന്നവരുടെ ഉപമയാണിത്. ആ പ്രകാശം ചുറ്റിലും വെളിച്ചം പരത്തിയിട്ടും അതില്‍നിന്നും വേറിട്ട് പുറത്തുപോവുകയായിരുന്നു അവര്‍. അതാണ് മുനാഫിക്വിന്റെ (കപടവിശ്വാസിയുടെ) സ്ഥിതി. സത്യം അറിഞ്ഞു; എന്നിട്ടും നിഷേധിച്ചു. പലതും അംഗീകരിച്ചു; ശേഷം നിരാകരിച്ചു. അങ്ങനെ അന്ധതയുടെയും ബധിരതയുടെയും മൂകതയുടെയും ഇരുട്ടുകളിലായി. ഇവരുടെ സഹോദരങ്ങളായ സത്യനിഷേധികളെക്കുറിച്ച് അല്ലാഹു പറഞ്ഞത് പോലെ: ”നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ…”(6:39).

അല്ലാഹു പറയുന്നു: ”സത്യനിഷേധികളെ ഉപമിക്കാവുന്നത് വിളിയും തെളിയുമല്ലാതെ മറ്റൊന്നും കേള്‍ക്കാത്ത ജന്തുവിനോട് ഒച്ചയിടുന്നവനോടാകുന്നു. അവര്‍ ബധിരരും ഊമകളും അന്ധരുമാകുന്നു. അതിനാല്‍ അവര്‍ (യാതൊന്നും) ചിന്തിച്ചു ഗ്രഹിക്കുകയില്ല” (2:171).

തങ്ങള്‍ക്കു ചുറ്റിലും വെളിച്ചം പരത്തിയ പ്രകാശത്തില്‍നിന്നും പുറത്തുപോയ കപടവിശ്വാസികളുടെ അവസ്ഥയെ അല്ലാഹു ഉപമിച്ചത്, തീ കത്തിച്ച് അതിന്റെ വെളിച്ചം ചുറ്റിലും പരന്നശേഷം പ്രകാശം കെട്ടുപോയ ഒരാളോടാണ്. കാരണം കപടവിശ്വാസികള്‍ സത്യവിശ്വാസികളുമായി കൂടിക്കലരുകയും അവരോടൊപ്പം നമസ്‌കരിക്കുകയും അവരുടെകൂടെ നോമ്പെടുക്കുകയും ക്വുര്‍ആന്‍ ശ്രവിക്കുകയും ഇസ്‌ലാമിന്റെ പല പ്രഭാവവങ്ങള്‍ക്കുമൊക്കെ സാക്ഷിയാവുകയും ചെയ്തവരാണ്. അങ്ങനെ അവര്‍ നേരിട്ട് ആ വെളിച്ചം കാണുകയും പ്രകാശം അറിയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അവരെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറഞ്ഞത്: ‘…അവര്‍ മടങ്ങുകയില്ല (2:18). കാരണം ഇസ്‌ലാമുമായി ഇടപഴകുകയും അതിന്റെ പ്രകാശം അനുഭവിക്കുകയും ചെയ്തശേഷം അതിനെ വിട്ടുപോയവരാണ് അവര്‍. അതിനാല്‍ അവര്‍ അതിലേക്ക് മടങ്ങിവരികയില്ല.

അവിശ്വാസികളെക്കുറിച്ച് അല്ലാഹു പറഞ്ഞതാകട്ടെ ‘അവര്‍ ചിന്തിക്കുന്നില്ല’ (2:17) എന്നാണ്. കാരണം അവര്‍ ഇസ്‌ലാമിനെ ഗ്രഹിക്കുകയോ ഇസ്‌ലാമില്‍ പ്രവേശിക്കുകയോ അതിന്റെ പ്രകാശം അനുഭവിച്ചറിയുകയോ ചെയ്തിട്ടില്ല. പ്രത്യുത അവരിപ്പോഴും അവിശ്വാസത്തിന്റെ  ഇരുട്ടുകളില്‍തന്നെ ബധിരരും മൂകരും അന്ധരുമായി തുടരുകയാണ്.

തന്റെ വചനങ്ങളെഹൃദയങ്ങളുടെ രോഗങ്ങള്‍ക്ക് ശമനമായും ഈമാനിലേക്കും അതിന്റെ യാഥാര്‍ഥ്യങ്ങളിലേക്കുമുള്ള വിളികളായും ശാശ്വതമായ ജീവിതത്തിലേക്കും അനശ്വരമായ അനുഗ്രഹങ്ങളിലേക്കും ക്ഷണിക്കുന്നതായും സന്മാര്‍ഗത്തിലേക്കുള്ള വഴികാട്ടിയായും നിശ്ചയിച്ച അല്ലാഹു എത്രയോ പരിശുദ്ധന്‍!(അവസാനിച്ചില്ല)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 16)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 16)

എന്റെ ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘നിശ്ചയം! ദുനിയാവില്‍ ഒരു സ്വര്‍ഗമുണ്ട്. അതില്‍ പ്രവേശിക്കാത്തവര്‍ക്ക് പരലോകത്തെ സ്വര്‍ഗത്തിലും കടക്കാനാവില്ല.’

അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു: ‘എന്റെ ശത്രുക്കള്‍ക്ക് എന്നെ എന്തു ചെയ്യാനാണ് പറ്റുക? എന്റെ സ്വര്‍ഗവും തോട്ടവുമൊക്കെ എന്റെ ഹൃദയത്തിലാണ്. ഞാന്‍ എവിടെ പോയാലും അവയെല്ലാം വേര്‍പിരിയാതെ എന്റെ കൂടെത്തന്നെയുണ്ട്. എന്റെ തടവറ എനിക്കുള്ള സ്വസ്ഥതയും എകാന്തതയുമാണ്. എന്റെ മരണമാകട്ടെ എന്റെ ശഹാദത്തും (രക്തസാക്ഷിത്വം) എന്നെ എന്റെ നാട്ടില്‍നിന്ന് പുറത്താക്കല്‍ എനിക്കുള്ള വിനോദയാത്രയുമാണ്’ (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി)യുടെ മജ്മൂഉല്‍ ഫതാവ 3/259 കാണുക).

ഒരിക്കല്‍ അദ്ദേഹം തന്റെ തടവറയില്‍ വെച്ച് ഇപ്രകാരം പറയുകയുണ്ടായി: ‘ഈ കോട്ട നിറച്ചു ഇവര്‍ക്ക് ഞാന്‍ സ്വര്‍ണം നല്‍കിയാല്‍ പോലും ഈ അനുഗ്രഹത്തിനു തുല്യമായ നന്ദിയാകുമെന്ന് ഞാന്‍ കരുതുന്നില്ല.’ അതായത് അവരെനിക്ക് നന്മക്ക് നിമിത്തമായതിന് പകരമായി ഞാനവര്‍ക്ക് പ്രത്യുപകാരം ചെയ്തതാകില്ല.

അദ്ദേഹം ബന്ധനസ്ഥനായി കഴിയവെ സുജൂദില്‍ കിടന്ന് ഇപ്രകാരം പറയുമായിരുന്നു: ‘അല്ലാഹുമ്മ അഇന്നീ അലാ ദിക് രിക വ ശുക് രിക വ ഹുസ്‌നി ഇബാദത്തിക’ (അല്ലാഹുവേ നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദി ചെയ്യുവാനും നല്ല രൂപത്തില്‍ നിനക്ക് ഇബാദത്ത് നിര്‍വഹിക്കുവാനും എന്നെ നീ സഹായിക്കണേ). മാശാ അല്ലാഹ്!

ഒരിക്കല്‍ എന്നോട് അദ്ദേഹം പറഞ്ഞു: ‘തന്റെ റബ്ബില്‍നിന്ന് ഹൃദയത്തെ തടഞ്ഞുവെക്കപ്പെട്ടവനാണ് യഥാര്‍ഥ തടവറയിലകപ്പെട്ടവന്‍. ദേഹേച്ഛയുടെ പിടിയിലകപ്പെട്ടവനാണ് യഥാര്‍ഥ ബന്ധനസ്ഥന്‍.’

അദ്ദേഹത്തെ തടവറയിലേക്ക് കൊണ്ടുപോകുമ്പോള്‍ അതിന്റെ മതില്‍ക്കെട്ടുകളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ”…അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില്‍ കൊണ്ട് മറയുണ്ടാക്കപ്പെടുന്നതാണ്. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്റെ ഉള്‍ഭാഗത്താണ് കാരുണ്യമുള്ളത്. അതിന്റെ പുറം ഭാഗത്താകട്ടെ ശിക്ഷയും” (ക്വുര്‍ആന്‍ 57:13).

പ്രസ്തുത സുഖജീവിതത്തിന്റെ പ്രശോഭയും പ്രസരിപ്പും അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു.  ശക്തമായ ഭയപ്പാടോ ആശങ്കകളോ അസ്വസ്ഥതകളോകൊണ്ട് ഞങ്ങള്‍ പൊറുതിമുട്ടിയാല്‍ അദ്ദേഹത്തിന്റെയടുക്കല്‍ ഞങ്ങള്‍ ചെല്ലുമായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ കാണുകയും ശ്രവിക്കുകയും ചെയ്യുന്ന മാത്രയില്‍തന്നെ അതെല്ലാം ഞങ്ങളില്‍നിന്ന് വിട്ടകന്നിട്ടുണ്ടാകും. മനസ്സിനൊരു ആശ്വാസവും ശക്തിയും ദൃഢതയും കരുത്തും സമാധാനവുമൊക്കെ കൈവരികയും ചെയ്യും.

അല്ലാഹുവിനെ കണ്ടുമുട്ടുന്നതിനു മുമ്പുതന്നെ അവന്റെ സ്വര്‍ഗത്തിന്റെ സാക്ഷ്യങ്ങളായി ചില ദാസന്മാരെ നിശ്ചയിച്ച അല്ലാഹു എത്രയോ പരിശുദ്ധന്‍! കര്‍മലോകത്ത് (ഇഹലോകത്ത്) വെച്ചുതന്നെ അതിന്റെ കവാടങ്ങള്‍ അവര്‍ക്ക് അവന്‍ തുറന്നുകൊടുക്കുകയും അതിന്റെ സുഗന്ധവും ഇളംകാറ്റും ആശ്വാസവുമെല്ലാം അവര്‍ക്ക് വന്നെത്തുകയും അങ്ങനെ അത് തേടിപ്പിടിക്കാനായി സര്‍വശേഷിയും വിനിയോഗിച്ച് അതിനായി മത്സരിക്കുകയും ചെയ്യുമാറ് അവന്‍ അവര്‍ക്ക് ‘തൗഫീക്വ്’ നല്‍കി.

ചില മഹത്തുക്കള്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു: ‘അവര്‍ അനുഭവിക്കുന്ന ഈ സുഖം ഭൂമിയിലെ രാജാക്കന്മാരും രാജ പുത്രന്മാരും അറിഞ്ഞിരുന്നുവെങ്കില്‍ അതിന്റെ പേരില്‍ അവര്‍ നമ്മളോട് വാളെടുത്ത് യുദ്ധം ചെയ്യുമായിരുന്നു.’ (ഇബ്‌റാഹീമുബ്‌നു അദ്ഹമില്‍നിന്ന് ബൈഹക്വി തന്റെ ‘അസ്സുഹ്ദി’ലും അബൂ നുഐം ‘അല്‍ഹില്‍യ’യിലും ഉദ്ധരിച്ചത്).

മറ്റൊരാള്‍ പറഞ്ഞത് ഇങ്ങനെയാണ്: ‘ഇഹലോകത്തിന്റെ ആളുകളായ സാധുക്കള്‍ ഇഹലോകത്തിലെ ഏറ്റവും വീശിഷ്ടമായത് രുചിക്കാതെയാണ് ഇവിടംവിട്ട് പോകുന്നത്!’ അദ്ദേഹത്തോട് ചോദിച്ചു:  ‘എന്താണ് അതിലെ ഏറ്റവും വിശിഷ്ടമായത്?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെക്കുറിച്ചുള്ള അറിവും ദിക്‌റുമാണ്.’

അല്ലാഹുവിനോടുള്ള സ്‌നേഹവും അവനെക്കുറിച്ചുള്ള അറിവും നിരന്തരമായ ദിക്‌റും അവയില്‍ ശാന്തിയും സമാധാനവുമടയലും ഒടുങ്ങാത്ത സ്‌നേഹവും, ഭയവും പ്രതീക്ഷയുമെല്ലാം അവനോട് മാത്രമാകലും, ഭരമേല്‍പിക്കലും സുപ്രധാനമായ ഇടപാട് അവനുമായിട്ടാകലും, അഥവാ ഒരു അടിമയുടെ സര്‍വ സങ്കടങ്ങളും ഉദ്ദേശങ്ങളും തീരുമാനങ്ങളുമെല്ലാം എല്‍പിക്കുന്നത് അല്ലാഹുവിലേക്ക് മാത്രമായിരിക്കുക എന്നത്, സത്യത്തില്‍ അതാണ് ദുന്‍യാവിലെ സ്വര്‍ഗം. ആ സുഖത്തോട് മറ്റൊരു സുഖവും സമമാവുകയില്ല. അതാണ് യഥാര്‍ഥ വിശ്വാസിയുടെ കണ്‍കുളിര്‍മയും ജ്ഞാനികളുടെ ജീവനും.

ആളുകളുടെ കണ്ണുകള്‍ക്ക് കുളിര്‍മയും ആനന്ദവും ഉണ്ടാകുന്നത് അവരുടെ കണ്ണുകള്‍ക്ക് അല്ലാഹുവിനെക്കൊണ്ട് കുളിര്‍മയുണ്ടാകുന്നതിനനുസരിച്ചായിരിക്കും. അല്ലാഹുവിനെക്കൊണ്ട് ഒരാള്‍ക്ക് കണ്‍കുളിര്‍മ നേടാനായാല്‍ അയാളെക്കൊണ്ട് സര്‍വ കണ്ണുകള്‍ക്കും കുളിര്‍മ കിട്ടുന്നതാണ്. എന്നാല്‍ നേരെ മറിച്ച് ഒരാള്‍ക്ക് അല്ലാഹുവിനെക്കൊണ്ട് കണ്‍കുളിര്‍മ നേടാനായില്ലെങ്കില്‍ അയാള്‍ ദുനിയാവിന്റെ കാര്യത്തില്‍ ആശയറ്റവനും അസ്വസ്ഥനുമായിരിക്കും.

ഈ കാര്യങ്ങളൊക്കെ സത്യപ്പെടുത്താനും അനുഭവിച്ചറിയാനും പറ്റുക ഹൃദയം സജീവമായി നില്‍ക്കുന്നവര്‍ക്ക് മാത്രമാണ്. എന്നാല്‍ ഹൃദയത്തിന്റെ ജീവന്‍ നഷ്ടമായവനാകട്ടെ; അവന്‍ നിനക്ക് ഇണക്കമില്ലായ്മയും വെറുപ്പുമായിരിക്കും സമ്മാനിക്കുക. പിന്നീട് അയാളില്‍നിന്ന് പരമാവധി അകന്ന് നില്‍ക്കാനായിരിക്കും നീ ആഗ്രഹിക്കുക. അയാളുടെ സാന്നിധ്യം എപ്പോഴും നിനക്ക് ആസ്വസ്ഥതയുണ്ടാക്കിക്കൊണ്ടിരിക്കും. അത്തരക്കാരെ കൊണ്ട് നീ പരീക്ഷിക്കപ്പെട്ടാല്‍ ബാഹ്യമായ എന്തെങ്കിലുമൊക്കെ ഉപചാരങ്ങള്‍ ചെയ്തുകൊണ്ട് നീ അവിടുന്ന് രക്ഷപ്പെടാന്‍ നോക്കുക. നിന്റെ മനസ്സും സ്വകാര്യങ്ങളും പങ്കുവെക്കാതിരിക്കുക. അത്തരക്കാരുമായി കൂടുതല്‍ സമയം വിനിയോഗിച്ച് അതിനെക്കാള്‍  പ്രധാനപ്പെട്ടവയില്‍നിന്ന് തിരിഞ്ഞുകളയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

അല്ലാഹുവുമായിട്ടുള്ള നിന്റെ ബന്ധവും അവനില്‍നിന്നുള്ള നിന്റെ വിഹിതവും  നഷ്ടപ്പെടുത്തുന്നവനുമായി നീ സമയം വിനിയോഗിക്കുകയും അവനുമായി വ്യാപൃതമാവലുമാണ് ഏറ്റവും വലിയ നഷ്ടവും കൊടും ഖേദവുമെന്ന് നീ തിരിച്ചറിയുക. അല്ലാഹുവില്‍നിന്ന് നിന്റെ പിന്തിരിയലും നിന്റെ സമയം നഷ്ടപ്പെടുത്തലും മനസ്സിനെ അസ്വസ്ഥമാക്കലും മനക്കരുത്ത് തകര്‍ക്കലും നിന്റെ ചിന്തയെ ശിഥിലമാക്കലുമൊക്കെയാണ് അതിലൂടെ സംഭവിക്കുക. ഇത്തരക്കാരെ കൊണ്ട് നീ പരീക്ഷിക്കപ്പെട്ടാല്‍-അത് അനിവാര്യമായും ഉണ്ടാകുന്നതാണ്- അപ്പോള്‍ അക്കാര്യത്തിലും നീ റബ്ബുമായി ഇടപാട് നടത്തുക. നിനക്ക് സാധ്യമാകും വിധം റബ്ബിന്റെ പ്രതിഫലം കാംക്ഷിച്ച് (ഇഹ്തിസാബോട് കൂടി) അല്ലാഹുവിന്റെ തൃപ്തി തേടിക്കൊണ്ട് അവനിലേക്കടുക്കുക. അത്തരക്കാരുമായി ഒത്തുചേരേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ അതും നിനക്ക് പുണ്യം സമ്പാദിക്കാനുള്ള അവസരമാക്കി മാറ്റുക. അതൊരിക്കലും നീ നഷ്ടത്തിന്റെയും ഖേദത്തിന്റെയും സന്ദര്‍ഭമാക്കരുത്. നീ അയാളോടൊപ്പമാകുമ്പോള്‍ ഇങ്ങനെയാവുക. നിന്റെ വഴിയിലൂടെ നീ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ അപരിചിതനായ ഒരാള്‍ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് മാര്‍ഗതടസ്സം സൃഷ്ടിക്കുന്നുവെങ്കില്‍ നീ അയാളെയും നിന്റെ കൂടെ കൂട്ടിക്കൊണ്ട് യാത്ര തുടരാന്‍ ശ്രമിക്കുക. നീ അയാളെ കൂട്ടണം; അയാള്‍ ഒരിക്കലും നിന്നെ കൂട്ടിക്കൊണ്ടുപോകരുത്.

ഇനി അതിന് അയാള്‍ ഒരുക്കമല്ലെങ്കില്‍ നീ അയാളുടെ കൂടെ പോകാനോ അയാളുടെ കൈവശമുള്ളത് വല്ലതും മോഹിക്കാനോ നോക്കാതെ അയാളെ അയാളുടെ പാട്ടിന് വിട്ടുകൊണ്ട് നീ നിന്റെ യാത്ര തുടരുക. അയാളിലേക്ക് നീ തിരിഞ്ഞുനോക്കേണ്ടതില്ല. കാരണം അയാള്‍ വഴികൊള്ളക്കാരനാണ്. ആരുതന്നെയായിരുന്നാലും നിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് നീ അവടെനിന്ന് രക്ഷപ്പെടുക. സമയം പാഴാക്കാതെ നീ യാത്ര തുടരുക. നിന്റെ അലംഭാവം മൂലം നീ ലക്ഷ്യസ്ഥാനത്തെത്തുന്നതിന്  മുമ്പ് നീ പിടിക്കപ്പെടാതിരിക്കാന്‍ നീ ജാഗ്രത പാലിക്കുക. അപ്പോള്‍ നിനക്ക് രക്ഷപ്പെടാന്‍ പറ്റും. നേരെ മറിച്ച് നീ അമാന്തം കാണിച്ച് അവിടെത്തന്നെ നില്‍ക്കുകയും യാത്രക്കാരൊക്കെ പോയിക്കഴിഞ്ഞു നീ തനിച്ചാവുകയും ചെയ്താല്‍ പിന്നെ നിനക്ക് അവരുടെ ഒപ്പം എത്താന്‍ എങ്ങനെയാണ് സാധിക്കുക?

(35) തീര്‍ച്ചയായും ‘ദിക്ര്‍’ ഒരാളെ നന്മയുടെയും പുണ്യത്തിന്റെയും അടുത്തേക്ക് കൂട്ടിക്കൊണ്ട് പോകും. ചിലപ്പോള്‍ അയാള്‍ തന്റെ വിരിപ്പിലോ അങ്ങാടിയിലോ ആയിരിക്കും. തന്റെ ആരോഗ്യാവസ്ഥയിലോ രോഗസ്ഥിതിയിലോ ആയിരിക്കാം. തന്റെ സുഖാസ്വാദന വേളയിലോ ജീവിത സന്ധാരണ വഴിയിലോ നിറുത്തത്തിലോ ഇരുത്തത്തിലോ കിടത്തത്തിലോ യാത്രയിലോ ഒക്കെ ആവാം. ഏതവസ്ഥയിലായിരുന്നാലും ‘ദിക്ര്‍’ പോലെ ഏതവസ്ഥകളിലും ഏത് സമയങ്ങളിലും പുണ്യം നേടിത്തരുന്ന വേറൊരു കര്‍മവുമില്ല. ചിലപ്പോള്‍ അത് തന്റെ വിരിപ്പില്‍ കിടന്നുറങ്ങുന്ന ആളെ കൊണ്ടുപോയി അശ്രദ്ധയോടെ രാത്രി എഴുന്നേറ്റു നമസ്‌കരിക്കുന്നയാളെക്കാള്‍ മുമ്പിലെത്തിച്ചിട്ടുണ്ടാകും. അങ്ങനെ പ്രഭാതത്തിലാവുമ്പോള്‍ ഇദ്ദേഹം തന്റെ വിരിപ്പില്‍ കിടന്നുകൊണ്ടുതന്നെ യാത്രാസംഘത്തിന്റെ മുമ്പിലെത്തിയിട്ടുണ്ടാകും. എന്നാല്‍ അശ്രദ്ധയോടെ (‘ദിക്ര്‍’ ഇല്ലാതെ) രാത്രി നമസ്‌കരിച്ചയാളകട്ടെ യാത്രാസംഘത്തിന്റെ പിന്നിലുമായിരിക്കും. അത് അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് നല്‍കുന്ന തന്റെ ഔദാര്യമാണ്.

വലിയ ആബിദായ (ധാരാളം ആരാധന ചെയ്യുന്ന) ഒരു വ്യക്തിയില്‍നിന്നും ഉദ്ധരിക്കപ്പെടുന്നു: അദ്ദേഹം ആബിദായ മറ്റൊരു വ്യക്തിയുടെ അടുക്കല്‍ അതിഥിയായി എത്തി. അപ്പോള്‍ ആതിഥേയനായ ആബിദ് രാത്രി എഴുന്നേറ്റു ദീര്‍ഘമായി നമസ്‌കരിച്ചു. അതിഥിയാകട്ടെ തന്റെ വിരിപ്പില്‍ കിടക്കുകയായിരുന്നു. രാവിലെയായപ്പോള്‍ ആതിഥേയനായ ആബിദ് മറ്റെയാളോട് പറഞ്ഞു: ‘യാത്രാസംഘം താങ്കളെ മുന്‍കടന്നു.’ അപ്പോള്‍ അയാള്‍ ഇങ്ങനെ പറഞ്ഞുവത്രെ: ‘രാത്രി മുഴുവന്‍ യാത്ര ചെയ്ത് പ്രഭാതത്തില്‍ യാത്രാസംഘത്തോടൊപ്പം എത്തുന്നതിലല്ല കാര്യം. രാത്രി തന്റെ വിരിപ്പില്‍ കഴിച്ചുകൂട്ടിക്കൊണ്ട് പ്രഭാതത്തില്‍ യാത്രാസംഘത്തിന്റെ മുന്നിലെത്തുന്നതിലാണ് കാര്യം!’

ഇത് പോലുള്ളവയ്ക്ക് ശരിയായ വിശദീകരണവും തെറ്റായ വ്യാഖ്യാനവും നല്‍കാന്‍ പറ്റുന്നതാണ്. ആരെങ്കിലും ഇതിനെ, രാത്രി തന്റെ വിരിപ്പില്‍ കിടന്നുറങ്ങിയ മനുഷ്യന്‍ രാത്രി എഴുന്നേറ്റു ഭക്തിപൂര്‍വം നിന്ന് നമസ്‌കരിച്ചയാളെക്കാള്‍ പുണ്യത്തില്‍ മുന്‍കടക്കുമെന്ന് വ്യാഖ്യാനിച്ചാല്‍ അത് അസംബന്ധമാണ്. മറിച്ച് ഇതിന് നല്‍കാവുന്ന നേരായ വിശദീകരണം ഇങ്ങനെയാണ്; അതായത് തന്റെ ഹൃദയം റബ്ബുമായി ബന്ധിപ്പിച്ചുകൊണ്ട് തന്റെ വിരിപ്പില്‍ കിടന്നുറങ്ങിയ വ്യക്തി തന്റെ മനസ്സിനെ ദുനിയാവിന്റെ ചിന്തകളില്‍നിന്ന് വേര്‍പെടുത്തി ആത്മീയ ലോകത്ത് ബന്ധിച്ചു. ശരീരത്തിന്റെ ക്ഷീണംകൊണ്ടോ രോഗം കാരണത്താലോ ശത്രു ഭയമോ മെറ്റന്തെങ്കിലും തടസ്സങ്ങള്‍ കാരണത്താലോ രാത്രി എഴുന്നേറ്റു നമസ്‌കരിക്കാന്‍ അയാള്‍ക്ക് സാധിച്ചില്ല. അങ്ങനെ അയാള്‍ കിടന്നുറങ്ങി. അയാളുടെ മനസ്സിലുള്ളതിനെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹുവാണ്. എങ്കില്‍ അയാള്‍ രാത്രി എഴുന്നേറ്റു നമസ്‌കരിക്കാതെ ഉറങ്ങിയത് ഒരു അപരാധമല്ല.

