യേശുക്രിസ്തുവും യേശുക്രിസ്തുവിന്റെ ദൈവവും

യേശുക്രിസ്തുവും യേശുക്രിസ്തുവിന്റെ ദൈവവും

ദൈവവിശ്വാസം പലമതങ്ങളിലും പല രൂപത്തിലാണ് കാണപ്പെടുന്നത്. എന്നിരുന്നാലും പ്രബല മതങ്ങളെല്ലാം ഏകദൈവ വിശ്വാസമാണ് പഠിപ്പിക്കുന്നത് എന്ന് അവയുടെ വക്താക്കള്‍ വാദിക്കാറുണ്ട്. വളരെ വിചിത്രമായ ഏകദൈവ വിശ്വാസമാണ് ക്രൈസ്തവ സമൂഹം വച്ചുപുലര്‍ത്തുന്നത്. ത്രിയേകത്വ സിദ്ധാന്തം എന്ന് ഇത് അറിയപ്പെടുന്നു. അത് എങ്ങനെയെന്ന് വിശദമാക്കാന്‍ അവര്‍ക്ക് സാധിക്കാറില്ല. അത് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല എന്നാണ് അവര്‍ പറയാറുള്ളത്. അങ്ങനെ മനസ്സിലാക്കാന്‍ സാധിക്കാത്ത ദൈവത്തില്‍ എങ്ങനെ വിശ്വസിക്കാനും അവനെ ആരാധിക്കാനും കഴിയും എന്ന ചോദ്യം പ്രസക്തമാണ്. ഈ വിഷയത്തില്‍ ബൈബിള്‍ എന്ത് പറയുന്നു എന്ന് നമുക്ക് പരിശോധിക്കാം:

എന്താണ് ത്രിയേകത്വ സിദ്ധാന്തം? ഒന്നും ഒന്നും ഒന്നും കൂട്ടിയാല്‍ ഉത്തരം ഒന്ന് ആകുമോ? ത്രിയേകത്വത്തെക്കുറിച്ച് ക്രൈസ്തവത നല്‍കിപ്പോരുന്ന വിരണങ്ങള്‍ കാണുക:

1. പിതാവ് ഒരുവന്‍, പുത്രന്‍ ഒരുവന്‍, പരിശുദ്ധാത്മാവ് ഒരുവന്‍, എങ്കിലും ദൈവത്വം ഏകവും മഹത്ത്വം സമവും പ്രഭാവം സമനിത്യവുമാകുന്നു.

2. പിതാവ് എങ്ങനെയുള്ളവനാണോ അങ്ങനെയുള്ളവനാണ് പുത്രനും പരിശുദ്ധാത്മാവും.

3. മൂവരും സൃഷ്ടിക്കപ്പെട്ടവരല്ല.

4. ഓരോരുത്തനും നിത്യനാണ്. മൂന്ന് നിത്യന്‍മാരില്ല, ഒരു നിത്യനേയുള്ളൂ.

5. പിതാവ് സര്‍വശക്തന്‍, പുത്രന്‍ സര്‍വശക്തന്‍, പരിശുദ്ധാത്മാവ് സര്‍വശക്തന്‍; എന്നാല്‍ സര്‍വശക്തന്‍ ഒന്നു മാത്രം!

6. പിതാവ് ദൈവം, പുത്രന്‍ ദൈവം, പരിശുദ്ധാത്മാവ് ദൈവം; എന്നാലും ദൈവം ഏകനാണ്!

7. ത്രിത്വത്തില്‍ മുമ്പനോ പിമ്പനോ ഇല്ല. വലിയവനോ ചെറിയവനോ ഇല്ല. സമനിത്യന്മാരും സകലത്തിലും സമന്‍മാരുമാണ്.

8. പിതാവും പുത്രനും പരിശുദ്ധാത്മാവും ദൈവത്തിന്റെ മൂന്ന് നിലകളല്ല; മറിച്ച് ഓരോരുത്തരും ദൈവമാണ്.

9. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തികള്‍ സമ്പൂര്‍ണമായും അടങ്ങിയിരിക്കുന്ന നിത്യമായ ഏകസത്തയാണ് ദൈവം.

10. ദൈവം എന്ന ഏകസത്തയില്‍ തുല്യരായ, നിത്യരായ; പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു വ്യക്തികള്‍ അടങ്ങിയിരിക്കുന്നു

11. മൂന്ന് ദൈവങ്ങള്‍ അഥവാ പ്രകൃതിയില്‍ മൂന്ന് ആളത്വങ്ങള്‍ സ്ഥിതിചെയ്യുന്നു. അവര്‍ തമ്മില്‍ പ്രായ വ്യത്യാസമോ വലിപ്പചെറുപ്പമോ ശക്തി വ്യത്യാസമോ ഇല്ല. മൂവരുടെയും മഹത്ത്വം തുല്യവും പ്രഭാവം സമനിത്യവും. മൂന്ന് ആളത്വങ്ങളിലായി ഏകദൈവം സ്ഥിതി ചെയ്യുന്നു.

12. ഒന്നിനെ മൂന്ന് വട്ടം ഗുണിക്കുമ്പോള്‍ കിട്ടുന്ന ഗുണന ഫലം പോലെയോ, ഒരേസമയം താപവും രശ്മിയും വെളിച്ചവും നല്‍കുന്ന സൂര്യനെ പോലെയോ, ഒരേസമയം ശബ്ദമായും പ്രകാശമായും ചലനമായും മാറാന്‍ കഴിയുന്ന വൈദ്യുതിയെപോലെയോ ആണ് ത്രിത്വം!

ദേഹവും ദേഹിയും ആത്മാവുമടങ്ങിയ മനുഷ്യന്‍, ഒരേസമയം പിതാവും മകനും ഭര്‍ത്താവുമാകുന്ന പാസ്റ്റര്‍, വെള്ളം, ഐസ്, നീരാവി എന്നിങ്ങനെയുള്ള ജലത്തിന്റെ രൂപമാറ്റങ്ങള്‍, പുറംതോടും മഞ്ഞക്കരുവും വെള്ളയുമടങ്ങുന്ന മുട്ട… ഇതൊക്ക ത്രിയേകത്വത്തിന് ഉദാഹരണങ്ങളാണ്…!

ഇങ്ങനെ വിശദീകരിച്ചും വ്യാഖ്യാനിച്ചും പിതാവും പുത്രനും പരിശുദ്ധാത്മാവുമടങ്ങുന്ന ത്രിത്വത്തിലൊരാളാണ് യേശുവെന്നും ദൈവവും യേശുവും ഒന്നാണെന്നും യേശു തന്നെയാണ് സാക്ഷാല്‍ ദൈവമെന്നും സ്ഥാപിക്കുകയാണ് ക്രൈസ്തവ മിഷണറിമാര്‍ ചെയ്യാറുള്ളത്.

എന്നാല്‍ യേശു ദൈവമല്ലെന്നും ദൈവം യേശുവല്ലെന്നും യേശുവും ദൈവവും തീര്‍ത്തും വ്യത്യസ്തരാണെന്നും വ്യക്തമാക്കുന്ന നിലവിലുള്ള ബൈബിളില്‍നിന്നുള്ള ശക്തമായ തെളിവുകള്‍ കാണാവുന്നതാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

1. ദൈവം പറയുന്നത് ഞാന്‍ ദൈവമെന്ന്!

യേശു പറഞ്ഞത് ‘എന്റെയും നിങ്ങളുടെയും ദൈവം ഒരുവനെ’ന്ന്!

(ദൈവം പറഞ്ഞു) ‘ഞാന്‍, ഞാന്‍ മാത്രമേയുള്ളൂ; ഞാനല്ലാതെ ദൈവമില്ല” (ആവര്‍ത്തനം 32:39).

(യേശു പറഞ്ഞു) ‘…നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്…’ (മാര്‍ക്കോസ് 12:29).

(യേശു പറഞ്ഞു) ‘ഏക സത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവനാകുന്നു’ (യോഹന്നാന്‍ 17:3).

ഞാനല്ലാതെ ദൈവമില്ലെന്ന് ദൈവംതന്നെ പറയുന്നു. ആ ദൈവത്തെ ഏകസത്യദൈവം എന്ന് യേശുവും വിളിക്കുന്നു. ഇവിടെ ദൈവത്തിന്റെ ത്രിത്വമോ ദ്വിത്വമോ കടന്നുവരുന്നില്ല.

2. ദൈവം മനുഷ്യനല്ല, മനുഷ്യപുത്രനുമല്ല; യേശു മനുഷ്യനും മനുഷ്യപുത്രനും!

‘വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്‍പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?’ (സംഖ്യ പുസ്തകം 23:19).

‘…ഞാന്‍ മനുഷ്യനല്ല. ദൈവം അത്രെ…’ (ഹോശേയ 11:9).

യേശു പറഞ്ഞു: ‘എന്നാല്‍ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു…’ (യോഹന്നാന്‍ 8:40).

‘യോനാ നീനെവേക്കാര്‍ക്കു അടയാളം ആയതു പോലെ മനുഷ്യപുത്രന്‍ ഈ തലമുറക്കും ആകും’ (ലൂക്കോസ് 11:30).

യേശുവിനെ മനുഷ്യപുത്രന്‍ എന്നും മനുഷ്യന്‍ എന്നും വിശേഷിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കുക. ദൈവം പറയുന്നതോ ‘ഞാന്‍ മനുഷ്യനല്ല, ദൈവമാണ്’ എന്നും. കാര്യം എത്ര വ്യക്തമാണ്!

3. ദൈവം ഉദ്ദേശിക്കുന്നത് ചെയ്യുന്നു; യേശുവിന് കഴിയുന്നില്ല

‘ഞാന്‍ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?’ (യിരേമ്യാവ് 32:27).

‘(യേശു)ഏതാനും രോഗികളുടെ മേല്‍ കൈവച്ച് സൗഖ്യം വരുത്തിയതല്ലാതെ അവിടെ വീര്യപ്രവര്‍ത്തികളൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടു’ (മാര്‍ക്കോസ് 6:56).

4. ദൈവമാണ് എല്ലാവരെക്കാളും വലിയവന്‍, യേശുവല്ല

‘യഹോവേ, നിന്നോടു തുല്യനായവന്‍ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തില്‍ വലിയതും ആകുന്നു’ (യിരമ്യാവ് 10:6).

(യേശു പറഞ്ഞു) ‘…എന്റെ പിതാവു എല്ലാവരിലും വലിയവന്‍; പിതാവിന്റെ കയ്യില്‍നിന്നു പിടിച്ചുപറിപ്പാന്‍ ആര്‍ക്കും കഴികയില്ല’ (യോഹന്നാന്‍ 10:29).

യേശു പറഞ്ഞു: ‘…നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു എങ്കില്‍ ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകുന്നതിനാല്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാള്‍ വലിയവനല്ലോ’ (യോഹന്നാന്‍ 14:28).

പിതാവും പുത്രനും പരിശുദ്ധാത്മാവും സമന്‍മാരാണെന്ന് പറയുന്നവരെ ഈ വചനങ്ങള്‍ ഖണ്ഡിക്കുകയാണ്.

5. ദൈവം വലിയവനും ദൂതന്‍മാരെ അയക്കുന്നവനും! യേശു ദൈവത്താല്‍ അയക്കപ്പെട്ടവനും ദൈവദാസനും!

‘ആമേന്‍, ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു: ദാസന്‍ യജമാനനെക്കാള്‍ വലിയവന്‍ അല്ല; ദൂതന്‍ തന്നെ അയച്ചവനെക്കാള്‍ വലിയവനുമല്ല’ (യോഹന്നാന്‍ 13:16).

‘ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവന്‍ ആകുന്നു’ (യോഹന്നാന്‍ 17:3).

‘അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി’ (പ്രവൃത്തികള്‍ 3:13).

6. ദൈവം സര്‍വശക്തന്‍! യേശു ദൈവത്തിന്റെ ആശ്രിതന്‍!

‘സര്‍വ്വശക്തിയുള്ള നമ്മുടെ ദൈവമായ കര്‍ത്താവു രാജത്വം ഏറ്റിരിക്കുന്നു'(വെളിപ്പാട് 19:6).

‘അവന്‍ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്‍കുന്നു; ബലമില്ലാത്തവന്നു ബലം വര്‍ദ്ധിപ്പിക്കുന്നു’ (യെശയ്യാവ് 40:29).

‘ദൈവം നിത്യനാകുന്നു. അവന്‍ നിന്റെ സുരക്ഷിത സ്ഥലം. ദൈവത്തിന്റെ ശക്തി നിത്യമാകുന്നു. അവന്‍ നിന്നെ സംരക്ഷിക്കുന്നു’ (ആവര്‍ത്തനം 33:27).

‘പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു. അവനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ദൂതന്‍ അവന്നു പ്രത്യക്ഷനായി’ (ലൂക്കോസ് 22:42,43).

7. ദൈവത്തിന്റെ മനസ്സ് മാറില്ല! യേശുവിന്റെതു മാറുന്നു!

‘യിസ്രായേലിന്റെ മഹത്വമായവന്‍ ഭോഷ്‌കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യനല്ല എന്നു പറഞ്ഞു’ (1 ശമുവേല്‍ 15:29).

(യേശു പറഞ്ഞു) ‘നിങ്ങള്‍ പെരുനാളിന്നു പോകുവിന്‍; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാന്‍ ഈ പെരുനാളിന്നു ഇപ്പോള്‍ പോകുന്നില്ല. ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയില്‍ തന്നേ പാര്‍ത്തു. അവന്റെ സഹോദരന്മാര്‍ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തില്‍ എന്നപോലെ പോയി’ (യോഹന്നാന്‍ 7:8-10).

8. ദൈവം സാക്ഷാല്‍ ആരാധ്യന്‍! യേശു ദൈവഭയമുള്ള മനുഷ്യന്‍!

‘നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേര്‍ന്നിരിക്കേണം; അവന്റെ നാമത്തില്‍ സത്യം ചെയ്യേണം’ (ആവര്‍ത്തനം 10:20).

‘ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ തന്നേ ഭയപ്പെടുവിന്‍’ (മത്തായി 10:28).

‘തന്റെ ഐഹികജീവിതകാലത്ത് ക്രിസ്തു, മരണത്തില്‍നിന്നു തന്നെ രക്ഷിക്കാന്‍ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാര്‍ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ (യേശുവിന്റെ) ദൈവഭയംമൂലം അവന്റെ പ്രാര്‍ഥന കേട്ടു’ (ഹെബ്രായര്‍ 5:7).

9. ദൈവം ആരാധനക്കര്‍ഹന്‍! യേശു ദൈവത്തെ ആരാധിക്കുന്നവന്‍!

(യേശു പറഞ്ഞു) ‘നിങ്ങള്‍ അറിയാത്തതിനെ നമസ്‌കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്‌കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയില്‍നിന്നല്ലോ വരുന്നതു’ (യോഹന്നാന്‍ 4:22).

യേശു കല്‍പിച്ചു: ‘സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമെ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു’ (മത്തായി 4:10).

10. ദൈവം സ്വന്തം ഇഷ്ടപ്രകാരം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു!

‘എന്തു ചെയ്യണമെന്ന് ദൈവത്തോട് പറയാന്‍ ആര്‍ക്കുമാവില്ല. ദൈവമേ നീ ചെയ്തത് തെറ്റാണ് എന്ന് ദൈവത്തോട് പറയാന്‍ ആര്‍ക്കും കഴിയില്ല’ (ഇയ്യോബ് 36:22,23).

‘തനിക്ക് ഇഷ്ടമുള്ളതെല്ലാം അവന്‍ (ദൈവം) ചെയ്യുന്നു’ (സങ്കീര്‍ത്തനങ്ങള്‍ 115:3).

എന്നാല്‍ യേശു പറഞ്ഞത് കാണുക: ‘യേശു അവരോടു ഉത്തരം പറഞ്ഞതു: എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. അവന്റെ ഇഷ്ടം ചെയ്‌വാന്‍ ഇച്ഛിക്കുന്നവന്‍ ഈ ഉപദേശം ദൈവത്തില്‍നിന്നുള്ളതോ ഞാന്‍ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും. സ്വയമായി പ്രസ്താവിക്കുന്നവന്‍ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന്‍ സത്യവാന്‍ ആകുന്നു; നീതികേടു അവനില്‍ ഇല്ല’ (യോഹന്നാന്‍ 7:16-18).

11. നല്ലവന്‍ ദൈവം മാത്രമെന്ന് യേശു പറയുന്നു

‘(ദൈവമേ) നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ’ (സങ്കീര്‍ത്തനങ്ങള്‍ 119:68).

‘ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാന്‍ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: ‘എന്നെ നല്ലവന്‍ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരും ഇല്ല…’ (ലൂക്കോസ് 18:18-19).

12. ദൈവത്തെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയില്ല! യേശുവിനെ ജനം മര്‍ദിക്കുന്നു!

‘ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വര്‍ഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആര്‍ക്കും എതിര്‍പ്പാന്‍ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ’ (2 ദിനവൃത്താന്തം 20:6).

‘അവന്‍ ഇങ്ങനെ പറയുമ്പോള്‍ ചേവകരില്‍ അരികെ നിന്ന ഒരുത്തന്‍: മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നത് എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു’ (യോഹന്നാന്‍ 18:22).

‘…യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു. പിന്നെ അവന്റെമേല്‍ തുപ്പി, കോല്‍ എടുത്തു അവന്റെ തലയില്‍ അടിച്ചു” (മത്തായി 27:29,30).

‘അന്നു മുതല്‍ അവര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു. അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയില്‍ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാര്‍ത്തു’ (യോഹന്നാന്‍ 11:53,54).

13. ദൈവം ഉറക്കവും മയക്കവുമില്ലാത്തവന്‍! യേശു ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു!

‘യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല” (സങ്കീര്‍ത്തനം 121:4).

എന്നാല്‍ യേശുവോ? ‘…അവനോ ഉറങ്ങുകയായിരുന്നു. അവര്‍ അടുത്തുചെന്നു: കര്‍ത്താവേ രക്ഷിക്കേണമേ: ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്‍ത്തി’ (മത്തായി 8:24,25).

14. ദൈവം പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവന്‍; യേശു ദൈവത്തോട് പ്രാര്‍ഥിക്കുന്നവനും!

(ദൈവം പറഞ്ഞു) ‘എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാന്‍ നിന്നെ അറിയിക്കും’ (യിരമ്യാവ് 33:3).

‘നമ്മള്‍ രക്ഷക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ ദൈവമായ യഹോവ നമ്മുടെ അടുത്തുണ്ടാവും (ആവര്‍ത്തനം4:7).

‘ജനം എല്ലാം സ്‌നാനം ഏല്‍ക്കുകയില്‍ യേശുവും സ്‌നാനം ഏറ്റു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു’ (ലൂക്കോസ് 3:21,22).

യേശു പലപ്പോഴും പ്രാര്‍ഥനക്കായി ഏകാന്തമായ സ്ഥലത്തേക്ക് പോകുമായിരുന്നു: ‘അവനോ നിര്‍ജനദേശത്തു വാങ്ങിപ്പോയി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു’ (ലൂക്കോസ് 5:16).

‘അവന്‍ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാര്‍ത്ഥിപ്പാന്‍ തനിയെ മലയില്‍ കയറിപ്പോയി; വൈകുന്നേരം ആയപ്പോള്‍ ഏകനായി അവിടെ ഇരുന്നു.’ (മത്തായി 14:23).

‘ആ കാലത്തു അവന്‍ പ്രാര്‍ത്ഥിക്കേണ്ടതിന്നു ഒരു മലയില്‍ ചെന്നു ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ രാത്രി കഴിച്ചു’ (ലൂക്കോസ് 6:12).

‘അതികാലത്തു ഇരുട്ടോടെ അവന്‍ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിര്‍ജനസ്ഥലത്തു ചെന്നു പ്രാര്‍ത്ഥിച്ചു’ (മാര്‍ക്കോസ് 1:35).

‘യേശു കണ്ണുയര്‍ത്തി പറഞ്ഞു: പിതാവേ അങ്ങ് എന്റെ പ്രാര്‍ത്ഥന ശ്രവിച്ചതിനാല്‍ ഞാന്‍ അങ്ങേക്ക് നന്ദി പറയന്നു. അങ്ങ് എന്റെ പ്രാര്‍ത്ഥന എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം…'(യോഹന്നാന്‍ 11:41,42).

‘അവര്‍ ഗെത്ത്‌ശേമന എന്നു പേരുള്ള തോട്ടത്തില്‍ വന്നാറെ അവന്‍ ശിഷ്യന്മാരോടു: ഞാന്‍ പ്രാര്‍ത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു. പിന്നെ അവന്‍ പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി: എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാര്‍ത്തു ഉണര്‍ന്നിരിപ്പിന്‍ എന്നു അവരോടു പറഞ്ഞു. പിന്നെ അല്‍പം മുമ്പോട്ടു ചെന്നു നിലത്തുവീണു, കഴിയും എങ്കില്‍ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാര്‍ത്ഥിച്ചു’ (മാര്‍ക്കോസ് 14:32-35).

15. ദൈവം സ്രഷ്ടാവ്; യേശു ദൈവത്തിന്റെ സൃഷ്ടി

‘ഭൂമിയെ ഞാന്‍ സൃഷ്ടിച്ചു. അതിലെ സകലമനുഷ്യരെയും ഞാന്‍ സൃഷ്ടിച്ചു. ഞാനെന്റെ സ്വന്തം കൈകളുപയോഗിച്ച് ആകാശത്തെ സൃഷ്ടിച്ചു…’ (യെശയ്യാവ് 45:12).

‘ഇതാ, സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവെക്കുള്ളവ ആകുന്നു’ (ആവര്‍ത്തനം 10:14).

‘ദൂതന്‍മാരെക്കാള്‍ അല്‍പം താഴ്ന്നവനായി അങ്ങ് (ദൈവം) അവനെ (യേശുവിനെ) സൃഷ്ടിച്ചു’ (എബ്രായര്‍ 2:7).

16. ദൈവം സര്‍വജ്ഞന്‍, യേശുവിന് അദൃശ്യമറിയുന്നില്ല

‘ആരംഭത്തിങ്കല്‍ തന്നേ അവസാനവും പൂര്‍വ്വകാലത്തു തന്നേ മേലാല്‍ സംഭവിപ്പാനുള്ളതും ഞാന്‍ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാന്‍ എന്റെ താല്‍പര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാന്‍ പറയുന്നു’ (യെശയ്യാവ് 46:10).

‘പിറ്റെന്നാള്‍ അവര്‍ ബേഥാന്യ വിട്ടു പോരുമ്പോള്‍ അവന്നു വിശന്നു; അവന്‍ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു’ (മാര്‍ക്കോസ്11:12, 13).

17. ദൈവം ആദ്യവും അന്ത്യവുമില്ലാത്തവന്‍, യേശു ബത്‌ലഹേമില്‍ ജനിച്ചു

‘പര്‍വ്വതങ്ങള്‍ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിര്‍മ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു’ (സങ്കീര്‍ത്തനങ്ങള്‍ 90:2)

‘ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്‌ളേഹെമില്‍ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാര്‍ യെരൂശലേമില്‍ എത്തി’ (മത്തായി 2:1)

18. ദൈവത്തെ പരീക്ഷിക്കാന്‍ കഴിയില്ല; യേശു പരീക്ഷിക്കപ്പെടുന്നു

‘…ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവന്‍ ആകുന്നു…’ (യാക്കോബ് 1:13).

‘…പിശാച് അവനെ (യേശുവിനെ) നാല്‍പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു’ (ലൂക്കോസ് 4:1).

19. ദൈവം ഒരിക്കലും ക്ഷീണിക്കില്ല, യേശു ക്ഷീണിക്കുകയും വിശ്രമിക്കുകയും ചെയ്തു

‘…യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവന്‍ തന്നേ; അവന്‍ ക്ഷീണിക്കുന്നില്ല, തളര്‍ന്നുപോകുന്നതുമില്ല…’ (യെശയ്യാവ് 40:28)

‘…യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു…’ (യോഹന്നാന്‍ 4:6).

20. ദൈവം സ്ത്രീയില്‍നിന്ന് ജനിച്ചനല്ല; യേശു സ്ത്രീയില്‍ നിന്ന് ജനിച്ചു

‘അപ്പോള്‍, മനുഷ്യനെങ്ങനെ ദൈവത്തിന്റെ മുമ്പില്‍ നീതിമാനാകാന്‍ കഴിയും? സ്ത്രീയില്‍നിന്നു ജനിച്ചവന്‍ എങ്ങനെ നിര്‍മലനാകും?’ (ഇയ്യോബ് 25:4).

‘അവള്‍ ആദ്യജാതനായ മകനെ (യേശുവിനെ) പ്രസവിച്ചു, ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്കു സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി’ (ലൂക്കോസ് 2:6).

21. ദൈവം നിരാശ്രയന്‍, യേശുവിന് ആശ്രയം ആവശ്യമായിരുന്നു

‘നിന്റെ വീണ്ടെടുപ്പുകാരനും ഗര്‍ഭത്തില്‍ നിന്നെ നിര്‍മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാന്‍ സകലവും ഉണ്ടാക്കുന്നു; ഞാന്‍ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആര്‍ എന്നോടുകൂടെ ഉണ്ടായിരുന്നു?’ (യെശയ്യാവ് 44:24).

‘യേശുവോ ജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിര്‍ന്നു വന്നു’ (ലൂക്കോസ് 2:52)

22. ദൈവം മനുഷ്യനല്ല; യേശു മനുഷ്യന്‍!

‘യേശു അവരെ നോക്കി: ‘അതു മനുഷ്യര്‍ക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം എന്നു പറഞ്ഞു’ (മത്തായി 19:26).

യേശു പറഞ്ഞു: ‘ദൈവത്തില്‍നിന്ന് കേട്ട സത്യങ്ങള്‍ നിങ്ങളോട് പറഞ്ഞ ഒരു മനുഷ്യനാണ് ഞാന്‍’ (യോഹന്നാന്‍ 8:40).

23. ദൈവം അന്ത്യനാളിനെക്കുറിച്ചറിയുന്നു; യേശു അറിയുന്നില്ല

‘ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല’ (മാര്‍ക്കോസ് 13:32).

24. വരം നല്‍കുന്നവന്‍ ദൈവം മാത്രം; യേശുവല്ല

”അവന്‍ അവരോടു: ‘എന്റെ പാനപാത്രം നിങ്ങള്‍ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാന്‍ വരം നല്‍കുന്നതു എന്റേതല്ല; എന്റെ പിതാവു ആര്‍ക്കു ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കു കിട്ടും’ എന്നു പറഞ്ഞു” (മത്തായി 20:23).

25. ദൈവത്തിന്റെ ഇഷ്ടവും യേശുവിന്റെ ഇഷ്ടവും!

‘പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല്‍നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു’ (മത്തായി 22:42).

‘എന്നോടു കര്‍ത്താവേ, കര്‍ത്താവേ, എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു’ (മത്തായി 7:21).

26. യേശു നേതാവ്!

‘…ഭൂമിയില്‍ ആരെയും പിതാവ് എന്നു വിളിക്കരുതു; ഒരുത്തന്‍ അത്രേ നിങ്ങളുടെ പിതാവു, സ്വര്‍ഗ്ഗസ്ഥന്‍ തന്നേ. നിങ്ങള്‍ നായകന്മാര്‍ എന്നും പേര്‍ എടുക്കരുതു, ഒരുത്തന്‍ അത്രേ നിങ്ങളുടെ നായകന്‍, ക്രിസ്തു തന്നെ’ (മത്തായി 23:9,10).

27. ദൈവത്തിലും യേശുവിലും വിശ്വസിക്കല്‍!

ദൈവവും യേശുവും ഒന്നെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കുവിന്‍ എന്നു പറഞ്ഞാല്‍ മതിയല്ലോ. അല്ലെങ്കില്‍ യേശുവില്‍ വിശ്വസിക്കുവിന്‍ എന്നു പറഞ്ഞാലും മതി. എന്നാല്‍ ഇത് കാണുക:

‘നിങ്ങളുടെ ഹൃദയം കലങ്ങി പോകരുത്. ദൈവത്തിലും വിശ്വസിക്കുക, എന്നിലും വിശ്വസിക്കുക’ (യോഹന്നന്‍ 14:1). ദൈവമായ എന്നിലും വിശ്വസിക്കുക എന്ന് യേശു പറയുന്നില്ല.

28 ദൈവം യേശുവിനെ മഹത്ത്വപ്പെടുത്തിയവന്‍!

‘ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങള്‍ പറയുന്നു. എങ്കിലും നിങ്ങള്‍ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങളെപ്പോലെ ഭോഷ്‌കു പറയുന്നവന്‍ ആകും; എന്നാല്‍ ഞാന്‍ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു’ (യോഹന്നാന്‍ 8:54,55).

29. ദൈവത്തെ ആര്‍ക്കും കാണാന്‍ കഴിയില്ല, യേശുവിനെ എല്ലാവരും കണ്ടിരുന്നു

‘നിനക്ക് എന്റെ മുഖം കാണ്‍മാന്‍ കഴിയില്ല; ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടെ ഇരിക്കുകയില്ല എന്നും അവന്‍ (ദൈവം) പറഞ്ഞു’ (പുറപ്പാട് 33:20).

