ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 13)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 13)

അല്ലാഹു പറയുന്നു: ”അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായനിലയിലോ അല്ലാഹുവെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക. മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ എന്ന്. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല” (2:200)

ഇവിടെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയെ (ദിക്‌റിനെ) ശക്തവും ധാരാളവും എന്നിങ്ങനെ പ്രത്യേകം പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ഒരു അടിമക്ക് അത് അത്രമാത്രം അത്യാവശ്യമാണ് എന്നതുകൊണ്ടും അതില്ലാതെ കണ്ണ് ഇമവെട്ടുന്ന സമയം പോലും ധന്യമാവാന്‍ അവന് സാധ്യമല്ല എന്നതുകൊണ്ടുമാണത്. ഏതൊരു നിമിഷമാണോ ഒരു അടിമക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍ (ദിക്‌റില്‍നിന്ന്) മുക്തമായ സമയം ഉള്ളത് അത് അവനുതന്നെയാണ് ദോഷവും ഭാരവുമായിട്ടു വരുന്നത്. അല്ലാഹുവിനെക്കുറിച്ചുള്ള അശ്രദ്ധയിലൂടെ അവന്‍ നേടുന്ന ഏത് ലാഭങ്ങളെക്കാളും കൊടിയനഷ്ടവും പരാജയവുമായിരിക്കും അതിലൂടെ അവന് വന്നുചേരുന്നത്.

സാത്വികരായ ചില പണ്ഡിതന്മാര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ”ഒരു അടിമ (അല്ലാഹുവിലേക്ക്) ഇന്നാലിന്ന പോലെയൊക്കെ നല്ല രൂപത്തില്‍ ഒരു വര്‍ഷത്തോളം മുന്നിടുകയും എന്നിട്ട് ഒരുനിമിഷം അവനില്‍നിന്ന് തിരിഞ്ഞുകളയുകയും ചെയ്തു എന്ന് കരുതുക. എങ്കില്‍ അവന് നഷ്ടമായതാണ് അവന്‍ നേടിയെടുത്തതിനെക്കാള്‍ ഗുരുതരം.”

ആഇശ(റ)യും അവരുടെ പിതാവ് അബൂബക്കര്‍  സിദ്ദീക്വും(റ) ഇപ്രകാരം നിവേദനം ചെയ്യുന്നു:”ആദമിന്റെ സന്തതിക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്ലാതെ കഴിഞ്ഞുപോകുന്ന ഏതൊരു സമയത്തെക്കുറിച്ചും അന്ത്യനാളില്‍ കൊടും ഖേദം തോന്നുന്നതാണ്” (ബൈഹക്വി ‘ശുഅബുല്‍  ഈമാനി’ലും ത്വബ്‌റാനി ‘ഔസത്വി’ലും അബൂനുഐം ‘ഹില്‍യ’യിലും ദുര്‍ബലമായ സനദിലൂടെ റിപ്പോര്‍ട്ട് ചെയ്തത്  ഈ ഹദീഥ് ഉദ്ധരിച്ച ശേഷം  ഇമാം ബൈഹക്വി(റഹി) ഇപ്രകാരം രേപ്പെടുത്തി: ‘ഈ ഹദീഥിന്റെ പരമ്പരയില്‍ ദുര്‍ബലതയുണ്ട്. എന്നാല്‍ ഇതിനെ ബലപ്പെടുത്തുന്ന സാക്ഷ്യറിപ്പോര്‍ട്ടുകള്‍  മുആദി(റ)ന്റെ ഹദീഥിലൂടെ വന്നിട്ടുണ്ട്).

നബി ﷺ യില്‍നിന്ന് മുആദുബ്‌നു ജബല്‍(റ) നിവേദനം ചെയ്യുന്നു: ‘അല്ലാഹുവിനെ സ്മരിക്കാതെ കഴിഞ്ഞുപോയ സമയത്തെക്കുറിച്ച് സ്വര്‍ഗവാസികള്‍ പോലും ഖേദിക്കുന്നതാണ്’ (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഉദ്ധരിച്ചത്).

പ്രവാചക പത്‌നി ഉമ്മു ഹബീബ(റ) പറയുന്നു: ”നബി ﷺ ഇപ്രകാരം പറഞ്ഞു: മനുഷ്യന്റെ ഏതൊരു സംസാരവും അവന് നഷ്ടമാണ് വരുത്തുക, പ്രത്യുത ലാഭമല്ല (നന്മ കല്‍പിച്ചതും തിന്മ വിരോധിച്ചതും അല്ലാഹുവിനെ പ്രകീര്‍ത്തിച്ചതും ദിക്ര്‍ ഒഴികെ)” (തിര്‍മിദി, ഇബ്‌നുമാജ, ഹാകിം മുതലായവര്‍ ഉദ്ധരിച്ചത്).

മുആദുബ്‌നു ജബല്‍(റ) നിവേദനം: ”നബി ﷺ യോട് ഞാനൊരിക്കല്‍ ചോദിച്ചു: ‘കര്‍മങ്ങളില്‍ അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായത് ഏതാണ് നബിയേ?’ നബി ﷺ പറഞ്ഞു: ‘നിന്റെ നാവ് അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് പച്ചപിടിച്ചതായിരിക്കെ നീ മരിക്കുക എന്നതാണ്’ (ത്വബ്‌റാനി, ഇബ്‌നു ഹിബ്ബാന്‍).

 അബുദ്ദര്‍ദാഅ്(റ) പറയുന്നു: ”ഏതൊരു വസ്തുവിനും ഒരു തെളിച്ചമുണ്ട്. നിശ്ചയം, ഹൃദയങ്ങളുടെ തെളിച്ചം അല്ലാഹുവിനെ പ്രകീര്‍ത്തിക്കല്‍ (ദിക്ര്‍) ആണ്” (ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ല്‍ ഉദ്ധരിച്ചത്).

നിസ്സംശയം, വെള്ളിയും ചെമ്പുമൊക്കെ ശുദ്ധീകരിക്കപ്പെടുന്നത് പോലെ ഹൃദയവും ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അതിന്റെ ശുദ്ധീകരണം ‘ദിക്ര്‍’കൊണ്ടാണ്. നിസ്സംശയം, ‘ദിക്ര്‍’ ഹൃദയത്തെ വെളുത്ത കണ്ണാടിപോലെ ശുദ്ധീകരിക്കുന്നതാണ്. എന്നാല്‍ റബ്ബിനെ പ്രകീര്‍ത്തിക്കല്‍ (ദിക്ര്‍) ഉപേക്ഷിക്കപ്പെട്ടാല്‍ അതിന് അഴുക്ക് പുരളും. എപ്പോള്‍ സ്‌തോത്ര കീര്‍ത്തനങ്ങള്‍ അര്‍പ്പിക്കപ്പെടുന്നുവോ അപ്പോള്‍ അത് ആ അഴുക്കിനെ നീക്കികളയുകയും ചെയ്യും.

ഹൃദയത്തിന്റെ അഴുക്കും തുരുമ്പും രണ്ട് കാരണങ്ങള്‍കൊണ്ടാണ് ഉണ്ടാകുന്നത്; അശ്രദ്ധകൊണ്ടും പാപംകൊണ്ടും. അതിനെ ശുദ്ധീകരിക്കലും രണ്ട് സംഗതികള്‍ കൊണ്ടാണ്; ഇസ്തിഗ്ഫാര്‍ (പൊറുക്കലിനെ തേടല്‍) കൊണ്ടും സ്‌തോത്ര കീര്‍ത്തനങ്ങള്‍ (ദിക്ര്‍) കൊണ്ടും. ഒരാളുടെ അശ്രദ്ധയാണ് കൂടുതല്‍ സമയമെങ്കില്‍ അഴുക്ക് അയാളുടെ ഹൃദയത്തില്‍ അഴുക്കായി കുമിഞ്ഞുകൂടും. അഥവാ ‘ദിക്‌റി’ല്‍ നിന്ന് അകന്നുകൊണ്ടുള്ള അശ്രദ്ധക്കനുസരിച്ചായിരിക്കും ഹൃദയത്തിലെ മാലിന്യങ്ങളുടെ വര്‍ധനവ്. മനസ്സ് അപ്രകാരം അഴുക്ക് കൂടിയതായാല്‍ വിജ്ഞാനങ്ങളുടെ സദ്ഫലങ്ങള്‍ അതില്‍ ശരിയായ രൂപത്തില്‍ പ്രതിഫലിക്കുകയില്ല. അപ്പോള്‍ നന്മയെ തിന്മയായും തിന്മയെ നന്മയായും ഒക്കെ തലതിരിഞ്ഞായിരിക്കും അയാള്‍ കാണുക. കാരണം അഴുക്കും കറകളും കുമിഞ്ഞുകൂടുമ്പോള്‍ അവിടെ പ്രകാശം നഷ്ടപ്പെട്ട് ഇരുട്ട് പരക്കും. അപ്പോള്‍ വസ്തുതകളെ ശരിയായരൂപത്തില്‍ ദര്‍ശിക്കാനാവില്ല.

അഴുക്കുകള്‍ കുമിഞ്ഞുകൂടുകയും ഹൃദയം കറുത്തുപോവുകയും കറപുരണ്ട് മലീമസമാവുകയും ചെയ്യും. അതിന്റെ ഗ്രാഹ്യശക്തിയും കാര്യങ്ങളെ ശരിയായരൂപത്തില്‍ വിലയിരുത്താനും കോലപ്പെടുത്താനുമൊക്കെയുള്ള കഴിവും നഷ്ടമാകും. അപ്പോള്‍ സത്യം സ്വീകരിക്കാനോ അസത്യത്തെ തിരസ്‌കരിക്കാനോ സാധിക്കാതെ വരും.  അതാണ് ഹൃദയത്തിന് സംഭവിക്കുന്ന മഹാദുരന്തം! അതിന്റെ അടിസ്ഥാനകാരണം ‘ദിക്‌റി’ല്‍നിന്നും അകന്നുകൊണ്ടുള്ള അശ്രദ്ധ(ഗഫ്‌ലത്ത്)യും ദേഹച്ഛകളുടെ പിന്നാലെ പോകുന്നതുമാണ്. നിശ്ചയം! അവരണ്ടും ഹൃദയത്തിന്റെ പ്രകാശം കെടുത്തികളയുകയും അകക്കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്യും. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ-ആമീന്‍.

അല്ലാഹു പറയുന്നു: ”തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട് കാലത്തും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുടെകൂടെ നീ നിന്റെ മനസ്സിനെ അടക്കിനിര്‍ത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട് നിന്റെ കണ്ണുകള്‍ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെവിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്” (ക്വുര്‍ആന്‍ 18:28).

ഒരാള്‍ ഏതെങ്കിലും ഒരാളെ മാതൃകയായി പിന്‍പറ്റാന്‍  ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യമായി പരിശോധിക്കേണ്ടത് ആ വ്യക്തി അല്ലാഹുവിനെ സ്മരിക്കുന്ന വിജ്ഞാനത്തിന്റെയും ‘ദിക്‌റി’ന്റെയും ആളാണോ അതല്ല അവയ്ക്ക് എതിര്‍ദിശയിലുള്ള അശ്രദ്ധയുടെ (ഗഫ്‌ലത്തിന്റെ) ആളാണോ എന്നതാണ്. അയാളെ നയിക്കുന്നത് അല്ലാഹുവിന്റെ വഹ്‌യാണോ  ദേഹേച്ഛയാണോ എന്നും നോക്കണം. ദേഹേച്ഛക്കനുസരിച്ച് നീങ്ങുന്നവനാണ് അയാളെങ്കില്‍ അശ്രദ്ധയുടെ ആളുകളില്‍ പെട്ടവനായിരിക്കും അയാള്‍. അയാളുടെ കാര്യം അതിരുവിട്ടതായിരിക്കും. ക്വുര്‍ആന്‍ 18:28ല്‍ പറഞ്ഞതുപോലെ അയാളെ അനുഗമിക്കുകയോ പിന്‍പറ്റുകയോ ചെയ്യാന്‍ പാടുള്ളതല്ല. കാരണം, നിസ്സംശയം അയാള്‍ നാശത്തിലേക്കായിരിക്കും കൂട്ടിക്കൊണ്ടുപോകുന്നത്.

‘ഫുറുത്വ’ എന്നത് പല രീതിയില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഒന്ന്, വീഴ്ചവരുത്തല്‍ എന്ന അര്‍ഥത്തിലാണ്. അതായത് അനിവാര്യമായും നിര്‍വഹിക്കേണ്ട തന്റെ കാര്യങ്ങളില്‍ വീഴ്ചവരുത്തുകയും അതിലൂടെ തന്റെ വിവേകവും വിജയവും അയാള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു എന്ന് സാരം.

മറ്റൊന്ന് അതിരുകവിയല്‍ എന്ന അര്‍ഥത്തിലാണ്. അതായത് ധാരാളിത്തം കാണിക്കുകയും അതിരുകവിയുകയും ചെയ്തു എന്നര്‍ഥം. നാശത്തില്‍പെട്ടു, സത്യത്തിന് എതിരായി എന്നീ അര്‍ഥങ്ങളിലുംവിശദീകരിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത വിവരങ്ങളെല്ലാം തന്നെ പരസ്പരം അടുത്തുനില്‍ക്കുന്ന വാക്കുകളാണ്; അവ തമ്മില്‍ വൈരുധ്യങ്ങളില്ല.

 ചുരുക്കത്തില്‍ ഈ സ്വഭാവങ്ങളുള്ള ആളുകളെ അനുസരിക്കുന്നതും മാതൃകയാക്കുന്നതും അല്ലാഹു വിലക്കിയിരിക്കുന്നു. അതിനാല്‍ ഏതൊരാളും തന്റെ നേതാവും മാതൃകയും ഗുരുവുമായി തെരഞ്ഞെടുക്കുന്നവരെക്കുറിച്ച് നല്ലവണ്ണം ആലോചിക്കണം. മേല്‍ പറയപ്പെട്ട ദുഃസ്വഭാവങ്ങളുടെ ഉടമയാണ് അയാളെങ്കില്‍  എത്രയും പെട്ടെന്ന് അവിടെനിന്ന് അകന്നുപോവണം. ഇനി അതല്ല, അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും പ്രവാചകചര്യ പിന്‍പറ്റുകയും ചെയ്യുന്ന, അതിരുകവിച്ചിലുകളില്ലാത്ത, വിഷയങ്ങളെ അര്‍ഹിക്കുന്ന ഗൗരവത്തിലെടുക്കുന്ന ആളാണെങ്കില്‍ അദ്ദേഹത്തിന്റെ ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിച്ചു മുന്നോട്ട് പോയ്‌കൊള്ളട്ടെ!

റബ്ബിനെ സ്മരിക്കുക (ദിക്ര്‍) എന്നുള്ളതാണ് ജീവനുള്ളവനും ജീവനില്ലാത്തവനും തമ്മിലുള്ള പ്രധാന വ്യത്യാസം. റബ്ബിനെ സ്മരിക്കുന്നവരുടെയും സ്മരിക്കാത്തവരുടെയും ഉപമ ജീവനുള്ളവരും ജീവനില്ലാത്തവരും പോലെയാണ്.

ഇമാം അഹ്മദിന്റെ മുസ്‌നദില്‍ ഇങ്ങനെ ഒരു ഹദീഥ് വന്നിട്ടുണ്ട:് ‘ഭ്രാന്തനാണെന്ന് പറയപ്പെടുവോളം നിങ്ങള്‍ അല്ലാഹുവിനെ സ്മരിച്ചുകൊള്ളുക.’

ദിക്‌റിന്റെ മഹത്ത്വങ്ങള്‍

അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ ധാരാളം നേട്ടങ്ങള്‍ കൈവരിക്കാവുന്നതാണ്:

1. പിശാചിനെ ആട്ടിയകറ്റാനും പരാജയപ്പെടുത്താനും സാധിക്കും.

2. പരമാകാരുണികനായ അല്ലാഹുവിനെ പ്രീതിപ്പെടുത്താന്‍ കഴിയും.

3. മനസ്സില്‍നിന്ന് സങ്കടങ്ങളും ദുഃഖങ്ങളും ദൂരീകരിക്കാന്‍ സാധിക്കും.

4. മനസ്സിന് സന്തോഷവും ആഹ്ലാദവും ആശ്വാസവും അതിലൂടെ കൈവരുന്നു.

5. മനസ്സിനും ശരീരത്തിനും അത് കരുത്തുപകരും.

6. മുഖത്തെയും ഹൃദയത്തെയും അത് പ്രകാശിപ്പിക്കും.

7. ഉപജീവനം എളുപ്പമാക്കും.

8. റബ്ബിനെ ധാരാളമായി സ്മരിക്കുന്നവര്‍ക്ക് പ്രത്യേക പ്രസന്നതയും മാധുര്യവും ഗാഭീര്യവും ഉണ്ടാവും.

9. തീര്‍ച്ചയായും അത് ഇസ്‌ലാമിന്റെ ആത്മാവായ ‘റബ്ബിനോടുള്ള സ്‌നേഹം’ നമ്മില്‍ ജനിപ്പിക്കും. അതാണല്ലോ മതത്തിന്റെ അച്ചുതണ്ടും ജീവിതവിജയത്തിന്റെയും രക്ഷയുടെയും കേന്ദ്രബിന്ദുവും. നിശ്ചയമായും അല്ലാഹു ഓരോ കാര്യത്തിലും ഓരോ കാരണങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. സ്‌നേഹത്തിന്റെ കാരണമായി നിശ്ചയിച്ചത് നിരന്തരമായ സ്മരണയാണ്. അതിനാല്‍ ആരെങ്കിലും അല്ലാഹുവിന്റെ സ്‌നേഹം കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവനെക്കുറിച്ചുള്ള സ്മരണ പതിവാക്കിക്കൊള്ളുക. പഠനവും ‘റിവിഷനും’ വിജ്ഞാനത്തിന്റെ വാതിലുകളാണ് എന്നപോലെ ‘ദിക്ര്‍’ സ്‌നേഹത്തിനുള്ള കവാടമാണ്. അതിലേക്കുള്ള ഏറ്റവും മഹത്തായ മാര്‍ഗവും ചൊവ്വായ പാതയുമാണ്.

10. റബ്ബിന്റെ നിരീക്ഷണത്തെക്കുറിച്ചുള്ള ബോധമുണ്ടാകും. അങ്ങനെ ‘ഇഹ്‌സാനി’ന്റെ വാതിലിലൂടെ അത് അയാളെ പ്രവേശിപ്പിക്കും. അപ്പോള്‍ അല്ലാഹുവിനെ നേരില്‍ കാണുന്നതുപോലെ ആരാധനകള്‍ അര്‍പ്പിക്കാന്‍ സാധിക്കും. എന്നാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണകളില്‍നിന്ന് അകന്ന് അശ്രദ്ധനായി ജീവിക്കുന്ന ഒരാള്‍ക്ക് ഈ പറയുന്ന ‘ഇഹ്‌സാനി’ന്റെ തലത്തിലേക്ക് എത്താന്‍ യാതൊരു വഴിയുമില്ല; മടിയനായി ചടഞ്ഞിരിക്കുന്ന ഒരാള്‍ക്ക് വീട്ടിലേക്ക് എത്താന്‍ സാധ്യമല്ലാത്തതുപോലെ.

11. അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങാന്‍ ‘ദിക്ര്‍’ അയാളെ സഹായിക്കും. ‘ദിക്ര്‍’ അധികരിപ്പിച്ചുകൊണ്ട് എത്രകണ്ട് അല്ലാഹുവിലേക്ക് ഒരാള്‍ മടങ്ങുന്നുവോ അത് തന്റെ ഹൃദയംകൊണ്ട് അല്ലാഹുവിലേക്ക് മടങ്ങാന്‍ സദാസമയവും അയാളെ പ്രാപ്തനാക്കും. അങ്ങനെവരുമ്പോള്‍ തന്റെ ഏത് കാര്യത്തിലുമുള്ള അഭയസ്ഥാനവും രക്ഷകേന്ദ്രവും ആശയും ആശ്രയവുമായി അല്ലാഹുവിനെ അയാള്‍ക്ക് കണ്ടെത്താനാവുന്നതാണ്. തന്റെ മനസ്സിന്റെ ലക്ഷ്യവും ആപത്തുകളിലും അപകടങ്ങളിലും തനിക്ക് ഓടിയെത്താനുള്ള ആശ്വാസസ്ഥലവുമായി അല്ലാഹുവിനെ അയാള്‍ക്ക് കാണാന്‍ സാധിക്കും.

12. ദിക്‌റിലൂടെ അല്ലാഹുവിലേക്കുള്ള സാമീപ്യം നേടിയെടുക്കാന്‍ സാധിക്കുന്നു. ഒരാള്‍ എത്രകണ്ട് അല്ലാഹുവിനെ ‘ദിക്ര്‍’ ചെയ്യുന്നവനാണോ അത്രകണ്ട് അയാള്‍ അല്ലാഹുവിലേക്ക് അടുത്തവനായിരിക്കും. എത്ര കണ്ട് അശ്രദ്ധയുടെ (ഗഫ്‌ലത്ത്) ആളാണോ അത്രകണ്ട് അല്ലാഹുവില്‍നിന്ന് അകന്നവനുമായിരിക്കും. (അവസാനിച്ചില്ല)

ശമീര്‍ മദീനി

നേർപഥം വാരിക 

 

 

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 12)

ആരാധനകള്‍ക്കൊരു ആമുഖം(ഭാഗം: 12)

നീ എങ്ങനെയാണോ പെരുമാറുന്നത് അപ്രകാരമായിരിക്കും നിന്നോടും പെരുമാറുക. അതിനാല്‍ നിന്റെ ഇഷ്ടംപോലെ നീ ആയിക്കൊള്ളുക. നിശ്ചയം, അല്ലാഹു നിന്നോട് പെരുമാറുക നീ അവനോടും അവന്റെ ദാസന്മാരോടും എങ്ങനെയാണോ സമീപിച്ചത് അതുപോലെയായിരിക്കും.

കപടവിശ്വാസികള്‍ അവരുടെ അവിശ്വാസം ഒളിപ്പിച്ചുവെച്ചുകൊണ്ട് പുറമെ ഇസ്‌ലാം നടിച്ചവരാണല്ലോ. അതിനാല്‍ അന്ത്യനാളില്‍ ‘സ്വിറാത്തിന്‍മേല്‍’ ആയി അവര്‍ക്ക് പ്രകാശം കാണിച്ചുകൊടുക്കും. അവര്‍ക്ക് തോന്നും ആ പ്രകാശംകൊണ്ട് സ്വിറാത്ത് പാലം മുറിച്ചുകടന്ന് മുന്നോട്ടു പോകാമെന്ന്. എന്നാല്‍ അവര്‍ അതിനടുത്തെത്തിയാല്‍ പ്രസ്തുത പ്രകാശം അവന്‍ കെടുത്തിക്കളയുകയും അത് മുറിച്ചുകടന്ന് മുന്നോട്ടുപോകാന്‍ സാധിക്കാതെവരികയും ചെയ്യും. അതായത് അവര്‍ പ്രവര്‍ത്തിച്ച രൂപത്തില്‍തന്നെയുള്ള പ്രതിഫലമെന്ന നിലയില്‍ അങ്ങനെയാണ് അവിടെ നല്‍കപ്പെടുക.

അപ്രകാരം തന്നെ അല്ലാഹുവിന് അറിയാവുന്നതിന് വിരുദ്ധമായ, അഥവാ തങ്ങളുടെ രഹസ്യസത്യങ്ങള്‍ക്ക് വിപരീതമായി മറ്റുള്ളവരോട് വേറൊന്ന് പ്രകടിപ്പിച്ചുകൊണ്ട് ജീവിക്കുന്നവര്‍, ഇഹപര വിജയത്തിന്റെയും രക്ഷയുടെയും മാര്‍ഗങ്ങള്‍ അല്ലാഹു അവര്‍ക്ക് മുന്നില്‍ വെളിവാക്കിക്കൊടുക്കും. പക്ഷേ, അതിന്റെ വിപരീതമായതായിരിക്കും അവരെ കാത്തിരിക്കുന്നത്

നബി ﷺ പറയുന്നു: ”ആരെങ്കിലും ജനങ്ങളെ കാണിക്കുവാനോ കേള്‍പ്പിക്കുവാനോ വേണ്ടി വല്ലതും ചെയ്താല്‍ അവരുടെ ഉദ്ദേശമനുസരിച്ച് അല്ലാഹു ആക്കിത്തീര്‍ക്കുന്നതാണ്” (ബുഖാരി, മുസ്‌ലിം).

തീര്‍ച്ചയായും മാന്യനും ഉദാരമതിയുമായ ഒരു ധര്‍മിഷ്ഠന്, ചെലവഴിക്കാതെ പിടിച്ചുവെക്കുന്ന പിശുക്കന് നല്‍കാത്ത പലതും അല്ലാഹു നല്‍കുന്നതാണ്. അയാള്‍ക്ക് മാനസികമായും സ്വഭാവപരമായും ഉപജീവനത്തിലും ജീവനോപാധികളിലും മറ്റുമൊക്കെ അഭിവൃദ്ധിയും വിശാലതയും അല്ലാഹു നല്‍കുന്നതാണ്. അഥവാ അയാളുടെ പ്രവര്‍ത്തനത്തിന്റെതായ രീതിയില്‍തന്നെയുള്ള പ്രതിഫലം അയാള്‍ക്ക് കിട്ടും.

മറ്റൊന്ന് ഹദീഥില്‍ പറഞ്ഞത്; ”അല്ലാഹുവിനെ നിങ്ങള്‍ സ്മരിക്കുവാന്‍ (ദിക്ര്‍ ചെയ്യുവാന്‍) അവന്‍ നിങ്ങളോട് കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ശത്രുക്കള്‍ ധൃതിപ്പെട്ടു പിന്നാലെ കൂടിയ ഒരാളുടേത് പോലെയാണ.് അങ്ങനെ അയാള്‍ ശക്തവും സുരക്ഷിതവുമായ ഒരു കോട്ടയുടെ അടുക്കലെത്തി. തന്റെ ശരീരത്തെ ശത്രുക്കളില്‍നിന്നും സുരക്ഷിതമാക്കി. അപ്രകാരം അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’ (സ്മരണ) ആണ് ഒരു ദാസനെ പിശാചില്‍നിന്ന് രക്ഷപ്പെടുത്തുന്നത്.”

അല്ലാഹുവിനെക്കുറിച്ചുള്ള ദിക്‌റില്‍ ഈ ഒരു കാര്യമല്ലാതെ മറ്റൊന്നുമില്ലായെന്ന് സങ്കല്‍പിച്ചാല്‍ പോലും സത്യത്തില്‍ ഒരാളുടെ നാവ് അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നതില്‍നിന്നും തളര്‍ന്ന് പിന്‍വാങ്ങുകയില്ല. പ്രത്യുത അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’കൊണ്ട് അത് സദാസമയവും സജീവമായിരിക്കും. എന്തുകൊണ്ടെന്നാല്‍ തന്റെ ശത്രുവില്‍നിന്ന് അയാള്‍ക്ക് സുരക്ഷിതത്വം കിട്ടുന്നത് അതുകൊണ്ട് മാത്രമാണ്. അല്ലാഹുവിനെ സ്മരിക്കുന്നതില്‍നിന്ന് അശ്രദ്ധമാകുന്ന ആ അശ്രദ്ധയുടെ വാതിലിലൂടെയല്ലാതെ ശത്രുവിന് അയാളുടെ അടുക്കല്‍ കടന്നുവരാന്‍ കഴിയുകയില്ല. അതിനാല്‍ ശത്രു അത് കാത്തിരിക്കുകയാണ്. അങ്ങനെ ഒരാള്‍ ഏത് സമയത്ത് ‘ദിക്‌റി’ല്‍ നിന്ന് അശ്രദ്ധയിലാകുന്നുവോ (ഗഫ്‌ലത്ത്) അപ്പോള്‍ ശത്രു അയാള്‍ക്കുനേരെ ചാടിവീഴുകയും അയാളെ കീഴ്‌പ്പെടുത്തുകയും ചെയ്യും. എപ്പോള്‍ അയാള്‍ക്ക് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ (ദിക്ര്‍) ഉണ്ടാകുന്നുവോ അപ്പോള്‍ അല്ലാഹുവിന്റെ ശത്രു പിന്മാറുകയും നിസ്സാരനായി ഒളിക്കുകയും ചെയ്യും. എത്രത്തോളമെന്നാല്‍ ഒരു ചെറുകുരുവിയെപോലെ, അല്ലെങ്കില്‍ ഒരു ഈച്ചയെപോലെ ആയിത്തീരും. അതിനാലാണ് ‘ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവന്‍’ (അല്‍വസ്‌വാസില്‍ ഖന്നാസ്) എന്ന് അവനെക്കുറിച്ച് പറയപ്പെട്ടത്. അതായത് ഹൃദയങ്ങളില്‍ ദുര്‍മന്ത്രണം നടത്തുകയും അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാല്‍ അതില്‍നിന്ന് പിന്മാറി ഒളിക്കുകയും ചെയ്യുന്നു എന്നര്‍ഥം.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”പിശാച് മനുഷ്യന്റെ ഹൃദയത്തിനടുക്കല്‍ വിടാതെ കാത്തിരിക്കുകയാണ്. അവന്‍ മറക്കുകയോ അശ്രദ്ധയിലാവുകയോ ചെയ്താല്‍ പിശാച് ദുര്‍മന്ത്രണം നടത്തും. എന്നാല്‍ അയാള്‍ അല്ലാഹുവിനെ സ്മരിച്ചാല്‍ അവന്‍ പിന്മാറിക്കളയും” (ഇബ്‌നു അബീശൈബ മുസ്വന്നഫില്‍ ഉദ്ധരിച്ചത്. ഇമാം ബുഖാരി ഇതിനു സമാനമായരൂപത്തില്‍ ‘തഅലീക്വാ’യും ഉദ്ധരിച്ചിട്ടുണ്ട്).

ഇമാം അഹ്മദിന്റെ മുസ്‌നദില്‍ മുആദുബ്‌നു ജബലി(റ)ല്‍നിന്നും ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: ”അല്ലാഹുവിനെ സ്മരിക്കുക എന്നതിനെക്കാള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്നും രക്ഷ നല്‍കുന്ന ഒരു കര്‍മവും ഒരാളും ചെയ്യുന്നില്ല.”

മുആദ്(റ) പറയുന്നു: ”നബി ﷺ പറഞ്ഞു: ‘നിങ്ങളുടെ കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായതും നിങ്ങളുടെ രാജാധിരാജനായ അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും വിശുദ്ധമായതും നിങ്ങളുടെ പദവികളില്‍ ഏറ്റവും ഉയര്‍ന്നതും സ്വര്‍ണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാള്‍ നിങ്ങള്‍ക്ക് ഉത്തമമായതും നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ കണ്ടുമുട്ടുകയും എന്നിട്ട് നിങ്ങള്‍ അവരുടെ പിരടിക്ക് വെട്ടുകയും അവര്‍ നിങ്ങളുടെ പിരടിക്ക് വെട്ടുകയും ചെയ്യുന്നതിനെക്കാളും (അഥവാ സത്യമാര്‍ഗത്തിലുള്ള നിങ്ങളുടെ പോരാട്ടത്തെക്കാളും) ഉത്തമമായ ഒരു കാര്യത്തെക്കുറിച്ചു ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടയോ?’ സ്വഹാബിമാര്‍ പറഞ്ഞു: ‘അതെ, പ്രവാചകരേ അറിയിച്ചു തന്നാലും.’ അവിടുന്ന് പറഞ്ഞു: ‘മഹത്ത്വമുള്ളവനും പ്രതാപവാനുമായ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാ(ദിക്ര്‍)കുന്നു അത്” (ഇമാം അഹ്മദ് ഉദ്ധരിച്ചത്, ഇതിന്റെ പരമ്പര (സനദ്) മുറിഞ്ഞുപോയിട്ടുണ്ട്).

സ്വഹീഹ് മുസ്‌ലിമില്‍ അബുഹുറയ്‌റ(റ)യില്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: ”നബി ﷺ ഒരിക്കല്‍ മക്കയിലേക്കുള്ള വഴിയില്‍ സഞ്ചരിക്കുകയായിരുന്നു. അങ്ങനെ ജുംദാന്‍ എന്ന് പേരുള്ള ഒരു  മലയുടെ അടുത്തുകൂടി കടന്നുപോയപ്പോള്‍  നബി ﷺ പറഞ്ഞു:  ‘നിങ്ങള്‍ മുന്നേറുക. ഇത് ജുംദാന്‍ കുന്നാണ്.  മുന്‍കടന്നവര്‍ വിജയിച്ചു.’  സ്വഹാബിമാര്‍ ചോദിച്ചു: ‘നബിയേ, ആരാണ് മുന്‍കടന്നവര്‍?’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്മാരും സ്ത്രീകളും).”

സുനനു അബീദാവൂദില്‍ അബൂഹുറയ്‌റ(റ)യില്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നതായി കാണാം: ”ഏതൊരുവിഭാഗം ആളുകള്‍ ഒരു സദസ്സില്‍ ഇരിക്കുകയും എന്നിട്ട് അവിടെവെച്ച് അല്ലാഹുവിനെ സ്മരിക്കാതെ എഴുന്നേറ്റുപോവുകയും ചെയ്യുന്നുവോ അവരുടെ ഉപമ ചീഞ്ഞളിഞ്ഞ കഴുതയുടെ ശവത്തിന്റെ അടുത്തുനിന്നും എഴുന്നേറ്റുപോയവനെ പോലെയാണ്. തങ്ങള്‍ വീഴ്ചവരുത്തിയ നന്മയെ ഓര്‍ത്ത് അവര്‍ ഖേദിക്കുന്നതാണ്” (അബുദാവൂദ്, അഹ്മദ്, ഹാകിം).