എന്നാല്‍ മറ്റൊരാള്‍ രാത്രി എഴുന്നേറ്റു നന്നായി ക്വുര്‍ആന്‍ പാരായണം ചെയ്ത് ദീര്‍ഘനേരം നമസ്‌കരിക്കുന്നു. പക്ഷേ, അയാളുടെ മനസ്സില്‍ പ്രകടനപരതയും (രിയാഅ്) ആത്മപ്രശംസയും ജനങ്ങളുടെ അടുക്കല്‍ അംഗീകാരവും സല്‍കീര്‍ത്തിയുമൊക്കെ കിട്ടുമെന്ന മോഹവുമാണെങ്കില്‍, അതല്ല അയാളുടെ മനസ്സ് ഒരിടത്തും ശരീരം മാറ്റൊരിടത്തുമായി മനഃസാന്നിധ്യമില്ലാതെയാണ് അത് നിര്‍വഹിച്ചതെങ്കില്‍ സംശയിക്കേണ്ടതില്ല, ആ കിടന്നുറങ്ങിയ വ്യക്തിയാണ് ഇയാളെക്കാള്‍ ഏറെ ദുരം മുന്‍കടന്നത്. കര്‍മങ്ങളുടെ കേന്ദ്രം ഹൃദയമാണ്. അതല്ലാതെ ശരീരമല്ല. അതിനാല്‍ ചോദനയും പ്രേരണയുമാണ് കണക്കിലെടുക്കുക. അപ്പോള്‍ ‘ദിക്ര്‍’ നിശ്ചലമായ മനസ്സിനെ പ്രചോദിപ്പിക്കുകയും ഒളിഞ്ഞുകിടക്കുന്ന സ്‌നേഹത്തെ ഇളക്കിവിടുകയും നിര്‍ജീവമായ തേട്ടങ്ങളെ ജീവിപ്പിക്കുകയും ചെയ്യും.

(36) ‘ദിക്ര്‍’ അതിന്റെ വക്താവിന് ഇൗലോകത്തും ക്വബ്‌റിലും നാളെ പരലോകത്തുമൊക്കെ വെളിച്ചമായിരിക്കും. ‘സ്വിറാത്തില്‍’ അത് അയാളുടെ മുന്നിലൂടെ പ്രകാശം പരത്തി സഞ്ചരിക്കും. ഹൃദയങ്ങള്‍ക്കും ക്വബ്‌റുകള്‍ക്കും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുക എന്നത് പോലെ പ്രകാശം പരത്തുന്ന മറ്റൊന്നില്ല. അല്ലാഹു പറയുന്നു:

”നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ)പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ, പുറത്തു കടക്കാനാകാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റെത് പോലെയാണോ? അങ്ങനെ, സത്യനിഷേധികള്‍ക്ക് തങ്ങള്‍ ചെയ്തുകൊണിരിക്കുന്നത് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു” (ക്വുര്‍ആന്‍ 6:122).

ആദ്യം പറഞ്ഞത് സത്യവിശ്വാസിയെ സംബന്ധിച്ചാണ്. അല്ലാഹുവിലുള്ള വിശ്വാസംകൊണ്ടും അവനോടുള്ള സ്‌നേഹം, അവനെക്കുറിച്ചുള്ള അറിവ്, സ്മരണ എന്നിവകൊണ്ടുമൊക്കെ അവന് പ്രകാശം ലഭിക്കും. മറ്റേത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍നിന്നകന്ന് അശ്രദ്ധനായി കഴിയുന്നവനെക്കുറിച്ചും. അല്ലാഹുവിനോടുള്ള സ്‌നേഹം, അറിവ്, ദിക്ര്‍ എന്നിവയില്‍നിന്നൊക്കെ അയാള്‍ വളരെ പിന്നിലായിരിക്കും.

കാര്യങ്ങളില്‍ ഏറ്റവും പ്രധാനവും യഥാര്‍ഥ വിജയവും പ്രകാശം കിട്ടുന്നതിലാണ്. ഏറ്റവും വലിയ പരാജയമാകട്ടെ അത് നഷ്ടപ്പെടലിലുമാണ്

അതിനാല്‍തന്നെ നബി ﷺ പ്രകാശത്തിനു വേണ്ടി അല്ലാഹുവിനോട് ധാരാളമായി ചോദിക്കാറുണ്ടായിരുന്നു. തന്റെ മാംസത്തിലും  പേശിയിലും രോമത്തിലും ചര്‍മത്തിലും കണ്ണിലും കാതിലും മുകളിലും താഴെയും വലതുവശത്തും ഇടതുവശത്തും മുന്നിലും പിന്നിലും എല്ലാം പ്രകാശം ഏര്‍പ്പെടുത്തിത്തരുവാനായി പ്രാര്‍ഥിക്കും. എത്രത്തോളമെന്നാല്‍ നബി ﷺ ഇപ്രകാരം പറയുമായിരുന്നു: ‘എന്നെ നീ പ്രകാശ മാക്കേണമേ’ (ഇമാം മുസ്‌ലിം ഇബ്‌നു അബ്ബാസി(റ)നിന്ന് നിവേദനം ചെയ്തത്).

അതായത്, നബി ﷺ തന്റെ രക്ഷിതാവിനോട് തന്റെ ബാഹ്യവും ആന്തരികവുമായ എല്ലാറ്റിലും പ്രകാശം നിറക്കാനായി തേടുകയാണ്. തന്റെ എല്ലാ വശങ്ങളിലും പ്രകാശം ചുറ്റിനില്‍ക്കാനും തന്റെ എല്ലാമെല്ലാം പ്രകാശമയമാക്കാനും ആവശ്യപ്പെടുകയാണ്.

അല്ലാഹുവിന്റെ മതം(ദീന്‍) പ്രകാശമാണ്. അവന്റെ ഗ്രന്ഥം പ്രകാശമാണ്. അവന്റെ ഇഷ്ടദാസന്മാര്‍ക്കായി അവനൊരുക്കിയ ഭവനവും (സ്വര്‍ഗം) മിന്നിത്തിളങ്ങുന്ന പ്രകാശമാണ്. അനുഗ്രഹപൂര്‍ണനും അത്യുന്നതനുമായ അല്ലാഹു ആകാശഭൂമികളുടെ പ്രകാശമാണ്. അവന്റെ വിശിഷ്ടമായ നാമങ്ങളില്‍പെട്ടതാണ് ‘അന്നൂര്‍’ (പ്രകാശം) എന്നത്. അവന്റ തിരുമുഖത്തിന്റെ പ്രകാശത്താല്‍ അന്ധകാരങ്ങള്‍വരെയും പ്രകാശ പൂരിതമായി.

ത്വാഇഫ് ദിനത്തില്‍ നബി ﷺ നടത്തിയ പ്രാര്‍ഥനയില്‍ ഇങ്ങനെ കാണാം: ‘നിന്റെ ശാപകോപങ്ങള്‍ എന്റെമേല്‍ വന്നിറങ്ങുന്നതില്‍ നിന്നും നിന്റെ മുഖത്തിന്റെ പ്രകാശംകൊണ്ട് നിന്നോട് ഞാന്‍  രക്ഷതേടുന്നു-അതുമുഖേന ഇരുട്ടുകള്‍ നീങ്ങുകയും ഇരുലോകത്തെയും കാര്യങ്ങള്‍ നന്നാവുകയും ചെയ്യുന്നുവല്ലോ- നീ തൃപ്തിപ്പെടുന്നത് വരെ ഞാനെന്റെ വീഴ്ചകള്‍ സമ്മതിച്ചു നിനക്ക് കീഴ്‌പ്പെടുന്നു. നിന്നെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല’ (ത്വബ്‌റാനി, ദിയാഉല്‍ മക്വ്ദിസി തന്റെ ‘അല്‍അഹാദീഥുല്‍ മുഖ്താറ’യിലും ഉദ്ധരിച്ചത്).

ഇബ്‌നു മസ്ഊദ്(റ) പറഞ്ഞതായി നിവേദനം: ‘നിങ്ങളുടെ രക്ഷിതാവിന്റെയടുക്കല്‍ രാത്രിയും പകലുമില്ല, ആകാശഭൂമികളുടെ പ്രകാശം അവന്റെ മുഖത്തിന്റെ പ്രകാശത്താലാണ്’ (ത്വബ്‌റാനി).

അല്ലാഹു പറയുന്നു: ”ഭൂമി അതിന്റെ രക്ഷിതാവിന്റെ പ്രഭകൊണ്ടു പ്രകാശിക്കുകയും ചെയ്യും…” (ക്വുര്‍ആന്‍ 39:69).

അല്ലാഹു അന്ത്യനാളില്‍ അവന്റെ അടിയാറുകള്‍ക്കിടയില്‍ തീര്‍പ്പുകല്‍പിക്കുവാന്‍ വരുമ്പോള്‍ അവന്റെ പ്രഭെകാണ്ട് ഭൂമി പ്രകാശിക്കും. അന്നേദിവസം സൂര്യനോ ചന്ദ്രനോ കാരണത്താലല്ല ഭൂമിയിലെ പ്രകാശം. സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുകയും ചന്ദ്രന് ഗ്രഹണം ബാധിക്കുകയും അവയുടെ പ്രകാശം നഷ്ടപ്പെടുകയും ചെയ്യും. അല്ലാഹുവിന്റെ മറ പ്രകാശമാകുന്നു.

അബുമൂസാ(റ) പറയുന്നു: ”ഒരിക്കല്‍ നബി ﷺ ഞങ്ങള്‍ക്കിടയില്‍ എഴുന്നേറ്റുനിന്നുകൊണ്ട് അഞ്ചു കാര്യങ്ങള്‍ പറഞ്ഞു: ‘നിശ്ചയമായും, അല്ലാഹു ഉറങ്ങുകയില്ല, ഉറങ്ങുക എന്നത് അവന് യോജിച്ചതല്ല. അവന്‍ തന്റെ അടിമകള്‍ക്കിടയില്‍ നീതിപൂര്‍വം വിധിക്കുന്നു. പകലിലെ കര്‍മങ്ങള്‍ക്കു മുമ്പായി രാത്രിയിലെ കര്‍മങ്ങളും രാത്രിയിലെ കര്‍മങ്ങള്‍ക്കു മുമ്പായി പകലിലെ കര്‍മങ്ങളും അവന്റെ പക്കലേക്കു ഉയര്‍ത്തപ്പെടുന്നു. അവന്റെ മറ പ്രകാശമാകുന്നു. അവനത് നീക്കിയാല്‍ അവന്റെ മുഖത്തിന്റെ പ്രകാശം സൃഷ്ടികളെ ആസകലം കരിച്ചുകളയുന്നതാണ്” (മുസ്‌ലിം, അഹ്മദ്).

അവന്റെ മുഖത്തിന്റെ പ്രകാശത്താലാണ് ആ മറയുടെ പ്രകാശം. ആ മറയില്ലായിരുന്നെങ്കില്‍ അവന്റെ മുഖത്തിന്റെ പ്രകാശം എല്ലാറ്റിനെയും കരിച്ചുകളയുമായിരുന്നു. അതിനാലാണ് അല്ലാഹു പര്‍വതത്തിന് വെളിപ്പെടുകയും  ആ മറയുടെ അല്‍പമൊന്ന് വെളിവാകുകയും ചെയ്തപ്പോള്‍ പര്‍വതം ഭൂമിയിലേക്ക് ആണ്ടുപോവുകയും തകര്‍ന്ന് തരിപ്പണമാവുകയും ചെയ്തത്. (വിശുദ്ധ ക്വുര്‍ആന്‍ 7:143 കാണുക).

ഇതാണ് വിശുദ്ധ ക്വുര്‍ആന്‍ 6:103ലെ ‘ദൃഷ്ടികള്‍ അവനെ പ്രാപിക്കുകയില്ല’ എന്നതിന്റെ ആശയമായി ഇബ്‌നു അബ്ബാസ്(റ) പറഞ്ഞത്: ‘അല്ലാഹു അവന്റെ പ്രകാശം കൊണ്ട് വെളിപ്പെട്ടാല്‍ അതിനുനേരെ ഒന്നും നില്‍ക്കുകയില്ല’ (തിര്‍മിദി, നസാഈ, ത്വബ്‌റാനി, ഹാകിം).

ഇത് അദ്ദേഹത്തിന്റെ കൗതുകകരമായ ഗ്രാഹ്യതയും സൂക്ഷ്മവുമായ ചിന്തയുമാണ്. നബി ﷺ ക്വുര്‍ആന്‍ വ്യാഖ്യാനത്തിനുള്ള അറിവ് നല്‍കാനായി അല്ലാഹുവിനോട് പ്രാര്‍ഥിച്ച വ്യക്തിത്വമാണല്ലോ അദ്ദേഹം!

(അവസാനിച്ചില്ല)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 15)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 15)

31) അത് (ദിക്ര്‍) ഏറ്റവും ലളിതവും എന്നാല്‍ വളരെ ശ്രേഷ്ഠവും മഹത്തരവുമായ ആരാധനയാണ്. നാവിന്റെ ചലനം അവയവങ്ങളുടെ ചലനങ്ങളില്‍ ഏറ്റവും എളുപ്പമുള്ളതും ആയാസം കുറഞ്ഞതുമാണ്.

നാവ് ചലിക്കുന്നതുപോലെ ശരീരത്തിലെ മറ്റേതെങ്കിലും അവയവങ്ങള്‍ രാവിലും പകലിലുമായി ചലിച്ചുകൊണ്ടിരുന്നാല്‍ അത് വല്ലാത്ത ക്ഷീണവും പ്രയാസവുമുണ്ടാക്കും; എന്നല്ല അത് ഏതൊരാള്‍ക്കും അസാധ്യവുമായിരിക്കും.

(32) അത് സ്വര്‍ഗത്തിലെ ചെടിയാണ്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്്യ നിവേദനം: നബി ﷺ പറഞ്ഞു: ”ഇസ്‌റാഇന്റെ രാത്രിയില്‍ ഞാന്‍ ഇബ്‌റാഹീം നബി(അ)യെ കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മുഹമ്മദേ, നിന്റെ സമുദായത്തോട് എന്റെ സലാം പറയുക. കൂടാതെ അവരോട് പറയണം; സ്വര്‍ഗത്തിന്റെ മണ്ണ് അതിവിശിഷ്ടമാണ്; വെള്ളം സംശുദ്ധവും. അവിടെ ഒഴിഞ്ഞുകിടക്കുന്ന വിജനപ്രദേശമുണ്ട്. അവിടെ നട്ടുപിടിപ്പിക്കാനുള്ള സസ്യങ്ങളാണ് സുബ്ഹാനല്ലാഹ് (അല്ലാഹു എത്രയോ പരിശുദ്ധന്‍), അല്‍ഹംദുലില്ലാഹ് (അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും), ലാ ഇലാഹ ഇല്ലല്ലാഹു (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല), അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്നീ ദിക്‌റുകള്‍”(തിര്‍മിദി, ത്വബ്‌റാനി, സില്‍സിലതുസ്സ്വഹീഹ കാണുക).

തിര്‍മിദി ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ജാബിര്‍്യ നിവേദനം: നബി ﷺ പറഞ്ഞു: ”ആരെങ്കിലും സുബ്ഹാനല്ലാഹി വബിഹംദിഹി (അല്ലാഹു എത്രയോ പരിശുദ്ധന്‍! അവനാകുന്നുസര്‍വസ്തുതിയും) എന്ന് പറഞ്ഞാല്‍ അയാള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ ഒരു ഈത്തപ്പന നടുന്നതാണ്” (തിര്‍മിദി, നസാഈ, ഇബ്‌നു ഹിബ്ബാന്‍, ഹാകിം എന്നിവര്‍ ഉദ്ധരിച്ചത്).

(33) അതിലൂടെ നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രതിഫലവും മഹത്ത്വവും മറ്റൊരു കര്‍മത്തിനും ഇല്ലാത്തത്രയും ഉണ്ട്. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും അബൂഹുറയ്‌റ്യയില്‍നിന്ന് നിവേദനം ചെയ്യുന്നു: നിശ്ചയം നബി ﷺ പറഞ്ഞു: ”ആരെങ്കിലും ‘ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു  ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലിശൈഇന്‍ ക്വദീര്‍’ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല, അവന്‍ ഏകനാണ്, അവന് യാതൊരു പങ്കുകാരുമില്ല, അവനാണ് ആധിപത്യം, അവനാണ് സര്‍വസ്തുതിയും, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ്) എന്ന് ഒരു ദിവസം നൂറുതവണ പറഞ്ഞാല്‍ നൂറ് അടിമയെ മോചിപ്പിച്ചതിനു സമാനമായ പ്രതിഫലം അയാള്‍ക്കുണ്ട്. നൂറ് നന്മകള്‍ അയാള്‍ക്കായി രേഖപ്പെടുത്തപ്പെടും. നൂറ് ദോഷങ്ങള്‍ മായ്ക്കപ്പെടുകയും ചെയ്യും. ആ ദിവസം പ്രദോഷംവരെ അത് അയാള്‍ക്ക് ഒരു രക്ഷാകവചമായിരിക്കുകയും ചെയ്യും. ഇതിനെക്കാള്‍ ചെയ്തയാളല്ലാതെ അദ്ദേഹത്തെക്കാള്‍ ശ്രേഷ്ഠമായ കര്‍മഫലവുമായി ഒരാളും തന്നെ വരികയില്ല. ആരെങ്കിലും ‘സുബ്ഹാനല്ലാഹി വബിഹംദിഹി’ (അല്ലാഹു എത്രയോ പരിശുദ്ധന്‍! അവന്നാകുന്നു സര്‍വസ്തുതിയും) എന്ന് ഒരു ദിവസം നൂറ് തവണ പറഞ്ഞാല്‍ അയാളുടെ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്; അത് കടലിലെ നുരയോളമുണ്ടെങ്കിലും.”

സ്വഹീഹു മുസ്‌ലിമില്‍ അബൂഹുറയ്‌റ്യയില്‍നിന്ന് നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു: ”സുബ്ഹാനല്ലാഹ് (അല്ലാഹു എത്രയോ പരിശുദ്ധന്‍), അല്‍ഹംദുലില്ലാഹ് (അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും), ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല), അല്ലാഹു അക്ബര്‍ (അല്ലാഹുവാണ് ഏറ്റവും വലിയവന്‍) എന്ന് ഞാന്‍ പറയുന്നതാണ് ഈലോകത്തുള്ള സര്‍വതിനെക്കാളും എനിക്ക് പ്രിയങ്കരം.”

അനസ്ബ്‌നു മാലികി്യല്‍നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ആരെങ്കിലും രാവിലെ, അല്ലെങ്കില്‍ വൈകുന്നേരം ‘അല്ലാഹുമ്മ ഈന്നീ അസ്വ്ബഹ്തു ഉശ്ഹിദുക, വ ഉശ്ഹിദു ഹമലത അര്‍ശിക, വമലാഇകതക, വ ജമീഅ  ഖല്‍ക്വിക അന്നക അന്‍തല്ലാഹു, ലാ ഇലാഹ ഇല്ലാ അന്‍ത, വ അന്ന മുഹമ്മദന്‍ അബ്ദുക വ റസൂലുക’ (അല്ലാഹുവേ, നിന്നെയും നിന്റെ സിംഹാസനം വഹിക്കുന്ന മലക്കുകളെയും നിന്റെ മറ്റു മലക്കുകളെയും നിന്റെ സര്‍വ സൃഷ്ടിജാലങ്ങളെയും സാക്ഷിനിര്‍ത്തിക്കൊണ്ട് ഞാനിതാ പറയുന്നു; നിശ്ചയം, നീയാണ് അല്ലാഹു! നീയല്ലാതെ ആരാധനക്കര്‍ഹാനായി മാറ്റാരുമില്ല. മുഹമ്മദ് നബി ﷺ നിന്റെ അടിമയും ദൂതനുമാണ്) എന്ന് ഒരു പ്രാവശ്യം പറഞ്ഞാല്‍ അല്ലാഹു അയാളുടെ നാലിലൊരു ഭാഗത്തെ നരകത്തില്‍നിന്ന് മോചിപ്പിക്കുന്നതാണ്. ആരെങ്കിലും അത് രണ്ട് പ്രാവശ്യം പറഞ്ഞാല്‍ അല്ലാഹു അയാളുടെ പകുതിഭാഗത്തെ നരകത്തില്‍നിന്ന് മോചിപ്പിക്കുന്നതാണ്. ആരെങ്കിലും മൂന്നു പ്രാവശ്യം പറഞ്ഞാല്‍ അയാളുടെ നാലില്‍ മൂന്നുഭാഗവും നരകത്തില്‍നിന്ന് മോചിപ്പിക്കും. ആരെങ്കിലും നാലു പ്രാവശ്യം ഇങ്ങനെ പറഞ്ഞാല്‍ അയാളെ പൂര്‍ണമായും അല്ലാഹു നരകത്തില്‍നിന്നും മോചിപ്പിക്കുന്നതാണ്” (അബൂദാവൂദ്, തിര്‍മിദി, നസാഈ ‘അമലുല്‍ യൗമി വല്ലൈലി’ല്‍, ബുഖാരി അദബുല്‍ മുഫ്‌റദില്‍ ഉദ്ധരിച്ചത്. ശൈഖ് അല്‍ബാനി(റഹി) ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല എന്ന് വിശദീകരിക്കുന്നു. സില്‍സിലഃ ദഈഫഃ ഹദീഥ് നമ്പര്‍ 1041 കാണുക).

(34) അല്ലാഹുവിനെ നിരന്തരമായി ‘ദിക്ര്‍’ ചെയ്യുക എന്നത് അല്ലാഹുവിനെ മറന്നുപോയവരുടെ കൂട്ടത്തില്‍നിന്നും നിര്‍ഭയത്വം ഉറപ്പാക്കുന്ന കാര്യമാണ്. അല്ലാഹുവിനെ വിസ്മരിക്കുക എന്നത് ഒരാളുടെ ഇരുലോകത്തെയും പരാജയത്തിന്റെ കാരണവുമാണ്. അല്ലഹുവിനെ മറന്നുകൊണ്ടുള്ള ജീവിതം സ്വന്തത്തെയും തന്റെ തന്നെ നന്മകളെയും മറപ്പിച്ചുകളയുന്നതാണ്.

അല്ലാഹു പറയുന്നു: ”അല്ലാഹുവെ മറന്നുകളഞ്ഞ ഒരു വിഭാഗത്തെ പോലെ നിങ്ങളാകരുത്. തന്‍മൂലം അല്ലാഹു അവര്‍ക്ക് അവരെപ്പറ്റി തന്നെ ഓര്‍മയില്ലാതാക്കി. അക്കൂട്ടര്‍തന്നെയാകുന്നു ദുര്‍മാര്‍ഗികള്‍” (ക്വുര്‍ആന്‍ 59:19).

ഒരാള്‍ സ്വന്തം മനസ്സിനെ മറന്നുകൊണ്ട് അതിന്റെ നന്മകളില്‍നിന്നും അകന്ന് ആത്മാവിനെ വിസ്മരിച്ചു വേറെ പലതിലും വ്യാപൃതനായാല്‍ അത് ഉറപ്പായും  ദുഷിക്കുകയും നശിക്കുകയും ചെയ്യും. അയാളെപ്പറ്റി പറയാവുന്നത് അയാള്‍ ഒരു കൃഷിക്കാരനെ പോലെയാണ് എന്നാണ്. അയാള്‍ക്ക് കൃഷിയും തോട്ടവും മൃഗങ്ങളുമുണ്ട്. അതല്ലെങ്കില്‍ ഇതല്ലാത്ത നേട്ടവും വിജയവും നിരന്തരമായ ബന്ധംകൊണ്ടും പരിചരണം കൊണ്ടും നേടേണ്ടതായ വേറെ പലതും അയാള്‍ക്കുണ്ട് എന്ന് കരുതുക. പക്ഷേ, അയാള്‍ അവയെ ഒന്നും ശ്രദ്ധിക്കാതെ വേറെ പലതിലും വ്യാപൃതനായി. അതിന്റെ കാര്യം പാടെ മറന്നുപോയി. അതിനു നല്‍കേണ്ട ശ്രദ്ധയും പരിചരണവും ഒന്നും നല്‍കാതെയിരുന്നാല്‍ ഉറപ്പായും അത് നശിക്കുമെന്നതില്‍  തര്‍ക്കമില്ല.

വേറൊരാള്‍ക്ക് അയാളുടെ പകരമായി ഈ ഉത്തരവാദിത്തങ്ങളൊക്കെ നിര്‍വഹിക്കാന്‍ പറ്റുമായിരുന്നിട്ടുകൂടി ഇതാണ് സ്ഥിതിയെങ്കില്‍ സ്വന്തം മനസ്സിന്റെയും ആത്മാവിന്റെയും കാര്യത്തില്‍ അവയെ മറന്നുകൊണ്ട് മറ്റു പലതിലും മുഴുകി അവയെ ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്ത, അതിനെ വേണ്ട പോലെ ശ്രദ്ധിക്കുകയും പരിചരിക്കുകയും ചെയ്യാതെ കയ്യൊഴിച്ച ഒരാളെക്കുറിച്ച് എന്തു കരുതുവാനാണ്? അയാളുടെ കാര്യത്തില്‍ എന്തൊരു കുഴപ്പവും നാശവും നഷ്ടവും പരാജയവുമാണ് നീ കരുതുന്നത്?

സ്വന്തം കാര്യത്തില്‍ വീഴ്ചവരുത്തിയ, അല്ലെങ്കില്‍ അതിരുവിട്ടയാളുടെ സ്ഥിതി അയാളുടെ കാര്യങ്ങളെല്ലാം ഛിന്നഭിന്നമായി പോവുകയും അതിന്റെ നേട്ടങ്ങളും ഗുണങ്ങളും നഷ്ടമാവുകയും ചെയ്യും എന്നതാണ്. നാശത്തിന്റെയും നഷ്ടത്തിന്റെയും പരാജയത്തിന്റെയും പല വഴികളും അയാളെ വളഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ടാവും.

അതില്‍നിന്നൊക്കെയും രക്ഷപ്പെടാനും നിര്‍ഭയത്വവും സമാധാനവും കൈവരിക്കാനും അല്ലാഹുവിനെക്കുറിച്ച നിരന്തരമായ സ്മരണയും ദിക്‌റുമല്ലാതെ മറ്റൊരു മാര്‍ഗമില്ല. അല്ലാഹുവിന് ധാരാളം ‘ദിക്‌റുകള്‍’ അര്‍പ്പിക്കുന്ന നാവും ചുണ്ടുമായിരിക്കണം അയാള്‍ക്കുണ്ടാവേണ്ടത്.