സാക്ഷാല്‍ ദൈവത്തെ ഇഹലോകത്തുവെച്ച് കാണാന്‍ കഴിയില്ല എന്ന് വ്യക്തം. എന്നാല്‍ യേശുവിനെ ജനങ്ങള്‍ കാണാതിരുന്നിട്ടില്ലല്ലോ.

‘ഇവന്‍ ഗലീലിയയിലെ നസറെത്തില്‍നിന്നുള്ള പ്രവാചകനായ യേശു എന്ന് പുരുഷാരം പറഞ്ഞു” (മത്തായി 21/11)

ക്വുര്‍ആനിന്റെ നിലപാട്

വിശുദ്ധ ക്വുര്‍ആന്‍ വളരെ വ്യക്തവും സ്പഷ്ടവുമായിക്കൊണ്ടാണ് യേശുവിനെ പരിചയപ്പെടുത്തിയിട്ടുളത്. അല്ലാഹു പറയുന്നു:

”മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ് പറഞ്ഞത്; ഇസ്രാഈല്‍ സന്തതികളേ, എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരുംതന്നെയില്ല. എന്നാണ്” (ക്വുര്‍ആന്‍ 5:72).

”അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍നിന്ന് വിരമിച്ചില്ലെങ്കില്‍ അവരില്‍നിന്ന് അവിശ്വസിച്ചവര്‍ക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും”(ക്വുര്‍ആന്‍ 5:73).

”ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്” (ക്വുര്‍ആന്‍ 5:74,75).

”വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും, അവങ്കല്‍നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി” (ക്വുര്‍ആന്‍ 4:171).

പരലോകത്തുവെച്ച് യേശു തന്നെ ആരാധിച്ചവരെ തള്ളിപ്പറയും

”അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍ എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്റെ മനസ്സിലുള്ളത് നീ അറിയും. നിന്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍” (ക്വുര്‍ആന്‍ 5:116).

”നീ എന്നോട് കല്‍പിച്ച കാര്യം അഥവാ ‘എന്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം’ എന്ന കാര്യം മാത്രമെ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെമേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു” (ക്വുര്‍ആന്‍ 5:117).

സലീം പട്‌ല

നേർപഥം 

ആരാധനകള്‍ക്ക് ഒരാമുഖം(ഭാഗം: 27)

ആരാധനകള്‍ക്ക് ഒരാമുഖം(ഭാഗം: 27)

അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ ഹൃദയത്തിന്റെ എല്ലാ ഭയപ്പാടുകളും വ്യഥകളും നീക്കിക്കളയും. നിര്‍ഭയത്വം നേടിത്തരുന്നതില്‍ അതിന് അത്ഭുതകരമായ സ്വാധീനമുണ്ട്. ഭയം കൊടുമ്പിരികൊണ്ട ഏതൊരാള്‍ക്കും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിനെക്കാള്‍ ഫലപ്രദമായ മറ്റൊന്നുംതന്നെയില്ല എന്നതാണ് സത്യം. ഏതൊരാള്‍ക്കും തന്റെ ‘ദിക്‌റി’ന്റെ തോതനുസരിച്ച് നിര്‍ഭയത്വം കണ്ടെത്തുവാനും ഭീതി അകറ്റുവാനും സാധിക്കുന്നതാണ്. എത്രത്തോളമെന്നാല്‍ അയാള്‍ ഭയപ്പെടുകയും സൂക്ഷിക്കുകയും ചെയ്ത കാര്യങ്ങള്‍തന്നെ അയാള്‍ക്ക് നിര്‍ഭയത്വം നല്‍കുന്നതായി മാറും. എന്നാല്‍ ദിക്‌റുകളില്‍നിന്നകന്ന് അശ്രദ്ധയില്‍ കഴിയുന്നവനെ സംബന്ധിച്ചിടത്തോളം അവന്‍ വല്ലാത്ത ഭീതിയിലായിരിക്കും. അവന്‍ എത്രതന്നെ സുരക്ഷകളൊരുക്കിയിട്ടുണ്ടെങ്കി ലും ആ ഭയപ്പാടുകള്‍ക്കൊട്ടും കുറവുണ്ടാവുകയില്ല. ഗ്രാഹ്യശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഏതൊരാള്‍ക്കും ഇവ രണ്ടും അനുഭവിച്ചറിയാന്‍ കഴിയുന്നതാണ്. അല്ലാഹുവാണ് സഹായമേകുന്നവന്‍.

അറുപത്തിയൊന്ന്: തീര്‍ച്ചയായും ദിക്ര്‍ ചെയ്യുന്നവര്‍ക്ക് ദിക്ര്‍ പ്രത്യേകമായ ഒരു ശക്തി നല്‍കുന്നതാണ്. ദിക്‌റിന്റെ അഭാവത്തില്‍ ചെയ്യാന്‍ കഴിയാതിരുന്ന സംഗതി ദിക്‌റിന്റെ കൂടെയാകുമ്പോള്‍ അനായാസേന ചെയ്യാന്‍ സാധിക്കുന്നതാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യുടെ ഇത്തരത്തിലുള്ള കഴിവ് നാം നേരിട്ട് കണ്ടിട്ടുള്ളതാണ്. മഹാനവര്‍കളുടെ നടത്തത്തിലും സംസാരത്തിലും ഏതൊരു കാര്യത്തിലും മൂന്നിട്ടിറങ്ങാനുള്ള സന്നദ്ധതയിലും എഴുത്തുകളിലുമെല്ലാം അത്ഭുതകരമായ ആ ശക്തി കാണാവുന്നതാണ്. അദ്ദേഹം ഒരൊറ്റ ദിവസം കൊണ്ട് എഴുതിത്തീര്‍ത്ത ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതുന്നവര്‍ക്ക് എഴുതിത്തീര്‍ക്കാന്‍ ഒരാഴ്ചയോ അല്ലെങ്കില്‍ അതിലധികമോ വേണ്ടിവരുമായിരുന്നു. യുദ്ധരംഗത്തെ അദ്ദേഹത്തിന്റെ ശക്തി അത്ഭുതകരമായ രൂപത്തില്‍ സൈന്യത്തിന് ബോധ്യപ്പെട്ടിട്ടുള്ളതാണ്.

നബിﷺ തന്റെ പ്രിയ പുത്രി ഫാത്വിമ(റ)ക്കും അലി(റ)വിനും രാത്രി കിടക്കാന്‍ നേരത്ത് 33 പ്രാവശ്യം തസ്ബീഹ് ചെയ്യുവാനും 33 പ്രാവശ്യം ‘അല്‍ഹംദുലില്ലാഹ്’ എന്ന് പറയാനും 34 പ്രാവശ്യം ‘അല്ലാഹു അക്ബര്‍’ എന്ന് പറയാനും പഠിപ്പിച്ചുകൊടുത്തത് പ്രസിദ്ധമാണല്ലോ. വീട്ടിലെ ജോലികളും പ്രയാസങ്ങളുമെല്ലാം പറഞ്ഞ് പിതാവിനോട് ആവലാതിപ്പെട്ട് ഒരു വേലക്കാരനെ ആവശ്യപ്പെട്ടപ്പോഴാണ് നബിﷺ മകള്‍ ഫാത്വിമയോട് അപ്രകാരം പറഞ്ഞത്. അവിടുന്ന് പറഞ്ഞു: ‘നിശ്ചയം, അത് നിങ്ങള്‍ക്ക് ഒരു ഭൃത്യനുണ്ടാകുന്നതിനെക്കാള്‍ ഉത്തമമാണ്’ (ബുഖാരി, മുസ്‌ലിം).

തീര്‍ച്ചയായും അത് സ്ഥിരമായി ചെയ്യുന്നവര്‍ക്ക് ഒരു വേലക്കാരനെ ആവശ്യമില്ലാത്തവിധം പണിയെടുക്കുന്നതിന് ശാരീരികമായ കഴിവും ശേഷിയുമുണ്ടാകുമെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

ഈ വിഷയത്തില്‍ ഒരു മഹദ്വചനം ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതായത്, മലക്കുകളോട് സിംഹാസനം (അര്‍ശ്) വഹിക്കാന്‍ അല്ലാഹു കല്‍പിച്ചപ്പോള്‍ അവര്‍ പറഞ്ഞുവത്രെ,’ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മഹത്ത്വവും ഗാഭീര്യവും നിറഞ്ഞു നില്‍ക്കുന്ന ഈ മഹത്തായ സിംഹാസനം ഞങ്ങള്‍ എങ്ങനെ വഹിക്കാനാണ്?’ അപ്പോള്‍ അല്ലാഹു പറഞ്ഞു: ‘നിങ്ങള്‍ ലാ ഹൗല വലാ ക്വുവത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം’ (അത്യുന്നതനും മഹത്ത്വപൂര്‍ണനുമായ അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല)എന്ന് പറയുക. അങ്ങനെ അവരത് പറഞ്ഞു കഴിഞ്ഞപ്പോള്‍ അവര്‍ക്കത് വഹിക്കാന്‍ കഴിഞ്ഞു’ (നഖഌുത്തഅ്‌സീസ് 1/568, അത്തുഹ്ഫതുല്‍ ഇറാഖിയ്യ, മജ്മുഉ ഫതാവ എന്നിവ കാണുക).

ഇബ്‌നു അബിദ്ദുന്‍യാ ഇതേ ഹദീഥ് ഉദ്ധരിക്കുന്നത് പിന്നീട് കാണാന്‍ കഴിഞ്ഞു. അല്ലാഹു സിംഹാസനവാഹകരായ മലക്കുകളെ സൃഷ്ടിച്ച ആദ്യ സമയത്ത് അവര്‍ ചോദിച്ചു: ‘ഞങ്ങളുടെ രക്ഷിതാവേ, നീ ഞങ്ങളെ എന്തിനു വേണ്ടിയാണ് സൃഷ്ടിച്ചത്?’ (അഥവാ ഞങ്ങളുടെ ചുമതലയെന്താണ്). അല്ലാഹു പറഞ്ഞു: ‘എന്റെ സിംഹാസനം (അര്‍ശ്) വഹിക്കുന്നതിന് വേണ്ടിയാണ് ഞാന്‍ നിങ്ങളെ പടച്ചത്. അവര്‍ ചോദിച്ചു: ‘നിന്റെ മഹത്ത്വവും ഗാംഭീര്യവും നിറഞ്ഞുനില്‍ക്കുന്ന നിന്റെ അര്‍ശ് വഹിക്കാന്‍ ആര്‍ക്കാണ് കഴിയുക?’ അല്ലാഹു പറഞ്ഞു: ‘അതിനുവേണ്ടിയാണ് ഞാന്‍ നിങ്ങളെ സൃഷ്ടിച്ചത്.’ വീണ്ടും അവര്‍ പലപ്രാവശ്യം ചോദ്യമാവര്‍ത്തിച്ചു. അപ്പോള്‍ അല്ലാഹു അവരോട് പറഞ്ഞു: ‘നിങ്ങള്‍ ലാഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ് (അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല) എന്നു പറയുക’. അങ്ങനെ അവര്‍ അത് വഹിച്ചു.’ (ഉഥ്മാനുബ്‌നു സഈദുദ്ദാരിമി  ‘മിര്‍രീസിക്കുള്ള തന്റെ മറുപടി’യില്‍ ഉദ്ധരിച്ചത്. ഇബ്‌നു ജരീറുത്ത്വബ്‌രി തന്റെ തഫസീറിലും ഇതുപോലുള്ളൊരു റിപ്പോര്‍ട്ട് ഉദ്ധരിച്ചിട്ടുണ്ട്).

ഈ വാക്കുകള്‍ക്ക് വിഷമകരമായ ജോലികള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുന്ന കാര്യത്തില്‍ വിസ്മയകരമായ സ്വാധീനം ചെലുത്താന്‍ കഴിയും. പ്രയാസങ്ങള്‍ ഏറ്റെടുക്കുന്നതിലും രാജാക്കന്മാരുടെ അടുക്കലേക്കും ഭയപ്പെടുന്ന മറ്റു ആളുകളുടെ അടുക്കലേക്കും നിര്‍ഭയത്വത്തോടെ കടന്നുചെല്ലാനും ഭീകരാവസ്ഥകളെ തരണം ചെയ്യാനുമൊക്കെ ഇത് വലിയ ആശ്വാസമാണ്.

അപ്രകാരം തന്നെ ദാരിദ്ര്യത്തെ തടയുന്നതിലും ഇതിന് വലിയ സ്വാധീനമുണ്ട്. ഇബ്‌നു അബിദ്ദുന്‍ യാ(റ) ഉദ്ധരിക്കുന്നു; നബിﷺ പറഞ്ഞു: ‘ആരെങ്കിലും ഓരോ ദിവസവും ‘ലാഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ്’ എന്ന് നൂറ് പ്രവശ്യം പറഞ്ഞാല്‍ അയാളെ ഒരിക്കലും ദാരിദ്ര്യം ബാധിക്കുകയില്ല’ (ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്തായിരുന്നാലും ഇത് പരമ്പര മുറിഞ്ഞ ഒരു റിപ്പോര്‍ട്ടാണ് മുന്‍ദിരി(റ)യുടെ അത്തര്‍ഗീബ് വത്തര്‍ഹീബും ശൈഖ് അല്‍ബാനിയുടെ അതിന്റെ അനുബന്ധവും കാണുക- കുറുപ്പുകാരന്‍).

ശത്രുവിനെ കണ്ടുമുട്ടുകയോ വല്ല കോട്ടയെയും അഭിമുഖീകരിക്കുകയോ ചെയ്താല്‍ ‘ലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ്’ എന്ന ദിക്ര്‍ ചൊല്ലല്‍ നല്ലതാണെന്ന് ഹബീബ്‌നു മസ്‌ലമ(റ) അഭിപ്രായപ്പെടുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു കോട്ടയെ അപ്രകാരം നേരിട്ടപ്പോള്‍ റോമക്കാര്‍ പിന്തിരിഞ്ഞോടി. അപ്പോള്‍ മുസ്‌ലിംകള്‍ ആ വചനം ഉരുവിടുകയും തക്ബീര്‍ മുഴക്കുകയും ചെയ്തു. അങ്ങനെ ആ കോട്ട തകര്‍ന്നു’ (ബൈഹക്വി ‘ദലാഇലുന്നുബുവ്വ’യിലും ഇബ്‌നു അസാകിര്‍ ‘താരിഖുദിമശ്ക്വി’ലും ഉദ്ധരിച്ചത്).

അറുപത്തിരണ്ട്: പരലോകത്തിനു വേണ്ടി പണിയെടുക്കുന്നവര്‍ മത്സരത്തിന്റെ ഗോദയിലാണ്. അതിന്റെ ഏറ്റവും മുന്‍പന്തിയിലുള്ളവര്‍ ദിക്‌റിന്റെ വക്താക്കളും. പക്ഷേ, ഇരുട്ടും പൊടിപടലങ്ങളും കൊണ്ട് അവരുടെ മത്സരമുന്നേറ്റങ്ങള്‍ കാണാന്‍ കഴിയില്ല എന്നുമാത്രം. എന്നാല്‍ അവ നീങ്ങിക്കഴിഞ്ഞാല്‍ ആളുകള്‍ക്ക് അവരെ കാണാനും അവര്‍ വിജയകിരീടം സ്വായത്തമാക്കിയതറിയാനും കഴിയും.

വലീദുബ്‌നു മുസ്‌ലിം പറയുന്നു; ഗഫ്‌റയുടെ മൗല ഉമര്‍ പറഞ്ഞു: ‘അന്ത്യനാളില്‍ ജനങ്ങള്‍ക്ക് അവരുടെ കര്‍മങ്ങളുടെ പ്രതിഫലത്തെക്കുറിച്ചുള്ള ആവരണം നീങ്ങി വ്യക്തമായി കാണാന്‍ സാധിക്കുമ്പോള്‍ ദിക്‌റിനെക്കാള്‍ ശ്രേഷ്ഠമായ പ്രതിഫലമുള്ള ഒരു കര്‍മവും അവര്‍ കാണുകയില്ല. ആ സന്ദര്‍ഭത്തില്‍ കുറെയാളുകള്‍ നിരാശപ്പെടുകയും ഖേദിക്കുകയും ചെയ്യും. അവര്‍ പറയും; ദിക്‌റിനെക്കാള്‍ പ്രയാസരഹിതമായ ഒന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല.’

അബൂഹുറയ്‌റ(റ) പറയുന്നു; നബിﷺ പറഞ്ഞു: ‘നിങ്ങള്‍ സഞ്ചരിക്കുക, പ്രത്യേകക്കാര്‍ മുന്‍കടന്നിരിക്കുന്നു.’ സ്വഹാബികള്‍ ചോദിച്ചു: ‘ആരാണ് ആ പ്രത്യേകക്കാര്‍?’ (അല്‍മുഫര്‍രിദൂന്‍). നബി ﷺ പറഞ്ഞു: ‘അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റില്‍ മുഴുകിയവരാണവര്‍. ദിക്ര്‍ അവരുടെ പാപങ്ങളെ ഒഴിവാക്കും’ (തിര്‍മുദി, ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും ഇബ്‌നു അദിയ്യ് ‘അല്‍കാമിലി’ലും ഉദ്ധരിച്ചത്. ഇതിന്റെ പരമ്പരയില്‍ ഉമറുബ്‌നുല്‍ റാശിദ് എന്ന വ്യക്തിയുണ്ട്. അയാള്‍ ദുര്‍ബലനാണ്. വിശിഷ്യാ യഹ്‌യബ്‌നു അബീകഥീറില്‍ നിന്നുദ്ധരിക്കുന്ന റിപ്പോര്‍ട്ടുകളില്‍. ഈ ഹദീഥാകട്ടെ അക്കൂട്ടത്തില്‍പെട്ടതാണ്. ഇബ്‌നു അദിയ്യും തിര്‍മുദിയും ഇതിന്റെ ദുര്‍ബലതയിലേക്ക് സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതല്ലാത്ത, ഇതിനെക്കാള്‍ നല്ല ഒരു വഴിയിലൂടെ ഈ ഹദീഥ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ അവസാനം പറഞ്ഞ ‘ദിക്ര്‍ അവരുടെ പാപഭാരം ഇറക്കിവെക്കും’ എന്ന ഭാഗമില്ല. അഹ്മദും ബുഖാരി തന്റെ ‘താരീഖുല്‍ കബീറി’ലും ബൈഹഖി ‘ശുഅബുല്‍ ഈമാനി’ലും ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീഥിന്റെ ഒരു ആശയം സ്വഹീഹുല്‍ മുസ്‌ലിമില്‍ വന്നിട്ടുള്ളതാണ്-കുറിപ്പുകാരന്‍ ).

അതായത് ദിക്‌റില്‍ വ്യാപൃതരായി, അത് ഒരിക്കലും ഉപേക്ഷിക്കാതെ തങ്ങളുടെ പതിവാക്കിയവര്‍. അതാണ് ‘ദിക്‌റിന്റെ പ്രത്യേകക്കാര്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

ദിക്‌റിലൂടെ വളര്‍ന്ന് ദിക്‌റില്‍തന്നെ മരിച്ചവര്‍ എന്ന വിശദീകരണവും ഇതിന് നല്‍കപ്പെട്ടിട്ടുണ്ട്.

അറുപത്തിമൂന്ന്: അല്ലാഹു തന്റെ അടിമയെ സത്യപ്പെടുത്താന്‍ ‘ദിക്ര്‍’ ഒരു നിമിത്തമാണ്. കാരണം ‘ദിക്ര്‍’ അല്ലാഹുവിനെക്കുറിച്ചുള്ള അവന്റെ മഹത്തായ ഗുണവിശേഷണങ്ങളും പൂര്‍ണതയുടെ വിവരണങ്ങളും അടങ്ങുന്ന സത്യപ്രസ്താവനയാണ്. അവ മുഖേന ഒരു അടിമ അല്ലാഹുവിനെക്കുറിച്ച് പ്രസ്താവന നടത്തുമ്പോള്‍ അല്ലാഹു അയാളെ ശരിവെക്കും. അല്ലാഹു ശരിവെച്ച ഒരാള്‍ വ്യാജക്കാരോടൊപ്പം ഒരുമിച്ചുകൂട്ടപ്പെടുകയില്ല. മറിച്ച് സത്യവാന്മാരുടെ കൂടെയായിരിക്കും ഒരുമിച്ചുകൂട്ടപ്പെടുകയെന്ന് ന്യായമായും പ്രതീക്ഷിക്കാം.

അബൂമുസ്‌ലിമുല്‍ അഗര്‍റ് പറഞ്ഞതായി അബൂ ഇസ്ഹാക്വ് ഉദ്ധരിക്കുന്നു; അബൂഹുറയ്‌റ(റ)യും അബൂസഈദുല്‍ ഖുദ്‌രി(റ)യും നബിﷺ ഇപ്രകാരം പറഞ്ഞതായി സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: ”ഒരു അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബര്‍’ (അല്ലാഹുവല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല, അല്ലാഹു ഏറ്റവും വലിയവനാകുന്നു) എന്ന് പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ പറഞ്ഞത് സത്യമാണ്. ഞാനല്ലാതെ ആരാധനക്കാര്‍ഹനായി മാറ്റാരുമില്ല. ഞാനാണ് ഏറ്റവും വലിയവന്‍.’ അടിമ ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു’ (അല്ലാഹു എകനാണ്, അവനല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല) എന്ന് പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ ദാസന്‍ പറഞ്ഞത് സത്യമാണ്, ഞാന്‍ എകനാണ്. ഞാനല്ലാതെ ആരാധനക്കര്‍ഹാനായി മാറ്റാരുമില്ല.’ ‘ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ‘(അല്ലാഹുവല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല. അവന്‍ എകനാണ്, അവന് യാതൊരു പങ്കുകാരനുമില്ല) എന്ന് അടിമ പറഞ്ഞാല്‍ അല്ലാഹു പറയും ‘എന്റെ ദാസന്‍ പറഞ്ഞത് സത്യമാണ്. ഞാനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. എനിക്ക് യാതൊരു പങ്കുകാരുമില്ല.’ ലാ ഇലാഹ ഇല്ലല്ലാഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദ്’ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്നാകുന്നു സര്‍വാധിപത്യം, അവന്നാകുന്നു സര്‍വ സ്തുതികളും) എന്ന് ഒരു അടിമ പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ പറഞ്ഞത് ശരിയാണ്. ഞാനല്ലാതെ ആരാധനക്കാര്‍ഹനായി മറ്റാരുമില്ല. എനിക്കാകുന്നു സര്‍വാധിപത്യം. എനിക്കാകുന്നു സര്‍വസ്തുതികളും.’ ‘ലാ ഇലാഹ ഇല്ലല്ലാഹു വലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാബില്ലാഹ്’ (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല) എന്ന് ഒരു അടിമ പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ പറഞ്ഞത് സത്യമാണ്. ഞാനല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. എന്നെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല.’ അബൂ ഇസ്ഹാക്വ് പറയുന്നു: ‘ശേഷം അബൂ മുസ്‌ലിമുല്‍ അഗര്‍റ് എന്തോ ഒരു കാര്യം പറഞ്ഞു. എനിക്കത് മനസ്സിലായില്ല. ഞാന്‍ അബൂ ജഅ്ഫറിനോട് അതിനെക്കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ആര്‍ക്കെങ്കിലും തന്റെ മരണ സമയത്ത് ഈ വാക്യങ്ങളുരുവിടാന്‍ ഉദവി നല്‍കപ്പെട്ടാല്‍ നരകാഗ്‌നി അയാളെ സ്പര്‍ശിക്കുകയില്ല’ (തിര്‍മുദി, ഇബ്‌നുഹിബ്ബാന്‍, ഹാകിം).

അറുപത്തിനാല്: സ്വര്‍ഗത്തിലെ ഭവനങ്ങള്‍ നിര്‍മിക്കപ്പെടുന്നത് ദിക്‌റുകള്‍ കാരണമായിട്ടാണ്. ദിക്ര്‍ ചെയ്തുകൊണ്ടിരിക്കുന്നയാള്‍ ദിക്ര്‍ നിര്‍ത്തിയാല്‍ മലക്കുകള്‍ ആ നിര്‍മാണ പ്രവര്‍ത്തങ്ങളും നിര്‍ത്തിവെക്കും. വീണ്ടും ദിക്ര്‍ ആരംഭിക്കുകയാണെങ്കില്‍ അവരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ഹകീമുബ്‌നു മുഹമ്മദ് അല്‍ അഖ്‌നസി പറഞ്ഞതായി ഇബ്‌നു അബിദ്ദുന്‍യാ തന്റെ ഗ്രന്ഥത്തില്‍  പ്രസ്താവിക്കുന്നു: ‘നിശ്ചയം, സ്വര്‍ഗത്തിലെ ഭവനങ്ങള്‍ നിര്‍മിക്കുന്നപ്പെടുന്നത് ദിക്‌റുകള്‍ കാരണമാണെന്ന വിവരം നമുക്ക് ലഭിച്ചിട്ടുണ്ട്. ദിക്‌റുകള്‍  നിര്‍ത്തിയാല്‍ പ്രസ്തുത നിര്‍മാണവും അവര്‍ (മലക്കുകള്‍) നിര്‍ത്തും. അപ്പോള്‍ അതിനെക്കുറിച്ച് അവരോട് ചോദിക്കപ്പെട്ടാല്‍ അവര്‍ ഇപ്രകാരം പറയുമത്രെ; ‘അതിന്റെ ചെലവ് ഞങ്ങള്‍ക്ക് കിട്ടുന്നതുവരെ നിര്‍ത്തിവെക്കുന്നു.’

അബൂഹുറയ്‌റ(റ)യുടെ ഹദീഥായി ഇബ്‌നു അബിദ്ദുന്‍യാ രേഖപ്പെടുത്തുന്നു; നബിﷺ പറഞ്ഞു: ”ആരെങ്കിലും ‘സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹില്‍ അളീം’ (അല്ലാഹു എത്രയോ പരിശുദ്ധനാണ്! അവന്നാകുന്നു സര്‍വസ്തുതിയും, മഹത്ത്വപൂര്‍ണനായ അല്ലാഹു ഏറെ പരിശുദ്ധനാകുന്നു) എന്ന് ഏഴു പ്രാവശ്യം പറഞ്ഞാല്‍ അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു അംബരചുംബിയായ കെട്ടിടം നിര്‍മിക്കപ്പെടുന്നതാണ്” (ദുര്‍ബലമായ പരമ്പരയിലൂടെ സ്വഹാബിയുടെ വാക്കായി ബുഖാരി തന്റെ ‘അത്താരീഖുല്‍ കബീര്‍’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്).

സ്വര്‍ഗത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദിക്‌റുകള്‍ നിമിത്തമാണ് എന്നതുപോലെ സ്വര്‍ഗീയ തോട്ടങ്ങളിലെ ചെടികള്‍ നട്ടുപിടിപ്പിക്കുന്നതും ദിക്‌റുകള്‍ക്കനുസരിച്ചാണ്. ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ) പറഞ്ഞതായി നബിﷺ അറിയിച്ച മുമ്പ് വന്ന ഹദീസില്‍ ഇങ്ങനെ കാണാം

”നിശ്ചയം, സ്വര്‍ഗത്തിലെ മണ്ണ് വിശിഷ്ടവും വെള്ളം സംശുദ്ധവുമാണ്. അവിടം സസ്യങ്ങളില്ലാത്ത ഒഴിഞ്ഞ പ്രദേശമാണ്. അവിടെയുള്ള സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് സുബ്ഹാനല്ലാഹ് (അല്ലാഹു എത്രയോ പരിശുദ്ധന്‍), വല്‍ ഹംദുലില്ലാഹി (അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും), വലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല), വല്ലാഹു അക്ബര്‍ (അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍) എന്നീ ദിക്‌റുകള്‍ക്കനുസരിച്ചാണ്” (തിര്‍മുദി, ത്വബ്‌റാനി).

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്ക് ഒരാമുഖം(ഭാഗം: 26)

ആരാധനകള്‍ക്ക് ഒരാമുഖം(ഭാഗം: 26)

അമ്പത്തിനാല്: സദാസമയവും ദിക്‌റുമായി കഴിഞ്ഞുകൂടുന്നവര്‍ പുഞ്ചിരിതൂകിക്കൊണ്ട് സന്തോഷത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അബുദ്ദര്‍ദാഅ്(റ) പറയുന്നു: ”അല്ലാഹുവിനെക്കുറിച്ചുള്ള പ്രകീര്‍ത്തനങ്ങള്‍ നാവില്‍ സദാസമയവും പച്ചപിടിച്ചുനില്‍ക്കുന്നവര്‍ ഓരോരുത്തരും പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്” (ഇബ്‌നു അബീശൈബ തന്റെ ‘മുസ്വന്നഫി’ലും അഹ്മദ് ‘അസ്സുഹ്ദി’ലും അബൂനുഐം ‘അല്‍ഹില്‍യ’യിലും ഉദ്ധരിച്ചത്).