തിര്‍മിദിയുടെ റിപ്പോര്‍ട്ടില്‍ ഇങ്ങനെയുമുണ്ട്: ”ഏതൊരു വിഭാഗം ഒരു സദസ്സില്‍ ഇരിക്കുകയും എന്നിട്ട് അല്ലാഹുവിനെ സ്മരിക്കുകയോ പ്രവാചകന്റെമേല്‍ സ്വലാത്ത് പറയുകയോ ചെയ്യാതെ പോവുകയും ചെയ്താല്‍ അത് അവരുടെ ഒരു വീഴ്ചയായിരിക്കും. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ഒന്നുകില്‍ അവരെ ശിക്ഷിക്കും. അല്ലങ്കില്‍ അവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും” (തിര്‍മിദി, അഹ്മദ്, ത്വബ്‌റാനി).

സ്വഹീഹു മുസ്‌ലിമില്‍ അല്‍അഗര്‍റ് അബൂമുസ്‌ലിമി(റ)ല്‍നിന്നും ഇപ്രകാരം ഉദ്ധരിക്കുന്നു: ”നബി ﷺ പറഞ്ഞതായി അബൂഹുറയ്‌റ(റ)യും അബൂസഈദും(റ) സാക്ഷ്യപ്പെടുത്തിയതിന് ഞാന്‍ സാക്ഷിയാണ്: ‘ഏതൊരു ജനത അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് ഇരിക്കുന്നുവോ മലക്കുകള്‍ അവര്‍ക്ക് ചുറ്റും കൂടുകയും അല്ലാഹുവിന്റെ പ്രത്യേക കാരുണ്യം അവരെ ആവരണം ചെയ്യുകയും ശാന്തി അവരിലേക്ക് പെയ്തിറങ്ങുകയും ചെയ്യുന്നതാണ്. അല്ലാഹു അവന്റെ സമീപസ്ഥരോട് അവരെക്കുറിച്ചു പറയുകയും ചെയ്യും” (മുസ്‌ലിം).

അബ്ദുല്ലാഹിബ്‌നു ബുസ്‌റി(റ)ല്‍നിന്ന് ഇമാം തിര്‍മിദി ഉദ്ധരിക്കുന്നു: ”ഒരിക്കല്‍ ഒരാള്‍ നബി ﷺ യോട് ചോദിച്ചു: ‘പ്രവാചകരേ, നന്മയുടെ കവാടങ്ങള്‍ നിരവധിയാണ്. അവയെല്ലാംകൂടി നിര്‍വഹിക്കാന്‍ ഞാന്‍ അശക്തനാണ്. അതിനാല്‍ എനിക്ക് കൈവിടാതെ കൊണ്ടുനടക്കാന്‍ പറ്റിയ ഒരു കാര്യം അറിയിച്ചു തന്നാലും. അധികരിച്ചു പറഞ്ഞാല്‍ ഞാന്‍ മറന്നുപോയെങ്കിലോ!”

മറ്റൊരു നിവേദനത്തില്‍ ഇങ്ങനെയാണ്: ”ഇസ്‌ലാമിന്റെ നിയമനിര്‍ദേശങ്ങള്‍ ധാരാളമുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. എനിക്കാകട്ടെ പ്രായം ഏറെയായി. അതിനാല്‍ എനിക്ക് വിട്ടുകളയാതെ കൊണ്ടുനടക്കാവുന്ന ഒരു കാര്യം പറഞ്ഞുതരുമോ? അധികരിച്ചു പറഞ്ഞാല്‍ ഞാന്‍ മറന്നുപോകുമെന്ന് ഭയപ്പെടുന്നു.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘താങ്കളുടെ നാവ് അല്ലാഹുവിനെക്കുറിച്ചുള്ള ‘ദിക്ര്‍’കൊണ്ട് പച്ചപിടിച്ചുനില്‍ക്കട്ടെ!’ (തിര്‍മിദി, അഹ്മദ്, ഇബ്‌നുമാജ തുടങ്ങിയവര്‍ ഉദ്ധരിച്ചത്).

 അബൂസഈദി(റ)ല്‍നിന്ന് ഇമാം തിര്‍മിദി ഉദ്ധരിക്കുന്നു: ”നബി ﷺ ഒരിക്കല്‍ ചോദിക്കപ്പെട്ടു: ‘അന്ത്യനാളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ഉയര്‍ന്ന പദവിയും ശ്രേഷ്ഠതയും ഉള്ളത് ഏത് വ്യക്തിക്കാണ് റസൂലേ?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനെ ധാരാളമായി  സ്മരിക്കുന്നവര്‍ക്ക്.’ ചോദിക്കപ്പെട്ടു: ‘അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്തവരെക്കാളുമോ?’ നബി ﷺ പറഞ്ഞു: ‘ഒരാള്‍ തന്റെ വാളുകൊണ്ട് (എതിര്‍സൈന്യത്തിലുള്ള) സത്യനിഷേധികളെയും ബഹുദൈവാരാധകരെയും വെട്ടുകയും അങ്ങനെ ആയുധം ഒടിയുകയും രക്തംപുരളുകയും ചെയ്താലും അല്ലാഹുവിനെ ദിക്ര്‍ചെയ്യുന്ന (സ്മരിക്കുന്ന) വ്യക്തിതന്നെയാണ് അദ്ദേഹത്തെക്കാള്‍ ശ്രേഷ്ഠമായ പദവിയിലുള്ളത്” (തിര്‍മിദി, അഹ്മദ്, അബൂയഅ്‌ല മുതലായവര്‍ ദുര്‍ബലമായ സനദിലൂടെ ഉദ്ധരിച്ചത്. ഇമാം തിര്‍മിദിയും ഇബ്‌നുല്‍ ക്വയ്യിം  തന്റെ തഹ്ദീബുസ്സുനനിലും ഇതിന്റെ ദുര്‍ബലതയെക്കുറിച്ച് ഉണര്‍ത്തിയിട്ടുണ്ട്: കുറിപ്പ്).

സ്വഹീഹുല്‍ ബുഖാരിയില്‍ അബൂമൂസ(റ) നബി ﷺ യില്‍നിന്നും നിവേദനം ചെയ്യുന്നു: ”തന്റെ രക്ഷിതാവിനെ സ്മരിക്കുന്നയാളുടെയും സ്മരിക്കാത്തയാളുടെയും ഉപമ ജീവനുള്ളയാളുടെയും ജീവന്‍ നഷ്ടപ്പെട്ടയാളുടെയും പോലെയാകുന്നു.”

അബൂഹുറയ്‌റ(റ)യില്‍നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഇപ്രകാരം ഉദ്ധരിക്കുന്നു: ”നബി ﷺ പറഞ്ഞു: ”അല്ലാഹു തആല പറഞ്ഞിരിക്കുന്നു: ‘എന്നെക്കുറിച്ച് എന്റെ അടിമ കരുതുന്നിടത്തതാണ് ഞാന്‍. അവന്‍ എന്നെ സ്മരിച്ചാല്‍ ഞാന്‍ അവനോടൊപ്പമുണ്ടാകും. അവന്‍ എന്നെ അവന്റെ മനസ്സില്‍ സ്മരിച്ചാല്‍ അവനെ ഞാന്‍ എന്റെ മനസ്സിലും സ്മരിക്കും. അവന്‍ എന്നെ ഒരു സദസ്സില്‍ സ്മരിച്ചാല്‍ ഞാന്‍ അവനെ അതിനെക്കാള്‍ ഉത്തമമായ ഒരു സദസ്സില്‍ സ്മരിക്കും. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കും. അവന്‍ എന്നിലേക്ക് ഒരു മുഴം അടുത്താല്‍ ഞാന്‍ അവനിലേക്ക് ഒരു മാറ് അടുക്കും. അവന്‍ എന്നിലേക്ക് നടന്നുവന്നാല്‍ ഞാന്‍ അവനിലേക്ക് ഓടി ച്ചെല്ലും.”

അനസി(റ)ല്‍നിന്ന് തിര്‍മിദി ഉദ്ധരിക്കുന്നു: ”നിശ്ചയം നബി ﷺ പറഞ്ഞു: ‘നിങ്ങള്‍ സ്വര്‍ഗീയ പൂന്തോപ്പിനടുത്തുകൂടി നടന്നുപോവുകയാണെങ്കില്‍ നിങ്ങളതില്‍നിന്നും ഭക്ഷിക്കുക.’ സ്വഹാബിമാര്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, എന്താണ് സ്വര്‍ഗീയ പൂന്തോപ്പുകള്‍?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവിനെ സ്മരിക്കുന്ന സദസ്സുകള്‍’ (തിര്‍മിദി, അഹ്മദ്, അബൂയഅ്‌ല മുതലായവര്‍ ഉദ്ധരിച്ചത്. ഈ റിപ്പോര്‍ട്ടിനു ചില ദുര്‍ബലതകള്‍ പറയപ്പെടുന്നുണ്ടെങ്കിലും ഇതിന് ഉപോല്‍ബലകമായ വേറെയും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്).

നബി ﷺ യില്‍നിന്ന് ഇമാം തിര്‍മിദിതന്നെ ഉദ്ധരിക്കുന്നു: ”അല്ലാഹു തആലാ പറഞ്ഞു: ‘നിശ്ചയം, എന്റെ ശരിയായ ദാസന്‍ എന്ന് പറയുന്നത് ശത്രുവുമായി ഏറ്റുമുട്ടുന്ന സന്ദര്‍ഭത്തില്‍പോലും എന്നെ സ്മരിക്കുന്നവനാണ്” (ഇതിന്റെ സനദില്‍ ഉഫൈറുബ്‌നു മഅ്ദാന്‍ എന്ന വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. എന്നാല്‍ വേറെ വഴികളിലൂടെയും ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നതിനാല്‍ ഹാഫിദ് ഇബ്‌നു ഹജറി (റഹി)നെപോലെയുള്ളവര്‍ ഇതിനെ ‘ഹസന്‍’ എന്ന ഗണത്തില്‍പെടുത്തുന്നു. ‘നതാഇജുല്‍ അഫ്കാര്‍,’ ‘ഫുതൂഹാതുര്‍റബ്ബാനിയ്യ’ മുതലായവ കാണുക. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി)യും ഈ റിപ്പോര്‍ട്ട് പരിഗണിച്ചിട്ടുണ്ട്).

ദിക്ര്‍ ചെയ്യുന്നവരില്‍ ഏറ്റവും ശ്രേഷ്ഠര്‍ ധര്‍മസമരം ചെയ്യുന്നവരാണ്. ധര്‍മസമരം നയിക്കുന്നവരില്‍ ഏറ്റവും ഉത്തമര്‍ ‘ദിക്ര്‍’ ചെയ്യുന്നവരും (അല്ലാഹുവിനെ സ്മരിക്കുന്നവര്‍) ആകുന്നു. അല്ലാഹു പറയുന്നു:

”സത്യവിശ്വാസികളേ, നിങ്ങള്‍ ഒരു (സൈന്യ) സംഘത്തെ കണ്ടുമുട്ടിയാല്‍ ഉറച്ചുനില്‍ക്കുകയും അല്ലാഹുവെ അധികമായി ഓര്‍മിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.” (ക്വുര്‍ആന്‍ 8:45).

ധര്‍മസമരത്തോടൊപ്പം അല്ലാഹുവിനെ ധാരാളമായി സ്മരിക്കുവാനും (ദിക്ര്‍ ചെയ്യുവാന്‍) ഇവിടെ സത്യവിശ്വാസികളോട് അല്ലാഹു കല്‍പിക്കുകയാണ്. അവര്‍ ഉത്തമമായ വിജയ പ്രതീക്ഷയിലായിരിക്കാന്‍ അതാണ് വേണ്ടത്. അപ്രകാരംതന്നെ സൂറതുല്‍ അഹ്‌സാബിലെ 35,41 വചനങ്ങളില്‍ അല്ലാഹു പറഞ്ഞത് ശ്രദ്ധേയമാണ്.

”…ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍-ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു” (ക്വുര്‍ആന്‍ 33:35).

”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍” (ക്വുര്‍ആന്‍ 33:41). (തുടരു

ശമീര്‍ മദീനി

നേർപഥം വാരിക 

 

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 11

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 11

അബൂബുര്‍ദ(റ) തന്റെ പിതാവില്‍നിന്നും ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു: ‘ഓരോ മുസ്‌ലിമിന്റെമേലും ദാനം ബാധ്യതയാണ്.’ സ്വഹാബത്ത് ചോദിച്ചു: ‘നബിയേ, ദാനം ചെയ്യാന്‍ സമ്പത്തില്ലാത്തയാളോ?’ നബി ﷺ പറഞ്ഞു: ‘തന്റെ കൈകൊണ്ട് അധ്വാനിക്കണം, എന്നിട്ട് സ്വന്തത്തിന് ഉപയോഗിക്കുകയും ദാനം ചെയ്യുകയും വേണം.’ അവര്‍ ചോദിച്ചു: ‘അതിനു കഴിഞ്ഞില്ലെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘പ്രയാസപ്പെടുന്ന ആവശ്യക്കാരനെ (കഴിയുംവിധം) സഹായിക്കണം.’ സ്വഹാബികള്‍ ചോദിച്ചു: ‘അതിന് അയാള്‍ക്ക് സാധിച്ചില്ലെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘എങ്കില്‍ അയാള്‍ നന്മ പ്രവര്‍ത്തിക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ! അത് അയാള്‍ക്ക് ഒരു ദാനമാണ്’ (ബുഖാരി, മുസ്‌ലിം).

പിശുക്കന്‍ നന്മയെ തടഞ്ഞുവെക്കുന്നവനും പുണ്യം ചെയ്യുവാന്‍ വിസമ്മതിക്കുന്നവനുമായതിനാല്‍ അയാള്‍ക്കുള്ള പ്രതിഫലം അതേപോലെയുള്ളത് തന്നെയായിരിക്കും. അയാളുടെ മനസ്സ് കുടുസ്സായതും വിശാലതയില്ലാത്തതുമായിരിക്കും. നന്മകുറഞ്ഞവനും സന്തോഷമില്ലാത്തവനും സങ്കടങ്ങളും ദുഃഖങ്ങളും വിഷമങ്ങളും അധികരിച്ചവനുമായിരിക്കും. അയാളുടെ ഒരാവശ്യവും നിറവേറുകയോ ഒരു കാര്യത്തിലും പടച്ചവന്റെ സഹായം ലഭിക്കുകയോ ചെയ്യുന്നുണ്ടാവില്ല.

അയാള്‍ ശരിക്കും ഇരുമ്പിനാലുള്ള ജുബ്ബ ധരിക്കുകയും കൈകള്‍ രണ്ടും പിരടിയില്‍ ബന്ധിക്കപ്പെടുകയും ചെയ്തവനെ പോലെയാണ്. കൈ നേരെയാക്കാനോ പടയങ്കി ശരിയായരൂപത്തില്‍ ധരിക്കാനോ കൈ ചലിപ്പിക്കാനോ പോലും അയാള്‍ക്ക് സാധിക്കുന്നില്ല. പടയങ്കി ഒന്ന് വിശാലമാക്കാനോ കൈ ഒന്ന് പുറത്തെടുക്കാനോ അയാള്‍ ശ്രമിക്കുമ്പോഴൊക്കെയും അതിന്റെ കണ്ണികള്‍ ഓരോന്നും മുറുകുകയാണ് ചെയ്യുന്നത്.

ഇതേപോലെയാണ് ലുബ്ധന്റെ സ്ഥിതിയും. അയാള്‍ വല്ലതും ദാനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ അയാളുടെ ലുബ്ധത അയാളെ തടയും. അങ്ങനെ അയാളുടെ ഹൃദയം അയാളെ പോലെത്തന്നെ അയാളുടെ തടവറയില്‍ കഴിയും. എന്നാല്‍ ദാനശീലനാകട്ടെ ഓരോതവണ ദാനം ചെയ്യുമ്പോഴും അയാളുടെ ഹൃദയം വിശാലമാവുകയും വിശാലമനസ്‌കതയുള്ള സഹൃദയനാവുകയും ചെയ്യും. അപ്പോള്‍ അയാള്‍ വിശാലതയുള്ള പടയങ്കി ധരിച്ചവനെപ്പോലെയായിരിക്കും. ഓരോതവണ ദാനം ചെയ്യുമ്പോഴും ഹൃദയവിശാലതയും മഹാമനസ്‌കതയും സന്തോഷവും ആഹ്ലാദവും അയാള്‍ക്ക് അധികരിച്ചുകൊണ്ടിരിക്കും. ദാനധര്‍മങ്ങള്‍ക്ക് ഈ ഗുണമല്ലാത്ത മറ്റൊരു നേട്ടവുമില്ല എന്ന് വന്നാല്‍പോലും ദാനം അധികരിപ്പിക്കുകയും അതിനായി ഉത്സാഹം കാണിക്കുകയും ചെയ്യല്‍ അനിവാര്യമാണ്.

‘…ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍’ (ക്വുര്‍ആന്‍ 59:9).

‘…ആര്‍ മനസ്സിന്റെ പിശുക്കില്‍നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍’ (ക്വുര്‍ആന്‍ 64:16).

അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ ഈയൊരു പ്രാര്‍ഥനതന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു: ‘എന്റെ രക്ഷിതാവേ, എന്റെ മനസ്സിന്റെ പിശുക്കില്‍ (ശുഹ്ഹ്) നിന്നും എന്നെ നീ കാത്തു രക്ഷിക്കണേ… എന്റെ രക്ഷിതാവേ, എന്റെ മനസ്സിന്റെ പിശുക്കില്‍നിന്നും എന്നെ നീ കാത്തു രക്ഷിക്കണേ.’ അപ്പോള്‍ അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: ‘ഇതല്ലാത്ത മറ്റൊന്നും താങ്കള്‍ പ്രാര്‍ഥിക്കുന്നില്ലേ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഞാന്‍ എന്റെ മനസ്സിന്റെ ലുബ്ധതയില്‍നിന്നും സംരക്ഷിക്കപ്പെട്ടാല്‍ തീര്‍ച്ചയായും ഞാന്‍ വിജയിച്ചു’ (ത്വബ്‌രി തന്റെ തഫ്‌സീറിലും ഇബ്‌നു അസാകിര്‍ ‘താരീഖു ദിമശ്ഖി’ലും ഉദ്ധരിച്ചത്).

‘ശുഹ്ഹും’ ‘ബുഖ്‌ലും’ തമ്മില്‍ വ്യത്യാസമുണ്ട.് ‘ശുഹ്ഹ്’ എന്നത് ഒരു വസ്തുവിനോടുള്ള അടങ്ങാത്ത ആഗ്രഹവും അത് കൈവശപ്പെടുത്താനുള്ള അങ്ങേയറ്റത്തെ തീവ്രപരിശ്രമവും അതിന്റെ പേരിലുള്ള അസ്വസ്ഥതകളുമൊക്കെയാണ്. എന്നാല്‍ ‘ബുഖ്ല്‍’ എന്നത് അത് കിട്ടിയതിനു ശേഷം ചെലവഴിക്കാന്‍ മടിച്ചുകൊണ്ട് പിടിച്ചുവെക്കലാണ്. അപ്പോള്‍ ഒരു സംഗതി അധീനതയില്‍ വരുന്നതിനു മുമ്പുള്ള ആര്‍ത്തിയോടുള്ള പിശുക്കാണ് ‘ശുഹ്ഹ്’ എന്നത്. എന്നാല്‍ അത് കൈയില്‍ വന്നതിനു ശേഷമുള്ള ലുബ്ധതയാണ് ‘ബുഖ്ല്‍.’

അതായത് ‘ശുഹ്ഹി’ന്റെ അനന്തരഫലമാണ് ‘ബുഖ്ല്‍.’ അഥവാ ‘ശുഹ്ഹ്’ ‘ബുഖ്‌ലി’ലേക്ക് ക്ഷണിക്കും. അത് മനസ്സില്‍ ഒളിച്ചിരിക്കുന്ന ഒന്നാണ്. ഒരാള്‍ ‘ബുഖ്ല്‍’ (പിശുക്ക്) കാണിച്ചാല്‍ അയാള്‍ തന്റെ ‘ശുഹ്ഹ്’ന് വഴിപ്പെട്ടു. എന്നാല്‍ ലുബ്ധത കാണിക്കാതിരുന്നാല്‍ അയാള്‍ തന്റെ ‘ശുഹ്ഹി’നോട് ഏതിരുപ്രവര്‍ത്തിക്കുകയും അതിന്റെ കെടുതികളില്‍ നിന്നും സംരക്ഷിക്കപ്പെടുകയും ചെയ്തുവെന്ന് സാരം. അത്തരക്കാരാണ് വിജയം വരിക്കുന്നവര്‍:

”അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ആവശ്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍’ (ക്വുര്‍ആന്‍ 59:9).

ഔദാര്യവാന്‍ അല്ലാഹുവിലേക്കും അവന്റെ സൃഷ്ടികളിലേക്കും തന്റെ കുടുംബക്കാരിലേക്കുമൊക്കെ ഏറെ അടുത്തവനായിരിക്കും. സ്വര്‍ഗത്തിലേക്കു സാമീപ്യം സിദ്ധിച്ചവനും നരകത്തില്‍നിന്ന് അകന്നവനുമായിരിക്കും. എന്നാല്‍ ചെലവഴിക്കാതെ പിശുക്ക് കാണിക്കുന്നവന്‍ അല്ലാഹുവില്‍നിന്നും അവന്റെ സൃഷ്ടികളില്‍നിന്നും വിദൂരത്തായിരിക്കും. സ്വര്‍ഗത്തില്‍നിന്ന് അകന്നും നരകത്തോട് അടുത്തുമായിരിക്കും അയാളുണ്ടാവുക. ഒരാളുടെ ഉദാരമനസ്‌കത അയാളുടെ എതിരാളികളില്‍പോലും അയാളെക്കുറിച്ച് മതിപ്പുണ്ടാക്കും. എന്നാല്‍ ഒരാളുടെ ലുബ്ധത അയാളുടെ മക്കളില്‍ പോലും അയാളോട് വെറുപ്പായിരിക്കും ഉണ്ടാക്കുക.

ഒരു കവി പറഞ്ഞതുപോലെ: ‘ഒരാളുടെ ന്യൂനത ആളുകള്‍ക്കിടയില്‍ വെളിപ്പെടുത്താന്‍ പര്യാപ്തമാണ് അയാളുടെ ലുബ്ധത. എന്നാല്‍ അയാളുടെ ഉദാരതയാകട്ടെ അവരില്‍നിന്ന് എല്ലാ കുറവുകളും മറയ്ക്കുന്നതുമാണ്.’

‘ഉദാരതയുടെ  വസ്ത്രംകൊണ്ട് നീ ന്യൂനതകള്‍ മറയ്ക്കുക; കാരണം ഏതൊരു കുറവും മറയ്ക്കാവുന്ന ആവരണമാണ് ഔദാര്യമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.’

‘നീ കൂട്ടുകൂടുകയാണെങ്കില്‍ നല്ലവരുമായിമാത്രം നീ കൂട്ടുകൂടുക. ഒരാള്‍ ആദരിക്കപ്പെടുന്നതും അവഹേളിക്കപ്പെടുന്നതും അവന്റെ കൂട്ടുകാരെ പരിഗണിച്ചായിരിക്കും.’

‘നിനക്ക് സാധിക്കുന്നത്ര നീ സംസാരം കുറയ്ക്കുക; എന്തുകൊണ്ടെന്നാല്‍ ഒരാളുടെ സംസാരം കുറഞ്ഞാല്‍ അയാളുടെ അബദ്ധങ്ങളും കുറവായിരിക്കും.’

‘ഒരാളുടെ സമ്പത്ത് കുറഞ്ഞാല്‍ അയാളുടെ കൂട്ടുകാരും കുറയുന്നതാണ്. അയാളുടെ ആകാശവും ഭൂമിയും അയാള്‍ക്ക് കുടുസ്സാവുകയും ചെയ്യും.’

‘അങ്ങനെ ഒരു തീരുമാനത്തിലെത്തേണ്ട സന്ദര്‍ഭത്തില്‍ ഒന്നുമറിയാത്തവനെപോലെ അവന് പകച്ചുനില്‍ക്കേണ്ടി വരും.’

‘അതിനാല്‍ തന്റെ കൂട്ടുകാരനെ ശ്രദ്ധയോടെ തെരഞ്ഞെടുക്കാത്തവരോട് ഇതായിരിക്കും ഇതിന്റെ പരിണിതിയെന്ന് നീ വിളിച്ചുപറഞ്ഞേക്കുക.’

ഉദാരത എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് ആവശ്യമുള്ള സന്ദര്‍ഭത്തില്‍ ആവശ്യമായത് നല്‍കുക എന്നതാണ്. അത് അതിന്റെ അവകാശികള്‍ക്ക് എത്തിക്കാനായി പരമാവധി പരിശ്രമിക്കുക എന്നതുമാണ്. അല്ലാതെ വിവരം കുറഞ്ഞ ചിലയാളുകള്‍ പറയുന്നതുപോലെ കൈയിലുള്ളതൊക്കെ ചെലവഴിക്കലല്ല ഉദാരത. അവര്‍ പറഞ്ഞതായിരുന്നു സത്യമെങ്കില്‍ ധൂര്‍ത്തും ധാരാളിത്തവുമൊക്കെ ആ പേരുകള്‍ പോലും പറയേണ്ടതില്ലാത്തവിധം അപ്രസക്തമാകുമായിരുന്നു. എന്നാല്‍ വിശുദ്ധ ക്വുര്‍ആനിലും തിരുസുന്നത്തിലും അതിനെ അധിക്ഷേപിച്ചും വിലക്കിയും എത്രയോ വചനങ്ങള്‍ വന്നിട്ടുണ്ട്!

ഉദാരത പ്രശംസനീയവും അത് നിര്‍വഹിക്കുന്നയാള്‍ പരിധിവിടാതിരിക്കുകയും ചെയ്താല്‍ അയാള്‍ ഉദാരന്‍ എന്ന് വിളിക്കപ്പെടുകയും അയാള്‍ പ്രശംസക്കര്‍ഹനായിത്തീരുകയും ചെയ്യും. എന്നാല്‍ ആരെങ്കിലും ഉദാരതയില്‍ വീഴ്ചവരുത്തുകയും പിശുക്ക് കാണിക്കുകയും ചെയ്താല്‍ അയാള്‍ ലുബ്ധനും ആക്ഷേപാര്‍ഹനുമായിരിക്കും. ഒരു ഹദീഥില്‍ ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നുണ്ട്: ‘നിശ്ചയം! പിശുക്കന് തന്റെ സാമീപ്യം നല്‍കുകയില്ലെന്ന് അല്ലാഹു അവന്റെ പ്രതാപം കൊണ്ട് സത്യം ചെയ്ത് പറഞ്ഞിരിക്കുന്നു’ (ത്വബ്‌റാനി ഇബ്‌നു അബ്ബാസി(റ)ല്‍നിന്നും ഇബ്‌നു അബിദുന്‍യാ അനസി(റ)ല്‍നിന്നും മര്‍ഫൂആയ നിലയില്‍ (നബിവചനമെന്ന നിലയില്‍) ഉദ്ധരിച്ചതാണ് ഈ റിപ്പോര്‍ട്ടെങ്കിലും അത് ദുര്‍ബലമാണ്. വിശദ വിവരത്തിന് ശൈഖ് മുഹമ്മദ് നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ സില്‍സിലത്തുദ്ദഈഫയിലെ 1284,1285 നമ്പര്‍ ഹദീഥുകള്‍ കാണുക).

ഉദാരത രണ്ടുവിധത്തിലുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠവും ഒന്നാമതുമായത്, മറ്റുള്ളവരുടെ കൈയിലുള്ളവയെ സംബന്ധിച്ച് നാം കാണിക്കുന്ന ഉദാരതയാണ്. അഥവാ അന്യരുടെ കൈകളിലുള്ളത് നാം മോഹിക്കാതിരിക്കുക എന്നതാണ്. രണ്ടാമത്തെത് നിന്റെ കൈയിലുള്ളത് ചെലവഴിച്ചുകൊണ്ട് നീ കാണിക്കുന്ന ഉദാരതയാണ്.

ചിലപ്പോള്‍ ഒരാള്‍ ആര്‍ക്കും ഒന്നും നല്‍കുന്നില്ലെങ്കില്‍ പോലും അയാള്‍ ജനങ്ങളില്‍ ഏറ്റവും വലിയ ഔദാര്യവാന്‍ ആയിരിക്കും. കാരണം ആളുകളുടെ കൈയിലുള്ളതിനോട് അയാള്‍ ഒരു മോഹവും വെച്ചു നടക്കുന്നില്ല. അതാണ് ചില മഹത്തുക്കള്‍ പറഞ്ഞതിന്റെ സാരം:

‘ഉദാരത എന്നത് നിന്റെ സമ്പത്ത് മറ്റുള്ളവര്‍ക്ക് ദാനംനല്‍കുന്നതും മറ്റുള്ളവരുടെ സ്വത്ത് സ്വികരിക്കാതെ നീ മാന്യതകാണിക്കലുമാണ്.’

ഗുരുനാഥന്‍ ശൈഖുല്‍ഇസ്‌ലാം ഇബ്‌നുതൈമിയ(റഹി) ഇപ്രകാരം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘അല്ലാഹു ഇബ്‌റാഹിം നബി(അ)യോട് ഇപ്രകാരം ചോദിച്ചുവത്രെ: ‘എന്തുകൊണ്ടാണ് ഞാന്‍ നിന്നെ ‘ഖലീല്‍’ (ആത്മമിത്രം) ആക്കിയതെന്ന് നിനക്കറിയുമോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല.’ അപ്പോള്‍ അല്ലാഹു പറഞ്ഞു: ‘നിനക്ക് മറ്റുള്ളവരില്‍നിന്ന് വല്ലതും വാങ്ങുന്നതിനെക്കാള്‍ പ്രിയങ്കരം അവര്‍ക്ക് എന്തെങ്കിലും നല്‍കുന്നതാണെന്ന് കണ്ടതിനാലാണ്.’ (സലഫുകളില്‍ പെട്ട ചിലരില്‍നിന്ന് ഇപ്രകാരം  ഉദ്ധരിക്കപ്പെടുന്നുണ്ട്. ‘താരീഖു ദിമശ്ഖ്,’ ‘ഹില്‍യത്തുല്‍ ഔലിയാഅ്, ‘അദ്ദുര്‍റുല്‍ മന്‍ഥൂര്‍ മുതലായ ഗ്രന്ഥങ്ങള്‍ കാണുക).

ഇത് അത്യുന്നതനായ പടച്ചറബ്ബിന്റെ വിശേഷണങ്ങളില്‍പെട്ട ഒരു വിശേഷണമാണ്. അവന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നു; അവന്‍ മറ്റുള്ളവരില്‍നിന്ന് യാതൊന്നും എടുക്കുന്നില്ല. അവന്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്നു; അവന്നാകട്ടെ ആരും ഭക്ഷണം നല്‍കേണ്ടതില്ല. അവന്‍ ഔദാര്യവാന്മാരില്‍വെച്ച് ഏറ്റവും വലിയ അത്യുദാരനാകുന്നു. സൃഷ്ടികളില്‍ അവന് ഏറ്റവും ഇഷ്ടപ്പെട്ടവര്‍ അവന്റെ ഗുണവിശേഷണങ്ങള്‍ തങ്ങളുടെ സ്വഭാവമായി സ്വികരിച്ചവരാണ്. അവന്‍ അത്യുദാരനാണ്. അവന്റെ അടിമകളിലെ ഔദാര്യവാന്മാരെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ അറിവുള്ളവനാണ്; അറിവുള്ളവരെ അവന്‍ സ്‌നേഹിക്കുന്നു. അവന്‍ കഴിവുറ്റവനാണ്. ധീരന്മാരെ അവന് ഇഷ്ടമാണ്. അവന്‍ ഭംഗിയുള്ളവനാണ്; ഭംഗിയെ ഇഷ്ടപ്പെടുന്നവനുമാണ്.

ഇമാം തിര്‍മിദി സഈദുബ്‌നുല്‍ മുസ്വയ്യിബ്(റഹി) പറയുന്നതായി ഇപ്രകാരം ഉദ്ധരിക്കുന്നു: ‘നിശ്ചയം, അല്ലാഹു വിശുദ്ധനാണ്; അവന്‍ വിശുദ്ധമായതിനെ ഇഷ്ടപ്പെടുന്നു. അവന്‍ വൃത്തിയുള്ളവനാണ്; വൃത്തിയെ അവന്‍ ഇഷ്ടപ്പെടുന്നു. ഔദാര്യവാനാണ്; ഉദാരതയെ അവന്‍ ഇഷ്ടപ്പെടുന്നു. മാന്യനാണ്; മാന്യതയെ അവന്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ പരിസരങ്ങള്‍ വൃത്തിയാക്കുക. നിങ്ങള്‍ ജൂതന്മാരെ പോലെയാകരുത്.’ (ഇതിന്റെ പരമ്പരയിലുള്ള ഖാലിദ്ബ്‌നു ഇല്‍യാസ് പണ്ഡിതന്‍മാര്‍ ദുര്‍ബലനാണെന്ന് വിധിപറഞ്ഞ വ്യക്തിയാണ്).

(തിര്‍മിദി, ബസ്സാര്‍, അബൂയഅ്‌ല മുതലായവര്‍ ഉദ്ധരിച്ചത്. ഇതിന്റെ പരമ്പര (സനദ്) അങ്ങേയറ്റം ദുര്‍ബലമാണ്. ഇമാം തിര്‍മിദി തന്നെ അതിന്റെ ന്യുനത വ്യക്തമാക്കിയിട്ടുണ്ട്. ഇബ്‌നുല്‍ ജൗസി(റഹി) തന്റെ ‘അല്‍ ഇലലുല്‍ മുതനാഹിയ’ എന്ന ഗ്രന്ഥത്തില്‍ ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുണ്ട്).