ദിക്‌റുകള്‍ക്ക് തന്റെ ജീവിതത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം നല്‍കുകയും ഒരിക്കലും അതില്‍നിന്ന് വേറിട്ടുപോകാതെ സൂക്ഷിക്കുകയും വേണം. തന്റെ ശരീരത്തിന് അനിവാര്യമായും നല്‍കുന്ന ഭക്ഷണത്തിന്റെയും ദാഹജലത്തിന്റെയും വസ്ത്രത്തിന്റെയും താമസസ്ഥലത്തിന്റെയും ഒക്കെ പോലെത്തന്നെ അനിഷേധ്യമായ ശ്രദ്ധയും സ്ഥാനവും ദിക്‌റിനും നല്‍കേണ്ടതുണ്ട്. ഭക്ഷണമില്ലെങ്കില്‍ ശക്തി ക്ഷയിക്കുകയും ശരീരം ക്ഷീണിക്കുകയും ചെയ്യും. കൊടുംദാഹത്തിന്റെ സന്ദര്‍ഭത്തില്‍ വെള്ളത്തിന്റെ ആവശ്യകതയും സ്ഥാനവും പ്രത്യേകം പറയേണ്ടതില്ല. ചൂടിലും തണുപ്പിലും സുരക്ഷയേകുന്ന വസ്ത്രവും പാര്‍പ്പിടവും ഏതൊരാളുടെയും അടിസ്ഥാന ആവശ്യങ്ങളില്‍ പെട്ടതാണ്.

അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും കീര്‍ത്തനങ്ങളും (ദിക്‌റുകളും) ഒരു യഥാര്‍ഥ അടിമയെ സംബന്ധിച്ചിടത്തോളം ഇതിനെക്കാള്‍ മനോഹരമായ സ്ഥാനത്ത് അവരോധിക്കാന്‍ കടപ്പെട്ടതാണ്. ആത്മാവിന്റെയും ഹൃദയത്തിന്റെയും ദോഷവും നാശവും ശരീരത്തിന്റെ നാശത്തെക്കാളും ദോഷത്തെക്കാളും എത്രമാത്രം ഗുരുതരമല്ല!

ശരീരത്തിന്റെ ശക്തി ക്ഷയിക്കുന്നതും അതിനുണ്ടാകുന്ന നഷ്ടങ്ങളും നഷ്ടങ്ങള്‍ തന്നെയാണ്. എന്നാലും ഒരുപക്ഷേ ആ നഷ്ടങ്ങള്‍ നികത്തി അതിന്റെ നേട്ടങ്ങളും ഐശ്വര്യങ്ങളും വീണ്ടെടുക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഹൃദയത്തിന്റെയും ആത്മാവിന്റെയും നാശം പിന്നീട് ഒരിക്കലും നേട്ടവും വിജയവും പ്രതീക്ഷിക്കാന്‍ കഴിയാത്തത്ര ഗുരുതരമാണ്. ലാ ഹൗല വലാ ക്വുവ്വത ഇല്ലാ ബില്ലാഹ് (അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല).

അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്നതിലൂടെ ഇതല്ലാതെ മറ്റൊരു നേട്ടവുമില്ല എന്ന് സങ്കല്‍പിച്ചാല്‍ പോലും ദിക്‌റിനെ കാര്യമായി ശ്രദ്ധിക്കാനും പരിഗണിക്കാനും പര്യാപ്തമാണിത്.

ആരെങ്കിലും അല്ലാഹുവിനെ മറന്നുകളഞ്ഞാല്‍ അയാളുടെ നഫ്‌സിനെത്തന്നെ ദുനിയാവില്‍ അവന്‍ മറപ്പിച്ചുകളയുകയും ചെയ്യും. അന്ത്യനാളില്‍ ശിക്ഷയില്‍ അയാളെ ഉപേക്ഷിക്കും. അല്ലാഹു പറയുന്നു:

”എന്റെ ഉല്‍ബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്ന പക്ഷം തീര്‍ച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവനെ നാം അന്ധനായ നിലയില്‍ എഴുന്നേല്‍പിച്ച് കൊണ്ടുവരുന്നതുമാണ്” (ക്വുര്‍ആന്‍ 20:124).

അതായത്, നീ നമ്മുടെ ദൃഷ്ടാന്തങ്ങളെ  വിസ്മരിച്ച് അവയില്‍നിന്ന് ഉദ്‌ബോധനം ഉള്‍കൊള്ളാനോ അവയനുസരിച്ച് പ്രവര്‍ത്തിക്കാനോ തയ്യാറാവാതെ കയ്യൊഴിച്ചതുപോലെ നീയും ശിക്ഷയില്‍ തള്ളപ്പെട്ടിരിക്കുകയാണ്.

അല്ലാഹുവിന്റെ ‘ദിക്‌റില്‍’നിന്നുള്ള പിന്തിരിയല്‍ എന്ന് പറഞ്ഞതിന്റെ വിവക്ഷയില്‍ ഒന്ന് അല്ലാഹു ഇറക്കിയ ‘ദിക്ര്‍ ‘(ഉല്‍ബോധനം) അഥവാ അവന്റെ വിശുദ്ധ ഗ്രന്ഥമായ ക്വുര്‍ആനാണ്. അതാണ് ഇവിടെ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്. മറ്റൊന്ന് അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നുള്ള പിന്തിരിയലാണ്. അതായത്, അവന്റെ വിശുദ്ധഗ്രന്ഥത്തിലൂടെയും അവന്റെ ഉല്‍കൃഷ്ടമായ നാമങ്ങളും വിശേഷണങ്ങളും മുഖേനയും അവന്റെ വിധിവിലക്കുകളും അനുഗ്രഹങ്ങളും ഔദാര്യങ്ങളും മുഖേനയുള്ള സ്മരണ. ഇവയെല്ലാം അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തില്‍നിന്നുള്ള പിന്തിരിയലിന്റെ അനുബന്ധങ്ങളാണ്. മേല്‍പറഞ്ഞ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘ദിക്ര്‍’ എന്ന പ്രയോഗം ‘ഉല്‍ബോധനം’ എന്ന അര്‍ഥത്തില്‍ ക്വുര്‍ആനിനെ ഉദ്ദേശിച്ചാകാം. അല്ലെങ്കില്‍ ‘സ്മരണ’ എന്ന അര്‍ഥത്തില്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മയും അവനുള്ള സ്‌തോത്രകീര്‍ത്തനകളും ആകാം.

അതായത് ആരെങ്കിലും എന്റെ ഗ്രന്ഥത്തില്‍നിന്ന് പിന്തിരിയുകയും അത് പാരായണം ചെയ്യാതെയും അതിനെപ്പറ്റി ഉറ്റാലോചിക്കാതെയും അതിനനുസരിച്ച് പ്രവര്‍ത്തിക്കാതെയും അത് പഠിച്ചുമനസ്സിലാക്കാതെയും അതിനെ കയ്യൊഴിച്ചാല്‍ തീര്‍ച്ചയായും അത്തരക്കാരുടെ ജീവിതം ഞെരുക്കമേറിയതും പ്രയാസങ്ങള്‍ നിറഞ്ഞതുമായിരിക്കും. അത് അവര്‍ക്ക് പീഡനവും ശിക്ഷയുമായിരിക്കും.

‘കുടുസ്സായ ജീവിതം’ എന്ന പ്രയോഗം തന്നെ ഏറെ ചിന്തനീയമാണ്. ഞെരുക്കവും കാഠിന്യവും പ്രയാസങ്ങളും നിറഞ്ഞ ജീവിതവും അപ്രകാരംതന്നെ ബര്‍സഖീ ജീവിതത്തിന്റെ ശിക്ഷകളും കഷ്ടതകളുമാണ് അതിന്റെ വിവക്ഷ എന്നും ചില വിശദീകരണങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ അത് ഇഹലോകത്തെ ജീവിതവും ക്വബ്‌റിലെ ശിക്ഷയും രണ്ടും ഉള്‍കൊള്ളുന്നതാണ്. ഈ രണ്ട് അവസ്ഥയിലും അത്തരക്കാര്‍ ഞെരുക്കത്തിലും പ്രയാസങ്ങളിലും തന്നെയായിരിക്കും. പരലോകത്ത് വെച്ചാകട്ടെ ഉപേക്ഷിക്കപ്പെട്ട നിലയിലുമായിരിക്കും.

ഇതിന് നേര്‍ വിപരീതമാണ് ജീവിത വിജയത്തിന്റെയും സൗഭാഗ്യത്തിന്റെയും ആളുകള്‍. ഇവരുടെ ഇഹലോക ജീവിതവും ബര്‍സഖീജീവിതവും ഏറെ വിശിഷ്ടമായിരിക്കും. പരലോകത്താകട്ടെ അവര്‍ക്ക് ഏറ്റവും ശ്രേഷ്ഠമായ പ്രതിഫലവുമുണ്ടായിരിക്കും. അല്ലാഹു പറയുന്നു:

”ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്…” (ക്വുര്‍ആന്‍ 16:97). ഇത് ഐഹിക ജീവിതത്തില്‍ വെച്ചാണ്. എന്നിട്ട് അല്ലാഹു പറഞ്ഞു:

”അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും” (ക്വുര്‍ആന്‍ 16:97).

അല്ലാഹു തആലാ പറയുന്നു: ”അക്രമത്തിന് വിധേയരായതിന് ശേഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞ് പോയവരാരോ അവര്‍ക്ക് ഇഹലോകത്ത് നാം നല്ല താമസസൗകര്യം ഏര്‍പെടുത്തികൊടുക്കുകതന്നെ ചെയ്യും. എന്നാല്‍, പരലോകത്തെ പ്രതിഫലം തന്നെയാകുന്നു ഏറ്റവും മഹത്തായത്. അവര്‍ (അത്) അറിഞ്ഞിരുന്നുവെങ്കില്‍!” (ക്വുര്‍ആന്‍ 16:41).

അല്ലാഹു പറയുന്നു: ”നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ നിര്‍ണിതമായ ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല സൗഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവര്‍ക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നല്‍കുകയും ചെയ്യുന്നതാണ്. നിങ്ങള്‍ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെമേല്‍ ഞാന്‍ നിശ്ചയമായും ഭയപ്പെടുന്നു” (ക്വുര്‍ആന്‍ 11:3).

ആദ്യത്തില്‍ പറഞ്ഞത് ദുനിയാവിലുള്ളതും അവസാനത്തില്‍ പറഞ്ഞത് പരലോകത്തുള്ളതും.

അല്ലാഹു പറയുന്നു: ”പറയുക: വിശ്വസിച്ചവരായ എന്റെ ദാസന്‍മാരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. ഈ ഐഹികജീവിതത്തില്‍ നന്മ പ്രവര്‍ത്തിച്ചവര്‍ക്കാണ് സല്‍ഫലമുള്ളത്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമാകുന്നു. ക്ഷമാശീലര്‍ക്കുതന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റി കൊടുക്കപ്പെടുന്നത്” (ക്വുര്‍ആന്‍ 39:10).

നന്മ ചെയ്തവര്‍ക്ക് തങ്ങളുടെ സുകൃതങ്ങളുടെ ഫലമായി ഇരുലോകത്തും അല്ലാഹു പ്രതിഫലം നല്‍കുമെന്ന് അല്ലാഹു പറഞ്ഞ നാല് സന്ദര്‍ഭങ്ങളാണ് ഈ സൂക്തങ്ങള്‍. സുകൃതങ്ങള്‍ക്ക് അനിവാര്യമായ ചില പ്രതിഫലങ്ങള്‍ ഇഹലോകത്തുവെച്ചുതന്നെയുണ്ടാകും. അപ്രകാരംതന്നെ ദുഷ്‌കര്‍മങ്ങള്‍ക്കും അനിവാര്യമായ ചില പ്രതിഫങ്ങള്‍ ഈ ലോകത്തുവെച്ച് ഉണ്ടാകുന്നതാണ്.

സുകൃതം ചെയ്യുന്നവര്‍ക്ക് നല്‍കപ്പെടുന്ന ഹൃദയവിശാലതയും സന്തോഷവും വിശാല മനസ്‌കതയും പടച്ച റബ്ബുമായുള്ള ഇടപാട് മുഖേനയുള്ള ആസ്വാദനവും അല്ലാഹുവിനെ വഴിപ്പെടലും സ്മരിക്കലും അതിലൂടെ ലഭ്യമാകുന്ന ആത്മീയ സുഖവും തന്റെ റബ്ബിനെക്കൊണ്ടുള്ള അയാളുടെ ആഹ്ലാദവും സന്തോഷവും ബഹുമാന്യനായ ഒരു രാജാവിന്റെ അടുത്ത ബന്ധു ആ രാജാവിന്റെ അധികാരാധിപത്യത്താല്‍ സന്തോഷിക്കുന്നതിനെക്കാളും എത്രയോ വലുതായിരിക്കും!

എന്നാല്‍ ദുഷ്‌കര്‍മം ചെയ്യുന്നവര്‍ക്ക് നല്‍കപ്പെടുന്ന മനസ്സിന്റെ കുടുസ്സതയും ഹൃദയകാഠിന്യവും ആസ്വസ്ഥതയും ഇരുട്ടും ദേഷ്യവും വെറുപ്പും ശത്രുതയും ഹൃദയവേദനയും ദുഖവും സങ്കടവും എല്ലാം ജീവനും ബോധവുമുള്ള ഒരാളും നിഷേധിക്കുമെന്ന് പോലും തോന്നുന്നില്ല. മാത്രമല്ല അത്തരം ദുഃഖങ്ങളും സങ്കടങ്ങളും മനോവ്യഥകളും മനസ്സിന്റെ കുടുസ്സതയുമെല്ലാം ഇഹലോകത്തുവെച്ചുള്ള ശിക്ഷയും ദുനിയാവിലെ കണ്‍മുന്നിലുള്ള നരകയാതനകളുമാണ്.

അല്ലാഹുവിലേക്ക് മുന്നിടലും അവനിലേക്ക് ഖേദിച്ച് മടങ്ങലും അവനിലേക്ക് തൃപ്തിപ്പെടലും അവനോടുള്ള സ്‌നേഹത്താല്‍ ഹൃദയം നിറയലും സദാ അവനെ സ്മരിച്ചുകൊണ്ടിരിക്കുകയും അവനെ കൂടുതല്‍ അറിയുന്നതിലൂടെയുണ്ടാകുന്നു. സന്തോഷവും ആഹ്ലാദവും മനസ്സമാധാനവുമെല്ലാം ദുനിയാവില്‍ കിട്ടുന്ന പ്രതിഫലവും കണ്‍മുന്നിലുള്ള സ്വര്‍ഗവുമാണ്. ആ ജീവിതത്തോട് ദുനിയാവിലെ ഒരു രാജാവിന്റെ ജീവിതവും എത്തുകയില്ല.

എന്റെ ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ(റഹി) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘നിശ്ചയം! ദുനിയാവില്‍ ഒരു സ്വര്‍ഗമുണ്ട്. അതില്‍ പ്രവേശിക്കാത്തവര്‍ക്ക് പരലോകത്തെ സ്വര്‍ഗത്തിലും കടക്കാനാവില്ല.’

അദ്ദേഹം ഒരിക്കല്‍ എന്നോട് പറഞ്ഞു: ‘എന്റെ ശത്രുക്കള്‍ക്ക് എന്നെ എന്തു ചെയ്യാനാണ് പറ്റുക? എന്റെ സ്വര്‍ഗവും തോട്ടവുമൊക്കെ എന്റെ ഹൃദയത്തിലാണ്. ഞാന്‍ എവിടെ പോയാലും അവയെല്ലാം വേര്‍പിരിയാതെ എന്റെ കൂടെത്തന്നെയുണ്ട്. എന്റെ തടവറ എനിക്കുള്ള സ്വസ്ഥതയും എകാന്തതയുമാണ്. എന്റെ മരണമാകട്ടെ എന്റെ ശഹാദത്തും (രക്തസാക്ഷിത്വം) എന്നെ എന്റെ നാട്ടില്‍നിന്ന് പുറത്താക്കല്‍ എനിക്കുള്ള വിനോദയാത്രയുമാണ്’ (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി)യുടെ മജ്മുഅ ഫതാവ, 3/259 കാണുക).

ഒരിക്കല്‍ അദ്ദേഹം തന്റെ തടവറയില്‍ വെച്ച് ഇപ്രകാരം പറയുകയുണ്ടായി: ‘ഈ കോട്ട നിറച്ചു ഇവര്‍ക്ക് ഞാന്‍ സ്വര്‍ണം നല്‍കിയാല്‍ പോലും ഈ അനുഗ്രഹത്തിനു തുല്യമായ നന്ദിയാകുമെന്ന് ഞാന്‍ കരുതുന്നില്ല.’ അതായത് അവരെനിക്ക് നന്മക്ക് നിമിത്തമായതിന് പകരമായി ഞാനവര്‍ക്ക് പ്രത്യുപകാരം ചെയ്തതാകില്ല.

അദ്ദേഹം ബന്ധനസ്ഥനായി കഴിയവെ സുജൂദില്‍ കിടന്ന് ഇപ്രകാരം പറയുമായിരുന്നു: ‘അല്ലാഹുമ്മ അഇന്നീ അലാ ദിക് രിക വ ശുക്‌രിക വ ഹുസ്‌നി ഇബാദത്തിക’ (അല്ലാഹുവേ നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദി ചെയ്യുവാനും നല്ല രൂപത്തില്‍ നിനക്ക് ഇബാദത്ത് നിര്‍വഹിക്കുവാനും എന്നെ നീ സഹായിക്കണേ ). മാശാ അല്ലാഹ്!

ഒരിക്കല്‍ എന്നോട് അദ്ദേഹം പറഞ്ഞു: ‘തന്റെ റബ്ബില്‍നിന്ന് ഹൃദയത്തെ തടഞ്ഞുവെക്കപ്പെട്ടവനാണ് യഥാര്‍ഥ തടവറയിലകപ്പെട്ടവന്‍. ദേഹേച്ഛയുടെ പിടിയിലകപ്പെട്ടവനാണ് യഥാര്‍ഥ ബന്ധനസ്ഥന്‍.’

അദ്ദേഹത്തെ തടവറയിലേക്ക് കൊണ്ടുപോകുമ്പോള്‍ അതിന്റെ മതില്‍ക്കെട്ടുകളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ”…അപ്പോള്‍ അവര്‍ക്കിടയില്‍ ഒരു മതില്‍ കൊണ്ട് മറയുണ്ടാക്കപ്പെടുന്നതാണ്. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്റെ ഉള്‍ഭാഗത്താണ് കാരുണ്യമുള്ളത്. അതിന്റെ പുറം ഭാഗത്താകട്ടെ ശിക്ഷയും” (ക്വുര്‍ആന്‍ 57:13).

(അവസാനിച്ചില്ല)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 14)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 14)

(13) അത് (ദിക്ര്‍) അറിവിന്റെ വലിയൊരു വാതില്‍ അയാള്‍ക്ക് തുറന്നുകൊടുക്കും ദിക്ര്‍ അധികരിപ്പിക്കുന്നതിനനുസരിച്ച് പ്രസ്തുത ജ്ഞാനവും അയാള്‍ക്ക് അധികരിച്ചുകൊണ്ടിരിക്കും.

(14) സ്രഷ്ടാവിനെക്കുറിച്ചുള്ള ഭക്തിയും ബഹുമാനവും ആദരവും അതിലൂടെ കൈവരും. ‘ദിക്ര്‍’ ഒരാളുടെ മനസ്സില്‍ ആധിപത്യമുറപ്പിക്കുന്നതിനനുസരിച്ചും അല്ലാഹുവുമായുള്ള അയാളുടെ സാന്നിധ്യവും ബന്ധവുമനുസരിച്ചും അത് ശക്തിപ്പെടും. എന്നാല്‍ ദിക്‌റില്‍നിന്ന് അകന്ന അശ്രദ്ധയുടെ ആളുകളാവട്ടെ, അവരുടെ മനസ്സുകളില്‍ അല്ലാഹുവിനോടുള്ള ഭക്തിയും ആദരവുമൊക്കെ വളരെ ശോഷിച്ചതുമായിരിക്കും.

(15) അല്ലാഹു അയാളെയും ഓര്‍ക്കുന്നതിന് ‘ദിക്ര്‍’ കാരണമാകുന്നു. അല്ലാഹു പറഞ്ഞതുപോലെ; ‘ആകയാല്‍ നിങ്ങള്‍ എന്നെ ഓര്‍ക്കുവിന്‍, എങ്കില്‍ ഞാന്‍ നിങ്ങളെയും ഓര്‍ക്കുന്നതാണ്’ (ക്വുര്‍ആന്‍ 2:152).

‘ദിക്‌റിലൂടെ’ ഈയൊരു നേട്ടമല്ലാതെ മറ്റൊന്നുമില്ലായെന്നുവന്നാല്‍പോലും ഇതുതന്നെ അതിന്റെ മഹത്ത്വവും ശ്രേഷ്ഠതയുമായി ധാരാളം മതിയാകുന്നതാണ്.

 അല്ലാഹു പറഞ്ഞതായി നബി ﷺ ഒരു (ക്വുദ്‌സിയായ) ഹദീഥിലൂടെ ഇങ്ങനെ പറഞ്ഞിരിക്കുന്നു: ”ആരെങ്കിലും എന്നെ തന്റെ മനസ്സില്‍ സ്മരിച്ചാല്‍ ഞാന്‍ അയാളെയും എന്റെ മനസ്സില്‍ സ്മരിക്കും. ആരെങ്കിലും എന്നെ ഒരു സദസ്സില്‍ സ്മരിച്ചാല്‍ അതിനെക്കാള്‍ ഉത്തമമായ ഒരു സദസ്സില്‍ ഞാന്‍ അയാളെയും സ്മരിക്കുന്നതാണ്” (ബുഖാരി, മുസ്‌ലിം).

(16) അത് ഹൃദയത്തിന് നവജീവന്‍ നല്‍കും. ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘ദിക്ര്‍ ഹൃദയത്തെ സംബന്ധിച്ചിടത്തോളം മത്സ്യത്തിനു വെള്ളം എന്നപോലെയാണ്. വെള്ളത്തില്‍നിന്ന് പുറത്തെടുത്താല്‍ മത്സ്യത്തിന്റെ അവസ്ഥ എന്തായിരിക്കും?’

(17) അത് ഹൃദയത്തിന്റെ ഭക്ഷണവും ചൈതന്യവുമാണ്. അത് ഒരാള്‍ക്ക് നഷ്ടപ്പെട്ടാല്‍ അന്നപാനീയങ്ങള്‍ തടയപ്പെട്ട ശരീരംപോലെയായിരിക്കും.

ഞാനൊരിക്കല്‍ ഗുരുനാഥന്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി)യുടെ അടുക്കല്‍ ചെന്നു. സ്വുബ്ഹി നമസ്‌കരിച്ച ശേഷം അദ്ദേഹം അല്ലാഹുവിന് ‘ദിക്ര്‍’ ചെയ്തുകൊണ്ട് ഏകദേശം മധ്യാഹ്നം വരെ അവിടെത്തന്നെ ഇരുന്നു. എന്നിട്ട് എന്റെ നേരെ നോക്കിക്കൊണ്ട് (ഈ ആശയത്തില്‍) പറഞ്ഞു: ‘ഇത് എന്റെ ഭക്ഷണമാണ്. ഭക്ഷണം ഞാന്‍ കഴിച്ചില്ലെങ്കില്‍ എന്റെ ശക്തി ക്ഷയിച്ചുപോകും.’

 മറ്റൊരിക്കല്‍ അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്: ”ഞാന്‍ ‘ദിക്ര്‍’ (റബ്ബിനുള്ള സ്‌തോത്ര കീര്‍ത്തനങ്ങള്‍) ഒഴിവാക്കാറില്ല. അഥവാ ഒഴിവാക്കുകയാണെങ്കില്‍ മറ്റൊരു ‘ദിക്‌റി’നു വേണ്ടി തയ്യാറെടുക്കാനായിരിക്കും ആ വേള ഞാന്‍ശ്രദ്ധിക്കുക.”

(18) അത് ഹൃദയത്തിന്റെ അഴുക്കും കറകളും നീക്കുന്നതാണ്; മുമ്പ് ഹദീഥില്‍ വിവരിച്ചത് പോലെ. ഓരോന്നിനും അഴുക്കും തുരുമ്പുമുണ്ട്. ഹൃദയത്തിന്റെ തുരുമ്പ് ദേഹേച്ഛയും അശ്രദ്ധയുമാണ്. അത് നീക്കി ശുദ്ധിയാക്കാന്‍ സാധിക്കുന്നത് ദിക്‌റും തൗബയും (പശ്ചാത്താപം) ഇസ്തിഗ്ഫാറും (പാപം പൊറുക്കാന്‍ തേടല്‍) കൊണ്ടാണ്. മുമ്പ് ഈ ആശയം വിശദമാക്കിയതോര്‍ക്കുക.

(19) അത് തെറ്റുകളെ മായ്ച്ചുകളയും. നിശ്ചയം, ദിക്ര്‍ ഏറ്റവും മഹത്തായ നന്മയാണ്. നന്മകള്‍ തിന്മകളെ നീക്കിക്കളയുന്നതാണ്.

(20) അത് ഒരു അടിമയുടെയും റബ്ബിന്റെയും ഇടയിലുള്ള ഇണക്കക്കുറവ് ഇല്ലാതാക്കും. തീര്‍ച്ചയായും ദിക്‌റില്‍നിന്ന് അകന്ന് അശ്രദ്ധയില്‍ കഴിയുന്ന വ്യക്തിക്കും അല്ലാഹുവിനുമിടയില്‍ ഒരുതരം ഇണക്കക്കുറവുണ്ടാകും. ‘ദിക്‌റി’ലൂടെ മാത്രമെ അത് ഇല്ലാതാവുകയുള്ളൂ.

(21) ഒരു അടിമ അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തിയും അവന് സ്‌തോത്ര കീര്‍ത്തങ്ങള്‍ അര്‍പ്പിച്ചും ഉരുവിടുന്ന ദിക്‌റുകള്‍ മുഖേന അല്ലാഹുവിങ്കല്‍ പ്രശംസിക്കപ്പെടും.

ഇമാം അഹ്മദ്(റഹി) തന്റെ മുസ്‌നദില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: ”നബി ﷺ പറഞ്ഞു: ‘നിശ്ചയമായും അല്ലാഹുവിന്റെ മഹത്ത്വം വാഴ്ത്തിക്കൊണ്ട് നിങ്ങള്‍ ഉരുവിടുന്ന ‘തഹ്‌ലീലും’ (ലാ ഇലാഹ ഇല്ലല്ലാഹു എന്ന വചനം) ‘തക്ബീറും’ (അല്ലാഹു അക്ബര്‍ എന്ന വചനം) ‘തഹ്മീദും’ (അല്‍ഹംദുലില്ലാഹ് എന്ന വചനം) അല്ലാഹുവിന്റെ അര്‍ശിന് ചുറ്റും വലയംചെയ്യും. അവയ്ക്ക് തേനീച്ചയുടെ ശബ്ദത്തിനു സമാനമായ ഒരു ശബ്ദം ഉണ്ടായിരിക്കും. ആ വചനങ്ങള്‍ അവ ഉരുവിട്ട ആളുകളെക്കുറിച്ച് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും. അല്ലാഹുവിന്റെയടുക്കല്‍ അപ്രകാരം നിങ്ങളെക്കുറിച്ചും പറയപ്പെടാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ?” (അഹ്മദ്, ഇബ്‌നുമാജ, ബസ്സാര്‍, ഹാകിം മുതലായവര്‍ ഉദ്ധരിച്ചത്. സില്‍സിലതുസ്സ്വഹീഹയില്‍ (3358) ശൈഖ് അല്‍ബാനി സ്വഹീഹ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്).