അമ്പത്തിയഞ്ച്: ആരാധനാകര്‍മങ്ങള്‍ എല്ലാംതന്നെ മതപരമാക്കപ്പെട്ടത്  അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ നിലനിര്‍ത്തുന്നതിനു വേണ്ടിയാണ്. അഥവാ അവയുടെ ലക്ഷ്യം അല്ലാഹുവിന്റെ സ്മരണ കൈവരിക്കലാണ്.

അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും എന്നെ ഓര്‍മിക്കുന്നതിനായി നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക” (ക്വുര്‍ആന്‍ 20:14).

‘അത് മുഖേന ഞാന്‍ നിന്നെ ഓര്‍ക്കാന്‍ വേണ്ടി’ എന്നും ‘നീ എന്നെ ഓര്‍ക്കാന്‍ വേണ്ടി’ എന്നും രണ്ടു രൂപത്തില്‍ ഇതിന് വിവരണം നല്‍കപ്പെട്ടിട്ടുണ്ട്. ‘എന്നെ സ്മരിക്കുന്ന വേളയില്‍ നീ നമസ്‌കരിക്കുക’ എന്നും ഒരു വിശദീകരണമുണ്ട്. (തഹ്ദീബുസ്സുനന്‍ 6:180, മദാരിജുസ്സാലികീന്‍ 1:411, റൂഹുല്‍ മആനി 8:486) എന്നിവ നോക്കുക.

ഇവയില്‍ ഏറ്റവും പ്രബലമായിട്ടുള്ളത് ‘എന്നെ സ്മരിക്കുന്നതിനു വേണ്ടി നീ നമസ്‌കാരം നിലനിര്‍ത്തുക’ എന്ന വിശദീകരണമാണ്. ഇതിന്റെ ഒരു അനുബന്ധമാണ് ‘അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയുള്ളപ്പോള്‍ അത് നിര്‍വഹിക്കുക’ എന്നത്. ഒരു അടിമ തന്റെ റബ്ബിനെ സ്മരിച്ചാലാണ് നമസ്‌കാരം നിര്‍വഹിക്കുക. അപ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാണ് അവിടെ ആദ്യമുണ്ടായത്. അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ അത് മുഖേനയുണ്ടായി എന്നര്‍ഥം. ചുരുക്കത്തില്‍ മൂന്ന് ആശയങ്ങളും ശരിതന്നെയാണ്.

അല്ലാഹു പറയുന്നു: ”(നബിയേ,) വേദഗ്രന്ഥത്തില്‍നിന്നും നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതിക്കേള്‍പിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍നിന്നും നിഷിദ്ധകര്‍മത്തില്‍നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യംതന്നെയാകുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തോ അത് അല്ലാഹു അറിയുന്നു” (ക്വുര്‍ആന്‍ 29:45).

ഇതിന്റെ വിശദീകരണങ്ങളായി വന്നതില്‍ ഒന്ന് ഇപ്രകാരമാണ്: ‘നിശ്ചയം നിങ്ങള്‍ നമസ്‌കാരത്തിലൂടെ അല്ലാഹുവിനെ സ്മരിക്കുകയാണ്. അല്ലാഹുവാകട്ടെ അവനെ സ്‌നേഹിക്കുന്നവരെ സ്മരിക്കുന്നു. അല്ലാഹു നിങ്ങളെ സ്മരിക്കുക എന്നതാണ് നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക എന്നതിനെക്കാള്‍ പ്രധാനം.’ ഇബ്‌നു അബ്ബാസ്(റ), സല്‍മാന്‍(റ), അബുദ്ദര്‍ദാഅ്(റ), ഇബ്‌നു മസ്ഊദ്(റ) തുടങ്ങിയവരില്‍നിന്നൊക്കെ ഇപ്രകാരം ഉദ്ധരിക്കുപ്പെടുന്നുണ്ട്.

‘അല്ലാഹുവിന്റെ ദിക്ര്‍ ആണ് ഏറ്റവും വലുത്’ എന്നതിന് അല്ലാഹുവിന്റെ തന്നെ മറ്റൊരു വചനമായ ‘നിങ്ങള്‍ എന്നെ സ്മരിക്കുക; എങ്കില്‍ ഞാന്‍ നിങ്ങളെയും ഓര്‍ക്കും’ എന്ന സൂക്തംകൊണ്ടും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ അല്ലാഹു നിങ്ങളെ ഓര്‍ക്കുക എന്നതാണ് നിങ്ങള്‍ അവനെ ഓര്‍ക്കുന്നതിനെക്കാള്‍ മഹത്തരമായിട്ടുള്ളത്. (തഫ്‌സീറുത്ത്വബ്‌രി കാണുക).

 ഇബ്‌നു സൈദും ക്വതാദയും പറയുന്നു: ‘അതിന്റെ അര്‍ഥം; അല്ലാഹുവിനെ ദിക്ര്‍ ചെയ്യലാണ് എല്ലാറ്റിനെക്കാളും മഹത്തരമായത്.’ സല്‍മാന്‍(റ) ചോദിക്കപ്പെട്ടു: ‘ഏത് കര്‍മമാണ് ഏറ്റവും ശ്രേഷ്ഠം?’ അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ ക്വുര്‍ആന്‍ വായിച്ചിട്ടില്ലേ? അല്ലാഹുവിനെ സ്മരിക്കലാണ് ഏറ്റവും വലുത്'(29:45) (ത്വബ്‌രി ഉദ്ധരിച്ചത്)

ഇതിന് ഉപോല്‍ബലകമാണ് മുമ്പ് പറഞ്ഞ അബുദ്ദര്‍ദാഇന്റെ ഹദീഥ്: ‘നിങ്ങളുടെ കര്‍മങ്ങളില്‍ ഏറ്റവും ഉത്തമമായതിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെ; അതായത് നിങ്ങളുടെ രാജാധിരാജന്റെയടുക്കല്‍ ഏറ്റവും വിശിഷ്ഠമായതും സ്വര്‍ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാള്‍ ഉത്തമമായതും…’ (തിര്‍മുദി, ഇബ്‌നുമാജ, അഹ്മദ്, ഹാകിം മുതലായവര്‍ ഉദ്ധരിച്ചത്).

ശൈഖുല്‍ ഇസ്‌ലാം അബുല്‍അബ്ബാസ് ഇബ്‌നുതൈമിയ്യ(റഹി) പറയാറുണ്ടായിരുന്നു: ‘ഈ ആയിരത്തിന്റെ ശരിയായ വിവക്ഷ ഇതാണ്; നിശ്ചയം, നമസ്‌കാരത്തില്‍ രണ്ട് പ്രധാന ലക്ഷ്യങ്ങളുണ്ട്. ഒന്ന് മറ്റൊന്നിനെക്കാള്‍ പ്രധാനമാണ്. തീര്‍ച്ചയായും നമസ്‌കാരം മ്ലേച്ഛവും ഏറ്റവും മോശപ്പെട്ടതുമായ കാര്യങ്ങളില്‍നിന്നും തടയുന്നതാണ്. അപ്രകാരംതന്നെ അത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയും പ്രകീര്‍ത്തനങ്ങളും അടങ്ങുന്നതാണ്. അതിലെ അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ ആണ് മ്ലേച്ഛവും മോശവുമായ കാര്യങ്ങളില്‍നിന്നും അത് തടയുന്നു എന്നതിനെക്കാള്‍ മഹത്തരമായത്’ (അല്‍ഉബൂദിയ്യ, മജ്മൂഉ ഫതാവ എന്നിവ നോക്കുക).

ഇബ്‌നു അബിദ്ദുന്‍യാ പറയുന്നു: ”ഇബ്‌നു അബ്ബാസി(റ)നോട് ‘ഏതു കര്‍മമാണ് ഏറ്റവും ശ്രേഷ്ഠം’ എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവിനെ സ്മരിക്കലാണ് ഏറ്റവും മഹത്തരം’ (ഇബ്‌നു അബീശൈബ തന്റെ ‘മുസ്വന്നഫി’ലും ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും ഉദ്ധരിച്ചത്).

നബി ﷺ പറഞ്ഞതായി ആഇശ(റ) നിവേദനം ചെയ്യുന്നു: ”നിശ്ചയമായും (ഹജ്ജിന്റെ ഭാഗമായി)കഅ്ബ ത്വവാഫ് ചെയ്യലും സഫാമര്‍വകള്‍ക്കിടയില്‍ സഅ്‌യ് നിര്‍വഹിക്കലും ജംറകളില്‍ എറിയലും എല്ലാം നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ്” (അബൂദാവൂദ്, തിര്‍മുദി).

അമ്പത്തിയാറ്: ഏതൊരു കര്‍മം ചെയ്യുന്നവരിലും ഏറ്റവും ശ്രേഷ്ഠര്‍ ആ കര്‍മിലത്തിലൂടെ അല്ലാഹുവിനെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നവരാണ്. നോമ്പുകാരില്‍ ഏറ്റവും ശ്രേഷ്ഠര്‍ തങ്ങളുടെ നോമ്പിലൂടെ അല്ലാഹുവിനെ കൂടുതലായി സ്മരിക്കുന്നവരാണ്. ദാനധര്‍മങ്ങള്‍ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ അതിലൂടെ അല്ലാഹുവിനെ അധികമായി ഓര്‍ക്കുന്നവരാണ്. ഹജ്ജ് ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും മഹത്ത്വമുള്ളവര്‍ അല്ലാഹുവെ ധാരാളമായി പ്രകീര്‍ത്തിക്കുന്നവരാണ്. ഇങ്ങനെയാണ് മറ്റു കര്‍മങ്ങളുടെയും സ്ഥിതി.

ഈ വിഷയത്തില്‍ മുര്‍സലായ ഒരു ഹദീഥ് ഇബ്‌നു അബിദ്ദുന്‍യാ ഉദ്ധരിക്കുന്നുണ്ട്. നബി ﷺ യോട് ഒരാള്‍ ചോദിച്ചു: ‘ഏത് പള്ളിയുടെ ആളുകളാണ് ഉത്തമര്‍?’ അവിടുന്ന് പറഞ്ഞു: ‘അവരില്‍ കൂടുതലായി അല്ലാഹുവിനെ സ്മരിക്കുന്നവര്‍.’ വീണ്ടും ചോദിക്കപ്പെട്ടു: ‘ജനാസയെ അനുഗമിക്കുന്നവരില്‍ ഉത്തമര്‍ ആരാണ്?’ നബി ﷺ പറഞ്ഞു: ‘അവരില്‍ അല്ലാഹുവിനെ അധികമായി ഓര്‍ക്കുന്നവര്‍.’ പിന്നെയും ചോദിക്കപ്പെട്ടു: ‘ധര്‍മസമരം നയിക്കുന്നവരില്‍ ആരാണ് ഏറ്റവും ശ്രേഷ്ഠര്‍?’ അവിടുന്ന് പറഞ്ഞു: ‘അവരില്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ അധികരിപ്പിച്ചവര്‍.’ ‘ഹജ്ജു ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമര്‍ ആരാണ്’ എന്നു ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘അവരില്‍ കൂടുതലായി അല്ലാഹുവിനെ സ്മരിച്ചവര്‍.’ ‘രോഗികളെ സന്ദര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ ആരാണ് ഏറ്റവും ശ്രേഷ്ഠര്‍’ എന്നു ചോദിച്ചപ്പോള്‍ നബി ﷺ പറഞ്ഞു: ‘അവരുടെ കൂട്ടത്തില്‍ അല്ലാഹുവിനെ കൂടുതലായി ഓര്‍ക്കുന്നവര്‍.’ അബൂബക്കര്‍(റ) പറഞ്ഞു:’അല്ലാഹുവിനെ സ്മരിക്കുന്ന ‘ദിക്‌റി’ന്റെ ആളുകള്‍ നന്മകളെല്ലാം കൊണ്ടുപോയി’ (ഇബ്‌നുല്‍മുബാറക് ‘അസ്സുഹ്ദി’ലും അബുല്‍ ക്വാസിമുല്‍ അസ്ബഹാനി ‘അത്തര്‍ഹീബു വത്തര്‍ഗീബി’ലും ബൈഹഖി ‘ശുഅബുല്‍ ഈമാനി’ലും മുര്‍സലായി ഉദ്ധരിച്ചത്. സനദ് മുറിഞ്ഞുപോകാത്ത വിധത്തിലും നബി ﷺ യില്‍നിന്ന് ഇമാം അഹ്മദും ത്വബ്‌റാനിയും ഉദ്ധരിക്കുന്നുണ്ട്. എന്നാല്‍ അതിന്റെ പരമ്പരയിലും വിമര്‍ശനവിധേയനായ വ്യക്തിയുണ്ട് -കുറിപ്പുകാരന്‍).

ഉബൈദുബ്‌നു ഉമൈര്‍(റ) പറയുന്നു: ‘ഈ രാത്രിയിലെ പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കാതെ വരികയോ ധനം ചെലവഴിക്കാന്‍ നിങ്ങള്‍ ലുബ്ധത കാണിക്കുകയോ ശത്രുവിനെ നേരിടാന്‍ നിങ്ങള്‍ ഭീരുക്കളാവുകയോ ചെയ്താല്‍ ഉടന്‍ നിങ്ങള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റുകള്‍ അധികരിപ്പിച്ചുകൊള്ളുക’ (ഇബ്‌നു അബീശൈബ തന്റെ ‘മുസ്വന്നഫി’ലും അഹ്മദ് തന്റെ ‘അസ്സുഹ്ദി’ലും അബൂ നുഐം ‘അല്‍ഹില്‍യ’യിലും ഉദ്ധരിച്ചത്).

അമ്പത്തിയേഴ്: ദിക്ര്‍ സ്ഥിരമായി നിര്‍വഹിക്കുന്നത് മറ്റു ഐച്ഛിക കര്‍മങ്ങള്‍ക്ക് പകരവും അവയുടെ സ്ഥാനത്ത് നില്‍ക്കുന്നതുമാണ്. അവ ശരീരംകൊണ്ട് നിര്‍വഹിക്കുന്ന കര്‍മങ്ങളോ സമ്പത്തുകൊണ്ട് നിര്‍വഹിക്കുന്നവയോ അതല്ലെങ്കില്‍ ശരീരംകൊണ്ടും സമ്പത്തുകൊണ്ടും നിര്‍വഹിക്കുന്ന ഐച്ഛികമായ ഹജ്ജ് പോലെയുള്ള കര്‍മങ്ങളോ ആണെങ്കിലും സമമാണ്.

അബൂഹുറയ്‌റ(റ) നിവേദനം ചെയ്യുന്ന ഹദീഥില്‍ വ്യക്തമായിത്തന്നെ അത് വന്നിട്ടുണ്ട്. മുഹാജിറുകളിലെ ദരിദ്രരായ ചിലര്‍ നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, സമ്പന്നരായ ആളുകള്‍ ഉന്നതമായ പദവികളെല്ലാം കൊണ്ടുപോയല്ലോ; സ്ഥിരാസ്വാദനങ്ങളുടെ സ്വര്‍ഗവും. കാരണം, ഞങ്ങള്‍ നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയുമൊക്കെ ചെയ്യുന്നതുപോലെ അവരും നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. എന്നാല്‍ ഞങ്ങളെക്കാള്‍ കൂടുതലായി അവരുടെ പക്കല്‍ സമ്പത്തുള്ളതിനാല്‍ അതുപയോഗിച്ച് അവര്‍ ഹജ്ജും ഉംറയും ജിഹാദും നിര്‍വഹിക്കുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്കൊരു കാര്യം അറിയിച്ചുതരട്ടെ? അതുമുഖേന നിങ്ങള്‍ക്ക് മുന്‍കടന്നവരോടൊപ്പമെത്താനും. നിങ്ങള്‍ക്ക് ശേഷമുള്ളവരെ മുന്‍കടക്കാനും കഴിയും. നിങ്ങള്‍ ചെയ്യുന്നതുപോലെ ചെയ്യുന്നവരല്ലാത്ത ഒരാളും നിങ്ങളെക്കാള്‍ മഹത്ത്വമുള്ളവരായി ഉണ്ടാവുകയില്ല.’ അവര്‍ പറഞ്ഞു: ‘അറിയിച്ചു തന്നാലും തിരുദൂതരേ.’ നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ ഓരോ നമസ്‌കാര ശേഷവും തസ്ബീഹും (പരിശുദ്ധിയെ വാഴ്ത്തല്‍ അഥവാ പ്രകീര്‍ത്തനം ചെയ്യല്‍), അല്ലാഹുവിനെ സ്തുതിക്കുന്ന സ്‌തോത്രകീര്‍ത്തനങ്ങളും അഥവാ ‘അല്‍ഹംദുലില്ലാഹി’യും അല്ലാഹുവിനെ വാഴ്ത്തുന്ന തക്ബീറുകളും അഥവാ ‘അല്ലാഹു അക്ബറും’ ചൊല്ലുക’ (ബുഖാരി, മുസ്‌ലിം).

പാവപ്പെട്ട ഈ സ്വഹാബിമാര്‍ക്ക് ചെയ്യാന്‍ പറ്റാതിരുന്ന ഹജ്ജിനും ഉംറക്കും ജിഹാദിനും ഒക്കെ പകരമായി അവര്‍ക്ക് നിശ്ചയിച്ചുകൊടുത്തത് ‘ദിക്‌റി’നെയാണ്. ഈ ദിക്‌റുകള്‍കൊണ്ട് ഇവര്‍ക്ക് മറ്റുള്ളവരെ മുന്‍കടക്കാന്‍ കഴിയുമെന്നും നബി ﷺ അവരെ അറിയിച്ചു. എന്നാല്‍ സമ്പന്നരായ ആളുകള്‍ ഇതറിഞ്ഞപ്പോള്‍ അവരും ഇതെല്ലാം ചെയ്യാന്‍ തുടങ്ങി. അങ്ങനെ അവരുടെ ദാനധര്‍മങ്ങള്‍ക്കും സമ്പത്ത് ചെലവഴിച്ചുകൊണ്ടുള്ള ആരാധനകള്‍ക്കും പുറമെ ഈ ദിക്‌റുകള്‍ കൊണ്ടും അവര്‍ കര്‍മങ്ങളധികരിപ്പിച്ചു. അതിലൂടെ ഈ രണ്ട് വിധത്തിലുള്ള മഹത്ത്വങ്ങളും അവര്‍ കരസ്ഥമാക്കി. പാവപ്പെട്ടവര്‍ ഇവരോട് മത്സരിക്കുകയായിരുന്നു. അവരും ഈ പുണ്യത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ നബി ﷺ യോട് അവര്‍ വിവരം പറഞ്ഞു. ആ സമ്പന്നരായ ആളുകള്‍ ഞങ്ങള്‍ക്ക് യാതൊരു ശേഷിയുമില്ലാത്ത കാര്യങ്ങള്‍കൊണ്ട് അതിജയിച്ചു മുന്നിട്ടു എന്നും പറഞ്ഞു. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അത് അല്ലാഹുവിന്റെ പ്രത്യേകമായ ഔദാര്യമാകുന്നു. അവനുദ്ദേശിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു.’

അബ്ദുല്ലാഹിബ്‌നു ബുസ്‌റിന്റെ ഹദീഥില്‍ പറയുന്നു: ”ഒരു ഗ്രാമീണനായ വ്യക്തി വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങളും മറ്റു കാര്യങ്ങളുമൊക്കെ എനിക്ക് വളരെ അധികമായി തോന്നുന്നു. അതിനാല്‍ എനിക്ക് മതിയായതും എല്ലാം ഉള്‍ക്കൊള്ളുന്നതുമായ ഒരു കാര്യം എനിക്ക് അറിയിച്ചു തന്നാലും.’ നബി ﷺ പറഞ്ഞു: ‘നീ അല്ലാഹുവിന് ദിക്ര്‍ ചെയ്യുക.’ അദ്ദേഹം ചോദിച്ചു: ‘തിരുതൂദരേ, അത് മതിയോ?’ നബി ﷺ പറഞ്ഞു: ‘അതെ, അത് താങ്കള്‍ക്ക് ശ്രേഷ്ഠകരമാണ്’ (അഹ്മദ്, തിര്‍മുദി, ഇബ്‌നു മാജ, ഇബ്‌നു ഹിബ്ബാന്‍, ഹാകിം തുടങ്ങിയവര്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇവിടെ പറയപ്പെട്ട രൂപത്തില്‍ ഉദ്ധരിക്കുന്നത് ഇബ്‌നു അബീആസ്വ്(റ) തന്റെ ‘അല്‍ ആഹാദ് വല്‍ മസാനി’ എന്ന ഗ്രന്ഥത്തിലാണ്- കുറിപ്പുകാരന്‍).

ഗുണകാംക്ഷിയായ തിരുദൂതര്‍ ﷺ അദ്ദേഹത്തിന് ഇസ്‌ലാമിക നിയമങ്ങളിലേക്ക് താല്‍പര്യം ജനിപ്പിക്കുന്ന ഒരു കാര്യമാണ് അറിയിച്ചുകൊടുത്തത്. അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ അയാള്‍ തന്റെ മുഖമുദ്രയാക്കിയാല്‍ അല്ലാഹുവിനെയും അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവയെയും അയാള്‍ക്ക് പ്രിയങ്കരമാവും. അപ്പോള്‍ പിന്നെ ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ പിന്‍പറ്റി അല്ലാഹുവിലേക്ക് അടുക്കുക എന്നതിനെക്കാള്‍ പ്രിയങ്കരമായി അയാള്‍ക്ക് വേറെ ഒന്നും ഉണ്ടാവുകയില്ല. അതിനാല്‍ അയാള്‍ക്ക് ഇസ്‌ലാമിന്റെ വിധിവിലക്കുകളോട് ആഭിമുഖ്യമുണ്ടാകുന്നതും അതിനെ ആയാസകരമാക്കുന്നതുമായ ഒരു കാര്യമാണ് അറിയിച്ചുകൊടുത്തത്. അതായത് അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍. ഇപ്പറഞ്ഞത് വിശദമാക്കുന്നതാണ് താഴെ വരുന്ന 58ാമത്തെ സംഗതി

അന്‍പത്തിഎട്ട്: നിശ്ചയം അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ നന്മകള്‍ പ്രവര്‍ത്തിക്കാനുള്ള ഏറ്റവും വലിയ സഹായമാണ്. ദിക്ര്‍ നന്മകളെ അല്ലാഹുവിന്റെ ദാസന്മാര്‍ക്ക് പ്രിയങ്കരമാക്കും. അവര്‍ക്ക് ലളിതവും ആസ്വാദ്യകരവുമാക്കും. തങ്ങളുടെ കണ്‍കുളിര്‍മയും സന്തോഷവും ആനന്ദവുമൊക്കെ അവയിലാക്കി ത്തീര്‍ക്കും. അങ്ങനെ അല്ലാഹുവിന് വഴിപ്പെട്ട് നന്മകളും ആരാധനകളും അനുഷ്ഠിക്കുന്നതിന് അവര്‍ക്ക് യാതൊരു ഭാരമോ പ്രയാസമോ ബുദ്ധിമുട്ടോ അനുഭവപ്പെടുകയില്ല. ദിക്‌റില്‍നിന്നകന്ന് അശ്രദ്ധയില്‍ കഴിയുന്നവരുടെ സ്ഥിതി നേരെ മറിച്ചായിരിക്കും. അനുഭവങ്ങള്‍ അതിന് സാക്ഷിയാണ്.

അന്‍പത്തിയൊമ്പത്: നിശ്ചയം, അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ പ്രയാസങ്ങളെ ആയാസകരമാക്കും. ഞെരുക്കമുള്ളതിനെ ലളിതമാക്കും. ബുദ്ധിമുട്ടുകളെ ലഘൂകരിക്കും. പ്രയാസകരമായ ഏതൊരു കാര്യത്തില്‍ അല്ലാഹുവിനെ സ്മരിച്ചുവോ തീര്‍ച്ചയായും അത് പ്രയാസരഹിതമാകുന്നതാണ്. ഞെരുക്കങ്ങളെയും ബുദ്ധിമുട്ടുകളെയും കാലുഷ്യങ്ങളെയും അത് നീക്കിക്കളയും

ഏതൊരു ദുരിതവും അതുമുഖേന വഴിമാറും. അപ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ ആണ് പ്രയാസത്തിന് ശേഷമുള്ള ആശ്വാസവും ഞെരുക്കത്തിന് പിന്നാലെയുള്ള എളുപ്പവും സങ്കടങ്ങളില്‍ നിന്നും ദുഖങ്ങളില്‍നിന്നുമുള്ള മോചനവും. താഴെ വരുന്ന കാര്യം അത് ഒന്നുകൂടി വിശദമാക്കുന്നതാണ്. (തുടരും)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്ക് ഒരാമുഖം(ഭാഗം: 25)

ആരാധനകള്‍ക്ക് ഒരാമുഖം(ഭാഗം: 25)

അന്‍പത്തിയൊന്ന്: ഇഹലോകത്തെ സ്വര്‍ഗത്തോപ്പില്‍ താമസിക്കണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദിക്‌റിന്റെ ഇരിപ്പിടങ്ങളില്‍ അയാള്‍ ഇരിപ്പുറപ്പിച്ചുകൊള്ളട്ടെ; നിശ്ചയം അത് സ്വര്‍ഗത്തോപ്പാകുന്നു.

ഇബ്‌നു അബീദുന്‍യയും മറ്റും ജാബിര്‍(റ)വിന്റെ ഹദീസായി ഉദ്ധരിക്കുന്നു: ഒരിക്കല്‍ നബി ﷺ ഞങ്ങളിലേക്ക് വന്നുകൊണ്ട് പറഞ്ഞു:

‘അല്ലയോ ജനങ്ങളേ, സ്വര്‍ഗീയ തോപ്പുകളില്‍ നിങ്ങള്‍ മേഞ്ഞുകൊള്ളുക.”ഞങ്ങള്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്താണ് ആ സ്വര്‍ഗത്തോപ്പ്?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന ദിക്‌റിന്റെ സദസ്സുകളാണത്.’ എന്നിട്ട് പറഞ്ഞു: ‘നിങ്ങള്‍ രാവിലെയും വൈകുന്നേരവും പോവുകയും അല്ലാഹുവിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുക. ആര്‍ക്കെങ്കിലും അല്ലാഹുവിന്റെയടുക്കലുള്ള തന്റെ സ്ഥാനം അറിയണമെന്നാഗ്രഹമുണ്ടെങ്കില്‍ തന്റെയടുക്കല്‍ അല്ലാഹുവിനുള്ള സ്ഥാനം എങ്ങനെയാണന്ന് അവന്‍ നോക്കിക്കൊള്ളട്ടെ. തന്റെയടുക്കല്‍ അല്ലാഹുവിന് അവന്‍ കല്‍പിച്ച സ്ഥാനമനുസരിച്ച് അല്ലാഹു അവനും സ്ഥാനം നല്‍കുന്നതാണ്’ (അബ്ദുബ്‌നു ഹുമൈദ് തന്റെ മുസ്‌നദിലും അബൂയഅ്‌ല തന്റെ മുസ്‌നദിലും ഉദ്ധരിച്ചത്. ഹാകിമും ഇബ്‌നുഹിബ്ബാനും ഉദ്ധരിച്ചിട്ടുണ്ട്. ഇതിന്റെ പരമ്പരയിലെ ഉമറുബ്‌നു അബ്ദില്ല എന്ന വ്യക്തി ദുര്‍ബലനാണ്. എന്നാല്‍ ഇമാം മുന്‍ദിരി ‘അത്തര്‍ഗീബു വത്തര്‍ഹീബി’ല്‍ ഇതിനെ ‘ഹസനായി’ പരിഗണിച്ചിട്ടുണ്ട്. ഒരു പക്ഷേ, ഉപോല്‍ബലകങ്ങളായ മറ്റു റിപ്പോര്‍ട്ടുകളെ (ശവാഹിദ്) പരിഗണിച്ചായിരിക്കും- കുറിപ്പുകാരന്‍).