തിര്‍മിദി തന്നെ ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇങ്ങനെ കാണാം; നബി ﷺ പറയുന്നു: ‘ധര്‍മിഷ്ഠന്‍ അല്ലാഹുവിനോട് അടുത്തവനാണ്. സ്വര്‍ഗത്തോടും ജനങ്ങളോടും അയാള്‍ സമീപസ്ഥനുമാണ്. നരകത്തില്‍നിന്നാകട്ടെ അകന്നവനുമാണ്. എന്നാല്‍ പിശുക്കന്‍ അല്ലാഹുവില്‍നിന്ന് അകന്നവനാണ്. സ്വര്‍ഗത്തില്‍നിന്നും ആളുകളില്‍നിന്നും അയാള്‍ വിദൂരത്തായിരിക്കും. നരകത്തോട് സമീപസ്ഥനുമായിരിക്കും. അറിവില്ലാത്ത ഔദാര്യവാനാണ് പിശുക്കനായ ഭക്തനെക്കാള്‍ അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ടവന്‍’ (തിര്‍മിദിക്കു പുറമെ ഇബ്‌നു അദിയ്യ് തന്റെ ‘അല്‍കാമിലി’ലും ‘ഉകൈ്വലി’ തന്റെ ‘അദ്ദുഅഫാഇ’ലും ഇത് ഉദ്ധരിച്ചിട്ടുണ്ട്. ഈ ഹദീഥ് സ്ഥിരപ്പെട്ടിട്ടില്ല. ഇമാം തിര്‍മിദിതന്നെ അതിന്റെ ദുര്‍ബലത വ്യക്തമാക്കിയിട്ടുണ്ട്.  ഇബ്‌നുല്‍ ക്വയ്യിം(റഹി) തന്നെ തന്റെ ‘അല്‍മനാറുല്‍ മുനീഫ്’ എന്ന ഗ്രന്ഥത്തില്‍ അടിസ്ഥാനരഹിതമായ ഹദീഥുകളുടെ കൂട്ടത്തില്‍ ഇതിനെ എണ്ണിയിട്ടുണ്ട്).

സ്വഹിഹായ ഹദീഥില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ‘നിശ്ചയം, അല്ലാഹു ഏകനാണ്. ഒറ്റയാക്കുന്നതിനെ (വിത്‌റിനെ) അവന്‍ ഇഷ്ടപ്പെടുന്നു’ (ബുഖാരി, മുസ്‌ലിം).

അത്യുന്നതനും പരിശുദ്ധനുമായ അല്ലാഹു കാരുണ്യവാനാണ്. കരുണ ചെയ്യുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നു. തീര്‍ച്ചയായും അവന്റെ ദാസന്മാരിലെ കരുണയുള്ളവരോടാണ് അവനും കരുണ കാണിക്കുക. അവന്‍ ന്യൂനതകള്‍ മറച്ചുവെക്കുന്നവനാണ്. അവന്റെ ദാസന്മാരുടെ ന്യുനതകള്‍ മറച്ചുവെക്കുന്നവരെ അവന് ഇഷ്ടമാണ്. അവന്‍ വിട്ടുവീഴ്ച ചെയ്യുന്നവനാണ്. വിട്ടുവീഴ്ച ചെയ്യുന്നവരെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ വീഴ്ചകള്‍ പൊറുക്കുന്നവനാണ്. ആളുകളുടെ വീഴ്ചകള്‍ പൊറുത്ത് കൊടുക്കുന്നവരോട് അവന് ഇഷ്ടമാണ്. അവന്‍ അനുകമ്പ കാട്ടുന്നവനാണ്. അവന്റെ ദാസന്മാരിലെ അനുകമ്പശീലരോട് അവന് ഇഷ്ടമാണ്. കഠിനഹൃദയരും പരുഷസ്വഭാവികളും അഹങ്കാരികളും അമിതഭോജികളുമായവരെ അവന് വെറുപ്പാണ്. അവന്‍ സൗമ്യതയുള്ളവനാണ്. സൗമ്യത അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ വിവേകശാലിയാണ്; വിവേകത്തെ അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ നന്മ ചെയ്യുന്നവനാണ്; നന്മയെയും അതിന്റെ വക്താക്കളെയും അവന് ഇഷ്ടമാണ്. അവന്‍ നീതിമാനാണ്; നീതിപാലിക്കുന്നത് അവന്‍ ഇഷ്ടപ്പെടുന്നു. അവന്‍ ഒഴികഴിവുകള്‍ സ്വീകരിക്കുന്നവനാണ്. തന്റെ ദാസന്മാരുടെ ഒഴികഴിവുകള്‍ സ്വീകരിക്കുന്നവരെ അവന് ഇഷ്ടമാണ്. ഇത്തരം ഗുണവിശേഷണങ്ങള്‍ക്കനുസരിച്ച് അവന്‍ തന്റെ ദാസന്മാര്‍ക്ക് പ്രതിഫലം നല്‍കുന്നതാണ്. ആരെങ്കിലും വിട്ടുവീഴ്ച ചെയ്താല്‍ അവര്‍ക്ക് അവനും വിട്ടുവീഴ്ച ചെയ്യും. ആരെങ്കിലും പൊറുത്ത് കൊടുത്താല്‍  അവര്‍ക്ക് അവനും പൊറുത്ത് കൊടുക്കും. ആരെങ്കിലും മറ്റുള്ളവരുടെ കുറവുകള്‍ക്ക് നേരെ കണ്ണടച്ചാല്‍ അവന്‍ അയാള്‍ക്കും മാപ്പാക്കുന്നതാണ്. ആരെങ്കിലും മറ്റുള്ളവര്‍ക്ക് ഇളവുചെയ്താല്‍ അവന്‍ അയാള്‍ക്കും ഇളവുചെയ്യും. ആരെങ്കിലും അല്ലാഹുവിന്റെ അടിയാറുകളോട് സൗമ്യത കാണിച്ചാല്‍ അല്ലാഹു അയാളോടും സൗമ്യത കാണിക്കും. ആരെങ്കിലും സൃഷ്ടിജാലങ്ങളോട് കരുണകാണിച്ചാല്‍ അല്ലാഹു അയാളോടും കരുണകാണിക്കും. ജനങ്ങളോട് ആരെങ്കിലും നന്മ ചെയ്താല്‍ അല്ലാഹു അയാള്‍ക്കും നന്മ ചെയ്യും. ആരെങ്കിലും മറ്റുള്ളവരുടെ ന്യുനതകളെ വിട്ടുകളഞ്ഞ് മാപ്പാക്കിയാല്‍ അല്ലാഹു അയാളുടെ കുറവുകളെയും വിട്ടുകളയും. ആരെങ്കിലും മറ്റുള്ളവരോട് ഔദാര്യം കാണിച്ചാല്‍ അല്ലാഹു അയാള്‍ക്കും ഔദാര്യം ചെയ്യും. വല്ലവനും മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്താല്‍ അല്ലാഹു അയാള്‍ക്കും ഉപകാരം ചെയ്യും. ആരെങ്കിലും മറ്റുള്ളവരുടെ ന്യുനത മറച്ചുവെച്ചാല്‍ അല്ലാഹു അയാളുടെതും മറച്ചുവെക്കും. വല്ലവനും മറ്റുള്ളവരുടെ കുറവുകള്‍ ചിക്കിച്ചികയാന്‍ ഒരുങ്ങിയാല്‍ അല്ലാഹു അയാളുടെ കുറവുകളും കൊണ്ടുവരും. ആരെങ്കിലും മറ്റുള്ളവരെ അവഹേളിച്ചാല്‍ അവന്‍ അവരെയും അവഹേളിക്കും. ആരെങ്കിലും തന്റെ നന്മ മറ്റുള്ളവര്‍ക്ക് നിഷേധിച്ചാല്‍ അല്ലാഹു അയാള്‍ക്കും നന്മ തടയും. ആരെങ്കിലും അല്ലാഹുവിനോട് എതിരായാല്‍ അല്ലാഹു അയാളോടും എതിരാകും. ആരെങ്കിലും തന്ത്രം പ്രയോഗിച്ചാല്‍ അല്ലാഹു അയാളോടും തന്ത്രം പ്രയോഗിക്കും. ആരെങ്കിലും ചതിയും വഞ്ചനയും കാണിച്ചാല്‍ അല്ലാഹു അയാളോടും അതുപോലെ കാണിക്കും. ഒരാള്‍ അല്ലാഹുവിന്റെ അടിമകളോട് പെരുമാറുന്നത് ഏത് തരത്തിലാണോ അല്ലാഹു ഇരുലോകത്തു വെച്ച് അയാളോടും അതേരൂപത്തിലായിരിക്കും പെരുമാറുക. അതായത് ഒരാള്‍ മറ്റൊരാളോട് ഏത് രൂപത്തിലാണോ പെരുമാറുന്നത് അതനുസരിച്ചായിരിക്കും അല്ലാഹു അയാളോടും പെരുമാറുക എന്ന് സാരം.

അതുകൊണ്ട് നബി ﷺ യുടെ ഹദീഥുകളില്‍ ഇപ്രകാരം കാണാം: ‘ആരെങ്കിലും ഒരു സത്യവിശ്വസിയുടെ ന്യുനത മറച്ചുവെച്ചാല്‍ അല്ലാഹു അയാളുടെ ന്യുനതകളും ഈ ലോകത്തും പരലോകത്തും മറച്ചുവെക്കുന്നതാണ്. ആരെങ്കിലും ഒരു സത്യാവിശ്വാസിയുടെ ഈ ലോകത്തെ ദുരിതംനീക്കി ആശ്വാസം നല്‍കിയാല്‍ അല്ലാഹു അയാളില്‍നിന്ന് പരലോകത്തെ പ്രയാസങ്ങള്‍ നീക്കി ആശ്വാസം നല്‍കുന്നതാണ്. (സാമ്പത്തികമായി) പ്രയാസപ്പെടുന്ന ഒരാള്‍ക്ക് ആരെങ്കിലും ആശ്വാസം നല്‍കിയാല്‍ അല്ലാഹു അയാളുടെ വിചാരണ എളുപ്പമാക്കും’ (മുസ്‌ലിം).

‘ഒരു ഇടപാട് ഒഴിവാക്കിക്കൊടുക്കാനായി ഖേദപ്രകടനത്തോടെ ഒരാള്‍ വരികയും ആ അഭ്യര്‍ഥന പരിഗണിച്ച് പ്രസ്തുത ഇടപാട് ഒഴിവാക്കിക്കൊടുക്കുകയും ചെയ്താല്‍ അല്ലാഹു അയാളുടെ വീഴ്ചകളും (പ്രതിക്രിയ കൂടാതെ) ഒഴിവാക്കിക്കൊടുക്കും’ (അബൂദാവൂദ്, ഇബ്‌നുമാജ, ഇബ്‌നുഹിബ്ബാന്‍).

‘ആരെങ്കിലും  കടംകൊണ്ട് പ്രയാസപ്പെടുന്നയാള്‍ക്ക് അവധി നീട്ടിക്കൊടുക്കുകയോ കടം വിട്ടുവീഴ്ച ചെയ്യുകയോ ചെയ്താല്‍ അല്ലാഹു അയാള്‍ക്ക് അര്‍ശിന്റെ തണല്‍ നല്‍കുന്നതാണ.’ (മുസ്‌ലിം).

എന്തുകൊണ്ടെന്നാല്‍ ഈ വ്യക്തി അയാള്‍ക്ക് അവധി നീട്ടിക്കൊടുക്കലിന്റെയും സഹനത്തിന്റെയും തണല്‍നല്‍കി സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന അയാളെ ബുദ്ധിമുട്ടിച്ചു പണം തിരിച്ചു വാങ്ങിക്കുന്ന കഷ്ടതയുടെ ചൂടില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. അതുകൊണ്ട് അന്ത്യനാളില്‍ സൂര്യന്റെ ചൂടില്‍നിന്നും അര്‍ശിന്റെ തണല്‍ നല്‍കി അല്ലാഹു അയാളെ സംരക്ഷിക്കും.

തിര്‍മിദിയും മറ്റും ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥില്‍ ഇപ്രകാരം കാണാം: ‘ഒരിക്കല്‍ നബി ﷺ ഖുത്വുബ നിര്‍വഹിച്ചുകൊണ്ടിരിക്കെ പറഞ്ഞു: ‘ഹൃദയത്തിലേക്ക് ഈമാന്‍ (സത്യവിശ്വാസം) കടന്നുചെന്നിട്ടില്ലാത്ത, കേവലം നാവുകൊണ്ട് മാത്രം വിശ്വാസം പ്രഖ്യാപിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസികളെ ഉപദ്രവിക്കരുതേ, അവരുടെ കുറവുകള്‍ നിങ്ങള്‍ ചിക്കിച്ചികയുകയും ചെയ്യരുതേ. എന്തുകൊണ്ടെന്നാല്‍ തന്റെ സഹോദരന്റെ കുറവുകള്‍ ചികഞ്ഞാല്‍ അല്ലാഹു അയാളുടെയും കുറവുകള്‍ ചികയും. അല്ലാഹു ആരുടെയെങ്കിലും കുറവുകള്‍ ചികഞ്ഞാല്‍ അത് അയാളെ അവഹേളിച്ച് വഷളാക്കിക്കളയും, അയാള്‍ തന്റെ വീടിന്റെ ഉള്ളറയിലായിരുന്നാല്‍ പോലും.’ (തുടരും)

ശമീര്‍ മദീനി

നേർപഥം വാരിക 

 

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 10

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 10

ഇവിടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരത്തിനു മുറിവേറ്റ വ്യക്തിയെ സംബന്ധിച്ച് നബി ﷺ അറിയിക്കുന്നത് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അതിന് കസ്തൂരിയുടെ പരിമളം ഉണ്ടായിരിക്കുമെന്നാണ്. നോമ്പുകാരന്റെ വായയുടെ വാസനയെ സംബന്ധിച്ച് പറഞ്ഞത് പോലെയുള്ള ഒരു പരാമര്‍ശമാണിത്. ഇഹലോകത്തെ അനുഭവത്തിലൂടെ മുറിവിന്റെ രക്തവും വായയുടെ വാസനയും എന്താണെന്ന്  അറിവുള്ളതാണല്ലോ. എന്നാല്‍ അവയെ അല്ലാഹു പരലോകത്ത് കസ്തൂരിയുടെ സുഗന്ധമാക്കി മാറ്റുന്നതാണ്.

എന്നാല്‍ അബൂഅംറ് ഇബ്‌നുസ്വലാഹ്(റഹി) തെളിവാക്കുന്നത് ഇബ്‌നുഹിബ്ബാനില്‍ വന്ന ഹദീഥിന്റെ പരാമര്‍ശമാണ്: ‘ഭക്ഷണം ഒഴിവാക്കുന്നത് കാരണമായുണ്ടാകുന്ന വാസന’ എന്നാണല്ലോ അത്. അതാകട്ടെ ദുന്‍യാവില്‍ സംഭവിക്കുന്നതാണ്. ഭാഷാപരമായ ചില ന്യായങ്ങളും ന്യായീകരണങ്ങളും നിരത്തിക്കൊണ്ട് നോമ്പുകാരന്‍ ഭക്ഷണം ഒഴിവാക്കുന്നത് മൂലമുള്ള വാസന അല്ലാഹുവിന്റെ അടുക്കല്‍ പരിമളമുള്ളതാണെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. ശേഷം ആവശ്യമില്ലാതെ കുറെ വിശദീകരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.

ഇവിടെ പ്രസ്തുത പരിമളത്തെ അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറഞ്ഞത് അല്ലാഹുവിന്റെ വിശേഷണങ്ങളെയും പ്രവൃത്തികളെയും അവനിലേക്ക് ചേര്‍ത്തിപ്പറഞ്ഞത് പോലെത്തന്നെയാണ്. അതായത് ഈ പരിമളം സൃഷ്ടികളുടെ പരിമളത്തെപോലെയല്ല, അല്ലാഹുവിന്റെ തൃപ്തിയും കോപവും സന്തോഷവും വെറുപ്പും ഇഷ്ടവും ദേഷ്യവും ഒന്നും സൃഷ്ടികളുടേതിനു സമാനമല്ല എന്നതുപോലെയാണ് അതും. അല്ലാഹുവിന്റെ അസ്തിത്വം സൃഷ്ടികളുടെ അസ്തിത്വത്തിനോട് സമാനമായതല്ല; അവന്റെ വിശേഷണങ്ങളും അവന്റെ പ്രവര്‍ത്തങ്ങളും അപ്രകാരം തന്നെ സൃഷ്ടികളുടേതുപോലെയല്ല. അത്യുന്നതനും പരിശുദ്ധനുമായ അല്ലാഹു വിശിഷ്ടമായ വചനങ്ങളെ വിശിഷ്ടമായി കാണുന്നു. അവന്റെയടുക്കലേക്ക് അവ കയറിപ്പോകുന്നു. സല്‍കര്‍മങ്ങളെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഈ വിശിഷ്ടമായിക്കാണലും നമ്മുടേതുപോലെയല്ല.

ഈ തര്‍ക്കത്തില്‍ അന്തിമമായി നമുക്ക് പറയാനുള്ളത് ഇതാണ്: നബി ﷺ അറിയിച്ചത് പോലെ ആ പരിമളം പരലോകത്തുവെച്ചാണ് ഉണ്ടാകുന്നത്. കാരണം അതാണ് നന്മതിന്മകളുടെ കര്‍മ പ്രതിഫലം പ്രകടമാമാകുന്ന സമയം. അപ്പോള്‍ ആ വാസന കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ളതായി അവിടെവെച്ച് പ്രകടമാവും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ശരീരത്തില്‍ മുറിവേറ്റ വ്യക്തിയുടെ രക്തത്തിന്റെ മണം കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ളതായി പ്രത്യക്ഷപ്പെടുന്നതുപോലെ. അവിടെവെച്ചാണ് രഹസ്യങ്ങള്‍ വെളിവാക്കപ്പെടുന്നതും ചില മുഖങ്ങളില്‍ അത് പ്രകടമായി പ്രത്യക്ഷപ്പെടുന്നതും. സത്യനിഷേധികളുടെ ദുര്‍ഗന്ധവും മുഖത്തിന്റെ കറുപ്പുമൊക്കെ പ്രകടമാകുന്നതുമൊക്കെ അന്നായിരിക്കും.

‘ഭക്ഷണം ഒഴിവാക്കിയതുമൂലം,’ ‘വൈകുന്നേരമാവുമ്പോള്‍’ എന്നൊക്കെ ചില റിപ്പോര്‍ട്ടുകളില്‍ വന്ന പരാമര്‍ശങ്ങള്‍, അപ്പോഴാണ് ആ ആരാധനയുടെ അടയാളങ്ങള്‍ കൂടുതല്‍ പ്രകടമാവുന്നത് എന്നതിനാലാകും. അപ്പോള്‍ അതനുസരിച്ച് അതിന്റെ സുഗന്ധവും അല്ലാഹുവിന്റെ അടുക്കലും അവന്റെ മലക്കുകളുടെ അടുക്കലും കസ്തൂരിയെക്കാള്‍ അധികരിച്ച ഏറ്റവും പരിമളമുള്ളതായിരിക്കും; മനുഷ്യരുടെയടുക്കല്‍ ആ നേരത്തെ വാസന വെറുപ്പുള്ളതാണെങ്കിലും. മനുഷ്യരുടെയടുക്കല്‍ വെറുക്കപ്പെടുന്ന എത്രയെത്ര സംഗതികളാണ് അല്ലാഹുവിന്റെയടുക്കല്‍ ഏറെ പ്രിയങ്കരമായിട്ടുള്ളത്! നേരെ തിരിച്ചും. മനുഷ്യര്‍ക്ക് അതിനോട് വെറുപ്പ് തോന്നുന്നത് അവരുടെ പ്രകൃതത്തിനോട് അത് യോജിക്കാത്തതുകൊണ്ടാണ്. എന്നാല്‍ അല്ലാഹു അതിനെ വിശിഷ്ടമായി കാണുന്നതും അതിനെ ഇഷ്ടപ്പെടുന്നതും അത് അവന്റെ കല്‍പനയോടും തൃപ്തിയോടും ഇഷ്ടത്തോടും യോജിക്കുന്നു എന്നുള്ളതുകൊണ്ടാണ്. അപ്പോള്‍ അവന്റെയടുക്കല്‍ അതിന് നമ്മുടെയെടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തിനുള്ളതിനെക്കാള്‍ പരിമളവും വിശിഷ്ടതയും ഉണ്ടായിരിക്കും. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അത് മനുഷ്യര്‍ക്ക് സുഗന്ധമായിത്തന്നെ അനുഭവപ്പെടുകയും അത് പരസ്യമായി പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇപ്രകാരമാണ് ഏത് നന്മതിന്മകളുടെയും കര്‍മഫലങ്ങള്‍. അവ ഏറ്റവും ബോധ്യപ്പെടുന്നതും പരസ്യമായി പ്രത്യക്ഷപ്പെടുന്നതും പരലോകത്തായിരിക്കും.

ചില കര്‍മങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതും അവയുടെ നന്മ അധികരിക്കുന്നതും ഇഹലോകത്ത് അതുണ്ടാക്കുന്ന ചില അനന്തരഫലങ്ങളെകൂടി ആശ്രയിച്ചിട്ടായിരിക്കും. അത് കണ്ണുകൊണ്ട് കാണാവുന്നതും ഉള്‍ക്കാഴ്ചകൊണ്ട് ഗ്രഹിക്കാവുന്നതുമാണല്ലോ!

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘നിശ്ചയം, നന്മ മുഖത്ത് തെളിച്ചമുണ്ടാക്കും. ഹൃദയത്തില്‍ പ്രകാശവും ശരീരത്തിന് ശക്തിയും ഉപജീവനത്തില്‍ വിശാലതയും സൃഷ്ടികളുടെ മനസ്സില്‍ സ്‌നേഹവും പകരും. എന്നാല്‍ തിന്മകള്‍ തീര്‍ച്ചയായും മുഖത്തിന് കറുപ്പും ഹൃദയത്തില്‍ ഇരുട്ടും ശരീരത്തിന് തളര്‍ച്ചയും ഉപജീവനത്തില്‍ കുറവും സൃഷ്ടികളുടെ മനസ്സുകളില്‍ വെറുപ്പും ഉണ്ടാക്കും.’ (ഇതിനു സമാനമായി ഹസനുല്‍ ബസ്വരിയില്‍നിന്ന് ഇബ്‌നു അബീശൈബ ഉദ്ധരിക്കുന്നുണ്ട്; അബൂനുഐം ‘ഹില്‍യ’യിലും. എന്നാല്‍ ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല).

ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) പറയുന്നു: ‘ഏതൊരു മനുഷ്യന്‍ കര്‍മം ചെയ്യുമ്പോഴും അതിന്റെതായ ഒരു പുടവ അല്ലാഹു അയാളെ ധരിപ്പിക്കുന്നതായിരിക്കും. നന്മയാണെങ്കില്‍ നന്മയുടെതും തിന്മയാണെങ്കില്‍ തിന്മയുടെതും.’ (ഇമാം അഹ്മദ് ‘സുഹ്ദില്‍’ ഉദ്ധരിച്ചത്. ഇബ്‌നുല്‍ മുബാറകും അബൂദാവൂദും ‘സുഹ്ദി’ല്‍ ഉദ്ധരിച്ചു. ഇബ്‌നു അബീശൈബ, ബൈഹക്വി ‘ശുഅബുല്‍ ഈമാനി’ലും).

 ഇത് സുപരിചിതമായ സംഗതിയാണ്. ഉള്‍ക്കാഴ്ചയുള്ള പണ്ഡിതന്മാര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ അറിയാവുന്നതുമാണ്. വിശുദ്ധരും പുണ്യംചെയ്യുന്നവരുമായ ആളുകളില്‍നിന്ന് അവര്‍ സുഗന്ധം പുരട്ടിയിട്ടില്ലെങ്കില്‍കൂടി ചിലപ്പോള്‍ നല്ല പരിമളം വീശാറുണ്ട്. അയാളുടെ ആത്മാവിന്റെ സുഗന്ധം ശരീരത്തിലൂടെയും വസ്ത്രത്തിലൂടെയും പുറത്തേക്കുവരും. എന്നാല്‍ തോന്നിവാസിയുടെ സ്ഥിതി നേരെ തിരിച്ചുമാണ്. രോഗം ബാധിച്ച് മൂക്കൊലിക്കുന്നവന് ഈ രണ്ട് വാസനകളും അനുഭവപ്പെടുകയില്ല. പ്രത്യുത അയാളുടെ മൂക്കൊലിപ്പ് ഇതിനെ നിഷേധിക്കാനായിരിക്കും പ്രേരിപ്പിക്കുക. ഈ ചര്‍ച്ചയില്‍ അവസാനമായി നമുക്ക് പറയുവാനുള്ളത് ഇത്രയുമാണ്. അല്ലാഹു തആലയാണ് ശരിയെ സംബന്ധിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍.

നബി ﷺ പറഞ്ഞു: ‘അവന്‍ നിങ്ങളോട് ദാനധര്‍മത്തെ(സ്വദക്വ)കുറിച്ച് കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ശത്രുവിന്റെ ബന്ധനത്തിലായ ഒരാളുടെത് പോലെയാണ്. ശത്രുക്കള്‍ അയാളുടെ കൈ പിരടിയിലേക്ക് ചേര്‍ത്തുകെട്ടി കഴുത്ത് വെട്ടുവാനായി കൊണ്ടുവന്നിരിക്കുകയാണ്. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഞാന്‍ എന്റെ എല്ലാം നിങ്ങള്‍ക്ക് മോചനദ്രവ്യമായി നല്‍കാം. അങ്ങനെ അയാള്‍ അവരില്‍ നിന്നും മോചിതനായി.’

ഈ വാക്കുകളുടെയും വസ്തുത അറിയിക്കുന്ന തെളിവുകളും ന്യായങ്ങളുമായിട്ടുള്ള പല സംഭവങ്ങളും അനുഭവങ്ങളുമുണ്ട്. തീര്‍ച്ചയായും വിവിധതരം പരീക്ഷണങ്ങളെ തടുക്കുന്നതില്‍ ദാനധര്‍മങ്ങള്‍ക്ക് അത്ഭുതാവഹമായ സ്വാധീനമുണ്ട്. ആ ദാനം ചെയ്തത് ആക്രമിയോ തെമ്മാടിയോ, അല്ല; സത്യനിഷേധി ആയിരുന്നാല്‍ പോലും. നിശ്ചയം അല്ലാഹു ആ ദാനം നിമിത്തമായി അയാളില്‍നിന്ന് വിവിധ പ്രയാസങ്ങളെ തടുക്കുന്നതാണ്. ഈ കാര്യവും പണ്ഡിത, പാമര വ്യത്യാസമന്യെ മനുഷ്യര്‍ക്കിടയില്‍ സുപരിചിതമാണ്. ഭൂവാസികളെല്ലാം തന്നെ ഇത് അഗീകരിക്കും. കാരണം അത് അവര്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.

ഇമാം തിര്‍മിദി അനസ്ബ്‌നു മാലികി(റ)ല്‍നിന്ന് ഉദ്ധരിക്കുന്നു: നബി ﷺ പറഞ്ഞു: ‘നിശ്ചയം! ദാന ധര്‍മങ്ങള്‍ റബ്ബിന്റെ കോപത്തെ ഇല്ലാതാക്കുകയും മോശമായ മരണത്തെ തടുക്കുകയും ചെയ്യും’ (തിര്‍മിദി, ഇബ്‌നുഹിബ്ബാന്‍, ഭഗവി മുതലായവര്‍ ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിര്‍മിദി പറയുന്നു: ‘ഈ രൂപത്തിലൂടെ ഹസനും ഗരീബും ആയിട്ടാണ് വന്നിട്ടുള്ളത്. ഇതിന്റെ പരമ്പരയില്‍ അബുദുല്ലാഹിബ്‌നു ഈസാ അല്‍ഗസ്സാസ് എന്ന വ്യക്തിയുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. അദ്ദേഹത്തിലൂടെ മാത്രമായിട്ടാണ് ഈ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ഇബ്‌നുഅദിയ്യ് ‘അല്‍ കാമില്‍’ എന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹത്തിന്റെ വിവരണം പറയുന്നിടത്ത് ഈ ഹദീഥ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഈ ഹദീഥിന്റെ ആശയത്തെ പിന്തുണക്കുന്ന മറ്റു റിപ്പോര്‍ട്ടുകളും സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.  ഉദാഹരണത്തിന് ‘അത്തര്‍ഗീബ് വത്തര്‍ഹീബ്’ 1/679 നോക്കുക).

 ദാനധര്‍മങ്ങള്‍ ലോകരക്ഷിതാവായ അല്ലാഹുവിന്റെ കോപത്തെ ഇല്ലാതാക്കും എന്നതുപോലെത്തന്നെ തെറ്റുകുറ്റങ്ങളെയും അത് ഇല്ലാതാക്കിക്കളയും; വെള്ളം തീയിനെ കെടുത്തിക്കളയുന്നത് പോലെ.

മുആദുബ്‌നു ജബല്‍(റ) പറയുന്നു: ‘ഞാന്‍ നബി ﷺ യുടെ കൂടെ ഒരു യാത്രയിലായിരുന്നു. അങ്ങനെ ഒരുദിവസം രാവിലെ ഞങ്ങള്‍ യാത്ര തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നബി ﷺ യുടെ വളരെ അടുത്തുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നന്മയുടെ കവാടങ്ങളെക്കുറിച്ച് ഞാന്‍ നിനക്ക് അറിയിച്ചുതരട്ടയോ? നോമ്പ് ഒരു പരിചയാണ്. ദാനധര്‍മങ്ങള്‍ തെറ്റുകളെ കെടുത്തിക്കളയും; വെള്ളം തീയിനെ കെടുത്തിക്കളയുന്നത് പോലെ. അതുപോലെ രാത്രിയുടെ മധ്യത്തിലുള്ള നമസ്‌കാരവും.’ എന്നിട്ട് അവിടുന്ന് ഈ ആയത്ത് ഓതി: ‘ഭയത്തോടും പ്രത്യാശയോടും കൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി, കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും’ (32:16) (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്).

ചില അഥറുകളില്‍ ഇങ്ങനെ വന്നിട്ടുണ്ട്: ‘നിങ്ങള്‍ ദാനധര്‍മങ്ങള്‍ മുന്‍കൂട്ടി ചെയ്യുക. നിശ്ചയം, പ്രയാസങ്ങള്‍ ദാനധര്‍മങ്ങളെ മുന്‍കടക്കുകയില്ല.’

ശത്രുക്കള്‍ ബന്ധനസ്ഥനാക്കി കഴുത്തുവെട്ടുവാന്‍ കൊണ്ടുവരപ്പെട്ട ഒരു വ്യക്തി തന്റെ ധനം മോചനദ്രവ്യമായി നല്‍കി രക്ഷപ്പെട്ട ഒരു ഉപമ നബി ﷺ വിവരിച്ചതില്‍നിന്നും മറ്റൊരു വിശദീകരണത്തിനും ആവശ്യമില്ലാത്തവിധം കാര്യം വളരെ വ്യക്തമാണ്.

‘നിശ്ചയം, ദാനധര്‍മങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് മോചിപ്പിക്കുവാന്‍ പര്യാപ്തമാണ്. അയാളുടെ തെറ്റുകുറ്റങ്ങള്‍ അയാളെ നശിപ്പിക്കാന്‍ പോന്നതാണെങ്കിലും. അയാളുടെ ദാനധര്‍മങ്ങള്‍ ശിക്ഷയില്‍നിന്നുള്ള പ്രായച്ഛിത്തമായി വരികയും അതില്‍നിന്ന് അയാളെ മോചിപ്പിക്കുകയും ചെയ്യുന്നതാണ്.’

അതിനാലാണ് സ്വഹീഹായ ഹദീഥില്‍ വന്നതുപോലെ നബി ﷺ പെരുന്നാള്‍ ദിവസം സ്ത്രീകളോട് പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ ഇപ്രകാരം പറഞ്ഞത്: ‘സ്ത്രീ സമൂഹമേ, നിങ്ങള്‍ നിങ്ങളുടെ ആഭരണങ്ങളില്‍നിന്നാണെങ്കിലും ദാനം ചെയ്യുക. കാരണം നരകക്കാരില്‍ കൂടുതലും ഞാന്‍ നിങ്ങളെയാണ് കണ്ടത്’ (ബുഖാരി, മുസ്‌ലിം). (‘നിങ്ങളുടെ ആഭരണങ്ങളില്‍ നിന്നെങ്കിലും’ എന്ന ഭാഗം മറ്റു റിപ്പോര്‍ട്ടുകളില്‍ വന്നതാണ്). അതായത് നബി ﷺ സ്ത്രീകള്‍ക്ക് നരകശിക്ഷയില്‍നിന്ന് സ്വയം രക്ഷപ്പെടുവാനുള്ള മാര്‍ഗം പറഞ്ഞുകൊടുക്കുകയും പ്രേരിപ്പിക്കുകയുമാണ് ഇതിലൂടെ ചെയ്തത്.

അദിയ്യിബ്‌നു ഹാതിമി(റ)ല്‍നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഇപ്രകാരം ഉദ്ധരിക്കുന്നു: ”അല്ലാഹുവിന്റെ ദൂതന്‍ ﷺ പറഞ്ഞു: ‘നിങ്ങളില്‍ ഓരോരുത്തരോടും ഒരു ദ്വിഭാഷിയില്ലാതെ തന്നെ തന്റെ രക്ഷിതാവ് നേരിട്ട് സംസാരിക്കുന്നതാണ്. അപ്പോള്‍ അയാള്‍ തന്റെ വലതുഭാഗത്തേക്ക് നോക്കും. അവിടെ താന്‍ മുന്‍കൂട്ടി ചെയ്തുവെച്ചതല്ലാതെ അയാള്‍ക്ക് കാണാനാവില്ല. ഇടതുഭാഗത്തേക്ക് നോക്കുമ്പോഴും തന്റെ കര്‍മങ്ങളല്ലാതെ അയാള്‍ക്ക് കാണാന്‍ കഴിയില്ല. തന്റെ മുന്നിലേക്ക് നോക്കുമ്പോള്‍ നരകത്തെയായിരിക്കും നേര്‍മുന്നില്‍ കാണുക! അതിനാല്‍ ഒരു കാരക്കയുടെ ചീന്തുകൊണ്ടെങ്കിലും നിങ്ങള്‍ നരകത്തെ തടുത്തുകൊള്ളുക” (ബുഖാരി, മുസ്‌ലിം).