(22) ഒരു ദാസന്‍ തന്റെ ക്ഷേമകാലത്ത് അല്ലാഹുവിനെ സ്മരിക്കുകവഴി അവനെ തിരിച്ചറിഞ്ഞാല്‍ ക്ഷാമകാലത്ത് അല്ലാഹു അയാളെയും കണ്ടറിയുന്നതാണ്. ഒരു ഹദീഥില്‍ ഇപ്രകാരം  കൂടി ആശയം വന്നിട്ടുണ്ട്: ‘നിശ്ചയം, അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുകയും അവനെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്ന ഒരു അടിമക്ക് വല്ല പ്രയാസവും ബാധിച്ചാല്‍, അതല്ലെങ്കില്‍ അല്ലാഹുവിനോട് അയാള്‍ വല്ല ആവശ്യവും ചോദിച്ചാല്‍ മലക്കുകള്‍ പറയുമത്രെ: ‘രക്ഷിതാവേ, സുപരിചിതനായ ദാസന്റെ പരിചയമുള്ള ശബ്ദമാണല്ലോ.’

 എന്നാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നകന്ന് അശ്രദ്ധയില്‍ കഴിയുന്ന ഒരാള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയോ വല്ലതും ചോദിക്കുകയോ ചെയ്താല്‍ മലക്കുകള്‍ പറയുമത്രെ: ‘രക്ഷിതാവേ, അപരിചിതനായ മനുഷ്യനില്‍നിന്നുള്ള അപരിചിതമായ ശബ്ദമാണല്ലോ’ (ഇബ്‌നു അബീശൈബ തന്റെ മുസ്വന്നഫിലും ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും സല്‍മാനുല്‍ ഫാരിസിയുടെ വാക്കായിട്ട് (മൗക്വൂഫ്) ഉദ്ധരിച്ചത്).

(23) അത് അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്തുന്ന സംഗതിയാണ്. മുആദ്(റ) പറഞ്ഞത് പോലെ; ‘അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് രക്ഷ നല്‍കുന്ന ഒരു കര്‍മവും അല്ലാഹുവിനെ സ്മരിക്കുന്നതിനെക്കാള്‍ മികച്ചതായി ഒരാളും ചെയ്യുന്നില്ല.’ നബി ﷺ യുടെ വാക്കായും ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ടെങ്കിലും അത് സ്ഥിരപ്പെട്ടുവന്നിട്ടില്ല.

(24) അല്ലാഹുവില്‍നിന്നുള്ള ശാന്തിയിറങ്ങാനും കാരുണ്യം ചൊരിയാനും മലക്കുകള്‍ ദിക്ര്‍ ചൊല്ലുന്നയാളുടെ ചുറ്റിലും കൂടുവാനുമൊക്കെ അത് നിമിത്തമാണ്. നബി ﷺ അറിയിച്ച ഹദീഥില്‍ അത് വന്നിട്ടുള്ളതാണ്.

(25) അല്ലാഹു നിഷിദ്ധമാക്കിയ പരദൂഷണം (ഗീബത്ത്), ഏഷണി (നമീമത്ത്), കളവ്, അശ്ലീലം, നിരര്‍ഥകമായത്, മുതലായവ സംസാരിക്കുന്നതില്‍നിന്ന് നാവിനെ അത് തിരിച്ചുവിടുന്നു. അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് അവന് സ്‌തോത്രകീര്‍ത്തനങ്ങള്‍ അര്‍പ്പിക്കാതെയും അവന്റെ വിധിവിലക്കുകളെ പ്രതിപാദിക്കാതെയും ഒരാള്‍ കഴിയുകയാണെങ്കില്‍ ഉറപ്പായും ഈ നിഷിദ്ധങ്ങളൊക്കെയും അതല്ലെങ്കില്‍ അവയില്‍ ചിലതെങ്കിലും അയാള്‍ക്ക് പറയേണ്ടി വരും. അതിനാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെയല്ലാതെ അയാള്‍ക്ക് അതില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയില്ലതന്നെ.

അനുഭവ സാക്ഷ്യങ്ങളും പരിചയങ്ങളും അത് സത്യപ്പെടുത്തുന്നുണ്ട്. ആരെങ്കിലും തന്റെ നാവിനെ അല്ലാഹുവിനെ പ്രകീര്‍ത്തിക്കാന്‍ പരിചയിപ്പിച്ചാല്‍ അല്ലാഹു അയാളുടെ നാവിനെ നിരര്‍ഥകവും അനാവശ്യവുമായ കാര്യങ്ങളില്‍നിന്നു സംരക്ഷിക്കുന്നതാണ്. നേരെമറിച്ച് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നതില്‍നിന്നകന്ന ഉണങ്ങിവരണ്ട നാവാണ് ഒരാള്‍ക്കുള്ളതെങ്കില്‍ സര്‍വ അനാവശ്യങ്ങളും വൃത്തികേടുകളും നിരര്‍ഥക സംസാരങ്ങളുംകൊണ്ട് അയാളുടെ നാവു പച്ചപിടിക്കുകയും ചെയ്യും. ലാ ഹൗല വലാക്വുവ്വത്ത ഇല്ലാ ബില്ലാഹ്!(അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല).

(26) അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന സദസ്സുകള്‍ മലക്കുകളുടെ സദസ്സുകള്‍ കൂടിയാണ്. എന്നാല്‍ ദിക്‌റില്‍നിന്നകന്ന, അശ്രദ്ധയുടെയും അനാവശ്യകാര്യങ്ങള്‍ സംസാരിക്കുന്നതുമായ സദസ്സുകളാകട്ടെ പിശാചിന്റെ സദസ്സുകളാണ്. അതില്‍ ഏതാണ് തനിക്ക് പ്രിയങ്കരവും അനുയോജ്യവും ആയിട്ടുള്ളത് എന്ന് ഓരോരുത്തരും തെരഞ്ഞെടുത്തുകൊള്ളട്ടെ. അപ്പോള്‍ അയാള്‍ തന്റെ വക്താക്കളുടെ കൂടെ ഈ ലോകത്തും പരലോകത്തും ഒരുമിച്ചാവുകയും ചെയ്യും.

(27) ‘ദിക്ര്‍’ ചെയ്യുന്നവന്‍ അതിലൂടെ സന്തോഷിക്കും. അവന്റെ കൂടെ ഇരിക്കുന്നവനും അവനെക്കൊണ്ട് സന്തോഷിക്കും. അഥവാ എവിടെയായിരുന്നാലും അനുഗ്രഹിക്കപ്പെട്ടവനാണവന്‍. എന്നാല്‍ ദിക്‌റില്‍നിന്നകന്ന് അശ്രദ്ധയിലും അനാവശ്യകാര്യങ്ങളിലും മുഴുകിയവരാകട്ടെ, തങ്ങളുടെ അശ്രദ്ധകൊണ്ടും അനാവശ്യങ്ങള്‍കൊണ്ടും സങ്കടപ്പെടേണ്ടി വരും; അവര്‍ മാത്രമല്ല, അവരുടെ കൂടെ ഇരുന്നുകൊടുത്തവരും.

(28) അത് അന്ത്യനാളിലെ ഖേദത്തില്‍നിന്ന് നിര്‍ഭയത്വവും ആശ്വാസവും നല്‍കും. റബ്ബിനെ സ്മരിക്കാതെയുള്ള ഏതൊരു സദസ്സും അന്ത്യനാളില്‍ നഷ്ടവും ഖേദവുമായിത്തീരുന്നതാണ്.

(29) റബ്ബിനെക്കുറിച്ചുള്ള സ്മരണ ഒഴിഞ്ഞിരുന്ന് കണ്ണുകള്‍ ഈറനണിഞ്ഞുകൊണ്ടുകൂടിയാണെങ്കില്‍ കൊടിയ ചൂടിന്റെ ദിവസം ‘മഹ്ശറി’ല്‍ അല്ലാഹു ‘അര്‍ശി’ന്റെ തണല്‍ നല്‍കാന്‍ കാരണമാകുന്നതാണ്. തലക്കുമീതെ കത്തിജ്വലിച്ചുകൊണ്ട് നില്‍ക്കുന്ന സൂര്യന്റെ ചൂടില്‍ ആളുകള്‍ ഉരുകിയൊലിച്ചു (വിയര്‍പ്പില്‍ കുളിച്ച്) നില്‍ക്കുമ്പോള്‍ ദിക്‌റിന്റെയാള്‍ക്ക് കാരുണ്യവാനായ അല്ലാഹുവിന്റെ തണല്‍ ലഭിക്കും.

(30) അല്ലാഹുവിന് സ്‌തോത്രകീര്‍ത്തനങ്ങളര്‍പ്പിക്കുന്നതില്‍ മുഴുകുന്നവര്‍ക്ക്, അവനോട് ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് നല്‍കുന്നതാണ്. ഉമര്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: നബി ﷺ പറഞ്ഞു: ”അല്ലാഹു പറഞ്ഞിരിക്കുന്നു: ‘ആരെയെങ്കിലും എന്നോട് ചോദിക്കുന്നതില്‍നിന്ന് എന്നെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) അശ്രദ്ധമാക്കിയാല്‍ ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ഞാന്‍ അവന് നല്‍കും” (ബുഖാരി താരീഖുല്‍ കബീറിലും ഖല്‍ക്വു അഫ്ആലില്‍ ഇബാദയിലും ഉദ്ധരിച്ചത്).

(അവസാനിച്ചില്ല)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 13)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 13)

അല്ലാഹു പറയുന്നു: ”അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായനിലയിലോ അല്ലാഹുവെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക. മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ എന്ന്. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല” (2:200)

ഇവിടെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയെ (ദിക്‌റിനെ) ശക്തവും ധാരാളവും എന്നിങ്ങനെ പ്രത്യേകം പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഒരു അടിമക്ക് അത് അത്രമാത്രം അത്യാവശ്യമാണ് എന്നതുകൊണ്ടും അതില്ലാതെ കണ്ണ് ഇമവെട്ടുന്ന സമയം പോലും ധന്യമാവാന്‍ അവന് സാധ്യമല്ല എന്നതുകൊണ്ടുമാണത്. ഏതൊരു നിമിഷമാണോ ഒരു അടിമക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍ (ദിക്‌റില്‍നിന്ന്) മുക്തമായ സമയം ഉള്ളത് അത് അവനുതന്നെയാണ് ദോഷവും ഭാരവുമായിട്ടു വരുന്നത്. അല്ലാഹുവിനെക്കുറിച്ചുള്ള അശ്രദ്ധയിലൂടെ അവന്‍ നേടുന്ന ഏത് ലാഭങ്ങളെക്കാളും കൊടിയനഷ്ടവും പരാജയവുമായിരിക്കും അതിലൂടെ അവന് വന്നുചേരുന്നത്.

സാത്വികരായ ചില പണ്ഡിതന്മാര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ”ഒരു അടിമ (അല്ലാഹുവിലേക്ക്) ഇന്നാലിന്ന പോലെയൊക്കെ നല്ല രൂപത്തില്‍ ഒരു വര്‍ഷത്തോളം മുന്നിടുകയും എന്നിട്ട് ഒരുനിമിഷം അവനില്‍നിന്ന് തിരിഞ്ഞുകളയുകയും ചെയ്തു എന്ന് കരുതുക. എങ്കില്‍ അവന് നഷ്ടമായതാണ് അവന്‍ നേടിയെടുത്തതിനെക്കാള്‍ ഗുരുതരം.”

ആഇശ(റ)യും അവരുടെ പിതാവ് അബൂബക്കര്‍  സിദ്ദീക്വും(റ) ഇപ്രകാരം നിവേദനം ചെയ്യുന്നു:”ആദമിന്റെ സന്തതിക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്ലാതെ കഴിഞ്ഞുപോകുന്ന ഏതൊരു സമയത്തെക്കുറിച്ചും അന്ത്യനാളില്‍ കൊടും ഖേദം തോന്നുന്നതാണ്” (ബൈഹക്വി ‘ശുഅബുല്‍  ഈമാനി’ലും ത്വബ്‌റാനി ‘ഔസത്വി’ലും അബൂനുഐം ‘ഹില്‍യ’യിലും ദുര്‍ബലമായ സനദിലൂടെ റിപ്പോര്‍ട്ട് ചെയ്തത്  ഈ ഹദീഥ് ഉദ്ധരിച്ച ശേഷം  ഇമാം ബൈഹക്വി(റഹി) ഇപ്രകാരം രേപ്പെടുത്തി: ‘ഈ ഹദീഥിന്റെ പരമ്പരയില്‍ ദുര്‍ബലതയുണ്ട്. എന്നാല്‍ ഇതിനെ ബലപ്പെടുത്തുന്ന സാക്ഷ്യറിപ്പോര്‍ട്ടുകള്‍  മുആദി(റ)ന്റെ ഹദീഥിലൂടെ വന്നിട്ടുണ്ട്).

നബി ﷺ യില്‍നിന്ന് മുആദുബ്‌നു ജബല്‍(റ) നിവേദനം ചെയ്യുന്നു: ‘അല്ലാഹുവിനെ സ്മരിക്കാതെ കഴിഞ്ഞുപോയ സമയത്തെക്കുറിച്ച് സ്വര്‍ഗവാസികള്‍ പോലും ഖേദിക്കുന്നതാണ്’ (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഉദ്ധരിച്ചത്).

പ്രവാചക പത്‌നി ഉമ്മു ഹബീബ(റ) പറയുന്നു: ”നബി ﷺ ഇപ്രകാരം പറഞ്ഞു: മനുഷ്യന്റെ ഏതൊരു സംസാരവും അവന് നഷ്ടമാണ് വരുത്തുക, പ്രത്യുത ലാഭമല്ല (നന്മ കല്‍പിച്ചതും തിന്മ വിരോധിച്ചതും അല്ലാഹുവിനെ പ്രകീര്‍ത്തിച്ചതും ദിക്ര്‍ ഒഴികെ)” (തിര്‍മിദി, ഇബ്‌നുമാജ, ഹാകിം മുതലായവര്‍ ഉദ്ധരിച്ചത്).

മുആദുബ്‌നു ജബല്‍(റ) നിവേദനം: ”നബി ﷺ യോട് ഞാനൊരിക്കല്‍ ചോദിച്ചു: ‘കര്‍മങ്ങളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായത് ഏതാണ് നബിയേ?’ നബി ﷺ പറഞ്ഞു: ‘നിന്റെ നാവ് അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് പച്ചപിടിച്ചതായിരിക്കെ നീ മരിക്കുക എന്നതാണ്’ (ത്വബ്‌റാനി, ഇബ്‌നു ഹിബ്ബാന്‍).

 അബുദ്ദര്‍ദാഅ്(റ) പറയുന്നു: ”ഏതൊരു വസ്തുവിനും ഒരു തെളിച്ചമുണ്ട്. നിശ്ചയം, ഹൃദയങ്ങളുടെ തെളിച്ചം അല്ലാഹുവിനെ പ്രകീര്‍ത്തിക്കല്‍ (ദിക്ര്‍) ആണ്” (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഉദ്ധരിച്ചത്).

നിസ്സംശയം, വെള്ളിയും ചെമ്പുമൊക്കെ ശുദ്ധീകരിക്കപ്പെടുന്നത് പോലെ ഹൃദയവും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അതിന്റെ ശുദ്ധീകരണം ‘ദിക്ര്‍’കൊണ്ടാണ്. നിസ്സംശയം, ‘ദിക്ര്‍’ ഹൃദയത്തെ വെളുത്ത കണ്ണാടിപോലെ ശുദ്ധീകരിക്കുന്നതാണ്. എന്നാല്‍ റബ്ബിനെ പ്രകീര്‍ത്തിക്കല്‍ (ദിക്ര്‍) ഉപേക്ഷിക്കപ്പെട്ടാല്‍ അതിന് അഴുക്ക് പുരളും. എപ്പോള്‍ സ്‌തോത്ര കീര്‍ത്തനങ്ങള്‍ അര്‍പ്പിക്കപ്പെടുന്നുവോ അപ്പോള്‍ അത് ആ അഴുക്കിനെ നീക്കികളയുകയും ചെയ്യും.

ഹൃദയത്തിന്റെ അഴുക്കും തുരുമ്പും രണ്ട് കാരണങ്ങള്‍കൊണ്ടാണ് ഉണ്ടാകുന്നത്; അശ്രദ്ധകൊണ്ടും പാപംകൊണ്ടും. അതിനെ ശുദ്ധീകരിക്കലും രണ്ട് സംഗതികള്‍ കൊണ്ടാണ്; ഇസ്തിഗ്ഫാര്‍ (പൊറുക്കലിനെ തേടല്‍) കൊണ്ടും സ്‌തോത്ര കീര്‍ത്തനങ്ങള്‍ (ദിക്ര്‍) കൊണ്ടും. ഒരാളുടെ അശ്രദ്ധയാണ് കൂടുതല്‍ സമയമെങ്കില്‍ അഴുക്ക് അയാളുടെ ഹൃദയത്തില്‍ അഴുക്കായി കുമിഞ്ഞുകൂടും. അഥവാ ‘ദിക്‌റി’ല്‍ നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധക്കനുസരിച്ചായിരിക്കും ഹൃദയത്തിലെ മാലിന്യങ്ങളുടെ വര്‍ധനവ്. മനസ്സ് അപ്രകാരം അഴുക്ക് കൂടിയതായാല്‍ വിജ്ഞാനങ്ങളുടെ സദ്ഫലങ്ങള്‍ അതില്‍ ശരിയായ രൂപത്തില്‍ പ്രതിഫലിക്കുകയില്ല. അപ്പോള്‍ നന്മയെ തിന്മയായും തിന്മയെ നന്മയായും ഒക്കെ തലതിരിഞ്ഞായിരിക്കും അയാള്‍ കാണുക. കാരണം അഴുക്കും കറകളും കുമിഞ്ഞുകൂടുമ്പോള്‍ അവിടെ പ്രകാശം നഷ്ടപ്പെട്ട് ഇരുട്ട് പരക്കും. അപ്പോള്‍ വസ്തുതകളെ ശരിയായരൂപത്തില്‍ ദര്‍ശിക്കാനാവില്ല.

അഴുക്കുകള്‍ കുമിഞ്ഞുകൂടുകയും ഹൃദയം കറുത്തുപോവുകയും കറപുരണ്ട് മലീമസമാവുകയും ചെയ്യും. അതിന്റെ ഗ്രാഹ്യശക്തിയും കാര്യങ്ങളെ ശരിയായരൂപത്തില്‍ വിലയിരുത്താനും കോലപ്പെടുത്താനുമൊക്കെയുള്ള കഴിവും നഷ്ടമാകും. അപ്പോള്‍ സത്യം സ്വീകരിക്കാനോ അസത്യത്തെ തിരസ്‌കരിക്കാനോ സാധിക്കാതെ വരും.  അതാണ് ഹൃദയത്തിന് സംഭവിക്കുന്ന മഹാദുരന്തം! അതിന്റെ അടിസ്ഥാനകാരണം ‘ദിക്‌റി’ല്‍നിന്നും അകന്നുകൊണ്ടുള്ള അശ്രദ്ധ(ഗഫ്‌ലത്ത്)യും ദേഹച്ഛകളുടെ പിന്നാലെ പോകുന്നതുമാണ്. നിശ്ചയം! അവരണ്ടും ഹൃദയത്തിന്റെ പ്രകാശം കെടുത്തികളയുകയും അകക്കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്യും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ-ആമീന്‍.

അല്ലാഹു പറയുന്നു: ”തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുടെകൂടെ നീ നിന്റെ മനസ്സിനെ അടക്കിനിര്‍ത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെവിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്” (ക്വുര്‍ആന്‍ 18:28).

ഒരാള്‍ ഏതെങ്കിലും ഒരാളെ മാതൃകയായി പിന്‍പറ്റാന്‍  ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യമായി പരിശോധിക്കേണ്ടത് ആ വ്യക്തി അല്ലാഹുവിനെ സ്മരിക്കുന്ന വിജ്ഞാനത്തിന്റെയും ‘ദിക്‌റി’ന്റെയും ആളാണോ അതല്ല അവയ്ക്ക് എതിര്‍ദിശയിലുള്ള അശ്രദ്ധയുടെ (ഗഫ്‌ലത്തിന്റെ) ആളാണോ എന്നതാണ്. അയാളെ നയിക്കുന്നത് അല്ലാഹുവിന്റെ വഹ്‌യാണോ  ദേഹേച്ഛയാണോ എന്നും നോക്കണം. ദേഹേച്ഛക്കനുസരിച്ച് നീങ്ങുന്നവനാണ് അയാളെങ്കില്‍ അശ്രദ്ധയുടെ ആളുകളില്‍ പെട്ടവനായിരിക്കും അയാള്‍. അയാളുടെ കാര്യം അതിരുവിട്ടതായിരിക്കും. ക്വുര്‍ആന്‍ 18:28ല്‍ പറഞ്ഞതുപോലെ അയാളെ അനുഗമിക്കുകയോ പിന്‍പറ്റുകയോ ചെയ്യാന്‍ പാടുള്ളതല്ല. കാരണം, നിസ്സംശയം അയാള്‍ നാശത്തിലേക്കായിരിക്കും കൂട്ടിക്കൊണ്ടുപോകുന്നത്.

‘ഫുറുത്വ’ എന്നത് പല രീതിയില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, വീഴ്ചവരുത്തല്‍ എന്ന അര്‍ഥത്തിലാണ്. അതായത് അനിവാര്യമായും നിര്‍വഹിക്കേണ്ട തന്റെ കാര്യങ്ങളില്‍ വീഴ്ചവരുത്തുകയും അതിലൂടെ തന്റെ വിവേകവും വിജയവും അയാള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു എന്ന് സാരം.

മറ്റൊന്ന് അതിരുകവിയല്‍ എന്ന അര്‍ഥത്തിലാണ്. അതായത് ധാരാളിത്തം കാണിക്കുകയും അതിരുകവിയുകയും ചെയ്തു എന്നര്‍ഥം. നാശത്തില്‍പെട്ടു, സത്യത്തിന് എതിരായി എന്നീ അര്‍ഥങ്ങളിലുംവിശദീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത വിവരങ്ങളെല്ലാം തന്നെ പരസ്പരം അടുത്തുനില്‍ക്കുന്ന വാക്കുകളാണ്; അവ തമ്മില്‍ വൈരുധ്യങ്ങളില്ല.

 ചുരുക്കത്തില്‍ ഈ സ്വഭാവങ്ങളുള്ള ആളുകളെ അനുസരിക്കുന്നതും മാതൃകയാക്കുന്നതും അല്ലാഹു വിലക്കിയിരിക്കുന്നു. അതിനാല്‍ ഏതൊരാളും തന്റെ നേതാവും മാതൃകയും ഗുരുവുമായി തെരഞ്ഞെടുക്കുന്നവരെക്കുറിച്ച് നല്ലവണ്ണം ആലോചിക്കണം. മേല്‍ പറയപ്പെട്ട ദുഃസ്വഭാവങ്ങളുടെ ഉടമയാണ് അയാളെങ്കില്‍  എത്രയും പെട്ടെന്ന് അവിടെനിന്ന് അകന്നുപോവണം. ഇനി അതല്ല, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും പ്രവാചകചര്യ പിന്‍പറ്റുകയും ചെയ്യുന്ന, അതിരുകവിച്ചിലുകളില്ലാത്ത, വിഷയങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തിലെടുക്കുന്ന ആളാണെങ്കില്‍ അദ്ദേഹത്തിന്റെ ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിച്ചു മുന്നോട്ട് പോയ്‌കൊള്ളട്ടെ!

റബ്ബിനെ സ്മരിക്കുക (ദിക്ര്‍) എന്നുള്ളതാണ് ജീവനുള്ളവനും ജീവനില്ലാത്തവനും തമ്മിലുള്ള പ്രധാന വ്യത്യാസം. റബ്ബിനെ സ്മരിക്കുന്നവരുടെയും സ്മരിക്കാത്തവരുടെയും ഉപമ ജീവനുള്ളവരും ജീവനില്ലാത്തവരും പോലെയാണ്.

ഇമാം അഹ്മദിന്റെ മുസ്‌നദില്‍ ഇങ്ങനെ ഒരു ഹദീഥ് വന്നിട്ടുണ്ട:് ‘ഭ്രാന്തനാണെന്ന് പറയപ്പെടുവോളം നിങ്ങള്‍ അല്ലാഹുവിനെ സ്മരിച്ചുകൊള്ളുക.’

ദിക്‌റിന്റെ മഹത്ത്വങ്ങള്‍

അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ ധാരാളം നേട്ടങ്ങള്‍ കൈവരിക്കാവുന്നതാണ്:

1. പിശാചിനെ ആട്ടിയകറ്റാനും പരാജയപ്പെടുത്താനും സാധിക്കും.

2. പരമാകാരുണികനായ അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ കഴിയും.

3. മനസ്സില്‍നിന്ന് സങ്കടങ്ങളും ദുഃഖങ്ങളും ദൂരീകരിക്കാന്‍ സാധിക്കും.

4. മനസ്സിന് സന്തോഷവും ആഹ്ലാദവും ആശ്വാസവും അതിലൂടെ കൈവരുന്നു.

5. മനസ്സിനും ശരീരത്തിനും അത് കരുത്തുപകരും.

6. മുഖത്തെയും ഹൃദയത്തെയും അത് പ്രകാശിപ്പിക്കും.

7. ഉപജീവനം എളുപ്പമാക്കും.

8. റബ്ബിനെ ധാരാളമായി സ്മരിക്കുന്നവര്‍ക്ക് പ്രത്യേക പ്രസന്നതയും മാധുര്യവും ഗാഭീര്യവും ഉണ്ടാവും.