അന്‍പത്തിരണ്ട്: ദിക്‌റിന്റെ സദസ്സുകള്‍ മലക്കുകളുടെ സദസ്സുകളാണ്. അല്ലാഹു പ്രകീര്‍ത്തിക്കപ്പെടുന്ന സദസ്സുകളല്ലാതെ മറ്റൊരു സദസ്സും അവര്‍ക്ക് ദുനിയാവിലില്ല. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും തങ്ങളുടെ സ്വഹീഹുകളില്‍ ഉദ്ധരിക്കുന്നു: അബൂ ഹുറയ്‌റ(റ) നിവേദനം: ”അല്ലാഹുവിന്റെ തിരുദൂതര്‍ പറഞ്ഞു: ‘നിശ്ചയം, ജനങ്ങളുടെ കര്‍മങ്ങള്‍ രേഖപ്പെടുത്തുന്ന മലക്കുകള്‍ കൂടാതെ അല്ലാഹുവിന് പ്രത്യേകമായി ചില മലക്കുകളുണ്ട്. അവര്‍ വഴികളിലൂടെ ചുറ്റിസഞ്ചരിച്ച് ‘ദിക്‌റി’ന്റെ ആളുകളെ അന്വേഷിക്കും. അങ്ങനെ അല്ലാഹുവിനെ ദിക്ര്‍ ചെയ്തുകൊണ്ടിരിക്കുന്ന  ആളുകളെ കണ്ടെത്തിയാല്‍  (മറ്റു മലക്കുകളോടായി) അവര്‍ വിളിച്ചു പറയും: ‘നിങ്ങള്‍ അന്വേഷിച്ചുനടക്കുന്നതിലേക്ക് വരൂ.’ അങ്ങനെ അവര്‍ തങ്ങളുടെ ചിറകുകള്‍കൊണ്ട് ഇവരെ ചുറ്റിപ്പൊതിയും. അവരുടെ രക്ഷിതാവ് അവരോട് ചോദിക്കും-അവന്‍ ഇവരെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്നവനാണ്- ‘എന്റെ ദാസന്മാര്‍ എന്താണ് പറയുന്നത്?’ അവര്‍ പറയും: ‘അവര്‍ നിന്നെ പ്രകീര്‍ത്തിക്കുകയും (തസ്ബീഹ്) നിന്റെ മഹത്ത്വങ്ങള്‍ വാഴ്ത്തുകയും (തക്ബീര്‍) നിന്നെ സ്തുതിക്കുകയും (ഹംദ്) നിന്നെ പുകഴ്ത്തുകയും ചെയ്യുകയാണ്.’

അപ്പോള്‍ അല്ലാഹു ചോദിക്കും: ‘അവര്‍ എന്നെ കണ്ടിട്ടുണ്ടോ?’ മലക്കുകള്‍ പറയും: ‘ഇല്ല, അല്ലാഹുവാണെ സത്യം! അവര്‍ നിന്നെ കണ്ടിട്ടില്ല.’ അപ്പോള്‍ അവന്‍ ചോദിക്കും: ‘അപ്പോള്‍ അവര്‍ എന്നെ കണ്ടാല്‍ എന്തായിരിക്കും സ്ഥിതി?’ അവര്‍ പറയും: ‘അവര്‍ നിന്നെ കണ്ടിരുന്നെങ്കില്‍  ഏറ്റവും ശക്തമായി നിനക്ക് ഇബാദത്തുകള്‍  എടുക്കുകയും  ഏറ്റവും ശക്തമായി നിന്നെ വാഴ്ത്തുകയും പുകഴ്ത്തുകയും വളരെ കൂടുതലായി നിന്നെ പ്രകീര്‍ത്തിക്കുകയും ചെയ്യുമായിരുന്നു.’

അല്ലാഹു ചോദിക്കും: ‘അവര്‍ എന്താണ് എന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നത്?’ മലക്കുകള്‍ പറയും: ‘അവര്‍ നിന്നോട് സ്വര്‍ഗം ചോദിക്കുന്നു.’ അപ്പോള്‍ അല്ലാഹു ചോദിക്കും: ‘അവര്‍ സ്വര്‍ഗം കണ്ടിട്ടുണ്ടോ?’ അപ്പോള്‍ മലക്കുകള്‍ പറയും: ‘ഇല്ല, അല്ലാഹുവാണെ, അവര്‍ അത് കണ്ടിട്ടില്ല.’ അപ്പോള്‍ അല്ലാഹു പറയും: ‘അപ്പോള്‍ അവര്‍ അത് കണ്ടിരുന്നുവെങ്കില്‍ എന്തായിരിക്കും സ്ഥിതി?’ മലക്കുകള്‍ പറയും: ‘അവര്‍ അത് കണ്ടിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമായ ആഗ്രഹമുള്ളവരും അതിയായി അതിനുവേണ്ടി തേടുന്നവരും അതിന്റെ കാര്യത്തില്‍ അതീവ തല്‍പരരുമാകുമായിരുന്നു.’

എന്നിട്ട് അല്ലാഹു ചോദിക്കും: ‘എന്തില്‍നിന്നാണവര്‍ രക്ഷ തേടുന്നത്?’ മലക്കുകള്‍ പറയും: ‘നരകത്തില്‍ നിന്ന്.’ അല്ലാഹു ചോദിക്കും: ‘അവരത് കണ്ടിട്ടുണ്ടോ?’ മലക്കുകള്‍ പറയും: ‘ഇല്ല, അല്ലാഹുവാണെ അവരത് കണ്ടിട്ടില്ല.’ അല്ലാഹു പറയും: ‘അപ്പോള്‍ അവരത് കണ്ടാല്‍ എന്തായിരിക്കും അവസ്ഥ?’ മലക്കുകള്‍ പറയും: ‘അവരത് കണ്ടിരുന്നെങ്കില്‍ ഇപ്പോഴുള്ളതിനെക്കാള്‍ കൂടുതല്‍ ശക്തമായി അതില്‍നിന്ന് ഓടിയകലുകയും വല്ലാതെ അതിനെ ഭയക്കുകയും ചെയ്യുമായിരുന്നു.’ അല്ലാഹു പറയും: ‘ഞാനിതാ നിങ്ങളെ സാക്ഷിനിര്‍ത്തിക്കൊണ്ട് പറയുന്നു: തീര്‍ച്ചയായും ഞാനവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു.’ അപ്പോള്‍ ആ മലക്കുകളില്‍ പെട്ട ഒരു മലക്ക് പറയും: ‘അവരുടെ കൂട്ടത്തില്‍ അവരില്‍ പെടാത്ത ഒരാളുണ്ട്. അയാള്‍ മറ്റെന്തോ ആവശ്യത്തിന് വന്നുപെട്ടതാണ്.’ അവന്‍ പറയും: ‘അവര്‍ ഒരുമിച്ചിരുന്നവരാണ്. അവരോടൊപ്പം ഇരുന്നവരും പരാജയപ്പെടുകയില്ല’ (ബുഖാരി, മുസ്‌ലിം).

ഇത് അവര്‍ക്ക് അല്ലാഹു കല്‍പിച്ച ആദരവിന്റെയും അനുഗ്രഹത്തിന്റെയും ഭാഗമാണ്. അവര്‍ക്ക് മാത്രമല്ല, അവരോട് കൂടെ ഇരുന്നവര്‍ക്കും. അല്ലാഹു സൂറതു മര്‍യമില്‍ പറഞ്ഞതില്‍നിന്നൊരു വിഹിതം അവര്‍ക്കുമുണ്ട്: ”ഞാന്‍ എവിടെയായിരുന്നാലും എന്നെ നീ അനുഗ്രഹീതനാക്കേണമേ…”(19:31). ഇപ്രകാരമാണ് സത്യവിശ്വാസി. അവന്‍ എവിടെച്ചെന്നിറങ്ങിയാലും അനുഗ്രഹിക്കപ്പെട്ടവനായിരിക്കും. എന്നാല്‍ തെമ്മാടികള്‍ എവിടെ ചെന്നുപെട്ടാലും ലക്ഷണം കെട്ടവരായിരിക്കും

അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന സദസ്സുകള്‍ മലക്കുകളുടെ സദസ്സുകളാണ്. എന്നാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നകന്ന അശ്രദ്ധയുടെ സദസ്സുകളാട്ടെ അവ പിശാചുക്കളുടെ സദസ്സുകളാണ്. ഓരോന്നും അതിന്റെതായ സദൃശ്യരിലേക്കും കോലത്തിലേക്കുമാണ് ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഓരോ വ്യക്തിയും തനിക്ക് അനുയോജ്യമായതിലേക്ക് ചെന്നുചേരുന്നതാണ്.

അമ്പത്തിമൂന്ന്: നിശ്ചയം, അല്ലാഹു അവനെ പ്രകീര്‍ത്തിക്കുന്നവരെക്കുറിച്ച് മലക്കുകളോട് അഭിമാനം പറയും. ഇമാം മുസ്‌ലിം തന്റെ സ്വഹീഹില്‍  അബൂസഈദില്‍  ഖുദ്‌രി(റ) നിവേദനം ചെയ്തതായി ഉദ്ധരിക്കുന്നു: ”പള്ളിയിലുണ്ടായിരുന്ന ഒരു സദസ്സിലേക്ക് മുആവിയ(റ) ചെന്നിട്ട് ചോദിച്ചു: ‘എന്താണ് നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയിരിക്കുന്ന കാര്യം?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇരുന്നതാണ്.’ അദ്ദേഹം ചോദിച്ചു: ‘അല്ലാഹുവാണെ, അതുതന്നെയാണോ നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയത്?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവാണേ, ഞങ്ങള്‍ അതിനുവേണ്ടി മാത്രമാണ് ഇവിടെയിരുന്നത്.’

മുആവിയ(റ) പറഞ്ഞു: ‘ഞാന്‍ നിങ്ങളെ സംശയിച്ചതുകൊണ്ടല്ല നിങ്ങളോട് ശപഥം ചെയ്യിച്ചത്. (പ്രത്യുത മറ്റൊരു കാര്യത്തിനാണ്). എന്നെക്കാള്‍ നബി ﷺ യില്‍നിന്ന് കുറച്ചു മാത്രം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വേറെ ആരും ഉണ്ടാകില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഒരിക്കല്‍ നബി ﷺ തന്റെ സ്വഹാബികള്‍ കൂടിയിരുന്ന ഒരു സദസ്സിലേക്ക് ചെന്നിട്ട് ചോദിച്ചു: ‘എന്താണ് നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയ സംഗതി?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ ഇവിടെ ഇരുന്നത് അല്ലാഹുവിനെ പ്രകീര്‍ത്തിക്കാനും ഞങ്ങളെ ഇസ്‌ലാമിലേക്ക് വഴിനടത്തുകയും സന്മാര്‍ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്തതിന് അവന് സ്തുതിക്കളര്‍പ്പിക്കുവാനുയിട്ടാണ്.’ അപ്പോള്‍ നബി ﷺ ചോദിച്ചു: ‘അല്ലാഹുവാണേ,സത്യം, അതുതന്നെയാണോ നിങ്ങളെ ഇവിടെ പിടിച്ചിരുത്തിയത്?’ അവര്‍ പറഞ്ഞു: ‘അല്ലാഹുവാണേ സത്യം! അതുമാത്രമാണ് ഞങ്ങളെ ഇവിടെ പിടിച്ചിരുത്തിയത്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും നിങ്ങളെ സംശയിച്ചതിന്റെ പേരിലല്ല ഞാന്‍ നിങ്ങളെക്കൊണ്ട് ശപഥം ചെയ്യിച്ചത്. മറിച്ച് എന്റെയടുക്കല്‍ ജിബ്‌രീല്‍(അ) വന്നിട്ട് പറഞ്ഞു: ‘നിശ്ചയം, അല്ലാഹു തആല നിങ്ങളെക്കുറിച്ച് മലക്കുകളോട് അഭിമാനം പറയുന്നുവത്രെ’ (മുസ്‌ലിം).

പടച്ച റബ്ബിന്റെ ഈ അഭിമാനം പറച്ചില്‍  ദിക്‌റിന് അവന്റെയടുക്കലുള്ള മഹത്ത്വവും ആദരവും അവന് അതിനോടുള്ള ഇഷ്ടവുമൊക്കെ അറിയിക്കുന്നുണ്ട്. മറ്റു കര്‍മങ്ങളെക്കാള്‍ അതിനുള്ള പ്രത്യേകതയും മനസ്സിലാക്കിത്തരുന്നുണ്ട്. (തുടരും)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്ക് ഒരാമുഖം(ഭാഗം: 24)

ആരാധനകള്‍ക്ക് ഒരാമുഖം(ഭാഗം: 24)

നാല്‍പത്തി ഏഴ്: തീര്‍ച്ചയായും ‘ദിക്ര്‍’ ഹൃദയത്തിനുള്ള ശമനവും ദിവ്യൗഷധവുമാണ്. ദിക്‌റില്‍ നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധ(ഗഫ്‌ലത്ത്)യാകട്ടെ അതിന്റെ രോഗവുമാണ്. അതിനാല്‍ രോഗാതുരമായ മനസ്സുകള്‍ക്കുള്ള ശമനവും ദിവ്യൗഷധവും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിലാണുള്ളത്.

മക്ഹൂല്‍(റ) പറഞ്ഞു: ‘അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) രോഗശമനവും (അത് വിട്ടുകൊണ്ടുള്ള) ജനങ്ങളെക്കുറിച്ചുള്ള കുറിച്ചുള്ള സ്മരണ രോഗവുമാണ്’ (ബൈഹക്വി മുര്‍സലായ രൂപത്തിലും മര്‍ഫൂആയ രൂപത്തിലും മക്ഹൂലില്‍നിന്ന് ഇത് ഉദ്ധരിക്കുന്നുണ്ട്).

(ഇബ്‌നു ഔനിന്റെ വാക്കുകളായി ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഇത് ഉദ്ധരിക്കുന്നുണ്ട്. ഇമാം ദഹബി ‘സിയറു അഅ്‌ലാമി’ല്‍  ഇത് ഉദ്ധരിച്ചശേഷം അനുബന്ധമായി ഇപ്രകാരം കുറിക്കുന്നു: ‘അല്ലാഹുവാണെ സത്യം! നമ്മുടെ അത്ഭുതം നമ്മുടെ അജ്ഞതയെക്കുറിച്ചാണ്. നാം മരുന്ന് ഉപേക്ഷിക്കുകയും രോഗത്തിനായി തിരക്കു കൂട്ടുകയും ചെയ്യുകയല്ലേ?- കുറിപ്പുകാരന്‍).

ഹൃദയം അല്ലാഹുവിനെ സ്മരിക്കുകയാണെങ്കില്‍ അതിന് ശമനവും സൗഖ്യവുമുണ്ടാകും. അതല്ല, പ്രസ്തുത സ്മരണയില്‍നിന്നകന്ന് അശ്രദ്ധയിലാവുകയാണെങ്കില്‍ നേരെ വിപരീതമായിരിക്കും.

”ഞങ്ങള്‍ രോഗാവസ്ഥയിലായാല്‍ നിന്നെക്കുറിച്ചുള്ള ദിക്‌റുകൊണ്ട് ഞങ്ങള്‍ ചികിത്സിക്കും. എന്നാല്‍ ചിലപ്പോള്‍ ഞങ്ങള്‍ ആ ദിക്ര്‍ കയ്യൊഴിക്കുമ്പോള്‍ കാര്യങ്ങള്‍ നേരെ തിരിച്ചുമാകും.” (ഇബ്‌നുല്‍ ക്വയ്യിമിന്റെ തന്നെ വരികളായിരിക്കാം ഇത്. മദാരിജുസ്സാലികീനിലും അദ്ദേഹം ഇത് ഉദ്ധരിക്കുന്നുണ്ട്- കുറിപ്പുകാരന്‍)

നാല്‍പത്തിയെട്ട്: തീര്‍ച്ചയായും ദിക്ര്‍ അല്ലാഹുവിന്റെ സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും അടിസ്ഥാനമാണ്. എന്നാല്‍ ദിക്‌റില്‍നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധ (ഗഫ്‌ലത്ത്) അവന്റെ അനിഷ്ടത്തിന്റെയും ശത്രുതയുടെയും മൂലകാരണമാണ്. ഒരു അടിമ തന്റെ രക്ഷിതാവിനെ സ്മരിച്ചു കൊണ്ടിരിക്കുന്നിടത്തോളം അവന്‍ അയാളെ ഇഷ്ടപ്പെടുകയും അടുപ്പം പുലര്‍ത്തുകയും ചെയ്യുന്നതാണ്. എന്നാല്‍ അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്നകന്ന് അശ്രദ്ധനായി കഴിയുന്നത്രയും അവന്‍ അയാളെ വെറുക്കുകയും ശത്രുത പുലര്‍ത്തുകയും ചെയ്യും.

ഔസാഈ(റഹി) പറയുന്നു; ഹസ്സാനുബ്‌നു അത്വിയ്യ(റഹി) പറഞ്ഞു: ”അല്ലാഹുവിനെ സ്മരിക്കുന്നതിനെയും അവനെ സ്മരിക്കുന്നവരെയും വെറുക്കുന്നതിനെക്കാള്‍ ശക്തമായ ഒന്നുകൊണ്ടും ഒരാളും തന്റെ രക്ഷിതാവിനോടു അകല്‍ച്ചയും ശത്രുതയും പ്രകടമാക്കുന്നില്ല” (ബൈഹക്വി ശുഅബൂല്‍ ഈമാനില്‍ ഉദ്ധരിച്ചത്).

ഈ ശത്രുതയുടെയും അകല്‍ച്ചയുടെയും കാരണം ദിക്‌റില്‍നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധയാണ്. അത് അയാളില്‍ നിലനില്‍ക്കുകയും ശക്തിപ്പെടുകയും ചെയ്യുമ്പോള്‍ അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റിനെയും ദിക്ര്‍ ചെയ്യുന്നവരെയും അയാള്‍ വെറുക്കുന്ന സ്ഥിതിയിലെത്തും. അപ്പോള്‍ അല്ലാഹു അയാളെ ശത്രുവായിട്ട് കാണും, അവനെ ദിക്ര്‍ ചെയ്യുന്നവനെ അടുത്തബന്ധുവും ഇഷ്ടക്കാരനുമായി കാണുന്നതുപോലെ.

നാല്‍പത്തിയൊമ്പത്: അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ പോലെ അവന്റെ അനുഗ്രഹങ്ങള്‍ കൊണ്ടുവന്ന് തരാനും അവന്റെ ശിക്ഷയെ തടുക്കാനും പറ്റിയ മറ്റൊന്നുമില്ല. ദിക്ര്‍ അനുഗ്രഹങ്ങളെ വിളിച്ചു കൊണ്ടുവരുന്നതും ശിക്ഷകളെ ശക്തമായി പ്രതിരോധിക്കുന്നതുമാണ്.

അല്ലാഹു പറയുന്നു: ”നിശ്ചയം അല്ലാഹു സത്യവിശ്വാസികള്‍ക്ക് പ്രതിരോധം ഏര്‍പ്പെടുത്തുന്നതാണ്” (ക്വുര്‍ആന്‍ 22:38).

അല്ലാഹു സത്യവിശ്വാസികള്‍ക്ക് ഏര്‍പ്പെടുത്തുന്ന പ്രതിരോധം അവരുടെ ഈമാനിന്റെ ശക്തിയും പൂര്‍ണതയും അനുസരിച്ചായിരിക്കും. ഈമാനിന്റെ ഘടകവും അതിന്റെ ശക്തിയും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റില്‍ ആണ്. അതിനാല്‍ ഏതൊരാള്‍ ഏറ്റവും പൂര്‍ണതയുള്ള ഈമാനിന്റെയും ഏറ്റവും അധികരിച്ച ദിക്‌റിന്റെയും വക്താവാകുന്നുവോ അതനുസരിച്ച് അല്ലാഹു അയാള്‍ക്ക് ഏര്‍പ്പെടുത്തുന്ന സുരക്ഷയും പ്രതിരോധവും ഏറ്റവും മഹത്തരമായിരിക്കും. കുറവിനനുസരിച്ച് കുറയുകയും ചെയ്യും. സ്മരണയക്ക് സ്മരണയും മറവിക്ക് അവഗണനയും.

അല്ലാഹു പറയുന്നു: ”നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചു തരുന്നതാണ്. എന്നാല്‍, നിങ്ങള്‍ നന്ദികേട് കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും എന്ന് നിങ്ങളുടെ രക്ഷിതാവ് പ്രഖ്യാപിച്ച സന്ദര്‍ഭം (ശ്രദ്ധേയമത്രെ)” (ക്വുര്‍ആന്‍ 14:7).

മുമ്പ് നാം പറഞ്ഞതു പോലെ ദിക്‌റാണ് നന്ദിയുടെ പ്രധാന ഭാഗം. നന്ദിയാകട്ടെ അനുഗ്രഹങ്ങളെ കൊണ്ടുവരുന്നതും അതിന്റെ വര്‍ധനവ് അനിവാര്യമാക്കുന്നതുമാണ്. സച്ചരിതരായ മുന്‍ഗാമികളില്‍ ചിലര്‍ ഇപ്രകാരം പറയുമായിരുന്നു:

‘നിനക്ക് നന്മ ചെയ്യുന്നതില്‍നിന്ന് ഒരിക്കലും അശ്രദ്ധനാകാത്തവനെ (അഥവാ അല്ലാഹുവിനെ) സ്മരിക്കുന്നതില്‍നിന്നുള്ള അശ്രദ്ധയെക്കാള്‍ മോശപ്പെട്ട ഒന്നുമില്ല’ (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഉദ്ധരിച്ചത്).

അന്‍പത്: തീര്‍ച്ചയായും ദിക്ര്‍ അത് നിര്‍വഹിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്ത് അനിവാര്യമാക്കുന്നതാണ്. അല്ലാഹുവും അവന്റെ മലക്കുകളും ആര്‍ക്കുവേണ്ടി സ്വലാത്ത് ചെയ്യുന്നുവോ ഉറപ്പായും അയാള്‍ എല്ലാ വിജയവും കരസ്ഥമാക്കുകയും സര്‍വ നേട്ടങ്ങളും കൈവരിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:

”സത്വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍. അവന്‍ നിങ്ങളുടെമേല്‍ സ്വലാത്ത് ചൊരിയുന്നവനാകുന്നു. അവന്റെ മലക്കുകളും (കരുണകാണിക്കുന്നു). അന്ധകാരങ്ങളില്‍നിന്ന് നിങ്ങളെ വെളിച്ചത്തിലേക്ക് ആനയിക്കുന്നതിന് വേണ്ടിയത്രെ അത്. അവന്‍ സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു” (ക്വുര്‍ആന്‍ 33:41-43).

(അല്ലാഹുവിന്റെ സ്വലാത്ത് എന്നതുകൊണ്ട് വിവക്ഷിക്കുന്നത് വാനലോകത്ത് മലക്കുകള്‍ക്കിടയില്‍ അല്ലാഹു അയാളെ പ്രശംസിച്ചു പറയും എന്നതാണ്. മലക്കുകളുടെ സ്വലാത്തുകൊണ്ട് അര്‍ഥമാക്കുന്നത് അവര്‍ക്കുവേണ്ടി മലക്കുകള്‍ അല്ലാഹുവിനോടു നടത്തുന്ന പ്രാര്‍ഥനയുമാണ്-വിവര്‍ത്തകന്‍).

അല്ലാഹുവിന്റെയും അവന്റെ മലക്കുകളുടെയും ഈ സ്വലാത്ത് അല്ലാഹുവിനെ ധാരാളമായി പ്രകീര്‍ത്തിച്ചവര്‍ക്കാണ് കിട്ടുക. ഈ സ്വലാത്താണ് അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക് അവരെ വഴിനടത്താന്‍ നിമിത്തമായത്. അല്ലാഹുവില്‍നിന്നും അവന്റെ മലക്കുകളില്‍നിന്നും പ്രസ്തുത സ്വലാത്ത് ലഭിക്കുകയും ഇരുട്ടുകളില്‍നിന്നും പ്രകാശത്തിലേക്ക് അവര്‍ കൊണ്ടുവരപ്പെടുകയും ചെയ്താല്‍ പിന്നെ അവര്‍ക്ക് കിട്ടാത്തതായി എന്ത് നന്മയാണ് വേറെയുണ്ടാവുക? ഏത് ദോഷമാണ് അവരില്‍ നിന്ന് നീങ്ങിപ്പോകാത്തതായുണ്ടാവുക?

ഹാ, പടച്ച റബ്ബിനെക്കുറിച്ചുള്ള ദിക്‌റില്‍നിന്ന് അകന്നുകൊണ്ട് അശ്രദ്ധയില്‍ കഴിയുന്നവരുടെ കഷ്ടമേ…! അവന്റെ നന്മയില്‍നിന്നും ഔദാര്യത്തില്‍നിന്നും എന്തുമാത്രമാണവര്‍ക്ക് നഷ്ടമാകുന്നത്! അല്ലാഹുവാണ് ഉദവിയേകുന്നവര്‍.

(തുടരും)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്ക് ഒരാമുഖം(ഭാഗം: 23)

ആരാധനകള്‍ക്ക് ഒരാമുഖം(ഭാഗം: 23)

ഒരു കവി പറഞ്ഞതുപോലെ: ”ഹൃദയത്തില്‍നിന്നും നിങ്ങളെ വിസ്മൃതിയിലേക്ക് തള്ളിയിടാന്‍ ആഗ്രഹമുണ്ട്. പക്ഷേ, പ്രകൃതം അതിന് സമ്മതിക്കുന്നില്ല.”

എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നാവുകൊണ്ടുള്ള ദിക്ര്‍ നമുക്ക് മതം പഠിപ്പിച്ചിട്ടില്ല; നബി ﷺ പ്രേരിപ്പിച്ചിട്ടുമില്ല. സ്വഹാബികളില്‍ ആരില്‍നിന്നും അങ്ങനെ ഉദ്ധരിക്കപ്പെടുന്നുമില്ല.

അബ്ദുല്ലാഹിബ്‌നു അബില്‍ ഹുദൈല്‍(റ) പറയുന്നു: ”നിശ്ചയമായും അങ്ങാടിയില്‍വെച്ച് അല്ലാഹുവിനെ സ്മരിക്കുന്നത് അവനിഷ്ടമാണ്. ഏത് അവസ്ഥയിലും അവനെ ഓര്‍ക്കുന്നത് (അഥവാ നാവുകൊണ്ട് ദിക്ര്‍ പറയുന്നത്) അവനിഷ്ടമാണ്; മലമൂത്ര വിസര്‍ജന സ്ഥലത്തൊഴികെ” (അബൂനുഐം ‘ഹില്‍യ’യിലും ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും ഉദ്ധരിച്ചത്).

ഈ ഒരവസ്ഥയില്‍ ലജ്ജ (നാണം) തോന്നലും അല്ലാഹുവിന്റെ നിരീക്ഷണത്തെക്കുറിച്ചും അവന്‍ ചെയ്ത അനുഗ്രഹത്തെക്കുറിച്ചുമുള്ള ബോധമുണ്ടാവലും തന്നെ മതിയാകും. അതാകട്ടെ ഏറ്റവും മഹത്തരമായ ഒരു ദിക്ര്‍ ആണല്ലോ. ഓരോ സന്ദര്‍ഭത്തിലും അതിനനുസരിച്ചാണ് ദിക്ര്‍. ഈ സന്ദര്‍ഭത്തിനനുയോജ്യമായത് അല്ലാഹുവിനോടുള്ള ലജ്ജയുടെയും ആദരവിന്റെയും വസ്ത്രത്തില്‍ പൊതിഞ്ഞ ദിക്ര്‍ ആണ്. അവന്റെ അനുഗ്രഹത്തെക്കുറിച്ചും അവന്‍ ചെയ്തുതന്ന നന്മകളെക്കുറിച്ചുമൊക്കെയുള്ള സ്മരണയാണ്. ഈ വിസര്‍ജ്യം ബുദ്ധിമുട്ടുകള്‍ നീക്കി പുറത്തുകളയാന്‍ പടച്ചവനൊരുക്കിയ സൗകര്യവും അതിലെ നന്മയും എത്ര മഹത്തരമാണ്. അതു പുറത്തുപോകാതെ അവിടെത്തന്നെ അടഞ്ഞുകൂടിയാല്‍ മരണംതന്നെ സംഭവിച്ചേക്കും. ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയതുപോലെ തന്നെയാണ് അതിനു ശേഷം അതിന്റെ വിസര്‍ജ്യം പുറത്തുകളയാനുള്ള സൗകര്യങ്ങളിലെയും അവന്റെ അനുഗ്രഹങ്ങള്‍.

അലിയ്യുബ്‌നു അബീത്വാലിബ്(റ) മല-മൂത്ര വിസര്‍ജന സ്ഥലത്തുനിന്ന് പുറത്തിറങ്ങിയാല്‍ തന്റെ വയറ് തടവിക്കൊണ്ട് ഇപ്രകാരം പറയുമായിരുന്നുവത്രെ: ‘എത്ര വലിയ അനുഗ്രഹമാണിത്. ജനങ്ങള്‍ അതിന്റെ മഹത്ത്വം മനസ്സിലാക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!’ (ഇബ്‌നു അബിദ്ദുന്‍യാ ‘അശ്ശുക്ര്‍’ എന്ന ഗ്രന്ഥത്തിലും ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും ഉദ്ധരിച്ചത്. ഇതിന്റെ പരമ്പര (സനദ്) അങ്ങേയറ്റം ദുര്‍ബലമാണ്-കുറിപ്പുകാരന്‍).

മുന്‍ഗാമികളില്‍ (സലഫുകള്‍) ചിലര്‍  ഇങ്ങനെ പറയുമായിരുന്നു: ”വിസര്‍ജ്യം പുറന്തള്ളിയതിന്റെ സുഖം എനിക്കനുഭവിപ്പിച്ച അല്ലാഹുവിന്നാകുന്നു സര്‍വസ്തുതിയും. അതിലെ ഉപകാരങ്ങള്‍ എന്നില്‍ നിലനിര്‍ത്തുകയും അതിന്റെ ഉപദ്രവങ്ങള്‍ എന്നില്‍നിന്നും അവന്‍ നീക്കുകയും ചെയ്തു” (ത്വബ്‌റാനി ‘അദ്ദുആഇ’ല്‍ ഉദ്ധരിച്ചത്. ഇതിന്റെ പരമ്പര ദുര്‍ബലമാണ്).