 അബൂദര്‍റ്(റ) പറയുന്നു: ‘ഞാന്‍ ഒരിക്കല്‍ നബി ﷺ യോട് ചോദിച്ചു: ‘ഒരാളെ നരകത്തില്‍നിന്ന് രക്ഷപ്പെടുത്തുന്നത് എന്താണ്?’ നബി ﷺ പറഞ്ഞു: ‘അല്ലാഹുവിലുള്ള വിശ്വാസം.’ ഞാന്‍ ചോദിച്ചു: ‘അല്ലാഹുവിന്റെ പ്രവാചകരേ, ഈമാനിന്റെ കൂടെയുള്ള വല്ല കര്‍മങ്ങളും?’ അവിടുന്ന് പറഞ്ഞു: ‘അല്ലാഹു നിനക്ക് നല്‍കിയതില്‍നിന്ന് ചെറുതാണെങ്കിലും നീ ചെലവഴിക്കുന്നത്.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, ചെലവഴിക്കാനൊന്നുമില്ലാത്ത ദരിദ്രനാണ് അയാളെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണം.’ ഞാന്‍ ചോദിച്ചു: ‘നന്മ കല്‍പിക്കുവാനും തിന്മ വിരോധിക്കുവാനും സംസാരിക്കുവാനും അയാള്‍ക്ക് സാധിക്കുന്നില്ലെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘ജോലി ചെയ്യാന്‍ കഴിയാതെ പ്രയാസപ്പെടുന്നവനെ സഹായിക്കട്ടെ.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, ഒന്നും ശരിയാവണ്ണം ചെയ്യാന്‍ കഴിയാത്തയാളാണെങ്കിലോ?’ നബി ﷺ പറഞ്ഞു: ‘മര്‍ദിതനെ സഹായിക്കട്ടെ.’ ഞാന്‍ ചോദിച്ചു: ‘പ്രവാചകരേ, ഒരു മര്‍ദിതനെ സഹായിക്കാന്‍ ശേഷിയില്ലാത്തയാളാണെങ്കിലോ?’ അവിടുന്ന് പറഞ്ഞു: ‘നിന്റെ സ്‌നേഹിതനില്‍ ഏതൊരു നന്മയാണ് ശേഷിക്കുന്നതായി നീ കാണുന്നത്? ജനങ്ങളില്‍നിന്ന് തന്റെ ഉപദ്രവത്തെ അയാള്‍ തടഞ്ഞുവെക്കട്ടെ.’ ഞാന്‍ ചോദിച്ചു: ‘ഇത് അയാള്‍ ചെയ്താല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ?’ നബി ﷺ പറഞ്ഞു: ‘ഏതൊരു സത്യവിശ്വാസിയും ഇതില്‍ ഏതെങ്കിലും കാര്യങ്ങള്‍ ചെയ്താല്‍ അത് അയാളുടെ കൈപിടിച്ച് സ്വര്‍ഗത്തിലേക്ക് കടത്തുന്നതായിരിക്കും’ (ബൈഹക്വി ‘ശുഅബുല്‍ ഈമാന്‍’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതാണിത്, ത്വബ്‌റാനി, ഇബ്‌നുഹിബ്ബാന്‍, ഹാകിം മുതലായവര്‍ റിപ്പോര്‍ട്ട് ചെയ്തത്).

 ഉമറുബ്‌നുല്‍ഖത്വാബ്(റ) പറഞ്ഞു: ‘എന്നോട് പറയപ്പെട്ടു; നിശ്ചയം, കര്‍മങ്ങള്‍ പരസ്പരം അഭിമാനം പറയുമെന്ന്. അപ്പോള്‍ സ്വദക്വ പറയുമത്രെ; ഞാനാണ് നിങ്ങളില്‍ ഏറ്റവും ശ്രേഷ്ഠതയുള്ളത് എന്ന്’ (ബൈഹക്വി ശുഅബുല്‍ ഈമാനിലും, ഇബ്‌നു ഖുസൈമ, ഹാകിം മുതലായവരും ഉദ്ധരിച്ചത്).

അബൂഹുറയ്‌റ(റ) പറയുന്നു: ”പിശുക്കന്റെയും ദാനം ചെയ്യുന്നവന്റെയും ഉപമ വിശദീകരിച്ചുകൊണ്ട് നബി ﷺ പറഞ്ഞു: ‘ഇരുമ്പിനാലുള്ള രണ്ട് ജുബ്ബകള്‍  അഥവാ പടയങ്കി ധരിച്ച രണ്ട് ആളുകള്‍;  അവരുടെ കൈകള്‍ നെഞ്ചിലേക്കും തൊണ്ടയിലേക്കും ഞെരുങ്ങിയിരിക്കുന്നു. എന്നാല്‍ ദാനം ചെയ്യുന്ന വ്യക്തി ഓരോ തവണ ദാനം ചെയ്യുമ്പോഴും അത് അയാള്‍ക്ക് അയഞ്ഞ് അയഞ്ഞ് വിശാലമായിക്കൊണ്ടിരിക്കുന്നു. അങ്ങനെയത് അയാള്‍ക്ക് പൂര്‍ണമായ കവചവും സുരക്ഷയുമായി മാറി. എന്നാല്‍ പിശുക്കനാകട്ടെ, തന്റെ കൈകള്‍ കഴുത്തിലേക്ക് ചേര്‍ത്ത് ബന്ധിക്കപ്പെട്ടതിനാല്‍ പടച്ചട്ട ശരിയായ രൂപത്തില്‍ ധരിക്കാനാവാതെ അസ്വസ്ഥനാകുന്നു. അത് അയാള്‍ക്ക് കവചമോ സുരക്ഷയോ ആകുന്നില്ല, മറിച്ച് ഭാരമാവുകയും ചെയ്യുന്നു.’  അബൂഹുറയ്‌റ(റ) പറഞ്ഞു: നബി ﷺ അത് എങ്ങനെയെന്ന് ചെയ്ത് കാണിക്കുന്നത് ഞാന്‍ കണ്ടു” (ബുഖാരി, മുസ്‌ലിം).

ശമീര്‍ മദീനി

നേർപഥം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 9

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 9

ഈ രണ്ടു പ്രേരകങ്ങള്‍ക്കുമിടയില്‍ നിലകൊള്ളുന്ന ഹൃദയം ചിലപ്പോള്‍ സത്യവിശ്വാസത്തിന്റെയും യഥാര്‍ഥജ്ഞാനത്തിന്റെയും അല്ലാഹുവിലേക്കുള്ള സ്‌നേഹത്തിന്റെയും അവനെ മാത്രം ലക്ഷ്യമാക്കിയുള്ള കര്‍മത്തിന്റെയും നേര്‍ക്ക് ആഭിമുഖ്യം പ്രകടിപ്പിക്കും. മറ്റു ചിലപ്പോഴാകട്ടെ ദേഹേച്ഛയുടെയും പിശാചിന്റെയും പ്രകൃതങ്ങളിലേക്ക് ചാഞ്ഞുപോകും. ഇത്തരം ഹൃദയങ്ങളിലാണ് പിശാചിന് താല്‍പര്യമുള്ളത്. അവന് അതില്‍ കയറിച്ചെല്ലാനുള്ള ഇടങ്ങളും അതിനുപറ്റിയ സാഹചര്യങ്ങളുമുണ്ട്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ വിജയം നല്‍കുന്നു.

”സാക്ഷാല്‍ സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്ന് മാത്രമാകുന്നു” (ക്വുര്‍ആന്‍ 3:126).

പിശാചിന് ഇവിടെ സൗകര്യപ്പെടുന്നത് തന്റെ ആയുധം അവിടെ കിടപ്പുള്ളതുകൊണ്ട് മാത്രമാണ്. അങ്ങനെ അവിടേക്ക് പിശാച് കടന്നുചെല്ലുകയും ആയുധം കൈവശപ്പെടുത്തുകയും അതുമായി അയാളോട് പോരാടുകയും ചെയ്യും. അവന്റെ ആയുധമെന്നത് ദേഹേച്ഛകളും സന്ദേഹങ്ങളുമാണ്. അഥവാ ശഹവാത്തുകളും ശുബുഹാത്തുകളും. അതേപോലെ വ്യാജമായ കുറെ വ്യാമോഹങ്ങളും ഭാവനകളും. അവയൊക്കെ ഒരു ഹൃദയത്തില്‍ ശേഷിക്കുന്നുണ്ടെങ്കില്‍ പിശാച് അവിടേക്ക് കടന്നുവരികയും അവയെ കൈവശപ്പെടുത്തുകയും ചെയ്തുകൊണ്ട് ആ ഹൃദയത്തെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കും. എന്നാല്‍ ഈ വ്യക്തിയുടെ പക്കല്‍ അത്തരം ആയുധങ്ങളെ പ്രതിരോധിക്കാനുള്ള അതിനെക്കാള്‍ മികച്ച, ഈമാനിന്റെ ശക്തമായ സന്നാഹങ്ങളുണ്ടെങ്കില്‍ വിജയംവരിക്കാന്‍ കഴിയും. ഇല്ലെങ്കില്‍ തന്റെ ശത്രുവിനായിരിക്കും തന്റെമേല്‍ ആധിപത്യം ലഭിക്കുക. ‘ലാ ഹൗല വലാ ക്വുവ്വത്ത ഇല്ലാ ബില്ലാഹില്‍ അലിയ്യില്‍ അളീം’ (അത്യുന്നതനും മഹാനുമായ അല്ലാഹുവിനെകൊണ്ടല്ലാതെ യാതൊരു ശക്തിയും കഴിവുമില്ല).

ഒരാള്‍ തന്റെ ശത്രുവിനു വീടിന്റെ വാതില്‍ തുറന്നുകൊടുക്കുകയും പ്രവേശിക്കാനനുവദിക്കുകയും അങ്ങനെ ആയുധങ്ങളെടുത്തു പോരാടാന്‍ സൗകര്യമൊരുക്കുകയും ചെയ്താല്‍ അയാള്‍ തന്നെയാണ് ആക്ഷേപാര്‍ഹന്‍.

‘നീ നിന്നെത്തന്നെ ആക്ഷേപിച്ചുകൊള്ളുക; വാഹനത്തെ കുറ്റംപറയേണ്ടതില്ല. സങ്കടങ്ങള്‍ മറച്ചുവെച്ചുകൊണ്ട് നീ മരണത്തെ പുല്‍കിക്കൊള്ളുക! നിനക്ക് യാതൊരു ഒഴിവുകഴിവുമില്ല.’

ഒരു വിശ്വാസിയെ തന്റെ ശത്രുവായ പിശാചില്‍നിന്നും സംരക്ഷിക്കുന്ന ‘ദിക്‌റി’നെ സംബന്ധിച്ച് വന്ന ഹാരിഥ്(റ)വിന്റെ ഹദീഥിന്റെ വിശദീകരണത്തിലേക്ക് തന്നെ മടങ്ങിപ്പോവുകയാണ്

 നബി ﷺ പറഞ്ഞു: ”അവന്‍ നിങ്ങളോട് നോമ്പനുഷ്ഠിക്കുവാന്‍ കല്‍പിച്ചു. അതിന്റെ ഉപമ ഒരു സംഘത്തിലെ ഒരാളെ പോലെയാണ്. അയാളുടെ കയ്യില്‍ ഒരു കിഴിയുണ്ട്; അതില്‍ കസ്തൂരിയും. എല്ലാവരും അയാളെക്കുറിച്ച് ആശ്ചര്യപ്പെടുന്നു! അഥവാ അതിന്റെ പരിമളം അത്ഭുതപ്പെടുത്തുന്നു. നിശ്ചയം, നോമ്പുകാരന്റെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ വാസനയെക്കാള്‍ വീശിഷ്ട്ടമാണ്.”

നബി ﷺ ഇവിടെ നോമ്പുകാരനെ ഉപമിച്ചത് കിഴിയില്‍ കസ്തൂരി സൂക്ഷിച്ച ഒരാളോടാണ്. കാരണം അത് മറ്റുള്ളവരുടെ ദൃഷ്ടികളില്‍നിന്ന് മറച്ചുവെക്കപ്പെട്ടിരിക്കുകയാണ്. തന്റെ വസ്ത്രത്തിനടിയില്‍ അയാള്‍ അത് ഒളിപ്പിച്ചുവെച്ചിരിക്കുന്നു. ഏതൊരു കസ്തൂരി വാഹകനെയും പോലെ. ഇതുപോലെയാണ് നോമ്പുകാരനും. അയാളുടെ നോമ്പ് സൃഷ്ടികളുടെ കണ്ണില്‍നിന്നും മറച്ചുവെക്കപ്പെട്ടിരിക്കുകയാണ്. അവരിലെ ശക്തന്മാര്‍ക്കുപോലും അത് കണ്ടെത്താന്‍ സാധിക്കുകയില്ല.

ഒരു യഥാര്‍ഥ നോമ്പുകാരന്‍ എന്നു പറഞ്ഞാല്‍, അയാളുടെ അവയവങ്ങളെല്ലാംതന്നെ പാപങ്ങളില്‍ നിന്ന് വിട്ടകന്നു നില്‍ക്കുന്നതായിരിക്കും. അയാളുടെ നാവാകട്ടെ കളവില്‍നിന്നും മറ്റു വൃത്തിക്കേടുകളില്‍ നിന്നും വ്യാജവാക്കുകളില്‍നിന്നുമൊക്കെ അകലം പാലിക്കും. അയാളുടെ വയര്‍ അന്നപാനീയങ്ങളില്‍ നിന്നും ലൈംഗികാവയവം അതിന്റെ ആസ്വാദനങ്ങളില്‍നിന്നും അകന്നുനില്‍ക്കുന്നത്‌പോലെ. അയാള്‍ വല്ലതും സംസാരിക്കുകയാണെങ്കില്‍ തന്റെ വ്രതത്തിനു പരിക്കേല്‍പിക്കുന്ന യാതൊന്നും സംസാരിക്കുകയില്ല. വല്ലതും പ്രവര്‍ത്തിക്കുമ്പോഴും നോമ്പിനെ തകരാറിലാക്കുന്ന യാതൊന്നും ചെയ്യാതെ സൂക്ഷിക്കും. അയാളുടെ വാക്കുകളും പ്രവൃത്തികളുമെല്ലാം നന്മനിറഞ്ഞതും ഉപകാരപ്രദവുമായിരിക്കും. അത് കസ്തൂരിവാഹകന്റെ അടുത്തിരിക്കുന്നവര്‍ക്ക് കിട്ടുന്ന പരിമളത്തിന്റെ സ്ഥാനത്താണ്. ഒരു നോമ്പുകാരന്റെകൂടെ സമയം ചെലവഴിക്കുന്നയാളും ഇതുപോലെയാണ്. ആ ഇരുത്തം അയാള്‍ക്ക് ഉപകാരപ്രദമായിരിക്കും. അക്രമം, തോന്നിവാസം, കളവ്, അധര്‍മം എന്നിവയില്‍നിന്നൊക്കെ അയാള്‍ നിര്‍ഭയാനുമായിരിക്കും.

ഇതാണ് മതം അനുശാസിക്കുന്ന വ്രതം. അല്ലാതെ കേവലമായ അന്നപാനീയങ്ങള്‍ ഒഴിവാക്കല്‍ മാത്രമല്ല യഥാര്‍ഥനോമ്പ്. സ്വഹീഹായ പ്രവാചകവചനത്തില്‍ സ്ഥിരപ്പെട്ടുവന്നതും ഇപ്രകാരമാണ്: ”വ്യാജമായ വാക്കുകളും അതനുസരിച്ചുള്ള പ്രവൃത്തികളും അവിവേകവും ഒരാള്‍ ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെങ്കില്‍ അയാള്‍ തന്റെ അന്നപാനീയങ്ങള്‍ ഒഴിവാക്കുന്നതില്‍ അല്ലാഹുവിനു യാതൊരു താല്‍ പര്യവുമില്ല.” (ബുഖാരി).

മറ്റൊരു പ്രവാചകവചനം ഇപ്രകാരമാണ്: ”എത്രയെത്ര നോമ്പുകാരാണ്; നോമ്പില്‍നിന്നുള്ള അവരുടെ വിഹിതം കേവലമായ വിശപ്പും ദാഹവും മാത്രമായി കലാശിക്കുന്നത്.” (അഹ്മദ്, നസാഈ, ഇബ്‌നുമാജ).

യഥാര്‍ഥ നോമ്പ് എന്ന് പറയുന്നത് പാപങ്ങളില്‍നിന്ന് അവയവങ്ങളെയും അന്നപാനീയങ്ങളില്‍നിന്ന് വയറിനെയും തടഞ്ഞുനിര്‍ത്തുന്ന നോമ്പാണ്. തീറ്റയും കുടിയും നോമ്പിനെ തകരാറിലാക്കുകയും നോമ്പ് മുറിക്കുകയും ചെയ്യുമെന്ന പോലെ തെറ്റുകുറ്റങ്ങള്‍ നോമ്പിന്റെ പ്രതിഫലത്തെ മുറിക്കുകയും അതിന്റെ ഫലങ്ങളെ തകരാറിലാക്കുകയും ചെയ്യും. അങ്ങനെ വരുമ്പോള്‍ നോമ്പെടുക്കാത്തയാളെ പോലെ അവ അയാളെ മാറ്റിക്കളയും.

നോമ്പുകാരനില്‍നിന്ന് പുറത്തുവരുന്ന വാസന ഈ ലോകത്തുവെച്ചുണ്ടാകുന്നതാണോ, അതല്ല പരലോകത്തുണ്ടാകുന്നതാണോ എന്നതില്‍ രണ്ടഭിപ്രായം പണ്ഡിതലോകത്തുണ്ട്.

ബഹുമാന്യരായ രണ്ട് പണ്ഡിതന്‍മാര്‍; അബൂമുഹമ്മദിബ്‌നു അബ്ദുസ്സലാം, അബുഅംറുബ്‌നു സ്വലാഹ് എന്നിവര്‍ക്കിടയില്‍ തദ്വിഷയകമായി നടന്ന തര്‍ക്കം സുവിദിതമാണ്. ശൈഖ് അബൂ മുഹമ്മദ് അത് പരലോകത്ത് പ്രത്യേകമായുള്ളതാണെന്ന വീക്ഷണക്കാരനാണ്. തദ്‌വിഷയകമായി അദ്ദേഹം ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശൈഖ് അബൂഅംറ് ആകട്ടെ അത് ദുന്‍യാവിലും ആഖിറത്തിലും ഉള്ളതാണെന്ന അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. തദ്‌വിഷയകമായി അദ്ദേഹവും ഒരു ഗ്രന്ഥം രചിക്കുകയും ശൈഖ് അബൂമുഹമ്മദിനുള്ള മറുപടി അതില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്.

അബൂഅംറുബ്‌നു സ്വലാഹ്(റഹി) ആ വിഷയത്തില്‍ ഇബ്‌നുഹിബ്ബാന്‍(റഹി)യുടെ രീതിയാണ് സ്വീകരിച്ചത്. ഇബ്‌നുഹിബ്ബാന്‍ തന്റെ ‘സ്വഹീഹില്‍’ അപ്രകാരമാണ് അധ്യായത്തിന് ശീര്‍ഷകം നല്‍കിയത്. ‘നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ ശ്രേഷ്ഠമാണ് എന്ന വിവരണം’ എന്ന തലകെട്ടിനു കീഴില്‍ അഅ്മശ്(റ) അബൂസ്വാലിഹ് വഴിയായി അബൂഹുറയ്‌റ(റ) മുഖേന നബി ﷺ യില്‍നിന്നും ഉദ്ധരിക്കുന്ന ഹദീഥ് നല്‍കുന്നു. അതായത്, നബി ﷺ പറഞ്ഞു: ”അല്ലാഹു പറഞ്ഞിരിക്കുന്നു: ആദം സന്തതിയുടെ എല്ലാ കര്‍മങ്ങളും അവനുള്ളതാണ്; നോമ്പൊഴികെ. നോമ്പാകട്ടെ, അത് എനിക്കുള്ളതാണ്. ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. നിശ്ചയം! നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിന്റെ പക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമായതാണ്.” (സ്വഹീഹ് ഇബ്‌നുഹിബ്ബാന്‍, ഈ ഹദീഥ് ഇതേ പരമ്പരയിലൂടെ ഇമാം മുസ്‌ലിമും ഉദ്ധരിച്ചിട്ടുണ്ട്).

എന്നിട്ട് അദ്ദേഹം പ്രസ്താവിക്കുന്നു: ”നിശ്ചയം, നോമ്പുകാരന്റെ വായയുടെ വാസന, അന്ത്യനാളില്‍ അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ ഉല്‍കൃഷ്ടമായതാണ്.’ എന്നിട്ട് മറ്റൊരു നബിവചനം അബൂഹുറയ്‌റ(റ)യില്‍നിന്ന് അബൂസ്വാലിഹ് വഴി അത്വാഅ് മുഖേനെ ഇബ്‌നുജൂറൈജിലൂടെ ഉദ്ധരിക്കുന്നു. നബി ﷺ പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: ‘ആദമിന്റെ സന്തതിയുടെ കര്‍മങ്ങളെല്ലാം അവനുള്ളതാണ്; നോമ്പൊഴികെ, തീര്‍ച്ചയായും അത് എനിക്കുള്ളതാണ്. ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍തന്നെ സത്യം! നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റെ പക്കല്‍ അന്ത്യനാളില്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ളതാണ്. നോമ്പുകാരന് രണ്ട് സന്തോഷമുണ്ട്. നോമ്പ് അവസാനിപ്പിച്ചാല്‍ അവനു സന്തോഷമാണ്. അപ്രകാരംതന്നെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോള്‍ തന്റെ നോമ്പ് കാരണത്താലും അവന്‍ സന്തോഷിക്കുന്നതാണ്.”

അബൂഹാതിം ഇബ്‌നുഹിബ്ബാന്‍(റഹി) പറയുന്നു: ”സത്യവിശ്വസികളെ മറ്റു സമൂഹങ്ങളില്‍നിന്ന് വേര്‍തിരിക്കുന്ന പരലോകത്തെ അടയാളമാണ് ദുന്‍യാവിലെ അവരുടെ വുദൂഇന്റെ ഭാഗമായി അവയവങ്ങള്‍ പ്രകാശിക്കല്‍. അപ്രകാരംതന്നെ അവരുടെ നോമ്പുകാരണമായി അന്ത്യനാളില്‍ അവര്‍ക്ക് ലഭിക്കുന്ന മറ്റൊരു അടയാളമാണ് കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ പരിമളമുള്ള അവരുടെ വായയുടെ സുഗന്ധം. സത്യവിശ്വാസികള്‍ അവരുടെ കര്‍മങ്ങള്‍കൊണ്ട് ആ മഹാസംഗമത്തില്‍ മറ്റു സമൂഹങ്ങളില്‍നിന്ന് വേറിട്ട് അറിയപ്പെടുന്നതിനു വേണ്ടിയാണത്. അല്ലാഹു നമ്മെ അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമാറാകട്ടെ”(സ്വഹീഹ് ഇബ്‌നു ഹിബ്ബാന്‍).

ശേഷം അദ്ദേഹം പറയുന്നു: ”നോമ്പുകാരന്റെ വായയുടെ വാസന ചിലപ്പോള്‍ ഇഹലോകത്തും കസ്തൂരിയെക്കാള്‍ പരിമളമുള്ളതായിരിക്കുമെന്ന വിവരണം.” എന്നിട്ട് ശുഅ്ബ സുലൈമാനില്‍നിന്നും അദ്ദേഹം ദകവാനില്‍നിന്നും അദ്ദേഹം അബൂഹുറയ്‌റ(റ)യില്‍നിന്നുമായി ഉദ്ധരിക്കുന്ന ഹദീഥ് കൊടുക്കുന്നു. നബി ﷺ പറഞ്ഞു: ‘ആദമിന്റെ സന്തതി പ്രവര്‍ത്തിക്കുന്ന ഏതൊരു നന്മയും പത്തുനന്മകള്‍ മുതല്‍ എഴുന്നൂറ് ഇരട്ടിവരെയായിരിക്കും. അല്ലാഹു പറയുന്നു: നോമ്പ് ഒഴികെ, അത് എനിക്കുള്ളതാണ്; ഞാനാണ് അതിനു പ്രതിഫലം നല്‍കുന്നത്. നോമ്പുകാരന്‍ എന്റെപേരില്‍ ഭക്ഷണം ഉപേക്ഷിക്കുന്നു. എന്റെപേരില്‍ പാനീയവും ഉപേക്ഷിക്കുന്നു. നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒരു സന്തോഷം നോമ്പ് അവസാനിപ്പിക്കുമ്പോഴും മറ്റൊന്ന് തന്റെ റബ്ബിനെ കണ്ടുമുട്ടുമ്പോഴും. നോമ്പുകാരന്‍ ഭക്ഷണം ഒഴിവാക്കിയത് മൂലം ഉണ്ടാകുന്ന വയയുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമായതാണ്” (ഇബ്‌നുഹിബ്ബാന്‍, അഹ്മദ്).

ശൈഖ് അബൂമുഹമ്മദ്(റഹി) തെളിവാക്കുന്നത് ഹദീഥില്‍ വന്ന ‘ക്വിയാമത് നാളില്‍’ എന്ന ഭാഗമാണ്.

ഞാന്‍ (ഇബ്‌നുല്‍ ക്വയ്യിം) പറയട്ടെ; അതിന് ഉപോല്‍ബലകമാക്കാവുന്നതാണ് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും ഉദ്ധരിക്കുന്ന ഈ ഹദീഥും. നബി ﷺ പറഞ്ഞു: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേറ്റ ഏതൊരു വ്യക്തിയും- എന്നാല്‍ ആരാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുറിവേറ്റവന്‍ എന്ന് അല്ലാഹുവാണ് നന്നായി അറിയുക- ക്വിയാമത്ത് നാളില്‍ വരുമ്പോള്‍ അയാളുടെ മുറിവ് രക്തമൊഴുക്കുന്നുണ്ടാവും. നിറം രക്തത്തിന്റെയും വാസന കസ്തൂരിയുടെയും’ (ബുഖാരി, മുസ്‌ലിം)

ശമീര്‍ മദീനി

നേർപഥം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 8

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 8

സ്വീകരിക്കപ്പെടുന്ന കര്‍മങ്ങള്‍ രണ്ടുവിധമുണ്ട്:

1) നമസ്‌കാരവും മറ്റു സല്‍കര്‍മങ്ങളുമൊക്കെ അനുഷ്ഠിക്കുമ്പോള്‍ അയാളുടെ ഹൃദയം അല്ലാഹുവുമായി ബന്ധപ്പെട്ടിരിക്കുകയും നിരന്തരമായി അല്ലാഹുവിനെ കുറിച്ചുള്ള ബോധത്തിലും സ്മരണയിലും (ദിക്ര്‍) ആയിരിക്കുകയും ചെയ്യും. ഈ അടിമയുടെ കര്‍മങ്ങള്‍ അല്ലാഹുവിങ്കല്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും അവന്റെ നേരെ നില്‍ക്കുകയും അല്ലാഹു അതിലേക്ക് (കാരുണ്യത്തിന്റെ തിരു നോട്ടം) നോക്കുകയും ചെയ്യും. അങ്ങനെ അല്ലാഹു അതിലേക്ക് നോക്കിയാല്‍ അത് അവന്റ ‘വജ്ഹ്’ ഉദ്ദേശിച്ചുകൊണ്ട് നിഷ്‌കളങ്കമായി ചെയ്തതാണെന്നും ഒരു നിഷ്‌കളങ്കനും അല്ലാഹുവിനെ സ്‌നേഹിക്കുന്നവനും അവനിലേക്ക് സാമിപ്യം ആഗ്രഹിക്കുകയും ചെയ്യുന്നവന്റെ നല്ല ഹൃദയത്തില്‍ നിന്നുണ്ടായതാണെന്നും അല്ലാഹു കാണും. അല്ലാഹു അതിനെ ഇഷ്ടപ്പെടുകയും തൃപ്തി രേഖപ്പെടുത്തുകയും സ്വീകരിക്കുകയും ചെയ്യും.

2. രണ്ടാമത്തെ ഇനം ഒരാള്‍ സല്‍കര്‍മങ്ങളും ആരാധനകളും കേവലമായ പതിവുകളെന്ന നിലയിലും അശ്രദ്ധയിലും ചെയ്യുന്ന രീതിയാണ്. അയാള്‍ അതിലൂടെ അല്ലാഹുവിന് വഴിപ്പെടലും അവനിലേക്കുള്ള സാമീപ്യവുമൊക്കെ ആഗ്രഹിക്കുന്നുണ്ട്. അയാളുടെ അവയവങ്ങള്‍ അതില്‍ വ്യാപൃതമാണ്. എന്നാല്‍ ഹൃദയമാകട്ടെ അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍നിന്നും (ദിക്ര്‍) അശ്രദ്ധമാണ്. നമസ്‌കാരത്തിന്റെ മാത്രമല്ല, അയാളുടെ മറ്റു കര്‍മങ്ങളുടെയും സ്ഥിതി ഇതുപോലെ തന്നെയാണ്. ഇയാളുടെ കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെട്ടാല്‍ അവ അവന്റെ നേരെ നില്‍ക്കുകയില്ല. അല്ലാഹുവിന്റെ കാരുണ്യത്താലുള്ള തിരുനോട്ടം അതിനു ലഭിക്കുകയില്ല. മറിച്ച് കര്‍മങ്ങളുടെ ഏടുകള്‍ വെക്കുന്നത് പോലെ അത് ഒരിടത്ത് വെക്കപ്പെടും. എന്നിട്ടു അന്ത്യനാളില്‍ അത് കൊണ്ടുവരികയും വേര്‍തിരിക്കപ്പെടുകയും ചെയ്യും. അതില്‍നിന്ന് അല്ലാഹുവിനായി ചെയ്തതിനു പ്രതിഫലം നല്‍കുകയും അവന്റെ പ്രീതി കാംക്ഷിക്കാതെ ചെയ്തവ തിരസ്‌കരിക്കപ്പെടുകയും ചെയ്യും.

ഇദ്ദേഹത്തിന്റെ കര്‍മങ്ങളെ സ്വീകരിച്ചത് അല്ലാഹുവിന്റെ സൃഷ്ടികളില്‍പ്പെട്ട സ്വര്‍ഗിയ കൊട്ടാരങ്ങള്‍, അന്നപാനീയങ്ങള്‍, ഹൂറികള്‍ മുതലായവ നല്‍കിക്കൊണ്ടാണെങ്കില്‍; ആദ്യത്തെ ആള്‍ക്കുള്ള പ്രതിഫലം നല്‍കുക അല്ലാഹുവിന്റെ തൃപ്തിയും ആ കര്‍മത്തെയും കര്‍മം ചെയ്തയാളെയും അല്ലാഹു സ്‌നേഹിക്കുകയും തന്നിലേക്ക് അടുപ്പിക്കുകയും അദ്ദേഹത്തിന്റെ പദവിയും സ്ഥാനവും ഉയര്‍ത്തുകയുമൊക്കെ ചെയ്തുകൊണ്ടായിരിക്കും. അദ്ദേഹത്തിനു കണക്കറ്റ പാരിതോഷികങ്ങള്‍ അല്ലാഹു നല്‍കും. ഇത് ഒന്നാണെങ്കില്‍ മറ്റേത് വേറെയൊന്നാണ്.

മനുഷ്യര്‍ നമസ്‌കാരത്തിന്റെ കാര്യത്തില്‍ അഞ്ചു പദവികളിലാണ്:

1) സ്വന്തത്തോട് അന്യായം പ്രവര്‍ത്തിച്ച, കര്‍മങ്ങളില്‍ വീഴ്ചവരുത്തിയവന്റെത്. അതായത് വുദൂഇലും നമസ്‌കാരസമയത്തിലും അതിന്റെ നിയമ നിര്‍ദേശങ്ങളുടെ അതിര്‍വരമ്പുകളിലും പ്രധാനകര്‍മങ്ങളിലുമൊക്കെ വേണ്ടത്ര സൂക്ഷ്മതയില്ലാതെ വീഴ്ച വരുത്തിയവര്‍.

2) നമസ്‌കാരത്തിന്റെ സമയം, അതിന്റെ നിയമനിര്‍ദേശങ്ങളിലും അതിര്‍വരമ്പുകളിലും അതിന്റെ ബഹ്യമായകര്‍മങ്ങളിലും വുദൂഇലുമൊക്കെ ശ്രദ്ധിക്കുകയും ദേഹച്ഛകളെയും ദുര്‍ബോധനങ്ങളെയും പ്രതിരോധിച്ച് അതിജയിക്കാന്‍ സാധിക്കാതെ മറ്റു ചിന്തകളുടെയും വസ്‌വാസുകളുടെയും പിന്നാലെ പോയവര്‍. അഥവാ പ്രസ്തുത ‘ജിഹാദില്‍’ വീഴ്ച വരുത്തിയവര്‍.

3) നമസ്‌കാരത്തിന്റെ കര്‍മങ്ങളിലും അവയുടെ അതിര്‍വരമ്പുകളിലുമെല്ലാം സൂക്ഷ്മത പാലിച്ചും ശ്രദ്ധപുലര്‍ത്തിയും ‘വസ്‌വാസു’കളെയും മറ്റു ചിന്തകളെയും പ്രതിരോധിച്ചും തന്റെ ശത്രുവുമായുള്ള പോരാട്ടത്തില്‍ വ്യാപൃതനായി, തന്റെ ആരാധനയുടെ യാതൊന്നും ആ ശത്രു അപഹരിച്ചു കൊണ്ടുപോകാതിരിക്കാനായി പാടുപെടുന്നവര്‍. അവര്‍ നമസ്‌കാരത്തിലും അതോടൊപ്പം പോരാട്ടത്തിലുമാണ്.

4) നമസ്‌കരിക്കാന്‍ നിന്നാല്‍ അതിന്റെ ബാധ്യതകളും അതിന്റെ കര്‍മങ്ങളും അതിര്‍വരമ്പുകളുമൊക്കെ ശ്രദ്ധിച്ചു പൂര്‍ത്തികരിച്ചു നിര്‍വഹിക്കുകയും തന്റെ ഹൃദയം ആരാധനയുടെ ബാധ്യതകളും അതിര്‍വരമ്പുകളും ശ്രദ്ധിക്കുന്നതില്‍ പൂര്‍ണമായി മുഴുകുകയും അതില്‍നിന്ന് യാതൊന്നും പാഴായിപ്പോകാതിരിക്കാന്‍ ബദ്ധശ്രദ്ധ കാണിക്കുകയും ചെയ്യുന്നവര്‍. അവരുടെ മുഖ്യമായ ശ്രദ്ധ പ്രസ്തുത ഇബാദത്ത് ഏറ്റവും പരിപൂര്‍ണമായി ഏങ്ങനെ നിര്‍വഹിക്കാമെന്നതിലാണ്. നമസ്‌കാരത്തിന്റ ഗൗരവവും റബ്ബിനോടുള്ള കീഴ്‌പെടലിന്റെ മഹത്ത്വവുമൊക്കെയാണ് അവരുടെ ഹൃദയം നിറയെ ഉള്ളത്.