9. തീര്‍ച്ചയായും അത് ഇസ്‌ലാമിന്റെ ആത്മാവായ ‘റബ്ബിനോടുള്ള സ്‌നേഹം’ നമ്മില്‍ ജനിപ്പിക്കും. അതാണല്ലോ മതത്തിന്റെ അച്ചുതണ്ടും ജീവിതവിജയത്തിന്റെയും രക്ഷയുടെയും കേന്ദ്രബിന്ദുവും. നിശ്ചയമായും അല്ലാഹു ഓരോ കാര്യത്തിലും ഓരോ കാരണങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. സ്‌നേഹത്തിന്റെ കാരണമായി നിശ്ചയിച്ചത് നിരന്തരമായ സ്മരണയാണ്. അതിനാല്‍ ആരെങ്കിലും അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവനെക്കുറിച്ചുള്ള സ്മരണ പതിവാക്കിക്കൊള്ളുക. പഠനവും ‘റിവിഷനും’ വിജ്ഞാനത്തിന്റെ വാതിലുകളാണ് എന്നപോലെ ‘ദിക്ര്‍’ സ്‌നേഹത്തിനുള്ള കവാടമാണ്. അതിലേക്കുള്ള ഏറ്റവും മഹത്തായ മാര്‍ഗവും ചൊവ്വായ പാതയുമാണ്.

10. റബ്ബിന്റെ നിരീക്ഷണത്തെക്കുറിച്ചുള്ള ബോധമുണ്ടാകും. അങ്ങനെ ‘ഇഹ്‌സാനി’ന്റെ വാതിലിലൂടെ അത് അയാളെ പ്രവേശിപ്പിക്കും. അപ്പോള്‍ അല്ലാഹുവിനെ നേരില്‍ കാണുന്നതുപോലെ ആരാധനകള്‍ അര്‍പ്പിക്കാന്‍ സാധിക്കും. എന്നാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകളില്‍നിന്ന് അകന്ന് അശ്രദ്ധനായി ജീവിക്കുന്ന ഒരാള്‍ക്ക് ഈ പറയുന്ന ‘ഇഹ്‌സാനി’ന്റെ തലത്തിലേക്ക് എത്താന്‍ യാതൊരു വഴിയുമില്ല; മടിയനായി ചടഞ്ഞിരിക്കുന്ന ഒരാള്‍ക്ക് വീട്ടിലേക്ക് എത്താന്‍ സാധ്യമല്ലാത്തതുപോലെ.

11. അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങാന്‍ ‘ദിക്ര്‍’ അയാളെ സഹായിക്കും. ‘ദിക്ര്‍’ അധികരിപ്പിച്ചുകൊണ്ട് എത്രകണ്ട് അല്ലാഹുവിലേക്ക് ഒരാള്‍ മടങ്ങുന്നുവോ അത് തന്റെ ഹൃദയംകൊണ്ട് അല്ലാഹുവിലേക്ക് മടങ്ങാന്‍ സദാസമയവും അയാളെ പ്രാപ്തനാക്കും. അങ്ങനെവരുമ്പോള്‍ തന്റെ ഏത് കാര്യത്തിലുമുള്ള അഭയസ്ഥാനവും രക്ഷകേന്ദ്രവും ആശയും ആശ്രയവുമായി അല്ലാഹുവിനെ അയാള്‍ക്ക് കണ്ടെത്താനാവുന്നതാണ്. തന്റെ മനസ്സിന്റെ ലക്ഷ്യവും ആപത്തുകളിലും അപകടങ്ങളിലും തനിക്ക് ഓടിയെത്താനുള്ള ആശ്വാസസ്ഥലവുമായി അല്ലാഹുവിനെ അയാള്‍ക്ക് കാണാന്‍ സാധിക്കും.

12. ദിക്‌റിലൂടെ അല്ലാഹുവിലേക്കുള്ള സാമീപ്യം നേടിയെടുക്കാന്‍ സാധിക്കുന്നു. ഒരാള്‍ എത്രകണ്ട് അല്ലാഹുവിനെ ‘ദിക്ര്‍’ ചെയ്യുന്നവനാണോ അത്രകണ്ട് അയാള്‍ അല്ലാഹുവിലേക്ക് അടുത്തവനായിരിക്കും. എത്ര കണ്ട് അശ്രദ്ധയുടെ (ഗഫ്‌ലത്ത്) ആളാണോ അത്രകണ്ട് അല്ലാഹുവില്‍നിന്ന് അകന്നവനുമായിരിക്കും. (അവസാനിച്ചില്ല)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 12)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 12)

നീ എങ്ങനെയാണോ പെരുമാറുന്നത് അപ്രകാരമായിരിക്കും നിന്നോടും പെരുമാറുക. അതിനാല്‍ നിന്റെ ഇഷ്ടംപോലെ നീ ആയിക്കൊള്ളുക. നിശ്ചയം, അല്ലാഹു നിന്നോട് പെരുമാറുക നീ അവനോടും അവന്റെ ദാസന്മാരോടും എങ്ങനെയാണോ സമീപിച്ചത് അതുപോലെയായിരിക്കും.

കപടവിശ്വാസികള്‍ അവരുടെ അവിശ്വാസം ഒളിപ്പിച്ചുവെച്ചുകൊണ്ട് പുറമെ ഇസ്‌ലാം നടിച്ചവരാണല്ലോ. അതിനാല്‍ അന്ത്യനാളില്‍ ‘സ്വിറാത്തിന്‍മേല്‍’ ആയി അവര്‍ക്ക് പ്രകാശം കാണിച്ചുകൊടുക്കും. അവര്‍ക്ക് തോന്നും ആ പ്രകാശംകൊണ്ട് സ്വിറാത്ത് പാലം മുറിച്ചുകടന്ന് മുന്നോട്ടു പോകാമെന്ന്. എന്നാല്‍ അവര്‍ അതിനടുത്തെത്തിയാല്‍ പ്രസ്തുത പ്രകാശം അവന്‍ കെടുത്തിക്കളയുകയും അത് മുറിച്ചുകടന്ന് മുന്നോട്ടുപോകാന്‍ സാധിക്കാതെവരികയും ചെയ്യും. അതായത് അവര്‍ പ്രവര്‍ത്തിച്ച രൂപത്തില്‍തന്നെയുള്ള പ്രതിഫലമെന്ന നിലയില്‍ അങ്ങനെയാണ് അവിടെ നല്‍കപ്പെടുക.

അപ്രകാരം തന്നെ അല്ലാഹുവിന് അറിയാവുന്നതിന് വിരുദ്ധമായ, അഥവാ തങ്ങളുടെ രഹസ്യസത്യങ്ങള്‍ക്ക് വിപരീതമായി മറ്റുള്ളവരോട് വേറൊന്ന് പ്രകടിപ്പിച്ചുകൊണ്ട് ജീവിക്കുന്നവര്‍, ഇഹപര വിജയത്തിന്റെയും രക്ഷയുടെയും മാര്‍ഗങ്ങള്‍ അല്ലാഹു അവര്‍ക്ക് മുന്നില്‍ വെളിവാക്കിക്കൊടുക്കും. പക്ഷേ, അതിന്റെ വിപരീതമായതായിരിക്കും അവരെ കാത്തിരിക്കുന്നത്

നബി ﷺ പറയുന്നു: ”ആരെങ്കിലും ജനങ്ങളെ കാണിക്കുവാനോ കേള്‍പ്പിക്കുവാനോ വേണ്ടി വല്ലതും ചെയ്താല്‍ അവരുടെ ഉദ്ദേശമനുസരിച്ച് അല്ലാഹു ആക്കിത്തീര്‍ക്കുന്നതാണ്” (ബുഖാരി, മുസ്‌ലിം).

തീര്‍ച്ചയായും മാന്യനും ഉദാരമതിയുമായ ഒരു ധര്‍മിഷ്ഠന്, ചെലവഴിക്കാതെ പിടിച്ചുവെക്കുന്ന പിശുക്കന് നല്‍കാത്ത പലതും അല്ലാഹു നല്‍കുന്നതാണ്. അയാള്‍ക്ക് മാനസികമായും സ്വഭാവപരമായും ഉപജീവനത്തിലും ജീവനോപാധികളിലും മറ്റുമൊക്കെ അഭിവൃദ്ധിയും വിശാലതയും അല്ലാഹു നല്‍കുന്നതാണ്. അഥവാ അയാളുടെ പ്രവര്‍ത്തനത്തിന്റെതായ രീതിയില്‍തന്നെയുള്ള പ്രതിഫലം അയാള്‍ക്ക് കിട്ടും.

മറ്റൊന്ന് ഹദീഥില്‍ പറഞ്ഞത്; ”അല്ലാഹുവിനെ നിങ്ങള്‍ സ്മരിക്കുവാന്‍ (ദിക്ര്‍ ചെയ്യുവാന്‍) അവന്‍ നിങ്ങളോട് കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ശത്രുക്കള്‍ ധൃതിപ്പെട്ടു പിന്നാലെ കൂടിയ ഒരാളുടേത് പോലെയാണ.് അങ്ങനെ അയാള്‍ ശക്തവും സുരക്ഷിതവുമായ ഒരു കോട്ടയുടെ അടുക്കലെത്തി. തന്റെ ശരീരത്തെ ശത്രുക്കളില്‍നിന്നും സുരക്ഷിതമാക്കി. അപ്രകാരം അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ (സ്മരണ) ആണ് ഒരു ദാസനെ പിശാചില്‍നിന്ന് രക്ഷപ്പെടുത്തുന്നത്.”

അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റില്‍ ഈ ഒരു കാര്യമല്ലാതെ മറ്റൊന്നുമില്ലായെന്ന് സങ്കല്‍പിച്ചാല്‍ പോലും സത്യത്തില്‍ ഒരാളുടെ നാവ് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നതില്‍നിന്നും തളര്‍ന്ന് പിന്‍വാങ്ങുകയില്ല. പ്രത്യുത അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’കൊണ്ട് അത് സദാസമയവും സജീവമായിരിക്കും. എന്തുകൊണ്ടെന്നാല്‍ തന്റെ ശത്രുവില്‍നിന്ന് അയാള്‍ക്ക് സുരക്ഷിതത്വം കിട്ടുന്നത് അതുകൊണ്ട് മാത്രമാണ്. അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്ന് അശ്രദ്ധമാകുന്ന ആ അശ്രദ്ധയുടെ വാതിലിലൂടെയല്ലാതെ ശത്രുവിന് അയാളുടെ അടുക്കല്‍ കടന്നുവരാന്‍ കഴിയുകയില്ല. അതിനാല്‍ ശത്രു അത് കാത്തിരിക്കുകയാണ്. അങ്ങനെ ഒരാള്‍ ഏത് സമയത്ത് ‘ദിക്‌റി’ല്‍ നിന്ന് അശ്രദ്ധയിലാകുന്നുവോ (ഗഫ്‌ലത്ത്) അപ്പോള്‍ ശത്രു അയാള്‍ക്കുനേരെ ചാടിവീഴുകയും അയാളെ കീഴ്‌പ്പെടുത്തുകയും ചെയ്യും. എപ്പോള്‍ അയാള്‍ക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) ഉണ്ടാകുന്നുവോ അപ്പോള്‍ അല്ലാഹുവിന്റെ ശത്രു പിന്മാറുകയും നിസ്സാരനായി ഒളിക്കുകയും ചെയ്യും. എത്രത്തോളമെന്നാല്‍ ഒരു ചെറുകുരുവിയെപോലെ, അല്ലെങ്കില്‍ ഒരു ഈച്ചയെപോലെ ആയിത്തീരും. അതിനാലാണ് ‘ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവന്‍’ (അല്‍വസ്‌വാസില്‍ ഖന്നാസ്) എന്ന് അവനെക്കുറിച്ച് പറയപ്പെട്ടത്. അതായത് ഹൃദയങ്ങളില്‍ ദുര്‍മന്ത്രണം നടത്തുകയും അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാല്‍ അതില്‍നിന്ന് പിന്മാറി ഒളിക്കുകയും ചെയ്യുന്നു എന്നര്‍ഥം.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”പിശാച് മനുഷ്യന്റെ ഹൃദയത്തിനടുക്കല്‍ വിടാതെ കാത്തിരിക്കുകയാണ്. അവന്‍ മറക്കുകയോ അശ്രദ്ധയിലാവുകയോ ചെയ്താല്‍ പിശാച് ദുര്‍മന്ത്രണം നടത്തും. എന്നാല്‍ അയാള്‍ അല്ലാഹുവിനെ സ്മരിച്ചാല്‍ അവന്‍ പിന്മാറിക്കളയും” (ഇബ്‌നു അബീശൈബ മുസ്വന്നഫില്‍ ഉദ്ധരിച്ചത്. ഇമാം ബുഖാരി ഇതിനു സമാനമായരൂപത്തില്‍ ‘തഅലീക്വാ’യും ഉദ്ധരിച്ചിട്ടുണ്ട്).

ഇമാം അഹ്മദിന്റെ മുസ്‌നദില്‍ മുആദുബ്‌നു ജബലി(റ)ല്‍നിന്നും ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: ”അല്ലാഹുവിനെ സ്മരിക്കുക എന്നതിനെക്കാള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നും രക്ഷ നല്‍കുന്ന ഒരു കര്‍മവും ഒരാളും ചെയ്യുന്നില്ല.”

മുആദ്(റ) പറയുന്നു: ”നബി ﷺ പറഞ്ഞു: ‘നിങ്ങളുടെ കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതും നിങ്ങളുടെ രാജാധിരാജനായ അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും വിശുദ്ധമായതും നിങ്ങളുടെ പദവികളില്‍ ഏറ്റവും ഉയര്‍ന്നതും സ്വര്‍ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാള്‍ നിങ്ങള്‍ക്ക് ഉത്തമമായതും നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ കണ്ടുമുട്ടുകയും എന്നിട്ട് നിങ്ങള്‍ അവരുടെ പിരടിക്ക് വെട്ടുകയും അവര്‍ നിങ്ങളുടെ പിരടിക്ക് വെട്ടുകയും ചെയ്യുന്നതിനെക്കാളും (അഥവാ സത്യമാര്‍ഗത്തിലുള്ള നിങ്ങളുടെ പോരാട്ടത്തെക്കാളും) ഉത്തമമായ ഒരു കാര്യത്തെക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടയോ?’ സ്വഹാബിമാര്‍ പറഞ്ഞു: ‘അതെ, പ്രവാചകരേ അറിയിച്ചു തന്നാലും.’ അവിടുന്ന് പറഞ്ഞു: ‘മഹത്ത്വമുള്ളവനും പ്രതാപവാനുമായ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാ(ദിക്ര്‍)കുന്നു അത്” (ഇമാം അഹ്മദ് ഉദ്ധരിച്ചത്, ഇതിന്റെ പരമ്പര (സനദ്) മുറിഞ്ഞുപോയിട്ടുണ്ട്).

സ്വഹീഹ് മുസ്‌ലിമില്‍ അബുഹുറയ്‌റ(റ)യില്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: ”നബി ﷺ ഒരിക്കല്‍ മക്കയിലേക്കുള്ള വഴിയില്‍ സഞ്ചരിക്കുകയായിരുന്നു. അങ്ങനെ ജുംദാന്‍ എന്ന് പേരുള്ള ഒരു  മലയുടെ അടുത്തുകൂടി കടന്നുപോയപ്പോള്‍  നബി ﷺ പറഞ്ഞു:  ‘നിങ്ങള്‍ മുന്നേറുക. ഇത് ജുംദാന്‍ കുന്നാണ്.  മുന്‍കടന്നവര്‍ വിജയിച്ചു.’  സ്വഹാബിമാര്‍ ചോദിച്ചു: ‘നബിയേ, ആരാണ് മുന്‍കടന്നവര്‍?’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും).”

സുനനു അബീദാവൂദില്‍ അബൂഹുറയ്‌റ(റ)യില്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നതായി കാണാം: ”ഏതൊരുവിഭാഗം ആളുകള്‍ ഒരു സദസ്സില്‍ ഇരിക്കുകയും എന്നിട്ട് അവിടെവെച്ച് അല്ലാഹുവിനെ സ്മരിക്കാതെ എഴുന്നേറ്റുപോവുകയും ചെയ്യുന്നുവോ അവരുടെ ഉപമ ചീഞ്ഞളിഞ്ഞ കഴുതയുടെ ശവത്തിന്റെ അടുത്തുനിന്നും എഴുന്നേറ്റുപോയവനെ പോലെയാണ്. തങ്ങള്‍ വീഴ്ചവരുത്തിയ നന്മയെ ഓര്‍ത്ത് അവര്‍ ഖേദിക്കുന്നതാണ്” (അബുദാവൂദ്, അഹ്മദ്, ഹാകിം).

തിര്‍മിദിയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയുമുണ്ട്: ”ഏതൊരു വിഭാഗം ഒരു സദസ്സില്‍ ഇരിക്കുകയും എന്നിട്ട് അല്ലാഹുവിനെ സ്മരിക്കുകയോ പ്രവാചകന്റെമേല്‍ സ്വലാത്ത് പറയുകയോ ചെയ്യാതെ പോവുകയും ചെയ്താല്‍ അത് അവരുടെ ഒരു വീഴ്ചയായിരിക്കും. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ഒന്നുകില്‍ അവരെ ശിക്ഷിക്കും. അല്ലങ്കില്‍ അവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും” (തിര്‍മിദി, അഹ്മദ്, ത്വബ്‌റാനി)

സ്വഹീഹു മുസ്‌ലിമില്‍ അല്‍അഗര്‍റ് അബൂമുസ്‌ലിമി(റ)ല്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു: ”നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ)യും അബൂസഈദും(റ) സാക്ഷ്യപ്പെടുത്തിയതിന് ഞാന്‍ സാക്ഷിയാണ്: ‘ഏതൊരു ജനത അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് ഇരിക്കുന്നുവോ മലക്കുകള്‍ അവര്‍ക്ക് ചുറ്റും കൂടുകയും അല്ലാഹുവിന്റെ പ്രത്യേക കാരുണ്യം അവരെ ആവരണം ചെയ്യുകയും ശാന്തി അവരിലേക്ക് പെയ്തിറങ്ങുകയും ചെയ്യുന്നതാണ്. അല്ലാഹു അവന്റെ സമീപസ്ഥരോട് അവരെക്കുറിച്ചു പറയുകയും ചെയ്യും” (മുസ്‌ലിം).

 

അബ്ദുല്ലാഹിബ്‌നു ബുസ്‌റി(റ)ല്‍നിന്ന് ഇമാം തിര്‍മിദി ഉദ്ധരിക്കുന്നു: ”ഒരിക്കല്‍ ഒരാള്‍ നബി ﷺ യോട് ചോദിച്ചു: ‘പ്രവാചകരേ, നന്മയുടെ കവാടങ്ങള്‍ നിരവധിയാണ്. അവയെല്ലാംകൂടി നിര്‍വഹിക്കാന്‍ ഞാന്‍ അശക്തനാണ്. അതിനാല്‍ എനിക്ക് കൈവിടാതെ കൊണ്ടുനടക്കാന്‍ പറ്റിയ ഒരു കാര്യം അറിയിച്ചു തന്നാലും. അധികരിച്ചു പറഞ്ഞാല്‍ ഞാന്‍ മറന്നുപോയെങ്കിലോ!”

മറ്റൊരു നിവേദനത്തില്‍ ഇങ്ങനെയാണ്: ”ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ ധാരാളമുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. എനിക്കാകട്ടെ പ്രായം ഏറെയായി. അതിനാല്‍ എനിക്ക് വിട്ടുകളയാതെ കൊണ്ടുനടക്കാവുന്ന ഒരു കാര്യം പറഞ്ഞുതരുമോ? അധികരിച്ചു പറഞ്ഞാല്‍ ഞാന്‍ മറന്നുപോകുമെന്ന് ഭയപ്പെടുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘താങ്കളുടെ നാവ് അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’കൊണ്ട് പച്ചപിടിച്ചുനില്‍ക്കട്ടെ!’ (തിര്‍മിദി, അഹ്മദ്, ഇബ്‌നുമാജ തുടങ്ങിയവര്‍ ഉദ്ധരിച്ചത്).

 അബൂസഈദി(റ)ല്‍നിന്ന് ഇമാം തിര്‍മിദി ഉദ്ധരിക്കുന്നു: ”നബി ﷺ ഒരിക്കല്‍ ചോദിക്കപ്പെട്ടു: ‘അന്ത്യനാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ഉയര്‍ന്ന പദവിയും ശ്രേഷ്ഠതയും ഉള്ളത് ഏത് വ്യക്തിക്കാണ് റസൂലേ?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനെ ധാരാളമായി  സ്മരിക്കുന്നവര്‍ക്ക്.’ ചോദിക്കപ്പെട്ടു: ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്തവരെക്കാളുമോ?’ നബി ﷺ പറഞ്ഞു: ‘ഒരാള്‍ തന്റെ വാളുകൊണ്ട് (എതിര്‍സൈന്യത്തിലുള്ള) സത്യനിഷേധികളെയും ബഹുദൈവാരാധകരെയും വെട്ടുകയും അങ്ങനെ ആയുധം ഒടിയുകയും രക്തംപുരളുകയും ചെയ്താലും അല്ലാഹുവിനെ ദിക്ര്‍ചെയ്യുന്ന (സ്മരിക്കുന്ന) വ്യക്തിതന്നെയാണ് അദ്ദേഹത്തെക്കാള്‍ ശ്രേഷ്ഠമായ പദവിയിലുള്ളത്” (തിര്‍മിദി, അഹ്മദ്, അബൂയഅ്‌ല മുതലായവര്‍ ദുര്‍ബലമായ സനദിലൂടെ ഉദ്ധരിച്ചത്. ഇമാം തിര്‍മിദിയും ഇബ്‌നുല്‍ ക്വയ്യിം  തന്റെ തഹ്ദീബുസ്സുനനിലും ഇതിന്റെ ദുര്‍ബലതയെക്കുറിച്ച് ഉണര്‍ത്തിയിട്ടുണ്ട്: കുറിപ്പ്).

സ്വഹീഹുല്‍ ബുഖാരിയില്‍ അബൂമൂസ(റ) നബി ﷺ യില്‍നിന്നും നിവേദനം ചെയ്യുന്നു: ”തന്റെ രക്ഷിതാവിനെ സ്മരിക്കുന്നയാളുടെയും സ്മരിക്കാത്തയാളുടെയും ഉപമ ജീവനുള്ളയാളുടെയും ജീവന്‍ നഷ്ടപ്പെട്ടയാളുടെയും പോലെയാകുന്നു.”

അബൂഹുറയ്‌റ(റ)യില്‍നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഇപ്രകാരം ഉദ്ധരിക്കുന്നു: ”നബി ﷺ പറഞ്ഞു: ”അല്ലാഹു തആല പറഞ്ഞിരിക്കുന്നു: ‘എന്നെക്കുറിച്ച് എന്റെ അടിമ കരുതുന്നിടത്തതാണ് ഞാന്‍. അവന്‍ എന്നെ സ്മരിച്ചാല്‍ ഞാന്‍ അവനോടൊപ്പമുണ്ടാകും. അവന്‍ എന്നെ അവന്റെ മനസ്സില്‍ സ്മരിച്ചാല്‍ അവനെ ഞാന്‍ എന്റെ മനസ്സിലും സ്മരിക്കും. അവന്‍ എന്നെ ഒരു സദസ്സില്‍ സ്മരിച്ചാല്‍ ഞാന്‍ അവനെ അതിനെക്കാള്‍ ഉത്തമമായ ഒരു സദസ്സില്‍ സ്മരിക്കും. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കും. അവന്‍ എന്നിലേക്ക് ഒരു മുഴം അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മാറ് അടുക്കും. അവന്‍ എന്നിലേക്ക് നടന്നുവന്നാല്‍ ഞാന്‍ അവനിലേക്ക് ഓടി ച്ചെല്ലും.”

അനസി(റ)ല്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുന്നു: ”നിശ്ചയം നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ സ്വര്‍ഗീയ പൂന്തോപ്പിനടുത്തുകൂടി നടന്നുപോവുകയാണെങ്കില്‍ നിങ്ങളതില്‍നിന്നും ഭക്ഷിക്കുക.’ സ്വഹാബിമാര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്താണ് സ്വര്‍ഗീയ പൂന്തോപ്പുകള്‍?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനെ സ്മരിക്കുന്ന സദസ്സുകള്‍’ (തിര്‍മിദി, അഹ്മദ്, അബൂയഅ്‌ല മുതലായവര്‍ ഉദ്ധരിച്ചത്. ഈ റിപ്പോര്‍ട്ടിനു ചില ദുര്‍ബലതകള്‍ പറയപ്പെടുന്നുണ്ടെങ്കിലും ഇതിന് ഉപോല്‍ബലകമായ വേറെയും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്).

നബി ﷺ യില്‍നിന്ന് ഇമാം തിര്‍മിദിതന്നെ ഉദ്ധരിക്കുന്നു: ”അല്ലാഹു തആലാ പറഞ്ഞു: ‘നിശ്ചയം, എന്റെ ശരിയായ ദാസന്‍ എന്ന് പറയുന്നത് ശത്രുവുമായി ഏറ്റുമുട്ടുന്ന സന്ദര്‍ഭത്തില്‍പോലും എന്നെ സ്മരിക്കുന്നവനാണ്” (ഇതിന്റെ സനദില്‍ ഉഫൈറുബ്‌നു മഅ്ദാന്‍ എന്ന വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. എന്നാല്‍ വേറെ വഴികളിലൂടെയും ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നതിനാല്‍ ഹാഫിദ് ഇബ്‌നു ഹജറി (റഹി)നെപോലെയുള്ളവര്‍ ഇതിനെ ‘ഹസന്‍’ എന്ന ഗണത്തില്‍പെടുത്തുന്നു. ‘നതാഇജുല്‍ അഫ്കാര്‍,’ ‘ഫുതൂഹാതുര്‍റബ്ബാനിയ്യ’ മുതലായവ കാണുക. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യും ഈ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടുണ്ട്).

ദിക്ര്‍ ചെയ്യുന്നവരില്‍ ഏറ്റവും ശ്രേഷ്ഠര്‍ ധര്‍മസമരം ചെയ്യുന്നവരാണ്. ധര്‍മസമരം നയിക്കുന്നവരില്‍ ഏറ്റവും ഉത്തമര്‍ ‘ദിക്ര്‍’ ചെയ്യുന്നവരും (അല്ലാഹുവിനെ സ്മരിക്കുന്നവര്‍) ആകുന്നു. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.” (ക്വുര്‍ആന്‍ 8:45).