അപ്രകാരം തന്നെയാണ് ഭാര്യാഭര്‍തൃബന്ധത്തിന്റെ വേളയിലുള്ള ദിക്‌റും. അല്ലാഹു അയാള്‍ക്ക് ചെയ്ത പ്രസ്തുത അനുഗ്രഹത്തെ അയാള്‍ സ്മരിക്കുന്നു. അത് ദുന്‍യാവിലെ അനുഗ്രഹങ്ങളില്‍ ഏറ്റവും മഹത്തരമായ ഒന്നാണ്. അല്ലാഹു തനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഒരാള്‍ ഓര്‍ക്കുമ്പോള്‍ അത് അയാളുടെ മനസ്സില്‍ നന്ദിയുടെ ആന്ദോളനം സൃഷ്ടിക്കും. ദിക്ര്‍ നന്ദിയുടെ പ്രധാന ഘടകമാണ്.

നബി ﷺ മുആദി(റ)നോട് പറഞ്ഞു: ”മുആദേ, അല്ലാഹുവാണെ, തീര്‍ച്ചയായും ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഒരു നമസ്‌കാര ശേഷവും ഇപ്രകാരം പറയാന്‍ നീ മറക്കരുത്; ‘അല്ലാഹുവേ, നിന്നെ സ്മരിക്കുവാനും നിനക്ക് നന്ദിചെയ്യുവാനും നല്ല രൂപത്തില്‍ നിനക്ക് ആരാധനകളര്‍പ്പിക്കുവാനും എന്നെ നീ സഹായിക്കേണമേ” (അഹ്മദ്, അബൂദാവൂദ്).

‘ദിക്‌റി’നെയും ‘ശുക്‌റി’നെയും (പ്രകീര്‍ത്തനവും നന്ദിയും) ഇവിടെ ചേര്‍ത്തു. അല്ലാഹുവും ഇവ രണ്ടും ചേര്‍ത്ത് പറഞ്ഞത് ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു:

”ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക. നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്. എന്നോട് നിങ്ങള്‍ നന്ദികാണിക്കുക. നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്” (ക്വുര്‍ആന്‍ 2:152).

അപ്പോള്‍ റബ്ബിനെ പ്രകീര്‍ത്തിക്കലും നന്ദിചെയ്യലും (ദിക്‌റും ശുക്‌റും) ജീവിത വിജയത്തിന്റെയും സൗഭാഗ്യത്തിന്റെയും കേന്ദ്രബിന്ദുവാണ്.

നാല്‍പത്തിയഞ്ച്: സൃഷ്ടികളില്‍ അല്ലാഹു ഏറ്റവുമധികം ആദരവു നല്‍കുന്നത് ദിക്ര്‍കൊണ്ട് നാവ് സദാസമയവും പച്ചപിടിച്ചുനില്‍ക്കുന്ന സൂക്ഷ്മതാബോധമുള്ളവര്‍ക്കാണ്. അത്തരക്കാര്‍ അല്ലാഹുവിന്റെ വിധിവിലക്കുകളില്‍ അവനെ സൂക്ഷിക്കും. അവനെക്കുറിച്ചുള്ള ദിക്ര്‍ അവരുടെ അടയാളമായിരിക്കും.

സൂക്ഷ്മതാബോധം (തക്വ്‌വ) നരകമോചനവും സ്വര്‍ഗ പ്രവേശനവും അയാള്‍ക്ക് അനിവാര്യമാക്കുന്നു. അതാണ് അതിനുള്ള പ്രതിഫലവുും കൂലിയും. എന്നാല്‍ ‘ദിക്ര്‍’ ആകട്ടെ, അത് അയാളെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും അവനോടുള്ള സാമിപ്യം ഉറപ്പിക്കുകയും ചെയ്യുന്നു. അതാണ് യഥാര്‍ഥ സ്ഥാനവും പദവിയും.

പരലോകത്തിനുവേണ്ടി പണിയെടുക്കുന്നവര്‍ രണ്ട് വിഭാഗമുണ്ട്. ഒന്ന്, പ്രതിഫലത്തിനും കൂലിക്കും വേണ്ടി പണിയെടുക്കുന്നവര്‍. മറ്റൊന്ന് യഥാര്‍ഥ സ്ഥാനത്തിനും പദവിക്കും വേണ്ടി പരിശ്രമിക്കുന്നവര്‍. അവര്‍ അല്ലാഹുവിന്റെയടുക്കലുള്ള ഉന്നതപദവിക്കായി മറ്റുള്ളവരോട് മത്സരിക്കുകയായിരിക്കും. അങ്ങനെയവര്‍ മറ്റുള്ളവരെ അതിജയിച്ച് അല്ലാഹുവിലേക്ക് സാമിപ്യം നേടും.

ഈ രണ്ടു വിഭാഗത്തെക്കുറിച്ചും അല്ലാഹു സൂറത്തുല്‍ ഹദീദില്‍ പ്രതിപാദിച്ചിട്ടുണ്ട്: ”തീര്‍ച്ചയായും ധര്‍മിഷ്ഠരായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത് ഇരട്ടിയായി നല്‍കപ്പെടുന്നതാണ്. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്” (57:18).

ഈ പറയപ്പെട്ടത് പ്രതിഫലത്തിന്റെയും കൂലിയുടെയും ആളുകളെക്കുറിച്ചാണ്. എന്നിട്ട് അല്ലാഹു പറഞ്ഞു: ”എന്നാല്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ അവര്‍തന്നെയാണ് സത്യസന്ധന്മാര്‍ (സ്വിദ്ദീക്വുകള്‍)” (57:19).

ഇക്കൂട്ടരാണ് സ്ഥാനത്തിന്റെയും പദവിയുടെയും വക്താക്കള്‍. ശേഷം പറഞ്ഞു: ‘സത്യസാക്ഷികള്‍, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവരുടെ പ്രതിഫലവും അവരുടെ പ്രകാശവും ഉണ്ടായിരിക്കും.’ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ എന്ന് പറഞ്ഞതിലേക്കാണ് ഇതിന്റെ ബന്ധം. അവരെക്കുറിച്ചാണ് ‘അവര്‍ സത്യസന്ധന്മാരാണ്’ എന്നും ‘സമുദായങ്ങള്‍ക്ക് സാക്ഷികളാകുന്ന സത്യസാക്ഷികള്‍’ എന്നും പരാമര്‍ശിച്ചത്. ശേഷം അവരെക്കുറിച്ച് മറ്റൊരു കാര്യംകൂടി പറഞ്ഞു: ‘അവര്‍ക്ക് അവരുടെ പ്രതിഫലവും അവരുടെ പ്രകാശവുമുണ്ട്.’ അപ്പോള്‍ അവരെക്കുറിച്ച് നാല് കാര്യങ്ങള്‍ പറഞ്ഞു: അവര്‍ സത്യസന്ധന്മാരാണ് (സ്വിദ്ദീക്വുകള്‍), സത്യസാക്ഷികളാണ് (ശുഹദാക്കള്‍). ഇതാണ് സ്ഥാനവും പദവിയും. എന്നിട്ട് അവരെക്കുറിച്ച് ‘അവര്‍ക്ക് പ്രതിഫലവും പ്രകാശവുമുണ്ട്’ എന്നും പറഞ്ഞു. അതാണ് പ്രതിഫലവും പാരിതോഷികവും.

മറ്റൊരു വിശദീകരണം ഇങ്ങനെയാണ്: ‘അവര്‍ സത്യസന്ധന്മാരാണ്’ എന്ന വാചകം അവിടെ പൂര്‍ണമായി. ശേഷം സത്യസാക്ഷികളുടെ അവസ്ഥ പറഞ്ഞതാണത്രെ ‘സത്യസാക്ഷികള്‍, അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിന്റെയടുക്കല്‍ അവരുടെ പ്രതിഫലവും പ്രകാശവുമുണ്ട്’ എന്നത്.

അപ്പോള്‍ പുണ്യത്തിന്റെയും നന്മയുടെയും വക്താക്കളായ ധര്‍മിഷ്ഠരെ പറഞ്ഞു. ശേഷം വിശ്വാസം ഹൃദയത്തില്‍ വേരുറച്ച, ഈമാന്‍ നിറഞ്ഞുനില്‍ക്കുന്ന വിശ്വാസികളെക്കുറിച്ചും പരാമര്‍ശിച്ചു. അവരാണ് സ്വിദ്ദീക്വുകള്‍. അവര്‍ വിജ്ഞാനത്തിന്റെയും കര്‍മത്തിന്റെയും ആളുകളാണ്. ആദ്യം പറഞ്ഞവര്‍ നന്മയുടെയും പുണ്യത്തിന്റെയും ആളുകളും. പക്ഷേ, ഇക്കൂട്ടരാണ് അവരെക്കാള്‍ സത്യസന്ധതയില്‍ പൂര്‍ണത കൈവരിച്ചവര്‍.

എന്നിട്ട് അല്ലാഹു ശുഹദാക്കളെക്കുറിച്ച് ‘അവര്‍ക്ക് അവന്‍ ഉപജീവനവും പ്രകാശവും നല്‍കു’മെന്ന് അറിയിച്ചു. കാരണം, അവര്‍ അവരെ അല്ലാഹുവിന്ന് സമര്‍പ്പിച്ചവരാണ.് അതിന്ന് പകരമായി അല്ലാഹു അവരെ അവന്റെയടുക്കല്‍ ജീവിക്കുന്നവരും ഉപജീവനം നല്‍കുന്നവരുമാക്കി. അവര്‍ക്കുള്ള ഉപജീവനവും പ്രകാശവും അവന്‍ അവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കും. അവരാണ് സൗഭാഗ്യവാന്മാരായ വിജയികള്‍.

പിന്നീട് ദൗര്‍ഭാഗ്യവന്മാരായ പരാജിതരെക്കുറിച്ചു പറഞ്ഞു:

”അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്തവരാരോ അവരാകുന്നു നരകാവകാശികള്‍” (5:10; 5:86).

ചുരുക്കത്തില്‍, അല്ലാഹു പ്രതിഫലത്തിന്റെയും പദവികളുടെയും ആളുകളെക്കുറിച്ചു പറഞ്ഞു. ഈ രണ്ടു കാര്യങ്ങളുമാണ് ഫിര്‍ഔന്‍ മൂസാ നബി(അ)യെ പരാജയപ്പെടുത്തിയാല്‍ സാഹിറുകള്‍ക്ക് (ജാലവിദ്യക്കാര്‍ക്ക്) നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്.

”അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട് അവര്‍ ചോദിച്ചു: ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടായിരിക്കുമോ? അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: അതെ, തീര്‍ച്ചയായും നിങ്ങള്‍ സാമീപ്യം നല്‍കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും” (26:41,42)

അതായത്, ഞാന്‍ നിങ്ങള്‍ക്ക് പ്രതിഫലവും എന്റെയടുക്കല്‍ മികച്ച സ്ഥാനമാനങ്ങളും എന്നോടുള്ള പ്രത്യേക സാമിപ്യവും നല്‍കാം എന്നാണ് ഫിര്‍ഔന്‍ അവരോട് പറഞ്ഞത്.

കര്‍മം ചെയ്യുന്നവര്‍ പ്രതിഫലത്തിനായി കര്‍മം ചെയ്യുന്നു. ജ്ഞാനികള്‍ അല്ലാഹുവിന്റെയടുക്കലുള്ള പ്രത്യേക സ്ഥാനത്തിനും പദവികള്‍ക്കും അടുപ്പത്തിനും വേണ്ടി കര്‍മം ചെയ്യുന്നു. ജ്ഞാനികളുടെ ഹൃദയത്തിന്റെ കര്‍മങ്ങള്‍ കര്‍മികളുടേതിനെക്കാള്‍ കൂടുതലായിരിക്കും. എന്നാല്‍ ശരീരംകൊണ്ടുള്ള കര്‍മങ്ങള്‍ ഒരുപക്ഷേ, അവരെക്കാള്‍ കൂടുതല്‍ ചെയ്യുന്നത് കര്‍മികള്‍ ആയിരിക്കും.

മുഹമ്മദുബ്‌നു കഅ്ബ് അല്‍ഖുറളി(റ) പറഞ്ഞതായി ഇമാം ബൈഹക്വി ഉദ്ധരിക്കുന്നു: ”മൂസാ നബി(അ) പറഞ്ഞു: ‘പടച്ചവനേ… നിന്റെ സൃഷ്ടികളില്‍ ആരാണ് നിന്റെയടുക്കല്‍ ഏറ്റവും ആദരണീയന്‍?’ അല്ലാഹു പറഞ്ഞു: ‘എന്നെ പ്രകീര്‍ത്തിച്ചുകൊണ്ട് സദാസമയവും നാവ് ദിക്‌റിനാല്‍ പച്ചപിടിച്ചു നില്‍ക്കുന്നവന്‍.’ അദ്ദേഹം ചോദിച്ചു: ‘പടച്ചവനേ, നിന്റെ സൃഷ്ടികളില്‍ ഏറ്റവും അറിവുള്ളത് ആര്‍ക്കാണ്?’ അല്ലാഹു പറഞ്ഞു: ‘തന്റെ ജ്ഞാനത്തിലേക്ക് മറ്റുള്ളവരുടെ ജ്ഞാനവും കൂടി തേടുന്നവന്‍.’ മൂസാ (അ) ചോദിച്ചു: ‘അല്ലാഹുവേ, നിന്റെ സൃഷ്ടികളില്‍ ഏറ്റവും വലിയ നീതിമാന്‍ ആരാണ്?’ അല്ലാഹു പറഞ്ഞു: ‘ജനങ്ങളോട് വിധിക്കുന്നതുപോലെ സ്വന്തത്തോടും വിധിക്കുന്നവന്‍.’ അദ്ദേഹം ചോദിച്ചു: ‘പടച്ചവനേ, നിന്റെ പടപ്പുകളില്‍ ഏറ്റവും വലിയ പാപിയാരാണ്?’ അല്ലാഹു പറഞ്ഞു: ‘എന്നെ തെറ്റിദ്ധരിക്കുന്നവന്‍.’ മൂസാ(അ) ചോദിച്ചു: ‘രക്ഷിതാവേ, നിന്നെ ആരെങ്കിലും തെറ്റിദ്ധരിക്കുമോ?’ അല്ലാഹു പറഞ്ഞു: ‘എന്നോട് നല്ലതിനെ ചോദിക്കുകയും ഞാന്‍ വിധിച്ചു നല്‍കിയതില്‍ തൃപ്തിപ്പെടാതിരിക്കുകയും ചെയ്യുന്നവന്‍’ (ബൈഹക്വി, ‘ശുഅബുല്‍ ഈമാന്‍’)

ഇബ്‌നു അബ്ബാസ്(റ) പറഞ്ഞതായി ഇപ്രകാരം ഉദ്ധരിക്കുന്നു: ”മൂസാനബി(അ) സീനാപര്‍വതത്തിലേക്കു പോയപ്പോള്‍ ചോദിച്ചു: ‘അല്ലാഹുവേ, നിന്റെ അടിമകളില്‍ നീ ഏറ്റവും ഇഷ്ടപ്പെടുന്നത് ആരെയാണ്?’ അല്ലാഹു പറഞ്ഞു: ‘എന്നെ സദാ സ്മരിക്കുന്ന, ഒരിക്കലും എന്നെ വിസ്മരിക്കാത്തവരെ” (ബൈഹക്വി ‘ശുഅബുല്‍ഈമാനി’ലും ത്വബ്‌രി തന്റെ ‘തഫ്‌സീറി’ലും ‘താരീഖി’ലും ഖത്വീബുല്‍ ബാഗ്ദാദി ‘അര്‍രിഹ്‌ലത്തു ഫീ ത്വലബില്‍ ഹദീഥ്’ എന്ന ഗ്രന്ഥത്തിലും ഇതുപോലെ ഉദ്ധരിക്കുന്നുണ്ട്-കുറിപ്പുകാരന്‍).

കഅ്ബ്(റ) പറയുന്നു: ”മൂസാ നബി(അ) ചോദിച്ചു: ‘രക്ഷിതാവേ, നീ ഏറെ സമീപത്തുള്ളവനാണോ? എങ്കില്‍ എനിക്ക് നീയുമായി രഹസ്യസംഭാഷണം നടത്താമായിരുന്നു. അതല്ല, നീ ദൂരെയുള്ളവനാണോ, അങ്ങനെയെങ്കില്‍ എനിക്ക് നിന്നെ വിളിക്കാനാണ്.” അപ്പോള്‍ അല്ലാഹു പറഞ്ഞുവത്രെ: ”മൂസാ, എന്നെ സ്മരിക്കുന്നവരുടെ സമീപത്തുതന്നെ ഞാനുണ്ട്.” മൂസാ(അ) പറഞ്ഞു: ”നിന്നോടുള്ള ബഹുമാനാദരങ്ങളാല്‍ നിന്നെ പ്രകീര്‍ത്തിക്കാന്‍ ഞാന്‍ മടിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ ആകുമ്പോള്‍ എന്താണ് ചെയ്യേണ്ടത്?” അല്ലാഹു ചോദിച്ചു: ”എന്താണത് മൂസാ?” അദ്ദേഹം പറഞ്ഞു: ”മല-മൂത്ര വിസര്‍ജന വേളയിലും വലിയ അശുദ്ധിയുടെ അഥവാ ജനാബത്തിന്റെ സന്ദര്‍ഭത്തിലും.” അല്ലാഹു പറഞ്ഞു: ‘നീ എന്നെ ഏത് അവസ്ഥയിലും പ്രകീര്‍ത്തിച്ചുകൊള്ളുക” (അഹ്മദ് ‘അസ്സുഹ്ദി’ലും ഇബ്‌നു അബീ ശൈബ ‘മുസ്വന്നഫി’ലും അബൂനുഐം ‘ഹില്‍യ’യിലും ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും ഉദ്ധരിച്ചത്).

ഉബൈദുബ്‌നു ഉമൈര്‍(റ) പറഞ്ഞു: ”സത്യവിശ്വാസിയുടെ ഏടിലുള്ള, അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പമുള്ള ഒരു പ്രകീര്‍ത്തനം (ഹംദിനോടൊപ്പമുള്ള തസ്ബീഹ്) ഇഹലോകത്തെ പര്‍വതങ്ങള്‍ക്ക് സമാനമായ സ്വര്‍ണത്തെക്കാള്‍ അവന് ഉത്തമമാണ്” (ഇബ്‌നുല്‍ മുബാറക് ‘സുഹ്ദി’ലും ഇബ്‌നു അബീശൈബ ‘മുസ്വന്നഫി’ലും അബൂനുഐം ‘ഹില്‍യ’യിലും ബൈഹക്വി ‘ശുഅബൂല്‍ ഈമാനി’ലും ഉദ്ധരിച്ചത്).

ഹസന്‍(റ) പറഞ്ഞു: ”അന്ത്യനാള്‍ ആസന്നമായാല്‍ ഒരാള്‍ വിളിച്ചു പറയും: ‘ഈ സംഗമത്തിന്റെ ആളുകള്‍ക്ക് അറിയാന്‍ കഴിയും, ആരാണ് ഔദാര്യത്തിന് ഏറ്റവും കടപ്പെട്ടതെന്ന്. എവിടെയാണ് ഈ പറയപ്പെട്ടവര്‍?” ”ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും” (32:16). അദ്ദേഹം പറഞ്ഞു: ‘അപ്പോള്‍ എഴുന്നേറ്റ് ജനങ്ങളുടെ പിരടികള്‍ കവച്ചുവെച്ച് മുന്നോട്ടു അവര്‍ ചെല്ലും. പിന്നെയും ഒരാള്‍ വിളിച്ചു പറയും: ‘ഈ സംഗമത്തിന്റെ ആളുകള്‍ക്കറിയാം ആരാണ് ഔദാര്യത്തിന് ഏറ്റവും അര്‍ഹപ്പെട്ടവരെന്ന്. എവിടെയാണ് കച്ചവടവും ഇടപാടുകളും അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്ന് അശ്രദ്ധമാക്കിക്കളയാതിരുന്നവര്‍?” ”ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍നിന്നും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍നിന്നും, സകാത്ത് നല്‍കുന്നതില്‍നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധ തിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു”(24:37). അപ്പോള്‍ അവരും എഴുന്നേറ്റ് ജനങ്ങളുടെ പിരടികള്‍ കവച്ചുവെച്ച് മുന്നോട്ട് ചെല്ലും. വീണ്ടും ഒരാള്‍ വിളിച്ചു പറയും: ‘ഈ സംഗമത്തിന്റെ ആളുകള്‍ക്കറിയാം ആരാണ് ഔദാര്യത്തിന് ഏറ്റവും അവകാശപ്പെട്ടവരെന്ന്. എല്ലാ അവസ്ഥയിലും അല്ലാഹുവിനെ ധാരാളമായി സ്തുതിച്ചിരുന്നവര്‍ എവിടെയാണ് എന്ന് ചോദിക്കുമ്പോള്‍ അവരും എഴുന്നേറ്റ് ചെല്ലും. അവര്‍ ധാരാളമുണ്ടാകും. പിന്നീടാണ് വിചാരണയും കര്‍മഫലങ്ങളും ശേഷിക്കുന്നവരില്‍ ഉണ്ടാവുക” (മുസ്വന്നഫ് അബ്ദുര്‍റസാക്വിലും ബൈഹക്വി ശുഅബുല്‍ ഈമാനിലും ഉദ്ധരിച്ചത്).

ഒരാള്‍ വന്നിട്ട് അബൂ മുസ്‌ലിമുല്‍ ഖൗലാനിയോട് പറഞ്ഞു: ”അല്ലയോ അബൂമുസ്‌ലിം, താങ്കള്‍ എന്നെ ഒന്ന് ഉപദേശിച്ചാലും.’ അദ്ദേഹം പറഞ്ഞു: ‘നീ ഏത് കുഗ്രാമത്തിലോ വൃക്ഷച്ചുവട്ടിലോ ആയിരുന്നാലും അല്ലാഹുവിനെ സ്മരിക്കുക.’ ‘ഇനിയും അധികരിപ്പിച്ചാലും’ എന്ന് അയാള്‍ അവശ്യപ്പെട്ടപ്പോള്‍ അബൂമുസ്‌ലിം പറഞ്ഞു: ആളുകള്‍ നിന്നെ ഒരു ഭ്രാന്തനെന്ന് കരുതുവോളം നീ അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുക.’ അബൂമുസ്‌ലിം ധാരാളമായി അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്ന (ദിക്ര്‍ ചെയ്യുന്ന) ആളായിരുന്നു. അങ്ങനെ ഒരിക്കല്‍ അദ്ദേഹം ദിക്ര്‍ ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അദ്ദേഹത്തെ കാണുകയും ഇങ്ങനെ ചോദിക്കുകയും ചെയ്തു: ‘നിങ്ങളുടെ ചങ്ങാതിക്ക് ഭ്രാന്താണോ?’ അപ്പോള്‍ അതുകേട്ട അബൂ മുസ്‌ലിം പറഞ്ഞു: ‘സഹോദരാ, ഇത് ഭ്രാന്തല്ല, പ്രത്യുത ഭ്രാന്തില്ലാതിരിക്കാനുള്ള ചികിത്സയാണ്” (ബൈഹഖി സശുഅബുല്‍ ഈമാനിലും ഇബ്‌നു അസാക്കിര്‍ സതാരീഖു ദിമശ്ഖിലും ഉദ്ധരിച്ചത്). (തുടരും)

ശമീര്‍ മദീനി

നേർപഥം 

 

ആരാധനകള്‍ക്ക് ഒരാമുഖം(ഭാഗം: 22)

ആരാധനകള്‍ക്ക് ഒരാമുഖം(ഭാഗം: 22)

നാല്‍പത്തിയൊന്ന്: സാത്വികരായ ആളുകള്‍ ഉത്സാഹം കാണിച്ചതായ ഉന്നത അവസ്ഥകളും മഹത്തായ അറിവുകളും കായ്ക്കുന്ന ഫലവത്തായ വൃക്ഷമാണ് ‘ദിക്ര്‍.’ ദിക്‌റാകുന്ന പ്രസ്തുത മരത്തില്‍നിന്നല്ലാതെ ആ ഫലങ്ങള്‍ നേടാന്‍ മറ്റു വഴികളില്ല. ആ വൃക്ഷത്തിന്റെ മുരട് ശക്തമായി ഉറക്കുകയും അത് വളര്‍ന്നു വലുതാവുകയും ചെയ്യുമ്പോള്‍ അത് ഏറ്റവും നല്ല ഫലം നല്‍കും. തൗഹീദിലേക്കുള്ള ഉണര്‍വും ഉന്മേഷവും പോലുള്ള ഉന്നതമായ സ്ഥാനങ്ങളെല്ലാം ദിക്ര്‍ സമ്മാനിക്കും. അതാണ് എല്ലാ സ്ഥാനങ്ങളുടെയും അടിത്തറ. എല്ലാ സ്ഥാനമാനങ്ങളും പടുത്തുയര്‍ത്തുന്ന അസ്തിവാരവും അതാണ്. ഏതൊരു മതില്‍ക്കെട്ടും അതിന്റെതായ അസ്തിവാരത്തില്‍ പടുത്തുയര്‍ത്തുന്നത് പോലെ. ആ ഭിത്തിക്ക് മേലെയാണല്ലോ പിന്നീട് അതിന്റെ മേല്‍ക്കൂരയും നില്‍ക്കുന്നത്. അതായത് ഒരാള്‍ തന്റെ ആലസ്യത്തില്‍നിന്ന് ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍ തനിക്ക് സഞ്ചരിക്കേണ്ടതായ വഴികള്‍ താണ്ടാന്‍ അയാള്‍ക്ക് കഴിയുകയില്ല. മുമ്പ് പറഞ്ഞതുപോലെ ആ ഉണര്‍ന്നെഴുന്നേല്‍പിന് ദിക്‌റിലൂടെയല്ലാതെ സാധിക്കുകയില്ല. ദിക്‌റില്‍നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധ (ഗഫ്‌ലത്ത്) ഹൃദയത്തിന്റെ ഉറക്കമോ അല്ലെങ്കില്‍ അതിന്റെ മരണമോ ആണ്.

നാല്‍പത്തിരണ്ട്: ദിക്ര്‍ ചെയ്യുന്നവന്‍ ദിക്ര്‍ ചെയ്യപ്പെടുന്നവനോട് (അല്ലാഹുവിനോട്) ഏറെ അടുത്തയാള്‍ ആയിരിക്കും. അല്ലാഹു അയാളുടെ കൂടെയുണ്ടാകും. ഈ ‘കൂടെയുണ്ടാകല്‍’ (മഇയ്യത്ത്) എല്ലാവര്‍ക്കുമുള്ള, അല്ലാഹുവിന്റെ അറിവും സാക്ഷ്യവുംകൊണ്ടുള്ള ‘കൂടെയാവല്‍’ അല്ല. പ്രത്യുത അത് ഒരു പ്രത്യേകതരം കൂടെയുണ്ടാകലാണ്. അതായത് അടുപ്പത്തിന്റെയും ബന്ധത്തിന്റെയും ഇഷ്ടത്തിന്റെയും  സഹായത്തിന്റെയും അനുഗ്രഹത്തിന്റെയും ഒക്കെയായ പ്രത്യേകതരം കൂടെയുണ്ടാകലാണ്. അല്ലാഹു പറഞ്ഞതുപോലെ: ”തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മത പാലിച്ചവരോടൊപ്പമാകുന്നു. സദ്‌വൃത്തരായിട്ടുള്ളവരോടൊപ്പവും” (ക്വുര്‍ആന്‍ 16:128). ”…അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു” (ക്വുര്‍ആന്‍ 2:249). ”തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു” (29:69). ”…അവര്‍ രണ്ടുപേരും (നബിയും അബൂബക്കറും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറഞ്ഞസന്ദര്‍ഭം…”(ക്വുര്‍ആന്‍ 9:40).

ദിക്ര്‍ ചെയ്യുന്നവര്‍ക്ക് ഈ ‘കൂടെയുണ്ടാവലി’ന്റെ നല്ലൊരു വിഹിതം ലഭിക്കുന്നതാണ്. അല്ലാഹു പറഞ്ഞതായി ഒരു ഹദീസില്‍ വന്നതുപോലെ: ”എന്റെ അടിമ എന്നെ സ്മരിച്ചുകൊണ്ട് തന്റെ ചുണ്ടുകള്‍ ചലിപ്പിക്കുന്ന സമയമത്രയും ഞാന്‍ എന്റെ അടിമയോടൊപ്പം ഉണ്ടായിരിക്കും” (ബുഖാരി അനുബന്ധമായി തന്റെ സ്വഹീഹിലും സനദ് സഹിതം ‘ഖല്‍ക്വു അഫ്ആലില്‍ ഇബാദി’ലും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. കൂടാതെ ഇബ്‌നുമാജയും ഇമാം അഹ്മദും ഇബ്‌നുഹിബ്ബാനും ഹാകിമും മറ്റും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്).

മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: ”എന്നെ സ്‌നേഹിക്കുന്നവര്‍ എന്നോടൊപ്പം ഇരിക്കുന്നവരാണ്. എന്നോട് നന്ദികാണിക്കുന്നവര്‍ക്ക് ഞാന്‍ കൂടുതലായി നല്‍കുന്നതാണ്. എന്നെ വഴിപ്പെട്ട് ജീവിക്കുന്നവരാകട്ടെ ഞാന്‍ ആദരിച്ചവരുമാണ്. എന്നോട് അനുസരണക്കേട് കാണിച്ചവരെ എന്റെ കാരുണ്യത്തെക്കുറിച്ച് ഞാന്‍ നിരാശരാക്കുന്നില്ല. അവര്‍ ആത്മാര്‍ഥമായി പശ്ചാത്തപിച്ചാല്‍ ഞാന്‍ അവരോട് സ്‌നേഹം കാണിക്കുന്നവനായിരിക്കും. നിശ്ചയമായും പശ്ചാത്തപിക്കുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നു. വിശുദ്ധി കൈവരിക്കുന്നവരെയും ഞാന്‍ സ്‌നേഹിക്കുന്നു. ഇനി അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നി ല്ലെങ്കില്‍ ഞാന്‍ അവര്‍ക്ക് ചികിത്സ നിശ്ചയിക്കും. അതായത് ആപത്തുകള്‍ മുഖേന ഞാനവരെ പരീക്ഷിക്കും. അങ്ങനെ അവരുടെ ന്യൂനതകളില്‍നിന്ന് അവരെ ഞാന്‍ ശുദ്ധീകരിക്കും.”

(ഈ റിപ്പോര്‍ട്ടിന് ഒരു പരമ്പര (സനദ്) ഉള്ളതായി അറിയില്ല. ഇബ്‌നുതൈമിയ്യ(റഹി) തന്റെ ചില ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ച ശൈലിയില്‍നിന്നും അഹ്‌ലുല്‍ കിതാബുകാരുടെ ഗ്രന്ഥങ്ങളില്‍നിന്നുള്ള വചനമായിട്ടാണ് (ഇസ്രാഈലിയാത്ത്) മനസ്സിലാക്കുന്നത്. വിശദവിവരത്തിന് ഇബ്‌നു അബ്ദില്‍ ഹാദിയുടെ ‘അല്‍ ഉക്വൂദുദ്ദുര്‍രിയ്യ’ (പേജ് 343), ഇബ്‌നുതൈമിയ്യയുടെ ‘മിന്‍ഹാജുസ്സുന്ന,’ ‘രിസാലതുന്‍ ഫീ തഹ്ക്വീക്വിശ്ശുക്ര്‍,’ ‘അത്തുഹ്ഫതുല്‍ ഇറാക്വിയ്യ,’ ‘അല്‍ ഹസനതു വസ്സയ്യിഅ,’ ‘മജ്മൂഉല്‍ ഫതാവ’ എന്നീ ഗ്രന്ഥങ്ങള്‍ നോക്കുക- കുറിപ്പുകാരന്‍).

ദിക്ര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ഈ പ്രത്യേകമായ സാമീപ്യത്തോട് സമാനമായ ഒന്നുമേയില്ല. ‘തക്വ്‌വ’യുള്ളവര്‍ക്കും സുകൃതം ചെയ്യുന്നവര്‍ക്കുമൊക്കെ കിട്ടുന്നതിനെക്കാള്‍ സവിശേഷമായ ഒരു പ്രത്യേക സാമീപ്യമാണത്. അത് വാചകങ്ങള്‍കൊണ്ട് വിശദീകരിക്കാന്‍ ആവുന്നതല്ല. അത് വര്‍ണനകള്‍ക്കും അപ്പുറമാണ്. അത് അനുഭവിച്ചും ആസ്വദിച്ചുംതന്നെ അറിയേണ്ട ഒന്നാണ്. പലരും കാല്‍ വഴുതിപ്പോയ ഒന്നാണിത.് സ്രഷ്ടാവിനെയും സൃഷ്ടിയെയും അടിമയെയും ഉടമയെയും മുമ്പേയുള്ളവെനയും പിന്നീടുണ്ടായവയെയും ആരാധ്യനെയും ആരാധിക്കുന്നവനെയും തമ്മില്‍ വേര്‍തിരിക്കാനുള്ള ജ്ഞാനം ഒരാള്‍ക്ക് ഇല്ലാതിരുന്നാല്‍ വഴിതെറ്റിപ്പോകും. അങ്ങനെ ക്രൈസ്തവരോട് സമാനമായ അവതാര സങ്കല്‍പത്തിലോ അദൈ്വതവാദക്കാരുടെതിന് സമാനമായ സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്ന വാദത്തിലേക്കോ, റബ്ബിന്റെ അസ്തിത്വം തന്നെയാണ് ഈ ദൃശ്യപ്രപഞ്ചത്തില്‍ കാണപ്പെടുന്നതൊക്കെയും എന്ന വാദത്തിലേക്കോ ഒക്കെ ചെന്നുവീഴും. അവരുടെ പക്കല്‍ റബ്ബും അടിമയും സ്രഷ്ടാവും സൃഷ്ടിയും എന്നിങ്ങനെ രണ്ടില്ല; പ്രത്യുത അവരുടെ വിശ്വാസത്തില്‍ റബ്ബ് തന്നെയാണ് അടിമ. അടിമ തന്നെയാണ് റബ്ബ്. പരസ്പര സദൃശ്യരായ സൃഷ്ടികളും അദ്വിതീയനും പരിശുദ്ധനുമായ സ്രഷ്ടാവും ഒന്നുതന്നെെയന്നാണ് അക്കൂട്ടരുടെ ജല്‍പനം. ഇത്തരം അക്രമികളും നിഷേധികളും പറഞ്ഞുണ്ടാക്കുന്നതില്‍നിന്നൊക്കെ അല്ലാഹു എത്രയോ ഉന്നതനും മഹാനുമാണ്!

ചുരുക്കത്തില്‍, ഒരു അടിമയുടെ കൈവശം കുറ്റമറ്റ വിശ്വാസം (അക്വീദ) ഇല്ലാതിരിക്കുകയും ദിക്‌റിന്റെ ആധിപത്യം അയാളെ കീഴ്‌പ്പെടുത്തുകയും താന്‍ സ്മരിക്കുന്നവനെയുംകൊണ്ട് ദിക്‌റില്‍നിന്നും തന്നില്‍നിന്ന് തന്നെയും അയാള്‍ മറഞ്ഞുപോവുകയും ചെയ്താല്‍ അദൈ്വതത്തിന്റെയും അവതാര സങ്കല്‍പത്തിന്റെയുമൊക്കെ വാതിലിലൂടെ അയാള്‍ ഉറപ്പായും കടന്നുപോയിരിക്കും.

നാല്‍പത്തിമൂന്ന്: തീര്‍ച്ചയായും ‘ദിക്ര്‍’ അടിമമോചനത്തിനും സമ്പത്ത് ചെലവഴിക്കുന്നതിനും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കുതിരപ്പുറത്ത് കയറുന്നതിനും വാളെടുത്ത് യുദ്ധം ചെയ്യുന്നതിനുമെല്ലാം സമാനമാണ്. പ്രവാചകന്റെ ഒരു ഹദീസ് മുമ്പ് നാം പറഞ്ഞിരുന്നു: ”ആരെങ്കിലും ഒരു ദിവസത്തില്‍ നൂറ് പ്രാവശ്യം ഇപ്രകാരം പറഞ്ഞാല്‍; (ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീകലഹു ലഹുല്‍ മുല്‍കു വലഹുല്‍ ഹംദു വഹുവ അലാ കുല്ലിശൈഇന്‍ ക്വദീര്‍- അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല, അവന് യാതൊരു പങ്കുകാരുമില്ല. അവന്നാകുന്നു സര്‍വ ആധിപത്യവും. അവന്നാകുന്നു സര്‍വസ്തുതിയും. അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു) പത്ത് അടിമയെ മോചിപ്പിച്ചതിന് തുല്യമായ പ്രതിഫലമുണ്ട്. നൂറ് നന്മകള്‍ അയാളുടെ പേരില്‍ രേഖപ്പെടുത്തുകയും നൂറ് തിന്മകള്‍ മായ്ക്കപ്പെടുകയും ചെയ്യും. ആ ദിവസം മുഴുവന്‍ അഥവാ പ്രഭാതംമുതല്‍ പ്രദോഷംവരെ അത് പിശാചില്‍നിന്നുള്ള രക്ഷാകവചമായിരിക്കുകയും ചെയ്യും” (ബുഖാരി, മുസ്‌ലിം).

ഇബ്‌നു അബീ ദുന്‍യാ, അഅ്മശില്‍നിന്നും അദ്ദേഹം സാലിം ഇബ്‌നു അബില്‍ ജഅ്ദില്‍നിന്നും ഉദ്ധരിക്കുന്നു: ”ഒരിക്കല്‍ അബുദ്ദര്‍ദാഅ്(റ)നോട് ഒരാള്‍ നൂറ് ആളുകളെ മോചിപ്പിച്ചതായി പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഒരാളുടെ സമ്പത്ത് ചെലവഴിച്ച് 100 പേരെ മോചിപ്പിക്കുക എന്നത് ധാരാളം ചെലവുള്ള കാര്യമാണ്. എന്നാല്‍ അതിനെക്കാള്‍ ശ്രേഷ്ഠമായ കാര്യമാണ് രാവും പകലും വേര്‍പിരിയാത്ത ശക്തമായ ഈമാന്‍ (വിശ്വാസം); നിങ്ങളുടെ നാവ് സദാസമയവും അല്ലാഹുവിനെക്കുറിച്ചുള്ള ദിക്ര്‍ കൊണ്ട് പച്ചപിടിച്ചുനില്‍ക്കുക എന്നതും” (ഇമാം അഹ്മദ് തന്റെ ‘അസ്സുഹ്ദി’ലും  ഇബ്‌നു അബീശൈബ ‘അല്‍ മുസ്വന്നഫി’ലും ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലുമൊക്കെ ഉദ്ധരിച്ചതാണ് ഈ ഹദീസ്. ഇതിന്റെ പരമ്പര മുറിഞ്ഞുപോയതാണ് (മുന്‍ക്വത്വിഅ്). ഇമാം മുന്‍ദിരി തന്റെ ‘അത്തര്‍ഗീബു വത്തര്‍ഹീബ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘ഇത് ഇബ്‌നു അബീ ദുന്‍യാ ഹസനായ പരമ്പരയിലൂടെ മൗക്വൂഫായ നിലയില്‍ അഥവാ സ്വഹാബിയുടെ വാക്കായി ഉദ്ധരിക്കുന്നുണ്ട്- കുറിപ്പുകാരന്‍).

ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കുറെ ദീനാറുകള്‍ ചെലവഴിക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം അത്രയും എണ്ണം തസ്ബീഹുകളിലൂടെ അല്ലാഹുവിനെ പ്രകീര്‍ത്തിക്കലാണ്” (ഇബ്‌നു അബീശൈബ, ബൈഹക്വി ശുഅബുല്‍ ഈമാനില്‍ ഉദ്ധരിച്ചത്. ഇതിന്റെ പരമ്പര മുറിഞ്ഞുപോയിട്ടുണ്ട്-കുറിപ്പുകാരന്‍).

 അബ്ദുല്ലാഹിബിനു അംറും(റ) അബ്ദുല്ലാഹിബ്‌നു മസ്ഊദും(റ) ഒരിടത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറഞ്ഞുവത്രെ: ”ഞാന്‍ ഒരു വഴിയില്‍ പ്രവേശിക്കുകയും എന്നിട്ട് സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ് അത്രയും എണ്ണം ദീനാര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം.’ അപ്പോള്‍ അബ്ദുല്ലാഹിബ്‌നു അംറ് പറഞ്ഞുവത്രെ: ‘ഞാന്‍ ഒരു വഴിയില്‍ പ്രവേശിക്കുകയും എന്നിട്ട് ഈ ദിക്‌റുകള്‍ ഉരുവിടുകയും ചെയ്യുന്നതാണ് അത്രയും എണ്ണം ഞാന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കുതിരപ്പുറത്ത് വഹിക്കപ്പെടുന്നതിനെക്കാളും യുദ്ധത്തിനു പുറപ്പെടുന്നതിനെക്കാളും എനിക്കിഷ്ടം” (ബൈഹക്വി ‘ശുഅബുല്‍ ഈമാനില്‍’ ഉദ്ധരിച്ചത്. അതിന്റെ പരമ്പരയില്‍ എനിക്ക് അജ്ഞാതനായ വ്യക്തിയുണ്ട്. എന്നാല്‍ ഇബ്‌നു അബീശൈബ മുസ്വന്നഫില്‍ അബ്ദുല്ലാഹിബ്‌നു അംറിന്റെ വാക്ക് മാത്രമായി ഹസനായ സനദോടെ ഉദ്ധരിച്ചിട്ടുണ്ട്-കുറിപ്പുകാരന്‍).

അബുദ്ദര്‍ദാഅ്(റ)ന്റെ ഹദീസ് മുമ്പ് വന്നതാണ്. നബി ﷺ പറഞ്ഞു: ”നിങ്ങളുടെ കള്‍മങ്ങളില്‍ ഏറ്റവും ഉത്തമമായതും നിങ്ങളുടെ രാജാധിരാജന്റെ അടുക്കല്‍ ഏറ്റവും വിശുദ്ധമായതും നിങ്ങളുടെ പദവികളില്‍ ഏറ്റവും ഉയര്‍ന്നതും സ്വര്‍ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാള്‍ നിങ്ങള്‍ക്ക് ഉത്തമമായതുമായ ഒരു കര്‍മത്തെക്കുറിച്ച് ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ അഭിമുഖീകരിക്കുകയും പരസ്പരം പോരാടുകയും ചെയ്യുന്നതിനെക്കാളും ഉത്തമമാണത്.” സ്വഹാബികള്‍ പറഞ്ഞു: ”അറിയിച്ചുതന്നാലും റസൂലേ.” നബി ﷺ പറഞ്ഞു: ”ദിക്‌റുല്ലാഹ് (അല്ലാഹുവിനെ പ്രകീര്‍ത്തിക്കല്‍) ആണത്” (തിര്‍മുദി, ഇബ്‌നുമാജ, ഹാകിം).

നാല്‍പത്തിനാല്: നിശ്ചയമായും ദിക്‌റാണ് നന്ദിയുടെ പ്രധാനഭാഗം. അല്ലാഹുവിനെ സ്മരിക്കാത്തയാള്‍ അല്ലാഹുവിന് നന്ദി കാണിച്ചിട്ടില്ല. ഇമാം ബൈഹക്വി സൈദ് ഇബ്‌നു അസ്‌ലമില്‍നിന്ന് നിവേദനം ചെയ്യുന്നു: ”മൂസാനബിൗ പറഞ്ഞു: ‘നീ എനിക്ക് ധാരാളം അനുഗ്രഹം ചെയ്തു തന്നു. അതിനാല്‍ നിനക്ക് ധാരാളമായി നന്ദിചെയ്യാനായി ഒരു മാര്‍ഗം നീ എനിക്ക് അറിയിച്ചുതരണേ.’ അല്ലാഹു പറഞ്ഞു: ‘നീ എന്നെ ധാരാളമായി ഓര്‍ക്കുക (ദിക്ര്‍ ചെയ്യുക). നീ എന്നെ ധാരാളമായി സ്മരിച്ചാല്‍  തീര്‍ച്ചയായും നീ എന്നോട് ധാരാളമായി നന്ദി ചെയ്തു. എന്നാല്‍ നീ വിസ്മരിച്ചാല്‍ തീര്‍ച്ചയായും നീ എന്നോട് നന്ദികേട് കാണിച്ചു” (ശുഅബുല്‍ ഈമാന്‍, ഇബ്‌നു അബീശൈബ ‘മുസ്വന്നഫി’ലും  ഇതുപോലൊരു റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നുണ്ട്; ഇബ്‌നുല്‍ മുബാറക് തന്റെ ‘അസ്സുഹ്ദി’ല്‍ സംക്ഷിപ്ത രൂപത്തിലും).

ഇമാം ബൈഹക്വി ‘ശുഅബുല്‍ ഈമാന്‍’ എന്ന ഗ്രന്ഥത്തില്‍തന്നെ അബ്ദുല്ലാഹിബ്‌നു സലാമില്‍നിന്ന് ഉദ്ധരിക്കുന്നു: ”മൂസാനബിൗ പറഞ്ഞു: ‘അല്ലാഹുവേ, നിനക്ക് അനുയോജ്യമായ വിധത്തില്‍ എങ്ങനെയാണ് നന്ദി ചെയ്യുക?’ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാല്‍ സദാസമയവും നിന്റെ നാവ് പച്ചപിടിച്ചുനില്‍ക്കട്ടെ എന്ന് അല്ലാഹു അദ്ദേഹത്തിന് ബോധനം നല്‍കി. മൂസാനബിൗ പറഞ്ഞു: ‘അല്ലാഹുവേ, നിന്നോടുള്ള ആദരവിനാല്‍ നിന്നെ ദിക്ര്‍ ചെയ്യാന്‍ മടിക്കുന്ന അവസ്ഥയിലാണ് ഞാന്‍ എങ്കിലോ?’ അല്ലാഹു ചോദിച്ചു: ‘അതെന്താണ്?’ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ വലിയ അശുദ്ധിയിലോ മലമൂത്രവിസര്‍ജന അവസ്ഥയിലോ മറ്റോ ആണെങ്കില്‍.’ അപ്പോള്‍ അല്ലാഹു പറഞ്ഞു: ‘അങ്ങനെയാണെങ്കില്‍ നീ ഇപ്രകാരം പറഞ്ഞുകൊള്ളുക: ‘അല്ലാഹുവേ, നിനക്കാണ് സര്‍വസ്തുതിയും. നീ എത്രയോ പരിശുദ്ധന്‍. മാലിന്യങ്ങളില്‍നിന്ന് എന്നെ നീ അകറ്റേണമേ. നീ എത്രയോ പരിശുദ്ധനാണ്. നിനക്കാണ് സര്‍വസ്തുതിയും. ബുദ്ധിമുട്ടുകളില്‍നിന്നും നീ എന്നെ കാക്കേണമേ” (ശുഅബുല്‍ ഈമാന്‍ 2:591).

ആഇശ(റ) പറയുന്നു: ”നബി ﷺ അല്ലാഹുവിനെ സദാസമയത്തും സ്മരിക്കാറുണ്ടായിരുന്നു” (മുസ്‌ലിം). ഇതില്‍ ഏതെങ്കിലും ഒരു അവസ്ഥയെ പ്രത്യേകം ഒഴിവാക്കിപ്പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. ശുദ്ധിയുള്ളപ്പോഴും ശുദ്ധിയില്ലാത്ത-വലിയ അശുദ്ധിയുടെ- സന്ദര്‍ഭത്തിലും നബി ﷺ റബ്ബിനെ സ്മരിക്കാറുണ്ടായിരുന്നു എന്നാണ് ഇത് അറിയിക്കുന്നത്. എന്നാല്‍ വിസര്‍ജനവേളയില്‍ നബി ﷺ യെ ഒരാളും കാണുകയോ നബിയില്‍നിന്ന് എന്തെങ്കിലും റിപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ മലമൂത്ര വിസര്‍ജനത്തിന് മുമ്പും ശേഷവും പ്രത്യേകമായ ദിക്‌റുകള്‍ അവിടുന്ന് സമുദായത്തിന് പഠിപ്പിച്ചിട്ടുണ്ട്. അത് ദിക്‌റിന്റെ മതിയായ പ്രാധാന്യത്തെയും പരിഗണനയെയുമാണ് അറിയിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ പോലും ദിക്ര്‍ ഉപേക്ഷിക്കുകയോ അതില്‍ വീഴ്ചവരുത്തുകയോ ചെയ്യരുത് എന്നാണ് താല്‍പര്യം. ഭാര്യാഭര്‍തൃബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും പ്രത്യേകമായ ദിക്‌റുകള്‍ സമുദായത്തെ പഠിപ്പിച്ചിട്ടുണ്ട്:

‘അല്ലാഹുവിന്റെ നാമത്തില്‍’ (ബിസ്മില്ലാഹി), ‘അല്ലാഹുവേ, ഞങ്ങളില്‍നിന്നും പിശാചിനെ നീ അകറ്റേണമേ’ (അല്ലാഹുമ്മ ജന്നിബ്‌നശ്ശൈത്വാന്‍), ‘ഞങ്ങള്‍ക്ക് നീ നല്‍കുന്നതില്‍നിന്നും പിശാചിനെ നീ അകറ്റേണമേ’ (വ ജന്നിബിശ്ശൈത്വാന മാ റസറക്വ്തനാ) (ബുഖാരി, മുസ്‌ലിം).

എന്നാല്‍ മലമൂത്ര വിസര്‍ജനം നടത്തിക്കൊണ്ടിരിക്കുമ്പോഴും ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴും മനസ്സില്‍ അല്ലാഹുവിനെ സ്മരിക്കുക എന്നത് അനഭിലഷണീയമായ കാര്യമൊന്നുമല്ല. പ്രത്യുത, സത്യവിശ്വാസിയുടെ മനസ്സില്‍ ആ സ്മരണ സദാ സമയവും ഉണ്ടാവേണ്ടതാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവനില്‍നിന്ന് തന്റെ മനസ്സിനെ തിരിച്ചുവിടുക എന്നത് അവന് സാധിക്കുകയില്ല. മാത്രവുമല്ല അങ്ങനെയുള്ളവനെ മറന്നുകളയാന്‍ മനസ്സിനോട് നിര്‍ബന്ധിക്കുകയാണെങ്കില്‍ അസാധ്യമായ ഒന്നിന് അയാളെ നിര്‍ബന്ധിക്കുകയാകുമത്. (തുടരും)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 21)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 21)

എങ്ങനെയാണ് അവന്റെ വചനങ്ങള്‍ അവസാനിക്കുക; അതിന് തുടക്കമോ ഒടുക്കമോ ഇല്ല എന്നിരിക്കെ? സൃഷ്ടികള്‍ക്കാകട്ടെ ഒരു തുടക്കവും ഒടുക്കവുമുണ്ട്. അപ്പോള്‍ അവയ്ക്ക് അന്ത്യവും നാശവും സ്വാഭാവികമാണ്. സൃഷ്ടി സൃഷ്ടിയെയല്ലാതെ സ്രഷ്ടാവിനെ എങ്ങനെയാണ് ഇല്ലാതാക്കുക?

അവന്‍ ആദ്യമേയുള്ളവനാണ്. അവനുമുമ്പ് യാതൊന്നുമില്ല. അവന്‍ അന്തിമനുമാണ്. അവനുശേഷം യാതൊന്നുമില്ല. അവന്‍ എല്ലാറ്റിനെയും അതിജയിക്കുന്നവനാണ്. അവന്റെ മീതെ യാതാന്നുമില്ല. അവന്‍ ഏറെ നിഗൂഢതയുള്ളവനാണ്. അവനെക്കാള്‍ നിഗൂഢതയുള്ള യാതൊന്നുമില്ല. (അതായത് സര്‍വതിന്റെയും അകവും പുറവും നിഗൂഢതയുമെല്ലാം അവന്‍ അറിയുന്നു. അവനെ പൂര്‍ണമായി അറിഞ്ഞ് ഉള്‍കൊള്ളാന്‍ സൃഷ്ടികള്‍ക്കാര്‍ക്കും കഴിയില്ല. അവന്റെ സൃഷ്ടികളിലൂടെയും പ്രവൃത്തികളിലൂടെയുമൊക്കയാണ് അവനെ മറ്റുള്ളവര്‍ക്ക് അറിയാന്‍ കഴിയുക എന്ന് സാരം-വിവര്‍ത്തകന്‍). അവന്‍ അത്യുന്നതനും അനുഗ്രഹപൂര്‍ണനുമാകുന്നു. സ്മരിക്കപ്പെടുവാന്‍ ഏറ്റവും കടപ്പെട്ടവനും അര്‍ഹനുമാണവന്‍. ആരാധിക്കപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍. സ്തുതിക്കപ്പെടാന്‍ ഏറ്റവും യോഗ്യതയുള്ളവന്‍. നന്ദിയര്‍പ്പിക്കാന്‍ ഏറ്റവും ബാധ്യതപ്പെട്ടവന്‍. തേടുന്നവരെ ഏറ്റവും നന്നായി സഹായിക്കുന്നവന്‍. തന്റെ അധീനതയിലുള്ളവരോട് ഏറ്റവുമധികം കനിവും ദയയുമുള്ളവന്‍. ചോദിക്കപ്പെടുന്നവരില്‍ ഏറ്റവും ഉദാരതയുള്ളവന്‍. കഴിവുണ്ടായിരിക്കെ ഏറ്റവുമധികം മാപ്പുനല്‍കുന്നവന്‍. ലക്ഷ്യമാക്കി ചെയ്യുന്നവരില്‍ ഏറ്റവും മാന്യനും അത്യുദാരനുമാണവന്‍. ശിക്ഷാനടപടി സ്വീകരിക്കുന്നവരില്‍ ഏറ്റവും നീതിമാനുമാണവന്‍.

അറിഞ്ഞുകൊണ്ടാണ് അവന്റെ വിധിയും തീരുമാനങ്ങളും. കഴിവുണ്ടായിരിക്കെയാണ് അവന്റെ വിട്ടുവീഴ്ചയും മാപ്പാക്കലും. അജയ്യതയോടെയും പ്രതാപത്തോടെയുമാണ് അവന്‍ പൊറുത്തുകൊടുക്കുന്നത്. അവന്‍ കൊടുക്കാതിരിക്കുന്നതും ചില യുക്തിരഹസ്യങ്ങളാലാണ്. അവന്റെ അടുപ്പവും രക്ഷയും അവന്റെ കാരുണ്യത്തിന്റെയും നന്മയുടെയും ഭാഗമാണ്.

”അടിയാറുകള്‍ക്ക് അവന്റെ പക്കല്‍ അനിവാര്യമായും കിട്ടേണ്ട യാതൊരു അവകാശവും യാതൊരു പ്രയത്‌നവും അവന്റെയടുക്കല്‍ പാഴായിപ്പോ()കുന്നതുമല്ല. അവര്‍ ശിക്ഷിക്കപ്പെടുന്നുവെങ്കില്‍ അത് അവന്റെ നീതിമൂലമാണ്. അതല്ല അവര്‍ക്ക് സുഖാസ്വാദനങ്ങള്‍ നല്‍കപ്പെടുകയാണെങ്കില്‍ അത് അവന്റെ ഔദാര്യത്താലുമാണ്. അവന്‍ അത്യുദാരനും അതിവിശാലതയുള്ളവനുമാണ്” (ഇബ്‌നുല്‍ ക്വയ്യിം(റഹി) തന്നെ തന്റെ ‘മദാരിജുസ്സാലികീന്‍,’ ‘അക്വ്‌സാമുല്‍ ക്വുര്‍ആന്‍,’ ‘ബദാഇഉല്‍ ഫവാഇദ്,’ ‘ത്വരീക്വുല്‍ ഹിജ്‌റതൈന്‍’ മുതലായ ഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചുള്ള പദ്യശകലങ്ങളാണിവ).

അവന്‍ യാതൊരു പങ്കുകാരനുമില്ലാത്ത രാജാധിരാജനാണ്. സമന്മാരില്ലാത്ത അതുല്യനാണ്. അതിജയിക്കാനാരുമില്ലാത്ത ധന്യനാണ്. സന്താനങ്ങളോ ഇണയോ ആവശ്യമില്ലാത്ത, സകലരുടെയും ആശ്രയമായിട്ടുള്ളവനും പരാശ്രയമുക്തനുമാണവന്‍. തുല്യരില്ലാത്ത അത്യുന്നതനാണ്. അവന്ന് പേരൊത്തവരായിട്ട് ആരുമില്ല. അവനല്ലാത്ത എല്ലാം നശിക്കുന്നതാണ്. അവന്റെ അധികാരമല്ലാത്ത സര്‍വ അധികാരങ്ങളും ആധിപത്യങ്ങളും അവസാനിക്കുന്നതാണ്. അവന്‍ നല്‍കുന്ന തണലല്ലാതെ സര്‍വ തണലുകളും നഷ്ടപ്പെടുന്നതാണ്. അവന്റെ ഔദാര്യമല്ലാത്ത മറ്റെല്ലാ ഔദാര്യവും നിലച്ചുപോകുന്നതാണ്.