5) നമസ്‌കരിക്കാന്‍ നിന്നാല്‍ മേല്‍പറഞ്ഞത് പോലെ നില്‍ക്കുകയും അതോടൊപ്പം തന്റെ ഹൃദയത്തെ എടുത്ത് റബ്ബിന് മുമ്പില്‍ പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ട് തന്റെ ഹൃദയത്തിലൂടെ റബ്ബിനെ നോക്കിയും അവനെ ശ്രദ്ധിച്ചും സൂക്ഷിച്ചും അവനോടുള്ള സ്‌നേഹ ബഹുമാനാദരുവുകളാല്‍ ഹൃദയം നിറച്ചും റബ്ബിനെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്യുന്നവനെപ്പോലെ നമസ്‌ക്കരിക്കുന്നവര്‍. മനസ്സിന്റെ ദുഷ് പ്രേരണകളും മറ്റു തോന്നലുകളും ചിന്തകളുമൊക്കെ അവരില്‍നിന്ന് ഓടിയൊളിക്കും. അവര്‍ക്കും പടച്ച റബ്ബിനുമിടയിലുള്ള മറകളെല്ലാം നീങ്ങിപ്പോയതുപോലെയുണ്ടാകും. ഇവരും മറ്റുള്ളവരും തമ്മില്‍ നമസ്‌കാരത്തിന്റെ കാര്യത്തിലുള്ള അന്തരം ആകാശഭൂമികളെക്കാള്‍ വലുതായിരിക്കും. ഇവര്‍ തങ്ങളുടെ നമസ്‌കാരങ്ങളില്‍ പടച്ചറബ്ബുമായി വ്യാപൃതരാവുകയും നമസ്‌കാരത്തിലൂടെ കണ്‍കുളിര്‍മ അനുഭവിക്കുകയും ചെയ്യുന്നവരാണ്.

ഒന്നാമത്തെ വിഭാഗം ശിക്ഷാര്‍ഹരാണ്. രണ്ടാമത്തെ വിഭാഗം വിചാരണ ചെയ്യപ്പെടുന്നവരും മൂന്നാമത്തെ വിഭാഗം പൊറുക്കപ്പെടുന്നവരും നാലാമത്തെ വിഭാഗം പ്രതിഫലാര്‍ഹരുമാണ്. അഞ്ചാമത്തെ വിഭാഗമാകട്ടെ, അല്ലാഹുവിലേക്ക് ഏറെ സാമീപ്യം സിദ്ധിച്ചവരും. കാരണം അവര്‍ക്ക് നമസ്‌കാരത്തില്‍ കണ്‍കുളിര്‍മയേകപ്പെട്ട നബി ﷺ യോട് സദൃശ്യമായ ഒരു വിഹിതമുണ്ട്. ദുന്‍യാവില്‍വെച്ച് നമസ്‌കാരത്തിലൂടെ ആര്‍ക്കെങ്കിലും കണ്‍കുളിര്‍മ ലഭിക്കുന്നുവെങ്കില്‍ പരലോകത്ത് അല്ലാഹുവിനോടുള്ള സാമീപ്യത്താല്‍ തീര്‍ച്ചയായും അവര്‍ക്കും കണ്‍കുളിര്‍മ ലഭിക്കുന്നതാണ്. പടച്ചവനെക്കൊണ്ടും അവരുടെ കണ്ണ് ദുനിയാവില്‍ കുളിര്‍ക്കും. അല്ലാഹുവിനെക്കൊണ്ട് ആര്‍ക്കെങ്കിലും കണ്‍കുളിര്‍മ നേടാനായാല്‍ അയാളിലൂടെ എല്ലാ കണ്ണുകള്‍ക്കും കുളിര്‍മ ലഭിക്കും. എന്നാല്‍ അല്ലാഹുവിനെക്കൊണ്ട് കണ്‍കുളിര്‍മ നേടാന്‍ കഴിയാത്തവരാകട്ടെ, അവര്‍ക്ക് ദുന്‍യാവിനോടുള്ള ഖേദത്താല്‍ ശ്വാസം അവസാനിപ്പിക്കേണ്ടി വരും.

ഒരു അടിമ അല്ലാഹുവിന്റെ മുമ്പില്‍ നമസ്‌കാരത്തതിനായി നിന്നാല്‍ അല്ലാഹു ഇപ്രകാരം പറയുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്: ‘എന്റെയും എന്റെ അടിമയുടെയും ഇടയിലുള്ള എല്ലാ മറകളും നീക്കുക.’ എന്നാല്‍ അയാള്‍ അല്ലാഹുവില്‍നിന്ന് തിരിഞ്ഞാല്‍ ആ മറകള്‍ താഴ്ത്തിയിടാന്‍ പറയുമത്രെ!

ഈ തിരിയല്‍കൊണ്ടുള്ള വിവക്ഷ അല്ലാഹുവില്‍നിന്ന് മറ്റു വല്ലതിലേക്കും മനസ്സ് തിരിക്കലാണെന്നാണ് പണ്ഡിതാഭിപ്രായം. അങ്ങനെ മറ്റു വല്ലതിലേക്കും ശ്രദ്ധതിരിക്കുമ്പോള്‍ അല്ലാഹുവിന്റെയും അയാളുടെയും ഇടയില്‍ മറയിടുകയും പിശാച് കടന്നുവരികയും ചെയ്യും. പിന്നെ ദുന്‍യാവിന്റെ പല കാര്യങ്ങളും അയാള്‍ക്ക് മുമ്പില്‍ കാണിച്ചുകൊടുക്കും; ഒരു കണ്ണാടിയില്‍ കാണുന്നത് പോലെ അയാള്‍ക്ക് മുമ്പില്‍ കാണിക്കും. എന്നാല്‍ തന്റെ ഹൃദയംകൊണ്ട് അല്ലാഹുവിലേക്ക് മുന്നിടാന്‍ അയാള്‍ക്ക് കഴിയുകയും മറ്റൊന്നിലേക്കും തിരിയാതിരിക്കുകയും ചെയ്താല്‍ പിശാചിന് അയാള്‍ക്കും അല്ലാഹുവിനുമിടയില്‍ നിലയുറപ്പിക്കാന്‍ സാധിക്കുകയില്ല. പിശാച് ഇടയില്‍ കയറിക്കൂടുന്നത് പ്രസ്തുത മറയുണ്ടാവുമ്പോള്‍ മാത്രമാണ്. മറിച്ച് അല്ലാഹുവിലേക്ക് ഓടിച്ചെല്ലുകയും തന്റെ ഹൃദയത്തെ സമര്‍പ്പിക്കുകയും ചെയ്താല്‍ പിശാച് ഓടിയകലും. എന്നിട്ട് അല്ലാഹുവില്‍നിന്ന് മുഖം തിരിച്ചാല്‍ പിശാച് ഓടിയെത്തും. നമസ്‌കാരത്തില്‍ പ്രവേശിച്ച ഏതൊരാളുടെ അവസ്ഥയും തന്റെ ശത്രുവായ പിശാചിന്റെ സ്ഥിതിയും ഇതാണ്!

ഒരാള്‍ക്ക് തന്റെ ദേഹേച്ഛയെയും മറ്റു ആഗ്രഹങ്ങളെയും കീഴ്‌പ്പെടുത്താന്‍ സാധിക്കുമ്പോള്‍ മാത്രമാണ് നമസ്‌കാരത്തില്‍ ശ്രദ്ധയൂന്നുവാനും റബ്ബുമായി കൂടുതല്‍ അടുത്തുകൊണ്ട് അതില്‍ മുഴുകുവാനും സാധിക്കുക. അല്ലാതെ ആഗ്രഹങ്ങള്‍ കീഴ്‌പ്പെടുത്തുകയും ദേഹേച്ഛ ബന്ധനസ്ഥനാക്കുകയും ചെയ്ത ഹൃദയമാണെങ്കില്‍ പിശാച് തനിക്ക് സൗകര്യപ്രദമായ ഒരു ഇടം അവിടെ കണ്ടെത്തി അടയിരിക്കും. പിന്നെ എങ്ങനെയാണ് ‘വസ്‌വാസു’കളില്‍നിന്നും മറ്റു ചിന്തകളില്‍നിന്നും രക്ഷപ്പെടാനാവുക?

ഹൃദയങ്ങള്‍ അഥവാ മനസ്സുകള്‍ മൂന്നുവിധമാണ്:

1. ഈമാനില്‍നിന്നും സര്‍വ നന്മകളില്‍നിന്നും മുക്തമായ ഹൃദയം. അത് ഇരുള്‍മുറ്റിയ ഹൃദയമാണ്. അതിലേക്ക് ‘വസ്‌വാസുകള്‍’ ഇട്ടുതരാന്‍ പിശാചിന് എളുപ്പമാണ്. കാരണം അത്തരം മനസ്സുകളെ പിശാച് തന്റെ താവളവും സ്വദേശവുമാക്കി താനുദ്ദേശിക്കുന്നത് നടപ്പിലാക്കും. പിശാചിന് പൂര്‍ണമായും സൗകര്യപ്പെട്ട രുപത്തിലായിരിക്കും അത്.

2. ഈമാനിന്റെ പ്രകാശംകൊണ്ട് പ്രശോഭിതമാവുകയും അതിന്റെ വിളക്കുകള്‍ കത്തിച്ചുവെക്കുകയും ചെയ്ത ഹൃദയമാണ് രണ്ടാമത്തെത്. അതിന്മേല്‍ ദേഹച്ഛകളുടെ കൊടുങ്കാറ്റുകളും ആഗ്രഹങ്ങളുടെ ഇരുട്ടും അടിക്കുന്നുണ്ട്. പിശാച് അവിടെ വരികയും പോവുകയും ചെയ്യുന്നു. പലതരം വ്യാമോഹങ്ങളുമായി അവിടെയവിടെയെല്ലാം ചുറ്റിക്കറങ്ങുന്നുമുണ്ട്. പിശാചുമായുള്ള പോരാട്ടങ്ങളില്‍ ചിലപ്പോള്‍ വിജയവും മറ്റു ചിലപ്പോള്‍ പരാജയവുമായി അവസ്ഥകള്‍ മാറിമറിയുന്നു. ചിലരുടെതില്‍ ശത്രുവിന്റെ വിജയങ്ങളാണ് കൂടുതല്ലെങ്കില്‍ വേറെ ചിലരുടെതില്‍ ശത്രുവിന്റെ വിജയത്തിനു എണ്ണക്കുറവായിരിക്കും. മറ്റു ചിലരുടെതില്‍ സമാസമമായിരിക്കും.

3. ഈമാന്‍കൊണ്ട് നിറഞ്ഞതാണ് മൂന്നാമത്തെ ഹൃദയം. ഈമാനിന്റെ പ്രകാശംകൊണ്ട് പ്രഭപരത്തിയ ഹൃദയത്തില്‍നിന്ന് ദേഹേച്ഛകളുടെയും ആഗ്രഹങ്ങളുടെയും കരിമ്പടങ്ങള്‍ നീങ്ങിപ്പോയിട്ടുണ്ട്. കൂരിരുട്ടുകളെയെല്ലാം അതില്‍നിന്നും നീക്കി ആ പ്രകാശം ഗരിമയോടെ തെളിഞ്ഞ് ജ്വലിച്ചു നില്‍ക്കുന്നു! വസ്‌വാസുകള്‍ അതിന്റെ അടുത്തേക്ക് ചെന്നാല്‍ കത്തിക്കരിഞ്ഞുപോകും. നക്ഷത്രങ്ങളാല്‍ സുരക്ഷാവലയം സൃഷ്ടിക്കപ്പെട്ട ആകാശത്തെ പോലെയാണത്. അവിടേക്ക് കട്ടുകേള്‍ക്കാനായി പിശാച് ചെന്നാല്‍ തീജ്വാലകള്‍കൊണ്ട് എറിഞ്ഞാട്ടുന്നത് പോലെ.

 സത്യവിശ്വാസിയെക്കാള്‍ പവിത്രത കൂടുതലുള്ളതൊന്നുമല്ല ആകാശം. അതിനാല്‍ ആകാശത്തിന് ഏര്‍പ്പെടുത്തിയതിനെക്കാള്‍ ശക്തവും സമ്പൂര്‍ണവുമായ അല്ലാഹുവിന്റെ സുരക്ഷ സത്യവിശ്വസിക്കുണ്ടാകും. വാനലോകം മലക്കുകളുടെ ആരാധനാസ്ഥലവും ദിവ്യസന്ദേശത്തിന്റെ കേന്ദ്രവുമാണ്. അവിടെ അനുസരണങ്ങളുടെ നിരവധി പ്രകാശങ്ങളുണ്ട്. സത്യവിശ്വാസിയുടെ ഹൃദയമാകട്ടെ തൗഹീദിന്റെ(ഏകദൈവ വിശ്വാസത്തിന്റെ)യും സ്‌നേഹത്തിന്റെയും അറിവിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രമാണ്. അതില്‍ അവയുടെയെല്ലാം അനേകം പ്രകാശങ്ങളുണ്ട്. അതിനാല്‍ ശത്രുവിന്റെ കെണികളില്‍നിന്നും കുതന്ത്രങ്ങളില്‍നിന്നും സംരക്ഷിക്കപ്പെടാന്‍ അത് ഏറ്റവും അര്‍ഹമാണ്. അവിടെനിന്ന് വല്ലതും തട്ടിയെടുക്കാന്‍ ശത്രുവിന് പെട്ടെന്ന് നിഷ്പ്രയാസം സാധിക്കുകയില്ല.

അതിനു നല്ലൊരു ഉപമ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതായത് മൂന്നു വീടുകള്‍; ഒരു വീട് രാജാവിന്റെതാണ്. അതില്‍ രാജാവിന്റെ നിധികളും സൂക്ഷിപ്പു സ്വത്തുക്കളും വിലപിടിച്ച രത്‌നങ്ങളുമുണ്ട്. മറ്റൊരു വീട് ഒരു ഭൃത്യന്റെതാണ്. അതില്‍ അയാളുടെ നിധികളും സൂക്ഷിപ്പുസ്വത്തുക്കളും വിലപിടിച്ച രത്‌നങ്ങളുമുണ്ട്. രാജാവിന്റ രത്‌നങ്ങളോ സൂക്ഷിപ്പുസ്വത്തുക്കളോ പോലെയുള്ളതൊന്നും അവിടെയില്ല. മൂന്നാമത്തെ വീട് ഒന്നുമില്ലാത്ത, ശുന്യമായ ഒന്നാണ്. അങ്ങനെ ഈ മൂന്നുവീടുകളില്‍ ഏതെങ്കിലും ഒന്നില്‍ കയറി മോഷ്ടിക്കാനായി ഒരു കള്ളന്‍ വന്നു. എങ്കില്‍ ഏത് വീട്ടില്‍നിന്നായിരിക്കും അയാള്‍ മോഷ്ടിക്കുക?

മൂന്നാമത്തെ ഒന്നുമില്ലാത്ത വീട്ടില്‍നിന്ന് എന്നാണ് നീ പറയുന്നതെങ്കില്‍ അതൊരിക്കലും ശരിയല്ല. കാരണം ഒന്നുമില്ലാത്ത, ശൂന്യമായ വീട്ടില്‍നിന്ന് എന്താണ് മോഷ്ടിക്കാന്‍ പറ്റുക? ഇബ്‌നു അബ്ബാസ്(റ)വിനോട് ഇപ്രകാരം പറയപ്പെട്ടു: ‘ജൂതന്‍മാര്‍ പറയുന്നു; അവരുടെ പ്രാര്‍ഥനകളില്‍ പിശാച് വസ് വാസുണ്ടാക്കാറില്ലെന്ന്.’ അപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രെ: ‘പൊളിഞ്ഞു ഫലശൂന്യമായി കിടക്കുന്ന ഹൃദയത്തില്‍ പിശാച് എന്ത് ചെയ്യാനാണ്?’ (അഹ്മദ് ‘സുഹ്ദി’ലും അബൂനുഐം ‘ഹില്‍യ’യിലും അലാ ഉബ്‌നു സിയാദില്‍നിന്നും ഇതിനോട് സമാനമായ ഒന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇബ്‌നു അബ്ബാസില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല- കുറിപ്പുകാരന്‍).

 രാജാവിന്റെ വീട്ടില്‍നിന്നുമായിരിക്കും അവന്‍ മോഷ്ടിക്കുക എന്നാണ് നീ പറയുന്നതെങ്കില്‍ അതും ആസംഭവ്യമാണ്, നടക്കാന്‍ പോകുന്നതല്ല. കാരണം കള്ളന്മാര്‍ക്ക് അടുക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ അവിടെ സുരക്ഷാ ക്രമീകരണങ്ങളും പട്ടാളക്കാരും കാവല്‍ക്കാരും ഒക്കെ ഉണ്ടാവും. രാജാവ് തന്നെയാണ് അതിന്റെ കാവല്‍ക്കാരനെങ്കിലോ എങ്ങനെയായിരിക്കും അതിന്റെ അവസ്ഥ? രാജാവിനു ചുറ്റും കാവല്‍ക്കാരും പട്ടാളവും ഒക്കെ ഉണ്ടാവുമ്പോള്‍ എങ്ങനെയാണ് കള്ളന് അവിടേക്ക് അടുക്കാന്‍ പറ്റുക?

അപ്പോള്‍ പിന്നെ കള്ളന് കയറാന്‍, ശേഷിക്കുന്ന മൂന്നാമത്തെ വീടല്ലാതെ വേറെ ഒരിടവുമില്ല. അങ്ങനെ കള്ളന്‍ അതിനെതിരിലായിരിക്കും തന്റെ ആക്രമണങ്ങള്‍ അഴിച്ചുവിടുക. ബുദ്ധിയുള്ളവര്‍ ഈ ഉദാഹരണം ശരിയാംവണ്ണം ചിന്തിച്ചു ഗ്രഹിക്കട്ടെ! എന്നിട്ട് അതിനെ ഹൃദയങ്ങളുമായി തട്ടിച്ചുനോക്കട്ടെ! തീര്‍ച്ചയായും ഹൃദയങ്ങള്‍ ഇതുപോലെതന്നെയാണെന്ന് അപ്പോള്‍ ബോധ്യപ്പെടും.

സര്‍വ നന്മകളില്‍നിന്നും ഒഴിവായ ഹൃദയമെന്നത് സത്യനിഷേധിയുടെയും കപടവിശ്വാസിയുടെയും ഹൃദയമാണ്. അതത്രെ പിശാചിന്റെ ഭവനം! അതിനെ പിശാച് സ്വന്തമാക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്. അതിനെ തന്റെ ആസ്ഥാനവും താമസസ്ഥലവുമാക്കിയ പിശാചിന് അതില്‍നിന്ന് എന്ത് മോഷ്ടിക്കാനാണ്? അതിലാണ് അവന്റെ ഖജനാവും സൂക്ഷിപ്പു സ്വത്തുക്കളും അവന്റെ ആശയക്കുഴപ്പങ്ങളും ഭാവനകളും ദുഷ്‌പ്രേരണകളുമെല്ലാം!

എന്നാല്‍ പടച്ചറബ്ബിനോടുള്ള ആദരവും ബഹുമാനവും സ്‌നേഹവുംകൊണ്ടും അവന്റെ നിരീക്ഷണത്തെ കുറിച്ചുള്ള ബോധത്താലും അവനോടുള്ള ലജ്ജ കാരണത്താലും ഹൃദയം നിറഞ്ഞ വ്യക്തിയുടെ കാര്യം; ഏത് പിശാചാണ് ആ ഹൃദയത്തിനുനേരെ കയ്യേറ്റത്തിനു ധൈര്യപ്പെടുക? അവിടെ നിന്ന് വല്ലതും മോഷ്ടിച്ചെടുക്കാന്‍ അവനുദ്ദേശിച്ചാല്‍ തന്നെ അവനെന്താണ് മോഷ്ടിക്കുക? പിന്നെ പരമാവധി അവനു ചെയ്യാനാവുക, ആ വ്യക്തിയുടെ ക്ഷീണത്തിന്റെയും അശ്രദ്ധയുടെയുമൊക്കെ ചില നേരങ്ങള്‍ മുതലാക്കുക എന്നത് മാത്രമാണ്. മനുഷ്യനെന്നുള്ള നിലയില്‍ അത്തരം സംഗതികള്‍ അനിവാര്യമാണല്ലോ. അതിനാല്‍ മാനുഷികമായ മറവി, അശ്രദ്ധ, പ്രകൃതി സംബന്ധമായ കാര്യങ്ങള്‍ പോലുള്ളവ അദ്ദേഹത്തിന്റെ കാര്യത്തിലും ഉണ്ടാവുന്നതാണ്.

‘സത്യവിശ്വാസിയായ എന്റെ അടിമയുടെ ഹൃദയത്തിനല്ലാതെ എന്നെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലത ആകാശത്തിനോ ഭൂമിക്കോ ഇല്ല’ എന്ന ചില റിപ്പോര്‍ട്ടുകള്‍ മുന്‍വേദങ്ങളിലുള്ളതായി വഹബ് ബ്‌നുല്‍ മുനബ്ബിഹ്(റ) പറഞ്ഞുവെന്നു പറയപ്പെടുന്നു’ (ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ, മജ്മൂഉ ഫതാവ 18/122,376, പേജുകള്‍).

ഇത് ഇസ്‌റാഈലിയാത്തുകളില്‍ പെട്ടതാണ്. നബി ﷺ യില്‍നിന്നും സ്വികാര്യയോഗ്യമായ ഒരു പരമ്പരപോലും അതിനില്ല. ഹാഫിദുല്‍ ഇറാഖിയും അതിനു യാതൊരു അടിസ്ഥാനവുമുള്ളതായി അറിയില്ലെന്ന് പ്രസ്താവിക്കുന്നു (അല്‍മുഗ്‌നി അന്‍ ഹംലില്‍ അസ്ഫാര്‍ 2/713).

മറ്റൊരു ഹൃദയത്തിലാകട്ടെ അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനവും അവനോടുള്ള സ്‌നേഹവും തൗഹീദും ഈമാനും അവന്റെ വാഗ്ദാനങ്ങളിലും താക്കീതുകളിലും ഒക്കെയുള്ള വിശ്വാസവും അവയെല്ലാം സത്യമാണെന്ന ബോധവുമാണ്. അതോടൊപ്പം ദേഹേച്ഛകളും അതിന്റെതായ സ്വഭാവങ്ങളും പ്രകൃതങ്ങളും അതിലുണ്ട്. (തുടരും

ശമീര്‍ മദീനി

നേർപഥം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 7

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 7

ഈ മൂന്നു ഏടുകളിലും അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ഗൗരവമേറിയത് ബഹുദൈവാരാധന (ശിര്‍ക്ക്) ആയതിനാല്‍ അതിന്റെ വക്താക്കള്‍ക്ക് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കി. ബഹുദൈവാരാധകരായ ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പ്രത്യുത ഏകദൈവാരാധകരാണ് സ്വര്‍ഗത്തില്‍ കടക്കുക. ഏകദൈവ വിശ്വാസം (തൗഹീദ്) ആണ് സ്വര്‍ഗ കവാടത്തിന്റെ താക്കോല്‍. പ്രസ്തുത താക്കോലില്ലാത്തവര്‍ക്ക് സ്വര്‍ഗീയ കവാടങ്ങള്‍ തുറന്നുകൊടുക്കപ്പെടുകയില്ല. അപ്രകാരം തന്നെ താക്കോലുമായി വരികയും എന്നാല്‍ അതിന്റെ പല്ലുകള്‍ ഇല്ലാതിരിക്കുകയും ചെയ്താലും അതുപയോഗിച്ചു സ്വര്‍ഗവാതിലുകള്‍ തുറക്കാന്‍ സാധിക്കുകയില്ല.

താക്കോലിന്റെ പല്ലുകളെന്നു പറഞ്ഞത് നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ്, ധര്‍മ സമരം (ജിഹാദ്), നന്മ കല്‍പിക്കല്‍, സംസാരത്തിലെ സത്യത, വിശ്വസ്തത പാലിക്കല്‍, കുടുംബബന്ധം ചേര്‍ക്കല്‍, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍ തുടങ്ങിയ കാര്യങ്ങളെയാണ്. അതിനാല്‍ ഏതൊരാള്‍ ഈ ലോകത്തുവെച്ച് തൗഹീദിന്റെ ശരിയായ ഒരു താക്കോല്‍ ഉണ്ടാക്കിയെടുക്കുകയും പടച്ചവന്റെ കല്‍പനകളുടെതായ പല്ലുകള്‍ അതിനു പിടിപ്പിക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ സ്വര്‍ഗകവാടത്തിലെത്തി ആ താക്കോലു കൊണ്ട് വാതില്‍ തുറക്കാന്‍ കഴിയും. അതിനു യാതൊരു തടസ്സവുമുണ്ടായിരിക്കില്ല. എന്നാല്‍ അയാള്‍ ചെയ്ത പാപങ്ങളുടെയും തെറ്റുകുറ്റങ്ങളുടെയും അടയാളങ്ങള്‍ നിഷ്‌കളങ്കമായ പശ്ചാത്താപത്തിലൂടെയും പാപമോചന തേട്ടത്തിലൂടെയും നീക്കിക്കളയാനായില്ലെങ്കില്‍ പ്രശ്‌നമാണ്. അപ്പോള്‍ സ്വര്‍ഗത്തിന് മുമ്പില്‍ അയാള്‍ തടയപ്പെടുകയും ശുദ്ധീകരണ നടപടികളെടുക്കുകയും ചെയ്യും. മഹ്ശറിലെ ദീര്‍ഘമായ നിറുത്തവും അവിടുത്തെ ഭയാനകതകളും പ്രയാസങ്ങളും അയാളെ ശുദ്ധീകരിച്ചില്ലെങ്കില്‍ പിന്നെ തെറ്റുകുറ്റങ്ങളുടെ മാലിന്യങ്ങള്‍ നീക്കാന്‍ നരകത്തില്‍ കടക്കല്‍ അനിവാര്യമായി. അങ്ങനെ ആ പാപങ്ങളുടെ  അഴുക്കുകളില്‍നിന്ന് ശുദ്ധമായി കഴിഞ്ഞാല്‍ നരകത്തില്‍നിന്ന് പുറത്തു കൊണ്ടുവന്ന്, ശേഷം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. കാരണം, സ്വര്‍ഗമെന്നത് വിശുദ്ധരുടെ ഭവനമാണ്; വിശുദ്ധരല്ലാതെ അവിടെ പ്രവേശിക്കുകയില്ല.

അല്ലാഹു പറയുന്നു: ”അതായത്, നല്ലവരായിരിക്കെ മലക്കുകള്‍ ഏതൊരു കൂട്ടരുടെ ജീവിതം അവസാനിപ്പിക്കുന്നുവോ അവര്‍ക്ക്. അവര്‍ (മലക്കുകള്‍) പറയും: നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച് കൊള്ളുക” (16:32).

‘നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു; അതിനാല്‍ നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക’ എന്ന് പറഞ്ഞതില്‍ നിന്ന് ആ സംശുദ്ധിയാണ് സ്വര്‍ഗപ്രവേശനത്തിന് നിമിത്തമായതെന്നു വ്യക്തമാണ്.

എന്നാല്‍ നരകമാകട്ടെ, വാക്കുകളിലും പ്രവൃത്തികളിലും അന്നപാനീയങ്ങളിലുമെല്ലാം മാലിന്യം  പേറിയവരുടെ വാസസ്ഥലമാണ്; വൃത്തികെട്ടവരുടെ ഭവനം.

അല്ലാഹു പറയുന്നു: ”അല്ലാഹു നല്ലതില്‍നിന്ന് ചീത്തയെ വേര്‍തിരിക്കാനും ചീത്തയെ ഒന്നിനുമേല്‍ മറ്റൊന്നായി ഒന്നിച്ചു കൂമ്പാരമാക്കി നരകത്തിലിടാനും വേണ്ടിയത്രെ അത്. അക്കൂട്ടര്‍ തന്നെയാണ് നഷ്ടം പറ്റിയവര്‍” (8:37).            

അല്ലാഹു വൃത്തികേടുകളെയും മാലിന്യങ്ങളെയും ഒരുമിച്ചുകൂട്ടുകയും എന്നിട്ട് നരകവാസികളോടൊപ്പം നരകത്തിലാക്കുകയും ചെയ്യും. നീചരല്ലാതെ അതില്‍ ഉണ്ടാവുകയില്ല.

ജനങ്ങള്‍ മൂന്നു തരക്കാരാണ്. അവര്‍ക്കുള്ള വാസസ്ഥലങ്ങളും മൂന്നു തരമാണ്. 1) വൃത്തികേടുകള്‍ പുരളാത്ത വിശുദ്ധര്‍. 2) വിശുദ്ധി തീണ്ടിയിട്ടില്ലാത്ത മ്ലേച്ഛര്‍. 3) വിശുദ്ധിയും വൃത്തികേടുകളും കൂടിക്കലര്‍ന്ന മറ്റൊരു കൂട്ടര്‍.

ഒന്നാമത്തെ വിഭാഗത്തിന് തികച്ചും വിശുദ്ധമായ ഭവന(സ്വര്‍ഗം)മാണുള്ളത്. രണ്ടാമത്തെ വിഭാഗത്തിനാകട്ടെ തികച്ചും മ്ലേച്ഛമായ ഭവന(നരകം)വും. ഈ രണ്ടു ഭവനങ്ങളും (സ്വര്‍ഗവും നരകവും) നശിക്കുകയില്ല; ശാശ്വതമാണ്.

എന്നാല്‍ നന്മയും തിന്മയും കൂടിക്കലര്‍ന്ന മൂന്നാമത്തെ വിഭാഗത്തിന്റെ ഭവനം; അത് നശിക്കുന്നതാണ്, ശാശ്വതമല്ല. അതായത്, മറ്റു പാപങ്ങള്‍ ചെയ്തവര്‍ക്കുള്ള ശിക്ഷയുടെ ഭവനം. നിശ്ചയം (ഏകദൈവ വിശ്വാസികളില്‍പെട്ട ഒരാളും) നരകത്തില്‍ ശാശ്വത വാസിയാവുകയില്ല. അവര്‍ തങ്ങളുടെ കര്‍മങ്ങളുടെ തോതനുസരിച്ച് ശിക്ഷിക്കപ്പെട്ടുകഴിഞ്ഞാല്‍ നരകത്തില്‍നിന്ന് പുറത്ത് കൊണ്ടുവരപ്പെടുന്നതായിരിക്കും. എന്നിട്ട് അവരെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും. അപ്പോള്‍ അവസാനം തികച്ചും വൃത്തികെട്ടവരുടെത് മാത്രമായ നരകം മാത്രമായിരിക്കും ശേഷിക്കുക.

ഹദീഥില്‍ പറഞ്ഞ രണ്ടാമത്തെ വിഷയം നമസ്‌കാരമാണ്. ‘അല്ലാഹു നിങ്ങളോടു നമസ്‌കാരം നിര്‍വഹിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ നമസ്‌കരിക്കാന്‍ നിന്നുകഴിഞ്ഞാല്‍ പിന്നെ മറ്റു ഭാഗങ്ങളിലേക്ക് തിരിഞ്ഞുനോക്കരുത്. കാരണം ഒരാള്‍ നമസ്‌കാരത്തില്‍ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞു നോക്കാത്തിടത്തോളം അല്ലാഹു തന്റെ മുഖം അയാളുടെ നേര്‍ക്ക് തന്നെ തിരിച്ചു നിര്‍ത്തുന്നതായിരിക്കും.’

നമസ്‌കാരത്തില്‍ വിലക്കപ്പെട്ട ‘തിരിഞ്ഞുനോട്ടം’ രണ്ടുതരമുണ്ട്. അതില്‍ ഒന്ന് ഹൃദയംകൊണ്ട് അല്ലാഹുവില്‍നിന്ന് മറ്റുള്ളവരിലേക്ക് തിരിയലാണ്. രണ്ടാമത്തെത് ദൃഷ്ടികൊണ്ടുള്ള തിരിഞ്ഞുനോട്ടവും. രണ്ടും വിലക്കപ്പെട്ടതാണ്. ഒരാള്‍ പരിപൂര്‍ണമായി നമസ്‌കാരത്തിലേക്ക് മുന്നിടുകയാണെങ്കില്‍ അല്ലാഹുവും അയാളിലേക്ക് മുന്നിടുന്നതാണ്. എന്നാല്‍ അയാള്‍ തന്റെ ഹൃദയംകൊണ്ടോ ദൃഷ്ടികൊണ്ടോ അല്ലാഹുവിനെ വിട്ടു മറ്റെന്തിലേക്കെങ്കിലും തിരിഞ്ഞുകളഞ്ഞാല്‍ അല്ലാഹു അയാളില്‍നിന്നും തിരിഞ്ഞു കളയും.

ഒരാള്‍ നമസ്‌കാരത്തില്‍ തിരിഞ്ഞുനോക്കുന്നതിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞത് ഇപ്രകാരമാണ്: ”അത്, ഒരു ദാസന്റെ നമസ്‌കാരത്തില്‍നിന്നും പിശാച് തട്ടിയെടുക്കുന്ന ഒരു തട്ടിയെടുക്കലാണ്” (ബുഖാരി).

മറ്റൊരുവചനത്തില്‍ ഇപ്രകാരം കാണാം: ”അല്ലാഹു ചോദിക്കും: എന്നെക്കാള്‍ ഉത്തമനായതിലേക്കാണോ അയാള്‍ തിരിയുന്നത്? എന്നെക്കാള്‍ വിശിഷ്ടമായതിലേക്കാണോ?” (ബസ്സാര്‍. ഇമാം ഹൈതമി(റഹി) പറയുന്നു: ഇതിന്റെ പരമ്പരയില്‍ ഫദ്‌ലുബ്‌നു ഈസ അര്‍റാശി എന്ന വ്യക്തിയുണ്ട്. അയാള്‍ ദുര്‍ബലനാണ് എന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്.” (മജ്മഉസ്സവാഇദ് 2/80).