ധര്‍മസമരത്തോടൊപ്പം അല്ലാഹുവിനെ ധാരാളമായി സ്മരിക്കുവാനും (ദിക്ര്‍ ചെയ്യുവാന്‍) ഇവിടെ സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുകയാണ്. അവര്‍ ഉത്തമമായ വിജയ പ്രതീക്ഷയിലായിരിക്കാന്‍ അതാണ് വേണ്ടത്. അപ്രകാരംതന്നെ സൂറതുല്‍ അഹ്‌സാബിലെ 35,41 വചനങ്ങളില്‍ അല്ലാഹു പറഞ്ഞത് ശ്രദ്ധേയമാണ്.

”…ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍-ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 33:35).

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍” (ക്വുര്‍ആന്‍ 33:41). (തുടരും)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 11

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 11

അബൂബുര്‍ദ(റ) തന്റെ പിതാവില്‍നിന്നും ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു: ‘ഓരോ മുസ്‌ലിമിന്റെമേലും ദാനം ബാധ്യതയാണ്.’ സ്വഹാബത്ത് ചോദിച്ചു: ‘നബിയേ, ദാനം ചെയ്യാന്‍ സമ്പത്തില്ലാത്തയാളോ?’ നബി ﷺ പറഞ്ഞു: ‘തന്റെ കൈകൊണ്ട് അധ്വാനിക്കണം, എന്നിട്ട് സ്വന്തത്തിന് ഉപയോഗിക്കുകയും ദാനം ചെയ്യുകയും വേണം.’ അവര്‍ ചോദിച്ചു: ‘അതിനു കഴിഞ്ഞില്ലെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘പ്രയാസപ്പെടുന്ന ആവശ്യക്കാരനെ (കഴിയുംവിധം) സഹായിക്കണം.’ സ്വഹാബികള്‍ ചോദിച്ചു: ‘അതിന് അയാള്‍ക്ക് സാധിച്ചില്ലെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘എങ്കില്‍ അയാള്‍ നന്മ പ്രവര്‍ത്തിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ! അത് അയാള്‍ക്ക് ഒരു ദാനമാണ്’ (ബുഖാരി, മുസ്‌ലിം).

പിശുക്കന്‍ നന്മയെ തടഞ്ഞുവെക്കുന്നവനും പുണ്യം ചെയ്യുവാന്‍ വിസമ്മതിക്കുന്നവനുമായതിനാല്‍ അയാള്‍ക്കുള്ള പ്രതിഫലം അതേപോലെയുള്ളത് തന്നെയായിരിക്കും. അയാളുടെ മനസ്സ് കുടുസ്സായതും വിശാലതയില്ലാത്തതുമായിരിക്കും. നന്മകുറഞ്ഞവനും സന്തോഷമില്ലാത്തവനും സങ്കടങ്ങളും ദുഃഖങ്ങളും വിഷമങ്ങളും അധികരിച്ചവനുമായിരിക്കും. അയാളുടെ ഒരാവശ്യവും നിറവേറുകയോ ഒരു കാര്യത്തിലും പടച്ചവന്റെ സഹായം ലഭിക്കുകയോ ചെയ്യുന്നുണ്ടാവില്ല.

അയാള്‍ ശരിക്കും ഇരുമ്പിനാലുള്ള ജുബ്ബ ധരിക്കുകയും കൈകള്‍ രണ്ടും പിരടിയില്‍ ബന്ധിക്കപ്പെടുകയും ചെയ്തവനെ പോലെയാണ്. കൈ നേരെയാക്കാനോ പടയങ്കി ശരിയായരൂപത്തില്‍ ധരിക്കാനോ കൈ ചലിപ്പിക്കാനോ പോലും അയാള്‍ക്ക് സാധിക്കുന്നില്ല. പടയങ്കി ഒന്ന് വിശാലമാക്കാനോ കൈ ഒന്ന് പുറത്തെടുക്കാനോ അയാള്‍ ശ്രമിക്കുമ്പോഴൊക്കെയും അതിന്റെ കണ്ണികള്‍ ഓരോന്നും മുറുകുകയാണ് ചെയ്യുന്നത്.

ഇതേപോലെയാണ് ലുബ്ധന്റെ സ്ഥിതിയും. അയാള്‍ വല്ലതും ദാനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ അയാളുടെ ലുബ്ധത അയാളെ തടയും. അങ്ങനെ അയാളുടെ ഹൃദയം അയാളെ പോലെത്തന്നെ അയാളുടെ തടവറയില്‍ കഴിയും. എന്നാല്‍ ദാനശീലനാകട്ടെ ഓരോതവണ ദാനം ചെയ്യുമ്പോഴും അയാളുടെ ഹൃദയം വിശാലമാവുകയും വിശാലമനസ്‌കതയുള്ള സഹൃദയനാവുകയും ചെയ്യും. അപ്പോള്‍ അയാള്‍ വിശാലതയുള്ള പടയങ്കി ധരിച്ചവനെപ്പോലെയായിരിക്കും. ഓരോതവണ ദാനം ചെയ്യുമ്പോഴും ഹൃദയവിശാലതയും മഹാമനസ്‌കതയും സന്തോഷവും ആഹ്ലാദവും അയാള്‍ക്ക് അധികരിച്ചുകൊണ്ടിരിക്കും. ദാനധര്‍മങ്ങള്‍ക്ക് ഈ ഗുണമല്ലാത്ത മറ്റൊരു നേട്ടവുമില്ല എന്ന് വന്നാല്‍പോലും ദാനം അധികരിപ്പിക്കുകയും അതിനായി ഉത്സാഹം കാണിക്കുകയും ചെയ്യല്‍ അനിവാര്യമാണ്.

‘…ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍’ (ക്വുര്‍ആന്‍ 59:9).

‘…ആര്‍ മനസ്സിന്റെ പിശുക്കില്‍നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍’ (ക്വുര്‍ആന്‍ 64:16).

അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ ഈയൊരു പ്രാര്‍ഥനതന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു: ‘എന്റെ രക്ഷിതാവേ, എന്റെ മനസ്സിന്റെ പിശുക്കില്‍ (ശുഹ്ഹ്) നിന്നും എന്നെ നീ കാത്തു രക്ഷിക്കണേ… എന്റെ രക്ഷിതാവേ, എന്റെ മനസ്സിന്റെ പിശുക്കില്‍നിന്നും എന്നെ നീ കാത്തു രക്ഷിക്കണേ.’ അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ‘ഇതല്ലാത്ത മറ്റൊന്നും താങ്കള്‍ പ്രാര്‍ഥിക്കുന്നില്ലേ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ എന്റെ മനസ്സിന്റെ ലുബ്ധതയില്‍നിന്നും സംരക്ഷിക്കപ്പെട്ടാല്‍ തീര്‍ച്ചയായും ഞാന്‍ വിജയിച്ചു’ (ത്വബ്‌രി തന്റെ തഫ്‌സീറിലും ഇബ്‌നു അസാകിര്‍ ‘താരീഖു ദിമശ്ഖി’ലും ഉദ്ധരിച്ചത്).

‘ശുഹ്ഹും’ ‘ബുഖ്‌ലും’ തമ്മില്‍ വ്യത്യാസമുണ്ട.് ‘ശുഹ്ഹ്’ എന്നത് ഒരു വസ്തുവിനോടുള്ള അടങ്ങാത്ത ആഗ്രഹവും അത് കൈവശപ്പെടുത്താനുള്ള അങ്ങേയറ്റത്തെ തീവ്രപരിശ്രമവും അതിന്റെ പേരിലുള്ള അസ്വസ്ഥതകളുമൊക്കെയാണ്. എന്നാല്‍ ‘ബുഖ്ല്‍’ എന്നത് അത് കിട്ടിയതിനു ശേഷം ചെലവഴിക്കാന്‍ മടിച്ചുകൊണ്ട് പിടിച്ചുവെക്കലാണ്. അപ്പോള്‍ ഒരു സംഗതി അധീനതയില്‍ വരുന്നതിനു മുമ്പുള്ള ആര്‍ത്തിയോടുള്ള പിശുക്കാണ് ‘ശുഹ്ഹ്’ എന്നത്. എന്നാല്‍ അത് കൈയില്‍ വന്നതിനു ശേഷമുള്ള ലുബ്ധതയാണ് ‘ബുഖ്ല്‍.’

അതായത് ‘ശുഹ്ഹി’ന്റെ അനന്തരഫലമാണ് ‘ബുഖ്ല്‍.’ അഥവാ ‘ശുഹ്ഹ്’ ‘ബുഖ്‌ലി’ലേക്ക് ക്ഷണിക്കും. അത് മനസ്സില്‍ ഒളിച്ചിരിക്കുന്ന ഒന്നാണ്. ഒരാള്‍ ‘ബുഖ്ല്‍’ (പിശുക്ക്) കാണിച്ചാല്‍ അയാള്‍ തന്റെ ‘ശുഹ്ഹ്’ന് വഴിപ്പെട്ടു. എന്നാല്‍ ലുബ്ധത കാണിക്കാതിരുന്നാല്‍ അയാള്‍ തന്റെ ‘ശുഹ്ഹി’നോട് ഏതിരുപ്രവര്‍ത്തിക്കുകയും അതിന്റെ കെടുതികളില്‍ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്തുവെന്ന് സാരം. അത്തരക്കാരാണ് വിജയം വരിക്കുന്നവര്‍:

”അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ആവശ്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍’ (ക്വുര്‍ആന്‍ 59:9).

ഔദാര്യവാന്‍ അല്ലാഹുവിലേക്കും അവന്റെ സൃഷ്ടികളിലേക്കും തന്റെ കുടുംബക്കാരിലേക്കുമൊക്കെ ഏറെ അടുത്തവനായിരിക്കും. സ്വര്‍ഗത്തിലേക്കു സാമീപ്യം സിദ്ധിച്ചവനും നരകത്തില്‍നിന്ന് അകന്നവനുമായിരിക്കും. എന്നാല്‍ ചെലവഴിക്കാതെ പിശുക്ക് കാണിക്കുന്നവന്‍ അല്ലാഹുവില്‍നിന്നും അവന്റെ സൃഷ്ടികളില്‍നിന്നും വിദൂരത്തായിരിക്കും. സ്വര്‍ഗത്തില്‍നിന്ന് അകന്നും നരകത്തോട് അടുത്തുമായിരിക്കും അയാളുണ്ടാവുക. ഒരാളുടെ ഉദാരമനസ്‌കത അയാളുടെ എതിരാളികളില്‍പോലും അയാളെക്കുറിച്ച് മതിപ്പുണ്ടാക്കും. എന്നാല്‍ ഒരാളുടെ ലുബ്ധത അയാളുടെ മക്കളില്‍ പോലും അയാളോട് വെറുപ്പായിരിക്കും ഉണ്ടാക്കുക.

ഒരു കവി പറഞ്ഞതുപോലെ: ‘ഒരാളുടെ ന്യൂനത ആളുകള്‍ക്കിടയില്‍ വെളിപ്പെടുത്താന്‍ പര്യാപ്തമാണ് അയാളുടെ ലുബ്ധത. എന്നാല്‍ അയാളുടെ ഉദാരതയാകട്ടെ അവരില്‍നിന്ന് എല്ലാ കുറവുകളും മറയ്ക്കുന്നതുമാണ്.’

‘ഉദാരതയുടെ  വസ്ത്രംകൊണ്ട് നീ ന്യൂനതകള്‍ മറയ്ക്കുക; കാരണം ഏതൊരു കുറവും മറയ്ക്കാവുന്ന ആവരണമാണ് ഔദാര്യമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.’

‘നീ കൂട്ടുകൂടുകയാണെങ്കില്‍ നല്ലവരുമായിമാത്രം നീ കൂട്ടുകൂടുക. ഒരാള്‍ ആദരിക്കപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും അവന്റെ കൂട്ടുകാരെ പരിഗണിച്ചായിരിക്കും.’

‘നിനക്ക് സാധിക്കുന്നത്ര നീ സംസാരം കുറയ്ക്കുക; എന്തുകൊണ്ടെന്നാല്‍ ഒരാളുടെ സംസാരം കുറഞ്ഞാല്‍ അയാളുടെ അബദ്ധങ്ങളും കുറവായിരിക്കും.’

‘ഒരാളുടെ സമ്പത്ത് കുറഞ്ഞാല്‍ അയാളുടെ കൂട്ടുകാരും കുറയുന്നതാണ്. അയാളുടെ ആകാശവും ഭൂമിയും അയാള്‍ക്ക് കുടുസ്സാവുകയും ചെയ്യും.’

‘അങ്ങനെ ഒരു തീരുമാനത്തിലെത്തേണ്ട സന്ദര്‍ഭത്തില്‍ ഒന്നുമറിയാത്തവനെപോലെ അവന് പകച്ചുനില്‍ക്കേണ്ടി വരും.’

‘അതിനാല്‍ തന്റെ കൂട്ടുകാരനെ ശ്രദ്ധയോടെ തെരഞ്ഞെടുക്കാത്തവരോട് ഇതായിരിക്കും ഇതിന്റെ പരിണിതിയെന്ന് നീ വിളിച്ചുപറഞ്ഞേക്കുക.’

ഉദാരത എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ആവശ്യമുള്ള സന്ദര്‍ഭത്തില്‍ ആവശ്യമായത് നല്‍കുക എന്നതാണ്. അത് അതിന്റെ അവകാശികള്‍ക്ക് എത്തിക്കാനായി പരമാവധി പരിശ്രമിക്കുക എന്നതുമാണ്. അല്ലാതെ വിവരം കുറഞ്ഞ ചിലയാളുകള്‍ പറയുന്നതുപോലെ കൈയിലുള്ളതൊക്കെ ചെലവഴിക്കലല്ല ഉദാരത. അവര്‍ പറഞ്ഞതായിരുന്നു സത്യമെങ്കില്‍ ധൂര്‍ത്തും ധാരാളിത്തവുമൊക്കെ ആ പേരുകള്‍ പോലും പറയേണ്ടതില്ലാത്തവിധം അപ്രസക്തമാകുമായിരുന്നു. എന്നാല്‍ വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും അതിനെ അധിക്ഷേപിച്ചും വിലക്കിയും എത്രയോ വചനങ്ങള്‍ വന്നിട്ടുണ്ട്!

ഉദാരത പ്രശംസനീയവും അത് നിര്‍വഹിക്കുന്നയാള്‍ പരിധിവിടാതിരിക്കുകയും ചെയ്താല്‍ അയാള്‍ ഉദാരന്‍ എന്ന് വിളിക്കപ്പെടുകയും അയാള്‍ പ്രശംസക്കര്‍ഹനായിത്തീരുകയും ചെയ്യും. എന്നാല്‍ ആരെങ്കിലും ഉദാരതയില്‍ വീഴ്ചവരുത്തുകയും പിശുക്ക് കാണിക്കുകയും ചെയ്താല്‍ അയാള്‍ ലുബ്ധനും ആക്ഷേപാര്‍ഹനുമായിരിക്കും. ഒരു ഹദീഥില്‍ ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ട്: ‘നിശ്ചയം! പിശുക്കന് തന്റെ സാമീപ്യം നല്‍കുകയില്ലെന്ന് അല്ലാഹു അവന്റെ പ്രതാപം കൊണ്ട് സത്യം ചെയ്ത് പറഞ്ഞിരിക്കുന്നു’ (ത്വബ്‌റാനി ഇബ്‌നു അബ്ബാസി(റ)ല്‍നിന്നും ഇബ്‌നു അബിദുന്‍യാ അനസി(റ)ല്‍നിന്നും മര്‍ഫൂആയ നിലയില്‍ (നബിവചനമെന്ന നിലയില്‍) ഉദ്ധരിച്ചതാണ് ഈ റിപ്പോര്‍ട്ടെങ്കിലും അത് ദുര്‍ബലമാണ്. വിശദ വിവരത്തിന് ശൈഖ് മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ സില്‍സിലത്തുദ്ദഈഫയിലെ 1284,1285 നമ്പര്‍ ഹദീഥുകള്‍ കാണുക).

ഉദാരത രണ്ടുവിധത്തിലുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠവും ഒന്നാമതുമായത്, മറ്റുള്ളവരുടെ കൈയിലുള്ളവയെ സംബന്ധിച്ച് നാം കാണിക്കുന്ന ഉദാരതയാണ്. അഥവാ അന്യരുടെ കൈകളിലുള്ളത് നാം മോഹിക്കാതിരിക്കുക എന്നതാണ്. രണ്ടാമത്തെത് നിന്റെ കൈയിലുള്ളത് ചെലവഴിച്ചുകൊണ്ട് നീ കാണിക്കുന്ന ഉദാരതയാണ്.

ചിലപ്പോള്‍ ഒരാള്‍ ആര്‍ക്കും ഒന്നും നല്‍കുന്നില്ലെങ്കില്‍ പോലും അയാള്‍ ജനങ്ങളില്‍ ഏറ്റവും വലിയ ഔദാര്യവാന്‍ ആയിരിക്കും. കാരണം ആളുകളുടെ കൈയിലുള്ളതിനോട് അയാള്‍ ഒരു മോഹവും വെച്ചു നടക്കുന്നില്ല. അതാണ് ചില മഹത്തുക്കള്‍ പറഞ്ഞതിന്റെ സാരം:

‘ഉദാരത എന്നത് നിന്റെ സമ്പത്ത് മറ്റുള്ളവര്‍ക്ക് ദാനംനല്‍കുന്നതും മറ്റുള്ളവരുടെ സ്വത്ത് സ്വികരിക്കാതെ നീ മാന്യതകാണിക്കലുമാണ്.’

ഗുരുനാഥന്‍ ശൈഖുല്‍ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘അല്ലാഹു ഇബ്‌റാഹിം നബി(അ)യോട് ഇപ്രകാരം ചോദിച്ചുവത്രെ: ‘എന്തുകൊണ്ടാണ് ഞാന്‍ നിന്നെ ‘ഖലീല്‍’ (ആത്മമിത്രം) ആക്കിയതെന്ന് നിനക്കറിയുമോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല.’ അപ്പോള്‍ അല്ലാഹു പറഞ്ഞു: ‘നിനക്ക് മറ്റുള്ളവരില്‍നിന്ന് വല്ലതും വാങ്ങുന്നതിനെക്കാള്‍ പ്രിയങ്കരം അവര്‍ക്ക് എന്തെങ്കിലും നല്‍കുന്നതാണെന്ന് കണ്ടതിനാലാണ്.’ (സലഫുകളില്‍ പെട്ട ചിലരില്‍നിന്ന് ഇപ്രകാരം  ഉദ്ധരിക്കപ്പെടുന്നുണ്ട്. ‘താരീഖു ദിമശ്ഖ്,’ ‘ഹില്‍യത്തുല്‍ ഔലിയാഅ്, ‘അദ്ദുര്‍റുല്‍ മന്‍ഥൂര്‍ മുതലായ ഗ്രന്ഥങ്ങള്‍ കാണുക).

ഇത് അത്യുന്നതനായ പടച്ചറബ്ബിന്റെ വിശേഷണങ്ങളില്‍പെട്ട ഒരു വിശേഷണമാണ്. അവന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നു; അവന്‍ മറ്റുള്ളവരില്‍നിന്ന് യാതൊന്നും എടുക്കുന്നില്ല. അവന്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്നു; അവന്നാകട്ടെ ആരും ഭക്ഷണം നല്‍കേണ്ടതില്ല. അവന്‍ ഔദാര്യവാന്മാരില്‍വെച്ച് ഏറ്റവും വലിയ അത്യുദാരനാകുന്നു. സൃഷ്ടികളില്‍ അവന് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ അവന്റെ ഗുണവിശേഷണങ്ങള്‍ തങ്ങളുടെ സ്വഭാവമായി സ്വികരിച്ചവരാണ്. അവന്‍ അത്യുദാരനാണ്. അവന്റെ അടിമകളിലെ ഔദാര്യവാന്മാരെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ അറിവുള്ളവനാണ്; അറിവുള്ളവരെ അവന്‍ സ്‌നേഹിക്കുന്നു. അവന്‍ കഴിവുറ്റവനാണ്. ധീരന്മാരെ അവന് ഇഷ്ടമാണ്. അവന്‍ ഭംഗിയുള്ളവനാണ്; ഭംഗിയെ ഇഷ്ടപ്പെടുന്നവനുമാണ്.

ഇമാം തിര്‍മിദി സഈദുബ്‌നുല്‍ മുസ്വയ്യിബ്(റഹി) പറയുന്നതായി ഇപ്രകാരം ഉദ്ധരിക്കുന്നു: ‘നിശ്ചയം, അല്ലാഹു വിശുദ്ധനാണ്; അവന്‍ വിശുദ്ധമായതിനെ ഇഷ്ടപ്പെടുന്നു. അവന്‍ വൃത്തിയുള്ളവനാണ്; വൃത്തിയെ അവന്‍ ഇഷ്ടപ്പെടുന്നു. ഔദാര്യവാനാണ്; ഉദാരതയെ അവന്‍ ഇഷ്ടപ്പെടുന്നു. മാന്യനാണ്; മാന്യതയെ അവന്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ പരിസരങ്ങള്‍ വൃത്തിയാക്കുക. നിങ്ങള്‍ ജൂതന്മാരെ പോലെയാകരുത്.’ (ഇതിന്റെ പരമ്പരയിലുള്ള ഖാലിദ്ബ്‌നു ഇല്‍യാസ് പണ്ഡിതന്‍മാര്‍ ദുര്‍ബലനാണെന്ന് വിധിപറഞ്ഞ വ്യക്തിയാണ്).

(തിര്‍മിദി, ബസ്സാര്‍, അബൂയഅ്‌ല മുതലായവര്‍ ഉദ്ധരിച്ചത്. ഇതിന്റെ പരമ്പര (സനദ്) അങ്ങേയറ്റം ദുര്‍ബലമാണ്. ഇമാം തിര്‍മിദി തന്നെ അതിന്റെ ന്യുനത വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നുല്‍ ജൗസി(റഹി) തന്റെ ‘അല്‍ ഇലലുല്‍ മുതനാഹിയ’ എന്ന ഗ്രന്ഥത്തില്‍ ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുണ്ട്).

തിര്‍മിദി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം; നബി ﷺ പറയുന്നു: ‘ധര്‍മിഷ്ഠന്‍ അല്ലാഹുവിനോട് അടുത്തവനാണ്. സ്വര്‍ഗത്തോടും ജനങ്ങളോടും അയാള്‍ സമീപസ്ഥനുമാണ്. നരകത്തില്‍നിന്നാകട്ടെ അകന്നവനുമാണ്. എന്നാല്‍ പിശുക്കന്‍ അല്ലാഹുവില്‍നിന്ന് അകന്നവനാണ്. സ്വര്‍ഗത്തില്‍നിന്നും ആളുകളില്‍നിന്നും അയാള്‍ വിദൂരത്തായിരിക്കും. നരകത്തോട് സമീപസ്ഥനുമായിരിക്കും. അറിവില്ലാത്ത ഔദാര്യവാനാണ് പിശുക്കനായ ഭക്തനെക്കാള്‍ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടവന്‍’ (തിര്‍മിദിക്കു പുറമെ ഇബ്‌നു അദിയ്യ് തന്റെ ‘അല്‍കാമിലി’ലും ‘ഉകൈ്വലി’ തന്റെ ‘അദ്ദുഅഫാഇ’ലും ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല. ഇമാം തിര്‍മിദിതന്നെ അതിന്റെ ദുര്‍ബലത വ്യക്തമാക്കിയിട്ടുണ്ട്.  ഇബ്‌നുല്‍ ക്വയ്യിം(റഹി) തന്നെ തന്റെ ‘അല്‍മനാറുല്‍ മുനീഫ്’ എന്ന ഗ്രന്ഥത്തില്‍ അടിസ്ഥാനരഹിതമായ ഹദീഥുകളുടെ കൂട്ടത്തില്‍ ഇതിനെ എണ്ണിയിട്ടുണ്ട്).

സ്വഹിഹായ ഹദീഥില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ‘നിശ്ചയം, അല്ലാഹു ഏകനാണ്. ഒറ്റയാക്കുന്നതിനെ (വിത്‌റിനെ) അവന്‍ ഇഷ്ടപ്പെടുന്നു’ (ബുഖാരി, മുസ്‌ലിം).