അവന്റെ പ്രത്യേകമായ കാരുണ്യംകൊണ്ടും അനുഗ്രഹംകൊണ്ടുമാണ് അവനെ വഴിപ്പെട്ട് ജീവിക്കാന്‍ സാധിക്കുന്നത്. അവനെ ആരെങ്കിലും ധിക്കരിക്കുന്നത് അവന്റെ അറിവോടും അവന്റെ യുക്തിക്കനുസരിച്ചുമാണ്. അവന് വഴിപ്പെടുന്നവര്‍ക്ക് അവന്‍ കൃതജ്ഞത ചെയ്യുന്നു. അവനോട് അനുസരണക്കേട് കാണിക്കുന്നവര്‍ക്ക് അവന്‍ വിട്ടുവീഴ്ച ചെയ്യുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അവന്റെ പക്കല്‍ നിന്നുള്ള ഏതൊരു ശിക്ഷാനടപടിയും നീതിയുക്തമാണ്. അവനില്‍നിന്നുള്ള ഏതൊരു അനുഗ്രഹവും അവന്റെ ഔദാര്യമാണ്. ഏറ്റവും അടുത്ത സാക്ഷിയും ഏറ്റവും സമീപസ്ഥനായ സംരക്ഷകനുമാണവന്‍. മനുഷ്യര്‍ക്കു മുമ്പില്‍ അവനെ ഈ ലോകത്തുവെച്ച് കാണാത്തവിധം അവന്‍ മറയിട്ടിരിക്കുന്നു. അവരുടെ മൂര്‍ധാവുകളില്‍ അവന്‍ പിടിച്ചിരിക്കുന്നു. കര്‍മങ്ങളുടെ അനന്തരഫലങ്ങള്‍ രേഖപ്പെടുത്തുന്നു. ഓരോന്നിന്റെയും അവധി അവന്‍ നിശ്ചയിച്ചിരിക്കുന്നു. ഹൃദയങ്ങള്‍ അവനുവേണ്ടി ഒഴിഞ്ഞിരിക്കുന്നതാണ്. രഹസ്യങ്ങള്‍ അവന്റെയടുക്കല്‍ പരസ്യങ്ങളാണ്. അദൃശ്യങ്ങള്‍ അവന്റെ പക്കല്‍ ദൃശ്യങ്ങളാണ്. അനുഗ്രഹങ്ങള്‍ വര്‍ഷിക്കാനും ശിക്ഷ നല്‍കാനും അവന്റെ ഒരു വാക്ക് മതി.

മഹത്തായ ഈ ഗുണവിശേഷണങ്ങളുടെ പ്രകാശം ഏതെങ്കിലും ഹൃദയത്തില്‍ ഉദയം ചെയ്താല്‍ മറ്റെല്ലാ പ്രകാശങ്ങളും അതിന്റെ മുമ്പില്‍ നിഷ്പ്രഭമാവും. ഇതിന്റെ അപ്പുറത്തുള്ളത് ഒരാളുടെ മനസ്സിലും കോലപ്പെടുത്താനാവത്തതും വാചകങ്ങള്‍കൊണ്ട് അവതരിപ്പിക്കാന്‍ പറ്റാത്തതുമാണ്.

ചുരുക്കത്തില്‍, ദിക്ര്‍ മനുഷ്യന്റെ ഹൃദയത്തെയും മുഖത്തെയും അവയവങ്ങളെയും പ്രകാശിപ്പിക്കും. അത് ഒരു ദാസന്റെ ദുന്‍യാവിലെയും മരണാനന്തരമുള്ള ബര്‍സഖീലോകത്തെയും ശേഷമുള്ള പരലോകത്തെയും പ്രകാശമാണ്.

ഒരാളുടെ ഹൃദയത്തിലുള്ള ഈമാനിന്റെ പ്രകാശത്തിനനുസരിച്ച് അയാളുടെ വാക്കുകളും പ്രവൃത്തികളും പുറത്തേക്കുവരും. അവയ്ക്ക് ഈമാനിന്റെ പ്രകാശവും തെളിവും ഉണ്ടാകും. സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചിലരുടെ കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് കയറിപ്പോകുമ്പോള്‍ അത് സൂര്യന്റെ പ്രകാശം പോലെയായിരിക്കും. അപ്രകാരംതന്നെ അയാളുടെ ആത്മാവിന്റെ പ്രകാശവും. അത് അല്ലാഹുവിന്റെ അടുക്കല്‍ ചെന്നാല്‍ ഇതുപോലെയായിരിക്കും. അതേപോലെ നാളെ പരലോകത്ത് സ്വിറാത്ത് പാലത്തിലൂടെ കടന്നുപോകുമ്പോഴും അയാളുടെ മുമ്പില്‍ പ്രകാശമുണ്ടാകും. അന്ത്യനാളില്‍ അദ്ദേഹത്തിന്റെ മുഖത്തിന്റെ പ്രകാശവും ഇങ്ങനെയായിരിക്കും. അല്ലാഹുവിനോടാണ് സഹായം തേടാനുള്ളത്. അവനിലാണ് ഭരമേല്‍പിക്കുന്നത്.

 ‘ദിക്ര്‍’ കൊണ്ടുള്ള നേട്ടങ്ങളില്‍ മുപ്പത്തി ഏഴാമത്തേത്: നിശ്ചയം കാര്യങ്ങളില്‍വെച്ച് മുഖ്യമായത് ‘ദിക്ര്‍’ ആകുന്നു. എല്ലാ വിഭാഗത്തിന്റെയും മാര്‍ഗവും വിലായത്തിന്റെ ഖ്യാതിയും അതാണ്. അതിന്റെ വാതില്‍ ആര്‍ക്കെങ്കിലും തുറന്നുകിട്ടിയാല്‍ അല്ലാഹുവിന്റെ അടുക്കലേക്ക് കടന്നുചെല്ലാനുള്ള കവാടമാണ് അയാള്‍ക്ക് അതിലൂടെ തുറന്നുകിട്ടുന്നത്. അതിനാല്‍ അയാള്‍ ശുദ്ധിവരുത്തുകയും തന്റെ റബ്ബിന്റെ അടുക്കലേക്ക് കടന്നുചെല്ലുകയും ചെയ്യട്ടെ. അപ്പോള്‍ (അവന്റെയടുക്കല്‍) അയാള്‍ക്ക് ആഗ്രഹിച്ചതെല്ലാം കണ്ടെത്താന്‍ കഴിയും. റബ്ബിനെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ എല്ലാം നേടിയെടുക്കാന്‍ അയാള്‍ക്ക് സാധിക്കും. റബ്ബിനെ നഷ്ടപ്പെട്ടാല്‍ സര്‍വവും നഷ്ടപ്പെടുകയും ചെയ്യും.

മുപ്പത്തിയെട്ട്: നിശ്ചയം, ഹൃദയത്തില്‍ ഒരു വിടവും ഒരു ദാരിദ്ര്യവുമുണ്ട്. അല്ലാഹുവിനെ കുറിച്ചുള്ള ‘ദിക്ര്‍’കൊണ്ടല്ലാതെ അത് പരിഹരിക്കാന്‍ സാധിക്കുകയേ ഇല്ല. ഹൃദയത്തിന്റെ അടയാളമായി (ശിആര്‍) ‘ദിക്ര്‍’ മാറിയാല്‍ അതായത്, ഹൃദയംതൊട്ടുള്ള ദിക്‌റിന്റെ വക്താവായി അയാള്‍ മാറുകയും നാവ് അതിനെ അനുഗമിക്കുകയും ചെയ്താല്‍, അതാണ് പ്രസ്തുത വിടവ് നികത്തുന്നതും ദാരിദ്ര്യം ഇല്ലാതാക്കി ഐശ്വര്യം നല്‍കുന്നതുമായ ദിക്ര്‍. അപ്പോള്‍ അങ്ങനെയുള്ള ദിക്‌റിന്റെ വക്താവ് സമ്പത്തില്ലാതെതന്നെ സമ്പന്നനാകും. ബന്ധുക്കളില്ലെങ്കിലും അയാള്‍ പ്രതാപിയാകും. അധികാരമില്ലെങ്കിലും അയാളോട് മറ്റുള്ളവര്‍ക്ക് ബഹുമാനാദരവുകളുണ്ടാവും. എന്നാല്‍ അല്ലാഹുവിനെ കുറിച്ചുള്ള ദിക്‌റില്‍നിന്നകന്ന് അശ്രദ്ധനായി കഴിയുന്ന ആളാണെങ്കില്‍ നേരെ വിപരീതമായിരിക്കും അയാളുടെ സ്ഥിതി. ധാരാളം സ്വത്തുവകകളുണ്ടായിരുന്നാലും അയാള്‍ ദരിദ്രനായിരിക്കും. അധികാരമുള്ളതോടൊപ്പം നിന്ദ്യനും ബന്ധുമിത്രാദികളുടെ ബാഹുല്യമുണ്ടെങ്കിലും അന്തസ്സും പ്രതാപവും ഇല്ലാത്തവനുമായിരിക്കും അയാള്‍.

മുപ്പത്തി ഒമ്പത്: തീര്‍ച്ചയായും ദിക്ര്‍ ഛിന്നഭിന്നമായതിനെ കൂട്ടിയോജിപ്പിക്കുകയും വേറെചില കൂടിച്ചേരലുകളെ ഛിന്നഭിന്നമാക്കിക്കളയുകയും ചെയ്യും. അകന്നുനില്‍ക്കുന്ന ചിലതിനെ അടുപ്പിക്കുകയും അടുത്തുനില്‍ക്കുന്ന ചിലതിനെ അകറ്റിക്കളയുകയും ചെയ്യും. ഒരാളുടെ മനസ്സില്‍ ചിന്നിച്ചിതറിക്കിടക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങളെയും അഭിലാഷങ്ങളെയും തീരുമാനങ്ങളെയും അത് യോജിപ്പിക്കും. ഏറ്റവും വലിയ ദുരിതം എന്നു പറയുന്നത് അവയുടെ കുത്തഴിഞ്ഞ ഈ ചിതറിക്കിടക്കലാണ്. ശരിയായ ജീവിതവും സുഖാസ്വാദനവും ഹൃദയത്തിന്റെയും ഉന്നതാഭിലാഷങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയുമൊക്കെ കെട്ടുറപ്പിലും യോജിപ്പിലുമാണ്.

ഒരാളുടെ മുന്നില്‍ ഒത്തുകൂടിയ സങ്കടങ്ങെളയും ദുഃഖങ്ങളെയും ആഗ്രഹിച്ചതും കൊതിച്ചതുമൊക്കെ കിട്ടാതെപോയതിലുള്ള നഷ്ടങ്ങളെയും ഖേദങ്ങളെയും കുറിച്ചുള്ള അസ്വസ്ഥതകളെയുമെല്ലാം ‘ദിക്ര്‍’ തകര്‍ത്ത് ദൂരെക്കളയും.

അതേപോലെ തന്റെ ചുറ്റിലും ഒരുമിച്ചുകൂടിയ പാപങ്ങളെയും തെറ്റുകുറ്റങ്ങളെയുമെല്ലാം അയാളില്‍ നിന്ന് അത് തകര്‍ത്ത് ശിഥിലമാക്കും. അങ്ങനെ അവയെല്ലാം അയാളില്‍നിന്ന് കൊഴിഞ്ഞുവീണ് തകര്‍ന്ന് ഇല്ലാതായിത്തീരും. അപ്രകാരംതന്നെ അയാള്‍ക്കുനേരെ യുദ്ധം ചെയ്യാനൊരുങ്ങി സംഘടിച്ചെത്തിയ പിശാചിന്റെ സൈന്യത്തെ അത് തകര്‍ത്തെറിയും. ഇബ്‌ലീസ് തന്റെതായ ഓരോ സംഘത്തെയും ഒന്നിനു പിന്നാലെ മറ്റൊന്നായി പറഞ്ഞയച്ചുകൊണ്ടേയിരിക്കും. അല്ലാഹുവിനോട് ഏറ്റവും ശക്തമായി തേടിക്കൊണ്ടിരിക്കുകയും അവനെ ഏറ്റവും ശക്തമായി അവലംബിക്കുകയും ആശ്രയിക്കുകയും അവനുമായി ബന്ധം സുദൃഢമാക്കുകയും ചെയ്യുമ്പോള്‍ നന്മയുടെ വിഭവങ്ങള്‍ ഒരു അടിമയുടെ പക്കല്‍ കൂടുന്നതിനനനുസരിച്ച് ഇബ്‌ലീസിന്റെ സംഘങ്ങള്‍ അധികരിക്കുകയും ശക്തമാവുകയും ചെയ്യും. ഈ സംഘങ്ങളെയും സന്നാഹങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ നിരന്തരമുള്ള ദിക്‌റിനോളം ഫലപ്രദമായ മറ്റു വഴികളില്ല.

അകന്നുനില്‍ക്കുന്നതിനെ ‘ദിക്ര്‍’ അടുപ്പിക്കുമെന്ന് പറഞ്ഞത്; പിശാച് ഒരു അടിമയില്‍നിന്ന് അകറ്റി നിര്‍ത്തിക്കൊണ്ടിരിക്കുന്ന പരലോകചിന്തകളെയും മോഹങ്ങളെയും ദിക്ര്‍ അയാളിലേക്ക് അടുപ്പിച്ചുകൊണ്ടുവരുമെന്നതിനെ കുറിച്ചാണ്. ദിക്‌റുകള്‍കൊണ്ട് നാവും മനസ്സും നിരന്തരമായി നിറഞ്ഞുനില്‍ക്കുമ്പോള്‍ അയാള്‍ ആ സ്വര്‍ഗത്തിനടുത്തെത്തി അതില്‍ പ്രവേശിച്ചതുപോലെയായിരിക്കും. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ദുന്‍യാവ് വളരെ ചെറുതായിരിക്കും. പരലോകം അയാളുടെ ഹൃദയത്തില്‍ ഏറ്റവും വലുതാവുകയും ചെയ്യും.

അടുത്തതിനെ അകറ്റും എന്ന് പറഞ്ഞത് ദുന്‍യാവിനെ കുറിച്ചാണ്. പരലോകത്തെക്കാള്‍ ഒരാളോട് അടുത്തുള്ളത് ഇഹലോകമാണല്ലോ. ഒരാളുടെ ഹൃദയത്തോട് പരലോകചിന്ത എത്രകണ്ട് അടുക്കുന്നുവോ അത്രകണ്ട് ദുന്‍യാവിനെ കുറിച്ചുള്ള മോഹങ്ങള്‍ അകന്നുപോയിക്കൊണ്ടിരിക്കും. പരലോകത്തോടടുക്കുവാനും ദുന്‍യാവിനോടകലുവാനും നിരന്തരമായ ‘ദിക്ര്‍’ കൊണ്ടല്ലാതെ സാധിക്കുകയില്ല. അല്ലാഹുവാണ് സഹായിക്കേണ്ടവന്‍.

നാല്‍പത്: നിശ്ചയം, ദിക്ര്‍ ഹൃദയത്തെ അതിന്റെ ഉറക്കില്‍നിന്നും വിളിച്ചുണര്‍ത്തും. ആലസ്യത്തില്‍ നിന്നും തട്ടിയുണര്‍ത്തും. ഹൃദയം ഉറക്കത്തിലായാല്‍ കച്ചവടങ്ങളും ലാഭങ്ങളും ഇല്ലാതാവും. പിന്നെ മിക്കവാറും അയാള്‍ക്ക് നഷ്ടം തന്നെയായിരിക്കും ഉണ്ടാവുക. എന്നാല്‍ അയാള്‍ ഉണര്‍ന്നെണീറ്റ് തന്റെ ഉറക്കത്തിലൂടെ നഷ്ടമായതിനെ കുറിച്ച് തിരിച്ചറിഞ്ഞാല്‍ അരയും തലയും മുറുക്കി അയാള്‍ പരിശ്രമിക്കും. തന്റെ ശേഷിക്കുന്ന ആയുസ്സിനെ അയാള്‍ സജീവമാക്കും. തനിക്ക് നഷ്ടപ്പെട്ടത് വീണ്ടെടുക്കാന്‍ ശ്രമിക്കും. ദിക്ര്‍ കൊണ്ടല്ലാതെ പ്രസ്തുത ഉണര്‍വ്വും ഊര്‍ജവും ലഭിക്കുകയില്ല. ദിക്‌റില്‍നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധയാകട്ടെ അത് ഗാഢനിദ്രയാണ്. (തുടരും)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 20)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 20)

മലക്കുകളുടെ സൃഷ്ടിപ്പ് പ്രകാശത്താലായതിനാല്‍ അവരാണ് അല്ലാഹുവിന്റെ അടുക്കലേക്ക് കയറിപ്പോകുന്നത്. അപ്രകാരംതന്നെയാണ് സത്യവിശ്വാസികളുടെ ആത്മാക്കളും. അവരെ മലക്കുകള്‍ ഏറ്റെടുക്കുമ്പോള്‍ അല്ലാഹുവിന്റെ സമക്ഷത്തിങ്കലേക്ക് കയറിപ്പോകും. അങ്ങനെ ആകാശത്തിന്റെ ഓരോ കവാടങ്ങള്‍ അവര്‍ക്കുവേണ്ടി തുറന്നുകൊടുക്കും. ഏഴാനാകാശത്തില്‍ എത്തിക്കഴിഞ്ഞാല്‍ അല്ലാഹുവിന്റെ മുമ്പില്‍ നിറുത്തപ്പെടും. എന്നിട്ട് ‘ഇല്ലിയ്യീനി’ല്‍ അവരുടെ രേഖ കുറിക്കുവാന്‍ കല്‍പനയുണ്ടാകും.

ഈ ആത്മാവ് വിശുദ്ധവും വിമലീകരിക്കപ്പെട്ടതും പ്രകാശപൂരിതവുമായതിനാല്‍ മലക്കുകളോടൊപ്പം അല്ലാഹുവിന്റെ സവിധത്തിലേക്ക് കയറിപ്പോകും. എന്നാല്‍ ഇരുള്‍മുറ്റിയ, മ്ലേച്ഛവും ദുഷിച്ചതുമായ ആത്മാവിനാകട്ടെ ആകാശകവാടങ്ങള്‍ തുറന്നുകൊടുക്കുകയില്ല. അല്ലാഹുവിലേക്ക് കയറിപ്പോവുകയുമില്ല. മറിച്ച് ഒന്നാനാകാശത്തുവെച്ചുതന്നെ അതിനെ തിരസ്‌കരിക്കും. കാരണം അത് മേല്‍പറഞ്ഞ ആത്മാക്കളെപ്പോലെ ഔന്നത്യമുള്ളതല്ല; അധമത്വമുള്ളതാണ്. അപ്പോള്‍ ഓരോ ആത്മാവും അതിന്റെതായ പ്രകൃതത്തിലേക്കും അടിസ്ഥാനത്തിലേക്കും മടങ്ങും. ഇമാം അഹ്മദും അബൂഅവാനയും ഹാകിമും മറ്റും ഉദ്ധരിക്കുന്ന ബറാഇബ്‌നു ആസ്വിബി(റ)ന്റെ ദീര്‍ഘമായ ഒരു ഹദീഥിലൂടെ വിശദമാക്കപ്പെട്ട സംഗതിയാണിത്. പ്രസ്തുത ഹദീഥ് സ്വീകാര്യയോഗ്യമാണ്. ചുരുക്കത്തില്‍ പ്രകാശത്താലുള്ളവയല്ലാത്ത (വാക്കുകളോ പ്രവൃത്തികളോ ആത്മാക്കളോ) അല്ലാഹുവിന്റെയടുത്തേക്ക് കയറിപ്പോകുന്നതല്ല. സൃഷ്ടികളില്‍ ഏറ്റവും വലിയ പ്രകാശത്തിന്റെ ഉടമ അല്ലാഹുവിലേക്ക് ഏറ്റവും  അടുത്തതും ഏറ്റവും ആദരണീയനുമായിരിക്കും.

അബ്ദുല്ലാഹിബ്‌നു അംറ്(റ) നബി ﷺ യില്‍നിന്ന് ഉദ്ധരിക്കുന്നു: ”നിശ്ചയം അല്ലാഹു തന്റെ സൃഷ്ടികളെ ഒരുതരം ഇരുട്ടിലാണ് സൃഷ്ടിച്ചത്. എന്നിട്ട് അവരുടെമേല്‍ പ്രകാശം ഇട്ടുകൊടുത്തു. ആര്‍ക്കാണോ ആ പ്രകാശത്തില്‍നിന്ന് ലഭിച്ചത് അവര്‍ സന്മാര്‍ഗം പ്രാപിച്ചു. ആര്‍ക്കത് കിട്ടാതെപോയോ അവര്‍ വഴികേടിലായി.” അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: ”അതിനാല്‍ ഞാന്‍ പറയട്ടെ, അല്ലാഹുവിന്റെ മുന്‍കൂട്ടിയുള്ള അറിവിന്റെ അടിസ്ഥാനത്തില്‍ തീരുമാനമായി” (തിര്‍മുദി, അഹ്മദ്, ഇബ്‌നുഹിബ്ബാന്‍, ഹാകിം).

ഈ മഹത്തായ പ്രവാചകവചനം സത്യവിശ്വാസത്തിന്റെ അടിത്തറകളില്‍പെട്ട ഒരു അടിത്തറയാണ്. ഇതിലൂടെ ക്വദ്‌റിന്റെ (വിധിയുടെ) രഹസ്യങ്ങളുടെ വാതിലുകളും യുക്തിയും തുറന്നുകിട്ടും. അല്ലാഹുവാണ് ഉദവിയേകുന്നവന്‍.

അല്ലാഹു ഇട്ടുകൊടുത്ത ഈ പ്രകാശമാണ് അവര്‍ക്ക് ജീവസ്സുനല്‍കുകയും അവരെ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്തത്.  അങ്ങനെ പരിശുദ്ധ പ്രകൃതിക്ക് (ഫിത്വ്‌റത്ത്) അതില്‍നിന്നുള്ള വിഹിതം ലഭിച്ചു. പക്ഷേ, അത് പൂര്‍ണമായും അവര്‍ക്ക് സ്വതന്ത്രമായി ലഭിച്ചില്ല. അതിനാല്‍ അല്ലാഹു അവന്റെ ദൂതന്മാര്‍ക്ക് നല്‍കിയ ദിവ്യബോധന(വഹ്‌യ്)ത്തിലൂടെ അത് പൂര്‍ത്തീകരിച്ചു. അല്ലാഹു കൊടുത്ത ദിവ്യബോധനത്തിന്റെ പ്രകാശം നേരത്തെ നല്‍കപ്പെട്ട പ്രകാശത്തിന്റെ സഹായത്താല്‍ ശുദ്ധപ്രകൃതി കണ്ടെടുക്കുകയും ചെയ്തു. അങ്ങനെ വഹ്‌യിന്റെയും പ്രവാചകത്വത്തിന്റെയും പ്രകാശം ശുദ്ധപ്രകൃതിയുടെ പ്രകാശത്തിലേക്ക് ചേര്‍ന്നു. പ്രകാശത്തിനുമേല്‍ പ്രകാശം! അപ്പോള്‍ ഹൃദയങ്ങള്‍ അതുമുഖേന പ്രകാശിച്ചു. മുഖങ്ങള്‍ അതിലൂടെ പ്രശോഭിതമായി. ആത്മാവുകള്‍ക്ക് ജീവസ്സ് ലഭിക്കുകയും ചെയ്തു. അതിലൂടെ സര്‍വ അവയവങ്ങളും അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് കീഴ്‌പ്പെടുകയും ചെയ്തു. അങ്ങനെ ഹൃദയങ്ങള്‍ക്ക് അതുമുഖേന ജീവസ്സ് ലഭിക്കുകയും അവ ചൈതന്യവത്താവുകയും ചെയ്തു.

പിന്നീട് ആ പ്രകാശം അതിനെക്കാള്‍ മഹത്തരമായ മറ്റൊരു പ്രകാശത്തെ അറിയിച്ചുകൊടുത്തു. അതായത് ഉന്നതമായ വിശേഷണങ്ങളുടെ പ്രകാശം. മറ്റു പ്രകാശങ്ങളെല്ലാം അതിന്റെ മുന്നില്‍ നിഷ്പ്രഭമാകും. ഈമാനിന്റെ അകക്കണ്ണുകള്‍കൊണ്ടാണ് ആ പ്രകാശത്തെ കാണാനാവുക. കണ്ണുകൊണ്ട് കാണാവുന്ന വസ്തുക്കളെ നാം കണ്ണുകൊണ്ട് കാണുന്നപോലെ ഇത് ഹൃദയംകൊണ്ടാണ് കാണുന്നത്. ദൃഢബോധ്യത്തിന്റെ (യക്വീന്‍)  മേല്‍ക്കോയ്മകൊണ്ടും ഈമാനിന്റെ യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുന്നതുകൊണ്ടുമാണ് അത് സാധിക്കുന്നത്. അങ്ങനെ ആ അകക്കണ്ണുകൊണ്ട് (ക്വുര്‍ആനും സുന്നത്തും അറിയിച്ചതുപോലെ) അല്ലാഹുവിന്റെ സിംഹാസനത്തിലേക്കും (അര്‍ശ്) അവന്റെ ആരോഹണത്തിലേക്കും (ഇസ്തിവാഅ്) നോക്കിക്കാണുന്നത് പോലെയുണ്ടാകും.

സൃഷ്ടിയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുകയും കല്‍പിക്കുകയും വിരോധിക്കുകയും ചെയ്തുകൊണ്ടും, സൃഷ്ടിക്കുകയും അനുഗ്രഹങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ടും, വിധിക്കുകയും അത് നടപ്പില്‍വരുത്തുകയും ചെയ്തുകൊണ്ടും, ചിലര്‍ക്ക് അന്തസ്സും അഭിമാനവും നല്‍കുകയും മറ്റു ചിലരെ ഇകഴ്ത്തുകയും നിന്ദിക്കുകയും ചെയ്തുകൊണ്ടും, രാപകലുകളെ മാറ്റിമറിച്ചുകൊണ്ടും, ദിവസങ്ങളെ ജനങ്ങള്‍ക്കിയില്‍ ഊഴംവെച്ചുകൊണ്ട് മാറ്റിമറിക്കുന്ന, രാജ്യങ്ങളെ മാറ്റിമറിച്ച് ഒന്നിനെ കൊണ്ടുവരികയും മറ്റൊന്നിലെ ഇല്ലാതാക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ പ്രവൃത്തികൡലേക്ക് നോക്കിക്കാണുന്നപോലെയുണ്ടാകും.

മലക്കുകള്‍ അല്ലാഹുവിന്റെ കല്‍പനകളുമായി ഇറങ്ങിവരികയും കയറിപ്പോവുകയും ചെയ്യുന്നു. അവന്റെ കല്‍പനകളും നിര്‍ദേശങ്ങളും ഓരോ സമയത്തിനും സന്ദര്‍ഭത്തിനമനുസരിച്ച് വന്നുകൊണ്ടിരിക്കുകയും ചെയ്യും. അവന്റെ ഉദ്ദേശത്തിനും നിര്‍ദേശത്തിനുമനുസരിച്ച് അവ നടപ്പിലാവുകയും ചെയ്യുന്നതാണ്. അവന്‍ ഉദ്ദേശിക്കുന്നത് ഉദ്ദേശിക്കുന്നപോലെ അതിന്റെതായ സമയത്തിലും കോലത്തിലും യാതൊരുവിധ ഏറ്റവ്യത്യാസങ്ങളുമില്ലാതെ, ഒട്ടും താമസിക്കുകയോ നേരത്തെയാവുകയോ ചെയ്യാതെ യഥാവിധം സംഭവിക്കുന്നു. അവന്റെ കല്‍പനകളും അധികാരങ്ങളും ആകാശങ്ങളിലും ഭൂമിയിലും സര്‍വദിക്കുകളിലും നടപ്പിലാകുന്നു. ഭൂമിയിലും ഭൂമിക്കടിയിലും കടലിലും അന്തരീക്ഷത്തിലും എന്ന് വേണ്ട സര്‍വ ചരാചരങ്ങളിലും അതാണ് നടക്കുന്നത്. അവനാണ് അവയെ മാറ്റിമറിക്കുന്നതും നിയന്ത്രിക്കുന്നതും ഓരോന്നും പുതുതായി ഉണ്ടാക്കുന്നതും. അവയെ സംബന്ധിച്ചെല്ലാമുള്ള സൂക്ഷ്മവും വിശദവുമായ അറിവ് അവന്റെ പക്കലുണ്ട്. എല്ലാറ്റിനെയും അവന്‍ എണ്ണിത്തിട്ടപ്പെടുത്തിയിട്ടുണ്ട്. അവന്റെ കാരുണ്യവും യുക്തിയും എല്ലാറ്റിനെയും ഉള്‍ക്കൊണ്ടിരിക്കുന്നു. അവന്റെ കേള്‍വി എല്ലാ ശബ്ദങ്ങളെയും കേള്‍ക്കുന്നു. അവയില്‍ യാതൊന്നും അവന് വിട്ടുപോവുകയോ ആശയക്കുഴപ്പത്തിലാവുകയോ അവ്യക്തമാവുകയോ ഇല്ല. മറിച്ച് വ്യത്യസ്തങ്ങളായ ഭാഷകളിലുള്ള വിവിധങ്ങളായ ആവശ്യങ്ങള്‍ അവന്‍ കേട്ടുകൊണ്ടിരിക്കുന്നു. അത് അവന് യാതൊരു അസ്വസ്ഥതയും പ്രയാസവും സൃഷ്ടിക്കുന്നില്ല. ചോദ്യങ്ങളുടെ ആധിക്യം അവന് ഒരു പിഴവും വരുത്തുന്നില്ല. ആവശ്യക്കാരുടെ നിരന്തരമായ ചോദ്യങ്ങളും അപേക്ഷകളും അവന് യാതൊരു മടുപ്പും അരോചകത്വവുമുണ്ടാക്കുന്നില്ല.