(വിശദവിവരത്തിനു സില്‍സിലഃ ദഈഫഃ (2694ാം നമ്പര്‍ ഹദീഥ്) കാണുക).

ദൃഷ്ടികൊണ്ടോ മനസ്സുകൊണ്ടോ നമസ്‌കാരത്തില്‍ മറ്റുള്ളവരിലേക്ക് തിരിയുന്നവന്റെ ഉപമ ഒരാളുടേതു പോലെയാണ്. അയാളെ രാജാവ് ക്ഷണിച്ചു വരുത്തി, തന്റെ മുമ്പില്‍ കൊണ്ടുവന്നു നിറുത്തി. എന്നിട്ട് അയാളുടെ നേരെ തിരിഞ്ഞ് അയാളെ വിളിക്കുകയും സംസാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയില്‍ രാജാവിനെ ഗൗനിക്കാതെ ഇടത്തോട്ടും വലത്തോട്ടും അയാള്‍ തിരിഞ്ഞു നോക്കുകയോ അതല്ലെങ്കില്‍ രാജാവ് പറഞ്ഞത് ശ്രദ്ധിക്കാതെ മനസ്സ് എങ്ങോട്ടോ തിരിക്കുകയോ ചെയ്താല്‍ എന്തായിരിക്കും രാജാവ് അയാളെ ചെയ്യുക? ഏറ്റവും ചുരുങ്ങിയത് രാജാവിന്റെ അടുക്കല്‍നിന്ന് കോപിക്കപ്പെട്ടവനും ആട്ടിയകറ്റപ്പെട്ടവനുമായ നിലയില്‍ രാജാവിന്റെ യാതൊരു പരിഗണയും കിട്ടാതെ അയാള്‍ക്ക് മടങ്ങേണ്ടി വരില്ലേ?

ഇത്തരത്തില്‍ നമസ്‌കരിക്കുന്നയാളും ഹൃദയ സാന്നിധ്യത്തോടെ നമസ്‌കാരത്തില്‍ അല്ലാഹുവിലേക്ക് പൂര്‍ണമായി തിരിഞ്ഞയാളും ഒരിക്കലും സമമാവുകയില്ല. താന്‍ ആരുടെ മുമ്പിലാണ് നില്‍ക്കുന്നതെന്നും അവന്റെ മഹത്ത്വമെന്താണെന്നും അയാള്‍ തന്റെ മനസ്സിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അയാളുടെ മനസ്സ് നിറയെ പടച്ചവനോടുള്ള ഗാംഭീര്യവും സ്‌നേഹാദരവുകളുമാണ്. അയാളുടെ പിരടി അവന്റെ മുന്നില്‍ കുനിക്കുകയും തന്റെ രക്ഷിതാവിനെ വിട്ടു മറ്റെന്തിലേക്കെങ്കിലും തിരിയാന്‍ അയാള്‍ ലജ്ജിക്കുകയും ചെയ്യും.

ഹസ്സാനുബ്‌നു അത്വിയ്യ(റഹി) പറഞ്ഞത് പോലെ ഈ രണ്ടുപേരുടെ നമസ്‌കാരങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. അദ്ദേഹം പറഞ്ഞു: ‘രണ്ടാളുകള്‍ ഒരേ നമസ്‌കാരം നിര്‍വഹിക്കുകയാണ്. എന്നാല്‍ ശ്രേഷ്ഠതയുടെ കാര്യത്തില്‍ അവര്‍ രണ്ടുപേരും തമ്മില്‍ ആകാശഭൂമികളോളം അന്തരമുണ്ടായിരിക്കും.’ (ഇബ്‌നുല്‍ മുബാറക്, കിതാബുസ്സുഹ്ദ്).

അതെന്തുകൊണ്ടെന്നാല്‍, അവരിലൊരാള്‍ തന്റെ ഹൃദയവുമായി അല്ലാഹുവിലേക്ക് മുന്നിട്ടവനും മറ്റെയാള്‍ അശ്രദ്ധനും മറവിക്കാരനുമായത് കൊണ്ടാണ്.

ഒരാള്‍ തന്നെപോലെയുള്ള ഒരു മനുഷ്യന്റെ അടുക്കലേക്ക് മുന്നിട്ടുചെല്ലുകയും അവര്‍ക്കിടയില്‍ സുതാര്യമായ ഇടപെടലിന് സാധ്യമാകാത്ത വിധത്തില്‍ വല്ല മറയും ഉണ്ടായിരിക്കുകയും ചെയ്താല്‍ പ്രസ്തുത പോക്കും സമീപനവും ശരിയായ രൂപത്തിലായില്ല എന്ന് പ്രത്യേകംപറയേണ്ടതില്ലല്ലോ. അപ്പോള്‍ പിന്നെ സ്രഷ്ടാവിന്റെ കാര്യത്തില്‍ എന്താണ് വിചാരിച്ചത്?

സ്രഷ്ടാവായ അല്ലാഹുവിലേക്ക് മുന്നിടുമ്പോള്‍ അയാള്‍ക്കും പടച്ചവനും ഇടയില്‍ ദേഹേച്ഛകളുടെയും ദുര്‍ബോധനങ്ങളുടെയും (വസ്‌വാസുകള്‍) മറയുണ്ടാവുകയും മനസ്സ് അവയുമായി അഭിരമിക്കുകയും ചെയ്താല്‍ എന്തായിരിക്കും സ്ഥിതി? കുറെ വസ്‌വാസുകളും മറ്റു ചിന്തകളും അയാളുടെ ശ്രദ്ധ തെറ്റിച്ചുകളയുകയും നാനാവഴികളിലേക്കും അയാളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുമ്പോള്‍ അത് എന്തൊരു ‘മുന്നിടല്‍’ ആയിരിക്കും?!

ഒരാള്‍ നമസ്‌കരിക്കാന്‍ നിന്നാല്‍ പിശാചിന് അത് ഏറെ അസഹ്യമായിരിക്കും. കാരണം, അയാള്‍ നില്‍ക്കുന്നത് ഏറ്റവും മഹത്തരമായ ഒരു സ്ഥാനത്തും സന്ദര്‍ഭത്തിലുമാണ്. അത് പിശാചിനെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അതിനാല്‍ ആ നമസ്‌കാരക്കാരനെ അവിടെ നേരാംവണ്ണം നിര്‍ത്താതിരിക്കാന്‍ എന്തൊക്കെയാണോ ചെയ്യാന്‍ പറ്റുക അതൊക്കെയുമായി പിശാച് കിണഞ്ഞ് പരിശ്രമിക്കും. അയാള്‍ക്ക് പലതരം മോഹന വാഗ്ദാനങ്ങളും പ്രലോഭനങ്ങളുമായി മുന്നില്‍ ചെന്ന് നമസ്‌കാരത്തിന്റെ സുപ്രധാനമായ പലതില്‍നിന്നും അയാളുടെ ശ്രദ്ധ തെറ്റിക്കുകയും മറപ്പിച്ചുകളയുകയും ചെയ്യും. പിശാച് തന്റെ സര്‍വ സന്നാഹങ്ങളുമായി അയാള്‍ക്കെതിരെ തിരിയുകയും നമസ്‌കാരത്തിന്റെ ഗൗരവവും പ്രാധാന്യവും കുറച്ചുകാട്ടി അതിനെ നിസ്സാരമാക്കുകയും അങ്ങനെ അതില്‍ ശ്രദ്ധയില്ലാതെയും അത് പാടെ ഉപേക്ഷിക്കുന്നതിലേക്കും അയാളെ കൊണ്ടുചെന്നെത്തിക്കും.

ഇനി പിശാചിന് അതിനു സാധിക്കാതെ വരികയും ഒരാള്‍ പിശാചിനെ ധിക്കരിച്ചു നമസ്‌ക്കരിക്കാന്‍ നില്‍ക്കുകയും ചെയ്താല്‍ പിശാച് അവന്റെ രണ്ടാമത്തെ പണിയുമായി വരും. എന്നിട്ടു പലതും അയാളുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുകയും നമസ്‌കാരത്തിനും അയാളുടെ മനഃസാന്നിധ്യത്തിനുമിടയില്‍ മറ സൃഷ്ട്ടിച്ചുകൊണ്ടിരിക്കും. നമസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അയാള്‍ക്ക് ഓര്‍മയില്ലാതിരുന്ന പലതിനെക്കുറിച്ചും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. അങ്ങനെ ചിലപ്പോള്‍ അയാള്‍ മറന്നുപോയ തന്റെ ലക്ഷ്യവും ആവശ്യങ്ങളും ഈ പ്രേരണകൊണ്ട് ഓര്‍ത്തെടുക്കുകയും അതുമായി മനസ്സ് വ്യാപൃതനാവുകയും ചെയ്യും. അതിലൂടെ അയാളെ അല്ലാഹുവിന്റെ വഴിയില്‍നിന്നും പിശാച് തട്ടിയെടുക്കുകയും ഹൃദയസാന്നിധ്യമില്ലാതെ കേവലം ഒരു ജഡം മാത്രമായി നില്‍ക്കുന്ന ഒരവസ്ഥയിലായി നമസ്‌കാരം നിര്‍വഹിച്ചു തീര്‍ക്കേണ്ടി വരികയും ചെയ്യും. അപ്പോള്‍ പിന്നെ അല്ലാഹുവിലേക്ക് പരിപൂര്‍ണ മനസ്സും ശരീരവുമായി  മുന്നിട്ട് അവന്റെ സാമീപ്യവും ആദരവും കരസ്ഥമാക്കുന്ന ഒരു യഥാര്‍ഥ ഭക്തന് കിട്ടുന്ന യാതൊന്നും നേടിയെടുക്കാനാവാതെ നമസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഏതവസ്ഥയിലായിരുന്നോ അതേ അവസ്ഥയില്‍തന്നെ തന്റെ പാപഭാരങ്ങളും തെറ്റുകുറ്റങ്ങളുമായി അയാള്‍ക്ക് നമസ്‌കാരത്തില്‍നിന്ന് വിരമിക്കുകയും ചെയ്യേണ്ടിവരും. പ്രസ്തുത നമസ്‌കാരം കൊണ്ട് അവയില്‍നിന്ന് യാതൊരു ലഘൂകരണവും അയാള്‍ക്ക് നേടിയെടുക്കാനാവില്ല.

തീര്‍ച്ചയായും നമസ്‌കാരത്തിന്റേതായ ബാധ്യതകള്‍ നിറവേറ്റുകയും അതിന്റെ ഭക്തി പൂര്‍ത്തീകരിക്കുകയും അല്ലാഹുവിന്റെ മുമ്പില്‍ ഹൃദയസാന്നിധ്യത്തോടുകൂടി നില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമെ നമസ്‌കാരംകൊണ്ടുള്ള പാപം പൊറുക്കലും ആസ്വാദനവുമൊക്കെ കിട്ടുകയുള്ളൂ. അങ്ങനെയാകുമ്പോള്‍ നമസ്‌കാരം നിര്‍വഹിച്ചുകഴിയുമ്പോള്‍ മനസ്സിനൊരു ആശ്വാസവും തന്റെ ഭാരങ്ങളെല്ലാം ഇറക്കിവെച്ച നിര്‍വൃതിയും പ്രത്യേകമായ ഉന്മേഷവും ചൈതന്യവുമൊക്കെ അയാള്‍ക്ക് കിട്ടും. എത്രത്തോളമെന്നാല്‍ ആ നമസ്‌കാരത്തെ വേര്‍പിരിഞ്ഞു പോകാന്‍ അയാള്‍ക്ക് തീരെ താല്‍പര്യമില്ലാതെ അതില്‍തന്നെ തുടരാന്‍ കൊതിക്കുകയും ചെയ്യും.      

എന്തുകൊണ്ടെന്നാല്‍ ആ നമസ്‌കാരം അയാളുടെ കണ്ണുകള്‍ക്ക് കുളിര്‍മയും ആത്മാവിനു സൗഖ്യവും ഹൃദയത്തിന്റെ സ്വര്‍ഗത്തോപ്പും ദുന്‍യാവിലെ വിശ്രമ സ്ഥലവുമൊക്കെയായി അയാള്‍ ആസ്വദിക്കുകയായിരുന്നു. ആ നമസ്‌കാരത്തിലേക്ക് വീണ്ടും തിരിച്ചുചെല്ലുന്നതുവരെ വല്ലാത്തൊരു ഇടുക്കത്തിലും ഞെരുക്കത്തിലും പെട്ടു തടവറയില്‍ കഴിയുന്നത് പോലെയായിരിക്കും അയാള്‍ക്ക്. ആ നമസ്‌കാരത്തിലൂടെയാണ് അയാള്‍ ആശ്വാസം കണ്ടെത്തുക. അല്ലാതെ, അതില്‍നിന്ന് വിരമിക്കുന്നതിലല്ല അയാള്‍ ആശ്വാസം കണ്ടെത്തുക. അതിനാല്‍ നന്മയുടെ വക്താക്കളായ, നമസ്‌കാരത്തെ ഇഷ്ടപ്പെടുന്നവര്‍ ഇങ്ങനെ പറയും: ‘ഞങ്ങള്‍ നമസ്‌കരിക്കുകയും നമസ്‌കാരത്തിലൂടെ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു.’ അവരുടെ നേതാവും മാതൃകാപുരുഷനും പ്രവാചകനുമായ മുഹമ്മദ് നബി ﷺ പറഞ്ഞത് പോലെ; ‘ബിലാലേ, നമസ്‌കാരംകൊണ്ട് നമുക്ക് ആശ്വാസം പകരൂ’ (അഹ്മദ്, അബൂദാവൂദ്). നമസ്‌കാരത്തില്‍നിന്ന് ആശ്വാസം തരൂ എന്ന് അവിടുന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.

നബി ﷺ പറഞ്ഞു: ”എന്റെ കണ്‍കുളിര്‍മ നമസ്‌കാരത്തിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്’ (അഹ്മദ്, നസാഈ). ആരുടെയെങ്കിലും കണ്‍കുളിര്‍മ നമസ്‌കാരത്തിലാണുള്ളതെങ്കില്‍ അതല്ലാതെ മറ്റെന്തിലൂടെയാണ് അയാള്‍ക്കത് നേടാനാവുക? ആ നമസ്‌കാരത്തെ വിട്ട് എങ്ങനെയാണയാള്‍ക്ക് ക്ഷമിച്ചിരിക്കാനാവുക?

നമസ്‌കാരത്തില്‍ കണ്‍കുളിര്‍മ കിട്ടുന്ന ഹൃദയസാന്നിധ്യത്തോടെ നമസ്‌കാരം നിര്‍വഹിക്കുന്ന ആളുടെ നമസ്‌കാരമാണ് അല്ലാഹുവിലേക്ക് കയറിപ്പോകുന്നത്. അതാണ് പ്രകാശവും പ്രമാണവും. അല്ലാഹു അയാളെ അതിനോടൊപ്പം സ്വീകരിക്കും. അപ്പോള്‍ അത് ഇപ്രകാരം പറയുമത്രെ: ‘എന്നെ സൂക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്ത താങ്കളെ അല്ലാഹു സംരക്ഷിക്കട്ടെ!’ എന്നാല്‍ ബാധ്യതകള്‍ പൂര്‍ത്തീകരിക്കാത്ത ഭയഭക്തിയും നമസ്‌കാരത്തിന്റെ മറ്റു അതിര്‍വരമ്പുകളും ശ്രദ്ധിക്കാത്ത പല വീഴ്ചകളും വരുത്തിയയാളുടെ നമസ്‌കാരം പഴയ വസ്ത്രങ്ങള്‍ ചുരുട്ടിയത് പോലെ ചുരുട്ടിക്കൂട്ടി അയാളുടെ മുഖത്തേക്ക് എറിയപ്പെടും. അപ്പോള്‍ അത് അയാളോടിങ്ങനെ പറയുമത്രെ: ‘എന്നെ അവഗണിച്ച നിന്നെയും അല്ലാഹു അവഗണിക്കട്ടെ.’

അബ്ദുല്ലാഹിബ്‌നു അംറി(റ)ല്‍നിന്ന് അബൂശജറയും അദ്ദേഹത്തില്‍ നിന്ന് അബൂസ്സാഹിരിയ്യയും അദ്ദേഹത്തില്‍നിന്ന് സഈദുബ്‌നു സിനാനും അദ്ദേഹത്തില്‍നിന്ന് ബക്‌റുബ്‌നു ബിശ്‌റും വഴി ഉദ്ധരിക്കുന്ന മര്‍ഫൂആയ ഒരു ഹദീഥില്‍ ഇപ്രകാരം പറയപ്പെടുന്നു: ‘ഏതൊരു വിശ്വാസി വുദൂഅ്  ശരിയായ വിധത്തില്‍ പൂര്‍ത്തികരിക്കുകയും ഒരു നമസ്‌കാരത്തിന്റെ സമയത്തുതന്നെ അത് അല്ലാഹുവിനായി നിര്‍വഹിക്കുകയും ചെയ്താല്‍; അതിന്റെ സമയത്തിലോ റുക്കൂഇലോ സുജൂദിലോ ഒന്നിലും യാതൊരു കുറവ് വരുത്താതെയാണ് അയാള്‍ ചെയ്തതെങ്കില്‍ തീര്‍ച്ചയായും ഇരുഭാഗങ്ങളില്‍ പ്രകാശം വിതറിക്കൊണ്ട് തെളിമയോടെ വിശുദ്ധമായി അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടും. അങ്ങനെ അത് അല്ലാഹുവിങ്കല്‍ എത്തിച്ചേരുന്നതാണ്.

എന്നാല്‍ ആരെങ്കിലും വുദൂഅ് പൂര്‍ത്തീകരിക്കാതെയും സമയം വൈകിച്ചും റുകൂഇലും  സുജൂദിലൂമെല്ലാം വീഴ്ച വരുത്തിയുമാണ് നിര്‍വഹിച്ചതെങ്കില്‍ അത് അയാളില്‍നിന്ന് ഉയര്‍ത്തപ്പെടുക ഇരുള്‍മുറ്റിയ, കറുത്തിരുണ്ട രൂപത്തിലായിരിക്കും. എന്നിട്ടത് അയാളുടെ തലമുടി കടന്ന് മേല്‍പോട്ട് പോവുകയില്ല. പിന്നീടത് ‘എന്നെ നീ അവഗണിച്ചപോലെ നിന്നെയും അല്ലാഹു അവഗണിക്കട്ടെ, എന്നെ നീ അവഗണിച്ച പോലെ നിന്നെയും അല്ലാഹു അവഗണിക്കട്ടെ’ എന്നിങ്ങനെ പറയും (ത്വയാലസി ബസ്സാര്‍ മുതലായവര്‍ ഉദ്ധരിച്ചത്. ഇമാം ഹൈഥമി ‘മജമഉ സ്സവാഇദി’ല്‍ (2/122)പറയുന്നു: ‘ഇതിന്റ സനദില്‍ അഹ് വസ്വ് ഇബ്‌നു ഹകീം എന്ന വ്യക്തിയുണ്ട്. ഇബ്‌നുല്‍ മദീനിയും ഇജ്‌ലിയും അദ്ദേഹത്തെ യോഗ്യനെന്നു പറയുമ്പോള്‍ മറ്റൊരു വിഭാഗം നിരൂപകര്‍ അദ്ദേഹത്തെ അയോഗ്യനെന്നാണു പറഞ്ഞിരിക്കുന്നത്. ബാക്കിയുള്ള നിവേദകരെല്ലാം യോഗ്യരാണ്.’ ‘ഉഖൈലി അദ്ദുഅഫാഅ്’ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം അയോഗ്യനാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്).

സ്വികാര്യയോഗ്യമായ നമസ്‌കാരം, സ്വികരിക്കപ്പെടുന്ന സല്‍കര്‍മങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ പടച്ച റബ്ബിന് അനുയോജ്യമായ വിധത്തില്‍ ഒരു അടിമ നിര്‍വഹിക്കുന്നത് എന്നാണ് വിവക്ഷ. അപ്പോള്‍ ഒരാളുടെ നമസ്‌കാരം അല്ലാഹുവിനു പറ്റുന്നതും അനുയോജ്യവുമാണെങ്കില്‍ അത് സ്വികാര്യയോഗ്യമാണ്. (തുടരും)

ശമീര്‍ മദീനി

നേർപഥം

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 6

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 6

നബി ﷺ ഒരിക്കല്‍ തന്റെ അനുചരന്മാരെ അഭിസംബോധന ചെയ്തു പറഞ്ഞു; സൂര്യന്‍ അസ്തമയത്തിനോടടുത്ത സമയമായിരുന്നു അത്: ”നിങ്ങളുടെ ഈ ദിവസത്തില്‍ ഇനി ശേഷിക്കുന്നതെത്ര സമയമാണോ അത്രയേ ഇനിയുള്ളൂ ഈ ഇഹലോകത്തിന്റെ സമയവും.”(അഹ്മദ്, തിര്‍മിദി).

അതിനാല്‍ സ്വന്തത്തോട് ഗുണകാംക്ഷയുള്ള വിവേകശാലികളായ ഓരോരുത്തരും ഈ നബിവചനത്തെക്കുറിച്ച് ശരിക്കും ഒന്ന് ചിന്തിക്കട്ടെ! ഈ ചുരുങ്ങിയ കാലയളവില്‍ തനിക്ക് ഉണ്ടായ ഏതുകാര്യവും; അത് സ്ഥായിയല്ല എന്നത് അറിഞ്ഞുകൊള്ളട്ടെ! താന്‍ വഞ്ചനയുടെയും പേക്കിനാവുകളുടെയും ഒരു ലോകത്താണുള്ളതെന്നും ഓര്‍ത്തുകൊള്ളട്ടെ! ശാശ്വതമായ സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും അനുഗ്രഹലോകം തുലോം തുച്ഛമായ, വളരെ നിസ്സാരമായ വിഹിതത്തിനുവേണ്ടി വിറ്റുകളയുകയാണെന്നതും ഓര്‍ക്കുക.

അല്ലാഹുവിനെയും പരലോകത്തെയുമാണ് ഒരാള്‍ ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അല്ലാഹു അയാള്‍ക്ക് ഇഹലോകത്തെ ആ വിഹിതവും പൂര്‍ത്തീകരിച്ച് കൊടുക്കുന്നതാണ്. ചില മഹദ് വചനങ്ങളില്‍ വന്നത് പോലെ; ‘മനുഷ്യ പുത്രാ! പരലോകത്തിന് പകരമായി നീ ഇഹലോകത്തെ വില്‍ക്കുക. എങ്കില്‍ ഇരുലോകത്തും നിനക്ക് ലാഭം കൊയ്യാം. ഇഹലോകത്തിനു പകരമായി നീ പരലോകത്തെ വില്‍ക്കരുത്, കാരണം അങ്ങനെയെങ്കില്‍ ഇരുലോകത്തും നിനക്ക് വലിയ നഷ്ടമായിരിക്കും ഉണ്ടാവുക’ (ഹസനുല്‍ ബസ്വരി(റഹി)യുടെ വാക്കുകളായി അബൂനുഐം(റഹി) ‘ഹില്‍യ’യില്‍ (2:143) ഉദ്ധരിച്ചത്).

സലഫുകളില്‍ ചിലര്‍ പറഞ്ഞു: ”മനുഷ്യ പുത്രാ! ദുന്‍യാവിലെ നിന്റെ വിഹിതം നിനക്ക് ആവശ്യമാണ്. എന്നാല്‍ പരലോകത്തിലെ നിന്റെ വിഹിതം നിനക്ക് ഇതിലേറെ ആവശ്യമാണെന്നറിയുക. അതിനാല്‍ ദുന്‍യാവിന്റെ വിഹിതം വാരിക്കൂട്ടാനാണ് നീ ആദ്യപരിഗണന നല്‍കുന്നതെങ്കില്‍ പരലോകത്തെ നിന്റെ വിഹിതം തരപ്പെടുത്താനാകാതെ പോകുകയും ദുന്‍യാവിന്റെ വിഹിതത്തിന്റെ കാര്യത്തില്‍ നീ ഭീതിയിലായിരിക്കുകയും ചെയ്യും. എന്നാല്‍ പരലോകത്തെ നിന്റെ വിഹിതം ഒരുക്കുന്നതിലാണ് നിന്റെ പ്രഥമ ശ്രദ്ധയെങ്കില്‍ ദുന്‍യാവിലെ നിന്റെ വിഹിതം നിനക്ക് നേടുവാനും അതിനെ നിനക്ക് ക്രമപ്പെടുത്തുവാനും കഴിയും”(മുആദ് ഇബ്‌നു ജബലി(റ)ന്റെ വാക്കുകളായി ഇബ്‌നു അബീ ശൈബ ‘മുസ്വന്നഫി’ലും ത്വബ്‌റാനി ‘മുഅ്ജമുല്‍ കബീറി’ലും ഉദ്ധരിച്ചത്).

ഉമറുബ്‌നു അബ്ദില്‍ അസീസ്(റഹി) തന്റെ ഖുത്വുബയില്‍ പറയാറുണ്ടായിരുന്നു: ”അല്ലയോ ജനങ്ങളേ, നിങ്ങള്‍ വൃഥാ സൃഷ്ടിക്കപ്പെടുകയോ വെറുതെ വിട്ടുകളയപ്പെട്ടിരിക്കുകയോ അല്ല. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ ഒരുമിച്ചുകൂട്ടുന്ന ഒരു മടക്കസ്ഥാനം നിങ്ങള്‍ക്കുണ്ട്. അവിടെവെച്ചാണ് നിങ്ങളുടെ കാര്യത്തില്‍ നീതിപൂര്‍വകമായ വിധിയും തദടിസ്ഥാനത്തില്‍ നിങ്ങളെ വേര്‍തിരിക്കപ്പെടുന്നതും. അപ്പോള്‍ ഏതൊരുത്തന്‍ അല്ലാഹുവിന്റെ അതിവിശാലമായ കാരുണ്യത്തില്‍നിന്നും ആകാശഭൂമികളോളം വിശാലമായ അവന്റെ സ്വര്‍ഗത്തില്‍നിന്നും പുറത്താക്കപ്പെടുന്നുവോ അയാള്‍ പരാജയപ്പെടുകയും ദൗര്‍ഭാഗ്യവാനാവുകയും ചെയ്തു. തീര്‍ച്ചയായും നിര്‍ഭയത്വവും സമാധാനവും നാളെയുടെ ലോകത്താണ്. അല്ലാഹുവിനെ ഭയപ്പെട്ടും അവന്റെ വിധിവിലക്കുകള്‍ സൂക്ഷിച്ചും ധാരാളത്തിനു പകരമായി തുച്ഛമായതിനെയും അനശ്വരമായതിനു ബദലായി നശ്വരമായതിനെയും സൗഭാഗ്യത്തിനു വേണ്ടി ദൗര്‍ഭാഗ്യത്തെയും ബലികഴിച്ചവര്‍ക്കാണ് അതുള്ളത്. നിങ്ങള്‍ മണ്‍മറഞ്ഞുപോയവരുടെ പിന്‍ഗാമികളാണെന്നത് നിങ്ങള്‍ക്ക് ഓര്‍മയില്ലേ? ഇനി നിങ്ങള്‍ക്ക് ശേഷം മരണമില്ലാത്തവരെ അവന്‍ നിങ്ങളുടെ പിന്‍ഗാമികളാക്കുമോ? (അഥവാ മുന്‍ഗാമികള്‍ മരിച്ചുപോയത് പോലെ അവരുടെ പിന്‍ഗാമികളും മരിച്ചുപോകും) ഓരോ ദിവസവും ഊഴം കഴിഞ്ഞ് അല്ലാഹുവിലേക്ക് യാത്രയായ എത്രയെത്രയാളുകളെ യാത്രയാക്കുന്നതിനു നിങ്ങള്‍ സാക്ഷികളാകുന്നു! അവരുടെ ഈ ലോകത്തെ പ്രതീക്ഷകള്‍ അവസാനിച്ചു. അവരെ നിങ്ങള്‍ ക്വബ്‌റാകുന്ന വിശ്രമമുറിയില്‍ ഭൂമിപിളര്‍ത്തി ഇറക്കിവെക്കുകയും കട്ടിലും തലയണയുമില്ലാതെ അവരെ കിടത്തിപ്പോരുകയും ചെയ്യുന്നത് കാണുന്നില്ലേ? ബന്ധുമിത്രാദികളെയും കൂട്ടുകുടുംബാദികളെയും എല്ലാം വേര്‍പിരിഞ്ഞു വിചാരണയുടെ ലോകത്തേക്ക് അവര്‍ യാത്രയായിരിക്കുകയാണ്” (അബൂനുഐം ‘ഹില്‍യ’യില്‍ ഉദ്ധരിച്ചത്).    

അതായത്, അല്ലാഹു ഒരു അടിമയെ ഈ ചുരുങ്ങിയ കാലയളവിലെ ജീവിതത്തില്‍ മേല്‍പറഞ്ഞ ശത്രുക്കള്‍ക്കെതിരില്‍ അവന്റെ സൈന്യങ്ങളെക്കൊണ്ടും സന്നാഹങ്ങള്‍കൊണ്ടുമൊക്കെ സഹായിക്കുന്നതാണ്. തന്റെ ശത്രുവില്‍നിന്ന് തനിക്ക് സുരക്ഷ നല്‍കുന്നതെന്താണെന്നും ആ ശത്രുവിന്റെ പിടിയിലകപ്പെട്ടാല്‍ എങ്ങനെയാണു മോചനം നേടാനാവുകയെന്നും അല്ലാഹു വിശദീകരിച്ചിട്ടുമുണ്ട്.

ഇമാം അഹ്മദ്(റഹി), തിര്‍മിദി(റഹി) മുതലായവര്‍ അബുമൂസല്‍ അശ്അരി(റ)യുടെ ഹദീഥായി ഉദ്ധരിക്കുന്നു; നബി ﷺ പറഞ്ഞു: ”നിശ്ചയം, അല്ലാഹു യഹ്‌യ നബി(അ)യോട് അഞ്ച് കാര്യങ്ങള്‍ കല്‍പിച്ചു. അതനുസരിച്ച് അദ്ദേഹം പ്രവര്‍ത്തിക്കുവാനും ബനൂ ഇസ്‌റാഈല്യര്‍ അതനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അവരോടു കല്‍പിക്കുന്നതിനും വേണ്ടി. എന്നാല്‍ അദ്ദേഹം അതില്‍ താമസം വരുത്തിയപ്പോള്‍ ഈസാ നബി(അ) അദ്ദേഹത്തോട് പറഞ്ഞു: ”നിശ്ചയം, താങ്കള്‍ കര്‍മപഥത്തില്‍ കൊണ്ടുവരുന്നതിനും ബനൂ ഇസ്‌റാഈല്യരോട് അതിനായി കല്‍പിക്കുന്നതിനും അല്ലാഹു അഞ്ച് കാര്യങ്ങള്‍ താങ്കളോട് കല്‍പിക്കുകയുണ്ടായി. ഒന്നുകില്‍ താങ്കളത് അവരോടു കല്‍പിക്കുക. അല്ലെങ്കില്‍ ഞാന്‍ അവരോട് പറയാം.” അപ്പോള്‍ യഹ്‌യ(അ) പറഞ്ഞു: ”താങ്കള്‍ എന്നെ മുന്‍കടന്ന് അങ്ങനെ ചെയ്താല്‍ ഞാന്‍ ഭൂമിയിലേക്ക് ആഴ്ത്തപ്പെടുകയോ മറ്റു വല്ല ശിക്ഷയും എന്നെ പിടികൂടുകയോ ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നു.” അങ്ങനെ യഹ്‌യ(അ) ആളുകളെ ബൈത്തുല്‍ മഖ്ദിസില്‍ ഒരുമിച്ചുകൂട്ടി. ആളുകളെക്കൊണ്ട് പള്ളി തിങ്ങി നിറഞ്ഞു. അതിന്റെ വരാന്തകളിലടക്കം ആളുകള്‍ ഇരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”നിശ്ചയം, ഞാന്‍ എന്റെ കര്‍മപഥത്തില്‍ കൊണ്ടുവരുവാനും നിങ്ങളോട് അതിനു കല്‍പിക്കുവാനുമായി അഞ്ച് കാര്യങ്ങള്‍ അല്ലാഹു എന്നോട് പറഞ്ഞിരിക്കുന്നു. അതില്‍ ഒന്നാമത്തെത്; നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കരുതെന്നതുമാണ്. അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവന്റെ ഉപമ, സ്വന്തം സമ്പാദ്യമായ സ്വര്‍ണവും വെള്ളിയും ചെലവഴിച്ച് ഒരു അടിമയെ വിലയ്ക്ക് വാങ്ങിയവനെ പോലെയാണ്. എന്നിട്ടയാള്‍ ആ അടിമയോട് പറഞ്ഞു: ‘ഇതാണ് എന്റെ ഭവനം. ഇതാണ് എനിക്ക് വേണ്ടി നീ ചെയ്യേണ്ട ജോലിയും. അതിനാല്‍ നീ എനിക്കുവേണ്ടി ജോലി ചെയ്യുക.’ എന്നാല്‍ ആ അടിമ തന്റെ യജമാനനല്ലാത്ത മറ്റൊരാള്‍ക്ക് വേണ്ടിയാണു ജോലി ചെയ്തുകൊണ്ടിരിക്കുന്നത്! നിങ്ങളില്‍ ആരാണ് തന്റെ അടിമ ഇപ്രകാരമായിരിക്കുന്നത് ഇഷ്ടപ്പെടുക?

നിശ്ചയം, അല്ലാഹു നിങ്ങളോടു നമസ്‌കരിക്കുവാന്‍ കല്‍പിച്ചിരിക്കുന്നു. നിങ്ങള്‍ നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ തിരിഞ്ഞുനോക്കരുത്. ഒരു അടിമ തന്റെ നമസ്‌കാരത്തില്‍ മുഖം തിരിക്കാത്തിടത്തോളം അല്ലാഹു തന്റെ മുഖത്തെ ആ അടിമയുടെ നേരെ തിരിച്ചു നിര്‍ത്തുന്നതാണ്.