അത്യുന്നതനും പരിശുദ്ധനുമായ അല്ലാഹു കാരുണ്യവാനാണ്. കരുണ ചെയ്യുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നു. തീര്‍ച്ചയായും അവന്റെ ദാസന്മാരിലെ കരുണയുള്ളവരോടാണ് അവനും കരുണ കാണിക്കുക. അവന്‍ ന്യൂനതകള്‍ മറച്ചുവെക്കുന്നവനാണ്. അവന്റെ ദാസന്മാരുടെ ന്യുനതകള്‍ മറച്ചുവെക്കുന്നവരെ അവന് ഇഷ്ടമാണ്. അവന്‍ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. വിട്ടുവീഴ്ച ചെയ്യുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ വീഴ്ചകള്‍ പൊറുക്കുന്നവനാണ്. ആളുകളുടെ വീഴ്ചകള്‍ പൊറുത്ത് കൊടുക്കുന്നവരോട് അവന് ഇഷ്ടമാണ്. അവന്‍ അനുകമ്പ കാട്ടുന്നവനാണ്. അവന്റെ ദാസന്മാരിലെ അനുകമ്പശീലരോട് അവന് ഇഷ്ടമാണ്. കഠിനഹൃദയരും പരുഷസ്വഭാവികളും അഹങ്കാരികളും അമിതഭോജികളുമായവരെ അവന് വെറുപ്പാണ്. അവന്‍ സൗമ്യതയുള്ളവനാണ്. സൗമ്യത അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ വിവേകശാലിയാണ്; വിവേകത്തെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ നന്മ ചെയ്യുന്നവനാണ്; നന്മയെയും അതിന്റെ വക്താക്കളെയും അവന് ഇഷ്ടമാണ്. അവന്‍ നീതിമാനാണ്; നീതിപാലിക്കുന്നത് അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ ഒഴികഴിവുകള്‍ സ്വീകരിക്കുന്നവനാണ്. തന്റെ ദാസന്മാരുടെ ഒഴികഴിവുകള്‍ സ്വീകരിക്കുന്നവരെ അവന് ഇഷ്ടമാണ്. ഇത്തരം ഗുണവിശേഷണങ്ങള്‍ക്കനുസരിച്ച് അവന്‍ തന്റെ ദാസന്മാര്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്. ആരെങ്കിലും വിട്ടുവീഴ്ച ചെയ്താല്‍ അവര്‍ക്ക് അവനും വിട്ടുവീഴ്ച ചെയ്യും. ആരെങ്കിലും പൊറുത്ത് കൊടുത്താല്‍  അവര്‍ക്ക് അവനും പൊറുത്ത് കൊടുക്കും. ആരെങ്കിലും മറ്റുള്ളവരുടെ കുറവുകള്‍ക്ക് നേരെ കണ്ണടച്ചാല്‍ അവന്‍ അയാള്‍ക്കും മാപ്പാക്കുന്നതാണ്. ആരെങ്കിലും മറ്റുള്ളവര്‍ക്ക് ഇളവുചെയ്താല്‍ അവന്‍ അയാള്‍ക്കും ഇളവുചെയ്യും. ആരെങ്കിലും അല്ലാഹുവിന്റെ അടിയാറുകളോട് സൗമ്യത കാണിച്ചാല്‍ അല്ലാഹു അയാളോടും സൗമ്യത കാണിക്കും. ആരെങ്കിലും സൃഷ്ടിജാലങ്ങളോട് കരുണകാണിച്ചാല്‍ അല്ലാഹു അയാളോടും കരുണകാണിക്കും. ജനങ്ങളോട് ആരെങ്കിലും നന്മ ചെയ്താല്‍ അല്ലാഹു അയാള്‍ക്കും നന്മ ചെയ്യും. ആരെങ്കിലും മറ്റുള്ളവരുടെ ന്യുനതകളെ വിട്ടുകളഞ്ഞ് മാപ്പാക്കിയാല്‍ അല്ലാഹു അയാളുടെ കുറവുകളെയും വിട്ടുകളയും. ആരെങ്കിലും മറ്റുള്ളവരോട് ഔദാര്യം കാണിച്ചാല്‍ അല്ലാഹു അയാള്‍ക്കും ഔദാര്യം ചെയ്യും. വല്ലവനും മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്താല്‍ അല്ലാഹു അയാള്‍ക്കും ഉപകാരം ചെയ്യും. ആരെങ്കിലും മറ്റുള്ളവരുടെ ന്യുനത മറച്ചുവെച്ചാല്‍ അല്ലാഹു അയാളുടെതും മറച്ചുവെക്കും. വല്ലവനും മറ്റുള്ളവരുടെ കുറവുകള്‍ ചിക്കിച്ചികയാന്‍ ഒരുങ്ങിയാല്‍ അല്ലാഹു അയാളുടെ കുറവുകളും കൊണ്ടുവരും. ആരെങ്കിലും മറ്റുള്ളവരെ അവഹേളിച്ചാല്‍ അവന്‍ അവരെയും അവഹേളിക്കും. ആരെങ്കിലും തന്റെ നന്മ മറ്റുള്ളവര്‍ക്ക് നിഷേധിച്ചാല്‍ അല്ലാഹു അയാള്‍ക്കും നന്മ തടയും. ആരെങ്കിലും അല്ലാഹുവിനോട് എതിരായാല്‍ അല്ലാഹു അയാളോടും എതിരാകും. ആരെങ്കിലും തന്ത്രം പ്രയോഗിച്ചാല്‍ അല്ലാഹു അയാളോടും തന്ത്രം പ്രയോഗിക്കും. ആരെങ്കിലും ചതിയും വഞ്ചനയും കാണിച്ചാല്‍ അല്ലാഹു അയാളോടും അതുപോലെ കാണിക്കും. ഒരാള്‍ അല്ലാഹുവിന്റെ അടിമകളോട് പെരുമാറുന്നത് ഏത് തരത്തിലാണോ അല്ലാഹു ഇരുലോകത്തു വെച്ച് അയാളോടും അതേരൂപത്തിലായിരിക്കും പെരുമാറുക. അതായത് ഒരാള്‍ മറ്റൊരാളോട് ഏത് രൂപത്തിലാണോ പെരുമാറുന്നത് അതനുസരിച്ചായിരിക്കും അല്ലാഹു അയാളോടും പെരുമാറുക എന്ന് സാരം.

അതുകൊണ്ട് നബി ﷺ യുടെ ഹദീഥുകളില്‍ ഇപ്രകാരം കാണാം: ‘ആരെങ്കിലും ഒരു സത്യവിശ്വസിയുടെ ന്യുനത മറച്ചുവെച്ചാല്‍ അല്ലാഹു അയാളുടെ ന്യുനതകളും ഈ ലോകത്തും പരലോകത്തും മറച്ചുവെക്കുന്നതാണ്. ആരെങ്കിലും ഒരു സത്യാവിശ്വാസിയുടെ ഈ ലോകത്തെ ദുരിതംനീക്കി ആശ്വാസം നല്‍കിയാല്‍ അല്ലാഹു അയാളില്‍നിന്ന് പരലോകത്തെ പ്രയാസങ്ങള്‍ നീക്കി ആശ്വാസം നല്‍കുന്നതാണ്. (സാമ്പത്തികമായി) പ്രയാസപ്പെടുന്ന ഒരാള്‍ക്ക് ആരെങ്കിലും ആശ്വാസം നല്‍കിയാല്‍ അല്ലാഹു അയാളുടെ വിചാരണ എളുപ്പമാക്കും’ (മുസ്‌ലിം).

‘ഒരു ഇടപാട് ഒഴിവാക്കിക്കൊടുക്കാനായി ഖേദപ്രകടനത്തോടെ ഒരാള്‍ വരികയും ആ അഭ്യര്‍ഥന പരിഗണിച്ച് പ്രസ്തുത ഇടപാട് ഒഴിവാക്കിക്കൊടുക്കുകയും ചെയ്താല്‍ അല്ലാഹു അയാളുടെ വീഴ്ചകളും (പ്രതിക്രിയ കൂടാതെ) ഒഴിവാക്കിക്കൊടുക്കും’ (അബൂദാവൂദ്, ഇബ്‌നുമാജ, ഇബ്‌നുഹിബ്ബാന്‍).

‘ആരെങ്കിലും  കടംകൊണ്ട് പ്രയാസപ്പെടുന്നയാള്‍ക്ക് അവധി നീട്ടിക്കൊടുക്കുകയോ കടം വിട്ടുവീഴ്ച ചെയ്യുകയോ ചെയ്താല്‍ അല്ലാഹു അയാള്‍ക്ക് അര്‍ശിന്റെ തണല്‍ നല്‍കുന്നതാണ.’ (മുസ്‌ലിം).

എന്തുകൊണ്ടെന്നാല്‍ ഈ വ്യക്തി അയാള്‍ക്ക് അവധി നീട്ടിക്കൊടുക്കലിന്റെയും സഹനത്തിന്റെയും തണല്‍നല്‍കി സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന അയാളെ ബുദ്ധിമുട്ടിച്ചു പണം തിരിച്ചു വാങ്ങിക്കുന്ന കഷ്ടതയുടെ ചൂടില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് അന്ത്യനാളില്‍ സൂര്യന്റെ ചൂടില്‍നിന്നും അര്‍ശിന്റെ തണല്‍ നല്‍കി അല്ലാഹു അയാളെ സംരക്ഷിക്കും.

തിര്മിദിയും മറ്റും ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം: ‘ഒരിക്കല്‍ നബി ﷺ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ പറഞ്ഞു: ‘ഹൃദയത്തിലേക്ക് ഈമാന്‍ (സത്യവിശ്വാസം) കടന്നുചെന്നിട്ടില്ലാത്ത, കേവലം നാവുകൊണ്ട് മാത്രം വിശ്വാസം പ്രഖ്യാപിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസികളെ ഉപദ്രവിക്കരുതേ, അവരുടെ കുറവുകള്‍ നിങ്ങള്‍ ചിക്കിച്ചികയുകയും ചെയ്യരുതേ. എന്തുകൊണ്ടെന്നാല്‍ തന്റെ സഹോദരന്റെ കുറവുകള്‍ ചികഞ്ഞാല്‍ അല്ലാഹു അയാളുടെയും കുറവുകള്‍ ചികയും. അല്ലാഹു ആരുടെയെങ്കിലും കുറവുകള്‍ ചികഞ്ഞാല്‍ അത് അയാളെ അവഹേളിച്ച് വഷളാക്കിക്കളയും, അയാള്‍ തന്റെ വീടിന്റെ ഉള്ളറയിലായിരുന്നാല്‍ പോലും.’ (തുടരും)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 10

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 10

ഇവിടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരത്തിനു മുറിവേറ്റ വ്യക്തിയെ സംബന്ധിച്ച് നബി ﷺ അറിയിക്കുന്നത് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അതിന് കസ്തൂരിയുടെ പരിമളം ഉണ്ടായിരിക്കുമെന്നാണ്. നോമ്പുകാരന്റെ വായയുടെ വാസനയെ സംബന്ധിച്ച് പറഞ്ഞത് പോലെയുള്ള ഒരു പരാമര്‍ശമാണിത്. ഇഹലോകത്തെ അനുഭവത്തിലൂടെ മുറിവിന്റെ രക്തവും വായയുടെ വാസനയും എന്താണെന്ന്  അറിവുള്ളതാണല്ലോ. എന്നാല്‍ അവയെ അല്ലാഹു പരലോകത്ത് കസ്തൂരിയുടെ സുഗന്ധമാക്കി മാറ്റുന്നതാണ്.

എന്നാല്‍ അബൂഅംറ് ഇബ്‌നുസ്വലാഹ്(റഹി) തെളിവാക്കുന്നത് ഇബ്‌നുഹിബ്ബാനില്‍ വന്ന ഹദീഥിന്റെ പരാമര്‍ശമാണ്: ‘ഭക്ഷണം ഒഴിവാക്കുന്നത് കാരണമായുണ്ടാകുന്ന വാസന’ എന്നാണല്ലോ അത്. അതാകട്ടെ ദുന്‍യാവില്‍ സംഭവിക്കുന്നതാണ്. ഭാഷാപരമായ ചില ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തിക്കൊണ്ട് നോമ്പുകാരന്‍ ഭക്ഷണം ഒഴിവാക്കുന്നത് മൂലമുള്ള വാസന അല്ലാഹുവിന്റെ അടുക്കല്‍ പരിമളമുള്ളതാണെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. ശേഷം ആവശ്യമില്ലാതെ കുറെ വിശദീകരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.

ഇവിടെ പ്രസ്തുത പരിമളത്തെ അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറഞ്ഞത് അല്ലാഹുവിന്റെ വിശേഷണങ്ങളെയും പ്രവൃത്തികളെയും അവനിലേക്ക് ചേര്‍ത്തിപ്പറഞ്ഞത് പോലെത്തന്നെയാണ്. അതായത് ഈ പരിമളം സൃഷ്ടികളുടെ പരിമളത്തെപോലെയല്ല, അല്ലാഹുവിന്റെ തൃപ്തിയും കോപവും സന്തോഷവും വെറുപ്പും ഇഷ്ടവും ദേഷ്യവും ഒന്നും സൃഷ്ടികളുടേതിനു സമാനമല്ല എന്നതുപോലെയാണ് അതും. അല്ലാഹുവിന്റെ അസ്തിത്വം സൃഷ്ടികളുടെ അസ്തിത്വത്തിനോട് സമാനമായതല്ല; അവന്റെ വിശേഷണങ്ങളും അവന്റെ പ്രവര്‍ത്തങ്ങളും അപ്രകാരം തന്നെ സൃഷ്ടികളുടേതുപോലെയല്ല. അത്യുന്നതനും പരിശുദ്ധനുമായ അല്ലാഹു വിശിഷ്ടമായ വചനങ്ങളെ വിശിഷ്ടമായി കാണുന്നു. അവന്റെയടുക്കലേക്ക് അവ കയറിപ്പോകുന്നു. സല്‍കര്‍മങ്ങളെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഈ വിശിഷ്ടമായിക്കാണലും നമ്മുടേതുപോലെയല്ല.

ഈ തര്‍ക്കത്തില്‍ അന്തിമമായി നമുക്ക് പറയാനുള്ളത് ഇതാണ്: നബി ﷺ അറിയിച്ചത് പോലെ ആ പരിമളം പരലോകത്തുവെച്ചാണ് ഉണ്ടാകുന്നത്. കാരണം അതാണ് നന്മതിന്മകളുടെ കര്‍മ പ്രതിഫലം പ്രകടമാമാകുന്ന സമയം. അപ്പോള്‍ ആ വാസന കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ളതായി അവിടെവെച്ച് പ്രകടമാവും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരത്തില്‍ മുറിവേറ്റ വ്യക്തിയുടെ രക്തത്തിന്റെ മണം കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ളതായി പ്രത്യക്ഷപ്പെടുന്നതുപോലെ. അവിടെവെച്ചാണ് രഹസ്യങ്ങള്‍ വെളിവാക്കപ്പെടുന്നതും ചില മുഖങ്ങളില്‍ അത് പ്രകടമായി പ്രത്യക്ഷപ്പെടുന്നതും. സത്യനിഷേധികളുടെ ദുര്‍ഗന്ധവും മുഖത്തിന്റെ കറുപ്പുമൊക്കെ പ്രകടമാകുന്നതുമൊക്കെ അന്നായിരിക്കും.

‘ഭക്ഷണം ഒഴിവാക്കിയതുമൂലം,’ ‘വൈകുന്നേരമാവുമ്പോള്‍’ എന്നൊക്കെ ചില റിപ്പോര്‍ട്ടുകളില്‍ വന്ന പരാമര്‍ശങ്ങള്‍, അപ്പോഴാണ് ആ ആരാധനയുടെ അടയാളങ്ങള്‍ കൂടുതല്‍ പ്രകടമാവുന്നത് എന്നതിനാലാകും. അപ്പോള്‍ അതനുസരിച്ച് അതിന്റെ സുഗന്ധവും അല്ലാഹുവിന്റെ അടുക്കലും അവന്റെ മലക്കുകളുടെ അടുക്കലും കസ്തൂരിയെക്കാള്‍ അധികരിച്ച ഏറ്റവും പരിമളമുള്ളതായിരിക്കും; മനുഷ്യരുടെയടുക്കല്‍ ആ നേരത്തെ വാസന വെറുപ്പുള്ളതാണെങ്കിലും. മനുഷ്യരുടെയടുക്കല്‍ വെറുക്കപ്പെടുന്ന എത്രയെത്ര സംഗതികളാണ് അല്ലാഹുവിന്റെയടുക്കല്‍ ഏറെ പ്രിയങ്കരമായിട്ടുള്ളത്! നേരെ തിരിച്ചും. മനുഷ്യര്‍ക്ക് അതിനോട് വെറുപ്പ് തോന്നുന്നത് അവരുടെ പ്രകൃതത്തിനോട് അത് യോജിക്കാത്തതുകൊണ്ടാണ്. എന്നാല്‍ അല്ലാഹു അതിനെ വിശിഷ്ടമായി കാണുന്നതും അതിനെ ഇഷ്ടപ്പെടുന്നതും അത് അവന്റെ കല്‍പനയോടും തൃപ്തിയോടും ഇഷ്ടത്തോടും യോജിക്കുന്നു എന്നുള്ളതുകൊണ്ടാണ്. അപ്പോള്‍ അവന്റെയടുക്കല്‍ അതിന് നമ്മുടെയെടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തിനുള്ളതിനെക്കാള്‍ പരിമളവും വിശിഷ്ടതയും ഉണ്ടായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അത് മനുഷ്യര്‍ക്ക് സുഗന്ധമായിത്തന്നെ അനുഭവപ്പെടുകയും അത് പരസ്യമായി പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇപ്രകാരമാണ് ഏത് നന്മതിന്മകളുടെയും കര്‍മഫലങ്ങള്‍. അവ ഏറ്റവും ബോധ്യപ്പെടുന്നതും പരസ്യമായി പ്രത്യക്ഷപ്പെടുന്നതും പരലോകത്തായിരിക്കും.

ചില കര്‍മങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതും അവയുടെ നന്മ അധികരിക്കുന്നതും ഇഹലോകത്ത് അതുണ്ടാക്കുന്ന ചില അനന്തരഫലങ്ങളെകൂടി ആശ്രയിച്ചിട്ടായിരിക്കും. അത് കണ്ണുകൊണ്ട് കാണാവുന്നതും ഉള്‍ക്കാഴ്ചകൊണ്ട് ഗ്രഹിക്കാവുന്നതുമാണല്ലോ!

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘നിശ്ചയം, നന്മ മുഖത്ത് തെളിച്ചമുണ്ടാക്കും. ഹൃദയത്തില്‍ പ്രകാശവും ശരീരത്തിന് ശക്തിയും ഉപജീവനത്തില്‍ വിശാലതയും സൃഷ്ടികളുടെ മനസ്സില്‍ സ്‌നേഹവും പകരും. എന്നാല്‍ തിന്മകള്‍ തീര്‍ച്ചയായും മുഖത്തിന് കറുപ്പും ഹൃദയത്തില്‍ ഇരുട്ടും ശരീരത്തിന് തളര്‍ച്ചയും ഉപജീവനത്തില്‍ കുറവും സൃഷ്ടികളുടെ മനസ്സുകളില്‍ വെറുപ്പും ഉണ്ടാക്കും.’ (ഇതിനു സമാനമായി ഹസനുല്‍ ബസ്വരിയില്‍നിന്ന് ഇബ്‌നു അബീശൈബ ഉദ്ധരിക്കുന്നുണ്ട്; അബൂനുഐം ‘ഹില്‍യ’യിലും. എന്നാല്‍ ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല).

ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) പറയുന്നു: ‘ഏതൊരു മനുഷ്യന്‍ കര്‍മം ചെയ്യുമ്പോഴും അതിന്റെതായ ഒരു പുടവ അല്ലാഹു അയാളെ ധരിപ്പിക്കുന്നതായിരിക്കും. നന്മയാണെങ്കില്‍ നന്മയുടെതും തിന്മയാണെങ്കില്‍ തിന്മയുടെതും.’ (ഇമാം അഹ്മദ് ‘സുഹ്ദില്‍’ ഉദ്ധരിച്ചത്. ഇബ്‌നുല്‍ മുബാറകും അബൂദാവൂദും ‘സുഹ്ദി’ല്‍ ഉദ്ധരിച്ചു. ഇബ്‌നു അബീശൈബ, ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും).

 ഇത് സുപരിചിതമായ സംഗതിയാണ്. ഉള്‍ക്കാഴ്ചയുള്ള പണ്ഡിതന്മാര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ അറിയാവുന്നതുമാണ്. വിശുദ്ധരും പുണ്യംചെയ്യുന്നവരുമായ ആളുകളില്‍നിന്ന് അവര്‍ സുഗന്ധം പുരട്ടിയിട്ടില്ലെങ്കില്‍കൂടി ചിലപ്പോള്‍ നല്ല പരിമളം വീശാറുണ്ട്. അയാളുടെ ആത്മാവിന്റെ സുഗന്ധം ശരീരത്തിലൂടെയും വസ്ത്രത്തിലൂടെയും പുറത്തേക്കുവരും. എന്നാല്‍ തോന്നിവാസിയുടെ സ്ഥിതി നേരെ തിരിച്ചുമാണ്. രോഗം ബാധിച്ച് മൂക്കൊലിക്കുന്നവന് ഈ രണ്ട് വാസനകളും അനുഭവപ്പെടുകയില്ല. പ്രത്യുത അയാളുടെ മൂക്കൊലിപ്പ് ഇതിനെ നിഷേധിക്കാനായിരിക്കും പ്രേരിപ്പിക്കുക. ഈ ചര്‍ച്ചയില്‍ അവസാനമായി നമുക്ക് പറയുവാനുള്ളത് ഇത്രയുമാണ്. അല്ലാഹു തആലയാണ് ശരിയെ സംബന്ധിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍.

നബി ﷺ പറഞ്ഞു: ‘അവന്‍ നിങ്ങളോട് ദാനധര്‍മത്തെ(സ്വദക്വ)കുറിച്ച് കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ശത്രുവിന്റെ ബന്ധനത്തിലായ ഒരാളുടെത് പോലെയാണ്. ശത്രുക്കള്‍ അയാളുടെ കൈ പിരടിയിലേക്ക് ചേര്‍ത്തുകെട്ടി കഴുത്ത് വെട്ടുവാനായി കൊണ്ടുവന്നിരിക്കുകയാണ്. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഞാന്‍ എന്റെ എല്ലാം നിങ്ങള്‍ക്ക് മോചനദ്രവ്യമായി നല്‍കാം. അങ്ങനെ അയാള്‍ അവരില്‍ നിന്നും മോചിതനായി.’

ഈ വാക്കുകളുടെയും വസ്തുത അറിയിക്കുന്ന തെളിവുകളും ന്യായങ്ങളുമായിട്ടുള്ള പല സംഭവങ്ങളും അനുഭവങ്ങളുമുണ്ട്. തീര്‍ച്ചയായും വിവിധതരം പരീക്ഷണങ്ങളെ തടുക്കുന്നതില്‍ ദാനധര്‍മങ്ങള്‍ക്ക് അത്ഭുതാവഹമായ സ്വാധീനമുണ്ട്. ആ ദാനം ചെയ്തത് ആക്രമിയോ തെമ്മാടിയോ, അല്ല; സത്യനിഷേധി ആയിരുന്നാല്‍ പോലും. നിശ്ചയം അല്ലാഹു ആ ദാനം നിമിത്തമായി അയാളില്‍നിന്ന് വിവിധ പ്രയാസങ്ങളെ തടുക്കുന്നതാണ്. ഈ കാര്യവും പണ്ഡിത, പാമര വ്യത്യാസമന്യെ മനുഷ്യര്‍ക്കിടയില്‍ സുപരിചിതമാണ്. ഭൂവാസികളെല്ലാം തന്നെ ഇത് അഗീകരിക്കും. കാരണം അത് അവര്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.

ഇമാം തിര്‍മിദി അനസ്ബ്‌നു മാലികി(റ)ല്‍നിന്ന് ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: ‘നിശ്ചയം! ദാന ധര്‍മങ്ങള്‍ റബ്ബിന്റെ കോപത്തെ ഇല്ലാതാക്കുകയും മോശമായ മരണത്തെ തടുക്കുകയും ചെയ്യും’ (തിര്‍മിദി, ഇബ്‌നുഹിബ്ബാന്‍, ഭഗവി മുതലായവര്‍ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിര്‍മിദി പറയുന്നു: ‘ഈ രൂപത്തിലൂടെ ഹസനും ഗരീബും ആയിട്ടാണ് വന്നിട്ടുള്ളത്. ഇതിന്റെ പരമ്പരയില്‍ അബുദുല്ലാഹിബ്‌നു ഈസാ അല്‍ഗസ്സാസ് എന്ന വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. അദ്ദേഹത്തിലൂടെ മാത്രമായിട്ടാണ് ഈ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ഇബ്‌നുഅദിയ്യ് ‘അല്‍ കാമില്‍’ എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹത്തിന്റെ വിവരണം പറയുന്നിടത്ത് ഈ ഹദീഥ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ ഹദീഥിന്റെ ആശയത്തെ പിന്തുണക്കുന്ന മറ്റു റിപ്പോര്‍ട്ടുകളും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.  ഉദാഹരണത്തിന് ‘അത്തര്‍ഗീബ് വത്തര്‍ഹീബ്’ 1/679 നോക്കുക).

 ദാനധര്‍മങ്ങള്‍ ലോകരക്ഷിതാവായ അല്ലാഹുവിന്റെ കോപത്തെ ഇല്ലാതാക്കും എന്നതുപോലെത്തന്നെ തെറ്റുകുറ്റങ്ങളെയും അത് ഇല്ലാതാക്കിക്കളയും; വെള്ളം തീയിനെ കെടുത്തിക്കളയുന്നത് പോലെ.

മുആദുബ്‌നു ജബല്‍(റ) പറയുന്നു: ‘ഞാന്‍ നബി ﷺ യുടെ കൂടെ ഒരു യാത്രയിലായിരുന്നു. അങ്ങനെ ഒരുദിവസം രാവിലെ ഞങ്ങള്‍ യാത്ര തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നബി ﷺ യുടെ വളരെ അടുത്തുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നന്മയുടെ കവാടങ്ങളെക്കുറിച്ച് ഞാന്‍ നിനക്ക് അറിയിച്ചുതരട്ടയോ? നോമ്പ് ഒരു പരിചയാണ്. ദാനധര്‍മങ്ങള്‍ തെറ്റുകളെ കെടുത്തിക്കളയും; വെള്ളം തീയിനെ കെടുത്തിക്കളയുന്നത് പോലെ. അതുപോലെ രാത്രിയുടെ മധ്യത്തിലുള്ള നമസ്‌കാരവും.’ എന്നിട്ട് അവിടുന്ന് ഈ ആയത്ത് ഓതി: ‘ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും’ (32:16) (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്).

ചില അഥറുകളില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ‘നിങ്ങള്‍ ദാനധര്‍മങ്ങള്‍ മുന്‍കൂട്ടി ചെയ്യുക. നിശ്ചയം, പ്രയാസങ്ങള്‍ ദാനധര്‍മങ്ങളെ മുന്‍കടക്കുകയില്ല.’

ശത്രുക്കള്‍ ബന്ധനസ്ഥനാക്കി കഴുത്തുവെട്ടുവാന്‍ കൊണ്ടുവരപ്പെട്ട ഒരു വ്യക്തി തന്റെ ധനം മോചനദ്രവ്യമായി നല്‍കി രക്ഷപ്പെട്ട ഒരു ഉപമ നബി ﷺ വിവരിച്ചതില്‍നിന്നും മറ്റൊരു വിശദീകരണത്തിനും ആവശ്യമില്ലാത്തവിധം കാര്യം വളരെ വ്യക്തമാണ്.

‘നിശ്ചയം, ദാനധര്‍മങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് മോചിപ്പിക്കുവാന്‍ പര്യാപ്തമാണ്. അയാളുടെ തെറ്റുകുറ്റങ്ങള്‍ അയാളെ നശിപ്പിക്കാന്‍ പോന്നതാണെങ്കിലും. അയാളുടെ ദാനധര്‍മങ്ങള്‍ ശിക്ഷയില്‍നിന്നുള്ള പ്രായച്ഛിത്തമായി വരികയും അതില്‍നിന്ന് അയാളെ മോചിപ്പിക്കുകയും ചെയ്യുന്നതാണ്.’