അവന്റെ കാഴ്ച സര്‍വവസ്തുക്കളെയും വലയംചെയ്തിരിക്കുന്നു. കൂരാകൂരിരുട്ടില്‍ കറുത്തപാറയിലൂടെ അരിച്ചുനീങ്ങുന്ന കറുത്ത ഉറുമ്പുകളുടെ ചലനവും അവന്‍ കാണുന്നു. അദൃശ്യം അവന്റെ പക്കല്‍ ദൃശ്യമാണ്. രഹസ്യങ്ങള്‍ അവനെ സംബന്ധിച്ചിടത്തോളം പരസ്യങ്ങളാണ്. മറച്ചുവെക്കുന്നതും രഹസ്യമാക്കുന്നതുമെല്ലാം അവന്‍ അറിയുന്നു. ഒരാളുടെ മനസ്സില്‍ തോന്നുന്നതും ഒളിപ്പിക്കുന്നതും നാവിലൂടെ ഉരിയാടാത്തതുമായ രഹസ്യങ്ങള്‍ (സിര്‍റുകള്‍) അവന്‍ അറിയും. അതിനെക്കാള്‍ ഗോപ്യമായ, മനസ്സിലിതുവരെ തോന്നുകപോലും ചെയ്യാത്ത കാര്യങ്ങള്‍ -ഇന്നിന്ന കാര്യങ്ങള്‍ ഇന്നാലിന്ന സമയത്ത്അവരുടെ മനസ്സില്‍ തോന്നും എന്നതടക്കം- അവന്‍ അറിയുന്നു.

അവന്നാണ് സൃഷ്ടിപ്പും കല്‍പനാധികാരവും.അവന്നാകുന്നു സര്‍വാധിപത്യവും സര്‍വ സ്തുതികളും. അവന്റെതാണ് ഈ ലോകവും പരലോകവും. സര്‍വ അനുഗ്രഹങ്ങളും ശ്രേഷ്ഠതകളും അവന്റെതാകുന്നു. അവനുള്ളതാണ് ഏറ്റവും നല്ല കീര്‍ത്തനങ്ങള്‍. അവന്നാകുന്നു സര്‍വതിന്റെയും ഉടമസ്ഥതയും ആധിപത്യവും. എല്ലാവിധ സ്തുതികീര്‍ത്തനങ്ങളും അവന് അവകാശപ്പെട്ടതാണ്. അവന്റെ കൈയിലാണ് സര്‍വ നന്മകളും. എല്ലാ കാര്യങ്ങളും മടങ്ങുന്നത് അവന്റെയടുക്കലേക്കാണ്. അവന്റെ ശക്തിമാഹാത്മ്യങ്ങള്‍ എല്ലാറ്റിനെയും ഉള്‍ക്കൊണ്ടിരിക്കുന്നു. അവന്റെ കാരുണ്യം എല്ലാറ്റിനെയും വലയം ചെയ്തിരിക്കുന്നു. ജീവനുള്ള എല്ലാറ്റിലും അവന്റെ അനുഗ്രഹം വിശാലമായിരിക്കുന്നു. ക്വുര്‍ആന്‍ പറയുന്നു: ”ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു” (55:29).

അവന്‍ പാപം പൊറുക്കുന്നു. സങ്കടം നീക്കുന്നു. ദുരിതമകറ്റുന്നു പ്രയാസങ്ങള്‍ പരിഹരിക്കുന്നു. ദരിദ്രനെ ധനികനാക്കുന്നു. അറിവില്ലാത്തവന് അറിവു നല്‍കുന്നു. വഴിതെറ്റി ഉഴറുന്നവന് വഴികാണിക്കുന്നു. വഴികേടിലകപ്പെട്ടവനെ സന്മാര്‍ഗത്തിലാക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നു, ആശ്വാസം നല്‍കുന്നു. വിശക്കുന്നവരുടെ വയറുനിറക്കുന്നു. വസ്ത്രമില്ലാത്തവരെ വസ്ത്രം ധരിപ്പിക്കുന്നു. രോഗിക്ക് ശമനം നല്‍കുന്നു. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം അവന്‍ സ്വീകരിക്കുന്നു. നന്മചെയ്യുന്നവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കുന്നു. മര്‍ദിതനെ സഹായിക്കുന്നു. ധിക്കാരികളെ അടക്കിനിര്‍ത്തുന്നു. വീഴ്ചകള്‍ പൊറുക്കുന്നു. ന്യൂനതകള്‍ മറച്ചുവെക്കുന്നു. ഭീതിതര്‍ക്ക് നിര്‍ഭയത്വം നല്‍കുന്നു. ചിലര്‍ക്ക് അവന്‍ പദവികളുയര്‍ത്തുകയും ചിലരുടെ പദവികള്‍ താഴ്ത്തുകയും ചെയ്യുന്നു.

അവന്ന് ഉറക്കമില്ല. ഉറക്കമെന്നത് അവന് ചേര്‍ന്നതല്ല. അവന്‍ നീതി നടപ്പിലാക്കുന്നു. രാത്രിയിലെ കര്‍മങ്ങള്‍ പകലിനു മുമ്പായും പകലിലെ പ്രവൃത്തികള്‍ രാത്രിക്കുമുമ്പായും അവനിലേക്ക് ഉയര്‍ത്തപ്പെടുന്നു. അവന്റെ മറ പ്രകാശമാകുന്നു. ആ മറ നീക്കിയാല്‍ അവന്റെ തിരുമുഖത്തിന്റെ ഒളി കണ്ണെത്തും ദൂരത്തുള്ള സര്‍വ സൃഷ്ടികളെയും കരിച്ചുകളയുന്നതാണ്.

അവന്റെ കൈകള്‍ നിറഞ്ഞതാണ്. ചെലവഴിക്കുന്നതുകൊണ്ട് അതില്‍ കുറവുവരുന്നില്ല. രാപകലുകള്‍ ഭേദമന്യെ ഔദാര്യം ചെയ്യുന്ന അത്യുദാരനാണവന്‍. സൃഷ്ടികളെ സൃഷ്ടിച്ചതുമുതല്‍ അവന്‍ നല്‍കിക്കൊണ്ടിരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? എന്നിട്ടും അവന്റെ കൈകളിലുള്ളത് തീര്‍ന്നുപോയിട്ടില്ല.

അടിമകളുടെ ഹൃദയങ്ങളും അവരുടെ മൂര്‍ധാവുകളും അവന്റെ കയ്യിലാണ്. കാര്യങ്ങളുടെ കടിഞ്ഞാണുകള്‍ അവന്റെ ക്വദാക്വദ്‌റുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അന്ത്യദിനത്തില്‍ ഭൂമിമുഴുവന്‍ അവന്റെ പിടുത്തത്തിലായിരിക്കും. ആകാശങ്ങളും അവന്റെ കയ്യില്‍ ചുരുട്ടിപ്പിടിക്കും. ആകാശങ്ങളെയെല്ലാം ഒരു കയ്യിലും ഭൂമിയെ ഒരു കയ്യിലുമായി അവന്‍ പിടിക്കും. എന്നിട്ട് അവയെ കുലുക്കിക്കൊണ്ട് അവന്‍ പറയും: ”ഞാനാണ് രാജാധിരാജന്‍. ഞാനാണ് യഥാര്‍ഥ ഉടമസ്ഥന്‍. ഞാനാണ് ഈ ലോകത്തെ ഉണ്ടാക്കിയത്. അത് ഒന്നുമെ ആയിരുന്നില്ല. ഞാനാണ് അതിനെ ആദ്യത്തേതുപോലെ പുനഃസൃഷ്ടിക്കുന്നതും.”

ഏത് പാപം പൊറുക്കാനും അവന് പ്രയാസമില്ല. ഏത് ആവശ്യം അവനോടു ചോദിച്ചാലും അത് നല്‍കാനും അവന് ബുദ്ധിമുട്ടില്ല.

ആകാശ ഭൂമികളിലെ സര്‍വരും ആദ്യ സൃഷ്ടി മുതല്‍ അവസാന സൃഷ്ടിവരെ എല്ലാവരും മനുഷ്യരും ജിന്നുവര്‍ഗവും ആസകലം അവരില്‍ ഏറ്റവും ഭക്തനായ ഒരാളുടെ മനസ്സുപോലെ ആയിരുന്നാലും അത് അവന്റെ ആധിപത്യത്തില്‍ യാതൊരു വര്‍ധനവുമുണ്ടാക്കുകയില്ല.

ഇനി എല്ലാവരും, അതായത് ആദ്യത്തെയാള്‍ മുതല്‍ അവസാനത്തെയാള്‍വരെയും ജിന്നുകളുമെല്ലാം ഏറ്റവും ദുര്‍മാര്‍ഗിയായ ഒരാളുടെ മനസ്സുപോലെ ആയിരുന്നാലും അത് അവന്റെ ആധിപത്യത്തില്‍നിന്ന് യാതൊരു കുറവും വരുത്തുകയില്ല.

ആകാശഭൂമികളിലെ സര്‍വരും മനുഷ്യരും ജിന്നുകളും അവരില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും എല്ലാവരും ഒരു സ്ഥലത്ത് അണിനിരന്നുകൊണ്ട് അവനോട് അവരുടെ ആവശ്യങ്ങള്‍ ചോദിക്കുകയും അവര്‍ക്കോരോരുത്തര്‍ക്കും അവര്‍ ചോദിച്ചതെല്ലാം നല്‍കുകയും ചെയ്താലും അവന്റെ പക്കലുള്ളതില്‍നിന്നും ഒരു അണുമണിത്തൂക്കം പോലും അത് കുറവു വരുത്തുകയില്ല.

ദുനിയാവ് ഉണ്ടായതുമതല്‍ അത് അവസാനിക്കുന്നതുവരെയുള്ള, ഭൂമിയിലെ മരങ്ങളെല്ലാം പേനകളും സമുദ്രങ്ങള്‍ക്കു പുറമെ വേറെയും ഏഴു സമുദ്രങ്ങള്‍ മഷിയായി എടുക്കുകയും എന്നിട്ട് ആ പേനകള്‍കൊണ്ടും മഷികൊണ്ടും എഴുതുകയും ചെയ്താല്‍ പേനകള്‍ നശിക്കുകയും മഷിതീരുകയും ചെയ്യുമെന്നല്ലാതെ അത്യുന്നതനും അനുഗ്രഹപൂര്‍ണനുമായ അല്ലാഹുവിന്റെ വചനങ്ങള്‍ തീരുകയില്ല.

(തുടരും)

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 19)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 19)

ഇബ്‌നു അബ്ബാസി(റ)ന്റെ ഫത്‌വകളും ക്വുര്‍ആന്‍ വിവരണവും തെളിവുനിര്‍ദ്ധാരണവുമെല്ലാം അബൂഹുറയ്‌റ(റ)യുടെ ഫത്‌വകളും ക്വുര്‍ആന്‍ വിവരണവുമായി തട്ടിച്ചുനോക്കുമ്പോള്‍ എന്തൊരു അന്തരമാണ്! അബൂഹുറയ്‌റ(റ) അദ്ദേഹത്തെക്കാള്‍ മനഃപാഠമുള്ള വ്യക്തിയാണ്. അല്ല, സമുദായത്തിലെ തന്നെ ഏറ്റവും മനഃപാഠമുള്ള വ്യക്തി എന്നു വേണമെങ്കില്‍ പറയാം. ഹദീഥുകള്‍ കേട്ടതുപോലെ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുന്ന, രാപകലുകള്‍ ഭേദമന്യെ അത് പഠിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് അബൂഹുറയ്‌റ(റ). അദ്ദേഹത്തിന്റെ മുഖ്യശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് മനഃപാഠമാക്കലിലും താന്‍ കേട്ടുപഠിച്ചത് മാറ്റങ്ങളില്ലാതെ മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുക എന്നതിലുമായിരുന്നു. എന്നാല്‍ ഇബ്‌നു അബ്ബാസ്(റ) തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചതാവട്ടെ ആഴത്തിലുള്ള ഗ്രാഹ്യതയിലും തെളിവുകള്‍ മനസ്സിലാക്കുന്നതിലും പ്രമാണങ്ങളെ കീറിമുറിച്ച് വിജ്ഞാനത്തിന്റെ നദികളൊഴുക്കുന്നതിലും അതിലെ വൈജ്ഞാനിക നിധിശേഖരങ്ങള്‍ പുറത്തെടുക്കുന്നതിലുമൊക്കെയായിരുന്നു.

അദ്ദേഹത്തിന് ശേഷമുള്ള പണ്ഡിതന്മാരെ നോക്കിയാലും ഇപ്രകാരം രണ്ടു വിഭാഗമായിരുന്നു എന്ന് കാണാവുന്നതാണ്. ഒരുവിഭാഗം പ്രമാണങ്ങള്‍ ഹൃദിസ്ഥമാക്കുന്നതിലും അതിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിലും ശ്രദ്ധിച്ചിരുന്നവര്‍. അതിനപ്പുറം തെളിവുകള്‍ നിര്‍ദ്ധരിക്കുന്നതിലും വൈജ്ഞാനിക നിധിഖേരങ്ങള്‍ പുറത്തെടുക്കുന്നതിലും അവര്‍ കാര്യമായി ശ്രദ്ധയൂന്നിയിരുന്നില്ല. മറ്റേ വിഭാഗമാകട്ടെ മതവിധികള്‍ ഗ്രഹിക്കുന്നതിലും പ്രമാണങ്ങളില്‍നിന്ന് തെളിവുകളും ന്യായങ്ങളും ഗ്രഹിക്കുന്നതിലും ശ്രദ്ധയൂന്നിയവരായിരുന്നു. ഒന്നാമത്തെ വിഭാഗത്തിലാണ് അബൂസര്‍അ, അബൂഹാതിം ഇബ്‌നുവാറ(റഹി) പോലെയുള്ളവര്‍. അവര്‍ക്കുമുമ്പ് ബുന്‍ദാര്‍ മുഹമ്മദുബ്‌നു ബശ്ശാര്‍, അംറുന്നാക്വിദ്, അംറുബ്‌നു യസാര്‍(റഹി) പോലുള്ളവരും. അവര്‍ക്കു മുമ്പ് മുഹമ്മദുബ്‌നു ജഅ്ഫര്‍ ഗുന്‍ദര്‍, സഈദുബ്‌നു അബീ അറൂബ(റഹി) പോലുള്ളവരും. ഇവരൊക്കെ മനഃപാഠമാക്കുന്നവതില്‍ ശ്രദ്ധയൂന്നിയവരായിരുന്നു.

രണ്ടാമത്തെ വിഭാഗം ഇമാം മാലിക്, ലൈഥ്, സുഫ്‌യാന്‍, ഇബ്‌നുല്‍മുബാറക്, ശാഫിഈ, ഔസാഈ, ഇസ്ഹാക്വ്, അഹ്മദുബ്‌നു ഹമ്പല്‍, ബുഖാരി, അബൂദാവൂദ്, മുഹമ്മദുബ്‌നു നസ്വ്ര്‍ അല്‍മര്‍വസി(റഹി) പോലുള്ള, മതവിധികള്‍ കണ്ടെത്താനും തെളിവുകള്‍ നിര്‍ദ്ധരിക്കാനുമൊക്കെ കൂടുതല്‍ ശ്രദ്ധിച്ച മഹത്തുക്കളാണ്.

ഈ രണ്ടുവിഭാഗവുമാണ് അല്ലാഹു അവന്റെ തിരുദൂതരെ നിയോഗിച്ചയച്ച സന്മാര്‍ഗംകൊണ്ട് ഏറ്റവും വലിയ വിജയംകൊയ്തവര്‍. അതായത് അവരത് പൂര്‍ണമായി സ്വീകരിക്കുകയും അതിനെ കാര്യമായി ഗ്രഹിക്കുകയും ചെയ്തു.

എന്നാല്‍ മൂന്നാമതൊരു വിഭാഗമുണ്ട്. അവരാണ് സൃഷ്ടികളില്‍ ഏറ്റവും ഹതഭാഗ്യര്‍. അതായത് അല്ലാഹുവിന്റെ സന്മാര്‍ഗത്തെ സ്വീകരിക്കാനോ അതിന് ശ്രദ്ധകൊടുക്കുവാനോ തയ്യാറാകാതിരുന്നവര്‍. മനഃപാഠമോ ഗ്രാഹ്യതയോ മതം പഠിക്കലോ ഇല്ലാത്ത, മറ്റുള്ളവരിലേക്ക് അത് പകര്‍ന്നുകൊടുക്കുകയോ അതിനെ ശ്രദ്ധിക്കുകയോ ഒന്നും ചെയ്യാത്തവര്‍.

ഹദീഥില്‍ പറയപ്പെട്ട മൂന്നു വിഭാഗക്കാരില്‍ ഒന്നാമത്തേത് പ്രമാണങ്ങള്‍ ആഴത്തില്‍ ഗ്രഹിച്ചവരും അതിനെ കാര്യമായി ശ്രദ്ധിച്ചവരും മറ്റുള്ളവരിലക്ക് അത് എത്തിക്കുവാന്‍ ശ്രമിച്ചവരുമാണ്.

രണ്ടാമത്തെ വിഭാഗം, പ്രമാണങ്ങളെ ശ്രദ്ധിച്ചവരും അത് മറ്റുള്ളവരിലേക്ക് കൈമാറിയവരുമാണ്. അവര്‍ക്ക് മതനിയമങ്ങളെ സംബന്ധിച്ചുള്ള ഗ്രാഹ്യതയും പാണ്ഡിത്യവുമുണ്ട്. എന്നാല്‍ അതിനെക്കാള്‍ മനഃപാഠമാക്കുന്ന കാര്യത്തിലായിരുന്നു അവരുടെ കൂടുതല്‍ ശ്രദ്ധ.

മൂന്നാമത്ത വിഭാഗം ഹതഭാഗ്യരാണ്. അവര്‍ക്ക് മതജ്ഞാനവും ഗ്രാഹ്യതയും അത് മനഃപാഠമാക്കലും ഒന്നുമില്ല. ”അവര്‍ നാല്‍ക്കാലികളെ പോലെയാണ്, അല്ല അതിനെക്കാള്‍ വഴിപിഴച്ചവരാണ്” (ക്വുര്‍ആന്‍ 25:44).

അവരാണ് ഭൂമിക്ക് ഭാരമായവര്‍. സുഖഭോഗങ്ങളില്‍ മാത്രമാണ് അവരുടെ ശ്രദ്ധ. ഉദരപൂരണവും ലൈംഗികാസ്വാദനവും കഴിഞ്ഞാല്‍ വസ്ത്രങ്ങളിലും അലങ്കാരങ്ങളിലുമാണ് അവരുടെ ശ്രദ്ധ. അതു കഴിഞ്ഞാല്‍ വീടും തോട്ടവും വാഹനവും. അതിനുമപ്പുറം പോയാല്‍ നേതൃമോഹവും സ്വേച്ഛാധിപത്യവും. അതായത് നായ്ക്കളുടെയും വന്യജീവികളുടെയും മനസ്സ്. മലക്കുകളുടെ മാനസികാവസ്ഥ അവരിലൊരാള്‍ക്കും ഉണ്ടാകില്ല.

ചുരുക്കത്തില്‍, മനസ്സുകള്‍ അഥവാ മനോഗതികള്‍ മൂന്നുവിധമാണ്. നായകളുടെതും വന്യജീവികളുടെതും മലക്കുകളുടെതും. നായ്ക്കളുടെത് എല്ലിന്‍കഷ്ണങ്ങള്‍കൊണ്ടും ശവങ്ങള്‍കൊണ്ടും മാലിന്യങ്ങള്‍കൊണ്ടുമൊക്കെ തൃപ്തിയടയന്നവ. എന്നാല്‍ വന്യജീവികളുടെത് അവകൊണ്ട് തൃപ്തിപ്പെടുകയില്ല. പ്രത്യുത മറ്റുള്ളവരെ അടക്കിഭരിക്കലും ന്യായാന്യായഭേദമില്ലാതെ ഏതുവിധത്തിലായാലും അവരുടെമേല്‍ ആധിപത്യം നേടലുമൊക്കെയാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ മലക്കുകളുടെത് ഇതില്‍നിന്നെല്ലാം ഔന്നത്യം നേടിയതാണ്. അവരുടെ ശ്രദ്ധ പടച്ചവനും പരലോകവും വിശ്വാസവും വിജ്ഞാനവും അല്ലാഹുവിനോടള്ള സ്‌നേഹവും അവനിലേക്കുള്ള ഖേദപ്രകടനവും അവനില്‍ ശാന്തി കണ്ടെത്തലും അവനിലേക്ക് സമാധാനമടയലും അവന്റെ ഇഷ്ടങ്ങള്‍ക്കും തൃപ്തികള്‍ക്കും പ്രാമുഖ്യം നല്‍കലുമൊക്കെയാണ്. ഇഹലോകത്തില്‍നിന്ന് അവര്‍ക്കുവേണ്ടത് സ്രഷ്ടാവും രക്ഷിതാവും ഉടമസ്ഥനുമായ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കുവാനാവശ്യമായത് മാത്രമാണ്. അല്ലാതെ ഐഹികസുഖങ്ങളില്‍ ഇഴുകിച്ചേരാന്‍ അവര്‍ക്ക് താല്‍പര്യമില്ല.

പിന്നീട് അല്ലാഹു മറ്റൊരു ഉപമ വിശദീകരിച്ചിരിക്കുന്നു. അത് തീയിന്റെ ഉപമയാണ്. അല്ലാഹു പറയുന്നു:

”…വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. അതു പോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു” (ക്വുര്‍ആന്‍ 13:17).

‘വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു.’ അതായത് ചെമ്പ്, ഇരുമ്പ്, വെള്ളി, സ്വര്‍ണം പോലെയുള്ള ലോഹങ്ങള്‍ പരിശോധിച്ച് ഗുണമേന്മഉറപ്പുവരുത്താനും അവയിലെ അഴുക്കുകള്‍ നീക്കംചെയ്യാനും വേണ്ടി തീയില്‍ പ്രവേശിപ്പിക്കുന്നു. അപ്പോള്‍ അവയിലെ അഴുക്കുകള്‍ പുറന്തള്ളപ്പെടുകയും ശുദ്ധമായ ലോഹം അവശേഷിക്കുകയും ചെയ്യും. അതാണ് ജനങ്ങള്‍ക്ക് ഉപകരിക്കുന്നത്.

ഈ രണ്ട് ഉപമകളും വിശദീകരിക്കുമ്പോള്‍ അല്ലാഹുവിന് ഉത്തരം ചെയ്യുകയും സന്മാര്‍ഗത്തിലേക്ക് ശ്രദ്ധകൊടുക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചും അവന് ഉത്തരം ചെയ്യാത്തവരും അവന്റെ സന്മാര്‍ഗത്തിന് ശ്രദ്ധകൊടുക്കാത്തവരുമായ ആളുകളെ സംബന്ധിച്ചും അല്ലാഹു പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:

”തങ്ങളുടെ രക്ഷിതാവിന്റെ ആഹ്വാനം സ്വീകരിച്ചവര്‍ക്കാണ് ഏറ്റവും ഉത്തമമായ പ്രതിഫലമുള്ളത്. അവന്റെ ആഹ്വാനം സ്വീകരിക്കാത്തവരാകട്ടെ ഭൂമിയിലുള്ളത് മുഴുവനും, അതോടൊപ്പം അത്രയും കൂടിയും അവര്‍ക്ക് ഉണ്ടായിരുന്നാല്‍ പോലും (തങ്ങളുടെ രക്ഷയ്ക്കു വേണ്ടി) അതൊക്കെയും അവര്‍ പ്രായച്ഛിത്തമായി നല്‍കുമായിരുന്നു. അവര്‍ക്കാണ് കടുത്ത വിചാരണയുള്ളത്. അവരുടെ സങ്കേതം നരകമത്രെ. ആ വാസസ്ഥലം എത്ര മോശം!” (ക്വുര്‍ആന്‍ 13:18).

ചുരുക്കത്തില്‍ അല്ലാഹു ജീവസ്സ് നിശ്ചയിച്ചിട്ടുള്ളത് പ്രകാശമുള്ളിടത്താണ്. നിര്‍ജീവതയാകട്ടെ ഇരുട്ടത്തും. അതിനാല്‍ ആത്മാവിന്റെയും ജഡത്തിന്റെയും (ശരീരത്തിന്റെയും) ജീവന്‍ പ്രകാശമാണ്. അത് വെളിച്ചത്തിന്റെതെന്നപോലെ ജീവന്റെയും പ്രധാന ഘടകമാണ്. അതില്ലാതെ വെളിച്ചമുണ്ടാകില്ല എന്നപോലെത്തന്നെ അതിന്റെ അഭാവത്തില്‍ ജീവനുമുണ്ടാകില്ല. അതുമൂലമാണ് ഹൃദയം ജീവസ്സുറ്റതാകുന്നതും അതിന് വിശാലതയും ആശ്വാസവും കിട്ടുന്നതും. നബി ﷺ പറഞ്ഞതായി തിര്‍മുദി ഉദ്ധരിക്കുന്നതും അതാണല്ലോ: ‘പ്രകാശം ഹൃദയത്തില്‍ പ്രവേശിച്ചാല്‍ അതിന് വിശാലതയും ആശ്വാസവും കൈവരുന്നു.’ അനുചരര്‍ ചോദിച്ചു: ‘അതിനുള്ള അടയാളമെന്താണ്?’ നബി ﷺ പറഞ്ഞു: ‘ശാശ്വതമായ പരലോകത്തേക്കുള്ള മടക്കബോധവും വഞ്ചനയുടെ ഐഹികജീവിതത്തില്‍നിന്നുള്ള അകല്‍ച്ചയും മരണം വന്നെത്തുന്നതിനു മുമ്പേ അതിനായി തയ്യാറെടുക്കലുമാണ്.’

(ഇമാം തിര്‍മുദിയുടെ ‘ജാമിഇ’ല്‍ ഇപ്രകാരം ഒരു ഹദീഥ് കാണാന്‍ സാധിച്ചിട്ടില്ല. ഇബ്‌നുല്‍ ക്വയ്യിം(റഹി) അല്ലാത്ത ആരെങ്കിലും ഈ റിപ്പോര്‍ട്ട് തിര്‍മുദിയിലേക്ക് ചേര്‍ത്തുപറഞ്ഞതും കണ്ടിട്ടില്ല. ഇബ്‌നുല്‍മുബാറക് തന്റെ ‘സുഹ്ദി’ലും അബ്ദര്‍റസാക്വ് തന്റെ ‘തഫ്‌സീറി’ലും സഈദുബ്‌നു മന്‍സൂര്‍ ‘സുനനി’ലും ഹാകിം ‘മുസ്തദ്‌റകി’ലും ഇത് റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്- കുറിപ്പുകാരന്‍).

ഒരു അടിമയുടെ പ്രകാശമാണ് അദ്ദേഹത്തിന്റെ കര്‍മങ്ങളെയും വാക്കുകളെയും അല്ലാഹുവിലേക്ക് കയറ്റിക്കൊണ്ടുപോകുന്നത്. അല്ലാഹുവിലേക്ക് വിശിഷ്ടമായ വനചങ്ങളല്ലാതെ കയറിപ്പോവുകയില്ല. അത് പ്രകാശമാണ്. അതിന്റെ ഉത്ഭവവും പ്രകാശമാണ്. കര്‍മങ്ങളില്‍നിന്നും സല്‍കര്‍മങ്ങളല്ലാതെയും ആത്മാക്കളുടെ കൂട്ടത്തില്‍ വിശുദ്ധമായവയുമല്ലാതെ അവനിലേക്ക് കയറിപ്പോവുകയില്ല. അതായത്, അല്ലാഹു തന്റെ തിരുദൂതര്‍ക്ക് ഇറക്കിക്കൊടുത്ത പ്രകാശത്താല്‍ പ്രശോഭിതമായ സത്യവിശ്വാസികളുടെ ആത്മാക്കളാണത്. അപ്രകാരംതന്നെ പ്രകാശത്താല്‍ പടക്കപ്പെട്ട മലക്കുകളും.

ആഇശ(റ) നബി ﷺ യില്‍നിന്നും ഉദ്ധരിക്കുന്നു: ”മലക്കുകള്‍ പ്രകാശത്താല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പിശാചുക്കളാകട്ടെ തീയില്‍നിന്നുമാണ് പടക്കപ്പെട്ടത്. ആദം ആകട്ടെ നിങ്ങള്‍ക്ക് വിവരിക്കപ്പെട്ടതില്‍നിന്നും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു”(മുസ്‌ലിം).

(അവസാനിച്ചില്ല)

ശമീര്‍ മദീനി

നേർപഥം