അല്ലാഹു നിങ്ങളോടു വ്രതമനുഷ്ഠിക്കാന്‍ കല്‍പിച്ചിരിക്കുന്നു. നിശ്ചയം, അതിന്റെ ഉപമ ആള്‍ക്കൂട്ടത്തിലെ ഒരാളുടെത് പോലെയാണ്. അയാളുടെ കയ്യില്‍ ഒരു പൊതിയുണ്ട്. അതില്‍ കസ്തൂരിയാണ്. എല്ലാവരും അതിന്റെ സുഗന്ധത്തില്‍ അത്ഭുതം കൂറുന്നു. നിശ്ചയം, നോമ്പുകാരന്റെ വായുടെ വാസന അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ സുഗന്ധത്തെക്കാള്‍ വിശിഷ്ടമാണ്.

അവന്‍ നിങ്ങളോടു ദാനധര്‍മത്തിനു കല്‍പിച്ചു. അതിന്റെ ഉപമയാകട്ടെ ശത്രുവിന്റെ പിടിയില്‍പെട്ട ഒരാളെ പോലെയാണ്. ശത്രുക്കള്‍ അയാളുടെ കൈ പിരടിയിലേക്ക് ചേര്‍ത്തുകെട്ടി. എന്നിട്ട് അയാളുടെ കഴുത്തുവെട്ടാന്‍ അവര്‍ ഒരുങ്ങി. അപ്പോള്‍ അയാള്‍ പറഞ്ഞു: ‘ഞാന്‍ എന്റെ ചെറുതും വലുതുമായ എല്ലാം (സര്‍വസ്വവും) നിങ്ങള്‍ക്കു നല്‍കാം, നിങ്ങളെന്നെവിടൂ.’ അങ്ങനെ അയാള്‍ സ്വയം അവരില്‍ നിന്ന് മോചിതനായി.

അവന്‍ നിങ്ങളോടു ‘ദിക്ര്‍’ ചെയ്യാന്‍ കല്‍പിച്ചു. നിശ്ചയം, അതിന്റെ ഉപമ ശത്രുക്കള്‍ പിന്നാലെ കൂടി ഓടിച്ച ഒരാളുടെത് പോലെയാണ്. അങ്ങനെ അയാള്‍ സുരക്ഷിതമായ ഒരു കോട്ടയില്‍ എത്തി. അവരില്‍നിന്ന് രക്ഷപ്പെട്ടു. അപ്രകാരമാണ് ഒരു ആള്‍ക്ക് അയാളെ പിശാചില്‍നിന്ന് സ്വന്തത്തെ രക്ഷപ്പെടുത്താന്‍ അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ(ദിക്ര്‍) അല്ലാതെ സാധിക്കുകയില്ല.

നബി ﷺ പറഞ്ഞു: ”ഞാന്‍ നിങ്ങളോട് അഞ്ച് കാര്യങ്ങള്‍ കല്‍പിക്കുന്നു; അല്ലാഹു അവ എന്നോട് കല്‍പിച്ചതാണ്. കേള്‍ക്കല്‍ (സംഅ്), അനുസരിക്കല്‍ (ത്വാഅത്ത്), ധര്‍മസമരം (ജിഹാദ്), ദേശപരിത്യാഗം(ഹിജ്‌റ), സംഘടിച്ച് നില്‍ക്കല്‍(അല്‍ജമാഅഃ) എന്നിവയാണവ. അല്‍ജമാഅ(സത്യസംഘം)യെ വിട്ട് അല്‍പമെങ്കിലും ആരെങ്കിലും അകന്നാല്‍ അയാള്‍ തന്റെ കഴുത്തില്‍നിന്ന് ഇസ്‌ലാമിനെ അഴിച്ചുവെക്കുകയാണ് ചെയ്തത്; തിരിച്ചുവരുന്നത് വരെ. അനിസ്‌ലാമികമായ വല്ല വാദങ്ങളും ആരെങ്കിലും വാദിച്ചാല്‍ നിശ്ചയം അയാള്‍ നരകാവകാശികളില്‍ പെട്ടവനായി.” അപ്പോള്‍ ഒരാള്‍ ചോദിച്ചു: ”നബിയേ, അയാള്‍ നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്താലും?” അവിടുന്ന് പറഞ്ഞു: ”അയാള്‍ നമസ്‌കരിക്കുകയും നോമ്പെടുക്കുകയും ചെയ്താലും! അതിനാല്‍, അല്ലാഹുവിന്റെ അടിമകളായ വിശ്വാസികളേ, നിങ്ങളെ മുസ്‌ലിംകള്‍ എന്ന് പേരുവിളിച്ച അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങളെ നിങ്ങള്‍ പുല്‍കുക” (തിര്‍മിദി. ഇത് ഹസനും സ്വഹീഹുമായ ഹദീഥ് ആണെന്ന് അദ്ദേഹം പറഞ്ഞു. അഹ്മദ്, ഇബ്‌നു ഖുസൈമ, ഇബ്‌നു ഹിബ്ബാന്‍, ഹാകിം മുതലായവരും ഇത് ഉദ്ധരിച്ചിട്ടുണ്ട്).

ഓരോ മുസ്‌ലിമും ശരിക്ക് ഗ്രഹിക്കുകയും ഹൃദിസ്ഥമാക്കുകയും ചെയ്യേണ്ടതായ ഈ വിലപ്പെട്ട ഹദീഥിലൂടെ നബി ﷺ പറഞ്ഞത്; പിശാചിന്റെ ഉപദ്രവത്തില്‍നിന്നും ഒരാളെ രക്ഷപ്പെടുത്തുന്ന കാര്യങ്ങളും ഒരാള്‍ക്ക് ഇഹപര വിജയം നേടിക്കൊടുക്കുന്ന കാര്യങ്ങളുമാണ്.

ഏകദൈവ വിശ്വാസി(മുവഹ്ഹിദ്)യുടെയും ബഹുദൈവ വിശ്വാസി(മുശ്‌രിക്ക്)യുടെയും ഉപമ പറഞ്ഞത് ശ്രദ്ധേയമാണ്. ഏകദൈവ വിശ്വാസി തന്റെ യജമാനന്റെ വീട്ടില്‍ യജമാനന് വേണ്ടി ജോലി ചെയ്തവനെ പോലെയാണ്. യജമാനന്‍ അയാളെ ഏല്‍പിച്ച പണികള്‍ അയാള്‍ ചെയ്തു. എന്നാല്‍ ബഹുദൈവ വിശ്വാസിയാകട്ടെ യജമാനന്‍ തന്റെ വീട്ടില്‍ ജോലിക്ക് നിശ്ചയിച്ചവനെ പോലെയാണ്. എന്നിട്ടയാള്‍ ജോലി ചെയ്തതും തന്റെ വരുമാനമേല്‍പിച്ചതും യജമാനനല്ലാത്ത മറ്റൊരാള്‍ക്കാണ്! ഇതുപോലെയാണ് ബഹുദൈവാരാധകന്‍; അല്ലാഹുവിന്റെ ഭവനത്തില്‍ അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി പണിയെടുക്കുന്നു. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളുമായി അല്ലാഹുവിന്റെ ശത്രുവിലേക്ക് അയാള്‍ അടുത്തുകൊണ്ടിരിക്കുകയാണ്!

 മനുഷ്യന്മാര്‍ക്കാര്‍ക്കെങ്കിലും ഇതുപോലെ ഒരു ഭൃത്യനോ ദാസനോ ഉണ്ടെങ്കില്‍ അയാള്‍ക്ക് ഇവനോട് ഏറ്റവും വെറുപ്പും ദേഷ്യവുമായിരിക്കുമെന്നത് പറയേണ്ടതില്ലല്ലോ. അയാള്‍ അവനോട് അങ്ങേയറ്റം ദേഷ്യപ്പെടുകയും അവനെ ആട്ടിയകറ്റുകയും ചെയ്യും. രണ്ടുപേരും ഒരേപോലെ സൃഷ്ടികളാണ്; രണ്ടുപേരും തങ്ങളുടെതല്ലാത്ത സൗകര്യങ്ങളിലും അനുഗ്രഹങ്ങളിലും. എന്നിരിക്കെ സര്‍വലോക രക്ഷിതാവായ, ഏതൊരാള്‍ക്കും ഏതേത് അനുഗ്രഹങ്ങളും നല്‍കിയ ഏകനായ രക്ഷിതാവ്, അവനിലൂടെയാണ് ഓരോരുത്തര്‍ക്കുള്ള നന്മകളെല്ലാം വന്നെത്തുന്നതും ദോഷങ്ങളെല്ലാം അകറ്റുന്നതും. അവന്‍ മാത്രമാണ് തന്റെ അടിമയെ സൃഷ്ടിച്ചതും അവനു കരുണ ചെയ്യുന്നതും അവനെ നിയന്ത്രിക്കുന്നതും ഉപജീവനം നല്‍കുന്നതും അവനു സൗഖ്യം നല്‍കുന്നതും ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതും, എന്നിരിക്കെ എന്തുമാത്രം അക്രമമാണ് ബഹുദൈവത്വത്തിലൂടെ അവന്‍ ചെയ്യുന്നത്!

എങ്ങനെയാണ് അവന് തന്റെ രക്ഷിതാവിനോട് സ്‌നേഹത്തിലും ഭയത്തിലും പ്രതീക്ഷയിലും സത്യം ചെയ്യലിലും നേര്‍ച്ചനേരുന്നതിലും ഇടപാടുകളിലുമൊക്കെ മറ്റുള്ളവരെ തുല്യരാക്കാനും പങ്കുചേര്‍ക്കാനും പറ്റുക? അങ്ങനെ അവന്‍ പടച്ചവനെ സ്‌നേഹിക്കുന്നതുപോലെ, അല്ലെങ്കില്‍ അതിനെക്കാള്‍ ഉപരിയായി മറ്റുള്ളവരെ സ്‌നേഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു!

അവരുടെ സ്ഥിതിഗതികളും വാക്കുകളും പ്രവൃത്തികളുമെല്ലാം സാക്ഷികളായി സ്വയം വിളിച്ചു പറയുന്നുണ്ട്; അവര്‍ തങ്ങളുടെ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ പങ്കാളികളെ ഭയപ്പെടുകയും അവരില്‍നിന്ന് പ്രതീക്ഷിക്കുകയും അവരുടെ തൃപ്തി നേടുകയും അവരുടെ ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ ശ്രമിക്കുകയും അവരോടു സഹവര്‍ത്തിത്വത്തിനൊരുങ്ങുകയും ചെയ്യുന്നു എന്ന്.

ഇത് തന്നെയാണ് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ‘ശിര്‍ക്ക്’ അഥവാ പങ്കുചേര്‍ക്കല്‍. അല്ലാഹു പറയുന്നു:

”തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്” (4:48).

”തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചുപോയിരിക്കുന്നു” (4:116).

മനുഷ്യരുടെ അന്യായങ്ങളുടെയും അക്രമങ്ങളുടെയും മൂന്നുതരം ഏടുകളാണ് അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ പക്കലുണ്ടാവുക:

1) അല്ലാഹു പൊറുക്കാത്ത അക്രമങ്ങളുടെ ഏട്. അത് ബഹുദൈവത്വ (ശിര്‍ക്ക്)ത്തിന്റെതാണ്. നിശ്ചയം അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്നത് അവന്‍ ഒരിക്കലും പൊറുക്കുകയില്ല.

2) ഒന്നും അല്ലാഹു ഒഴിവാക്കി വിട്ടുകളയാത്തതായ അക്രമങ്ങളുടെ ഏട്. സൃഷ്ടികള്‍ പരസ്പരം ചെയ്ത അന്യായങ്ങളും അക്രമങ്ങളും രേഖപ്പെടുത്തിയ ഏടാണ് അത്. അല്ലാഹു അവയെല്ലാം വിധി പറഞ്ഞു തീര്‍പ്പുകല്‍പിക്കുന്നതാണ്.

3) അല്ലാഹു പരിഗണിക്കാത്ത അന്യായങ്ങളുടെ ഏട്. അതായത് ഒരു അടിമ തനിക്കും തന്റെ രക്ഷിതാവിനും ഇടയില്‍ ചെയ്തതായ അന്യായങ്ങളാണത്. തീര്‍ച്ചയായും ഈ രേഖയായിരിക്കും ഏറ്റവും ഗൗരവം കുറഞ്ഞതും പെട്ടെന്ന് മറന്നുപോകുന്നതും. നിശ്ചയം, അത് തൗബ (പശ്ചാത്താപം), ഇസ്തിഗ്ഫാര്‍ (പൊറുക്കലിനെ തേടല്‍), തിന്മയെ മായ്ക്കുന്ന നന്മകള്‍, പാപം പൊറുക്കുവാനുതകുന്ന പ്രയാസങ്ങള്‍ മുതലായവയിലൂടെയെല്ലാം മായ്ച്ചുകളയാവുന്നതാണ്. എന്നാല്‍ ബഹുദൈവാരാധനയുടെ (ശിര്‍ക്കിന്റെ) ഏട് ഇതുപോലെയല്ല. അത് ഏകദൈവാരാധന(തൗഹീദ്)യിലൂടെയല്ലാതെ മായ്ച്ചുകളയാന്‍ പറ്റില്ല. അപ്രകാരം തന്നെ സഹജീവികളോട് ചെയ്ത അന്യായങ്ങളും പൊറുക്കപ്പെടണമെങ്കില്‍ അവയില്‍ നിന്ന് ഒഴിവായി അതിന്റെ ഉടമയെ അറിയിക്കുകയും പൊരുത്തപ്പെടുവിക്കുകയും ചെയ്യേണ്ടതുണ്ട്. (തുടരും)

 

ശമീര്‍ മദീനി

നേർപഥം 

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 5

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 5

മതത്തിലെ വിധിവിലക്കുകളോടുള്ള ആദരവിന്റെ യാഥാര്‍ഥ്യം എന്നത് അവയൊരിക്കലും അതിരുവിട്ട ഇളവുകള്‍ തേടിപ്പോകുന്നതിലേക്കും തീവ്രമായ അതിരുകവിച്ചിലിലേക്കും വഴിമാറാതെ, അല്ലാഹുവിലേക്ക് എത്തിക്കുന്ന മിതത്വത്തിന്റെ നേര്‍മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയെന്നതാണ്.

അല്ലാഹു കല്‍പിച്ച ഏതൊരു കാര്യത്തിലും പിശാചിന് രണ്ടുരൂപത്തിലുള്ള ദുര്‍ബോധനങ്ങളുണ്ടാകും. ഒന്നുകില്‍ അതിലുള്ള അവഗണനയും വീഴ്ചവരുത്തലും. അല്ലെങ്കില്‍ അതില്‍ അതിരുകവിയലും തീവ്രത പുലര്‍ത്തലും. ഈ രണ്ടില്‍ ഏതിലൂടെയാണ് ഒരാളെ കീഴ്‌പെടുത്തി വിജയംനേടാന്‍ സാധിക്കുക എന്നതാണ് അവന്റെ നോട്ടം. അങ്ങനെ അവന്‍ ഒരാളുടെ ഹൃദയത്തിലേക്ക് ചെന്ന്”മണം പിടിക്കും.’ അയാളില്‍ അലസതയുടെയും ആലസ്യത്തിന്റെയും പിന്തിരിപ്പിക്കലിന്റെയും തളര്‍ച്ചയുടെയും ഇളവന്വേഷിക്കലിന്റെയുമൊക്കെ ലക്ഷണങ്ങളാണ് കാണുന്നതെങ്കില്‍ ആ വഴിയിലൂടെ അവന്‍ അയാളെ പിടികൂടും. അങ്ങനെ അയാളെ മടിയനും ക്ഷീണിതനും ആലസ്യക്കാരനുമാക്കി ഇരുത്തിക്കളയും. എന്നിട്ട് ന്യായീകരണത്തിന്റെയും പ്രതീക്ഷയുടെയും പല വ്യാഖ്യാനങ്ങളും ഇട്ടുകൊടുക്കും. അങ്ങനെ ചിലപ്പോള്‍ കല്‍പിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതകള്‍ പൂര്‍ണമായിത്തന്നെ കയ്യൊഴിക്കുന്ന അവസ്ഥയിലേക്കെത്തും.

ഇനി ഒരാളില്‍ ജാഗ്രതയും സൂക്ഷ്മതയും ആവേശവും ഊര്‍ജസ്വലതയുമൊക്കെ ദര്‍ശിക്കുകയും മടിയനാക്കി തളര്‍ത്തി ഇരുത്തിക്കളയാന്‍ സാധിക്കുകയില്ലെന്നു തിരിച്ചറിയുകയും ചെയ്താല്‍ കൂടുതല്‍ പ്രയത്‌നിക്കുവാന്‍ അയാളെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. ചെയ്തുകൊണ്ടിരിക്കുന്ന കര്‍മങ്ങള്‍ തനിക്ക് അപര്യാപ്തമാണെന്നും ഇതിനെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അവരൊക്കെ ചെയ്തത് തനിക്ക് പോരാത്തതിനാല്‍ അതിലുപരി ചെയ്യേണ്ടതുണ്ടെന്നും അയാളെ തോന്നിപ്പിച്ചുകൊണ്ടിരിക്കും. അവര്‍ ഉറങ്ങിയാലും നീ ഉറങ്ങിക്കൂടാ. അവര്‍ നോമ്പ് എടുക്കാത്തപ്പോള്‍ നീ നോമ്പ് ഉപേക്ഷിക്കരുത്. അവര്‍ ക്ഷീണിച്ചാലും നീ ക്ഷീണിക്കരുത്. അവരില്‍ ഒരാള്‍ തന്റെ കയ്യും മുഖവും മൂന്നു പ്രാവശ്യമാണ് കഴുകിയതെങ്കില്‍ നീ ഒരു ഏഴുതവണയെങ്കിലും കഴുകണം. അവര്‍ നമസ്‌കാരത്തിനായി വുദൂഅ് എടുക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ നീ അതിന്നുവേണ്ടി കുളിക്കണം എന്നിങ്ങനെ അതിരുകവിച്ചിലിന്റെയും തീവ്രതയുടെയും അന്യായത്തിന്റെയും വഴികള്‍ ചൂണ്ടിക്കാട്ടി തീവ്രതക്കും പരിധിവിടുന്നതിനും മിതത്വത്തിന്റെ നേരായമാര്‍ഗം വിട്ടുകടക്കുന്നതിനും അയാളെ പ്രേരിപ്പിക്കും. ആദ്യത്തെയാളെ നേര്‍മാര്‍ഗത്തിലേക്ക് അടുക്കുവാന്‍പോലും അനുവദിക്കാതെ അതില്‍ വീഴ്ചവരുത്തിച്ചുകൊണ്ട്, അലസനാക്കിക്കൊണ്ട് വഴിതെറ്റിച്ചതുപോലെ ഇയാളെ ഈ രൂപത്തിലും വഴിപിഴപ്പിക്കുന്നു.

രണ്ടുപേരുടെ കാര്യത്തിലും അവന്റെ ലക്ഷ്യം അവരെ നേര്‍മാര്‍ഗത്തില്‍നിന്നു തെറ്റിച്ചു പുറത്തുകളയുകയെന്നതാണ്. ഒരാളെ അതിലേക്ക് അടുപ്പിക്കാതെയും മറ്റെയാളെ അതില്‍ ശരിയായ രീതിയില്‍ നിലനിര്‍ത്താതെ പരിധിവിട്ടും അന്യായം ചെയ്യിപ്പിച്ചും.

ഈ രൂപത്തിലൂടെ വളരെയധികം ആളുകളെ പിശാച് കുഴപ്പത്തിലാക്കിയിട്ടുണ്ട്. രൂഢമൂലമായ അറിവും ശക്തമായ ഈമാനും പിശാചിനെതിരെ പൊരുതുവാനുള്ള ശേഷിയും മിതത്വത്തിന്റെ നേര്‍മാര്‍ഗം കടുകിട വ്യതിചലിക്കാതെ അനുധാവനം ചെയ്യലുമാണ് അതില്‍നിന്നുള്ള രക്ഷാമാര്‍ഗം. അല്ലാഹു മാത്രമാണ് സഹായി.

മതത്തിലെ വിധിവിലക്കുകളോടുള്ള ആദരവിന്റെ ഭാഗമാണ് അല്ലാഹുവിന്റെ ഏതെങ്കിലും ഒരു കല്‍പനക്ക് കീഴൊതുങ്ങുന്നതിനും അത് പ്രയോഗവല്‍കരിക്കുന്നതിനും തടസ്സമായ വല്ല ന്യായവാദങ്ങളും നിരത്തി അതില്‍നിന്ന് പിന്നാക്കം പോകാതിരിക്കുകയെന്നത്. മറിച്ച് അല്ലാഹുവിന്റെ കല്‍പനക്കും വിധിവിലക്കുകള്‍ക്കും, അതിനെ പ്രയോഗവല്‍കരിച്ചുകൊണ്ട് കീഴ്‌പെടുകയെന്നതാണ് ഒരു വിശ്വാസിയുടെ കടമ. അതിലെ യുക്തിരഹസ്യങ്ങള്‍ നമുക്ക് ബോധ്യപ്പെട്ടാലും ഇല്ലെങ്കിലും പ്രസ്തുത വിധിവിലക്കുകള്‍ അനുസരിക്കുകയാണ് വേണ്ടത്. മതത്തിന്റെ യുക്തിരഹസ്യങ്ങള്‍ ആ നിയമത്തില്‍ ബോധ്യമായാല്‍ ആ കല്‍പനാനിര്‍ദേശങ്ങള്‍ക്ക് കീഴ്‌പെടാന്‍ കൂടുതല്‍ പ്രേരകമാവുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അത് ബോധ്യപ്പെട്ടില്ല എന്നതിന്റെ പേരില്‍ പ്രസ്തുത നിയമത്തില്‍നിന്ന് ഊരിപ്പോകുവാനോ പൂര്‍ണമായും അതിനെ കയ്യൊഴിയുവാനോ പ്രേരിപ്പിക്കാവതല്ല. തസ്വവ്വുഫിലേക്ക് ചേര്‍ത്ത് പറയുന്നവര്‍ക്കും കുറെ മതനിഷേധികള്‍ക്കും സംഭവിച്ചത് അതാണ്.

അല്ലാഹു അഞ്ചുനേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ നിയമമാക്കിയത് അവനെ സ്മരിക്കുന്നതിനു വേണ്ടിയാണ്. ഹൃദയവും ശരീരാവയവങ്ങളും നാവുമെല്ലാം അവനു കീഴ്‌പെടുന്നതില്‍ ഉപയോഗിച്ചുകൊണ്ടുള്ള സ്മരണ. അവയ്ക്ക് ഓരോന്നിനും ആ കീഴ്‌പെടലിന്റെ വിഹിതം നല്‍കിക്കൊണ്ടാണ് അത് നിര്‍വഹിക്കേണ്ടത്. അതാണല്ലോ ഒരു ദാസന്റെ സൃഷ്ടിപ്പിന്റെ ലക്ഷ്യം. അങ്ങനെയാകുമ്പോള്‍ പ്രസ്തുത കീഴ്‌പെടലിന്റെ (ഉബൂദിയ്യത്ത്) ഏറ്റവും പരിപൂര്‍ണമായ പദവിയിലാണ് ആ നമസ്‌കാരം നിശ്ചയിക്കപ്പെട്ടിട്ടുള്ളതെന്നു കാണാനാവും.

അല്ലാഹു മനുഷ്യരെ സൃഷ്ടിക്കുകയും മികച്ച സൃഷ്ടികളില്‍നിന്ന് അവനെ തിരഞ്ഞെടുക്കുകയും ചെയ്തു. മനുഷ്യഹൃദയത്തെ ഈമാനിന്റെയും തൗഹീദിന്റെയും ഇഖ്‌ലാസിന്റെയും സ്‌നേഹത്തിന്റെയും ലജ്ജയുടെയും ആദരവിന്റെയും ദൈവബോധത്തിന്റെയുമെല്ലാം കേന്ദ്രമാക്കുകയും ചെയ്തു. അങ്ങനെ പൂര്‍ണമനസ്സോടെ അല്ലാഹുവിലേക്ക് ഒരാള്‍ മുന്നിട്ടുചെന്നാല്‍ ഏറ്റവും ശ്രേഷ്ഠവും പരിപൂര്‍ണവുമായ പ്രതിഫലം അയാള്‍ക്ക് നല്‍കും. അതായത്, സ്രഷ്ടാവിന്റെ തിരുമുഖം ദര്‍ശിക്കുവാനും അവന്റെ തൃപ്തി നേടി വിജയംവരിക്കാനും അവന്റെ സാമീപ്യം സിദ്ധിച്ചുകൊണ്ട് അവനൊരുക്കിയ സ്വര്‍ഗത്തില്‍ കഴിയാനും സാധിക്കുക എന്ന അത്യുന്നതമായ വിജയവും നേട്ടവും അയാള്‍ക്ക് ലഭിക്കും.

എന്നാല്‍ അതോടൊപ്പം ഇച്ഛകള്‍, ദേഷ്യം, അശ്രദ്ധ മുതലായവകൊണ്ട് അല്ലാഹു മനുഷ്യനെ പരീക്ഷിക്കും. അവന്റെ വേര്‍പിരിയാത്ത ശത്രുവായ ഇബ്‌ലീസിനെ കൊണ്ടും പരീക്ഷിക്കും. ആ ശത്രു അവന്റെ മനസ്സ് ആഗ്രഹിക്കുന്ന പല വഴികളിലൂടെയും അവന്റെയടുക്കല്‍ കടന്നുചെല്ലും. അങ്ങനെ പിശാചും അവന്റെ മനസ്സും ദേഹേച്ഛയും ആ അടിമക്കെതിരില്‍ സംഘടിക്കും. ഈ മൂന്നുകൂട്ടരും അവന്റെയടുക്കല്‍ പല കാര്യങ്ങളുമായി ചെല്ലും. അവരുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാനായി അവര്‍ അവന്റെ അവയവങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. അവയവങ്ങളാവട്ടെ അതിനു കീഴ്‌പെടുന്ന ഒരു ഉപകരണം പോലെയാണ്. അവയ്ക്ക് ആ പ്രേരണകള്‍ക്ക് കീഴ്‌പെടാനല്ലാതെ കഴിയില്ല. ഇങ്ങനെയാണ് ഈ മൂന്നുകൂട്ടരുടെയും സ്ഥിതി. അതിനോടുള്ള മനുഷ്യന്റെ അവയവങ്ങളുടെ നിലയും അതാണ്. ഈ മൂന്നുകൂട്ടരും എങ്ങനെ നിര്‍ദേശിക്കുന്നുവോ, എവിടേക്ക് തിരിച്ചുവിടുന്നുവോ അതിനു വഴിപ്പെട്ടുകൊണ്ടായിരിക്കും ഒരാളുടെ ബാഹ്യമായ അവയവങ്ങള്‍ ചലിക്കുന്നത്. ഇതാണ് ഒരടിമയുടെ അവസ്ഥയുടെ തേട്ടം.

എന്നാല്‍ കാരുണ്യവാനും അജയ്യനുമായ അവന്റെ റബ്ബ് അവന്റെ കാരുണ്യത്തിന്റെ ഭാഗമായി മറ്റൊരു സൈന്യത്തെക്കൊണ്ട് അവനെ സഹായിച്ചിട്ടുണ്ട്. തന്റെ നാശംകൊതിക്കുന്ന ആ എതിരാളികള്‍ക്കെതിരില്‍ അല്ലാഹു അവനെ ഈ സൈന്യത്തെക്കൊണ്ട് പിന്‍ബലം നല്‍കുകയും പ്രതിരോധിക്കുകയുമാണ്. അതിനാല്‍ അല്ലാഹു തന്റെ ദൂതനെ അയക്കുകയും ഗ്രന്ഥം അവതരിപ്പിക്കുകയും ചെയ്തു. മനുഷ്യന്റെ ശത്രുവായ പിശാചിനെതിരില്‍ ഒരു മാന്യനായ മലക്കിനെ കൊണ്ട് അവനു ശക്തി പകരുകയും ചെയ്തു.

തിന്മകൊണ്ട് കല്‍പിക്കുന്ന ദുഷ്‌പ്രേരണയായ മനസ്സിന് (നഫ്‌സുല്‍ അമ്മാറ) എതിരായി നന്മക്ക് പ്രേരിപ്പിക്കുന്ന, ശാന്തിയടഞ്ഞ മനസ്സി(നഫ്‌സു മുത്വ്മഇന്ന)നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുഷിച്ച മനസ്സ് വല്ല തിന്മയും അവനോടു കല്‍പിച്ചാല്‍ നല്ലമനസ്സ് അത് വിലക്കും. മനുഷ്യന്‍ ചിലപ്പോള്‍ നല്ലതിനെയും മറ്റുചിലപ്പോള്‍ തിന്മയെയും അനുസരിക്കും. അതില്‍ ഏതാണോ അവനെ അതിജയിച്ചു മികച്ച് നില്‍ക്കുന്നത് അതിന്റെ വക്താവായിട്ടായിരിക്കും അവന്‍ മാറുക. ചിലപ്പോള്‍ അവയിലേതെങ്കിലും ഒന്ന് അവനെ പരിപൂര്‍ണമായി കീഴ്‌പെടുത്തിക്കളഞ്ഞിട്ടുണ്ടാകും. അപ്രകാരംതന്നെ പിശാചിനെയും ദുഷിച്ച മനസ്സിനെയും അനുസരിക്കാന്‍ അവനെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന അവന്റെ ദേഹേച്ഛക്ക് എതിരിലായി ഒരുതരം പ്രകാശവും ഉള്‍ക്കാഴ്ചയും നേര്‍ബുദ്ധിയും അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേഹേച്ഛക്ക് കീഴ്‌പെടുന്നതില്‍നിന്ന് ഇവ അവനെ തടയും. ദേഹേച്ഛക്കൊപ്പം സഞ്ചരിക്കാന്‍ അവന്‍ തയ്യാറെടുക്കുമ്പോഴെല്ലാം അവന്റെ സല്‍ബുദ്ധിയും ഉള്‍ക്കാഴ്ചയും പ്രകാശവും അവനെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും: ”സൂക്ഷിക്കുക, ജാഗ്രത പാലിക്കുക. നിശ്ചയം, നാശത്തിന്റെ അഗാധഗര്‍ത്തങ്ങളാണ് നിന്റെ മുമ്പിലുള്ളത്. നീ ഇതിന്റെ പിന്നാലെയാണ് പോകാനൊരുങ്ങുന്നതെങ്കില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വലയിലെ ഇരയായിരിക്കും നീ. അതിനാല്‍ സൂക്ഷിക്കുക.”

ചിലപ്പോള്‍ ഈ ഗുണകാംക്ഷിയെ അവന്‍ അനുസരിച്ചേക്കും. അപ്പോള്‍ അതിന്റെ വിവേകവും ഗുണവും അവനു ബോധ്യപ്പെടുകയും ചെയ്യും. എന്നാല്‍ മറ്റുചിലപ്പോള്‍ ദേഹേച്ഛയുടെ വിളിക്ക് പിന്നാലെയും അവന്‍ പോകും. അപ്പോള്‍ അവന്‍ കൊള്ളയടിക്കപ്പെടുകയും അവന്റെ സ്വത്തും വസ്ത്രവുമെല്ലാം അപഹരിക്കപ്പെടുകയും ചെയ്യും. അപ്പോള്‍ അവന്‍ വിളിച്ച പറയും: ”ഇത് എവിടെ നിന്ന് വന്നു? എന്താണ് സംഭവിച്ചത്?” എന്താണ് സംഭവിച്ചതെന്നതും അവന്‍ കൊള്ളയടിക്കപ്പെട്ടതും കയ്യേറ്റം ചെയ്യപ്പെട്ടതുമൊക്കെ എവിടെവെച്ചായിരുന്നു എന്നതും അവനു നന്നായി അറിയാമായിരുന്നു എന്നതാണ് അത്ഭുതം. പക്ഷേ, എന്നിട്ടും ആ വഴിതന്നെയാണ് അവന്‍ തെരഞ്ഞെടുത്തത്. കാരണം ആ വഴിയിലൂടെ അവനെ കൂട്ടിക്കൊണ്ടു പോകുന്നവര്‍ അവനെ കീഴ്‌പെടുത്തി ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. അതിനെതിരില്‍ പോരടിച്ചുകൊണ്ടും ആ ക്ഷണം നിരസിച്ചുകൊണ്ടും അവരെ കീഴ്‌പെടുത്തുവാന്‍ അവനു കഴിയാത്തവിധത്തിലായി. അവന്‍ സ്വയം തന്നെയാണ് ഈ വഴി ഒരുക്കിയത്. അവന്‍തന്നെയാണ് തന്റെ കൈ ശത്രുവിന് നല്‍കിയത്. സ്വന്തം കഴുത്ത് ശത്രുവിന് നീട്ടിക്കൊടുത്തവനെപ്പോലെയാവുകയും അവന്റെ ബന്ധനത്തിലായി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിയുംവന്ന ഒരുവന്റെ സ്ഥിതിയിലായി. അവന്‍ ആ ബന്ധനത്തില്‍കിടന്നു സഹായാര്‍ഥന നടത്തുന്നുണ്ട്. പക്ഷേ, ആരും അവനെ സഹായിക്കുന്നില്ല. ഇങ്ങനെയാണ് ഒരാള്‍ പിശാചിന്റെയും ദേഹേച്ഛയുടെയും ദുഷിച്ച മനസ്സിന്റെയും കെണികളില്‍പ്പെട്ടു ബന്ധനസ്ഥനാകുന്നത്. പിന്നീടവന്‍ രക്ഷപ്പെടാന്‍ ആഗ്രഹിക്കുമെങ്കിലും അതിനു സാധിക്കുകയില്ല.