അതിനാലാണ് സ്വഹീഹായ ഹദീഥില്‍ വന്നതുപോലെ നബി ﷺ പെരുന്നാള്‍ ദിവസം സ്ത്രീകളോട് പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ ഇപ്രകാരം പറഞ്ഞത്: ‘സ്ത്രീ സമൂഹമേ, നിങ്ങള്‍ നിങ്ങളുടെ ആഭരണങ്ങളില്‍നിന്നാണെങ്കിലും ദാനം ചെയ്യുക. കാരണം നരകക്കാരില്‍ കൂടുതലും ഞാന്‍ നിങ്ങളെയാണ് കണ്ടത്’ (ബുഖാരി, മുസ്‌ലിം). (‘നിങ്ങളുടെ ആഭരണങ്ങളില്‍ നിന്നെങ്കിലും’ എന്ന ഭാഗം മറ്റു റിപ്പോര്‍ട്ടുകളില്‍ വന്നതാണ്). അതായത് നബി ﷺ സ്ത്രീകള്‍ക്ക് നരകശിക്ഷയില്‍നിന്ന് സ്വയം രക്ഷപ്പെടുവാനുള്ള മാര്‍ഗം പറഞ്ഞുകൊടുക്കുകയും പ്രേരിപ്പിക്കുകയുമാണ് ഇതിലൂടെ ചെയ്തത്.

അദിയ്യിബ്‌നു ഹാതിമി(റ)ല്‍നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഇപ്രകാരം ഉദ്ധരിക്കുന്നു: ”അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ‘നിങ്ങളില്‍ ഓരോരുത്തരോടും ഒരു ദ്വിഭാഷിയില്ലാതെ തന്നെ തന്റെ രക്ഷിതാവ് നേരിട്ട് സംസാരിക്കുന്നതാണ്. അപ്പോള്‍ അയാള്‍ തന്റെ വലതുഭാഗത്തേക്ക് നോക്കും. അവിടെ താന്‍ മുന്‍കൂട്ടി ചെയ്തുവെച്ചതല്ലാതെ അയാള്‍ക്ക് കാണാനാവില്ല. ഇടതുഭാഗത്തേക്ക് നോക്കുമ്പോഴും തന്റെ കര്‍മങ്ങളല്ലാതെ അയാള്‍ക്ക് കാണാന്‍ കഴിയില്ല. തന്റെ മുന്നിലേക്ക് നോക്കുമ്പോള്‍ നരകത്തെയായിരിക്കും നേര്‍മുന്നില്‍ കാണുക! അതിനാല്‍ ഒരു കാരക്കയുടെ ചീന്തുകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ തടുത്തുകൊള്ളുക” (ബുഖാരി, മുസ്‌ലിം).

 അബൂദര്‍റ്(റ) പറയുന്നു: ‘ഞാന്‍ ഒരിക്കല്‍ നബി ﷺ യോട് ചോദിച്ചു: ‘ഒരാളെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നത് എന്താണ്?’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവിലുള്ള വിശ്വാസം.’ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഈമാനിന്റെ കൂടെയുള്ള വല്ല കര്‍മങ്ങളും?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹു നിനക്ക് നല്‍കിയതില്‍നിന്ന് ചെറുതാണെങ്കിലും നീ ചെലവഴിക്കുന്നത്.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, ചെലവഴിക്കാനൊന്നുമില്ലാത്ത ദരിദ്രനാണ് അയാളെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണം.’ ഞാന്‍ ചോദിച്ചു: ‘നന്മ കല്‍പിക്കുവാനും തിന്മ വിരോധിക്കുവാനും സംസാരിക്കുവാനും അയാള്‍ക്ക് സാധിക്കുന്നില്ലെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘ജോലി ചെയ്യാന്‍ കഴിയാതെ പ്രയാസപ്പെടുന്നവനെ സഹായിക്കട്ടെ.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, ഒന്നും ശരിയാവണ്ണം ചെയ്യാന്‍ കഴിയാത്തയാളാണെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘മര്‍ദിതനെ സഹായിക്കട്ടെ.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, ഒരു മര്‍ദിതനെ സഹായിക്കാന്‍ ശേഷിയില്ലാത്തയാളാണെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘നിന്റെ സ്‌നേഹിതനില്‍ ഏതൊരു നന്മയാണ് ശേഷിക്കുന്നതായി നീ കാണുന്നത്? ജനങ്ങളില്‍നിന്ന് തന്റെ ഉപദ്രവത്തെ അയാള്‍ തടഞ്ഞുവെക്കട്ടെ.’ ഞാന്‍ ചോദിച്ചു: ‘ഇത് അയാള്‍ ചെയ്താല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ?’ നബി ﷺ പറഞ്ഞു: ‘ഏതൊരു സത്യവിശ്വാസിയും ഇതില്‍ ഏതെങ്കിലും കാര്യങ്ങള്‍ ചെയ്താല്‍ അത് അയാളുടെ കൈപിടിച്ച് സ്വര്‍ഗത്തിലേക്ക് കടത്തുന്നതായിരിക്കും’ (ബൈഹക്വി ‘ശുഅബുല്‍ ഈമാന്‍’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതാണിത്, ത്വബ്‌റാനി, ഇബ്‌നുഹിബ്ബാന്‍, ഹാകിം മുതലായവര്‍ റിപ്പോര്‍ട്ട് ചെയ്തത്).

 ഉമറുബ്‌നുല്‍ഖത്വാബ്(റ) പറഞ്ഞു: ‘എന്നോട് പറയപ്പെട്ടു; നിശ്ചയം, കര്‍മങ്ങള്‍ പരസ്പരം അഭിമാനം പറയുമെന്ന്. അപ്പോള്‍ സ്വദക്വ പറയുമത്രെ; ഞാനാണ് നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളത് എന്ന്’ (ബൈഹക്വി ശുഅബുല്‍ ഈമാനിലും, ഇബ്‌നു ഖുസൈമ, ഹാകിം മുതലായവരും ഉദ്ധരിച്ചത്).

അബൂഹുറയ്‌റ(റ) പറയുന്നു: ”പിശുക്കന്റെയും ദാനം ചെയ്യുന്നവന്റെയും ഉപമ വിശദീകരിച്ചുകൊണ്ട് നബി ﷺ പറഞ്ഞു: ‘ഇരുമ്പിനാലുള്ള രണ്ട് ജുബ്ബകള്‍  അഥവാ പടയങ്കി ധരിച്ച രണ്ട് ആളുകള്‍;  അവരുടെ കൈകള്‍ നെഞ്ചിലേക്കും തൊണ്ടയിലേക്കും ഞെരുങ്ങിയിരിക്കുന്നു. എന്നാല്‍ ദാനം ചെയ്യുന്ന വ്യക്തി ഓരോ തവണ ദാനം ചെയ്യുമ്പോഴും അത് അയാള്‍ക്ക് അയഞ്ഞ് അയഞ്ഞ് വിശാലമായിക്കൊണ്ടിരിക്കുന്നു. അങ്ങനെയത് അയാള്‍ക്ക് പൂര്‍ണമായ കവചവും സുരക്ഷയുമായി മാറി. എന്നാല്‍ പിശുക്കനാകട്ടെ, തന്റെ കൈകള്‍ കഴുത്തിലേക്ക് ചേര്‍ത്ത് ബന്ധിക്കപ്പെട്ടതിനാല്‍ പടച്ചട്ട ശരിയായ രൂപത്തില്‍ ധരിക്കാനാവാതെ അസ്വസ്ഥനാകുന്നു. അത് അയാള്‍ക്ക് കവചമോ സുരക്ഷയോ ആകുന്നില്ല, മറിച്ച് ഭാരമാവുകയും ചെയ്യുന്നു.’  അബൂഹുറയ്‌റ(റ) പറഞ്ഞു: നബി ﷺ അത് എങ്ങനെയെന്ന് ചെയ്ത് കാണിക്കുന്നത് ഞാന്‍ കണ്ടു” (ബുഖാരി, മുസ്‌ലിം).

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 9

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 9

ഈ രണ്ടു പ്രേരകങ്ങള്‍ക്കുമിടയില്‍ നിലകൊള്ളുന്ന ഹൃദയം ചിലപ്പോള്‍ സത്യവിശ്വാസത്തിന്റെയും യഥാര്‍ഥജ്ഞാനത്തിന്റെയും അല്ലാഹുവിലേക്കുള്ള സ്‌നേഹത്തിന്റെയും അവനെ മാത്രം ലക്ഷ്യമാക്കിയുള്ള കര്‍മത്തിന്റെയും നേര്‍ക്ക് ആഭിമുഖ്യം പ്രകടിപ്പിക്കും. മറ്റു ചിലപ്പോഴാകട്ടെ ദേഹേച്ഛയുടെയും പിശാചിന്റെയും പ്രകൃതങ്ങളിലേക്ക് ചാഞ്ഞുപോകും. ഇത്തരം ഹൃദയങ്ങളിലാണ് പിശാചിന് താല്‍പര്യമുള്ളത്. അവന് അതില്‍ കയറിച്ചെല്ലാനുള്ള ഇടങ്ങളും അതിനുപറ്റിയ സാഹചര്യങ്ങളുമുണ്ട്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ വിജയം നല്‍കുന്നു.

”സാക്ഷാല്‍ സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്ന് മാത്രമാകുന്നു” (ക്വുര്‍ആന്‍ 3:126).

പിശാചിന് ഇവിടെ സൗകര്യപ്പെടുന്നത് തന്റെ ആയുധം അവിടെ കിടപ്പുള്ളതുകൊണ്ട് മാത്രമാണ്. അങ്ങനെ അവിടേക്ക് പിശാച് കടന്നുചെല്ലുകയും ആയുധം കൈവശപ്പെടുത്തുകയും അതുമായി അയാളോട് പോരാടുകയും ചെയ്യും. അവന്റെ ആയുധമെന്നത് ദേഹേച്ഛകളും സന്ദേഹങ്ങളുമാണ്. അഥവാ ശഹവാത്തുകളും ശുബുഹാത്തുകളും. അതേപോലെ വ്യാജമായ കുറെ വ്യാമോഹങ്ങളും ഭാവനകളും. അവയൊക്കെ ഒരു ഹൃദയത്തില്‍ ശേഷിക്കുന്നുണ്ടെങ്കില്‍ പിശാച് അവിടേക്ക് കടന്നുവരികയും അവയെ കൈവശപ്പെടുത്തുകയും ചെയ്തുകൊണ്ട് ആ ഹൃദയത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കും. എന്നാല്‍ ഈ വ്യക്തിയുടെ പക്കല്‍ അത്തരം ആയുധങ്ങളെ പ്രതിരോധിക്കാനുള്ള അതിനെക്കാള്‍ മികച്ച, ഈമാനിന്റെ ശക്തമായ സന്നാഹങ്ങളുണ്ടെങ്കില്‍ വിജയംവരിക്കാന്‍ കഴിയും. ഇല്ലെങ്കില്‍ തന്റെ ശത്രുവിനായിരിക്കും തന്റെമേല്‍ ആധിപത്യം ലഭിക്കുക. ‘ലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം’ (അത്യുന്നതനും മഹാനുമായ അല്ലാഹുവിനെകൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല).

ഒരാള്‍ തന്റെ ശത്രുവിനു വീടിന്റെ വാതില്‍ തുറന്നുകൊടുക്കുകയും പ്രവേശിക്കാനനുവദിക്കുകയും അങ്ങനെ ആയുധങ്ങളെടുത്തു പോരാടാന്‍ സൗകര്യമൊരുക്കുകയും ചെയ്താല്‍ അയാള്‍ തന്നെയാണ് ആക്ഷേപാര്‍ഹന്‍.

‘നീ നിന്നെത്തന്നെ ആക്ഷേപിച്ചുകൊള്ളുക; വാഹനത്തെ കുറ്റംപറയേണ്ടതില്ല. സങ്കടങ്ങള്‍ മറച്ചുവെച്ചുകൊണ്ട് നീ മരണത്തെ പുല്‍കിക്കൊള്ളുക! നിനക്ക് യാതൊരു ഒഴിവുകഴിവുമില്ല.’

ഒരു വിശ്വാസിയെ തന്റെ ശത്രുവായ പിശാചില്‍നിന്നും സംരക്ഷിക്കുന്ന ‘ദിക്‌റി’നെ സംബന്ധിച്ച് വന്ന ഹാരിഥ്(റ)വിന്റെ ഹദീഥിന്റെ വിശദീകരണത്തിലേക്ക് തന്നെ മടങ്ങിപ്പോവുകയാണ്.

 നബി ﷺ പറഞ്ഞു: ”അവന്‍ നിങ്ങളോട് നോമ്പനുഷ്ഠിക്കുവാന്‍ കല്‍പിച്ചു. അതിന്റെ ഉപമ ഒരു സംഘത്തിലെ ഒരാളെ പോലെയാണ്. അയാളുടെ കയ്യില്‍ ഒരു കിഴിയുണ്ട്; അതില്‍ കസ്തൂരിയും. എല്ലാവരും അയാളെക്കുറിച്ച് ആശ്ചര്യപ്പെടുന്നു! അഥവാ അതിന്റെ പരിമളം അത്ഭുതപ്പെടുത്തുന്നു. നിശ്ചയം, നോമ്പുകാരന്റെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ വാസനയെക്കാള്‍ വീശിഷ്ട്ടമാണ്.”

നബി ﷺ ഇവിടെ നോമ്പുകാരനെ ഉപമിച്ചത് കിഴിയില്‍ കസ്തൂരി സൂക്ഷിച്ച ഒരാളോടാണ്. കാരണം അത് മറ്റുള്ളവരുടെ ദൃഷ്ടികളില്‍നിന്ന് മറച്ചുവെക്കപ്പെട്ടിരിക്കുകയാണ്. തന്റെ വസ്ത്രത്തിനടിയില്‍ അയാള്‍ അത് ഒളിപ്പിച്ചുവെച്ചിരിക്കുന്നു. ഏതൊരു കസ്തൂരി വാഹകനെയും പോലെ. ഇതുപോലെയാണ് നോമ്പുകാരനും. അയാളുടെ നോമ്പ് സൃഷ്ടികളുടെ കണ്ണില്‍നിന്നും മറച്ചുവെക്കപ്പെട്ടിരിക്കുകയാണ്. അവരിലെ ശക്തന്മാര്‍ക്കുപോലും അത് കണ്ടെത്താന്‍ സാധിക്കുകയില്ല.

ഒരു യഥാര്‍ഥ നോമ്പുകാരന്‍ എന്നു പറഞ്ഞാല്‍, അയാളുടെ അവയവങ്ങളെല്ലാംതന്നെ പാപങ്ങളില്‍ നിന്ന് വിട്ടകന്നു നില്‍ക്കുന്നതായിരിക്കും. അയാളുടെ നാവാകട്ടെ കളവില്‍നിന്നും മറ്റു വൃത്തിക്കേടുകളില്‍ നിന്നും വ്യാജവാക്കുകളില്‍നിന്നുമൊക്കെ അകലം പാലിക്കും. അയാളുടെ വയര്‍ അന്നപാനീയങ്ങളില്‍ നിന്നും ലൈംഗികാവയവം അതിന്റെ ആസ്വാദനങ്ങളില്‍നിന്നും അകന്നുനില്‍ക്കുന്നത്‌പോലെ. അയാള്‍ വല്ലതും സംസാരിക്കുകയാണെങ്കില്‍ തന്റെ വ്രതത്തിനു പരിക്കേല്‍പിക്കുന്ന യാതൊന്നും സംസാരിക്കുകയില്ല. വല്ലതും പ്രവര്‍ത്തിക്കുമ്പോഴും നോമ്പിനെ തകരാറിലാക്കുന്ന യാതൊന്നും ചെയ്യാതെ സൂക്ഷിക്കും. അയാളുടെ വാക്കുകളും പ്രവൃത്തികളുമെല്ലാം നന്മനിറഞ്ഞതും ഉപകാരപ്രദവുമായിരിക്കും. അത് കസ്തൂരിവാഹകന്റെ അടുത്തിരിക്കുന്നവര്‍ക്ക് കിട്ടുന്ന പരിമളത്തിന്റെ സ്ഥാനത്താണ്. ഒരു നോമ്പുകാരന്റെകൂടെ സമയം ചെലവഴിക്കുന്നയാളും ഇതുപോലെയാണ്. ആ ഇരുത്തം അയാള്‍ക്ക് ഉപകാരപ്രദമായിരിക്കും. അക്രമം, തോന്നിവാസം, കളവ്, അധര്‍മം എന്നിവയില്‍നിന്നൊക്കെ അയാള്‍ നിര്‍ഭയാനുമായിരിക്കും.

ഇതാണ് മതം അനുശാസിക്കുന്ന വ്രതം. അല്ലാതെ കേവലമായ അന്നപാനീയങ്ങള്‍ ഒഴിവാക്കല്‍ മാത്രമല്ല യഥാര്‍ഥനോമ്പ്. സ്വഹീഹായ പ്രവാചകവചനത്തില്‍ സ്ഥിരപ്പെട്ടുവന്നതും ഇപ്രകാരമാണ്: ”വ്യാജമായ വാക്കുകളും അതനുസരിച്ചുള്ള പ്രവൃത്തികളും അവിവേകവും ഒരാള്‍ ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെങ്കില്‍ അയാള്‍ തന്റെ അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിനു യാതൊരു താല്‍ പര്യവുമില്ല.” (ബുഖാരി).

മറ്റൊരു പ്രവാചകവചനം ഇപ്രകാരമാണ്: ”എത്രയെത്ര നോമ്പുകാരാണ്; നോമ്പില്‍നിന്നുള്ള അവരുടെ വിഹിതം കേവലമായ വിശപ്പും ദാഹവും മാത്രമായി കലാശിക്കുന്നത്.” (അഹ്മദ്, നസാഈ, ഇബ്‌നുമാജ).

യഥാര്‍ഥ നോമ്പ് എന്ന് പറയുന്നത് പാപങ്ങളില്‍നിന്ന് അവയവങ്ങളെയും അന്നപാനീയങ്ങളില്‍നിന്ന് വയറിനെയും തടഞ്ഞുനിര്‍ത്തുന്ന നോമ്പാണ്. തീറ്റയും കുടിയും നോമ്പിനെ തകരാറിലാക്കുകയും നോമ്പ് മുറിക്കുകയും ചെയ്യുമെന്ന പോലെ തെറ്റുകുറ്റങ്ങള്‍ നോമ്പിന്റെ പ്രതിഫലത്തെ മുറിക്കുകയും അതിന്റെ ഫലങ്ങളെ തകരാറിലാക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ നോമ്പെടുക്കാത്തയാളെ പോലെ അവ അയാളെ മാറ്റിക്കളയും.

നോമ്പുകാരനില്‍നിന്ന് പുറത്തുവരുന്ന വാസന ഈ ലോകത്തുവെച്ചുണ്ടാകുന്നതാണോ, അതല്ല പരലോകത്തുണ്ടാകുന്നതാണോ എന്നതില്‍ രണ്ടഭിപ്രായം പണ്ഡിതലോകത്തുണ്ട്.

ബഹുമാന്യരായ രണ്ട് പണ്ഡിതന്‍മാര്‍; അബൂമുഹമ്മദിബ്‌നു അബ്ദുസ്സലാം, അബുഅംറുബ്‌നു സ്വലാഹ് എന്നിവര്‍ക്കിടയില്‍ തദ്വിഷയകമായി നടന്ന തര്‍ക്കം സുവിദിതമാണ്. ശൈഖ് അബൂ മുഹമ്മദ് അത് പരലോകത്ത് പ്രത്യേകമായുള്ളതാണെന്ന വീക്ഷണക്കാരനാണ്. തദ്‌വിഷയകമായി അദ്ദേഹം ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശൈഖ് അബൂഅംറ് ആകട്ടെ അത് ദുന്‍യാവിലും ആഖിറത്തിലും ഉള്ളതാണെന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. തദ്‌വിഷയകമായി അദ്ദേഹവും ഒരു ഗ്രന്ഥം രചിക്കുകയും ശൈഖ് അബൂമുഹമ്മദിനുള്ള മറുപടി അതില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.

അബൂഅംറുബ്‌നു സ്വലാഹ്(റഹി) ആ വിഷയത്തില്‍ ഇബ്‌നുഹിബ്ബാന്‍(റഹി)യുടെ രീതിയാണ് സ്വീകരിച്ചത്. ഇബ്‌നുഹിബ്ബാന്‍ തന്റെ ‘സ്വഹീഹില്‍’ അപ്രകാരമാണ് അധ്യായത്തിന് ശീര്‍ഷകം നല്‍കിയത്. ‘നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ ശ്രേഷ്ഠമാണ് എന്ന വിവരണം’ എന്ന തലകെട്ടിനു കീഴില്‍ അഅ്മശ്(റ) അബൂസ്വാലിഹ് വഴിയായി അബൂഹുറയ്‌റ(റ) മുഖേന നബി ﷺ യില്‍നിന്നും ഉദ്ധരിക്കുന്ന ഹദീഥ് നല്‍കുന്നു. അതായത്, നബി ﷺ പറഞ്ഞു: ”അല്ലാഹു പറഞ്ഞിരിക്കുന്നു: ആദം സന്തതിയുടെ എല്ലാ കര്‍മങ്ങളും അവനുള്ളതാണ്; നോമ്പൊഴികെ. നോമ്പാകട്ടെ, അത് എനിക്കുള്ളതാണ്. ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. നിശ്ചയം! നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെ പക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമായതാണ്.” (സ്വഹീഹ് ഇബ്‌നുഹിബ്ബാന്‍, ഈ ഹദീഥ് ഇതേ പരമ്പരയിലൂടെ ഇമാം മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്).

എന്നിട്ട് അദ്ദേഹം പ്രസ്താവിക്കുന്നു: ”നിശ്ചയം, നോമ്പുകാരന്റെ വായയുടെ വാസന, അന്ത്യനാളില്‍ അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ ഉല്‍കൃഷ്ടമായതാണ്.’ എന്നിട്ട് മറ്റൊരു നബിവചനം അബൂഹുറയ്‌റ(റ)യില്‍നിന്ന് അബൂസ്വാലിഹ് വഴി അത്വാഅ് മുഖേനെ ഇബ്‌നുജൂറൈജിലൂടെ ഉദ്ധരിക്കുന്നു. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: ‘ആദമിന്റെ സന്തതിയുടെ കര്‍മങ്ങളെല്ലാം അവനുള്ളതാണ്; നോമ്പൊഴികെ, തീര്‍ച്ചയായും അത് എനിക്കുള്ളതാണ്. ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍തന്നെ സത്യം! നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റെ പക്കല്‍ അന്ത്യനാളില്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ളതാണ്. നോമ്പുകാരന് രണ്ട് സന്തോഷമുണ്ട്. നോമ്പ് അവസാനിപ്പിച്ചാല്‍ അവനു സന്തോഷമാണ്. അപ്രകാരംതന്നെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ തന്റെ നോമ്പ് കാരണത്താലും അവന്‍ സന്തോഷിക്കുന്നതാണ്.”

അബൂഹാതിം ഇബ്‌നുഹിബ്ബാന്‍(റഹി) പറയുന്നു: ”സത്യവിശ്വസികളെ മറ്റു സമൂഹങ്ങളില്‍നിന്ന് വേര്‍തിരിക്കുന്ന പരലോകത്തെ അടയാളമാണ് ദുന്‍യാവിലെ അവരുടെ വുദൂഇന്റെ ഭാഗമായി അവയവങ്ങള്‍ പ്രകാശിക്കല്‍. അപ്രകാരംതന്നെ അവരുടെ നോമ്പുകാരണമായി അന്ത്യനാളില്‍ അവര്‍ക്ക് ലഭിക്കുന്ന മറ്റൊരു അടയാളമാണ് കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ള അവരുടെ വായയുടെ സുഗന്ധം. സത്യവിശ്വാസികള്‍ അവരുടെ കര്‍മങ്ങള്‍കൊണ്ട് ആ മഹാസംഗമത്തില്‍ മറ്റു സമൂഹങ്ങളില്‍നിന്ന് വേറിട്ട് അറിയപ്പെടുന്നതിനു വേണ്ടിയാണത്. അല്ലാഹു നമ്മെ അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ”(സ്വഹീഹ് ഇബ്‌നു ഹിബ്ബാന്‍).

ശേഷം അദ്ദേഹം പറയുന്നു: ”നോമ്പുകാരന്റെ വായയുടെ വാസന ചിലപ്പോള്‍ ഇഹലോകത്തും കസ്തൂരിയെക്കാള്‍ പരിമളമുള്ളതായിരിക്കുമെന്ന വിവരണം.” എന്നിട്ട് ശുഅ്ബ സുലൈമാനില്‍നിന്നും അദ്ദേഹം ദകവാനില്‍നിന്നും അദ്ദേഹം അബൂഹുറയ്‌റ(റ)യില്‍നിന്നുമായി ഉദ്ധരിക്കുന്ന ഹദീഥ് കൊടുക്കുന്നു. നബി ﷺ പറഞ്ഞു: ‘ആദമിന്റെ സന്തതി പ്രവര്‍ത്തിക്കുന്ന ഏതൊരു നന്മയും പത്തുനന്മകള്‍ മുതല്‍ എഴുന്നൂറ് ഇരട്ടിവരെയായിരിക്കും. അല്ലാഹു പറയുന്നു: നോമ്പ് ഒഴികെ, അത് എനിക്കുള്ളതാണ്; ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. നോമ്പുകാരന്‍ എന്റെപേരില്‍ ഭക്ഷണം ഉപേക്ഷിക്കുന്നു. എന്റെപേരില്‍ പാനീയവും ഉപേക്ഷിക്കുന്നു. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒരു സന്തോഷം നോമ്പ് അവസാനിപ്പിക്കുമ്പോഴും മറ്റൊന്ന് തന്റെ റബ്ബിനെ കണ്ടുമുട്ടുമ്പോഴും. നോമ്പുകാരന്‍ ഭക്ഷണം ഒഴിവാക്കിയത് മൂലം ഉണ്ടാകുന്ന വയയുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമായതാണ്” (ഇബ്‌നുഹിബ്ബാന്‍, അഹ്മദ്).

ശൈഖ് അബൂമുഹമ്മദ്(റഹി) തെളിവാക്കുന്നത് ഹദീഥില്‍ വന്ന ‘ക്വിയാമത് നാളില്‍’ എന്ന ഭാഗമാണ്.

ഞാന്‍ (ഇബ്‌നുല്‍ ക്വയ്യിം) പറയട്ടെ; അതിന് ഉപോല്‍ബലകമാക്കാവുന്നതാണ് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിക്കുന്ന ഈ ഹദീഥും. നബി ﷺ പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേറ്റ ഏതൊരു വ്യക്തിയും- എന്നാല്‍ ആരാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേറ്റവന്‍ എന്ന് അല്ലാഹുവാണ് നന്നായി അറിയുക- ക്വിയാമത്ത് നാളില്‍ വരുമ്പോള്‍ അയാളുടെ മുറിവ് രക്തമൊഴുക്കുന്നുണ്ടാവും. നിറം രക്തത്തിന്റെയും വാസന കസ്തൂരിയുടെയും’ (ബുഖാരി, മുസ്‌ലിം).

ശമീര്‍ മദീനി

നേർപഥം