ഒരു അടിമ ഈ ശത്രുക്കളെക്കൊണ്ട് പരീക്ഷിക്കപ്പെടുമ്പോള്‍ ശക്തമായ സൈന്യങ്ങളെ കൊണ്ടും ആയുധങ്ങള്‍ കൊണ്ടും ഒക്കെ സഹായിക്കപ്പെട്ടിട്ടുണ്ട്. ഈ സൈന്യത്തില്‍നിന്നും വേണ്ടത് സ്വീകരിച്ചും ഈ സന്നാഹങ്ങളില്‍നിന്നും ആവശ്യമുള്ളത് ഉപയോഗിച്ചും ഈ കോട്ടകളില്‍ നിനക്ക് വേണ്ടത് ഉപയോഗപ്പെടുത്തിയും നീ നിന്റെ ശത്രുവിനോട് പോരാടുക എന്ന് അവനോടു പറഞ്ഞിട്ടുമുണ്ടായിരുന്നു. നീ മരണംവരെ പ്രതിരോധിക്കുക. കാര്യം വിദൂരമല്ല. പ്രതിരോധ പോരാട്ടം അധികസമയം ഇല്ല. അങ്ങനെ നീ രാജാവിന്റെ മുമ്പില്‍ കൊണ്ടുവരപ്പെടും. രാജകൊട്ടാരത്തിലേക്ക് നിന്നെ ആനയിക്കും. നീ ഈ സമര പോരാട്ടങ്ങളില്‍നിന്ന് വിശ്രമത്തിലാണിപ്പോള്‍. നിന്റെയും നിന്റെ ശത്രുവിന്റെയും ഇടയില്‍ തീര്‍പ്പുകല്‍പിക്കപ്പെട്ടിരിക്കുന്നു. ആദരണീയതയുടെ സ്വര്‍ഗലോകത്ത് നീ യഥേഷ്ടം വിഹരിക്കുകയാണ്. നിന്റെ ശത്രുവാകട്ടെ ഏറ്റവും പ്രയാസകരമായ തടവറയില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നത് നീ നോക്കിക്കാണുന്നു. നിന്നെ ഏതൊരു കാരാഗ്രഹത്തിലടക്കാനാണോ നിന്റെ ശത്രു ആഗ്രഹിച്ചത് ആ തടവറയില്‍ അവന്‍ അകപ്പെടുകയും അതിന്റെ കനത്ത വാതിലുകള്‍ കൊട്ടിയടക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതില്‍ നിന്ന് പുറത്തുകടക്കാനാവാതെ അവന്‍ നിരാശപ്പെട്ടിരിക്കുകയാണ്. നീയാകട്ടെ കൊതിക്കുന്നതെല്ലാം കിട്ടുന്ന കണ്‍കുളിര്‍മയേകുന്ന സ്വര്‍ഗീയ ആരാമങ്ങളില്‍ വിഹരിക്കുകയാണ്. ആ ചുരുങ്ങിയ കാലയളവില്‍ നീ സഹിക്കുകയും ക്ഷമിക്കുകയും ചെയ്തുകൊണ്ട് അതിര്‍ത്തി പ്രദേശങ്ങളില്‍ നിലയുറപ്പിച്ചതിനുള്ള പ്രതിഫലമായി രാജസന്നിധിയില്‍ ലഭിച്ച ആഹഌദത്തിമിര്‍പ്പിലും ആനന്ദത്തിലുമാണ് നീ. നിനക്കവിടെ ആ പോരാട്ടവേളയില്‍ സഹിക്കേണ്ടിവന്നത് വളരെ കുറച്ചുസമയം മാത്രം. ആ ഒരു പ്രയാസവും നീ തീരെ അനുഭവിക്കാത്തതുപോലെ ഈ സുഖങ്ങളെല്ലാം നിന്നെ അവയെ മറപ്പിച്ചുകളഞ്ഞു. ഈ പോരാട്ടത്തില്‍ സമയം അധികമില്ലെന്നും അത് പെട്ടെന്ന് അവസാനിക്കുമെന്നും ബോധ്യപ്പെടാന്‍ നിന്റെ മനസ്സിന് ആകുന്നില്ലെങ്കില്‍ അല്ലാഹു പറഞ്ഞ ഈ വാക്കുകള്‍ നീ ഉറ്റാലോചിക്കുക:

”ആകയാല്‍ ദൃഢമനസ്‌കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചതുപോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്. അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നത് (ശിക്ഷ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍നിന്നുള്ള ഒരു നാഴിക നേരം മാത്രമെ തങ്ങള്‍ (ഇഹലോകത്ത്) താമസിച്ചിട്ടുള്ളു എന്നപോലെ അവര്‍ക്കു തോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ?” (ക്വുര്‍ആന്‍ 46:35).

”അതിനെ അവര്‍ കാണുന്ന ദിവസം ഒരു വൈകുന്നേരമോ ഒരു പ്രഭാതത്തിലോ അല്ലാതെ അവര്‍ (ഇവിടെ) കഴിച്ചുകൂട്ടിയിട്ടില്ലാത്ത പോലെയായിരിക്കും (അവര്‍ക്ക് തോന്നുക)”(79:46).

”അവന്‍ (അല്ലാഹു) ചോദിക്കും: ഭൂമിയില്‍ നിങ്ങള്‍ താമസിച്ച കൊല്ലങ്ങളുടെ എണ്ണം എത്രയാകുന്നു? അവര്‍ പറയും: ഞങ്ങള്‍ ഒരു ദിവസമോ, ഒരു ദിവസത്തിന്റെ അല്‍പഭാഗമോ താമസിച്ചിട്ടുണ്ടാകും. എണ്ണിത്തിട്ടപ്പെടുത്തിയവരോട് നീ ചോദിച്ചു നോക്കുക. അവന്‍ പറയും: നിങ്ങള്‍ അല്‍പം മാത്രമെ താമസിച്ചിട്ടുള്ളൂ. നിങ്ങളത് മനസ്സിലാക്കുന്നവരായിരുന്നെങ്കില്‍ (എത്ര നന്നായിരുന്നേനെ!)” (23:112-114).

”അതായത് കാഹളത്തില്‍ ഈതപ്പെടുന്ന ദിവസം. കുറ്റവാളികളെ അന്നേദിവസം നീലവര്‍ണമുള്ളവരായിക്കൊണ്ട് നാം ഒരുമിച്ചുകൂട്ടുന്നതാണ്. അവര്‍ അന്യോന്യം പതുക്കെ പറയും: പത്ത് ദിവസമല്ലാതെ നിങ്ങള്‍ ഭൂമിയില്‍താമസിക്കുകയുണ്ടായിട്ടില്ല എന്ന്. അവരില്‍ ഏറ്റവും ന്യായമായ നിലപാടുകാരന്‍ ഒരൊറ്റ ദിവസം മാത്രമെ നിങ്ങള്‍ താമസിച്ചിട്ടുള്ളു എന്ന് പറയുമ്പോള്‍ അവര്‍ പറയുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു” (20:102-104). (തുടരും)

ശമീര്‍ മദീനി

നേർപഥം വാരിക 

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 4

ആരാധനകള്‍ക്കൊരു ആമുഖം, ഭാഗം 4

ഒരാള്‍ ഒരു നന്മ പ്രവര്‍ത്തിക്കുകയും ശേഷം ആ സല്‍കര്‍മത്തെ നിഷ്ഫലമാക്കുന്ന വല്ല തിന്മയും പ്രവര്‍ത്തിക്കുകയും ആ തെറ്റില്‍നിന്ന് പിന്നീട് പശ്ചാത്തപിച്ചു മടങ്ങുകയുമാണെങ്കില്‍ അയാള്‍ ആദ്യം ചെയ്ത നന്മയുടെ പ്രതിഫലം അയാള്‍ക്ക് തിരിച്ചുകിട്ടുമോ എന്ന ചര്‍ച്ച മേല്‍പറഞ്ഞ അടിസ്ഥാനത്തെ ആശ്രയിച്ചു നില്‍ക്കുന്ന ചര്‍ച്ചയും അഭിപ്രായങ്ങളുമാണ്.

എന്റെ മനസ്സില്‍ ഈ വിഷയത്തില്‍ ഇപ്പോഴും എന്തോ ഒരു വ്യക്തതക്കുറവുണ്ട്. അതിലെ സത്യം അറിയാന്‍ ഞാന്‍ അതീവ താല്‍പര്യത്തോടെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിന് ഒരു ശമനം നല്‍കുന്ന ആരെയും ഞാന്‍ കണ്ടില്ല. എനിക്ക് മനസ്സിലാകുന്നത്-അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. അവനോടാണ് സഹായം തേടുന്നതും. അവനെക്കൊണ്ടല്ലാതെ യാതൊരു കഴിവുമില്ല- നന്മകളും തിന്മകളും പരസ്പരം കൊടുത്തും വാങ്ങിയും നിലകൊള്ളുന്നു എന്നാണ്. അന്തിമവിധി അതില്‍ മികച്ചു നില്‍ക്കുന്ന അഥവാ അതിജയിച്ചു നില്‍ക്കുന്നതിനായിരിക്കും. അപ്പോള്‍ അത് മറ്റേതിനെ കീഴ്‌പ്പെടുത്തി അതിജയിക്കും. അപ്പോള്‍ വിധി അതിനും, പരാജയപ്പെട്ടത് നന്മയായാലും തിന്മയായയാലും മുമ്പ് ഇല്ലാത്തത് പോലെയായിത്തീരും. അതായത് ഒരാളുടെ നന്മകള്‍ അയാളുടെ തിന്മകളെ അതിജയിച്ചാല്‍ ആ അധികരിച്ച നന്മകള്‍ തിന്മകളെ പ്രതിരോധിക്കും. അങ്ങനെ തിന്മകളില്‍നിന്ന് പശ്ചാത്തപിക്കുകയും കൂടി ചെയ്യുമ്പോള്‍ അനുബന്ധമായി കുറെ നന്മകള്‍കൂടി വന്നുചേരുന്നു. അത് ചിലപ്പോള്‍ തിന്മകള്‍കൊണ്ട് നിഷ്ഫലമാക്കപ്പെട്ട നന്മകളെക്കാള്‍ അധികരിക്കുകയും ചെയ്‌തേക്കാം. അതിനാല്‍ പശ്ചാത്തപിച്ചു നന്മ ചെയ്യാന്‍ ഒരാള്‍ ദൃഢനിശ്ചയം ചെയ്യുകയും അത് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഉത്ഭവിക്കുകയും കുറ്റമറ്റതാവുകയും ചെയ്താല്‍ കഴിഞ്ഞുപോയ തിന്മകളെയെല്ലാം കരിച്ചുകളയാന്‍ മാത്രം ശേഷിയുള്ളതാണത്. അങ്ങനെ മുമ്പ് അത്തരം തിന്മകളൊന്നും ഉണ്ടായിട്ടേയില്ലാത്തതുപോലെ ആയിത്തീരും. നിശ്ചയം, സത്യസന്ധമായി പശ്ചാതപിക്കുന്നവന്‍ പാപങ്ങള്‍ ചെയ്യാത്തവനെപ്പോലെയാണ്.

ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട ഈ താക്കീതുകളെക്കുറിച്ച് പണ്ഡിതന്മാര്‍ വ്യത്യസ്ത വിവരണങ്ങളാണ് നല്‍കിക്കാണുന്നത്. ഒന്ന്, ബാഹ്യമായ അര്‍ഥത്തില്‍ തന്നെയുള്ള വിവരണമാണ്. അഥവാ ഒരു നിര്‍ബന്ധ നമസ്‌കാരം പോലും മനഃപൂര്‍വം ആരെങ്കിലും ഉപേക്ഷിച്ചാല്‍ അയാള്‍ ഇസ്‌ലാമില്‍നിന്ന് പുറത്ത് പോയി. അസ്വ്ര്‍ നമസ്‌കാരം പ്രത്യേക ശ്രേഷ്ഠതയുള്ള നമസ്‌കാരമായതിനാല്‍ അതിനെ പ്രത്യേകം പരാമര്‍ശിച്ചു എന്നേയുള്ളു.

രണ്ടാമത്തെ വിശദീകരണം: ഇത് ബാഹ്യാര്‍ഥത്തിലല്ല. ഈ പറഞ്ഞവര്‍ തന്നെ പിന്നീടുള്ള വിവരണങ്ങള്‍ വ്യത്യസ്ത രൂപത്തിലാണ് നല്‍കിയിട്ടുള്ളത്. അവയില്‍ പ്രധാനപ്പെട്ടവ ഇങ്ങനെ സംഗ്രഹിക്കാം:

1. നമസ്‌കാരം ഉപേക്ഷിക്കല്‍ അനുവദനീയമെന്ന വിശ്വാസത്തില്‍, അഥവാ നിര്‍ബന്ധത്തെ നിഷേധിച്ചുകൊണ്ട് ഉപേക്ഷിക്കല്‍.

2. അലസതമൂലം അസ്വ്ര്‍ നമസ്‌കാരം സമയം കഴിഞ്ഞ് നമസ്‌കരിക്കുന്നവന് അത് സമയത്തു നമസ്‌കരിച്ചവന്റെ പ്രതിഫലമില്ല. അഥവാ ആ നമസ്‌കാരത്തിന്റെ പ്രതിഫലം അയാള്‍ നശിപ്പിച്ചുവെന്ന് സാരം.

3. കര്‍മങ്ങള്‍ നഷ്ടപ്പെടുത്തി എന്നാല്‍ പ്രതിഫലത്തിന്റെ വമ്പിച്ചഭാഗം നഷ്ടപ്പെടുത്തി എന്ന് വിവക്ഷ നല്‍കിയവര്‍.

എന്തുതന്നെയായാലും നമസ്‌കാരം ഉപേക്ഷിക്കല്‍ അതീവ ഗുരുതരമായ കുറ്റമാണ്, അതില്‍ അസ്വ്ര്‍ നമസ്‌കാരം പ്രത്യേകം പരിഗണനയര്‍ഹിക്കുന്നുണ്ട് എന്നും ഉപരിസൂചിത ഹദീഥുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ ഖലീലുല്ലാഹി ഇബ്‌റാഹിം(അ) പ്രാര്‍ഥിച്ചപോലെ നമുക്കും പ്രാര്‍ഥിക്കാം:

”എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ” (14:40).

ഹകീമുബ്‌നു ഹിസാം(റ) ഒരിക്കല്‍ നബി ﷺ യോട് താന്‍ മുസ്‌ലിമാകുന്നതിനു മുമ്പ് ചെയ്ത അടിമ മോചനം, കുടുംബ ബന്ധം ചേര്‍ക്കല്‍, പുണ്യം ചെയ്യല്‍ മുതലായ കാര്യങ്ങള്‍ക്കു പ്രതിഫലം കിട്ടുമോ എന്നു ചോദിച്ചു. അപ്പോള്‍ നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: ‘നീ മുമ്പു ചെയ്ത നന്മകളോടൊപ്പമാണ് മുസ്‌ലിമായത്” (ബുഖാരി, മുസ്‌ലിം).

ബഹുദൈവത്വംകൊണ്ട് നിഷ്ഫലമായിപ്പോകുമായിരുന്ന പ്രസ്തുത സല്‍കര്‍മങ്ങളുടെ പ്രതിഫലം ഇസ്‌ലാം സ്വീകരിക്കുന്നതിലൂടെ അദ്ദേഹത്തിന് തിരിച്ചുകിട്ടുമെന്നാണ് ഇത് അറിയിക്കുന്നത്. ബഹുദൈവത്വത്തില്‍നിന്ന് പശ്ചാത്തപിച്ചു മടങ്ങിയപ്പോള്‍ മുന്‍കഴിഞ്ഞ സല്‍കര്‍മങ്ങളുടെ പ്രതിഫലം അദ്ദേഹത്തിലേക്ക് മടങ്ങിവരുമെന്ന് സാരം.

ഇപ്രകാരം ഒരാള്‍ നിഷ്‌കളങ്കവും സത്യസന്ധവുമായ, ശരിയായ തൗബ (പശ്ചാത്തപം) നിര്‍വഹിച്ചാല്‍ അയാളുടെ മുന്‍കഴിഞ്ഞ തിന്മകള്‍ കരിച്ചുകളയപ്പെടുകയും നന്മകളുടെ പ്രതിഫലം അയാള്‍ക്ക് തിരിച്ചുകിട്ടുകയും ചെയ്യും.

(ഇബ്‌നുല്‍ഖയ്യിം(റഹി) സംശയത്തോടുകൂടി പറഞ്ഞ ഇക്കാര്യം തന്റെ പില്‍ക്കാല രചനയായ ‘മദാരിജുസ്സാലികീന്‍’ എന്ന ഗ്രന്ഥത്തില്‍ (1/308) ബലപ്പെടുത്തി സ്ഥിരീകരിക്കുന്നുണ്ട്).

പനിയും വേദനകളുമൊക്കെ ശരീരത്തെ ബാധിക്കുന്ന രോഗങ്ങളാണെന്നപോലെ നിശ്ചയം തിന്മകളും പാപങ്ങളും മനസ്സിനെ ബാധിക്കുന്ന രോഗങ്ങളാണന്നാണ് ഇത് വ്യക്തമാക്കുന്നത്. രോഗി തന്റെ അസുഖങ്ങളില്‍നിന്ന് പരിപൂര്‍ണ ആരോഗ്യത്തോടെ മുക്തനായാല്‍ മുമ്പത്തെക്കാള്‍ നല്ലരൂപത്തില്‍ അയാള്‍ക്ക് ശക്തിയും ആരോഗ്യവും പ്രതിരോധശേഷിയുമൊക്കെ ആര്‍ജിച്ചിട്ടുണ്ടാവും. ക്ഷീണമോ രോഗമോ ഒന്നും അയാള്‍ക്ക് തീരെ ബാധിച്ചിട്ടില്ലാത്തപോലെ ആരോഗ്യവാനായേക്കും. മുന്‍കാല ശേഷിയും ശക്തിയും നന്മകളുടെ സ്ഥാനത്താണ്. അയാള്‍ക്ക് ബാധിച്ച രോഗം പാപത്തിന്റെ സ്ഥാനത്തും ആരോഗ്യവും സൗഖ്യവും തൗബയുടെ സ്ഥാനത്തും.

എന്നാല്‍ ചില രോഗികള്‍ക്ക് ആരോഗ്യം തീരെ തിരിച്ചുകിട്ടാത്തതായും ഉണ്ട്. മുമ്പത്തെ അവസ്ഥയിലേക്ക് ആരോഗ്യസ്ഥിതി മാറിവരുന്നവരുമുണ്ടാകും. മറ്റുചിലര്‍ക്കാകട്ടെ പൂര്‍വോപരി ഉന്മേഷത്തിലും ശക്തിയിലും ആരോഗ്യം തിരിച്ചുകിട്ടുന്നതും കാണാം. എത്രത്തോളമെന്നാല്‍ ചില ശാരീരിക സൗഖ്യങ്ങളുടെ നിമിത്തം ചില രോഗങ്ങളാണ് എന്ന് പറയാവുന്നിടത്തോളേം അവസ്ഥകള്‍ മാറിവരാം. എല്ലാം ഓരോ പ്രതികരണത്തിന്റെയും സ്ഥിതിക്കനുസരിച്ചാണെന്ന് മാത്രം

ഒരു കവി പറഞ്ഞതുപോലെ: ”നിന്റെ ആക്ഷേപത്തിന്റെ അന്ത്യം സ്തുതിഗീതങ്ങളായേക്കാം. കാരണം, ചില ശരീരങ്ങള്‍ രോഗങ്ങള്‍കൊണ്ട് സുഖം പ്രാപിക്കാറുണ്ട്.”

ഇപ്രകാരമാണ് ഒരാള്‍ തൗബക്ക് ശേഷം ഈ മൂന്ന് അവസ്ഥകളിലാകുന്നത്. അല്ലാഹുവാണ് തൗഫീക്വ് നല്‍കുന്നവന്‍. അവനല്ലാതെ ആരാധനക്കര്‍ഹനായി മാറ്റാരുമില്ല, അവനല്ലാതെ രക്ഷകനില്ല.

വിലക്കുകളോടുള്ള ആദരവിന്റെ അടയാളങ്ങള്‍

മതത്തിന്റെ വിലക്കുകളോട് ഒരാള്‍ക്ക് ആദരവുണ്ടെങ്കില്‍ അതിന്റെ സ്ഥലങ്ങളില്‍നിന്നും അതിലേക്കെത്തിക്കുന്ന കാര്യങ്ങളില്‍നിന്നും അതിന്റെ പ്രേരകങ്ങളില്‍നിന്നുമൊക്കെ വിട്ടകന്നു നില്‍ക്കാന്‍ അയാള്‍ അതീവ താല്‍പര്യം കാണിക്കും. അതിലേക്ക് അടുപ്പിക്കുന്ന എല്ലാവഴികളും അയാള്‍ കയ്യൊഴിക്കും; ദുഷ്ചിത്രങ്ങളും രൂപങ്ങളും പ്രദര്‍ശിപ്പിക്കുന്ന സ്ഥലങ്ങളില്‍നിന്ന് വിട്ടകന്നുപോകുന്ന ആളുകളെ പോലെ. കാരണം ആ ചിത്രങ്ങളും രൂപങ്ങളുമാണ് പല അനാശാസ്യങ്ങള്‍ക്കും തുടക്കമിടുന്നത്. അതിനാല്‍ ആ അപകടത്തെ ഭയന്നുകൊണ്ട് അയാള്‍ അവിടെനിന്നും ഓടിയകലും. എത്രത്തോളമെന്നാല്‍, പ്രസ്തുത സൂക്ഷ്മതയുടെയും ജാഗ്രതയുടെയും ഭാഗമായി കുഴപ്പത്തെ പേടിച്ചുകൊണ്ട് കുഴപ്പമില്ലാത്തതുവരെ കയ്യൊഴിക്കുന്ന സ്ഥിതിയുണ്ടാകും. മതം അനഭിലഷണിയമായിക്കണ്ട കാര്യങ്ങളില്‍ (മക്‌റൂഹ്) പെട്ടുപോകുമെന്ന് ഭയന്ന് മതം അനുവദിച്ച കാര്യങ്ങളിലെ (മുബാഹ്) അത്യാവശ്യമില്ലാത്തവയെ കയ്യൊഴിക്കുന്നതിലേക്ക് അയാള്‍ എത്തും. അപ്രകാരംതന്നെ മതം വിലക്കിയ അത്തരം അരുതായ്മകള്‍ പരസ്യമായി ചെയ്യുന്നവര്‍, അതിനെ ന്യായീകരിക്കുന്നവര്‍, അതിലേക്ക് പ്രേരിപ്പിക്കുന്നവര്‍, അതിന്റെ ഗൗരവം കുറച്ചുകാണുന്നവര്‍, ആ അരുതായ്മകള്‍ ചെയ്യുന്നത് ഗൗനിക്കാത്തവര്‍ എന്നിവരില്‍നിന്നും അയാള്‍ വിട്ടകന്നുപോകും. തീര്‍ച്ചയായും ഇത്തരത്തിലുള്ളവരുമായുള്ള കൂടിക്കലരലും അവരോട് ഇഴുകിച്ചേരലും അല്ലാഹുവിന്റെ ശാപകോപങ്ങളിലേക്ക് ഒരാളെ എത്തിക്കുന്നതാണ്. അല്ലാഹുവിനോടും അവന്റെ വിധിവിലക്കുകളോടുമുള്ള ആദരവ് മനസ്സില്‍നിന്ന് നഷ്ടപ്പെട്ടുപോയവര്‍ക്കല്ലാതെ ഇതുമായി ഇഴുകിച്ചേരാന്‍ കഴിയുകയില്ല.

ഒരു ഉദാഹരണം: ചൂട് കഠിനമാകുന്ന സന്ദര്‍ഭങ്ങളില്‍ ദുഹ്ര്‍ നമസ്‌കാരം പിന്തിപ്പിച്ചു നിര്‍വഹിക്കാനുള്ള നിര്‍ദേശം നബി ﷺ യുടെ സുന്നത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ദുഹ്‌റിന്റെ നിര്‍ണിത സമയം തെറ്റിക്കുകയും ഏറ്റവും അവസാന സമയത്തേക്ക് അത് പിന്തിപ്പിക്കുകയും ചെയ്യല്‍ ഒരുതരം ‘വരണ്ട’ ഇളവെടുക്കലാണ്.

സത്യത്തില്‍ ഈ ഇളവിലെ യുക്തി, കഠിനമായചൂടുള്ള സന്ദര്‍ഭത്തിലെ നമസ്‌ക്കാരം ഭക്തിയും മനഃസാന്നിധ്യവുമില്ലാത്ത, അലസതയോടെയും വെറുപ്പോടുകൂടിയുമുള്ള ഒരുതരം യാന്ത്രികമായ ആരാധനയായിരിക്കുമെന്നതിനാല്‍ ആ ചൂട് ശമിക്കുന്നതുവരെ അത് പിന്തിപ്പിക്കാന്‍ മതം നിര്‍ദേശിച്ചു എന്നതാണ്. അപ്പോള്‍ ഹൃദയസാന്നിധ്യത്തോടെയും ഭക്തിയോടുകൂടിയും നമസ്‌കരിക്കാനും നമസ്‌കാരത്തിന്റെ ലക്ഷ്യവും മര്‍മവുമായ ഭയഭക്തിയും പടച്ചവനിലേക്ക് പൂര്‍ണമായി തിരിയുവാനും അതിലൂടെ സാധിക്കും. ഇതേപോലെ തന്നെയാണ് വിശന്നിരിക്കുന്ന സന്ദര്‍ഭത്തില്‍ ഭക്ഷണം മുന്നില്‍വെച്ച് നമസ്‌കരിക്കാന്‍ നില്‍ക്കുന്നതും മലമൂത്ര വിസര്‍ജനത്തിനായി മുട്ടിക്കൊണ്ടിരിക്കുമ്പോള്‍ അത് ശമിപ്പിക്കാതെ ആരാധനക്കൊരുമ്പെടുന്നതും. ഇവ രണ്ടും നബി ﷺ വിലക്കിയിട്ടുണ്ട്. കാരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ നമസ്‌കാരം എന്ന ശ്രേഷ്ഠമായ ആരാധനാകര്‍മത്തിന്റെ ലക്ഷ്യത്തില്‍നിന്ന് മനസ്സിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങളുമായി മനസ്സ് വ്യാപൃതമായിരിക്കും. അപ്പോള്‍ പ്രസ്തുത ആരാധനയുടെ ലക്ഷ്യം കൈവരിക്കാനാവുകയില്ല. അതിനാല്‍ ഒരാളുടെ ആരാധനയെ സംബന്ധിച്ചുള്ള ഗ്രാഹ്യതയുടെ ഭാഗമാണ് തന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്ന കാര്യങ്ങള്‍ തീര്‍ത്തിട്ട് പൂര്‍ണമനസ്സുമായി നമസ്‌കാരത്തിനു നില്‍ക്കുകയെന്നത്.

അങ്ങനെയാകുമ്പോള്‍ തന്റെ മനസ്സും മുഖവും ശരീരവുമെല്ലാമായി പരിപൂര്‍ണമായി ആ ആരാധനയിലേക്ക് തിരിയാന്‍ അയാള്‍ക്ക് സാധിക്കും. ഇങ്ങനെയുള്ള രണ്ടു റക്അത് നമസ്‌കാരത്തിലൂടെ തന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ അയാള്‍ക്ക് പൊറുക്കപ്പെടുന്നതായിരിക്കും.

അതായത് മതത്തിലെ ഇളവുകള്‍ അയാള്‍ സ്വീകരിക്കുന്നത് മതനിയമങ്ങളോടുള്ള ഒരുതരം ‘വരണ്ട’ നീരസം കൊണ്ടല്ല എന്ന് സാരം.

 അപ്രകാരംതന്നെ പ്രതിബന്ധങ്ങളുള്ള സാഹചര്യങ്ങളില്‍ രണ്ട് നമസ്‌കാരങ്ങള്‍ തമ്മില്‍ ‘ജംഅ്’ആക്കി ഒരു സമയത്ത് നിര്‍വഹിക്കാന്‍ യാത്രക്കാരന് ഇളവുണ്ട്. യാത്ര തുടരുന്ന സാഹചര്യത്തില്‍ ഓരോ നമസ്‌കാരവും അതാതിന്റെ സമയങ്ങളില്‍ നിര്‍വഹിക്കുകയെന്നത് പ്രയാസകരമാകുമെന്നത് പറയേണ്ടതില്ലല്ലോ. എന്നാല്‍ ഒരുസ്ഥലത്ത് രണ്ടോ മൂന്നോ ദിവസം തമ്പടിക്കാന്‍ തീരുമാനിച്ചാല്‍, അല്ലെങ്കില്‍ ആ ദിവസം യാത്രയില്ലാതെ അവിടെത്തന്നെ നില്‍ക്കുകയാണെങ്കില്‍ രണ്ടു നമസ്‌കാരങ്ങള്‍ തമ്മില്‍ ജംആക്കുന്നതിനു യാതൊരു ആവശ്യവുമില്ല. കാരണം, ഓരോ നമസ്‌കാരവും അതാതിന്റെ സമയത്ത് നിര്‍വഹിക്കുവാന്‍ യാതൊരു പ്രയാസവുമില്ലാതെ തന്നെ അയാള്‍ക്ക് സാധിക്കും. അതായത്, ഭൂരിഭാഗം യാത്രക്കാരും ധരിച്ചുവെച്ചതുപോലെ പ്രയാസങ്ങളുണ്ടായാലും ഇല്ലെങ്കിലും യാത്രയില്‍ അനിവാര്യമായും അനുവര്‍ത്തിക്കേണ്ട ഒരു സുന്നത്തോന്നുമല്ല ജംആക്കുകയെന്നത്. മറിച്ച് ആവശ്യ സന്ദര്‍ഭത്തില്‍ എടുക്കാവുന്ന ഒരു ഇളവ് മാത്രമാണ് ജംഅ്. എന്നാല്‍ ‘ക്വസ്വ്ര്‍’ (നാലു റക്അത്തുള്ള നമസ്‌കാരം രണ്ടുറക്അത്തായി ചുരുക്കി നമസ്‌ക്കരിക്കല്‍) യാത്രയില്‍ അനുവര്‍ത്തിക്കേണ്ട പ്രബലമായ സുന്നത്ത് തന്നെയാണ്. അഥവാ, പ്രയാസങ്ങളുണ്ടായാലും ഇല്ലെങ്കിലും നാലു റക്അത്തുള്ള നമസ്‌കാരം രണ്ടുറക്അത്താക്കി ചുരുക്കി നമസ്‌ക്കരിക്കല്‍ യാത്രക്കാരനുള്ള സുന്നത്താണ്. എന്നാല്‍ രണ്ടു സമയങ്ങളിലെ നമസ്‌കാരം ഒരു സമയത്തായി നിര്‍വഹിക്കാന്‍ (ജംആക്കല്‍) ആവശ്യ സന്ദര്‍ഭങ്ങളിലുള്ള ഒരു ഇളവ് മാത്രമാണ്. രണ്ടും രണ്ടായിത്തന്നെ ഗ്രഹിക്കേണ്ടതുണ്ട്.

ഇതേപോലെ തന്നെയാണ് വിശപ്പ് മാറുവോളം ഭക്ഷണം കഴിക്കല്‍; അത് ഒരു ഇളവാണ്. നിഷിദ്ധമല്ല. എന്നാല്‍ അതില്‍ അതിരുവിട്ട് മൂക്കറ്റം തിന്നുകയും ശ്വാസംമുട്ടുവോളം ഭക്ഷിക്കുകയും ചെയ്യല്‍ ചെയ്യല്‍ ഒരിക്കലും പാടുള്ളതല്ല. അപ്പോള്‍ ഭക്ഷണത്തിലെ വൈവിധ്യങ്ങള്‍ അയാള്‍ തേടിക്കൊണ്ടിരിക്കും. ഭക്ഷണത്തിനു മുമ്പും ശേഷവും അത്തരക്കാരുടെ മുഖ്യവിഷയം തന്റെ വയറുതന്നെയായിരിക്കും. എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക എന്നതാണ്. വിശപ്പ് മാറുവോളം തിന്നാം. ഭക്ഷണത്തോട് താല്‍പര്യമുണ്ടായിരിക്കെ ഭക്ഷണമൊഴിവാക്കാന്‍, അഥവാ തീറ്റ അവസാനിപ്പിക്കാന്‍ കഴിയണം. അതിന്റെ മാനദണ്ഡം നബി ﷺ പറഞ്ഞ ഈ വാക്കുകളാണ്: ‘മൂന്നില്‍ ഒരുഭാഗം തന്റെ ഭക്ഷണത്തിനും മൂന്നില്‍ ഒന്ന് പാനീയത്തിനും ബാക്കി മൂന്നിലൊന്ന് ശ്വാസോഛ്വാസത്തിനുമാണ്.’ അതിനാല്‍ ആ മൂന്നു ഭാഗവും മുഴുവനായി ഭക്ഷണത്തിനു മാത്രമാക്കരുത്.

വിധിവിലക്കുകളില്‍ അതിരുവിട്ട തീവ്രത കാണിക്കുന്നതും ഇസ്‌ലാമികമല്ല; വുദൂഅ് എടുക്കുമ്പോള്‍ ‘വസ്‌വാസ്’ കാണിച്ച് അതില്‍ അതിരുവിടുകയും അവസാനം നമസ്‌കാരത്തിന്റെ ശ്രേഷ്ഠമായ സമയം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതുപോലെ. അല്ലെങ്കില്‍ നമസ്‌കരിക്കാന്‍ നില്‍ക്കുമ്പോള്‍ തക്ബീറത്തുല്‍ ഇഹ്‌റാം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഇമാമിനോടൊപ്പമുള്ള ഫാതിഹ പാരായണം നഷ്ടപ്പെടുത്തുന്നത് പോലെ. ചിലപ്പോള്‍ ആ റക്അത്ത് തന്നെ നഷ്ടപ്പെടുകയും ചെയ്‌തേക്കും! അതുമല്ലെങ്കില്‍ ഭക്തിയുടെയും സൂക്ഷ്മതയുടെയും പേരില്‍ അതിരുവിട്ട് പൊതുവിലുള്ള മുസ്‌ലിംകളുടെ, അഥവാ മറ്റുള്ളവരുടെ ഭക്ഷണസാധനങ്ങളൊന്നും കഴിക്കാതെ തീവ്രത പുലര്‍ത്തുന്നതുപോലെ. ഹറാമുകളെന്നു സംശയിക്കപ്പെടുന്ന സാമ്പാദ്യങ്ങള്‍ അതില്‍ വന്നിട്ടുണ്ടോ എന്ന പേടിയിലാണത്രെ അവ ഒഴിവാക്കുന്നത്! (അവസാനിച്ചില്ല)

ശമീര്‍ മദീനി

നേർപഥം വാരിക